close
Sayahna Sayahna
Search

മണിപ്രവാളസാഹിത്യം 2.IV

Contents

മണിപ്രവാള സാഹിത്യം

ക്രി. പി. പതിനാറാം ശതകം (തുടര്‍ച്ച)


മഴമംഗലത്തിന്റെ മണിപ്രവാളചമ്പുക്കള്‍

മഴമംഗലത്തു നാരായണന്‍നമ്പൂരിയുടെ ജീവിതകാലത്തേയും മറ്റും പറ്റി ഇരുപത്താറാമധ്യായത്തില്‍ ഉപന്യസിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഭാഷാകൃതികളെപ്പറ്റി മാത്രമേ ഇനി പ്രസ്താവിക്കേണ്ടതായുള്ളൂ. മഴമംഗലം (1) നൈഷധം, (2) രാജരത്നാവലീയം, (3) കൊടിയവിരഹം, (4) ബാണയുദ്ധം എന്നീ നാലു മണിപ്രവാളചമ്പുക്കളുടേയും, (5) രാസക്രീഡ, (6) വിഷ്ണുമായാചരിതം, (7) തിരുനൃത്തം, (8) ദാരുകവധം, (9, 10) പാര്‍വതീസ്തുതി (പാദാദികേശവും കേശാദിപാദവും), (11) സതീസ്വയംവരം എന്നീ ഏഴു ബ്രാഹ്മണിപ്പാട്ടുകളുടേയും കര്‍ത്താവാണെന്നു മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ ഗ്രന്ഥങ്ങളെ അല്പമൊന്നു സ്പര്‍ശിക്കാം.

നൈഷധം മുതലായ നാലു ചമ്പുക്കളും മഴമംഗലത്തിന്റെ കൃതികളാണോ എന്നു് ആദ്യമായി വിചിന്തനം ചെയ്യാനുണ്ടു്. ഒന്നാമതു, ʻപ്രത്യക്ഷസ്വര്‍ഗ്ഗസൗഖ്യംʼ എന്നൊരു പ്രയോഗം നൈഷധത്തിലും രാജരത്നാവലീയത്തിലും കൊടിയവിരഹത്തിലും കാണുന്നുണ്ടു്. ʻപ്രത്യക്ഷസ്വര്‍ഗ്ഗസൗഖ്യം ചിരമനുബുഭുജേ നൈഷധോ നീതിശാലീʼ എന്നു നൈഷധത്തിലും, പ്രത്യക്ഷസ്വര്‍ഗ്ഗസൗഖ്യശ്രിയമനുബുഭുജേ ഭൂഷണം ഭൂപതീനാംʼ എന്നു രാജാരത്നാവലീയത്തിലും, ʻപ്രത്യക്ഷസ്വര്‍ഗ്ഗസൗഖ്യശ്രിയമനുബുഭുജേ തത്ര സംഗീതകേതുഃʼ എന്നു കൊടിയവിരഹത്തിലുമുള്ള വാക്യങ്ങള്‍ നോക്കുക. ഈ ഐകരൂപ്യം ആകസ്മികമോ ഒരു കവിതയിലെ പദ്യപാദം മറ്റൊരു കവി മോഷ്ടിച്ചതിന്റെ ഫലമോ ആകാന്‍ തരമില്ല. രണ്ടാമതു് ഏതാനും ചില പദ്യങ്ങള്‍ മാത്രം ഒന്നിലധികം ചമ്പുക്കളില്‍ കാണുന്നുണ്ടെന്നുവെച്ചു മാത്രം അവയെല്ലാം ഒരു കവിയുടെ വാങ്മയങ്ങളാണെന്നു തീര്‍ച്ചപ്പെടുത്തുന്നതു സാഹസമായിരിക്കുമെങ്കിലും ഒട്ടുവളരെ പദ്യങ്ങള്‍ അത്തരത്തിലുണ്ടെങ്കില്‍ ആ കൃതികള്‍ക്കു് ഏകകര്‍ത്തൃകത്വം കല്പിക്കുന്നതു് അസംഗതമാണെന്നു വരുന്നതല്ല. രാജരത്നാവലീയത്തിലും കൊടിയവിരഹത്തിലും ബാണയുദ്ധത്തിലും (1) ʻഭദ്രേ നിന്‍കോപ്പിതെന്തു്ʼ (2) ʻധന്യേ പുരാഗിരിസുതാʼ (3) ʻഎല്ലാ നാളും വിശേഷാല്‍ʼ (4) ʻബാലാംത്വാം പ്രിയസഖിʼ ഇത്യാദി എട്ടു പദ്യങ്ങള്‍ പൊതുവായി കാണുന്നതിനുപുറമേ, രാജരത്നാവലീയത്തിലെ ഇരുപത്തഞ്ചുപദ്യങ്ങളും ബാണയുദ്ധത്തിലെ നാലു പദ്യങ്ങളും കൊടിയവിരഹത്തിലും, രാജരത്നാവലീയത്തിലെ പതിനഞ്ചു പദ്യങ്ങല്‍ ബാണയുദ്ധത്തിലും സംക്രമിച്ചിരിക്കുന്നതു കാകതാലീയമെന്നു കരുതുവാന്‍ ന്യായമില്ലാതെയിരിക്കുന്നു. മൂന്നാമതു കൊടിയ വിരഹത്തിലെ ʻമനോരഥൈര്യദഭ്യസ്താ ഹൃദയേന യദര്‍ത്ഥിതംʼ എന്ന പദ്യം രാജരത്നാവലീയത്തില്‍ ʻകല്പിച്ചിട്ടുള്ളതും പണ്ടുരപെരിയ പിയോഗേ മനോരാജ്യഭേദൈരപ്പോള്‍ത്തന്നേ മനക്കാമ്പിടയിലഗതി കാമിച്ചതും പ്രേമലോലം ഇതാദി പദ്യമായി പരിണമിക്കുന്നു. ബാണയുദ്ധത്തിലെ ʻനിഖിലയുവതി വംശമുക്താമണിക്കിത്രിലോകീമഹേളാലലാടാന്തരേ കാന്തിചിന്തുന്ന പുത്തന്‍നറുംചിത്രകത്തിനു്ʼ ഇത്യാദി ഉഷാവര്‍ണ്ണനരൂപമായ ദീര്‍ഘഗദ്യം കൊടിയവിരഹത്തില്‍ ʻʻനിഖിലയുവതി ജാലമുക്താമണിക്കു്ˮ എന്നു് ഏകപദത്തില്‍ സങ്കോചിപ്പിച്ചു കാണുന്നുവെങ്കിലും ഗ്രന്ഥകാരന്റെ ഉദ്ദേശം ആ ഗദ്യം മുഴുവന്‍ സന്ദര്‍ഭാനുസാരം പാഠകക്കാരും മറ്റും പകര്‍ത്തി രംഗത്തില്‍ പ്രയോഗിച്ചുകൊള്ളണമെന്നായിരുന്നു എന്നുള്ളതു നിസ്തര്‍ക്കമാണു്. ʻപ്രാണാ മേ ശ്രവണാതിഥീകൃതഗുണാഃʼ എന്നു നൈഷധത്തിലും ʻമല്‍പ്രാണാഃ കുശലിനഃ കിം നു?ʼ എന്നു കൊടിയവിരഹത്തിലും പ്രയോഗമുണ്ടു്. ഈ കാരണങ്ങളെ ആസ്പദമാക്കിയാണു് പ്രസ്തുത ചമ്പുക്കള്‍ നാലും ഒരു കവിയുടെ കൃതികളാണെന്നു ഞാന്‍ അനുമാനിക്കുന്നതു്. പ്രഥമദൃഷ്ടിയില്‍ നൈഷധത്തിനും മറ്റു മൂന്നു ചമ്പുക്കള്‍ക്കും തമ്മില്‍ കാണുന്ന ഗണനീയമായ ഒരു വ്യത്യാസം നൈഷധത്തില്‍ ഇതരചമ്പുക്കളെ അപേക്ഷിച്ചു സംസ്കൃതാംശം കൂടുമെന്നും അവയെപ്പോലെ അത്ര വളരെ പഴയ ഭാഷാപദങ്ങളും ഭാഷാശൈലികളുമില്ലെന്നുമുള്ളതാണു്. നൈഷധം പക്ഷേ നാരായണന്‍നമ്പൂരിയുടെ പ്രഥമകൃതിയായിരിക്കാം.

നൈഷധം

നൈഷധചമ്പു പൂര്‍വഭാഗമെന്നും ഉത്തരഭാഗമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്രവാളചമ്പുക്കളെസ്സംബന്ധിച്ചു് ഇത്തരത്തിലുള്ള ഒരു വിഭജനത്തിനു് ഇദംപ്രഥമമായി ഒരുമ്പെട്ടതു നൈഷധകാരനാണെന്നു തോന്നുന്നു. കൊടിയവിരഹത്തിലും ഇങ്ങനെ ഒരു വിഭാഗമുണ്ടു്. നൈഷധത്തിന്റെ പൂര്‍വാര്‍ദ്ധവും ഉത്തരാര്‍ദ്ധവും ഏറ്റവും ഹൃദയംഗമങ്ങള്‍തന്നെയെങ്കിലും പൂര്‍വഭാഗം ഉത്തരഭാഗത്തെ അതിശയിക്കുന്നു എന്നുള്ളതിനു സന്ദേഹമില്ല. ഉത്തരഭാഗത്തില്‍ നളനെ അന്വേഷണം ചെയ്യുന്ന ഘട്ടം സരസമായിട്ടുണ്ടെന്നുള്ള വസ്തുത ഞാന്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ ഗ്രന്ഥകാരന്‍ വിസ്തരഭീരുവായി ഇതിഹാസച്ഛായയില്‍ കഥമാത്രം പറഞ്ഞുകൊണ്ടുപോകുന്ന ഭാഗങ്ങളും ഇടയ്ക്കിടയ്ക്കുണ്ടു്.

മഴമംഗലം ഒരു പ്രശസ്തനായ സംസ്കൃതകവിയായിരുന്നു എന്നു നാം മുമ്പു കണ്ടുവല്ലോ. തന്നിമിത്തമുള്ള മേന്മ നൈഷധത്തില്‍ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ടു്. ഏതു കാവ്യരത്നമാല്യത്തിനും നടുനായകമായി ശോഭിക്കുന്നതിനു് അര്‍ഹമാണു്

ʻʻസങ്കല്പസംഗമസുഖാനുഭവസ്യ നാഹം
ഭംഗം കരോമി സമയേ സമയേ സമേത്യ
സഞ്ചിന്ത്യ നൂനമിതി തൗ സദയം വിഹായ
നിദ്രാ ജഗാമ നിപുണേവ സഖീ സകാശാല്‍.ˮ

എന്ന പദ്യം. ʻʻഅഥ സാ ലളിതതനുകാന്തിസമ്പദാˮ എന്ന ഗദ്യവും അന്യാദൃശമായ സ്വാരസ്യത്തിനു് ആകരമാകുന്നു. നൈഷധത്തില്‍ മറ്റൊരു വൈശിഷ്ട്യം കാണുന്നതു് അതിന്റെ പ്രണേതാവു നിവൃത്തിയുള്ളിടത്തോളം പൂര്‍വസൂരികളുടെ പദ്യങ്ങള്‍ പകര്‍ത്തുകയോ പരാവര്‍ത്തനം ചെയ്കയോ അവയിലേ ആശയങ്ങള്‍ അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നുള്ളതാകുന്നു. കവിസാര്‍വഭൗമനായ ശ്രീഹര്‍ഷന്റെ നൈഷധീയചരിതം മുന്‍വശത്തു പാരാവാരംപോലെ പരന്നുകിടക്കുമ്പോള്‍ അതിനെ ഒരു പ്രകാരത്തിലും ഉപജീവിക്കാതെ പൂര്‍വഭാഗം അത്യന്തം മനോമോഹനമായ രീതിയില്‍ എഴുതി ഫിലിപ്പിച്ച കവി ആ ഒരു കാരണത്താല്‍ത്തന്നെ നമ്മുടെ ഉള്ളഴിഞ്ഞുള്ള പ്രശംസയെ ഉദാത്തമായി ആവര്‍ജ്ജിക്കുന്നു. യതിഭംഗത്തില്‍ അദ്ദേഹം ഭാരതചമ്പൂകാരനെപ്പോലെതന്നെ അപരാധിയാണെന്നും പറയേണ്ടതുണ്ടു്.

ചില പദ്യഗദ്യങ്ങള്‍

കവിതാരീതി കാണിക്കുവാന്‍ മൂന്നു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിക്കാം:

1 വിഷ്ണുവന്ദനം:
ʻʻപാലംഭോരാശിമദ്ധ്യേ ശശധരധവളേ
ശേഷഭോഗേ ശയാനം
മേളംകോലം കളായദ്യുതിയൊടു പടത-
ല്ലുന്ന കാന്തിപ്രവാഹം
നാളൊന്നേറിത്തുളുമ്പും നിരുപമകരുണാ-
ഭാരതിമ്യല്‍കടാക്ഷം
നാളീകത്താരില്‍മാതിന്‍ കുളുര്‍മുലയുഗളീ-
ഭാഗധേയം ഭജേഥാഃ.ˮ

2 രാജാക്കന്മാരുടെ വരണമണ്ഡപപ്രവേശം:
ʻʻതഞ്ചത്തില്‍ബ്ഭംഗി ഭാവിച്ചുദിതരുചി നട-
ക്കുന്ന നേരത്തിളക്കം
തഞ്ചീടും ചാരുകാഞ്ചീവലയഗണഝണല്‍-
കാരവാചാലിതാശാഃ
അഞ്ചാതേ ചെന്നമാത്യൈസ്സഹ വടിവൊടല-
ഞ്ചക്രുരാത്താഭിമാനം
മഞ്ചാഗ്രേ വച്ച മത്തദ്വിരദരിപുമഹാ-
വിഷ്ടരാന്‍ പുഷ്ടശോഭാന്‍.ˮ

3 ചന്ദ്രോദയം:
ʻʻകാതര്യം ചേര്‍ത്തു കോകങ്ങളിലഖിലചകോ-
രാവലീപ്രാണരക്ഷാ-
ചാതുര്യം കൈവളര്‍ത്തിസ്സകലകുമുദിനീ-
കാമിനീപുണ്യഭൂമാ
വൈധുര്യാവേഗദായീ വിരഹിഷു സുഷമാ-
പൂരപീയൂഷധാരാ-
മാധുര്യം പോഷയന്‍ ദേഹിഷു പുനരുദിയാ-
യൈഷ പീയൂഷധാമാ.ˮ

ഗദ്യം, വനാന്തരത്തിലെ രാത്രിവര്‍ണ്ണനം:

ʻʻഅസ്തഗിരീശ്വരമസ്തകസീമനി ഭാസ്കരഭഗവാന്‍ മറയുന്നേരം, ഗതവതി സവിതരി ഗുഹകളില്‍നിന്നിത്തിമിരകരീശ്വരരിളകുന്നേരം, ദിക്ഷു വിദിക്ഷു ച മുഷ്കരരായ തരക്ഷുഗണങ്ങള്‍ തിമിര്‍ക്കുന്നേരം, കാട്ടിന്‍നടുവില്‍ക്കാട്ടാളാവലി കൂട്ടംകൂടിപ്പാടുന്നേരം, മല്ലീവല്ലീഫുല്ലാവലിരിഹ മെല്ലേ മെല്ലേ വിരിയുന്നേരം, പക്ഷികള്‍ വൃക്ഷാവലിയിലടങ്ങിയിണങ്ങി മയങ്ങിയുറങ്ങുന്നേരം, കാമുകപടലികള്‍ കാമിനിമാര്‍തന്‍ കോമള മുലകളിലണയുന്നേരം, ക്രോഷ്ടൂനാം തതി കാട്ടിന്‍നടുവേ കൂട്ടം കൂടിക്കരയുന്നേരം, മൈലുകള്‍ പീലികള്‍ ചാല വിരിച്ചന്നൃത്തവുമാടിയടങ്ങുന്നേരം, ഞെടുഞെടയുടനുടനടവികള്‍തോറും കരടികള്‍ കടുതരമലറുന്നേരം, രൂക്ഷതതേടിന രാക്ഷസപടലീ തീക്ഷ്ണനിനാദം കലരുന്നേരം, ശ്രോത്രാനന്ദം ചേര്‍ത്തീടാതേ ദാത്യൂഹാവലി കരയുന്നേരം, പിശിതാശനശതബഹുളപിശാചികളശിവനിനാദം കലരുന്നേരം, കുന്നുകള്‍പോലേ കുന്നിവരും ചില പന്നികളോടിച്ചാടുന്നേരം, കാനനനികരേ വിരഹിതവിവരേ ദീനതപൂണ്ടു നടന്നുമുഴന്നും, സര്‍പ്പാനുഗ്രാന്‍ ദര്‍പ്പോദഗ്രാനഭ്യാശേ കണ്ടാശു വിറച്ചും, ഗമനനിരാശാ കുഹചന ദേശേ നിഷസാദൈഷാ മഹിതാ യോഷാ.ˮ എന്തൊരു സചേതനമായ വാക്‍ചിത്രം!

ഫലിതം

പുനത്തെപ്പോലെ മഴമംഗലവും ഫലിതപ്രിയനാണു്. സ്വയംവരസംബന്ധമായുള്ള ബഹളങ്ങളെ വര്‍ണ്ണിക്കുമ്പോള്‍ അദ്ദേഹം നമ്പൂരിമാര്‍, ജ്യോത്സ്യന്മാര്‍, മന്ത്രവാദികള്‍ ഇവരെ പ്രത്യേകിച്ചു കളിയാക്കീട്ടുണ്ടു്. ʻʻചാത്തമൂട്ടുന്ന നാളുച്ചനേരത്തൊഴിഞ്ഞിട്ടിനാറാണനെക്കാണ്‍മതില്ലെങ്ങുമേˮ എന്നു് ഒരച്ഛന്‍നമ്പൂരി മകനെക്കുറിച്ചു് ആവലാതിപ്പെടുന്നു. ദമയന്തി മാലയിടാത്ത രാജാക്കന്മാര്‍ക്കും ഒരു വധുവിനെ കിട്ടിയില്ലെന്നില്ല. ʻʻകന്യാം കൈക്കൊണ്ടു ഗുഢാം നിജഹൃദയ വിധേയാം ത്രപാനാമധേയാംˮ എന്നു് ആ ഭഗ്നാശയന്മാരെ കവി ആരും ചിരിച്ചു മണ്ണുകപ്പിപ്പോകുമാറു് അവഹേളനം ചെയ്യുന്നു. വന്‍കാട്ടില്‍ ആ സാധ്വിയെ കാമിക്കുന്ന വൃദ്ധനായ ശബരന്‍ ʻʻഹന്ത! താന്‍ ജാതനായീടുന്നാളേ ജാതരോമോല്‍ഗമചികുരമുഖശ്മശ്രുലˮനും, ʻʻപിന്നാലേ മാംസഗന്ധാഗതവിപുലമഹാമക്ഷികാക്രാന്തവക്ത്രˮനുമാണു്.

രാജരത്നാവലിയാം ഇതിവൃത്തം

രാജരത്നവലീയത്തില്‍ ʻകാശിക്കെഴുന്നെള്ളിയ തമ്പുരാന്‍, എന്നു ഞാന്‍ ഇരുപത്താറാമധ്യായത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കൊച്ചി രാമവര്‍മ്മ മഹാരാജാവിന്റെ ജനനവും, കിരീടധാരണവും, യുദ്ധോദ്യോഗവും മറ്റും നിപുണമായി വര്‍ണ്ണിച്ചതിനുശേഷം അവിടത്തേയ്ക്കു ʻമന്ദാരമാലʼ എന്ന വിദ്യാധരസുന്ദരിയുമായുണ്ടായ സമാഗമത്തെ കവി ഉജ്ജ്വലമായ രീതിയില്‍ പ്രപഞ്ചനം ചെയ്യുന്നു. ആ വിദ്യാധരിയുടെ ഭര്‍ത്താവായ ചന്ദ്രസേനന്‍ എന്ന വിദ്യാധരന്‍ ഒരവസരത്തില്‍ ശ്രീപരമേശ്വരനെ ഭജിക്കുവാന്‍ കൈലാസപര്‍വ്വതത്തില്‍ സമയംതെറ്റിച്ചെല്ലുകയാല്‍ അവിടുന്നു കുപിതനായി ആ അപരാധിക്കു മനുഷ്യത്വവും മന്ദാരമാലയ്ക്കു ദിവ്യത്വബോധനാശവും സംഭവിക്കട്ടെ എന്നു ശപിച്ചു. വിഷണ്ണനായ ചന്ദ്രസേനന്‍ ശാപമോക്ഷത്തിനായി പ്രാര്‍ത്ഥിച്ചപ്പോള്‍ കൊച്ചിമഹാരാജവംശത്തില്‍ ʻദേവവിപ്രാര്‍ച്ചനനിയമപരʼയും ʻവീരപുത്രാപ്തികാമʼയും പാര്‍വ്വതീഭക്തയുമായ ഒരു രാജ്ഞി പരിലസിക്കുന്നുണ്ടെന്നും ആ രാജ്ഞിയുടെ പുത്രനായി പ്രസ്തുത വിദ്യാധരന്‍ അവതരിച്ചു് വൃഷപുരിയില്‍ സാന്നിധ്യംചെയ്യുന്നതന്നെ ഭജിച്ചു്, സകലഭോഗങ്ങളേയും ഭുജിച്ചു്, പൂര്‍ണ്ണമായ പുരുഷായുസ്സിന്റെ അവസാനത്തില്‍ വീണ്ടും പൂര്‍വരൂപത്തെ ധരിക്കാമെന്നും അവിടുന്നു് അരുളിച്ചെയ്തു. പാര്‍വതീദേവിയുടെ പ്രാര്‍ത്ഥനനിമിത്തം മന്ദാരമാലയ്ക്കു ചന്ദ്രസേനന്‍ മനുഷ്യനായി ജീവിക്കുമ്പോളും അദ്ദേഹത്തിന്റെ സംഗമലാഭം സിദ്ധിക്കുമാറു ഭഗവാന്‍ അനുഗ്രഹിച്ചു. ആ വിദ്യാധരനാണു് കൊച്ചിമഹാരാജകുടുംബത്തില്‍ വീരകേരളവര്‍മ്മാവിന്റെ ഭാഗിനേയനായി ജനിച്ച രാമവര്‍മ്മമഹാരാജാവു്. ആ ക്ഷത്രിയവീരന്‍ ഒരിക്കല്‍ തൃശ്ശിവപേരൂര്‍ ശിവരാത്രിമഹോത്സവം കാണുവാന്‍ എഴുന്നള്ളി. അവിടെ ഒരു ʻഇളങ്കേസരകനകമണീവേദികʼയില്‍നിന്നു് ആഘോഷങ്ങള്‍ തൃക്കണ്‍പാര്‍ത്തുകൊണ്ടിരിക്കവേ, പതിവുപോലെ ആ ക്ഷേത്രത്തില്‍ ഭജനത്തിനു ചെന്നുചേര്‍ന്ന മന്ദാരമാല അദ്ദേഹത്തില്‍ അനുരക്തയായി, അനംഗാര്‍ത്തി പിടിപെട്ടു് തന്റെ സഖി മരതകവല്ലിയോടുകൂടി അവിടം വിട്ടുപോകുന്നു. പിന്നീടു് ഒരു സന്ദര്‍ഭത്തില്‍ അതേ ക്ഷേത്രത്തില്‍ നര്‍ത്തനംകൊണ്ടു ശ്രീപരമേശ്വരനെ ആരാധിക്കുവാന്‍ വന്ന മന്ദാരമാലയെക്കണ്ടു മഹാരാജാവും കാമാതുരനാകുന്നു. നായികാനായകന്മാരുടെ അയോഗവിപ്രലംഭം കവി അനിതരസാ ധാരണമായ ചാതുര്യത്തോടുകൂടി വര്‍ണ്ണിച്ചിരിക്കുന്നു. ഒടുവില്‍ കരുണാകുലയായ ശ്രീപാര്‍വതി അവരെ സംഘടിപ്പിക്കുന്നതിനു തന്റെ ഭക്തയായ യോഗപ്രഭ എന്ന യോഗിനിയെ നിയോഗിക്കുകയും ആ തപസ്വിനി രണ്ടുപേരേയും പൂര്‍വ്വവൃത്താന്തം ഗ്രഹിപ്പിച്ചു ദാമ്പത്യലാഭത്താല്‍ ചരിതാര്‍ത്ഥരാക്കുകയും ചെയ്യുന്നു.

കവിതാരീതി

രാജരത്നാവലീയത്തിലേ കവിതാരീതി അഞ്ചു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിച്ചു വ്യക്തമാക്കാം. ഏതു രസവും വര്‍ണ്ണിക്കുന്നതിനു വേണ്ട പദഘടനാവൈഭവം കവി ഒന്നുപോലെ പ്രദര്‍ശിപ്പിക്കുന്നു.

1 രാമവര്‍മ്മാവിന്റെ രണപ്രയാണം:
ʻʻമമ്മാ! കാണായിതപ്പോളൊരു പൊടിപടലീ
ഭൂതലാല്‍പ്പൊങ്ങി മേല്പോ-
ട്ടമ്ലാനം വ്യോമ്നി പൊങ്ങിക്കിരണനികരമാ
വൃണ്വതീ ചണ്ഡഭാനോഃ
നിര്‍മ്മായം വൈരിസേനാം ഗ്രസിതുമരിയ വാ-
യും പിളര്‍ന്നാത്തകോപം
വമ്പോടെത്തും കൃതാന്തശ്വസിതനിവഹധൂ-
മം പരക്കുന്നപോലേ.ˮ

2 പടക്കളത്തില്‍ പരിലസിക്കുന്ന രാമവര്‍മ്മാ:
ʻʻകാണായീ നേര്‍ക്കുനേരേ കനമുപരി പിടി-
ച്ചോരു രത്നാതപത്ര-
ശ്രേണീനാം മാനനീയേ മണമുടയ തണല്‍-
പ്പാട്ടിലുദ്യോതമാനം
സേനാമധ്യേ കരാഗ്രപ്രചലിതകരവാ-
ളോജ്ജ്വലം, മാടധാത്രീ-
വാനോര്‍നാഥം, പ്രകോപാരുണനയനകലാ-
ദാരുണം വൈരഭാജാം.ˮ

3 നായകന്‍ നായികയെപ്പറ്റി:
ʻʻകൈത്താര്‍കൊണ്ടിന്ദുബിംബം പരിചിനൊടുപതു-
ക്കെപ്പിഴിഞ്ഞന്‍പിലുണ്ടാം
പുത്തന്‍പീയൂഷയൂഷൈസ്സ്വയമലര്‍ശരനാല്‍
നിര്‍മ്മിതം കിം മനോജ്ഞം
തസ്യാ വക്ത്രം നിജേ താമരമലരില്‍ നിശാ-
സങ്കടാല്‍ പങ്കജപ്പെണ്‍-
ഭദ്രാവാസായ തീര്‍ത്തീടിന സരസിജമോ
രാപ്പകല്‍ പ്രൗഢശോഭം?ˮ

4 നായികയുടെ വിരഹതാപം:
ʻʻകയ്യേറും പ്രണയേന ചെല്ലുമെതിര്‍കെട്ടാഹന്ത വാങ്ങും; തുലോ-
മയ്യേ! ലോകര്‍ ചിരിക്കുമെന്നിടയിടേ മൂടീടുമാത്മാമയം;
അയ്യയ്യോ! ശിവ! ദൈവമെന്നു, മലര്‍ബാണാര്‍ത്ത്യാ പൊറാഞ്ഞങ്ങനേ
മര്യാദാമതിലംഘ്യ മന്മനമിദം മാഴ്കുന്നിതെപ്പേരുമേ!ˮ

5 രാത്രിയിലേ മന്ദവായു:
ʻʻവിരിയുമിളയ മുല്ലപ്പൂവിലേന്തും നറുന്തേന്‍-
പരിമളമിടതൂകിക്കാമഭൂപാലമന്ത്രീ
സരസമൃദുലഗാമീ രാത്രിവാര്‍തെന്നലേറ്റം
പരമസുഖമെഴുമ്മാറേഷ വീയിത്തുടങ്ങി.ˮ

ഗദ്യം, നായികയുടെ വിരഹതാപം:

ആലാലം മമ മദകളപരഭൃതനിലവിളി ചെവികളിലരുളീടുന്നൂ; മാലേകുന്നിതു മധുകരനിനദവുമരുതരുതെരിപൊരി പെരുകീടുന്നൂ; ആലേപങ്ങളുമൊരുകറി തൊടുകിലിതുടല്‍ മമ ശിവശിവ പൊളുകീടുന്നൂ; ആലാപൈരലമകമലര്‍ പരവശമശരണമിതു ബത മറുകീടുന്നൂ; താങ്ങീടയ്യോ പാപം, താപം തികതില പിടിപെടെ മുഹുരിളകുന്നൂ; താന്താ ഞാനിന്നെന്തേ ചെയ്‌വൂ? തെരുതെരെ വരുമഴല്‍ മറവി തരുന്നൂ; താനേതന്നേ കയ്യും കാലും തലവിധി തടയരുതിട തളരുന്നൂ; താര്‍ബാണാ! നീ കൊല്ലാതേ മാം തവ പുനരഹമിയമഗതി തൊഴുന്നൂ.ˮ

ബാണയുദ്ധം

നൈഷധത്തിനുമേല്‍ ഗ്രന്ഥകാരന്‍ ആദ്യമായി നിര്‍മ്മിച്ച പ്രബന്ധം രാജരത്നാവലീയവും തദനന്തരം യഥാക്രമം ബാണയുദ്ധവും കൊടിയവിരഹവുമാണെന്നു് ഊഹിക്കുവാന്‍ ന്യായമുണ്ടു്. ഒരു മഹാരാജാവിനെപ്പറ്റി നിര്‍മ്മിക്കുന്ന കാവ്യത്തില്‍ കവി സ്വകീയമായ മറ്റൊരു പ്രബന്ധത്തില്‍നിന്നു പദ്യങ്ങള്‍ ഉദ്ധരിക്കന്നതു സ്വാഭാവികമല്ലല്ലോ. ബാണയുദ്ധത്തിലെ ഉഷാവര്‍ണ്ണനം ഗദ്യം കൊടിയവിരഹത്തില്‍ പകര്‍ത്തുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതായും മുന്‍പു പ്രസ്താവിച്ചിട്ടുണ്ടു്. രാജരത്നാവലീയത്തിലേ യോഗപ്രഭയുടെ സ്ഥാനം ബാണയുദ്ധത്തില്‍ ഉഷയുടെ സഖിയായ ചിത്രലേഖവഹിക്കുന്നു. ബാണയുദ്ധം ഒരു നല്ല പ്രബന്ധമാണെങ്കിലും അതിനു രാജരത്നാവലീയത്തിന്റെയോ കൊടിയവിരഹത്തിന്റെയോ ഗുണമുണ്ടെന്നു പറയുവാന്‍ നിവൃത്തിയില്ല. രണ്ടു പദ്യങ്ങളും ഒരു ഗദ്യത്തില്‍നിന്നു ചില വരികളും ചുവടേ ചേര്‍ക്കാം. വിശ്വോത്തരമാധുര്യമായ ഉഷാവര്‍ണ്ണനഗദ്യം പകര്‍ത്തുവാന്‍ സ്ഥലം അനുവദിക്കുന്നില്ല.

1 ഉഷയുടെ കന്ദുകക്രീഡ:
ʻʻമിന്നീടും ഘര്‍മ്മലേശം, മുഹുരിളകിന വാര്‍-
കണ്ഡലം, നീളെ മങ്ങും
കന്നല്‍ക്കണ്‍കോണ്‍, കുലുങ്ങും കുചകലശ,മഴി
ഞ്ഞംസസംസക്തകേശം,
മന്ദം കൊഞ്ചുന്ന പൊന്നിന്‍തരിവള ചില നാ-
ളോമല്‍ പന്താടുമാറു-
ണ്ടന്നേരം കാണ്‍കിലൈന്താര്‍ചരനുമെരിപൊരി-
ക്കൊണ്ടു തണ്ടും പ്രമോഹം.ˮ

2 ബാണനും ശ്രീകൃഷ്ണനുമായുള്ള യുദ്ധം:
ʻʻബാണന്‍തന്‍ ദോസ്സഹസ്രം പ്രകടിതമദമെ-
യ്യുന്ന ബാണങ്ങള്‍ കാണ-
ക്കാണക്കൊണ്ടങ്ങുമിങ്ങും വപുഷി, തലമുകള്‍-
ക്കൊണ്ട കോപാകുലാത്മാ,
മാനീ നാരായണന്‍, തന്നുടലില്‍ ഞെടുഞെട-
ക്കൊള്ളുമാറസ്ത്രശസ്ത്രൈ-
രേനം ത്രൈലോക്യശത്രും പ്രഥനശിരസി വി-
വ്യാധ നിര്‍വ്യാജധാമാ.ˮ

ഗദ്യം, ശിവജ്വരത്തിന്റെ ശ്രീകൃഷ്ണസ്തുതി:

ʻʻപാലാഴിയിലപ്പാമ്പണതന്മേല്‍ നിദ്രാമുദ്രാം പൂണ്ടവനേജയ; ധരണീഭാരം കളവാനായ്ക്കൊണ്ടവനൗ പോന്നു പിറന്നവനേ ജയ; നിഖിലജഗത്തിനു വിത്തായ് മേവിന നിരുപമവൈഭവഭൂമേ ജയ ജയ; ധാതൃജനാദ്ദനശങ്കരമൂര്‍ത്ത്യാ ജഗതീസര്‍ഗ്ഗസ്ഥിതിസംഹാരക്രീഡനകലവി കലര്‍ന്നവനേ ജയ; പരചിന്മയനായ് മുനിജനഹൃദയേ പരിചിതനായ പരമ്പൊരുളേ ജയ; സകലജഗത്ത്രയരക്ഷാദീക്ഷാം പകലിരവിയലിന ഭഗവാനേ ജയ; പങ്കജമാതിന്‍ കൊങ്കയിലിഴുകിന കുംകുമപങ്കാലം കൃതനേ ജയ; ശരണാഗതജനഭരണമിയറ്റും കരുണാവിഹരണ ഭൂമേ ജയ ജയˮ ഇത്യാദി.

കൊടിയവിരഹം

മലയാളഭാഷയിലെ ശൃംഗാരകാവ്യങ്ങളില്‍ കനിഷ്ഠികാധിഷ്ഠിതമെന്നു പറയേണ്ടതു കൊടിയ വിരഹത്തെയാകുന്നു. സംഭോഗശൃംഗാരവും, സര്‍വ്വോപരി അയോഗാവസ്ഥയിലും അതിലും വിശേഷിച്ചു വിരഹാവസ്ഥയിലും വിപ്രലംഭശൃംഗാരവും ഇത്ര ചമല്‍ക്കാരത്തോടുകൂടി പ്രപഞ്ചനം ചെയ്യുന്ന കൃതികള്‍ ഇതരഭാഷകളില്‍പ്പോലും അപൂര്‍വ്വമാണു്. ശൃംഗാരത്തിനു ചില സന്ദര്‍ഭങ്ങളില്‍ സഭ്യമല്ലാത്ത നിലയിലുള്ള ഗ്രാമ്യത കടന്നുകൂടീട്ടുണ്ടെന്നും ഗ്രന്ഥത്തിന്റെ നാലിലൊരംശം പരകീയസൂക്തികളാല്‍ സങ്കീര്‍ണ്ണമാണെന്നും ഇങ്ങനെ രണ്ടു ദോഷങ്ങള്‍ മാത്രമേ പ്രസ്തുത ചമ്പുവിനെപ്പറ്റി പറയേണ്ടതായുള്ളു. പ്രതിജ്ഞായൗഗന്ധരായണം മൂന്നാമങ്കത്തില്‍ (മന്ത്രാങ്കം) ഡിണ്ഡികവേഷധാരിയായ വിദൂഷകന്‍, ചാക്യാന്മാരുടെ കൂടിയാട്ടത്തില്‍

ʻʻദാഹേ തണ്ണീര്‍, കൊടിയ വിരഹേ കാന്തയോടുള്ള സംഗം,
താപോദ്രേകേ തണലപി, തമസ്സങ്കടേ ച പ്രദീപഃ,
പേവെള്ളത്തില്‍പ്പതിതസമയേ തോണിയെന്റേവമാദീ-
ന്യാപല്‍കാലത്തഭിമതസുഹൃല്‍പ്രാപ്തിയോടൊന്നുമൊവ്വാˮ

എന്നൊരു ഭാഷാപദ്യം വിസ്തരിച്ചു് അഭിനയിക്കേണ്ടതായിട്ടുണ്ടു്. ʻʻകൊടിയ വിരഹേ കാന്തയോടുള്ള സംഗംˮ എന്ന ഭാഗം അഭിനയിക്കുന്നതിനു് ഉതകത്തക്കവണ്ണം നായികാനായകന്മാര്‍ ഒരു കാത്യായനീക്ഷേത്രത്തില്‍വെച്ചു തമ്മില്‍ കാണുന്നതും പ്രണയബദ്ധരാകുന്നതുമായ ഒരു കഥയും അതിന്റെ വിവരണത്തിനു വേണ്ട ഗദ്യപദ്യങ്ങളും ആരോ പണ്ടുതന്നെ രചിച്ചുകാണുന്നു. ആ കഥയെ സൂത്രമാക്കിവെച്ചുകൊണ്ടു് അതിനു് ഒരു വിസ്തൃതമായ ഭാഷ്യം കാവ്യരൂപേണ നിര്‍മ്മിക്കുക എന്നുള്ളതാകുന്നു കൊടിയവിരഹകാരന്‍ ചെയ്തിരിക്കുന്നതു്.

ഇതിവൃത്തം

ʻʻമംഗല്യരംഗഭൂമിര്‍മ്മദനമഹാരാജ്യഭാഗ്യപരിപാടീ
ശൃംഗാരചന്ദ്രികാഖ്യാ കാചന കളഹംസഗാമിനീ ജാതാˮ

എന്ന പദ്യംകൊണ്ടു കൊടിയവിരഹം ആരംഭിക്കുന്നു. നായിക ശൃംഗാരചന്ദ്രികയും നായകന്‍ സംഗീതകേതു എന്ന ക്ഷത്രിയയുവാവുമാണു്. കൊടിയവിരഹത്തിലേ ഇതിവൃത്തം ഈഷല്‍ഭേദങ്ങളോടുകൂടി സ്വായത്തമാക്കി മേല്പുത്തൂര്‍ഭട്ടതിരി നിര്‍മ്മിച്ച ഒരു സംസ്കൃതചമ്പുവാണു് കോടിവിരഹം എന്നു് ഇരുപത്തേഴാമധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. നായികയ്ക്കും നായകനും തമ്മില്‍ ശ്രവണമാത്രത്തില്‍ത്തന്നെ അങ്കുരിതമായ അനുരാഗം തൃശ്ശിവപേരൂര്‍ പൂരമഹോത്സവത്തില്‍ ഉണ്ടായ മിഥസ്സന്ദര്‍ശനത്താല്‍ പ്രവൃദ്ധമാകുകയും, തദനന്തരം അവര്‍ ദാമ്പത്യയോഗത്താല്‍ അനുഗൃഹീതരാകുകയും ചെയ്യുന്നു. കാലാന്തരത്തില്‍ ചില ഏഷണിക്കാരുടെ വാക്കു കേട്ടു നായിക നായകനെ ബഹിഷ്കരിക്കുന്നു. അങ്ങനെ തമ്മില്‍ പിരിയേണ്ടിവന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കുണ്ടാകുന്ന വിരഹതാപം മഴമംഗലം സര്‍വസിദ്ധികളും പ്രയോഗിച്ചു സമഞ്ജസമായി വര്‍ണ്ണിക്കുന്നു. ഒടുവില്‍ ആത്യന്തികമായ നൈരാശ്യത്തിനു വശംവദരായി നായികയും നായകനും ഉല്‍ബന്ധനത്തിനു് ഒരുങ്ങുന്നു. ശൃംഗാര ചന്ദ്രിക പ്രമദവനത്തില്‍ പോയി ആത്മഹത്യചെയ്‌വാന്‍ ഒരു പിച്ചകമാല എടുത്തു കഴുത്തില്‍ ചുറ്റിയപ്പോള്‍ അവിടെ അതേ ഉദ്ദേശ്യത്തോടുകൂടി സംഗീതകേതുവും ചെന്നുചേരുന്നു. അപ്പോള്‍ നായകനു നായികയുടെ ʻʻഅര്‍ത്ഥിക്കുന്നേന്‍ വിധാതാവൊടു മുഹുരപി ഞാന്‍ ജന്മജന്മാന്തരേ മേ ഭര്‍ത്താ സംഗീതകേതുര്‍ഭവതു വിധിവശാല്‍ˮ എന്ന അന്ത്യാഭ്യര്‍ത്ഥന കേള്‍ക്കുവാന്‍ ഇടവരികയും ഉടനെ ആ വിരഹി ഓടി അടുത്തെത്തി ʻʻമുഗ്ദ്ധേ ഹാകഷ്ടംˮ എന്നു പറഞ്ഞു നായികയെ പാണിസ്പര്‍ശംകൊണ്ടു പ്രബുദ്ധയാക്കുകയും ചെയ്യുന്നു. ആ വിധത്തിലാണു് അവര്‍ക്കു തമ്മില്‍ പുനസ്സമാഗമം സിദ്ധിക്കന്നതു്.

കവിതാരീതി

കൊടിയവിരഹത്തിലെ കവിതാശൈലി ഗ്രഹിപ്പിക്കാന്‍ മൂന്നു പദ്യങ്ങളും ഒരു ഗദ്യത്തില്‍നിന്നു് ഏതാനും വരികളും ചുവടേ പകര്‍ത്തുന്നു.

1 പ്രേമബദ്ധരായ ദമ്പതികള്‍:
ʻʻഅന്നേരം കാമതന്ത്രപ്രകരണനിപുണൗ
കോമളൗ തൈലസേകൈ-
രന്യോന്യം മെയ്കുളുര്‍പ്പിച്ചിരുവരുമരികേ
ചേര്‍ന്നുനില്ക്കും ദശായാം,
തന്നെത്തന്നേ നിഴല്‍ക്കൊണ്ടതു തരുണതനൗ
നൂനമന്യേതി മത്വാ
കന്നക്കണ്ണാള്‍വശം കെട്ടഴകൊടു കലഹി-
ച്ചീടുമാറുണ്ടകാണ്ഡേ.ˮ

2 മഴക്കാലം
ʻʻആകാശേ കാളമേഘദ്വിരദവരഘടാ-
ബന്ധുരേ ചന്തമേറും
നാകാധീശായുധംകൊണ്ടിനിയ കൊടിമരം
നാട്ടി വര്‍ഷോത്സവാര്‍ത്ഥീ
കൂകും കേകാമണിക്കൊമ്പുകള്‍ നിവിരെ വിളി-
പ്പിച്ചു വിശ്വം മുഴക്കി-
ച്ചാകണ്ഠം തൂകിനാന്‍ വന്നുദകഹവിരസൗ
ഹന്ത! പര്‍ജ്ജന്യദേവന്‍.ˮ

3 വിരഹാര്‍ത്തയായ നായിക സഖികളോടു്:
ʻʻചിത്തജ്ഞേ ചിത്രലേഖേ വിരയെ വരിക നീ
മല്ലികേ വീയു മെല്ലെ;–
ക്കസ്തൂരീമാലികേ വാ! തളി തളി കളഭ-
ച്ചാറു ചാലിച്ചു മേന്മേല്‍;
മുഗ്ദ്ധേ സിന്ദൂരലേഖേ തളിരൊടു തലപൊ-
ത്തീടു; പാടീരധാരാ-
മത്രേ വേണുന്നതയ്യോ! കള കള കളഭം;
കൈ ചുടൊല്ലേ മനോജ്ഞേ.ˮ

ഗദ്യം, വിരഹാര്‍ത്തയായ നായിക സഖികളോടു്:

ʻʻമഴ പെയ്യിപ്പിന്‍ മകരന്ദംകൊണ്ടിരുപുറവും നിന്നാവതു ചെയ്യിന്‍; പനിനീര്‍നദിയില്‍പ്പാഞ്ഞുകുളിക്കിന്‍ പാതി ശമിക്കും പതിതാപം മേ; മലയത്തെന്നല്‍ മഹാവിഷമെന്നാള്‍, മധുകരവൃന്ദം മയില്‍വാളെന്നാള്‍; കുരവകകുസുമം കൂരമ്പെന്നാള്‍, കുളിരും കളഭം കനല്‍നിരയെന്നാള്‍; ചന്ദനപങ്കം കൊടുവിഷമെന്നാള്‍, ചന്ദ്രമയൂഖം ചെങ്കനലെന്നാള്‍; പനിനീര്‍ത്തുള്ളി പെരുമ്പനിയെന്നാള്‍, സംഗീതം മേ സങ്കടമെന്നാള്‍; കര്‍പ്പൂരപ്പൊടി കടുവായെന്നാള്‍, ചേമന്തികയെച്ചെമ്പുലിയെന്നാള്‍; കസ്തൂരിക്കളി കാലനിതെന്നാ, ളന്തിവരുമ്പോളന്തകനെന്നാള്‍ˮ ഇത്യാദി.

ദാമോദരച്ചാക്കിയാരുടെ കാലത്തിനുമേല്‍ അപൗരാണികമായ കഥാവസ്തുവിനെ ആശ്രയിച്ചു് ഇദംപ്രഥമമായി രചിച്ചിട്ടുള്ള രണ്ടു പ്രധാനഭാഷാചമ്പുക്കള്‍ രാജരത്നാവലീയവും കൊടിയവിരഹവുമാകയാല്‍ അവയുടെ പ്രണേതാവു നമ്മുടെ സവിശേഷമായ ആദരത്തെ അന്യോപാധികളുടെ അഭാവത്തില്‍പ്പോലും സമഗ്രമായി അര്‍ഹിക്കുന്നു.

ബ്രാഹ്മണിപ്പാട്ടുകള്‍

ബ്രഹ്മണിമാര്‍ (പുഷ്പകസ്ത്രീകളില്‍ ഒരു വര്‍ഗ്ഗക്കാര്‍) ഭഗവതീ ക്ഷേത്രങ്ങളിലും നായന്മാരുടെ ഗൃഹങ്ങളില്‍ ഭഗവതീസേവ സംബന്ധിച്ചും, താലികെട്ടുകല്യാണത്തിന്റെ ഒരു ചടങ്ങെന്ന നിലയിലും പാടി വന്നിരുന്ന പാട്ടുകളാണു് ബ്രാഹ്മണിപ്പാട്ടുകള്‍. പണ്ടു് ആ ഇനത്തില്‍പ്പെട്ട പാട്ടുകള്‍ക്കു് പ്രചുരമായ പ്രചാരമുണ്ടായിരുന്നു; ഇന്നും അവ ആകമാനം അസ്തമിതങ്ങളായി എന്നു പറയാവുന്നതല്ല. ബ്രാഹ്മണിപ്പാട്ടുകളില്‍ ചില ഭാഗങ്ങള്‍ തനിഗ്ഗദ്യങ്ങളായും മറ്റു ചിലവ പദ്യഗന്ധികളായും കാണപ്പെടുന്നു. കേവലഗദ്യങ്ങള്‍ താരതമ്യേന അര്‍വാചീനങ്ങളാണു്. പദ്യഗന്ധികളായ ഭാഗങ്ങള്‍ പ്രായേണ ചമ്പുക്കളിലെ ʻʻഹര ഹര ശിവ ശിവ ചിത്രം ചിത്രം നിഷധനൃപാന്വയമകുടീരത്നംˮ എന്ന രീതിയില്‍ തരംഗിണീവൃത്തത്തിന്റെ മട്ടില്‍ ചൊല്ലേണ്ടവയാണു്. ബ്രാഹ്മണിമാര്‍ ചൊല്ലുമ്പോള്‍ അവയ്ക്കു പ്രത്യേകമായി ഒരുമാതിരി നീട്ടലും ഈണവും ഉണ്ടാകും; അതില്‍ വേദോച്ചാരണത്തിന്റെ ഛായയുണ്ടെന്നാണു് വയ്പ്. അങ്ങനെ വേദാനുകാരിയായ സ്വരത്തില്‍ അത്തരത്തിലുള്ള പാട്ടുകള്‍ പാടുവാന്‍ അധികാരമുണ്ടായിരുന്നതുകൊണ്ടായിരിക്കാം ആ ഗായികകള്‍ക്കു ബ്രാഹ്മണിമാര്‍ എന്ന പേര്‍ ജനസമുദായത്തില്‍നിന്നു സിദ്ധിച്ചതു്. ബ്രാഹ്മണിപ്പാട്ടുകള്‍ മഴമംഗലത്തിന്റെ കാലത്തിനു മുന്‍പും ഉണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല. എന്നാല്‍ ആ ആവശ്യത്തിലേക്കു രസനിഷ്യന്ദികളായ ചില കൃതികള്‍ ആദ്യമായി നിര്‍മ്മിച്ചു സമ്മാനിച്ചതു് അദ്ദേഹമായിരുന്നു; അവയ്ക്കു തൃശ്ശൂരിലും സമീപപ്രദേശങ്ങളിലുമാണു് അധികം പ്രചാരം. ചില ഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു.

പീഠികകളാണു് സാധാരണയായി കേവലഗദ്യരൂപത്തില്‍ കാണുന്നതു്. അടിയില്‍ ചേര്‍ക്കുന്നതു രാസക്രീഡയുടെ പീഠികയിലുള്ള ഒരു ഭാഗമാകുന്നു.

രാസക്രീഡ

ʻʻഎങ്കിലോ പണ്ടു പങ്കജാക്ഷന്‍ പാലാഴിതന്നില്‍ പന്നഗേന്ദ്രനായിരിക്കുന്ന പര്യങ്കത്തിന്മേല്‍ പങ്കജമാതിനോടും മേദിനീദേവിയോടുംകൂടിസ്സുഖിച്ചു പള്ളിക്കുറുപ്പുകൊണ്ടുവല്ലോ. അക്കാലത്തു പാര്‍ത്ഥിവന്മാരായിപ്പിറന്ന ദൈത്യവീരന്മാരെച്ചുമക്കരുതാഞ്ഞു ഖിന്നയായ ക്ഷോണീദേവി ഗോരൂപത്തെ അവംലബിച്ചു പങ്കജജന്മാവിനോടു ചെന്നു തന്റെ ദുഃഖങ്ങളെയെല്ലാം അറിയിപ്പൂതും ചെയ്തുവല്ലോ. അതു കേട്ടോരു വിരിഞ്ഛനും തിരുനീലകണ്ഠനും നിലിമ്പജനങ്ങളോടുംകൂടി ക്ഷീരാംബുരാശിയുടെ തീരഭാഗത്തെ പ്രാപിച്ചു പരന്‍പുരുഷനെ പുരുഷസൂക്തം ചൊല്ലി സ്തുതിപ്പൂതും ചെയ്തുവല്ലോ.

ഇതു കൊല്ലം എട്ടാംശകത്തിലെ ഭാഷയല്ലെന്നും ഇതിന്റെ പ്രണേതാവു മഴമംഗലമല്ലെന്നും തീര്‍ച്ചയായി പറയാം. എന്നാല്‍ പദ്യഗന്ധിയായ ഭാഗത്തിന്റെ സ്ഥിതി അതല്ല. നോക്കുക:

ʻʻയദുകുലനാഥന്‍ മദനമനോഹരനരുണാധരികളൊടിട ചേര്‍ന്നേറ്റം ക്രീഡിപ്പാനായ് മുതിരുന്നേരം മലരിടെ മരുവിന മധുകരപടലികള്‍ മധുപാനം ചെയ്താനന്ദിച്ചും മധ്യേകാന്തനു നല്കിയുമുടനേ ഗാനംചെയ്തു തുടങ്ങിയിതല്ലോ. (1)

തേന്മാവിന്മേലാമ്മാറൊക്കെക്കൂടിയിരുന്നക്കോകില കോമളവാണികള്‍ നിരവേ പഞ്ചമരാഗം മഞ്ജുളഗീതം പാടിപ്പാടിപ്പഞ്ചായുധനൊരു പടവിളിപോലേ നിഖിലദിഗന്തേ പുടപുഴങ്ങിത്തുടങ്ങിയല്ലോ. (2)

ചെമ്പകവിടപികള്‍കൊമ്പുകള്‍തോറും മൊട്ടുകള്‍കണ്ടാല്‍ വനദേവതമാര്‍ വനമാലിയുടേ വരവും പാര്‍ത്തു നിബദ്ധാഭോഗം തങ്ങള്‍ നിരത്തിയ ദീപാവലിയെന്നേ തോന്നുമല്ലോ. (3)

കാറ്റേറ്റിളകിന തളിര്‍നിര കണ്ടാല്‍ പുതിയ ലതാമധുവാണികളപ്പോള്‍ മാധവനെക്കണ്ടിവിടെയെഴുന്നള്ളേണമിദാനീം ജന്മഫലം നല്കേണം ഞങ്ങള്‍ക്കെന്നുരുമോദാല്‍ കൈകാട്ടി വിളിക്കുന്നിതോയെന്നേ തോന്നുമല്ലോ.ˮ (4)

മറ്റു ബ്രാഹ്മണിപ്പാട്ടുകളുടെ മാതൃകകൂടി കാണിക്കാം.

വിഷ്ണുമായാചരിതം

ʻʻകാഞ്ചനകന്ദുകമിടയിലടിച്ചും വാഞ്ഛ മഹേശ്വരമനസിവളര്‍ത്തും പഞ്ചശരവ്യഥ ചാരു നടിച്ചും ചഞ്ചലമഞ്ജുളകുണ്ഡലയുഗളം ഗണ്ഡതലങ്ങളില്‍ മന്ദമലച്ചും പൂഞ്ചായല്‍ത്തിരുകഴികിലഴിഞ്ഞും കിഞ്ചിലുദിക്കും പുഞ്ചിരിയെന്നും നവനവസുധയില്‍പ്പരിമേളിച്ചും കേളീഗണനമനോഹരമായൊരു വചനം കൊണ്ടും ശോഭിപ്പിക്കും കപടമൃഗാക്ഷിയെയഭിനവലക്ഷ്മിയെയഴകൊടു കണ്ടു സുഖിച്ചരുളീ പുരഹരനോˮ (1)

ʻʻകളവായുള്ളൊരു കളവാണി മുദാ കളധൗതമയം പന്തുമടിച്ചുകളിച്ചീടുന്നളവളവില്ലാതൊരു കുളുര്‍തെന്നലു വന്നുടനുടനുടയിലിളക്കുന്നതു കണ്ടനവധി ശിഥിലം മൃദുലതരാം ശുകമിഴിയുമിതെന്നതു തോന്നുംവണ്ണം മഹിളാകുലമണി നാണംകൊണ്ടത്തിരുമുഖകമലം താഴ്ത്തിപ്പരിചൊടു തരുമൂലങ്ങളിലഴകിലൊളിച്ചു മുറപ്പിലുടുത്തും ചന്ദ്രാഭരണസമീപത്തിങ്കല്‍ത്തൃക്കണ്‍പാര്‍ത്തും പലതരമിത്ഥം മുഗ്ദ്ധാക്ഷിയുടേ മുഗ്ദ്ധവിലാസമഹോത്സവമൊന്നില്‍ത്തന്നെ നിതാന്തം മഗ്നനതായിച്ചമഞ്ഞരുളീ പുരഹരനോˮ (2)

തിരുനൃത്തം

ഏറ്റവും മനോഹരമായ ഒരു ഗാനമാണു് പാര്‍വതീദേവിയുടെ നൃത്തത്തെ ചിത്രണം ചെയ്യുന്ന ഈ കൃതി.

ʻʻജയ ജയ ഭഗവതി, നീലക്കാര്‍മുകില്‍മാലയിതെന്നും, നിറമെഴുമഞ്ജനപര്‍വതമെന്നും, നീലിമകോലിന ശൈവലമെന്നും, വിലസിന പീലിപ്പുറകളിതെന്നും, വിഷമശരന്റേ പൂന്തഴയെന്നും, മണിവായ്മലരാമന്തിപ്രഭയും, തിരുമുഖമാകിന ചന്ദ്രപ്രഭയും, മന്ദസ്മിതമാം പുതിയ നിലാവും, മുന്നില്‍ക്കണ്ടു ഭയപ്പെട്ടോടിക്കൂട്ടംകെട്ടിപ്പിന്നിലൊളിച്ചു പുരണ്ടു തിരണ്ടു ചുരുണ്ടുകിടക്കും കൂരിരുളെന്നേ തോന്നിച്ചീടും പുരികുഴലഴിക, പ്പുതുമലര്‍മാലകള്‍ ചിന്നിച്ചിതറ,ത്തിരുനൃത്തമുടയോവേദേവി, നിന്തിരുവടിയെ ഞാന്‍ സ്തുതിക്കുന്നേന്‍ˮ (1)

ʻʻജയ ജയ ഭഗവതി, പമ്പരമെന്നും പന്തെന്നും ചിലര്‍ പൂമൊട്ടെന്നും, പട്ടെന്നും ചിലര്‍ പൊന്മലയെന്നും, പൊന്‍ചൂതെന്നും, നറുമലര്‍വിശിഖന്നഭിഷേകത്തിനു നിര്‍മ്മിച്ചീടിന രത്നമണിക്കലശങ്ങളിതെന്നും ബഹുവിധമമ്പൊടു ചൊല്ലിച്ചേറ്റം മത്തഗജേന്ദ്രനൊടെത്തി മറുത്തും മസ്തകഗിരിയൊടു പോരിനെതിര്‍ത്തിട്ടങ്കംവെട്ടിപ്പരിവട്ടംകൊണ്ടഴകൊടു തങ്ങളില്‍ വിങ്ങിത്തിങ്ങിപ്പൊങ്ങി വളര്‍ന്നു മുലക്കച്ചിനെയും പൊട്ടിച്ചനിശം പീനതകൊണ്ടേ മാറിനു മേലിലെടുക്കരുതാതേ വരുമിനിയെന്നൊരു ശങ്കവളര്‍ക്കും ചാന്താരിളമുല ചാരുകുലുങ്ങത്തിരുനൃത്തമുടയോവേ ദേവീ, നിന്തിരുവടിയെ ഞാന്‍ സ്തുതിക്കുന്നേന്‍ˮ (2)

ദാരുകവധം

ഇതില്‍ കേവല ഗദ്യാംശം ഒടുവിലാണു് കാണുന്നതു്. ആ അംശവും തരക്കേടില്ല. കവിതയ്ക്കു തിരുനൃത്തത്തിന്റേയും മറ്റും ഗുണമില്ല.

ʻʻദാരുകനങ്ങു പിറന്നു ധരിത്രിയില്‍ വീണപ്പൊഴിതേ കാലുകുടഞ്ഞു കരഞ്ഞൊരു നേരം മലകള്‍ കുലുങ്ങീ, ജലധി കലങ്ങീ, സകല ജനങ്ങലുമൊന്നു നടുങ്ങീ, ദേവകള്‍ സ്വര്‍ഗ്ഗത്തിങ്കേന്നോടീ, ദിക്‍പാലന്മാരോടിയോളിച്ചൂ, വലിയ കൊടുങ്കാറ്റിളകിമറിഞ്ഞൂ, വന്മരപംക്തികള്‍ വീണുതകര്‍ന്നൂ, ചന്ദ്രാദിത്യന്മാര്‍ക്കും പെരിയൊരു പരിവേഷം പോന്നുണ്ടാവൂതും ചെയ്തുവല്ലോ.ˮ (1)

ʻʻസ്ത്രീകളുടെ കയ്യാല്‍ക്കൊലപെടുവാനെളിയോരുത്തന്‍ ഞാനല്ലെന്നറിഞ്ഞാലും സ്വാമീമാ. നാരികളെല്ലാമെന്നെക്കണ്ടാല്‍ കാറ്റത്തോടിന കരിയിലപോലെ പേടിച്ചോടിയൊളിപ്പവരല്ലോ സ്വാമീമാ. മേന്മയില്‍ മരുവിന പെണ്‍മാന്മിഴിമാര്‍ തന്നെക്കൊല്ലുവരെന്ന ഭയത്താല്‍ നാന്മുഖനോടു വരം കൊണ്ടാന്‍പോല്‍ ദാരുകനെന്നതു വിണ്ണവര്‍ കേട്ടാലെല്ലാനാളും നമ്മെക്കൊണ്ടു ചിരിപ്പോരെല്ലോ സ്വാമീമാ. ഉമ്പര്‍പിരാനേ കേട്ടരുളേണം പെണ്‍പടയൊന്നും പടയല്ലെന്നും പണ്ടേയുണ്ടു പഴഞ്ചൊല്ലെന്നാല്‍ നാണംകെട്ട വരങ്ങള്‍ വരിപ്പാനാണല്ലാത്ത ജനങ്ങളൊടേയരുളിച്ചെയ്യേണ്ടൂ ഞാനല്ലേയിതു മാനികളാമസുരന്മാര്‍ ഞങ്ങളിലൊരുവനുമിത്തൊഴില്‍ കൈക്കൊള്ളായിനി എന്നുതറിഞ്ഞാലും സ്വാമീമാ.ˮ (2)

ഗദ്യം
ʻʻഅപ്പൊഴോ എന്റെ ഭഗവതിയുടെ പാദക്ഷോദംകൊണ്ടു ഭൂമി താഴുകയും ഉയരുകയും തുടങ്ങിയല്ലോ. ആയിരം തിരുമുഖങ്ങളോടും മൂവായിരം തിരുനയനങ്ങളോടും എണ്ണായിരം തിരുബാഹുക്കളോടുംകൂടി ഇരുന്നരുളിനാളെന്റെ ഭഗവതിയോ, വെളുത്തു വളഞ്ഞു വെണ്‍മതിത്തെല്ലുപോലെ അതിദര്‍ശനീയങ്ങളായിരിക്കുന്ന ദംഷ്ട്രകളോടുംകൂടിയിരുന്നരുളിനാളെന്റെ ഭഗവതിയോ … പാമ്പുകൊണ്ടും ചിലമ്പുകൊണ്ടും അലങ്കരിച്ചിരുന്നരുളിനാളെന്റെ ഭഗവതിയോ … പെരിയഴകിയോന്ന പള്ളിപ്പൂവാടയെടുത്താദരവോടു കൊടുത്തരുളീ പുരവൈരിഭഗവാനോ. പള്ളിപ്പൂവാട പരിചോടേ ചാര്‍ത്തിനാളെന്റെ ഭഗവതിയോ. നിന്റെമുഖങ്ങളും നയനങ്ങളും ബാഹുക്കളുമൊട്ടു ചുരുക്കിക്കളയണം മകളേമാ … തിരുനീലകണ്ഠരു തെളിഞ്ഞു തിരുമടിയില്‍ വച്ചു ശ്രീഭദ്രകാളിയെന്ന തിരുനാമപ്പേരും വിളിച്ചരുളീ പുരവൈരി ഭഗവാനോ. കണ്ടന്‍കാളിയെന്നാരോമല്‍പ്പോരും വിളിച്ചരുളീ പുരവൈരിഭഗവാനോ,ˮ

പാര്‍വതീസ്തുതി, പാദാദികേശവും, കേശാദിപാദവും

ഇവ രണ്ടും ഒന്നാംതരം കൃതികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തത്തക്കവയാണു്.

ʻʻവാരിജനവദലചാരുത കവരും തിരുവിരല്‍നിരതന്നരുണിമ ചെമ്മേ നിരവധി നീളെ നിറന്നതു കണ്ടൊരു മൃദുതര പദതലമഴകൊടുവയ്പാന്‍ തളിര്‍നിര നീളെ നിരത്തിയപോലെ ശോഭിച്ചീടിന ധരണീദേശേ കൃതരിപുനാശേ, ഭഗവതി ജയ ജയˮ (1)

ʻʻവദനസരോരുഹസാമ്രാജ്യശ്രീമണിപീഠത്തിലിരുന്നരുളീടും നറുമലര്‍ബാണന്നുപരി പിടിപ്പാന്‍ നിരുപമനീലമണിത്തഴപോലേ, ഫാലവിലോചന ധൂമസമൂഹം കിഞ്ചനപൊങ്ങി വിളങ്ങുംപോലെ, കാളിന്ദീജലധോരണിപോലെ, കാളവലാഹകപാളികള്‍പോലെ, നീലസരോരുഹമാലകള്‍പോലേ, മേളം ചേര്‍ന്നിടതിങ്ങി മടങ്ങിപ്പിന്‍കാലോളമിടഞ്ഞു സുരദ്രുമനറുമലരിന്നും പരിമളവിഭവം ചെറുതു കൊടുപ്പാനെന്ന കണക്കേ, പരിചിലണഞ്ഞ മണങ്ങളിണങ്ങിന ഘനകചഭാരേ, ഹൃതഭൂഭാരേ, ഭഗവതി ജയ ജയˮ (2) (പാദാദികേശം)

ʻʻതിരുമുഖമായൊരു സരസിരുഹത്തില്‍ പരിമളവിഭവം പെരുകിപ്പെരുകിപ്പരമരസംപൂണ്ടരികില്‍ വസിക്കുമൊരളിനിരയഴകില്‍ വിളങ്ങുംപോലേ, നിരുപമമായൊരു കുറുനിര തടവും കുലഗിരിതനയേ ഗുണഗണനിലയേˮ (1)

ʻʻഇളമതിയേറ്റം വിളിപണി നിത്യം തെളിവൊടു ചെയ്തെഴുമളികതലേ ചേര്‍ന്നൊളിവൊടു വിലസിന നിഖില മനോഹരമൃഗമദതിലകേ, മുദുതനുലതികേˮ (2)

ʻʻനറുമലര്‍ബാണന്‍കുലചിലയോടും നിരുപമവാപീചെറുതിരയോടും ചെറുതു പിണങ്ങിത്തിറയും വാങ്ങി ത്രിഭൂവന ജനനപരിത്രാണാദികള്‍ പരിചൊടു തടവും പുരികലതാന്തേ പുരരിപുകാന്തേˮ (കേശാദിപാദം) (1)

സതീപരിണയം

ഇതും വിശിഷ്ടമായ ഒരു ഗാനം തന്നെ.

ʻʻഅണിമണിയറയിലകംപുക്കഴകിനൊടണിമൃ ദുശയ്യാസവിധേ ചെന്നുടനതുമിതുമോരോസരസവിശേഷാനരുവയര്‍മണിയോടരുളിച്ചെയ്തഥ നില്‍ക്കുന്നേരം മനസി മുഴുത്തൊരു മന്മഥപീഡ പുറത്തുപുറപ്പെട്ടഖിലാംഗങ്ങളിലംകൂരിക്കുന്നതു കണ്ടപ്പോളഭിമതസഖിമാരതുമിതുമോരോ വ്യാജത്തോടുടനവരവര്‍ പോവതിനായുന്നേരത്തവരൊടുകൂടിപ്പോവതിനും പുനരഭിമതദയിതനൊടരികേ ചേര്‍ന്നുടനനുഭവസരണികള്‍ തേടുവതിന്നും, രണ്ടിലുമാഗ്രഹമുള്‍ക്കൊണ്ടീടുമൊരാകുലഭാവമണിഞ്ഞരുളീടും ദയിതാവദനം പരിചിതമദനം പരിചൊടു കണ്ടു സുഖിച്ചരുളീ ഭഗവാനോˮ

നൃഗമോക്ഷം

ʻʻനൃഗമോക്ഷംˮ എന്നൊരു ബ്രാഹ്മണിപ്പാട്ടുകൂടി അച്ചടിച്ചു കണ്ടിട്ടുണ്ടു്. ആ പാട്ടിനു മഴമംഗലത്തിന്റേതാവാനുള്ള യോഗ്യത അശേഷമില്ല. അതു് അജ്ഞാതനാമാവായ ആരുടേയോ കൃതിയാണു്. ʻʻഇരുവരെയും ഞാനനുസരണംചെയ്താവതിരന്നേന്‍ പകരമിതിന്നൊരു പതിനായിരമൊരു ഗോക്കളില്‍ നല്ലവ നല്കീടാമെന്നേവം ചൊല്ലിപ്പിന്നാലേ ചെന്നടിയിണകൂപ്പിവണങ്ങും നേരത്തേതുമതിന്നവര്‍ കൂട്ടാക്കാതേ ചാടിപ്പോയാരാടല്‍പ്പെട്ടൊരു വിപ്രവരന്മാര്‍ ഭഗവാനേˮ എന്നീ വരികള്‍ ആ കൃതിയുടെ സ്വരൂപമെന്തെന്നു കാണിക്കുവാന്‍ മതിയാകുന്നതാണു്. മഴമംഗലത്തിന്റെ കാലത്തിനു മുന്‍പുള്ള ബ്രാഹ്മണിപ്പാട്ടുകളൊന്നും നമുക്കു കിട്ടീട്ടില്ല. പിന്‍കാലത്തു ലക്ഷ്മീസ്വയംവരം, സുഭദ്രാഹരണം മുതലായി ആ ഇനത്തില്‍ അനേകം ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ടു്. ഒരു സഹൃദയന്റെ ശ്രദ്ധയെ ആകര്‍ഷിക്കത്തക്ക കാവ്യഗുണം അവയ്ക്കില്ല;

അവയുടെ പ്രണേതാക്കന്മാരെപ്പറ്റി യാതൊന്നും അറിവാനും മാര്‍ഗ്ഗമില്ല.

ഇത്രയുമുള്ള വിവരണത്തില്‍നിന്നു മഴമംഗലം നാരായണന്‍നമ്പൂരി സംസ്കൃതത്തെയെന്നപോലെ ഭാഷയേയും, വേദശാസ്ത്രങ്ങളെയെന്നപോലെ കാവ്യകലയേയും ഉപാസിച്ചിരുന്നു എന്നു വിശദമാകുന്നു. ഭാഷാസാഹിത്യത്തിലെ ജാജ്വല്യമാനമായ ഒരു ജ്യോതിഷ്‌പ്രകാണ്ഡമാണു് ആ വശ്യവചസ്സു്.

കൊച്ചി രാമവര്‍മ്മമഹാരാജാവു്

ʻകാശിക്കെഴുന്നള്ളിയതമ്പുരാന്‍ʼ എന്ന പ്രശംസയ്ക്കു വിഷയീഭൂതനും രാജരത്നാവലീയം ചമ്പുവിലെ നായകനുമായ രാമവര്‍മ്മമഹാരാജാവിനെപ്പറ്റി അനുവാചകന്മാര്‍ അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങള്‍ ഇതിനുമുന്‍പു് ഉപന്യസ്തങ്ങളായിട്ടുണ്ടു്. ആ മഹാരാജാവിന്റെ കൃതിയാണു് ʻരാസക്രീഡʼ എന്ന മണിപ്രവാളകാവ്യമെന്നു് ഏറെക്കുറെ അനുമാനിക്കാവുന്നതാണു്. ആ കാവ്യത്തിന്റെ ഒടുവില്‍

ʻʻമാടരാജവദനാംബുജത്തിലഴകോടു വന്നുദിതമാകുമീ
ഗുഢമാനുഷകഥാമൃതം ബത! മണിപ്രവാളകൃതബന്ധനം
ഈടണഞ്ഞ ദുരിതാധി തീര്‍പ്പതിനുമഞ്ജസാ ഹരിപാദംബുജം
തേടുവാനുമിവ കേട്ടുകൊള്‍വിനിതു രാസകേളിപരിമേളിതംˮ

എന്നൊരു ശ്ലോകം കാണുന്നതില്‍നിന്നു് അതിന്റെ പ്രണേതാവു കൊച്ചി രാജാക്കന്മാരില്‍ അന്യതമനാണെന്നു വ്യക്തമാകുന്നുണ്ടല്ലോ. ഭാഷാരീതി നോക്കിയാല്‍ കൊല്ലം എട്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണു് പ്രസ്തുത കൃതിയുടെ പ്രാദുര്‍ഭാവമെന്നു സങ്കല്പിക്കുന്നതില്‍ അപാകമില്ല. ഭട്ടതിരിയുടെ നാരായണീയത്തിലെ രാസക്രീഡാവര്‍ണ്ണനത്തെ അനുകരിച്ചു കവി തിരഞ്ഞെടുത്തിരിക്കുന്ന വൃത്തം കുസുമമഞ്ജരിയാണെന്നു മാത്രമല്ല ഭട്ടതിരിയുടെ ചില പദങ്ങളും ആശയങ്ങളും സ്വാധീനമാക്കീട്ടുമുണ്ടു്. ആ വഴിക്കു നോക്കിയാലും കൊല്ലം 762-ആമാണ്ടിനു മേലാണു് രാസക്രീഡയുടെ രചനയെന്നു വന്നുകൂടുന്നു.

രാസക്രീഡ അക്ലിഷ്ടമധുരമായ ഒരു കാവ്യമാകുന്നു. അതിലെ ശബ്ദസൗന്ദര്യം പ്രശംസാവഹമായിരിക്കുന്നു. ആകെ 137 ശ്ലോകങ്ങളുണ്ടു്. കുസുമമഞ്ജരി ദ്രാവിഡസാഹിത്യത്തില്‍ നിന്നു സംസ്കൃതസാഹിത്യം സ്വീകരിച്ച അനേകം വൃത്തങ്ങളില്‍ ഒന്നാണു്. സംസ്കൃതത്തില്‍ സംക്രമിക്കുമ്പോള്‍ ആവൃത്തം ദ്രാവിഡത്തിനു സഹജമായ ശ്ലഥബന്ധത പരിത്യജിച്ചു ദൃഢബന്ധമായി പരിണമിക്കുന്നു എന്നു മാത്രമേ വിശേഷമുള്ളു. തന്നിമിത്തം അതിനു ʻവൃത്തഭേദംʼ എന്നൊരു പേര്‍ ഭാഷാകവികള്‍ നല്‍കിക്കാണുന്നു. രാസക്രീഡയിലും 136-ആമത്തെ ശ്ലോകത്തില്‍ ʻʻവൃത്തഭേദമിതു ഭക്തിപൂണ്ടു ഹൃദയത്തിലാക്കിˮ എന്നൊരു പ്രയോഗമുണ്ടു്. രണ്ടു ശ്ലോകങ്ങള്‍ ചുവടേ പകര്‍ത്തുന്നു:

ʻʻഉണ്ടിരുന്നവളൊരുത്തിയമ്മധുരഗീതമമ്പിനൊടു കേട്ടുടന്‍
മണ്ടിനാളതു വെടിഞ്ഞു മാധവസമീപസീമ്നി മദനാതുരാ;
കൊണ്ടല്‍വര്‍ണ്ണമധുരസ്വരം ചെവിയിലേറ്റനേരമൊരു കാമിനീ
മണ്ടിനാളഥ തടാകമാര്‍ന്നു കുളിതങ്ങിനോരളവു മോഹിതാ.

ബാലകന്നു മുലനല്കുവാന്‍ മടിയില്‍ വച്ചുകൊണ്ടു് തുടരുന്നനാള്‍
ബാലികാ മധുരഗീതമാര്‍ന്നതു വെടിഞ്ഞു പാഞ്ഞിതു വനാന്തരേ;
ചാല മറ്റൊരുവളഞ്ജസാ നിജവിഭൂഷണങ്ങളണിവാന്‍ തുനി-
ഞ്ഞാലയത്തില്‍ മരുവുംവിധൗ രഭസമോടിനാള്‍ മുരഹരാന്തികം.

സാമാന്യജനങ്ങള്‍ക്കു രസിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള രാസക്രീഡയില്‍ കവിക്കു പാണ്ഡിത്യപ്രകടനാഭിലാഷം അശേഷമില്ലെന്നു മാത്രമല്ല, ʻകുലവധൂന്ʼ (കുലവധുവിനു്) എന്നും മറ്റുമുള്ള ചില വിലക്ഷണപ്രയോഗങ്ങള്‍ കടത്തിവിടുന്നതിനു സങ്കോചവുമില്ല.

നീലകണ്ഠന്‍നമ്പൂരി

ചമ്പുകാരന്‍, ദേശകാലങ്ങള്‍

രാമവര്‍മ്മമഹാരാജാവിന്റെ അനന്തരഗാമിയായി മേല്പത്തൂര്‍ ഭട്ടതിരിയുടെ പ്രശംസയ്ക്കു പാത്രീഭവിച്ചു് കൊല്ലം 776 മുതല്‍ 790 വരെ കൊച്ചിരാജ്യം പരിപാലിച്ച വീരകേരളവര്‍മ്മമഹാരാജാവിന്റെ ആശ്രിതനും ആസ്ഥാനപണ്ഡിതനുമായി നീലകണ്ഠന്‍ എന്ന പേരില്‍ ഒരു നമ്പൂരി ജീവിച്ചിരുന്നു. മഴമംഗലത്തെപ്പോലെ അദ്ദേഹവും പ്രാമാണികനായ ഒരു ഭാഷാചമ്പൂകാരനാകുന്നു. നീലകണ്ഠകവി എന്ന നാമധേയത്തിലാണു് അദ്ദേഹത്തെ സഹൃദയന്മാര്‍ കൊണ്ടാടിവരുന്നതു്. നീലകണ്ഠന്‍ തന്നേയും തന്റെ മഹാരാജാവിനേയും പറ്റി ചിലതെല്ലാം തെങ്കൈലനാഥോദയം ചമ്പുവില്‍ പ്രസ്താവിച്ചിട്ടുണ്ടു്. ആ ശ്ലോകങ്ങള്‍ താഴെ ഉദ്ധരിക്കാം:

ʻʻഅനന്തരമനന്തരായരമണീയനാനാഗുണ-
പ്രഭാവജിതരാഘവോ വിഹിതലാഘവോ വൈരിണാം
ശശാസ വിധിവന്മഹീം ഗുണമഹീയസീം പൂരയന്‍
യശോ ജഗതി വീരകേരള ഇതി പ്രതീതോ നൃപഃ.

നിത്യം ദ്വീപാന്തരേഭ്യഃ പ്രഹരണപുരുഷൈ-
രാഹൃതൈസ്തര്‍പ്പയന്നേ-
വാര്‍ത്ഥൈരുത്സാര്യ ദൂരം ക്ഷിതിസുരവരദൗര്‍-
ഗ്ഗത്യമുദ്രാപിശാചീം
യോദ്ധും ന വ്യാധികാരാദരിഭിരധികനിര്‍-
വ്യൂഢസര്‍വാഭിസാരൈ-
സ്സാര്‍ദ്ധം സര്‍വത്ര യുദ്ധോത്സവമഹഹ ചിരാ-
ദന്വഭൂദുന്നതാത്മാ.

സോയം നിശ്ശേഷവിദ്യാനിപുണമതിരുപാ-
ലിംഗിതോ വീരലക്ഷ്മ്യാ
മായംകൂടാതെ മാനാംബുധി വിമതഭടൈ-
ര്യുദ്ധബദ്ധാഭിയോഗൈഃ
ആവിര്‍വൈരം പടയ്ക്കായ് വൃഷപുരിയിലെഴു-
ന്നള്ളുമക്കാലമുച്ചൈ-
രാബദ്ധാഡംബരം മേന്മയൊടൊരു ശിവരാ-
ത്ര്യുത്സവം പ്രാദുരാസീല്‍

വീരാണാം മണിവീരകേരളനൃപന്‍ ദിവ്യോത്സവേ ചെന്നസൌ
നേരേ ശൂരഭടാവലീകളകളവ്യാലോളിതാശാന്തരം
ഗൗരീനേത്രചകോരപാര്‍വണശരച്ചന്ദ്രം പ്രണമ്യ പ്രഭും
വാരാളും വൃഷഭാലയേ സഹൃദയൈരുള്‍ച്ചേര്‍ന്നിരുന്നീടിനാന്‍.

വാര്‍മെത്തീടുന്ന വിദ്വജ്ജനനിഗദികൈ-
ലാസനാഥപ്രഭാവ-
ശ്രീമാഹാത്മ്യങ്ങള്‍ കേട്ടും പ്രകടിതരുചിക-
ണ്ടും പ്രസന്നാന്തരാത്മാ
ധീമാനല്പസ്മിതം ചെയ്തഖിലസദസി ചെ-
ല്ലൂരപൂര്‍ണ്ണത്രയീശ-
ശ്രീമല്‍കാരുണ്യപാത്രം കവിമഴകിനൊടാ-
ദിഷ്ടവാന്‍ പ്രൌഢവാചാ.

വിദ്യാവല്ലഭ, നീലകണ്ഠ, സുകവേ, ചെല്ലൂരനാഥോദയം
ചിത്രം പണ്ടു കൃതം, പുനശ്ച രചിതം നാരായണീയം ത്വയാ;
അദ്യൈവാരഭതാം ഗിരാ മമ ഭവാന്‍ തെങ്കൈലനാഥോദയ-
പ്രത്യഗ്രാഖ്യ കലര്‍ന്ന ബന്ധുരഗുണം ബന്ധം പ്രബന്ധോത്തമം.

ഇത്ഥം നിയുക്തഃ കുരുഭൂമിഭര്‍ത്ത്രാ
ഭദ്രാചലക്ഷേത്രമഹത്വമാന്യം
ഹൃദ്യം കളോദാരമണിപ്രവാളൈ-
ശ്ചിത്രസ്ഫുടാര്‍ത്ഥം വിദധേ പ്രബന്ധംˮ

ഈ പദ്യങ്ങളില്‍നിന്നു വീരകേരളവര്‍മ്മമാഹാരാജാവു തൃശ്ശൂരില്‍ ശിവരാത്രിമഹോത്സവത്തിനു് എഴുന്നള്ളിയ അവസരത്തിലാണു് നീലകണ്ഠന്‍നമ്പൂരിയോടു തെങ്കൈലനാഥോദയം ചമ്പു നിര്‍മ്മിക്കുവാന്‍ ആജ്ഞാപിച്ചതെന്നും അതിനുമുന്‍പുതന്നെ ആദ്യമായി അദ്ദേഹം ചെല്ലൂരനാഥോദയവും അതില്‍പ്പിന്നീടു നാരായണീയവും രചിച്ചുകഴിഞ്ഞിരുന്നു എന്നും സ്പഷ്ടമാകുന്നു. ചെല്ലൂരനാഥോദയത്തില്‍ പെരുഞ്ചെല്ലൂരിലെ (തളിപ്പറമ്പു്, ലക്ഷ്മീഗ്രാമം) ശിവപ്രതിഷ്ഠയും നാരായണീയത്തില്‍ തൃപ്പൂണിത്തുറയിലെ മഹാവിഷ്ണുപ്രതിഷ്ഠയുമാണു് വിഷയം. ഈ രണ്ടു ബിംബപ്രതിഷ്ഠകളെ വര്‍ണ്ണിച്ചു കാവ്യങ്ങള്‍ നിര്‍മ്മിക്കുകയാലാണു് കവി ʻചെല്ലൂരപൂര്‍ണ്ണത്രയീശശ്രീമല്‍ കാരുണ്യപാത്രംʼ ആയിത്തീര്‍ന്നതു്. പക്ഷേ അദ്ദേഹം പെരുഞ്ചെല്ലൂര്‍ഗ്രാമക്കാരനായുമിരുന്നിരിക്കാം. സ്വദേശത്തുവച്ചു ചെല്ലൂരനാഥോദയവും പിന്നീടു കവി തൃപ്പൂണിത്തുറയില്‍ കവിപ്രിയനായ രാമവര്‍മ്മാവിനെ ആശ്രയിച്ചു താമസിക്കുമ്പോള്‍ നാരായണീയവും രചിച്ചു എന്നു വരാവുന്നതാണല്ലോ. പുനംതന്നെയാണു് നീലകണ്ഠന്‍ എന്നു ചിലര്‍ അഭ്യൂഹിക്കുന്നതും നിര്‍മ്മൂലമാകുന്നു. അതിനു മേല്പുത്തൂര്‍ വര്‍ണ്ണിച്ച വീരകേരളനെ ഒരു ശതകാധികം വര്‍ഷം പുറകോട്ടുകൊണ്ടുപോകേണ്ടിവരുമെന്നു മാത്രമല്ല, സാമൂതിരിയോടു പടയ്ക്കു പോയ കൊച്ചിരാജാവിനെ സാമൂതിരിയെ ആശ്രയിച്ചിരുന്ന പുനം അനുഗമിച്ചു എന്നു സ്ഥാപിക്കേണ്ടിയും വരും.

മഴമംഗലവും നീലകണ്ഠനും സമകാലികന്മാരായിരുന്നു. മഴമംഗലത്തെക്കാള്‍ നീലകണ്ഠനും വയസ്സു കുറഞ്ഞിരുന്നിരിക്കാം. മഴമംഗലഭാണത്തിലെ ʻʻകേളീകോപകലാസു തന്വതി നതിം ചന്ദ്രാര്‍ദ്ധചൂഡാമണൌˮ എന്ന നാന്ദിശ്ലോകത്തിന്റെ അനുരണനം തെങ്കൈലനാഥോദയത്തില്‍ ʻʻദേവി, ത്രൈലോക്യരക്ഷാകലിതവൃഷപുരാവാസലീലായിതേˮ എന്ന ശ്ലോകത്തില്‍ കേള്‍ക്കാവുന്നതാണു്. ഈ മൂന്നു കൃതികളും കൂടാതെ വേറേയും ചില പ്രബന്ധങ്ങള്‍ നീലകണ്ഠന്‍ നിര്‍മ്മിച്ചിരിക്കാം. അവ ഏതെന്നു നിര്‍ണ്ണയിക്കുവാന്‍ മാര്‍ഗ്ഗമില്ല. ʻʻപപ്രഥേ തല്‍ പൃഥിവ്യാംˮ എന്നൊരു കവിമുദ്ര നാരായണീയത്തിലും തെങ്കൈലനാഥോദയത്തിലും കാണുന്നു. ʻʻതല്‍ക്ഷേത്രം...പപ്രഥേˮ എന്നു് അതിന്റെ ഒരു രൂപാന്തരം ചെല്ലൂരനാഥോദയത്തിലുമുണ്ടു്. അതു കലിസംഖ്യാവാചിയല്ല. അങ്ങനെയാണെങ്കില്‍ നാരായണീയവും തെങ്കൈലനാഥോദയവും കവി എഴുതിത്തീര്‍ത്തതു് ഒരേ ദിവസം—അതായതു് 774 മേടം 7-ആംനു-യാണെന്നു വരണം; അതിനു് ഒരുവിധത്തിലും ഉപപത്തിയല്ലല്ലോ.

ചെല്ലൂരനാഥോദയം, ഇതിവൃത്തം

ശ്രീപരമേശ്വരന്‍ കൈലാസപര്‍വ്വതത്തില്‍ എഴുന്നള്ളിയിരിക്കുമ്പോള്‍ ഒരവസരത്തില്‍ ദേവന്മാര്‍ അവിടുത്തെ സന്നിധാനത്തെ പ്രാപിച്ചു വിശ്വകര്‍മ്മാവിനാല്‍ ആദിത്യകലകളെക്കൊണ്ടു നിര്‍മ്മിതങ്ങളായ മൂന്നു ശൈവബിംബങ്ങള്‍ ഭൂമിയിലുണ്ടെന്നും അവയുടെ തേജസ്സുകൊണ്ടു ലോകം ദഹിക്കുന്നു എന്നും അവയെ അവിടുന്നുതന്നെ സ്വീകരിക്കണമെന്നും അറിയിച്ചു. കരുണാശാലിയായ ഭഗവാന്‍ അവര്‍ക്കു് അഭീഷ്ടം നല്കി ആ മൂന്നു ബിംബങ്ങളേയും പാര്‍വതീദേവിക്കു നിത്യപൂജയ്ക്കായി ദാനംചെയ്തു. പിന്നീടു് അവയില്‍ ഒന്നു മാന്ധാതാവിനും മറ്റൊന്നു് അദ്ദേഹത്തിന്റെ പുത്രനായ മുചുകുന്ദനും ദേവിയുടെ സമ്മതംവാങ്ങി കൊടുക്കുകയും അവയെ അവര്‍ തളിപ്പറമ്പത്തുവെച്ചു് ആരാധിച്ചുപോരികയുംചെയ്തു. കാലാന്തരത്തില്‍ ആ ബിംബങ്ങള്‍ ഭൂഗര്‍ഭത്തില്‍ അന്തര്‍ഹിതങ്ങളായിപ്പോയി. അങ്ങനെയിരിക്കെ ശിവന്‍ ഒരിക്കല്‍ തന്റെ പാരിഷദമുഖ്യനായ കുംഭോദരനെ ഭൂമിയിലെ സ്ഥിതിഗതികള്‍ അറിഞ്ഞുവരുവാന്‍ നിയോഗിക്കുകയും ആ ഭക്തന്‍ തിരിയെച്ചെന്നു പെരുഞ്ചെല്ലൂര്‍ ഗ്രാമത്തിന്റെ മാഹാത്മ്യം വര്‍ണ്ണിച്ചു കേള്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ ഭഗവാനു് ആ സ്ഥലം തന്റെ നിത്യസാന്നിദ്ധ്യത്താല്‍ അലംകൃതമാക്കണമെന്നു തോന്നി. ആ ഘട്ടത്തില്‍ ശതസോമന്‍ എന്ന കേരളരാജാവു് അഗസ്ത്യമഹര്‍ഷിയുടെ ഉപദേശമനുസരിച്ചു കൈലാസത്തില്‍ച്ചെന്നു് കലികല്മഷം ഭൂമിയില്‍നിന്നു നീങ്ങണമെന്നുള്ള അഭിസന്ധിയോടുകൂടി ശ്രീപരമേശ്വരനെ ഭജിക്കുകയും ഭക്തവത്സലനായ ഭഗവാന്‍ നീരാട്ടിനെഴുന്നള്ളിയിരുന്ന ദേവിയുടെ അനുമതികൂടാതെ മൂന്നാമത്തെ ശൈവബിംബം അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. തിരിയെ വന്നപ്പോള്‍ ദേവി അത്യന്തം കുപിതയായി ഭര്‍ത്താവിനെ ശപിക്കുവാന്‍ ഒരുങ്ങിയെങ്കിലും ശതസോമന്റെ സ്തോത്രങ്ങള്‍ കേട്ടു ശാന്തയായി. തദനന്തരം ദേവിയുടെ അനുമതികൂടി നേടികൃതകൃത്യനായ രാജാവു പെരുഞ്ചേല്ലൂരില്‍ ആ ബിംബം പ്രതിഷ്ഠിക്കുകയും അതിനു് ഉചിതമായ ഒരു മഹാക്ഷേത്രം പണിയിക്കുകയും ചെയ്തു. അവിടെ സ്ത്രീകള്‍ക്കു പ്രവേശമില്ലാത്തതിനാല്‍ കാഞ്ഞിരങ്ങാട്ടുകൂടി അദ്ദേഹം മറ്റൊരു ശൈവബിംബം പ്രതിഷ്ഠാപനംചെയ്തു. ശതസോമന്‍ കോലത്തുനാട്ടിലെ ഒരു രാജാവായിരുന്നു. അദ്ദേഹം നിര്‍മ്മിച്ച പെരുഞ്ചെല്ലൂര്‍ ക്ഷേത്രത്തിനു തദനുരോധേന സോമേശ്വരം എന്നുകൂടി പേര്‍ പറഞ്ഞു വരുന്നു.

നാരായണീയം, ഇതിവൃത്തം

നാരായണീയത്തിലെ ഇതിവൃത്തത്തിന്റെ ആദ്യഭാഗം ഭാഗവതാന്തര്‍ഗ്ഗതമായ സന്താന ഗോപാലം കഥയും അതിനുശേഷമുള്ളതു തൃപ്പൂണിത്തുറ ക്ഷേത്ര മാഹാത്മ്യവുമാകുന്നു. നരനാരായണന്മാരായ അര്‍ജ്ജുനനും ശ്രീകൃഷ്ണനും മഹാവിഷ്ണുവില്‍നിന്നു ബ്രാഹ്മണന്റെ പത്തു കുമാരന്മാരേയും സ്വീകരിച്ച അവസരത്തില്‍ തന്റെ ഒരു ബിംബം കലിബാധ തീരുന്നതിനുവേണ്ടി ഭൂമിയില്‍ പ്രതിഷ്ഠിക്കണമെന്നു ഭഗവാന്‍ അവരോടു് അരുളിച്ചെയ്തു. ദ്വാരകയില്‍ തിരിച്ചെത്തിയതിനുശേഷം അതിനു യോഗ്യമായ സ്ഥലമേതെന്നന്വേഷിക്കുവാന്‍ ശ്രീകൃഷ്ണന്‍ തന്റെ അനുചരനായ സുദക്ഷിണനോടു് ആജ്ഞാപിച്ചു. ആ ഭക്തന്‍ എങ്ങും സഞ്ചരിച്ചു തൃപ്പൂണിത്തുറ (രവിഗ്രാമം) ആണു് ആ അനുഗ്രഹത്തിനു് അര്‍ഹത്തമം എന്നു വിജ്ഞാപനം ചെയ്തു. ശ്രീകൃഷ്ണന്‍ ഉടന്‍ തന്നെ അവിടെ അനന്താസനവിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു് അര്‍ജ്ജുനനോടു നിര്‍ദ്ദേശിക്കുകയും അര്‍ജ്ജുനന്‍ ആ നിര്‍ദ്ദേശമനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു.

തെങ്കൈലനാഥോദയം, ഇതിവൃത്തം

ശ്രീപരശുരാമന്‍ താന്‍ ക്ഷത്രിയരാജാക്കന്മാരില്‍നിന്നു വെട്ടിപ്പിടിച്ചടക്കിയ ഭൂമി മുഴുവന്‍ കാശ്യപമഹര്‍ഷിക്കായി ദാനംചെയ്തതിന്റെ ശേഷം മഹേന്ദ്രപര്‍വതത്തില്‍ തപസ്സു ചെയ്യുമ്പോള്‍ അവിടെ ചില ബ്രാഹ്മണര്‍ ചെന്നു തങ്ങള്‍ക്കു വിഹിതങ്ങളായ കര്‍മ്മങ്ങല്‍ അനുഷ്ഠിക്കുന്നതിന്നു സമ്പത്സമൃദ്ധമായ ഒരു ദേശം ലഭിക്കണമെന്നു് അപേക്ഷിച്ചു. അതു സാധിച്ചുകൊടുക്കുന്നതിനുവേണ്ടി ആ മഹാത്മാവു വരുണനെ പ്രത്യക്ഷീകരിച്ചു തന്റെ യജ്ഞായുധമായ ശൂര്‍പ്പം സമുദ്രത്തിലേക്കെറിഞ്ഞു. അതു് എവിടെച്ചെന്നു വീണുവോ അതുവരെയുള്ള സ്ഥലം നാടാക്കി, അതിനു കൊങ്കണമെന്നു പേര്‍ നല്‍കി. ആ നാടു് അവര്‍ക്കായി ദാനം ചെയ്കയും അതിന്റെ പരിപാലനത്തിനു കേരളന്‍ എന്നൊരു രാജാവിനെ നിയമിക്കയും ചെയ്തു. തദനന്തരം പരശുരാമന്‍ ശ്രീപരമേശ്വരനെ സേവിക്കുവാന്‍ കൈലാസത്തിലേയ്ക്കു പോകുകയും അവിടെവെച്ചു താന്‍ പുത്തനായി വീണ്ടെടുത്ത ഭൂവിഭാഗത്തില്‍ ഭഗവാന്‍ പാര്‍വതീസമേതനായി എഴുന്നള്ളി നിത്യ സന്നിധാനം ചെയ്യണമെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു. ദേവിയുടെ നിര്‍ബ്ബന്ധംമൂലം ആ പ്രാര്‍ത്ഥന സഫലീഭവിപ്പിക്കുവാന്‍ ഭഗവാന്‍ സപരിവാരം പുറപ്പെട്ടു. കൊങ്കണഭൂമിയില്‍ ഒരു ഭാഗത്തു വന്നപ്പോള്‍ നന്ദികേശ്വരന്‍ അവിടെ ʻʻസംവാസകൌതൂഹലിˮയായിനിന്നു. ആ സ്ഥലത്തു് അഭൌമമായ ഒരു തേജസ്സും കാണാറായി. അപ്പോള്‍ ശ്രീപരമേശ്വരന്‍ അതു തന്റെ വാസസ്ഥാനമാക്കുവാനുറച്ചു; മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യവും അവിടെ ഭഗവാന്റെ ആഗ്രഹമനുസരിച്ചു് ഉണ്ടായി. കേരളരാജാവു് ആ സ്ഥലത്തു ശിവന്‍, വിഷ്ണു, ശങ്കരനാരായണന്‍, ഗണപതി, പാര്‍വതി എന്നീ പഞ്ചദേവതകളുടെ അധിവാസത്തിനായി ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. അതാണു് തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം. തൃശ്ശൂരിനു വൃഷപുരമെന്നും, ഭദ്രാചലമെന്നും മറ്റും പല സംജ്ഞകള്‍ സംസ്കൃതത്തിലുണ്ടു്.

നീലകണ്ഠന്റെ കവിത:

നീലകണ്ഠകവിയുടെ വാങ്മയങ്ങള്‍ക്കു പ്രശംസാവഹമായ ഓജസ്സും പ്രൌഢിയുമുണ്ടു്. അദ്ദേഹം ഒരു തികഞ്ഞ സംസ്കൃതപണ്ഡിതനായിരുന്നു. മൂന്നു ചമ്പുക്കളിലുംവെച്ചു് എനിയ്ക്കു പ്രഥമസ്ഥാനത്തിനു് അര്‍ഹമായി തോന്നിയിട്ടുള്ളതു നാരായണീയമാകുന്നു: മറ്റുള്ള രണ്ടും ഏകദേശം തുല്യങ്ങളാണു്.

കവിതാരീതി:

കവിതാരീതി കാണിക്കുവാന്‍ അഞ്ചു പദ്യങ്ങളും രണ്ടു ഗദ്യങ്ങളില്‍നിന്നു ചില പങ്ക്തികളും ഉദ്ധരിക്കാം.

1 ശിവന്‍:

ʻʻകാണപ്പെട്ടൂ സമക്ഷം തദനു തെളിവെഴും
തേജസസ്തസ്യ മധ്യേ
ചേണെത്തും കാളഭോഗീശ്വരകലിതജടാ-
നദ്ധമുഗ്ദ്ധേന്ദുരേഖം
ദീനത്രാണൈകദീക്ഷം മനസി കിമപി കൊ-
ള്ളാഞ്ഞു തള്ളിക്കടക്കണ്‍-
കോണില്‍പ്പാടേ പകര്‍ന്നീടിന ഘനകരുണം
പാര്‍വതീഭാഗധേയം.ˮ (ചെല്ലൂരനാഥോദയം)

2 ശിശുവിനെപ്പാലിക്കുവാനുള്ള അര്‍ജ്ജുനന്റെ സജ്ജത:

ദുഷ്ട്വാ സമ്പൂര്‍ണ്ണഗര്‍ഭാം ദ്വിജവരഗൃഹിണീം
ഗാണ്ഡിവം ചാപമഗ്രേ
പുഷ്ടാഭോഗം കുലച്ചപ്പരമശിവമനു-
സ്മൃത്യ മുഗ്ദ്ധേന്ദുചൂഡം
തുഷ്ട്യാ ദിവ്യാസ്ത്രസംയോജിതശരനികരൈ-
സ്സൂതികാപഞ്ജരം തീ-
ര്‍ത്തെട്ടാശാദത്തദൃഷ്ടിശ്ശിതവിശിഖധര-
സ്തത്ര തസ്ഥൌ കിരീടീ.ˮ (നാരായണീയം)

3 വിഷ്ണുവിന്റെ അരുളപ്പാടു്:

ʻʻത്രിഭുവനപെരുമാള്‍തന്നാനനാംഭോജമധ്യാ-
ദുദിതരുചി പുറപ്പെട്ടൂഢമാധുര്യസാരാ
അതുപൊഴുതരുളപ്പാടെന്നു പേരായ പുത്തന്‍-
മധുഝരി പെരുമാറീ കൃഷ്ണയോഃ കര്‍ണ്ണരന്ധ്രേ.ˮ (നാരായണീയം)

4 ശ്രീകൃഷ്ണന്റെ രൂപം:

ʻʻഈടേറും പീതപട്ടാംബരകലിതമണീ-
മേഖലം തൂമണം പെ-
യ്താടീടും വൈജയന്തീലളിതവിപുലദോ-
രത്നരം ബന്ധുരാംഗം.
പാടേ തോണ്‍മേലടിഞ്ഞീടിന മകരമഹാ-
കുണ്ഡലം, കണ്‍കുളുര്‍ക്കെ
പ്രൌഢാഭോഗം ജനൌഘാ ദദൃശൂരഭിനവം
കംസഹന്താരമാരാല്‍.ˮ (നാരായണീയം)

5 കൊച്ചി:

ʻʻകല്യാണശ്രീ തഴയ്ക്കും ഭുജബലദമിത-
പ്രൌഢവൈരാകരാണാ-
മുല്ലോലഭ്രൂ നടീനാടിതധരണിപരി-
ത്രാണനൃത്താന്തരാണാം,
ചൊല്ലേറും കീര്‍ത്തിപാളീകബളിതജഗതാം
കൊച്ചിയെന്നുണ്ടു ഭൂമൗ
വെല്ലുന്നൂ കാപി മേളം പെരിയ കുലപുരീ
മാടധാത്രീശ്വരാണാം.ˮ (തെങ്കൈലനാഥോദയം)

ഗദ്യം, ക്രുദ്ധയായ പാര്‍വതീദേവി!

ʻʻസസംരംഭനിര്‍വര്‍ത്തിതസ്നാനവേലാവിധൌ, നാലുമൂന്നിങ്ങു ശേഷിച്ചു പാടേ കിടക്കും പുരാണപ്രസൂനാഞ്ചിതം ചാലമെത്തുന്ന നൈസര്‍ഗ്ഗികോദഗ്രസൌരഭ്യലുഭ്യദ്ദ്വിരേഫാളിസാന്ദ്രം തുലോമാകെനോക്കീടിലാഹന്ത! പിന്‍കാലിലേറ്റം കടന്നോരു നീളം കലര്‍ന്നന്തരാ വാരിബിന്ദുക്കളിറ്റിറ്റുവീഴും മലര്‍ക്കൂന്തല്‍ മെല്ലെപ്പുറംകൈത്തലേ ചേര്‍ത്തുകൊണ്ടും, പയഃശ്രേണികാസാന്ദ്രമെപ്പേരുമൊന്നിച്ചു ഫാലാന്തരേ പറ്റിമിന്നുന്ന നീലാളകച്ചാര്‍ത്തുകൊണ്ടും, വിലാസേന മൂന്നൊന്നുശേഷിച്ചു കാണപ്പെടും മുഗ്ദ്ധകസ്തുരികാചിത്രകംകൊണ്ടുമത്യന്തചേതോഹരാ, ചെറ്റു കോടിക്കുലഞ്ഞോരു ചില്ലിക്കൊടിത്തെല്ലുമസ്യാഃ കലങ്ങിച്ചുവക്കും കടക്കണ്‍കലാഭംഗിയും, പാടുപാടേ വിറയ്ക്കുന്ന ബിംബാധരേ ഭാവമന്യാദൃശം പൂണ്ടു പാകീടുമപ്പുഞ്ചിരിപ്പൈതലും, ചേര്‍ന്നു ബാലാതപശ്രീ നിഴല്‍ക്കൊണ്ട പൊന്നിന്‍പയോജം കണക്കെക്കൊടുംകോപരാഗോദയപ്രൌഢി മെത്തുന്ന വക്ത്രാര വിന്ദശ്രിയാ ലോഭനീയാ തുലോംˮ ഇത്യാദി. (ചെല്ലൂരനാഥോദയം)

തെങ്കൈലനാഥോദയത്തില്‍ അത്യന്തം ചമല്‍കാരപൂര്‍ണ്ണവും കവിയുടെ ദേശാഭിമാനത്തിനു പ്രത്യക്ഷനിര്‍ദര്‍ശനവുമായി കേരളവര്‍ണ്ണനാത്മകമായ ഒരു ഗദ്യമുണ്ടു്. അതില്‍ പേരാറ് (ഭാരതപ്പുഴ) ചൂര്‍ണ്ണി (പെരിയാറു) ഫുല്ല (മൂവാറ്റുപുഴയാറു്) എന്നീ മൂന്നു പുഴകളേയും, തിരുവില്വാമല, വര്‍ക്കല, തിരുനെല്ലി എന്നീ മൂന്നു മഹാക്ഷേത്രങ്ങളേയും പറ്റിയുള്ള പ്രശസ്തി കാണുന്നു. അടിയില്‍ പകര്‍ത്തുന്ന വരികള്‍ ആ ഗദ്യത്തിന്റെ ഒടുവിലുള്ളവയാണു്.

ʻʻസമധീതാഗമശാസ്ത്രവിമര്‍ശക്രമപൂതാത്മഭിരഞ്ചിതപഞ്ചമഖാദി ക്രിയചെയ്തവിരതസഞ്ചിതസുചരിതരാശിഭിരതുല ബ്രഹ്മമഹോമഹനീയൈരവനിസുരേന്ദ്രൈരഭിപൂരിതമായ്, ചാരുതപൂണ്ട ചതുഷ്ഷഷ്ടിമഹാഗ്രാമവിഭൂതിസമഗ്രിമകൊണ്ടും പെരികപ്പെരിക വിചിത്രാഭോഗം, ധര്‍മ്മങ്ങള്‍ക്കൊരു മൂലസ്ഥാനം പാവനതായാ ജീവനസാധനമാചാരാണാമഭ്യാസഗൃഹം ഭവസാദത്തിന്നവസാനസ്ഥലി നിര്‍മ്മലതായാ നര്‍മ്മനികേതം മര്യാദയ്ക്കൊരു വര്യാധാരം, കിം ബഹുവചസാ, ഭാഗ്യം കോലിന തല്‍ഗുണവൈഭവമോര്‍ക്കുംതോറും വാക്യവിദൂരം.ˮ

ഇത്തരത്തിലാണു് നീലകണ്ഠകവിയുടെ ഹൃദ്യവും കളോദാരവും ചിത്രസ്ഫുടാര്‍ത്ഥവുമായ മണിപ്രവാളകവിതയുടെ ശൈലി.

മറ്റു ഭാഷാചമ്പുക്കള്‍

കൊല്ലം ഏഴുമെട്ടും ശതകങ്ങളിലാണു് വിശിഷ്ടങ്ങളായ മണിപ്രവാള ചമ്പുക്കളുടെയെല്ലാം ആവിര്‍ഭാവമെന്നും അപൂര്‍വ്വം ചില ചമ്പുക്കള്‍ ഒന്‍പതാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലും വിരചിതങ്ങളാണെന്നു് ഊഹിക്കാവുന്നതാണെന്നും ഞാന്‍ മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവയില്‍ പല പ്രബന്ധങ്ങള്‍ നശിച്ചുപോയിട്ടുണ്ടു്. ബാക്കിയുള്ളവയില്‍ ഏതാനും ചിലതു സൂര്യപ്രകാശം കാണാതെ ഇന്നും ഇരുട്ടറകളില്‍ ശ്വാസംമുട്ടി കണ്ഠഗതപ്രാണങ്ങളായി കിടക്കുന്നുണ്ടാവാം. ഇതുവരെ കണ്ടുകിട്ടീട്ടുള്ള ആ കാലഘട്ടത്തിലേ ഇതരപ്രബന്ധങ്ങളെപ്പറ്റിയുള്ള പ്രസ്താവനയ്ക്കു് ഈ അധ്യായം വിനിയോഗിക്കുന്നതു സമുചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു.

അക്കാലത്തെ മറ്റു ഭാഷാചമ്പുക്കള്‍: (1) ഗജേന്ദ്രമോക്ഷം, (2) പ്രഹ്ലാദചരിതം, (3) വിഷ്ണുമായാചരിതം, (4) കൃഷ്ണാവതാരം, (5) പൂതനാമോക്ഷം, (6) കാളിയമര്‍ദ്ദനം, (7) രാസക്രീഡ, (8) കംസവധം, (9) സ്യമന്തകം, (10) കുചേലവൃത്തം, (11) രാമാര്‍ജ്ജുനീയം, (12) ശ്രീമതീസ്വയംവരം, (13) ശര്യാതിചരിതം എന്നീ വൈഷ്ണവകഥാപ്രതിപാദകങ്ങളും, (14) ദക്ഷയാഗം, (15) ത്രിപുരദഹനം, (16) ഗൌരീചരിതം എന്നീ ശൈവകഥാപ്രതിപാദകങ്ങലും, (17) സഭാപ്രവേശം, (18) കല്യാണസൗഗന്ധികം എന്നീ ഭാരതാന്തര്‍ഗ്ഗതങ്ങലുമായ ചമ്പുക്കള്‍ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയില്‍ കംസവധം, രാമാര്‍ജ്ജുനീയം, ദക്ഷയാഗം, ത്രിപുരദഹനം, ഗൗരീചരിതം, കല്യാണസൗഗന്ധികം എന്നീ ആറു ചമ്പുക്കള്‍ മാത്രമേ നമ്മുടെ പ്രത്യേകശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതുള്ളു. കാളിയമര്‍ദ്ദനവും സ്യമന്തകവും അത്യന്തം ഹ്രസ്വങ്ങളാണെങ്കിലും അവയിലും കാവ്യഗുണം കളിയാടുന്നു. ഫലിതധോരണികൊണ്ടു ശ്രീമതീസ്വയംവരത്തിനും ചമ്പുക്കളുടെ ഇടയില്‍ സാമാന്യം ഗണനീയമായ ഒരു സ്ഥാനമുണ്ടു്. പ്രസ്തുതകൃതികളുടെ പ്രണേതാക്കന്മാരെപ്പറ്റി യാതൊരറിവുമില്ല.

കംസവധം

ഒന്നാംകിടയില്‍ ഉള്‍പ്പെടുത്തേണ്ട ഒരു ചമ്പുവാകുന്നു കംസവധം. കഥ അരിഷ്ടവധംമുതല്‍ക്കു് ആരംഭിക്കുകയും ഉഗ്രസേനന്റെ രാജ്യാഭിഷേകത്തോടുകൂടി അവസാനിക്കുകയും ചെയ്യുന്നു. കവിത ആദ്യന്തം സരസവും ഫലിതമയവുമാണു്. കംസവധത്തില്‍നിന്നു നാരായണീയത്തില്‍ ചില പദ്യങ്ങള്‍ പകര്‍ന്നിട്ടുള്ളതായി കാണുന്നതിനാല്‍ രണ്ടും നീലകണ്ഠകൃതമാണെന്നു സങ്കല്പിക്കുവാന്‍ തോന്നുന്നു. രണ്ടു പദ്യങ്ങളും ഒരു ദണ്ഡകവും ഉദ്ധരിച്ചു കവിതാശൈലി പ്രദര്‍ശിപ്പിക്കാം.

ʻʻവ്യാജാപേതം തദാനീം മധുരിപുദലിതേ-
ഷ്വാസഘോഷം നിനച്ചാ-
ലീശാ ശൌരേ, ജയശ്രീനവനവവരണാ-
രംഭപുണ്യാഹവായ്പോ?
പോര്‍ചേരും വൈരിഭൂപാലകവിറയല്‍ വിറ-
യ്ക്കുന്ന നിര്‍ഘാതമോ കേള്‍?
ഭോജേന്ദ്രസ്വര്‍ഗ്ഗയാത്രയ്ക്കുരപെരിയ പുറ-
പ്പാടുകൊട്ടോ? ന ജാനേ.ˮ

കംസസല്‍ഗതി:

ʻʻസോയം ധന്യാഗ്രയായീ കമലനയനരൂ-
പാമൃതം ലോചനാഭ്യാം
പായം പായം തദാനീം നിരുപമപരമാ-
നന്ദശുദ്ധാന്തരാത്മാ
ജീവാപായം പ്രപന്നസ്ത്രിഭുവനപെരുമാള്‍-
തന്നൊടൈക്യം ഗതോഭൂല്‍
ഭൂയാനോഘസ്സ്രവന്ത്യാ നലമുടയ പയോ-
രാശിയോടെന്നപോലെ.ˮ

ദണ്ഡകം, അക്രൂരന്‍ ബാലകൃഷ്ണനെ കാണുന്നതു്:

ʻʻവാരാര്‍ന്ന കേശഭരനീരാജിപിഞ്ഛമണി-
ഗോരോചനാതിലകകാന്തം
വനവിഹൃതിതാന്തം-ഖലജനകൃതാന്തം-
വലിതഖുരപശുനികരമണിനടുവില്‍ വിലസുമൊരു
വലമഥനമണിമിവ മഹാന്തം; (1)

കാളാഞ്ജനാഞ്ചിതവിശാലാക്ഷിപക്ഷ്മഭുവി
നീളപ്പിരണ്ട പൊടിധൂളം
കലിതഘനഹേളം-കവിളിണയില്‍ മേളം-
കലരുമണികുഴലിണയുമഴകുടയ തിരുമുഖവു-
മുടല്‍വടിവുമസിതഘനകാളം; (2)

മംഗല്യതോളില്‍ മണിശൃംഗം കരാഗ്രഭുവി
ചെങ്കോലുമാര്‍ന്ന നവകാമം,
മഹിതവനദാമം-തിരുവുരസി കാമം-
മഹിമയൊടു തടവി നവപൊടിനിരയുമരുണതര-
വെയിലൊളിയുമധികമഭിരാമം; (3)

താലാങ്കനോടുമനുകൂലാശയേന സഹ
ബാലൈര്‍വ്രജാങ്കണവിഭാഗേ
ധരണിഹരിലോകേ-കൃതവസതിമാകെ-
പ്പുകഴ്വതിനു സുകൃതമിതു സകലപതിമതിലളിത-
പശുപതനുമവിടെ വിലുലോകേ.ˮ (4)

ഫലിതം: കംസന്റെ കുചേഷ്ടിതത്തെപ്പറ്റി അക്രൂരന്‍ ഭഗവാനോടു പറയുന്നതു ʻʻസംസാരീ കംസനിപ്പോള്‍ മരുമകനു ഭവാനെത്രയും പ്രീതിശാലീ കംസാരിപ്പേര്‍തരുമ്മാറകമലരിലുറച്ചീടിനാനെന്നു നൂനംˮ എന്നാണു്. ശ്രീകൃഷ്ണനും ചാണൂരനും തമ്മിലുള്ള സംഭാഷണം നര്‍മ്മോക്തിമധുരമായിരിക്കുന്നു. അവിടെ ശ്രീമല്‍ഭാഗവതത്തിന്റെ അനുകരണം അല്പമുണ്ടെങ്കിലും അതു കവിയുടെ മനോധര്‍മ്മലഹരിയില്‍ നിമഗ്നമായിപ്പോകുന്നു. താന്‍ ബാലനാണെന്നു ശ്രീകൃഷ്ണന്‍ പറയുമ്പോള്‍ ʻʻനീയല്ലേ കുവലയാപീഡത്തെ കൊന്നതു്?ˮ എന്നു ചാണൂരന്‍ ചോദിക്കുന്നു. അതിനു ഭഗവാന്‍

ʻʻഎന്നേ വൈഷമ്യമേ, ഞാന്‍ ഭയതരളനണ-
ഞ്ഞല്ല, തൊട്ടല്ലെടോ, തന്‍
ദുര്‍ന്ന്യായംകൊണ്ടുതന്നേ ഗജപതി മൃതനായ്
വീണിതമ്മാവനാണാ;
എന്നാലീ ഞങ്ങളോടീയെളിയവരോടു മി-
ഥ്യാപരാധം ബലാല്‍ച്ചേ-
ര്‍ത്തിന്നീവണ്ണം തുടങ്ങുന്നടവിനു മതിയേ
ദൈവമേ സാക്ഷിയുള്ളു.ˮ

എന്നു നിന്ദാഗര്‍ഭമായി മറുപടി നല്കുന്നു. അതുകേട്ടു ചാണൂരന്‍ പിന്നെയും ʻʻരജകനെയും കൊന്നു പള്ളിവില്ലും മുറിച്ചിട്ടു്ˮ ʻʻഈ ഭോഷാ, ഞങ്ങളോടെന്തിനൊരനുനയവും സാന്ത്വവും ഭ്രാന്തനോ നീ?ˮ എന്നു ഗര്‍ജ്ജിക്കുന്നു. അതിനു ഭഗവാന്‍ മുന്‍പിലത്തെപ്പോലെതന്നെ

ʻʻകഷ്ടം ബാലസ്വഭാവേ പെരുകിന കുതുകം-
കൊണ്ടു കോദണ്ഡദണ്ഡം
പട്ടാങ്ങത്രേ വലിച്ചേ, നതിനു കിമപി കേ-
ടും ബലാല്‍ വന്നുപോയി
ചട്ടറ്റീടുന്ന യുഷ്മാന്‍ പുനരവിടെ നിന-
ച്ചൂതുമില്ലന്‍പിലെന്നാല്‍-
പ്പെട്ടെന്നുണ്ടായ കാര്യത്തിനു പരുഷമുട-
ക്കാ,യ്കടക്കം പ്രധാനം.ˮ

എന്നു പറയുന്നു. ഉടനേ ʻʻചെറുതു മദമകക്കാമ്പില്‍മൂടിപ്പറഞ്ഞോരാഗുഢാക്ഷേപമിശ്രം വചനമിതധികം നന്നെടോ നന്ദസൂനോˮ എന്നു് ഉപക്രമിച്ചുകൊണ്ടു് ആ മല്ലപ്രമാണി ʻʻവേഗാലിന്നിന്നെ മുഷ്ടിപ്രഹൃതിഭിരധുനാ കൊന്നു വൈവസ്വതീയേ ഗേഹേ യാത്രാക്കിയേ വിക്രമമിളകിന ചാണൂരനോ ചെറ്റടങ്ങൂˮ എന്നു വീണ്ടും അട്ടഹസിക്കുന്നു. ഭഗവാനാകട്ടെ പിന്നേയും തന്റെ ഫലിതശൈലി വിടാതെ

ʻʻഞാനോ സംപ്രതി കാലനങ്ങതിഥിയായ് നീയോ ഭവിക്കുന്നതെ-
ന്നീ നമ്മില്‍പ്പറയേണ്ടതില്ലതറിവോര്‍ മാലോകരാലോകനേ
ചാണൂരാ, മദമാര്‍ന്നു ലോകവിപദം ചെയ്യുന്നവര്‍ക്കൊക്കെയും
താനേ പോന്നുവരും വിനാശമചിരാലെന്നുള്ളതോര്‍ത്തീടു നീˮ

എന്നു് ഉദീരണംചെയ്തു് ആ കോപിഷ്ഠന്റെ ക്രോധാഗ്നിയെ ഊതിക്കത്തിക്കുന്നു.

രാമാര്‍ജ്ജുനീയം

വിവിധങ്ങളായ കാവ്യഗുണങ്ങളാല്‍ വിരാജിതവും സാമാന്യം ദീര്‍ഘവുമായ ഒരു ചമ്പുവാണു് രാമാര്‍ജ്ജുനീയം. ബ്രഹ്മാണ്ഡപുരാണത്തെ അനുകരിച്ചു ശ്രീ പരശുരാമന്റെ ജനനംമുതല്‍ക്കുള്ള സംഭവങ്ങളെ കവി സ്പര്‍ശിച്ചിട്ടുണ്ടെങ്കിലും കാര്‍ത്തവീര്യാര്‍ജ്ജുനന്‍ നായാട്ടു കഴിഞ്ഞു് ഒരതിഥിയുടെ നിലയില്‍ ജമദഗ്നിമഹര്‍ഷിയുടെ ആശ്രമത്തില്‍ പ്രവേശിക്കുന്നതു മുതല്‍ക്കുള്ള കഥയാണു് അദ്ദേഹത്തിന്റെ പ്രത്യേകമായ പ്രതിപാദനത്തിനു വിഷയീഭവിക്കുന്നതു്. ഭാര്‍ഗ്ഗവനും കാര്‍ത്തവീര്യനും തമ്മിലുള്ള യുദ്ധം വളരെ വിസ്തരിച്ചിട്ടുണ്ടു്. ഒടുവില്‍ ʻʻവീരവധത്തിന്‍ പ്രായശ്ചിത്ത്യൈ സ്വയമേവാത്ഭുത ഹയമേധം ചെയ്താചാര്യായ ധരിത്രിയെ മുഴുവന്‍ വാരിധിവസനാം കാശ്യപമുനയേ ദക്ഷിണ നല്കിത്തസ്യ നിയോഗാല്‍ മഹതിമഹേന്ദ്രേ പുക്കു ഗിരീന്ദ്രേ വിശ്വോത്തീര്‍ണ്ണമഹാത്ഭുതചരിതോ നിഷ്കളവിമലബ്രഹ്മോപാസന കൈക്കൊണ്ടനുദിനമഴകിലിരുന്നൂˮ എന്നു് ഇതിവൃത്തം സമാപിക്കുന്നു. പ്രസ്തുത കൃതി എട്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ സംജാതമായെന്നു് ഊഹിക്കാം. പരോപജീവിത്വമില്ലെന്നൊരു മെച്ചം അതിനുള്ളതു വിശിഷ്യ വ്യക്തമാകുന്നു. നാലു ശ്ലോകങ്ങള്‍ അടിയില്‍ ചേര്‍ക്കാം.

സുരഭിയുടെ വ്യോമയാനം:

ക്രോധാദുല്‍കൃത്യ പാശാന്‍ മുഖരഖരഖുരോ-
ത്തുംഗശൃംഗാഗ്രഘാതൈ-
ര്യോധാന്‍ വിദ്രാവയന്തീ ഝടിതി പരിവൃതാന്‍
ഘോരഹുമ്പാനിനാദാ,
നാസാഗ്രന്യസ്തഹസ്താംഗുലിഷു സകലലോ-
കേഷു പശ്യത്സു വിശ്വ-
വ്രാതക്ഷോഭം വളര്‍ത്തുജ്ജ്വലവിപുലവപുര്‍-
വ്വ്യോമവീഥീം പ്രപേദേ.ˮ

കാര്‍ത്തവീര്യാര്‍ജ്ജുനന്റെ വിചാരം:

ʻʻഉന്നിച്ചോളം മഹാവിസ്മയമിതു, സമരേ
കൊന്നൊടുക്കീതൊരുത്തന്‍-
തന്നേ സൂതദ്വിതീയോ ബലഭരസഹിതാന്‍
ക്ഷത്രസംഘാനസംഖ്യാന്‍;
മന്യേ മന്നിങ്കലക്കേവലമുനിസുതന-
ല്ലേഷ ദുര്‍ദ്ധര്‍ഷധാമാ
ധന്വീ; സാമാന്യരത്നത്തിനു കിമപി വരാ
കൗസ്തുഭത്തിന്‍ പ്രഭാവം.ˮ

ʻʻമന്നില്‍ച്ചൊല്ലാര്‍ന്നുലാവും മുനിവരനിധനം-
കൊണ്ടു ദുഷ്കീര്‍ത്തി മുന്‍പേ-
തന്നേ വാമേന ധാത്രാ ജഗതി നിയതമാ-
കല്പമാകല്പിതാ മേ;
ഇന്നിപ്പോള്‍ ചെന്നു സൈന്യൈസ്സഹ വിമതമമും
നിഗ്രഹിച്ചാലുമെന്നും
നന്നാവാന്‍ വേല; കിട്ടും വസതി കൊടിയ പാ-
പേ ചിരാദന്ധകൂപേ.ˮ

കാര്‍ത്തവീര്യന്റെ യുദ്ധാരംഭം:

ʻʻവില്ലിന്‍കൂട്ടം കുലച്ചാന്‍, പവഴിനിര തൊടു-
ത്താന്‍, കൃപാണാനെറിഞ്ഞാ-
നുല്ലാസംപൂണ്ടു ചിത്രപ്പരിചകളുമിള-
ക്കീടിനാനെന്നു വേണ്ടാ,
കല്യാഭോഗം കരേറിക്കനകമണിരഥേ
സിംഹനാദാതിഭീമൈ-
രുല്ലോലജ്യാനിനാദൈരഖിലമിടകുലു-
ക്കീടിനാന്‍ ദിഗ്വിഭാഗം.ˮ

ദക്ഷയാഗം

ഒരു നല്ല ചമ്പുവായ ദക്ഷയാഗവും എട്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ വിരചിതമാണെന്നു ഭാഷാരീതികൊണ്ടു നിര്‍ണ്ണയിക്കാവുന്നതാണു്. സതീദേവിയുടെ അഗ്നിപ്രവേശവും തദനന്തരം വീരഭദ്രന്റെ ദക്ഷനിധനവും കഴിഞ്ഞതിനുമേല്‍ ദേവന്മാര്‍ ശ്രീപരമേശ്വരനെ കൈലാസപര്‍വ്വതത്തില്‍ച്ചെന്നു കാണുന്ന ഘട്ടം കവി ഒരു വിശിഷ്ടമായ സംസ്കൃത ഗദ്യംകൊണ്ടു് ഉപനിബന്ധിച്ചിരിക്കുന്നു. കവിതയുടെ രീതി മനസ്സിലാക്കുവാന്‍ നാലു ശ്ലോകങ്ങള്‍ ഉദ്ധരിച്ചുകാണിക്കാം,

കഥോപക്രമം:

ʻʻശ്രീകൈലാസാദ്രിശൃംഗേ കനകമയമഹാ-
മന്ദിരേ തൂമരന്ദം
തൂകീടും കല്പവാടീബഹളപരിമളാ-
മോദിതാശാന്തരാളേ
നീള്‍കണ്ണാള്‍മൗലി ദക്ഷാത്മജയെ മടിയിലാ-
മ്മാറു ചേര്‍ത്തങ്ങൊരുന്നാ-
ളേകാന്തേ വാണിരുന്നൂ പുരരിപുഭഗവാന്‍
പൂര്‍ണ്ണകാരുണ്യധാമാ.ˮ

ദക്ഷന്റെ ശിവഭര്‍ത്സനം:

ʻʻഇപ്പാര്‍മേല്‍ നിന്ദ്യകര്‍മ്മാ വരസഭയിലിവന്‍
ധിക്കരിച്ചോരു കോപ്പി-
ന്നുള്‍പ്പൂവില്‍ച്ചെറ്റു ഖേദം ന ഖലു മമ ജഗല്‍-
ഖ്യാതമാഹാത്മ്യരാശേഃ;
അപ്പാഴ്ക്കല്ലെന്നു കല്പദ്രുമനവമണിയെ-
ക്കണ്ണു കാണാത മൂഢന്‍
ജല്പിച്ചാലില്ല ചേതം പുനരതിനമരേ-
ന്ദ്രാവതം സത്തിനേതും.ˮ

ക്രൂദ്ധയായ സതീദേവി ദക്ഷനോടു്:

ʻʻശോകവ്യാലീഢമെന്നാലുടലിതു ഗിരിശ-
ദ്വേഷിണോ നിങ്കല്‍നിന്ന-
ങ്ങീ കേളുല്‍പന്നമിന്നേ വിരവിനൊടു വിഹാ-
സ്യാമി ഹാസ്യം തവാഗ്രേ;
മോഹംകൊണ്ടാഹിതസ്യ സ്വയമുദരപുടേ
കുത്സിതാന്നസ്യ പാര്‍ത്താ-
ലാകെച്ഛര്‍ദ്ദിച്ചൊഴിക്കുന്നതു ശിവശിവ! മു-
ഖ്യപ്രതീകാരമല്ലോ.ˮ

സതിയുടെ മോക്ഷപ്രാപ്തി:

ʻʻസ്ഥാനാദുത്ഥായ തസ്മാലധികമിടനിറ-
ഞ്ഞാശു രോദോന്തരാളേ
കാണായീ ചെന്നുചേരുന്നതു നഭസി മഹാ-
ശ്ചര്യതേജഃപ്രവാഹം;
താനേ ഹാഹാനിനാദോ ദിവി ഭൂവി ച മഹാന്‍
പശ്യതാമാവിരാസീ-
ദ്ദീനാനാം; പാപി ദക്ഷന്‍ കുടിലമതിരഹോ!
നിര്‍വികാരസ്തദാനീം.ˮ

ത്രിപുരദഹനം

ഒന്നാംകിടയില്‍ നില്‍ക്കുന്നതായി ഭാവുകന്മാര്‍ക്ക് അനുഭവപ്പെടുന്ന ഒരു ചമ്പുവാണ് ത്രിപുരദഹനം. ഈ കാവ്യത്തില്‍ നീലകണ്ഠകവിയുടെ ഓജസ്സും ഉജ്ജ്വലതയും സമഗ്രമായി കാണുന്നു. താരകാസുരന്റെ പുത്രനായി വിദ്യുന്മാലി, കമലാക്ഷന്‍, താരകാക്ഷന്‍ എന്നിവരെയാണ് പുരാണങ്ങളില്‍ ത്രിപുരന്മാര്‍ എന്നു പറയുന്നത്. ശിവഭക്തന്മാരായ അവരുടെ ഉപദ്രവം ദുസ്സഹമായിത്തീര്‍ന്നപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയ്ക്കു വഴിപ്പെട്ടു മഹാവിഷ്ണു ബുദ്ധമുനിയുടെ വേഷംധരിച്ച് അവരെ അത്ഭുതകര്‍മ്മങ്ങള്‍കൊണ്ടു വശീകരിച്ച് ആ നൂതന മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കുകയും, ശൈവചിഹ്നങ്ങള്‍ പരിത്യജിച്ചു ബൌദ്ധമുദ്രകള്‍ സ്വീകരിച്ച അവരുടെ അവസ്ഥാന്തരം ശ്രീപരമേശ്വരന്‍ നാരദമഹര്‍ഷിയില്‍നിന്നു ഗ്രഹിച്ചു മൂന്നാം തൃക്കണ്ണുകൊണ്ട് അവരെ ദഹിപ്പിക്കുകയും ചെയ്യുന്നതാണ് പ്രസ്തുത ചമ്പുവിലെ ഇതിവൃത്തം. നാലു ശ്ലോകങ്ങളും ഒരു ഗദ്യത്തില്‍നിന്നു ചില വരികളും ചുവടെ പകര്‍ത്തിക്കൊള്ളുന്നു.

ത്രിപുരന്മാരുടെ തപസ്സ്:

ʻʻവാടീടായും പ്രബോധപ്രസരമണിവിള-
ക്കിന്‍പ്രകാശം നിറച്ച-
ങ്ങൂ ടേ മായാതമസ്സഞ്ചയമറുതിപെടു-
ത്താത്മദൃഷ്ട്യാ തദാനീം
ഗുഢം കണ്ടാര്‍ നറുംകാഞ്ചനനെറി കവരും
കാന്തിഭൂമ്‌നാ സുഷുമ്‌നാ-
നാഡീമധ്യത്തിലേതേ പരമശിവമയം
കഞ്ചിദാശ്ചര്യപുഞ്ജം.ˮ

ദേവന്മാര്‍ കണ്ട മഹാവിഷ്ണു:

ʻʻമുന്നില്‍ക്കാണായിതപ്പോളമരപരിഷദാം
തൃക്കടക്കണ്‍വിലാസം-
തന്നെക്കൊണ്ടേ ജഗദ്രക്ഷണകലവി വള-
ര്‍ക്കുന്ന മുഖ്യാനുഭാവം
സന്നദ്ധേ ഭോഗിതല്പേ തെളിവിനൊടു സമാ
സീനമാസേവമാനാന്‍
മന്ദസ്മിത്യാ സനന്ദാദികളെ നവസുധാ-
സ്യന്ദയാ നന്ദയന്തം,
...............................................
സ്വേച്ഛാശക്ത്യാ ചരസ്ഥാവരഭുവനതലം
പേര്‍ത്തു പാലിച്ചൊടുക്കു-
ന്നാശ്ചര്യക്രീഡ കൈക്കൊണ്ടൊരുളുമൊരു മഹാ-
യോഗമായാനുഭാവം,
ആശ്വാസം മുക്തിഭാജാം, കനിവുകടലില്‍ നീ-
ന്തിക്കുളിച്ചാര്‍ത്തരക്ഷാ-
താച്ഛീല്യം നിത്യമേന്തും തിരുനയനകലാ-
ലംകൃതം പങ്കജാക്ഷം.ˮ

ശിവന്റെ മൂന്നാം കണ്ണിലെ തീ:

ʻʻകല്പാന്തോദ്ദീപ്തവൈശ്വാനരതുലന കലര്‍-
ന്നാശു രോദോന്തരാളം
കത്തിക്കാളിച്ചു മൂളെന്നതിരഭസമിര-
ച്ചുച്ചകൈരുജ്ജ്വലാത്മാ
കെല്പേറും മുപ്പുരം ചെന്നഴകൊടു പിടിപെ-
ട്ടൊക്കെ ദഗ്ദ്ധ്വാ ത്രിലോകം
ഭസ്മീകര്‍ത്തും ജഗല്‍ഘസ്മരമുഖരശിഖഃ
കൃഷ്ണവര്‍ത്മാ ദിദീപേ.ˮ

ഗദ്യം, ത്രിപുരസംഹാരോദ്യതനായ ശിവന്‍:

ʻʻതദനു ജഗത്ത്രയഭീഷണവേഷോ ദൃഢതരകല്പിതപരികര ബന്ധസ്തുംഗശതാംഗമലംകുര്‍വാണഃ സജ്ജശരാസനസംഹിതബാണോ ബൃംഹിതരഭസവിശൃംഖലചംക്രമസംഭ്രമകമ്പിതഭുവനകടാഹമിതുടനുടനുതിരുംകടുകനല്‍ ചിതറിന രൂക്ഷതരേക്ഷണപാതവിലോലദലാതകലാപജ്വലിതദിഗന്തസ്തല്‍ക്ഷണ സമുദിതകൗതുകഹര്‍ഷം കൗസുമവര്‍ഷം ചെയ്തു പുകഴ്‌ത്തും ദിവ്യജനാനാം ഭവ്യതരോക്തിഃ ശ്രാവംശ്രാവം, ത്രിപുരാസുരകൃതധിക്കൃതിമുച്ചൈഃ സ്മാരംസ്മാരം,തല്‍ഗതകരുണാം ഹാരംഹാരം, കോപവികാരം കാരംകാരം, ത്രിഭുവനചക്രം മുട്ടെ വിറയ്ക്കും പരിചുവളര്‍ന്നെഴുമട്ടഹസധ്വനിദാരുണവദനശ്ചതുരംഗോദ്ധതരസനാകളകളമുച്ഛ്റിതകേതനമുഗ്രനികേതനമുഗ്രമഹാസുരപുരവരമഗ്രേ ലക്ഷീകുര്‍വന്നക്ഷീണാത്മാ നിന്നരുളീ ബത! സംഹൃതിരൂപീ ഝടിതി കപാലീ.ˮ

ഗൌരീചരിതം

ത്രിപുരദഹനത്തില്‍നിന്ന് ഒരുപടി കൂടി ഉയര്‍ന്നുനില്ക്കുന്നു എന്നു പറയേണ്ട ഒരു ചമ്പുവാകുന്നു ഗൗരീചരിതം. കവി ഒന്‍പതാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ രചിച്ചതായിരിക്കാം; ഭാഷയുടെ പഴക്കം നോക്കിയാല്‍ അതിനു മുന്‍പാണെന്നു സങ്കല്പിക്കുവാന്‍ നിര്‍വാഹമില്ല. ദേവീമാഹാത്മ്യത്തിലേ സുംഭനിസുംഭവധമാണ് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നത്. തെങ്കൈലനാഥോദയകാരനെപ്പോലെ ഗൗരീചരിതകാരനും തന്റെ പ്രബന്ധത്തിന്റെ ഗുണത്തെ പുകഴ്‌ത്തുന്നുണ്ട്. ʻʻകര്‍ണ്ണേന നവ്യാമൃതമാസ്വദിച്ചീടെന്‍തോഴ! ഗൗരീചരിതാഭിധാനംˮ എന്ന്, അദ്ദേഹം വയസ്യനോടു പറയുന്നു. പ്രസ്തുതചമ്പുവിനു ചിലര്‍ പറയുന്നതുപോലെ ഗൗരീശങ്കരം എന്നു പേരില്ല. മൂന്നു ശ്ലോകങ്ങള്‍മാത്രം ഉദ്ധരിക്കാം.

ദേവിയും മഹിഷഭടന്മാരും:

ʻʻആഭോഗംപൂണ്ടു സിംഹോപരി പരിലസിതാം
മൗലിരുദ്ധാന്തരിക്ഷാ-
മാപൂര്‍ണ്ണാശാന്തരാളാം പ്രബലഭുജസഹ-
സ്രേണ നാനാസ്ത്രഭാജാ
ദേവീം മുല്പാടു കണ്ടുല്‌ബണരഭസഭരം
ദൈത്യസേനാഭടന്മാ-
രാവൃത്ത്യാ ശാസ്ത്രവഷൈര്‍ശ്ശിവശിവ പരിതോ
വിവ്യധുര്‍ന്നിര്‍വിശങ്കം.ˮ

ദേവി സുംഭന് അയയ്ക്കുന്ന സന്ദേശം:

ʻʻകൂട്ടാക്കാതെ മദാജ്ഞാവചനമിതു മദാ-
ജ്ഞാനരീത്യാ പടയ്ക്കായ്-
ക്കൂട്ടുന്നൂതാകിലിന്നേ ഭുവനജനനിത-
ന്നാണ കില്ലില്ല ചൊല്ലാം;
വാട്ടം തട്ടാത ശാസ്ത്രപ്രകരനിഹതരാം
നിങ്ങളെക്കൊണ്ടസംഖ്യാന്‍
കൂട്ടത്തോടെ കുരയ്ക്കും കുറുനരിനിവഹാ-
നോണമൂട്ടീടുവന്‍ ഞാന്‍.ˮ

ദേവന്മാരുടെ സ്തുതി:

എപ്രായം തെളിതേനിലമ്മധുരിമാ, പുഷ്പേഷു സൌരഭ്യമ-
ങ്ങെപ്രായം, മൃഗലാഞ്ഛനേ കുളിര്‍നിലാവെപ്രായമുത്ഭാസതേ,
എപ്രായം ബത! പാലില്‍ നെയ്യു,മഴകോടപ്രായമുള്ളോന്നുപോ-
ലിപ്പാരെങ്ങുമഹോ! മഹേശ്വരി, ഭവത്തത്ത്വം ഭവധ്വംസനം.ˮ

കല്യാണസൌഗന്ധികം

കല്യാണസൌഗന്ധികം ഭാരതാന്തഃപാതിയായ ഒരു ഇതിവൃത്തത്തെ അധികരിച്ചു രചിച്ചിട്ടുള്ളതാണെങ്കിലും അതു ചതുര്‍ദ്ദശകഥാബദ്ധമായ ഭാരതചമ്പുവിലെ ഒരു ഭാഗമാണെന്ന് എനിക്ക് തൊന്നുന്നില്ല. ആ കൃതിയുടെ ആവിര്‍ഭാവം കൊല്ലം എട്ടാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലായിരിക്കണം. രണ്ടു പദ്യങ്ങള്‍മാത്രം ചുവടെ പകര്‍ത്തിക്കൊണ്ടു പുരോഗമനം ചെയ്യുന്നു.

ഹനുമാന്റെ വിശ്വരൂപം:

ʻʻവാനോര്‍സിന്ധുതരംഗപാളിയിലെഴും കാറ്റേറ്റു ചിന്നീടുമ-
ന്നാനാകേസരബാലരോമപടലീനിര്‍ദ്ധൂയമാനാംബുദം
കാണായീ കപിസാര്‍വഭൌമമുടനേ മധ്യാഹ്നകാലത്തെയും
ഭാനോരൂഷ്മ കെടുത്ത തീവ്രമഹസാ സന്ദീപിതാശാന്തരം.ˮ

സൌഗന്ധികവാപി രക്ഷിക്കുന്ന രാക്ഷസന്മാര്‍:

ഊക്കേറും ഭീമസേനന്‍ പുനരതില്‍ നടുവേ
ചാടിവീണ്ണാത്തനാദം
വായ്ക്കും സൌഗന്ധികശ്രേണികള്‍ വടിവൊടറു
ത്തോരുനേരം ഗദാവാന്‍
കേള്‍ക്കായീ ഘോരഘോരം നവജലദഘടാ-
നാദപുരം നടുക്കും
വാക്യാടോപങ്ങള്‍ വാപീഭരണവിധി വളര്‍-
ത്തുന്ന രക്ഷോഭടാനാം.ˮ

കാളിയമര്‍ദ്ദനം

കാളിയമര്‍ദ്ദനം ചമ്പു മുഴുവന്‍ കീട്ടീട്ടില്ല. ഒരു പദ്യവും ഒരു ഗദ്യത്തിലെ ഏതാനും പംക്തികളും മാത്രം പ്രദര്‍ശിപ്പിക്കാം.

കാളിയന്റെ വിഷവേഗം:

ʻʻഅത്രേയല്ലങ്ങു വാരാകരപരിവൃഢനും
ചെന്നു കാളിന്ദിയെന്നും
മുഗ്ദ്ധാമാലിംഗനത്തിന്നൊരുകുറി തുനിയു-
ന്നേരമാരാദകാണ്ഡേ
മെത്തീടും താപമുള്‍‌ക്കൊണ്ടവശതരത കൈ-
ക്കൊണ്ടവസ്ഥാന്തരേ തല്‍-
പുത്രന്‍ പീയൂഷധാമാവിടയിടെ മുഴുകാ-
ഞ്ഞാകിലന്നില്ല ജീവന്‍.ˮ

ഗദ്യം, വൃന്ദാവനം:

ʻʻകേസരിപുംഗവബാലധികര്‍ഷകമാതംഗാര്‍ഭകമഹിതം കുഹചന; രുരുമുഖനഖകൃതകണ്ഡൂഹര്‍ഷിതഹരിണീമണ്ഡലലളിതം കുഹചന; തുരഗീപരിചിതവനമഹിഷോത്തരസതതവിഹാരവിനോദം കുഹചന; വ്യാളീനികരഫണാമുഖചുംബനകേളീസംകലനകുലം കുഹചന; നാളീകാസവരസികമധുവ്രതപാളീഹുംകൃതിതുംഗം കുഹചന; ചേമന്തീനവസുമനോനിസ്‌സൃതഹൈമജലോക്ഷണശിശിരം കുഹചന; കേസരഭാസുരകുസുമരജോഭരധൂസരഗഗനവിഭാഗം കുഹചന; പാടലസൗരഭസംഗമസജ്ജിതപാടവനവപവമാനം കുഹചന; കോകിലമധുരനിനാദശ്രവണവ്യാകുലപഥികനിനാദം കുഹചന; കേകികുലോദിതതാണ്ഡവമണ്ഡലകേകാരൂപവിരാവം കുഹചന; സാരസഹംസചകോരകപോതകചാരുസമാഗമസുഭഗം കുഹചന; കബരീകുചയുഗഭാരനിപീഡിതശബരീമന്ഥരഗമനം കുഹചന; അമരീകചഭരവിഗളിതകുസുമഭ്രമരീഗീതനിനാദം കുഹചന; സേവാസമയ നമോനമ ജയമുഖഗീര്‍വാണോദിതമുഖരം കുഹചനˮ ഇത്യാദി.

സ്യാമന്തകം

സ്യാമന്തകം സാമാന്യം നല്ല ഒരു ചമ്പുവാണ്. രുക്‌മിണീസ്വയംവരം, സ്യാമന്തകം മുതലായ ചമ്പുക്കളോട് അതാതു വിഷയങ്ങളെ പ്രതിപാദിക്കുന്ന തുള്ളല്‍കഥകള്‍ രചിക്കുമ്പോള്‍ കുഞ്ചന്‍നമ്പ്യാര്‍ക്കുള്ള കടപ്പാടു സ്പഷ്ടമായി കാണ്‍മാനുണ്ട്. രണ്ടു ശ്ലോകങ്ങളും ഒരു ഗദ്യത്തില്‍ നിന്ന് ഏതാനും വരികളും പകര്‍ത്തിക്കാണിക്കാം.

അപവാദം പരക്കുന്ന മാതിരി.

ʻʻനാസാഗ്രേവിരല്‍‌വച്ചൊരാത്മഗൃഹിണീകര്‍ണ്ണേപകര്‍ന്നാനസൗ;
ദാസീകര്‍ണ്ണപുടേ ച സാ; പുനരസൌ ചുറ്റും പരത്തീടിനാള്‍;
കാസാരേഷു ചതുഷ്പഥേഷു ച പുനഃ ശ്രീകൃഷ്ണദുഷ്കീര്‍ത്തി ചെ-
ന്നാസേതോരധിലോകമാഹിമവതോ നീളെപ്പരന്നൂ തദാ.ˮ

കിംവദന്തിയുടെ പ്രകാരം:

ʻʻകക്കുമ്മാറില്ല പാര്‍ത്താലൊടിയ, രൊടി പടി-
പ്പീല പാടച്ചരന്മാ-
രക്രൂരന്‍ മോഹമാര്‍ന്നൂ തടിനിയിലൊടികൊ-
ണ്ടല്ലയോ ചൊല്ലു നേരേ?
ഇക്കാലം ദൈവമെന്നിപ്പരമൊരു ശരണം
കണ്ടതില്ലാരുമെങ്ങും
തിക്കും ദുഷ്കിംവദന്തീ പുനരിതി സമഭൂല്‍
പുഷ്കലാ ചക്രപാണേഃˮ

ഗദ്യം, ലോകാപവാദം:

ʻʻവേലി നടന്നൊരു സസ്യം തിന്നും കാലം വിഷമമിതെന്നും കേചന; ചണ്ഡഹുതാശന്‍ ഭൂമി ദഹിക്കയുമുണ്ടിനി നിര്‍ണ്ണയമെന്നും കേചന; മാപാപികളേ മിണ്ടായ്ക്കാരുമിതെന്നും കേചില്‍, നമുക്കിനി മേലില്‍ത്തല പോം പറകിലിതെന്നും കേചന; ചതിയൊടിവന്‍ പോയ്പ്പതിയുമിരുന്നിഹ പൊതിയും വെട്ടുമിതെന്നും കേചന: മംഗല്യസ്ത്രീമംഗലസൂത്രം തച്ചു പറിയ്ക്കുമിതെന്നും കേചന; ദുര്‍ന്ന്യായങ്ങളിതില്‍പ്പരമുണ്ടിഹ സന്യാസികളൊടുമെന്നും കേചന; കുഴലും മോതിരവും പുനരെന്നും കെട്ടായ്ക്കെന്നു പറഞ്ഞുതുടങ്ങീ; കഷ്ടമിതില്‍ക്കാളുണ്ടിഹ പാര്‍ത്താല്‍ പത്തനപന്തിയില്‍ വിത്തം നേടും ചെട്ടികള്‍ ചോനകര്‍ കെട്ടിപ്പൂട്ടിപ്പകലേ പുക്കൊരു തസ്കരഭീത്യാ മച്ചിലൊളിച്ചുകിടന്നുതുടങ്ങീ. കൂഴച്ചെറുമികള്‍ കൂട്ടംകൂടിക്കോഴപ്പെട്ടു നടന്നു തുടങ്ങീ.ˮ

ശ്രീമതീസ്വയംവരം

ശ്രീമതീസ്വയംവരത്തിലേ കഥ പുരാണാന്തര്‍ഗ്ഗതമാകുന്നു. വിഷ്ണുഭക്തനായ അംബരീഷമഹാരാജാവിനു ശ്രീമതി എന്നൊരു പുത്രിയുണ്ടായിരുന്നു. മഹര്‍ഷിമാരെങ്കിലും ഗായകന്മാരായ നാരദനും പര്‍വതനും ആ യുവതിയില്‍ അനുരക്തരായിത്തീരുകയും ആ വിവരം അവര്‍ അംബരീഷനെ ധരിപ്പിക്കുകയും ചെയ്തു. കന്യകയ്ക്കു മഹാവിഷ്ണു ഭര്‍ത്താവാകണമെന്നായിരുന്നു അഭിലാഷം. അംബരീഷന്‍ ശാപഭയം നിമിത്തം വിഷമിച്ച് താന്‍ ഒരു സ്വയംവരമാണു നിശ്ചയിച്ചിരിക്കുന്നതെന്നും ആ അവസരത്തില്‍ രണ്ടു മഹര്‍ഷിമാരും സന്നിഹിതരായിരിക്കുകയാണെങ്കില്‍ കുമാരി തനിക്ക് അഭിമതനായ ഒരു പുരുഷനെ വരിച്ചുകൊള്ളുമെന്നും അവരെ അറിയിച്ചു. മഹര്‍ഷിമാര്‍ മഹാവിഷ്ണുവിനോട് അന്യോന്യം അവര്‍ക്കിരുവര്‍ക്കും കപിമുഖത്വമുണ്ടാകുമാറു പ്രാര്‍ത്ഥിച്ചു. വരണമണ്ഡപത്തില്‍ കുമാരി അവരെ രണ്ടു പേരെയും വാനരവദനന്മാരായും അവര്‍ക്കിടയില്‍ മഹാവിഷ്ണുവിനെ, ത്രൈലോക്യമോഹനമായ സൗന്ദര്യത്തിനു നിധാനമായും കണ്ടു. കന്യകയെ ഭഗവാന്‍ പരിഗ്രഹിച്ചു. ക്രുദ്ധന്മാരായ മഹര്‍ഷിമാര്‍ ഉത്തരക്ഷണത്തില്‍ അംബരീഷനെ ഗ്രസിക്കുവാന്‍ തമസ്സിനെ സൃഷ്ടിക്കുകയും ഭഗവാന്‍ അതിന്റെ ശമനത്തിന്നായി ചക്രായുധത്തെ നിയോഗിക്കുകയും ചെയ്തു. താടിക്കാര്‍ രണ്ടുപേരും പേടിച്ചരണ്ടു മഹാവിഷ്ണുവിനെത്തന്നെ ശരണം പ്രാപിച്ചു. ഭഗവാന്‍ അംബരീഷനെ രക്ഷിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തതിനുമേല്‍ ആ മഹാരാജാവിന്റെ കുലത്തില്‍, അതായതു സൂര്യവംശത്തില്‍, അവതരിച്ചു സീതാദേവിയായി ജനിക്കുന്ന ശ്രീമതിയെ വീണ്ടും പരിഗ്രഹിക്കാമെന്നു വാഗ്ദാനം ചെയ്കയും അതോടുകൂടി കഥ അവസാനിക്കുകയും ചെയ്യുന്നു. സ്വയംവരം കാണുവാന്‍ പോകുന്ന പല കൂട്ടരേയും കവി തന്മയത്വത്തോടുകൂടി വര്‍ണ്ണിക്കുന്നു. അവരില്‍ രാജാക്കന്മാര്‍, മുനിമാര്‍. മലയാളബ്രാഹ്മണര്‍, ബ്രഹ്മചാരികള്‍, ദേവലന്മാര്‍, വാര്യന്മാര്‍, പാതിരിമാര്‍, യുവതികള്‍, പടയാളികള്‍, കൈക്കോളര്‍ (ഒരുവക നെയ്‌ത്തുകാര്‍), കൃഷീവലസ്ത്രീകള്‍ ഇങ്ങനെ പലരും ഉള്‍പ്പെടുന്നു. അന്യചമ്പുക്കളിലെല്ലാം ഓദനസ്ഥാനത്തില്‍ സ്രഗ്ദ്ധരയും ഉപദംശസ്ഥാനത്തില്‍ മറ്റു വൃത്തങ്ങളുമാണല്ലോ ദൃശ്യമായിരിക്കുന്നത്; എന്നാല്‍ ശ്രീമതീസ്വയംവരത്തില്‍ കവി സ്രഗ്ദ്ധരാവൃത്തത്തില്‍ ഒരു ശ്ലോകം‌പോലും രചിച്ചു ചേര്‍ത്തിട്ടില്ലെന്നുള്ളതു വിചിത്രമായിരിക്കുന്നു. കവിതയുടെ മാതിരി കാണിക്കുവാന്‍ ഏതാനും ശ്ലോകങ്ങളും ഒരു ഗദ്യത്തില്‍നിന്നു കുറെ വരികളും ഉദ്ധരിക്കാം. അനുസ്യൂതമായ ഔല്‍കൃഷ്ട്യം ഈ കാവ്യത്തിനുണ്ടെന്നു പറയുവാന്‍ പാടില്ല.

സ്വയംവരത്തിനു വന്ന ചിലര്‍:

ʻʻരോമവിഹീനശിരസ്കാ മഹോദരാഃ കൃശവിലോലവസ്ത്രധരാഃ
പരുഷതരവചനദക്ഷാ ആജഗ്‌മുഃ ശ്രോത്രിയാസ്‌തൂര്‍ണ്ണം.ˮ
ʻʻഅജിനം മേഖല ദണ്ഡും കൌപീനവുമേഭിരുജ്ജ്വലിതം
കുശുകുശ മന്ത്രിച്ചേവം ശിശുനികരം പോന്നുവന്നിതൊരു തരമായ്.ˮ
 
ʻʻവയ്ക്കോല്‍ക്കളത്തില്‍ വിലസീടിന നാരിമാരും
മുല്ക്കാലമേ തുണി മുറിച്ചു മറച്ചുടുത്ത്
അക്കയ്യരോടിടകലര്‍ന്നു ചമഞ്ഞുവന്നു
നില്ക്കുന്നതുണ്ടു പതിനായിരമൊന്നുപോലെ.ˮ

ശ്രീമതിയെ കണ്ടപ്പോള്‍ രാജാക്കന്മാര്‍ക്കുണ്ടായ ഭാവഭേദങ്ങള്‍:

ʻʻഒരുവന്‍ ക്രമുകൈസ്സാര്‍ദ്ധം വിരല്‍കൂടേ നുറിക്കിനാന്‍;
പൊളിച്ചു സഹസാ തിന്നു കളിത്താമര കശ്ചന;
നൂറു തിന്നിട്ടു നാവൊക്കെ നീറിപ്പോയിതു കസ്യചില്‍;
തമ്പലം കളവാന്‍ തൂര്‍ണ്ണം നെഞ്ചിലേ വെച്ചിതന്യഥാ;
മുണ്ടു വീണതറിഞ്ഞില്ല മണ്ടുന്നൂ തത്ര കേചന;
കണ്ടു കന്യാം കനംകെട്ടു കൊണ്ടാടുന്നൂ തദാ പരേ;
കനത്തില്‍ മുന്നിരുന്നേനാം കട്ടുനോക്കീടിനാര്‍ ചിലര്‍;
മാരാതങ്കം മറച്ചന്യൈഃ സ്വൈരം കേചില്‍ ബഭാഷിരേ:
ഓശ ഭാവിച്ചു ചിക്കുന്നൂ മീശയും താടിയും ചിലര്‍;
ഭൂഷണാനി നിരത്തുന്നോര്‍ വൈഷമ്യം പൂണ്ടു കേചന;
പെണ്ണു കിട്ടാ നമുക്കെന്നു കണ്ണുനീര്‍ പാറ്റിനാര്‍ ചിലര്‍;
ജാള്യങ്ങള്‍ മറ്റുമിത്യാദി പലവും കാട്ടിനാര്‍ തദാ.ˮ

ഗദ്യം, മഹര്‍ഷിമാരുടെ സ്തോത്രം:

ʻʻകംബുസുദര്‍ശനകഞ്ജഗദാധര കല്‌മഷനാശന പാലയ മാം;
കനകനിഭാംബര കൌസ്തുഭകാഞ്ചീകങ്കണഭൂഷിത പാലയ മാം;
കാളഘനപ്രഭ കാമവരപ്രദ കാരുണ്യാലയ പാലയ മാം;
കമലാവല്ലഭ കമലവിലോചന കരുണാകര പരിപാലയ മാം;
നാഗവരാസന നാകിജനപ്രിയ നാഗാരിധ്വജ പാലയ മാം;
നന്ദിതമുനിജന ചന്ദ്രനിഭാനന മന്ദരഗിരിധര പാലയ മാം;
നാരകനാശന നാഥ ദയാപര നാരായണ പരിപാലയ മാം;
നരസുരപാലക നരകനിഷൂദന നളിനനിഭാനന പാലയ മാം;

ഇതര ചമ്പുക്കള്‍

മുമ്പ് നാമനിര്‍ദ്ദേശം ചെയ്ത ഇതര ചമ്പുക്കളില്‍ ഗജേന്ദ്രമോക്ഷം, പ്രഹ്ലാദചരിതം, കൃഷ്ണാവതാരം, പൂതനാമോക്ഷം, ശര്യാതിചരിതം, സഭാപ്രവേശം എന്നിവ അത്യന്തം ഹ്രസ്വങ്ങളാണ്. വിഷ്ണുമായാചരിതം, രാസക്രീഡ, കുചേലവൃത്തം, സോമവാരവ്രതം ഇവയ്ക്കു തദപേക്ഷയാ ദൈര്‍ഘ്യം കൂടും. ഗണനീയമായ ചമല്‍കാരം അവയ്ക്കോന്നിനുമില്ല. രാസക്രീഡയില്‍ കലിസൂചനയുണ്ടെന്നു ചിലര്‍ പറയുന്നതു നിരാസ്പദമാകുന്നു. നാലഞ്ചു ശ്ലോകങ്ങള്‍ പ്രസ്തുത ചമ്പുക്കളില്‍നിന്നുകൂടി എടുത്തു കാണിക്കാം:

ഗജേന്ദ്രനായ ഇന്ദ്രദ്യുമ്നന്‍:

ʻʻവാലും കാലും തലപ്പാരവുമൊരു കനവും
നീളമയ്യാ നടക്കും
ചേലും കോലും വഴക്കും പുകരൊടണികരം
കര്‍ണ്ണവും വര്‍ണ്ണനീയം
വാലും ദാനാംബുകൊണ്ടുള്ളൊരു സുഭഗതയും
കണ്ടൊരൈരാവതം താന്‍
മാലും കൈക്കൊണ്ടു നിന്നാനുരപെരുകിന നാ-
ണം പൊറാഞ്ഞാകുലാത്മാ.ˮ (ഗജേന്ദ്രമോക്ഷം)

മംഗലാചരണം:

ʻʻലക്ഷ്മീവാര്‍കൊങ്കതന്മേല്‍ മണമിളകി നിറ-
ന്നീടുമക്കുങ്കുമംകൊ-
ണ്ടക്ഷീണാഭോഗവക്ഷസ്ഥലകലിതമനോ-
ഹാരിഹാരാഭിരാമം
ചൊല്‍ക്കൊള്ളും കാളമേഘപ്രതിഭടസുഷമാ-
കന്ദളം കൈതൊഴുന്നേ-
നുള്‍ക്കാമ്പില്‍ക്കണ്ടുകൊണ്ടെപ്പൊഴുമഖിലജഗ-
ദ്വന്ദനീയം മുകുന്ദം.ˮ (വിഷ്ണുമായാചരിതം)

ബ്രഹ്മാവിനോടു ഭൂമിയുടെ ആവലാതി:

ʻʻവാണീമാതു പുണര്‍ന്ന പുണ്യലഹരീസിന്ധോ! മദീയാമിമാം
വാണീംകേള്‍ക്ക ഭവല്‍കൃപാബലമൊഴിഞ്ഞില്ലേതുമാലംബനം;
ക്ഷോണീ ഞാനമരാരിവീരഭരതഃ ഖിന്നാ, ജഗന്നാഥ, തേ
വീണാനമ്യ പദാംബുജേ സകരുണം സന്താപമാവേദയേ.ˮ (കൃഷ്ണാവതാരം)

വൃന്ദാവനത്തിലെ ലതകളും വൃക്ഷങ്ങളും:

ആരോമല്‍ക്കേശവന്‍തന്‍ മധുരിമതിരളും
വേണുഗീതപ്രഭാവാല്‍
വാരാര്‍ന്നാനന്ദമൂര്‍ച്ഛാം തടവുമൊരു ലതാ-
പാദപാനാം കദംബം
വാരംവാരം പ്രസൂനാംകരപുളകമണി-
ഞ്ഞംഗമെങ്ങും മധൂളീ-
ധാരാബാഷ്പങ്ങളും പെയ്തടവിയില്‍ വിലസീ
നിശ്ചലാനമ്രശാഖം.ˮ (രാസക്രീഡ)

ശ്രീകൃഷ്ണന്‍ കുചേലനോട്:

ഇത്ഥം ധാത്രീസുരേന്ദ്രം ത്രിഭുവനപെരുമാള്‍
തത്ര കൈവല്യദാതാ
സിക്ത്വാ സല്ലാപസമ്പത്സമുദിതപരമാ-
നന്ദപീയൂഷയൂഷൈഃ
ചിത്തേ താനങ്ങറിഞ്ഞാദ്ധരണിസുരവരാ-
കാംക്ഷിതം പൂരയിഷ്യന്‍
ബദ്ധോല്ലാസം തദാനീം പുനരപി കരുണാ-
സിന്ധുരേവം ബഭാഷേ.ˮ (കുചേലവൃത്തം)

ചമ്പൂകാരന്മാരുടെ സിദ്ധികള്‍

കൊല്ലം 650 മുതല്‍ 850 വരെയുള്ള ശതകദ്വയമാണ് ഭാഷാചമ്പുക്കളുടെ സൗവര്‍ണ്ണകാലം എന്ന് ഇത്രമാത്രമുള്ള വിവരണത്തില്‍നിന്നു വിശദമാകുന്നുണ്ടല്ലോ. പൂനം, തറയ്ക്കല്‍ വാരിയര്‍, മഴമംഗലം, നീലകണ്ഠന്‍ ഈ നാലു കവിപുംഗവന്മാരുടെ നാമങ്ങള്‍ മാത്രമേ നമുക്ക് ഏതത്സംബന്ധമായി അറിവാന്‍ ഇടവന്നിട്ടുള്ളു. വേറേയും ആ മാര്‍ഗ്ഗത്തില്‍ പലരും സഞ്ചരിച്ചിരുന്നു എന്നുള്ളതിന് ഇതുവരെ നമുക്കു കിട്ടീട്ടുള്ള ചമ്പുക്കള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു.

ചമ്പൂകാരന്മാര്‍ക്കു സാമാന്യേന അനേകം വിശിഷ്ടങ്ങളായ സിദ്ധികള്‍ സ്വാധീനങ്ങളായിരുന്നു എന്ന് ആര്‍ക്കും സമ്മതിക്കാതെ നിവൃത്തിയില്ല. വാസന, വ്യുല്‍പത്തി, അഭ്യാസം ഇവ മൂന്നും യൗഗപദ്യേന അവരില്‍ സമ്മേളിച്ചിരുന്നു. തന്നിമിത്തം അവര്‍ക്ക് ഏതു ജരല്‍പിണ്ഡസദൃശമായ കഥാശരീരത്തിലും വര്‍ണ്ണനാവൈചിത്ര്യത്താല്‍ ആകര്‍ഷകമായ ഒരു നീരോട്ടം വരുത്തുന്നതിനും ഇതിവൃത്തത്തിന്റെ ശുഷ്കാസ്ഥികളെ വചോവിലാസത്താല്‍ മാംസളമാക്കിത്തീര്‍ക്കുന്നതിനും അനായാസേന സാധിച്ചിരുന്നു. വാല്‌മീകിരാമായണത്തിലേ ശൂര്‍പ്പണഖയല്ല രാമായണചമ്പുവിലേ ശൂര്‍പ്പണഖ; ഭാഗവതത്തിലേ ബാലകൃഷ്ണനല്ല കംസവധത്തിലേ ബാലകൃഷ്ണന്‍; ദേവീമാഹാത്മ്യത്തിലേ ദുര്‍ഗ്ഗയല്ല ഗൗരീചരിതത്തിലേ ദുര്‍ഗ്ഗ; കുമാരസംഭവത്തിലേ മന്മഥനല്ല കാമദഹനത്തിലേ മന്മഥന്‍. ചമ്പൂകാരന്മാരുടെ കഥാനായകന്മാര്‍ക്കും ഇതരപാത്രങ്ങള്‍ക്കും ഏറിയകൂറും ആ വശ്യവാക്കുകളുടെ മനോധര്‍മ്മവൈഭവത്താല്‍ത്തന്നെയാണ് പ്രാണപ്രതിഷ്ഠ ലഭിച്ചിട്ടുള്ളത്. വര്‍ണ്ണനാചാതുരി, ശബ്ദാര്‍ത്ഥഘടനാസാമര്‍ത്ഥ്യം, രസപോഷണപ്രഗല്‌ഭത തുടങ്ങിയ കവനകലാവിഭൂതികള്‍ പലതും അവരെ സ്വയംഗ്രഹാശ്ലേഷം ചെയ്തിരുന്നു. തങ്ങള്‍ക്കു സംസ്കൃതഭാഷയില്‍ ഗദ്യപദ്യങ്ങള്‍ രചിക്കുന്നതിനുള്ള വൈദഗ്ദ്ധ്യം അവരില്‍ പ്രമുഖന്മാരായ കവികള്‍ അവരുടെ പ്രബന്ധങ്ങളില്‍ ആശ്ചര്യകരമാകുംവണ്ണം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രാജരത്നാവലീയത്തില്‍ മന്ദാരമാലയേയും, നൈഷധത്തില്‍ ദമന്തിയേയും, ചെല്ലൂരനാഥോദയത്തില്‍ പാര്‍വ്വതീപ്രതിഷ്ഠയേയും, ഗൗരീചരിതത്തില്‍ വീരഭദ്രാഗമനത്തേയും, ഭാരതചമ്പുവില്‍ കൈലാസപര്‍വ്വതത്തേയും മറ്റും പറ്റിയുള്ള വര്‍ണ്ണനാത്മകങ്ങളായ ഗദ്യങ്ങള്‍ സംസ്കൃതത്തില്‍ അത്തരത്തിലുള്ള ഏതു ഗദ്യങ്ങളോടും കിടനില്ക്കുവാന്‍ യോഗ്യങ്ങളാണ്. ചുരുക്കത്തില്‍ മലയാളഭാഷയ്ക്കു ലഭിച്ചിട്ടുള്ള മഹനീയങ്ങളായ നിധികളില്‍ ഒന്നാകുന്നു ചമ്പൂസമുച്ചയം എന്ന് ആര്‍ക്കും സധൈര്യം സമുല്‍ഘോഷിക്കാം. യതിഭംഗം, പരസ്വാദാനം എന്നീ രണ്ടു പ്രധാനദോഷങ്ങളും നിരര്‍ത്ഥകങ്ങളായ പദങ്ങളുടെ പ്രയോഗം അര്‍ത്ഥഭേദം വരുത്താതെ ഒരു പദ്യത്തില്‍ ഒരേ പദത്തിന്റെ ആവര്‍ത്തനം, കാശകുശാവലംബന പ്രായത്തിലുള്ള ദ്വിതീയാക്ഷരപ്രാസവിന്യാസം, അപലപനീയമായ അനുകരണഭ്രമം, സംസ്കൃതപദങ്ങളുടേയും ഭാഷാപദങ്ങളുടേയും തീരെ പൊരുത്തമില്ലാത്തതരത്തിലുള്ള സംയോജനം എന്നീ സാമാന്യവൈകല്യങ്ങളും ആ രത്നങ്ങളില്‍ അങ്ങിങ്ങു കീടാനുവിദ്ധത വരുത്തുന്നുണ്ട്. ചമ്പൂകാരന്മാരുടെ മംഗലശ്ലോകങ്ങളില്‍പ്പോലും ഗ്രാമ്യമായ ശൃംഗാരത്തിന്റെ ലാഞ്ഛനം പ്രായികമായുണ്ടെന്നുള്ള പരമാര്‍ത്ഥവും സമ്മതിക്കേണ്ടിയിരിക്കുന്നു. ഈവക കുറവുകളും കുറ്റങ്ങളും തള്ളിനോക്കിയാലും അവശേഷിക്കുന്നത് അഭൗമമായ ഒരു കാവ്യസമ്പത്താണ്. ആധുനികന്മാരുടെ ദൃഷ്ടിയില്‍ ആ പൂര്‍വ്വസൂരികളുടെ അത്യധികമായ സംസ്കൃപ്രയോഗം ഒരപരാധമായിരിക്കാം; പക്ഷേ അവര്‍ അക്കാലത്തെ സഹൃദയന്മാരെ രസിപ്പിക്കുന്നതിനുവേണ്ടിയാണ് തങ്ങളുടെ പ്രബന്ധങ്ങള്‍ നിര്‍മ്മിച്ചതെന്നുള്ള തത്ത്വം നാം വിസ്മരിക്കരുത്. സംസ്കൃതത്തിന്റെ അനുക്ഷണമുള്ള മര്‍ദ്ദംനിമിത്തം ലീലാതിലകത്തിന്റെ കാലത്തുപോലും അനേകം പഴയ മലയാളപദങ്ങള്‍ ഭാഷാസാഹിത്യത്തില്‍ നിന്ന് അന്തര്‍ദ്ധാനം ചെയ്തുകഴിഞ്ഞിരുന്നു. എങ്കിലും ചമ്പൂകാരന്മാര്‍ അവരുടെ മുഴുത്ത സംസ്കൃതപക്ഷപാതത്തിന്നിടയില്‍ പ്രാചീനപദങ്ങളേയും ഗൗണപ്രയോഗങ്ങളേയും പുനരുജ്ജീവിപ്പിച്ചു നമുക്കു സമ്മാനിച്ചിട്ടുണ്ടെന്നു കാണുന്നതില്‍ നമുക്ക് അവരുടെ നേര്‍ക്ക് കൃതകേതരമായ കൃതജ്ഞത ഉണ്ടായിരിക്കേണ്ടതാണ്.

ഭാഷാദണ്ഡകങ്ങള്‍, ലക്ഷണം

ചമ്പൂകാരന്മാര്‍ അവരുടെ കൃതികളില്‍ ഗദ്യത്തിന്റെ ഒരു അവാന്തരവിഭാഗമെന്ന നിലയില്‍ ദണ്ഡകങ്ങള്‍കൂടി ഘടിപ്പിച്ചിട്ടുണ്ടെന്നു നാം കണ്ടുവല്ലോ. ആ ദണ്ഡകങ്ങള്‍ സംസ്കൃതദണ്ഡകങ്ങളില്‍നിന്നു വിഭിന്നങ്ങളാണ്. ദണ്ഡം(വടി)പോലെ നീണ്ടുപോകുന്നതുകൊണ്ടാണ് അതിന് ആ പേര്‍ സിദ്ധിച്ചതെന്നു വൃത്തമഞ്ജരീകര്‍ത്താവ് ഊഹിക്കുന്നു. ഇക്ഷുദണ്ഡികയും വംശയഷ്ടികയുമാകുന്നു ചമ്പുക്കളില്‍ കാണുന്ന പ്രധാന ദണ്ഡകങ്ങള്‍. ഓരോ ദണ്ഡകത്തിനും നന്നാലു പദങ്ങള്‍വീതം വേണമെന്ന് ആദ്യകാലത്തു നിയമമുണ്ടായിരുന്നു. ആ വസ്തുത പത്താം ശതകത്തിന്റെ ഒടുവില്‍ ആട്ടക്കഥകളെഴുതിയ ചില കവികള്‍ വിസ്മരിച്ചു ത്രിപാദിയായും മറ്റും ദണ്ഡകങ്ങള്‍ രചിച്ചു തുടങ്ങി! അവയ്കാണ് വൃത്തമഞ്ജരിയില്‍ ത്രിഖണ്ഡിക എന്നു നാമകരണം ചെയ്തിരിക്കുന്നത്. അങ്ങനെയുള്ള ദണ്ഡകങ്ങള്‍ നിയമച്യുതങ്ങളും അസുദ്ധരങ്ങളുമാകുന്നു. ചണ്ഡവൃഷ്ടിപ്രയാതമെന്ന ദണ്ഡകത്തിന്റെ മാതൃക ചമ്പുക്കളിലോ ആട്ടക്കഥകളിലോ കണ്ടിട്ടില്ല.

ചമ്പുക്കളിലെ ദണ്ഡകം

ഒരു ദണ്ഡകമെങ്കിലും ഇല്ലാത്ത ചമ്പുക്കള്‍ ചുരുക്കമാണ്. രാമായണത്തില്‍ പുനം, വരണമണ്ഡപപ്രവിഷ്ടയായ സീതാദേവിയുടെ സൌന്ദര്യത്തെ വര്‍ണ്ണിക്കുന്ന

ʻʻഅല്ലോടിടഞ്ഞു പടതല്ലുന്ന കുന്തളസ-
മുല്ലാസിഗണ്ഡമലര്‍മാലം;
അല്ലല്‍പെടു മതികലയെ വെല്ലുമൊരു നിടിലതട-
ഫുല്ലമൃഗമദതിലകബാലം;
അലര്‍ബാണവീരനെറി വിളയാടുമോമല്‍മിഴി-
കലകൊണ്ടു കണ്ണിനനുകൂലം;
അലമമലകുഴയിണയില്‍ വിലസുമണിമണിരുചിഭി-
രൊളിവിളയുമനുപമകപോലംˮ

ഇത്യാദിയായ ഇക്ഷുദണ്ഡികാദണ്ഡകം സുപ്രസിദ്ധമാണല്ലോ. ആ ദണ്ഡകത്തിലെ പ്രഥമപാദം മാത്രമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. താഴെക്കാണുന്ന വംശയഷ്ടികാദണ്ഡകം നീലകണ്ഠകവിയുടെ ചെല്ലൂരനാഥോദയത്തെ അലങ്കരിക്കുന്നു:

ʻʻഭൂമീസുരാ ദധതി സീമാതിവൃത്തമൊരു
ഭൂമാനമാമധുരഭീമാഃ;
പുകള്‍പെരിയ കൗമാ-രകവയസി മാമാ!-
മികവൊടൊരു മതിമഹിമ തടവി മുഹുരതിവിമല-
മഖിലജനനയനപുടസോമാഃ; (1)
സാവിത്രിയാമൊരു സവിത്ര്യാം പിറന്നു പുന-
രാബദ്ധചാരുഗുരുസേവാഃ;
സവിതൃസമശോഭാ-ശ്ശിവനിയതഭാവാ-
ദിവസമനു നിയമമയജലധികളിലനുകലിത-
പരമകിടിപരിവൃഢവിഭാവാഃ; (2)
സാഹിത്യതന്ത്രകൃതഗാഹക്രമാ മഹിത-
ഗാര്‍ഹസ്ഥ്യമാര്‍ന്നു ചരിതാര്‍ത്ഥാഃ;
സുകൃതഗുണജൈത്രാ-സ്സുഖവിദിതശാസ്ത്രാഃ-
സുവിരചിതധരണിസുരവിബുധപിതൃപരിചരണ-
മുദിതതരശുഭതനയപൌത്രാഃ; (3)
പാലാഴിചാരുപുകള്‍മാലാമയം കലിത-
ലീലം പ്രപൂര്യ ജഗദന്തേ,
പല വചനബന്ധേ-ഫലവിഭവമെന്തേ?-,
നലമുടയ ധരണിസുരകുലപതികളവരതുല-
ഗുണഗരിമ തടവി വിജയന്തേ.ˮ (4)

മറ്റു ദണ്ഡകങ്ങള്‍: ഏഴു മുതല്‍ ഒന്‍പതു വരെ ശതകങ്ങളിലെ മണിപ്രവാളകവികള്‍ മുക്തകങ്ങള്‍ എന്ന നിലയിലും ദണ്ഡകങ്ങള്‍ നിര്‍മ്മിച്ചുവന്നിരുന്നു. അവ പ്രായേണ ശൃംഗാരരസപ്രധാനങ്ങളും ഭക്തിഭാവപ്രധാനങ്ങളുമാണ്. രണ്ടുതരത്തിലുള്ള ദണ്ഡകങ്ങള്‍ക്കും ഓരോ ഉദാഹരണങ്ങള്‍ ഉദ്ധരിക്കാം. രണ്ടും ഏഴാം ശതകത്തിലേയോ എട്ടാം ശതകത്തിലേയോ കൃതികളായിരിക്കുവാന്‍ ന്യായമുണ്ട്.

1 നായികാനുനയം:

ʻʻപൈന്തേനുതിര്‍ന്ന മൊഴി! സന്താപവന്‍കടലില്‍
വെന്തീടുമെന്നെ വെടിയാതേ!
പന്തണിയുമണിമുലയിലും തുടകളതിലുമുട-
നിന്ദുമുഖി വിറയല്‍ കലരാതെ!
പടതല്ലി മുല്ലമലര്‍ചരവില്ലെ വെല്ലുമൊരു
കുനുചില്ലിവല്ലി കുലയാതേ!
പരുഷമുരുകലുഷതയില്‍ മുഴുകുമണിമിഴിമുനയി-
ലൊരു വിഷമഗതികള്‍ തുടരാതേ! (1)
വിശ്വാഭിരാമമുഖി! നിശ്വാസപാതമിത-
വിശ്രാന്തമെന്തിനുതിരുന്നൂ?
വിശ്വസിഹി മയി പര, മവിശ്രമമിതണിമുലയി-
ലശ്രു ബത! കിമിതി ചിതറുന്നൂ?
വിമലം കപോലഭുവി കമലം തൊഴുന്ന മുഖി!
കിമു ഘര്‍മ്മബിന്ദു കലരുന്നൂ?
വിവശതയൊടഗതിയിത! മയി സുദതി കലഹമിഹ
കളവതിനു പലതരമിരന്നൂ. (2)
വെണ്‍തിങ്കളുണ്ടു നെറി ചിന്തും മഹേന്ദ്രദിശി
ചന്തം കലര്‍ന്നു നിവിരുന്നൂ;
വെന്തുരുകുമുടലിനുടനന്തകനുമലര്‍ചരനു-
മന്തിയുമിതൊരുമ കലരുന്നൂ;
വെരുളും വിയോഗിജനമിരുളുംപ്രകാരമൊരു
കുളിര്‍വെണ്ണിലാവിത വരുന്നൂ;
വെളിറുമൊരു കുമുദമലര്‍മധു പെരുകി മദമിളകി
മധുരതരമളികള്‍ മുരളുന്നൂ. (3)
നിന്നാണെ വെള്ളയിലമര്‍ന്നോമലേ ബത! പു-
ണര്‍ന്നീല ഞാനപരവാമാം;
നിന്നരികിലായി സുമുഖി! വന്നിനിയ കുളുര്‍മുലയി-
ലൊന്നു മമ കിമപി പുണരാമോ?
നിതരാമണഞ്ഞു പുനരധരാമൃതം ഭുവന-
മധുരാംഗി! ഹന്ത! നുകരാമോ?ˮ
… … … … … (4)

2 ഗുരുവായൂരപ്പന്‍:

ʻʻനീരാല്‍ നനഞ്ഞുപരി ധാരാധരങ്ങളൊടു
പോരാടി വെന്ന കചഭാരം;
നീരരുഹമുഴുമതികള്‍ നേരിടുകിലഴല്‍ പെരുകി
നീറുമണിവദനരുചിപൂരം;
നിറമാര്‍ന്ന ഭൃംഗനിര നെറി മാഞ്ഞു കൈതൊഴുത
തരളാളകാകുലമുദാരം;
നിരതിശയകരുണ തകുമിരുള്‍നയനയുഗവിഹിത-
ശശിമിഹിരഗുരുമഹിമസാരം. (1)
വാരാര്‍ന്ന രത്നചയസാരാഭകുണ്ഡലരു-
ചാരൂഢനിര്‍മ്മലകപോലം;
വാരിധരപടുനിനദധീരതരമധുരവച-
നാരചിതശിഖിനടനലീലം;
വിരളസ്മിതോല്ലസിതതരളാധരം മൃദുല-
മുരളീനിനാദമതിവേലം;
വരദരവുമരിയുമൊരു സരസിജവുമുരുഗദയു-
മിയലുമൊരു കരതലവിലോലം.
… … … … … (2)
നാരായണാച്യുത കൃപാരാമമേ കരുവ-
യൂരമ്പുമുമ്പര്‍പെരുമാളേ!
നാരദനു മനസി നിജസാരതരസുഖവിഭവ-
പൂരമതുമരുളുവതിനാളേ!
നരനായ്‌പ്പിറന്നു തവ ചരണാര്‍ച്ചനം തടവി
മരുവുന്നതെന്‍മനസി കോളേ!
നരകഭയമരുതരുതു സുരപുരിയുമൊരുപൊഴുതു
ജനിമരണമറുക വഴിപോലെ.ˮ (3)

ഓരോ പാദത്തിലുമുള്ള നാലു ഖണ്ഡങ്ങളിലും അന്ത്യപ്രാസം ഘടിപ്പിക്കുന്നത് അക്കാലത്തേ കവികള്‍ ആകര്‍ഷകതാധായകമെന്നു കരുതിയിരുന്നു എന്നു മേലുദ്ധരിച്ച വരികള്‍ ജ്ഞാപകമാണ്. സംസ്കൃതത്തിലോ തമിഴിലോ ഇത്തരത്തില്‍ ദണ്ഡകങ്ങളില്ലാത്തതുകൊണ്ട് ഇതിനെ ഭാഷാസാഹിത്യത്തിന്റെ പ്രാചീനങ്ങളായ പ്രത്യേക സ്വത്തുക്കളില്‍ ഒന്നായി പരിഗണിക്കാവുന്നതാണെന്നു ഞാന്‍ മുമ്പുതന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉണ്ണിയാടിചരിതത്തില്‍പ്പോലും ഇക്ഷുദണ്ഡികക്കു പ്രവേശം നല്കിക്കാണുന്നുണ്ടല്ലോ. ബഹുമൂല്യമായ ഒരു സ്വത്താണ് ഇതെന്നു സാഹിത്യമര്‍മ്മജ്ഞന്മാര്‍ അഭിമാനിക്കുന്നതും അയുക്തരൂപമല്ല.

ഭരതവാക്യം, ഇതിവൃത്തം

ഭരതവാക്യത്തിനു കൂട്ടപ്പാഠകമെന്നും പേര്‍ പറയുന്നു. പ്രസ്തുതകൃതിയുടെ ഉത്ഭവത്തെപ്പറ്റി ഒരൈതിഹ്യം കേട്ടിട്ടുണ്ട്. ഒരു കവി ഒരിക്കല്‍ ഒരു നമ്പൂതിരിയുടെ ഇല്ലത്തു ചെന്നു. അന്ന് ഇല്ലത്തെ കാര്യവിചാരക്കാരന്‍ ഒരു അപ്‌ഫനും അദ്ദേഹത്തിന്റെ പരിഗ്രഹം ഒരു നായര്‍സ്ത്രീയുമായിരുന്നു. കാര്യസ്ഥനായിട്ട് ഒരു ഇളയതും ഉണ്ണികളെ വായിപ്പിക്കുവാന്‍ ഒരു പിഷാരടിയുംകൂടി അവിടെ ഉണ്ടായിരുന്നു. അപ്‌ഫന്റെ ശുദ്ധഗതിയും പരിഗ്രഹത്തിന്റെ ദുരയും കാര്യസ്ഥന്റെ ഭരണദോഷവും കൂടി യോജിച്ചപ്പോള്‍ ഇല്ലത്തെ സ്വത്തു മുഴുവന്‍ നശിച്ചു. അതുകണ്ടു പ്രസ്തുതകവി വ്യസനിച്ചു ഭരതവാക്യം എന്ന നാടകം ഉണ്ടാക്കി അമ്പലവാസികള്‍ക്ക് അഭിനയിക്കുവാന്‍ സമ്മാനിച്ചു. ഈ ഐതിഹ്യം മുഴുവന്‍ വിശ്വസനീയമാണെന്നു തോന്നുന്നില്ല. ഹാസ്യരസപ്രധാനവും അഭിനയയോഗ്യവുമായ ഒരു കൃതി ആരോ രചിക്കുകയും അതു മംഗലാവസരങ്ങളില്‍ തങ്ങളുടെ ഗൃഹങ്ങളില്‍ ഒരു വിനോദമെന്ന നിലയില്‍ രംഗത്തില്‍ പ്രയോഗിക്കുവാന്‍ കേരളത്തിലെ പ്രഭുക്കന്മാര്‍ അമ്പലവാസികള്‍ക്കു അനുവാദം നല്‍കുകയുംചെയ്തു എന്ന് ഊഹിക്കുന്നതായിരിക്കും യുക്തിക്ക് ഇണങ്ങുന്നത്. പ്രഭുഗൃഹങ്ങളില്‍ കല്യാണം, പന്ത്രണ്ടാമ്മാസം മുതലായ അടിയന്തരങ്ങള്‍ക്ക് അമ്പലവാസികളെക്കൊണ്ട് അതു സമീപകാലത്തുപോലും ആടിച്ചിരുന്നതായി കേള്‍വിയുണ്ട്. ഇന്നും ഉള്‍നാടുകളില്‍ ആ ചടങ്ങിന് അങ്ങിങ്ങു പ്രചാരമുണ്ടായിരിക്കണം. സന്തതിക്കു വിശേഷമെന്നാണ് വയ്പ്.

നായ്ക്കരപ്‌ഫന്‍ (വങ്കാളനായ്ക്കര്‍) എന്ന പാത്രം അപ്‌ഫനേയും ഇളയതു കാര്യസ്ഥനേയും പിഷാരടി ഗുരുനാഥനേയും ഇട്ടിപ്പെണ്ണ് അപ്‌ഫന്റെ പരിഗ്രഹത്തേയും വൃദ്ധ ഇട്ടിപ്പെണ്ണിന്റെ മാതാവിനേയും പറങ്ങോടന്‍ (പരക്രോഡന്‍) ഇല്ലത്തെ ദാസനേയും മാപ്പ ദാസിയേയുമാണ് സൂചിപ്പിക്കുന്നത്. ഭരതന്‍, ന്യായപാദന്‍ ഇവര്‍ ആരാണെന്നു മനസ്സിലാകുന്നില്ല. തിരുവിതാംകൂര്‍ ഗവര്‍മ്മേന്റില്‍നിന്നു ഭരതവാക്യം എന്ന പേരിലും ഭാഷാപ്രകാശത്തിന്റെ പ്രകാശകന്മാര്‍ ആ മാസികയില്‍ കൂട്ടപ്പാഠകം എന്ന പേരിലും അച്ചടിപ്പിച്ച ഗ്രന്ഥങ്ങള്‍ക്കു തമ്മില്‍ അനവധി പാഠഭേദങ്ങള്‍ കാണ്മാനുണ്ട്. ഇട്ടുണ്ണി, ഭട്ടന്‍ മുതലായ ചില പാത്രങ്ങള്‍കൂടി കൂട്ടപ്പാഠകപ്പതിപ്പില്‍ കടന്നുകൂടിയിരിക്കുന്നു. ഇട്ടുണ്ണി ഇട്ടിപ്പെണ്ണിന്റെ ജാരനാണ്. ഭരതവാക്യം വിപുലീകരിച്ചതാണ് കൂട്ടപ്പാഠകം എന്നു ചുരുക്കത്തില്‍ പറയാം.

മേല്പുത്തൂര്‍ഭട്ടതിരിയാണ് പ്രസ്തുതകൃതിയുടെ പ്രണേതാവ് എന്നു പറയുന്നവര്‍ സൂക്ഷ്മദൃക്കുകളല്ല. ഭട്ടതിരി യാതൊരു ഭാഷാഗ്രന്ഥവും രചിച്ചിട്ടില്ല. ʻഭാര്യാവിയോഗമരുതെന്നൊരു ഗ്രന്ഥമസ്തി.ʼ ʻതിരക്കാരമല്ല തിരിയായ്ക ക്ഷമിച്ചുകൊള്‍കʼ എന്നും മറ്റും ഹതവൃത്തങ്ങളായ പദ്യങ്ങള്‍ ആ മഹാകവിയുടെ രസനയില്‍നിന്ന് ഒരിക്കലും നിര്‍ഗ്ഗമിക്കുന്നതല്ലല്ലോ. ഭരതവാക്യത്തില്‍ ചില നല്ല ശ്ലോകങ്ങളും അനേകം പൊട്ടശ്ലോകങ്ങളും കാണാം; തോലന്റേയും മറ്റും പഴയ ശ്ലോകങ്ങള്‍ പകര്‍ത്തീട്ടുമുണ്ട്. തന്റെ ഗുരുനാഥന്റെ വംശജനായ ഒരാളെ ഭട്ടതിരി ʻധൂര്‍ത്താഗ്രേസരവൈഷ്ണവാധിപനിവന്‍ʼ എന്ന് ഒരിക്കലും ശകാരിക്കുവാന്‍ ഒരുമ്പെടുന്നതല്ലെന്നുകൂടി പറയേണ്ടിയിരിക്കുന്നു. മാമാങ്കത്തെപ്പറ്റിയുള്ള സ്മരണം പ്രകടമായി കാണുന്നതുകൊണ്ട് കവിയുടെ ജന്മഭൂമി അതിനു സമീപമുള്ള വല്ല പ്രദേശവുമാണെന്നു സങ്കല്പിക്കാം. ʻʻപുതിയെടത്തമ്പും രമാവല്ലഭˮന്റെ സ്തുതിയായി ഒരു നാന്ദിശ്ലോകം ഭാഷാപ്രകാശത്തില്‍ മുദ്രിതമായ ഗ്രന്ഥത്തില്‍ കാണുന്നുണ്ട്. എന്നാല്‍ തിരുവിതാംകൂര്‍ ഗവര്‍മ്മെന്റുവക പുസ്തകത്തില്‍ അതില്ല. പുതിയെടം ഏതു സ്ഥലമാണെന്ന് അറിഞ്ഞുകൂടാ. ഗ്രന്ഥത്തിന്റെ കാലം എട്ടാംശതകംതന്നെയാണെന്നുള്ളതിനു സംശയമില്ല. ʻമതിയുണ്ട്ʼ തുടങ്ങിയ പഴയ പ്രയോഗങ്ങള്‍ അതില്‍ ദുര്‍ല്ലഭങ്ങളല്ല.

ഭരതവാക്യത്തിന്റെ സ്വരൂപം

പ്രസ്തുത കൃതിക്കു പ്രഹസനത്തിന്റെ ചില ലക്ഷണങ്ങളുണ്ട്.

ʻʻവക്‌ത്രാംഭോജാല്‍ കദാചിന്നതു കമലഭുവാ മുച്യതേ ഭാരതീസാ
… … … വിജയതേ മാന്മഥോയം വിലാസഃˮ

എന്നൊരു സംസ്കൃതശ്ലോകമുണ്ടല്ലോ; അതാണ് നാന്ദിയുടെ സ്ഥാനത്തു പ്രയോഗിച്ചിരിക്കുന്നത്. പാത്രനിര്‍ദ്ദേശങ്ങളും ഗദ്യങ്ങളും സംസ്കൃതത്തില്‍ത്തന്നെ വിരചിതങ്ങളായിരിക്കുന്നു. ʻതതഃ പ്രവിശതി പിഷാരടിഃ&mdashദീര്‍ഗ്‌ഘം നിശ്വസ്യ&mdashഹേ പാന്ഥ വിദ്വന്‍, ക്ഷണമാത്രമത്ര സ്ഥീയതാം; അത്രവടമൂലനിവാസിനഃ കസ്യചില്‍ പുരുഷവരസ്യ ക്ലേശാപനോദനാര്‍ത്ഥം കാചില്‍ കഥാ കഥ്യതാംʼ ഇത്യാദി ഭാഗങ്ങള്‍ നോക്കുക. പദ്യങ്ങള്‍ പ്രായേണ മണിപ്രവാളരീതിയില്‍ സംസ്കൃതവൃത്തങ്ങളില്‍ നിബന്ധിച്ചിരിക്കുന്നു എങ്കിലും ʻʻകഷ്ടം കഷ്ടമിതിഷ്ടം വരുവാനിട്ടിപ്പെണ്ണിന്‍ ചരിതം കേട്ടാല്‍ മട്ടലര്‍ബാണനുമൊട്ടല്ലവളുടെ ചട്ടം കണ്ടാലതിദൂരത്ത്ˮ എന്നു ഒരു ദ്രാവിഡവൃത്തഗദ്യവും ഘടിപ്പിച്ചിട്ടുണ്ട്. ചില ശ്ലോകങ്ങള്‍ തീരെ അശ്ലീലങ്ങള്‍തന്നെ. പക്ഷേ ഒടുവില്‍

ʻʻഏതല്‍ പഠിച്ചഭിനയിക്കുമവര്‍ക്കു മേന്മേ-
ലാപത്തു പോന്നനുഭവിക്കയിളയ്ക്കലാഞ്ഞു;
കൂടെക്കലര്‍ന്നു ചില സംഗതികൊണ്ടു ശബ്ദഃ
ശ്രീമന്മുകുന്ദപദപത്മകഥാനുബന്ധീˮ
 

എന്നു സാക്ഷാല്‍ ഭരതവാക്യം കാണുന്നതുകൊണ്ടു കവിക്കു സന്മാര്‍ഗ്ഗപരമായ ഉദ്ദേശ്യവും പ്രസ്തുതരൂപകത്തിന്റെ രചനയില്‍ നിഗുഢമായി ഉണ്ടായിരുന്നു എന്ന് ഉദ്ദേശിക്കേണ്ടിയിരിക്കുന്നു. ʻʻചിത്തം നാരായണങ്കല്‍സ്സതതമിദമുറപ്പിച്ചു ചെയ്യേണമെന്നാല്‍ തത്വജ്ഞാനം ലഭിച്ചന്‍പൊടു ചരമവിധൌ മുക്തിയും വന്നുകൂടുംˮ എന്ന് അതിന് ഉപോല്‍ബലകമായി മറ്റൊരു പ്രസ്താവനയും കാണ്‍മാനുണ്ട്. ഈ കൃതിയിലെ ചില ശൃംഗാരശ്ലോകങ്ങള്‍:

കനിഷ്ഠ: ʻʻചിറകടിനിനദംകൊണ്ടംബരാന്തം മുഴക്കി-
പ്പരിചിനൊടരയന്നം വാഴ്‌കയാലിന്നളിന്യാം
സരസിജമധുവുണ്ണും ചഞ്ചളീകക്കിടാങ്ങള്‍-
ക്കൊരുദിനമൊരുനേരംചെന്നുപോരാന്‍ പ്രയാസം.ˮ

ഇട്ടിപ്പെണ്ണ്: ʻʻജലനിധിയിലിറങ്ങിച്ചെന്നു പോരുന്നിതല്ലോ
പലരു, മതു വിചാരേ പേടിയാവോന്നു നൂനം;
ചില തിരകള്‍ കളിച്ചും ചെന്നുപോന്നും തിരഞ്ഞും
തിരകള്‍ തരമറിഞ്ഞാലില്ലതാനും പ്രയാസം.ˮ

ചില ഹാസ്യശ്ലോകങ്ങള്‍:

പിഷാര: ʻʻകരിമ്പു വില്ലായതു മന്മഥന്നു;
വളം കരിമ്പിന്നു വെളുത്ത വെണ്ണീര്‍,
വില്ലിന്‍ ബലേനൈവ ശരസ്യ വേഗം;
ശൃംഗാരിണാം ഭസ്മ തതഃ പ്രശസ്തം.ˮ

പരക്രോഡ: ʻʻപ്രാരോടിയച്ചനിവളോടു നിനയ്ക്കവേണ്ടാ;
ഞാനുണ്ടിവള്‍ക്കു മതുവും കിതുവും കൊടുപ്പാന്‍;
എന്നോടൊളിച്ചിവളെ നിങ്ങള്‍ കളിച്ചുവെങ്കി-
ലെന്നാണ ഞാനനുമതിക്കുമെനിക്കുവേണ്ടി.ˮ

മാപ്പ: ʻʻപ്രാരോടി വന്നു കവി കെട്ടിന ശ്ലോകമെല്ലാ-
മങ്ങേപ്പുറത്തു കുമരച്ചനു പോമിളേതേ;
നമ്മാണ കേള്‍പ്പിനെതിരിക്കൊരപിപ്പിരായം:
എള്ളോളമില്ല ചുവ ചക്കരയും കരിമ്പും.ˮ

ʻʻമീശയാ ശോഭതേ മോന്താˮ എന്ന സുപ്രസിദ്ധമായ ശ്ലോകം തോലകൃതമെന്നാണ് കേട്ടിട്ടുള്ളത്; അതിനും ഭരതവാക്യത്തില്‍ പ്രവേശനം നല്‍കിക്കാണുന്നു.

ഇദംപ്രഥമമായി മണിപ്രവാളപദ്യങ്ങള്‍ കൂട്ടിയിണക്കി ഭാഷയില്‍ രൂപകച്ഛായയില്‍ നിര്‍മ്മിച്ച പ്രസ്തുതകൃതിയുടെ പ്രണേതാവിനെ അദ്ദേഹം ആരായാലും, കൃതജ്ഞതാപൂര്‍വ്വം സ്മരിക്കേണ്ടതുണ്ട്.

പൂന്താനം നമ്പൂതിരി, ജീവചരിത്രം

മേല്‍പ്പുത്തൂര്‍നാരായണഭട്ടതിരിയുടെ സമകാലികനായ ഒരു ഭാഷാകവിയാണ് പൂന്താനത്തു നമ്പൂരി. അദ്ദേഹത്തിന്റെ ഇല്ലം തെക്കേമലയാളത്തില്‍ വള്ളൂവനാട്ടു താലൂക്കു നെന്മേനി അംശത്തിലായിരുന്നു. ഓത്തില്ലാത്ത ഒരു കുടുംബത്തിലെ അംഗമെന്നാണ് കേട്ടിട്ടുള്ളത്. പേരെന്തെന്ന് അറിഞ്ഞുകൂടാ. ʻബ്രഹ്മദത്തന്‍ʼ എന്നു ചിലര്‍ പറയുന്നതിന് ആസ്പദമൊന്നും കാണുന്നില്ല. ഇല്ലത്തില്‍ വളരെ സ്വത്തുണ്ടായിരുന്നുവത്രേ. നീലകണ്ഠന്‍ എന്ന ഒരു നമ്പൂതിരിയായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥന്‍. ʻʻശ്രീനീലകണ്ഠപദപാംസുലവപ്രസാദാല്‍ ശ്രീകൃഷ്ണലീലകളിവണ്ണമൊരോന്നു ചൊന്നേന്‍ˮ എന്നു ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ കവി ആ ഗുരുവിനെ സ്മരിച്ചിട്ടുണ്ട്. കുമാരാഹരണം (സന്താനഗോപാലം) പാനയിലും ʻʻശ്രീനീലകണ്ഠനെന്‍ ഗുരുനാഥന്റെ ശ്രീപാദങ്ങളും വാഴ്‌ക വിശേഷിച്ചുംˮ എന്നു പ്രസ്താവിച്ചു കാണുന്നു. സാമാന്യമായ ലോകവ്യുല്പത്തിയല്ലാതെ വ്യാകരണാദിശാസ്ത്രജ്ഞാനം സമ്പാദിക്കുന്നതിനു പൂന്താനത്തിനു സാധിച്ചില്ല. എന്നാല്‍ വളരെക്കാലം ഗുരുവായൂരമ്പലത്തില്‍ ശ്രീകൃഷ്ണനെ ഐകാഗ്ര്യത്തോടുകൂടി ഭജിക്കുന്നതിനും ഭാഗവത പാരായണം കേള്‍ക്കുന്നതിനും തദ്വാരാ അസുലഭമായ ഭഗവല്‍ഭക്തി സിദ്ധിച്ചു ജീവന്മുക്തനായി ലോകയാത്ര ചെയ്യുന്നതിനും അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പൂന്താനം ഉദ്ദേശം തൊണ്ണൂറോളം വയസ്സുവരെ ജീവിച്ചിരുന്നതായി ഭാഷാകര്‍ണ്ണാമൃതത്തിലെ

ʻʻകണ്ണന്‍ കളിക്കും കളികോപ്പു കാണ്മാ-
നെന്നേ കൊതിക്കുന്നു ദയാംബുരാശേ!
ത്വന്നാമസങ്കീര്‍ത്തനമെണ്ണിയെണ്ണി-
ത്തൊണ്ണൂറടുത്തൂ, പരിവത്സരം മേˮ

എന്ന ശ്ലോകത്തില്‍നിന്നു സ്പഷ്ടമാകുന്നു. കര്‍ണ്ണാമൃതം അദ്ദേഹത്തിന്റെ ഒടുവിലത്തെ കൃതിയായിരുന്നു എന്നു വരാവുന്നതാണ്; വളരെക്കാലം ഗുരുവായൂരപ്പനെ സേവിച്ച് ഒടുവില്‍ പ്രായാധിക്യംകൊണ്ടു ഗുരുവായൂര്‍ക്കു പോകുവാന്‍ സാധിക്കുയില്ലെന്നു യാത്ര പറഞ്ഞു പിരിയുകയും അപ്പോള്‍ ʻʻഞാനവിടെ ഇടത്തുപുറത്തുണ്ടായിരിക്കുംˮ എന്ന ഭഗവദ്വാകം സ്വപ്നത്തില്‍ ശ്രവിക്കുകയാല്‍ തദനുസാരേണ തിരുമാന്ധാംകുന്നിനു സമീപം ഇടത്തുപുറത്തായി അവിടത്തെക്കാണുകയും ഉടനെ അവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ച് അതില്‍ തന്റെ ഇഷ്ടദേവതയെ പ്രതിഷ്ഠിച്ച് ആ ഭക്തശിരോമണി നിത്യഭജനം തുടര്‍ന്നുകൊണ്ടുപോവുകയും ചെയ്തതായി പുരാവൃത്തം ഘോഷിക്കുന്നു. അതാണ് പൂന്താനത്തിന്റെ ʻʻവാമപുരംˮ.

ചില ഐതിഹ്യങ്ങള്‍

പൂന്താനം സന്താനഗോപാലം പാന നിര്‍മ്മിച്ചതു ഗുരുവായൂര്‍വച്ചായിരുന്നു. അക്കാലത്താണ് മേല്പുത്തൂരിന്റെ നാരായണീയരചനയും. താന്‍ അന്നന്നു എഴുതുന്ന വരികള്‍ കുചേലന്‍ തന്റെ ധാനാമുഷ്ടി എങ്ങിനെ ശ്രീകൃഷ്ണനോ അങ്ങനെ ആ ഭാഗവതോത്തമന്‍ ഭട്ടതിരിക്കു സമര്‍പ്പിക്കുകയും ഭട്ടതിരി അവ തിരുത്തുകയും ചെയ്തുകൊണ്ടിരുന്നു. ഒരു ദിവസം നമ്പൂരിയുടെ ശല്യം അസഹ്യമായിത്തീരുകയാല്‍ ʻʻഭാഷാകവിതയില്‍ പിഴയില്ലാതെ കാണുമോ?ˮ എന്നു തല്ക്കാലമുണ്ടായ ഹൃദയക്ഷോഭത്തിനു വശംവദനായി ഭട്ടതിരി പറഞ്ഞുപോയി. അന്നു രാത്രി ആ മഹാകവിയുടെ വാതരോഗം അധികമാവുകയും സ്വപ്നത്തില്‍ ഭഗവാന്‍ ʻʻഭട്ടതിരിയുടെ വിഭക്തിയെക്കാള്‍ എനിക്കു പൂന്താനത്തിന്റെ ഭക്തിയാണ് ഇഷ്ടംˮ എന്ന് അരുളിച്ചെയ്കയും ചെയ്തു. ഭട്ടതിരിയുടെ പാണ്ഡിത്യമദം അതോടുകൂടി പമ്പകടന്നു; അന്നു പൂന്താനത്തിനും സ്വപ്നത്തില്‍ ഭഗവദ്ദര്‍ശനം സിദ്ദിക്കുകയും അപ്പോള്‍ കണ്ട വിധത്തില്‍ അദ്ദേഹം ആ പാനയില്‍ വൈകുണ്ഠത്തെ വര്‍ണ്ണിക്കുകയും ചെയ്തുവത്രേ. ഭട്ടതിരി തിരുത്തിക്കൊണ്ടിരുന്നതു കര്‍ണ്ണാമൃതമാണെന്നു ചിലര്‍ പറയുന്നതു യുക്തിസഹമല്ല; എന്തെന്നാല്‍ അന്ന് അദ്ദേഹം സാമാന്യം വര്‍ഷീയാന്റെ അവസ്ഥയില്‍ എത്തിയിരുന്നു എന്നും സ്വഗൃഹം വിട്ടു പുറത്തിറങ്ങി സഞ്ചരിക്കാവുന്ന ഒരു കാലമല്ലായിരുന്നു അതെന്നും നാം കണ്ടുകഴിഞ്ഞുവല്ലോ. ഇനി മറ്റൊരൈതിഹ്യത്തെപ്പറ്റി പറയാം. ഒരിക്കല്‍ പൂന്താനം ഗുരുവായൂര്‍ക്കു തൊഴാന്‍ പോകയായിരുന്നു. വഴിക്കു സന്ധ്യാസമയത്തു വീടുംകുടിയുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ തട്ടിപ്പറിക്കാരനായ ഒരു മാപ്പിള അദ്ദേഹത്തെ പിടികൂടി. നമ്പൂരി ഭയചകിതനായി

യാ ത്വരാ ദ്രൗപദീത്രാണേ യാ ത്വരാ കരിരക്ഷണേ
മയ്യാര്‍ത്തേ കരുണാമൂര്‍ത്തേ സാ ത്വരാ ക്വ ഗതാ ഹരേ?ˮ

എന്ന് അതികരുണമായി ആക്രന്ദനം ചെയ്തു. ആ സമയത്തു സാമൂതിരിപ്പാട്ടിലെ മന്ത്രിയായ മങ്ങാട്ടച്ചന്‍ അശ്വാരൂഢനായി അവിടെ എത്തുകയും അദ്ദേഹത്തെ ഘാതകനില്‍നിന്നു രക്ഷിക്കുകയും ചെയ്തു. അങ്ങനെ ചെയ്തതു സാമൂതിരിപ്പാട്ടിലെ പടനായകനായ കരുണാകരമേനോനാണെന്നും ചിലര്‍ പറയുന്നു. കൃതജ്ഞനായ പൂന്താനം അപരിചിതനായ അദ്ദേഹത്തിനു തന്റെ കയ്യിലുണ്ടായിരുന്ന മോതിരം സമ്മാനിക്കുകയും അദ്ദേഹം അതു വാങ്ങിപ്പോകുകയും ചെയ്തു. അടുത്ത ദിവസം പൂന്താനം ഗുരുവായൂരില്‍ചെന്നു തൊഴുതപ്പോള്‍ അവിടുത്തെ ശാന്തിക്കാരന്‍ ʻʻഈ മോതിരം ഭഗവാന്റെ തൃക്കയ്യില്‍ കണ്ടതാണ്. ഇത് അങ്ങേയ്ക്കു തരുവാന്‍ എനിക്കു സ്വപ്നത്തില്‍ ഭഗവാന്റെ അരുളപ്പാടുണ്ടായിˮ എന്നു പറഞ്ഞ് ആ മോതിരം അദ്ദേഹത്തിനു കൊടുക്കുകയും അതു താന്‍ തലേദിവസം സന്ധ്യയ്ക്കു തന്റെ പ്രാണദാതാവിനു സമ്മാനിച്ചതാണെന്ന് ആ ഭക്തശ്രേഷ്ഠന്‍ മനസ്സിലാക്കി, മങ്ങാട്ടച്ചന്റെ വേഷത്തില്‍ തന്നെ രക്ഷിച്ചതു ഗുരുവായൂരപ്പന്‍ തന്നെയായിരുന്നു എന്നു തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. നമ്പൂരി അവിടെ എത്തുമെന്നും അപ്പോള്‍ കയ്യില്‍ കൊടുക്കണമെന്നും പറഞ്ഞു മങ്ങാട്ടച്ചന്‍ മോതിരം മേല്‍ശാന്തിയെ ഏല്പിച്ചതായി നാസ്തികന്മാര്‍ക്കുകൂടിയും വിശ്വസിക്കാവുന്നതാണ്. ഇനി മൂന്നാമതൊരു ഐതിഹ്യമാകട്ടെ: പൂന്താനം ഒരിക്കല്‍ മസൂരിദീനം പിടിപെട്ടു കിടപ്പിലായി. അതു മാറുവാന്‍ പ്രയാസമാണെന്ന് അടുത്തു നിന്നിരുന്നവര്‍ പറഞ്ഞപ്പോള്‍ തിരുമാന്ധാംകുന്നിലമ്മയെ ഭക്തിപൂര്‍വ്വം ധ്യാനിച്ചു ʻഘനസംഘംʼ എന്ന സുപ്രസിദ്ധമായ സ്തോത്രം നിര്‍മ്മിക്കുകയും അതോടുകൂടി ആ രോഗത്തില്‍നിന്നു വിമുക്തനാകുകയും ചെയ്തു. പ്രസ്തുതഗാനം ഇന്നും ആ ക്ഷേത്രത്തില്‍ കുറുപ്പന്മാര്‍ പാടിവരുന്നു. നാലാമതായി ഒരു ഐതിഹ്യത്തേയും നമുക്കു സ്മരിക്കാം. പൂന്താനത്തിന് ഗുരുവായൂരപ്പന്റെ പ്രസാദം കൊണ്ട് ഒരു ഉണ്ണി ജനിച്ചു. ആ ഉണ്ണിക്കു ചോറൂണു നിശ്ചയിച്ചിരുന്ന ദിവസം അദ്ദേഹത്തിന്റെ പത്നി ശിശുവിനെ ഒരു ദാസിയുടെ പക്കല്‍ ഏല്പിച്ചുംവച്ചു ഗൃഹകൃത്യങ്ങള്‍ക്കായി പോകുകയും ഉണ്ണി ശ്വാസമുട്ടി മരിക്കുകയും ചെയ്തു. തീ പൊളളിയമൂലമാണെന്നും പ്രകാരാന്തരേണ കേട്ടിട്ടുണ്ട്. അത്യരുന്തുദമായ ആ സംഭവം നിമിത്തം ഉണ്ടായ വൈരാഗ്യത്താലാണ് പൂന്താനം ജ്ഞാനപ്പാന രചിച്ചത്. അതാകുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാനകൃതി. അതില്‍പ്പിന്നീട് അദ്ദേഹം അന്തഃപുരത്തില്‍ കയറുകതന്നെ ഉണ്ടായില്ലത്രേ. ഇനിയും പൂന്താനത്തിന്റെ ഉല്‍കടമായ കൃഷ്ണഭക്തിക്കു മകുടോദാഹരണങ്ങളായി അനവധി കഥകള്‍ പ്രചരിക്കുന്നുണ്ട്. അവയെപ്പറ്റിയൊന്നും ഇവിടെ പ്രസ്താവിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.

കൃതികള്‍

പൂന്താനത്തിന്റെ കൃതികളായി മലയാളത്തില്‍ (1) ഭാഷാകര്‍ണ്ണാമൃതം, (2) കുമാരാഹരണം പാന, (3) ജ്ഞാനപ്പാന എന്നീ പ്രസിദ്ധകൃതികള്‍ക്കു പുറമേ അനവധി സ്തോത്രങ്ങളുമുണ്ട്. (4) പാര്‍ത്ഥസാരഥിസ്തവം, (5) ഘനസംഘം, (6) നാരായണകീര്‍ത്തനങ്ങള്‍, (7) ഗോവിന്ദകീര്‍ത്തനങ്ങള്‍, (8) ആനന്ദനൃത്തം, (9) ദ്വാദശാക്ഷരനാമകീര്‍ത്തനം, (10) ശ്രീകൃഷ്ണകീര്‍ത്തനങ്ങള്‍, (11) അഷ്ടാക്ഷരകീര്‍ത്തനം, (12) ബ്രഹ്മപരഗോവിന്ദകീര്‍ത്തനം, (13) ഗോപാലകൃഷ്ണകീര്‍ത്തനം, (14‌) ഗൗരീകീര്‍ത്തനം, (15) വാമപുരേശകീര്‍ത്തനങ്ങള്‍, (16) പത്മനാഭകീര്‍ത്തനം, (17) വിവേകോദയകീര്‍ത്തനം, (18) ജയകൃഷ്ണകീര്‍ത്തനം, (19) വിടകൊള്‍കീര്‍ത്തനം, (20) ശ്രീരാമകീര്‍ത്തനങ്ങള്‍, (21) മുകുന്ദകീര്‍ത്തനം, (22) ദശാവതാരസ്തോത്രം എന്നിവ ആ കൂട്ടത്തില്‍പ്പെടുന്നു. അവയില്‍ പ്രായേണ ʻവാമപുരേശʼമുദ്ര കാണ്മാനുണ്ടു്. തമിഴിലും ചില വേദാന്തപ്രതിപാദകങ്ങളായ ഗാനങ്ങല്‍ അദ്ദേഹം രചിച്ചിട്ടുണ്ടു്; അവയും ആ മുദ്രയാല്‍ അലംകൃതങ്ങളാണു്. ലാളിത്യം, പ്രസാദം, മാധുര്യം എന്നിവയാണു് പൂന്താനം കൃതികളുടെ പ്രധാനഗുണങ്ങള്‍. ʻഅനലംകൃതീ പുനഃ ക്വാപിʼ എന്ന മമ്മടഭട്ടന്റെ കാവ്യനിര്‍വചനം അവയ്ക്കു സവിശേഷം യോജിക്കും. രചനാഭംഗി അത്രമാത്രം തികഞ്ഞിട്ടുള്ള സ്തോത്രങ്ങള്‍ ഭാഷയില്‍ അത്യന്തം വിരളങ്ങളാണു്. വിഷ്ണുഭക്തന്മാരുടേയും ക്ഷേത്രോപാസകന്മാരുടേയും പ്രത്യേകിച്ചു സ്ത്രീകളുടേയും ഇടയില്‍ അവയ്ക്കുള്ള പ്രചാരവും അന്യാദൃശമാണു്. അതു് അങ്ങനെയല്ലാതെ പരിണമിക്കുവാന്‍ ന്യായവുമില്ലല്ലോ. വാസ്തവത്തില്‍ അദ്ദേഹത്തെ ഭാഷാസാഹിത്യത്തിലെ വില്വമംഗലം എന്നു സംശയംകൂടാതെ പറയാം. വ്രജവിഹാരിയായ ഭഗവാന്റെ മുരളീനാദമാണു് നാം രണ്ടുപേരുടേയും സ്തോത്രങ്ങളില്‍ കേള്‍ക്കുന്നതു്. കര്‍ണ്ണാമൃതത്തേയും പാര്‍ത്ഥസാരഥി സ്തവത്തേയും സംസ്കൃതകീര്‍ത്തനങ്ങളെയും പറ്റിമാത്രം ഈ അധ്യായത്തില്‍ പ്രസ്താവിച്ചുകൊണ്ടു് ഇതരകൃതികളെപ്പറ്റിയുള്ള പരാമര്‍ശം മറ്റൊരദ്ധ്യായത്തിലേയ്ക്കു മാറ്റിവയ്ക്കാം.

ഭാഷാകര്‍ണ്ണാമൃതം

വില്വമംഗലത്തിന്റെ സംസ്കൃതകര്‍ണ്ണാമൃതത്തില്‍നിന്നു വേര്‍തിരിക്കുന്നതിനുവേണ്ടിയാണു് കവിതന്റെ കൃതിക്കു ഭാഷാകര്‍ണ്ണാമൃതം എന്ന പേര്‍ നല്കിയിരിക്കുന്നതു്. കവിയുടെ വാര്‍ദ്ധക്യകാലത്തേ ഒരു കൃതിയാണു് കര്‍ണ്ണാമൃതം എന്നു മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ശൂലപാണി വാരിയര്‍ എന്ന ഒരു സുഹൃത്തിന്റെ അപേക്ഷ അനുസരിച്ചാണു് ആ കാവ്യം രചിച്ചതെന്നുള്ളതിനു്

ʻʻക്രമത്തിലാക്കീടിന ശൂലപാണി-
ശ്രമത്തിനാലിത്ഥമതീവ ചിത്രം
ശ്രവിച്ചു ഭാഷാശ്രവണാമൃതം മേ
രമിച്ചുകൊള്‍കച്യുതപാദമൂലേˮ

എന്ന പദ്യം തെളിവാണു്. അനുവാചകന്മാരില്‍ കൃഷ്ണഭക്തി വര്‍ദ്ധിപ്പിച്ചു തദ്ദ്വാരാ അവര്‍ക്കു മോക്ഷലാഭം വരുത്തുന്നതിനാണു് കവിയുടെ ഉദ്യമം. നാമസംകീര്‍ത്തനം ഒന്നുകൊണ്ടുമാത്രം കലിയുഗത്തില്‍ മുക്തി സിദ്ധിയ്ക്കുമെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നു.

ʻʻഭൂഷാവര്‍ണ്ണാദിയാലിബ്ഭുവനമഖിലവും
ഹന്ത! മോഹിച്ചു രാഗ-
ദ്വേഷാപൂര്‍ണ്ണം വിഘൂര്‍ണ്ണം ശിവശിവ പറയാ-
വല്ല മായാവിലാസം,
ഭാഷാകര്‍ണ്ണാമൃതം മേ സുകൃതമിതു സദാ
നാവുകൊണ്ടാസ്വദിച്ചാല്‍
നൂഴാ കര്‍മ്മാവലീവല്ലികളിലുടനവന്‍
പിന്നെ മുന്നേതുപോലേˮ

എന്ന പദ്യം അദ്ദേഹം ഫലശ്രുതിരൂപത്തില്‍ ഘടിപ്പിച്ചിട്ടുണ്ടു്. കര്‍ണ്ണാമൃതം ഭാഗവതം ദശമസ്കന്ധകഥയുടെ ഒരു സംക്ഷേപമാകുന്നു. ഭാഗവതം, വില്വമംഗലത്തിന്റെ ശ്രീകൃഷ്ണ കര്‍ണ്ണാമൃതം, മേല്പുത്തൂരിന്റെ നാരായണീയം ഈ മൂന്നു ഗ്രന്ഥങ്ങളോടും കവിക്കു കടപ്പാടുണ്ടു്. ആകെയുള്ള നൂറ്റന്‍പതു പദ്യങ്ങളില്‍ ആദ്യത്തെ എണ്‍പത്തേഴെണ്ണം കംസവധംവരെയുള്ള കഥയ്ക്കും പിന്നീടുള്ള മുപ്പത്തൊന്‍പതെണ്ണം ശേഷമുള്ള ദശമസ്കന്ധകഥയ്ക്കും ബാക്കിയുള്ളവ തത്ത്വചിന്താവിഷയങ്ങള്‍ക്കുമായി വിനിയോഗിച്ചിരിക്കുന്നു. കര്‍ണ്ണാമൃതത്തില്‍ അങ്ങിങ്ങു ചില അഭംഗിയുള്ള പ്രയോഗങ്ങളും യതിഭംഗാദിവൈകല്യങ്ങളും കാണ്മാനുണ്ടെങ്കിലും അവയെല്ലാം കവിയുടെ കൂലങ്കഷമായ ഭക്തി ഗംഗാപ്രവാഹത്തില്‍ മറഞ്ഞുപോകുന്നു. വാമപുരാധിവാസിയായ ഗുരുവായൂരപ്പനെ അഭിസംബോധനം ചെയ്തുകൊണ്ടാണു് പ്രഥമപദ്യം ആരംഭിക്കുന്നതു്:

ʻʻകര്‍ണ്ണാമൃതം വാമപുരാധിവാസിന്‍!
നിന്നാല്‍ മതം കിഞ്ചന ഭാഷയായ് ഞാന്‍
എന്നാല്‍ വരുംവണ്ണമുദാരകീര്‍ത്തേ!
ചൊന്നാലതും പ്രീണനമായ്വരേണം.ˮ

ഏതാനും ചില ഉത്തമശ്ലോകങ്ങള്‍ ഉദ്ധരിക്കാം:

ʻʻഅമ്പാടിക്കൊരു ഭൂഷണം,രിപുസമൂഹത്തിന്നഹോ!ഭീഷണം,
പൈമ്പാല്‍വെണ്ണതയിര്‍ക്കു മോഷണ,മതിക്രൂരാത്മനാം പേഷണം,
വന്‍പാപത്തിനു ശോഷണം, വനിതമാര്‍ക്കാനന്ദസമ്പോഷണം
നിന്‍പാദം മതിദൂഷണം ഹരതു മേ മഞ്ജീരസംഘോഷണംˮ (1)

ʻʻഎന്നോമലിങ്ങു വരികെന്നു യശോദ മെല്ലെ-
ച്ചെന്നാള്‍ മുകര്‍ന്നു പുതുവെണ്ണ കൊടുപ്പതിന്നായ്;
അന്നേരമാര്‍ത്തിയൊടെയോടി വിയര്‍ത്തു വീണ

കണ്ണന്റെ കാതരത കാണ്‍മതു കൌതുകം മേ.ˮ
(2)


ʻʻപീലിക്കാര്‍മുടി കാല്‍ത്തളിര്‍പ്പൊടിയുമേറ്റൊട്ടൊട്ടഴിഞ്ഞങ്ങനേ
താളത്തില്‍ക്കുഴലും കുബേരനടയും ഗോപാലരും ഗോക്കളും
ബാലസ്ത്രീകളുഴന്നു വന്നു വഴിയില്‍പ്പാര്‍ക്കുന്ന സൗഭാഗ്യവും
മേളത്തോടെഴുനള്ളിടുന്നൊരു ദിനം കണ്ടാവു കണ്‍കൊണ്ടു ഞാന്‍!ˮ (3)

ʻʻതൂവെണ്ണിലാവു വിരവില്‍ത്തെളിയുന്നനേരം
പൂവിന്നുളാം പരിമളം ചൊരിയുന്നനേരം
കാര്‍വര്‍ണ്ണനക്കുഴലെടുത്തു വിളിച്ച നേരം
നീള്‍ക്കണ്ണിമാരുഴറിവന്നതു കാണ്‍മനോ ഞാന്‍?ˮ (4)

ʻʻകൂകീ കോഴി വനാന്തരേ വിറകുമായ് നിന്നോരു രാവേ തഥാ
കൂകീ കോകിലവാണിമാര്‍കുചതടേ മേവീടുമാ രാവിലും;
കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം!ˮ (5)

ʻʻകന്നം കറുത്ത മലപോലെ യമന്റെ ദൂതന്‍
കണ്ണും മിഴിച്ചലറിയോടിവരുന്നനേരം
കണ്ണന്‍ കളിച്ച കളികീര്‍ത്തനമൊന്നു കേട്ട-
പ്പൊണ്ണന്‍ മലച്ചു മറുകുന്നതു കാണ്‍മനോ ഞാന്‍?ˮ (6)

ʻʻമന്നാശയാലും മദനാശയാലും
പൊന്നാശയാലും മറുകുന്നു ലോകം:
നിന്നാശ കണ്ടീലൊരുവര്‍ക്കുമയ്യോ!
കണ്ണാ! ശമം നല്കുക മാനസേ മേ.ˮ (7)

ʻʻസത്രം കാണൊരിടത്തു, ചത്തു കരയും കോലാഹലം കുത്രചില്‍;
വിദ്വാന്മാരൊരിടത്തു, മദ്യപകുലം തച്ചും കയച്ചും ക്വചില്‍;
മുഗ്ദ്ധസ്ത്രീയൊരിടത്തു, മുത്തികളിരുന്നേങ്ങിക്കുരച്ചന്യതഃ;
ശ്രോത്രാദിക്കമൃതോ തളിച്ച വിഷമോ വിശ്വം വിചിതം വിഭോ!ˮ (8)

ʻʻനാവേ, നിനക്കു വലിയോരുപദേശമുണ്ടേ;
നാവാലുരയ്പതിനു ഞാന്‍ തുനിയുന്നു കേള്‍ നീ;
നാരായണന്റെ തിരുനാമമുറക്കെയാമ്പോള്‍
നാണിച്ചുപോകരുതതേ തവ വേണ്ടതുള്ളൂ.ˮ (9)

വിത്തം മറന്നു വിഷയങ്ങളൊരോന്നു നോക്കി-
ച്ചത്തും പിറന്നുമുഴലായ്ക മനക്കുരുന്നേ!
വിശ്വം നിറഞ്ഞു വിളയാടിന തമ്പുരാനെ-
ച്ചിത്തേകലര്‍ന്നനുഭവിപ്പതിനോര്‍ത്തുകൊള്‍ നീ.ˮ (10)

തണ്ണീര്‍ദാഹം മുഴുത്തും തടിയനരികെ വ-
ന്നന്തകന്‍താനുരത്തും
കണ്ണീര്‍ക്കാരായടുത്തുള്ളവര്‍കള്‍ തൊഴിമുറ-
യ്ക്കാകെയൊന്നിച്ചു പാര്‍ത്തും
തന്നെത്താനേ മറന്നിട്ടതിവിവശതപൂ-
ണ്ടാര്‍ത്തനായ് വീര്‍ത്തുമിക്കോ-
പ്പെന്നെക്കൊണ്ടാക്കിവച്ചീടൊല വരദ! വിഭോ!
വാമഗേഹാധിവാസിന്‍! (11)

ʻʻനാവില്ലാതെ ജനിക്കയോ, നടനടേയുള്ളോരിളക്കായ്കയോ,
നാമത്തെപ്പടിയായ്കയോനരകമെന്നൊര്‍ത്താല്‍ക്കുളിര്‍പ്പാകയോ,
നാവില്‍ദ്ദുര്‍ഘടമാകയോ, നരകുലത്തില്‍ജ്ജന്മമല്ലായ്കയോ,
നാമോച്ചാരണമെന്തു ബന്ധമറിവുള്ളോരും ത്യജിച്ചീടുവാന്‍?ˮ (12)

ʻʻമേഘശ്യാമളമംഗവും മകുടവും പൂവും ചെവിത്തോടയും
രാകാചന്ദ്രനു നാണമാം വദനവും മാര്‍മാലയും മുദ്രയും
ആകുംവണ്ണമനേകഭൂഷണയുതം നിന്മെയ് കുറിക്കൊണ്ടു ഞാന്‍
പോകുന്നേന്‍ ഭഗവന്‍! ജനാര്‍ദ്ദന! ഭവല്‍കാരുണ്യ പാഥേയവാന്‍.ˮ (13)

കര്‍ണ്ണാമൃതത്തില്‍ അപൂര്‍വ്വം ചില പദങ്ങളില്‍ മാത്രമേ മണിപ്രവാളത്തിന്റെ നിഴലാട്ടം കാണുന്നുള്ളു. അതിനെ ഒരു ഭാഷാ കാവ്യമെന്നു വ്യവഹരിച്ചാലും അനൌചിത്യമില്ല. കുഞ്ചന്‍ നമ്പിയാരുടെ ശ്രീകൃഷ്ണചരിതത്തിനു് അതൊരു മാതൃകയായിരിക്കണം.

പാര്‍ത്ഥസാരഥിസ്തവം

കുസുമമഞ്ജരീവൃത്തത്തിലുള്ള പതിനൊന്നു പദ്യരത്നങ്ങള്‍ കോര്‍ത്തിണക്കിയ ഒരു അനര്‍ഘമാല്യമാണു് പാര്‍ത്ഥസാരഥിസ്തവം. ചില ശ്ലോകങ്ങള്‍ പകര്‍ത്തിക്കാണിക്കാം:

ʻʻകെട്ടി വാര്‍കുഴല്‍ വകഞ്ഞു പിന്നിലളകേഷു പീലികള്‍ തൊടുത്തു പു-
മ്പട്ടുകൊണ്ടു വടിവോടുടുത്തുരസി ഹാരമിട്ടു വനമാലയും
പൊട്ടണിഞ്ഞു നിടിലത്തടത്തിലുടല്‍ പാര്‍ത്തുപാര്‍ത്തു രഥമേത്യ ച-
മ്മട്ടി മുഷ്ടിയില്‍ മുറുക്കി നിന്നരുളുമിഷ്ടദൈവത- മുപാസ്മഹേ.ˮ (1)

ʻʻചെറ്റഴിഞ്ഞ ചികുരോല്‍കരാം ചെറിയ താരകേശകലതോറ്റ തൂ-
നെറ്റിപാടു ചിതറും വിയര്‍പ്പിലൊളിവുറ്റു പറ്റിന ഘനാളകാം
എറ്റുവാനഭിമുഖീകൃതപ്രതിനവപ്രതോദവലയാമൊരന്‍-
പുറ്റു കാമപി കൃപാം കിരീടിരഥരത്നദീപകലികാം ഭജേ.ˮ (2)

ʻʻനൂതനേന്ദുരമണീയഫാലഭുവി പാകിടും ചില മനോഹര-
സ്വേദപാതമൃദിതാളകേ രഥപരാഗപൂരപരുശോഭിതേ
പാതി ചിമ്മിന വിലോചനേ വിഹര മന്ദഹാസമയചന്ദ്രികാ-
ശീതളേ തിരുമുഖേ മനോവിജിതസാരസേ വിജയസാരഥേഃ.ˮ (3)

ʻʻഅര്‍ദ്ധമീലിതവിലോചനം വരതുരംഗപൂരഖുരമേറ്റൊരോ
യുദ്ധഭൂമിയിലുറും നറുപൊടി പൊഴിഞ്ഞഴിഞ്ഞ കബരീഭരം
ഹസ്തപങ്കജലസല്‍പ്രതോദമധിചിത്തമസ്തു മമ പാര്‍ത്ഥസാ-
രഥ്യകേളിലളിതം മനോജ്ഞമൊരു വസ്തു യാദവ കുലോത്ഭവം.ˮ
(4)
ʻʻമൂടുമാറു ഭുവനം തുരംഗരജസാ പതംഗജമനോബലം
വാടുമാറു ജയമീടുമാറു വിജയന്നു വിക്രമപയോനിധേഃ
പേടിപൂണ്ട പടതോറ്റു മാറ്റലരതീവ നൂറ്റുവര്‍കളമ്പുമേ-
റ്റോടുമാറരിയ തേര്‍കടാവിന പുരാണധാമ കലയാമഹേ.ˮ (5)
ʻʻപീലി ചിന്നിവിരിയുന്ന വേണിയില്‍ മറഞ്ഞ കോമളമുഖാബ്ജമാ-
ലോലഹാരനവഹേമസൂത്രവനമാലികാമകരകുണ്ഡലം
ഫാലബാലമതിമേലണിഞ്ഞ കമനീയഘര്‍മ്മകണികാങ്കുരം
കോലമഞ്ചിതരഥം ഗതം ജയതി ജൈഷ്ണവം കിമപി വൈഷ്ണവം. (6)

സംസ്കൃതസ്തോത്രങ്ങള്‍

ഇവ പ്രായേണ അകാരാദിക്രമത്തിലാണു് രചിച്ചിരിക്കുന്നതു്. ഒരു സ്തോത്രം ചുവടേ ചേര്‍ക്കാം:

ʻʻകഞ്ജവിലോചന കമനീയാനന കല്മഷനാശന ശൌരേ!
കാളിയദമന കളായമനോഹര കലിമലനിരസന ശൌരേ!
കിങ്കിണിനൂപുരകങ്കണഭൂഷണരിംഖണശീല മുരാരേ!
കീര്‍ത്തിവിതാനവിശോധിതഭുവന വിരക്തിവിധായക ശൌരേ!
കുവലയദളകളകോമളതനുരുചിമേളിതഭുവന മുരാരേ!
കൂജിതകളമുരളീരവമോഹിതനഗമൃഗഖഗകുല ശൌരേ!
കൃഷ്ണ കൃപാലയ കൃപണജനാശ്രയ ഖലജനദഹന മുരാരേ!
ക്ണുപ്തവിലാസവിശേഷവിനിര്‍മ്മിതകൃത്രിമഗോവൃഷശൌരേ!
കേശിനിഷൂദന കേശവ മുരഹര കേളിവിമോഹന ശൌരേ!
കൈതവഹൃതനവനീത ജനാര്‍ദ്ദന കൈവല്യപ്രദ ശൌരേ!
കോമളകുവലയനീലകളേബര കോകിലഭാഷണ ശൌരേ!
കൌതുകവിരചിതഗോപവിഡംബന കൈതവശീല മുരാരേ!
കംബുഗദാധര കാമഫലപ്രദ കമ്രമുഖാംബുജ ശൌരേ!
കര്‍ക്കശഭയഹര ദുഷ്കൃതനാശന ഗര്‍ഗ്ഗപുരോഹിത ശൌരേ!
മാധവ മാധവ മദനമനോഹര വാമപുരേശ്വര ശൌരേ!

ഇതുപോലെ

ʻʻപത്മനാഭ പരാപരേശ്വര പങ്കജാക്ഷ നമോസ്തു തേ,
പശുപയുവതിഭിരമിതവിഹൃതിഭിരര്‍ച്ചിതായ നമോസ്തു തേ,
വാസുദേവ നമോസ്തു തേ വാമനിലയപതേ.ˮ

എന്നും

ʻʻനാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
അമലകമലദലലോചന ജയ ജയ
ആനന്ദരൂപ മനോഹര ജയജയ
ഇന്ദിരാരമണ മുകുന്ദ ജയ ജയ
ഈശ്വര മുരഹര ശാശ്വത ജയ ജയ!ˮ

എന്നും

ʻʻകല്മഷവനദഹന വാസുദേവ-ജയ-ചിന്മയ ജഗന്മംഗലവാസുദേവ!
കാളിന്ദീതടവിഹാര വാസുദേവ-ജയ-കാളിയമദദമന വാസുദേവ!ˮ

എന്നും

ʻʻകൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ രാമ
കൃഷ്ണ രാമ കൃഷ്ണ രാമ കൃഷ്ണ പാഹിമാം
കൃഷ്ണ രാമ പരമപുരുഷ വൃഷ്ണിവംശതിലക വരദ
ജിഷ്ണുസൂത ദനുജശമന കൃഷ്ണ പാഹി മാംˮ

എന്നും പല രീതികളില്‍ വേറെയും ചില സംസ്കൃതസ്തോത്രങ്ങള്‍ പൂന്താനത്തിന്റെ വാങ്മയങ്ങളായുണ്ടു്.

മണിപ്രവാളവൃത്തശാസ്ത്രം

മണിപ്രവാളവൃത്തങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ശാസ്ത്രഗ്രന്ഥത്തിലെ ഒന്നുരണ്ടോലകളുടെ നഷ്ടശിഷ്ടങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടു്. ഗ്രന്ഥകാരന്‍ ആരെന്നറിവില്ല. ലക്ഷണം സംസ്കൃതത്തിലും ലക്ഷ്യശ്ലോകങ്ങള്‍ മണിപ്രവാളത്തിലുമാണു് ഘടിപ്പിച്ചിട്ടുള്ളതു്. ലക്ഷണം ആദ്യന്തം വൃത്തരത്നാകരത്തില്‍ നിന്നു് ഉദാഹരിച്ചിരിക്കുന്നു. ഉദാഹരണങ്ങല്‍ കരുമത്തില്‍ ഉണിച്ചിരിതേവി എന്നൊരു നായികയെ വര്‍ണ്ണിച്ചിട്ടുള്ളവയുമാണു്. അവ ആചാര്യന്‍തന്നെ നിര്‍മ്മിച്ചു ചേര്‍ത്തിരിക്കുന്നു. സ്ഥലത്തെ ശ്രീപരമേശ്വരനാണു് അദ്ദേഹത്തിന്റെ ഇഷ്ടദേവത. ആ സ്ഥലം ഏതെന്നു മനസ്സിലാകുന്നില്ല. അവിടുത്തെ ദേവന്‍ ശിവനാണു്. പ്രസ്തുതഗ്രന്ഥത്തിന്റെ ആവിര്‍ഭാവം എട്ടാം ശതകത്തിലായിരിക്കണം. മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം.

മംഗലാചരണം:

ʻʻസുരതടിനീതരംഗമലയും തലയോടുമഹീന്ദ്രമാലയും
പുരിചിടയില്‍ക്കലര്‍ന്നു വിലസും തുഹിനാംശുകിശോരശേഖരം
ദുരിതഭരോപശാന്തി വരുവാന്‍ ഭുവനാശ്രയമാശ്രയാമി ഞാന്‍
പരിചൊടു കൂടല്‍മേവുമഗജാരമണം കരുണാമൃതാംബുധിം.ˮ

പൃഥ്വീവൃത്തം:

ʻʻജസൗ ജസലയാ വസുഗ്രഹയതിശ്ച പൃഥ്വീ ഗുരുഃˮ
ʻʻകുലഞ്ഞ വിനയേന ചാഞ്ഞലര്‍ ചൊരിഞ്ഞ വേണീഭരം,
വിളഞ്ഞ പുളകേന തോഞ്ഞുടല്‍ നിറഞ്ഞ ഘര്‍മ്മോല്‍കരം,
അലിഞ്ഞ മനകാമ്പു നിന്‍മദനവിഭ്രമം കാണ്‍മനോ,
തെളിഞ്ഞു കരുമത്തില്‍ മേവിന വിശാലനീലേക്ഷണേ.ˮ

ശിഖരിണീവൃത്തം:

ʻʻരസൈ രുദ്രൈശ്ഛിന്നാ യമനസഭലാ ഗശ്ശിഖരിണീˮ
ʻʻമതിക്ഷോഭം പാര്‍മേല്‍ നിഖിലതരുണാനാം വിളയുമാ-
റിതക്ഷീണശ്രീപൂണ്ടുദയതി കലാനായകനയം
മതുച്ചൊല്ലാര്‍മൌലേ! സുമുഖി കരുമത്തില്‍ക്കമനി! കാണ്‍
കതിര്‍ത്തൈന്താര്‍വാണന്‍ വികിരതി ശരാ,നെന്തു ശരണം?ˮ

ഈ ഉദാഹരണശ്ലോകങ്ങള്‍ അത്യന്തം രസനിഷ്യന്ദികളാണെന്നു പറയേണ്ടതില്ലല്ലോ.

മഴമംഗലത്തു ശങ്കരന്‍നമ്പൂരി, കാലദീപകം ബാലശങ്കരം

ശങ്കരന്‍നമ്പൂരിയുടെ പതിമ്മൂന്നു ജ്യോതിഷകൃതികളെക്കുറിച്ചു് ഇരുപത്തേഴാമധ്യായത്തില്‍ സൂചിപ്പിട്ടുണ്ടു്. അവയില്‍ പരമപ്രധാനമായ ഗ്രന്ഥം കാലദീപകം ബാലശങ്കരമാകുന്നു. സ്വകീയമായ കാലദീപകപദ്യാവലിയുടെ വിവൃതിയാണു് കാലദീപകം ബാലശങ്കരമെന്നു ചിലര്‍ ഊഹിക്കുന്നു.

ʻʻധാത്രീ യല്‍കരസമ്പര്‍ക്കാല്‍ സഗ്രഹര്‍ക്ഷാ വിരാജതേ
തസ്മൈ സര്‍വാത്മനേജായ ഭാസ്കരായ നമോ നമഃˮ

എന്ന ശ്ലോകം ഈ രണ്ടു ഗ്രന്ഥങ്ങളിലുമുണ്ടു്. അതുപോലെതന്നെയാണു് ഗ്രന്ഥാവസാനത്തില്‍ ʻഅസ്തി ശോണാചലഗ്രാമʼ ഇത്യാദി പദ്യങ്ങളും.

ʻʻനത്വാ വിഘ്നേശ്വരം വാചം ഗുരൂംശ്ചാഥ കരോമ്യഹം
ശുഭകര്‍മ്മസു ബാലാനാം കാലജ്ഞാനായ ദീപകം.
ക്ഷമിപ്പരത്രേ സാധുക്കളിഹ വിദ്യാബ്ധിപാരഗാഃ
മറ്റുള്ളവര്‍ ചിരിച്ചാലുമെന്തു ചേതം നമുക്കതില്‍?ˮ
… … … … …
ʻʻപന്നിക്കുഴി കുഴിപ്പാനും സംഗ്രഹക്രയവിക്രയേ
നിറയ്പാന്‍ കുടിവെപ്പാനും നന്നല്ലോ ഗുളികോദയം
ചൊല്ലാത മിക്കവറ്റിന്നുമൂണ്‍നാളും വേലിയേറ്റവും
കൊള്ളുന്നൂ, തത്ര വര്‍ജ്ജ്യന്തേ പാപവാരോദയാദികാഃ

എന്നീ ശ്ലോകങ്ങള്‍ പദ്യാവലിയില്‍ കാണുന്നുമുണ്ടു്.

ശങ്കരന്‍നമ്പൂരിക്കു ബാലശങ്കരന്‍ എന്നു പേരുണ്ടായിരുന്നില്ല. ബാലപദം അദ്ദേഹം ഔദ്ധത്യപരിഹാരത്തിന്നായും ബാലശിക്ഷോപയുക്തമെന്നു വ്യജ്ഞിപ്പിക്കുന്നതിനായും തന്റെ ഗ്രന്ഥങ്ങളുടെ പേരുകളോടുകൂടി ഘടിപ്പിച്ചിരിക്കുന്നു എന്നുള്ളതാണു് വസ്തുതത്വം. ʻതുമ്പതിങ്കളോടുʼ ഇത്യാദി വന്ദന ശ്ലോകത്തില്‍ ʻബാലകായ മേʼ എന്നു് അദ്ദേഹം തന്നെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നതു നോക്കുക. ʻബാലായാസ്മൈ വിധാസ്യാമിʼ എന്നു പഞ്ചബോധാര്‍ത്ഥദര്‍പ്പണത്തില്‍ ഒരു കുറിപ്പുകാണുന്നതില്‍നിന്നു് അതു് ഏതോ ബാലനുവേണ്ടി രചിച്ചതാണെന്നു വെളിപ്പെടുന്നു. ʻʻതുമ്പതിങ്കളൊടു....ബാലകായപൊഴുതൊട്ടു ഭാഷയായ്ˮ എന്നും ʻʻധാത്രീ യല്‍ക്കരസമ്പര്‍ക്കാല്‍ˮ എന്നുമുള്ള പദ്യങ്ങള്‍ക്കുമേല്‍

ʻʻവന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസശൈലേന്ദ്രഗുഹാഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സ്കന്ദേന ചാത്യന്തസുഖായമാനം.ˮ

ʻʻകരോമി വാചാം നത്വാഹം ഗുരുഞ്ച പരമേശ്വരം
ശുഭകര്‍മ്മസു ബാലാനാം കാലജ്ഞാനായ ദീപകംˮ

എന്ന പദ്യങ്ങളും ഗ്രന്ഥാരംഭത്തില്‍ കാണ്മാനുണ്ടു്.

ഇതില്‍ സ്മരിക്കുന്ന പരമേശ്വരന്‍ വാഴമാവേലി പരമേശ്വരന്‍പോറ്റിയാണു്. ഭാരതത്തിലെ മഹര്‍ഷിവര്യന്മാരുടേയും കേരളത്തിലെ പൂര്‍വാചാര്യന്മാരുടേയും മതങ്ങളെ ധാരാളമായി ഉദ്ധരിച്ചും ശാസ്ത്രസിദ്ധാന്തങ്ങളെ കൂലങ്കഷമായി ചര്‍ച്ചചെയ്തും സ്വാഭിപ്രായം ആവശ്യമുള്ള സ്ഥലങ്ങളില്‍ സോപപത്തികമായി സ്ഥാപിച്ചുമാണു് ശങ്കരന്‍ കാലദീപകം രചിച്ചിരിക്കുന്നതു്. താന്‍തന്നെ ഭാഷയില്‍ ചൊല്ലീട്ടുണ്ടു് എന്നു പറഞ്ഞു് അങ്ങുമിങ്ങും ചില ആനുഷ്ടുഭശ്ലോകങ്ങളും ചേര്‍ത്തിരിക്കുന്നു. പ്രസ്തുത ഗ്രന്ഥം മൂന്നു ഭാഗങ്ങളായിട്ടാണു രചിച്ചിരിക്കുന്നതു്. ആദിമഭാഗത്തില്‍ മുഹൂര്‍ത്തദോഷങ്ങളെപ്പറ്റിയും മധ്യമഭാഗത്തില്‍ ഷോഡശകര്‍മ്മങ്ങളുടെ മുഹൂര്‍ത്തങ്ങളെപ്പറ്റിയും അന്തിമ ഭാഗത്തില്‍ ദേവപ്രതിഷ്ഠ, ഗൃഹനിര്‍മ്മാണം; കൂപഖനനം, ശസ്ത്രബന്ധം, അസ്ഥിസഞ്ചയനാദികര്‍മ്മങ്ങള്‍, വസനധാരണം, യാത്ര, ഔഷധസേവനം, വൃക്ഷയുഗനിക്ഷേപണം, കൃഷി, ബീജാവാപം, വൃക്ഷാദിസംസ്ഥാപനം, ധാന്യവൃദ്ധി എന്നിങ്ങനെ വിവിധകാര്യങ്ങല്‍ക്കുള്ള മുഹൂര്‍ത്തങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നു. ആകെ അന്‍പത്തൊന്നു് അധ്യായങ്ങളുണ്ടു്. ചുരുക്കത്തില്‍, മുഹൂര്‍ത്തസംബന്ധമായി ഇതില്‍ ആചാര്യന്‍ സ്പര്‍ശിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ വിരളമാണെന്നുതന്നെ പറയാം. ശങ്കരന്റെ ഗദ്യത്തിനു് ഒരു ശാസ്ത്രീയഭംഗി പ്രത്യേകമായുണ്ടു്. ഏതാനും ചില പംക്തികള്‍കൊണ്ടു് ഇതു വ്യക്തമാക്കാം:

ʻʻഇനി സൗരംകൊണ്ടു പതിനാറു തികയുന്നേടം നിശ്ചയിച്ചറിവാനുപായം. പതിനാറു തികയുന്ന ആട്ടപ്പിറന്നാള്‍ വരുന്ന തിങ്ങളില്‍ ഇവന്റെ ജന്മകാലത്തിങ്കലേ ആദിത്യസ്ഫുടംപോലെതന്നെ ആദിത്യസ്ഫുടം വരുന്നു യാതൊരിക്കല്‍, അപ്പോള്‍ സൗരംകൊണ്ടു പതിനാറു തികയുന്നു. ഇങ്ങനെ. എന്നാല്‍ ആട്ടപ്പിറന്നാള്‍ കാണുമ്പോള്‍ പതിനേഴു തുടങ്ങി സൌരംകൊണ്ടു കാണുമ്പോള്‍ പതിനാറു തികഞ്ഞതുമില്ല എന്നുവരുന്നേടവും സൗരംകൊണ്ടു പതിനേഴുതുടങ്ങി ആട്ടപ്പിറന്നാള്‍ കൊണ്ടു് പതിനാറു തികഞ്ഞതുമില്ല എന്നുവരുന്നേടവും, ഇവരണ്ടേടത്തും, ഗോദാനവും കൊള്ളാമോ എന്നു പെരികേ പലരോടും ചോദിക്കണം. അതോ ഒരാണ്ടു തികയുന്ന ആട്ടപ്പിറന്നാള്‍ നക്ഷത്രഹോമം കാലംകൂടുക എന്നുണ്ടൊരു പക്ഷം; പതിമൂന്നാം പിറന്നാള്‍ക്കു കാലം കൂടുക എന്നുമുണ്ടൊരു പക്ഷം.ˮ

മുഹൂര്‍ത്തപദവീ ബാലശങ്കരം

ഇതു മാത്തൂര്‍ നമ്പൂരിയുടെ മുപ്പത്താറു പദ്യങ്ങള്‍മാത്രമടങ്ങിയ മുഹൂര്‍ത്തപദവിക്കു ശങ്കരന്‍നമ്പൂരി രചിച്ച ഗദ്യവ്യാഖ്യാനമാകുന്നു. ഈ വ്യാഖ്യാനംകൊണ്ടു മൂലഗ്രന്ഥത്തിനു പ്രസിദ്ധി വര്‍ദ്ധിച്ചിട്ടുണ്ടു്. പ്രസ്തുത ഗ്രന്ഥവും മൂന്നു പരിച്ഛേദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തേതായ ദോഷപ്രകരണത്തില്‍ ഏഴും, രണ്ടാമത്തേതായ ഷോഡശക്രിയാമുഹൂര്‍ത്തപ്രകരണത്തില്‍ പതിനേഴും മൂന്നാമത്തേതായ പ്രതിഷ്ഠാദിമുഹൂര്‍ത്തപ്രകരണത്തില്‍ പതിന്നാലും പദ്യങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നു. കാലദീപകത്തിലേയും മുഹൂര്‍ത്തപദവിയിലേയും വിഷയം ഒന്നുതന്നെയാണെന്നു് ഇതില്‍നിന്നു കാണാവുന്നതാണു്. മുഹൂര്‍ത്തപദവീബാലശങ്കരവും സാമാന്യം വിസ്തൃതമാണു്.

ലഘുദാസ് കരീയവ്യാഖ്യാ ബാലശങ്കരം

ʻഎന്റെ വാഴമാവേലിക്കു നമസ്കാരംʼ എന്നും ʻതുമ്പതിങ്കളൊടു...... ബാലകായ ഗണിതങ്ങള്‍ ഭാഷയാ ചൊല്ലുവാനിഹ തുണയ്പുതാകമേʼ എന്നുള്ള ശ്ലോകവും ഈ വ്യാഖ്യാനത്തിലും കാണുന്നു. ഒടുവില്‍ ʻʻഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ ലഘുഭാസ്കരീയവ്യാഖ്യാനേ ബാലശങ്കരനാമ്നിˮ എന്നു് ഓരോ അധ്യായാവസാനത്തിലും കുറിപ്പുണ്ടു്. ʻതുമ്പതിങ്കളൊടുʼ എന്ന പദ്യം കഴിഞ്ഞു്

ʻʻബാലാനാം ഭാസ്കരീയാര്‍ത്ഥം തെളിയുമ്മാറു ചൊല്ലുവാന്‍
വാണിമാതെങ്ങള്‍നാവിന്മേല്‍ വിളയാടുക സാംപ്രതം
ഭാസ്കരാദീന്‍ വണങ്ങീട്ടു ഗുരുഞ്ച പരമേശ്വരം
ചെറുതൊട്ടെഴുതുന്നുണ്ടു ഭാസ്കരീയത്തിലെപ്പോരുള്‍ˮ

എന്നീ പദ്യങ്ങള്‍ ചേര്‍ത്തിരിക്കുന്നു. പിന്നെ ʻʻഅവിടെ ഗണിതത്തിന്നു ഭാസ്കരീയമാകുന്ന തന്ത്രത്തെ ചമയ്പാന്‍ തുടങ്ങുന്ന ആചാര്യന്‍ അവിഘ്നപരിസമാപ്ത്യാദിപ്രയോജനസിദ്ധ്യര്‍ത്ഥമായിട്ടു് ഇഷ്ടദേവതാനമസ്കാരത്തെ ചെയ്യുന്നുˮ എന്ന പീഠികയോടുകൂടി ഗ്രന്ഥം പുരോഗമനം ചെയ്യുന്നു.

പഞ്ചബോധം ബാലശങ്കരം

പഞ്ചബോധാര്‍ത്ഥ ദര്‍പ്പണം, പഞ്ചബോധം, ഗണിതസാരം ഇവ മൂന്നും പഞ്ചബോധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്രന്ഥങ്ങളാണു്. ഗണിത സാരത്തിനു പഞ്ചബോധഗണിതസാരം എന്നും പേരുണ്ടു്. പഞ്ചബോധവും ʻതുമ്പതിങ്കളൊടുʼ എന്ന പദ്യത്തില്‍ ആരംഭിക്കുന്നു.

ʻʻബാലാനാം പഞ്ചബോധാര്‍ത്ഥം തെളിയുമ്മാറു ചൊല്ലുവാന്‍
വാണിമാതെങ്ങള്‍നാവിന്മേല്‍ വിളയാടുക സര്‍വ്വദാ.
ഭാസ്കരാദീന്‍ വണങ്ങീട്ടു ഗുരുഞ്ച പരമേശ്വരം
ചെറുതൊട്ടെഴുതുന്നുണ്ടു പഞ്ചബോധക്രിയാക്രമം.ˮ

എന്നിങ്ങനെയുള്ള സരസ്വതീവന്ദനവും പ്രതിജ്ഞാവാക്യവും പ്രസ്തുത ഗ്രന്ഥത്തിലുണ്ടു്. പഞ്ചബോധാര്‍ത്ഥദര്‍പ്പണത്തില്‍ ʻതുമ്പതിങ്കളൊടുʼ എന്നും, ʻബാലാനാം പഞ്ചബോധാര്‍ത്ഥംʼ എന്നും മറ്റുമുള്ള പദ്യങ്ങള്‍ക്കുമേല്‍

ʻʻശ്രീസൂര്യാദീന്‍ നമസ്കൃത്യ ഗുരുഞ്ച പരമേശ്വരം
ബാലായാസ്മൈ വിധാസ്യാമി പഞ്ചബോധാര്‍ത്ഥദര്‍പ്പണം.
സര്‍വേഷാം ജ്യോതിഷാമാദ്യം നമസ്കൃത്യ ദിവാകരം
ലഘൂകൃത്യ വിധാസ്യാമി വ്യതീപാതാദിബോധനംˮ

എന്നുമുള്ള പദ്യങ്ങളും കാണാവുന്നതാണു്. അയനചലനാദി ഗണിതത്തിലും ʻതുമ്പതിങ്കളൊടുʼ എന്ന പദ്യം കാണുന്നു.

ʻʻമേഷാദൌ പകലേറുന്നു; രാവന്നത്ര കുറഞ്ഞുപോം;
തുലാദൗ രാത്രിയേറുന്നു; പകലന്നു കുറഞ്ഞുപോം.ˮ

എന്ന സുപ്രസിദ്ധമായ ശ്ലോകം ഗണിതസാരത്തിലുള്ളതാണു്.

ചന്ദ്രഗണിതക്രമം

ʻʻഗജാനനം തഥാ വാണീം ഗുരുഞ്ച പരമേശ്വരം
ഭക്ത്യാ സംവന്ദ്യ സൂര്യാദീന്‍ ചന്ദ്രസ്യ ഗണിതക്രമം
ഭാഷയായിട്ടു വക്ഷ്യാമി ബാലാനാമറിവാനഹംˮ

എന്നു് ഈ ഗ്രന്ഥത്തില്‍ ആചാര്യന്‍ പ്രതിജ്ഞചെയ്യുന്നു.

ഭാഷാസംഗ്രഹം

ʻʻതുമ്പയും തിങ്കളും ചൂടിന്റപ്പന്റേ മുന്‍പിലേ മകന്‍
മമാനമുഖമുള്ളപ്പനകലെപ്പോക്കുകാപദഃ
വക്ഷ്യേ നമസ്കരിച്ചിട്ടു വിഖ്യാതം ഭൂതനാഥനെ
ബാലാനാം പൊഴുതുംമാത്രം ഭാഷാസംഗ്രഹമിത്യഹംˮ

എന്നിങ്ങനെയാണു് ഈ ഗ്രന്ഥം ആരംഭിക്കുന്നതു്.

പ്രശ്നസാരം

എന്നൊരു കൃതി കണ്ടിട്ടുണ്ടു്. അതില്‍ സംസ്കൃതശ്ലോകങ്ങളും ഭാഷാഗദ്യവും ഉള്‍പ്പെടുന്നു. ആകെ നാലധ്യായങ്ങള്‍ മാത്രമേ കിട്ടീട്ടുള്ളു. അവയില്‍ ആയുസ്സു്, വിവാഹം, സന്തതിലാഭങ്ങള്‍ ഇവയെപ്പറ്റി യഥാക്രമം പ്രതിപാദിക്കുന്നു. സംസ്കൃതശ്ലോകങ്ങള്‍ പ്രായേണ ഉദ്ധരിച്ചിരിക്കുന്നതു് ഉഴുത്തിര വാരിയരുടെ വിവരണത്തില്‍നിന്നാണു്. ʻഇതി ശങ്കരവിരചിതേ പ്രശ്നസാരേʼ എന്നൊരു കുറിപ്പു ഗ്രന്ഥാവസാനത്തില്‍ കാണ്‍മാനുമുണ്ടു്.

ജാതകക്രമം

ജാതകമെഴുതേണ്ട രീതി വിവരിക്കുന്ന ഒരു ഗ്രന്ഥമാണു് ജാതകക്രമം. അതില്‍ പദ്യവും ഗദ്യവും ഇടകലര്‍ത്തീട്ടുണ്ടു്. ജാതകക്രമത്തില്‍ ആദിത്യവന്ദനത്തിനുമേല്‍

ʻʻഗണേശ്വരനെ വന്ദിച്ചേന്‍ ഗുരുഞ്ച പരമേശ്വരം
വാണിമാതിനെയും നത്വാ ചൊല്ലുന്നേന്‍ ജാതകക്രമംˮ

എന്നൊരു ശ്ലോകമുള്ളതില്‍നിന്നു മഴമംഗലത്തു ശങ്കരന്‍നമ്പൂരിതന്നെയാണു് അതിന്റെ പ്രണേതാവു് എന്നു നിര്‍ണ്ണയിക്കാം.

ʻʻശ്ലോകം മുന്‍തൊട്ടു നാള്‍ പിന്നെ രാശിയും നാമധേയവും
ആദിത്യാദിസ്ഫുടം സര്‍വം ഭാഷയില്‍ക്കലിനാള്‍ പുനഃ
ഭാഷാവ്യാഴം തഥാ കൊല്ലം മാസത്തില്‍ച്ചെന്ന തീയതി
ആഴ്ച നാള്‍ പക്കവും രാശി രാശിയില്‍ച്ചെന്ന ഭാഗകള്‍
ഷഡ്വര്‍ഗ്ഗം നാളിലേ നാഡി ചന്ദ്രവേല പുനഃ ക്രിയ
അവസ്ഥ പക്കം കരണം മൃഗം വൃക്ഷഞ്ച പക്ഷിയും
ഭൂതം ഗണം തഥാ യോനി ദേവതാ രവി നിന്നെടം
തല്‍ഫലം നിത്യയോഗഞ്ച വൈനാശികനാവാംശകം
ഭാഷാഗ്രഹസ്ഥിതിം വക്ഷ്യേ യോഗഞ്ചാഷ്ടകവര്‍ഗ്ഗവുംˮ

എന്നു് ആചാര്യന്‍ പ്രതിജ്ഞ ചെയ്യുന്നു. വരാഹമിഹിരന്റെ ഹോരയെ ഉപജീവിച്ചാണു് ഗ്രന്ഥം രചിച്ചിരിക്കുന്നതു്.

ജാതകസാരം

ജാതകസാരം എന്ന പേരിലും നാലധ്യായത്തില്‍ ഒരു ഗ്രന്ഥമുണ്ടു്. ʻʻഇതി ശങ്കരവിരചിതേ ജാതകസാരേˮ എന്നു് അതിലും ഗ്രന്ഥകാരകസൂചകമായ ഒരു വാചകം കാണുന്നു.

കരണസാരക്രിയാക്രമം

കേളല്ലൂര്‍ ചോമാതിരിയുടെ ശിഷ്യനായ ഒരു ദൈവജ്ഞന്റെ കരണസാരം എന്ന കൃതിയെപ്പറ്റി ഇരുപത്തൊന്നാമധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ഗ്രന്ഥത്തിന്റെ ഒരു സംക്ഷേപമാണു് കരണസാരക്രിയാ ക്രമം. അതിനു കരണസാരം ഭാഷയെന്നും പേരുണ്ടു്.

ʻʻഭാസ്കരാദീന്‍ വണങ്ങീട്ടു ഗുരും സ്കന്ദം മഹേശ്വരം
ചുരുക്കീട്ടെഴുതുന്നേന്‍ ക-രണസാരക്രിയാക്രമംˮ

എന്നതാണു് അതിലെ വന്ദനശ്ലോകം. ഒടുവില്‍

ʻʻവ്യാഖ്യാമേതാം മന്ദബോധാര്‍ത്ഥമസ്യാഃ
പൂര്‍വൈരുക്താം ഗോളവിദ്ഭിര്‍വിദഗ്ദ്ധൈഃ
ഏതാം ഗോളാലോകനേ ദര്‍പ്പണാഭാം
സുവ്യക്താര്‍ത്ഥാമാലിഖം ശങ്കരോഹംˮ

എന്നൊരു പ്രണേതൃവ്യഞ്ജകമായ ശ്ലോകവും കാണ്‍മാനുണ്ടു്.

ശങ്കരന്‍നമ്പൂരിയെപ്പോലെ പ്രാമാണികനും പണ്ഡിതമൂര്‍ദ്ധന്യനുമായ ഒരു ദൈവജ്ഞന്‍ തന്റെ ജ്യോതിഷകൃതികളെല്ലാം ഭാഷയിലെഴുതാമെന്നുവെച്ചതു തലക്കുളത്തു ഭട്ടതിരി, ആലത്തൂര്‍ പരമേശ്വരന്‍നമ്പൂരി മുതലായ പൂര്‍വസൂരികളുടെ ഗ്രന്ഥങ്ങള്‍ സംസ്കൃതാനഭിജ്ഞന്മാരും ജ്യോതിശ്ശാസ്ത്രജിജ്ഞാസുക്കളുമായ കേരളത്തിലെ സാമാന്യജനങ്ങള്‍ക്കു് അനഭിഗമ്യങ്ങളാകയാല്‍ അക്കൂട്ടര്‍ക്കു പ്രയോജകീഭവിക്കണമെന്നുള്ള സദുദ്ദേശത്തെ പുരസ്കരിച്ചാണെന്നുള്ളതിനു സംശയമില്ല. ആ ഉദ്ദേശ്യം പരിപൂര്‍ണ്ണമായി ഫലിച്ചിട്ടുമുണ്ടു്. മഴമംഗലത്തോടു് അവര്‍ക്കുള്ള കടപ്പാടു് അപരിമേയമാണു്. അദ്ദേഹം ഭാവിയെപ്പറ്റി ഗണിക്കുവാന്‍ അത്യന്തം വിദഗ്ദ്ധനായിരുന്നുവത്രേ. ഒരിക്കല്‍ ചെങ്ങന്നൂര്‍ ഇടമനപ്പണ്ടാരത്തിലേ ഇല്ലത്തില്‍ ഒരു ചോറൂണടിയന്തിരമുണ്ടായിരുന്നു. മഴമംഗലം പെരുവനത്തുനിന്നു വാഴമാവേലിയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഇടമനയില്ലത്തില്‍ ആ അന്നപ്രാശനം സംബന്ധിച്ചു ബദ്ധപ്പെട്ടുകൊണ്ടിരിക്കയായിരുന്നു എന്നറിഞ്ഞു. ചില പോറ്റിമാര്‍ അങ്ങോട്ടു ക്ഷണിച്ചപ്പോള്‍ അന്നു് അന്നപ്രാശനമുണ്ടാവില്ലെന്നു മഴമംഗലം പ്രവചനംചെയ്കയും വാസ്തവത്തില്‍ മുഹൂര്‍ത്തമടുത്തപ്പോള്‍ കുളിപ്പിച്ചുകൊണ്ടുവന്ന കുഞ്ഞു കൈതെറ്റി നടുമുറ്റത്തുള്ള കല്‍ത്തളത്തില്‍ വീണു തല്‍ക്ഷണംതന്നെ സിദ്ധിക്കൂടുകയാല്‍ അടിയന്തിരം മുടങ്ങുകയും ചെയ്തു. അനന്തരം വാഴമാവേലി മഴമംഗലത്തെ വിളിച്ചു് ഇടമനമഠത്തിലേക്കു കൊണ്ടുപോകുകയും അവിടെ വിലപിച്ചുകൊണ്ടിരുന്ന പണ്ടാരത്തിലേക്കു് അടുത്ത കൊല്ലത്തില്‍ ഒരു ഉണ്ണി ഉണ്ടാകുമെന്നു പറഞ്ഞു് ആ കാര്‍ത്താന്തികന്‍ അദ്ദേഹത്തെ സമാധാനപ്പെടുത്തുകയും ചെയ്തു. ആ ജാതകം അപ്പോള്‍ത്തന്നെ ഗണിച്ചെഴുതിക്കൊടുത്തു; ഭാവി അതനുസരിച്ചുതന്നെ ദൃഷ്ടമാകുകയും ചെയ്തു. ഇതും അദ്ദേഹത്തെപ്പറ്റി പ്രചുരപ്രചാരങ്ങളായുള്ള പല ഐതിഹ്യങ്ങളില്‍ ഒന്നാണു്.

ഈഞ്ചക്കഴ്വാമാധവന്‍നമ്പൂരി

ʻപ്രശ്നസാരംʼ എന്നു പ്രസിദ്ധമായ ഒരു ജ്യോതിഷഗ്രന്ഥമുണ്ടു്. അതു പതിനാറധ്യായങ്ങളില്‍ ഭാഷാശ്ലോകങ്ങളെക്കൊണ്ടു നിബന്ധിക്കപ്പെട്ടിരിക്കുന്നു.

ഗ്രന്ഥകാരനും കാലദേശങ്ങളും

താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളില്‍ നിന്നു പ്രശ്നസാരത്തിന്റെ നിര്‍മ്മാതാവു വടക്കന്‍ തിരുവിതാംകൂറില്‍ മൂവാറ്റുപുഴത്താലൂക്കില്‍പ്പെട്ട രാമമംഗലത്തു് ഈഞ്ചക്കഴ്വാ ഇല്ലത്തെ മാധവന്‍നമ്പൂരിയാണെന്നു വ്യക്തമാകുന്നു.

ʻʻമാധവീയമിതു ഭാഷഭൂഷണം
മാധവേന രചിതം മനോഹരം
മന്നിലില്ലയിതു പദ്യഭാഷയായ്
മുന്നിലെന്നതറിയേണമേവരും.ˮ

ʻʻപ്രശ്നം വയ്ക്കും ജ്യോതിഷാണാം തമുക്കു-
ത്തൊക്കെക്കണ്ടിട്ടായതില്‍ച്ചൊന്നവണ്ണം
ഈഞ്ചക്കഴ്വാ മാധവന്‍ പദ്യമാക്കി-
ബ്ഭാഷാപ്രശ്നം ചൊന്നതീവണ്ണമല്ലോ.ˮ

ʻʻതങ്ങള്‍തങ്ങളുടേ ദേശത്തിങ്കല്‍ മാനം വരേണ്ടുകില്‍
വിഷുവച്ഛായ വച്ചിട്ടു വ്യംഗുലങ്ങളതാക്കണം.
രാമമംഗലദേശത്തു സുനേത്രം പേരതായതു്
ഇലിയും തീയതീംപോലെ മുടക്കീട്ടതു വയ്ക്കണം.ˮ

രാമമംഗലത്തുക്ഷേത്രത്തില്‍ ഇന്നും നിലനിന്നുപോരുന്ന വാരപ്പതിവുകളില്‍ ഈഞ്ചക്കഴ്വാ ഇല്ലംവകയായും ചില പതിവുകള്‍ ഉണ്ടെന്നറിയുന്നു.

ʻʻഎഴുനൂറ്റൊരുപത്തെട്ടാമതു കൊല്ലമതായ നാള്‍
വരുന്ന വിഷുവത്ഭാവതത്വം കല്യബ്ദമായതു്.ˮ

എന്ന ശ്ലോകം പ്രസ്തുതകൃതിയുടെ രചന കൊല്ലം 718-ആണ്ടിടയ്ക്കാണെന്നുള്ളതിനു ഗമകമാകുന്നു.

ഗ്രന്ഥത്തിന്റെ സ്വരൂപം

ഇദംപ്രഥമമായി ഭാഷാപദ്യങ്ങളില്‍ വിരചിതമായ ജ്യോതിഷഗ്രന്ഥം പ്രശ്നസാരമാണെന്നു കവി പറയുന്നതു ശരിയല്ല. താമരനല്ലൂര്‍ഭാഷയും മറ്റും ഇതിനു വളരെ മുമ്പുള്ളതാണല്ലോ. അദ്ദേഹത്തിനു സംസ്കൃതത്തില്‍ വലിയ പാണ്ഡിത്യമോ കവിതയില്‍ പറയത്തക്ക വാസനയോ ഉണ്ടായിരുന്നില്ല. (തമുക്കുത്തു്) തമിഴ്ക്കുത്തു്, അതായതു തമിഴിലെ ജ്യോതിഷഗ്രന്ഥങ്ങളെയാണു് താന്‍ ഉപജീവിക്കുന്നതെന്നു ഗ്രന്ഥകാരന്‍ പറയുന്നുണ്ടെങ്കിലും വരാഹഹോരയിലും അദ്ദേഹം നിഷ്ണാതനായിരുന്നു എന്നുള്ളതിനു പര്യാപ്തമായ ലക്ഷ്യമുണ്ടു്. അദ്ദേഹത്തിന്റെ ഗുരുനാഥന്‍ ഗോവിന്ദമംഗലത്തു നമ്പിയായിരുന്നു എന്നു്

ʻʻഹോരാര്‍ത്ഥമായതുപദേശമെനിക്കു തന്നു
ഗോവിന്ദമംഗലമതായതു നമ്പിതന്നെˮ

എന്ന പദ്യത്തില്‍ പറഞ്ഞിരിക്കുന്നു. വേറേയും തന്റെ സമകാലികന്മാരായ ജ്യോതിര്‍വിത്തുകളെ അദ്ദേഹം സ്മരിക്കുന്നുണ്ടു്.

ʻʻസാരങ്ങളായതിതു സംഗ്രഹമായ്പറഞ്ഞാല്‍
സന്തോഷമോ വരുവതെന്നിഹ സജ്ജനാനാം
എന്നുള്ള ശങ്ക മമ പോക്കിയിതാദരിപ്പാന്‍
വന്ദേ വിദഗ്ദ്ധതരവിപ്രവരാനശേഷാന്‍,

ʻʻആളായതാദരവിലാദിയിലത്തിമറ്റം
ലോകോത്തരന്‍ പുനരതിന്നിഹ കേളനല്ലൂര്‍
ആഭാസരല്ലറിവതുള്ളവരാദരിപ്പാന്‍
പോരും പ്രസിദ്ധിപെരികൊള്ളവരുണ്ടനേകം.
മാവേലി വാക്കാടഥ പള്ളിമറ്റം
മേച്ചേരി കോയിക്കരയും വിശേഷാല്‍
അനുഗ്രഹിക്കങ്ങുതന്നപ്പുറം താന്‍
വരപ്പുറം വേദവിദങ്ങെനിക്ക്ˮ

എന്നീ പദ്യങ്ങള്‍ പരിശോധിക്കുക. ഈ കൂട്ടത്തില്‍ ʻകേളനല്ലൂര്‍ʼ സാക്ഷാല്‍ കേളനല്ലൂര്‍ ചോമാതിരിതന്നെ, ʻമാവേലിʼ വാഴമാവേലി പരമേശ്വരന്‍പോറ്റിയുമാണെന്നു പറയേണ്ടതില്ലല്ലോ. ʻഅത്തിമറ്റംʼ മുതല്‍പേരെപ്പറ്റി യാതൊരറിവുമില്ല. ലഗ്നായനം, ആയുഃപ്രശ്നം, ബാധാദ്രോഹം, രോഗയോഗം, ബാധയും ദ്രോഹവും മൃത്യുവും, വേളിപ്രശ്നം, ഗര്‍ഭപ്രശ്നം, സന്തതിപ്രശ്നം, നഷ്ടജാതകം, നഷ്ടപ്രശ്നം, രാശിസ്വരൂപവും ഷഡ്വര്‍ഗ്ഗവും, ഗ്രഹസ്വരൂപവും വീര്യവും, സൂക്ഷ്മഗ്രാഹ്യാദ്യാനയനം ഇവയാണു് ഗ്രന്ഥത്തിലെ വിഷയങ്ങള്‍. ഗ്രന്ഥകാരനു ഫലഭാഗത്തിനുള്ള പരിനിഷ്ഠിതമായ ജ്ഞാനം എവിടെയും കാണുന്നു. ഗുരൂപദേശസിദ്ധങ്ങളായ അനേകം ശാസ്ത്രീയ രഹസ്യങ്ങളേയും അവിടവിടെ അന്തര്‍ഭവിപ്പിച്ചിട്ടുണ്ടു്. ഒടുവില്‍

സത്യാസത്യം സമ്പ്രദായേഷു ചോദി-
ച്ചൂനാധിക്യം വേരറുത്തിപ്രകാരം
നിത്യം ചൊല്ലീടേണമേ ശിഷ്യരേ! കേ-
ളെന്നെക്കൂടെക്കാട്ടിലാക്കീടൊലായേ.ˮ

എന്ന ഫലിതമയമായ പദ്യത്തോടുകൂടി പ്രശ്നസാരം സമാപ്തമാകുന്നു.

ദൃക്കരണം

ദൃക്കരണം എന്നതു ദൃക്‍സമ്പ്രദായമനുസരിച്ചുള്ള ഗണിതത്തിന്റെ രീതികളെ പ്രതിപാദിക്കുന്ന ഒരു സ്വതന്ത്രഗ്രന്ഥാകുന്നു. പ്രണേതാവു് ആരെന്നറിയുന്നില്ലെങ്കിലും ʻʻകോളംബേ ബര്‍ഹിസൂനൗˮ എന്നൊരു വാക്യം ഗ്രന്ഥാരംഭത്തില്‍ കാണുന്നതുകൊണ്ടു് അതിന്റെ നിര്‍മ്മിതി കൊല്ലം 783-ആണ്ടാണെന്നു നിര്‍ണ്ണയിക്കാവുന്നതാണു്. ആകെ പത്തു പരിച്ഛേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത കൃതി ആദ്യന്തം പദ്യമയമാണു്. പദ്യരചനയില്‍ അങ്ങിങ്ങു പല അഭംഗികളുമുണ്ടെങ്കിലും ശാസ്ത്രദൃഷ്ട്യാ ഗ്രന്ഥം വിശിഷ്ടമാകുന്നു. താഴെക്കാണുന്നതു് ആദ്യത്തെ രണ്ടു ശ്ലോകങ്ങളാണു്:

ʻʻവന്ദേ സര്‍വജനാശ്രയം ഗ്രഹപതിം ത്രൈലോക്യദീപം വിഭും
വിഘ്നേശശ്ച സരസ്വതീം ഗുരുജനം വ്യാസഞ്ച നന്ദാത്മജം
ബാലാനാം ഗണിതപ്രകാരമറിവാന്‍ ചൊല്ലുന്നു ഞാന്‍ ഭാഷയായ്
ദൃക്‍തുല്യം കരണം യുഗാദിവിധിനാ താല്‍പര്യമാത്രന്ന്വിദം.
കൊല്ലത്തില്‍ത്തരളാംഗനാഢ്യമതുതാന്‍ കല്യബ്ദമാകുന്നതും;
രാജ്യംകൊണ്ടു പെരുക്കിയാലതിലിടൂ ചൈത്രാദി പോംമാസവും;
വേറേ വച്ചു യുഗാധിമാസമിതയാം നേത്രാംബുഗോളാംശകൈര്‍-
ഹത്വാ ജ്ഞാനനനാദിദര്‍പ്പണമതാം സൗരസ്യ മാസൈര്‍ ഹരേല്‍.

അവസാനത്തിലെ ചില ശ്ലോകങ്ങള്‍കൂടി കുറിക്കുന്നു:

ʻʻആരാലുമങ്ങു ഗണിതക്രമമോര്‍ത്തുകണ്ടാല്‍
നേരോടു സൂക്ഷ്മമറിവാന്‍ വശമല്ല ഭൂമൗ
സൂര്യാബ്ജസംഭവരുമപ്പുലഹന്‍ വസിഷ്ഠന്‍
രോമേശനെന്നിവര്‍കള്‍ തീര്‍ത്തതുമഞ്ചുമാര്‍ഗ്ഗം

സിദ്ധാന്തമഞ്ചുമുടനഞ്ചു മതം ഗണിപ്പാ-
നഞ്ചേടവും ദിവിചരന്നധിവാസമുണ്ടോ?
പഞ്ചക്രിയാവിധികളൊത്തുവരാതെ കാണ്‍കില്‍-
പ്പഞ്ചത്വമാര്‍ന്ന ഗണിതാഗമമെന്നവേഹി.

അന്നന്നു കണ്ടറികയങ്ങു ഖഗാന്‍ ഖമധ്യേ
യോഗങ്ങള്‍ പാടുതുടരുന്നതുദിപ്പുമെണ്ണൂ
ഒത്തിട്ടുകാണുമുപരാഗവുമപ്രകാരം
കല്പിച്ചുകൊണ്ടു ഭുവി സൂക്ഷ്മതരസ്ഫുടങ്ങള്‍.ˮ

കണക്കുസംബന്ധിച്ച മണിപ്രവാളകൃതികള്‍, കണക്കതികാരം

കേരളത്തില്‍ പണ്ടുപണ്ടേ കണക്കതികാരം എന്നൊരു ദ്രാവിഡപദ്യകൃതി പ്രചരിച്ചിരുന്നു. ആധുനികസമ്പ്രദായത്തിലുള്ള വിദ്യാഭ്യാസത്തിന്റെ ആവിര്‍ഭാവത്തിനു മുന്‍പു തമിഴുവഴിയ്ക്കായിരുന്നു പ്രായേണ ജനങ്ങള്‍ കണക്കു പഠിച്ചുവന്നിരുന്നതു്. തിരുവിതാംകൂറിലും കൊച്ചിയിലും സര്‍ക്കാര്‍ കണക്കുവകുപ്പില്‍ തമിഴരെ അക്കാലത്തു ധാരാളമായി നിയമിച്ചുവന്നിരുന്നു. കൊല്ലം 992-ആണ്ടു ഇടവം 19-ആംനു തിരുവിതാംകൂറില്‍ ഗൗരീപാര്‍വതീബായി മഹാറാണി ʻഎഴുത്തും കണക്കുംʼ പഠിപ്പിക്കുവാന്‍ പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചപ്പോള്‍ ʻʻമലയാണ്‍മ അക്ഷരവും വില്പത്തിയും ജ്യോതിഷവും വശം ഒള്ളതില്‍ ഒരാളിനേയുംˮ ʻʻതമിഴും കണക്കും വശമുള്ളതില്‍ ഒരാളിനേയുംˮ ആണു് അവയില്‍ വാധ്യാന്മാരായി നിയമിച്ചതു്. കണക്കതികാരം താഴെക്കാണുന്ന പാട്ടോടുകൂടി ആരംഭിക്കുന്നു:

ʻʻപണക്കരിനാകമീടും പടര്‍ചടൈച്ചിവനുപോലും
പിണക്കരുതാത ചെല്ലം പെരുമ ചേര്‍ന്നൊളി വിളങ്കും.
കണക്കതികാരമെന്നും കവിതൈ കറ്റിയമ്പുവാനായ്
തുണൈക്ക നല്‍ക്കരിമുകത്തോന്‍ തുയര്‍കെടത്തെളിന്തുവന്തേˮ

കണക്കുസാരം

കണക്കുസാരം കണക്കുശാസ്ത്രത്തെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കുന്ന ഒരു മണിപ്രവാള കൃതിയാകുന്നു. ഗ്രന്ഥകാരന്‍ അജ്ഞാതനാമാവണു്. കാലം എട്ടാംശതകമോ ഒന്‍പതാംശതകമോ ആയി വരാം. ഗ്രന്ഥം ഇങ്ങനെ ഉപക്രമിക്കുന്നു:

ʻʻബാലേന്ദുശേഖരസുതം ഗണനാഥമേറ്റം
വന്ദിച്ചു വാണിയെ വണങ്ങി ഹരിം ഗുരും ച,
നാനാമുനീന്‍ തൊഴുതുകൊണ്ടു കണക്കുസാരം
നേരേ ചമയ്പതിനു സാംപ്രതമാരഭേ ഞാന്‍.
ലീലാവതീമപി കണക്കതികാരവും ക-
ണ്ടെന്നോടു മല്‍ഗുരു പറഞ്ഞതുമോര്‍ത്തുകൊണ്ടു
ബാലപ്രബോധകരണായ മണിപ്രവാളൈ-
രുക്തം മയാല്പഹൃദയേന കണക്കുസാരം.ˮ

ലീലാവതിയും കണക്കതികാരവും നോക്കിയാണു് കണക്കുസാരം രചിച്ചതെന്നു രണ്ടാമത്തെ ശ്ലോകത്തില്‍നിന്നു വ്യക്തമാകുന്നുണ്ടല്ലോ. താന്‍ സ്പര്‍ശിക്കുവാന്‍പോകുന്ന വിഷയങ്ങളേതെല്ലാമെന്നു പ്രണേതാവു താഴെക്കാണുന്ന ശ്ലോകങ്ങളില്‍ പ്രസ്താവിക്കുന്നു:

ʻʻഒന്നിന്റെ കീഴു മേലുമിടങ്ങഴി കാതം കഴഞ്ചു കാലുമതഃ
ത്രൈരാശികവും പൊന്നും മരവും പൊരിനെല്ലളക്കുകിളപടവും
സങ്കലനാദികളുഭയം മിച്ചാരം പിന്നെ വട്ടവും വിട്ടം [1]
വില്ലും ഞാണും നിലവും വിലോമമങ്ങിഷ്ടകര്‍മ്മമായവയും
കൂട്ടുക കളക ഗുണിക്ക ഹരിക്ക തഥാ വര്‍ഗ്ഗമങ്ങു മൂലിക്ക
ഘനിക്ക ഘനമൂലവുമിച്ചൊന്നവ പരകര്‍മ്മമൊട്ടൊടുക്കത്തു്ˮ

ശ്ലോകങ്ങള്‍ക്കു ഗദ്യത്തില്‍ വ്യാഖ്യാനമുണ്ടു്. അതും ഗ്രന്ഥകാരന്റേതുതന്നെ. രണ്ടു ശ്ലോകങ്ങള്‍കൂടി ചേര്‍ക്കാം:

കാലപരിമാണം:

ʻʻമാസവുമാണ്ടീവണ്ണം കൊണ്ടൊരു നൂറ്റാണ്ടു ചെന്ന കാലത്തു്
വിധിയനുമുണ്ടാം പ്രളയം പറയുന്നൂ മുനികളിങ്ങനേ പലരും.ˮ

നെല്‍ക്കണക്കു്:

ʻʻനെല്ലങ്ങൊട്ടരിയേറെയുള്ളതു കൊടുത്താലക്കടം വീടുവാ-
നിങ്ങോട്ടങ്ങു തരുന്നതൊട്ടരി കുറഞ്ഞീടുന്നതെന്നാകിലോ
ഏറെത്തണ്ഡുലമുള്ള നെല്ലു ഗുണി; മറ്റേത്തണ്ഡുലത്താല്‍ നടേ-
മുന്നം തങ്ങളിലെത്തിയാല്‍ക്കിഴി; തഥാ മറ്റേതു മുന്നേതിനാല്‍.ˮ

ഇതിന്നു പൊരുള്‍
അരിയേറെപ്പോരുന്ന നെല്ലാല്‍ ഒരുത്തന്‍ കൊണ്ടുപോയാല്‍ അക്കടം വീടുവാന്‍ തരുന്ന നെല്ല് അരി കുറയെപ്പോരുന്നതാകില്‍ അരിയേറെപ്പോരുന്ന നെല്ലിന്റെ സംഖ്യയെപ്പറഞ്ഞ സംഖ്യകൊണ്ടു ഗുണിച്ചാല്‍ ഹാരകമാകുന്നതു്. പിന്നെ മറ്റേ സംഖ്യകള്‍ മൂന്നും തങ്ങളില്‍ പെരുക്കി ഹാരകം കൊണ്ടു കിഴിച്ചാല്‍ തരേണ്ടുന്ന നെല്ലിന്റെ സംഖ്യ വരും.ˮ

മറ്റൊരു കണക്കുശാസ്ത്രം

മറ്റൊരു കണക്കുശാസ്ത്രവും കാണ്‍മാനുണ്ടു്. അതില്‍നിന്നു ചില ശ്ലോകങ്ങള്‍ താഴെ ചേര്‍ക്കുന്നു്:

ʻʻഒന്നില്‍ നാലൊന്നുപോല്‍ കാലു കാലിലഞ്ചൊന്നുമാവതാം;
മാവു നേര്‍പാതിയരമാ അരമാര്‍ദ്ധന്തു കാണിയാം;
കാണ്യര്‍ദ്ധംപോലരക്കാണി തദര്‍ദ്ധം മുന്ത്രികാ ഭവേല്‍;
മുന്ത്രികായാശ്ചതുര്‍ഭാഗം കീഴുകാലെന്നു പേരതു്;
കീഴരക്കാണി തല്‍പാതി തല്‍പാതീ കീഴുമുന്ത്രികാ;
കീഴുമുന്ത്രികയെപ്പിന്നെയിരുപത്തൊന്നു കുറിടൂ;
എന്നാല്‍ വരുന്നതാമിമ്മി, യിമ്മിയേഴൊന്നുപോലണു.ˮ

ഇതു് അളവുകണക്കാണു്. നീളത്തിന്റെ കണക്കു താഴെക്കുറിക്കുന്നു:

ʻʻഎള്ളെട്ടിന്റെ കനമൊരു നെല്ലിടയാം, തോരയെന്നു പേരതിനു്;
തോരയതെട്ടിനു വിരലാം; വിരലതു മൂവെട്ടിനാല്‍ മുഴക്കോലാം;
മുഴകോല്‍ നാലതു ദണ്ഡാമതു രണ്ടായിരമളന്നു കൂവീടാം;
കൂവീടു നാലു യോജന: ചൊല്ലീടാം കാതമെന്നുമതുതന്നെ.ˮ

കണക്കുചോദ്യം

കണക്കു സംബന്ധിച്ച ഈ ഗ്രന്ഥത്തില്‍ രസകരങ്ങളായ ചില ചോദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഗ്രന്ഥം സമഗ്രമായി കണ്ടിട്ടില്ല. ഏഴാം ശതകത്തിലോ എട്ടാം ശതകത്തിലോ രചിച്ചതുപോലെ തോന്നുന്നു. കണക്കുചോദ്യം വാസ്തവത്തില്‍ ഒരു മണിപ്രവാളകൃതിയല്ല: ഭാഷാകൃതിയാണു്; എങ്കിലും സൌകര്യത്തിനുവേണ്ടി ഇതിനെയും ഇവിടെ പരാമര്‍ശിക്കാമെന്നുദ്ദേശിക്കുന്നു. രണ്ടു പാട്ടുകള്‍ പകര്‍ത്തിക്കാണിക്കാം:

ʻʻപത്തുമാറുവയസ്സതുള്ളൊരു മങ്കതന്നുടല്‍ പുല്‍കുവാന്‍
പത്തുമൊന്‍പതുമെട്ടുമഞ്ചു പണം കൊടുക്കണമെങ്കിലോ
പത്തുമഞ്ചുമൊരഞ്ചുമേവമതുള്ള മങ്കയെ വേണ്ടികില്‍
പത്തിയോടു കണക്കിനെത്തിര കാണമുണ്ടു കണക്കരേ?ˮ

ʻʻമങ്കതന്‍ മാല പൊട്ടി മന്നില്‍ മൂന്നൊന്റു വിണ്ണു
അംകുടന്‍ തല്പത്തിന്മേല്‍ പിന്നെയഞ്ചൊന്റു വിണ്ണു
കന്നിതന്‍ കയ്യിലാറൊന്റ … … …
പത്തൊന്റു ചരട്ടേലാനാല്‍പ്പണി[2]യിതിന്‍ കണക്കു ചൊല്ക.ˮ  1. വിട്ടം=വട്ടത്തിന്റെ കുറുങ്ങളവു്.
  2. പണി=ആഭരണം