close
Sayahna Sayahna
Search

മാർത്താണ്ഡവർമ്മ-22


മാർത്താണ്ഡവർമ്മ

മാർത്താണ്ഡവർമ്മ
Mvarma-00.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി മാർത്താണ്ഡവർമ്മ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്ര നോവൽ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവു്
വര്‍ഷം
1891
മാദ്ധ്യമം അച്ചടിപ്പതിപ്പു്
“വേദാന്തവേദ്യനഥ വാദം തുടർന്നളവു മോദം കലർന്നു യദുവൃന്ദം-
തദനു ബലദേവേ മൃദുലതരഭാവേ–ശമിതരുഷി സുജനപുഷി
ജിതവിദുഷി സിതവപുഷി സകലബലചയമപി സുശാന്തം.”

രുപത്തി ഒന്നാം അദ്ധ്യായത്തിൽ വിവരിച്ച ലഹളകൾ നടക്കുന്നതിനിടയിൽ മണക്കാട്ടു് പഠാണിപ്പാളയത്തിൽ പൗരന്മാരുടെ കോപാദിനാട്യങ്ങളെ അതിശയിച്ചുള്ള അഭിനയങ്ങളോടുകൂടി ഒരു കൂടിയാട്ടം പ്രമാദമായി തകർക്കുന്നുണ്ടായിരുന്നു. ആ വാണിജ്യസംഘത്തിലെ ദ്വിഭാഷി, പ്രമാണിയായ വൃദ്ധന്റെ നിയോഗാനുസാരമായി, പൂർവരാത്രിയിൽ എവിടെയോ പോയതിന്റെ ശേഷം മടങ്ങിക്കാണായ്കയാൽ ദ്വിഭാഷിയാൽ താൻ വഞ്ചിതനായെന്നുള്ള വിശ്വാസം ജനിച്ചു് വൃദ്ധൻ അതിസാഹസങ്ങൾ പ്രവർത്തിക്കാൻ സന്നദ്ധനായിരിക്കുന്നു. വൃദ്ധന്റെ കോപം കണ്ടു് നൂറഡീൻ, ബീറാംഖാൻ മുതലായവർ അദ്ദേഹത്തിന്റെ മുമ്പിൽ നിന്നു വാങ്ങി, ഓരോ മുറികളിൽ ഒതുങ്ങി, അവരവരുടെ സ്വഭാവാനുസാരമായുള്ള ഓരോ ചിന്തകളിൽ മഗ്നന്മാരായും മറ്റും ഇരിക്കുന്നു. പണ്ടു് ഹസ്തിനപുരത്തെ ഹലായുധത്താൽ ഇളക്കി ഗംഗയുടെ അഗാധമായുള്ള കയങ്ങളിൽ സ്ഥാപിക്കുന്നതിനു് ഭാവിച്ച ബലദേവനെപ്പോലെ കയർത്തു് നില്ക്കുന്ന വൃദ്ധന്റെ സമീപത്തു് അദ്ദേഹത്തിന്റെ കോപം എത്രയും ന്യായമാണെന്നുള്ള നാട്യത്തോടുകൂടി ഉസ്മാൻഖാൻ ഹാജരുണ്ടു്. വൃദ്ധന്റെ കോപം ഒരു സന്ദർഭത്തിലും അന്നത്തെ സ്ഥിതിയിലോളം കവിഞ്ഞു് കണ്ടിട്ടില്ലാതിരുന്നതിനാൽ ഉസ്മാൻഖാനും അനുവാദമില്ലാതെ സ്വമേധയായി എന്തെങ്കിലും ഒന്നു പറയുന്നതിനു് ധൈര്യപ്പെടുന്നില്ല. ഈ ഉസ്മാൻഖാനെക്കുറിച്ചും സ്വല്പം ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്. ഇയാൾ ബാല്യം മുതൽക്കേ വൃദ്ധന്റെ സംരക്ഷണയിൽ വളർന്നിട്ടുള്ള ഒരു ഭൃത്യനായിരുന്നു. വൃദ്ധനു് ഈയാളെക്കുറിച്ചു് പ്രത്യേകം സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു.ഷസുഡീനുമായുള്ള സംസർഗ്ഗം തുടങ്ങിയ അന്നു മുതല്ക്കു് വൃദ്ധന്റെ സ്വഭാവത്തിനു് ഒരു പകർച്ചയുണ്ടായി. ഷസുഡീനെ കാണാതിരിക്കുമ്പോൾ വൃദ്ധൻ തനിക്കു് സഹജമായുള്ള കോപാദിദുശ്ശീലങ്ങളെ ധാരാളമായി പ്രദർശിപ്പിക്കുമെങ്കിലും ആ യുവാവിന്റെ ദർശനമാത്രേണ വൃദ്ധന്റെ മനഃകാഠിന്യങ്ങൾ ദ്രവിച്ചു് പോകുമാറുണ്ടായിരുന്നു. സുലൈഖയ്ക്കു ഷസുഡീനിൽ ഉള്ള പ്രേമം ഒന്നു മാത്രമാണു് തനിക്കു് ആ യുവാവിനെക്കുറിച്ചുള്ള സ്നേഹത്തിനു് കാരണമെന്നു് വൃദ്ധൻ ഗർവ്വു് പറയാറുണ്ടായിരുന്നതു് അദ്ദേഹത്തിന്റെ മനഃപരിചയത്തിനു് വിപരീതമായുള്ള ഒരു വ്യാജമായിരുന്നു. ഇപ്രകാരം ഷംസുഡീനെ സ്നേഹിച്ചു് തുടങ്ങിയപ്പോൾത്തന്നെ ഉസ്മാൻഖാന്റെ ഉള്ളിൽ സ്പർദ്ധയുണർന്നു് തുടങ്ങി. വിദ്വാൻ വിദ്വാനെ അറിയുന്നതുപോലെ ഉസ്മാൻഖാൻ ഷംസുഡീന്റെ സൂക്ഷ്മമായ പ്രകൃതത്തെയും മറ്റും ആദിയിൽ തന്നെ ശരിയായി ഗണിച്ചു് ധരിച്ചതിനാൽ വൃദ്ധനെ വഞ്ചിച്ചു് തനിക്കുള്ള ചില ഗൂഢവ്യാപാരങ്ങൾക്കു് ആ യുവാവു് ഒരു തടസ്സമായിത്തീരുമെന്നു് കരുതി തക്കമുള്ളപ്പോഴെല്ലാം വൃദ്ധനിൽ ഷംസുഡീനെക്കുറിച്ചു് ദ്വേഷം ഉളവാകത്തക്കവിധത്തിൽ അയാളെ ഓരോന്നു് ഗ്രഹിപ്പിച്ചു് വന്നിരുന്നു. ഷംസുഡീന്റെ നടപടികളെ സൂക്ഷിച്ചു് ആ യുവാവിന്റെ പരമാർത്ഥത്തെ ആരാഞ്ഞറിയുന്നതിനു് ഉസ്മാൻഖാനോടു് വൃദ്ധൻ നിയോഗിച്ചിരുന്നതു് തനിക്കു നല്ല ഒരു അവസരമായെങ്കിലും ഉസ്മാൻഖാന്റെ ബുദ്ധിയിൽ ആലോചനാശക്തി എന്നുള്ള അംശത്തിനു് അധികപ്രാബല്യവും ഉൽസാഹശക്തിക്കു് ഏറ്റവും ക്ഷയവും ഉണ്ടായിരുന്നതിനാൽ, ഓരോന്നു് അനുഷ്ഠിച്ചാലുണ്ടാകുന്ന ആപത്തുകളെക്കുറിച്ചു് ആലോചിച്ചു് കാലം പൊയ്പ്പോകുന്നതിനു് സംഗതി ആയതല്ലാതെ, ഏഷണി ഒഴിച്ചു് ഷസുഡീനു് ദോഷകരമായ യാതൊരു ക്രിയയും അനുഷ്ഠിക്കുന്നതിനു് അയാളുടെ ബുദ്ധിക്കു് ഉറപ്പും വൈഭവവും ഉണ്ടായിട്ടില്ല. ഷംസുഡീനു് തന്റെ ഉദ്ദേശ്യവും പരമാർത്ഥങ്ങളും മനസിലായിട്ടുണ്ടെന്നു് ആ യുവാവിന്റെ അസ്പഷ്ടമായുള്ള ചില ഭാവങ്ങൾ കണ്ട ഉസ്മാൻഖാനു് ശങ്കയുണ്ടായിരുന്നു.എന്നാൽ അതികൃത്രിമമതികളും സ്പർദ്ധാദിദോഷങ്ങളുടെ നിധികളുമായുള്ള ചില ഖലന്മാർ സ്വശക്തിയുടെ അല്പത്വത്തെക്കുറിച്ചു് സൂക്ഷ്മബോധം ഉണ്ടായി സോദ്ദേശ്യങ്ങളെ ഫലിപ്പിക്കുന്നതിനു് ശ്രമിക്കാതെ സമചിത്തന്മാരെന്നു നടിച്ചു് ലോകരെ വഞ്ചിക്കയും ആപത്തൊഴിഞ്ഞു തക്കം കിട്ടുമ്പോൾ കൊള്ളിവയ്ക്കാൻ ശ്രമിക്കയും ചെയ്തു നടക്കുന്നതുപോലെ ഈ ഉസ്മാൻഖാൻ അടങ്ങിയിരുന്നു് തരത്തിനു് ഏഷണിമാത്രം കൂട്ടിപ്പാർത്തുവന്നിരുന്നു. അതിനാൽ വൃദ്ധന്റെ കോപം നൂറഡീൻ മുതലായവരുടെ ഉള്ളിൽ വ്യാകുലത ഉണ്ടാക്കി എങ്കിലും ഉസ്മാൻഖാനു് അളവില്ലാത്തതായ സന്തോഷത്തെ പ്രദാനം ചെയ്തു.തന്റെ കോപത്തിനു് ഹേതുഭൂതനായ ഷംസുഡീൻ വരുന്നുണ്ടോ എന്നു നോക്കിക്കൊണ്ടു് ശീഘ്രമായി അങ്ങോട്ടും ഇങ്ങോട്ടും ഉഴന്നു നടക്കുന്ന വൃദ്ധൻ ബോധഹീനനെന്ന പോലെ ഓരോന്നു് പറയുന്നുണ്ടു്. “ആട്ടെ, അള്ളാവിന്റെ കണ്മണിയായ നവാബ് ഇരിക്കുന്നല്ലോ. നമ്മുടെ അപേക്ഷയെ അദ്ദേഹം നിറവേറ്റും. ഈ പാപ്പാസുകളെ ഈ അവിശ്വാസിയായ നീചനെ ഞാൻ തീറ്റുന്ന കാലം വരാതിരിക്കുമോ? അവൻ നമ്മുടെ പുത്രിയെയും പുത്രനെയും മായംകൊണ്ടു് പാട്ടിലാക്കി നമ്മെയും വഞ്ചിച്ചു. ഈ ഏഭ്യൻ ഇവൻ (ഉസ്മാൻഖാൻ) പിന്തുടർന്നിട്ടും അവന്റെ ഗതി അറിയുന്നതിനു് കഴിഞ്ഞില്ല. നമ്മുടെ പുത്രി ഇപ്പോൾ വ്യസനിക്കുന്നു. ഇന്നലെ അവൻ കുറച്ചു് കണ്ണീർ ചൊരിഞ്ഞുപോലും. അതുകണ്ടു് അവളുടെ ഹൃദയം ഉരുകി അവന്റെ അഭീഷ്ടപ്രകാരം നടന്നുകൊള്ളുന്നതിനു് അനുമതി കൊടുത്തു. ഇപ്പോൾ ഇതാ ആഭരണങ്ങളെയും പറിച്ചു് ദൂരത്തെറിഞ്ഞിട്ടു് കരയുന്നു. കരയട്ടെ–നമുക്കെന്തു്? ഇതെല്ലാം ദൈവശിക്ഷയാണു്. അവൻ ബോധമില്ലാതെ കിടക്കുമ്പോൾത്തന്നെ നമ്മുടെ ഭക്ഷണം കൊടുത്തു്, നമ്മുടെ മതാനുസാരിയാക്കി അവന്റെ ആത്മശുദ്ധി വരുത്തണമെന്നു് ഞാൻ അഭിപ്രായപ്പെട്ടു. ഈ ഉസ്മാനും അതിനു നമ്മെ നിർബന്ധിച്ചു. ചപലയായ സുലൈഖ അനുവദിച്ചില്ല. കരയട്ടെ, നമുക്കെന്തു്? അവൾ എന്നും കന്യകയായിരിക്കാൻ ഉറച്ചിരിക്കുന്നോ? ദൈവം അതിനെ തടുക്കട്ടെ. ആ രാജകുമാരൻ ഇവനെ അറിയും. രണ്ടുപേരുമായി നമ്മെ വഞ്ചിക്കുന്നു. ഈ നഗരത്തിനു് തീവയ്ക്കയോ? നമ്മുടെ ആളുകളെക്കൊണ്ടു് കൊള്ളയിടീക്കയോ? എന്നാലും നമ്മുടെ കോപം അടങ്ങുകയില്ല. അയ്യോ പുത്രീ!” ഇപ്രകാരം ഓരോ അന്തർഗ്ഗതങ്ങളാൽ ബുദ്ധിക്കു് വൈവശ്യം നേരിടുക മൂലം വൃദ്ധൻ തന്റെ ശയ്യയിന്മേൽ ചെന്നു് കിടപ്പായി. അല്പനേരം നേത്രങ്ങൾ അടച്ചുകിടന്നു് പര്യാലോചന ചെയ്തതിൽ താൻ ശങ്കിച്ചതിൻവണ്ണം തന്റെ കോപത്തിനു് കാരണം ഷംസുഡീന്റെ വഞ്ചന അല്ലെന്നും സൂക്ഷ്മത്തിൽ ആ യുവാവിന്റെ വേർപാടാണെന്നും വൃദ്ധനു് മനസിലായി. ദൃഷ്ടിയിരിക്കുമ്പോൾ അതിന്റെ അതുകൊണ്ടുള്ള ഉപയോഗങ്ങളെ അറികയില്ലെന്നുള്ള പഴമൊഴിപോലെ ഷംസുഡീൻ തന്നോടുകൂടി ഉണ്ടായിരുന്നപ്പോൾ ആ യുവാവിന്റെ സമ്പർക്കം മൂലം തന്റെ ആത്മാവിനുണ്ടായിരുന്ന ആനന്ദത്തെ വൃദ്ധനു് അറിവാൻ പാടില്ലായിരുന്നു. ഷസുഡീന്റെ ഗതിയെ സൂക്ഷിച്ചുകൊള്ളുന്നതിനു് നിയോഗിക്കപ്പെട്ടിരുന്ന ഉസ്മാൻഖാന്റെ റിപ്പോർട്ടു് പ്രകാരം സുലൈഖയോടും നൂറഡീനോടും ബീറാംഖാനോടും പ്രത്യേകം യാത്രപറഞ്ഞുകൊണ്ടു്, ഉസ്മാനാൽ പിന്തുടരാൻ കഴിവില്ലാത്ത വിധത്തിൽ, ഇരുട്ടിന്റെ സഹായത്തോടുകൂടി കൃത്രിമമായുള്ള ഓരോ ഇടവഴികൾ മാർഗ്ഗമായി, ആ യുവാവു് ഓടിപ്പോകയാൽ അവന്റെ ശ്രമം ഫലിച്ചില്ലെന്നും ഷംസുഡീന്റെ യാത്രാനന്തരം സുലൈഖ ആഭരണാദ്യലങ്കാരങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു് എന്നും അറികയാൽ ഷംസുഡീൻ സ്ഥിരമായിട്ടു് തന്നെ വിട്ടുപിരിഞ്ഞിരിക്കുന്നു എന്നു് വൃദ്ധനു് ബോദ്ധ്യമായി. അദ്ദേഹത്തിന്റെ മനസ്സിൽ വലുതായ ഒരു വ്രണം സംഭവിച്ചതുപോലെ ആയിരിക്കുന്നു. ധനത്തെക്കാളും വലുതായ പ്രതിപത്തി ഷംസുഡീനെക്കുറിച്ചുണ്ടെന്നുള്ള വാസ്തവം അപ്പോഴത്തെ തന്റെ മനോവികാരങ്ങൾ അനുഭവസിദ്ധമാക്കി. താൻ തന്നെ ഷംസുഡീന്റെ പരമാർത്ഥത്തെ അറിയുന്നതിനായി ചില കൃത്രിമങ്ങൾ ചെയ്കയും ഉസ്മാനെക്കൊണ്ടു് പ്രവർത്തിപ്പിക്കയും ചെയ്തിട്ടുണ്ടെങ്കിലും ആയതുകൾ ഓർത്തു് വലുതായ പശ്ചാതാപത്തോടും ഉസ്മാന്റെ നേർക്കു് കോപത്തോടും അയാളെ നോക്കി, “നൂറഡീനെയും സുലൈഖയെയും ഇങ്ങോട്ടുവരാൻ പറഞ്ഞിട്ടു് നീ പോയി പണി നോക്കുക” എന്നു വളരെ ക്ഷീണത്തോടുകൂടി പറഞ്ഞു. ഉസ്മാൻഖാൻ പോയി അല്പം കഴിഞ്ഞപ്പോൾ നൂറഡീനും പുറകെ ഗതിയിൽ പാദങ്ങൾ ഭൂസ്പർശം ചെയ്യുന്നുവോ എന്നു സംശയം തോന്നിക്കുമാറുള്ള ഗാത്രലാഘവത്തോടുകൂടിയ ഒരു യുവതിയും ഹാക്കിമിന്റെ മുമ്പിൽ എത്തി.

ശങ്കരച്ചാർ മുതലായവരെ ഓരോ ജോലിക്കു നിയോഗിച്ചതിന്റെ ശേഷം സുഭദ്ര തന്റെ ഗൃഹത്തിലേക്കു് മടങ്ങി,നിദ്ര കൂടാതെ ഇരുന്നു. ശങ്കരച്ചാരെ തിരിച്ചു കാണാത്തതിനാൽ പരിഭ്രമത്തോടുകൂടി ഓരോ വിചാരങ്ങളിൽ മുഴുകി സുഭദ്ര ഇരിക്കുന്നതിനിടയിൽ, ആനന്തത്തിന്റെ ഗൃഹത്തിലേക്കു് അയയ്ക്കപ്പെട്ടിരുന്ന ആളുകൾ അവിടുന്നു് എടുക്കപ്പെട്ട ആഭരാണാദികളോടുകൂടി തിരിച്ചുചെന്നു്, പാരദേശികനെ കാണുന്നതിനും ബന്ധിക്കുന്നതിനും അയാൾ അവിടെ ഇല്ലാതിരുന്നതിനാൽ സാധിച്ചില്ലെന്നു ഗ്രഹിപ്പിക്കയും ആഭരണങ്ങളെ സുഭദ്രയ്ക്കു കാഴ്ചയായി വയ്ക്കുകയും ചെയ്തു. അനന്തരം ആകൂട്ടത്തിൽനിന്നു് ഒന്നുരണ്ടാളെ കൊട്ടാരം വരെ പോയി ശങ്കരച്ചാരെ അന്വേഷിച്ചുവരുന്നതിനു് നിയോഗിക്കയും ആഭരണങ്ങളെ ഒരു ആവൃത്തി പരിശോധിക്കയും അതുകളെ ഒരു പെട്ടിക്കകത്തു് ഒതുക്കുകയും ചെയ്തതിന്റെ ശേഷം സുഭദ്ര വർദ്ധിച്ച വ്യാകുലതയോടുകൂടി ഇരുന്നു. ഏകദേശം നാലഞ്ചുനാഴിക കഴിഞ്ഞപ്പോൾ ഈ കൂട്ടക്കാർ തിരിച്ചുചെന്നു് ശങ്കരച്ചാരുടെ പ്രേതത്തെ കൊട്ടാരത്തിനകത്തുനിന്നു് മൂന്നുനാലുപേരായി എടുത്തു് പുറത്തു് കൊണ്ടുവരികയും തങ്ങളെ കണ്ടപ്പോൾ വഴിയിൽ ഇട്ടിട്ടു് അവർ അകത്തേക്കു് ഓടിക്കളയുകയും ചെയ്തു എന്നും മറ്റും ധരിപ്പിച്ചു. ഈ കഥ കേട്ടപ്പോൾ സുഭദ്രയ്ക്കു ദുസ്സഹമായ വ്യസനം ഉണ്ടായി എന്നുമാത്രമല്ല, തനിക്കു് സംബന്ധമില്ലാതുള്ള ഒരു സംഗതിയിൽ പ്രവേശിച്ചതു് അബദ്ധമായെന്നു് തോന്നി, തന്നെത്താൻ ശാസിച്ചുതുടങ്ങുകയും ചെയ്തു. സുന്ദരയ്യനെയും കോടാങ്കിയെയും തമ്മിൽ കടികൂട്ടിക്കുന്നതിനു് ചെയ്ത ശ്രമം നിഷ്ഫലമായതിനെക്കുറിച്ചു് ഉണ്ടായ കുണ്ഠിതം മാറി, തന്റെ സഖാക്കളിൽ ഒരാൾക്കു് ജീവനാശം സംഭവിച്ചാലുണ്ടാകുന്നതുപോലുള്ള വ്യസനത്തിനു് അധീനയായി, മേലിൽ ആചരിക്കേണ്ടും ക്രമത്തെക്കുറിച്ചു് ആലോചനചെയ്യുന്നതിനു് ശക്തിയില്ലാതെ, ശങ്കരച്ചാരുടെ പ്രേതത്തെ ഏതുവിധത്തിലും ക്ഷണത്തിൽ പെരുവഴിയിൽ നിന്നു് കൊണ്ടുപോരണമെന്നുമാത്രം ആജ്ഞാപിച്ചിട്ടു് ക്ലേശിച്ചിരിക്കുന്നതിനിടയിൽ രാവും കഴിഞ്ഞു. നേരം വെളിച്ചമായ ഉടനെ ആനന്തം സങ്കടക്കാറിയായി എത്തി. മറ്റുള്ള വിഷാദങ്ങൾക്കിടയിൽ, പരമാർത്തയായ ആനന്തത്തിനെ വഴിപോലെ ആശ്വസിപ്പിക്കാൻ സുഭദ്രയ്ക്കു് ഇടയില്ലായിരുന്നു എങ്കിലും, അവളെ ഒരു വിധത്തിൽ സ്ഥിരചിത്തയാക്കി അയച്ചു. ശങ്കരച്ചാരെ എടുത്തുകൊണ്ടുവരുന്നതിനു് നിയോഗിക്കപ്പെട്ടിരുന്നവർ മടങ്ങി,പ്രേതത്തെ രാമനാമഠത്തിൽപിള്ള മുതലായവർ കണ്ടു് യുവരാജാവു് വധിച്ചതാണെന്നു് നിശ്ചയമാക്കുകയാൽ കാര്യം കേൾക്കുന്നതിനായി പൗരന്മാരെ ഇളക്കി ഉൽസാഹിപ്പിക്കുന്നു എന്നും ഒരു തീർച്ച ഉണ്ടാകുന്നതു് വരെ പ്രേതത്തെ ആരും തൊട്ടുപോകരുതെന്നു് ആജ്ഞാപിച്ചിരിക്കുന്നു എന്നും ശ്രീപണ്ടാരത്തുവീട്ടിൽ വെച്ചു് വേലുക്കുറുപ്പിനെയും പാരദേശികനെയും യുവരാജാവു് നിഗ്രഹിച്ചിരിക്കുന്നു എന്നും നഗരവാസികൾ ഇളകിത്തുടങ്ങിയിരിക്കുന്നു എന്നും മറ്റും റിപ്പോർട്ടു ചെയ്തു. ആകപ്പാടെ കഥ ആസകലം കേട്ടപ്പോൾ സുഭദ്രയുടെ ബുദ്ധി വല്ലാത്ത കുഴക്കിലായി. തനിക്കു രാമനാമഠത്തിൽ പിള്ളയുടെ പക്കൽ നിന്നും കിട്ടിയ അറിവിൻ പ്രകാരം യുവരാജാവിനെ നിഗ്രഹിക്കാനായി തമ്പിയാൽ നിയോഗിക്കപ്പെട്ടിരുന്ന വേലുക്കുറുപ്പു് ശ്രീപണ്ടാരത്തുവീട്ടിൽ മരിച്ചുകിടക്കുന്നു. യുവരാജാവിനെ രക്ഷിക്കുന്നതിനായി തന്നാൽ നിയോഗിക്കപ്പെട്ട ശങ്കരച്ചാർ കൊട്ടാരത്തിനകത്തുവച്ചു് മരിച്ചിരിക്കുന്നു. വേലുക്കുറുപ്പിനോടുകൂടി കോടാങ്കിയും വധിക്കപ്പെട്ടിരിക്കുന്നു. ഈ സംഗതികൾ എങ്ങനെ സംഭവിച്ചു് എന്നുള്ളതു് വ്യക്തമാകാതെ സുഭദ്ര മുമ്പിലത്തേതിലും അധികമായ കുഴക്കിൽ അകപ്പെട്ടു് ഇരിക്കുമ്പോൾ പുരവാസികളുടെ ലഹളകളെക്കുറിച്ചു് ഓരോ വർത്തമാനങ്ങൾ ഓരോരുത്തർ എത്തിച്ചുകൊണ്ടിരുന്നു. ഇങ്ങനെ കുറച്ചുകഴിഞ്ഞപ്പോഴേക്കു് പപ്പുവിന്റെ പുറപ്പാടും തമ്പിയുമായി കഴിഞ്ഞ കൂടിക്കാഴ്ചയുടെയും സുന്ദരയ്യനിൽനിന്നു കിട്ടിയ സമ്മാനത്തിന്റെയും കഥകളും ആയി. എന്നാൽ ഇതുകൾ ഒന്നിലും സുഭദ്രയുടെ ശ്രദ്ധ പതിഞ്ഞില്ല. നാലഞ്ചുനാഴിക കഴിഞ്ഞപ്പോൾ മഹാരാജാവു് നാടുനീങ്ങിയിരിക്കുന്നു എന്നുള്ള വർത്തമാനവും പൗരന്മാർ അടങ്ങി തിരിച്ചതിന്റെ വിവരങ്ങളും എത്തി. ആകപ്പാടെ തമ്പിക്കും സുന്ദരയ്യനും ജയകാലം തന്നെ എന്നും പാറുക്കുട്ടിക്കുവേണ്ടി താൻ ചെയ്യുന്ന പ്രയത്നങ്ങളും യുവരാജാവിനെ സഹായിപ്പാൻ പുറപ്പെട്ടതിൽ വന്നുകൂടിയ ഫലം പോലെ പ്രതികൂലമായി വന്നേക്കാമെന്നും ഉള്ള വിചാരങ്ങളോടും സ്ത്രീകളുടെ ബുദ്ധി മഹാമോശം തന്നെ എന്നു സമ്മതിച്ചും ഇരിക്കുന്നതിനിടയിൽ, പഠാണിപ്പാളയത്തിലേക്കു് അയയ്ക്കപ്പെട്ടവൻ സന്തോഷം കൊണ്ടു് പ്രകാശിക്കുന്ന മുഖത്തോടുകൂടി ആ സ്ത്രീയുടെ മുമ്പിൽ എത്തി. ഇവന്റെ മുഖപ്രസാദം കണ്ടു് സന്തോഷകരമായ എന്തോ വർത്തമാനം ഉണ്ടെന്നും കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു് വിഷാദിക്കുന്നതുകൊണ്ടു് കാര്യമില്ലെന്നും ഉള്ള വിചാരങ്ങളോടുകൂടി “എന്തെല്ലാമാണു നീ കൊണ്ടുവന്നിട്ടുള്ളതു്?” എന്നു സുഭദ്ര ചോദിച്ചു. “ഞാനൊ?” എന്നു പറഞ്ഞുകൊണ്ടു് ഭൃത്യൻ ഒരു ഡപ്പി തന്റെ വസ്ത്രത്തിനിടയിൽ നിന്നു് എടുത്തു് സുഭദ്രയുടെ കൈയിൽ കൊടുത്തു.

സുഭദ്ര
(ആശ്ചര്യത്തോടുകൂടി) “സുന്ദരയ്യൻ തന്നയച്ചതാണോ?”
ഭൃത്യൻ
“അല്ലല്ല. ഇതൊരു മരുന്നു്. ചെമ്പകശ്ശേരിയിലെ കുഞ്ഞിനു കൊടുപ്പാൻ പഠാണികൾ തന്നയച്ചു.”
സുഭദ്ര
“ആവു! നീ എങ്കിലും ഒരു സന്തോഷവർത്തമാനം കൊണ്ടുവന്നല്ലൊ! കാശിവാസിയെ കണ്ടോ?”
ഭൃത്യൻ
“കാശിവാസിയെയും തുപ്പായിയെയും കണ്ടില്ല. തുപ്പായി ഇന്നലെ രാത്രിയേ പോയിട്ടു് തിരിച്ചുചെല്ലാത്തതുകൊണ്ടു് അവിടെ ഒരു ലഹള–അതാണു് ഞാൻ ഇത്ര താമസിച്ചതു്.”
സുഭദ്ര
“എന്നാൽ ഈ മരുന്നു തന്നതാരു്? നീ എങ്ങനെ ഈ കഥകൾ അറിഞ്ഞു?”
ഭൃത്യൻ
“എല്ലാം പറയാം. ഞാൻ അവിടെ ചെല്ലുമ്പോൾ അവിടെ ഒരു മൂപ്പീന്നു വെളിവാടുകൊണ്ടു് നിൽക്കുന്നു. എനിക്കു് ഒന്നും മനസിലായില്ല. ഞാൻ അവിടെ ഒക്കെ ചുറ്റിപ്പറ്റി നടന്നു. അപ്പോൾ ഒരു ചെറിയ മേത്തൻ–എന്തു നിറം!–എന്തു യോഗ്യൻ! നമ്മുടെ (പറവാൻ ആരംഭിച്ച വാക്കുകളെ അമർത്തീട്ടു്) കാമദേവൻ തന്നെ കണ്ടാൽ. അങ്ങേരു്, എന്നെ വിളിച്ചു് തമിഴിൽ ചോദിച്ചു, ‘എവിടുന്നു്, എന്തിനു ചെന്നു?’ എന്നും മറ്റും. ഞാൻ ഒന്നും ഒളിക്കാതെ സത്യമെല്ലാം പറഞ്ഞു. പൊന്നുകൊച്ചമ്മാ, അങ്ങേരു് എന്റെ വാക്കുകൾ കേട്ടു് തൊലി ഉരിച്ച ഓന്തിനെപ്പോലെ ആയി. എങ്കിലും തുപ്പായിയും കാശിവാസിയും ആരും അവിടെ ഇല്ലെന്നു് ചിരിച്ചുകൊണ്ടു് പറഞ്ഞു. ചിരി തൂക്കക്കാറന്റെ ചിരി ആയിരുന്നു. അങ്ങേരു് എന്നെ നിൽക്കാൻ പറഞ്ഞിട്ടു് അകത്തുപോയി. രണ്ടു നാഴിക കഴിഞ്ഞു് എന്നെ അങ്ങോട്ടു വിളിച്ചു. എന്റെ കൊച്ചമ്മാ! അതിനകം തേവലോകം തന്നെ! പൊന്നും വെള്ളിയും ചെണ്ടപ്പോരു്! ഒടുക്കം ഒരു മൂപ്പീന്നെന്നു പറഞ്ഞ ആളിന്റെ മുമ്പിൽ എത്തി. എന്റെ അമ്മോ! അവിടെക്കണ്ടു് ഒരുത്തിയെയും ഒരുത്തനെയും–ഉടപ്പുറന്നവളും ഉടപ്പുറന്നവനും. അവള് അവളുതന്നെ! എന്നെക്കണ്ടു് ഒരു മൂടുതുണി ഇട്ടു് മുഖം മറയ്ക്കാൻ തുടങ്ങി. എനിക്കു കാണാൻ ഭാഗ്യമുണ്ടായിരുന്നതുകൊണ്ടു് മറച്ചില്ല. അവള് ഏതു് സ്വർഗത്തീന്നു വന്നവളോ! ചന്തം നാലുവഴിക്കും ഒഴുകുന്നു. ചുണ്ടീന്നു ചോര തെറിക്കുന്നു. മുഖം, അയ്യോ! എന്തുപോലെ എന്നൊന്നും എനിക്കു പറവാൻ വയ്യ. കണ്ണു് രണ്ടു നക്ഷത്രക്കുട്ടി. പല്ലു് കുമ്പളക്കുരു–”
സുഭദ്ര
“ആ വർണ്ണന പിന്നെ ആകാം. നടന്ന കഥ എല്ലാം കേൾക്കട്ടെ.”
ഭൃത്യൻ
(സ്ത്രീകൾ അസൂയാനിലയനങ്ങൾ എന്നുള്ളതിനു് സുഭദ്രയും ഒരു ദൃഷ്ടാന്തം തന്നെ എന്നുള്ള വിചാരത്തോടുകൂടി) “പിന്നെ, അവരു് രണ്ടു പേരും കൂടി കരഞ്ഞും പിടിച്ചും മൂപ്പീന്നിനെക്കൊണ്ടു് ഈ മരുന്നു് തരുവിച്ചു. അത്രതന്നെ. ഇന്നലെ ചെമ്പകശ്ശേരിയിലെ ആശാനെ കൊച്ചമ്മ അവിടെ അയച്ചിരുന്നു. അപ്പോൾ അവിടത്തെ കുഞ്ഞിന്റെ ദണ്ഡകാര്യം അങ്ങേർ പറഞ്ഞറിഞ്ഞു. അതുകൊണ്ടു് ഈ മരുന്നു് തന്നയയ്ക്കുണു; ഇതുകൊടുത്താൽ പിടീന്നു ദീനം ഭേദം വരുമ്പോലും! എന്നൊക്കെ കൊച്ചമ്മയുടെ... അല്ല.. ആദ്യത്തെ മേത്തൻ പറഞ്ഞയച്ചു. ഞാൻ ഇനിയും നാളെ അവിടെച്ചെന്നു വിവരം പറയണം എന്നും പറഞ്ഞു.”

ഔഷധം കൊടുത്തതിനു് കാരണം ചെമ്പകശ്ശേരി വീട്ടുകാരെക്കുറിച്ചു് താല്പര്യം ഉള്ളവർ ആരോ ആ സ്ഥലത്തുള്ളതുകൊണ്ടാണെന്നു് സുഭദ്ര മുൻ അറിവുകളാൽ തീർച്ചയാക്കീട്ടു്, തന്റെ ദൂതന്റെ വാക്കുകൾ രണ്ടു ഭാഗങ്ങളിൽ സംശയകരമായുള്ള തടസ്സം ഉണ്ടാക്കിയതിനെക്കുറിച്ചു് തനിക്കുളവായ സന്ദേഹത്തിന്റെ നിവൃത്തിക്കായി ഇപ്രകാരം ചോദ്യം ചെയ്തു: “കാശിവാസിയും ദ്വിഭാഷിയും രണ്ടുപേരും അവിടെ ഇല്ലായിരുന്നോ?”

ഭൃത്യൻ
“ഏഹേ! രണ്ടുപേരെയും കണ്ടില്ല.”
സുഭദ്ര
“നീ കണ്ട ആൾ ദ്വിഭാഷി അല്ലെന്നു നിശ്ചയമാണോ?”
ഭൃത്യൻ
“അല്ലെന്നാണു തോന്നുന്നതു്.”
സുഭദ്ര
“കാരണം?”
ഭൃത്യൻ
“കാരണം.... ദ്വിഭാഷി പൊയ്ക്കളഞ്ഞതുകൊണ്ടാണല്ലോ ലഹള.”
സുഭദ്ര
“എന്നു് ആരു് പറഞ്ഞു?”
ഭൃത്യൻ
“എന്നു പറഞ്ഞതു് ആ സുന്ദരൻ മേത്തൻ തന്നെ.”
സുഭദ്ര
“കാശിവാസി പൊയ്ക്കളഞ്ഞതിനല്ലയോ ശണ്ഠ?”
ഭൃത്യൻ
“എന്നുതന്നെയാണെന്നു് തോന്നുന്നു, മേത്തൻ പറഞ്ഞതു്.”
സുഭദ്ര
“എന്തൊക്കെ അസംബന്ധങ്ങളാണു നീ പറയുന്നതു്! അതെല്ലാം നിൽക്കട്ടെ. ആ സുന്ദരൻ പഠാണിയുടെ ഛായയിൽ നീ ആരെയെങ്കിലും ഇതിനു് മുമ്പിൽ കണ്ടിട്ടുണ്ടോ?”

ഭൃത്യൻ വലിയ ചുറ്റിലായി. തന്റെ ധൃതിയും ഓർമകേടും നിമിത്തം പുറത്തുചാടിക്കാൻ ഭാവിച്ച ഒരു അഭിപ്രായത്തെ സുഭദ്രയുടെ പേരിലുള്ള ആദരവുമൂലം താൻ അമർത്തിയതിനെക്കുറിച്ചു് ആ സ്ത്രീ ഇങ്ങനെ ഖണ്ഡിച്ചു ചോദ്യം ചെയ്തപ്പോൾ ഭൃത്യൻ താൻ അറിയാതെ താളം ചവുട്ടിത്തുടങ്ങി. ഈ സ്ഥിതി കണ്ടു് സുഭദ്ര ഇങ്ങനെ ചോദിച്ചു: “നീ വിഷമിച്ചു നിൽക്കുന്നതെന്തിനു്? തോന്നുന്നതിനെ പറയരുതോ?”

ഭൃത്യൻ
“എന്റെ ഒരു സംശയമാണു്. സ്വരവും അതുതന്നെ. ആളും തരവും ഇങ്ങനെ ഒത്തുവരാറുണ്ടോ?”
സുഭദ്ര
“ഏതു്? എങ്ങനെ?”

ഈ ചോദ്യത്തിനുണ്ടായ ഉത്തരത്തോടുകൂടി തന്റെ സർവ്വനാഡികളിലും ഒരു മിന്നൽ വ്യാപിച്ചതുപോലെ തോന്നി, അതിധൈര്യശാലിനിയായ സുഭദ്ര കേവലം മൃഗപ്രായയെന്നുള്ള സ്ഥിതിയിലായി.