close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 09 09


സാഹിത്യവാരഫലം
Mkn-09.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 09 09
ലക്കം 469
മുൻലക്കം 1984 09 02
പിൻലക്കം 1984 09 16
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക
റോളാങ് ബാര്‍തേസ്

‘ഉപരിതല സ്പര്‍ശിയായ’, ‘ബഹിര്‍ഭാഗസ്ഥനായ’ ഈ വിശേഷണങ്ങള്‍ പ്രയോഗിക്കുന്നതില്‍ സാഹിത്യനിരൂപകര്‍ തല്‍പരരാണ്. അഗാധതലസ്പര്‍ശിയായിരിക്കണം. സാഹിത്യമെന്നാണ് അവരുടെ വാദം. ഈ വാദത്തിന് എതിരായി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളവരും ഇല്ലാതില്ല. മഹാനായ ഫ്രഞ്ച് ചിന്തകനാണ് റോളാങ് ബാര്‍തേസ്. (1980–ല്‍ ഒരുദിവസം പാരീസിലെ ഒരു തെരുവു് കടക്കാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം വാനിടിച്ചു മരിച്ചു.) അദ്ദേഹം ഉപരിതലം അഗാധതയോളം പ്രാധാന്യമാര്‍ജ്ജിച്ചതാണെന്നു പറഞ്ഞിട്ടുണ്ട്. സത്യം പല തട്ടുകള്‍ കൊണ്ടു മൂടിയിരിക്കുന്നു, ഓരോ തട്ടും പൊളിച്ചു് അഗാധതയില്‍ എത്തുമ്പോള്‍ സത്യദര്‍ശനം ലഭിക്കുന്നു. അങ്ങനെ താഴെത്താഴെയുള്ള തലങ്ങള്‍ ഭേദിച്ചു് സത്യത്തില്‍ എത്തുന്നവനാണ് സാഹിത്യകാരന്‍ എന്ന് അരവിന്ദ് ഘോഷ് പ്രഖ്യാപിച്ചതിനു് എതിരാണ് ബര്‍തേസിന്റെ ഈ മതം. അനുഭവത്തിന്റെയോ വസ്തുതയുടെയോ അഗാധതലത്തില്‍ മാനുഷികാംശമില്ല, അതുകൊണ്ട് അഗാധതയില്‍ ചെന്നാലേ കലാസൃഷ്ടിക്ക് മഹത്ത്വം ഉണ്ടാകൂ എന്ന വിചാരം തെററാണെന്ന് ബാര്‍തേസ് പറയുന്നു. ഇതു് സ്ഥാപിക്കാനായി അദ്ദേഹം ഫ്രഞ്ച് നോവലിസ്റ്റ് റോബ് ഗ്രീയെയുടെ (Robbe Grillet) നോവലുകളെടുത്തുകാണിക്കുന്നു. “To establish the novel in the Surface” — ഉപരിതലത്തില്‍ നോവലിനെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു റോബ് ഗ്രീയേയുടെ ലക്ഷ്യമെന്ന് ബാര്‍തേസ് എഴുതുന്നു. ഈ ഫ്രഞ്ച് നോവലിസ്റ്റിന്റെ ഒരു നോവലെടുത്തു് അപഗ്രഥിക്കാന്‍ ഇവിടെ സ്ഥലമില്ല. അതുകൊണ്ടു് അദ്ദേഹത്തിന്റെ The Secret Room എന്ന ചെറുകഥയെക്കുറിച്ചുമാത്രം ചിലതു പറയുകയാണ്. കഥയുടെ ആരംഭത്തില്‍ ഒരു ചുവന്ന പാടു് കഥാകാരന്‍ കാണിച്ചുതരുന്നു; തിളങ്ങുന്ന ചൂവന്ന പാടു്. ഈ പാടിലൂടെ, ചുവന്ന രേഖയിലൂടെ നേത്രം വ്യാപരിപ്പിച്ചാല്‍ നഗ്നമായി കിടക്കുന്ന ഒരു മൃതദേഹം കാണാം. അതൊരു സ്ത്രീയുടേതാണ്. പിന്നീടു്, വധം കഴിഞ്ഞിട്ടു് ഓടിപ്പോകുന്ന ഒരുത്തന്റെ നിഴല്‍ ചിത്രവും. ദൃശ്യങ്ങളല്ലാതെ മറ്റൊന്നുമില്ല ഇക്കഥയില്‍. റോബ്‌ഗ്രീയേ ഇംപ്രഷനിസ്റ്റാണു്. ആ ഇംപ്രഷനിസം ഉപരിതലസ്പര്‍ശിയാണന്നു പറയാന്‍ വയ്യ. തന്റെ അന്തരംഗത്തിന്റെ അടിത്തട്ടിനെ പിടിച്ചുകുലുക്കിയ ഒരനുഭവത്തെ അന്യാദൃശസ്വഭാവത്തോടെ ആവിഷ്കരിക്കുകയാണ് റോബ്‌ഗ്രീയേ. ആ ആവിഷ്കാരം നമ്മുടെ അന്തരംഗത്തിന്റെ അഗാധതലങ്ങളെ സ്പര്‍ശിക്കുന്നു. അതിനെക്കുറിച്ചെഴുതുന്ന ബാർതേസും ആഴത്തിലേക്ക് കടന്നു ചെന്നിരിക്കുന്നു. ഉപരിതല സ്പര്‍ശിയാണു് സാഹിത്യമെന്നു ബാര്‍തേസ് പറയുന്നതു ശരിയാണെങ്കില്‍ കോണ്‍റഡും സോമര്‍സൈററ് മോമും തമമില്‍ വ്യത്യാസമൊന്നുമില്ലെന്നു സമ്മതിക്കേണ്ടിവരും. ‘മയിലാടും കുന്നും’ ‘ഖസാക്കിന്റെ ഇതിഹാസവും’ തമ്മില്‍ വ്യത്യാസമില്ലെന്നു് ഉദ്ഘോഷിക്കേണ്ടി വരും. ഭൌതികലോകത്തിന്റെ ഉപരിതലം നിരീക്ഷണം ചെയ്തിട്ടു് കര്‍ത്തൃനിഷ്ഠമായ ലോകത്തേക്കു കടക്കുന്നവനാണു് കലാകാരന്‍. അയാള്‍ എത്രകണ്ടു് ആഴത്തിലേക്കു ചെല്ലുന്നുവോ അത്രകണ്ടു് അയാള്‍ക്കു മഹത്ത്വംകൂടും. റോബ് ഗ്രിയേയുടെ മതം അംഗീകരിച്ചാല്‍ ‘മാജിക്‍ മൌണ്ടന്‍’ എഴുതിയ റ്റോമാസ് മാന്‍ അല്ല സൂപര്‍ഫിഷലായ നോവലുകലെഴുതിയ എ. ജെ. ക്രോണിനാണു് വലിയ കലാകാരന്‍ എന്നു സമ്മിതിക്കാന്‍ ആളുകള്‍ നിര്‍ബ്ബദ്ധരാകും.


ജി. ശങ്കരക്കുറുപ്പു്

ജി. ശങ്കരക്കുറുപ്പ്

ഇതെഴുതുന്ന ആളിന്റെ ഓര്‍മ്മശക്തി അഭിനന്ദാര്‍ഹമാണെന്നു ചിലരൊക്കെ നേരിട്ടു പറയാറുണ്ടു്; എഴുതിഅയയ്ക്കാറുണ്ടു്. അവര്‍ക്കു നന്ദി പറഞ്ഞുകൊണ്ടു് എഴുതട്ടെ. അതില്‍ അഭിനന്ദനാര്‍ഹമായി ഒന്നുമില്ല. ഓര്‍മ്മയ്ക്ക് വസ്തുക്കള്‍ക്കുള്ളതുപോലെ ക്വാളിററിയും (ഗുണവും) ക്വാണ്‍ടിറ്റിയും (പരിമാണവും) ഉണ്ടു്. ഒരു തുള്ളി തേനിനു ക്വാളിററിയാണു് കൂടുതലുള്ളതു്. മേശയ്ക്കോ കട്ടിലിനോ ക്വാളിററിയെക്കാള്‍ ക്വാണ്‍ടിററിയുണ്ടു്. ചില ഓര്‍മ്മകള്‍ക്കു ക്വാളിററി കൂടും. അവ മനുഷ്യമസ്തിഷ്കത്തില്‍ തങ്ങി നിൽക്കും. വിദ്യാഭ്യാസകാലത്ത് എത്രയെത്ര സംഭവങ്ങള്‍ക്കു നമ്മള്‍ സാക്ഷ്യം വഹിച്ചിരിക്കും. എല്ലാം മറന്നുപോയി. എന്നാല്‍ കൂടെപ്പഠിച്ച ഒരതിസുന്ദരിയെ മറക്കുന്നില്ല. അവരുടെ സൌന്ദര്യമെന്ന ധര്‍മ്മമാണു് ഓര്‍മ്മയെ നിലനിറുത്തുന്നതു്. അതുകൊണ്ടു് ക്വാളിററിയുള്ള സംഭവങ്ങളും വ്യക്തികളും സാഹിത്യസൃഷ്ടികളും ഞാന്‍ മറന്നിട്ടില്ല എന്നേയുള്ളു. എനിക്കുള്ളിടത്തോളമോ അതിനെക്കാള്‍ കൂടുതലായോ ഓര്‍മ്മശക്തി പലര്‍ക്കുമുണ്ടു്. അതു ക്വാളിററിയെ സംബന്ധിച്ചതായിരിക്കുകയും ചെയ്യും. [ഓര്‍മ്മശക്തിയെ ക്വാളിററിയായും ക്വാണ്ടിററിയായും വേര്‍തിരിച്ചു കാണുന്നതില്‍ ഞാന്‍ മൌലികത്വം അവകാശപ്പെടുന്നില്ല. Laurens Van Der Post–ന്റെ ഉജ്ജ്വലമായ ആത്മകഥ വായിച്ചപ്പോള്‍ കിട്ടിയ ആശയമാണു് അതു്] താഴെച്ചേര്‍ക്കുന്ന വരികള്‍ എന്റെ സ്മരണയില്‍ തങ്ങിനില്ക്കുന്നതിനു ഹേതു അതിന്റെ സൌന്ദര്യമെന്ന ധര്‍മ്മമത്രേ.

കളികഴിഞ്ഞീറനോടമ്പലത്തി–
ലളിവേണി പോവുകയായിരുന്നു.
പിറകില്‍ നിതംബം കവിഞ്ഞുലഞ്ഞ
പുരികുഴല്‍ക്കെട്ടിന്‍ നടുവിലായി
സുരഭില സംഫുല്ല സുന്ദരമാ-
മൊരു ചെമ്പനീരലരുല്ലസിച്ചു.
കവിതന്‍ കരളിലഴല്പരപ്പില്‍
കതിരിടും കല്പനാശക്തിപോലെ.
(ചങ്ങമ്പുഴ)

ഈ ധര്‍മമംതന്നെ മറ്റൊരു കാവ്യഭാഗത്തിലും ഉള്ളതു നോക്കിയാലും:

“തടിമരവുമിടയ്ക്കിടയക്കു വള്ളി–
ക്കുടിലുമിണങ്ങിടുമപ്പെരുമ്പറമ്പില്‍
വടിവൊടവള്‍ വിളങ്ങി വാനില്‍നിന്നും
ത്ഡടുതിപതിച്ചൊരുകൊട്ടുതാരപോലെ”
(വള്ളത്തോള്‍)

ചേതോഹരങ്ങളാണു് രണ്ടു കാവ്യഭാഗങ്ങളും. ചങ്ങമ്പുഴ സുന്ദരിയെ സുന്ദരിയായി കാണുന്നു; വള്ളത്തോള്‍ അവളെ നക്ഷത്രമായി കാണുന്നു. രണ്ടു കാഴ്ചകള്‍ക്കും ന്യൂനത പറയാനാവില്ല. എന്നാല്‍ പാവ്ലോ നെറൂത.

But I love your feet
only because they walked
upon the earth and upon
the wind and upon the waters
until they found me

എന്നു കാമുകിയോടു പറയുമ്പാള്‍ സാര്‍വലൌകികമായ അഗാധത ആ ഭാഷണത്തിനുണ്ടാകുന്നു. നെറൂതയും കാല്പനിക കവിയാണു്. പക്ഷേ, വള്ളത്തോളിനും ചങ്ങമ്പുഴയ്ക്കും അപ്രാപ്യമായ മണ്ഡലത്തില്‍ അദ്ദേഹം അനായാസമായ ചെന്നെത്തുന്നു. ജീ. ശങ്കരക്കുറുപ്പു് വള്ളത്തോള്‍ പാരമ്പര്യത്തില്‍പ്പെട്ട കവിയാണു്. അദ്ദേഹം നിലമ്പൂര്‍ രാജാവിനെ അവതരിപ്പിക്കുന്നതിന്റെ ചാരുത നോക്കുക:

“പ്ലാററ്ഫോമിലെ ആ ഇരുപ്പു് ഓര്‍മ്മവരുന്നുണ്ടു്. പിന്നാലെ ഇരുപതു കടന്ന ഒരു ലാവണ്യലേഖ വിശറിയെടുത്തു വീശി ഉപചരിച്ചുകൊണ്ടു് നില്ക്കുന്നു. കുന്നിന്റെ പിറകെ ചന്ദ്രമണ്ഡലം പൊക്കിക്കൊണ്ടു് പൌര്‍ണ്ണമിപോലെ” (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ഓര്‍മ്മയുടെ ഇതളുകള്‍ 3) മനോഹരമായിരിക്കുന്നില്ലേ? അതേ എന്നു ഉത്തരം. ഇവിടെ നെറുത ആവിഷ്കരിക്കാറുള്ള സാര്‍വലൗകിക പ്രധാന്യം അന്വേഷിക്കരുത്.

ദരസരേ വരൂ

ഞാന്‍ വടക്കന്‍ പറവൂരിനടുത്തുള്ള വരാപ്പുഴെ താമസിക്കുന്ന കാലം. വീട്ടുപേരുപോലും എനിക്കോര്‍മ്മയുണ്ട്; പാവന വീട്. അക്കാലത്തു് എന്റെ വീട്ടില്‍ കമലം എന്നൊരു ഇരുപതു വയസ്സുകാരി ജോലിക്കുനിന്നിരുന്നു. (പേരു് ഇതല്ല) ഒരു രോഗവുമില്ലാത്തവള്‍, കാണാന്‍ ഭേദപ്പെട്ടവള്‍. അങ്ങനെയിരിക്കെ അതിസുന്ദരനായ ഒരു ക്രിസ്ത്യാനി ഡോക്ടര്‍ വരാപ്പുഴെ ജോലിയായി വന്നു. അദ്ദേഹം ഞങ്ങളുടെ വീട്ടില്‍ കൂടക്കൂടെ വരും. ഒരു ദിവസം കമലത്തിനു കലശലായ വയറ്റുവേദന. ഇഞ്ചി തല്ലിപ്പിഴിഞ്ഞുകൊടുത്തു. വേദന പോയില്ല. രണ്ടു നാഴിക അകലെച്ചെന്നു ഞാന്‍ കാര്‍മിനേറ്റീവ് മിക്സ്ച്ചര്‍ വാങ്ങിക്കൊണ്ടുവന്നു. അതു കുടിച്ചിട്ടും അവളുടെ വയറ്റുവേദന പോയില്ല. അവള്‍ പുളയുന്നു, ഞരങ്ങുന്നു, ‘ഞാനിപ്പോള്‍ ചാകും’ എന്നു പറയുന്നു. മരിച്ചാല്‍ ജോലിക്കാരിയുടെ അച്ഛനമ്മമാരോടു സമാധാനം പറയേണ്ടേ? “ഡോക്ടറെ വിളിച്ചുകൊണ്ടു വരട്ടോ?” എന്നാരോ ചോദിച്ചു. അനുകൂലമായ മൂളല്‍ കമലത്തില്‍ നിന്നുണ്ടായി. ഞാന്‍ കൊതുമ്പുവള്ളത്തില്‍ കയറി. വേമ്പനാട്ടു കായലാണു്. മൂന്നുനാഴികയോളം തുഴഞ്ഞു ചെന്നു് കസ്റ്റംസ് ഹൗസില്‍ താമസ്ക്കുന്ന അതിസുന്ദരനെ വിളിച്ചുകൊണ്ടുവന്നു. അദ്ദേഹം മുറിയുടെ വാതിലടച്ചു് അവളെ പരിശോധിച്ചിട്ടു് പുറത്തേക്കിറങ്ങി മരുന്നു കുറിച്ചുതന്നു. രാത്രി പത്തു മണി. പിന്നീടു് മരുന്നെവിടെ കിട്ടാന്‍? പക്ഷേ, ഡോക്ടര്‍ അവളുടെ വയറ്റിലൊന്നു ‘പിതുക്കി’യതോടെ വേദന ഇല്ലാതെയായി. കമലത്തിനു് ആഴ്ചയിലൊരിക്കല്‍ വയറ്റുവേദന വരും. ഞാന്‍ കൊതുമ്പുവള്ളം തുഴയും. കസ്റ്റംസ് ഹൗസില്‍ ചെന്നിട്ടു് കൂടുതല്‍ ഭാരമാര്‍ന്ന വള്ളം തിരിച്ചു തുഴയും. പിന്നെ അങ്ങോട്ടും. പെണ്ണിന്റെ വേദന പിന്നെ ആറുദിവസത്തേക്കു് ഇല്ല. ഡോക്ടര്‍ വരാപ്പുഴെ നിന്നു മാറിപ്പോകുന്നതുവരെ കമലത്തിനു വയറ്റുവേദന വരുമായിരുന്നു.

പണ്ടു … നഗരത്തില്‍ ഒരു ദരസരുണ്ടായിരുന്നു. ഇംഗ്ലീഷിലെ dresser ആണു് ദരസരായതു്. ദരസരാണെങ്കിലും എഫ്.അര്‍.സി. എസ്സും എല്‍. ആര്‍. സി.പി.യും ഒരുമിച്ചു പാസ്സായ മട്ടിലാണു് അദ്ദേഹത്തിന്റെ ഭാവവും നടത്തവും. റ്റി. 73 മുണ്ടു് ഉടുത്തിട്ടു് അതിന്റെ പുറത്തു് പുളിയിലക്കരയന്‍ നേരിയതു് ചാര്‍ത്തിയിരിക്കും. ഷട്ട്കോട്ടു്, മധുരത്തുപ്പട്ടാവു് ഒരു തോളില്‍ക്കൂടെ ഒഴുകുന്നുണ്ടായിരിക്കും. തലപ്പാവു്, കപ്പടാമീശ, ‘കണ്ണകി’ നാടകത്തിലെ വഞ്ചിപ്പത്തനെപ്പോലെയിരിക്കും ദരസരെങ്കിലും… നഗരത്തിലെ പല പെണ്ണുങ്ങള്‍ക്കും അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. അവര്‍ക്കു കമലത്തിനെന്നപോലെ വയറ്റുവേദന വരുമായിരുന്നു അക്കാലത്തു്. (വിവാഹിതകള്‍ക്കു വയറ്റുവേദനയും അവിവാഹിതകള്‍ക്കു് സമയത്തു് വിവാഹം കഴിച്ചു കൊടുക്കാത്ത അച്ചനമ്മമാരോടുള്ള പ്രതിഷേധമായി നെഞ്ചുവേദനയും വരും.) പൊതുവാളും കരുവിളയും തളിയത്തും അക്കാലത്തെ പേരുകേട്ട ‍ഡോക്ടര്‍മാരായിരുന്നു. വേദന തുടങ്ങുമ്പോള്‍ വീട്ടുകാര്‍ ചോദിക്കും: “പൊതുവാളിനെ കൊണ്ടിവരട്ടോ?” “ങ്ഹൂ” “എന്നാല്‍ കരുവിളയെ കൊണ്ടിവരട്ടോ?” “ങ്ഹൂ” “എന്നാല്‍പ്പിന്നെ ആരുവേണം?” മറുപടിയില്ല. നിര്‍ബന്ധിക്കുമ്പോള്‍ തെല്ലൊരു നാണത്തോടെ മൊഴിയും: “ദരസര്” ആശുപത്രിയില്‍ പണ്ടു് വ്രണങ്ങള്‍ ഡ്രസ്സ് ചെയ്തിരുന്ന അദ്ദേഹം പച്ചക്കാമദേവനായി ജട്ക്ക എന്ന കുതിരവണ്ടിയില്‍ കയറിവരും. വാതിലുകളും ജനലുകളുമടച്ചിട്ടു് ഒരുമണിക്കൂര്‍ നേരത്തെ പരിശോധന. അതോടെ വേദന മാറുന്നു പെണ്ണിന്റെ. ദരസര്‍ക്കു സംതൃപ്തി. വയറ്റുവേദനക്കാരിക്കു ചുണ്ടുകളില്‍ പുഞ്ചിരി. അതു കടക്കണ്ണുകളിലേക്കും വ്യാപിച്ചിരിക്കും.

ഇതൊരുവിധത്തിലുള്ള വേദന. ചിലര്‍ക്കു പേരു് അച്ചടിച്ചുകാണാന്‍ വേദനയുണ്ടാകും. ആ വേദനയാല്‍ ജനിക്കുന്ന നിലവിളിയാണു് കഥ എന്നതു്. ആ വിധത്തിലൊരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ടു്. “കാറ്റു കീറുന്ന വാഴയിലകള്‍.” എന്തൊരു മോണ്‍സ്ട്രോസിറ്റിയാണു് ഈ രചന! ഞാനതു രണ്ടു തവണ വായിച്ചു. ആരോ തൂങ്ങിച്ചത്തു പോലും. കുഞ്ഞില്ലാത്ത ഒരുത്തി തൂങ്ങിച്ചാകാന്‍ ആഗ്രഹിച്ചുപോലും. ഇത്രയുമല്ലാതെ എനിക്കു വേറൊന്നും മനസ്സിലായില്ല. ഉത്കൃഷ്ടമായ വാരികയില്‍ കഥ മഷി പുരണ്ടുവന്നതോടെ അതെഴുതിയ ആളിന്റെ യാതന മാറിയിരിക്കും. പക്ഷേ ആ തീവ്രവേദന പകര്‍ന്നു കിട്ടുന്നതു വായനക്കാര്‍ക്കാണു്. വായനക്കാരെ സഹായിക്കാന്‍ അതിസുന്ദരന്‍ ഡോക്ടറില്ല; ദരസരുമില്ല.

അദ്ഭുതം, പ്രകാശം

ശകുന്തള ദുഷ്യന്തന്റെ മുന്‍പിലെത്തി. അദ്ദേഹം അവളെ അറിയുന്നില്ലെന്നു മനസ്സിലാക്കിയ ഗൌതമി പറഞ്ഞു: “ജാതേ, മുഹൂര്‍തം മാ ലജ്ജസ്വ. അപനേഷ്യാമി തവാവ കുണ്ഠനം. തതോ ഭര്‍താത്വാം പ്രത്യഭിജ്ഞാസ്യസി” [കുഞ്ഞേ, കുറച്ചു നേരത്തേക്കു നാണിക്കാതിരിക്കു. നിന്റെ മൂടുപടം ഞാന്‍ മാറ്റാം. അപ്പോള്‍ നിന്റെ ഭര്‍ത്താവു് നിന്നെ കണ്ടറിയും.]

ഗൗതമി മൂടുപടം മാറ്റി. ദുഷ്യന്തന്‍ ആ സൗന്ദര്യം കണ്ടു് വിസ്മയാധീനനായി. ഉള്ളില്‍ മഞ്ഞുതുള്ളിയോടുകൂടിയ മുല്ലപ്പൂവിനെ അനുഭവിക്കുന്നതിനോ ഉപേക്ഷിക്കുന്നതിനോ ആവാത്ത വണ്ടിനെപ്പോലെ രാജാവു് മിണ്ടാതിരുന്നു. ഈ വിസ്മയമാണു് കലാസൃഷ്ടി നല്കേണ്ടതു്. അപ്പോള്‍ പഞ്ഞിക്കെട്ടില്‍ തീപിടിച്ചപോലെ അനുവാചക ഹൃദയം പ്രഭാപൂര്‍ണ്ണമാകും.

ഗോയ്ഥേ

ഗോയ്ഥേയുടെ ‘ഫൗസ്റ്റി’ലെ ഒരു ഭാഗം. ഫൗസ്റ്റും മാര്‍ഗറിറ്റയും പൂന്തോട്ടത്തില്‍വച്ചു് പരസ്പരം കാണുന്നു. സംസാരിക്കുന്നു.

ഫൗസ്റ്റ്: ഓമനേ!
മാര്‍ഗറിറ്റ: നില്ക്കൂ

(അവള്‍ ഒരു ഡേസി പൂവെടുത്തു് ഇതളുകള്‍ ഓരോന്നായി അടര്‍ത്തിയെടുക്കുന്നു).

ഫൗസ്റ്റ്: എന്തു്? ഡേസിപ്പുഷ്പമോ?
മാര്‍ഗറിറ്റ: ഒരു വിനോദം മാത്രം.
ഫൗസ്റ്റ്: ഏതു രീതിയില്‍?
മാര്‍ഗറിറ്റ: അങ്ങു് എന്നെ ആക്ഷേപിക്കും.

(അവള്‍ ഇതളുകള്‍ ഇളക്കിയെടുത്തു് എന്തോ പതുക്കെപ്പറയുന്നു)

ഫൗസ്റ്റ്: നീ എന്താണു് മന്ത്രിക്കുന്നതു്?
മാര്‍ഗറിറ്റ: അദ്ദേഹം എന്നെ സ്നേഹിക്കുന്നു — സ്നേഹിക്കുന്നില്ല.
ഫൗസ്റ്റ്: സ്വര്‍ഗീയസൗന്ദര്യം.
മാര്‍ഗറിറ്റ: അദ്ദേഹം എന്നെ സ്നേഹിക്കുന്നു… സ്നേഹിക്കുന്നില്ല… സ്നേഹിക്കുന്നു… സ്നേഹിക്കുന്നില്ല… അദ്ദേഹം എന്നെ സ്നേഹിക്കുന്നു!

അവസാനത്തെ ഇതള്‍ എടുക്കുമ്പോള്‍ ‘സ്നേഹിക്കുന്നു’ എന്നാണു് വരുന്നതെങ്കില്‍ ഫൗസ്റ്റിനു തന്നെ സ്നേഹമുണ്ടു്. അങ്ങനെയല്ല വരുന്നതെങ്കില്‍ സ്നേഹമില്ല. ഇതു പരിശോധിച്ചു് സ്നേഹമുണ്ടെന്നു് ഉറപ്പുവരുത്തുകയാണു് മാര്‍ഗറിറ്റ. കിഴക്കു ദിക്കില്‍ പ്രഭാതവേളയില്‍ പ്രകാശം പരക്കുന്ന പ്രതീതി എനിക്കു്. ഈ വിസ്മയവും പ്രകാശവും ഉളവാക്കാത്തതൊന്നും കലയല്ല. വിജയന്‍ കാരോട്ടിന്റെ ‘പെണ്ണുണ്ണി’ എന്ന ചെറുകഥ ഞാന്‍ വായിച്ചു. (കലാകൗമുദി) അമ്മയ്ക്കു രണ്ടാമതു ഗര്‍ഭമാകുമ്പോള്‍ മകന്‍ സംശയിക്കുന്നു വയറുകീറിയാണോ കുഞ്ഞിനെ എടുക്കുന്നതെന്നു്. സംശയംപോലെതന്നെ സംഭവിച്ചു. അമ്മയുടെ വയറുകീറി. കുഞ്ഞു ഗര്‍ഭാശയത്തിലിരുന്നു ചത്തുപോയി. മകന്റെ സംശയം കഥയുടെ ആരംഭത്തില്‍ ആവിഷ്ക്കരിക്കുമ്പോള്‍ത്തന്നെ അതിന്റെ പര്യവസാനം എന്താണെന്നു് വായനക്കാര്‍ക്കും ഊഹിക്കാന്‍ കഴിയുന്നു. അനുവാചകന്റെ ഭാവനയ്ക്കു് ഉത്തേജനം നല്കാത്ത ഇത്തരം ക്ഷുദ്രങ്ങളായ കഥകളല്ല വിജയന്‍ കാരോട്ടില്‍നിന്നു് അയാള്‍ (അനുവാചകന്‍) പ്രതീക്ഷിക്കുക. ഞാന്‍ പതിവുപോലെ നേരം വെളുത്തു് ഉറക്കമെഴുന്നേല്ക്കുന്നു. വരാന്തയില്‍ ‘കേരളകൗമുദി’യും ‘ഇന്ത്യന്‍ എക്സ്പ്രസ്സും’ ‘ഈനാടും’ വന്നുവീഴുന്ന ശബ്ദം. വായിക്കുന്നു. കളിക്കാന്‍ പോകുന്നു. കാപ്പി കുടിക്കുന്നു. ചാരുകസേരയില്‍ കിടക്കുന്നു. ഈ ദിവസം മറ്റൊരു ദിവസത്തില്‍ നിന്നു ഭിന്നമല്ല. ചെറുകഥകളും ഇങ്ങനെതന്നെ. ഇന്നലെ വായിച്ച കഥതന്നെ ഇന്നു മറ്റൊരു തരത്തില്‍ വായിക്കുന്നു. നാളെയും ഇതുപോലെയുള്ള വേറൊരു കഥ വായിക്കും. എന്തൊരു വൈരസ്യം!

* * *

പാരായണത്തിന്റെ ഫലം വൈരസ്യം; എന്നാല്‍ നമ്മളൊന്നും ചെയ്യാതെയും വൈരസ്യമുണ്ടാകും. സ്വാഭാവികമായ പുരികങ്ങള്‍ വടിച്ചിറക്കി ഒരു വരപോലെ രോമം വച്ചുകൊണ്ടു നടക്കുന്ന ചെറുപ്പക്കാരികളെ കണ്ടാല്‍, സൗന്ദര്യംകൊണ്ടു് എല്ലാവരുടെയും ബഹുമാനത്തിനു ഭാജനമായ തരുണി വിരൂപനായ ഭര്‍ത്താവിനോടൊരുമിച്ചു പോകുന്നതു കണ്ടാല്‍, നടക്കാന്‍ വയ്യാത്ത വണ്ടിക്കാളയെ വണ്ടി ഓടിക്കുന്നവന്‍ അടിച്ചു നടുവു് പൊളിക്കുന്നതു കണ്ടാല്‍, അന്യന്റെ പിള്ളേര്‍ നമ്മുടെ വീട്ടില്‍ കയറി ഷോകേസിലിരിക്കുന്നതൊക്കെ എടുക്കുന്നതു കണ്ടാല്‍, പുരുഷന്റെ കൈയക്ഷരമുള്ള സ്ത്രീ എഴുതിയ എഴുത്തുകണ്ടാല്‍ വൈരസ്യം ജനിക്കും. ഇതിനെക്കാളൊക്കെ വൈരസ്യമുണ്ടായി എനിക്കു വി.എ.എ. അസീസ് കുങ്കുമം വാരികയിലെഴുതിയ ‘പെന്‍ഫ്രെന്‍ഡ്സ്’ എന്ന കഥ വായിച്ചപ്പോള്‍. പ്രായംകൂടിയിട്ടും വിവാഹം നടക്കാത്ത സ്ത്രീ പെന്‍ഫ്രെന്‍ഡിനെ നേടുന്നു. തന്റെ ചെറുപ്പകാലത്തു് പ്രായം കൂടിയ പുരുഷന്‍ വിവാഹാലോചനയുമായി വന്നപ്പോള്‍ അയാളുടെ മകനുവേണ്ടിയാണോ തന്നെകാണാന്‍ വന്നതെന്നു് ചോദിച്ച തന്റേടക്കാരിയാണു് അവള്‍. അങ്ങനെയിരിക്കെ പെന്‍ഫ്രെന്‍ഡ് അവളെ കൊണ്ടുപോകാന്‍ ഗള്‍ഫ് രാജ്യത്തില്‍നിന്നു വരുന്നു. അതിനുമുന്‍പു് പൊലീസ് ഉദ്യോഗസ്ഥന്‍വന്നു പറ‍ഞ്ഞു അയാള്‍ കൊലപാതകപ്പുള്ളിയാണെന്നു്; ജയില്‍ ചാടി അവളെ കാണാന്‍ വരുന്നവനാണെന്നു്. പെന്‍ഫ്രെന്‍ഡ് വന്നു. മദ്ധ്യവയസ്കയായ അവളെ കണ്ടു് അയാള്‍ ചോദിച്ചു താന്‍ കൂട്ടിക്കൊണ്ടുപോകാനാഗ്രഹിക്കുന്ന പെണ്ണിന്റെ തള്ളയാണോ അവളെന്നു്. പണ്ടത്തെ ചോദ്യത്തിനു് പകരംകിട്ടി. പൊലീസ് പെന്‍ഫ്രെഡിനെ അറസ്റ്റ് ചെയ്യുമ്പോള്‍ കഥ അവസാനിക്കുന്നു.

സംസ്കാരത്തെ വികസിപ്പിക്കുന്നവരും പിറകോട്ടു കൊണ്ടുപോകുന്നവരുമുണ്ടു്. അസീസ് പ്രാചീനയുഗത്തിലേക്കു് പരിഷ്കൃതരായ നമ്മളെ കൊണ്ടുപോകുകയാണു്. അദ്ദേഹത്തിനു യോജിച്ച പണിയല്ല കഥയെഴുത്തു്.

അക്കിത്തം

അക്കിത്തം

അന്തരീക്ഷത്തില്‍നിന്നു് എന്തുവീണാലും ആഹ്ളാദദായകമാണെനിക്കു്. ഈയിടെ തിരുവനന്തപുരത്തു് ആലിപ്പഴം വര്‍ഷിച്ചു. ഒരു വലിയ മഞ്ഞുകട്ടവീണു് എന്റെ വീടിന്റെ ടെറസ്സ് പൊട്ടിപ്പോയി. എങ്കിലും ചിതറിവീണ ആലിപ്പഴക്കഷണങ്ങളെ നോക്കി ഞാന്‍ സന്തോഷിച്ചു. ആകാശത്തുനിന്നു് മഴത്തുള്ളികള്‍ വീഴുമ്പോള്‍, മഞ്ഞുവര്‍ഷിക്കുമ്പോള്‍, മിന്നല്‍പ്പിണരുകള്‍ താഴത്തേക്കു വന്നു ഭൂമിയെ പുണരുമ്പോള്‍, നക്ഷത്രം പൊലിഞ്ഞു പോരുമ്പോള്‍ എനിക്കു് ആഹ്ലാദം. മിന്നല്‍പ്പിണരെന്നപോലെ അക്കിത്തത്തിന്റെ കവിത ഔന്നത്യത്തില്‍ നിന്നു് എന്റെ അടുത്തേക്കു പോരുമ്പോഴും അതേ അനുഭൂതി കേട്ടാലും:

സ്വപ്നത്തിലെ ഡ്ഡാല്‍ത്തടാക
വിദ്യുന്മയ തടങ്ങളില്‍
പൂഞ്ഞാറ്റിലെത്തമ്പുരാന്റെ
ചന്ദനത്തേന്മണങ്ങളായ്
അഞ്ചനാട്ടില്‍ ചിതറിയോ
രാനക്കൊമ്പിന്‍ യുഗങ്ങളില്‍!
ഈട്ടിയായ്, മരുതായ്, ത്തേക്കായ്
ക്കാട്ടിലുണ്ടായിരുന്നവര്‍
പോയതെങ്ങെന്നെന്റെ ജിജ്ഞാ
സയിലെച്ചുണ്ടനങ്ങവേ
തന്നോടല്ലെന്നു ഭാവിക്കും
കമ്പിക്കാലിന്റെ ഗൗരവം
കണ്ടറിഞ്ഞ സഖിക്കായി
ട്ടെന്റെ സാകൂത സുസ്മിതം.

(സഖിവാരിക)

പാണ്ഡിത്യം ബുദ്ധിയെ അന്വേഷിക്കുന്നു

സര്‍ദാര്‍ കെ.എം. പണിക്കരുടെ കാവ്യസമാഹാരഗ്രന്ഥത്തിനു് അവതാരിക എഴുതിയ ഡോക്ടര്‍ എസ്.കെ. നായരെക്കുറിച്ചു് എന്‍. ഗോപാലപിള്ള “അങ്ങയുടെ പുസ്തകത്തിനു് ആ എസ്.കെ. നായരുടെ അവതാരിക വേണമായിരുന്നോ? അയാളൊരു മണ്ടനല്ലേ?” എന്നു പണിക്കരോടു ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു: “ഗോപാലപിള്ളേ എല്ലാ പണ്ഡിതന്മാരും മണ്ടന്മാരാണു്.” കെ.എം. പണിക്കര്‍ ഗോപാലപിള്ളസ്സാറിനെ വേദനിപ്പിക്കാന്‍ പറഞ്ഞതാണോ ആ വിധത്തില്‍? ആണെങ്കില്‍ അദ്ദേഹത്തിനു തെറ്റുപറ്റി. ഗോപാലപിള്ളസ്സാര്‍ വലിയ ബുദ്ധിമാനായിരുന്നു, മഹാ പണ്ഡിതനുമായിരുന്നു. എന്നാല്‍ പല പണ്ഡിതന്മാരും മണ്ടന്മാരാണു്. കോമണ്‍സെന്‍സാണോ ശ്രേഷ്ഠം? അതോ പാണ്ഡിത്യമോ? ആദ്യം പറഞ്ഞതു തന്നെ. കോമണ്‍ സെന്‍സ് ബുദ്ധിയുടെ സന്തതിയാണു്. പാണ്ഡിത്യം ബുദ്ധിയെ തേടി നടക്കുന്നു. വലിയ പാണ്ഡിത്യമോ വലിയ ബുദ്ധിയോ ഇല്ലാത്ത എന്നെ ഡോക്ടര്‍ എസ്. ജയശ്രീ നേരായ മാര്‍ഗ്ഗത്തിലേക്കു നയിക്കുന്നു. ശ്രീമതി എഴുതുന്നു: “അതില്‍ [സാഹിത്യവാരഫലത്തില്‍] Euthanasia യുടെ അര്‍ത്ഥം ചികിത്സിച്ചു മാറ്റാന്‍ വയ്യാത്ത രോഗത്താല്‍ കഷ്ടപ്പെടുന്നവരെ വേദനയനുഭവിക്കാതെ കൊല്ലുക എന്നു കൊടുത്തിരിക്കുന്നതു കണ്ടു…കൊല്ലുന്നയാള്‍ അനുഭവിക്കാതെ എന്നല്ലേ അതിനര്‍ത്ഥം വരൂ. അനുഭവിപ്പിക്കാതെ എന്നല്ലേ വേണ്ടിയിരുന്നതു്?” ഞാന്‍ തിടുക്കത്തില്‍ എഴുതിയപ്പോള്‍ സംഭവിച്ച തെറ്റാകാമിതു്. അതോ അച്ചടിത്തെറ്റോ? എന്തായാലും തെറ്റു ചൂണ്ടിക്കാണിച്ച ഡോക്ടര്‍ എസ്. ജയശ്രീക്കു കൃതജ്ഞത.

പ്രത്യയസ്ഥിരത

അക്ബര്‍ കക്കട്ടില്‍

നിത്യജീവിതത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്ന ആളുകള്‍ ഓരോ സമയം ഓരോ സ്വഭാവം പ്രദര്‍ശിപ്പിക്കും. വിശേഷിച്ചും സ്ത്രീകള്‍, റോഡിലൂടെ ആരെയും നോക്കാതെ പോകുന്ന നമ്മളെ തടഞ്ഞുനിറുത്തി വാ തോരാതെ സംസാരിക്കുന്ന സ്ത്രീയെ നമ്മള്‍ അടുത്ത ദിവസം കണ്ടുവെന്നു കരുതു. തലേദിവസം ഇങ്ങോട്ടു വന്നു സംസാരിച്ചതല്ലേ. ഒന്നു മന്ദസ്മിതം പൊഴിക്കാതെയെങ്കിലും പോയാല്‍ മര്യാദകേടാവുമല്ലോ എന്നു വിചാരിച്ചു് അവളുടെ മുഖത്തു നമ്മള്‍ നോക്കുന്നു. ങേഹേ കണ്ടു ഭാവമില്ല. ഗൌരവത്തില്‍ ചക്രവാളത്തെ നോക്കിക്കൊണ്ടു നടന്നുകളയും. ‘ഇവളെ നോക്കാന്‍പോയ ഞാനെത്ര ഭോഷന്‍’ എന്നു നമുക്കു തോന്നുകയും ചെയ്യും. ഈ സ്ത്രീയെ നോവലിലോ ചെറുകഥയിലോ കഥാപാത്രമാക്കിയാല്‍ പ്രത്യയ സ്ഥിരതയോടെ മാത്രമേ അവളെ ചിത്രീകരിക്കാന്‍ പറ്റൂ. ആരോടും മിണ്ടാത്തവളാണു് ആ പെണ്ണങ്കില്‍ കഥയുടെ അവസാനംവരെയും അവള്‍ മിണ്ടാട്ടമില്ലാത്തവളായിരിക്കണം. റോഡില്‍ കാണുന്ന തവളയെപ്പോലും തട്ടിത്തടഞ്ഞു് അതിനോടു സംസാരിക്കുന്നതു് അവളുടെ സ്വഭാവമാണെങ്കില്‍ കഥയുടെ പര്യവസാനംവരെ അവള്‍ വായാടിതന്നെയായിരിക്കണം. ആളുകള്‍ സാധാരണമായി എങ്ങനെ പെരുമാറുന്നു എന്നതിന്റെ ചിത്രീകരണമേ സാഹിത്യത്തിലാകാവൂ. വല്ലപ്പോഴുമുള്ള അനിയതസ്വഭാവം ചിത്രീകരിക്കാന്‍ പാടില്ല. അങ്ങനെ ചിത്രീകരിച്ചാല്‍ സാഹിത്യസൃഷ്ടി തകരും. പരീക്കുട്ടിയെ സ്നേഹിക്കുന്ന കറുത്തമ്മ ഇടയ്ക്കു പളനിയെയും സ്നേഹിക്കാന്‍ തുടങ്ങിയാല്‍? ‘ചെമ്മിനെ’ന്ന നോവല്‍ പരാജയപ്പെടും.

പ്രത്യയസ്ഥിരതയുള്ള ഒരു കഥാപാത്രത്തെ വിദഗ്ദ്ധമായി അക്ബര്‍ കക്കട്ടില്‍ അവതരിപ്പിക്കുന്നു. (മലയാളനാട്ടിലെ “ഇന്നു നമുക്കു് റഷീദയെക്കുറിച്ചു ചിന്തിക്കാം” എന്ന കഥ) റഷീദ സ്കൂളില്‍ പഠിക്കുമ്പോള്‍ ഏതെല്ലാം ചാപല്യങ്ങള്‍ കാണിച്ചുവോ അതെല്ലാം പ്രായമായിട്ടും കാണിക്കുന്നു. വിദ്യാര്‍ത്ഥിനിയായിരിക്കെ അവള്‍ ഗുരുനാഥനെ എങ്ങനെ സ്നേഹിച്ചുവോ അമ്മട്ടില്‍ത്തന്നെ വിവാഹിതയായിട്ടും സ്നേഹിക്കുന്നു. ഈ സ്ഥിരത അക്ബര്‍ കക്കട്ടിലിന്റെ കഥയ്ക്കു ചാരുത നല്കുന്നു.

ജോയി തിരുമൂലപൂരം

പ്രചുരപ്രചാരമാര്‍ന്ന ഒരു വാരികയുടെ എഡിറ്റര്‍ എഴുപതോടു് അടുത്ത ആളായിരുന്നു. പതിനേഴു വയസ്സുള്ള ഒരു പെണ്‍കുട്ടി കഥകൾ പ്രസിദ്ധപ്പെടുത്തിക്കിട്ടാന്‍ വേണ്ടി അദ്ദേഹത്തിനു് കഥകളോടൊപ്പം പ്രേമലേഖനങ്ങള്‍ക്കു സദൃശങ്ങളായ കത്തുകളും അയയ്ക്കുമായിരുന്നു. അവ വായിച്ചു വായിച്ചു് അദ്ദേഹം പ്രേമസാഗരത്തില്‍ മുങ്ങി. ഒരു കത്തില്‍ അവളെഴുതി അയാളെ വിവാഹം ചെയ്യാന്‍ ഒരുക്കമാണെന്നു്. മക്കളുടെ മക്കളുള്ള ആ കിഴവന്‍ അവളുടെ ഗ്രഹനില വരുത്തിവച്ചു. അപ്പോഴാണു് ഞാന്‍ ആ വാരികയാപ്പീസില്‍ ചെന്നതു്. പലതും പറഞ്ഞ കൂട്ടത്തില്‍ നൂതന പ്രേമബന്ധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഗ്രഹനിലകള്‍ ചേരുമോ എന്നു് എന്റെ കൂട്ടുകാരനായ ഒരു അസ്ട്രോണമി പ്രൊഫസറെക്കൊണ്ടു് നോക്കിപ്പിക്കണമെന്നും കിഴവന്‍ അഭ്യര്‍ത്ഥിച്ചു. അസ്ട്രോളജിയല്ല അസ്ട്രോണമി എന്നു ഞാന്‍ പറഞ്ഞില്ല. ഗ്രഹനിലകള്‍ ഒരു ജ്യോത്സ്യനെക്കൊണ്ടു ഞാന്‍ പരിശോധിപ്പിച്ചു. ഒരുദിവസം ഞാന്‍ നടക്കാന്‍ പോയിട്ടു് തിരിച്ചു് വീട്ടിലെത്തിയപ്പോള്‍ പത്രാധിപര്‍ ചാരുകസേരയില്‍ കാലുംനീട്ടി കിടക്കുന്നു. പ്രൊഫസര്‍ എന്തു പറഞ്ഞു എന്ന ചോദ്യം. ഞാന്‍ ഉടനെ മറുപടി നല്കി: “ചെറുക്കനും പെണ്ണിനുമുള്ള പ്രായത്തിന്റെ വ്യത്യാസം അമ്പതുവര്‍ഷത്തോളമായതുകൊണ്ടു് ഇയാള്‍ ഈ പെണ്ണിനെ വിവാഹം കഴിക്കുന്നതു് ഇയാളുടെ ആവശ്യത്തിനല്ല അടുത്തവീട്ടുകാരന്റെ ആവശ്യത്തിനാണെന്നു പ്രൊഫസര്‍ അറിയിച്ചു.” എന്റെ ഈ മറുപടികേട്ടു് പത്രാധിപര്‍ എഴുന്നേറ്റ് വടിയുമൂന്നി അങ്ങുപോയി. (അദ്ദേഹം മരിച്ചിട്ടു കാലം കുറെയായി) ഈ യഥാര്‍ത്ഥസംഭവം ഞാനോര്‍മ്മിച്ചതു് ജോയിതിരുമൂലപുരം കഥാമാസികയില്‍ എഴുതിയ “ആത്മാവിന്റെ കാലുകള്‍” എന്ന ഹാസ്യാത്മകമായ കഥ വായിച്ചതുകൊണ്ടാണു്. അറുപതുവയസ്സായ വേലുപ്പിള്ള മുപ്പത്തിയെട്ടു വയസ്സുള്ള കൗസല്യയെ വിവാഹം കഴിച്ചു. കൗസല്യയ്ക്കു് പതിനേഴുവയസ്സുള്ള മകളുണ്ടു്; ആദ്യത്തെ ഭര്‍ത്താവിന്റെ സന്തതി. കൗസല്യ വ്യഭിചരിക്കുന്നു. വേലുപ്പിള്ള ‘കക്കള്‍ഡ്’ (Cuckold) ആകുന്നു. സീമയും വ്യഭിചരിക്കുന്നു. ഈ വ്യഭിചാരത്തെ ഹാസ്യാത്മകമായി കഥാകാരന്‍ ആവിഷ്കരിക്കുന്നു. വിഭിന്ന മൂല്യങ്ങളെയും വിഭിന്ന മനോഭാവങ്ങളെയും താരതമ്യപ്പെടുത്തിയാണു് ജോയി ഹാസ്യം ഉല്പാദിപ്പിക്കുന്നതു്. പത്തുനേരമ്പോക്കുകള്‍ പറയുമ്പോള്‍ നൂറു ശത്രുക്കളുണ്ടാകുമെന്നു് ലോറന്‍സ് സ്റ്റേണിന്റെ ‘ട്രിസ്ട്രം ഷന്‍ഡി’യില്‍ കാണുന്നു. സാഹിത്യത്തിലെ നേരമ്പോക്കു് എല്ലാവരെയും മിത്രങ്ങളാക്കുകയേയുള്ളു.

* * *

സുഖക്കേടു കൂടിയ കുട്ടിയെ പഴയ വിപ്ലവകാരിയായ ശ്രീധരന്‍ ആശുപത്രിയിലേക്കു കൊണ്ടുവരുന്നു. ജാഥ വഴിമുടക്കിയതുകൊണ്ടു് സമയത്തെത്താന്‍ കഴിയുന്നില്ല. കുട്ടി മരിക്കുന്നു. ഇതാണു് വെണ്ണല മോഹനന്‍ മനോരാജ്യത്തിലെഴുതിയ ‘ശവംതീനിപ്പക്ഷികള്‍’ എന്ന കഥയുടെസാരം. കഥയെന്നതിനു പകരം ഉപന്യാസമെന്നു വിളിച്ചാല്‍ എനിക്കു പരാതിയില്ല. പേരിലെന്തിരിക്കുന്നു? റോസാപ്പൂവിന്റെ പേരു വേറെന്തായലും അതിനു് സൗരഭ്യവും അഴകും കാണുമെന്നു കവി പറഞ്ഞിട്ടില്ലേ? ഉപന്യാസത്തെ വേണമെങ്കില്‍ കഥയെന്നു വിളിക്കാം. ശുഷ്കതയ്ക്ക് ഒരു കുറവും ഉണ്ടാകുകയില്ല.

* * *

ശിവപ്രസാദ് വേലുക്കുട്ടി വാസവദത്തയുടെ വേഷംകെട്ടി വന്നപ്പോള്‍ പുരുഷനല്ല സ്ത്രീതന്നെയാണെന്നു് ആലപ്പുഴെ ഉള്ള ചിലര്‍ കരുതി. പരിശോധിക്കണമെന്നായി അവര്‍. പരിശോധിച്ചു. പരിശോധന വള്‍ഗറായിരുന്നെങ്കിലും വേലക്കുട്ടിയുടെ കഴിവിന്റെ അംഗീകാരവുമായിരുന്നു അതു്.