close
Sayahna Sayahna
Search

മണിപ്രവാളകൃതികള്‍


മണിപ്രവാളകൃതികള്‍
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്

മണിപ്രവാളകൃതികള്‍

ക്രി. പി. 1300 വരെ


കേരളസാഹിത്യത്തില്‍ കവികള്‍ പുത്തനായി ഏര്‍പ്പെടുത്തിയ മണിപ്രവാളപ്രസ്ഥാനത്തിന്റെ ലക്ഷണങ്ങളെന്തെന്നു് ആറാമധ്യായത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടല്ലോ. ആ പ്രസ്ഥാനത്തില്‍ ആദ്യമായുണ്ടായ കൃതികള്‍ പ്രധാനമായി (1) വൈശികതന്ത്രം, (2) കൂടിയാട്ടത്തിനു് ഉപയോഗപ്പെടുന്ന ശ്ലോകങ്ങള്‍, (3) സ്തോത്രങ്ങള്‍, (4) ചാടുക്കള്‍ ഇവയാകുന്നു. കലാന്തരത്തില്‍ ചമ്പുക്കള്‍, സന്ദേശങ്ങള്‍ മുതലായ കൃതികളും ആവിര്‍ഭവിച്ചു.

വൈശികതന്ത്രം

പല വൃത്തങ്ങളിലായി ഉദ്ദേശം ഇരുനൂറോളം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതി അനങ്ഗസേന (അഗങ്ഗവല്ലി എന്നും ഒന്നുരണ്ടു ശ്ലോകങ്ങളില്‍ കാണുന്നു) എന്ന യുവതിയായ വേശ്യയ്ക്കു് അവളുടെ അമ്മ സ്വകുലധര്‍മ്മത്തെ പുരസ്കരിച്ചു ചെയ്യുന്ന ഉപദേശമാകുന്നു. ഗ്രന്ഥം അച്ചടിപ്പിച്ചിട്ടില്ല. ചില ശ്ലോകങ്ങല്‍ ലീലാതിലകത്തില്‍ ഉദ്ധരിച്ചുകാണുന്നു. അവയാണു് അടിയില്‍ ചേര്‍ക്കുന്നതു്.

ʻʻതനയേ തവ സമ്പദര്‍ത്ഥമുച്ചൈ–
രിനിയോരാഢ്യനെ നീ വരിച്ചുകൊള്‍ക;
ധനഹീനരില്‍നിന്നു പാങ്ങു[1]വാരാ:
പനിനീര്‍ വീണ്ണു കുളം നിറഞ്ഞതില്ല.ˮ
ʻʻതന്വീകുലാഭരണമേ! തരുണാന്‍ കയര്‍ത്തും
താനേ നിശാസു നിയമേന കിടക്കിലാകാ;
അംഭോരുഹാക്ഷി പുണരാണണയാത പെണ്ണും
ചേറില്ലയാതമിളിയും[2] ചിരികേടു കണ്ടാ.ˮ

പ്രസ്തുതഗ്രന്ഥത്തില്‍നിന്നു് അനേകം ശ്ലോകങ്ങള്‍ ഉജ്ജയിനിയിലേ രഥ്യയെ വര്‍ണ്ണിക്കുമ്പോള്‍

ʻʻഅന്യത്രാത്ഭുതവചനാഹിതമസ്മിന്നുപദിശന്തി ദുഹിതൃഭ്യഃ
കട്ടിന്യോ രഹസി തഥേത്യുത്തമമധ്യാധമാഃ പുരുഷാഃˮ

എന്ന പീഠികയോടുകൂടി മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ ചേര്‍ത്തിട്ടുണ്ടു്. എല്ലാ ശ്ലോകങ്ങളും ചേര്‍ത്തിട്ടില്ലാത്തതിനാലും ആദ്യന്തം ഒരു കവിയുടെ കൃതിയെന്നു കാണുന്നതിനാലും വൈശികതന്ത്രം ആട്ടപ്രകാരകാരനില്‍നിന്നു ഭിന്നനായ ഒരു കവിയുടെ കൃതിയെന്നുതന്നെ ഞാന്‍ ഊഹിക്കുന്നു. ആ ആട്ടപ്രകാരത്തില്‍ ഗ്രന്ഥകാരന്റെ സ്വന്തമായി അനവധി വിശിഷ്ടങ്ങളായ സംസ്കൃതശ്ലോകങ്ങളും മണിപ്രവാള്‍ശ്ലോകങ്ങളുമുണ്ടെങ്കിലും പരകീയകൃതികളില്‍ നിന്നു പല ഉദ്ധരണങ്ങളുമുണ്ട്, വൈശികതന്ത്രം രചിച്ച കവി ആരെന്നറിയുവാന്‍ ഒരു വഴിയുമില്ല; അദ്ദേഹം മന്ത്രാങ്കത്തിന്റെ ആട്ടപ്രകാരം വിരചിതമായ ക്രി. പി. പതിനൊന്നാംശതകത്തിനു മുമ്പു ജീവിച്ചിരുന്നിരിക്കണും. പ്രസ്തുതകൃതി ആരംഭിക്കുന്നതു് ഇങ്ങനെയാണു്

ʻʻഎന്മുത്തിമുത്തി മുതുമുത്തിയവള്‍ക്കു മുന്‍റാം
മുത്തിക്കു മുത്തിയവള്‍മൂത്തവളേ തുടങ്ങി
നാം പോരുമാതികളൊരിത്തനയും വിടാതെ
ഞാനിന്നിനക്കുപദിശാമി ഗുരുക്രമേണ.

എന്മുത്തിയാല്‍ ചെവിയിലേ മുതുമുത്തിതാനും
ചൊല്ലിക്കൊടുത്തവളുമെന്‍ ജനനിക്കുചൊല്ലി
കൈക്കൊണ്ട യോഗമിതെനിക്കവള്‍ ചൊല്ലിയിന്‍റു
ഞാനും നിനക്കുപദിശാമി ഗുരുക്രമേണ.

ഉചിതമറിക മുന്നം നന്‍റതല്ലായ്കിലെല്ലാ–
മറിയുമവര്‍കള്‍ ചൊല്ലിക്കേള്‍ക്കിലും നല്ലു പിന്നെ;
നവരമിവയിരണ്ടാലൊന്‍റിലൂന്‍റായ്കിലെന്‍റും
നവകുവലയനേത്രേ, നന്മ വാരാ വധൂനാം.ˮ

വൈശികതന്ത്രം അഭ്യസിക്കാനുള്ള വൈഷമ്യം അമ്മ മകളെ താഴെക്കാണുന്ന പദ്യങ്ങളിലും മറ്റും ബോധ്യപ്പെടുത്തുന്നു.

ʻʻമുല്‍പ്പാടു കേളിദമുരിത്തവിടും പെറാ കാണ്‍
വല്ലായ്കിലിങുമുഖി! വൈശികതന്ത്രമാര്‍ഗ്ഗം;
[3]നൂന്മേല്‍ നടക്കുമതു നൂറുമടങ്ങിലേററം
വേശ്യാധുരം വിഷമമെന്‍റു വിദഗ്ദ്ധവാചഃ.ˮ

* * * *

ʻʻകല്ലിനെപ്പെരിയ കായലാക്കലാം;
കായലെപ്പെരിയ കല്ലുമാക്കലാം;
വല്ലവാറു പലനാളുഴയ്ക്കിലും
വല്ലവാനരിയതൊന്‍റു വൈശികം.ˮ

ഈ ഗ്രന്ഥത്തിലെ വിഷയത്തിന്റെ ഔചിത്യത്തെപ്പറ്റി ആധുനികന്മാര്‍ക്ക് അഭിപ്രായഭേദമുണ്ടാകാമെങ്കിലും കവിതയെപ്പറ്റി അവര്‍ അഹമഹമികയാ പ്രശംസോത്സുകരായിത്തന്നെയിരിക്കും. ചില ശ്ലോകങ്ങള്‍കൂടി ഉദ്ധരിച്ചു പ്രസ്തുത കാവ്യത്തിന്റെ മാധുര്യം വിശദമാക്കാം.

ʻʻമുലയും തലയും മുഖക്കളിപ്പും[4]
മുറുവല്‍ക്കാന്തിയുമുള്ള മഞ്ജുവാചാം,
മുതല്‍ തേടുക തേടല്‍; ആയതെല്ലാം
മുനനേടാ മുതുകണ്ണു മുന്‍നാടായ്കില്‍ˮ[5]

ʻʻനീചേഷു സങ്ഗമിള, നീലവിലോചനേ! നീ
ചാന്തിന്‍കുണം കെടുമൊരിത്തിരി നൂറു വീണ്ണാല്‍;
നീ കേള്‍ക്കിലുത്തമഗുണേ! കഥ ചെല്ലവന്‍ ഞാന്‍;
പൊന്‍പോല്‍ നിറം[6]ഭവതി മേരുവണഞ്ഞ കാകന്‍.ˮ

ʻʻകുറവും നിറവും പകുത്തു കാണ്മോ–
രറിവുള്ളില്‍ക്കിടാവായ്കലങ്ഗനാനാം
വറളും വരഗാത്രി! വൈശികം താ–
നുറവില്ലാതനിലത്തു നെല്ലുപോലെ.ˮ

ʻʻഒരുത്തരെക്കൊണ്ടുപകാരമില്ലെ–
ന്റൊരിക്കലും തോഴി നിനയ്ക്കൊലാ കാണ്‍;
ഉരുട്ടിവൈക്കും പിതൃപിണ്ഡമുണ്മാ–
നൊരിക്കലക്കാകനെ വേണമല്ലോ.ˮ

ʻʻഇറുമാന്നി[7]രിയായ്ക, വീടര്‍ വന്നാ–
ലുറവാര്‍ന്നീടുമൊരോ വീനോദസാരൈഃ
ചിറ താങ്ങിന നീരുമൊട്ടു ചെന്നാല്‍
കുറുകീടും ചെറിയോരരിപ്പിനൂടെ.ˮ

ʻʻഒരുവനുളനുദാരന്‍ വച്ചുതെന്‍ വീട്ടിലെന്നി–
ട്ടെളിയ തരുണര്‍ വന്നാലന്‍പു നീ കൈവിടൊല്ല;
വരതനു! പെരുമാള്‍ക്കും വെറ്റി വാരാ നിനച്ചാല്‍–
ത്തനിമരമയിമുഗ്ദ്ധേ! ഹന്ത! കാവാവുകില്ല.ˮ

ʻʻതാരുണ്യമാവതു സുതേ! തരുണീജനാനാം
മാരാസ്ത്രമേ! മഴനിലാവതു നിത്യമല്ല;
അന്നാര്‍ജ്ജിതേന മുതല്‍കൊണ്ടു കടക്കവേണ്ടും
വാര്‍ദ്ധക്യമെന്മതൊരു വന്‍കടലുണ്ടു മുമ്പില്‍.ˮ

ʻʻബാലത്വമാര്‍ന്നുരസി വാര്‍മുല പൊങ്ങുമന്നാള്‍
മാലത്തഴക്കുഴലിമാര്‍ മുതല്‍ നേടവേണ്ടും;
വേലപ്പെടാതവ നിരര്‍ത്ഥകമേവ പിന്നെ,
കാലത്തുഴാക്കഴനി നെല്ക്കളമേറുവീലാ.ˮ

എനിക്കു് ഏറ്റവും രസപ്രദമായി തോന്നീട്ടുള്ളതു് ഈ കാവ്യത്തിലെ ദൃഷ്ടാന്തം, ലോകോക്തി തുടങ്ങിയ അലങ്കാരങ്ങളാകുന്നു. അവയില്‍ ചിലതെല്ലാം മുകളില്‍ ചേര്‍ത്ത ശ്ലോകങ്ങളില്‍ കാണാവുന്നതാണു്. ഇനിയും ചിലതുകൂടി പ്രദര്‍ശിപ്പിക്കാം.

(1) ʻʻഎന്നാലുഴയ്ക്ക മകളേ! പല നാളിവണ്ണ–
മഭ്യാസയോഗബലമാനയെടുക്കുമല്ലോ.ˮ

(2) അരുതിത്തരമെന്നറിഞ്ഞിടാതേ,
വലസു [8]ള്ളോര്‍ക്കു വശം പ്രയാതി കല്ലും;
അയി സുന്ദരി! പണ്ടു വത്സരാജ–
ന്നൊരു മണ്ണാന നടന്നുവെന്നവേഹി.ˮ

(3) ʻʻകരിതേച്ചുകഴിഞ്ഞരങ്ങു പുക്കാല്‍
മകളേ! യാടുവതാടി വാങ്ങവേണ്ടും.ˮ

(4) ʻʻവാഞ്ഛാഫലപ്രസവവൈശികമന്ത്രബീജം
നീലേക്ഷണേ! നിലമറിഞ്ഞു വിതയ്ക്കവേണ്ടും.ˮ

(5) ʻʻനില്ലാ കണാ[9]കിമപി നീചരിലുള്ള സങ്ഗം;
ചാരുസ്മിതേ! ചരിനിലം വളമേല്പുതില്ല.ˮ

(6) ʻʻതട്ടിപ്പുറത്തു കളയാതൊഴിയാരെയും നീ;
കഷ്ടസ്വഭാവികളുമൊന്നിനു നന്നു പെണ്ണേ;
അട്ടക്കുലങ്ങളരവിന്ദവിലോചനേ! കേള്‍
കെട്ടോരു പുണ്ണിനിഹ നന്മ വരുത്തുമല്ലോ.ˮ

(7) ʻʻഈവണ്ണമാകിലുരുകും തരുണര്‍ക്കു ചിത്തം
നേര്‍ചില്ലിവല്ലരി! നെരുപ്പിലരക്കുപോലെ.ˮ

(8) ʻʻആണുങ്ങളുണ്ടു പലരെന്നതുകൊണ്ടു നീയ–
ങ്ങാരോടുമാശ വിടുവീല മനോഹരാങ്ഗീ;
ആറുണ്ടു ചെഞ്ചിടയിലെന്നതുകൊണ്ടു ശംഭോ–
ന്നീര്‍കൊണ്ടു കോരിയഭിഷേകമിളയ്പതുണ്ടോ?ˮ

(9) ʻʻആഴക്കുമായിരവുമമ്പതുമയ്യുഴക്കും
മൂഴക്കുമൊക്കെ മുകുളസ്തനി, കൊള്ളവേണം;
കൈത്തോടു, തോടു, മറുചാല്‍, മഴപെയ്തു വെള്ളം
കൂടിക്കണാ നിറവിതംബുരുഹാക്ഷി, സിന്ധുഃ.ˮ

(10) ʻʻഅവരവരുടെയാം ഞാനെന്നു തോന്നുംപ്രകാരം
പുറമമൃതമിരുമ്പിന്‍കാന്തമന്തര്‍ദ്ദധാനം
തവ പുനരായി പെണ്ണേ, കാമനൃത്തം പ്രവൃത്തം
ത്സടിതി പകരവേണ്ടും ചാക്കിയാര്‍കൂത്തുപോലെ.ˮ

(11) ʻʻകലഹം കമലാക്ഷി, കാമിനീനാ–
മിതമുള്ളോന്നതു ചാല വല്ലുമാകില്‍;
പെരുകീടിലതും പ്രമാദമത്രേ
കറിയില്‍ക്കിഞ്ചന കൂടുമുപ്പുപോലെ.ˮ

(12) ʻʻകര്‍പ്പൂരംകൊണ്ടരുതു മകളേയുപ്പുകൊണ്ടുള്ള വേലˮ

(13) ʻʻഅന്തോളംകൊണ്ടരുവയര്‍മണേ, ചാണകം കോരുവീല.ˮ

(14) ʻʻകാര്‍‌പ്പണ്യത്തെക്കമലനയനേ! ദൂരതോ വര്‍ജ്ജയിത്വാ
കാലംകൊണ്ടിട്ടവര്‍ തരുവതും കണ്ടുകൊണ്ടങ്ങിരുന്നാല്‍
കാര്‍ പോന്നുണ്ടാം കഥമപി സുതേ, മിന്നുമൊട്ടേ മഴങ്ങും
വില്ലും കോരും വിധിവിഹിതമായ്പ്പെയ്യുമമ്മേഘ ജാലംˮ

ഈ ശ്ലോകങ്ങളുടെ പ്രണേതാവു് ഒരു വിശിഷ്ടകവിയല്ലെന്നു് ആര്‍ക്കു പറയാം? വിച്ച (വിദ്യ), ആശ്രിക്കുക (ആശ്രയിക്കുക), വിതയ്ക്കവും നടുകവും (വിതയ്ക്കയും നടുകയും), കഴകം (സദസ്സു്), കയന്നു് (താണു്), ദയാവു് (ദയവു്), നമ്മളാര്‍ (നമ്മള്‍), ചെമ്മു് (ഭങ്ഗി), കുവള (കുവലയം), ചുവ (രസം), ഇങ്ങനെയുള്ള പഴയ പദങ്ങളും പ്രയോഗങ്ങളും ഈ ഗ്രന്ഥത്തില്‍ സുലഭങ്ങളാണു്. ʻകരുമസ്യ തത്വംʼ ʻനില്പോരു വള്ളിംʼ ʻഉപ്പുപോലേ കറീഷുʼ എന്നീ ഉദാഹരണങ്ങളില്‍ കാണുന്നതുപോലെയുള്ള സംസ്കൃതീകൃതഭാഷാപദങ്ങളും ഇല്ലെന്നില്ല.

ʻʻവീടേ സതി പ്രഭുജളേ [10] ഭവനം ചുടേഥാ;
നൈമിത്തികങ്ങള്‍ പലനാളുമുളാക്കിടേഥാഃ;
ആനീതമാഭരണജാലമൊളിച്ചിടേഥാഃ
താനേ കിടക്കിലറകുത്തിമുറിച്ചിടേഥാഃˮ

എന്നു ഒരു ശ്ലോകമുണ്ടു്. ഇവിടെയെങ്ങും ഹാസ്യരസത്തിന്റെ സ്പര്‍ശമില്ലെന്നു ഭാഷാചരിത്രജ്ഞന്മാര്‍ ഓര്‍മ്മിക്കുമല്ലോ.

ആട്ടപ്രകാരശ്ലോകങ്ങള്‍

കൂടിയാട്ടത്തിലെ ഭാഷാഗദ്യത്തിനു് ഉദാഹരണങ്ങള്‍ ഇതിനുമുമ്പു ഞാന്‍ ഉദ്ധരിച്ചുകാണിക്കുകയുണ്ടായി. മണിപ്രവാളശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നതിനുള്ള അവസരം ഇതാണു്. ഇവയുടെ കൂട്ടത്തിലും ചില പദ്യങ്ങള്‍ ലീലാതിലകകാരന്‍ ഉദ്ധരിച്ചിട്ടുണ്ടു്. താഴെക്കാണുന്നവ നോക്കുക.

ʻʻഇനി ഞാന്‍ വിടകൊള്‍വനിന്ദുവക്ത്രോ!
കനിവില്ലാമ കുറേക്കുറഞ്ഞുതാനാല്‍;
ഭവതീമധികൃത്യ ചെയ്ത കൃത്യം
വിധിനാ സമ്പ്രതി വിഷ്ണുപൂജായാക.ˮ

ʻʻനെല്‍ കുത്തുമാറുമരികേയൊരു കോലൊടിച്ചു
പല്‍ കത്തുമാറുമതു കൊണ്ടിടുമാറുമെന്മേല്‍
നന്‍റും നമുക്കു മനമേ! ചരതം നിനച്ചാ–
ലെന്റും മറക്കരുതുരല്‍‌പ്പിരനാരിമാരെ.ˮ

ʻʻഒരു പരവനിതാ ച ഞാനുമെമ്മില്‍
പ്രണയവിരോധമിയങ്ങിനോരുനേരം
ചെലുചെലെനെ മുറിഞ്ഞുവീണ ചെമ്പൊല്‍–
ക്കനവള നണ്ണി നുറുങ്ങിയെങ്ങള്‍ചേതഃˮ

ʻʻവേരും തണ്ടും നിറവുമിലയും കണ്ടു ചേമ്പെന്‍റു മത്വാ
വാരിക്കോരിപ്പെരികെ വളമിട്ടാനുഭാവം കെടാതെ
വേനല്‍ക്കാലേ ജലമപി കൊടുത്തിങ്ങിനേ ഞാന്‍ വളര്‍ത്തേ–
നാപല്‍ക്കാലത്തതൊരമളിയായ് ഞാനുമൊന്‍റല്ലയാനേന്‍.ˮ

ഇവയില്‍ ഒടുവിലത്തെ ശ്ലോകത്തിലെ നാലാംപാദം— ʻʻആപല്‍ക്കാലത്തതുമൊരു വെളിയായ് ഞാനുമെന്‍റല്ലയായിˮ എന്നു പഠിച്ചു് ആചാര്യന്‍ അതില്‍ വൃത്തഭങ്ഗമുണ്ടെന്നു സ്ഥാപിക്കുന്നു. എന്നാല്‍ മന്ത്രാങ്കം ആട്ടപ്രകാരത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതാണു് മുമ്പുദ്ധരിച്ച പാഠം; അതില്‍ വൃത്തഭങ്ഗവുമില്ല. ഇതില്‍നിന്നു് ഒരു വസ്തുത വെളിവാകുന്നതു ലീലാതിലകകാരന്റെ കാലത്തു പ്രസ്തുതപാദം വൃത്തഭങ്ഗദുഷ്ടമാണെന്നു് അപവദിക്കത്തക്കവണ്ണം അത്രമാത്രം കവിവാക്യത്തില്‍നിന്നു ഭേദപ്പെട്ടുകഴിഞ്ഞിരുന്നു എന്നുള്ളതാണു്; അതുകൊണ്ടു് ഇതു തോലന്റെ കൃതിതന്നെ എന്നു സങ്കല്പിക്കുന്നതില്‍ വിരോധമില്ല. അത്യന്തം സരളങ്ങളായ അനവധി മണിപ്രവാളശ്ലോകങ്ങള്‍ ആട്ടപ്രകാരങ്ങളിലുണ്ടു്. അവയില്‍ ഏതാനും ചിലതുമാത്രമേ ഇവിടെ പ്രദര്‍ശിപ്പിക്കുവാന്‍ സൗകര്യമുള്ളു.

(1) ഉജ്ജയിനി:—

ʻʻയത്ര സ്ത്രിയോ നിയതമുന്നതമാളികാസു
തൂവെണ്ണിലാവു പൊഴിവോ ചില ശര്‍വരീഷു
ചാലേറ വാതിലരികേ സമുപാഗതാസു
കണ്ണാടി കാണ്‍മതു വിളങ്ങിന താരകാസു.ˮ

(2) വാസവദത്തയുടെ ദാസിമാര്‍:—

ʻʻഒരുത്തി തുകില്‍ കൈക്കൊണ്ടാളൊരുത്തി ഹരിചന്ദനം
ഒരുത്തി പാദുകാദ്വന്ദ്വമൊരുത്തി തുളസീ പുന:ˮ

* * *


ഒരുത്തി താലവൃന്തങ്ങളൊരുത്തി സിതചാമരം
ഒരുത്തി കങ്കുമം കൊണ്ടാളൊരുത്തി മുകുരം തഥാ.
ഒരുത്തി പൂര്‍ണ്ണകുംഭങ്ങളൊരുത്തി സിതതണ്ഡുലം
ഒരുത്തി ചെപ്പു കൈക്കൊണ്ടാളൊരുത്തി കലശദ്വയം.
ഒരുത്തി കോമളാംഭോജമൊരുത്തി മണിനൂപുരം
ഒരുത്തി രശനാജാലമൊരുത്തി മണികുണ്ഡലംˮ ഇത്യാദി.

(3) വാസവദത്താവര്‍ണ്ണനം–കേശാദിപാദം:—
ʻʻനീര്‍കൊണ്ട നീലജീമൂതം നേര്‍കൊണ്ടീടിന കൂന്തലും
മുരളും വരിവണ്ടിണ്ട വെരുളും കുരുള്‍മാലയും,
തോറ്റ തിങ്കളുടേ കീറ്റു പോറ്റിളങ്ങിന [11] നെറ്റിയും,
മുരിക്കിന്‍ മലര്‍തന്‍ കാന്തി ഭരിക്കുന്നധരോഷ്ഠവും
മന്ദാരധവളാകാരം സുന്ദരം മന്ദഹാസവും,
പര്‍വചന്ദ്രനു പോരുന്ന ഗര്‍വ്വൊഴിച്ച മുഖാംബുജം.
ഇണ്ടമാല കണക്കേ പോയ് നീണ്ടുരുണ്ട ഭുജദ്വയം,
അഭിമാനത്തെയുണ്ടാക്കുമിഭകുംഭസ്തനങ്ങളും,
മുലയെക്കാത്തുതാന്‍ വല്ലാതുഴലും മധ്യവല്ലരി,
പരം കരിചിമം[12] ചെമ്മേ പൊരും ജഘനചക്രവും.
വരിനെല്‍ക്കതിരെപ്പോലെ വിരിയും രോമരാജിയും,
ചാരുപൊന്‍കദളിത്തണ്ടില്‍ നേരുളാമൂരുഭാരവും,
തെളിനീര്‍ക്കുവളേ[13]പ്പോലെയുളവാം ജാനുമണ്ഡലം,
മണികേതകിതന്‍ മൊട്ടോടിണയാര്‍ന്ന മുഴങ്ങഴല്‍,
കച്ഛപം കനകോല്‍ഭൂതം സ്വച്ഛം പുറവടിദ്വയം,
തെളിഞ്ഞ കുപ്പിയോടൊപ്പം വിലസുന്ന കണക്കഴല്‍,
നക്ഷത്രധവളാകാരസുന്ദരം നഖവും തഥാ. ˮ

(4) അതേവിഷയം—പാദാദികേശം:—
ചെങ്ങിന തളിരൊളി ചേര്‍ന്നു വിളങ്ങി–
ച്ചെവ്വരി ചിതറിന ചേവടിയുഗളാ;
പങ്ങിവിളങ്ങിന ചാരുപളുങ്ങില്‍
പങ്‌ക്തിയൊടൊത്ത നഖാളീലളിതാ;
വിവിധമണിപ്രഭ തമ്മലൊരോന്റേ
വിരവില്‍ വിളങ്ങിന നാനാഭരണാ;
ചെലുചെലനെന്റു ചിലമ്പൊലി പൊലിയും
ചേതോഹരരുചി പുറവടിമധുരാ;
പരിചിതകാന്തി കണക്കാലിലിടും
പാടകഹാടകപാടലശോഭാ;
മുറുകിയൊതുങ്ങി നിറംപെട്ടേറ്റം
മുഴപുണരാത മുഴങ്ങാല്‍ബദ്ധാ;
തുടവിയ മാരനികേതമണിത്തൂ–
ണുടമ തുടര്‍ന്ന തുടദ്വയസുഭഗാ;
പുതുമപൊലിഞ്ഞു വിരഞ്ഞു വിരാജല്‍–
പ്പൂന്തുകിലേന്തിന ജഘനാഭോഗാ;
അരയിലുടമ്പെടുമുടഞാണ്‍ പുണര്‍പൂ–
ണ്ടരുണിതനിരുപമനീവിനിവേശാ;
നമ്രമുലാവിന നീര്‍ച്ചുഴിപോലെ
നയനമനോഹരനാഭിഗഭീരാ;
തിരളൊളിരോമവലി ചേര്‍ന്നേറ–
ത്തിറമെഴുമഴകിയൊരുദരവരാഢ്യാ;
മുത്തണിമാലകള്‍ മാര്‍വ്വില്‍ മുഴുക്കും
മുകള്‍മുല മൂടിന മൃദുലമനോജ്ഞാ;
മണിഗണകാന്തി മലിഞ്ഞു നിറംചേര്‍–
മാര്‍വില്‍ വിളങ്ങിന മഹിതാഭരണാ;
താരാനിരയിലരുന്ധതിപോലേ
താനേ മിന്നിന നാഭിമനോജ്ഞാ;
ചെമ്പകമാലാലളിതകരത്തില്‍–
ച്ചെലുചെല വിലസിന വലയകുലാങ്കാ;
ചെങ്ങഴുനീര്‍മലരകവിതള്‍പോലെ
ചെങ്ങിന മൃദുലനഖാളീലളിതാ;
പരിമളമീടിന പാതിരിനറുമലര്‍
പഴിപെടുമധരമണിദ്യുതിസുഭഗാ!
മാരമണിധ്വജദണ്ഡുകണക്കേ
മസൃണമനോഹര നാസാനാളാ;
കാമവിലാസകയത്തിലിണങ്ങും
കയലൊളികോലിന കാതരനയനാ;
താരുണ്യാമൃതവീചികണക്കേ
തരളതരാഞ്ചലചില്ലീലതികാ;
നെച്ചെഴ വിലസിന നെറ്റിത്തടഭൂവി
നെറിയേറും നവമങ്ഗലതിലകാ;
കുടിലത തടവിന കുരുള്‍നിരയിലെഴും
കുസുമപരാഗപരീതലലാടാ;
മാരരസാമൃതമാരിപൊഴിപ്പാന്‍
മഴമുകിലായ മലര്‍ക്കുഴല്‍മധുരാ.ˮ

ഈ വര്‍ണ്ണനം വൃത്തംകൊണ്ടു ഭാഷയിലാണെങ്കിലും മറ്റെല്ലാം കൊണ്ടും മണിപ്രവാളത്തിലാകയാല്‍ ഈ അധ്യായത്തില്‍ ചേര്‍ക്കുവാന്‍ ഇടവന്നു. ഈ വൃത്തം പില്‍ക്കാലത്തു മണിപ്രവാള ചമ്പുക്കളില്‍ ഗദ്യമെന്നു വ്യപദേശിക്കപ്പെടുന്നു.

(5) അതേവി‍ഷയം, പാദാദികേശം, മറ്റൊരു മാതിരി:—
കാണാമതിന്നുമിഹ മാനസവാസമെന്നാ–
മന്നങ്ങളേ നടപയറ്റിനതാനതാങ്ഗ്യാഃ;
പത്മങ്ങളും ചരണയോരഴകുള്ളതെല്ലാ–
മര്‍പ്പിച്ചു നൂനമുദകേഷു തപശ്ചരന്തി. (1)

പോരാമ തന്‍ പുറവടിക്കെതിരാം; കണക്കാല്‍
പോരാടുമെങ്ങുമിഹ കേതകകുട്മളേന;
ചെപ്പിന്നിനിപ്പമഴിയും പരിചും മുഴങ്ങാ–
ലെപ്പോഴുമല്പലദൃശോ ലളിതം വിളങ്ങും (2)

ഈടിന്‍റ ചാരുകതളിക്കരളെങ്ങുമസ്യാ
വാടും തിരണ്ട തുടതന്‍ നിഴലങ്ങു വയ്ക്കില്‍
ഓടാത മാരരഥമായ നിതംബഭൂമി–
ക്കൂടേ പിടിച്ച വിജയക്കൊടി രോമരാജി. (3)

കാണപ്പെടാ നടുവു; കോമളയൌവനശ്രീ
ചെല്‍വാന്‍ ചമച്ച നടയുണ്ടു വലിത്രയേണ;
യൂനാം മനോനളിനമെപ്പൊഴുതും മുളയ്‌പാന്‍
കാമന്‍ ചമച്ചുതിഹ നാഭിസരോ നതാങ്ഗ്യാഃ. (4)

കുംഭോത്ഭവോന്നതമിദം കമനീയമസ്യാ
മുക്താലസന്മലയമോ മുലയോ ന ജാനേ
തന്മേലിരണ്ടുപുറമുന്നവചന്ദനാര്‍ദ്രാ
വിദ്യോതതേ നൃപസുതാകരപല്ലവശ്രീഃ. (5)

* * * *

ലാവണ്യമാം നദിയില്‍ നീര്‍വിളയാടി നില്ക്കും
മാരന്നു തോണിയിണപോലവള്‍കണ്ണിരണ്ടും
പൊന്നോല മിന്നിവരുവോ ചില കാതു വന്നി–
ങ്ങൂ ഞ്ഞാലുമാം കിമപി ചഞ്ചലമഞ്ചിതാക്ഷ്യാഃ (6)
അഞ്ചമ്പനഞ്ചിതദൃശാമഴകുള്ളതെല്ലാ–
മാരാഞ്ഞുകൊണ്ടു ചരതിച്ചൊരുമിച്ചുകൂട്ടി
കല്പിച്ചുതെന്റു പലരും പുകഴിന്‍റുതെങ്ങും
തന്മങ്ഗലാങ്ഗമിഹ മാളവകന്യകായാഃ. (7)

ചില്ലീവിലാസമൊരു വില്ലിനെ വെല്ലുമെന്‍‌റും;
മുറ്റാത തിങ്കളഴകുണ്ടവള്‍ നെറ്റിയെങ്ങും;
വണ്ടിണ്ടയും കരുളുമങ്ങിരുളെന്‍റു തോന്‍റും
പൂവല്‍ക്കരിങ്കുഴലവന്തി നൃപാത്മജായാഃ (8)

ഒരേ വിഷയത്തെപ്പറ്റി തോലന്‍ മൂന്നു വര്‍ണ്ണനങ്ങള്‍ രചിച്ചിരിക്കുവാന്‍ ഇടയില്ലാത്തതിനാല്‍ മന്ത്രാങ്കംആട്ടപ്രകാരത്തില്‍ത്തന്നെ മറ്റു കവികളുടെ വാങ്മയങ്ങളും സ്ഥലംപിടിച്ചിട്ടുണ്ടെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇവയൊന്നും പതിമ്മൂന്നാംശതകത്തേക്കാള്‍ അര്‍വാചീനങ്ങളാണെന്നു തോന്നുന്നില്ല.

ഭാഷാശ്ലോകങ്ങള്‍

ചേടികളേയും അവരുടെ സംഭാഷണത്തേയും വര്‍ണ്ണിക്കുമ്പോള്‍ കവിത ചിലപ്പോള്‍ പച്ചമലയാളത്തോടു് അടുക്കുന്നുണ്ടു്.

(1) ചെറുമി:
ʻʻനാട്ടാര്‍ക്കു മുറ്റവുമടിച്ചിടുകൂലി[14]യുണ്ടു
താനേ വളര്‍ന്നു തലകൂട്ടിമുടിച്ചവാറേ
മാറത്തിരണ്ടുമുല പോന്നു മുകം തിരിഞ്ഞാ–
ലെവ്വന്‍റ[15]കുപ്പയുമൊരുവര്‍ശിയെന്‍‌റു തോന്‍റും.ˮ (1)

ʻʻകരുമിഴിയിണ കണ്ടും കാര്‍മ്മുകില്‍ക്കൂന്തല്‍കണ്ടും
കനവിയ തുട കണ്ടും കാമബാണാതുരോ ഞാന്‍
ചെറുമികള്‍മുടിമാലാം ചേതസാ പിന്‍വരിന്റേന്‍
ചനവരി[16]ടയിലോടിച്ചാവെഴും പന്‍റിപോലെ.ˮ (2)

താഴെക്കാണുന്ന രണ്ടു ശ്ലോകങ്ങളില്‍ സംസ്കൃതീകൃതഭാഷ ധാരാളമായിക്കാണുന്നു.

ʻʻതേങ്ങാനെയ് തേച്ച കേശാനതിബഹളഗള–
ത്താളിനാ ക്ഷാളയിത്വാ
താലത്തില്‍സ്സഞ്ചിതാഭിഃ കഴുകി നിഖിലമ–
പ്യങ്ഗമിഞ്ചപ്പതാഭിഃ
മണ്ണാത്യാ ദത്തമാത്രാം ചെറിയൊരുടുതുണീം
ബിഭ്രതീ വെള്ളമഞ്ഞള്‍–ˮ
തള്ളാടപ്പൂയിതാങ്ഗീ ചൊളചൊള ചെറുമീ (3)
നന്റെടോ നിന്‍റവാറു്.ˮ

ʻʻഒട്ടേ പരുത്ത പുടവാം തുടമേലൊതുക്കി
നാവും കടിച്ചു നയനേന വിലങ്ങെ നോക്കി
പൊന്നല്ലയാത വളപോയ്ച്ചെലെനന്‍റു കൈക്കൊ–
ണ്ടെങ്ങള്‍ക്കു തോന്‍റുമവളെച്ചിലെടുക്കുമാറു്.ˮ (4)

ʻനെല്‍ കുത്തുമാറുംʼ എന്ന ശ്ലോകം മുമ്പുദ്ധരിച്ചുവല്ലോ. അതുപോലെ പച്ചമലയാളത്തില്‍ രചിച്ച ഒരു ശ്ലോകമാണു് ചുവടേ ചേര്‍ക്കുന്നതു്.

ʻʻഈഴച്ചേമ്പുമിരണ്ടുമൂന്‍റു വിറകും വാഴയ്ക്കു കീഴേടമും
വന്‍ തേങ്ങാമുറിയും വളഞ്ഞ പുളിയും മീനിന്നു മേലേടമും
മുന്നം കുത്തുമുമിക്കു മൂത്ത തവിടും പായും പഴമ്പുട്ടലും
കൈക്കീഴ്‌വച്ചുചിരിച്ചു കോതവരുമാറുണ്ടോ മറക്കാവുതു്?ˮ

ചേടികളുടെ സംഭാഷണം:—

ഇതവിയ തുടയും നടയും
തുടി നടുവും കണ്ട കണ്ട കാമിജനൈഃ
ഇടയും ചേടികള്‍ഘടയും
ചേടകഘടയോടുകൂടി വന്നിതഥ.

കാളീ താളിയെടുത്തുകൊള്‍;
കാരൂരിന്നില്ലയോ മുലക്കച്ച?
നങ്ങേ താക്കോലെങ്ങൂ?
ചെമ്പഞ്ഞിച്ചാറരച്ചിതോ ചിറ്റേ?

അയ്യോ അയ്യോ കേളൊരു
വളയുള്ളതു കണ്ടുതി,ല്ല വിളി, പെണ്ണേ,
പാപ്പീ പുടവയിതാമോ?
അപ്പോഴീയകമടിച്ചുതളി കടുക[17]

* * * *

ചെപ്പും കുപ്പിയമിപ്പോ–
ഴഞ്ജനകര്‍പ്പൂരദര്‍പ്പണാദി തഥാ;
എടുപിടി കടുകെ[18]ന്‍റിത്ഥം
ബഭൂവ സല്ലാപമത്ര ചേടീനാം.

ഇത്ഥമോരോന്റേ മെല്ലെ–
ച്ചൊല്ലിച്ചൊല്ലിക്കുഴഞ്ഞ തനുലതികാഃ
പ്രാപുര്‍വാസവദത്താം
ചെറുമീതതി കയ്യര്‍കയ്യുമവലംബ്യ.

പ്രതിശ്ലോകങ്ങള്‍:—

(1) നാഗാനന്ദത്തില്‍ നായകന്‍ ചൊല്ലേണ്ട

ʻʻനീതാഃ കീം ന നീശാശശാങ്കരുചയോ നാഘ്രാതമിന്ദീവരം
കിന്നോന്മീലിതമാലതീസുരഭയസ്സോഢാഃ പ്രദോഷനിലാഃ
ത്സങ്കാരഃ കമലാകരേ മധുലിഹാം കിംവാ മയാ ന ശ്രുതോ
നിര്‍വ്യാജം വിധുരേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാന്‍?ˮ

എന്ന ശ്ലോകത്തിനു പകരം വിദൂഷകന്‍ ചൊല്ലുന്ന പ്രതിശ്ലോകങ്ങല്‍

ʻʻനീതാ കിം പൃഥുമോദകാ ന ദിവസാ നാഘ്രാതമമ്മാമ്പഴം
കിന്നോന്മീലിതചാരുജീരകരസാസ്സോഢാശ്ച പാകാനിലാഃ
സീല്‍ക്കാരഃ കടുകും വറുത്തു കളിയില്‍ക്കൂടുന്ന നേരം ശ്രുതോ;
നിര്‍വ്യാജം വിരുണേഷ്വധീര ഇതി മാം കേനാഭിധത്തേ ഭവാന്‍?

വാഴപ്പഴങ്ങള്‍ വലിയോ ചിലകാണ്മ, നപ്പം
വാക്കുന്ന സീല്‍ക്കരണനാദമടുത്തു കേള്‍പ്പന്‍;
പാല്ക്കഞ്ഞിയാറുവതു പാര്‍ത്തു പുറത്തിരിപ്പന്‍;
ഞാനല്ലയോ ജഗതി ധീരരിലഗ്രഗ്രണ്യന്‍?ˮ

(2) മേല്‍പ്പടി നാടകത്തിലേ

ʻʻചന്ദനലതാഗൃഹമിദം ചന്ദ്രമണീശിലമപി പ്രിയം ന മ്മ
ചന്ദ്രാനനയാ രഹിതം ചന്ദ്രികയാ മുഖമിവ നിശായാഃˮ

എന്ന ശ്ലോകത്തിനുപകരം

ʻʻഉരതിങ്ങുമുരല്‍പ്പിരതാനുരലാല്‍ ഭൂഷിതമപി പ്രിയം ന മ്മ
കുരളച്ചെറുമീരഹിതം കറികൂടാത്തൊരു ഭോജനംപോലെ.ˮ

(3) സ്വപ്നവാസവദത്തത്തിലേ

ʻʻസ്മരാമ്യവന്ത്യാധിപതേസ്സുതായാഃ
പ്രസ്ഥാനകാലേ സ്വജനം സ്മരന്ത്യാഃ
ബാഷ്പം പ്രവൃത്തം നയനാന്തലഗ്നം
സ്നേഹാന്മമൈവോരാസി പാതയന്ത്യാ.ˮ

എന്നതിനുപകരം

ʻʻസ്മരാമി വാനാറിയുടേ സുതായാ
നെല്‍കുത്തുകാലേ തവിടും സ്മരന്ത്യാഃ
ശ്ലേഷ്മം പ്രവൃത്തം നിജഹസ്തലഗ്നം
സ്നേഹാന്മമൈവോരസി പാതയന്ത്യാ.ˮ

(4) മേല്‍പ്പടി നാടകത്തിലേ

ʻʻബഹുശോപ്യുപദേശേഷു
യയാ മാം വീക്ഷമാണയാˮ
ഹസ്തേന സ്രസ്തകോണേന

കൃതമാകാശവാദിതംˮ

എന്നതിനുപകരം


ബഹുശോപ്യുമിചേറീട്ടു
യയാ മാം നോക്കമാണയാ
ഹസ്തേന സ്രസ്തശൂര്‍പ്പേണ
കൃതമാകാശചേറിതംˮ

(5) സുഭദ്രാധനഞ്ജയത്തിലേ

ʻʻസൗന്ദര്യം സുകുമാരതാ മധുരതാ കാന്തിര്‍മ്മനോഹാരിതാ
ശ്രീമത്താ മഹിമേതി സര്‍ഗ്ഗവിഭവാന്‍ നിശ്ശേഷനാരീഗുണാന്‍
ഏതസ്യാമുപയുജ്യ ദുര്‍വിധതയാ ദീനഃ പരാമാത്മഭൂ–
സ്‌സ്രഷ്ടുംവാഞ്ഛതി ചേല്‍ കരോതു പുനരപ്യത്രൈവ ഭിക്ഷാടനംˮ

എന്നതിനു പകരം

ʻʻവാനാറ്റം കവര്‍നാററമീറപൊടിയും ഭാവം കൊടുംക്രൂരമാം
വാക്കും നോക്കുമിതാദിസര്‍ഗ്ഗവിഭവാന്‍ നിശ്ശേഷചക്കീഗുണാന്‍
ഇച്ചക്യാമുപയുജ്യ പത്മജനഹോ ശക്യം ന ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം[19]
നാഴിഭിരുരിഭിരുഴഗ്ഭിഃ
പാതിമണത്ഭിസ്തഥൈവ ചവലരിഭിഃ[20]
യത്ര മനോരഥമുടനേ
സിധ്യതി തസ്യൈ നമശ്ചെറുമ്യൈˮ

(6) മേല്‍പ്പടി നാടകം ഒന്നാമങ്കത്തിന്റെ അവസാനത്തില്‍ വിദൂഷകനു ചൊല്ലാനുള്ള സന്ധ്യാവര്‍ണ്ണനശ്ലോകമാണു് സുപ്രസിദ്ധമായ

ʻʻതാള്‍പ്പൂട്ടയന്തി തകരാഃ കറികൊയ്തശേഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങയന്തി;
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ;
മിന്നാമിനുങ്ങുനിവഹാശ്ച മിനുങ്ങയന്തി.ˮ {{right|എന്നതു്}.

(7) നാഗാനന്ദത്തില്‍ ʻഅദ്യ ഖലു സ്വപ്നേʼ ഇത്യാദി ചൂര്‍ണ്ണികയ്ക്കു പകരം

ʻʻകണ്ടേന്‍ ഞാനും കനാവില്‍പ്പുലരുമളവുമിക്കുന്നതന്മേല്‍ വിരിച്ച–
ക്കണ്ടിച്ചീടും പഴമ്പായ്ത്തലവണ മുറിചൂല്‍ക്കെട്ടുമായിട്ടിരിന്നു്
കോപിച്ചീടുന്ന കള്ളച്ചെറുമി കടുകടെച്ചുട്ടടാം തിന്നുമാറും
മണ്ടിച്ചൊല്ലായുമെന്ന പ്രതി കടുതരമാം പ്രാക്കുണര്‍ത്തീടുമാറുംˮ

ഈ നാടകത്തിലും തപതീസംവരണത്തിലും ഉപയോഗിക്കുന്ന പല ശ്ലോകങ്ങളും അശനം രാജസേവ മുതലായവയെപ്പറ്റിയുള്ള ശ്ലോകങ്ങളും നവീനങ്ങളാണു്. ഒടുവിലത്തേ ഇനത്തില്‍ ചില പഴയ ശ്ലോകങ്ങളുമില്ലെന്നില്ല. അവയില്‍ ഒന്നു രണ്ടെണ്ണം പ്രദര്‍ശിപ്പിക്കാം.

മാസേ പ്രത്യാസന്നേ സ്വാനാം നാശം നിരൂപ്യ വേദനയാ
ഉല്‍ബന്ധനമാചരതീം നൂനം വാഴപ്പഴക്കുലാഭിരിവ
പായില്‍ക്കുന്നിച്ചീടും ബാലപ്പയറോര്‍ത്തുകാണ്കിലാശ്ചര്യം
മരതകര്‍ശൈലശ്ശേതേ ഭൂമാവിഹ വജൂമേറ്റു മൂര്‍ച്ചനയാ.

ഒരു ഗ്രന്ഥത്തില്‍ 126 അശനശ്ലോകങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടു്; അതിലില്ലാത്ത അനേകം ശ്ലോകങ്ങള്‍ വേറെ ഗ്രനഥങ്ങളില്‍ കാണ്മാനുണ്ടു്.

രാജസേവ:—

ʻʻതട്ടിക്കൊട്ടിക്കഥമപി കഴിപ്പോരു മാടമ്പിവീട്ടില്‍
പ്പുക്കുച്ചയ്ക്കേ പകല്‍ കഴിവളം പാര്‍ത്തിരുന്നര്‍ദ്ധരാതൗ
കല്ലും നെല്ലും തവിടുമുമുടിയുംകൂടി വെന്തിട്ടിരിക്കും
പക്കപ്രാശാല്‍ സപദി തെരുവത്തയ്യമേറ്റം വിശേഷഃˮ
ʻʻചെയ്‌വാനോ പടകാലനോടു, നരകേ പോയ്ച്ചെന്നുവീഴുംവിധൗ
ചെയ്‌വാനോ പരിരക്ഷണം പരമൊഴിപ്പാനോ പുനര്‍ജന്മ, നാം
പയ്യെപ്പുഞ്ചിരിയിട്ടു പോയ്പ്പറകൊഴിഞ്ഞാസ്സേവകാനാം നൃണാം
കൈയില്‍കൈകമിഴാത്തമന്നവരെനാമെന്തിന്നുസേവാമഹേ?ˮ

ഈ പ്രപഞ്ചനത്തില്‍നിന്നും തോലനും അദ്ദേഹത്തിന്റെ അനുയായികളായ മറ്റു ചില കവികളും മണിപ്രവാളസാഹിത്യത്തെ ഏതു പ്രകാരത്തില്‍ പരിപോഷിപ്പിച്ചു എന്നു വിശദമാകുന്നതാണു്. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ʻʻബാണോച്ഛിഷ്ടം ജഗത്സര്‍വംˮ എന്നു പറയുന്നതുപോലെ കൂടിയാട്ടത്തിലെ സാഹിത്യം കേരളത്തിലെ ഒട്ടധികം സാഹിത്യപ്രസ്ഥാനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശകമാണെന്നു ശപഥം ചെയ്യാം. സ്തോത്രങ്ങള്‍ ചാടുക്കള്‍ ഇവയ്ക്കും ഉദാഹരണങ്ങള്‍ അന്യത്ര പ്രദര്‍ശിപ്പിക്കും.


 1. പാങ്ങ്=വഴി; കഴിവു്; സമ്പത്തു്. പനിനീര്‍=മഞ്ഞുവെള്ളം
 2. അമിളി=പാടം. ചിരികേടു് (ശ്രീകേടു്)=അശ്രീകരത്വം
 3. നൂന്മേല്‍=നൂലിന്മേല്‍
 4. മുഖക്കളിപ്പ്=മുഖകാന്തി.
 5. മുനനേടാ=മൂര്‍ച്ചയുള്ളതാകയില്ല. മുതുകണ്‍=മുത്തിയുടെ കണ്ണു്. മുന്‍നടായ്കില്‍=മുമ്പേ നടന്നില്ലെങ്കില്‍.
 6. പൊന്‍പോല്‍നിറം=പൊന്നുപോലെയുള്ള നിറത്തോടുകൂടിയതു്.
 7. ഇറുമാന്ന്=അലസയായി; ഇതികര്‍ത്തവ്യതാമൂഢയായി.
 8. വലസ്=(വലം) ബലം.
 9. കണാ=ക്ഷണത്തില്‍.
 10. പ്രഭുവാകുന്ന ജളന്‍ ʻവിടʼനാകുന്ന സമയത്തില്‍.
 11. പോററിളങ്ങിന=പോല്‍ തിളങ്ങിന.
 12. കരിചമം=ആനത്തല.
 13. 3കവള്‍=(കുവള)കുവലയം=കരിങ്കൂവളം
 14. ഇട്ടുകൊടുക്കുന്ന കൂലി.
 15. ഏവ്വന്‍റ=ഏതുവന്ന.
 16. ചനവര്‍=ജോനകര്‍
 17. കടുക=വേഗത്തില്‍.
 18. 1
 19. ഇതിനുതന്നെ പാഠഭേദങ്ങളുണ്ടു്.
  (1) വാനാററം കവര്‍നാററവും വളുസവും പൈശൂന്യവും പീളയും
  പേനും കക്കിയൊതുക്കിയിത്യുപചിതാന്‍ നിശ്ശേഷ ചക്കീഗുണാന്‍
  വാനാറിച്ചെറുമിക്കലാക്കി നിതരാം നിസ്സ്വേ വിധിസ്താദൃശീം
  നാണംകെട്ടു സൃജിക്കുമാകിലിവളോടേ വന്നിരന്നീടുക.ˮ
  മുതലായ ശ്ലോകങ്ങള്‍. കവര്‍നാററം = ദേഹത്തിന്റെ ദുര്‍ഗ്ഗന്ധം.
 20. ചവല്‍=പതിരു്