close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 11 11


[[Category:1984]

സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 11 11
ലക്കം 478
മുൻലക്കം 1984 11 04
പിൻലക്കം 1984 11 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

വളരെ വിചിത്രങ്ങളായ ചോദ്യങ്ങൾ ഈ ലേഖകനോട് വായനക്കാർ ചോദിക്കാറുണ്ട്. ഉത്തരം നൽകാൻ പ്രയാസമുള്ള അസംഗതങ്ങളായ ചോദ്യങ്ങൾ. അവയിൽ ഒന്ന്: സി. വി. രാമൻപിള്ളയും ഒ. വി. വിജയനും തമ്മിൽ കലാകാരന്മാരെന്ന നിലയിൽ എന്തു വ്യത്യാസമുണ്ട്? ഇതിനു ഉത്തരം പറയാനുള്ള ആയാസം കുറച്ചൊന്നുമല്ല. എങ്കിലും ശ്രമിക്കട്ടെ. സി. വി. രാമൻപിള്ള പ്രകാശത്തിന്റെ ലോകവും അന്ധകാരത്തിന്റെ ലോകവും വേറെയായി വേറെയായി ചിത്രീകരിച്ചു. നന്മയുടെയും തിന്മയുടെയും ലോകങ്ങളെ ആലേഖനം ചെയ്തു എന്നു വേറൊരു വിധത്തിൽ പറയാം. പ്രകാശത്തിന്റെ അല്ലെങ്കിൽ നന്മയുടെ ലോകം രാജഭക്തിയുടെ ലോകം തന്നെയാണ്. അന്ധകാരത്തിന്റെ അല്ലെങ്കിൽ തിന്മയുടെ ലോകം രാജഭക്തിയെ നിന്ദിക്കുന്ന ലോകവും. രാജാധികാരത്തെ ധ്വംസിക്കാനെത്തിയ ഹരിപഞ്ചാനനയുഗ്മത്തെ അദ്ദേഹം ഉള്ളുകൊണ്ട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തോ? ശ്രീമൂലം തിരുനാൾ മഹാരജാവിന്റെ ധർമ്മനിഷ്ഠയില്ലായ്മയെ ധ്വനിപ്പിക്കാനല്ലേ അദ്ദേഹം നോവലിനു ‘ധർമ്മരാജാ’ എന്നു പേരിട്ടത്? ഈ ചോദ്യങ്ങളൊക്കെ ഇരിക്കട്ടെ. അദ്ദേഹത്തിന്റെ ചരിത്ര നോവലുകൾ മുഴുവനും വായിച്ചുകഴിയുമ്പോൾ രാജാവിനോടു പ്രജകൾ ഭക്തിയുള്ളവരായിരിക്കണം എന്ന ഉപദേശംതന്നെയാണു നമ്മുടെ ആന്തരശ്രോത്രം കേൾക്കുക. ഇമ്മട്ടിലുള്ള ഉപദേശമൊക്കെ ഉദ്ബോധനമോ ‘ഖസാക്കിന്റെ ഇതിഹാസം’ എഴുതിയ വിജയനിൽനിന്ന് ഉണ്ടാകുന്നില്ല. അദ്ദേഹം മനുഷ്യജീവിതത്തിന്റെ സവിശേഷതയാർന്ന അവസ്ഥയെ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്നതേയുള്ളൂ.അവയിൽ പ്രകാശം വീഴ്ത്തുന്നതേ ഉള്ളൂ. ഇതു നന്മ, ഇതു തിന്മ, ഇതു പ്രകാശം, ഇത് അന്ധകാരം എന്നു ചൂണ്ടിക്കാണിക്കുന്നില്ല വിജയൻ. മനുഷ്യസ്വഭാവത്തിലും മനുഷ്യാവസ്ഥയിലും വേണ്ടമട്ടിൽ പ്രകാശം പ്രസരിപ്പിക്കുമ്പോൾ ആ സ്വഭാവത്തേയും അവസ്ഥയേയും നമ്മൾ കൂടുതൽ സ്പഷ്ടമായിക്കാണുന്നു. ഇരുട്ടുള്ള മുറിയിൽ ഫ്ലാഷ് ലൈറ്റ് പ്രകാശിപ്പിക്കുമ്പോലെയാണത്. ഒ. വി വിജയൻ മാത്രമല്ല എല്ലാ നവീനകലാകാരന്മാരും പ്രവർത്തിക്കുന്നത് അങ്ങനെതന്നെയാണ്. ഉപദേശവും ഉദ്ബോധനവും കലാകാരന്റെ കൃത്യങ്ങളല്ല എന്ന വിശ്വാസമാണു ഈ ലേഖകനുള്ളത്.

തോപ്പിൽ ഭാസിയും പി.ടി. ഉഷയും

ഏതെങ്കിലും പ്രവർത്തിയോ സ്വഭാവമോ അവസ്ഥയോ അത്യന്തതയിലെത്തുമ്പോൾ അതിന്റെ വിപരീതാവസ്ഥ ഉണ്ടാകുമെന്നത് പ്രകൃതിനിയമമാണ്. അതിനാൽ അത്യന്തതയേയും അപരിമിതത്വവും ഒഴിവാക്കി വേണം നമ്മൾ ജീവിക്കാൻ. മാനസികവും ശാരീരികവുമായ സകലശക്തികളും ഒരു ബിന്ദുവിൽ ഏകീകൃതമാക്കിക്കൊണ്ട് ഒരു പെൺകുട്ടി പലതവണ ഓടുമ്പോൾ അവൾ മാനസികമായും ശാരീരികമായും തളരുമെന്നതിൽ സംശയമില്ല. ഈ തളർച്ച താൽക്കാലികമല്ല, ശാശ്വതവുമാണ്. നവയുവതിയായ പി. ടി. ഉഷ ഓടിയോടി ഭാവിജീവിതത്തെ തകർക്കുന്നത് ശരിയല്ലെന്നു എനിക്കു തോന്നി. സഹാനുഭൂതിയിൽനിന്ന് ഉദ്ഭവിച്ചതാണ് ആ തോന്നൽ.

സ്ത്രീ ഓടാൻ വിധിക്കപ്പെട്ടവളല്ല. പുരുഷനു സ്ത്രീയേക്കാൾ മുപ്പതുശതമാനം ഭാരം കൂടും. കൈകാലുകളുടെ അനുപാതം, അസ്ഥിപഞ്ജരത്തിന്റെ വ്യാവർത്തനം, മാംസപേശികളുടെ ഗുരുത്വം ഇവയിലെല്ലാം പുരുഷൻ സ്ത്രീയെക്കാൾ മേലേക്കിടയിലാണ്. ഓടി മൃഗങ്ങളെ വധിക്കാനും അങ്ങനെ ആഹാരം കൊണ്ടുവരാനുംവേണ്ടി പ്രകൃതി പുരുഷനു നൽകിയ സവിശേഷതയാണത്. ‘വിമെൻ ചാമ്പ്യൻസ്’ എവിടെയുമുണ്ട്. പക്ഷേ അതു സ്ത്രീയുടെ സ്വഭാവികാവസ്ഥയല്ല.

പി. ടി. ഉഷ അടുത്ത ‘ഒളിമ്പിക് ഗെയിംസി’ൽ പുരുഷന്മാരേക്കാൾ വേഗത്തിൽ ഓടുകയും സകല സ്വർണ്ണമെഡലുകളും കൈവശമാക്കുകയും ചെയ്താലും അതൊരു നേട്ടമായി കരുതാൻ വയ്യ. ഏതാനും ദിവസം അതിന്റെ ഹർഷോന്മാദം നിൽകും. പിന്നെ ആ പെൺകുട്ടി വിസ്മരിക്കപ്പെടും. കഴിഞ്ഞ ഒളിമ്പിക് ഗെയിംസിലെ താരങ്ങളെവിടെ? ആരോർക്കുന്നു അവരെ? അതുകൊണ്ട് പ്രകൃതി നൽകിയ ശരീരത്തെ അതിക്ലേശംകൊണ്ട് തകർക്കാതെ ശാലീനതയോടെ ജീവിക്കുകയാണു വേണ്ടത്. വല്ലവർക്കും രസിക്കാൻ വേണ്ടി ഒരു പെൺകുട്ടി സ്വന്തം ജീവിതം നശിപ്പിക്കരുത്.

ഇതു പറഞ്ഞതിനു തോപ്പിൽഭാസി എന്റെ നേർക്കു അധിക്ഷേപങ്ങൾ ചൊരിയുന്നു. “എം. കൃഷ്ണൻ നായർക്കു വയസ്സായിപ്പോയി” എന്നാണു അദ്ദേഹത്തിന്റെ ഉദീരണം. (കുങ്കുമം). ഓടിയാലോ ചാടിയാലോ സ്ത്രീയുടെ ലിംഗം മാറുകയില്ലെന്നും ഉണ്ണിയാർച്ചയുടെ സ്ത്രീത്വം പോയില്ലെന്നുമൊക്കെ അദ്ദേഹം പറയുന്നു. യുവാവായ ഭാസി എന്നെ വയസ്സനാക്കിയതിൽ എനിക്കു പരിഭവമില്ല. സ്ത്രീത്വം നശിക്കുമെന്നു ഞാൻ പറഞ്ഞതിനെ ലിംഗനാശമാക്കുന്ന യുക്തിരാഹിത്യത്തിൽ എനിക്കു വൈഷമ്യമില്ല. യഥാർത്ഥത്തിൽ ജീവിച്ചിരുന്നെങ്കിൽപ്പോലും ഭാവനയുടെ സന്തതിയായ ഒരു കഥാപാത്രത്തെ ഉദാഹരണത്തിനു കൊണ്ടുവന്ന ആ വിതണ്ഡാവാദ പ്രതിപത്തിയോടു എനിക്കു എതിർപ്പുമില്ല. ഞാൻ എന്തു പറഞ്ഞുവോ അതിനല്ല അദ്ദേഹം സമാധാനം നൽകുന്നത്. ഒന്നു ഞെട്ടയൊടിച്ചാൽ മതി ഊർജ്ജം നഷ്ടപ്പെടും. അതു തിരിച്ചു കിട്ടാൻ പലതും കഴിക്കേണ്ടിവരും. ഭീമമായ ഊർജ്ജം ദിനംപ്രതി നശിപ്പിച്ചു നശിപ്പിച്ച് ഉഷ സ്വയം തകരുകയാണ്.

ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ്ഗുഹ്യതരം മയാ
വിമൃശൈതദശേഷേണ യഥേച്ഛസി തഥാ കരു

(എല്ലാ രഹസ്യങ്ങളേക്കാളും രഹസ്യമായ ജ്ഞാനമാണു ഞാൻ പറഞ്ഞത്. അതിനെക്കുറിച്ചു സമ്പൂർണ്ണമായി ചിന്തിച്ച് ഏതു ശരിയെന്നു തോന്നുന്നുവോ അതു ചെയ്യൂ — ഭഗവദ്ഗീത അദ്ധായം 18(63).)

​​

* * *

എഴുത്തച്ഛൻകവിതയുടെ വൈശിഷ്യം ഒറ്റ വാചകത്തിൽ പറയാമോ? എന്ന് എൻ. രാഘവൻപിള്ള (പള്ളിച്ചൽ) ചോദിച്ചതിനു കുങ്കുമത്തിലെ പി. എസ്. മറുപടി നൽകുന്നു: “ഭക്തിയും തത്ത്വചിന്തയുമാണ് എഴുത്തച്ഛൻ കവിതയുടെ വൈശിഷ്ട്യങ്ങളെന്നു പറയാം.” Sentence എന്ന അർത്ഥത്തിൽ വാക്യം എന്നു പ്രയോഗിക്കണം. വൈശിഷ്യം എന്നൊരു പദമില്ല. പി. എസ്. എഴുതിയതുപോലെ വൈശിഷ്ട്യം എന്നു വേണം. വിശിഷ്ട+ഷ്യന്ത് = ഭേദം. അന്തരം.

ഭക്തിഭാവത്തിന്റെ ആവിഷ്കാരം എഴുത്തച്ഛന്റെ കൃതികളിലുണ്ട്. തത്ത്വചിന്തയും ഈശ്വരഭക്തിയുടെ പ്രിദുർഭാവവും എഴുത്തച്ഛനു മുൻപും പിൻപും ഉണ്ടായ കൃതികളിലെല്ലാമുണ്ട്; അതേ അളവിലും അതിൽക്കൂടുതലായും. എഴുത്തച്ഛന്റെ തത്ത്വചിന്ത വികലമാണെന്നു സാഹിത്യ പഞ്ചാനനൻ പി. കെ. നാരായണപ്പിള്ള സ്ഥാപിച്ചിട്ടുണ്ട്. എഴുത്തച്ഛന്റെ കാവ്യങ്ങൾക്കുള്ള മഹനീയത വാക്യവ്യാപാരത്തിലാണിരിക്കുന്നത്.

“വനദേവതമാരേ, നിങ്ങളുമുണ്ടോ കണ്ടൂ
വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ
മൃഗസഞ്ചയങ്ങളേ, നിങ്ങളുമുണ്ടോ കണ്ടൂ
മൃഗലോചനയായ ജാനകീപുത്രിതന്നെ
പക്ഷിസഞ്ചയങ്ങളേ, നിങ്ങളുമുണ്ടോ കണ്ടൂ
പക്ഷ്മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം
വൃക്ഷവൃന്ദമേ, പറഞ്ഞീടുവിൻ പരമാർത്ഥം
പുഷ്കരാക്ഷിയെ നിങ്ങലെങ്ങാനുമുണ്ടോ കണ്ടൂ.”

എന്ന രീതിയിലുള്ള ഡിക്ഷനെ അതിശയിക്കുവാൻ വള്ളത്തോളിനുപോലും കഴിഞ്ഞിട്ടില്ല.

ഗുണപാഠം

ഉച്ചനേരം. കൈയിൽ വേണ്ടിടത്തോളം പണമില്ലാതിരുന്ന സന്ദർഭത്തിൽ മുടന്തിമുടന്തി ഒരു യുവാവ് കയറിവന്നു. വന്നപാടെ സാഹിത്യവാരഫലത്തെക്കുറിച്ചു പ്രശംസ തുടങ്ങി. അതിലെ വാക്യങ്ങൾവരെ കാണാതെ പറഞ്ഞു. എന്റെ ഈഗോയിസം ഉത്തേജിക്കപ്പെട്ടു എന്നു മനസ്സിലക്കിയ യുവാവ് പറഞ്ഞു. “സാർ ഞാനാണു കഥാകാരനായ... (പേര്). ആശുപത്രിയിൽ കിടക്കുകയാണു ഞാൻ. ഡിസ്ചാർജ്ജ് വാങ്ങിപ്പോകാൻ നൂറു രൂപ വേണം. സഹായിക്കണം. ഞാൻ ഗുപ്തൻ നായരെ കാണാൻ പോയി. കണ്ടില്ല. ഡോക്ടർ പി. വേലായുധൻ പിള്ളയെ കാണാൻ പോയി, കണ്ടില്ല. യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർ കെ. രാമചന്ദ്രൻ നായരെയും അന്വേഷിച്ചു, കാണാൻ കഴിഞ്ഞില്ല. ഞാൻ കൈയിലുണ്ടായിരുന്ന തുക ആ ചെറുപ്പക്കാരനു കൊടുത്തു. മുടന്തി കോണിപ്പടി ഇറങ്ങിപ്പോകുന്ന അയാളെ നോക്കി ഞാൻ വിഷമിച്ചുനിന്നു. പിന്നീട് എനിക്കു മനസ്സിലായി അയാൾ ആ കഥാകാരനേ അല്ലെന്ന്; അയാൾ പേരു പറഞ്ഞ കഥാകാരൻ സമ്പന്നനാണെന്നും അദ്ദേഹത്തിന് ഇങ്ങനെ പണം ചോദിക്കേണ്ട ആവശ്യമില്ലെന്നും.

ഈ സംഭവത്തിനും കുറേനാൾ മുമ്പ് വേറൊരു സാഹിത്യകാരൻ എന്നെക്കാണാൻ വന്നു. “സാർ, തൃശ്ശൂരുവരെ ഒരു ജോലിക്കാര്യത്തിനു പോകണം; രൂപയില്ല. തന്നാൽ കൊള്ളാം.” എനിക്കു പരിചയമുള്ള ഒരു ചെറിയ ബാങ്കിൽ പോസ്റ്റ്ഡേറ്റഡ് ചെക്ക് എഴുതിക്കൊടുത്ത് നൂറുരൂപവാങ്ങി ഞാൻ അദ്ദേഹത്തിനു നൽകി. അന്നു വൈകീട്ട് ഒരു മദ്യഷോപ്പിൽനിന്ന് കുടിച്ച് ലക്കില്ലാതെ ആ സാഹിത്യകാരൻ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. പോസ്റ്റ്ഡെറ്റഡ് ചെക്കിന്റെ പണം റേഷനരി വാങ്ങാനുള്ള പെൻഷൻ തുകയിൽനിന്നു ഞാൻ കൊടുത്ത് ചെക്ക് തിരിച്ചുവാങ്ങി. ഗുണപാഠം: കീർത്തിയാർജ്ജിച്ച വ്യക്തിയുടെ പേരു പറഞ്ഞാൽ വിശ്വസിക്കരുത്; നല്ല ഉദ്ദേശ്യമെന്നു വ്യക്തമാക്കിയാലും വിശ്വസിക്കരുത്.

ദേശാഭിമാനി വാരികയിൽ അക്ബർ കക്കട്ടിൽ എന്ന പേരു കണ്ടപ്പോൾ എനിക്കു തെല്ലൊരു ബഹുമാനം. അദ്ദേഹം എഴുതിയ ‘കിളിക്കൂട്’ എന്ന ദീർഘമായ കഥ വായിച്ചപ്പോൾ പേരിനു അനുസരിച്ചിരിക്കും പ്രവൃത്തി എന്നു കരുതരുതെന്നും മനസ്സിലാക്കി.കിളിയുടെ കൂട് കിളിക്കൂട്. കിളി പക്ഷിയല്ല. ബസ്സിലെ കിളി. അയാളുടെ കൂട് ബസ്സ്. ആ കിളി അനുഭവിക്കുന്ന വേദനയൊന്നു സൂചിപ്പിക്കാൻ വേണ്ടി ദേശാഭിമാനി വാരികയുടെ ആറോളം പുറങ്ങൾ വ്യർത്ഥമാക്കിയിരിക്കുന്നു. ആഖ്യാനത്തിന്റെ ഭംഗി, കഥാപാത്രങ്ങളുടെ സ്വഭാവചിത്രീകരണം, വീക്ഷണഗതി, അന്തരീക്ഷസൃഷ്ടി, ടോൺ ഇവയൊന്നുമില്ല. മുഴുവൻ വിരസമായ സ്മോൾ ടാക്ക്. കല മിമീസിസാണു (mimesis); അനുകരണമാണ്. പക്ഷേ, അത് അനമ്നീസിസുമാണു (anamnesis). മറന്നത് വീണ്ടെടുക്കലുമാണു (പ്ലേറ്റോ). പ്രാപഞ്ചികസംഭവത്തിലുള്ളതും നമ്മൾ എത്രകണ്ടു ശ്രമിച്ചാലും കാണാൻ കഴിയാത്തതുമായ വസ്തുതകളെ കാണിച്ചുതരുന്നതാണു കല. ഈ സാരസ്വതരഹസ്യം അക്ബർ കക്കട്ടിലിനു അറിയാം. പക്ഷേ ഇക്കഥ അതു തെളിയിക്കുന്നില്ല.

​​

* * *

ഹംഗറിയിൽ ജനിച്ച ഈലി വീസലിനു (Elie Wiesel) സാഹിത്യത്തിനുള്ള നോബൽസമ്മാനം കിട്ടിയേക്കുമെന്നു ചിലർ വിചാരിച്ചിരുന്നു. കിട്ടിയത് ഒരു വിമത സാഹിത്യകാരനും. വീസലിന്റെ (Souls in fire& Some where a Master) എന്ന പുസ്തകം ഹാസിഡിക് പുരോഹിതന്മാരെക്കുറിച്ചുള്ളതാണ്. അതിലാണെന്നു തോന്നുന്നു താഴെ ചേർക്കുന്ന കഥയുള്ളത്. നല്ല ഉറപ്പില്ല.

ഒരു ചെറുപ്പക്കാരൻ ഒരു ഹാസിഡിക് മാസ്റ്ററുടെ അടുക്കലെത്തി തന്നെ പുരോഹിതനാക്കണമെന്ന് അഭ്യർത്ഥിച്ചു. അതിനെന്തു യോഗ്യത എന്നു അദ്ദേഹം ചോദിച്ചപ്പോൾ യുവാവ് പറഞ്ഞു: “ഞാൻ എപ്പോഴും വെള്ളവസ്ത്രം ധരിക്കും; പച്ചവെള്ളമേ ഞാൻ കുടിക്കൂ. കാലു വേദനിപ്പിക്കാനായി ഞാൻ ഷൂസിനകത്തു മുള്ളുകൾ വയ്ക്കും. മഞ്ഞിൽ നഗ്നനായി ഉരുളും. മുതുകിൽ ജൂതപ്പള്ളിയിലെ പുരോഹിതനെക്കൊണ്ടു നാല്പതടി അടിപ്പിക്കും.”

അപ്പോൾ ഒരു വെള്ളക്കുതിര അവിടെയെത്തി വെള്ളം കുടിച്ചിട്ട് മഞ്ഞിൽ ഉരുണ്ടുതുടങ്ങി.മാസ്റ്റർ പറഞ്ഞു: “നോക്കൂ, ഈ ജന്തുവിന്റെ നിറം വെളുപ്പാണ്. അതു വെള്ളം കുടിക്കുന്നു.കുളമ്പിൽ ആണികളുണ്ട് അതിനു. മഞ്ഞിൽ അത് ഉരുളുന്നു. ദിവസവും നാല്പത് അടി വാങ്ങുകയും ചെയ്യുന്നു. എന്നിട്ടും അതു കുതിര മാത്രം.”

കലാകൗമുദിയിലും മാതൃഭൂമിയിലും ദേശാഭിമാനിയിലും കഥയെഴുതുന്നു എന്ന ഒറ്റക്കാരണംകൊണ്ട് ആരും കഥാകാരനാവുന്നില്ല.കഥയെഴുതുമെങ്കിലും അത് അച്ചടിക്കാത്ത, ഒരു വാരികയ്ക്കും പ്രസിദ്ധീകരണത്തിനു നൽകാത്ത ഒരു കഥാകാരനെക്കുറിച്ച് “തെക്കൻകാറ്റ്” പത്രത്തിന്റെ അധിപരായിരുന്ന സഹദേവൻ എന്നോടു പറഞ്ഞു. കുറിച്ചിവാസു എന്നാണു അദ്ദേഹത്തിന്റെ പേർ. കഥയെഴുതി ‘സൈക്ലസ്റ്റൈൽ’ ചെയ്ത് അതിന്റെ കുറെ കോപ്പികളുമായി അദ്ദേഹം എവിടെയെങ്കിലും ചെന്നുനിന്നു വായിക്കുന്നു. വായന കഴിയുമ്പോൾ ആളുകൾ കഥയുടെ കോപ്പിവാങ്ങാൻ പാഞ്ഞുചെല്ലും. ഒരു കോപ്പിക്ക് ഇരുപത്തഞ്ചുപൈസയേ വിലയുള്ളൂ. വില്പന കഴിഞ്ഞാൽ വാസു പോകുകയായി. ഉറക്കം മരച്ചുവട്ടിലോ വഴിയമ്പലത്തിലോ. കാമരാജനാടാർ അദ്ദേഹത്തിന്റെ കഥകൾ കേട്ട് ആഹ്ലാദിച്ച് അദ്ദേഹത്തെ ഇന്ദിരാഗാന്ധിയുടെ മുൻപിൽ കൊണ്ടുചെന്നു. പ്രധാനമന്ത്രിയും വാസുവിന്റെ കഥകൾകേട്ട് ആഹ്ലാദിച്ചത്രേ. വാസുവിന്റെ ഒരു കഥയുടെ സംഗ്രഹം നൽകാം. കുടിച്ച് കുടിച്ച് ഒരു കാലിനു തളർച്ച വന്ന ഒരുത്തൻ.അയാളുടെ ഭാര്യ കൂലിവേല ചെയ്ത് വല്ലതും കൊണ്ടുവരും വൈകുന്നേരം.ഒരു ദിവസം അവൾ മൂന്നുരൂപ കൊണ്ടുവന്നു. വഴക്കുകൂടി അതും വാങ്ങിക്കൊണ്ട് അയാൾ ചാരായഷോപ്പിൽ പോയി കുടിച്ചു. കുടി കഴിഞ്ഞപ്പോൾ താനിരിക്കുന്ന ബഞ്ച് കറങ്ങുന്നതുപോലെ അയാൾക്കു തോന്നി. ഷോപ്പിലെ എല്ലാം കറങ്ങുന്നു. മദ്യം ഒഴിച്ചുകൊടുക്കുന്നവനും കറങ്ങുന്നു. ‘കറങ്ങാതെ നിൽക്കടാ’ എന്നു അയാൾ കോപത്തോടെ പറഞ്ഞു. ഒരു വിധത്തിൽ ഷോപ്പിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ റോഡ് കറങ്ങുന്നു. വിളക്കുകൾ കറങ്ങുന്നു. വീട്ടിലെത്തി. മുറ്റത്തെ മരങ്ങൾ കറങ്ങുന്നു. വീടാകെ കറങ്ങുന്നു. അകത്തു കയറിയപ്പോൾ ഭാര്യ കറങ്ങുന്നു.“കറങ്ങാതിരിയെടീ” എന്ന് ആജ്ഞ. അവൾ അതുകേട്ട് പുച്ഛിച്ചു ചിരിച്ചു. ആ പരിഹാസത്തിൽ കോപിഷ്ഠനായി അയാൾ പേനാക്കത്തിയെടുത്ത് അവളെ ഒറ്റക്കുത്ത്. ഭാര്യ മരിച്ചു. മദ്യനിരോധനത്തെക്കുറിച്ച് ആയിരമായിരം പ്രസംഗം ചെയ്യൂ. ഇക്കഥകൊണ്ടുണ്ടാകുന്ന ഫലം ഉണ്ടാകുകയില്ല.

ഡി. സി. യും വിലാസിനിയും

അവകാശികളുടെ വാല്യങ്ങൾ ഡി. സി. നവീനനിരൂപണം എഴുതുന്നവർക്ക് അയച്ചുകൊടുക്കണം. ആയുസ്സ് ഒടുങ്ങുന്നതുവരെ വായിച്ചാലും അതു തീരുകയില്ല. നവീനനിരൂപണം എഴുതാൻ കഴിയുകയുമില്ല. വായനക്കരോ? അവർ രക്ഷപ്പെടുകയും ചെയ്യും.

മലയാളത്തിൽ കനപ്പെട്ട നോവലുകൽ ഉണ്ടാകുന്നില്ലെന്നു വിലാസിനി (എം.കെ. മേനോൻ) അഭിപ്രായപ്പെട്ടതിന്റെക്കുറിച്ച് ഡി.സി. പറയുന്നു: “വിലാസിനിയുടെ ‘അവകാശികൾക്ക്’ നാലുകിലോയോ മറ്റോ ആണു കനം.” (മനോരാജ്യം, കറുപ്പും വെളുപ്പും.) കനം കൂടിയതുകൊണ്ട് നോവലിന്റെ നീളവും കൂടിയിരിക്കുന്നു. ഡി.സി.യാണല്ലോ ഈ നോവലിന്റെ രണ്ടാമത്തെ പതിപ്പ് പ്രസിദ്ധപ്പെടുത്തിയത്. ഡി.സി. ഇതിന്റെ വാല്യങ്ങൾ നവീന നിരൂപണം എഴുതുന്നവർക്ക് അയച്ചുകൊടുക്കണം. വായിച്ച് നിരൂപണമെഴുതിയാൽ ആയിരം രൂപ കൊടുക്കാമെന്നും പറയണം. നവീനനിരൂപകൻ വായിക്കാൻ തുടങ്ങും. ആയുസ്സ് ഒടുങ്ങതുവരെ വായിച്ചുകൊണ്ടിരിക്കും. രൂപ കൊടുക്കേണ്ടി വരില്ല. വായനയിൽ മുഴുകിയിരിക്കുന്നതുകൊണ്ട് അവർ നവീനനിരൂപണം എഴുതുകയുമില്ല. ഞങ്ങളെപ്പോലുള്ള വായനക്കാർ ആ നിരൂപണ മോൺസ്ട്രോസിറ്റിയിൽ നിന്നു രക്ഷപ്പെടുകയും ചെയ്യും.

* * *

ഒരു നിർവ്വചനപരമ്പര തുടങ്ങിയാലെന്ത് എന്ന് ഒരാലോചന. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല. ക്ഷമാപണപൂർവ്വം.

ആഷാമേനോൻ
താൻ എഴുതുന്നത് തനിക്കുപോലും മനസ്സിലാകരുതെന്ന് നിർബ്ബന്ധമുള്ള നിരൂപകൻ.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
1970-നു ശേഷം അക്കൗണ്ട് ജനറലാഫീസിനു മുൻവശത്തു തന്റെ പ്രതിമ സ്ഥാപിക്കുമെന്നും അതിൽ കാക്കകൾ നിരന്തരം കാഷ്ഠിക്കുമെന്നും നേരത്തെ മനസ്സിലാക്കി കണ്ണൂരേക്കു കടന്നുകളഞ്ഞ മഹാൻ.
കടമ്മനിട്ട രാമകൃഷ്ണൻ
ജന്മനാ കവിയാണെങ്കിലും തൊണ്ടയാണു അതിന്റെ പ്രഭവകേന്ദ്രം എന്നു കരുതുന്നയാൾ.
വിജയാലയം ജയകുമാർ
എന്റെ നല്ല കൂട്ടുകാരൻ. കേരളത്തിലെ ആഷർ.
ആഷർ
ഇംഗ്ലണ്ടിലെ വിജയാലയം ജയകുമാർ.

തകഴിയും എൻ. ഗോപാലപിള്ളയും

എൻ. ഗോപാലപിള്ള മുരടിച്ച സംസ്കൃതപണ്ഡിതൻ ആയിരുന്നെന്ന് കരുതുന്നവർ വളരെപ്പേരുണ്ട്. അതൊരു തെറ്റായ വിചാരമാണ്. ജോർജ്ജ് ബർനാർഡ്ഷാ, ഫ്രായിറ്റ്, അൽഡസ് ഹക്സിലി ഇവരെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇതെഴുതുന്ന ആൾ സംസ്കൃതകോളേജിൽ അദ്ധ്യാപകനായിച്ചെന്ന ദിവസം അദ്ദേഹം എന്നോട് മൂന്നു പുസ്തകങ്ങൾ വായിക്കണമെന്നുപറഞ്ഞു: (1) അൽഡസ് ഹക്സിലിയുടെ Brave New World(2) ജി. ഫ്രേസറുടെ The Golden Bough(3) എച്ച്. ജി. വെൽസിന്റെ The Outline of History. സി. ഇ. എം. ജോഡിന്റെ പുസ്തകങ്ങൾ ഞാൻ വായിച്ചതും അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ചാണു. ഒരിക്കൽ സംസ്കൃതകോളേജിൽ ഒരു സമ്മേളനം നടന്നപ്പോൾ വിദ്യാർത്ഥികളിൽ ഒരാളായ സുകുമാരൻ സോഷ്യലിസ്റ്റ് റിയലിസത്തെക്കുറിച്ച് പ്രസംഗിക്കണമെന്നു അദ്ദേഹത്തോട് അപേക്ഷിച്ചു. അനായാസമായി ഗോപാലപിള്ളസാർ സോഷ്യലിസ്റ്റ് റിയലിസത്തെക്കുറിച്ച് വിദഗ്ദ്ധമായി സംസാരിച്ചു. ആനുഷംഗികമായി എക്സിസ്റ്റെൻഷ്യലിസത്തെക്കുറിച്ചും. ഒരു ദിവസം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം War and Peace വായിക്കുന്നതു കണ്ടു. എന്നെക്കണ്ടു പുസ്തകം താഴെ വച്ചിട്ട് സാറുപറഞ്ഞു: “War and peace-ഇൽ രഘുവംശത്തിലുള്ളതിനെക്കാൾ ജീവിതനിരൂപണമുണ്ട്. പക്ഷേ എനിക്ക് ‘രഘുവംശ’മാണു ഇഷ്ടം.”

ഇങ്ങനെ എല്ലാവിധത്തിലും പണ്ഡിതനായിരുന്ന എൻ. ഗോപാലപിള്ളയുടെ പ്രാഗൽഭ്യവും മഹത്ത്വവും തകഴി കണ്ടറിഞ്ഞുവെന്ന് നമ്മൾ അദ്ദേഹത്തിന്റെ ആത്മകഥയിൽനിന്നു മനസ്സിലാക്കുന്നു. മഹാന്മാരെ മാനിക്കാനുള്ള തകഴിയുടെ സന്നദ്ധത നന്ന്.

* * *

ജോർജ്ജ് ഗ്രേ ബർനാർഡ് എന്ന പ്രഖ്യാതനായ പ്രതിമാ നിർമ്മാതാവിന്റെ ഒരു പ്രതിമയെക്കുറിച്ച് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. “രണ്ടു സ്വഭാവങ്ങൾ തമ്മിലുള്ള സംഘട്ടനം” എന്നാണു് അതിനു നൽകിയിട്ടുള്ള പേർ. ഒരേ തരത്തിലുള്ള രണ്ടു പുരുഷരൂപങ്ങൾ. ഒരു രൂപം താഴെ കിടക്കുന്നു. മറ്റേ രൂപം നിൽക്കുന്നു. നിൽക്കുന്ന രൂപത്തിന്റെ ഒരു കാൽ കിടക്കുന്ന രൂപത്തിന്റെ തുടയിലും മറ്റേ കാൽ കഴുത്തിലും അമർന്നിരിക്കുന്നു. ഏതിനെയും അതിജീവിക്കാനുള്ള നമ്മുടെ ജന്മവാസനയേയും അതിൽനിന്ന് വിഭിന്നമായ ആത്മാവിനെയുമാണ് ഈ രൂപങ്ങൾ സൂചിപ്പിക്കുന്നത്. പക്ഷേ ഏതുരൂപം ജന്മവാസന, ഏതു രൂപം ആത്മാവ് എന്നു പ്രതിമാനിർമ്മാതാവ് വ്യക്തമാക്കിയിട്ടില്ല. ഒരിക്കലും അനുരഞ്ജനത്തിലെത്താത്ത പരസ്പരവിരുദ്ധങ്ങളായ ശക്തികളെ ചിത്രീകരിക്കുക എന്നതിൽക്കവിഞ്ഞു കലാകാരനു ഒരു കർത്തവ്യവുമില്ല. സന്ദേശങ്ങളും തീരുമാനങ്ങളും ഉദ്ബോധനങ്ങളും കലാകാരന്മാരല്ലാത്തവരിൽ നിന്നാണ് ഉണ്ടാവുക.

ഹാ, എന്തു നല്ല പയ്യൻ!

അമേരിക്കൻ സമോഅ ദ്വീപുകളിലേക്കു പോകുന്ന ചില കപ്പൽ യാത്രക്കാര്‍ പാങ്‌കോ പാങ്‌കോ (pago pago) നാവികസ്റ്റോഷനില്‍ തങ്ങാന്‍ നിര്‍ബദ്ധരാവുന്നു. പടര്‍ന്നു പിടിക്കുന്ന രോഗമാണു് ഹേതു. ഒരു വേശ്യ അവരെയെല്ലാവരെയും മാലിന്യത്തിലേക്കു വീഴ്ത്തുന്നു. പട്ടാളക്കാരെ മാത്രമല്ല ഒരു പാതിരിയെപ്പോലും അവള്‍ വശപ്പെടുത്താന്‍ ശ്രമിക്കുന്നു. പാതിരി ഈശ്വരന്റെ പ്രതിപുരുഷനാണു്. സദാചാരനിഷ്ഠനാണു്. വേശ്യയെ കാരാഗൃഹത്തിലാക്കുമെന്നുവരെ അയാള്‍ ഭീഷണിപ്പെടുത്തി. പക്ഷേ, പാതിരി വൈകാതെ ആത്മഹത്യ ചെയ്തു. വേശ്യ കാര്‍ക്കിച്ചുതുപ്പിക്കൊണ്ടു് “നിങ്ങള്‍ പുരുഷന്മാര്‍ നിങ്ങളെല്ലാവരും ഒരുപോലെയാണു്. പന്നികള്‍” എന്നു പറയുന്നു. അതു കേള്‍ക്കുമ്പോഴാണു് പാതിരി യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്നും മററുള്ളവര്‍ക്കു മനസ്സിലാകുക. കൃത്രിമത്വത്തിന്റെ നേരിയ പാടുപോലും വീഴാത്ത ഈ ചേതാഹരമായ കഥ ഒരു തവണയെങ്കിലും ഹബീബ് വലപ്പാടു് വായിച്ചിരുന്നെങ്കില്‍ അദേഹം “പ്രഭാതത്തിലെ ഇരുട്ടു്” ദീപിക) എന്ന കഥാസാഹസം രചിക്കുമായിരുന്നില്ല. ഒരുദ്യോഗസ്ഥയ്ക്കു പുതുതായി എത്തിയ ഒരു പ്യൂണിനോടു് തോന്നുന്ന കാമമാണു് ഇതിലെ പ്രതിബാദ്യവിഷയം. അതാവിഷ്കരിക്കുന്ന മാര്‍ഗ്ഗം ലൂഡിക്രസ് — അപഹാസ്യം — എന്നേ പറയാനുള്ളൂ. പ്യൂണ്‍ ചിരിനില്ക്കുന്ന ഭിത്തിയില്‍ ഉദ്യോഗസ്ഥ അയാൾ കാണാതെ ചാരിനില്ക്കുന്നു. മനുഷ്യസ്വഭാവത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ചും വൈചിത്ര്യങ്ങളെക്കുറിച്ചും ഒരു ബോധവുമില്ലാത്തവര്‍ ഇങ്ങനെയൊക്കെ എഴുതാതിരിക്കുകയാണു് വേണ്ടതു്.

പ്രായംകൂടിയ സ്ത്രീക്കു ചെറുപ്പക്കാരനോടു കാമം തോന്നുമെന്നതു് ശരിയാണു്. ഞാനൊരിക്കല്‍ ഒരുദ്യോഗസ്ഥയോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വായനക്കാര്‍ക്കു് അറിയാവുന്ന ഒരു ചെറുപ്പക്കാരന്‍ — രാഷ്ട്രീയ പ്രവര്‍ത്തകന്‍ — അവിടെ വന്നുകയറി. ആകൃതി സൌഭഗമുളള ആ യുവാവിനെ കണ്ട മാത്രയില്‍ ഉദ്യോഗസ്ഥ കൈമെയ് മറന്നു. എന്നോടു പറയാന്‍ വന്ന വാക്യം അവര്‍ പൂര്‍ണ്ണമാക്കിയില്ല. ആഗതന്‍ അഭ്യര്‍ത്ഥിച്ച കാര്യം ഉടനെ ഓര്‍ഡര്‍ ചെയ്യാമെന്നു് അവര്‍ സമ്മതിച്ചു. അദ്ദേഹം പോയയുടനെ എന്നെ നോക്കി അവര്‍ ആത്മഗതമെന്ന മട്ടില്‍ മൊഴിയാടി: “ഹാ, എന്തു നല്ല പയ്യന്‍” എന്നിട്ടു് എന്നെനോക്കി “നിങ്ങള്‍ പറഞ്ഞ കാര്യം നടത്താന്‍ പററില്ല” എന്നു പറഞ്ഞു. പ്രായം കൂടിയ ഞാന്‍ പയ്യനാകുന്നതെങ്ങനെ? നല്ല പയ്യന്‍ ആകുന്നതെങ്ങനെ? ആ യുവാവിന്റെ പേരു് എഴുതാന്‍ എനിക്കു വല്ലാത്ത ആഗ്രഹം. തൂലികേ, അടങ്ങു്.

* * *

മനഃശാസ്ത്രം വിദഗദ്ധമായി കൈകാര്യം ചെയ്തിട്ടുള്ള ലോകസാഹിത്യത്തിലെ ഉത്കൃഷ്ടങ്ങളായ കൃതികള്‍: (1) പ്രൂസ്തിന്റെ Remembrance of Things Past (2) മാല്‍കം ലോറിയുടെ Under the Volcano (3) ഹാരോള്‍ഡ് പിന്ററുടെ The Caretaker (4) ദസ്തെയേവ്സ്കിയുടെ Crime and Punishment.

മാറി നിന്നാട്ടെ

നമ്മള്‍ ഷര്‍ട്ട് എടുത്തിടുന്നു. മുണ്ടെടുത്തു് ഉടുക്കുന്നു. പോകേണ്ടിടത്തുപോകുന്നു. ചിലര്‍ അങ്ങനെയല്ല. ഷര്‍ട്ട് അവനെ എടുത്തിടുകയാണു്. മുണ്ടോ പാന്റ്സോ അവരുടെ കാലുകളെ ആക്രമിക്കുകയാണ്.

മംഗളാ ബാലകൃഷ്ണന്‍. മധുരം വാരികയുടെ രണ്ടുപുറം മെനക്കെടുത്തിയ ശ്രീമതി. കൂനന്‍ വേലു സുന്ദരിയായ പാഞ്ചാലിയെ ഭാര്യയായി കൂട്ടിക്കൊണ്ടുവന്നു. അവള്‍ വ്യഭിചാരിണിയാണെന്നു കണ്ടപ്പോള്‍ വേലു അവളുടെ തലമുറിച്ചെടുത്തു. ഇതാണു് മംഗളാ ബാലകൃഷ്ണന്റെ “പാഞ്ചാലി” എന്ന കഥ. കാക്കയെ സൂക്ഷിക്കണം. എവിടെയെങ്കിലും ചീഞ്ഞളിഞ്ഞുകിടക്കുന്ന എലിയെ കൊത്തിയെടുത്തു നമ്മുടെ മുററത്തുകൊണ്ടിട്ടുകളയും. നമ്മള്‍ അതു കാണുകയുമില്ല. നാററം എവിടെനിന്നുവരുന്നു എന്നറിയാന്‍ അന്വേഷണം നടത്തുമ്പോഴാണു് എലിയുടെ ശവം കാണുന്നതു്. ഒരു കഥാശവത്തെ മധുരം വാരികയുടെ വെളുത്തകടലാസ്സില്‍ മംഗളാ ബാലകൃഷ്ണന്‍ കൊണ്ടിട്ടിരിക്കുന്നു.

എന്റെ ഒരു ഗുരുനാഥന്‍ ഉടയാത്ത ജൂബയിട്ടു് ഉടയാത്ത മുണ്ടുടുത്തു് കൈവിടര്‍ത്തിവച്ചു് നടക്കുന്നതുകണ്ടു് ഇംഗ്ലീഷ് പ്രൊഫസര്‍ ജീ. കുമാരപിള്ള പറഞ്ഞു: അദ്ദേഹം ആദ്യം ജൂബയെടുത്തിടും. പിന്നീടാണു് ഭാര്യ ഇസ്തിരിപ്പെട്ടി ചൂടാക്കി അതു തേച്ചുകൊടുക്കുന്നതു്. ഇതുതന്നെ ഞാന്‍ വേറൊരുവിധത്തില്‍ പറയാം. നമ്മള്‍ ഷര്‍ട്ട് എടുത്തിടുന്നു. മുണ്ടെടുത്തു് ഉടുക്കുന്നു. പോകേണ്ടിടത്തു പോകുന്നു. മറ്റു ചിലർ അങ്ങനെയല്ല. ഷര്‍ട്ട് അവരെ എടുത്തു ഇടുകയാണു്. മുണ്ടു് അല്ലെങ്കില്‍ പാന്റ്സ് അവരുടെ കാലുകളെ ആക്രമിക്കുകയാണു്. ബഷീറും തകഴിയും കഥയെഴുതുന്നു. ചിലപ്പോള്‍ കഥ, എഴുത്തുകാരെ ആക്രമിക്കും. അങ്ങനെ കഥ കയറി ആക്രമിക്കുന്ന ശ്രീമതിയാണു് മംഗളാ ബാലകൃഷ്ണന്‍. കഥ ഇങ്ങനെ പരാക്രമം കാണിക്കുമ്പോള്‍ ശ്രീമതി മാറിനില്ക്കണമെന്നാണു് എന്റെ അഭ്യര്‍ത്ഥന.

കുഞ്ചുപിള്ള

ജീവിച്ചിരുന്നെങ്കില്‍ മഹാകവിയാകുമായിരുന്ന കുഞ്ചുപിള്ളയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തന്റെ സുഹൃത്തുക്കള്‍ പ്രസാധനംചെയ്ത ‘വാടാമല്ലിക’ ആ കവിയെയും അദ്ദേഹത്തിന്റെ കവിതയെയും ഇഷ്ടപ്പെടുന്നവര്‍ സ്വായത്തമാക്കാന്‍ ആഗ്രഹിക്കും. ഒ. എന്‍. വി., നാഗവളളി ആര്‍. എസ്. കുറുപ്പു്, ചലചിത്രതാരം ഗോപി, ഡി. വിനയചന്ദ്രന്‍, നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍, ചലചിത്രതാരം നെടുമുടിവേണു, ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍, ഡോക്ടര്‍ വി. എസ്. ശര്‍മ്മ, വേണു നാഗവള്ളി, ബാലചന്ദ്രന്‍ ചുള്ളിക്കാടു്, എസ്. നടരാജന്‍, കള്ളിക്കാടു് രാമചന്ദ്രന്‍, കവാലം നാരായണപ്പണിക്കര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, പി. കെ. ഹരികുമാര്‍, മുഹ്ഹമ്മദ് റോഷന്‍ ഇവരുടെ രചനകള്‍ ഇതിലുണ്ടു്. സമ്മാനംനേടിയ കെ. വിജയലക്ഷ്മിയുടെയും കെ. രവീന്ദ്രന്‍നായരുടെയും കാവ്യങ്ങളും. മണ്‍മറഞ്ഞ കവിയെ ആദരിക്കുന്ന സുഹൃത്തുക്കളുടെ നന്മയാണു് ഇവിടെ കാണുന്നതു്.

* * *

പ്രതിഷേധിക്കേണ്ടിടത്തു പ്രതിഷേധിക്കുന്നവനാണു് മാന്യന്‍. കൌശലത്തിന്റെ പേരില്‍ മിണ്ടാതിരിക്കുന്നവന്‍ അമാന്യനാണു്.