മാർത്താണ്ഡവർമ്മ-20
മാർത്താണ്ഡവർമ്മ | |
---|---|
ഗ്രന്ഥകർത്താവ് | സി.വി. രാമൻ പിള്ള |
മൂലകൃതി | മാർത്താണ്ഡവർമ്മ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചരിത്ര നോവൽ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവു് |
വര്‍ഷം |
1891 |
മാദ്ധ്യമം | അച്ചടിപ്പതിപ്പു് |
- “വ്യഥയുമവനകതളിരിലില്ലയെന്നാകിലും
- ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ;
- നിശിചരരെടുത്തു കൊണ്ടാർത്തുപോകും വിധൗ
- നിശ്ചലനായ്ക്കിടന്നാൻ കാര്യഗൗരവാൽ.”
“ഇ”തിനിടയിൽ ചെമ്പകശ്ശേരി ഗൃഹത്തിൽ ചെന്നു ഗൂഢമായി വേണ്ട അന്വേഷണങ്ങളും കഴിച്ചു്, കൊട്ടാരത്തിൽ എത്തി മലിനവസ്ത്രങ്ങളെയും മാറ്റി, യുവരാജാവു് മഹാരാജാവിന്റെ ആലസ്യസ്ഥിതിയെക്കുറിച്ചു് ആരാഞ്ഞിരിക്കുന്നു. മഹാരാജാവിന്റെ രോഗത്തിനു് നാട്ടുചികിത്സകന്മാരുടെ പരിശ്രമങ്ങളാൽ ശമനം വരുന്നില്ലെന്നറിഞ്ഞു്, പരീക്ഷാർത്ഥമായി നിബിയാൽ ഉണ്ടാക്കപ്പെട്ടതെന്നു് പറഞ്ഞുകൊണ്ടു് ഒരു സിന്ദൂരത്തെ ഹാക്കിം കൊടുത്തയച്ചു. അതു സേവിച്ചപ്പോൾ മുതൽ മഹാരാജാവു് സുഖമായി നിദ്ര ചെയ്തു തുടങ്ങി. യുവരാജാവു് മാതുലനെക്കണ്ട സമയം, മേല്പറഞ്ഞ ഔഷധത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു് നാട്ടുവൈദ്യന്മാർ വളരെ പ്രസംഗിക്കയാൽ യുവരാജാവിനു് അപാരമായ സന്തോഷമുണ്ടായി എന്നു മാത്രമല്ല, ഹാക്കിമിന്റെ പടുത്വത്തെക്കുറിച്ചു് അദ്ദേഹം ഒട്ടേറെ പ്രസംഗിക്കയും ചെയ്തു. മഹാരാജാവിന്റെ സന്നിധിയിൽ നിന്നു് പരമേശ്വരൻപിള്ളയോടുകൂടി തന്റെ കൊട്ടാരത്തിലേക്കു് പോകുംവഴിക്കു് യുവരാജാവു് ഇങ്ങനെ അരുളിച്ചെയ്തു: “മരണലക്ഷണങ്ങൾ ചിലതുണ്ടായിരുന്നതു് മാറിക്കാണുന്നു. അതുകൊണ്ടു് ഇപ്പോൾ ഭയപ്പെടാനില്ല. ഈ വൈദ്യന്മാർ അസൂയകൂടാതെ ഹാക്കിമിനെ ശ്ലാഘിക്കുന്നതുതന്നെ ഒരു ശുഭലക്ഷണമാണു്.”
- പരമേശ്വരൻപിള്ള
- “പഠാണികളിൽ കുറഞ്ഞവരാരുമില്ല.”
- യുവരാജാവു്
- “ഒരു രാത്രി അങ്ങോടു പോകണം. ആ കമ്പോളവും കാണാം. വൈദ്യനു് നല്ല സമ്മാനവും കൊടുക്കണം. എന്നാൽ ആ കുബേരനെ സന്തോഷിപ്പിക്കാൻ നാം എന്താണു് കൊടുക്കുന്നതു്?–എന്താ രാമയ്യൻ വരാത്തതു്? അയാൾ വല്ലതും അപകടം പ്രവർത്തിക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.”
- പരമേശ്വരൻപിള്ള
- “ഇന്നലത്തെ ദേഷ്യവും നിശ്ചയവും കല്പിച്ചു് ഇത്ര വേഗം മറന്നോ? വെള്ളത്തിലെഴുതിയാലും ഇളക്കമെങ്കിലും കുറച്ചുനേരം ഉണ്ടായിരിക്കും.”
- യുവരാജാവു്
- “മറന്നിട്ടല്ല. ഇരുന്നിട്ടല്ലേ കാൽ നീട്ടേണ്ടതു്? അമ്മാവനു നല്ല സുഖമാകട്ടെ. പിന്നീടു് നമ്മുടെ ക്രിയകൾ ആരംഭിക്കാം. കഴക്കൂട്ടത്തിന്റെ വീടു് അടുത്താണല്ലോ. രാമയ്യനും അകപ്പെട്ടു് എന്നു വരുമോ?”
- പരമേശ്വരൻപിള്ള
- “കുട്ടി ആപത്തിൽ ചാടൂല്ല. കഴുകനെപ്പോലെ ചുറ്റിത്തിരിഞ്ഞു് തരമുണ്ടെങ്കിൽ റാഞ്ചിക്കൊണ്ടു് പോരും.”
- യുവരാജാവു്
- “ചെമ്പകശ്ശേരിയിൽ പോകേണ്ടായിരുന്നു. അതൊരു ദുശ്ശകുനമെന്നപോലെ എന്റെ മനസ്സിനെ വേദനപ്പെടുത്തുന്നു. അനന്തപത്മനാഭന്റെ കഥ ഓർമ്മിക്കയാൽ ഉള്ളിൽ വല്ലാത്തൊരു വ്യാകുലതയുണ്ടായിരിക്കുന്നു. ആ കുട്ടിക്കു് എന്താ രോഗം? വാതമോ?”
- പരമേശ്വരൻപിള്ള
- “അടിയൻ. എന്നാണു കിഴവൻ പറഞ്ഞതു്.”
- യുവരാജാവു്
- “ആ അനന്തപത്മനാഭന്റെ കഥയെല്ലാം ഇവളെക്കുറിച്ചായിരുന്നു. കേട്ടു് മുഷിഞ്ഞു് ഞാൻതന്നെ അവനെ ശകാരിച്ചിട്ടുണ്ടു്. അവന്റെ രൂപം കണ്ണിൽനിന്നു് മായുന്നില്ല. അക്കാലത്തെ കഥ വിചാരിക്കുമ്പോൾ–എന്തു ഭയങ്കരം! ആകപ്പാടെ ഇനി എന്തു ചെയ്യുന്നു? അവന്റെ അച്ഛനെ നാം വേണ്ടപോലെ സമാധാനപ്പെടുത്തീട്ടും ഇല്ല. എന്നോളം കൃതഘ്നൻ ഈ ഭൂമിയിൽ ആരുമില്ല. നാണം കൂടാതെ അയാളോടും സഹായം അപേക്ഷിക്കാൻ ഞാൻ ധൈര്യപ്പെടുകയും ചെയ്തല്ലോ.”
- പരമേശ്വരൻപിള്ള
- “തുടങ്ങി! കൈവിട്ട കാര്യത്തെക്കുറിച്ചു് കരഞ്ഞാൽ എന്തുകിട്ടും? പോട്ടെന്നല്ലാതെ–”
- യുവരാജാവു്
- “എന്നെ വിശ്വസിച്ചു് ഏൾപ്പിച്ച ഒരു ഭാരമായിരുന്നല്ലോ അവൻ–”
- പരമേശ്വരൻപിള്ള
- “അതിനെന്തു? വല്ലോരും തിന്നുകളഞ്ഞോ? വരാനുള്ളതു് വന്നു. അയാൾ അതിനു് മുമ്പിലത്തെ പിറ ചൊവ്വാഴ്ചയാണു് കണ്ടതു്. ഞങ്ങൾ ഒന്നിച്ചാണു് കണ്ടതു്. അതിന്റെ ഫലം അനുഭവിച്ചു. അത്ര തന്നെ.”
- യുവരാജാവു്
- “നീ തൂണുപോലെ എന്റെ മുമ്പിൽ ശേഷിക്കയും ചെയ്യുന്നല്ലോ.” (ഹാസ്യമായി) “ശരിയാണ്–നല്ല സമാധാനം! ആട്ടെ, നീ പോയി ഒരു വൈദ്യനെ ഇങ്ങോട്ടു വിളിക്കു്. ചെമ്പകശ്ശേരിയിലേക്കു് അയയ്ക്കാം.”
താൻ ക്ഷണിച്ച അബദ്ധത്തെക്കുറിച്ചു നാണംപൂണ്ടും, യുവരാജാവിനോടു് സഹതപിക്കുന്നുണ്ടെന്നു ബോദ്ധ്യപ്പെടുത്താനായി നെടുതായി ഒന്നു നിശ്വസിച്ചുകൊണ്ടും, പരമേശ്വരൻപിള്ള നടകൊണ്ടു്. “കഠിനഹൃദയമേ, നീ ഇപ്പോൾ പശ്ചാത്താപപ്പെട്ടിട്ടു കാര്യമെന്തു്? ഹാ! ലോകാപവാദത്തിനും ഞാൻ ഇടവരുത്തിയിരിക്കാം. പരമേശ്വരൻ എന്റെ വ്യസനം കണ്ടു് ചിരിച്ചുകൊണ്ടാണു് പോയിരിക്കുന്നതു്” എന്നിങ്ങനെയുള്ള മനോവിചാരങ്ങളോടുകൂടി സാവധാനത്തിൽ യുവരാജാവു് നടക്കുന്നതിനിടയിൽ, രാമയ്യന്റെ ശ്രമത്തെ സംബന്ധിച്ചും മറ്റും നടന്ന സംഭാഷണം മുഴുവൻ കേട്ടുകൊണ്ടു്, പരമേശ്വരൻപിള്ളയുടെ ദൃഷ്ടിയിലും പെടാതെ, യുവരാജാവിന്റെ പുറകേ എത്തിയ ഹ്രസ്വകായനായ ഒരുവൻ തന്റെ കൈയിലുണ്ടായിരുന്ന ഖഡ്ഗം ഉയർത്തിത്തുടങ്ങി. ആലോചനയിൽ മുങ്ങി ഇന്ദ്രിയങ്ങൾ മാർഗ്ഗമായുള്ള ജ്ഞാനങ്ങൾക്കു് ജാഗരൂകനല്ലാതെ ആയി നടക്കുന്നു് യുവരാജാവു് എന്തു് ശുദ്ധനാണ്! കായത്തെ തുലോം ഹ്രസ്വമാക്കി, വാമകരത്താൽ വസ്ത്രത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടു്, സാവധാനത്തിൽ അടുത്ത ഖലന്റെ ഖഡ്ഗം ഉയർന്നു മിന്നി ഇളകുന്നു. അരനിമിഷം കൊണ്ടു് അതിന്റെ കീഴ്പോട്ടുള്ള പതനവും യുവരാജദേഹിയുടെ മേല്പോട്ടുള്ള ഗമനവും കഴിയുമല്ലോ. അദ്ദേഹത്തിന്റെ മനസ്സിനെ അപഹരിച്ചിരിക്കുന്ന പശ്ചാത്താപം അദ്ദേഹത്താൽ കൃതമായ വല്ല പാപത്തിന്റെയും ദൈവഗത്യ ഉള്ള തിരിച്ചിലായിരിക്കുമോ? അല്ല. എന്തു കൊണ്ടെന്നാൽ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ സത്യതത്പരത അറിയുന്ന ജഗന്നിയന്താവിന്റെ കരുണ ഹേതുവാൽ അദ്ദേഹത്തിന്റെ കണ്ഠത്തിനു നേർക്കു് ഓങ്ങപ്പെട്ട വാൾ ഘാതകനായുള്ളവന്റെ കരസമേതം പുറകോട്ടു മാറുന്നു. പിറകിൽനിന്നു് ആരോ തന്റെ കരത്തെ പിടിച്ചിരിക്കുന്നു എന്നു ഘാതകനും ബോദ്ധ്യം വരികയാൽ, തന്റെ ബലം ആസകലം പ്രയോഗിച്ചു് അന്യന്റെ പിടി വിടീക്കുന്നതിനു ശ്രമിക്കുന്നു. മുന്നോട്ടു് ആഞ്ഞും കുടഞ്ഞും ചവുട്ടിയും പല പ്രകാരേണ തന്റെ കരത്തിനു സ്വാതന്ത്ര്യക്രിയയ്ക്കു തരം കിട്ടുന്നതിനു് ഘാതകൻ ശ്രമിച്ചതിൽ, തുല്യബലവാനായ ശത്രുവിന്റെ പിടിയിൽനിന്നു മോചനമുണ്ടാകുന്നില്ല. തന്റെ സ്ഥിതി അപകടമായിത്തീർന്നിരിക്കുന്നു എന്നു തീർച്ചയായപ്പോൾ, വല അറുത്തുചാടുന്ന സുംഹത്തെപ്പോലെ കുതിച്ചു്, തന്നെത്തടഞ്ഞ ശത്രുവെ വീഴ്ത്തുകയും, അപ്പോൾ മുമ്പിൽ കാണപ്പെട്ട രൂപത്തെ ലക്ഷ്യമാക്കി ഇച്ഛാഭംഗത്താലുണ്ടായ കോപാവേഗത്തോടുകൂടി ഒന്നു വെട്ടുകയും ചെയ്തിട്ടു ഘാതകൻ പാഞ്ഞു് അന്ധകാരത്തിൽ മറയുന്നു. രാത്രിയുടെ ശാന്തമായുള്ള നിശ്ശബ്ദാവസ്ഥയ്ക്കു സഹജമായ മാഹാത്മ്യത്തെ വിപാടനം ചെയ്യുന്നതായ ഒരു ദീനപ്രലാപത്തോടുകൂടി, വെട്ടുകൊണ്ടവൻ ദശകണ്ഠന്റെ ചന്ദ്രഹാസത്താൽ പക്ഷശൂന്യനാക്കപ്പെട്ട ഭക്താവതംസനായ ജടായുവിനെപ്പോലെ, നിലത്തു് പതിച്ചു് പിടഞ്ഞു തുടങ്ങുന്നു. ഈ കലാപങ്ങൾ കേട്ടു പിൻതിരിഞ്ഞു്, കഥയൊന്നും മനസ്സിലാകാതെയും, ഇരുട്ടിലും സംഗതി അറിയാതെയും, വെട്ടുന്ന വെട്ടു് ബന്ധുവിനും പറ്റിയേക്കാമെന്നുള്ള ശങ്കയോടെയും അല്പനേരം സംശയഗ്രസ്തനായും ഉദാസീനനായും നിന്ന യുവരാജാവു്, ഒരുവൻ വീണതും മറ്റൊരുവൻ ഓടിയതും കണ്ടപ്പോൾ ഭീരുത്വം കാണിച്ചവനെ പിന്തുടരാതെ, മരണവേദനയോടുകൂടി കൈകാൽ നിലത്തടിച്ചമറുന്നവന്റെ അടുത്തുവെന്നു്, കരുണയോടുകൂടി അവന്റെ തല താങ്ങിക്കൊണ്ടു്, ‘പരമേശ്വരാ’ എന്നു് ഉറക്കെ വിളിച്ചു. അദ്ദേഹത്തിന്റെ പരിവാരങ്ങളിൽ ഒന്നുരണ്ടുപേർ ഈ വിളി കേട്ടു് ദീപത്തോടുകൂടി ക്ഷണത്തിൽ അവിടെ എത്തി. ഇവരിൽ ഒരാൾ യുവരാജാവിന്റെ ഭാരത്തെ ഏറ്റു് നിലത്തിരുന്നപ്പോഴേക്കു് അന്യനായ അവന്റെ സംഭ്രമങ്ങൾ നിന്നു്, ദീപപ്രകാശത്താൽ കാണപ്പെട്ട യുവരാജാവിനെ ആചാരാനുസരണമായി വന്ദിക്കുന്നതിനു് കൈകൾ ഇളക്കിയതിൽ തളർന്നു്, ഇരുഭാഗത്തും വീണും. ‘എഴുത്തു്’ എന്നുള്ള മൂന്നക്ഷരങ്ങൾ കഷ്ടിച്ചു കണ്ഠക്ഷോഭത്തോടുകൂടി ഉച്ചരിച്ചതിന്റെശേഷം ഉദ്ദിഷ്ടദിക്കിൽ അല്പം താമസിച്ചെത്തിയ സുഭദ്രയുടെ കിങ്കരപ്രധാനൻ ശങ്കരച്ചാർ തന്റെ പൂർവ്വികന്മാരുടെ ഗതിയെ അനുഗമിച്ചു് ഈ ലോകത്തിൽനിന്നു് നിഷ്ക്രാന്തനായി.
ഇപ്രകാരം തന്റെ മുമ്പിൽ വീണുമരിച്ച അന്യന്റെ ദേഹത്തെ യുവരാജാവു് പരിശോധിച്ചതിൽ അയാൾ മരിക്കുന്ന സമയം ഉച്ചരിച്ച വാക്കിന്റെ സാരം സ്പഷ്ടമായി. എന്തെന്നാൽ സുഭദ്രയുടെ എഴുത്തു് അയാളുടെ വസ്ത്രത്തിനിടയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. ഈ എഴുത്തു് എടുത്തുവായിച്ചതിൽ യുവരാജാവിനു് സംഗതി മുഴുവൻ മനസ്സിലായി. അദ്ദേഹത്തിനെ വിഷമാർഗ്ഗേണ നിഗ്രഹിക്കുന്നതിനു് തമ്പി ഉദ്ദ്യമിക്കുന്നുണ്ടെന്നു പഠാണികളിൽനിന്നു് അന്നുതന്നെ അറിവു കിട്ടീട്ടൂണ്ടായിരുന്നു. അതിനാൽ രാത്രി വഞ്ചിച്ചു തന്നെ കൊല്ലുന്നതിനു് വേറൊരുവിധത്തിലും ശ്രമം ചെയ്തതാണെന്നും, കൊല്ലുവാൻ തുടങ്ങിയവൻ വേലുക്കുറുപ്പു് ആയിരിക്കുമെന്നും, മേലിൽ വളരെ സൂക്ഷിച്ചിരിക്കേണ്ടതാണെന്നും യുവരാജാവു് നിശ്ചയിച്ചു. ഈ അനുമാനങ്ങൾ ശരിയായിരുന്നുവെങ്കിലും പഠാണികൾ വിഷമാർഗ്ഗേണയുള്ള ശ്രമത്തെക്കുറിച്ചു് കൊടുത്ത അറിവു് ഹാക്കിമിനുണ്ടായ തെറ്റായ ഊഹത്താലാണെന്നും, വിഷക്രേതാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു് കാശിവാസിക്കും അബദ്ധമായ ഗ്രാഹ്യം ഉണ്ടായെന്നും, സുഭദ്ര മാത്രം സൂചകത്താൽത്തന്നെ ശരിയായ ഊഹത്തിൽ എത്തി എന്നും വായനക്കാർക്കു് അറിയാവുന്നതാണല്ലോ.
തന്നിൽ ഭക്തിയോടും സ്നേഹത്തോടും ജീവനെ ഉപേക്ഷിച്ചവനെ, ഹൃദയപൂർവ്വമായുള്ള കൃതജ്ഞതയോടും ബഹുമാനവ്യസനങ്ങളോടും നോക്കിയും, തനിക്കു് ഏറ്റവും അടുത്തിരുന്ന മൃതിയിൽനിന്നു് രക്ഷയുണ്ടായതിനു് ഭക്തിപൂർവ്വം പത്മനാഭനെ സ്മരിച്ചും, തമ്പിയുടെ കൃത്രിമത്തിന്റെ സൂക്ഷ്മം അറിഞ്ഞു്, തന്നെ ഗ്രഹിപ്പിച്ച ആൾ ആരെന്നും, മരിച്ചവന്റെ ദേഹത്തെ സംസ്കരിപ്പിക്കേണ്ട മാർഗ്ഗം എങ്ങനെ എന്നും ഉള്ള ആലോചനകളോടും യുവരാജാവു് നിൽക്കുന്നതിനിടയിൽ വൈദ്യസമേതനായി പരമേശ്വരൻപിള്ള തിരിച്ചുചെന്നു. സംഗതികൾ എല്ലാം അറിഞ്ഞപ്പോൾ, താൻ അനുവദിച്ച കാര്യമാണെങ്കിലും ഏകനായി നടന്നതിനെയും, എഴുത്തിലെ താത്പര്യം ഗ്രഹിച്ചതിന്റെ ശേഷവും മാർത്താണ്ഡൻപിള്ളയുടെ ശരങ്ങൾക്കു് ലക്ഷ്യമാകത്തക്ക സ്ഥിതിയിൽ തുറന്ന ഭൂമിയിൽ നിൽക്കുന്നതിനെയും, ആ രാത്രിയുടെ ആദ്യഭാഗത്തുതന്നെ അയാളുടെ ബാണങ്ങൾക്കു് ഇരയാകാൻ ഭാവിച്ചതിനെയും കുറിച്ചു് സ്ഥാനഭേദങ്ങൾ ഗണിക്കാതെ അയാൾ യുവരാജാവിനെ കലശലായി ശാസിച്ചു. പരമേശ്വരൻപിള്ളയുടെ ശുണ്ഠികേട്ടു് യുവരാജാവു് കോപിക്കാതെ, തന്റെ കൊട്ടാരത്തിനകത്തു് പ്രവേശിച്ചിട്ടു്, വേണ്ട കാര്യങ്ങളെ സംബന്ധിച്ചു് ആലോചന തുടങ്ങി.
തസ്കരന്മാർക്കു് നിദ്രയില്ലെന്നാണല്ലൊ വേദവ്യാസാത്മജനായ വിദുരർ അഭിപ്രായപ്പെട്ടിരിക്കുന്നതു്. തസ്കരന്മാരും അവകാശമില്ലാതുള്ള സ്ഥാനങ്ങളെയോ മറ്റോ കാമിക്കുന്നവരും തമ്മിൽ അധികം ഭേദമില്ലല്ലോ. അതിനാൽ, ആ രാത്രി വലിയതമ്പി നിദ്ര കൂടാതെ സുന്ദരയ്യൻ, ചുള്ളിയിൽ മാർത്താണ്ഡൻപിള്ള, അപ്പോൾത്തന്നെ ആ സ്ഥലത്തു ചെന്നുചേർന്നവരായ രാമനാമഠത്തിൽപിള്ള, സുന്ദരയ്യന്റെ ബന്ധുവായ പാരദേശികൻ ഇവരാൽ നിഷേവിതനായിരുന്നുകൊണ്ടു് വേലുക്കുറുപ്പു് ബോധിപ്പിക്കുന്ന സങ്കടങ്ങളെ ശ്രവിക്കുന്നു. മാങ്കോയിക്കൽകുറുപ്പിനെപ്പോലെ മറ്റുള്ളവരും യുവരാജാവിനെ സഹായിക്കാൻ പുറപ്പെടുന്നതിനും സുഭദ്രയുടെ നേർക്കു പ്രയോഗിക്കുന്ന ചതി പുറത്താകുന്നതിനും മുമ്പിൽ, യുവരാജാവിന്റെ കഥ കഴിച്ചു്, സ്വാതന്ത്ര്യാധികാരം കൈവശമാക്കേണ്ടതാണെന്നു് തമ്പിയും സുന്ദരയ്യനും ചേർന്നു് ആലോചിച്ചു നിശ്ചയിച്ചു് ക്രിയ രാമനാമഠത്തിനെക്കൊണ്ടു് നടത്തിക്കാൻ ശ്രമിച്ചതിൽ യുവരാജാവു് പട്ടംകെട്ടിയാൽ ആദ്യശിക്ഷ തനിക്കാണെന്നു ബോദ്ധ്യമുണ്ടായിരുന്നിട്ടും, അയാൾ എട്ടുവീട്ടിൽപിള്ളമാരുടെ യോഗനിശ്ചയത്തിനെ ഭേദപ്പെടുത്തി തനിക്കു് ഒന്നും നിർവ്വഹിച്ചുകൂടുന്നതല്ലെന്നു് തർക്കിച്ചതിനാൽ, മാങ്കോയിക്കൽ കുറുപ്പിന്റെ ഗൃഹദഹനരാത്രി അദ്ദേഹം നിശ്ചയിച്ച വിധിപ്രകാരം അനുഭവിച്ചുവന്ന ബന്ധനത്തിൽനിന്നു ചാടി വേണ്ട അവസരത്തിൽ വന്നു ചേർന്നവനായ വേലുക്കുറുപ്പിനെ യുവരാജാവിന്റെ വധത്തിനു് തമ്പി വിനിയോഗിച്ചു. ഇയാളുടെ പ്രയത്നം ഫലിക്കാത്തതുകൊണ്ടു് തമ്പിക്കുണ്ടായ കോപത്തിനു് അതിരില്ലായിരുന്നു. ഈ കോപാഗ്നിയെ സുന്ദരയ്യൻ ഉചിതമായുള്ള വാക്കുകൾ കൊണ്ടു് വീശി വർദ്ധിപ്പിച്ചു.
- സുന്ദരയ്യൻ
- “അങ്കത്തെ, നാൻ മുന്നമേ ശൊല്ലലയാ? ഇവനെ ഒന്നുക്കും ഉതഹാതു്.”
- തമ്പി
- “അനർത്ഥം! മഹാ അനർത്ഥം! വേണ്ടാത്ത ആലോചനയായിരുന്നു. താൻ കൊണ്ടു് ചാടിച്ചതാണു്. ഏഭ്യരാശികളുടെ വാക്കുകേട്ടു് ഇല്ലാത്ത സൊല്ലയെല്ലാം വലിച്ചു് തലയിൽ വെച്ചു. നിന്റെ ഗുണദോഷങ്ങൾ കേട്ടതു മതി!”
- സുന്ദരയ്യൻ
- “വശാതും–ഇന്തപ്പയലെ തടുത്തതാർ? അതെപ്പടി വന്തതു? അദുവും പോട്ടും–അന്ത രാമനുക്കു് ശ്രീപണ്ടാരത്തുവീട്ടിലെ കാര്യമെന്ന? അതേ യോശിയും.”
- രാമനാമഠം
- “അതു ശരിയാണു്. കുറുപ്പിനെ വിടുവിച്ചുകൊണ്ടുപോകാനാണു് കുട്ടി അവിടെ എത്തിയിരിക്കുന്നതു്. നീ കേട്ടതു് ശരിയാണോടാ വേലു?”
- വേലുക്കുറുപ്പു്
- “ഈ കാതുകൾകൊണ്ടു് കേട്ടതു് പെഴച്ചു് പോവുമോ?”
- തമ്പി
- “ഒറ്റച്ചെവിക്കു തെറ്റിപ്പോകാം. ഇവന്റെ മൺതലയെയും ആരോ കുറച്ചു് അറുത്തെടുത്തിട്ടുണ്ടു്. അതാണു് ഈ അബദ്ധങ്ങൾ ഇവനു പറ്റുന്നതു്. പോകുന്ന കാര്യമെല്ലാം ഇങ്ങനെ. ഇനി കുറുപ്പിന്റെ കാര്യത്തിനു് എന്താണു് വേണ്ടതു്? അയാളെ ഇപ്പോൾ രാമയ്യൻ വിടുവിച്ചുകൊണ്ടു് പോയാൽ നമുക്കു് വലിയ ബലക്ഷയമാണു്.”
- സുന്ദരയ്യൻ
- “വച്ചിരിപ്പാനേ?”
- കോടാങ്കി
- “ഹാ! സറി! ശിന്ന–” (വാക്കിൽ എന്തോ തെറ്റുകയാൽ അർദ്ധോക്തിയിൽ നിറുത്തി).
- സുന്ദരയ്യൻ
- (എല്ലാപേരുടെയും മുഖത്തു ശങ്കയോടും ഭീതിയോടും നോക്കിക്കൊണ്ടു്) “ആനാൽ–അതു പെടാതു്. കഴക്കൂട്ടത്തങ്കത്തയുടെ മനമറിയാവടിക്കു് അപ്പടി ശെയ്യക്കൂടാതു്.”
- തമ്പി
- “എന്തായാലും അയാളെ നമുക്കു പ്രത്യേകം സൂക്ഷിക്കണം. അയാളുടെ ഭടന്മാർ ഇങ്ങോട്ടു് വരുന്നുണ്ടു്. വെങ്ങാനൂർപിള്ള തടുക്കുമോ എന്തോ? അതിനാൽ, അവർ ഇവിടെ വന്നു ചേർന്നാലും ഇയാളെ കാണരുതു്.”
- രാമനാമഠം
- “ചെമ്പകശ്ശേരിയിലെ വലിയ കല്ലറയിൽ ഇട്ടുകളയാം. എന്നാലോ അങ്ങുന്നേ?”
- തമ്പി
- “അവർ സമ്മതിക്കുമോ?”
- മാർത്താണ്ഡൻപിള്ള
- “അതിനു ഞാൻ അനുവാദമുണ്ടാക്കാം. തിരുമുഖത്തങ്ങത്തെ ഉത്തരവാണെന്നു് ഞാൻ പറഞ്ഞാൽ അവിടുന്നു് തർക്കം ഉണ്ടാവൂല്ല.”
ഇങ്ങനെ മാർത്താണ്ഡൻപിള്ള പറഞ്ഞതിന്റെശേഷം അധികം ആലോചന ഉണ്ടായില്ല. അയാൾ, സുന്ദരയ്യൻ, രാമനാമഠം, ഈ കഥയിൽ ‘കോടാങ്കി’ എന്നു പല സ്ഥലത്തും പറയപ്പെട്ടിട്ടുള്ള ആൾ, വേലുക്കുറുപ്പു്, പത്തുപന്ത്രണ്ടു്‘ വേൽക്കാർ, ഇങ്ങനെ ഒരു സംഘം ക്ഷണത്തിൽ അവിടെനിന്നു പുറപ്പെട്ടു.
ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ളയുടെ മുമ്പിൽനിന്നു മറഞ്ഞ ഭ്രാന്തൻ, കുടമൺപിള്ളയുടെ ഗൃഹത്തിനു ചുറ്റുമുള്ള ചുവർ ചാടിക്കടന്നു് ആ ഭവനത്തെ ചുറ്റി നോക്കി നടന്നുതുടങ്ങി. ഇങ്ങനെ നടക്കുന്നതിനിടയ്ക്കു് പടിഞ്ഞാറുവശത്തു് എത്തിയപ്പോൾ സുഭദ്രയും ആനന്തവും തമ്മിൽ സംസാരിക്കുന്നതു് കേൾപ്പാനിടയായി. അവരുടെ സംഭാഷണത്തിനു് അല്പനേരം വിഘ്നം വരുത്തിയതു് ഇവന്റെ ആശ്ചര്യസൂചകമായ ചില ശബ്ദങ്ങളായിരുന്നു. സുഭദ്ര പുറത്തിറങ്ങി പരിശോധന തുടങ്ങിയപ്പോൾ, ഭ്രാന്തൻ, താൻ അകത്തു കടന്ന വഴിയേതന്നെ പുറത്തുചാടി, നിശ്ചലനായി ഒരു നാഴികയോളം നിന്നിട്ടു്, നഗരമദ്ധ്യം നോക്കി നടന്നു.
മാർത്താണ്ഡവർമ്മ യുവരാജാവു് പരമേശ്വരൻപിള്ളയുടെ ശാസനകൾ കേട്ടു് സ്നേഹത്തോടുകൂടി അയാളുടെ ആജ്ഞകളെ അനുസരിക്കുന്നതിനിടയിൽ, കഴക്കൂട്ടത്തുപിള്ളയുടെ വക ശ്രീപണ്ടാരത്തുവീട്ടിൽ അദ്ദേഹത്തിന്റെ ഭൃത്യരായ പത്തുപന്ത്രണ്ടുപേർ ഉത്സാഹമായി കഥകൾ പറഞ്ഞും ഓരോവക കളികളിൽ ശ്രദ്ധ ആസകലം ദത്തംചെയ്തും കൂടിയിരിക്കുകയായിരുന്നു. ‘ഇരുത്തായം!–ഇന്നാ പിടിച്ചോ, ഈരഞ്ചു ചോണ നാലു്, പാണ നാലു്’ എന്നുള്ള വിളികളും എറിയുന്ന സമയത്തു് മാറത്തുള്ള ഇടികളും, ഒരിടത്തു നായ്ക്കളെ വെട്ടുന്നതും പുലിയെ തടയുന്നതും മറ്റൊരിടത്തു് കഥ കേട്ടു് രസിച്ചു ചിരിക്കുന്നതും എല്ലാംകൂടി മഹാ കശയായിരിക്കുന്നു. കഴക്കൂട്ടത്തുപിള്ള എട്ടുവീട്ടിൽപിള്ളമാരുടെ യോഗനിശ്ചയം നടത്തുന്നതിനായി തന്റെ പ്രധാനഭവനത്തിലേക്കു് പോയിരിക്കുന്നു. നാലഞ്ചുദിവസം കഴിഞ്ഞല്ലാതെ തിരിച്ചുവരവില്ലെന്നുള്ള ധൈര്യംകൊണ്ടു് വാല്യക്കാർ മദിച്ചുപോയിരിക്കുന്നു. ഇങ്ങനെ കളികളും കഥകളും നടക്കുന്നതിനിടയിൽ ഒരുവൻ ചോദ്യം ചെയ്യുന്നു: “എടാ പാണനാലേ, താക്കോലിളിയിലുണ്ടോ?”
- ഉത്തരം
- “നായ്ക്കു പരുത്തിക്കടയിൽ കാര്യമെന്തു്?–എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളും.”
വേറൊരുത്തന്റെ ചോദ്യം: “കതവടച്ചിട്ടുണ്ടോടേ? കാലം വല്ലാത്ത കാലമാണു്.”
- ഉത്തരം
- “നിന്റെ വായടച്ചോണ്ടാൽ മതി.”
- ചോദ്യം
- “കിളികൾക്കു് ചോറു് കൊടുക്കണ്ടയോടേ?”
- ഉത്തരം
- “വന്നു ചാടിയതെന്തിനു്? കിടന്നു് അലയ്ക്കട്ടു്. പിന്നെ നന്നാച്ചെല്ലും ചോറു്. ഊതിപ്പെരുത്തിരിക്കുന്നതു് കുറച്ചു വറ്റട്ടു്.”
- ഒരുത്തൻ
- “അദ്യം നമ്മുടെ അങ്ങത്തെക്കാളും വലിയ അങ്ങുന്നാണുപോലും.”
- മറ്റൊരുത്തൻ
- “തേങ്ങാക്കൊലയാണു്. എന്നാൽ പിന്നെ ഒരു പത്താളെങ്കിലും കാണൂല്ലായിരുന്നോടാ മണ്ടാ?”
- ഒരുത്തൻ
- “എങ്കിലും പട്ടിണി കിടത്തിയാൽ അങ്ങുചെല്ലുമ്പം നൂൽപ്പാലത്തിൽക്കൂടെ നമ്മെ നടത്തിക്കളയും.”
- മറ്റൊരുത്തൻ
- “നാലു് ഏകാദശി നോറ്റുകളഞ്ഞാൽ ചെയ്ത പാപമൊക്കെ നീങ്ങിപ്പോകും. ഒന്നു പാടെടേ.”
- എല്ലാവരും
- “അതുകൊള്ളാം! മാവാരതം വേണം.”
- ഒരുവൻ
- “ഇന്നു ശിവരാത്രിതന്നെ–ഉറങ്ങണ്ട–പാടു്. അതു കൊള്ളാം.”
ഇങ്ങനെയുള്ള നിശ്ചയം മുതലായതു് കേട്ടുനിന്ന രാമയ്യൻ തർക്കം നന്നല്ലെന്നു കരുതി അവിടെനിന്നു യുവരാജാവിനോടു് കേട്ട അവസ്ഥകൾ അറിയിക്കാൻ നടകൊണ്ടു. പ്രധാന ഭാഗവതരായ ഒരുവൻ ഒരു ഉലക്കയും രണ്ടു കുറുവടിയും കൊണ്ടുവന്നു് മുമ്പിൽ വച്ചുകൊണ്ടു് മേളം മുറുക്കിത്തുടങ്ങി. “എവിടെ കേക്കണം, പറവിൻ” എന്നു പ്രമാണിയായി ചോദിച്ചതിനു് ‘പ്ലാവെല പറിച്ചെടം’, ‘നിഴൽക്കുത്തിയെടം’, ‘വിഴംകൊടുത്തെടം’ എന്നു പലവിധമായി ഓരോരുത്തർ അഭിപ്രായപ്പെടുകയാൽ ചങ്കിടിക്കു ചെന്നിരുപ്പായ ഒരു വിദഗ്ദ്ധൻ “നമുക്കു് ഭോദിച്ചിടം പാടാമെടേ” എന്നു പറഞ്ഞു തർക്കത്തെ ഒതുക്കി.
“അഞ്ചഞ്ചാതെ കണ്ടഞ്ചമ്പനഞ്ചമ്പെയ്തു
അഞ്ചും തചു നെഞ്ചിൽ ആറണിന്തോനേ!
അഞ്ചും മുടിവച്ച പാണ്ഡവന്മാ-
രഞ്ചിളയതൊരു കുഞ്ചുഭൂമൻ-”
എന്നിങ്ങനെ ഉലക്കത്താളവും ഇടയ്ക്കിടെ ‘ഹാ’ എന്നുള്ള ബലേ കൊടുപ്പുകളും നാസികാരന്ധ്രത്തിൽ ഒന്നിനെ വിരലുകൊണ്ടു് അടച്ചിട്ടെ മറ്റേ രന്ധ്രത്തിൽക്കൂടി പുറപ്പെടുവിക്കുന്ന ശ്രുതികളും ചേർന്നുള്ള സദിർ മുറുകിയപ്പോൾ “അർത്തം പറയെടാ കരുത്തുണ്ടെങ്കിൽ” എന്നു് ഒരുവന്റെ അപേക്ഷ പുറത്തുചാടി. മറ്റൊരുവൻ സംശയംകൂടാതെ, പാടിയ ഭാഗത്തിന്റെ അന്വയം, അർത്ഥം, പരിഭാഷ, ഭാവം ഇതുകളായി ഇങ്ങനെ പ്രസംഗിച്ചുതുടങ്ങി: “കാന്താരി പെറ്റ മക്കളഞ്ചു്–അതിലു്–” എന്നിങ്ങനെ അർത്ഥം പറഞ്ഞുതുടങ്ങിയപ്പോൾ “ഛേ, പോടാ. കാന്താരിക്കു മക്കളേതു്? കാന്താരി തൃതരാഠന്റെ തള്ളയല്ലയോടാ?” “ഓ! കാന്താരി–മാവാരതത്തിലേതു്”, “ഓടേ, അങ്ങനെ പറ” എന്നും മറ്റും പ്രമാദമായ തർക്കം തുടങ്ങുകയാൽ “ചലമ്പാതിനെടാ–കാന്താരി മാവാരുതത്തിലല്ലാതെ എഴുത്തച്ഛൻപാട്ടുകളിലാണോ?” എന്നു് അഭിപ്രായപ്പെട്ടുകൊണ്ടു്, സംശയനിവൃത്തിക്കായി ഭാഗവതർ ആ ഗ്രന്ഥത്തിൽനിന്നു് ഇങ്ങനെ ഒരു ഭാഗം പാടി സദസ്സിനെ കേൾപ്പിച്ചു.
“മന്തമോടീ പെണ്ണേ മയക്കമോടീ?
മായാമരുന്തിന്റെ പിടിത്തമോടീ?
പള്ളിയറതന്നെ തുറക്കാത്തതെന്തേ?
പാണ്ഡവരെക്കൊന്ന തളർച്ചയോടീ!
ഹ–എന്നു കാന്താരിയമ്മയരുളുന്നേരം.”
- മറ്റെല്ലാവരും
- “പറഞ്ഞില്ലയോ മക്കളഞ്ചെന്നു്. മാവാരതത്തിത്തന്നെ–അല്ലേ?”
ഇപ്രകാരമുള്ള പാട്ടു് മുതലായതുകൊണ്ടു് ശ്രീപണ്ടാരത്തുവീടും സമീപപ്രദേശവും മുഴങ്ങുന്നതിനിടയിൽ പാട്ടു കേൾക്കാനായി ഒരുത്തൻ ആ സദസ്സിലെത്തി. ഇതു് മഹാപ്രാകൃതവേഷക്കാരനായ ഭ്രാന്തനല്ലാതെ മറ്റാരുമല്ലായിരുന്നു. അനേകം സാമാനങ്ങളുടെ വിക്ഷേപസ്ഥലമായ ഇവന്റെ അരക്കെട്ടു് കണ്ടു് പാട്ടുകാരും ശ്രോതാക്കളും പൊട്ടിച്ചിരിച്ചു് തുടങ്ങി. അന്യനായ ഒരുവൻ അനുവാദം കൂടാതെ അകത്തു് കടന്നതിനെക്കുറിച്ചു് കഴക്കൂട്ടത്തുപിള്ളയുടെ ഭൃത്യന്മാർക്കു് തോന്നുമായിരുന്ന കോപത്തെ ബീജത്തിൽത്തന്നെ ഭ്രാന്തന്റെ ബീഭത്സത്വം നശിപ്പിച്ചു. ‘ആരെടാ അതു്‘?’ എന്നു ഗൗരവത്തോടുകൂടി ചിലർ ചോദ്യം ചെയ്തതിനു് ഉണ്ടായ ഉത്തരം, “നാഗാപുരം വാഴും നാഗകന്യ–അവളും ചിറയാളായിരുന്നല്ലോ–അല്ലിമുല്ല നട്ടു ചമ്പകം നട്ടു–അല്ലിമുല്ലതന്നെ പൂക്കും കാലം–” എന്നു തുടങ്ങിയുള്ള ഒരു പാട്ടായിരുന്നു. “ഹാ! ബലേ ഭേഷ്! അയ്യടാ!” എന്നിങ്ങനെ ഓരോരുത്തർ രസിച്ചു തുടങ്ങി. “ഇങ്ങു കേറി ഇരുന്നു പാടെടാ” എന്നു ചിലർ ആജ്ഞാപിച്ചതനുസരിച്ചു് ഭ്രാന്തൻ മറ്റുള്ളവരുടെ ഇടയിൽ കടന്നു് ധൈര്യത്തോടുകൂടി ഇരുന്നു. കുടച്ചുനേരം പാടിയതിന്റെശേഷം, അരക്കെട്ടിനിടയിൽനിന്നു് ഒരു പദാർത്ഥം എടുത്തു് ഭ്രാന്തൻ തിന്നുന്നതിനെക്കണ്ടു്, കൊതിയന്മാരായ സദസ്യന്മാർ “എന്തോന്നാണെടാ അതു്? ഉണ്ടപ്പാരം അടിക്കണോ?” എന്നു കാര്യം കേട്ടുതുടങ്ങി. ഭ്രാന്തൻ ഭയം അഭിനയിച്ചുകൊണ്ടു് അരക്കെട്ടിനിടയിൽ പിന്നെയും കൈ ഇട്ടു് കൃഷ്ണവർണ്ണമായ രണ്ടു് ഉണ്ടകൾ എടുത്തു് കാര്യക്കാരന്മാരായ സദസ്യന്മാർക്കു് ആദരപൂർവ്വം നീട്ടിക്കൊടുത്തു. ശാക്തേയമതത്തിനെ വളരെ ശ്ലാഘിക്കാനുണ്ടെന്നു് ഒരു സംഗതി ഓർക്കുമ്പോൾ തോന്നുന്നുണ്ടു്. ആ മതക്കാർ നമ്മുടെ സമുദായങ്ങളുടെ പരിഷ്കാരത്തിനു് ഒട്ടേറെ വിപരീതമായി നിൽക്കുന്ന ജാതിഭേദങ്ങളെ ലേശവും ഗണ്യമാക്കുന്നില്ല. കഴക്കൂട്ടത്തുപിള്ളയുടെ ഭൃത്യന്മാർ ആദ്യഭജനത്തിലും ആ സാധാരണനീതിയെ ലംഘിച്ചില്ല. മിനുമിനെ മിനുങ്ങുന്ന ഗോളദ്വയം കണ്ടപ്പോൾ നാവു് അലിഞ്ഞു തുടങ്ങി. ജാതിഭേദത്തെക്കുറിച്ചുള്ള വിചാരത്തെ മറന്നും തങ്ങൾക്കു് ദാനം ചെയ്‌വാനായി അന്യൻ നീട്ടിയിരിക്കുന്ന ഉരുളകളെ തന്റെ ഉപയോഗത്തിനായി എടുക്കപ്പെട്ട പദാർത്ഥം ഇരുന്ന സ്ഥലത്തുനിന്നല്ലാതെ വേറൊരു ഭാഗത്തുനിന്നാണു് എടുത്തതെന്നുള്ളതു് ഗ്രഹിക്കാതെയും അതുകളെ വാങ്ങി വീതിച്ചുഭക്ഷിച്ചു. ഇങ്ങനെയുള്ള പദാർത്ഥത്തെക്കുറിച്ചു് ആ സാധുക്കൾ കേട്ടിട്ടുള്ളതല്ലാതെ അതിനെ അനുഭവിച്ചു ശീലിച്ചിട്ടില്ലാതിരുന്നതിനാൽ, കാൽ നാഴികകൊണ്ടു് നവമായ ഓരോ മനോവികാരങ്ങളോടുകൂടി പാട്ടുകാറും താളക്കാറും ഒന്നൊഴിയാതെ തല ഉയർത്താൻ പാടില്ലാതെ കിടപ്പായി. അല്പനേരംകൊണ്ടു് ബോധലേശം കൂടാതുള്ള നിദ്രയും ആരംഭിച്ചു. ഇതുകണ്ടു് ഭിക്ഷു എഴുന്നേറ്റു് ഉറങ്ങുന്നവരിൽ ഒരുവന്റെ അരയിൽ ബന്ധിച്ചിരുന്ന ഒരു താക്കോൽ കൈക്കലാക്കി ഭവനത്തിന്റെ പ്രധാനഭാഗങ്ങൾക്കുള്ളിൽ കടന്നു; ആ ഗൃഹത്തിന്റെ കിടപ്പുകളെക്കുറിച്ചു് നല്ല അറിവുള്ളതായി പ്രത്യക്ഷീകരിക്കുംവണ്ണം വേഗത്തിലും പരിശോധനകൾ കൂടാതെയും ഒരു മുറി തുറന്നു്, അതിനുള്ളിൽനിന്നു് വലുതായ ഒരു താക്കോൽക്കൂട്ടം എടുത്തു. ഇതിന്റെ സഹായത്താൽ പൂട്ടുപുര എന്നുപറയപ്പെടുന്ന പ്രധാനമുറിയെയും അതിന്റെ അടിത്തട്ടിൽ ഉള്ള ഒരു കൃത്രിമ വാതിലിനെയും തുറന്നു് ഭ്രാന്തൻ കീഴ്പോട്ടിറങ്ങി. പാതാളത്തിലേക്കുള്ള മാർഗ്ഗമെന്നു തോന്നിക്കുംവണ്ണം ഇരുട്ടു നിറഞ്ഞുള്ള ആ അറയിൽനിന്നു് ‘ആരതു്?’ എന്നു ഗംഭീരസ്വരത്തിൽ ഒരു ചോദ്യമുണ്ടായി. ‘പിച്ചയാക്കും’ എന്നുണ്ടായ മറുപടി കേട്ടു് ചിരിച്ചുപോയ മാങ്കോയിക്കൽകുറുപ്പു് ഭ്രാന്തന്റെ ഉൽക്കൃഷ്ടമായുള്ള മനോഗുണങ്ങൾ ഓർത്തു് അത്യാശ്ചര്യത്തോടുകൂടി കണ്ണുനീർ ചിതറിക്കൊണ്ടു് അവനെ ആലിംഗനം ചെയ്യുവാനായി കൈ നീട്ടി. ഇരുട്ടിൽ കാണാൻ കഴിയായ്കയാൽ തപ്പുന്നതിനിടയ്ക്കു്, അവ്വണ്ണംതന്നെ, തന്നെ തിരയുന്ന ഭ്രാന്തന്റെ കൈകളിൽ കുറുപ്പിന്റെ കൈകൾ തടഞ്ഞു. അതുകൾ പിടിച്ചു് അതിവാത്സല്യത്തോടുകൂടി ഭ്രാന്തന്റെ അണച്ചു് ആശ്ലേഷം ചെയ്തുകൊണ്ടു് “ആരാണെന്നു ചൊല്ലീട്ടില്ലെങ്കിലും അന്റെ ശേഷക്കാറിൽ ഒന്നെന്നു് ഞാൻ വച്ചിരിക്കിണേൻ” എന്നു് കുറുപ്പു പറഞ്ഞു. അതികായനായ കുറുപ്പു് ഭ്രാന്തന്റെ ലഘുവായ ദേഹത്തെപ്പിടിച്ചു് സ്നേഹപാരവശ്യത്തോടുകൂടി ഒരു ശിശുവെ എന്നപോലെ തലോടുകയും ആലിംഗനം ചെയ്യുകയും ചെയ്തപ്പോൾ ഭ്രാന്തനും തന്റെ ഉള്ളിൽ കവിഞ്ഞുനിന്ന ചില സ്മരണകളുടെ തിങ്ങലുകൊണ്ടു് കരഞ്ഞുപോയി.
കുറുപ്പും ഭ്രാന്തനും ഈ സ്ഥിതിയിൽ നിൽക്കുമ്പോൾ പുറത്തു ചില ശബ്ദങ്ങൾ കേൾക്കാറായി. ദീപപ്രകാശം മുകളിലുള്ള മുറിയിൽ പരന്നു. ആയുധങ്ങൾ അങ്ങും ഇങ്ങും തടയുന്ന ശബ്ദവും മുഴങ്ങി. ഭ്രാന്തനും കുറുപ്പും സമധൈര്യത്തോടും വേഗത്തോടും കല്ലറയിൽനിന്നു് മുകളിൽ കയറി. പഞ്ചയമന്മാരായ രാമനാമഠം മുതലായവരുടെയും കിങ്കരസംഘത്തിന്റെയും ഇടയിൽ അകപ്പെട്ടിരിക്കുന്നതായി കണ്ടു് നിരായുധനായ കുറുപ്പു് വിഷണ്ണനായി; എന്നാൽ ഭ്രാന്തൻ സാധാരണയായുള്ള രീതി ഉപേക്ഷിച്ചു് ഗൗരവത്തോടുകൂടി ഇങ്ങനെ പറഞ്ഞു: “ഏമാമ്മാരു മാറിനിപ്പിൻ; പിച്ചക്കു് കൈയിലെ വല്ലാത്ത പേ ഒണ്ണുണ്ടേ. മാറിനിപ്പിൻ–ചൊല്ലിണതേ കേപ്പിൻ.”
ഈ വാക്കുകൾ നേട്ടു് തന്റെ കർണ്ണച്ഛേദനം ചെയ്ത ശഠനെ വിടുന്നതല്ലെന്നുള്ള വിചാരത്തോടുകൂടി, “ഹാ! നീയോടാ? കാതൊന്നിനു് നിന്റെ ചാണത്തല ഒന്നിന്നാ കണ്ടോ?” എന്നു് അലറിക്കൊണ്ടു്, യുവരാജാവിന്റെ നേർക്കു് ഓങ്ങപ്പെട്ടതും മറ്റൊരാളിന്റെ രക്തപാനം ചെയ്തതിൽ പറ്റിയ രുധിരം ഉണങ്ങീട്ടില്ലാത്തതും ആയ ഖഡ്ഗത്തെ വീശി, വേലുക്കുറുപ്പു് ഭ്രാന്തനോടടുത്തു്. ഭ്രാന്തൻ തന്റെ അരക്കെട്ടിനിടയിൽനിന്നു് ഒരു ചെറിയ ആയുധം എടുത്തു നീട്ടി. ഒരു മിന്നൽ–ഇടിരവംപോലെ ചണ്ഡമായ ഒരു ധ്വനി–മുറിയുടെ തട്ടിൽ പറ്റീട്ടുള്ള പൊടിയുടെ ഒരു വർഷം–ഈ ഘോഷങ്ങളോടുകൂടി വേലുക്കുറുപ്പിന്റെ ദേഹി പരലോകത്തേക്കു പ്രയാണം ആരംഭിച്ചു. അയാളുടെ ദേഹം ലോഹക്കട്ടിപോലെ മുറിയുടെ അടിത്തട്ടിന്മേലും വീണു. മുറിക്കകം ആസകലം ധൂമം നിറഞ്ഞു. വായുവിനുണ്ടായ കഠിനചലനത്തോടുകൂടി, കിങ്കരന്മാരിൽ ഒരുവനാൽ കൊണ്ടുവരപ്പെട്ടിരുന്ന ദീപവും പൊലിഞ്ഞു്. ദുർജ്ജനാഗ്രേസരനായ സുന്ദരയ്യൻ, വേലൂക്കുറുപ്പിന്റെ കഥ ചുരുക്കത്തിൽ കഴിഞ്ഞതു് കണ്ടു് സന്തോഷിച്ചു് എങ്കിലും, തന്റെ പ്രാണനെക്കുറിച്ചു് സ്നേഹമുണ്ടായിരുന്നതിനാൽ, ഭ്രാന്തന്റെ കൈയിലുള്ള ആയുധത്തിന്റെ ഗീതത്തിൽ ആസക്തി തോന്നാതെ, മിത്രങ്ങളുടെ സ്ഥിതി മറന്നു് പുറത്തുചാടി. എന്നാൽ, സാധാരണ സാധുശീലത്വവും സ്വവീര്യത്തിനു് ഉണർച്ചയുണ്ടായാൽ പൈശാചത്വവും പ്രദർശിപ്പിക്കുന്ന ‘ബുൾ’ എന്ന ജാതിയിലുള്ള നായ്ക്കളെപ്പോലെ, കരിമരുന്നിന്റെ ഗന്ധമേറ്റപ്പോൾ ‘ഠി ഠീ’ എന്നു് ആർത്തുകൊണ്ടു്, ഭയങ്കരാകാരനായ കോടാങ്കി മുന്നോടു കുതിച്ചു. ഭ്രാന്തന്റെ കൈയിലുണ്ടായിരുന്നതു്, ഒറ്റക്കുഴൽകൈത്തോക്കാണെന്നു കോടാങ്കി തന്റെ ഗ്രഹപ്പിഴയുടെ ശക്തികൊണ്ടോ ന്യായമായുള്ള ദൈവവിധിയാലോ ധരിച്ചുപോയി. വേലുക്കുറുപ്പിനുണ്ടായ ഉപചാരങ്ങളോടുകൂടി കോടാങ്കിയെയും ഭ്രാന്തൻ പരലോകത്തിനു യാത്രയാക്കി. വേലുക്കുറുപ്പിനെപ്പോലെ ഈയാൾ ലൗകികഹീനനല്ലായിരുന്നതിനാൽ ‘അടേ ചിന്നത്തമ്പി, പുലമാടാ’ എന്നുള്ള പ്രലാപങ്ങളോടുകൂടിയേ യാത്രയ്ക്കാരംഭിച്ചുള്ളു. ഈ വാക്കുകൾ കേട്ടു് സുന്ദരയ്യൻ കടുതായി ഞെട്ടുകയും അദ്ദേഹത്തിന്റെ നാവു് വരണ്ടുപോകയും ചെയ്തു എങ്കിലും ക്ഷണനേരംകൊണ്ടു് പൂർവ്വസ്ഥിതിയിലും അധികം മുഷ്കോടുകൂടിയവനായി.
കോടാങ്കി വീണതിന്റെശേഷം രണ്ടു കക്ഷികളും മിണ്ടാതെ നിന്നു. ഭ്രാന്തനു് ബ്രാഹ്മണനെയും രാമനാമഠത്തിനെയും മാർത്താണ്ഡൻപിള്ളയെയും നിഗ്രഹിക്കുന്നതിനു് താത്പര്യമില്ലായിരുന്നു എന്നു് തന്റെ കൈയിൽ എടുത്തു് ഉപയോഗിക്കാതെ വച്ചുകൊണ്ടിരിക്കുന്ന വേറൊരു ഇരട്ടക്കുഴൽ കൈത്തോക്കു് പ്രത്യക്ഷമാക്കുന്നു. രാമനാമഠം മുതലായവർ പേടിച്ചു് എന്തുവേണ്ടൂ എന്നുള്ള ആലോചനയോടുകൂടി നിന്നു. മാർത്താണ്ഡൻപിള്ള കൈയിലുണ്ടായിരുന്നവിൽ വലിച്ചുപൂട്ടിക്കൊണ്ടു് പുറത്തിറങ്ങി “എടാ, നിരയോടു നിന്നെ തറച്ചേക്കുന്നുണ്ടു്. വെടി താഴെ വൈ” എന്നു പറഞ്ഞു. ഈ വാക്കുകൾ കേട്ടു് തന്റെ ബന്ധുവിനു് പ്രാണാപായം നേരിടുമോ എന്നുള്ള ഭയംകൊണ്ടു്: “മാർത്താണ്ഡപ്പിള്ളേ കേക്കു്. തമ്പി അങ്ങുന്നു തരണതിൽ എരട്ടി ഞാൻ കെട്ടിത്തരാം; പയലെ കൊല ചെയ്യാതെ. എന്റെ ഉശിരെ എടുത്തോ വേണമെങ്കിലു്” എന്നു കുറുപ്പു് അപേക്ഷിച്ചു.
- രാമനാമഠം
- “പയലെ വിടുകയോ? ചെമ്പകശ്ശേരിയിലെ വെള്ളമില്ലാത്ത നീരാഴിയിൽ കിടന്നു് അലന്നു ചത്തു് നിങ്ങൾ രണ്ടും പുഴുക്കണം.”
ഭ്രാന്തൻ ഈ വാക്കുകൾ കേട്ടപ്പോൾ അധികം പേടിക്കാനില്ലെന്നു സൂചകമായി കുറുപ്പിന്റെ കൈ പിടിച്ചു് ഒന്നമർത്തീട്ടു് ഇങ്ങനെ പറഞ്ഞു: “പിച്ചയെ കൊണ്ണുപോട്ടാൽ തിരുമുഖത്തെ ഏമാൻ കേക്കാതെണ്ണാ? ഏമാമ്മാരു കൊല്ലുവിൻ. പിച്ച ചത്താലും പേക്കൊഴലെ തറയിവയ്ക്കാതോം.”
ഭ്രാന്തന്റെ ധൈര്യംകണ്ടു് മാർത്താണ്ഡൻപിള്ളയ്ക്കും രാമനാമഠത്തിനും ബഹുമതിയും സുന്ദരയ്യനു് സ്പർദ്ധയും അവനെ നിഗ്രഹിക്കണമെന്നു് അതിമോഹവും ഉണ്ടായി. എന്നാൽ, രാമനാമഠവും മാർത്താണ്ഡൻപിള്ളയും അവനോടു് സമമായുള്ള വാക്കുകൾ ഉപയോഗിച്ചുതുടങ്ങി. ഇതുകണ്ടു് സുന്ദരയ്യൻ അടങ്ങിക്കൊണ്ടു്. രാജ്യത്തിന്റെ തത്കാലസ്ഥിതിയിൽ കുറുപ്പിനെയും ഭ്രാന്തനെയും വിട്ടയയ്ക്കാൻ പാടില്ലെന്നും എട്ടുവീട്ടിൽപിള്ളമാർ, തമ്പിമാർ, തിരുമുഖത്തുപിള്ള ഇവരുടെ വിധിപോലെ രണ്ടുപേരും ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അതുവരെ ആയുധംവച്ചു് രണ്ടുപേരും ബന്ധനത്തിലിരിക്കണമെന്നും രാമനാമഠം പറഞ്ഞു. ചാന്നാൻ പത്മനാഭപുരത്തുനിന്നു് ചാടിപ്പോയതിനെയുംമറ്റും ഓർത്തു്, സുന്ദരയ്യൻ ഈ വാക്കുകൾ കേട്ടു പല്ലുഞെരിച്ചു. രാമനാമഠത്തിന്റെ കരാറിൽ ആയുധംവയ്ക്കുക ഒഴികെ ശേഷം സമ്മതംതന്നെ അന്നു മാങ്കോയിക്കൽകുറുപ്പു് ചാന്നാന്റെ പ്രധിനിധിയായും തനിക്കുവേണ്ടിയും പറഞ്ഞതുകേട്ടു് മാർത്താണ്ഡൻപിള്ളയോടും സുന്ദരയ്യനോടും ആലോചിച്ചിട്ടു്, ‘എന്നാൽ അങ്ങനെതന്നെ’ എന്നു് രാമനാമഠവും സമ്മതിച്ചു.
കുറുപ്പിനെയും ഭ്രാന്തനെയും ആ രാത്രിതന്നെ ചെമ്പകശ്ശേരിയിലേക്കു മാറ്റി. മേല്പറയപ്പെട്ട ആലോചനയുടെയും ഇവരെ ചെമ്പകശ്ശേരിയിലേക്കു് കൊണ്ടുപോകുംവഴിക്കു് രാമനാമഠം മുതല്പേർ കണ്ട ചില സംഗതികളുടെയും വിവരങ്ങൾ അടുത്ത അദ്ധ്യായത്തിൽനിന്നു് അറിയാവുന്നതാണു്.
|