close
Sayahna Sayahna
Search

സാഹിത്യവാരഫലം 1985 04 14


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1985 04 14
ലക്കം 500
മുൻലക്കം 1985 04 07
പിൻലക്കം 1985 04 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ചിലർക്ക് നദി കണ്ടാൽ അതിൽ നീന്തിത്തുടിക്കാനാണ് കൗതുകം. ആഴത്തിലേക്ക് പോകാൻ പേടി. മറ്റുചിലർക്ക് മുങ്ങാങ്കുഴിയിടാനാണ് താല്പര്യം. ഒരിടത്തുമുങ്ങിയിട്ട് വളരെ നേരം കഴിഞ്ഞ് ദൂരെയെവിടെയെങ്കിലും പൊങ്ങും; അതു വീണ്ടും മുങ്ങാൻ മാത്രം. നീന്തുന്നവർ ആഴത്തിലേക്ക് പോകുന്നവരല്ല, ആഴത്തിലേക്ക് പോകുന്നവർ നീന്തുന്നവരല്ല. ഈ മാനസിക നിലയും ഇതിനോടു ചേർന്ന പ്രവർത്തനവും സാഹിത്യകാരന്മാരിലും കാണാം. ചില സാഹിത്യകാരന്മാർക്ക് ജീവിതത്തിന്റെ ഉപരിതലത്തിൽ തരണ്യവിദ്യ നടത്തുന്നതിലേ രസമുള്ളൂ. വേറെ ചില സാഹിത്യകാരന്മാർ അസ്ഥിത്വത്തിന്റെ ഉപാന്തങ്ങളെ വെറുക്കുന്നു. ജീവിതത്തിന്റെ പരിധികളിൽ മാത്രം സ്ഥിരമായി ഭ്രമണം ചെയ്യുന്നത് നിഷ്പ്രയോജനമാണെന്ന് അവർ കരുതുന്നു. ചങ്ങമ്പുഴ ഉപരിതലത്തിൽ മാത്രം നീന്തിയ കവിയാണെന്ന് നിരൂപണമതം. ഇടപ്പള്ളി രാഘവൻ പിള്ള കുറച്ചുകൂടി ആഴത്തിലേക്ക് പോയി പോലും. വൈലോപ്പിള്ളി ജീവിതത്തിന്റെ അഗാധതയോളം ചെന്ന് മുത്തുകൾ വാരിക്കൊണ്ടുവന്നുവെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു.

പുതിയ നിലപാട് അഗാധതയ്ക്ക് അനുകൂലമല്ല. ഒന്നിന്റെയും ആഴത്തിൽ മനുഷ്യത്വത്തിന്റെ സാരാംശം സ്പന്ദിക്കുന്നില്ലെന്നാണ് നവീന ചിന്തകർ ചൂണ്ടിക്കാണിക്കുക. ഉപരിതലത്തിലാണ് സ്വാതന്ത്ര്യമെന്നും അവിടെയാണ് അഭിലാഷത്തിന്റെ ഭ്രമണമെന്നും റൊളാങ് ബാർതേഷിന് അഭിപ്രായമുള്ളതായി സൂസൻ സൊൺടാഗ് പറയുന്നു. “The idea that depths are obfuscating, demagogic, that no human essence stirs at the bottom of things and that freedom lies in staying on the surfce, the large glass on which desire circulates – this is the central argument of the modern aesthete position, in the various exemplary forms it has taken over the last hundred years. (Baudelaire. Wilde. Duchamp. Cage)” [Barthes, Selected writings. Introduced by Susan Sontag.]

“ആഴങ്ങൾ ഇരുട്ടുപരത്തുന്നുവെന്നും, വഴിതെറ്റിക്കുന്നുവെന്നും, വസ്തുതകളുടെ അടിത്തട്ടിൽ മാനുഷികാംശം ചലനം കൊള്ളുന്നില്ലെന്നും, ആഗ്രഹം ഭ്രമണം ചെയ്യുന്ന വലിയ സ്ഫടികതലമായ ഉപരിതലത്തിൽ വർത്തിക്കുന്നതിനാലാണ് സ്വാതന്ത്ര്യമിരിക്കുന്നതെന്നുമുള്ള ആശയം — കഴിഞ്ഞ നൂറുകൊല്ലത്തിനകമുള്ള ദൃഷ്ടാന്തയോഗ്യങ്ങളായ വിഭിന്നരൂപങ്ങളിൽ അടങ്ങിയിരിക്കുന്ന നൂതന കലാ പ്രമേയത്തിന്റെ ഒത്ത നടുക്കുള്ള വാദം ഇതു തന്നെയാണ് (ബോദലേർ, വൈൽഡ്, ദ്യുഷാങ്). അഗാധതയോളം പ്രാധാന്യം ഉപരിതലത്തിലുമുണ്ടെന്ന് ബാർതേഷ് പ്രഖ്യാപിക്കുന്നു. ആഴം, പ്രച്ഛന്നത, ഗൂഢാർത്ഥസ്വഭാവം എന്നൊക്കെപ്പറയുന്നത് കള്ളമാണെന്നു വരെ നവീന സാഹിത്യത്തിന്റെയും കലയുടെയും പ്രയോക്താക്കൾ വാദിക്കും. നീച്ചേയും ആഴങ്ങളെ പുച്ഛിച്ചിരുന്നു. [ഈ വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ താല്പര്യമുള്ളവർ ബർതേഷിന്റെ കൃതികൾ വായിക്കണം.]

തോപ്പിൽ ഭാസി

സിനിമയിലെ അഭിനേതാക്കൾ രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡത്തിലേക്ക് വരുന്നതിൽ തെറ്റൊന്നുമില്ലെന്ന് പറഞ്ഞിട്ട് തോപ്പിൽ ഭാസി എഴുതുന്നു:

“എന്നാൽ എം. ജി. ആർ. ഉം എൻ. ടി. ആർ. ഉം രാഷ്ട്രീയത്തിൽ വിരാജിക്കുന്ന രീതിയോട് എനിക്ക് വിയോജിപ്പാണ്. അവർക്ക് രാഷ്ട്രീയമില്ലെന്നതു തന്നെ. അവർ സിനിമാ ഗ്ലാമർ വച്ച് മുതലെടുക്കുകയാണ്. ആ ഗ്ലാമറിൽ ജനങ്ങൾ മയങ്ങുന്നുവെന്നുള്ളത് ജനത്തിന്റെ അനാരോഗ്യം കൊണ്ട്. അമിതാഭ് ബച്ചന് പാർലമെന്റിൽ മത്സരിക്കാൻ ടിക്കറ്റ് കൊടുത്തതിന്റേയും ബച്ചന്റേയും മനോഭാവം എം. ജൈ. ആർ., എൻ. ടി. ആർ. ലൈനാണെങ്കിൽ കഷ്ടം തന്നെ.

(കുങ്കുമം വാരിക)

യഥാർഥത്തിലുള്ള രാഷ്ട്രീയക്കാരൻ സത്യസന്ധത പുലർത്തുന്നവനായിരിക്കണം. അയാൾ ജനങ്ങളോടും സത്യസന്ധതയുള്ളവനാകണം. കോളേജിൽ പഠിക്കുന്ന കുട്ടി ഈ സത്യസന്ധതയോടെയാണ് രാഷ്ട്രവ്യവഹാരത്തിന്റെ മണ്ഡലത്തിലേക്ക് എടുത്തു ചാടുന്നത്. അയാൾ പോലീസിന്റെ മർദ്ദനത്തെ ഭയപ്പെടുന്നില്ല. കാരാഗൃഹവാസം അയാളെ പേടിപ്പിക്കുന്നില്ല. ഇങ്ങനെ മർദ്ദനം സഹിച്ചും തടവറയിൽ കഴിഞ്ഞും ജനസേവകനായ അയാൾ പ്രായമാകുമ്പോൾ തിരഞ്ഞെടുപ്പിന് നിൽക്കുന്നു. ജയിക്കുന്നു. ജയിച്ചാൽ ചിലപ്പോൾ മന്ത്രിയാകുന്നു. ഇതല്ല സിനിമാക്കാരന്റെ സ്ഥിതി. മുൻപ് പറഞ്ഞ യുവാവ് പീഡിപ്പിക്കപ്പെടുമ്പോൾ സിനിമയിൽ ചെന്ന് കയറുന്ന യുവാവ് സുന്ദരികളോടൊത്ത് ആടിയും പാടിയും സ്പർശനസുഖമനുഭവിച്ചും വൈഷയികത്വത്തിൽ ആമജ്ജനം ചെയ്യുകയാണ്. ബഹുജനങ്ങളെക്കുറിച്ച് അയാൾക്ക് വിചാരമില്ല. അവർ വെടിയുണ്ടയ്ക്ക് ഇരയാകുമ്പോൾ അയാൾ കൂടെ അഭിനയിക്കുന്ന ചേതോഹരാംഗിയുടെ കവിൾത്തടത്തിൽ സ്വന്തം കവിൾത്തടം ചേർക്കുകയായിരിക്കും. ക്രമേണ അയാളുടെ വരുമാനം വർദ്ധിക്കുന്നു. അതോടൊപ്പം ബഹുജനത്തിന്റെ ഇടയിലുള്ള പേരും. അങ്ങനെ മഹായശസ്കനായി, കോടീശ്വരനായിത്തീരുമ്പോൾ, യൗവനം നഷ്ടപ്പെട്ടെന്നു കാണുമ്പോൾ ആ മഹായശസ്സിനെ ഒരു ഉപകരണമാക്കിക്കൊണ്ട് അയാൾ രാഷ്ട്രവ്യവഹാരത്തിലേക്കു പ്രൗൾ — Prowl — ചെയ്ത് എത്തുകയാണ്. അതോടെ അയാൾ ബഹുജനത്തിന് ആദരണീയനാകുന്നു. അതേസമയം പോലീസിന്റെ അടിയും ഇടിയും തൊഴിയുമേറ്റവൻ ക്ഷയരോഗബാധിതനായി കിടക്കുകയായിരിക്കും. അയാളെ ആരുമറിയുന്നില്ല. അയാൾക്കുവേണ്ടി ആരും ശബ്ദമുയർത്തുന്നുല്ല. ആരും ഒരു ചെറുവിരൽ പോലും അനക്കുന്നില്ല. ചലച്ചിത്രതാരമായിരുന്നവൻ തിരഞ്ഞെടുപ്പിൽ ജയിക്കുന്നു. മന്ത്രിയാകുന്നു. ബസ്സിന്റെ മുകളിൽ കയറി നിന്ന് ചൈതന്യരഥത്തിലാണ് താൻ സഞ്ചരിക്കുന്നതെന്ന് ഉദ്ഘോഷിക്കുന്നു. ഇത് ഒരു തരത്തിലുള്ള വഞ്ചനയാണ്. അതുകൊണ്ട് ചലച്ചിത്രതാരങ്ങൾ രാഷ്ട്രവ്യവഹാരത്തിലേക്കു വരണമെന്ന തോപ്പിൽ ഭാസിയുടെയും സി. അച്യുതമേനോന്റെയും അഭിപ്രായത്തോട് യോജിക്കാൻ ഇതെഴുതുന്ന ആളിനു പ്രയാസമുണ്ട്.

ഇന്ദിരാഗാന്ധിക്ക് ഇക്കൂട്ടരെ പുച്ഛമായിരുന്നു എന്നതിനു തെളിവുണ്ട്. താരിഖ് ആലി എഴുതിയ The Nehrus and The Gandhis എന്ന മനോഹരമായ പുസ്തകത്തിൽ നിന്ന് ഒരു ഭാഗം: [ഗ്രന്ഥകാരൻ പറയുകയാണ്] “1Did you know’ she [Indira Ghandhi] asked with a twinkle in her eye, ‘that he [N.T.R] weares saris in bed?’…‘You know, according to Hindus, every person has fifty percent male and fifty percent female attributes and qualities. Dont’t you think that in N.T.R.’s case this ratio was altered to 60:40?” (pages 231, 232) താരിഖ് ആലി തന്നെ എൻ. ടി ആറിനെ semicomic figure എന്നു വിളിക്കുന്നു.

(page 231. അവസാനത്തെ ഖണ്ഡിക) ഇതെഴുതുന്നയാൾ കോൺഗ്രസ്സുകാരനല്ല; തെലുങ്കുദേശം പാർട്ടിയോ ജനതാപാർട്ടിയോ വിരോധിയുമല്ല. ആരുവേണമെങ്കിലും ഭരിക്കട്ടെ. എനിക്കു തോന്നുന്നത് എഴുതാനുള്ള സ്വതന്ത്ര്യം മാത്രം മതി എന്നതിൽ ഒതുങ്ങി നിൽക്കുന്നു എന്റെ “രാഷ്ടീയം” . പിന്നെ ഒരു കാര്യം. മാറാത്ത ചൊറി സർക്കാർ ഗുമസ്തനു വന്നാൽ സർക്കാർ അവനെ ജോലിയിൽ നിന്നു പിരിച്ചുവിടും. എം.ജി.ആറിനു അഫൈസിയ (aphasia) എന്ന രോഗമാണെന്നു ഫ്രന്റ് ലൈൻ മാസികയിൽ കണ്ടു. അഫൈസിക്ക് lose of ability to speech or understand speech as the result of brain injury എന്നാണ് നിഘണ്ടു അർഥം നൽകുന്നത്. ഈ രോഗത്തോടുകൂടി രാജ്യം ഭരിക്കാമോ? ഇത് എന്റെ സംശയമാണ്. അല്ലാതെ വിമർശനമല്ല.

* * *

രസകരങ്ങളായ പല നിരീക്ഷണങ്ങളും താരിഖ് ആലിയുടെ പുസ്തകത്തിലുണ്ട്. കേരളത്തിലും ആന്ധ്രയിലും സി.പി.ഐ ക്കു ശക്തി വരാൻ കാരണമെന്തെന്ന് വിശദീകരിക്കുകയാണ് ഗ്രന്ഥകാരൻ. ദേശീയപ്രസ്താനത്തിൽ രണ്ടു പ്രദേശങ്ങളിലെയും കമ്യൂണിസ്റ്റുകൾ പ്രധാനപ്പെട്ട പങ്കൂവഹിച്ചതാണ് ആ ശക്തിക്കു കാരണമെന്ന് അദ്ദേഹം കരുതുന്നു. 1974-ൽ ഗ്രന്ഥകാരൻ കെ.ദാമോദരനോടു ചോദിച്ചപ്പോൾ സി.പി.ഐ ക്കു കേരളത്തിൽ ശക്തിവരാൻ ഹേതു ഇതുതന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഞാൻ ഉറങ്ങട്ടെ

തകഴി ശിവശങ്കരപ്പിള്ളയുടെ “വെള്ളപ്പൊക്കത്തിൽ” എന്ന കഥ ഒരു കലാശില്പമാണ്. അതുകൊണ്ടാണ് അതിനെ മാതൃകയായി സ്വീകരിച്ച് കൂടെക്കൂടെ അതിനെക്കുറിച്ച് എഴുതുന്നത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒരു പട്ടി ചാകുന്നതാണ് കഥ. പ്രകൃതിയുടെ ക്രൂരതയോടു മല്ലിട്ട്, നിസ്സഹായാവസ്തയിൽ വീണ് ആ സാധു മൃഗം മുങ്ങിച്ചാകുമ്പോൾ അത് പ്രതികൂല പരിത സ്ഥിതികളോടു സംഘട്ടനം ചെയ്ത് ദുരന്തത്തിലെത്തുന്ന മനുഷ്യന്റെ സിംബലായി മാറുന്നു. വ്യവസ്ഥയില്ലായ്മയിൽ, പ്രകൃതിയുടെ ക്രൂരതയിൽ, അതിന്റെ നിസ്സംഗതയിൽ സംഭവിക്കുന്ന ദുരന്തമാണത്. കലാകാരന്റെ വൈദഗ്ദ്ധ്യത്താൽ ആ പട്ടിയുടെ കഥ മനുഷ്യന്റെ കഥയായി മാറുന്നു. ആരെക്കുറിച്ചും എന്തിനെക്കുറിച്ചും കഥയെഴുതാം. കവിതയെഴുതാം. ‘ഹ്യൂമൻ ഇൻട്രസ്റ്റ്’ ജനിക്കണമെന്നേയുള്ളു. പുൽക്കൊടിയെ വർണിച്ചാലും നക്ഷത്രത്തെ വർണിച്ചാലും അതു മനുഷ്യനോടു ബന്ധപ്പെട്ടിരിക്കണം. അന്തരീക്ഷത്തിലെ ചന്ദ്രക്കല കണ്ടിട്ട് വിക്തർ യൂഗോ ചോദിച്ചു: “ഏത് ഈശ്വരനാണ് ഏതു ശശ്വത വസന്തത്തിന്റെ കൊയ്തുകാരനാണ് ഈ സ്വർണ്ണക്കൊയ്ത്തരിവാൾ അലക്ഷ്യമായി നക്ഷത്രങ്ങളുടെ വയലിൽ ഇട്ടിട്ടുപോയിരിക്കുന്നത്?” മനുഷ്യജീവിത സ്പന്ദത്താലാണ് ഈ മഹാഭാഗം ഹൃദയഹാരിയാവുന്നത്.

ഈ ഗുണമില്ല വിനീതാ മേനോൻ കുമാരി വാരികയിലെഴുതിയ “സഹയാത്രികർ” എന്ന ചെറുകഥക്ക്. ഒരു യുവാവും യുവതിയും കൂടക്കൂടെ കാണുന്നതിനെക്കുറിച്ച് ശ്രീമതി കുറെ വിരസങ്ങളായ വാക്യങ്ങൾ എഴുതിവച്ചിരിക്കുന്നു. ശുഷ്കമായ ഉപന്യാസം പോലും ഒരളവിൽ വിജ്ഞാനപ്രദമായിരിക്കും; വിനീതാമേനോന്റെ കഥക്ക് ഉപന്യാസത്തിന്റെ ധർമ്മം പോലുമില്ല. ചിലർ മനുഷ്യനെ ബോറ് ചെയ്യാൻ തീരുമാനിച്ചാൽ അതിൽ നിന്നു രക്ഷ നേടാൻ ഒരു മാർഗവുമില്ല. സഹിക്കുകയേ തരമുള്ളൂ. മുൻപ് ഒരു സ്നേഹിതൻ രാത്രി പത്തുമണി കഴിഞ്ഞ് എന്റെ വീട്ടിലെത്തുമായിരുന്നു. ഉറങ്ങിയ എന്നെ വിളിച്ചുണർത്തി സാഹിത്യത്തെക്കുറിച്ചു സംസാരിക്കും. ചാരുകസേരയിൽ കിടക്കുന്ന ഞാൻ കൂടക്കൂടെ തന്ദ്രീവശനാകും. അങ്ങനെ ഉറക്കത്തിലേക്കു വീഴുന്ന എന്നെ കുലുക്കി വിളിച്ച് അയാൾ ചോദിക്കും; “അല്ല, അതിനിടക്ക് ഉറങ്ങിയോ? വാൽമീകിയെക്കാൾ വലിയൊരു കവി ഈ ലോകത്തുണ്ടെങ്കിൽ അതു കുമാരനാശാൻ മാത്രമല്ലേ?” ഉറങ്ങാൻ വേണ്ടി ഞാൻ പറയും: “അതേയതേ.” ഉറങ്ങുന്ന ഞങ്ങളെയൊക്കെ വിളിച്ചുണർത്തുന്ന പാപം ചെയ്യരുത് വിനീതാ മേനോൻ.

* * *

ഇംഗ്ലീഷിലെ ഫണി — funny — എന്ന വാക്കിന് ശരിയായ തർജ്ജമയില്ല. വിനോദം, ഹാസ്യാത്മകം എന്നൊക്കെ പറയാമെന്നേയുള്ളൂ. Funny ആയ ഒരു കാര്യം പറയൂ എന്നാരെങ്കിലും ചോദിച്ചാൽ മലയാളത്തിലെ കഥയെഴുത്തുകാരികൾ എന്നായിരിക്കും എന്റെ ഉത്താരം. ഇക്കൂട്ടത്തിൽ പി.ആർ. ശ്യാമള, വത്സല ഇവർ മാറി നിൽക്കുന്നു എന്നും കൂടി എഴുതിക്കൊള്ളട്ടെ.

പലതും പലരും

അമേരിക്കയിൽ നിന്നു ഫ്രാൻസിസ് എ. സാമുവൽ (715 Hawthrone St. Avoca PA 18641) എഴുതുന്നു: “one” എന്ന സാധാരണ വാക്കു തെറ്റിച്ച് ഉച്ചരിച്ചു കാണുന്നത്തിൽ അദ്ഭുതം തോന്നുന്നു. അതിന്റെ ശരിയായ ഉച്ചാരണം ’വൺ‘ എന്നാണ്. താങ്കൾ എപ്പോഴും “നമ്പർ ഒൺ” എന്ന് എഴുതുന്നത്

എന്തുകൊണ്ട് എന്നു മനസ്സിലകുന്നില്ല. കത്തയച്ചതിനു നന്ദി. ഞാൻ ‘വൺ‌’ എന്നേ കൈയെഴുത്തു പ്രതിയിൽ എഴുതാറുള്ളൂ. അച്ചടിച്ചു വരുമ്പോൾ‌ അതു് ‘ഒൺ‌’ എന്നായി മാറുന്നു.

ചങ്ങാടക്കാർ പണിമുടക്കിയതുകൊണ്ടു് ഭർത്താവിനും ഭാര്യക്കും നദി കടക്കാൻ കഴിയുന്നില്ല. ഭർത്താവിനെ കുരുതി കൊടുക്കുമ്പോൾ‌ പെട്ടെന്ന് പാലമുണ്ടാകുന്നു. ഇതാണു് എം. എം. മേനോൻ ‘ഈയാഴ്ച’ വാരികയിലെഴുതിയ ‘പാലം’ എന്ന കഥ. ഈ ഫാന്റസി കൊണ്ട് കഥാകരൻ എന്തർത്ഥമാക്കുന്നു എന്നതു വ്യക്തമല്ല. വാതിലില്ലാത്ത കൂടാണു് ഇക്കഥ. അകത്ത് ഏതോ ജന്തുവുണ്ടു്. പുറത്തേക്ക് അതിനു പോരാൻ കഴിയുന്നില്ല.

മനോരാജ്യം വാരികയുടെ പുറന്താളിൽ രോഹിണിയുടെ ചിത്രം. സുന്ദരി. കുറഞ്ഞത് മൂന്നു വർഷമെങ്കിലും ഈ പെൺകുട്ടി ചലച്ചിത്രരംഗത്തുണ്ടായിരുന്നെങ്കിൽ! പേരെടുത്ത പല അഭിനേത്രികളും അഭിനേതാക്കന്മാരും ആറുമാസമോ അല്ലെങ്കിൽ ഒരു വർഷമോ ആണു് ‘ലൈം ലൈറ്റിൽ’ നിൽക്കുക. പിന്നീട് അവരുടെ ആരാധകരുടെയോ ബന്ധുക്കളുടെയോ ഭാഷയിൽ തമിഴ് സിനിമയിൽ. അതു മനസിലാക്കികൊണ്ടാണു മൂന്നു വർഷമെങ്കിലും രോഹിണി ചലച്ചിത്രരംഗത്തുണ്ടായിരുന്നാൽ നന്നെന്നു് ഞാൻ എഴുതിപ്പോയതു്.

പി. ഭാസ്കരൻ

എല്ലാക്കാലവും ഒരുപോലെയല്ലേ എന്ന സംശയമുണ്ടാകാം. അല്ല. എന്റെ ബാല്യകാലത്തും യൗവനകാലത്തും ജീവിതം താരതമ്യേന ശാന്തമായിരുന്നു. സ്വാതന്ത്യസമരത്തോടു ബന്ധപ്പെട്ട ബഹളങ്ങൾ കൂടെക്കൂടെ ഉണ്ടായി എന്നതു സത്യം. പക്ഷെ അതു് പൗരന്റെ പ്രശാന്തജീവിതത്തെ തകർത്തിരുന്നില്ല. അന്നു കുട്ടികൾ അച്ഛനമ്മമാരെ സ്നേഹിച്ചിരുന്നു, ബഹുമനിച്ചിരുന്നു. ഗുരുനാഥനെ ഭക്തിയോടെ അനുസരിച്ചിരുന്നു. യാത്രക്കാർക്കു ജാഥകൊണ്ടു വൈഷമ്യമുണ്ടാക്കുന്നതു് പാപമായി കരുതിയിരുന്നു. ഓരോ വ്യക്തിയുടെയും വരുമാനം ചെറുതായിരുന്നെങ്കിലും എല്ലാ ആവശ്യങ്ങൾക്കും അതു തികഞ്ഞിരുന്നു. എന്നല്ല മിച്ചം വയ്ക്കാനും കഴിഞ്ഞിരുന്നു. ഇരുപതു രൂപയ്ക്ക് ജപ്പാനിലുണ്ടാക്കിയ അപ്പൊളോ സൈക്കിൾ; അറുപതുരൂപയ്ക്ക് ഇംഗ്ലണ്ടിൽ നിർമ്മിച്ച റാലി സൈക്കിൾ; അറുപത്തഞ്ചുരൂപയ്ക് ബി. എസ്സ്. എ. സൈക്കിൾ; എഴുപതുരൂപയ്ക് ഇംഗ്ലണ്ടിൽ നിർമ്മിച്ച സൺബീം സൈക്കിൾ. അതിൽ കയറിയാൽ റോൾസ് റോയ്സ് കാറിൽ സഞ്ചരിച്ച സുഖം. അഞ്ഞൂറുരൂപകൊടുത്താൽ ജർമ്മനിയിൽ നിർമ്മിച്ച ഡി. കെ. ഡബ്ലിയു കാറ്. ഒരുചാക്കു് ആനക്കൊമ്പൻ അരിക്ക് ആറുരൂപ.

വിനയത്തിന്റെ ശാശ്വത പ്രതിരൂപങ്ങളായിരുന്നു അന്നത്തെ പെൺകുട്ടികൾ. ഇന്നത്തെപ്പോലെ അവർ സംഭോഗം വർണ്ണിക്കുന്ന കഥകൾ എഴുതിയിരുന്നില്ല. കക്ഷവും മാറും തുടയും കാണിച്ചു നടന്നിരുന്നില്ല. ഇന്നു കാലമെത്ര മാറിപ്പോയി. ചോരപുരണ്ട മാംസക്കഷണങ്ങൾ തെരുവുകളിൽ വന്നുവീഴുന്നു. ചോരപുരണ്ട വാക്കുകൾ പ്ലാറ്റ്ഫോമിൽനിന്നു വീഴുന്നു. നാഗരിക ജീവിതം സങ്കീർണ്ണവും അസ്വസ്ഥവും. എങ്ങും മാത്സര്യം. പരമ്പരാഗതങ്ങളായ ആചാരങ്ങളും നിയമങ്ങളും സങ്കേതങ്ങളും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ലംഘിക്കപ്പെടുന്നു, കഴുത്തുകൾ അറ്റ് തലകൾ താഴെ വീഴുന്നു. ചോരപ്പുഴകൾ ഒഴുകുന്നു. ബീഭത്സമായ ഈ സമകാലിക ജീവിതത്തെ പി. ഭാസ്കരൻ മദം പൊട്ടിയ ആനയിലൂടെ ആവിഷ്കരിക്കുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പുതിയ ആനക്കാരൻ എന്ന കാവ്യം) ഈ മത്തഗജത്തെ ആർക്കു മെരുക്കാം? ആർക്കു തളയ്ക്കാം. പി. ഭാസ്ക്കരന്റെ മനോഹരമായകാവ്യത്തിൽ ഞാൻ കണ്ണുകൾ ചേർത്ത് ഇരിക്കുമ്പോൾ ഒരു യുവാവു് വെള്ളക്കടലാസ്സിലെ കറുത്ത അക്ഷരങ്ങളിൽനിന്നു് എഴുന്നെറ്റു വരുന്നു. അയാൾ എന്തുചെയ്തു?

മത്തഗജത്തിൻ മർമ്മത്തിൽ ക്കൈ‌-
പ്പത്തിയെടുത്തു തലോടിയ തരുണൻ
പേരുവിളിച്ചു ചോരപുരണ്ടൊരു
കൊമ്പു പിടിച്ചു മുന്നിൽ നടന്നൂ.
ആ കൈയിന്റെ ഞരമ്പിൽ പാഞ്ഞൊരു
രക്തത്തിൻ സ്നേഹോഷ്മളഗന്ധം
തുമ്പിയെടിത്തു നുകർന്നൂ കൊമ്പൻ
മുമ്പിൽ നടന്ന യുവാവിൻ പിൻപേ
ചെറിയൊരു ധേനു കണക്കാകൊമ്പൻ
ചെവികളുമാട്ടി നടന്നൂ മെല്ലെ

ഈ യുവാവു് ഒരു സിംബലാണു്. സ്നേഹംകൊണ്ടു് അയാൾ സങ്കീർണതകളെ അസങ്കീർണതകളാക്കുന്നു. കലാപങ്ങളെ പ്രശാന്തതകളാക്കുന്നു. ഭൂമിയെ സ്വർഗ്ഗമാക്കുന്നു. വാക്കുകൾകൊണ്ടു് പി. ഭാസ്കരൻ സ്വർണ്ണക്കസവിന്റെ കവിത നെയ്തെടുക്കുന്നതുപോലെ.

* * *

രൂപശില്പത്തിന്റെ അന്യൂന സ്വഭാവംകൊണ്ടു് സോഫോക്ലിസ്സ് ഗർഹണീയമായ ഒരു വിഷയത്തെ–ഈഡിപ്പസിന്റെ പാപത്തെ–സഹൃദയനു സ്വീകരണീയമാക്കി. പാപം സ്വീകരണീയമെന്നല്ല ഞാനുദ്ദേശിച്ചതു്. നാടകം ആസ്വാദനക്ഷമമാക്കി എന്നാണു്. ഒട്ടും കുത്സിതമല്ലാത്ത ഒരു വിഷയത്തെ–വൃദ്ധന്റെ ഏകന്തതയെ–അവിദദ്ധതകൊണ്ടു് അനാദരണീയമാക്കുന്നു കാട്ടുമാടം നാരായണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒറ്റയാൻ എന്ന കഥ) ഇതിനു സാദൃശ്യമാണു്. ജോസഫ് ജോൺ തോട്ടയ്ക്കാടു് മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ ”കുട്ടിയുടെ ദുഃഖം” എന്ന ചെറുകഥ. നാരായണന്റെ കഥ വിരസം ജോസഫ് ജോണിന്റെ കഥ അതിഭാവുകത്വമാർന്നതു്. എന്റെ അപ്പൂപ്പൻ പേരുകേട്ട ഗുസ്തിക്കാരനയിരുന്നു. എന്റെ അമ്മൂമ്മ മരിച്ചതിനു ശേഷം അദ്ദേഹം രണ്ടാമതു വിവാഹം കഴിച്ചു. അവർക്കും അദ്ദേഹത്തെപ്പോലെ സ്ഥൂലശരീരം. അപ്പൂപ്പൻ ഗുസ്തിമുറകൾ മറക്കാതിരിക്കൻവേണ്ടി അമ്മൂമ്മയെ കാലത്തു ഗോദയിലിറക്കി അവരുമായി ഗുസ്തിപിടിക്കും. ആ വൽഗാറിറ്റി കണ്ടാൽ ഞാൻ ഓടിപ്പോകും. കഥാകരന്മാർ ഗുസ്തിമുറകൾ മറക്കതിരിക്കാൻ വേണ്ടി സാഹിത്യാംഗനയെ ഗോദയിലിറക്കുന്നു. അവളുമായി ഗുസ്തിപിടിക്കുന്നു.

വാതിൽ തുറക്കൂ, സൂക്ഷിച്ചു്

എല്ലാ വീടുകൾക്കും വാതിലുകളുണ്ടു്. എന്റെ വീട്ടിൽ വാതിലുകൾ കൂടുതലാണു്. ഒന്നാമത്തെ വാതിൽ തുറന്നു ചെന്നുകയറുന്നതു് കഥകൾ നിറഞ്ഞ മുറിയിൽ. രണ്ടാമത്തെ വാതിൽ തുറന്നു ചെന്നുകയറുന്നതു് കവിതകൾ നിറഞ്ഞ മുറിയിൽ. മൂന്നാമത്തെ വാതിൽ തുറന്നു ചെന്നുകയറുന്നതു് നോവലുകൾ നിറഞ്ഞ മുറിയിൽ. പിന്നെ നാലു്, അഞ്ചു്, ആറു്, എന്ന ക്രമത്തിൽ മൂന്നു് വാതിലുകൾകൂടി തുറന്നു പല മുറികളിൽ എത്തി. എഴാമത്തെ വാതിൽ തുറന്നു കയറിയപ്പോൾ ആഭാസരചനകൾ കണ്ടു. അക്കൂട്ടത്തിൽ ഇരിങ്ങാലക്കുടയിലെ ഗിരിജാമേനോൻ എഴുതിയ ”വിവാഹത്തിന്റെ ആദ്യനാളുകൾ” എന്ന യഥാർത്ഥ സംഭവവിവരണം കണ്ടു (വിമെൻസ് മാഗസിൻ) ഒരു ഭാഗം ഉദ്ധരിക്കാം. രാവിലെ ഉണർന്നപ്പോൾ നേരം വല്ലാതെ പുലർന്നിരുന്നു. വാതിൽ തുറന്നു പുറത്തുവരാൻ ലജ്ജതോന്നി. പല്ലു തേച്ചുംകൊണ്ടു് നിൽക്കുമ്പോൾ

അനിയത്തി ചോദിച്ചു: ‘ചേട്ടത്തിയമ്മയെന്താ ജാക്കറ്റ് മറിച്ചിട്ടിരിക്കുന്നതു്?’ കൂടുതൽ ഉദ്ധരിക്കാൻ കൗതുകമില്ലാതില്ല എനിക്കു്. എങ്കിലും അതു ചെയ്യുന്നില്ല. Madam, modesty forbids. ഇതൊക്കെക്കൊണ്ടാണു് പണ്ടത്തെ സ്ത്രീകൾ മോഡസ്റ്റായിരുന്നുവെന്നു ഞാൻ നേരത്തേ എഴുതിയതു്. ഏഴാമത്തെ വാതിലടച്ചിട്ട് ഞാൻ വീണ്ടും ഒന്നാമത്തെ വാതിൽ തുറക്കട്ടെ.

* * *

പൊന്മുടിയിലേക്കു പോകുമ്പോൾ, മൂന്നാറ്റിലേക്കു പോകുമ്പോൾ ഒരു വശത്തുള്ള അഗാധതയിൽ ജലാശയങ്ങൾ കാണാം. അവയുടെ അടുത്തായി നീണ്ട കാലുകളുള്ള കൊക്കുകളും. എന്തൊരു വൈരൂപ്യം! ഉയരത്തിൽനിന്നു നോക്കുമ്പോഴാണു് വൈരൂപ്യം അതിന്റെ തനിസ്സ്വരൂപത്തിൽ കാണുക. സാഹിത്യത്തിന്റെ അധിത്യകയിൽ നിന്നു നോക്കുമ്പോൾ ഉപത്യകയിലെ വൈരൂപ്യം കാണാം.

അടികൊടുക്കുന്ന വേശ്യ

മുൻപ്… പട്ടണത്തിൽ ഒരു വിധവയായ വേശ്യയുണ്ടായിരുന്നു. വേശ്യയെന്നു് എഴുതിയെങ്കിലും പ്രൊഫഷണൽ വേശ്യയായിരുന്നില്ല. അവർക്കു് ഇഷ്ടമുള്ള പുരുഷന്മാരോടു രമിക്കും. അതിസുന്ദരിയായിരുന്നു അവർ. അതുകൊണ്ടു് പല പുരുഷന്മാരും അടുത്തു. അടുക്കുന്നവർ ചിരിച്ചാൽ അങ്ങോട്ടും ചിരിക്കും. സ്പർശിച്ചാൽ പ്രേമപൂർവ്വം തിരിച്ചു സ്പർശിക്കും. ഇങ്ങനെ പ്രോത്സാഹിപ്പിച്ചു പ്രോത്സാഹിപ്പിച്ചു് അയാൾ ഇംഗിതം അറിയിക്കുന്ന സന്ദർഭമാകുമ്പോൾ രാത്രി വരാൻ പറയും. ചെന്നാൽ രണ്ടു ചീത്ത വിളിച്ചു് ചെകിട്ടത്തു് അടിയും കൊടുത്തു പറഞ്ഞയയ്ക്കും. ഇങ്ങനെ അപമാനത്തിനു വിധേയരായവർ ഒന്നല്ല, രണ്ടല്ല ആ പട്ടണത്തിൽ. അടി കൊടുത്തിട്ടു് അവർ വേഴ്ച നേടുന്നവരോട് അക്കാര്യം പറയും. പ്രമാണിമാരായ അവർ ക്ലബ്ബുകളിലും മറ്റും ‘ഇന്നാർക്കു് അടികിട്ടി’ എന്നു പരസ്യപ്പെടുത്തും. പട്ടണം മുഴുവൻ അതു പരക്കും. ഈ ‘പെർവേർഷൻ’ ചെറിയതോതിൽ കാണിക്കുന്നവളാണു് തുളസിയുടെ “കാലത്തിൽ പതിച്ച പെണ്ണു്” എന്ന കഥയിലെ നായിക (മാമാങ്കം വാരിക). സ്നേഹിക്കുന്നു എന്നു പറഞ്ഞെത്തിയ യുവാവിനെ അവൾ ഒരളവിൽ പ്രോത്സാഹിപ്പിക്കുന്നു. അയാൾ തെല്ലൊന്നു് അകന്നപ്പോൾ വീണ്ടും നല്ല വേഷമണിഞ്ഞു് ആകർഷിക്കാൻ ശ്രമിക്കുന്നു. അയാൾ അടുക്കുമ്പോൾ അകന്നുപോകുന്നു. ഭാഗ്യം കൊണ്ടു് അടികിട്ടുന്നില്ല. [മുകളിൽ പറഞ്ഞ സ്ത്രീയെ ഞാൻ കണ്ടിട്ടുണ്ടു്. അടി വാങ്ങിച്ച ഒരാൾ എന്റെ പരിചയക്കാരനാണു്. പട്ടണം ഇവിടെയെങ്ങുമല്ല. അങ്ങു ദൂരെ.]

ഭൂതകാലത്തിലെ ചിത്രശലഭങ്ങൾ

“എന്നെക്കുറിച്ചെഴുതൂ സാഹിത്യവാരഫലത്തിൽ” എന്നു് ചിലരുടെ അപേക്ഷ. അപേക്ഷയോടൊപ്പം കറൻസിനോട്ട്. …ഇവർ ഈ ഹീനകൃത്യം നിറുത്തണം. ഇല്ലെങ്കിൽ അവരുടെ മേൽവിലാസം ഞാൻ പരസ്യപ്പെടുത്തും.

ഒരു സ്ത്രീ 1914-ൽ മകന്റെ ഫോട്ടോ എടുപ്പിച്ചു. സ്‌ട്രാസ്ബൂർഗിൽ ആ ഫിലിം ഡവലപ്പ് ചെയ്യാൻ അവർ ഏൽപ്പിച്ചെങ്കിലും യുദ്ധം ആരംഭിച്ചതുകൊണ്ടു് അവർ ഫോട്ടോ വാങ്ങിച്ചില്ല. 1916-ൽ അവർ ഫ്രാങ്ക് ഫുർട്ടിൽനിന്നു് ഒരു ഫിലിം വാങ്ങി മകളുടെ പടമെടുത്തു. ആ ഫിലിം ഡവലപ്പ് ചെയ്തപ്പോൾ അതിന്റെ താഴത്തെ ഭാഗത്തു് 1914-ൽ എടുത്ത മകന്റെ ഫോട്ടോഗ്രാഫ്. ഇതിനെ യുങ് acausal Connection എന്നു വിളിക്കുന്നു. പ്രകൃതിനിയമത്തിന്റെ അടിസ്ഥാനപരമായ തത്ത്വം കാര്യകാരണ ബന്ധമാണു്. കാരണമില്ലാതെ കാര്യമുണ്ടാകുന്നതിനു് ഉദാഹരണമാണു് മുകളിൽ കൊടുത്തതു്. അദ്ഭുതാവഹമായ ഈ ബന്ധം ചിന്തയുടെ മണ്ഡലത്തിലുമുണ്ടു്. 1950-ൽ ഞാൻ ഏ. ബാലകൃഷ്ണപിള്ളയെ കണ്ടു. ചിത്രത്തിലെ ബാലകൃഷ്ണപിള്ളയല്ല സാക്ഷാൽ ബാലകൃഷ്ണപിള്ള. പടത്തിൽ വെറുമൊരു താടിക്കാരൻ. പക്ഷേ നേരിട്ട് കാണുമ്പോൾ തേജസ്സാർന്ന മഹാവ്യക്തി. എന്തോ ഒരു ഉദാത്തത. ഈ സവിശേഷത മറ്റധികം പേരിൽ ഞാൻ കണ്ടിട്ടില്ല. എനിക്കുണ്ടായ ഈ അനുഭവം കെ. സുരേന്ദ്രനുമുണ്ടായിയെന്നു് അറിയുന്നതു് ആഹ്ലാദകരം തന്നെ. അദ്ദേഹം എഴുതുന്നു: “എനിക്കു തോന്നിയതു് പടങ്ങളിൽ കണ്ട മുഖമാണെങ്കിലും പടങ്ങളിൽ കണ്ട മുഖമേ അല്ലല്ലോ എന്നാണു്… ആ മുഖത്തു നിന്നും എന്തോ ഒരു ദീപ്തി പ്രസരിക്കുന്നതായാണു് ഞാൻ കണ്ടതു്” (കലാകൗമുദി — ജീവിതവും ഞാനും — 12-ആം ഭാഗം) സത്യസന്ധവും ഹൃദ്യവുമാണു് സുരേന്ദ്രന്റെ ഈ നിരീക്ഷണം. ചങ്ങമ്പുഴയുടെ സ്വഭാവത്തിന്റെ സവിശേഷതയും അദ്ദേഹം ഏതാനും വാക്യങ്ങൾ കൊണ്ടു് ആലേഖനംചെയ്യുന്നു. ഭൂതകാലത്തിലെ ഈ ചിത്രശലഭങ്ങളെ പിടിച്ചെടുത്തു് വെള്ളക്കടലാസ്സിൽ വച്ചുതന്നു് നമ്മോടു് ‘നോക്കൂ’ എന്നു പറയുന്ന സുരേന്ദ്രൻ നല്ല കൃത്യമാണു് അനുഷ്ഠിക്കുന്നതു്.

* * *

ഗൾഫ് രാജ്യങ്ങളിൽ നിന്നു് എനിക്കു വരുന്ന ചില കത്തുകളിൽ ഇന്ത്യൻ കറൻസി നോട്ടുകൾ വച്ചിട്ട് “എന്നെക്കുറിച്ചെഴുതൂ സാഹിത്യവാരഫലത്തിൽ” എന്നു അപേക്ഷ നടത്തുന്നു. ഈ രൂപ തിരിച്ചയയ്ക്കാനും മറ്റും എനിക്കു സമയമില്ല. അതു പ്രയാസമാണു താനും മണിയോർഡർ കമ്മിഷൻ കൊടുക്കാനും എന്നെക്കൊണ്ടു് ഒക്കുകയില്ല. കേരളത്തിലുള്ള ചിലരും ഇങ്ങനെ നോട്ടുകൾ രജിസ്റ്റർചെയ്ത് കത്തിനകത്താക്കി അയയ്ക്കുന്നു. ഇവർ ഈ ഹീനകൃത്യം നിറുത്തണം. നിറുത്തിയില്ലെങ്കിൽ അവരുടെ മേൽവിലാസം ഞാൻ പരസ്യപ്പെടുത്തും.