close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 07 05


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 07 05
മുൻലക്കം 2002 06 28
പിൻലക്കം 2002 07 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

പതിന്നാലു് ഭാഷകളിലേക്കു ഇതിനകം തര്‍ജ്ജമ ചെയ്യപ്പെട്ട “ The Reader” എന്ന നോവല്‍ അതിന്റെ രചയിതാവായ ബേണ്‍ഹര്‍റ്റ് ഷ്ലിങ്‌കിനു് (Bernhard Schlink) മഹായശസ്സ് നേടിക്കൊടുത്തു. അതോടെ അദ്ദേഹം വിശ്വസാഹിത്യത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഇപ്പോള്‍ ജര്‍മ്മന്‍ സാഹിത്യത്തെക്കുറിച്ചു് നിരൂപണം ചെയ്യുമ്പോള്‍ ഈ പ്രതിഭാശാലിയെ വിട്ടുകളയാന്‍ ഒക്കുകയില്ല. വിശ്വസാഹിത്യകാരന്മാരുടെയിടയില്‍ തലയുയര്‍ത്തി നില്‌ക്കുന്ന മഹാനായ നോവലിസ്റ്റാണു് ഷ്ലിങ്‌കു്. അദ്ദേഹത്തിന്റെ “The Reader” എന്ന നോവലിനെക്കുറിച്ചു് ഈ കോളത്തില്‍ സാമാന്യം ദീര്‍ഘമായ മട്ടില്‍ത്തന്നെ പ്രതിപാദിച്ചിരുന്നു. വായനക്കാരുടെ സ്മരണയെ പുനഃസ്ഥാപനം ചെയ്യുന്നതിനുവേണ്ടി ഏതാനും വാക്യങ്ങള്‍ ആ നോവലിനെക്കുറിച്ചു് എഴുതിക്കൊള്ളട്ടെ. ഹെപ്പറ്റൈറ്റിസ് രോഗത്തില്‍ നിന്നു് സുഖം പ്രാപിച്ചുവരുന്ന പതിനഞ്ചു വയസ്സുള്ള മിഹായല്‍ (Michael) അവന്റെ ഇരട്ടി പ്രായമുള്ള ഹന (Hanna — അവള്‍ക്ക് 36 വയസ്സുണ്ടെന്നാണു് എന്റെ ഓര്‍മ്മ) എന്ന സ്‌ത്രീയെക്കണ്ടു് കാമവിവശനായി രതികേളികളില്‍ വീഴുന്നു. അവര്‍ ബന്ധം തുടര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ മിഹായലിനെ അദ്ഭുതപ്പെടുത്തിക്കൊണ്ടു് അവള്‍ അപ്രത്യക്ഷയാകുന്നു. കാലം കഴിഞ്ഞ് മിഹായല്‍ ഒരു കെയ്‌സ് വിസ്താരം നടന്നുകൊണ്ടിരിക്കുന്ന കോടതിയില്‍ വച്ചു് ഹനയെ കാണുന്നു. നിയമവിദ്യാര്‍ത്ഥിയായ അവനെ കോടതിനടപടികള്‍ പഠിക്കാനായി അവന്റെ അധ്യാപകന്‍ മറ്റു വിദ്യാര്‍ത്ഥികളോടൊപ്പം അവിടെ കൊണ്ടുവന്നിരിക്കുകയാണു്. യുദ്ധകാലത്തു തടങ്കല്‍പ്പാളയത്തിലെ സൂക്ഷിപ്പുകാരിയായ ഹന അക്ഷന്തവ്യമായ കുറ്റം ചെയ്‌തു. ആ മഹാപാതകത്തിനുവേണ്ടി അവളെ അറസ്‌റ്റ് ചെയ്തു് വിസ്തരിക്കുമ്പോഴാണു് മിഹായലിനു് അവളെ കാണാന്‍ ഇടവന്നതു്. എന്തു അപരാധമാണു് ഹന ചെയ്തതു്? അറുന്നൂറു തടവുകാരികളെ ഒരു പള്ളിയ്‌ക്കകത്താക്കി പൂട്ടിയിട്ടിരിക്കുന്നു. പള്ളിയില്‍ ബോംബ് വീണപ്പോള്‍ പൂട്ടുതുറന്നു തടവുകാരികളെ രക്ഷിക്കാമായിരുന്നു ഹനയ്ക്ക്. പക്ഷേ അവളതു ചെയ്‌തില്ല. പള്ളി അഗ്‌നിയില്‍ കരിഞ്ഞതോടൊപ്പം നിരപരാധികളായ സ്‌ത്രീകളും കരിഞ്ഞുപോയി. അങ്ങനെ ക്രൂരമായി ചെയ്തതു് എന്തിനെന്നു് ജഡ്ജി ചോദിച്ചപ്പോള്‍ പുതുതായി വരുന്ന തടവുകാര്‍ക്കു സ്‌ഥലം വേണ്ടേ? എന്ന മറുചോദ്യമായിരുന്നു ഹന ചോദിച്ചതു്. കോടതി വധശിക്ഷ മറ്റുള്ളവര്‍ക്കു നല്‌കുന്നതു് പുതിയ ആളുകള്‍ക്ക് ഇടം നല്‌കാനല്ലേ എന്ന ചോദ്യവും ഇവിടെ ഉയരുന്നു. കുറ്റം, കുറ്റമില്ലായ്‌മ, നീതി, അനീതി ഇവയെക്കുറിച്ചു് ചിന്തിക്കാന്‍ ഷ്ലിങ്‌ക് നോവലിലൂടെ ആവശ്യപ്പെടുന്നു നമ്മളോടു്.

അദ്ദേഹത്തിന്റെ Flights of Love എന്ന കഥാസമാഹാരത്തിലും ഇതൊക്കെത്തന്നെയാണു് വിഷയങ്ങള്‍. ഷ്ലിങ്‌കിന്റെ കഥകളെക്കുറിച്ചു ചില വിമര്‍ശകര്‍ വിപ്രതിപത്തി പ്രകടിപ്പിച്ചിട്ടുണ്ടു്. എനിക്കു് അവരോടു യോജിക്കാന്‍ കഴിയുന്നില്ല. മഹാനായ നോവലിസ്‌റ്റ് എന്നപോലെ അദ്ദേഹം മഹാനായ കഥാകാരനുമാണെന്നാണു് എന്റെ പക്ഷം. (Flights of Love. Bernard Schlink. Translated from the German by John E. Woods. Pantheon Books, New York. Pages 308, $23.00.)

ഈ സമാഹാരത്തിലെ ആദ്യത്തെ കഥയായ “Girl with Lizard” തികച്ചും മനോഹരമാണു്. പെണ്‍കുട്ടി കിനാവിലെന്ന പോലെ പല്ലിയെ നോക്കുന്നു. പല്ലി തിളങ്ങുന്ന കണ്ണുകളാല്‍ പെണ്‍കുട്ടിയെ നോക്കുന്നു. ഈ ചിത്രം ഒരു വീട്ടിലെ ആണ്‍കുട്ടിയെ വല്ലാതെ ആകര്‍ഷിക്കുന്നു.

ചിത്രത്തോടുള്ള ഈ മാനസികമായ അടുപ്പമല്ലാതെ ആ കുട്ടിക്കു് ഒന്നിനോടും താല്‍പര്യമില്ല. അവന്റെ ആന്തരലോകവും ബാഹ്യലോകവും യോജിക്കുന്നില്ല. കുടുംബത്തോടുള്ള ഈ യോജിപ്പില്ലായ്‌മയും ഇതും ഒന്നു പോലെയാണു്. അച്‌ഛനമ്മമാരുടെ മുറിയില്‍ അവനു കയറിക്കൂടാ. വാതില്‍ തുറന്നിട്ടിരിക്കും. എങ്കിലും അവനു ആ മുറിയില്‍ അവനു കയറിക്കൂടാ. വാതില്‍ തുറന്നിട്ടിരിക്കും. എങ്കിലും അവനു ആ മുരിയിലേക്കു പ്രവേശനമില്ല. അതുപോലെ അച്‌ഛനും അമ്മയും അവന്റെ മുറിയിലേക്കും കയറുകില്ല.

അവനു പ്രായം കൂടിവരുന്നു.കാമുകിയായി അവന്‍ ഒരുത്തിയെ തിരഞ്ഞെടുത്തു. പക്ഷേ അവര്‍ ഒരുമിച്ചു ശയിച്ചപ്പോള്‍ ദയനീയവസ്ഥയായിരുന്നു ഫലം. അവനു് ലൈംഗികത്വത്തിലും താല്‍പര്യമില്ല. അവന്റെ മദ്യപാനായിരുന്ന അച്‌ഛന്‍ മരിച്ചു. അയാളുടെ മരണത്തിനുശേഷം അവന്‍ ആ ചിത്രമെടുത്തു് സ്വന്തം മുറിയില്‍ തൂക്കി അന്യരെപ്പോലും അവന്‍ അതു് കാണിക്കില്ല. ആരെങ്കിലും വന്നാല്‍ അവന്‍ ചിത്രമെടുത്തു കിടക്കയുടെ അടിയിലിടും. അവര്‍ പൊയ്‌ക്കഴിഞ്ഞേ അവനതു വീണ്ടും ചുവരില്‍ തൂക്കൂ. അച്‌ചനു് ധാര്‍മ്മികമായോ അധാര്‍മ്മികമായോ കിട്ടിയ ചിത്രമാണതു്. അന്നു അയാള്‍ മിലിറ്ററി കോര്‍ടിലെ അംഗമായിരുന്നു. പ്രാഡ്വിവാകനായിരുന്നു.

ഒരു ദിവസം വൈകുന്നേരം അവന്‍ ചിത്രമെടുത്തു വര്‍ത്തമാനപ്പത്രത്തില്‍ പൊതിഞ്ഞു. കടപ്പുറത്തേക്കു ചെന്നു. അവിടെ ആളുകള്‍ തീകൂട്ടി ശരീരം ചൂടുപിടിപ്പിക്കുകയാണു്. അവനും ഒരിടത്തു തീ കൂട്ടി ചിത്രം അതിലേക്കു് അവനെറിഞ്ഞു. രൂപമറിയാന്‍ വയ്യാത്ത വിധത്തില്‍ ചിത്രം കരിഞ്ഞു. തീ കെട്ടപ്പോള്‍ അവന്‍ പാദരക്ഷ കൊണ്ടു് കനലുകളെ തട്ടിനീക്കി. എല്ലാം ചാരമാകുന്നതുവരെ അവന്‍ കാത്തുനിന്നില്ല. നീലനിറവും ചുവപ്പുനിറവുമാര്‍ന്ന അഗ്‌നിശിഖകളെ അവന്‍ കുറച്ചുനേരം നോക്കി. പിന്നീട് അവന്‍ വീട്ടിലേക്കു പോയി.

വ്യാകുലമായ മനസ്സാണു് അവന്റേതു്. ആ വ്യാകുലത ബാഹ്യലോകത്തിനുമുണ്ടു്. അവയ്ക്കു തമ്മില്‍ പൊരുത്തമില്ല. അതു കണ്ടറിഞ്ഞ അവനു് അച്‌ഛനോടോ അമ്മയോടോ പൊരുത്തപ്പെടാന്‍ കഴിയുകയില്ല. ചിത്രമാണു് അവനെ ജീവിപ്പിച്ചതു്. ചിത്രം അധാര്‍മ്മികമായി അച്ഛനു കിട്ടിയ പാരിതോഷികമാണെന്നു് താന്‍ അറിഞ്ഞപ്പോള്‍ പ്രശസ്തനായ ഒരു ചിത്രകാരന്റെ നഷ്ടപ്പെട്ട ചിത്രമാണ് അതെന്ന് അറിഞ്ഞപ്പോൾ അവനെ അതു ഹോണ്‍ട് ചെയ്യാതെയായി. അവന്‍ അതു തീയില്‍ എരിച്ചു കളഞ്ഞപ്പോള്‍ പിന്നെയെല്ലാം വിരസമായിബ്‌ഭവിച്ചു.

മൂല്യങ്ങളോടു നിഷേധാത്മകത പ്രദര്‍ശിപ്പിക്കുന്ന ചെറുകഥയാണിതെന്നു് ചിലര്‍ പറഞ്ഞേക്കാം. Holocaust-നു ശേഷം കവിതയില്ലെന്നു ഒരു ചിന്തകന്‍ പറഞ്ഞില്ലേ? അതു സത്യമല്ലേ? ആ സത്യത്തെ ഇക്കഥയിലൂടെ ആവിഷ്കരിക്കുകയാണു് ഷ്‌ലിങ്‌ക്. അദ്ദേഹത്തിന്റെ മറ്റു ചെറുകഥകളും ഈ സത്യത്തിന്റെ വിഭിന്നമുഖങ്ങള്‍ കാണിക്കുന്നു. വ്യക്തിഗതവും രാഷ്ട്രവ്യവഹാരപരവും ചരിത്രപരവും ആയ സത്യങ്ങളെ കലാത്മകമായി ആലേഖനം ചെയ്യുകയാണു് ഷ്ലിങ്‌ക്.

നാറ്റം

ഇന്ന് (19.6.02) വൈകുന്നേരം പുളിമൂട്ടിലേക്കു ചെന്നപ്പോള്‍ (പുളിമൂടു് തിരുവനന്തപുരത്തെ മെയ്ന്‍റോഡിലെ ഒരു ജങ്ഷന്‍) ഒരു പരിചയവും എനിക്കില്ലാത്ത ഒരു മധ്യവയസ്‌കന്‍ എന്നോടു ചോദിച്ചു. “റ്റി. പദ്മനാഭന്‍ മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍ എഴുതിയ “ഗൗരി: വീണ്ടും” എന്ന കഥ നിങ്ങള്‍ വായിച്ചോ?”

ഞാന്‍
വായിച്ചു
അദ്ദേഹം
എങ്ങനെയിരിക്കുന്നു?
ഞാന്‍
സ്‌റ്റുപിഡിറ്റി ആന്‍ഡ് അബ്സേഡിറ്റി.
അദ്ദേഹം
ഈ റബിഷ് എങ്ങനെ മാതൃഭൂമി വിശേഷാല്‍ പ്രതിയില്‍ അച്ചടിച്ചുവന്നു.
ഞാന്‍
(മൗനം)
അദ്ദേഹം
പദ്മനാഭന്റെ ‘ഗൗരി’ എന്ന രചന വായിച്ചു് കോള്‍മയിര്‍ക്കൊണ്ട ഒരു പെണ്‍കുട്ടി കഥാകാരനെ അഭിനന്ദിച്ചു എന്നാണല്ലോ എഴുതിവച്ചിരിക്കുന്നതു്. ഇതു കഥയാണോ? സാഹാത്യമാണോ?
ഞാന്‍
അതിലെ ആത്മപ്രശംസയുണ്ടല്ലോ അതു് ധൈഷണികതലത്തില്‍ അപരിഷ്കൃതമാണു്.
അദ്ദേഹം
നിങ്ങള്‍ക്കു ഇതില്‍ ഒന്നും ചെയ്യാനില്ലേ?
ഞാന്‍
ഞാനെന്തുചയ്യണം?
അദ്ദേഹം
ഇതു വായനക്കാരന്റെ ബുദ്ധിശക്തിയെ അപമാനിക്കുന്നു. നിന്ദിക്കുന്നു എന്നു് നിങ്ങളെഴുതണം.
ഞാന്‍
എഴുതാം.

(പരിചയമില്ലാത്ത ആളിനോടു പ്രതിജ്ഞ ചെയ്‌തതു പോലെ ഞാന്‍ ഇതു എഴുതിയിരിക്കുന്നു. ഇത്തരം കഥകളെ hack work എന്നാണു് ഇംഗ്ലീഷില്‍ വിശേഷിപ്പിക്കേണ്ടതു് — നമ്മുടെ സാഹിത്യനാശനത്തെയും ജീര്‍ണ്ണതയെയും അതില്‍ നിന്നുയരുന്ന ദുര്‍ഗ്ഗന്ധത്തെയും ഇതു് അനുഭവപ്പെടുത്തിത്തരുന്നു.)

ചോദ്യം, ഉത്തരം

ആര്‍ക്കു ശക്തിവിശേഷം ലോകത്തു് കൊണ്ടുവന്നു് പരിവര്‍ത്തനം വരുത്താന്‍ കഴിയുമോ അയാള്‍/അവള്‍ ജീനിയസ്

Symbol question.svg.png നിങ്ങള്‍ ബോട്ടണി പഠിച്ചിട്ടുണ്ടല്ലോ. ആ വിഷയത്തോടു ആഭിമുഖ്യം തോന്നാന്‍ കാരണം എന്താണു്?

രണ്ടു മാസമേ പഠിച്ചുള്ളൂ. ലോകമാകെയുള്ള പച്ചിലകള്‍ പറിച്ചെടുത്തു് കുടിച്ചാല്‍ പൊട്ടാത്ത ലാറ്റിന്‍ പേരുകള്‍ നല്‌കുന്ന ആ വിഷയം എനിക്കു് അറപ്പും വെറുപ്പും ഉണ്കി.

Symbol question.svg.png mediocrity എവിടെക്കാണാം സാഹിത്യവാരഫലത്തിലല്ലാതെ?

ഇടത്തരക്കാരന്‍ (മീഡിയോക്രിറ്റി) ഇടത്തരക്കാരെക്കുരിച്ചു പുസ്‌തകങ്ങളെഴുതും.

Symbol question.svg.png ജീനിയസ് ആരു്?

ആര്‍ക്കു ശക്‌തിവിശേഷം ലോകത്തു് കൊണ്ടുവന്നു് പരിവര്‍ത്തനം വരുത്താന്‍ കഴിയുമോ അയാള്‍/അവള്‍ ജീനിയസ്.

Symbol question.svg.png വിലാസിനി (എം.കെ.മേനോന്‍) ബുദ്ധിമാനായിരുന്നോ?

ആയിരുന്നു. കുറിക്കുകൊള്ളുന്ന രീതിയില്‍ അദ്ദേഹം വാക്യങ്ങള്‍ എഴുതും. ഒരിക്കല്‍ പേരുകേട്ട ഒരു നിരൂപകനു് എഴുതി അയച്ചു: ‘മലയാളനാടു വാരിക മുഴുവന്‍ തീട്ടമാണു്. പക്ഷേ അതു ഒ.വി. വിജയന്റേതായതുകൊണ്ടു് നിങ്ങള്‍ക്കിഷ്‌ടമായിരിക്കും.

Symbol question.svg.png ഡ്രസ്സില്‍ ഭ്രമമുണ്ടോ നിങ്ങള്‍ക്കു്?

ഇല്ല. സുന്ദരികള്‍ പരിഷ്കാരത്തിനുവേണ്ടി ഡ്രസ് മാറ്റി വേറൊന്നു ധരിച്ചാല്‍ വൈരൂപ്യമുള്ളവരാകും.

Symbol question.svg.png മീശ ഇഷ്ടമാണോ?

സ്‌ത്രീകളോടു ചോദിക്കേണ്ട ചോദ്യം എന്നോടു ചോദിക്കുകയാണോ നിങ്ങള്‍? മീശ ഇഷ്‌ടമല്ലെങ്കിലും അതിനെക്കുറിച്ചുള്ള പദ്യം എനിക്കിഷ്‌ടമാണു്. The huge laughing cockroaches on his top lip എന്നു് ഒസിപ്പ് മന്ദില്‍സ്‌തം സ്‌റ്റാലിന്റെ മീശയെക്കുറിച്ചു്.

‘ഇന്നിപ്പോള്‍ റഷ്യയെ നോക്കിപ്പഠിക്കണം
മന്നിതില്‍ നാമൊക്കെ മീശ വയ്ക്കാന്‍
എന്തഴകാണു്, യോജിപ്പാണു് രോമങ്ങള്‍
ക്കെന്തു കരുത്താണെന്നോര്‍ത്തു നോക്കൂ
ഇല്ല വലിപ്പച്ചെറുപ്പമാ രോമങ്ങ
ളെല്ലാമൊരുപോലാണില്ല ഭേദം’

എന്നു ചങ്ങമ്പുഴ. സ്‌റ്റാലിന്റെ മീശയെക്കുറിച്ചു്”

Symbol question.svg.png “പേരിടുന്നതില്‍ ഔചിത്യം കാണിച്ചയാള്‍ ആരു്?”

“എന്റെ മുത്തച്ഛന്റെ അനിയന്‍. അദ്ദേഹം മകനിട്ട പേരു് കേള്‍ക്കണോ? ‘ഷഡക്ഷര സുന്ദരന്‍നായര്‍. മകന്‍ അച്ഛനെക്കാള്‍ നേരത്തെ മരിച്ചു. അച്ഛനും മരിച്ചു.ഇല്ലെങ്കില്‍ അച്ഛന്റെ മരണവേളയില്‍ ‘എനിക്കു എന്റെ മോന്‍ ഷഡക്ഷരസുന്ദരന്‍നായരെ കാണണ’മെന്നു് അദ്ദേഹത്തിനു പറയാന്‍ കഴിയുമായിരുന്നില്ല”

കലാത്മകങ്ങളായ കഥകള്‍ വായിക്കുമ്പോള്‍ ഒരഭിമര്‍ദ്ദം നമ്മുടെ മനസ്സില്‍ ഉണ്ടാകും. വാങ്മയ ചിത്രങ്ങള്‍ നമ്മളെ വേറൊരു ലോകത്തേക്കു കൊണ്ടുപോകും.

Galloping T.B. എന്നു കേട്ടിട്ടുണ്ടു്. Galloping Stupidity എവിടെ കാണാന്‍ കഴിയും? ഉണ്ണിക്കൃഷ്‌ണന്‍ പുതൂര്‍ മാതൃഭൂമി വാര്‍ഷികപ്പതിപ്പിലെഴുതിയ ‘മുളംതത്തകള്‍’ എന്ന കഥയില്‍ ബുദ്ധിശൂന്യതയുടെ ആ കുതിച്ചോട്ടം കാണാം. ഞാന്‍ ഈ “സാഹിത്യകാരന്റെ” ഒരു രചനയും വായിച്ചിട്ടില്ല. ആദ്യമായിട്ടാണു് ഇക്കഥ വായിക്കുന്നതു്. മരിക്കാന്‍ കിടക്കുന്ന ഒരുത്തന്‍ ഭാര്യയോടു സംസാരിക്കുന്നതാണു് ഇക്കഥയുടെ വിഷയം. ഇതിവൃത്തമില്ല. സ്വഭാവചിത്രീകരണമില്ല. സംഘട്ടനമില്ല. ചിത്തവൃത്തിയെസ്സംബന്ധിച്ച പോരാട്ടമില്ല. കുറെ ചത്ത വാക്യങ്ങള്‍ സമാഹരിച്ചു വച്ചിരിക്കുന്നു ഉണ്ണിക്കൃഷ്ണന്‍. Horrifying spectacle എന്നുകൂടെ ഇംഗ്ലീഷില്‍ പറഞ്ഞു കൊള്ളട്ടെ.

ജി. കുമാരപിള്ള പാലാ നാരായണന്‍നായരോടു ഒരു പ്രയോഗവൈകല്യത്തെക്കുറിച്ചു് പറഞ്ഞപ്പോള്‍ കവി മറുപടി പറഞ്ഞതു് ഇങ്ങനെ “ആ പ്രയോഗത്തിനു് ഞാനുദ്ദേശിച്ച അര്‍ത്ഥമില്ലെങ്കില്‍ നിങ്ങളെപ്പോലെയുള്ളവര്‍ ആ രീതിയില്‍പ്രയോഗിച്ചാല്‍ മതി, ഇല്ലാത്ത അര്‍ത്ഥം വന്നുകൊള്ളും. ഇതു് കുമാരപിള്ള എന്നോടു പറഞ്ഞതാണു്. ഏതു പ്രയോഗവൈകല്യമെന്നതു് എന്റെ വാര്‍ദ്ധകസ്മൃതിയില്‍ നിന്നു് ഓടിപ്പോയിരിക്കുന്നു. കുമാരപിള്ള സത്യമേ പറയൂ. പാലാ നാരായണന്‍ നായര്‍ തോന്നിയ പോലെ കവിത എഴുതുന്ന ആളാണു്. അതുകൊണ്ടു ജി. കുമാരപിള്ള പറഞ്ഞതു് ഞാന്‍ വിശ്വസിക്കുന്നു.

“കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും അന്യമാം രാജ്യങ്ങളില്‍”

എന്ന രണ്ടു വരികള്‍ നോക്കുക പശ്ചിമഘട്ടങ്ങളെ എന്നതു് western ghats എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ തര്‍ജ്ജമയാണു്. ഘട്ടത്തിന് കവി ഉദ്ദേശിച്ച അര്‍ത്ഥമില്ല. quay or landing place, steps by a river-side എന്നൊക്കെയാണു് ഘട്ടത്തിന്റെ അര്‍ത്ഥം (M.Monier Williams). കേറിയും കടന്നും എന്ന പ്രയോഗവും ശരിയല്ല. കേറിക്കടക്കാം. കേറിയും കടന്നും എന്ന ‘സിമള്‍റ്റേനിയസ്’ കൃത്യം — ഏകകാലികകൃത്യം ഒരിക്കലും നടക്കുകില്ല.

“ജീവരക്തം ചുരത്തുന്ന കവിത” എന്ന പേരില്‍ ഡോ. എം. ലീലാവതി എഴുതിയ ഒരു ലേഖനത്തില്‍ (മാതൃഭൂമി വാര്‍ഷികപ്പതിപ്പു്) “….എങ്ങനെയോ പ്രചരിച്ച ഒരു കാലഘട്ടത്തില്‍.” എന്നു കാണുന്നു. “കാലഘട്ടത്തില്‍” എന്നതു് രണ്ടാംതരം തെറ്റല്ല, ഒന്നാംതരം തെറ്റാണു്. ഇതു മലയാളഭാഷയിലെ പ്രയോഗമാണു് എന്നു പറഞ്ഞാലും വിലപ്പോകില്ല. നശീകരണം എന്നു ലീലാവതി മുമ്പു് എഴുതി. നശീകരണം തെറ്റു്. നാശനം ശരി. വനനാശനമാണു് ശരി. വനനശീകരണം എന്ന പ്രയോഗം സാധുവല്ല. ഞാനിതു ചൂണ്ടിക്കാണിച്ചു. പല ദിവസങ്ങള്‍ കഴിഞ്ഞു് കുട്ടിക്കൃഷ്ണമാരാര്‍ ‘മലയാളശൈലി’ എന്ന പുസ്‌തകത്തില്‍ ഇതു് എഴുപതുകൊല്ലം മുന്‍പു് എടുത്തു കാണിച്ചതാണു് എന്നെഴുതി ശ്രീമതി എന്നെ ‘ഊശിയടിച്ചിരുന്നു’ (ഊശിയടിക്കുക ഗ്രാമ്യപ്രയോഗം — കളിയാക്കുക എന്ന അര്‍ത്ഥമാണതിനു്) കുട്ടിക്കൃഷ്ണമാരാര്‍ ജനിച്ചപ്പോള്‍ത്തന്നെ നശീകരണം തെറ്റാണെന്നു് പറഞ്ഞോ? ഗ്രന്ഥങ്ങള്‍ വായിച്ചിട്ടാണല്ലോ ഏവരും ഇത്തരം പ്രയോഗങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കുക. അല്ലാതെ മാരാരെ പ്രസവിച്ചയുടനെ ആ കുഞ്ഞു് നശീകരണം തെറ്റു്. എന്നു് അമ്മയ്‌ക്കു് അദ്ഭുതമുളവാക്കുമാറു് ഉദ്ഘോഷിച്ചോ? പിന്നെ ഞാന്‍ മലയാളശൈലിയില്‍ മാരാരുടെ ഈ തിരുത്തു് കണ്ടതായി ഓര്‍മ്മക്കുന്നില്ല. അതില്‍ കാണുമായിരിക്കും അങ്ങനെ അല്ലെങ്കിലും എന്‍. വി. കൃഷ്‌ണവാരിയര്‍ മരിച്ചപ്പോള്‍ ‘ഞാന്‍ ഇനി സംശയങ്ങള്‍ ആരോടു ചോദിക്കും?’ എന്നു പരിദേവനം ചെയ്‌ത സ്ത്രീയാണല്ലോ ഡോക്ടര്‍ എം. ലീലാവതി എന്‍.വി. കൃഷ്ണവാരിയര്‍ അമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നു പുറത്തു പോന്നപ്പോള്‍ അഷ്ടാധ്യായീസൂത്രങ്ങള്‍ ചൊല്ലിക്കൊണ്ടാണോ കിടക്കയില്‍ വീണതു്? എന്‍. വി. കൃഷ്ണവാരിയരെക്കുറിച്ചു് എന്‍. ഗോപാലപിള്ള എന്നോടു പറഞ്ഞതു് എഴുതാം. “അയാള്‍ ആലുവയില്‍ സ്ക്കൂളധ്യാപകനായിരുന്നപ്പോള്‍ ഞാന്‍ പരിശോധനയ്ക്കു് ചെന്നു. ‘അവള്‍ പെണ്‍കുട്ടിയെ പ്രസവിച്ചു. എന്നു സംസ്‌കൃതത്തില്‍ എഴുതാന്‍ വാരിയരോടു പറഞ്ഞു. അയാളെഴുതിയതു് ഒന്നാന്തരം തെറ്റായിരുന്നു.” എം. എച്ച്. ശാസ്ത്രികളും ഈ സംഭവത്തെക്കുറിച്ചു് എന്നോടു പറഞ്ഞു.

എം. ലീലാവതിയുടെ പ്രബന്ധത്തിന്റെ പേരു് “ജീവരക്‌തം ചുരത്തുന്ന കവിത” എന്നത്രേ. മുലയില്‍ നിന്നു രക്‌തം വരുന്നതു കാന്‍സറിന്റെ ലക്ഷണമാണു്. പാല്‍ വന്നാല്‍ നന്നു്. ആരുടെ സ്തനത്തില്‍ നിന്നു ചോര വരുന്നോ ആ സ്‌ത്രീയെ ഉടനെ കാന്‍സര്‍ സ്‌പെഷലിസ്‌റ്റിനെ കാണിക്കണം.

ചായക്കട്ട

പൊന്മുടി തുടങ്ങിയ തേയില എസ്റ്റേറ്റുകള്‍ സായ്പന്മാരുടെ അധീനതയില്‍ ആയിരുന്ന കാലത്തു് ഞാന്‍ പലപ്പോഴും അവരുടെ വീടുകളില്‍ പോയിട്ടുണ്ടു്. സായ്പ് പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്താണു് ഞാന്‍ ചെല്ലുന്നതെങ്കില്‍ അദ്ദേഹം പരിചാരകനെ വിളിച്ചു് ചായ എനിക്കും തരാന്‍ ആജ്ഞാപിക്കും. തരക്കേടില്ലാത്ത ഒരു കപ്പ് ചായ എന്റെ മുന്‍പില്‍ കൊണ്ടുവയ്ക്കും അയാള്‍. സായ്പ് ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിട്ടാണു് ഇരിക്കുന്നതെങ്കില്‍ അയാളുടെ വീട്ടില്‍ ചെല്ലുന്ന ആര്‍ക്കും ചായ കൊടുക്കില്ല. സംസാരിച്ചിട്ടു പറഞ്ഞയച്ചുകളയും അതിഥിയെ. പൊന്മുടിയില്‍ ഇന്നു് ചായക്കടകള്‍ കാണുമായിരിക്കും. ഞാന്‍ പോകുന്ന കാലയളവില്‍ ഒറ്റച്ചായക്കടപോലും ഇല്ല. ഞാന്‍ ഒരു ദിവസം ദാഹിച്ചു വലഞ്ഞു് എസ്‌റ്റേറ്റു് മാനേജറായ സായ്‌പിന്റെ വീട്ടില്‍ച്ചെന്നു കയറി. ചായ വേണമെന്നു പറയുന്നതെങ്ങനെ? എങ്കിലും നാണംകെട്ടു അയാളോടു പറഞ്ഞു: ‘I would like to have a cup of tea’ സായ്‌പിന്റെ മറുപടി Sorry’ എന്നായിരുന്നു. തൊണ്ട കൂടുതല്‍ ഉണങ്ങിക്കൊണ്ടു് ഞാന്‍ അയാളുടെ വീട്ടില്‍ നിന്നിറങ്ങിപ്പോന്നു.

നമ്മുടെ അതിഥി സല്‍ക്കാരരീതി സായ്പിന്റെ രീതിയില്‍ നിന്നു വിഭിന്നമാണു്. നട്ടുച്ചയ്‌ക്കു സ്‌നേഹിതന്റെ വീട്ടില്‍ച്ചെന്നു കയറിയാല്‍ ഒരു കപ്പു് ചായ ഉടനെ നമ്മുടെ മുന്‍പില്‍ കൊണ്ടുവന്നുവയ്‌ക്കും ഗൃഹനായിക. പലപ്പോഴും അതു കുടിക്കാന്‍ ഒക്കുകയില്ല. കാലത്തു് തയ്യാറാക്കിയ ചായ തുറന്നിട്ട ചരുവത്തിലിരുന്നതു് കപ്പിലൊഴിച്ചു് അതിഥിക്കു കൊടുക്കുകയായിരിക്കും ശ്രീമതി, അസഹനീയമായ തണുപ്പാണു് ആ ഒട്ടുന്ന ദ്രാവകത്തിനു്. വേണ്ടപോലെ തേയില ഇട്ടിട്ടില്ലായിരിക്കും. പഞ്ചാര കപ്പിന്റെ മുകളിലൂടെ കൊണ്ടുപോയിരിക്കുകയേയുള്ളു. പാലും ഇല്ലായിരിക്കും. ചായ തരുമെന്നു വിചാരിച്ചു് പേടിച്ചു് ഞാന്‍ ഇപ്പോള്‍ ഒരു പരിചയക്കാരന്റേയും വീട്ടില്‍ പോകാറില്ല.

സാഹിത്യത്തില്‍ തല്‍പരത്വമുള്ള ഒരാള്‍ എന്നെ പലപ്പോഴും ആ ആളിന്റെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. ‘വരൂന്നേ നമുക്കൊരുമിച്ചു ചായ കഴിക്കാം’ എന്നു ആ വ്യക്തി കൂടെക്കൂടെ ക്ഷണിക്കും. പരിഭവം വരാതിരിക്കാന്‍ ഞാന്‍ ഒരു ദിവസം വൈകുന്നേരത്തു് ആ ആളിന്റെ വീട്ടില്‍ച്ചെന്നു. ചില കാര്യങ്ങള്‍ സംസാരിച്ചതിനുശേഷം വ്യക്തി ‘ഗോപാലന്‍നായരേ, കൃഷ്ണന്‍നായര്‍ക്കു ചായ കൊടുക്കു’ എന്നു പരിചാരകനോടു കല്പിച്ചു. ഒരു സെക്കന്‍ഡ് ആയില്ല അതിനു മുന്‍പു് ചായ എന്റെ മുന്‍പില്‍ വന്നുകഴിഞ്ഞു. ഞാന്‍ കപ്പില്‍ തൊട്ടപ്പോള്‍ തണുപ്പു് അനുഭവിച്ചു. കപ്പിനകത്തേക്കു നോക്കിയപ്പോള്‍ ഒരു കറുത്ത കട്ട കണ്ടു. ചായ ഫ്രീസ് ചെയ്തു്. ചായക്കട്ടയായി മാറിയിരിക്കുന്നു. കത്തിയും മുള്ളും ഉണ്ടെങ്കില്‍ കഷണം കഷണമായി മുറിച്ചുതിന്നാമായിരുന്നു എന്നു് തോന്നിയെനിക്കു് ‘അഞ്ചുമണിക്കുശേഷം ചായ കുടിച്ചാല്‍ എനിക്കു രാത്രി ഉറക്കം വരില്ല’ എന്നു് കള്ളം പറഞ്ഞ് ഞാന്‍ ചായക്കപ്പു് നീക്കിവച്ചു. കേരളീയര്‍ ചായ കൊടുക്കുന്നു അതിഥിക്കു് എന്നു കരുതി ഓടവെള്ളമാണു് അയാളുടെ മുന്‍പില്‍ കൊണ്ടുവയ്ക്കുന്നതു്. ഇതു നമ്മുടെ ഗൃഹനായികമാര്‍ നിറുത്തണം.

കെ.പി. ഭവാനി മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെഴുതിയ ‘കടംകഥകള്‍’ എന്ന ചെറുകഥ വായിച്ചപ്പോള്‍ ചായ എന്ന പാനീയത്തെക്കുറിച്ചു ഞാന്‍ ഓര്‍മ്മിച്ചുപോയി. അതിനോടു ബന്ധപ്പെട്ട ചില സംഭവങ്ങള്‍ സ്മരണയില്‍ എത്തിയതു് ഇവിടെ കുറിച്ചിടുകയും ചെയ്തു. ഭവാനിയുടെ ചായ മാതൃഭൂമി വാരിക എന്ന കപ്പിലാണു് വച്ചിരിക്കുന്നതു്. പക്ഷേ ‘വീക്ക് റ്റീ’യാണതു്. തണുപ്പു് അസഹനീയം. ദാഹമുള്ള വായനക്കാര്‍ എടുത്തു മോന്തുന്നു അതു്. പക്ഷേ അവരുടെ വായിലേക്കു ഒരു തുള്ളിപോലും വീഴുന്നില്ല. കത്തിയും മുള്ളും തരു ഭവാനീ മുറിച്ചു തിന്നാം ചായക്കട്ട എന്നു് അവര്‍ പറയുന്നതു് എന്റെ ആന്തരശ്രോത്രം കേള്‍ക്കുന്നു.

ഒരു സ്ത്രീഡോക്ടറുടെ കൂട്ടുകാരി ഒരു യുവതി. അവര്‍ ഡോക്ടറുടെ ചികിത്സാലയത്തില്‍ചെന്നപ്പോള്‍ അവിടെ ഒരു ഭ്രാന്തി. കൂട്ടുകാരി ഉന്മാദം പിടിച്ചവളോടു സംസാരിച്ചു. മനസ്സിന്റെ അനിയതത്വം ബന്ധുക്കളുടെയും മറ്റു പരിചയക്കാരുടേയും അവഗണനയാലുണ്ടായതെന്നു് ഡോക്ടറുടെ കൂട്ടുകാരി കണ്ടുപിടിക്കുന്നു. ആ കണ്ടുപിടുത്തത്തിലൂടെ മാലോകരുടെ നൃശംസതയിലേക്കു ഭവാനി ചെല്ലുന്നു. കോളേജ് കുട്ടികള്‍. സ്‌ക്കൂള്‍ക്കുട്ടികള്‍ ഭവാനിയേക്കാള്‍ നല്ലപോലെ എഴുതും. കലാത്മകങ്ങളായ കഥകള്‍ വായിക്കുമ്പോള്‍ ഒരഭിമര്‍ദ്ദം നമ്മുടെ മനസ്സില്‍ ഉണ്ടാകും. വാങ്മയചിത്രങ്ങള്‍ നമ്മളെ വേറൊരു ലോകത്തേക്കു കൊണ്ടുപോകും സര്‍വസാധാരണമായ വിഷയം കൈകാര്യം ചെയ്യുന്ന ഭവാനിയുടെ കഥയില്‍ നിന്നു് ഇതൊക്കെ പ്രതീക്ഷിക്കുന്നതെന്തിനു്? ഭവാനീ, അതിഥിക്കു ചായ കൊടുക്കുന്നതില്‍ താല്‍പര്യമുണ്ടെങ്കില്‍ നല്ല രീതിയില്‍ കൊടുക്കു. ഇല്ലെങ്കില്‍ സായ്പിനെപ്പോലെ Sorry എന്നു പറഞ്ഞിട്ടു മൗനം അവലംബിക്കൂ.

പലരും പലതും

പ്രശസ്‌ത നിരൂപകന്‍, പ്രശസ്‌ത നോവലിസ്‌റ്റ് എന്നൊക്കെ ദിനപത്രങ്ങളില്‍ കാണാം. പക്ഷേ അവരുടെ പ്രശസ്‌തി ഇങ്ങു ദൂരെയിരിക്കുന്ന എന്റെ അടുത്തു എത്തുന്നില്ല എന്നതാണു് സത്യം.

  1. ആരെങ്കിലും മരിച്ചാല്‍ പിറ്റേ ദിവസം വരുന്ന പത്രത്തില്‍ മരിച്ച വ്യക്തിയെക്കുറിച്ചു് അത്യുക്തി കലര്‍ത്തിയ പ്രശംസ വരും. ചിലപ്പോള്‍ പത്രാധിപര്‍ സബ്ബ് ലീഡര്‍ എഴുതുകയും ചെയ്യും. അങ്ങനെ യുഗപ്രഭാവനായ സത്യനും മഹാകവി ഒളപ്പമണ്ണയും നമുക്കു ലഭിക്കുന്നു. പത്രക്കാര്‍ ഈ അത്യുക്‌തിയില്‍ നിന്നു് ഒഴിഞ്ഞു നില്‌ക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. അല്ലെങ്കില്‍ അതു ജനവഞ്ചനയായിത്തീരും. അതുപോലെ ‘പ്രശസ്‌ത’പദം ഒരു വിവേചനവും കൂടാതെ പത്രങ്ങളില്‍ അച്ചടിക്കുന്നു. പ്രശസ്‌ത നിരൂപകന്‍, പ്രശസ്ത നോവലിസ്റ്റ് എന്നൊക്കെ ദിനപത്രങ്ങളില്‍ കാണാം. പക്ഷേ അവരുടെ പ്രശസ്തി ഇങ്ങു ദൂരെയിരിക്കുന്ന എന്റെ അടുത്തു എത്തുന്നില്ല എന്നതാണു് സത്യം.
  2. കെ. ബാലകൃഷ്ണന്‍ സ്വന്തം വീടിന്റെ ഗെയ്‌റ്റില്‍ ചാരി നില്‌ക്കുന്നതു ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ സഹായത്താല്‍ ഉയര്‍ന്നവര്‍ അങ്ങോട്ടു ചെല്ലാതെ ഒളിച്ചു പൊയ്‌ക്കളയും. കൃതജ്ഞത Strong Point ആയിട്ടുള്ള എനിക്കു് അതൊക്കുകില്ല. എന്നെ എഴുത്തുകാരനാക്കിയ ബാലകൃഷ്‌ണന്റെ അടുക്കല്‍ ഞാനെത്തും. അദ്ദേഹം എന്നോടു രണ്ടു രൂപ ചോദിച്ചു. ഞാന്‍ ഇരുപതു രൂപയുടെ കറന്‍സി നോട്ടെടുത്തു കൊടുത്തു. അതുംകൊണ്ടു ബാലകൃഷ്ണന്‍ അടുത്തെവിടെയോ പോയിട്ടുവന്നു് മുറുക്കാന്‍ കടയില്‍നിന്നു് മുറുക്കി എന്നിട്ടു ‘വാ’ എന്നു് എന്നെ വിളിച്ചു. ഞാന്‍ ബാലകൃഷ്ണനോടു് ഒരുമിച്ചു് അദ്ദേഹത്തിന്റെ മുറിയില്‍ കയറി. അദ്ദേഹം നില്‌ക്കുകയാണു്. എന്റെ ഉപകര്‍ത്താവു് ഇരിക്കാതെ ഞാന്‍ ഇരിക്കില്ല. കുറെനേരം നിന്നു കാലുകഴച്ചപ്പോള്‍ ഞാന്‍ ബാലകൃഷ്ണനോടു ‘ഇരുന്നാട്ടെ’ എന്നു പറഞ്ഞു. അദ്ദേഹം കോപിച്ചു. എന്നിട്ടു് പാരുഷ്യത്തോടെ പറഞ്ഞു. “ങ്ഹാ, ഇരുത്താന്‍ വരുന്നോ? കെ. ബാലകൃഷ്ണനെ ഇന്നുവരെ ആരും ഇരുത്തിയിട്ടില്ല. മനസ്സിലായോ?” ഞാന്‍ മറുപടിയൊന്നും പറയാതെ തൊഴുതിട്ടു് റോഡിലിറങ്ങി. വീട്ടിലേക്കു പോരുകയും ചെയ്‌തു. പ്രഭാവമുള്ള വ്യക്തിയായിരുന്നു കെ. ബാലകൃഷ്‌ണന്‍. അദ്ദേഹം പറഞ്ഞതു് ശരി. ആരും അദ്ദേഹത്തെ ഇരുത്തിയിട്ടില്ല. ഇരുത്താനൊട്ടു സാദ്ധ്യവുമല്ലായിരുന്നു.
  3. കുഞ്ചന്‍ നമ്പ്യാര്‍, ഈ. വി. കൃഷ്ണപിള്ള ഇവരേ നമുക്കു ഹാസ്യസാഹിത്യകാരന്മാരായി ഉള്ളൂ. ഈ. വിയുടെ കൂട്ടുകാരനായിരുന്ന ഈ. എം. കോവൂര്‍ യഥാര്‍ത്ഥത്തില്‍ ഈ. വിയുടെ അനുകര്‍ത്താവായിരുന്നു. അദ്ദേഹത്തിന്റെ ഹാസ്യം ഒരുതരം forced humour ആയിരുന്നു എന്നതില്‍ സംശയമില്ല. നമ്മുടെ ഇപ്പോഴത്തെ ഹാസ്യസാഹിത്യകാരന്മാര്‍ ഹാസ്യസാഹിത്യകാരന്‍മാരല്ല. ഒന്നോ രണ്ടോ പേരൊഴിച്ചുശേഷമുള്ളവരെല്ലാം forced ഹ്യൂമര്‍ പ്രഭാഷണത്തിലും രചനയിലും കൊണ്ടുവരുന്നവരാണു്. അവരില്‍ പലര്‍ക്കും അശ്ലീലത പ്രയോഗിക്കുന്നതിലാണു് താല്‍പര്യം. ഒരുദാഹരണം നല്‌കാം. എന്റെ കൂടെ പ്രസംഗിക്കാന്‍ ഒരു ഹാസ്യസാഹിത്യകാരനുണ്ടായിരുന്നു.എന്റെ ശുഷ്കമായ പ്രഭാഷണത്തിനുശേഷം അദ്ദേഹം എഴുന്നേറ്റു സദസ്സാകെ ഇളകി. പണ്ടു് എന്‍.എസ്. കൃഷ്‌ണനെയും റ്റി.എ.മധുരത്തെയും തിരശ്ശീലയില്‍ കണ്ടാല്‍ മതി സിനിമ കാണാന്‍ വന്നിരിക്കുന്നവര്‍ കയ്യടിക്കും. ചൂളം വിളിക്കും. അടൂര്‍ ഭാസി അഭിനയിച്ചു തുടങ്ങേണ്ടതില്ല. പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ ചിത്രം കണ്ടാല്‍ മതി. സന്തോഷം കൊണ്ടു അവര്‍ മതിമറക്കും. ഹാസ്യസാഹിത്യകാരന്‍ പറഞ്ഞു. “ഞങ്ങള്‍ തീവണ്ടിയിലാണു് ഇങ്ങോട്ടു വന്നതു്. ഒരു ചെറുപ്പക്കാരിയും അവളുടെ കുഞ്ഞും ഞങ്ങളുടെ കൂടെയുണ്ടു്. കുഞ്ഞു് കരയാന്‍ തുടങ്ങി. അരമണിക്കൂര്‍ നേരം നിറുത്താതെ കരഞ്ഞു അതു്. യാത്രക്കാര്‍ക്കു ശല്യം. അതൊഴിവാക്കാന്‍ വേണ്ടി ചെറുപ്പക്കാരി ബ്ലൗസ് പൊക്കി ബ്രായുടെ അടിയിലൂടെ സ്തനം വെളിയിലേക്കു് എടുത്തു് കുഞ്ഞിന്റെ വായിലേക്കു് മുലക്കണ്ണു് തിരുകി. കുഞ്ഞ് മുലകുടിക്കാതെ അതു തട്ടിമാറ്റി യാത്രക്കാരുടെ കാതടപ്പിക്കുന്ന മട്ടില്‍ നിലവിളിച്ചു. മുലപ്പാലു കൊടുക്കാനുള്ള യുവതിയുടെ യത്നം വിഫലീഭവിച്ചപ്പോള്‍ അവള്‍ കുഞ്ഞിനോടു പറഞ്ഞു ‘നീ കുടിച്ചില്ലെങ്കില്‍ ഞാന്‍ ഈ അങ്കിളിനെക്കൊണ്ടു കുടിപ്പിക്കും’” (അങ്കിള്‍ ഹാസ്യസാഹിത്യകാരന്‍ തന്നെ). ആണ്‍പിള്ളേര്‍ ഡസ്കിലടിച്ചു ചിരിച്ചു. പെണ്‍പിള്ളേര്‍ ഹോളില്‍ നിന്നു് ഇറങ്ങിപ്പോകുമെന്നാണു് ഞാന്‍ വിചാരിച്ചതു്. ഞാന്‍ എത്ര മണ്ടന്‍. അവര്‍ കി കി കി എന്നു ചിരിച്ചതേയുള്ളു. പ്രിയപ്പെട്ട വായനക്കാരേ, ഹാസ്യത്തിന്റെ പേരില്‍ അശ്ലീലത വിളമ്പുന്നതു് ഇവിടത്തെ സ്‌ഥിരം സ്വഭാവമായിരിക്കുന്നു.