മാർത്താണ്ഡവർമ്മ-18
മാർത്താണ്ഡവർമ്മ | |
---|---|
ഗ്രന്ഥകർത്താവ് | സി.വി. രാമൻ പിള്ള |
മൂലകൃതി | മാർത്താണ്ഡവർമ്മ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചരിത്ര നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവു് |
വര്ഷം |
1891 |
മാദ്ധ്യമം | അച്ചടിപ്പതിപ്പു് |
- “മറിവില്ല ഞാൻ പറയുന്നു–ബാണബദ്ധനാ-
- യനിരുദ്ധനങ്ങു വാഴുന്നു, ആർത്തനായിന്നു.”
“മ”ഹാരാജാവിന്റെ പുത്രനായ ശ്രീപത്മനാഭൻതമ്പിയുടെ പാദപത്മപാംസുക്കൾ ചെമ്പകശ്ശേരിഗൃഹത്തെ പൂതമാക്കിച്ചെയ്ത ശുഭരാത്രിയപ്പോലുള്ള മറ്റൊരു രാത്രിയിലെ ചില സംഭവങ്ങളെ ആകുന്നു ഈ അദ്ധ്യായത്തിൽ വിവരിക്കുന്നതു്. അന്നത്തെപ്പോലെതന്നെ, മാരുതദേവന്റെ പടുത്വത്തോടുകൂടിയുള്ള കലാശത്താൽ തങ്ങൾ ദുഃസ്ഥിതരാക്കാമെന്നുള്ള ഭീതികൊണ്ടെന്നുള്ള ഭീതികൊണ്ടെന്നപോലെ താരതതികൾ കാർമേഘമണ്ഡലത്തിനിടയിലും ഭൂമി അന്ധകാരാതിരയ്ക്കുള്ളിലും മറഞ്ഞിരിക്കുന്നു. എന്നാൽ, ഇടവപ്പാതിയാകുന്ന വൃഷ്ടിദേവതയുടെ പ്രതാപം വളരെ ക്ഷയിച്ചു് കാണുന്നുണ്ടു്. നടനസൂത്രങ്ങളിൽ പരിജ്ഞാനവും തങ്ങളുടെ ബുദ്ധിയിൽ മനോഘർമ്മമെന്നുള്ള ഒരംശവും തുലോം കുറഞ്ഞവരായ ചില പൈതങ്ങൾ കഥാനായികമാരായി രംഗങ്ങളിൽ പ്രവേശിച്ചാൽ, ക്ഷണനേരംകൊണ്ടു നിദ്രധീനരാകയും ഇടയ്ക്കിടെ ചേങ്ങലദണ്ഡത്താൽ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ, ശൃംഗാരാദിരസങ്ങളെ അഭിനയിക്കയും ചെയ്യുമ്പോലെ, പെട്ടെന്നുണർന്നു് ഒട്ടുചാറും; പിന്നെയും തന്ദ്രീവശയാകും; ഈ വിധത്തിലായിരിക്കുന്നു വൃഷ്ടിയുടെ സ്ഥിതി. മാരിയുടെ സഹായംകൂടാതെതന്നെ മാരുതൻ ആ രാത്രിയെ അതിഭയങ്കരരാത്രിക്കുന്നുണ്ടു്. അതിനാൽ, തിരുവനന്തപുരം രാജധാനിയിലെ പ്രധാന വീഥികൾപോലും മനുഷ്യമൃഗാദിയായ ജീവജാലങ്ങളാൽ ഉപേക്ഷിക്കപ്പെട്ടതുപോലെ കാണപ്പെടുന്നു. എന്നാൽ ഇതു സർവ്വസാധാരണമായി പറഞ്ഞുകൂടുന്നതല്ലാതേയും ഇരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ആണ്ടിയിറക്കം ദേശത്തെ രണ്ടായി വിഭജിക്കുന്ന രാജപാതയുടെ വടക്കരികിലായിട്ടു് ഒരു വടവൃക്ഷം നിൽക്കുന്നതിന്റെ ചുവട്ടിൽ രണ്ടുപേർ മാരുതകോപത്തെയും രജനിയുടെ ഭയങ്കരസ്വഭാവത്തെയും ഗണ്യമാക്കാതെ തണുത്ത ഭൂമിയിൽത്തന്നെ സ്ഥിതിചെയ്യുന്നു. വടവൃക്ഷം ദ്വാപരയുഗാന്ത്യത്തെയും അനന്തര സംഖ്യയില്ലാതുള്ള പാന്ഥപരമ്പരകളെയും കണ്ടും, ‘കൊണ്ടൽനിറംപോലെ നീലയാം പത്രാവലി’ കൊണ്ടു തന്റെ അധോഭാഗത്തുള്ള ഭൂമിയെ സംരക്ഷിക്കുന്ന സൂര്യകിരണങ്ങളുടെ പ്രവേശനത്തിൽനിന്നും രക്ഷിച്ചും നിൽക്കുന്ന ഒരു മഹാമരമാണു്. വൃക്ഷത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന രണ്ടുപേരും ആയുധപാണികളാണു്. അവരുടെ വേഷം ജ്ഞാനശക്തിയില്ലാതുള്ള ആ ആയുധങ്ങളേയും നാണിപ്പിക്കുന്നു. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ കുചേലനോടോ തെക്കൻദിക്കുകളിലെ അടുക്കളക്കാറികളോടോ തത്ക്കാല ഉപയോഗത്തിനായി വാങ്ങിയതുകളാകണം. പക്ഷേ, ഹരിശ്ചന്ദ്ര മഹാരാജാവു് ചണ്ഡാലവേഷം ത്യജിച്ചപ്പോൾ ശ്മശാനത്തിൽ ഉപേക്ഷിച്ചതുകളായിരിക്കാം. വസ്ത്രങ്ങളുടെ സ്ഥിതി ഇപ്രകാരമാണെങ്കിലും, അതുകൾ ധരിച്ചിരിക്കുന്ന സമ്പ്രദായം എത്രയോ മാന്യന്മാരായ ജനങ്ങളാൽ മാതൃകയായി സ്വീകരിക്കപ്പെട്ടിട്ടുള്ളതാണു്. തിരുവനന്തപുരത്തു് ഉത്സവമഠം എന്നു പറയപ്പെടുന്ന അക്ഷയവിഭവശാലയുടെ മുമ്പിൽ അരനാഴികനേരം നിൽക്കുന്നവർക്കു് ഈ മാതൃകയുടെ ദർശനം സുലഭമാണു്. യദൃച്ഛയാ വല്ല ജനങ്ങളും തങ്ങളെ കാണുന്നതായാൽ വലുതായ ആപത്തുണ്ടാകുമെന്നുള്ള ഭയം ഈ ആളുകൾക്കുണ്ടെന്നു് അവരുടെ സാവധാനത്തിൽ മന്ത്രിക്കുന്നതുപോലെുള്ള സംഭാഷണത്താൽ വെളിവാകുന്നുണ്ടു്. കിഴക്കു് കുറച്ചകലെ നിന്നു് ഒരാൾ വരുന്നതുപോലെ തോന്നിയപ്പോൾ രണ്ടുപേരും പേടിയോടെ എഴുന്നേറ്റു് വൃക്ഷത്തിന്റെ പുറകിൽ മറഞ്ഞു ശ്വാസം അടക്കിക്കൊണ്ടുനിന്നു. പാന്ഥൻ തന്റ വഴിക്കു പോയതിന്റെ ശേഷം മേൽപറഞ്ഞ രണ്ടാളുകളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: ‘നമുക്കു് ഏഴരശ്ശനിയാണു്; സംശയമില്ല. ഇതാ ഈ പോയവനും അങ്ങനെതന്നെയാണു്.’
- രണ്ടാമൻ
- ‘അച്ഛനും അമ്മയും ഇല്ലാത്ത പാപികളാരോ ആണു്. വീട്ടിൽ കേൾപ്പാനും അന്വേഷിക്കാനും ആളുണ്ടെങ്കിൽ ഈ കുറ്റാക്കുറ്റിരുട്ടത്തു് തനിച്ചു നടക്കാൻ വിടുമോ?’
- ഒന്നാമൻ
- ‘അവനും നമുക്കുള്ളതുപോലെ വല്ലതും വലിയ ആവശ്യം ഉണ്ടായിരിക്കും.’
- രണ്ടാമൻ
- ‘ശപ്പ, എനിക്കു് ഭ്രാന്താണെന്നാണോ നീ പറയുന്നതു്? ഉചിതമില്ലാത്ത ഏഭ്യശിരോമണിയാണു നീ.’ ‘തീയൽ നന്നായി, അവിയൽ നന്നായി എന്നോരോന്നു പറഞ്ഞുകൊണ്ടു ചാടിയവൻ നീയല്ലയോ?’
- ഒന്നാമൻ
- ‘എന്നുവച്ചു്?–കൊള്ളാം കൊള്ളാം. കൽപിച്ചു് കൊട്ടാരത്തിലിരിക്കണം. അടിയങ്ങൾ ഏതു കുഴിയിലോ തീയിലോ വേണമെങ്കിൽ പോയി ചാടാം. പിന്നെ ഇതെന്തൊരു മാതിരിയാണു്? ഒള്ള കരിപ്പഴന്തുണിയെല്ലാം എടുത്തുതുടുത്തുംകൊണ്ടു് എഴുന്നള്ളത്ത്! അതുംപോട്ടു്. അടിയൻകൂടി നിലംപൊത്തണമെന്നു് കൽപിച്ചതു് എന്തു ന്യായം?’
- യുവരാജാവായ ഒന്നാമൻ
- ‘വല്ലോരും കണ്ടാൽ ലേശവും സംശയിക്കയില്ല. ഒരാൾ നിന്നാൽ മറ്റേ ആൾ മാന്യനാണെന്നു കാണുന്നവർ വിചാരിക്കും.’
- പരമേശ്വരൻപിള്ളയായ രണ്ടാമൻ
- ‘ഇതെല്ലാമെന്തിനാണെന്നാണു് അടിയന്റെ ചോദ്യം. അടിയനും രാമയ്യനും അന്വേഷിച്ചാൽ പോരയോ?’
- യുവരാജാവു്
- (കുറച്ചു ദേഷ്യത്തോടുകൂടി) ‘ഇന്നലെ അന്വേഷിച്ചിട്ടു് ഫലമെന്തായിരുന്നു?’ ‘ആൾ ഏറെപ്പോകുന്നതിൽ താനേറെപ്പോകുക നന്നു്’ എന്നാണല്ലോ പഴഞ്ചൊല്ലുതന്നെ.
- പരമേശ്വരൻപിള്ള
- ‘പഴഞ്ചൊല്ലിനെയും പഴങ്കയറിനെയും വിശ്വസിച്ചാൽ കുഴിയിൽ ചാടുന്നതു ശട്ടു്.’
- യുവാരാജവു്
- ‘കേൾക്കൂ പരമേശ്വരാ, ഞാൻ ആ കാലക്കുട്ടിയെ വിശ്വസിച്ചതു് അബദ്ധമായി. എന്റെ മുദ്രമോതിരം അവന്റെ കൈയിലുണ്ടു്–’
- പരമേശ്വരൻപിള്ള
- ‘കെടുത്തു!’
- യുവരാജാവു്
- ‘എന്തെല്ലാം പ്രവർത്തിക്കുന്നോ എന്നൊന്നും അറിവാൻ പാടില്ല. തിരുമുഖത്തുപിള്ളയെ അവൻ കണ്ടിരിക്കയില്ല; തീർച്ചയാണു്. ഈ സ്ഥിതിയിൽ കുറുപ്പൊരാൾ മാത്രമേ നമ്മുടെ കൈവശമുള്ളതായി വിചാരക്കാവൂ. അയാൾ നമുക്കു് ചെയ്ത സഹായത്തെക്കുറിച്ചു് സ്മരണയില്ലെങ്കിലും, ഇനിയുണ്ടാകാവുന്ന ഫലങ്ങൾക്കുവേണ്ടിയെങ്കിലും നാം അയാളെ അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതല്ലയോ?’
- പരമേശ്വരൻപിള്ള
- (ഇരുട്ടാണെങ്കിലും ‘ശരി’ എന്നു സമ്മതിക്കുന്ന ഭാവത്തിൽ തല കുലുക്കിക്കൊണ്ടു്) ‘ഇതൊക്കെ അടിയന്റെ പഴമനസ്സിലും ഉണ്ടു്. പക്ഷേ, കൽപിച്ചു് എന്തിനിതിനൊക്കെ വരുന്നെന്നാണു്.’
- യുവരാജാവു്
- ‘വേറെ ആൾ ഇല്ലാഞ്ഞിട്ടുതന്നെ.’
യുവരാജാവിനു വേണ്ട കാര്യങ്ങൾ സാധിക്കുന്നതിനു തനിക്കും വൈഭവമില്ലെന്നു സൂചിപ്പിച്ചു പറഞ്ഞ വാക്കുകൾ കേട്ടുണ്ടായ നീരസത്തോടുകൂടി പരമേശ്വരൻപിള്ള ഹാസ്യമായി എന്തോ പറവാൻ ഭാവിച്ചതു് പടിഞ്ഞാറുനിന്നു് ഒരു ശബ്ദം കേൾക്കയാൽ അമർത്തിക്കൊണ്ടു്. പടിഞ്ഞാറു് ഒരാൾ സംസാരിക്ക ആയിരുന്നു. “കഴക്കൂട്ടം ആണു്. ആണെന്നുവച്ചാലു് ഒന്നാന്തരം ആണു്; ജഗജില്ലി ശിങ്കം! പിഴിച്ചു് അമഴിത്തൂട്ടു. അവവെക്കെഴ. കുഴുപ്പും, പട്ടാഴവും, തമ്പഴാനും കിമ്പഴാനും, എല്ലാങ്കെഴന്നു് എഴവുകൊണ്ടാഴട്ടു്. മാങ്കോയിക്കക്കുഴുപ്പു്! എഴാ കുഴുപ്പേ, നിന്റെ ഒഴപ്പിപ്പമെവഴേഴാ?’ എന്നിങ്ങനെ രാമനാമഠത്തിന്റെ ഉള്ളിൽനിന്നു ചാടുന്ന ആത്മഗതങ്ങൾ കേട്ടു യുവരാജാവു് തന്റെ പാദത്തിന്റെ ശബ്ദം അയാൾ കേൾക്കാതിരിക്കത്തക്കവണ്ണമുള്ള സാവധാനപതനങ്ങളോടുകൂടി അയാളുടെ പുറകിൽ എത്തി, കുറച്ചുദൂരം നടന്നിട്ടു് പൂർവ്വസ്ഥാനത്തു് മടങ്ങിച്ചെന്നു് പരമേശ്വരൻപിള്ളയോടു് ഇങ്ങനെ പറഞ്ഞു. ‘നിന്റെ അഭിപ്രായങ്ങൾ ചിലതൊക്കെ ശരി തന്നെയാണു്. നാം വളരെ ഉപേക്ഷ കാണിച്ചിരിക്കുന്നു. ആട്ടെ, പാദം വയ്ക്കാൻ നിലം കിട്ടട്ടെ. ഇതാ, ഈ രാമനാമഠം പറഞ്ഞതു് കേട്ടില്ലോ? കാര്യം നിനക്കു് മനസ്സിലായോ? മാങ്കോയിക്കൽകുറുപ്പിനെ കഴക്കൂട്ടത്തുപിള്ളയാണു് പിടികൂടിയിരിക്കുന്നതു്. അതുകൊണ്ടു് അത്ര ഭയപ്പെടാനില്ല. കുറുപ്പിനെ കൊല്ലാൻ കഴക്കൂട്ടം അനുവദിക്കയില്ല. പട്ടാളത്തെക്കുറിച്ചും ഇവൻ എന്തോ പറഞ്ഞു. എന്താണെന്നു് മനസിലാകുന്നില്ല. ഇതാ രാമയ്യൻ വരുന്നു. ന്തൊ രാമയ്യൻ. സുന്ദരയ്യന്റെ പുറപ്പാടു് എന്തിനായിരുന്നു?’
യുവരാജാവും പരമേശ്വരൻപിള്ളയും കുടമൺപിള്ളയുടെ ഗൃഹത്തിൽ കടന്നു മാങ്കോയിക്കൽകുറുപ്പു് ആ സ്ഥലത്തുണ്ടോ എന്നന്വേഷിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു. മേൽപറഞ്ഞ വടവൃക്ഷത്തിന്റെ ചുവട്ടിൽ ചെന്നുചേർന്നതിന്റെ ശേഷം ആ ഗൃഹത്തിലെ സ്ഥിതി ഒന്നു നോക്കി വരുന്നതിനായി രാമയ്യനെ നിയോഗിച്ചു. രാമയ്യൻ കുടമൺപിള്ളയുടെ ഭവനപരിശോധനയ്ക്കായി പോയി കുറച്ചു കഴിഞ്ഞപ്പോൽ ഒരാൾ കൈയിൽ ചില സാധനങ്ങളും വഹിച്ചുകൊണ്ടു് കിഴക്കോട്ടു് പോകുന്നതു് കണ്ടു് യുവരാജാവിനു് ചില സംശയങ്ങൾ തോന്നുകയാൽ രാമനാമഠത്തിന്റെ പുറകെ എത്തിയതുപോലെ, അയാളേയും കുറച്ചു പിന്തുടർന്നു. ഈ ശ്രമത്താൽ, പോയ ആൾ സുന്ദരയ്യനാണെന്നു് യുവരാജാവിനു് മനസ്സിലായി.എന്നാൽ ഭയങ്കരമായുള്ള രാത്രി, തന്റെ ഭാര്യഗൃഹത്തിലേക്കുതന്നെയാകട്ടെ, യജമാനനായ തമ്പി ഉറങ്ങുന്നതിനു് മുമ്പിൽ പോകുന്നതാകട്ടെ, യജമാനനായ തമ്പി ഉറങ്ങുന്നതിനു് മുമ്പിൽ പോകുന്നതിനുണ്ടായ ആവശ്യം എന്തോ കൃത്രിമം ആണെന്നും, അല്ലെങ്കിൽ ബ്രാഹ്മണൻ തമ്പിയെ വേർപെട്ടു പോരികയില്ലെന്നും യുവരാജാവു് നിശ്ചയിച്ചുകൊണ്ടു്, രാമയ്യൻ തിരിച്ചു് വടവൃക്ഷത്തിന്റെ ചുവട്ടിൽ എത്തിയ ഉടൻതന്നെ സംഗതികൾ ധരിപ്പിച്ചു് അയാളെ സുന്ദരയ്യന്റെ ഭാര്യാഗൃഹമാകുന്ന കാലക്കുട്ടിപ്പിള്ളയുടെ വീട്ടിലേക്കു് അയച്ചു. യുവരാജാവിന്റെ ചോദ്യത്തിനുത്തരമായി ബ്രാഹ്മണൻ ഇങ്ങനെ അറിയിച്ചു: ‘സ്വാമീ, സുന്ദരയ്യന്റെ സമ്പ്രദായങ്ങൾ അറിവാൻ പ്രയാസമാണു്. ഞാൻ അകത്തുകടന്നു്, ചില വാഴകളുടെ മറവിൽ ഒളിച്ചുനിന്നു. അയാൾ ഭാര്യയെ വിളിച്ചു മുറിക്കകത്തു് കൊണ്ടുപോയി സംസാരിക്കുന്നു. ഒരു കോടാങ്കി, ഇന്നലെ കണ്ടവൻതന്നെ–അവൻ അവിടെ ചുറ്റി നടക്കുന്നതുകൊണ്ടു് അടുക്കാൻ പാടില്ലായിരുന്നു. സുന്ദരയ്യൻ എന്തോ അപകടം ആലോചിക്കതന്നെയാണു്.’
- യുവരാജാവു്
- ‘അതു രണ്ടു പക്ഷമായി വിചാരിക്കേണ്ട; നിശ്ചയമാണു്. എന്തെന്നറിവാനും കഴിവില്ലല്ലോ. ആരാണു് ആ കോടാങ്കി? സുന്ദരയ്യനുമായിട്ടു് എന്തു ബന്ധമാണു്?’
(വ്യസനത്തോടുകൂടി) ‘ഇയാൾ ഈ രാജ്യത്തെ മുടിക്കും;നിവൃത്തിയില്ല.’
- രാമയ്യൻ
- ‘നിവൃത്തിയില്ലെന്നു കൽപിക്കണ്ട. ഇങ്ങനെ കൃത്രിമബുദ്ധികളായുള്ളവരെ കൃത്രിമംകൊണ്ടുതന്നെ തോൽപിക്കണം. നാഗാസ്ത്രത്തിനു് ഗരുഡാസ്ത്രം. ബ്രഹ്മാസ്ത്രത്തിനു് ബ്രഹ്മാസ്ത്രം തന്ന പ്രസ്ത്യസ്ത്രം.’
- യുവരാജാവു്
- ‘ശരി, അതിനാൽ–?’
- രാമയ്യൻ
- ‘സുന്ദരം ഇപ്പോൾ തിരിച്ചുവരും. കൽപനയുണ്ടെങ്കിൽ, നാളെ സമുദ്രത്തിൽ മത്സ്യങ്ങളുടെ വയറ്റിൽ.’
- യുവരാജാവു്
- ‘അതെങ്ങനെ?’
- രാമയ്യൻ
- ‘കിള്ളിയാർ വഴിയിലാണു്. പരമേശ്വരൻപിള്ളയും കൽപിച്ചാൽ–(ശേഷം വാക്കുകളെ അടക്കിക്കൊണ്ടു്) ബ്രഹ്മസ്വം കിടക്കുന്നതുകൊണ്ടെന്തു്? അശ്വത്ഥന്മാരെ എത്ര വധം ചെയ്തു? ദ്രോാണാചാര്യരെ കൊല്ലുകയല്ലായിരുന്നോ? ബ്രാഹ്മണനു് ബ്രാഹ്മണനെ കൊന്നുകൂടെന്നു് മാത്രം ഒരു വിധിയുമില്ല.’
- യുവരാജാവു്
- ‘പാടില്ല രാമയ്യൻ. വഞ്ചിച്ചു കൊല ചെയ്യുന്നതു് കഷ്ടം!’
- രാമയ്യൻ
- ‘സ്വാമീ, സുന്ദരം ബ്രാഹ്മണമാനത്തെ എത്രയും നികൃഷ്ടമാക്കുന്നു. സമുദായത്തിന്റെ അവസ്ഥയെ രക്ഷിക്കാൻവേണ്ടിയെങ്കിലും അയാളെ സംശയം കൂടാതെ–’
- യുവരാജാവു്
- ‘പാടില്ല, പാടില്ല.’
- രാമയ്യൻ
- ‘രാജ്യത്തിന്റേയും സ്വാമിയുടേയും രക്ഷ–’
- യുവരാജാവു്
- ‘വരൂ, മഹാസിദ്ധാന്തിയാണു് താൻ. പരമേശ്വരനെ അമർത്താം. തന്നോടു് വാദിച്ചുനിൽക്കാൻ വളരെ പ്രയാസം. മാങ്കോയിക്കൽകുറുപ്പു് എവിടെയുണ്ടെന്നു് ഞങ്ങളറിഞ്ഞു.’
- രാമയ്യൻ
- ‘അതു നന്നായി. ആപത്തൊന്നുമില്ലല്ലോ?’
- യുവരാജാവു്
- ‘ഇല്ല. ബന്ധനത്തിലാണെന്നു് തോന്നുന്നു. ഒന്നുകിൽ കഴക്കൂട്ടത്തുപിള്ളയുടെ വക ശ്രീപണ്ടാരത്തുവീട്ടിൽ. അല്ലെങ്കിൽ ചെമ്പകശ്ശേരിയിൽ കാണും. ഈ രണ്ടു് സ്ഥലത്തുമാണു് വലിയ കല്ലറകൾ ഉള്ളതു്.’
- രാമയ്യൻ
- ‘എന്നാൽ വിടീക്കാൻ വഴിയെങ്ങനെ?’
- യുവരാജാവു്
- ‘ചെമ്പകശ്ശേരിയിലാണെങ്കിൽ വഴിയുണ്ടു്. അവിടത്തെ ആയുധപ്പുരയിൽനിന്നു് കല്ലറയിലേക്കു വഴിയുണ്ടെന്നും ആയുധപ്പുരയിലെ താക്കോൽ മുമ്പിൽ ഞാൻ ഒരു വടി സമ്മാനിച്ച വൃദ്ധന്റെ കൈയിലാണെന്നും നമ്മുടെ, ആ സാധു, മരിച്ചുപോയ അനന്തപത്മനാഭൻ പറഞ്ഞുകേട്ടിട്ടുണ്ടു്. കിഴവനു് എട്ടുവീട്ടിൽപിള്ളമാരോടു് ബഹുവിരോധമാണു്. നമ്മെക്കുറിച്ചു് സ്നേഹമാണു്.’
- രാമയ്യൻ
- ‘ശ്രീപണ്ടാരത്തു് വീട്ടിലാണെങ്കിൽ ഞാനുമേറ്റു.’
- യുവരാജാവു്
- ‘തനിക്കവിടെ വല്ല സ്വാധീനവുമുണ്ടോ?’
- രാമയ്യൻ
- ‘കഴക്കൂട്ടത്തുപിള്ള ഇവിടെ ഇല്ല. ചില വാല്യക്കാർ മാത്രമേയുള്ളു. ഇന്നലത്തെ അന്വേഷണംകൊണ്ടു് ഇത്രയും അറിഞ്ഞു. വഴി സ്വാമി ഞാൻ കൊണ്ടരാം.’
- പരമേശ്വരൻപിള്ള
- ‘പോകാം. ഇതാ ആരോ രണ്ടുപേർ വരുന്നു. മറഞ്ഞുകൊള്ളാം.’
രണ്ടുപേർ രാജപാതവഴിക്കു് പടിഞ്ഞാറോട്ടു് കുറച്ചുദൂരം നടന്നിട്ടു് കുടമൺപിള്ളയുടെ ഗൃഹത്തിലേക്കായി ഒരാളും, നേരേ പടിഞ്ഞാറോട്ടു മറ്റേ ആളും, ഇങ്ങനെ പിരിഞ്ഞു.
- യുവരാജാവു്
- ‘സുന്ദരയ്യനല്ലേ നേരെ പോയതു്?’
- രാമയ്യൻ
- ‘കുടമൺപിള്ളയുടെ വീട്ടിലേക്കു് തിരിഞ്ഞതു് സുന്ദരത്തിന്റെ ഭാര്യയാണു്.’
- യുവരാജാവു്
- ‘അവിടെ ഒരു വ്യഭിചാരിണിയുണ്ടെന്നു കേട്ടിട്ടുണ്ടു്. നല്ല കൂട്ടുമാണു്. ചേരണ്ട ആളുകൾ എല്ലാം ചേർന്നിട്ടുണ്ടു്. നല്ല യോഗം! എന്താണു് അവളുടെ പേരു്? സുഭദ്ര. പരമേശ്വരൻ കണ്ടിട്ടുണ്ടു്; ഇല്ലേ? കൃത്രിമത്തിൽ അതിവാസനയാണെന്നാണു ജനശ്രുതി.തമ്പി, രാമനാമഠം ഇവരെല്ലാമാണു് സംസർഗ്ഗമെന്നും കേട്ടിട്ടുണ്ടു്. അതിനാൽ സുന്ദരയ്യന്റെ ഭാര്യ വൃഥാ പോകുന്നതല്ല. എന്തോ സന്ദേശവുംകൊണ്ടു് പോകയാണു്. അസത്തുക്കളുടെ കഥയെക്കുറിച്ചു് ആലോചിക്കേണ്ട, നടക്കാം. പരമേശ്വരാ, രാമയ്യൻ നമ്മെ വിട്ടുപോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ പടിഞ്ഞാറോട്ടുപോയതു്. ആരാണെന്നറിഞ്ഞില്ല?’
- പരമേശ്വരൻപിള്ള
- ‘പാഴൂർപോയി അന്വേഷിക്കാം.’
- യുവരാജാവു്
- ‘പരമേശ്വരനു് ഉറക്കം വന്നുതുടങ്ങി. ഇനി ഇവിടെ നിന്നാൽ കണക്കല്ല. പട്ടാണിവൈദ്യന്റെ മരുന്നു സേവിച്ചിട്ടു് അമ്മാവനു സുഖമുണ്ടോ എന്നും അറിയാം. പോകാം. ചെമ്പകശ്ശേരിയിൽ കേറിയിട്ടു് നേരെ കൊട്ടാരത്തിലേക്കു്.’
യുവരാജാവിന്റെ ഈ വാക്കുകൾ കേട്ടയുടനെ രാമയ്യൻ രാജപാതയിൽ കടന്നു മുമ്പിൽ നടന്നുതുടങ്ങി. അൽപം താമസിച്ചിട്ടു് യുവരാജാവും പരമേശ്വരൻപിള്ളയും അദ്ദേഹത്തെ അനുഗമിച്ചു. വഴിയിൽ വല്ലതും ആപത്തിനു് സംഗതിയുണ്ടോ എന്നറിയുന്നതിനായി രാമയ്യൻ മുമ്പിലും, യുവരാജാവും ഭൃത്യനും പുറകെയും, ഇങ്ങനെ യാത്ര ആരംഭിച്ചപ്പോൾ നാലാമനായ ഒരാൾ രാജപാതയിൽ എത്തി. ഈയാൾ കിഴക്കുനിന്നു വരുന്ന പാന്ഥനായിരുന്നു. തന്റെ മുമ്പിൽ നടക്കുന്ന രണ്ടുപേരെയും കണ്ടു് ആരെന്നറിയുന്നതിനു് അയാൾക്കു മോഹമുണ്ടായി. ഓടിച്ചെന്നു നോക്കിയാൽ ശരിയല്ല. ആരെങ്കിലും ആകട്ടെ. ശുദ്ധപീറനായന്മാരാരോ ആണു്. ഇവരെന്തിനായി ഈ മരത്തിന്റെ താഴെ നിന്നിരുന്നു? എന്തെങ്കിലും ആകട്ടെ. ഒന്നു ഭയപ്പെടുത്താം. “എന്നിങ്ങനെ ആലോചിച്ചു നിശ്ചയിച്ചുകൊണ്ടു് കൈയിലുണ്ടായിരുന്ന ഒരു ചെറിയ വില്ലിനെ എടുത്തു് ഞാൺവലിച്ചു പൂട്ടി ലാക്കു നോക്കി ഒരു അസ്ത്രം പ്രയോഗിച്ചു. പരമേശ്വരൻപിള്ളയുടെ ശിരസ്സിനു് ആഭരണമായിരുന്ന പഴന്തുണിയെ അതിന്റെ സ്ഥാനത്തുനിന്ന ഇളക്കി അൽപം മുന്നോട്ടു് പായിച്ചു നിലത്തു് പതിപ്പിച്ചു. ‘തിരുമേനീ! എന്നു പരമേശ്വരൻപിള്ള ഭയത്തോടു് വിളിച്ചതും അയാളുടെ കൈയ്ക്കു കടന്നുപിടിച്ചുകൊണ്ടു് യുവരാജാവു് ഓടിത്തുടങ്ങിയതും വസ്ത്രം താഴത്തു് വീണതോടുകൂടിത്തന്നെ കഴിഞ്ഞു. ഓടി രാമയ്യന്റെ അടുത്തായപ്പോൾ ‘ഓടിക്കൊള്ളുക, ആപത്തുണ്ടു്, എതിർത്തുനിന്നു ലഹളയുണ്ടാക്കേണ്ട” എന്നു യുവരാജാവു് പറഞ്ഞു. തന്റെ സ്വാമിയുടെ അഭിമതം പൂർണ്ണമായി ക്ഷണേന ധരിച്ചു് രാമയ്യൻ യുവരാജാവിന്റെ പിൻഭാഗത്തിനു് ഒരു രക്ഷയായി ഇടയ്ക്കിടെ പുറകിൽ നോക്കിക്കൊണ്ടു് വേഗത്തിൽ ഓടിത്തുടങ്ങി. ഇതിനിടയ്ക്കു് വസ്ത്രം ദൂരത്തെറിച്ചതുമാത്രം കണ്ടു് ഇത്ര ഭീരുത്വം കാണിച്ച നായന്മാർ ആരാണെന്നു് അറിയണമെന്നു് കാട്ടാളനെപ്പോലെ യുവരാജാവിനെയും മറ്റും പിന്തുടർന്നുതുടങ്ങിയ വില്ലാളിക്കു് അധികം ആഗ്രഹമുണ്ടായി. പാദം നിലത്തു് തൊടാതെ ഓടുന്നതിനിടയിൽ രണ്ടാമതും അസ്ത്രം ഒന്നു തൊടുത്തുവലിച്ചു. എന്നാൽ അസ്ത്രത്തോടുകൂടി വില്ലും ഒരു ഏറു് ചീറിക്കൊണ്ടു് ആകാശത്തിലേക്കു് തിരിച്ചതു് കണ്ടു് രാക്ഷസനെപ്പോലെ ചിരിച്ചും കയർത്തും, തന്റെ ശ്രമത്തിനു് വിരുദ്ധം വരുത്തിയ പുരുഷനെ ഭക്ഷിക്കുമെന്നുള്ള നാട്യത്തോടുകൂടിയും, തിരിഞ്ഞു കിഴക്കോട്ടു് നോക്കിത്തുടങ്ങി. പ്രാകൃതമായ ഒരു സ്വരൂപമാണു് മുമ്പിൽ കാണപ്പെട്ടതു്. അതിനാൽ ഉണ്ടായ കോപത്തിൽ അർദ്ധവും ശമിച്ചു എങ്കിലും ‘ആരെടാ അതു്?’ എന്നു പത്താംശതവർഷത്തിലെ സവ്യസാചി ആയിരുന്ന ചുള്ളിയിൽ മാർത്താണ്ഡൻപിള്ള ചോദ്യം തുടങ്ങി. ഈ ചോദ്യത്തിനു് ഉത്തരമായുണ്ടായതു് ’ഒളിയമ്പാൽ വാലിതലൈ–വീശി വരക്കാണയിലെ’ എന്നൊരു പാട്ടായിരുന്നു. മാർത്താണ്ഡൻപിള്ളയ്ക്കു പാട്ടു് കേട്ട ഉടനേതന്നെ ആൾ ആരാണെന്നു് മനസ്സിലായി. ‘എടാ, മാർത്താണ്ഡന്റെ അമ്പിനെ തട്ടിക്കളയാൻ നീ ആണായോ? വാ, വാ, പേടിക്കേണ്ട; അടുത്തു വാ’ എന്നു് ആദ്യഭാഗം ആശ്ചര്യത്തോടും ഉത്തരാർദ്ധം കരുണയോടും പറഞ്ഞു. നമ്മുടെ ഭ്രാന്തവേഷക്കാരനായ ചാന്നാൻ ആയിരുന്നു യുവരാജാവിനെ ലക്ഷ്യമാക്കി വലിച്ച അസ്ത്രത്തെ ഒരു വടികൊണ്ടു് എറിഞ്ഞു നിലത്തു വീഴ്ത്തിയതു്. മാർത്താണ്ഡൻപിള്ളയുടെ കരുണയോടുകൂടിയുള്ള സ്വാഗതവചനം കേട്ടു്, ധൈര്യത്തോടുകൂടി ചാന്നാൻ അയാളുടെ അടുത്തു ചെന്നു.
- മാർത്താണ്ഡൻപിള്ള
- ‘നീ എന്തിനു വന്നെടാ ഇവിടെ?’
- ഭ്രാന്തൻ
- ‘മാങ്കോയിക്കൽ ഏമാൻ ഇങ്കെ വന്താരു്.’
- മാർത്താണ്ഡൻപിള്ള
- ‘എന്തിനെടാ പയലേ?’
- ഭ്രാന്തൻ
- ‘നാട്ടരശർ തിരുവടികൾക്കു് ഉതവിശെയ്യ.’
- മാർത്താണ്ഡൻപിള്ള
- ‘അങ്ങേർക്കു് ഇത്ര പിച്ചു പിടിച്ചോ? എവിടെയാണെടാ താമസം?’
- ഭ്രാന്തൻ
- ‘അതറിയപ്പണി’
- മാർത്താണ്ഡൻപിള്ള
- ‘ഛീ! കള്ളപ്പട്ടീ, എവിടെ എന്നു പറ’
- ഭ്രാന്തൻ
- ‘അടിയൻ അറിഞ്ചാ ചൊല്ലമാട്ടെണ്ണാ?’
- മാർത്താണ്ഡൻപിള്ള
- ‘എടാ കേൾക്കു്. അന്നു് എന്നെ ഒരു പാമ്പു കടിച്ചപ്പോൾ നീ ആ വിഷം നീക്കി. അതിനു് വേലക്കാരുടെ വായിൽനിന്നു് നിന്നെ ഞാൻ രക്ഷിച്ചു. അങ്ങനെ കടത്തിനു് കടംകൊണ്ടു് എന്റെ ചുമതല തട്ടിക്കിഴിച്ചിരിക്കുന്നു. മാർത്താണ്ഡന്റെയടുത്തു് കളിക്കാതെ എവിടെയുണ്ടെന്നു് പറഞ്ഞേക്കു്; അതാണു നല്ലതു്.’
- ഭ്രാന്തൻ
- ‘ഇതെന്നാ കൂത്താ? പിച്ച എപ്പടി അറിയുമെണ്ണാ? ഏമാമ്മാരെ തൂച്ചിക്കണ വേല പിച്ചക്കെന്നാ?’
മാർത്താണ്ഡൻപിള്ളയ്ക്കു ചാന്നാന്റെ വാക്കുകൾ സത്യമാണെന്നു ബോദ്ധ്യം വന്നില്ല. ‘നീചപ്പരിഷകൾ കേറിക്കേറി കൊമ്പിലായിരിക്കുന്നു’ എന്നു് പറഞ്ഞുകൊണ്ടു്, കൃഘ്നനായി ലേശവും കരുണകൂടാതെ, വേലുക്കുറുപ്പിന്റെ പ്രകൃതത്തെ അനുഗമിച്ചു് ചാന്നാന്റെ ചെകിടതത്തു് പാദത്താൽ പ്രഹരിക്കുന്നതിനു് ഭാവിച്ചു. എന്നാൽ ഈ ശ്രമത്തിന്റെ അവസാനം മാർത്താണ്ഡൻപിള്ളയുടെ ഉദ്ദേശ്യത്തിനും ഉറപ്പിനും ഏറ്റവും വിപരീതമായിരുന്നു. പ്രഹരിക്കുന്നതിനായി ഒരു പാദം ഇളക്കിയ ആളിന്റെ മറ്റേപ്പാദവും നിലത്തുനിന്നു് ഇളകി, കരണംകുത്തി ഒന്നു് മറിഞ്ഞു്, കേമനായ മാർത്താണ്ഡൻപിള്ള ഭൂമിദേവിയെ പുണർന്നു. ‘ആഹാ! എന്റെ ഒരമ്പിനു് നീ ഇര’ എന്നു പല്ലു ഞെരിച്ചുകൊണ്ടു് മാർത്താണ്ഡൻപിള്ള എണീറ്റു് തന്റെ ബാണാസനത്തേയും മറ്റും തിരഞ്ഞു് എടുത്തു്. ‘നേരേ തമ്പി അങ്ങത്തെ അങ്ങ്; പിന്നെ ചെമ്പകശ്ശേരിയിലും’ എന്നുള്ള ആത്മഗതത്തോടുകൂടി പടിഞ്ഞാറു് നോക്കി നടന്നു.
ഇതിനിടയിൽ മഹാനായ തമ്പി തന്റെ മന്ദിരത്തിൽ ഇരുന്നു് ഓരോ ആലോചനകൾ കഴിച്ചിരിക്കുന്നു. സുന്ദരയ്യൻ സന്ധ്യ കഴിഞ്ഞപ്പോൾ ഭാര്യാഗ്രഹത്തിലേക്കു് തമ്പിയുടെ അനുവാദത്തോടു് കൂടി പോയി. രണ്ടുനാഴിക കഴിഞ്ഞപ്പോൾ തമ്പിക്കു സ്വർഗ്ഗത്തിൽ ഉന്നതപദവി ലഭിച്ചാലും ഉണ്ടാകാത്തതായ സന്തോഷത്തെ ജനിപ്പിക്കുന്ന ഒരു കാഴ്ച സാധിച്ചു. യുവരാജാവും പരമേശ്വരൻപിള്ളയും തനിച്ചു വടവൃക്ഷച്ചുവട്ടിൽ നിൽക്കുമ്പോൾ വഴിയേ പടിഞ്ഞാറോട്ടു് പോയ ആളാണു് തമ്പിയുടെ മുമ്പിൽ പ്രത്യക്ഷമായതു്. തമ്പി ആനന്ദപരവശനായി ആഗതനായ സത്വത്തെ ആലിംഗനം ചെയ്തു് ‘ഹ ഹ! തരത്തിനു വന്നു! നല്ല ജോലി ഉണ്ടിന്നു്; കഥയൊക്കെ പിന്നെ.ആരും കാണരുതു്. വാ, കേറു്, ഇതാ ഈ പുരമുറിക്കകത്തിരുന്നോ. വേറേ ആളുണ്ടെങ്കിൽ നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല’ എന്നുള്ള പ്രസ്താവനകളോടു കൂടി താൻ ചൂണ്ടിക്കാണിച്ച പുരയ്ക്കകത്തു് അയാളെപ്പിടിച്ചു തള്ളിവിട്ടിട്ടു് വാതിലും ബന്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ രാമനാമഠത്തിൽപിള്ള തമ്പിയുടെ മുമ്പിൽ എത്തി തൊഴുതു. തമ്പി ഞെളിഞ്ഞു ഗൗരവത്തോടുകൂടി ‘എന്തെല്ലാമാണു്? നമുക്കുവേണ്ടി കഴക്കൂട്ടം ഒരു മിടുക്കും ഒരു മിടുക്കു കാട്ടി എന്നു കേട്ടു. മാങ്കോയിക്കൽക്കുറുപ്പിനെ പിടിച്ചിട്ടു, ഇല്ലേ?’
- രാമനാമഠം
- ‘ഉത്തഴവു്’
- തമ്പി
- ‘യോഹത്തീന്നു തിഴിച്ചു പോവുമ്പോൾ കണ്ടു്, പതുക്കെ കളിപ്പിച്ചു വിളിച്ചോണ്ടു പോയി, കഴുക്കിലിട്ടു് ഇഴുക്കിയും കളഞ്ഞു.’
- തമ്പി
- ‘കഴക്കൂട്ടത്തിനു് നമ്മോടു് കുറച്ചു് നീരസം ഉണ്ടെന്നാണല്ലോ കേട്ടതു്?’
- രാമനാമഠം
- ‘അങ്ങത്തെ അഴുത്തു് ഒണ്ടെങ്കിലെന്തു്? ശവത്തെ പോവാൻ പഴയണം. യോഗത്തിനെ കളിപ്പിച്ചാലു്, അവന്റ തെല മണ്ണു തിന്നും.’
- തമ്പി
- ‘ഭേഷ് ഏർപ്പാടു്! നമുക്കു കഴക്കൂട്ടത്തെക്കുറിച്ചും ബഹുസന്തോഷമാണു്. കേട്ടോ രാമനാമഠം, രാമനാമഠം വേണം നമ്മുടെ വലിയസർവ്വാധി ആയിരിക്കാൻ.’
- രാമനാമഠം
- ‘ഓഹോ, എന്തഴിനും ഞാൻ ആളുതന്നെ.’
- തമ്പി
- ‘പിന്നെ, ഈ മാങ്കോയിക്കൽ കുറുപ്പിന്റെ വരവും കഥയും കേട്ടു് നമുക്കൊരാലോചനയുണ്ടായിരിക്കുന്നു. രാമനാമഠം മാത്രം അറിഞ്ഞാൽ മതി; പുറത്തു് പറയണ്ട.വരണം, സ്വകാര്യമായി പറയാം.’
- രാമനാമഠം
- ‘ഇല്ല, സത്യം. ഉത്തഴവാകണം.’
തമ്പി രാമനാമഠത്തിനെ അടുത്തു വിളിച്ചു് ഏകദേശം അരനാഴിക മന്ത്രിച്ചുകൊണ്ടു നിന്നു. അനന്തരം അയാൾ ഇങ്ങനെ പറഞ്ഞു: ‘യോഗത്തിന്റെ നിശ്ശയം അങ്ങനെ അല്ലല്ലോ. അതുകൊണ്ടു് എനിക്കു് പാഴില്ല. വല്ലവഴും ആണുങ്ങഴുണ്ടെങ്കിൽ തീട്ടട്ടു്.’
ഇത്രയും സംഭാഷണം ആയപ്പോൾ സുന്ദരയ്യൻ അകത്തു് പ്രവേശിച്ചു. രാമനാമഠത്തിനെ കണ്ടപ്പോൾ, തമ്പി തന്റെ ശുദ്ധഗതികൊണ്ടു് സുഭദ്രയുടെ നേർക്കു് നടത്തുന്ന വഞ്ചനയെ അയാളോടു് പറഞ്ഞുപോയിരിക്കുമോ എന്നു ശങ്കിച്ചു്, സുന്ദരയ്യൻ വിളറി, തമ്പിയുടെ മുഖത്തു് നോക്കി. ‘അതൊന്നും പേടിക്കണ്ട’ എന്നുള്ള ഭാവത്തിൽ നേത്രങ്ങൾകൊണ്ടു് ചില അഭിനയങ്ങൾ കാണിച്ചു് സുന്ദരയ്യനെ സമാധാനപ്പെടുത്തി. തമ്പിയും രാമനാമഠവും തമ്മിലുള്ള തർക്കവിഷയത്തെ സുന്ദരയ്യനോടു് തമ്പി അവർകൾതന്നെ പ്രസ്താവിച്ചു.
- സുന്ദരയ്യൻ
- ‘രാമനാമഠത്തിങ്കത്തേക്കു് ഇവളവു് പയമാ? നാൻ താൻ ശെയ്തൂടിറേൻ.’
- തമ്പി
- ‘താൻ വേണ്ടെടോ. ഒരു സംശയവും ഉണ്ടായിക്കൂടാ. ആളുണ്ടു്. എല്ലാം ഭംഗിയായി നടത്താം.’
ആ സംഗതിയെക്കുറിച്ചു് ഓരോ തീരുമാനങ്ങൾ ചെയ്യുന്നതിനിടയിൽ ഒരു പട്ടക്കാരൻ അകത്തു് കടന്നു് ‘ചുള്ളിയിൽ മാർത്താണ്ഡപ്പിള്ള വന്നു് നിൽക്കുന്നു’ എന്നു് തമ്പിയെ ഗ്രഹിപ്പിച്ചു. ‘വരാൻ പറ’ എന്നു് തമ്പി ഉത്തരവായി.
- തമ്പി
- ‘തിരുമുഖത്തുപിള്ള നമ്മുടെ ഭാഗത്തുതന്നെ എന്നു നിശ്ചയമായി. രാമനാമഠവും സുന്ദരയ്യനും എന്റെ വലതും ഇടതും കൈകളാണു്. നിങ്ങൾ കൊണ്ടുകൊള്ളിച്ച കോളു് എത്ര ഭംഗിയായിപ്പറ്റി! ഇങ്ങനെയാണു് ബുദ്ധിസാമർത്ഥ്യം കാണിക്കേണ്ടതു്.’
|