close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 04 05


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 04 05
മുൻലക്കം 2002 03 29
പിൻലക്കം 2002 04 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ലോകമെമ്പാടും പുകഴാര്‍ന്ന ബ്രസിലിയന്‍ നോവലെഴുത്തുകാരനാണു് പൗലൂ കോഎല്യൂ (Paulo Coelho, ബ്. 1947) 1988-ല്‍ “The Alchemist” (രസായനവിദ്യ അറിയുന്നവന്‍) എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണു് അദ്ദേഹം മഹായശസ്കനായതു്. സാന്ത്യാഗോ (Santiago) എന്ന ഇടയപ്പയ്യന്‍ ലോകനിധി അന്വേശിച്ചു പോകുന്നതും ഈജിപ്തിലെ മണല്‍ക്കാട്ടില്‍ ചെല്ലുന്നതും അല്‍കെമിസ്റ്റിനെ കാണുന്നതുമൊക്കെയാണു് ഇതിലെ കഥ. ലാക്ഷണികസ്വഭാവമുള്ള ഇക്കഥയെ നോവല്‍ എന്നു വിളിക്കാന്‍ പ്രയാസമുണ്ടു്. എങ്കിലും മാന്ത്രികശക്തിക്കു വിധേയരാകാതെ നമുക്കിതു വായിച്ചു തീര്‍ക്കാന്‍ വയ്യ. ഇസ്രായേലിലെ ഒരു മുന്‍പ്രധാനമന്ത്രിക്ക് കോഎല്യുവിന്റെ നോവല്‍ വായിക്കാതെ ഉറക്കം വരില്ല പോലും. ഈ ബ്രസിലിയന്‍ എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവലാണു് “The Devil and Miss Prym” എന്നതു് അമ്പത്തിയൊന്നു് ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്യപ്പെട്ട “The Alchemist” എന്ന കൃതിയുടെ കര്‍ത്താവിന്റെ നൂതനരചനയെന്ന നിലയില്‍ ഞാനിതു കൗതുകപൂര്‍വം വായിച്ചു. നോവലെന്ന നിലയിലല്ല, കെട്ടുകഥ (fable) എന്ന രീതിയില്‍ ഇതെനിക്കു് ആഹ്ലാദദായകമായി. ഈ കൃതിയുടെ നിരൂപണത്തിനല്ല ഞാന്‍ തുനിയുന്നതു്. അതിലെ ഒരു ഭാഗത്തേക്കു വായനക്കാരെ കൂട്ടിക്കൊണ്ടു പോകാനേ എനിക്കു് ഉദ്ദേശ്യമുള്ളു.

ഇറ്റലിയിലെ ചിത്രകാരനും ശില്പിയും വാസ്തുവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറും ശാസ്ത്രജ്ഞനുമായ ലേഓനാര്‍ദോ ദാവീഞ്ചീ (Leonardo da Vinci, 1452–1519) മീലാനിലെ ഒരു സന്ന്യാസിമഠത്തില്‍ “The Last Supper” എന്ന ചുവര്‍ചിത്രം എഴുതുന്ന കാലം. അതു എഴുതുന്ന കാലത്തു് ചിത്രകാരനു് യേശുവില്‍ നന്മയും ജ്രഡാസില്‍ തിന്മയും ചിത്രീകരിക്കേണ്ടി വന്നു. ശരിയായ മാതൃകകള്‍ കിട്ടുന്നതുവരെ ചിത്രരചന ലേഓനാര്‍ദോക്കു നിറുത്തിവയ്ക്കേണ്ടി വന്നു. ഒരു ദിവസം പള്ളിയിലെ ഗായക സംഘത്തില്‍ അദ്ദേഹം ഒരു ബാലനെകണ്ടു യേശുവിന്റെ ഛായയോടുകൂടി അദ്ദേഹം അവനെ സ്റ്റുഡിയോയില്‍ കൂട്ടിക്കൊണ്ടു പോയി പലതരത്തിലുള്ള സ്കെച്ചുകള്‍ വരച്ചു. മൂന്നു കൊല്ലം കഴിഞ്ഞു ചിത്രം ഏതാണ്ടു പൂര്‍ണ്ണമായി എങ്കിലും ജ്രഡാസിന്റെ മാതൃക കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു് അതു സമാപ്തമാകാതെ തന്നെയിരുന്നു. മഠത്തിലെ അധികാരികള്‍ ചിത്രകാരനെ അലട്ടി. ഫലരഹിതങ്ങളായ അന്വേഷണങ്ങള്‍ നടന്നു. ഒടുവില്‍ ഒരോടയില്‍ കാലമെത്തുന്നതിനു മുന്‍പു പ്രായക്കൂടുതല്‍ തോന്നിക്കുന്ന ഒരു യുവാവു കീറിപ്പറഞ്ഞ വസ്ത്രങ്ങളോടുകൂടി കിടക്കുന്നതു് ചിത്രകാരന്‍ കണ്ടു. നിറച്ചു കടിച്ചിരുന്നു ആ യുവാവു്. സമയം ഇല്ലാത്തതുകൊണ്ടു സ്കെച്ചുകള്‍ വരയ്ക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. അവനെ അദ്ദേഹം നേരേ മഠത്തിലേക്കു കൊണ്ടുപോയി. അവന്റെ മുഖത്തില്‍ പ്രതിഫലിച്ച പാപം, അഹങ്കാരം, ദുഷ്ടത ഇവയൊക്കെ ചിത്രകാരന്‍ ചിത്രത്തില്‍ വരച്ചു പടം പൂര്‍ണ്ണമായപ്പോള്‍ മദ്യത്തിന്റെ ലഹരിയില്‍ നിന്നു് മോചനം നേടിയ യുവാവു് കണ്ണു് തുറന്നും പടത്തെ നോക്കി. ഭയവും വിഷാദവും കലര്‍ന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു “ഞാന്‍ മുൻപു് ഈ ചിത്രം കണ്ടിട്ടുണ്ടു്.” അദ്ഭുതസ്തബ്ധനായ ലേഓനാര്‍ദോ ചോദിച്ചു. “എപ്പോള്‍?” “മൂന്നു വര്‍ഷം മുന്‍പു്. എനിക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെടുന്നതിനു മുന്‍പു്. ഞാന്‍ പള്ളിയിലെ ഗായക സംഘത്തില്‍ ചേര്‍ന്നു പാടിയിരുന്നു. എന്റെ ജീവിതം മുഴുവന്‍ സ്വപ്നങ്ങള്‍ നിറഞ്ഞതായിരുന്നു അക്കാലത്തു്. ചിത്രകാരന്‍ എന്നോടു് അപേക്ഷിച്ചു യേശുവിന്റെ മാതൃകയായി ചിത്രം വരയ്ക്കാന്‍ നിന്നു കൊടുക്കണമെന്നു്” എന്നു മറുപടി നല്കി അവന്‍. ഈ സംഭവ വിവരണം കേട്ട ഒരു പുരോഹിതന്‍ പറഞ്ഞു: “നന്മയ്ക്കും തിന്മയ്ക്കും ഒരേ മുഖമാണു് എന്നു് ഇപ്പോള്‍ മനസ്സിലായോ? മനുഷ്യന്റെ മുന്‍പിലുള്ള പാത കടന്നു പോകുന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു നന്മതിന്മകളെക്കുറിച്ചുള്ള അവബോധം.” തങ്ങളുടെ ജീവിതങ്ങളിലെ ഏതു ബിന്ദുവില്‍ വച്ചാണു് മാലാഖയോ പിശാചോ സ്പര്‍ശനം നല്കിയതു് എന്നു തങ്ങളോടു ചോദിച്ചു കൊണ്ടുതന്നെ ഭക്ഷണശാലയില്‍ ഇരുന്ന എല്ലാ ആളുകളും അവിടെ നിന്നു പോയി. ഈ അന്ധകാരത്തിന്റെയും പ്രകാശത്തിന്റെയും സംഘട്ടനം ചിത്രീകരിക്കുകയാണു് പൗലൂ കോഎല്യൂവിന്റെ ഈ പുതിയ നോവല്‍ വായിക്കു. ഹൃദയസമ്പന്നത നേടു.

The Devil and Miss Prym, Paulo Coelho, Translated by Amanda Hopkinson and Nlck Caistor, Rs. 228/75, Harper Collins, 2001, Pages 201.)

ശോകനാശനം

ഒരു പത്രവും തുറന്നു നോക്കാന്‍ വയ്യ. ഭീകരങ്ങളായ കൊലപാതകങ്ങളുടെ വര്‍ണ്ണനകള്‍ നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലോടെ നമ്മുടെ മാനസികനില തകരുന്നു.

കൊല്ലത്തെ ശ്രീനാരായണ കോളേജില്‍ പഠിച്ചിരുന്ന ഒരനന്തരവളുണ്ടായിരുന്നു തോപ്പില്‍ ഭാസിക്കു്. ഞാന്‍ ആ കുട്ടിയുടെ പടമേ കണ്ടിട്ടുള്ളു. സൗന്ദര്യത്താല്‍ അനുഹൃഹീത. രാത്രി ആ കുട്ടി മേശയ്ക്കരികില്‍ ഇരുന്നു പഠിക്കുമ്പോള്‍ നേരത്തേ അവിടെ കയറിക്കിടന്ന പാമ്പു് ആ കുട്ടിയുടെ കാലില്‍ കടിച്ചു. ബന്ധുക്കള്‍ കുട്ടിയെ അതിവേഗം വിദഗ്ദ്ധന്മാരെ കാണിച്ചു. ചെയ്യാവുന്ന ചികിത്സകള്‍ എല്ലാം ചെയ്തു. പക്ഷേ ആ കുട്ടി മരിച്ചു പോയി. എന്റെ ബന്ധുവല്ല മരിച്ചതു്. ഞാന്‍ കണ്ടിട്ടുമില്ല. എങ്കിലും എനിക്കു മഹാദുഃഖം. പല ദുഃഖങ്ങളും ദിനങ്ങള്‍ കഴിയുമ്പോള്‍ കുറഞ്ഞു പോകുമല്ലോ. എന്നാല്‍ നിഷ്കളങ്കയായ, നിരപരാധയായ ഈ പെണ്‍കുട്ടിയുടെ മരണം ജനിപ്പിച്ച ശോകത്തിനു് ഒരു കുറവും വന്നില്ല മാസങ്ങള്‍ കഴിഞ്ഞിട്ടും. അങ്ങനെയിരിക്കെ ജനയുഗം ആഴ്ചപ്പതിപ്പിന്റെ ആദ്യത്തെ പുറത്തു് ആ മരണത്തെക്കുറിച്ചു് പുതുശ്ശേരി രാമചന്ദ്രന്റെ ഒരു “നാൽക്കാലി” അച്ചടിച്ചു വന്നു. അതു വായിച്ചതോടുകൂടി എന്റെ വലിയ ദുഃഖത്തിനു ശമനമുണ്ടായി അത്രയ്ക്കു വിരൂപമായിരുന്നു പുതുശ്ശേരി രാമചന്ദ്രന്റെ കവിത.

അടുത്ത കാലത്തു് എന്റെ മനസ്സിനെ ഇളക്കിമറിച്ച സംഭവമാണു് അമേരിക്കന്‍ ജേണലിസ്റ്റ് ഡാനിയല്‍ പേളിന്റെ കഴുത്തു മുറിച്ചു് അദ്ദേഹത്തെ കൊന്നതു്. രാത്രിയില്‍ ഉറങ്ങുന്ന ഞാന്‍ ഞെട്ടിയുണരും. അപ്പോഴൊക്കെ ആ യുവാവിന്റെ കഴുത്തിലൂടെ കത്തി നീങ്ങിയതു് ചിത്രമെന്ന പോലെ എന്റെ അകക്കണ്ണു് കാണും ഞാന്‍ ലൈറ്റിന്റെ സ്വിച്ച് ഇടും. എഴുന്നേറ്റു് കട്ടിലില്‍ ഇരിക്കും. ഡാനിയല്‍ പേളിനെ ഓര്‍മ്മിച്ചു കൊണ്ടു് നേരം വെളുക്കുന്നതു വരെ ഞാന്‍ അങ്ങനെയിരിക്കും. എന്റെ ഈ മഹാദുഃഖത്തിന്റെ തീക്ഷ്ണത കുറയ്ക്കുന്നു യൂസഫലി കേച്ചേരി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ “ഡാനിയല്‍ പേള്‍” എന്ന കവിത.

കൊലപാതകം എന്ന സംഭവത്തെ സാക്ഷാത്കരിക്കുമ്പോള്‍ അതിനു യോജിച്ച വികാരമുണ്ടാകും. ആ സാക്ഷാത്കാരം ഇവിടെയില്ല. അതിനാല്‍ വികാരരഹിതങ്ങളായ കുറേ വരികള്‍ മാത്രമേ യൂസഫിലിയില്‍ നിന്നുണ്ടാകുന്നുള്ളു.

“സ്വാതന്ത്ര്യസത്തായിരുന്നു നീ ഡാനിയല്‍ പേള്‍”
“അക്ഷരത്തീയായിരുന്നു നീ ഡാനിയല്‍ പേള്‍”
“സ്വാതന്ത്ര്യത്താളായിരുന്നു ഡാനിയല്‍ പേള്‍”
“നേടിയ സാഫല്യമാണു് നീ ഡാനിയല്‍ പേള്‍”
“സംഗീതമാണു നീ ഡാനിയല്‍ പേള്‍”
“മേഗ്ന കാര്‍ട്ടയാകുന്നു നീ ഡാനിയല്‍ പേള്‍”

ഏതാനും വരികളുള്ള കവിതയില്‍ എത്ര ഡാനിയല്‍ പേള്‍! പഞ്ചാരയുടെ മാധൂര്യം അറിയണമെങ്കില്‍ അതു നാക്കിലിട്ടു നോക്കണം. അല്ലാതെ കടലാസ്സില്‍ പഞ്ചാരയെന്നു എഴുതി വച്ചിട്ടു് നക്കിയാല്‍പ്പോരാ. ഡാനിയല്‍ പേള്‍, യൂസഫലിയുടെ വരികളില്‍ വീണ്ടും മരിക്കുന്നു. ശോകമാവിഷ്കരിക്കുന്ന കവിതയില്‍ ഉചിതജ്ഞതയില്ലാതെ “കുങ്കുമ രശ്മിയാലെന്തു സന്ദേശമോ പങ്കജത്താളില്‍ കുറിച്ചിട്ടു സൂര്യ നീ?” എന്ന അലങ്കാരം പ്രയോഗിക്കലുണ്ടല്ലോ യൂസഫലിയുടെ ഇതു കവിതയുടെ സാകല്യാവസ്ഥയിലുള്ള വൈരുപ്യത്തെ കൂട്ടുന്നു. പുതുശ്ശേരി രാമചന്ദ്രന്റെയും യൂസഫലി കേച്ചേരിയുടെയും ഇമ്മതിരി സേവനങ്ങള്‍ നമുക്കു വേണം. നമുക്കു മഹാദുഃഖമുണ്ടാകുമ്പോള്‍ കലാവൈരൂപ്യത്തിലൂടെ അവര്‍ നമ്മെ അതില്‍ നിന്നു് കരകയറ്റുന്നല്ലോ.

ചോദ്യം, ഉത്തരം

Symbol question.svg.png “ആശ്ശീലം എന്താണെന്നു പറയാമോ?”

“കെയ്സ് — ബലാത്സംഗക്കെയ്സ് — വിസ്തരിക്കുമ്പോള്‍ മജിസ്റ്റ്രേട്ടിനു് കാമവികാരമുളവാക്കുന്നതു് അശ്ലീലം. കുമാരസംഭവം പഠിപ്പിക്കുമ്പോള്‍ ‘ക്ഷണമിമകളില്‍ നിന്നു തല്ലി ചുണ്ടില്‍ കുളൂര്‍മുല മേലഖ വീണുടന്‍ തകര്‍ന്നു’ എന്ന ശ്ലോകം കാണുമ്പോള്‍ ഒരു കോളേജധ്യാപകന്‍ കുളൂര്‍മുല എന്നതു ക്ലാസ്സില്‍ ചൊല്ലുകില്ല. അതു അദ്ദേഹം വിഴുങ്ങല്‍ നടത്തുന്നതു കാണാന്‍ സാധിക്കും. തിരുവനന്തപുരത്തെ യൂണിവേഴസിറ്റി കോളേജില്‍ ജോലിയായിരുന്നു അദ്ദേഹത്തിനു്. പാവം മരിച്ചു പോയി. ഏതു വാക്കുകള്‍ ലക്ചറര്‍ വിഴുങ്ങുന്നുവോ അവ അശ്ലീലം. ഈ ഉത്തരത്തിന്റെ ആദ്യം പറഞ്ഞ മജിസ്റ്റ്രേട്ട് സാങ്കല്പിക വ്യക്തിയല്ല. പില്ക്കാലത്തു് സെക്രട്ടേറിയറ്റില്‍ സെക്രട്ടറിയായി വന്നു അദ്ദേഹം. ഫയല്‍ കൊണ്ടു ചെല്ലുന്ന എന്നോടു് തിരുവല്ലയിലെ ബലാത്സംഗക്കേസില്‍ ആക്ച്വല്‍ പെനിറ്റ്രേഷന്‍’ നടന്നോ എന്നു് ചോദിച്ചു. ആ ചോദ്യത്തോടെ അദ്ദേഹത്തിനു് രതിമൂര്‍ച്ഛയുണ്ടായി. ഞാന്‍ മറുപടി പറയാതെ രക്ഷപ്പെട്ടു്.”

Symbol question.svg.png “പെന്‍ഷന്‍ പ്രായം അമ്പത്തിയെട്ടു് ആക്കുന്നതിനോടു് നിങ്ങള്‍ക്കു യോജിപ്പു് ഉണ്ടോ?”

“ഉദ്യോഗസ്ഥന്മാരുടെ ഭാര്യമാരെക്കരുതി യോജിക്കുന്നു. മൂന്നു കൊല്ലം കൂടി ഓഫീസില്‍ ഇരിക്കുമല്ലോ. അത്രയും കാലം ഭാര്യമാര്‍ക്കു സ്വൈരമായി ജീവിക്കാം. പെന്‍ഷന്‍ പറ്റിയ ഭര്‍ത്താവു് പത്തിരട്ടി ഭര്‍ത്താവായിച്ചമയും ഭാര്യമാരുടെ മുന്‍പില്‍. അത്രയ്ക്കു് അവര്‍ക്കു ദുഃഖവും കൂടും. ഐ.എ.എസ്. ഓഫീസര്‍മാരുടെ പെന്‍ഷന്‍ പ്രായം എഴുപതാക്കണം എന്ന മതമാണു് എനിക്കു്. ബഹുജനം ക്ലേശിക്കും. എങ്കിലും അവരുടെ ഭാര്യമാര്‍ക്കു ക്ളേശം കുറയും.”

തകഴി, കേശവദേവ്, ബഷീര്‍, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍ ഇവരുടെ കഥകള്‍ അടിത്തട്ടു കാണാവുന്ന പുഴ പോലെ ഒഴുകുകയാണു്.

Symbol question.svg.png “അലവലാതികള്‍ ആരു്? മദാമ്മമാരോ കേരളത്തിലെ സ്ത്രീകളോ?”

“സംശയമെന്തു്? മദാമ്മമാര്‍ മിനഞ്ഞാന്നു് ഞാന്‍ സ്പെന്‍സര്‍ സ്റ്റോഴ്സില്‍ ഒരു കാഴ്ച കണ്ടു. ഒരു മദാമ്മ നീളം കൂടിയ ചോക്ക്ലെറ്റ് വാങ്ങി കടലാസ്സ് നീക്കി അതില്‍ ഒരു കടി കടിച്ചു. തുപ്പല്‍ പുരണ്ട, വാനാറ്റം കൊണ്ടു മലീമസമായ ബാക്കി ചോക്ക്ലെറ്റ് ഭര്‍ത്താവു് കടിക്കാന്‍ വേണ്ടി അയാളുടെ വായില്‍ വച്ചു കൊടുത്തു. അയാള്‍ കടിച്ചങ്ങു തിന്നു. ഒരു മലയാളി സ്ത്രീയും ഇതു ചെയ്യുകയില്ല. റോഡിലൂടെ കപ്പലണ്ടി തിന്നു നടക്കുന്നവര്‍ മദാമ്മമാരല്ലേ?”

Symbol question.svg.png “അത്യന്താധുനിക കവിതയെ പേടിക്കുന്നോ നിങ്ങള്‍?”

“കേട്ടുകേട്ടു് പേടി പോയി. പക്ഷേ അതിനെക്കുറിച്ചു സിംപോസിയം നടത്തുമ്പോള്‍ ഞാന്‍ പേടിക്കുന്നു. പത്രങ്ങളില്‍ അതിന്റെ റിപോര്‍ട് വരുമല്ലോ, സിംപോസിയത്തില്‍ പങ്കുകൊണ്ടവരുടെ പടം വരുമല്ലോ എന്നതുകൊണ്ടാണു് വല്ലാത്ത പേടി.”

Symbol question.svg.png “റ്റെലിവിഷന്‍ കാണാറുണ്ടോ നിങ്ങള്‍?”

“റ്റെലിവിഷന്‍ ലിറ്റററി ഡിസ്കഷനുള്ളതാണു്. അതു നടക്കുമ്പോള്‍ മാന്യന്മാര്‍ സെറ്റ് ഓഫാക്കും. ഡിസ്കഷന്‍ നടത്തുന്നവര്‍ തങ്ങളുടെ ആകൃതിസൗഭഗവും ശബ്ദമാധുര്യവും പ്രേക്ഷകര്‍ക്കു ആഹ്ലാദജനകമാകുന്നല്ലോ എന്നു വിചാരിച്ചു കൂടുതലായി സംസാരിക്കും. ചേഷ്ടകള്‍ കാണിക്കും.”

Symbol question.svg.png “നിങ്ങള്‍ പതിവായി ചെയ്യുന്ന തെറ്റു് എന്താണു്?”

“പരിചയമില്ലാത്ത സ്ത്രീകള്‍ എന്നെക്കാണുമ്പോള്‍ ചിരിക്കും. അതു് മര്യാദയോടെ സ്വീകരിക്കണമല്ലോ. ഞാന്‍ കൈ കൂപ്പും. അവര്‍ തിരിച്ചു തൊഴാതെ പോകും. കവിളില്‍ അടി കിട്ടിയ പോലെ ഞാന്‍ ഇസ്പീഡ് ഗുലാനെപ്പോലെ റോഡില്‍ നിന്നുപോകും”

വിചാരങ്ങള്‍

 1. ഞാന്‍ ഇന്‍ഡ്യന്‍ കോഫി ഹൗസിലിരുന്നു കാപ്പി കുടിക്കുകയായിരുന്നു. എനിക്കു ഒട്ടും പരിചയമില്ലാത്ത ഒരാള്‍ വന്നു് എന്റെ മേശയ്ക്കു് അരികിലിരുന്നു. വേറെ എത്രയോ കസേരകളും മേശകളും ഒഴിഞ്ഞുകിടക്കുന്നു. ഇയാളെന്തിനു് ഇവിടെ വന്നു് ഇരിക്കുന്നു എന്നു ഞാന്‍ എന്നോടു തന്നെ ചോദിച്ചു് നീരസം ഉള്ളിലൊതുക്കി. ഞാന്‍ ഒരു മേശപ്പുറത്തു് കാപ്പിയുള്ള കപ്പ് വച്ചു് ഇരിക്കുമ്പോള്‍ അതിന്റെ (മേശയുടെ) പകുതി ഭാഗം എന്റേതാണു്. ആ ഭാഗത്തേക്കു പുതുതായി വന്നവന്‍ ബാഗ് തള്ളി വച്ചാല്‍ എനിക്കു വിരോധമുണ്ടാകും. അവിടെ അയാള്‍ വന്നിരുന്നതേ തെറ്റു്. കൂടാതെ തടിച്ച ബാഗിന്റെ അറ്റം എനിക്കു് അധികാരമുള്ള ഭാഗത്തേക്കു തള്ളി വയ്ക്കുകയും ചെയ്തു. ഞാന്‍ ദേഷ്യം പുറത്തു കാണിച്ചില്ല. മേശയുടെ പകുതി ഭാഗം എന്റേതാണെന്ന വിചാരത്തിനു് ഇംഗ്ലീഷില്‍ territorial imperative എന്നു പറയും. ഇതിന്റെ സ്വാധീനത മറ്റു പല മണ്ഡലങ്ങളിലും കാണാം. ഇംഗ്ലീഷ് അധ്യാപകര്‍ കീറ്റ്സിനെക്കുറിച്ചും ബ്രൗണിങ്ങിനെക്കുറിച്ചും പറഞ്ഞുകൊള്ളണം; അവര്‍ വള്ളത്തോള്‍ക്കവിതയെ നിരൂപണം ചെയ്യാന്‍ അര്‍ഹതയുള്ളവരല്ല എന്നു മലയാളാധ്യാപകര്‍ കരുതുന്നു. ഇംഗ്ലീഷ് പഠിപ്പിക്കുന്നവര്‍ മലയാളകവിത എഴുതിയാല്‍ ആദ്യം പ്രതിഷേധിക്കുന്നതു മലയാളാധ്യാപകരായിരിക്കും. അതുപോലെ ഐ.എ.എസ്. ഉദ്യോഗസ്ഥന്മാര്‍, ഐ.പി.എസ്. ഉദ്യോഗസ്ഥന്മാര്‍ കഥയോ കവിതയോ എഴുതിയാല്‍ മലയാളത്തിലെ പ്രെഫഷനല്‍ സാഹിത്യകാരന്മാര്‍ക്കു് ലേശം പോലും ഇഷ്ടം കാണില്ല. ഞാന്‍ പബ്ളിക് ലൈബ്രറിയില്‍ അംഗമായിരുന്ന കാലത്തു് മൂന്നും നാലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ എടുത്തു് നെഞ്ചോടു ചേര്‍ത്തുവച്ചു് ബസ്സ്റ്റോപ്പിലേക്കു നടക്കുന്നതു പതിവായിരുന്നു. അതുകണ്ടു് സെക്രട്ടേറിയറ്റിനു മുന്‍പിലുള്ള കാല്‍നടപ്പാതയില്‍ ‘വാനോട്ടും’ നടത്താനായി കൂടിനില്ക്കുന്ന ചില ഇംഗ്ലീഷ് പ്രഫെസേഴ്സ് feeding instruction through the chest’ എന്നു പറയുമായിരുന്നു. പരീക്ഷ ജയിച്ചാല്‍ റ്റെനിസണ്‍ വരെ അറിയാം. അല്ലെങ്കില്‍ ഡിക്കിന്‍സ് വരെ വായിച്ചിട്ടുണ്ടു്. Then the door is closed. ഇവന്മാരാണു് വായനയില്‍ കൗതുകമുള്ള മലയാളാധ്യാപകരെ ഹീനമായി കളിയാക്കുന്നതു്.
 2. ഞാന്‍ തിരുവനന്തപുരത്തെ ചാല ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ പഠിച്ചിരുന്നു. എന്റെ കണക്കുസ്സാര്‍ സുന്ദരമയ്യര്‍. (പില്ക്കാലത്തു് D.E.O.) ഒരു ദിവസം ഇംഗ്ലീഷധ്യാപകന്‍ വരാതിരുന്നപ്പോള്‍ സുന്ദരമയ്യര്‍സ്സാര്‍ ക്ലാസ്സിലെത്തി, വേഡ്സ് വര്‍ത്തിന്റെ ‘Solitary Reaper’ എന്ന കവിത ഒന്നാന്തരമായി പഠിപ്പിച്ചിട്ടു പോയി. വേറൊരു സന്ദര്‍ഭത്തില്‍ സാറ് ഉള്ളൂരിന്റെ കവിതയെക്കുറിച്ചു് പ്രൗഢമായി പ്രസംഗിച്ചു. എനിക്കു് അദ്ഭുതമായി. Pythagoras’ theorem ബഹുകേമമായി പഠിപ്പിക്കുന്ന സാറ് ഉള്ളൂരിന്റെ ‘പിംഗള’യെക്കുറിച്ചു് അവഗാഹത്തോടെ സംസാരിക്കുകയോ? വിസ്മയങ്ങളില്‍ വിസ്മയം! ഞാന്‍ സാറിനെ സ്നേഹിച്ചു. ബഹുമാനിച്ചു. ഒരു ദിവസം, ഞാന്‍ എഴുതിയ ഒരു ചെറുകഥ സാറിനെ കാണിച്ചു് അടുത്ത ദിവസം അഭിപ്രായം പറയാമെന്നു് അറിയിച്ചു് സാറതു കൊണ്ടുപോയി. അടുത്ത ദിവസം സാറ് എന്നെ തുറിച്ചുനോക്കിക്കൊണ്ടു് പറഞ്ഞു: “Krishna, you are not an artist. You are only a fabricator.” എന്റെ ചോദ്യം “Sir, may I know what fabrication is?” സാറ് പറഞ്ഞു: “Fabrication is manufacture. It is untruthful composition. Your story is a manufacture. It is untruthful composition. You story is a manufactured product from the many parts of the stories of Takazhi, Kesava Dev and S.K. Pottekkatt. The artist is a magician. You are not a magician.” ഞാന്‍ വല്ലാതെ ക്ഷീണിച്ചു. പിന്നീടു് കഥയെഴുതിയിട്ടില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘പറയാതെ പോയതു് എന്ന കഥയെഴുതിയ പ്രഫുല്ലചന്ദ്രന്‍, മൂടാടിയെ ഞാന്‍ എം. കൃഷ്ണന്‍ നായര്‍ ആക്കുന്നു. ഞാന്‍ സുന്ദരമയ്യര്‍ സാറും. എന്നിട്ടു് അദ്ദേഹത്തോടു പറയുന്നു. “Mr. Praphulla Chandran, you are neither a fabricator nor and artist.” വെറും നിര്‍മ്മിതി (തട്ടിക്കൂട്ടല്‍) അല്ല പ്രഫുല്ല ചന്ദ്രന്‍ നടത്തുന്നതു്. എന്നാല്‍ അദ്ദേഹത്തിന്റെ രചനയ്ക്കു കലയുടെ മാന്ത്രികത്വം ഇല്ലതാനും. ശാന്തി ഒരു യുവാവിനു് ബെല്ലയെ പരിചയപ്പെടുത്തിക്കൊടുക്കുന്നു. ബെല്ലയും യുവാവുമടുത്തപ്പോള്‍ ശാന്തിക്കു അസൂയ. ബെല്ല, അപ്രത്യക്ഷയാകുന്നു. കഥയും തീരുന്നു. യുക്തിക്കു ചേര്‍ന്ന ഘടന പ്ലോട്ടിനുള്ളതുകൊണ്ടു് ഇതു ആശാരി മരപ്പലകകള്‍ കൂട്ടിവച്ചു് മരയാണി അടിച്ചു കയറ്റുന്ന പ്രതീതി ജനിപ്പിക്കുന്നില്ല. പക്ഷേ കലയുടെ മാത്രികത്വമില്ല. “And mark in every face I meet/Marks of weakness, marks of woe” എന്നു് കവി പറഞ്ഞതുപോലെ ഞാന്‍ കാണുന്ന കഥകളിലെല്ലാം ദൗര്‍ബ്ബല്യവും വിഷാദവും.
 3. കോടാനുകോടി സൂര്യന്മാര്‍ അന്തരീക്ഷത്തില്‍ നിന്നു് രശ്മികള്‍ പ്രസരിപ്പിക്കുന്നു. ബുദ്ധന്‍, സോക്രട്ടീസ്, ക്രിസ്തു, ഔപനിഷദീയ ഗ്രന്ഥങ്ങള്‍ രചിച്ച മഹര്‍ഷിമാര്‍, ശങ്കരാചാര്യര്‍, രാമാനുജന്‍, ഗാന്ധി ഇവരില്‍ ഓരോ വ്യക്തിയും സൂര്യനാണു്. ആ സൂര്യന്മാരില്‍ നിന്നു് പുറപ്പെടുന്ന മയൂഖങ്ങള്‍ നമ്മളുടെ കണ്ണുകള്‍ തുറപ്പിക്കുന്നില്ല. അന്ധത്വമാണു് നമുക്കു്. ഈ അന്ധത്വം മാറ്റാനല്ല നമ്മടെ യത്നം. കത്തിയെടുത്തു് സഹോദരന്റെ കഴുത്തു മുറിക്കുന്നു നമ്മള്‍. ഒരു പത്രവും തുറന്നു നോക്കാന്‍ വയ്യ. ഭീകരങ്ങളായ കൊലപാതകങ്ങളുടെ വര്‍ണ്ണനകള്‍ നമ്മളെ ഞെട്ടിക്കുന്നു. ആ ഞെട്ടലോടെ നമ്മുടെ മാനസികനില തകരുന്നു. ആ ദിനം മുഴുവന്‍ നമുക്കു ‘ഡിപ്രെഷന്‍’.

  ബിംബങ്ങള്‍ നിവേശിപ്പിക്കുമ്പോള്‍ അതില്‍ നിന്നു ലയമുണ്ടാകും. ആ ലയം അര്‍ത്ഥ സംക്രമണത്തിനും വികാര സംക്രമണത്തിനും സഹായിക്കും. ഇതൊന്നും നമ്മുടെ കഥാകാരന്മാര്‍ക്കു് അറിഞ്ഞുകൂടാ.

 4. ഞാന്‍ പ്രതിലോമകാരിയാണെന്നു് പ്രിയപ്പെട്ട വായനക്കാര്‍ കരുതരുതു്. നമ്മുടെ സമുന്നത സ്ത്രീത്വത്തിന്റെ ശാശ്വത പ്രതീകങ്ങള്‍ സീതയും ദമയന്തിയും ശീലാവതിയുമാണു്. അവര്‍ക്കെന്താണു് മഹനീയത? ചാരിത്രശാലിനികളായിരുന്നെന്നോ? സീത മറ്റൊരു പുരുഷനെ കടാക്ഷിച്ചില്ലെന്നോ? ദമയന്തി നളനോടുള്ള ഭക്തികൊണ്ടു് അയാളുമായുള്ള പുനസ്സമാഗമം വരെ ചാരിത്രം സംരക്ഷിച്ചെന്നോ? ഇതിലൊക്കെ ഇത്ര ഉത്കൃഷ്ടമായി എന്തുണ്ടു്? രക്തബന്ധമില്ലാത്ത അന്യപുരുഷനോടു ഭക്തിയുണ്ടായാല്‍, സ്നേഹമുണ്ടായാല്‍ അതിലെന്താണിത്ര കേമത്തം? നേരേമറിച്ചാണു് ആന്റിഗണി. അവള്‍ ചോരയുടെ ബന്ധമുള്ള സഹോദരന്റെ മൃതദേഹത്തില്‍ രാജാജ്ഞയെ തൃണവല്‍ ഗണിച്ചു് മണ്ണ വാരിയിട്ടു് ദുരന്തം വരിക്കുന്നില്ലേ? ആന്റിഗണയുടെ അടുത്തു വരാനുള്ള യോഗ്യത സീതയ്ക്കുണ്ടോ ദമയന്തിക്കുണ്ടോ? സൂര്യനെ ഉദിപ്പിക്കാത്ത ശീലാവതിക്കുണ്ടോ? പക്ഷേ ആന്റിഗണിയുടെ ആ മഹത്ത്വം പണ്ടേക്കാലത്തു മാത്രം. വിവാഹിതയായി ഭര്‍ത്താവിനോടൊരുമിച്ചു കഴിയുന്ന ഇന്നത്തെ സഹോദരി ഭര്‍ത്താവിന്റെ ആജ്ഞയനുസരിച്ചു് തന്നെ വളര്‍ത്തി നല്ല നിലയിലാക്കിയ ചേട്ടനു് എതിരായി കെയ്സ് കൊടുക്കുന്നു. ചേട്ടന്‍ അനുജനെ വെട്ടിക്കൊല്ലുന്നു. ഭര്‍ത്താവു് ഭാര്യയെ ഞെക്കിക്കൊല്ലുന്നു. ഞാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കാണാന്‍ പോയി നോവലിസ്റ്റ് കെ. സുരേന്ദ്രനുമൊരുമിച്ചു്. ഒരു തടവുകാരിയോടു് — ചെറുപ്പക്കാരിയോടു് — ഞാന്‍ ചോദിച്ചു “എന്തു കുറ്റം ചെയ്തു”വെന്നു്. അവള്‍ മര്യാദയോടുകൂടി പറഞ്ഞു: “ഞാന്‍ എന്റെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു” എന്നു്.

  ലോകം ദുഃഖമയം ഈ ദുഃഖം ലേശമെങ്കിലും അകറ്റാമെന്നു് വിചാരിച്ചു് ദേശാഭിമാനി വാരികയില്‍ വി. സുരേഷ് കുമാര്‍ എഴുതിയ “കള്ളന്മാര്‍ ഉണ്ടാകുന്നതു്” എന്ന കഥ വായിച്ചു അതിലെ കലാഹിംസ കണ്ടു് ഞാന്‍ ലേശം ഞെട്ടി. ഭക്ഷണം കഴിക്കാനില്ലാതെ ഒരു അധ്യാപകനും ശിഷ്യനും കള്ളന്മാരായി മാറുന്നത്രേ ഇത്തരം കഥകള്‍ പതിവായി വായിച്ചാല്‍ വായിക്കുന്നവര്‍ അകാലചരമമടയും നമ്മുടെ ‘കാലത്തിന്നൊത്തിരിപ്പു’ രചനകള്‍. “കരള്‍ക്കെട്ടുകള്‍ പൊട്ടി”ക്കൊണ്ടിരിക്കുന്നു.

 5. തകഴി ശിവശങ്കരപ്പിള്ളയുടെ ‘നാളും പേരുമില്ലാത്ത കത്തു്’ (കഥയുടെ പേരു അതുതന്നെയോ?) ഷ്ടെഫാന്‍ റ്റ്സ്വൈഖിന്റെ ‘Letter from an unknown woman’ എന്ന കഥയുടെ തര്‍ജ്ജമയാണെന്നു് കാണിച്ചു് ഞാന്‍ അക്കാലത്തെ പ്രമുഖമായ ഒരു പത്രത്തിലെഴുതി (പട്ടം താണു പിള്ളയുടെ മരുമകന്‍ പട്ടം കൃഷ്ണപിള്ള പത്രാധിപരായിരുന്ന പത്രം). ലേഖനം വായിച്ചവരാകെ അഭിനന്ദനം കൊണ്ടു് എന്നെ ശ്വാസം മുട്ടിച്ചു, പ്രത്യേകിച്ച് ഡോക്ടര്‍ പി.കെ. നാരായണപിള്ള great criticism എന്നു പറയാന്‍ പോലും പി.കെ. സാര്‍ മടിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞു് തകഴിയുടെ മറുപടി വന്നു ആ പത്രത്തില്‍ത്തന്നെ. താന്‍ റ്റ്സ്വൈഖിന്റെ കഥ തര്‍ജ്ജമ ചെയ്തതാണെന്നു് തകഴി സമ്മതിച്ചു. അദ്ദേഹമല്ലാതെ ഒരു സാഹിത്യകാരനും ഇങ്ങനെ കുറ്റസമ്മതം നടത്തുകില്ല. ‘ഞാന്‍ അങ്ങനെയൊരു ഇംഗ്ലീഷ് കഥ, ഇംഗ്ലീഷ് കവിത കണ്ടിട്ടേയില്ല’ എന്നാവും മറുപടി നല്കുക തകഴി എപ്പോഴും ഈ ധൈഷണിക സത്യസന്ധത പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. പിന്നെന്തിനു് അദ്ദേഹം റ്റ്സ്വൈഖിന്റെ കഥ മലയാളത്തിലാക്കി എന്നു ചിലര്‍ ചോദിച്ചേക്കും. എ ബാലകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമനുസരിച്ചു് തകഴി എഴുതിയ കാലം. അദ്ദേഹം റ്റ്സ്വൈഖിന്റെ കഥ തര്‍ജ്ജമ ചെയ്യാന്‍ പറഞ്ഞിരിക്കും. തകഴി ഗുരുവിന്റെ ആജ്ഞയനുസരിച്ചിരിക്കും.
 6. “At Home in the World A window on Contemporary Indian Literature” എന്ന പേരില്‍ കെ. സച്ചിദാനന്ദനും മറ്റുള്ള പ്രാദേശിക എഴുത്തുകാരും ചേര്‍ന്നു് കമനീയമായ ഒരു ഗ്രന്ഥം പ്രസാധനം ചെയ്തിരിക്കുന്നു. ഗ്രന്ഥം കമനീയമാണെങ്കിലും ഉള്ളടക്കം അങ്ങനെയല്ല. മലയാള കഥയുടെ പ്രതിനിധിയായി സക്കറിയയുണ്ടു് (ഈ എഴുത്തു് എന്ന കഥ). മലയാള കവിതയുടെ പ്രതിനിധികള്‍ കെ. സച്ചിദാനന്ദന്‍ തന്നെ (രണ്ടു കവിതകള്‍). സുഗതകുമാരിയുടെ രണ്ടു കവിതകള്‍ — പാവം മാനവഹൃദയം, രാത്രിമഴ — മലയാള കവിതയ്ക്കു പ്രാതിനിധ്യസ്വഭാവം അരുളുന്നു. എഴുതാന്‍ വിട്ടുപോയി. എം.ടി. വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴ’ത്തില്‍ നിന്നു് ഹ്രസ്വമായ ഭാഗം ചേര്‍ത്തു സഹൃദയരുടെ രൂക്ഷമായ നോട്ടത്തെ തടുത്തിരിക്കുന്നു സച്ചിദാനന്ദന്‍. സ്വന്തം കവിതകള്‍ രണ്ടെണ്ണമാണു് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതു്. താന്‍ ഒരുക്കുന്ന സദ്യ താനല്ലാതെ മറ്റാരും അതു കഴിച്ചുകൂടല്ലോ. അക്ഷന്തവ്യമായ അപരാധം ഒ.എന്‍.വി. കുറുപ്പിനെയും ഡോക്ടര്‍ കെ. അയ്യപ്പപ്പണിക്കരെയും ഈ ഗ്രന്ഥത്തില്‍ നിന്നു് ഗളഹസ്തം ചെയ്തിരിക്കുന്നു എന്നതാണു്. ഒ.എന്‍.വിയുടെ കവിത ആധുനികമല്ലെന്നാണു് സച്ചിദാനന്ദന്റെ മതമെങ്കില്‍ സുഗതകുമാരിയുടെ കവിതകള്‍ sentimental അല്ലേ? ഒ.എന്‍.വിയുടെ കവിതയ്ക്കു സുഗതകുമാരിയുടെ കവിതകളെക്കാള്‍ അര്‍വാചീനതയില്ലേ? നിഷ്പക്ഷമായ വിലയിരുത്തലല്ല സച്ചിദാനന്ദന്റേതു്. അതിനെ പക്ഷപാത സങ്കീര്‍ണ്ണതയുടെ പ്രകാശനമായേ കാണാന്‍ കഴിയൂ. ഇത്തരം സാന്മാര്‍ഗ്ഗിക ഭ്രംശങ്ങള്‍ക്കു ശിക്ഷ നല്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ വ്യവസ്ഥയില്ല.
 7. തകഴി, കേശവദേവ്, ബഷീര്‍, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, കാരൂര്‍, ഇവരുടെ കഥകള്‍ അടിത്തട്ടു കാണാവുന്ന പുഴ പോലെ ഒഴുകുകയാണു്. ഒരു സംശയവും ഒരു കഥയെക്കുറിച്ചും ഉണ്ടാവുകയില്ല. ബിംബങ്ങളുടെ ക്രമാനുഗതമായ നിവേശനമാണു്. ഈ സ്പഷ്ടതയ്ക്കു ഹേതു. അതു ചെയ്യാതെ ബിംബങ്ങള്‍ താന്തോന്നികളായി കഥകളില്‍ വന്നാല്‍ വായനക്കാരനു് ദുര്‍ഗ്രഹങ്ങളായിത്തോന്നും. അവയെക്കുറിച്ചു നിരൂപണം എഴുതുന്നവന്റെ നേര്‍ക്കു രചയിതാവിനു തട്ടിക്കയറേണ്ടതായിവരും. അടുത്ത കാലത്തു് ഒരു കഥയിലെ സ്ത്രീകഥാപാത്രം വേശ്യയാണെന്നു് ഞാനെഴുതി. മകള്‍ ആ കഥാപാത്രത്തെ അശ്ലീലത കലര്‍ന്ന ഭാഷയില്‍ നിന്ദിച്ചതുകൊണ്ടാണു് ഞാന്‍ വേശ്യയെന്നു് എഴുതിയതു്. ഉടനെ കഥാകാരന്റെ കത്തു് എനിക്കുകിട്ടി. “ആ കഥാപാത്രം വേശ്യയല്ല. നിങ്ങള്‍ക്കു കഥ വായിച്ചിട്ടു മനസ്സിലായില്ല” ഇങ്ങനെ പോകുന്നു കത്തു്. 33 കൊല്ലത്തെ റ്റീച്ചിങ് അനുഭവവും 65 കൊല്ലത്തെ ഗ്രന്ഥപാരായണവും കൊണ്ടു് ആര്‍ജ്ജിച്ച സംസ്കാരത്താലാണു് ഞാന്‍ വിമര്‍ശനം നടത്തുന്നതു്. ഞാന്‍ എഴുതിയതു് രചയിതാവു് ഉദ്ദേശിച്ചതല്ലെങ്കില്‍ കുറ്റം എന്റേതല്ല. ബിംബങ്ങള്‍ നിവേശിപ്പിക്കുമ്പോള്‍ അതില്‍ നിന്നു ലയമുണ്ടാകും. ആ ലയം അര്‍ത്ഥസംക്രമണത്തിനും വികാരസംക്രമണത്തിനും സഹായിക്കും. ഇതൊന്നും നമ്മുടെ കഥാകാരന്മാര്‍ക്കു് അറിഞ്ഞുകൂടാ. അവര്‍ എന്തോ വിചാരിക്കുന്നു. അതു പ്രകാശിപ്പിക്കാന്‍ തുനിയുമ്പോള്‍ അര്‍ദ്ധപരാജയമാണു്. ‘എന്റെ കഥ ഒന്നാന്തരം’ എന്നു വിചാരിച്ചു് വാരികയ്ക്ക് അയക്കുന്നു. ഭാഗ്യക്കേടുകൊണ്ടു അതു അച്ചടിമഷി പുരണ്ടു വന്നാല്‍ നിരൂപകനു് അയാളുടെ സാഹിത്യസംസ്കാരമനുസരിച്ചേ അര്‍ത്ഥഗ്രഹണം ഉണ്ടാകൂ. അതുവച്ചു് അയാള്‍ നിരൂപണമെഴുതിയാല്‍ കഥാകാരന്‍ തെറിവാക്കുകളുമായി മുന്നോട്ടുവരും. ഇക്കാര്യം കഥാകാരന്മാര്‍ മനസ്സിലാക്കണമെന്നാണു് എന്റെ അഭിലാഷം. അഭിലാഷങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ യാചകര്‍ കുതിരസ്സവാരി ചെയ്യുമായിരുന്നു എന്നു് ഇംഗ്ലീഷ് പഴഞ്ചൊല്ല്.