ചോദ്യോത്തരങ്ങൾ
ശ്രീ എം കൃഷ്ണന് നായരുടെ മുപ്പത്തിയാറു കൊല്ലം നീണ്ടുനിന്ന സാഹിത്യവാരഫലം എന്ന പ്രതിവാരപംക്തിയില്‍ അദ്ദേഹം ഹാസ്യാത്മകമായി എഴുതിയ ചോദ്യോത്തരങ്ങളുടെ സങ്കലനമാണ് ഈ താളില്‍.
കലാകൗമുദി ലക്കം 800
ഔദ്ധ്യത്യമുള്ളവരെ എങ്ങനെ തിരിച്ചറിയാം?
- അങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ അവരെക്കുറിച്ചു തന്നെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അവര്‍ മനസ്സിരുത്തി എല്ലാം കേള്‍ക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകള്‍ക്കു കൂടുതല്‍ പ്രകാശമുണ്ടാവും. എപ്പോള്‍ നിങ്ങള്‍ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോള്‍ അവര്‍ കോട്ടുവായിടും.
നുണപറഞ്ഞ് സ്നേഹിതന്മാരെ ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ച് എന്തുപറയുന്നു?
- അവര്‍ (അപവാദികള്‍) കൊലപാതികളെക്കാള്‍ ഹീനന്മാരാന്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ ദോഷം മറ്റു വ്യക്തികളുടെ നേര്‍ക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണ് അപവാദ കൗതുകം.
ബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചകാലത്ത് ഏതു സര്‍ക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു ഉദ്യോഗസ്ഥന്മാര്. ഇപ്പോള്‍ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം?
- പണ്ടും ഇക്കാലത്തും ഭര്ത്താക്കന്മാര് ഭാര്യമാരോട് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ മേഖലകളില്‍ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാര്‍ yours faithfully എന്നു പറയുന്നില്ല. ʻകലികാലവൈഭവംʼ എന്നു സി. വി. രാമന്‍പിള്ള പറഞ്ഞില്ലേ.
അടുത്തജന്മം സായിപ്പായി ജനിക്കുമോ നിങ്ങള്‍? സായിപ്പിന്റെ കൃതികളല്ലേ നിങ്ങള്‍ക്കിഷ്ടം?
- അടുത്തജന്മമുണ്ടെങ്കില്‍ കേരളീയനായി ജനിക്കാനാന് എനിക്കു താല്‍പ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും ചങ്ങമ്പൂഴയുടേയും കവിത വായിക്കാന്‍ പറ്റൂ.
ശിവഗിരിയില്‍ നിങ്ങള്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ വിവരമില്ലാത്ത കുറെ പിള്ളേര് നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങള്‍ അത്രയ്ക്കു വലിയ ആളോ?
- അയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവര്‍ കണ്ടില്ല. കണ്ടെങ്കില്‍ തിരുവനന്തപുരത്തെ ഫിങ്കര്‍ പ്രിന്റ് ബ്യൂറോയില്‍ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികള്‍ എടുത്തേനേ.
കലാകൗമുദി ലക്കം 801
ഞാന്‍ വയസ്സനായിപ്പോയിയെന്നു ചിലരെപ്പോഴും പറയുന്നതെന്തിനു്?
- ʻഅത്രയ്ക്ക് വയസ്സൊന്നുമായില്ലല്ലോʼ എന്ന് മറ്റുള്ളവര്‍ പറയാന്‍ വേണ്ടി.
- മറ്റുള്ളവരുടെ പിള്ളേര്.
മിലാന് കുന്ദേരയുടെ The Joke എന്ന നോവലിനെക്കുറിച്ച് എന്താണു് അഭിപ്രായം?
- പുസ്തകം കൈയിലുണ്ടെങ്കിലും ഞാനതു് വായിച്ചിട്ടില്ല. ഫ്രഞ്ച് നിരൂപകന് ആരാഗൊങ് (Aragon) അതിനെക്കുറിച്ചു പറഞ്ഞത് ʻone of the greatest novels of the centuryʼ എന്നാണു്.
വില്യം ഗോള്‍ഡിങ്ങിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?
- തീര്‍ച്ചയായും അദ്ദേഹം നോവലിസ്റ്റല്ല.
നിങ്ങളെ സ്ത്രീകള്‍ വിനയത്തോടെ തൊഴുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. നിങ്ങളുടെ കഴിവു കണ്ടിട്ടുള്ള ബഹുമാനമാണോ അതു്?
- അല്ല. പ്രായാധിക്യത്തെ സ്ത്രീകള്‍ ബഹുമാനിക്കുന്നതു പോലെ മറ്റാരും ബഹുമാനിക്കാറില്ല.
ഗാന്ധിജിയുടെ ജന്മദിനത്തില് റോഡ് അടിച്ചു വാരുന്ന പെണ്‍കുട്ടികള്‍ വിട്ടില്‍ ഒരു മുറിപോലും അടിച്ചു വാരാത്തതെന്ത്?
- അടിച്ചു വാരുമല്ലോ. വീട്ടിനകത്ത് ചൂലു കൈയില്‍ വച്ചുകൊണ്ട് അവര്‍ മുറിയാകെ ഒന്നു നോക്കും. എന്നിട്ട് ʻʻഅമ്മേ പൊടിയും ചവറുമൊന്നുമില്ല. ഞാന്‍ നല്ലപോലെ തൂത്തുˮ എന്ന് അടുക്കളയിലിരിക്കുന്ന അമ്മയോട് ഉറക്കെപ്പറയും. ഗാന്ധിജിയുടെ ജന്മദിനത്തിലാണെങ്കില്‍ സാരിത്തുമ്പ് ഇടുപ്പില്‍ കുത്തിക്കൊണ്ട് റോഡ് അടിച്ചു വാരലോട് അടിച്ചു വാരല്‍ തന്നെ.