close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 05 18


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 05 18
ലക്കം 557
മുൻലക്കം 1986 05 11
പിൻലക്കം 1986 05 25
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

രസതന്ത്രശാസ്ത്രവും ഭൗതികശാസ്ത്രവും ഐച്ഛികവിഷയങ്ങളായി സ്വീകരിച്ചു വളരെക്കാലം ബി. എസ്‌ സി. ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാന്‍ വേണ്ടിടത്തോളം ആലോചനയില്ലാതെ മലയാളം പഠിക്കാനായിപോയി. ആദ്യത്തെ ക്ലാസ് കരിങ്കുളം നാരായണപിള്ളസ്സാറിന്റേതു്; ‘രാമചരിതം.’ “കാനനങ്കളിലരന്‍ കുളിറുമായ്” എന്നു തുടങ്ങുന്ന പദ്യഭാഗം വായിച്ചു് വ്യാഖ്യാനിക്കാന്‍ ആരംഭിച്ചു ഗുരുനാഥന്‍. അപ്പോള്‍ത്തന്നെ എനിക്കു മതിയായി. മുന്‍കരുതലില്ലാതെ കെമിസ്ട്രി ഉപേക്ഷിച്ചതു് ബുദ്ധിശൂന്യമായിപ്പോയിയെന്നു തോന്നി. ക്ലാസ് കഴിഞ്ഞു് ദുഃഖത്തോടെ വരാന്തയില്‍ നിന്നപ്പോള്‍ കഥയെഴുത്തുകാരിയെന്ന നിലയില്‍ അന്നേ കീര്‍ത്തിനേടിയ പാല്‍ക്കുളങ്ങര സരസ്വതി അമ്മ എന്റെ അടുത്തെത്തി ചോദിച്ചു: “എന്താ വൈതരണിയില്‍ പെട്ടപോലെ നില്ക്കുന്നതു്?” ഞാന്‍ മറുപടി നല്കി: “മലയാളം പഠിക്കാനായി കെമിസ്ട്രി വേണ്ടെന്നുവച്ച മണ്ടത്തരം ഓര്‍മ്മിച്ചു.” പെട്ടെന്നു സരസ്വതിഅമ്മ പറഞ്ഞു: “ങ്ഹാ, ചങ്ങമ്പുഴക്കവിതയിലെ പ്രേമവും മറ്റും കള്ളമാണെന്നും ഈ ലോകത്തു് എന്തു കാണുന്നുവോ അതിനെ അതേ രീതിയില്‍ ചിത്രീകരിക്കുകയാണു് വേണ്ടതെന്നും ഞാന്‍ ചങ്ങമ്പുഴയോടു പറഞ്ഞു. അതനുസരിച്ചു് അദ്ദേഹമെഴുതിയ റീയലിസ്റ്റിക്‍ കവിതയാണു് ‘എങ്ങനെയോ അങ്ങനെ’ എന്നതു്. നിങ്ങള്‍ അതുവായിച്ചു നോക്കൂ.” ഇത്രയും ആജ്ഞാപിച്ചിട്ടു് സരസ്വതിഅമ്മ പോയി. ഞാന്‍ ആ കാവ്യം തേടിയെടുത്തു വായിച്ചു.

“…മൂട്ടയൊന്നു കടിച്ചിതെന്നെ
പിടഞ്ഞുടനെഴുന്നേറ്റു പല്ലൊരല്പമിളിച്ചുകൊ-
ണ്ടിടം കൈയാല്‍, പൃഷ്ഠം, നിന്നു ചൊറിയുന്നു ഞാന്‍.”

കാല്പനികാംശം പോയാല്‍ കവിത കവിതയല്ലാതെയാകും എന്നു തെളിയിക്കാനാണു് ചങ്ങമ്പുഴ ഇതെഴുതിയതു്. യാഥാതഥമായ കാവ്യത്തിലൂടെ കവി സ്പഷ്ടമാക്കിത്തന്ന ഈ സത്യം ആരു മാനിക്കുന്നില്ലയോ അയാള്‍ കവിയല്ല. കാരണമുണ്ടു്. കവിത — കല — ജീവിതത്തിന്റെ വാസ്തവിക ചിത്രീകരണമല്ല. അതിന്റെ (ജീവിതത്തിന്റെ മനോഹരമായ രൂപാന്തരീകരണമാണു്. ഈ മാറ്റംവരുത്താന്‍ കവിയെ സഹായിക്കുന്നതു് ചിത്രകല്പനയാണു്. “പൂവുവേണമോ പൂവു നാലണയ്ക്കാരെങ്കിലും കൊണ്ടുകൊള്‍വിന്‍…” എന്നു പറഞ്ഞാല്‍ രൂപാന്തരീകരണമില്ല. എന്നാല്‍ “ആരുവാങ്ങു മിന്നാരുവാങ്ങുമീയാരാമത്തിന്റെ രോമാഞ്ചം?” എന്നു പറഞ്ഞാല്‍ ജീവിതത്തിനു മാറ്റംവന്നു. അതു കവിതയായി. ചിത്രകല്പനകൊണ്ടുവരുത്തുന്ന മാറ്റം ഹൃദയഹാരിയായിരിക്കണം. പച്ചസ്സൂര്യപടം കൊണ്ടുള്ള റവുക്കയണിഞ്ഞവളെ കണ്ടിട്ടു് “അര്‍ക്കകാന്തിയില്‍ വിളങ്ങിനശ്ശീമച്ചക്ക പോലെ ഹൃദയം കവരുന്നു” എന്നാണു് എഴുതുന്നതെങ്കില്‍ അതു് എഴുതിയ ആളിന്റെ ഹൃദയം മാത്രമേ അതു കവരുന്നുള്ളു. അനുവാചകനു് ഓക്കാനമാണുണ്ടാവുക.

ദൃഢീകരണം ജീവിതത്തിനു്

പെർഷന്‍ ചക്രവര്‍ത്തിയായിരുന്ന സര്‍ക്ക്സീസ് (Xerxes) ഗ്രീസ് ആക്രമിക്കാനായി വമ്പിച്ച സൈന്യവുമായി പോയി. ഹെലിസ്പൊന്റില്‍ തന്റെ നാവികസൈന്യത്തെക്കണ്ടു് അദ്ദേഹം ആദ്യം ആഹ്ളാദിച്ചെങ്കിലും പിന്നീടു് കരഞ്ഞു. അതുകണ്ട് ചക്രവര്‍ത്തിയുടെ അമ്മാവന്‍ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങു് ഇപ്പോള്‍ ചെയ്യുന്നതു് അല്പം മുന്‍പുള്ള പ്രവര്‍ത്തനത്തില്‍ നിന്നു വിഭിന്നമല്ലേ? അപ്പോള്‍ അങ്ങു് സ്വയം അഭിനന്ദിച്ചു. നോക്കൂ, ഇപ്പോള്‍ കരയുന്നു” ഇതുകേട്ട ചക്രവര്‍ത്തി പറഞ്ഞു: “മനുഷ്യജീവിതത്തിന്റെ ഹ്രസ്വത ഓര്‍മ്മിച്ചപ്പോള്‍ പെട്ടെന്നു് എനിക്കു കാരുണ്യം തോന്നി. നൂറുകൊല്ലം കഴിയുമ്പോള്‍ ഈ അസംഖ്യമാളുകളില്‍ ഒരുത്തന്‍പോലുമുണ്ടായിരിക്കുകയില്ലല്ലോ.” (Histories, Herodotus, Chapters 45–46.)

ഒരു കഥകൂടി പറയാം. രണ്ടുപേര്‍ തമ്മില്‍ വസ്തുവിനെക്കുറിച്ചു തര്‍ക്കമുണ്ടായി. അവര്‍ ഒരു സന്ന്യാസിയെ സമീപിച്ചു് ഉടമസ്ഥന്‍ ആരാണെന്നു് തീരുമാനിക്കണമെന്നു് അപേക്ഷിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ചതു് ഇങ്ങനെയാണു്: നൂറു കൊല്ലം കഴിഞ്ഞു് രണ്ടുപേരും വരൂ.

ഇതില്‍ ആദ്യത്തേതു് ചരിത്രത്തോടു ബന്ധപ്പെട്ടതു്. രണ്ടാമത്തേതു് കഥ. അതിനാല്‍ ആദ്യത്തേതു് അച്ചടിച്ചോ, ഇന്ത്യന്‍ ഇങ്കില്‍ എഴുതിയോ ഫ്രെയിം ചെയ്തു് ചിലര്‍ മേശപ്പുറത്തു വയ്ക്കേണ്ടതാണു്.

പ്ലാറ്റ്ഫോമില്‍ കയറിനിന്നു് മാന്യന്മാരെ തൊണ്ടകീറി ആക്ഷേപിക്കുന്ന നിരൂപകരെക്കാള്‍, വെള്ളച്ചുവരു കണ്ടാല്‍ ഉടനെ കരിക്കട്ടയെടുത്തു് വൃത്തവും താളവും അര്‍ത്ഥവുമില്ലാതെ നാലുവരി എഴുതുന്ന കവികളെക്കാള്‍ പ്രഗല്ഭരായ നൂറ്റുക്കണക്കിനു നിരൂപകരും കവികളും കേരളത്തിലുണ്ടു്.

മരണം യാഥാര്‍ത്ഥ്യംതന്നെ. അതു് നമ്മെ എന്നും ഓര്‍മ്മിപ്പിക്കുന്ന സര്‍ക്ക്സീസിനു് നന്ദി. പക്ഷേ, മരണത്തെ ചിത്രീകരിച്ചു് അനുവാചകനെ ജാഡ്യത്തിലേക്കു് എറിയുന്നതിനെക്കാള്‍ നല്ലതു് ജീവിതത്തിനു് പ്രാധാന്യം നല്‍കി അതിനു് ദൃഢീകരണമോ സ്ഥിരീകരണമോ വരുത്തുകയാണു്. നമ്മുടെ പേരുകേട്ട സാഹിത്യകാരന്മാരൊക്കെ അങ്ങനെയേ പ്രവര്‍ത്തിച്ചിട്ടുള്ളു, വള്ളത്തോള്‍, കുമാരനാശാന്‍, ഉള്ളൂര്‍, സി.വി. രാമന്‍പിള്ള, തകഴി, ബഷീര്‍, കേശവദേവ്, പൊറ്റെക്കാട്ട്, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി ഇങ്ങനെ പലരും. ജീവിതത്തെ ഇമ്മട്ടില്‍ സ്ഥിരീകരിക്കുന്ന പ്രഖ്യാതമായ ഒരു കഥയുണ്ടു് തോമസ് മാനിന്റേതായി (വേറൊരുവാരികയില്‍ എഴുതി ഇതിനെക്കുറിച്ചു) പള്ളിയിലെ ശ്മശാനത്തിലേക്കുള്ള പാത രാജവീഥിക്കു സമാന്തരമാണു്. അതിലൂടെ ഒരു വൃദ്ധന്‍ നടക്കുന്നു. പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങള്‍ കാണാനാണു് അയാളുടെ പോക്കു്. വിഭാര്യന്‍. കറുത്ത വേഷം ധരിച്ചവന്‍. ബന്ധുക്കളെല്ലാം മരിച്ചു. ജീവിതം തളര്‍ത്തിക്കളഞ്ഞ ആ മനുഷ്യന്‍ അങ്ങനെ നടക്കുമ്പോള്‍ ആ പാതയിലൂടെ തന്നെ ഒരു ചെറുപ്പക്കാരന്‍ സൈക്കിളില്‍ വരുന്നു. സൂര്യന്‍ പെഡലുകളില്‍ പ്രകാശിക്കുന്നു. ഹുറാ, ഹുറാ, ശ്മശാനത്തിലേക്കുള്ള വഴിയിലൂടെ ഒരു വാഹനത്തിലും വരാന്‍ പാടില്ല. വൃദ്ധന്‍ പൊലീസിനു റിപ്പോര്‍ട്ട് ചെയ്യുമെന്നമട്ടില്‍ സൈക്കിളിന്റെ നമ്പര്‍ വിളിച്ചു പറഞ്ഞു. യുവാവു് അല്ലെങ്കില്‍ ജീവിതം തിരിഞ്ഞുനിന്നു ചോദിച്ചു: “നിങ്ങളെന്തു പറഞ്ഞു?” തര്‍ക്കമായി. യുവാവു് മര്യാദകേടായി സംസാരിച്ചിട്ടു് സൈക്കിളില്‍ കയറി. വൃദ്ധന്‍ — ജീര്‍ണ്ണത — അതു പിടിച്ചുവലിച്ചു. ജീവിതം — യുവാവു് — അക്രമാസക്തനായി. അയാള്‍ കിഴവനെ പിടിച്ചു തള്ളിയിട്ടു് സൈക്കിളില്‍ കയറി പോയി. “അവനെ തടയൂ; അവനെ തടയൂ” എന്നു് വൃദ്ധന്‍ നിലവിളിച്ചു. ഫലമില്ല. യുവാവു് അപ്രത്യക്ഷനായി. അതുമിതും പുലമ്പി അയാള്‍ തകര്‍ന്നു വീണു. കറുത്ത വസ്ത്രത്തിന്റെ ഒരു കൂമ്പാരം. ചുറ്റും ആളുകള്‍. റെഡ്ക്രോസ്സുകാരുടെ ആംബുലന്‍സ് വന്നു. കിഴവന്റെ മൃതദേഹം അതിലെടുത്തിട്ടുകൊണ്ടു പോകുമ്പോള്‍ കഥ അവസാനിക്കുന്നു. മരിച്ചയാളിന്റെ നേര്‍ക്കു കാരുണ്യത്തിന്റെ നീര്‍ച്ചാലു് ഒഴുകുന്നുണ്ടെങ്കിലും കഥാകാരന്‍ ജീവിതത്തിന്റെ അദമ്യാവസ്ഥയെ ചിത്രീകരിച്ചു് അതിനു് ദൃഢീകരണം നല്കുകയാണു്.

സുവ്യക്തമായ ചിന്തകളില്ലാത്ത ‘കഥ പറയും കഥമാമന്‍’ എന്ന കഥയിലൂടെ വി.ആര്‍. സുധീഷ് അനുഷ്ഠിക്കുന്ന കൃത്യവും ഇതുതന്നെന്നു തോന്നുന്നു. ഭൂതകാലത്തിന്റെ കഥകള്‍ പറയുന്ന ഒരു പുരുഷന്‍, വര്‍ത്തമാന കാലത്തിന്റെ കഥകള്‍ പറയുന്ന ഒരു സ്ത്രീ. പുരുഷന്‍ നിരാകരിക്കപ്പെടുന്നു. സ്ത്രീ ആത്മഹത്യ ചെയ്യുന്നു. പുരുഷനെ നിരാകരിക്കുന്നതിലൂടെ ജീവിതത്തെ സ്ഥിരീകരിക്കുന്നുണ്ടു് കഥാകാരന്‍. എന്നാല്‍ ആ സ്ത്രീയെ നിഗ്രഹിച്ചതെന്തിനെന്നു മനസ്സിലായില്ല എനിക്കു്. പുതിയ രീതിയില്‍ കഥ പറഞ്ഞിട്ടുണ്ടു് സുധീഷ്. ചില സ്ഥലങ്ങളില്‍ ഭാവാത്മകതയുമുണ്ടു്. പക്ഷേ, സ്പഷ്ടതയ്ക്ക് ആഘാതമേല്പിച്ചുകൊണ്ടുള്ള പ്രതിപാദനം വായനക്കാരനെ ക്ലേശത്തിലേക്കു് എറിയുന്നു.

* * *

സത്യവും ചിന്തയും കൂട്ടിമുട്ടുമ്പോള്‍ ചിന്തയ്ക്ക് ദാര്‍ഢ്യമുണ്ടെങ്കിലേ സത്യത്തെ സാക്ഷാത്കരിക്കാനാവൂ. അല്ലെങ്കില്‍ ചിന്ത പതറി നിന്നുപോകും.

വങ്കത്തം

ഞാന്‍ തിരുവനന്തപുരത്തെ സംസ്കൃതകോളേജില്‍ അദ്ധ്യാപകനായിരുന്ന കാലത്തു് എന്റെ സഹപ്രവര്‍ത്തകനായിരുന്നു ഇന്നു് ഇംഗ്ലീഷ് പ്രൊഫസറായിരിക്കുന്ന സി.റ്റി. തോമസ്. അദ്ദേഹം മദ്രാസിലെ ഒരു കോളേജില്‍ പഠിച്ചിരുന്ന കാലത്തുണ്ടായ സംഭവം എന്നോടു പറഞ്ഞു. അവിദഗ്ദ്ധനായ ഒരദ്ധ്യാപകന്‍ ആ കോളേജില്‍ ഷേകസ്പിയറിന്റെ കൃതികള്‍ പഠിപ്പിച്ചിരുന്നു. അദ്ധ്യാപകന്റെ ‘ബോറ്’ സഹിക്കാനാവാതെ ഒരു കുട്ടി അടുത്തിരുന്നവനോടു സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനു ദേഷ്യംവന്നു. തന്റെ, കൈയിലിരുന്ന ‘ട്വല്‍ഫ്ത്ത് നൈറ്റ്’ എന്ന ഷേക്സ്പിയര്‍ നാടകം തൊട്ടുകൊണ്ടു് അദ്ദേഹം സംസാരിച്ച കുട്ടിയോടു് ചോദിച്ചു: “Is Twelfth Night a tragedy or a comedy?” വിദ്യാർത്ഥി മറുപടി പറഞ്ഞു: ”Sir it is a comedy, but it is a tragedy in your hands.”

ഈ വിദ്യാര്‍ത്ഥി അയാളുടെ സാറിനെക്കാള്‍ ബുദ്ധിമാനാണു്. ഏതു തലത്തിലും ഇതു കാണാം. ഞാന്‍ കോളേജില്‍ പ്രൊഫസറായിരുന്നു. എന്നെക്കാള്‍ വിദഗ്ദ്ധരായ പല വിദ്യാര്‍ത്ഥികളും എന്റെ ക്ലാസ്സുകളില്‍ ഉണ്ടായിരുന്നു. മത്സരപ്പരീക്ഷയില്‍ ജയിച്ചു് സമുന്നതമായ ജോലി നേടുന്ന വ്യക്തികളെക്കാള്‍ ആയിരംമടങ്ങു ബുദ്ധിശക്തിയും കഴിവുമുള്ള ഗുമസ്തന്മാര്‍ അവരുടെ ഓഫീസില്‍ത്തന്നെ കാണും. ഒരുദാഹരണം പറയാം. ഞാന്‍ സെക്രട്ടേറിയറ്റില്‍ ക്ലാര്‍ക്കായിരുന്ന കാലത്തു ചന്ദ്രചൂഡന്‍ നായര്‍ എന്നൊരു ബുദ്ധിമാന്‍ ക്ലാര്‍ക്കായി അവിടെ ഉണ്ടായിരുന്നു. അദ്ദേഹം അക്കാലത്തെ ഏതു സെക്രിട്ടറിയെക്കാളും ചീഫ് സെക്രിട്ടറിയെക്കാളും വിദഗ്ദ്ധനായിരുന്നു. സെക്രിട്ടറി എഴുതിയ നോട്ടില്‍ കുറുകെ ഒരു വര വരച്ചിട്ടു് ചന്ദ്രചൂഡന്‍ നായരെന്ന ക്ലാര്‍ക്കു് എഴുതിയ നോട്ടിന്റെ മാര്‍ജ്ജിനില്‍ A very good note. This is the kind of note that I want എന്നു സര്‍.സി.പി. രാമസ്വാമി അയ്യര്‍ പലതവണ എഴുതിയതു് ഞാന്‍ കണ്ടിട്ടുണ്ടു്. (ചന്ദ്രചൂഡന്‍നായര്‍ പിന്നീടു് ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായി. പെന്‍ഷന്‍ വാങ്ങി. ഇപ്പോള്‍ കൊല്ലത്തിനടുത്തു താമസിക്കുന്നു.) ഇതൊക്കെ അംഗീകരിക്കേണ്ട സത്യമാണു്. അതുപോലുള്ള സത്യങ്ങള്‍ വേറെയും പലതുണ്ടു്. എന്നെക്കാള്‍ ഭംഗിയായി ഈ പംക്തി കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ ആയിരക്കണക്കിനു്, ലക്ഷണക്കിനു കാണും. പരിതഃസ്ഥിതികള്‍ എനിക്കു് അനുകൂലമായി വന്നതുകൊണ്ടു് ഞാനിങ്ങനെ എഴുതുന്നു എന്നേയുള്ളൂ. പ്ലാറ്റ്ഫോമില്‍ കയറിനിന്നു് മാന്യന്മാരെ തൊണ്ടകീറി ആക്ഷേപിക്കുന്ന നിരൂപകരെക്കാള്‍, വെള്ളച്ചുവരു കണ്ടാല്‍ ഉടനെ കരിക്കട്ടയെടുത്തു് വൃത്തവും താളവും അര്‍ത്ഥവുമില്ലാതെ നാലുവരിയെഴുതുന്ന കവികളെക്കാള്‍ പ്രഗല്ഭരായി നൂറ്റുക്കണക്കിനു നിരൂപകരും കവികളും കേരളത്തിലുണ്ടു്. അവരുടെ പേരുകള്‍ അച്ചടിക്കപ്പെടുന്നില്ല എന്നേയുള്ളു. പ്രൊഫസറന്മാരും മത്സരപ്പരീക്ഷയില്‍ ജയിച്ച ഉദ്യോഗസ്ഥന്മാരും സാഹിത്യ വാരഫലക്കാരും നിരൂപകരും കവികളും ഇതറിയണം. അറിഞ്ഞില്ലെങ്കില്‍ അതിനെയാണു് ഇംഗ്ലീഷില്‍ സ്നോബറി എന്നു വിളിക്കുന്നതു്. മൂല്യങ്ങളെക്കുറിച്ചു് തെറ്റായ സങ്കല്പങ്ങള്‍ അവര്‍ സമുദായത്തില്‍ പ്രചരിപ്പിക്കുന്നു. അതിന്റെ ഫലമായി സംസ്കാരം തകരുന്നു. ദേശാഭിമാനിവാരികയില്‍ ‘അന്യരുടെ വിശേഷങ്ങള്‍’ എന്ന ‘പറട്ട’ ക്കഥ എഴുതിയ വിജയന്‍ ആറ്റിങ്ങല്‍ തന്നെക്കുറിച്ചു് എന്തു വിചാരിക്കുന്നോ എന്തോ? പേരച്ചടിച്ചു കാണാന്‍ താനൊരു കഥ ദേശാഭിമാനിവാരികയ്ക്കു് അയച്ചു; അതു മഷിപുരണ്ടുവരികയും ചെയ്തു; ഭാഗ്യം. ഇമ്മട്ടിലേ അദ്ദേഹം വിചാരിക്കുന്നുള്ളുവെങ്കില്‍ ഒരു കുഴപ്പവുമില്ല. അതല്ല “എന്റെ കഥ ഉത്കൃഷ്ടമായ ഒരു വാരികയില്‍ പ്രസിദ്ധപ്പെടുത്തി. അതുകൊണ്ടു് അക്കഥ ഉത്കൃഷ്ടം തന്നെ” എന്നാണു് അദ്ദേഹം വിചാരിക്കുന്നതെങ്കില്‍ — ക്ഷമിക്കണം — അതു് സ്നോബറിയാണു്.

* * *

അയ്യായിരം രൂപ ചെലവാക്കുമ്പോള്‍ എം.എ. ഡിഗ്രികിട്ടും. പിന്നീടു് കടലാസ്സിന്റെ താഴെനിന്നു് മൂന്നിഞ്ചു് മുകളില്‍ ഒരു വരയിട്ടു് രണ്ടു സ്ഥലത്തും രണ്ടു രീതിയിലെഴുതുമ്പോള്‍ പി.എച്ച്.ഡി. കിട്ടും. രണ്ടിനും കുറെ പുസ്തകങ്ങള്‍ വായിക്കേണ്ടിവരും. അങ്ങനെ സമാര്‍ജ്ജിച്ച അറിവു് തൂലികയിലൂടെയും വക്ത്രത്തില്‍ക്കൂടിയും ബഹിര്‍ഗ്ഗമിപ്പിച്ചിട്ടു് “ബഹുമാനിയാ ഞാനാരെയും തൃണവല്‍” എന്നു് ഉദ്ഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ല. നിശ്ശബ്ദ വായന നടത്തുന്ന, നിശ്ശബ്ദ ചിന്തനം നടത്തുന്ന വിദഗ്ദ്ധന്മാര്‍ കേരളത്തില്‍ വളരെയുണ്ടു്. ഇസ്രായേലില്‍ ഈശ്വരന്‍ മന്ന എറിഞ്ഞപ്പോള്‍ അതു് എല്ലാവര്‍ക്കും കിട്ടി. വല്ലഭായിപട്ടേല്‍ പണ്ടെറിഞ്ഞ മന്ന ചിലര്‍ക്കേ കിട്ടുന്നുള്ളു. അതുകിട്ടിയവര്‍ അഹങ്കരിക്കരുതു്. കിട്ടാത്തവര്‍ ദുഃഖിക്കരുതു്. പട്ടേലിന്റെ മന്ന കിട്ടിയവര്‍ക്കും കിട്ടാത്തവര്‍ക്കും തമ്മില്‍ ധൈഷണികമായി ഒരു വ്യത്യാസവുമില്ല.

സ്യൂഡോ ആര്‍ട്

പേരുകളെഴുതുന്നില്ല. ചിലര്‍ പ്രസംഗിക്കാന്‍ തുടങ്ങിയാല്‍ ഒരു ശബ്ദപ്രപഞ്ചമുണ്ടാകും. അതിന്റെ ലയത്തിലൂടെ ശ്രോതാക്കള്‍ ഒഴുകിപ്പോകും. പ്രഭാഷണം കഴിയുമ്പോള്‍ നീണ്ടുനില്ക്കുന്ന കരഘോഷം. അപ്പോള്‍ പ്രസംഗം കേട്ടയാളിനോടു ചോദിക്കു പ്രഭാഷകന്‍ പറഞ്ഞതെന്താണെന്നു്. അയാള്‍ക്കെന്നല്ല ആ മുറിയില്‍ ഉണ്ടായിരുന്ന ആര്‍ക്കും തന്നെ അതിനു മറുപടി തരാന്‍ സാദ്ധ്യമാവുകയില്ല. അര്‍ത്ഥമില്ലാത്ത പദങ്ങളെ യോജിപ്പിച്ചു് ലയാത്മകമായി വാക്യങ്ങള്‍ പ്രവഹിപ്പിക്കുമ്പോള്‍ ആ ലയത്തിന്റെ തൊട്ടിലില്‍ കിടന്നു സുഷുപ്തിയില്‍ വിലയംകൊള്ളുകയാണു് ശ്രോതാവു്. നേരേമറിച്ചു് മുണ്ടശ്ശേരിയുടെ പ്രഭാഷണം കേട്ടാല്‍, ബി.സി. വര്‍ഗ്ഗീസിന്റെ പ്രഭാഷണം കേട്ടാല്‍ അവര്‍ പറഞ്ഞതെന്തെന്നു് നമ്പരിട്ടു പറയാന്‍ സാധിക്കും. അതാണു് വാഗ്മിതകൊണ്ടുണ്ടാകുന്ന ഗുണം. ആദ്യം പറഞ്ഞ കൂട്ടരുടെ പ്രഭാഷണങ്ങള്‍ കപട വാഗ്മിതയാണു്; വാചാലതയാണു് ഈ കാപട്യമാണു് ഉണ്ണിക്കൃഷ്ണന്‍ തിരുവാഴിയോടിന്റെ കഥകളുടെ സവിശേഷത. അതു കഥാദ്വൈവാരികയിലെ ‘ചിതാഭസ്മത്തിലെ കനലുകള്‍’ എന്ന ചെറുകഥയിലും കാണാം. വിദേശത്തുനിന്നു വരുന്ന ഒരു യുവതിയെ ഒരുത്തന്‍ സ്വീകരിക്കുന്നു, അവര്‍ കുടിക്കുന്നു, രസിക്കുന്നു. അവള്‍ അയാളുടെ നിര്‍ബ്ബന്ധമനുസരിച്ചു് സ്വന്തം കഥ പറയുന്നു. പിരമിഡുകളോളം പഴക്കമുള്ള കഥ. ആര്‍ത്തവംനിന്ന അവള്‍ യുവതിയായിത്തന്നെ ഇരിക്കുന്ന കഥ. ശാശ്വതമായ സ്ത്രീത്വമാണു് കഥാകാരന്‍ ഊന്നിപ്പറയുക. അതിനു വേണ്ടി അദ്ദേഹം സകല മധുരപദങ്ങളുമെടുത്തു വയ്ക്കുന്നു. താളാത്മകമായി ചേര്‍ക്കുന്നു. ഒഴുക്കിവിടുന്നു. ഹൃദയപരിപാകമില്ലാത്ത അനുവാചകന്‍ ആ ഒഴുക്കിലൂടെ ഒഴുകും. പക്ഷേ, വിവരമുള്ള വായനക്കാരന്‍ ഈ സ്യൂഡോആര്‍ട് കണ്ടു മാറിനില്‍ക്കും. സൂക്ഷ്മങ്ങളായ വാക്കുകള്‍കൊണ്ടു് സൂക്ഷ്മങ്ങളായ ആശയങ്ങളും വികാരങ്ങളും പ്രതിപാദിക്കുന്നതാണു് കല. അതില്‍ പദങ്ങളുടെ പെരുവെള്ളപ്പാച്ചിലിനു് സ്ഥാനമൊട്ടുമില്ല.

* * *

ഭാവശൂന്യമായ ഒരു വാക്യം താളാത്മകമായി എഴുതിപ്പോയാല്‍ അടുത്ത വാക്യം അതുപോലെയെഴുതാനുള്ള പ്രവണത ഉണ്ടാകും. അതെഴുതിയാല്‍ മൂന്നാമത്തെ വാക്യം അതുപോലെ എഴുതാനുള്ള പ്രവണത. അങ്ങനെ അവിരാമമായി എഴുതും. ‘സ്മാളി’ല്‍ തുടങ്ങുന്നയാള്‍ ‘ലാര്‍ജി’ലേക്കും പിന്നീടു് പല ലാര്‍ജ്ജുകളിലേക്കും പോയി ബോധം കെടുന്നതിനു തുല്യമായ അവസ്ഥയാണിതു്. അല്ലെങ്കില്‍ ഒരു പി.എച്ച്.ഡി എടുത്തയാള്‍ പല പി.എച്ച്.ഡി. എടുക്കുമ്പോലെ. ഒരു കഥ കേട്ടിട്ടുണ്ടു്. ഒരുത്തന് ആറാമത്തെ പി. എച്ച്ഡി. നല്‍കിയ കമ്മിറ്റിയോടു് എന്തിനു് അതു കൊടുത്തുവെന്നു് ആരോ ചോദിച്ചു. കമ്മിറ്റിയുടെ മറുപടി: അയാള്‍ക്കു അഞ്ചു പി.എച്ച്.ഡി. ഉണ്ടല്ലോ നേരത്തേ പ്രഗല്ഭനായിരിക്കുമെന്നു വിചാരിച്ചു് ഞങ്ങളും കൊടുത്തു ആറാമത്തേതു്. അഞ്ചാമത്തെ ഡിഗ്രി നല്കിയ കമ്മിറ്റി പറഞ്ഞതു് “നേരത്തേ നാലെണ്ണമുണ്ടല്ലോ” എന്നാണു്. ഇങ്ങനെ ഓരോന്നു കുറച്ചു ഓരോ കമ്മിറ്റിയും പറഞ്ഞു. ഒടുവില്‍ ആദ്യത്തെ പി.എച്ച്.‍ഡി. കൊടുത്ത കമ്മിറ്റിയോടു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “പുള്ളിക്കാരനു് ഇംഗ്ളീഷുമറിഞ്ഞുകൂടാ മലയാളവുമറിഞ്ഞുകൂടാ, വയറ്റുപിഴപ്പിനു സഹായിക്കുമെങ്കില്‍ സഹായമാവട്ടെ എന്നു പറഞ്ഞു് ഞങ്ങള്‍ ആദ്യത്തെ പി.എച്ച്.ഡി. കൊടുത്തു.

അവര്‍ പറഞ്ഞു

‘പ്രതിപാത്രം ഭാഷണഭേദം’ എന്ന എന്‍. കൃഷ്ണപിള്ളയുടെ വിമര്‍ശനഗ്രന്ഥം തികച്ചും ഉജ്ജ്വലമാണു്. …ഈ ഗ്രന്ഥം കൃഷ്ണപിള്ളസ്സാറിന്റെ ‘മാഗ്നം ഓപസ്’ ആണെന്നുമാത്രം പറഞ്ഞാല്‍ പോരാ. മലയാള നിരൂപണസാഹിത്യത്തിലെ അദ്വിതീയമായ ഗ്രന്ഥമാണതു്. മറ്റു ഭാരതീയ ഭാഷകളിലും ഇതുപോലൊരു കൃതി കാണുമോ എന്നു സംശയം.

താഴെ പേരെഴുതിയിട്ടുള്ള വ്യക്തികള്‍ എന്നോടു പറഞ്ഞു:

ജി. ശങ്കരക്കുറുപ്പു്
ഉത്സവസ്ഥലത്തു് പോകുമ്പോള്‍ ആകസ്മികമായി കിട്ടുന്ന സ്പര്‍ശം അതു ലഭിച്ചയാളിനെ ആഹ്ലാദിപ്പിക്കും. ആ ആഹ്ലാദമാണു് കവിതയും നല്കുന്നതെന്നു് നിങ്ങള്‍ വിചാരിക്കരുതു്.
ചങ്ങമ്പുഴ
കവിതയ്ക്കു “മോറല്‍ അതോറിറ്റി” ഇല്ല. സാന്മാര്‍ഗ്ഗികമായ പ്രഭാവം വന്നാല്‍ കവിത തകരും.
വെണ്ണിക്കുളം
പലപ്പോഴും, പറയാനുള്ളതു് ആദ്യം ഗദ്യത്തിലെഴുതിയിട്ടാണു് ഞാന്‍ പദ്യമാക്കി മാറ്റുന്നതു്.
പി. കുഞ്ഞിരാമന്‍നായര്‍ 
ഞാനയച്ച സ്വകാര്യക്കത്തു് നിങ്ങള്‍…നായര്‍ എന്ന കവിയെ കാണിച്ചില്ലേ? നിങ്ങള്‍ നല്ല മനുഷ്യനാണോ?
ഡോക്ടര്‍ കെ. ഭാസ്കരന്‍നായര്‍ 
കാമവികാരത്തില്‍ ആറാട്ടു നടത്തുന്ന പീറക്കഥകളെക്കുറിച്ചെഴുതി നിങ്ങള്‍ ജീവിതം പാഴാക്കരുതു്. ഭാരതീയ സംസ്കാരത്തെക്കുറിച്ചു് എഴുതൂ.
വള്ളത്തോള്‍ 
നിങ്ങളുടെ കവിതയില്‍ മൗലികതയില്ല. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഹൃദിസ്ഥമാക്കൂ. എന്നിട്ടു് എഴുതാന്‍ ശ്രമിക്കൂ.
പുത്തേഴത്തു രാമന്‍മേനോന്‍ 
സംസ്കൃതപാണ്ഡിത്യം കൂടുതല്‍ കൂടുതല്‍ ആര്‍ജ്ജിക്കുന്തോറും അതാര്‍ജ്ജിക്കുന്നവന്റെ മനസ്സു് സങ്കുചിതമായി വരും.
എ. ബാലകൃഷ്ണപിള്ള
മനുഷ്യനു സര്‍ക്കാരില്ലാതെ സുഖമായി കഴിഞ്ഞു കൂടാന്‍ സാധിക്കും.
വക്കം അബ്ദുള്‍ഖാദര്‍ 
നിങ്ങളെപ്പോലെ ലേഖനങ്ങളെഴുതി ബഹളം ഉണ്ടാക്കിക്കൊണ്ടു നടന്നാലേ ജീവിതമാകുകയുള്ളോ? നിശ്ശബ്ദനായി ജീവിക്കുന്നതും ജീവിതമല്ലേ?
കെ. ബാലകൃഷ്ണന്‍ : എനിക്കെന്റെ ഈ ശിപായിയെ നോവലിസ്റ്റാക്കിയാല്‍ കൊള്ളാമെന്നുണ്ടു്. കഴിയുമോ എനിക്കതിനു്?

ജി. വിവേകാനന്ദനെക്കൊണ്ടു് എനിക്കു ‘കള്ളിച്ചെല്ലമ്മ’ എഴുതിക്കാം. ഒ.എന്‍.വി. കുറുപ്പിനെക്കൊണ്ടു് ‘ദാണ്ടെയൊരു തീമല’ എന്ന കവിതയെഴുതിക്കാം. എന്നാല്‍ ശിപായിയെ നോവലിസ്റ്റാക്കാന്‍ പറ്റില്ല.

വയലാര്‍ രാമവര്‍മ്മ 
നിങ്ങള്‍ മുട്ടത്തു വര്‍ക്കിയെക്കുറിച്ചെഴുതിയതു നന്നായി. എന്നാല്‍ അതുപോലെ എന്നെക്കുറിച്ചെഴുതുമ്പോള്‍ എനിക്കു ഖേദമാണു്.
വയലാര്‍ രാമവര്‍മ്മയുടെ അമ്മ 
നിങ്ങളെ എനിക്കിഷ്ടമില്ല. നിങ്ങള്‍ കുട്ടന്റെ കവിത മോശമാണെന്നു പറയുന്ന ആളല്ലേ?
ഞാന്‍ എന്നോടു്
എല്ലാ അഭിനേതാക്കളും നന്നായി പെരുമാറും. അവര്‍ അഭിനയത്തില്‍ പ്രഗല്ഭരാണല്ലോ.

സേതു

സേതു മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ദൂതു്’ എന്ന ചെറുകഥ മലയാള ചെറുകഥാസാഹിത്യത്തിലെ ഒരു നൂതന നിഷ്ക്രമണം തന്നെയാണു്. ശുദ്ധമായ കഥ മാത്രമുള്ള ചെറുകഥകള്‍ നമുക്കുണ്ടു്. അവ വായിച്ചു് നമ്മള്‍ രസിക്കുന്നു. ആ കഥ പറയുന്നതോടൊപ്പം സൂചനകളിലൂടെയും വാഗ്മിതയാര്‍ന്ന മൗനത്തിലൂടെയും മറ്റൊരു ലോകത്തെ ചിത്രീകരിക്കുന്ന കഥകള്‍ അധികമില്ല. വിരളമായ അത്തരം കഥകളില്‍ അദ്വിതീയമായ സ്ഥാനമുണ്ടു് ദൂതിനു്. അച്ഛനും മകനും പിണക്കം. മകന്‍ ജോലി സ്ഥലത്തു്. മകന്റെ ആദ്യത്തെ കുട്ടിയെ അച്ഛന്‍ കണ്ടിട്ടില്ല. അവനു രണ്ടാമത്തെ കുട്ടി ജനിച്ചെന്നും കഴിഞ്ഞതൊക്കെ മറന്നു് ആ മകനു് അച്ഛനെ വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും അറിയിക്കാനാണു് അയാളുടെ സ്നേഹിതന്‍ വൃദ്ധന്റെ അടുക്കലെത്തിയിരിക്കുന്നതു്. പക്ഷേ, വയസ്സന്‍ ഉറച്ചുതന്നെ നില്ക്കുന്നു. ദിവ്യമായ വിഗ്രഹംപോലും ഉപദ്രവകരമാണെന്നു കണ്ടപ്പോള്‍ കിണറ്റിലെറിഞ്ഞവനാണു് മകനെന്നു പറഞ്ഞു് ദൂതന്‍ ആ മകന്റെ നിശ്ചയദാര്‍ഢ്യത്തേയും അച്ഛനോടു് പിണങ്ങാനുള്ള ധൈര്യത്തേയും അഭിവ്യഞ്ജിപ്പിക്കുമ്പോള്‍ ആ പിതാവു് അതിനു പകരമായി മറ്റൊരു സംഭവം ആഖ്യാനംചെയ്തു് തന്റെ നിലയെ നീതിമത്കരിക്കുന്നു. രേഖാരൂപത്തിലുള്ള ആഖ്യാനമല്ല ഈ കഥയ്ക്കുള്ളതു്. ചാക്രികരുപമാണിതിനു്. അതിലൂടെ രണ്ടു വ്യക്തികള്‍ — അച്ഛനും മകനും — ഉരുത്തിരഞ്ഞു വരുന്നു. അവരില്‍ അച്ഛന്റെ രൂപത്തിനു തിളക്കമേറും. മകനു വരണമെങ്കില്‍ വരാം. പക്ഷേ, അച്ഛന്‍ അവനെ കാണില്ല. എന്താ കാരണമെന്നു് ദൂതന്റെ അന്വേഷണം ഉത്തരവും തുടര്‍ന്നുള്ള ഭാഗവും അനുഗൃഹീതനായ കഥാകാരന്റെ വാക്കുകളില്‍ത്തന്നെ കേട്ടാലും:

“ഞാന്‍ യാത്രയാണല്ലോ”
“എങ്ങോട്ടു്?”
“ഈ പ്രായത്തിലു് യാത്രപോകുന്നവരോടു് എങ്ങോട്ടെന്നു ചോയ്ക്കണതു് വെറും ഭോഷ്കല്ലേ ചങ്ങാതി, ഒരു നീണ്ടയാത്രയാന്നന്നെ നിരീച്ചോളു.”
“അപ്പോള്‍ അച്ചുതൻ കുട്ടിയോടു്-”
“യാത്രയാന്ന് പറയൂ.”
“അവന്‍ വരികയാണെങ്കിലോ-”
“യാത്രയാന്ന് പറയൂ.”
“ഒന്നുകാണണമെന്നുവച്ചാല്‍-”
“യാത്രയാന്നന്നെ പറയാല്ലോ.”

മരണം വരെയും മകനെ കാണില്ല എന്നു അച്ഛന്റെ നിശ്ചയദാര്‍ഢ്യം. സ്വര്‍ണ്ണാഭരണത്തില്‍ രത്നം പതിച്ചാല്‍ എന്തു ശോഭയായിരിക്കും! ആ ശോഭയാണു് ഈ കഥയുടെ പര്യവസാനത്തിനും. ഈ കഥ വായിച്ചുകഴിഞ്ഞപ്പോള്‍ മലയാളകഥാസാഹിത്യത്തിനു് ലജ്ജിക്കാനൊന്നുമില്ലെന്നു് എനിക്കു തോന്നി. കഥയുടെ ബാഹ്യലോകവും അതിന്റെ ഉപലോകവും ഒരേ മട്ടില്‍ എന്നെ ‘ഹോണ്‍ട്’ ചെയ്യുന്നു.

എന്‍. കൃഷ്ണപിള്ള

സ്വര്‍ണ്ണമുരച്ചു നോക്കുന്നതു ചാണയിലാണു്. മൂല്യത്തിന്റെ നികഷോപലമോ? അതു് ജീവിതസംതൃപ്തിയാണ് ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സംതൃപ്തിയോടെ ജീവിക്കുന്ന പുരുഷരത്നമാണു് പ്രൊഫസര്‍ എന്‍. കൃഷ്ണപിള്ള. അദ്ദേഹം നാടകകര്‍ത്താവാനു്. നാടകരചനയില്‍ വിജയംവരിച്ചു എന്ന നിലയില്‍ സംതൃപ്തിയുണ്ടു് അദ്ദേഹത്തിനു്. അദ്ധ്യാപകന്‍, നിരൂപകന്‍, പ്രഭാഷകന്‍ ഈ നിലകളിലും വിജയ ശ്രീലാളിതനത്രേ കൃഷ്ണപിള്ളസ്സാര്‍. മനുഷ്യനെന്ന നിലയിലും അദ്ദേഹം പരിഗണനാര്‍ഹനായിരിക്കുന്നു. ആരെയും ദുഷിക്കാതെ അദ്ദേഹം നല്ല കര്‍മ്മങ്ങളില്‍ മുഴുകിജീവിക്കുന്നു. ഈ മണ്ഡലങ്ങളിലെല്ലാം സംതൃപ്തിയാര്‍ന്നതുകൊണ്ടു് അദ്ദേഹം സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നടക്കാറില്ല. ഇങ്ങോട്ടു വന്നുകയറുന്നതിനെപ്പോലും നിരാകരിക്കാനേ അദ്ദേഹത്തിനു് പ്രവണതയുള്ളു. അതിനാല്‍ മൂല്യവത്തായ ജീവിതമാണു് കൃഷ്ണപിള്ളസ്സാറിന്റേതെന്നു് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കാം. അദ്ദേഹത്തിനു് എഴുപതുവയസ്സു് തികയുന്നു. ഈ സന്ദര്‍ഭത്തില്‍ ടി.എന്‍. ഗോപിനാഥന്‍ നായര്‍ അദ്ദേഹത്തിന്റെ സിദ്ധികളെ അവലോകനം ചെയ്തുകൊണ്ടു് മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതിയിരിക്കുന്നു. സത്യത്തിന്റെ ദര്‍ശനം ആഹ്ളാദോയകമായതുകൊണ്ടു് ആ ലേഖനം എന്നെ ആഹ്ളാദിപ്പിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുമുന്‍പു് പ്രസാധനം ചെയ്ത ‘പ്രതിപാത്രം ഭാഷണഭേദം’ എന്ന എന്‍. കൃഷ്ണപിള്ളയുടെ വിമര്‍ശനഗ്രന്ഥം തികച്ചും ഉജ്ജ്വലമാണു്. സി.വി. രാമന്‍പിള്ളയുടെ ചരിത്രനോവലുകളിലെ കഥാപാത്രങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഭാഷാപരമായ ‘ഇന്ററാക്ഷന്‍’ കൊണ്ടു് മറ്റൊരു ലോകം ആവിഷ്കൃതമാകുന്നതിനെ കലാപരമായ ദൃഢപ്രത്യയം ഉളവാകുമാറു് എടുത്തുകാണിക്കുന്ന ഈ ഗ്രന്ഥം കൃഷ്ണപിള്ളസ്സാറിന്റെ ‘മാഗ്നം ഓപസ്’ (മഹനീയമായ കൃതി) ആണെന്നു മാത്രം പറഞ്ഞാല്‍ പോരാ. മലയാള നിരൂപണ സാഹിത്യത്തിലെ അദ്വിതിയമായ ഗ്രന്ഥമാണതു്. മറ്റു ഭാരതീയ ഭാഷകളിലും ഇതുപോലൊരു കൃതികാണുമോ എന്നു സംശയം.

* * *

അയല്‍വീട്ടുകാരനെ സ്നേഹിക്കണം — ഈ ഉപദേശം സദാചാരപരമാണു്; മനസ്സിനു് ഉത്കൃഷ്ടത വരുത്തുന്നതാണു്. “ഞാന്‍ ആരോടും മിണ്ടുകില്ല. സന്ധ്യയ്ക്കേ റോഡിലിറങ്ങു. ഇറങ്ങിയാലും അന്യന്റെ മുഖത്തു നോക്കില്ല. ഫയലില്‍ കാണുന്നതനുസരിച്ചു് ഓര്‍ഡറിടും” ഉദ്യോഗസ്ഥന്റെ ഈ ചിന്താഗതി സന്മാര്‍ഗ്ഗപരംതന്നെ. പക്ഷേ, അതു മനസ്സിനു് ഉത്കൃഷ്ടത നല്കുകയില്ല. സ്വന്തം മനസ്സിനു് ഉന്നമനം വരുത്താതെ സദാചാരപരമായ ജീവിതം നയിക്കുന്നതുകൊണ്ടു് പ്രയോജനമില്ല.