close
Sayahna Sayahna
Search

ഭാഷാകൃതികള്‍ (പദ്യം) I




ഭാഷാകൃതികള്‍ (പദ്യം) I

ക്രി.പി. 1300 വരെ


പാട്ടും പാണ്ഡ്യഭാഷാസാരൂപ്യവും

ലീലാതിലകകാരന്റെ മതമനുസരിച്ചു സാക്ഷാല്‍ സാഹിത്യകോടിയില്‍ അങ്ഗീകാരത്തിനു് അര്‍ഹമായ പാട്ടിന്റെ ലക്ഷണമെന്തെന്നു് ആറാമധ്യായത്തില്‍ വിവരിച്ചിട്ടുണ്ടല്ലോ. ʻʻദ്രമിഡസംഘാതാക്ഷരനിബദ്ധമെതുകമോനാവൃത്തവിശേഷയുക്തം പാട്ടു്ˮ എന്നുള്ള നിര്‍വചനസൂത്രത്തിന്റെ വൃത്തിയില്‍ ʻʻപാണ്ഡ്യഭാഷാ സാരൂപ്യം ബാഹുല്യേന പാട്ടില്‍ കേരളഭാഷായാം ഭവതിˮ എന്നൊരു വസ്തുസ്ഥിതിപ്രകാശകമായ പങ്‌ക്തി കാണുന്നുണ്ടു്. മലയാളഭാഷയില്‍ കവികള്‍ ʻപാട്ടു്ʼ എന്ന ഇനത്തില്‍ ഗ്രന്ഥങ്ങള്‍ രചിക്കുമ്പോള്‍ അവ പ്രായേണ ചെന്തമിഴിലെ പാട്ടുകള്‍പോലെ തോന്നുമെന്നാണു് ആ പ്രസ്താവനയിലെ വിവക്ഷ. അതു് അനുചിതമോ അസ്വാഭാവികമോ അല്ല; എന്തെന്നാന്‍ ആദികാലത്തു കേരളീയഭാഷാകവികള്‍ ചെന്തമിഴില്‍ത്തന്നെയാണല്ലോ കവനംചെയ്തുവന്നതു്. വ്യാകരണം, നിഘണ്ടു മുതലായ ലക്ഷണഗ്രന്ഥങ്ങള്‍ക്കും അവയ്ക്കു ചെന്തമിഴിനെത്തന്നെയാണു് ആശ്രയിക്കേണ്ടിയിരുന്നതു്. അതുകൊണ്ടാണു് ലീലാതിലകത്തില്‍ ഉദ്ധൃതമായ ʻʻതരതലന്താനളന്താˮ എന്ന പാട്ടു് ചെന്തമിഴിനോടു് ഏറ്റവും ഇണങ്ങിയിരിക്കുന്നതു്. ആ പാട്ടു് ഒരു മുക്തകമോ ആരെങ്കിലും നിര്‍മ്മിച്ച ശ്രീപത്മനാഭസ്തോത്രമാല്യത്തിലെ ഒരു പുഷ്പമോ എന്നറിവാന്‍ നിവൃത്തിയില്ല. ലീലാതിലകകാരന്‍ പാട്ടിനു് നിര്‍ദ്ദേശിച്ചിട്ടുള്ള സകല നിയമങ്ങള്‍ക്കും ആദ്യന്തം വിധേയമായി ആ വകുപ്പില്‍ ഒരൊറ്റ ഗ്രന്ഥം മാത്രമേ നമുക്കു് ഇതഃപര്യന്തം ലഭിച്ചിട്ടുള്ളു. അതു മലയാളത്തിന്റെ യഥാര്‍ത്ഥമൂലധനമായ രാമചരിതമല്ലാതെ മറ്റൊന്നുമല്ലെന്നു പറയേണ്ടതില്ലല്ലോ. വേറേയും പല ഗ്രന്ഥങ്ങള്‍ ആ രീതിയില്‍ വിരചിതങ്ങളായിരുന്നിരിക്കാം; അവ നശിച്ചുപോയെന്നാണു് തോന്നുന്നതു്. എങ്കിലും ആ ഒരു കൃതികൊണ്ടുതന്നെ ഭാഷയ്ക്കു ഭാഗ്യവശാല്‍ പരിപൂര്‍ണ്ണമായി അഭിമാനംകൊള്ളാവുന്നതാണു്. അത്രയ്ക്കുണ്ടു് അതിന്റെ ബഹുമുഖവും വിശ്വോത്തരവുമായ മാഹാത്മ്യം.

രാമചരിതം—ഗ്രന്ഥത്തിന്റെ സ്വരൂപം

രാമചരിതത്തിലെ ആദ്യത്തെ മുപ്പതു പരിച്ഛേദങ്ങള്‍ ഞാന്‍ 1092-ല്‍ ʻʻപ്രാചീനമലയാളമാതൃകകള്‍ ഒന്നാംഭാഗംˮ എന്ന പുസ്തകത്തിന്റെ പ്രധാനാംശമായി പ്രസിദ്ധപ്പെടുത്തുകയുണ്ടായി; 1107-ല്‍ തിരുവിതാംകൂര്‍ഗവണ്‍മെന്‍റിന്റെ പൗരസ്ത്യ ഗ്രന്ഥപ്രകാശകന്‍ അതു സമഗ്രമായ രൂപത്തില്‍ ശ്രീചിത്രോദയമഞ്ജരീഭാഷാ ഗ്രന്ഥാവലിയിലെ നാലാം നമ്പരായി. അച്ചടിപ്പിക്കുകയും ചെയ്തു. പക്ഷേ ആ പതിപ്പു് അത്യന്തം സ്ഖലിതജടിലമാണു്. രാമചരിതത്തില്‍ ആകെ നൂറ്ററുപത്തി നാലു പരിച്ഛേദങ്ങളും ഓരോ പരിച്ഛേദത്തിലും പ്രായേണ പതിനൊന്നു വീതം പാട്ടുകളുമുണ്ടു്. പന്ത്രണ്ടുവീതം പാട്ടുകളുള്ള പതിന്നാലും പത്തുവീതമുള്ള നാലും പരിച്ഛേദങ്ങളുമില്ലെന്നില്ല. [1] അങ്ങനെ മൊത്തത്തില്‍ 1814 പാട്ടുകളുള്‍ക്കൊള്ളുന്ന ഒരു ബൃഹല്‍കൃതിയാണു് രാമചരിതം. ഓരോ പരിച്ഛേദത്തിലും പതിനൊന്നു പാട്ടുകള്‍വീതം ഉള്‍പ്പെടുത്തുക എന്നുള്ളതു ചില നായനാരന്മാരുടേയും ആഴ്വാരന്മാരുടെയും ശൈലിയുടെ അനുകരണമാകുന്നു. സംബന്ധര്‍, അപ്പര്‍ അവരുടെ തേവാരങ്ങളിലേയും പെരിയാഴ്വാര്‍, ആണ്ടാള്‍, കുലശേഖരആഴ്വാര്‍ ഇവരുടെ തിരുമൊഴികളിലേയും പരിച്ഛേദങ്ങള്‍ ഇത്തരത്തിലുള്ളവയാണു്. അവയില്‍ ചില പരിച്ഛേദങ്ങളില്‍ പത്തും മറ്റും ചിലവയില്‍ ഒന്‍പതും പാട്ടുകളും കാണ്മാനുണ്ടു്. ഈ പൂര്‍വസൂരികളില്‍നിന്നാണു് രാമചരിതകാരന്‍ പ്രസ്തുത രചനാപദ്ധതി സ്വീകരിച്ചതെന്നു ഞാന്‍ അനുമാനിക്കുന്നു.

പലമാതിരി വൃത്തങ്ങളിലാണു് ഈ പരിച്ഛേദങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും അവയെല്ലാം ഭിന്നവൃത്തങ്ങളാണെന്നു തെറ്റിദ്ധരിക്കരുതു്. ആകെ ഇരുപതു വൃത്തങ്ങളിലധികം കവി പ്രയോഗിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. അവ മാറിമാറി പ്രയോഗിക്കുന്നു എന്നേയുള്ളു. മലയാളത്തില്‍ ഇന്നു നടപ്പുള്ള പല ദ്രാവിഡവൃത്തങ്ങളുടേയും പൂര്‍വരൂപങ്ങള്‍ രാമചരിതത്തില്‍ കാണ്മാനുണ്ടു്. ʻഉരയ്ക്കലാമവിടം നിന്നോടൊരുവരതരുണിവാനോര്‍ʼ എന്ന ഏഴാമത്തേയും ʻതഴൈനിഴലിലീടും നീടാര്‍ പടക്കോപ്പുമായ്ʼ എന്ന പതിമ്മൂന്നാമത്തേയും ʻവണ്ണമേലും മരാമരംകൊണ്ടുടന്‍ʼ എന്ന ഇരുപത്തൊന്നാമത്തേയും ʻഉടലിടമീടും മാരുതിതന്നോടുടനുരചെയ്താന്‍ വാനരര്‍ കോമാന്‍ʼ എന്ന അന്‍പത്തൊന്നാമത്തേയും പരിച്ഛേദങ്ങളിലെ

വൃത്തങ്ങളാണു് പില്‍കാലത്തു യഥാക്രമം കേകയും മണികാഞ്ചിയും ദ്രുതകാകളിയും (പാന) തരങ്ഗിണിയും (ഓട്ടന്‍തുള്ളല്‍വൃത്തം) ആയി പരിണമിക്കുന്നതു്. ഇവയില്‍ ചിലപ്പതികാരത്തിലും മറ്റും കാണുന്ന ʻഅകവല്‍ʼ വൃത്തത്തിന്റെ പരിണതരൂപമാണു് ഓട്ടന്‍തുളളല്‍വൃത്തം. നിരണംകൃതികളില്‍ പ്രായേണ പ്രയുക്തമായിട്ടുള്ളതു് ഈ വൃത്തംതന്നെയാകുന്നു. ഇതുകൂടാതെ മണികാഞ്ചിയും രാമചരിതം നാലാം പരിച്ഛേദത്തിലെ ʻപിരിയരുതാത നീയിങ്ങനെ പിതാവു വെടിന്തു നാടുംʼ എന്ന വൃത്തവും മറ്റും കൂടിയുണ്ടു്. ചില പദങ്ങള്‍ക്കെന്നതുപോലെ ചില വൃത്തങ്ങള്‍ക്കും സംസ്കൃതം ദ്രാവിഡഭാഷയോടു കടപ്പെട്ടിരിക്കുന്നു. ʻഇന്തവണ്ണമേയിരുള്‍ മറ്റെന്തിതിടതൂരʼ എന്ന മൂന്നാമത്തേയും ʻഏകിനോരളവേ നിചാചരരെങ്കും വന്‍പടയാക്കിനാര്‍ʼ എന്ന ഇരുപത്തിരണ്ടാമത്തേയും ʻപൂണ്ട മൈയലടവേ കളൈന്തു പുകഴ്മിന്നും മന്നവരെഴുന്തുപോര്‍ʼ എന്ന പതിനേഴാമത്തേയും ʼകുറവോടു പിളര്‍ന്തൊഴുകും കുരുതിʼ എന്ന അറുപത്താറാമത്തേയും ʻഒക്കെങ്ങുമറിഞ്ഞിട്ടവയെല്ലാം നിരവേവീഴ്‌ന്തുʼ എന്ന നൂറാമത്തേയും പരിച്ഛേദങ്ങളിലെ വൃത്തങ്ങളാണു് സംസ്കൃതത്തിന്‍ യഥാക്രമം, ഇന്ദുവദന, മഞ്ജരി, കുസുമ മഞ്ജരി, തോടകം, മദനാര്‍ത്ത എന്നീ വൃത്തങ്ങളായി വികസിക്കുന്നതു്.

എതുകയിലും മോനയിലും കവി പ്രശംസാവഹമായ വിധത്തില്‍ ശ്രദ്ധിച്ചിട്ടുണ്ടു്.

ʻʻതാരിണങ്കിന തഴൈക്കുഴല്‍മലര്‍ത്തയ്യല്‍മുലൈ–
ത്താവളത്തിലിളകൊള്ളുമരവിന്തനയനാ!
ആരണങ്കളിലെങ്ങും പരമയോകികളുഴ–
ന്റാലുമെന്റുമറിവാനരിയ ഞാനപൊരുളേ!
മാരി വന്തതൊരു മാമലയെടുത്തു തടയും
മായനേയരചനായ് നിചിചരാതിപതിയെ
പോരില്‍ നീ മുന്നം മുടിത്തമയെടുത്തു പുകഴ്വാന്‍
പോകിപോകചയനാ, കവിയെനക്കരുള്‍ചെയ്യേˮ

എന്ന പാട്ടില്‍ ʻതാരിണങ്കിനʼ എന്നു തുടങ്ങി ʻനയനാʼ എന്നവസാനിക്കുന്നതുവരെയുള്ളതാണു് പ്രഥമപാദം. രണ്ടുമുതല്‍ നാലുവരെ പാദങ്ങളില്‍ പ്രഥമ പാദത്തിലെ ദ്വിതീയാക്ഷരമായി ʻരിʼയുടെ ആവൃത്തി കാണുന്നുണ്ടല്ലോ; അതാണു് എതുക. ഓരോ പാദത്തിനും പൂര്‍വാര്‍ദ്ധവും ഉത്തരാര്‍ദ്ധവുമുണ്ടു്. മേല്‍ ഉദ്ധരിച്ച പാട്ടില്‍ പൂര്‍വാര്‍ദ്ധത്തിലുള്ള താ, മാ, ആ, പോ, ഈ അക്ഷരങ്ങളുടെ ആവര്‍ത്തനം യഥാക്രമം ഉത്തരാര്‍ദ്ധാരംഭത്തില്‍ കാണുന്നുണ്ടല്ലോ; അതാണു് മോന. ദ്രാവിഡകവികള്‍തന്നെ എതുകയ്ക്കുള്ള പ്രാധാന്യം മോനയ്ക്കു കല്പിയ്ക്കാറില്ല. രണ്ടിനും അതാതിന്റെ നിര്‍ദ്ദിഷ്ടസ്ഥാനങ്ങളില്‍ അക്ഷരസാജാത്യമല്ലാതെ, അക്ഷരൈക്യം വേണമെന്നു നിര്‍ബ്ബന്ധവുമില്ല. ഇവയ്ക്കു പുറമേ ʻഅന്താദിപ്രാസവുംʼ രാമചരിതകാരന്‍ നിയമേന പ്രയോഗിക്കുന്നു. ഒരു പാട്ടിന്റെ അവസാനത്തിലുള്ള ഏതെങ്കിലും ഒരു പദംകൊണ്ടുവേണം അടുത്ത പാട്ടാരംഭിക്കുവാന്‍ എന്നുള്ളതാണു് അതിനെ സംബന്ധിച്ച വിധി. അന്താദിപ്രാസം അച്ചടി എന്നല്ല, ലിപിപോലും, ഇല്ലാതിരുന്ന കാലത്തു ജനങ്ങളുടെ ധാരണാശക്തിയെ സഹായിക്കുന്നതിനു വേണ്ടി ദ്രാവിഡ കവികള്‍ കണ്ടുപിടിച്ച ഒരു ഉപായമാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. രാമചരിതത്തിലെ ആദ്യത്തെ പാട്ടു് ʻഞാനപൊരുളേʼ എന്ന പദത്തില്‍ അവസാനിക്കുകയും രണ്ടാമത്തെ പാട്ടു് ʻഞാനമെങ്കല്‍ʼ എന്നു് ആരംഭിക്കുകയും ചെയ്യുന്നതു നോക്കുക. തമിഴ്‌സാഹിത്യത്തില്‍ ʻഅന്താതിʼ എന്ന ഇനത്തിലുള്ള ലഘുസ്തോത്രങ്ങളിലാണു് ഈ പ്രാസം സാധാരണമായി പ്രയോഗിച്ചുകണ്ടിട്ടുള്ളതു്. എന്നാല്‍ പൂര്‍വ്വകാലങ്ങളില്‍ ഇതരകൃതികളിലും അതിനു പ്രവേശമുണ്ടായിരുന്നു എന്നുള്ളതിനു ʻപതിറ്റുപ്പത്തിʼ ലെ നാലാമത്തെ പത്തു് ജ്ഞാപകമാകുന്നു. ഇതു ഞാന്‍ മുമ്പു സൂചിപ്പിച്ചിട്ടുണ്ടു്. മലയാളസാഹിത്യത്തില്‍ പാട്ടു് എന്ന വിഭാഗത്തില്‍പ്പെട്ട ഒരു കൃതി എത്ര ദീര്‍ഘമായാലും അതില്‍ അന്താദിപ്രാസം നിരണംകവികളുടെ കാലത്തുപോലും അനുപേക്ഷണീയമായിരുന്നു. ഓരോ പരിച്ഛേദത്തിന്റേയും സമാപ്തിപോലും ഈ പ്രാസത്തിന്റെ തുടര്‍ച്ചയ്ക്കു ബാധകമല്ല.

വിഷയം

രാമചരിതം എന്നാണു് ഗ്രന്ഥത്തിന്റെ പേരെന്ന്.

ʻʻമനകുരുന്തിലിളകൊള്ളുമരവിന്തനയനന്‍
മലര്‍മടന്തയൊടുകൂടെ വന്തിരാമചരിതം
കനമഴിന്തു മൊഴിവോര്‍ക്കുമതു കേട്ടു മനതാര്‍
കളികൊള്‍വോര്‍ക്കുമിടരേതുമൊരുപോതുമണയാ.ˮ

എന്ന ഫലശ്രുതിയില്‍നിന്നും വെളിവാകുന്നു. അങ്ങിനെയാണെങ്കിലും രാമായണകഥ മുഴുവന്‍ അതില്‍ പ്രതിപാദിക്കണമെന്നു തനിക്കു് ഉദ്ദേശമില്ലെന്നു്

ʻʻഊനമറ്റെഴുമിരാമചരിതത്തിലൊരു തെ–
ല്ലുഴിയില്‍ച്ചെറിയവര്‍ക്കറിയുമാറുരചെയ‌്‌വാന്‍
ഞാനുടക്കിനതിനേണനയനേ! നടമിടെന്‍
നാവിലിച്ചയൊടു വച്ചടിയിണക്കമലതാര്‍.ˮ

എന്ന സരസ്വതീവന്ദനത്തില്‍ കവി നമ്മെ ധരിപ്പിക്കുകയും ആ ʻതെല്ല്ʼ ʻഅരചനായ് നിചിചരാതിപതിയെ പോരില്‍ നീ മുന്നം മുടിത്തമʼ അതായതു രാവണനിഗ്രഹവിഷയകമായ യുദ്ധകാണ്ഡമാണെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. ʻആതികാലമുള്ളരുംതൊഴില്‍കള്‍ ചെയ്തവ കഴിഞ്ഞാഴിമാനിനിയെ മീണ്ട വഴികൂറുകʼ എന്നുള്ളതാണു് അദ്ദേഹത്തിന്റെ ലക്ഷ്യം. സുന്ദരകാണ്ഡാവസാനംവരെയുള്ള ഇതിവൃത്തം ʻഉരപ്പതരിപ്പമെങ്ങളാല്‍ʼ എന്നും മറ്റും പറഞ്ഞു ചുരുക്കിക്കളയുന്നുണ്ടെങ്കിലും പ്രാസങ്ഗികമായി അതില്‍പ്പെട്ട കഥകളേയും അവിടവിടെ ഘടിപ്പിക്കുന്നുണ്ടു്. പ്രത്യേകിച്ചു ശ്രീരാമന്റെ പട്ടാഭിഷേകത്തിനു മുമ്പു ഭരതന്‍ താന്‍ ചിത്രകൂടത്തില്‍വച്ചു ജ്യേഷ്ഠനെ സന്ദര്‍ശിച്ചതിനുമേലുള്ള വൃത്താന്തങ്ങള്‍ അറിയണമെന്നു് ആശിച്ചപ്പോള്‍ ഹനൂമാന്‍ അതിനെ വിസ്തരിച്ചു പറഞ്ഞുകേള്‍പ്പിക്കുന്നു. അതിലേയ്ക്കു കവി നൂറ്റിരുപത്തെട്ടുമുതല്‍ നൂറ്റന്‍പത്തഞ്ചുവരെ ഇരുപത്തെട്ടു പരിച്ഛേദങ്ങളോളം വിനിയോഗിക്കുന്നുണ്ടു്. യുദ്ധകാണ്ഡപ്രതിപാദകമായ രാമചരിതത്തില്‍ തദനുരോധേന ഒരു യുദ്ധകാണ്ഡസംക്ഷേപംകൂടി അദ്ദേഹം ഉള്‍പ്പെടുത്തിക്കാണുന്നു. ആരണ്യകാണ്ഡകഥയും വളരെ വിവൃതമായി വര്‍ണ്ണിക്കുന്നു.

കവിയും കാലവും

രാമചരിതം നിര്‍മ്മിച്ചതു തിരുവിതാങ്കൂറിലെ ഒരു മഹാരാജാവാണെന്നും അതില്‍ യുദ്ധകാണ്ഡകഥമാത്രം വര്‍ണ്ണിച്ചതു തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനുവേണ്ടിയാണെന്നും ഒരൈതിഹ്യമുണ്ടു്. ʻഇകലില്‍ വെന്റി വിളയുംʼ എന്ന ഫലശ്രുതി ഈ ഐതിഹ്യത്തിനു് ഉപോല്‍ബലകവുമാണു്. ആ മഹാരാജാവിന്റെ പേര്‍ ആദിത്യവര്‍മ്മാവാണെന്നു കുറെക്കാലം പണ്ഡിതന്മാര്‍ സങ്കല്പിച്ചിരുന്നു; അതു തെറ്റാണെന്നും കവിയുടെ നാമധേയം ശ്രീരാമനാണെന്നുമുള്ളതിനു ഗ്രന്ഥത്തില്‍ത്തന്നെ ലക്ഷ്യമുണ്ടു്.

ʻʻഏതു നല്ല വഴിയല്ലലെന്നുമോളങ്ങളറൈ–
ന്തേവരും തളരുമാറുവരും വന്‍പിറവിയാം
ഓതയില്‍ക്കിടന്നു നീന്തുമതൊഴിത്തുകൊള്‍വതി–
ന്നൊന്റുമില്ല തൊഴിലേതും മികവെന്റ നിനവാല്‍
ആതിതേവനിലമിഴ്‌ന്ത മനകാമ്പുടയ ചീ–
രാമനന്‍പിനൊടിയറ്റിന തമിഴ്‌ക്കവിവല്ലോര്‍
പോതില്‍മാതിനിടമാവരുടല്‍ വീഴ്‌വതിനുപിന്‍
പോകിപോകചയനന്‍ ചരണതാരടവരേˮ

എന്നു ഒടുവിലത്തേപ്പാട്ടു നോക്കുക. [2]

ʻചീരാമന്‍ʼ എന്നതു ശ്രീരാമന്‍ എന്ന പദത്തിന്റെ തത്ഭവമാണെന്നും അദ്ദേഹം ക്രി. പി. 1195 മുതല്‍ 1208 വരെ തിരുവിതാങ്കൂര്‍ ഭരിച്ച മണികണ്ഠബിരുദാലങ്കൃതനായ ശ്രീവീരരാമവര്‍മ്മാവാണെന്നുമാണു് എന്റെ അഭിപ്രായം. ʻപോകിപോകചയനാ, കവിയെനക്കരുള്‍ചെയ്യേʼ എന്നു് ആരംഭത്തിലും ʻപോകിപോകചയനന്‍ ചരണതാരണവരെʼ എന്നു് അവസാനത്തിലും പ്രസ്താവിച്ചിട്ടുള്ളതിനുപുറമേ ഒടുവില്‍ ʻʻപല്പനാപന്‍തന്‍വിമാനവരമേറിയരുളിപ്പാല്ക്കടല്‍ക്കു മെല്ലെ നിന്റെഴുന്നത്തുടങ്ങിനാന്‍ˮ എന്നു പറഞ്ഞിട്ടുള്ളതും കവിയുടെ കുലദൈവം അനന്തശയനനായ ശ്രീപത്മനാഭനാണെന്നു സൂചിപ്പിക്കുന്നു. ʻചീരാമന്‍ʼ എന്നതു ʻശിവരാമന്‍ʼ എന്ന പദത്തിന്റേയും തത്ഭവമാകാമെന്നും ʻഭോഗിഭോഗശയനന്‍ʼ എന്ന പദത്തെ മഹാവിഷ്ണുവിന്റെ ഒരു പര്യായമെന്ന നിലയില്‍ മാത്രമേ ഗണിക്കേണ്ടതുള്ളു എന്നും ഐതിഹ്യമനുസരിച്ചു പ്രണേതാവാകേണ്ട ആദിത്യവര്‍മ്മാവിനു് അതിനു തരമില്ലാത്തതുകൊണ്ടു് അദ്ദേഹത്തിന്റെ ചാര്‍ച്ചക്കാരനായി ഒരു ശ്രീരാമനുണ്ടെന്നു വേണമെങ്കില്‍ സമ്മതിക്കാമെന്നും ഒരു പക്ഷാന്തരം ഉത്ഭവിച്ചിട്ടുണ്ടു്. ശ്രീരാമന്‍, ശിവരാമന്‍ എന്നീ രണ്ടു പദങ്ങളില്‍ ഏതിനാണു് ശ്രീരാമപദത്തിന്റെ തത്സമമാകുവാന്‍ യോഗ്യതയുള്ളതെന്നു ശബ്ദശാസ്ത്രനിഷ്ണാതന്മാര്‍ നിര്‍ണ്ണയിച്ചുകൊണ്ടാല്‍ മതി. ʻചീʼ എന്ന പദത്തിനു ʻശ്രീʼ ലക്ഷ്മി എന്നു തമിഴില്‍ അര്‍ത്ഥമുണ്ടു്. ബഹുമാനസൂചകമായി സംജ്ഞാനാമങ്ങള്‍ക്കും മറ്റും മുന്‍പില്‍ അതു ചേര്‍ക്കാവുന്നതുമാണു്.

ഈ വിധിക്കു ചീരാമന്‍, ചീപാതം, (ശ്രീപാദം). എന്നു രണ്ടുദാഹരണങ്ങള്‍ മദിരാശി വിശ്വവിദ്യാലയദ്രാവിഡനിഘണ്ടുവില്‍ എടുത്തുകാണിച്ചിട്ടുമുണ്ടു്. മറ്റു വാദകോടികളും ക്ഷോദക്ഷമങ്ങളല്ല. ശ്രീവീരരാമവര്‍മ്മാവിന്റെ ശിലാരേഖകള്‍ തിരുവനന്തപുരത്തു മിത്രാനന്ദപുരത്തും നെയ്യാറ്റിന്‍കരയില്‍ വെള്ളായണിയിലും അഗസ്തീശ്വരത്തു പുരവശ്ശേരിയിലും കാണ്മാനുണ്ടു്. പുരവശ്ശേരിയിലെ രേഖയില്‍നിന്നു് അദ്ദേഹം ഋഗ്വേദവും യജൂര്‍വേദവും പഠിപ്പിക്കുന്നതിനു് ആ ക്ഷേത്രത്തില്‍ രണ്ടു് ഉപാധ്യായന്മാരെ നിയമിച്ചതായി വെളിപ്പെടുന്നു. രാമചരിതകാരന്‍ കൊല്ലം നാലാംശതകത്തില്‍ ജീവിച്ചിരുന്നു എന്നു ഞാന്‍ പറയുന്നതു ഗ്രന്ഥത്തിലെ ഭാഷയെ ആസ്പദമാക്കി മാത്രമല്ല, വാല്മീകിരാമായണത്തിനു പുറമേ അദ്ദേഹം ക്രി. പി 1120-1200 ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ദ്രാവിഡദേശത്തെ അലങ്കരിച്ചിരുന്ന കവിചക്രവര്‍ത്തിയായ കമ്പരേയും ചിലഘട്ടങ്ങളില്‍ ഉപജീവിച്ചിരുന്നതായി തോന്നുന്നതുകൊണ്ടുമാണു്. കമ്പര്‍ക്കും രാമചരിതകാരനും ശ്രീരാമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്നുള്ള വിശ്വാസം ആദ്യന്തമുണ്ടു്. ആദികവിയാകട്ടെ അപൂര്‍വം ചില അവസരങ്ങളിലൊഴികെ അവിടുത്തെ കേവലം ഒരു രാജകുമാരനായി മാത്രമേ അവതരിപ്പിക്കുന്നുള്ളു. വിഭീഷണോപദേശം മുതലായ സന്ദര്‍ഭങ്ങളില്‍ രാമചരിതകാരന്‍ കമ്പരെ സ്മരിക്കുന്നതായി തോന്നുന്നു. കമ്പര്‍ കേരളത്തില്‍ വരികയും അനേകം പണ്ഡിതസദസ്സുകളില്‍ തന്റെ രാമായണം പാടിക്കേള്‍പ്പിക്കുകയും ചെയ്തതായി പുരാവൃത്തം ഘോഷിക്കുന്നു എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ അനുയായി എന്ന നിലയില്‍ ആ ആഗമനത്തിന്റെ സ്മരണ മന്ദീഭവിക്കുന്നതിനു മുമ്പില്‍ രാമചരിതകാരന്‍ തന്റെ ഗ്രന്ഥം കേരളഭാഷയില്‍ പാട്ടായി രചിച്ചു എന്നൂഹിക്കുന്നതില്‍ അപാകമുണ്ടെന്നു തോന്നുന്നില്ല. പുനത്തിന്റെ രാമായണചമ്പുവില്‍ ശൂര്‍പ്പണഖയുടെ

ʻʻവിണ്ണോര്‍കോനേതുമാകാവുണരുവതിനവ–
ന്നോര്‍ക്കിലങ്ഗേഷു നീളെ–
ക്കണ്ണല്ലോ; വഹ്നിയോടുള്ളണുവുമവ നിന–
ച്ചാല്‍ മരിച്ചെന്നി വേണ്ടˮ

എന്നും മറ്റും സുപ്രസിദ്ധമായ ഒരു ദേവോപാലംഭമുണ്ടല്ലോ. ആ ആശയത്തിന്റെ ഉപജ്ഞാതാവായി കരുതേണ്ടതു രാമചരിതകാരനെയാണു്.

ʻʻഇക്കുവില്ലവന്നു തനിയേ പകയനല്ലോ;
ഈചനളകേചനപിമാനി പെരികാനാല്‍
കൈക്കൊള്ളരുതങ്കിയൊടടുക്കിലുടലം വേം;
കാലനുലകുക്കുയിര്‍ പറിക്ക തൊഴിലെന്റുംˮ

എന്നും മറ്റും നൂറ്റിമുപ്പത്തൊന്നാം പരിച്ഛേദത്തിലുള്ള പ്രസ്താവന നോക്കുക. രാമചരിതകാരനു പുനമാണു് ഉപജീവ്യന്‍ എന്നു പറഞ്ഞാല്‍ നിരണംകവികളേക്കാള്‍ അര്‍വാചീനനാണു് രാമചരിതകാരന്‍ എന്നു സമ്മതിക്കേണ്ടിവരും. അതു് ഒരു വിധത്തിലും നിരക്കുന്നതല്ല.

രാമചരിതം ഒരു തമിഴ്‌ക്കൃതിയോ മിശ്രഭാഷാകൃതിയോ?

ചില പണ്ഡിതന്മാര്‍ രാമചരിതം കമ്പരാമായണം പോലെയുള്ള ഒരു ചെന്തമിഴ്‌ക്കൃതിയാണെന്നും മറ്റു ചിലര്‍ അതു കണിയാങ്കുളത്തുപോരു്, രാമകഥപ്പാട്ടു് മുതലായവപോലെ ഇടക്കാലത്തു തെക്കന്‍തിരുവിതാംകൂറിലുണ്ടായ ഒരു മിശ്രഭാഷാകൃതിയാണെന്നും അഭിപ്രായപ്പെടുന്നു. ഈ രണ്ടഭിപ്രായവും യുക്തിസഹമല്ല. ഞാന്‍ പ്രസിദ്ധപ്പെടുത്തിയിടത്തോളമുള്ള രാമചരിതത്തിന്റെ ഭാഗങ്ങള്‍ വായിച്ചുനോക്കി ദ്രാവിഡഭാഷാപണ്ഡിതന്മാരില്‍ അഗ്രഗണ്യനായിരുന്ന ശ്രീ. റ്റി. ഏ. ഗോപിനാഥരായര്‍ ചെന്തമിഴ്‌മാസിക പതിമ്മൂന്നാം സഞ്ചികയില്‍ താഴെ കാണുന്നവിധം പ്രസ്താവിക്കുകയുണ്ടായി. ʻʻഈ കാവ്യം ഇതുവരെ കണ്ടിട്ടുള്ള കേരളഭാഷാ കൃതികളില്‍ പ്രാചീനമായതാണു്. ഇതിന്റെ കാലം ഇന്നുവരെ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇതിനു വളരെ പഴക്കമുണ്ടെന്നു തെളിയുന്നു....ഇതു തമിഴ്‌കാവ്യമോ മലയാളകാവ്യമോ എന്നു തീര്‍ച്ചപ്പെടുത്തുവാന്‍ നിവൃത്തിയില്ല. ചില പ്രയോഗങ്ങള്‍ മലയാളത്തെ അനുസരിക്കുന്നതുകൊണ്ടും ഉല്‍പത്തിസ്ഥാനം കേരളമായതുകൊണ്ടും മലയാളകാവ്യമെന്നു പറയാമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇതിലെ ഭാഷ തമിഴാണെന്നു ശീഘ്രമായി ബോധപ്പെടുന്നതാണു്. ഇതിനെയാണു് മലയാളികള്‍ മലയാളഭാഷയെന്നു പറയുന്നതു്. മലയാളമെന്നൊരു തനിബ്‌ഭാഷയില്ലെന്നും അതു പഴന്തമിഴ്‌തന്നെയാണെന്നും ഞാന്‍ മുമ്പുതന്നെ തെളിയിച്ചിട്ടുണ്ടു്.ˮ പ്രസ്തുത കൃതിയുടെ പ്രാചീനതയെ സംബന്ധിച്ചിടത്തോളം ആ പണ്ഡിതന്റെ പ്രസ്താവന സ്വീകാരയോഗ്യമാണു്. അദ്ദേഹം ആദ്യത്തെ പരിച്ഛേദത്തില്‍ താഴെക്കാണുന്ന പദങ്ങളും മറ്റു മലയാളമാണെന്നു സമ്മതിക്കുന്നു. (1) ഞാന്‍ (യാന്‍), (2) തുനിയല്‍ (തുണിയല്‍), (3) വിളയിച്ചു തെളിയിച്ച (വിളൈവിച്ചു തെളിവിച്ച), (4) ചെറിയവര്‍ (ചിറിയവര്‍), (5) എങ്ങും (എങ്കും), (6) പതിയെ (പതിയൈ), (7) തന്തതം (ചന്തതം), (8) അറഞ്ഞ (അറൈഞ്ച), (9) മകരകേതനനുടേ (മകരകേതനനുടൈയ),

(10) കുതുമ (കുചുമ), (11) മാഴനീണ്‍മിഴിയെ (മാഴൈനീണ്‍മിഴിയൈ), (12) പൊരുന്ന (പൊരുകിന്റ), ഇതില്‍നിന്നു് അദ്ദേഹം രാമചരിതം ഒരു തനിച്ചെന്തമിഴ്‌ക്കൃതിയെന്നു ശഠിച്ചിരുന്നില്ലെന്നു കാണാവുന്നതാണു്. ഈ വസ്തുത ചില ഉദാഹരണങ്ങള്‍ ഉദ്ധരിച്ചു് ഒന്നുകൂടി വിശദമാക്കാം. താഴെക്കാണുന്ന വാക്കുകളും വരികളും രാമചരിതത്തിലുള്ളവയാകുന്നു. (1) എന്മാന്‍ (എന്നു പറവാന്‍), (2) ഉണ്ടായിതൊട്ടൊരു പിണക്കമവര്‍ തമ്മില്‍, (3) പോര്‍വില്ലുമായരിയ പോര്‍ക്കളരി പുക്കാന്‍, (4) മമ്മാ (പില്‍കാലത്തു ചമ്പുക്കളില്‍ കാണുന്ന ആശ്ചര്യദ്യോതകമായ ഒരു വ്യാക്ഷേപകം), (5) കണ്ടില്ല മുമ്പിലിങ്ങു വന്നവരെ ഞാനോ, (6) നന്നാലു താ (സാ)യകങ്ങളെറ്റിയതികായന്‍ നമ്മോടൊല്ലായിവയെല്ലാമെന്ന നടന്താന്‍, (7) മുക (ഖ) പങ്കച (ജ) മണിഞ്ഞു വിയര്‍പ്പുതുള്ളികള്‍, (8) ചെങ്ങിച്ചിതറിയമിഴികളോടും, (9) മുമ്പിലൊരറിവു നിനക്കുണ്ടായോ, (10) എരിപൊരിയെടുത്തു വേവുറ്റെഴിന്റതു കുറ്റമല്ല, (11) കുറിയോലയും നല്കി, (12) കോയില്‍കൊള്‍കയിനിയെന്നുമേ, പിതിട് (പിശിട്), വേളാവിക്കുക (ആക്രമിക്കുക), ഇടങ്ങേടു്, അണയ (സമീപത്തു), ഓരോപാടേ, പൊലിക്കാണം, ചെഞ്ചെമ്മേ മുതലായി തമിഴില്‍ പ്രയോഗമില്ലാത്ത വേറേയും അനേകം പദങ്ങള്‍ ഈ കൃതിയില്‍ കാണ്മാനുണ്ടു്. ലിങ്ഗവചന പ്രത്യയങ്ങള്‍ ചേര്‍ക്കാതെ ʻപെരുതാകിന്റൂ മുന്നം വന്തു്ʼ എന്നും ʻമുടിന്തടലില്‍ വീഴ്‌ന്തുʼ എന്നും മറ്റുമുള്ള പൂര്‍ണ്ണ ക്രിയാപദങ്ങളും ഇതില്‍ ധാരാളമായുണ്ടു്. അന്തരാ, അവിരതം, അനവരതം, വിയതി (ആകാശത്തില്‍), വാചി (വാക്കില്‍), വാചാ (വാക്കുകൊണ്ടു്), അനന്തരം, നിയതം, ആമരണാന്തം, വാരണാനനന്‍, ചരണേ (ചരണത്തില്‍), കേകീനാം (കേകികളുടെ) കാനനേ (കാട്ടില്‍) തുടങ്ങിയ സംസ്കൃതപദങ്ങളും ഇല്ലെന്നില്ല. ഈ തെളിവുകളെല്ലാം വച്ചുനോക്കുമ്പോള്‍ രാമചരിതം ഒരു ചെന്തമിഴ്‌ക്കാവ്യമാണെന്നു് അഭിജ്ഞന്മാര്‍ പറയുന്നതല്ല. ഇതില്‍നിന്നു യഥാകാലം, യഥാക്രമം സഞ്ജാതമാകുന്ന വികാസമാണു് നിരണംകൃതികളില്‍ നാം നിരീക്ഷിക്കുന്നതു്. പ്രസ്തുത കൃതിക്കും കണിയാങ്കുളത്തുപോരിനും തമ്മില്‍ ഏകോദര സഹോദരത്വം സങ്കല്പിക്കുന്ന പണ്ഡിതന്മാരോടും എനിക്കു മേലുദ്ധരിച്ച ഉദാഹരണങ്ങള്‍തന്നെയാണു് തെളിവായി പ്രദര്‍ശിപ്പിക്കേണ്ടിയിരിക്കുന്നതു്. ഇത്തരത്തില്‍ ഒരു വാക്യമോ വാചകമോ വാക്കോ കന്നടിയന്‍പോരു മുതല്‍ ദിവാന്‍വെറ്റിവരെയുള്ള തെക്കന്‍പാട്ടുകളില്‍നിന്നു് ഉദ്ധരിച്ചു സ്വപക്ഷം സ്ഥാപിക്കുവാന്‍ കഴിയുമോ എന്നു് അവര്‍ പരീക്ഷിയ്ക്കട്ടെ; സാധിക്കുകയില്ല. അതിന്നു കാരണം രാമചരിതം അതുണ്ടായ കാലത്തു മലയാളം പാട്ടിനു് ഉപയോഗിച്ചിരുന്ന സാഹിത്യഭാഷയിലും ഇതരകൃതികള്‍ അതാതു കാലത്തു തെക്കന്‍തിരുവിതാംകൂറില്‍ പ്രചരിച്ചിരുന്ന നാടോടിത്തമിഴിലും രചിച്ചിട്ടുള്ളതു തന്നെയാണു്. രണ്ടാമത്തെ ഇനത്തില്‍പ്പെട്ട കൃതികള്‍ പ്രായേണ കുടപ്പനയോലയിലല്ലാതെ താളിയോലയില്‍ എഴുതി വയ്ക്കുകപോലും പതിവില്ലായിരുന്നു; ചിറയിന്‍കീഴിനു വടക്കു് അവയില്‍ ഒന്നുപോലും കണ്ടെടുക്കാന്‍ കഴിയുന്നതുമല്ല. രാമചരിതത്തിന്റെ സ്ഥിതി അതൊന്നുമല്ല; അതു കണ്ണശ്ശരാമായണവും അദ്ധ്യാത്മരാമായണം കിളിപ്പാട്ടുപോലെ കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റം വരെ അനേകം പഴയ ഗ്രന്ഥപ്പുരകളില്‍ കാണാവുന്നതാണു്. വട്ടെഴുത്തില്‍ പകര്‍ത്തീട്ടുള്ള അതിന്റെ പ്രതീകങ്ങളുമുണ്ടു്. ഉത്തരകേരളത്തില്‍നിന്നു് അതിന്റെ പല പ്രതികളും കണ്ടുകിട്ടീട്ടുണ്ടെന്നുള്ള വസ്തുതയും ഇവിടെ സ്മരണീയമാണു്. ʻവന്തുʼ എന്ന പദം ʻവന്റു്ʼ എന്നും ʻമന്നു്ʼ എന്ന പദം ʻമന്റു്ʼ എന്നും രാമചരിതത്തില്‍ കൃത്രിമമായി പ്രയോഗിച്ചിരിക്കുന്നതിനാല്‍ ആ കൃതിക്കു് അര്‍വാചീനത്വം കല്പിക്കണമെന്നു ചിലര്‍ പറയുന്നതിലും അര്‍ത്ഥമില്ല. ʻവന്റേന്‍ʼ എന്നൊരു രൂപം ലീലാതിലകകാരന്‍ രണ്ടാംശില്പത്തില്‍ നമുക്കു കാണിച്ചുതരുന്നതിനു പുറമേ ʻവന്റിട്ടന്റു വിഷണ്ണനായതറിവിന്‍ʼ എന്ന ഭാഗം ഉള്‍ക്കൊള്ളുന്ന ഒരു ശ്ലോകം നാലാംശില്പത്തില്‍ ഉദ്ധരിക്കുകയും ചെയ്യുന്നു. മന്നിനു മന്റെന്നുള്ള രൂപാന്തരവും പ്രയോഗസിദ്ധമാണു്. ʻമന്റില്‍ച്ചെല‌്‌വം പെരിയ തിരുവാമ്പാടിയില്‍ക്കൂടിയാടിʼ എന്നും മറ്റുമുള്ള ഉണ്ണുനീലിസന്ദേശശ്ലോകങ്ങള്‍ നോക്കുക. ലീലാതിലകത്തില്‍ രാമചരിതത്തില്‍നിന്നു് ഒരു ഭാഗവും ഉദ്ധരിച്ചിട്ടില്ലാത്തതുകൊണ്ടു് അതു് ആ ലക്ഷണഗ്രന്ഥത്തെ അപേക്ഷിച്ചു് അര്‍വാചീനമാണെന്നു വാദിക്കുന്നതും അയുക്തമാണു്. ലീലാതിലകകാരന്‍ പാട്ടിനല്ല മണിപ്രവാളത്തിനാണു് ലക്ഷഗ്രന്ഥം നിര്‍മ്മിക്കുന്നതെന്നും അതില്‍ ആനുഷങ്ഗികമായി മാത്രമേ പാട്ടിനെപ്പറ്റി പ്രസ്താവിക്കേണ്ട ആവശ്യകത അദ്ദേഹത്തിനു നേരിടുന്നുള്ളു എന്നും ആ ആവശ്യം അദ്ദേഹം ʻതരതലന്താന്‍ʼ എന്ന വിഷ്ണുസ്തോത്രംകൊണ്ടു നിര്‍വഹിക്കുന്നു എന്നും നാം ഓര്‍മ്മിക്കേണ്ടതാണു്. അഭാവത്തില്‍ നിന്നുള്ള അനുമാനം ദുര്‍ബ്ബലമാണെന്നുള്ളതു വിപ്രതിപത്തിക്കു വിഷയമല്ലല്ലോ.

കവിത

രാമചരിതകാരന്‍ വാല്മീകിമഹര്‍ഷിയെ ആദ്യന്തം അനുസരിച്ചുതന്നെയാണു് പ്രസ്തുതകാവ്യം രചിക്കുന്നതെങ്കിലും അവിടവിടെ കഥാഘടനയില്‍പ്പോലും തന്റെ മനോധര്‍മ്മരത്നങ്ങള്‍ മുക്തഹസ്തമായി വാരിവിതറീട്ടുണ്ടു്. രാമചരിതത്തിലെ രാവണന്‍ പഞ്ചവടിയില്‍ ഭിക്ഷുവേഷത്തില്‍ പ്രവേശിച്ചു് സീതാദേവിയെ ഭര്‍ത്തൃസന്നിധിയില്‍ കൊണ്ടുചെന്നാക്കാമെന്നു പറയുന്നു. അപ്പോള്‍ ശൂര്‍പ്പണഖ അവിടെ ആവിര്‍ഭവിച്ചു ദേവിയെ കൊന്നുതിന്നുമെന്നു ഭയപ്പെടുത്തുന്നു. അതു കണ്ടു വിറയ്ക്കുന്ന ദേവിയോടു രാവണന്‍ തേരില്‍ക്കേറുവനാന്‍ ഉപദേശിക്കുന്നു. ആഗതന്റെ ഉദ്ദേശം ˮഏതുമൊന്ററിവില്ലാമയാല്‍ വെന്റിമെത്തിടുമയോത്തിവേന്തനെ വിരന്തുകാണ്മതിനുˮ വേണ്ടി ദേവി ആ ഉപദേശമനുസരിക്കുന്നു. ഈ പൊടിക്കൈയൊന്നും വാല്മീകിരാമായണത്തിലില്ല. പട്ടാഭിഷേകഘട്ടത്തില്‍ നാരദമഹര്‍ഷിയെക്കൊണ്ടു കവി ദീര്‍ഘമായി ഒരു വിഷ്ണുസ്തോത്രം ഗാനം ചെയ്യിച്ചിരിക്കുന്നതും മൂലത്തിലുള്ളതല്ല. രാമചരിതത്തിലെ ആദിത്യഹൃദയം മൂലത്തേക്കാള്‍ ദീര്‍ഘമാണു്. രസനിഷ്ഠ, അലങ്കരണചാതുരി, മുതലായ വിഷയങ്ങളില്‍ കവിപ്രശംസാര്‍ഹനാണെങ്കിലും അദ്ദേഹത്തിന്റെ അന്യാദൃശമായ പദഘടനാപാടവമാണു് എന്നെ അത്യന്തം ആനന്ദപരവശനാക്കീട്ടുള്ളതു്. ചില ഉദാഹരണങ്ങള്‍ ഉദ്ധരിച്ചു് ആ വശ്യവാക്കിന്റെ കവനകുശലത വെളിപ്പെടുത്താം.

1. വിഭീഷണന്‍ രാവണനോടു പറയുന്നു:-
ʻʻവേന്തര്‍കോന്റനയനാകി വിര്‍ണ്ണവര്‍ക്കമുതായുള്ളില്‍–
ച്ചാന്തിചേര്‍ മുനിവര്‍ തേടും തനിമറക്കാതലാകി
പൂന്തഴൈക്കുഴലാള്‍ ചീതൈ പുണരണിമുലയ്ക്കുപ്പൂണ്‍പാ–
യാര്‍ന്തെഴുമരക്കര്‍ നഞ്ചായവനവതരിത്തുതയ്യാ.ˮ

2. പോര്‍ക്കളത്തിലെത്തിയ കുംഭകര്‍ണ്ണനെ കവി വര്‍ണ്ണിക്കുന്നു:–
ʻʻതിര പൊരുന്തുമലയാഴിതനെയാഴമറിവാന്‍
തെചമുകന്‍ തിറമുറുംപടി പടൈത്ത വടിവോ?

* * *


അഴിവില്ലാതെ കരുമാമലൈയൊരാളുരുവമാ–
യടല്‍ നമ്മോടു തനിയേ കരുതി വന്റ വരവോ?
പിഴകുലാവിനതു കണ്ടളവിരുണ്ടമിടറന്‍
പെരികരിപ്പമൊടു മുപ്പുരമെരിത്തയുരുവോ?
അഴിഞ്ഞു മാവെലിതന്നോടിരന്നു മാണിയുരുവാ–
യവനിമണ്ടലങ്ങള്‍ പണ്ടളന്ന കൊണ്ടല്‍വര്‍ണ്ണനോ?ˮ

3. ലക്ഷ്മണന്‍ ഇന്ദ്രിജിത്തിനോടു പറയുന്നു:–
ʻʻനീയേയെതിര്‍ക്കിലുമടല്‍ക്കൊടുമ തങ്കും
നിന്നോളം നല്ലവര്‍ പകയ്ക്കിലുമനേകം
കായാവുതന്‍മലര്‍ വണങ്കും നിറമേലും

കാകുത്തനൊണ്‍ കണകളാണയിതു ചൊല്ലാം
തൂയോ ചിലമ്പു[3]രതടത്തിടൈ നടത്തി–
ത്തൂവിന്റെ ചെങ്കുരുതിയോടുയിരകറ്റി
പേയാമുടമ്പു കഴുകും പരുന്തു കാകന്‍
പേയും പകുക്കുംവണ്ണമായ്ക്കളവന്‍ ഞാനേ.ˮ

4. ലക്ഷ്മണന്‍ മറ്റൊരവസരത്തില്‍ ഇന്ദ്രിജിത്തിനോടു പറയുന്നു:–
ʻʻപൊരുവതിനുറപ്പു പോരില്‍പ്പൊരുന്തിനോക്കിവണ്ണം നിന്റു
പരുപരപ്പറവതല്ല; പഴിപ്പരതറിവോര്‍ കേട്ടാല്‍;
ചരതമൊന്‍റ്റിയേണ്ടും നീ—തകുപുകഴങ്കിതേവ–
നൊരു മൊഴിയരുളിച്ചെയ്തല്ലൊരിക്കമായ്ച്ചുടുവതെങ്കും.
എങ്കുമീ വനംകടോറുമീടിന മരങ്കളൈച്ചീര്‍–
തങ്കിന പവനനൊക്കെത്തകര്‍പ്പതും ചൊല്ലിയല്ല;
ചെങ്കിന കരങ്കളാലേ തെരുതെരെപ്പറൈന്തോ ചൂടു–
തങ്കിന വെയിലാല്‍ വെയ്യോന്‍ തപിപ്പിതും തരണിതന്നെ?ˮ

5. ഇന്ദ്രജിത്തിന്റെ മരണംകേട്ട രാവണന്റെ വിലാപം:–
ʻʻതനിമരം മൂലമറ്റു തരണിയില്‍ വീഴ്‌ന്തപോലെ
കനമഴിന്തവനിമീതു കമിഴ്‌ന്തവന്‍ വീഴ്‌ന്തുണര്‍ന്തു
മനുകുലവീരനമ്പാല്‍ മറലിതന്‍ പുരം പുകുന്ത
തനയന്‍തന്‍ ചരിതം പേചച്ചമയ്ന്തനനരക്കര്‍കോമാന്‍.ˮ

* * *


ˮഇതമിവിടെക്കുറയ്ന്തോയെന്നെയും കളൈന്തു ചെമ്മേ
മതുമൊഴിയാളെ മണ്ടോതരിയെയുമറ മറന്തു
കതിരവന്‍കുലത്തു മന്നന്‍ കണകളാം തുണയുമായ് നീ–
യുതിരവുമണിന്തു കാലനുറവെടം പുകുന്തുകൊണ്ടു?ˮ

* * *


ʻʻഅടലിടെയചുരരുമ്പരമ്പരചാരിമാര്‍ മ–
റ്റിടയിടെക്കവികള്‍ വേന്തരിന്തിരനിവര്‍കള്‍ കാണ
ഉടലിടെ മനുചനമ്പേറ്റുടൈന്തു നീ വീഴ്‌ന്തുതേ നിന്‍
മുടിവു വന്തതിലുമേറ്റം മുഴുത്തിതു തുയരെനിക്കേ.ˮ

6. രാവണന്‍ സാരഥിയോടു കോപിക്കുന്നു:–
ʻʻകറകുറവല്ല വല്ലവനും ചകത്തിടയെന്നു കണ്ടോ
കരുതലരോടു പോരിടെ മാറിയോടുക വെറ്റിയേന്‍റോ
ഉറവുകനം നിനക്കവനോടിയന്‍റതു മൂലമായോ
ഉരപെറുമത്തിരങ്കളെല്ലാമെനിക്കറിവില്ലയെന്‍റോ
തിറമടലില്‍ച്ചുരുങ്കുകയോ കനക്കയെനിക്കു നേരേ
തെളുതെളെ വന്‍റ വാണങ്ങള്‍ കണ്ടു കേവലമഞ്ചിയോ ന–
ല്ലറിവില്ലയാമയോ വിരവില്‍ത്തിരിത്തിതു തേരികലെക്ക–
ന്‍റരചനടുത്തു കിട്ടിനപോതു തുട്ടരില്‍ മുമ്പുള്ളോയേ.ˮ

7. ശ്രീരാമനു് അഭിമുഖമായി സീതാദേവി പ്രവേശിക്കുന്നു:–
ʻʻനേരിടയാടുവാരണികൊങ്കയുഞ്ചുമടേറ്റിയേറ്റം
നീലനെടുങ്കണ്ണീരില്‍ നിറുത്തിയാനനപങ്കചം താ–
ഴ്‌ത്താരമണിന്ത മാര്‍വിടവും മറൈത്തു കരങ്കളാല്‍ മെ–
യ്യാമതൊളിത്തു കാര്‍കുഴല്‍കൊണ്ടും നേര്‍തുകില്‍കൊണ്ടുമെല്ലാം
താരണിചായല്‍ ചാനകി മെല്ലെ നാണിന വാണി ചോര–
ച്ചാരയുലൈന്ത മെയ്യൊടൊതുങ്കി മെല്ലടികൊണ്ടുമൊട്ടേ
പാരെയലങ്കരിത്തരചന്നടുത്തങ്ങിടത്തു വാനോര്‍–
പാനകമാരുടന്‍ പലര്‍ ചൂഴയൂഴി വിളങ്ക നിന്‍റാള്‍.ˮ

8. കവി അഗ്നിശുദ്ധയായ ജാനകിയെ സ്തുതിക്കുന്നു:–
ʻʻതാരിണങ്കിന കാനനേ നടമാടുവോ ചില കേകിനാം
ചമയമായ്‌വിരന്തൊലികൊള്‍ പീലികള്‍ വടിവു പോയ് വളരിന്റിതോ?
തീരരാനവരേവരും ചില പേയരായ് മുടിയും വണ്ണം
തിറമുലാവിന തിമിരതഞ്ചയമവനിമീതുയരിന്റിതോ?
താരകങ്കളമഴ്‌ത്തിയപ്പുനുകര്‍ന്തുയര്‍ന്തു പയോതരം
ചലിതപാതപതചിവനാകിയ തുണയുമായ് വന്തു താഴ്‌ന്തിതോ?
താരണിന്തു മണം പുണര്‍ന്തിടതൂര്‍ന്തു പിന്‍കഴല്‍ പൂണ്ടുകാര്‍–
തഴ തൊഴും കുഴലിവണ്ണമെന്നൊരു നിലനിറുത്തരുതെങ്ങളാല്‍.ˮ

9. തേരില്‍ കേറിയ ജാനകി രാവണനെ രാക്ഷസരൂപത്തില്‍ കാണുന്നു:–
ʻʻമായമായതു മറൈന്തനേരം വളര്‍കാളമേകപടലങ്ങള്‍നേര്‍
പോയിടംപെടുമുടമ്പു മേരുചികരങ്കള്‍പോല്‍പ്പല ചിരങ്കളും
തൂയവെള്ളെകിറുവന്‍ചരാവലിതൊടുത്തകൈകളു മടുത്തുക–
ണ്ടൂയലാടും മനമോടു ചാനകിയുലൈന്തുലൈന്തു മുറകോലിനാള്‍.

(1) ʻഎന്‍നയനങ്ങള്‍കൊണ്ടുവിരൈന്തുകോരിനുകര്‍ന്തുകൊള്‍വാന്‍ʼ
(2)ʻവിമലനാരതമുനിവരന്‍ കരകമലമേന്തിന വീണയുംʼ
(3)ʻകരിന്തടം കണ്ണാല്‍ക്കണ്ടു കയ്യാരത്തൊഴുതുനോക്കʼ
(4)ʻപുനല്‍ തിളച്ച മകരന്തമായ‌്‌വരിക പൂതലത്തൊഴുകുമാറെല്ലാംʼ

മുതലായ വരികളില്‍ എന്തൊരു അഭൌമമായ ശബ്ദാര്‍ത്ഥമാധുര്യമാണു് കരകവിഞ്ഞു കളിയാടുന്നതു്!

(1) ʻപാരില്‍ വേനല്‍ നടുവത്തിടി പടര്‍ന്തെങ്കും തുടര്‍ന്തകാടുപോല്‍ʼ (2) ʻകൊന്‍റ ചൂടം പിരാന്‍തന്‍ കൊടുങ്കനല്‍ നയനംപോലെʼ (3) ʼവന്‍റ വാരണങ്കളോടു വളരിളച്ചിങ്കം പോര്‍ക്കുചെന്‍റണയിന്റപോലെʼ (4) ʻകലമതി ചൂടുമണ്ണല്‍ തന്നോടു മുപ്പുരമുറ്റു നീറ്റിക്കളവതിനാഴിവര്‍ണ്ണനണൈന്തഴിന്തു മൊഴിന്തപോലെʼ എന്നീ ഉപമകളും, (1) ʻതിരിക്കരുതിവണ്ണമെന്നേ തെയ്‌വം തന്‍ നിലകളൊന്നുംʼ; (2) ʻവിതിയന്‍ നിനവിനു പിഴയെന്നും വിളയാ നിചിചരവരര്‍കോനേʼ; (3) ʻഒരുമിത്ത മനത്തനരാനാലൊന്നിന്നും കറവില്ലെന്നേʼ; (4) ʻമഴയൊടെഴും കൂന്‍പോളകള്‍പോല്‍ മന്നാ മനിതര്‍കള്‍ വാണാളുംʼ; എന്നീ അര്‍ത്ഥാന്തരന്യാസങ്ങളും ഹൃദ്യങ്ങളായിരിക്കുന്നു. ഫലിതത്തിനും ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്.

ʻʻഎന്നോടെതിര്‍ത്തു കൊടിയത്തിരങ്ങള്‍ കൈവി–
ട്ടേതേനുമാകിലെതിര്‍ താ, വിരഞ്ഞല്ലായ്കില്‍
പിന്നേ തുടര്‍ന്ത പടയോടും നടകൊള്‍ നീ;
പിന്‍കാവല്‍ ഞാന്‍ പെരിയ പോര്‍ക്കതകിനോളംˮ

എന്നു് അതികായന്‍ ലക്ഷ്മണനെ അപഹസിക്കുന്നു. ʻചിരവു മുടമ്പുമൊക്കൊരു ചക്കിലെള്‍പ്പരിചാക്കി വയ്പന്‍ʼ ʻആനയുടേ കളിക്കെതിരായിതല്ലോʼ എന്നും മറ്റുമുള്ള വാക്യങ്ങളും ഈ ഘട്ടത്തില്‍ സ്മരിക്കേണ്ടതാണു്. ശ്രീരാമന്‍ രാവണന്റെ ശിരസ്സുകള്‍ അരിഞ്ഞുതള്ളുമ്പോളെല്ലാം അവ വീണ്ടും മുളയ്ക്കുന്നതു കണ്ടിട്ടു് ഇങ്ങനെ പറയുന്നു.

ʻʻഅറിവറക്കുറൈന്തു നിന്നാലവിരതം ചെയ്യപ്പെട്ട
തിറമുറും പിഴകള്‍ക്കോരോ ചിരങ്കളെയറുക്കവേണ്ടി
കറവുകളോടു ഞാനെന്‍ കണകളാലരിയുന്തോറു–
മറുതിപെറ്റെഴുന്തു കൂടയുളവായേ വരിന്റുതെന്റാന്‍.ˮ

കവി ഒരു വലിയ വിഷ്ണുഭക്തനായിരുന്നു എന്നുള്ളതും ചില ഭാഗങ്ങളില്‍നിന്നു വ്യക്തമാകുന്നു. ʻഎന്മാലറുത്തരുളുമണ്ണല്‍ വിളയാട്ടായെയ്താന്‍ʼ ʻഎന്നുള്ളമെന്നും മലരിളകൊള്ളുമമ്മതുവൈരിʼ ഈ വരികള്‍ നോക്കുക. ഈ വിഷയത്തില്‍ എഴുത്തച്ഛനു പോലും മാര്‍ഗ്ഗദര്‍ശിയായാണു് നാം പ്രസ്തുത കവിയെ കാണുന്നതു്. ഇങ്ങനെ ശബ്ദാഗമജ്ഞന്മാര്‍ക്കും സാഹിത്യരസികന്മാര്‍ക്കും അത്യന്തം ആകര്‍ഷകമായി അനുഭവപ്പെടുന്ന ഒരു ഉത്തമകാവ്യമാകുന്നു രാമചരിതം. ഇതിന്റെ പ്രണേതാവിനെ മലയാളത്തിന്റെ ചാസര്‍ (Chaucer) എന്നു വ്യപദേശിച്ചാല്‍ അതു് ഏറ്റവും ഉപപന്നമായിരിക്കുമെന്നുള്ളതിനു സംശയമില്ല.

ആട്ടപ്രകാരത്തിലേ ഒരു പഴയ പാട്ടു്

രാമചരിതമാണു് ഇതുവരെ കണ്ടുകിട്ടീട്ടുള്ള ʻപാട്ടുʼകളില്‍ പ്രാചീനതമമെങ്കിലും അതിനു മുമ്പു രചിക്കപ്പെട്ടവയായി അപൂര്‍വം ചില ചില്ലറ ശീലുകള്‍ നമുക്കു ലഭിച്ചിട്ടില്ലെന്നില്ല. താഴെക്കാണുന്ന പാട്ടു മന്ത്രാങ്കം ആട്ടപ്രകാരത്തിലുള്ളതാണു്.

ʻʻമുന്തലേന്തിന ചൊല്‍വരങ്കളുമൂരുവേലയിലങ്കയും
ഇന്തിരന്‍തനെ വെന്റ മൈന്തനുമെണ്ണിലാത വരങ്കളും
പന്തുപോലരന്‍ വേപ്പെടുത്ത പണിപ്പുയങ്കളും മൗലിയോ-
രൈന്തുമൈന്തുമരിന്ത വാളുമൊരമ്പിനുക്കിരയായിതേˮ

ഈ പാട്ടു രാവണന്റെ മരണത്തെ വിഷയീകരിച്ചു് ആടേണ്ട ഒരു ഘട്ടം മന്ത്രാങ്കത്തിലുണ്ടു്. ʻനര്‍മ്മകഥാം കുര്യാല്‍ʼ എന്ന നിര്‍ദ്ദേശത്തോടുകൂടിയാണു് പ്രസ്തുതഗാനം ആട്ടപ്രകാരത്തില്‍ ഉദ്ധരിച്ചുകാണുന്നതു്. എന്നാല്‍ അതിനും മുമ്പു് ഒരു കാലത്തു് അങ്ങനെയുള്ള പാട്ടുകള്‍ പലതും രങ്ഗത്തില്‍ പ്രയോഗിച്ചിരുന്നു എന്നും അന്നു് അവയെ നര്‍മ്മോപയുക്തങ്ങളായല്ല കരുതിയിരുന്നതെന്നും ʻʻപറയൂര്‍ ചാക്കൈയന്‍ˮ ചെങ്കുട്ടുവന്റെ സന്നിധിയില്‍ അഭിനയിച്ച ʻകൊട്ടിച്ചേതംʼ താദൃശങ്ങളായ ഗാനങ്ങളെ ആസ്പദമാക്കിയായിരിക്കണമെന്നും തോന്നുന്നു. ʻമുന്തലേന്തിനʼ എന്ന പാട്ടിനുമേല്‍

ʻʻഇന്തിരനീലക്കണ്‍കളിരുപതു കോടക്കേട്ടേന്‍
ചുന്തരവടിവിനാളെത്തുളപ്പറക്കാണമാട്ടേന്‍ˮ

എന്നും മറ്റും വേറേയും ചില പാട്ടുകളും ഉണ്ടു്.

മുന്‍കാലത്തു് അകവല്‍, വെണ്‍പാ എന്നീ രണ്ടു വൃത്തങ്ങളേ ചെന്തമിഴില്‍ ഉണ്ടായിരുന്നുള്ളു. ʻഇന്തിരനീലക്കണ്‍കള്‍ʼ എന്ന പാട്ടില്‍ കാണുന്ന വൃത്തത്തിന്റെ ഉപജ്ഞാതാവു ക്രി. പി. ഒന്‍പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ചിന്താമണികാരനായ തിരുത്തക്കത്തേവരാണെന്നുള്ളതു സുപ്രസിദ്ധമാകയാല്‍ ഞാന്‍ മുമ്പുദ്ധരിച്ച ʻമുന്തലേന്തിനʼ എന്ന പാട്ടു ക്രി. പി. പത്താംശതകത്തിനു്—അതായതു കുലശേഖരവര്‍മ്മാവിന്റെ കാലത്തു്—നിര്‍മ്മിച്ചതായി കണക്കാക്കുവാനേ തരമുള്ളു.

പഴയ ഭാഷാഗദ്യം

പഴയ കാലങ്ങളിലെ ചില ശിലാരേഖകളിലും ചെപ്പേടുകളിലുംനിന്നു് അന്നത്തെ ഭാഷാഗദ്യരീതി എന്തെന്നു നമുക്കു ഏറെക്കുറെ മനസ്സിലാക്കാവുന്നതാണു്. സുറിയാനിക്രിസ്ത്യാനികളുടെ കൈവശം മൂന്നു ചെപ്പേടുകളും ജൂതന്മാരുടെ കൈവശം ഒരു ചെപ്പേടും ഉണ്ടു്. അവയില്‍ ക്രിസ്ത്യാനികളുടെ ശാസനങ്ങളില്‍ ആദ്യത്തേതു രണ്ടും സ്ഥാണുരവിപ്പെരുമാളും മൂന്നാമത്തേതു വീരരാഘവചക്രവര്‍ത്തിയും നല്കിയതാണു്. ഈ പട്ടയങ്ങള്‍ ഉത്ഭവിച്ചതു യഥാക്രമം ക്രി. പി. 885-മാണ്ടും 1320-മാണ്ടുമാകുന്നു. ജൂതന്മാര്‍ക്കു ശാസനം ദാനം ചെയ്തതു ഭാസ്കരരവിവര്‍മ്മപ്പെരുമാളാണു്. സ്ഥാണുരവി ക്രി. പി. 870 മുതല്‍ 900 വരേയും ഭാസ്കരരവി 978 മുതല്‍ 1036 വരേയും കേരളം രക്ഷിച്ചതായിക്കാണുന്നു. ഈ പട്ടയങ്ങളിലെ ഭാഷ തനിത്തമിഴാണു്. സ്ഥാണുരവിയുടെ ശാസനത്തില്‍നിന്നാണു് താഴെച്ചേര്‍ക്കുന്ന ഭാഗം ഉദ്ധരിക്കുന്നതു്. ʻʻകോത്താണുരവിക്കുത്തന്‍ പലനൂറായിരത്താണ്ടും മറുകുതലൈച്ചിറന്തടിപ്പട്ടുത്താളാ നിന്റയാണ്ടുള്‍ച്ചെല്ലാനിന്റയാണ്ടൈന്തു, ഇവ്വാണ്ടു വേണാടുവാഴ്‌കിന്റ അയ്യനടികടിരുവടിയുമ്മതികാരരും പിരകുതിയും (പ)ണി (ക...യും)മഞ്ചുവണ്ണമും പുന്നൈത്തലൈപ്പതിയുമ്മുടുവൈത്തുക്കുരക്കേണിക്കൊല്ലത്തു എശോദാതപിരായി ചെയ‌്‌വിത്ത തരുസാപ്പള്ളിക്കു ഐയനടികടിരുവടി കുടുത്ത വിടുപേറാവിതുˮ ഈ ശാസനഭാഷയില്‍ നിന്നു് അക്കാലത്തെ മലയാളത്തിന്റെ സ്വരൂപം നിര്‍ണ്ണയിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. മറ്റു പട്ടയങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണു്. എന്നാല്‍ വേറേ ചില രേഖകളിലെ തമിഴില്‍ മലയാളത്തിന്റെ സംക്രമം സ്പഷ്ടമായി കാണ്മാനുണ്ടു്. ശ്രീവല്ലഭന്‍കോത എന്ന വേണാട്ടുരാജാവിന്റെ മാമ്പള്ളിത്താമ്രശാസനത്തില്‍ ʻഇടംʼ എന്നതിനു ʻഎടʼമെന്നും ʻവൈത്തുʼ എന്നതിനു ʻവൈച്ചുʼ എന്നും ʻകടവന്‍ʼ എന്നതിനു ʻകടവിയന്‍ʼ എന്നും ʻപടുവതുʼ എന്നതിനു ʻപടുവിതുʼ എന്നും ʻഅവനുക്കുʼ എന്നതിനും ʻവേണാട്ടിര്‍ക്കുʼ എന്നതിനും ʻഅവന്‍കുʼ എന്നും ʻവേണട്ടിന്‍കുʼ എന്നും പ്രയോഗിച്ചിരിക്കുന്നു. ശാസനത്തിന്റെ കാലം കൊല്ലം 149-ആണ്ടാണു്. ഉദയമാര്‍ത്താണ്ഡവര്‍മ്മാ എന്ന വേണാട്ടുരാജാവിന്റെ കൊല്ലൂര്‍മഠം താമ്രശാസനത്തില്‍ എഴുന്നരുളി, തന്ന, അവരടിയ, പിടിച്ചു, അളന്നു, തിങ്ങള്‍, ചെലവിന്നു, പിറന്ന, കങ്ങണി, കളങ്ങരൈ, വിഴാവിന്നു, അവന്നൊള്ള, കെട്ടിന്റ വന്നു, എണ്ണ, മട മുതലായ പദങ്ങള്‍ കാണുന്നു; അനുനാസികങ്ങള്‍ ഈ ശാസനത്തില്‍ ധാരാളമായി പകര്‍ത്തീട്ടുണ്ടു്. ʻപങ്ങുനിʼ എന്നുപോലും ʻപൈങ്കുനിʼക്കു ലേഖകന്‍ രൂപഭേദം വരുത്തീട്ടുണ്ടു്. ഈ ശാസനം കൊല്ലം 364-ആണ്ടത്തേതാണു്. ദക്ഷിണകേരളത്തിലെ ശാസനങ്ങളാകകൊണ്ടാണു് ഇവയില്‍ ഇത്രമാത്രം തമിഴ് കടന്നുകൂടിട്ടുള്ളതെന്നു വാദിക്കുന്നവര്‍ ഭാസ്കരരവിയുടെ തിരുനെല്ലിശിലാരേഖകളും തിരുവിതാങ്കൂര്‍ പുരാണസംരക്ഷണവകുപ്പില്‍നിന്നും മറ്റും പ്രസിദ്ധപ്പെടുത്തീട്ടുള്ള കൊച്ചിയിലേ ചേന്നമങ്ഗലം തിരുവഞ്ചിക്കുളം മുതലായ സ്ഥലങ്ങളിലേ ശിലാലിഖിതങ്ങളും പരിശോധിച്ചു തങ്ങളുടെ അഭിപ്രായം മാറ്റേണ്ടതാണു്. വേണാട്ടിലെ വീര ഉദയമാര്‍ത്താണ്ഡവര്‍മ്മാവിന്റെ കൊല്ലം 426-ലെ ആറ്റൂര്‍ താമ്രശാസനമാണു് ഈ ഇനത്തില്‍ തനിമലയാളത്തിലുള്ള ആദ്യത്തെ രേഖയെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ മാതൃകകാണിക്കുവാന്‍ ഒരു ഭാഗം താഴെച്ചേര്‍ക്കാം.

ʻʻഅരുളിച്ചെയ്ത ശകാബ്ദം ആയിരത്തു ഒരുനൂറ്റെഴുപത്തു മൂന്നിന്‍മേല്‍ ചെല്ലാനിന്റകൊല്ലം നാനൂറ്റിരുപത്താറാമതു മേടഞായറു പത്തൊന്‍പതുചെന്ന വ്യാഴാഴ്ചയും മൂലവും അപരപക്ഷത്തു പഞ്ചമിയും ശിവാനിത്യയോഗവും വരാഹകരണവും പെറ്റയിന്നാള്‍ വേണാടു വാണ്ണരുളുന്ന (കീ)ഴ(വ്വേ)പ്പേരൂര്‍ ശ്രീവീര ഇരവി ഉദയമാര്‍ത്താണ്ഡവര്‍മ്മ ശിറവാ മൂത്തവരായ നാം മലമണ്ടലത്തു കണ്ണന്നൂര്‍ദേശത്തു പൂവംവിളാകത്തു കോവിക്കല്‍യിരിക്കും കാണിയാളര്‍കുലത്തില്‍ ശൈവാശാരമായ കാര്യത്തുറൈ തമ്പി ഇരവി കേരളവിക്രമ ഉടയാര്‍ക്കനയിനാര്‍ മുത്തളക്കുറിച്ചിയാന ശ്രീവി(വീ)രകേരളപുരത്തു മഹാദേവര്‍ കോവിലില്‍ മേല്‍കോയിമ്മ ഊരാണ്മസ്ഥാനം കൊടുക്കയില്‍ˮ

ഇതില്‍നിന്നു ക്രി. പി. പതിമ്മൂന്നാംശതകത്തില്‍ മലയാളം എത്രമാത്രം പരിപുഷ്ടിയെ പ്രാപിച്ചുകഴിഞ്ഞിരുന്നു എന്നും അങ്ങനെയാണെങ്കിലും ഭാഷാകവികളും മറ്റും അന്നും വ്യാവഹാരികഭാഷയില്‍നിന്നു് എത്രദൂരം അകന്ന ഒരു ശൈലിയില്‍ തങ്ങളുടെ കൃതികള്‍ നിര്‍മ്മിച്ചുവന്നു എന്നും സ്പഷ്ടമാകുന്നതാണു്.

കൗടലീയം ഭാഷാഗദ്യം

ക്രി. പി. പതിന്നാലാം ശതകത്തിനുമുമ്പു പദ്യത്തില്‍ രാമചരിതംപോലെ ഗദ്യത്തിലും മഹനീയമായ ഒരു നിധി ഭാഷയ്ക്കു ലഭിച്ചിട്ടുണ്ടു്. അതു് ഇന്നു ലോകത്തിന്റെ പരമാദരത്തെ സര്‍വഥാ ആര്‍ജ്ജിച്ചിരിക്കുന്ന കൗടലീയാര്‍ത്ഥശാസ്ത്രത്തിന്റെ തര്‍ജ്ജമയാണു്. അര്‍ത്ഥശാസ്ത്രത്തിന്റെ പ്രണേതാവു മൗര്യവംശം സ്ഥാപിച്ചു ക്രി. മു. 321 മുതല്‍ 298 വരെ രാജ്യഭാരം ചെയ്ത ചന്ദ്രഗുപ്തനെ ആര്യാവര്‍ത്ത ചക്രവര്‍ത്തി ആക്കി അദ്ദേഹത്തിന്റെ അമാത്യപദം അലങ്കരിച്ച മഹാനുഭാവനും കൗടല്യന്‍ എന്നും ചാണക്യന്‍ എന്നു മറ്റുമുള്ള അഭിധാനാന്തരങ്ങളാല്‍ സുവിദിതനുമായ വിഷ്ണുഗുപ്തനെന്നാകുന്നു ഭാരതീയരുടെയിടയില്‍ പണ്ടുപണ്ടേയുള്ള ഐതിഹ്യം. അദ്ദേഹത്തിനു ദ്രാമിളനെന്നും ഒരു പേരുണ്ടു്. കൗടല്യന്‍ കാഞ്ചീപുരത്തു ജനിച്ചുവളര്‍ന്ന പൂര്‍വശിഖനായ ഒരു ദ്രാവിഡബ്രാഹ്മണനായിരുന്നു എന്നും അദ്ദേഹം ഉപജീവനമന്വേഷിച്ചാണു് നന്ദരാജധാനിയായ പാടലീപുത്രത്തെ പ്രാപിച്ചതെന്നും ചിലര്‍ പറയുന്നു. ദ്രമിളദേശീയനാകയാലാണു് അദ്ദേഹത്തിനു ദ്രാമിളനെന്നു പേര്‍ സിദ്ധിച്ചതു്. ʻകുടലന്‍ʼ എന്ന ഋഷിയുടെ ഗോത്രത്തില്‍ ജനിക്കുകയാല്‍ കൗടല്യന്‍ എന്നും പേര്‍ വന്നു. അര്‍ത്ഥശാസ്ത്രസമുദ്രത്തില്‍നിന്നു് ആ മഹാമേധാവി നീതിശാസ്ത്രമാകുന്ന അമൃതത്തെ ഉദ്ധരിച്ചു എന്നു ക്രി. പി. നാലാംശതകത്തില്‍ ജീവിച്ചിരുന്ന കാമന്ദകന്‍ അദ്ദേഹത്തിന്റെ നീതിസാരത്തില്‍ പ്രസ്താവിക്കുന്നു. അര്‍ത്ഥശാസ്ത്രത്തില്‍ അനേകം പൂര്‍വസൂരികളുടെ (ഇന്ദ്രന്‍, ബൃഹസ്പതി, ശുക്രന്‍, നാരദന്‍, പരാശരന്‍, ഭീഷ്മര്‍, ദ്രോണര്‍, വിദുരര്‍ തുടങ്ങിയവരുടെ) മതങ്ങളെ ഭാഷ്യകാരന്മാര്‍ പ്രപഞ്ചനം ചെയ്തപ്പോള്‍ പല പരസ്പരവൈപരീത്യങ്ങളും അവരുടെ കൃതികളില്‍ കടന്നുകൂടി എന്നും അതു കണ്ടു് എല്ലാവര്‍ക്കും മനസ്സിലാകത്തക്കവിധത്തില്‍ വലിയ വിസ്തരമൊന്നുംകൂടാതെ താന്‍ സൂത്രവും ഭാഷ്യവുമടങ്ങിയ ഒരു പുതിയ ഗ്രന്ഥം നിര്‍മ്മിച്ചു എന്നും കൗടല്യന്‍തന്നെ വ്യക്തമായി ഗ്രന്ഥാന്തത്തില്‍ ഉദീരണം ചെയ്തിട്ടുണ്ടു്. കൗടലീയം ഒരു ഗ്രന്ഥമല്ല; പ്രാചീനഭാരതത്തിലെ ഒരു ഗ്രന്ഥസമൂഹമാണു് എന്നാകുന്നു പ്രസ്തുതനിബന്ധത്തെപ്പറ്റി അഭിജ്ഞന്മാരുടെ അഭിപ്രായം. അതിനു ഭട്ടസ്വാമിയുടെ പ്രതിപദപഞ്ചിക, മാധവയജ്വാവിന്റെ നയചന്ദ്രിക, ഭിക്ഷുപ്രഭമതിയുടെ ജയമങ്ഗള എന്നിങ്ങനെ മൂന്നു പ്രാചീനസംസ്കൃതവ്യാഖ്യാനങ്ങള്‍ കണ്ടുകിട്ടീട്ടുണ്ടു്. എന്നാല്‍ ഒരു ഭാഷാവ്യാഖ്യാനം എന്നു പറവാന്‍ ആകെക്കൂടി കേരളത്തിലെ കൗടലീയം മാത്രമേ ആവിര്‍ഭവിച്ചിട്ടുള്ളു എന്നുള്ളതു നമുക്കു് അത്യന്തം അഭിമാനോല്‍പാദകമാകുന്നു. മലയാളത്തിലെ സാഹിത്യം നിസ്സാരമാണെന്നു വാദിക്കുവാന്‍ തുടങ്ങുന്നവരോടു് അര്‍ത്ഥശാസ്ത്രത്തിനു് ഒരു പഴയ തര്‍ജ്ജമ ഭാരതത്തിലെ മറ്റേതു ഭാഷയിലുണ്ടെന്നു നമുക്കു ന്യായമായി ചോദിക്കാവുന്നതാണു്. അര്‍ത്ഥശാസ്ത്രത്തില്‍ പതിനഞ്ചു് അധികരണങ്ങളുണ്ടു്; അവയില്‍ ആദ്യത്തെ ഏഴധികരണങ്ങള്‍ക്കു മാത്രമേ പ്രസ്തുത ഭാഷാവ്യാഖ്യാനം ലഭിച്ചിട്ടുള്ളു. ബാക്കിയുള്ള അധികരണങ്ങളും അദ്ദേഹം വ്യാഖ്യാനിച്ചിരിക്കുമെന്നു് ഊഹിക്കുവാന്‍ ന്യായമുണ്ടു്. അവയില്‍ ഒന്നും രണ്ടും അധികരണങ്ങള്‍ തിരുവിതാങ്കൂര്‍ ഗവര്‍മ്മെന്റില്‍ നിന്നു പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. യശശ്ശരീരനായ ഡോക്ടര്‍ ഗണപതിശാസ്ത്രികള്‍ അര്‍ത്ഥശാസ്ത്രത്തിനു ശ്രീമൂലം എന്നൊരു വിശദമായ വ്യാഖ്യാനം രചിച്ചിട്ടുണ്ടല്ലോ. ആ വ്യാഖ്യാനമെഴുതാന്‍ അദ്ദേഹത്തിനു പ്രധാനാവലംബമായിരുന്നതു് ഈ ഭാഷാനുവാദരൂപമായ മഹാഗ്രന്ഥമാണു്.

ഗ്രന്ഥത്തിന്റെസ്വരൂപം

ഭാഷാകൗടലീയത്തിന്റെ പ്രണേതാവു് ആരെന്നറിയുവാന്‍ ഒരു മാര്‍ഗ്ഗവും കാണുന്നില്ല. ഭാഷയുടെ പഴക്കംകൊണ്ടു ചേരരാജാക്കന്മാര്‍ക്കു പ്രാബല്യമുണ്ടായിരുന്ന ക്രി. പി. ഒന്‍പതാംശതകത്തിലോ പത്താം ശതകത്തിലോ ആയിരുന്നു അതിന്റെ നിര്‍മ്മിതി എന്നു് അനുമാനിക്കാം. അവരില്‍ ഏതോ ഒരു രാജാവിന്റെ ആജ്ഞ അനുസരിച്ചായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ രചന എന്നും വരാവുന്നതാണു്. ʻʻസ്വധര്‍മ്മാദ്ദായാദ്യാദ്വോപരുദ്ധഃˮ എന്ന മൂലത്തിലെ പങ്‌ക്തി അദ്ദേഹം ʻʻസ്വധര്‍മ്മമാവിതു ദാക്ഷിണാത്യര്‍ക്കു മാതുലകന്യാവിവാഹാദികള്‍; ദായാദമാവിതു ദാക്ഷിണാത്യര്‍ക്കേ തമ്മാമന്‍ ധനം മരുമക്കള്‍ കൊള്ളുമതു; അങ്ങനെയൊള്ള ധര്‍മ്മത്തിലും ചെറുക്കപ്പെട്ടവന്‍ˮ എന്നു വ്യാഖ്യാനിക്കുന്നു. എന്നാല്‍ ഭിക്ഷുപ്രഭമതിയുടെ ജയമങ്ഗലയില്‍ പൈതൃകസ്വത്തെന്നാണു് അര്‍ത്ഥം പറഞ്ഞുകാണുന്നതു്. അതുകൊണ്ടു ʻതമ്മാമന്‍ ധനം മരുമക്കള്‍ കൊള്ളുമതുʼ ദേശാചാരമായ കേരളത്തില്‍ ജീവിച്ചിരുന്ന ഏതോ ഒരു പണ്ഡിതനാണു് ഭാഷാ കൗടലീയം നിര്‍മ്മിച്ചതു് എന്നു സിദ്ധിക്കുന്നു. അദ്ദേഹം രാജനീതിയിലും അര്‍ത്ഥശാസ്ത്രത്തിലും അത്യന്തം നിഷ്ണാതനായ വിദ്വച്ഛിരോമണിയായിരുന്നു. ഭാഷയുടെ സ്വഭാവം കാണിയ്ക്കുവാന്‍ രണ്ടു ഭാഗങ്ങള്‍ ഉദ്ധരിക്കാം:–

  1. ʻʻസൂദാരാലികസ്നാപകസംവാഹകാസൂരകകല്പകപ്രസാധകോദകപരിചാരകര്‍ എന്റിവരള്‍ രസദര്‍. സൂദനാവോന്‍ മടയന്‍, ആരാളികനാവോന്‍ അടയുമപ്പവുമിടുമവന്‍, സ്നാപകനാവോന്‍ കുളിപ്പിക്കുമവന്‍, സംവാഹകനാവോന്‍ മെയ്യട്ടി, ആസൂരകനാവോന്‍ ശയനം വിരിക്കുമവന്‍, കല്പകനാവോന്‍ കാവിതി, പ്രസാധകനാവോന്‍ ഒപ്പിക്കുമവന്‍, ഉദകപരിചാരകനാവോന്‍ തണ്ണീര്‍വൈക്കുമവന്‍; ഇജ്ജാതികളെക്കൊണ്ടു വിഷം കൊടുക്കുമാറു കല്പിച്ചിതു ഇവരളൈക്കൊണ്ടു കല്പിക്കിന്റതു ഇവരള്‍ക്കു സൗകര്യമൊണ്ടകപ്പട്ടു. ആഭ്യന്തരം ചാരമറിവാനായ്ക്കൊണ്ടു കുബ്ജവാമനകിരാതമൂകബധിരാന്ധച്ഛത്മാക്കളായും നടനര്‍ത്തകഗായനവാദനവാഗ്ജീവനകുശീലന്മാരായും സ്ത്രീകളുമാഭ്യന്തരചാരമറിവിതു. കുബ്ജനാവോന്‍ കൂനന്‍, വാമനന്‍, കുറളന്‍, കിരാതരാവോര്‍ ചിന്തുക്കള്‍, മൂകനാവോന്‍ ഊമന്‍, ബധിരരാവോര്‍ ചെകുടര്‍, ജളരാവോര്‍ കുതലൈച്ചുപ്പറയുമവരള്‍താന്‍ വിക്കിപ്പറയുമവരള്‍താന്‍ വ്യവഹാരമറിയാതവരള്‍താന്‍, അന്ധരാവോര്‍ കുരുടര്‍; എന്റിജ്ജാതിച്ഛലത്താല്‍ നിന്റു ആഭ്യന്തരചാരമറിവിതു.ˮ
  2. ʻʻഇനി അധ്യക്ഷര്‍ കാണ്‍പാന്‍ വരും കാലമാവിതു, ആടിത്തിങ്കള്‍ വരുവിതു. അന്റു വന്നു കണക്കുകാട്ടുവിതും ചെയ്തു വ്യയംചെയ്തു മിഞ്ചിയ ധനം വൈപ്പിപ്പിതും ചെയ്‌വിതു. മുതലും (ചെ)ലവുമെഴുതിയ കണക്കുപെട്ടിയിലിട്ടു ഇലൈച്ചിച്ചുകൊണ്ടു വരുവിതു. അവരളൈ കണക്കു കാട്ടുമിടത്തു നിന്റു പുറത്തുപോകാതവാറു കാപ്പിതു. തങ്കളില്‍ കൂടി മന്ത്രിയാതവാറു കാപ്പിതു. ആയമും വ്യയമും നീവിയും അതാവിതു ചെലവു നീക്കി(നി)ന്റതു, അതെല്ലാമും കേട്ടു എഴുതി വൈപ്പിതു. എന്റിങ്ങനെ എഴുതിയാല്‍ മുതലെഴുതുമോലൈയിലും ചെലവുനീക്കിനിന്റതു എഴുതുമോലൈയിലും വായിച്ചു ഇവരള്‍ ചൊന്നതിലേറ്റമുണ്ടാകില്‍ അതിന്നു എണ്മടങ്കു വൈപ്പിച്ചു കൊള്‍വിതു. വ്യയത്തില്‍ ചുരുങ്കി വരികിലുമെണ്‍മടങ്കു വൈപ്പിച്ചുകൊള്‍വിതു. ʻവിപര്യയേʼ എന്റവാറുകൊണ്ട മുതലില്‍ മുതലടയില്‍ പെരുക എഴുതുവിതു; ചെലുത്തിയതിനില്‍ ചുരുങ്ക എഴുതുവിതു; നീക്കിനിലയില്‍ പെരുക എഴുതിവൈക്കില്‍ അതു പരമാര്‍ത്ഥമറിഞ്ഞു അവന്നുകൊടുപ്പിതു. മറ്റു അവനു ഒരു ദണ്ഡവുമില്ലൈ.ˮ

മടയന്‍ എന്ന പദത്തിനു മലയാളത്തില്‍ ഇക്കാലത്തു് അര്‍ത്ഥഭേദം വന്നിട്ടുണ്ടെങ്കിലും ചോറ്റു ʻമടʼയിലും മടപ്പള്ളിയിലും കാണുന്ന ʻമടʼ പഴയകാലത്തേ അരിവയ്പു് എന്ന അര്‍ത്ഥത്തെത്തന്നെ പ്രകാശിപ്പിയ്ക്കുന്നു. കാവിതി എന്നാല്‍ ക്ഷുരകന്‍. ഒപ്പിക്കുക എന്നാല്‍ അലങ്കരിക്കുക. ലൈച്ചിക്കുക എന്നാല്‍ ലക്ഷിക്കുക; ഒപ്പുവയ്ക്കുക. അവരള്‍ എന്നതു ʻഅവര്‍കള്‍ʼ എന്ന പദത്തിന്റെ ഒരു സങ്കുചിതരൂപമാകുന്നു. ഇതു പഴയ ശിലാരേഖകളിലും ധാരാളമായി കാണുന്നുണ്ടു്. കൊല്ലം 364-ലെ കൊല്ലൂര്‍മഠം ശാസനത്തില്‍ ʻവാരിയമുടൈയവരള്‍ʼ എന്നും, 371-ലെ വെള്ളയണി ശിലാലിഖിതത്തില്‍ ʻപണിചെയ്യിന്റവരളും കാരിയം ചെയ്യിന്റവരളുംʼ എന്നും രേഖപ്പെടുത്തിയിരിക്കുന്നതു നോക്കുക. (1) സാധിപ്പാനരുതു്, (2) ഇളങ്കോപ്പട്ടമുടയവന്‍, (3) അറുത്തുട്ടി വാതില്‍, (4) അരൈക്കാതം, കൂവീടു, (5) കുടിയടിയാര്‍ (6) വലിയപ്പിടിച്ചാല്‍. (7) കൈച്ചിറവിടുവിച്ചുകൊള്ളുക, (8) ചൊല്ലിക്കൊതി കൊളുത്തുമാറു്, (9) എഴുത്തും കണക്കും പയിറ്റുവിതു. (10) എഴുത്തുമെണ്ണും (കണക്കും), (11) ചത്തുമുടിഞ്ചാല്‍. (12) ശാസ്ത്രം വല്ലിപ്രയോഗം വല്ലാത്തവന്‍, (13) നിനിടെ (നിന്നുടെ) പക്ഷം, (14) എതിരെഴുക (എഴുനേല്‍ക്കുക) (15) ചോറും പുടവയും (വസ്ത്രം, ʻഓണപ്പുടവʼ നോക്കുക,) (16) അരിചിയും ജീവിതവും (പില്‍ക്കാലത്തെ അരിതവശം) (17) ഇറയും (കരവും) പിഴയുംകൊണ്ടുപീഡിക്കുക, (18) ഭാഷ (സമീചീനത)യില്ലൈ, (19) ചിവികൈ (ശിബിക), (20) ദൂതകള്‍ അവരള്‍ പുലയരാകിലും കൊല്ലലാകാ, (21) തളയിലിടുക (ബന്ധനസ്ഥനാക്കുക), (22) കെടുചുടുചെയ്യാതൊഴിവിതു, (23) പടയും പണ്ടാരമും തേടിക്കൊണ്ടു, (24) പല ഇടകട്ടും (ഇടക്കെട്ടും) (25) ചാര്‍ന്ന ജനം, (26) പെരുമടയന്‍ (മഹാനസാദ്ധ്യക്ഷന്‍) മുതലായി എത്രയെത്ര പഴയ പദങ്ങളും ശൈലികളുമാണു് നമുക്കു് ഈ ഗ്രന്ഥത്തില്‍നിന്നു പഠിക്കാവുന്നതു് എന്നുള്ളതിനു കൈയും കണക്കുമില്ല. വാസ്തവത്തില്‍ ഭാഷാചരിത്രപിപഠിഷുകള്‍ക്കു് ഒരു അനര്‍ഘമായ വജ്രഖനിതന്നെയാകുന്നു ഭാഷാ കൗടലീയം.

ആട്ടപ്രകാരവും ക്രമദീപികയും — മന്ത്രാങ്കം

തോലന്‍ നിര്‍മ്മിച്ചതെന്നു പുരാവിത്തുകള്‍ പറയുന്ന ആട്ട പ്രകാരം, ക്രമദീപിക എന്നീ രണ്ടിനത്തില്‍പ്പെട്ട ഗ്രന്ഥങ്ങളെപ്പറ്റി ഒന്‍പതാമധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ ശാഖയില്‍ ഇന്നു നാം കാണുന്ന ഗ്രന്ഥങ്ങളെല്ലാം ഒരാളുടേയോ ഒരേകാലത്തേയോ കൃതികളാണെന്നു് എനിയ്ക്കഭിപ്രായമില്ലെന്നു പ്രസ്താവിച്ചുകഴിഞ്ഞു. ഇവയില്‍ പല ആവാപോദ്വാപങ്ങളും പല അവസരങ്ങളിലായി കടന്നുകൂടീട്ടുണ്ടെന്നു മാത്രമല്ല, ചില കൃതികള്‍ ആദ്യന്തം പില്‍കാലത്തു രചിയ്ക്കപ്പെട്ടവയാണെന്നു ഖണ്ഡിച്ചുതന്നെ പറയുകയും ചെയ്യാം. ഇന്നു ചാക്യാന്മാര്‍ ഉപയോഗിക്കുന്ന സുഭദ്രാധനജ്ഞയം ആട്ടപ്രകാരത്തിനു മന്ത്രാങ്കം ആട്ടപ്രകാരത്തോളം പഴക്കമില്ല എന്നുള്ളതു് ഇതിനൊരുദാഹരണമായി സ്വീകരിക്കാവുന്നതാണു്. കൊല്ലം 11-ആം ശതകത്തിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന കിളിമാനൂര്‍ വിദ്വാന്‍ കോയിത്തമ്പുരാന്റെ സുപ്രസിദ്ധമായ

ʻʻഅമ്പത്താറൂഴിഭാഗാന്തരമതില്‍ മരുവ–
ടുന്ന ഭൂപാലമീശ–
ക്കൊമ്പന്മാരുണ്ടനേകം ശിവശിവ ധരണീ–
ഭാരമാത്രം നിനച്ചാല്‍ˮ

ഇത്യാദി ശ്ലോകം രാജസേവാഘട്ടത്തില്‍ ചാക്യാന്മാര്‍ക്കു പ്രയോഗിക്കാവുന്നതാണെന്നു ഞാന്‍ ഒരാട്ടപ്രകാരത്തില്‍ വായിച്ചിട്ടുള്ളതായി മുമ്പു പറഞ്ഞുവല്ലോ. പ്രസ്തുതകൃതികളില്‍ ചടങ്ങുകളും ചൂര്‍ണ്ണികകളുടെ അര്‍ത്ഥവും ഭാഷാഗദ്യത്തിലും പദ്യങ്ങളുടെ അര്‍ത്ഥപ്രപഞ്ചനവും വിദൂഷകന്റെ പ്രതിശ്ലോകങ്ങളും മണിപ്രവാളത്തിലുമാണു് രചിക്കപ്പെട്ടിട്ടുള്ളതു്. ഒരേ നാടകത്തിനു തന്നെ ഒന്നിലധികം ആട്ടപ്രകാരങ്ങളും—ഒന്നു സങ്കചിതവും മറ്റൊന്നു വിവൃതവുമായി—കാണ്മാനുണ്ടു്. മന്ത്രാങ്കത്തിനും മറ്റും സംസ്കൃതത്തിലും ആട്ടപ്രകാരമുണ്ടു്. താഴെ ഉദ്ധരിക്കുന്നതു സംസ്കൃതത്തിലുള്ള മന്ത്രാങ്കം ആട്ടപ്രകാരത്തില്‍നിന്നാണു്. അതിനു ക്രിയാക്രമമെന്നാണു് സംസ്കൃതത്തിലെ പേര്‍ എന്നു് ആരംഭത്തിലുള്ള

ʻമന്ത്രാങ്കാഭിത നാട്യസ്യ പ്രയോഗാര്‍ത്ഥം മയാധുനാ
സര്‍വതസ്സാരമാദായ ക്രിയതേത്ര സമുച്ചയഃ
തസ്യ ക്രിയാക്രമം വക്ഷ്യേ ഭാഷയാ പ്രഥമം മിതം
തമൃതേന പ്രയോഗോ ഹി നാട്യശാസ്ത്രേഷു ദൃശ്യതേˮ

എന്ന പദ്യങ്ങളില്‍നിന്നു വെളിപ്പെടുന്നു. ʻഭാഷയാʼ എന്നു പറയുന്നുണ്ടെങ്കിലും സംസ്കൃതത്തിലാണു് നിര്‍ദ്ദേശങ്ങള്‍ കാണുന്നതു്. ʻʻതതോഡിണ്ഡികവേഷോ വസന്തകഃ യവനികായാം ചാര്യാമാഗത്യ, പുനഃ കള കളവാദ്യമാദായ വിരമേല്‍. പുനസ്തട്ടു്; പുനര്‍ന്നിര്‍ഗ്ഗീതാ; പുനരപി ചാരീ; പുനഃ പരിക്രമമാദായ വിരമേല്‍: പടാക്ഷേപം കൃത്വാ വാമഹസ്തേന യഷ്ഠിം ഗൃഹീത്വാ തസ്യോപരി ദക്ഷിണപാദംന്യസ്യ വദനവിരൂപതാം കൃത്വാ, സ്വവേഷാനുരൂപം ഭാവയേല്‍. പുനശ്ചതസ്രോ മുഖവര്‍ണ്ണനാഃ കാര്യാഃ; പുനര്‍ഭാവയിത്വാ ഗ്രന്ഥാര്‍ത്ഥം ഭാഷയാബ്രൂയാല്‍; തതഃ ഭോഃ ഇത്യുക്ത്വാ ചാരീമാദായ വിരമേല്‍; തതോ ഗ്രന്ഥാര്‍ത്ഥമഭിനീയ പുനസ്തട്ടു്.ˮ അതേ നാടകത്തിനു ഭാഷയില്‍ രചിച്ചിട്ടുള്ള ആട്ടപ്രകാരത്തില്‍നിന്നു് ഒരു ഭാഗമാണു് അടിയില്‍ ചേര്‍ത്തിരിക്കുന്നതു്. ʻʻപിന്നെ ഉന്മത്തകന്‍ കങ്കപത്രംകൊണ്ടു പുറപ്പെട്ടു ജാതികൊണ്ടു കുത്തിരഞ്ജിച്ചു കളകളവാക്യംകൊണ്ടു മുടിച്ചു തട്ടുകൊണ്ടു ജാതിയും നിര്‍ഗ്ഗീതയും ചാരിയുംകൊണ്ടു പരിക്രമത്തില്‍ മുടിപ്പൂ. പിന്നെ കളിയം. വച്ചു തിരിഞ്ഞു നൂപുരത്തിലിരുന്നു സ്ഫടികമണി ചൊല്ലിച്ചു യവനിക നീക്കി പ്രാവേശികം കാട്ടി എഴുനിന്റു വട്ടത്തില്‍ നടന്നു കുത്തിരഞ്ജിച്ചു കളകളവാക്യംകൊണ്ടു മുടിപ്പൂ. പിന്നെ മറ്റു മൂന്റു പുറത്തും സ്ഫടികമണി ചൊല്ലിച്ചു ആടിക്കൊള്ളുവൂ. മോദആ മോദആ എന്നു ചൊല്ലി ഹഹഹ എന്റും വേളാധൂളിയില്‍ചൊല്‌വൂ. മോദകംകൊണ്ടു മുമ്പില്‍ തേവരെവച്ചു തേവാരിച്ചു നിലത്തിരുന്നു്, ഇന്ദളം ചൊല്ലി[4] അഭ്യന്തരം ആടിക്കൊളളൂ. പിന്നെയന്യോന്യമേത്തമിട്ടു് ഉന്മത്തകന്‍ ചാരികൂടി ആടിമുടിച്ചു പ്രാവേശികം കാട്ടി പിന്‍നോക്കി വാങ്ങി കുത്തുംമുടിപ്പൂ. പിന്നെ രണ്ടാം ദിവസം കൊട്ടിത്തുടങ്ങിയാല്‍ ജാതിയില്‍ വന്നു മൂന്റുടെ പ്രാവേശികം കാട്ടി ʻʻകിംമോദആ കഹിമ്മോദആˮ എന്നു ചൊല്ലിപിന്നെയും തട്ടും നിര്‍ഗ്ഗീതയും ചാരിയുമാടിമുടിച്ചു പ്രാവേശികം കാട്ടി പിന്‍നോക്കിപ്പോന്നു മുടിപ്പൂ. പിന്നെ മൂന്റാം ദിവസം ജാതിയില്‍വന്നു പ്രാവേശികം മൂന്റുടെകാട്ടി ഗ്രന്ഥം ചൊല്‌വൂ.ˮ

മത്തവിലാസം

മത്തവിലാസം ആട്ടപ്രകാരത്തില്‍ നിന്നു ചില പങ്‌ക്തികള്‍ ഉദ്ധരിക്കാം.

ʻʻസൂത്രധാരന്‍ ഏഴുനാളാടും മത്തവിലാസത്തില്‍ സൂത്രധാരനെക്കണക്കെ അണിവും പ്രസ്ഥാനവുമെല്ലാം ഉത്തരീയമും വേണും, പരിണതിയും വേണും. ഇന്ദളം സ്വരം, ʻമണിഘൃഷ്ടʼ എന്റു ചൊല്ലി ക്രിയ തുടങ്ങൂ. ʻതത്ര പ്രഹേതീ ഹേതീ ചʼ എന്റു തുടങ്ങി ʻʻപീഡയാമാസ ലീലയാˮ എന്റിത്രേടം ശ്ലോകം പാടൂ. ʻരാവണേʼ ത്യാദി ചൊല്ലി അടുക്കുംവണ്ണമഴ കുതായാടിക്കൊള്ളൂ. എല്ലാ ശ്ലോകവും കഴിഞ്ഞാല്‍ എഴുനിന്റു ശേഷം ഗ്രന്ഥം ചൊല്ലി വിദൂഷകന്നു് എന്റു ചൊല്ലിത്തമിഴാകമുടിപ്പൂ. വിദൂഷകന്റെ ഗ്രന്ഥം തലയില്‍ പുടവയിട്ടു ചൊല്ലു ... അടുക്കും വണ്ണമറിഞ്ഞുകൊള്ളൂ എല്ലാം. ഈരണ്ടു കട്ടിയാവും ഈരണ്ടു ചുവന്ന പുടവയും ദണ്ഡുമിതെല്ലാം കൂട്ടിക്കൊള്ളൂ. പൊയ്തകക്കാല്‍ നീട്ടുകിലുമാം നീട്ടാകിലുമാം കുറി ഇങ്ങനെ. ഗംഭീരതയും പ്രസന്നതയും എല്ലാപ്പോഴും വേണും. ഇന്ദളം സ്വരം. പിന്നെ അവസ്ഥാനുരൂപം. ദണ്ഡൊരിക്കലും വിടൊല്ല. മിക്കപ്പോഴുമിരിക്കുംപോഴും മടിയിലിരുന്നാല്‍ മതി ദണ്ഡു്. മറയില്‍ ലളിതമായി യാത്ര തിരിഞ്ഞു മുദ്രപിടിച്ചു പ്രസന്നദൃഷ്ടിയായി നിന്റു് ഉപസനാദി പരിഭാഷയോടുകൂട പ്രവേശിക്ക. കഴിച്ചുഴറാതെ ഇരണ്ടുവട്ടം പോന്നു വ്യാഖ്യയില്‍ ചൊല്ലിന്റവണ്ണമാട്ടമെല്ലാമഴകുതായാടി... ഹീനസ്വരത്തിലുഴറാതെ ഗ്രന്ഥാര്‍ത്ഥം പുറപ്പൊരുള്‍ പറവൂ അഴകുതായി. ʻʻഏനേ വിതിയേ! മുന്നമേതന്നെ ഇപ്പൂമിയില്‍ ആരാലുമെങ്ങാലും ചത്താല്‍ പത്തു നാളും കഴിഞ്ഞു പതിനൊന്റാം നാളില്‍ വൈപ്പോരു കരടകമുണ്ടു് പിണ്ഡം. അതു വച്ചാല്‍ അവിടെച്ചെഴിക്കും ചോറുകൊണ്ടുണ്ടൂതും ചെയ്തു് അതുകൊണ്ടേ മറ്റെല്ലാപ്പടിയുമുണ്ടായി നാവുകൊണ്ടേതുമൊരക്കരം തീണ്ടിപ്പറവൂതും ചെയ്യാതെ പൊഴിതി[5]നോടു പനിപ്പില്ലാഞ്ഞിട്ട മരത്തേല്‍ വള്ളിച്ചുറ്റുകണക്കേ കഴുത്തേല്‍ നൂന്മാത്രപിരിച്ചിട്ടുംകൊണ്ടു പെരുവഴിയില്‍ കണ്ടാലാരാലും ബ്രാഹ്മണനെന്റു വിളിക്കില്‍ സന്തോഷിപ്പൂതും ചെയ്തു് ഇങ്ങനെയെല്ലാം പെരികെത്തണ്ണു[6]തായി ഉണ്മാനുമിന്റിയേ കണ്ടാലും കേട്ടാലും തണ്ണുതായി അശ്ശിരിയായിരിപ്പോരു കലത്തിലെല്ലോ ഞാന്‍ പോന്നു പിറന്നു. പിന്നെയിരണ്ടാമതു് എന്റെയില്ലത്തു് ഒട്ടും ചോറുകാണാഞ്ഞു് ʻʻഅയ്യോ പാവം ഒട്ടുണ്ടുതാവൂˮ എന്നു നിനച്ചിരുന്നെടത്തു നിച്ചലും പുലരുമ്പോഴുണ്ടുകൊള്ളാമെന്റു ചിലിത്തപണ്ണി പുത്തിപിഴകൊണ്ടു മുന്നേക്കാട്ടിലും തണ്ണുതാമ്മാറുപോയി പള്ളിയില്‍ ചെന്റുപള്ളിപുതൈപ്പൂതും ചെയ്തേന്‍. പിന്നെ അച്ചെറുമക്കളുണ്ടു പള്ളിയാര്‍. അവര്‍ക്കൊരു ദിവസത്തിലൊരിക്കലേ ഊണുള്ളൂ. അപ്പോഴുകൂടി ഉണ്ടുകൊള്ളാമെനിക്കും. അതുകൊണ്ടിരട്ടി പയിച്ചുതുടങ്ങി. എന്റവാറേ ഇതും വേണ്ടാവയറു നിറയായ്കില്‍ എന്റു കല്പിച്ചു് അതുപോലുമിളച്ചു് അതിന്നൊള്ള ചീവരമെല്ലാം മുറിച്ചുകളഞ്ഞു പാത്രമെല്ലാം പിളന്നു കളഞ്ഞു. മഴ നനയായ‌്‌വാനും വെയിലുണങ്ങായ്‌വാനും നന്റെന്റു നിനച്ചിട്ടു കുടമാത്രമെടുത്തുംകൊണ്ടു് അവിടെനിന്നു പള്ളിമാരെത്തിരിഞ്ഞുനോക്കാതെ മുറുകെപ്പോന്നേന്‍.ˮ

ചുവടേ ചേര്‍ക്കുന്ന പദങ്ങളും വാചകങ്ങളും വാക്യങ്ങളും, മത്തവിലാസത്തിലുണ്ടു്:—(1) ʻപൂശലോ എങ്കില്‍ʼ, (2) ʻഞാന്‍ മടിയാതെ കാട്ടിന്റുണ്ടു്ʼ, (3) ʻഎമ്മളാര്‍ക്കു്ʼ, (4) ʻഅച്ഛനുമമ്മയും വൃദ്ധരായി കട്ടിലിലടങ്ങിʼ, (5) ʻകയ്പുവന്നു പെരിയെ എനക്കുʼ, (6) ʻപഴകുന്തോറുമിവര്‍ നല്ലരല്ല എന്റു തോന്റി വന്റൂ.ʼ

ശൂര്‍പ്പണഖാങ്കം ആട്ടപ്രകാരം

ഈ ആട്ടപ്രകാരത്തില്‍നിന്നുകൂടി ഒരു ഭാഗം ചുവടേ ചേര്‍ക്കാം.

ʻʻശൂര്‍പ്പണഖയ്ക്കു മറയില്‍ ചാരി, കളകളവാദ്യം, ജാതി, പരിക്രമം; പിന്നെ ദ്രുതത്തില്‍ രണ്ടു നടന്നു് ഊത്തത്തില്‍ മുടിച്ചുകൊള്ളൂ. പിന്നെ ʼദിട്ഠിആʼ എന്നു ചൊല്ലി ചാരി പരിക്രമം, നൃത്തം. പിന്നെ ʻഎന്നേ തുകമേ! താനേ തുകമെന്നു ചൊല്ലിയാലും പോരായേ; തുകം, തുകം, തുകം! അതെന്തെന്നല്ലീ? എല്ലാടവുണ്ണടപ്പന്‍ ഞാന്‍ ഓരോ തേയങ്ങളിലും ഓരോന്ന‌ല്ലീ? എല്ലാടവുണ്ണടപ്പന്‍ ഞാന്‍ ഓരോ തേയങ്ങളിലും ഓരോ രാച്ചിയങ്ങളിലും ഓരോ നയരങ്ങളിലും ഓരോ വനപ്രതേയങ്ങളിലും ഓരോ നസീതീരങ്ങളിലും മറ്റും പല പ്രതേയങ്ങളിലും എല്ലാടവും ണടപ്പന്‍ ഞാന്‍. പിന്നെയും ഇവിടെത്തന്നെ പോണ്ണു വരുമത്രേ. അതെന്തെന്നല്ലീ? ഇവിടെയുണ്ടു ചില ശനമിരിപ്പൂ. അവര്‍ കണ്ടാലൊട്ടും തുകമില്ലാത പരിഴകളത്രേ. താടിയും തലയും കക്കവും പക്കവും ഇങ്ങനെയെല്ലാമിരിക്കിണ്ണ ഇവരെ ഞാന്‍ കരുഖരാ, പരുഫരാ, മുരുമുരാ, കടുഖടാ, ചുടുചുടാ, കൊടുകൊടാ. കടിച്ചുതിണ്ണു വൈരാക്കിയം വരിണ്ണൂ എന്നടോ അരി മൂത്തമാണിയാനേ! അരി എളയമാണിയാനേ! ഇവര്‍ കണ്ടാല്‍ നല്ല തുകമുള്ള പരിഴകളത്രേ......ഈ കള്ളക്കാട്ടില്‍ എന്നെക്കൊണ്ടങ്ങോടിങ്ങോടു് ഈവണ്ണം കളിപ്പാറായിച്ചമഞ്ഞേ. ഇങ്ങനെയെല്ലാമിരിക്കിണ്ണ ഇവരെ ഞാന്‍ പുതുപുതാ, വെതുവെതാ, നുണുനുണാ, കുളുകുളാ, പളുപളാ കടിച്ചുതിന്നാവൂ. അരി ചീതേച്ചി! അവക്കൊരു പാവമുണ്ടു്, എന്നോളം ഉറു ചുന്തരിയായിട്ടാരുമില്ലെണ്ണു്. അവളുടെ പൂച്ചൂട്ടും തൊടുകുറിയും കണ്ണെഴുത്തും മറ്റും! നീ എന്റെ പൂച്ചൂട്ടു കണ്ടോ; തൊടുകുറി കണ്ടോ; കണ്ണെഴുത്തു കണ്ടോ. നീ എന്റെ കുത്തുമുല കണ്ടു കൊതിച്ചുകളയരുതേ. ഇങ്ങനെയെല്ലാമിരിക്കിണ്ണ ഇവളെ ഞാന്‍ തല വലിയ തമ്പി രാവണച്ചനു കാച്ചയായിക്കൊണ്ടു കൊടുപ്പൂ. കാച്ചയെണ്ണുമ്പോളൊരു തക്കാരം; തക്കാരമെണ്ണുമ്പോളൊരു പാവൃതം; പാവൃതമെണ്ണുമ്പോളൊരു വ്യഞ്ചനം; വ്യഞ്ചനമെണ്ണുമ്പോളൊരു പൊലിക്കാണം; പൊലിക്കാണമെണ്ണുമ്പോളൊരുലകയാത്ര.ˮ ഇങ്ങനെ ചൊല്ലി ˮദിട്ഠി ആ ബുഭുക്വിവിദാഏˮ എന്ന ചൂര്‍ണ്ണിമുഴുവന്‍ ചൊല്ലി അര്‍ത്ഥമാടൂ.ˮ

പില്‍കാലത്തെ ആട്ടപ്രകാരങ്ങള്‍

പശ്ചാല്‍ കാലങ്ങളിലും ചില ആട്ടപ്രകാരങ്ങള്‍ വിദ്വാന്മാര്‍ മുമ്പുള്ളവയ്ക്കു പകരമായും അല്ലാതേയും രചിച്ചിട്ടുണ്ടെന്നു ഞാന്‍ സൂചിപ്പിച്ചുവല്ലോ. അത്തരത്തിലുള്ള ഒന്നാണു് ഏതാനും വാക്യങ്ങള്‍ താഴെ ഉദ്ധരിക്കുന്ന അശോകവനികാങ്കം ആട്ടപ്രകാരം.

ʻʻഎങ്കിലോ പണ്ടു പുലസ്ത്യഗോത്രസംഭൂതനായിരിയ്ക്കുന്ന രാവണന്‍ മയപുത്രിയായിരിക്കുന്ന മണ്ഡോദരിയോടുംകൂടി സുഖമായിട്ടിരിക്കുന്ന കാലത്തിങ്കല്‍ തന്റെ സോദരിയായിരിക്കുന്ന ശൂര്‍പ്പണഖ കര്‍ണ്ണനാസികാഛേദനം ചെയ്ക ഹേതുവായിട്ടു ചോരയണിഞ്ഞു സമീപത്തിങ്കല്‍ വന്നു ഖരാദികളുടെ നിധനത്തേയും തന്റെ വിരൂപീകരണത്തേയും ശ്രീരാമന്റെ പരാക്രമത്തേയും സീതയുടെ സൗന്ദര്യാതിശയത്തേയും പറഞ്ഞു കേട്ടതിന്റെശേഷം രാവണന്‍ സീതാസൗന്ദര്യാതിശയത്തെ കേട്ടു കാമപരവശനായി മാരീചാശ്രമത്തെ പ്രാപിച്ചു മാരീചനെ പൊന്മാനാക്കി നിയോഗിച്ചു രാജധാനിയെ പ്രാപിച്ചിരുന്നു.ˮ പിന്നെ സംക്ഷേപം അവസാനിപ്പിച്ചു സീതയുടെ പഞ്ചാങ്ഗം ആടി കാമശരംകൊണ്ടു മുറുക്കി മോഹാലസ്യം ഉണര്‍ന്നു ഗ്വോഗ്വാ എന്നാല്‍ സീതയെ കാണ്മാനായിട്ടു പോവുകതന്നെ എന്നു കാട്ടി വേഗേന സ്നാനാദികളെ കഴിച്ചു് അലങ്കൃതനായി ആസ്ഥാനമണ്ഡപത്തിങ്കല്‍ സിംഹാസനാരൂഢനായിരുന്നു വെറ്റില ഭക്ഷിച്ചു കണ്ണാടി നോക്കി ഇത്രയും ആടിക്കഴിഞ്ഞാല്‍ അല്ലേ സൂതന്‍ വേഗത്തില്‍ തേരു കൊണ്ടുവാ എന്നു കാട്ടി കണ്ടു സൂതന്‍ തേരുകൊണ്ടുവരുന്നതു്. എന്നാല്‍ പോവുകതന്നെ എന്നു കാട്ടി പീഠത്തിന്മേല്‍നിന്നു നിലത്തിറങ്ങി എളകിയാട്ടം ചാടി അരയും തലയും മുറുക്കി ചന്ദ്രഹാസമെടുത്തു് എറിഞ്ഞുപിടിച്ചു് അല്ലേ; ശൂര്‍പ്പണഖേ! നീയും തേരില്‍ കേറിയാലും എന്നു കാട്ടി വലത്തോട്ടു തിരിഞ്ഞുനിന്നു് എടത്തോട്ടുനോക്കി എന്താണു് കേറിയോ? എന്നു കാട്ടിതാനും കേറി തേര്‍പ്പെരുമാറ്റത്തില്‍ നടന്നു സീതയുടെ പഞ്ചാങ്ഗമാടി കാമശരം കൊള്ളുമ്പോള്‍ ലജ്ജാഭാവത്തോടുകൂടെ ഇവള്‍ എന്റെ ചാപല്യത്തെ ഒക്കെയും കണ്ടുനില്ക്കുന്നു വഷള്, മറ്റാരാനും കണ്ടിട്ടുണ്ടോ എന്നു വിചാരിച്ചു ചുഴലവും വഴിപോലെ നോക്കുമ്പോള്‍ കണ്ടു ദേവകള്‍ പരിഹസിക്കുന്നതു്. അല്ലേ ദേവകള്‍ ക്ഷമിക്കിന്‍; അല്ലേ സൂതന്‍ വേഗം തേരു തെളിച്ചാലും; തേര്‍പെരുമാറ്റത്തില്‍ നടന്നു പഞ്ചാങ്ഗം ആടി ലജ്ജാഭാവം തുടങ്ങി മുമ്പിലത്തെപ്പോലെ രണ്ടു പ്രാവശ്യംകൂടിയാടി രണ്ടുദിക്കിലും ദേവകളെ നോക്കി അല്ലേ ദേവകള്‍, ഇതിന്റെ പ്രതിക്രിയ ഞാന്‍ കാട്ടിത്തരുന്നൊണ്ടു് എന്നും അല്ലേ ദേവകള്‍ ഞാന്‍ സീതയെ അപഹരിച്ചു ലങ്കയില്‍ കൊണ്ടുപോയിവച്ചിട്ടു് ഇതിന്റെ പ്രതിക്രിയ കാട്ടിത്തരുന്നൊണ്ടു് എന്നും കാട്ടണം. പിന്നെ എടത്തോട്ടു് അല്ലേ സൂതന്‍ കുതിരകളെ വേഗത്തില്‍ തെളിച്ചാലും. അതെന്തു്? എന്റെ സോദരിയായിരിയ്ക്കുന്ന ഇവള്‍ക്കു കര്‍ണ്ണനാസികാഛേദം ചെയ്ക ഹേതുവായിട്ടു് വളരെ സങ്കടമൊണ്ടു്. അതിനെ കളഞ്ഞോട്ടെ എന്റെ സോദരി. എന്തീവണ്ണം പറഞ്ഞതെന്നു്. കുംഭകര്‍ണ്ണന്റെ സോദരിയായിരിക്കുന്ന ശൂര്‍പ്പണഖ എന്നും വിഭീഷണന്റെ സോദരിയായിരിക്കുന്ന ശൂര്‍പ്പണഖ എന്നും ആരും പറയുന്നില്ല. എല്ലാജ്ജനങ്ങളും രാവണന്റെ സോദരിയായിരുന്ന ശൂര്‍പ്പണഖ എന്നീവണ്ണമല്ലോ പറയുന്നതു്. അതു ഹേതുവായിട്ടുതന്നെ എന്റെ സഹജ എന്നീവണ്ണം പറഞ്ഞതു് ഇവള്‍ എങ്ങനെയിരിപ്പൊരുത്തി? പൊണ്ണത്തടിയനായിരിക്കുന്ന ഞാന്‍ ജീവിച്ചിരിക്കുന്ന സമയത്തിങ്കല്‍തന്നെ ഒരു മനുഷ്യന്‍ പോക്കല്‍നിന്നു് ഈവണ്ണമുള്ള ആപത്തിനെ അനുഭവിച്ചവളാണു്. കഷ്ടം! ഇന്നു ദേവശ്രേഷ്ഠനായിരിക്കുന്ന ഇന്ദ്രനാണു് ഇപ്രകാരം ചെയ്തതെങ്കില്‍ വല്ലതുമാട്ടെ; ദേവകളില്‍ ഒരുത്തനാണെങ്കിലും ആട്ടെ; അതൊക്കെയുമിരിക്കട്ടെ; ഭൂമിയില്‍ ഏകച്ഛത്രാധിപതിയായിരിക്കുന്ന ഒരു രാജാവാണെങ്കിലും സഹിക്കാം. ഇവരാരുമല്ല, വനപ്രദേശത്തിങ്കല്‍വന്നു കാറ്റും വെയിലും മഴയും മഞ്ഞുമേറ്റു ത്രിഷവണസ്നാനം ചെയ്തു കക്ഷപക്ഷാദികളും നീട്ടി ഫലമൂലാദികളും ഭക്ഷിച്ചിരിക്കുന്ന മനുഷ്യനല്ലോ ഈവിധം ചെയ്തതു്. കഷ്ടം! ഇവളെ നിഗ്രഹിച്ചു എങ്കില്‍ സങ്കടമില്ല. ഞാന്‍ എല്ലാ സമയത്തിലും കണ്ടോട്ടേ എന്നു നിശ്ചയിച്ചിട്ടല്ലോ ഈവണ്ണം ചെയ്തുതു്. അതു ഹേതുവായിട്ടു് ആ രാമനെ ഇപ്പോള്‍ത്തന്നെ കൊന്നു സീതയെ പിടിച്ചുവലിച്ചുകൊണ്ടുപോരുന്നുണ്ടു്. എങ്ങനെ? ഞാന്‍ അരയും തലയും മുറുക്കി വാളുമെടുത്തു രാമന്റെ സമീപത്തിങ്കല്‍ ചെന്നു് അല്ലേ രാമാ യുദ്ധത്തിന്നായിക്കൊണ്ടുവന്നോ എന്നു് തട്ടിവിളിക്കുന്ന സമയത്തിങ്കല്‍ രാമന്‍ അരയും തലയും മുറുക്കി വില്ലും കുലച്ചു് ആവനാഴിയും കെട്ടിമുറുക്കി പോന്നുവരുന്നതു കണ്ടിട്ടു് ഇവനെ നിഗ്രഹിപ്പാന്‍ ആയുധമെന്തിനാണു്? ആയുധംവച്ചു രാമന്റെ കഴുത്തില്‍ പിടിച്ചുതിരുമ്മി നിഗ്രഹിച്ചു്ˮ ഇത്യാദി.

ഈ ഗദ്യത്തിനും മത്തവിലാസം ആട്ടപ്രകാരത്തില്‍നിന്നും മറ്റും ഉദ്ധരിച്ച ഗദ്യങ്ങള്‍ക്കും തമ്മില്‍ ഭാഷാവിഷയത്തിലുള്ള പ്രകടമായ ഭേദം പറഞ്ഞറിയിക്കണമെന്നില്ലല്ലോ. പ്രസ്തുത ഗദ്യത്തിനു കൊല്ലം ഒന്‍പതാംശതകത്തിലധികം പഴക്കമുണ്ടെന്നു തോന്നുന്നില്ല.

ഇത്തരത്തില്‍ വമ്പിച്ചതോതില്‍ ഒരു ഗദ്യസാഹിത്യം ഭാഷയ്ക്കു കൂടിയാട്ടംവഴി പണ്ടുതന്നെ ലഭിച്ചിട്ടുണ്ടു്. ഞാന്‍ അന്യത്ര പ്രസ്താവിക്കുവാന്‍ പോകുന്ന നമ്പിയാര്‍തമിഴും ആ പുഴയുടെ ഒരു പോഷകനദിയാകുന്നു. പൂര്‍വ്വകാലത്തു ചെന്തമിഴില്‍ പല നാടകലക്ഷണഗ്രന്ഥങ്ങളുമുണ്ടായിരുന്നു. അവയ്ക്കു കൂത്തിലക്കണമെന്നു പേര്‍ പറഞ്ഞു വന്നു. ആ ഗ്രന്ഥങ്ങള്‍ എല്ലാം നശിച്ചുപോയി. അവയില്‍ ഏതെങ്കിലും ഒന്നു കണ്ടു കിട്ടുന്നതുവരെ കൂടിയാട്ടത്തിന്റെ ചടങ്ങുകള്‍ അവയോടും എത്രമാത്രം കടപ്പെട്ടിട്ടുണ്ടു് എന്നു നിര്‍ണ്ണയിക്കുക അസാദ്ധ്യമാണു്. ഭാഷയെ സംബന്ധിച്ചു് ഒരു വസ്തുത നിസ്സംശയമായി വെളിപ്പെടുന്നു. ഭാഷാകൗടലീയത്തിനും ആദ്യത്തെ ആട്ടപ്രകാരഗ്രന്ഥങ്ങള്‍ക്കും തമ്മില്‍ രണ്ടു ശതകത്തില്‍ കൂടുതല്‍ കാലവ്യത്യാസമില്ല. എന്നിട്ടും ആദ്യത്തേതു തമിഴ്‌മയമായും രണ്ടാമത്തെ ഇനത്തില്‍ പെട്ടവ തമിഴ്ച്ചുവ കഴിവുള്ളിടത്തോളം പരിഹരിച്ചും നിര്‍മ്മിക്കപ്പെട്ടു കാണുന്നതു് അവ തമിഴില്‍ വിപ്രതിപത്തി തോന്നിത്തുടങ്ങിയിരുന്ന നമ്പൂരിമാര്‍ സംഭാഷണഭാഷയോടടുപ്പിച്ചു രചിച്ചതിനാലാണെന്നു് ഒരു വിധം തീര്‍ച്ചപ്പെടുത്താവുന്നതാകുന്നു.


  1. മുദ്രിതപുസ്തകത്തില്‍ 139-ആം പരിച്ഛേദത്തില്‍ പത്തരപ്പാട്ടുകളാണു് കാണുന്നതു്. അതു തെറ്റാണു്; വാസ്തവത്തില്‍ പന്ത്രണ്ടു പാട്ടുകളുണ്ടു്. ഒരു പാട്ടിന്റെ ഉത്തരാര്‍ദ്ധവും മറ്റൊരു പാട്ടും വിട്ടുപോയിരിക്കുന്നു.
  2. ʻകവിവല്ലോര്‍ʼ എന്നും ʻപോതില്‍മാതിനിടംʼ എന്നുമുള്ള പാഠങ്ങളെക്കാള്‍ ʻകവി ചൊല്‌വോര്‍ʼ എന്നും ʻഓതില്‍മാതിനിടംʼ എന്നുമുള്ള പാഠങ്ങളാണു് സ്വീകാര്യങ്ങള്‍ എന്നു് ഒരു ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നു. ʻവല്ലോര്‍ʼ എന്നാല്‍ സമര്‍ത്ഥന്‍ എന്നര്‍ത്ഥം; പ്രസ്തുത കൃതിയില്‍ പരിജ്ഞാനമുള്ളവര്‍ എന്നു താല്‍പര്യം. ʻകവി ചൊല്ലണʼമെന്നില്ല; അതറിഞ്ഞാല്‍ മതി. പോതു് എന്നാല്‍ പുഷ്പമെന്നര്‍ത്ഥം; പോതില്‍മാതു മലര്‍മങ്ക. ലക്ഷ്മീദേവി. ഓതയില്‍മാതു് ഓതില്‍ മാതായി ചുരുങ്ങുകയില്ല; ചുരുങ്ങി എന്നുവെച്ചാലും ʻഓതയില്‍കിടന്നുʼ എന്നു കവി മുമ്പു തന്നെ ഒരു പാദത്തില്‍ എഴുതിപ്പോയതുകൊണ്ട് ഓത എന്ന പദം ആവര്‍ത്തിക്കുന്നതുമല്ലോ. പോരാത്തതിന് ʻഓതില്‍മാത്ʼ എന്നു് ഒരു വരിയുടെ പൂര്‍വാര്‍ദ്ധവും പോകിപോകചയനന്‍ എന്നു് ഉത്തരാര്‍ദ്ധവും ആരംഭിച്ചാല്‍ ആ വരിയില്‍ മോന ഉണ്ടായിരിക്കുകയില്ല: അങ്ങനെ ഏതു വഴിക്കുനോക്കിയാലും പ്രസ്തുതപാഠത്തിനു ഗതി കല്പിക്കുവാന്‍ നിവൃത്തിയില്ലാതെയിരിക്കുന്നു.
  3. ചിലമ്പു=ചില അമ്പു്.
  4. ʻʻ

    സ്ഫടികമണിധവളഹിമപടലകുമുദവനസദൃശോ വപുഷാ
    ഉദയഗിരിശിഖര ഏഷ ഉദയതി പൂര്‍ണ്ണോ രജനികരഃ.ˮ

  5. പൊഴുതു്=ജീവിതം.
  6. തണ്ണുതു്=താണതു്