close
Sayahna Sayahna
Search

മാർത്താണ്ഡവർമ്മ-19


മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“ദന്തിഗാമിനി തന്റെ വൈഭവം ചിത്രം ചിത്രം.”

യു വരാജാവു് വേഷച്ഛന്നനായി വടവൃക്ഷത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ സുഭദ്ര രാമനാമഠത്തിൽപിള്ളയോടു് സംസാരിച്ചുകൊണ്ടിരിക്ക ആയിരുന്നു. സുഭദ്രയുടെ മുറിക്കു് തെക്കോട്ടുള്ള വാതിൽ ബന്ധിച്ചു് പടിഞ്ഞാറുനിരയിലുള്ളതു് തുറന്നിട്ടിരിക്കുന്നു. മുറിക്കകം ഏറ്റവും ഭംഗിയാക്കീട്ടുണ്ടു്. സുഭദ്രയും ശ്രീപത്മനാഭൻ പശ്ചിമസമുദ്രത്തിൽ ആറാടുവാൻ എഴുന്നള്ളുന്ന സമയം ‘ഉഭയപാർശ്വത്തിലും മേവും ഉന്നതസൗധപംക്തി’യിലെ ജാലകങ്ങളെ വിതാനിക്കുന്നതിനായി സ്ഥാപിക്കപ്പെടുന്ന ’രംഭ’കളെപ്പോലെ രത്നമയമായുള്ള ആഭരണങ്ങളെക്കൊണ്ടും കസവുള്ള വസ്ത്രങ്ങളെക്കൊണ്ടും തന്റെ ദേഹത്തെ അലങ്കരിച്ചിരിക്കുന്നു. സുഭദ്രയുടെ ദേഹത്തോടു് സംഘടിപ്പിക്കപ്പെട്ടിരുന്ന സ്വർണ്ണഭൂഷണങ്ങൾ യാതൊരു കാരണത്താലും ക്ലേശിക്കുന്നില്ലെന്നേ ഉള്ളു. അകത്തു് മദ്യവും, പുറത്തു സുഭദ്രയുടെ സൗന്ദര്യവിലാസ മനോജ്ഞതയും, ഇങ്ങനെ രണ്ടു ശക്തികളുടെ ഇടയിൽ അകപ്പെട്ടു് വിധുരനായിത്തീർന്നിരിക്കുന്ന രാമനാമഠത്തിൽപിള്ള ചിലപ്പോൾ സൈരന്ധ്രിയുടെ സന്നിധിയിൽ കീചകനെന്നപോലെയും, ചിലപ്പോൾ ഭൂപതിയായ സീതയുടെ സന്നിധിയിൽ ഹനുമാനെന്ന പോലെയും, കാമപാരവശ്യ രസികത്വങ്ങളെയും, ഭക്തൃനുസരണവിനയാദിയായുള്ള രസങ്ങളേയും, ഇടവിട്ടു പ്രകടിപ്പിക്കുന്നു. ഏകദേശം രണ്ടു നാഴിക സംസാരിച്ചുകൊണ്ടിരുന്നതിന്റെ ശേഷം രാമനാമഠത്തിൽപിള്ള വിടവാങ്ങി യാത്രയ്ക്കാരംഭിച്ചു. അനുയാത്രയായി കുറച്ചുദൂരം കൂടിനടന്നിട്ടു് ഉത്സാഹത്തോടുകൂടി ‘വരാതിരിക്കരുതു്. അധികം താമസിക്കരുതു്, ഈ രാത്രിയിൽ. നല്ലകാലം വരുന്നു. ഓടിപ്പോകണം ‘എന്നു സുഭദ്ര പറഞ്ഞതു് തടഞ്ഞ് ‘ചെമ്പകം വഴാൻപഴഞ്ഞാലു്, ഴാമനാമഴത്തിനു വേഴെയുണ്ടോ–കൊളാം’ എന്നു് ആ മഹാനും പറഞ്ഞു പിരിഞ്ഞു.സുഭദ്ര തന്റെ പുരമുറിക്കകത്തു കടന്നു് കട്ടിലിന്മേൽ ഇരിപ്പായി. സന്ധ്യാസമയങ്ങളിൽ മേഘശൂന്യമായുള്ള ആകാശത്തിന്റെ പ്രതിബിംബത്താൽ ഏറ്റവും രമണീയമായും, വായുവിന്റെ മാന്ദ്യത്താൽ നിശ്ചലമായും കാണപ്പെടുന്ന തടിനീജലം പോലെ സുഭദ്രയുടെ മുഖം അതിശാന്തമായിരിക്കുന്നു. ആ സ്ത്രീയുടെ ഉള്ളിൽ യാതൊരു കാലത്തും യാതൊരു വ്യസനവും പ്രവേശിച്ചിട്ടില്ലാത്തതിന്മണ്ണം സ്വസ്ഥയായിരുന്നുകൊണ്ടു് പഠിച്ച പാഠങ്ങളെ ഹൃദിസ്ഥമാക്കുന്നതുപോലെ ഇപ്രകാരം വിചാരം തുടങ്ങി: ‘എന്തിനാണു് ഞാൻ ഈ കൃത്രിമങ്ങളിൽ ചെന്നു് ചാടുന്നതു്? തങ്കത്തിനെ കുറിച്ചുള്ള സ്നേഹത്തിനാൽ, തങ്കത്തെക്കുറിച്ചു് എനിക്കിത്ര സ്നേഹത്തിനു് സംഗതി എന്തു്? അച്ഛന്റെ ആകട്ടെ, അമ്മാവന്റെ ആകട്ടെ,സ്ഥാനത്തിൽ അവളുടെ അച്ഛൻ ഒരാൾ മാത്രമേ നിഷ്കപടമായുള്ള സ്നേഹത്തോടെ എന്നെ ലാളിച്ചിട്ടൊള്ളു. എന്റെ (ശാന്തത നീങ്ങി മുഖം ചുവന്നു് കണ്ണിൽ അശ്രുക്കൾ മിന്നിത്തുടങ്ങി) അമ്മയെ കൊല്ലാൻ തുടങ്ങിയ അമ്മാവനെ അദ്ദേഹമാണു് തടസ്സംചെയ്തതു്. കുട്ടിക്കാലത്തു് എന്നെ ലാളിച്ചിട്ടുണ്ടു്. പിന്നീടു് ഗുണദോഷം പറഞ്ഞുതന്നിട്ടുണ്ടു്. ഈ രാമനാമഠത്തിനെപ്പോലെയും മറ്റും അനാഥയായ എന്നെ ദുർമ്മാർഗ്ഗങ്ങളിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അപ്പഴപ്പോഴുള്ള ശാസനയാണു് മഹാവ്യസനങ്ങൾക്കിടയിലും മനസ്സുഖം അനുഭവിപ്പിക്കാൻ വേണ്ട നിഷ്കന്മഷത്വം എനിക്കു സമ്പാദിച്ചുതന്നിട്ടുള്ളതു്. ഉപകർത്താവായ അദ്ദേഹത്തിനു് എന്നാൽ ഒന്നും പ്രത്യുപകാരമായി ചെയ്യാൻ കഴിഞ്ഞിട്ടില്ല.എന്നാൽ, അദ്ദേഹത്തിന്റെ മകളെ ഞാൻ മനഃപൂർവ്വമായി, പ്രതിഫലേച്ഛ കൂടാതെ സ്നേഹിക്കുന്നുണ്ടു്. ഈ സ്നേഹബബന്ധമാണു് എന്നെ ഈ ശ്രമങ്ങളിലേക്കു് ആകർഷിക്കുന്നതു്. തങ്കത്തിനെ കുറച്ചുകാലം കാണാതെ ഇരുന്നതു് ഒരറിവും കൊടുക്കാൻ കഴിയാത്തതിനാലാണു്. കഴക്കൂട്ടത്തദ്ദേഹം മരിച്ചപ്പോൾത്തന്നെ എന്റെ ശ്രമങ്ങൾക്കുണ്ടായിരുന്ന സഹായി പോയി. പിന്നീടും ഞാൻ ഉപേക്ഷ കാണിച്ചിട്ടില്ല. ഈ രാമനാമഠത്തിനെ പാട്ടിലാക്കി അന്നന്നു നടക്കുന്ന കഥകളെല്ലാം അറിഞ്ഞു. സുന്ദരയ്യനും രാമനാമഠവും വലിയ കൂട്ടുകെട്ടുകാർ ആയതും ഭാഗ്യം തന്നെ. അല്ലെങ്കിൽ ഒന്നും അറികയില്ലായിരുന്നു. ഈ പുള്ളികൾക്കു് എന്റെ ഊഹം മനസ്സിലായിട്ടില്ല. അവരുടെ വിചാരം തന്നെ പക്ഷേ, ശരിയായി വന്നേക്കാം. എന്നാൽ ഇപ്പോൾ കണ്ടടത്തോളം എന്റെ ഊഹം തന്നെ ശരിയാകുമെന്നാണു് എനിക്കു് തോന്നുന്നതു്. ആട്ടെ, ഒരു മഴയിൽ ഉണ്ടാകുന്ന ഉടപ്പു് മറ്റൊരു മഴയിൽ നികന്നുപോകുന്ന പോലെ, അന്നത്തെ കലാപങ്ങളെല്ലാം തങ്കത്തിന്റെ ദീനത്തിനിടയിൽ ശരിയാകും. ഈ തിരുമുഖത്തദ്ദേഹം എന്തു ശുദ്ധനാണ്! നാടു ഭരിച്ച മന്ത്രിയുമാണു്. ആകപ്പാടെ സ്ത്രീകളിലും താണബുദ്ധിക്കാരനായി കാണുന്നു. ഒന്നു കണ്ടുവെങ്കിൽ ഞാൻ എല്ലാം ശരിയാക്കും. ഈ തിരുവനന്തപുരത്തു് അദ്ദേഹത്തിനെ കണ്ടിട്ടില്ലാത്ത ആളുകൾ കുറയം. എനിക്കു മാത്രം അതിനു യോഗമുണ്ടായിട്ടില്ല. കണ്ടിട്ടു് തന്നെ കാര്യമെന്തു്? തങ്കത്തിന്റെ അനന്തപത്മനാഭന്റെ അച്ഛനാണു്; മഹാപ്രസിദ്ധനുമാണു്. മനഃശുദ്ധിയുള്ള ആളും ആയിരിക്കണം. അത്രയും അല്ല, അദ്ദേഹത്തെക്കുറിച്ചു് എനിക്കും എന്തോ വിശേഷിച്ചൊരു ബഹുമതിയുണ്ടു്. കഴക്കൂട്ടദ്ദേഹത്തിന്റെ ഇഷ്ടനായിരുന്നു എന്നു് കേട്ടിട്ടുള്ളതുകൊണ്ടായിരിക്കാം. അദ്ദേഹം വലിയ തമ്പിയെ സഹായിക്കുന്നതായാൽ എളയതമ്പുരാൻ തിരുമനസ്സുകൊണ്ടു് ചുറ്റും. അദ്ദേഹത്തിന്റെ മകനെ കൊന്ന വർത്തമാനം എല്ലായിടത്തും പരന്നിട്ടുണ്ടു്. അതു തമ്പിക്കു് ബഹു അനുകൂലമായി. തിരുമുഖത്തുപിള്ളയിൽനിന്നുതന്നെ ആ വർത്തമാനം പുറപ്പെട്ടിരിക്കുന്നതിനാൽ ആളുകൾ അതു് വിശ്വസിക്കും. ഈ കുഴക്കിൽ ഞാൻ ചാടുന്നതെന്തിനു്? ചാടാതിരുന്നാൽ തമ്പി രാജ്യം കൈക്കലാക്കി സുന്ദരയ്യനു് ദത്തം ചെയ്യും. പിന്നെ ഇവിടെ കോലാഹലം തന്നെ–ആരോ വരുന്നുണ്ടു്. വിഷവുംകൊണ്ടു് പട്ടർ പുറപ്പെട്ടിരിക്കുന്നതാണു്. അല്ല.’ സുഭദ്രയുടെ ആത്മഗതങ്ങൾ ഈ ഭാഗത്തിലായപ്പോൾ അതുകളുടെ ഗതിയെ നിരോധിച്ച പദന്യാസം ആരുടേതോ, ആ ആൾ പടിഞ്ഞാറുള്ള വാതിൽക്കൽ എത്തി. സുഭദ്രയുടെ മുമ്പിൽ അപ്പോൾ കാണപ്പെട്ടതുപോലുള്ള രൂപം ഈ ദിക്കുകളിൽ അസംഖ്യം എന്നും കാണാവുന്നതാണു്. പഴകിയ ചർമ്മത്തിന്റെ നിറവും, സദാ അകാരണമായുള്ള ചിരിയോടു് കൂടിയുള്ള വട്ടമുഖവും കാണുന്നവരെല്ലാം കാമിക്കയാൽ ചാരിത്രത്തിനു് മുറിവേറ്റതുപോലുള്ള നാട്യത്തോടുകൂടി ലജ്ജ അഭിനയിച്ചു് കണ്ഠത്തിനു സംഭവിച്ചിട്ടുള്ള കുനിവും, തിമിർത്ത കവിൾത്തടങ്ങളും, ഞെരുങ്ങിയതും തൈലപരിചയമില്ലാതെ ചിന്നിച്ചിതറി പറക്കുന്നതായ ഒരു മുഴം കേശത്തെ ബലാൽക്കാരേണ ബന്ധിച്ചു് ധമ്മില്ലമാക്കിയിരിക്കുന്നതും, മുരളിച്ച കർണ്ണാഭരണദ്വാരവും ഹ്രസ്വമായ കായവും, പരന്ന ഉദരവും, കനത്ത ഭുജകുചജഘനങ്ങളും ചേർന്നിരുന്നതിനാൽ സൗന്ദര്യവതി എന്നു പറഞ്ഞുകൂടാ എങ്കിലും, കേരളീയസ്ത്രീകൾക്കു സഹജമായുള്ള ഒരു വിശേഷശ്രീയുണ്ടായിരുന്നതിനാൽ വിരൂപ എന്നും പറഞ്ഞുകൂടാത്തതുമായ ഒരു സ്ത്രീയാണു് പ്രത്യക്ഷയായതു്. ഈ സ്ത്രീ അതിസൗരഭ്യത്തോടുകൂടിയതും വികസിച്ചതും ആയ മുല്ലപ്പൂകൊണ്ടു് കച്ചപ്പുറത്തിന്റെ ഛായയിൽ കെട്ടീട്ടുള്ള ഹാരങ്ങളും ഘൃതത്തിന്റെ പരിമളം വീശുന്നതായ ചില പലഹാരങ്ങളും സുഭദ്രയ്ക്കു കാഴ്ചയായി കൊണ്ടുവന്നിരുന്നു. ഇതുകൾ സുഭദ്രയുടെ മുമ്പിൽകൊണ്ടുവച്ചിട്ടു്, വാതിലിന്റെ ഇടയിൽ പാതി മറഞ്ഞുനിന്നു്, അത്യാദരവോടുകൂടി, രണ്ടു വരി കവടിപോലെ വെളുത്തുള്ള ദന്തങ്ങളെ കാട്ടിത്തുടങ്ങി. സുഭദ്ര പുഞ്ചിരിയോടുകൂടി, ‘ആനന്തത്തിനെ കാണാൻ പോലും കിട്ടുന്നില്ല. എന്താണിന്നിങ്ങോട്ടു് പോരാൻ തോന്നിയതു്?’ എന്നു ചോദിച്ചു.

ആനന്തം എന്നു പേരായ സ്ത്രീ സുന്ദരയ്യന്റെ ‘പരിഗ്രഹം’ ആണു്. ഇവളുടെ കഥയെയാണു് രാമയ്യൻ യുവരാജാവിനോടു പതിമൂന്നാം അദ്ധ്യായത്തിൽ അറിയിച്ചതു്. സുഭദ്രയുടെ ചോദ്യത്തിനു്, ആനന്തം ലജ്ജയോടും ഭർത്താവിനെക്കുറിച്ചു് കുറച്ചു് പരിഭവം നടിച്ചും, താടിയിൽ കൈകൊടുത്തു് ഇരുഭാഗത്തോട്ടു് ആഞ്ഞും, ഇങ്ങനെ ഉത്തരം പറഞ്ഞു: ‘എന്തു ചെയ്യാം കൊച്ചമ്മ? ഒരുത്തൻ വന്നുചേർന്നാലക്കൊണ്ടു് പിന്നെ പറയണ കൂത്തെല്ലാം ആടണ്ടയോ? ഈ രാജ്യത്തു് കണ്ടിട്ടില്ല, ഈ നടപ്പൊന്നും. ഞാൻ അമ്മച്ചിയോ പോറ്റിഅമ്മമാരോ ആണോ? വെളിയിൽ ഇറങ്ങാൻ സാമി സമ്മതിക്കൂല. പിന്നെ എങ്ങനെയാണു് വേണ്ടത്തക്കവരെ വല്ലപ്പഴും വന്നു കാണുന്നതു്?’

സുഭദ്ര
‘വരാത്തതു് ശരിയായി. ഭർത്താവിന്റെ ഹിതം അറിഞ്ഞു നടക്കണം. അല്ലെങ്കിൽ എന്നെപ്പോലെ വ്യസനിക്കാൻ ഇടവരും. സുന്ദരയ്യൻ എന്നും വരുന്നുണ്ടല്ലോ? നിനക്കു സുഖം തന്നെയോ?’
ആനന്തം
‘സാമിയോ കൊച്ചമ്മാ? വല്ലപ്പഴും ഒരിക്ക വരും. വലിയങ്ങുന്നു വിടൂല്ലെന്നേ (ചിരിച്ചും ലജ്ജയോടും) കൊച്ചമ്മ ഇന്നലെ അങ്ങത്തെ അങ്ങു് പോയിരുന്നു, ഇല്ലയോ? അതാണു നല്ലതു് കൊച്ചമ്മാ. വലിയവരെ വിരോതം കെട്ടീട്ടു് നമുക്കിപ്പം എന്തു കാര്യം? ആകിലും അവരെ ഒക്കെ അനുതരിക്കണം. അങ്ങുന്നു തമ്പുരാനാകുമ്പം കൊച്ചമ്മ അമ്മച്ചിയാകും; ഈയുള്ളവൾക്കും വല്ലതും നയ്മവരും. ഇതാണ്ടെ അങ്ങുന്നാണു് ഈ പൂവും പലാരവും കൊടുത്തയച്ചതു്.’
സുഭദ്ര
(അറിയാത്ത നാട്യത്തിൽ) ‘നിന്റെ സമ്മാനമല്ലയോ?’
ആനന്തം
‘അല്ല; സാമി കൊണ്ടു് എന്റെ കൈയ്യിത്തന്നു. എനിക്കും ഒരു തന്തോഴമായി. കൊച്ചമ്മയെ കാണാൻ തരം ഇതുതന്നെ എന്നുറച്ചു് ഞാനും എറങ്ങി.’
സുഭദ്ര
‘നീ തനിച്ചാണോ വന്നതു്?’
ആനന്തം
’സാമി കൂടി വന്നു. ഇങ്ങു കേറിയാലക്കൊണ്ടു കൊച്ചമ്മ പിടിച്ചു വത്വാനത്തിനിരുത്തിക്കൊള്ളുമെന്നു് പറഞ്ഞു നടയി വന്നപ്പം ഓടിക്കളഞ്ഞു. അങ്ങുന്നു കാത്തിരിക്കും കൊച്ചമ്മാ. അതാണു് ഓടിക്കളഞ്ഞതു്.’
സുഭദ്ര
(മനോഗതം) ‘ഇവൾ ഒന്നും അറിഞ്ഞിട്ടില്ല. വിഷത്തെക്കൊണ്ടുവന്നു തരുന്നതിനു് പട്ടർക്കു ധൈര്യമില്ലാഞ്ഞിട്ടോ അയാളുടെ മേൽ സംശയമില്ലാതിരിക്കാൻവേണ്ടി രാമനാമഠത്തിന്റെ അടുത്തു ഹാജർ കൊടുക്കാനോ രണ്ടിലൊരു കാരണത്താൽ ഇവളെ അയച്ചിരിക്കുന്നതാണു്. നല്ല സംബന്ധക്കാരൻ! ഇന്നലെ രാത്രി ഞാൻ പോന്നതിൽപ്പിന്നെ ആലോചിച്ചു നിശ്ചയിച്ചതാണു്. നോക്കണേ ബുദ്ധിസാമർത്ഥ്യം! രാമനാമഠത്തിനേയും അകറ്റീരിക്കുന്നു. ആട്ടെ, രണ്ടു പേർക്കും വിരുതു തന്നേക്കാം. (പ്രകാശം). തമ്പി അദ്ദേഹത്തിനു് ഇത്ര കൂറു തോന്നിയല്ലോ എന്നു് വിചാരിക്കയാണു്. ആനന്തം, കാലക്കുട്ടിപ്പിള്ളയെ ഈയിടെ കാണാനില്ല. അയാൾ എവിടെപ്പോയിരിക്കുന്നു?’
ആനന്തം
‘തമ്പുരാന്റെ കോലും കുന്തവും ചപ്പീച്ചു്, ആണുങ്ങളെ ചേവുകത്തിനു് പോയിരിക്കുണു്. കൊച്ചമ്മ അറിഞ്ഞില്ലയോ വത്വാനം? തിരുമുഖത്തെ കൊച്ചങ്ങത്തെക്കൊന്നതു് ഇളയതമ്പുരാനാണു പോലും! (ഈ വാക്കുകൾ കേട്ടു് ആരോ ’അ’ എന്നു് ആശ്ചര്യവ്യസനങ്ങളോടുകൂടി ഒന്നു് ഉച്ചരിച്ചു് അമർത്തിയതുപോലെ സുഭദ്രയ്ക്കു് തോന്നി.) തമ്പുരാന്റെ പൂച്ചെല്ലാടത്തും പരന്നു. തിരുമുഖത്തങ്ങുന്നു് പടകൂട്ടുണു് പോലും. കാണാം, കണ്ണീരും കൈയുമായി–’ പിന്നെയും അതിവേദനയോടുകൂടി ആരോ സീൽക്കാരം ചെയ്യുന്നതായ ശബ്ദം കേട്ടു് സുഭദ്ര ഉത്ഥാനം ചെയ്തു് ഝടിതിയിൽ പടിഞ്ഞാറുവശത്തിറങ്ങി നോക്കി. ഇരുട്ടിനിടയിൽക്കൂടി ഒരു നിഴൽ തെക്കോട്ടു പാഞ്ഞുപോകുന്നതുപോലെ തോന്നുകയാൽ സുഭദ്ര അൽപ്പനേരം ചിന്താഗ്രസ്തയായി നിന്നു.‘സുന്ദരയ്യനല്ല; അയാൾക്കു് ഇത്ര ആശ്ചര്യവും വ്യസനവും തോന്നാൻ സംഗതിയില്ല. ഒന്നുകിൽ യുവരാജാവു്, അല്ലെങ്കിൽ ആശ്രിതന്മാരിൽ ഒരുവൻ; അല്ലെങ്കിൽ–അങ്ങനേയും വരാം. ആട്ടെ അതു ക്രമത്തിൽ ‘എന്നിങ്ങനെയുള്ള ആത്മഗതത്തോടുകൂടി നിഴലിനെ പിന്തുടരുന്നതിനു് ശ്രമിക്കാതെ തന്റെ ക്രിയകൾ കണ്ടു് ആശ്ചര്യം കലർന്നുനിന്നിരുന്ന ആനന്തത്തോടു് ഇപ്രകാരം പറഞ്ഞുകൊണ്ടു് സുഭദ്ര സ്വസ്ഥാനത്തു വീണ്ടും ഇരിപ്പായി. എന്തോ ഒന്നു് അനങ്ങിയതുപോലെ തോന്നി. നോക്കിയതിൽ ഒന്നും കാണുന്നില്ല.
ആനന്തം
‘കണ്ണിലിട്ടു് കുത്തിയാ കണ്ടൂടാത്ത ഇരുട്ടു് കൊച്ചമ്മാ. വല്ല പട്ടിയോ മറ്റോ ആയിരിക്കും.’

സുഭദ്രയുടെ ആത്മഗതത്തിന്റെ ഒടുവിലത്തെ ഭാഗം ഉള്ളിൽനിന്നു് വിട്ടുപോകാതെ മനസ്സിനെ ചലിപ്പിച്ചുകൊണ്ടിരുന്നതിനാൽ ആനന്തത്തിന്റെ അഭിപ്രായങ്ങളെ സുഭദ്ര കേട്ടില്ല. എന്നുവരികിലും ആ സ്ത്രീയുടെ മനസ്സു് അന്യവിഷയത്തിൽ പ്രവേശിച്ചിരിക്കുന്നു എന്നു് സുന്ദരയ്യന്റെ സാധുശീലയായ പത്നി ഗ്രഹിക്കയോ ശങ്കിക്കയോ ചെയ്യുന്നതിനു് ഇടവരാതിരിക്കത്തക്കവണ്ണം സുഭദ്ര തന്റെ മുഖഭാവങ്ങളെ നിയമനം ചെയ്തിരിക്കുന്നു. തിരുമുഖത്തുപിള്ളയുടെ മകന്റെ കഥയെ സംബന്ധിച്ചാണെന്നുള്ള ഭാവത്തിൽ തമ്പിമാരുടേയും, സേവകൻ സുന്ദരയ്യന്റേയും സ്ഫടികസമാനമായുള്ള മനോനൈർമ്മല്യാദിഗുണങ്ങൾ വർണ്ണിച്ചു് ആനന്തം പ്രസംഗിച്ചുതുടങ്ങി. ആനന്തത്തിന്റെ പ്രശംസകൾക്കു് സുഭദ്രയുടെ ഇപ്രകാരമുള്ള ചോദ്യം അന്തരം വരുത്തി. “ആനന്തം, ഞാൻ ഒന്നു ചോദിക്കട്ടെ? സാരമില്ലാത്ത സംഗതിയാണു്. നീ സത്യം പറയുമോ?”

ആനന്തം
‘ഉടുതുണി പോലും തന്നു രക്ഷിക്കുന്നവർക്കു് എന്തു തന്നെ കേട്ടൂടാ? നല്ല കാര്യം! കൊച്ചമ്മ ‘ഊം’ എന്നൊന്നു മൂളിയാൽ കരളിനെ ചൂന്നുവയ്ക്കണവരെക്കൊണ്ടു് സത്യവും ചെയ്യിക്കണമോ?’
സുഭദ്ര
‘അതെല്ലാം എനിക്കറിയാം. നിന്നോളം ഉചിതമുള്ളവരാരുമില്ല. പിന്നെ ഒരു കോ–പാണ്ടിക്കാരൻ അവിടെ പാർപ്പില്ലയോ?’
ആനന്തം
‘ഉണ്ടു്. ഒരു ‘എന്തരുത്തൻ.’
സുഭദ്ര
‘അയാൾ ആരാണു്?’
ആനന്തം
‘സാമീടെ തിക്കുകാറൻപോലും’
സുഭദ്ര
‘എന്തിനായിട്ടു് ഇവിടെ വന്നിരിക്കുന്നു് എന്നറിയാമോ?’
ആനന്തം
‘അങ്ങത്തേക്കും സാമിക്കും വലിയ ചങ്ങാത്തമാണെന്നു് മാത്രമറിയാം’.

ഇത്രത്തോളവും ഇതിലധികവും സംഗതികൾ സുഭദ്രയ്ക്കറിയാമായിരുന്നു. അതിനാൽ തന്റെ ചോദ്യങ്ങൾക്കുണ്ടായ ഉത്തരങ്ങൾകൊണ്ടു് തൃപ്തിപ്പെടാനാവാതെ കുറച്ചൊരു നീരസഭാവത്തോടുകൂടി ‘നിന്റെ സാമിയും (മനോഗതം) കോടാങ്കി എന്നേ വരുന്നുള്ളു നാക്കിൽ. (പ്രകാശം) ‘ പാണ്ടിക്കാറനും തമ്മിൽ എന്താണു് ഇത്ര പിടുത്തത്തിനു വഴി? ശൂദ്രവീട്ടിൽ കൊണ്ടുവന്നു് ഈ എങ്ങാനുംകിടന്നവനെ പാർപ്പിച്ചിരിക്കുന്നതു് എന്തു് മര്യാദയാണു്? പറ, നിന്നോടു ചോദിക്കയാണു്.’

ആനന്തം അതുവരെ സുഭദ്രയുടെ ദയാപൂർവ്വമുള്ള സൽക്കാരവചനങ്ങൾ കേട്ടും മറ്റും ആനന്ദക്കടലിൽ മുങ്ങിക്കിടന്നിരുന്നു. ഈ കോപഭാവം കണ്ടപ്പോൾ ആപത്ക്കരമായ ചുഴിയിൽ അകപ്പെട്ടതുപോലെ ആയി. ‘ഞങ്ങളെന്തരു ചെയ്യും കൊച്ചമ്മാ? സാമി കൊണ്ടുപാർപ്പിച്ചിരിക്കുണു. കൊച്ചമ്മ പറയണം. ഞങ്ങളടിച്ചെറക്കൂടാം.’

സുഭദ്ര
‘ആരെന്നറിയാതെ നിങ്ങളെങ്ങനെ പാർപ്പിച്ചിരിക്കുന്നു? അവർ സംസാരിക്കുന്നതുപോലും നിങ്ങൾ കേട്ടിട്ടില്ലയോ? അതിൽനിന്നെങ്കിലും ആരെന്നറിഞ്ഞിട്ടില്ലയോ?’
ആനന്തം
‘ഖറാം പിറാം എന്നു് ഒരു പാഴയാണു് അവർക്കുള്ളതു്. ഇന്തുത്താനമോ എന്തരു കുന്തിരിക്കമോ? ആർക്കറിയാം? ഞങ്ങൾക്കു് ഒരക്ഷരം അറിഞ്ഞൂടാ. പിന്നെ കാര്യം ഞങ്ങളെങ്ങനെ അറിയും?’
സുഭദ്ര
‘ഹ! വല്ലാത്ത കൂട്ടമാണു് നിങ്ങൾ! മര്യാദക്കാരല്ല. കണ്ടവരെ വിളിച്ചു വീട്ടിൽ പാർപ്പിക്കുന്നതിനെക്കുറിച്ചു് ആ കാലിക്കുട്ടിപ്പിള്ളയ്ക്കും ലജ്ജ തോന്നുന്നില്ലല്ലോ!’
ആനന്തം
‘ഞങ്ങളും കൊറച്ചിലിനൊന്നും പോയിട്ടില്ല. കേക്കണോ കൊച്ചമ്മയ്ക്ക്? ആ എരുമച്ചീമ്മോൻ കേറി, ഒരിക്കലുുണ്ടല്ലോ കൊച്ചമ്മാ, എന്റെ അടുത്തു കൊഴയാൻ വന്നു. ഞാൻ തൊറപ്പ എടുത്തില്ലെന്നേ ഉള്ളു. എന്നിട്ടു് അവനെന്റെ അടുത്തു കേക്കണു. ‘നിങ്കടെ ശാതിയിലെ തമയനും തമ്പിയും ഒരേ അച്ചിയെ ഇരുത്തറുതുണ്ടേ. പിന്നെ എന്നാ എന്നു്. വലിയ ഒരങ്ങത്തെപ്പോലെ. എന്തരു പറയും അതിനൊക്കെ? എരുമച്ചവംതന്നെ ഞാനും; എന്റെ നാക്കിനു വായി കെടക്കാമായിരുന്നു. അതില്ലാതെ സാമി വന്നപ്പം ഞാൻ എല്ലാം ചൊല്ലിക്കൊടുത്തു. (ആനന്തം കരഞ്ഞുതുടങ്ങി.) ‘അദെല്ലാം എങ്കിട്ടേ ശൊല്ലുവാനേ’ എന്നു പറഞ്ഞോണ്ടു് എന്നെ കേറി കൊല്ലാൻ നിന്നു കൊച്ചമ്മാ സാമി. പിന്നേ കൊച്ചമ്മാ, (ചിരിച്ചുകൊണ്ടു്) ഈ അങ്ങൊള്ള ജാതികള്, അയ്യേ!–സാമി തന്നെ പറഞ്ഞു, നമ്മളിലും കേടാണു്. സാമി പറഞ്ഞ കഥകളു് കേട്ടു് എന്റെ തൊലിതന്നെ വഴിഞ്ഞെറങ്ങിപ്പോയി. പറഞ്ഞുകൊണ്ടുവച്ചതു് ഞാൻ ആ പിഴുക്കച്ചവത്തിന്റെ അച്ചികൂടി ആകണമെന്നാണു്. (ദേഷ്യത്തോടുകൂടി) കൊല്ലട്ടെ; കൊന്നാലും എനിക്കു് വയ്യ. വലിയങ്ങത്തേക്കു പക്ഷം തന്നെ. അദ്യത്തിന്റെ അമ്മേടെ പൊന്നും വെള്ളിയുമെല്ലാം കൊടുത്തു; ശരി തന്നെ. ആരുതന്നെ എന്തുതന്നെ ആയാലും, വേണമെങ്കിൽ ചെരട്ട കൈയിലെടുത്തോളാം. അല്ലേ–കൊച്ചമ്മേടെ മൊഖത്തുതന്നെ ഞാനെങ്ങനെ നോക്കും പിന്നെ?–’

സുഭദ്രയുടെ നീരസവാക്കുകൾ കേട്ടു് മനസ്സിളകിയ ആനന്തം, തന്റെ ഭർത്താവു് കാർത്ത്യായനിഅമ്മയോടു് തുടങ്ങിയതുപോലെ, വാഗ്വർഷം തുടങ്ങിയപ്പോൾ, യന്ത്രത്തെ തിരിച്ചുവച്ചിട്ടു് അതിന്റെ പ്രവൃത്തികളെ നോക്കിനിൽക്കുന്ന യന്ത്രനേതാവിനെപ്പോലെ സുഭദ്ര തടസ്സഹേതുക്കളായ സകല ക്രിയകളേയും അടക്കിക്കൊണ്ടിരുന്നു. എന്നാൽ ആനന്തത്തോടു് പാരദേശികൻചെയ്ത അപേക്ഷയേയും തത്സംബന്ധമായി ആ സ്ത്രീ തന്റെ ഭർത്താവിനോടു സങ്കടം ബോധിപ്പിച്ചതിൽ ഉണ്ടായ തീരുമാനത്തേയും കുറിച്ചുള്ള വിവരങ്ങൾ കേട്ടപ്പോൾ സുഭദ്ര ‘ഒന്നു്’ എന്നു മനസ്സുകൊണ്ടു് എണ്ണിയതു കൂടാതെ ‘പട്ടർക്കു കോടാങ്കിയെ എന്തു സംഗതിവശാലോ പേടിയുണ്ടു്’ എന്നു നിശ്ചയിക്കയും ചെയ്തു. പിന്നീടു് ആഭരണത്തെക്കുറിച്ചുള്ള ഭാഗമായപ്പോൾ സുഭദ്ര ‘രണ്ടു്’ എന്നു മുമ്പിലെത്തെപ്പോലെ കണക്കു വയ്ക്കയും ‘ഇതാ എനിക്കു വിഷം കൊണ്ടുവന്നവൾ തങ്കത്തിനു അമൃതു വിളമ്പുന്നു. ഇനി ഇവളോടു ശണ്ഠ പാടില്ല. ആഭരണത്തിന്റെ കഥ ഇവൾ അബദ്ധത്തിൽ അറിഞ്ഞിട്ടുള്ളതും ഇപ്പോൽ ക്ഷണിച്ചു പോയതും ആണു്. പക്ഷേ പുറത്തു പറയരുതെന്നു സത്യം ചെയ്യിച്ചിരിക്കും. അതുകൊണ്ടു് എനിക്കറിവാൻ ആഗ്രഹമുണ്ടെന്നു് ഇവൾക്കു സംശയംപോലും ഉദിച്ചുകൂടാ’ എന്നു നിശ്ചയിക്കയുെ ചെയ്തു. അതിനാൽ, ശിശുക്കളേയും മൃഗങ്ങളേയും പരിലാളനം ചെയ്യുന്നവർ അവരുടെ സന്തോഷാതിക്രമത്തിൽ നിന്നു് ഉളവാകുന്ന ഉന്മേഷപ്രവൃത്തികൾകൊണ്ടു്, സ്വാധീനരായിരുന്നവരെ ഭയപ്പെടുത്തി അസ്വാധീനരാക്കിത്തീർക്കുന്നതു് പോലെ സംഭവിക്കരുതെന്നു് കരുതി കേട്ടതിനെ എല്ലാം നിസ്സാരമാക്കി ചിരിച്ചുകൊണ്ടു് സുഭദ്ര ഇങ്ങനെ ചോദിച്ചു. ‘നിന്റെ സ്വാമിയിയും അയാളും ഇഷ്ടമായിരിക്കുന്ന സ്ഥിതിക്കു്, നീ കുറച്ചു മുമ്പിൽ എന്നോടു് ഉപദേശിച്ചപോലെ, നമുക്കു് വേണ്ടതായുള്ള ആളുകളുടെ വിരോധം സമ്പാദിക്കാതിരിക്ക അല്ലയോ നന്നു്?’

ആനന്തം
(ഉത്തരം മുട്ടുകയാൽ) ‘പിന്നേ–കൊച്ചമ്മാ, അവരെ ചങ്ങാത്തമെല്ലാം വെളിക്കേ ഒള്ളു. ചെലപ്പം കേറി രണ്ടുപേരും തമ്മിൽ അടിക്കാനും, വെട്ടാനും, കുത്താനും നിക്കും. എന്നാൽ സാമിക്കു് ഒരു കൊണമുണ്ടു്. മുടുവിക്കൂടുമ്പം എണങ്ങിക്കൊള്ളും.’
സുഭദ്ര
(ആത്മഗതം) ‘എന്റെ അഭിപ്രായം സ്ഥിരപ്പെട്ടു.’ (പ്രകാശം) ’നിന്റെ സ്വാമി വളരെ ഒതുങ്ങുന്ന കൂട്ടത്തിലാണു്.’ ‘(പിന്നെയും ആത്മഗതം) സ്ത്രീസ്വരം, അതിവിനീതി, കപടവൈദികത്വം ഇങ്ങനെയുള്ള ലക്ഷണങ്ങളോടുകൂടിയ പുരുഷന്മാരെ മൂർഖപ്പാമ്പിലും അധികം ഭയപ്പെടണം. സുന്ദരത്തിനു് ഒടുവിലത്തെ രണ്ടു ലക്ഷണവും തികഞ്ഞിട്ടുണ്ടു്. ആദ്യത്തേതുകൂടിയുണ്ടായിരുന്നെങ്കിൽ ഭൂമി താങ്ങുകയില്ല. നാരായണ! ഇങ്ങനെയുള്ള മനുഷ്യർ അങ്ങറിയാതെ ഇങ്ങു പോന്നതാണോ?’ (പ്രകാശം) ‘ആ–എന്തോ ഞാൻ ചോദിക്കാൻ ഭാവിച്ചു. എത്ര വേഗം മറന്നു പോയി! കഷ്ടം! എന്താണു് ആനന്തം? ഛേ!’
ആനന്തം
‘അരുമ്പാവിത്തമ്പുരാൻ കൊലചെയ്തതോ?’
സുഭദ്ര
’അതല്ല.’
ആനന്തം
‘എന്റെ അടുത്തു് ലയാളു കൊഴഞ്ഞതോ?’
സുഭദ്ര
‘അതുമല്ല, വേറേ എന്തോ ആണു്. സാരമില്ല. പോട്ടെ.’
ആനന്തം
‘സാമീടെ കാര്യം വല്ലതുമോ?’
സുഭദ്ര
‘അതൊന്നുമല്ല. നമ്മുടെ തമ്പിഅദ്ദേഹത്തെക്കുറിച്ചു് എന്തോ ആണു്.’
ആനന്തം
‘ആ! ശരി ശരി ഒള്ളതുതന്നെ. ഞാനും ചെവിത്തകെട്ട ചവം തന്നെ. (സുഭദ്രയുടെ ആത്മഗതം: ‘ഞാൻ എന്നു മാത്രം മതി’) ‘അങ്ങത്തേക്കു പട്ടംകെട്ടാൻ പോണതല്ലയോ?’
സുഭദ്ര
‘ഇത്രവേഗം പറഞ്ഞതെല്ലാം നീയും മറന്നോ? പോട്ടെ, എനിക്കു കേൾക്കണ്ട. നീ ഒടുവിൽ എന്തോ പറഞ്ഞു–ആഭരണം–’
ആനന്തം
‘അതോ?– ആ പാണ്ടിമൂതേവിക്കു് ചത്തുപോയ അമ്മച്ചീടെ ഉരുപ്പടി എല്ലാം അങ്ങുന്നെടുത്തു കൊടുത്തുകളഞ്ഞു. അതാണു്. അമ്മച്ചിക്കു് വലിയതമ്പുരാൻ കൽപ്പിച്ചുകൊടുത്ത താലിയും മാലയും എല്ലാം.’
സുഭദ്ര
‘ഇത്രേ ഉള്ളോ? അദ്ദേഹത്തിനു ഭ്രാന്തായിരിക്കും.’
ആനന്തം
‘പിന്നെ അല്ലാതെ?’
സുഭദ്ര
‘ഞാൻ ഇന്നലെ കണ്ടപ്പഴും അദ്ദേഹത്തിനു് പിച്ചുപിടിച്ചിരിക്കുന്നതുപോലെ തോന്നി.’
ആനന്തം
‘അതൊള്ളതായിരിക്കും. ഇതെന്തരു കൂത്തെന്നേ? ഒരു വലിയ മാറാപ്പു് നിറച്ചു് പൊന്നും വെള്ളിയും ഒണ്ടു്.’
സുഭദ്ര
‘ഇതെന്നു കൊടുത്തു്? മനസ്സിനു് സുഖക്കേടു് തുടങ്ങിയതിൽപ്പിന്നെയാണോ?’
ആനന്തം
‘കൊടുത്തതു് നാലാന്നാൾ രാത്രിയാണു്.’

അന്ധകാരംകൊണ്ടു് വഴി കാണ്മാൻ പാടില്ലാത്ത പാറക്കൂട്ടങ്ങളുടെ ഇടയിൽ അകപ്പെട്ടു ചുറ്റുന്ന കപ്പലിന്റെ അമരക്കാരനു തന്റെ കൈയിൽ ആദിത്യനെ കിട്ടിയാൽ എത്ര സന്തോഷമുണ്ടാകുമോ അതിലും അധികമായ സന്തോഷം ഈ വാക്കുകൾ കേട്ടപ്പോൾ സുഭദ്രയ്ക്കുണ്ടായി. ‘ചെമ്പകശ്ശേരിയിൽനിന്നു് ആഭരണങ്ങളെ മോഷ്ടിച്ചതു് സുന്ദരയ്യനാണു്. ഇനി കാശിവാസി ആരെന്നു് സംശയിക്കാൻ സംഗതിയില്ല. കാശിവാസി എന്നൊരാളും അകത്തു് കടന്നിട്ടുണ്ടു്. തമ്പിഅദ്ദേഹം അയാളെക്കണ്ടു. തങ്കവും കണ്ടു. തമ്പി അദ്ദേഹത്തെപ്പോലെതന്നെ തങ്കവും വിചാരിച്ചു. പ്രേതത്തെ കാണുന്നെന്നുള്ള വിചാരത്തോടുകൂടി സകല നാഡികളും ക്ഷയിച്ചു. ഇങ്ങനെയാണു് രോഗം വന്നിട്ടുള്ളതു്. തങ്കത്തിനു് ബോധക്കേടു് തുടങ്ങിയതിൽപ്പിന്നെ സുന്ദരയ്യൻ അകത്തു കടന്നു. ഇനി ഒന്നേ സംശയമൊള്ളു.അല്ല, രണ്ടു് സംശയമുണ്ടു്. ജാതിഭ്രഷ്ടു് വന്നിട്ടുണ്ടോ എന്നും, ദ്വിഭാഷി ആരു്, കാശിവാസി ആരു് എന്നും. അതു നാളത്തേക്കു് എന്നിങ്ങനെ ആലോചിച്ചു നിശ്ചയിച്ചുകൊണ്ടു് സുഭദ്ര പറയുന്നു: ‘തമ്പിഅദ്ദേഹത്തിന്റെ സ്ഥിതി വിചാരിച്ചു് ഇരുന്നുപോയി. ആനന്തം എങ്ങനെ അറിഞ്ഞു?’

ആനന്തം
(പരിഭ്രമത്തോടുകൂടി) ‘ഞാനോ കൊച്ചമ്മാ? പിന്നെ–എന്റെ പൊന്നു കൊച്ചമ്മാ, ഇതിൽ ഒരക്ഷരം വെളിയി മിണ്ടിപ്പോവരുതു്. വലിയതമ്പുരാനറിഞ്ഞാലക്കൊണ്ടു് തല വീശി, പട്ടിച്ചൂടും വച്ചു്, ആറാം വഴി കടത്തിക്കളയും പോലും! നാടുനീങ്ങിയാലു്, പറഞ്ഞാലും വേണ്ടില്ലെന്നു സാമിതന്നെ പറഞ്ഞു.’
സുഭദ്ര
‘അത്ര സ്വകാര്യമാണെങ്കിൽ എനിക്കു കേൾക്കണ്ട. തമ്പിഅദ്ദേഹത്തിനോടുതന്നെ ചോദിച്ചു് എല്ലാം അറിയാൻ പ്രയാസമില്ല.’
ആനന്തം
‘അയ്യോ! കൊച്ചമ്മേ, മിണ്ടരുതേ. സാമി എന്നെ കൊല്ലും. ഞാൻ ആ മഴയത്തു പേടിച്ചു് ഒറങ്ങാതെ കെടക്കുമ്പം അവൻ കള്ളനെപ്പോലെ കൊട്ടിയമ്പലവും ചാടിക്കൊണ്ടു കേറിവന്നു. ഞാൻ കണ്ടുംപോയി. അതെനിക്കിപ്പം ഏഴരാണ്ടനും ആയി.’
സുഭദ്ര
‘ഹേയി!ഞാൻ ചോദിക്കാനും മറ്റും പോകുന്നില്ല. എന്നു നീ പേടിക്കേണ്ട. വേണമെങ്കിൽ ചോദിച്ചാൽ അദ്ദേഹംതന്നെ പറയുമെന്നു് പറഞ്ഞതാണു്. പിന്നെ അയാൾക്കു് ഇതെല്ലാം വെറുതെ കൊടുത്തതാണോ?’
ആനന്തം
‘അല്ല. പെരശനം വെച്ചോ ഉച്ചിനാകാളി സേവകൊണ്ടോ വരാമ്പോണ ഫലം പറഞ്ഞതിനു് എനാം കൊടുത്തതാണു്. സാമി പകലേ വന്നു പറഞ്ഞേച്ചുപോയി. അയാളു രാത്രിയും പോയി ഒണ്ടു്, എല്ലാം കെട്ടിച്ചൊമന്നു കൊണ്ടരുണു! കള്ളപ്പൂച്ചു് പറഞ്ഞോണ്ടു് നടന്നാലും കാലം കയുമേ’
സുഭദ്ര
‘സുന്ദരൻ അന്നു രാത്രി അവിടെ വന്നോ?’
ആനന്തം
‘ഇല്ല. പകലേ വന്നേച്ചുപോയതിപ്പിന്നെ പിറ്റാന്തെയ്തി ഇരുട്ടി വെളക്കു് വച്ചപ്പോഴോ മറ്റോ വന്നു.’
സുഭദ്ര
‘ആനന്തം, രാത്രി അകാലമായി.’
ആനന്തം
‘അയ്യോ, ഒള്ളതുതന്നെ. ’
സുഭദ്ര
‘നാളെ ഇങ്ങോട്ടു വാ. സുന്ദരയ്യൻ ദേഷ്യപ്പെട്ടാൽ ഞാൻ പറഞ്ഞു സമാധാനപ്പെടു­ത്തിക്കൊള്ളാം–എടാ, (ഒരു വാല്യക്കാരൻ വന്നവനോടു്) ആനന്തത്തിനെ വീട്ടിൽക്കൊണ്ടു് ആക്കീട്ടു വാ.’
ആനന്തം
“കൊച്ചമ്മേ ഒളിച്ചു് എനിക്കു് ഒരു കാര്യവുമില്ല. അതുകൊണ്ട്–”
സുഭദ്ര
“പോ നിനക്കു പേടിക്കാൻ ഒന്നുമില്ല. ഞാനില്ലയോ?”
ആനന്തം
“മതി.”

ആനന്തം യാത്രയായതിന്റെശേഷം സുഭദ്ര അവൾ കൊണ്ടുചെന്നുകൊടുത്ത പുഷ്പമാല്യം എടുത്തു് പുറത്തെറിഞ്ഞു. പലഹാരത്തിൽ ഒരു കഷണം എടുത്തു ദീപത്തിന്റെ മുകളിൽ പിടിച്ചു. ജലസംബന്ധംകൂടി ഉണ്ടായിരുന്നതിനാൽ അഗ്നിസ്ഫുലിംഗങ്ങളെ കുറച്ചുനേരം പുറപ്പെടുവിച്ചിട്ടു് മനോഹരമായുള്ള നീലച്ചന്ദ്രികപോലെ പലഹാരം കത്തിത്തുടങ്ങി. ഇതു കണ്ടു് സുഭദ്ര വളരെ ആശ്ചര്യപ്പെട്ടു. “ദ്വിഭാഷി പറഞ്ഞതു് കളിയും കൃത്രിമവും അല്ല. തങ്കത്തിനെക്കുറിച്ചു് സ്നേഹമുള്ള ആളാണെന്നുള്ളതിനു സംശയമില്ല. സുന്ദരയ്യന്റെ സ്ഥിതികളും നന്നായറിഞ്ഞിട്ടുണ്ടു്. സംഗതികൾ എല്ലാം ചേർത്തു് ആലോചിക്കുമ്പോൾ മറ്റാരുമായി വരാൻ ഇടയില്ല. അതിനെക്കുറിച്ചുള്ള തിരക്കും നാളെ പൂർത്തിയാക്കിയേക്കാം. ഒന്നു മറന്നുപോയി. ആരാണു് ഇതിനകത്തു കടന്നിരുന്നതു്? പത്മനാഭാ!” എന്നിങ്ങനെയുള്ള വിചാരങ്ങളോടും അനന്തരം പ്രാർത്ഥനാരംഭത്തോടും ദീർഘനിശ്വാസങ്ങളോടും കണ്ണുനീരോടും മഹാധൈര്യവതിയായ ആ സ്ത്രീ പടിഞ്ഞാറു മുഖമായി നിന്നു് കൈകൂപ്പി കണ്ണടച്ചു് ധ്യാനത്തോടുകൂടി കുറച്ചുനേരം നിന്നു. ഈ സ്ഥിതിയിൽനിന്നു് “എന്താണു് ചെമ്പകം, തപസ്സിനോ മറ്റോ ഭാവമുണ്ടോ?” എന്നുള്ള രാമനാമഠത്തിന്റെ ചോദ്യത്തിനാൽ സുഭദ്ര ഉണർത്തപ്പെട്ടു.

സുഭദ്ര നേത്രങ്ങളെ ക്ഷണത്തിൽ തുടച്ചു് കുറച്ചു് വിഷമിച്ചു് പുഞ്ചിരിതൂകിക്കൊണ്ടു്, “നിങ്ങളെല്ലാം നന്നായിരിക്കട്ടെ എന്നു പ്രാർത്ഥിക്കയാണു്” എന്നു മേല്പറഞ്ഞ ചോദ്യത്തിനു് ഉത്തരം പറഞ്ഞു.

രാമനാമഠം
“നിന്റെ പ്രാർത്ഥന ഫലിച്ചു. നമ്മെ വലിയ സർവ്വാധി ആക്കാമെന്നു് അങ്ങുന്നു് സത്യം ചെയ്തു. ഇനി നിനക്കു സന്തോഷിക്കരുതോ, കള്ളത്തങ്കക്കരിങ്കല്ലേ?”
സുഭദ്ര
“ഇന്നെന്തെല്ലാം നടന്നു?”
രാമനാമഠം
“പറയൂല്ല, പറയൂല്ല. നിന്റെ അടുത്തു് ഒന്നും പറയരുതെന്നു് അങ്ങുന്നു് ഉത്തരവായിട്ടുണ്ടു്. പോ, ഒന്നും ചോദിക്കരുതു്. കണിശമാണു്.”
സുഭദ്ര
“ഓഹോ! ഇപ്പറയുന്നതു കളിയല്ലേ, കാര്യംതന്നെ ആണേ?”
രാമനാമഠം
“ചെമ്പകം കലമ്പിപ്പോയി! ഏഹേ! നമുക്കു സർവ്വാധിയും വേണ്ട, കുന്തവും വേണ്ട. പിടിച്ചോ വർത്തമാനം.”
സുഭദ്ര
“ഇന്നു് ഇളകിമറിഞ്ഞിരിക്കുന്നു. തമ്പിഅദ്ദേഹത്തിന്റെ കാറ്റു തട്ടീട്ടുതന്നെയോ?”

ഇങ്ങനെ തുടങ്ങിയ സംഭാഷണത്തെ സുഭദ്ര ഗ്രഹിക്കാനുള്ള സംഗതി ഗ്രഹിച്ച ഉടനെ നിറുത്തി, രാമനാമഠത്തിനെ ഉറങ്ങാൻ അയച്ചു. രാമനാമഠം ഉത്സാഹമദംകൊണ്ടു് അവിടെ താമസിക്കാതെ പിന്നെയും സുന്ദരയ്യനെ കാണാനായി തമ്പിയുടെ നാലുകെട്ടിലേക്കു തിരിച്ചു. സുഭദ്രയും നിദ്രയ്ക്കാരംഭിക്കാതെ, രാമനാമഠം പോയ ഉടനെ ഇങ്ങനെ ആലോചിച്ചു: “ഈ ആഭാസനോടും മറ്റും എന്റെ നില വിട്ടു ഞാൻ കളിച്ചിട്ടുള്ളതു് ആ തമ്പിയേയും പട്ടരേയും തരം കണ്ടു് വഴിപോലെ പഠിപ്പിക്കാനാണു്. ഇപ്പോൾ ഇതാ, അവർ എനിക്കു് എത്താത്ത സ്ഥിതിയിലാവാൻപോകുന്നു. ഇപ്പോൾ അവർ ആലോചിക്കുന്നതു് ഒരു നീതിമാനായ പുരുഷകേസരിയെ വ്യാജത്താൽ കൊല്ലാനാണു്. ഇതുവരെ പലപ്പോഴും തരംവന്നിട്ടും സ്ത്രീകൾക്കു് അടുത്തതല്ലല്ലോ ഈ കലശലുകളിലും കറ്റും ഉൾപ്പെടുന്നതു് എന്നുവിചാരിച്ചും, മറ്റോരോ സംഗതിവശാലും ഞാൻ അടങ്ങിപ്പാർത്തു. ഇനി ഈ പെണ്ണു് അടങ്ങുന്നതല്ല. ദുഷ്ടക്കൂട്ടത്തിനെ ജയിക്കാൻ സമ്മതിക്കയോ? ഒരു കാലം, ഈ സുഭദ്രയാൽ തടുക്കാൻ കഴിയുമെങ്കിൽ, നടക്കുന്നതല്ല. അമ്മാവനറിഞ്ഞാൽ–? അറിയട്ടെ. ചോദിക്കുമ്പോൾ ഉത്തരം തോന്നും.” ഈ നിശ്ചയങ്ങളോടുകൂടി വേഗത്തിൽ ഒരു ഓല എടുത്തു നുറുക്കി ചെറിയ ചീട്ടാക്കി ഇങ്ങനെ എഴുതി:

ശ്രീ


തിരുമനസ്സറിയിക്കാൻ: വേലുക്കുറുപ്പു് കൂടുപൊട്ടിച്ചു. അയാളും ചുള്ളിയിൽ പിള്ളയും വേട്ടയ്ക്കിറങ്ങീട്ടുണ്ടു്. മുടിചൂടാനുള്ള തലകൾ മോടില്ലാത്ത സ്ഥലങ്ങളിൽ കാണരുതു്. ഉണർന്നിരുന്നും തല സൂക്ഷിക്കണം.

ശുഭം.


ഈ എഴുത്തു് തയ്യാറാക്കിക്കൊണ്ടു് പടിഞ്ഞാറേ വശത്തിറങ്ങി പറമ്പിൽക്കൂടി കുറച്ചുദൂരം പടിഞ്ഞാറോട്ടു് നടന്നു്, വാഴക്കൂട്ടങ്ങളും കൈയാലകളും കടന്നു്, ചെറുതായ ഒരു ഭവനത്തിന്റെ മുറ്റത്തു് ചെന്നുനിന്നു്, “ശങ്കരാ” എന്നു വിളിച്ചു. ഈ വിളി കേട്ടു്, ഇക്കാലത്തെ നായന്മാർ നാലു കൂടിയാൽ ഏകദേശം ഉള്ള അളവു് ശരിയായിടുന്നതായ ശരീരങ്ങളുള്ളവരായി രണ്ടു് പേർ പുറത്തിറങ്ങി വന്നു. “നീ പോയി അഞ്ചെട്ടു പേർ നമ്മുടെ ആളുകളിൽ നല്ല വിശ്വസ്തന്മാരായുള്ളവരെ വിളിച്ചുകൊണ്ടൂവാ.” (പാവയെപ്പോലെ മിണ്ടാതെ ആജ്ഞ കേട്ടയുടനേതന്നെ ഒരുവൻ നടകൊണ്ടു. ശേഷിച്ചവനോടു്) “ശങ്കരാ, ആയുധങ്ങൾ എടുത്തുകൊള്ളണം. ഇതാ, ഈ ഓല കൈയിൽ വാങ്ങിക്ക്. ഇവിടുന്നു് ഓടിയാൽ തെക്കേകോയിക്കൽ എളയതമ്പുരാന്റെ തിരുമുമ്പിൽ പോയി നിൽക്കണം. പള്ളിയുറക്കാമാണെങ്കിൽ ലഹളയുണ്ടാക്കണം. അപ്പോൾ ഉണർന്നു് പുറത്തു വരും. ഈ ഓലയെ തൃക്കയ്യിൽ കൊടുക്കണം. ചോദ്യങ്ങൾ ഉണ്ടായാൽ നിനക്കു നാക്കില്ല, കാതില്ല, ബുദ്ധിയില്ല. മനസ്സിലായോ? എങ്ങനേയും ഇതിന്റെ തൃക്കയ്യിൽ എത്തിക്കണം. ശേഷം നിന്റെ യുക്തിപോലെ. ഓടു്. “ഇപ്രകാരമുള്ള ആജ്ഞകൾ കൊടുത്തിട്ടു് സുഭദ്ര ആ ഭവനത്തിന്റെ തളത്തിൽ കയറി ഇരുന്നു. ശങ്കരൻ എന്നു പേർ പറയപ്പെട്ടവൻ തന്റെ വാളും കൈയിലാക്കി രാമശരംപോലെ പാഞ്ഞു. ഏകദേശം ഒരു നാഴിക കഴിഞ്ഞപ്പോൾ ശങ്കരന്റെ കൂട്ടുകാരൻ പത്തുപന്ത്രണ്ടു നായന്മാരുമായി തിരിയെ വന്നു. സുഭദ്രയെക്കണ്ടു് എല്ലാവരും ആദരവോടുകൂടി ഒതുങ്ങി നിന്നു.

സുഭദ്ര
“നിങ്ങൾ ഒന്നും സംശയിക്കേണ്ട. ചോദ്യം വന്നാൽ ഞാൻ ഉത്തരം പറഞ്ഞുകൊള്ളാം. രണ്ടുപേരു നീങ്ങിനിൽക്കിൻ.” (രണ്ടൂ പേർ അപ്രകാരം ചെയ്തു) “ശേഷം പേർ കാലക്കുട്ടിയുടെ വീട്ടിൽ ചെന്നു് കാണുന്ന പെട്ടി, പാത്രം, ഉപ്പുചിരട്ട അറുതി സകലതും എടുത്തുകൊണ്ടൂ പോരണം. ഒരു വസ്തു ഇട്ടേക്കരുതു്. അവിടെ ഒരു പാണ്ടിക്കാറനുണ്ടു്.”
എല്ലാവരും
“കണ്ടിട്ടുണ്ടു്. സാരമില്ല.”
സുഭദ്ര
“എന്നു വിചാരിക്കേണ്ട. അവനെ കെട്ടുന്ന കെട്ടു് നാളെ വല്ലോരും ശ്രമിച്ചാലും രണ്ടു നാഴിക മുഷിഞ്ഞാലെ അഴിക്കാവൂ.”
ഒരാൾ
“കാലകണ്ഠൻ ഇറുക്കിട്ടേക്കാം.”
സുഭദ്ര
“കൊള്ളാം. പെണ്ണുങ്ങളെ വേദനപ്പെടുത്തരുതു്. എല്ലാം എടുക്കുന്നതിനിടയിൽ നിങ്ങൾ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടാക്കണം. ചിലർ തമ്പിഅങ്ങത്തെ ഉത്തരവിങ്ങനെയാണെന്നും, മറ്റുചിലർ സ്വാമി ഇങ്ങനെ ഉത്തരവായി എന്നും മറ്റും ശണ്ഠ കൂട്ടണം.”
എല്ലാവരും
“മനസ്സിലായി.”
സുഭദ്ര
“എന്തു കേട്ടാലും ഒരക്ഷരം പുറത്തു വരരുതു്.”
എല്ലാവരും
“ഈ ജന്മത്തോ?”
സുഭദ്ര
“പാണ്ടിക്കാറൻ പറയുന്ന വാക്കുകൾ സൂക്ഷിച്ചു് കേട്ടു് കൊള്ളണം.”

രണ്ടുപേർ ഒഴികെ ശേഷമുള്ളവർ സുഭദ്രയുടെ ശാസനം നിറവേറ്റുന്നതിനായി നടകൊണ്ടു. പ്രത്യേകം തിരിച്ചു നിറുത്തിയ രണ്ടുപേരിൽ ഒരുവനോടു സുഭദ്ര ഇങ്ങനെ ആജ്ഞാപിച്ചു: “ആരെടാ അതു്? പപ്പുവോ? നീ മിടുക്കനാണു്. നിനക്കു കരയാനറിയാമോ?”

പപ്പു
“ഓഹോ–നാ മോങ്ങുമ്പോലെ വേണമെങ്കിൽ മോങ്ങാം.”
സുഭദ്ര
“അതിസമർത്ഥൻ! നാളെ ഉദിക്കുമ്പോൾ നീ വലിയതമ്പി അദ്ദേഹത്തിന്റെ നാലുകെട്ടിൽ എത്തി ഞാൻ മരിച്ചുപോയെന്നു പറയണം. എന്തുകൊണ്ടാണെന്നും മറ്റും ചോദിച്ചാൽ കരകയല്ലാതെ ഒന്നും പറയരുതു്.”
പപ്പു
(ഉത്സാഹത്തോടുകൂടി) “ഒന്നാന്തരമായി പറ്റിച്ചേക്കാം. നല്ല നേരിയതു തോളിലിടാൻ ഒന്നു്–”
സുഭദ്ര
“നാലു തരാം. വർത്തമാനം കേട്ടാൽ ഓരോരുത്തരും എന്തു ഭാവം കാണിക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളണം.”
പപ്പു
“തപ്പാതെ കരഞ്ഞ് അവിടമൊക്കെ കൊളമാക്കിക്കളയൂല്ലയോ?”

ശേഷിച്ച ഒരാളുള്ളവനോടു പഠാണിപ്പാളയത്തിൽപ്പോയി അന്വേഷിക്കേണ്ട സംഗതികളെക്കുറിച്ചു് വിശദമായ ശാസനകൾ കൊടുത്തിട്ടു് സുഭദ്ര ഒന്നു നെടുവീർപ്പിട്ടു. “സുന്ദരയ്യനും ‘അങ്ങുന്നു’ നാളെ കാഞ്ഞവെള്ളത്തിൽ” എന്നിങ്ങനെ സുഭദ്ര വിചാരിച്ചു് എങ്കിലും, ദൈവം അന്യഥാ വിധിച്ചു് എന്നു് ശേഷം കഥയാൽ അറിയാവുന്നതാണു്. ചെമ്പകശ്ശേരി വക ആഭരണങ്ങളെ കടത്തിക്കളയുന്നതിനു മുമ്പിൽ അതുകൾ കരസ്ഥമാക്കിക്കൊള്ളുന്നതിനും, സുന്ദരയ്യനും പാണ്ടിക്കാരനും തമ്മിൽ ഭിന്നമാകുന്നതിനും ചെയ്ത ഏർപ്പാടുപോലും, തത്ക്കാലത്തേക്കു് സുഭദ്രയുടെ വൈരികൾക്കു് അനുകൂലമായി കലാശിച്ചു.