close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 06 15


സാഹിത്യവാരഫലം
Mkn-13.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 06 15
ലക്കം 561
മുൻലക്കം 1986 06 08
പിൻലക്കം 1986 06 22
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പനിനീര്‍പ്പൂവിന്റെ ഇതളില്‍ പതുക്കെ തൊടു. മൃദുത്വമായിരിക്കും അനുഭവം. അമര്‍ത്തിത്തൊട്ടാലോ? അപ്പോഴും മാര്‍ദ്ദംവം തന്നെ. എന്നാല്‍ കള്ളി മുള്ളില്‍ ചെറുതായി ഒന്നു തൊട്ടാല്‍ ചെറിയ വേദനയാവും ഫലം. സ്പര്‍ശത്തിന്റെ ബലം കൂട്ടിയാല്‍ വേദന സഹിക്കാനാവുകയില്ല. വിരലു മുറിഞ്ഞു ചോരയൊലിക്കും. ഉത്കൃഷ്ടങ്ങളായ സാഹിത്യസൃഷ്ടികള്‍ ബഹിര്‍ ഭാഗസ്ഥമാണു് പാരായണമെങ്കിലും സുഖം നല്കും. ആഴത്തിലുള്ള വായനയാണു നിര്‍വ്വഹിക്കുന്നതെങ്കില്‍ വര്‍ദ്ധിച്ച സുഖമരുളും. അധമരചനകള്‍ ഉപരിപ്ളവമായ വായനയ്ക്കു ദുഃഖദായകങ്ങളായി ഭവിക്കും. പാരായണം അഗാധതയിലേക്കു ചെന്നാല്‍ കൊടുമ്പിരിക്കൊണ്ട ദുഃഖമായിരിക്കും പരിണതഫലം. വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും പി. കുഞ്ഞിരാമന്‍ നായരുടെയും കവിത റോസാപ്പൂക്കളാണു്. പതുക്കെ തൊട്ടാലും അമര്‍ത്തിത്തൊട്ടാലും ആഹ്ളാദാനുഭൂതിതന്നെ. കള്ളിമുള്ളായ കവിതയ്ക്കു ഉദാഹരണം നല്കേണ്ടതില്ല.

മലയാറ്റൂര്‍: എസ്.കെ. നായര്‍

പനിനീര്‍പ്പൂവിന്റെ മാര്‍ദ്ദവമായിരുന്നു മലയാളനാടു് പത്രാധിപര്‍ എസ്.കെ. നായരുടെ സ്വഭാവത്തിനു്. അതുകൊണ്ടാണു് പലര്‍ക്കും അദ്ദേഹത്തെ ചതിക്കാന്‍ കഴിഞ്ഞതു്. ആ പലരില്‍ സാഹിത്യകാരന്മാരാണു് ഏറെ. ആര്‍ക്കും എപ്പോഴും ചെന്നു പണം വാങ്ങാവുന്ന ബാങ്കുപോലെയായിരുന്നു മലയാളനാടു് ഓഫീസ്.

പനിനീര്‍പ്പൂവിന്റെ മാര്‍ദ്ദവമായിരുന്നു മലയാളനാടു് പത്രാധിപര്‍ എസ്.കെ. നായരുടെ സ്വഭാവത്തിനു്. അതു കൊണ്ടാണു് പലര്‍ക്കും അദ്ദേഹത്തെ ചതിക്കാന്‍ കഴിഞ്ഞതു്. ആ ‘പലരില്‍’ സാഹിത്യകാരന്മാരാണു് ഏറെ. ആര്‍ക്കും എപ്പോഴും ചെന്നു് പണം വാങ്ങാവുന്ന ബാങ്ക് പോലെയായിരുന്നു മലയാളനാടു് ഒഫീസ്. ആരു് എത്ര പണം ചോദിച്ചാലും സന്തോഷത്തോടെ അദ്ദേഹം അതു കൊടുക്കുമായിരുന്നു. കൊടുക്കുന്നതു് എസ്.കെ. കടം മേടിച്ചുവച്ച തുകയാണെന്നു നമ്മള്‍ ഓര്‍മ്മിക്കണം. അങ്ങനെ വാങ്ങിക്കൊണ്ടുപോയവര്‍ പിന്നീടെന്തെങ്കിലും വാരികയ്ക്കു് എഴുതിക്കൊടുത്തിട്ടില്ല. കുറെപ്പേര്‍ തിരിഞ്ഞു നോക്കിയിട്ടുമില്ല. അങ്ങനെ ഔദാര്യം പ്രദര്‍ശിപ്പിച്ചു പ്രദര്‍ശിപ്പിച്ചു് അദ്ദേഹം കടക്കാരനായി. കൂടുതല്‍ എഴുതുന്നതു ശരിയല്ല. സ്വാഭാവിക മരണമായിരുന്നു അദ്ദേഹത്തിന്റേതു്. പക്ഷേ, അതിനെ ആത്മഹത്യയില്‍ പൊതിഞ്ഞ സ്വാഭാവിക മരണമായി ഞാന്‍ കാണുമ്പോള്‍ എന്റെ ഉദ്യേശ്യശുദ്ധിയും അദ്ദേഹത്തോടു് എനിക്കുള്ള നിര്‍വ്യാജമായ സ്നേഹവും ഓര്‍ത്തു് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എനിക്കു മാപ്പു നല്‍കണമെന്നു് അപേക്ഷിക്കുന്നു. ഇമ്മട്ടില്‍ ചോദിക്കുന്നവര്‍ക്കൊക്കെ പണം വാരിക്കൊടുക്കുന്നതു കണ്ടു് ‘ഇതു ശരിയാണോ’ എന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. “സാര്‍, സഹായിക്കുന്നെങ്കില്‍ ഗ്രെയ്സ്‌ഫുളായി അതു ചെയ്യണം. കൈയില്‍ പണമുണ്ടെങ്കില്‍ ഉടനെ കൊടുക്കണം. അല്ലാതെ ഒരാഴ്ച കഴിയട്ടെ എന്നു പറയരുതു്” എസ്.കെ. നായരുടെ ‘ഗ്രെയ്സ്’ കൂടിപ്പോയി. അതുകൊണ്ടു് നാല്പത്തിയെട്ടാമത്തെ വയസ്സില്‍ അദ്ദേഹത്തിനു് ഇവിടം വിട്ടു പോകേണ്ടതായി വന്നു. മഹാത്മാ ഗാന്ധി വെടിയേറ്റു മരിച്ചപ്പോള്‍ ഷാ പറഞ്ഞില്ലേ ഈ ലോകത്തു് നന്മകൂടിയവനായി ജീവിക്കുന്നതു് ആപത്താണെന്നു്. നന്മ കൂടിയ എസ്.കെ. നായര്‍ ആപത്തില്‍ വീണു. അദ്ദേഹത്തിന്റെ വിയോഗം ജനിപ്പിച്ച ദുഃഖം ഇതെഴുതുമ്പോഴും എനിക്കുണ്ടു്. “പിന്നെയും കാലം കഴിഞ്ഞു വേണ്ടപ്പെട്ട എത്രയോ വ്യക്തികള്‍ മണ്‍മറഞ്ഞു. ജനയുഗത്തിലെ സി.ആര്‍ .എന്‍. പിഷാരടി, കാമ്പിശ്ശേരി കരുണാകരന്‍, സഖാവ് ടി.വി. തോമസ്, ഒടുവില്‍ പ്രിയപ്പെട്ട എസ്.കെ. നായരും” എന്നു മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയതു വായിച്ചപ്പോള്‍ ഭൂതകാലം ചുറ്റഴിഞ്ഞു് ‘വെള്ളിത്തിരശ്ശീല’യിലെന്ന പോലെ ഞാന്‍ കാണുകയായി. കണ്ണീരടക്കിക്കൊണ്ടു് ഞാനിത്രയും കുറിക്കുകയായി. “പൂക്കള്‍ വാടുന്നതു കാണരുതു്. ചന്ദ്രന്‍ ചക്രവാളത്തില്‍ താഴുന്നതു കാണരുതു്. സുന്ദരികളായ ചെറുപ്പക്കാരികള്‍ ചെറുപ്പത്തില്‍ത്തന്നെ മരിക്കുന്നതു് കാണരുതു്” എന്നു് ഒരു തത്ത്വചിന്തകന്‍ പറഞ്ഞിട്ടുണ്ടു്. യൗവനം കഴിയാത്ത പരോപകാരതല്‍പരര്‍ അന്തരിക്കുന്നതും കാണരുതു് എന്നാണു് എന്റെ പക്ഷം. എങ്കിലും ഏതാണ്ടു മൂന്നു കൊല്ലം മുന്‍പു് ഞാന്‍ ആ മരണം മനക്കണ്ണുകൊണ്ടു് കണ്ടു. സുകൃതിയായ എസ്.കെ. നായര്‍ പോയി. “സാധിച്ചുവേഗമഥവാ നിജ ജന്മകൃത്യം സാധിഷ്ഠര്‍ പോട്ടിഹ സദാ നിശിപാന്ഥപാദം ബാധിച്ചു രൂക്ഷശില വാഴ്വതില്‍ നിന്നു മേഘജ്യോതിസ്സുതന്‍ ക്ഷണികജീവിതമല്ലി കാമ്യം?”

ശോഭരാജ് എന്ന ‘സാംസ്കാരിക പ്രതീകം’

പക്ഷേ, കാമ്യമായ അത്തരം ജീവിതങ്ങളെ ആദരിക്കുന്നവര്‍ വളരെ കുറവാണു് ഇക്കാലത്തു്. അതിനു പകരം ഭൂരിപക്ഷവും കൊലപാതികികളെയും കള്ളന്മാരെയും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ശോഭരാജ് എന്ന തസ്കരനു്, കൊലപാതകിക്കു് ബഹുജനം കൊടുക്കുന്ന പ്രാധാന്യം നോക്കുക. അയാളെ എത്രയെത്ര സ്ത്രീകളാണു് സ്നേഹിക്കുന്നതു്! ഇതിനു കാരണമെന്തെന്നു് ആലോചിക്കുകയാണു്. എ.സോമന്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ശോഭരാജ് സാംസ്കാരിക പ്രതീകമാകുന്നുവോ). വിചാരത്തിന്റെ ഫലമായ അനുമാനങ്ങള്‍ ശൈലിയുടെ പ്രാകൃതത്വം കൊണ്ടു് അസ്പഷ്ടങ്ങളാണു്. എങ്കിലും ചിലതു ഞാന്‍ ഊഹിച്ചെടുക്കാന്‍ ശ്രമിക്കുകയാണു്. സ്വവര്‍ഗ്ഗാനുരാഗം, മോഷണം, കൊലപാതകം ഇവയെ നോവലുകളില്‍ പ്രതിപാദിച്ച ഷാങ് ഷെനെ വായനക്കാരെ ആ തിന്മകളിലേക്കു തള്ളിവിട്ടില്ല. ഷാങ്പോള്‍ സാര്‍ത്ര് അദ്ദേഹത്തെ പുണ്യവാളനായി കണ്ടതേയുള്ളു. എന്നാല്‍ ശോഭരാജിന്റെ തിന്മകള്‍, തിന്മകള്‍ തന്നെ. അവ സ്ത്രീകളെപ്പോലും ആകര്‍ഷിക്കുന്നു. ശോഭരാജ് നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമായി മാറുന്ന മട്ടുണ്ടു്.

ഇപ്പറഞ്ഞതാണു് സോമന്റെ അനുമാനങ്ങളെങ്കില്‍ അവയ്ക്കു സത്യാത്മകതയുണ്ടു്. മനുഷ്യന്‍ ആരല്ലയോ അതായിത്തീരുവാന്‍ അവനു കൗതുകം; അവന്‍ ആരാണോ അതല്ലാതാകുവാന്‍ താല്പര്യം. ഇവ രണ്ടും മനുഷ്യന്റെ സവിശേഷതകളാണു്. സമുദായത്തില്‍ നന്മയുടെ വ്യാജപ്രകീര്‍ത്തനമാണുള്ളതു്. അപ്പോള്‍ ശോഭരാജിന്റെ കുറ്റങ്ങളെ ആകര്‍ഷകമായി പ്രതിപാദിച്ച ഇലസ്ട്രേറ്റഡ് വീക്കിലിയെ ഞാന്‍ വിമര്‍ശിച്ചതു് വ്യാജമായിട്ടാണെന്നു വരുന്നു. കാരണം എന്നില്‍ എപ്പോഴും ഒരു ക്രിമിനലുണ്ടു്. ആ ക്രിമിനലല്ല ഞാനെന്നു വരുത്താനാണു് ഞാന്‍ വീക്കിലിയുടെ നേര്‍ക്കു ശകാരം ചൊരിഞ്ഞതു്. ഞാന്‍ ക്രിമിനലാണെന്ന സത്യം എനിക്കറിയാം. അതിനെ മറച്ചു വച്ചിട്ടു് ഞാന്‍ ശോഭ രാജിനെ കുറ്റപ്പെടുത്തുന്നു. അയാളുടെ പ്രവര്‍ത്തനങ്ങള്‍ക്കു് അമിതപ്രാധാന്യം നല്‍കിയ വീക്ക്‌ലിയെ വിമര്‍ശിക്കുന്നു. ഇതാണു് സാര്‍ത്ര് പറഞ്ഞ bad faith. (I must know the truth very exactly in order to conceal it more carefully എന്നു് സാര്‍ത്ര് Being and Nothingness, Chapter 2.) ഷെനെ ഈ സത്യം കണ്ടു; ഓരോ വ്യക്തിയും ക്രിമിനലാണെന്ന സത്യം. അദ്ദേഹം അതു മറച്ചുവയ്ക്കാതെ പ്രതിപാദിച്ചു നോവലുകളിലൂടെ. ഭാവനയാണു് അതിനു് അദ്ദേഹത്തെ സഹായിച്ചതു്. ഭാവനകൊണ്ടു് തിന്മയെ ചിത്രീകരിച്ചപ്പോള്‍ ഒരുവിധത്തിലുള്ള ബാധയൊഴുക്കല്‍ നടത്തുകയായിരുന്നു ഷെനെ. അങ്ങനെ ബാധയൊഴിച്ച ഷെനെ പുണ്യവാളനായി മാറി. ഷെനെയുടെ ഗ്രന്ഥങ്ങള്‍ വായിക്കുന്ന നമ്മളും ബാധയൊഴിഞ്ഞവരായി മാറുന്നു. (Saint Genet എന്ന ഗ്രന്ഥം വായിച്ചിട്ടു് ഞാന്‍ ചെന്നെത്തിയ ഈ അനുമാനങ്ങള്‍ എത്രകണ്ടു ശരിയാണെന്നു അറിഞ്ഞുകൂടാ. അത്രയ്ക്കു് ദുര്‍ഗ്രഹതയുണ്ടു് സാര്‍ത്രിന്റെ ആ പുസ്തകത്തിനു്.)

ശോഭരാജിന്റെ കുത്സിതപ്രവര്‍ത്തനങ്ങളെ വാഴ്ത്തുമ്പോള്‍, ആ പ്രവര്‍ത്തനങ്ങള്‍ കണ്ടു് സ്ത്രീകള്‍ അയാളെ സ്നേഹിക്കുമ്പോള്‍ തിന്മ എന്ന ബാധയെ ഒഴിച്ചു കളയുകയല്ല; അതിനെ കരുതിക്കൂട്ടി ക്ഷണിച്ചു വരുത്തുകയാണു്. ഇങ്ങനെ ഓരോ വ്യക്തിയും തിന്മയെ ആവാഹിക്കുമ്പോള്‍ സമുദായം തകരുന്നു, രാഷ്ട്രം തകരുന്നു.

സമൂഹത്തിനു വിരുദ്ധങ്ങളായ വാസനകളും ചിന്തകളും അബോധമനസ്സില്‍ അടങ്ങിയിട്ടുണ്ടെന്നു് ഫ്രായിറ്റും പറഞ്ഞു. അവയെ നിയന്ത്രിച്ചില്ലെങ്കില്‍ മനുഷ്യസമുദായം നശിച്ചു പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ശോഭരാജിനെ അബോധാത്മകമായി ആദരിച്ചുകൊണ്ടു് പരസ്യമായി അയാളെ നിന്ദിക്കുന്ന ഡ്യൂപ്ളിസിറ്റി — ഇരട്ടത്താപ്പു് — എന്നിലുണ്ടെങ്കില്‍ അതു് അവിടെ ഇരുന്നു കൊള്ളട്ടെ. സമുദായത്തിന്റെ നന്മയെക്കരുതി. ഞാനതിനെ ഭാവനകൊണ്ടു ഷെനെയെപ്പോലെ ജയിച്ചടക്കണം. ആ ഭാവന എനിക്കില്ലെങ്കില്‍ പരസ്യമായി നിന്ദനം നടത്തണം. അതുകൊണ്ടു് സ്തോഭജനകമായും ആകര്‍ഷകമായും ശോഭരാജിന്റെ ഹീനകൃത്യങ്ങളെ ചിത്രീകരിച്ചതു് ശരിയായില്ല എന്നു് ഇപ്പോഴും പറയുന്നു. സുപ്രധാനമായ ഈ വിഷയമെടുത്തു കൈകാര്യം ചെയ്ത സോമനെ വിനയത്തോടെ അഭിനന്ദിക്കുകയും ചെയ്യുന്നു.

തകഴി

വിനയത്തോടുള്ള ഈ അഭിനന്ദനം തകഴി ശിവശങ്കരപ്പിള്ളയ്ക്കും ആയിക്കൊള്ളട്ടെ. കാരണമുണ്ടു്. എനിക്കു് ഇഷ്ടമുള്ള ഒരു വിഷയമാണു് അദ്ദേഹം ‘മരണാനന്തരം’ എന്ന ചെറുകഥയില്‍ പ്രതിപാദിച്ചിരിക്കുന്നതു് (കലാകൗമുദി). മരണാനന്തര വിലാപങ്ങളെല്ലാം ആര്‍ജ്ജവമില്ലാത്തവയാണു്. മരണം നടന്ന വീട്ടില്‍ പോയിട്ടുള്ളവര്‍ക്കെല്ലാം ഞാന്‍ പറയുന്നതു സത്യമാണെന്നു ഗ്രഹിക്കാന്‍ കയിഴും. കുറച്ചുകാലം മുന്‍പു്, മരണം നടന്ന ഒരു വീട്ടില്‍ എനിക്കു് പോകേണ്ടതായി വന്നു. മരിച്ചയാള്‍ കുടിയന്‍, വ്യഭിചാരി. അയാളുടെ ദോഷങ്ങളെല്ലാം ഭാര്യയ്ക്കു് അറിയാം. എത്രവേഗം അയാള്‍ ഈ ലോകം വിട്ടു പോകുമോ അത്രത്തോളം നന്നു് എന്നു് അവര്‍ അബോധാത്മകമായിട്ടെങ്കിലും ആഗ്രഹിച്ചിരിക്കും. ശവം കളിപ്പിച്ചു് നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ചു് വരാന്തയില്‍ കിടത്തിയിരിക്കുന്നു. ഞാനൊരു മരച്ചുവട്ടില്‍ ദൂരെ ഇരിക്കുന്നു. മൃതദേഹത്തില്‍ പൂമാലകളേറെ. ഭാര്യ ഇടയ്ക്കിടയ്ക്കു നിലവിളിക്കുന്നു. അങ്ങനെയിരിക്കെ ശവമെടുത്തു. പൊടുന്നനവേ സഹധര്‍മ്മിണിയുടെ ദുഃഖത്തിന്റെ സ്ഫോടനം. “പൂവും ചൂടി എവിടെ പോകുന്നു? എന്നെക്കൂടെകൊണ്ടു പോകാത്തതെന്തു്? ഒരുപാടു പൂ ചൂടിയിരിക്കുന്നല്ലോ? ഞാനും കൂടെവരട്ടോ?” മൃതദേഹം മിണ്ടിയില്ല. മിണ്ടാന്‍ കഴിവുണ്ടായിരുന്നെങ്കില്‍? അതു് രമണന്റെ മട്ടില്‍ “പോരേണ്ട പോരേണ്ട ചന്ദ്രികേ നീ പാറകള്‍ ചൂഴുമക്കാനനത്തില്‍” എന്നു പറയുമായിരുന്നു. ദുഃഖമുണ്ടെങ്കില്‍ ആ സ്ത്രീ ഈ സാഹിത്യഭാഷയൊന്നും പ്രയോഗിക്കില്ലായിരുന്നു. വേറൊരു കാഴ്ചയെക്കുറിച്ചു് ഞാന്‍ മുന്‍പു് എഴുതിപ്പോയതാണു്. ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്തിരിക്കുന്ന ഭാര്യ ഉറക്കം തൂങ്ങി വീഴുകയായിരുന്നു. ‘ശ്ശേ, എന്തരമ്മാ ഇതു്’ എന്നു മകള്‍ ചോദിക്കുമ്പോള്‍ ഉണര്‍ന്നു് ‘അയ്യോ’ എന്നു വിളിക്കും. പിന്നെ ആചാരങ്ങളെല്ലാം ഭദ്രമായിരിക്കും ഇവരുടെ. ഒരു വര്‍ഷത്തേക്കു പുറത്തിറങ്ങില്ല. സിനിമ കാണാന്‍ വലിയ ഭ്രമമാണെങ്കിലും വീട്ടില്‍ നിന്നും ഒരിടത്തും പോകുകയില്ല. ഒരു വര്‍ഷം കഴിഞ്ഞാല്‍ വാശി തീര്‍ത്തുള്ള സിനിമ കാണലാണു്. ദിവസം രണ്ടെന്ന കണക്കിനു കണ്ടെന്നും വരും. മറ്റൊരു സംഭവം അവര്‍ മരിച്ചു. ജീവിച്ചിരുന്നപ്പോള്‍ വിധവയായ അവര്‍ക്കു പത്തു പൈസ പോലും ബന്ധുക്കളിലാരും കൊടുത്തിരുന്നില്ല. അടുത്ത ബന്ധുക്കള്‍ക്കു രാജകീയ സൗധങ്ങളുണ്ടു്; കോണ്‍ടസ, മാരുതി കാറുകളുണ്ടു്. ദിവസന്തോറും പെട്രോളിനു ചെലവാക്കുന്ന പണത്തിന്റെ നൂറിലൊരംശം അവര്‍ക്കു കൊടുത്തിരുന്നെങ്കില്‍ കഞ്ഞിവെള്ളം കുടിച്ചു് അവര്‍ കഴിഞ്ഞുകൂടുമായിരുന്നു. കൊടുത്തില്ല. പാവം മരിച്ചു. സമ്പന്നയായ ചേച്ചി മൃതദേഹത്തിനടുത്തു് കിടന്നു കൊണ്ടു വിളിക്കുന്നു: “എന്റെ ചെല്ലക്കിളി പോയല്ലോ. എന്റെ തങ്കക്കിളി പോയല്ലോ.” ഞാന്‍ ഇവരെയാരെയും ആക്ഷേപിക്കുകയല്ല. മനുഷ്യസ്വഭാവമാണിതു്. ഞാന്‍ മരിച്ചാല്‍ എന്റെ ബന്ധുക്കളും പെരുമാറുന്നതു് ഇമ്മട്ടിലായിരിക്കും. മരണം ജനിപ്പിക്കുന്ന ദുഃഖം താല്‍ക്കാലികമാണു്. അതുകൊണ്ടു് ആ ദുഃഖം ആരുടേയും ജീവിതത്തിനു പരിവര്‍ത്തനം വരുത്താറില്ല.

ഭര്‍ത്താവിന്റെ മരണത്തിനു ശേഷം ഭാര്യയും കുട്ടികളും വിഷാദത്തിന്റെ ഉടലെടുത്ത രൂപങ്ങളായി കാണപ്പെടുന്നുണ്ടെങ്കില്‍ അതു് മരിച്ചയാളിനോടുള്ള ആത്മബന്ധത്താലല്ല; ആഹാരം കഴിക്കാന്‍ വകയില്ലാത്തതു കൊണ്ടാണു്. ഭര്‍ത്താവു മരിച്ചാല്‍ ഭാര്യ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നു. ഭാര്യ മരിച്ചാല്‍ ഭര്‍ത്താവു് നൂതന ബന്ധത്തിനു് ഒരുമ്പെടുന്നു. വീണ്ടും പറയട്ടെ. മനുഷ്യസ്വഭാവം! സമുദായത്തിന്റെ നിയമം ആവശ്യപ്പെടുന്നു; “നീ ഭാര്യയാണോ? എങ്കില്‍ കരയൂ. ഒരു വര്‍ഷം വീട്ടിനു പുറത്തു പോകാതിരിക്കൂ.” അവള്‍ കരയുന്നു. വീട്ടില്‍ത്തന്നെയിരിക്കുന്നു. ഈ നിയമം ആര്‍ജ്ജവത്തോടു ബന്ധപ്പെടാത്തതുകൊണ്ടു മാറ്റേണ്ടതാണു്. തിരുവനന്തപുരത്തു് ഇപ്പോള്‍ വായ്ക്കരിയിടുന്നതും പട്ടും കച്ചയുമിടുന്നതും വിരളമാണു്. മൃതദേഹം കിടക്കുമ്പോള്‍ അസത്യപൂര്‍ണ്ണമായി അതുമിതും പുലമ്പുന്നതും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രത്യക്ഷര പ്രതിപാദനം അല്ലെങ്കില്‍ ലിറ്ററല്‍ സ്റ്റേറ്റ് മെന്റ് ജര്‍ണലിസത്തിലേക്കാണു് വായനക്കാരനെ നയിക്കുക; കലയുടെ മണ്ഡലത്തിലേക്കല്ല … ‘കടല്‍ നീലമാണു്’ എന്നതു് പ്രത്യക്ഷര പ്രതിപാദനം. ‘ജലവിതാനത്തിന്റെ മുകളില്‍ നീലസംഗീതത്തിന്റെ പ്രവാഹം’ എന്നതു് വാങ്മയ ചിത്രത്തിലൂടെയുള്ള പ്രതിപാദനം ആദ്യത്തേതു് സത്യം. രണ്ടാമത്തേതു് സത്യാത്മകം.

മരണാനന്തരദുഃഖം കള്ളമെന്ന സത്യം തന്നെയാണു് തകഴി ‘മരണാനന്തരം’ എന്ന കൊച്ചു കഥയിലൂടെ അഭിവ്യഞ്ജിപ്പിക്കുന്നതു്. കഥയ്ക്കു് ആന്റിക്ലൈമാക്സുണ്ടു്. എങ്കിലും സത്യം പ്രകാശിക്കുന്നു. ആഖ്യാനവും സംഭവനിവേശനവും നന്നു്. ആന്റി ക്ലൈമാക്സ് ഒഴിവാക്കിയിരുന്നെങ്കില്‍ ഇതു നല്ല കഥയാകുമായിരുന്നു.

ശ്രീരാമകൃഷ്ണ പരമഹംസന്‍ പറഞ്ഞ ഒരു കഥ കൂടി ഓര്‍മ്മ വരുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ കണക്കിലേറെ ദുഃഖിക്കുന്നു. മൃതദേഹം വീട്ടിനു പുറത്തേക്കു് എടുക്കണമെങ്കില്‍ വാതില്‍ ഇടിച്ചു പൊളിക്കണം. ഇല്ലെങ്കില്‍ ശവം മുറിക്കണം. എന്താണു് ചെയ്യേണ്ടതെന്നു ഭാര്യയോടു ചോദിച്ചപ്പോള്‍ ശവം മുറിച്ചാല്‍ മതിയെന്നു് അവര്‍ പറഞ്ഞു.

* * *

ഇരുപത്തിയാറാമത്തെ വയസ്സില്‍ മരിച്ചു പോയ വോള്‍ഫ്ഗങ് ബൊര്‍ഹേര്‍റ്റ് (Wolfgang Borchert, 1921–1947) അസാധാരണനായ പ്രതിഭാശാലിയായിരുന്നു. അദ്ദേഹത്തിന്റെ The Man Outside എന്ന നാടകം വായിച്ചാല്‍ നമ്മള്‍ വിസ്മയസ്തബ്ധരായി ഇരിക്കും. ബൊര്‍ഹേര്‍റ്റിന്റെ ഒരു കൊച്ചുകഥ: ഒരിക്കല്‍ ഒരിടത്തു് രണ്ടു മനുഷ്യജീവികൾ ഉണ്ടായിരുന്നു. അവര്‍ക്കു് രണ്ടു വയസ്സായപ്പോള്‍ അവര്‍ കൈകള്‍ കൊണ്ടു അന്യോന്യം അടിച്ചു.

പന്ത്രണ്ടു വയസ്സായപ്പോള്‍ അവര്‍ തമ്മില്‍ കമ്പു കൊണ്ടടിക്കുകയും കല്ലുകള്‍ അങ്ങോട്ടുമിങ്ങോട്ടും എറിയുകയും ചെയ്തു.

ഇരുപത്തിരണ്ടു വയസ്സായപ്പോള്‍ അവര്‍ തോക്കു കൊണ്ടു് അന്യോന്യം വെടിവച്ചു.

നാല്പത്തിരണ്ടു വയസ്സായപ്പോള്‍ അവര്‍ പരസ്പരം ബോംബെറിഞ്ഞു.

അറുപത്തിരണ്ടു വയസ്സായപ്പോള്‍ അവര്‍ ബാക്ടീരിയ ഉപയോഗിച്ചു.

എണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ അവര്‍ മരിച്ചു. അടുത്തടുത്തായി അവരെ കുഴിച്ചിട്ടു. നൂറു കൊല്ലം കഴിഞ്ഞു് ഒരു കൃമി ആ ശവക്കുഴികളിലേക്കു് അരിച്ചരിച്ചു ചെന്നപ്പോള്‍ രണ്ടു വിഭിന്നരായ ആളുകളെ അവിടെ അടക്കിയിരുന്നുവെന്നു് അതറിഞ്ഞതേയില്ല. അതു് ഒരേമണ്ണു്. എല്ലാം ഒരേ മണ്ണു്.

* * *

ക്യാബറേ നര്‍ത്തകികള്‍ വിഷകന്യകകളാണോ എന്ന ചോദ്യത്തിനു് വിദ്വജ്ജനോചിതമായി തോപ്പില്‍ ഭാസി മറുപടി പറഞ്ഞിരിക്കുന്നു (കുങ്കുമം). പ്രാചീന കാലത്തു് ശത്രു രാജാക്കന്മാരെ കൊല്ലുന്നതിനു വിഷകന്യകകളെ അയച്ചിരുന്നത്രേ. അലക്സാണ്ടര്‍ ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൂടാരത്തില്‍ ഒരു വിഷകന്യക എത്തി. പക്ഷേ, ബുദ്ധിയായ അലക്സാണ്ടര്‍ ആ ചതി നേരത്തേ കണ്ടുപിടിച്ചു് അവളെ കൊന്നു കളഞ്ഞു. മുദ്രാരാക്ഷസം നാടകത്തിലാണോ എന്നറിയില്ല; വിഷകന്യകയെ അയയ്ക്കുന്ന പ്രസ്താവം വായിച്ച ഓര്‍മ്മയുണ്ടെനിക്കു്. കഥാസരിത് സാഗരം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തു പല വാല്യങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. അവയില്‍ ഒരു വാല്യത്തിന്റെ അനുബന്ധമെന്ന നിലയ്ക്ക് Poison Damsels എന്നൊരു ദീര്‍ഘമായ പ്രബന്ധം ചേര്‍ത്തിട്ടുണ്ടു്. അതു തന്നെ പില്‍ക്കാലത്തു് ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ടു്. ആ ഗ്രന്ഥത്തില്‍ The Romance of Betal Chewing എന്നൊരു രസകരമായ പ്രബന്ധവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം തിരുവനന്തപുരത്തെ സംസ്കൃത കോളേജ് ലൈബ്രറിയിലുണ്ടു്. വായിക്കേണ്ട ഗ്രന്ഥമാണു് Poison Damsels. ഗവേഷണ വൈദഗ്ദ്ധ്യത്തിന്റെ പാരമ്യം അതില്‍ ദര്‍ശിക്കാം.

‘ചക്രം’

എം.എം. മേനോന്റെ ‘ചക്രം’ എന്ന നോവല്‍ അത്യാകര്‍ഷകമാണെന്നു് മനോരാജ്യത്തിന്റെ മൂന്നാം പുറത്തു് കണ്ടതു കൊണ്ടു് ഞാനതു മനസ്സിരുത്തി വായിച്ചു. ഭാരതത്തിന്റെ ചരിത്രം മൂന്നവസ്ഥകളിലൂടെ ചിത്രീകരിക്കുകയാണു് കഥാകാരന്‍. ബ്രിട്ടീഷ് ഭരണം നിലവിലിരുന്ന കാലം പുതുമന കൃഷ്ണന്‍ നായര്‍ എന്ന ദേശസ്നേഹി ബ്രിട്ടീഷ് പൊലീസിനോടു് എതിരിട്ടു് മര്‍ദ്ദനമേറ്റു മരിച്ചു. അയാളുടെ മൂത്ത മകള്‍ പീഡയനുഭവിച്ചു് ഉന്മാദാവസ്ഥയിലായി. രണ്ടാമത്തെ മകള്‍ ലോക്കപ്പില്‍ കിടക്കുന്ന അനിയനെ പ്രതീക്ഷച്ചു് കഴിഞ്ഞു കൂടുന്നു. ഇതിനിടയ്ക്ക് ഇംഗ്ളീഷുകാര്‍ പോയി. കോണ്‍ഗ്രസ് ഭരണമേറ്റു. പക്ഷേ അപ്പോഴും ഇടിവണ്ടികളും മര്‍ദ്ദനവും തന്നെ. പുതിയ സര്‍ക്കാരിന്റെ പൊലീസാണു് കൃഷ്ണന്‍ നായരുടെ മക്കളെ അവശനിലയിലാക്കിയതു്. അങ്ങനെയിരിക്കെ, അതിനകം കമ്മ്യൂണിസ്റ്റായി മാറിയ അനിയന്‍ ജയിലില്‍ നിന്നു പുറത്തു വന്നു. കോണ്‍ഗ്രസ് നേതാവു് ഒരുക്കിയ വധ പരിപാടി ജയിച്ചു. അനിയന്‍ കുത്തേറ്റു മരിച്ചു. ഇതാണു് ‘സൂപര്‍ഫിഷൽ ലവലില്‍’ ചക്രത്തിന്റെ കഥ. കഥയ്ക്ക് ഏതു ഇതിവൃത്തവുമാകാം. ആ ഇതിവൃത്തം പ്രതിരൂപാത്മകങ്ങളായ മാനങ്ങളിലൂടെ കലാസൃഷ്ടിയാകുന്നതിലേ വായനക്കാരനു് താല്‍പര്യമുള്ള. എം.എം. മേനോന്‍ ഇതില്‍ ആവിഷ്കരിക്കുന്ന രാഷ്ട്രവ്യവഹാരത്തോടു ബന്ധപ്പെട്ട ആശയങ്ങളോടു എനിക്കു് എതിര്‍പ്പില്ല. വാദത്തിനു വേണ്ടി അവ ശരിയാണെന്നും ‍ഞാന്‍ സമ്മതിക്കാന്‍ തയ്യാറാണു്. പക്ഷേ, കഥാകാരന്റെ ഈ കഥ അന്തരംഗസ്പര്‍ശിയല്ല, അനുഭൂതിജനകമല്ല. അതു വെറും ‘പ്രത്യക്ഷര പ്രതിപാദന’ മായി പ്രത്യക്ഷപ്പെടുന്നു. പ്രത്യക്ഷരപ്രതിപാദനം അല്ലെങ്കില്‍

ലിറ്ററല്‍ സ്റ്റേറ്റ്മെന്റ് ജര്‍ണ്ണലിസത്തിലേക്കാണു് വായനക്കാരനെ നയിക്കുക; കലയുടെ മണ്ഡലത്തിലേക്കല്ല. ജര്‍ണ്ണലിസത്തിന്റെ സത്യവും കലയുടെ സത്യവും വിഭിന്നങ്ങളാണു്. ഈ പരമാര്‍ത്ഥം എം.എം. മേനോന്‍ വിസ്മരിച്ചിരിക്കുന്നു. ഇതിനു കാരണം അദ്ദേഹത്തിന്റെ മൂല്യബോധത്തെയും മൂല്യനിര്‍ണ്ണയപ്രക്രിയയെയും ബാധിക്കുന്നു. അതുകൊണ്ടു് ഇന്ന രീതിയിലേ കഥ അവസാനിക്കാവൂ എന്നു് അദ്ദേഹം തീരുമാനിക്കുന്നു. ആ തീരുമാനമനുസരിച്ചു് അദ്ദേഹം കഥ പര്യവസാനത്തിൽ എത്തിക്കുകയും ചെയ്യുന്നു. യാനീസ് റീറ്റ്സോസ്, പാവ്ലോ നെറൂത എന്നീ കമ്മ്യൂണിസ്റ്റ് കവികള്‍ തങ്ങളുടെ കാവ്യങ്ങളിലൂടെ ചുവന്ന കൊടികള്‍ എടുത്തു വീശിക്കാണിക്കാറുണ്ടു്. അപ്പോള്‍ ഭേഷ് എന്നു പറഞ്ഞു ഞാനും എന്റെ കൈയിലില്ലാത്ത ചുവന്ന കൊടി അന്വേഷിക്കുന്നു, ഉയര്‍ത്തി വീശാന്‍. അതിനു യോജിച്ച വിധത്തിലാണു് അവര്‍ കാവ്യാനുഭവങ്ങളെ ആവിഷ്കരിക്കുന്നതു്. എം.എം. മേനോനു് ആരെയെങ്കിലും കൊണ്ടു ചുമന്ന കൊടി വീശിച്ചാല്‍ മതി. അദ്ദേഹം വീശിപ്പിക്കുന്നു. പക്ഷേ, അതു ലൗകിക ജീവിതത്തിലെ കൊടിവീശല്‍ മാത്രം. കലാലോകത്തെ അരുണപതാകയുടെ വീജനമല്ല.

‘ കടല്‍ നീലനിറമാണു്’ എന്നതു് പ്രത്യക്ഷര പ്രതിപാദനം. ‘ജലവിതാനത്തിന്റെ മുകളില്‍ നീലസംഗീതത്തിന്റെ പ്രവാഹം’ എന്നതു് വാങ്മയ ചിത്രത്തിലൂടെയുള്ള പ്രതിപാദനം. ആദ്യത്തേതു് സത്യം. രണ്ടാമത്തേതു് സത്യാത്മകം. അതു കലയുടെ സത്യവും. ഇതാണു് എം.എം. മേനോന്റെ രചനയില്‍ ഇല്ലാത്തതു്.

* * *

അവര്‍ രണ്ടുപേരും — യുവാവും യുവതിയും — സന്ധ്യയുടെ അരണ്ട വെളിച്ചത്തിലിരുന്നു ഹൃദയരഹസ്യങ്ങള്‍ കൈമാറുകയായിരുന്നു. അപ്പോഴാണു് അവളുടെ അനുജത്തി പൂമുഖത്തെ മണ്‍ചെരാതില്‍ നെയ്ത്തിരി കത്തിച്ചു വച്ചതു്. ദീപനാളത്തിന്റെ പ്രകാശം യുവതിയുടെ മുഖത്തു വീണപ്പോള്‍ അവളുടെ സ്വത്വത്തെക്കുറിച്ചു് അയാള്‍ക്കു കൂടുതല്‍ ഗ്രഹിക്കാന്‍ കഴിഞ്ഞു. കലാസൃഷ്ടിയില്‍ വീഴുന്ന പ്രകാശമാണു് നിരൂപകന്റെ വാക്കുകള്‍.

കണ്‍ഡെം ചെയ്ത ആശയം

“നാം ഇപ്പോഴും കമ്യൂ, കാഫ്‌ക, ബക്കറ്റ് എന്നിവരുടെ ദര്‍ശനങ്ങളും കലാമാതൃകകളും എക്കാലത്തെയും കലാ മാതൃകകളായി പ്രചരിപ്പിക്കുന്നു എന്നതാണു ഖേദകരമായ അവസ്ഥ” പി. വിജയന്‍ എഴുതിയതാണു് ഈ വാക്യം (‘യുവധാര’, ആംഗല നോവല്‍ ഇന്നു്). ആര്‍ക്കും പ്രതിഷേധമില്ല. അസ്തിത്വവാദത്തില്‍ വിശ്വസിക്കാത്തവര്‍ക്കു് ഇതു പറയാന്‍ സ്വാതന്ത്ര്യമുണ്ടു്. ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവല്‍ മാതൃകയായിരിക്കെ കമ്യൂവിന്റെ ‘അന്യന്‍’ മാതൃകയായി അംഗീകരിക്കപ്പെടുന്നതു ശരിയല്ല. സമ്മതിക്കുന്നു. പക്ഷേ, വിജയന്റെ ലേഖനത്തിന്റെ അവസാനത്തെ ഖണ്ഡികയില്‍ ഇങ്ങനെയും ചില വാക്യങ്ങള്‍: “റിച്ചാര്‍ഡ് ഹ്യൂഗ്സ്, വി.എസ്. നെയിപ്പാള്‍, പാള്‍സ്കോട്ട് മുതലായ എഴുത്തുകാര്‍ നോവലിനെ അതിന്റെ യഥാതഥ പാരമ്പര്യത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. അവര്‍ ചരിത്രനോവലിനെ സമകാലീന യാഥാര്‍ത്ഥ്യത്തെ വിശകലനം ചെയ്യാന്‍ ഉപയോഗിച്ചു… സമകാലീന ലോകത്തിന്റെ പ്രശ്നങ്ങള്‍ അവര്‍ മഹത്തായ മാനവികതയുടെ മൂല്യബോധത്തില്‍ വച്ചു നിഷ്കപടമായി, നിഷ്ഠൂരമായി പരിശോധിക്കുന്നു.” ഈ വാക്യങ്ങളിലെത്തുമ്പോള്‍ വിജയന്റെ “സഞ്ചിയില്‍ സംഭൃതമായ പൂച്ച” പുറത്തേക്കു ചാടുന്നു. റിച്ചഡ് ഹ്യൂസ് (റിച്ചാര്‍ഡ് ഹ്യൂഗ്സ് എന്നൊരു നോവലിസ്റ്റ് ഇല്ല) പേരുകേട്ട രണ്ടു നോവലുകളുടെ രചയിതാവാണെങ്കിലും കാഫ്‌കയെക്കാള്‍, കമ്യൂവിനെക്കാള്‍, ബക്കറ്റിനെക്കാള്‍ വലിയ എഴുത്തുകാരനാണെന്നു് ഇപ്പോഴാണറിഞ്ഞതു്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തെ കാലയളവിനെ ചിത്രീകരിക്കുന്ന നോവലെഴുതിയ പോള്‍ സ്കോട്ട് സൂപര്‍ ജര്‍ണ്ണലിസ്റ്റ് പോലുമല്ല; വെറും ജര്‍ണ്ണലിസ്റ്റാണു്. അദ്ദേഹത്തെയാണു് ലേഖകന്‍ മഹത്തായ മാനവികതയുടെ ഉദ്ഘോഷകനായി പ്രദര്‍ശിപ്പിക്കുന്നതു്. ഇമ്മട്ടിലുള്ള വിരൂപണങ്ങള്‍ വിവരമുള്ള കമ്മ്യൂണിസ്റ്റുകാര്‍ നിര്‍വ്വഹിക്കാറില്ല. റ്റോമസ്‌മന്‍ എന്ന ജര്‍മ്മന്‍ നോവലിസ്റ്റിനെ ‘ഗ്രെയ്റ്റ് ബൂര്‍ഷ്വാ നോവലിസ്റ്റ്’ എന്നേ മാര്‍ക്സിസ്റ്റ് നിരൂപകര്‍ വിശേഷിപ്പിക്കു. എഴുത്തുകാരെന്ന നിലയില്‍ കാഫ്‌കയും കമ്യൂവും ഗ്രെയ്റ്റാണെന്നു് അവര്‍ സമ്മതിക്കുകയും ചെയ്യുന്നു. മഹാനായ മാര്‍ക്സിസ്റ്റ് നിരൂപകന്‍ വൊള്‍ട്ടര്‍ ബന്‍യമിന്‍ പറയുന്നതു കേട്ടാലും: “And it is precisely its unanswerability which Brecht regards as an indication of the fact that Kafka, whom he considers to be a great writer, is, like Kleist, Grabbe or Buchner, a failure” (Conversations with Brecht, Walter Benjamin, Aesthetics and politics, Verso Edition) (കാഫ്‌ക മഹാനായ എഴുത്തുകാരനാണെന്നു് ബ്രഹ്റ്റ്). സൂര്യനെ വിമര്‍ശിക്കാം. പക്ഷേ ‘അയാള്‍ക്കു്’ പ്രകാശമില്ല എന്നു പറയരുതു്.

കാരണം പറയാതെ ഉപാലംഭം

ഭര്‍ത്താവിനു ചായ കൊണ്ടുപോയ സ്വന്തം അനുജത്തിയെ ജലസി കൊണ്ടു് ഭാര്യ ശാസിച്ചു. അനുജത്തി സൗകര്യം കിട്ടിയപ്പോള്‍ അയാളുമായി ലൈംഗികവേഴ്ച നടത്തി ചേച്ചിയോടു് പ്രതികാരം ചെയ്തു. ഇതു് വഴിത്തല രവി ‘ചെമ്പകം’ വാരികയിലെഴുതിയ ‘പകരം ഒരു സന്ധ്യ’ എന്ന കഥയുടെ സാരം — വളരെക്കാലമായി വഴിത്തല രവി സ്വന്തം രചനകള്‍ കൊണ്ടു് വായനക്കാരെ കഷ്ടപ്പെടുത്തുന്നു. ഇന്നലെ പഞ്ചാബില്‍ പത്തു നിരപരാധരെ വെടിവച്ചു കൊന്നു. അതിനോടു താരതമ്യപ്പെടുത്തുമ്പോള്‍ രവിയുടെ പ്രവൃത്തി നിസ്സാരം.

“ക്രൂരമീ വരള്‍ച്ചയില്‍ പാരവശ്യം പൂണ്ടെത്ര ദൂരമീപ്പാവം കിളിപറന്നൂ നിരാശയായ്” എന്നു തുടങ്ങുന്നു രാജന്‍ കൈലാസിന്റെ ‘യുഗപ്പിറവി’ എന്ന കാവ്യം (ജനയുഗം വാരിക). കിളി, വായനക്കാരന്‍. അയാള്‍ പറക്കുന്നതു കലാരാഹിത്യത്തിന്റെ ക്രൂരമായ വരള്‍ച്ചയിലും.

ഡോക്ടര്‍ എം.എം. ബഷീര്‍ Arabic Speaking Course എന്ന പുസ്തകത്തെപ്പറ്റി ചന്ദ്രിക വാരികയില്‍ എഴുതിയിരിക്കുന്നു — ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങളും വിമര്‍ശനങ്ങളുമാണു് വായനക്കാര്‍ ബഷീറില്‍ നിന്നു പ്രതീക്ഷിക്കുന്നതു്. അദ്ദേഹം പുസ്തകക്കച്ചവടക്കാരുടെ പ്രചാരകനായി മാറരുതു്.

സ്ത്രീധനത്തിന്റെ ബാക്കി കൊടുക്കാത്തതുകൊണ്ടു് മരുമകന്‍ അമ്മാവനെ പുലഭ്യം പറയുന്നു. ആ മരുമകന്‍ അമ്മാവനായപ്പോള്‍ അയാളും തന്റെ മരുമകനില്‍ നിന്നു തെറി കേള്‍ക്കുന്നു. ഒരു ദുഷിച്ചവലയം. വി.പി. മനോഹരന്‍ ട്രയല്‍ വാരികയിലെഴുതിയ ‘കത്തുകള്‍, കത്തുകള്‍’ എന്ന കഥയാണിതു് — റിഡിക്കുലസ്.

* * *

അനര്‍ഹമായ വിധത്തില്‍ വാഴ്ത്തപ്പെടുന്ന സാഹിത്യകാരനാണു് പുളിമാന പരമേശ്വരന്‍ പിള്ള. ഒരിക്കല്‍ ഞാനും അദ്ദേഹവുമൊരുമിച്ചു് തിരുവനന്തപുരത്തെ ഒരു സ്റ്റേഡിയത്തിലിരുന്നു ഫുട്ബോള്‍ കളി കാണുകയായിരുന്നു. പുളിമാന ആത്മഗതമെന്ന മട്ടില്‍ പറഞ്ഞു: “കളി കാണുന്ന നമുക്കു രസം. പക്ഷേ ഓരോ കളിക്കാരന്റെയും ചങ്കു പൊട്ടുകയാണിപ്പോള്‍. സാഹിത്യത്തില്‍ ഇങ്ങനെയല്ല. കവിതയെഴുതുന്നവനു രസം. വായിക്കുന്നവനും രസം.” പുളിമാന പറഞ്ഞതു ശരി. പക്ഷേ അനുകര്‍ത്താവിനോ? “ജര്‍മ്മന്‍ നാടക കര്‍ത്താവു് കൈസറുടെ Coral, Gas ഈ നാടകങ്ങളെ “സമത്വവാദി”യാക്കി എഴുതിയപ്പോള്‍ താങ്കള്‍ക്കു രസമായിരുന്നോ?” എന്നു ചോദിക്കാന്‍ തോന്നി എനിക്കു് ചോദിച്ചില്ല. അനുകര്‍ത്താവിനു അനുകരിക്കുന്ന വേളയില്‍ ദുഃഖമേയുള്ളു. ‘സമത്വവാദി’ വായിക്കുന്ന എനിക്കും ദുഃഖം.