close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 11 30


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 11 30
ലക്കം 584
മുൻലക്കം 1986 11 23
പിൻലക്കം 1986 12 07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

എനിക്കറിയാവുന്ന വാഗ്മികളില്‍ കേമന്‍ മന്നത്തു പദ്ഭനാഭനാണ്. ശബ്ദവേധിയും ലക്ഷ്യവേധിയുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രതിയോഗി ആ അമ്പുകളേറ്റു പിടയുന്നതു ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. പ്രശംസയുടെ കാര്യത്തിലാണെങ്കിലും ഈ പ്രാഗല്ഭ്യം ദര്‍ശനീയമാണ്. മന്നം വ്യക്തിയെ പ്രശംസിക്കാന്‍ തുടങ്ങിയാല്‍ അതു കരുതിക്കൂട്ടിയുള്ള ശ്ലാഘയാണെന്ന് ആര്‍ക്കും തോന്നുകയില്ല. അയാള്‍ അര്‍ഹിക്കുന്ന സ്തുതി അദ്ദേഹം നിര്‍ല്ലോപം നല്കുന്നുവെന്നേ ശ്രോതാവിനു വിചാരമുണ്ടാകുകയുള്ളൂ. ഒരു സജ്ജീകരണവും കൂടാതെ പ്രഭാഷണ വേദിയിലേക്കു വരുന്നു. സന്ദര്‍ഭത്തിനു യോജിച്ച വിധത്തില്‍ മന്ദഗതിയില്‍ പ്രഭാഷണം തുടങ്ങുന്നു. ക്രമേണ അതിന്റെ ആക്കം കൂടുന്നു. വേഗം വര്‍ദ്ധിക്കുന്നു. ഇനിയും കേള്‍ക്കണമെന്ന അഭിലഹതോടുകൂടി ശ്രോതാക്കള്‍ ഇരിക്കുമ്പോള്‍ പ്രഭാഷണം അവസാനിപ്പിക്കുന്നു. ഇതാണ് മന്നത്തിന്റെ പ്രഭാഷണശൈലിയുടെ സവിശേഷത. എന്നാല്‍ നമ്മളറിയുന്ന പല വാഗ്മികളും യഥാര്‍ത്ഥത്തില്‍ വാഗ്മികളല്ല, അവര്‍ പ്രഭാഷണം നേരത്തെ എഴുതി ‘കാണാതെ പഠിച്ചു’ കൊണ്ടു വരുന്നവരാണ്. വേദിയില്‍ കയറി അതു തുടങ്ങിയാല്‍ അവര്‍ വിചാരിച്ചാലും നിറുത്താനൊക്കുകയില്ല. സ്വനഗ്രാഹിയന്ത്രത്തിന്റെ സൂചി “ഓടിത്തീരുന്നതു” വരെ പാട്ടുകേട്ടുകൊണ്ടിരിക്കുമല്ലോ. അതിനു തുല്യമാണ് അവരുടെ പ്രഭാഷണ പ്രവാഹം. ഏതു വേദിയില്‍ കയറിയാലും ഒരു റെക്കാര്‍ഡ് തന്നെ. ഒരുസൂചിതന്നെ.

ഈ ‘ഒരേ പ്ളേറ്റ് വയ്പ്’ സാഹിത്യത്തിലുമുണ്ട്. മനുഷ്യന്റെ ക്ഷുദ്രവികാരങ്ങളെ ഇളകിവിടുന്ന അയഥര്‍ത്ഥമായ സഹിത്യം സൃഷ്ടിക്കുന്ന വളരെപ്പേര്‍ കേരളത്തിലുണ്ടല്ലോ. അവരുടെ രചനകള്‍ നോക്കൂ, എല്ലം ഒരുപോലിരിക്കും. ഒരാളുടെ അമ്പതു നോവലുകളും ഒരേ മട്ടില്‍. മറ്റൊരളുടെ അമ്പതു നോവലുകളും ആ ‘ഒരാളുടെ’ നോവലുകള്‍ പോലെ തന്നെ. ഇക്കൂട്ടര്‍ക്കു പേന കടലാസ്സില്‍ വച്ചു കഴിഞ്ഞാല്‍ അതെടുക്കാന്‍ കഴിയുകയില്ല. അവസാനമെത്തുന്നതുവരെയും. ഈ സന്ദര്‍ഭത്തില്‍ എനിക്കോര്‍മ്മ വരുന്നത് ഒരു പ്രൊഫെസറുടെ കഥയാണ്. പേരു കേട്ട ആ പ്രൊഫെസര്‍ ക്ലാസ്സില്‍ സംസാരിച്ചുകൊണ്ടു നില്ക്കുമ്പോള്‍ ചിലപ്പോള്‍ കോട്ടുവായിടും. വായ് അധികം തുറന്നാല്‍ താടിയെല്ലു സ്ഥാനം തെറ്റി വായടയ്ക്കാന്‍ വയ്യാതെയാവും അദ്ദേഹത്തിന്. പ്രൊഫസര്‍ മില്‍ട്ടനെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുമ്പോള്‍ കുട്ടികള്‍ക്കു നന്നേ മുഷിയും. അപ്പോള്‍ ഒന്നു രണ്ടു പേര്‍ കരുതിക്കൂട്ടി കോട്ടുവായിടും. ചിരി, കോട്ടുവാ ഇവ പകരുമല്ലോ. വിദ്യാര്‍ത്ഥികള്‍ കോട്ടുവായിടുമ്പോള്‍ പ്രൊഫെസറും കോട്ടുവായിടും. താടിയെല്ല് സ്ഥാനം തെറ്റും. വായടയ്ക്കാന്‍ വയ്യാതെ അദ്ദേഹം നില്ക്കുമ്പോള്‍ കുട്ടികള്‍ ‘പാരഡൈസ് ലോസ്റ്റ്’ ഡസ്കിന്റെ താഴെ വച്ചിട്ടു തലതാഴ്ത്തി ക്ലാസ്സില്‍ നിന്നിറങ്ങി പോകും. പ്യൂണ്‍ വന്നാണ് പ്രൊഫസറുടെ താടിയെല്ലു യഥാസ്ഥാനം പിടിച്ചിട്ടു വായ് അടപ്പിക്കുന്നത്. കോട്ടു വായിട്ട് വായടയ്ക്കാന്‍ വയ്യാതെ നില്ക്കുന്ന പൈങ്കിളി നോവലിസ്റ്റുകളുടെ താടിയെല്ല് പഴയമട്ടില്‍ പിടിച്ചിടാന്‍ ആരുണ്ട് കേരളത്തില്‍? ഒരുപാടു പേരുണ്ട്. അവരുള്ളതുകൊണ്ടാണല്ലോ ആ നോവലിസ്റ്റുകള്‍ പ്രതിനിമിഷം പൈങ്കിളികളെ പറത്തിക്കൊണ്ടിരിക്കുന്നത്. കോട്ടുവായിടല്‍ അഭിനയിച്ചു നോവലിസ്റ്റുകളുടെ താടിയെല്ല്ല് തെറ്റിക്കുന്ന നിരൂപക വിദ്യാര്‍ത്ഥികള്‍ കുറവും.

മാന്ത്രികസ്വഭാവം

ഏതു കലയുടെയും അടിസ്ഥാനപരമായ അംശം ലയമാണ്. സംഗീതത്തിന്റെ ലയം. താജ്‌മഹല്‍ ഘനീഭവിച്ച ലയമാണ്. കാവാബാത്തയുടെ എല്ലാ നോവലുകളും ഒഴുകുന്ന ലയമാണ്. നമ്പൂതിരി കലാകൗമുദിയില്‍ വരയ്ക്കുന്ന ചിത്രമോരോന്നും ലയാത്മകമത്രേ. ഈ ആഴ്ചത്തെ വാരികയില്‍ അദ്ദേഹം വരച്ചിട്ടുള്ള പെണ്‍കുട്ടിയുടെ ചിത്രം നോക്കുക (ലക്കം 583, പുറം 23). നാദവും ശക്തിവിശേഷവും കൊണ്ടു ഗായകനായ യേശുദാസ് ഉണ്ടാക്കുന്ന ലയം അതേ മട്ടില്‍ ഈ ചിത്രത്തില്‍ ഉളവാക്കിയിരുന്നു നമ്പൂതിരി. അവളുടെ തലമുടി തിളങ്ങുന്നു, കവിള്‍ത്തടങ്ങള്‍ തിളങ്ങുന്നു. തിളക്കത്തിലൂടെ ജീവിക്കാനുള്ള അഭിനിവേശം പ്രകാശിക്കുന്നു. അതേ സമയം തന്നെ ഉപഭോഗവസ്തുവായി കരുതി അടുത്തെത്തുന്ന പുരുഷന്മാരോടുള്ള പരിഭവവും വലതുകൈ നീട്ടിയിരിക്കുന്നു അവള്‍ ഉദരത്തിലൂടെ, പാവാടയുടെ മുകള്‍ഭാഗത്തിലൂടെ സ്വച്ഛന്ദജീവിതത്തിന്റെ പ്രതീകമാണത്. പക്ഷെ, അതു തെറ്റാണെന്ന് അവല്‍ക്കറിയാന്‍ പടില്ലാതില്ല. അക്കാരണത്താലാവും ഇടതുകൈ വലതുകൈയുടെ മുകളില്‍വച്ച് ആത്മനിയന്ത്രണം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ അവള്‍ സൂചിപ്പിക്കുന്നത്. അവളുടെ പാവാടയ്ക്കുപോലും എന്തുഭംഗി. ‘പാടനറിയാമോ കുട്ടി, എങ്കിലൊന്നു പാടൂ’ എന്ന് എനിക്കു ചോദിക്കാന്‍ തോന്നിപ്പോകുന്നു. വി.ടി. വാസുദേവന്‍ എഴുതിയ ‘യശോദാമണി’ എന്ന കഥയിലെ യശോദാമണിയാണിവള്‍. കഥയുടെ വൈരൂപ്യത്തില്‍ നിന്നു രക്ഷ നേടാനായി ഞാന്‍ വാരികയുടെ പുറം മറിക്കുന്നു. അതോടെ സൗന്ദര്യത്തിന്റെ മാന്ത്രിക പ്രഭാവവും അസ്തമിക്കുന്നു.

* * *

നോബല്‍ സമ്മാനം നേടിയ ഐസക്ക് സിങ്ങറോട് ഒരാള്‍ ചോദിച്ചു: ‘അങ്ങ് സസ്യഭുക്കാണോ?” സിങ്ങർ: അതേ. ചോദ്യകര്‍ത്താവ്: ആരോഗ്യപരങ്ങളായ കാരണങ്ങളാലാണോ? സിങ്ങര്‍: മൃഗങ്ങളുടെ ആരോഗ്യത്തെക്കരുതി.

പച്ചവെള്ളം കുടിക്കുന്നപോലെ

അവളുടെ തലമുടി തിളങ്ങുന്നു, കവിള്‍ത്തടങ്ങള്‍ തിളങ്ങുന്നു. തിളക്കത്തിലൂടെ ജീവിക്കാനുള്ള അഭിനിവേശം പ്രകാശിക്കുന്നു. അതേ സമയം തന്നെ ഉപഭോഗവസ്തുവായി കരുതി അടുത്തെത്തുന്ന പുരുഷന്മാരോടുള്ള പരിഭവവും വലതുകൈ നീട്ടിയിരിക്കുന്നു അവള്‍ ഉദരത്തിലൂടെ, പാവാടയുടെ മുകള്‍ഭാഗത്തിലൂടെ — കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഒരു കഥയ്ക്ക് നമ്പൂതിരി വരച്ച ചിത്രത്തെക്കുറിച്ച്.

പണ്ട് നൗഖാലിയില്‍ നിന്വന്ന ഒരാളെ ഞാന്‍ അരിചയപ്പെട്ടു. അയാള്‍ ഒരു സംഭവം വര്‍ണ്ണിച്ചു: ‘അവരെ പേടിച്ച് അയാള്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവര്‍ — ശത്രൂക്കള്‍ — പോയിരിക്കുമെന്നു വിചാരിച്ചു പതുക്കെ പുറത്തേക്കു വന്നു. അയാളുടെ വായ് പൊത്തിപ്പിടിച്ച് അവര്‍ ഹൃദയം നോക്കി ഒറ്റക്കുത്ത്. ചോരപ്പുഴ ഒഴുക്കിക്കൊണ്ട് അയാള്‍ ചത്തു വീണു. ഏറെനേരമായിട്ടും ഭര്‍ത്താവിനെ കാണുന്നില്ലല്ലോ എന്നു വിചാരിച്ചാവാം ഭാര്യ കുറ്റിക്കാട്ടില്‍ നിന്നിറങ്ങി വന്നു. അവര്‍ അവളുടെ വായില്‍ പഴന്തുണി തിരുകിയിട്ട് ബലാത്സംഗം നടത്തി. എന്നിട്ട് കുത്തി പ്രയോഗിച്ചു ആദ്യത്തെ മട്ടില്‍. അല്പം കഴിഞ്ഞപ്പോള്‍ അഞ്ചു വയസ്സായ പെണ്‍കുഞ്ഞ് ആകര്‍ഷകമായ മട്ടില്‍ നടന്നു അവരുടെ അടുക്കലേക്കു വന്നു. അവര്‍ —” ഞാന്‍ കാതു പൊത്തിക്കൊണ്ടു പറഞ്ഞു: “മതി ഇനി എനിക്കു കേള്‍ക്കണ്ട. മതദൈവത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍. സമുദായത്തിലെ കൊള്ളരുതായ്മകള്‍ കണ്ട് അവ മാറണെമെന്ന നല്ല ഉദ്ദേശ്യത്തോടുകൂടി സുകുമാര്‍ കൂര്‍ക്കഞ്ചേരി ആശുപത്രിയില്‍ കിടക്കുന്ന ഒരമ്മയെ കൊല്ലുന്നു (“അമ്മ അശുപത്രിയിലീഇരുന്നു” എന്ന ചെറുകഥ, ദേശാഭിമാനി വാരികയില്‍). ഡോക്ടറെ ‘വീട്ടില്‍ പോയിക്കാണാന്‍’ ആ അമ്മയുടെ മകനു പണമില്ല. വീട്ടില്‍ പോയി ഡോക്ടറെ കാണാത്തവരുടെ അമ്മമാരുടെ രോഗം ഭേദമാകാറില്ല. അവര്‍ മരിക്കാറേയുള്ളൂ. കഥയിലെ അമ്മയും മരിച്ചു. കരുതിക്കൂട്ടി കഥാകാരന്‍ അവരെ കൊന്നോ? ഇല്ല. പ്രചാരണമെന്ന വേശ്യയോട് ‘മാറി നില്ക്ക്’ എന്നു പറയാന്‍ കഥാകാരന് അറിയാം. എന്നാല്‍ അമ്മയുടെ മരണം വര്‍ണ്ണിക്കാന്‍ പോകുകയാണ് അദ്ദേഹമെന്നു മനസ്സിലാക്കി “മതി ഇനി എനിക്കു കേള്‍ക്കണ്ട” എന്നു നമ്മളാരെങ്കിലും വിലക്കുന്നുണ്ടോ? അതുമില്ല. പച്ചവെള്ളം കുടിച്ചാലെന്ത് അനുഭൂതി? ആ അനുഭൂതി മാത്രമേ ഇക്കഥ ഉളവാക്കുന്നുള്ളൂ.

ചില്ലിയില്‍ അപരാധം ചെയ്യാത്തവരെ വീട്ടില്‍ നിന്നു പിടിച്ചിറക്കിക്കൊണ്ടു പോയി പട്ടാളക്കാര്‍ വെടിവച്ചു കൊല്ലുന്നു. നിക്കാരഗ്വയില്‍ ഒരു കുറ്റവും ചെയ്യാത്തവര്‍ വഴിവക്കില്‍ മരിച്ചു കിടക്കുന്നു. പഞ്ചാബില്‍ പാവങ്ങള്‍ നൂറു കണക്കിനു വധിക്കപ്പെടുന്നു. ശ്രീലങ്കയില്‍ പട്ടാളക്കാര്‍ തമിഴരെ കൊല്ലുന്നു. ഓരോ വാര്‍ത്ത പത്രത്തില്‍ വരുമ്പോഴും “ഇതു വായിക്കാന്‍ വയ്യ, വായിക്കാന്‍ വയ്യ” എന്നു നമ്മള്‍ പറയുന്നു. കഥകളിലെ പാവങ്ങള്‍ മരിക്കുമ്പോള്‍ നമ്മളതു കാണുന്നു. ക്ഷോഭമില്ലാതെ. കഥാകാരന്മാര്‍ക്കു നന്ദി.

കെ. വേലായുധന്‍ നായര്‍

മഹാത്മാഗാന്ധി ജാതിവ്യവസ്ഥയെ നിന്ദിച്ചിരുന്നു. അദ്ദേഹം Young India എന്ന സ്വന്തം പത്രത്തില്‍ എഴുതി: “മനുഷ്യര്‍ തമ്മിലുള്ള അസമത്വങ്ങളിലും എനിക്കു വിശ്വാസമില്ല. നമ്മള്‍ തികച്ചും സമന്മാരാണ്. പക്ഷെ സമത്വം ആത്മാവിനെ സംബന്ധിച്ചതാണ്; ശരീരങ്ങളെ സംബന്ധിച്ചതല്ല. അതിനാല്‍ അതൊരു മാനസികാവസ്ഥയാണ്. ഈ ഭൗതിക ലോകത്തില്‍ അസമത്വങ്ങള്‍ വളരെക്കൂടുതലായി കാണുന്നതുകൊണ്ട് നമ്മള്‍ സമത്വത്തെക്കുറിച്ച് ആലോചിക്കണം. അതിനെ തറപ്പിച്ചു പറയുകയും വേണം. പ്രത്യക്ഷവും ബാഹ്യവുമായ ഈ അസമത്വത്തിന്റെ ഇടയില്‍ നിന്ന് നമ്മള്‍ സമത്വം കണ്ടറിയണം. ഒരു വ്യക്തിക്കു മറ്റൊരു വ്യക്തിയെക്കാള്‍ ഉയര്‍ച്ച കല്പിക്കുന്നത് ഈശ്വരനോടും മനുഷ്യനോടും ചെയ്യുന്ന പാപമത്രേ. ഇങ്ങനെ പദവികളില്‍ വ്യത്യാസങ്ങള്‍ കല്പിക്കുന്ന ജാതി തിന്മയായി വന്നുകൂടുന്നു.” ജാതിവ്യത്യാസത്തെയും അസ്പൃശ്യതയെയും എതിര്‍ത്ത മഹാപുരുഷനായിരുന്നു ഗാന്ധിജി. അതുകൊണ്ട് യഥാസ്ഥിതികരായ ബ്രാഹ്മണര്‍ അദ്ദേഹത്തെ വെറുത്തു. ഈ സത്യത്തിന്റെ നേര്‍ക്കു കണ്ണടച്ചുകൊണ്ട് ഗാന്ധിജിയെ നിന്ദിക്കുന്നതു ശരിയല്ലെന്ന് കെ. വേലായുധന്‍ നായര്‍ യുക്തിപൂര്‍വം ഉപന്യസിക്കുന്നു (കലാകൗമുദിയിലെ വര്‍ണ്ണനവും ഗാന്ധിയും എന്ന ലേഖനം). സത്യത്തിലേക്കു കൈചൂണ്ടി നില്ക്കുന്നു കെ. വേലായുധന്‍ നായര്‍.

* * *

പരോപാകര തല്‍പരത്വം കാരുണ്യശാലിയുമായ മഹാകവി നല്ല ബോധത്തോടു കൂടിത്തന്നെയണ് മരിച്ചത്. മരിക്കാറായപ്പോള്‍ അദ്ദേഹം വല്ലാതെ കരഞ്ഞു. എന്താവാം അദ്ദേഹത്തിന്റെ ദുഃഖത്തിനു ഹേതു?

ഒരാള്‍
മരണഭീതി തന്നെ.
മറ്റൊരാള്‍
ബന്ധുക്കളെ പിരിഞ്ഞു പോകുന്നു എന്ന ദുഃഖം കൊണ്ട്.
വേറൊരാള്‍
ഇനിയും എനിക്കു ജീവിക്കാമല്ലോ; നേരത്തെയാണല്ലോ ഞാന്‍ പോകുന്നത് എന്ന വിചാരം ജനിപ്പിച്ച വിഷാദത്താല്‍.
എന്‍. ഗോപാലപിള്ള
കവിത ധാരാളം എഴുതിയില്ലേ. അതിന്റെ പേരില്‍ നടകത്തില്‍ പോകുകയാണല്ലോ എന്നു വിചാരിച്ച്.

കക്കാട്

ആടിക്കാലക്കരിങ്കാറു
മുടിയും മിന്നല്‍ ചിന്നിയും
വര്‍ഷകാല മഹാരൗദ്ര
മാടിക്കാട്ടാറു ചീറ്റിയും

താഴ്വരക്കാട്ടിലോണപ്പൂ
നുരഞ്ഞും കന്നിവെയ്ലൊളി
തെളിഞ്ഞും ഇടിവെട്ടേറ്റു
തുലാക്കാടു നടുങ്ങിയും;

ആതിരക്കുളില്‍ നീഹാര
മണിഞ്ഞും മേടവിണ്ണിലെ
കത്തിക്കാളും കണിക്കൊന്ന-
ക്കനകക്കളി ചാര്‍ത്തിയും;

ഋതുചക്രങ്ങള്‍തന്‍ ഭിന്ന
വര്‍ണ്ണാഭാവശതങ്ങളാല്‍
എന്റെ വംശമഹാവൃക്ഷം
വളര്‍ത്തി ബഹുശാഖയായ്.

ഇതു കാക്കാടിന്റെ കവിതയാണ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, “സംഗമനീയം”). ഇതിലെ ചലനങ്ങള്‍ക്കു പിറകില്‍ ഒരു “മഹാനിശ്ശബ്ദത”യുണ്ട്. ആ വലിയ നിശ്ശബ്ദതയും ആ വലിയ ചലനങ്ങളും ഒരുമിച്ചു ചേരുമ്പോള്‍ തികച്ചും അധ്യാത്മികമായ സമനിലയുണ്ടാകുന്നു. ഭാരതീയ സാഹിത്യത്തിന്റെ സവിശേഷത ഇതുതന്നെയാണ്. കക്കാടിന്റെ കവിത ഏതു സനര്‍ഭത്തിലും ഈ സമനിലയെ പ്രകീര്‍ത്തനം ചെയ്യുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഉജ്ജ്വലങ്ങളായ കാവ്യങ്ങള്‍ വായിക്കുമ്പോള്‍ ക്ഷോഭമാര്‍ന്ന എന്റെ മനസ്സ് ക്ഷോഭരഹിതമായി ഭവിക്കുന്നു; അതു ശാന്തത കൈവരിക്കുന്നു. ഈ അനുഭവം ജനിപ്പിക്കുന്ന കാവ്യങ്ങള്‍ നവീന സാഹിത്യത്തില്‍ വളരെയില്ല. പേരുകള്‍ പറയാന്‍ വൈഷമ്യമുണ്ട്. അവരുടെ കാവ്യങ്ങള്‍ വേദനാജനകമായ വിധത്തില്‍ ബഹിര്‍ഭാഗസ്ഥങ്ങളാണ്. ബഹിര്‍ഭാഗസ്ഥങ്ങളായ കാവ്യങ്ങള്‍ ഉച്ചത്തില്‍ ചൊല്ലിയാല്‍ ക്ഷുദ്രങ്ങളായ മനസ്സുകലില്‍ തരംഗങ്ങള്‍ ഉയരും. തരംഗങ്ങള്‍ തീരത്തുവന്നടിക്കുന്നതിന്റെ ശബ്ദം കൈയടിയുടെ ശബ്ദമായി കേള്‍ക്കും. നേരെമറിച്ചാണ് കക്കാടിന്റെ കവിതയുടെ സ്ഥിതി. പ്രശാന്തത ഓളം വെട്ടുന്ന ഒരാദര്‍ശാത്മക ലോകത്തിന്റെ ചാരുതയാര്‍ന്ന ആവിഷ്കാരമാണിത്.

വൈക്കം മുഹമ്മദ് ബഷീര്‍

വിചിത്രമാണ് കേരളത്തിലെ അവസ്ഥ. കലാകാരന്‍മാര്‍ ജീവിച്ചിരിക്കുമ്പോള്‍ അവരെക്കുറിച്ച് ഒരു നല്ല വാക്കുപോലും അരും പറയുകയില്ല. മരിച്ചാലുടനെ ഓരോ വ്യക്തിയും സ്തോതാവായി മാറും. അന്തരിച്ച കലാകാരന്‍ ശ്വാസം നില്‍ക്കുന്ന നിമിഷം വരെയും കേരളീയരില്‍ നിന്ന് അതിദൂരം അകന്നു നിന്നിരുന്നുവെന്നും അന്ത്യശ്വാസം നിന്ന നിമിഷം തൊട്ട് ഓരോ വ്യക്തിയിലും പ്രവേശം സംഭവിച്ചാലുടനെ രചനകളും തൂലികകളും ചലിച്ചു തുടങ്ങും. മരിച്ചയാള്‍ മൂന്നു ചക്ക മുള്ളോടെ വിഴുങ്ങിയിരുന്നുവെന്നും മറ്റുമാണ് പ്രഖ്യാപിക്കുക. അത് ഏതാനും ദിവസത്തേക്കു മാത്രം. പിന്നെ പരിപൂര്‍ണ്ണമായ വിസ്മൃതിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ മരിച്ചപ്പോള്‍ എന്തു ബഹളമായിരുന്നു! ഇപ്പോള്‍ അദ്ദേഹത്തെ ആരും ഓര്‍മ്മിക്കുന്നില്ല. ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ആരും മാനിച്ചതുമില്ല. എം.എന്‍. വിജയനോ ഡോക്ടര്‍ എം. ലീലാവതിയോ അദ്ദേഹത്തിന്റെ കവിതയെക്കുറിച്ച് എഴുതിക്കാണും അത്രയേയുള്ളൂ. എന്നാല്‍ ജീവിച്ചിരിക്കെത്തന്നെ ഓരോ സഹൃദയന്റെയും മനസ്സില്‍ കടന്നു ചെന്ന് അവിടം ആവാസകേന്ദ്രമാക്കിയ കലാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. മുപ്പത്തിയാറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ബഷീറിനെ എറണാകുളത്തു വച്ച് കാണുന്നത്. അദ്ദേഹം ‘സര്‍ക്കിള്‍ ബുക്ക് ഹൗസ്’ നടത്തിക്കൊണ്ടിരുന്ന കാലം. ഞാനവിടെ കയറി എന്റെ പേരു പറഞ്ഞു. ഇന്നു കുറെ കുപ്രസിദ്ധിയെങ്കിലും എനിക്കുണ്ട് അന്ന് അതുമില്ല. എന്നിട്ടും ബഷീര്‍ അതിഥി സത്കാര തല്‍പരത്വത്തോടുകൂടി എന്നെ സ്വീകരിച്ചു. അകത്തുനിന്ന് മടക്കു കസേരയെടുത്തു കൊണ്ടുവന്നു നിവര്‍ത്തി വച്ച് ഇരിക്കാന്‍ പറഞ്ഞു. “ഇവിടെ കസേര ഇടാന്‍ വയ്യ. ചിലരെല്ലാം കയറി ഇരിന്നു കളയും” എന്നാണ് അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞത്. ബഷീറിന്റെ കടയിലുണ്ടായിരുന്ന ഓരോ പുസ്തകവും മാസ്റ്റര്‍പീസായിരുന്നു. ഞാന്‍ മോഡേണ്‍ ബുക്ക്സ് പ്രസാധനം ചെയ്ത ‘അന്നാകരേനിന’ വാങ്ങി. ഇന്ന് നൂറ്റമ്പതു രൂപയെങ്കിലും കൊടുക്കേണ്ട ആ പുസ്തകത്തിന് അന്നത്തെ വില നാലു രൂപ. പ്രാക്കുളം ഭാസി ഉടമസ്ഥനായിരുന്ന ഹോട്ടലില്‍ മുറി ഒഴിവില്ലന്നാണ് എന്നോട് അവിടെയുള്ളവര്‍ പറഞ്ഞത്. ബഷീറിനോട് ഒരു മുറി എവിടെയെങ്കിലും തരപ്പെടുത്തിത്തരണമെന്ന് ഞാന്‍ അപേക്ഷിച്ചു. അതു പറയാത്ത താമസം അദ്ദേഹം ടെലിഫോണില്‍ ഭാസിയെ വിളിച്ചു. മൂറിതരാന്‍ ഏര്‍പ്പാടു ചെയ്തു. ഒരു മുറി നല്ല മനുഷ്യനെ കണ്ടു എന്ന വിചാരത്തോടെയാണ് ഞാന്‍ അവിടം വിട്ടു പോയത്. ഇന്നും ആ നന്മയ്ക്കു മുന്‍പില്‍ ഞാന്‍ അവനതശിരസ്കനായി നില്‍ക്കുന്നു. ബഷീറിനെ ഈയിടെ കണ്ട ഹൈദരാലി ടാറ്റാപുരത്തിനും എഴുതാനുള്ളത് അദ്ദേഹത്തിന്റെ മനുഷ്യത്വത്തെക്കുറിച്ചു തന്നെയാണ്; സ്വാര്‍ത്ഥ തല്‍പ്പരരും പരദൂഷണ കുതുകികളുമായ സാഹിത്യകാരന്മാര്‍ നിറഞ്ഞ ഈ കേരളത്തില്‍ വൈക്കം മുഹമ്മദ് ബഷീറിനെ നല്ല മനുഷ്യന്‍ ഒറ്റയ്ക്കു നില്‍ക്കുന്നു: ധ്രുവനക്ഷത്രം പോലെ (ഹൈദരാലിയുടെ ഇന്‍റര്‍വ്യൂ റിപ്പോര്‍ട്ട് ലേഖന വാരികയില്‍).

* * *

ജോര്‍ജ് മൈക്ക്സിന്റെ പുസ്തകങ്ങള്‍ രസപ്രദങ്ങളാണ്. How to be the poor, How to be Decadent, How to be an Allen ഈ മൂന്നു പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്.നിത്യജീവിതസംഭവങ്ങളിലെ കൊച്ചുകൊച്ചു സംഭവങ്ങളില്‍പ്പോലും ഹാസ്യം കാണാന്‍ ഈ സാഹിത്യകാരനു വൈദഗ്ധ്യമുണ്ട്. അദ്ദേഹത്തിന്റെ Meanness എന്ന ഹാസ്യരചനയില്‍ ഉള്ള ഒരു സംഭവം ഓര്‍മ്മയിലെത്തുന്നു. ഇരുപത്തയ്യായിരം പവനുള്ള ഒരിടപാടു നടന്നു. പ്രമാണങ്ങള്‍ കൊണ്ടു വന്നു. അവ ചിതറിപ്പോകാതിരിക്കാന്‍ വേണ്ടി റബ്ബര്‍ ബാന്‍ഡ് ഇട്ടിരുന്നു. പണം പറ്റിയ ആള്‍ പ്രമാണങ്ങള്‍ എടുത്തു കൊടുത്തു. പണം കൊടുത്തയാള്‍ ഓരോ പ്രമാണവും നോക്കിയതിനു ശേഷം പോകാന്‍ ഭാവിച്ചപ്പോള്‍ പണം വാങ്ങിയ ആള്‍ ചോദിച്ചു: May I have that rubber band please? (ഓര്‍മ്മയില്‍ നിന്നെഴുതുന്നത്). ഇതാണ് ശരിയായ ‘എച്ചിത്തരം’ നിക്സണ്‍ന്റെയും റീഗന്റെയും നാട്ടുകാരനായ ഒരു സായ്പ് തിരുവനന്തപുരത്തുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ പ്രൊഫസര്‍ ആര്‍.പി. നായരും (അന്തരിച്ചു‌) പ്രൊഫെസര്‍ എസ്. വൈദ്യനാഥയ്യരും (പാലക്കാട്ടു താമസം) ഞാനും കൂടി പോകുമായിരുന്നു. സായ്പ് ഉള്‍പ്പെടെ ഞങ്ങള്‍ നാലു പേര്‍. സായ്പ് മൂന്നു കപ്പ് കാപ്പി വങ്ങിപ്പിച്ച് നാലു ഗ്ലാസ്സുകളില്‍ ഒഴിച്ചു തരും. (ആരും വഴക്കിനു വരരുത് ടംബ്ളര്‍ എന്ന അര്‍ത്ഥത്തില്‍ ഗ്ലാസ്സ് എന്നു പറയാം.) ഇതൊക്കെ പരസ്യമാക്കുന്നതാണ് അധമത്വം അല്ലേ! പ്രിയപ്പെട്ട വായനക്കാരേ? ശരി എന്നാല്‍ നിറുത്താം.

മശകം

കക്കാടിന്റെ കവിത അധ്യാത്മികമായ സമനില ഉണ്ടാക്കുന്നു. അതുകൊണ്ടു അദ്ദേഹത്തിന്റെ ഉജ്ജ്വലങ്ങളായ കാവ്യങ്ങള്‍ വായിക്കുമ്പോള്‍ ക്ഷോഭമാര്‍ന്ന എന്റെ മനസ്സ് ക്ഷോഭരഹിതമായി ഭവിക്കുന്നു; അതു ശാന്തത കൈവരിക്കുന്നു. ഈ അനുഭവം ജനിപ്പിക്കുന്ന കാവ്യങ്ങള്‍ നവീന സാഹിത്യത്തില്‍ വളരെയില്ല.

ആങ്ങ്ദ്രേ ഷീദിന്റെ The Vatican Cellars എന്ന നോവലില്‍ ഒരു കഥാപാത്രം കൊതുകു കടിയേല്‍ക്കുന്നതിന്റെ വര്‍ണ്ണനമുണ്ട്. അയാള്‍ ഉറങ്ങാന്‍ കിടന്നു. പക്ഷേ ജന്നല്‍ തുറന്നിടുന്നതിനു മുന്‍പ് വിളക്ക് കെടുത്തണമെന്ന കാര്യം മറന്നു പോയി. വെളിച്ചം കൊതുകിനെ ആകര്‍ഷിക്കും. കൊതുകു കടിക്കുന്നതിനു മുന്‍പ് അതിന്റെ സവിശേഷമായ ഗാനോപകരണത്തില്‍ നിന്ന് സംഗീതം പ്രവഹിപ്പിക്കുമല്ലോ. ഉറങ്ങാന്‍ കിടക്കുന്നവനു മുന്നറിയിപ്പു നല്‍കാനായി ഈശ്വരന്‍ ചെയ്ത സഹായമാണത്. അയാള്‍ “മസ്ലിന്‍ പ്രതിബന്ധം” വലിച്ചിട്ടു. പക്ഷേ മൂക്കിന്റെ ഇടതു വശത്തു ഒരു കടി. അതു തടവുമ്പോള്‍ കൈത്തണ്ടയില്‍ മറ്റൊരു കടി. ആകെക്കൂടി നീറ്റല്‍. കാതിനടുത്ത് ഒരു മൂളല്‍ എന്ത്? കോട്ടയ്ക്കകത്തു തന്നെ ശത്രുവോ? വിളക്കിന്റെ സ്വിച്ചിട്ടു നോക്കിയപ്പോള്‍ വലയുടെ മുകളില്‍ അതിരിക്കുന്നു. ആത്തൊരടി. പക്ഷേ കൊതുകിന്റെ മൃതദേഹം കണ്ടില്ല. പകരം കാല്‍വണ്ണയില്‍ ഒരു കടി. അയാള്‍ ഷീറ്റെടുത്തു പുതച്ചു. വിളക്കു കെടുത്തു. അതാ വീണ്ടും കൊതുകിന്റെ പാട്ട് …

മനുഷ്യന്റെ സ്വസ്ഥത കെടുത്തുന്ന പൈങ്കിളിക്കഥാമശകങ്ങള്‍ കേരളത്തില്‍ ധാരാളം. ഒരു മശകം ‘കുങ്കുമ’ത്തില്‍ പാറിപ്പറക്കുന്നു. അതിന്റെ പേരു “വെറു മൊരോര്‍മ്മ” എന്നാണ്. പറത്തിവിട്ടത് ഇന്ദു ഡി. പിള്ളയും ആ കഥാമശകം എന്നെ കടിച്ചു. നെറ്റിയിലും മൂക്കിലും കാല്‍വിരലിലും കടിച്ചു. എന്തൊരു നീറ്റല്‍. കലാഡ്രില്‍ ലോഷന്‍ എവിടെ? അല്പം പുരട്ടിയാല്‍ കുറെക്കഴിഞ്ഞ് നീറ്റല്‍ മാറും. പക്ഷെ പ്രയോജനമില്ല. കൊതുകുവല എന്ന കോട്ടയുടെ അകത്ത് കിടന്നു കറങ്ങുകയാണിത്. വീണ്ടും കടിച്ചു വേദനിപ്പിക്കും. എല്ലാ പൈങ്കിളി മശകങ്ങളും ഒരുപോലെയാണ്. അതുകൊണ്ട് ഈ മശകത്തിന്റെ സവിശേഷതയെന്ത് എന്നു ഞാന്‍ വിശദീകരിക്കേണ്ടതില്ല. പാതിരിമാരും പിള്ളേരും കാക്കകളും പൈങ്കിളിക്കഥകളും ഒരുപോലിരിക്കും. വേര്‍തിരിച്ചറിയാന്‍ പ്രയാസം. ഇന്ദു ഡി. പിള്ള അയച്ച ഈ കൊതുകിനെപ്പോലെ ആയിരമായിരം കൊതുകുകളെ ഞാന്‍ മുന്‍പു കണ്ടിട്ടുണ്ട്. ഇനി കാണുകയും ചെയ്യും. തൈലം തളിക്കുന്നവരെ കോര്‍പ്പൊറേഷന്‍ മേയര്‍ അയച്ചാല്‍ ഉപകാരം. പത്രാധിപന്മാരും മേയറന്മാരെപ്പോലെ പ്രവര്‍ത്തിച്ചാല്‍ കൊള്ളാം.

എന്റെ ഗുരുനാഥനായിരുന്നു സി.ഐ. ഗോപാലപിള്ള. സാറിനോടു ഞാന്‍ ചോദിച്ചു: “സാറിനു ഇത്ര പ്രായമായിട്ടും ഒരു മുടി പോലും നരച്ചില്ല. ആകെ യുവത്വം. എന്താണ് ഈ ആരോഗ്യത്തിന്റെ രഹസ്യം?” സാര്‍ പറഞ്ഞു: “ഞാന്‍ ദിവസവും ചവന്യപ്രാശവും ദശമൂലാരിഷ്ടവും കഴിക്കുന്നു. അതുതന്നെയാണ് രഹസ്യം.”

എഴുപതു വയസ്സായ ചേംബര്‍ ലെയിനോട് ഒരാള്‍ ഇതേ ചോദ്യം ചോദിച്ചു. അദ്ദേഹം മറുപടി നല്‍കി: “കാറില്‍ സഞ്ചരിക്കാന്‍ സൗകര്യമുണ്ടെങ്കില്‍ നടക്കുകയേ അരുത്. രണ്ടു ചുരുട്ടുകളില്‍ നീളം കൂടിയതും ശക്തി കൂടിയതും ഏതോ അതു തിരഞ്ഞെടുത്തു വലിക്കണം.” ഇതു ശരിയാണെങ്കില്‍ ഇനിയും വളരെക്കാലം സാഹിത്യവാരഫലം എഴുതാന്‍ എനിക്കു കഴിഞ്ഞേക്കും. ഞാന്‍ നടക്കാറേയില്ല. ഓട്ടോറിക്ഷയിലാണ് സവാരി. ഏറ്റവും നീളമുള്ള സിഗററ്റാണ് ഞാന്‍ ദിവസം ഇരുപതെന്ന കണക്കിനു വലിക്കുന്നത്.

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ നൈജീരിയാക്കാരനെ വോള്‍ ഷൊയിങ്ക എന്നു മനോരമ ആഴ്ചപ്പതിപ്പ് വിളിക്കുന്നു. തിരുവനന്തപുരത്തെ നലാഞ്ചിറ എന്ന സ്ഥലത്തു ചില നൈജീരിയാക്കാര്‍ താമസിക്കുന്നുണ്ട്. അവരില്‍ ഒരാള്‍ പറഞ്ഞു വൊളേ സൊയിങ്ക എന്നാണ് ഉച്ചാരണമെന്ന്. വൊള സെയിങ്കയാണ് ശരിയെന്നു ഡോക്ടര്‍ പുതുശ്ശേരി രാമചന്ദ്രനും അറിയിച്ചു. മറ്റൊരു നൈജീരിയാക്കാരന്‍ പറഞ്ഞതാണത്രേ അത്. അടുത്ത കാലത്ത് ഒരു പത്രത്തില്‍ സോള്‍ വൊയിങ്ക എന്നു കണ്ടു. ഇവയില്‍ ഏതു ശരി? സംശയമില്ല. സോള്‍ വൊയിങ്ക എന്നതു തന്നെ. നമ്മള്‍ ഇനി അങ്ങനെ വിളിച്ചാല്‍ മതി. സമ്മാനം കിട്ടിയ മനുഷ്യന്റെ ഭാര്യയും മക്കളും മക്കളും അനു ദൂരെയല്ലേ താമസിക്കുന്നത്. അവര്‍ ഇതറിയാന്‍ മാര്‍ഗ്ഗമില്ല. അതുകൊണ്ട് വഴക്കിനു വരികയുമില്ല.

കൊട്ടാരക്കര ശ്രീരധരന്‍നായര്‍

തീവണ്ടിയാപ്പീസിനു തെല്ലകലെയുള്ള ഒരു കുന്നിന്റെ മുകളില്‍ ഞാനും കൊട്ടാരക്കര ശ്രീരധരന്‍ നായരും ഇരുന്ന് അതുമിതും പറയുകയായിരുന്നു. കുന്നില്‍ നിന്നു താഴോട്ടു നോക്കിയാല്‍ തീവണ്ടിപ്പാളം കാണാം. കൊട്ടാരക്കര ശ്രീധരന്‍ നായരും ഇരുന്ന് അതുമിതും പറയുകയായിരുന്നു. കുന്നില്‍ നിന്നു താഴോട്ടു നോക്കിയാല്‍ തീവണ്ടിപ്പാളം കാണാം. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പറഞ്ഞു: ഈ കുന്നിനോടു ചേര്‍ന്ന് ഒരു കഥയുണ്ട്. അല്ല. യഥാര്‍ത്ഥ സംഭവം. ഒരു നിഷ്കളങ്കയായ പെണ്‍കുട്ടിയെ ഒരു ദുഷ്ടന്‍ ഗര്‍ഭിണിയാക്കി. നാട്ടുകാരും വീട്ടുകാരും അതറിഞ്ഞപ്പോള്‍ പെണ്‍കുട്ടിക്കു മരിച്ചാല്‍ മതി എന്നായി. താനും കൂടെ ചാകാമെന്ന് അയാള്‍ പറഞ്ഞു. രണ്ടു പേരും ഈ കുന്നിന്റെ അഗ്രത്തില്‍ വന്നുനിന്നു. ദൂരെ നിന്നു തീവണ്ടി ഇരച്ചു വരുകയാണ്. അത് അടുത്തെത്തിയപ്പോള്‍ അയാള്‍ പാളത്തിലേക്കു ചാടുന്ന മട്ടുകാണിച്ചു. അവള്‍ യഥാര്‍ത്ഥത്തില്‍ ചാടുകയും ചെയ്തു. തീവണ്ടി അവളെ ചതച്ചരച്ചുവെന്നു കണ്ട അയാള്‍ തിരിച്ചു വീട്ടിലേക്കു പോന്നു.

വേറൊരു ദിവസം ശ്രീധരന്‍ നായര്‍ മറ്റൊരു യഥാര്‍ത്ഥ സംഭവം പറഞ്ഞു. ഒരു യുവാവ് കൂട്ടുകാരനായ മറ്റൊരു യുവാവിനെ കാട്ടില്‍ വിളിച്ചു കൊണ്ടുപോയി വെട്ടിയ കഥ. അതിനെക്കുറിച്ച് എനിക്കു കൂടുതലെഴുതാന്‍ വയ്യ. അതിനോടു ബന്ധപ്പെട്ട വ്യക്തികള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവും. ഇങ്ങനെ പലതും സംസാരിച്ച് ഞങ്ങള്‍ സായാഹ്നങ്ങള്‍ തള്ളിവിട്ടിട്ടുണ്ട്. ശ്രീധരന്‍ നായര്‍ക്കു സാഹിത്യത്തിലും താല്‍പര്യമുണ്ടായിരുന്നു. കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യിലെ ശ്ളോകങ്ങള്‍ അദ്ദേഹം ചൊല്ലിക്കേള്‍പ്പിക്കുമായിരുന്നു. 1940-ലെ കഥയാണ് ഇപ്പറഞ്ഞത്.

1970ല്‍ ഞങ്ങള്‍ പുനലൂടെ ഒരു മീറ്റിങ്ങ് സ്ഥലത്തു വച്ചു തമ്മില്‍ കണ്ടു. “എന്നെ ഓര്‍മ്മിക്കുന്നില്ലേ?” എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നായിരുന്ന് മറുപടി. ഞാന്‍ വിഷാദത്തോടെ അകലെ പോയിരുന്നു. കൊടാരക്കര ശ്രീധരന്‍ നായര്‍ ഒരഞ്ചു മിനിറ്റ് എന്തോ ഗാഢമായി ആലോചിക്കുകയായിരുന്നു. പെട്ടന്ന് അദ്ദേഹം ചാടിയെഴുന്നേറ്റ് ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. “തെരുവില്‍ പാപ്പച്ചന്‍ പിള്ളയുടെ വീട്ടില്‍ താമസിച്ചിരുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ മാധവന്‍ പിള്ളയുടെ മകനാണോ?” എന്ന് ഒരു ചോദ്യം. ‘അതെ’ എന്ന മറുപടി കേട്ടയുടനെ “സ്നേഹിതാ ക്ഷമിക്കണേ” എന്നു പറഞ്ഞു കണ്ണീരൊഴുക്കി.

നിസ്തുലനായ അഭിനേതാവായിരുന്നു ശ്രീധരന്‍ നായര്‍. പോള്‍ മ്യൂനി നടക്കുമ്പോള്‍ ആളുകള്‍ “ഇതാ എമില്‍ സൊല പോകുന്നു, ലൂയി പാസ്റ്റര്‍ പോകുന്നു, വാങ്ങ് ലങ്ങ് പോകുന്നു” എന്നു പറയുമായിരുന്നു. ‘ഇതാ ചെമ്പൻ കുഞ്ഞ് നമ്മളെയെല്ലാം ദുഃഖത്തിലാഴ്തിക്കൊണ്ടു പോയ്ക്കഴിഞ്ഞു” എന്നു ഞാനും പറയട്ടെ. കെ.പി. ഉമ്മര്‍ ജനയുഗം വാരികയിലെഴുതിയ ലേഖനത്തിലും ഈ അഭിനയവൈദഗ്ധ്യത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്. ലോകമറിഞ്ഞാലും ഇല്ലെങ്കിലും ആളുകള്‍ ജനിക്കും മരിക്കും. ലോകമറിഞ്ഞ മരണമാണു കൊട്ടാരക്കര ശ്രീധരന്‍ നായരുടേത്. അത്രയ്ക്കായിരുന്നു അദ്ദേഹത്തിന്റെ സിദ്ധികള്‍.

Oxford Dictionary of Current Idiomatic English Verbs with Preposition and Particles Vol II, Phrase, Clause and Sentence Vol II ഈ രണ്ടു നിഘണ്ടുക്കളും ഇംഗ്ലീഷ് പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്താവയാണ്. പ്രസാധനം 1985-ല്‍. രണ്ടാമത്തെ വാല്യത്തില്‍ നിന്നും ഒരുദാഹരണം Keep dog and bark oneself, (saying) employ, or having the services of somebody to do something and yet choose to do it oneself [മുഴുവനുമെഴുതാന്‍ സ്ഥലമില്ല. തുടര്‍ന്ന്, വാക്യങ്ങളിലൂടെ ഈ ചൊല്ലിന്റെ അര്‍ത്ഥം വിശദികരിക്കുന്നുണ്ട്.]