close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 10 19


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 10 19
ലക്കം 579
മുൻലക്കം 1986 10 12
പിൻലക്കം 1986 10 26
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ടൊള്‍സ്റ്റോയി ജനിച്ചതു റഷ്യയിലെ യാസ്നൈയ പല്യാന എന്ന ഗ്രാമത്തിലാണ്. താമസിച്ചതും അവിടെതന്നെ. ആ ഗ്രാമത്തിലെ ഒരു എസ്റ്റേറ്റില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. ഒരു ദിവസം യാസ്നൈയ പല്യാനയിലെ ഭവനത്തിലിരുന്ന് അദ്ദേഹവും കുടുംബവും സംസാരിക്കുകയായിരുന്നു. സംഭാഷണ വേളയില്‍ ടൊള്‍സ്റ്റോയി പറഞ്ഞു:“വിശ്വസാഹിത്യമാകെ അരിപ്പിലിട്ട് അരിച്ചാല്‍ ഡിക്കന്‍സ് അവശേഷിക്കും. ഡിക്കന്‍സിനെത്തന്നെ അരിച്ചാല്‍ ‘ഡേവിഡ് കോപര്‍ ഫീല്‍ഡ് ശേഷിക്കും. ‘ഡേവിഡ് കോപര്‍ഫീല്‍ഡി’നെ അരിച്ചാല്‍ കടലിലെ കൊടുങ്കാറ്റ് മിച്ചംവരും.

‘ഡേവിഡ് കോപര്‍പീല്‍ഡ് എന്ന നോവലിലെ ആ വര്‍ണ്ണന (Tempest എന്നാണ് നോവലിസ്റ്റ് ആ അദ്ധ്യായത്തിനു പേരുനല്‍കിയത്. ഓര്‍മ്മയില്‍ നിന്ന്) ഉത്കൃഷ്ടമാണ്. എന്നാല്‍ അതുമാത്രമാണ് വിശ്വസാഹിത്യത്തിലാകെയുള്ളതെന്ന വാദം ശരിയല്ല. മഹാനായ ടൊള്‍സ്റ്റോയിക്കും അതറിയാം. വര്‍ണ്ണന ഹൃദയംഗമാണ്. ഉത്കൃഷ്ടമാണ് എന്നതു സ്പഷ്ടമാക്കാന്‍ വേണ്ടി അദ്ദേഹം താല്‍കാലികമായി അത്യുക്തിയെ കൂട്ടുപിടിച്ചെന്നേയുള്ളൂ. മാത്രമല്ല, കുടുംബത്തിലെ അംഗങ്ങളോടാണ് അദ്ദേഹം അതു പറഞ്ഞത്. അവിടെ ഒരതിഥി കൂടി ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും തന്റെ മൂല്യനിര്‍ണ്ണയവൈദഗ്ദ്ധ്യത്തെ അപകര്‍ഷപ്പെടുത്തുന്ന രീതിയില്‍ അദ്ദേഹം ആ വിധത്തിലൊരു പ്രസ്താവന നിര്‍വഹിക്കുമായിരുന്നില്ല. ഒരു സദസ്സിനെ അഭിമുഖീഭവിച്ചു നിന്നാണ് അദ്ദേഹത്തിനു ഡിക്കന്‍സിനെക്കുറിച്ചു പറയേണ്ടിവന്നത് എന്നു വിചാരിക്കൂ. പരമാവധി നിയന്ത്രണം പാലിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു. എഴുതിയാലോ? എഴുതുമ്പോള്‍ ലക്ഷക്കണക്കിന് കോടിക്കണക്കിനുള്ള ആളുകളോടായിരിക്കും പറയുക. അപ്പോള്‍ ‘അളന്നുകുറിച്ച’ മട്ടിലേ വാക്കുകള്‍ വരൂ. ഇതു മനുഷ്യന്റെ സ്വഭാവമാണ്. നിരൂപകന്റെ മുന്‍പില്‍ നോവലിസ്റ്റ് മാത്രമേ ഉള്ളുവെങ്കില്‍ അത്യുക്തി സമ്മതം ചോദിക്കാതെ മുറിയിലേക്കു കടന്നു വരും. മുഖത്തെ വിയര്‍പ്പുപോലും തുടയ്ക്കാതെ നിരൂപകനെ ആശ്ളേഷിച്ചു ചുംബിച്ചു കളയും നോവല്സിറ്റ് കൂടാതെ രണ്ടുമൂന്നു പേരുണ്ടെന്നു കരുതൂ. എന്നാലും അവള്‍ക്ക്-അത്യുക്തി-ലജ്ജയില്ല. പരിരംഭണം നടക്കും. എന്നാല്‍ നിരൂപകന്‍ കടലാസില്‍ പേനയമര്‍ത്തി വാക്കുകളെ അതിലൂടെ ഒഴുക്കുമ്പോള്‍ അത്യുക്തിക്ക് അയാളെ സമീപിക്കാനാവില്ല. ലക്ഷക്കണക്കിന്-കോടിക്കണക്കിനാണ് ആളുകള്‍ നോക്കിക്കൊണ്ടിരിക്കുക. നിരൂപകന്റെ കണ്ണൂകളെക്കാള്‍ അവരുടെ കണ്ണൂകള്‍ക്കു ദര്‍ശനക്ഷമത കൂടുതലാണുതാനും. ഇക്കാരണത്താല്‍ ‘എന്റെ പുസ്തകം നല്ലതാണെന്ന് അയാള്‍ നേരിട്ടു പറഞ്ഞു: എഴുതിയപ്പോള്‍ മറിച്ചും’ എന്നു നോവലിസ്റ്റോ കവിയോ പരിഭവിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. നിരൂപകന്റെ ഭീരുത്വത്തെ ഞാന്‍ നീതിമത്കരിക്കുകയില്ല. അന്യനെ വേദനിപ്പിക്കാനുള്ള വൈമനസ്യത്തില്‍ നിന്നാണ് ആ ഭീരുത്വം ഉളവാക്കുന്നത് എന്നേ സൂചിപ്പിക്കുന്നുള്ളൂ. ‘ചിത്തം ചലിപ്പതിനു ഹേതു മുതിര്‍ന്നു നില്‍ക്കെ നെഞ്ചില്‍ കുലുക്കമെവനില്ലവനാണു ധീരന്‍’ എന്ന കവിവാക്യം ശരി. കഴിയുമെങ്കില്‍ അങ്ങനെവേണം ജീവിക്കാന്‍. എങ്കിലും ചിലപ്പോള്‍ ദൗര്‍ബല്യത്തിന് ചിലര്‍ വിധേയരായിപ്പോകും.

കാവാലത്തിന്റെ കവിത

ഉത്കൃഷ്ടമായ കവിത വായിക്കുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആഹ്ളാദമാണ്. ആ ആഹ്ളാദത്തിനു വേണ്ടി ആ കാവ്യം ഞാന്‍ വീണ്ടും വായിക്കുന്നു. ആവര്‍ത്തിച്ചുള്ള കാവ്യപാരായണം വൈരസ്യം ജനിപ്പിക്കുകയേയില്ല. അതല്ല മറ്റാവര്‍ത്തനങ്ങളുടെ സ്ഥിതി. സിഗററ്റ് വലിക്കുമ്പോള്‍ ആഹ്ളാദം. സിഗററ്റ് വലിക്കുക എന്ന പ്രവര്‍ത്തനത്തിന്റെ ഉപോല്‍പന്നമായി ആഹ്ളാദത്തെ കരുതാം. എന്നാല്‍ ആ ആഹ്ളാദത്തിനുവേണ്ടി ഒരു സിഗററ്റ് കൂടി ഉടനെ വലിച്ചുനോക്കൂ. ദു:ഖമായിരിക്കും ഫലം. കാവ്യത്തിന്റെ കാര്യത്തില്‍ ഈ തത്വം ചേരില്ല. കാവാലം നാരായണപ്പണിക്കര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ വില്ക്കുന്നില്ലിവിടം”എന്ന സുന്ദരമായ കാവ്യം ഞാന്‍ കുറഞ്ഞതു പതിനഞ്ചുതവണയെങ്കിലും വായിച്ചു. ഇനിയും അതു വായിക്കാന്‍ വേണ്ടി ഞാന്‍ ആഴ്ചപ്പതിപ്പ് സൂക്ഷിച്ചു വയ്ക്കുന്നു. ഈ കാലയളവില്‍ അനാഗതശ്മശ്രുക്കളും അനാഗതാര്‍ത്തവങ്ങളും കവിതയായി അംഗീകരിച്ചിരിക്കുന്നതെന്തോ അതില്‍ നിന്നു വിഭിന്നമാണ് ഈ കാവ്യം. മലയാള കവിതയുടെ ശക്തിയും വേഗവും സൗന്ദര്യവും ഇത് എനിക്കു മനസ്സിലാക്കിത്തരുന്നു. തുടക്കം കണ്ടാലും:

എന്റെ കഥാകഥനമൊഴുക്കിയ
നിമഗ്നവഴി വള്ളം കയറി-
പ്പിന്നോട്ടുതുഴഞ്ഞെത്തുമ്പോള്‍
തടഭൂവില്‍ തലപൊക്കി
കാണുവതെന്‍ തറവാട്.
ഹോമപ്പുകയില്ലാ-
ത്താശ്രമവാടമിതിന്‍
കണിക്കോണില്‍ സര്‍പ്പക്കാവില്‍
പുത്തന്‍ഗ്രാമപ്പേച്ചു പഠിച്ചൊരു
തത്തമൊഴിഞ്ഞു:
‘വില്‍ക്കാനുണ്ടിവിടം’

‘വില്‍ക്കാനുണ്ടിവിടം’ എന്ന മൊഴി കവിയില്‍ വികാരപ്രവാഹം സൃഷ്ടിക്കുന്നു. ആ പ്രവാഹം പൂർവകാല സ്മരണകളെ ഇളക്കിവിടുന്നു.

“ഒരു കാര്‍ണവരാറിന്‍ഗതി
മുട്ടിട്ടു തിരിച്ചിട്ടാവഴികളില്‍
നെല്‍വിളയിക്കാന്‍ ഭൂമിയൊരുക്കിയ
ഭാര്‍ഗ്ഗവരാമന്‍..”

ഇങ്ങനെ പലപല ചിത്രങ്ങള്‍ കണ്ടപ്പോള്‍

അതുവരെ അന്യനായി (outsider)നിന്ന കവി തറവാടിന്റെ ചൈതന്യവുമായി ചേരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ‘അന്യന്‍’ എന്ന അവസ്ഥ ഇല്ലാതാകുന്നു.

സ്വൈര്യമൊഴിഞ്ഞു തളര്‍ന്നോന്റെ
മനസ്സിൻ കണിക്കോണില്‍
സര്‍പ്പക്കാവില്‍പ്പാര്‍ക്കും
പുത്തന്‍ തത്തയ്ക്കിങ്ങനെയൊരു
പുത്തന്‍ പാഠം ഞാനുരുവിട്ടു കൊടുത്തു:
‘വില്ക്കുന്നില്ലിവിടം’

തികച്ചും വ്യക്തിനിഷ്ഠമായ വികാരത്തെ തികഞ്ഞ കേരളീയതയോടെ ആവിഷ്കരിക്കുന്ന ഈ കാവ്യം സായ്പിന്റെ ‘ഉച്ഛിഷ്ടം ഭജിക്കു’ന്നവര്‍ക്കും ആഫ്രിക്കക്കാരന്റെ കറുത്ത കവിതമാത്രം ആസ്വദിക്കുന്നവര്‍ക്കും മാര്‍ഗ്ഗദര്‍ശകമായെങ്കില്‍!

* * *

നമ്മളില്‍ അന്യര്‍ക്കു വിശ്വാസം ഉള്ളപ്പോള്‍ മാത്രമേ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളു. കേരളത്തിന്റെ മണ്ണിനുള്ള മണം പ്രസരിപ്പിക്കുന്ന കാവ്യങ്ങള്‍ രചിക്കുന്നവരില്‍ അനുവാചകര്‍ക്കു വിശ്വാസമുണ്ട്. അവര്‍ ജയിക്കുന്നു. ആഫ്രിക്കയുടെ “വന്യ”മായ ലയത്തെ മലയാള കവിതയില്‍ കൊണ്ടുവരുന്നവര്‍ കവികളായി കവിയര്ങ്ങുകളില്‍ പ്രത്യക്ഷമാകാറുണ്ട്. അവര്‍ ജീവിക്കുന്നില്ല. എക്സിസ്റ്റ് ചെയ്യുന്നു. അത്രമാത്രം.

സേതു

അച്ഛന്റെ ഇമേജ് മകളില്‍ അബോധാത്മകമായ സ്വാധീനശക്തി ചെലുത്തുന്നതിനെയാണ് മന:ശാസ്ത്രത്തില്‍ ‘ഫാദര്‍ ഫിക്സേഷന്‍’ എന്നു പറയുന്നത്. ഫാദര്‍ ഫിക്സേഷനുള്ള ഒരു സാവിത്രിക്കുട്ടിയെ ചിത്രീകരിക്കുകയാണ് സേതു. (സാവിത്രിക്കുട്ടി എന്ന ചെറുകഥ-മലയാള മനോരമ വാര്‍ഷികപ്പതിപ്പ്) സാവിത്രിക്കുട്ടി ന്യൂറോസിസ് ബാധിച്ചവളാണെന്നത് വ്യക്തം. അച്ഛനെസ്സംബന്ധിച്ചുള്ള ഫിക്സേഷന്റെ ഫലമായി മറ്റൊരാളെ അയാള്‍ക്കു സദൃശ്യനായി കണ്ടാല്‍ അവള്‍ക്കു കംപല്‍സിവ് ന്യൂറോസിസ് ഉണ്ടെന്നു തീരുമാനിക്കാം. സേതുവിന്റെ കഥാപാത്രത്തിന് ഈ അനിയത മാനസികാവസ്ഥയുണ്ട്. ബാധ ഒഴിപ്പിക്കുന്ന പണിക്കരുടെ അടുത്ത് ഫാദര്‍ഫിക്സേഷനുള്ള സാവിത്രിക്കുട്ടിയെ കൊണ്ടുവരുന്നു. അവള്‍ പണിക്കരുടെ മാറിലേയ്ക്ക് വീണ് “അച്ഛന്‍ പോവല്ലേ. സാവിത്രിക്കുട്ടിക്കു കൂട്ടായി ആരുമില്ലല്ലോ. എനിക്കാരും വേണ്ടല്ലോ. അച്ഛന്‍ മാത്രം മതിയല്ലോ” എന്നു പറയുമ്പോള്‍ കഥ പരിസമാപ്തിയിലെത്തുന്നു. ഇവിടെ പണിക്കരെ അവള്‍ അച്ഛനായി കാണുകയാണ്.

സുപ്രമാണതയില്ലാത്ത മന:ശാസ്ത്ര തത്വങ്ങളെ ഇമ്മട്ടില്‍ കഥയാക്കി വയ്ക്കുന്നതുകൊണ്ട് സാഹിത്യകാരനോ സാഹിത്യത്തിനോ അനുവാചകനോ ഒരു നേട്ടവും ഉണ്ടാകുന്നില്ല. ഇതൊരു വ്യര്‍ത്ഥയത്നമാണ്. ഫ്രായിറ്റ് തുടങ്ങിയവര്‍ പറഞ്ഞുവച്ച ഒരു സത്യം (അതോ അസത്യമോ) കഥാകാരന്‍ ആവര്‍ത്തിക്കുന്നതേയുള്ളൂ ഇവിടെ. ഏതു സാഹിത്യസൃഷ്ടിക്കും ‘അസന്ദിഗ്ദ്ധമാക്കല്‍’ എന്നൊരു പ്രവര്‍ത്തനം കൂടിയേ തീരൂ. ഇംഗ്ലീഷില്‍ ഇതിനെ Resolution എന്നു വിളിക്കും. ഇത് ഇക്കഥയ്ക്കില്ല.

ശങ്കരാടിയുടെ ആഹ്ളാദം

ദാമ്പത്യജീവിതത്തിന്റെ ശാശ്വതനരകത്തെക്കുറിച്ചു പറഞ്ഞത് ബര്‍നോഡ് ഷായാണ്. Perpetual misery of wedlock എന്നാണെന്നു തോന്നുന്നു ഷാ പ്രയോഗിച്ച വാക്കുകള്‍. ഇസ്ബന്റെ നാടകങ്ങളെക്കുറിച്ചു ഷാ എഴുതിയ പ്രബന്ധത്തിലാണവ. ശാശ്വത നരകമാണ് ദാമ്പത്യജീവിതമെന്നു സ്ഥാപിക്കുന്നതിനു മുന്‍പ് അദ്ദേഹം ആയിരം പേരടങ്ങുന്ന ഒരു സമുദായത്തെ സങ്കല്പിക്കാന്‍ വായനക്കാരോട് ആവശ്യപ്പെടുന്നു. ഈ സമുദായത്തില്‍ അറൂന്നൂറുപേര്‍ വിവാഹംകഴിച്ചതിനുശേഷം ദാമ്പത്യജീവിതം തികഞ്ഞ പരാജയമാണെന്നു മനസ്സിലാക്കുന്നു. നേരിട്ടു ചോദിച്ചാല്‍ ആ അറുന്നൂറു പേരും പറയും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചയെപ്പറ്റി. ബാക്കിയുള്ള നാനൂറു പേരില്‍ മുന്നൂറ്റി തൊണ്ണൂറ്റിയൊന്‍പതു പേരും മോഹഭംഗത്തില്‍ വീണവരാണ്. അവര്‍ക്കറിയാം അതൊരു ശാശ്വത നരകമാണെന്ന്. മകന്‍ അച്ഛനെ ധിക്കരിക്കുമ്പോള്‍, സഹോദരി സഹോദരനെ നിന്ദിക്കുമ്പോള്‍ ചേട്ടന്‍ അനുജനെയും അനുജന്‍ ചേട്ടനെയും തെറിപറയുമ്പോള്‍, ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുമ്പോള്‍, ഭാര്യ ഭര്‍ത്താവിനെ തിരിച്ചു തല്ലുമ്പോള്‍ കുടുംബജീവിതം പാവനമാണെന്ന് എങ്ങനെ കരുതും? എങ്കിലും ആ 399 ആളുകളും സത്യം മറച്ചുവച്ചിട്ട് ദാമ്പത്യജീവിതവും കുടുംബജീവിതവും സുഖസന്ദായകമാണെന്നു പ്രഖ്യാപിക്കും. ഇവരെ false idealists എന്നാണ് ഷാ വിളിക്കുക.(കള്ളന്മാരായ ആദര്‍ശവാദികള്‍.) ഇവര്‍ ഭാര്യയെ പൂ ചൂടിച്ച് കാറിന്റെ മുന്‍സീറ്റിലിരുത്തിക്കൊണ്ടുപോകും. സ്കൂട്ടറിന്റെ പിറകില്‍ ഇരുത്തിക്കൊണ്ടു പറക്കും. സിനിമാശാലയില്‍ വന്നിരുന്നു സ്നേഹപൂര്‍വ്വം പെരുമാറും. പക്ഷേ പെണ്ണൂങ്ങളുടെയും ആണൂങ്ങളുടെയും ഹൃദയത്തില്‍ വെറുപ്പെന്ന വികാരമേയുള്ളൂ. ഡാര്‍ലിങ്ങ് എന്ന് അയാള്‍ വിളിക്കും. ഡിയര്‍ എന്ന് അവളും. എന്നാല്‍ ആ രണ്ടു സംബോധനകളുടെയും പിറകില്‍ വേറെ രണ്ടു വാക്കുകളാണുള്ളത്. അവ അച്ചടിക്കാന്‍ വയ്യ.

ഇനി ഒരാളുണ്ടല്ലോ. അയാള്‍ മുന്നോട്ട് വന്ന് ഉദ്ഘോഷിക്കും: “ദാമ്പത്യജീവിതം വെറും കള്ളമാണ്.” ഇങ്ങനെ ഉദ്ഘോഷിക്കുന്നവനാണ് വിപ്ളവകാരി. ഇസ്ബൻ ആ വിധത്തിലൊരു വിപ്ളവകാരിയായിരുന്നുവെന്നാണ് ഷായുടെ മതം. അദ്ദേഹത്തിന്റെ ആ അഭിപ്രായവും അല്പജ്ഞനായ എന്റെ അഭിപ്രായവും കൂട്ടിക്കലര്‍ത്തിമുകളിലിത്രയും എഴുതിയതിനു ഹേതുവുണ്ട്. മനോരാജ്യം വാരികയിൽ ശങ്കരാടിയുടെ രണ്ടുവാക്കുകള്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണോടുകൂടി അച്ചടിച്ചിരിക്കുന്നു: “ഇത്രയും മധുരമാണ് ഒരു പെണ്ണുമായുള്ള ജീവിതമെങ്കില്‍ എത്രയോ നേരത്തെ ആകേണ്ടതായിരുന്നു അതൊന്നും അന്നുതോന്നിയില്ല.” എനിക്കൊന്നേ അറിയേണ്ടതുള്ളൂ. ശങ്കരാടി ആ അറുനൂറു പേരിൽ ഒരാളാണോ? അതോ മുന്നൂറ്റി തൊണ്ണൂറ്റിയൊന്‍പതു പേരില്‍ പെടുമോ? അതോ ആ ഒറ്റ മനുഷ്യനോ?

നമ്മളില്‍ അന്യര്‍ക്കു വിശ്വാസം ഉള്ളപ്പോള്‍ മാത്രമേ നമ്മള്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളു. കേരളത്തിന്റെ മണ്ണിനുള്ള മണം പ്രസരിപ്പിക്കുന്ന കാവ്യങ്ങള്‍ രചിക്കുന്നവരില്‍ അനുവാചകര്‍ക്കു വിശ്വാസമുണ്ട്. അവര്‍ ജയിക്കുന്നു. ആഫ്രിക്കയുടെ “വന്യ”മായ ലയത്തെ മലയാള കവിതയില്‍ കൊണ്ടുവരുന്നവര്‍ കവികളായി കവിയരങ്ങുകളില്‍ പ്രത്യക്ഷമാകാറുണ്ട്. അവര്‍ ജീവിക്കുന്നില്ല.

ഗ്രാമീണ ജീവിതം നയിക്കുന്നവരും നാഗരിക ജീവിതം നയിക്കുന്നവരും ഒരേമട്ടില്‍ ദാമ്പത്യജീവിതത്തിന്റെ വൈരസ്യത്തിനു വിധേയരാണ്. എങ്കിലും ‘തമ്മില്‍ ഭേദംതൊമ്മന്‍’ എന്ന മട്ടില്‍ ഗ്രാമത്തിലുള്ളവര്‍ നന്ന്. പകല്‍ മുഴുവന്‍ എല്ലുനുറുങ്ങുങ്ങെ പണിയെടുത്തിട്ട് അവര്‍ ഉള്ളതുമോന്തിക്കൊണ്ടു സുഖമായി ഉറങ്ങുന്നു. നഗരത്തീലുള്ളവര്‍ ടെലിവിഷന്‍ സെറ്റിന്റെ മുന്‍പിലിരിക്കുന്നു. അല്ലെങ്കില്‍ ടേപ്പ് റെക്കോര്‍ഡറിലെ പാട്ടുകേള്‍ക്കുന്നു. അതുമല്ലെങ്കില്‍ സിനിമയ്ക്കു പോകുന്നു. എന്തുചെയ്താലും വൈരസ്യത്തിന് ഒരു കുറവുമില്ല. അടുത്ത വീട്ടുകാര്‍ തങ്ങളുടെ വഴക്കറിയുമോ എന്നു വിചാരിച്ചു ഭാര്യയും ഭര്‍ത്താവും മിണ്ടാതെ കഴിഞ്ഞുകൂടുന്നു. രണ്ടുകൂട്ടരും എല്യറ്റ് പറഞ്ഞതുപോലെ ജിവിതം കോഫിസ് പൂണ്‍ കൊണ്ട് അളക്കുകയാണ്. എത്രവേഗം കാപ്പി തീരുമോ അത്രയും നന്ന്.

ഹാങ്ങോവര്‍

ജീവശാസ്ത്രപരമായി സ്ത്രീയെ അവലോകനം ചെയ്യുന്ന ആളാണ് ഇതെഴുതുന്നത്. അങ്ങനെ നോക്കുമ്പോള്‍ എല്ലാവിധത്തിലും സ്ത്രീ പുരുഷനെക്കാള്‍ താണനിലയില്‍ വര്‍ത്തിക്കുന്നുവെന്നു വ്യക്തമാകും. സ്ത്രീ സമത്വവാദികള്‍ ഈ അവലോകനത്തെ കുറ്റപ്പെടുത്തുന്നു. ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തുല്യരാണെന്നും സ്ത്രീയുടെ സൈക്കോളജിയും ദൗര്‍ബ്ബല്യവും പുരുഷന്‍ അവളില്‍ അടിച്ചേല്‍പ്പിച്ചതാണെന്നും അവര്‍ വാദിക്കുന്നു. ഇതിനെക്കുറിച്ച് അന്തിമമായി എന്തെങ്കിലും പറയാന്‍ വൈഷമ്യമുണ്ട്. എന്നാലും ഒരു കാര്യം സ്പഷ്ടം. കുഞ്ഞുങ്ങളില്‍ അമ്മയ്ക്കുള്ളിടത്തോളം സ്വാധീനശക്തി അച്ഛനില്ല. പുരുഷന്‍ ആക്രമണോത്സുകനാണെങ്കിലും ശയനീയത്തില്‍ ശയിക്കുന്ന സ്ത്രീയുടെ ‘ലൈംഗികശക്തി’ പുരുഷന് ഇല്ലേയില്ല. അവള്‍ അട്ടഹസിക്കില്ല. ശാരീരിക ശക്തി ഇല്ലാത്തതുകൊണ്ട് അതു ഉപയോഗിച്ചു കാര്യം നേടാന്‍ തുനിയുകയില്ല. എങ്കിലും അവള്‍ ലൈംഗികശക്തിയുടെ സാമ്രാജ്യത്തിലെ റാണിയാണ്. ഒരു നോട്ടം കൊണ്ട് അവള്‍ പുരുഷനെ അടിമയാക്കും. വിവാഹത്തിനു മുന്‍പും വിവാഹം കഴിഞ്ഞതിനുശേഷം ആദ്യത്തെ കാലയളവിലും ധിക്കൃതശക്രപരാക്രമനാകിന നക്തഞ്ചരനായി നടന്നവന്‍ ഏതാനും ദിവസങ്ങള്‍കൊണ്ടു വാലാട്ടുന്ന പട്ടിയെപ്പോലെയായിപ്പോകും. നെപ്പോളിയന്‍, ഹിറ്റ്ലര്‍ ഇവരെക്കാള്‍ വലിയ വീരശൂരപരാക്രമികള്‍ എവിടെയിരിക്കുന്നു? അവര്‍ സ്ത്രീകളുടെ അടിമകളായിരുന്നു. ഇങ്ങനെ സന്താനങ്ങളുടെ ലോകത്തും ദാമ്പത്യത്തിന്റെ ലോകത്തും ശക്തിചെലുത്തി ഭരണം നടത്തുന്നതു കൊണ്ട് സ്ത്രീക്കു ധിഷണയുടെ ലോകത്ത് ആധിപത്യമുറപ്പിക്കാന്‍ സാധിക്കുന്നില്ല. അവര്‍ കഥയെഴുതും, കാവ്യമെഴുതും. പക്ഷേ രണ്ടും ദുര്‍ബ്ബലമായിരിക്കും. പ്രായോഗികതയ്ക്കായിരിക്കും രണ്ടിലും പ്രാമുഖ്യം. ഈ പ്രായോഗികതയാലാണ് അവര്‍ പൈങ്കിളിസാഹിത്യത്തില്‍ അഭിരമിക്കുന്നത്. അതുകൊണ്ട് സരോജിനി ഉണ്ണിത്താന്റെ “അവസ്ഥാന്തരം” എന്ന ചെറുകഥ കുങ്കുമം വാരികയില്‍ വായിച്ചപ്പോള്‍ എനിക്കൊരത്ഭുതവും തോന്നിയില്ല. സാവിത്രിക്കു ദാരിദ്രമായിരുന്നപ്പോള്‍ അവളുടെ ചിറ്റമ്മ അവളെ അപമാനിച്ചു. സാവിത്രി സാമ്പത്തികമായി ഉയര്‍ന്നപ്പോള്‍ ബഹുമാനിച്ചു. സര്‍വ്വസാധാരണമായ ഈ വിഷയം സര്‍വ്വസാധാരണമായ രീതിയില്‍ പറഞ്ഞ് സ്ത്രീക്കു പ്രായോഗികതയിലാണ് താല്‍പര്യം എന്ന സത്യം സരോജിനി ഉണ്ണിത്താന്‍ ഒന്നുകൂടെ വിളംബരം ചെയ്യുന്നു. മദ്യപാനം കഴിഞ്ഞാലുണ്ടാകുന്ന മന്ദതയെ ഇംഗ്ലീഷില്‍ ‘ഹാങ്ങോവര്‍’ എന്നു വിളിക്കുന്നു. ഈ ‘ഹാങ്ങോവര്‍’ പീഡിപ്പിക്കുന്നതാണ്. സരോജിനി ഉണ്ണിത്താന്റെ കഥ ജനിപ്പിച്ച ഹാങ്ങോവറിലാണ് ഞാന്‍.

* * *

പരുന്ത് അനായസമായി ആകാശത്തില്‍ ഒഴുകുന്നതു കാണുന്ന നമുക്കു ജെറ്റ് വിമാനത്തിന്റെ പ്രയാണം കാണാന്‍ പ്രയാസമില്ല. രണ്ടു നനഞ്ഞ തിരികളില്‍ അമര്‍ന്നു നിന്നു കത്തുന്ന കൊച്ചു ദീപം പൊടുന്നനവേ ഉയരുമ്പോള്‍ നമുക്ക് കൊച്ചാഹ്ളാദം. അമിട്ടു ഭൂമിയില്‍ നിന്നുയര്‍ന്ന് അന്തരീക്ഷത്തിന്റെ വിദ്ദൂരതയില്‍ വിവിധ വര്‍ണ്ണങ്ങളാര്‍ന്ന ഗോളങ്ങളായി പൊട്ടിച്ചിതറുമ്പോള്‍ വലിയ ആഹ്ളാദം. ചുറ്റുകമ്പി മുറുക്കിവച്ചകൊച്ചു ടോയിക്കാര്‍ വീട്ടിനകത്തു ചുറ്റിക്കറങ്ങുമ്പോള്‍ ചെറിയ ആഹ്ളാദം. കോണ്‍ടസ രാജവീഥിയിലൂടെ ഒഴുകുമ്പോള്‍ വലിയ ആഹ്ളാദം. പൈങ്കിളിക്കഥ കൊച്ചാഹ്ളാദം പോലും ഉളവാക്കുന്നില്ല. ചെറിയ ആഹ്ളാദങ്ങള്‍ വലിയ ആഹ്ളാദങ്ങളിലേക്കു നമ്മെ നയിക്കട്ടെ.

അവരും ഞാനും

രാധാകൃഷ്ണന്‍: ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തപ്പോള്‍ സാറിന് പതിമ്മൂന്നു വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും അതുകൊണ്ട് ആ കവിയുമായുള്ള സംസാരം ശുദ്ധഭോഷ്കായിരുന്നുവെന്നും ഒരു ലിറ്റില്‍ മാഗസിനില്‍ കണ്ടു. സാറതു വായിച്ചോ?

എന്റെ ഉത്തരം: ഇല്ല ആ ലിറ്റില്‍ മാഗസിന്‍ ഞാന്‍ കണ്ടില്ല. വയസ്സിനെക്കുറിച്ചുള്ള പ്രസ്താവം ഏതാണ്ടു ശരിയാണ്. എനിക്കന്നു പതുമ്മൂന്നു വയസ്സല്ല, പതിനാലു വയസ്സുണ്ടായിരുന്നു. ആ വയസ്സില്‍ ‘അഡള്‍ട്ട് ഇന്‍റ്റസ്റ്റ്’ ഉണ്ടാകും. ഞാന്‍ പത്തുവയസ്സുള്ളപ്പോള്‍ കവിതകള്‍ എഴുതുമായിരുന്നു. ഇന്നത്തെ ഏതു വിദ്യാര്‍ത്ഥിയെക്കാളും ഇംഗ്ലീഷും മലയാളവും അറിയാമായിരുന്നു അക്കാലത്തെ പതിനാലുവയസ്സായ വിദ്യാര്‍ത്ഥിക്ക്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ കള്ളം പറഞ്ഞിട്ടു എന്തുനേടാനാണ്? അല്ലെങ്കില്‍തന്നെ ഇടപ്പള്ളി രാഘവന്‍പിള്ള അത്രയ്ക്കു മഹാപുരുഷനോ? ഏറണാകുളം കോളെജിലെ ഒരു മുന്‍ പ്രൊഫസറും ഇതേ രീതിയില്‍ അപവാദ പ്രചാരണം നടത്തുന്നതായി ഞാനറിഞ്ഞു. അദ്ദേഹം പതിനാലുവയസ്സില്‍ തിരുമണ്ടനായിരുന്നിരിക്കണം എന്നേ കരുതാനുള്ളൂ.

ബ്രട്ടീഷ് കവി (കവയത്രി) സ്റ്റീവ് സ്മിത്ത്: ഈ ഇംഗ്ലീഷുകാരി പരിഷ്കൃതയാണ്. ഇവള്‍ക്കു നെഞ്ചിലൊന്നുമില്ല, പിറകുവശത്തുമൊന്നുമില്ല.

ഞാന്‍:തിരുവനന്തപുരത്തെ ലേഡീസ് സ്റ്റോറുകളിലേക്ക് അവളെ അയയ്ക്കൂ. കൃത്രിമാവയവങ്ങള്‍ എത്രവേണമെങ്കിലും കിട്ടും. (സ്റ്റീവ് സ്മിത്ത് മരിച്ചുപോയി എന്നതു മറന്നിട്ടല്ല ഞാനിത് അവരോടു പറയുന്നത്.)

ഒരു ഫ്രഞ്ച് നര്‍ത്തകി: ചുംബനം ഒരല്പവിരാമമാകാം. ചോദ്യചിഹ്നമാകാം,വ്യാക്ഷേപചിഹ്നമാകാം.

ഞാന്‍: ശരിയാണ്. ലൈബ്രറി ഷെല്‍ഫുകള്‍ക്കിടയില്‍ കോമകളും ക്വസ്റ്റിന്‍ മാര്‍ക്കുകളും എക്സ്ളെമേയ്ഷന്‍ പോയിന്റുകളും പാറിപ്പറക്കുന്നതു ഞാന്‍ കണ്ടിട്ടൂണ്ട്. വിവാഹത്തിനുശേഷം അവ വീട്ടിലെ, പൂര്‍ണ്ണവിരാമമില്ലാത്ത വിലാപകാവ്യമായിത്തീര്‍ന്നതും കണ്ടിട്ടുണ്ട്”.

വൈലോപ്പിള്ളി: എന്നേക്കാള്‍ ഏറ്റവും വലിയ അഹങ്കാരി കാളിദാസനായിരുന്നു. അല്ലെങ്കില്‍ കയ്യെത്താത്ത പഴം പറിക്കാന്‍ ശ്രമിക്കുന്ന മുണ്ടനായി തന്നെ അദ്ദേഹം കാണുമായിരുന്നോ: കപടവിനയം അഹങ്കാരത്തിന്റെ മറുപുറമാണ്. സ്ത്രീയുടെ കടുത്ത വിരോധം കടുത്ത പ്രേമത്തിന്റെ മറുപുറമായിരിക്കുന്നതുപൊലെ.

റൊളാങ്ങ് ബാര്‍തേഷ് (Mythologies എന്ന ഗ്രന്ഥത്തില്‍ -തിരുത്തിപ്പറയട്ടെ ചിന്തോദ്ദീപകവും മനോഹരവുമായ ഗ്രന്ഥത്തില്‍):കളിപ്പാട്ടങ്ങള്‍ സത്യത്തില്‍ വേഗം മരിക്കുന്നു. മരിച്ചുകഴിഞ്ഞാല്‍ ശിശുവിനെ സംബന്ധിച്ചിടത്തോളം അവയ്ക്കു മരണാനന്തര ജീവിതമില്ല.

ഞാന്‍: പൈങ്കിളിനോവലുകളെന്ന കളിപ്പാട്ടങ്ങള്‍ മരിക്കുന്നില്ല. പൈങ്കിളി നോവലിസ്റ്റുകള്‍ തടിമാടന്മാരും തടിമാടികളുമായാലും അവയെ എടുത്തുകളിച്ചുകൊണ്ടിരിക്കും. അവരുടെ ശിശുത ഒരിക്കലും മാറുന്നില്ലല്ലോ.

സ്കാന്‍ഡലസ്

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ “ഉദ്യോഗപര്‍വ്വം” എന്ന ലേഖന പരമ്പര ജര്‍ണ്ണലിസത്തിലെ ഒരു വലിയ സ്കാന്‍ഡലായി മാറിയിരിക്കുന്നു. തന്റെ ജോലിക്കാലത്തെ

അനുഭവങ്ങള്‍ ആവിഷ്കരിക്കുന്നു എന്ന മട്ടില്‍ തുടക്കം തൊട്ടേ തോട്ടം രാജശേഖരന്‍ മാന്യന്മാരെ അവഹേളിക്കുന്നു. പുലഭ്യം പറയുന്നു. അസത്യ പ്രസ്താവങ്ങളുടെ ഒരു ഹയ്ര്‍ആര്‍ക്കി-ശ്രേണി-സൃഷ്ടിച്ച് അദ്ദേഹം അപമാനവും നിന്ദനവും നടത്തുന്നു. ഏതു സൂത്രം പ്രയോഗിച്ചാണ് രാജശേഖരന്‍ സത്യത്തില്‍നിന്നു കണ്ണൂകള്‍ വലിച്ചടുത്ത് അസത്യത്തിലും മാലിന്യത്തിലും അവയെ വ്യാപരിപ്പിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ ഈ ലേഖനങ്ങള്‍ തന്നെ വായിച്ചുനോക്കണം.

ഈ ലോകത്ത് ആരും സമ്പൂര്‍ണ്ണ മനുഷ്യനല്ല. അന്യൂനസ്വഭാവമുള്ളവനല്ല. ബുദ്ധനും ഗാന്ധിജിയുംപോലും ഈ സാമാന്യ തത്വത്തിന് അപവാദങ്ങളായി വര്‍ത്തിക്കുന്നില്ല. എങ്കിലും അവരെ ബഹുജനം ആരാധിക്കുന്നത് അവരില്‍ നന്മ കൂടുതലായിരുന്നു എന്നതിനാലാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന് കുറവുകളുണ്ടായിരുന്നു. എന്നാല്‍ അവയെ ആച്ഛാദനം ചെയ്യത്തക്കവിധത്തില്‍ അദ്ദേഹത്തിന്റെ നന്മകള്‍ മയൂഖമാല വീശിയിരുന്നു. നെഹ്റുവിനെക്കുറിച്ചു പറയുമ്പോള്‍ ആ ഔജ്ജ്വല്യത്തെ മറച്ചുവച്ചിട്ട് കുറവുകളെ പെരുപ്പിച്ചുകാണിക്കുന്നത് ശരിയല്ല. അങ്ങനെ പ്രദര്‍ശിപ്പിക്കുന്നവന്റെ സംസ്കാരലോപത്തെ മാത്രമേ അത് സൂചിപ്പിക്കൂ.

…സ്വഭാവഹത്യ നടത്തുമ്പോള്‍ താന്‍ ജേതാവായി വിലസുകയാണെന്നു തോട്ടം രാജശേഖരന്‍ വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അദ്ദേഹത്തിനു തെറ്റുപറ്റിയിരിക്കുന്നു. വായനക്കാര്‍ എഴുത്തുകാരെക്കാള്‍ പ്രഗല്ഭരാണ്. മലര്‍ന്നുകിടന്ന് രാജശേഖരന്‍ കാര്‍ക്കിച്ചുതുപ്പിയത് അദ്ദേഹത്തിന്റെ മുഖത്തുതന്നെ വീണിരിക്കുന്നത് വായനക്കാര്‍ കണ്ടിട്ട് ‘ഹായ് വൃത്തികേട്’ എന്ന അന്യോന്യം പറയുന്നു. അത് ഞാന്‍ ദിവസവും കേള്‍ക്കുന്നുണ്ട്.

പട്ടം താണുപിള്ള, ശങ്കര്‍, കെ. സുകുമാരന്‍, കെ. ബാലകൃഷ്ണന്‍ ഇവരൊക്കെ അവരുടേതായ രീതിയില്‍ നമ്മുടെ നാട്ടിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. അവരുടെ സേവനങ്ങള്‍ കൊണ്ടു് ഇവിടത്തെ സാംസ്കാരിക ചക്രവാളം വികസിച്ചിട്ടുണ്ട്. പക്ഷേ, രാജശേഖരന്‍ അതൊക്കെ മറച്ചുവച്ചിട്ട് ഡിസെപ്‌ഷന്‍-ചതി-സൃഷ്ടിക്കുന്നു. അദ്ദേഹം തൂലിക വീശി മഷി കുടയുകയല്ല, ചൂല് പുരീഷത്തില്‍ മുക്കി നാലുപാടും തെറിപ്പിക്കുകയാണ്. ഇതാ ചില വാക്യങ്ങള്‍: “അതുപോലെ കെ. ബാലകൃഷ്ണന്റെ പുളിച്ച തെറിയും വിഷം പുരണ്ട വാക്കുകളും അനുഗ്രഹമായിക്കരുതി ഏറ്റുവാങ്ങി ‘ബാലാണ്ണാ! ബാലാണ്ണാ! വിളിച്ചുനടന്ന ആരാധകര്‍ ആ മനുഷ്യനെ വിദൂഷകനാക്കിമാറ്റി” (പുറം 19, കോളം)“സുകുമാരന്‍ എല്ലാവഴിക്കും അവര്‍ക്കു വീര്യം പകര്‍ന്നു. ഒടുവില്‍ ശങ്കര്‍ കുഴഞ്ഞുവീഴുമെന്നുകണ്ടപ്പോള്‍ സുകുമാരന്‍ ഉപഗുപ്തനായി പിറന്ന് ആശ്വാസമണയ്ക്കുകയും ചെയ്തു.” (പുറം 18. കോളം 2) ചങ്ങലയഴിച്ചുവിട്ട വ്യക്തിശത്രുത ഇവിടെ കാണുന്നവരെയെല്ലാം കടിക്കുന്നു എന്നേ പറയാനുള്ളൂ.

ഈ ഹൈഡ്രോഫോബിയ ജി. വിവേകാനന്ദനെയും മറ്റു പലരെയും ആക്രമിക്കുന്നു. വിവേകാനന്ദനെക്കുറിച്ചു രാജശേഖരന്‍ പറയുന്നതു കേട്ടാലും: “ഉന്നതന്മാര്‍ക്കു ഫ്ളൂ വന്നാലും അദ്ദേഹം ഓടിയെത്തും. അവരുടെ ബി.പി. ബ്ളഡ് കൗണ്ട്, ബ്ളഡ് ഷുഗര്‍ എല്ലാം അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിലായിരുന്നു. അദ്ദേഹം ഡിപ്പാര്‍ട്ടുമെന്റില്‍ കടന്നുകൂടുന്നതിനോടു അനുകൂലിയല്ലാതിരുന്ന നാരായണന്‍നായരുടെ വിശ്വസ്തനാവാന്‍ വിവേകാനന്ദന് അധികകാലം വേണ്ടിവന്നില്ല. (പുറം 19 കോളം 3) ഇങ്ങനെ സ്വഭാവഹത്യ നടത്തുമ്പോള്‍ താന്‍ ജേതാവായി വിലസുകയാണെന്നു തോട്ടം രാജശേഖരന്‍ വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അദ്ദേഹത്തിനു തെറ്റുപറ്റിയിരിക്കുന്നു. വായനക്കാര്‍ എഴുത്തുകാരെക്കാള്‍ പ്രഗല്ഭരാണ്.

മലര്‍ന്നുകിടന്ന് രാജശേഖരന്‍ കാര്‍ക്കിച്ചുതുപ്പിയത് അദ്ദേഹത്തിന്റെ മുഖത്തുതന്നെ വീണിരിക്കുന്നത് വായനക്കാര്‍ കണ്ടിട്ട് ‘ഹായ് വൃത്തികേട്’ എന്ന അന്യോന്യം പറയുന്നു. അത് ഞാന്‍ ദിവസവും കേള്‍ക്കുന്നുണ്ട്.

ഗുരുനാഥന്‍, അച്ഛന്‍ ഇവരെ ആക്ഷേപിച്ചുകൂടാ. അവരെ ആക്ഷേപിക്കുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ ആക്ഷേപിക്കുകയാണ്. സംസ്കാരത്തിന്റെ ഈ പ്രാഥമിക തത്ത്വത്തെ കാറ്റില്‍ പറത്തിയിട്ട് രാജശേഖരന്‍ നല്ല ഗുരുനാഥന്മാരായ എന്‍. കുഞ്ഞുരാമന്‍പിള്ളയേയും കീഴ്ക്കുളം രാമന്‍പിള്ളയേയും നിന്ദിച്ചു. മഹാപണ്ഡിതനും പ്രഗല്ഭനായ അദ്ധ്യാപകനുമായിരുന്നു കുഞ്ഞുരാമന്‍പിള്ളസ്സാര്‍. അദ്ദേഹത്തിന്റെ ഗീതാക്ളാസ്സുകളെക്കുറിച്ചു ചങ്ങമ്പുഴ പ്രശംസിച്ചെഴുതിയിട്ടുണ്ട്. ഈ വലിയ വ്യക്തികളുടെ നേര്‍ക്കു രാജശേഖരന്‍ വലിച്ചെറിയുന്ന മാലിന്യം അവർ തിരിച്ചെറിയുകയില്ല. കാരണം അവര്‍ ഇന്നില്ലല്ലോ. ഇംപ്യൂണിറ്റിയോടുകൂടി-ശിക്ഷാഭീതിയില്ലാതെ-നടത്തുന്ന ഈ അപവാദ വ്യവസായം മാതൃഭൂമി ആഴ്ചപ്പതിപ്പിനെ എത്രകണ്ടു താഴ്ത്തിക്കളയുന്നില്ല!

പ്രഭാഷണവേദികളില്‍ കയറിനിന്നു മുന്‍പു പ്രസംഗിച്ചവരെ പുലഭ്യം പറയുന്നവര്‍ കൂടിക്കൂടിവരുന്നു തിരുവനന്തപുരത്ത്. ഫ്രഞ്ച് ദാര്‍ശനികനായ റെനെ ദേകാര്‍ത്ത് I think therefore I am-ഞാന്‍ വിചാരിക്കുന്നു. അതുകൊണ്ട് ഞാനുണ്ട്-എന്നുപറഞ്ഞു.I stink, therefore I am-ഞാന്‍ ദുര്‍ഗ്ഗന്ധം പരത്തുന്നു. അതിനാല്‍ ഞാനുണ്ട് എന്നാണ് പുലഭ്യം പറയുന്നവന്റെ പ്രമാണം.