close
Sayahna Sayahna
Search

സാഹിത്യവാരഫലം 1986 12 28


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1986 12 28
ലക്കം 589
മുൻലക്കം 1986 12 21
പിൻലക്കം 1987 01 04
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

സന്ധ്യ കഴിഞ്ഞാല്‍ എല്ലാ സ്ത്രീകളും ഒരു പോലെ എന്നൊരു ചൊല്ലുണ്ട്. ഒരു സ്ത്രീയെ മറ്റൊരു സ്ത്രീയില്‍ നിന്നു വേര്‍തിരിക്കുന്ന മുഖഭാവമോ ലക്ഷണമോ ഇരുട്ടില്‍ അപ്രത്യക്ഷമാകുന്നു എന്നാന് ഈ ചൊല്ലിന്റെ അര്‍ത്ഥം. ഒരേ ആശയം തന്നെ എല്ലാ രാജ്യങ്ങളിലും ആവിര്‍ഭവിക്കാം. ഇംഗ്ലണ്ടിലും അമേരിക്കയിലും മറ്റും വേറൊരു രീതിയിലാണ് ഇതു രൂപം കൊണ്ടിരിക്കുന്നത്. All cats are grey in the dark എന്ന് ആ രാജ്യങ്ങളിലുള്ളവര്‍ പറയും. ഇംഗ്ലീഷ് നോവലെഴുത്തുകാരന്‍ സ്മൊലിറ്റിന്റെ ‘ഹംഫ്രീക്ളിങ്ങ്കര്‍’ എന്ന നോവലില്‍ He knew not which was which, and, as the saying is, all cats in the dark are gray എന്നു കാണാം. [ഇവിടെ gray എന്നാണ് വര്‍ണ്ണവിന്യാസം. grey എന്നല്ല.] ഇരുട്ടത്തല്ല, പട്ടാപ്പകല്‍തന്നെ എല്ലാ സ്ത്രീകളെയും ഒരേ മട്ടില്‍ കരുതിയ ഒരു കാരണവര്‍ എനിക്കുണ്ടായിരുന്നു. അവരെക്കണ്ടാല്‍ ആ മനുഷ്യന് വല്ലാത്ത ഇളക്കമാണ്. അവളുടെ താടിയില്‍ ഒന്നു തടവി ‘കള്ളിപ്പെണ്ണേ’ എന്നു വിളിക്കും. അല്ലെങ്കില്‍ കൈത്തണ്ടില്‍ ഒരടി കൊടുത്തിട്ട് ‘പോടീ’ എന്ന ശൃംഗാരച്ഛായയോടു പറയും. ഒരു ദിവസം താഴെ കുറേ നേരമിരുന്നു പച്ചക്കറികള്‍ നുറുക്കിയിട്ട് എഴുന്നേറ്റു പോയ ഒരു ചെറുപ്പക്കാരിയുടെ ചന്തിയില്‍ ഒരുള്ളിത്തൊലി പറ്റിയിരുന്നു. “ഗൗരിക്കുട്ടീ, നിന്റെ പിറകിലെന്തോ പറ്റിയിരിക്കുന്നു” എന്നു കിഴവന്‍ ആഹ്ളാദനിര്‍ഭരമായ ശബ്ദത്തില്‍ പറഞ്ഞിട്ട് എഴുന്നേറ്റു. പെണ്ണ് അതു കേട്ടയുടനെ പ്രാണന്‍ പോകുന്ന മട്ടില്‍ കൈകൊണ്ട് അഞ്ചാറ് അടിയടിച്ചു തൊലി പറപ്പിച്ചു കളഞ്ഞു. എന്നിട്ട് കൂട്ടുകാരിയോടു പറഞ്ഞു: “ഞാനതു വേഗം തട്ടിക്കളഞ്ഞില്ലെങ്കില്‍ കിഴവന്‍ എടുത്തുകളയാന്‍ വരുമായിരുന്നു. അത്രയ്ക്കാണ് അയാളുടെ സുഖക്കേട്.” മനുഷ്യനു മരണമുള്ളതു വലിയ ഭാഗ്യമാണല്ലോ. കാരണവര്‍ മരിച്ചു. കാലത്തു മകന്‍ വന്നു നോക്കിയപ്പോള്‍ കട്ടിലില്‍ നിന്നു താഴെ വീണു കിടക്കുന്നു. മരിച്ചോ എന്നു നിശ്ചയമില്ല. ഡോക്ടറെ കൊണ്ടുവരാന്‍ ഒരാള്‍ പോയി. ഞാനും മറ്റു ബന്ധുക്കളും ദുഃഖം അഭിനയിച്ച് വരാന്തയിലിരുന്നപ്പോള്‍ അടുത്ത വീട്ടിലെ കല്യാണി വൃദ്ധനെ വന്നു നോക്കി. അപ്പോള്‍ എന്റെ അടുത്തിരുന്ന സരസനായ ബന്ധു പറഞ്ഞു: “എടേ, മൂപ്പില് ചത്തതു തന്നെ” ഞാന്‍ ചോദിച്ചു: “എങ്ങനെ അറിയാം”. ബന്ധു മറുപടി നല്കി: ‘ചത്തില്ലായിരുന്നെങ്കില്‍ കിഴവന്‍ ചാടിഴെയുന്നേറ്റ് ഈ പെണ്ണിന്റെ കവിളിലോ കൈയിലോ തടവിക്കൊണ്ട് കല്യാണിക്കുട്ടീ എന്നു വിളിക്കുമായിരുന്നു”. സാഹിത്യത്തെ സംബന്ധിച്ചു ചിലര്‍ക്കെല്ലാം ഈ കാരണവരുടെ മാനസിക നിലയാണ്. ഐഡിയോളജിയുടെ അര്‍ദ്ധാന്ധകാരത്തില്‍ മുങ്ങിനില്ക്കുന്ന സാഹിത്യകൃതികളാകെ അവര്‍ക്കു സ്വീകാര്യങ്ങളാണ്. തന്റെ പൊളിറ്റിക്കല്‍ ആശയങ്ങളുടെ തമസ്സില്‍പ്പെട്ട കലാസൃഷ്ടികള്‍ വേറെ ചിലര്‍ക്ക് ആദരണീയങ്ങളത്രേ. മറ്റു ചിലര്‍ക്കു റീയലിസത്തിന്റെ അന്തിയിരുട്ടില്‍ അവ്യക്തങ്ങളായി നില്ക്കുന്ന രചനകളാണ് ഇഷ്ടം. അവരില്‍ നിന്ന് വിഭിന്നരായ മറ്റാളുകള്‍ക്കു ചരിത്രത്തില്‍ തെല്ലൊന്നു മറഞ്ഞു നില്ക്കുന കൃതികള്‍ വേണം. രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച ആശയങ്ങളും. ഐഡിയോളജിയും എന്നും നിലനില്ക്കില്ല. അവ മരിക്കുമ്പോള്‍ രചനകളും മരിക്കും. വള്ളത്തോളിന്റെ ദേശഭക്തി വിഷയകങ്ങളായ കാവ്യങ്ങള്‍ ഇന്നാരു വായിക്കുന്നു! എന്നാല്‍ ഭാവനാത്മകസത്യത്തിനു മാത്രം പ്രാധാന്യമുള്ള “മഗ്ദലനമറിയ”ത്തിനു മരണമില്ല.

ധിഷണ എന്ന സര്‍പ്പം

ഈ ലേഖനങ്ങള്‍ തനിസ്സാഹിത്യു നിരൂപണമല്ലല്ലോ. പലപ്പൊഴും അവ വിശേഷവ്യക്ത്യുദ്ദേശകളായിരിക്കും (personal). അവയെക്കുറിച്ച് എഴുതിയിട്ട് സാഹിത്യതത്ത്വങ്ങളെയും സാഹിത്യകൃതികളേയും അവയോടു യോജിപ്പിക്കും. വിരളങ്ങളായ സന്ദര്‍ഭങ്ങളില്‍ ശുഷ്കമായ നിരൂപണത്തിലും വിമര്‍ശനത്തിലും ഞാന്‍ വ്യാപരിക്കാറുണ്ട്. ഇപ്പോള്‍ ആ വിരളസന്ദര്‍ഭത്തില്‍ വിലയം കൊള്ളാനല്ല എനിക്കു കൗതുകം.

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാഭ്യാസ യോഗ്യതയും സൗന്ദര്യവുമുള്ള ഒരു ചെറുപ്പക്കാരി ഒരു ജോലി വാങ്ങിക്കൊടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി എന്റെ അടുത്തെത്തി. ഇന്നു ഞാന്‍ പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. അന്ന് അങ്ങനെയായിരുന്നില്ല സ്ഥിതി. എന്റെ ശുപാര്‍ശകൊണ്ട് ആ യുവതിക്കു പ്രതിമാസം 750 രൂപ ശമ്പളത്തില്‍ ജോലി കിട്ടി; കേന്ദ്രസര്‍ക്കാരിന്റെ ഒരാഫീസില്‍. ജോലിയില്‍ പ്രവേശിച്ചിതനു ശേഷം ശേഷം കൃതജ്ഞത പ്രകാശിപ്പിക്കാന്‍ അവള്‍ എന്റെ വീട്ടില്‍ വന്നു. “ഇരിക്കൂ” എന്നു പറഞ്ഞിട്ട് ഞാന്‍ ഉടനെ അറിയിച്ചു: “ഇവിടെ ഇപ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ. വീട്ടുകാരൊക്കെ മൂകാംബിക ക്ഷേത്രത്തില്‍ പോയിരിക്കുകയാണ്. നാലു ദിവസം കഴിഞ്ഞേ വരൂ. ഒറ്റയ്ക്കിരുന്നു സംസാരിക്കുന്നതു ശരിയല്ലെന്നു തോന്നുന്നെങ്കില്‍ പൊയ്ക്കൊള്ളൂ. എലാവരും ഉള്ള സമയത്ത് വന്നാല്‍ മതി”. അതുകേട്ട് “അതിനെന്താ സാര്‍?” എന്ന് ചോദിച്ചിട്ട് അവള്‍ ഇളകി സംസാരിച്ചു തുടങ്ങി. കുറെനേരം വാതോരാതെ അതുമിതും പറഞ്ഞിട്ടു മൂന്നു മിനിറ്റ് നേരം അവള്‍ മിണ്ടാതിരിക്കും. എന്നിട്ട് മുന്‍പ് അറിയിച്ചതിനു വിപരീതമായി ചോദിക്കും. “സാര്‍ നമ്മള്‍ രണ്ടുപേരും ഇങ്ങനെ ഒറ്റയ്ക്കിരുന്നാല്‍ വല്ലവരും വല്ലതും പറയുമോ?” അതുകേട്ട് മുന്‍പു പറഞ്ഞതിനു വിപരീതമായി ഞാന്‍ പറഞ്ഞു: “എനിക്കാണെങ്കില്‍ പ്രായമായി. [പേര്] തീരെച്ചെറുപ്പം. ആരെന്തു പറയാന്‍?” സംസാരം — അവളുടെ വാക്കുകള്‍ മാത്രം — വൈഷയികത്വത്തിലേക്കു നീങ്ങുന്നുവെന്നു കണ്ട ഞാന്‍ കരുതിക്കൂട്ടി ധിഷണാപരങ്ങളായ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങി. യുവതിയുടെ ഐച്ഛികവിഷയം ജന്തുശാസ്ത്രമായിരുന്നു. അതറിയാമായിരുന്ന ഞാന്‍ “മണല്‍ക്കാട്ടില്‍ കഴുത്തു നീണ്ട ജിറാഫുകളും പൊക്കമില്ലാത്ത മൃഗങ്ങളുമുണ്ട്. പൊക്കം കൂടിയ ജിറാഫുകള്‍ക്കു മരങ്ങളിലെ ഇലകള്‍ കടിച്ചു തിന്നാന്‍ കഴിയും. പൊക്കമില്ലാത്ത മൃഗങ്ങള്‍ക്കു ഇല കടിക്കാനൊക്കുകയില്ല. അതിനാല്‍ അവ ചത്തു. ഇതാണ് സര്‍വൈവല്‍ ഒഫ് ദി ഫിറ്റ്സ്റ്റ്. ഇതിനു നേരെ വിപരീതമായ സിദ്ധാന്തവുമുണ്ട്. ഇലകള്‍ കടിക്കാന്‍ പാകത്തില്‍ കഴുത്തു നീണ്ടെങ്കില്‍ എന്നു ചില മൃഗങ്ങള്‍ അഭിലഷിച്ചു. ആ ആഗ്രഹം തലമുറകളുടെ വ്യാപരിച്ചപ്പോള്‍ മൃഗങ്ങളുടെ കഴുത്തു നീളാന്‍ തുടങ്ങി. ജിറാഫിന്റെ കഴുത്തിന് നീളം കൂടിയത് അങ്ങനെയാണ്.” തുടര്‍ന്ന് ഞാന്‍ ഫ്രഞ്ച് ദാര്‍ശനികന്‍ ആങ്ങ്റീ ബര്‍ഗ്സൊങ്ങിന്റെ (Henry Bergson) ഏലാങ്ങ് വീതേന്‍ (Elan Vital) എന്ന സിദ്ധാന്തത്തെക്കുറിച്ചും പറഞ്ഞു തുടങ്ങി. ഭൗതികരൂപം സൃഷ്ടിക്കാനുള്ള ആ സര്‍ഗ്ഗാത്മകത ശക്തിവിശേഷത്തെ ജന്തു ശാസ്ത്രത്തോടു ബന്ധപ്പെടുത്തി ഞാന്‍ വിശദീകരണം നല്കിയപ്പോള്‍ യുവതി കോട്ടുവായിട്ടുകൊണ്ട് എഴുന്നേറ്റു. “ഇനി ഒരു ദിവസം വരാം” എന്നു പറഞ്ഞു പോവുകയും ചെയ്തു.

ലൈംഗികവികാരം ഫണമുയര്‍ത്തിയപ്പോള്‍ ബുദ്ധിയുടെ കീരി മുന്‍പിലെത്തിയാല്‍ ആ ഫണം താനേ താണു പോകും. നിത്യജീവിതത്തില്‍ ചിലപ്പോള്‍ പാമ്പ് കീരിയെ തോല്പിക്കാറുണ്ട്. പക്ഷേ ബുദ്ധിയും സെക്സും തമ്മിലിടയുമ്പോള്‍ അദ്യത്തേത് മാത്രമേ ഇന്നുവരെ വിജയം പ്രാപിച്ചിട്ടുള്ളൂ. [ഈ യഥാര്‍ത്ഥസംഭവത്തിന്റെ പ്രതിപാദനത്തില്‍ ഞാനൊരു മാന്യനാകാന്‍ ശ്രമിക്കുകയാണെന്നു പ്രിയപ്പെട്ട വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. ഒരു സംഭവം വര്‍ണ്ണിച്ചെന്നേയുള്ളൂ. മറ്റൊരു സന്ദര്‍ഭത്തില്‍ എന്റെ ദോഷമായിരിക്കും പ്രതിപാദിക്കപ്പെടുക. ഈ ജീവിതത്തില്‍ ആരാണു നൂറു ശതമാനവും മാന്യന്‍?] ലൈംഗിക വികാരത്തിന്റെ ശത്രു ധിഷണയാണെന്നു മനസ്സിലാക്കി. ആ ധൈഷണികത്വത്തെ പാടേ ഒഴിവാക്കുമ്പോഴാണ് ‘ഈറോട്ടിക്’ ആയ രചനകള്‍ രമണീയങ്ങളാവുന്നത്. ആല്‍ബട്ടോ മൊറാവ്യയുടെ നോവലുകള്‍ നോക്കുക. സെക്സ് മാത്രമാണ് അവയില്‍ ആവിഷ്കരിക്കപ്പെടുന്നത്. വായനക്കാര്‍ക്കു ‘അസ്വാരസ്യ’മില്ല. എന്നാല്‍ ആല്‍ഡസ് ഹസ്കിലി സെക്സും ധിഷണയും കൂട്ടിക്കലര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൃതികള്‍ വിരസങ്ങളായിത്തീര്‍ന്നു. കെ.കെ. സുധാകരന്‍ കലാകൗമുദിയിലെഴുതിയ “ഒരു പഴയ കാലകിനാവി”ന്റെ സവിശേഷത ഇവിടെയാണു നമ്മള്‍ കാണേണ്ടത്. ലൈംഗികവികാരത്തെ കലര്‍പ്പില്ലാതെ അദ്ദേഹം സ്ഫൂടീകരിച്ചിരിക്കുന്നു. കരുതിക്കൂട്ടിയോ അല്ലാതെയോ കാമം നൃത്തത്തിനു തയ്യാറാവുമ്പോള്‍ ധിഷണ ഒന്നു തറപ്പിച്ചു നോക്കിയാല്‍ മതി “ഞാന്‍ ഇനി ഒരു ദിവസം വരാം” എന്നു പറഞ്ഞ് അതു ഇറങ്ങിപ്പോകും. സുധാകരന്‍ അവതരിപ്പിച്ച കാമസര്‍പ്പം അരങ്ങുതകര്‍ത്ത് ആടുന്നു.

* * *

ഡാനിഷ് ഫിലോസഫര്‍ കീര്‍ക്കഗോര്‍ എഴുതിയ Either/Or എന്ന ദാര്‍ശനിക ഗ്രന്ഥത്തിന്റെ ഒരു ഭാഗം Diary of a Seducer എന്ന കൊച്ചു നോവലാണ്. ഡയറി എഴുതുന്ന ചെറുപ്പക്കാരന്‍ വിശുദ്ധിയാര്‍ന്ന ഒരു പെണ്‍കുട്ടിയെ കാണുന്നു. അവളെ വശത്താക്കാന്‍ ശ്രമിക്കുന്നു. തന്റെ ധൈഷണിക തലത്തിലേക്ക് അവളെ ഉയര്‍ത്താനാണ് അയാളുടെ ശ്രമം. അതുകൊണ്ടു തന്നെയാവണം I have loved her, but from now on she can no longer occupy my soul എന്ന് അയാള്‍ക്കു പറയേണ്ടി വന്നത്. ധിഷണയും സെക്സും ചേരില്ല എന്നല്ലേ കീര്‍ക്കഗോര്‍ അഭിപ്രായപ്പെട്ടത്?

കീര്‍ക്കഗോറിന്റെ അന്യാദൃശ്യമായ ബുദ്ദിവൈഭവം ഗ്രന്ഥത്തിലെവിടെയും കാണാം. ഒരു ഭാഗം കേട്ടാലും: There are different kinds of feminine blushes. There is the coarse brick — red blush. Novelists have an abundant supply of it, is the red of the spirit’s dawn. In a young girl it is priceless. The fleeting blush that accompanies a happy ideals beautiful in a man, more beautiful in a youth, charming in a woman…

ഒരു ചോദ്യം കീര്‍ക്കഗോറിനോട്

കപോലരാഗം അല്ലെങ്കില്‍ മുഖാരുണിമ പലവിധത്തിലുണ്ടെന്നാണു കീര്‍ക്കഗോര്‍ എഴുതുന്നത്. ചെങ്കല്ലുപോലെ ചുവന്നത്. ചൈതന്യോദയത്തിന്റെ ചുവപ്പ്. അതു പെണ്‍കുട്ടിക്കുണ്ടായാല്‍ അമൂല്യം തന്നെ. ആഹ്ളാദദായകമായ ആശയം ജനിപ്പിക്കുന്ന ക്ഷണികരാഗം. അതു പുരുഷനില്‍ സുന്ദരം; യൂവാവില്‍ സുന്ദരതരം; സ്ത്രീയില്‍ അത്യാകര്‍ഷകം. കീര്‍ക്കഗോറിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തോടു ചോദിക്കട്ടെ. ബിന്ദു തൂറവൂര്‍ ‘വിമന്‍സ് മാഗസിനി’ല്‍ എഴുതിയ “മനസ്സ്” എന്ന പരമബോറന്‍ കഥ വായിച്ചപ്പോള്‍ എനിക്കു വ്രീളാവൈവശ്യം കൊണ്ടുണ്ടായ അരുണിമയെക്കുറിച്ച് അങ്ങു കൂട്ടി പറയാത്തതെന്ത്? അക്കാലത്ത് അങ്ങയുടെ നാട്ടില്‍ ഇമ്മാതിരി കഥാബീഭത്സതകള്‍ ഇല്ലായിരുന്നുവെന്നാണോ ഞങ്ങള്‍ വിചാരിക്കേണ്ടത്? ക്ലാസ്സില്‍ വേണ്ടിടത്തോളം കുട്ടികളില്ലെങ്കില്‍ അദ്ധ്യാപികയെ പിരിച്ചുവിടും. അവളുടെ അച്ഛന്‍ അവളെയും കൂട്ടി മൂന്നു വീടുകളില്‍ കയറുന്നു. അവിടെയുള്ള കുട്ടികളെ അയയ്ക്കണമെന്ന് അപേക്ഷിക്കുന്നു. മൂന്നു വീട്ടുകാരും തന്തയെയും മോളെയും അപമാനിച്ചു വിടുന്നു. ബിന്ദു കഥ ഇവിടെ അവസാനിപ്പിച്ചതെന്തിനെന്ന് എനിക്ക് അറിഞ്ഞുകൂടാ. നാലു വീടുകളില്‍ക്കൂടി അവര്‍ക്കു കയറാമായിരുന്നല്ലോ. കുട്ടികളില്ലാത്തതുകൊണ്ട് അദ്ധ്യാപികയെ മാനേജര്‍ പിരിച്ചുവിടുന്നതു വര്‍ണ്ണിക്കാമായിരുന്നല്ലോ. ഒടുവില്‍ തന്തയും മോളും ടിക് 20 കഴിച്ചു മരിക്കുന്നതും ചിത്രീകരിക്കാമായിരുന്നല്ലോ. ഭാവനാത്മങ്ങളായ മനസ്സുകള്‍ നമ്മുടെ വിഷാദപൂര്‍ണ്ണമായ ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കുന്നു. ബിന്ദു തൂറവൂരിനെപ്പോലെയുള്ളവര്‍ ആ ജീവിതത്തെ കൂടുതല്‍ വിഷാദഭരിതമാക്കുന്നു.

ഓര്‍മ്മകള്‍

 1. ആകര്‍ഷകത്വമുള്ള മൂഖം, മനോഹരമായ വെള്ളിത്തലമുടി, ഭാവന ഓളംവെട്ടുന്ന കണ്ണുകള്‍ ഇവയോടുകൂടി ശുഭ്രവസ്ത്രങ്ങള്‍ ധരിച്ച് ഒരുവശം ചരിഞ്ഞുനിന്ന് ജി. ശങ്കരക്കുറുപ്പ് പ്രസംഗിക്കുന്നു.
 2. അനാകര്‍ഷകമായ മുഖം, കവിതയില്ലാത്ത കണ്ണുകള്‍, മുഷിഞ്ഞ് വസ്ത്രങ്ങള്‍, ഒരിക്കലും പുഞ്ചിരി പുരളാത്ത ചുണ്ടുകള്‍ ഇവയോടുകൂടി ഇടപ്പള്ളി രാഘവന്‍ പിള്ള തിരുവനന്തപുരത്തെ സയന്‍സ് കോളേജിന്റെ മുന്‍പില്‍ നില്ക്കുന്നു.
 3. ധവള വസ്ത്രങ്ങള്‍ ധരിച്ച് അതിസുന്ദരനായ ഹരീന്ദ്രനാഥ് ചട്ടോപാദ്ധ്യായ ആലപ്പുഴെ സനാതനധര്‍മ്മ വിദ്യാലയത്തിലെ ആനി ബസന്റ് ഹാളില്‍ നിന്നു പ്രസംഗിക്കുന്നു. ധാരാവാഹിയായ പ്രഭാഷണം. ശ്രോതാക്കള്‍ രസിക്കുന്നു, കൈയടിക്കുന്നു. പ്രസംഗം കേള്‍ക്കാനെത്തിയ ചില സ്ത്രീകള്‍ സാക്ഷാല്‍ കാമദേവനെക്കണ്ട് അന്തംവിട്ട് ഇരിക്കുന്നു. പ്രഭാഷണം തീര്‍ന്നപ്പോള്‍ ഹെഡ് മാസ്റ്റര്‍ മഞ്ചേരി രാമകൃഷ്ണയ്യര്‍ അദ്ദേഹത്തിന്റെ കാതില്‍ എന്തോ പറയുന്നു. ഹരീന്ദ്രനാഥ് വാ തുറന്നു ചിരിക്കുന്നു. സ്ത്രീയുടെ ചിരിയാണ് ഈ ലോകത്ത് ഏറ്റവും മനോഹരം എനു ഞാന്‍ എഴുതിയിട്ടുണ്ട്. ഹരീന്ദ്രനാഥ് അന്നു ചിരിച്ചത് ഓര്‍മ്മിക്കുമ്പോള്‍ എന്റെ പ്രസ്താവന തിരുത്തേണ്ടതാണെന്നു തോന്നുന്നു.
 4. ഈ സംഭവത്തിനുശേഷം ഏതാണ്ടു മുപ്പതു കൊല്ലം കഴിഞ്ഞ് ഞാന്‍ ഹരീന്ദ്രനാഥിനെ തിരുവനന്തപുരത്തു വച്ചു കാണുന്നു. സേട്ടിന്റേതു പോലുള്ള സ്ഥൂലീകരിച്ച ശരീരം. വട്ടമുഖം വൈരൂപ്യത്തിന് ഒരാസ്പദം ചിരിച്ചാല്‍ നമ്മള്‍ വെറുപ്പൊടെ മുഖം തിരിക്കും. Curd Seller എന്നൊരു ഗാനം പാടിക്കൊണ്ട് അദ്ദേഹം ചില ഗോഷ്ടികള്‍ കാണിക്കുന്നു. കാലം വരുത്തുന്ന മാറ്റം!
 5. കവി സ്റ്റീഫന്‍ സ്പെന്‍ഡര്‍. തിരുവനന്തപുരത്തെ വൈ.എം.സി. ഹോളില്‍ പ്രസംഗിക്കുന്നു. കാളവണ്ടിയോട്ടിക്കുന്നവന്റെ ശരീരം. പ്രകൃതി അത് അടിച്ചുരുട്ടിയിരിക്കുന്നു. കുറെ വിരസങ്ങളായ കാവ്യങ്ങള്‍ വിരസമായി വായിക്കുന്നു — റില്‍കെ എന്ന പേരു റില്‍ക്കി എന്നു പറയുന്നു പല തവണ. റില്‍ക്കിയാണോ ശരിയെന്ന് അടുത്തിരിക്കുന്ന പ്രൊഫസര്‍ ഗുപ്തന്‍ നായരോടു ഞാന്‍ ചോദിക്കുന്നു. ‘സ്റ്റീഫന്‍ സ്പെന്‍ഡര്‍ പറയുന്നതല്ലേ, അതാവും ശരി’ എന്ന് അദ്ദേഹം അറിയിക്കുന്നു. ഇംഗ്ലീഷില്‍ നല്ലപോലെ സംസാരിക്കാന്‍ കഴിവുള്ള ഗുപ്തന്‍ നായര്‍ അന്ന് സ്വാഗതപ്രഭാഷണം എഴുതി വായിക്കുകയാണ് ചെയ്തത്. അതും ഞാന്‍ ഓര്‍മ്മിക്കുന്നു.
 6. എനിക്കു പേരെഴുതാന്‍ പ്രയാസമുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ അടുത്തുള്ള റോഡില്‍ വച്ച് ഞാന്‍ അദ്ദേഹത്തെ കാണുന്നു. “സാറ് ജയിലിന് അടുത്ത് എത്തിയതേയുള്ളൂ. അല്ലേ?” എന്ന് ഞാന്‍ ചോദിക്കുന്നു. മറുപടി — “അതേ. നിങ്ങള്‍ ഊളമ്പാറയ്ക്ക് അടുത്തു ചെന്നു കഴിഞ്ഞല്ലോ” [അക്കാലത്ത് ഞാന്‍ ഊളമ്പാറ ഭ്രാന്താശുപത്രിയുടെ അടുത്താണു താമസിച്ചിരുന്നത്]. സാഹിത്യകാരന്‍ ജയില്‍ ചൂണ്ടിക്കൊണ്ടു വീണ്ടും പറയുന്നു: “Every week a hangman comes here. Every week M. Krishnan Nair appears in the Malayalanadu weekely.” അതിനു മറുപടി പറയാന്‍ എനിക്കു കഴിയുന്നില്ല. സാഹിത്യകാരന്റെ നീണ്ട ജൂബയുടെ അറ്റം കാറ്റില്‍ ഇളകുന്നു. ആ ചലനം നോക്കി ഞാന്‍ നില്ക്കുന്നു. അല്ലെങ്കില്‍ സാഹിത്യകാരന്റെ പേരു പറഞ്ഞേക്കാം, കുട്ടനാട്ടു രാമകൃഷ്ണപിള്ള.

ചിപ്പി

പോപ്പിന്റെ Rape of the Lock എന്ന കാവ്യത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട രണ്ടു വരികള്‍ ഇവയാണ്:

Not louder Shrirks to pitying Heav’n are cast
When Husbands or when Lap — dogs breathe their last

ഭര്‍ത്താക്കന്മാരും ഓമനിച്ചു വളര്‍ത്തുന്ന പട്ടികളും ചാവുമ്പോള്‍ വലിയ നിലവിളിയൊന്നും ഉണ്ടാകാറില്ലെന്നു പറഞ്ഞ് കവി ഭാര്യമാരെ നിന്ദിക്കുന്നു. ഇതിലെ അത്യുക്തിയും മൂല്യനിമാസവും എനിക്കിഷ്ടമായി. അവ രണ്ടും മറ്റൊരു സത്യത്തിലേക്കാണല്ലോ എന്നെ കൊണ്ടുചെല്ലുക. മൂല്യങ്ങള്‍ക്കു വന്ന ഈ വിപര്യാസത്തെയാണ് കുന്നന്താനം രാമചന്ദ്രനും സൂചിപ്പിക്കുന്നത് (കുങ്കുമം വാരികയിലെ ‘നാട് ഒരു കാട്’ എന്ന കഥ). ശിഷ്യനു ഗുരുവിനോടുള്ള ബഹുമാനം. ഡല്‍ഹിയില്‍ നിന്നു തിരിച്ചു നാട്ടിലെത്തിയ ശിഷ്യന്‍ അദ്ദേഹത്തിന് ഒരു ചിത്രം സമ്മാനിച്ചു. ശിഷ്യന്‍ പിന്നീട് ഒരു കൂട്ടുകാരന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഗുരു അവിടിരുന്നു കുടിക്കുന്നു. ലഹരി കൂടിയപ്പോള്‍ മദ്യം നല്കിയവന്‍ ശ്രേഷ്ഠന്‍ ചിത്രം നല്കിയവന്‍ അധമന്‍ എന്നായി അയാള്‍. ഈ മൂല്യവിപര്യയം കണ്ടു ശിഷ്യന്‍ ദുഃഖിക്കുന്നു. നല്ല വിഷയം. പക്ഷേ ഇതിനപ്പുറത്തുള്ള സത്യത്തില്‍ ഞാനെത്തുന്നില്ല. എത്താത്തതിനു ഹേതു? ഒരനുഭൂതിയുടെ ആവിഷ്കാരമെന്ന നിലയില്‍ ഇക്കഥയ്ക്കു സ്ഥാനമില്ല എന്നതു തന്നെ. പോപ്പ് അതെഴുതിയ കാലത്ത് ആളുകള്‍ എങ്ങനെ രസിച്ചുവോ അതേ മട്ടില്‍ ഇന്നത്തെ വായനക്കാരും രസിക്കുന്നു. ഭാവികാലത്തും ഇതുതന്നെ സംവഭവിക്കും. അതിനാലാണ് ‘എക്സ്പ്രെഷ’ന് ശാശ്വതസ്വഭാവമുണ്ടെന്നു ക്രോചെ അഭിപ്രായപ്പെട്ടത്. രാമചന്ദ്രന് അനുഭൂതിയെ രൂപശില്പത്തികവോടെ ആവിഷ്കരിക്കാന്‍ കഴിവില്ല. അതിനാല്‍ ഉള്ളില്‍ മുത്തില്ലാതെ വെറും ചിപ്പിയായി അദ്ദേഹത്തിന്റെ രചന പ്രത്യക്ഷമ്നാകുന്നു.

പിതാവേ, ഇവര്‍ ചെയ്യുന്നത്…

കാസാന്‍ദ്സാക്കീസിന്റെ ഒരു കത്തില്‍ ഇങ്ങനെ കാണുന്നു: Dear Rahel, Oh how I’ve toppled and buffeted and abused Abraham and his beard! And hoe I’ve raised and sanctified Judas Iscariot right along side Jesus in this book I’m writing now. ഈ പുസ്തകം The Last Temptation of Christ എന്നതാണ്. യേശുവിനോടൊപ്പം താന്‍ ജൂഡാസിനെ ഉയര്‍ത്തുകയും പവിത്രീകരിക്കുകയും ചെയ്തു എന്നാണ് കാസാന്‍ദ്സാക്കീസിന്റെ പ്രഖ്യാപനം. 1951-ലാണ് ഈ നോവല്‍ ഗ്രീസില്‍ പ്രസിദ്ധപ്പെടുത്തിയത്. അക്കാലത്ത് കസാന്‍ദ്സാക്കീസിന്റെ “മാര്‍ക്സിസ്റ്റ് ഫെയിസ് — Marxist Phase — അവസാനിച്ചിരുന്നെങ്കിലും അദ്ദേഹം എല്ലാക്കാലത്തും സോഷ്യലിസ്റ്റായിരുന്നു. കാസാന്‍ദ്സാക്കീസ് മിസ്റ്റിക് ആയിരുന്നെങ്കില്‍ യേശുവിനോടൊപ്പം ജൂഡാസിനെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിക്കുകയില്ലായിരുന്നു. ഒരു നീചനെ ഒരു പാവനചരിതനോടൊപ്പം ഉയര്‍ത്തി പവിത്രീകരിച്ച ഈ വലിയ സാഹിത്യകാരന്‍ നോവലില്‍ എന്തെല്ലാമാന് പറഞ്ഞിരിക്കുന്നത്? കേട്ടാലും. ജൂതവിപ്ളവകാരികളെ കുരിശുകളില്‍ തറച്ചു കൊല്ലുന്ന റോമന്‍ അധികാരികള്‍ക്കു വേണ്ടി കുരിശുകള്‍ നിര്‍മ്മിക്കുന്ന ആശാരിയായിരുന്നു യേശു. അദ്ദേഹത്തിന് ചുഴലി രോഗമുണ്ടായിരുന്നു പോലും. സ്ഥലത്തെ വേശ്യയായ മേരി മഗ്ദലനെക്കണ്ട് അദ്ദേഹം കാമത്തില്‍ വീണു. I want Magdalen, even if she is prostitute (The Last Temptation of Christ). കുരിശില്‍ തറയ്ക്കപ്പെട്ട യേശു ബോധം നശിച്ച് സ്വപ്നം കാണുന്നു. വയലില്‍ അലഞ്ഞു നടന്ന യേശു മഗ്ദലന മേരിയെ കാണുന്നു. അവളോടൊരുമിച്ചു കിടക്കുന്നു. അവള്‍ക്കു സംതൃപ്തിയരുളുന്നു. “പ്രിയപ്പെട്ട ഭാര്യേ” എന്നാണ് അദ്ദേഹം അവളെ വിളിക്കുക. “I never knew the world was so beautiful or the flesh so holy” എന്നു പിന്നീട് ഉദീരണം. യേശു ഉറങ്ങിക്കിടക്കുമ്പോള്‍ മഗ്ദ്‌ലന മേരി പുറത്തേക്കു പോകുന്നു. പട്ടാളക്കാര്‍ അവളെപ്പിടിച്ചു കൊല്ലുന്നു. ഒരു മാലാഖ യേശുവിന്റെ സ്വപ്നത്തില്‍ ആവിര്‍ഭവിച്ച് അദ്ദേഹത്തെ മാര്‍ത്തയുടെയും അവളുടെ സഹോദരിമാരുയുടെയും അടുക്കലേക്കു നയിക്കുന്നു. മേറിയെ വിവാഹം കഴിച്ച യേശു മാര്‍ത്തയെയും ലൈംഗികമായി തൃപ്തിപ്പെടുത്തുന്നു. “An Infant sits mute and numb in the womb of every woman” എന്നാണ് യേശു പറയുക. അദ്ദേഹത്തിന് കുഞ്ഞുങ്ങളും പേരക്കുട്ടികളും ഉണ്ടാകുന്നു — ഇനിയും സ്വപ്നം നീണ്ടുപോകുന്നു. മുഴുവനുമെഴുതാന്‍ സ്ഥലമില്ല. “ഇതു വെറും സ്വപ്നമല്ലേ? യേശു പ്രലോഭനത്തെ നിരാകരിച്ചിട്ട് തന്റെ ദൈവികത്വത്തെ പരിരക്ഷിച്ചുകൊണ്ടു തന്നെ മരിച്ചില്ലേ?” എന്നൊക്കെ ചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. യൗവനകാലത്ത് — കുരിശുകള്‍ നിര്‍മ്മിച്ചു നടന്നകാലത്ത് — മഗ്ദലന മേരിയെ യേശു ആഗ്രഹിച്ചുവെന്ന് ഗ്രന്ഥകാരന്‍ സ്പഷ്ടമാക്കിയതിന്റെ തുടര്‍ച്ചയാണ് ഈ സ്വപ്നം. അങ്ങനെ സ്വപ്നത്തിനു യഥാര്‍ത്ഥ്യത്തിന്റെ സ്വഭാവം വരുന്നു. പിന്നെന്തു പറയാനിരിക്കുന്നു? ഇതിനേക്കാള്‍ ‘റിവോള്‍ടിങ്ങാ’യ ഒരു സങ്കല്പം വേറെയുണ്ടോ? അതും പാവനചരിതമായ യേശുവിനെക്കുറിച്ച്. അധ്യാത്മികത്ത്വത്തിനു വേണ്ടി “മാംസത്തിന്റെ ആഹ്വാനങ്ങള്‍” പരിത്യജിക്കുന്നതു ശരിയല്ലെന്നു വിശ്വസിക്കുന്ന കസാന്‍ദിസാക്കീനെയാണ് ഈ നോവലില്‍ നമ്മള്‍ കാണുന്നത്. അദ്ദേഹം എത്ര വലിയ നോവലിസ്റ്റാണെങ്കിലും ഈ സങ്കല്പം മാനവസംസ്കാരത്തിന്റെ ചുവട്ടില്‍ ആഞ്ഞുവെട്ടുന്ന കോടാലിയായി മാറിയിരിക്കുന്നു. ഇതു ശരിയല്ല, തെറ്റാണ്, പാപമാണ്. രണ്ടായിരം കൊല്ലങ്ങളായി ജാതിമതഭേദമില്ലാതെ മനുഷ്യര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു പുണ്യചരിതനെ — യേശു ക്രിസ്തുവിനെ — ഇങ്ങനെ നിന്ദിക്കാന്‍ പാടില്ല. നിന്ദിച്ചാല്‍ മനുഷ്യ സമുദായം തന്നെ തകര്‍ന്നടിയും. ഇന്നത്തെ തകര്‍ച്ചയ്ക്ക് കസാന്‍ദ്സാക്കീസും കാരണക്കാരനാണ്.

ഞാന്‍ ചോദിക്കട്ടെ. ശ്രീരാമകൃഷ്ണ പരമഹംസനെ സ്വവര്‍ഗ്ഗാനുരാഗിയായി ചിത്രീകരിച്ച് ആരെങ്കിലും നോവലെഴുതിയാല്‍ നമ്മള്‍ ക്ഷമിക്കുമൊ? മഹാത്മ ഗാന്ധി വ്യഭിചാരിയായിരുന്നുവെന്നു കാണിച്ച് ആരെങ്കിലും കാവ്യമെഴുതിയാല്‍ നമ്മള്‍ മിണ്ടാതിരിക്കുമൊ? മാവോ സെതുങ്ങിനെയും ലെനിനെയും ആഭാസന്‍മാരായി അവതരിപ്പിച്ച് നാടകം എഴുതുന്നവനെ നമ്മള്‍ വെറുതേ വിടുമോ? മഹാന്‍മാരെ നിന്ദിക്കരുത്. അവരെ വേണമെങ്കില്‍ വിമര്‍ശിക്കൂ. എന്നാല്‍ അവരുടെ സ്വഭാവം മാറ്റി ചിത്രീകരിക്കരുത്. കാര്യമായതുകൊണ്ട് ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇങ്ങനെ എഴുതിയതു ശരിയായില്ല: “ഈ നൂറ്റാണ്ടു കണ്ട പ്രഗത്ഭമതികളായ സാഹിത്യകാരന്‍മാരിൽ ഒരാളാണ് നിക്കോസ് കസാന്‍സാക്കിസ്. അദ്ദേഹത്തിന്റെ അതിവിശിഷ്ടമെന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ഓഫ് ക്രൈസ്റ്റ്. അതില്‍ ക്രിസ്തുവിനെ വികലമായി ചിത്രീകരിക്കുന്നുവെന്ന് വാദം തന്നെ കഴമ്പില്ലാത്തതാണ്.”

* * *

തിരുമേനീ, Priests were defrocked for lesser crimes. I do not wish to use a stronger word.

* * *

എന്റെ വീട്ടില്‍ ഒരു പടമെയുള്ളൂ. യേശുക്രിസ്തുവിന്റേതാണ്. ആ പടം എന്നോടു പറയുന്നു: എന്റെ ധൈര്യത്തെക്കുറിച്ച്, എന്റെ കാരുണ്യത്തെക്കുറിച്ച്, എന്റെ സന്മാര്‍ഗ്ഗതല്‍പരത്ത്വത്തെക്കൂറിച്ച് ആരും പറയുന്നില്ല. ‘നീയെങ്കിലും അതിനു ശ്രമിക്കുന്നല്ലൊ. നീയാണ് ശരിയായ ക്രിസ്തുഭക്തന്‍.

കമന്റുകള്‍

 1. ദിവസങ്ങളായി ഒരു പ്രേതബാധപോലെ അസ്വസ്ഥത എന്നെ പിടികൂടിയിരിക്കുന്നു. പേടിസ്വപ്നങ്ങള്‍ കണ്ട് ഞാന്‍ ഞെട്ടിയുണരുന്നു.

  ഡോക്ടര്‍ ഷണ്‍മുഖന്‍ പുലപ്പാറ്റ ജനയുഗം വാരികയിലെഴുതിയ “രൂപാന്തരീകരണം” എന്ന കാവ്യത്തിന്റെ തുടക്കമിങ്ങനെയാണ്. അസ്വസ്ഥത ഷണ്‍മുഖനെ പിടികൂടും. പേടി സ്വപ്നങ്ങള്‍ കണ്ട് അദ്ദേഹം ഞെട്ടിയുണരരും. ഷണ്‍മുഖന്‍ ഇമ്മാതിരി കവിതയെഴുതിയാല്‍ അവയൊക്കെ സംഭവിക്കാതിരിക്കുന്നതെങ്ങനെ?

 2. “മലയാളം പഠിപ്പിച്ച കുറ്റിപ്പുഴ സാറിനോടായിരുന്നു ഞങ്ങള്‍ക്കേറെയിഷ്ടം. ഡി.പി. ഉണ്ണി സാര്‍ ഒട്ടും പിന്നിലായിരുന്നില്ല. കഴിവില്‍, പാണ്ഡിത്യത്തില്‍, ലേശം തെറി പറയാനും ഉണ്ണി സാറിന് കഴിയുമായിരുന്നു. ഏതു ക്ലാസ്സിലാണെന്നോര്‍മ്മയില്ല — ഉണ്ണി സാര്‍ ബോര്‍ഡിലെഴുതി:

  പറിച്ചോരചലം…
  പിഴുതെടുക്കപ്പെട്ട അചലം.

  പിന്നെ ഒരു വേല. രണ്ടു വരികള്‍. അപ്പോള്‍ സാധനം ഇങ്ങനെയായി. “പറീ/ച്ചോര/ ചലം.”

  മലയാറ്റൂര്‍ രാമകൃഷ്ണന്‍ ജനയുഗം വാരികയിലെഴുതിയ ഒരു ലേഖനത്തിലെ ഭാഗമാണിത്. ഡി.പി. ഉണ്ണിക്കല്ല ഇതിന്റെ ‘ക്രെഡിറ്റ്.’ എ.ആര്‍. രാജരാജവര്‍മ്മയുടെ ഭാഷാഭൂഷണത്തിലുള്ളതാണിത്.

 3. ലേഡീസ് ഒണ്‍ലി ബോര്‍ഡ് വച്ച ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ വമ്പിച്ച പരാജയമാണെന്നു മന്ത്രി വേലായുധന്‍ അസംബ്ളിയില്‍ പ്രസ്താവിച്ചിരിക്കുന്നു. ഈ വാര്‍ത്താശകലം ഉദ്ധരിച്ചിട്ട് ഡി.സി. കമന്റ് ചെയ്യുന്നു: നില്ക്കാനുള്ള സ്ഥലം ആണുങ്ങള്‍ക്കു വേണ്ടി നീക്കിവയ്ക്കാമെങ്കില്‍ പരാജയത്തില്‍ നിന്നു രക്ഷപ്പെടാം (മനോരാജ്യം, കറുപ്പും വെളുപ്പും). രക്ഷപ്പെടാമെന്നതു ഡി.സിയുടെ വ്യാമോഹം. പുരുഷന്മാര്‍ സീറ്റുകളില്‍ ഇരിക്കണം. നില്ക്കാനുള്ള സ്ഥലത്തും അവര്‍ നില്ക്കണം. അവരുടെ കൂടെത്തന്നെ സ്ത്രീകള്‍ക്ക് കമ്പിയില്‍ തൂങ്ങി നില്‍ക്കാനുള്ള സൗകര്യവും ഉണ്ടാക്കണം. തങ്ങളുടെ ശരീരങ്ങള്‍ വിയര്‍ക്കുമെന്ന് കമ്പിയില്‍ പിടിച്ചിരിക്കുന്ന അവര്‍ക്കു സ്പഷ്ടമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതം കൊണ്ട് എന്തു പ്രയോജനം? ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ലലനാമണികള്‍ ഇക്കാര്യത്തില്‍ ദ്രഷ്ടാക്കളെ നിരാശപ്പെടുത്താറില്ല. ലേഡീസ് ഒണ്‍ലി ബസ്സുകളില്‍ ഇതിനുള്ള സൗകര്യം ഉണ്ടായാല്‍ നഷ്ടം പരിഹരിക്കാം.
 4. Fear of Flying തുടങ്ങിയ നോവലുകളെഴുതിയ Erica Jong വെറും പൈങ്കിളി എഴുത്തുകാരിയല്ല. അവര്‍ നല്ല നോവലിസ്റ്റും നല്ല കവിയുമാണ്. അവര്‍ മരണത്തെക്കുറിച്ചെഴുതിയ കാവ്യം അവസാനിക്കുന്നത് ഇങ്ങനെ:

  Neither the sun death
  can be looked at steadily
  said La Rochefoucauld
  who did not believe much
  in love. But I will stare him down.

  [സ്നേഹത്തിൽ അധികമൊന്നും വിശ്വസിക്കാത്ത ലാ റൊഷ്ഫൂക്കോ പറഞ്ഞു സൂര്യനെയോ മരണത്തെയോ അചഞ്ചലമായി നോക്കാനാവില്ലെന്ന് — എന്നാല്‍ ഞാന്‍ അവനെ തുറിച്ചുനോക്കി. അവന്റെ കണ്ണുകള്‍ താഴ്ത്തും.]