close
Sayahna Sayahna
Search

സിസ്റ്റര്‍ ആലീസ്


ക്രിയാത്മകമായ ഇടപെടലാണ് ആത്മീയത
സിസ്റ്റര്‍ ആലീസുമായി ജൂലൈ 2007-ൽ ആലപ്പുഴ വെച്ച് എം. സുചിത്ര നടത്തിയ അഭിമുഖം
സിസ്റ്റര്‍ ആലീസ്
SisterAlice.jpeg
ജനനം പാലാ, കോട്ടയം
തൊഴിൽ കന്യാസ്ത്രീ, മനുഷ്യാവകാശ പ്രവര്‍ത്തക, ഡയറക്റ്റര്‍ – വിമന്‍‌സ് ഇനിഷ്യേറ്റീവ് നെറ്റ്വര്‍‌ക്ക് (വിന്‍) സെന്റര്‍, എരമല്ലൂർ, ആലപ്പുഴ
പുരസ്ക്കാരങ്ങൾ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍‌ക്കുള്ള ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അവാര്‍ഡ്.

ക്രൂരമായ യാഥാര്‍ഥ്യങ്ങളെ മാറ്റിമറിക്കുന്നതിനുള്ള സര്‍ഗാത്മകമായ ഇടപെടലായി ദൈവത്തെ തിരിച്ചറിയുമ്പോള്‍, ആധിപത്യ സാമൂഹിക വ്യവസ്ഥകള്‍‌ക്കു നേരെയുള്ള പ്രതികരണമായി, ചലനാത്മകമായൊരു ആത്മീയതയെ നമുക്കു സങ്കല്പിക്കനാവുന്നു.എണ്‍പതുകളില്‍ മത്സ്യത്തൊഴിലാളി സമരങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സിസ്റ്റര്‍ ആലീസ് ഇന്നും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ സ്‌നേ‍ഹത്തിന്റെ ഭാഷയില്‍ വിപ്ലവവല്‍കരിക്കുന്ന പ്രവര്‍‌ത്തനങ്ങളിലാണ് ഏര്‍‌പ്പെട്ടിരുക്കുന്നത്. വിമോചന ദൈവശാസ്ത്രം മുതല്‍ സഭയുടെയും സമൂഹത്തിന്റെയും സ്ത്രീകളോടുള്ള നിലപാടുകളെക്കുറിച്ച് സംസാരിക്കുകയാണ് സിസ്റ്റര്‍ ആലീസ് ഈ അഭിമുഖത്തില്‍.

വിമോചന ദൈവശാസ്ത്രം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കാലമായിരുന്നു എഴുപതുകളുടെ അവസാനപകുതിയും എണ്‍‌പതുകളും. ഇടതുപക്ഷ നീതിബോധത്തിന്റെ കലാപസ്വരങ്ങള്‍ ക്രിസ്തീയസഭകളെ അസ്വസ്ഥമാക്കിയിരുന്ന കാലം. പള്ളിയുടെ രീതികള്‍‌ക്കെതിരെ നിരന്തര വിമര്‍‌ശനം ഉന്നയിച്ചുകൊണ്ട് ഫാദര്‍ കാപ്പനെപ്പോലെ ചിലര്‍ അകത്തുനിന്നു പുറത്തേക്കു പോയകാലം. സാമൂഹികനീതിക്കു വേണ്ടി നടന്ന പല പ്രക്ഷോഭങ്ങളിലും സമരങ്ങളിലും ഫാദര്‍ ഡൊമിനിക് ജോര്‍‌ജിനെപ്പൊലുള്ള വൈദികരുടെ സാന്നിധ്യം ശ്രധ്ധേയമായ കാലം.

ഈ സമയത്താണ് പാലാക്കാരി ആയ സിസ്റ്റര്‍ ആലീസ് ലൂക്കോസ് മത്സ്യത്തൊഴിലാളികള്‍‌ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി കോഴിക്കോട്ടെത്തുന്നത്. 1978. സിസ്റ്റര്‍‌ക്ക് അന്നു പ്രായം ഇരുപത്തൊന്‍‌പത്. കന്യാസ്ത്രീയാവനുള്ള പഠനവും പരിശീലനവും പൂണെയില്‍ പൂര്‍ത്തിയാക്കി ഇറങ്ങിയതേയുള്ളു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടന്ന പല സമരങ്ങളിലും സിസ്റ്ററുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 1984 ല്‍ മത്സ്യത്തൊഴിലാളികള്‍‌ക്കു വേണ്ടി 15 ദിവസം നിരാഹാരം കിടന്നതോടെ സിസ്റ്റര്‍ പെട്ടെന്നു പ്രശസ്തയായി. വിപ്ലവകാരിയായ കന്യാസ്ത്രീ, ലിബറേഷന്‍ തിയോളജിയുടെ വക്താവ് എന്നെല്ലാം മാധ്യമങ്ങള്‍ കുറച്ചുകാലം സിസ്റ്ററെ വിടതെ പിന്തുടര്‍ന്നു. ഇന്ത്യന്‍ മാര്‍‌ക്സിസത്തിന്റെ പത്തു വിഭിന്ന മുഖങ്ങളിലൊന്നായി സിസ്റ്റര്‍ ആലീസ് ‍ അക്കാലത്തെ ഒരു പ്രമുഖ ഇംഗ്ലീഷ് വാരികയില്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, പിന്നെ, പൊടുന്നനെ ഫാദര്‍ ഡൊമിനിക് ജോര്‍‌ജും സിസ്റ്റര്‍ ആലീസുമൊക്കെ പ്രക്ഷോഭരംഗങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. രണ്ടു ദശാബ്ദത്തിനുശേഷം, ഈയിടെ, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍‌ക്കുള്ള ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അവാര്‍ഡ് നേടിക്കൊണ്ട് , സിസ്റ്റര്‍ ആലീസ് വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. ആലപ്പുഴ ജില്ലയിലെ എരമല്ലൂര്‍ ആസ്ഥാനമാക്കി മത്സ്യത്തൊഴിലാളികള്‍‌ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍‌സ് ഇനിഷ്യേറ്റീവ് നെറ്റ്വര്‍‌ക്ക് (വിന്‍) സെന്ററിന്റെ ഡയറക്റ്ററാണ്‌ ഇപ്പോള്‍ സിസ്റ്റര്‍ ആലീസ്. “മാധ്യമങ്ങളോട് സംസാരിക്കുക, പിന്നെ, പറഞ്ഞതെന്താണെന്നു വിശദീകരിക്കേണ്ടി വരിക, വിവാദങ്ങള്‍‌ക്കും ചോദ്യങ്ങള്‍ക്കുമൊക്കെ മറുപടി പറയുക, ഇത്തരം പൊല്ലാപ്പുകള്‍ക്കൊന്നും എനിക്കിനി വയ്യ, സമയവുമില്ല” എന്ന മുഖവുരയോടെ സിസ്റ്റര്‍ സംസാരിച്ചു തുടങ്ങുന്നു. യേശുവിന്റെയും ഗാന്ധിജിയുടേയും ഫാദര്‍ ഡൊമിനിക്കിന്റേയും പടങ്ങള്‍ വച്ച സ്വീകരണ മുറിയിലിരുന്ന്.

Symbol question.svg.png സിസ്റ്റര്‍ എന്താണ്‌ ഇത്രയും കാലം നിശ്ശബ്ദയായിരുന്നത് ?

നിശ്ശബ്ദയോ! ആരു പറഞ്ഞു ഞാന്‍ നിശ്ശബ്ദയായിരുന്നുവെന്ന്? ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ഇതിനിടയില്‍ മാധ്യമങ്ങളോട് സംസാരിച്ചില്ലെന്നുമാത്രം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാം പരസ്യം നല്‍കേണ്ട കാര്യമൊന്നുമില്ലല്ലോ. പ്രവര്‍ത്തനങ്ങളെപ്പറ്റി സമൂഹം അറിയേണ്ടത് അതിന്റെ ഫലങ്ങളിലൂടെയാണ്‌. വിന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി എത്രയോ റിപ്പോര്‍‌ട്ടുകള്‍ വന്നുകഴിഞ്ഞു. ഒരു വ്യക്തി എന്ന നിലയില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ എനിക്കു താല്പര്യമില്ല. ഞാന്‍ ഈ അവാര്‍ഡു വാങ്ങിയതുപോലും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍‌ക്കുള്ള അംഗീകാരമെന്ന നിലയിലാണ്‌.

Symbol question.svg.png എന്താണ്‌ വിന്‍‌സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍?

മത്സ്യത്തൊഴിലാളികള്‍ക്കിടയിലാണ്‌ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യേകിച്ചും ഈ വിഭാഗത്തിലെ സ്ത്രീകള്‍‌ക്കിടയില്‍. ആദിവാസികളെപ്പോലെത്തന്നെ, സാമ്പത്തികമായും സാമൂഹികമായും ആരോഗ്യപരമായും ഏറെ പിന്നില്‍ നില്‍‌ക്കുന്നവരാണിവര്‍. കേരളത്തിന്റെ സാമൂഹിക വികസനസൂചികകള്‍ പൊതുവേ ഉയര്‍‌ന്നതാണെങ്കിലും മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ അങ്ങനെയല്ല. ഇതുവരെ നടന്ന വികസന പ്രക്രിയകളൊന്നും ഈ വിഭാഗത്തെ വേണ്ട രീതിയില്‍ പരിഗണിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍‌ക്കു വേണ്ടി എഴുപതുകള്‍ മുതല്‍ തന്നെ പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവയിലൊന്നും മത്സ്യത്തൊഴിലാളി സ്ത്രീകളുടെ പ്രശ്നങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളി സ്ത്രീകളെ കാഴ്ചപ്പുറത്തേക്കു കൊണ്ടുവരിക, എക്കാലത്തും നിശ്ശബ്ദരായിരുന്ന അവര്‍ക്ക് ശബ്ദം ന‍ല്‍‌കുക, സ്വന്തം സമൂഹത്തിന്റെ വികസന പ്രക്രിയയില്‍ അവര്‍‌ക്കും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം.

Symbol question.svg.png നമുക്ക് തുടക്കത്തില്‍നിന്നുതന്നെ തുടങ്ങാം. സിസ്റ്റര്‍ എന്തിനാണ്‌ സിസ്റ്റര്‍ ആയത്‌? ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടിയതിനു ശേഷം മാത്രമാണല്ലോ സിസ്റ്റര്‍ മഠത്തില്‍ ചേരുന്നത്. അത് സ്വന്തം തീരുമാനമായിരുന്നോ?

അതേ, സത്യം പറഞ്ഞാല്‍ ഇക്കാര്യത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. പാലായിലെ സാമാന്യം സാമ്പത്തികസ്ഥിതിയുള്ള കുടുംബമാണെന്റേത്. എന്റെ ഒരു സഹോദരന്‍ കുറേക്കാലമായി അമേരിക്കയിലാണ്‌. പഠനം കഴിഞ്ഞ് ഞാനും അമേരിക്കയില്‍ ജോലി ചെയ്യും എന്നൊക്കെയായിരുന്നിരിക്കണം വീട്ടുകാര്‍ കണക്കു കൂട്ടിയിരുന്നത്. പക്ഷേ എന്തോ എനിക്കു തുടക്കം മുതലേ പാവപ്പെട്ടവര്‍‌ക്കു വേണ്ടി പ്രവര്‍ത്തിക്കണമെന്നുണ്ടായിരുന്നു. പാലാ കോളെജില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ എന്നോടൊപ്പം ഫ്രഞ്ച് സിസ്റ്റേഴ്സ് ഉണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നെ ആകര്‍‌ഷിച്ചു. 1973 ല്‍ ആണ്‌ ഞാന്‍ മഠത്തില്‍ ചേരുന്നത്. അത് ലിബറേഷന്‍ തിയോളജിയുടെ കാലഘട്ടമായിരുന്നു. പള്ളി പാവങ്ങളുടെ പക്ഷം പിടിക്കേണ്ടതുണ്ടെന്ന വീക്ഷണം ശക്തമായിരുന്ന കാലഘട്ടം. എനിക്കും ആ കാഴ്ചപ്പാടിനോട് ആഭിമുഖ്യമുണ്ടായിരുന്നു. കോളെജില്‍ എം. എയ്ക്കു പഠിക്കാനുണ്ടായിരുന്ന മാര്‍‌ക്സിയന്‍ തത്ത്വശാസ്ത്രവും എന്നെ ആകര്‍ഷിച്ചിരുന്നു. ഓരോ വ്യക്തിക്കും ഓരോ ദൗത്യമുണ്ട്. അതെന്താണെന്നു തിരിച്ചറിയുകയും നിറവേറ്റുകയും ചെയ്യേണ്ടതുണ്ട്. എന്റെ ദൗത്യം ഇതാണെന്നു തോന്നി.

Symbol question.svg.png ട്രെയിനിങ്ങിനു ശേഷം സിസ്റ്റര്‍ കോഴിക്കോട്ടേക്കാണല്ലോ വന്നത്? അപ്പോഴത്തെ അനുഭവങ്ങളെന്തായിരുന്നു?

സിസ്റ്റര്‍മാരെയും വൈദികരെയും മതം മാറ്റാനെത്തിയവരെന്ന രീതിയില്‍ സംശയദൃഷ്ട്യാ മാത്രം നോക്കുന്ന ഒരു കാലമായിരുന്നു അത്. കോഴിക്കോട്ടെ കടപ്പുറത്താണ്‌ പ്രവര്‍ത്തിച്ചു തുടങ്ങിയത്. മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്‌ ഇവിടെ കൂടുതലും. അവര്‍ക്കിടയില്‍ പ്രവര്‍‌ത്തിക്കുക അത്ര എളുപ്പമല്ലായിരുന്നു. വല്ലാത്ത് കഷ്ടസ്ഥിതിയിലായിരുന്നു അവരൊക്കെ ജീവിച്ചിരുന്നത്. ഓരോ കുടുംബവുമായി എനിക്കു നല്ല ബന്ധമുണ്ടായിരുന്നു. ഇവരെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമായി തോന്നുന്നു. സ്ത്രീകളും പങ്കെടുത്തിരുന്നു സമരങ്ങളില്‍. മുസ്ലിം സ്ത്രീകള്‍ സമരത്തിനിറങ്ങുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു. ഇത്തരം സമരങ്ങള്‍‌ക്കൊടുവിലാണ്‌ 1980 ല്‍ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ രൂപവല്‍‌ക്കരിച്ചത്. 1984 ല്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന് തീവണ്ടിതടയല്‍ സമരത്തില്‍ അറുനൂറോളം സ്ത്രീകള്‍ പങ്കെടുത്തിരുന്നു.

Symbol question.svg.png ഈ സമരം എന്തിനു വേണ്ടിയായിരുന്നു? സിസ്റ്ററുടെ നിരാഹാരസമരം വലിയ വാര്‍ത്തയായിരുന്നല്ലോ?

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സമരമായിരുന്നു അത്. അക്കാലത്ത് കടപ്പുറത്തെ കുട്ടികള്‍‌ക്ക് പഠിക്കാന്‍ ധനസഹായം ലഭിച്ചിരുന്നില്ല. പഞ്ഞ മാസങ്ങളില്‍ റേഷന്‍ ഉണ്ടായിരുന്നില്ല. അനിയന്ത്രിതമായ ട്രോളിങ്ങ് കാരണം മത്സ്യസമ്പത്ത് ഭീഷണമായ രീതിയില്‍ ഇല്ലതായിത്തുടങ്ങിയിരുന്നു.അതേസമയം മത്സ്യസമ്പത്തു സംരക്ഷിക്കാന്‍ സംസ്ഥാനതലത്തില്‍ ഒരു നിയമം ഉണ്ടായിരുന്നില്ല. ഇതിനെല്ലാം വേണ്ടി ‍സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചു. കുറേ ദിവസത്തെ സമരത്തിനുശേഷവും സര്‍ക്കാര്‍ ഒരു ഉറപ്പും തന്നില്ല. സമരം സജീവമാക്കാന്‍ കോഴിക്കോട്ട് നിരാഹാരം ആരംഭിച്ചു. ഞങ്ങള്‍ രണ്ടുപേരാണ്‌ നിരാഹാരം കിടന്നത്. മത്സ്യത്തൊഴിലാളി നേതാവായിരുന്ന കൃഷ്ണേട്ടനും പിന്നെ ഞാനും. മാനാഞ്ചിറ മൈതാനത്തിനു മുന്നിലാണ്‌ നിരാഹാരം കിടന്നത്. അവിടെ എട്ടു ദിവസം. പിന്നെ മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റി. സഭയെ സ്വാധീനിച്ച് സമരം അട്ടിമറിക്കാന്‍ സര്‍‌ക്കാര്‍ ആവത് ശ്രമിച്ചു. ഞങ്ങള്‍ വഴങ്ങിയില്ല. സമരം തുടര്‍‌ന്നു. സമരത്തിനു വലിയ മീഡിയ അറ്റന്‍ഷനും കിട്ടി. ഏതായാലും ഒടുവില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അനുവദിക്കേണ്ടിവന്നു സര്‍‌ക്കാരിന്‌.

Symbol question.svg.png പക്ഷേ, ഈ സമരത്തിനുശേഷം ഫാദര്‍ ഡൊമിനിക് ജോര്‍‌ജിനേയും സിസ്റ്ററേയും പോലുള്ളവരെ പള്ളി ഒതുക്കിക്കളഞ്ഞില്ലേ?

ഒതുക്കുകയോ? ഒതുക്കിയാല്‍ പിന്നെ ഞാന്‍ ഇങ്ങനെ പ്രവര്‍‌ത്തിക്കുന്നുണ്ടാവില്ലല്ലോ. പക്ഷെ, അന്നത്തെ സമരത്തെത്തുടര്‍‌ന്ന് ചില സ്ഥലം‌മാറ്റങ്ങളൊക്കെയുണ്ടായി. എന്നെ പാലായിലെ ഒരു ഹോസ്റ്റലിലെ വാര്‍ഡനാക്കി സ്ഥലം മാറ്റി. ഞങ്ങളുടെ സമരത്തിനു ലഭിച്ച മാധ്യമശ്രധ്ധയും ഒരു കാരണമായിരുന്നു. 1985 ല്‍ ഇല്ലസ്ട്രേറ്റഡ് വീക്‌ലി അഞ്ചു തവണയാണ്‌ എന്നെ ഫീച്ചര്‍ ചെയ്തത്! ഇതിനിടയില്‍ ഞാന്‍ മദര്‍ തെരേസയെ വിമര്‍‌ശിച്ചു എന്ന ഒരു വിവാദവുമുണ്ടായി.

Symbol question.svg.png എന്തിനാണ്‌ മദര്‍ തെരേസയെ വിമര്‍ശിച്ചത്?

വിമര്‍ശിക്കുകയായിരുന്നില്ല സത്യത്തില്‍. മദര്‍ തെരേസയുടേത് ജീവകാരുണ്യപ്രവര്‍ത്തനങ്ങളായിരുന്നല്ലോ. അത്തരം പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും അനീതികള്‍ക്കും കാരണം കണ്ടെത്തി അവയെക്കൂടി എതിര്‍ക്കേണ്ടതുണ്ട് എന്നാണ്‌ ഞാന്‍ പറഞ്ഞത്. പക്ഷേ അതു വലിയ പ്രശ്നമായി. മദര്‍ തെരേസ എത്രയോ ഉയരത്തിലുള്ള ആള്‍. ഞാന്‍ എത്രയോ തഴെ ഉള്ള ഒരാള്‍. എന്നിട്ടും ഇങ്ങനെയൊക്കെ പറയുകയോ എന്നായി. എന്റെ അഹന്തയായി അതു ചിത്രീകരിക്കപ്പെട്ടു.

Symbol question.svg.png സജീവപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഹോസ്റ്റല്‍ വാര്‍ഡന്‍ ആയപ്പോള്‍ വിഷമം തോന്നിയില്ലേ?

തോന്നാതെ പിന്നെ? മൂന്നു വര്‍ഷമാണ് വെറുതേ പോയത്. സഹിക്കാനാവില്ലെന്നു തോന്നിയപ്പോള്‍ ഞാന്‍ ആ സഭ (അസം പ്ഷന്‍ സിസ്റ്റെഴ്സ്) വിട്ടു. പിന്നെ 1991 ല്‍ ഞാനും മറ്റു നാലു കന്യാസ്ത്രീകളും ചേര്‍ന്ന് ‘വിമെന്‍സ് ഇനീഷ്യേറ്റീവ് നെറ്റ്‌വര്‍ക്ക്’ സ്ഥാപിച്ചു. ഫാദര്‍ ഡൊമിനിക് ജോര്‍ജ് ഇതിനു ഞങ്ങളെ സഹായിച്ചു. അദ്ദേഹം ഒന്നര വര്‍ഷം മുമ്പ് മരിച്ചു. അങ്ങനെയാണ്‌ വിന്‍സെന്ററും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും തുടങ്ങിയത്. എറ്ണാകുളം ആര്‍ച്ച് ഡയോസിസിനു കീഴിലാണ്‌ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

Symbol question.svg.png അങ്ങനെ പ്രത്യക്ഷ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും വഴി സിസ്റ്റര്‍ വിട്ടു അല്ലേ? ലിബറേഷന്‍ തിയോളജിയെക്കുറിച്ചും ഇപ്പോള്‍ ആരും പറഞ്ഞു കേള്‍ക്കുന്നില്ലല്ലോ?

അങ്ങനെയല്ല. അന്നത്തെ പശ്ചാത്തലമല്ലല്ലോ ഇപ്പോഴുള്ളത്. ചര്‍ച്ച കുറേക്കൂടി ഓപ്പണ്‍ ആയിട്ടുണ്ട്. പാവങ്ങളോട് പക്ഷം ചേരുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഒത്തിരി നടക്കുന്നുണ്ട്. മുമ്പ് ഞാന്‍ നിരാഹാരം കിടന്നപ്പോള്‍ അത് ശരിയല്ല എന്നു പറഞ്ഞവര്‍ തന്നെ നാലഞ്ചു വര്‍ഷം മുമ്പ് മദ്യഷാപ്പുകള്‍ അടപ്പിക്കാന്‍ നിരാഹാരം കിടന്നിട്ടുണ്ട്. അക്കാലത്ത് സഭയ്ക്ക് അംഗീകരിക്കാന്‍ പറ്റാതിരുന്ന പല കാര്യങ്ങളും സഭ ഇപ്പോള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഞങ്ങളെ ചര്‍ച്ച് Co–opt ചെയ്തു എന്നു പലരും പറയാറുണ്ട്. അന്ന് ഞങ്ങളൊക്കെ റിബലുകളായിരുന്നു. അക്കാലത്ത് അത് ആവശ്യമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രയും റിബലിയസ് ആവേണ്ട ആവശ്യമില്ല. അന്നു ഞങ്ങളെപ്പോലുള്ളവര്‍ റിബലുകളായതുകൊണ്ടാണ്‌ സഭ ചിന്തിച്ചുതുടങ്ങിയത് എന്നത് മറ്റൊരുകാര്യം. ഇക്കാലത്തുവേണ്ടത് നെഗോഷിയേഷന്‍ കപ്പാസിറ്റിയാണ്‌. സഭ ഇപ്പോള്‍ എന്റെ മേല്‍ ഒരു തരത്തിലുള്ള അതിരും വെക്കുന്നില്ല. എന്തു ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവൊ അതു ചെയ്യാന്‍ എനിക്കു കഴിയുന്നുണ്ട്. എന്റെ ഏക പരിമിതി എല്ലായിടത്തും ചെന്നെത്താന്‍ കഴിയുന്നില്ല എന്നതു മാത്രമാണ്‌. പിന്നെ കേരളത്തിന്റെ മുഖ്യധാരയില്‍ത്തന്നെ മാറ്റ്ങ്ങള്‍ വന്നില്ലേ? പ്രൊഫഷന്‍, കരിയര്‍, പണം എന്നൊക്കെയല്ലേ ഇപ്പോള്‍ നോക്കുന്നത്? ഐഡിയലിസം ഒന്നും പഴയതു പോലെയില്ലല്ലോ ആര്‍ക്കും.

Symbol question.svg.png കുടുംബം പോലെ സഭയും പുരുഷാധിപത്യം നിലനില്‍ക്കുന്ന ഒരു സ്ഥാപനമല്ലേ?

അതേ. എങ്കിലും സിസ്റ്റര്‍മാരുടെ സഭകള്‍ക്ക് ആവശ്യത്തിന്‌ ഓട്ടോണമി ഉണ്ട്. സ്വതന്ത്രമായിത്തന്നെയാണ്‌ ഞങ്ങള്‍ കാര്യങ്ങള്‍ നടത്തുന്നത്. ഇച്ഛയുണ്ടെങ്കില്‍ ആര്‍ക്കും നന്നായി പ്രവര്‍ത്തിക്കാം. ആരെങ്കിലും അടിയറവു പറയുന്നുണ്ടെങ്കില്‍ അത് വേറെ കാര്യം. സഭ നിശ്ചയിക്കിന്നുത് സ്വാതന്ത്ര്യം, പള്ളി പറയുന്നതേ ഞാന്‍ കേള്‍ക്കൂ എന്നെല്ലാം പറയുന്നതാണ്‌ സത്യത്തില്‍ പ്രശ്നം. അതു ചെയ്തോട്ടെ, ഇതു ചെയ്തോട്ടെ എന്ന് എല്ലാറ്റിനും സമ്മതം ചോദിക്കെണ്ട കാര്യമില്ല. കുടുംബത്തിലെ പുരുഷനാണെങ്കിലും നമ്മള്‍ അടിമകളായിനിന്നാല്‍ അവര്‍ തലയില്‍ കേറില്ലേ? അതേ സമയം, നമ്മള്‍ നമ്മുടെ രീതിയില്‍ നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അംഗീകരിക്കാതെ പറ്റില്ലല്ലോ. ഫ്രീഡം എടുക്കാന്‍ പഠിക്കേണ്ടതുണ്ട് സ്ത്രീകള്‍. പലപ്പോഴും ആണുങ്ങള്‍ അങ്ങനെ പറയും ഇങ്ങനെ പറയും എന്നൊക്കെ കരുതി സ്വയം ലിമിറ്റ്‌ ചെയ്യാറുണ്ട് നമ്മള്‍ പലപ്പോഴും. എന്തിനാണ്‌ അങ്ങനെ ചെയ്യുന്നത്? നമ്മുടെ ഭര്‍ത്താക്കന്മാരും ആമ്പിള്ളേരും കഴിവുകെട്ടവരാണെങ്കില്‍ അത് അമ്മമാരുടേയും ഭാര്യമാരുടേയും ഒക്കെ കുറ്റമാണെന്നേ ഞാന്‍ പറയൂ.

Symbol question.svg.png സാമൂഹിക സേവനത്തിനു വേണ്ടിയുള്ള സമര്‍പ്പിത ജീവിതം സഭയ്ക്കു പുറത്തുനിന്നുകൊണ്ടും ആകാവുന്നതല്ലേ?

ഇത്ര ഇഫക്റ്റീവായി പ്രവര്‍ത്തിക്കാന്‍ കഴിയുമോ അപ്പോള്‍? എനിക്ക് ഇപ്പോള്‍ ഒരു കമ്യൂണിറ്റിയുടെ പിന്തുണയുണ്ട്. ഒരു സിസ്റ്റര്‍ എന്ന നിലയില്‍ എനിക്ക് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനവും അംഗീകാരവുമുണ്ട്. വെറും ഒരു വ്യക്തിയായി പുറത്തു നിന്നുകൊണ്ട് ഇത്ര നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമൊ എന്ന് എനിക്ക് സംശയമാണ്‌. പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട റിസോഷ്സിനെക്കുറിച്ചും ചിന്തിക്കേണ്ടതില്ല. ഇതു ചിട്ടയും ക്രമവുമുള്ള ജീവിതമാണ്‌. ഇതിന്റെ ഗുണം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കും. ഇവിടെ മറ്റൂ തരത്തിലുള്ള ഒരു കാര്യവും ഞാനറിയേണ്ട. കൈ കഴുകി ചോറുണ്ണാന്‍ ഇരുന്നാല്‍ മതി. വളരെ പ്രിവിലെജ്‌ഡ് ആയ ജീവിതം. അങ്ങനെയുള്ളവര്‍ മുഴുവന്‍ സമയവും സേവനത്തിനായി മാറ്റിവെക്കണം.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ അവരെ “ആണിനും പെണ്ണിനും തുല്യമായി നീതിനിയമങ്ങള്‍ മാറിടുന്നു… പാതിരാനേരത്തു പെണ്ണൊരുത്തി പാതയില്‍ പോകുന്ന കാലം വരും…” എന്നു തുടങ്ങുന്ന ഒരു പാട്ട് പഠിപ്പിച്ചിരുന്നു.ഈയിടെ ചില സ്ത്രീകള്‍ എന്നോടു പറഞ്ഞു, സിസ്റ്ററേ, അന്നൊക്കെ ഞങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്, സിസ്റ്റര്‍ പറയുന്നതു പോലെ ഒരു കാലം എപ്പോഴെങ്കിലും വരുമോ എന്ന്. പക്ഷെ, ഇപ്പോള്‍ ഏതു നേരത്തും എവിടെപ്പോകാനും ഞങ്ങള്‍ക്കു പേടിയില്ല എന്ന്. എനിക്കതു കേട്ടപ്പോള്‍ എന്തു സന്തോഷമാണു തോന്നിയതെന്നോ!

സ്ത്രീകളുടെ സ്വാശ്രയസംഘങ്ങള്‍ രൂപവല്‍‌ക്കരിച്ചുകൊണ്ടാണ്‌ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മൂന്നു പഞ്ചായത്തുകളിലായി അറുനൂറോളം സംഘങ്ങള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ട്. 12500 കുടുംബങ്ങള്‍ അംഗങ്ങളാണ്‌ ഈ സംഘങ്ങളില്‍. മത്സ്യത്തൊഴിലാളിസ്ത്രീകളുടെ ദയനീയ സ്ഥിതി നേരിട്ടു കണ്ടാലെ മനസ്സിലാകൂ. ആണുങ്ങളില്‍ ഭൂരിഭാഗവും കുടിച്ചും ചീട്ടുകളിച്ചും പണം കളയും. കഷ്ടപ്പാട്‌ മുഴുവന്‍ സ്ത്രീകള്‍ക്കാണ്‌. പതിനഞ്ചുവര്‍‌ഷം മുമ്പ് ഞങ്ങളിവിടെ പ്രവര്‍‌ത്തനം തുടങ്ങുമ്പോള്‍ മിക്ക കുടുംബങ്ങളും തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കൊള്ളപ്പലിശക്കാരുടെ പിടിയിലായിരുന്നു. സ്വാശ്രയ സംഘങ്ങള്‍ രൂപവല്‍ക്കരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ആ അവസ്ഥ മാറി. ഇപ്പോള്‍ കൊള്ളപ്പലിശയ്ക്കു കടം കൊടുക്കുന്ന ഒറ്റ അണ്ണാച്ചി പോലും ഇവിടെയില്ല. എപ്പോള്‍ വേണമെങ്കിലും 25000 രൂപവരെ ഗ്രൂപ്പിന്റെ സമ്പാദ്യത്തില്‍നിന്ന് കടമെടുക്കാനും സ്ത്രീകള്‍ക്കു കഴിയുന്നുണ്ട്.

Symbol question.svg.png ഇത്തരം സ്വാശ്രയസംഘങ്ങള്‍ വളരെ അരാഷ്ട്രീയമായാണ്‌ വളരുന്നതെന്ന വിമര്‍‌ശനമുണ്ടല്ലോ?

ആ വിമര്‍ശനം കുടുംബശ്രീ യൂണിറ്റുകളെപ്പറ്റിയാണ്‌. കുടുംബശ്രീ സംഘങ്ങളെ ഭരണത്തിലിരിക്കുന്നവര്‍ ചൂഷണം ചെയ്യാറുണ്ട്. ഞങ്ങളുടെ ഗ്രൂപ്പുകള്‍ അങ്ങനെയല്ല. സ്ത്രീകളുടെ യഥാര്‍ഥ ശാക്തീകരണത്തിലാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലിംഗപരവും സമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളെപ്പറ്റി ഞങ്ങളുടെ സംഘങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഞങ്ങളുടെ ഫീല്‍ഡ് സ്റ്റാഫ് മുഴുവന്‍ സ്ത്രീകളാണ്‌. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍‌നിന്നുതന്നെയാണ്‌ ഫീല്‍ഡ് സ്റ്റാഫിനെ പരിശീലിപ്പിക്കുന്നത്. ഇവരില്‍ക്കൂടിയാണ്‌ എല്ലാ പ്രൊജക്റ്റുകളും വികസിപ്പിച്ചെടുക്കുന്നത്. വ്യക്തിവികസനം, ചെറിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുള്ള പരിശീലനം, മറ്റു തരത്തിലുള്ള തൊഴില്‍ പരിശീലനങ്ങള്‍ എന്നിവയ്ക്കും ഊന്നല്‍ നല്‍കുന്നുണ്ട്. മാത്രമല്ല, പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഉപജീവനമാര്‍ഗത്തിന്റെ കാര്യത്തില്‍ ഭാവി ഇരുണ്ടതാണ്‌. അതുകൊണ്ടുതന്നെ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഞങ്ങള്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. കരിയര്‍ ഗൈഡന്‍സും പ്ലേസ്മെന്റ് സർവീസും ഒക്കെ നടത്തുന്നുണ്ട്. പ്രാദേശിക–ദേശീയ–അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി നെറ്റ്‌വര്‍ക്കിങ് നടത്തുന്നുണ്ട് ഞങ്ങള്‍.

Symbol question.svg.png സംഘങ്ങള്‍ രൂപീകരിക്കുമ്പോള്‍ മതപരമായ പരിഗണനകള്‍ ഉണ്ടാകാറുണ്ടോ?

അല്പം പോലുമില്ല. എല്ലാ മതങ്ങളില്‍‌പ്പെട്ടവരും ഈ സംഘങ്ങളിലുണ്ട്. ഗ്രൂപ്പുകളുണ്ടാക്കുന്നതും ഗ്രൂപ്പിനു പേരിടുന്നതുമൊക്കെ അവര്‍തന്നെയാണ്‌ . ഈയിടെ ഒരു ഗ്രൂപ്പിന്‌ ശ്രീപാര്‍വ്വതി എന്നാണ്‌ പേരിട്ടത് എന്നു കേട്ടപ്പോള്‍ ഞാന്‍ കരുതി ആ സംഘത്തില്‍ എല്ലാവരും ഹിന്ദുക്കളായിരിക്കുമെന്ന്. അന്വേഷിച്ചു വന്നപ്പോള്‍ ഒരേയൊരു ഹിന്ദുസ്ത്രീയെ അതിലുള്ളൂ! അതു കൊണ്ട് പേര്‌ അവള്‍ക്കിഷ്ടമുള്ളതാകട്ടെ എന്നാണ്‌ മറ്റുള്ളവര്‍ കരുതിയത്. ചെറിയ കാര്യമാണ്‌, പക്ഷേ, ഈ രീതിയിലാണ്‌ അവര്‍ ചിന്തിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ സാമുദായിക വിദ്വേഷം ഉണ്ടാകുന്നത് രാഷ്ട്രീയപ്പാര്‍‌ട്ടികളാണ്‌. സ്ത്രീകളുടെ സംഘങ്ങളിലൂടെ അത്തരം വിദ്വേഷങ്ങള്‍ മറികടക്കാന്‍ കഴിയും.

Symbol question.svg.png പക്ഷേ കുടുംബത്തിനകത്ത് സ്ത്രീകളുടെ പദവിയില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ ഇത്തരം സംഘങ്ങളിലൂടെ?

ഉണ്ട് എന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. മത്സ്യത്തൊഴിലാളികളുടെ ഇടയിലെങ്കിലും വ്യത്യാസം ഉണ്ടാകുന്നുണ്ട്.ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളിലൂടെ നല്ല ആത്മവിശ്വാസം സ്ത്രീകള്‍ക്ക് ഉണ്ടാകുന്നുണ്ട്.കഴിഞ്ഞ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 52 സ്ത്രീകള്‍ ഞങ്ങളുടെ മേഖലയില്‍നിന്നു മത്സരിച്ചു.നേരിട്ടു കണ്ടറിഞ്ഞാലേ നിങ്ങള്‍ക്കത് മനസ്സിലാകൂ. എന്തൊരു ആത്മവിശ്വാസവും കാര്യക്ഷമതയുമാണ്‌ അവര്‍ക്ക്! ഇവര്‍ക്ക് അനന്തമായ സാധ്യതകള്‍ ഉണ്ടെന്ന് എനിക്കെപ്പോഴും തോന്നും. വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ അവരെ “ആണിനും പെണ്ണിനും തുല്യമായി നീതിനിയമങ്ങള്‍ മാറിടുന്നു… പാതിരാനേരത്തു പെണ്ണൊരുത്തി പാതയില്‍ പോകുന്ന കാലം വരും…” എന്നു തുടങ്ങുന്ന ഒരു പാട്ട് പഠിപ്പിച്ചിരുന്നു.ഈയിടെ ചില സ്ത്രീകള്‍ എന്നോടു പറഞ്ഞു, സിസ്റ്ററേ, അന്നൊക്കെ ഞങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്, സിസ്റ്റര്‍ പറയുന്നതു പോലെ ഒരു കാലം എപ്പോഴെങ്കിലും വരുമോ എന്ന്. പക്ഷെ, ഇപ്പോള്‍ ഏതു നേരത്തും എവിടെപ്പോകാനും ഞങ്ങള്‍ക്കു പേടിയില്ല എന്ന്. എനിക്കതു കേട്ടപ്പോള്‍ എന്തു സന്തോഷമാണു തോന്നിയതെന്നോ! ചെല്ലാനം ഗ്രാമപ്പഞ്ചായത്തിലെ 80 ശതമാനം സ്ത്രീകളും ഞങ്ങളുടെ സംഘത്തില്‍‌പ്പെട്ടവരാണ്‌. ഒരു ഗ്രൂപ്പില്‍‌പ്പെട്ട സ്ത്രീയെ ആരെങ്കിലും ദ്രോഹിച്ചാല്‍ മറ്റു സ്ത്രീകള്‍ അടങ്ങിയിരിക്കുമോ? ചെല്ലാനം മുഴുവന്‍ ഇളകിച്ചെന്ന് അയാളെ ശരിയാക്കിക്കളയും. അങ്ങിനെയൊരു സോഷ്യല്‍ പ്രഷര്‍ ഉണ്ടാക്കികൊണ്ടുവരാന്‍ ഇത്തരം സംഘങ്ങളിലൂടെ കഴിയുന്നുണ്ട്.

Symbol question.svg.png അതു തന്നെയല്ലേ ഫെമിനിസ്റ്റുകളുടെയും കാഴ്ചപ്പാട്?

ആണോ? എനിക്കറിയില്ല. ഞങ്ങളുടേത് സ്ത്രീകളുടേയും കുട്ടികളുടെയും ശക്തി മുന്‍‌നിര്‍‌ത്തി തുടങ്ങിയ ഒരു സംഘടയാണ്‌. പക്ഷേ ഇപ്പോള്‍ പ്രവര്‍‌ത്തനം കുടുംബശാക്തീകരണം എന്ന രീതിയിലായി മാറിയിട്ടുണ്ട്. സ്ത്രീകളുടെ സംഘങ്ങള്‍ പോലെ, പുരുഷന്‍‌മാരുടെ സംഘങ്ങളും ഉണ്ടാകുന്നുണ്ട്. ഈ ആവശ്യം അവര്‍ തന്നെയാണ്‌ മുന്നോട്ടുവെച്ചത്. സ്ത്രീകളുടെ മുന്‍‌കൈയിലാണ്‌ പുരുഷന്‍‌മാരുടെ സംഘങ്ങള്‍ രൂപവല്‍‌ക്കരിക്കുന്നത്. പുരുഷന്‍‌മാരുടെ സംഘങ്ങളുടെയും പ്രഖ്യാപിതലക്ഷ്യം സ്ത്രീ ശാക്തീകരണം തന്നെയാണ്‌. മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്‍‌മാരെക്കാള്‍ വേഗം മുന്നോട്ടുവരുന്നുണ്ട്. സ്ത്രീകള്‍‍‌ക്കുണ്ടാകുന്ന മാറ്റത്തോടൊപ്പം പുരുഷന്‍‌മാരിലും മാറ്റങ്ങള്‍ ഉണ്ടായാല്‍ മാത്രമേ കുടുംബശാക്തീകരണവും അതുവഴി സമൂഹത്തിന്റെ ശാക്തീകരണവും നടക്കുകയുള്ളു.

Symbol question.svg.png കുടുംബജീവിതത്തോട് സിസ്റ്റര്‍ക്ക് എപ്പോഴെങ്കിലും താല്പര്യം തോന്നിയിട്ടുണ്ടോ?

അങ്ങിനെയൊരു ഫാസിനേഷന്‍ ഒരിക്കലും തോന്നിയിട്ടില്ല. എന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നാറുണ്ട്. പക്ഷേ രണ്ടുമൂന്നു ദിവസം നില്‍‌ക്കുമ്പോള്‍ ബോറടിക്കും. ഒരു പക്ഷേ എനിക്കവിടെ ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടാവാം. ഞാന്‍ ഒറ്റയ്ക്കു ജീവിക്കുകയയിരുന്നെങ്കില്‍ ചിലപ്പോള്‍ ഫാമിലി ലൈഫ് മിസ് ചെയ്തേനെ. പക്ഷേ ഞാന്‍ കമ്മ്യൂണിറ്റിയിലാണല്ലോ ജീവിക്കുന്നത്. വിന്‍ സെന്ററിലുള്ളവര്‍ ഒരുമിച്ചു പ്രാര്‍ഥിക്കുന്നു, പ്രവര്‍ത്തിക്കുന്നു, ഭക്ഷണം കഴിക്കുന്നു. ഇതാണ്‌ ഞങ്ങളുടെ കുടുംബം. പക്ഷേ ഇതൊരു നിഷ്ഠയുള്ള ജീവിതമാണ്‌, കേട്ടോ. അങ്ങനെയൊരു വ്യത്യാസമുണ്ട്.

Symbol question.svg.png സഭയ്ക്കുള്ളിലാകുമ്പോള്‍ പ്രണയം, സെക്സ്, തുടങ്ങിയവയ്ക്കൊന്നും സ്ഥാനമില്ലല്ലോ. ഒരു വ്യക്തി എന്ന നിലയില്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരുന്നില്ലേ?

അതു കുടുംബത്തിനകത്താകുമ്പോഴും വേണ്ടി വരുന്നില്ലേ? അതിരുകളിട്ട് ജീവിക്കെണ്ടിവരുന്നവരാണ്‌ നമ്മളൊക്കെ. ‍ കുടുംബജീവിതത്തിലായാലും അതിരുകളിട്ടു തന്നെയല്ലേ എല്ലാവരും കഴിയുന്നത്? തിരഞ്ഞെടുത്ത ജീവിതത്തോട്, എന്റെ ആദര്‍‌ശങ്ങളോട് പ്രവര്‍ത്തനങ്ങളോട് പ്രതിബദ്ധതയുള്ള ആളാണു ഞാന്‍. ചിലതു സ്വീകരിക്കുമ്പോള്‍ മറ്റു ചിലതു സാധ്യമല്ല. അത്രയേയുള്ളു. പുരുഷന്മാരുമായി ഇടപഴകുമ്പോള്‍ ഇത്രയേ പോകാവൂ എന്ന പരിധി ഞാന്‍ വെയ്ക്കാറുണ്ട്. പ്രണയത്തില്‍‌പ്പെടേണ്ട ഒരു വ്യക്തിയായി ഞാന്‍ എന്നെ കാണുന്നില്ല. മനസ്സിന്റെ നിറവ് പ്രവര്‍ത്തനങ്ങളിലും മനുഷ്യസ്നേഹത്തിലും മറ്റുള്ളവരുടെ കാര്യത്തിലുള്ള കരുതലുകളിലും ശ്രദ്ധയിലും അടങ്ങിയിട്ടുണ്ടെന്നാണ്‌ ഞാന്‍ കരുതുന്നത്.
കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കുന്നവരെല്ലാം അന്യോന്യം പ്രണയിക്കുന്നവരാണോ? എത്രയോ വര്‍ഷം ഒന്നിച്ചു ജീവിച്ചിട്ടും ദാമ്പത്യത്തില്‍ നിന്ന് ഒരുതരി സ്നേഹം പോലും ലഭിക്കാത്തവരില്ലേ? കല്യാണം കഴിക്കണോ, കഴിക്കാതെ ജീവിക്കണോ എന്നൊക്കെ തിരഞ്ഞെടുക്കനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടായിരിക്കണം. പെണ്‍‌കുട്ടികളൊക്കെ കല്യാണം കഴിച്ചോളണമെന്ന് ഒരു നിര്‍‌ബന്ധവുമില്ല. മോന്റെ ഉടുപ്പലക്കി മടുത്തു, ആഹാരം പാകം ചെയ്തു മടുത്തു, എന്നാലിനി അവനെപ്പിടിച്ച് കല്യാണം കഴിപ്പിച്ചു കളയാം എന്നു കരുതുന്ന അമ്മമാരുണ്ട്. അച്ഛനെയും അമ്മയെയും നോക്കാന്‍ വീട്ടില്‍ ആളില്ല, ശരി, പെണ്ണു കെട്ടിക്കളയാം എന്നു വിചാരിക്കുന്നവരുമുണ്ട്. ഇതൊക്കെയാണോ ഒരു സ്ത്രീ–പുരുഷ ബന്ധത്തിന്‌ ആധാരമാകേണ്ടത്? ഏതു തരത്തിലുള്ള ജീവിതം വേണമെന്ന് തിരഞ്ഞെടുക്കനുള്ള സ്വാതന്ത്ര്യമാണ്‌ നമുക്കു വേണ്ടത്. എങ്കില്‍ കൂടുതല്‍ സംതൃപ്തിയുണ്ടാകും. ഉത്തരവാദിത്വത്തോടെ ജീവിക്കാനും കഴിയും.

Symbol question.svg.png ആദവും ഹവ്വയും തമ്മിലുണ്ടായ ബന്ധം ആദിപാപമാണല്ലോ ക്രിസ്തീയ വിശ്വാസമനുസരിച്ച്? ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റബോധങ്ങള്‍‌ക്കല്ലേ ഇത് ഇട നല്‍കുന്നത്?

അതൊക്കെ പഴയ കാര്യങ്ങള്‍. പഴയ വിശ്വാസങ്ങള്‍. വിവാഹത്തിനു മുമ്പും ദാമ്പത്യത്തിനപ്പുറത്തും ഇത്തരം ബന്ധങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ. അപ്പൊപ്പിന്നെ എവിടെയാണ്‌ വിലക്ക്? സഭ എന്തു പറയുന്നു, ബൈബിള്‍ എന്തു പറയുന്നു എന്നൊക്കെ ആരെങ്കിലും ആലോചിക്കാറുണ്ടോ? പിന്നെ കുറ്റബോധം… ഒരു ചിന്ത അനുവദിക്കണോ അതു പ്രവര്‍ത്തികമാക്കണോ എന്ന തീരുമാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ വരുമ്പോഴാണ്‌ കുറ്റബോധം തോന്നുക. ചിന്തകളുടെയും പ്രവര്‍ത്തികളുടെയും ഉത്തരവാദിത്വം അവരവര്‍ക്കു തന്നെയാണ്‌. അയാളെന്നെ പ്രലോഭിപ്പിച്ചു, അവളെന്നെ പ്രലോഭിപ്പിച്ചു എന്നു പറയുന്നതില്‍ അര്‍ഥമൊന്നുമില്ല. നമ്മുടെ കൂടി പങ്കില്ലാതെ എങ്ങനെയാണ്‌ പ്രലോഭിപ്പിക്കപ്പെടുക? ബലാല്‍‌സംഗമാണെങ്കില്‍ കാര്യം വേറെ. ശാരീരികമായ അതിക്രമങ്ങളുടെ കാര്യത്തിലും അതെ. അതൊക്കെ മറ്റൊരാളുടെ നേര്‍ക്കുള്ള കടന്നു കയറ്റമാണ്‌.

Symbol question.svg.png ഇത്തരം പ്രശ്നങ്ങളില്‍ വിന്‍ സെന്റര്‍ ഇടപെട്ടു പ്രവര്‍ത്തിക്കാറുണ്ടോ?

ഉണ്ട്. ഓരോ വര്‍ഷവും വ്യത്യസ്തമായ തലത്തിലാണ്‌ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്‌ ഇത്തവണ ഞങ്ങള്‍ ഫോക്കസ് ചെയ്യാന്‍ പോകുന്നത് ബാലപീഡനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലാണ്‌. ഞങ്ങളുടെ ഏരിയയില്‍ ഈയിടെ 62 വയസ്സുള്ള ഒരാള്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍‌കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈയിടെയായി ഇത്തരം കേസുകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് കുട്ടികളോട് — സ്ത്രീകളോടും — മോശമായി പെരുമാറുന്ന പുരുഷന്മാരുടെ ലിസ്റ്റ് ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്‌. ഇവരോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കണം എന്ന ഒരു സന്ദേശമാണ്‌ ഈ പട്ടിക നല്‍‌കുക. എന്തായിരിക്കും ഇതിന്റെ പ്രത്യാഘാതമെന്ന് എനിക്കറിയില്ല. എന്തായാലും അങ്ങനെ ചെയ്യാന്‍ തന്നെയാണ്‌ തീരുമാനം.

Symbol question.svg.png കേരളത്തില്‍ അങ്ങനെയൊരു ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയാല്‍ എന്തായിരിക്കും സ്ഥിതി!

സംസ്ഥാനം മൊത്തത്തില്‍ അങ്ങനെയൊരു ലിസ്റ്റ് അത്യാവശ്യമാണ്‌. ഇക്കാര്യത്തില്‍ ഒരു സാമൂഹിക നിയന്ത്രണം ആവശ്യമാണ്‌. സത്യം പറഞ്ഞാല്‍ ആരും വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ല. സാമൂഹികമായി ഒറ്റപ്പെടുത്തുമെന്ന് മനസ്സിലായാല്‍ കുറേ പേരെങ്കിലും നിലയ്ക്കുനില്‍ക്കും. അല്ലാത്തവരെ ചികിത്സിക്കേണ്ടിവരും.

Symbol question.svg.png സഭയുടെ ഉള്ളിൽ‌പോലും സ്ത്രീകള്‍ സുരക്ഷിതരല്ലല്ലോ? സിസ്റ്റര്‍ അഭയയുടേതുപോലുള്ള സംഭവങ്ങള്‍…

വൈദികരാണെങ്കിലും കന്യാസ്ത്രീകളാണെങ്കിലും എല്ലാവരും കുടുംബങ്ങളില്‍ നിന്നും വീടുകളില്‍നിന്നും വരുന്ന മനുഷ്യരാണ്‌. മനുഷ്യപ്രകൃതം മാറ്റിവെച്ചിട്ടൊന്നുമല്ലല്ലോ ആരും വരുന്നത്. അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അതു കൈകാര്യം ചെയ്യുന്ന രീതികള്‍ ഇപ്പോഴും ഇഫക്റ്റീവ് ആയിട്ടില്ല. വേണമെങ്കില്‍ ഞങ്ങള്‍ ചെയ്യുന്നതുപോലെ ഒരു ലിസ്റ്റ് ഉണ്ടാക്കാവുന്നതാണ്‌. എന്നിട്ട് യൂ ഷുഡ് ഗൈഡ് ദെം ഔട്ട്. അല്ലെങ്കില്‍ ചികിത്സിക്കണം. ഇത്തരം ഒരു മോണിറ്ററിങ് സം‌വിധാനം സഭക്കുള്ളിലില്ല. എല്ലാവരും മനുഷ്യരാണ്‌. അവരെ എങ്ങനെ സഹായിക്കണം എന്നാലോചിക്കേണ്ടതാണ്‌.

Symbol question.svg.png അഭയകേസിലും മറ്റും ഉണ്ടായതുപോലെ സഭയുടെ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ടല്ലോ?

സംഭവത്തിന്റെ സത്യാവസ്ഥ ഇപ്പോഴും നമുക്കറിയില്ലല്ലോ. പറഞ്ഞു കേള്‍ക്കുന്നതാണോ ശരി, പറയപ്പെടാത്തത്‌ ആണോ ശരി എന്നറിയില്ലല്ലോ. ഇപ്പോഴും അതൊരു മിസ്റ്ററിയാണല്ലോ. കാര്യങ്ങള്‍ കൃത്യമായി അറിയാത്തതുകൊണ്ട് ഈ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പ്രയാസമാണ്‌. അഭയ കൊല്ലപ്പെട്ടതാണോ ആത്മഹത്യ ചെയ്തതാണൊ എന്ന് കേരളത്തില്‍ ആര്‍ക്കാണ്‌ പറയാന്‍ കഴിയുക?

Symbol question.svg.png അതുതന്നെയാണ് ഞാന്‍ സൂചിപ്പിച്ചത്. ഇത്തരം കേസുകളിലൊന്നും അന്വേഷണം എവിടെയുമെത്തുന്നില്ലല്ലോ.

പണവും സ്വാധീനവുമുണ്ടെങ്കില്‍ പല കാര്യങ്ങളും അട്ടിമറിക്കപ്പെടും.

Symbol question.svg.png ആരുടെയെങ്കിലും ജീവിതം സിസ്റ്റര്‍ക്കു പ്രചോദനമായിട്ടുണ്ടോ? എപ്പോഴെങ്കിലും?

ഗാന്ധിജി. ഗാന്ധിജി വലിയൊരു പ്രചോദനമാണ്‌. ഇത്രയും കഠിനമായി സത്യസന്ധനാകാന്‍ വേണ്ടി തന്നോടുതന്നെ ഇത്രയും ക്രൂരമാകാന്‍ കഴിയുന്നതെങ്ങനെ എന്ന് ഞാന്‍ ആലോചിച്ചു നോക്കാറുണ്ട്. ഒരു മതത്തിന്റെയും ചട്ടക്കൂട്ടിലൊതുങ്ങി നില്‍ക്കാതെതന്നെ ദൈവത്തെ ആഴത്തില്‍ അനുഭവിച്ചുകൊണ്ടുള്ളതായിരുന്നു ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍. അതൊരു വലിയ പ്രചോദനമാണ്‌.

Symbol question.svg.png എന്താണ്‌ സിസ്റ്ററുടെ ദൈവം?

എന്റെ യുക്തിചിന്തകള്‍‌ക്ക് അതീതമായ ഒരു ശക്തി ഉണ്ട് എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്റെ അസ്തിത്വത്തിന്റെ അടിത്തറതന്നെ ആ വിശ്വാസമാണ്‌. ആ ശക്തിയുമായുള്ള കമ്മ്യൂണിയന്റെ പ്രതിസ്ഫുരണമാണ്‌ എന്റെ പ്രവര്‍ത്തനങ്ങള്‍. മനുഷ്യരുടെ എല്ലാ യാഥാര്‍ഥ്യങ്ങളിലും ദൈവം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

Symbol question.svg.png ക്രൂരമായ യാഥാര്‍ഥ്യങ്ങളിലും?

അതേ. ക്രൂരമായ യാഥാര്‍ഥ്യങ്ങളിലും. ചെകുത്താനിലുമില്ലേ ദൈവം? പലപ്പോഴും ക്രൂരമായ യാഥാര്‍ഥ്യങ്ങളിലൂടെയാണ് നാം ദൈവത്തെ അറിയുന്നത്. ക്രൂരമായ യാഥാര്‍ഥ്യങ്ങളില്‍ നമ്മുടെ കര്‍ത്തവ്യം എന്തെന്നു ചിന്തിക്കുമ്പോള്‍ അവിടെ ദൈവ സാന്നിധ്യം ഉണ്ടാകുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ക്രിയാത്മകമായ പ്രതികരണമാണ്‌ ദൈവം.

Symbol question.svg.png സിസ്റ്റര്‍ യേശുവിനെ എങ്ങനെയാണ്‌ കാണുന്നത്? സഭയില്‍ ചേരുന്നതിനു മുമ്പും അതിനു ശേഷവും യേശുവിനെപ്പറ്റിയുള്ള വീക്ഷണങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടോ?

സഭയില്‍ ചേരുന്നതിനു മുമ്പ് യേശുവിന്റെ മാനുഷികവശം കാണാന്‍ എനിക്കൊരിക്കലും കഴിഞിട്ടില്ല. പിന്നീടാണ്‌ അതു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മനുഷ്യര്‍ക്കു വേണ്ടി മനുഷ്യനെന്ന നിലയില്‍ ഏതറ്റം വരെ പോകാം എന്നാണ്‌ യേശു കാണിച്ചു തന്നത്. ആരും ആഗ്രഹിക്കാത്ത ജീവിതമായിരുന്നു യേശുവിന്റേത്. കാലിത്തൊഴുത്തില്‍ ജനിച്ച ഒരാള്‍. നാടോടിയെപ്പോലെ അലഞ്ഞുതിരിഞ്ഞ ഒരാള്‍. ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കലും അംഗീകാരം കിട്ടിയില്ല. ഒടുവില്‍ വല്ലാത്ത് ഒരു മരണവും. എനിക്ക് ഒരിക്കലും കുരിശ്ശില്‍ കിടന്നു മരിക്കാനാവില്ല. ക്രൂരമായ രീതിയില്‍ കൊല്ലപ്പെടുമ്പോള്‍, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയില്ല, ഇവരോടു പൊറുക്കേണമേ എന്നു പറയാന്‍ ആര്‍ക്കാണു കഴിയുക! നമുക്കു കഴിയുമോ? എനിക്കാവില്ല.

Symbol question.svg.png ആത്മീയതയ്ക്ക് മതത്തിന്റെ ചട്ടക്കൂടുകള്‍ ആവശ്യമുണ്ടോ?

ആവശ്യമില്ല. പക്ഷേ, മനുഷ്യര്‍ ചട്ടക്കൂടുകളില്‍ നിന്ന് സ്വതന്ത്രരല്ലല്ലോ. വെളിയില്‍ ചട്ടക്കൂടുകള്‍ ഇല്ലെങ്കില്‍‌പ്പോലും നാം നമ്മുടെ മനസ്സില്‍ എത്രയെത്ര ചട്ടക്കൂടുകള്‍ ഉണ്ടാക്കുന്നുണ്ട്! വൈകാരികമായ ചട്ടക്കൂടുകള്‍, ബൗദ്ധികമായ ചട്ടക്കൂടുകള്‍, വിശ്വാസങ്ങളുടെ ചട്ടക്കൂടുകള്‍. മതമില്ലാത്തവര്‍ക്ക് ഒരുതരം ശുന്യത അനുഭവപ്പെടാന്‍ സാധ്യതയില്ലേ? ശരിയാണ്‌, വിമര്‍ശിക്കപ്പെടേണ്ട എത്രയോ കാര്യങ്ങള്‍ മതങ്ങള്‍ക്കുള്ളിലുണ്ട്. ഇവയെ ക്രിയാത്മകമായി മാറ്റിയെടുക്കാനാണ്‌ ശ്രമിക്കേണ്ടത്. മന്ദബുദ്ധികള്‍ക്ക് അതു പറ്റില്ലായിരിക്കാം; പക്ഷേ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ചെയ്യാവുന്നതല്ലേയുള്ളൂ ഇതൊക്കെ.