close
Sayahna Sayahna
Search

SFN:Test vijayan


ജീവിത യാഥാര്‍ത്ഥ്യം ; ചലച്ചിത്ര യാഥാര്‍ത്ഥ്യം

ചലച്ചിത്ര സംവിധായകൻ ബുദ്ധദേവ്ദാസ് ഗുപ്ത യുമായി പി.എന്‍. വേണുഗോപാല്‍ 2005 സെപ്തംബറിൽ നടത്തിയ അഭിമുഖം


Symbol question.svg.png താങ്കള്‍ സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു. സാമ്പത്തികശാസ്ത്രം പഠിപ്പിക്കുകയും ചെയ്തിരുന്നു. എങ്ങനെയാണ് അവിടെ നിന്ന് ചലച്ചിത്രലോകത്തേക്ക് വന്നത്?

കോളജില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ചെറിയ ചെറിയ ഡോക്യുമെന്ററികള്‍ നിര്‍മിക്കാറുണ്ടായിരുന്നു. ഞാന്‍ തന്നെയായിരുന്നു ക്യാമറാമാനും എഡിറ്ററുമെല്ലാം. തിരക്കഥകളും എഴുതുമായിരുന്നു. ഔപചാരികമായ പരിശീലനമൊന്നും ഉണ്ടായിരുന്നില്ല. 1978ല്‍ ‘ദൂരത്വാ’ (എന്റെ ആദ്യ ഫീച്ചര്‍ ഫിലിം) യുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ അദ്ധ്യാപനവും സിനിമാ നിര്‍മാണവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ബോദ്ധ്യമായി. കല്‍ക്കത്താ സര്‍വകലാശാലയിലെ ജോലി രാജിവച്ചു.

Symbol question.svg.png താങ്കളുടെ ബാല്യകാലവും വിദ്യാഭ്യാസവും കല്‍ക്കത്തയില്‍ ആയിരുന്നോ?

എന്റെ അച്ഛന്‍ റെയില്‍വേയില്‍ ഡോക്ടറായിരുന്നു. വടക്കന്‍ ബംഗാളിലെ പുര്‍ലിയ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. പക്ഷേ ബാല്യകാലം മുഴുവന്‍ അച്ഛന്റെയൊപ്പം മദ്ധ്യപ്രദേശിലേയും ഉത്തര്‍പ്രദേശിലേയും ഒറീസയിലേയും ബംഗാളിലേയും ചെറുതും വലുതുമായ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായിരുന്നു.

Symbol question.svg.png ബാല്യകാലം താങ്കളുടെ കലാജീവിതത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ?

ഉണ്ടോയെന്നോ! എന്റെ കവിതകളിലും ചലച്ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്ന മിക്ക ബിംബങ്ങളുടേയും ഉറവിടം ബാല്യകാലമാണ്. ഞാന്‍ കണ്ട വിവിധ ദേശങ്ങള്‍, ജനവിഭാഗങ്ങള്‍, കൊച്ചുകൊച്ചു സംഭവങ്ങള്‍… ഇവയെല്ലാം രൂപഭാവ മാറ്റത്തോടെയാണെങ്കിലും എന്റെ ചലച്ചിത്രങ്ങളിലും സ്ഥാനം പിടിക്കാറുണ്ട്. എന്റെ കവിതയുടേയും സംഗീതത്തിന്റേയും ഉറവിടവും എന്റെ ബാല്യമാണ്.

Symbol question.svg.png അല്‍പ്പംകൂടി വിശദീകരിക്കാമോ?

വൈകുന്നേരം ആറുമണിയോടെ എല്ലാ വീട്ടുജോലികളും തീര്‍ത്ത് അമ്മ, ഞങ്ങള്‍ കുട്ടികളെ ചുറ്റുമിരുത്തി പിയാനോ വായിക്കും. എല്ലാ ആണ്‍കുട്ടികള്‍ക്കും ലോകത്തിലേക്കുംവച്ച് ഏറ്റവും വലിയ സുന്ദരി അവരുടെ അമ്മയാണല്ലോ. ഞാനും എന്റെ സഹോദരങ്ങളും അമ്മയുടെ മുഖത്തേക്ക് നോക്കിയിരിക്കും. അപ്പോള്‍ അമ്മ പറയും: ‘എന്നെയല്ല നോക്കേണ്ടത്, സംഗീതത്തില്‍ ശ്രദ്ധിക്കൂ. എല്ലാവരും കണ്ണടയ്ക്കൂ’ കണ്ണടയ്ക്കുമ്പോള്‍ എന്റെ മനസില്‍ ഒന്നിനു പുറകെ ഒന്നായി, അല്ലെങ്കില്‍ ഒന്നിന്റെയുളളില്‍ മറ്റൊന്നായി ഓരോ ബിംബങ്ങള്‍ തെളിഞ്ഞുവരും. ബിംബകല്‍പ്പനയെന്നത് എനിക്ക് ലഭിച്ചത് അങ്ങനെയാണ്. പിയാനോ വായിച്ചുകഴിഞ്ഞു അമ്മ കവിതകള്‍ വായിക്കും. അപ്പോള്‍ വേറൊരുകൂട്ടം ദൃശ്യങ്ങള്‍ മനസില്‍ വിരിയുകയായി. ഞാന്‍ കവിതയെഴുതിത്തുടങ്ങിയപ്പോള്‍ അമ്മ ഉപദേശിക്കുമായിരുന്നു. ‘എത്ര വാക്കുകളില്ലാതെ നിനക്ക് കവിതയെഴുതാന്‍ കഴിയുമെന്ന് നോക്കൂ’. അതുതന്നെ ഞാന്‍ എന്റെചലച്ചിത്ര ശൈലിയിലും പ്രയോഗിക്കാന്‍ ശ്രമിക്കുന്നു: എത്ര കുറച്ചു ഫ്രെയിമുകള്‍ കൊണ്ട് ഒരു കഥ പറയാന്‍ കഴിയും. കവിത ആസ്വദിക്കാന്‍ എന്നെ പഠിപ്പിച്ചതുപോലെ ഒരു പെയിന്റിംഗ് നോക്കിക്കാണേണ്ടത് എങ്ങനെയെന്നും ഒരു ബിംബം എങ്ങനെയാണ് മറ്റനേകം ബിംബങ്ങളിലേക്ക് നയിക്കുന്നതെന്നും അമ്മയാണ് പറഞ്ഞുതന്നത്.

Symbol question.svg.png ചെറുപ്പത്തില്‍ തന്നെ കവിതകളെഴുതിയിരുന്നോ?

ഉവ്, പതിമൂന്നാമത്തെ വയസില്‍ ആദ്യത്തെ കവിത അച്ചടിച്ചുവന്നു. പതിനാറാം വയസില്‍ ആദ്യ സമാഹാരവും.

Symbol question.svg.png അറുപതുകളുടെ അവസാനവര്‍ഷങ്ങളിലാണല്ലോ താങ്കള്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കല്‍ക്കത്തയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നക്‌സ്‌ലൈറ്റ് പ്രസ്ഥാനം തിളച്ചുമറിഞ്ഞുതുടങ്ങിയ കാലം. താങ്കളുടെ നിലപാടെന്തായിരുന്നു?

സെന്‍സിറ്റീവ് ആയ ഒരു മനുഷ്യനും രാഷ്ട്രീയാതീതനായി ജീവിക്കാന്‍ കഴിയില്ല. ഞാനും അന്നത്തെ രാഷ്ട്രീയ കോളിളക്കങ്ങളില്‍ ആകൃഷ്ടനായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ പലരും ആ പ്രസ്ഥാനത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. എന്റെ പല ചിത്രങ്ങളിലും അതിന്റെ അനുരണനങ്ങള്‍ കാണാനുണ്ട്.

Symbol question.svg.png താങ്കളുടെ ആദ്യചിത്രങ്ങളായ ദൂരത്വാ, നീം അന്നപൂര്‍ണ, ഗൃഹാജദാ തുടങ്ങിയവ ആശയത്തിലും ഘടനയിലും വളരെയേറെ റിയലിസ്റ്റിക് ആയിരുന്നല്ലോ. എന്നാല്‍ പില്‍ക്കാലത്തെ ചിത്രങ്ങളില്‍ ഭ്രമാത്മകതയിലേക്കും സര്‍റിയലിസത്തിലേക്കുമുളള ഒരു ചുവടുമാറ്റം കാണുന്നുണ്ടല്ലോ. ഈ മാറ്റത്തിന്റെ പശ്ചാത്തലം വ്യക്തമാക്കാമോ?

തുടക്കത്തില്‍ എനിക്ക് എന്റെ സിനിമയുടെ കാഴ്ചക്കാരെക്കുറിച്ച് അത്രതന്നെ ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ റിയലിസത്തില്‍ മുറുകെ പിടിച്ചു. റിയലിസം മടുപ്പിക്കുന്നതും ആവര്‍ത്തനവിരസവും പ്രവചിക്കപ്പെടാവുന്നതുമാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ട് നാമെല്ലാം റിയലിസത്തെ അംഗീകരിക്കുന്നു. എന്നാല്‍ ക്രമേണ, എന്റെ കവിത, എന്റെ സിനിമയേയും സ്വാധീനിച്ചു. യാഥാര്‍ത്ഥ്യത്തോട് കുറച്ചു സ്വപ്നശകലങ്ങളും അല്‍പ്പം മാജിക്കും ചേര്‍ത്താല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും. നിരൂപകര്‍ ഇന്നെന്നെ ‘സര്‍റിയലിസ്റ്റ്&ർsquo; എന്ന മുദ്ര കുത്തുന്നു എന്നെനിക്കറിയാം. എന്നാല്‍ ഞാന്‍ ഒരു സര്‍റിയലിസ്റ്റല്ല. സര്‍റിയലിസത്തില്‍ നിങ്ങള്‍ക്ക് വ്യക്തമായി പറയാന്‍ കഴിയും. ഇത് യാഥാര്‍ത്ഥ്യമല്ല, സര്‍റിയലിസമാണ് എന്ന്. ഡാലിയുടെ ഒരു ചിത്രം പോലെ. ഞാന്‍ ചെയ്യുന്നത് യാഥാര്‍ത്ഥ്യതലങ്ങളില്‍ തുടങ്ങി മെല്ലെ മെല്ലെ ഭ്രമാത്മകതയിലേക്ക് കടക്കുകയാണ്. യാഥാര്‍ത്ഥ്യവും അയാഥാര്‍ത്ഥ്യവും ഒരുമിച്ചാണ് വര്‍ത്തിക്കുന്നത്. ഇത് യാഥാര്‍ത്ഥ്യത്തിന്റെ മേഖല, ഇത് ഭ്രമാത്മകതയുടെ മേഖല എന്നു വേര്‍തിരിക്കാന്‍ കഴിയില്ല. ജീവിതത്തിലും അങ്ങനെതന്നെയാണെന്നാണ് എന്റെ തോന്നല്‍. യാഥാര്‍ത്ഥ്യം അയാഥാര്‍ത്ഥ്യമായും അയാഥാര്‍ത്ഥ്യമായത് യാഥാര്‍ത്ഥ്യമായും തോന്നാം. ഞാന്‍ മെല്ലെ മെല്ലെ യാഥാര്‍ത്ഥ്യത്തിനോട് യാഥാര്‍ത്ഥ്യമല്ലാത്തത് സന്നിവേശിപ്പിക്കുമ്പോള്‍ കാണികള്‍ വിശ്വസിക്കാന്‍ തുടങ്ങുന്നു. അയാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യമായി മാറുന്നു.

Symbol question.svg.png മനുഷ്യന്റെ പൊതുപ്രതികരണ സ്വഭാവത്തില്‍ നിന്നു വ്യത്യസ്തമായാണ് താങ്കളുടെ മിക്ക കഥാപാത്രങ്ങളും പ്രതികരിക്കാറുളളത്. ‘ബാഘ് ബഹാദൂറി’ല്‍ പുലിമനുഷ്യന്‍ കടുവയുടെ കൂട്ടില്‍ക്കയറി അതുമായി മല്ലിട്ടു മരിക്കുന്നു. ‘ചരാചറി’ല്‍ പക്ഷി പിടുത്തക്കാരന്‍ കൂട്ടിലടയ്ക്കപ്പെട്ട പക്ഷികളെ തുറന്നുവിടുന്നു. ‘നീം അന്നപൂര്‍ണ’യില്‍ വീട്ടമ്മ, താന്‍ മോഷ്ടിക്കുന്നത് കണ്ടുപിടിച്ച ഭിക്ഷക്കാരനെ കഴുത്തുഞെരിച്ചു കൊല്ലുന്നു. ജീവിതത്തിലെ അഹിതകരമായ നിമിഷങ്ങളില്‍ മനുഷ്യന്‍ അസാധാരണമായി പെരുമാറുമെന്നാണോ താങ്കളുടെ ജീവിത വീക്ഷണം?

അസാധാരണമെന്ന് നിങ്ങള്‍ പറയുന്നത് ശരിയല്ല. അത് ചില നിര്‍ണായക നിമിഷങ്ങളിലെ പ്രതികരണമാണ്. ആ നിമിഷം അഹിതകരമെങ്കില്‍, ആ നിമിഷം സംഘര്‍ഷഭരിതമെങ്കില്‍ പ്രതികരണവും വ്യത്യസ്തമാവും. ശാന്തിപൂര്‍വമായ ഒരു നിമിഷത്തിന് അങ്ങനെയൊരു പ്രതികരണം സൃഷ്ടിക്കാന്‍ കഴിയില്ല.

Symbol question.svg.png നിസ്സഹായരായ, ഏകാന്തതയുടെ ഭാരം പേറുന്ന സ്ത്രീകളും പുരുഷന്മാരുമല്ലേ താങ്കളുടെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്ന വിഷയം? താങ്കളുടെ ചിത്രങ്ങളെ പരാമര്‍ശിക്കുമ്പോള്‍ തന്നെ, മനസില്‍ ഉയര്‍ന്നുവരിക ശൂന്യദൃഷ്ടികളോടെ ശൂന്യതയിലേക്ക് നോക്കിനില്‍ക്കുന്ന കഥാപാത്രങ്ങളെയാണ്.

മനുഷ്യരെല്ലാം ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ ഇടവേളകളില്‍ ഏകാന്തത അനുഭവിക്കുന്നവരാണ്. സചേതനമായ ഒരു മനസിന് ഏകാന്തത അനിവാര്യമാണ്. മറ്റു നിവൃത്തിയില്ല. തുറന്നുപറയട്ടെ,. എന്റെ ജീവിതത്തിലെ പല വ്യത്യസ്ത സമയങ്ങളിലും ഏകാന്തത അനുഭവിക്കാറുണ്ട്. എന്റെ സിനിമയില്‍ തികച്ചും സ്വഭാവികമായാണ് ഏകാന്തത കടന്നുവരുന്നത്.

Symbol question.svg.png സ്വാതന്ത്ര്യസമരത്തിനുവേണ്ടി എല്ലാം തൃജിച്ച്, എന്നാല്‍ പിന്നീട് രാഷ്ട്രീയത്തില്‍ നിന്നു തീര്‍ത്തും അകന്നുനില്‍ക്കുന്ന വിപ്ലവ പ്രസ്ഥാനത്തിനുവേണ്ടി എല്ലാം ബലികൊടുത്ത്, എന്നാല്‍ പിന്നീട് അതുമായി യാതൊരു ബന്ധവുമില്ലാത്ത, രാഷ്ട്രീയത്തില്‍ നൂറുശതമാനവും മുഴുകി പകുതി ജീവിതം പിന്നിട്ടതിനുശേഷം ബിസിനസുകാരനായി മാറുന്ന കഥാപാത്രങ്ങള്‍ താങ്കളുടെ ചിത്രങ്ങളില്‍ കൂടെക്കൂടെ പ്രത്യക്ഷപ്പെടാറുണ്ടല്ലോ. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താങ്കള്‍ക്കുളള മടുപ്പാണോ ഈ കഥാപാത്രങ്ങള്‍?

നമ്മുടെ നാട്ടിലെ പ്രായോഗിക രാഷ്ട്രീയം സചേതനമായ മനസുളളവരെ നിരാശരാക്കുന്നു. അതായിരിക്കാം ഇങ്ങനെയുളള കഥാപാത്രങ്ങള്‍ എന്റെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

Symbol question.svg.png വര്‍ഗീയത, രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും മുന്‍പെന്നത്തേക്കാളും ഇടപെടുന്നതും അതിന്റെ തിക്തഫലങ്ങളും പല ചലച്ചിത്രകാരന്മാരുടേയും വിഷയമായിട്ടുണ്ടല്ലോ. താങ്കളുടെ സിനിമകളില്‍ ഇത് എത്രത്തോളം നിഴലിച്ചിട്ടുണ്ട്?

എന്റെ ചിത്രങ്ങളിലും ഈ വിഷയം കടന്നുവന്നിട്ടുണ്ട്. പ്രത്യേകിച്ചും അടുത്തകാലത്തെ ചിത്രങ്ങളില്‍, എന്നാല്‍ മതപരമായ അസഹിഷ്ണുത എന്ന ഒരേയൊരു വിഷയത്തില്‍ മാത്രംകേന്ദ്രീകരിച്ച് ചിത്രം നിര്‍മിക്കാന്‍ ഞാന്‍ തയാറല്ല. കാരണം, ജീവിതമെന്നാല്‍ പല പല വിഷയങ്ങളാണ്. ഒരു പ്രധാന പന്ഥാവുണ്ടാവും; എന്നാല്‍ ഇടറോഡുകളും ഊടുവഴികളുമുണ്ടാവും.

Symbol question.svg.png ’ഗൃഹാജദാ’യുടെയും ‘ഉത്തര’യുടേയും സംഗീതസംവിധാനം താങ്കള്‍ തന്നെയാണല്ലോ നിര്‍വഹിച്ചിരിക്കുന്നത്. അമ്മയില്‍ നിന്നു പിയാനോ വായിക്കാന്‍ പഠിച്ചുവെന്ന് പറഞ്ഞു. അതല്ലാതെ മറ്റു പരിശീലനം നേടിയിട്ടുണ്ടോ?

ഇല്ല. മറ്റു പരിശീലനങ്ങളൊന്നുമുണ്ടായിട്ടില്ല. അതിന്റെ പരാധീനതകള്‍ കൊണ്ടാണ് സംഗീതസംവിധാനം വേണ്ടെന്നുവച്ചത്. ഇപ്പോള്‍ ഞാന്‍ ചില ട്യൂണുകള്‍ മൂളും. ഇന്നഇന്നപോലെയാണ് വേണ്ടതെന്ന് സംഗീത സംവിധായകരോട് പറയും.

Symbol question.svg.png അപ്പോള്‍ പാശ്ചാത്യ ശാസ്ത്രീയസംഗീതമാണ് താങ്കളുടെ സംഗീതത്തിന്റെ അടിസ്ഥാനം?

അതെ. എന്നാല്‍ ഞാന്‍ ഇന്ത്യന്‍ ശാസ്ത്രീയസംഗീതവും കേള്‍ക്കാറുണ്ട്. നാടന്‍ ശീലുകളെ ഞാന്‍ സ്‌നേഹിക്കുന്നു. കാരണം, അത് ഹൃദയത്തിന്റെ രാഗമാണ്. ലോകത്തെമ്പാടമുളള ഫോക് മ്യൂസിക് ഞാന്‍ ശേഖരിക്കാറുണ്ട്. രബീന്ദ്രസംഗീതവും എനിക്ക് വളരെയേറെ ഇഷ്ടമാണ്. അവ കേവലം ഗാനങ്ങള്‍ മാത്രമല്ല. മനുഷ്യനെ മറ്റൊരു മാനസികതലത്തിലേക്ക് ഉയര്‍ത്തുന്നു. ദുഃഖം തോന്നുമ്പോള്‍, വിഷാദമുണ്ടാവുമ്പോള്‍ ഞാന്‍ രബീന്ദ്രസംഗീതം കേള്‍ക്കുന്നു, അതെനിക്ക് ആശ്വാസം പകരുന്നു.

Symbol question.svg.png താങ്കള്‍ ഒരു കവിയാണ്, ചലച്ചിത്രകാരനാണ്, സംഗീതജ്ഞനാണ്, നോവലിസ്റ്റാണ്, ചിത്രകാരനാണ് (പുസ്തക പുറംചട്ടകളും സ്‌കെച്ചുകളും ചെയ്യാറുണ്ടല്ലോ). താങ്കളുടെ അഭിരുചികള്‍ക്കും കഴിവുകള്‍ക്കും സത്യജിത്‌റേയുടേതുമായി അസാധാരണ സാമ്യമുണ്ട്. ഈയൊരു ചോദ്യം അനിവാര്യമാണ്. റേ താങ്കളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നല്ല, താങ്കളുടെ ചലച്ചിത്ര ജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനമെന്താണ്?

പല പാശ്ചാത്യ നിരൂപകരും എന്നെ റേയുമായി താരതമ്യപ്പെടുത്താറുണ്ട്. റിയലിസത്തിന്റെ എല്ലാ സാധ്യതകളും മനോഹരമായി ആവിഷ്കരിച്ചിട്ടുളള ചലച്ചിത്രകാരനായിരുന്നു റേ. — സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകളുപയോഗിച്ച് — കഥപറയാന്‍ മിടുക്കനായിരുന്നു. ഞാന്‍ അങ്ങേയറ്റം ആദരിക്കുന്ന വ്യക്തിയാണ് സത്യജിത് റേ. ഇടയ്ക്ക് ഞാന്‍ അദ്ദേഹത്തിന്റെ ചില സിനിമകളിലേക്ക് മടങ്ങിപ്പോകാറുണ്ട്. എന്നാല്‍ എന്റെ ആവിഷ്കരണരീതി റേയുടേതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. യാഥാര്‍ത്ഥ്യവും അയാഥാര്‍ത്ഥ്യവും തമ്മിലുളള സങ്കലനമാണ് എന്റെ ചലച്ചിത്രസങ്കല്‍പ്പം. ബിംബങ്ങള്‍ പിറവിയെടുക്കുന്ന ഒരു രണ്ടാം ലോകത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.

Symbol question.svg.png രണ്ടാം ലോകം?

അതെ. നാം നമുക്ക് ചുറ്റുമുളള ലോകത്തില്‍ ജീവിക്കുന്നു. എന്നാല്‍ അതു കൂടാതെ നമ്മുടെ ഉളളില്‍ മറ്റൊരു ലോകമുണ്ട്. പലരും ആ ലോകത്തില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. അവിടെ നിന്നാണ് ബിംബങ്ങള്‍ ജനിക്കുന്നത്. ഘടനാപരമായി എന്റെ ഫ്രെയിമുകള്‍ … ശൈലിയില്‍ ഒതുങ്ങുന്നില്ല. ഞാന്‍ പലപ്പോഴും കഥയ്ക്കു പുറത്തേക്കു ചാടുന്നു. പിന്നീട് തിരിച്ചുവരുന്നു.

Symbol question.svg.png മറ്റൊരതികായനാണല്ലോ ഋതിക്ഘട്ടക്?

ഞാന്‍ ഘട്ടകിനെ വളരെ ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നു. അദ്ദേഹത്തെ സത്യജിത് റേയുമായി താരതമ്യം ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ല. അതിന്റെ ആവശ്യമില്ല. അദ്ദേഹത്തിന്റെ സുവര്‍ണരേഖാ, മേഘാധാക്കെതാരാ തുടങ്ങിയവയൊക്കെ മികച്ച ചിത്രങ്ങളാണ്. സുബോധ്‌ഘോഷിന്റെ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് ഘട്ടക് ‘അജാന്തിക്’ എന്ന ചിത്രമെടുത്തത്. ഒരു കാറിന്റെ കഥ. കാറിന് അമ്മയോ സഹോദരങ്ങളോ കമിതാവോ ഇല്ല. ഒരു ഡ്രൈവര്‍ മാത്രമേയുളളൂ. എത്ര മനോഹരമായാണ് അദ്ദേഹം ആ ചിത്രം നിര്‍മിച്ചത്. ആഖ്യാനഘടനയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ആദ്യത്തെ ഇന്ത്യന്‍ ചിത്രമാണ് അജാന്ത്രിക്. ആശയപരമായി വളരെ വ്യത്യസ്തമായ ഒരു ലോകമാണ് ഘട്ടക് ഇന്ത്യന്‍ സിനിമയ്ക്കു തുറന്നുകൊടുത്തത്. ഇന്ത്യന്‍ സിനിമ എക്കാലവും ഘട്ടകിനോട് കടപ്പെട്ടിരിക്കുന്നു.

Symbol question.svg.png ’സ്വപേ്‌നര്‍ ദിന്‍’ എന്ന ചിത്രത്തിന് ഈയിടെ, ഏറ്റവും നല്ല സംവിധായകനുളള ദേശീയ അവാര്‍ഡു ലഭിക്കുകയുണ്ടായി, മുന്‍പ് ഉത്തരയ്ക്കും ഇതേ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നാല്‍ രണ്ടുപ്രാവശ്യം ഏറ്റവും നല്ല ചിത്രത്തിനുളള അവാര്‍ഡ് ഈ ചിത്രങ്ങള്‍ക്കു ലഭിച്ചുമില്ല. ഇതേപറ്റിയെന്താണ് അഭിപ്രായം?

നമുക്കാ വിവാദത്തിലേക്കു കടക്കേണ്ട. ഉത്തരയ്ക്ക് വെനീസിലും അവാര്‍ഡു കിട്ടി. ചരാചറിനു ഏറ്റവും നല്ല സിനിമയ്ക്കുളള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ അവാര്‍ഡ് ഒരു സിനിമയെ മഹത്തായ സിനിമ ആക്കുന്നില്ല. ഘട്ടക് തന്നെ ഏറ്റവും നല്ല ഉദാഹരണം. ആകെ കൂടി ഒരേയൊരു അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നതെന്നു തോന്നുന്നു. എന്നാല്‍ അദ്ദേഹത്തിന് എത്ര അവാര്‍ഡു ലഭിച്ചുവെന്ന് ആരും എണ്ണാറോ ആലോചിക്കാറോ പോലുമില്ലല്ലോ. അതേസമയം അരവിന്ദന് അനേകം അവാര്‍ഡുകള്‍ ലഭിച്ചു. എന്നാല്‍ അതുകൊണ്ടല്ലല്ലോ അദ്ദേഹം മഹാനായ ചലച്ചിത്രകാരനാവുന്നത്. ചലച്ചിത്രങ്ങളെ അവാര്‍ഡുകളുടെ മാനദണ്ഡംവച്ച് ഒരിക്കലും അളക്കാന്‍ പാടില്ല. അവാര്‍ഡു ലഭിക്കുമ്പോള്‍ എനിക്കു സന്തോഷം തോന്നാറുണ്ട്. എന്നാല്‍ അത് ആനിമിഷത്തേക്കു മാത്രം. അവാര്‍ഡുകളുടെ കെണിയില്‍ പെടാന്‍ എനിക്കു വയ്യ. പ്രതിഭാധനരായ പല ഇന്ത്യന്‍ സംവിധായകരും അവരുടെ കഴിവുകളെയും ഭാവനയേയും അവാര്‍ഡു കെണിയില്‍ കുടുക്കിയിരിക്കുന്നു.

Symbol question.svg.png അരിവന്ദന്‍, അടൂര്‍ഗോപാലകൃഷ്ണന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ ചലച്ചിത്രങ്ങളെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?

അവരൊക്കെത്തന്നെയും ഇന്ത്യന്‍ സിനിമയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജോണ്‍ എബ്രഹാം വേറിട്ട ഒരു വ്യക്തിത്വം തന്നെ ആയിരുന്നല്ലോ. പൊതുജന പങ്കാളിത്തത്തോടെ ചലച്ചിത്രനിര്‍മാണം എന്ന ആശയം നടപ്പില്‍ വരുത്തിയ എനിക്കറിയാവുന്ന ഒരേയൊരു ചലച്ചിത്രകാരനാണ് ജോണ്‍. സിനിമ കേരളത്തിലെ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഒഡേസയോടൊപ്പം ഞാനും ഒരു മാസം കേരളത്തില്‍ കറങ്ങി, എന്റെ ചിത്രങ്ങളുമായി.

Symbol question.svg.png സമകാലീന ബംഗാളി സിനിമ? അപര്‍ണാസെന്‍, ഗൗതംഘോഷ് ഉല്‍പലേന്ദു… ഇവരെ എങ്ങനെ വിലയിരുത്തുന്നു?

അവരൊക്കെത്തന്നെ വളരെ സെന്‍സിറ്റീവ് ആയാണ് ഈ മാധ്യമത്തെ ഉപയോഗിക്കുന്നത്. അവരില്‍ നിന്നു വലിയ പ്രതീക്ഷകളാണ് നമുക്കുളളത്.

Symbol question.svg.png ഒരു കവിയായോ ചലച്ചിത്രകാരനായേ അറിയപ്പെടാന്‍ താല്‍പര്യം? കവിതയുടെ മേഖലയിലോ ചലച്ചിത്രത്തിന്റെ മേഖലയിലോ ഏതെങ്കിലും ഒന്നില്‍ മറ്റേതിനേക്കാള്‍ കൂടുതല്‍ സംഭാവന നല്‍കിയിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

കവിയായും ചലച്ചിത്രകാരനായും അറിയപ്പെടുന്നെങ്കില്‍ അതുതന്നെയാണ് എനിക്കിഷ്ടം. സിനിമ എന്റെ തൊഴിലാണ്. എന്റെ ആവേശവും. അതേസമയം കവിതയെഴുതാതെ എനിക്കു ജീവിക്കാനാവില്ല. സിനിമയെടുക്കാന്‍ ശാരീരികമായ അദ്ധ്വാനം ഏറെ വേണ്ടിവരുന്നു. എന്റെ ശരീരത്തിനു അതിനു കഴിയില്ലായെന്ന എനിക്കു തോന്നിയാല്‍ സിനിമാരംഗം വിടും, കവിത തുടരും.

Symbol question.svg.png താങ്കളുടെ ഏറ്റവും പുതിയ ചിത്രം ‘കാല്‍പുരുഷ്’ താങ്കളുടെ തന്നെ നോവലായ ‘അമേരിക്ക–അമേരിക്ക’യെ ആസ്പദമാക്കിയാണല്ലോ. അതിന്റെ പ്രമേയം?

ഒരച്ഛനും മകനും. അവര്‍ വ്യത്യസ്ത കാലങ്ങളിലാണ് ജീവിക്കുന്നത്. ഇരുവരും ഒരുമിച്ചുവരാന്‍ ഇടയായപ്പോള്‍ പരസ്പരം ചോദിക്കാനും പറയാനും ഒരുപാടു കാര്യങ്ങള്‍…

Symbol question.svg.png അമേരിക്കയുമായി ബന്ധമൊന്നുമില്ലേ?

സമീരാ റെഡ്ഡി അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് അമേരിക്ക ചലച്ചിത്രത്തില്‍ വരുന്നത്. ആ കഥാപാത്രം അമേരിക്കയുമായി അന്ധമായ പ്രണയത്തിലാണ്.

Symbol question.svg.png സമീരാ റെഡ്ഡി ബോംബെ സിനിമാ ലോകത്തെ ഒരു ഗ്ലാമര്‍ താരമാണല്ലോ. ഗ്ലാമര്‍താരത്തെ നായികയാക്കാന്‍ പ്രത്യേക കാരണങ്ങളുണ്ടോ?

പണവും പദവിയും ആഗ്രഹിക്കുന്ന ഒരു ബംഗാളി വീട്ടമ്മയുടെ റോളാണ് സമീരയ്ക്ക്. ആ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാന്‍ കഴിയും സമീരയ്ക്ക് എന്നെനിക്കു തോന്നി. ഞാന്‍ നടീനടന്മാരെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ സെന്‍സിറ്റീവ് ആണോ എന്നതിനാണ് പ്രാധാന്യം കൊടുക്കുക.

Symbol question.svg.png ഇന്ത്യന്‍ സിനിമയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

പലപ്പോഴും കാണികള്‍ നമ്മുടെ നല്ല സിനിമയെക്കുറിച്ച് പരാതി പറയാറുണ്ട്. സിനിമയുടെ മന്ദഗതിയാണ് അവരുടെ പ്രശ്‌നം. ടി.വിയിലൂടെയും ഹോളിവുഡ് സിനിമകളിലൂടെയും ദ്രുതഗതിയില്‍ മിന്നിമറയുന്ന ഇമേജുകളോട് അവര്‍ പരിചിതരാണ്. ഒരു ഇമേജിന്റെ ചരിത്രം അവര്‍ക്കറിയേണ്ട! ഒരിമേജ് അനേകം ഇമേജുകള്‍ പ്രദാനം ചെയ്യുമോ എന്നവര്‍ക്കറിയേണ്ട. ഒരിമേജിനും മറ്റൊന്നിനും ഇടയ്ക്ക നിഗൂഢമായ വേറൊരിമേജ് ഉണ്ടൊയെന്നും അവര്‍ക്കറിയേണ്ട. ഇമേജുകള്‍ വളരെ വേഗത്തില്‍ ചലിക്കുന്നു. അല്ലെങ്കില്‍ ചലിക്കണം എന്നുമാത്രം അവര്‍ക്കറിയാം. ഇങ്ങനെയൊരു സാഹചര്യത്തില്‍ നാമെന്താണ് ചെയ്യേണ്ടത്? കോംപ്രമൈസുകള്‍ ചെയ്യാതെ, എനിക്കെന്നോടുതന്നെ ചോദ്യങ്ങള്‍ ചോദ്യക്കാം: പൊതുജനത്തിന്റെ സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെടാതെ, എന്നാല്‍ വ്യത്യസ്തമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിയുമോ? കാലം മാറിയിരിക്കുന്നു. സിനിമയില്‍ നിന്നുളള പ്രതീക്ഷകളില്‍ മാറ്റം വന്നിരിക്കുന്നു. സിനിമയോടുളള സമീപനം മാറിയിരിക്കുന്നു. ഇന്നു തര്‍ക്കോവിസ്കിക്ക് നിറഞ്ഞുകവിയുന്ന ഒരു സദസുകിട്ടില്ല.(ഒരു വിഭാഗം കാഴ്ചക്കാരില്ലാ എന്നല്ല) സിനിമാ നിര്‍മാണത്തിന്റെ ചെലവു വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. മുടക്കുമുതല്‍ തിരിച്ചുകിട്ടിയേ കഴിയൂ. അടിസ്ഥാനങ്ങളില്‍ വ്യതിയാനങ്ങള്‍ വരുത്താതെ തന്നെ കാണികളെ ലഭിക്കുമെന്നാണ് എന്റെ അഭിപ്രായം. ഒരു കലാകാരന്‍ താന്‍ ജീവിക്കുന്ന കാലത്തെ മനസിലാക്കണം.

Symbol question.svg.png ഹോളിവുഡ് സിനിമയുടെ കടന്നാക്രമണം മൂലം ഫ്രഞ്ച് ജര്‍മന്‍ ചലച്ചിത്രരംഗങ്ങള്‍ പോലും വലിയ പ്രതിസന്ധിയില്‍ ആണല്ലോ?

എനിക്കറിയാം. ഫ്രഞ്ചും ജര്‍മനും മാത്രമല്ല, മൂന്നാംലോക രാഷ്ട്രങ്ങളിലെ സിനിമയേയും ഞെരിക്കുകയാണ്. എന്താണ് പ്രതിവിധിയെന്നു യാതൊരു വ്യക്തതയുമില്ല.

Symbol question.svg.png സിനിമാ ചിത്രീകരണത്തിന്റെ നിലവിലുളള രീതികള്‍ മാറ്റിമറിച്ചുകൊണ്ട് ഡിജിറ്റല്‍ സിനിമ രംഗപ്രവേശം ചെയ്തിട്ടുണ്ടുല്ലോ? താങ്കളുടെ നിലപാടെന്താണ്?

ഡിജിറ്റലായി എക്‌സ്‌പോസു ചെയ്യപ്പെട്ടു ഇമേജുകള്‍ക്ക് പ്രശ്‌നങ്ങളുണ്ട്. പ്രത്യേകിച്ചും മങ്ങിയ വെളിച്ചത്തിലെ ഷോട്ടുകള്‍ക്ക്. അതും അതുപോലുളള നിരവധി പോരായ്മകളും പരിഹരിക്കപ്പെടുന്നതുവരെ ഞാന്‍ അതിലേക്കു കടക്കില്ല. ഡിജിറ്റല്‍ രീതി ഉപയോഗിക്കുകയേയില്ല എന്നൊന്നും ഞാന്‍ പറയില്ല; മൂന്നോ അഞ്ചോ വര്‍ഷങ്ങള്‍ കൊണ്ട് അതിന്റെ പരാധീനതകള്‍ പരിഹരിക്കപ്പെടുകയാണെങ്കില്‍ ഞാന്‍ അത് ഉപയോഗിച്ചുകൂടാ എന്നില്ല.

Symbol question.svg.png കുടുംബം?

ഭാര്യയും രണ്ടു പെണ്‍മക്കളും. എന്റെ കഥാജീവിതത്തിന് ഞാന്‍ അവരോട് ഏറെ കടപ്പെട്ടിരിക്കുന്നു.

Symbol question.svg.png അവരില്‍ ആരെങ്കിലും കവിതയിലേക്കോ സിനിയിലേക്കോ കടന്നിട്ടുണ്ടോ?

ഇല്ല. എന്നാല്‍ അവര്‍ക്ക് സംഗീതമുണ്ട്. പിയാനോ.

Symbol question.svg.png കുടുംബപാരമ്പര്യം തുടരുന്നു അല്ലേ?

വെറും പാരമ്പര്യം മാത്രമല്ല. അല്‍പം മനഃപൂര്‍വുമാണ്. ജീവിതം എത്ര സമ്പൂര്‍ണമാണെങ്കിലും എപ്പോഴും അതു നിങ്ങള്‍ക്കു സന്തോഷം തരില്ല. ഏതു സമയവും അവിചാരിതമായ പലതും ജീവിതത്തിലേക്കു കടന്നുവരാം. അല്ലെങ്കില്‍ അപ്രിയമായ പലതിലേക്കും അറിയാതെ ചെന്നു വീഴാം. ജീവിതം നമ്മുടെ നിയന്ത്രണത്തിനു അതീതമാണ്. ഒരച്ഛനെന്നനിലയില്‍ എന്റെ കുട്ടികള്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ എനിക്ക് എപ്പോഴും കഴിയില്ല. അവര്‍ക്ക് എന്തെല്ലാം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെന്ന് ആര്‍ക്കറിയാം. സംഗീതത്തെ സ്‌നേഹിക്കൂ. കവിതയെ സ്‌നേഹിക്കൂ. പെയിന്റിംഗുകളേ സ്‌നേഹിക്കൂ. നല്ല സിനിമയെ സ്‌നേഹിക്കൂ; ഏതു പ്രതിസന്ധിയിലും അവ ആശ്വാസമാവും.
* * *