close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 11 07


സാഹിത്യവാരഫലം
Mkn-18.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 11 07
മുൻലക്കം 1997 10 31
പിൻലക്കം 1997 11 14
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കാലത്തിന്റെ അഗാധതയിൽ മുങ്ങിച്ചെന്ന് ഞാൻ ചില മുത്തുകൾ എടുത്തുകൊണ്ടു വന്നു പ്രിയപ്പെട്ട വായനക്കാരുടെ മുൻപിൽ വയ്ക്കുകയാണ്. അവയ്ക്കു ഭംഗിയുണ്ടോ എന്നു നിർണ്ണയിക്കേണ്ടതു ഞാനല്ല. വായനക്കാർ തന്നെയാണ്. അറുപത്തിയഞ്ചുവർഷം മുൻപ് ഞാൻ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഒരു വീട്ടിലാണു താമസിച്ചിരുന്നത്. പ്രഭാതം റോസാപ്പൂക്കൾ വാരി അന്തരീക്ഷത്തിലേക്ക് എറിയുന്നതിനു മുൻപ് ശ്രീപദ്മനാഭനെ നിദ്രയിൽ നിന്നുണർത്താനായി ശംഖനാദം മുഴക്കും ക്ഷേത്രാധികാരികൾ. അല്പസമയം കഴിഞ്ഞാൽ പെൺകുട്ടികളും യുവതികളും വിഷ്ണുവിനെ വന്ദിക്കാനായി പാതയിലൂടെ അലസഗമനം ചെയ്യും. ശരീരത്തിനു ചില ആവശ്യതകൾ ഉള്ളതുപോലെ ആത്മാവിനും ആവശ്യതകളുണ്ടല്ലോ. അതിന്റെ അർത്ഥനകൾക്കു വശംവദനായി ഞാൻ വീട്ടിന്റെ മുൻപിൽ, പാതവക്കത്തു ചെന്നു നിൽക്കും. ‘ജീവിതം മധുരതരമാക്കുന്നു സൗന്ദര്യദർശനം’ എന്നു പിൽക്കാലത്തു കവി പറഞ്ഞതു സത്യം. എന്തൊരു സൗന്ദര്യമേളം! നിതംബം കവിഞ്ഞുലഞ്ഞു കിടക്കുന്ന കാർമുടിയുടെ അഗ്രം കെട്ടി അതിൽ പൂ ചൂടി, കണ്ണെഴുതി, നെറ്റിയിൽ സിന്ദൂരക്കുറി ചാർത്തി, ഇടതുകൈയിലെ താലത്തിൽ നിവേദ്യവസ്തുക്കൾ വച്ച് ’ഉടുപുടവതൻ തുമ്പിടയ്ക്കിടെ’ വലതുകരം കൊണ്ടു തട്ടി അവർ അലസഗമനം ചെയ്യുന്നതു കാണാൻ എന്തൊരു ചന്തമാണ്! കറുമ്പിയാണെങ്കിലും അതിസുന്ദരിയായ ഒരു ബാലിക ഒറ്റക്കേ പോകൂ. അപ്പോൾ എന്റെ മനസ്സിൽ ഒരു കവിതയുയരും:

അക്ഷരമാലയിലെ ഓരോ അക്ഷരത്തിലും മനുഷ്യസത്തയെ മാന്ത്രികതയോടെ കശക്കിയൊഴിക്കുന്നതിലാണ് സ്രഷ്ടാവിന്റെ സമ്പൂർണ്ണമായ കലയിരിക്കുന്നത്

‘അവളെക്കറുമ്പി കറുമ്പിയെന്നാ
ണവിടെപ്പലരും വിളിച്ചുകേൾപ്പൂ
കൂവലയമൊട്ടവളെന്റെഹൃത്താം
നറുമലർപ്പൊയ്ക കൊതിച്ചപുഷ്പം’

കാലം അതിവേഗം പോയി. സുന്ദരാംഗികൾ നടന്ന ചെമ്മണ്ണു പാത കീലിട്ട രാജരഥ്യയായി. ഇന്നും ക്ഷേത്രത്തിൽ നിന്നു ശംഖനാദം ഉയരുന്നുണ്ടാവാം. ഉദയഗിരി ചുവക്കുന്നുണ്ടാകാം. ഭാനുബിംബം വിളങ്ങുന്നുണ്ടാകാം. നളിന മുകുളജാലേ മന്ദഹാസം തുടങ്ങുന്നുണ്ടാകാം. പനിമതി മറയുന്നുണ്ടാകാം. പക്ഷേ ശംഖനാദം ആരും കേൾക്കുന്നില്ല. ഉദയഗിരിയുടെ അരുണാഭയും മറ്റും ആരും കണുന്നില്ല. യാന്ത്രിക സംസ്കാരത്തിന്റെ നിർഘോഷങ്ങൾക്കിടയിൽ ഐശ്വര ശബ്ദങ്ങൾക്കു സ്ഥാനമെവിടെ? ആരും മന്ത്രനാദങ്ങൾ കേൾക്കുന്നില്ല. ഇന്ന് ആരെങ്കിലും ഗെയ്റ്റിൽ ചെന്നു നിന്നാൽ പഞ്ചാബികളെന്നു സംശയിക്കപ്പെടുന്ന പെൺകുട്ടികളെയും യുവതികളെയും മാത്രമേ കാണൂ. കഴുത്തളവു വച്ചു മുറിച്ച ഹ്രസ്വകേശം. പാതിരിയുടെ ലോഹ പോലെ പാദങ്ങൾ വരെ എത്തുന്ന നീണ്ട കഞ്ചുകം. പുരുഷന്മാർ കുളിക്കാൻ പോകുമ്പോൾ തോർത്ത് എടുത്തു രണ്ടു തുമ്പുകളും മുതുകിൽ തൊടത്തക്കവിധത്തിൽ കഴുത്തിലൂടെ ഇടുന്നതുപോലെ ഗളനാളത്തിലൂടെ പിറകോട്ടിട്ട പട്ടുവസ്ത്രം. കാലുകളിൽ കുറഞ്ഞതു അഞ്ഞൂറു രൂപ വിലവരുന്ന ചെരിപ്പുകൾ. എന്റെ ബാല്യകാലത്ത് ‘ലിപ്സ്റ്റിക്’ എന്ന ചെഞ്ചായമേ ഇല്ലായിരുന്നു. ഇപ്പോൾ ചെറുപ്പക്കാരികൾ മാത്രമല്ല വൃദ്ധകളും അതു ചുണ്ടിൽ തേച്ചാണ് നടക്കുന്നത്. ഞാൻ ബാലികകളെയും യുവതികളെയും കുറ്റപ്പെടുത്തുകയല്ല. ഉണ്ടായ പരിവർത്തനം എടുത്തുകാണിക്കുന്നതേയുള്ളൂ. സാമ്പത്തികവും, സാമൂഹികവും രാഷ്ട്രവ്യവഹാരപരവുമായ ശക്തിവിശേഷങ്ങളുടെ ആഘാതങ്ങൾ ഏൽക്കുമ്പോൾ പുരുഷനും സ്ത്രീക്കും മാറ്റങ്ങൾ ഉണ്ടാകും. അവ അവരുടെ അന്തഃസത്തയെ ബാധിക്കില്ലെന്നു വേണമെങ്കിൽ സമ്മതിക്കാം. കൊടുങ്കാറ്റടിക്കുമ്പോൾ മരത്തിന്റെ പച്ചിലച്ചാർത്തും അതിന് ആശ്രയസ്ഥാനങ്ങളായ ശാഖകളും ആടിയുലയും. പക്ഷേ വൃക്ഷത്തിന്റെ വൃക്ഷത്വം നശിക്കില്ല. സ്ത്രീപുരുഷന്മാർ തങ്ങളുടെ സത്തയെ നിലനിറുത്തിക്കൊണ്ട് ബാഹ്യപ്രേരണകൾക്കു വിധേയരായി പരിവർത്തനം വന്നവരെപ്പോലെ വർത്തിക്കുന്നു. ശ്രീരാമനു സീതയെ നൽകിക്കൊണ്ടു ജനകൻ പറഞ്ഞത് ‘ഇയം സീതാ മമ സുതാ, സഹധർമ്മ ചരീതവ’ എന്നാണ്. സീത എന്റെ മകളാണ്. ധർമ്മത്തിന്റെ മൂത്തിമദ്ഭാവമായ തന്നെപ്പോലെ ധർമ്മാനുഷ്ടാനത്തിൽ തല്പരയായിരിക്കും തന്റെ മകളെന്ന് അർത്ഥം. ഭർത്താവിന്റെ എല്ലാ ധർമ്മങ്ങളോടൊത്തും ചരിക്കുന്നവളായിരിക്കും ഭാര്യയായ സീത എന്നും. പ്രാചീന മഹാകാവ്യമായ ‘ഒഡീസി’ യിൽ ഓഡിസ്‌യൂസിന്റെ ഭാര്യയായ പീനലോപിനോടു റ്റീലമകുസ് പറയുന്നത് ഇങ്ങനെ:

Return to your own hall.
Tend to your spindle.
Tend your loom. Direct your maids at work
This question of the bow will be for men to settle
most of all for me. I am master here.

അമ്മയോടു പോലും ‘ഞാനാണ് ഇവിടത്തെ അധികാരി’ എന്നു പറയുന്നു മകൻ. പക്ഷേ ഇന്നു രംഗം മാറിയിരിക്കുന്നു. കാലം മാറിയിരിക്കുന്നു. സാമ്പത്തികശക്തികൾ, സാമൂഹികശക്തികൾ. രാഷ്ട്രീയവ്യവഹാരശക്തികൾ ഇവ പുരുഷന്റെ ഗോത്രനാഥശക്തിയെ തകർത്തിരിക്കുന്നു. രവിവർമ്മയുടെ ദമയന്തി, ശകുന്തള ഇവരിൽ നിന്നു ഹുസൈന്റെ ചിത്രങ്ങളിലെ സ്ത്രീകളിലേക്ക് എന്തു ദൂരം വരും? ഫ്രഞ്ച് ചിത്രകാരൻ റെൻവാറിന്റെ After the Bath എന്ന ചിത്രത്തിലെ പരിപൂർണ്ണ നഗ്നയായ സ്ത്രീസുന്ദരിയിൽ ഇന്ന് പികാസോ വരച്ച ബീഭത്സ സ്ത്രീരൂപങ്ങളിലേക്ക് എന്തുദൂരം വരും? ‘അലയിളകുമൊരു കാനനപൂഞ്ചോല’ പോലെ അമ്പലത്തിലേക്കു പോകുന്ന തരുണിയിൽ നിന്ന് സെൽവാറും കമ്മീസും ധരിച്ചു തലയുയർത്തി നടക്കുന്ന ആധുനിക വനിതയിലേക്കു വരുമ്പോൾ ദൂരം വരുത്തിയ പരിവർത്തനം നമുക്കു കാണാറാകും. എന്നെപ്പോലെയുള്ള പൂർവാചാര തൽപരർ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും സദാചാരപരമായ ലോകം തകർന്നുപോയെന്നു പറഞ്ഞു വിലപിക്കും. പക്ഷേ സ്വാതന്ത്ര്യത്തിന്റെ അലകൾ ആഞ്ഞടിക്കുന്നു. ഫലമോ? ചെമ്മൺപാതയിലെ സ്ത്രീകളുടെ കഴുത്തു വരെ നീണ്ട ആച്ഛാദനത്വം കോവളം കടപ്പുറത്തെ വക്ഷോജനഗ്നത വരെ എത്തിയിരിക്കുന്നു. സ്ത്രീ സമത്വവാദം രാഷ്ട്രാന്തരീയ തലത്തിലേക്ക് വികസിക്കുകയും അതിന്റെ ആവിഷ്കാരത്തിന് സവിശേഷങ്ങളായ ആശയങ്ങൾ സാഹായമരുളുകയും ചെയ്യുമ്പോൾ ഇത്തരത്തിൽ പരിവർത്തനം ഉണ്ടായേ തീരൂ.

ചോദ്യം ഉത്തരം

Symbol question.svg.png നിങ്ങളുടെ വീട്ടിൽ ഞാൻ ജൂലൈ മാസത്തിൽ വന്നപ്പോൾ കൊതുകുകൾ എന്നെ ഏറെക്കടിച്ചു. നിങ്ങളുമായുള്ള വർഗ്ഗബോധത്താലാണോ കൊതുകുകൾ നിങ്ങളുടെ വീട്ടിൽ അത്ര വളരെ വിഹരിച്ചത്?

നിങ്ങൾ എന്റെ വീട്ടിൽ എത്തിയതു എനിക്കോർമ്മയില്ല. സാധാരണമായി എന്റെ വീട്ടിൽ കൊതുകില്ല. നിങ്ങളെപ്പോലെയുള്ള ചിലർ വരുമ്പോൾ കൊതുകുകളും ഗൃഹപ്രവേശം നടത്തും. നിങ്ങളെത്തിയപ്പോൾ അവ കൂടെ വന്നതാകാനേ തരമുള്ളൂ.

Symbol question.svg.png വിനയമുള്ളവനെ എങ്ങനെ തിരിച്ചറിയും?

ഞാൻ എറണാകുളത്തെ ലൂസിയ ഹോട്ടലിൽ താമസിക്കുമ്പോൾ ഒരു മാന്യൻ എന്നെക്കാണാൻ വന്നു. പാണ്ഡിത്യം കാണാനായി ഞാൻ ഫ്രോയിറ്റ്, യുങ്, ആഡ്‌ലർ ഇവരുടെ സിദ്ധാന്തങ്ങളെക്കുറിച്ചു വാതോരാതെ സംസാരിച്ചു. വന്നയാൾ ആദ്യമായി അവ കേൾക്കുന്ന മട്ടിൽ പുഞ്ചിരി തൂകി ഇരുന്നു.ഒടുവിൽ വിനയപൂർവം കൈകൂപ്പിക്കൊണ്ടു യാത്ര പറഞ്ഞു പോയി. ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണു ഞാനറിഞ്ഞത് അദ്ദേഹം മനഃശാസ്ത്രം മുഴുവൻ മനസ്സിലാക്കിയ ആളാണെന്ന്. ഡോക്ടർ പി. ശ്രീകുമാറായിരുന്നു അദ്ദേഹം. M.S; Mch,FICS എന്നീ ഡിഗ്രികളുള്ള ഡോക്ടർ. അദ്ദേഹത്തിനറിയാവുന്ന മനഃശാസ്ത്രത്തിന്റെ ആയിരത്തിലൊരംശം എനിക്കറിഞ്ഞുകൂടാ. ശ്രീകുമാറാണു മാന്യൻ, വിനയസമ്പന്നൻ.

Symbol question.svg.png മഴക്കാലത്ത് രാജഹംസങ്ങൾ മാനസസരസ്സിലേക്കു പറക്കുന്നതെന്തിനാണ്?

തിരുവനന്തപുരത്തുനിന്നാണ് രാജഹംസങ്ങൾ യാത്ര ആരംഭിക്കുന്നതെങ്കിൽ പറക്കാതെ തരമില്ല. ഓടകളുടെ മൂടി പല സ്ഥലങ്ങളിലും ഇല്ലാത്തതുകൊണ്ട് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് അവ മുങ്ങിച്ചത്തു പോകും. കിഴക്കേക്കോട്ടയിൽ നിന്നാണ് തിരിക്കുന്നതെങ്കിൽ റോഡിലൂടെ നടക്കുന്നതും ആപത്താണ്. റോഡിൽ നാലടിത്താഴ്ചയിൽ വെള്ളമുണ്ട്. പാവം അരയന്നങ്ങൾ അപ്പോഴും ചാവും. അതുകൊണ്ടാണ് അവ പറക്കുന്നത് വടക്കോട്ട്. തിരുവനന്തപുരത്ത് വസിക്കുന്നവരെല്ലാം രാജഹംസങ്ങളായെങ്കിൽ ദൈവം തമ്പുരാൻ അനുവദിച്ച ആയുസ്സിന്റെ അന്ത്യം വരെ ചെല്ലാമായിരുന്നു.

Symbol question.svg.png ദൂഷിതവലയം എന്നു പത്രങ്ങളിൽ കാണുന്നു എപ്പോഴും. അതെന്താണു ദൂഷിതവലയം?

തപാൽ സ്റ്റാമ്പിനു വില കൂട്ടിയാൽ ആളുകൾ കത്തുകൾ അയയ്‌ക്കുന്നതു കുറയും. അപ്പോൾ സർക്കാരിനു വരുമാനം കുറയും.അതു പരിഹരിക്കാൻ അവർ വീണ്ടും വില കൂട്ടും. റോഡിനു വീതിയില്ലെന്നു കണ്ട് വീതി വർദ്ധിപ്പിച്ചാൽ കാറുകൾ കൂടുതലായി ഓടും. അപ്പോഴും പ്രയാസം സർക്കാരിന്. സർക്കാർ ഉടനേ റോഡിന്റെ വീതി വീണ്ടും വർദ്ധിപ്പിക്കും. ഇതാണു ദൂഷിതവലയം.

Symbol question.svg.png നിങ്ങളുടെ നാട്ടിലെ കച്ചവടക്കാർ ചിരിക്കുകയില്ലേ?

എന്റെ നാട്ടിലല്ല, നിങ്ങളുടെ നാട്ടിലും വ്യാപാരികൾ ചിരിക്കുകയില്ല. ചിരിച്ചാൽ വരുന്നവർ കടം ചോദിക്കും. പിന്നെ ഒരു ഉപദേശം. ഓട്ടോറിക്ഷയിൽ കയറിയാൽ ഡ്രൈവറോടു കുശലപ്രശ്നങ്ങൾ അരുത്. അതു നിർവഹിച്ചാൽ പതിനഞ്ചു രൂപയ്ക്കു പകരം ഇരുപതു രൂപ കൊടുക്കേണ്ടിവരും.

Symbol question.svg.png ആരാണ് എന്റെ വാതിലിൽ എപ്പോഴും തട്ടുന്നത്? തുറന്നു നോക്കുമ്പോൾ ഞാൻ ആരെയും കാണുന്നുമില്ല.

സൂക്ഷിച്ചു നോക്കൂ. നിങ്ങളുടെ കാമം സ്ത്രീരൂപമാർജ്ജിച്ച് അവിടെ നിൽക്കുന്നതുകാണാം. അവളാണ് അനവരതം വാതിലിൽത്തട്ടി ശബ്ദമുണ്ടാക്കുന്നത്.

Symbol question.svg.png ഞാൻ പെണ്ണുകാണാൻ പോകുന്നു. ഒരു ഉപദേശം തരാമോ?

പെണ്ണിന്റെ സൗന്ദര്യം കണ്ടുമാത്രം സമ്മതം മൂളരുത് താങ്കൾ. അവളുടെ സംസാരമെങ്ങനെയെന്നും മനസ്സിലാക്കണം. അതിസൗന്ദര്യമുള്ള പല പെണ്ണുങ്ങളും സംസാരത്തിൽ ‘അതി അലവലാതി’കളായിരിക്കും.

ചങ്ങമ്പുഴയും എസ്. ഗുപ്തൻനായരും

വാക്കുകൾ വള്ളത്തോളിന്റെ കവിതയിൽ സാന്ദ്രീകൃത ശക്തിവിശേഷങ്ങളാണ്. വായിക്കുന്നവൻ സഹൃദയനണെങ്കിൽ ആ പദങ്ങളിലെ മാധുര്യത്തെ സ്വതന്ത്രമാക്കുന്നു. നെറൂദയുടെ കവിതകൾ വായിക്കുന്നവർ അവയിലെ അഗ്നിയെയാണ് ബഹിർഗ്‌ഗമിപ്പിക്കുന്നത്

ഗ്രീക്ക് കവിയും നോവലിസ്റ്റുമായ കാസാന്ദ്‌സാക്കിസ് വാക്കിനെ സാന്ദ്രീകൃതശക്തി വിശേഷമായിട്ടാണു കണ്ടത്; ഇന്നത്തെ ആചാര്യന്മാർ ജഡവസ്തുവിനെ കണ്ടതുപോലെ. ജഡവസ്തു ചൈതന്യമില്ലാത്തതല്ല. വലിയ ശക്തികൾ അതിൽ തടവിൽ കിടക്കുകയാണെന്നും സമതുലിതാവസ്ഥ അവയ്ക്കുള്ളതുകൊണ്ടു അതു നിശ്ചേതനമായി കാണപ്പെടുകയാണെന്നും അവർ പറയുന്നു. വാക്കുകളും അങ്ങനെതന്നെ. ആരെങ്കിലും എന്തെങ്കിലും വായിക്കുമ്പോൾ അയാൾക്ക് അത് അനുഭവമായിബ്ഭവിക്കണമെങ്കിൽ അയാൾ ഒരു കാര്യം ചെയ്യണം. ഒറ്റക്കാര്യം മാത്രം. ഓരോ വാക്കിന്റെയും പുറന്തോട് അയാൾ തകർക്കണം. അതു കഠിനമായാലും മൃദുവായാലും ആ പ്രവൃത്തി ചെയ്തേ മതിയാവൂ. അപ്പോൾ വാക്കിന്റെ അർത്ഥം അയാളുടെ ഹൃദയത്തിൽ സ്ഫോടനം നടത്തും. അക്ഷരമാലയിലെ ഓരോ അക്ഷരത്തിലും മനുഷ്യസത്തയെ മാന്ത്രികതയോടെ കശക്കിയൊഴിക്കുന്നതിലാണ് സ്രഷ്ടാവിന്റെ സമ്പൂർണ്ണമായ കലയിരിക്കുന്നത്. ഈ മാന്ത്രികക്കുടുക്കുകൾ ബലാൽക്കാരമായി തുറന്ന് അവയ്ക്കുള്ളിൽ ബന്ധിക്കപ്പെട്ട അഗ്നിയെയോ മാധുര്യത്തെയോ സ്വതന്ത്രമാക്കുന്നതിലാണ് വായനക്കരന്റെ വൈദഗ്ധ്യം കാണേണ്ടത്.

വാക്കുകൾ വള്ളത്തോളിന്റെ കവിതയിൽ സാന്ദ്രീകൃത ശക്തിവിശേഷങ്ങളാണ്. വായിക്കുന്നവൻ സഹൃദയനാണെങ്കിൽ ആ പദങ്ങളിലെ മാധുര്യത്തെ സ്വതന്ത്രമാക്കുന്നു. നെറൂദയുടെ കവിതകൾ വായിക്കുന്നവർ അവയിലെ അഗ്നിയെയാണ് ബഹിർഗ്‌ഗമിപ്പിക്കുന്നത്. ചങ്ങമ്പുഴ മാന്ത്രികശക്തിയോടെ മനുഷ്യസത്തയെ വാക്കുകളിലേക്കു പിഴിഞ്ഞൊഴിച്ചു. രസികന്മാരായ അനുവാചകർ അവയിലെ മാധുര്യം പ്രവഹിപ്പിച്ചു. ഇക്കാര്യത്തിൽ വള്ളത്തോളും ചങ്ങമ്പുഴയും സദൃശരാണ്. ആ വിധത്തിൽ മനോഹരമായ കവിത രചിച്ചവ്യക്തിയുടെ ജീവിതത്തെക്കുറിച്ച് അറിയാൻ വായനക്കാർക്ക് കൗതുകമുണ്ടാകും. ആ കൗതുകത്തെ ഉണർത്തി വിടുന്നു പ്രഫെസർ എസ്. ഗുപ്തൻ നായരുടെ പ്രബന്ധം (ചങ്ങമ്പുഴയുടെ അധ്യാപക ജീവിതം–മലയാളം വാരിക) സ്പഷ്ടതയാണ് ഗുപ്തൻ നായരുടെ ശൈലിയുടെ മുദ്ര. ചങ്ങമ്പുഴയുടെ സിദ്ധികളെ തുച്ഛീകരിച്ചുള്ള ലേഖനങ്ങൾ ധാരാളം വരുന്ന ഇക്കാലത്ത് പരിണതപ്രജ്ഞനായ പ്രഫെസർ ഈ ലേഖനം എഴുതിയതു നന്നായി. ചങ്ങമ്പുഴയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗുപ്തൻനായർ ഇനിയും ഇത്തരം ലേഖനങ്ങൾ എഴുതുമെന്നാണ് എന്റെ വിശ്വാസം.

സംഭവം

കേശവദേവ് സിംഹത്തെപ്പോലെ വീട്ടിന്റെ പൂമുഖത്ത് ഇരിക്കുന്നു. അവിടെച്ചെന്നു കയറിയ എന്റെ നേർക്കു വിമർശനത്തിന്റെ പേരിൽ അദ്ദേഹം ഒറ്റച്ചാട്ടം ചാടി. ഗർജ്ജിച്ചു. ‘എന്റെ “കണ്ണാടി”യെ ചീത്ത പറഞ്ഞിട്ടു കാണാൻ വന്നിരിക്കുന്നോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്. അവിടെ നിന്നാൽ ആപത്തു സംഭവിക്കുമെന്നു കരുതി ഞാൻ പതുക്കെ അവിടെ നിന്നിറങ്ങി. റോഡിൽ ചെന്നതിനു ശേഷം തിടുക്കത്തിൽ നടന്നു. മിനിറ്റിൽ അറുപതു തവണ ഞാൻ തിരിഞ്ഞുനോക്കിക്കൊണ്ടാണ് പ്രയാണം നിർവഹിച്ചത്. സിംഹം പിറകേ വരുന്നുണ്ടോ എന്നറിയാനായി. ഇതൊക്കെയാണെങ്കിലും എനിക്കു കേശവദേവിനോടു ബഹുമാനമുണ്ട്. അദ്ദേഹം എപ്പോഴും സിംഹമായിട്ടു തന്നെ നിൽക്കും. വേണ്ടിവന്നാൽ നേരിട്ടു ചാടി മസ്തകത്തിൽ അടിക്കും. ചില സാഹിത്യകാരന്മാർ ഇടവഴിയുടെ വളവിൽ ഒളിച്ചു നിൽക്കും. ആപത്തിന്റെ ശങ്ക കൂടാടെ നമ്മൾ വളവു തിരിഞ്ഞാൽ ഒറ്റയടിയാണ് മുഖത്ത്. അതോടെ കണ്ണുകൾ പോകും. കേശവദേവ് ആ പ്രകൃതക്കാരനല്ലായിരുന്നു. ‘നേരേ വാ, നേരേ പോ’ എന്ന മട്ട്. അങ്ങനെയുള്ളവരെ വിശ്വസിക്കാം.

വാചാടോപം

ജി. ശങ്കരക്കുറുപ്പ് മഹാകവിയല്ല. കവി പോലുമല്ല എന്ന് ഒരു പണ്ഡിതൻ നാടുനീളെ പ്രസംഗിക്കുന്ന കാലം. അദ്ദേഹത്തിന്റെ അധ്യക്ഷ്യത്തിൽ ശ്രീ. കെ. ദാമോദരന്റെ വീട്ടിൽ വച്ചു സമ്മേളനം കൂടുകയും അതിൽ ഞാൻ പ്രസംഗിക്കുകയും ചെയ്തു. ശങ്കരക്കുറുപ്പ് മഹാകവിതന്നെയാണ് എന്നായിരുന്നു എന്റെ പ്രഭാഷണത്തിന്റെ സാരം. പ്രഭാഷണവേളയിൽ, ഇറ്റലിയിൽ പടവെട്ടുന്ന കേരളീയൻ തിരുവോണദിനത്തിൽ നാട്ടിലിരിക്കുന്ന ഭാര്യയെ സ്മരിച്ച് ദുഃഖിക്കുന്ന രീതിയിൽ ശങ്കരക്കുറുപ്പ് എഴുതിയ കാവ്യം ഞാൻ ചൊല്ലുകയും അതു എനിക്കു കണ്ണീരങ്കുരിപ്പിക്കുന്നുവെന്നു പറയുകയും ചെയ്തു. അദ്ധ്യക്ഷൻ കോപാകുലനായി എന്നെ അസഭ്യങ്ങൾ പറഞ്ഞു. എന്നിട്ടു കവിത വായിച്ചു കരയുന്നയാൾ സഹൃദയനല്ല എന്നും പ്രസ്താവിച്ചു. അദ്ധ്യക്ഷന്റെ പരുഷമായ പെരുമാറ്റത്തെ പുച്ഛിച്ചുകൊണ്ട് പറയട്ടെ. അദ്ദേഹം പറഞ്ഞതു ശരിയാണ്. നീചേക്കു ശേഷം യുറോപ്പ് കണ്ട തത്ത്വചിന്തകരിൽ അദ്വിതീയൻ എന്നു കമ്യൂ വാഴ്ത്തിയ ഒർട്ടേഗ ഈ ഗാസ്റ്റ് ‘Tears and Laughter are aesthetically frauds’ എന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ ‘റെട്ടറി’ ക്കും–വാചാടോപവും–കലയല്ലെന്ന് ഒർട്ടേഗ എഴുതിയിട്ടുണ്ട്. ഉദാഹരണം മലയാളത്തിൽ നിന്നു തന്നെയാകട്ടെ:

“അജപാലബാലനിൽ ഗ്രാമീണബാലതൻ
അനുരാഗകന്ദളമെന്നപോലെ”

എന്നതിൽ കലയുണ്ട്. പക്ഷേ

‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ’

എന്നതിൽ കലയില്ല. വാചാടോപം മാത്രമേയുള്ളു. ഒരു തരത്തിലുള്ള വാചാടോപമില്ലാതെ ഒരെഴുത്തുകാരനും ഒന്നും എഴുതാൻ സാധിക്കില്ല. വിശുദ്ധമായ ഭാവഗീതത്തിലും അതു കണ്ടെന്നുവരും. എന്നാൽ അതിരു ലംഘിക്കുമ്പോഴാണ് റെട്ടറിക് സ്യൂഡോ ആർടിലേക്ക് — വ്യാജകലയിലേക്ക് — കലാഭാസത്തിലേക്കു പോകുന്നത്. നിശ്ശബ്ദതയെയും നിർഘോഷത്തെയും അടുത്തടുത്തു വച്ച് സമകാലിക ലോകത്തിന്റെ ദുർദ്ദശയെ ചിത്രീകരിക്കാൻ ശ്രമിക്കുന്ന ശ്രീ. പി. എഫ്. മാത്യൂസിന്റെ ‘ഇരയുടെ രാത്രി’ എന്ന കഥയിൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) റെട്ടറിക് മാത്രമേയുള്ളു. കഥയിലെ ദീനരോദനവും അതിനോടു ചേർന്ന മരണവും സ്വയം സംസാരിക്കുകയല്ല. കഥാകാരൻ അവയെക്കൊണ്ടു സംസാരിപ്പിക്കുകയാണ്. സ്വഭാവികതയല്ല. കൃത്രിമത്വമാണ് ഈ രചനയുടെ സവിശേഷത. ഒരിക്കൽ ഒരു കാണ്ടാമൃഗം തിരുവനന്തപുരത്തെ ജന്തുശാലയിൽ നിന്നു രക്ഷപ്പെട്ട് രാജരഥ്യകളിലൂടെ സഞ്ചരിച്ചു. എത്ര ക്ലേശിച്ചിട്ടാണെന്നോ അധികാരികൾ അതിനെ ബന്ധിച്ചു കൂട്ടിലാക്കിയത്. കലയുടെ അഴികൾക്കുള്ളിലേ വാചാടോപമെന്ന കാണ്ടാമൃഗത്തിനു സ്ഥാനമുള്ളു. പി. എഫ്. മാത്യൂസിന്റെ ‘റെട്ടറിക് റൈനോസെറസ്’ അഴികൾ തകർത്ത് പബ്ലിക് സ്ഥലങ്ങളിൽ ഓടുന്നു. അദ്ദേഹത്തിനു മാത്രമേ അതിനെ ബന്ധിക്കാനാവു.

ജീവരക്തം വലിച്ചെടുക്കരുതേ

പ്രമേഹരോഗമുള്ളവർ കൂടെക്കൂടെ രക്തം പരിശോധിക്കണം. എന്നാൽ നൂറിന് തൊണ്ണൂറുപേരും പരിശോധനയ്ക്കു പോകില്ല. രോഗത്തിൽ പേടിയില്ലാഞ്ഞിട്ടല്ല. ആ പരിശോധനയുടെ അസുഖദായകത്വത്തെ ഓർമ്മിച്ചിട്ടാണ്. പ്രമേഹരോഗികൾ ഏറെയുണ്ടെങ്കിൽ കാത്തു നിൽക്കണം. ഊഴം വരുമ്പോൾ ആടിന്റെ കഴുത്തറുക്കാൻ തയ്യാറെടുപ്പ് നടത്തുന്ന കശാപ്പുകാരനെപ്പോലെ രക്തമെടുക്കുന്നവർ ആളിനെ പിടിച്ചു സ്റ്റൂളിലിരുത്തുന്നു. ഷേർടിന്റെ കൈ ഉയർത്തുന്നു. ഒരു റബർറ്റ്യൂബ് മുട്ടിനു മുകളിൽ കെട്ടുന്നു. വിരലുകൾ മുറുക്കിപ്പിടിക്കു എന്ന് ആജ്ഞാപിക്കുന്നു. കൈയിൽ തടവിനോക്കുന്നു. പഞ്ഞി ഒരു ദ്രാവകത്തിൽ മുക്കി കുത്തേണ്ടിടത്തു തേക്കുന്നു. സൂചി കയറ്റുന്നു. മെല്ലെ രക്തം വലിച്ചെടുക്കുന്നു. ചെല്ലുന്നവർ ദൗർഭാഗ്യം കോണ്ടു വണ്ണം കൂടിയവനാണെങ്കിൽ ‘ഞരമ്പു കിട്ടുന്നില്ല’ എന്നു പരിദേവനം നടത്തിക്കൊണ്ടു പല തവണ സൂചിയിറക്കുന്നു. ഈ സൂചിയിറക്കുമ്പോഴുള്ള ചെറിയ വേദനയുണ്ടല്ലോ അതു വലിയ വേദനയാണ്. പിന്നീട് ദ്രാവകത്തിൽ മുക്കിയ പഞ്ഞിക്കഷണം കുത്തിയിടത്തു വച്ചു കൈമുട്ടു പിടിച്ചു മടക്കുമ്പോൾ ആ വേദന കൂടുന്നു. മടക്കിവച്ച കൈയുമായി റോഡിലേക്കിറങ്ങുമ്പോൾ അതു കാണുന്ന ആളുകൾ പറയും ‘ഇതാ പ്രമേഹരോഗി!’. മാനക്ഷയം: ഛന്ദസ്സില്ലാത്ത ‘കവിത’ വായിക്കുമ്പോൾ രക്തം പരിശോധിക്കുന്നയാൾ കൈത്തണ്ടയിൽ സൂചിയിറക്കുന്ന വേദനയാണെനിക്ക്. രചന വായിച്ചു തീരുമ്പോൾ അതു വലിയ വേദനയാകുന്നു. സ്പിരിറ്റിൽ മുക്കിയ പഞ്ഞി ക്ഷതമേറ്റ സ്ഥലത്തുവച്ച് മടക്കിയ കൈയുമായി ആള് പാതയിലൂടെ നടക്കുന്നതുപോലെ ഒടിഞ്ഞുമടങ്ങിയ സഹൃദയത്വവുമായി, മുഖത്തെ മാംസപേശികളുടെ വക്രീകരണവുമായി ഞാൻ നടന്നു. ‘എന്താ മുഖത്ത് ഒരു വല്ലായ്മ? രക്തമെടുത്തോ പരിശോധനയ്ക്ക്?’ എന്ന് ആരെങ്കിലും ചോദിച്ചാൽ ‘അതേ ഛന്ദസ്സില്ലാത്ത പദ്യം എന്റെ ജീവരക്തം വലിച്ചെടുത്തു, എനിക്ക് വെറും വേദനയല്ല, യാതനയാണ് എന്നു ഞാൻ മറുപടി പറയും.

“ഞാൻ പെണ്ണുകാണാൻ പോകുന്നു. ഒരു ഉപദേശം തരുമോ?’’ “പെണ്ണിന്റെ സൗന്ദര്യം കണ്ടുമാത്രം സമ്മതം മൂളരുത് താങ്കൾ. അവളുടെ സംസാരമെങ്ങനെയെന്നും മനസ്സിലാക്കണം. അതിസൗന്ദര്യമുള്ള പല പെണ്ണുങ്ങളും സംസാരത്തിൽ ‘അതി അലവലാതി’ കളായിരിക്കും.”

നല്ലകവിയായിരുന്നു ചെങ്ങന്നൂർ ശങ്കരവാരിയർ. ഡെപ്യൂട്ടി കളക്ടറായിരുന്ന അദ്ദേഹം പെൻഷൻ പറ്റിയതിനു ശേഷം കുങ്കുമം വാരികയുടെ പത്രാധിപരായി. പല പറട്ടക്കഥകളും വാരികയിൽ പ്രസിദ്ധപ്പെടുത്താനായി ഞാൻ കഥാകാരന്മാരുടെ നിർബ്ബന്ധത്താൽ ശുപാർശക്കത്തുകൾ കൊടുത്തിട്ടുണ്ട് അദ്ദേഹത്തിന്. ‘സാറേ കഥ കൊള്ളുകയില്ല. എങ്കിലും എഴുത്ത് അനുസരിച്ച് കഥ വാരികയിൽ കൊടുക്കുന്നു’ എന്ന് അദ്ദേഹം മറുപടി അയയ്ക്കും. കുങ്കുമം വാരികയ്ക്ക് അന്നു വല്ല താഴ്ചയും വന്നിട്ടുണ്ടെങ്കിൽ അതിന് ഞാനും കാരണക്കാരനാണ്. അങ്ങനെയിരിക്കെ വൃത്തമില്ലാത്ത ഒരു ‘കവിത’ പ്രസിദ്ധപ്പെടുത്താനായി ഞാനൊരാൾക്കു ശുപാർശക്കത്തെഴുതിക്കൊടുത്തു. മാസങ്ങളേറെയായിട്ടും അത് അച്ചടിച്ചു വന്നില്ല. കവിയുടെ അപേക്ഷയനുസരിച്ച് ഞാൻ വാരിയർസാറിനെ റ്റെലിഫോണിൽ വിളിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “സാറ് എന്തു ശുപാർശ ചെയ്താലും ഞാൻ അതനുസരിച്ചു പ്രവർത്തിക്കും. പക്ഷേ വൃത്തമില്ലാത്ത കവിത ഞാൻ വാരികയിൽ പ്രസിദ്ധപ്പെടുത്തി അതിനെ മലീമസമാക്കുകയില്ല.” ശങ്കരവാര്യർ പത്രാധിപരായിരുന്ന കാലമത്രയും ഛന്ദസ്സില്ലാത്ത രചനകൾ വാരികയിൽ അച്ചടിച്ചു വന്നിട്ടില്ല. എല്ലാപ്പത്രാധിപന്മാരും വാര്യർസ്സാറിനെപ്പോലെ ആയിരുന്നെങ്കിൽ!

പുതിയ പുസ്തകം

റോമൻ കോൺസലുകൾ കുറ്റക്കാരനെന്നു വിധിച്ചു രാജ്യതന്ത്രജ്ഞൻ ഗ്രക്കസിനെ. (Graccus) റോമൻ ജനറൽ ലീലിയസ് (Laelius) ഗ്രക്കസിന്റെ ഉത്തമസുഹൃത്തിനോടു ചോദിച്ചു. അയാൾ ഗ്രക്കസിനു വേണ്ടി എത്രവരെ പ്രവർത്തിക്കുമെന്ന്. “എന്തും” എന്നായിരുന്നു സുഹൃത്തിന്റെ മറുപടി. “നമ്മുടെ ദേവാലയങ്ങളെ കത്തിച്ചു കളയാൻ ഗ്രക്കസ് നിങ്ങളോട് ആവശ്യപ്പെട്ടാലോ?” എന്നായി ലീലിയസിന്റെ അടുത്ത ചോദ്യം. “അതു ചെയ്യാൻ എന്നോട് അദ്ദേഹം ഒരിക്കലും ആവശ്യപ്പെടുകയില്ല” എന്നു സുഹൃത്ത്. “ആവശ്യപ്പെട്ടാലോ?” എന്നു ലീലിയസ് വീണ്ടും. “എന്നാൽ ഞാൻ അദ്ദേഹത്തെ അനുസരിക്കും” എന്നു സുഹൃത്തിനു മറുപടി നൽകി. സ്നേഹിതന്മാർ തമ്മിലുള്ള ഈ ബന്ധത്തെയാണ് അനശ്വരനായ മൊൺടേൻ (ഫ്രഞ്ച് ഉച്ചാരണം വിഭിന്നം) നേ Friendship എന്ന പ്രബന്ധത്തിൽ വാഴ്ത്തുന്നത്. പക്ഷേ ഇത് നിത്യജീവിതത്തിൽ കാണാനില്ല. അവിടെ അരിസ്റ്റോട്ടൽ പറഞ്ഞതുപോലെ ‘O my friends, there is no friend’ എന്ന രീതിയാണുള്ളത്. (Essays-Montaingne-Penguin-Pages 98, 99).

ദെറിദ. അരിസ്റ്റോട്ടലിന്റേതായി മൊൺടേൻ പറയുന്ന ഈ വാക്കുകൾ എടുത്തെഴുതിക്കൊണ്ട് ‘Politics of friendship’ എന്ന വിശിഷ്ടമായ ഗ്രന്ഥം തുടങ്ങുന്നു. (English translation first published in 1977) ‘-സിനിക്കാ’ യിരുന്ന (സിനിക്=സർവനിന്ദകൻ) നീചേക്കു സൗഹൃദത്തിൽ വിശ്വാസമില്ലായിരുന്നു. നമ്മുടെ ബന്ധങ്ങളും സുഹൃത്തുക്കളോടുള്ള സ്നേഹവും സന്ദേഹാസ്പദമായ ഒരടിസ്ഥാനത്തിലാണിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മൾ നമ്മളുടെ ദൗർബല്യങ്ങൾ സ്വയമറിഞ്ഞ് സഹിക്കണം. മറ്റുള്ളവരെയും സഹിച്ചേ തീരൂ. ഒരു നിമിഷം വരും. അപ്പോൾ നമ്മൾ പറയും ‘Friends, there are no friends’ thus said the dying sage; ‘Foes there are no foes’ say I the living fool (Human, All Too Human - Translated by R. J. Hollingdale-376. Pages 148 and 149)

ദെറിദ ഈ രണ്ടഭിപ്രായങ്ങളെയും തത്ത്വചിന്താത്മകമായി സമീപിച്ച് ജനാധിപത്യത്തിന്റെ ശരിയായ അടിത്തറ സൗഹൃദമാണെന്നു സ്ഥാപിക്കുന്നു. ‘മനുഷ്യന്റെ സ്നേഹിതൻ’ എന്നു കാന്റ് പറഞ്ഞല്ലോ. അയാൾ മനുഷ്യരാശിയെയാകെ സ്നേഹിക്കുന്നു. സാർവ്വ ജനീന സ്നേഹം, സാർവലൗകിക പ്രജാധിപത്യം, ശാശ്വതശാന്തി ഇവ അങ്ങനെയൊരു സ്നേഹിതനെക്കൂടാതെ സാദ്ധ്യമല്ല. മനുഷ്യസ്നേഹിയായ ദെറിദ എഴുതിയ ഇപ്പുസ്തകം-ഉത്തേജകമായ ഗ്രന്ഥം-എല്ലാവരും വായിക്കണം. അതിലെ നിർദ്ദേശങ്ങളനുസരിച്ച് ജീവിക്കണം (Price $ 14.00).