സാഹിത്യവാരഫലം 1993 03 07
| സാഹിത്യവാരഫലം | |
|---|---|
![]() എം കൃഷ്ണന്‍ നായര്‍ | |
| പ്രസിദ്ധീകരണം | കലാകൗമുദി |
| തിയതി | 1993 03 07 |
| ലക്കം | 912 |
| മുൻലക്കം | 1993 02 28 |
| പിൻലക്കം | 1993 03 14 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
തിരുവനന്തപുരത്തു മഴ പെയ്താല്‍ കിഴക്കേക്കോട്ടയ്ക്കു മുന്‍വശത്തുള്ള സ്ഥലത്തു മുട്ടോളം വെള്ളമുയരും. തുടര്‍ന്നു മഴ പെയ്തില്ലെങ്കില്‍ വെള്ളം ഒലിച്ചുപോകും. കീലിട്ട റോഡ് വീണ്ടും മിന്നിത്തിളങ്ങും. ശ്രീ.പി. ഭാസ്കരന്റെ, കലാമൂല്യങ്ങള്‍ കുറഞ്ഞ ചില കാവ്യങ്ങളുടെ ആവിര്‍ഭാവം ഈ നഗരത്തില്‍ വിചാരിച്ചിരിക്കാത്ത സന്ദര്‍ഭത്തില്‍ ഉണ്ടാകുന്ന മഴപോലെയാണ്. രാജരഥ്യയില്‍നിന്ന് മലിനജലം ഒഴുകിപ്പോകുന്നതുപോലെ അത്തരം കാവ്യങ്ങള്‍ പൊടുന്നനേ അപ്രത്യക്ഷമാകുന്നു. റോഡ് സൂര്യപ്രകാശത്തില്‍ മിന്നിത്തിളങ്ങുന്ന മട്ടില്‍ കലാമൂല്യമുള്ള കാവ്യങ്ങള്‍ പ്രത്യക്ഷങ്ങളാകുന്നു. രാജവീഥിയുടെ മിനുക്കം കാണുമ്പോള്‍ അവിടെ മുന്‍പുണ്ടായിരുന്ന മലിനജലത്തെ നമ്മള്‍ മറക്കുന്നതുപോലെ നല്ല കവിതയുടെ തിളക്കം കണ്ട് ഒന്നോ രണ്ടോ ആഴ്ചയ്ക്കു മുന്‍പുണ്ടായ ചീത്തക്കവിതയുടെ അനാകര്‍ഷത്വം നമ്മള്‍ വിസ്മരിക്കുന്നു. ‘കളിക്കോപ്പുകള്‍’ എന്ന നല്ല കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച ഞാന്‍ അദ്ദേഹത്തിന്റെ മറ്റു പല കാവ്യങ്ങളെയും മറന്നുപോയിരിക്കുന്നു. ഇപ്പോള്‍ എന്റെ മുന്‍പിലുള്ള ശോഭയില്‍ മാത്രമാണ് കണ്ണ് പതിഞ്ഞിരിക്കുന്നത്.
ആകാരവൈപുല്യമുള്ള വസ്തുക്കളും വ്യക്തികളും നമ്മെ ആകര്‍ഷിച്ചെന്നുവരില്ല. മാത്രമല്ല, ചിലപ്പോള്‍ അവയെ വെറുപ്പോടെ നോക്കിയെന്നും വരും. തിരുവനന്തപുരത്തെ മ്യൂസിയത്തിന് എതിര്‍വശത്തു ‘നെടുനെടാ’ നിര്‍മ്മിച്ചുവച്ചിരിക്കുന്ന പബ്ലിക് ഓഫീസ് കെട്ടിടം കാഴ്ചയ്ക്കു ജുഗുപ്സാവഹമാണ്. എന്നാല്‍ അതിന്റെ ഒരു ചെറിയ രൂപം സോപ്പ് കൊണ്ടോ മാര്‍ബിള്‍ കൊണ്ടോ ഉണ്ടാക്കി പ്രദര്‍ശനത്തിനു വച്ചാല്‍ നമ്മള്‍ അതു നോക്കിക്കൊണ്ടു വളരെ നേരം നില്ക്കും. സാക്ഷാല്‍ തീവണ്ടി ഓടുന്നതു കണ്ടാല്‍ നമുക്കു പേടി. ചുറ്റുകമ്പി മുറുക്കി വച്ച് കമ്പിപാളത്തിലൂടെ ഓടിക്കുന്ന കളിപ്പാട്ടമായ തീവണ്ടി കൗതുകപ്രദമാണ് പലര്‍ക്കും.
ഒരു കൈലേസ് താഴെയിട്ട് ഒരു മഹാന്‍ ട്രാജഡിയുണ്ടാക്കി. ഒരു മോതിരം നഷ്ടപ്പെടുത്തി വേറൊരു മഹാന്‍ ലൗകിക പ്രേമത്തെ ആധ്യാത്മിക പ്രേമമാക്കി മാറ്റി. നമ്മുടെ പ്രതിഭാദരിദ്രന്മാര്‍ നിരന്തരം കഥാപാത്രങ്ങളെ കൊന്നു കലാകൊലപാതകം നടത്തുന്നു.
ഭാസ്കരന്റെ ‘കളിക്കോപ്പുകള്‍’ എന്ന കാവ്യത്തില്‍ ഇതില്‍നിന്ന് അല്പം വിഭിന്നമായ മാനസിക നിലയാണ് പ്രതിപാദിച്ചിരിക്കുന്നത്. ഭീമാകാരമാര്‍ന്നവയുടെ ഹ്രസ്വാകാരങ്ങളല്ല. ഈ കാവ്യത്തിലെ കളിക്കോപ്പുകള്‍. അവ പേരക്കുട്ടികളുടെ കളിപ്പാട്ടങ്ങളാണ്. അവര്‍ അമേരിക്കയില്‍ താമസിക്കുന്ന അച്ഛനമ്മമാരോടൊരുമിച്ചു പൊയ്ക്കഴിഞ്ഞു.
ഈ വയസ്സനും പത്നിയും വീടിനു
കാവല്‍നായായ് മേവുന്ന മൃത്യുവും
എന്നാണ് മുത്തച്ഛന്‍ പറയുന്നത്. അയാള്‍ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങള്‍ കണ്ട് വികാരപാരവശ്യത്തില്‍ വീഴുന്നു. കാമുകി നല്കിയ റോസാപ്പൂ പുസ്തകത്തിലെ താളുകള്‍ക്കിടയില്‍വച്ച കാമുകന്‍ വാര്‍ദ്ധക്യത്തിലെത്തിയതിനു ശേഷം അവയെ കാണാനിട വന്നാല്‍? ആ ഉണങ്ങിയ ഇതളുകള്‍ അയാളെ ഉത്കടവികാരത്തിലേക്കു കൊണ്ടു ചെല്ലും. ഇതിനെയാണു ഭാവനാപരമായ സാക്ഷാത്കാരം എന്നു വിളിക്കുന്നത്. അപ്രത്യക്ഷമായ കുഞ്ഞുങ്ങളോടുള്ള സ്നേഹത്തെ കളിപ്പാട്ടങ്ങളിലൂടെ സാക്ഷാത്കരിക്കുന്ന ഈ കാവ്യത്തിനു ഹൃദയസ്പര്‍ശകത്വമുണ്ട്.
ഞാന്‍ തീവണ്ടിയില്‍ വടക്കോട്ടു പോവുകയായിരുന്നു. എറണാകുളം നോര്‍ത്ത് സ്റ്റെയ്ഷന്‍ കഴിഞ്ഞു. ഇടപ്പള്ളിയായി. തീവണ്ടിച്ചക്രങ്ങളുടെ ‘കടകട’ ശബ്ദംപോലെ ഭൂതകാലത്തിന്റെ ശബ്ദം ഞാന്‍ കേട്ടു. ആ അസഹനീയ ശബ്ദത്തിലൂടെ ഒരു മധുര ശബ്ദം. ഓര്‍മ്മിച്ചു നോക്കി “അഴകിന്റെ തൂവെള്ളിക്കിണ്ണമെല്ലാം അഴലു നിറഞ്ഞവയായിരുന്നു” ദുഃഖസാന്ദ്രമാണ് ഈ വരികളെങ്കിലും എന്തൊരു മനോഹാരിത. മഹാകവിക്കല്ലാതെ ഇതെഴുതാന്‍ കഴിയുമോ? എഴുതിയ ആള്‍ മഹാകവിയല്ലെങ്കിലും ഞാന്‍ ആ ചോദ്യം ചോദിച്ചു. ഇടപ്പള്ളി രാഘവന്‍പിള്ള എന്ന ഹതഭാഗ്യന്‍ എനിക്ക് ഉത്തരം തരാന്‍ ഇല്ല.
ഒരുണങ്ങിയ റെയില്‍വേ സ്റ്റെയ്ഷനാണ് ഇടപ്പള്ളി എന്ന സ്ഥലത്തിനു അധികാരികള്‍ നല്കിയത്. ചുറ്റുപാടുകളും ശുഷ്കങ്ങള്‍ തന്നെ. ആ പ്രദേശത്തിനടുത്താണല്ലോ ഒരു വാടാത്ത പനിനീര്‍പ്പൂ വിരിഞ്ഞത്. മണല്‍ക്കാട്ടിലും റോസാപ്പൂ വിരിയുമെന്നു ഞാന്‍ ഗ്രഹിച്ചു. മലയാള സാഹിത്യാരാമത്തിന്റെ രോമാഞ്ചമായ പനിനീര്‍പ്പൂ. നമ്മളിന്ന് അതെടുത്തു കൈയില്‍ വച്ച് ‘ആരുവാങ്ങുമിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?’ എന്നു ചോദിക്കുന്നു. ആരും വാങ്ങുന്നില്ല. പക്ഷേ അതു വാങ്ങാന്‍ ഒരാട്ടിടയ കുമാരന്‍ വരും ഒരുകാലത്ത്. തീവണ്ടി ആലുവയിലേക്കു കുതിക്കുകയാണ്. കടകട ശബ്ദം മാത്രം. നവീന കവിതയുടെ ആ ശബ്ദം വര്‍ത്തമാനകാലത്തിന്റെ ശബ്ദമായി ഞാന്‍ കേട്ടു.
Contents
മന്ത്രിമാര്‍ ഞെട്ടുന്നു; ഞാനും
പ്രഭാതത്തില്‍ നേര്‍ത്ത ചന്ദ്രക്കലയെ ആകാശത്തു കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നും?” “ചന്ദ്രക്കല ഏതാനും നിമിഷംകൊണ്ടു മാഞ്ഞുപോകുന്നതുപോലെ നമ്മുടെ അഹങ്കാരികളായ ചില കവികളും മാഞ്ഞുപോകുമല്ലോ എന്നു തോന്നും.
ആരു മരിച്ചാലും മന്ത്രിമാര്‍ ഞെട്ടും. തൊണ്ണൂറു വയസ്സുകഴിഞ്ഞ ആരോ ഒരാള്‍ മരിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിലെ ഒരാള്‍ക്കു ഡീപ്പ് ഷോക്ക് ഉണ്ടായതായി ഞാനറിഞ്ഞു. മന്ത്രിമാര്‍ക്കു ഷോക്ക് ഉണ്ടാകുന്ന പോലെയല്ല, യഥാര്‍ത്ഥത്തിലുള്ള ഷോക്ക് തന്നെ എനിക്കുണ്ടായി ശ്രീ.ശ്രീവരാഹം ബാലകൃഷണന്റെ ‘രാത്രിയായിക്കോട്ടെ രാജപ്പാ’ എന്ന ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചപ്പോള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ അവഗാഹമുള്ള ഒരാള്‍ — വെറും ഒരാളാണോ? അല്ല ഇംഗ്ലീഷ് പ്രഫെസര്‍ ആയിരുന്ന ഒരാള്‍ — മോപസാങ്, ചെക്കോവ്, റ്റോമസ്മന്‍ ഇവരുടെയെല്ലാം കഥകള്‍ വായിച്ച് ചെറുകഥ എന്തെന്നു മനസ്സിലാക്കിയ ഒരാള്‍ ഇതുപോലെ ഒരു പറട്ടക്കഥ എഴുതിയല്ലോ എന്നു വിചാരിച്ചപ്പോഴാണ് എനിക്കു ഷോക്ക് ഉണ്ടായത്. രണ്ടു തെണ്ടികള്‍. ഒരു തെണ്ടി എവിടെയോ പോയി ജോലി നേടി ജീവിക്കുന്നു. അപ്പോള്‍ മറ്റേത്തെണ്ടി കാലുതല്ലിച്ചതച്ച് അത് ബഹുജനത്തെ കാണിച്ച് പണം നേടുന്നു. ജോലി കിട്ടിയ തെണ്ടി അതു നഷ്ടപ്പെടുത്തി. പിന്നീട് സ്വന്തം കാലു കരുതിക്കൂട്ടി മുറിച്ചുകളഞ്ഞിട്ട് ആദ്യത്തെ തെണ്ടി തെണ്ടുന്ന സ്ഥലത്തുവന്ന് ഇരിക്കുന്നു. അതോടെ അയാള്‍ പൂര്‍വ സുഹൃത്തിന്റെ ശത്രുവായി മാറുന്നു. കാലു മുറിച്ചവനെ കൊല്ലാന്‍ മറ്റവന്‍ തീരുമാനിക്കുമ്പോള്‍ കഥ അവസാനിക്കുന്നു. റിവോള്‍ട്ടിങ് എന്നല്ലാതെ എന്തു പറയാന്‍? എന്റെ വീട്ടിന്റെ മുന്‍വശത്തു വയലുകളാണ്. മഴ പെയ്ത് അവയാകെ കായല്‍പോലെയാകുമ്പോള്‍ ചൂണ്ടയിട്ടു മത്സ്യം പിടിക്കാന്‍ ആളുകളെത്തും. പെട്ടെന്നു വെട്ടി വലിക്കുമ്പോള്‍ ചൂണ്ടയില്‍ കുരുങ്ങിയത് നീര്‍ക്കോലിയാണെന്നു കാണും. ശ്രീവരാഹം ബാലകൃഷ്ണന്റെ സാഹിത്യച്ചൂണ്ടയില്‍ കുരുങ്ങിയ ഈ നീര്‍ക്കോലി എന്നില്‍ വെറുപ്പ് എന്ന വികാരം ഉളവാക്കുന്നു. ഒരു വാക്കുകൂടി ശ്രീവരാഹം ബാലകൃഷ്ണന്‍ എന്റെ അഭ്യുദയത്തില്‍ താല്‍പര്യമുള്ളയാളാണ്. എന്റെ അഭിവന്ദ്യ സുഹൃത്തുമാണ്. പക്ഷേ സൗഹൃദം സത്യത്തിന്റെ കണ്ണു മൂടരുതല്ലോ.
ഒരു കൈലേസ് താഴെയിട്ട് ഒരു മഹാന്‍ ട്രാജഡിയുണ്ടാക്കി. ഒരു മോതിരം നഷ്ടപ്പെടുത്തി വേറൊരു മഹാന്‍ ലൗകിക പ്രേമത്തെ ആധ്യാത്മിക പ്രേമമാക്കി മാറ്റി. നമ്മുടെ പ്രതിഭാദരിദ്രന്മാര്‍ നിരന്തരം കഥാപാത്രങ്ങളെ കൊന്നു കലാകൊലപാതകം നടത്തുന്നു.
ചോദ്യം, ഉത്തരം
കെ.പി.ശങ്കരന്റെ നിരൂപണങ്ങള്‍ ഒന്നാന്തരമല്ലേ. നിങ്ങളുടെ ഇരുപത്തിമൂന്നുകൊല്ലത്തെ ഈ വൈകൃതത്തെ അദ്ദേഹത്തിന്റെ ഒറ്റ ലേഖനവുമായി തട്ടിച്ചുനോക്കാനുള്ള ധൈര്യമുണ്ടോ നിങ്ങള്‍ക്ക്?
- ധൈര്യമില്ല എനിക്ക്. ശ്രീ.കെ.പി. ശങ്കരന്റെ രണ്ടുമൂന്നു ലേഖങ്ങങ്ങളെ ഞാന്‍ വായിച്ചിട്ടുള്ളു. എല്ലാം ഒരുപോലെയിരിക്കും. ഭേദമേയില്ല. അദ്ദേഹം ഗ്രന്ഥകാരന്റെ പേരും ഗ്രന്ഥത്തിന്റെ പേരും ‘ബ്ലാങ്ക് ആയി ഇട്ട്(blank) നൂറോളം പ്രതികള്‍ അച്ചടിച്ചു വച്ചാല്‍ മതി. പുസ്തകങ്ങള്‍ പത്രാധിപന്മാര്‍ അയച്ചുകൊടുക്കുമ്പോള്‍ ബ്ലാങ്ക് സ്പെയ്സില്‍ രണ്ടുപേരുകളും എഴുതി അവര്‍ക്കു അയച്ചു കൊടുക്കട്ടെ. സമയം ലാഭം, കടലാസ്സു ലാഭം, മഷി ലാഭം. ആ നൂറു കോപ്പികള്‍ തീരുമ്പോള്‍ നൂറെണ്ണം കൂടി അച്ചടിക്കാം.
പ്രഭാതത്തില്‍ നേര്‍ത്ത ചന്ദ്രക്കലയെ ആകാശത്തു കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നും?
- ചന്ദ്രക്കല ഏതാനും നിമിഷംകൊണ്ടു മാഞ്ഞുപോകുന്നതുപോലെ നമ്മുടെ അഹങ്കാരികളായ ചില കവികളും മാഞ്ഞുപോകുമല്ലോ എന്നു തോന്നും.
വരന്‍, വധു ഇവയ്ക്കു പകരമായി രണ്ടു വാക്കുകള്‍ പറഞ്ഞു തരൂ. ഇവ കേട്ടു കേട്ടു മടുത്തു. നിങ്ങളുടെ കാമുകന്‍, കാമുകി ഈ വാക്കുകള്‍ കേട്ട് എനിക്കു മടുപ്പ് ഉണ്ടായതു പോലെ.
- രണ്ടു പേര്‍ക്കും ചേരുന്ന ഒരു ഇംഗ്ലീഷ് വാക്കു പറയാം. Victim. ബലിക്കു കൊണ്ടു വയ്ക്കുന്ന ജീവി എന്ന് അതിനര്‍ത്ഥം.
- ജീവിതം കണ്ടു വിഷാദത്തില്‍ വീണ കോടാനുകോടി ഭാരതീയരില്‍ ഒരുത്തന്‍. കഴിയുന്നതും വേഗം ഈ ഇന്‍ഡ്യയില്‍നിന്നു പരലോകത്തേക്കു പോകണമെന്നല്ലാതെ എനിക്കു മറ്റൊരാഗ്രഹമില്ല.
ഏറ്റവും വിശുദ്ധമായ വികാരം സ്വദേശ സ്നേഹമല്ലേ?
- അല്ല. ദേഷ്യമാണ് വിശുദ്ധിയുള്ള വികാരം. അതു തികഞ്ഞ ആര്‍ജ്ജവത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.
സിനിമയില്‍ ഹാസ്യമഭിനയിക്കുന്ന തടിച്ചികളെ, പ്രായംകൂടിയവരെ കാണുമ്പോള്‍ എന്തു തോന്നും?
- അവരും ചെറുപ്പകാലത്തു സുന്ദരികളായിരുന്നല്ലോ, അവരുടെ പിറകെയും യുവാക്കന്മാര്‍ നടന്നിരുന്നല്ലോ എന്നു തോന്നും.
സുന്ദരനായ മണ്ടനായിരിക്കാനാണോ ഇഷ്ടം അതോ വിരൂപനായ ബുദ്ധിമാന്‍ ആയിരിക്കാനോ?
- യുവത്വമുള്ള കാലത്തു സൗന്ദര്യമുള്ള ബുദ്ധിശൂന്യനാകാനും വാര്‍ദ്ധക്യകാലത്ത് വൈരൂപ്യമുള്ള ധിഷണാശാലിയാവാനും.
- ഓ. മകന്‍ വിളിച്ചാല്‍ അച്ഛന്‍ വിളി കേള്‍ക്കാതിരിക്കുന്നതെങ്ങനെ.
ഒരുളയ്ക്കുപ്പേരി എന്ന രീതിയില്‍ ചിലര്‍ മറുപടി നല്കുന്നത് എങ്ങനെ?
- നേരമ്പോക്കു പറയാനും റിപ്പോര്‍ട്ടി (repartee = ചുട്ട മറുപടി) നടത്താനുമുള്ള കഴിവ് പ്രകൃതി നല്കുന്നതാണ്. ആ അനുഗ്രഹമില്ലാത്തവന്‍ അക്കാര്യങ്ങള്‍ക്കു തുനിഞ്ഞാല്‍ അവര്‍ അന്യരുടെ ദൃഷ്ടിയില്‍ കോമാളികളായി മാറും.
എന്റെ വീട്ടിലെ സ്ഫടിക ഭാജനത്തില്‍ വെള്ളത്തിലിട്ട രണ്ടു കൊച്ചു സ്വര്‍ണ്ണമത്സ്യങ്ങള്‍ കൂടെക്കൂടെ അവയുടെ ചുണ്ടുകള്‍ മുട്ടിക്കുന്നു. എന്തിനാണത് രഹസ്യം പറയുകയാണോ
- അല്ല. ജീവികള്‍ക്കു മനുഷ്യരെ അനുകരിക്കാനുള്ള പ്രവണതയുണ്ട്. നിങ്ങളും ഭാര്യയും ആ മുറിയില്‍ ഒരുമിച്ചു നില്ക്കാതിരുന്നാല്‍ മതി.
ഉദ്ബോധനം ഹാസ്യത്തിലൂടെ
ജര്‍മ്മനിയില്‍ ജനിച്ച യു. എസ്. സൈക്കോ അനലിസ്റ്റ് എറിക് ഫ്രെമ്മിന്റെ പുസ്തകങ്ങള്‍ ഞാനൊരുതരം ആവേശത്തോടെയാണു വായിക്കാറ്. അദ്ദേഹം ആളുകളെ നാലായി തരംതിരിച്ചിട്ടുണ്ട്.
- സ്വീകാരപ്രവണതയുള്ളവന്‍ — മറ്റുള്ളവര്‍ സ്നേഹപൂര്‍വം നല്കുന്ന എന്തും ഇയാള്‍ അംഗീകരിക്കും. സ്നേഹംപോലും സ്വീകരിക്കും.
- ചൂഷണപ്രവണതയുള്ളവന്‍ — മറ്റുള്ളവരുടെ പ്രയത്നഫലങ്ങളെ സൂത്രംകൊണ്ടും വക്രബുദ്ധികൊണ്ടും പിടിച്ചെടുക്കുന്നവനാണ് ഇയാള്‍.
- അതി സഞ്ചയകാരിയായവന്‍ — അന്യര്‍ കൊടുക്കുന്നതെന്തും സ്വീകരിച്ച് ഭാവിയില്‍ അതു പ്രയോജനപ്പെടുത്തുന്നവനാണ് ഇയാള്‍.
- വിക്രേയ മനുഷ്യന്‍ — ഇയാള്‍ തന്നെത്തന്നെ വില്ക്കുന്നു. വേഷംകൊണ്ടും നാട്യംകൊണ്ടും അന്യരെ പറ്റിച്ച് തന്നെ വില്ക്കുന്നവനാണ് ഇയാള്‍.
ഇവരെ യഥാക്രമം Receptive person, Explotitative person, Hoarding person, Marketing person എന്നു ഫ്രെം വിളിക്കുന്നു. വളര്‍ച്ചമുരടിച്ചവരാണ് ഈ നാലുകൂട്ടരും. നമ്മുടെ ചെറുപ്പക്കാര്‍(കുട്ടികളും) ചൂഷണ പ്രവണതയുള്ളവരാണ്. മറ്റുള്ളവരെ, വിശേഷിച്ചും അച്ഛനമ്മമാരെ ചൂഷണം ചെയ്തു സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ ഇവര്‍ക്കു സാമര്‍ത്ഥ്യം കൂടുതലാണ്. വീട്ടില്‍ കഞ്ഞി കുടിക്കാന്‍ വക കാണില്ല. എങ്കിലും വിലകൂടിയ വസ്ത്രങ്ങള്‍ അച്ഛനെക്കൊണ്ടു വാങ്ങിപ്പിക്കും. പുതിയ സ്ക്കൂട്ടര്‍ വാങ്ങിപ്പിക്കും. അതില്‍ കയറി പട്ടണമാകെ കറങ്ങും. ഇമ്മട്ടില്‍ ചൂഷണവിദഗ്ധനായ ഒരു കുട്ടിയെ ശ്രീ.വി. പി. മനോഹരന്‍ ‘ബാധ’ എന്ന ചെറുകഥയിലൂടെ വിദഗ്ദ്ധമായി അവതരിപ്പിക്കുന്നു. ചൂഷണം ധനത്തെസ്സംബന്ധിച്ചതല്ല. കരാറ്റി (karate — കരാട്ടേയാണ് ശരിയെന്ന് ഒരു വായനക്കാരന്‍ എഴുതി അയച്ചു മുന്‍പ്. Daniel Jones-ന്റെ English Pronouncing Dictionary തൊട്ടുള്ള അനേകം നിഘണ്ടുക്കളില്‍ കരാറ്റി എന്നാണ് ഉച്ചാരണം കാണിച്ചിരിക്കുന്നത്) പഠിക്കണം അവന്. വിദ്യാഭ്യാസത്തെ അതു തടസ്സപ്പെടുത്തുമെന്നതുകൊണ്ട് അച്ഛന്‍ അതിനു സമ്മതിക്കുന്നില്ല. മകന്‍ നിരാഹാര സത്യാഗ്രഹം തുടങ്ങി. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ മകന്റെ ആരോഗ്യാവസ്ഥയില്‍ ആശങ്കാകുലനായ അച്ഛന്‍ മകന് കീഴടങ്ങി. അവന്‍ കരാറ്റി പഠിച്ചു. എല്ലാവരെയും ആക്രമിച്ചു. അമ്മയുടെ മുഖത്തുപോലും ഇടികൊടുത്ത് രക്തം ചാടിച്ചു. ഒടുവില്‍ ജ്യോത്സ്യന്റെ നിര്‍ദ്ദേശമനുസരിച്ച് ആ ബാധ ഒഴിപ്പിക്കാന്‍ അച്ഛനമ്മമാര്‍ തീരുമാനിച്ചു. എല്ലാ നേരമ്പോക്കുകളും സ്ഥൂലീകരണങ്ങളാണ്. ആ സ്ഥൂലീകരണവും അത്യുക്തിയും ഇക്കഥയിലെ ഹാസ്യത്തിലുമുണ്ട് എങ്കിലും ഹൃദ്യമാണ് ഇക്കഥ. ഒരു ബാലന്റെ മാനസിക ഭ്രംശത്തിലൂടെ കഥാകാരന്‍ അക്രമാസക്തമായ ജനതയുടെ കഥ പറയുന്നു എന്നതും സവിശേഷത തന്നെ ഇക്കഥയുടെ.
സാഹിത്യകാരന്മാര്‍
- കുമാരനാശാന്‍
- സമ്പൂര്‍ണ്ണ മനുഷ്യത്വത്തിന്റെ സ്തോതാവ്.
- വള്ളത്തോള്‍
- ശബ്ദപ്രയോഗത്തിലൂടെ മാന്ത്രികത്വം സൃഷ്ടിച്ച പ്രതിഭാശാലി.
- ഒടുവില്‍ കുഞ്ഞുകൃഷ്ണമേനോന്‍
- ജീവിച്ചിരുന്ന കാലത്തും ഇക്കാലത്തും സാഹിത്യകാരന്മാരുടെ നിരയില്‍ ഒടുവില്‍ നിന്ന ആള്‍. ഇപ്പോഴും നില്ക്കുന്ന ആള്‍.
- മുട്ടത്തുവര്‍ക്കി
- അര്‍ദ്ധവിദ്യാഭ്യാസം ലഭിച്ചവരെ രസിപ്പിച്ച എഴുത്തുകാരന്‍. ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാര്‍ തങ്ങള്‍ക്ക് അദ്ദേഹത്തെ പ്രശംസിച്ചാല്‍ ഒന്നും നഷ്ടപ്പെടാനില്ലെന്നുകണ്ട് പ്രശംസ വാരിക്കോരിച്ചൊരിഞ്ഞു; അതു അദ്ദേഹം ജീവിച്ചിരുന്നപ്പോഴല്ല, ശവകുടീരത്തിനു മുകളില്‍ക്കൂടിയായിരുന്നു സ്തുതിവര്‍ഷാപാതം.
- കോവിലന്‍
- മനുഷ്യനു മനസ്സിലാകാത്ത കഥകളും നോവലുകളും ഉപന്യാസങ്ങളുമെഴുത്തുന്ന ആള്‍.
- ജി.ശങ്കരക്കുറുപ്പ്
- മാനവികതയെ ജഗത് സംബന്ധീയമായ ദര്‍ശനത്തോടു കൂട്ടിച്ചേര്‍ത്ത കവി.
- പുളിമാന പരമേശ്വരന്‍പിള്ള
- ചങ്ങാതിമാരാല്‍ മാത്രം വാഴ്ത്തപ്പെടുന്ന കഥാകാരന്‍, നാടകകര്‍ത്താവ്, കവി. രണ്ടാന്തരം ഫെയ്ക്കല്ല, ഒന്നാന്തരം ഫെയ്ക്ക്.
- വടക്കുംകൂര്‍ രാജരാജവര്‍മ്മ
- മൂല്യനിര്‍ണ്ണയത്തിനു ഒരു കഴിവുമില്ലാതെ സംസ്കൃത ഗ്രന്ഥങ്ങളെപ്പോലും ബഹിര്‍ഭാഗസ്ഥമായി ദര്‍ശിച്ച ഒരെഴുത്തുകാരന്‍.
സ്പര്‍ശം, പ്രയാണം
സാധാരണമായ കഥയെ അസാധാരണമാക്കി പ്രദര്‍ശിപ്പിക്കുന്നവനാണ് കലാകാരന്‍… സാഹിത്യകൃതി നമ്മള്‍ കൈയിലെടുക്കുമ്പോള്‍ ഈ സത്യം നമ്മള്‍ ഓര്‍മ്മിക്കണം. എങ്കിലേ ശരിയായ മൂല്യനിര്‍ണ്ണയത്തിനു കഴിയൂ.
സ്പര്‍ശത്തിന്റെ വിപരീത സ്വഭാവം അകന്നുപോകലാണെന്ന് ഏതോ ചിന്തകന്‍ എഴുതിയിട്ടുണ്ട്. സ്നേഹഭാജനത്തെ അത്ര സ്പര്‍ശിച്ചാലും മതിയാവുകയില്ല സ്നേഹിക്കുന്ന ആളിന്. എന്നാല്‍ അവര്‍ക്കു തമ്മില്‍ ലേശം വിരോധമുണ്ടാകട്ടെ. അവര്‍ മാറിനില്ക്കും. പിന്നെപ്പിന്നെ അകലും. അതിദൂരമകലും. വീണ്ടും വിചാരിച്ചിരിക്കാത്ത സന്ദര്‍ഭത്തില്‍ കാണാനിട വന്നാലും അടുത്തു ചെല്ലാന്‍ ഇഷ്ടം കാണില്ല. വൈഷയികത്വത്തെ സ്പര്‍ശിച്ചുകൊണ്ടിരുന്നവന്‍ അല്ലെങ്കില്‍ സ്പര്‍ശിച്ചുകൊണ്ടിരുന്നവള്‍ വിരക്തിയിലേക്കു വീണാല്‍ അതിന്റെ താഴ്‌വരയില്‍നിന്ന് ആധ്യാത്മികത്വത്തിന്റെ അധിത്യകയിലേക്കു കയറിപ്പോകും. പഴയ സ്പര്‍ശത്തിന്റെ ഓര്‍മ്മയുളവാകുമാറ് ഒരു വ്യക്തിയെ കണ്ടിട്ടും ആധ്യാത്മികതയിലേക്കുള്ള പ്രയാണം അവസാനിപ്പിക്കാതെ നക്ഷത്രപഥത്തിലേക്ക് ഉയര്‍ന്നുപോകുന്ന ഒരു സ്ത്രീയെ ശ്രീ. എം.ജി. രാധാകൃഷ്ണന്‍ ‘കേദാര’മെന്ന കഥയില്‍ ആലേഖനം ചെയ്തിരിക്കുന്നു. ഒരവ്യക്തത കഥയുടെ മദ്ധ്യത്തിലുണ്ടെങ്കിലും കഥാകാരന്റെ ഭാഷവിഷയപ്രതിപാദനത്തിന് അനുരൂപമായിരിക്കുന്നു.
സുന്ദരനായ മണ്ടനായിരിക്കാനാണോ ഇഷ്ടം അതോ വിരൂപനായ ബുദ്ധിമാന്‍ ആയിരിക്കാനോ? “യുവത്വമുള്ള കാലത്തു സൗന്ദര്യമുള്ള ബുദ്ധിശൂന്യനാകാനും വാര്‍ദ്ധക്യകാലത്ത് വൈരൂപ്യമുള്ള ധിഷണാശാലിയാവാനും.
ഞാന്‍ ബാലനായിരുന്നപ്പോഴാണ് ‘വേലുത്തമ്പി ദളവ’ എന്ന നാടകം കണ്ടത്. തമ്പി ആത്‌മഹത്യ ചെയ്തു. ശരീരം താഴെ വീണപ്പോള്‍ അദ്ദേഹത്തിന്റെ അനുജന്‍ തലവെട്ടിയെടുത്തുകൊണ്ട് ഓടി. ബാല്യകാലത്തെ ഹൃദയചാഞ്ചല്യം കൊണ്ടാവാം ഞാന്‍ കരഞ്ഞു. ചേട്ടന്റെ കഴുത്തു അനുജന്‍ സ്പര്‍ശിക്കുന്നു. പിന്നെ തലമുറിച്ചെടുക്കല്‍. അതിനുശേഷം ഓട്ടം. സ്പര്‍ശവും പ്രയാണവും. അതിന്റെ ഫലമായി കണ്ണുനീര്‍ ദ്രഷ്ടാവിന്. ആ കണ്ണുനീരോ ചഞ്ചലാവസ്ഥയോ രാധാകൃഷ്ണന്റെ കഥ ജനിപ്പിക്കാഞ്ഞത് — വേറൊരു വിധത്തില്‍ പറഞ്ഞാല്‍ അനുഭൂതിയുളവാക്കാഞ്ഞത് — എന്തുകൊണ്ടാവാം? മാന്യവായനക്കാര്‍ ആലോചിക്കട്ടെ എന്നു പറഞ്ഞ് ഞാന്‍ മാറിനില്ക്കുന്നു (കഥ കലാകൗമുദിയില്‍).
മാര്‍ജ്ജാരാവലോകനം
ഡെസ്മണ്ട് മോറിസിന്റെ ‘Cat watching’ എന്ന പുസ്തകത്തിന്റെ വിപുലീകരിച്ച നൂതന പ്രസാധനം കൗതുകപ്രദങ്ങളായ പല കാര്യങ്ങളും ഉള്‍ക്കൊള്ളുന്നു. 1992-ല്‍ പ്രസാധനം ചെയ്ത ഈ ഗ്രന്ഥത്തിന്റെ വില രണ്ടു പവനാണ് (ഏതാണ്ടു നൂറുരൂപ, Arrow Publication).
It is raining cats and dogs എന്നൊരു പ്രയോഗമുണ്ടല്ലോ. ഇത് എങ്ങനെ വന്നു? ശതാബ്ദങ്ങള്‍ക്കു മുന്‍പ് നഗരങ്ങളിലെ റോഡുകള്‍ക്കു വീതി കുറവായിരുന്നു. ശരിയായ ഡ്രെയിനിജും അന്നില്ലായിരുന്നു. കാറ്റോടുകൂടി വലിയ മഴ പെയ്യുമ്പോള്‍ പൂച്ചകളും പട്ടികളും അതില്‍പ്പെട്ടു മരിക്കും. മഴ തീര്‍ന്നതിനുശേഷം ആ മൃഗങ്ങളുടെ ഉടമസ്ഥര്‍ റോഡിലേക്കു നോക്കുമ്പോള്‍ അവയുടെ നിശ്ചേതന ശരീരങ്ങള്‍ കാണുകയായി. അപ്പോള്‍ അന്തരീക്ഷത്തില്‍ നിന്ന് അവ വീണതായി സങ്കല്പിക്കുമായിരുന്നു. അങ്ങനെയാണ് raining cats and dogs എന്ന ചൊല്ലുണ്ടായത്. സ്വിഫ്റ്റ് 1710-ല്‍ എഴുതിയത് ഈ സങ്കല്പത്തിന് ബലം നല്കുന്നുണ്ട്. “Now from all parts the swelling kennels flow, and bear their trophies with them as they go… drowned puppies, stinking sprats, all drenched in mud, dead cats, and turnip–tops, come tumbling down the flood.
വെള്ളച്ചാട്ടം എന്നതിന് ഗ്രീക്ക് ഭാഷയില്‍ catadupa എന്നാണ് പറയുക. വെള്ളച്ചാട്ടംപോലെ മഴ പെട്ടുമ്പോള്‍ raining catadupa എന്നു ആളുകള്‍ പറയും. ഈ catadupa കാലം കഴിഞ്ഞപ്പോള്‍ raining cats and dogs എന്നായി എന്നും ഒരു പക്ഷമുണ്ട് (പുറം 227).
വേശ്യകളെ പൂച്ചകളെന്നും വേശ്യാലയത്തെ പൂച്ചവീടെന്നും വിളിക്കുന്നതെന്തുകൊണ്ട്? മോറിസിന് ഇതിനും മറുപടിയുണ്ട്. ചക്കിപ്പൂച്ചകള്‍ ‘ഹീറ്റി’ ലാവുമ്പോള്‍ പല കണ്ടന്‍പൂച്ചകളോടും ചേരും. അതിരുകടന്ന ഈ വേഴ്ചയാണ് വേശ്യകള്‍ക്കു പൂച്ച എന്ന പേരു നേടിക്കൊടുത്തത്.(പുറം 222) ഇതുപോലെയുള്ള പല അറിവുകളും പ്രദാനം ചെയ്യുന്നു ഈ പുസ്തകം.
മോറിസിന്റെ പുസ്തകങ്ങള്‍ക്കുള്ള ദോഷം അവയിലെ പല അഭിപ്രായങ്ങളും ദുരാനീതങ്ങളാണ് എന്നതത്രേ. ആ ദോഷങ്ങള്‍ ഇതിലുമുണ്ട്. എങ്കിലും അതിനൊരു ‘വലിയ മാര്‍ജ്ജിന്‍’ ഇട്ടുകൊണ്ട് ഈ മാര്‍ജ്ജാരാവലോകനം നമുക്കു വായിക്കാം.
‘മംഗളം’ വാരികയില്‍ ഞാന്‍ ആദ്യമായി നോക്കുന്നത് ശ്രീ.കെ.എസ്. രഘുവിന്റെ ‘മത്തായിച്ചന്‍’ എന്ന ഹാസ്യചിത്ര പരമ്പരയാണ്. ഒരിക്കലും ആ ചിത്രങ്ങള്‍ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഹാസ്യത്തിന്റെ സ്ഫുരണം ഏതിലും കാണും. പൊലീസ് ഇന്‍സ്പെക്ടര്‍ യൂനിഫോം ധരിച്ചു കുടുംബത്തോടുകൂടി കല്യാണത്തില്‍ പങ്കെടുക്കാന്‍ പോകുന്നു. അതെന്തിന് എന്നു മത്തായിയുടെ ചോദ്യം. സുരക്ഷിതത്വത്തെക്കരുതി എന്ന് ഇന്‍സ്പെക്ടറുടെ ഉത്തരം. ബുള്ളറ്റ് പ്രൂഫാണോ എന്നു ചോദ്യം. അതല്ല; താന്‍ യൂനിഫോം ധരിച്ചേ പൊതു ചടങ്ങുകള്‍ക്കു പോകുകയുള്ളുവെന്ന് ഇന്‍സ്പെക്ടര്‍ മറുപടി നല്കുന്നു. കാരണമുണ്ട്. മഫ്റ്റിയില്‍ പോകുന്നത് അപകടമാണെന്ന് ഈയിടെ മാത്രമാണ് പൊലീസ് ഇന്‍സ്പെക്ടര്‍ മനസ്സിലാക്കിയത്. ഒരു രാഷ്ട്രീയ സംഭവത്തെ ഹാസ്യംപുരണ്ട കടക്കണ്ണിലൂടെ നോക്കി സ്വയം ചിരിക്കുകയും നമ്മെ ചിരിപ്പിക്കുകയും ചെയ്യുന്നു രഘു. ഹാസ്യചിത്രങ്ങളെ ധൈഷണികത്വത്തിന്റെ സന്തതികളാക്കുന്നവര്‍ക്ക് മംഗളത്തിലെ ഈ ചിത്രകാരന്‍ മാര്‍ഗ്ഗം ചൂണ്ടിക്കാണിക്കുന്നു.
സാധാരണമായ കഥയെ അസാധാരണമാക്കി പ്രദര്‍ശിപ്പിക്കുന്നവനാണ് കലാകാരന്‍. ഭര്‍ത്താവ് ഉണ്ടായിരിക്കെ അയാളെ നിരാകരിച്ചു വിരൂപനായ വേറൊരു പുരുഷനെ സ്ത്രീ പ്രാപിക്കുന്നതു ജീവിതത്തില്‍ എപ്പോഴും കാണാവുന്ന കാഴ്ചയാണ്. പക്ഷേ ടോള്‍സ്റ്റോയി അതിനു നല്കിയ അധാരണത്വമാണ് ‘അന്നാകരേനിനയെ’ അതാവിര്‍ഭവിച്ച കാലത്തെ മഹാദ്ഭുതമാക്കി മാറ്റിയത്. സാഹിത്യകൃതി നമ്മള്‍ കൈയിലെടുക്കുമ്പോള്‍ ഈ സത്യം നമ്മള്‍ ഓര്‍മ്മിക്കണം. എങ്കിലേ ശരിയായ മൂല്യ നിര്‍ണ്ണയത്തിനു കഴിയൂ.
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||
