close
Sayahna Sayahna
Search

സംസ്കൃതസാഹിത്യം 2.III

Contents

സംസ്കൃതസാഹിത്യം (പതിനാറാം ശതകം, തുടര്‍ച്ച)

ʻʻമോക്ഷാപ്തിസാരതരഭാഗവതാഖ്യമഥ്നോ
നാരായണീയനവനീതമഹോ ഗൃഹീത്വാ
മായാമയൗഘപരിതപ്തജനായ യോദാ-
ന്നാരായണാവനിസുരായ നമോസ്തു തസ്മൈˮ

മേല്‍പ്പുത്തൂര്‍ നാരായണഭട്ടപാദര്‍, പീഠിക

പാവനമായ ഈ പരശുരാമഭൂമി പല മഹാനുഭാവന്മാരുടേയും അവതാരം നിമിത്തം അനന്യസുലഭമായ ശ്ലാഘയ്ക്കു പാത്രീഭവിച്ചിട്ടുണ്ടു്. അങ്ങനെയുള്ള പുണ്യപുരുഷന്മാരില്‍ ശങ്കരഭഗവല്‍പാദരെ കഴിച്ചാല്‍ പാണ്ഡിത്യംകൊണ്ടും കവിത്വംകൊണ്ടും പ്രഥമ ഗണനീയനെന്നു് അഭിജ്ഞോത്തമന്മാര്‍ ഐകകണ്ഠ്യേന സമ്മതിക്കുന്ന ഒരു അതിമാനുഷനാണു് മേല്പുത്തൂര്‍ നാരായണഭട്ടതിരി. അദ്ദേഹത്തിന്റെ സര്‍വതോമുഖമായ മഹിമാതിശയം അവാങ്മനസഗോചരമാണു്; അദ്ദേഹത്തെ അനന്തരകാലികന്മാര്‍ അനന്താംശസംഭവനെന്നു വാഴ്ത്തുന്നതു് അപലപനീയവുമല്ല.

ദേശവും കുലവും

നാരായാണഭട്ടതിരി കൊല്ലം 735-ആമാണ്ടു്, അക്കാലത്തു വെട്ടത്തുനാട്ടുരാജാവിന്റെ ഭരണത്തില്‍ ഉള്‍പ്പെട്ടിരുന്നതും ഇന്നു മലബാര്‍ ജില്ലയില്‍ പൊന്നാനിത്താലൂക്കില്‍ ചേര്‍ന്നതുമായ കുറുമ്പത്തൂരംശത്തില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജനനത്താല്‍ പ്രതിഷ്ഠയെ പ്രാപിച്ച മേല്പുത്തൂരില്ലം സുപ്രസിദ്ധമായ തിരുനാവായമ്പലത്തില്‍നിന്നു രണ്ടു വിളിപ്പാടു വടക്കുള്ള ചന്ദനക്കാവു് എന്ന ഭഗവതിക്ഷേത്രത്തിനു് ഒരു നാഴിക കിഴക്കു മാറി സ്ഥിതി ചെയ്തിരുന്നു. ആ ഗൃഹം ഇടക്കാലത്തു് അന്യംനിന്നു മറവഞ്ചേരി തെക്കേടത്തു് എന്ന കുടുംബത്തില്‍ ലയിച്ചു. പ്രക്രിയാസര്‍വസ്വത്തിന്റെ അവസാനത്തില്‍ ഭട്ടതിരി തന്റെ ഇല്ലത്തെപ്പറ്റി,

ʻʻഭൂഖണ്ഡേ കേരളാഖ്യേ സരിതമിഹ നിളാ-
മുത്തരേണൈവ നാവാ-
ക്ഷേത്രേ ഗവ്യൂതിമാത്രേ പുനരുപരിനവ-
ഗ്രാമനാമ്നി സ്വധാമ്നി
ധര്‍മ്മിഷ്ഠാദ് ഭട്ടതന്ത്രാദ്യഖിലമതപടോ-
ര്‍മ്മാതൃദത്തദ്വിജേന്ദ്രാ-
ജ്ജാതോ നാരായണാഖ്യോ നിരവഹദതുലാം
ദേവനാരായണാജ്ഞാംˮ

എന്ന പദ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ടു്. ʻഉപരിനവഗ്രാമംʼ എന്നാല്‍ മേല്പുത്തൂര്‍ എന്നര്‍ത്ഥം. ഭാട്ടതന്ത്രം മുതലായ ശാസ്ത്രങ്ങളില്‍ നിഷ്ണാതനായ മാതൃദത്തഭട്ടതിരിയായിരുന്നു അദ്ദേഹത്തിന്റെ പിതാവു്. മാതൃദത്തന്റെ സീമന്തപുത്രനായിരുന്നു മഹാകവി. നാരായണഭട്ടതിരിയുടെ മാതൃഗൃഹം സുപ്രസിദ്ധമായ പയ്യൂരില്ലമായിരുന്നു എന്നാണു് ഐതിഹ്യം.

അനുജന്‍

മഹാകവിക്കു മാതൃദത്തനാമാവായ ഒരനുജനുണ്ടായിരുന്നു. അദ്ദേഹമാണു് ഭക്തിസംവര്‍ദ്ധനശതകത്തിന്റെ പ്രണേതാവു്. ജ്യേഷ്ഠനെ ഗുരുവായൂര്‍ മുതലായ പ്രദേശങ്ങളില്‍ അദ്ദേഹം അനുഗമിക്കുകയും ജ്യേഷ്ഠന്‍ ഉണ്ടാക്കിച്ചൊല്ലിയ നാരായണീയശ്ലോകങ്ങള്‍ അന്നന്നു കേട്ടു് എഴുതിയെടുക്കുകയും ചെയ്തു.

ʻʻഇത്ഥം ഭാഗവതം സ്തോത്രം സ്വാഗ്രജേന വിനിര്‍മ്മിതം
അലിഖന്മാതൃദത്താഖ്യോ ഭഗവദ്ഭക്തിഹേതവേ.ˮ

എന്നൊരു ശ്ലോകം നാരായണീയത്തിന്റെ ചില മാതൃകാഗ്രന്ഥങ്ങളില്‍ കാണുന്നുണ്ടു്. ʻതൃതീയഭ്രാതാ ച മാതൃദത്താഖ്യഃʼ എന്നും ചില ഗ്രന്ഥങ്ങളില്‍ കുറിപ്പുണ്ടു്. ഇതരസഹോദരന്മാര്‍ ആരെല്ലാമെന്നറിയുന്നില്ല.

വിദ്യാഭ്യാസം

മഹാകവി തന്റെ ഗുരുനാഥന്മാര്‍ ആരായിരുന്നു എന്നു പ്രക്രിയാസര്‍വസ്വത്തിന്റെ അവസാനത്തില്‍

ʻʻമീമാംസാദി സ്വതാതാ,ന്നിഗമമവികലം മാധവാചാര്യവര്യാ-
ത്തര്‍ക്കം ദാമോദരാര്യാദപി പദപദവീമച്യുതാഖ്യാദ്ബുധേന്ദ്രാല്‍ˮ

ഇത്യാദിപദ്യത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടു് ഈ പദ്യം ഞാന്‍ മുമ്പു് ഉദ്ധരിച്ചിട്ടുള്ളതാണു്. മീമാംസ മുതലായ ശാസ്ത്രങ്ങള്‍ അച്ഛനോടും വേദം സമഗ്രമായി മാധവാചാര്യനോടും തര്‍ക്കം ദാമോദരാചാര്യനോടും വ്യാകരണം അച്യുതപ്പിഷാരടിയോടുമാണു് അദ്ദേഹം അഭ്യസിച്ചതു്. പിഷാരടിയെ ആദ്യമായി കണ്ടപ്പോള്‍ ഭട്ടതിരി അദ്ദേഹത്തിനു സമര്‍പ്പിച്ച ശ്ലോകമാണു് ചുവടേ ചേര്‍ക്കുന്നതു്:

ʻʻമഗ്നം മഹാമോഹമയേ മഹാബ്ധൗ
മന്ദം മഹാത്മന്‍! മമതാകുലേന
കൃപാപയോധേ! മനസോദ്ധരാമും
കൃത്വോഡുപം ജ്ഞാനമയം പ്രപന്നം.ˮ

മാധവാചാര്യനും ദാമോദരാര്യനും അവിജ്ഞാതന്മാരായിരിക്കുന്നു. മാതൃദത്തഭട്ടതിരിക്കു പൂര്‍വോത്തരമീമാംസകളില്‍ അത്ഭുതാവഹമായ അവഗാഹമുണ്ടായിരുന്നതായി വെളിപ്പെടുന്നു. അദ്ദേഹം അനവധി ശിഷ്യന്മാരെ ശാസ്ത്രാഭ്യാസം ചെയ്യിച്ചിരുന്നു എന്നുള്ളതിനു ഭ്രമരസന്ദേശത്തിലെ ʻʻമാതൃദത്ത ദ്വിജേന്ദ്രശ്രീമച്ഛിഷ്യോല്‍കരമുഖരിതൈരാസ്തൃതാം ശാസ്ത്ര പാഠൈഃˮ എന്ന വാചകം വിനിഗമകമാണു്. മഹാകവിക്കു ബാല്യത്തില്‍ പറയത്തക്ക വിദ്യാഭ്യാസമൊന്നും സിദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം ഒരു വിടനും കന്നനുമായിട്ടാണു് വളരെക്കാലം കഴിച്ചുകൂട്ടിയതെന്നും അച്യുതപ്പിഷാരടിയുടെ ഗൃഹത്തില്‍ സംബന്ധം തുടങ്ങിയതിനുമേലാണു് അദ്ദേഹത്തിനു കാവ്യനാടകവ്യുല്‍പത്തിപോലും ലഭിക്കുവാന്‍ ഇടവന്നതു് എന്നുമുള്ള ഐതിഹ്യം ലേശംപോലും വിശ്വസനീയമായിത്തോന്നുന്നില്ല. അവിടെ ബാന്ധവമുണ്ടായിരുന്നു എന്നുള്ളതിനും ലക്ഷ്യമില്ല. ʻബാലകളത്രം സൗഖ്യംʼ എന്നും ʻലിംഗവ്യാധി രസഹ്യഃʼ എന്നും 1729133 എന്ന കലിദിനസംഖ്യയ്ക്കു പിഷാരത്തുവെച്ചു് അദ്ദേഹം പേരിട്ടിരുന്നു എങ്കില്‍ അതു് ഒരു ശാസ്ത്രവിനോദമായി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. വ്യാകരണം പിഷാരടി പഠിപ്പിച്ചുവെങ്കിലും വേദം അദ്ദേഹമാണു് അഭ്യസിപ്പിച്ചതു് എന്നും തജ്ജന്യമായ പാപം നിമിത്തമാണു് വാതരോഗം അദ്ദേഹത്തിനുണ്ടായതെന്നുമുള്ള പുരാവൃത്തവും ത്യാജ്യ കോടിയില്‍ തള്ളേണ്ടിയിരിക്കുന്നു. ബാല്യത്തില്‍ത്തന്നെ മാധവാചാര്യനില്‍നിന്നു വേദാധ്യയനം ചെയ്തു എന്നു് അനുമാനിക്കുന്നതായിരിക്കും സമീചീനം. അക്കാലത്തു് അനധികൃതമെന്നുവെച്ചിരുന്ന ഒരു പ്രവൃത്തി ആചാരശ്ലക്ഷ്ണനായ പിഷാരടി ചെയ്തിരിക്കുമെന്നു സങ്കല്പിക്കുവാന്‍ ന്യായമില്ലല്ലോ. അങ്ങനെയാണെങ്കില്‍ കടവല്ലൂര്‍ ക്ഷേത്രത്തില്‍ വാരമിരിക്കുവാന്‍ ഭട്ടതിരി അനുജനോടുകൂടി ചെല്ലുകയും അനുജനെ മാത്രം സഭ്യന്മാര്‍ മാനിക്കുകയും അവരുടെ പരിഹാസംകൊണ്ടു വിഷ്ണണ്ണനായി പരദേശത്തു പിഷാരടിയോടുകൂടി പോയി നാലു വേദങ്ങളും ഒരു കൊല്ലത്തിനകം അഭ്യസിച്ചു മടങ്ങിവന്നു വീണ്ടും വാരമിരിക്കുകയും ചെയ്തു എന്ന കഥയും അസത്യമാണെന്നു പറയേണ്ടിയിരിക്കുന്നു. എന്നാല്‍ ഒരു കാര്യം നിശ്ചയമാണു്. പണ്ടു പൂരു സ്വപിതാവായ യയാതിചക്രവര്‍ത്തിയുടെ ജരപോലെ ഭട്ടതിരി സ്വഗുരുവായ പിഷാരടിയുടെ വാതരോഗം മന്ത്രപൂര്‍വമായി ആവാഹിച്ചുവാങ്ങിയെന്നും അതിന്റെ ഉപശാന്തിക്കു ഗുരുവായൂര്‍ക്ഷേത്രത്തില്‍വെച്ചു നാരായണീയം നിര്‍മ്മിച്ചു മഹാവിഷ്ണുപ്രസാദം നേടിയെന്നും ആസ്തികന്മാര്‍ക്കു വിശ്വസിക്കാവുന്നതുതന്നെ. ഗുരുനാഥന്മാരില്‍വെച്ചു തന്റെ അത്യധികമായ ഭക്തിയെ ആവര്‍ജ്ജിച്ചിരുന്ന പിഷാരടി വാതാക്രാന്തനായ അവസരത്തില്‍ ശിഷ്യനായ ഭട്ടതിരി അദ്ദേഹത്തെ, വളരെ ക്ലേശിച്ചു ശുശ്രൂഷിച്ചുവെന്നും തന്നിമിത്തം ആ രോഗം ആചാര്യനില്‍നിന്നു ഛാത്രനില്‍ സംക്രമിച്ചുവെന്നും ഗുരുവായൂരമ്പലത്തിലെ ഭജനാദിദിനചര്യയുടെ പ്രഭാവത്തില്‍ അതു ഭട്ടതിരിയെ വിട്ടുമാറിയെന്നും ഏതു ഹേതുവാദിക്കും വിശ്വസിക്കാതിരിക്കുവാന്‍ നിര്‍വ്വാഹവുമില്ല. ഏതായാലും അക്കാലത്തുതന്നെ ഭട്ടതിരി സര്‍വതന്ത്രസ്വതന്ത്രനായിക്കഴിഞ്ഞിരുന്നു എന്നു ധ്യൈര്യമായി പറയാം.

അനന്തരചരിത്രം

തൃക്കണ്ടിയൂരില്‍നിന്നു വളരെ അവശസ്ഥിതിയില്‍ ഗുരുവായൂരമ്പലത്തില്‍ ഭജനത്തിനായി പോയ ഭട്ടതിരി വാതാമയത്തില്‍നിന്നു നിശ്ശേഷം വിമുക്തനായി. ആ ക്ഷേത്രത്തില്‍ മഹാകവി ഉപവിഷ്ടനായി നാരായണീയം രചിച്ച മണ്ഡപസ്ഥാനം ഇന്നും സന്ദര്‍ശകന്മാര്‍ക്കു കാണാവുന്നതാണു്. ഓരോ ദിവസവും കാലത്തു് അവിടെയിരുന്നു് ഓരോ ദശകം വീതം ഉണ്ടാക്കിച്ചൊല്ലുകയും ഞാന്‍ മുന്‍പു പറഞ്ഞപോലെ അനുജന്‍ മാതൃദത്തന്‍ഭട്ടതിരി അതു കുറിച്ചെടുക്കുകയും ചെയ്തു. അങ്ങനെ നൂറു ദിവസംകൊണ്ടു് ആ സ്തോത്രരത്നം പരിസമാപ്തമായി. ʻʻകൊല്ലം 762-ആമാണ്ടു വൃശ്ചികമാസം 28-ആംനു ഞായറാഴ്ചയും ചോതിയും കൃഷ്ണചതുര്‍ദ്ദശിയും കൂടിയ ദിവസമാണു് അതിന്റെ നിര്‍മ്മിതി അവസാനിച്ചതെˮന്നു് ഒരു ഗ്രന്ഥവരിയില്‍ കാണുന്നതിനാല്‍ ഭട്ടതിരി ഭജനത്തിനു് അവിടെ ആയാണ്ടു ചിങ്ങമാസത്തില്‍ പോയിരിക്കണം. പിന്നീടു തിരിയെ നാട്ടിലേയ്ക്കു മടങ്ങുകയും നല്ല ഒരു സഹൃദയനും കവിയും എന്ന നിലയില്‍ തന്റെ സ്നേഹബഹുമാനങ്ങള്‍ക്കു പാത്രീഭവിച്ചിരുന്ന കുട്ടഞ്ചേരി ഇരവിച്ചാക്യാര്‍ക്കു കൂത്തു പറയുന്നതിനുവേണ്ടി അനേകം പ്രബന്ധം നിര്‍മ്മിക്കുകയും ചെയ്തു. ʻനിരനുനാസികപ്രബന്ധംʼ (ശൂര്‍പ്പണഖാപ്രലാപം) അദ്ദേഹത്തിന്റെ പ്രത്യേകാവശ്യമനുസരിച്ചു രചിച്ചതാണെന്നുള്ളതിനു താഴെക്കാണുന്ന ശ്ലോകം തെളിവാണു്:

ʻʻഅനുനാസികരഹിതാനി വ്യതനോദേതാനി ഗദ്യപദ്യാനി
നാരായണാഭിധാനോ ദ്വിജപോതോ രവിനടേശ്വരാദേശാല്‍ˮ

കേരളത്തിലെ പല രാജ്യങ്ങളേയും മഹാകവി ഓരോ അവസരങ്ങളില്‍ സന്ദര്‍ശിക്കുകയും അവിടത്തെ നാടുവാഴികളുടെ അപദാനങ്ങളെപ്പറ്റി സരസഗംഭീരങ്ങളായ പദ്യഗദ്യങ്ങള്‍ രചിക്കുകയും ചെയ്തുകാണുന്നു. കോഴിക്കോടു്, കൊച്ചി, വടക്കുംകൂര്‍, അമ്പലപ്പുഴ ഈ രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ പര്യടനപരിധിയില്‍പ്പെട്ടിരുന്നു. കൊച്ചി മഹാരാജാവായ വീരകേരളവര്‍മ്മാവിനെപ്പറ്റി അദ്ദേഹത്തിനുള്ള ആദരം അസാമാന്യമായിരുന്നു എന്നുള്ളതു മാടരാജപ്രസ്തിയിലും ഗോശ്രീനഗരവര്‍ണ്ണനത്തിലും നിന്നു നാം ഗ്രഹിക്കുന്നു. സാമൂതിരിപ്പാട്ടിലെപ്പറ്റിയും അദ്ദേഹം ഒരു മനോഹരമായ ഗദ്യം രചിച്ചിട്ടുണ്ടു്.

ഭട്ടതിരിയും ചെമ്പകശ്ശേരി രാജാവും:-ഭട്ടതിരിയുടെ പ്രധാനമായ പുരസ്കര്‍ത്തൃത്വത്തിനുള്ള ഭാഗ്യം സിദ്ധിച്ചതു ʻപൂരാടം പിറന്ന പുരുഷന്‍ʼ എന്ന പേരില്‍ പ്രസിദ്ധനായ അന്നത്തെ ചെമ്പകശ്ശേരി രാജാവിനായിരുന്നു. ആ മഹാന്‍, 741-ആമാണ്ടു മേടമാസത്തില്‍ ജനിച്ചു. 798-ആമാണ്ടു ധനുമാസം 2-ആംനു മരിച്ചു. അദ്ദേഹം ചെമ്പകശ്ശേരിരാജ്യം ഭരിക്കുവാന്‍ ആരംഭിച്ചതു് എന്നാണെന്നു നിശ്ചയമില്ല. എന്നാല്‍ സ്വയം ഗ്രന്ഥകാരനും കവികള്‍ക്കും പണ്ഡിതന്മാര്‍ക്കും കല്പവൃക്ഷവുമായിരുന്നതിനുംപുറമേ ശ്രീകൃഷ്ണഭഗവാന്റെ പരമഭക്തനും, ഭാരതം, ഭാഗവതം എന്നീ മഹാഗ്രന്ഥങ്ങളില്‍ അത്യധികം അഭിരുചിയും നിഷ്ണാതതയുമുള്ള ഒരു പുരുഷപുംഗവനുമായിരുന്നു എന്നുള്ളതിനു പല തെളിവുകളുമുണ്ടു്. ഏതോ ഒരു ദിവ്യനായ സന്യാസിയില്‍നിന്നു് അദ്ദേഹത്തിനു ബാല്യത്തില്‍ത്തന്നെ ഒരു മഹോപദേശവും സിദ്ധിച്ചിരുന്നു. ഈ വസ്തുതകളില്‍ പലതും ഭട്ടതിരിയുടെ പ്രക്രിയാസര്‍വസ്വത്തില്‍ ആരംഭത്തിലുള്ള താഴെക്കാണുന്ന ശ്ലോകങ്ങളില്‍നിന്നു വ്യക്തീഭവിക്കുന്നു:

ʻʻതിഷ്ഠത്യേവാനിലോ പി പ്രചലതി ഗിരിര-
പ്യാജ്ഞയാ യസ്യ രാജ്യേ;
ശത്രോസ്സര്‍വാഭിസാരേ സതി രചയതി യ-
സ്തസ്യ സര്‍വാപഹാരം;
സോയം നിശ്ശേഷശാസ്ത്രശ്രുതിനിവഹകലാ-
നാടകേഷ്വദ്വിതീയോ
ഭാതി ശ്രീദേവനാരായണധരണിപതി-
ര്‍മ്മഗ്നചേതാ മുകുന്ദേ.

യോ വൃന്ദാവനവാസിനോ നിയമിനസ്സാക്ഷാല്‍കൃതാധോക്ഷജാദ്
ദുഷ്പ്രാപം ഖലു നാരദാദ് ധ്രുവ ഇവ പ്രാപോപദേശം പരം,
യസ്യാപാസ്തസമസ്തവസ്തുകുതുകം കൃഷ്ണാവലോകോത്സവ-
ക്രീഡാകൗതുകി മാനസം വിജയതേ സോയം മഹാത്മാ നൃപഃ.ˮ

ദേവനാരായണന്‍ എന്നതു ചെമ്പകശ്ശേരി രാജാക്കന്മാരുടെ മാറാപ്പേരാണു്. പൂരാടംതിരുനാള്‍ ഒരു കഷണ്ടിക്കാരനായിരുന്നു എന്നും, ഭട്ടതിരിയെ ആദ്യമായി കണ്ടപ്പോള്‍ ആളറിയാതെ ʻകൂട്ടിവായിക്കാനറിയാമോʼ എന്നു ചോദിച്ചതിനു് അറിയാമെന്നു ഭട്ടതിരി പറഞ്ഞു എന്നും, അടുത്ത ദിവസം പതിവായി മഹാഭാരതം വായിച്ചുവന്ന നീലകണ്ഠദീക്ഷിതര്‍ക്കുപകരം ആ ഇതിഹാസം വായിക്കുവാന്‍ നിയുക്തനായെന്നും, ആ അവസരത്തില്‍ സന്ദര്‍ഭാനുഗുണമായി കര്‍ണ്ണപര്‍വ്വത്തില്‍

ʻʻഭീമസേനഭയത്രസ്താ ദുര്യോധനവരൂഥിനീ
ശിഖാ ഖര്‍വാടകസ്യേവ കര്‍ണ്ണമൂലമുപാശ്രിതാˮ

എന്നൊരു ശ്ലോകം സ്വയം ഉണ്ടാക്കിച്ചൊല്ലുകയും രാജാവു് അന്ധാളിച്ചു് അതു മൂലത്തിലുള്ളതാണോ എന്നു ചോദിച്ചതിനു ʻകൂട്ടിവായിച്ചʼതാണെന്നു സമാധാനം പറയുകയും ചെയ്തു എന്നും ആശ്ചര്യഭരിതനായ ശ്രോതാവു് ʻഅങ്ങാണോ മേല്പുത്തൂര്‍ʼ എന്നു് ഉടന്‍തന്നെ പ്രശ്നം ചെയ്തുവെന്നുമുള്ള ഐതിഹ്യം വിശ്വാസ്യം തന്നെ. ഭട്ടതിരി അപ്പോള്‍ നിര്‍മ്മിച്ചു ചൊല്ലിയതാണു്

ʻʻഅവ്യഞ്ജനസ്താര്‍ക്ഷ്യകേതുര്യത്പദം ഘടയിഷ്യതി
തത്തേ ഭവതു കല്പാന്തം ദേവനാരായണ! പ്രഭോ!ˮ

എന്ന മംഗലാശംസാശ്ലോകം. ʻതാര്‍ക്ഷ്യകേതുഃʼ എന്ന പദത്തില്‍നിന്നു വ്യഞ്ജനാക്ഷരങ്ങള്‍ തള്ളിയാല്‍ അവശേഷിക്കുന്നതു് ആയുഃ എന്ന പദമാണെന്നു പറയേണ്ടതില്ലല്ലോ. മഹാകവി അദ്ദേഹത്തെപ്പറ്റി രചിച്ചിട്ടുള്ള വേറേ ചില പദ്യങ്ങള്‍ കൂടി ഉദ്ധരിക്കുന്നു:

ʻʻബ്രഹ്മക്ഷേത്രം കിലേദം മഹിതജനപദം
വിപ്രസംരക്ഷ്യമേവ
വ്യാതേനേ ജാമദഗ്ന്യസ്തദിദമൃഷിവര-
സ്യാനുസന്ധായ ഭാവം
യസ്സ്വേനൈവേദമുര്‍വീവലയമവികലം
ത്രായതേ, സോയമിന്ധേ
ശൂരാണാം താപസാനാമപി പരമപദേ
ദേവനാരായണോദ്യ.

ഗോത്രാഭ്യുദ്ധരണോദ്ധ്യുരസ്യ മഹതാ ചക്രേണ കൃത്തദ്വിഷോ
ലക്ഷ്മീം ഭൂമിമപി പ്രിയാം കലയതഃ സ്ഥാസ്നോര്‍ദ്വിജേന്ദ്രോപരി
ഭൂയശ്ശൂരകുലൈകഭൂഷണമണേര്‍ദ്ദേവേന നാരായണേ-
നൈക്യം നിശ്ചിതമേവ നിശ്ചലധൃതേ! തേ ദേവനാരായണ.
കസ്യൈവം വിദിതം കലാവിലസിതം? കോന്യോബുധാനന്ദഭൂഃ?
കോ വാ വിഷ്ണുപദം സദൈവ ഭജതേ താരാനുസാരീ സ്വയം?
തസ്മാദത്ര ഭവന്തമേവ ഭുവനേ രാജാനമീക്ഷാമഹേ;
സ ത്വം കൈരവമാനനീയമഹിമാ ഹേ ദേവനാരായണ.

സംരുദ്ധേ ദേവനാരായണനൃപ, ഭവതാ
നാസ്തികാനാം പ്രചാരേ
ത്വത്സേനാ ഹന്ത ചാര്‍വാകവദയി പരലോ-
കോദയം ഖണ്ഡയന്തി
കാന്താരേ വൈരിണസ്തേ ക്ഷപണകജനവല്‍
സപ്തഭംഗീം ഭജന്തേ
തേഷാം രാജ്യേ ച ഹീഹീ സുഗതമത ഇവ
ശ്രൂയതേ ശൂന്യവാദഃ.

സംഗ്രാമേ ദേവനാരായണധരണിപതേ!
നാമമാത്രാദമിത്രാ
വിത്രസ്താ വിദ്രവന്തശ്ശിവശിവ വിപിനേ
ക്വാപി ഗുഢം നിലീനാഃ
തത്രാമീ ദേവ നാരായണ ജയ ഭഗവ-
ന്നിത്യുഷീണാമുദീര്‍ണ്ണാന്‍
വര്‍ണ്ണാനാകര്‍ണ്ണയന്തശ്ചകിതമത ഇതഃ
കേവലം വ്യാവലന്തേ.ˮ

ആ തമ്പുരാന്റെ ഗുണങ്ങളാല്‍ ആകൃഷ്ടനാകുകനിമിത്തമാണു് താന്‍ അദ്ദേഹത്തിന്റെ സന്നിധിയില്‍ ചെന്നുചേര്‍ന്നതു് എന്നു ഭട്ടതിരി പ്രക്രിയാസര്‍വസ്വത്തില്‍ തുറന്നുപറയുന്നുണ്ടു്. 791 മകരം 2-ആംനുയാണു് മഹാകവി സര്‍വസ്വം ആരംഭിച്ചതു്. അറുപതു ദിവസംകൊണ്ടു് ആ മഹത്തായ ശാസ്ത്രഗ്രന്ഥം പൂര്‍ത്തിയാക്കി മീനം 3-ആംനു സമര്‍പ്പിച്ചു. അക്കാലത്തെ ഭാരതീയ വൈയാകരണന്മാരില്‍ അഗ്രഗണ്യനായ ഭട്ടോജിദീക്ഷിതര്‍ അതിലെ

ʻʻരാസവിലാസവിലോലം ഭജത മുരാരേര്‍മ്മനോരമം രൂപം,
പ്രകൃതിഷു യല്‍ പ്രത്യയവല്‍ പ്രത്യേകം ഗോപികാസുസമ്മിളിതംˮ

എന്ന വന്ദനശ്ലോകത്തിന്റെ പൂര്‍വാര്‍ദ്ധം കേട്ടപ്പോള്‍ ʻʻഈ വിടന്‍ എങ്ങനെ വൈയാകരണനാകും?ˮ എന്നോര്‍ത്തു നെറ്റി ചുളിക്കുകയും ഉത്തരാര്‍ദ്ധം കേട്ടപ്പോള്‍ തന്റെ പ്രഥമാഭിപ്രായത്തില്‍ ലജ്ജിച്ചു് അദ്ദേഹത്തെ തല കുലുക്കി ശ്ലാഘിക്കുകയും ചെയ്തതായി ഐതിഹ്യം ഘോഷിക്കുന്നു. ഭട്ടതിരി അമ്പലപ്പുഴവെച്ചാണു് ധാതുകാവ്യവും നിര്‍മ്മിച്ചതു്. പാഞ്ചാലീസ്വയംവരം മുതലായ ചില ചമ്പുക്കളും മാനമേയോദയം എന്ന ന്യായഗ്രന്ഥത്തിലെ ʻമാനʼഭാഗവും നിര്‍മ്മിച്ചതും അവിടെവെച്ചു തന്നെയാണു്. ഭട്ടതിരി അമ്പലപ്പുഴയില്‍ താമസിക്കുമ്പോള്‍ ഒരു വിദേശപണ്ഡിതന്‍ മഹാരാജാവിനെ സന്ദര്‍ശിക്കുവാന്‍ അവിടെ ചെല്ലുകയും ഇപ്പോള്‍ മുഖം കാണിക്കാന്‍ സമയമാണോ എന്നു തന്നോടു ചോദിച്ചതിനു മറുപടിയായി അദ്ദേഹം

ʻʻശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച മോദതേ
കഃ കാല ഇതി നോ ജാനേ വാര്‍ഷികശ്ശാരദോപി വാˮ

എന്നൊരു ശ്ലോകം പെട്ടെന്നു നിര്‍മ്മിച്ചു ചൊല്ലുകയും അതു കേട്ടു് ആ പണ്ഡിതന്‍ ʻʻനീര്‍താനാ മേല്പുത്തൂര്‍ʼʼ എന്നു ചോദിക്കുകയും ചെയ്തതായി പുരാവിത്തുകള്‍ പറയുന്നു. 796-ല്‍ തന്റെ ഗുരുനാഥനായ അച്യുതപ്പിഷാരടിയുടെ അന്ത്യകാലത്തില്‍ ഭട്ടതിരി തൃക്കണ്ടിയൂരില്‍ ചെന്നു് അദ്ദേഹത്തെ വീണ്ടും ശുശ്രൂഷിക്കുകയും പിഷാരടി ആസന്നമരണനായി ശിംഗഭൂപന്റെ രസാര്‍ണ്ണവസുധാകരമെന്ന അലങ്കാരഗ്രന്ഥത്തിലുള്ള

ʻʻകായേ സീദതി കണ്ഠരോധിനി കഫേ കുണ്ഠേ ച വാണീപഥേ
ജിഹ്മായാം ദൃശി ജീവിതേ ജിഗമിഷൗ ശ്വാസേ ശനൈശ്ശാമ്യതി
ആഗത്യ സ്വയമേവ നഃ കരുണയാ കാത്യായനീകാമുകഃ
കര്‍ണ്ണേ വര്‍ണ്ണയതാദ് ഭവാര്‍ണ്ണവഭയാദുത്താരകം താരകം.ˮ

എന്ന പദ്യത്തിലെ ഉത്താരകം എന്ന പദംവരെ ഉച്ചരിക്കുകയും പിന്നീടു ശരീരസാദം നിമിത്തം വിരമിക്കവേ ഭട്ടതിരി ʻതാരകംʼ എന്ന പദം ചൊല്ലി തദ്ദ്വാരാ സ്വഗുരുവിനു പ്രാണോല്‍ക്രാന്തിഘട്ടത്തില്‍ താരകോപദേശം ചെയ്തു ചരിതാര്‍ത്ഥനാവുകയും ചെയ്തു. ʻഹേ ശബ്ദാഗമʼ എന്ന ചരമശ്ലോകം ഞാന്‍ അന്യത്ര ഉദ്ധരിച്ചിട്ടുണ്ടു്.

സ്വര്‍ഗ്ഗാരോഹണം

ഇളയ കൊച്ചുകൃഷ്ണനാശാന്റെ കാലഗണന ശരിയാണെങ്കില്‍ ഭട്ടതിരി നൂറ്റാറു വയസ്സുവരെ ജീവിച്ചിരുന്നു, കൊല്ലം 841-ല്‍ ചരമഗതിയെ പ്രാപിച്ചതായി സങ്കല്പിക്കണം. ʻഅന്‍പത്തിമൂന്നു വയസ്സ്ʼ എന്നതിനു ʻനാല്പത്തിമൂന്നു വയസ്സു്ʼ എന്നൊരു പാഠഭേദമുള്ളതായി കേട്ടിട്ടുണ്ടു്. അതു ശരിയാണെങ്കില്‍ 823-ആമാണ്ടായിരുന്നിരിക്കണം അദ്ദേഹത്തിന്റെ നിര്യാണം. 823-ആമാണ്ടു മരിച്ചു എന്നു് ഊഹിക്കുകയാണു് യുക്തിയുക്തമായിട്ടുള്ളതു്. അന്ത്യകാലത്തു ഭട്ടതിരി മൂക്കോലയ്ക്കല്‍ ഭഗവതിയെ ഭജിച്ചു താമസിച്ചിരുന്നു എന്നും, അവിടെവെച്ചു് ആ ദേവിയുടെ പാദാരവിന്ദങ്ങളെ വര്‍ണ്ണിച്ചു ശ്രീപാദസപ്തതി രചിച്ചു എന്നും, തദനന്തരം മേലേക്കാവില്‍നിന്നു ഭജനത്തിനായി പുറപ്പെട്ടു കീഴേക്കാവിന്റെ തെക്കുകിഴക്കേ മൂലവരെ എത്തിയപ്പോള്‍ വിഷ്ണുസായുജ്യം പ്രാപിച്ചു എന്നും അഭിജ്ഞന്മാര്‍ പറയുന്നു. പ്രക്രിയാ സര്‍വ്വസ്വം വായിച്ചു പുളകിതഗാത്രനായ ഭട്ടോജിദീക്ഷിതര്‍ ഭട്ടതിരിയെ സന്ദര്‍ശിക്കുന്നതിനായി കാശിയില്‍നിന്നു കേരളത്തിലേയ്ക്കു പുറപ്പെടുകയും മാര്‍ഗ്ഗമധ്യത്തില്‍വെച്ചു് അദ്ദേഹം നിര്യാതനായ വിവരം അറിഞ്ഞു് ഏറ്റവും ദുഃഖിതനായി മടങ്ങിപ്പോവുകയും ചെയ്തുവത്രെ.

ഭട്ടതിരിയുടെ കൃതികള്‍

ഭട്ടതിരിയുടെ കൃതികളെ (1) സ്തോത്രങ്ങള്‍, (2) പ്രശസ്തികള്‍, (3) ചമ്പുക്കളും മറ്റു കാവ്യങ്ങളും, (4) മുക്തകങ്ങള്‍, (5) ശാസ്ത്രഗ്രന്ഥങ്ങള്‍, (6) പലവക എന്നിങ്ങനെ ആറു വകുപ്പുകളായി വിഭജിക്കാവുന്നതാണു്. (1) നാരായണീയം, (2) ശ്രീപാദസപ്തതി, (3) ഗുരുവായുപുരേശസ്തോത്രം ഇവ ആദ്യത്തെ വകുപ്പിലും, (4) ഗോശ്രീനഗരവര്‍ണ്ണന, (5) മാടമഹീശപ്രശസ്തി, (6) ശൈലാബ്ധീശ്വരപ്രശസ്തി ഇവ രണ്ടാമത്തെ വകുപ്പിലും, (7) സൂക്തശ്ലോകങ്ങള്‍, (8) ആശ്വലായനക്രിയാക്രമം, (9) പ്രക്രിയാസര്‍വസ്വം, (10) ധാതുകാവ്യം, (11) അപാണിനീയപ്രാമാണ്യസാധനം, (12) മാനമേയോദയത്തിലെ മാനപരിച്ഛേദം, (13) തന്ത്രവാത്തികനിബന്ധനം ഇവ അഞ്ചാമത്തെ വകുപ്പിലും ഉള്‍പ്പെടുന്നു. നാലും ആറും വകുപ്പുകളില്‍ അടങ്ങുന്ന പദ്യങ്ങള്‍ അസംഖ്യങ്ങളാണു്. മൂന്നാം വകുപ്പില്‍ ഏതെല്ലാം ചമ്പുക്കളെയാണു് പരിഗണിക്കേണ്ടതെന്നു നിശ്ചയമില്ല. പട്ടേരിപ്രബന്ധങ്ങള്‍ പത്താണെന്നു് ഒരാഭാണകമുള്ളതു് അപ്രമാണമാണു്. പട്ടേരിക്കും പത്തിനും തമ്മില്‍ പ്രാസവിഷയകമായുള്ള സാദൃശ്യമല്ലാതെ അതിനു് അടിസ്ഥാനമൊന്നുമില്ല. മഹാഭാരതാനുബന്ധികളായി (14) രാജസൂയം, (15) ദൂതവാക്യം, (16) പഞ്ചാലീസ്വയംവരം, (17) നാളായനീചരിതം, (18) സുന്ദോപസുന്ദോപാഖ്യാനം, (19) സുഭദ്രാഹരണം, (20) കൗന്തേയാഷ്ടകം, (21‍‍) കിരാതം, (22) കൈലാസവര്‍ണ്ണനം ഇവയും, ഭാഗവതാനുബന്ധികളായി (23) മത്സ്യാവതാരം, (24) നൃഗമോക്ഷം ഇവയും, രാമായണാനുബന്ധികളായി (25) നിരനുനാസികം അഥവാ ശൂര്‍പ്പണഖാപ്രലാപം, (26) രാക്ഷസോല്‍പത്തി, (27) അഹല്യാമോക്ഷം, (28) ബാലകാണ്ഡം കഥ ഇവയും, ശൈവകഥാപ്രതിപാദകങ്ങളായി, (29) ദക്ഷയജ്ഞം, (30) ത്രിപുരദഹനം ഇവയും, കൂടാതെ (31) അഷ്ടമീചമ്പു, (32) സ്വാഹാസുധാകരം, (33) കോടിവിരഹം ഇവയും—ഇങ്ങനെ ഇരുപതു പ്രബന്ധങ്ങള്‍ ഭട്ടതിരിയുടെ കൃതികളാണെന്നു നിസ്സംശയം പറയാം. ഈ പ്രബന്ധങ്ങളില്‍ കൈലാസവര്‍ണ്ണനവും അഹല്യാമോക്ഷവും ബാലകാണ്ഡകഥയും ഗദ്യമയവും, കൗന്തേയാഷ്ടകവും കോടിവിരഹവും പദ്യമയവുമാകുന്നു. കോടിവിരഹത്തില്‍ (1) ʻതസ്മിന്നേവ സമയേʼ എന്നും (2) ʻഇതി ബഹുവിധവികല്പദോലാധിരൂഢേകാന്തേ സാ തുʼ എന്നും ഇങ്ങനെ പേരിനുമാത്രം രണ്ടു ഗദ്യഖണ്ഡങ്ങളേ കാണ്മാനുള്ളു. നിരനുനാസികത്തില്‍ കവിയുടെ നാമമുദ്രയുള്ള ശ്ലോകം മുമ്പു് ഉദ്ധരിച്ചുവല്ലോ.

ʻʻനാരായണാഭിധമഹീസുരവര്യവക്ത്ര-
ജൈവാതൃകാമൃതഝരീനികരായമാണം.
ഹൃദ്യം പ്രബന്ധമിദമദ്യ സമാപ്തമുദ്യദ്-
ഗദ്യം സമസ്തമനവദ്യവിരാജിപദ്യംˮ

എന്നു ദൂതവാക്യത്തിലും
ʻʻഗോവിന്ദമാനന്ദരസൈകസാന്ദ്ര-
മാവന്ദ്യ നാരായണഭൂസുരേന്ദ്രഃ
നിര്‍മ്മാതി ധര്‍മ്മാത്മജരാജസൂയ-
സമ്പന്മയം സംപ്രതി ചമ്പുകാവ്യംˮ

എന്നു രാജസൂയത്തിലും
ʻʻസ്വാഹാസുധാകരം നാമ പ്രബന്ധമതികോമളം
അകരോദചിരേണൈവ നാരായണമഹീസുരഃˮ

എന്നു സ്വാഹാസുധാകരത്തിലും കവി താനാണു് ആ പ്രബന്ധങ്ങളുടെ പ്രണേതാവെന്നു സ്പഷ്ടമായി പറയുന്നു. ഇവയ്ക്കു പുറമേ (1) ഗജേന്ദ്രമോക്ഷം, (2) രുക്മാംഗദചരിതം, (3) വാമനാവതാരം, (4) അജാമിളമോക്ഷം, (5) സ്യമന്തകം, (6) കുചേലവൃത്തം, (7) പാര്‍വതീസ്വയംവരം എന്നീ പ്രബന്ധങ്ങളുടേയും കര്‍ത്തൃത്വം അദ്ദേഹത്തില്‍ ആരോപിക്കുന്നവരുണ്ടു്. കാളിദാസന്റെ കുമാരസംഭവത്തില്‍നിന്നു് അനവധി ആശയങ്ങള്‍ അതേ നിലയില്‍ പകര്‍ത്തിയിരിക്കുന്ന പാര്‍വതീ സ്വയംവരം അന്യഥാ രമണീയമാണെങ്കിലും മഹാകവിയുടെ തൂലികയില്‍നിന്നു വിനിര്‍ഗ്ഗമിച്ചതായി സങ്കല്പിക്കുവാന്‍ തോണുന്നില്ല. മഹാഭാരതകഥ ആദ്യവസാനം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണു് മഹാഭാരതചമ്പു. അതില്‍ പാഞ്ചാലീസ്വയംവരം, സുഭദ്രാഹരണം, ദൂതവാക്യം തുടങ്ങി ഭട്ടതിരിയുടേതെന്നു സുപ്രസിദ്ധങ്ങളായ ഭാരതകഥാപ്രബന്ധങ്ങളെല്ലാം പരിപൂര്‍ണ്ണമായി ഉദ്ധരിച്ചിട്ടുണ്ടു്. ശേഷമുള്ള ഭാഗങ്ങള്‍ പുത്തനായി എഴുതിച്ചേര്‍ത്തുമിരിക്കുന്നു. പാഞ്ചാലീസ്വയംവരാദിപ്രബന്ധങ്ങള്‍ക്കും അവയ്ക്കും തമ്മില്‍ സാഹിത്യദൃഷ്ട്യാ യാതൊരു ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍തരതമഭാവവും സഹൃദയന്മാര്‍ക്കു കാണാവുന്നതല്ല. പ്രസ്തുതചമ്പുവില്‍ (1) ഭീഷ്മോത്പത്തി, (2) വ്യാസോത്പത്തി, (3) സത്യവതീപരിണയം, (4) ചിത്രാംഗദവധം, (5) അംബോപാഖ്യാനം, (6) ധൃതരാഷ്ട്രോത്പത്തി, (7) പാണ്ഡവോത്പത്തി, (8) ഹിഡിംബവധം, (9) ബകവധം, (10) പാഞ്ചാലീസ്വയംവരം, (11) നാളായനീചരിതം, (12) യുധിഷ്ഠിരാഭിഷേകം, (13) സുന്ദോപസുന്ദോപാഖ്യാനം, (14) സുഭദ്രാഹരണം, (15) ഖാണ്ഡവദാഹം, (16) ജരാസന്ധവധം, (17) ദിഗ്വിജയം, (18) രാജസൂയം, (19) ദ്യൂതം, (20) വനവാസം, (21) കിരാതം, (22) കല്യാണസൗഗന്ധികം, (23) നിവാതകവചവധം, (24) ഘോഷയാത്ര, (25) കര്‍ണ്ണകുണ്ഡലാപഹരണം, (26) അജ്ഞാതവാസം, (27) ദൂതവാക്യം, (28) ഭീഷ്മപര്‍വം, (29) ദ്രോണപര്‍വം, (30) കര്‍ണ്ണപര്‍വം, (31) ശല്യപര്‍വം, (32) ഗദാപര്‍വം, (33) സുയോധനവധം, (34) സ്ത്രീപര്‍വം, (35) അശ്വമേധപര്‍വം, (36) മൗസലപര്‍വം, (37) സ്വര്‍ഗ്ഗാരോഹണം എന്നിങ്ങനെ ഒട്ടുവളരെ വിഭാഗങ്ങല്‍ ഉള്‍ക്കൊള്ളുന്നുണ്ടു്. ʻʻഅത്രേരീക്ഷണശുക്തിമൗക്തികമണേഃˮ എന്നു തുടങ്ങുന്ന പ്രസ്തുത ഗ്രന്ഥം

ʻʻസ്വര്‍വന്ദിഗീതചരിതോ ധൃതദിവ്യദേഹൈ-
സ്സര്‍വൈസ്സ്വബന്ധുഭിരമാ സ മഹാനരേന്ദ്രഃ
അമ്ലാനകാന്തിരമരാലയമധ്യുവാസ
ധര്‍മ്മാത്മജോ ഭുവനമംഗലകീര്‍ത്തിലക്ഷ്മീഃˮ

എന്ന ശ്ലോകത്തോടുകൂടി അവസാനിക്കുന്നു. ഇതിനേക്കാള്‍ വിപുലവും ഹൃദയഹാരിയുമായ ഒരു ചമ്പു കേരളീയകൃതമായി ഇല്ല. ഇതും രാമായണചമ്പുവും ഭട്ടതിരി വാര്‍ദ്ധക്യകാലത്തു് ആവശ്യമുള്ള ഭാഗങ്ങള്‍ കൂടുതലായി രചിച്ചുചേര്‍ത്തു പരിപൂര്‍ണ്ണമാക്കിയിരിക്കണമെന്നു തോന്നുന്നു.

മഹാഭാരതചമ്പുവില്‍ ബകവധം തുടങ്ങിയ ചില പ്രബന്ധങ്ങള്‍ ഒന്നിലധികം പാഠങ്ങളില്‍ നമുക്കു ലഭിച്ചിരിക്കുന്നു.അവയില്‍ ചില പാഠങ്ങള്‍ സങ്കുചിതങ്ങളും മറ്റു ചിലവവിസ്തൃതങ്ങളുമാകുന്നു. പെരുവനത്തു രാമന്‍നമ്പിയാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബകവധത്തില്‍

ʻʻദീര്‍ഘം ദ്വിജകുടുംബസ്യ ക്രന്ദിതം ദീര്‍ഘദര്‍ശിനീ
ക്രമപ്രവൃദ്ധമശ്രൗഷീല്‍ കുന്തിഭോജസ്യ നന്ദിനീˮ

എന്നും ഒരു താളിയോലഗ്രന്ഥത്തില്‍

ʻʻഅഥ ജാതു സൂനുഷു ഗതേഷു ഭിക്ഷിതും
സ്വയമാസ്ഥിതാ നിലയനേ പൃഥാശൃണോല്‍
ദ്വിജപുംഗവസ്യ രുദിതം സഹപ്രിയാ-
തനയസ്യ തഞ്ച സമപൃച്ഛദേത്യ സാ.ˮ

എന്നും ഒരേ സംഭവത്തെ പരാമര്‍ശിച്ചു വിഭിന്നങ്ങളായ ശ്ലോകങ്ങള്‍ കാണുന്നു. ചാക്യാന്മാരുടേയും മറ്റും ദീര്‍ഘകാലത്തെ കൈപ്പെരുമാറ്റംകൊണ്ടു പ്രസ്തുതകൃതികള്‍ പല ആവാപോദ്വാപങ്ങള്‍ക്കും പാത്രീഭവിച്ചിട്ടുണ്ടെന്നുമാത്രം ഇവിടെ സൂചിപ്പിക്കുവാനേ സ്ഥലസൗകര്യമുള്ളു. രാമായണത്തിനു മഹാഭാരതചമ്പുവിന്റെ മൂന്നിലൊന്നുപോലും വലിപ്പമില്ല. എങ്കിലും അതിന്റെ സ്ഥിതിക്കു് അതും ബൃഹത്തായ ഒരു കൃതിതന്നെയാണു്. അസാമാന്യമായ സ്വാരസ്യം ആ ചമ്പുവിനുണ്ടു്. യുദ്ധകാണ്ഡാവസാനംവരെയുള്ള രാമായണകഥ അതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഭട്ടതിരിയുടെ കൃതികളുടെ കൂട്ടത്തില്‍ മനോഹരമായ അമരുകശതകത്തിലെ ʻപുഷ്പോദ്ഭേദമവാപ്യʼ എന്ന ശ്ലോകത്തിന്റെ വ്യാഖ്യാനവും ഭാഗവതം ഏകാദശസ്കന്ധത്തില്‍ ʻയദ്യസജ്ജന്മʼ തുടങ്ങിയുള്ള മൂന്നു ശ്ലോകങ്ങളുടെ വ്യാഖ്യാനങ്ങളും ഋഗ്വേദത്തിലെ സൂക്തങ്ങളുടെ സംഖ്യയെപ്പറ്റി പ്രതിപാദിക്കുന്ന സൂക്തശ്ലോകങ്ങളും ചതുരംഗശ്ലോകങ്ങളും (ചതുരംഗത്തെപ്പറ്റി) കൂടി ഉള്‍പ്പെടുത്തേണ്ടതായിട്ടുണ്ടു്. ആശ്വലായനം, കൗഷീതം ഈ സൂത്രങ്ങളിലെ ചടങ്ങുകള്‍ സംഗ്രഹിച്ചു സ്രഗ്ദ്ധരാവൃത്തത്തില്‍ ആയിരം ശ്ലോകങ്ങള്‍ വീതം ഉള്‍ക്കൊള്ളിച്ചു് അദ്ദേഹം രണ്ടു കൃതികളും ഭസ്മനിഷേധം എന്നൊരു ഗ്രന്ഥവുംകൂടി നിര്‍മ്മിച്ചിട്ടുള്ളതായി കേള്‍വിയുണ്ടു്. ഏതായാലും ആ മഹാപുരുഷന്‍ അന്‍പതില്‍പ്പരം ഉത്തമഗ്രന്ഥങ്ങളുടേയും അസംഖ്യം മുക്തകങ്ങളുടേയും നിര്‍മ്മാതാവാണെന്നു് അകുതോഭയമായി ഉല്‍ഘോഷിക്കാവുന്നതാണു്. ഗ്രന്ഥവിസ്തരത്തില്‍ വളരെ വൈമനസ്യമുണ്ടെങ്കിലും ഈ കൃതികളെപ്പറ്റിയുള്ള പരാമര്‍ശനം തീരെ വിട്ടുകളയണമെന്നു് ആഗ്രഹമില്ലാത്തതിനാല്‍ അല്പം ചിലതെല്ലാം ഉപന്യസിക്കാം.

ഭട്ടതിരിയുടെ കാവ്യശൈലി

അചുംബിതമായ ആശയപരമ്പര, അവയെ ആവിഷ്കരിക്കുന്നതിനു് അത്യന്തോപയുക്തമായ ശബ്ദകോശം എന്നിവ ഭട്ടതിരിക്കു് ഏതു സന്ദര്‍ഭത്തിലും സ്വാധീനമാണു്. വ്യാകരണം മുതലായ ശാസ്ത്രങ്ങളില്‍ തനിക്കുള്ള അഭൗമമായ പാണ്ഡിത്യത്തെ പ്രകടിപ്പിക്കുന്നതിനും തദ്വാരാ ശ്ലേഷാനുപ്രാണിതങ്ങളായ വര്‍ണ്ണനങ്ങള്‍കൊണ്ടു പ്രൗഢന്മാരായ സഹൃദയന്മാരുടെ പരമാദരത്തെ ആവര്‍ജ്ജിക്കുന്നതിനും അദ്ദേഹത്തിനുള്ള സാമര്‍ത്ഥ്യം അന്യകവികളില്‍ ഞാന്‍ കണ്ടിട്ടില്ല. അത്ര വലിയ തോതില്‍ സ്തുതിക്കുവാനും നിന്ദിക്കുവാനും അദ്ദേഹത്തിന്റെ രസനയ്ക്കു് ഒന്നുപോലെ പ്രാഗല്ഭ്യമുണ്ടു്. ശൃംഗാരം, വീരം, ഹാസ്യം ഈ രസങ്ങളെക്കൊണ്ടും ഭക്തിഭാവത്തെക്കൊണ്ടും രസികജനങ്ങളുടെ ഹൃദയങ്ങളെ തരളീകരിക്കുന്ന വിഷയത്തില്‍ അദ്ദേഹം അദ്വിതീയനാണു്. വിഷയസംഗ്രഹണത്തില്‍ അദ്ദേഹം ഏതു കവിയേയും ജയിക്കുന്നു. പല ഗ്രന്ഥങ്ങളില്‍നിന്നും ചുവടേ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങളില്‍നിന്നു് ഈ വസ്തുതകള്‍ കരതലാമലകംപോലെ സ്പഷ്ടീഭവിയ്ക്കുമെന്നു വിശ്വസിയ്ക്കുന്നു.

നാരായണീയം

ഭഗവല്‍സ്തോത്രപരമായ ഗ്രന്ഥസമൂഹം സംസ്കൃതത്തില്‍ എന്നപോലെ അത്ര വിപുലവും ശ്രുതിമതിമധുരവുമായി മറ്റൊരു സാഹിത്യത്തിലുമില്ല. ആ സ്തോത്രങ്ങളില്‍ ശങ്കരഭഗവല്‍പാദരുടെ സൗന്ദര്യലഹരിയ്ക്കു് അഗ്രപൂജാവകാശമുണ്ടെങ്കിലും അതു ഹ്രസ്വമാകയാല്‍ നാരായണീയവുമായുള്ള തുലനയെ അര്‍ഹിയ്ക്കുന്നില്ല. വേദാന്തദേശികരുടെ പാദുകാസഹസ്രം, വേങ്കടാദ്ധ്വരിയുടെ ലക്ഷ്മീസഹസ്രം മുതലായ കൃതികള്‍ക്കു നാരായണീയത്തിന്റെ ആകര്‍ഷകത്വമുണ്ടെന്നു പറവാന്‍ ആരും സന്നദ്ധരാകുന്നതല്ല. ശബ്ദസുന്ദരമായ മൂകന്റെ പഞ്ചശതിയില്‍ അര്‍ത്ഥം അത്യുല്‍കൃഷ്ടമെന്നോ പണ്ഡിതശ്ലഘയ്ക്കു പര്യാപ്തമെന്നോ വാദിച്ചുനില്ക്കുവാന്‍ വൈഷമ്യമുണ്ടു്. എങ്ങനെ നോക്കിയാലും ഈശ്വരസ്തുതികളില്‍ ʻദ്വേധാ നാരായണീയംʼ അതായതു് നാരായണകഥാപ്രതിപാദകവും നാരായണകവിനിര്‍മ്മിതവും എന്നു ഭട്ടതിരിതന്നെ പറയുന്ന ഈ സ്തോത്രരത്നം അതിപ്രധാനമായി പരിശോഭിയ്ക്കുന്നു. ഭഗവാനെ നേരിട്ടു് അഭിസംബോധനംചെയ്തുകൊണ്ടു് കഥാകഥനം ചെയ്യുന്നതാണു കവിയ്ക്കു് ഏതദ്വിഷയകമായി സിദ്ധിച്ചിട്ടുള്ള മഹാവിജയത്തിന്റെ ഒരു രഹസ്യം. ചില ദശകങ്ങളില്‍ പത്തിലധികം ശ്ലോകങ്ങളുള്ളതിനാല്‍ ആകെ ആയിരത്തി മുപ്പത്തിയാറു ശ്ലോകങ്ങള്‍ ഈ കൃതിയിലുണ്ടു്. ഭാഗവതപുരാണത്തിലെന്നതുപോലെ അതിന്റെ സാരസര്‍വസ്വമായ ഈ ഗ്രന്ഥത്തിലും കലിയുഗത്തില്‍ മോക്ഷസാധന സാമഗ്രിയില്‍ വിഷ്ണുഭക്തിക്കുള്ള പാരമ്യത്തെയാണു് കവി പ്രതിഷ്ഠാപനം ചെയ്യുന്നതു്. ʻസോയം കാലേയകാലോ ജയതി മുരരിപോ യത്ര സങ്കീര്‍ത്തനാദ്യൈര്‍ന്നിര്യത്നൈരേവ മാര്‍ഗ്ഗൈരഖിലദ! നചിരാല്‍ ത്വല്‍പ്രസാദം ഭജന്തേʼ എന്ന പദ്യത്തില്‍ അദ്ദേഹം സങ്കീര്‍ത്തനാദിമാര്‍ഗ്ഗങ്ങളില്‍ക്കൂടി വളരെ വേഗത്തില്‍ ഭഗവല്‍പ്രസാദം നേടാവുന്ന കലികാലത്തെ പ്രകടമായി പ്രശംസിക്കുന്നു. വിഷ്ണുഭക്തിഹീനന്മാരായ ത്രൈവര്‍ണ്ണികന്മാരെപ്പറ്റി അദ്ദേഹത്തിനുള്ള അനാദരത്തിനു് അതിരില്ല.

ʻʻസ്ത്രീശൂദ്രാസ്ത്വല്‍കഥാദിശ്രവണവിരഹിതാ
ആസതാം തേ ദയാര്‍ഹാ-
സ്ത്വല്‍പാദാസന്നയാതാന്‍ ദ്വിജകുലജനുഷോ
ഹന്ത! ശോചാമ്യശാന്താന്‍
വൃത്ത്യര്‍ത്ഥം തേ യജന്തോ ബഹു കഥിതമപി
ത്വാമനാകര്‍ണ്ണയന്തോ
ദൃപ്താ വിദ്യാഭിജാത്യൈഃ കിമു ന വിദധതേ?
താദൃശം മാ കൃഥാ മാം.ˮ

എന്ന പദ്യം നോക്കുക. തരം കിട്ടുമ്പോള്‍ മഹാവിഷ്ണുവിന്റെ ഉല്‍കര്‍ഷസ്ഥാപനത്തിനുവേണ്ടി ശ്രീപരമേശ്വരനെ ʻനഹിനിന്ദാʼന്യായേന അല്പം തരംതാഴ്ത്തുവാന്‍പോലും അദ്ദേഹം മടിക്കുന്നില്ല. ʻʻസ ച ദിദേശ ഗിരീശമുപാസിതും, ന തു ഭവന്ത മബന്ധുമസാധുഷുˮ അതായതു് ʻനാരദമഹര്‍ഷി വൃകാസുരനോടു ശിവനെയല്ലാതെ ദുഷ്ടന്മാര്‍ക്കു ശത്രുവായ അങ്ങയെ ഉപാസിക്കുവാന്‍ ഉപദേശിച്ചില്ലʼ എന്ന വൃകവധഘട്ടത്തിലുള്ള വാക്യം ഇതിനൊരു തെളിവാണു്. തൊണ്ണൂറാംദശകം മുഴുവന്‍തന്നെ വിഷ്ണുഭക്തി പ്രരോചനത്തിനുവേണ്ടി ഇതര ദേവന്മാര്‍ക്കുള്ള അപകര്‍ഷത്തെ പ്രദര്‍ശിപ്പിക്കുവാന്‍ മഹാകവി വിനിയോഗിക്കുന്നു. ʻശ്രീശങ്കരോപി ഭഗവന്‍ʼ എന്ന പദ്യത്തില്‍ തന്റെ വാദത്തെ ഉറപ്പിക്കുന്നതിനുവേണ്ടി ഭഗവല്‍പാദരെ എത്ര വര്‍ണ്ണിച്ചാലും അദ്ദേഹത്തിനു തൃപ്തി വരുന്നില്ല. ʻത്വത്തോധികോ വരദ! കൃഷ്ണതനുസ്ത്വമേവʼ എന്നു നാരായണാവതാരത്തില്‍ പറയുന്നു. ബാണയുദ്ധഘട്ടത്തിലുള്ള

ʻʻമുഹുസ്താവച്ഛക്രം വരുണമജയോ നന്ദഹരണേ
യമം ബാലാനീതൗ ദവദഹനപാനേ നിലസഖം
വിധിം വത്സസ്തേയേ ഗിരിശമിഹ ബാണസ്യ സമരേ
വിഭോ! വിശ്വോല്‍കര്‍ഷീ തദയമവതാരോ വിജയതേˮ

എന്ന പദ്യം ഭട്ടതിരിയുടെ ഈ മനോഭാവത്തിനു മൂര്‍ദ്ധാഭിഷിക്തോദാഹരണമാണു്. വിസ്തൃതങ്ങളായ കഥകള്‍ സംക്ഷേപിക്കുന്നതിനുള്ള ശക്തിക്കു 34, 35 ഈ രണ്ടു ദശകങ്ങളിലുള്ള രാമായണോപാഖ്യാനവും 86-ആംദശകത്തിലെ ഭാരതോപാഖ്യാനവും 92, 93, 94 ഈ മൂന്നു ദശകങ്ങളിലെ ഉദ്ധവോപദേശവും ഉത്തമദൃഷ്ടാന്തങ്ങലാണു്.

ʻʻജിഷ്ണോസ്ത്വം കൃഷ്ണ സൂതഃ ഖലു സമരമുഖേ
ബന്ധുഘാതേ ദയാലും
ഖിന്നം തം വീക്ഷ്യ വീരം കിമിദമയി സഖേ!
നിത്യ ഏകോയമാത്മാ
കോ വധ്യഃ കോത്ര ഹന്താ? തദിഹ വധഭയം
പ്രോജ്ഝ്യ മയ്യര്‍പ്പിതാത്മാ
ധര്‍മ്മ്യം യുദ്ധം ചരേതി പ്രകൃതിമനയഥാ
ദര്‍ശയന്‍ വിശ്വരൂപംˮ

എന്ന ഒറ്റശ്ലോകത്തില്‍ ഗീതാരഹസ്യം മുഴുവന്‍ സമഞ്ജസമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഭട്ടതിരിക്കു സംസ്കൃതശബ്ദങ്ങളുടെ മേലുള്ള ആധിപത്യം ഇത്രമാത്രമെന്നു പരിച്ഛേദിക്കുവാന്‍ പ്രയാസമുണ്ടു്. ആ വിഷയത്തില്‍ സരസ്വതീദേവിയുടെ അനന്യസുലഭമായ അനുഗ്രഹത്തിനു് അദ്ദേഹം പാത്രീഭവിച്ചിരുന്നു.

ʻʻകേശപാശധൃതപിഞ്ഛികാവിതതി സഞ്ചലന്മകരകുണ്ഡലം
ഹാരജാലവനമാലികാലളിതമംഗരാഗഘനസൗരഭം
പീതചേലധൃതകാഞ്ചികാഞ്ചിതമുദഞ്ചദംശുമണിനൂപുരം
രാസകേളിപരിഭൂഷിതം തവ ഹി രൂപമീശ! കലയാമഹേˮ

എന്നു രാസക്രീഡാവണ്ണനത്തിനു് ഉപക്രമിക്കുന്ന കവിതന്നെയാണു്,

ʻʻഉത്സര്‍പ്പദ്വലിഭംഗഭീഷണഹനുഹ്രസ്വസ്ഥവീയസ്തര-
ഗ്രീവം പീവരദോശ്ശതോദ്ഗതനഖക്രൂരാംശുദൂരോല്ബണം
വ്യോമോല്ലംഘിഘനാഘനോപമഘനപ്രധ്വാന നിര്‍ദ്ധാവിത-
സ്പര്‍ദ്ധാലുപ്രകരം നമാമി ഭവതസ്തന്നാരസിംഹം വപുഃˮ

എന്നു നരസിംഹരൂപിയായ മഹാവിഷ്ണുവിനെ വന്ദിക്കുന്നതു്. അതാതു രസത്തിനു് അനുഗുണമായ പദധോരണി ഭട്ടതിരിയെപ്പോലെ മറ്റേതു കവിക്കാണു് വശവര്‍ത്തിനിയായിട്ടുള്ളതു്? സര്‍പ്പാധിപനായ കാളിയന്റെ ഉപസര്‍പ്പണം

ʻʻഅഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിത-
ഭ്രമിതോദരവാരിനിനാദഭരൈഃ
ഉദകാദുദഗാദുരഗാധിപതി-
സ്ത്വദുപാന്തമശാന്തരുഷാന്ധമനാഃˮ

എന്ന പദ്യത്തില്‍ പ്രപഞ്ചനം ചെയ്യുന്നു.

ʻʻഅധിരുഹ്യ തതഃ ഫണിരാജഫണാന്‍
നനൃതേ ഭവതാ മൃദുപാദരുചാ
കളശിഞ്ജിതനൂപുരമഞ്ജുമിളല്‍-
കരകങ്കണസംകുലസംക്വണിതംˮ

എന്ന ശ്ലോകത്തില്‍ ആ ഫണിശിരസ്സുകളില്‍ ഭഗവാന്‍ നര്‍ത്തനം ചെയ്യുമ്പോളുണ്ടാകാവുന്ന ശബ്ദം നമുക്കു ശ്രവണഗോചരമായി തോന്നിപ്പോകുന്നു.

ʻʻഊര്‍ദ്ധ്വപ്രസാരിപരിധൂമ്രവിധൂതരോമാ
പ്രോല്‍ക്ഷിപ്തബാലധിരവാങ്മുഖഘോരഘോണഃ
തൂര്‍ണ്ണപ്രദീര്‍ണ്ണജലദഃ പരിഘൂര്‍ണ്ണദക്ഷ്ണാ
സ്തോതൃന്‍ മുനീന്‍ ശിശിരയന്നവതേരിഥത്വംˮ

എന്ന പദ്യത്തില്‍ കാണുന്ന ആദിവരാഹചിത്രം അനുവാചകന്മാരായ സഹൃദയന്മാരുടെ ഹൃദയഭിത്തികളില്‍നിന്നു് ആയുരന്തത്തോളം മായുന്നതല്ല.

ʻʻസായം സ ഗോപഭവനാനി ഭവച്ചരിത്ര-
ഗീതാമൃതപ്രസൃതകര്‍ണ്ണരസായനാനി
പശ്യന്‍ പ്രമോദസരിതേവ കിലോഹ്യമാനോ
ഗച്ഛന്‍ ഭവദ്ഭവനസന്നിധിമന്വയാസീല്‍.

താവദ്ദദര്‍ശ പശുദോഹവിലോകലോലം
ഭക്തോത്തമാഗതിമിവ പ്രതിപാലയന്തം
ഭൂമന്‍! ഭവന്തമയമഗ്രജവന്തമന്തര്‍-
ബ്രഹ്മാന്‍ഭൂതിരസസിന്ധുമിവോദ്വമന്തം.ˮ

എന്നുംമറ്റുമുള്ള അക്രൂരാഗമവര്‍ണ്ണനം ആരെയാണു് കോള്‍മയിര്‍ക്കൊള്ളിക്കാത്തതു്? ഭട്ടതിരിയുടെ അലങ്കാരപ്രയോഗങ്ങളും അത്യന്തം രമണീയങ്ങളാകുന്നു.

ʻʻഗ്രാമപ്രപാതപരിവിഷ്ടഗരിഷ്ഠദേഹ-
ഭ്രഷ്ടാസുദുഷ്ടദനുജോപരി ധൃഷ്ടഹാസം
ആഘ്നാനമംബുജകരേണ ഭവന്തമേത്യ
ഗോപാ ദധുര്‍ഗ്ഗിരിവരാദിവ നീലരത്നം.ˮ

ഇത്യാദി പദ്യങ്ങള്‍ പരിശോധിക്കുക. ഫലിതരസം ഊറുന്ന പൊടിക്കൈകള്‍ പല സ്ഥലങ്ങളിലും ദര്‍ശിയ്ക്കാവുന്നതാണു്.

ʻʻഗന്ധര്‍വതാമേഷ ഗതോപി രൂക്ഷൈര്‍നാദൈസ്സമുദ്വേജിത
സര്‍വലോകഃʼ ʻചിരാദഭക്താഃ ഖലു തേ മഹീസുരാഃ, കഥം
ഹി ഭക്തം ത്വയി തൈസ്സമര്‍പ്യതേ?ʼ ʻഗോപീകുചകലശചിര
സ്പര്‍ദ്ധിനം കുംഭമസ്യʼ (കുവലയാപീഡത്തിന്റെ)

ʻʻവിരഹേഷ്വംഗാരമയഃ ശൃംഗാരമയശ്ച സംഗമേ ഹി ത്വം
നിതരാമംഗാരമയസ്തത്ര പുനസ്സംഗമേപി ചിത്രമിദംˮ

ഇത്യാദി പ്രയോഗങ്ങള്‍ വായിച്ചാല്‍ ആരും ചിരിച്ചുപോകും.

ഭട്ടതിരിക്കു ഗുരുവായൂരപ്പന്റെ സാക്ഷാല്‍ക്കാരം സിദ്ധിച്ചു എന്നു ഭക്തന്മാര്‍ വിശ്വസിക്കുന്നു. ʻʻഅഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനീയംˮ എന്നു തുടങ്ങുന്ന നൂറാമത്തെ ദശകം ആ സാക്ഷാല്‍കാരം ലഭിച്ച അവസരത്തില്‍ ബഹിര്‍ഗ്ഗമിച്ച സ്തോത്രമാണെന്നാണു് ഐതിഹ്യം. രാജസൂയപ്രബന്ധം വ്യാഖ്യാനിക്കുമ്പോള്‍ വട്ടപ്പള്ളി പാച്ചുമൂത്തതു് ʻʻഗുരുപവനപുരേന്വക്ഷമൈക്ഷിഷ്ട കൃഷ്ണംˮ എന്നു് അദ്ദേഹത്തെപ്പറ്റി വര്‍ണ്ണിക്കുന്നു. അങ്ങനെയുള്ള സര്‍വ്വജ്ഞകല്പനായ മഹാകവിമൂര്‍ദ്ധന്യന്‍ ʻʻയല്‍കിഞ്ചിദപ്യവിദുഷാപി വിഭോമയോക്തംˮ എന്നും ʻഅജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം വിശ്വനാഥ! ക്ഷമേഥാഃʼ എന്നും തന്റെ അനഭിജ്ഞതയെ ഉദീരണം ചെയ്യുന്നതു് അദ്ദേഹത്തിന്റെ വിശിഷ്ടമായ വിനയസമ്പത്തിന്റെ നിദര്‍ശനമായി മാത്രമേ അനുവാചകന്മാര്‍ പരിഗണിക്കുകയുള്ളു.

നാരായണീയവ്യാഖ്യാ

നാരായണീയത്തിനു ഭക്തപ്രിയ എന്ന വ്യാഖ്യാനം മാത്രമേ പ്രാചീനമായുള്ള. അതു ദേശമംഗലത്തു് ഉഴുത്തിരവാരിയരുടേതാണെന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും ആ പ്രവാദം നിര്‍മ്മൂലമെന്നാണു് തോന്നുന്നതു്. വാസുദേവന്‍ എന്നൊരു പണ്ഡിതനാണു് അതിന്റെ രചയിതാവെന്നു് ഒരു ഗ്രന്ഥമാതൃകയില്‍ കാണുന്ന അധോലിഖിതമായ ശ്ലോകത്തില്‍നിന്നു നമുക്കു ധരിക്കുവാന്‍ കഴിയും.

ʻʻസന്ദാനിതാല്‍ സരസരീതിപദാവലീഭിര്‍
ന്നാരായണീയമണിസമ്പുടതോര്‍ത്ഥജാതം
ശ്രീവാസുദേവവിവൃതിക്രമചിത്രയന്ത്ര-
പ്രോദ്ഘാടിതാദുപഹരന്തു വിമുക്തിമൂല്യം.ˮ

ഈ വാസുദേവന്റെ കാലദേശങ്ങളെപ്പറ്റി അറിവില്ല. സകല വിഷയങ്ങളിലും സംശയച്ഛേദിയായ ഒരു വ്യാഖ്യാനമല്ല ഭക്തപ്രിയ. ചില ശ്ലോകങ്ങള്‍ക്കു് അര്‍ത്ഥം തീരെ ചുരുങ്ങിപ്പോയിരിക്കുന്നു. വ്യാകരണപ്രയോഗങ്ങളെപ്പറ്റി വ്യാഖ്യാതാവിനു യാതൊന്നും പറയുവാനില്ല. എങ്കിലും വേദാന്തഗന്ധികളായ ഭാഗങ്ങള്‍ക്കു വിശദമായ അര്‍ത്ഥവിവരണമുണ്ടു്. ഓരോ സ്കന്ധത്തിലേയും കഥ ആരംഭിക്കുമ്പോള്‍ ഓരോ അവതരണശ്ലോകം ചേര്‍ത്തിട്ടുള്ളതു പ്രസ്താവനീയമാകുന്നു.

ʻʻവര്‍ണ്ണിതേ രാമചരിതേ കിമന്യൈശ്ചരിതൈരിതി
തല്‍പ്രധാനേശാനുകഥാ ലക്ഷ്യതേ നവമോദിതാˮ

എന്നതു നവമസ്കന്ധത്തെ അവതരിപ്പിക്കുന്ന ശ്ലോകമാണു്.

ശ്രീപാദസപ്തതി

ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ മൂക്കോലക്കല്‍ പാര്‍വ്വതീദേവിയെ അഭിസംബോധന ചെയ്തുകൊണ്ടു് ആ ജഗന്മാതാവിന്റെ പാദാരവിന്ദങ്ങളെ വര്‍ണ്ണിക്കുന്ന സ്തോത്രമാകുന്നു ശ്രീപാദസപ്തതി. അര്‍ത്ഥചമല്‍ക്കാരമാണു് ഈ സ്തോത്രത്തില്‍ ഐദംപര്യേണ പ്രശോഭിക്കുന്നതു്. ʻʻസൈഷാ മുക്തിപുരീഗിരീന്ദ്രതനയാഭക്തേന നാരായണേനാ ബദ്ധാ ഖലു സപ്തതിര്‍ദ്ദിശതു വഃ കല്യാണഹല്ലോഹലംˮ എന്ന ഒടുവിലത്തെ ശ്ലോകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കവി സ്വനാമധേയത്തെ ഘടിപ്പിച്ചിട്ടുണ്ടു്. മാതൃക കാണിയ്ക്കുവാന്‍ രണ്ടു പദ്യങ്ങള്‍ ചുവടെ ചേര്‍ക്കാം:

ʻʻത്വല്‍പാദോജ്ജ്വലരൂപകല്പലതികാബാലപ്രവാളദ്വയം
യേ താവല്‍ കലയന്തി ജാതു ശിരസാ നമ്രേണ കമ്രോജ്ജ്വലം
തേഷാമേവ ഹി ദേവി! നന്ദനവനക്രീഡാസു ലഭ്യം പുന-
സ്വര്‍വല്ലീതരുണപ്രവാളഭരണം; സേവാനുരൂപം ഫലം.ˮ

ʻʻആനമ്രസ്യ പുരദ്രുഹശ്ശിരസി തേ പാദാബ്ജപാതശ്ശിവേ!
ജീയാദ്യേന ബഭൂവ പങ്കജവതീ മൗലിസ്രവന്തീ ക്ഷണം
കിഞ്ചോദഞ്ചിതബാലപല്ലവവതീ ജാതാ ജടാവല്ലരീ
ലാക്ഷാപാതവശേന സാന്ധ്യസുഷമാ സാന്ദ്രാ ച ചാന്ദ്രീ കലാ.ˮ

ഗുരുവായുപുരേശസ്തോത്രം

ഈ ചെറിയ കൃതിയില്‍ മനോഹരങ്ങളായ പന്ത്രണ്ടു ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. അവയില്‍ നാലു ശ്ലോകങ്ങള്‍ അടിയില്‍ പകര്‍ത്തുന്നു:

ʻʻശ്രുത്വാ നിരസ്താഖിലദോഷമേനം
ത്രിദോഷശാന്ത്യൈ വയമാഗതാഃ സ്മഃ
അപി ത്വിദാനീം ഗുരുവായുനാഥം
സ്ഫുരച്ചതുര്‍ദ്ദോഷമമും പ്രതീമഃˮ

ʻʻചിത്രം ബതേദമനിലാലയനാഥ! യത്ത്വം
നിത്യം ഗദാനുകലിതോപി ഗദാന്‍ ജഹാസി
യദ്വാ ന ചിത്രമരിണാനുഗതോപി യത്ത്വം
തേനൈവ താവദരിസംഘമപാകരോഷി.ˮ

ʻʻഭക്തൗഘേഷു ധൃതാദരാം ധൃതദരാമേകത്ര ഹസ്താംബുജേ
പദ്മാധാരണപദ്മധാരണലസദ്വക്ഷഃകരാംഭോരുഹാം
ആത്തോദഗ്രസുദര്‍ശനാമപശമെര്‍ദ്ദുര്‍ദ്ദശനാമദ്ഭുത-
ച്ഛായാം കാമപി വായുമന്ദിരഗതാം ധ്യായാമി മായാമയീംˮ

ʻʻനഷ്ടാംഗപ്രസരാഃ പദക്രമകഥാഹീനാ നിലീനാഃ ക്വചി-
ദ്വേദാ രോഗദശാം ഗതാ ഇവ പുരാ മീനാത്മകേന ത്വയാ
ദൈത്യച്ഛേദചികിത്സയൈവ നിതരാമുല്ലാഘതാം പ്രാപിതാഃ
പൂര്‍ണ്ണാംഗാഃ പ്രസരന്തി ഹന്ത! ഭുവനേ വാതാലയാധീശ്വര!ˮ

ഗോശ്രീനഗരവര്‍ണ്ണനം

അതിദീര്‍ഗ്ഘമായ ഒരു ഗദ്യമാണു് ഗോശ്രീനഗരവര്‍ണ്ണനം. ʻʻഇഹ ഖലു ചരമജലധിപരമോത്തുംഗതരംഗസംഘസമാസ്ഫാലനഘോഷഭീഷണതരˮ എന്നിങ്ങനെയാണു് അതു് ആരംഭിക്കുന്നതു്. ʻʻശ്യാമധവളശോണരുചിദീപ്രതരകൂര്‍പ്പാസൈരാപ്രപദീനനി ഗുഹിതഗാത്രതയാ പ്രാവൃഡംഭോദൈശ്ശരദംഭോദൈസ്സന്ധ്യാംഭോദൈശ്ച സംഭൂയകുംഭിനീതലേ സംഭ്രമദ്ഭിരിവ ദൃശ്യമാനൈര്‍ന്നിതംബബിംബലംബിതകരാളകരവാളതയാ ദന്ദശൂകഭീമരൂപചന്ദനദ്രുമായ മാണതുംഗപാണ്ഡുവിഗ്രഹൈഃ കുഞ്ജഗര്‍ഭദൃശ്യമാനപക്വപൃഥുല ഡാഡിമീഫലായമാനൈഃ കഞ്ചുകാന്തകിഞ്ചിദവേക്ഷണീയ വിപാണ്ഡുരവദനബിംബൈഃ പാരസീകലോകൈഃˮ എന്നു കൊച്ചിയിലെ പോര്‍ത്തുഗീസുഭടന്മാരെ കവി വര്‍ണ്ണിക്കുന്നു. അവിടത്തെ പണ്യവീഥിയുടെ അപദാനങ്ങളെ പ്രശംസിക്കുമ്പോള്‍ ഭട്ടതിരിക്കു് അത്യന്തം അഭിമതമായ ശ്ലേഷപ്രയോഗത്തിനും പഴുതു കിട്ടുന്നു. ʻʻക്വചന ലീലാവതീവിഹാരേ ഷ്വിവ വരാടകാകണീപണാദിയോഗവിയോഗഗണനസമുദ് ഘോഷിതേഷു, കുഹചന തര്‍ക്കമാര്‍ഗ്ഗേഷ്വിവ ബഹുതരമാന വ്യവഹാരശാലിഷു, കുത്രചില്‍ സമാസശാസ്ത്രേഷ്വിവാവ്യയീ ഭാവോദഞ്ചിതബഹുവ്രീഹിസഹിതതല്‍ പുരുഷാദ്യധിഷ്ഠിതേഷുˮ ഇത്യാദി പങ്ക്തികള്‍ നോക്കുക. ചില ഭാഗങ്ങള്‍ പദ്യഗന്ധികളാണു്. ʻʻപര്യന്തധരണിതലനിര്യന്ത്രണപ്രചലദതുല ബലസുഭടകുലസംരചിതചാരുതരകേളിസമരാ ലോക കൗതൂഹലാപതിതസകലജനസഹമിളിത യുവതികുലകുചകലശപരിമൃദിതപരമാംഗപരമപ്രമോദവശയുവപരിഷദവിരതപുരോഗത വിശേഷേˮ എന്നും മറ്റുമുള്ള പങ്ക്തികള്‍ അതിനു് ഉദാഹരണങ്ങളാകുന്നു.

ഈ ഗദ്യത്തില്‍ത്തന്നെ കൊല്ലം 776 മുതല്‍ 790 വരെ കൊച്ചിരാജ്യം ഭരിച്ചിരുന്ന വീരകേരളവര്‍മ്മമഹാരാജാവിന്റെ ഒരു പ്രശസ്തി ഉള്‍പ്പെടുന്നുണ്ടു്. ʻʻക്ഷീരാംബുരാശിരിവാനന്തഭോഗസുഖിതപുരുഷോത്തമസേവിതഃ, ലവണാംബുരാശിരിവ നിരവധിലാവണ്യമയസ്വരൂപഃ, യദുവംശ ഇവ ശൗര്യാലം ബനോഗ്രസേനാശ്രിതഃ, ഹേഹയ ഇവ കൃതവീര്യസംഭവാര്‍ജ്ജുനയശോവിഭ്രഷിത ജനാര്‍ദ്ദന ഇവ നയനമിതം ദ്വാദശാത്മമണ്ഡലമുദ്വഹന്‍........മാടക്ഷിതിവരോ വീരകേരളനാമാവിജയതേˮ എന്നതു് ആ പ്രശസ്തിയുടെ ഒരു ഭാഗമാണു്. വീരകേരളവര്‍മ്മമഹാരാജാവു കൊല്ലം 779-ല്‍ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ തൊഴുതു കാണിക്കയിട്ടിട്ടുണ്ടു്. പ്രസ്തുതഗദ്യം അവിടുന്നു സന്തോഷപുരസ്സരം സ്വീകരിച്ചതായി മഹാകവിതന്നെ

ʻʻരചനാലലനാമുദ്യല്‍പദവിന്യാസകോമളാം
ഉരരീകൃതവാന്‍ ഹന്ത! രന്തും പ്രതിദിനം വിഭുഃˮ

എന്ന ശ്ലോകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മാടരാജപ്രശസ്തി

ഭട്ടതിരി മറ്റൊരവസരത്തില്‍ വീര കേരളമഹാരാജാവിനു കുറേ പദ്യങ്ങളും ഒരു ഗദ്യവും നിര്‍മ്മിച്ചു സമര്‍പ്പിക്കുകയുണ്ടായി. അന്നു സാമൂതിരിപ്പാടുമായുള്ള യുദ്ധം പ്രമാണിച്ചു മഹാരാജാവു തൃക്കണാമതിലകത്തു താമസിക്കുകയായിരുന്നു. പദ്യങ്ങള്‍ പതിനെട്ടോളമുള്ളതില്‍ നാലെണ്ണം അടിയില്‍ പകര്‍ത്താം:

ʻʻവിശ്വാലങ്കാരഭൂതസ്സ്വയമഭിരമസേ
നന്വലങ്കാരമാര്‍ഗ്ഗേ;
നീതൌ കാവ്യപ്രകാശഃ പുനരപി ഭജസേ
ചാരുകാവ്യപ്രകാശം;
തേനൈവം പൗനരുക്ത്യം ഭജസി യദധുനാ
രാജരത്നാംകുര ത്വം
തന്മന്യേ സാധു താവന്ന വര യമകതാ
മാദധാസി പ്രജാനാം.ˮ

ʻʻആചന്ദ്രാര്‍ക്കം ധരിത്ര്യാമിഹ പരിരമതാം
രക്തപദ്മാക്ഷവക്ഷഃ-
സദ്മാവാസാനപേക്ഷഃ സ്വയമുപഗതപ-
ദ്മാലയാലാളിതാത്മാ,
സോയം വിഷ്ഫൂര്‍ജ്ജദൂര്‍ജ്ജസ്വലഭുജമഹിമാ
ദുഷ്പ്രവേശപ്രതീപ-
ക്ഷ്മാപവ്യുഹാടവീപാടനരഭസമഹാ-
പാടവീ മാടവീരഃ.ˮ

ʻʻശ്വേതാദ്വൈതകരേണ താവകയശഃപൂരേണ മാടപ്രഭോ!
വര്‍ണ്ണാളീ വിവിധാപി നാമ ഭുവനേഷ്വഹ്നായനിഹ്നൂയതേ;
നിശ്ശേഷഞ്ച പദം ത്വയാ ഖലു ഹൃതം സദ്യഃ പരേഷാമഹോ
തസ്മാദ്വര്‍ണ്ണപദപ്രസംഗവിലയേ പദ്യം കഥം ഗദ്യതേ?ˮ

ʻʻശ്വേതീകുര്‍വതി സര്‍വതസ്ത്രിജഗതീം
ത്വല്‍കീര്‍ത്തിപൂരേധുനാ
മാടക്ഷ്മാവര! സത്യമാപണജൂഷാം
ഭൂയാന്‍ വിഷാദോദയഃ;
രത്നാനി സ്ഫടികീകൃതാനി;
കനകൈസ്സംപ്രാപ്യതേ രൂപ്യതാ;
യാതാ ച പ്രചുരാ ദുകൂലപടലീ
ധൗതാംബരാഡംബരം.ˮ

ഗദ്യത്തില്‍നിന്നും ചിലപംക്തികള്‍കൂടി ഉദ്ധരിക്കാം: ʻʻജയ ജയ ജയ യശഃപരിമളപരിമിളദനേകാനീകശതസേവിതതമേ, വിതതമേരുശൃംഗതുംഗഗാംഗേയഗോപുരവിരാജിതേ......ശാരദാം ബുധരശര്‍വപര്‍വതസുപര്‍വനദീപ്രകാശാം, ദീപപ്രകാശാഞ്ചല സമാനാം, സമാനാംഭോജവൈരിസാധര്‍മ്മ്യസന്തതസമുന്മീലിത കൈരവപ്രപഞ്ചകോരകാം, ചകോരകാംഗനാകുലാഭംഗസമ്മദകരീം, മദകരീന്ദ്രദന്തപ്രരോഹസിതാം, ഹസിതാംബികാപതി കായശോഭാം, യശോഭാം പ്രതന്വാന, പ്രതന്വാനമിതഭ്രൂ വല്ലിമാത്രനിയമിതകുരുകുരൂരകുന്തി കുന്തളമാളവസൌവീരകേരള, വീരകേരള........ˮ ഇത്തരത്തില്‍ ഒരു പദത്തിലെ അന്തിമാക്ഷരങ്ങള്‍ അടുത്ത പദത്തിലെ ആദിമാക്ഷരങ്ങളാക്കി രചിക്കുന്ന ഗദ്യത്തിനു ശൃംഖലാഗദ്യമെന്നു പേര്‍ പറയുന്നു.

ശൈലാബ്ധീശ്വരപ്രശസ്തി

ഇത്രമാത്രം ദീര്‍ഗ്ഘമല്ലാത്തൊരു ശൃംഖലാഗദ്യം അന്നത്തെ സാമൂതിരിരാജാവിനെപ്പറ്റിയുമുണ്ടു്. അതാണു് ശൈലാബ്ധീശ്വരപ്രശസ്തി എന്ന പേരില്‍ അറിയപ്പെടുന്നതു്. ʻʻജയ ജയ ജയ ലക്ഷ്മീനിവാസവലഭേ! വലഭേദനപ്രമുഖനിഖിലവൃന്ദാരകവൃന്ദസംഭാവിതപരാക്രമ, പരാക്രമണോര്‍ജ്ജിതസാരഭുജദണ്ഡ, ദണ്ഡനീയജനമര്‍ദ്ദന നിര്‍ദ്ദയഹൃദയാംബുജ, ദയാംബുജഹിമശീതളഹൃദയ, സഹൃദയ ജനമനഃപുണ്ഡരീകഷണ്ഡചണ്ഡകരˮ എന്നിങ്ങനെയാണു് അതിന്റെ ഗതി.

മുക്തകങ്ങള്‍

ഭട്ടതിരിയുടെ ഒറ്റശ്ലോകങ്ങള്‍ അസംഖ്യേയങ്ങളാണു് എന്നു പറഞ്ഞുവല്ലോ. മാതൃക കാണിക്കുവാന്‍ അവയില്‍ ചിലതു ചുവടേ പകര്‍ത്തുന്നു.

1. അമ്പലപ്പുഴ ശ്രീകൃഷ്ണന്‍:
ʻʻനാലം ബാലമൃഗീദൃശാം കുചതടാ-
ദ്വ്യാവര്‍ത്തിതും കുത്രചി-
ന്നാലം വാ സരസേഷു കാവ്യസരസാ-
ലാപേഷ്വനാലോചിതും
ലോലം മേ ഹൃദയം തഥാപി ഗഗന-
സ്രോതസ്വിനീസംഗിനം
ലോലംബദ്യുതിലോഭനീയവപുഷം
ബാലം ബതാലംബതേ.ˮ
2 വൈക്കത്തപ്പന്‍:
ʻʻധാമാനി വ്യാഘ്രപുര്യാം പ്രകടിതനിജഭൂ-
മാനി നിത്യം പ്രപുഷ്യദ്-
ഗംഗാസംഗത്വരാണി, ക്ഷിതിധരസുതയാ
സാധു സംഗത്വരാണി,
ഏതാനി സ്ഫീതഫാലേക്ഷണദഹനശിഖാ-
ഗാഢലീഢസ്മരാണി,
വ്യാമൂഢൈരസ്മരാണി, പ്രണതജനതമോ-
ഘസ്മരാണി, സ്മരാണി.ˮ

3 ചെറുമന്നത്തു ശിവന്‍:
ʻʻസ്ഥാണുസ്സന്നപി നന്വഹോ! ബഹുതരൈ-
ശ്ശാഖാശതൈര്‍ല്ലക്ഷ്യസേ;
ദക്ഷധ്വംസകരോപി വിശ്വഭരണേ
ത്വം ദക്ഷ ഏവ സ്വയം;
സര്‍വജ്ഞോപി ച ബാലമന്ദനിലയേ
ലീലായസേ; കിന്ന്വിദം
വൈഷമ്യം ചരിതേഷു വിസ്ഫുരതി തേ
ഭൂതേശ! നേത്രേഷ്വിവ.ˮ

4 കുമാരനല്ലൂര്‍ ഭഗവതി:
ʻʻഭാഷന്തേ ഭസ്മലേപം തവ സിതഹസിത-
ച്ഛായമേവ സ്മരാരേഃ;
ഫാലം തേ നാകനദ്യാം പ്രതിഫലിതമഹോ!
ബാലചന്ദ്രം വദന്തി;
നീലം തേ ബാഹുവല്ലീരുചിഭരമനിശം
ഗാഢകണ്ഠഗ്രഹേഷു
വ്യാലീനം തം കുമാരീപുരഗിരിതനയേ!
ഹാലമിത്യാലപന്തി.ˮ

5 വടക്കുംകൂര്‍ ഗോദവര്‍മ്മരാജാവു്:
ʻʻത്വദ്ധാമ്നാ കാഞ്ചനാദ്രൗ ദ്രവതി സുരഗണാഃ
പ്രാപുരാര്‍ത്താ വിരിഞ്ചം;
സോയം പ്രാഗേവ ശംഭും ശരണമുപഗതഃ
പങ്കജമ്ലാനിഖിന്നഃ;
ശംഭുഃ പ്രഗേവ യാതോ രജതഗിരിവിനാ-
ശാകുലഃ പദ്മനാഭം;
സോപി ക്ഷീരാബ്ധിശോഷാദവശമതിരഗാ-
ത്ത്വന്മനീഷാം വിശാലാം.ˮ

6 സ്ത്രീചാടു:
ʻʻആസ്താം പീയൂഷലാഭസ്സുമുഖി! ഗരജരാ-
മൃത്യുഹാരീ പ്രസിദ്ധ-
സ്തല്ലാഭോപായചിന്താപി ച ഗരളജൂഷോ
ഹേതുരുല്ലാഘതായാഃ;
നോ ചേദാലോലദൃഷ്ടിപ്രതിഭയഭുജഗീ
ദഷ്ടമര്‍മ്മാ മുഹുസ്തേ
യാമേവാലംബ്യ ജീവേ കഥമധരസുധാ-
മാധുരീമപ്യജാനന്‍?ˮ

7 ശ്ലേഷസുന്ദരമായ ഒരു ശൃംഗാരശ്ലോകം:
ʻʻനാരായണീയാ കരുണാ മനോജ്ഞാ
സൈവാര്‍ത്ഥനീയാ സുരതോത്സുകാനാം
പുണ്യേന ലഭ്യാ യദി ലഭ്യതേ സാ-
വസുവ്യയോപ്യുത്സവ ഏവ നൃണാം.ˮ

ഇതു് അമ്പലപ്പുഴവച്ചുണ്ടാക്കിയ ഒരു ശ്ലോകമാണെന്നു കേട്ടിട്ടുണ്ടു്.

8 രോഗങ്ങളോടു്:
ʻʻഹേ രോഗാ നനു യൂയമേവ സുഹൃദോ യൈര്‍ന്നിസ്പൃഹോഹം കൃതഃ
കാവ്യാലംകൃതിതര്‍ക്കകോവിദസഭായോഗേഷു ഭോഗേഷു ച
നോ ചേല്‍ കൃഷ്ണപദാരവിന്ദഭജനം വേദാന്തചിന്താമപി
ത്യക്ത്വാ ശ്വ ശ്വ ഇതി ഭ്രമാദഹരഹോ യാമ്യേവ യാമ്യാം പുരീം.ˮ

9 പുന്നത്തൂര്‍ കോട്ടയില്‍ കൂടിയാട്ടത്തിന്നു കൂട്ടുകാര്‍ വിളിച്ചപ്പോള്‍:
ʻʻയഃ കൃത്വാ വിശ്വരംഗം രജനിയവനികം
പ്രോജ്ജ്വലദ്ഭാനുദീപം
ശശ്വത്സന്തുഷ്ടസംപ്രേക്ഷകമഖിലജഗദ്-
ഭ്രാന്തിനാട്യം വിതത്യ
കര്‍മ്മൗഘോച്ചണ്ഡമാര്‍ദ്ദംഗികലയവശഗാന്‍
വാസനാഗാനസക്താന്‍
ജീവച്ഛാത്രാന്‍ മുകുന്ദസ്സ്വയമഭിരമതേ
ക്രീഡയന്‍ സോസ്തു ഭൂത്യൈ.ˮ

10 786 മിഥുനത്തില്‍ ഭാരതപ്പുഴ കവിഞ്ഞൊഴുകിയതിനെപ്പറ്റി:
ʻʻനദീപുഷ്ടിരസഹ്യാ നു നഹ്യസാരം പയോജനി;
നിജാല്‍ കുടീരാല്‍ സായാഹ്നേ നഷ്ടാര്‍ത്ഥാഃ പ്രയയുര്‍ജ്ജനാഃ.ˮ

ഇതില്‍ ʻനദീപുഷ്ടിരസഹ്യാʼ എന്ന ഭാഗം കലിദിന സൂചകമാണു്.

ചമ്പൂപ്രബന്ധങ്ങള്‍

കേരളത്തില്‍ ചാക്യാന്മാരുടേയും പാഠകന്മാരുടേയും കഥാപ്രസംഗപരിപാടി അന്യത്ര അദൃശ്യവും അതുകൊണ്ടു കേരളീയര്‍ക്കു ലഭിച്ചിട്ടുള്ള സംസ്കാരസമ്പത്തു് അത്യന്തം മഹനീയവുമാണെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. പുനംനമ്പൂരിയും മറ്റും മണിപ്രവാളചമ്പുക്കള്‍ നിര്‍മ്മിച്ചപ്പോള്‍ അവയും ഭോജചമ്പു മുതലായ സംസ്കൃതപ്രബന്ധങ്ങള്‍ക്കു പുറമേ, അവര്‍ പ്രവചനത്തിനായി ഉപയോഗിച്ചുതുടങ്ങിയിരിക്കണം. എന്നാല്‍ അവരുടെ പ്രത്യേകാവശ്യത്തിനുവേണ്ടി നിര്‍മ്മിതങ്ങളല്ലാത്ത അത്തരത്തിലുള്ള സംസ്കൃതകൃതികള്‍കൊണ്ടു് അവര്‍ക്കോ, മണിപ്രവാളകൃതികള്‍കൊണ്ടു് അന്നത്തെ പണ്ഡിതന്മാര്‍ക്കോ, പരിപൂര്‍ണ്ണമായ സംതൃപ്തിക്കു മാര്‍ഗ്ഗമില്ലായിരുന്നു. ആ ദശാസന്ധിയിലാണു് കുട്ടഞ്ചേരി ഇരവിച്ചാക്യാര്‍ തന്റെ പ്രിയസുഹൃത്തായ ഭട്ടതിരിയോടു ചാക്യാന്മാര്‍ക്കു കഥാപ്രസംഗത്തിനായി ഏതാനും സംസ്കൃതചമ്പുക്കള്‍ രചിക്കണമെന്നു് അപേക്ഷിക്കുകയും ആ അപേക്ഷയെ അത്തരത്തിലുള്ള കാവ്യ നിര്‍മ്മിതിക്കു സര്‍വഥാ അധികാരിയായ ഭട്ടതിരി ആദരപൂര്‍വം അംഗീകരിക്കുകയും ചെയ്തതു്. പ്രബന്ധസാമ്രാജ്യത്തില്‍ രസംകൊണ്ടു രാമായണചമ്പുവില്‍ ഭോജനും, ഉല്ലേഖംകൊണ്ടു ഭാരതചമ്പുവില്‍ അനന്തഭട്ടനും, ശ്ലേഷംകൊണ്ടു നളചമ്പുവില്‍ ത്രിവിക്രമഭട്ടനും, ഫലിതംകൊണ്ടു നീലകണ്ഠവിജയത്തില്‍ നീലകണ്ഠദീക്ഷിതരും, ഓരോ പ്രകാരത്തില്‍ അധിരാഡപദത്തിനു് അവകാശികളാണെങ്കിലും സര്‍വപഥീനമായ ഉപാധികൊണ്ടു തുലനംചെയ്യുകയാണെങ്കില്‍ ഭട്ടതിരി ആ വശ്യവചസ്സുകളെയെല്ലാം അനായാസേന ജയിച്ചു് ആ സാമ്രാജ്യത്തില്‍ ഏകച്ഛത്രാധിപതിയായി പരിലസിക്കുന്നതു ഭാവുകന്മാര്‍ക്കു പ്രേക്ഷിക്കാവുന്നതാകുന്നു. മഹാകവിയുടെ പൂര്‍വമീമാംസാപാണ്ഡിത്യത്തിനു രാജസൂയവും, കവനകലാപാടവത്തിനു സുഭദ്രാഹരണവും, നിരീക്ഷണവിചക്ഷണതയ്ക്കു് അഷ്ടമീചമ്പുവും, ഔചിത്യബോധത്തിനു ദൂതവാക്യവും മൂര്‍ദ്ധാഭിഷിക്തോദാഹരണങ്ങളാണു്. ബാലഭാരതം, ഭാരതചമ്പു എന്നീ രണ്ടു ഗ്രന്ഥങ്ങളില്‍നിന്നു ധാരാളമായും ശിശുപാലവധം, വേണീ സംഹാരം മുതലായ ഇതരകൃതികളില്‍നിന്നു് അവസരം പോലെയും പല പ്രബന്ധങ്ങളില്‍ പദ്യഗദ്യങ്ങള്‍ കവി ഉദ്ധരിച്ചുചേര്‍ത്തിട്ടുണ്ടു്. ഈ വിഷയത്തില്‍ ഭട്ടതിരി പുനത്തിന്റെ രീതിയെ അനുകരിക്കുകയാണു് ചെയ്തിട്ടുള്ളതു്. ആ ദോഷം തീരെ ഇല്ലാത്തതു നിരനുനാസികത്തിലും സുഭദ്രാഹരണത്തിലും മാത്രമാകുന്നു. രാജസൂയത്തില്‍പ്പോലും അതിന്റെ അത്യല്പമായ ലാഞ്ഛനയുണ്ടു്. അനന്തരകാലികന്മാരായ കഥാപ്രവക്താക്കളുടെ ഹസ്തലാഘവമാണു് അവയില്‍ ചില ശ്ലോകങ്ങളുടെ ആവാപത്തിനു കാരണമെന്നു സമര്‍ത്ഥിക്കാവുന്നതാണെങ്കിലും അത്തരത്തില്‍ ഒരു സമാധാനം സര്‍വഘട്ടങ്ങളിലും സംക്രമിപ്പിക്കാവുന്നതല്ല. എന്നാല്‍ താദൃശമായ ഋണാംശമെല്ലാം തട്ടിക്കഴിച്ചുനോക്കിയാലും അവശേഷിക്കുന്നതു മഹാമേരുപ്രമാണമായ ഒരു വാങ്മയസമ്പത്താണെന്നുള്ള തത്വം നാം ഒരിക്കലും മറന്നുപോകരുതു്. ഭട്ടതിരി ആദ്യമായി രചിച്ച പ്രബന്ധം ശൂര്‍പ്പണഖാപ്രലാപമായിരിക്കാം. സുഭദ്രാഹരണവും ഇരവിച്ചാക്ക്യാര്‍ക്കുവേണ്ടി രചിച്ചതായാണു് ഐതിഹ്യം. നിരനുനാസികപ്രബന്ധത്തിന്റെ അര്‍ത്ഥം അദ്ദേഹം നിരനുനാസികമായിത്തന്നെയാണു് സദസ്യന്മാര്‍ക്കു ചൊല്ലിക്കേള്‍പ്പിച്ചതെന്നും അനുനാസികാതിപ്രസരത്തിനു പ്രസിദ്ധമായ മലയാളഭാഷയില്‍ അങ്ങനെ ഒരു അത്ഭുതവിദ്യ കാണിച്ച അദ്ദേഹത്തെ ഭട്ടതിരി ഉള്ളഴിഞ്ഞു് അഭിനന്ദിച്ചു എന്നും അതിലെ ʻഹാ! ഹാ! രാക്ഷസരാജ! ദുഷ്പരിഭവഗ്രസ്തസ്യ ധിക്തേ ഭുജാഃʼ എന്ന ശ്ലോകത്തില്‍ ʻഭുജാഃʼ എന്നു കവി പ്രയോഗിച്ചതു നിരനുനാസികത്വം പരിപാലിക്കുന്നതിനുവേണ്ടിയാണെങ്കിലും ʻജ്യേഷ്ഠ! ഈ ഭുജകള്‍—പൌരുഷമില്ലാത്ത കൈകള്‍ʼ എന്നു് അദ്ദേഹം മറ്റൊരിക്കല്‍ അര്‍ത്ഥം പ്രപഞ്ചനംചെയ്തപ്പോള്‍ ʻചാക്ക്യാരെ! ഈ അര്‍ത്ഥം ഞാന്‍ കരുതിയതല്ലʼ എന്നു ഭട്ടതിരി പറഞ്ഞു എന്നും കേട്ടുകേള്‍വിയുണ്ടു്. ʻഭുജാഃʼ എന്നു സ്ത്രീലിംഗത്തില്‍ ʻഭുജാന്‍ʼ എന്നു പുല്ലിംഗത്തിലെന്നപോലെ പ്രയോഗിക്കാമല്ലോ. സുഭദ്രാഹരണം എഴുതിയ ഏടു് ആ ചാക്ക്യാരുടെ പക്കല്‍നിന്നു് ഇരിങ്ങാലക്കുട അമ്പലത്തില്‍വച്ചു് ആരോ മോഷ്ടിച്ചുകൊണ്ടു പോകയാല്‍ തദനന്തരം അവിടെ കൂത്തും കഥാപ്രസംഗവും ഇല്ലാതെയായി എന്നു പഴമക്കാര്‍ പറഞ്ഞുവരുന്നു. അതിന്റെ സൂക്ഷ്മസ്ഥിതി അവിജ്ഞാതമാണു്.

ഭട്ടതിരിയുടെ പ്രബന്ധങ്ങളിലെ കാവ്യശൈലി

ചില പദ്യഗദ്യങ്ങള്‍ ആദ്യമായി ഉദ്ധരിക്കാം.

1 യുധിഷ്ഠിരന്‍ ഏകചക്രയിലെ ബ്രാഹ്മണനോടു്:
ʻʻധര്‍മ്മാല്‍ ഖ്യാതതമേ ദ്വിജാധിപകുലേ ജാതോഹമേഷാ ച മേ
മാതാ, പാവനജന്മതാമഭിവഹന്‍ നന്വേഷ മേ സോദരഃ,
കിഞ്ചാഖണ്ഡലസല്‍പ്രമോദജനകോ ഭ്രാതാ മമായം പരോ,
നാസത്യോദിതമത്ര വിദ്ധി സഹജദ്വന്ദ്വം മമൈതാവപി.ˮ

(പാഞ്ചാലീസ്വയംവരം)

കവി ശ്ലേഷപ്രയോഗംകൊണ്ടു് ഈ ശ്ലോകത്തില്‍ ധര്‍മ്മപുത്രരുടെ സത്യസന്ധത എങ്ങനെ പരിപാലിക്കുന്നു എന്നു നോക്കുക. ചെമ്പകശ്ശേരി രാജാവു് ഇതിലെ ʻനാസത്യോദിതʼപദത്തിന്റെ സ്വാരസ്യം കണ്ടു് ആനന്ദപരവശനായി ഭട്ടതിരിക്കു രണ്ടു കൈക്കും വീരശൃംഖല സമ്മാനിച്ചുവത്രേ.

2 പാഞ്ചാലനഗരം:
ʻʻസമ്മൃഷ്ടോല്‍ഫുല്ലപുഷ്പാവലിഖചിതമഹാ-
ചത്വരാം സത്വരാണാം
ഗച്ഛന്തീനാം വധൂനാം മുഖരിതകകുഭം
മഞ്ജുമഞ്ജീരനാദൈഃ
സ്ഫായദ്ഭേരീനിനാദാം വിവിശുരഥ പുരീം
താമുദഞ്ചല്‍പതാകാ-
പൂരാമാരബ്ധനാനാനടവരപടലീ-
താണ്ഡവാം പാണ്ഡവേയാഃ.ˮ

(പാഞ്ചാലീസ്വയംവരം)

3 ശ്രീകൃഷ്ണന്റെ കോപം:
ʻʻതാവദ്ദേവസ്യ ദേഹാജ്ഝടിതി പടുതടില്‍-
കോടിവല്‍ താഡിതാക്ഷഃ
സംഹാരോന്നിദ്രരുദ്രസ്ഫുടനിടിലശിഖി-
ജ്വാലജാലപ്രകാശഃ
കല്പാന്തക്രൂരസൂരോല്‍കരകിരണസമാ-
ഹാരഘോരസ്സമന്താ-
ദാരുന്ധാനസ്സഭാം താം നിരപതദതുലഃ
കോപി തേജസ്സമൂഹഃ.ˮ

(ദൂതവാക്യം)

4 അര്‍ജ്ജുനന്റെ വിരഹതാപം:
ʻʻതാവന്നീലനിരന്തരാ ജലധരാ ഹൃദ്യാശ്ച വിദ്യുല്ലതാ
ഹാസാ നൂതനമാലതീസുമനസാം കേകാരവാഃ കോമളാഃ
ഏകൈകം സ്മരയന്ത ഏവ ദയിതാമിന്ദ്രാത്മജസ്യാഭവ-
ന്നാശ്വാസായനു, ലോഭനായനു, പുനസ്താപായ മോഹായ വാ?ˮ

(സുഭദ്രാഹരണം)

5 കുചേലന്റെ പ്രത്യാഗമനം:
ʻʻപ്രാംശുപ്രാസാദപാളീശിഖരപരിലസ-
ത്തുംഗരൂപീശിഖാഗ്ര-
പ്രത്യുപ്താനര്‍ഗ്ഘരത്നപ്രസരദുരുഘൃണി-
ശ്രേണിശോണീകൃതാശം
ആശ്ചര്യാദ്വൈതമക്ഷ്ണാം കിമപരമപര-
ദ്വാരകാകാരമാരാ-
ദാത്മാഗാരം പ്രപശ്യന്‍ കിമിദമിതി പരാ-
മാപ ചിന്താം ദ്വിജന്മാ.ˮ

(കുചേലവൃത്തം)

6 ദേവസ്ത്രീകളുടെ ഗാനം:
ʻʻചതുര്‍മ്മുഖനിതംബിനീകരതലോല്ലസദ്വല്ലകീ-
നിനാദമധുരാ സുധാരസഝരീധുരീണസ്വരാഃ
വിരേജുരതിപേശലം വികചമല്ലികാവല്ലരീ-
മരന്ദരസമാധുരീസരസരീതയോ ഗീതയഃˮ

(അഷ്ടമീചമ്പു)

7 ത്രയീദേവിയുടെ അപഹരണം:
ʻʻഉദ്യത്താരാഭിരാമാം വിധിമയവദനാ-
ലക്ഷ്യകാമാനുബന്ധാം
സോയം പ്രൗഢാര്‍ത്ഥവാദപ്രചയകചഭരാം
ചാരുമന്ത്രാനുലാപാം
ഗുഢാദ്വൈതപ്രകാശാത്മകഗുരുജഘനാ-
മുല്ലസല്‍പാദശോഭാ-
മാപൂര്‍ണ്ണാംഗീം ത്രിവേദീസുദൃശമപഹരന്‍
പൂര്‍ണ്ണകാമോ ബഭൂവ.ˮ

(മത്സ്യാവതാരം)

8 ജാബവാന്‍:
ʻʻകുപ്യന്നക്തഞ്ചരാധീശ്വരഭുജനിവഹോ-
ത്സൃഷ്ടനാനാവിധാസ്ത്ര-
ശ്രേണീഘോരപ്രഹാരവ്രണകിണകഠിനീ-
ഭൂതവിസ്തീര്‍ണ്ണവക്ഷാഃ
അദ്രീന്ദ്രോദഗ്രവര്‍ഷ്മാ മുഖകുഹരപരി-
സ്പഷ്ടദംഷ്ട്രാകരാളഃ
പ്രാപല്‍ പന്ഥാനമക്ഷ്ണോരസുരവിജയിന-
സ്തല്‍ക്ഷണാദൃക്ഷരാജഃ.ˮ

(സ്യമന്തകം)

9 ശിവന്റെ ഭൂതഗണങ്ങള്‍:
ആരോപ്യാരൂഢശോഭം വൃഷഭപരിവൃഢം
ഭൂഷിതാം ഭൂഷണൌഘൈര്‍-
ന്നിന്യുസ്താം മന്യുശാലാം ത്രിപുരഹരപരീ-
വാരസംഘാ വിശങ്കാഃ
ഹസ്തപ്രാന്താവസജ്ജഡ്ഡമരുഡുമുഡുമു-
ധ്വാനനിത്യാനുഷക്ത-
സ്പര്‍ദ്ധാനിസ്തന്ദ്രനിര്യദ്ഘനതരവദന-
ധ്വാനരുദ്ധാഖിലാശാഃ.ˮ

(ദക്ഷയജ്ഞം)

10 ദത്താപഹാരം:
ʻʻമാ ഹരത മാ ഹരത മോഹരതചിത്താ
ബ്രഹ്മധനമുന്മഥനമുന്നതഗതീനാം
വിപ്രജനവിപ്രകൃതിരപ്രിതിമദോഷാ
ക്ഷിപ്രമിഹ കല്പയതി വിപ്രിയസമൂഹാന്‍.ˮ

(നൃഗമോക്ഷം)

ഈ പ്രബന്ധങ്ങളിലെ ഗദ്യങ്ങളും പദ്യങ്ങള്‍പോലെതന്നെ പ്രസന്നമധുരങ്ങളും പ്രൗഢഗംഭീരങ്ങളുമാകുന്നു. രണ്ടുദാഹരണങ്ങള്‍മാത്രം ചുവടേ ചേര്‍ക്കുന്നു:

മത്സ്യരൂപനായ വിഷ്ണുവിന്റെ വളര്‍ച്ച

ʻʻതതശ്ചതൂലജാലനിപതിതബാലസ്ഫുലിംഗ ഇവ, തരുണീജനഹൃദയാംകുരിതദുര്‍ല്ലഭരാഗാംകുര ഇവ, സുമതിജനഹൃദയനിഹിതോ പദേശലേശ ഇവ, താര്‍ക്കികയൂഥവിനിഹിതവിവാദലവ ഇവ, സജ്ജനസമാചരിതദുശ്ചരിതലേശ ഇവ, പിശുനമുഖനിഹിത നിഗുഢവൃത്ത ഇവ, നിമേഷമാത്രേണ നിരവധി പരിവര്‍ദ്ധമാനേˮ

(മത്സ്യാവതാരം)

ഭദ്രകാളി

ʻʻയത്ര ച വൃത്രാരിമണിശകലവിശദവര്‍ണ്ണയാ, മണ്ഡലിതകുണ്ഡലിഗണവിരചിതകുണ്ഡലമണ്ഡിതകര്‍ണ്ണയാ, അതിവികടമകുടതടവിലസദചണ്ഡഭാനുഖണ്ഡയാ, മുണ്ഡമാലാഷണ്ഡകൃതമണ്ഡയാ, അതിധവളരുചിരവിലസദരാള കരാളദംഷ്ട്രായുഗളഭീഷണവക്ത്രയാ, മധുമദാഭോഗപരിഘൂര്‍ണ്ണമാനവര്‍ത്തുളാരക്തനേത്രയാ, അതിബഹളരുധിരധാരാസിക്തഗാത്രയാ, അരാളകരാളകരവാളധാരാവിദാരിതദാരുകാസുരഗളഗളി തബഹളശോണിതഭരിതപൃഥുലപിചണ്ഡചണ്ഡയാ, അതിഘോരതരാട്ടഹാസത്രുടിതജഗദണ്ഡയാ, സകലഭയനിവാരിണ്യാ, ഭക്തജനചിത്തരംഗവിഹാരിണ്യാ, ഭവജലധിതാരിണ്യാ. നിഖിലദുരിതഹാരിണ്യാ, ത്രിശൂലധാരിണ്യാ, സകലാസുരനാശകാരിണ്യാ, ചടുലകടാക്ഷവിഗളദമൃതപാതകാരുണ്യാമൃതധാരിണ്യാ. സതതപരിപാലിതത്രിജഗത്യാ, ഭഗവത്യാ, ഭദ്രകാള്യാˮ ഉക്തിപ്രത്യുക്തികളും സ്തുതിവാക്യങ്ങളെന്നപോലെ നിന്ദാവാക്യങ്ങളും രചിക്കുന്നതിനു ഭട്ടതിരിക്കുള്ള പ്രാഗല്ഭ്യം അസാധാരണമാണെന്നു താഴെ പ്രദര്‍ശിപ്പിക്കുന്ന ഉദാഹരണങ്ങളില്‍നിന്നു സ്പഷ്ടമാകുന്നതാണു്. താന്‍ ഭീഷ്മരോടും സഹദേവനോടും ആലോചിച്ചതിനുമേലാണു് ശ്രീകൃഷ്ണനെ അഗ്രപൂജയ്ക്കായി വരിച്ചതെന്നു ധര്‍മ്മപുത്രന്‍ പറഞ്ഞതിനു ക്രുദ്ധനായ ശിശുപാലന്‍ പറയുന്ന മറുപടി നോക്കുക:

ʻʻധിക്‍ പാണ്ഡുപുത്രചരിതം സ്ഥവിരപ്രമാണം
ബാലപ്രമാണമപി കഷ്ടമഹോ വിനഷ്ടം
ഹേ! ധര്‍മ്മജ! ദ്രുപദജാമപി പൃച്ഛ കാര്യം
നാരീപ്രമാണമപി തേസ്ത്വിഹ രാജ്യതന്ത്രംˮ

ഭഗവാനെ അതിരുകവിഞ്ഞു്, ആ പാപി അടിയില്‍ കാണുന്ന വിധത്തില്‍ അധിക്ഷേപിക്കുന്നു:

ʻʻപ്രാഗേവാസൗ വിസാരഃ ക്വചിദസുരവധേ
ഹീനസൗകര്യഖിന്നഃ
സ്തംഭം പ്രാപ്തഃ കഥഞ്ചിദ്വ്യദലയദപരം
സര്‍വദം തു ന്യബധ്നാല്‍
മുന്യാത്മാ വീരഹത്യാം വ്യധിത നിരവധിം
സ്വസ്യ ദാരാനദോഷാ-
നത്യാക്ഷീദ്രാഘവാത്മാ ഹരിചരിതമഹോ
സര്‍വമേവാഭിരാമം!

സ്ത്രീഘ്നോ ഗോഘ്നോ ഗുരുഘ്നഃ ഖഗഫണിഭിദധാ-
ന്നാകുമാത്രം കിലാദ്രിം
പര്യാസ്ഥദ്ദാരുമാത്രം ശകടമരമയ്ദ്
ഗോപികാ ഗവ്യമോഷീ
ബ്രഹ്മണ്യം മാഗധം തം മുഹുരപഹൃതവാം-
സ്തദ്ഭയാദ്ദാശദേശാ-
നാതിഷ്ഠദ്ദേഷ്ടി ലോകാന്മണിമമുഷദഹോ
സ്തൗഷി ദോഷാനശേഷാന്‍.ˮ

ʻʻഷണ്ഡത്വാല്‍ ബ്രഹ്മചര്യച്ഛലഭൃല്‍ʼʼ എന്നും മറ്റുമാണു് സകല ജനസംപൂജ്യനായ ഭീഷ്മരെപ്പറ്റിയുള്ള അവഹേളനം. കിരാതത്തില്‍ വേഷച്ഛന്നനായ ശിവന്‍ അര്‍ജ്ജുനനെ

ʻʻമദ്ധ്യേരാജസഭം ഹഠേന, ഭവതാമഗ്രേ നനു പ്രേയസീം
പത്നീം ഹന്ത!—നമശ്ശിവായ—രിപുഭിസ്താവത്തഥാ ക്ലേശിതാം
നേത്രാഭ്യാമവലോകയന്‍ യദഭവസ്തൂഷ്ണീം തതോ ജ്ഞായതേ
വിക്രാന്തിസ്തവ താദൃശോ യദി യശസ്ത്രൈലോക്യമാക്രാമതിˮ

എന്നു പുച്ഛിക്കുന്നു. അതിനപ്പുറം താന്‍ ആരാധിക്കുന്ന ശ്രീപരമേശ്വരനെ ʻʻഛേത്താ ബ്രഹ്മശിരഃ ശ്മശാനവസതിര്‍ദ്ദക്ഷാധ്വരധ്വംസകോ ഭൂതപ്രേതപതിഃˮ എന്നും മറ്റും ഭര്‍ത്സിച്ചപ്പോള്‍ കോപം സഹിക്കുവാന്‍ പാടില്ലാതെ ആ ക്ഷത്രിയവീരന്‍

ʻʻരേ രേ മാംസികപാശ? യത്ത്വമധുനാ ചന്ദ്രസ്യ വന്ദ്യംകുലം
സാക്ഷാന്നിന്ദസി, ഗര്‍വസേ യദപി നഃ. സര്‍വന്തദേതല്‍ സഹേ;
യത്ത്വേവം ത്രിപുരദ്രുഹോ ഭഗവതഃ കുത്സാം വിധത്സേതരാം
തച്ഛ്റോതാരമഹോ ധിഗദ്യ ബത മാം ധിഗ്ഗാണ്ഡിവം ധിക്‍ശരാന്‍.ˮ

എന്നു മറുപടി പറയുന്നു.

യദുവംശവിനാശത്തിനു കാരണമായിത്തീര്‍ന്ന സാത്യകിയും കൃതവര്‍മ്മാവും തമ്മിലുള്ള ശണ്ഠ ഭട്ടതിരി എങ്ങനെ വര്‍ണ്ണിക്കുന്നു എന്നു കാണിക്കാം. അദ്ദേഹത്തിന്റെ വാദപ്രതിവാദ പ്രപഞ്ചനത്തിനു് അതൊരു മകുടോദാഹരണമാകുന്നു. കര്‍ണ്ണാര്‍ജുനയുദ്ധമാണു് പ്രമേയം.

സാത്യകി:
ʻʻഅന്യോന്യോത്സൃഷ്ടഘോരപ്രഹരണശിഥിലീ-
ഭൂതയൗയാംഗനിര്യ-
ന്മാംസാസൃക്‍പങ്കമജ്ജദ്ദ്വിരദവരഘടാ-
മുക്തഭീല്‍കാരഭീമം
ഉദ്യന്നാനാസ്ത്രതേജഃപ്രസരകപിശിത-
ക്ഷ്മാതലാശാവകാശം
ജന്യം കര്‍ണ്ണാര്‍ജ്ജുനീയം തവ മനസി പരി-
സ്പന്ദതേ നന്വിദാനീം?ˮ

കൃതവര്‍മ്മാവു്:
ʻʻശക്രസ്യൈകസ്തനൂജസ്സകലസുരപതേ-
സ്തേജസാം ഭര്‍ത്തുരന്യഃ
ശിഷ്യോ ദ്രോണസ്യ കശ്ചില്‍ പ്രസൃമരയശസോ
ജാമദഗ്ന്യസ്യ ചാന്യഃ
ബിഭ്രദ്ഗാണ്ഡീവമേകോ ധനുരധികദൃഢം
കാളപൃഷ്ഠം തഥാന്യ-
സ്തുല്യൗ താവേവ വീരൌ ഭുവി കഥമനയോ-
സ്സംഗരം വിസ്മരാമഃ?ˮ

സാത്യകി:
ʻʻഏകസ്സൂനുഃ പൃഥായാസ്ത്രിഭുവനവിദിതഃ
കിന്ന രാധാസുതോന്യഃ
കൃഷ്ണസ്യൈകോ വയസ്യോ ബത പുനരപര-
സ്തസ്യ രാജ്ഞഃ കുരൂണാം;
ഏകോ ലോഭേ പ്രസാദാല്‍ സദസി നിദഗുരോ-
രാശിഷം ശാപമന്യ;-
സ്തുല്യൗ തൗ പാര്‍ത്ഥകര്‍ണ്ണൗ യദി നിയതമുഭൗ
ഹംസകാകൗ സമാനൗ.ˮ

കൃതവര്‍മ്മാവു്:
ʻʻജാനാമി പാര്‍ത്ഥം ഭവതോ ഗുരും തം;
ജാനാമി തദ്ബാഹുബലഞ്ച കൃത്സ്നം;
കിന്തേന കര്‍മ്മ പ്രഥിതം ജഗത്യാം
കുണ്ഡേന ഷണ്ഡേന കൃതം ജളാത്മന്‍?ˮ

സാത്യകി:
ʻʻആസ്താം പാഞ്ചാലപുത്രീപരിണയപടിമാ
ഖാണ്ഡവാരണ്യദാഹ-
ക്രീഡാ വാസ്താം പ്രശസ്തം തദപി പശുപതേ-
രര്‍ച്ചനം ചാപകോട്യാ
ധിക്കൃത്യാശേഷവൃഷ്ണീനപി ച ഹലധരം
തത്സ്വസാ മാധവീ സാ
തേനൈകേനാഹൃതാ പ്രാക് പൃഥുലഭുജബലഃ
കുത്ര യാതസ്തദാ ത്വം?ˮ

ഇങ്ങനെ വഴക്കു് ഒന്നിനൊന്നു മൂക്കുന്നു. അര്‍ജ്ജുനന്‍ മാധവിയെ മോഷ്ടിക്കുകയല്ലയോ ചെയ്തതെന്നു കൃതവര്‍മ്മാവു്; അല്ലല്ല, മോഷ്ടിച്ചതു പശുക്കളെയാണെന്നും അതു ചെയ്തതു വിരാടരാജ്യത്തില്‍നിന്നു കര്‍ണ്ണനാണെന്നും സാത്യകി. അല്ലല്ല, അവിടെ യുദ്ധഭൂമിയില്‍ ചെന്നിരുന്ന കൗരവരാജസ്ത്രീകളുടെ ഉടുപുടവകളാണു് മോഷ്ടിച്ചതെന്നും അതു ചെയ്തു ബൃഹന്നളയാണെന്നും കൃതവര്‍മ്മാവു്. അങ്ങിനെ വാഗ്വാദം കൊടുമ്പിരിക്കൊണ്ടു കൃതവര്‍മ്മാവു് ഉത്തരം മുട്ടിയപ്പോള്‍

ʻʻതത്ത്വാന്വേഷേ വിമുഖമനസാം ത്വാദൃശാം വാക്‍പ്രപഞ്ചൈര്‍-
വാചാലാനാമധിഗതജയാഃ കേവലം പാണ്ഡുപുത്രാഃˮ

എന്നു സാത്യകിയുടെ മുഖമുദ്രണംചെയ്യാന്‍ ശ്രമിക്കുകയും അതോടുകൂടി അടിവീഴുകയും ചെയ്യുന്നു.

വ്യാകരണശാസ്ത്രത്തെ അവലംബിച്ചു് അനവധി സ്വാരസികതമങ്ങളായ ശ്ലേഷോക്തികള്‍ ഭട്ടതിരി പ്രസ്തുത പ്രബന്ധങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ടു്. അവയില്‍ ചിലതു് അടിയില്‍ പകര്‍ത്താം. ഏഴാമത്തെ ശ്ലോകത്തില്‍ മീമാംസാപാണ്ഡിത്യമാണു് സ്ഫുരിക്കുന്നതു്.

1 അത്യദ്ഭുതമിദം മന്യേ യദസൗ മഗധാധിപഃ
സ്ത്രീഹേതും ചാപമാശ്രിത്യാപ്യദന്തത്വമുപേയിവാന്‍.

(പാഞ്ചാലീസ്വയംവരം)

2 ശല്യോപി തച്ചാപലതാമുപേത്യ
നോദ്ധര്‍ത്തുമപ്യേഷ തദാ ശശാക;
തഥാപി ചിത്രം സമദര്‍ശി തസ്മിന്‍
കാചിന്മഹാചാപലതാ ജനൗഘൈഃ.

ടി

3 തേനാകുലാംഗം പതതാ തദാനീം
പ്രദര്‍ശിതാ യദ്യപി ശൗര്യഹാനിഃ
തഥാപ്യഹോ തസ്യ മനസ്വിലോക-
സ്തല്‍ കര്‍മ്മ ശൗര്യാഹിതമേവ മേനേ.

ടി

4 കര്‍ണ്ണേന പാര്‍ത്ഥായ വികൃഷ്യ മുക്താ
അപാര്‍ത്ഥപാതാ വിശിഖാ ബഭൂവുഃ
പാര്‍ത്ഥേന ചാകര്‍ണ്ണവികൃഷ്ടമുക്താഃ
കര്‍ണ്ണേ നിപേതുസ്സുദൃഢം ശരൗഘാഃ.

(പാഞ്ചാലീസ്വയംവരം)

5 യേഷാമയം ശാശ്വതികോ വിരോധ-
സ്തേഷാമഹോ!ദ്വന്ദ്വസമുത്സുകാനാം
ദ്രാഗേകവദ്ഭാവമസൗ വിധാസ്യ-
ന്നന്ധോ നൃപശ്ശാബ്ദികവദ്ബഭാസേ.

ടി

6 ബലഭദ്രാവലോകേന കൃതാര്‍ത്ഥാ ഭിക്ഷുതാധുനാ
കിം വാസുഭദ്രാധിഗമോ ന ചിരാമോ ഭവിഷ്യതി?

(സുഭദ്രാഹരണം)

7 ഇത്ഥമയമംഗവിസ്തൃതിമതിദേശവ്യാപ്തി മഖിലബാധഞ്ച
പ്രഥയഞ്ഛഫരസ്വാമീ ശബരസ്വാമീവ ലക്ഷിതോ ലോകൈഃ.

(മത്സ്യാവതാരം)

8 ഝഷാശ്രിതാം വശായാതാം പ്രത്യാഹാരാവലീമിവ
നാവമാരുഹ്യ തേ ചേരുശ്ശബ്ദതന്ത്ര ഇവാംബുധൗ.

ടി

9 ഗുണൈര്‍ഗ്ഗണാഢ്യൈസ്സുഗുണാത്മകൈഃ കൃതോ-
പ്യതീവ മുഖ്യോജനി ഭോജ്യസഞ്ചയഃ
കൃതോപി സവ്യജ്ഞനസന്ധികോവിദൈര്‍-
ബഭാര സാധുസ്വരസംഹിതോദയം.

(രാജസൂയം)

ʻʻമാദ്രേയാമരസൈന്ധവാവനിപതീന്‍കത്രീനിമാന്‍ ധിക്തമാ-
മത്രാഗ്രീയസമര്‍ഹണം ധകിദസല്‍പാത്രേ ച കാത്രേയകം
സൂരിമ്മന്യതമാന്‍ ഗതാനുഗതികാന്‍ ധിങ്നാരദാദീന്‍ മുനീന്‍
യേ മീ മോമുദതീഹ വാരിധിനികായ്യേ സ്മിന്‍ പ്രണായ്യേര്‍ച്ചിതേˮ

തുടങ്ങിയ പദ്യങ്ങളില്‍ അദ്ദേഹം പ്രകടീകരിച്ചിട്ടുള്ള വ്യാകരണാദി ശാസ്ത്രപാണ്ഡിത്യം ആരേയും ആശ്ചര്യപരതന്ത്രരാക്കുവാന്‍ മതിയാകുന്നതാണു്. ʻʻഏകശ്ശബ്ദസ്സമ്യഗ്ജ്ഞാതസ്സുഷ്ഠു പ്രയുക്തഃസ്വര്‍ഗ്ഗേ ലോകേ കാമധുഗ്ഭവതിˮ എന്ന മഹാഭാഷ്യകാരന്റെ മതം അംഗീകാര്യമാണെങ്കില്‍ പരസ്സഹസ്രം പദങ്ങള്‍ അത്തരത്തില്‍ പ്രയോഗിച്ചിട്ടുള്ള ഭട്ടതിരിക്കു് എത്രമേല്‍ സ്വര്‍ഗ്ഗസുഖം ആ പദങ്ങള്‍ നല്കിയിരിക്കയില്ല. ഭട്ടതിരിയുടെ ഭൂമിശാസ്ത്രജ്ഞാനത്തിനു രാജസൂയത്തിലെ ʻʻപാണ്ഡ്യഃ പാടീരകൂടാന്‍ മരിചപുരുചയാന്‍ കേരളഃˮ എന്ന ശ്ലോകം സാക്ഷി നില്ക്കുന്നു. ആ മഹാമഹത്തിന്നു പാണ്ഡ്യരാജാവു ചന്ദനവും കേരളേശ്വരന്‍ നല്ലമുളകുമാണത്രേ ഉപായനീകരിച്ചതു്. പലപ്പോഴും ഒരൊറ്റ വിശേഷണംകൊണ്ടു മഹാകവി പ്രകൃതത്തിനു് അനിര്‍വചനീയമായ ഔജ്ജ്വല്യം ഉളവാക്കുന്നു. ശിശുപാലനെ ʻരുക്മിണീകുചപദാങ്കിതേ മാധവോരസി ശരംകിരന്‍ʼ എന്നു വര്‍ണ്ണിക്കുന്ന മഹാകവിയുടെ മര്‍മ്മജ്ഞതയ്ക്കു ആരുതന്നെ അഞ്ജലീബന്ധം ചെയ്യുകയില്ല? കേവലമായ മാധവോരസ്സിനോടല്ല ചേദിരാജാവിനു ക്രോധം; പിന്നെയോ? അതുതാന്‍ പാണിഗ്രഹണം ചെയ്യാന്‍ ആറ്റു നോറ്റിരുന്ന രുക്‍മിണിയുടെ കുചപദത്താല്‍ അങ്കിതമാകുകനിമിത്തമാണു്.

പ്രബന്ധങ്ങളിലെ കഥാവസ്തു

ഇതിഹാസാന്തര്‍ഗ്ഗതങ്ങളോ പുരാണാന്തഃപാതികളോ അല്ലാത്ത കഥകള്‍ ഭട്ടതിരിവളരെ അപൂര്‍വ്വമായി മാത്രമേ സ്വീകരിച്ചിട്ടുള്ളു. ഒരു ദ്രുതകവിതയായ സ്വാഹാസുധാകരത്തിലെ പ്രതിപാദ്യംപോലും സ്വകപോലകല്പിതമല്ല. അഷ്ടമീചമ്പുവും കോടിവിരഹവും മാത്രമേ ഈ സാധാരണനിയമത്തിനു വ്യത്യസ്തമായി കാണുന്നുള്ളു. വൈക്കത്തു പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ ആഘോഷിച്ചുവരുന്ന വൃശ്ചികമാസത്തിലെ അഷ്ടിമീമഹോത്സവത്തെ അധികരിച്ചു രചിച്ചിട്ടുള്ള അതിമധുരമായ ഒരു പ്രബന്ധമാണു് അഷ്ടമീചമ്പു. ശൃംഗാരകേതുവിന്റെ പുത്രനായ സംഗീതദേശികനെന്ന വിദ്യാധരന്‍ ദേവേന്ദ്രനെ പ്രസ്തുത മഹോത്സവം വര്‍ണ്ണിച്ചുകേള്‍പ്പിക്കുന്നു എന്നാണു് മഹാകവിയുടെ കഥോപക്രമം. ʻʻഭസ്മനിഷേധംˮ എന്നു ശൈവമതദൂഷകമായി ഒരു ഗ്രന്ഥം ഭട്ടതിരി നിര്‍മ്മിച്ചു എന്നും തന്നിമിത്തം ഉദരരോഗത്തിനു വിധേയനായി എന്നും അതിന്റെ ഉപശാന്തിക്കുവേണ്ടിയാണു് പ്രസ്തുത കൃതി രചിച്ചതെന്നും ചിലര്‍ പറയുന്നതു യുക്തിയുക്തമായി തോന്നുന്നില്ല. ഭസ്മനിഷേധം കണ്ടുകിട്ടുന്നതുവരെ അത്തരത്തില്‍ ഒരു ഐതിഹ്യം വിശ്വസിക്കുവാന്‍ മനസ്സു വരുന്നുമില്ല. ഭട്ടതിരി അഷ്ടമീമഹോത്സവം സന്ദര്‍ശിച്ച കാലത്തു് അവിടെ വാണിജ്യത്തിനായി വന്നുചേര്‍ന്നിരുന്ന ചെട്ടികളെ ഇങ്ങനെ വര്‍ണ്ണിക്കുന്നു:

ʻ......അതിസൂക്ഷ്മതരധവളതരാംബരനിര്‍മ്മിതോഷ്ണീഷപടൈഃ, അതിസുഭഗപടീരവിരചിതോര്‍ദ്ധ്വപുണ്ഡ്രമണ്ഡിത ഫാലസ്ഥലൈഃ, കര്‍ണ്ണാവലംബിതസുവര്‍ണ്ണകുണ്ഡലരത്നഗണ ശ്രേണീകിരണച്ഛുരണാരുണകപോലമൂലൈഃ, പരിസരദംഗുലീയകരത്നമയൂഖതല്ലജോല്ലസിതകരപല്ലവൈഃ, സര്‍വാംഗീണപ്രസൃമരഘനസാരമൃഗമദാദിബഹളാമോദവിഭവ വിശദവ്യാഖ്യാതനിരതിശയസൗഖ്യാനുഭൂതിഭിഃ, പ്രഥമം ദൃഷ്ടിതുലയൈവക്രേതാരം ജനം തുലയിത്വാ പശ്ചാത്തദീപ്സിതം ദ്രവിണം തുലാമാരോപയദ്ഭിഃ, ʻഅയി ഭദ്ര! ഇതസ്താവദാഗമ്യതാം; അസ്മാദൃശാമാപണസ്ഥലീ കിമപി സനാഥീക്രിയതാം; കഥമനാസീനോ ഭവാനസ്മാനാകുലയതി; ഇഷ്ടാനി സര്‍വാണ്യഭിധീയന്താം; നഹ്യസ്മാദൃശാ യുഷ്മാദൃശാന്‍ ദൃഷ്ട്വാ ലാഭച്ഛേദാന്‍ ഗണയന്തി; സ്വപ്നേപി ന വഞ്ചനാം സഞ്ചിന്തയാമോ; മിഥ്യാവചനസ്യ കഥാമപി ന ജാനീമഃ; അയമേവ ഖല്വസ്മാദൃശാം പരമോ ലാഭഃ യദ്ഭവാദൃശൈസ്സഹ വാണിജ്യകര്‍മ്മ ക്രിയേത, ന പുനര്‍ദ്രവിണലാഭഃʼ ഇത്യാദിഭിരതിമധുരൈര്‍വചനൈസ്സമസ്തജനചിത്താനി വിലോഭയദ്ഭിര്‍വിവിധധനഭൂയിഷ്ഠൈഃ ശ്രേഷ്ഠിഭിരധിഷ്ഠിതൈകദേശേഷുˮ. എന്തൊരു മര്‍മ്മസ്പൃക്കായ ഫലിതധോരണി!

ʻʻഅയി തന്തുധാരിന്‍! ഇതസ്താവദേഹി; ബ്രൂഹി വേദവാക്യാനി; കഥയ ച സിദ്ധാന്തരഹസ്യം. കതി വാദാനി? രക്തോ വാ ശ്വേതോ വാ ഭവതി മോക്ഷഃ? ക്വ നു തേ തച്ചക്ഷുര്യേ ന പരം ബ്രഹ്മ പശ്യസിˮ എന്നിങ്ങനെ നിന്ദാകന്ദളിതങ്ങളായ വാക്യങ്ങളെക്കൊണ്ടു വൈദികജനങ്ങളെ പരിഹസിക്കുന്ന പാതിരിമാരേയും ʻʻവിവര്‍ത്തമിവ പുഷ്കലാവര്‍ത്തകാനാം, പരിണാമമിവ കുലഗിരീണാം, വിഭ്രമസര്‍വസ്വമിവാഭ്രമുവല്ലഭസ്യ, ജന്മാന്തരമിവ ദിങ്മാതംഗാനാം, വ്യത്യാസമിവാഞ്ജന ശൈലസ്യˮ എന്നും മറ്റും വൈക്കത്തെ ചന്ദ്രശേഖരനാനയേയും മഹാകവി സമഞ്ജസമായി വര്‍ണ്ണിക്കുന്നു.

കോടിവിരഹം

മഴമംഗലത്തിന്റെ കൊടിയവിരഹം എന്ന മണിപ്രവാളചമ്പുവിനെ അനുകരിച്ചു ഭട്ടതിരി സംസ്കൃതത്തില്‍ രചിച്ചിട്ടുള്ള ഒരു പ്രബന്ധമാണു് കോടിവിരഹം. അതു മഴമംഗലത്തു നാരായണന്‍നമ്പൂരിയുടെ കൃതിയാണെന്നു് ഒരു പക്ഷാന്തരമുണ്ടു്. അതിനോടു ഞാന്‍ യോജിക്കുന്നില്ല. അതിലെ കഥാനായകന്‍ ശൃംഗാരകേതു എന്ന ബ്രാഹ്മണനും നായിക ശൃംഗാരചന്ദ്രികയുമാകുന്നു. രണ്ടുപേര്‍ക്കും പരസ്പരം രൂപാമൃതത്തിന്റെ ശ്രോത്രാഞ്ജലിപാനംകൊണ്ടുതന്നെ അനുരാഗം അങ്കുരിക്കുകയും കാത്യായനീക്ഷേത്രത്തില്‍ ഒരു ഉത്സവകാലത്തു അന്യോന്യമുള്ള സന്ദര്‍ശനത്തിനുമേല്‍ അതു പ്രവൃദ്ധമാകുകയും ചെയ്യുന്നു. പിന്നീടു് അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായിത്തീര്‍ന്നു ദാമ്പത്യസുഖം അനുഭവിക്കവേ, നായിക സ്വപ്നത്തില്‍ നായകന്റെ പരസ്ത്രീസംഭോഗം കണ്ടു് അതു സത്യമാണെന്നു വിശ്വസിക്കുകയും തല്‍ഫലമായി നായകനെ ബഹിഷ്കരിക്കുകയും ചെയ്യുന്നു. അങ്ങനെ തമ്മില്‍ പിരിഞ്ഞ ദമ്പതികള്‍ക്കു തദനന്തരം വന്നുചേരുന്ന ഘോരമായ വിരഹതാപമാണു് പ്രധാനമായ പ്രതിപാദ്യാംശം. വര്‍ഷകാലത്തെ ഒരു രാത്രിയില്‍ നായികാനായകന്മാര്‍ ദുസ്സഹമായ വിയോഗദുഃഖം അനുഭവിച്ചുകൊണ്ടു സഞ്ചരിക്കുമ്പോള്‍ അവര്‍ക്കു് ആകസ്മികമായി പുനസ്സമാഗമമുണ്ടാകുന്നു. വിഭീതവിഹാര (താന്നിപ്പള്ളി)ത്തിലെ ആഢ്യന്‍നമ്പൂരിയുടെ അപേക്ഷയനുസരിച്ചാണു് ഭട്ടതിരിപ്രസ്തുത കാവ്യം നിര്‍മ്മിച്ചതു് എന്നൊരു മാതൃകാഗ്രന്ഥത്തില്‍ കാണുന്നു. ആകെക്കൂടി ഭട്ടതിരി അഷ്ടമീചമ്പുവില്‍ ആ കാവ്യത്തെപ്പറ്റി

ʻʻസന്തസ്സന്തന്യമാനാമിഹ സപദി മയാ
ഗദ്യപദ്യസ്വരൂപാ-
മാസ്വാദ്യാസ്വാദ്യ വാണീം ഗളദമൃതരസാം
സന്തു സന്തുഷ്ടചിത്താഃ
ഫുല്ലന്മല്ലീലതായാ ഇവ മൃദുപവന-
സ്യന്ദനാന്ദോളിതായാ
മന്ദം മന്ദം സ്രവന്തീം മധുരസലഹരീം
പുഷ്പതഷ്ഷള്‍പദൗഘാഃˮ

എന്ന പദ്യത്തില്‍ ചെയ്തിരിക്കുന്ന പ്രശംസ അദ്ദേഹത്തിന്റെ സകല പ്രബന്ധങ്ങള്‍ക്കും ഒന്നുംപോലെ വ്യാപിപ്പിക്കാവുന്നതാണു്.

ശാസ്ത്രഗ്രന്ഥങ്ങള്‍, സൂക്തശ്ലോകങ്ങള്‍

സ്രഗ്ദ്ധരാവൃത്തത്തില്‍ ഭട്ടതിരി ഋഗ്വേദത്തിലെ എട്ടു് അഷ്ടകങ്ങളിലുമുള്ള സൂക്തങ്ങളുടെ വര്‍ഗ്ഗസംഖ്യ പ്രദര്‍ശിപ്പിക്കുന്ന ഒരു കൃതിയാണു് ഇതു്. ആകെ ഒന്‍പതു ശ്ലോകങ്ങളേ ഉള്ളൂ. ഒന്നാമത്തെ ശ്ലോകം സംഖ്യകളെ കാണിക്കുന്ന അക്ഷരങ്ങളുടെ വിവരണമാണു്. ബാക്കിയുള്ളവ ക്രമേണ എട്ടു് അഷ്ടകങ്ങളേയും പരാമര്‍ശിക്കുന്നു. കടപയാദിക്രമം തന്നെയാണു് ഭട്ടതിരി ഇതില്‍ സ്വീകരിച്ചിരിക്കുന്നതെങ്കിലും ʻനʼ ശൂന്യത്തിനു പകരം പത്തിനേയും ʻക്ഷʼ ആറിനു പകരം പന്ത്രണ്ടിനേയും ʻളʼ ഒന്‍പതിനേയും സൂചിപ്പിക്കുന്നു. ʻപ്രʼ എന്ന അക്ഷരംകൊണ്ടു രണ്ടു വര്‍ഗ്ഗങ്ങളുള്ള സൂക്തദ്വയത്തെ നിര്‍ദ്ദേശിയ്ക്കുന്നു. ʻതʼ ഒരധ്യായത്തിന്റെ അവസാനത്തെ പ്രദര്‍ശിപ്പിക്കുന്നു. ഋഗ്വേദത്തില്‍ ആകെ 1017 സൂക്തശ്ലോകങ്ങളും പത്തു മണ്ഡലങ്ങളും എട്ടു് അഷ്ടകങ്ങളും ഓരോ അഷ്ടകത്തിലും എട്ടു് അധ്യായങ്ങളും എല്ലാ അധ്യായങ്ങളിലുംകൂടി 2006 വര്‍ഗ്ഗങ്ങളുമാണല്ലോ ഉള്ളതു്. ചില സൂക്തങ്ങള്‍ക്കു് ഒന്നും മറ്റു ചിലതുകള്‍ക്കു് ഒന്നിലധികവും വര്‍ഗ്ഗങ്ങളുണ്ടു്. ആദ്യത്തെ രണ്ടു് ശ്ലോകങ്ങള്‍ ഉദ്ധരിക്കാം:

ʻʻനത്വാ വിഘ്നേശ്വരാദീന്‍ കഥമപി ച മയാ
കഥ്യതേ വ്യഞ്ജനോക്ത്യാ
സൂക്താനാം വര്‍ഗ്ഗസംഖ്യാ സ്ഫുടമിഹ തു തകാ-
രോക്തിരദ്ധ്യായപൂര്‍ത്തൗ
യുക്താദ്യം തുല്യസൂക്താന്യുപദിശതു ഭവേ-
ദ്ദ്വാദശോക്തൗ ക്ഷകാരഃ
പ്രേതി സ്യാദ്ദ്വിദ്വികോക്തൗ ഭവതു ച ദശസം-
ഖ്യാഭിധായീ നകാരഃ.

പ്രോദ്രേകാദ്രീതരൂപേവിമലവരഗിരാ
പൂര്‍വഗീതേഗുരൂരോ
ഭാര്‍ഗ്ഗശ്രീഗൗരിഗുപ്താഖിലപുരഗഗുരു
പ്രേര്യഖേര്യാഗതാഗാഃ
ഖേലേഷ്ടാഭ്രാഢ്യരാഗോത്തരപടുഭിരുരു
വ്യാപ്രമൈവാഖിലാപ്തൈഃ
പ്രേഡ്യാവിപ്രപ്രവര്യൈരുരുരയമതിഭീ
രൂപിണീമേഗ്രഗാസ്താല്‍ˮ

ആദ്യത്തേതൊഴികെയുള്ള എട്ടു ശ്ലോകങ്ങള്‍ക്കും ദേവീപരമായിക്കൂടി അര്‍ത്ഥകല്പന ചെയ്യാവുന്നതാണെന്നു പറയുമ്പോളാണു് മഹാകവിയുടെ വിശ്യവചസ്ത്വത്തിനു നാം അനന്തകോടി നമസ്കാരം ചെയ്യേണ്ടിവരുന്നതു്.

ആശ്വലായനക്രിയാക്രമം

ഭട്ടതിരിക്കു ശ്രൗതവിഷയകമായുള്ള പാണ്ഡിത്യപ്രകര്‍ഷം പ്രസ്തുത ഗ്രന്ഥത്തില്‍ പ്രത്യക്ഷീഭവിക്കുന്നു.

ʻʻപ്രണമ്യ ശ്രീഗുരൂന്‍ ഭക്ത്യാ ശൗനകഞ്ചാശ്വലായനം
തല്‍പ്രോക്തഗൃഹ്യകര്‍മ്മാണി ശ്ലോകൈര്‍വക്ഷ്യാമി കാനിചില്‍ˮ

എന്ന ശ്ലോകത്തില്‍ ശൗനകനാലും ആശ്വലായനനാലും പ്രോക്തങ്ങളായ ഗൃഹ്യവിധികളെ ഗ്രന്ഥത്തില്‍ സംഗ്രഹിക്കുന്നതായി അദ്ദേഹം നമ്മെ ഗ്രഹിപ്പിയ്ക്കുന്നു. ആരംഭത്തില്‍ ചന്ദനക്കാവിലെ ഗണപതി, വിഷ്ണു ഈ ദേവന്മാരെയും തിരുനാവായിലെ വിഷ്ണുവിനേയും വന്ദിക്കുന്നുണ്ടു്. ആ വന്ദനശ്ലോകങ്ങള്‍ ഉദ്ധരിക്കേണ്ടിയിരിക്കുന്നു. അവയില്‍ അത്രയ്ക്കുമാത്രം മഹാകവിയുടെ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ടു്.

ʻʻബധ്നീമശ്ചിത്തബന്ധം കളഭവരമുഖം
ധാമ പാടീരവാടീ-
ക്ഷേത്രേ വാസ്തവ്യമേതത്ത്രിഭുവനജനന-
ത്രാണസംഹാരദക്ഷം
ശശ്വന്നിശ്രേയസായ സ്മൃതനിജചരണാം-
ഭോജനിശ്ശേഷലോക-
ശ്രേയസ്യാകല്പവൃക്ഷപ്രകടിതകരുണാ-
കന്ദളശ്രീകടാക്ഷം.

ചതുര്‍ദ്ദോഷ്ണേ കോഷ്ണസ്തനഭരരമാലിംഗനസുഖ-
പ്രഹൃഷ്യദ്രോമ്ണേ സ്മൈ ത്രിഭുവനപരിത്രാണപടവേ
പടീരാരാമേമും ജനമനുജിഘൃക്ഷൈവ വസതേ
നമസ്തസ്മൈ ധാമ്നേ വിസൃമരഹഃകൗസ്തുഭയുജേ.

കസ്മൈചിദ്വിശ്വസര്‍ഗ്ഗസ്ഥിതിവിലയപരി-
ക്രീഡനോദ്യന്മഹിമ്നേ
ശ്രീനാവാക്ഷേത്രധാമ്നേ മഹിതനവയതീ-
ന്ദ്രാര്‍ച്ച്യാമാനായ ധാമ്നേ
കുര്‍വേ ഗോവിന്ദനാമ്നേ ഗളഭൃതവനമാ-
ലാഖ്യദാമ്നേ നമോസ്മൈ
ധ്വസ്തസ്മാര്‍ത്താധിഭൂമ്നേ പ്രണതസുരശിരോ-
രത്നദീപ്താംഘ്രിസീമ്നേ.ˮ

പ്രക്രിയാസര്‍വ്വസ്വം

ഭട്ടതിരി പ്രക്രിയാസര്‍വസ്വമെന്ന മഹനീയമായ വ്യാകരണഗ്രന്ഥം നിര്‍മ്മിച്ചതു പൂരാടം തിരുനാള്‍ ചെമ്പകശ്ശേരി മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചു് അമ്പലപ്പുഴയില്‍വെച്ചാണെന്നു മുന്‍പു പ്രസ്താവിച്ചുവല്ലോ. ആ ആജ്ഞ താഴെ കാണുന്ന വിധത്തിലായിരുന്നു:

ʻʻസോഥ കദാചന രാജാ സ്വഗുണൈരാകൃഷ്യ സന്നിധിം നീതം
ശ്രീമാതൃദത്തസൂനും നാരായണസംജ്ഞമശിഷദവനിസുരം.

വൃത്തൗ ചാരു ന രൂപസിദ്ധികഥനം; രൂപാവതാരേ പുനഃ
കൗമുദ്യാദിഷു ചാത്ര സൂത്രമഖിലം നാസ്തേവ്യ; തസ്മാത്ത്വയാ
രൂപാനീതിസമസ്തസൂത്രസഹിതം സ്പഷ്ടം മിതം പ്രക്രിയാ-
സര്‍വസ്വാഭിഹിതം നിബന്ധനമിദം കാര്യം മദുക്താധ്വനാ.

ഇഹ സംജ്ഞാ പരിഭാഷാ സന്ധിഃ കൃത്തദ്ധിതാസ്സമാസാശ്ച
സ്ത്രീപ്രത്യയാസ്സുബര്‍ത്ഥഃ സുപാം വിധിശ്ചാത്മനേപദവിഭാഗഃ
തിങപി ച ലാര്‍ത്ഥവിശേഷാഃ സനന്തയങ്‌യങ്‌ലുകശ്ച സുബ്ധാതുഃ
ന്യായോ ധാതുരുണാദിശ്ഛാന്ദസമിതി സന്തു വിംശതിഃ ഖണ്ഡാഃ

ഇതീരിതോ ഭൂപതിനാമുനാ പുനഃ
ക്ഷണേ ക്ഷണേ ശിക്ഷിതരീതികൗശലഃ
അസാദ്ധ്യവസ്തുന്യപി സ പ്രവൃത്തവാന്‍
മഹാര്‍ണ്ണവേ പോത ഇവാനിലാശ്രയാല്‍.

അയമച്യുതഗുരുകൃപയം പാണിനികാത്യായനാദികാരുണ്യാല്‍
യത്നഃ ഫലപ്രസൂസ്സ്യാല്‍ കൃതരാഗരസോദ്യ ശബ്ദമാര്‍ഗ്ഗജൂഷാംˮ

കാശികാവൃത്തിയില്‍ രൂപസിദ്ധി ചാരുവായി കഥിക്കപ്പെടാത്തതിനാലും രൂപാവതാരത്തിലും പ്രക്രിയാകൗമുദിയിലും പാണിനിയുടെ എല്ലാ സൂത്രങ്ങളും പരാമര്‍ശിക്കപ്പെടാത്തതിനാലും രൂപങ്ങളെ ആനയിക്കുന്നതും സകല പാണിനീസൂത്രങ്ങളേയും സ്പര്‍ശിക്കുന്നതും സുസ്പഷ്ടവും മിതവുമായ ഒരു പുതിയ വ്യാകരണം താന്‍ ഉപദേശിക്കുന്ന രീതിയില്‍ നിര്‍മ്മിക്കണമെന്നാണു് രാജാവു അനുശാസിച്ചതു്. ഒടുവില്‍ ഉദ്ധൃതമായ പദ്യത്തിന്റെ തൃതീയപാദത്തില്‍ ഗ്രന്ഥം ആരംഭിച്ചതും ചതുര്‍ത്ഥപാദത്തില്‍ അവസാനിച്ചതുമായ ദിവസങ്ങളുടെ കലിദിന സൂചന ഉണ്ടു്. അവ നിര്‍ദ്ദേശിക്കുന്ന കാലമേതെന്നു മുന്‍പു പറഞ്ഞുകഴിഞ്ഞു. പൂര്‍വസൂരികളുടെ അനവധി ഗ്രന്ഥങ്ങള്‍ സര്‍വസ്വനിര്‍മ്മിതിയില്‍ ഭട്ടതിരിക്കു സഹായകമായിട്ടുണ്ടു്.

ʻʻവൃത്തിം തദ്ധരദത്തരാമവിവൃതീ ഭാഷ്യാദികം കൗമുദീം
തദ്വ്യാഖ്യാമപി ധാതുവൃത്തിയുഗളം ദൈവഞ്ച കല്പദ്രുമം
ഭോജോക്തിദ്വയദണ്ഡനാഥവിവൃതീ ഭട്ട്യാദികാവ്യത്രയം
തിസ്രശ്ചാമരകോശനാമവിവൃതീഃ സംപ്രേക്ഷ്യ സംക്ഷിപ്യതേ.ˮ

എന്നു കൃല്‍ഖണ്ഡത്തിന്റെ അവസാനത്തില്‍ അദ്ദേഹം ഉപന്യസിക്കുന്നു. കേരളീയവൈയാകരണന്മാരില്‍ അദ്ദേഹം വാസുദേവവിജയകാരനായ പട്ടത്തു ഭട്ടതിരിയേയും സുഭദ്രാഹരണകാരനായ നാരായണനേയും സര്‍വപ്രത്യയമാലാകാരനായ ശങ്കരനേയും സ്മരിക്കുന്നു. മുനിത്രയൈകശരണനായി അദ്ദേഹം വ്യാകരണത്തെ പ്രപഞ്ചനം ചെയ്യുവാന്‍ ഒരുങ്ങിയില്ല. മറ്റു വിഷയങ്ങളിലെന്നപോലെ ആ ശാസ്ത്രത്തിലും പല പൂര്‍വമതങ്ങളേയും പ്രമാണത്വേന അംഗീകരിച്ചിരുന്ന സരസ്വതീകണ്ഠാഭരണകാരനായ ഭോജരാജാവിനെ അദ്ദേഹം പല അവസരങ്ങളിലും അനുഗമിച്ചു. ʻʻദ്വന്ദ്വഃ കലഹയുഗ്മസമാസാദിഷ്വിതി ച ഭോജഃˮ എന്നുംമറ്റും അദ്ദേഹത്തെ നാമഗ്രഹണം ചെയ്തു് ആദരിക്കുന്ന അവസരങ്ങള്‍ അനേകമുണ്ടു്. മഹാകവി പ്രയോഗങ്ങളേയും അദ്ദേഹം ത്യാജ്യകോടിയില്‍ തള്ളിയില്ല.

ʻʻവിശ്രാമസ്യാപശബ്ദത്വം വൃത്ത്യുക്തം നാദ്രിയാമഹേ,
മുരാരി ഭവഭൂത്യാദീനപ്രമാണീകരോതി കഃ?
വിശ്രാമശാഖിനം വാചാം വിശ്രാമോ ഹൃദയസ്യ ച
വിശ്രാമഹേതോരിത്യാദി മഹാന്തസ്തേ പ്രയുഞ്ജതേˮ

എന്നു് അദ്ദേഹം പറയുന്നു. മുരാരിയോടു തനിക്കു യോജിക്കുവാന്‍ നിവൃത്തി കാണാത്ത ഘട്ടത്തില്‍പ്പോലും

ʻʻഅനര്‍ഘരാഘവാദ്യാങ്കേ സ്വാഹാകാരമിതീരിതം
പഞ്ചികാപി തഥൈവാഹ ന ജാനേ മഹതാം മതിം.ˮ

എന്നു തനിക്കുള്ള അഭിപ്രായത്തെ അത്യന്തം സങ്കോചത്തോടു കൂടിയേ ആവിഷ്കരിക്കുന്നുള്ളു. ഭട്ടതിരിക്കു നൈസര്‍ഗ്ഗികമായുള്ള വിനയാതിശയം അദ്ദേഹം പ്രസ്തുതകൃതിയിലും അവിടവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. കൃല്‍ഖണ്ഡത്തിന്റെ ആരംഭത്തില്‍

ʻʻഗഹനതരഗ്രന്ഥാര്‍ത്ഥാനതിവിതതാന്‍ വീക്ഷ്യ മംക്ഷു സംക്ഷിപതാ
സ്‌ഖലിതമപി സംഭവേന്നസ്തത്ര തു വിബുധാ വിമത്സരാശ്ശരണംˮ

എന്നും സുബര്‍ത്ഥഖണ്ഡത്തിന്റെ അവസാനത്തില്‍

ʻʻസ്വനിര്‍മ്മിതത്വപ്രണയാവഗുണ്ഠിത-
സ്സ്വകാവ്യദോഷം ന ബുധോപി പശ്യതി
അതോത്ര സൂരീന്‍ ഗുണദോഷവേദയാന്‍
മദുക്തിസംശോധനകാര്യമര്‍ത്ഥയേˮ

എന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. താന്‍ നവീനമായി ഒരു മതവും ആവിഷ്കരിക്കുന്നില്ലെന്നും പൂര്‍വമതങ്ങളെ ചര്‍ച്ചചെയ്തു നല്ലതിനെ സ്വീകരിക്കുന്നേയുള്ളൂ എന്നും സ്ത്രീപ്രത്യയഖണ്ഡത്തിന്റെ അവസാനത്തില്‍ പറയുന്നു:

ʻʻന കിഞ്ചിദത്ര സ്വകപോലകല്പിതം
ലിഖാമി ശാസ്ത്രേ ക്വചിദീക്ഷിതം വിനാ
അനേകഥാ യത്ര പുരാ വിദാം മതം
മനോഹരം തത്ര പരം ഗ്രഹിഷ്യതേ.ˮ

മിതമെന്നും സ്പഷ്ടമെന്നും രണ്ടു വാക്കുകള്‍ രാജാവു് ഉച്ചരിച്ചു എങ്കിലും അവയുടെ അപ്രായോഗികതയെ ആചാര്യന്‍ തദ്ധിതഖണ്ഡത്തിന്റെ പരിസമാപ്തിയില്‍,

ʻʻസംക്ഷേപാതിശയേപി വാച്യബഹുതാഹേതോരഭൂദ്വിസ്തരഃ
സ്പഷ്ടത്വേപി കൃതേ സ്വഭാവഗഹനാ ഭാഗാ മനാഗസ്ഫുടാഃ
ഏവം വ്യക്തിമിയാന്‍ പദാര്‍ത്ഥ ഇയതാ ഗ്രന്ഥേന യാതോയമി-
ത്യേവം യോ വിമൃശേല്‍ സ ഏവ കലയേദസ്മിന്‍ നിബന്ധേ ഗുണാന്‍ˮ

എന്ന പദ്യത്തില്‍ വിശദീകരിക്കുന്നു. താഴെക്കാണുന്ന പദ്യങ്ങള്‍ യഥാക്രമം ന്യായഖണ്ഡത്തിന്റെ ഒടുവില്‍ ഘടിപ്പിച്ചിരിക്കുന്നു:

ʻʻന സര്‍വം സര്‍വസ്യ പ്രിയമപി ഭവേദപ്രിയമപി
ക്വചില്‍ കേചില്‍ കിഞ്ചിദ്ദധതി യദി, സാര്‍ത്ഥാ മമ കൃതിഃ
ന വാ ഗൃഹ്ണന്ത്യന്യേ തദപി പദപീയൂഷലഹരീ-
പരിക്രീഡാനന്ദഃ ഫലമിദമിദാനീം മമ ന കിം?ˮ

ന്യായഖണ്ഡത്തോടുകൂടി പൂര്‍വഭാഗമവസാനിക്കുന്നു.

വൃത്തൗ നാനാപ്രമാദാ വിവൃതിഷു കഥിതാ
മാധവാദ്യൈശ്ച സര്‍വം
വ്യാഖ്യായാഖ്യായി ദോഷോ ബഹുലമഘടിതം
പ്രക്രിയാകാവ്യവൃത്തൗ
നാമവ്യാഖ്യാസ്വനന്തം കില തദിഹ മഹാ-
കോവിദൈരപ്യവര്‍ജ്ജ്യാ
വിഭ്രാന്തിശ്ചേല്‍ കൃശാഭ്യാസിനി കൃശധിഷണേ
മാദൃശേ കിന്തു വാച്യം?ˮ

ഭട്ടതിരിക്കു വിദ്വാന്മാരില്‍നിന്നു വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല എന്നു സുബ്വിധിഖണ്ഡത്തിന്റെ അവസാനത്തിലുള്ള താഴെക്കാണുന്ന പദ്യം വ്യഞ്ജിപ്പിക്കുന്നു:

ʻʻവിദ്വാംസോ വിദിതം ഹി സര്‍വമിതി ന ദ്രക്ഷ്യന്തി മന്ദാഃ പുനഃ
പ്രാരഭ്യാധികമാര്‍ഗദര്‍ശനപരിഭ്രാന്താ വിരമ്യന്തി ച
അന്യേ മത്സരിണഃ കഥാമപി ച നോ കുര്യുഃകിമേതൈഃക്ഷതം?
യന്മദ്ബുദ്ധിവിശുദ്ധയേ നരപതേര്‍മ്മോദായ ചേദം കൃതംˮ

തന്റെ ബുദ്ധിവിശുദ്ധിക്കും രാജാവിന്റെ പ്രീതിക്കുമായി താന്‍ ആ ഗ്രന്ഥം നിര്‍മ്മിക്കുന്നു എന്നുള്ളതാകുന്നു അദ്ദേഹത്തിന്റെ സമാധാനം. ഭട്ടതിരി കൃഷ്ണാര്‍പ്പണമായാണു് പൂര്‍വഭാഗം അവസാനിപ്പിക്കുന്നതു്. ʻʻകര്‍മ്മ മേ തദ്ഭൂയാല്‍ കൃഷ്ണാര്‍പ്പണം, മേ ഭവതു ച സതതം ധീരഘാരേഃ കഥായാംˮ എന്നും

ʻʻആസ്താമന്യദിഹാര്‍ത്ഥശബ്ദപടലീസഞ്ചിന്തനാദിക്രിയാ
ശബ്ദവ്യാകൃതിജന്മ പുണ്യനിവഹം പാപഞ്ച വാഗ്ദോഷജം
സര്‍വം തല്‍ പ്രജൂഹോമി നന്ദതനയേ മന്ദസ്മിതാര്‍ദ്രാനനേ
പൂര്‍ണ്ണബ്രഹ്മണി തൂര്‍ണ്ണമേഷ കരുണാസിന്ധുര്‍മ്മയി പ്രീയതാംˮ

എന്നും അദ്ദേഹം പ്രസ്താവിക്കുന്നു. ʻധീരഘാരേഃ കഥായാംʼ എന്ന വാചകത്തില്‍ കലിസൂചനയില്ല. ഉത്തരഭാഗം ആരംഭിക്കുന്നതു ʻʻദേവനാരായണക്ഷ്മാപശാസനസ്ഥായിനാ മയാധാതവോത്ര വിലിഖ്യന്തേ മാധവോക്തേന വര്‍ത്മനാˮ എന്ന ശ്ലോകത്തോടുകൂടിയാണു്.

പ്രക്രിയാസര്‍വസ്വത്തിന്റെ മഹിമ വാചാമഗോചരമാകുന്നു. വിദ്യാര്‍ത്ഥികള്‍ക്കു് അനായാസമായ ഗ്രഹണത്തിനും സ്മരണത്തിനും പ്രയോജകീഭവിക്കുന്ന അനവധി കാരികകളെക്കൊണ്ടു് ആ വാങ്മയം ആമൂലാഗ്രം അലംകൃതമാണു്.

ʻʻഭിദേളിമാനി കാഷ്ഠാനി ശാലയോമീ പചേളിമാഃ
ഛിദേളിമാ ജീര്‍ണ്ണരജ്ജസ്തൃണജാലം ദഹേളിമം.ˮ

ʻസ്വയം ഭിദ്യന്തേʼ ഇത്യാദ്യര്‍ത്ഥങ്ങളിലുള്ള ഭിദേളിമാദി പദങ്ങളുടെ പ്രയോഗവിഷയത്തില്‍ ഈ കാരികകള്‍ എത്രമാത്രം ഉപയുക്തങ്ങളാണെന്നു പറയേണ്ടതില്ലല്ലോ.

ʻʻരലയോരൈക്യമിച്ഛന്തി കേചിദിത്യാഹ വൃത്തികൃല്‍
ഡലയോര്‍ബവയോശ്ചാഹുരഭേദം മാധവാദയഃ.
രേഖാ ലേഖാ ജലജഡൗ ബിന്ദുര്‍വിന്ദുരിതി ക്രമാല്‍
ഡലയോരുക്തിഭേദസ്തു ളകാരോ നാക്ഷരാന്തരംˮ

എന്ന കാരികകള്‍ അവയില്‍ പറയുന്ന അക്ഷരങ്ങളെ സംബന്ധിച്ചു് എത്രമാത്രം വ്യുല്‍പാദകങ്ങളാണെന്നും അനുക്തസിദ്ധമാണു്. പ്രക്രിയാകൗമുദീകാരനെ ഭട്ടതിരി പല ഘട്ടങ്ങളിലും ഖണ്ഡിക്കുന്നുണ്ടു്. ഭട്ടതിരിയുടെ വ്യാകരണത്തെ അഭിജ്ഞന്മാര്‍ കാവ്യമെന്നു പറയുന്നതു് അത്യുക്തിയല്ല. ഒരു മഹാകവി വൈയാകരണനായാല്‍ സഞ്ജാതമാകാവുന്ന ഗുണവൈശിഷ്ട്യം മുഴുവന്‍ പ്രക്രിയാസര്‍വസ്വത്തിനു ലഭിച്ചിട്ടുണ്ടെന്നു സമഷ്ടിയായി പറയാം.

ʻʻദേവനാരായണീയംˮ എന്ന പേരില്‍ ധാതുക്കളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു വ്യാകരണഗ്രന്ഥമുണ്ടെന്നും അതു ദേവനാരായന്റെ ആജ്ഞയനുസരിച്ചു രചിച്ചതാണെന്നും അതിന്റെ ഉപക്രമപദ്യം

ʻʻദേവനാരായണക്ഷ്മാപശാസനസ്ഥായിനാ മയാˮ

എന്നാരംഭിക്കുന്നുവെന്നും ചിലര്‍ സങ്കല്പിക്കുന്നതു് അബദ്ധമാണു്. അതു പ്രക്രിയാസര്‍വസ്വത്തിലെ ധാതുഖണ്ഡം മാത്രമാകുന്നു എന്നു പ്രസ്താവിച്ചുകഴിഞ്ഞു.

സര്‍വസ്വവ്യാഖ്യകള്‍

പ്രക്രിയാസര്‍വസ്വത്തിനു രണ്ടു വ്യാഖ്യകള്‍ കണ്ടിട്ടുണ്ടു്. അവയില്‍ ആദ്യത്തേതു നീലകണ്ഠദീക്ഷിതരുടേതാണു്. രണ്ടാമത്തേതു മനോരമത്തമ്പുരാട്ടിയുടെ ഗുരുനാഥനായ ദേശമംഗലത്തു് ഉഴുത്തിരവാരിയരുടേതാകുന്നു. നീലകണ്ഠദീക്ഷിതര്‍ ഭട്ടതിരിയുടെ സമകാലികനും ചെമ്പകശ്ശേരി രാജാവിനെ ആശ്രയിച്ചു് അദ്ദേഹത്തിന്റെ മഹാഭാരതവാചകനായി അമ്പലപ്പുഴെ താമസിച്ചിരുന്ന ഒരു പണ്ഡിതനുമാണു്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ രാമചന്ദ്രദീക്ഷിതരും അച്ഛന്‍ വരദേശ്വരദീക്ഷിതരും ഗുരുക്കന്മാര്‍ ജ്ഞാനേന്ദ്രനും വെങ്കിടേശ്വരദീക്ഷിതരും ജ്യേഷ്ഠന്‍ മഹാഭാഷ്യപാരഗനായ സുന്ദരേശ്വരദീക്ഷിതരും അമ്മ കാമാക്ഷിയുമാണെന്നു് ആ ഗ്രന്ഥത്തില്‍നിന്നറിയുന്നു. ʻലളിതാംബാസ്വരൂപിʼയായിരുന്നുവത്രേ വെങ്കിടേശ്വരദീക്ഷിതര്‍. സ്വദേശം ഏതെന്നറിയുന്നില്ല.

പദവാക്യപ്രമാണാനാം പാരഗം വിബുധോത്തമം
രാമചന്ദ്രമഖീന്ദ്രാഖ്യപിതാമഹമഹം ഭജേ.

യദീയസ്മരണാദേവ വിന്ദതേര്‍ത്ഥചതുഷ്ടയം
പിതരം തമഹം വന്ദേ വരദേശ്വരദീക്ഷിതം.

യസ്യ സ്മരണമാത്രേണ ശാസ്ത്രാര്‍ത്ഥാനാം പുരഃസ്ഥിതിഃ
ജായതേ തം ഗുരും വന്ദേ ജ്ഞാനേന്ദ്രം ചില്‍സ്വരൂപിണം.

സുന്ദരേശ്വരയജ്വാനം ശേഷാശേഷാര്‍ത്ഥവേദനം
ഭ്രാതരം പ്രണമാമ്യസ്മല്‍കാമാക്ഷീം ജനനീമപി.

വെങ്കടേശ്വരയജ്വാനം ലളിതാംബാസ്വരൂപിണം
ഭാവയേ ഹൃദയേ സമ്യങ്മദഭീഷ്ടാര്‍ത്ഥസിദ്ധയേ.

കേരളക്ഷിതിപാലേഷു ദേവനാരായണപ്രഭുഃ
ദ്വിജരാജസ്സര്‍വശാസ്ത്രധുരീണോസ്തി ഹരിപ്രിയഃ.

തൈഃ കാരിതം പ്രക്രിയായാസ്സര്‍വ്വസ്വം സകലാര്‍ത്ഥദം
തദ്വ്യാഖ്യാനം നീലകണ്ഠദീക്ഷിതേന വിരച്യതേˮ

എന്നീ ശ്ലോകങ്ങള്‍ നോക്കുക. നീലകണ്ഠദീക്ഷിതര്‍ പ്രസ്തുത ഗ്രന്ഥം വ്യാഖ്യാനിച്ചതു പൂരാടം തിരുനാള്‍ മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചായിരിയ്ക്കാനിടയുണ്ടു്. ഏതായാലും 792-നും 798-നും ഇടയ്ക്കായിരുന്നു ആ വ്യാഖ്യയുടെ ആവിര്‍ഭാവമെന്നുള്ളതു നിസ്സംശയമാണു്. ഉഴുത്തിരവാരിയരുടെ വ്യാഖ്യയിലെ വന്ദനശ്ലോകങ്ങളാണു് താഴെക്കാണുന്നതു്:

ʻʻചാരണോദ്ഗീതചരണം ദാരണം വിഘ്നഭൂഭൃതാം
കാരണം ജഗതാമേകം വാരണാസ്യമുപാസ്മഹേ.
പശ്യന്ത്യാദിസ്വരൂപാ പദകമലജൂഷാ-
മാന്തരധ്വാന്തഹന്ത്രീ
വീണാകോണാഭിരാമാ ദിവി ദിവിജകുലൈഃ
സ്‌തൂയമാനാപദാനാ
ദേവീദേവാസുരാളീമകുടതടമണീ-
രാജിനീരാജിതാംഘ്രിഃ
കല്യാ കല്യാണദാ മേ സതതഗുരുകൃപാ
മാനസേ ലാലസീതു.

മുനിത്രയപദാംഭോജപരാഗപരമാണവഃ
വിമലീകുര്‍വതാം ചേതാമുകുരം മുഹുരഞ്ജസാ.

നത്വാ ശ്രീഗുരുപാദാബ്ജം സ്മൃത്വാ സ്മുത്വാ ച തദ്ഗിരഃ
പ്രക്രിയാപൂര്‍വസര്‍വസ്വവ്യാഖ്യാസ്മാഭിര്‍വിലിഖ്യതേ.ˮ

ʻʻശ്രീബ്രഹ്മദത്തഗുരുപാദകടാക്ഷവീക്ഷാ-
ദൂരീകൃതാത്മഹൃദയാഖിലകില്‌ബിഷേണ
നാരായണേന ലിഖിതാ മതിമദ്ഭിരേഷാ
ശോധ്യാസ്തു ദോഷസഹിതാ യദി പത്രികാ സ്യാല്‍ˮ

എന്നു് ഒരു മാതൃകാഗ്രന്ഥത്തില്‍ കാണുന്ന പദ്യത്തില്‍നിന്നും ബ്രഹ്മദത്തന്‍നമ്പൂരിയുടെ ശിഷ്യനായ നാരായണന്‍നമ്പൂരി ആ വ്യാഖ്യയുടെ ലേഖകനായിരുന്നു എന്നുമാത്രം കരുതിയാല്‍ മതിയാകുന്നതാണു്. ഉഴുത്തിരവാരിയര്‍ മുന്‍പറഞ്ഞ നീലകണ്ഠദീക്ഷിതരുടേയും രാമഭദ്രദീക്ഷിതരുടേയും ശേഖരകാരനായ നാഗേശഭട്ടന്റേയും പംക്തികള്‍ ഉദ്ധരിച്ചിട്ടുണ്ടു്. അദ്ദേഹത്തെപ്പറ്റി മേലും ഒരവസരത്തില്‍ പ്രസ്താവിക്കുന്നതാണു്. മഹാമഹോപാദ്ധ്യായ കിള്ളിമംഗലത്തു നാരായണന്‍നമ്പൂരിയും സര്‍വസ്വത്തില്‍ ആദ്യം കുറേ ഭാഗം വ്യാഖ്യാനിച്ചിട്ടുണ്ടു്. മനോരമത്തമ്പുരാട്ടിയുടെ ശിഷ്യന്‍ ദേശമംഗലത്തു കൃഷ്ണവാരിയര്‍ സര്‍വസ്വത്തിലെ കാരികകള്‍ക്കു ടീക രചിച്ചിട്ടുള്ളതായും അറിയാം.

ധാതുകാവ്യം

പട്ടത്തു വാസുദേവഭട്ടതിരിയുടെ അഞ്ചു സര്‍ഗ്ഗങ്ങളടങ്ങിയ വാസുദേവവിജയമെന്ന കാവ്യത്തെപ്പറ്റി ആ പൂര്‍വാചാര്യന്‍ പ്രതിപാദിക്കാത്തതിനാല്‍ ഭട്ടതിരി അതിലെ ഇതിവൃത്തംതന്നെ തുടര്‍ന്നുകൊണ്ടു മൂന്നു സര്‍ഗ്ഗങ്ങളില്‍ ധാതുകാവ്യം നിര്‍മ്മിച്ചു. മാധവാചാര്യരുടെ ധാതുവൃത്തിയെയാണു് താന്‍ പ്രമാണീകരിയ്ക്കുന്നതു് എന്നു് ʻʻഉദാഹൃതം പാണിനിസൂത്രമണ്ഡലംˮ എന്ന പ്രഥമശ്ലോകത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ടു്. പ്രസ്തുത ശാസ്ത്രകാവ്യത്തില്‍ അക്രൂരന്റെ വ്രജപ്രയാണംമുതല്‍ കംസവധത്തോളമുള്ള ഭാഗവതകഥയാണു് പ്രതിപാദ്യം. 248 പദ്യങ്ങളില്‍ 1948 ധാതുക്കള്‍ക്കും ആനുപൂര്‍വീക്രമത്തിനു മഹാകവി ഉദാഹരണങ്ങള്‍ ഘടിപ്പിക്കുന്നു.

ʻʻസ ഗാന്ദിനീഭൂരഥ ഗോകുലൈധിതം
സ്പര്‍ദ്ധാലുധീഗാധിതകാര്യബാധിനം
ദ്രക്ഷ്യന്‍ ഹരിം നാഥിതലോകനാഥകം
ദേധേ മുദാ സ്‌കുന്ദിതമന്തരിന്ദ്രിയംˮ

എന്ന രണ്ടാമത്തെ ശ്ലോകത്തില്‍ ʻഭൂ സത്തായാംʼ എന്നതുമുതല്‍ ʻസ്കുന്ദി ആപ്രവണേʼ എന്നതുവരെയുള്ള ആദ്യത്തെ ഒന്‍പതു ധാതുക്കള്‍ക്കു് ഉദാഹരണങ്ങള്‍ അടങ്ങിയിരിക്കുന്നു. ധാതുകാവ്യത്തിനു മൂക്കോലക്കാരായ ചില പണ്ഡിതന്മാര്‍ ʻശ്രീകൃഷ്ണാര്‍പ്പണംʼ എന്ന ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. ആ വ്യാഖ്യാനം ഉപക്രമിക്കുന്നതു് ഇങ്ങനെയാണു്:

ʻʻസ്മരത ഹരേര്‍മ്മധുരതരം മുരളീനിനദാമൃതം ഹി ശബ്ദമയം
പദയുഗളഞ്ച ഭവാന്യാ മഹിഷാരേര്‍മ്മുക്തിനിലയവാസിന്യാഃ.
ഗുരുപാദാബ്‌ജസം സേവാനിതാന്തവിമലാശയൈഃ
സതീര്‍ത്ഥൈരദ്യ ലിഖ്യന്തേ ധാതുകാവ്യാര്‍ത്ഥലോചനാഃˮ

ʻഗുരുʼ എന്നു് അവര്‍ ഇവിടെ വ്യപദേശിക്കുന്നതു ഭട്ടതിരിയെത്തന്നെയായിരിക്കണം.

ʻʻകംസഹിംസാ പ്രബന്ധാര്‍ത്ഥോ വീര്യഭക്ത്യാദയോ രസാഃ
ത്രിഭിര്‍ദ്ദിനൈഃ കൃതം കര്‍മ്മ ത്രിഭിസ്സര്‍ഗ്ഗൈശ്ച കഥ്യതേ.
അക്രൂരയോഗോ യാത്രാദി ചാപച്ഛേദാന്തചേഷ്ടിതം
മല്ലോദ്യോഗാദി കംസാന്തപര്യന്തം ച ത്ര്യഹേ കൃതംˮ

എന്നീ ശ്ലോകങ്ങളില്‍നിന്നു മഹാകവി ആ കാവ്യവും മൂന്നു ദിവസംകൊണ്ടു രചിച്ചതായി അറിയുന്നു. അക്കാലത്തു മൂക്കോല അനേകം വിദ്വല്‍പ്രവേകന്മാരുടെ വാസസ്ഥാനമായിരുന്നു എന്നുള്ളതിനു ഭ്രമരസന്ദേശത്തിലെ ʻഭംഗ്യാ വ്യംഗ്യാധ്വനി പരിചിതാന്‍ʼ ഇത്യാദി പദ്യം സാക്ഷ്യം വഹിക്കുന്നു. ധാതുകാവ്യത്തിനു രാമപാണിവാദകൃതമായും ഒരു വ്യാഖ്യാനമുണ്ടു്. ഭട്ടതിരിയുടെ സുപ്രസിദ്ധമായ

ʻʻആരൂഢോ ഗരുഡം ഭുജാന്തതരളശ്രീവന്യമാലാവലിഃ
ക്ഷ്മാമാന്ദോളിതചാമരാന്തരഗതഃ പ്രോദ്ഗീയമാനോമരൈഃ
ചഞ്ചന്മീനസുവര്‍ണ്ണകുണ്ഡലധരോ ധാരാധരശ്യാമളഃ
കാലേ മേ ചരമേ മമാക്ഷിപദവീമായാതു നാരായണഃ.ˮ

എന്ന പദ്യം ധാതുകാവ്യത്തിലുള്ളതാണു്.

അപാണിനീയപ്രാമാണ്യസാധനം

വ്യാകരണവിഷയത്തില്‍ പാണിനി കാത്യായനപതഞ്ജലികള്‍ക്കു മാത്രമല്ല പ്രാമാണ്യം കല്പിക്കേണ്ടതെന്നു പ്രക്രിയാസര്‍വസ്വത്തില്‍ ഭട്ടതിരി വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഉല്‍പതിഷ്ണുത്വം ചോളദേശത്തിലെ ചില വൈയാകരണന്മാര്‍ക്കു് അസഹ്യമായിത്തോന്നി. അവരില്‍ വൈനതേയന്‍ എന്നൊരു പണ്ഡിതന്‍ അദ്ദേഹത്തെ എതിര്‍ക്കുകയും സുദര്‍ശനൻ എന്ന മറ്റൊരു പണ്ഡിതന്‍ വൈനതേയമതത്തെ ഖണ്ഡിക്കുകയുംചെയ്തു. ഒടുവില്‍ ഭട്ടതിരി അന്നു ചോളദേശത്തിലെ വൈയാകരണാഗ്രണികളായിരുന്ന സോമേശ്വരദീക്ഷിതരേയും യജ്ഞനാരായണദീക്ഷിതരേയും മാധ്യസ്ഥ്യത്തിനു ക്ഷണിച്ചു. ഗദ്യപദ്യാത്മകമായ അദ്ദേഹത്തിന്റെ ആ മനോഹരങ്ങളായ ചില പദ്യങ്ങള്‍ പ്രകൃതത്തില്‍ ഉദ്ധര്‍ത്തവ്യങ്ങളാണു്. സോമേശ്വരദീക്ഷിതര്‍ കാമദേവന്‍ എന്നൊരു പണ്ഡിതനെ വാദത്തില്‍ ജയിച്ചു. ആ ദീക്ഷിതര്‍ രാഘവയാദവീയം മുതലായ കൃതികള്‍ നിര്‍മ്മിച്ചിട്ടുണ്ടു്. യജ്ഞനാരായണദീക്ഷിതര്‍ ഹരിവംശസാര ചരിതം മുതലായ കൃതികളുടെ പ്രണേതാവായ ഗോവിന്ദദീക്ഷിതരുടെ സീമന്തപുത്രനും സാഹിത്യരത്നാകരം തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവും കൊല്ലം 791 മുതല്‍ 825 വരെ തഞ്ജാപുര (തഞ്ചാവൂര്‍) രാജധാനിയെ അലങ്കരിച്ചു ചോളരാജ്യം ഭരിച്ച സംഗീതസുധാകരാദിവിവിധഗ്രന്ഥനിര്‍മ്മാതാവായ രഘുനാഥനായകന്റെ പ്രധാനമന്ത്രിയുമായിരുന്നു. 800-ആണ്ടിനു മേലാണു് അപാണിനീയപ്രാമാണ്യത്തിന്റെ രചനയെന്നു് ഏകദേശം അനുമാനിക്കാം. ഭട്ടതിരിയുടെ ആശയമെന്തെന്നു് അദ്ദേഹംതന്നെ ഒരു ചെറിയ ഗദ്യത്തില്‍ ഉപപാദിച്ചിട്ടുണ്ടു്. ʻʻഇന്ദ്രന്‍, ചന്ദ്രന്‍, കാശകൃത്സ്‌നൻ, ആപിശലി, ശാകടായനന്‍ മുതലായ പൂര്‍വാചാര്യന്മാരുടെ വ്യാകരണനിബന്ധങ്ങള്‍ അപ്രമാണങ്ങളാണെന്നും മുനിത്രയോക്തിക്കുമാത്രമേ പ്രാമാണ്യമുള്ളു എന്നും ചില പണ്ഡിതമ്മന്യന്മാര്‍ കരുതുന്നതു ക്ഷോദക്ഷമമല്ല. ചന്ദ്രാദികള്‍ അനാപ്തന്മാരാണെന്നു് ആരെങ്കിലും വാദിക്കുകയാണെങ്കില്‍ അതിനുള്ള പ്രമാണം അവര്‍തന്നെ പ്രദര്‍ശിപ്പിക്കേണ്ടതാണു്ˮ എന്നുംമറ്റുമാകുന്നു, മഹാകവിയുടെ വാദഗതി.

ʻʻദൃഷ്ട്വാ ശാസ്ത്രഗണാന്‍ പ്രയോഗസഹിതാന്‍ പ്രായേണ ദാക്ഷീസുതഃ
പ്രോചേ; തസ്യ തു വിച്യുതാനി കതിചില്‍ കാത്യായനഃ പ്രോക്തവാന്‍;
തദ്ഭ്രഷ്ടാന്യവദല്‍ പതഞ്ജലിമുനി; സ്തേനാപ്യനുക്തം ക്വചി-
ല്ലോകാല്‍ പ്രാക്തനശാസ്ത്രതോപി ജഗദുര്‍വിജ്ഞായ ഭോജാദയഃ.ˮ

എന്നു് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ശങ്കരഭഗവല്‍പാദര്‍, മുരാരി, വിദ്യാരണ്യന്‍, നൈഷധവ്യാഖ്യാതാവായ വിശ്വേശ്വരന്‍, ക്ഷീരസ്വാമി, വന്ദ്യഘടീയസര്‍വാനന്ദന്‍ മുതലായി പലരും തന്റെ മതത്തെ അനുകൂലിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രസ്തുതക്രോഡപത്രത്തിനു പരപക്ഷഖണ്ഡനമെന്നും പേരുണ്ടു്.

ʻʻസുദര്‍ശനസമാലംബീ സോഹം നാരായണോധുനാ
വൈനതേയ! ഭവല്‍പക്ഷമാക്രമ്യ സ്ഥാതുമാരഭേ.

പാണിന്യുക്തം പ്രമാണം ന തു പുനരപരം
ചന്ദ്രഭോജാദിശാസ്ത്രം
കേപ്യാഹുസ്തല്ലഘിഷ്ഠം, ന ഖലു ബഹുവിദാ-
മസ്തി നിര്‍മ്മൂലവാക്യം,
ബഹ്വംഗീകാരഭേദോ ഭവതി ഗുണവശാല്‍;
പാണിനേഃ പ്രാക് കഥം വാ
പൂര്‍വോക്തം പാണിനിശ്ചാപ്യനുവദതി; വിരോ-
ധേപി കല്ല്യോ വികല്പഃ.ˮ
… … …
ʻʻതതോന്യഗ്രന്ഥസന്ദോഹൈര്‍മ്മദുക്താന്യേവ സാധയന്‍
വൈനതേയോ മമാത്യന്തം ബന്ധുരേവേതി ശോഭനം.ˮ
… … …
ʻʻഹേ ശ്രീമച്ചോളദേശപ്രഥിതബുധവരാഃ
ശബ്ദശാസ്ത്രാന്തരാണാം
കോപ്യപ്രാമാണ്യമൂചേ; കിമിപി നിഗദിതം
തത്ര ചാസ്മാഭിരേവം;
കൗമുദ്യാം ധാതുവൃത്ത്യാദിഷു കഥിതതയാ
വൈദികാംഗത്വസാമ്യാ-
ദ്യുഷ്മാകം സമ്മതം സ്യാദിതി ലിഖിതമിദം
ശോധയധ്വം മഹാന്തഃ.

ശ്രീസോമേശ്വരദീക്ഷിതാഭിധമഹാവിദ്വല്‍കുലാഗ്രേസരാ
മീമാംസാദ്വയശബ്ദതര്‍ക്കകുശലാ യുഷ്മാനധൃഷ്യോന്നതീന്‍
തത്ത്വജ്ഞാന്‍ കരുണാനിധീന്‍ പ്രശമിനഃ ശ്രുത്വേദമഭ്യര്‍ത്ഥയേ
യല്‍കിഞ്ചില്ലിഖിതം മയാത്ര, തദിദം സ്വീകാര്യമാര്യാത്മഭിഃ

യുഷ്മാഭിഃഖലു കാമദേവവിജയേ വ്യാലേഖി കക്ഷ്യാക്രമ-
സ്തം ദ്രഷ്ടും ഭൃശമുത്സുകാ വയമതഃ സംപ്രേഷ്യതാം സാംപ്രതം
യുഷ്മാദൃക്ഷവിചക്ഷണോക്തിപദവീസംപ്രേക്ഷണേന ക്ഷണാ-
ദസ്മാകം ഖലു ബുദ്ധിശുദ്ധിരുദയേദിത്യേഷ തത്രാശയഃ.
പ്രയുക്തഹേതൗ ഖലു കാമദേവേ
കൃതോസ്യ ഭംഗഃ പടുദര്‍ശനേന;
സോമേശ്വരാഖ്യാഗ്രഹണസ്യ ചൈതല്‍
സര്‍വജ്ഞഭാവസ്യ ച യുക്തരൂപം.

യുഷ്മദ്വൈദുഷ്യധൂതം ഖലു കടകഭുവി
ത്രായതേ ഭോഗിരാജം
വാണീ വേണീവിധൂതാമപി സുരസരിതം
കങ്കടീകോ ജടായാം
ഇത്യേവം യജ്ഞനാരായണവിബുധമഹാ-
ദീക്ഷിതാശ്ശത്രുവര്‍ഗ്ഗ
ത്രാണാദ്ദേവസ്യ തസ്യാപ്യപഹരഥ ധിയാ
സാധു സാര്‍വജ്ഞ്യഗര്‍വം.

യുഷ്മാസ്വേവ ക്ഷിതീശോ വിപുലനയനിധി-
സ്തിഷ്ഠതേ രാജ്യദൃഷ്ടൗ
തിഷ്ഠധ്വേ യൂയമേവ പ്രഥിതബുധജനേ
സന്ദിഹാനേ സമേതേ
യുഷ്മഭ്യം തിഷ്ഠതേ കസ്ത്രിദശഗുരുസമാ-
നോപി യുഷ്മാദൃഗന്യഃ?
പ്രജ്ഞാലോ! യജ്ഞനാരായണവിബുധമഹാ-
ദീക്ഷിതാന്‍ വീക്ഷതേ കഃ?

അസ്വസ്ഥാഃ കേരളസ്ഥാസ്സ്വയമതിമൃദവ-
സ്തത്ര ചാഹം വിശേഷാല്‍
സര്‍വേ ദൂരപ്രചാരേ ഖലു ശിഥിലധിയഃ
കിം പുനര്‍ദ്ദേശഭേദേ?
ഏവം ഭാവേപി ദൈവാല്‍ കുഹചന സമയേ
കല്യതാ കല്യതേ ചേല്‍
പ്രജ്ഞാബ്ധീന്‍ യജ്ഞനാരായണവിബുധമഹാ-
ദീക്ഷിതാനീക്ഷിതാഹേ.ˮ

മാനമേയോദയം

മാനമേയോദയം എന്ന പൂര്‍വമീമാംസാ ഗ്രന്ഥത്തിലെ മാനപരിച്ഛേദം ഭട്ടതിരിയുടെ കൃതിയാണു്. ആ ഗ്രന്ഥം താഴെക്കാണുന്ന വിധത്തില്‍ ആരംഭിക്കുന്നു:

ʻʻആചാര്യമതപാഥോധൌ ബാലാനപി നിനീഷതാം
ധീമതാം കോപി ഗോപാലപോതഃ പോത ഇവാസ്തു നഃ.

മാനമേയവിഭാഗേന വസ്‌തൂനാം ദ്വിവിധാ സ്ഥിതിഃ
അതസ്തദുഭയം ബ്രൂമഃ ശ്രീമല്‍കൗമാരിലാധ്വനാ.ˮ

ʻഉഭയം ബ്രൂമഃʼ എന്നാണു് ആചാര്യന്‍ പ്രതിജ്ഞചെയ്യുന്നതെങ്കിലും മാനപ്രകരണം മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളു. മേയപ്രകരണം കോഴിക്കോട്ടു മാനവേദരാജാവിന്റെ ആശ്രിതനായിരുന്ന നാരായണപണ്ഡിതന്റെ കൃതിയാണു്. ഭട്ടതിരി കൗമാരിലനാകയാല്‍ പ്രത്യക്ഷം, അനുമാനം, ശാബ്ദം, ഉപമാനം, അര്‍ത്ഥാപത്തി, അഭാവം എന്നീ ആറു പ്രമാണങ്ങളേയും അംഗീകരിക്കുകയും അവയെ ഉപപാദിയ്ക്കുമ്പോള്‍ പ്രഭാകരാദിമതങ്ങളെ ഖണ്ഡിയ്ക്കുവാന്‍ വാല്മീകിരാമായണത്തിലെ ʻʻരാമ! ഷഡ്യുക്തയോ ലോകേ യാഭിസ്സര്‍വോനുദൃശ്യതേˮ എന്ന വാക്യത്തെക്കൂടി ഉദ്ധരിക്കുകയും ചെയ്യുന്നു.

ഉപസംഹാരം

ഇതര കൃതികളെപ്പറ്റി വിസ്തരഭയത്താല്‍ ഒന്നും പറയണമെന്നു് ഉദ്ദേശിയ്ക്കുന്നില്ല. ഉത്തരരാമചരിതം അഞ്ചു സര്‍ഗ്ഗത്തിലുള്ള ഒരു കാവ്യമാണു്. അതിനു് ഉത്തരരാഘവീയമെന്നും പേരുണ്ടു്. അതിന്റെ കര്‍ത്താവു ഭട്ടതിരിയല്ലെന്നും രാമപാണിവാദനാണെന്നും അന്യത്ര ഉപപാദിക്കും. ഭട്ടതിരി ഭാഷയില്‍ ഒരു ഗ്രന്ഥവും-ഒരു മുക്തകംപോലും- രചിച്ചിട്ടില്ലെന്നാണു് എനിക്കു തോന്നുന്നതു്. കൂട്ടപ്പാഠകം അദ്ദേഹത്തിന്റെ കൃതിയാണെന്നു ചിലര്‍ പറയുന്നതിനു യാതൊരു അടിസ്ഥാനവുമില്ല. ഭാരതവര്‍ഷത്തിലെ ഏതു ഗ്രന്ഥകാരനോടും കിടനില്ക്കത്തക്ക വാസനയും വൈദുഷ്യവും വ്യവസായവും ഭട്ടതിരിയ്ക്കുണ്ടായിരുന്നു. മൂന്നു പേരാണു് കേരളസാഹിത്യത്തിന്റെ പരമോച്ചതയെ അവരുടെ വാങ്മയ പരമ്പരകൊണ്ടു പ്രശസ്യമായ രീതിയില്‍ പ്രസിദ്ധീകരിക്കുന്നതു്. അവര്‍ ശങ്കരഭഗവല്‍പാദരും വില്വമംഗലത്തു സ്വാമിയാരും നാരായണഭട്ടപാദരുമാണെന്നു് ആരും ഉപപാദിക്കേണ്ടതായിട്ടില്ല. ആ കുലാദ്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന്യസൂരികള്‍ കുന്നുകളിലും താണുപോകുന്നു.

ഭട്ടപാദരുടെ ചില സമകാലികന്മാര്‍, കുട്ടഞ്ചേരി ഇരവിച്ചാക്ക്യാര്‍

കുട്ടഞ്ചേരി ഇരവിച്ചാക്ക്യാരും മേല്പുത്തൂര്‍ നാരായണഭട്ടതിരിയും തമ്മിലുള്ള സ്നേഹബന്ധത്തെപ്പറ്റി ഇതിനുമുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം പ്രശസ്തനായ നടനും കഥാപ്രവക്താവുമാണെന്നുള്ളതിനുപുറമെ വാസനാഭാസുരനായ ഒരു കവിയുമായിരുന്നു. ചാക്ക്യാര്‍ മുദ്രാരാക്ഷസകഥാസാരം എന്നൊരു സരസമായ ലഘുകാവ്യവും നിര്‍മ്മിച്ചിട്ടുണ്ടു്. അതിലെ

ʻʻസ്വഭാവമധുരൈര്‍വേഷൈഃ പുഷ്ണന്‍ വിബുധസമ്മദം
ശ്ലാഘിതോ ഗീര്‍ഭിരഗ്രാഭിഃ ശ്രീമാന്‍ നാരായണോ ജയേല്‍ˮ

എന്ന ശ്ലോകത്തില്‍ ശ്രീനാരായണനേയും തന്റെ ഗുരുവായ ഏതോ ഒരു നാരായണച്ചാക്ക്യാരേയും വന്ദിക്കുന്നു. ചില ശ്ലോകങ്ങള്‍കൂടി മാതൃക കാണിക്കുവാന്‍ ഉദ്ധരിക്കാം:

ʻʻചാണക്യസ്യ കഥാ സേയം വിദ്യതേ ഗദ്യരൂപിണീ
അദ്യ താം പദ്യതാം നേതുമുദ്യതോ രവിനര്‍ത്തകഃ
നവപ്രയോഗചാതുര്യസ്ഫുരദ്വീരാത്ഭുതാത്മനാ
അനയാ കഥയാ കോ ന മതിമാനതിമാദ്യതി?ˮ

ഈ ഗദ്യരൂപിണിയായ ചാണക്യകഥ ശ്രീവത്സഗോത്രജനായി മഹാദേവതീര്‍ത്ഥന്‍ എന്ന ഒരു പണ്ഡിതന്റെ മുദ്രാരാക്ഷസം നാടകകഥയാണെന്നു് ഈയിടയ്ക്കു വെളിപ്പെട്ടിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ ഒടുവില്‍

ʻʻശ്രീമദ്വത്സകുലാംബുരാശിശശിഭിര്‍ജ്ജീവേന തുല്യൈര്‍ദ്ധിയാ
കാവ്യാലംകൃതിതന്ത്രഷട്കചതുരൈഃ ഖ്യാതൈഃ ക്ഷമാമണ്ഡലേ
നീതേര്‍ബോധയിതാ ക്ഷമാസുരമഹാദേവാഖ്യതീര്‍ത്ഥൈഃ കൃതോ
മുദ്രാരാക്ഷസനാടകോദിതകഥാഭാഗോഗമല്‍ പൂരണംˮ

എന്നൊരു ശ്ലോകം കാണുന്നു. മഹാദേവന്‍ ചോളദേശീയനും രവിനര്‍ത്തകന്റെ കാലത്തിനു് അല്പം മുന്‍പില്‍മാത്രം ജീവിച്ചിരുന്ന ഒരു ഗദ്യകാരനുമായിരുന്നു എന്നു് ഊഹിക്കാം.

പാടലീപുത്രം:
ʻʻബഹുജാതിസമാകീര്‍ണ്ണമശോകോദയശോഭനം
ഭൂമൗ തിലകഭൂതം യദാഹുഃ പുഷ്പപുരം ജനാഃ.ˮ

രാക്ഷസന്‍:
ʻʻയോലംകോപനിവാസശ്ച രാമാദിഷു നിരാദരഃ
നയജ്ഞേഷു പ്രസന്നാത്മാ സത്യം രാക്ഷസ ഏവ സഃ.ˮ

ʻʻനവഭര്‍ത്തൃഷു സക്തിരത്യുദാരാ
സുദൃശാമിത്യപി സത്യമേവ ജാതം
യദിയം പ്രണനന്ദ നന്ദഭൂമിര്‍-
ന്നവഭൂപാലസമാഗതാ തദാനീം.ˮ

ഒടുവിലത്തേതിനു മുമ്പിലത്തെ ശ്ലോകം:
ʻʻപ്രതിജ്ഞാം നീത്വൈവം വിപുലമതിരാബധ്യ ച ശിഖാം
നിരാശോപി പ്രീത്യാ നരപതികൃതാശേഷവിഭവഃ
സ കൗടില്യോ ധര്‍മ്മാന്‍ വിധിവദകരോദാത്മഭവനേ
വദന്‍ കാലേ കാലേ ഹിതമഖിലമസ്മൈ നരഭുജേ.ˮ

രാക്ഷസാമാത്യനെ ശ്ലേഷാശ്രിതനായ കവി നരഭുക്കെന്നു ഒരവസരത്തില്‍ നിര്‍ദ്ദേശിച്ചതു സമുചിതമായില്ല. ചാണക്യസൂത്രം കിളിപ്പാട്ടു പ്രസ്തുതകൃതിയുടെ വിവൃതമായ ഒരു പരിഭാഷയാകുന്നു.

ʻʻകോസൗ വടുരനാരൂഢശ്മശ്രുരഗ്രാസനം ഗതഃ?
നിരസ്യതാം മര്‍ക്കടോയമിതി ശ്രുത്വൈവ സോബ്രവീല്‍ˮ

എന്ന ശ്ലോകം കിളിപ്പാട്ടില്‍

ʻʻഏതു വടുവിവനഗ്രാസനത്തിങ്ക-
ലേതുമേ ശങ്കകൂടാതെ കരയേറി
ധൃഷ്ടതയോടുമിരിയ്ക്കുന്നതാരിവന്‍?
കഷ്ടമനാരൂഢശ്മശ്രുവാകുന്നതും?

കള്ളക്കുരങ്ങിനെത്തള്ളിയിഴച്ചുടന്‍
തള്ളിപ്പുറത്തു കളവതിന്നാരുമേ
ഇല്ലയോ നമ്മുടെ ചോറുതിന്നുന്നവര്‍?
എല്ലാമെവിടേക്കു പോയാരിതുകാലം?ˮ

എന്നു പരാവൃത്തമായിരിക്കുന്നതു നോക്കുക.

മേല്‍പ്പുത്തൂര്‍ മാതൃദത്തഭട്ടതിരി

മഹാകവിയുടെ അനുജനായ മാതൃദത്തനെപ്പറ്റിയും പ്രസംഗവശാല്‍ മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്. ഭക്തിസംവര്‍ദ്ധനശതകം എന്ന കൃതി അദ്ദേഹം വിരചിച്ചതാകുന്നു എന്നും സൂചിപ്പിച്ചുകഴിഞ്ഞു.

ʻʻഭക്തിസംവര്‍ദ്ധനം നാമ ശ്ലോകാനാം ശതകം മയാ
മാതൃദത്താഭിധാനേന വിഷ്ണുപ്രീത്യൈ വിനിര്‍മ്മിതംˮ

എന്നൊരു ശ്ലോകം ഗ്രന്ഥാവസാനത്തില്‍ കാണുന്നുണ്ടു്. അതിലെ നൂറു പദ്യങ്ങളും മന്ദാക്രാന്താവൃത്തത്തിലാണു് നിര്‍മ്മിച്ചിരിക്കുന്നതു്. പൂര്‍വാര്‍ദ്ധമെന്നും ഉത്തരാര്‍ദ്ധമെന്നും രണ്ടു ഭാഗമായി ഗ്രന്ഥം പകുത്തിരിക്കുന്നു. കവിതയ്ക്കു നല്ല ഒഴുക്കും ലാളിത്യവുമുണ്ടു്. പൂര്‍വാര്‍ദ്ധത്തില്‍നിന്നും ഉത്തരാര്‍ദ്ധത്തില്‍ നിന്നും ഓരോ ശ്ലോകം മാത്രം ഉദ്ധരിച്ചു കാണിക്കാം:

ʻʻവാമാം വാമാം കുടിലഹൃദയാം കാമമാത്മന്യകാമാ-
മാഗൃഹ്ണാനഃ പ്രണയചപലഃ കാമതപ്താന്തരാത്മാ
തത്താദൃഗ്ഭിഃ കപടചരിതൈര്‍വഞ്ച്യമാനസ്തഥാഹം
യോഷില്‍ക്രീഡാകപിരിതി വിഭോ! മാ പ്രഹസ്യേയ സദ്ഭിഃ.ˮ

ʻʻഭൂതാത്മാനം ഭുവനവിതതം ഭൂതിസര്‍വസ്വഭാജം
ഭുക്തേര്‍മ്മുക്തേരപി ച വിഷയം ഭൂതികാരുണ്യപൂര്‍ണ്ണം
ഭൂതഗ്രാമപ്രഭവവിഭവം ഭൂര്‍ഭുവസ്സ്വര്‍ന്നിദാനം
ഭൂയോ ഭൂയോ മനസി ഭഗവന്‍! ഭാവയേഹം ഭവന്തം.ˮ

നാരായണീയമാകുന്ന പീയൂഷസാഗരത്തിലെ നാലഞ്ചു ബിന്ദുക്കള്‍ ഭക്തിസംവര്‍ദ്ധനത്തിലും സംക്രമിച്ചിട്ടുണ്ടു്.

പൂരാടം തിരുനാള്‍ ചെമ്പകശ്ശേരി രാജാവു്

പൂരാടം തിരുനാള്‍ ചെമ്പകശ്ശേരി രാജാവിനെപ്പറ്റി മഹാകവിക്കും നീലകണ്ഠദീക്ഷിതര്‍ മുതലായ ഇതരപണ്ഡിതന്മാര്‍ക്കും ഉണ്ടായിരുന്ന ബഹുമാനം എത്രമാത്രമായിരുന്നു എന്നു നാം കണ്ടുവല്ലോ. ദേവനാരായണം അഥവാ വേദാന്തരത്നമാല എന്നൊരു കൃതി അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ടു്. ശ്രീമദ്ഭാഗവതത്തിലെ ʻʻജന്മാദ്യസ്യ യതോന്വയാല്‍ˮ എന്ന പ്രഥമശ്ലോകത്തിനു് അത്യന്തം വിസ്തൃതമായ ഒരു ഭാഷ്യമാണു് ആ ഗ്രന്ഥം. പീഠികയില്‍ നിന്നു ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കാം:

</poem>

ʻʻനീലകണ്ഠാഭിധാംസ്തദ്വന്നാരായണസമാഹ്വയാന്‍
അന്യാംശ്ച കൃഷ്ണകലയാ സംഭൂതാന്‍ നൗമി ദേശികാന്‍.
യദ്ഗോത്രജോ യല്‍പ്രസാദാദ്വേദാന്താനാം പ്രകാശകം
കുര്‍വേ ശാസ്ത്രപ്ലവം ഭക്ത്യാ തം വ്യാസം നൗമി ചക്രിണം.
ദേവനാരായണപ്രാപ്യം ദേവനാരായണാശ്രയം
ദേവനാരായണകൃതം ദേവനാരായണാഭിധം.
വേദാന്തരത്നാപരനാമധേയം
കാലാഹികാകോളവിനാശഹേതും
ശൃണ്വന്തു ജീവാ വിവശാ നിതാന്തം
സഞ്ചിന്ത്യ സഞ്ചിന്ത്യ ഭവാബ്ധിഖേദം.
വേദാന്തരത്നമാലേതി ചാഖ്യാതം വിശ്വമുക്തിദം
വേദാന്തവാക്യരത്നൗഘൈര്‍ന്നിര്‍മ്മിതം കൃഷ്ണമുക്തിദം.
ജീവാഭയപ്രദാനേ ദക്ഷം ഹ്യേതദ്വിമുക്തിദം ജഗതാം
സ്മരതാം ഗൃണതാം നിത്യം നിശമയതാം വല്ലവീസുതൈ കരസം.ˮ

</poem> രാജാവിനു് ഉപനിഷത്തുകളിലും വിവിധവേദാന്തഗ്രന്ഥങ്ങളിലുമുണ്ടായിരുന്ന അഗാധമായ ജ്ഞാനം പ്രസ്തുതനിബന്ധത്തില്‍ പ്രതിവാക്യം സ്ഫുടീഭവിക്കുന്നു. അദ്ദേഹം വന്ദിക്കുന്ന നീലകണ്ഠന്‍ ʻശ്രൂയതേ നീലകണ്ഠോക്തിഃʼ എന്ന ശ്ലോകത്തില്‍ സ്മൃതനായ നീലകണ്ഠദീക്ഷിതരും നാരായണന്‍ സാക്ഷാല്‍ മേല്പുത്തൂര്‍ ഭട്ടതിരിയും തന്നെ.

ശ്രീകുമാരന്‍നമ്പൂരി

ശില്പശാസ്ത്രത്തില്‍ കേരളീയര്‍ക്കു പ്രമാണീഭൂതമായ ഒരു ഗ്രന്ഥമാകുന്നു ശില്പരത്നം. ആ ഗ്രന്ഥത്തില്‍ 46 അധ്യായങ്ങളുള്ള പൂര്‍വഭാഗവും 35 അധ്യായങ്ങളുള്ള ഉത്തരഭാഗവും അടങ്ങിയിരിക്കുന്നു. വളരെ വിപുലവും ശില്പസംബന്ധമായുള്ള സകല വിഷയങ്ങളെപ്പറ്റിയും സമഗ്രമായി പ്രതിപാദിക്കുന്നതുമായ പ്രസ്തുത കൃതിയുടെ പ്രണേതാവു രാമന്‍നമ്പൂരിയുടെ പുത്രനും ഭാര്‍ഗ്ഗവഗോത്രജനുമായ ശ്രീകുമാരന്‍നമ്പൂരിയാണു് എന്നുള്ളതു് അതിന്റെ പൂര്‍വ്വഭാഗാന്തത്തില്‍ കാണുന്ന ʻʻശ്രീരാമപുത്രേണ ഭാര്‍ഗ്ഗവഗോത്രസംഭൂതഭൂദേവേന ശ്രീകുമാരനാമധേയേന ശ്രീദേവനാരായണരാജചൂഡാമണിപാദസേവകേന ലിഖിതമിദംˮ എന്ന കുറിപ്പില്‍നിന്നു ഗ്രഹിക്കാവുന്നതാണു്. അദ്ദേഹം ചെമ്പകശ്ശേരി പൂരാടംതിരുനാള്‍ തമ്പുരാന്റെ സദസ്യനും ശില്പരത്നം നിര്‍മ്മിച്ചതു് ആ തമ്പുരാന്റെ ആജ്ഞയനുസരിച്ചുമായിരുന്നു എന്നാണു് ഐതിഹ്യം. ആ വസ്തുതകള്‍ തെളിയിക്കുന്നതിനുവേണ്ടി താഴെക്കാണുന്ന ശ്ലോകങ്ങള്‍ ഉദ്ധരിക്കാം:-

ʻʻനാനാവിശാലഗണിതാഗമശില്പശാസ്ത്രാ-
ദ്യുല്‍പത്തിമുഖ്യഭുവമത്ഭുതവിക്രമാഢ്യാം
സേതൂര്‍ദ്ധ്വകാനനനിവാസകൃതാധിവാസാം
വന്ദേ ഷഡാനനവതീം പരദേവതാം മേ.

യേന്യേ മതംഗഭൃഗുകാശ്യപകുംഭജാത-
മുഖ്യാ മുനീന്ദ്രപതയോ മയി സുപ്രസന്നാഃ
ശില്പാഗമാംബുനിധിപാരഗതാ മദീയ-
ചിത്തപ്രബോധനകരാ ഗുരവോപ്യമേയാഃ.

സമ്പൂജ്യതേ സദസി ഭാര്‍ഗ്ഗവസൃഷ്ടഭൂഭാ-
ഗേസ്മിന്‍ ബുധൈസ്സകലശില്പകലാസു യോസൌ
തം മേ നമാമി പിതരം ഭൃഗുവംശജാതം
ശശ്വല്‍സ്വപുത്രഹിതപൂരണജാഗരൂകം.

ബ്രാഹ്മം ക്ഷാത്രഞ്ച തേജോപ്യഹമഹമികയാ
വര്‍ദ്ധതേ യത്ര വീരേ
തസ്യ ശ്രീദേവനാരായണധരണിപതേ-
രാജ്ഞയാജ്ഞാകരോഹം
മന്ദോപ്യത്യന്തമോഹാദതിവിപുലതരേ-
ഭ്യോഥ പൂര്‍വാഗമേഭ്യഃ
സംക്ഷിപ്തം ശില്പരത്നം പ്രലിഖിതുമധുനാ
പ്രക്രമേ തല്‍ക്രമേണ.ˮ

ഈ ശ്ലോകങ്ങള്‍, ആചാര്യന്‍ സമ്പ്രദായാനുസാരേണ ബ്രഹ്മാവു്, വിശ്വകര്‍മ്മാവു്, മയന്‍ ഈ പുരാണസ്ഥപതികളെ വന്ദിച്ചതിനു ശേഷം പൂര്‍വഭാഗത്തിന്റെ ആരംഭത്തില്‍ ഘടിപ്പിച്ചിട്ടുള്ളവയാകുന്നു. ആ ഭാഗത്തിന്റെ അവസാനത്തില്‍

ʻʻഇത്ഥം ശ്രീദേവനാരായണമതിവിവൃതം
ശില്പരത്നാദ്യഭാഗം
ഷട്ചത്വാരിംശദധ്യായകയുതമതിമ-
ന്ദാത്മബോധപ്രദം യല്‍
നാനാഗ്രാമാദിദേവാലയനരഭവനാ-
ദ്യുക്തലക്ഷ്മപ്രകാശം
സംപൂര്‍ണ്ണം ജാത, മസ്മിന്‍ നിഖിലബുധജനാ-
സ്സന്തു സന്തുഷ്ടചിത്താഃ.ˮ

ഉത്തരഭാഗം

ʻʻഅനന്തകോടിബ്രഹ്മാണ്ഡേഷ്വഖിലേഷ്വാതതഃക്രമാല്‍
നിശ്ശേഷവിശ്വകര്‍ത്താ യസ്സ ജീയാന്മധുസൂദനഃˮ

എന്നു വിഷ്ണുപരമായ വര്‍ണ്ണനത്തോടുകൂടി ആരംഭിക്കുന്നു. ഒടുവില്‍

ʻʻഅധ്യായൈരഥ സപ്തപഞ്ചകയുതൈഃശ്രീദേവനാരായണ-
പ്രജ്ഞാകല്പിതശില്പരത്നഗതപശ്ചാദ്ഭാഗ അന്തം ഗതഃ
നാനാലക്ഷണമന്ത്രലിംഗമനുബിംബാകാരഭൂഷായുധ-
ബ്രഹ്മാശ്മാസനതല്‍പ്രതിഷ്ഠിതഭവം ജീര്‍ണ്ണോദ്ധരാദ്യന്വിതം.

കരുണാപൂരസമ്പന്നഗുരൂണാം സുപ്രസാദതഃ
അഹം സിദ്ധരസോസ്മ്യജ്ഞസ്തല്‍പാദേഭ്യോ നമോ നമഃˮ

എന്നീ ശ്ലോകങ്ങളുമുണ്ടു്. ʻഇത്ഥം ശ്രീʼ എന്ന ശ്ലോകത്തില്‍ നിന്നു ശില്പരത്നത്തിനു ദേവനാരായണമെന്നും സംജ്ഞയുള്ളതായി വെളിപ്പെടുന്നു.

കുന്നംകുളത്തിനു സമീപം ചിറമേല്ക്കാടു് എന്നൊരു സ്ഥലവും അവിടെ ഒരു സുബ്രഹ്മണ്യക്ഷേത്രവുമുണ്ടു്. ചിറമേല്ക്കാടു സംസ്കൃതീകരിച്ചതാണു് സേതൂര്‍ദ്ധ്വകാനനം. ഷഡാനനവതിയായ പരദേവത സുബ്രഹ്മണ്യനാണെന്നു പറയേണ്ടതില്ലല്ലോ. ʻഷഡാനനയതിംʼ എന്നൊരു അപപാഠത്തെ ആധാരമാക്കി ചിലര്‍ ശ്രീകുമാരന്റെ ഗുരു ഷഡാനനയതിയായിരുന്നു എന്നു പറയുന്നതു് അബദ്ധം തന്നെ. ആചാര്യന്റെ ഗുരുക്കന്മാരില്‍ ഒരാള്‍ സകലശില്പകലകളിലും കേരളീയരാല്‍ സംപൂജിതനാണെന്നു് അദ്ദേഹം പ്രശംസിക്കുന്ന സ്വപിതാവു തന്നെയായിരിക്കണം. ശ്രീകുമാരന്റെ സ്വദേശം ചിറമേല്ക്കാടായിരുന്നു എന്നും അവിടെനിന്നു പൂരാടംതിരുനാളുടെ വിവിധശാസ്ത്രപാണ്ഡിത്യവും വിദ്വജ്ജനപ്രോത്സാഹകത്വവും കേട്ടു് അദ്ദേഹം അമ്പലപ്പുഴയില്‍ ആ തമ്പുരാന്റെ ആശ്രിതനായി താമസിച്ചു എന്നും അനുമാനിക്കുന്നതിനു ന്യായമുണ്ടു്. തന്ത്രസമുച്ചയം, വാസ്തുവിദ്യ, മനുഷ്യാലയചന്ദ്രിക, ശില്പരത്നം ഈ നാലുമാണു് കേരളത്തിലെ ശില്പശാസ്ത്രങ്ങളില്‍ അഗ്രസ്ഥാനത്തെ അലങ്കരിക്കുന്നതു്. ചിത്രലക്ഷണം, വാഹലക്ഷണം, ധനുര്‍ലക്ഷണം മുതലായ വിഷയങ്ങളെപ്പറ്റി പല രഹസ്യങ്ങളും നാം ശില്പരത്നത്തില്‍നിന്നു മനസ്സിലാക്കുന്നു. കര്‍മ്മകാരന്മാരുടെ വേതനക്രമം, ദാരുക്കളുടെ ഖണ്ഡിജ്ഞാനം (കണ്ടിക്കണക്കു്) തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുപോലും ഗ്രന്ഥകാരന്‍ നമുക്കു പല അറിവുകളും തരുന്നുണ്ടു്.

ശില്പരത്നം ഭാഷ എന്നൊരു ഗ്രന്ഥമുണ്ടു്. അതിനു് ʻഅടുക്കു്ʼ എന്നും, ʻതൈക്കാട്ടുഭാഷʼ എന്നുകൂടി പേരുകളുണ്ടു്. സുപ്രസിദ്ധശില്പിഗൃഹമായ തൈക്കാട്ടില്ലത്തെ ഒരു നമ്പൂരിയാണു് ആ ഗ്രന്ഥത്തിന്റെ പ്രണേതാവെന്നു് ഊഹിക്കാം. 600-നുമേല്‍ മണിപ്രവാളശ്ലോകങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. ആശാരിമാരുടെ ഇടയില്‍ അതിനു പ്രചുരമായ പ്രചാരമുണ്ടു്. കൊല്ലം പത്താം ശതകത്തോളമേ പഴക്കമുള്ളു. പ്രധാനമായി ദേവാലയനിര്‍മ്മിതിയേയും ആനുഷംഗികമായി മനുഷ്യാലയ നിര്‍മ്മാണത്തേയും അതില്‍ പ്രതിപാദിച്ചിരിക്കുന്നു. ശില്പരത്നം ഭാഷ ഇങ്ങനെ ആരംഭിക്കുന്നു:

ʻʻവന്ദിച്ചുകൊണ്ടു ഗുരുപാദസരോരുഹം ഞാന്‍
മന്ദോപി മന്ദമതിബോധനമര്‍ത്ഥമായി
നന്നായ്ച്ചുരുക്കി വിബുധാലയമന്ത്രബിംബ-
വിന്യാസരീതി പറയുന്നതറിഞ്ഞവണ്ണം

ഏവനൊരുത്തനു ഭക്ത്യാ പരദൈവതപൂജയിങ്കല്‍ മനമുള്ളൂ
ആയവനുടനേ ചെയ്‌വൂ ഗുരുവരണം ശില്പമാരൊടുംകൂടെ.
പിന്നെത്താനും ഗുരുവും ശില്പിയുമായന്വെഷിച്ചു കല്പിപ്പൂ
ദേവപ്രതിഷ്ഠചെയ്‌വാനത്യന്തം നല്ല ഭൂമിയും ദിക്കും.ˮ

ഒടുവില്‍

ʻʻഭാഷാമിശ്രം ശില്പിരത്നാഖ്യമേവം
ബാലാനാമൊട്ടിഷ്ടമെന്നോര്‍ത്തു തീര്‍ത്തേന്‍
തച്ചാപല്യം മേ കൃപാസാന്ദ്രചിത്തൈഃ
ക്ഷന്തവ്യം വിദ്വത്ഭിരാനൗമി തേഭ്യഃˮ

എന്നൊരു ശ്ലോകവും കാണുന്നു. മറ്റു ചില സമകാലികന്മാരെപ്പറ്റി ഇരുപത്താറാമധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ.

മഠത്തില്‍ നാരായണന്‍നമ്പൂരി

ശിവരാമന്‍, പൂര്‍ണ്ണസരസ്വതി മുതലായ പണ്ഡിതമൂര്‍ദ്ധന്യന്മാര്‍ക്കു സദൃശനായ ഒരു വ്യാഖ്യാതാവാകുന്നു, മഠത്തില്ലത്തില്‍ നാരായണന്‍നമ്പൂരി. അദ്ദേഹത്തിന്റെ കൃതികളായി ഭവഭൂതിയുടെ ഉത്തരരാമചരിതത്തിനു ഭാവാര്‍ത്ഥദീപികയെന്നും ബോധായനന്റെ ഭഗവദജ്ജുകീയപ്രഹസനത്തിനു ദിങ്മാത്രദര്‍ശിനിയെന്നും രണ്ടു വ്യാഖ്യാനങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയില്‍ ഭാവാര്‍ത്ഥദീപിക പ്രത്യേകിച്ചും സര്‍വങ്കഷമാകുന്നു. ധാതുകാവ്യവ്യാഖ്യയായ കൃഷ്ണാര്‍പ്പണം അദ്ദേഹത്തിന്റെ കൃതിയാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നതു നിര്‍മ്മൂലമാണെന്നു നാം കണ്ടുവല്ലോ. ʻʻഇതി ശ്രീമല്‍കേരളഭൂവലയമഹിതഭൂഷണോപരിനവഗ്രാമധാമപ്രഥിതപൂര്‍വോത്തര മീമാംസാ പരമാചാര്യശ്രീനാരായണ കവിവരപ്രഥമാന്തേവാസിവിരചിതായാംˮ എന്നൊരു കുറിപ്പുകാണുന്നതില്‍നിന്നു മേല്പുത്തൂര്‍ ഭട്ടതിരിയുടെ പ്രഥമശിഷ്യനാണു് മഠത്തില്‍ ഭട്ടതിരി എന്നു സിദ്ധിക്കുന്നു. അദ്ദേഹം ഗണനീയമായ കവിതാവാസനയാലും അനുഗൃഹീതനായിരുന്നു. ദീപികയുടെ ഉപക്രമത്തില്‍നിന്നാണു് അടിയില്‍ കാണുന്ന ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നതു്:

ʻʻസര്‍വവിദ്യാഗമാചാരപ്രവക്ത്രേ ശ്രുതിചക്ഷുഷേ
ദിവ്യവാണീലതോപഘ്നതരവേ ഗുരവേ നമഃ.

പ്രഭൂതരസവാഗ്ദോഗ്ധ്രീനിര്‍വ്യൂഢനിജവൃത്തയേ
നമശ്ശബ്ദാര്‍ത്ഥവിജ്ഞാനഭൂതയേ ഭവഭൂതയേ.

നമോസ്തു കവയേ തസ്മൈ വല്മീകോദരജന്മനേ
രാമായണമഹാകാവ്യപീയൂഷക്ഷീരസിന്ധവേ.ˮ

ʻʻകര്‍മ്മഹേ നിര്‍ഭരാകൂതശബ്ദസന്ദര്‍ഭവിസ്തരേ
ഉത്തരേ രാമചരിതേ താല്‍പര്യാര്‍ത്ഥനിരൂപണം.

സംപ്രദായസമുച്ഛേദാല്‍ ഖിലീഭൂതേത്ര നാടകേ
വ്യാക്രിയാ യത്നതസ്ത്വേതന്നിര്‍വഹേമ സമീഹിതം.ˮ

ʻʻകവിവര്യോക്തിമാധുര്യമസൃണീകൃതചേതസാം
സുലഭാനി ഭവേയുര്‍ന്നഃ സ്‌ഖലിതാനി പദേ പദേ.

വാച്യാര്‍ത്ഥബോധവിരഹേ ദൂരേ താല്‍പര്യനിര്‍ണ്ണയഃ
വചനപ്രൗഢിദുര്‍ബോധേഷ്വാകൂതേഷു തു കാ കഥാ?

ഏവമപ്യത്ര ശബ്ദാര്‍ത്ഥവ്യാക്രിയാരചനം ഹി നഃ
അന്ധേന നികഷോന്മൃഷ്ടമുക്താശുദ്ധിപരീക്ഷണം.

ശക്തിവ്യുല്‍പത്തിശിക്ഷാഭിരുത്തേജിതധിയാമപി
ദുസ്സാധാദ്വിരമത്യേഷാ മനീഷാ നൈവ കാ ഗതിഃ?

അനാലോചിതശാസ്ത്രാര്‍ത്ഥാനപ്രൗഢമതിവൈഭവാന്‍
അസ്മാനകസ്മാദാവിഷ്ടാ വ്യാചിഖ്യാസാ പിശാചികാ.ˮ
ʻʻദീപികേവ യതോ ഭാവാന്‍ ഗുഢാനപി വിഭാവയേല്‍
ഭാവാര്‍ത്ഥദീപികേതീഹ വ്യാഖ്യാസ്മാഭിര്‍വിരച്യതേ.ˮ

ʻʻനോ വിദ്വദ്ഗണനാശയാ ന ച കവിഖ്യാത്യുദ്ഗമശ്രദ്ധയാ
നൈവ സ്വീയവിചാരകൗശലവിധാവിഖ്യാപനോല്‍കണ്ഠയാ
പീയൂഷദ്രവപിച്ഛിലോക്തിസുഭഗഗ്രന്ഥാവഗാഹോത്സുക-
സ്വാന്തോല്ലാസകതീര്‍ത്ഥദുര്‍ല്ലഭതയാ വ്യാഖ്യാമിമാം കര്‍മ്മഹേ.ˮ

വ്യാഖ്യാനത്തിന്റെ ഒടുവിലുള്ള ചില ശ്ലോകങ്ങള്‍കൂടി പകര്‍ത്താം:

ʻʻദ്വിജവരശുഭവംശശ്രേഷ്ഠമുക്താഫലസ്യ
പ്രസൃതവിശദഭാസോ നേത്രനാരായണസ്യ
വിവൃതിരഖിലഹൃദ്യാ പ്രസ്തുതാ യാ നിയോഗാല്‍
പരിണതിമപി സാഗാല്‍ കാവ്യഭൂഷാനിഷദ്യാ.ˮ

ʻʻസര്‍വഥാപി ഹി മന്ദാനാമേഷാ സ്യാദുപകാരിണീ
ഭവഭൂതിവചസ്സിന്ധുതിതീര്‍ഷുജനതാതരീ.

ബ്രഹ്മക്ഷത്രമഹീവതംസകനിഭേ നാരായണാഖ്യഃ കവിര്‍-
ജ്ജാതോ യസ്തു വളര്‍ക്ഷമംഗലയുതഗ്രാമേ മഠാഖ്യേ ഗൃഹേ;
തേനേയം ഭവഭൂതിഗുംഭിതവചോഗാംഭീര്യകൃച്ഛ്റാദിമ-
ദ്വാച്യാദ്യര്‍ത്ഥപരീക്ഷണവ്യസനിനാ ടീകാ പുനര്‍ന്നിര്‍മ്മിതാ.ˮ

ഈ ശ്ലോകങ്ങളില്‍നിന്നു നാരായണന്‍നമ്പൂരി, ആരും ശരിക്കു് അര്‍ത്ഥമറിയാതെ കുഴങ്ങുന്നതും ആരും വ്യാഖ്യാനിക്കുവാന്‍ ഒരുമ്പെടാത്തതും അസ്തപ്രചാരദശയെ സമീപിച്ചതുമായ ഭവഭൂതി മഹാകവിയുടെ ഉത്തരരാമചരിതത്തിനു ഭാവാര്‍ത്ഥദീപിക എന്ന ടീക നിര്‍മ്മിക്കുവാന്‍, ആഴ്‌വാഞ്ചേരിത്തമ്പ്രാക്കളുടെ നിയോഗംനിമിത്തം ഉദ്യുക്തനായിയെന്നു വെളിപ്പെടുന്നു. വളര്‍ക്ഷമംഗലം എന്നതു വെള്ളാങ്ങല്ലൂരിന്റെ സംസ്കൃതരൂപമാകുന്നു. ആ ഗ്രാമത്തിലാണു് മഠമെന്ന ഇല്ലം. ഉത്തരരാമചരിതത്തിനു നമുക്കു് ഇതുവരെ ലഭിച്ചിട്ടുള്ള കേരളീയവ്യാഖ്യാനങ്ങളില്‍ അതിപ്രാചീനമായുള്ളതു ദീപിക തന്നെയാണു്. ദീപികയ്ക്കു പിന്നീടാണു് ദിങ്മാത്രദര്‍ശിനിയുടെ പ്രാദുര്‍ഭാവം. ആ വ്യാഖ്യയുടെ ഉപോല്‍ഘാതത്തില്‍

ʻʻബോധായനകവിരചിതേ വിഖ്യാതേ ഭഗവദജ്ജു കാഭിഹിതേ
അഭിനേയേതിഗഭീരേ വിശദാനധുനാ കരോമി ഗുഢാര്‍ത്ഥാന്‍ˮ

എന്നും ഉപസംഹാരത്തില്‍

ʻʻഇതി പ്രഹസനാഭിഖ്യോ പൂര്‍ണ്ണാ നാട്യനിബന്ധനേ
ഹാസ്യഗുഹിതതത്വാര്‍ത്ഥേ ടീകാ ദിങ്മാത്രദര്‍ശിനീ.

ബുധജനമാനസേ ന കിയതീമപി മേ വിവൃതി-
ര്‍മ്മുദമതിരിക്തമോഹരഭസോപചിതാ കുരുതേ
തദപി കൃശാശയാവശകുശീലവമാത്രഹിതാ
യദി തു ഭവിഷ്യതീയമിയതാ സഫലൈവ കൃതിഃ

യശ്ചാസൗ ഭവഭൂതിസൂക്തിജലധേരര്‍ത്ഥൗഘയാദോഗണ-
പ്രക്ഷോഭോത്ഥിതഭീതഭഞ്ജനകരീം വ്യാഖ്യാതരീം നിര്‍മ്മമേ
തേനേയം വിഷമേതിവൃത്തഗഹനേ ബൗധായനീയേ പുനര്‍-
ന്നാട്യേ ഗര്‍ഭിതശാസ്ത്രജൃംഭിതവചോഗംഭീരഗുംഫേ കൃതാ.ˮ

ദര്‍ശിനി ഭഗവദജ്‌ജുകം അഭിനയിക്കുന്ന ചാക്ക്യാന്മാര്‍ക്കു പ്രയോജകീഭവിക്കണമെന്നുള്ള ഉദ്ദേശ്യം അതിന്റെ പ്രണേതാവിനു പ്രത്യേകമായുണ്ടായിരുന്നു എന്നു ʻʻബുധജനമാനസേˮ എന്ന ശ്ലോകം തെളിയിക്കുന്നു.

രണ്ടു വ്യാഖ്യാനങ്ങളിലും മഠത്തില്‍ നമ്പൂരി ഭട്ടതിരിയുടെ നാരായണീയത്തില്‍നിന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നുണ്ടു്. ദീപികയില്‍ ഉത്തരരാമചരിതം രണ്ടാമങ്കത്തില്‍ ദേവയാനമെന്തെന്നു് ʻʻഅസ്മദ്ഗുരുഭിശ്‌ശ്രീമദ്ഗുരുവായുനാഥസ്തോത്രരത്നേ പ്രദര്‍ശികംˮ എന്നു് ഉപന്യസിച്ചുകൊണ്ടു ചതുര്‍ത്ഥദശകത്തിലുള്ള ʻʻഊര്‍ദ്ധ്വലോകകുതുകീ തു മൂര്‍ദ്ധതഃˮ ഇത്യാദി നാലു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു. ദര്‍ശിനിയില്‍ ʻʻമേധ്യമരണ്യംˮ എന്ന പങ്‌ക്തി വ്യാഖ്യാനിക്കുമ്പോള്‍ ʻʻയഥോക്തമസ്മദ്ഗുരുഭിര്‍ഗുരുമരുല്‍പുരാധീശസ്തുതൗˮ എന്നു പ്രസ്താവിച്ചുകൊണ്ടു് 84-ആം ദശകത്തിലെ ʻʻആചാര്യാഖ്യാധരസ്ഥാരണിˮ എന്ന ശ്ലോകം പ്രദര്‍ശിപ്പിക്കുന്നു. ഉത്തരരാമചരിതത്തിലെ പ്രഥമ പദ്യത്തില്‍ ʻപ്രശാസ്മഹേʼ എന്നൊരു ക്രിയാപദമുണ്ടല്ലോ. അതിനെപ്പറ്റി ദീപികയില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ʻഅത്ര അനുശാസനാര്‍ത്ഥസ്യ ശാസേഃ പരസ്മൈപദിത്വാദിച്ഛാര്‍ത്ഥസ്യത്വാങ്പൂര്‍വ്വസ്യ ഏവാത്മനേപദവിധാനാല്‍ പ്രശാസ്മഹേ ഇതിപാഠശ്ചിന്ത്യ ഇതി സാഹിത്യമല്ലഃʼ ʻപ്രായേണാങ് പൂര്‍വ ഇത്യുക്തേഃ പ്രശാസ്ത ഇത്യപി ഇതി പ്രക്രിയാസര്‍വസ്വകഥനാല്‍ സാധുʼ എന്നൊരു വിമര്‍ശനം കാണുന്നതില്‍ നിന്നു സര്‍വസ്വത്തിനു പിന്നീടാണു് ദ്വീപികയുടെ നിര്‍മ്മിതി എന്നു പ്രത്യക്ഷപ്പെടുന്നു. മഠത്തില്‍ നമ്പൂരി ചതുശ്ശാസ്ത്രങ്ങളിലും ഒന്നുപോലെ നിഷ്ണാതനായിരുന്നതിനു പുറമേ ശ്രുതിസ്മൃതികള്‍, ഭാഗവതാദിപുരാണങ്ങള്‍, ഭഗവല്‍ഗീത, വിവിധകാവ്യനാടകങ്ങള്‍,

അലങ്കാരം എന്നിവയിലും പരിനിഷ്ഠിതമായ ജ്ഞാനം സമ്പാദിച്ചിരുന്നു എന്നുള്ളതിനു പൂര്‍ണ്ണമായ സാക്ഷ്യം അദ്ദേഹത്തിന്റെ രണ്ടു വ്യാഖ്യാനങ്ങളും വഹിക്കുന്നു. ഭട്ടതിരിയോടു് അദ്ദേഹം പ്രധാനമായി അഭ്യസിച്ചതു പൂര്‍വ്വോത്തരമീമാംസകളായിരുന്നു.

തത്ത്വാര്‍ത്ഥദീപിക

ധര്‍മ്മകീര്‍ത്തിയുടെ രൂപാവതാരത്തിനു മേല്‍ പ്രസ്താവിക്കുവാന്‍ പോകുന്ന ശങ്കരവാരിയരുടെ നീവിയെന്ന വ്യാഖ്യാനത്തിനുപുറമേ നാരായണഭട്ടതിരിയുടെ ഏതോ ഒരു ശിഷ്യന്റെ ʻതത്ത്വാര്‍ത്ഥദീപികʼ എന്നൊരു വ്യാഖ്യാനവുമുണ്ടു്. തത്ത്വാര്‍ത്ഥദീപികയും സാമാന്യം നല്ല ഒരു ടീകതന്നെ. അതിന്റെ ആരംഭത്തില്‍ അധോലിഖിതമായ ശ്ലോകം കാണുന്നു:

ʻʻനത്വാ സര്‍വസ്വകൃതം നാരായണമമലചരിതമാചാര്യം
രൂപാവതാരടീകാം കരോതി തത്ത്വാര്‍ത്ഥദീപികാം കശ്ചില്‍ˮ

അവസാനത്തില്‍

ʻʻശ്രീനാരായണകാരുണ്യാട്ടീകാ തത്ത്വാര്‍ത്ഥദീപികാ
സമാപ്താ; പരിഗൃഹ്ണന്തു സജ്ജനാ വീതമത്സരാഃˮ

എന്നു് ഒരു ശ്ലോകമുണ്ടു്. ഈ ശ്ലോകങ്ങള്‍ ഭട്ടതിരിയുടെ ശിഷ്യന്മാരില്‍ അന്യതമനാണു തത്ത്വാര്‍ത്ഥദീപികയുടെ പ്രണേതാവെന്നു് വെളിപ്പെടുത്തുന്നുണ്ടെങ്കിലും അതു മഠത്തില്‍ നമ്പൂരിതന്നെയോ എന്നു ക്ണുപ്തമായി പറവാന്‍ പ്രയാസമുണ്ടു്.

ധാതുരത്നാവലി

നാരായണശിഷ്യനായ ഒരു പണ്ഡിതന്‍ ധാതുരത്നാവലി എന്ന പേരില്‍ ഒരു വ്യാകരണഗ്രന്ഥം നിര്‍മ്മിച്ചിട്ടുണ്ടു്.

ʻʻശ്രീനാരായണമിശ്രശ്രീഗുരുചരണാരവിന്ദയുഗളമഹം
നിശ്ശേഷവിബുധപടലീശേശ്രയിതം ശശ്വദാശ്രയേ മനസാ.

വൃകോദരാദ്യൈരുദിതേഷ്വനേക-
ദിഗാശ്രയാ യേ ഖലു ധാതുസംഘാഃ
ഗുരൂക്തിതസ്താനഖിലാനുദാഹൃ-
ത്യാരോപിതപ്രായമഥ ഗ്രഥാമഃˮ

എന്നു് ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലും

ʻʻഇതി ശ്രീമാതൃദത്താഖ്യകരുണാബലശാലിനാ
ബാലേന രചിതാ സേയം ധാതുരത്നാവലീ ജയേല്‍.

ശോധനാക്ഷമതമേന കേനചില്‍
ബാലകേന കുതുകാന്നിഗുംഫിതാം
ധാതുരത്നമഹിതാവലീം ബുധാ-
ശ്ശോധയന്തു മതിശാണശീലനൈഃ.

ഹംഹോ സുധീനിവഹ! ദേശികവാങ്മഹാബ്ധി-
കല്പദ്രുമാദധിഗതാം ഗുരുദേവതുഷ്ട്യാ
ഭൂയസ്സുവൃത്തലളിതാം മമ ധാതുരൂപ-
രത്നാവലീം കലയ കണ്ഠതടേ ലുഠന്തീം.ˮ

എന്നു് അവസാനത്തിലും ചില ശ്ലോകങ്ങള്‍ കാണുന്നു. ആദ്യത്തേ ശ്ലോകത്തില്‍ പറയുന്ന ʻനാരായണമിശ്രന്‍ʼ മേല്പുത്തൂര്‍ ഭട്ടതിരിയല്ലാതെ മറ്റൊരാചാര്യനാകുവാന്‍ മാര്‍ഗ്ഗമില്ല. അദ്ദേഹമാണു് രത്നാവലീകാരനെ ആ ഗ്രന്ഥരചനയ്ക്കു് ഉപദേശിച്ചതെന്നും വെളിപ്പെടുന്നു. അദ്ദേഹത്തിന്റെ പുരസ്കര്‍ത്താവായ മാതൃദത്തന്‍ ആരെന്നു വെളിപ്പെടുന്നില്ല. അനുഷ്ടുപ്ശ്ലോകങ്ങളിലാണു് ഗ്രന്ഥത്തിന്റെ രചന.

ʻʻഗമനേ രംഗതീതി സ്യാച്ഛങ്കായാമരഗന്മിതഃ
ആസ്വാദനേ രാഗയതേ ചാവത്രാദ്യാവുഭാവപിˮ

എന്ന ശ്ലോകം അതിലെ പ്രതിപാദനരീതിക്കു് ഉദാഹരണമായി ഗ്രഹിക്കാം.

പ്രക്രിയാസാരം

പ്രക്രിയാസാരം എന്നൊരു ചെറിയ വ്യാകരണഗ്രന്ഥം അക്കാലത്തു നാരായണന്‍നമ്പൂരി എന്നൊരു പണ്ഡിതന്‍ രചിക്കുകയുണ്ടായി. ʻʻവ്യലേഖി പ്രക്രിയാ സാരോ നാരായണബുധോദിതഃˮ എന്ന് ഒരു മാതൃകാഗ്രന്ഥത്തിൽ കൈലാസനാഥൻ എന്ന ലേഖകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. പ്രക്രിയാസര്‍വസ്വം, പ്രക്രിയാകൗമുദി, രൂപാവതാരം എന്നീ മൂന്നു നിബന്ധങ്ങളും നോക്കിയാണു് പ്രസ്തുത കൃതി രചിച്ചിരിക്കുന്നതെന്നു

ʻʻപ്രക്രിയായാശ്ച സര്‍വസ്വം പ്രക്രിയാകൗമുദീം തഥാ
രൂപാവതാരഞ്ചാലോക്യ പ്രക്രിയാസാര ഈരിതഃˮ

എന്നു് അതിന്റെ അവസാനത്തിലുള്ള ഒരു ശ്ലോകത്തില്‍നിന്നും നാം ഗ്രഹിക്കുന്നു.

ʻʻവാച്യവാചകരൂപായ പ്രകൃതിപ്രത്യയാത്മനേ
നമശ്ശബ്ദാര്‍ത്ഥനിധയേ ഹരയേ പരമാത്മനേˮ

എന്നതാണു് വന്ദനശ്ലോകം.

ʻʻബാലേന കേനാപി ബുധോത്തമാനാം
പന്ഥാനമാലോകിതുമുത്സുകേന
വ്യധായ്യയം വ്യാകരണാനുസാരീ
ഗ്രന്ഥസ്സുധീന്ദ്രൈസ്സുവിശോധിതോസ്തുˮ

എന്നൊരു ശ്ലോകവും അവസാനത്തില്‍ കാണുന്നു. ഈ നാരായണന്റെ ദേശമേതെന്നു് അറിയുന്നില്ല.

തന്ത്രപ്രായശ്ചിത്തം

മൂക്കോലക്കാരനായ ഒരു നമ്പൂരി തന്ത്രപ്രായശ്ചിത്തം എന്നൊരു ഗ്രന്ഥം നിര്‍മ്മിച്ചിട്ടുണ്ടു്. അതില്‍ പതിന്നാലു പരിച്ഛേദങ്ങള്‍ അടങ്ങിയിരിക്കുന്നു. തന്ത്രസംബന്ധമായുള്ള പ്രായശ്ചിത്തപദ്ധതിയാണു് വിഷയം. താഴെക്കാണുന്ന ശ്ലോകങ്ങള്‍ പ്രകൃതത്തില്‍ ഉദ്ധരിക്കേണ്ടിയിരിക്കുന്നു:

ʻʻഭക്തിപ്രപന്നചിത്താനാം ഭുക്തിമുക്തിപ്രദായിനീം
മുക്തിഗേഹാസിനീമംബാം നക്തന്ദിവമുപാസ്മഹേ.

ശ്രീമാതൃദത്തതനയം സാക്ഷാന്നാരായണം പരം
മാതൃദത്താഭിധാനം ച ഗുരുകാരുണ്യഭാജനം

കൃഷ്ണാഖ്യം ചാജ്ഞതാഹേതുപാപപൂഗാദിവാരണം
നമാമി നമനീയാംഘ്രീന്‍ ഗുരൂനേതാനഹര്‍ന്നിശംˮ

ഈ ശ്ലോകങ്ങളില്‍നിന്നു തന്ത്രപ്രായശ്ചിത്തകാരന്‍ മേല്പുത്തൂര്‍ നാരായണഭട്ടതിരിയുടേയും മാതൃദത്തന്റേയും കൃഷ്ണന്റേയും ശിഷ്യനായിരുന്നു എന്നറിയുന്നു. സാക്ഷാച്ഛബ്ദംകൊണ്ടു് മേല്പുത്തൂരിനെയല്ലാതെ വിശേഷിപ്പിക്കുവാന്‍ ന്യായമില്ല. മാതൃദത്തന്‍ അദ്ദേഹത്തിന്റെ സന്തതസഹചാരിയായ അനുജനായിരിക്കണം. ആഗമശാസ്ത്രാചാര്യനായിരുന്നിരിക്കാം കൃഷ്ണന്‍. കല്പകഞ്ചേരി തമ്പ്രാക്കളുടെ നിദേശമനുസരിച്ചാണു് കവി പ്രസ്തുതഗ്രന്ഥം രചിച്ചതു്.

അക്കിത്തത്തു നാരായണന്‍നമ്പൂരി

വേന്നനാട്ടു് അക്കിത്തത്തു നാരായണന്‍നമ്പൂരി ഒരു പ്രശസ്തനായ വേദജ്ഞനും വൈയാകരണനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളായി (1) ശൗനകന്റെ സര്‍വാനുക്രമണി, (2) പ്രൈഷം, (3) വാരരുചസംഗ്രഹം, (4) കൈയടന്റെ മഹാഭാഷ്യപ്രദീപം എന്നീ ഉല്‍കൃഷ്ടഗ്രന്ഥങ്ങള്‍ക്കു ʻദീപപ്രഭʼ എന്ന പേരില്‍ നാലു വ്യാഖ്യാനങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ടു്. പ്രദീപവ്യാഖ്യായ്ക്കു കഠിന പ്രകാശിക എന്നും നാമാന്തരം കാണുന്നു. യങ്‌ലുക്‍സംഗ്രഹവും അദ്ദേഹത്തിന്റെ കൃതിയാണെന്നു് അനുമാനിക്കുവാന്‍ ന്യായമുണ്ടു്. ചുവടേ ചേര്‍ക്കുന്ന ശ്ലോകം വാരരുചസംഗ്രഹവ്യാഖ്യയിലുള്ളതാണു്:

ʻʻഏവം വരരുചിപ്രോക്തഃ സംഗ്രഹശ്ചര്‍ച്ചിതോ മയാ
യഥാമതി ന കാര്‍ത്സ്‌ന്യേന ഭാസന്തേ താദൃശാഃ കില.ˮ

ʻʻവേദോ നാമ മഹല്‍പദം ജനപദോ യത്ര ദ്വിജാനാം തതി-
സ്സാംഗം വേദമധീത്യ വാച്യമഖിലം മീമാംസതേ സുസ്‌ഫുടം
തത്ര ഗ്രാമവരേ ക്വചിന്നിവസതാ നാമ്‌നാ ച നാരായണേ-
നൈഷാ വാരരുചാര്‍ത്ഥദീപനപരാ ദീപപ്രഭാ നിര്‍മ്മിതാ.

ʻʻമാത്സര്യമുത്സാര്യ നവത്വദോഷം
വിസ്‌മൃത്യ നൈകട്യകൃതാമുപേക്ഷാം
ത്യക്ത്വാ ഗുണാനാം പരിഗൃഹ്യ ലേശം
ഛേകാ ഇദം ശോധയിതും യതധ്വംˮ

കൈയടവ്യാഖ്യായില്‍ സ്വചരിത്രത്തെപ്പറ്റി അദ്ദേഹം കുറേക്കൂടി വിസ്തരിച്ചു പ്രസ്താവിക്കുന്നു:

ʻʻബ്രഹ്മക്ഷേത്രോ ജയതി വിപുലോ ഭൂപ്രദേശോ; മഹാന്തോ
യത്രാചാര്യാഃ ശ്രുതിഷു നിരതാശ്ശങ്കരാദ്യാ ബഭൂവുഃ
അബ്ധൗ ജ്യോതിഃപ്രസരസുഭഗേ നിര്‍മ്മമേ ജാമദഗ്ന്യോ
യം ബ്രഹ്മാര്‍ത്ഥം. ഭുവനമഹിതം കേരളാവാസഹൃദ്യം.

യത്ര ദ്വിജാനാം തപസാ പൃഥിവീ ദേവമാതൃകാ
നദീമാതൃകയാ തുല്യാ സദാ സസ്യപ്രവര്‍ത്തിനീ.

തത്ര വല്ലീകവിണയോര്‍ന്നദ്യോര്‍മ്മധ്യേ ദ്വിജാതയഃ
പ്രശസ്തഗ്രാമവാസ്തവ്യാ അന്തര്‍വാണയ ഉത്തമാഃ

ചൂര്‍ണ്ണീനിളാമഹാനദ്യൗ യത്ര സ്തസ്തത്ര യേ ദ്വിജാഃ
വസന്തി തേഷാം മാഹാത്മ്യം കോ വക്ത്‌തും ശക്‌നുയാദ്ഭുവി?

വര്‍ണ്ണാശ്രമാണാമാചാരോ നിത്യം യത്ര പ്രവര്‍ത്തതേ
അഗ്നിഷ്ടോമപ്രഭൃതയഃ ക്രതവോ വിതതാസ്സദാ.

അനുഗ്രഹേ നിഗ്രഹേ ച തേഷാം സാമര്‍ത്ഥ്യമദ്ഭുതം.
അത ഏവ നിരാതങ്കാ വര്‍ത്തന്തേ തത്ര ഹി പ്രജാഃ
വേദോ നാമ … … …
… … … കൈയടഭാഷ്യദീപനപരാ ദീപപ്രഭാ നിര്‍മ്മിതാ.

ഗ്രാമോ മഹാവിഹാരാഖ്യോ ഭൂസുരസ്വാമികോ മഹാന്‍
യത്ര സന്നിഹിതോ വിഷ്ണുര്‍ഭക്താനുഗ്രഹതല്‍പരഃ

ആഹിതാഗ്ന്യഭിധം യത്ര ഗേഹം ഗൗണം പ്രചക്ഷതേ
തത്രോദ്ഭൂതേന രചിതാ ടീകൈഷാ സംസ്കൃതാത്മനാ.
ആര്യാഖ്യാ ജനനീ യസ്യ ദേവശര്‍മ്മാഭിധഃ പിതാ
ആചാര്യോ ദേശികശ്ചൈവ വേദവേദാംഗതത്ത്വവില്‍.

തേഭ്യസ്തച്ഛിഷ്യതഃ ശ്രുത്വാ മഹാഭാഷ്യസ്യ കൈയടം
ശിഷ്യേഭ്യശ്ചാസകൃദ്ദത്വാ വ്യാഖ്യാ കാപി വിനിര്‍മ്മിതാ.

വിദ്യാന്തരേഷു മേ യത്ന ഇഹൈവാദര്‍ശവല്‍ സ്ഫുരേല്‍.
തന്നാത്ര വര്‍ണ്ണ്യതേ സ്മാഭിഃശ്ലാഘാ സദ്ഭിര്‍വിഗര്‍ഹിതാ.

വാചോ വ്യാകരണാച്ഛുദ്ധിഃ സ്‌ഫീതാ മേ മനസോ ഭവേല്‍
ഇത്യാശയേന വ്യാഖ്യായി ന തു വിദ്യാമദാദിനാ.

മത്തോപി യോ മന്ദമതിരധികാരീ മതോത്ര മേ
അത്യന്തം വിദുഷാം ത്വത്ര പ്രതീതേര്‍ല്ലാഘവം ഫലം.

തസ്മാല്‍ സന്തുഷ്ടമനസോ ഗുണഗൃഹ്യാ അമത്സരാഃ
സന്തഃ പരീക്ഷാം കുര്‍വന്തു ശബ്ദശാസ്ത്രേ കൃതശ്രമാഃ

സ്‌ഖലിതം മതിമാന്ദ്യാദേര്‍മ്മയാ യദ്യത്ര സംഭവേല്‍
തല്‍ സമാധാതുമര്‍ഹന്തി സന്തോ മയി കൃപാലവഃ.

ന ഹി സദ്വര്‍ത്മനാ ഗച്ഛന്‍ സ്‌ഖലിതേഷ്വപ്യപോദ്യതേ;
ഇതി ചോക്തം ഭട്ടപാദൈസ്തല്‍ സദ്ഭിഃ ക്ഷമ്യതാമിദം.

ഏതച്ച പ്രാര്‍ത്ഥയേഹം വിലസതു ഹൃദയേ
സര്‍വദാ സജ്ജനാനാം
വ്യാഖ്യേയം മാ കദാചില്‍ ക്വചിദിയമസതാം
കര്‍ണ്ണരന്ധ്റേ പ്രപപ്തല്‍
സന്തോ ഹി പ്രസ്‌ഖലന്തം പുരുഷമനുപദം
വീക്ഷ്യ ഹസ്താവലംബം
കുര്‍വന്ത്യന്യേ മഹാന്തം മനുജമപി തൃണ-
ച്ഛന്നകൂപേ നയന്തേ.

നമോ നമഃ പാണിനയേ നമഃ കാത്യായനായ ച
അഹീന്ദ്രായ നമസ്തേഭ്യോ മുനീന്ദ്രേഭ്യോ നമോ നമഃ

പദക്രമാഭ്യാം സഹിതാം. സാംഗാം ബഹ്വൃചസംഹിതാം
ചത്വാരിംശം ബ്രാഹ്മണഞ്ച ത്രൈശം ച സരഹസ്യകം

യേസ്മഭ്യം വിതരന്തി സ്മ ശബ്ദശാസ്ത്രം വിശേഷതഃ
അന്യച്ച തേഭ്യസ്സര്‍വേഭ്യോ ദേശികേഭ്യോ നമോ നമഃ.

മഹാവിഹാരപതയേ ഭജതാം കല്പശാഖിനേ
നരസിംഹാത്മനേ ലക്ഷ്മീനാഥായ ഹരയേ നമഃ.ˮ

തൃപ്പൂണിത്തുറയ്ക്കു തെക്കുകിഴക്കായി പെരുമ്പള്ളി എന്നൊരു സ്ഥലവും അവിടെ ഒരു നരസിംഹക്ഷേത്രവുമുണ്ടു്. ആ പെരുമ്പള്ളിതന്നെയാണു് മഹാവിഹാരം. ആചാര്യന്റെ മാതാവിന്റെ പേര്‍ ആര്യയെന്നും പിതാവിന്റേതു ദേവനെന്നുമായിരുന്നു എന്നു് അദ്ദേഹംതന്നെ തുറന്നു പറയുന്നുണ്ടു്. ʻആഹിതാഗ്നിʼ എന്നായിരുന്നു ഇല്ലപ്പേര്‍. അതിനു ശരിയായ ഭാഷാനാമം അക്കിത്തമെന്നാണു്. ഇപ്പോഴും അക്കിത്തമെന്ന ഒരില്ലം കാണ്മാനുണ്ടെങ്കിലും അതു പെരുമ്പള്ളിയിലല്ല. പക്ഷെ വല്ല കാരണവശാലും കാലാന്തരത്തില്‍ ആ കുടുംബം ഇപ്പോഴത്തെ സ്ഥാനത്തു താമസം മാറ്റിയിരിക്കാം. ʻന ഹി സദ്വര്‍ത്മനാʼ എന്ന പദ്യത്തില്‍ സ്‌മൃതനായ ഭട്ടപാദര്‍ മേല്പുത്തൂര്‍ ഭട്ടതിരിയായിരിക്കാം. ʻʻഉക്തം ഹ്യസ്മദാചാര്യൈഃ ʻവ്യാദായ സ്വപിതീതി സമ്മീല്യ ഹസതീത്യുപ സംഖ്യാനമപൂര്‍വകാലത്വാʼദിത്യാദിˮ എന്നു വാരരുച സംഗ്രഹവ്യാഖ്യയില്‍ ഒരു പങ്‌ക്തി കാണുന്നു. ആ വാര്‍ത്തികം കാശികാവൃത്തിയിലല്ലാതെ സര്‍വസ്വത്തില്‍ കാണുന്നില്ല. അതുകൊണ്ടു് അസ്മദാചാര്യൈഃ എന്ന പദംകൊണ്ടു നിര്‍ദ്ദേശിച്ചിട്ടുള്ളതു വൃത്തികാരഭോജാദികളെയായിരിയ്ക്കണം. ʻബ്രഹ്മക്ഷേത്രോʼ ഇത്യാദി പദ്യങ്ങള്‍ സര്‍വാനുക്രമണീദീപ പ്രഭയിലും കാണ്മാനുണ്ടു്. അതില്‍

ʻʻഗ്രാമേ മഹാവിഹാരാഖ്യേ ജാതേനാംഗിരസാം കുലേ
ആര്യാസുതേന ടീകേയം ലിഖിതാ ദേവശര്‍മ്മണാˮ

എന്നും ഒരു ശ്ലോകമുണ്ടു്. ഗ്രന്ഥകര്‍ത്താവിനെ പിതാവിന്റെ നാമമായ ദേവശര്‍മ്മപദംകൊണ്ടും വ്യപദേശിച്ചിരുന്നുവോ എന്നറിയുന്നില്ല. അങ്ങനെയാണെങ്കില്‍ അദ്ദേഹം ആംഗിര സഗോത്രജനാണെന്നു വരുന്നു.

യങ്‌ലുക്‌സങ്ഗ്രഹം

എന്ന ഗ്രന്ഥത്തിന്റെ (വ്യാകരണഗ്രന്ഥം) കര്‍ത്താവും ഈ നാരായണന്‍തന്നെയാണെന്നു തോന്നുന്നു.

ʻʻആഹിതാഗ്നിഗൃഹാഖ്യേന ശാബ്ദസിംഹേന യേ കൃതാഃ
യങ്‌ലുകസ്സംഗ്രഹശ്ലോകാസ്തദ്വ്യാഖ്യൈഷാ മയാ കൃതാˮ

എന്നൊരു ശ്ലോകം അതിന്റെ ഒരു വ്യാഖ്യാനത്തില്‍ കാണ്‍മാനുണ്ടു്. ആ വ്യാഖ്യാനം മറ്റൊരു പണ്ഡിതന്റെയായിരിക്കണം. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:

ʻʻപ്രണിപത്യ ജഗന്നാഥം രാമം രാജീവലോചനം
പ്രക്രിയാ യങ്‌ലുകഃ കൈശ്ചില്‍ പദ്യൈഃ കിമപി ഗദ്യതേ.
ധാതോര്‍ഹലാദേരേകാചോ യങ്പ്രത്യയ ഇഹ സ്‌മൃതഃ
ക്രിയാസമഭിഹാരാര്‍ത്ഥേ പ്രത്യയേഭ്യസ്തഥാ പുനഃ

കൗടില്യേ ഭാവഗര്‍ഹായാം ലുപാദേശ്ച യങഃ പുനഃ
യങോചി ചേതി തസ്യാസ്യ ലുഗപി പ്രത്യയേ സ്‌മൃതഃˮ

ʻʻതഥാ ച ഭാഷ്യകാരേണ ഹുശ്‌നുഗ്രഹണമേവ തല്‍
ഭാഷായാം യങ്‌ലുഗസ്തീതി ലിംഗത്വേന സമര്‍ത്ഥിതം.

വൃത്തികാരാദയോപ്യത്ര തദേവ മതമാസ്ഥിതാഃ
അസ്മാഭിരപി തന്നിത്യം പ്രക്രിയാത്ര പ്രദര്‍ശ്യതേ.ˮ

ʻʻയോ വേദ യങ്‌ലുകം സമ്യക്‍ സ വൈയാകരണാഗ്രണീഃ
ഇത്യേതദ്ഭാഷ്യകാരേണ പ്രശംസാര്‍ത്ഥം പ്രദര്‍ശിതം.ˮ

ലുങാദിരൂപങ്ങള്‍ക്കും സംഗ്രഹശ്ലോകങ്ങള്‍ ദീപപ്രഭാകാരന്‍ രചിച്ചിട്ടുള്ളതായി കാണുന്നു.

ʻʻവൈയാകരണികയാ യഃ സ്‌പൃഹയതി സംശ്ലാഘനായ ജനഃ
തിഷ്ഠേത സതാം സംസദി സ പ്രതിപദമാലഭാരിനിജകണ്ഠഃˮ

എന്നതു് അതിലെ ഒരു ശ്ലോകമാകുന്നു.

പ്രൈഷാര്‍ത്ഥവിവൃതി

പ്രസ്തുത ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:

ʻʻവിഘ്നേശ്വരം പ്രണമ്യാഹം വാഗ്ദേവീഞ്ച ഗുരുനപി
വക്ഷ്യാമി പദ്യബന്ധേന പ്രൈഷാര്‍ത്ഥം ബ്രഹ്മചാരിണഃ

ബ്രഹ്മചാര്യസി വാക്യേന കര്‍മ്മണാനേന മാണവ!
ജന്മാന്തരം പ്രാപ്തവാംസ്ത്വം ബ്രഹ്മജന്മാഖ്യയോത്തമം.

ആചാര്യോ ജനകോ യത്ര സാവിത്രീ ജനനീ മതാ
നാമാന്തരം ത്വയാ പ്രാപ്തമധുനാ ബ്രഹ്മചാര്യസി.

യദ്വൈ തേനാശ്രമപ്രാപ്തിഃ കഥ്യതേ പ്രാഗനാശ്രമീ
ബ്രഹ്മചര്യാശ്രമം പ്രാപ്തസ്തസ്മാത്ത്വം ബ്രഹ്മചാര്യസി.

ഇത്യര്‍ത്ഥഃ കഥ്യതേന്യോപി തസ്യര്‍ത്ഥഃ കീര്‍ത്ത്യതേ മയാ
ബ്രഹ്മശബ്ദോ വേദരാശൗ വര്‍ത്തതേ ചരതിര്‍ഗ്ഗതൗ.

താച്ഛീല്യേ ച ണിനിം വിദ്യാദ്യോഗ്യതാ തേന ലക്ഷ്യതേ
വേദാധിഗമയോഗ്യസ്ത്വം സംജാതോ നേന കര്‍മ്മണാ.

അസ്മാല്‍ പൂര്‍വം വേദപാഠേ ന യോഗ്യശ്ശുദ്രസാമ്യതഃ
ന ചാഭിവ്യാഹരേദ്ബ്രഹ്മേത്യേവം ഹി മനുരബ്രവീല്‍.ˮ

പ്രൈഷത്തിനു വളരെ വിസ്തൃതമായ രീതിയിലുള്ള ഒരു പദ്യ

വ്യാഖ്യാനമാണു് ഈ ദീപപ്രഭ എന്നു മേലുദ്ധരിച്ച ശ്ലോകങ്ങളില്‍നിന്നു വിശദമാകുന്നുണ്ടല്ലോ. ഒടുവില്‍

ʻʻഏവം പ്രൈഷാര്‍ത്ഥവിവൃതിരര്‍ണ്ണവേ മനുനാ സ്‌മൃതേ
ആദ്യാശ്രമഗതേ ധര്‍മ്മേ സാരമാദായ നിര്‍മ്മിതാˮ

എന്നും അതു കഴിഞ്ഞു ʻʻവേദോ നാമ മഹല്‍പദം ജനപദം...... തത്ര ഗ്രാമവരേ ക്വചിന്നിവസതാ നാമ്നാ ച നാരായണേനൈ ഷാ പ്രൈഷപരാര്‍ത്ഥദീപനപരാ ദീപപ്രഭാ നിര്‍മ്മിതാˮ എന്ന ശ്ലോകവും കാണ്‍മാനുണ്ടു്.

അഷ്ടമൂര്‍ത്തി ഭട്ടതിരി

ആമോദം എന്ന പേരില്‍ ഭട്ടബാണന്റെ കാദംബരിക്കു പദ്യരൂപമായ ഒരു ടീക നിര്‍മ്മിച്ച കവിയാണു് അഷ്ടമൂര്‍ത്തിനമ്പൂരി.

ʻʻപൂര്‍വേണ ഗുണകാമാസീല്‍ കേരളേഷു ഭൃഗോഃ കുലേ
വിപ്രോ നാരായാണസ്തസ്മാദഷ്ടമൂര്‍ത്തിരജായതˮ

എന്നു ഗ്രന്ഥാരംഭത്തില്‍ കാണുന്ന ശ്ലോകത്തില്‍നിന്നു തൃക്കണാമതിലകത്തിനു കിഴക്കായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും അച്ഛന്റെ പേര്‍ നാരായണന്‍ എന്നായിരുന്നു എന്നും ഭാര്‍ഗ്ഗവ ഗോത്രക്കാരായിരുന്നു ആ ഇല്ലക്കാര്‍ എന്നും നാം അറിയുന്നു. ഭട്ടതിരിയുടെ കാലമേതെന്നു കണ്ടുപിടിക്കുവാന്‍ മാര്‍ഗ്ഗമില്ല. എട്ടാമത്തേയോ ഒന്‍പതാമത്തേയോ ശതകമായിരിക്കാമെന്നു തോന്നുന്നു.

വലിയ ഒരു ഗ്രന്ഥമാണു് ʻആമോദംʼ. അതിന്റെ ആരംഭത്തിലും അവസാനത്തിലും നിന്നു ചില പദ്യങ്ങള്‍ ഉദ്ധരിക്കാം.

ʻʻഉപാസ്മഹേ ജഗജ്ജന്മസ്ഥിതിസംഹാരകാരണം
അവിദ്യാധ്വാന്തവിധ്വംസി ജാനകീരമണം മഹഃ.ˮ

ʻʻകാദംബരീകഥാമൃതതരംഗിണീഹ്രദജിഗാഹിഷാ യേഷാം
തേഷാം കൃതേ നിബന്ധനതീര്‍ത്ഥം തേനേദമാരബ്ധം.

ന വിനാ വൃത്തബന്ധേന വസ്തുപ്രായേണ സുഗ്രഹം
ഇതി പ്രവചസാമേതദനുസൃത്യ സുഭാഷിതം.

ജാതിസമന്വയസംഭൃതപരഭാഗൈഃ സാധയാമ്യഹം വിദുഷാം
വൃത്തൈസ്സാധു നിബദ്ധൈശ്ചമ്പകദാമഭിരിവാമോദം.
രസഭാവാലങ്കാരധ്വനിഗുണവൈചിത്ര്യവര്‍ണ്ണനാസു വയം
പ്രായോ ദുരധിഗമത്വാദുദാസ്മഹേ ഗൗരവാദനന്തത്വാല്‍.ˮ
ʻʻപണ്യാജീവാ വണിജഃ പ്രാപണികാ നൈഗമാശ്ചവൈദേഹാഃ
ഏകാര്‍ത്ഥാഃ സ്മര്യന്തേ മഹമാ ഭൂമാഥ കോടിരുല്‍കര്‍ഷഃˮ
ʻʻപരിനിഷ്ഠിതം നിബന്ധനമിതി ഭട്ടശ്രീമദഷ്ടമൂര്‍ത്തികൃതം
ഭൂയാല്‍ കാദംബര്യാമാമോദസ്സുമനസാമധുനാ.

ഇതി പദ്യസൂക്തി മൌക്തികമാലാഭിരലംകൃതൈവമസ്മാഭിഃ
കാദംബരീ തദേഷാ സരസാ ഹൃദയേ നിവേശ്യതാം രസികാഃ.
നിര്‍വ്യാജം പദയോര്‍ന്നിപത്യ വചസാ ദീനേന സോപഗ്രഹം
ദോഷജ്ഞാനയമഷ്ടമൂര്‍ത്തിരിദമാബദ്ധാഞ്ജലിര്യാചതേ
ദോഷോ യദ്യപി മേ വചസ്സു സുലഭഃ; കിന്ത്വസ്തമാത്സര്യയാ
ബുദ്ധ്യാ തത്ത്വവിചാരചാരുതരയാ ദൃഷ്ട്വൈവ വിഖ്യാ പ്യതാം.ˮ

ഇടയ്ക്കു കര്‍ണ്ണീസുതന്‍ എന്ന ചോരപ്രമാണിയുടെ കഥകൂടി കവി ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു. ആ ഭാഗത്തില്‍നിന്നു ചില ശ്ലോകങ്ങള്‍ അടിയില്‍ ചേര്‍ക്കുന്നു:

ʻʻമണിമന്ത്രൗഷധശക്ത്യാ ഗത്വാ കര്‍ണ്ണീസുതസ്തദഭ്യാശം
പപ്രച്ഛ തം നിബന്ധം ശശസ്യ പാദാഃ കിയന്ത ഇതി.

തം പ്രത്യുവാച വിപുലഃ പുരേവ തസ്യ ത്രയഃ ശശസ്യേതി
നിരഗമയത്തമുപായൈഃ പ്രീതഃ കര്‍ണ്ണീസുതശ്ശിഷ്യം.
അഥ സ വിപുലസ്യ ദയിതാം സമീഹിതം പര്യബോധയദ്രഹസി
സാ തു ശയാനാ ദയിതസ്യാങ്കേ രാത്രൗ നിരീക്ഷ്യ പൂര്‍ണ്ണേന്ദും
പൃഷ്ടവതീ രമണമിദം ബിംബേ ചന്ദ്രസ്യ ദൃശ്യതേ കിമിതി
ശശ ഇതി തമുക്തവന്തം പുനരപി പപ്രച്ഛ സാ ബാലാ.

ശശ ഇതി കിം ചരമചരം വേതി; ചതുഷ്പാദ്വിശേഷ ഏവ ശശഃ
കേഷാഞ്ചിത്തു ശശാനാം പാദാസ്ത്രയ ഏവ വിദ്യന്തേ.

ഇതി തദുപശ്രുത്യ വചസ്തസ്യാ വികൃതിം ഭയേ ച ഹര്‍ഷേ ച
തുഷ്ടശ്ശാസ്ത്രരഹസ്യം തസ്യൈ നിശ്ശേഷമുപദിദേശ ഗുരുഃ.ˮ

ആമോദത്തിലെ പദ്യങ്ങൾ അത്യന്തം ലളിതങ്ങളാണ് എന്ന് ഇനി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

നീവീകാരന്‍ ശങ്കരവാരിയര്‍

രൂപാവതാരത്തിനു ʻനീവിʼ എന്ന പേരില്‍ സമഗ്രമായ ഒരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവാണു് ശങ്കരവാരിയര്‍. അദ്ദേഹത്തെ ബഹുമാനസൂചകമായി ശങ്കരാര്യന്‍ എന്നു പറയുന്നു. താഴെക്കാണുന്ന ശ്ലോകങ്ങള്‍ നീവിയുടെ ആരംഭത്തിലുള്ളതാണു്:

ʻʻഅഭിത്രിലോകീനാളീകമാമ്നായതനവന്തി യേ
തേഭ്യഃ കല്യാണഹേതുഭ്യോ ഭൂദേവേഭ്യോ നമോ നമഃ.
അധിഗതഷഡഭിജ്ഞപ്രക്രിയോപി സ്വയം യഃ
പ്രഥമസമയസജ്ജദ്വാസനാവാസിതാത്മാ
അകലയദതിഹൃദ്യം ശബ്ദവിദ്യാനുമോദം
സ ജയതി നവകീര്‍ത്തിസ്സന്മതോ ധര്‍മ്മകീര്‍ത്തിഃ.

അമുഷ്യ ഹൃദി വാരിധിപ്രതിനിധേഃ കൃതേര്‍വ്യാകൃതൗ
കഥം ഭവതി യോഗ്യതാ ലഘുരപീദൃശാം മാദൃശാം?
ചിരാന്മഹദനുഗ്രഹാദിഹ തു ലബ്ധവാണീലവാ-
ദനുസ്മരണഹേതവേ ലിഖിതവാനഹം കേവലം.
അത്ര രൂപാവതാരസ്യ പാഠേഷു വിവിധേഷ്വപി
ഏകസ്യൈവ പ്രയത്നോയമനുവൃത്ത്യൈ വിതന്യതേ.ˮ

ʻʻഇതി പാരശവകുലതിലകേന ശങ്കരാര്യേണ വിരചിതേ നീവീസംജ്ഞകേ രൂപാവതാരവ്യാഖ്യനേ അഷ്ടമഃ പരിച്ഛോദഃˮ എന്നൊരു കുറിപ്പും

ʻʻനഖമുഖവിലിഖിതദിതിതനയോരഃ-
പരിപതദസൃഗരുണീകൃതഗാത്രഃ
ഹിമധരഗിരിരിവ ഗൈരികയുക്തോ
നരഹരിരഹരഹരവതു സ യുഷ്മാന്‍.ˮ

എന്ന നരസിംഹവന്ദനാത്മകമായ ഒരു പദ്യവും കാണുന്നു. ശുകസന്ദേശവ്യാഖ്യാതാവായ കോഴിക്കോട്ടു മാനവേദരാജാവിന്റെ വയസ്യനായ ദേശമംഗലത്തു ശേഖരവാരിയരാണു് നീവിയുടെ കര്‍ത്താവു് എന്നൊരു വൃദ്ധോക്തിയുള്ളതു് അപ്രമാണമെന്നു പറയേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ നീവി രചിച്ചതു ശങ്കരവാരിയരാണെന്നാണല്ലോ നാം ഇപ്പോള്‍ അറിയുന്നതു്. ശങ്കരവാരിയര്‍ ദേശമംഗലത്തു് വാരിയത്തിലെ ഒരംഗമാണെന്നുള്ളതിനു തെളിവില്ല. മാഘവ്യാഖ്യാതാവായ ദേശമംഗലത്തു ശ്രീകണ്ഠവാരിയര്‍ തന്റെ പൂര്‍വ്വന്മാരായി ഒരു രുദ്രനേയും രണ്ടു ശ്രീകണ്ഠനേയുമല്ലാതെ ശങ്കരനെ സ്മരിക്കുന്നില്ല. മാഘവ്യാഖ്യാതാവിന്റെ കാലത്തിനുമേലാണു് നീവിയുടെ ആവിര്‍ഭാവം എന്നു വിചാരിക്കുവാന്‍ പ്രയാസമായുമിരിക്കുന്നു. നീവി, കൊല്ലം എട്ടാം ശതകത്തിന്റെ പൂര്‍വാർദ്ധത്തിലെ ഒരു കൃതിയാണെന്നു് ഊഹിക്കുവാനാണു് ന്യായം കാണുന്നതു്. കേരളത്തില്‍ കുറേക്കാലം പ്രക്രിയാസര്‍വ്വസ്വവും അതിനു മുന്‍പു പ്രക്രിയാകൗമുദിയും പഠിപ്പിച്ചുവന്നിരുന്നു എങ്കിലും മുഖ്യപാഠഗ്രന്ഥമായി ആദികാലംമുതല്‍ക്കുതന്നെ അംഗീകരിച്ചിരുന്നതു രൂപാവതാരമാകുന്നു. ആ പരിപാടിയ്ക്കു് ഒരു മാറ്റം വന്നതു ഭട്ടോജിദീക്ഷിതരുടെ സിദ്ധാന്തകൗമുദിയുടെ പ്രചാരത്തോടുകൂടിയാണു്.

പരമേശ്വരമങ്ഗലത്തു ചന്ദ്രശേഖരവാരിയര്‍

ശ്രീകൃഷ്ണചരിതം എന്നൊരു കാവ്യം മേല്പുത്തൂര്‍ ഭട്ടതിരിയെ ഗുരു നിര്‍വിശേഷമായി ആരാധിച്ചിരുന്ന ഒരു വാരിയര്‍ നിര്‍മ്മിച്ചതായി കാണുന്നു. ഭാഗവതം ദശമസ്കന്ധമാണു് പ്രതിപാദ്യം. കുമാരകാണ്ഡം, വിവാഹകാണ്ഡം, വിചിത്രകാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങളായി ഗ്രന്ഥം വിഭക്തമായിരിക്കുന്നു. ആകെ പന്ത്രണ്ടു സര്‍ഗ്ഗങ്ങളാണുള്ളതു്. കവിത ഹൃദയാവര്‍ജ്ജകമാണു്. കവി തന്റെ ജനനസ്ഥലം പെരിയാറ്റിന്റെ വടക്കേക്കരയിലുള്ള പരമേശ്വരമംഗലത്താണെന്നും, അതു കൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ടതാണെന്നും, അവിടെ വിദ്വല്‍കവിശ്രേഷ്ഠനായി ശ്രീകണ്ഠന്‍ എന്നൊരു വാരിയര്‍ ഉണ്ടായിരുന്നു എന്നും, അദ്ദേഹത്തിന്റെ ഭാഗിനേയനും ചന്ദ്രശേഖരനാമധേയനുമായ താന്‍ അന്നത്തെ കൊച്ചിമഹാരാജാവും തന്റെ അവലംബവുമായ രാജരാജന്റെ ആജ്ഞയനുസരിച്ചു പ്രസ്തുതകാവ്യം നിര്‍മ്മിച്ചു എന്നും, അതിനു തന്റെ ഗുരുവും പ്രക്രിയാസര്‍വ സ്വകാരനുമായ നാരായണഭട്ടതിരിയുടെ പ്രശംസാപത്രം ലഭിച്ചു എന്നും പ്രസ്താവിക്കുന്നു. താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ നോക്കുക:

ʻʻവിദുഷാമഭിരാമായ രാമായ യശസാ ഭൃശം
ജനിതാന്ധ്യവിരാമായ രാമായ ഗുരവേ നമഃ.

ശസ്തേ ഗജവനഗ്രാമേ ഭൂസുരോത്തമഭാസുരേ
ജ്ഞാനവിദ്യാദയാംഭോധേര്യസ്യ ജന്മനികേതനം.

രാജ്യേ കരുമഹീന്ദ്രസ്യ ചൂര്‍ണ്ണീസരിദുദക്തടേ
അന്തര്‍ഗ്രാമേ ജനപദേ പരമേശ്വരമംഗലേ

ക്ഷേത്രേ ജയതി ഹേരംബഃ സര്‍വമാനുഷപൂജിതഃ
… … … കാമാരേര്‍വാമപാര്‍ശ്വമുപാശ്രിതഃ.

ആസന്നാം പശ്യതസ്സിന്ധും തസ്ഥുഷോ യസ്യ വാമതഃ
ശോഭതേ ദക്ഷിണാമൂര്‍ത്തിഃ സാക്ഷാദവയവൈര്യുതഃ.

പാദമൂലസ്ഥലേ തസ്യ ശ്രീകണ്ഠ ഇതി വിശ്രുതഃ
ജജ്ഞേ പാരശവോ വിദ്വല്‍കവീന്ദ്രനിവഹാഗ്രണീഃ.

തീര്‍ത്ത്വാ വിദ്യാംബുധിം ഗുര്‍വ്യാ പ്രജ്ഞാതര്യാ ശ്രമേണ ഹി
യശോരത്നാര്‍ജ്ജനം കൃത്വാ സ്വസ്ഥോ യസ്തരസാഭവല്‍.

കവീന്ദ്രതിലകസ്യാസ്യ ചന്ദ്രശേഖര ഇത്യഭൂല്‍
ഭാഗിനേയോ പ്രകാശസ്സന്‍ ദിക്ഷു ദുര്‍ദ്ദിനഭാനുവല്‍.

അസ്തി തല്‍പ്രീതിമാന്‍ കശ്ചില്‍ കേരളേഷു മഹീപതിഃ
രാജരാജ ഇതി ഖ്യാതഃ ശ്രീമാന്‍ ഭാഗവതോത്തമഃ,
സാരസ്യാമൃതപാഥോധിജാതപൂര്‍ണ്ണസുധാകരഃ
സര്‍വവിദ്വജ്ജനസ്വാന്തപുണ്ഡരീകദിവാകരഃ,

സത്യവാദീ ദയാശീലോ ബ്രഹ്മണ്യോ നയസാഗരഃ
മാനകീര്‍ത്തിക്ഷമോപേതോ ധീമാനാശ്രിതവത്സലഃ.

തസ്യ രാജ്ഞോ നിയോഗേന ശ്രീകണ്ഠഭഗിനീഭുവാ
സംക്ഷേപേണ പുരാണാര്‍ത്ഥം സമാദായാല്പബുദ്ധിനാ

ആദികാവ്യമിവാ … … … ലസര്‍ഗ്ഗകാണ്ഡരസോജ്വലം
ശ്രീകൃഷ്ണചരിതാഖ്യാനം കാവ്യം സര്‍വഹിതം കൃതം.ˮ

ʻʻശാന്താത്മനാമതിതരാമുപലാളനീയം
സ്വാന്തോരുഭക്തിഭരഹൃദ്യകഥാനിബന്ധം

കാന്തം ഹി കാവ്യമിദമുജ്ഝതി ചേല്‍ സ നൂനം
കാന്താരഭൂരുഹ ഇതി ദ്യുതരും വിജഹ്യാല്‍.ˮ

ʻʻഇത്യേവം ബ്രുവതാ സുശിക്ഷിതമിദം യേനൈവ യഃ പ്രക്രിയാ-
സര്‍വസ്വാഭിഹിതം നിബന്ധനമണിം വിശ്വോത്തരം ചാകരോല്‍
യാതശ്‌ശ്രീശുകനാരദാദിസമതാം ഭക്ത്യാ മുകുന്ദേ ച യ-
‍:സ്തസ്മൈ സര്‍വവിദേ നമോസ്തു ഗുരവേ നാരായണായാനിശം.ˮ

ഒടുവില്‍

ʻʻസകലജനഹിതാര്‍ത്ഥം നിര്‍മ്മിതം കാവ്യമേത-
ദ്ദിനമനു പഠതാം വാ ശൃണ്വതാം വാപ്യനാര്‍ഷം
ഹരതി ഹരികഥായാഃ കീര്‍ത്തനാല്‍ പാപരാശിം
സലിലമപി തപത്യേവാശ്രയാശേന യോഗാല്‍.ˮ

എന്നൊരു ഫലശ്രതിശ്ലോകം കാണുന്നു. കവി ആദ്യത്തെ ശ്ലോകത്തില്‍ വന്ദിക്കുന്നതു തന്റെ ഗുരുനാഥനായ കരിക്കാട്ടു (ഗജവനം) രാമവാരിയരെയാണു്. തെക്കേ മലയാളത്തില്‍ മഞ്ചേരിക്കടുത്തു കരിക്കാടെന്ന പേരില്‍ ഒരു ക്ഷേത്രവും വാരിയവുമുണ്ടു്. ആ വാരിയത്തിലെ ഒരംഗമായിരുന്നിരിക്കണം ഈ രാമവാരിയര്‍ എന്നു ഞാന്‍ ഊഹിക്കുന്നു.

ഗോവിന്ദനാഥന്‍

ഗോവിന്ദനാഥന്‍ ഗൗരീകല്യാണം എന്നൊരു യമകകാവ്യം മൂന്നാശ്വാസത്തില്‍ രചിച്ചിട്ടുണ്ടു്. അദ്ദേഹമാണു് ശങ്കരാചാര്യചരിതത്തിന്റെ പ്രണേതാവെന്നു മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഗൗരീകല്യാണത്തില്‍ കവി കുമാരസംഭവത്തയാണു് ഇതിവൃത്തവിഷയത്തില്‍ ഉപജീവിച്ചിരിക്കുന്നതു്. കരിക്കാട്ടു രാമവാരിയരായിരുന്നു ചന്ദ്രശേഖരവാരിയരുടെയെന്നപോലെ അദ്ദേഹത്തിന്റെയും ഗുരു. താഴെക്കാണുന്ന ശ്ലോകങ്ങള്‍ അതിലുള്ളതാണു്:

ʻʻശ്രുതിനിവഹാധാരായ സ്ഫുടതരവിലസല്‍കൃപാമഹാധാരായ
യതിതതികാമഹിതായ ത്ര്യക്ഷായ നമോ ജഗന്നികാമ ഹിതായ.ˮ
ʻʻമമ ധീസ്സാലംകൃത്യാം ശിവയോശ്ചരിതേന ധൃതരസാലം കൃത്യാം
ആമോദാദേവ തയാ സ്വധിഷ്ഠിതാ സ്യാദ്ഗിരാം സദാ ദേവതയാ.ˮ
ʻʻഅസ്തു സദാ രാമായ ശ്രീഗുരവേ കാവ്യവീരുദാരാമായ
പ്രണതിരുപേതാ വിദ്യാ യല്‍കൃപയാ മാമഭൂദതോവിദ്യാ.ˮ
ʻʻയശസാ ഭുവി രാജന്തം വന്ദേഹം കാളിദാസകവിരാജം തം
യോ ബുധമോദം തസ്യ പ്രഥയതി സൂക്ത്യാ ശിവോത്തമോദന്തസ്യ.
ദര്‍ശിതധാതൃപദാര്‍ത്ഥാ കൃതിര്‍മ്മമാസാവമുക്തധാതൃപദാര്‍ത്ഥാ
അപി ജാതാര്യാവൃത്തം യല്‍കൃതിപുത്രീവ വപുരിതാര്യാ വൃത്തം.ˮ

അഥ ദിശി വൈശ്രവണസ്യ
സ്വചരിത്രൈര്‍ഹാരകശ്ശിവൈശ്‌ശ്രവണസ്യ
ശൈലോ ഹിമവാന്‍ നാമ
സ്ഫുരതി യഥാര്‍ത്ഥം ദധന്മഹിമവാന്‍ നാമ.ˮ

ഒടുവില്‍
ʻʻകൃഷ്ണഭക്തിസനാഥസ്യ ദാക്ഷിണ്യരസഭാജനൈഃˮ
ശ്രാവ്യാ ഗോവിന്ദനാഥസ്യ ക്രിയൈഷാ സല്‍സഭാജനൈഃˮ

എന്ന ശ്ലോകം കാണുന്നു.

പ്രസ്തുതകാവ്യത്തിന്നു ʻപദാര്‍ത്ഥവാദിനിʼ എന്നൊരു വ്യാഖ്യാനമുണ്ടു്. വ്യാഖ്യാതാവു താനാരെന്നു പ്രകടമായി പ്രസ്താവിക്കുന്നില്ലെങ്കിലും നാരായണന്റെ ശിഷ്യനാണെന്നു പറയുന്നുണ്ടു്. കാലവും അദ്ദേഹത്തിന്റേതുതന്നെയായിരിക്കണം. താഴെ കാണുന്ന പദ്യങ്ങള്‍ പ്രകൃതത്തില്‍ ഉദ്ധര്‍ത്തവ്യങ്ങളാണു്:

ʻʻതസ്മാല്‍ ഭൂസുരവരതഃശിഷ്യസഭായൈ വിതീര്‍ണ്ണഭാസുരവരതഃ
വിദ്യാപാരായണതശ്ചേതോ മാ ഗാ ഗുരോസ്തു നാരായണതഃ

ഗുരുഭൂതസമാദേശാദ് ഗൗരീകല്യാണനാമനി
കാവ്യേ പദാര്‍ത്ഥാന്‍.......വിജ്ഞാതാന്‍ കഥയാമ്യഹംˮ

നാരായണാഭിധനായ ഗുരുവിന്റെ ആജ്ഞാനുസരണമാണ് താന്‍ ഗൗരീകല്യാണം വ്യാഖ്യാനിക്കുന്നതെന്നു് അദ്ദേഹം പറയുന്നു. വ്യാഖ്യാതാവാണു് ഗോവിന്ദനാഥന്റെ ഗുരു കരിക്കാട്ടു രാമവാരിയരെന്നു് ʻʻഅഥ ഗജവനഗ്രാമേ പാരശവാന്വയസംഭൂതം സാഹിത്യവിദ്യാപരമദേശികം മഹദഭിരാമം രാമാഭിധാനം നിജഗുരുഭൂതം പ്രതി പ്രണാമം കുരുതേ അസ്ത്വിത്യാദിˮ എന്നീ പങ്‌ക്തികളില്‍ അറിയിക്കുന്നതു്. തദനുരോധേന ചന്ദ്രശേഖരവാരിയരും ഗോവിന്ദനാഥനും സതീര്‍ത്ഥ്യന്മാരെന്നു വന്നുകൂടുന്നു.

ശങ്കരാചാര്യചരിതം

ശങ്കരാചാര്യചരിതത്തെക്കുറിച്ചു ചില വിവരങ്ങള്‍ മുന്‍പു പ്രസ്താവിച്ചിട്ടുണ്ടു്. ശങ്കരഭഗവല്‍ പാദരെപ്പറ്റി ചില കേരളീയങ്ങളായ ഐതിഹ്യങ്ങള്‍ ആ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തീട്ടുണ്ടെന്നുള്ളതാണു് ഇതിവൃത്തവിഷയകമായി അതിനുള്ള മെച്ചം. പുരാണരീതിയില്‍ അനുഷ്ടുപ്പുവൃത്തത്തില്‍ ഗ്രഥിതങ്ങളായ ഒന്‍പതു് അധ്യായങ്ങള്‍ അതില്‍ അടങ്ങീട്ടുണ്ടു്. ʻവ്യാസാചലന്‍ʼ എന്ന വിശിഷ്ടകവിയില്‍ നിന്നു പല രഹസ്യങ്ങളും ഗ്രഹിച്ചാണു് താന്‍ പ്രസ്തുത കാവ്യം രചിക്കുന്നതെന്നു ഗോവിന്ദനാഥന്‍ പറയുന്നു. അദ്ദേഹം ഒരു സ്വാമിയാരായിരിക്കുവാന്‍ ഇടയുണ്ടു്. ഒരു ശിഷ്യന്‍ ʻʻആചാര്യചരിതം കിഞ്ചിദ്വിസ്തരേണ സമന്വിതം; ശ്രോതുമിച്ഛാമിപാപഘ്നം വക്‍തും പീഡാ ന ചേദ് ഗുരോˮ എന്നു ഗുരുവിനോടു നിവേദനം ചെയ്യുകയും, ഗുരു ആ ചരിതം ചുരുക്കി ഉപദേശിക്കുകയും ചെയ്യുന്നു. ചുവടേ ചേര്‍ക്കുന്നതു കേരളഭൂമിയുടെ പ്രശസ്തിയാണു്:

ʻʻപുണ്യതീര്‍ത്ഥസമാകീര്‍ണ്ണാ പുണ്യദേവാലയാന്വിതാ
മേദിനീ കേരളാഖ്യാസ്തി ഭൂസുരോത്തമഭാസുരാ.

നാനാപദാനവിഖ്യാതാ രാജവീരവിരാജിതാ
നാനാവനനദീശൈലനഗരാഗാരശോഭിതാ.ˮ

ʻʻസംന്യാസമൂലസ്സച്ഛായഃ ശിഷ്യശാഖാമഹത്തമഃ
ജ്ഞാനപുഷ്പോ മൃതഫലോ രേജേ ശങ്കരപാദപഃ.ˮ

എന്നും മറ്റും വേറെയും ചില നല്ല ശ്ലോകങ്ങള്‍ ഈ കൃതിയിലുണ്ടു്.

ശ്രീസ്വയംവരം

ശ്രീസ്വയംവരം എന്ന പേരില്‍ നാലാശ്വാസങ്ങളുള്‍ക്കൊള്ളുന്ന ഒരു യമകകാവ്യമുണ്ടു്. ഗ്രന്ഥകാരന്റെ കാലദേശങ്ങളെക്കുറിച്ചു് ഒരറിവും ലഭിക്കുന്നില്ല. ഗോവിന്ദനാഥന്റെ ഗൗരീകല്യാണത്തെപ്പറ്റിയുള്ള പരാമര്‍ശനത്തിനുമേല്‍, സൗകര്യത്തിനുവേണ്ടി ഈ അവസരത്തില്‍ ആ കാവ്യത്തെയും സ്മരിക്കുന്നു എന്നേയുള്ളു. ʻʻതദ്വംശഃ കേരളസ്യചിരമിവ രാജ്ഞഃˮ എന്നു കവി പറയുന്നുണ്ടു്. അദ്ദേഹം ഏതോ ഒരു കൊച്ചിമഹാരാജാവിന്റെ ആശ്രിതനായിരുന്നിരിയ്ക്കാം. അമൃതമഥനവും ലക്ഷ്മീസ്വയംവരവുമാണു് പ്രതിപാദ്യം. ഒരു പദ്യം ചുവടേ ചേര്‍ക്കുന്നു.

ʻʻഫണിപതിനാഥസമന്താദ്-
ബദ്ധം പ്രോദ്ധൂയമാനപാഥസമന്താല്‍
പയസി ഗിരം സമുദധിതഃ
ശ്രിയം സുരാസുരഗണസ്സ ഹര്‍ത്തുമുദധിതഃ.ˮ

ഗോപികോന്മാദം

മന്ദാക്രാന്താ വൃത്തത്തില്‍ രാസക്രീഡയെ അധികരിച്ചു രചിച്ചിട്ടുള്ള ഒരു മനോഹരമായ ലഘുകാവ്യമാണു് ഗോപികോന്മാദം. ആകെ 122 ശ്ലോകങ്ങളും ഒടുവില്‍ ഒരു ഫലശ്രുതിശ്ലോകവുമുണ്ടു്. പൂര്‍വോന്മാദം എന്നും ഉത്തരോന്മാദം എന്നും രണ്ടു ഭാഗങ്ങളായി പ്രസ്തുതകൃതി വിഭജിക്കപ്പെട്ടിരിക്കുന്നു. പൂര്‍വോന്മാദത്തില്‍ അറുപത്താറു ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കവിയുടെ കാലദേശങ്ങളെപ്പറ്റി യാതൊരറിവുമില്ല. കവിതയ്ക്കു് അസാമാന്യമായ സ്വാരസ്യമുണ്ടു്.

ʻʻവൃന്ദാരണ്യേ വിലസതി ശരച്ചന്ദ്രികായാം നിശായാം
ഗോപസ്ത്രീഭിഃ കളമുരളികാനാദസമ്മോഹിതാഭിഃ
രാസക്രീഡാമധികമധുരാമാദധാനം യുവാനം
വന്ദേ മൂര്‍ദ്ധ്‌നാ വലഭിദുപലശ്യാമളാംഗം മുകുന്ദം.ˮ

എന്നാണു് പൂര്‍വ്വോന്മാദത്തിലെ പ്രഥമശ്ലോകം. മറ്റു രണ്ടു ശ്ലോകങ്ങള്‍കൂടി ഉദ്ധരിക്കാം.

ഒരു ഗോപിയുടെ മദനാവസ്ഥ:
ʻʻസ്രസ്തൗബന്ധും വസനചികുരൗ ന ഹ്യശക്‍നോന്നിരോദ്ധും
നൈവാവിന്ദദ്വലയരശനാഹാരമഞ്ജീരമോക്ഷം
ആക്രഷ്ടും സാ നയനമനസീ നാലമസ്മിന്‍ നിമഗ്നേ
നാംഗേപ്യാസീദഹമിതി മമേത്യേവമസ്യാഃ പ്രതീതിഃˮ

ഗോപികാവിലാപം:
ʻʻതത്താരുണ്യം തദപി തരളാന്‍ വീക്ഷിതാംസ്താന്‍ വിലാസാം-
സ്താന്‍ സല്ലാപാംസ്തദപി ഹസിതം തദ്വപുസ്താഞ്ച ഗോഷ്ഠീം
താന്‍ വാ ഭാവാംസ്തദപി ച ഗതം താഞ്ച ലാവണ്യവീചീം
പ്രേക്ഷിഷ്യേഹം പുനരപി കദാ ദേവതാനാം പ്രസാദാല്‍?ˮ

താഴെക്കാണുന്നതാണു് ഫലശ്രുതിശ്ലോകം:

ʻʻകാവ്യാകാരസ്തുതിരഭിനവാ കൃഷ്ണകേളീപ്രസംഗാദ്-
ഭക്ത്യാ ക്ണുപ്താ സ്ഫുരദുപനിഷദ്വാക്യഗുഢാര്‍ത്ഥപൂര്‍ണ്ണാ
പാപച്ഛേത്ത്രീ ജഗതി പഠതാം ശൃണ്വതാം കര്‍ണ്ണഭൂഷാ-
മാദായാസ്താം മുരവിജയിനോ ഗോപികോന്മാദസംജ്ഞാ.ˮ

മുക്തിസ്ഥലദേവീസ്തോത്രം

ഇതു മുക്കോലയ്ക്കല്‍ ദേവിയെപ്പറ്റിയുള്ള ഒരു സംസ്കൃതസ്തോത്രമാണു്. ആകെ വിവിധവൃത്തങ്ങളിലായി അന്‍പത്തിരണ്ടു ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. കവിയാരെന്നോ കാലമേതെന്നോ അറിയുന്നില്ല. സ്തോത്രം എട്ടാം ശതകത്തിന്റെ ഒടുവിലോ ഒന്‍പതാം ശതകത്തിലോ രചിച്ചതാണെന്നു സങ്കല്പിക്കാമെന്നേയുള്ളൂ. കവിതന്നെ ബാധിച്ചിരുന്ന പ്രമേഹരോഗത്തിന്റെ ശാന്തിക്കാണു് ഈ കൃതി നിര്‍മ്മിച്ചതെന്നു വെളിപ്പെടുന്നു. ʻʻഉരുമേഹരോഗപരിമോഹിതശ്ശിവേ കരവൈ കിമദ്യ പുരവൈരിവല്ലഭേˮ എന്നു് അദ്ദേഹം വിലപിക്കുന്നു. രണ്ടു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം.

ʻʻമനോജ്ഞനയനാഞ്ചലം മനസിജാഹിതേ ചഞ്ചലം
കുചദ്വയജിതാചലം ഘുസൃണരഞ്ജിതോരഃസ്ഥലം

മഹത്തമദയാകുലം മനസി മേ സദാ നിസ്തുലം
മഹഃ സ്ഫുരതു നിശ്ചലം മഹിതമുക്തിഗേഹോജ്ജ്വലം.ˮ

ʻʻദുര്‍ഗ്ഗാം ഹതരിപുവര്‍ഗ്ഗാം ദുര്‍ഗ്ഗായിതമുക്തിസദനസന്നിഹിതാം
ഭര്‍ഗ്ഗാദൃതാമുപാസേ സര്‍ഗ്ഗാവനഹരണകര്‍ത്തൃഭൂതാംബാം.ˮ

ഏറ്റവും സുകുമാരമാണു് ഇതിലെ പദബന്ധം.

വിവേകസാരം

വിവേകസാരം അദ്വൈതവേദാന്തപ്രതിപാദകമായ ഒരു സംസ്കൃതഗദ്യഗ്രന്ഥമാകുന്നു. കേരളത്തില്‍ പ്രചുരപ്രചാരമായ ദ്വാദശവര്‍ണ്ണകം എന്ന തമിഴ്ഗ്രന്ഥത്തിന്റെ മൂലമാണു് അതു്. വാസുദേവയതി, പുരുഷോത്തമന്‍, മറ്റൊരു വാസുദേവന്‍ എന്നിങ്ങനെ മൂന്നു ഗുരുക്കന്മാരെ ഗ്രന്ഥകാരന്‍ വന്ദിക്കുന്നു:

ʻʻബോധാനന്ദഘനം നിരസ്തസകലം കാരുണ്യപൂര്‍ണ്ണേക്ഷണം
മൂഢാനാമുപദേശകം ച സതതം പാപാത്മനാം പാപഹം
വൈരാഗ്യസ്യ ഹി രാഗിണാം സുഖകരം സമ്പാദയന്തം സദാ
ശ്രീമദ്ദേശികവാസുദേവയതിനാം മൂഢാത്മകോഹം ഭജേ.

യസ്യാത്മഭൂതസ്യ ഗുരോഃ പ്രസാദാ-
ദഹം വിമുക്തോസ്മി ശരീരബന്ധാല്‍
സര്‍വ്വോപദേഷ്ടുഃ പുരുഷോത്തമസ്യ
തസ്യാംഘ്രിപത്മം പ്രണതോസ്മി നിത്യം.

മൂഢാന്‍ വിവേകിനഃ കൃത്വാ ലോകേ സര്‍വ്വോപദേശകഃ
യസ്തിഷ്ഠതി ച തം ശ്രീമദ്വാസുദേവഗുരും ഭജേˮ

എന്നീ ശ്ലോകങ്ങള്‍ നോക്കുക. വിവേകസാരം കേരളീയമാണെന്നു് ഊഹിക്കാം. ഹൃദ്യലളിതമായ ശൈലിയില്‍ ഗഹനങ്ങളായ വേദാന്തതത്ത്വങ്ങളെ സ്ഫടികസ്ഫുടമായി പ്രകാശിപ്പിക്കുന്നു എന്നുള്ളതിലാണു് ഈ കൃതിയുടെ വൈശിഷ്ട്യം സ്ഥിതിചെയ്യുന്നതു്. ചില പംക്തികള്‍ ഉദ്ധരിക്കാം:

ʻʻആനന്ദദുഃഖയോര്‍ല്ലക്ഷണം കിമിതി, ചേല്‍ പ്രവക്ഷ്യാമഃ. നിരുപാധികനിത്യസുഖനിരതിശയസ്വരൂപത്വമാനന്ദലക്ഷണം. താപത്രയാത്മകത്വം ദുഃഖലക്ഷണം. ഏതയോര്‍ദൃഷ്ടാന്തോസ്തി വേതി ചേദസ്തി. സ ദൃഷ്ടാന്തഃ. തസ്മിന്നമൃത ഏതദാനന്ദ ലക്ഷണം തിഷ്ഠതി വേതിചേല്‍ തിഷ്ഠത്യേവ. കഥമിതി ചേല്‍ തദമൃതം സുഖസ്വരൂപം. തല്‍ സ്വപാനകൃദ്ഭ്യഃ നിരതിശയസുഖം പ്രദദാതി. അതസ്തസ്മിന്നമൃതേ ആനന്ദലക്ഷണം വര്‍ത്തതേ. കാളകൂടവിഷേ ദുഃഖലക്ഷണം വര്‍ത്തതേ വേതി ചേല്‍ വര്‍ത്തതേ. തല്‍ കഥമിതി ചേല്‍ കാളകൂടവിഷം സ്വയം താപാത്മകം തല്‍ സ്വസമീപഗതാനാം ജനാനാമത്യന്തദുഃഖരൂപ പ്രാണഹാനിം കരോതി. അതസ്തസ്മിന്‍ കാളകൂടവിഷേ ദുഃഖലക്ഷണം വര്‍ത്തതേ.ˮ