close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 06 26


സാഹിത്യവാരഫലം
Mkn-02.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 06 26
ലക്കം 667
മുൻലക്കം 1988 06 19
പിൻലക്കം 1988 07 03
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അമേരിക്കയിലെ മിഷഗൻ സർവകലാശാലയിൽ സൈക്കോളജി വകുപ്പിൽ പ്രവർത്തിക്കുന്ന ഡഗ്ലസ് ആർ. ഹൊഫ്സ്റ്ററ്ററുടെ (Douglas R. Hofstadter) ഗ്രന്ഥങ്ങളെല്ലാം വിഖ്യാതങ്ങളായിട്ടുണ്ട്. Godel. Escher, Bach: an Eternal Golden Braid എന്നതാണ് ആദ്യത്തെ പുസ്തകം. മനുഷ്യമസ്തിഷ്കം, മനുഷ്യന്റെ ബോധമണ്ഡലം ഇവയെക്കുറിച്ചുള്ള അന്യാദൃശമായ പഠനമാണത്. രണ്ടാമത്തെ പുസ്തകത്തിന്റെ – The Mind’s I – കോ എഡിറ്ററാണ് ഹൊഫ്സ്റ്ററ്റർ. മനോരഥസൃഷ്ടികൾ, മനനങ്ങൾ ഇവയെക്കുറിച്ചു പ്രതിപാതിക്കുന്ന ഉജ്ജ്വലമായ ഗ്രന്ഥമാണിത്. രണ്ടും ഞാൻ വായിച്ചു. പരിപൂർണ്ണമായും മനസ്സിലാക്കിയെന്ന അഭിമാനമില്ല എനിക്ക്. അദ്ദേഹത്തിന്റെ മൂന്നാമത്തെ പുസ്തകം Metamagical Themes – പ്രസിദ്ധപ്പെടുത്തിയിട്ട് അധികം കാലമായില്ല. അവിശ്വസനീയമായ വിധത്തിൽ ഇത് സങ്കീർണ്ണവും മഹനീയവുമാണ്. ഇതും സമ്പൂർണ്ണമായി ഞാൻ മനസ്സിലാക്കിയിട്ടില്ല. എങ്കിൽത്തന്നെ എന്താണ്? ഈ മൂന്നു പുസ്തകങ്ങളും കൂടുതൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. പ്രപഞ്ചരഹസ്യങ്ങളിലേക്ക് എന്നെ കൊണ്ടു ചെന്നു. അതിൽ കൂടുതലായി ഒന്നും വേണ്ടല്ലോ. മിന്നൽപ്പിണരിന്റെ തിളക്കത്തിൽ ആഹ്ലാദിക്കാൻ എന്റെ മനസ്സിനറിയാം; അതിന്റെ ഉദ്ഭവം, സഞ്ചാരപഥം, ഗതിവേഗം ഇവയെപ്പറ്റി എനിക്കൊന്നുമറിഞ്ഞുകൂടെങ്കിലും.

റുമേനിയയിൽ ജനിച്ച ഫ്രഞ്ച് നാടകകർത്താവ് യെനസ്കോ (Ionesco) “ലണ്ടന്റെ ഫ്രഞ്ച് [പേര്] പാരീസ്” എന്നാണെന്ന് ഒരിക്കൽ പറഞ്ഞതായി ഹൊഫ്സ്റ്ററ്റർ തന്റെ മൂന്നാമത്തെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്ന ഒരവസ്ഥയിലേക്ക് ഈ പ്രസ്ഥാവത്തെ ഫ്രഞ്ച് ജനത മാറ്റിയെടുക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഉദാഹരണം ഇതു വ്യക്തമാക്കും. മേരി, ആനിയോട് “എന്റെ ചേട്ടൻ മരിച്ചു” എന്നു പറഞ്ഞുവെന്ന് വിചാരിക്കൂ. ആനിക്ക് മേരിയുടെ ചേട്ടനെ അറിഞ്ഞുകൂടെങ്കിൽ അവളെങ്ങനെയാണ് ആ പ്രസ്താവം മനസ്സിലാക്കുക? അപ്പോൾ അധ്യാരോപമേ സഹായത്തിനെത്തൂ. തന്റെ ചേട്ടൻ മരിക്കുന്നതായി ആനി സങ്കൽപ്പിക്കും. അവൾക്കു ചേട്ടനില്ലെങ്കിൽ ചേച്ചിയോ കൂട്ടുകാരിയോ അല്ലെങ്കിൽ പ്രിയപ്പെട്ട വളർത്തുമൃഗമോ മരിക്കുന്നതായി വിചാരിക്കും. ആനിക്കു കാര്യം മനസ്സിലാക്കാൻ കഴിയുന്ന ഒരവസ്ഥയാണ് — അവസ്ഥാവിശേഷമാണ് — സ്വന്തം ചേട്ടനോ ചേച്ചിയോ കൂട്ടുകാരിയോ മരിക്കുന്നുവെന്ന വിചാരം. ഇതിന്റെ ഫലമായി ആനിക്ക് മേരിയോടു സഹതപിക്കാൻ കഴിയുന്നു.

സർക്കാർ ജോലി നോക്കുന്നതിലും നിത്യജീവിതം നയിക്കുന്നതിലും പെരുങ്കള്ളനായ ഒരുത്തൻ ഹരിശ്ചന്ദ്രന്റ വേഷം കെട്ടി അഭിനയിക്കുന്നത് ഞാനൊരിക്കൽ കണ്ടു. ഇതു പോലെയാണ് നമ്മുടെ രചനകൾ. അടിയിലാകെ അസത്യം. തിളക്കമുള്ള എന്തോ ഒന്ന് അതിനെ പൊതിഞ്ഞിരിക്കുന്നു. ആ തിളക്കം സത്യമാണെന്നു നമ്മൾ വിചാരിക്കുന്നു

നമ്മൾക്കു പരിചയമുള്ളവരോ പരിചയമില്ലാത്തവരോ മരിച്ചുവെന്നു കേൾക്കുമ്പോൾ നമ്മൾ ദുഃഖിക്കുന്നതിന്റെ രഹസ്യം ഇതു തന്നെയാണ്. സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് ഭർത്താവും ഭാര്യയും കൂഞ്ഞും മരിച്ചുവെന്നു നാം പത്രത്തിൽ വായിക്കുന്നു. പെട്ടെന്ന് ദുഃഖത്തിൽ വീഴുന്നു. നമ്മൾ അവരെ കണ്ടിട്ടില്ല. എങ്കിലും സങ്കടപ്പെടുന്നു. ഹേതു ഹോഫ്സ്റ്ററ്റർ പറയുന്നതു തന്നെയാണ്. നമ്മെ മാത്രം സംബന്ധിക്കുന്ന അവസ്ഥാവിശേഷത്തിലേക്ക് നമ്മൾ ആ സംഭവത്തെ അവതരിപ്പിക്കുന്നു. അപ്പോഴാണ് ദുഃഖത്തിന്റെ ആവിർഭാവം. ഒരുത്തന്റെ കുഞ്ഞു മരിച്ചുവെന്നു കേട്ടയുടനെ നമ്മൾ ‘അയ്യോ’ എന്നു വിളിക്കുന്നത് നമ്മുടെ കുഞ്ഞിലേക്കു മരിച്ച കുഞ്ഞിനെ കൊണ്ടു വരുന്നതുകൊണ്ടാണെന്ന അർത്ഥത്തിൽ ടോൾസ്റ്റോയിയും എഴുതിയിട്ടുണ്ട് (War & Peace-ൽ ആണെന്നാണ് എന്റെ ഓർമ്മ.).

ഞാൻ ജോലി നോക്കിയിരുന്ന ഒരു കോളേജിൽ ഒരു കാലത്ത് ക്ലാർക്കായിരുന്ന ഒരു സ്ത്രീയുടെ ഭർത്താവ് ദുബായിൽ വച്ച് മരിച്ചതായി ഞങ്ങളൊക്കെ അറിഞ്ഞു. ഉടനെ ചെറുപ്പക്കാരിയായ വേറൊരു ക്ലാർക്ക് കോളേജാകെ കേൾക്കുന്ന മട്ടിൽ നിലവിളി തുടങ്ങി. അവൾ മരിച്ചയാളിനെ കണ്ടിട്ടേയില്ല. അയാളുടെ ഭാര്യ പണ്ട് അവിടെ ജോലിയിലായിരുന്നു. അത്രേയുള്ളൂ. അവരെയും അവൾ കണ്ടിട്ടില്ല. പിന്നെന്തിന് ഈ ദുഃഖം? ഉത്തരം വേഗത്തിൽ കണ്ടെത്താൻ ഞങ്ങൾക്കു കഴിഞ്ഞു. യുവതിയുടെ ഭർത്താവ് ഗൾഫ് രാജ്യത്തെവിടെയോ ആണ്. മരിച്ചത് തന്റെ ഭർത്താവാണെങ്കിലോ? ഈ വിചാരമായിരുന്നു ചെറുപ്പക്കാരിയുടെ നിലവിളിക്കു ഹേതു.

സാഹിത്യാസ്വാദനത്തിലും ഇത് (translation into our own frame of reference) നടക്കുന്നില്ലേ എന്നാണ് ആലോചിക്കേണ്ടത്. ഭർത്താവ് മരിച്ചതായി ചിത്രീകരിക്കുന്ന ഒരു നോവൽ ഒരു വിധവ വായിച്ചാൽ അവൾ പൊട്ടിക്കരയും. നോവൽ പത്താം തരം കൃതിയാണെങ്കിലും വിലാപമുണ്ടാകും. വൈലോപ്പിള്ളിയുടെ “മാമ്പഴം” എന്ന കാവ്യം വായിച്ച് കണ്ണീരൊഴുക്കുന്നവർ ഹർഷബാഷ്പം പൊഴിക്കുകയാണോ? അതോ അനുജനോ അനുജത്തിയോ നഷ്ടപ്പെട്ട സ്വന്തം അവസ്ഥാവിശേഷത്തിലേക്ക് കാവ്യത്തിന്റെ ഉള്ളടക്കത്തെ സംക്രമിപ്പിക്കുകയാണോ?

വീണതൻ കുടം പോലാം നിതംബം
വീണുരുമ്മുന്ന വേണീകദംബം

എന്നു വായിച്ച് ‘ഹാഹാ’ എന്നു പറയുന്നവർ കവിത ആസ്വദിക്കുകയാണോ അതോ നിത്യജീവിതത്തിൽ കണ്ട ഒരു കാഴ്ചയിലേക്ക് — ഒരവസഥയിലേക്ക് — ആ വരികൾ കൊണ്ടുചെല്ലുകയാണോ? കാലാസ്വാദനത്തിന്റെ സ്വഭാവത്തെക്കുറിച്ച് നമ്മൾ ഇനിയും പലതും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

* * *

ഹൊഫ്സ്റ്ററ്ററുടെ പുസ്തകത്തിൽ അങ്ങിങ്ങായി കൊച്ചുകഥകളുണ്ട്. ഒന്നിതാ: “കൃഷിക്കാരനും അയാളുടെ മകനും” എന്നാണ് കഥയുടെ പേര്. അച്ഛനും മകനുംകൂടി നടന്നുപോകുമ്പോൾ മകൻ വലിയൊരു കള്ളം പറഞ്ഞു. അപ്പോൾ അച്ഛൻ, മകനെ താക്കീതു ചെയ്തു. ‘കള്ളന്മാരുടെ പാല’മുണ്ട്. അതിനോടടുക്കുകയാണ് അവർ. കള്ളം പറഞ്ഞവർ അതിൽ കയറിയാലുടൻ അതു തകർന്നുവീഴും. ഇതു കേട്ടയുടനെ മകൻ ഞാൻ പറഞ്ഞതു കള്ളമാണെന്നു സമ്മതിച്ച് സത്യം വിശദമാക്കി.

പ്രശസ്തനായ ഒരു ഡച്ച് ഗണിതശാസ്ത്രജ്ഞൻ ഇക്കഥ പത്തുവയസ്സുള്ള ഒരു കുട്ടിയോടു പറഞ്ഞപ്പോൾ അവൻ ചോദിച്ചു. പാലത്തിലെത്തിയ അവർക്ക് എന്തു സംഭവിച്ചുവെന്ന്. ഗണിതശാസ്ത്രജ്ഞൻ മറുപടി നല്കി: അച്ഛൻ പാലത്തിൽ കയറിയയുടനെ അയാളെയുംകൊണ്ടു പാലം തകർന്നു. കാരണം അയാൾ കള്ളം പറയുകയായിരുന്നു. ‘കള്ളം പറയുന്നവരുടെ പാലം’ എന്നൊരു പാലം ഇല്ലായിരുന്നു.

മരണത്തെ മധുരീകരിക്കുന്നു

ഈജിപ്റ്റിലെ ഗ്രീക്ക് മഹാകവി കാവാഫിയെപ്പോലെ വേറൊരു കവിയെ കാണാൻ പ്രയാസം. ഒരലങ്കാരവും പ്രയോഗിക്കാതെ താനാവിഷ്കരിക്കുന്ന ഭാവത്തെ പരകോടിയിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതുപോലെ വേറൊരു കവിക്കും കഴിഞ്ഞിട്ടില്ല. മരണത്തെക്കുറിച്ച് അദ്ദേഹമെഴുതിയ കാവ്യങ്ങൾ മരണത്തെക്കാൾ സുശക്തങ്ങളാണ്. മനുഷ്യജീവിതത്തിന്റെ വൈരസ്യത്തെക്കുറിച്ച് എഴുതുമ്പോഴും അതിശക്തങ്ങളായ കാവ്യങ്ങളാണ് വാർന്നുവീഴുന്നത്.

 
One monotonous dayfollows another
identically monotonous. The same things
will happen to us again and again
the same moments come & go
A month passes by, brings another month
Easy to guess what lies ahead:
all of yesterday’s boredom.
And tomorrow ends up no longer like tomorrow.

(C.P. Cavafy, Collected Poems. Translated by Edmund Keeley and Philip Sherrard, Princeton University Press, $31.50, Page 45.)

മരണത്തെ എത്ര കലാത്മകമായിട്ടാണ് അദ്ദേഹം ധ്വനിപ്പിക്കുന്നതെന്നു നോക്കുക. കാവാഫിയുടെ അതിസുന്ദരമായ മറ്റൊരു കാവ്യമാണ് Lovely White Flowers എന്നത്. സമ്പൂർണ്ണമായും അത് എടുത്തെഴുതാനോ ഗദ്യപരിഭാഷ നല്കാനോ സ്ഥലമില്ല. സംഗ്രഹം നല്കട്ടെ. “അവർ ഒരുമിച്ചിരിക്കാറുള്ള ഭക്ഷണശാലയ്ക്കകത്തേക്ക് അയാൾ ചെന്നു. ഇവിടെവച്ചാണ് സ്നേഹിതൻ അയാളോടു പറഞ്ഞത്: ‘നമ്മളാകെ പണമില്ലാതെ തകർന്നുകഴിഞ്ഞു … എനിക്കിനി നിങ്ങളോടൊരുമിച്ചു കഴിയാൻ വയ്യ … വേറെ ഒരാൾ എന്റെ പിറകേയുണ്ട്.’ ഈ വേറേ ഒരാൾ സ്നേഹിതന് രണ്ടു സ്യൂട്ടും കുറച്ചു പട്ടുകൈലേസും കൊടുക്കാമെന്നു പ്രതിജ്ഞ ചെയ്തിരുന്നു … സ്നേഹിതൻ ഇരുപതു പവൻ കഷ്ടപ്പെട്ടു നേടി. അപ്പോൾ ആ വേറെ ഒരാൾ ആ ഇരുപതു പവനുവേണ്ടി വന്നു. ആ ‘വേറെ ഒരാൾ’ കള്ളൻ. അയാൾ ഒരു സ്യൂട്ടേ കൊടുത്തുള്ളു. അതും യാചിച്ചതിനുശേഷം.

പക്ഷേ, സ്നേഹിതനു സ്യൂട്ട് ഇനി വേണ്ട. പട്ടുകൈലേസും വേണ്ട. ഇരുപതു പവനും വേണ്ട. ഞായറാഴ്ച കാലത്ത് പത്തുമണിക്ക് അവർ അയാളെ സംസ്കരിച്ചു. ഏതാണ്ട് ഒരാഴ്ചയ്ക്കുമുൻപ് ഞായറാഴ്ച അവർ അയാളെ സംസ്കരിച്ചു.” ഇനി കവിവാക്യം:

 
He laid flowers on his cheap coffin
lovely white flowers, very much in keeping
with his beauty, his twenty two years.
when he went to the cafe that evening
he happened to have some vital
business there-
to that same cafe where they used to go together
it was a knife in his heart
that dead cafe where they used to go together
(Page 313)

വികാരത്തിന്റെ ഉത്കടവാവസ്ഥ അനുവാചകന് അനുഭവപ്പെടുന്നത് ആവിഷ്കാരത്തിൽ ന്യൂനോക്തി വരുമ്പോഴാണ്. ആ കലാസത്യം കാവാഫീ ഗ്രഹിച്ചിരിക്കുന്നു. ഇംഗ്ലീഷ് കവി ഫിലിപ്പ് ലാർക്കിനിൽ കാവാഫീയുടെ സ്വാധീനശക്തിയുണ്ടോ? അദ്ദേഹം മരണത്തെക്കുറിച്ചെഴുതുമ്പോഴും കാവാഫീയെപ്പോലെ റീയലിസത്തിലും ന്യൂനോക്തിയിലും അഭിരമിക്കുന്നു.

On pillow after pillow lies
The wild white hair and staring eyes
Jaws stand open; necks are stretched
With every tendon sharply stretched
A bearded mouth talks silently
To someone no one else can see
Sixty years ago they smiled
At lover, husband, first born child.
Smiles are for youth. For old age come
Death’s terror and delirium.

ഏതാനും വരികളിൽ മരണത്തിന്റെ ഭീകരതയാകെ കവി ഒതുക്കിയിരിക്കുന്നതു നോക്കുക. ജന്മനാ കവി! കാവാഫീ കടക്കണ്ണിൽ ശോകച്ഛായയോടുകൂടി നില്ക്കുന്നു. അതു കാണുമ്പോൾ നമുക്കും ശോകം. ഫിലിപ്പ് ലാർക്കിൻ മരണത്തിന്റെ ഭയങ്കരത്വം നമ്മളെ കാണിച്ചു തരികയാണ്. അപ്പോൾ നമ്മൾ ഞെട്ടുന്നു. സുഗതകുമാരിയാകട്ടെ, മരണത്തെ മധുരീകരിക്കുന്നു. കാവ്യത്തിന്റെ തുടക്കംതൊട്ട് ഒടുക്കംവരെ ആ പ്രക്രിയയുണ്ട്. കേൾക്കൂ:

പാലപൂത്തു മദിക്കുന്ന രാവിൽ
പാരിജാതം മണക്കുന്ന രാവിൽ
ചേർത്തടച്ചൊരീ വാതില്ക്കൽ നിന്നെൻ
കാല്ച്ചിലമ്പുകളൂരി മാറ്റുന്നേൻ.

ജീവിതമാണ് ഇതു ചെയ്യുന്നത്. ഈ ജീവിതം അഭിസാരികയാണ്, ആരെയാണ് അവൾ അഭിസരിക്കുന്നത്? കണ്ണനെന്ന മൃത്യുവിനെ. ആ വിലയംകൊള്ളൽ നോക്കുക:

അന്ത്യബിന്ദുവിൽ പുഞ്ചിരിക്കൊള്ളും
നിന്റെ കൈയ്യിൽ തളർന്നുവീഴുമ്പോൾ
ചന്ദനം മണക്കുന്നൊരാമാറിൽ
സങ്കടങ്ങളിറക്കിവയ്ക്കുമ്പോൾ
ശ്യാമസുന്ദരം, മൃത്യുവും നിന്റെ
നാമമാണെന്നു ഞാനറിയുന്നേൻ.
(അഭിസാരിക, മാതൃഭൂമി വാരിക)

ആന്തരസത്യം സ്പഷ്ടമാക്കാനായി കാവാഫീയും ലാർക്കിനും യാഥാതഥ്യത്തോടു ബന്ധപ്പെട്ട വാക്കുകൾമാത്രം പ്രയോഗിച്ചു. സുഗതകുമാരിക്ക് റൊമാന്റിക് ഡിക്ഷനോടാണ് പ്രതിപത്തി. ആ പ്രതിപത്തി ആന്തര സത്യത്തിന്റെ ആവിഷ്കാരത്തിനു തടസ്സം സൃഷ്ടിക്കുന്നില്ല. തടസ്സം സൃഷ്ടിക്കുന്നില്ലെന്നു മാത്രമല്ല, അത് ആ സത്യത്തെ സ്ഫൂടീകരിക്കുകയും ചെയ്യുന്നു. ജീവിതത്തെ അഭിസാരികയായും മൃത്യുവിനെ കാമുകനായും കല്പിക്കുന്ന കാവ്യത്തിൽ ഉചിതം റൊമാന്റിക് രചനാരീതിതന്നെ. അവിടെ യഥാതഥമായ രചനാരീതി അയഥാർത്ഥികരണം നടത്തും. കാവാഫീയും ലാർക്കിനും ഏതു മൂല്യങ്ങൾ സൃഷ്ടിച്ചുവോ അതേ മൂല്യങ്ങൾതന്നെ സുഗതകുമാരിയും സൃഷ്ടിക്കുന്നു. യഥാർത്ഥമായ കാവ്യപ്രചോദനത്തിൽ നിന്ന് രൂപം കൊണ്ട മനോഹരമായ രചനയാണ് “ അഭിസാരിക”.

* * *

വലിയ മനസ്സ് ആശയങ്ങളെക്കുറിച്ച് ചർച്ച നടത്തുന്നു. ഇടത്തരം മനസ്സ് സംഭവങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുക. കൊച്ചുമനസ്സ് വ്യക്തികളെക്കുറിച്ചും. ഇത് ആരോ പറഞ്ഞതാണ്. മുകളിൽ പറഞ്ഞ കവികൾ ആശയങ്ങളെക്കുറിച്ച് ചിന്തിക്കാൻ എന്റെ കൊച്ചു മനസ്സിനു പ്രേരണ നൽകി. സാഹിത്യാസ്വാദനം ഇങ്ങനെയാണ് മനസ്സിന് ഉയർച്ച നൽകുന്നത്.

ബുദ്ധിമാത്രം

എനിക്ക് അധികമാളുകളെ പരിചയമില്ല. പഴയ തിരുവിതാംകൂറിലെ ചില സ്ഥലങ്ങൾ കണ്ടിട്ടുണ്ടെന്നല്ലാതെ മറ്റെങ്ങും പോയിട്ടില്ല. കോഴിക്കോടുതന്നെ അടുത്ത കാലത്താണ് കണ്ടത്. കണ്ടപ്പോൾ കാണേണ്ടിയിരുന്നില്ല എന്ന് തോന്നുകയും ചെയ്തു. ഡൽഹി, ബോംബെ, കൽക്കട്ട ഈ സഥലങ്ങൾ ഞാൻ കണ്ടിട്ടില്ല. ഇനി ഈ ജീവിതാസ്തമയത്തിൽ കാണുമെന്നും തോന്നുന്നില്ല. ഇനി പോയിയെന്നു വിചാരിക്കൂ. എല്ലാ സ്ഥലങ്ങളും, എല്ലാ മനുഷ്യരും ഒരേ മട്ടിലിരിക്കുന്നതുകൊണ്ട് വിശേഷിച്ചൊരു നേട്ടം ഉണ്ടാകാനുമിടയില്ല. അതിരിക്കട്ടെ, അധികമാളുകളെ പരിചയമില്ലെനിക്കെന്ന് മുൻപ് എഴുതിയല്ലോ. അതുകൊണ്ട് പരിചയമുണ്ടായിരുന്നവരിൽ മേധാശക്തിയിൽ അദ്വതീയനായിരുന്ന എൻ. ഗോപാലപിള്ളസ്സാറിനെക്കുറിച്ച് കൂടെക്കൂടെ എഴുതാറുണ്ട്. ഇനിയും എഴുതിയെന്നു വരും. ഒരു ദിവസം തിരുവനന്തപുരത്തെ ശ്രീരാമകൃഷ്ണ ആശുപത്രിക്കടുത്തു വച്ച് അദ്ദേഹത്തെ കണ്ടു. സാറു പറഞ്ഞു: “കൃഷ്ണൻ നായർ എന്റെ വീട്ടിലേക്ക് ഒന്നു വരൂ. ഞാൻ ടാഗോറിന്റെ ഗീതാഞലി സംസ്കൃതത്തിലേക്ക് തർജ്ജമ ചെയ്തു വച്ചിട്ടുണ്ട്. അതൊന്നു കേൾക്കണം. വരുന്നത് ശ്രോതാവായിട്ടു വേണ്ട. നിരൂപകനായിട്ടു തന്നെ വന്നാൽ മതി”. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി തർജ്ജമ കുറേ നേരം കേട്ടു. അതിനു ശേഷം പലതും സംസാരിച്ച കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു: “ടോൾസ്റ്റോയിയുടെ ’War and Peace’ ഞാൻ വായിച്ചിട്ടുണ്ട്. കാളിദാസന്റെ ‘രഘുവംശ’ത്തിൽ ഇല്ലാത്ത ജീവിത നിരീക്ഷണം ടോൾസ്റ്റോയിയുടെ നോവലിൽ ഉണ്ട്. പക്ഷെ എനിക്ക് ’രഘുവംശ’മാണ് ഇഷ്ടം. പിന്നെ ഒരു വലിയ സത്യം ആ റഷ്യക്കാരൻ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും വസ്തുവിനെ ബുദ്ധികൊണ്ട് മാത്രം സമീപിച്ചാൽ നമ്മൾ അതിനെ നശിപ്പിക്കുകയാവും”. ടോൾസ്റ്റോയി പറഞ്ഞതായി ഗോപാലപിളളസ്സാർ അറിയിച്ച ഈ സത്യം — ബുദ്ധി മാത്രം ഒരു വസ്തുവിൽ ആരോപിച്ചാൽ ആ വസ്തു നശിക്കുമെന്ന സത്യം — നമ്മുടെ എഴുത്തുകാർ കടലാസ്സിൽ എഴുതി പോക്കറ്റിലിട്ടു കൊണ്ട് നടക്കണം. കൂടെക്കൂടെ അതെടുത്തു നോക്കണം. കഥാരചനക്ക് തുടങ്ങുന്നതിനു മുൻപ് പല പരിവൃത്തി വായിക്കണം. ഭ്രാന്തില്ലാത്തവർ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്ന ഈ ലോകത്ത് യഥാർത്ഥത്തിൽ ഭ്രാന്തുളളവരാണ് ഭ്രാന്തില്ലാത്തവരായി പ്രത്യക്ഷരാകുന്നത് എന്ന സത്യം — ബുദ്ധിയിൽ നിന്നു വരുന്ന സത്യം — കഥയെന്ന മട്ടിൽ നീലിമാലക്ഷ്മി പ്രകാശിപ്പിക്കുന്നു. ബുദ്ധിപരമായ സത്യം മാത്രമാണിത്. കലയിൽ വൈകാരിക സത്യമാണ് വേണ്ടത്. നീലിമാലക്ഷ്മി ബുദ്ധി കൊണ്ട് പ്രതിപാദ്യത്തെ നശിപ്പിക്കുന്നു. (കലാകൗമുദിയിലെ ’മരത്തിന്റെ പാൽക്കുടങ്ങൾ’ എന്ന ചെറുകഥ).

ചോദ്യം, ഉത്തരം

Symbol question.svg.png കലാകാരന്മാരുടെ സന്മാർഗ്ഗ ബോധത്തെക്കുറിച്ച് എന്തു പറയുന്നു?

കേരളത്തിലുള്ളവരെക്കുറിച്ച് ഒന്നും എഴുതാൻ വയ്യ. കോടതിയിൽ കയറേണ്ടതായി വരും. പടിഞ്ഞാറുള്ളവരുടെ കാര്യം പറയാം. ഫ്രാൻസിൽ കൾച്ചറൽ അഫയേർസ് മന്ത്രിയായിരുന്ന ആങ്ദ്രേ മാൽറോ — വിശ്ശിഷ്ടങ്ങളായ നോവലുകളുടെയും ’The Voices of Silence’ എന്ന കലാനിരൂപണഗ്രന്ഥത്തിന്റെയും കർത്താവായ മാൽറോ — ഒരിക്കൽ അറസ്റ്റ് ചെയ്യപ്പെട്ടു. ചില കലാശില്പങ്ങൾ മോഷ്ടിച്ചു അദ്ദേഹമെന്നായിരുന്നു ആരോപണം. പാരീസിലെ ലൂവ്റ (Louvra) മ്യൂസിയത്തിൽ നിന്ന് ഒരുത്തൻ മോഷ്ടിച്ചു കൊണ്ടു വന്ന രണ്ടു കൊച്ചു പ്രതിമകൾ വിലയ്ക്കു വാങ്ങിയെന്ന കുറ്റത്തിന് പീകാസ്സോയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിമകൾ മോഷ്ടിച്ചവനെ തുണച്ചു എന്നതിന്റെ പേരിൽ ഫ്രഞ്ച് കവി ഗിയോം അപോളിനറെയും പോലീസ് അറസ്റ്റ് ചെയ്ത് നാലു ദിവസം കാരാഗൃഹത്തിലിട്ടിരുന്നു. അപോളിനറുടെ ജീവചരിത്രമെഴുതിയ Francis Steegmuller അദ്ദേഹത്തിന്റെയും പീകാസ്സോയുടെയും പ്രവൃത്തികളെ നീതിമത്കരിക്കുന്നുണ്ടെങ്കിലും രണ്ടുപേരും കുറ്റക്കാർ തന്നെ. പ്രഖ്യാതമായ ഒരു പത്രം വഴി മോഷ്ടിക്കപ്പെട്ട വസ്തുക്കൾ തിരിച്ചു നൽകിയതുകൊണ്ട് പീകാസ്സൊയും അപോളിനറും ജയിലിൽ പോയില്ല. അപോളിനർ മാത്രം നാലുദിവസം തടവറയിൽ കിടന്നു. കൂടുതൽ അറിയണമെന്നുളളവർ ‘Apollinaire (F. Steeg - muller)’ എന്ന പുസ്തകവും ’Gioconda’ എന്ന ജേണലിസ്റ്റിക് നോവലും വായിക്കുക.(Wolf Mankowitz)

Symbol question.svg.png നൂറിനു നൂറും സദാചാരതല്പരനായിരുന്ന ഒരു കവിയുടെ പേര് പറയൂ?

ജി.ശങ്കരക്കുറുപ്പ്.

Symbol question.svg.png സാഹിത്യത്തിലെ ജന്റിൽമാൻ ആര്?

പ്രൊഫസർ എൻ. കൃഷ്ണപിളള.

Symbol question.svg.png കവിതയിൽ ആദ്ധ്യാത്മികത്വത്തിന്റെ പരിമളം പ്രസരിപ്പിച്ച കവികൾ..?

നിത്യജീവിതത്തിൽ ഹോമോസെക്ഷ്വാലിറ്റി വരെ ചെന്നെത്തും. അവർക്കു മദ്യം ഒഴിച്ചുകൂടാവൻ വയ്യ.

Symbol question.svg.png വാഗ്മികൾ?

ഏറിയ കൂറും മനസ്സാക്ഷിയില്ലാത്തവർ.

Symbol question.svg.png മിതവ്യയം?

വളരെ നന്ന്. പക്ഷേ, വേണ്ടപോലെ വസ്ത്രധാരണം ചെയ്യാതെയും ബ്ലയ്ഡിന് ലാഭമുണ്ടാക്കാൻ വേണ്ടി ഷേവ് ചെയ്യാതെയും നടക്കുന്നവൻ അധമൻ.

Symbol question.svg.png വിനയം?

സ്ത്രീകളോടാവുബോൾ കാമം മറച്ചു വയ്ക്കാൻ ഉപകരിക്കുന്നത്.(സ്ത്രീകളോട് അതിരുകടന്ന വിനയം കാണിക്കുന്നവരെ സൂക്ഷിക്കുക).

ബാലിശം

ആങ്ദ്രേ മാൽറോയടെ ആത്മകഥയിൽ (Antimemories) “വളർച്ചയെത്തിയവർ ഈ ലോകത്തില്ല” എന്നു പറഞ്ഞിട്ടുണ്ട്. പതിനഞ്ചു കൊല്ലത്തോളം പാതിരിയാരുന്ന ഒരുത്തനോട് മാൽറോ ചോദിച്ചു, പാപനിവേദനങ്ങൾ അത്രയും കാലം കേട്ടിട്ട് അയാൾ എന്തു പഠിച്ചുവെന്ന്. പാതിരിയായിരുന്ന ആൾ മറുപടി നൽകി. “1) നമ്മൾ വിചാരിക്കുന്നതിലധികം അളുകൾ സന്തുഷ്ടരാണ്. 2) വളർച്ചയെത്തിയവർ ഈ ലോകത്തില്ല”.

ശരിയാണിത്.

‘ഭോഗങ്ങളെല്ലം ക്ഷണാപ്രഭാചഞ്ചലം’

എന്നു വിശ്വസിക്കുന്ന സന്ന്യാസിമാർ ബസ്സിൽ സീറ്റ് കിട്ടുന്നതിനു വേണ്ടി മറ്റുളളവരെ ഇടിച്ചിട്ടുകൊണ്ട് കേറുന്നത് ഞാൻ പലതവണ കണ്ടിട്ടുണ്ട്. അറുപത് കഴിഞ്ഞ സ്ത്രീകൾ പതിനെട്ടു വയസ്സുള്ള പെൺകുട്ടികളുടെ മാനസികനില വച്ച് പുലർത്തുന്നത് നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. ഒരു യഥാർത്ഥ സംഭവം പറയാം. ഒരു വീട്ടിന്റെ മുൻപിൽ അറുപതു വയസ്സോളമുള്ള ഒരു സ്ത്രീയും കുറെ ചെറുപ്പക്കാരികളും സംസാരിച്ചു നിൽക്കുകയാരുന്നു. അവിടെ ഒരു വീട് അന്വേഷിച്ചു വന്ന ചെറുപ്പക്കാരൻ പ്രായം കൂടിയ സ്ത്രീയോടാണ് കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കിയത്. ചെറുപ്പക്കാരികളോടു സംസാരിച്ചാൽ തെറ്റിദ്ധാരണയുണ്ടാകുമെന്ന് അയാൾ സ്വാഭാവികമായും കരുതിയിരിക്കും. ചെറുപ്പക്കാരൻ തിരിച്ചു പോയപ്പോൾ തലമുടി പാടേ നരച്ച സ്ത്രീ അല്പം ശൃംഗാരത്തോടെ പറഞ്ഞു: “അയാൾ എന്നോടു മാത്രമേ സംസാരിച്ചുള്ളൂ. നിങ്ങളൊക്കെ എന്തു വിചാരിച്ചോ എന്തോ? വല്ലാത്ത നോട്ടവുമുണ്ട് അയാൾക്ക്”. പെൺപിള്ളേർ ചിരിച്ചില്ല. എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. വാർദ്ധക്യത്തിലെത്തിയ സ്ത്രീകളുടെ മനസ്സ് ചെറുപ്പക്കാരികളുടേതാണ്. അമ്മൂമ്മയോടു സംസാരിക്കുന്നു എന്ന വിചാരമായിരുന്നു യുവാവിന്. അമ്മൂമ്മയാകട്ടെ, മധുരപ്പതിനേഴുകാരിയായി അയാളുടെ മുൻപിൽ നിൽക്കുകയും ചെയ്തു. ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും നൽകാം. മഹാവ്യക്തികൾ പോലും ശിശുക്കളെപ്പോലെ പെരുമാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. മാൽറോ പറഞ്ഞത് സത്യം!

കഥാമാസികയിൽ ‘അജ്ഞാതവീരൻ’ എന്ന കഥയെഴുതിയ കെ. വി. പുട്ടപ്പ പ്രായം കൂടിയ ആളാണെങ്കിലും വളർച്ചയെത്തിയ ആളല്ല. ആയിരുന്നെങ്കിൽ ഈ ബാലിശമായ കഥ അദ്ദേഹം എഴുതുമായിരുന്നില്ല. ഇതു തർജ്ജ‌മചെയ്ത കെ. രാധാകൃഷ്ണൻ അയിരൂരും പരിപാകമല്ലാത്ത മനസ്സുള്ളയാളാണ്. “ഉണ്ട ചോറ്റിന് ഉചിതം കാണിക്കുന്ന” ഒരു ഫൂളിന്റെ കഥ പറയുകയാണ് പുട്ടപ്പ. ആപത്തിൽ തുണച്ച യജമാനനെ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷിക്കാനായി ആ പരിചാരകൻ വള്ളത്തിൽനിന്ന് നദിയിൽ ചാടിയത്രേ. ചാടിയില്ലെങ്കിൽ വള്ളം മുങ്ങുമായിരുന്നുപോലും. ഒടുവിൽ തമിഴ് സിനിമയിൽ കറകറശബ്ദത്തോടെ ദൈവം സ്വർഗ്ഗത്തുനിന്നിറങ്ങി വന്ന് ഭൂമിയിൽ നിൽക്കുന്നതുപോലെ വേലക്കാരൻ യജമാനന്റെ മുൻപിൽ വന്നു നിന്നു. എന്തൊരു സ്റ്റുപിഡിറ്റി!

നിർവ്വചനങ്ങൾ

വലിയ മനസ്സ് ആശയങ്ങളെക്കുറിച്ചു ചർച്ച നടത്തുന്നു. ഇടത്തരം മനസ്സ് സംഭവങ്ങ‌ളെക്കുറിച്ചാണ് ചർച്ച ചെയ്യുക. കൊച്ചുമനസ്സ് വ്യകതികളെക്കുറിച്ചും. ഇത് ആരോ പറഞ്ഞതാണ്. മുകളിൽപ്പറഞ്ഞ കവികൾ ആശയങ്ങളെക്കുറിച്ചു ചിന്തിക്കാൻ എന്റെ കൊച്ചുമനസ്സിനു പ്രേരണ നൽകി. സാഹിത്യാസ്വാദനം ഇങ്ങനെയാണ് മനസ്സിന് ഉയർച്ച നൽകുന്നത്.

ഭർത്താവിന്റെ അമ്മ
മുണ്ടും നേരിയതും ധരിച്ച ഇദ്ദി അമീൻ.
വാർധക്യം
ആരും കാണാതെ കണ്ണാടി നോക്കിയിട്ട് ഞാനിപ്പോഴും സുന്ദരൻതന്നെ/സുന്ദരി‌തന്നെ എന്നു വിചാരിച്ച് ആഹ്ലാദിക്കുന്ന കാലം.
ഗന്ധർവ്വന്മാർ
ചങ്ങമ്പുഴ കൃഷ്ണപിള്ള, യേശുദാസ്.
ക്ഷേത്രങ്ങൾ
നഗരമദ്ധ്യത്തിൽ ആയാലും വവ്വാലിനും മൂങ്ങയ്ക്കും പാർക്കാൻ പറ്റിയ സ്ഥലങ്ങൾ.
മാക്സി അല്ലെങ്കിൽ രാവട
കുറച്ചുകാലം മുൻപുവരെ ചെറുപ്പക്കാരികളുടെ ഒരു കഞ്ചുകം.

ഇപ്പോൾ കിഴവികൾ ധരിക്കുന്നത്. [രഹസ്യമായി ധരിക്കുക മത്രമല്ല. അത് അണി‌ഞ്ഞുകൊണ്ട് ഗെയ്റ്റിൽ വന്നുനിൽക്കും.]

ക്വിസ്സ് പ്രോഗ്രാം
ബുദ്ധിശൂന്യർ ബുദ്ധിയുളവരെ മുട്ടുകുത്തിക്കുന്ന ഏർപ്പാട്.
അതിഥി
‘ഒന്നു പോകു, എനിക്കു ഉറങ്ങണം’ എന്ന് നമ്മെക്കൊണ്ട് പറയിക്കുന്ന ആള്.
ഓട്ടന്തുള്ളൽ
മലബാർ രാമൻനായർ പോയതോടെ അപ്രത്യക്ഷമായ ഒരു കല.
കഥകളി
‘ഡിലിറ്റാന്റി’കൾക്കു സഹൃദയരാണെന്നു ഭാവിക്കാൻ സഹയിക്കുന്നത്.

അഭിമുഖസംഭാഷണം

സാഹിത്യം, പൊതുവായ സംസ്കാരം, രാഷ്ട്രവ്യവഹാരം ഈ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരെ നേരിട്ടുകണ്ടു ചോദ്യങ്ങൾ ചോദിക്കുന്നതും അവരുടെ ഉത്തരങ്ങൾ അച്ചടിച്ചു ‘വിടുന്നതും’ പാഴ്‌വേലയാണ്. ആരും ശരിയായ ഉത്തരങ്ങൾ—ആർജ്ജവത്തോടുകൂടിയ ഉത്തരങ്ങൾ—നൽകുകയില്ല. നൽകാൻ തുടങ്ങിയാൽ ഇവിടെ കഴിഞ്ഞുകൂടാൻ സാദ്ധ്യമല്ലാതെ വരും. ഞാനൊന്നു ചോദിക്കട്ടെ, നിങ്ങളുടെ മനസ്സിൽ വരുന്ന വിചാരങ്ങളെയാകെ പിടിച്ചെടുക്കുന്ന ഒരു യന്ത്രം എന്റെ കൈയിലുണ്ടെന്നു കരുതു. ഞാനതുകൊണ്ട് വിചാരങ്ങളെ പകർത്തിയെടുത്ത് ലൗഡ്സ്പീക്കറിലൂടെ ആളുകളെ കേൾപ്പിക്കാൻ സന്നദ്ധനായാൽ നിങ്ങൾ എന്നെ വെറുതെ വിടുമോ? അപ്പോൾ നിങ്ങൾക്കുണ്ടാകുന്ന എതിർപ്പുതന്നെ ഇന്റർവ്യൂ നടത്താൻ വരുന്ന ആളിനോടും ഉണ്ടാകും. ചോദ്യമേതുമാകട്ടെ ഉത്തരം അർദ്ധസത്യമായിരിക്കും. അർദ്ധസത്യത്തിനും സമ്പൂർണ്ണവ്യാജത്തിനും തമ്മിൽ വ്യത്യാസമില്ല. ഈ വ്യാജോക്തികളാണ് വായനക്കാർക്ക് വാരികകളിലൂടെ കിട്ടുന്നത്. ഇനി ചോദ്യങ്ങൾ ചോദിക്കുന്ന ആൾ സാമാന്യതത്ത്വങ്ങളെയും മറ്റു വ്യക്തികളെയുംവിട്ട് ഉത്തരം പറയുന്ന ആളിന്റെ വ്യക്തിഗതങ്ങളായ കാര്യയങ്ങളിലേക്കു കടന്നാലോ? അപ്പോഴും ചെറുക്കൽ അല്ലെങ്കിൽ എതിർപ്പ് ഉണ്ടാകും. അതിന്റെ ഫലം വ്യാജോക്തിയും. ഒരിക്കൽ പ്രശസ്തനായ ഒരഭിഭാഷകനെ ഇന്റർവ്യൂ ചെയ്യാൻ ഒരാൾ ചെന്നു. അഭിഭാഷകന്റെ അച്ഛൻ സി. വി. രാമൻപിള്ളയുടെ വേലക്കാരനായിരുന്നു. അതു മനസിലാക്കാതെ ചെന്നയാൾ ചോദ്യമെറിഞ്ഞു: “അങ്ങയുടെ കുടുംബവും സി. വി. രാമൻപിള്ളയും തമ്മിലുള്ള ബന്ധമെന്ത്?” അഭിഭാഷകൻ ചാടിയെഴുന്നേറ്റ് “ഇറങ്ങെടാ പുറത്ത്” എന്ന് ആക്രോശിച്ചു. കുറ്റം പറയാനില്ല. വേരുകൾ തോണ്ടിയെടുത്തു പുറത്തിടുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല. ഇന്റർവ്യൂവിന്റെ വേറൊരു ന്യൂനത പറയുന്ന മറുപടികൾ അതേമട്ടിൽ അച്ചടിച്ചു വരില്ല എന്നതാണ്. സെൻസേഷനെ ലക്ഷ്യമാക്കി ഉത്തരങ്ങൾക്കു രൂപ‌പരിവർത്തനം വരുത്തുന്നത് എല്ലാക്കാലത്തും ഉള്ളതുതന്നെ. കുറച്ചു മാസങ്ങൾക്കുമുൻപ്, എനിക്കു വിശ്വാസമുണ്ടായിരുന്ന ഒരു മാന്യൻ എന്നോടു ചില ചോദ്യങ്ങൾ ചോദിച്ചു. ഞാൻ നൽകിയ ഉത്തരങ്ങൾ അദ്ദേഹം ടേപ്പിലെടുത്തു കൊണ്ടുപോയി. പക്ഷേ, അവ അച്ചടിച്ചു വന്നപ്പോൾ എനിക്ക് അമ്പരപ്പാണുണ്ടായത്. പലതും ഞാൻ പറഞ്ഞതുപോലെ അല്ലായിരുന്നു. അപ്പോൾ നിഷേധിക്കുന്നതിലോ പ്രതിഷേധിക്കുന്നതിലോ ഒരർത്ഥവുമില്ല. കൃഷ്ണൻനായർ ഇങ്ങനെതന്നെയാണ് പറഞ്ഞത് എന്നാവും മറുപടി. അതുകൊണ്ട് അഭിമുഖസംഭാഷണം ഒഴിവാക്കുന്നതാണു നല്ലത്.

പാലാ നാരായണ‌ൻ നായരെ ചവറ കെ. എസ്. പിള്ള ഇന്റർവ്യൂ ചെയ്തതിന്റെ റിപോർട്ട് കുങ്കുമം വാരികയിലുണ്ട്. വിരസങ്ങളും ബഹിർഭാഗസ്ഥങ്ങളുമായ ചില ചോദ്യങ്ങൾ. അവയ്ക്കു അമ്മട്ടിലുള്ള ഉത്തരങ്ങളും. ഇതുകൊണ്ട് വായനക്കാർ ഒന്നും നേടുന്നില്ല. വന്ധ്യമായ ധിഷ്ണയിൽനിന്ന് ആവിർഭവിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും. വായനക്കാരന്റെ ധിഷണ സജീവമാണെങ്കിൽത്തന്നെയും അവ കാണുമ്പോൾ അതിന് (ധിഷണയ്ക്ക്) വന്ധ്യത്വം വന്നു ചേരും. ഇതൊക്കെക്കൊണ്ടാണ് അഭിമുഖസംഭാഷണം വ്യർത്ഥയത്നമാണെന്നു മുകളിൽ എഴുതിയത്. ധിഷണാശാലികളുടെ ഇന്റർവ്യൂ പോലും പ്രയോജനരഹിതമാണ്. 30-5-88-ലെ ന്യൂസ്‌വീക്കിൽ അതിന്റെ എഡിറ്റർ ഇൻ ചീഫ് ഗോർബച്ചേവിനോട് ചോദിച്ച ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നല്കിയ ഉത്തരങ്ങളും കാണാം. അതും പാഴ്‌വേലയായേ എനിക്കു തൊന്നിയുള്ളു.

* * *

സർക്കാർജോലി നോക്കുന്നതിലും നിത്യജീവിതം നയിക്കുന്നതിലും പെരുങ്കള്ളനായ ഒരുത്തൻ ഹരിശ്ചന്ദ്രന്റെ വേഷംകെട്ടി അഭിനയിക്കുന്നത് ഞാനൊരിക്കൽ കണ്ടു. ഇതുപോലെയാണ് നമ്മുടെ രചനകൾ. അടിയിലാകെ അസത്യം. തിളക്കമുള്ള എന്തോ ഒന്ന് അതിനെ പൊതിഞ്ഞിരിക്കുന്നു. ആ തിളക്കം സത്യമാണെന്നു നമ്മൾ വിചാരിക്കുന്നു.