close
Sayahna Sayahna
Search

സാഹിത്യവാരഫലം 1994 05 29


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1994 05 29
ലക്കം 976
മുൻലക്കം 1994 05 22
പിൻലക്കം 1994 06 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ഇന്നത്തെ നിരൂപണത്തില്‍ എന്തു കാണുന്നു?”

“കഴിവുള്ളവരെ ഇടിച്ചുതാഴ്ത്തുന്നു. കഴിവില്ലാത്തവരെ പൊക്കുന്നു.”

ബ്രസീലിലെ കവിയും നോവലെഴുത്തുകാരനുമായ ആങ്ന്‍ദ്രേദയുടെ (Mario de Andra, 1893–1945) “മാക്കുനൈമ” (Macunaima) എന്ന നോവലിലാണ് മാജിക്കല്‍ റീയലിസം ആരംഭിക്കുന്നത്. ‘A major literary event’ എന്നു ഇപ്പോഴത്തെ നിരൂപകരും വിശേഷിപ്പിക്കുന്ന ഈ നോവലാണ് മാര്‍കേസിന്റെ മാജിക് റിയലിസത്തിന്റെ പ്രഭവകേന്ദ്രമെന്നും അവര്‍ പറയുന്നു.

വടക്കന്‍ ബ്രസീലിന്റെ വിദൂരമായ ഒരു കോണില്‍, ഒരുകന്നിക്കാട്ടില്‍ അഗാധതയാര്‍ന്ന നിശ്ശബ്ദത വീണപ്പോള്‍ യുറ്റിക്ക്വേറ[1] നദിയുടെ കോലാഹലങ്ങള്‍ കേള്‍ക്കുന്ന വേളയില്‍ ഒരു ഇന്ത്യന്‍ സ്ത്രീ[2] രാത്രിയുടെ ഭയാനകതയില്‍ വിരൂപനായ ഒരാണ്‍കുഞ്ഞിനു ജനനമരുളി. കറുത്ത നിറമാര്‍ന്ന അവന് അവര്‍ മാക്കുനൈമ എന്ന പേരിട്ടു. അവന്‍ പിന്നീട് ജനനേതാവായി. ജനിച്ചുകഴിഞ്ഞ് ആറു വര്‍ഷങ്ങളോളം അവന്‍ മിണ്ടിയതേയില്ല. ആരെങ്കിലും സംസാരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവന്‍ “Aw! what a…life!” എന്നു മാത്രം പറയും. (വരയിട്ട ഭാഗത്ത് ഇംഗ്ളീഷിലെ കുപ്രസിദ്ധമായ ആ നാലക്ഷരമുള്ള വാക്കില്‍ ing ചേര്‍ന്ന രൂപമാണുള്ളത് — ലേഖകന്‍.) ഈ മാക്കുനൈമയുടെ വീരസാഹസികകര്‍മ്മങ്ങളാണ് പതിനേഴ് അദ്ധ്യായങ്ങളിലൂടെ ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. ഓരോ അദ്ധ്യായത്തിലും ഓരോ വീരകര്‍മ്മമോ സാഹസിക്യമോ ആണുള്ളത്. അതിനാല്‍ ഇതിവൃത്ത സംഗ്രഹം സാദ്ധ്യമല്ല. പ്രവര്‍ത്തനത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ഒരെണ്ണം സംക്ഷേപിച്ചെഴുതാം. മാക്കുനൈമയ്ക്ക് ആറു വയസ്സു തികഞ്ഞപ്പോള്‍ ഒരു ‘കൗബെല്ലില്‍’ നിറച്ച വെള്ളം അവര്‍ അവനെ കുടിപ്പിച്ചു (കൗബെല്‍ പശുവിന്റെ കഴുത്തില്‍ കെട്ടുന്ന മണിയാകാം, ഒരു പുഷ്പവുമാകാം — ലേഖകന്‍). അതോടെ അവന്‍ സംസാരിക്കാന്‍ തുടങ്ങി. ഒരുദിവസം ആ ആറുവയസ്സുകാരന്‍ സഹോദരന്റെ ഭാര്യയുമായി നടത്തത്തിനു പോയി. കുറ്റിക്കാട്ടിലെ പച്ചിലച്ചാര്‍ത്തില്‍ തൊട്ടയുടനെ മാക്കുനൈമ രാജകുമാരനായി മാറി. അവര്‍ ശാരീരികവേഴ്ചയിലേര്‍പ്പെട്ടു. ഒരുതവണയല്ല, മൂന്നുതവണ. ഓരോ തവണയും കാട്ടിനകത്തേക്കു ചെന്ന് അവര്‍ ലൈംഗികോത്തേജനം നോടും. തിരിച്ചു കുഞ്ഞായി മാക്കുനൈമ വീട്ടിലേക്കു പോരും. ഈ പ്രക്രിയ ആവര്‍ത്തിച്ചപ്പോള്‍ സഹോദരന്‍ സംശയഗ്രസ്തനായി അവരറിയാതെ പിറകേ പോകുകയും കാര്യമെന്തെന്നു ഗ്രഹിക്കുകയും ചെയ്തു. അതോടെ അയാള്‍ ഭാര്യയെ ഉപേക്ഷിച്ചു; മറ്റൊരുത്തിയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു.

ഇതൊക്കെ ബ്രസീലിലെ കെട്ടുകഥകളാണ്. അത്തരം കഥകളെ അതേ രീതിയില്‍ സ്വീകരിച്ചും ചിലതിനു മാറ്റം വരുത്തിയും ആങ്ന്‍ദ്രേദ നോവലെഴുതുന്നത് എന്തിനാണ്? മാക്കുനൈമ ഓരോ അധ്യായത്തിലും രൂപം മാറുന്നതുപോലെ തന്റെ രാജ്യവും രൂപം മാറിക്കൊണ്ടിരിക്കുന്നുവെന്നു ധ്വനിപ്പിക്കുകയാണ് ആങ്ന്‍ദ്രേദ. നോവലിലെ പ്രധാന കഥാപാത്രത്തിന് ഐഡന്റിറ്റി — അനന്യത — ഇല്ല. ബ്രസീലിനുമതില്ല. അതു ഉണ്ടാകേണ്ട ആവശ്യകതയെയാണ് നോവലിസ്റ്റ് ഊന്നിപ്പറയുക.

ജീവിതത്തിന്റെ വേദനകളില്‍നിന്നു രക്ഷപ്രാപിക്കാന്‍ ഭഗവദ് ഗീത പതിവായി വായിച്ചാല്‍ മതിയെന്ന് ശ്രീരാമ കൃഷ്ണാശ്രമത്തിലെ ഒരു സ്വാമിജി എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് ഞാന്‍ ഗീത പലതവണ വായിച്ചു. ധിഷണയ്ക്ക് അതു സംതൃപ്തി നല്കുമെന്നല്ലാതെ ഹൃദയത്തെ സ്പര്‍ശിക്കില്ല.

വേറൊരു സംഭവം കൂടി. മാക്കുനൈമയ്ക്കു വല്ലാത്ത വിശപ്പ്. അയാള്‍ അമ്മയോടു ചോദിച്ചു: ‘അമ്മേ നദിയുടെ അക്കരെ ഉയര്‍ന്ന സ്ഥലത്ത് ഈ വീടെടുത്തു മാറ്റിയാലെന്ത്? ഒരു നിമിഷത്തേക്ക് അമ്മ കണ്ണടയ്ക്കു.’ അവര്‍ കണ്ണടച്ചു. ഇച്ഛാശക്തി പ്രവര്‍ത്തിപ്പിച്ച് മാക്കുനൈമ ആ മേഞ്ഞ കൂടില്‍ അതിലെ എല്ലാ വസ്തുക്കളോടും കൂടി മറുകരയിലേക്കാക്കി. വൃദ്ധ കണ്ണുതുറന്നപ്പോള്‍ അവിടെ എല്ലാമുണ്ട്. മീന്‍, പഴങ്ങള്‍, വാഴക്കായ് അങ്ങനെ എല്ലാം. വൃദ്ധ മാക്കുനൈമയുടെ സഹോദരന്മാര്‍ക്കുവേണ്ടി വാഴക്കായ് മുറിച്ചെടുക്കാന്‍ പോയി. മകന്‍ അമ്മയോടു വീണ്ടും ചോദിച്ചു: “അമ്മേ വെള്ളപ്പൊക്കമുള്ള മറുകരയിലേക്കു ഈ കൂടില്‍ തിരിച്ചുകൊണ്ടു ചെന്നാലോ?” മകന്‍ ആവശ്യപ്പെട്ടതനുസരിച്ച് അമ്മ കണ്ണടച്ചു. അയാള്‍ ഇച്ഛാശക്തികൊണ്ടു കുടിൽ പഴയ സ്ഥലത്തേക്കു മാറ്റി. വിശപ്പുകൊണ്ട് അയാളുടെ സഹോദരന്മാരും ഒരു സഹോദരന്റെ ഭാര്യയും കരഞ്ഞു. ഇവിടെയും തന്റെ രാജ്യത്തിനു കൂടക്കൂടെ വരുന്ന സമ്പന്നതയും ദാരിദ്ര്യവും വ്യഞ്ജിപ്പിക്കുകയാണു നോവലിസ്റ്റ്. ഒടുവില്‍ മാക്കുനൈമ സപ്തര്‍ഷി മണ്ഡലത്തിലെത്തിച്ചേരുമ്പോള്‍ അന്യാദൃശമായ ഈ നോവല്‍ അവസാനിക്കുന്നു.

മാക്കുനൈമ ബ്രസീലിന്റെ ചൈതന്യമാണ്. അതിന്റെ മനസ്സാക്ഷിപോലും മാറ്റിവയ്ക്കപ്പെട്ടുവെന്നാണ് നോവലിസ്റ്റിന്റെ അഭിപ്രായം. ഒരുദിവസം കാലത്ത് മാക്കുനൈമ ഒരു ദ്വീപിലേക്കുപോയി മുപ്പതടിപ്പൊക്കമുള്ള കള്ളിച്ചെടിയുടെ അഗ്രഭാഗത്ത് തന്റെ മനസ്സാക്ഷി അടര്‍ത്തിയെടുത്തു വച്ചു. മനസ്സാക്ഷികൂടെയുണ്ടെങ്കില്‍ യാത്രചെയ്യാന്‍ പ്രയാസം. അത്ര ഉയരത്തില്‍ വച്ചില്ലെങ്കില്‍ എറുമ്പുകള്‍ മനസ്സാക്ഷിയെ തിന്നുകളയും. അങ്ങനെ മനസ്സാക്ഷിയെ ഒളിച്ചു വച്ചിട്ടു തിരികെ വന്ന മാക്കുനൈമ സഹോദരന്മാരോടുകൂടി യാത്രയാരംഭിച്ചു. കാലംകഴിഞ്ഞ് അതു തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ അതവിടെ ഉണ്ടായിരുന്നുവെന്നാണോ വിചാരം? ഇല്ല. അതുകൊണ്ട് ഒരു സ്പാനിഷ് അമേരിക്കന്റെ മനസ്സാക്ഷി പിടിച്ചെടുത്തു തലയ്ക്കകത്തുവച്ചുകൊണ്ട് അയാള്‍ നടന്നു. ബ്രസീലിന്റെ മനസ്സാക്ഷിപോലും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് എന്തൊരു പരിഹാസത്തോടെയാണ് നോവലിസ്റ്റ് പറയുന്നത്!

ഇതിലെ കെട്ടുകഥകളും അവയോടു ചേര്‍ന്നുവരുന്ന റീയലിസ്റ്റിക് കഥകളും നമ്മുടെ — കേരളീയരുടെ — അനുഭവമണ്ഡലത്തിലെ ഭാഗമായിത്തീര്‍ന്നില്ലെന്നു വരാം. എന്നാല്‍ ഈ നോവലിന്റെ കലാഭംഗി ആര്‍ക്കും കാണാതിരിക്കാനും ആസ്വദിക്കാതിരിക്കാനും വയ്യ. കെട്ടുകഥയെയും റീയലിസത്തെയും കൂട്ടിയിണക്കി മാജിക്കല്‍ റീയലിസം സൃഷ്ടിച്ച ആദ്യത്തെ നോവലിസ്റ്റാണ് ആങ്ന്‍ദ്രേദ. മാജിക്കല്‍ റീയലിസത്തെക്കുറിച്ചുള്ള ഏതു പഠനവും ഈ നോവലിലാണ് ആരംഭിക്കേണ്ടത്.

ചോദ്യം, ഉത്തരം

Symbol question.svg.png “നിങ്ങളുടെ പുസ്തകങ്ങള്‍ക്കു നല്ല ചെലവുണ്ടോ?”

“പുസ്തകങ്ങള്‍ വിറ്റുപോകുന്നോ എന്നാണോ നിങ്ങള്‍ ചോദിക്കുന്നത്? ഞാന്‍തന്നെ പലപ്പോഴും എന്റെ പുസ്തകങ്ങള്‍ വിലകൊടുത്തു വാങ്ങുന്നതുകൊണ്ട് ‘ചെലവു’ണ്ടാകണം. ഈ സന്ദര്‍ഭത്തില്‍ പ്രശസ്തനായ പദ്മരാജന്‍ പറഞ്ഞ ഒരു സംഭവമാണ് ഓര്‍മ്മ വരുന്നത്. കൂര്യാക്കോസ് എന്നൊരാള്‍ ഒരു പുസ്തകമെഴുതി അച്ചടിപ്പിച്ച് പുസ്തകക്കടയില്‍ കൊടുത്തു. വിറ്റുപോകുന്നില്ലെന്നു കണ്ട് പുസ്തകക്കടയുടെ അടുത്തുള്ള ജങ്ഷനില്‍ അയാള്‍ വന്നുനില്ക്കുമായിരുന്നു. അതിലേ പോകുന്ന ഓരോ ആളിനെയും വിളിച്ച് ഇരുപതു രൂപ കൊടുത്തിട്ട് ‘അതാ ആ കടയില്‍ കുര്യാക്കോസ് എഴുതിയ ഹൃദയസ്മിതം എന്ന പുസ്തകമുണ്ട്. ഈ രൂപകൊടുത്തു അതു വാങ്ങിക്കൊണ്ടുപോയി വായിക്കു എന്നു പറയും. ഏതാനും ദിവസംകൊണ്ടു പുസ്തകത്തിന്റെ എല്ലാ കോപ്പികളും വിറ്റുപോയി. ഞാന്‍ കുര്യാക്കോസിന്റെ ലവലില്‍ ഇതുവരെ എത്തിയില്ല.”

Symbol question.svg.png “എന്‍. കൃഷ്ണപിള്ളയും ഡോക്ടര്‍ കെ. ഭാസ്കരന്‍നായരും എഴുതിയ വിമര്‍ശനങ്ങളെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?”

“ദൗര്‍ഭാഗ്യത്താല്‍ അവര്‍ ഇന്നില്ല. ഉണ്ടായിരുന്നെങ്കില്‍’ രണ്ടുപേരോടും Stop exaggerating എന്നു പറയുമായിരുന്നു.”

Symbol question.svg.png “ഇന്നത്തെ നിരൂപണത്തില്‍ എന്തു കാണുന്നു?”

“കഴിവുള്ളവരെ ഇടിച്ചുതാഴ്ത്തുന്നു. കഴിവില്ലാത്തവരെ പൊക്കുന്നു.”

Symbol question.svg.png “നിഷ്കളങ്കയായ സ്ത്രീയുണ്ടോ?”

“ഉണ്ടല്ലോ. ജനിച്ച നാള്‍തൊട്ടു ഇരുപത്തിയേഴു ദിവസവും പെണ്‍കുഞ്ഞ് നിഷ്കളങ്ക. ഇരുപത്തെട്ടു കെട്ടിക്കഴിഞ്ഞാല്‍ നിഷ്കളങ്കയല്ല.”

Symbol question.svg.png “മരിച്ചുപോയ സാഹിത്യകാരന്മാരെ കുറ്റം പറയുന്ന നിങ്ങളെ ആരോടാണ് ഉപമിക്കേണ്ടത്?”

“ചത്ത പാമ്പിനെ വടികൊണ്ടു തല്ലുന്ന ഭീരുവിനോട്.”

Symbol question.svg.png “അര്‍ദ്ധരാത്രി കഴിഞ്ഞ് റോഡില്‍ ആരുമില്ലാത്ത സമയത്ത് സര്‍. ടി. മാധവറാവുവിന്റെ പ്രതിമ കണ്ടാല്‍ നിങ്ങള്‍ക്ക് എന്തുതോന്നും?”

“ഇന്നത്തെ ഹജൂര്‍ കച്ചേരിയില്‍ നടക്കുന്ന സംഭവങ്ങളെ മാധവറാവു ദേഷ്യത്തോടെ നോക്കുന്നുവെന്ന് ഞാന്‍ പറയും. എന്റെ അഭിവന്ദ്യ സുഹൃത്ത് ശ്രീ. കെ.പി. അപ്പന്‍ കണ്ടാല്‍ ‘പാവം എക്സിസ്റ്റെന്‍ഷ്യല്‍ ഔട്ട്സൈഡര്‍’ എന്നു ഉറക്കെപ്പറയും.”

Symbol question.svg.png “നിങ്ങള്‍ക്കു പരിചയമുള്ളവരുടെ കഥകളെയും കവിതകളെയും വിമര്‍ശിക്കുമ്പോള്‍ നിങ്ങളെന്തിനാണ് പരുങ്ങുന്നത്?”

“ചെളിയുള്ള വയലില്‍ കാല് മുട്ടുവരെ താഴ്ന്നുപോയാല്‍ അതു പെട്ടെന്നു വലിച്ചെടുക്കാന്‍ പറ്റുമോ?”

ഇ.വി. ശ്രീധരന്‍

കെട്ടുകഥയെയും റീയലിസത്തെയും കൂട്ടിയിണക്കി മാജിക്കല്‍ റീയലിസം സൃഷ്ടിച്ച ആദ്യത്തെ നോവലിസ്റ്റാണ് ആങ്ന്‍ദ്രേദ. മാജിക്കല്‍ റീയലിസത്തെക്കുറിച്ചുള്ള ഏതു പഠനവും ഈ നോവലിലാണ് ആരംഭിക്കേണ്ടത്.

ഇരുപതാം ശതാബ്ദത്തിലെ മഹനീയമായ സെക്ഷ്വല്‍ നോവല്‍ എന്ന് എല്ലാവരും വാഴ്ത്തുന്ന ബതായിയുടെ (Bataille) The Story of the Eye എന്നതിനെക്കുറിച്ച് റൊളാങ് ബാര്‍ത് എഴുതിയ നിരൂപണം പ്രൗഢമാണ്. ഒരു വസ്തുവിന്റെ — കണ്ണിന്റെ — വിവിധങ്ങളായ “അവതാരങ്ങ”ളാണ് നോവലില്‍ കാണുക. മൗലികവസ്തുവില്‍നിന്ന് — കണ്ണില്‍നിന്ന് — അത് അകന്നുനില്ക്കുന്നു. എന്നാല്‍ രൂപപരിവര്‍ത്തനം വരുന്നതുകൊണ്ട് മൗലികവസ്തുവിനോടുള്ള ബന്ധംവിട്ടു പോകുന്നുമില്ല. അങ്ങനെ പല ‘അവതാരങ്ങ’ളിലൂടെ യാഥാതഥ്യത്തെ സംവിധാനം ചെയ്യുന്നു ബതായി എന്നാണു ബാര്‍തിന്റെ അഭിപ്രായം.

കണ്ണിന്റെ ഈ പ്രാധാന്യത്തെ എല്ലാ പ്രതിഭാശാലികളും എടുത്തുകാണിച്ചിട്ടുണ്ട്. കുമാരനാശാന്റെ ‘കരുണ’ നോക്കുക. സ്ഥടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെയാണ് വാസവദത്തയുടെ കണ്ണുകള്‍. ഉപഗുപ്തനുമായി വേഴ്ച നേടുന്നതിനെക്കാള്‍ ആ മധുരാകൃതിയെ നോക്കി ലയിക്കുന്നതിലും അങ്ങനെ കണ്ണുകള്‍ക്ക് സുഖമരുളുന്നതിലുമാണ് അവള്‍ക്കു താല്‍പര്യം. ചുടലപ്പറമ്പില്‍ ക്ഷതാംഗയായി കിടക്കുന്ന അവളുടെ മയ്യഴിഞ്ഞ നേത്രയുഗ്മം നമ്മള്‍ കാണുന്നു. കടക്കണ്ണിന്‍ പണി ഫലിച്ചില്ലെന്നു പിന്നീട് കവി പറയുന്നു. ഉപഗുപ്തന്‍ എത്തിയപ്പോഴും അയാളുടെ കാന്തിയാണ് അവളുടെ കണ്ണുകളില്‍ വീണത്. ക്ഷീണതയാല്‍ മങ്ങിയ ആ വാര്‍മിഴികള്‍ ഉപഗുപ്തന്‍ ശ്രദ്ധിക്കുന്നു.

ഒടുവിലോ? ‘അര്‍ദ്ധനിമീലിതങ്ങളായുപരി പൊങ്ങിമിഴികളുര്‍ദ്ധ്വ ലോക ദിദൃക്ഷയാലെന്നപോലെ താന്‍’ കുമാരനാശാന്റെ ‘കരുണ’ എന്ന കൃതിയില്‍ കരുണയ്ക്ക് എത്ര പ്രാധാന്യമുണ്ടോ അത്രയും പ്രാധാന്യമുണ്ട് കണ്ണിനും.

വലിയ ചിന്തകനായ ഫൂക്കോ (Foucault) ആത്മാവ് എന്നത് മതത്തെസ്സംബന്ധിച്ച ഒരു വ്യാമോഹമാണെന്നു പറഞ്ഞിട്ടുണ്ട്. ആത്മാവ് ശരീരത്തിന്റെ തടവറ മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. (ഫൂക്കോയുടെ Discipline and Punish എന്ന ഗ്രന്ഥം നോക്കുക — പുറം 29, 30) ബതായിയിലേക്കു തിരിച്ചുവരാം. The eye, at the summit of the skull… opens and blinds itself like a conflagration എന്ന് അദ്ദേഹം പറയുന്നു.

കാണാന്‍ കൊള്ളാവുന്ന ഒരു സ്ത്രീ വന്നാല്‍ അവളാരെന്ന് അറിയാന്‍ ഒന്നു നോക്കുന്നതില്‍ തെറ്റില്ല. അവിടെ ജിജ്ഞാസയേയുള്ളു. ആ വെറുംനോട്ടം തുളച്ചുകയറുന്ന നോട്ടമാകുമ്പോള്‍ സെക്സിന്റെ അതിപ്രസരമാണുണ്ടാവുക. അതിനാലാണു തുറിച്ചുനോക്കുന്നവനെ ആഭാസനെന്ന് അയാളെ ഇഷ്ടപ്പെടാത്ത സ്ത്രീകള്‍ വിളിക്കുന്നത്. അമ്മട്ടില്‍ നോക്കുമ്പോള്‍ നോക്കുന്നവനു കാമവികാരവും നോട്ടമേല്ക്കുന്ന സ്ത്രീക്ക് അസ്വസ്ഥതയും ഉളവാകും. കണ്ണുകള്‍ക്ക് എന്തൊരു ശക്തിയാണ്! നല്ലപോലെ ശരീരം ആച്ഛാദനം ചെയ്ത സ്ത്രീയെ തുറിച്ചുനോട്ടം കൊണ്ട് അനാവരണം ചെയ്യുന്ന ഒരുത്തനെക്കുറിച്ചു മോപസാങ് ഏതോ കഥയില്‍ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ.

Gurdjieff എന്ന റഷന്‍ മാന്ത്രികന്റെ (Occultist എന്ന അര്‍ത്ഥത്തില്‍) ആ പേര് ഉച്ചരിക്കേണ്ടത് എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ട് ഇംഗ്ളീഷില്‍ത്തന്നെ അതെഴുതട്ടെ. അദ്ദേഹം ഏതോ ഭക്ഷണശാലയില്‍ ഇരുന്നപ്പോള്‍ ഒരു സ്ത്രീക്ക് വല്ലാത്ത വൈഷയിക ക്ഷോഭമുണ്ടായി. ആരോ തന്റെ ലൈംഗിക കേന്ദ്രത്തെ പിളര്‍ക്കുന്നു എന്ന തോന്നല്‍ തിരിഞ്ഞുനോക്കിയപ്പോള്‍ Gurdjieff തന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നത് അവള്‍ കണ്ടു. (കോളിന്‍ വില്‍സന്റെ ഒരു പുസ്തകം വായിച്ച ഓര്‍മ്മയില്‍നിന്ന്.) ആരും വായിച്ചിരിക്കേണ്ട Rom Landau-ന്റെ God is my Adventure എന്ന പുസ്തകത്തിലും ആ റഷന്‍ മാന്ത്രികന്റെ ഇത്തരം ആഭാസപ്രവൃത്തികള്‍ വര്‍ണ്ണിച്ചിട്ടുണ്ടെന്നും ഓര്‍മ്മ പറയുന്നു.

ഇംഗ്ളീഷില്‍ Ocular penetration എന്നു പറയുന്ന കണ്ണുകൊണ്ടുള്ള ഈ തുളച്ചുകയറ്റം നടത്തിക്കൊണ്ട് ഒരു മധ്യവയസ്കന്‍ ബസ്സ്റ്റാന്‍ഡില്‍ നില്ക്കുന്നതായി ശ്രീ. ഇ.വി. ശ്രീധരന്റെ ‘ജീവിതഗന്ധി’ എന്ന ചെറുകഥയില്‍ കാണുന്നു (കലാകൗമുദി). അയാള്‍ കണ്ണുകൊണ്ടു തുളച്ചുകയറ്റം നടത്തുന്നത് ആകര്‍ഷകത്വമുള്ള ഒരു പെണ്ണിലാണ്. അഭിലാഷം തോന്നിയ വസ്തുവിലോ വ്യക്തിയിലോ ചെന്നുതറയ്ക്കുന്ന നോട്ടത്തിന്റെ അര്‍ത്ഥം അടുത്തുനില്ക്കുന്ന ഏതൊരുവനും മനസ്സിലാകും. തുളച്ചുകയറ്റം നടത്തുന്നവനെ പറ്റിക്കാന്‍ എളുപ്പമുണ്ട്. അയാളില്‍നിന്ന് അഞ്ഞൂറുരൂപ കൈക്കലാക്കിക്കൊണ്ട്’ രതോപകാരിയായി (pimp) ഭാവിച്ചവന്‍ മറഞ്ഞു കളയുന്നു. സര്‍വസാധാരണമായ വിഷയത്തിന് കഥാകാരന്‍ നൂതനരൂപം നല്കിയിരിക്കുന്നു. സമുദായത്തിലെ ഒരു ജീര്‍ണ്ണതയെ പരിഹസിക്കുകയും ചെയ്യുന്നു അദ്ദേഹം. ഈ നൂതനരൂപമാണ് കഥയുടെ സര്‍വസാധാരണത്വത്തില്‍നിന്ന് അതിനെ രക്ഷിക്കുന്നത്.

മേനകാ ഗാന്ധിയുടെ ചെറുകഥ

മേനകാഗാന്ധി ബുദ്ധിശാലിനിയാണെന്നു പലരും പറഞ്ഞ് ഞാന്‍ ഗ്രഹിച്ചിട്ടുണ്ട്. പ്രയോജനപ്രദങ്ങളായ അവരുടെ രണ്ടു ഗ്രന്ഥങ്ങള്‍ — Book of Hindu Names, The complete Book of Muslim and Parsi Names — എന്റെ കൈയിലുണ്ട്. ആദ്യം പറഞ്ഞ പുസ്തകത്തില്‍നിന്ന് ഒരുദാഹരണം: Pururavas (S) (M) 1. crying loudly. 2. Overtly praised. 3. a famouts King of the lunar race who was the son of Buddha and Ila and the husband of the apsara Urvasi, he was the father of Ayus and the ancestor of Puru, Dusyanta, Bharata, Kuru, Dhrtarastra and Pandu. ഇനി രണ്ടാമത്തെ പുസ്തകത്തില്‍ നിന്ന്: Jahangir: (P) holder of the world. 2. Woman’s bracelet. 3. Mughal emperor (AD 1605–AD 1627), elderst son of Akbar who was also called Salim and Shaikhu Baba…

ബുദ്ധിശാലിനിയായതുകൊണ്ട് അവരെ ആര്‍ക്കും കളിപ്പിക്കാനൊക്കുകയില്ലെന്ന് അവരോടൊത്തു പ്രവര്‍ത്തിച്ച ഒരു സ്ത്രീ എന്നോടു പറയുകയുണ്ടായി. വനമഹോത്സവത്തിന്റെ പ്രാരംഭ പരിപാടിയായി ചെടിനടുന്ന ഏര്‍പ്പാടിന് ശ്രീമതിയെ ക്ഷണിച്ചുവത്രേ. പണ്ടെങ്ങോ ഉണ്ടായിരുന്ന കുഴിയില്‍ ചപ്പും ചവറും നിറഞ്ഞു കിടക്കുന്നു. ആ കുഴിയുടെ അടുത്തേക്ക് മേനക ചെടി കൈയില്‍വച്ചുകൊണ്ടു നടന്നു. വൃത്തികെട്ട കുഴി കണ്ടയുടനെ അവര്‍ക്കു ദേഷ്യം വന്നു. പ്രവര്‍ത്തകന്‍ തന്നെ ഒരു കളിപ്പാവയാക്കുകയാണെന്നു മനസ്സിലാക്കിയ അവര്‍ Are you insulting me എന്നു കോപത്തോടെ ചോദിച്ചുകൊണ്ടു കൈയിലിരുന്ന ചെടി ദൂരെയെറിഞ്ഞു. തിരിഞ്ഞു ഒരു നടത്തംവച്ചുകൊടുക്കുകയും ചെയ്തു.

“നിഷ്കളങ്കയായ സ്ത്രീയുണ്ടോ?”

“ഉണ്ടല്ലോ. ജനിച്ചനാള്‍തൊട്ട് ഇരുപത്തിയേഴു ദിവസവും പെണ്‍കുഞ്ഞ് നിഷ്കളങ്ക. ഇരുപത്തെട്ടു കെട്ടിക്കഴിഞ്ഞാല്‍ നിഷ്കളങ്കയല്ല.”

മേനകാഗാന്ധി കഥകളെഴുതാന്‍ വിദഗ്ദ്ധയാണെന്ന് ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. കര്‍പ്പൂരം വാരികയില്‍ അവരുടെ ഒരു കഥ — ചുംബനം — തര്‍ജ്ജമചെയ്തു ചേര്‍ത്തിട്ടുണ്ട്. ചുംബനം വ്യക്തിയായി രൂപാന്തരപ്പെട്ട് ചെന്നണയാന്‍ സങ്കേതമനോഷിച്ചു നടക്കുകയാണ്. ഭര്‍ത്താവ് പ്രാതല്‍കഴിഞ്ഞ് ഓഫീസിലേക്കു പോകാന്‍ ഭാവിക്കുമ്പോള്‍ ഭാര്യ വരുന്നു. രണ്ടുപേരും സൗന്ദര്യമുള്ളവര്‍. ഇതുതന്നെ പറ്റിയ സ്ഥലമെന്നു വിചാരിച്ചു ചുംബനം സ്ത്രീയുടെ ചുണ്ടിലെത്തി. പക്ഷേ പിന്‍തിരിയേണ്ടി വന്നു അതിന്. സ്ത്രീ പല്ലുതേച്ചിട്ടില്ല. അയാളുടെ ചുണ്ടില്‍ മുട്ടയുടെ നാറ്റവും, ഇങ്ങനെ പല സംഭവങ്ങള്‍ ആവിഷ്കരിച്ചു ചുംബനമെന്ന പ്രക്രിയയുടെ ഗര്‍ഹണീയത സ്പഷ്ടമാക്കിത്തരുന്നു മേനകാഗാന്ധി. ആശയപ്രധാനമായ കഥ. എന്നാല്‍ ബിംബങ്ങളിലൂടെ ആ ആശയത്തിന് ചാരുത വരുത്തിയിരിക്കുന്നു ശ്രീമതി.

ചുംബനം ഏറ്റവും വൃത്തികെട്ട പ്രക്രിയയാണെന്ന് ഈ ലേഖകന്‍ ഈ പംക്തിയില്‍ത്തന്നെ മുന്‍പ് എഴുതിയിട്ടുണ്ട്. ഗന്തറുടെ Inside Russia എന്ന പുസ്തകം നാല്പതു കൊല്ലം മുന്‍പ് വായിച്ചിട്ടുണ്ട് ഞാന്‍. ചുംബനത്തിന് a caress with the lips എന്ന് Oxford Dictionary-യില്‍ അര്‍ത്ഥം നല്കിയിട്ടുണ്ടെന്നു പറഞ്ഞിട്ട് റഷയുടെ ഭൗതികസ്വഭാവം കാണിക്കാന്‍ അവിടത്തെ മെഡിക്കല്‍ വിശ്വവിജ്ഞാനകോശത്തില്‍ അതിനു നല്കിയിട്ടുള്ള വിവരണം ഗന്തര്‍ തന്റെ ഗ്രന്ഥത്തില്‍ പകര്‍ത്തിയിട്ടുണ്ട്. The conjunction of two organs used for the intake of food into the body എന്നാണത്രേ അര്‍ത്ഥപ്രദര്‍ശനം. എന്റെ വാര്‍ദ്ധകസ്മൃതിക്കു തെറ്റുപറ്റിയിട്ടില്ലെന്നാണ് വിശ്വാസം. ഞാനാണ് ചുംബനത്തിനു വിവരണം നല്കുന്നതെങ്കില്‍ അതിങ്ങനെയാവും: പുരുഷന്റെ തുപ്പല്‍ രോഗാണുക്കളോടുകൂടി സ്ത്രീയുടെ വായിലേക്കും സ്ത്രീയുടെ തുപ്പല്‍ രോഗാണുക്കളോടുകൂടി പുരുഷന്റെ വായിലേക്കും പകരാനുള്ള പ്രക്രിയ.

‘ചുംബന’മെന്ന കഥയെഴുതിയ മേനകാഗാന്ധിയെയും അത് തര്‍ജ്ജമചെയ്ത ശ്രീ. ടോമി ഈപ്പനെയും ഞാന്‍ സവിനയം അഭിനന്ദിക്കുന്നു. മേനകയ്ക്കു മേനകാഗാന്ധിയുടെ Book of Hindu Names എന്ന പുസ്തകത്തില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് ഇങ്ങനെ: Menaka (S) (F) one who is born of the mind, one who knows, one who is skilled in the arts… കലകളില്‍ വൈദഗ്ദ്ധ്യമുള്ളവളും അറിവുള്ളവളുമാണ് മേനക. മേനകാഗാന്ധിയുടെ പേര് അന്വര്‍ത്ഥംതന്നെ.

ഇപ്പോള്‍ തോന്നുന്നത്

  1. ഇതെഴുതുന്നയാള്‍ പണ്ട് ഒരു കഥാകാരന്റെ ഒരു നോവല്‍ നല്ലതല്ലെന്ന് കെ. ബാലകൃഷ്ണന്റെ ‘കൗമുദി’ വാരികയിലെഴുതി. അത് ഒരാള്‍ നോവലിസ്റ്റിനോടു പറഞ്ഞപ്പോള്‍ സായ്പിന്റെ ഭാഷയില്‍ വലിയ വശമില്ലെങ്കിലും വല്ലഭനു പുല്ലുമായുധം എന്നു സ്വയം വിശ്വസിച്ചിരുന്ന അദ്ദേഹം ഉദ്ഘോഷിച്ചു: “ഇവന്മാരെയൊക്കെ ഇഗ്നോര്‍ ചെയ്യുകയാണ് വേണ്ടത്. ഇഗ്നോര്‍ ചെയ്യുകയെന്നു പറഞ്ഞാല്‍ കംപ്ളീറ്റ് ഇഗ്നറന്‍സ്.
  2. ജീവിതത്തിന്റെ വേദനകളില്‍നിന്നു രക്ഷപ്രാപിക്കാന്‍ ഭഗവദ്ഗീത പതിവായി വായിച്ചാല്‍ മതിയെന്ന് ശ്രീരാമകൃഷ്ണാശ്രമത്തിലെ ഒരു സ്വാമിജി എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതനുസരിച്ച് ഞാന്‍ ഗീത പലതവണ വായിച്ചു. ധിഷണയ്ക്കു അതു സംതൃപ്തി നല്കുമെന്നല്ലാതെ ഹൃദയത്തെ സ്പര്‍ശിക്കില്ല. എന്നാല്‍ പെസ്വായുടെ (Pessoa, 1888–1935, Portuguese poet) The Book of Disquiet എന്ന ഗ്രന്ഥം വായിക്കുമ്പോള്‍ എന്റെ ജീവിതം സമ്പന്നമാകുന്നതുപോലെ തോന്നല്‍. പുകയിലക്കടയില്‍ ജോലി ചെയ്തിരുന്ന ഒരു പാവപ്പെട്ടവന്‍ ആത്മഹത്യ ചെയ്തുവെന്നറിഞ്ഞ് പെസ്വാ എഴുതുകയാണ്: “ഒരിക്കല്‍ ഞാന്‍ അയാളില്‍നിന്നു സിഗ്ററ്റ് വാങ്ങിച്ചപ്പോള്‍ എനിക്കുതോന്നി അയാള്‍ക്ക് അകാലത്തില്‍ കഷണ്ടിവരുമെന്ന്. പക്ഷേ കഷണ്ടിക്കാരനാവാന്‍ സമയം കിട്ടിയില്ല അയാള്‍ക്ക്… പൊടുന്നനെ എനിക്ക് ആ ശരീരത്തിന്റെ ദര്‍ശനമുണ്ടായി. ആ ശരീരംവച്ച ശവപ്പെട്ടിയുടെയും. ശവപ്പറമ്പിന്റെ ദര്‍ശനവും ഉളവായി… ഇന്ന് എന്നെപ്പോലെ മനുഷ്യനായ അയാള്‍ മരിച്ചു. വേറൊന്നുമില്ല.

    അതേ മറ്റുള്ളവന്‍ ജീവിക്കുന്നില്ല. എനിക്കാണ് ഈ സൂര്യാസ്തമയം നിശ്ചലമായിപ്പോയത്. അതിന്റെ വര്‍ണ്ണങ്ങള്‍ മേഘച്ഛന്നം. കടുപ്പമാര്‍ന്നവ. അസ്തമയത്തിനു താഴെ എന്നെസ്സംബന്ധിച്ചിടത്തോളം ആ മഹാനദി പ്രകമ്പനം കൊള്ളുന്നു; അതിന്റെ പ്രയാണം ഞാന്‍ കാണുന്നില്ലെങ്കിലും. എല്ലാവര്‍ക്കുമുള്ള ശവപ്പറമ്പിലാണോ അയാളെയും അടക്കിയത്? ഇന്നത്തെ അസ്തമയം അയാള്‍ക്കുള്ളതല്ല. എന്നാല്‍ അതിനെക്കുറിച്ച് വിചാരിക്കുമ്പോള്‍ അല്ലെങ്കില്‍ ഞാന്‍ ആവശ്യപ്പെടാതെതന്നെ എനിക്കും അസ്തമയം ഇല്ലാതെയായിത്തീര്‍ന്നിരിക്കുന്നു.”

അഭ്യര്‍ത്ഥന

നീച്ചേക്കുശേഷം യൂറോപ്പ് കണ്ട തത്ത്വചിന്തകരില്‍ അദ്വിതീയന്‍ എന്നു കമ്യൂ വാഴ്ത്തിയ ഒര്‍ട്ടേഗ ഇ ഗാസറ്റ് The Dehumanization of Art and Other Essays എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. അതില്‍ ദസ്തെയെവ്സ്കിയെയും പ്രൂസ്തിനെയും താരതമ്യപ്പെടുത്തുന്ന ഒരുജ്ജ്വല പ്രബന്ധമുണ്ട്. ദസ്തെയെവ്സ്കി ഒരു കഥാപാത്രത്തിന്റെ ജീവിതത്തെക്കുറിച്ചു ചിലതെല്ലാം പറഞ്ഞ അയാളെ നമ്മുടെ മുന്‍പില്‍ കൊണ്ടു വരുന്നു. നമുക്ക് അയാളെ മനസ്സിലായില്ലെന്ന് അതോടെ ഒരു തോന്നല്‍. പക്ഷേ ആ കഥാപാത്രം സംസാരിച്ചു തുടങ്ങുമ്പോള്‍, പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ നമ്മള്‍ അമ്പരക്കുന്നു. ആദ്യം നമ്മള്‍ പരിചയപ്പെട്ട ആളല്ല ആ സംഭാഷണത്തിലൂടെയും പ്രവൃത്തികളിലൂടെയും നമ്മള്‍ കാണുക. ഈ രണ്ടിനും പൊരുത്തമില്ല. വായനക്കാരന്‍ അപ്പോള്‍ രണ്ടിനെയും സമ്മേളിപ്പിച്ച് ഒരു നൂതനചിത്രമുണ്ടാക്കുന്നു. നോവലിലായാലും ചെറുകഥയിലായാലും ഇതുണ്ടാവണം. ഉണ്ടാകുമ്പോൾ കഥാപാത്രങ്ങൾ നമ്മളിൽനിന്നു വിഭിന്നവ്യക്തിത്വമാർജ്ജിച്ചു നില്ക്കും. ഇതു സംഭവിച്ചില്ലെങ്കിൽ നോവലും കഥയും നമുക്കു താല്പര്യം ജനിപ്പിക്കില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി എഴുതിയ ‘നിലവിളിപോലെ’ എന്ന കഥയിൽ വ്യക്തിയുടെ ഒരു നൂതനചിത്രം ഉണ്ടോ എന്നു നോക്കാൻ ഞാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.


  1. Uraricoera — വടക്കൻ ബ്രസീലിലെ നദി.
  2. അമേരിക്കൻ ഇന്ത്യൻ സ്ത്രീയാണ്. ഭാരതവുമായി ബന്ധമില്ല.