SFN:Test vijayan
Contents
മേരി റോയി - യുദ്ധങ്ങള്‍ നിറഞ്ഞ ഒരു ജീവിതം
സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകയായമേരി റോയി യുമായി പി.എന്‍. വേണുഗോപാല്‍ 2006 ജാനുവരിയിൽ നടത്തിയ അഭിമുഖം
‘പളളിക്കൂട’ത്തിന്റെ വിശാലമായ വളപ്പില്‍ സ്കൂള്‍ കെട്ടിടങ്ങളുടെ പിന്നിലാണ് മേരി റോയിയുടെ വസതി. ലാറി ബേക്കറുടെ വാസ്തുശില്‍പ ചാതുര്യത്തിന്റെ ഉത്തമ മാതൃക. ടി. കലാധരന്റെ “ഗണപതി’ മുതല്‍ പ്രശ്‌സതരായ പല ചിത്രകാരന്മാരുടെയും പെയിന്റിംഗുകള്‍ ചുമരുകളെ അലങ്കരിക്കുന്ന സ്വീകരണമുറി.
“പത്തു പണ്ട്രണ്ടു വര്‍ഷം മുമ്പ് ഞാന്‍ മാഡത്തിന്റെ ഫോട്ടോ എടുത്തിരുന്നു. അന്നു മാഡം താഴെ, തറയില്‍ ആ കുഷ്യനുകളുടെ ഇടയിലാണ് ഇരുന്നിരുന്നത്. അവിടെ ഒന്നിരിക്കാമോ?” എന്റെയൊപ്പം വന്നിരുന്ന ഫോട്ടോഗ്രാഫര്‍ രാജീവ് പ്രസാദ് ചോദിച്ചു.
എഴുപത്തിമൂന്നു വര്‍ഷം മുമ്പ് കോട്ടയത്തെ അയ്മനത്തു നിന്നു തുടങ്ങിയ യാത്ര അല്‍പം മാത്രം അകലമുളള സ്കൂള്‍ സ്ഥിതി ചെയ്യുന്ന കളത്തില്‍പ്പടിവരെ മാത്രമേ എത്തിയുളേളാ എന്നു തോന്നാം. എന്നാല്‍ “പിന്നില്‍ താണ്ടിയ വഴിയതിദൂരം…” എന്നതാണ് സത്യം. ദുര്‍ഘടങ്ങളും കടമ്പകളും ഡെഡ് എന്‍ഡുകളും നിരവധിയായിരുന്നു ആ വഴിയില്‍. മനുഷ്യന്റെ ഇച്ഛാശക്തിയുടെയും ധൈര്യത്തിന്റെയും തിളങ്ങുന്ന പ്രതീകം. തിരുവിതാംകൂര്‍ ക്രിസ്തീയ പിന്‍തുടര്‍ച്ചാവകാശ നിയമത്തിനെതിരേ ഒറ്റയ്ക്കു യുദ്ധം ചെയ്ത് വിജയം കൈവരിച്ച സ്ത്രീ. അരുന്ധതി റോയിയുടെ അമ്മ, മുമ്പ് “കോര്‍പ്പസ് ക്രിസ്റ്റി’യെന്നും ഇന്നു ‘പളളിക്കൂട’മെന്നും അറിയപ്പെടുന്ന വിദ്യാലയത്തിന്റെ സ്ഥാപകയും ഡയറക്ടറുമായ മേരി റോയി.
ആ തിളക്കം ഇന്നും അവരുടെ കണ്ണുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു. “ നിങ്ങളെന്തിനാണ് എന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നത്? എന്നെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഞാനാണ് ഞാന്‍. ഇന്നത്തെ ഞാനോ, ഈ സ്കൂളാണ്. നിങ്ങള്‍ സ്കൂളിനെപറ്റി ചോദിക്കൂ, ഞാന്‍ സംസാരിച്ചു കൊണ്ടേയിരിക്കാം”–മേരി റോയി പറഞ്ഞു.
“ഞാന്‍ സമ്മതിക്കുന്നു. എങ്കിലും ‘ഞാന്‍’ ഞാനായത് പൊടുന്നനെയല്ലല്ലോ. ഒരു തളികയില്‍ വച്ച് ആരും നീട്ടിത്തന്നതല്ലല്ലോ’ പളളിക്കൂടം’? ദുസഹമായിരുന്നു ബാല്യ–കൗമാരം. യാതന നിറഞ്ഞതായിരുന്നു യൗവനം. സമ്പന്നമായ തറവാട്ടിലാണ് പിറന്നതെങ്കിലും പട്ടിണിയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ദാമ്പത്യ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ നിര്‍ബന്ധിതയായിട്ടുണ്ട്, എന്നൊക്കെ കേട്ടിട്ടുണ്ട്. താങ്കളുടെ ജീവിതം മറ്റുളളവര്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്, പ്രചോദനം പകരുന്നതാണ് ശ്രീമതി റോയി. അതുകൊണ്ട് ഭൂതകാലത്തെക്കുറിച്ച് സംസാരിച്ചു കൂടേ?” ഞാന്‍ ചോദിച്ചു.
അയ്മനം ഓര്‍മ്മകള്‍
- “എന്റെ ആദ്യത്തെ ഓര്‍മ്മകളില്‍ ഒന്ന് എന്റെ അമ്മ — അവര്‍ ഒരു സുന്ദരിയായിരുന്നു — തലയില്‍ നിന്ന് രക്തം ഒലിപ്പിച്ചു നില്‍ക്കുന്നതാണ്. കര്‍ട്ടന്‍ റോഡുകൊണ്ട് അച്ഛന്‍ അടിച്ചതാണ്. അന്നെനിക്ക് നാലു വയസ്”.
സമ്പത്തും ആഢ്യതയുമുളള കുടുംബത്തിലാണ് മേരി റോയി പിറന്നത്. മുത്തച്ഛന്‍ ജോണ്‍ കുര്യന്‍ കോട്ടയത്തെ ആദ്യത്തെ സ്കൂളുകളില്‍ ഒന്നായ അയ്മനം സ്കൂളിന്റെ സ്ഥാപകനായിരുന്നു. പില്‍ക്കാലത്ത് അത് റവ: റാവു ബഹാദൂര്‍ ജോണ്‍കുര്യന്‍ സ്കൂള്‍ എന്ന പേരു സ്വീകരിച്ചു. ആ സ്കൂള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.
- “മലയാളം മീഡിയത്തില്‍ പഠിക്കാന്‍ കുട്ടികളില്ലാത്തതുകൊണ്ടാണ് ആ സ്കൂള്‍ നിലച്ചു പോയത്. അതാണ് ഇന്നത്തെ പ്രവണത. എത്ര പട്ടിണിക്കാരനാണെങ്കിലും തങ്ങളുടെ കുട്ടികളെ പ്രീപ്രൈമറി മുതല്‍ തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ വിടാനാണ് താല്‍പര്യം” മേരി റോയി പറഞ്ഞു.
“ജനിച്ച നിമിഷം തൊട്ടെന്‍ മകന്‍ ഇംഗ്ലീഷ് പഠിക്കണം അതിനാല്‍ ഭാര്യതന്‍ പേറങ്ങ് ഇംഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍,” അതുപോലെ?
- “ഏതാണ്ട് അങ്ങിനെത്തന്നെ. പക്ഷേ എന്റെ സ്കൂളില്‍ ആദ്യത്തെ മൂന്നുവര്‍ഷം മലയാളം മാത്രമേയുളളൂ. മലയാളത്തിലാണ് കണക്കും സാമൂഹ്യശാസ്ത്രവും സയന്‍സുമെല്ലാം. നാലാം വര്‍ഷമാണ് ഇംഗ്ലീഷ് പരിചയപ്പെടുത്തുന്നതു തന്നെ. ക്രമേണ പഠനമാധ്യമം ഇംഗ്ലീഷായി മാറുന്നു. അടിസ്ഥാനമിടേണ്ടത് മാതൃഭാഷയില്‍ തന്നെയാണ്. മൂന്നുവര്‍ഷം വൈകി ഇംഗ്ലീഷ് തുടങ്ങുന്നതുകൊണ്ട് കുട്ടികള്‍ക്ക് ആ ഭാഷയിലുളള പ്രാവീണ്യം കുറയുന്നില്ല. മറിച്ചു വര്‍ധിക്കുകയാണെന്നാണ് എന്റെ അനുഭവം. എന്നാല്‍ ആദ്യകാലത്ത് മലയാളമാണ് മാധ്യമം എന്ന ഒറ്റക്കാരണം കൊണ്ട് മാതാപിതാക്കള്‍ കുട്ടികളെ ഇങ്ങോട്ടു വിട്ടിരുന്നതേയില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറി”.
- മുപ്പത്തിയഞ്ചുവര്‍ഷം മുമ്പു മകള്‍ അരുന്ധതിയും മകന്‍ ലളിതും ഉള്‍പ്പെടെ ഏഴു വിദ്യാര്‍ത്ഥികളുമായാണ് കോര്‍പ്പസ് ക്രിസ്റ്റി ആരംഭിച്ചത്. അന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് റോട്ടറി ക്ലബിന്റെ കെട്ടിടത്തിലാണ്. അരുന്ധതി റോയി ഒരിക്കല്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘‘വൈകുന്നേരങ്ങളില്‍ റൊട്ടേറിയന്‍സ് അവിടെ കൂടും: മദ്യപിക്കും, സിഗററ്റു വലിക്കും. എന്നും രാവിലെ വന്നാല്‍ സിഗററ്റു കുറ്റികളും മറ്റും തൂത്തു വൃത്തിയാക്കലാണ് ഞങ്ങളുടെ ആദ്യത്തെ പണി”.
അഴുക്ക് അടിച്ചുമാറ്റുക മേരി റോയിയുടെ ജീവിതത്തിലെ നിരന്തര പ്രക്രിയയായിരുന്നു. യാഥാസ്ഥിതികതയും പുരുഷ മേധാവിത്വവും പൗരോഹിത്യവും സ്ഥാപിതതാല്‍പര്യങ്ങളും, മൊത്തത്തില്‍ പറഞ്ഞാല്‍ ‘എസ്റ്റാബ്ലിഷ്‌മെന്റ്’ വിസര്‍ജ്ജിക്കുന്ന അഴുക്ക്.
നാലു മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മേരി. മേരിക്കു നാലു വയസുളളപ്പോള്‍ വിദേശ വിദ്യാഭ്യാസം കഴിഞ്ഞ് കൃഷിവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായി നിയമിതനായ അച്ഛനുമൊത്ത് കുടുംബം 1937–ല്‍ അയ്മനത്തുനിന്ന് ഡല്‍ഹിയിലെത്തി. അവിടെ ജീസസ് മേരി കോണ്‍വെന്റിലും കുറച്ചുകാലം മദ്രാസിലെ ഒരു ബോര്‍ഡിംഗ് സ്കൂളിലും പഠിച്ചു. പെന്‍ഷനായി ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയപ്പോള്‍ അച്ഛന്‍ ഊട്ടിയില്‍ ഒരു വീടു വാങ്ങി. തുടര്‍ന്ന് മേരി പഠിപ്പിച്ചത് ഊട്ടിയിലെ നസ്രേത്ത് കോണ്‍വെന്റിലാണ്.
ഒരു ദാമ്പത്യദുരന്തം
പ്രതിഭാശാലിയായിരുന്ന മേരിയുടെ അമ്മ നല്ലതുപോലെ പാടുമായിരുന്നു അവര്‍. വയലിനും വായിച്ചിരുന്നു. ടെന്നീസ് കളിച്ചിരുന്നു. ഡല്‍ഹിയില്‍ ഉണ്ടായിരുന്ന കാലത്ത് അന്നത്തെ വൈസ്രോയ് ആയിരുന്ന ലിന്‍ലിത്‌ഗോ പ്രഭുവുമൊത്ത് ടെന്നീസ് കളിക്കാറുണ്ടായിരുന്നു അവര്‍. എന്നാല്‍ തന്നേക്കാള്‍ 18 വയസു കൂടുതലുണ്ടായിരുന്ന ഭര്‍ത്താവുമായുളള അവരുടെ ബന്ധം തികച്ചും പരിതാപകരമായിരുന്നു. സുമുഖനും വിദ്യാസമ്പന്നനുമായിരുന്ന ആ ഭര്‍ത്താവ് ഭാര്യയേയും കുട്ടികളെയും മര്‍ദ്ദിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. ഊട്ടിയില്‍ വാസം തുടങ്ങി അധികനാള്‍ കഴിഞ്ഞില്ല. കൊടുംതണുപ്പുളള ഒരു രാത്രിയില്‍ മേരിയുടെ അമ്മയെ ഭീകരമായി മര്‍ദ്ദിച്ച്, വാതില്‍ തുറന്നു പുറത്തേക്ക് തളളി. ഇതൊക്കെ കണ്ടുകൊണ്ടിരുന്ന മേരി മറ്റൊരു വാതിലിലൂടെ പുറത്തു ചാടി അമ്മയുടെ ഒപ്പമെത്തി. അപ്പോഴേക്കും മഴയും തുടങ്ങി. പാതിരാത്രി. അയല്‍ക്കാരൊക്കെ ഉറക്കം. ബൂട്ടില്ലാതെ മഴയത്തു നടക്കാന്‍ കഴിയില്ലെന്നു മേരിക്കു തോന്നി. ബൂട്ടെടുക്കാന്‍ വീട്ടിലേക്കു പോയാല്‍ അച്ഛന്‍ പിടിച്ചുവയ്ക്കുമെന്ന് അമ്മ മേരിയെ ഓര്‍മ്മിപ്പിച്ചു. എങ്കിലും മേരി തിരിച്ചു പോയി വാതിലില്‍ മുട്ടി. കതകു തുറന്ന് ബൂട്ടെടുത്ത് കൊടുത്തെങ്കിലും അച്ഛന്‍ പെട്ടെന്ന് അവളെ പിടിച്ചു അകത്തിട്ടു. കുളിമുറിയില്‍ പൂട്ടിയിട്ടു. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ പുറത്തു ചാടി മഴയത്തു നിന്നിരുന്ന അമ്മയുടെ അടുത്തെത്തി. കുന്നിന്റെ മുകളില്‍ ഒരു കെട്ടിടത്തില്‍ മാത്രം വെളിച്ചം കാണാം. അമ്മയും മകളും അങ്ങോട്ടു നടന്നു. ജനറല്‍ പോസ്റ്റ് ഓഫീസായിരുന്നു അത്. വിവരങ്ങള്‍ ചോദിച്ചു മനസിലാക്കിയ പോസ്റ്റ് മാസ്റ്റര്‍, മുകളിലെത്ത നിലയിലുളള തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയുടെ അച്ഛന് ടെലിഗ്രാം അയച്ചു. മുത്തച്ഛന്റെ വീട്ടില്‍നിന്നും ആളെത്തുന്നതുവരെ മേരിയും അമ്മയും പോസ്റ്റ് മാസ്റ്ററുടെ വീട്ടില്‍ കഴിഞ്ഞു. അയ്മനത്തുനിന്നും വന്ന ആളോടൊപ്പം അവര്‍ കേരളത്തിലേക്ക് പോയി.
- “തങ്ങളുടെ മേധാവിത്വം പ്രകടിപ്പിക്കാന്‍ ഭാര്യയെയല്ലാതെ മറ്റൊരെയാണ് പുരുഷന്മാര്‍ക്ക് മര്‍ദ്ദിക്കാന്‍ കഴിയുക? തെരുവിലിറങ്ങി കാണുന്ന സ്ത്രീകളെ അടിക്കാന്‍ കഴിയില്ലല്ലോ”. മേരി റോയി പറഞ്ഞു.
കല്‍ക്കത്തയും ജോലിയും
ബിരുദ പഠനത്തിനായി മദ്രാസിലെ ക്വീന്‍ മേരീസ് കോളജിലാണ് മേരി ചേര്‍ന്നത്. പഠനത്തില്‍ മേരിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ഒപ്പം ഉണ്ടായിരുന്ന ഭൂരിപക്ഷം കുട്ടികള്‍ക്കും കോളജ്, വിവാഹത്തിനു മുന്‍പുളള ഒരു “വെയ്റ്റിംഗ് റൂം’ മാത്രമായിരുന്നു. മേരിയുടെ കാര്യത്തില്‍ അങ്ങിനെയും ഒരു സാധ്യത ഉണ്ടായിരുന്നില്ല. അച്ഛന്‍ എന്നേക്കുമായി കുടുംബത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. സ്ത്രീധനം ഒരു തലവേദനയായിരുന്നെന്ന് മേരി റോയി ഓര്‍ക്കുന്നു. ക്ലാസില്‍ നിന്ന് ഒന്നു പോയിത്തന്നാല്‍ ഹാജര്‍ തരാമെന്ന് അവര്‍ പറയുമായിരുന്നത്ര. എല്ലാ വിഷയങ്ങള്‍ക്കും കഷ്ടിച്ചു ജയിച്ചു. സാമ്പത്തികമായി വല്ലാതെ ഞെരുക്കം അനുഭവിച്ച കാലമായിരുന്നു അത്. ബി.എ ബിരുദ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുളള പണം പോലും ഉണ്ടായിരുന്നില്ല. കോട്ടയത്ത് തിരിച്ചെത്തിയിട്ടും ഇല്ലായ്മ തുടര്‍ന്നു. അച്ഛന്റെ പാട്ടക്കരാര്‍ എത്തിച്ചു കൊടുക്കാറുണ്ടായിരുന്ന നെല്ലു മാത്രമായിരുന്നു ആകെ വരുമാനം. കറി വയ്ക്കാന്‍ പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന പച്ചച്ചീരയും. വിധവയായില്ലെങ്കിലും വിധവയെപ്പോലെ കഴിയുന്ന അമ്മയുമൊത്ത് മേരി പ്രത്യേകിച്ച് യാതൊന്നും ചെയ്യാതെ ഒരു വര്‍ഷം തളളിനീക്കി. അപ്പോഴേയ്ക്കും ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ബിരുദവുമെടുത്ത് മൂത്ത ജ്യേഷ്ഠന്‍ ജോര്‍ജ് കല്‍ക്കത്തയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. മേരി അങ്ങോട്ടു പോയി. ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട്ഹാന്‍ഡും പഠിച്ചു. മെറ്റല്‍ ബോക്‌സ് എന്ന കമ്പനിയില്‍ സെക്രട്ടറിയായി ജോലി ലഭിച്ചു. താന്‍ വളരെ മോശമായ ഒരു സെക്രട്ടറിയായിരുന്നുവെന്ന് മേരി ഓര്‍മ്മിക്കുന്നു. സഹോദരന്റെ ഒപ്പമുളള ജീവിതം തീരെയും സുഖപ്രദമായിരുന്നില്ല. ““എന്റെ കഴുത്തില്‍ കെട്ടിത്തൂക്കിയ ഒരു കല്ലാണിവള്‍” എന്ന് ജ്യേഷ്ഠന്‍ തന്റെ സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നത്രേ.
രാജീബ് റോയി ജീവിതത്തിലേക്ക്
കല്‍ക്കത്തയില്‍ വച്ചാണ് മേരി, രാജീബ് റോയിയെ കണ്ടുമുട്ടുന്നത്. ഒരു ചണമില്ലില്‍ ഉയര്‍ന്ന ഉദ്യോഗം, ധാരാളം പണം. തന്നെ വിവാഹം കഴിക്കുമോ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ മേരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ കുടുംബമെന്ന നരകത്തില്‍ നിന്നു രക്ഷപ്പെടുക മാത്രമായിരുന്നു ലക്ഷ്യം. മേരി ഒരു ബംഗാളി ബ്രാഹ്മണനെ വിവാഹം കഴിക്കുന്നതില്‍ കുടുംബക്കാര്‍ക്കും കാര്യമായ എതിര്‍പ്പുണ്ടായിരുന്നില്ല. സ്ത്രീധനം കൊടുക്കേണ്ടല്ലോ!
പണം, ജോലിക്കാര്‍, കാറുകള്‍… മേരി റോയ് ആയിത്തീര്‍ന്ന മേരിക്ക് പുതിയ ജീവിതം ഇഷ്ടപ്പെട്ടു. ചണമില്ലില്‍നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ രാജീബ് റോയി ആസാമില്‍ ഒരു തേയിലത്തോട്ടത്തില്‍ മാനേജരായി. അവിടുത്തെ ജീവിതം കുറേക്കൂടി രാജകീയമായിരുന്നു. വീട്ടുജോലിക്കു തന്നെയുണ്ടായിരുന്നു മുപ്പതുപേര്‍.
എന്നാല്‍ റോയി ഒരു ആല്‍ക്കഹോളിക് ആയിരുന്നെന്ന കാര്യം മേരി അറിഞ്ഞിരുന്നില്ല. വിവാഹത്തിന്റെ ദിവസവും മൂക്കറ്റം കുടിച്ചിരുന്നു. “എന്റെ ഭര്‍ത്താവ് ഒരു നല്ല മനുഷ്യനായിരുന്നു. എന്നാല്‍, അദ്ദേഹം മദ്യത്തിന്റെ അടിമയായിരുന്നു. അങ്ങനെയല്ലെന്ന് സ്വയം ചിത്രീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല. അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്റെ തെറ്റായിരുന്നു. ഞാന്‍ അദ്ദേഹത്തിനോ അദ്ദേഹം എനിക്കോ വേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നവരല്ല. രക്ഷപ്പെടാന്‍ കഴിയാത്ത ഒരവസ്ഥയില്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹത്തെ വിട്ടുപോകണമെന്ന് എനിക്കു മനസിലായി. മദ്യപാനസ്വഭാവം മൂലം ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എനിക്കു സ്വന്തമായി ഒരു ജീവിതമാര്‍ഗം കണ്ടുപിടിക്കാന്‍ കഴിയാത്ത പ്രായത്തില്‍ എത്തുന്നതിനു മുന്‍പ് പോയേ തീരൂ. ഞാന്‍ കുട്ടികളുമായി സ്ഥലം വിട്ടു. എനിക്കന്നു മുപ്പതു വയസ്. എന്റെ മകന് അഞ്ചും മകള്‍ക്ക് മൂന്നും വയസ്”.
മദ്യപനായിരുന്നെങ്കിലും ഭര്‍ത്താവില്‍നിന്ന് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടില്ലായെന്ന് മേരി റോയി പറഞ്ഞു. കത്തിടപാടുകളോ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. രാജീബ് റോയി കുട്ടികളെയും അന്വേഷിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഇതുവരെ വിവാഹമോചനം നടന്നിട്ടുമില്ല. രാജീബ് റോയി പക്ഷേ, പിന്നീട് പലതവണ വിവാഹം കഴിക്കുകയും വിവാഹമോചിതനാവുകയും ചെയ്തതായി മേരി റോയ് പറയുന്നു. വിവാഹമോചനത്തിനായി കോടതി കയറിയിറങ്ങാന്‍ മേരി റോയിക്ക് താല്‍പര്യമില്ലായിരുന്നു.
- “ഇപ്പോള്‍ രാജീബ് റോയി ഡല്‍ഹിയിലുണ്ട്. അരുന്ധതി അദ്ദേഹത്തിനു ജീവിക്കാന്‍ വേണ്ട പണം നല്‍കുന്നുണ്ട്. നോക്കാനായി ഒരാളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്”— മേരി റോയി പറഞ്ഞു.
ലളിതും അരുന്ധതിയുമൊത്ത് ഊട്ടിയില്‍ പൂട്ടിക്കിടന്ന അച്ഛന്റെ വീട്ടിലേക്കാണ് അവര്‍ പോയത്. 350 രൂപ ശമ്പളത്തില്‍ ഒരു ജോലിയും ലഭിച്ചു. എന്നാല്‍ അധികകാലം ഊട്ടിയിലെ വീട്ടില്‍ താമസിക്കാന്‍ കഴിഞ്ഞില്ല. അവിടെനിന്നും ഇറങ്ങിക്കൊടുക്കണമെന്ന് മറ്റു കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. മേരി റോയി വീടു സ്വന്തമാക്കിയാലോ എന്നായിരുന്നു അവരുടെ ഭയം. ജോര്‍ജ് ഗുണ്ടകളുമായെത്തി, കതകു ചവിട്ടിപ്പൊളിച്ചു മേരി റോയിയെയും കുട്ടികളെയും പുറത്താക്കി.
നിയമയുദ്ധത്തിന്റെ തുടക്കം
ആ സംഭവത്തിനിടെയാണ് ഊട്ടിയിലെ വീടിനുമേല്‍ മറ്റുളളവര്‍ക്കൊപ്പം തുല്യാവകാശമുണ്ടെങ്കിലും പിതാവിന്റെ കേരളത്തിലുളള സ്വത്തിന്മേല്‍ മകനു ലഭിക്കുന്ന വീതത്തിന്റെ നാലിലൊന്നോ, അയ്യായിരം രൂപയോ ഏതാണ് കുറവ് അത്രമാത്രമേ തനിക്കു ലഭിക്കുന്നുളളൂ എന്നും മനസിലാക്കുന്നത്. അങ്ങനെയാണ് മേരി റോയി 1916–ലെ തിരുവിതാംകൂര്‍ ക്രിസ്തീയ പിന്‍തുടര്‍ച്ചാവകാശ നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് നിയമയുദ്ധം ആരംഭിക്കുന്നത്. ഊട്ടിയില്‍ നിന്നും മടങ്ങിയെത്തിയ ഉടനെയല്ല, 1984–ല്‍.
- “അതിനു സുപ്രീംകോടതിയില്‍ പോകണമായിരുന്നു. ഉചിതമായ നിയമോപദേശം, പണം, സമയം ഒക്കെ വേണ്ടിയിരുന്നു”.
മേരി റോയിയുടെ വീടിന്റെ പൂമുഖത്തു തൂക്കിയിരിക്കുന്ന ബോര്‍ഡില്‍ ഒരു പാമ്പും കോണിയും കളി ചിത്രീകരിച്ചിരിക്കുന്നു. 1984–ല്‍ തുടങ്ങിയ നിയമയുദ്ധത്തിന്റെ കഥയാണത്. വില്‍പത്രം എഴുതിവയ്ക്കാതെ മരിക്കുന്ന പിതാവിന്റെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും സ്വത്തിന്മേല്‍ തുല്യാവകാശമാണെന്ന് 1986–ല്‍ സുപ്രീംകോടതി വിധിച്ചു. എന്നാല്‍ ഇരുപതുവര്‍ഷമായിട്ടും മേരി റോയിക്ക് കുടുംബത്തില്‍ നിന്നു ചില്ലിക്കാശു പോലും ലഭിച്ചിട്ടില്ല. സുപ്രീംകോടതി വിധിപ്രകാരം തന്റെ അവകാശം സ്ഥാപിച്ചുകിട്ടാന്‍ സബ് കോടതി, ഹൈക്കോടതി, വീണ്ടും കീഴ്‌ക്കോടതി… ഇപ്പോള്‍ വിധി നടത്തിപ്പിനായി കോട്ടയം സബ് കോടതിയിലാണ് കേസ് നടക്കുന്നത്. മേരി റോയി സ്വയം വരച്ചുണ്ടാക്കിയ ഈ പാമ്പും കോണിയും കളിയില്‍ ഒരു പ്രമാദം മാത്രമേ പറ്റിയിട്ടുളളൂ. 2003–ല്‍ പരാതിക്കാരി മരിക്കുന്നതായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്! 2015–ല്‍ താന്‍ ഒരു അസ്ഥികൂടമായി മാറിക്കഴിയുമ്പോള്‍ നീതി നടപ്പാക്കി സ്വത്ത് ലഭിക്കുന്നതായും.
“എന്നാല്‍ താങ്കള്‍ക്കു സ്വത്ത് ഇഷ്ടദാനമായി തന്നിട്ടുണ്ടെന്നും അത് കുടുംബസ്വത്തിനു തുല്യമാണെന്നും ജോര്‍ജ് കോടതിയില്‍ വാദിച്ചിട്ടുണ്ടല്ലോ?”
- “1966–ല്‍ അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ഊട്ടിയിലെ വീട് ഇഷ്ടദാനമായി തന്നു. അത് വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപകൊണ്ടാണ് സ്കൂളിരിക്കുന്ന ഈ അഞ്ചേക്കര്‍ വാങ്ങിയത്. അത് ഇഷ്ടദാനം മാത്രമായിരുന്നു. പിതൃസ്വത്തിന്റെ തുല്യമായ പങ്ക് സ്ത്രീയ്ക്ക് നല്‍കിയിരുന്നില്ല” മേരി റോയി പറഞ്ഞു.
“കേവലം സ്വാര്‍ത്ഥപരമായിരുന്നില്ലല്ലോ എഴുപതു വര്‍ഷത്തോളം നിലനിന്ന നിയമത്തിനെ വെല്ലുവിളിക്കാന്‍ താങ്ങള്‍ക്കുണ്ടായ പ്രചോദനം? സ്ത്രീകളോട് സമൂഹവും നിയമവും യാതൊരു നാണവുമില്ലാതെ പ്രദര്‍ശിപ്പിക്കുന്ന നിഷേധാത്മകവും അന്യായവുമായ സമീപനത്തിനെതിരേയായിരുന്നില്ലേ താങ്കളുടെ പോരാട്ടം? എന്നാല്‍ എത്ര ക്രിസ്ത്യാനി സ്ത്രീകള്‍ സുപ്രീംകോടതി വിധിയിലൂടെ ലഭ്യമായ അവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചു?”
- “ശരിയാണ്. എനിക്കുവേണ്ടി മാത്രമായിരുന്നില്ല ഞാന്‍ കോടതിയില്‍ പോയത്. അനീതിക്കെതിരയായിരുന്നു എന്റെ പോരാട്ടം. രാജാവിന്റെ കാലത്ത് സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി ഉണ്ടാക്കിയ നിയമം, സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്ക് ആയ ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്നത് എന്തൊരു വിരോധാഭാസമാണ്! എന്നാല്‍ പിന്നെ ശ്രീലങ്കയിലെയോ ഇന്തോനേഷ്യയിലെയോ നിയമങ്ങളും ഇവിടെ ബാധകമാക്കിക്കൂടേ? സ്ത്രീകള്‍ എന്തിന് ഈ അസമത്വം സഹിക്കണം?”
പ്രചരണങ്ങളുടെ വേലിയേറ്റം
സുപ്രീംകോടതി വിധിയോടെ ക്രിസ്തീയ സമുദായം തകരുമെന്നായിരുന്നു പലരും പ്രചരിപ്പിച്ചിരുന്നത്. ക്രിസ്ത്യാനി സ്ത്രീകളൊക്കെ തങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ കോടതിയില്‍ പോകുമെന്നും മുന്‍കാല പ്രാബല്യമുളളതുകൊണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തപ്പെട്ട പല ആധാരങ്ങളും അസ്ഥിരപ്പെടുമെന്നും മറ്റും. എന്നാല്‍ അങ്ങനെയൊന്നുമുണ്ടായില്ല.
- “പളളിയും രാഷ്ട്രീയക്കാരും വളരെ സമര്‍ത്ഥമായി ഇടപെട്ടു. പളളികളില്‍ വിളിച്ചു ചൊല്ലലുകള്‍ ഉണ്ടായി. കെ.എം. മാണിയുടെ നേതൃത്വത്തില്‍ പഴയ ക്രിസ്തീയ പിന്തുടര്‍ച്ചാവകാശനിയമം ഏതാണ്ട് അതേരൂപത്തില്‍ തന്നെ നിയമസഭയില്‍ പാസാക്കി. എന്നാല്‍ 1994 മുതല്‍ ആ ബില്‍ പ്രസിഡന്റിന്റെ സമ്മതത്തിനായി കാത്തുകിടക്കുകയാണ്. അതിനു നിയമസാധ്യത ലഭിച്ചാല്‍ പാമ്പിന്റെ വായിലൂടെ തിരിച്ചു മേരി റോയി സുപ്രീംകോടതിയില്‍ പോകുന്ന ഒന്നാം കളത്തിലേക്കാണ് എത്തുക. ക്രിസ്തീയ സമൂഹത്തിലെ 99 ശതമാനം സ്ത്രീകള്‍ക്കും പിതാവിന്റെ സ്വത്തിന്റെ ന്യായമായ വിഹിതമല്ല വേണ്ടത്, സ്ത്രീധനമാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം. സ്വത്തിന്റെ ഭാഗം ലഭിക്കുക പിതാവിന്റെ മരണശേഷം മാത്രമല്ലേയുളളൂ. സ്ത്രീധനം ഇപ്പോള്‍ തന്നെ ലഭിക്കില്ലേ?” മേരി റോയി പറഞ്ഞു.
“സ്ത്രീധന സമ്പ്രദായം നിലനിര്‍ത്താനല്ലേ ഈ സമീപനം സഹായിക്കുളളൂ?”
- “എന്തു ചെയ്യാന്‍! കൊച്ചുപെണ്‍കുട്ടികള്‍ക്കും വേണ്ടത് അതുതന്നെ. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവാര്‍ജ്ജിച്ച വളരെ വളരെ ന്യൂനപക്ഷമായ ഒരു വിഭാഗത്തിനു മാത്രമേ ഈ പ്രവണതയെ ചെറുക്കാന്‍ കഴിയുന്നുളളൂ”.
“താങ്കളുടെ അമ്മ വിവാഹമോചനത്തിനു ശ്രമിച്ചിരുന്നു. എന്നാല്‍ അതു നടന്നില്ല. താങ്കള്‍ ഭര്‍ത്താവിനെ വിട്ടുപോന്നു. എന്നാല്‍ വിവാഹമോചനത്തിനു കോടതിയില്‍ പോയില്ല. താങ്കളുടെ മകളുടെ ആദ്യവിവാഹം വിവാഹമോചനത്തിലാണു കലാശിച്ചത്… വിവാഹം എന്ന സ്ഥാപനത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?”
- “എന്നെപ്പറ്റി ആരെന്തു കരുതിയാലും എനിക്കു പ്രശ്‌നമില്ല. സ്ത്രീ ശാക്തീകരണമുണ്ടായാല്‍ ദാമ്പത്യമെന്ന സ്ഥാപനം തകരും. അടിയും ഇടിയും ഏല്‍ക്കാനും നിരന്തരം അവഹേളനവും അപമാനവും സഹിക്കാനും ഏതു സ്ത്രീയ്ക്കാണ് താല്‍പര്യം? കുറച്ചുകാലം മുന്‍പ് ആസ്‌ത്രേലിയയില്‍ നിന്ന് ഒരാള്‍ എനിക്കെഴുതി — ‘‘ഞങ്ങള്‍ക്ക്, എനിക്കും എന്റെ കൂട്ടുകാരിക്കും കുറച്ചുകാലം അവിടെ വന്നു പ്രവര്‍ത്തിക്കണമെന്നുണ്ട്്. എന്നാല്‍ ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല. ഒന്നിച്ചു താമസിക്കുന്നു. അതൊരു പ്രശ്‌നമാകുമോ?” ഞാന്‍ പറഞ്ഞു. ഒരു പ്രശ്‌നവുമില്ല. നിങ്ങള്‍ വരൂ. ഇതായിരിക്കും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്. പക്ഷേ അപ്പോള്‍ കുട്ടികളുടെ കാര്യമാണ് കഷ്ടത്തിലാവുക. പുരുഷമേധാവിത്വം എന്നെന്നേയ്ക്കുമായി നിലനിര്‍ത്താനുളള ഒരുപായമാണ് വിവാഹം. സന്തോഷപ്രദമായ ദാമ്പത്യജീവിതം സാധ്യമല്ലെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെയുളള അനേകം ബന്ധങ്ങള്‍ ലോകത്തുണ്ട്. പക്ഷേ, അതിനു സ്ത്രീ ശക്തയാവണം. പരസ്പരം ബഹുമാനം ആര്‍ജ്ജിക്കുന്ന ഒരു ബന്ധമാവണം അത്”.
- “ഇന്ന് ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരേ പ്രത്യേകിച്ചും ചെറുപ്രായത്തിലുളള കുട്ടികള്‍ക്കെതിരേ നടക്കുന്ന കടന്നാക്രമണങ്ങള്‍ ഓര്‍ത്തുനോക്കൂ. അവയെ ചെറുക്കാന്‍ കുട്ടികള്‍ക്കു തന്നെ കഴിയണം എന്റെ സ്കൂളില്‍ പഠിച്ചുപോകുന്ന ഒരു പെണ്‍കുട്ടിക്കും ഇങ്ങനെയുളള പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. അവര്‍ സ്വയം രക്ഷയ്ക്കുവേണ്ട പരിശീലനം നേടിയിരിക്കുന്നു”.
എന്തുകാര്യം പറഞ്ഞു തുടങ്ങിയാലും മേരി റോയി അതത്തെിക്കുക “പളളിക്കൂട’ത്തിലേയ്ക്കാണ്. “കോര്‍പ്പസ് ക്രിസ്റ്റി’ എന്ന പേര് “പളളിക്കൂട’മായതെങ്ങനെയെന്ന് ഞാന്‍ ചോദിച്ചു. സ്കൂള്‍ തുടങ്ങുന്ന കാലത്ത് രജിസ്‌ട്രേഷന്റെ ചില ഔപചാരികതകള്‍ പെട്ടെന്നു ചെയ്യേണ്ടിവന്നു. അപ്പോള്‍ ജ്യേഷ്ഠന്‍ ജോര്‍ജാണ് ആ പേരു നല്‍കിയത്. ക്രിസ്തുവിന്റെ ഭൗതികശരീരം എന്ന അര്‍ത്ഥം വരുന്ന പേരിനുളള മതപരിവേഷം സ്കൂളിനു യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതുകൊണ്ടാണ് പിന്നീട് അതു മാറ്റിയതെന്ന് മേരി റോയ് പറഞ്ഞു.
വീടിനു വെളിയില്‍ ഭിത്തിയില്‍ ഒരു മാര്‍ബിള്‍ ഫലകം പാരിവച്ചിട്ടുണ്ട്. 1999–ല്‍ കോട്ടയം മുനിസിപ്പാലിറ്റി നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചവറു സംസ്കരണശാലയ്ക്ക് മന്ത്രി പി.ജെ. ജോസഫ് തറക്കല്ലിട്ടപ്പോള്‍ സ്ഥാപിച്ച ഫലകമായിരുന്നു അത്. അതെങ്ങനെ മേരി റോയിയുടെ വീടിന്റെ ഭിത്തി ചാരി വിശ്രമിക്കുന്നു?
- “സ്കൂളിനടുത്ത് ഒരു പറമ്പിലാണ് ഇതു സ്ഥാപിച്ചിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല. അപ്പോള്‍ ഞാന്‍ അതിളക്കി ഇവിടെ കൊണ്ടുവച്ചതാണ്. അങ്ങനെയെങ്കിലും ആരെങ്കിലും അന്വേഷിച്ചുവരട്ടെ എന്നു കരുതി. എന്നാല്‍ യാതൊന്നുമുണ്ടായില്ല. ”
ഷോകേസില്‍ വച്ചിരുന്ന ഒരു ഫോട്ടോയെടുത്ത് എന്നെ കാണിച്ചു അവര്‍ തുടര്‍ന്നു.
- “ഇത് ആ ചടങ്ങിന്റെ ഫോട്ടോയാണ്. എനിക്ക് ദേഷ്യം വരണമെന്നു തോന്നുമ്പോള്‍ ഇതിലേയ്‌ക്കൊന്നു നോക്കിയാല്‍ മതി. അതിനായാണ് ഇതിവിടെത്തന്നെ വച്ചിരിക്കുന്നത്. എന്റെ കുട്ടികള്‍ ഇതു വിഷയമാക്കി ഒരു തെരുവുനാടകം അവതരിപ്പിച്ചിരുന്നു. മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍പോയി നിന്നും അവര്‍ ആ നാടകം കളിച്ചു”.
നാടകം സൃഷ്ടിച്ച പുകില്‍
നാടകവുമായി അടുത്ത ബന്ധമാണ് മേരി റോയിയുടെ സ്കൂളിന്. നാടകപരിശീലനവും നാടകാവതരണങ്ങളും സിലബസിന്റെ ഭാഗമാണെന്നുതന്നെ പറയാം. ഏതാനും വര്‍ഷം മുന്‍പ് “ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍’(ടിം റൈസും ആന്‍ഡ്രൂ ലോയ്ഡ് വെബ്ബറും രൂപകല്‍ ചെയ്തത്) എന്ന ഒപ്പറേ സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറാന്‍ ഒരുങ്ങിയത് വന്‍ വിവാദമായിരുന്നു. യേശുക്രിസ്തുവും മഗ്ദലനമറിയവും കഥാപാത്രങ്ങളായിരുന്നു നാടകം ക്രിസ്തീയ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ആരോപണം. “പുരോഹിതരും റബര്‍ മുതലാളിമാരും എന്റെ ജ്യേഷ്ഠനും അടങ്ങിയ ഒരു വലിയ സംഘം സ്കൂളിനു മുന്നില്‍നിന്നു മുദ്രാവാക്യം വിളിച്ചു — “അവളുടെ കാലുകള്‍ തല്ലിയൊടിക്കുക, അവള്‍ക്കു കൂച്ചുവിലങ്ങുകളിടുക, ഈ തെരുവില്‍ രക്തം ഒഴുകും, ഈ സ്കൂളിനു തകര്‍ക്കും ഞങ്ങള്‍… ” സുപ്രീംകോടതിയില്‍ നിന്നു അനുവാദം വാങ്ങിയാണ് ഈ നാടകം അവസാനം അരങ്ങേറിയത്. എന്നിട്ടും അരിശം തീരാഞ്ഞ്, എന്റെ കുട്ടികളെ അവരുടെ നാട്ടിലുളള പളളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍നിന്നും തടയുകവരെ ചെയ്തു.”.
അന്നു തനിക്കെതിരേ നടന്ന പ്രചാരണത്തില്‍ മലയാള മനോരമയ്ക്ക് മുഖ്യ പങ്കുണ്ടായിരുന്നതായി മേരി റോയി ആരോപിച്ചു. “വനിത’യില്‍ തന്നെ മോശമായി ചിത്രീകരിച്ചുകൊണ്ടുളള കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടു. സ്കൂളിനെ തേജോവധം ചെയ്യാന്‍ ശ്രമിച്ച ലേഖനങ്ങള്‍ വന്നു. കുട്ടികള്‍ പത്രമോഫീസില്‍ പോയി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടതും മേരി റോയി അനുസ്മരിച്ചു.
“റബര്‍ മുതലാളിമാര്‍ ഉള്‍പ്പെടെ ആദ്യം മുതലേ താങ്കളെ എതിര്‍ത്തിരുന്ന ഒരു വരേണ്യവര്‍ഗത്തിന്റെ കുട്ടികള്‍ക്കു പഠിക്കാനുളള കേന്ദ്രമായി മാറിയോ പളളിക്കൂടം? സമൂഹത്തിന് ഒരു പ്രത്യേക കഴിവുണ്ടല്ലോ — പൊതുവീക്ഷണത്തില്‍ നിന്നു വേറിട്ടു കാഴ്ചപ്പാടുളളവരെയും അവരറിയാതെ തന്നെ വളരെ ക്രമാനുഗതമായി തങ്ങളുടെ ഭാഗമാക്കുക? താങ്കളും എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായി കഴിഞ്ഞോ?”
- “സ്കൂള്‍ എലീറ്റിസ്റ്റ് അല്ലെന്നു ഞാന്‍ പറയുന്നില്ല. ഒരു ക്ലാസില്‍ ഒരേസമയം രണ്ട് അധ്യാപകരാണിവിടെ. വ്യക്തിത്വനിര്‍മാണത്തിലും പലവിധ പരിശീലനങ്ങളിലും വിവിധ തലങ്ങളില്‍ ഊന്നല്‍ നല്‍കുന്നു. ഇതിനൊക്കെ പണം വേണം. സ്വാഭാവികമായും പണമുളള മാതാപിതാക്കന്മാര്‍ക്കു മാത്രമേ അവരുടെ കുട്ടികളെ ഇവിടേയ്ക്കയയ്ക്കാന്‍ കഴിയുന്നുളളൂ. എന്നാല്‍ ഈ സ്കൂളില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും മക്കള്‍ക്ക് ഫീസില്ലാതെ ഇവിടെ പഠനം നടത്താം. മൊത്തം കുട്ടികളില്‍ 20 ശതമാനം അങ്ങനെയുളളവരാണ്”.
- “പിന്നെ, ഞാന്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായോ എന്ന്. അതൊരിക്കലും സംഭവിക്കില്ലാത്ത കാര്യമാണ്. എന്നെ അതിന്റെ ഭാഗമാക്കാന്‍ എസ്റ്റാബ്ലിഷ്‌മെന്റിന് ഒരിക്കലും കഴിയില്ല”.
“താങ്കളുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം കൂടി. താങ്കളുടെ അമ്മയുടെ ജീവിതം തിക്തത നിറഞ്ഞതായിരുന്നു. നിങ്ങള്‍ ഒരേ പട്ടണത്തില്‍ താമസിച്ചിട്ടും പത്തുവര്‍ഷത്തോളം അമ്മയെ കണ്ടിരുന്നേയില്ല എന്ന് ഒരിക്കല്‍ എഴുതിയിട്ടുണ്ട്. അതേ രീതിയിലുളള അമ്മ–മകള്‍ ബന്ധം അരുന്ധതിയുമായി ഉണ്ടാവരുതെന്നു തോന്നിയിട്ടില്ലേ? അതിനു വേണ്ടി എന്തെങ്കിലും വിട്ടുവീഴ്ചകള്‍ ചെയ്യുകയുണ്ടായോ? പതിനാറു വയസായപ്പോള്‍ അരുന്ധതി വീടുവിട്ടിറങ്ങുകയും പിന്നീട് താങ്കളുമായി ബന്ധം വിച്‌ഛേദിക്കുകയും ചെയ്തില്ലേ?”
- “അവള്‍ വീടു വിട്ടുപോയതല്ല, ആര്‍ക്കിടെക്ചര്‍ പഠിക്കാന്‍ ഞാന്‍ തന്നെ ഡല്‍ഹിയില്‍ കൊണ്ടുപോയി കോളജില്‍ ചേര്‍ത്തതായിരുന്നു. എന്നാല്‍ അവിടെവച്ചു അവള്‍ ഒരു സഹപാഠിയുമായി പ്രണയത്തിലായി. അയാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ആയിക്കോളൂ, എന്നാല്‍ രണ്ടുവര്‍ഷം കൂടി കഴിഞ്ഞു ഡിഗ്രിയെടുത്തിട്ടു മെതിയെന്നും ഞാനും. അങ്ങനെയല്ല, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനാണെങ്കില്‍ ഞാന്‍ പണമയച്ചു തരില്ലെന്നും പറഞ്ഞു. അവള്‍ അതാണ് തെരഞ്ഞെടുത്തത്. പിന്നീട് വര്‍ഷങ്ങളോളം ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല”.
“കുപ്പികള്‍ പെറുക്കി വിറ്റും മറ്റുമാണ് ജീവിച്ചിരുന്നതെന്ന് അരുന്ധതി എഴുതിയിട്ടുണ്ടല്ലോ?”
- “ശരിയാണ്. എന്നാല്‍ അതിലൊന്നും എനിക്ക് യാതൊരു വിഷമവുമില്ല. എന്റെ മകനോടും ഇതുതന്നെയായിരുന്നു എന്റെ സമീപനം. സ്വന്തമായി ജീവിക്കാന്‍ കഴിഞ്ഞത് ഇരുവര്‍ക്കും ഗുണം ചെയ്തിട്ടേയുളളൂ. ലളിത് ഒരു എക്‌സ്‌പോര്‍ട്ടറാണ്. നല്ല രീതിയില്‍ പോകുന്നു ബിസിനസ്. അരുന്ധതിയെക്കുറിച്ച് എടുത്തു പറയേണ്ടതില്ലല്ലോ”.
“ഇപ്പോള്‍ അരുന്ധതിയുമായുളള ബന്ധം?”
- “വളരെ ഊഷ്മളമായ ബന്ധമാണ്. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്”.
“മേരി റോയി–അരുന്ധതി റോയി എന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ 1,70,000 സൈറ്റുകളാണ് തുറന്നുവന്നത്. ഏതാണ്ടെല്ലാ സൈറ്റിലും മേരി റോയി, അരുന്ധതി റോയിയുടെ അമ്മ എന്നാണ് താങ്കളെക്കുറിച്ചുളള പരാമര്‍ശം. അരുന്ധതി റോയിയുടെ അമ്മ എന്നുമാത്രം അറിയപ്പെടുന്നതിനെക്കുറിച്ച് എന്തു തോന്നുന്നു?”
- “നല്ല കാര്യമായിത്തന്നെയാണ് തോന്നുന്നത്. എനിക്കെന്റെ മക്കളെപ്പറ്റി അഭിമാനമേയുളളൂ”.
“ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സില്‍ താങ്കള്‍ എന്തുമാത്രം പ്രത്യക്ഷപ്പെടുന്നു? ഏത് അളവുവരെയാണ് ആത്മകഥാംശം അതിലുളളത്?”
- “ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് ഒരു നോവലാണ്. അരുന്ധതിയുടെ ആത്മകഥയുമല്ല. എന്റെ കഥയുമല്ല. അവള്‍ തന്റെ ഓര്‍മ്മയില്‍ നിന്നും ഭാവനയില്‍ നിന്നും ഒരു ലോകം സൃഷ്ടിക്കുകയാണു ചെയ്തത്”.
“ആമി ഗോഡ്മാനു നല്‍കിയ ഒരു അഭിമുഖ സംഭാഷണത്തില്‍ —എന്റെ അമ്മ ഒരു അസാധാരണ വ്യക്തിത്വമാണ്. ഫെല്ലിനിയുടെ സിനിമയുടെ സെറ്റില്‍ നിന്നും പുറത്തുചാടിയ ഒരു കഥാപാത്രമാണ് അവര്‍ — എന്നു അരുന്ധതി റോയി പറയുകയുണ്ടായി. ഈ ചോദ്യം അരുന്ധതിയോടു ചോദിക്കേണ്ടതാണെന്നറിയാം. എങ്കിലും എന്താവാം മകള്‍ അങ്ങനെ പറയാന്‍ കാരണം?”
മേരി റോയി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു:
- “ എന്റെ ജീവിതം അങ്ങനെയൊക്കെത്തന്നെയല്ലേ? നോക്കൂ, ഇതെന്റെ സാമ്രാജ്യമാണ്. ഞാനാണ് ഇവിടുത്തെ ചക്രവര്‍ത്തിനി. സ്ത്രീകളുടെ സാമ്രാജ്യമാണെന്നു പറയുന്നതാവും ശരി. പുരുഷന്മാര്‍ ഇവിടെ വന്നുപോകുന്നതില്‍ എനിക്ക് എതിര്‍പ്പൊന്നുമില്ല. ആണ്‍തുണില്ലാതെയാണ് ഇതൊക്കെ ഉണ്ടായത്; ഉണ്ടാക്കിയത്. ഇത്രയും പ്രായമായിട്ടും ഞാന്‍ എന്നും വൈകുന്നേരം ഷോര്‍ട്‌സും ടീ ഷര്‍ട്ടും ധരിച്ചു നടക്കാന്‍ പോകുന്നു. നീന്തല്‍ക്കുളത്തില്‍ നീന്തുന്നു. ഒറ്റയ്ക്കാണെങ്കിലും എനിക്കിഷ്ടമുളളതു ചെയ്ത് ഞാന്‍ ജീവിക്കുന്നു.