സംസ്കൃതസാഹിത്യം 2.II
ഉള്ളൂര്‍: കേരളസാഹിത്യചരിത്രം
Contents
- 1 സംസ്കൃതസാഹിത്യം (പതിനാറാം ശതകം)
- 1.1 ദേശചരിത്രം
- 1.2 മുദ്രാലയങ്ങള്‍
- 1.3 അമ്പഴക്കാട്ടെ മുദ്രാലയം
- 1.4 മഴമംഗലത്തു ശങ്കരന്‍നമ്പൂരി
- 1.5 ചിത്രഭാനുനമ്പൂതിരി
- 1.6 തിരുമംഗലത്തു നീലകണ്ഠന്‍
- 1.7 മാതംഗലീല
- 1.8 നാഗോല്‍പത്തി
- 1.9 കാവ്യോല്ലാസം
- 1.10 വെട്ടത്തുനാട്ടു രവിവര്‍മ്മത്തമ്പുരാന്‍
- 1.11 സംക്ഷേപഭാരതം
- 1.12 ഗോവിന്ദചരിതം
- 1.13 കല്യാണനൈഷധം
- 1.14 സംക്ഷേപരാമായണം
- 1.15 ശ്വേതാരണ്യസ്തുതി
- 1.16 ദേശിങ്ങനാട്ട് രാമവര്‍മ്മ മഹാരാജാവ്
- 1.17 നാരായണന്‍നമ്പൂരി
- 1.18 കുശാഭ്യുദയം
- 1.19 മഴമങ്ഗലത്തു നാരായണന്‍നമ്പൂരി
- 1.20 ഗദ്യം
- 1.21 വേദാന്താചാര്യന്‍, കാവ്യപ്രകാശോത്തേജിനി
- 1.22 നീലകണ്‌ഠപൂജ്യപാദന്‍
- 1.23 മഴമംഗലത്തു പരമേശ്വരന്‍ നമ്പൂരി
- 1.24 ആശ്വലായനഗൃഹ്യപ്രയോഗവൃത്തി, ദാമോദരന്‍
- 1.25 വിഷ്ണുസംഹിത
- 1.26 കുഴിക്കാട്ടു ശങ്കരന്‍ഭട്ടതിരി
- 1.27 നീലകണ്ഠന്‍നമ്പൂരി, ക്രിയാലേശസ്മൃതി
- 1.28 സ്മാര്‍ത്തവൈതാനികപ്രായശ്ചീത്തം, മാന്ധാതാവ്
- 1.29 സ്മാര്‍ത്തപ്രായശ്ചിത്തസങ്ഗ്രഹം
- 1.30 തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി, ജീവചരിത്രം
- 1.31 കൊച്ചി രാമവര്‍മ്മ മഹാരാജാവു്
- 1.32 രാമവര്‍മ്മാവിനെപ്പറ്റിയുള്ള ചില പ്രശസ്തികള്‍
- 1.33 ബാലകവി
- 1.34 കേരളമാഹാത്മ്യം
- 1.35 മറ്റു മാഹാത്മ്യഗ്രന്ഥങ്ങള്‍
- 1.36 അഭിരാമന്‍
- 1.37 ചില ടിപ്പണികള്‍
- 1.38 ഭ്രമരസന്ദേശം, കവിയും കാലവും
സംസ്കൃതസാഹിത്യം (പതിനാറാം ശതകം)
ദേശചരിത്രം
പുരാതനകാലംമുതല്ക്കു ബാബിലോണിയന്മാര്‍, ഈജിപ്തുകാര്‍ യവനന്മാര്‍, റോമകര്‍, അറബികള്‍ മുതലായി പല പാശ്ചാത്യദേശക്കാരുമായി കേരളീയര്‍ക്കു സമ്പര്‍ക്കമുണ്ടായിരുന്നു എങ്കിലും അതു കേവലം വാണിജ്യപരമായിരുന്നു. കേരളവുമായി രാഷ്ട്രീയബന്ധത്തില്‍ ഇദംപ്രഥമമായി ഏര്‍പ്പെട്ടതു പോര്‍ത്തുഗല്‍രാജ്യമാണ്. ക്രി. പി. 1497-ആമാണ്ടു മാര്‍ച്ചുമാസം 27-ആനു വാസ്കോഡിഗാമ പോര്‍ത്തുഗലില്‍നിന്നു പുറപ്പെട്ടു് 1498 ആഗസ്ത് 26-ആനു, അതായതു കൊല്ലവര്‍ഷം 673 ചിങ്ങമാസത്തില്‍, ഇന്നു മലബാര്‍ ജില്ലയില്‍പ്പെട്ട പന്തലായിനിക്കൊല്ലമെന്ന തുറമുഖത്തു് എത്തി. ക്രി. പി. 1500-ആമാണ്ടു് ആഗസ്ത് 30-ആനു പോര്‍ത്തുഗല്‍ രാജാവിനാല്‍ നിയുക്തനായ പഡ്രോ ആല്‍വാഴ്സ് കബ്രാള്‍ കോഴിക്കോട്ടു നഗരത്തില്‍ വന്നുചേര്‍ന്നു സാമൂതിരിപ്പാടുമായി സഖ്യം ചെയ്തു. മാപ്പിള (മഹമ്മദീയര്‍)മാരുടെ പ്രാതികൂല്യം നിമിത്തം കോഴിക്കോട്ടുനിന്നു പോര്‍ത്തുഗീസുകാര്‍ക്കു പറയത്തക്ക ആനുകൂല്യമൊന്നും ലഭിച്ചില്ല. അതിനാല്‍ അവര്‍ സാമൂതിരിയുമായി അക്കാലത്തു ശത്രുതയില്‍ വര്‍ത്തിച്ചിരുന്ന കൊച്ചി മഹാരാജാവിനെ തങ്ങളുടെ ബന്ധുവായി സ്വീകരിക്കുകയും തദ്ദ്വാരാ അവിടെ പല ഭരണാവകാശങ്ങളും കരസ്ഥമാക്കുകയും ചെയ്തു. അമ്പലപ്പുഴ, കൊല്ലം മുതലായ ഇതരദേങ്ങളിലെ രാജാക്കന്മാരുമായും അവര്‍ ഓരോ ഉടമ്പടികളില്‍ ഏര്‍പ്പെട്ടു. കൊല്ലം 928-ല്‍ ആധുനികവഞ്ചിരാജ്യത്തിന്റെ പ്രതിഷ്ഠാപകനായ വീരമാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവു സാമൂതിരി രാജാക്കന്മാരുടെ ശക്തി നാമാവശേഷമാക്കുന്നതുവരെ കൊച്ചിയും കോഴിക്കോടും തമ്മിലുള്ള കൂറുമത്സരവും കുടിപ്പകയും അനുസ്യൂതമായി നിലനിന്നുപോന്നു എന്നു സ്പഷ്ടമായി പറയാം. പോര്‍ത്തുഗീസുകാര്‍ക്കു വാണിജ്യവൈയഗ്ര്യത്തേയും രാജ്യതൃഷ്ണയേയുംകാള്‍ അധികമായി മതപ്രചരണൗത്സുക്യം ഉണ്ടായിരുന്നു. തന്നിമിത്തം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളും അവരും തമ്മില്‍ പ്രചണ്ഡമായ സംഘട്ടനം ഉണ്ടായി. ആവക സംഭവങ്ങളെപ്പറ്റി സാഹിത്യചരിത്രത്തില്‍ പ്രതിപാദിക്കേണ്ട ആവശ്യമില്ല. അത്തരത്തിലുള്ള കലാപങ്ങളൊന്നും ഭാഷയേയോ സാഹിത്യത്തേയോ സാരമായി സ്പര്‍ശിച്ചില്ല എന്നുള്ള വസ്തുത പ്രസ്താവനീയമാകുന്നു. പോര്‍ത്തുഗീസുഭാഷയില്‍ നിന്നു ചില പദങ്ങള്‍ ഭാഷയില്‍ സംക്രമിക്കുക മാത്രമുണ്ടായി. അതു ഭാഷാശാസ്ത്രന്യായങ്ങള്‍ക്കു് അനുസൃതവും സ്വാഭാവികവുമാണുതാനും.
മുദ്രാലയങ്ങള്‍
പോര്‍ത്തുഗീസുകാരെ സാഹിത്യസംബന്ധമായി നാം കൃതജ്ഞതയോടുകൂടി സ്മരിക്കേണ്ടതു് അവര്‍ കൊച്ചിയിലും വൈപ്പിക്കോട്ടയിലും സ്ഥാപിച്ച മുദ്രണാലയങ്ങള്‍ക്കു വേണ്ടിയാകുന്നു. സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ക്രി.പി. 1542-ല്‍ ദക്ഷിണാപഥത്തില്‍ വന്നു തമിഴുഭാഷ പഠിച്ചു് അതില്‍ പ്രസംഗിക്കുവാനുള്ള പാടവം സമ്പാദിച്ചു. അദ്ദേഹം രചിച്ച വേദോപദേശം എന്ന പുസ്തകം പോര്‍ത്തുഗീസുകാര്‍ ഗോവയില്‍ ഇദംപ്രഥമമായി സ്ഥാപിച്ച മുദ്രാലയത്തില്‍ 1557-ല്‍ പ്രസിദ്ധീകരിച്ചതായിക്കാണുന്നു. അതു ഭാരതീയഭാഷകളിലൊന്നിലും നിര്‍മ്മിച്ചതായിരുന്നില്ല എന്നു ന്യായമായി അനുമാനിക്കാം. കേരളത്തില്‍ ഒന്നാമതായി മുദ്രിതമായ പുസ്തകം (Doctrina Christiana) ʻക്രിസ്തീയ വേദോപദേശംʼ ആണു്. സ്പെയിന്‍കാരനും ജെസ്‌വിറ്റ്സഭയിലെ ഒരംഗവുമായ ജോണ്‍ഗോണ്‍സാല്‍വസ്യൂ എന്ന വിദഗ്ദ്ധനാണു് അതിനുവേണ്ട അച്ചുകളെല്ലാം സജ്ജീകരിച്ചതു്. അതു് അച്ചടിച്ചതു കൊച്ചിക്കോട്ടയില്‍ സ്ഥാപിച്ച മുദ്രാലയത്തിലുമാണു്. ഗോണ്‍സാല്‍വസ് ഉണ്ടാക്കി എന്നു പറയുന്ന ലിപികള്‍ തമിഴിലായിരുന്നു. മലയാംതമിഴെന്നാണു് അതിനു പേര്‍ നല്കിക്കാണുന്നതു്. തമിഴുലിപികള്‍ക്ക് അന്നും കേരളത്തില്‍ നല്ല പ്രചാരമുണ്ടായിരുന്നു. ക്രിസ്തീയവേദോപദേശത്തെത്തുടര്‍ന്നു ക്രിസ്തീയമതതത്വമെന്നും ക്രിസ്തീയവണക്കം എന്നും പേരുള്ള രണ്ടു പുസ്തകങ്ങള്‍ ആ മുദ്രാലയത്തില്‍നിന്നു് 1579-ല്‍ പ്രസിദ്ധീകൃതങ്ങളായി. അവയുടെ കര്‍ത്താവു് (Enriquez) എന്റിക്കെസ് എന്ന ഒരു നാട്ടുകാരനും പ്രസാധകന്‍ മാര്‍ക്കോസ് ജോര്‍ജ്ജ് എന്ന ഒരു പാതിരിയുമായിരുന്നു. ഗോണ്‍സാല്‍വസ് ആ വര്‍ഷത്തില്‍ നിര്യാതനായി. രണ്ടാമത്തെ മുദ്രാലയം ഫാദര്‍ ആല്‍ബര്‍ട്ട് ലേര്‍ഷ്യസ് 1602-ല്‍ ചേന്നമംഗലത്തിനു സമീപമുള്ള വൈപ്പിക്കോട്ടയില്‍ സ്ഥാപിച്ചു. ആ മുദ്രാലയം എട്ടാം ക്ലെമെന്റ് മാര്‍പ്പാപ്പ സമ്മാനിച്ചതാണു്. അവിടെ ആദ്യമായി അച്ചടിച്ച ഗ്രന്ഥം റോമന്‍ ആരാധനാക്രമത്തിന്റേയും തക്സായിലെ ചില പ്രാര്‍ത്ഥനകളുടേയും ആശീര്‍വാദങ്ങളുടേയും
അനുപദാനുവാദമാകുന്നു. പിന്നെയും ചില പുസ്തകങ്ങല്‍ അവിടെ മുദ്രിതങ്ങളായി. ആ ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചതു കല്ദായസുറിയാനി ഭാഷയിലും അച്ചടിച്ചതു് ആ ഭാഷയിലെ ലിപിയിലുമായിരുന്നു. ഇടയ്ക്കിടയ്ക്കു ചില കുറിപ്പുകളും മറ്റും മലയാളത്തിലുമുണ്ടായിരുന്നില്ലെന്നില്ല. ചേന്നമംഗലത്തുവെച്ച് (Bernardino Ferav) ബര്‍ണ്ണാര്‍ദീനോ ഫെറാവ് എന്ന പാതിരിയാണ് മലയാളത്തില്‍ ആദ്യമായി ഒരു ക്രിസ്തീയമതഗ്രന്ഥം എഴുതിയതെന്നു ചില അഭിജ്ഞന്മാര്‍ പറയുന്നു. (Jorge Castro) ജോര്‍ജ്ജ് കാസ്ട്രോ എന്നൊരു ഭാഷാപണ്ഡിതനും അന്നു് അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഉത്സാഹത്താല്‍ അനേകം ക്രിസ്തുമതഗ്രന്ഥങ്ങള്‍ ലത്തീന്‍ഭാഷയില്‍ നിന്നു മലയാളത്തിലേയ്ക്കു തര്‍ജ്ജമ ചെയ്യപ്പെട്ടു. വൈപ്പിക്കോട്ടയിലെ മുദ്രാലയം 1605-ല്‍ കൊടുങ്ങല്ലൂരിലേയ്ക്കു മാറ്റി. 1663-ല്‍ ലന്തക്കാര്‍ കൊച്ചിക്കോട്ട പിടിച്ചടക്കിയപ്പോള്‍ ആ സ്ഥലത്തു ഗോണ്‍സാല്‍വസ് സ്ഥാപിച്ച അച്ചുക്കൂടം നാമാവശേഷമാക്കിയതു് ഏതു നിലയില്‍ നോക്കിയാലും അവരുടെ പേരില്‍ അക്ഷന്തവ്യമായ ഒരപരാധമായി അവശേഷിക്കുന്നു.
അമ്പഴക്കാട്ടെ മുദ്രാലയം
കൊല്ലം ഒമ്പതാം ശതകത്തില്‍ സ്ഥാപിച്ചതാണു് അമ്പഴക്കാട്ടെ മുദ്രാലയമെങ്കിലും അതിനെപ്പറ്റിക്കൂടി ഇവിടെ പ്രസ്താവിക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിയ്ക്കുന്നു. അമ്പഴക്കാട്ട് ഇന്നൊരു കുഗ്രാമമാണെങ്കിലും അതു പണ്ടു വളരെ പ്രശസ്തമായ ഒരു സ്ഥലമായിരുന്നു. ലന്തക്കാര്‍ പറങ്കികളെ ഓടിച്ചപ്പോള്‍ അവര്‍ സാമൂതിരിരാജാവിന്റെ കൈവശത്തിലിരുന്ന ആ സ്ഥലത്തെ അഭയം പ്രാപിച്ചു. 1679-ല്‍ മലയാളത്തുകാരനായ ഇഞ്ഞാസി അയിച്ചാമണി മുമ്പ് ഗോണ്‍സാല്‍വസ് ചെയ്തതുപോലെ മരത്തില്‍ തമിഴക്ഷരങ്ങള്‍ കൊത്തിയുണ്ടാക്കി. അതാണ് കേരളത്തിലെ തൃതീയമുദ്രാലയം. അവിടെ ഫാദര്‍ അന്തോണി ഡി പ്രിന്‍സാ (Pronca) രചിച്ച തമിഴ് നിഘണ്ടുവും ഫാദര്‍ (De Costa) ദാ കോസ്റ്റാ രചിച്ച തമിഴു വ്യാകരണവും ആദ്യമായി പ്രസിദ്ധീകരിയ്ക്കപ്പെട്ടു. തമിഴുഭാഷയില്‍ കത്തോലിക്കര്‍ക്കു വേണ്ടിവന്ന അച്ചടിയെല്ലാം അക്കാലത്തു് അവിടെയാണു് നിര്‍വ്വഹിച്ചുവന്നതു്. റോബര്‍ട്ട് ദേ നോബിലിയുടെ (Robert De Nobili) ദൈവശാസ്ത്രം എന്ന പുസ്തകം മുദ്രണം ചെയ്തതും അവിടെത്തന്നെയാണു്. ക്രി. പി. പതിനെട്ടാം ശതകത്തിലെ മുദ്രാപണപരിശ്രമങ്ങളെപ്പറ്റി യഥാവസരം പിന്നീടു് ഉപന്യസിച്ചുകൊള്ളാം.
മഴമംഗലത്തു ശങ്കരന്‍നമ്പൂരി
മഴമംഗലത്തില്ലം തൃശ്ശിവപേരൂരില്‍ ഇപ്പോള്‍ ആസ്പത്രി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്താണു പണ്ടു സ്ഥിതി ചെയ്തിരുന്നതു്. ആ ഇല്ലം അന്യം നിന്നപ്പോള്‍ അതിലെ വസ്തുവകകള്‍ തരണനല്ലൂര്‍ ഇല്ലത്തേക്കു് ഒതുങ്ങി. രണ്ടില്ലത്തേക്കും പരദേവത ഊരകത്തമ്മ തിരുവടി എന്നു പറയുന്ന തിരുവളങ്ങാട്ടു പാര്‍വ്വതീദേവി (വലയാധീശ്വരി) ആണു്. വലയാധീശ്വരിയെ കാമാക്ഷീ പദംകൊണ്ടു വ്യപദേശിയ്ക്കുന്നതു കാഞ്ചീപുരത്തെ കാമാക്ഷീദേവിയെ ഭജിച്ചു പ്രത്യക്ഷമാക്കി വലയത്തു ഭട്ടതിരി ഊരകത്തു കൊണ്ടുവന്നു പ്രതിഷ്ഠിക്കുക നിമിത്തമാണെന്നു പഴമക്കാര്‍ പറയുന്നു. ആ ഇല്ലവും പറമ്പും ശങ്കരന്‍നമ്പൂരിയുടെ മകന്‍ നാരായണന്‍നമ്പൂരിയുടെ കാലത്തു മാത്രമേ കുടുംബത്തിലേക്കു കിട്ടിയുള്ളുവെന്നും അറിവുണ്ടു്.
ജീവചരിത്രം
മഴമംഗലത്തില്ലത്തില്‍ ജനിച്ച മൂന്നു നമ്പൂരിമാരെപ്പറ്റി നമുക്ക് അറിവുണ്ടു്. ശങ്കരന്‍നമ്പൂരിയെന്നും പരമേശ്വരന്‍നമ്പൂരിയെന്നും നാരായണന്‍നമ്പൂരിയെന്നും ആണു് അവരുടെ പേരുകള്‍. ശങ്കരന്‍നമ്പൂരിയാണു് ചെങ്ങന്നൂര്‍ വാഴമാവേലിപ്പോറ്റിയുടെ ശിഷ്യനായ പ്രസിദ്ധ ജ്യൌതിഷികന്‍. ശങ്കരന്‍നമ്പൂരിയുടെ ജ്യോതിഷഗ്രന്ഥങ്ങളിലെല്ലാം പ്രായേണ ʻഎന്റെ വാഴമാവേലിക്കു നമസ്കാരംʼ എന്നൊരു കുറിപ്പും,
ʻʻതുമ്പതിങ്കളൊടു കെങ്കതന്നെയും ചൂടുമപ്പനുടെയോമലുണ്ണികള്‍
ബാലകായ....ഭാഷയായ്ച്ചൊല്ലുവാനിഹ തുണയ്പുതാകമേ.ˮ
എന്നൊരു മംഗലാചരണപദ്യവും കാണ്മാനുണ്ടു്. അദ്ദേഹത്തിന്റെ ʻരൂപാനയനപദ്ധതിʼ എന്ന വ്യാകരണഗ്രന്ഥത്തില്‍
ʻʻഗ്രാമേ പുരുവനേ വല്ലീഗ്രാമേ മഹിഷമംഗലേ
ജാതോയം ഹംസതുല്യേഹ്നി ജാതോ യശ്ശങ്കരാഹ്വയഃ,
ഗണിതേ യതമാനേന തേന വ്യാകരണാധ്വനി
പദപ്രചാരഹീനേനാപ്യേഷ ബാലകൃതേ കൃതാ
സദോഷാ സ്യാല്‍ പദ്ധതിശ്ചേദ്ഗമനം നഹി ശോഭനം;
തസ്മാദ്വിശോധനീയേയം വിദ്വദ്ഭിര്‍വീതമത്സരൈഃˮ
എന്നീ ശ്ലോകങ്ങളുണ്ടു്. ആദ്യത്തെ ശ്ലോകത്തില്‍ ʻʻഹംസതുല്യേഹ്നി ജാതോ യഃˮ എന്ന ഭാഗം കവിയുടെ ജന്മദിനത്തെ സൂചിപ്പിയ്ക്കുന്നതായി പരിഗണിയ്ക്കാം. അതില്‍നിന്നു് അദ്ദേഹം ജനിച്ചതു കൊല്ലം 669-ല്‍ ആണു് എന്നു സിദ്ധിക്കുന്നു. വല്ലീഗ്രാമമാണു് ഇന്നത്തെ വള്ളിക്കുന്നു്. അദ്ദേഹത്തിന്റെ മുഹൂര്‍ത്തശാസ്ത്രപ്രതിപാദകമായ ഭാഷാസംഗ്രഹം എന്ന ഗ്രന്ഥം 715-ആമാണ്ടു മീനമാസം 8-ആനു എഴുതിത്തീര്‍ന്നു എന്നു് ഒരു താളിയോലഗ്രന്ഥത്തിലെ കുറിപ്പില്‍നിന്നു നമുക്കു് അനുമാനിക്കാന്‍ കഴിയും. ആ ഗ്രന്ഥം ഇങ്ങിനെ ആരംഭിക്കുന്നു:
ʻʻതുമ്പയും തിങ്കളും ചൂടിന്റപ്പന്റേ മുന്‍പിലേ മകന്‍
മമാനമുഖമുള്ളപ്പനകലെപ്പോക്കുകാപദഃ,
വക്ഷ്യേ നമസ്കരിച്ചിട്ടു വിജ്ഞാതം ഭൂതനാഥനെ
ബാലാനാം പൊഴുതും മാത്രം ഭാഷാസംഗ്രഹമിത്യഹം.ˮ
ശങ്കരന്‍ അദ്ദേഹത്തിന്റെ പ്രധാന ജ്യോതിഷകൃതികളായ കാലദീപകഭാഷാവ്യാഖ്യയ്ക്കും മുഹൂര്‍ത്തപദവീഭാഷാവ്യാഖ്യയ്ക്കും ലഘുഭാസ്കരീയത്തിനും ബാലശങ്കരം എന്നൊരു പൊതുപ്പേര്‍ നല്കിക്കാണുന്നു. കാലദീപകം ബാലശങ്കരത്തിന്റെ ഒടുവില്‍
ʻʻഅസ്തി ശോണാചലഗ്രാമവാസ്തവ്യോ ദ്വിജപുംഗവഃ
ദയാലുസ്സര്‍വഭൂതേഷു ദേവാരാധനതല്‍പരഃ
ദൈവജ്ഞസ്തല്‍പദാംഭോജമകരന്ദനിഷേവണാല്‍
ഭ്രാന്തചിത്തേന കേനാപി രചിതം തദ്‌ദ്വിജന്മനാ
ദീപകം വിലസത്വേതച്ചിരായ ധരണീതലേ
നിര്‍മ്മത്സരേഭ്യസ്സാധുഭ്യോ ഭൂയോ ഭൂയോ നമോ നമഃˮ
എന്ന ഭാഗത്തില്‍ ഭക്തിപൂര്‍വ്വം സ്മരിക്കുന്നു. മുഹൂര്‍ത്തപദവീ ബാലശങ്കരത്തിന്റെ ആരംഭത്തിലും
ʻʻവാണിമാതിനെ വന്ദിച്ചു ഗുരുഞ്ച പരമേശ്വരം
മുഹൂര്‍ത്തപദവീമിന്നു ഭാഷയായ് വ്യാകരോമ്യഹംˮ
എന്നൊരു പ്രസ്താവന കാണുന്നു. രണ്ടു ഗ്രന്ഥങ്ങളുടെ അവസാനത്തിലും ʻഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേʼ എന്നൊരു സൂചിവാചകമുണ്ടു്. വാഴമാവേലിയെ ഒരു ഗ്രന്ഥകാരന്റെ നിലയില്‍ നാമറിയുന്നില്ല. കാലദീപക വ്യാഖ്യ എഴുതിയതു കൊല്ലം 715-ആമാണ്ടിടയ്ക്കാണെന്നുള്ളതിനു് ആ ഗ്രന്ഥത്തില്‍തന്നെ തെളിവുണ്ട്:
ʻʻഝടിത്യഭൂദ്‌ദാരജനസ്യ ഭൂതിഭാക്‍
പ്രഭാവനാസ്തീകജനാരിസംയുതഃ
വിലിപ്തികാദ്യോയമിനസ്യ മധ്യമോ
യദ്രാശിഗസ്തത്ര ഗതോധിമാസികഃ.
നാലായിരത്തറുനൂറ്റിനാല്പത്തൊന്നു കല്യബ്ദം തികഞ്ഞിട്ടു പിന്നെ മേടഞായര്‍ തുടങ്ങി എട്ടു തിങ്കളും കഴിഞ്ഞിട്ടുള്ള ധനു ഞായറ്റില്‍ അന്നത്തെ അധിമാസമെന്നു കല്പിക്കണംˮ എന്നു പറഞ്ഞിരിക്കുന്നു. കലിവര്‍ഷം 4641-നു തുല്യമായ കൊല്ലവര്‍ഷം 715 ആണല്ലോ. അതുപോലെ മുഹൂര്‍ത്തപദവീവ്യാഖ്യയില്‍
ʻʻദേവോ പിനദ്ധഃ കപടീ ഹരോസൌ
പ്രഭാവനാസ്തിക്യജനാരിയുക്തഃ
കോളംബകാലാദ്വിഗണയ്യ സിംഹാ-
ന്മധ്യാധിമാസഃ പുനരേവമേവ.ˮ
കൊല്ലവര്‍ഷം 729-ആണ്ടു കര്‍ക്കടകമാസത്തില്‍ മധ്യാധിമാസം ʻദേവോ പിനദ്ധഃ കപടീ ഹരോസൌʼ എന്നിവറ്റെക്കൊണ്ടു ചൊല്ലിയതു്. ʻദേവാ പിനദ്ധഃ കപടീʼ എന്നു വിലയാദിയായി ആദിത്യമധ്യമം. എഴുനൂറ്റിരുപത്തൊന്‍പതാമാണ്ടു ചിങ്ങഞായറ്റില്‍ തുടങ്ങീട്ടു പതിനൊന്നു മാസം കഴിഞ്ഞതെന്നു ചൊല്ലിയ പതിനൊന്നു രാശി കഴിഞ്ഞ ശേഷംകൊണ്ടു കര്‍ക്കടകമാസത്തിലധിമാസമെന്നറിഞ്ഞുകൊള്‍കˮ എന്നു പ്രസ്താവിച്ചിരിക്കുന്നതില്‍നിന്നു് ആ ഗ്രന്ഥത്തിന്‍റെ നിര്‍മ്മിതി 729-ആണ്ടിടയ്ക്കാണെന്നു് ഉദ്ദേശിക്കാം.
വാഴമാവേലിയോടു ജ്യോതിഷം അഭ്യസിച്ച് അതില്‍ പ്രസിദ്ധി സമ്പാദിച്ചതിനുശേഷവും ശങ്കരന്‍ അധികമായി ചെങ്ങന്നൂരില്‍ത്തന്നെയാണു് താമസിച്ചിരുന്നതെന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ല. അദ്ദേഹം പാര്‍വ്വതീദേവിയുടെ ഒരു മൂര്‍ത്തിഭേദമായ ʻത്വരിതʼയുടെ (കിരാതരുദ്രന്റെ പത്നി) ഉപാസകനായിരുന്നു എന്നും പുരാവിത്തുകള്‍ പറയുന്നു. തന്റെ ജന്മഭൂമിയായ പെരുമനത്തേയും വാസസ്ഥലമായ ചെങ്ങന്നൂരിനേയും പറ്റി പല സൂചനകളും അദ്ദേഹത്തിന്റെ ജ്യോതിഷ ഗ്രന്ഥങ്ങളില്‍ കാണുന്നുണ്ടു്. ʻʻപ്രജ ജീവനോടുകൂടിപ്പിറന്നേ ഗര്‍ഭത്തിനു പൂര്‍ണ്ണത വരൂ. എന്നിട്ടു പ്രജ ജീവനോടുകൂടിപ്പിറന്നപ്പോളേക്കു് എല്ലാ ഗര്‍ഭങ്ങള്‍ക്കും സീമന്തം ചെയ്യുമാറത്രേ പെരുവനത്ത് ആചാരം.ˮ ʻʻഇങ്ങനെയത്രേ പെരുവനത്തും മറ്റു പലേടത്തുമാചാരം കാണുന്നു. ഇരിങ്ങാലക്കുടെ കടിഞ്ഞൂല്‍ പിറന്ന പ്രജ ജീവനോടു കൂടാതെയത്രേ പിറന്നൂ എങ്കില്‍ കടിഞ്ഞൂല്ക്കുതന്നെ സീമന്തം ചെയ്യുമാറുള്ളുˮ ʻʻമൂവാണ്ട് ഊണും മുമ്പേ കാതു കുത്തുമാറില്ല പെരുവനത്തു്ˮ ʻʻചെങ്ങന്നൂര്‍ ദിക്കില്‍ ചൊവ്വാഴ്ച കഷ്ടപക്ഷമായിട്ടു കൊണ്ടുകാണ്‍മുണ്ടു്; എന്നാല്‍ പെരുവനത്തു ചൊവ്വാഴ്ച ഒഴിച്ചുള്ള ആറാഴ്ചകളും (ചാമര്‍ത്തത്തിന്നു) കൊള്ളാംˮ ഇത്യാദി കാലദീപകവ്യാഖ്യയിലെ പങ്‌ക്തികള്‍ നോക്കുക. കൊല്ലം 750-ആണ്ടോടുകൂടി പ്രസ്തുത ദൈവജ്ഞന്‍ പരഗതിയെ പ്രാപിച്ചിരിക്കണം.
കൃതികള്‍
ശങ്കരന്‍നമ്പൂരിയുടെ കൃതികള്‍ ഒട്ടുവളരെയുണ്ടു്. അവ പ്രായേണ ജ്യോതിശ്ശാസ്ത്ര പ്രതിപാദകങ്ങളും ഭാഷയില്‍ പദ്യത്തിലും ഗദ്യത്തിലുമായി രചിക്കപ്പെട്ടിട്ടുള്ളവയുമാകുന്നു. അവയില്‍ (1) കാലദീപകം ബാലശങ്കരം (2) കാലദീപകം ഭാഷാപദ്യങ്ങള്‍ (3) മുഹൂര്‍ത്തപദവീ ബാലശങ്കരം (4) ലഘുഭാസ്കരീയം ബാലശങ്കരം (5) ഗണിതസാരം (6) ചന്ദ്രഗണിതക്രമം (7) പഞ്ചബോധം (8) പഞ്ചബോധാര്‍ത്ഥ ദര്‍പ്പണം (9) അയനചലനാദിഗണിതം (10) ഭാഷാസംഗ്രഹം (11) പ്രശ്നസാരം (12) ജാതകക്രമം (13) ജാതകസാരം (14) കരണസാരം ഈ ഗ്രന്ഥങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ടു്. വേറെയും ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിരിക്കണം. 1000 കൊല്ലത്തേക്കുള്ള സകല മുഹൂര്‍ത്തങ്ങളും അദ്ദേഹം ഗണിച്ചു രേഖപ്പെടുത്തീട്ടുണ്ടെന്നു ചില പണ്ഡിതന്മാര്‍ പറയുന്നു. പ്രസ്തുത ഗ്രന്ഥങ്ങളെപ്പറ്റി അന്യത്ര പ്രസ്താവിക്കും.
സംസ്കൃതത്തില്‍ അദ്ദേഹം മുന്‍പു സൂചിപ്പിച്ച രൂപാനയന പദ്ധതി എന്ന വ്യാകരണകൃതി മാത്രമേ രചിച്ചിട്ടുള്ളതായി അറിവുള്ളൂ. അതിനെപ്പറ്റി ഇവിടെ സ്വല്പം ഉപന്യസിക്കാം. ഗ്രന്ഥാവസാനത്തില്‍ ഗണിതശാസ്ത്രത്തില്‍ പ്രയത്നിക്കുന്ന താന്‍ വ്യാകരണശാസ്ത്രത്തില്‍ പദപ്രചാരഹീനനാണെന്നും എങ്കിലും ബാലന്മാര്‍ക്കുവേണ്ടി അതു രചിക്കുന്നതാണെന്നും അദ്ദേഹം വിജ്ഞാപനം ചെയ്യുന്ന ശ്ലോകം മുന്‍പു് ഉദ്ധരിച്ചു കഴിഞ്ഞു. ഗ്രന്ഥകാരന്‍ രൂപാവതാരത്തെത്തന്നെയാണു് പ്രായേണ അനുഗമിക്കുന്നതു്. കാരികകളും ഉദാഹരണശ്ലോകങ്ങളും വാസുദേവന്റെ പര്യായപദാവലിയില്‍നിന്നുദ്ധരിക്കുന്നു എന്നു് ഇരുപതാമധ്യായത്തില്‍ ഞാന്‍ പ്രസ്താവിച്ചിട്ടുണ്ടു്. ʻʻകേ പുനഃ സ്ത്രീപ്രത്യയാഃ? ടാപ്, ആപ്, ചാപ്, ങീപ്, ങീഷ്, ങീന്‍, ഊങ്, തി ഇത്യാഷ്ടൗ സ്ത്രീപ്രത്യയാഃˮ എന്നിങ്ങനെ വളരെ വിശദവും ലളിതവുമായ ഒരു രീതിയിലാണു് അദ്ദേഹം വാക്യങ്ങള്‍ രചിക്കുന്നതു്.
ʻʻസൃഷ്ടിസ്ഥിത്യാദികര്‍ത്താരം ശ്രീരുദ്രഞ്ചാംബികാമപി
നത്വാ ഗണാധിപം വക്ഷ്യേ രൂപാനയനപദ്ധതിംˮ
എന്ന പ്രതിജ്ഞാപദ്യത്തോടുകൂടി ഗ്രന്ഥം ആരംഭിക്കുന്നു.
ചിത്രഭാനുനമ്പൂതിരി
കവികുലമൂര്‍ദ്ധന്യനായ ഭാരവിയുടെ കിരാതാര്‍ജ്ജുനീയമഹാകാവ്യത്തിന്റെ ആദ്യത്തെ മൂന്നു സര്‍ഗ്ഗങ്ങള്‍ക്കു ചിത്രഭാനുനാമാവായ ഒരു നമ്പൂതിരി ʻശബ്ദാര്‍ത്ഥ ദീപികʼ എന്ന പേരില്‍ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അര്‍ത്ഥഗൗരവത്തിനു സുപ്രസിദ്ധമായ പ്രസ്തുത കാവ്യത്തിന്റെ ʻത്രിസര്‍ഗ്ഗിʼ എന്ന പേരില്‍ അറിയപ്പെടുന്ന ആ മൂന്നു സര്‍ഗ്ഗങ്ങള്‍ പണ്ടു കേരളത്തില്‍ പ്രഭുകുടുംബാംഗങ്ങളെ നിഷ്കര്‍ഷിച്ചു പഠിപ്പിച്ചിരുന്നു. രാജനീതിയുടെ പല മര്‍മ്മങ്ങളേയും ത്രിസര്‍ഗ്ഗിയില്‍ പ്രകാശിപ്പിച്ചിട്ടുണ്ടല്ലോ. അവരുടെ ആവശ്യത്തെ പുരസ്കരിച്ചായിരിക്കാം ചിത്രഭാനു ആ ഭാഗം മാത്രം വ്യാഖ്യാനിച്ചതു്. അതിനാല്‍ അതിനു ത്രൈസര്‍ഗ്ഗികവ്യാഖ്യയെന്നും ഒരു സംജ്ഞയുണ്ടു്. എല്ലാ സര്‍ഗ്ഗങ്ങളും താന്‍ വ്യാഖ്യാനിച്ചിട്ടില്ലെന്നു് അദ്ദേഹംതന്നെ ആരംഭത്തില്‍
ʻʻപ്രവൃത്തിശക്ത്യോരവസാദതോ ന്തരാ
ഭവേദനിര്‍വ്യൂഢമിദം തു യദ്യപി
തഥാപി ശബ്ദാര്‍ത്ഥനവാധ്വബോധകം
കരോതി കാമം സുധിയാം നിബന്ധനം.ˮ
എന്ന പദ്യത്തില്‍ പ്രസ്താവിക്കുന്നു. വ്യാഖ്യാനം സര്‍വതോ മുഖവും വ്യാഖ്യാതാവിനു വൈയാകരണന്റേയും സഹൃദയന്റെയും നിലയിലുള്ള സ്ഥാനത്തെ വിശിഷ്യ വിശദീകരിക്കുന്നതുമാകുന്നു. ആ വിഷയത്തില്‍ പൂര്‍ണ്ണസരസ്വതിയുടെ സമസ്കന്ധനായി അദ്ദേഹത്തെ ഗണിക്കാം. തന്റെ വിവരണം ചര്‍ച്ച ചെയ്യുന്നതിനു് അധികാരികള്‍ ആരെന്നു് അദ്ദേഹം താഴെക്കാണുന്ന പദ്യങ്ങളില്‍ നിര്‍ദ്ദേശിക്കുന്നു:
ʻʻന വാ നവേ കര്‍ത്തരി സാവധീരണാഃ
സമത്സരാഃ കേപി വിദഗ്ദ്ധമാനിനഃ
നിബന്ധനേസ്മിന്‍ ജനയന്ത്യുപേക്ഷണം
ത്യജന്തി തേ രത്നവരം കരാര്‍പ്പിതം.
രസാന്തരജ്ഞാഃ പദവാക്യചാതുരീ-
വിവേചകാ മാനവിദോ വിപശ്ചിതഃ
പരാകൃതേര്‍ഷ്യാഃ പരിതഃ പരീക്ഷകാഃ
പൃഥക്‍ പരീക്ഷാം കൃതിനോത്ര കുര്‍വതാം.
പരീക്ഷിതേത്രാവഹിതൈഃ പരീക്ഷകൈഃ
ക്രമേണ ദോഷാശ്ച ഗുണാശ്ച ഭാന്തി ചേല്‍
വിവിച്യ വാഗര്‍ത്ഥഗതേര്‍വിഭാവനാദ്
ഭവേദ്ധ്രുവം നസ്സഫലഃ പരിശ്രമഃ.ˮ
കാലം
ചിത്രഭാനുകൃതമായി കരണാമൃതം എന്ന പേരില്‍ ഒരു ജ്യോതിഷഗ്രന്ഥമുണ്ടു്. ആ ചിത്രഭാനു പ്രസ്തുത വ്യാഖ്യാകാരനാണെന്നു ഞാന്‍ അനുമാനിക്കുന്നു. കരണാമൃതത്തില്‍ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ കാണുന്നുണ്ടു്:
ʻʻപ്രണമ്യ ഭാസ്വദ്വിഘ്നേശവാഗ്വിഷ്ണു പരമേശ്വരാന്‍
ഗ്രഹാന്‍ ഗുരൂംശ്ച ഗാര്‍ഗ്ഗ്യാദീന്‍ കരിഷ്യേ കരണാമൃതം.ˮ
ʻʻബുദ്ധ്യോന്മഥ്യോദ്ധൃതം യത്നാല്‍ തന്ത്രാബ്ധേശ്ചിത്രഭാനുനാ
തദേതല്‍ കാലതത്ത്വജ്ഞാ ഗൃഹ്ണന്തു കരണാമൃതം.ˮ
ʻബുദ്ധ്യോന്മഥ്യോദ്ധൃതം യത്നാല്‍ʼ എന്നതു കലിവാക്യമാണു്. അതില്‍നിന്നു കരണാമൃതത്തിന്റെ നിര്‍മ്മിതി കൊല്ലം 706-ല്‍ ആണെന്നു സിദ്ധിക്കുന്നു. ʻഗാര്‍ഗ്ഗ്യʼ എന്ന പദത്താല്‍ ഗ്രന്ഥകാരന്‍ സ്മരിക്കുന്നതു കേളല്ലൂര്‍ ചോമാതിരിയെയാണു്. ചോമാതിരി ചിത്രഭാനുവിന്റെ ഗുരുക്കന്മാരില്‍ പ്രഥമഗണനീയനായിരുന്നു. ʻവിഷ്ണുപരമേശ്വരʼ പദംകൊണ്ടു കരണാമൃതനിര്‍മ്മാതാവു ശങ്കരനാരായണമൂര്‍ത്തിയെ വന്ദിക്കുന്നതായി ഊഹിക്കാം. പ്രസ്തുതകരണത്തിനു വിശിഷ്ടമായ ഒരു സംസ്കൃത വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്, ʻചിത്രഭാനു നാമ്നാ ദ്വിജവര്യേണʼ എന്നു് ആ ഗ്രന്ഥത്തില്‍ പ്രസ്താവന കാണുന്നു. ചുവടേ പകര്‍ത്തുന്ന ശ്ലോകങ്ങള്‍ അതിലുള്ളവയാണു്:
ʻʻവാഗീശ്വരീം പ്രണമ്യാഹം ഗുരൂംശ്ചാര്‍ക്കാദികാന്‍ ഗ്രഹാന്‍
പ്രാരഭേ ചിത്രഭാനൂക്തം വ്യാഖ്യാതും കരണാമൃതം.ˮ
ʻʻആചന്ദ്രതാരകം സ്ഥേയാല്‍ തദിദം ചിത്രഭാനുവല്‍
കാലതത്ത്വജ്ഞവിജ്ഞാനപ്രീതയേ കരണാമൃതം.ˮ
ʻബുദ്ധ്യോന്മഥ്യʼ എന്ന ശ്ലോകത്തിനു് അര്‍ത്ഥവിവരണം ചെയ്യുമ്പോള്‍ വ്യാഖ്യാതാവു ʻʻചിത്രഭാനുനേത്യനേന നാമകീര്‍ത്തനേന യസ്യേദൃശീഷ്വതിഗഹനാസു ഗണിതഗോളയുക്തിഷ്വ പ്രതിഹതപ്രസരാ ബുദ്ധിര്‍ദ്ദരീദൃശ്യതേ, തേനോദ്ധൃതമിത്യ നേനാദരണീയമേതദിതി ദര്‍ശിതംˮ എന്നു പറയുന്നു. ഈ പംക്തികളില്‍നിന്നു ചിത്രഭാനുവിനു ജ്യോതിശ്ശാസ്ത്രത്തിലുള്ള പാണ്ഡിത്യപ്രകര്‍ഷം വ്യഞ്ജിക്കുന്നു. ദൃഗ്ഗണിതകാരന്റെ പദ്ധതിയനുസരിച്ചു നാലു പരിച്ഛേദങ്ങളിലാണു് കരണാമൃതം രചിച്ചിരിക്കുന്നതു്.
ദേവകൃതമായി മറ്റൊരു കരണാമൃതംകൂടി കാണ്മാനുണ്ടു്. ആ ആചാര്യന്‍ കേരളീയനാണോ എന്നു നിശ്ചയമില്ല. പ്രസ്തുത ഗ്രന്ഥം ആര്യഭടീയത്തിന്റെ സംക്ഷേപവും അതിലെ ശ്ലോകങ്ങള്‍ ആര്യാവൃത്തത്തില്‍ ഗ്രഥിതങ്ങളുമാണു്.
ദേശം
ചിത്രഭാനു ചൊവ്വരം ഗ്രാമക്കാരനാണെന്നുള്ളതിനു തെളിവു കാണിക്കാം. യദുവീരോദയം എന്നൊരു വിശിഷ്ടനാടകം അദ്ദേഹത്തിന്റെ വംശജനായ ശങ്കരന്‍നമ്പൂതിരി നിബന്ധിച്ചിട്ടുണ്ടു്. അതിന്റെ പ്രസ്താവനയില്‍ താഴെ ഉദ്ധരിക്കുന്ന പംക്തികള്‍ കാണുന്നു:
ʻʻഅസ്തി താവദനവദ്യവൈദികധര്‍മ്മവിധാനതല്പരശ്രോ ത്രിയസമുദായനിവാസഭൂമി, സ്സമസ്തവിദ്യാസമ്പ്രദായ പ്രവര്‍ത്തക ഗുരുഭൂതസ്യ സര്‍വദാ സര്‍വഭൂതാനുഗ്രഹൈകരസസ്യ ദേവസ്യ ദക്ഷിണാമൂര്‍ത്തേരധി....ശാലീ ശിവകരോ നാമ ഗ്രാമഃ യത്ര പവിത്രചരിത്രസ്യ ഗൃഹമേധിനോ മഹീദേവസ്യ സമുദ്ഭൂത സകലകലാനിധി...ശാസ്ത്രാഭിജ്ഞഃ പുത്രശ്ചിത്രഭാനുരിതി ജഗതി പ്രതീതോ മഹാകവിഃ, അതിഗംഭീരഭാരവികാവ്യമഹാര്‍ണ്ണവകര്‍ണ്ണധാരഃ, പര്യാപ്തപരമപുരുഷാര്‍ത്ഥതയാ പരിഗളിത ശരീരബന്ധോപി....യശോമയമതിവിശദം വിപുലതരമാദധാ നസ്ത്രിഭൂവനമദ്യാപ്യധ്യാസ്തേ. തദന്വയപ്രസൂതസ്യ കസ്യചിദ്വിജന്മനഃ പരമേശ്വരശര്‍മ്മണഃ സദ്ധര്‍മ്മനിഷ്ഠസ്യ ഗരിഷ്ഠസ്യ സ്വാധ്യായാധ്യയനനിരതസ്യ നിരന്തരഹരിചരണസരോജസ്മരണദൂരീകൃതദുരിതരാശേരാത്മജേന ശങ്കരനാമ്നാ വിരചിതം യദുവീരോദയം നാമ നാടകം.ˮ
ഇതില്‍നിന്നു കിരാതാര്‍ജൂനീയവ്യാഖ്യാകാരനായ ചിത്രഭാനുവിന്റെ കുലത്തില്‍ ജാതനായ പരമേശ്വരന്റെ പുത്രനാണു് നാടകകര്‍ത്താവു് എന്നും ആ കുടുംബം ശിവപുരം ഗ്രാമത്തില്‍ അന്തര്‍ഭവിച്ചതാണെന്നും വിശദമാകുന്നുണ്ടല്ലോ. ആ നാടകത്തില്‍ത്തന്നെ അദ്ദേഹം ഗൗതമഗോത്രജനാണെന്നും പറയുന്നു.
ഭാവചിന്താവലി
ഇതു മൂന്നദ്ധ്യായത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ഒരു ജ്യോതിഷഗ്രന്ഥമാണു്. അതില്‍
ʻʻനത്വാ ഗണേശ്വരം വാണീം ചിത്രഭാനും ഗുരൂന്‍ ഗ്രഹാന്‍
ഭക്ത്യാ വിലിഖ്യതേ കിഞ്ചില്‍ ഭാവചിന്താവലീ മയാ.ˮ
എന്നൊരു വന്ദനശ്ലോകം കാണുന്നുണ്ടു്. ആ ശ്ലോകത്തിലെ ചിത്രഭാനുപദം കേവലം സൂര്യവാചിയാണെന്നു തോന്നുന്നില്ല. എന്റെ ഊഹം ശരിയാണെങ്കില്‍ ചിന്താവലീകാരന്‍ ചിത്രഭാനുവിന്റെ ശിഷ്യനാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പ്രസ്തുതഗ്രന്ഥത്തില്‍ നിന്നു് ഒരു ശ്ലോകം കൂടി ഉദ്ധരിക്കാം:
ʻʻഅശുഭൈശ്ശുഭൈശ്ച ദൃഷ്ടേ ഭാവര്‍ക്ഷേ ഭാവപേഥവാ ബലിനി
ഭാവാ ഭവന്തി ചപലാ ഹീനാ വാ നിഷ്ഫലാശ്ചാപി.ˮ
തിരുമംഗലത്തു നീലകണ്ഠന്‍
മനുഷ്യാലയ ചന്ദ്രിക, മാതംഗലീല, കാവ്യോല്ലാസം എന്നീ മൂന്നു് ഉല്‍കൃഷ്ടകൃതികള്‍ തിരുമംഗലത്തു നീലകണ്ഠന്‍നമ്പീശന്‍ രചിച്ചിട്ടുണ്ടു്.
ദേശം
താഴെ കാണുന്ന പദ്യങ്ങള്‍ പ്രകൃതത്തില്‍ ഉദ്ധരണാര്‍ഹങ്ങളാണു്:
ʻʻനൃസിംഹയാദവാകാരതേജോദ്വിതയമദ്വയം
രാജതേ നിതരാം രാജരാജമംഗലധാമനി.
തത്രത്യഃ ശ്രീമദേതച്ചരണസരസിജൈകാശ്രയോ നീലകണ്ഠോ
നിത്യം ശ്രീമംഗലാവാസ്യമലഗുരുജനാദാത്തശാസ്ത്രാവബോധഃ
ബ്രഹ്മാനന്ദാഭിധാനപ്രഥിതയതികൃപാപ്രാപ്തതത്ത്വാവബോധഃ
സ്വാധീതസ്ഥൈര്യകാംക്ഷീ പരഹിതനിരതോരത്നമുച്ചൈ രതാനീല്‍.
ശ്രീമല്‍കുണ്ഡപുരേ വിരാജതി പരക്രോഡേ ച തേജഃ പരം
നാവാനാമ്‌നി ച ധാമ്‌നി യച്ച നിതരാം മല്ലീവിഹാരാലയേ
അശ്വത്ഥാഖ്യനികേതനേപി ച പുരേ ശ്രീകേരളാധീശ്വരേ
സംഭൂയൈതദുരുപ്രകാശവിഷയേ ചിത്തേ മമോജ്ജൃംഭതാം.
ശ്രീമംഗലാസ്പദസദാശ്രയനീലകണ്ഠ-
പ്രേമപ്രകര്‍ഷനിലയസ്സകലാഭിവന്ദ്യഃ
ശ്രീമദ്ഗിരീന്ദ്രതനയാതനയോങ്ഘ്രിഭാജാം
കാമപ്രദോ ജയതി മത്തമതംഗജാസ്യഃ.
തദ്ദേവപാദകമലൈകസമാശ്രയഃ കോ-
പ്യുദ്യോതമാനഗുരുവര്യകൃപാഭിയോഗാല്‍
വിദ്യാപരിശ്രമപരോ ബഹുധാത്മശുദ്ധാ-
വുദ്യോഗവാന്‍ ഭവതി ബാലവിബോധനേ ച.
യേഷാം ശ്രുതിപ്രണയിനീ ധിഷണാ, യദീയ-
സ്സങ്കല്പകല്പിതതനുഃ പരമേശ്വരോപി
തേഷാം മഹീസുമനസാം മഹനീയഭാസാ-
മുത്തംസയേ പരമുദാരപദാരവിന്ദം.
നിസര്‍ഗ്ഗസംസിദ്ധസമസ്തശില്പ-
പ്രാവീണ്യമാദ്യം ദ്രുഹിണം പ്രണമ്യ
മയാ മനുഷ്യാലയചന്ദ്രികൈഷാ
വിലിഖ്യതേ മന്ദധിയാം ഹിതായ.
മയമതയുഗളം പ്രയോഗമഞ്ജ-
ര്യപി ച നിബന്ധനഭാസ്കരീയയുഗ്മം
മനുമതഗുരുദേവപദ്ധതിശ്രീ-
ഹരിയജനാദിമഹാഗമാ ജയന്തി.
മാര്‍ക്കണ്ഡേയനിബന്ധനം മയമതം രത്നാവലിം ഭാസ്കര-
പ്രോക്തം കാശ്യപവിശ്വകര്‍മ്മഗുരുദേവോക്തഞ്ച പഞ്ചാശികാം
സവ്യാഖ്യാം ഹരിസംഹിതാം വിവരണാദ്യം വാസ്തുവിദ്യാദികം
ദൃഷ്ട്വാ തന്ത്രസമുച്ചയോക്തമനുസൃത്യൈവാത്ര സംക്ഷിപ്യതേ.ˮ
(മനുഷ്യാലയചന്ദ്രിക)
ʻʻനൃസിംഹയാദവൌ ദൈത്യസമൂഹോഗ്രാടവീദവൌ
രാജമാനൌ ഭജേ രാജരാജമംഗലവാസിനൌ.ˮ
(മാതംഗലീല
(1) ʻനൃസിംഹയാദവാകാരʼ (2) ʻശ്രീമല്‍കുണ്ഡപുരേʼ (3) ʻശ്രീമംഗലാസ്പദʼ (4) ʻതദ്ദേവപാദʼ എന്നീ നാലു പദ്യങ്ങള്‍ കാവ്യോല്ലാസത്തിന്റെ ഉപക്രമത്തിലും കാണ്‍മാനുണ്ടു്. പിന്നീടു്,
ʻʻകാവ്യപ്രകാശദശരൂപയുഗപ്രതാപ-
രുദ്രീയപാവനരസാര്‍ണ്ണവതന്ത്രഭേദാഃ
ഏകാവലീപ്രഭൃതിഭോജവചോവിശേഷാഃ
കാവ്യാര്‍ത്ഥഭേദഗതി ബോധകരാ ജയന്തി.ˮ
എന്നൊരു പദ്യം കവി ഘടിപ്പിച്ചിരിക്കുന്നു. ഈ പദ്യങ്ങളില്‍നിന്നു നീലകണ്ഠനെന്നാണു് ഗ്രന്ഥകാരന്റെ പേരെന്നും, അദ്ദേഹത്തിന്റെ ഗൃഹനാമം തിരുമംഗലമെന്നാണെന്നും, അതിനടുത്തുള്ളരാജരാജമംഗലം (രായിരമംഗലം) എന്ന ക്ഷേത്രത്തിലെ നരസിംഹമൂര്‍ത്തിയും ശ്രീകൃഷ്ണമൂര്‍ത്തിയും അദ്ദേഹത്തിന്റെ ഇഷ്ടദേവതകളായിരുന്നു എന്നും കാണാവുന്നതാണു്. അദ്ദേഹത്തിന്റെ വേദാന്തഗുരു ബ്രഹ്മാനന്ദനെന്ന ഒരു സന്യാസിയായിരുന്നു. ബ്രഹ്മാനന്ദന്‍ ഗൗഡപാദകൃതമായ ഉത്തരഗീതയ്ക്കു് ഒരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുള്ളതിനു പുറമെ ഭാഗവതൈകാദശസാരം എന്ന മറ്റൊരു ഗ്രന്ഥവും രചിച്ചിട്ടുള്ളതായി അറിയുന്നു. അദ്ദേഹം തൃശ്ശൂരിലെ സ്വാമിയാരന്മാരില്‍ ആരെങ്കിലുമായിരുന്നിരിക്കാം. പിന്നീടു നീലകണ്ഠന്‍ (പ്രകാശവിഷയം) വെട്ടത്തുനാട്ടിലെ ചില ദേവന്മാരെ വന്ദിക്കുന്നു. തൃക്കണ്ടിയൂര്‍, തൃപ്രങ്ങോടു്, തിരുനാവാ, മുല്ലപ്പള്ളി, ആലത്തൂര്‍, കേരളാധീശ്വരം ഈ ആറു ക്ഷേത്രങ്ങളേയുമാണു് അദ്ദേഹം സ്മരിക്കുന്നതു്. ʻʻനിത്യം രാജകരാജമംഗലപുരേ ചാരാദ് ഗണേശാലയേ നാവാനാമ്നി ച ധാമ്‌നി രാജതിതരാം മല്ലീവിഹാരാലയേˮ എന്ന പാഠമനുസരിച്ചാണെങ്കില്‍ മുന്‍പറഞ്ഞവയില്‍ ആദ്യത്തെ നാലു ക്ഷേത്രങ്ങള്‍ക്കുപുറമേ അദ്ദേഹത്തിന്റെ വിവക്ഷ രാജരാജ മംഗലവും ഗണേശാലയവുമാണെന്നു വരണം. പക്ഷേ രാജാരാജ മംഗലത്തെപ്പറ്റിയുള്ള പ്രസ്താവന ആദ്യത്തെ ശ്ലോകത്തില്‍ത്തന്നെ കഴിഞ്ഞിരിക്കുന്നതിനാല്‍ പ്രസ്തുത പാഠം അശുദ്ധകോടിയില്‍ തള്ളേണ്ടിയിരിക്കുന്നു. ഏതായാലും നമ്മുടെ കവി ഗണേശമൂര്‍ത്തിയുടെ പരമാരാധകനായിരുന്നു എന്നുള്ളതിനു പക്ഷാന്തരമില്ല. ഏതു വഴിക്കു നോക്കിയാലും അദ്ദേഹം വെട്ടത്തുനാട്ടുകാരനാണെന്നുള്ളതു നിസ്സംശയമാണു്. തൃപ്രങ്ങോട്ടു ക്ഷേത്രത്തിനു സമീപം തിരുമംഗലം എന്ന പേരില്‍ ഒരു മൂത്തതിന്റെ ഗൃഹം ഇന്നും ഉള്ളതായി അറിയുന്നു. പക്ഷേ ʻയേഷാം ശ്രുതിപ്രണയിനീʼ എന്ന ശ്ലോകംകൊണ്ടു മനുഷ്യാലയചന്ദ്രികയുടെ കര്‍ത്താവു് ഒരു നമ്പൂതിരിയോ ശിവദ്വിജനോ അല്ലെന്നും ʻʻതദ്ദേവപാദകമലˮ എന്ന ശ്ലോകംകൊണ്ടു് ഒരമ്പലവാസിയാകണമെന്നുമാണല്ലോ അനുമാനിക്കേണ്ടതു്.
കാലം
നീലകണ്ഠന്‍നമ്പീശന്റെ കാലത്തെപ്പറ്റി ക്ണുപ്തമായി ഒന്നും പറവാന്‍ തരമില്ല. എന്നാല്‍ മനുഷ്യാലയചന്ദ്രികയില്‍ ചേന്നാസ്സുനമ്പൂതിരിയുടെ തന്ത്രസമുച്ചയത്തേയും അതിന്റെ വിവരണാദി വ്യാഖ്യാനങ്ങളേയും സ്മരിക്കുന്നതുകൊണ്ടു, കൊല്ലം 650-ആണ്ടിനു മുമ്പല്ല അദ്ദേഹം ജീവിച്ചിരുന്നതെന്നു നിര്‍ണ്ണയിക്കാം. വാസ്തുവിദ്യയെപ്പറ്റിയും അദ്ദേഹം പ്രസ്താവിക്കുന്നുണ്ടെങ്കിലും അതിന്റെ കാലം അനിര്‍ണ്ണീതമാകയാല്‍ തദനുരോധേന ഒരനുമാനത്തിനും മാര്‍ഗ്ഗം കാണുന്നില്ല; അദ്ദേഹം കേളല്ലൂര്‍ച്ചോമാതിരിയുടെ ശിഷ്യനാണെന്നു ചില പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ടു്. ഏവഞ്ച ഇതരലക്ഷ്യങ്ങള്‍ ലഭിക്കുന്നതുവരെ അദ്ദേഹം കൊല്ലം എട്ടാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നതായി സങ്കല്പിക്കുന്നതില്‍ അനൌചിത്യമുണ്ടെന്നു തോന്നുന്നില്ല. കാവ്യോല്ലാസത്തില്‍, ഏകാവലി, പ്രതാപരുദ്രീയം, രസാര്‍ണ്ണവസുധാകരം, എന്നീ അലങ്കാരഗ്രന്ഥങ്ങളെ സ്മരിക്കുന്ന അദ്ദേഹം ക്രി.പി. എട്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന അപ്പയ്യദീക്ഷിതരേയും ജഗന്നാഥപണ്ഡിതരേയും പറ്റി ഒന്നും പ്രസ്താവിക്കുന്നില്ലെന്നുള്ളതു് ഈ അനുമാനത്തിനു് ഏറെക്കുറെ ഉപോല്‍ബലകമാണു്.
മനുഷ്യാലയ ചന്ദ്രിക
നീലകണ്ഠന്റെ മൂന്നു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വിവിധ ശാസ്ത്രപാണ്ഡിത്യത്തേയും കവിതാവൈദഗ്ദ്ധ്യത്തേയും പ്രസ്പഷ്ടമാക്കുവാന്‍ പര്യാപ്തങ്ങളായി പരിശോഭിയ്ക്കുന്നു. രണ്ടു മയമതങ്ങള്‍, പ്രയോഗമഞ്ജരി, രണ്ടു ഭാസ്കരീയനിബന്ധനങ്ങള്‍, മാര്‍ക്കണ്ഡേയമതം, പരാശരമതം, രത്നാവലി, കാശ്യപീയം വിശ്വകര്‍മ്മീയം, ഈശാനഗുരുദേവപദ്ധതി, ഹരിസംഹിത, പഞ്ചാശിക (സവ്യാഖ്യ), വാസ്തുവിദ്യ എന്നിങ്ങനെ പല പ്രമാണഗ്രന്ഥങ്ങള്‍ പരിശോധിച്ചാണു് അദ്ദേഹം ശില്പവിഷയത്തില്‍ കേരളത്തിലെ ഒരു പ്രമാണഗ്രന്ഥമായ മനുഷ്യാലയചന്ദ്രിക രചിച്ചിട്ടുള്ളതു്. തന്ത്രസമുച്ചയത്തോടു് അദ്ദേഹത്തിനുള്ള കടപ്പാടിനെപ്പറ്റി പ്രത്യേകമായി പ്രഖ്യാപനം ചെയ്യുന്നുമുണ്ടു്. ʻചന്ദ്രികʼയില്‍ ഏഴദ്ധ്യായങ്ങളും അവ ഓരോന്നിലും ഭിന്നവൃത്തങ്ങളില്‍ ഇരുപതിനുമേല്‍ അന്‍പതിനകം പദ്യങ്ങളും അടങ്ങിയിരിക്കുന്നു. ശില്പലക്ഷണം, ദിങ്നിര്‍ണ്ണയം, പരിതഃപ്രദേശചിന്ത, മാനസാധനനിര്‍ണ്ണയം, പരദേവതാസ്ഥിതിനിയമം, യോന്യാദിനിര്‍ണ്ണയം, ദീര്‍ഘവിസ്താരാദികല്പനാക്രമം, ഉപപീഠവിധി,
പാദപീഠോത്തരലുബാദിവിധി, വേദികാവിധി, അങ്കണവിധി, ശാലാവിധി, ഗോശാലാസ്ഥാനവിധി, കൂപസ്ഥാനവിധി, വാസ്തുപൂജാദിവിധി, ഭവനപരിഗ്രഹവിധി എന്നിങ്ങനെ ഗൃഹോപഗൃഹാദിനിര്‍മ്മാണത്തെ പരാമര്‍ശിക്കുന്ന സകലവിഷയങ്ങളെക്കുറിച്ചും പ്രസ്തുതഗ്രന്ഥത്തില്‍ നിഷ്‌കൃഷ്ടമായി പ്രതിപാദിച്ചിട്ടുണ്ടു്. ആ വിഷയത്തില്‍ ഇത്രമാത്രം പ്രചാരമുള്ള ഒരു കേരളീയനിബന്ധം വേറെ ഇല്ലെന്നുതന്നെ പറയാം.
നീലകണ്ഠന്‍ തനിക്കു മാര്‍ഗ്ഗദര്‍ശങ്ങളായി നാമനിര്‍ദ്ദേശം ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ പലതും കേരളീയങ്ങളല്ല. പ്രയോഗമഞ്ജരി, പദ്ധതി, സമുച്ചയം, ഇവ കേരളീയങ്ങളാണെന്നു മുമ്പു തെളിയിച്ചിട്ടുണ്ടല്ലോ. വാസ്തുവിദ്യയും കേരളീയംതന്നെ. മയമതത്തിനു കേരളത്തില്‍ അത്യധികം പ്രചാരമുണ്ടു്. അതും വിശ്വകര്‍മ്മീയവും കൂടി കേരളോല്‍പന്നങ്ങളാണെന്നു ഗണിക്കാവുന്നതാണു്. മയമതത്തോടു സമുച്ചയകാരനു വലിയ കടപ്പാടുണ്ടു്. രണ്ടു മയമതങ്ങളെ നീലകണ്ഠന്‍ സ്മരിക്കുന്നുണ്ടെങ്കിലും ഒന്നേ നമുക്കു കിട്ടീട്ടുള്ളു.
മയമതം
അസുരശില്പിയായ മയനാണു് ഈ നിബന്ധം നിര്‍മ്മിച്ചതെന്നു ഗ്രന്ഥത്തില്‍ അതിന്റെ പ്രശസ്തിക്കു വേണ്ടി പറഞ്ഞിരിക്കുന്നു.
ʻʻപിതാമഹാദ്യൈരമരൈര്‍മ്മുനീശ്വരൈ-
ര്യഥാ യഥോക്തം സകലം മയേന തല്‍
തഥാ തഥോക്തം സുധിയാം ദിവ്യൗകസാം
നൃണാം ച യുക്ത്യാഖിലവാസ്തുലക്ഷണംˮ
എന്ന പദ്യം നോക്കുക. മുദ്രിതമായ മയമതത്തില്‍ ആകെ മുപ്പത്തിനാലധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനുമേല്‍ നാലധ്യായങ്ങള്‍കൂടി കാണണമെന്നാണു് അഭിജ്ഞന്മാരുടെ പക്ഷം. പീഠലക്ഷണത്തിന്റെ വര്‍ണ്ണനത്തോടുകൂടിയാണു് മുദ്രിതഭാഗം അവസാനിക്കുന്നതു്.
വാസ്തുവിദ്യ
വാസ്തുവിദ്യയുടെ കാലത്തേയോ കര്‍ത്താവിനേയോ പറ്റി യാതൊരറിവുമില്ല. അതും മയമതം പോലെ പ്രായേണ അനുഷ്ടുപ്ഛന്ദസ്സില്‍ ഉപനിബദ്ധമായിക്കാണുന്നു. ആകെ പതിനാറധ്യായങ്ങളുണ്ടു്. സാധനകഥനം, വസുധാലക്ഷണം, വാസ്തുദേവതാകഥനം, പുരുഷസംസ്ഥാനം ഇങ്ങനെയാണു് അധ്യായങ്ങള്‍ക്കു സംജ്ഞകള്‍ ഘടിപ്പിച്ചിരിക്കുന്നതു്.
ʻʻദാരുസ്വീകരണം പശ്ചാന്നിധിഗേഹസ്യ ലക്ഷണം
വക്ഷ്യേ, നൈവാത്ര വക്ഷ്യാമിഗ്രന്ഥബാഹുല്യതോ ഭയാല്‍ˮ
എന്നു് ആചാര്യന്‍ 13-ആമധ്യായത്തില്‍ പ്രസ്താവിച്ചിട്ടുള്ളതില്‍ നിന്നു വാസ്തുവിദ്യക്കപ്പുറം നിധിഗേഹം എന്നും ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുള്ളതായി വെളിപ്പെടുന്നു. അതു കണ്ടുകിട്ടീട്ടില്ല.
വിശ്വകര്‍മ്മീയം
നീലകണ്ഠന്‍ സ്മരിച്ചിരിക്കുന്ന വിശ്വകര്‍മ്മീയവും ഒരു കേരളീയശില്പഗ്രന്ഥമാണെന്നു തോന്നുന്നു.
ʻʻഭഗവന്തം ദേവദേവം നത്വാ വ്യാപിനമിഷ്ടദം
നരാണാം ശ്രേയസേ ചൈവ പ്രാര്‍ത്ഥിതാനാം ഹിതേച്ഛയാ
ഗൃഹാണാം ശോഭനം സ്ഥാനം ദേവതാനാം ഗവാം നൃണാം
ജലസ്ഥാനം ശിലാസ്ഥാനമാരാമസ്ഥാനമേവ ച
ക്ഷേത്രമക്ഷേത്രമശ്രേഷ്ഠം മധ്യമന്തം തഥാപരം
സംക്ഷേപേണ പ്രവക്ഷ്യാമി യഥാഹ ഭഗവാനജഃˮ
ഇവ അതിലെ ശ്ലോകങ്ങളാണു്. ഇത്തരത്തിലുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ക്കെല്ലാം പ്രായേണ മണിപ്രവാളാനുവാദങ്ങളും ഭാഷാ വ്യാഖ്യാനങ്ങളും ചില കേരളീയപണ്ഡിതന്മാര്‍ നിര്‍മ്മിച്ചു കാണുന്നുണ്ടെന്നു ഞാന്‍ മുമ്പുതന്നെ സൂചിപ്പിച്ചുകഴിഞ്ഞു.
മാതംഗലീല
ഗജശാസ്ത്രത്തെസ്സംബന്ധിച്ചിടത്തോളം മാതംഗലീലയെക്കാള്‍ പ്രചുരപ്രചാരവും പ്രമാണീഭൂതവുമായ ഒരു ഗ്രന്ഥം കേരളത്തിലില്ല. പ്രസ്തുതഗ്രന്ഥം പന്ത്രണ്ടു പടലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മനുഷ്യാലയചന്ദ്രികയെപ്പോലെ വിഭിന്നവൃത്തങ്ങളിലാണു് മാതംഗലീലയും വിരചിതമായിരിക്കുന്നതു്. നാഗോല്‍പത്യധികാരം, ശുഭലക്ഷണാധികാരം, അശുഭലക്ഷണാധികാരം, ആയുര്‍ല്ലക്ഷണാധികാരം, വയോലക്ഷണാധികാരം, മാനനിര്‍ണ്ണയാധികാരം, മൂല്യവിശേഷാധികാരം. സത്വലക്ഷണാധികാരം, മതഭേദാധികാരം, ഗജഗ്രഹാധികാരം, ഗജരക്ഷണദിനര്‍ത്തുചര്യാധികാരം, ആധോരണഗുണാദ്യധികാരം ഇവയാണു് പടലങ്ങളുടെ സംജ്ഞകള്‍.
നാഗോല്‍പത്തി
അംഗരാജ്യത്തില്‍ രോമപാദനെന്നു പണ്ടു് ഒരു രാജാവുണ്ടായിരുന്നു. ദശരഥമഹാരാജാവിന്റെ ബന്ധുവായ ഒരു രോമപാദനുമായി നാം രാമായണത്തില്‍ പരിചയപ്പെടുന്നുണ്ടല്ലോ. അദ്ദേഹം തന്നെയായിരിക്കണം ഈ രോമപാദനും. ഒരിക്കല്‍ അനവധി ആനകള്‍ ഒന്നിച്ചുകൂടി അംഗരാജ്യത്തിലെ വിളവുകള്‍ നശിപ്പിക്കുകയും രോമപാദന്‍ കാട്ടില്‍ പോയി അവയെ പിടിച്ചുകൊണ്ടുവന്നു രാജധാനിയില്‍ കെട്ടിയിടുകയും ചെയ്തു. അവ പാലകാപ്യമഹര്‍ഷിയുടെ ആനകളായിരുന്നു. അദ്ദേഹം തന്റെ ഗജങ്ങളെ അന്വേഷിച്ചു് അംഗരാജ്യത്തില്‍ ചെല്ലുകയും അവിടെ അവയെ കണ്ടു് അവയ്ക്കു വ്രണചികിത്സ ചെയ്യുകയും ചെയ്തു. അനന്തരം രോമപാദന്‍ ആ മഹര്‍ഷിയെ അര്‍ഘ്യപാദ്യാദികള്‍ സംഭാവന ചെയ്തു പ്രസാദിപ്പിച്ചു് അദ്ദേഹത്തിനും ആ ഗജങ്ങള്‍ക്കും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദിച്ചു. പാലകാപ്യന്‍ അതിന്നു താഴെ സംക്ഷേപിക്കുന്ന വിധത്തില്‍ മറുപടി പറഞ്ഞു: ʻʻപണ്ടു് ആനകള്‍ക്കു സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ യഥേഷ്ടം സഞ്ചരിക്കുവാന്‍ കഴിയുമായിരുന്നു. ഒരിക്കല്‍ ചില ആനകള്‍ ഹിമവല്‍പര്‍വ്വതത്തില്‍ നില്ക്കുന്ന ഒരു വലിയ വടവൃക്ഷത്തിന്റെ ശാഖകള്‍ നശിപ്പിക്കുകയും അപ്പോള്‍ അവിടെ തപസ്സുചെയ്തു കൊണ്ടിരുന്ന ദീര്‍ഘതപസ്സെന്ന മഹര്‍ഷി അതു കണ്ടു കോപിച്ചു് ʻഇനി നിങ്ങള്‍ മനുഷ്യര്‍ക്കു വാഹനങ്ങളായി തീരുവിന്‍ʼ എന്നു് അവയെ ശപിക്കുകയും ചെയ്തു. അനന്തരം അവ പല രോഗങ്ങള്‍ക്കും വശംവദങ്ങളായി. ബ്രഹ്മാവു കരുണയോടുകൂടി ആയുര്‍വേദപരായണനായ ഒരു മുനി ഗജബന്ധുവായി കാലാന്തരത്തില്‍ അവതരിക്കുമെന്നും അദ്ദേഹം ഗജങ്ങളുടെ വ്യാധികളെ ശമിപ്പിക്കുമെന്നും അരുളിച്ചെയ്തു. അങ്ങിനെയിരിക്കെ ഒരവസരത്തില്‍ വസുപുത്രിയായ ഗുണവതി എന്ന യുവതി മാതംഗമുനിയുടെ ആശ്രമത്തെ പ്രാപിക്കുകയും ദേവേന്ദ്രന്‍ തന്റെ തപോവിഘ്നത്തിന്നായി അയച്ച ഒരു സ്ത്രീയാണു് അവള്‍ എന്നു ശങ്കിച്ചു് ആ മുനി അവളെ പിടിയാനയാകട്ടെ എന്നു ശപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശാപമോചനവരം നിമിത്തം ആ പിടിയാന സാമഗായനമുനിയുടെ രേതസ്സു പാനംചെയ്കയും തല്‍ഫലമായി പാലകാപ്യന്‍ എന്ന മുനികുമാരനെ പ്രസവിക്കുകയും ചെയ്തു. ആ പാലകാപ്യന്‍ തന്നെയാണു് ഞാന്‍ ˮ ഇങ്ങനെയുള്ള ആത്മകഥാകഥനത്തിനുമേല്‍ ഹസ്ത്യായുര്‍വേദത്തെ സമഗ്രമായി അദ്ദേഹം അംഗരാജാവിനെ ഉപദേശിച്ചു. ഇതാണു് പുരാണപ്രസിദ്ധമായ ഗജോല്‍പത്തികഥ.
ഔത്തരാഹനായ പാലകാപ്യനാണു് ഹസ്ത്യായുര്‍വേദത്തിന്റെ ഉപജ്ഞാതാവെന്നു മാത്രമേ ഊഹാപോഹകുശലന്മാര്‍ ഈ കഥയില്‍നിന്നു ധരിക്കേണ്ടതായിട്ടുള്ളു. മാതംഗലീലയില്‍ നിന്നു മൂന്നു ശ്ലോകങ്ങള്‍ ചുവടേ പകര്‍ത്തുന്നു:
ʻʻധര്‍മ്മാത്മികാ സൃഷ്ടിരനേകപാനാം,
ഹിതായ യജ്ഞസ്യ ച ദേവതാനാം,
വിശേഷതോ രാജഹിതായ, തസ്മാ-
ദ്യത്നേന നാഗാഃ ഖലു രക്ഷണീയാഃˮ
ʻʻയുധ്യന്തി കേവലം യോധാ വഹന്ത്യേവ ഹയാ രഥാന്‍
വാരണാസ്തു നരേന്ദ്രാര്‍ഹാ യുധ്യന്തി ച വഹന്തി ചˮ
ʻʻനാഗാധ്യക്ഷോസ്തു ധീമാന്‍ നരപതിസദൃശോ
ധാര്‍മ്മികസ്സ്വാമിഭക്തഃ
ശുദ്ധസ്സത്യപ്രതിജ്ഞോ വ്യസനവിരഹിത-
സ്സംയതാക്ഷോ വിനീതഃ
ഉത്സാഹീ ദൃഷ്ടകര്‍മ്മാ പ്രിയവചനരത-
സ്സദ്ഗുരോരാത്തശാസ്ത്രോ
ദക്ഷോ ധീരശ്ശരണ്യോ ഗജഹരണചണോ
നിര്‍ഭയസ്സര്‍വവേത്താ.ˮ
ഒരു ആനക്കാരനുണ്ടായിരിക്കേണ്ട സിദ്ധികള്‍ എന്തെല്ലാമെന്നു് ഒടുവിലത്തെ പദ്യത്തില്‍നിന്നു വെളിപ്പെടുന്നു. മാതംഗലീല പാലകാപ്യന്റെ മൂലഗ്രന്ഥം നിഷ്കര്‍ഷിച്ചു പഠിച്ചു സംഗ്രഹിച്ചതാണെന്നു്
ʻʻമുനീന്ദ്രോദിതമാതംഗശാസ്ത്രാഗാധാര്‍ണ്ണവാന്മയാ
അല്പാ മാതംഗലീലേതി ലബ്ധേയം ശോധ്യതാം ബുധൈഃˮ
എന്ന പദ്യത്തില്‍ നീലകണ്ഠന്‍ നിവേര്‍ദനം ചെയ്യുന്നു. മാതംഗലീലയുടെ ഭാഷാനുവാദങ്ങളെപ്പറ്റി യഥാവസരം പ്രസ്താവിക്കാം.
കാവ്യോല്ലാസം
ഇതു് ഒരു അലങ്കാരഗ്രന്ഥമാകുന്നു. ʻനൃസിംഹയാദവാകാരʼ മുതലായ ശ്ലോകങ്ങള്‍ക്കുശേഷം ആചാര്യന്‍ ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു:
ʻʻശാസ്ത്രന്യായപ്രായകാവ്യപ്രകാശാ-
ദ്യര്‍ത്ഥാംഭോധൗ തദ്.........
ഗാഹന്തേ നോ ബാലകാസ്താവദസ്മാല്‍
കാവ്യോല്ലാസഃ കഥ്യതേ ഹൃദ്യരൂപഃ
അസ്മദ് ബുദ്ധേര്‍വിശുദ്ധ്യൈ മുഹുരപി ബഹുത-
ന്ത്രാവലോകാന്മയാ യ-
ല്ലബ്ധം ബുദ്ധഞ്ച കിഞ്ചിത്തദപി ബുധജനൈ-
സ്സാധു സംശോധനീയം;
അന്യേ രുദ്ധന്ത്വിദാനീന്തനമിതി കിമു തല്‍-
കാലജാ ദീപികാ ന
ധ്വാന്തം നിര്‍മ്മൂലയേദക്ഷരവിനിമയതഃ
കോത്ര ദോഷോര്‍ത്ഥസാമ്യേ?
സ്വല്പഗ്രന്ഥതയാപ്യതീവ ഗഹനാ ന്യായഗ്രഹഗ്രന്ഥിലാ-
സ്തര്‍ക്കൈശ്ചാപി പുരാതനോദിതമഹാതന്ത്രാന്തരസ്ഥാസ്തതഃ
ഹൃദ്യൈരദ്യ തു കാവ്യലക്ഷണപരാ തല്‍കാരികാ കഥ്യതേ
പദ്യൈഃ പ്രാകൃതവര്‍ജ്ജിതൈസ്തദനുരൂപോദാഹൃതിശ്ചോച്യതേ.
ആദൗ കാവ്യസ്വരൂപാദ്യവയവവിഭവഃ
ശബ്ദഭേദാശ്ച വാച്യാ-
ദ്യര്‍ത്ഥാര്‍ത്ഥവ്യഞ്ജകത്വധ്വനിഗതിരസഭാ-
വാദിദോഷാ ഗുണാശ്ച,
കാവ്യാലങ്കാരനാട്യോദിതവിധിഗതയോ
രൂപകാങ്കപ്രഭേദാ
ഗീതാതോദ്യാദിലക്ഷ്മപ്രഭൃതി ബഹുവിധാ-
സ്സന്തി സംക്ഷേപതോത്ര.ˮ
പൂര്‍വാചാര്യന്മാരുടെ കാവ്യപ്രകാശാദിഗ്രന്ഥങ്ങള്‍ തര്‍ക്കജഡിലങ്ങളാകയാല്‍ അവയിലെ തത്ത്വങ്ങള്‍ കാരികകളാക്കി സംസ്കൃതഭാഷാപദ്യങ്ങളില്‍ അനുരൂപങ്ങളായ ഉദാഹരണങ്ങളോടുകൂടി രചിക്കുന്നതായി പ്രണേതാവു പറയുന്നു. ഒടുവിലത്തേ പദ്യത്തില്‍നിന്നു ഗ്രന്ഥത്തിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതാണു്. അതു് പല ഉന്മേഷങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കാവ്യോല്ലാസത്തിന്റെ സ്വരൂപം എന്തെന്നറിവാന്‍ രണ്ടുദാഹരണങ്ങള്‍ പ്രദര്‍ശിപ്പിക്കാം:
1 ʻʻഅര്‍ത്ഥാനാം വ്യഞ്ജകത്വം തു പദവൈശിഷ്ട്യതോ യഥാ-
ഏകാഹം പൃഥുപൂര്‍ണ്ണകുംഭവഹനാല്‍ സ്വേദശ്രമക്ലാന്തിഭിഃ
ഖിന്നാസ്മി ക്ഷണമത്ര ഗേഹനികടേ വിശ്രമ്യ യാസ്യാമ്യഥ
ഇത്യുക്തൗ കവിവാക്‍ചമല്‍കൃതിഗതേര്‍വൈശിഷ്ട്യതോ വ്യജ്യതേ
ചൗര്യോപാത്തരതിപ്രഗോപനവിധിഃ കസ്യാശ്ചി ദേണീദൃശഃˮ
2 ʻʻവ്യംഗ്യാര്‍ത്ഥഭേദവൈശിഷ്ട്യാദര്‍ത്ഥവ്യഞ്ജകതാ യഥാ-
ശബ്ദാര്‍ത്ഥം വാക്യസമ്പല്‍പ്രഥിമപരമതാല്‍-
പര്യമപ്യപ്രധാനീ-
കൃത്യാന്യല്‍ സമ്യഗര്‍ത്ഥാന്തരമഭിജനയേ-
ദ്വ്യഞ്ജനൈര്‍വൃത്തിഭേദൈഃ
ശബ്ദോസൗ വ്യഞ്ജകസ്സ്യാദപി ച തദുദിത-
വ്യംഗ്യഭേദാത്മകാര്‍ത്ഥോ-
പ്യേവം കുത്രാപി ചാര്‍ത്ഥാന്തരമപി ജനയന്‍
വ്യംഗ്യതോ വ്യംഗ്യമേതല്‍.
യഥാ-
ʻʻസരസിരുഹദലേ വിഭാതി നീലേ
രമണ സുനിര്‍മ്മലനിശ്ചലാ വലാകാ
മരകതമണിഭാജനേ നിലീനാ
ശശിവിശദാ നവശംഖശുക്തികേവˮ
ശ്ലോകങ്ങള്‍ക്കു പ്രായേണ രചനാഭംഗി കുറവാണെന്നു പറയേണ്ടിയിരിക്കുന്നു.
വെട്ടത്തുനാട്ടു രവിവര്‍മ്മത്തമ്പുരാന്‍
കൊല്ലം എട്ടാം ശതകത്തിന്റെ മധ്യത്തില്‍ രവിവര്‍മ്മാവെന്നൊരു രാജാവു വെട്ടത്തുനാടു ഭരിച്ചിരുന്നു. അദ്ദേഹം പണ്ഡിതന്മാരേയും കവികളേയും പ്രോത്സാഹിപ്പിയ്ക്കുന്നതില്‍ ജാഗരൂകനായിരുന്നു. അതിനുപുറമേ അദ്ദേഹം ഇളയതമ്പുരാനായിരുന്നപ്പോള്‍ ഭാഗവതടീകാസമുച്ചയം എന്നൊരു ഗ്രന്ഥവും നിര്‍മ്മിയ്ക്കുകയുണ്ടായി. ആ ഗ്രന്ഥത്തിന്റെ ആരംഭത്തിലുള്ള ചില ശ്ലോകങ്ങളാണു് അടിയില്‍ കാണുന്നതു്:
ʻʻനമഃ ശ്രീശങ്കരാചാര്യപാദേഭ്യോ യൈര്‍ദ്ദയാലുഭിഃ
അര്‍ത്ഥാപനേന ശാസ്ത്രാണാം വര്‍ത്തനീ രക്ഷിതാ സതാം.
തുംഗഗംഭീരതാക്ഷാന്തമഹീധരമഹോദധിഃ
ചകാസ്തിപൃഥിവീചക്രശക്രോ വിക്രമഭൂപതിഃ
കമലസ്യാപി കാഠിന്യം കലിശസ്യാപി മാര്‍ദ്ദവം
വ്യഞ്ജയന്ത്യാ വിധത്തേ യോ ബുദ്ധ്യാ സ്വായത്തസിദ്ധിതാം.
അമംസ്തൈകതനൂഭുക്തമര്‍ത്ത്യാമര്‍ത്ത്യമഹോദയഃ
നിജധൂര്‍വഹണേ ശക്തം യല്‍കുലം കുലശേഖരഃ,
പ്രകൃത്യാ തസ്യ മിത്രത്വേ വര്‍ത്തതേ ബദ്ധസൗഹൃദഃ
പ്രകാശഭൂപതിസ്തസ്യ മാഹാത്മ്യം ദൂരതോ ഗിരാം.
കൃത്സ്നം വിശ്വംഭരാഭാരം ലഘൂകൃത്യ സ്വഗൗരവാല്‍
യദീയാ മുഹുരാശാസ്തേ ധിഷണാ വിഷയാന്തരം.
ആമോദം ദധതി ഗ്രാമാ യസ്യ രാജ്യേ ദ്വിജന്മനാം
കിശോരമാരുതാനീതനിളാനീരജരേണവഃ
സാധവോ യേന മോഹാന്ധൈരുല്‍ഖാതാഃ പരതഃ പരൈഃ
സ്വാരാജ്യേ പ്രതിരോപ്യന്തേ ദാനമാനാംബുദോഹളൈഃ.
നവപ്രതാപനിര്‍ദ്ധൂത പരോത്ഥാനഫലോദയഃ
ലോകേഷു കീര്‍ത്ത്യാ വിദ്യാസു ബുദ്ധ്യാ വ്യാപ്തിമുപേയിവാന്‍
വാസുദേവപദാംഭോജമകരന്ദമധുവ്രതഃ
രവിവര്‍മ്മാനുജസ്തസ്യ രാജരാജസ്യ രാജതേ.
ആയുര്‍വിദ്യാധനാനാം യസ്സാധനാനാമുദാരധീഃ
വിനിയോഗം വിതനുതേ സമീക്ഷ്യ ഫലമക്ഷയം.
ശ്രീഭാഗവതഭാവാര്‍ത്ഥാന്‍ യഥാശ്രുതമധീയതാ
യസ്യലീലാശുകേനാപി ശ്രീമതശ്‌ശ്രീശുകായിതം.
സമാനഹൃദയൈസ്സാര്‍ദ്ധം വിബുധൈസ്സന്നിധൌ സ്ഥിതൈഃ
ശ്രീഭാഗവതടീകാനാം വിധത്തേ സ സമുച്ചയം.ˮ
അന്നത്തെ വെട്ടത്തുനാട്ടുരാജാവു സാമൂതിരിപ്പാട്ടിലേയും കൊച്ചി മഹാരാജാവിന്റെയും ആപ്തമിത്രമായിരുന്നു എന്നു് ഈ ശ്ലോകങ്ങളില്‍നിന്നു നാം അറിയുന്നു. രവിവര്‍മ്മാവു് ഒരു കൃഷ്ണഭക്തനായിരുന്നതിനുപുറമേ വൈദ്യശാസ്ത്രവിചക്ഷണനുംകൂടി ആയിരുന്നു എന്നും ഊഹിക്കാവുന്നതാണു്. വാസുദേവസംജ്ഞനായ ഒരു കവി രവിവര്‍മ്മാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. അദ്ദേഹത്തിന്റെ നാമധേയത്തോടു് അനുബദ്ധമായി മൂന്നു സര്‍ഗ്ഗത്തില്‍ സംക്ഷേപരാമായണമെന്നും അഞ്ചു സര്‍ഗ്ഗത്തില്‍ സംക്ഷേപഭാരതമെന്നും പത്തു സര്‍ഗ്ഗത്തില്‍ ഗോവിന്ദചരിതമെന്നും മൂന്നു കാവ്യങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ടു്. ഇവ കൂടാതെ ഏഴു സര്‍ഗ്ഗത്തില്‍ വിരചിതമായ കല്യാണനൈഷധം എന്ന കാവ്യവും അദ്ദേഹത്തിന്റേതാണെന്നു് ഒരു വിധം നിര്‍ണ്ണയിക്കുവാന്‍ കഴിയും. ശ്വേതാരണ്യസ്തുതി എന്നൊരു സംസ്കൃതഗദ്യവും രവിവര്‍മ്മാവിന്റെ ആജ്ഞാനുസാരം നിര്‍മ്മിതമായിട്ടുണ്ടു്. അതിന്റെ പ്രണേതാവു മറ്റൊരു കവിയാണെന്നു തോന്നുന്നു. ആദ്യം നിര്‍ദ്ദേശിച്ച നാലു കാവ്യങ്ങളും ബാലപാഠത്തിനായി അനുഷ്ടുപ്പുവൃത്തത്തില്‍ രചിച്ചിട്ടുള്ളവയാണു്. രവിവര്‍മ്മത്തമ്പുരാന്‍ തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടിയുടേയും പുരസ്കര്‍ത്താവായിരുന്നു. പിഷാരടി തന്റെ പ്രവേശകം എന്ന വ്യാകരണഗ്രന്ഥത്തിന്റെ ഉപക്രമത്തില്‍ അദ്ദേഹത്തെ
ʻʻലക്ഷ്മ്യാ പ്രകാശവിഷയം രഞ്ജയന്‍ നിജയാ നിജം
നിത്യമുദ്യന്‍ വിജയതേ സുകൃതാലംബനം രവിഃˮ
എന്ന ശ്ലോകത്തില്‍ രവിവര്‍മ്മാവിനേയും ആദിത്യഭഗവാനേയും ശ്ലേഷപ്രയോഗസാമര്‍ത്ഥ്യത്തെ ആശ്രയിച്ചു യൗഗപദ്യേന സ്തുതിച്ചിരിക്കുന്നു. വാസുദേവന്റെ ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു:
സംക്ഷേപഭാരതം
ʻʻകരീന്ദ്രമുഖഭൂതേശഗിരീന്ദ്രതനയാന്വിതാ
സ്മരാമിതമദോന്മാഥി സ്മരാമി തദഹം മഹഃ.
കവിലോകമുഖാം ഭോജസവിലാസനിവാസിനം
അവലോകയിതാസ്മ്യാന്തരവലേപഭരം വിധേഃ.
കുന്ദസൂനമനോഹാരി മന്ദഹാസവിരാജിതം
നന്ദഗോപകുലോത്തംസമിന്ദിരാരമണം ഭജേ.
… … …
ജഗദാനന്ദയന്‍ ഗോഭിസ്സതാം മാര്‍ഗ്ഗം സനാഥയന്‍
പ്രകാശശ്രീകരോ രാജാ രവിവര്‍മ്മാ വിരാജതേ.
ഗിരാം ദേവീ രമാ ചോഭേ യം സമഗ്രഗുണോജ്ജ്വലം
ആശ്രിത്യ സ്വപ്രിയൗ ദേവൗ സ്മരതോ ന കദാചന.
തസ്യാജ്ഞയാ സുമനസഃ പാര്‍ത്ഥാനാം ചരിതം ശുഭം
ബ്രൂമസ്സംക്ഷിപ്യ സുതരാം പ്രസീദന്ത്വിഹ ദേശികാഃ
സോമവംശേ ഭവദ്രാജാ ശന്തനുര്‍ന്നാമ ധാര്‍മ്മികഃ
സ വസന്‍ ഹസ്തിനപുരേ പാലയാമാസ മേദിനീം.
ഗംഗായാം തസ്യ ഭാര്യായാം ഭീഷ്മഃ പുത്രോ ഭവല്‍കൃതീ
ബ്രഹ്മചര്യവ്രതം യസ്മിന്നാജീവാന്തം പ്രതിഷ്ഠതംˮ
ഒടുവില്‍
ʻʻയദേതദ്‌വൃത്തമേതേഷാം പാണ്ഡവാനാം മഹാത്മനാം.
സേയമേതാദൃശീ കാപി വാസുദേവസ്യ നിര്‍മ്മിതിഃ.ˮ
എന്നു കര്‍ത്തൃനാമസൂചകമായ ഒരു ശ്ലോകവും കാണ്‍മാനുണ്ടു്.
ഗോവിന്ദചരിതം
ʻʻഅസ്തി ശ്രീമല്‍പ്രകാശേന്ദ്രവംശമംഗല്യഭൂഷണം
രവിവര്‍മ്മാമഹീപാലസ്സതാം സുകൃതമാധുരീ.
തം സര്‍വഗുണസമ്പന്നം സമാശ്രിത്യ സരസ്വതീ
ശ്രീശ്ച ന സ്മരതോ ജാതു പ്രിയാവേകഗുണാശ്രയൗ.
തസ്യ ധര്‍മ്മാത്മനഃ പ്രീത്യൈ ഗോവിന്ദചരിതം വയം
ബ്രൂമസ്സംക്ഷിപ്യ സുതരാം പ്രസീദന്ത്വിഹ ദേശികാഃ.
ശ്രീമതീ ശൂരസേനേഷു ബഭൂവാതീവ പാവനീ
മഥുരാ നാമ നഗരീ യുദൂനാം പുണ്യകര്‍മ്മണാം.
ഉഗ്രസേനോ നൃപസ്തസ്യാം വസന്‍ രാജ്യമപാലയല്‍
അനുജേന സഹ ശ്രീമാന്‍ ദേവകേന മഹാത്മനാ.ˮ
ക്ഷേത്രജസ്തസ്യ പുത്രോ ഭൂല്‍ കംസോ നാമ ഖലോ ബലീ
ദേവകസ്യ ച കന്യാഭൂദ്ദേവകീ നാമ ശോഭനാ.
ദശമസ്കന്ധാന്തര്‍ഗ്ഗതമായ കഥയാണു് ഗോവിന്ദചരിതത്തിലെ വിഷയമെന്നു് ഇനി പ്രത്യേകം പറയേണ്ടതില്ലല്ലോ. അവസാനത്തില്‍
ʻʻഏവം സ ഭഗവാന്‍ വിഷ്ണുരവതാര്യ ഭുവോ ഭരം
സ്ഥാപയന്‍ പരമം ധര്‍മ്മം രരക്ഷ സകലം ജഗല്‍.ˮ
എന്ന ശ്ലോകവും അതില്‍പ്പിന്നീടു് ഒരു സര്‍ഗ്ഗാന്തശ്ലോകവും കൂടിയുണ്ടു്.
കല്യാണനൈഷധം
ʻʻലക്ഷ്മീമാബിഭ്രതേ കാന്താം സാക്ഷാല്‍കല്യാണഹേതവേ
നമസ്സത്യായ ശാന്തായ പുണ്യശ്ശോകായ ശാര്‍ങ്ഗിണേ.
അസ്തി ദേവവരശ്ലാഘ്യോ ഭീമഭൂപജയാദൃതഃ
പ്രകാശരാജോധര്‍മ്മാത്മാ രവിവര്‍മ്മാനലോജ്ജ്വലഃ.
… … …
തല്‍പ്രീത്യൈ കലിദോഷഘ്നം നളസ്യ ചരിതം മഹല്‍
സഞ്ജിഘൃക്ഷോഃ പ്രസീദന്തു വ്യാസാദ്യാ ഗുരവോ മമ.ˮ
സംക്ഷേപരാമായണം
ʻʻശ്രീമന്തം സീതയാ സാര്‍ദ്ധമാസീനം പരമാസനേ
സാനുജം സര്‍വലോകേശം രാമചന്ദ്രമുപാസ്മഹേ.
രാമസ്യ ചരിതം പുണ്യം സംക്ഷിപ്യ വദതോ മമ
വാല്മീകിമുഖ്യാ ഗുരവഃ പ്രസീദന്തു ദയാലവഃ.
രാജാ ദശരഥോ നാമ സൂര്യവംശേ ഭവല്‍ പുരാ
അയോധ്യായാം സ നിവസന്‍ പാലയാമാസ മേദിനീം.ˮ
ഈ ഗ്രന്ഥത്തില്‍ രവിവര്‍മ്മാവിനെ സ്മരിച്ചുകാണുന്നില്ല. പക്ഷേ ഒടുവില്‍ വാസുദേവകൃതമെന്നു ലേഖകന്റെ കുറിപ്പുണ്ടു്. ഈ കാവ്യങ്ങളിലെല്ലാം സര്‍ഗ്ഗാന്തശ്ലോകങ്ങള്‍ മാത്രം ഇതരവൃത്തങ്ങളില്‍ നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ചെറിയ കൃതികളില്‍ വലിയ മനോധര്‍മ്മപ്രകടനത്തിനൊന്നും മാര്‍ഗ്ഗമില്ലല്ലോ.
ശ്വേതാരണ്യസ്തുതി
ഇതു തൃപ്രങ്ങോട്ടു ശിവന്റെ സേവാക്രമത്തെ വിവരിക്കുന്ന ഒരു ഗദ്യമാണു്.
ʻʻശ്രീമാനാത്ഭുതസല്‍കവിത്വപദവീനിത്യാധ്വനീനോ വശീ
യോ ജാഗര്‍ത്തി ജഗല്‍പ്രകാശമഹിമാ വീരഃപ്രകാശേശ്വരഃ
തസ്യ ശ്രീരവിവര്‍മ്മദേവനൃപതേര്‍വാചാ കൃതാന്തദ്രുഹഃ
ശ്വേതാരണ്യനിവാസിനോ ഭഗവതസ്സേവാക്രമോ വര്‍ണ്ണ്യതേˮ
കവി തൃപ്രങ്ങോട്ടപ്പന്റെ ഭക്തനാണെന്നു ʻʻനിശാതശൂലവിദാരിതകൃതാന്തഭുജാന്തരാളസ്യ ഭഗവതഃ പരക്രോഡപുരേ പരിക്രീഡമാണസ്യ ചരണസരസിജയുഗളമഗളിതാദരമനുദിവസമുപാസേˮ എന്ന ഭാഗത്തില്‍ ആവേദനം ചെയ്യുന്നു.
ദേശിങ്ങനാട്ട് രാമവര്‍മ്മ മഹാരാജാവ്
കൊല്ലവര്‍ഷം എട്ടാംശതകത്തിന്റെ പ്രഥമപാദത്തില്‍ ജയസിംഹനാടു് (ദേശിങ്ങനാടു) എന്നുകൂടി പേരുള്ള കൊല്ലത്തു് ʻരാമവര്‍മ്മʼ എന്നു പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ഉദയമാര്‍ത്താണ്ഡവര്‍മ്മമഹാരാജാവിനും വിജയനഗരസാമ്രാജ്യത്തിലെ ചക്രവര്‍ത്തികളുമായി യുദ്ധം ചെയ്യേണ്ടിവന്നു. രാമവര്‍മ്മമഹാരാജാവിന്റെ ശാസനങ്ങള്‍ 683 മുതല്‍ 722 വരെയുള്ള വര്‍ഷങ്ങളില്‍ കാണ്‍മാനുണ്ടു്. ക്രി. പി. 1399 മുതല്‍ 1645 വരെയുള്ള കാലത്തു ദേശിങ്ങനാട്ടു രാജാക്കന്മാരുടെ ശിലാരേഖകള്‍ ഇന്നു തിരുനെല്‍വേലി ജില്ലയില്‍പ്പെടുന്ന പല സ്ഥലങ്ങളിലും വിപ്രകീര്‍ണ്ണങ്ങളായിക്കിടക്കുന്നു. അന്നു തിരുനെല്‍വേലിയുടെ ഭൂരിഭാഗവും അവര്‍ക്കു് അധീനമായിരുന്നു. രാമവര്‍മ്മമഹാരാജാവിന്റെ ശാസനങ്ങള്‍ അമ്പാസമുദ്രം, ഏര്‍വാടി, പള്ളക്കാല്‍കരിചൂഴ്‌ന്തമംഗലം, തെങ്കാശി, മേലേച്ചെവ്വല്‍ മുതലായ പ്രദേശങ്ങളില്‍ കാണാവുന്നതാണു്. അദ്ദേഹം ഒരു വിദ്വല്‍പ്രിയനും സാഹിത്യരസികനുമായിരുന്നു.
നാരായണന്‍നമ്പൂരി
സുഭഗസന്ദേശകാരനായ നാരായണന്‍നമ്പൂരി ഈ രാമവര്‍മ്മമഹാരാജാവിന്റേയും അദ്ദേഹത്തിന്റെ ഭാഗിനേയന്റെയും ആശ്രിതനായിരുന്നു. പ്രസ്തുത സന്ദേശത്തില്‍ അദ്ദേഹം മഹാരാജാവിനെ ഇങ്ങനെ വാഴ്ത്തുന്നു:
ʻʻവീരസ്സേവ്യസ്തദനു ഭവതാ വിശ്രുതോ ദാനശക്ത്യാ
രാജാ രാമാജനമനസിജോ രാമവമ്മാഭിധാനഃ
യേന സ്ഫീതാം ജഗതി ജയസിംഹാന്വയോ യാതി കീര്‍ത്തിം
പാഥോരാശിഃ പരമശുചിനാ പാര്‍വണേനേന്ദുനേവ.
മാനോ നീവി, മനസിജശരാഃ കിങ്കരാഃ പ്രാര്‍ത്ഥിതോര്‍ത്ഥീ,
ചാരോ നേത്രം, കവിരഭിമതഃ പ്രാണബന്ധുഃ കൃപാണീ,
നീതിര്‍ഭാര്യാ, നിഗമഭണിതിര്‍ദ്ദേശികോ യസ്യലോകേ,
താദൃങ്മൃഗ്യോ ഭവതി സുകൃതീ രാജശബ്ദാഭിധേയഃ.ˮ
ʻʻദൃഷ്ട്വാ തസ്യാ ദ്വിഗുണിതരസാം ഭക്തിമഭ്യാഗതേഷു
പ്രജ്ഞാം തേജഃ ശ്രിയകഥ ദയാമന്നദാനാദരഞ്ച
പ്രക്രാന്തോപി പ്രകൃതവിഷയേ ന പ്രഗല്ഭഃ ക്ഷണം ത്വം
സത്സമ്പര്‍ക്കസ്തിരയതി രതിം സര്‍വകാര്യാന്തരേഷു.ˮ
ʻʻയസ്യ സ്വാമീ യദുകുലപതിര്‍ന്നാമതോ രാമവര്‍മ്മാ
യസ്യശ്രീമാന്‍ ഭവതി പരമം ദൈവതം ഭാഗിനേയഃ
ഉദ്യന്മാധ്വീരസപരിമളേ തസ്യ സന്ദേശകാവ്യേ
ഹൃദ്യേ നാരായണകവയിതുഃ പൂര്‍വഭാഗസ്സമാപ്തഃ.ˮ
എന്ന പദ്യത്തിലും അദ്ദേഹം തന്റെ പുരസ്കര്‍ത്താവിനേയും അവിടത്തെ അനന്തരവനേയും സ്മരിക്കുന്നു. കൊല്ലം എട്ടാംശതകത്തിന്റെ പ്രഥമപാദത്തിലായിരിക്കണം സുഭഗസന്ദേശത്തിന്റെ നിര്‍മ്മിതി. നാരായണന്റെ ജനനസ്ഥലമേതെന്നു വെളിവാകുന്നില്ല. പ്രേയസിയുടെ ഗൃഹം തൃശ്ശൂരായിരുന്നു.
സുഭഗസന്ദേശം
ʻʻക്രീഡാരാമേ പുരവിജയിനഃ കൗതുകേന ക്ഷപായാം
ക്രീഡന്‍ ക്ഷിപ്തഃ കുചകലശതഃ സന്നിഗൃഹ്യ പ്രിയായാഃ
മാസാന്‍ കാംശ്ചിന്മനസിജശരൈശ്ശിക്ഷിതോദക്ഷിണാബ്ധേഃ
കൂലേ കൂജല്‍പരഭൃതകുലേ കോപി കാമീ നിനായˮ
എന്ന ശ്ലോകംകൊണ്ടു സന്ദേശം ആരംഭിക്കുന്നു. തന്റെ പ്രേമഭാജനമായ മാനവീമേനകയെന്ന യുവതിയുമായി ഒരു യുവാവു തൃശ്ശിവപേരൂരില്‍ വിഹരിച്ചുകൊണ്ടിരിക്കവേ ദുര്‍വിധിയുടെ ശക്തിനിമിത്തം അദ്ദേഹം ദക്ഷിണസമുദ്രത്തിന്റെ തീരത്തിലുള്ള കന്യാകുമാരിയില്‍ ക്ഷിപ്തനാകുന്നു. അവിടെ നായകന്‍ ദേവിയെ വന്ദിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സ്നാതകബ്രാഹ്മണനെ കാണുകയും അദ്ദേഹത്തോടു നായികയെ സമാശ്വസിപ്പിക്കുവാന്‍ തൃശ്ശിവപേരൂരോളം പോകണമെന്നപേക്ഷിക്കുകയും ചെയ്യുന്നു. ആ ബ്രാഹ്മണന്‍ ലാടദേശീയനാണു്. പരദേശത്തുകൂടി ചിദംബരംവരെ യാത്രചെയ്തു തിരികെ പാലക്കാട്ടുവഴി കേരളത്തില്‍ കടന്നു തൃശ്ശൂരേയ്ക്കു ചെല്ലുവാനാണു് അദ്ദേഹം സന്ദേശഹരനോടു് അഭ്യര്‍ത്ഥിക്കുന്നതു്. മാര്‍ഗ്ഗമധ്യത്തിലുള്ള ഇടലാക്കുടി (പക്ഷേ ആരുവാമൊഴി), പണകുടി, തിരുക്കുറുകുടി (ശ്രീകുരംഗം) ആഴ്വാര്‍ തിരുനഗരി, തെങ്കാശി, ശ്രീവല്ലിപുത്തൂര്‍, തിരുപ്പറക്കുന്റം, തിരുമാലിരുഞ്ചോലൈ (ഋഷഭഗിരി) ഇത്യാദി സ്ഥലങ്ങളെ വര്‍ണ്ണിച്ചതിനു മേല്‍ കവി സ്നാതകനെ നേരേ ചിദംബരത്തേയ്ക്കു പോകുവാന്‍ ഉപദേശിയ്ക്കുന്നു. പിന്നീടു് അവിടെനിന്നു തെക്കോട്ടേയ്ക്കു പോന്നു കുംഭകോണം, ശ്രീരംഗം, ജംബുകേശ്വരം ഇവിടങ്ങളിലുള്ള ദേവന്മാരെ വന്ദിച്ചു കൊങ്ങനാടു (കോയമ്പത്തൂര്‍) കടന്നു കേരളത്തില്‍ എത്തി സാമൂതിരിമഹാരാജാക്കന്മാരുടെ കീര്‍ത്തി പ്രസരിക്കുന്ന ദേശങ്ങള്‍ അതിലംഘിച്ചു തൃശ്ശൂരില്‍ എത്തുവാന്‍ നിര്‍ദ്ദേശിക്കുന്നു. കവിതാരീതി മനസ്സിലാക്കുവാന്‍ ചില ശ്ലോകങ്ങള്‍ താഴെച്ചേര്‍ക്കുന്നു.
ഗോപസ്ത്രീകള്‍ (ഇടച്ചികള്‍)
ശംഖാകല്പം ശതമഖമണിശ്യാമളം കോമളാംഗം
താളീപത്രശ്രവണയുഗളം തത്ര ഗോപീകദംബം
ദൃഷ്ട്വാ ദൃഷ്ട്യോസ്സുഖമനുഭവന്‍ മാസ്മ ഭൂരുത്സുകസ്ത്വം
കസ്യാശാസ്യം ന ഭവതി നവം യൗവനം കാമിനീനാം. (1)
തിരുക്കുറുംകൂടി (ദേശിങ്ങനാട്ടുരാജാക്കന്മാരുടെ പൂര്‍വദേശരാജധാനി):
ഏലാവല്ലീകലിതകദളീപേലവസ്പര്‍ശശീതാന്‍
വാതാന്‍ കുംഭീസുതകുലവധൂകുന്തളീഗന്ധചോരാന്‍
ആലിംഗ്യാസ്മിന്‍ കമലഭവനാകേളികല്യാണരംഗം
യായാ യായാവര! വസുമതീമംഗലം ശ്രീകുരംഗം. (2)
താമ്രവര്‍ണ്ണീനദി:
താമുത്തീര്‍ണ്ണാം കലശജനുഷഃ കുണ്ഡകല്യാണലക്ഷ്മീം
പാടീരാദ്രേര്‍ദ്ദു ഹിതരമിളാമണ്ഡലീഹാരമാലാം
ആഖ്യാം രത്നാകര ഇതി ഗുണൈരംബുധേസ്സാധയന്തീ-
മധ്വശ്രാന്തിപ്രശമനകരീമര്‍ത്ഥസിദ്ധ്യൈ തരേസ്ത്വം. (3)
തെങ്കാശിക്ഷേത്രത്തിലെ ശിവന്‍:
മത്സ്യക്രീഡാമുഖരിതശിരശ്ശേഖരസ്തത്ര വന്ദ്യ-
ശ്ശബ്ദവ്യാഖ്യാചതുരവലയഃ കശ്ചിദാശ്ചര്യയോഗീ
സ്വാഹാദേവീസുചരിതഫലം സ്വര്‍ഗ്ഗ്യമൃഷ്ടാഷ്ടിധുര്യം
കുര്‍വന്‍ ജ്യോതിര്‍ദ്ദൃശി കുചതടീകുന്തളാങ്കാര്‍ദ്ധഭാഗഃ. (4)
ചിദംബരത്തിലെ സഭാനാഥനൃത്തം:
തസ്യാമഗ്രേ ഭുവനസുകൃതസ്ഥാപനാശംഖഘോഷോ
ഭൂയോ മായമയമൃഗകുലോച്ചാടനവ്യഗ്രഘോഷഃ
ശ്രുത്യോഃ പ്രീത്യൈ മുനിജനമനഃകേകിജീമൂതഘോഷോ
മന്ദ്രോന്മേഷസ്തവ മണിസഭാനാഥമഞ്ജീരഘോഷഃ. (5)
തൃശ്ശിവപേരൂര്‍:
തേഷാം മധ്യേ ത്രിപുരജയിനോര്‍ന്നിത്യസാന്നിധ്യയോഗാല്‍
പ്രാപ്യാ പുണ്യാ തവ വൃഷപുരീ പ്രാണനാഥാസ്പദം മേ
യാമുത്സംഗേ കുസുമരജസാ ധൂസരാംഗീ പ്രമോദാല്‍
കേളീലോലാമിവ ദുഹിതരം കേരളോര്‍വീ ദധാതി. (6)
<poem>
സന്ധ്യായന്തേ സരസിജദൃശാം പക്വബിംബോഷ്ഠഭാസ-
സ്താരായന്തേ സ്തനതടജുഷോ നിസ്തുഷാ മൗക്തികാള്യഃ
ചന്ദ്രായന്തേ കമലസുഷമാകൃന്തി വക്ത്രാണി യസ്യാം
ജ്യോത്സ്നായന്തേ പ്രതിനവസുധാസ്യന്ദിനോ മന്ദഹാസാഃ
എന്നും മറ്റും ആ നഗരത്തിന്‍റെ മാഹാത്മ്യത്തെ കവി അനേകം പ്രകാരത്തില്‍ അനുകീര്‍ത്തനം ചെയ്യുന്നു. അനന്തരം തന്റെ പ്രിയതമയുടെ ഭവനത്തെപ്പറ്റിയുള്ള പ്രശംസ ഇങ്ങനെ ആരംഭിക്കുന്നു:
തത്രോദഞ്ചന്മണിഗണമഹശ്ശാരപര്യന്തദീപ്രം
ദൂരാദ്ദ്വാരോല്ലിഖിതകമലാഹസ്തിരത്നാഭിഷേകം
ആയുഷ്യം തേ നയനയുഗളീപുണ്യപുഞ്ജസ്യപുഷ്യാ-
ന്മല്‍പ്രേയസ്യാ മണിനിലയനം മാനവീമേനകായാഃ. (8)
നായികയുടെ സൗന്ദര്യവര്‍ണ്ണനവും മറ്റും ശ്ലാഘാസീമയെ അതിലംഘിക്കുന്നവിധത്തില്‍ മനോഹരമായിട്ടുണ്ടു്.
നായികാപ്രശസ്തി:
സാ വാ നീവീ സരസിജഭുവസ്സര്‍ഗ്ഗചാതുര്യസീമ്നാം?
സാ വാ വാപീ മനസിജകൃതാ മന്മനോമജ്ജനായ?
സാ വാ ഭൂമിസ്സകലജഗതാം നേത്രസാഫല്യസിദ്ധേഃ?
സാ വാ ദേവീ ക്ഷിതിതലഗതാ മാനുഷീ കൈതവേന? (9)
നായികയുടെ മന്ദഹാസം:
ജ്യോത്‌സ്നാലക്ഷ്മ്യാഃപരിഭവപദം യൗവനം പാണ്ഡരിമ്ണോ
മല്ലീമിത്രം മനസിജയശോദിവ്യവല്യാഃപ്രസൂനം
മന്യേ വ്രീളാജനകമമൃതസ്യാശ്രയം മാധുരീണാം
മന്ദാരാണാം മദനിയമനം മന്ദഹാസം മൃഗാക്ഷ്യാഃ. (10)
ഉത്തരാര്‍ദ്ധം കവിതാമാധുര്യംകൊണ്ടു പൂര്‍വ്വാര്‍ദ്ധത്തെ അതിശയിക്കുന്നു എന്നു വേണം പറയുവാന്‍. ശുകസന്ദേശത്തിലും ഉണ്ണുനീലിസന്ദേശത്തിലുമെന്നപോലെ ʻയല്‍ സത്യം തദ്ഭവതുʼ എന്ന വാക്യം സുഭഗസന്ദേശത്തിലും
ഏവം പ്രായൈര്‍വിരഹിശിഖിനാലീഢമുഗ്ദ്ധാംഗയഷ്ടിര്‍-
ബാലാ വാക്യൈര്‍മ്മുഹുരുപവനേ കിന്നു മൂര്‍ച്ഛാമുപൈതി
യല്‍ സത്യം തദ്ഭവതു ഭഗവന്നദ്യ യദ്യഭ്യുപേതി
പ്രാണേശോ മേ പതനമനയോഃ പ്രാങ്മുഖം പുഷ്പയോസ്സ്യാല്‍. (11)
എന്ന പദ്യത്തില്‍ കാണുന്നു.
നാരായണനു തന്റെ കവിതയെപ്പറ്റി വലിയ മതിപ്പാണുണ്ടായിരുന്നതെന്നു് ഉത്തരാര്‍ദ്ധത്തിന്റെ ഒടുവിലുള്ള അധോലിഖിതമായ പദ്യത്തില്‍നിന്നു വിശദമാകുന്നു.
മുക്താരത്നം മലയമരുതം ചന്ദനം ച പ്രസൂയ
പ്രഖ്യാതാ ദിക്‍ കവിമപി തഥാസോഷ്ട കീര്‍ത്ത്യൈ കനിഷ്ഠം
വിദ്വല്‍പ്രീത്യൈ ബഹുരസസുധാസ്യന്ദി സന്ദേശകാവ്യം
ബദ്ധം താവദ്വിരതമഭവത്തേന നാരായണേന.
മുത്തിനും മലയവായുവിനും ചന്ദനവൃക്ഷത്തിനും ജനയിത്രിയായ ദക്ഷിണദിക്കു കീര്‍ത്തിയ്ക്കുവേണ്ടി അവയ്ക്കു കനിഷ്ഠസഹോദരനായി അദ്ദേഹത്തെ പ്രസവിച്ചുവത്രേ. ആ ആത്മസ്തുതി കേവലം അനാസ്പദമാണെന്നു് അനുവാചകന്മാര്‍ വിധിക്കുമെന്നു തോന്നുന്നില്ല. നമ്പൂരി മറ്റു പല കേരളീയകവികളേയും പോലെ പാണ്ഡ്യചോളരാജ്യങ്ങളില്‍ സഞ്ചരിച്ചു് അവിടെയുള്ള പല സ്ഥലങ്ങളേയുംപറ്റി പ്രകൃഷ്ടമായ വിജ്ഞാനം സമ്പാദിച്ചിരുന്നു.
കുശാഭ്യുദയം
കുശാഭ്യുദയം എന്നൊരു കാവ്യവും ഈ രാമവര്‍മ്മമഹാരാജാവിന്റെ നിര്‍ദ്ദേശമനുസരിച്ചു നിര്‍മ്മിതമായിട്ടുണ്ടു്. ഗ്രന്ഥകാരന്റെ ഗുരു ʻമഹാകാവ്യപഥാധ്വനീനʼനായ മഹാദേവനെന്നൊരു പണ്ഡിതനാണു്. അദ്ദേഹവും ശിഷ്യനും ഏതു ദേശക്കാരായിരുന്നു എന്നറിയുന്നില്ല. താഴെക്കാണുന്ന പദ്യങ്ങള്‍ ആ കാവ്യത്തിലുള്ളവയാണു്:
അസ്ത്യാര്‍ജ്ജിതശ്രീര്‍ജ്ജയസിംഹരാജ-
സന്താനരത്നാകരശീതതേജാഃ
സകേരളേന്ദ്രസ്സകലാരിനാരീ-
കണ്ഠസ്ഥലാലം കൃതിഹാനിദക്ഷഃ.
നയേന സാക്ഷാദ്ധിഷണേന കീര്‍ത്ത്യാ
നളേന കര്‍ണ്ണേന ച ദാനശക്ത്യാ
കിരീടിനാ ജന്യജയേന യസ്യ
സദൃക്ഷതാസീച്ച ജിതാഖിലാരേഃ.
ശ്രീരാമവര്‍മ്മാജനി ഭാഗിനേയ-
സ്തസ്യാസുരാരേരിവ കാര്‍ത്തികേയഃ
പ്രത്യര്‍ത്ഥിനസ്സംയതി യസ്യ ശക്തേര്‍-
ഭംഗം സമാസാദ്യ ലയം പ്രയാന്തി.
വാങ്നര്‍ത്തകീ യദ്രസനാഗ്രരംഗേ
നര്‍ന്നര്‍ത്തി നാനാരസഭാവഹൃദ്യാ
യല്‍പാണിരല്പീകൃതകല്പശാഖി-
ര്യന്മൂര്‍ത്തിരാവാസിതരാജലക്ഷ്മീഃ
രാജ്യേ യദീയേ ജനതാതിഹൃഷ്ടാ
ദൈന്യേന ദാരിദ്ര്യകൃതേന ഹീനാ
സദാ സദാചാരരതാ നിരാസ്ഥാ
ധനേന്യദീയേ ദയയാ സനാഥാ.
തസ്യാവനീമണ്ഡലശീതഭാനോ-
സ്സാഹിത്യവിദ്യാദിവിദഗ്ദ്ധബുദ്ധേഃ
നിയോഗതോ നിര്‍മ്മലകീര്‍ത്തിരാശേ-
ര്യദുപ്രവീരസ്യഗുണാലയസ്യ
മയാ മഹാകാവ്യപഥാധ്വവനീനം
ഗുരും മഹാദേവമപി പ്രണമ്യ
പ്രവക്ഷ്യതേ പാപവിനാശഹേതു-
ശ്ചേതോഭിരാമം ചരിതം കുശസ്യ.
കൊല്ലത്തു (കേരളേന്ദ്രഃ) കേരളവര്‍മ്മനാമധേയനായി രാമവര്‍മ്മാവു് എന്ന ഒരു മഹാരാജാവും അദ്ദേഹത്തിന്റെ ഭാഗിനേയനായി ഒരു ഇളയ രാജാവുമുണ്ടായിരുന്നു. ആ യുവരാജാവിന്റെ ജിഹ്വാഗ്രത്തില്‍ വാണീഭഗവതി നര്‍ത്തനം ചെയ്തിരുന്നു എന്നും സാഹിത്യത്തില്‍ അദ്ദേഹത്തിനു പ്രത്യേകം വൈദഗ്ദ്ധ്യമുണ്ടായിരുന്നു എന്നും ഈ ശ്ലോകങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നു. കൊല്ലത്തു കേരളവര്‍മ്മാവെന്നൊരു മഹാരാജാവു് 660 മുതല്‍ 675 വരെ രാജ്യഭാരം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ശിലാശാസനങ്ങള്‍ കൊല്ലത്തു ഗണപതിനടയിലും അഗസ്തീശ്വരത്ത് ഇടലാക്കുടിയിലും തിരുനെല്‍വേലിയില്‍ തിരുപ്പുവനത്തും കല്ലിടൈക്കുറിച്ചിയിലും കാണ്‍മാനുണ്ടു്. രാമവര്‍മ്മമഹാരാജാവു് അദ്ദേഹത്തിന്റെ അനന്തരവനായിരുന്നിരിക്കുവാന്‍ ന്യായമുണ്ടു്. ഗണപതി, സരസ്വതി, ശിവന്‍, പാര്‍വ്വതി, വിഷ്ണു, ലക്ഷ്മി എന്നീ ദേവതമാരെ വന്ദിച്ചതിനുമേല്‍ കവി ബ്രാഹ്മണരെ താഴെക്കാണുന്ന പദ്യത്തില്‍ അഭിവാദനം ചെയ്യുന്നു:
ധരാദിതേയാംഘ്രിരജസ്തരീ സ്യാ-
ദേനസ്സരിന്നായകലംഘനേ നഃ
യദാശ്രിതാനാം ന കദാചിദാര്‍ത്തി-
സ്തീര്‍ത്ഥാന്യശേഷാണ്യപി യത്ര സന്തി.
ഈ പദ്യത്തില്‍നിന്നു് അദ്ദേഹം ഒരു അബ്രാഹ്മണനാണെന്നു് ഊഹിക്കാം. വ്യാസന്‍, പാണിനി, ശങ്കരാചാര്യര്‍, കാളിദാസന്‍, ശ്രീഹര്‍ഷന്‍ എന്നീ പ്രാക്തനസൂരികളേയും അദ്ദേഹം ബഹുമാനപൂര്‍വ്വം സ്മരിക്കുന്നുണ്ടു്:
കൃഷ്ണസ്സ നശ്ചേതസി നിത്യമാസ്യാ-
ദജീജനദ്യം കില ദാശകന്യാ;
ശാരീരകം യേന കൃതം ച ശാസ്ത്രം
സഹേതിഹാസാദി ഹരേഃ കലാ യഃ.
ശിഷ്യേണ യേനാജനി ശങ്കരസ്യ
യച്ഛാസ്ത്രനിഷ്ഠാസ്സതതം ച ശിഷ്ടാഃ
നാരാധനീയസ്സനകാദികീര്‍ത്തിര്‍-
ജനസ്യ ദാക്ഷീതനയസ്സ കസ്യ?
ശ്രീശങ്കരാചാര്യകടാക്ഷധാരാ-
ധരസ്സദാ സ്നേഹജലൈരരീണഃ
ആനന്ദയന്‍ സിഞ്ചതി ശിഷ്യസംജ്ഞ-
സസ്യാന്യസത്തര്‍ക്കകരംബിതാനി.
സാ കാളിദാസസ്യ കൃതിശ്ചകാസ്തി
ഹൃദ്യാ തഥാ ഖണ്ഡനകാരകസ്യ
സതാം നികായേന സദര്‍ത്ഥതീര്‍ത്ഥേ
സിതാസിതാര്‍ണ്ണസ്സദൃശേത്ര സസ്നേ.
കാളിദാസന്റേയും ഖണ്ഡനഖണ്ഡഖാദ്യകാരനായ ശ്രീഹര്‍ഷന്റേയും (നൈഷധകര്‍ത്താവു്) കാവ്യങ്ങള്‍ വായിച്ചാല്‍ ഗംഗയും യമുനയും സംയോജിക്കുന്ന പ്രയാഗതീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത ഫലമുണ്ടാകുമെന്നാകുന്നു ഒടുവിലത്തെ ശ്ലോകത്തിന്റെ അര്‍ത്ഥം. പ്രസന്നസരസമാണു് കാളിദാസസൂക്തിയെന്നും, വക്രോക്തിസുന്ദരമാണു് ശ്രീഹര്‍ഷഭണിതിയെന്നും താല്‍പര്യം. കുശാഭ്യുദയത്തിന്റെ ആദ്യത്തെ നാലു സര്‍ഗ്ഗങ്ങളേ കണ്ടുകിട്ടിയിട്ടുള്ളു. ഉത്തരരാമായണകഥയാണു് ഈ സര്‍ഗ്ഗങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശ്രീരാമന്റെ സൈന്യങ്ങളും കുശലവന്മാരും തമ്മിലുള്ള യുദ്ധം വിസ്തരിച്ചിട്ടുണ്ടു്. മൂന്നു പദ്യങ്ങള്‍കൂടി ഉദ്ധരിക്കാം:
സ്വാഭാവികേന സഹിതാ സതതം മഹിമ്നാ
ദേവ്യാ തയാനുദിനമാശ്രമമണ്ഡലീ സാ
പുഷ്യദ്യതിസ്ഥിതിജുഷാ ജനി ഭൂരിപുണ്യാ
ത്രിസ്രോതസാ മദനവൈരിജടാവലീവ.
മാതാ വിദേഹതനയേയമയോനിജാതാ
താതഃ പുരാണപുരുഷഃ ഖലു രാമനാമാ
സംസ്കാരകൃല്‍ കുലപതിശ്ച യയോഃ കവീന്ദ്ര-
സ്തദ്വര്‍ണ്ണ്യതേ ജഗതി കേന തയോര്‍മ്മഹത്വം?
അധ്യാപിപല്‍ സ ഭഗവാനഥ മൈഥിലേയൗ
രാമായണം ശ്രുതിമനോഹരപദ്യജാതം
വാഗ്ദേവതാലയസരോജമധുപ്രകാണ്ഡ-
ധൗരേയമാത്മചരിതം മഹിതം കവീന്ദ്രഃ.
മഴമങ്ഗലത്തു നാരായണന്‍നമ്പൂരി
വാഴമാവേലിയുടെ ശിഷ്യനായ ശങ്കരന്‍നമ്പൂരിക്കു പുറമേ നമുക്കു മഴമംഗലത്തില്ലത്തില്‍ പെട്ടവരായി രണ്ടു ഗ്രന്ഥകാരന്മാരെപ്പറ്റിക്കൂടി അറിവുണ്ടെന്നും അവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ പുത്രനായ നാരായണന്‍നമ്പൂരിയും മറ്റൊരാള്‍ പരമേശ്വരന്‍നമ്പൂരിയുമാണെന്നും മുന്‍പു പ്രസ്താവിച്ചുവല്ലോ. നാരായണനും പരമേശ്വരനും തമ്മിലുള്ള ചാര്‍ച്ച ഏതു നിലയിലുള്ളതാണെന്നറിയുന്നില്ല.
ജീവചരിത്രം
ശങ്കരന്‍നമ്പൂരിയെക്കാള്‍ അധികം സംസ്കൃതവ്യുല്‍പത്തിയും കവിതാവാസനയും നാരായണന്‍നമ്പൂരിക്കുണ്ടായിരുന്നു എന്നാണു് ഐതിഹ്യം. രാസക്രീഡാകാവ്യത്തിന്റെ ഒരു മാതൃകാഗ്രന്ഥത്തില്‍ ʻമഹിഷമംഗലനാരായണകൃതംʼ എന്നു കാണുന്നതില്‍നിന്നു കവിയായ മഹിഷമംഗലം ഈ വ്യക്തിതന്നെ എന്നു നിര്‍ണ്ണയിക്കാം. അദ്ദേഹം തന്റെ പ്രധാന ശാസ്ത്രഗ്രന്ഥമായ ʻസ്മാര്‍ത്തപ്രായശ്ചിത്ത വിമര്‍ശിനിʼയില്‍
വിശ്വാമിത്രജദേവരാതമുനിസംഭൂതോദലസ്യാന്വയേ
ഗ്രാമേ തത്ര മഹാവനേ മഹിഷപൂര്‍വ്വേ മംഗലാഖ്യേ ഗൃഹേ
ജാതശ്ശങ്കരനന്ദനോ ഗണിതവിന്നാരായണാഖ്യോ ദ്വിജഃ
പ്രായശ്ചിത്തവിമര്‍ശിനീമരചയല്‍ സ്മാര്‍ത്താപരാധേഷ്വിമാം.
എന്നു തന്നെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. ദേവരാതനും ഉദലനും പ്രവരര്‍ഷികളായ വിശ്വാമിത്രഗോത്രത്തില്‍ ജനിച്ചവനും പെരുവനം ഗ്രാമത്തിലെ മഹിഷമംഗലത്തില്ലത്തില്‍ ശങ്കരന്‍നമ്പൂരിയുടെ പുത്രനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ നാരായണന്‍ നമ്പൂരിയാണു് സ്മാര്‍ത്തപ്രായശ്ചിത്തവിമര്‍ശിനി രചിച്ചതു് എന്നു് ഈ പദ്യത്തില്‍നിന്നു വ്യക്തമാകുന്നുണ്ടല്ലോ. ജ്യോതിഷത്തില്‍ ഗുരു പിതാവുതന്നെയായിരിക്കാം. അദ്ദേഹം ഒരോത്തില്ലാത്ത നമ്പൂരിയായിരുന്നു എന്നും ഒരിക്കല്‍ ഒരു യാഗശാലയില്‍ യാഗം കാണുവാന്‍ കടന്നുചെന്നപ്പോള്‍ അവിടെ സന്നിഹിതരായിരുന്ന വൈദികന്മാര്‍ അദ്ദേഹത്തെ ബഹിഷ്കരിച്ചുവെന്നും ബാല്യത്തില്‍ ധൂര്‍ത്തനായി നടന്നിരുന്ന അദ്ദേഹം അതിനുശേഷം ചോളദേശത്തുപോയി മൂന്നു വേദങ്ങളിലും ആറു ശാസ്ത്രങ്ങളിലും നിഷ്ണാതനായി തിരിയെ വന്നു എന്നും തദനന്തരം മറ്റൊരു യാഗശാലയില്‍ ചെന്നു തന്റെ പൂര്‍വ്വമീമാംസാപാണ്ഡിത്യം പ്രകാശിപ്പിച്ചു എന്നും അതിനുമേല്‍ അദ്ദേഹത്തെക്കൂടാതെ യാഗം കഴിക്കുവാന്‍ പാടില്ലെന്നു കേരളത്തിലെ വൈദികന്മാര്‍ വിധിച്ചു എന്നും ഇക്കാലത്തും എവിടെയെങ്കിലും യാഗമോ അഗ്ന്യാധാനമോ ഉണ്ടെങ്കില്‍ മാന്യസ്ഥാനത്തു് ഒന്നാമതായി മഴമംഗലത്തിനെന്നു സങ്കല്പിച്ചു് മഴമംഗലപീഠമെന്നു പറയുന്ന ഒരു പലക വയ്ക്കാറുണ്ടെന്നും പുരാവിത്തുകള്‍ പറയുന്നു. ആ ഐതിഹ്യത്തില്‍നിന്നു വെളിപ്പെടുന്ന ഒരു വസ്തുത അദ്ദേഹത്തിനു ശ്രൗതസ്മാര്‍ത്തവിധികളില്‍ അദ്വിതീയമായ അവഗാഹമുണ്ടായിരുന്നു എന്നുള്ളതാണു്. അതിനു പ്രായശ്ചിത്തവിമര്‍ശിനി പ്രത്യക്ഷലക്ഷ്യവും തന്നെ. അദ്ദേഹത്തിന്റെ താമസം ആദ്യകാലത്തു പെരുവനത്തും പിന്നീടു തൃശ്ശിവപേരൂരുമായിരുന്നു. പാറമേക്കാവില്‍ ഒരു പുഷ്പകത്തായിരുന്നു അദ്ദേഹം സംബന്ധം ചെയ്തിരുന്നതു്. അനന്തരം ആ ക്ഷേത്രത്തിലെ ശാന്തിക്കാരനുമായി. തന്റെ പത്നിയായ ബ്രാഹ്മണിക്കുവേണ്ടിയാണു് അദ്ദേഹം ബ്രാഹ്മണിപ്പാട്ടുകള്‍ നിര്‍മ്മിച്ചതു്. നമ്പൂരി മരിക്കുന്നതിനു മുന്‍പു് ആ ശാന്തി വേണാട്ടുനമ്പൂരിക്കു കൊടുത്തു. അനന്തരം ഊരകത്തു ഭഗവതിയുടെ ഭക്തനായും രാജരാജന്‍ എന്ന നാമധേയത്താല്‍ വിദിതനായ കൊച്ചി മഹാരാജാവിന്റെ ആശ്രതനായും അദ്ദേഹം ജീവിതം നയിച്ചു. മഴമംഗലഭാണത്തില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന ഭാഗം അതിനു തെളിവാണു്:
- ʻʻഅദ്യാഹമുദ്ദണ്ഡഭുജദണ്ഡവനഹിണ്ഡമാനമണ്ഡലാഗ്രസന്ദര്‍ശന സമയസഞ്ജായമാനസന്ത്രാസഭരസന്നതവിപക്ഷരാ ജന്യമകുടതടഘടിതമണിനികരതാരകാജാലപരിലസിതനഖചന്ദ്രബിംബസ്യ, സകലവിലാസിനീജനമനോമുകുരബിംബിതസുഭഗതര രൂപാമൃതസ്യ, നിഖിലനീതിശാസ്ത്രശാണദൃഷദുല്ലേഖശാതതര മതിസ്ഫുരിതകൃത്യാകൃത്യസ്യ, സുഭഗസാരസ്വതകുചകുംഭയുഗള സംഭൃതരസാസ്വാദമുദിതഹൃദയസ്യ, സുജാതവസുജാതസംപ്രദാനസംപ്രദാനീകൃതകവി ജനകാമധേനുവദനവിനിസ്സൃതവിസ്‌തൃതയശോമയപയഃപൂരപൂരിതഭുവനകടാഹസ്യ, മാടമഹാരാജാസ്യ രാജരാജസ്യ നിദേശാന്നിജചരണാരവിന്ദസന്തതസമാരാ ധനതല്പരജനകല്പലതായമാനായാഃ കല്പിതവലയാലയ വിഹാരായാ വലയാങ്കവാമാംഗമംഗലാലംക്രിയായാശ്ശിവകാമസുന്ദര്യാഃശ്രീകാമാക്ഷ്യാഃ കടാക്ഷനാളവിഗളദവിരളദയാമൃതസദാ സേകപ്രഫുല്‌ലിതകവിത്വപാദപേന കേനാപി നിബദ്ധം കമപി ഭാണം.ˮ
ഗ്രന്ഥാവസാനത്തില്‍
ʻʻരാജല്‍കീര്‍ത്തിവിഭൂഷിതത്രിഭുവനഃ ശ്രീരാജരാജാഹ്വയോ
രാജേന്ദുഃ ക്ഷിതിമായുഗാന്തസമയം പായാദപേതാപദം;
വാമാര്‍ദ്ധാര്‍ജ്ജിതപുണ്യപൂരലഹരീ സോമാര്‍ദ്ധചൂഡാമണേഃ
കാമാക്ഷീ കുലദേവതാ മമ ച സാ കാമപ്രസൂഃ കല്പതാം.ˮ
എന്നും ഒരു പദ്യമുണ്ടു്. ഈ രാജരാജന്‍ 712 മുതല്‍ 740 വരെ കൊച്ചിരാജ്യം പരിപാലിച്ച വീരകേരളവര്‍മ്മ മഹാരാജാവാണെന്നു ഞാന്‍ ഊഹിക്കുന്നു. തദനന്തരം പണ്ഡിതപാരിജാതവും കാശിക്കു് എഴുന്നള്ളിയ തമ്പുരാന്‍ എന്ന പേരില്‍ സുവിദിതനുമായ രാമവര്‍മ്മമഹാരാജാവിന്റെ അവലംബം നമ്മുടെ കവിക്കു സിദ്ധിച്ചു. അദ്ദേഹത്തിന്റെ അപദാനങ്ങളെ അനുകീര്‍ത്തനം ചെയ്യുന്ന ഒരു വിശിഷ്ടകാവ്യമാണു് രാജരത്നാവലീയം ചമ്പു. രാമവര്‍മ്മമഹാരാജാവു് 740 മുതല്‍ 776 വരെ രാജ്യഭാരം ചെയ്തു. ഈ തെളിവുകള്‍കൊണ്ടു നാരായണന്‍ നമ്പൂരിയുടെ കാലം ഉദ്ദേശം കൊല്ലം 700 മുതല്‍ 770 വരെയാണെന്നു സാമാന്യേന നിര്‍ണ്ണയിക്കാവുന്നതാണു്.
കൃതികള്‍
നാരായണന്‍നമ്പൂരിയുടെ കൃതികളായി സംസ്കൃതത്തില്‍ (1) സ്മാര്‍ത്തപ്രായശ്ചിത്തവിമര്‍ശിനി, (2) മഹിഷമംഗലഭാണം, (3) രാസക്രീഡാകാവ്യം, (4) ഉത്തരരാമായണചമ്പു, (5) വ്യവഹാരമാല ഇവയും, ഭാഷയില്‍ (6) നൈഷധചമ്പു, (7) രാജരത്നാവലീയം ചമ്പു, (8) കൊടിയവിരഹം ചമ്പു, (9) ബാണയുദ്ധം ചമ്പു എന്നീ ചമ്പുക്കളും, (10) രാസക്രീഡ, (11) വിഷ്ണുമായാചരിതം, (12) തിരുനൃത്തം, (13) ദാരുകവധം, (14) പാര്‍വ്വതീസ്തുതി എന്നീ 5 ബ്രാഹ്മണിപ്പാട്ടുകളും നമുക്കു കിട്ടീട്ടുണ്ടു്. ഭാഷാഗ്രന്ഥങ്ങളെപ്പറ്റി മറ്റൊരധ്യായത്തില്‍ പ്രസ്താവിക്കും. പ്രകൃതത്തില്‍ സംസ്കൃതകൃതികളെക്കുറിച്ചു മാത്രം സ്വല്പം ഉപന്യസിക്കാം.
സ്മാര്‍ത്തപ്രായശ്ചിത്തവിമര്‍ശിനി
ഇതു യാഗാദി കര്‍മ്മങ്ങളില്‍ ആവശ്യപ്പെടുന്ന പ്രായശ്ചിത്തവിധികളെപ്പറ്റി അഞ്ചു പരിച്ഛേദങ്ങളില്‍ സവിസ്തരമായും സോപപത്തികമായും പ്രതിപാദിക്കുന്ന ഒരു മഹാനിബന്ധമാകുന്നു. പ്രസ്തുത വിഷയത്തില്‍ ഇത്രമാത്രം പ്രാമാണ്യമുള്ള ഒരു ഗ്രന്ഥം കേരളത്തില്‍ വേറെയില്ല. നാരായണന്‍ നമ്പൂരിക്കു വൈദേശികങ്ങളും കേരളീയങ്ങളുമായ സ്മൃതിഗ്രന്ഥങ്ങളിലുള്ള അത്ഭുതാവഹമായ അവഗാഹം വിമര്‍ശിനിയില്‍ സര്‍വത്ര പരിശോഭിക്കുന്നു. പ്രയോഗസാരം, രജസ്വലാപഞ്ചദശകം തുടങ്ങിയവയാണു് കേരളീയഗ്രന്ഥങ്ങള്‍. പ്രയോഗസാരം മന്ത്രതന്ത്രങ്ങളെ പരാമര്‍ശിച്ചു് അജ്ഞാതനാമാവായ ഏതോ ഒരു പ്രാചീനാചാര്യനാല്‍ രചിക്കപ്പെട്ടിട്ടുള്ള ഒരു വലിയ പ്രമാണഗ്രന്ഥമാകുന്നു. വിമര്‍ശിനിയില്‍
ബോധായനം ച മന്വാദീനാശ്വലായനമേവ ച
പ്രണമ്യ ക്രിയതേ സ്മാര്‍ത്തപ്രായശ്ചിത്തവിമര്‍ശിനീ
എന്ന പ്രതിജ്ഞാപദ്യത്തിനു മേല്‍ ഗ്രന്ഥകാരന്‍ ഇങ്ങനെ ഉപന്യസിച്ചുകൊണ്ടു പുരോഗമനംചെയ്യുന്നു: ʻʻഅത്ര പ്രഥമമഗ്നിനാശകരാ ദോഷാ ഉച്യന്തേ. തത്ര ബോധായനോ യജ്ഞപ്രായശ്ചിത്തമാഹ. അഥാതോരണ്യോര്‍വ്യാപത്തിം വ്യാഖ്യാസ്യാമോഷ്ടാഭിര്‍ന്നിമിത്തൈര്‍വിനശ്യതി. അമേധ്യശ്വപചചണ്ഡാ ലശൂദ്രവായസപതിതരാസഭരജസ്വലാഭിശ്ച സംസ്പര്‍ശനേരണ്യോര്‍വിനാശ ഇതി. അത്രാരണിവിനാശേനാഗ്നിവിനാശോപ്യുക്തഃ. ഉഭയോഃ കാര്യകാരണസംബന്ധസദ്ഭാവാല്‍. തദുക്തം പ്രായശ്ചിത്തസമുച്ചയേ, അരണിവിനാശേനാഗ്നി വിനാശ ഉക്ത ഇതി.ˮ
ʻʻചതുശ്ശബ്ദാര്‍ത്ഥസ്യോപസര്‍ജ്ജനമിതി പാണിനിവചനാദാഗതാഃˮ എന്നും മറ്റുമുള്ള ഭാഗങ്ങളില്‍ തന്റെ ഗാഢമായ വ്യാകരണജ്ഞാനത്തേയും അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നുണ്ടു്. വിമര്‍ശിനിക്കു മഹാമഹോപാധ്യായന്‍ കൊടുങ്ങല്ലൂര്‍ ഭട്ടന്‍ ഗോദവര്‍മ്മത്തമ്പുരാന്റെ ഒരു വ്യാഖ്യാനമുണ്ടു്.
മഹിഷമങ്ഗലം ഭാണം
മറ്റു ഭാണങ്ങളെപ്പോലെ നാരായണന്‍നമ്പൂരിയുടെ ഭാണത്തിനും പ്രത്യേകമായ ഒരു സംജ്ഞയില്ലാത്തതിനാല്‍ അതിനെ മഹിഷമംഗലഭാണം എന്നു പറഞ്ഞുവരുന്നു. അതു കവിയുടെ യൗവനാരംഭത്തിലെ ഒരു കൃതിയായിരിക്കണം. കേരളത്തിലെ ഭാണങ്ങളുടെ ചരിത്രത്തില്‍ വിടനിദ്ര കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണു് അതിന്നുള്ളതു്. കവിതാഗുണംകൊണ്ടു് അതു കനിഷ്ഠികാധിഷ്ഠിതമായിത്തന്നെ നിലകൊള്ളുകയും ചെയ്യുന്നു. മാതൃക കാണിക്കുവാന്‍ ചില പദ്യങ്ങള്‍ ഉദ്ധരിക്കാം: ഗദ്യമാതൃക മുന്‍പുതന്നെ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞുവല്ലോ.
ഒരു സുന്ദരി:
ʻʻഉപചിതമിവ ഭാഗധേയമക്ഷ്‌ണോ-
രുരസിജഭാരമുദാരമുദ്വഹന്തീ
മദതരളമരാളരാജകാന്താ-
മധുരഗതാ മമ സമ്മദം വിധത്തേ.ˮ
നായികയുടെ വിരഹാവസ്ഥ:
ʻʻആളിനാംവചനേസ്ഥിതിംനകുരുതേ;കേളീശുകം നേക്ഷതേ;
വ്യാളീതി സ്തനമണ്ഡലേ ന സഹതേ ദത്താം മൃണാളീലതാം;
വ്രീളാവിഹ്വലചിത്തവൃത്തി വിഗളദ്ബാഷ്പാംബു, സാകേവലം
ബാല ബാലശിരീഷകോമളതനുശ്ശയ്യാഗൃഹം സേവതേ.ˮ
ഒരു യുവതിയുടെ കേശപാശം:
ʻʻകുടിലമസിതമേഘച്ഛായമാഭോഗഭാജം
ചികുരമധികദീര്‍ഘം ലംബമാനം വഹന്തീ
പരിലഘയതി പശ്ചാദ്ഭാഗകാന്ത്യാപി ധൈര്യം
ന ഹി ഗുളഗുളികായാ: ക്വാപി മാധുര്യഭേദഃ.ˮ
തേച്ചുകുളിക്കാന്‍പോകുന്ന ഒരു യുവതി:
ʻʻഅര്‍ദ്ധാലക്ഷ്യമനോഹരോരുയുഗളം നാത്യായതം ബിഭ്രതീ
വാസഃ പ്രോഷിതഭൂഷണൈരവയവൈഃ കാന്തിംകിരന്തീപരാം
തൈലാഭ്യക്തതനുര്‍ന്നിബദ്ധചികുരാ താംബൂലഗര്‍ഭാനനാ
വാപീംസ്നാതുമിതോ നിജാന്നിലയാനാന്നിര്യാതിശാതോദരീ.ˮ
ഒരു ഗര്‍ഭിണിയുടെ വിചാരം:
ʻʻസന്താനലാഭം സഞ്ചിന്ത്യ പ്രസാദമയതേ മനഃ
ദൂയതേ ച പുനര്‍ന്നവ്യയൗവനാപായശങ്കയാ.ˮ
ʻരാജല്‍കീര്‍ത്തിʼ ഇത്യാദി പദ്യത്തിലെ ʻആയുഗാന്തസമയംʼ എന്ന പദം കലിദിനസൂചകമാണെന്നു ചിലര്‍ സങ്കല്പിക്കുന്നതു പ്രമാദംതന്നെ. അതു പരമാര്‍ത്ഥമാണെങ്കില്‍ ഭാണത്തിന്റെ നിര്‍മ്മിതി കൊല്ലം 390-ആണ്ടിലാണെന്നു വരേണ്ടതാണല്ലോ.
രാസക്രീഡാകാവ്യം
രാസക്രീഡ അന്യാദൃശമായ ശബ്ദഭംഗികൊണ്ടു് അനുവാചകന്മാരെ കോള്‍മയിര്‍ക്കൊള്ളിക്കുന്ന ഒരു ഖണ്ഡകാവ്യമാകുന്നു. പ്രസ്തുത കാവ്യത്തിലെ പദ്യങ്ങളെല്ലാം വസന്തതിലകവൃത്തത്തിലാണു് നിബന്ധിച്ചിരിക്കുന്നതു്. അതിലും വലയാധീശ്വരിയുടെ വന്ദനമുണ്ടു്. ചില പദ്യങ്ങള്‍ ചുവടേ ചേര്‍ക്കുന്നു:
ʻʻആതുംഗമസ്തകമനസ്തമിതാനുഭാവ-
മാതങ്കഭാരഹരമംഘ്രിസരോജഭാജാം
മോദങ്കരോതു ശിവയോസ്സുകൃതൈകമത്യം
മാതംഗമാനുഷവപുര്‍മ്മഹിതം മഹോ നഃ.ˮ
ʻʻപ്രാലേയശംഖകുസുമസ്‌ഫടികാവദാതാം
ബാലേന്ദുമണ്ഡിതമനോജ്ഞകിരീടഭാരാം
ആലോകയാമി മനസാ വചസാം സവിത്രീം
നാളീകയോനിവദനാംബുജകേളിഹംസീം.ˮ
ʻʻപാരപ്രയാണസുഹൃദസ്സകലാഗമാനാം
പാപാംബുരാശിപരിശോഷവിധൌ ധുരീണാഃ
പായാസുരാധിഹരണേ ഭജതാം പ്രവീണാഃ
പാദാരവിന്ദതലപാംസുകണാ ഗുരൂണാം.ˮ
ʻʻവന്ദാരുദേവകുലമൗലിവിരാജമാന-
മന്ദാരമാല്യമധുവാസിതപാദപീഠം
വന്ദാമഹേ വലയമന്ദിരവാസലോലം
ചന്ദ്രാവതംസവപുരര്‍ദ്ധതപോവിലാസം.ˮ
ʻʻശബ്ദാഗമേഷു സുലഭോ ന പരിശ്രമോസ്തി
വിദ്വല്‍പ്രമോദജനകോ ന ഗിരാം വിലാസഃ
ഉദ്വേലമന്തരുദിതാ സരസീരുഹാക്ഷ-
ഭക്തിഃ പരം ജനമിമം മുഖരീകരോതി.ˮ
ʻʻഉദ്യോഗവത്യുഡുഗണാധിപതാവുദേതു-
മുദ്വേലകൗതുകഭരാസ്തരസാ ചകോരാഃ
ആതേനിരേ ഗളഗുഹാഗളിതൈരമന്ദൈഃ
കോലാഹലൈഃ കമുദിനീമപനീതനിദ്രാം.ˮ
ʻʻമന്ദോന്മിഷല്‍കുസുമവിഭ്രമമഞ്ജുഹാസാ
ചന്ദ്രാതപപ്രസരചന്ദനചര്‍ച്ചിതാംഗീ
വൃന്ദാവനസ്യ സുഭഗാ വിതതാന ലക്ഷ്മീര്‍-
ന്നന്ദാത്മജസ്യ ഹൃദയേ പരമം പ്രമോദം.ˮ
ഉത്തരരാമായണചമ്പു
ഉത്തരരാമായണ ചമ്പുവിലെ ഒരു സ്തബകമേ കണ്ടുകിട്ടീട്ടുള്ളു. ആ കാവ്യത്തിനും രാസക്രീഡയ്ക്കും തമ്മിലുള്ള രചനാവിഷയകമായ ഏകോദരസഹോദരത്വം വിശദമാണു്. പോരെങ്കില്‍ താഴെക്കാണുന്ന ചമ്പൂപദ്യങ്ങള്‍ ആ ബന്ധത്തെ പ്രസ്പഷ്ടമായി ഉല്‍ഘോഷിക്കുകയും ചെയ്യുന്നു:
ʻʻവന്ദാരുദേവഗണമൗലിവിരാജമാന-
മന്ദാരസൂനസുരഭീകൃതപാദപീഠാം
സംഭാവയാമി ഹൃദയേന സരസ്വതീം താ-
മംഭോജയോനിവദനാംബുജരാജഹംസീം.ˮ
ʻʻഹസ്താരവിന്ദധൃതപുഷ്പശരേക്ഷുചാപ-
പാശാംകുശാനരുണഭൂഷണമാല്യലേപാന്‍
വന്ദാമഹേ വലയമന്ദിരവാസലോലാം
ശ്ചന്ദ്രാവതംസവപൂരര്‍ദ്ധതപോവിലാസാന്‍.ˮ
ഈ ഗ്രന്ഥത്തില്‍നിന്നു കവിക്കു ʻകൃഷ്ണന്‍ʼ എന്നൊരു ഗുരുവുണ്ടായിരുന്നതായി വെളിപ്പെടുന്നു:
ʻʻയശോദയാമണ്ഡിതാത്മാ യഥേഷ്ടദുഘഗോധനഃ
ജയത്യമേയമഹിമാ കൃഷ്ണഃ കൃഷ്ണ ഇവാപരഃ,
ശ്രുതിര്യം ശ്രുതസമ്പന്നമാശ്രിത്യാശ്രിതവത്സലം
രമയത്യമലൈരംഗൈരതിരമ്യപദക്രമാ.
തല്‍കൃപാവാരിസമ്പര്‍ക്കരോഹത്സാരസ്വതാംകുരഃ
ചരിതം രാമചന്ദ്രസ്യ രചയാമ്യഹമുത്തരം.ˮ
വേദവേദാംഗവിജ്ഞനായ ഈ ഗുരുവിനെപ്പറ്റി ഒരറിവും ലഭിക്കുന്നില്ല. പ്രസ്തുത ചമ്പുവില്‍നിന്നു് ഒരു ഗദ്യത്തിലെ ഏതാനും പംക്തികളും ചില പദ്യങ്ങളും ഉദ്ധരിക്കാം.
ഗദ്യം
ʻʻ… സത്യലോകമിവ വിരാജമാനപത്മാസനം, വൈകുണ്ഠലോകമിവ പ്രകടിതരഥാംഗവിലാസം, കൈലാസമിവ നൃത്യന്നീലകണ്ഠം, രാമായണമിവ കുശലവോപസ്കൃതം, മഹാഭാരതമിവ മഹിതാര്‍ജ്ജുനധാര്‍ത്തരാഷ്ട്രം, ശ്രീഭാഗവതമിവ ശുകവചനമനോരമം, സംഖ്യാപേതപത്രജാലസമന്വിതമപി സപ്തപത്രപരിഭാസുരം, പ്രഹ്ലാദജനകമപി സുരതോപശോഭിതം, സകലപ്രിയങ്കരമപി സകല വിപ്രിയങ്കരം, അഖിലേന്ദ്രിയസുകൃതാഭോഗമാരാമഭൂഭാഗം....ˮ
പദ്യങ്ങള്‍, ഔദ്ധത്യപരിഹാരം:
ʻʻയദ്യസ്തി കശ്ചന കൃശോപി ഗുണോ മദീയേ
കാവ്യേ കൃതസ്സഫല ഏവ നനു പ്രയാസഃ
ജിഹ്വാം ന ചേദപി ബലാന്ന നിവാരയാമി
പാപക്ഷയോ ഭവതി യല്‍ പരിഹാസയോഗാല്‍.ˮ
ശ്രീരാമന്‍ ഹനൂമാനോടു്:
ʻʻപ്രാണസ്സമസ്തജഗതഃ പവനഃ പിതാ തേ,
ചക്ഷുസ്തഥൈഷ ഭഗവാന്‍ ഗുരുരംശുമാലീ
ഇത്ഥം വദന്തി ഭുവി വേദ്യവിദോ മഹാന്തോ
മന്യേ ദ്വയം പുനരിദം മമ തു ത്വമേവ.ˮ
വസന്താഗമം:
ʻʻഉദ്ധൂള്യ ദിക്ഷു നവപുഷ്പപരാഗചൂര്‍ണ്ണ-
മുച്ചാടനായ വനിതാജനമാനരാശേഃ
മന്ദം മധുവ്രതവിരാവമയം മഹാത്മാ
മന്ത്രം ജജാപ മലയാനിലമന്ത്രവാദീ.ˮ
അരുണോദയം:
ʻʻരക്താര്‍ദ്രപീനപരിലംബിപയോധരാഢ്യാ
ചിത്തേ ഭയം വിദധതീ ജനകാത്മജായാഃ
കേളീവിരോധമകരോല്‍ സഹസാ സമേത്യ
സന്ധ്യാ പുരേവ ഭഗിനീ ദശകന്ധരസ്യ.ˮ
കേരളീയ സംസ്കൃതകവികളുടെ മദ്ധ്യത്തില്‍ എത്ര മഹനീയമായ ഒരു സ്ഥാനമാണു് നാരായണന്‍നമ്പൂരിക്കുള്ളതെന്നു് ഇനി പ്രത്യേകമായി പറയേണ്ടതില്ലല്ലോ.
വ്യവഹാരമാല
ദക്ഷിണഭാരതത്തില്‍ വ്യവഹാരകാര്യങ്ങള്‍ക്കു പ്രമാണഭൂതങ്ങളായി വിജ്ഞാനേശ്വരന്റെ യാജ്ഞവല്ക്യസ്മൃതിവ്യാഖ്യയായ മിതാക്ഷരയ്ക്കുപുറമേ പരാശരമാധവീയം (മാധവാചാര്യരുടെ പരാശരസ്മൃതിവ്യാഖ്യ), വരദരാജന്റെ വ്യവഹാരനിര്‍ണ്ണയം, ദേവണ്ണഭട്ടന്റെ സ്മൃതിചന്ദ്രിക, പ്രതാപരുദ്രഗജപതിയുടെ സരസ്വതീവിലാസം എന്നിങ്ങനെ നാലു നിബന്ധങ്ങളുണ്ടു്. സരസ്വതീവിലാസം കൊല്ലം 695-ആണ്ടിടയ്ക്കാണു് ആവിര്‍ഭവിച്ചതു്. അതില്‍ വ്യവഹാരനിര്‍ണ്ണയത്തെ അനുസ്മരിയ്ക്കുന്നുണ്ടു്. പരാശരമാധവീയത്തിന്റെ ആവിര്‍ഭാവം ക്രി. പി. പതിനാലാംശതകത്തിലാണെന്നുള്ളതു സുവിദിതമാണല്ലോ. വ്യവഹാരമാല പരാശരമാധവീയത്തേയും വ്യവഹാരനിര്‍ണ്ണയത്തേയും ഉപജീവിക്കുന്നു. ഈ കൃതി മഴമംഗലത്തിന്റേതാണെന്നു ചില പഴയ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിക്കാണുന്നു. നാരായണന്‍നമ്പൂരിയാണു് പ്രണേതാവെന്നു് എനിക്കു പ്രായശ്ചിത്തവിമര്‍ശിനി വായിച്ചതിനുമേല്‍ അനുമാനിക്കുവാന്‍തോന്നുന്നു. 671-ലാണു് അതിന്റെ നിര്‍മ്മിതി എന്നു ചിലര്‍ പറയുന്നതു് നിര്‍മ്മൂലമാകുന്നു. സിവിലായും ക്രിമിനലായും ഉണ്ടാകുന്ന കേസ്സുകള്‍ തീരുമാനിക്കുവാന്‍ കേരളത്തില്‍ അതിനുമുമ്പു് അത്തരത്തില്‍ ക്രോഡീകൃതമായ ഒരു നിയമഗ്രന്ഥമില്ലായിരുന്നതിനാല്‍ ആ ന്യൂനത പരിഹരിക്കുന്നതിനുവേണ്ടിയാണു് മഴമംഗലം പ്രസ്തുത നിബന്ധം രചിച്ചതു്. പക്ഷേ അദ്ദേഹത്തിന്റെ പുരസ്കര്‍ത്താക്കന്മാരായ രണ്ടു കൊച്ചിമഹാരാജാക്കന്മാരില്‍ ഒരാളുടെ പ്രേരണ അതിനുണ്ടായിരുന്നിരിക്കാം. വ്യവഹാരദര്‍ശനവിധി, പ്രാഡ്വിവാകധര്‍മ്മം, സഭാസഭ്യോപദേശം മുതലായി പല ഉപക്രമവിഷയങ്ങളേയുംപറ്റി പ്രസ്താവിച്ചതിനാല്‍ ആചാര്യന്‍ (1) ഋണാദാനം, (2) അസ്വാമിവിക്രയം, (3) സംഭൂയ സമുസ്ഥാനം, (4) ദത്താപ്രദാനികം, (5) അഭ്യുപേത്യാശുശ്രുഷ, (6) വേതനാനപാകര്‍മ്മം, (7) സ്വാമിപാലവിവാദം, (8) സമയാനപാകര്‍മ്മം, (9) വിക്രിയാസമ്പാദനം, (10) ക്രീത്വാനുശയം, (11) സീമാവിവാദം, (12) വാക്‍പാരുഷ്യം, (13) ദണ്ഡപാരുഷ്യം, (14) സ്തേയം, (15) സാഹസം, (16) സ്ത്രീസംഗ്രഹണം, (17) ദായവിഭാഗം, (18) ദ്യൂതസമാഹ്വയം, (19) പ്രകീര്‍ണ്ണകം എന്നിങ്ങനെ പത്തൊന്‍പതു പ്രകരണങ്ങളിലായി സകല വ്യവഹാരങ്ങളെയും ഉള്‍പ്പെടുത്തി അവയെ സംക്ഷിപ്തമായും സമഞ്ജസമായും നിരൂപണംചെയ്യുന്നു. കീര്‍ണ്ണകം (പലവക) ഒഴിച്ചാല്‍ പതിനെട്ടു പ്രകാരത്തിലാണു് വ്യവഹാരങ്ങള്‍ ഉത്ഭവിക്കുന്നതെന്നു കാണാം. പ്രസ്തുത നിബന്ധത്തില്‍ ആകെ 1234 ശ്ലോകങ്ങളുണ്ടു്. അവ പല സ്മൃതികാരന്മാരുടേയും ഗ്രന്ഥങ്ങളില്‍നിന്നു് ഉദ്ധരിച്ചിട്ടുള്ളവയാണു്. പ്രണേതാവിന്റെ പ്രതിജ്ഞ തന്നെ
ʻʻമനുമുഖ്യസരസ്സമുദ്ഭവൈ-
സ്സുകുമാരൈഃ പ്രസവൈര്‍വചോമയൈഃ
ത്രിദിവാപ്തിഫലൈര്‍ന്നൃപോചിതാം
രചയാമി വ്യവഹാരമാലികാം.ˮ
എന്നാകുന്നു. മനു, വസിഷ്ഠന്‍, വ്യാസന്‍, നാരദന്‍, യാജ്ഞവല്ക്യന്‍, കാത്യായനന്‍, പിതാമഹന്‍, യമന്‍, വിഷ്ണു, ഉശനസ്സു്, ഗൗതമന്‍, ആപസ്തംബന്‍, ബോധായനന്‍, വിശ്വാമിത്രന്‍, ഭരദ്വാജന്‍, ദേവലന്‍, ശംഖന്‍, ഹാരീതന്‍, കാശ്യപന്‍, ബൃഹസ്പതി, സംവര്‍ത്തകന്‍ എന്നിങ്ങനെ പല പൂര്‍വ്വാചാര്യന്മാരുടേയും ഗ്രന്ഥങ്ങളെ അദ്ദേഹം ഉപജീവിച്ചിട്ടുണ്ടു്.
വ്യവഹാരമാലയ്ക്കു ഭാഷയില്‍ സംക്ഷിപ്തമായി ഒരു പദ്യവിവര്‍ത്തനവും ഗദ്യത്തില്‍ ഒരു തര്‍ജ്ജമയും കാണ്മാനുണ്ടു്. ഗദ്യം 984-ആണ്ടു് ഒരു ദ്രാവിഡബ്രാഹ്മണന്‍ നിര്‍മ്മിച്ചതാണു്. ഇവയുടെ സ്വരൂപത്തെപ്പറ്റി പിന്നീടു് പ്രതിപാദിക്കും. ക്രി. പി. പത്തൊന്‍പതാംശതകത്തിന്റെ ആരംഭത്തിലാണല്ലോ ആംഗ്ലേയസമ്പ്രദായത്തില്‍ വ്യവഹാരങ്ങള്‍ക്കു വിധി കല്പിക്കുന്നതിന്നുള്ള കോടതികള്‍ കേരളത്തില്‍ സ്ഥാപിയ്ക്കപ്പെട്ടതു്. അതുവരെ 250 വര്‍ഷക്കാലത്തേക്കു പ്രാഡ്വിവാകന്മാര്‍ക്കു ശരണീകരണീയമായിരുന്ന നിയമഗ്രന്ഥം വ്യവഹാരമാല മാത്രമായിരുന്നു. ക്രി. പി. പത്താംശതകത്തില്‍ അതിനുപുറമെ ചില ചട്ടവരിയോലകളും മറ്റുകൂടി ഉപനിയമസ്ഥാനത്തില്‍ ഉത്ഭവിക്കുകയുണ്ടായി.
വേദാന്താചാര്യന്‍, കാവ്യപ്രകാശോത്തേജിനി
അലങ്കാരശാസ്ത്രത്തില്‍ അത്യന്തം പ്രമാണഭൂതമായ ഒരു ഗ്രന്ഥമാകുന്നു കാവ്യപ്രകാശം. ആ ഗ്രന്ഥത്തിന്റെ പ്രണേതാവും കാശ്മീരദേശീയനുമായ മമ്മടഭട്ടന്‍ ക്രി. പി. പതിനൊന്നാംശതകത്തിന്റെ മധ്യത്തില്‍ ജീവിച്ചിരുന്നു. പത്തുല്ലാസങ്ങളില്‍ നാടകപ്രകരണമൊഴികെ ശേഷം സാഹിത്യസംബന്ധമായുള്ള സകല വിഷയങ്ങളേയുംപറ്റി പ്രതിപാദിക്കുന്ന പ്രസ്തുത ഗ്രന്ഥത്തില്‍ ദശമോല്ലാസത്തിലെ പരികരാലങ്കാരാവധിയുള്ള ഭാഗം മമ്മടനും അവശിഷ്ടമായ അല്പാംശം അല്ലടനും രചിച്ചു. കാവ്യപ്രകാശത്തിനെന്നതുപോലെ അത്ര വളരെ ടീകുകളും ടിപ്പണികളും വേറെ യാതൊരലങ്കാരഗ്രന്ഥത്തിന്നും ഉണ്ടായിട്ടില്ല. ആദ്യത്തെ വ്യാഖ്യാനം ജൈനനായ മാണിക്യചന്ദ്രന്റെ ʻʻസങ്കേതˮമാണു്. അദ്ദേഹം ക്രി.പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തില്‍ ജീവിച്ചിരുന്നു. ʻʻകാവ്യപ്രകാശസ്യകൃതാ ഗൃഹേ ഗൃഹേ ടീകാസ്തഥാപ്യേഷ തഥൈവ ദുര്‍ഗ്ഗമഃˮ എന്നു് ആ ഗ്രന്ഥത്തിനു് ആദര്‍ശമെന്ന വ്യാഖ്യാനം നിര്‍മ്മിച്ച മഹേശ്വരന്‍ അഭിപ്രായപ്പെടുന്നു.
വേദാന്താചാര്യര്‍ രവിവര്‍മ്മസംജ്ഞനായ ഒരു കൊച്ചിമഹാരാജാവിന്റേയും, അദ്ദേഹത്തിന്റെ അനന്തിരവനും അക്കാലത്തെ യുവരാജാവുമായ വീരകേരളവര്‍മ്മത്തമ്പുരാന്റേയും ആശ്രിതനായി താമസിച്ച കാലത്തു കാവ്യപ്രകാശത്തിനു രചിച്ച ഒരു വിപുലവും വിശദവുമായ വ്യാഖ്യയാണു് പ്രകാശോത്തേജിനി. അര്‍ത്ഥാലങ്കാരങ്ങള്‍ക്കുള്ള ഉദാഹരണശ്ലോകങ്ങളെല്ലാം രവിവര്‍മ്മപ്രശസ്തിപരങ്ങളാകയാല്‍ അതിലെ ദശമോല്ലാസത്തിനു രവിരാജയശോഭൂഷണം എന്നും പേരുണ്ടു്. വേദാന്തദേശികര്‍ തൊണ്ഡമണ്ഡലത്തിന്റെ തലസ്ഥാനമായ കാഞ്ചീപുരത്തിലെ ഒരു വൈഷ്ണവബ്രാഹ്മണനായിരുന്നു. അദ്ദേഹം തന്റെ ചരിത്രത്തേയും താന്‍ ഉത്തേജിനി നിര്‍മ്മിക്കുന്നതിന്നുള്ള കാരണത്തേയും കുറിച്ചു താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളില്‍ പ്രസ്താവിക്കുന്നു:
ʻʻരാമേണേവ ഗുണാകരേണ മഹതാ വംശോ രവേഃ ശ്രീമതാ
കൃഷ്ണേനേവ യദോരശേഷജഗതാമാധാരതാമഞ്ചതാ
ശ്രീകൊച്ചീശിതുരന്വയോവനിതലേ പുണ്യേന യേനാധുനാ
ധത്തേ സര്‍വ്വകുലോത്തമത്വമമലോ ഭാതീഹ സോയം രവിഃ
വിരാട്ശ്വേതച്ഛത്രപ്രസൃമരയശാ ലേഖരമണീ-
ജനാഭീഷ്ടപ്രേയോവിതരണഭുജാദണ്ഡമഹിമാ
മിഥോംകൂരക്ഷീരാര്‍പ്പണഭരിതദാനവ്യസനിത-
സ്വരുര്‍വീരുഡ്ധേനൂ രവിധരണിപാലോ വിജയതേ.
സംഗീതാഗമപാരഗോ വിതരണീ സാഹിത്യസൗഹിത്യഭൂ-
ശ്ശുരസ്സജ്ജനരക്ഷണൈകനിപുണശ്‌ശ്രീമാന്‍ രവിക്ഷ്മാപതിഃ
യസ്തസ്യ സ്വസുരാത്മജോ ഖിലസുധീജാഗദ്യമാനപ്രഥാ-
ശാലീ യോ ഭുവി വീരകേരളധരാജാനിസ്സ ജേഗീയതേ.
നൃപസ്സ വീരകേരളോരികേളിപശ്യതോഹര-
പ്രതാപശോഭമാനമാനവേന്ദ്രവൃന്ദശേഖരഃ
കദാചിദാഗതോ മുകുന്ദവന്ദനായ സംഗമ-
സ്ഥലേ നിരങ്കചന്ദ്രബിംബസുന്ദരാനനസ്സുധീഃ.
തുണ്ഡീരക്ഷിതിമണ്ഡലമണ്ഡനകാഞ്ചീപുരാദിഹായാതം
വേദാന്തദേശികം ബുധമൈക്ഷത ദിക്കൂലമുദ്രുജസമജ്ഞം.
മംഗലസംഗമരംഗേ തം ഗുരുമവലോക്യ വീരകേരളരാട്
സ്മിതരഞ്ജിതമുഖമണ്ഡലി വചനം രചനാമനോഹരം ന്യഗദത്.
വിദ്വജ്ജനമകുടീമണിരഞ്ജിതചരണാബ്‌ജനഖരഗംഭീര!
വാഗ്ദേവതാവതാര! ത്വം ശൃണു വചനം സമസ്തലോകഹിതം.
തൗതാദികനൈയായികവൈയാകരണാദിവാദിസിദ്ധാന്തൈഃ
ദുരധിഗമസ്യ വിധേഹി വ്യാഖ്യാം കാവ്യപ്രകാശസ്യ.
ഇത്ഥം നിദേശതസ്തസ്യ രാജ്ഞോ വേദാന്തദേശികഃ
പ്രകാശോത്തേജിനീം നാമ ടീകാമാധാതുമുദ്യതഃ.
വസുന്ധരാകലിതതപോധനപുരന്ദരേണ സനന്ദനാവതാരേണയോയമസ്‌തൂയത-
യച്ഛാസ്ത്രം യേന സമ്യക്‍ പഠിതമുരുദൃഢം
പാഠിതം വാഗ്വിധേയം
ക്ണുപ്തം തത്രൈവ തസ്യ പ്രതിഭടകരിണോ
ഗര്‍വഭംഗം വിതന്വന്‍
നാനാതന്ത്രസ്വതന്ത്രശ്ചരതി ബുധജനാ-
സ്വാദ്യഗംഭീരസൂക്തിര്‍-
വേദാന്താചാര്യസിംഹോ വിസൃമരസുയശഃ-
കേസരഃ കേരളോര്‍വ്യാം.
തഥൈവ മഹാകവിമന്ത്രവാദിശിഖാമണിനാ വാമനഭൂസുരേണാപി പ്രാശംസി-
വേദാന്താചാര്യസൂര്യോദയമനു സമഭൂല്‍
സാധുചക്രപ്രഹര്‍ഷോ
ദുര്‍ല്ലോകോലൂകപൂഗഃ സമജനി വിഗതാ-
ലോകഹൃച്ഛോകമൂകഃ
വിദ്യാധ്വന്യധ്വനീനാ ഭുവി ഫലിതദൃശഃ
സ്വൈരസഞ്ചാരദക്ഷാ
ദിക്ഷു ദ്രാക്‌ക്ഷുദ്രഭാസാമതിരയമധുനാ
പ്രാപ്യസത്താമസത്താ.
ഇതി സ താദൃശഃ
ഭാരദ്വാജാന്വയാംഭോനിധിജനനജൂഷഃ
ശ്രീനിവാസാധ്വരീന്ദോ-
സ്സംജാതസ്സര്‍വവിദ്യാജലധികലശജഃ
ശ്രീനൃസിംഹാനുജോ യഃ
ശ്രീകൊച്ചീരാജസിംഹാസനനിലയസുധീ
ചക്രവര്‍ത്തീ ബുധോസൗ
വേദാന്തചാര്യനാമാ രചയതി വിവൃതിം
വ്യക്തകാവ്യപ്രകാശാം.
കാവ്യപ്രകാശേലങ്കാരമീമാംസാന്യായമാംസളേ
വ്യാചിഖ്യാസോജ്ജിഹീതേ മേ തര്‍ക്കോപക്രമകര്‍ക്കശേ.
കവിതാര്‍ക്കികസിംഹസ്യ പ്രതിവാദിഭയങ്കരസ്യ സര്‍വഗുരോഃ
കരുണാ പരാംകുശമുനേസ്സരണാവേതസ്യ ശരണയതു.ˮ
ഗ്രന്ഥാവസാനത്തില്‍ ചുവടേ ചേര്‍ക്കുന്ന കുറിപ്പും കാണുന്നു:
- ʻʻഇതി ശ്രീഭാരദ്വാജകുലജലധികലാനിധി-ഗോപപുരോപകണ്ഠഹംസഗമനാംബികാനിവാസഗുരുശരഗ്രാമാധിരാജകൃത ഗംഗാസ്നാനാഗ്നിഷ്ടോമാദിനിത്യാന്നദാനസരസ്വതീ സഹോദര ശ്രീനിവാസാധ്വര്യുവരതനയ-സര്‍വ്വജ്ഞനൃസിംഹദേശികസഹജ-വാഗ്ദേവതാവരപ്രസാദാധിഗത ചതുര്‍വ്വിധകവിത്വഷഡ്ഭാഷാസിംഹാസന-തര്‍ക്കവിദ്യാഭിനവഗൗതമപ്രാഭാകരസരണി പ്രഭാകര-ശാബ്ദികശിഖാമണി-ധ്വനിമാര്‍ഗ്ഗാധ്വനീന-ദുര്‍വ്വാദിഗര്‍വ്വതൂലവാതൂല-പഞ്ചമതീഭഞ്ജന-വൈഷ്ണവരാദ്ധാന്തപ്രതിഷ്ഠാപകസര്‍വതന്ത്രസ്വതന്ത്ര-ശ്രീവേദാന്തവിരചിതായാം സര്‍വടീകാവിഭഞ്ജിന്യാം പ്രകാശോത്തേജിന്യാം കാവ്യപ്രകാശടീകായാം …ˮ
ഈ ഉദ്ധാരങ്ങളില്‍നിന്നു് അധോനിര്‍ദ്ദിഷ്ടങ്ങളായ വസ്തുതകള്‍ വെളിപ്പെടുന്നു. തൊണ്ഡമണ്ഡലത്തില്‍ ഗോപപുരം എന്ന സ്ഥലത്തിനു സമീപം ʻഹംസഗമനʼ എന്ന ദേവിയുടെ കേന്ദ്രസ്ഥാനമായി ഗുരുശരം എന്നൊരു ഗ്രാമമുണ്ടു്. ആ ഗ്രാമത്തിലെ പ്രഭുവിന്റെ ഔദാര്യത്താല്‍ ഗംഗാസ്നാനവും അഗ്നിഷ്ടോമാദിയാഗങ്ങളും അനുഷ്ഠിക്കുകയും ʻʻനിത്യാന്നദാനസരസ്വതിˮ എന്ന ബിരുദം ലഭിക്കുകയും ചെയ്ത ഒരു മഹാന്റെ സഹോദരനും ഭാരദ്വാജഗോത്രജനുമായ ശ്രീനിവാസമഖിയുടെ പുത്രനാണു് വേദാന്താചാര്യര്‍. അദ്ദേഹത്തിനു നൃസിംഹസംജ്ഞനായ ഒരു സഹോദരനുണ്ടായിരുന്നു. നാലു പ്രകാരത്തിലുള്ള കവിത്വത്തിലും ആറു ഭാഷകളിലും പ്രാചീനവും നവീനവുമായ ന്യായം, പ്രഭാകരമീമാംസ, വ്യാകരണം എന്നീ ശാസ്ത്രങ്ങളിലും നിഷ്ണാതനും, ധ്വനിമാര്‍ഗ്ഗാനുയായിയും വൈഷ്ണവമതപ്രതിഷ്ഠാപകനുമായ വേദാന്താചാര്യര്‍ കാഞ്ചീപുരത്തുനിന്നു കൊച്ചിരാജ്യത്തു വന്നു് അവിടത്തെ രവിവര്‍മ്മമഹാരാജാവിന്റെ ആസ്ഥാനപണ്ഡിതന്മാരില്‍ അഗ്രഗണ്യനായിത്തീര്‍ന്നു. ഒരിക്കല്‍ രവിവര്‍മ്മാവിന്റെ ഭാഗിനേയനായ വീരകേരളവര്‍മ്മത്തമ്പുരാന്‍ ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവാരാധനത്തിനായി എഴുന്നള്ളിയപ്പോള്‍ ആചാര്യര്‍ അവിടെയുണ്ടായിരുന്നു.പണ്ഡിതനായ ആ തമ്പുരാന്‍ കാവ്യപ്രകാശത്തിനു സംശയച്ഛേദിയും സുഗമവുമായ ഒരു വ്യാഖ്യാനം നിര്‍മ്മിക്കണമെന്നു് അവിടെവെച്ചു് ആജ്ഞാപിക്കുകയാല്‍ അദ്ദേഹം ആ കൃത്യത്തില്‍ വ്യാപൃതനായി. വേദാന്തദേശികരുടെ വൈദുഷ്യത്തെപ്പറ്റി സനന്ദനന്റെ അവതാരമെന്നു തോന്നത്തക്ക മാഹാത്മ്യമുള്ള തൃശ്ശൂര്‍ തെക്കേമഠം സ്വാമിയാരും മന്ത്രവാദികളില്‍ അഗ്രഗണ്യനായ വാമനന്‍നമ്പൂരിപ്പാടും മുക്തകണ്ഠമായി പ്രശംസിച്ചിട്ടുണ്ടു്. അദ്ദേഹം യാദവാഭ്യുദയാദിവിവിധ ഗ്രന്ഥപ്രണേതാവായ സാക്ഷാല്‍ വേദാന്തദേശികരേയും പരാംകുശമുനി (നമ്മാഴ്‌വാര്‍)യേയും വ്യാഖ്യാനത്തിന്റെ വിജയത്തിനായി വന്ദിക്കുന്നു.
കാലം
കൊച്ചി രവിവര്‍മ്മമഹാരാജാവിന്റേയും വീരകേരളവര്‍മ്മതമ്പുരാന്റേയും കാലം നിര്‍ണ്ണയിച്ചാല്‍ വേദാന്താചാര്യരുടെ കാലവും വെളിപ്പെടുന്നതാണല്ലോ. നീലകണ്ഠകവിയുടെ തൈങ്കൈലനാഥോദയം ചമ്പു ഗവേഷകന്മാര്‍ക്കു് ഈ വിഷയത്തില്‍ മാര്‍ഗ്ഗദര്‍ശകമായിരിക്കുന്നു. ചമ്പുവില്‍ ഉള്ളവയാണു് താഴെക്കാണുന്ന ശ്ലോകങ്ങള്‍:
ʻʻതദനു വിപുലവൈദുഷീനിധാനം
മനുജവരോജനി തത്ര ഗോദവര്‍മ്മാ
അഗണിതഗുണശേവധിശ്ച മധ്യേ
രവിസദൃശോ രവിവര്‍മ്മനാമധേയഃ.
ആവിര്‍ബഭൂവ തദനന്തരമാവിഭുഗ്ന-
ഭ്രൂ വല്ലി വിഭ്രമവശംവദവിശ്വലോകഃ
സാവിത്രവംശതിലകസ്ത്രിദിവേന്ദ്രധാമാ
ശ്രീവീരകേരള ഇതി ക്ഷിതിപാലചന്ദ്രഃ.ˮ
തദനന്തരം ആ വീരകേരളവര്‍മ്മ മഹാരാജാവിന്റെ വിവിധാപദാനങ്ങളെ പ്രകീര്‍ത്തനം ചെയ്യുന്ന ഒരു സംസ്കൃതഗദ്യവും കവി ഘടിപ്പിച്ചിട്ടുണ്ടു്. കാശിക്കെഴുന്നെള്ളിയ രാമവര്‍മ്മ മഹാരാജാവു് അദ്ദേഹത്തിന്റെ അനന്തരഗാമിയായിരുന്നു. കൊച്ചി രാജപരമ്പരയില്‍ ഒരു രവിവര്‍മ്മാവിനേയും അദ്ദേഹത്തെത്തുടര്‍ന്നു് ഒരു വീരകേരളവര്‍മ്മാവിനേയും നാം സമീക്ഷിക്കുന്നതു് ഈ ഘട്ടത്തില്‍ മാത്രമാണു്. 1537-ല്‍ ഒരു രാമവര്‍മ്മമഹാരാജാവു തീപ്പെട്ടു. അദ്ദേഹത്തിനു പിന്നീടാണു് ഒരു ഗോദവര്‍മ്മാവും രവിവര്‍മ്മാവും രാജ്യഭാരം ചെയ്തതായി നീലകണ്ഠന്‍ പ്രസ്താവിക്കുന്നതു്. രാമവര്‍മ്മാവിന്റെ അനുജനാണു് രവിവര്‍മ്മാവെന്നു വേദാന്താചാര്യരും ʻശ്രീരാമക്ഷിതിʼ ഇത്യാദി മേലുദ്ധരിക്കുന്ന ഒരു ശ്ലോകത്തില്‍ പറയുന്നു. വീരകേരളവര്‍മ്മ മഹാരാജാവു് 1561-ല്‍ വടക്കുംകൂര്‍ രാജാവിന്റെ അനുചരന്മാരാല്‍ വധിക്കപ്പെട്ടു. ഈ വഴിയ്ക്കു ചുഴിഞ്ഞുനോക്കുമ്പോള്‍ കൊല്ലം 720-ആണ്ടിടയ്ക്കു് വേദാന്താചാര്യര്‍ പ്രകാശോത്തേജിനി നിര്‍മ്മിച്ചു എന്നു സിദ്ധിക്കുന്നു. മേല്പുത്തൂര്‍ ഭട്ടതിരി തന്റെ സമകാലികനായ വീരകേരളവര്‍മ്മാവിനെപ്പറ്റി പ്രശംസിക്കുമ്പോള്‍ ʻʻവിശ്വാലങ്കാരഭൂതസ്സ്വയമഭിരമസേ നന്വലങ്കാരമാര്‍ഗ്ഗേ നീതൗ കാവ്യപ്രകാശഃ പുനരപി ഭജസേ ചാരു കാവ്യപ്രകാശംˮ എന്നു പറയുന്നുണ്ടെങ്കിലും ആ തമ്പുരാന്റെ മുന്‍വാഴ്ചക്കാരനായി രവിവര്‍മ്മനാമധേയനായ ഒരു മഹാരാജാവില്ലാതിരുന്ന സ്ഥിതിക്കു് അദ്ദേഹമല്ല ദേശികരുടെ പുരസ്കര്‍ത്താവെന്നു നിര്‍ണ്ണയിക്കേണ്ടിയിരിക്കുന്നു. ഉത്തേജിനിയിലെ അലങ്കാരപ്രകരണത്തില്‍ ഉദാഹരണങ്ങള്‍ രവിവര്‍മ്മാവിനെപ്പറ്റിയാണെങ്കിലും ആചാര്യന്‍ പ്രധാനമായി ആശ്രയിച്ചുവന്നതു വീരകേരളവര്‍മ്മാവിനെയാണെന്നു ഗ്രന്ഥത്തില്‍നിന്നു തെളിയുന്നു. അദ്ദേഹത്തെപ്പറ്റിയും അപൂര്‍വ്വം ചില ശ്ലോകങ്ങളുണ്ടു്. വിശിഷ്ടമായ ഈ വ്യാഖ്യാനത്തിന്റെ ചര്‍ച്ചയ്ക്കു് ഇവിടെ സൗകര്യമില്ല. രണ്ടു് ഉദാഹരണശ്ലോകങ്ങള്‍ മാത്രം ഉദ്ധരിക്കാം:
ʻʻരവിക്ഷമാപാല സരാജകേപി
ത്വമേവ ഭൂമീവലയേ യശസ്വീ
സതാരജാലേപി നഭോന്തരാളേ
പ്രകാശശാലീ ഖലു ചന്ദ്ര ഏവ.ˮ
ʻʻലക്ഷ്മീവന്‍ യുവരാജ മംഗലഗുണശ്രേണീപയോധേ ബുധേ
പ്രൗഢപ്രേമഭരം ദദാസി ന ലഗച്ചിത്തോസി മന്ദോദയേ
പാളീഭീ രവിമണ്ഡലാന്തരഭിദാമാതന്തനീഷി ദ്വിഷാം
കര്‍ണ്ണം ധിക്കുരുഷേ കരേണ രവിരപ്യാശ്ചര്യമുര്‍വീതലേ.ˮ
ഒടുവില്‍ താഴെക്കാണുന്ന ശ്ലോകവും കാണ്‍മാനുണ്ടു്.
ʻʻശ്രീരാമക്ഷിതിപാനുജസ്ത്രിജഗതി പ്രൗഢാസിമല്ലാഭിധോ
യോ വൈ മാനവപാരിജാത ഇതി യോ ജോഘുഷ്യമാണോജനൈഃ
വൃത്ത്യാ നൂതനദേവരാത ഇതി യോ ലീലാഹരിശ്ചന്ദ്ര ഇ-
ത്യാഖ്യാതോ രവിമേദിനീപതിരയം ജീയാദിഹായുശ്ശതം.ˮ
നീലകണ്‌ഠപൂജ്യപാദന്‍
കൊല്ലം എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന സംസ്കൃതപണ്ഡിതന്മാരില്‍ പ്രശസ്യമായ ഒരു പദവി ഈശാനന്റെ പുത്രനായ മുക്കോലയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂരിക്കു നല്കാവുന്നതാണു്. അദ്ദേഹം വാസുഭട്ടതിരിയുടെ ത്രിപുരദഹനം, ശൗരികഥ എന്നീ രണ്ടു യമകകാവ്യങ്ങള്‍ക്കു യഥാക്രമം അര്‍ത്ഥപ്രകാശിക എന്നും തത്ത്വപ്രകാശിക എന്നും ഉള്ള പേരുകളില്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ടു്. അര്‍ത്ഥപ്രകാശിക രാജരാജന്‍ എന്ന ബിരുദനാമത്താല്‍ വിദിതനായ കൊച്ചി വീരകേരളവര്‍മ്മമഹാരാജാവു് രാമവര്‍മ്മ യുവരാജാവിന്റെ സഹായത്തോടുകൂടി രാജ്യഭാരം ചെയ്ത കാലത്തും തത്ത്വ പ്രകാശിക രാമവര്‍മ്മമഹാരാജാവു ഗോദവര്‍മ്മയുവരാജാവിനോടുകൂടി രാജ്യപരിപാലനം ചെയ്ത കാലത്തുമാണു് നിര്‍മ്മിച്ചതു്. നീലകണ്ഠന്‍ മുക്കോലയ്ക്കല്‍ക്കാരനും അവിടത്തെ ഭഗവതിയുടെ പരമഭക്തനുമായിരുന്നു. പുരുഷോത്തമസരസ്വതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ഗുരുവായ യതിവര്യന്റെ നാമധേയം. താഴേക്കാണുന്ന പദ്യങ്ങള്‍ പ്രകൃതത്തില്‍ അനുസന്ധേയങ്ങളാണു്:
അര്‍ത്ഥപ്രകാശിക
ʻʻദുരിതഹരണദക്ഷം സൂര്യസോമാനലാക്ഷം
ക്ഷപിതസുരവിപക്ഷം ക്ഷീണദോഷാക്ഷലക്ഷ്യം
മഹിഷശിരസി രാജന്മുക്തിപൂര്‍വസ്ഥലേ വഃ
കൃതവസതി സരാഗം പാതു ദൗര്‍ഗ്ഗം മഹസ്തല്‍.
വാദിവ്രാതദുരാസദേഭഹനനപ്രക്ഷുബ്ധസിംഹോപമം
സ്വാന്തേവാസിഹൃദംബുജസ്ഥതിമിരപ്രധ്വംസഭാന്വാകൃതിം
ത്രയ്യന്തോക്തിവിചാരചാരുധിഷണം കര്‍മ്മന്ദിചൂഡാമണിം
വന്ദേ തം പുരുഷോത്തമാദികസരസ്വത്യാഖ്യമസ്മദ്ഗുരും.
അര്‍ത്ഥപ്രകാശികാനാമ്‌നാ വ്യാഖ്യാ പൗരദഹന്യസൗ
ക്രിയതേ നീലകണ്ഠേന ഗൗരീശാസനസംഭവാ.
ജഗതി (വിമല) കീര്‍ത്തൌ രാജരാജേ നരേന്ദ്രേ
ക്ഷിതിതലമിദമൃദ്ധം പാതി രാമേണ സാകം
രചയതി മിതമേതാം വൃത്തിമല്പേതരാര്‍ത്ഥാം
ഗളിതഗഹനഭാവാം നീലകണ്ഠോ ദ്വിജാഗ്ര്യഃ.ˮ
തത്ത്വപ്രകാശിക
ʻʻമഹിഷപ്രോഥനിഹിതചരണം കരണം മഹഃ
മുക്തേര്‍മ്മുക്തിസ്ഥലാസ്ഥാനം ദൗര്‍ഗ്ഗം ദുര്‍ഗ്ഗം ഭജേ മുഹുഃ
യദനുഗ്രഹതഃ പുംസാം മതിര്‍ദ്ദര്‍പ്പണനിര്‍മ്മലാ
യതീശം തം ഗുരും വന്ദേ ത്രയ്യന്തോദധിപാരഗം.
തത്ത്വപ്രകാശികാനാമ്‌നാ വ്യാഖ്യാ ശൗരികഥാശ്രയാ ക്രിയതേ നീലകണ്ഠേന ശ്രുതാര്‍ത്ഥപരിശുദ്ധയേ.
രാമവര്‍മ്മനൃപതൗ മഹീമിമാം
പാതി സാകമിഹ ഗോദവര്‍മ്മണാ
നീലകണ്ഠ … സാ കൃതാ
വൃത്തിരാന്ധ്യമതിദോഷഹന്ത്ര്യസൗ.
യല്‍കൃപാലേശതോജ്ഞോപി സുരാചാര്യസമോ ഭവേല്‍
കര്‍മ്മന്ദിവൃന്ദവന്ദ്യം തം ഗുരും വന്ദേ യതീശ്വരം.
ശ്രുതമപി ഗുരുമുഖ്യാദ്വക്‍തുമര്‍ത്ഥം ന ദക്ഷോ
ബഹുദിനമപി ചിന്താഹാനിദോഷേണ യസ്യ
മനസി ജനിതതാപം തസ്യ ഹാതും കൃതേയം
മഹതി യമകകാവ്യേ വൃത്തിരേഷാ സ്ഫുടാര്‍ത്ഥാ.
മുക്തിസ്ഥലോദവസിതോ ഗിരിരാജകന്യാ-
പാദാബ്‌ജധൂളിരനിശം നിഗമാന്തസേവീ
ഗോവിന്ദഭക്തിരസസംഭൃതിഭുഗ്നകണ്ഠോ
വ്യാഖ്യാമിമാം വ്യരചയല്‍ ഖലു നീലകണ്ഠഃ.ˮ
ʻനീലകണ്ഠപൂജ്യപാദവിരചിതായാംʼ എന്ന കുറിപ്പു തത്ത്വപ്രകാശികയുടെ അവസാനത്തില്‍ മാത്രമേ കാണുന്നുള്ളു എന്നുള്ളതിനാല്‍ അര്‍ത്ഥപ്രകാശിക രചിച്ചതിനുമേലാണു് നീലകണ്ഠന്‍ സന്യാസാശ്രമം സ്വീകരിച്ചതെന്നു് അനുമാനിക്കാം.
മഴമംഗലത്തു പരമേശ്വരന്‍ നമ്പൂരി
പരമേശ്വരന്‍ നമ്പൂരിയുടെ കൃതിയാണു് ആശൗചദീപകം. ആശൗചദീപികയെന്നും അതിനു പേരുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനത്തില്‍ കാണുന്ന
ʻʻഇത്ഥം തല്‍ പരമേശ്വരേണ നിഖിലം ഹ്യാശൗചദീപാഖ്യകം
ശ്രീമന്മദ്ഗുരുമാധവാദികഗുരൂന്‍ നത്വാ വിലിഖ്യാധുനാ
ജാലാംഗേധനസേവ്യനുല്‍കലിദിനേഥാഭൂല്‍ സമാപ്തം ക്രമാ-
ന്നാന്ദീതീരസമീപഗേന പുരുദാവഗ്രാമജേനാഞ്ജസാ.ˮ
എന്ന പദ്യത്തില്‍നിന്നു പരമേശ്വരന്‍തന്നെയാണു് ആ ഗ്രന്ഥത്തിന്റെ പ്രണേതാവെന്നും അദ്ദേഹത്തിന്റെ ഗ്രാമം (പുരുദാവം) പെരുവനമാണെന്നും ഗ്രന്ഥം സമാപ്തമായതു കൊല്ലം 754-ആണ്ടാണെന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ പ്രധാനഗുരു ഒരു മാധവനായിരുന്നുവെന്നും ആ പദ്യത്തില്‍നിന്നു നാം ധരിക്കുന്നു. നാന്ദിയെന്നതു പുതുക്കാട്ടിനു സമീപത്തുകൂടി ഒഴുകുന്ന ഒരു പുഴയാണത്രേ. ʻതാന്നീതീരʼ എന്നതാണു് ശരിയായ പാഠമെന്നും താന്നിപ്പുഴ എന്നു കാലടിയില്‍ കടത്തുസ്ഥലത്തു പെരിയാറ്റിനു പേരുണ്ടെന്നും ഒരു പക്ഷാന്തരമുണ്ടു്. ʻതാന്നിʼ എന്ന മലയാളശബ്ദം സംസ്കൃതീകരിക്കാതെ ഒരു സംസ്കൃതരൂപത്തില്‍ പ്രയോഗിക്കുന്നതു് അസാധാരണമാണെന്നു ഞാന്‍ കരുതുന്നു.
ആശൗചദീപകത്തിനു ചന്ദ്രിക എന്ന ഒരു പഴയ വ്യാഖ്യാനമുള്ളതിനുപുറമേ സര്‍വതന്ത്രസ്വതന്ത്രനായ കൊടുങ്ങല്ലൂര്‍ വിദ്വാന്‍ ഗോദവര്‍മ്മ ഇളയതമ്പുരാന്റെ (കൊല്ലം 975-1026) വിവേചനമെന്ന മറ്റൊരു വ്യാഖ്യാനവും കാണ്‍മാനുണ്ടു്. ആദ്യത്തേതു പെരുമനത്തുകാരനായ മറ്റൊരു നമ്പൂരി രചിച്ചതാണു്.
പുരുവനസംജ്ഞേ ഗ്രാമേ ജാതേനാശൗചദീപികാ രചിതാ
തദ്വൃത്തിസ്തത്രത്യേനൈവൈഷാശൗചചന്ദ്രികാ പ്രോക്താ.ˮ
എന്ന പദ്യം നോക്കുക. വിദ്വാന്‍ ഇളയതമ്പുരാന്‍ പ്രസ്തുത കൃതി മഴമംഗലത്തു നമ്പൂരിയുടേതാണെന്നു സ്പഷ്ടമായി പറയുന്നുണ്ടു്.
ʻʻപ്രീത്യൈ സതാം മഹിഷമംഗലനാമ്നി ഗേഹേ
ജാതേന ഭൂസുരവരേണ പുരാ കൃതം യല്‍
ആശൗചദീപകമമും വിവരീതുമദ്യ
ശ്രീകോടിലിംഗനിലയോ നൃപതിസ്സമീഹേ.ˮ
എന്ന പദ്യത്തില്‍നിന്നു് ഈ വസ്തുത ഗ്രഹിക്കാവുന്നതാണു്. ʻമഴമംഗലം ആശൗചംʼ എന്ന പേരിലാണു് പൊതുജനങ്ങളുടെ ഇടയില്‍ ഈ ഗ്രന്ഥത്തിനു പ്രശസ്തി എന്നും ഇവിടെ പ്രസ്താവിക്കേണ്ടതുണ്ടു്. ദീപകത്തില്‍ ഭിന്നവൃത്തങ്ങളിലായി 167 പദ്യങ്ങള്‍ മാത്രമേയുള്ളു. ആ ഹ്രസ്വമായ പരിധിക്കുള്ളില്‍ ആചാര്യന്‍ ആശൗചത്തെസ്സംബന്ധിച്ചു് അവധാരണീയങ്ങളായ സകലവിഷയങ്ങളും സമീചീനമായി പ്രതിപാദിക്കുന്നു. ആദ്യത്തെ പദ്യമാണു് താഴെച്ചേര്‍ക്കുന്നതു്:
ʻʻയതോ വാ ജന്മാസ്യ സ്ഫുരതി ച യതോ വാ തദിതരദ്
ദ്വയോരപ്യേതേന പ്രകടിതനിദാനാഘമഖിലം
വ്യതീയാസ്തേ ശുദ്ധോ നിരഘ ഇവ തസ്യാവഗമനാ-
ദുപാസേ തത്തത്ത്വം പ്രശമിതവികല്പം പദമിദം.ˮ
പ്രസ്തുതവിഷയത്തില്‍ കേരളത്തിലെ ഭിന്നദേശങ്ങളിലുള്ള ആ ചാരവ്യത്യാസങ്ങളെപ്പറ്റിയും അദ്ദേഹം അവസരോചിതമായി പ്രസ്താവിക്കുന്നുണ്ടു്.
ʻʻജന്മന ആരഭ്യ മൃതൌ ബന്ധൂനാം യോനിബീജജാതാനാം
ത്രിദിനമഘംഗൃഹ്ണീയുശ്ശിവപുരതശ്ചോത്തരാലയാഃപ്രായഃˮ
എന്നും
ʻʻവിപ്രേന്ദ്രാ ദാക്ഷിണാത്യാഃ ഖലു ശിവപുരത-
സ്‌തൂപനീതേര്‍വിവാഹാല്‍
പുന്നാര്യൗ പ്രാങ്മൃതൗ സ്നാന്ത്യഥ ഖലു മരണേ
യോനിബന്ധോസ്ത്ര്യഹാഘം
ഗൃഹ്ണീയുര്‍ബ്ബീജബന്ധോ ശശിദിനമപരേ
പക്ഷിണീം സംഗിരന്തേ
താമേതാം പക്ഷിണീം കേചന ദിനയുഗളീം
വിപ്രവര്യാ വദന്തി.ˮ
എന്നുമുള്ള പദ്യങ്ങള്‍ കാണ്‍ക. ഇവയില്‍ തൃശ്ശിവപേരൂര്‍ക്കു് വടക്കും തെക്കും താമസിക്കുന്ന നമ്പൂരിമാരുടെ ചില ആചാരഭേദങ്ങള്‍ പ്രതിപാദിതങ്ങളായിരിക്കുന്നു. ഒടുവിലത്തെ പദ്യത്തില്‍ ചതുര്‍ത്ഥപക്ഷമാണെന്നു സൂചിപ്പിച്ചിട്ടുള്ളതു് ഇരിഞ്ഞാലക്കുടഗ്രാമക്കാരുടെ പക്ഷമാണെന്നു വ്യാഖ്യാനങ്ങളില്‍നിന്നറിയുന്നു. ഒടുവില്‍ ആചാര്യന്‍,
ʻʻആശൌചദീപകമിദം രചിതം വിമൃശ്യ
തത്തല്‍സ്‌മൃതീരപി തഥാപി ച ദേശകാലൗ
ആലോച്യ തത്സമയപണ്ഡിതവൈദികാനാ-
മത്രാനുസൃത്യ ച മതം വിദധാതു സര്‍വം.ˮ എന്നും
ʻʻഗാസ്താഃ സ്മൃതാ മുനിവരൈര്‍വിമലാര്‍ത്ഥദുഗ്ദ്ധം
ദുഗ്ദ്ധ്വാ വിമഥ്യ ഹൃദയേന സമുദ്ധൃതം യല്‍
ആശൗചദീപകമിദം നവനീതകല്പം
പ്രീത്യൈ ഭവേല്‍ സുമനസാമഘനുത്തയേ ച.ˮ
എന്നുമുള്ള പദ്യങ്ങള്‍കൂടി ഘടിപ്പിച്ചിട്ടുണ്ടു്. താന്‍ പല സ്മൃതികളും പരിശോധിച്ചാണു് ദീപകം രചിച്ചിരിക്കുന്നതെങ്കിലും ദേശകാലങ്ങളെപ്പറ്റി ആലോചിച്ചും അതാതു കാലത്തു പണ്ഡിതന്മാരായിരിക്കുന്ന വൈദികന്മാരുടെ മതമനുസരിച്ചും മാത്രമേ ആശൌചക്രിയകള്‍ അനുഷ്ഠിക്കുവാന്‍ പാടുള്ളു എന്നു് ആചാര്യന്‍ ഉപദേശിക്കുന്നു.
വ്യാഖ്യാനങ്ങള്‍
ചന്ദ്രികാകാരന്‍ സ്മൃതികളിലും വ്യാകരണത്തിലും നിഷ്‌കൃഷ്ടമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. ഇളയതമ്പുരാന്റെ വൈദുഷ്യം സുപ്രസിദ്ധമാണല്ലോ. അദ്ദേഹം ചില ബ്രാഹ്മണര്‍ അപേക്ഷിയ്ക്കുകനിമിത്തം ആശൗചവിധിവരെയുള്ള ഭാഗത്തിനു വ്യാഖ്യാനം രചിച്ചതായി പറയുന്നു.
ʻʻഏവം മയാ വിരചിതം ഭൂസുരാണാമപേക്ഷയാ
ആശൗചദീപകഗ്രന്ഥസ്യൈകദേശവിവേചനം.ˮ
ʻʻആശൗചവിധിപര്യന്തമേവ കാര്യം വിവേചനം
ഇത്യേവ ഭൂസുരാപേക്ഷാ തദേതാവദ്വിവേചിതം.ˮ
ഈ അടുത്ത കാലത്തു സി. കെ. വാസുദേവശര്‍മ്മാ പ്രകാശിക എന്നൊരു ഭാഷാഗദ്യവ്യാഖ്യാനവും ദീപകത്തിനുരചിച്ചിട്ടുണ്ടു്.
ആശൗചചിന്താമണി
കേരളീയനായ ഒരു പണ്ഡിതന്‍ ആശൗചചിന്താമണി എന്നൊരു ഗ്രന്ഥം നിര്‍മ്മിച്ചിട്ടുണ്ടു്. അതു് എട്ടാം ശതകത്തില്‍ ആവിര്‍ഭവിച്ച ഒരു കൃതിയാണെന്നു തോന്നുന്നു. പ്രണേതാവിന്റെ കാലദേശങ്ങളെക്കുറിച്ചു യാതൊരു അറിവുമില്ല. അതില്‍നിന്നു രണ്ടു ശ്ലോകങ്ങള്‍ പകര്‍ത്താം:
ʻʻഗണേശവാണീഗുരുദക്ഷിണേശാന്‍
വന്ദേ ദയാബ്ധീന്‍ വരദാനശീലാന്‍;
ജന്മാദിമൂലാനി നിരസ്യ ചാഘാ-
ന്യമീ ദിശന്ത്വാശു മദാത്മശുദ്ധിം.
വിപ്രക്ഷത്രവിഡംഘ്രിജാസ്ത്വിഹ ദിശാരുദ്രാര്‍ക്കതിഥ്യുന്മിതാ-
ഹാശൗചാ രജസിസ്ത്രിയസ്ത്ര്യഹമലാസ്സ്യുര്‍വിപ്രവല്‍ സൂത്രിണാം
വിഡ്വല്‍ പാരശവസ്യ നോ സുഹൃദഘം ബാലാഹഭേദാശ്ച നാ-
പ്യന്തഃപാത്യതികാലജാദ്യഘഭിദാസ്ത്വബ്രാഹ്മണാനാംച നോ.ˮ
വചനമാല
യാജ്ഞവല്ക്യസ്മൃതിയുടെ പ്രാചീനവ്യാഖ്യാനങ്ങളില്‍ പ്രഥമഗണനീയമാണു് വിശ്വരൂപാചാര്യരുടെ ബാലക്രീഡ. വിജ്ഞാനേശ്വരന്‍ മിതാക്ഷര എന്ന തന്റെ സുപ്രസിദ്ധമായ യാജ്ഞവല്ക്യസ്‌മൃതിവ്യാഖ്യായില്‍ ʻവിശ്വരൂപവികടോക്തിവിസ്‌മൃതംʼ എന്ന് ആ വ്യാഖ്യാനത്തെ ഭയഭക്തിപൂര്‍വകമായി സ്മരിച്ചിട്ടുണ്ട്. ബാലക്രീഢയുടെ ടീകകളില്‍ ഒന്നാണു് വചനമാല. ആ ടീകയിലെ ആചാരാധ്യായത്തില്‍ ബ്രഹ്മചാരിപ്രകരണത്തിലെ ഒരു ഭാഗം മാത്രമേ ലഭിച്ചിട്ടുള്ളു. ആചാര്യന്‍ കേരളീയനാണെന്നുള്ളതിനു സംശയമില്ല. അദ്ദേഹം ബാലക്രീഡയ്ക്കുതന്നെ അമൃതസ്യന്ദിനി എന്നൊരു ടീക തന്റെ പരമഗുരുവായ (പ്രാചാര്യന്‍) ഒരു ചോമാതിരി രചിച്ചിട്ടുണ്ടെന്നും വളരെക്കാലത്തിന്നു മുന്‍പു വേദാത്മാവു് എന്നൊരു യതി വിഭാവനയെന്നും, ടീകയെന്നും രണ്ടു വ്യാഖ്യകള്‍ നിര്‍മ്മിച്ചു എന്നും ആ വ്യാഖ്യകള്‍ ലഭിച്ചിട്ടില്ലെന്നും പറയുന്നു. അതോടുകൂടി തന്റെ പേരെന്തെന്നു പറയുന്നില്ലെങ്കിലും താന്‍ ഗൗരീപാദാദികേശസ്തവം, സേതു എന്നിങ്ങനെ രണ്ടു കൃതികള്‍ രചിച്ചിട്ടുള്ളതിനുപുറമേ മേഘസന്ദേശശ്ലോകങ്ങളിലെ അന്ത്യപാദങ്ങള്‍ ഘടിപ്പിച്ചു ബാലകാണ്ഡവും മയൂരന്റെ സൂര്യശതകശ്ലോകങ്ങളിലെ പ്രഥമപാദങ്ങള്‍ ഘടിപ്പിച്ചു് അയോധ്യാകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള ഇതരകാണ്ഡങ്ങളുമായി സമസ്യാരാമവൃത്താന്തം എന്നും സൂര്യ ശതകശ്ലോകങ്ങളിലെ ദ്വിതീയപാദങ്ങള്‍ ഉള്‍ക്കൊള്ളിച്ചു സമസ്യാ കൃഷ്ണലീലയെന്നും രണ്ടു കാവ്യങ്ങള്‍കൂടി നിര്‍മ്മിച്ചിട്ടുള്ളതായി പ്രസ്താവിക്കുന്നുണ്ടു്. ഭവഭൂതിയും വിശ്വരൂപനും അഭിന്നന്മാരായിരുന്നു എന്നുള്ള ഐതിഹ്യം വചനമാലാകാരന്‍ വിശ്വസിച്ചിരുന്നതായി
ʻʻഭവഭൂതിനിബന്ധനോദധൗ
തിമിഭീമപ്രതിവാദിമേദുരേ
സകലാക്ഷനിരീക്ഷണം വപുഃ
പതിതം മാമയമുദ്ധരിഷ്യതിˮ
എന്ന വചനത്തില്‍നിന്നു തെളിയുന്നു. അടിയില്‍ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ സ്മര്‍ത്തവ്യങ്ങളാണു്:
ʻʻയന്മായാവിവശാ വിദുര്‍ഭുവനമാത്മാഭിന്നമപ്യന്യഥാ
യദ്വിദ്യാകുശലാ വിദന്തി തദിദം ചാഭിന്നമേവാത്മനാ
കര്‍ത്തും യല്‍കിമപീശ്വരോപി പരമഃ ശക്‍നോതി നോ യാമൃതേ;
താം സംവിന്മയവിഗ്രഹാമവിരതം വന്ദേ മുകുന്ദാനുജാം.
ഗൗരീകേശാദിപാദസ്തവമപി ശതക-
ശ്ലോകപൂര്‍വ്വാര്‍ദ്ധപാദാന്‍
വൃത്തം ശ്രീരാമശൗര്യോരപി ച രചിതവാന്‍
പൂരയന്‍ യസ്സമസ്യാഃ
സേതും ചൈവാതിമാത്രം രൂചിരമഭിനവം
മേഘപദ്യാന്തപാദാന്‍
വ്യാഖ്യാലങ്കാരഹേതോസ്സുവചനകുസുമൈ-
സ്സാധു ബധ്‌നാമി മാലാം.
വിഭാവനേതി വ്യാഖ്യാസ്യ കൃതാ പൂര്‍വ്വം യതീശ്വരൈഃ
വേദാത്മനാമഭിസ്സേയമാമൂലാഗ്രവിഭാവനാ.
ഇത്യാശങ്ക്യ ഇതി വ്യാഖ്യാ ടീകേത്യപി ച ദൃശ്യതേ
തേ സാകല്യേന നൈവാസ്താമുഭേ ച ക്വചിദേവ തു.
അധുനാ കൃഷ്ണകാരുണ്യാദ്രചിതാ സോമയാജിനാ
അമൃതസ്യന്ദിനീ സ്വാര്‍ത്ഥമരന്ദാഹ്ലാദിനീ സതാം.
ആനൈഷ്ഠികവിചാരാന്താദാദൗ സാ വിദ്യതേ തതഃ
കാലോഗ്നിരിത്യുപക്രമ്യ ശാരീരാന്തരഗാമിനീ.
ശ്രീമദ്ദേശികപാദപങ്കജരജഃപുഞ്ജാവതംസോത്തമഃ
ശര്‍വാണീചരണാംബുജപ്രചരണക്രീഡാനികേതാന്തരഃ
വിദ്വല്‍പാദപയോജപാവനപരാഗാവാപ്യപുണ്യോത്സുകഃ
ശാസ്ത്രാര്‍ത്ഥാമൃതപാനസംഭൃതരസസ്‌തൂഷ്ണീംകഥം സ്യാമഹം?
ഏഷാ ഹി വചനമാലാ നിരന്തരാ വചനനിവഹകുസുമേന
യദി സാന്തരാ സുമതിഭിസ്സാധു നിരൂപ്യൈവ പരിപൂര്യാ.ˮ
ʻʻഇത്യേവമാദിശ്ലോകസംഗതിപ്രകാരസ്തദ്വ്യാഖ്യാന പ്രകാശശ്ചാസ്മല്‍ പരമഗുരുവിരചിതായാ അമൃതസ്യന്ദിന്യാ ഏവാവഗന്തവ്യഃˮ എന്ന പങ്‌ക്തിയില്‍നിന്നാണു് ചോമാതിരി ആചാര്യന്റെ പരമഗുരുവാണെന്നു മനസ്സിലാകുന്നതു്. ʻമുകുന്ദാനുജʼയായ കാത്യായനിയുടെ വന്ദനംകൊണ്ടു് വചനമാല ആരംഭിച്ചിരിക്കുന്നതിനാല്‍ ഗ്രന്ഥകാരന്‍ പയ്യൂര്‍ പട്ടേരിമാരില്‍ ഒരാളായിരിക്കുമെന്നു സങ്കല്പിക്കുവാന്‍ തോന്നുന്നു. മര്‍മ്മസ്പൃക്കായ ഒരു വ്യാഖ്യാനമാണു് വചനമാല.
സ്മാര്‍ത്തപ്രായശ്ചിത്തം
പുതുമനച്ചോമാതിരിയുടെ പ്രായശ്ചിത്തത്തിനും മഴമംഗലത്തിന്റെ സ്മാര്‍ത്തപ്രായശ്ചിത്തവിമര്‍ശിനിക്കും പുറമേ സ്മാര്‍ത്തപ്രായശ്ചിത്തം എന്നൊരു വലിയ ഗ്രന്ഥം ഉണ്ടു്. ആ ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:
ʻʻശ്രീമന്തം ദക്ഷിണാമൂര്‍ത്തിം വിഘ്നേശം ഭാരതീം ഗുരൂന്‍
നമാമി പുരുഷാര്‍ത്ഥാഃ സ്യൂര്യല്‍പ്രസാദേന ദേഹിനാം.
ബോധായനം ജൈമിനിഞ്ച കൌഷീതക്യാശ്വലായനൗ
വാധൂലകാപസ്തംബാദീന്‍ നൗമി ശാഖാപ്രവര്‍ത്തകാന്‍.
തല്‍പ്രോക്തകല്പസൂത്രാദിവ്യാഖ്യാനകൃതമാനസാന്‍
ആചാര്യാനപി സിദ്ധാന്തിഭവസ്വാമിമുഖാന്‍ ഭജേ.
പ്രായശ്ചിത്തം പുരാ പ്രോക്തമൃഗ്യജുസ്സാമവേദിനാം
സ്മാര്‍ത്തം തദേവ സംക്ഷിപ്യ ബഹ്വൃചാനാം വിഭജ്യതേ.
വിനാശഃ പ്രായ ഇത്യുക്തശ്ചിത്തം സന്ധാനമുച്യതേ
വിനഷ്ടസ്യ തു സന്ധാനം പ്രായശ്ചിത്തപദേരിതം.ˮ
ആകെ പന്ത്രണ്ടധ്യായങ്ങള്‍ അടങ്ങീട്ടുള്ള ഈ ഗ്രന്ഥവും പ്രായശ്ചിത്തവിഷയത്തില്‍ പ്രമാണഭൂതമാണു്. മൂക്കോല ദേവീ ക്ഷേത്രത്തിനു സമീപമുള്ള ഏര്‍ക്കര ഇല്ലത്തു ബ്രഹ്മന്‍ എന്നൊരു സിദ്ധന്‍ ഉണ്ടായിരുന്നു. ആ നമ്പൂരിയാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു്. അദ്ദേഹം വിമര്‍ശിനീകാരനായ മഴമംഗലത്തു നാരായണന്‍നമ്പൂരിക്കു മുന്‍പാണു് ജീവിച്ചിരുന്നതു്. ആ ഗ്രന്ഥത്തില്‍ പല കേരളാചാരങ്ങളേയുംപറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ടു്. ʻസിദ്ധാന്തിഭവസ്വാമിʼ എന്നതില്‍ സിദ്ധാന്തി ആരെന്നറിയുന്നില്ല. അദ്ദേഹത്തിന്റെ ഗ്രന്ഥവും
കണ്ടിട്ടില്ല. കേരളീയനായിരിക്കണം. താന്‍ ആദ്യം ഋഗ്വേദികളുടേയും യജുര്‍വേദികളുടേയും സാമവേദികളുടേയും പ്രായശ്ചിത്തകര്‍മ്മങ്ങളെ അധികരിച്ചു് ഒരു ഗ്രന്ഥം നിര്‍മ്മിച്ചു എന്നും സ്മാര്‍ത്തപ്രായശ്ചിത്തം അതു സംക്ഷേപിച്ചു് ഋഗ്വേദികള്‍ക്കു മാത്രം പ്രയോജകീഭവിക്കത്തക്ക നിലയില്‍ രചിച്ചതാണെന്നും ആചാര്യന്‍ പ്രസ്താവിക്കുന്നു.
ജൈമിനീയഗൃഹ്യമന്ത്രവൃത്തി
ജൈമിനീയഗൃഹ്യമന്ത്രങ്ങളുടെ വ്യാഖ്യാനമാണു് ഈ ഗ്രന്ഥം. പ്രാരംഭത്തില്‍
ʻʻസകലഭുവനൈകനാഥം ശ്രീകൃഷ്ണം നൗമി ഹരിമുമാഞ്ച ശിവം
ഗുരുമപി സുബ്രഹ്മണ്യം ഗജാനനം ഭാരതീം ഭവത്രാതം.ˮ
എന്നൊരു ശ്ലോകം കാണുന്നുണ്ടു്. സുബ്രഹ്മണ്യന്‍ ഗ്രന്ഥകാരന്റെ ഗുരുവാണോ എന്നു നിശ്ചയമില്ല. എന്നാല്‍ ഭവത്രാതന്‍ നമ്പൂരി അദ്ദേഹത്തിന്റെ ഗുരുവാണെന്നു സങ്കല്പിക്കുന്നതില്‍ അനുപപത്തിയുമില്ല. ആശ്വലായനഗൃഹ്യസൂത്രഭാഷ്യത്തില്‍ ദേവത്രാതന്‍നമ്പൂരി ഈ ഭവത്രാതനെ സ്മരിക്കുന്നുണ്ടു്. വളരെ വിശിഷ്ടമാണു് പ്രസ്തുത വൃത്തി.
ബോധായനദര്‍ശപൂര്‍ണ്ണമാസാനുഷ്ഠാനം
കറുത്തവാവു്, വെളുത്ത വാവു് ഈ ദിവസങ്ങളില്‍ അനുഷ്ഠിക്കേണ്ട ഹോമാദികര്‍മ്മങ്ങളെ വിവരിക്കുന്ന ഒരു ഗ്രന്ഥമാണിതു്. വെളുത്തവാവിന്‍നാള്‍ കര്‍മ്മമധികമായി ചെയ്യേണ്ടതുകൊണ്ടാണു് ദര്‍ശശബ്ദം ആദ്യമായി പ്രയോഗിച്ചിരിക്കുന്നതെന്നു് ആചാര്യന്‍ നമ്മെ ധരിപ്പിക്കുന്നു. ʻʻഅഥ ഗുരൂന്‍ പ്രണമ്യ ബോധായനമതേന ദര്‍ശപൂര്‍ണ്ണമാസാനുഷ്ഠാനം വക്ഷ്യേ, ഹൗത്രം തു ആശ്വലായനമതേനˮ എന്നാണു് അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഗ്രന്ഥകാരന്‍ ആരെന്നറിയുന്നില്ല. എങ്കിലും ഗ്രന്ഥത്തിന്റെ ഒടുവില്‍ ʻʻഏവം കേരളേഷ്വാചാരഃˮ എന്നു പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു് അദ്ദേഹം ഒരു കേരളീയനാണെന്നു നിര്‍ണ്ണയിക്കുവാന്‍ കഴിയും.
ആശ്വലായനഗൃഹ്യപ്രയോഗവൃത്തി, ദാമോദരന്‍
ശൗനകമഹര്‍ഷിയുടെ ശിഷ്യനായ ആശ്വലായനന്‍ ഋഗ്വേദീയ കല്പസൂത്രകാരന്മാരില്‍ പ്രഥമഗണനീയനാണു്. ഓരോ കല്പസൂത്രത്തിനും ശ്രൗതസൂത്രം, ഗൃഹ്യസൂത്രം, ധര്‍മ്മസൂത്രം എന്നീ പേരുകളില്‍ മൂന്നു വിഭാഗങ്ങളുണ്ടു്. അവയില്‍ അതിപ്രധാനം ശ്രൗതസൂത്രമാകുന്നു. ശ്രൗതസൂത്രങ്ങളില്‍ ഹവിസ്സംസ്ഥങ്ങളായി ഏഴും, സോമസംസ്ഥങ്ങളായി ഏഴും അങ്ങനെ പതിന്നാലു കര്‍മ്മങ്ങളെപ്പറ്റിയാണു് പ്രതിപാദിക്കുന്നതു്. അഗ്ന്യാധാനം, അഗ്നിഹോത്രം, ദര്‍ശപൂര്‍ണ്ണമാസങ്ങള്‍, ചാതുര്‍മ്മാസ്യങ്ങള്‍ മുതലായവയും ഹവിസ്സംസ്ഥകര്‍മ്മങ്ങളാകുന്നു. ശ്രൗതകര്‍മ്മങ്ങളെല്ലാം വൈതാനാഗ്നിയില്‍ അനുഷ്ഠിക്കേണ്ടവയാണു്. നാല്പതു സംസ്കാരങ്ങള്‍ ഗൃഹ്യകര്‍മ്മങ്ങളായി വിധിച്ചിട്ടുണ്ടു്. അവയെ പ്രതിപാദിക്കുന്നവയാകുന്നു ഗൃഹ്യസൂത്രങ്ങള്‍. ഗര്‍ഭാധാനംമുതല്‍ വിവാഹാന്തമുള്ള പതിനെട്ടു കര്‍മ്മങ്ങള്‍ ശാരീരികങ്ങളും ശേഷമുള്ള ഇരുപത്തിരണ്ടു കര്‍മ്മങ്ങള്‍ യജ്ഞരൂപങ്ങളുമാകുന്നു. ശ്രൗതകര്‍മ്മങ്ങളില്‍ അഗ്നിഹോത്രംപോലെ ഗൃഹ്യ കര്‍മ്മങ്ങളില്‍ അഞ്ചു മഹായജ്ഞങ്ങളും മൂന്നു പാകയജ്ഞങ്ങളും നിത്യാനുഷ്ഠേയങ്ങളാകുന്നു. എല്ലാ ഗൃഹ്യകര്‍മ്മങ്ങള്‍ക്കും ആവസഥ്യാഗ്നിയുടേയോ വൈവാഹികാഗ്നിയുടേയോ ആവശ്യമുണ്ടു്. ധര്‍മ്മസൂത്രങ്ങള്‍ സുപ്രസിദ്ധങ്ങളാണല്ലോ.
ആശ്വലായനന്റെ ഗൃഹ്യസൂത്രങ്ങള്‍ക്കു പ്രയോഗവൃത്തി എന്നൊരു വിസ്തൃ്തമായ വ്യാഖ്യാനം വാസുദേവന്‍നമ്പൂരിയുടെ പുത്രനായ ദാമോദരന്‍നമ്പൂരി രചിച്ചിട്ടുണ്ടു്. ʻʻഭാര്‍ഗ്ഗവസ്യ വൈതഹവ്യസ്യ സവേദസഃ കുലേ ജാതോ വാസുദേവപുത്രോ ദാമോദരഃˮ എന്നൊരു കുറിപ്പു് ഗ്രന്ഥാവസാനത്തില്‍ കാണുന്നതില്‍നിന്നു് അദ്ദേഹം ഭാര്‍ഗ്ഗവഗോത്രീയനാണെന്നും വീതഹവ്യനും സവേദസ്സും ആ ഗോത്രത്തിലെ പ്രവരര്‍ഷികളാണെന്നും വെളിവാകുന്നു. പ്രകരണമനുസരിച്ചു തന്റെ വൃത്തിയുടെ ആരംഭത്തില്‍ ദാമോദരന്‍ ആദിത്യനെ
ʻʻയം സഞ്ചിന്ത്യ മുനീശ്വരാ അഹരഹസ്സന്ധ്യാസു ദിവ്യാം പരാം
സാവിത്രീം പ്രജപന്തി പാപനിചയധ്വാന്തൈകഭാനുപ്രഭാം
സ്ത്രീഗേഹദ്രവിണാത്മജാംശ്ച സുഹൃദസ്സന്ത്യജ്യ സര്‍വാത്മനാ
തം ദേവം പരമദ്വയം പ്രണവതഃ സൂര്യം സദോപാസ്മഹേˮ.
എന്ന പദ്യത്തില്‍ വന്ദിക്കുന്നു. അനന്തരം കര്‍മ്മഠനും ബഹുശിഷ്യാചാര്യനും തന്റെ പിതാവുമായ വാസുദേവന്‍, ഋഗ്വേദം പഠിപ്പിച്ച ഗുരു, ബ്രാഹ്മണം അധ്യാപനം ചെയ്ത സുബ്രഹ്മണ്യശര്‍മ്മാ, ഗൃഹ്യോക്തമായ ക്രിയാഭാഗമഭ്യസിപ്പിച്ച രാമശര്‍മ്മാ, തന്ത്രഭാഗം പഠിപ്പിച്ച വിശ്വാമിത്രഗോത്രജനായ ശങ്കരന്‍, ശബ്ദശാസ്ത്രം അഭ്യസിപ്പിച്ച രാമദാസന്‍ എന്നീ ഗുരുക്കന്മാരെയും നാരായണപ്രഭൃതികളായ ഇതര ഗുരുക്കന്മാരെയും നമസ്കരിക്കുന്നു. ആദ്യകാലത്തു തനിക്കു ക്രിയാഭാഗത്തെപ്പറ്റി അറിവില്ലായിരുന്നു എന്നും ചില ബ്രാഹ്മണര്‍ തന്നെ ആ വൈകല്യം കണ്ടു് അധിക്ഷേപിച്ചപ്പോള്‍ ദുഃഖിതനായി രാമശര്‍മ്മാവിന്റെ അന്തേവാസിയായിത്തീര്‍ന്നു് ആ വിഷയത്തിലും പാണ്ഡിത്യം സമ്പാദിച്ചു എന്നും ദാമോദരന്‍ പറയുന്നുണ്ടു്. തന്റെ വൃത്തി ഗദ്യത്തിലാണു് രചിക്കുന്നതെന്നും അതു വിഷയത്തെ വിസ്തരിക്കുന്നതിന്നുവേണ്ടിയാണെന്നും
ʻʻരൂപാവതാരകാരാദ്യാ ഭാഷ്യകാരാദയഃ പരേ
ഊചുര്‍ഗ്ഗദ്യേന വിസ്തൃത്യൈ കവിത്വാഭാവതോ ന ഹി.
ഇമാം പ്രയോഗവൃത്ത്യാഖ്യാം പരിഗൃഹ്ണന്തു സജ്ജനാഃ
മുദാ നാസ്മല്‍കവിതയാ ദേവസ്യാനുഗ്രഹാദ്രവേഃ.ˮ
എന്നും അദ്ദേഹം പ്രസ്താവിക്കുന്നുണ്ടു്. ആചാര്യന്റെ കാലമേതെന്നറിയുന്നില്ല. പ്രയോഗവൃത്തിയില്‍ ആകെ പതിനൊന്നധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. വ്യാഖ്യാനം സ്പഷ്ടവും ലളിതവുമാണു്.
ആശ്വലായനഗൃഹ്യപ്രയോഗദര്‍പ്പണം
ഈ ഗ്രന്ഥവും പ്രയോഗവൃത്തിയിലെ വിഷയത്തെത്തന്നെ പ്രതിപാദിക്കുന്നു. ആദ്യമായി പദ്യത്തിലും പിന്നീടു ഗദ്യത്തിലും ഗ്രന്ഥകാരന്‍ ആശ്വലായനഗൃഹ്യപ്രയോഗങ്ങളെ സംഗ്രഹിക്കുന്നു.
ʻʻപ്രയോഗദര്‍പ്പണം ഹ്യേതല്‍ സംക്ഷേപാല്‍ സംസ്കൃതൈഃ കൃതം
ജാമദഗ്ന്യേന രാമേണ ശ്രീഗുരുണാം പ്രസാദതഃˮ
എന്ന വചനത്തില്‍നിന്നു പ്രണേതാവു ഭാര്‍ഗ്ഗവഗോത്രജനായ രാമന്‍നമ്പൂരിയാണെന്നു കാണാവുന്നതാണു്. ഗ്രന്ഥത്തിന്റെ ഉപക്രമത്തിലുള്ള ചില ശ്ലോകങ്ങള്‍ താഴെ ഉദ്ധരിക്കുന്നു:
ʻʻഗുരൂന്‍ വിനായകം വാണീം ശൗനകം ചാശ്വലായനം
ബ്രഹ്മാണം പാര്‍വതീനാഥം ലക്ഷ്മീനാരായണം തഥാ
പ്രണമ്യ ഭേദാന്‍ വക്ഷ്യാമി വിവാഹാദിഷു കര്‍മ്മസു
പ്രസന്നൈഃ സംസ്കൃതൈഃ പദ്യൈഃ പ്രയോഗക്രമമേവ ച
ആശ്വലായനഗൃഹ്യോക്ത്യാമുക്തം മന്ദധിയാം നൃണാം
കര്‍മ്മനിര്‍ണ്ണയസംസിദ്ധ്യൈ ശ്രീഗുരൂണാം പ്രസാദതഃ.
ആചാരകല്പസൂത്രാണാമൈക്യം സര്‍വത്രനിര്‍ണ്ണയേ
പ്രമാണം കര്‍മ്മണാം നൃണാമിതി കര്‍മ്മവിദോ വിദുഃ.
തസ്മാത്തദനുസാരേണ വക്തവ്യാ കര്‍മ്മപദ്ധതിഃ
ജാതവേദപ്രഭൃതിഭിരാചാര്യൈശ്ശാസ്ത്രപാരഗൈഃ
കല്പസൂത്രാര്‍ത്ഥതത്ത്വജ്ഞൈര്‍വിശിഷ്ടാചാരതല്‍പരൈഃ
ഗുരുപ്രസാദസമ്പന്നൈര്‍മ്മാര്‍ഗ്ഗോ യോഗ്ങീകൃതോ മയാ
മന്ദപ്രജ്ഞോപകാരായ സംക്ഷേപാദ്വക്ഷ്യതേധുനാ.ˮ
ഈ ഭാഗത്തില്‍ രാമന്‍ സ്മരിക്കുന്ന ജാതവേദന്‍നമ്പൂരിയും ഒരു ശ്രൗതവ്യാഖ്യാകാരനാണെന്നു സിദ്ധിക്കുന്നു. പക്ഷേ ദാമോദരന്റെ ഗുരുവായ രാമശര്‍മ്മാവായിരിക്കാം ഈ രാമന്‍. ജാതവേദനെപ്പറ്റി മറ്റൊന്നുമറിവില്ല.
വിഷ്ണുസംഹിത
കേരളത്തിലെ തന്ത്രവിധികള്‍ക്കു പ്രമാണഭൂതങ്ങളായ പൂര്‍വഗ്രന്ഥങ്ങളില്‍ വിഷ്ണുസംഹിതയ്ക്കു വളരെ പ്രാധാന്യമുണ്ടു്. ചേന്നാസ്സു നമ്പൂരിപ്പാടു് ആ ഗ്രന്ഥത്തെ ഉപജീവിച്ചുകാണുന്നു. ആകെ മുപ്പതു പടലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസ്തുത സംഹിതയുടെ പ്രണേതാവു് ഒരു കേരളീയന്‍ തന്നെ. ʻവിഷ്ണുനാ സ്വയമീരിതാʼ എന്നു ഗ്രന്ഥകാരന്‍ അതിനു മേനി കേറ്റുന്നു. അതുകൊണ്ടാണു് അതിനു വിഷ്ണു സംഹിത എന്ന പേര്‍ സിദ്ധിച്ചതു്. പക്ഷേ ഇന്നു കാണുന്ന ആ പേരിലുള്ള സംഹിത നൂറ്റെട്ടധ്യായങ്ങളുള്ള പൂര്‍വസംഹിതയുടെ സംഗ്രഹണമാണെന്നും ആ സംഗ്രഹത്തിന്റെ കര്‍ത്താവു് ഇധ്‌മവാന്റെ പുത്രനായ സുമതിയെന്ന മഹര്‍ഷിയാണെന്നും ഗ്രന്ഥത്തില്‍ പ്രസ്താവനയുണ്ടു്. ഒരു കേരളീയനായ തന്ത്രജ്ഞന്‍ അതിന്റെ കര്‍ത്തൃത്വം സുമതിയില്‍ ആരോപിച്ചു എന്നേ അതിന്നര്‍ത്ഥമുള്ളു. ഇരുപതാംപടലത്തിലെ ഉത്സവവിധികളും ഇരുപത്തൊന്നാംപടലത്തിലെ തീര്‍ത്ഥയാത്രാ (ആറാട്ടു്) വിധികളും മറ്റും കേരളാചാരമനുസരിച്ചാണു് വ്യവസ്ഥാപനം ചെയ്തിരിക്കുന്നതു്.
വിഷ്ണുസംഹിതയുടെ വ്യാഖ്യാനങ്ങള്‍, ഹാരിണി
വിഷ്ണുസംഹിതയ്ക്കു ഹാരിണിയെന്നും തത്ത്വപ്രദീപികയെന്നും രണ്ടു വ്യാഖ്യാനങ്ങളുണ്ടു്. അവയില്‍ ആദ്യത്തേത് പുലിയന്നൂര്‍ നാരായണന്‍നമ്പൂരി രചിച്ചതാണു്. രണ്ടാമത്തേതിന്റെ കര്‍ത്താവു നാഗസ്വാമി നമ്പൂരിയാണു്. നാഗസ്വാമിനമ്പൂരിയുടെ ദേശമേതെന്നു് അറിയുന്നില്ല. താഴെക്കാണുന്ന ശ്ലോകങ്ങള്‍ ഹാരിണിയിലുള്ളവയാണു്:
ʻʻനമസ്തസ്മൈ സുമതയേ യോ ദിവ്യാം വിഷ്ണുസംഹിതാം
ആവിശ്ചക്രേ ഭുവശ്ചക്രേ ഗംഗാമിവ ഭഗീരഥഃ.
സുമതേസ്സംഹിതാര്‍ത്ഥോ യഃ സൂര്യാര്‍ക്കൈര്‍ന്ന പ്രകാശിതഃ
മയായമുല്‌മുകേനൈവ പ്രകാശ്യ ഇതി ഹാസ്യതാ.ˮ
ചുവടേ പകര്‍ത്തുന്നതു് ഒടുവിലുള്ള ഒരു സൂചികാപദ്യമാണു്:
ʻʻയസ്യ വ്യാഘ്രപുരൗകസഃ കൃതവൃഷാദ്രീശപ്രസൂനാഞ്ജലി-
പ്രീതേഃ പൂര്‍ണ്ണഗുണഃ പിതോദയ ഇതി ഖ്യാതസ്യ നാരായണഃ
യാം ഹാരിണ്യഭിധാം വ്യധാദിഹ വിഭോര്‍വിഷ്ണോര്‍മ്മഹാ സംഹിതാ-
വ്യാഖ്യായാമതിയാത ഏഷ പടലസ്ത്രിംശഃ ശ്രിതോര്‍ത്ഥ ശ്രിയാ.ˮ
വ്യാഖ്യാതാവു പുലിയന്നൂര്‍ ഗ്രാമക്കാരനായിരുന്നു എന്നും അദ്ദേഹത്തിന്റെ അച്ഛന്റെ നാമധേയം ഉദയന്‍ എന്നായിരുന്നു എന്നും
നാരായണന്‍നമ്പൂരി തൃശ്ശിവപേരൂര്‍ വടക്കുന്നാഥന്റെ ആരാധകനായിരുന്നു എന്നും അദ്ദേഹമാണു് വിഷ്ണുസംഹിതയ്ക്കു് ആദ്യമായി ഒരു വ്യാഖ്യാനം രചിച്ചതെന്നുമുള്ള വസ്തുതകള്‍ക്കു് ഈ ശ്ലോകങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. തന്ത്രസമുച്ചയവിമര്‍ശനീകാരന്റെ ശിഷ്യനായിരുന്നു അദ്ദേഹം എന്നു ചിലര്‍ പറയുന്നതിന്റെ അടിസ്ഥാനമെന്തെന്നു വ്യക്തമാകുന്നില്ല. ആയിരുന്നിരിക്കാം; ഈ നാരായണന്‍തന്നെയാണു് ക്രിയാസാരവ്യാഖ്യയുടേയും നിര്‍മ്മാതാവു്. ക്രിയാശ്രയം എന്നൊരു തന്ത്രസംബന്ധമായ ഭാഷാപദ്യകൃതിയും അദ്ദേഹം രചിച്ചിട്ടുള്ളതായി ചിലര്‍ പറയുന്നു. ത്രിവര്‍ഗ്ഗഫലസിദ്ധ്യൈ എന്നു് അതില്‍ കലിവാക്യമുണ്ടത്രെ. തത്ത്വപ്രദീപികയില്‍ നാഗസ്വാമി സുമതിയെ
ʻʻഉദ്ധൃത്യയ പാഞ്ചരാത്രേഭ്യഃ സാരം യേനേദമീരിതം
ഭുക്തിമുക്തിപ്രദം തന്ത്രം തസ്മൈ സുമതയേ നമഃˮ
എന്നു സ്തുതിച്ചിരിക്കുന്നു. തത്ത്വപ്രദീപികയുടെ ആവിര്‍ഭാവം ഹാരിണിക്കു മേലായിരിക്കണം. പ്രസ്തുതവ്യാഖ്യ വളരെ ലളിതമാണു്.
കുഴിക്കാട്ടു ശങ്കരന്‍ഭട്ടതിരി
തിരുവിതാംകൂറില്‍ തിരുവല്ലാത്താലൂക്കിലെ സുപ്രസിദ്ധമായ ഒരു താന്ത്രികഗൃഹമാണു് കുഴിക്കാട്ടില്ലം. അവിടെ എട്ടാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ശങ്കരന്‍ഭട്ടതിരി എന്നൊരു പണ്ഡിതവര്യന്‍ ജീവിച്ചിരുന്നു. അദ്ദേഹം ക്രിയാസംഗ്രഹം എന്നൊരു തന്ത്രഗ്രന്ഥവും പരാസ്തോത്രം എന്നൊരു ദേവീസ്തോത്രവും രചിച്ചിട്ടുണ്ടു്.
ക്രിയാസാരംപോലെതന്നെ പ്രധാനമായ ഒരു നിബന്ധമാണു് ക്രിയാസംഗ്രഹം. വിഷയം ആ ഗ്രന്ഥത്തിലേതുതന്നെ. ക്രിയാസാരം കണ്ടിട്ടാണു് ക്രിയാസംഗ്രഹം നിര്‍മ്മിച്ചിട്ടുള്ളതു്. അതും ഭാഗവും പടലവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗ്രന്ഥം ആരംഭിക്കുന്നതു് ഇങ്ങിനെയാണു്:
ʻʻഅഹമാശ്രയേ സകലസമ്പദാവഹം
പരമേശ്വരപ്രണയിനീപദദ്വയം
യദനുസ്മൃതിക്ഷപിതപാപസഞ്ചയാഃ
പരമാത്മഭാവമുപയാന്തി യോഗിനഃ
പ്രണിപത്യ പരാം ദേവീം ദുര്‍ഗ്ഗാം ദുര്‍ഗ്ഗതിഹാരിണീം
തന്ത്രാഗമോദിതാ തസ്യാ ലിഖ്യതേ സ്ഥാപനക്രിയാ.ˮ
പത്തൊന്‍പതാം പടലത്തില്‍ തന്റെ പേര്‍ അദ്ദേഹം ഘടിപ്പിച്ചിട്ടുണ്ടു്:
ʻʻആചാര്യവരണപൂര്‍വം തീര്‍ത്ഥാപ്ലവനാന്തിമംക്രിയാകാണ്ഡം
വിഷ്ണോരഭിഹിതമേതദ് ഗര്‍ത്താരണ്യാഖ്യശങ്കരേണൈവംˮ
പരാസ്തോത്രം
താന്ത്രികന്‍ എന്നതിനു പുറമേ കവിയും കൂടിയായിരുന്ന അദ്ദേഹം ʻപരാസ്തോത്രംʼ എന്ന പേരില്‍ നാല്പത്തൊന്‍പതു ശ്ലോകങ്ങളില്‍ ഒരു ദുര്‍ഗ്ഗാസ്തോത്രം രചിച്ചിട്ടുണ്ടു്. ദുര്‍ഗ്ഗയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവത എന്നു (ʻപരാംദേവീംʼ എന്ന വിശേഷണം നോക്കുക) ക്രിയാസംഗ്രഹത്തിലെ മംഗലശ്ലോകങ്ങളില്‍നിന്നു വിശദമാകുന്നുണ്ടല്ലോ. ആ ഗ്രന്ഥത്തില്‍ ആദ്യമായി പ്രതിപാദിക്കുന്നതും ദുര്‍ഗ്ഗാപ്രതിഷ്ഠയെപ്പറ്റിയാണു്. ദുര്‍ഗ്ഗയുടെ കേശാദിപാദവര്‍ണ്ണനമാണു് പരാസ്തോത്രത്തിലെ വിഷയം. താഴെക്കാണുന്ന ശ്ലോകങ്ങള്‍ ആ കൂടത്തില്‍ ഉള്‍പ്പെടുന്നു.
ʻʻശിവാ വിനാ നൈവ ശിവേന; നാനയാ
ശിവോപി; തൌ ദ്വാവപി നിത്യസംഗതൌ;
ഇതി സ്മരന്ത്യാഗമപാരഗാ യത-
സ്തദാശ്രയേ കേവലമംബ! തേ പദേ.ˮ
ʻʻമഹീപയോവഹ്നിമരുദ്വിഹായസാം
മനോയുജാമംബ! ഷഡധ്വനാമപി
യദൂര്‍ദ്ധ്വഭൂമൌ വിഹിതാസ്പദം സദാ
തദാശ്രയേ തേ ചരണാംബുജദ്വയേ.ˮ
ʻʻകചപ്രകാണ്ഡപ്രകരാ ജയന്തി തേ
രൂചിപ്രകര്‍ഷാല്‍ കരദീകൃതാംബുദാഃ
സുരദ്രുമാസ്സ്വപ്രസവൈരലംക്രിയാം
വിധായ യേഷാം ചരിതാര്‍ത്ഥതാം യയുഃ.ˮ
നീലകണ്ഠന്‍നമ്പൂരി, ക്രിയാലേശസ്‌മൃതി
നീലകണ്ഠനാമധേയനായ ഒരു നമ്പൂരി ക്രിയാലേശസ്മൃതി എന്ന പേരില്‍ ഒരു തന്ത്രഗ്രന്ഥം നിര്‍മ്മിച്ചിട്ടുണ്ടു്.
ʻʻലിഖിതാ നീലകണ്ഠേന സര്‍വാനുഗ്രഹബുദ്ധിനാ
ഗുരോഃ പ്രസാദലാഭാച്ച ദേവതാനാം പ്രസാദതഃˮ
എന്ന ശ്ലോകത്തില്‍നിന്നാണു് അദ്ദേഹത്തിന്റെ പേര്‍ നീലകണ്ഠനെന്നു് അറിയാന്‍ ഇടവരുന്നതു്. മറ്റു വിവരങ്ങളെപ്പറ്റി ഒരറിവും ലഭിക്കുന്നില്ല. താഴെക്കാണുന്നതു ഗ്രന്ഥാരംഭത്തിലുള്ള പദ്യങ്ങളാണു്:
ʻʻവിഷ്ണുദുര്‍ഗ്ഗാശിവസ്കന്ദവിഘ്നശാസ്‌തൃഹരാച്യുതാന്‍
നത്വാ തല്‍പൂജനാദീനി ലിഖ്യന്തേ ചാത്ര ലേശതഃ.
മഹദ്ഗ്രന്ഥാര്‍ത്ഥവിസ്താരധാരണാക്ഷമചേതസാം
അജ്ഞാനാമുപകാരായ ജ്ഞാനിനാം ലാഘവായ ച
ജ്ഞാതാവിസ്മരണാര്‍ത്ഥം യല്‍ സ്മര്യന്തേ ലേശതഃ ക്രിയാഃ
ക്രിയാലേശസ്‌മൃതിര്‍ന്നാമ സുസിദ്ധിര്‍ലിഖ്യതേ കൃതിഃˮ
ഇതില്‍ ആകെ പന്ത്രണ്ടു പടലങ്ങള്‍ അടങ്ങിയിരിക്കുന്നു. അവ ഓരോന്നിലേയും വിഷയമെന്തെന്നു് അധോനിര്‍ദ്ദിഷ്ടങ്ങളായ ശ്ലോകങ്ങളില്‍നിന്നു വിശദമാകുന്നു:
ʻʻബീജാംകുരാണി ശുദ്ധിശ്ച വേഗ്മനഃ സ്ഥാനബിംബയോഃ
നിഷ്‌കൃതിഃ സ്നപനം പൂജാ ബലിശ്ചോത്സവ ഏവ ച
തീര്‍ത്ഥയാത്രേതി കര്‍മ്മാണി ലിഖിതാനി സമാസതഃ
വിഷ്ണ്വാദീനാം തു സപ്താനാം തത്തച്ഛാസ്ത്രോദിതാനി വൈ.ˮ
സ്മാര്‍ത്തവൈതാനികപ്രായശ്ചീത്തം, മാന്ധാതാവ്
വിതാനാഗ്നി സംബന്ധുമായുള്ള പ്രായശ്ചിത്തങ്ങളെ വിവരിക്കുന്ന ഒരു ഗ്രന്ഥമാണു് സ്മാര്‍ത്തവൈതാനികപ്രായശ്ചിത്തം. ഈ ഗ്രന്ഥത്തിന്റെ പ്രണേതാവു ʻശിശുഘ്രാണേദ്വിജേന്ദ്രാലയേʼ അതായതു ചെറുമുക്കു വൈദികഗൃഹത്തില്‍ ജനിച്ച മാന്ധാതാവെന്ന നമ്പൂരിയാണെന്ന് അദ്ദേഹംതന്നെ പ്രഖ്യാപനം ചെയ്യുന്നുണ്ടു്. കാലമേതെന്നു് അറിയുന്നില്ല. താഴെക്കാണുന്ന പദ്യങ്ങള്‍ പ്രകൃതത്തില്‍ സ്മരണീയങ്ങളാകുന്നു:
ʻʻവാന്ദേ ഗജേന്ദ്രവദനം ച സരസ്വതീം ച
വ്യാസം ഗുരും ശിവകരേശ്വരദക്ഷിണേശൌ
രാമത്രിവിക്രമമഹേശ്വരവാസുദേവ-
നാരായണാര്‍ക്കഗുഹപത്മജദേശികേന്ദ്രാന്‍.
- കശ്ചില്‍ കാശ്യപഗോത്രസംഭവശിശുഘ്രാണദ്വിജേന്ദ്രാലയേ
- സംജാതോ മതിമാംസ്ത്രിവിക്രമഗുരോശ്‌ശുശ്രൂഷയാ ശിക്ഷിതം
- ബാലോ ബാലഹിതായ പദ്യനികരൈഃ സ്മാര്‍ത്തം ച വൈതാനികം
- പ്രായശ്ചിത്തമനേകവൃത്തസുഗമം മാന്ധാതൃശര്‍മ്മാകരോല്‍.
കൌഷീതകാചാര്യമഥൈതരേയം
ബൌധായനാദീംശ്ച മുനീന്‍ പ്രണമ്യ
തല്‍പ്രോക്തഗൃഹ്യോദിതകര്‍മ്മനാശ-
സന്ധാനമദ്യ പ്രവദാമി പദ്യൈഃˮ
ഈ പദ്യങ്ങളില്‍നിന്നു് ആചാര്യനു രാമന്‍, ത്രിവിക്രമന്‍, മഹേശ്വരന്‍, വാസുദേവന്‍ തുടങ്ങി പല ഗുരുക്കന്മാരുണ്ടായിരുന്നതായും അദ്ദേഹം ക്രിയാഭാഗം അഭ്യസിച്ചതു ത്രിവിക്രമനില്‍നിന്നാണെന്നും ഈ ത്രിവിക്രമന്‍ പ്രയോഗമഞ്ജരിക്കു പ്രദ്യോതം എന്ന വ്യാഖ്യാനം രചിച്ച ആചാര്യനാണെന്നും വെളിവാകുന്നു. ആശ്വലായനഗൃഹ്യപ്രയോഗദര്‍പ്പണകാരനായ രാമശര്‍മ്മാവും ആശ്വലായനഗൃഹ്യപ്രയോഗവൃത്തി രചിച്ച ദാമോദരന്റെ പിതാവായ വാസുദേവനുമാണു് ഇവിടെ സൂതന്മാരായിരിക്കുന്നതെങ്കില്‍ ദാമോദരനും ഈ ചെറുമുക്കുവൈദികനും സമകാലികന്മാരെന്നു വന്നുകൂടുന്നു. ആരംഭത്തിലും അവസാനത്തിലും ദക്ഷിണാമൂര്‍ത്തിയുടെ വന്ദനമുണ്ടു്. ദക്ഷിണാമൂര്‍ത്തി ചൊവ്വരഗ്രാമക്കാരുടെ പരദേവതയാണു്.
സ്മാര്‍ത്തപ്രായശ്ചിത്തസങ്ഗ്രഹം
ഇതും ഒരു കേരളീയഗ്രന്ഥമാണു്. പ്രണേതാവാരെന്നു നിശ്ചയമില്ല.
ʻഗുരുപാദാംബുജദ്വന്ദ്വം നമസ്കാര്യം കൃതം മയാ
നത്വാ വിലിഖ്യതേസ്മാഭിഃ പ്രായശ്ചിത്തസ്യ സംഗ്രഹംʼ
എന്നാണു് പ്രതിജ്ഞാപദ്യം. സംഗ്രഹമെന്നാണു് ഗ്രന്ഥസംജ്ഞ എങ്കിലും വിഷയം വിസ്തരിച്ചു പ്രതിപാദിതമായിരിക്കുന്നു.
ʻʻയൗസോദരീസോദരയോഃ സ്ത്രീപുംസൗ തനയൌ യയോഃ
ഉദ്വാഹേന മിഥോ യോഗഃ കേരളാദിഷു ദൃശ്യതേ.
വരകൂടസ്ഥയോര്യാദൃക്‍ സംബന്ധസ്സ തഥൈവ ചേല്‍
കന്യാകൂടസ്ഥയോസ്സാ നോദ്വാഹ്യതേ കേരളേഷ്വിയം.ˮ
എന്നിങ്ങനെ ഗ്രന്ഥകാരന്‍ ചില കേരളീയാചാരങ്ങളെ സ്മരിക്കുന്നുണ്ടു്.
തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി, ജീവചരിത്രം
അച്യുതപ്പിഷാരടി മലബാര്‍ ജില്ലയില്‍ തിരൂര്‍ തീവണ്ടിസ്റ്റേഷനില്‍നിന്നു തെക്കുപടിഞ്ഞാറു രണ്ടു മൈല്‍ അകലെയുള്ള തൃക്കണ്ടിയൂര്‍ പിഷാരത്തില്‍ ജനിച്ചു. ആ ഗൃഹം പല ശതകങ്ങളായി വിദ്വാന്മാര്‍ക്കു് കീര്‍ത്തിപ്പെട്ടിരുന്നു. ഉദ്ദണ്ഡശാസ്ത്രികളുടെ സമകാലികനായ നാണപ്പ (നാരായണപ്പിഷാരടി) എന്ന വൈയാകരണന്‍ അച്യുതപ്പിഷാരടിയുടെ പൂര്‍വന്മാരില്‍ അന്യതമനായിരുന്നു എന്നു് ഇരുപതാം അധ്യായത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലോ. അച്യുതപ്പിഷാരടിയുടെ ജനനം കൊല്ലം 720-ആമാണ്ടിടയ്ക്കായിരുന്നു. അദ്ദേഹം ജ്യോതിഷത്തിലും വ്യാകരണത്തിലും അന്യാദൃശമായ വൈദുഷ്യം സമ്പാദിക്കുകയും ആ ശാസ്ത്രങ്ങള്‍ക്കു പുറമേ വൈദ്യത്തിലും അലങ്കാരത്തിലുംകൂടി നിഷ്ണാതനാകുകയും ചെയ്തു. മഹാകവിമൂര്‍ദ്ധന്യനായ മേല്പുത്തൂര്‍ നാരായണഭട്ടതിരിയുടെ ശബ്ദശാസ്ത്രഗുരുവായിത്തീരുവാനുള്ള ഭാഗ്യം അദ്ദേഹത്തിനാണു് സിദ്ധിച്ചതു്.
ʻʻമീമാംസാദി സ്വതാതാന്നിഗമമവികലം
മാധവാചാര്യവര്യാ-
ത്തര്‍ക്കം ദാമോദരാര്യാദപി പദപദവീ-
മച്യുതാഖ്യാദ്ബുധേന്ദ്രാല്‍
തേഷാം കാരുണ്യയോഗാല്‍ കിമപി ച കവിതാ-
മാപ്‌നുവം, കര്‍മ്മ മേ തദ്
ഭൂയാല്‍ കൃഷ്ണാര്‍പ്പണം;മേ ഭവതു ച സതതം
ധീരഘാരേഃ കഥായാം.ˮ
എന്നു പ്രക്രിയാസര്‍വസ്വത്തില്‍ ഭട്ടതിരി ആ വിവരം പ്രസ്താവിച്ചിട്ടുണ്ടു്. ബുധേന്ദ്രാല്‍ എന്ന പദംകൊണ്ടു് അദ്ദേഹം വിശേഷിപ്പിക്കുന്നതു പിഷാരടിയെ ആകുന്നു എന്നുള്ളതു നാം മറക്കരുതു്. ജ്യോതിഷത്തില്‍ പിഷാരടിയ്ക്കു സമകാലികന്മാര്‍ നല്കിയിരുന്ന സ്ഥാനം എന്താണെന്നു വാസുദേവകൃതമായ ഭ്രമരസന്ദേശത്തിലെ അധോലിഖിതമായ പദ്യത്തില്‍നിന്നു വിശദമാകുന്നു:
ʻʻതസ്മാല്‍ പ്രത്യക് പ്രഹിതനയനഃ കുണ്ഡഗേഹാധിനാഥം
സര്‍വജ്ഞം തം പ്രണമ ഗിരിശം ഭക്തിമാനച്യുതം ച;
ഏകസ്താവദ്വഹതി ശിരസി ജ്യോതിഷാമേകമിന്ദും,
ജ്യോതിശ്ചക്രം നിഖിലമപരോ ധാരയത്യന്തരംഗേ.ˮ
ഈ പദ്യത്തില്‍ കവി തൃക്കണ്ടിയൂരിലെ ശിവനെപ്പോലെ അച്യുതപ്പിഷാരടിയും സര്‍വജ്ഞനാണെന്നും ശിവന്‍ ജ്യോതിസ്സുകളില്‍ ഏകനായ ചന്ദ്രനെമാത്രം ശിരസ്സില്‍ ധരിക്കവേപിഷാരടി തന്റെ മനസ്സില്‍ ജ്യോതിശ്ചക്രത്തെ മുഴുവന്‍ ധരിക്കുന്നു എന്നും അദ്ദേഹത്തിന്റെ വിവിധശാസ്ത്രപാണ്ഡിത്യത്തേയും പ്രത്യേകിച്ചു ജ്യോതിശ്ശാസ്ത്രപാരംഗതയേയും പരാമര്‍ശിച്ചു പ്രശംസിക്കുന്നു. പിഷാരടിയുടെ ജ്യോതിര്‍വിഷയകമായ ശിഷ്യസമ്പത്തു സുപ്രസിദ്ധമാണു്. കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന പത്തനംതിട്ട ചെറുകോല്‍ നെടുമ്പയില്‍ കൊച്ചുകൃഷ്ണനാശാന്‍ എന്ന ദൈവജ്ഞന്‍ ആറന്മുളവിലാസം ഹംസപ്പാട്ടു് എന്ന ഗ്രന്ഥത്തില്‍ ആശിഷ്യപ്രശിഷ്യപരമ്പരയെ താഴെക്കാണുന്ന വിധത്തില്‍ വിവരിക്കുന്നു:
ʻരാമനെന്നെല്ലാടവും വിശ്രുതനായിട്ടഭി-
രാമനാമാശാസിതാവെന്നുള്ള കീര്‍ത്തിയോടും
ഗുരുദൈവജ്ഞന്മാര്‍ക്കും ഗുരുഭൂതനാമെന്റെ
ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.
ഗുരുവിന്‍ഗുരു വ്യാഘ്രമുഖമന്ദിരവാസി
ഗുരുകാരുണ്യശാലിതന്നെയും വണങ്ങുന്നേന്‍.
തല്‍ഗുരുഭൂതനായിട്ടെത്രയും മനീഷിയായ്
ഹൃല്‍ഗതഭാവജ്ഞനായ്ഗണിതതത്ത്വജ്ഞനായ്
താഴാത കീര്‍ത്തിയോടും നാവായിക്കുളത്തുള്ളോ
രാഴാതിപ്രവരനാം ഗുരുവെ വന്ദിക്കുന്നേന്‍.
ആയവന്‍തന്റെ ഗുരുഭൂതനായുള്ള ദേഹ-
മായതമതികളാല്‍ പൂജിതനായുള്ളവന്‍
കോലത്തുനാട്ടു തൃപ്പാണിക്കരെപ്പൊതുവാള-
ക്കാലത്തെഗ്ഗുരുവരന്മാരില്‍വേച്ചഗ്രേസരന്‍,
എന്നുടെ ഗുരുവിന്റെ ഗുരുവിന്‍ ഗുരുഭൂതന്‍
തന്നുടെ ഗുരുവാകും തല്‍പദം വണങ്ങുന്നേന്‍.
പൊതുവാളിന്റെ ഗുരുവച്യുതപ്പിഷാരടി-
യതിമാനുഷനവന്‍ സകലവിദ്യാത്മകന്‍,
അന്‍പത്തിമൂന്നു വയസ്സിരട്ടിയിരുന്നുള്ള
മേല്പുത്തൂര്‍പട്ടേരിക്കും ഗുരുവായിരുന്നവന്‍
തന്നുടെ പാദപത്മയുഗളം വിശേഷിച്ചു-
മെന്നുടെ മനക്കാമ്പില്‍സ്സന്തതം നിനയ്ക്കുന്നേന്‍.ˮ
ഈ വരികളില്‍നിന്നു് അച്യുതപ്പിഷാരടിയുടെ ശിഷ്യന്‍ കോലത്തുനാട്ടു തൃപ്പാണിക്കരെ പൊതുവാളും അദ്ദേഹത്തിന്റെ ശിഷ്യന്‍ ചിറയിന്‍കീഴ് താലൂക്കില്‍ നാവായിക്കുളത്തു് ആഴാതി (കുരുക്കള്‍)യും, അദ്ദേഹത്തിന്റെ ശിഷ്യന്‍ മാവേലിക്കരെ ചെറിയനാട്ടു പുലിമുഖത്തു പോറ്റിയും ആയിരുന്നു എന്നു നാം അറിയുന്നു. പുലിമുഖത്തു പോറ്റിയുടെ കാലം 861 മുതല്‍ 933 വരെയായിരുന്നു എന്നു് അഭിജ്ഞന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ടു്. കൊച്ചുകൃഷ്ണനാശാന്റെ പിതാവും ഗുരുവുമായ രാമനാശാന്‍ പോറ്റിയുടെ ശിഷ്യനായിരുന്നു. കൊച്ചുകൃഷ്ണനാശാന്റെ ശിഷ്യന്‍ ആറന്മുള മംഗലശ്ശേരി ദക്ഷിണാമൂര്‍ത്തി മൂത്തതു്, മൂത്തതിന്റെ ശിഷ്യന്‍ മാന്നാര്‍ നാലേക്കാട്ടില്‍ ബാലരാമന്‍പിള്ള, സംപ്രതിപ്പിള്ള, അദ്ദേഹത്തിന്റെ ശിഷ്യന്‍ കിളിമാനൂര്‍ വിദ്വാന്‍ ചെറുണ്ണി കോയിത്തമ്പുരാന്‍, എന്നിങ്ങനെ ആ ഛായപരമ്പര പിന്നെയും തുടര്‍ന്നുപോകുന്നു. ഈ വ്യതിയാനം നില്ക്കട്ടെ.
മേല്പുത്തൂരിനു പിഷാരടിയുടെ പേരില്‍ അനിര്‍വചനീയമായ ഭക്തിപാരവശ്യം ഉണ്ടായിരുന്നു. പ്രക്രിയാസര്‍വസ്വത്തിന്റെ അവസാനത്തില്‍ അദ്ദേഹം തന്റെ വ്യാകരണാചാര്യനെ
ʻഅയമച്യുതഗുരുകൃപയാ പാണിനികാത്യായനാദികാരുണ്യാല്‍
യത്നഃ ഫലപ്രസഃ സ്യാല്‍ കൃതരാഗരസോദ്യശബ്ദമാര്‍ഗ്ഗജുഷാം.
എന്ന പദ്യത്തില്‍ സബഹുമാനം വീണ്ടും സ്മരിക്കുന്നു. അച്യുതപ്പിഷാരടിയുടെ വാതരോഗം തപശ്ശക്തികൊണ്ടു സദേഹത്തില്‍ സംക്രമിപ്പിച്ചു് അതിന്റെ ശമനത്തിനായാണു് ഭട്ടതിരി ഗുരുവായൂരില്‍ പോയി നാരായണീയമെന്ന സ്തോത്രരത്നം രചിച്ചു ശ്രീകൃഷ്ണസ്വാമിയെ ഭജിച്ചതെന്ന് ഐതിഹ്യമുണ്ട്. പിഷാരടി 796-ല്‍ മരിച്ചു. ഭട്ടതിരി തത്സംബന്ധമായുണ്ടാക്കിയ ചരമശ്ലോകമാണു് താഴെച്ചേര്‍ക്കുന്നതു്:
ʻʻഹേ! ശബ്ദാഗമ! നിര്‍ദ്ദയം വിബുധതാലുബ്ധൈര്‍ന്നിപീഡിഷ്യസേ:
ധാര്‍ഷ്ട്യൈകപ്രവണാസി വൈദ്യസരണേ! നഷ്ടോഹ്യലങ്കാര! ഭോഃ;
ഹന്ത! ജ്യോതിഷതന്ത്ര! പര്യവസിതാ തിഥ്യൃക്ഷയോസ്തേകഥാ;
വിദ്യാത്മാ സ്വരസര്‍പ്പദദ്യ ഭവതാമാധാരഭൂരച്യുത.ˮ
ʻവിദ്യാത്മാ സ്വരസര്‍പ്പല്‍ʼ എന്നതു കലിദിനവാക്യമാണു്.
കൃതികള്‍
അച്യുതപ്പിഷാരടിയുടെ കൃതികളായി ജ്യോതിഷത്തില്‍ (1) ഗോളദീപിക (2) ഉപരാഗക്രിയാക്രമം (3) കരണോത്തമം (4) ജാതകാഭരണം (5) ഹോരാസാരോച്ചയം (6) ഹോരാസാരോച്ചയത്തിന്റെ പരിഭാഷ (7) വേണ്വാ രോഹത്തിന്റെ പരിഭാഷ എന്നീ ഗ്രന്ഥങ്ങളും വ്യാകരണത്തില്‍ പ്രവേശകവും കണ്ടുകിട്ടീട്ടുണ്ടു്. ഇവകൂടാതെ ദൃഗ്ഗണിതസംബന്ധമായി സ്ഫുടനിര്‍ണ്ണയം എന്നൊരു പ്രമാണീഭൂതമായ ഗ്രന്ഥംകൂടിയുണ്ടു്. അതിനു സ്ഫുടനിര്‍ണ്ണയവിവൃതി എന്നൊരു വ്യാഖ്യാനവും കണ്ടിട്ടുണ്ടു്. ചില ഗ്രന്ഥങ്ങളെപ്പറ്റി മാത്രം ഇവിടെ ഉപന്യസിക്കാം. ഹോരാസാരോച്ചയപരിഭാഷയെക്കുറിച്ചു മറ്റൊരധ്യാത്തില്‍ പ്രസ്താവിക്കും.
ഗോളദീപിക
ഗീതിവൃത്തത്തില്‍ മുന്നൂറു ശ്ലോകങ്ങള്‍കൊണ്ടു നിബന്ധിച്ചിരിക്കുന്ന ഗോളദീപിക ഗണിതവിഷയത്തില്‍ പ്രമാണത്വേന അംഗീകരിക്കേണ്ട ഒരു വിശിഷ്ടഗ്രന്ഥമാകുന്നു. ഇതു കേളല്ലൂര്‍ ചോമാതിരിയുടെ ഗോളദീപികയില്‍ നിന്നു ഭിന്നമാണെന്നു പറയേണ്ടതില്ലല്ലോ.
ʻʻവിഘ്നേശം വാഗ്ദേവീം ഗുരും ദിനേശാദികാന്‍ ഗ്രഹാന്‍ നത്വാ
വക്ഷ്യേ ഭഗോളമസ്മൈ ക്ഷോണീമാനാദികഞ്ച ലഘുമതയേ.
അധഊര്‍ദ്ധ്വയാമ്യസൌമ്യഗമിഹ വൃത്തം ദക്ഷിണോത്തരാഖ്യംസ്യാല്‍;
അതഊര്‍ദ്ധ്വാഭ്യാം ഘാടികമക്ഷാഗ്രേ സൗമ്യയാമ്യയോര്‍ലഗ്നംˮ
എന്നിങ്ങനെ ഗ്രന്ഥം ആരംഭിയ്ക്കുന്നു.
ʻʻഇത്യുദിതാ സംക്ഷേപാദസ്മാഭിര്‍ഗ്ഗോളദീപികാ; യ ഇമാം
പുരുഷഃ പഠേല്‍ സ ലോകേ ഗോളവിദാം ഗണ്യതേ നൃണാം മധ്യേˮ
എന്നതാണു് ഒടുവിലത്തെ ശ്ലോകം.
ഉപരാഗക്രിയാക്രമം
ഈ ഗ്രന്ഥത്തെ ക്രിയാക്രമം എന്നും പറയാറുണ്ടു്. ഇതില്‍ ഗ്രഹസ്ഫുടഗണനവും ഛായാദി ഗ്രഹണവും മറ്റുമാണു് പ്രതിപാദ്യം. നാലധ്യായങ്ങള്‍കൊണ്ടു ഗ്രന്ഥം സംപൂര്‍ണ്ണമാകുന്നു. ചില ശ്ലോകങ്ങള്‍ ചുവടേ പകര്‍ത്തുന്നു.
ʻʻഗുരൂണാം ചരണാംഭോജപരാഗപരമാണവഃ
മനോമുകുരമസ്മാകം പുനീയുരനുവാസരം.
മാര്‍ത്താണ്ഡാഖ്യം പരം ജ്യോതിര്‍ന്നത്വാസ്മാഭിര്‍വിലിഖ്യതേ,
ഹിതായ മന്ദബുദ്ധിനാമുപരാഗക്രിയാക്രമഃ.ˮ
ʻʻപ്രോക്തഃ പ്രവയസോ ധ്യാനാജ്ജ്യേഷ്ഠദേവസ്യ സദ്ഗുരോഃ
വിച്യുതാശയദോഷേണേത്യച്യുതേന ക്രിയാക്രമഃ.ˮ
എന്നതാണു് ഒടുവിലത്തെ ശ്ലോകം. അതിലെ കലിദിനസൂചകമായ പ്രഥമപാദത്തില്‍നിന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ നിര്‍മ്മിതി കൊല്ലം 768-ലാണെന്നു നിര്‍ണ്ണയിക്കാം. പിഷാരടിയുടെ ജ്യോതിശ്ശാസ്ത്രഗുരു ജ്യേഷ്ഠദേവന്‍ എന്നൊരാളായിരുന്നു എന്നും ʻക്രിയാക്രമʼത്തിന്റെ ആവിര്‍ഭാവകാലത്തു് അദ്ദേഹം വയോധികനായിരുന്നു എന്നുംകൂടി ഈ ശ്ലോകത്തില്‍നിന്നു നാം ധരിക്കുന്നു.
കരണോത്തമം
ഇതു ദൃക്‍സമ്പ്രദായത്തില്‍ പിഷാരടി രചിച്ചിട്ടുള്ള ഒരു ഗണിതഗ്രന്ഥമാകുന്നു. അതുകൊണ്ടു പഞ്ചബോധക്രിയാക്രമത്തില്‍നിന്നു് ഇതിലെ പ്രതിപാദനരീതിഭിന്നമായിരിക്കുന്നു. ʻഗുരുണാം ചരണാംഭോജʼ ഇത്യാദി ശ്ലോകംകൊണ്ടുതന്നെയാണു് കരണോത്തമവും ആരംഭിയ്ക്കുന്നതു്. അഞ്ചധ്യായങ്ങളിലായി നൂറ്റൊന്‍പതു ശ്ലോകങ്ങളുണ്ടു്: ഗ്രന്ഥകാരന്‍ ഈ കൃതിയില്‍ തന്റെ കവിതാപാടവത്തേയും വ്യാകരണപാണ്ഡിത്യത്തേയും പ്രകടീകരിച്ചിരിക്കുന്നു. അദ്ദേഹം തന്നെ പ്രസ്തുത ഗ്രന്ഥത്തിനു് ഒരു വിവരണവും നിര്‍മ്മിച്ചിട്ടുണ്ടു്. മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം:
ʻʻപ്രണിപത്യ പരം ജ്യോതിര്‍ഗണപത്യപരാഭിധം
ഗുരുണോക്തമവിസ്മര്‍ത്തും കരണോത്തമയാമ്യഹം.ˮ
ʻʻഹൃദ്യൈര്യുക്തിവിദാമിത്ഥം പദ്യൈരുപശതൈഃ കൃതം
കരണോത്തമനാമൈതച്ചിരമാസ്താം മഹീതലേ.ˮ
ʻʻവൈഷ്ണവേനാച്യുതാഖ്യേന പ്രണീതം വിവൃതം കൃതം
കരണോത്തമമാലോക്യ പരിതുഷ്യന്തു സൂരയഃ.ˮ
ഇതിനു് ഏതോ ഒരു നമ്പൂരിയുടെ ഭാഷാവ്യാഖ്യാനവുമുണ്ടു്.
ജാതകാഭരണം
ʻഗുരൂണാം ചരണാംഭോജʼ ഇത്യാദി വന്ദനശ്ലോകം ഈ ഗ്രന്ഥത്തിലും കാണുന്നതുകൊണ്ടു് ഇതും പിഷാരടിയുടെ കൃതികളില്‍ ഒന്നാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ആകെ എട്ടധ്യായങ്ങളുണ്ടു്. വരാഹമിഹിരന്റെ ഹോര, വടശ്ശേരിയുടെ ജാതകപദ്ധതി മുതലായി പ്രമാണീഭൂതങ്ങളായ പല പ്രശ്നശാസ്ത്രനിബന്ധങ്ങള്‍ പരിശോധിച്ചാണു് പ്രസ്തുത കൃതി രചിച്ചിട്ടുള്ളതെന്നു ഗ്രന്ഥകാരന്‍ പറയുന്നു.
ʻʻഅര്‍ത്ഥാജ്ജനേ സഹായഃ പുരുഷാണാമാപദര്‍ണ്ണവേ പോതഃ
യാത്രാസമയേ മന്ത്രീ ജാതകമപഹായ നാസ്ത്യപരഃ.ˮ
എന്ന പദ്യം ജാതകാഭരണത്തിലുള്ളതാണു്.
ഹോരാസാരോച്ചയം
ഹോരാസാരോച്ചയം ശ്രീപതി പദ്ധതിയുടെ സംക്ഷേപമാണു്. ആകെ ഏഴധ്യായങ്ങള്‍ അടങ്ങീട്ടുണ്ടു്.
ʻʻഭക്ത്യാ ഗുരൂണാം ചരണാരവിന്ദം
നത്വാച്യുതോ ദൈവവിദാം ഹിതായ
സാരോച്ചയം ശ്രീപതിനിര്‍മ്മിതസ്യ
ഹോരാര്‍ത്ഥതന്ത്രസ്യ വദാമ്യശേഷംˮ
എന്ന പ്രഥമശ്ലോകത്തില്‍ത്തന്നെ ആചാര്യന്‍ തന്റെ നാമധേയം ഘടിപ്പിച്ചിട്ടുണ്ടു്.
പ്രവേശകം
വ്യാകരണശാസ്ത്രം പഠിക്കുവാന്‍ ആഗ്രഹമുള്ളവര്‍ക്കു് അത്യന്തം പ്രയോജകീഭവിപ്പിക്കുന്ന ഒരു ഗ്രന്ഥമാണു് പ്രവേശകം. സംക്ഷിപ്തമാണെങ്കിലും ആ ശാസ്ത്രത്തില്‍ അന്തര്‍ ഭൂതങ്ങളായ സകല വിഷയങ്ങളെപ്പറ്റിയും അച്യുതപ്പിഷാരടി ഇതില്‍ പ്രതിപാദിച്ചിട്ടുണ്ടു്. ഉദാഹരണങ്ങളായി തന്റെ സഹൃദയത്വത്തിനും കവിത്വത്തിനും പ്രത്യക്ഷലക്ഷ്യങ്ങളായ പല ശ്ലോകങ്ങളും ചേര്‍ത്തിട്ടുമുണ്ടു്. പിഷാരടിക്കു് ആശ്രയമായിക്കാണുന്നതു മഹാഭാഷ്യത്തിനും കാശികാവൃത്തിക്കും പുറമേ രാമചന്ദ്രന്റെ പ്രക്രിയാകൗമുദി ആകുന്നു. രൂപാവതാരത്തിനു് എന്നപോലെ പിഷാരടിയുടെ കാലത്തു പ്രക്രിയാകൗമുദിക്കും കേരളത്തില്‍ ഗണനീയമായ പ്രചാരമുണ്ടായിരുന്നു. ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ,
ʻʻഅശേഷാഗമതാല്‍പര്യകൈരവോദ്ബോധചന്ദ്രികാം
ഉപാസ്മഹേ ജ്ഞാനമുദ്രാം രാമചന്ദ്രകരോദിതാം.ˮ
എന്ന ശ്ലോകംകൊണ്ടാണു്, ഇവിടെ ആചാര്യനു പ്രക്രിയാ കൗമുദീകാരനെപ്പറ്റിയും വിവക്ഷയുണ്ടു്. രാമന്‍ എന്നൊരു ഗുരു പിഷാരടിക്കുണ്ടായിരുന്നില്ല. പ്രക്രിയാകൗമുദീകാരനായ രാമചന്ദ്രന്‍ എന്ന ആന്ധ്രദേശപണ്ഡിതന്‍ ക്രി. പി. പതിന്നാലാംശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്നു. പിഷാരടി വെട്ടത്തുനാട്ടു രവിവര്‍മ്മത്തമ്പുരാന്റെ ആശ്രിതനായിരുന്നു എന്നുള്ളതിനു ലക്ഷ്യമായ ʻലക്ഷ്യാ പ്രകാശവിഷയംʼ എന്ന പ്രവേശകാന്തര്‍ഗ്ഗതമായ പദ്യം മുന്‍പു് ഉദ്ധരിച്ചിട്ടുണ്ടല്ലോ. പ്രവേശകം മേല്പുത്തൂര്‍ ഭട്ടതിരിയെ പഠിപ്പിക്കുന്നതിലേക്കുവേണ്ടി ഉണ്ടാക്കിയതാണെന്നുള്ള ഐതിഹ്യം അനാസ്പദമാകുന്നു. ഗ്രന്ഥനിര്‍മ്മിതിയുടെ ഉദ്ദേശം എന്തെന്നു് ആചാര്യന്‍തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടു്:
ʻʻപ്രവേശകസ്സംസ്‌ക്രിയതേ ശബ്ദശാസ്ത്രപ്രവേശകഃ
സുഗമോയമൃജൂര്‍മാര്‍ഗ്ഗോ ബാലാനാം മന്ദചേതസാം.
പ്രവേശകേന ജാനന്തി ശബ്ദാന്‍ വ്യാകരണാക്ഷമാഃ
ഇക്ഷും ഖാദന്തി നാദന്താ രസം ശര്‍ക്കരയാ വിദുഃ
ദര്‍പ്പണേ പണമാത്രേണ ദന്തീ പ്രതിഫലേദ്യഥാ
തഥാല്പേപി പ്രകരണേ മഹദ്വ്യാകരണം സ്ഫുരേല്‍.ˮ
പല്ലില്ലാത്തവര്‍ക്കു കരിമ്പു കടിച്ചുചവയ്ക്കുവാന്‍ നിര്‍വ്വാഹമില്ലെങ്കിലും അവര്‍ ശര്‍ക്കരകൊണ്ടു് ഇക്ഷുരസത്തെ അറിയുന്നതുപോലെ പാണിനീയാധ്യയനത്തിനു് അശക്തന്മാരായിട്ടുള്ളവര്‍ക്കു പ്രവേശകംകൊണ്ടു് ശബ്ദങ്ങളുടെ ജ്ഞാനമുണ്ടാകുമെന്നും ചെറിയ ദര്‍പ്പണത്തില്‍ ആനയെന്നപോലെ ഈ സംഗ്രഹ ഗ്രന്ഥത്തിലും മഹത്തായ വ്യാകരണശാസ്ത്രം പ്രതിഫലിയ്ക്കുമെന്നുമാണു് അദ്ദേഹം പ്രതിപാദിയ്ക്കുന്നതു്. പ്രവേശകം മുഴുവന്‍ 600 ശ്ലോകങ്ങളില്‍ വിരചിതമാകയാല്‍ അധ്യേതാക്കന്മാര്‍ക്കു് ഓര്‍മ്മയില്‍ വെയ്ക്കുവാന്‍ വളരെ സൗകര്യമുണ്ടു്. പിഷാരടിയുടെ കാവ്യശൈലി പ്രദര്‍ശിപ്പിക്കുവാന്‍ ചില ശ്ലോകങ്ങള്‍ അടിയില്‍ പകര്‍ത്തുന്നു:
ʻʻടിത് പീഠവദധസ്തിഷ്ഠേല്‍ കിന്മൂര്‍ദ്ധനി കിരീടവല്‍
മിത് സ്യാന്ത്യേസ്വരാദൂര്‍ദ്ധ്വം ഫാലേ പുണ്ഡ്രവദാഗമഃ
സ്ഥാനേ ശത്രുവദാദേശശ്ഛത്രവല്‍ പ്രത്യയാഃ പരേ.ˮ
ʻʻആദ്യന്തൗ ടകിതൌˮ എന്നു പറയുന്നതിനേക്കാള്‍ ടിത് അടിയില്‍ പീഠംപോലെയും കിത് മുകളില്‍ കിരീടംപോലെയും സ്ഥിതിചെയ്യുന്നു എന്നുംമറ്റുംപറയുന്നതു സ്വാരസികമാണല്ലോ.
ʻʻഭൃശായതേ വായുരയം ശബ്ദായന്തേ വലാഹകാഃ
സുഖായന്തേ ഗൃഹേഷ്വാഢ്യാ ബാഷ്പായന്തേ വിയോഗിനഃˮ.
ʻʻഊരീകൃത്യ ജവം വൃക്ഷാംസ്തൃ്ണീകൃത്യ സമീരണഃ
മേഘാന്‍ പടപടാകൃത്യ സാന്ദ്രീഭൂയ ച വാത്യയം:ˮ
പ്രവേശകത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനം കണ്ടിട്ടുണ്ടു്. അതിനുപുറമെ ആറ്റുപുറത്തു ഇമ്പിച്ചന്‍ഗുരുക്കള്‍ സുബന്തപ്രകരണാന്തംവരെ സ്വയമായി ഒരു ഭാഷാവ്യാഖ്യാനം രചിച്ചു് അതോടുകൂടി പ്രസ്തുത ഗ്രന്ഥം ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചു. പ്രസ്തുത ഗ്രന്ഥത്തിനു ലഘുവിവൃതി എന്നു വിശദമായ ഒരു സംസ്കൃതവ്യാഖ്യാനം പി. എസ്. അനന്തനാരായണശാസ്ത്രികള്‍ നിര്‍മ്മിക്കുകയും മൂലത്തോടു ചേര്‍ത്തു ഗോശ്രീസംസ്കൃത ഗ്രന്ഥാവലിയുടെ ദ്വിതീയാങ്കമായി മുദ്രണം ചെയ്യുകയും ചെയ്തിട്ടുണ്ടു്.
ഒരൊറ്റ ശ്ളോകം
അച്യുതപ്പിഷാരടിയോടു് ഒരു വിദേശീയനായ പണ്ഡിതന്‍ അദ്ദേഹത്തിന്റെ ജാതിയേതെന്നു ചോദിച്ചപ്പോള്‍
ʻʻദേവബ്രാഹ്മണശുശ്രൂഷുസ്സാഹിത്യൈകപരായണാ
ഈദൃശീ വര്‍ത്തതേ ജാതിഃ കേരളേഷ്വിതരത്ര ന.ˮ
എന്നു് ആ മഹാശയന്‍ മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ടു്.
കൊച്ചി രാമവര്‍മ്മ മഹാരാജാവു്
കൊല്ലം 740 കുംഭം മുതല്‍ 776 മീനംവരെ കൊച്ചിരാജ്യം പരിപാലിച്ച കേശവരാമവര്‍മ്മമഹാരാജാവു് പല പ്രകാരത്തിലും പ്രശംസാര്‍ഹനായ ഒരു പുണ്യപുരുഷനായിരുന്നു. ആ മഹാരാജാവിന്റെ മാതാവു് ഊരകത്തമ്മയെ വളരെക്കാലം ഭജിച്ചതിന്റെ ഫലമായാണു് അവിടത്തെ അവതാരമെന്നു ബാലകവി രാമവര്‍മ്മവിലാസം നാടകത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. ʻʻതസ്യ താവന്മഹാരാജസ്യജനനീ, പ്രഥമാ വീരജനനീനാം, പുരാ ചിരമപത്യവാഞ്ഛയാ മലയപുരവാസിനീം ഭഗവതീം ഭവാനീമാരാധിതവതീ. ആരാധനപ്രസന്നാ ച സാ സ്വപ്നേ താമിത്ഥമന്വഗ്രഹീല്‍.
ലോകപാലൈശ്ച സകലൈര്‍ല്ലോഭനീയക്രിയം സുതം
മല്‍പ്രസാദാന്മഹാഭാഗേ, ജനയസ്വ യശസ്വിനിˮ
എന്ന ഭാഗം നോക്കുക.
അവിടത്തെ സമരശൂരത, ഈശ്വരഭക്തി, തീര്‍ത്ഥാടനൗത്സുക്യം ഇവയെ അക്കാലത്തെ കവികള്‍ അത്യുജ്ജ്വലമായ ഭാഷയില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ആ തമ്പുരാന്റെ വകയായി 751 ധനു 12-ആംനുയിലെ ഒരു ദാനശാസനം ചിദംബരം ക്ഷേത്രത്തില്‍ ലിഖിതമായിട്ടുണ്ടു്. 776 കന്നി 27-ആംനു അവിടുന്ന തുലാപുരുഷദാനം നിര്‍വ്വഹിച്ചു. കാശിവരെ യാത്രചെയ്തു് അവിടെവെച്ചു തീപ്പെട്ടതിനാല്‍ കാശിക്കെഴുന്നള്ളിയ തമ്പുരാന്‍ എന്നു് അവിടത്തെ വ്യവഹരിച്ചുവരുന്നു. മഴമംഗലത്തു നാരായണന്‍നമ്പൂരിയുടെ രാജരത്നാവലീയം ചമ്പുവിലെ നായകന്‍ അവിടുന്നാണു്. മഴമംഗലത്തിനുപുറമേ ബാലകവി, മൂക്കോലയ്ക്കല്‍ നീലകണ്ഠന്‍നമ്പൂരി എന്നിവരും അവിടത്തെ ആശ്രിതന്മാരായിരുന്നു. രാമവര്‍മ്മമഹാരാജാവു് ʻരാസക്രീഡʼ എന്ന മണിപ്രവാളകാവ്യത്തിന്റെ പ്രണേതാവും തമിഴില്‍ നിന്നു തിരുവള്ളുവരുടെ തിരുക്കുറള്‍ മലയാളത്തിലേക്കു തര്‍ജ്ജമചെയ്യിച്ച ഭാഷാപോഷകനുമായിരുന്നു എന്നു ഞാന്‍ അനുമാനിക്കുന്നു. ഈ തര്‍ജ്ജമയ്ക്കു–-ʻതിരു(വള്ളുവ)വുള്ളപ്പയന്‍ʼ എന്നു പേര്‍ കൊടുത്തുകാണുന്നു. ഇതു സമാപ്തമായതു കൊല്ലം 770 വൃശ്ചികം 28-ആംനുയാണു്. പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പ്രതിയേ കണ്ടുകിട്ടീട്ടുള്ളു. അതില്‍ ʻʻവള്ളുവരിട്ട നൂലുവഴികവിവ്യാഖ്യാനം മലയാണ്‍മയില്‍ സംസ്കൃത.....എഴുതിച്ചതു രാമവര്‍മ്മകവിരാജന്‍ˮ എന്നു രേഖപ്പെടുത്തിക്കാണുന്നു.
രാമവര്‍മ്മാവിനെപ്പറ്റിയുള്ള ചില പ്രശസ്തികള്‍
രാജരത്നാവലീയം ചമ്പുവിലുള്ളവയാണു് അധോലിഖിതങ്ങളായ പദ്യങ്ങള്‍:
ʻʻഅക്കാലം ദേഹഭാജാം മിഴികളിലമൃത-
സ്യന്ദവും കോരിയൂത്തൂ-
ത്തഗ്രേ നിര്‍ദ്ധൂയ വൈരാകരതിമിരകുലം
പൂര്‍ണ്ണയോഗാഞ്ചിതാത്മാ
ദിക്കെപ്പേരും വെളുപ്പിച്ചഭിനവമഹസാ
മാടഭൂപാന്വയാഖ്യേ
മുഖ്യേ പൂര്‍വാദ്രിമൗലൗ തെളിവിലൊരു കുമാ-
രേന്ദു പോന്നാവിരാസീല്‍.
ക്ഷോണീമംഗല്യഭൂഷാമണി തദനു സഖേ!
കൌതുകം പൂണ്ടു ദാന-
ശ്രേണീമാപൂര്യ വിശ്വോത്തരമഹിമ തകും
ജന്മമോര്‍ത്തും വിശേഷാല്‍
നാനാലോകാഭിരാമം തിരുവുടല്‍ മധുരം
കണ്ടുമയ്യാ! തദാനീ-
മാനന്ദീ രാമനെന്നദ്ഭുതഗുണമഹിതം
നാമധേയം വ്യതാനീല്‍.
കാണുന്നവര്‍ക്കതുലബാലവിഹാരഭേദൈ-
രാനന്ദമേഷ വിതരന്‍ നഗരേ വളര്‍ന്നാന്‍
ചേണാര്‍ന്ന ഭാസ്കരകുലേ, മുരവൈരി വിശ്വ-
ത്രാണായ പണ്ടുടനയോധ്യയിലെന്നപോലെ.
ഓരോരോ ശസ്ത്രശാസ്ത്രപ്രഥനവുമപദാ-
നങ്ങളും മാനവായ്പും
വീരശ്രീയും പ്രഭാവപ്പെരുമയുമമിതാ-
നന്ദവും ദേഹഭാജാം
ആരോമല്‍ക്കീര്‍ത്തിയും വിണ്ടലനരപതികള്‍-
ക്കിണ്ടലും പാടുപാടേ
വാരം വാരം തദാനീം പുതുമയൊടു കുമാ-
രേണ സാകം പുലര്‍ന്നൂ.
സാമര്‍ത്ഥ്യോദയമാര്‍ന്ന നാളിലതിവേലം വേദശാസ്ത്രാന്തര-
ശ്രീമല്ലക്ഷണകാവ്യനാടകകുലാവിജ്ഞാനപാരീണധീഃ
ഓമല്‍പ്പൂമകള്‍തന്‍വിലോചനകലാമാലാമണിഞ്ഞൂഴിതന്‍
ക്ഷേമത്തിന്നുദയപ്രഭാവമഹിമാ ശ്രീരാമവര്‍മ്മാ ബഭൗ.
ശ്രീരാമം വീരലക്ഷ്മ്യാ ശിവശിവ വിജയം
വിക്രമംകൊണ്ടു പാരാ-
വാരം ഗാംഭീര്യവൃത്ത്യാ നവതനുസുഷമാ-
സമ്പദാ ശംബരാരിം
വാരാളും ദാനരീത്യാ വിബുധതരുവരം
പൂര്‍ണ്ണചന്ദ്രം പ്രസാദാല്‍
മാരാരിം വൈദുഷീവിഭ്രമസരണികള്‍കൊ-
ണ്ടേഷ ധീമാനജൈഷീല്‍.
അക്കാലം പരിപാല്യ സാധു വസുധാചക്രം തുലോം നാള്‍ മണം
തിക്കീടുംപടി വീരകേരളനൃപാലേ നാകുലോകം ഗതേ
അക്ഷീണോദയമാനവിക്രമനിധേഃ ശ്രീരാമവര്‍മ്മന്നു തേ
വിഖ്യാതാസ്സചിവോത്തമാ വിദധിരേ രാജ്യാഭിഷേകം മുദാ.
കൃതാഭിഷേകസ്സ തു രാമവര്‍മ്മാ
ക്ഷിതിം ചതുസ്സാഗരരത്നകാഞ്ചീം
യഥാവദാവിഷ്കൃതധര്‍മ്മഭൂമാ
തതോശിഷദ്വാസവതുല്യധാമാ.ˮ
രാമവര്‍മ്മമഹാരാജാവിനു വീരകേരളവര്‍മ്മാവെന്നും ഗോദവര്‍മ്മാവെന്നുമുള്ള പേരുകളില്‍ രണ്ടു് അനുജന്മാരുണ്ടായിരുന്നു. വീരകേരളവര്‍മ്മാവു് 776-ല്‍ രാമവര്‍മ്മമഹാരാജാവിന്റെ മരണാനന്തരം കിരീടധാരണം ചെയ്യുകയും 790-ല്‍ യശശ്ശരീരനാവുകയും ചെയ്തു. അദ്ദേഹമാണു് മേല്പുത്തൂര്‍ ഭട്ടതിരിയുടെ പ്രശസ്തിക്കു പാത്രീഭവിച്ചിട്ടുള്ളതു്. ഗോദവര്‍മ്മാവു രാമവര്‍മ്മാവു മരിച്ചതിനുമേല്‍ ഏറെത്താമസിയാതെ രാമേശ്വരത്തുവെച്ചു് അന്തരിച്ചു. ഈ വസ്തുതകള്‍ക്കു ലക്ഷ്യം നീലകണ്ഠകവിയുടെ തെന്‍കൈലനാഥോദയം ചമ്പുവിലുണ്ടു്. താഴെ ഉദ്ധരിക്കുന്ന തദന്തര്‍ഗ്ഗതങ്ങളായ പദ്യങ്ങള്‍ നോക്കുക:
ʻʻതല്‍കാലേ ചതുരന്തഭൂമിവലയപ്രാകാശ്യഹേതോര്‍ന്നൃണാ-
മുദ്രികൈതസ്സുകൃതൈസ്സരോരുഹഭുവാ സങ്കല്പിതസ്സാദരം
പ്രൗഢശ്രീരുദിയായ പുണ്യദിവസേ കശ്ചില്‍ കുമാരാത്മനാ
മാടക്ഷ്മാപതിവംശരമ്യശിഖരേ മാണിക്യദീപാംകുരഃ
കാന്തിം കാഞ്ചന മൂര്‍ത്തിധാരിമദനപ്രഖ്യാം പ്രവീരശ്രിയം
പ്രേന്ധാനാമപി ചിത്തവൃത്തിമതിഗംഭീരപ്രിയംഭാവുകാം
ക്ഷാന്തിം നിസ്തുഷവൈദുഷീഞ്ച നിതരാം ബിഭ്രന്നരേന്ദ്രാഭക-
സ്സാന്ദ്രാവിഷ്കൃതദിവ്യലക്ഷണപരീതാത്മാധ്യവാത്സീദസൗ.
സാമ്രാജ്യാധികൃതോ വയസ്യഭിനവേ ശ്രീരാമവര്‍മ്മാഭിധോ
രാജേന്ദ്രസ്സഹ ഗോദവര്‍മ്മസഹജേനാക്രമ്യ വര്‍ഗ്ഗം ദ്വിഷാം
കൃത്വാ ദാനവരം തുലാദ്യപുരുഷം വാരാണസീസന്നിധൗ
സംപ്രാപ്തശ്ശിവലോകമന്വഗനുജോപ്യാഗമ്യ രാമേശ്വരാല്‍.ˮ
രാമവര്‍മ്മമഹാരാജാവിന്റെ തീര്‍ത്ഥാടനാഭിനിവേശം സുപ്രസിദ്ധമായിരുന്നു. അതിനെപ്പറ്റിയും രാജരത്നാവലീയത്തില്‍
ʻʻവാര്‍മെത്തും ക്ഷേത്രതീര്‍ത്ഥങ്ങളിലതിലതില-
ത്യന്തമുഖ്യേഷു ഗത്വാ
നേരെത്താതോരു സേവാം കലിതരുചി വള-
ര്‍ത്തേഷ നിഷ്കല്‌മഷാത്മാ
പൂരിച്ചെല്ലാടവും കാഞ്ചനമയമഴപെ-
യ്താശു ഭൂലോകഭാജാം
ദാരിദ്ര്യച്ചൂടൊഴിച്ചാന്‍ നിഖിലമവനതും
പാര്‍വ്വതീശപ്രസാദം.ˮ
എന്ന പദ്യത്തില്‍ സൂചന കാണുന്നു. ʻʻസ രാജാ തീര്‍ത്ഥാനുരാഗീതി പ്രസാദഭൂമിഃˮ എന്നും ʻʻന ജാനാസി കിമസ്യ...... സേതുചിദംബരപ്രഭൃതിതീര്‍ത്ഥയാത്രാവൃത്താന്തം?ˮ എന്നും രാമവര്‍മ്മവിലാസത്തിലും പ്രസ്താവനയുണ്ടു്. അദ്ദേഹം അഞ്ചുവര്‍ഷക്കാലം ഒരു ഭിക്ഷുവിന്റെ വേഷത്തില്‍ ഭാരതത്തിലെ പല പുണ്യക്ഷേത്രങ്ങളും സന്ദര്‍ശിച്ചതായി പോര്‍ത്തുഗീസുചരിത്രകാരന്മാരും പ്രസ്താവിക്കുന്നു.
ബാലകവി
രാമവര്‍മ്മ മഹാരാജാവിന്റെ സദസ്യന്മാരുടെ പംക്തിയില്‍ ചോളദേശത്തിലെ തൊണ്ടമംഗലത്തില്‍പ്പെട്ട മൂലാണ്ഡം ഗ്രാമത്തിലെ ബാലകവിക്കു പ്രധാനമായ ഒരു സ്ഥാനമുണ്ടായിരുന്നു. തന്റെ പുരസ്കര്‍ത്താവിന്റെ പ്രത്യേകമായ പ്രീതിക്കു പാത്രീഭവിച്ചിരുന്ന ആ കവി രത്നകേതൂദയമെന്നും രാമവര്‍മ്മവിലാസമെന്നും രണ്ടു നാടകങ്ങള്‍ രചിച്ചിട്ടുണ്ടു്. രണ്ടും അഞ്ചങ്കത്തിലുള്ള നാടകങ്ങളും തൃശ്ശിവപേരൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിനു് അഭിനയിക്കുവാന്‍ നിര്‍മ്മിച്ചവയുമാണെന്നു കാണുന്നു.മൂലാണ്ഡത്തില്‍ സോമനാഥന്റെ പുത്രനായി യൗവനഭാരതി എന്നൊരു കവിശ്രേഷ്ഠനുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ പുത്രനായ മല്ലികാര്‍ജ്ജുനന്‍ ഛന്ദോഗനും കവിയുമായിരുന്നു എന്നും മല്ലികാര്‍ജ്ജുനസൂനുവായ കാളഹസ്തിയുടെ പുത്രനാണു് താനെന്നും കവി പ്രസ്താപിക്കുന്നു. രണ്ടു നാടകങ്ങളിലും കൃഷ്ണമനീഷിയെന്ന ഒരു പണ്ഡിതന്റെ ബഹുമതിക്കു താന്‍ പാത്രീഭവിച്ചതായും ഉപന്യസിക്കുന്നുണ്ടു്. ʻʻഏനമുപശ്ലോകിതവാന്‍ കേരളഗുരുര്‍ജ്ജിതാശേഷശേമുഷീവിശേഷഃ കൃഷ്ണമനീഷീ-
യോഭൂദ്യൗവനഭാരതീകവിവിരാച്ഛ്റീസോമനാഥാത്മജാ-
ച്ഛന്ദോഗ സ്സ ഹി മല്ലികാര്‍ജ്ജുനകവിര്‍ദ്ധന്യഃ പിതാ യല്‍പിതുഃ
സോയം ബാലകവിസ്സുധാര്‍ദ്രകവിതാഭാക്കാളഹസ്ത്യാത്മജഃ
പ്രഖ്യാതോ ഭുവി കസ്യന ശ്രുതിപഥം ശ്രേയോനിധിര്‍ഗ്ഗാഹതേ?ˮ
എന്നതാണു് രത്നകേതൂദയത്തിലെ പദ്യം. ഈ കൃഷ്ണപണ്ഡിതനെ ʻʻതസ്യൈവ മഹാരാജരാമവര്‍മ്മണോ ഗുരുണാ, ശുനാസീരഗുരുയശോലുണ്ടാകപാണ്ഡിതീകേന പ്രതിവാദിമദഗദോല്ലംഘനരാഘവവൈദുഷീപ്രകാശ ദര്‍ശിതോപദേശ കൗശലേന സകലവിദ്യാനിഷ്ണാതേനˮ എന്നു് ആ നാടകത്തിലും ʻʻപുരൈവ തസ്യൈവ ഗുരുണാ രാജ്ഞഃ, ശുനാസീര … പാണ്ഡിതീകേന, പ്രതിവാദിമദഗദോല്ലംഘനാഗദങ്കാരേണ കേരളമണ്ഡലാലങ്കാരേണ കലാകലാപനദീഷ്ണേന കൃഷ്ണമനീഷിണാ സുഗുണപോഷിണാˮ എന്നു രാമവര്‍മ്മവിലാസത്തിലും അദ്ദേഹം പ്രശംസിക്കുന്നു. രാമവര്‍മ്മമഹാരാജാവിന്റെ ഗുരുവാണു് രാഘവപണ്ഡിതന്റെ ശിഷ്യനായ കൃഷ്ണമനീഷി എന്നു് ഈ പംക്തികളില്‍ നിന്നു വിശദമാകുന്നു. താഴെ ഉദ്ധരിക്കുന്നതും രാമവര്‍മ്മമഹാരാജാവിന്റെ വിവിധസിദ്ധികളെ പ്രഖ്യാപനം ചെയ്യുന്നതുമായ ഭാഗവും ആ നാടകത്തിന്റെ പ്രസ്താവനയില്‍ ഉള്ളതാകുന്നു:
ʻʻസൂത്രധാരഃ കേരളദേശാധിപതിരുച്ചാവചപട്ടാംബരൈരുച്ചീകൃതാം കൊച്ചീപുരീമമരാവതീമിവ സൌഭാഗ്യവതീമാവാസയന്‍ ഭൂവാസവോ വൈദുഷ്യനിധിര്‍ബുധജനമാന്യോതി വദാന്യഃ പാലിതനിഖിലധര്‍മ്മാ രാമവര്‍മ്മാ സ്വയമേവ വസ്ത്വപി രത്നകേതൂദയം നാമാപി പരികല്പ്യ തേന കവികുലോത്തംസേന നാടകമിദമാരചയ്യ തദ്ദിശി ദിശി പ്രഖ്യാതമാതതാന.
പാരിപാര്‍ശ്വികഃ (സഹര്‍ഷവിസ്മയം) അപി കൃതം സ്വയമേവ മഹാരാജേന വസ്ത്വപി രത്നകേതൂദയനാമാപ്യഭിജാതം നാടകസ്യ?
സൂത്ര: അഥ കിം. പ്രാജ്ഞഃ ഖല്വസൗ.
പാരി: സ്വര്‍ണ്ണകുസുമ ഇവ സൗരഭ്യം അനംഗേക്ഷുചാപ ഇവ ഫലോല്‍പത്തിരാലേഖ്യമൂര്‍ത്താവിവ സത്വയോഗോ മണിദാമ‌്നീവ മാര്‍ദ്ദവമത്ഭുതം രാജ്ഞി വൈദുഷ്യം.
സൂത്ര: കിമിദമാശ്ചര്യം-
ʻʻസരസിജനയനേ ലക്ഷ്മ്യാസ്തസ്മിംശ്ചതുരാനനേ സരസ്വത്യാഃ
സാമാനാധികരണ്യം സമുചിതമന്യത്ര വൈയധികരണ്യം.ˮ
ഈ ഭാഗത്തില്‍നിന്നു ബാലകവിക്കു നാടകത്തിന്റെ കഥാവസ്തു ഉപദേശിച്ചതും അതിനു രത്നകേതൂദയം എന്നു പേര്‍ കല്പിച്ചതും മഹാരാജാവാണെന്നു വന്നുകൂടുന്നു. മാളവരാജാവായ വിജയ കേതുവിന്റെ പുത്രന്‍ രത്നകേതു മണിപുരരാജാവായ ജയസേനന്റെ പുത്രി ലീലാവതിയെ വിവാഹം ചെയ്യുന്നതാണ് പ്രസ്തുത നാടകത്തിലെ ഇതിവൃത്തം. പ്രഭാവതി എന്നൊരു പരിവ്രാജികയാണു് അവരെ സംഘടിപ്പിക്കുന്നതു്. നാലാമങ്കത്തില്‍ വാരാണസി, വിന്ധ്യപര്‍വ്വതം, രാമേശ്വരം, മധുര, ശ്രീരംഗം, തിരുവാനക്കാവു്, ചിദംബരം കാഞ്ചീപുരം, വെങ്കടഗിരി, കാളഹസ്തി തുടങ്ങിയ ക്ഷേത്രങ്ങളുടേയും നദികളുടേയും പര്‍വ്വതങ്ങളുടേയും വര്‍ണ്ണനങ്ങളുണ്ടു്. കഥാവിഷയകമായി രത്നകേതൂദയത്തിനും രാജരത്നാവലീയത്തിനും തമ്മില്‍ കാണുന്ന സാജാത്യം സഹൃദയന്മാരുടെ ശ്രദ്ധയെ ആകര്‍ഷിക്കാതെയിരിക്കയില്ല.
- ʻʻപ്രാഗേവ പ്രസൃമരവിശദയശഃപൂരകര്‍പ്പൂരപൂരിതബ്രഹ്മാണ്ഡകരണ്ഡകസ്യ പ്രചണ്ഡതരശൗണ്ഡീര്യമാര്‍ത്താണ്ഡമണ്ഡലോ ദയപര്‍വ്വതസ്യ പ്രതിഭടസുഭടവര്‍ഗ്ഗസ്വര്‍ഗ്ഗാധിരോഹണനിശ്രേണികായിതകൃപാണികാവല്ലീകസ്യ ക്രിയാസമഭിഹാരക്രിയ മാണമഹാഹവാവസാനപ്രതിഷ്ഠാപിതജയസ്തംഭയൂപലാഞ്ഛിത നവദ്വയദ്വീപസ്യ....അനവദ്യവിദ്യാലതോദ്യാനസ്യ സംഗീത സാഗരസാംയാത്രികസ്യ സകലകലാകുശലസ്യ കൊച്ചീനഗരഹാരനായകമണേ മാര്‍ത്താണ്ഡവംശമൗക്തികസ്യ മഹാരാജരാമവര്‍മ്മണഃˮ എന്നും മറ്റുമാണു് രത്നകേതൂദയത്തില്‍ അവിടത്തെപ്പറ്റിയുള്ള വര്‍ണ്ണനം.
രത്നകേതൂദയത്തിനു പിന്നീടു കവി നിര്‍മ്മിച്ചതാണു് രാമവര്‍മ്മവിലാസം. അതില്‍ നടി ʻʻകിന്നു പുരൂരവഃ പൂരുപ്രമുഖാനാം പുരാണരാജന്യാനാം ചരിതാന്യതിക്രമ്യ വര്‍ത്തമാനസ്യരാജ്ഞോ രാമവര്‍മ്മവിലാസമഭിലഷന്ത്യാര്യമിശ്രാഃˮ എന്ന ചോദ്യത്തിന്നു സൂത്രധാരന്‍ ʻʻശ്രൂയതാമസ്യാപി സൗശീല്യംˮ എന്നു പ്രക്രമിച്ചുകൊണ്ടു ʻʻധര്‍മ്മേ സ്ഥിതിരതിതരാം തീര്‍ത്ഥ സേവാസു രാഗഃ.....ക ഇഹ ഭുവനേ ഭൂപതിഃ പുണ്യശീലഃˮ എന്നും മറ്റും മഹാരാജാവിന്റെ ഗുണഗണങ്ങളെ വാഴ്ത്തി അദ്ദേഹം രാജര്‍ഷിയാണെന്നു സമര്‍ത്ഥിക്കുന്നു. പിന്നെയും
ʻʻദിനകരകുലജന്മാ നായകോ രാമവര്‍മ്മാ
കവിരയമഭിജാതഃ കാവ്യമേതച്ച ഭവ്യം
വയമഭിനയവിദ്യാവൈഭവേ നിസ്സപത്നാഃ
പരിഷദപി......ത്വയം കോപി യോഗഃˮ എന്നും
ʻഭാസ്വദ്വംശവതംസമൗക്തികമണിര്‍വ്വീരസ്സ വാരാന്‍ ബഹൂ-
നാരബ്ധേഷു മഹാഹവേഷ്വരിപശൂനാലഭ്യ ദോര്‍ല്ലീലയാ
നവ്യൈശ്ശോണിതപങ്കകുംകുമരസൈര്‍ന്നന്വന്വലിപ്തപ്രിയാ-
മുര്‍വീ.....മുപചിതക്രോധോ യഥാ ഭാര്‍ഗ്ഗവഃˮ എന്നും
രത്നാകരാനുപ്രവേശാത്താമ്രപര്‍ണ്ണീപയഃകണഃ
ഹാരായതേ നാടകേസ്മിന്‍ തഥാ സ്യാദ്വാഗ്വരാ മമˮ
എന്നും മറ്റുമുള്ള പദ്യങ്ങളില്‍ കവി തനിക്കു നായകനോടുള്ള ഭക്തിയെ വീണ്ടും വീണ്ടും പ്രകടിപ്പിക്കുന്നു. രാമവര്‍മ്മമഹാ രാജാവിന്റെ തീര്‍ത്ഥയാത്രയാണ് പ്രസ്തുത നാടകത്തില്‍ പ്രായേണ വര്‍ണ്ണനാവിഷയം. തലക്കാവേരിയില്‍വെച്ചു ഗന്ധര്‍വരാജകന്യകയായ രസചന്ദ്രികയെ അവിടുന്നു പരിഗ്രഹിച്ചു എന്നും മറ്റും കവി വര്‍ണ്ണിക്കുന്നതു രത്നകേതൂദയത്തിലെ ലീലാവതീവിവാഹംപോലെ കേവലം സങ്കല്പസംഭവമാണു്. അപ്പയ്യദീക്ഷിതര്‍ അമലാനന്ദന്റെ കല്പതരു എന്ന വേദാന്തഗ്രന്ഥത്തിനു പരിമളം എന്ന വ്യാഖ്യാനം രചിച്ച അവസരത്തില്‍ അതു വായിച്ചുനോക്കി ബാലകവി
ʻʻഅപ്പദീക്ഷിത! കിമിത്യതിസ്തുതിം
വര്‍ണ്ണയാമി ഭവതോ വദാന്യതാം
സോപി കല്പതരുരര്‍ത്ഥലിപ്സയാ
ത്വദ്ഗിരാമവസരം പ്രതീക്ഷതേˮ
എന്നു് ആ ഗ്രന്ഥത്തെ പ്രശംസിച്ചതായി മഹാകവി നീലകണ്ഠദീക്ഷിതര്‍ ഘോഷിക്കുന്നു.
കവിതാരീതി: അസാമാന്യമായ വാഗ്വിലാസത്താല്‍ അനുഗൃഹീതനായ ഒരു കവിപുംഗവനായിരുന്നു ബാലകവി എന്നുള്ളതിനു സംശയമില്ല. ഏതാനും ചില പദ്യങ്ങള്‍ ഉദ്ധരിച്ചു് ആ വസ്തുത തെളിയിക്കാം.
1. വസന്തകാലം:
ʻʻഉന്മീലല്‍പികപഞ്ചമൈരുപചിതദ്വന്ദ്വാനുരാഗോദയൈ-
രുല്‍കൂലസ്മരദോര്‍മ്മദൈരുപഹൃതശ്രീഖണ്ഡഖണ്ഡാനിലൈഃ
ഉദ്യച്ചൂതദലാവതംസിതവനൈരുദ്ദാമചന്ദ്രാതപൈ-
രുന്നിദ്രപ്രസവൈരുദഞ്ചിതമളിക്ഷേമങ്കരൈര്‍ വാസരൈഃ.ˮ
2. കാമദേവന്‍:
ʻʻഇക്ഷുസ്‌ത്രുട്യതി നൈക്ഷവീ വലയിതാപ്യാലംബ്യ മധ്യേ ദൃഢം;
മാലാ വാ ന പലായതേ മധുലിഹാമാസ് ഫാല്യമാനാ മുഹുഃ;
ന ക്ലാമ്യന്തി നിയന്ത്രിതാനി കുസുമാന്യാകര്‍ണ്ണമാകര്‍ഷണൈ:-
ശ്ചിത്രം ചിത്രമമുഷ്യ ചിത്തഭവ! തേ വീരസ്യ വിക്രീഡിതം.ˮ
3. സൂര്യോദയം:
ʻʻപ്രൗഢധ്വാന്തപയോധിമഗ്നജഗദുദ്ധാരായ താരാതിര-
സ്കാരായ പ്രതിപുഷ്പലിണ്‍മധുഝരീഭാരാവതാരായ ച
ഉദ്ഭൂതോ ഭഗവാന്‍ രഥാംഗമിഥുനസ്മാരാഹവാരാധനാ-
ചാരായ സ്ഫുടമഭ്രമണ്ഡപപരിഷ്കാരായ വാരാന്നിധേഃ.ˮ
ഒടുവിലത്തെ ശ്ലോകം ജയദേവന്റെ പ്രസന്നരാഘവം നാടകത്തിലെ ʻഏതത്തര്‍ക്കയ ചക്രവാകനികരാശ്വാസായ താരാഗണഗ്രാസായʼ എന്ന ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു.
4. ചോളദേശം:
ʻʻഏതേ ഹി മരുദ്ബൃധാപൂരപൂരിതസാരണീസഹസ്രനീ രന്ധ്രകേതകീവനാനിലോദ്ധൂ തനൂതനപരാഗ കൈതവാപഹസിതാന്യജനപദാഃ പ്രതിപദപ്രരൂഢപ്രച്ഛായമഹാമഹീരുഹമാ ലഭാരിണോ മഹനീയഗുണഗ്രാമസമഗ്രാഗ്രഹാരപരമ്പരാപരിഷ്കൃതാസ്തിരസ്കൃത സ്വാരാജ്യസൗഭാഗ്യഗര്‍വാഭിനിവേശാശ്ചോളദേശാഃ.
സ്ഥാനേ സ്ഥാനേ ശിശിരമധുരം വാരി സഹ്യാത്മജായാഃ
കൂലേ കൂലേ മധുമദരണല്‍കോകിലാഃ പുഷ്പവാടാഃ
മധ്യേ മധ്യേ ഭവഭയഹരം മന്ദിരം ദേവതാനാം
ദൂരേ ദൂരേ വസതി വചസാം ചോളഭൂമേഃ പ്രഭാവഃ.ˮ
നോക്കുക കവിയുടെ ഉല്‍കടമായ ദേശാഭിമാനം!
5. ചിദംബരം:
ʻʻന്യസ്തോദസ്താംഘ്രിപദ്മം ക്വണിതമണിതുലാ-
കോടി കോടീരകോടീ-
ത്വംഗദ്ഗംഗാതരംഗം കരഡമരുകഡും-
കാരിതൌങ്കാരതത്വം
വല്‌ഗദ്വ്യാഘ്രാജിനാഗ്രം വലിതവലിപദം
ലംബമാനാക്ഷമാലം
നിത്യം നൃത്യജ്ജഗത്യാമിഹ കിമപി മഹ-
സ്തിഷ്ഠതേ ചിത്സഭായാം.ˮ
6. ചന്ദ്രോദയം:
ʻʻദേവോയം കുസുമാകരാന്‍ സുരഭയന്‍, ദിക്‍ചക്രമുത്തംഭയന്‍,
സിന്ധും തുന്ദിലയന്‍, സുഖം സുലഭയന്‍, ശൃംഗാരമുജ്ജൃംഭയന്‍,
കാമം കാമിഷു ലംഭയന്‍, കമലിനീകോശാനി വിഷ്കംഭയന്‍,
സ്വം ബിംബം പ്ലവകുംഭയന്‍ സുരപഥക്രീഡാസരോഗാഹതേˮ
(എല്ലാം രത്നകേതൂദയത്തില്‍നിന്നു്)
7. സഹൃദയന്മാരോടു്:
ʻʻസ്വഭാവസ്സോയം വഃ സദയഹൃദയാനാം ജഗതി യ-
ച്ഛിരഃ ശ്ലാഘാകംപ്രം പരഗുണകണേനാപി ഭവതി;
പരേഷാന്ത്വാചൂഡം ദൃഢഘടിതമാത്സര്യവിസര-
ച്ഛലാനാം കീലാനാം സകൃദപി ന മൗലിര്‍വിചലതി.ˮ
(രാമവര്‍മ്മവിലാസത്തില്‍നിന്നു്)
കേരളമാഹാത്മ്യം
ഏതോ ഒരു പണ്ഡിതന്‍ പുരാണച്ഛായകലര്‍ത്തി രചിച്ചിട്ടുള്ള ഒരു കൃതിയാണു് കേരളമാഹാത്മ്യം. ആകെ ആറധ്യായങ്ങലും 2217 ശ്ലോകങ്ങളുമുണ്ടു്. ശ്ലോകങ്ങളെല്ലാം ആനുഷ്ടുഭവൃത്തത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും ചില അധ്യായങ്ങളില്‍ സര്‍ഗ്ഗാന്തശ്ലോകങ്ങള്‍ ഇതരവൃത്തങ്ങളില്‍ നിബന്ധിച്ചിരിക്കുന്നതായും കാണാം. നൈമിശാരണ്യത്തില്‍ ഒരു കാലത്തു് ഒരു ദീര്‍ഘസത്രം നടക്കുകയും ആ അവസരത്തില്‍ ശൗനകന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ അവിടെ സന്നിഹിതരായിരിക്കവേ സൂതന്‍ അവരെ സന്ദര്‍ശിക്കുകയും ചെയ്യുന്നു. അപ്പോള്‍ ശൗനകന്‍ ശ്രീപരശുരാമന്‍ കേരളത്തില്‍ നിര്‍മ്മിച്ച തീര്‍ത്ഥക്ഷേത്രങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കണമെന്നു സൂതനോടു് അപേക്ഷിക്കുകയും, അതിനു സൂതന്‍ ആ വിഷയത്തെക്കുറിച്ചു യുധിഷ്ഠിരനും ഗര്‍ഗ്ഗമഹര്‍ഷിയുമായി സംവാദമുണ്ടായിട്ടുണ്ടെന്നും അതിനെത്തന്നെ താനും നിവേദനംചെയ്യാമെന്നും ശൗനകനോടു പറയുകയും ചെയ്യുന്നു. ഈ പീഠികയെ ആസ്പദമാക്കിയാണു് ഇതി ബ്രഹ്മാണ്ഡപുരാണേ കേരളമാഹാത്മ്യേ ഗര്‍ഗ്ഗയുധിഷ്ഠിരസംവാദേˮ എന്നൊരു കുറിപ്പു് ഓരോ അധ്യായത്തിന്റേയും ഒടുവില്‍ ഗ്രന്ഥകാരന്‍ ചേര്‍ക്കുന്നതു്. കേരളത്തിന്റെ പൂര്‍വകാലചരിത്രത്തെപ്പറ്റി പല വിവരങ്ങളും രേഖപ്പെടുത്തുവാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടു്. കാര്‍ത്തവീര്യോല്പത്തിമുതല്ക്കു കഥ ആരംഭിച്ചു ശ്രീപരശുരാമന്റെ ചരിത്രം ബ്രഹ്മാണ്ഡപുരാണത്തില്‍ കാണുന്നതു സംഗ്രഹിച്ചു പ്രതിപാദിക്കുന്നു. പിന്നെ പരശുരാമന്റെ തപസ്സു്, കേരളോല്പത്തി മുതലായ വിഷയങ്ങളെപ്പറ്റിയാണു് പറയുന്നതു്. തദനന്തരം ചോളദേശത്തില്‍നിന്നു ബ്രാഹ്മണരെ ആനയിച്ചു് അവര്‍ക്കു ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു വേഷഭാഷാദികളില്‍ മാറ്റംവരുത്തി കേരളീയരാക്കുന്നതും കാഞ്ചീപുരത്തുനിന്നു തരണനല്ലൂര്‍ നമ്പൂരിപ്പാട്ടിലെവരുത്തി അദ്ദേഹത്തിനു ക്ഷേത്രങ്ങളില്‍ തന്ത്രാധികാരം നല്കുന്നതും മറ്റും വര്‍ണ്ണിക്കുന്നു. പയ്യനൂര്‍ (സുബ്രഹ്മണ്യപുരി), മൂകാംബി, തളിപ്പറമ്പു് (ലക്ഷ്മീപുരം), തൃച്ചെമ്മരം (ശംബരവനം), ചെറുകുന്ന് (ബാലശൈലം), തിരുനെല്ലി (സഹ്യാമലകം), പള്ളിക്കുന്നു് (വിഹാരാദ്രി), തിരുവങ്ങാട് (ശ്വേതാരണ്യം), കൊട്ടിയൂര്‍ (ത്രിശിരാചലം), പിഷാരിക്കാവ് (മുദ്രാചലം), വടക്കന്‍ കോട്ടയം (ദുര്‍ഗ്ഗാപുരി), ഗുരുവായൂര്‍ (വാതാലയം), കൊടുങ്ങല്ലൂര്‍ (കോടരപുരി), തൃപ്പൂണിത്തുറ (ത്രിപൂര്‍ണ്ണപുരി), വൈക്കം (വ്യാഘ്രപുരി), തിരുവിതാംകോട് (ശ്രീവര്‍ദ്ധനപുരി), തിരുവില്വാമല (ഏകാദശ്യചലം), തിരുനാവാ (നവയോഗിപുരം), ശുചീന്ദ്രം, കന്യാകുമാരി മുതലായ പല ക്ഷേത്രങ്ങളുടെ പ്രതിഷ്ഠ, കേരളത്തിലെ ജാത്യുല്‍പത്തിയും വിശേഷാചാരങ്ങളും, ദാരുകവധം, കേശിവധം, അംബോഹലവധം എന്നിങ്ങനെ വേറെയും പല പ്രമേയങ്ങള്‍ ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്കു വിഷയീഭവിയ്ക്കുന്നുണ്ടു്. സംസ്കൃതീകൃതങ്ങളായ ചില സ്ഥലസംജ്ഞകള്‍ അശ്രുതപൂര്‍വങ്ങളാണു്.
കാലം
ചരിത്രദൃഷ്ട്യാ പരിശോധിക്കുമ്പോള്‍ കേരളമാഹാത്മ്യത്തിനു പറയത്തക്ക വിലയൊന്നും കല്പിക്കാവുന്നതല്ല. കേരളോല്‍പത്തിക്കു മുമ്പുണ്ടായ ഒരു ഗ്രന്ഥമാണു് കേരളമാഹാത്മ്യം എന്നു സമ്മതിക്കാം. ʻʻഭൂതരായര്‍ എന്നു പേരു വരുവാന്‍ സംഗതി കേരളമാഹാത്മ്യത്തില്‍ മേലേ പറഞ്ഞിരിക്കുന്നു. ആ പാണ്ഡ്യന്‍ മലയാളത്തെ ഭൂതസൈന്യങ്ങളോടുകൂടി വന്നാക്രമിച്ചു ഭൂതനാഥന്‍ എന്ന അമ്പലത്തേയും അങ്ങാടിയേയും നിര്‍മ്മിച്ചുണ്ടാക്കുമ്പോള്‍ പരശുരാമന്‍ അവനോടു ʻയുഷ്മാകഞ്ച തു മദ്ഭൂമാവേവമാഗമനം വൃഥാʼ എന്നും ʻആദിത്യായ മയാ ദത്താʼ ഞാന്‍ ആദിത്യവര്‍മ്മന്‍ എന്ന തെക്കേരാജാവിനു കൊടുത്തിരിക്കുന്നു എന്നും കോപിച്ചു പറഞ്ഞ ശേഷംˮ എന്നീ പംക്തികള്‍ കേരളോല്‍പത്തിയിലുണ്ടു്. ഈ പംക്തികളില്‍ ഉദ്ധൃതങ്ങളായ രണ്ടു ശ്ലോകാംശങ്ങള്‍ കേരളമാഹാത്മ്യം എണ്‍പത്തഞ്ചാമധ്യായത്തില്‍ ഈഷദ്വ്യത്യാസത്തോടു കൂടി കാണുന്നു. കേരളമാഹാത്മ്യത്തിന്റെ ഒരു മാതൃകയില്‍
ചൈത്രമാസേ നവമ്യാഞ്ച സിതായാം ഗുരുവാസരേ
വസ്വഷ്ടാഷ്ടമിതേ ശാകേ കൃതേയം ഹി കൃതിര്‍മ്മയാ.ˮ
എന്നൊരു ശ്ലോകം ഞാന്‍ വായിച്ചിട്ടുണ്ടു്. അതിലെ കാലഗണനകൊണ്ടു ഗ്രന്ഥനിര്‍മ്മിതി കലിവര്‍ഷം 4067 കര്‍ക്കടകമാസത്തിലാണെന്നു വരുന്നു. അതു വെറും കളവാണെന്നുള്ളതിനു പര്യാപ്തമായ ലക്ഷ്യം തൃപ്പൂണിത്തുറയെ വര്‍ണ്ണിക്കുന്ന നാല്പത്തി രണ്ടാമധ്യായത്തിലുണ്ടു്. കൊങ്കണവര്‍ത്തകന്മാരെ ആ സ്ഥലത്തേക്കു പരശുരാമന്‍ ആനയിച്ചു എന്നാണു് മാഹാത്മ്യകര്‍ത്താവു പറയുന്നതു്.
ʻʻനിമ്മാപയിത്വാ തല്‍പുര്യാം വാസയാമാസ ഭാര്‍ഗ്ഗവഃ
കൊങ്കണാന്‍ വര്‍ത്തകാംശ്ചാപി നിവേശ്യാപണഭൂമിഷുˮ
എന്ന ശ്ലോകം നോക്കുക. കൊങ്കണസ്ഥര്‍ ഗോവായില്‍നിന്നും മറ്റും പോര്‍ത്തുഗീസുകാരെ ഭയപ്പെട്ടു വാണിജ്യത്തിനായി കൊച്ചിയില്‍ കുടിയേറിപ്പാര്‍ത്തതു ശാലിവാഹശകാബ്ദം 1476-ആമാണ്ടിനു സമമായ ക്രി. പി. 1554-ല്‍ മാത്രമാണല്ലോ. 83-ആമധ്യായത്തില്‍ പാഴൂര്‍ കണിയാന്മാരുടെ ഉത്ഭവത്തെപ്പറ്റിയും സൂചനയുണ്ടു്. ഗ്രന്ഥകാരന്‍ ചില ഐതിഹ്യങ്ങളും പല അനുമാനങ്ങളും തക്രതണ്ഡുലന്യായേന ഇടകലര്‍ത്തി വാലും തുമ്പുമില്ലാതെ ചില സംഗതികളെല്ലാം വലിച്ചുവാരി എഴുതിക്കൂട്ടിയിരിക്കുന്നുവെന്നേ ചുരുക്കത്തില്‍ പറയുവാനുള്ളു. അറിവുള്ള പലരും കേരളമാഹാത്മ്യത്തെ അപ്രമാണീകരിച്ചിരിക്കുന്നു എന്നു പണ്ഡിതവരേണ്യനായ വൈക്കത്തു പാച്ചുമൂത്തതു കേരളവിശേഷനിയമവിവരം എന്ന പുസ്തകത്തില്‍ ഉപപത്തിപുരസ്സരം സ്ഥാപിച്ചിട്ടുണ്ടെന്നുള്ളതും ഇവിടെ പ്രസ്താവനീയമാണു്.
കവിതാരീതി
കവിത ആസ്വാദ്യമല്ലെങ്കിലും ഉദ്വേഗജനകമല്ല. ഒരു സര്‍ഗ്ഗാന്തശ്ലോകംമാത്രം ഉദ്ധരിക്കാം:
ʻʻഇത്യുക്ത്വാ ഗതവതി ഭാര്‍ഗ്ഗവേ നരേന്ദ്രഃ
സ്വാവാസം പുരമപി ദേവസന്നിധാനേ
നിര്‍മ്മായ പ്രതിദിവസം സ പത്മനാഭം
നിര്‍മ്മായം സമനുഭജന്നുവാസ രാജാ.ˮ
കേരളദേശത്തിന്റെ വൈശിഷ്ട്യത്തെ കവി താഴെക്കാണുന്ന വിധത്തില്‍ പ്രകീര്‍ത്തനം ചെയ്യുന്നു:
ʻʻകന്യാകുമാരീഗോകര്‍ണ്ണപര്യന്താ കേരളാവനിഃ
… … …
നാനാക്ഷേത്രയുതാ യാ സാ ഭാര്‍ഗ്ഗവേണ വിനിര്‍മ്മിതാ.
താം ഗത്വാ ന നരോ യാതി നരകാന്‍ ഭൃശദാരുണാന്‍
വിശേഷാദ്ഭാര്‍ഗ്ഗവീഭൂമൗ ബൃഹന്നദ്യുത്തരേ തടേ.
നവയോഗിപുരം പുണ്യം തത്ര ശ്രീ മാധവാലയഃ
സ്മരണാദ്ദര്‍ശനാത്തസ്യ വിഷ്ണുലോകേ മഹീയതേ.
ഭാര്‍ഗ്ഗവക്ഷ്മാതലേ ക്വാപി പാദസ്പര്‍ശം കരോതി യഃ
സ നരഃ പുണ്യവാന്‍ ഭൂത്വാ ദിവ്യമാപ്നോത്യസംശയം.
യോജനാനാം സഹസ്രേഷു യത്ര ക്വചന സംസ്ഥിതഃ
ശ്രീകേരളമിതിബ്രൂയാല്‍ സ യാതി പരമാം ഗതിം.ˮ
മറ്റു മാഹാത്മ്യഗ്രന്ഥങ്ങള്‍
സ്ഥലമാഹാത്മ്യ രൂപത്തിലും ക്ഷേത്രമാഹാത്മ്യ രൂപത്തിലും പ്രായേണ അനുഷ്ടുപ്പുവൃത്തത്തില്‍ കേരളീയ പണ്ഡിതന്മാര്‍ ഓരോ കാലത്തു രചിച്ചതായി അനവധി സംസ്കൃതഗ്രന്ഥങ്ങള്‍ കാണാവുന്നതാണു്. കന്യാകുമാരീക്ഷേത്രമാഹാത്മ്യം, ശുചീന്ദ്രസ്ഥലമാഹാത്മ്യം, മയൂരാചല (മരുത്തൂര്‍) മാഹാത്മ്യം, അനന്തശയനക്ഷേത്രമാഹാത്മ്യം. വല്കലക്ഷേത്രമാഹാത്മ്യം, വ്യാഘ്രപുരീ (വൈക്കം) മാഹാത്മ്യം, വില്വാദ്രിമാഹാത്മ്യം ഇങ്ങനെയുള്ള മാഹാത്മ്യഗ്രന്ഥങ്ങളെല്ലാം ബ്രഹ്മാണ്ഡപുരാണം, സ്കാന്ദപുരാണം, ഭാര്‍ഗ്ഗവപുരാണം, തുടങ്ങിയ പുരാണങ്ങളില്‍ അന്തര്‍ഭൂതങ്ങളാണെന്നു് അവയുടെ പ്രണേതാക്കന്മാര്‍ പറഞ്ഞിട്ടുള്ളതു പ്രതിപാദ്യത്തിനു പ്രാചീനത്വവും തദ്വാരാ അഭ്യര്‍ഹിതത്വവും വരുത്തുന്നതിനുവേണ്ടി ചെയ്തിട്ടുള്ള അനൃതകഥനമാകുന്നു. ഈ മാതിരി ഗ്രന്ഥങ്ങളില്‍ ചരിത്രാംശം അത്യന്തം വിരളമായിരിക്കും; ചില ഐതിഹ്യശകലങ്ങള്‍ അതിശയോക്തിയിലും മറ്റു ആവരണം ചെയ്തു പ്രദര്‍ശിപ്പിക്കുന്നതിനു മാത്രമേ ഗ്രന്ഥകാരന്മാര്‍ ഉദ്യമിച്ചിട്ടുള്ളൂ. തന്നിമിത്തം ഇവയൊന്നും നമ്മുടെ സമാലോചനയെ അര്‍ഹിക്കുന്നില്ല. കവിതയിലും വൈശിഷ്ട്യമുണ്ടെന്നു പറയാവുന്ന ഭാഗങ്ങള്‍ ചുരുങ്ങും. സമീപകാലത്തു പോലും ചില മാഹാത്മ്യങ്ങള്‍ ഉത്ഭവിച്ചിട്ടുണ്ടു്.
അഭിരാമന്‍
അഭിജ്ഞാനശാകുന്തളത്തിനു ദിങ്മാത്രദര്‍ശനം എന്ന സുപ്രസിദ്ധവും മര്‍മ്മസ്പര്‍ശിയുമായ വ്യാഖ്യാനം നിര്‍മ്മിച്ച അഭിരാമന്റെ കാലത്തേയോ ദേശത്തേയോ പറ്റി വ്യക്തമായി ഒരറിവും ലഭിക്കുന്നില്ല. ആ വ്യാഖ്യാനത്തിന്റെ ഉപക്രമത്തില്‍ അടിയില്‍ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ കാണുന്നുണ്ടു്:
ʻʻഹേരംബസ്യാംഘ്രികമലപരാഗപടലീ ഭൃശം
വിശദീകുരുതാമസ്മദന്തഃകരണദര്‍പ്പണം.
ഉദ്വാന്തഭാഷ്യാമൃതവക്‍ത്രരന്ധ്ര-
കദ്രൂജവിസ്മാപനവാഗ്വിലാസാഃ
ഭദ്രാണി മഹ്യം മഹനീയശീലാ
രുദ്രാഭിധാനാ ഗുരവോ ദിശന്തു.
വിദ്യാചതുര്‍ദ്ദശകശീലനജാഗരുകാന്‍
സല്‍കര്‍മ്മനിര്‍മ്മലധിയോ വിജിതാരിവര്‍ഗ്ഗാന്‍
സ്വാത്മൈക്യസമ്യഗവബോധധുരീണചിത്താ-
നത്യാദരേണ ധരണീവിബുധാന്‍ പ്രപദ്യേ.
യദ്വ്യോമവായ്വഗ്നിജലക്ഷമേന്ദു-
സൂര്യാത്മഭിര്‍മ്മൂര്‍ത്തിഭിരൂഢവിശ്വം
തല്‍ കാമദം ശ്യാമളവാമഭാഗം
പ്രണൗമി ശോണാപരഭാഗമോജഃ.ˮ
ʻʻനാടകം യദഭിജ്ഞാനശാകുന്തളമിതി സ്മൃതം
തത്രാഭിധേയദിങ്മാത്രമഭിരാമേണ ലിഖ്യതേ.ˮ
ഈ ശ്ലോകങ്ങള്‍ അഭിരാമന്‍ വൈയാകരണശിഖാമണിയായ ഒരു രുദ്രന്റെ ശിഷ്യനായിരുന്നു എന്നും ബ്രാഹ്മണരെ വന്ദിക്കുന്നതില്‍നിന്നു ബ്രാഹ്മണേതരമായ ഏതോ ഒരു ജാതിയിലായിരുന്ന അദ്ദേഹത്തിന്റെ ജനനമെന്നും ശ്രീപരമേശ്വരനായിരുന്നു അദ്ദേഹത്തിനു് ഇഷ്ടദേവതയെന്നും സൂചിപ്പിക്കുന്നു. രുദ്രന്‍ ഹോരാവിവരണകാരനില്‍നിന്നു് ഭിന്നനാണു്. അദ്ദേഹത്തിന്റെ കൃതികളൊന്നും ലഭിച്ചിട്ടില്ല. ദേശമംഗലത്തെ ഒരു ഉഴുത്തിരവാരിയരേയും അദ്ദേഹത്തിന്റെ വംശജന്മാരായ മൂന്നു ശ്രീകണ്ഠന്മാരേയും പറ്റി ബാലബോധികാകാരനായ ദേശമംഗലത്തു ശ്രീകണ്ഠവാരിയര്‍ സ്മരിക്കുന്നതായി ഞാന്‍ മുമ്പു് ഉപന്യസിച്ചിട്ടുണ്ടല്ലോ. വടശ്ശേരി പരമേശ്വരന്‍നമ്പൂരിയുടെ സൂര്യസിദ്ധാന്തവിവരണത്തിന്റെ അവസാനത്തില്‍ അതിനോടു യാതൊരു ബന്ധവുമില്ലാതെ ഒരു ഏട്ടില്‍
ʻʻയദ്ഗോസഹസ്രം ഭുവനേ ജനാനാ-
മജ്ഞാനരൂപം തിമിരം തൃണേഢി
പദ്യാഭിരാമോ ഭുവനപ്രദീപഃ
ശ്രീകണ്ഠനാമാ മിഹിരസ്സമിന്ധേˮ
എന്നൊരു ശ്ലോകം കാണ്മാനുണ്ടു്. ഇതെല്ലാംകൂടി വച്ചു ഘടിപ്പിച്ചുനോക്കുമ്പോള്‍ ബാലബോധികാകാരന്‍ സ്മരിക്കുന്ന രുദ്രന്‍ തന്നെയാണു് അഭിരാമന്റെ ഗുരുവെന്നും അഭിരാമന്റെ യഥാര്‍ത്ഥനാമധേയം ശ്രീകണ്ഠനെന്നായിരിക്കണമെന്നും അഭിരാമന്‍ എന്നതു് അദ്ദേഹത്തിന്റെ ഒരു ബിരുദപ്പേരാണെന്നും പദ്യാഭിരാമന്‍ എന്നു് അജ്ഞാതനാമാവായ ഒരു കവി അദ്ദേഹത്തെ പ്രശംസിച്ചിരിക്കുന്നു എന്നും സങ്കല്പിക്കാവുന്നതാണെന്നു തോന്നുന്നു. അങ്ങനെയാണെങ്കില്‍ ആദ്യത്തെ ശ്രീകണ്ഠനാകണം അഭിരാമന്‍. അദ്ദേഹത്തിന്റെ ഗുരുനാഥനായ ഉഴുത്തിരവാരിയര്‍ അന്‍പതു വയസ്സുവരെ ജീവിച്ചിരുന്നതായി ഒടുവിലത്തെ ശ്രീകണ്ഠന്‍ ബാലബോധികയില്‍ പ്രസ്താവിച്ചിട്ടുണ്ടു്.
എന്നാല്‍ ശ്രീകൃഷ്ണചരിതകാരനായ ചന്ദ്രശേഖരവാരിയരുടേയും, ഗൗരീകല്യാണാദിഗ്രന്ഥങ്ങളുടെ നിര്‍മ്മാതാവായ ഗോവിന്ദനാഥന്റേയും ഗുരുവായ കരിക്കാട്ടു രാമവാരിയരേയും ʻവിദുഷാമഭിരാമായʼ എന്നും മഹദഭിരാമം എന്നുമുള്ള വിശേഷണങ്ങള്‍കൊണ്ടു് വിശേഷിപ്പിച്ചുകാണുന്നു (28-ആമധ്യായം നോക്കുക). പക്ഷേ ആ രാമവാരിയര്‍ ദേശമംഗലത്തു വാരിയന്മാരെപ്പോലെ ഒരു ഹേരംബോപാസകനായിരുന്നു എന്നുള്ളതിനു ലക്ഷ്യമില്ലാത്തതുകൊണ്ടു ശ്രീകണ്ഠന്‍തന്നെയായിരുന്നു അഭിരാമന്‍ എന്നു മറ്റുതെളിവുകള്‍ കിട്ടുന്നതുവരെ സങ്കല്പിക്കേണ്ടിയിരിക്കുന്നു. രാമവാരിയരുടേതെന്നു് നിസ്സംശയമായി പറയത്തക്ക യാതൊരു കൃതിയും ഇതുവരെ ലഭിച്ചിട്ടുമില്ല. നേരെമറിച്ചു് ശ്രീകണ്ഠന്‍ മാളവികാഗ്നിമിത്രത്തിനു ʻഗുണോത്തരാʼ എന്ന പേരില്‍ ഒരു ഹ്രസ്വമായ വ്യാഖ്യാനം രചിച്ചിട്ടുള്ളതായി നമുക്കറിവുണ്ടു്. അതിനെ ശ്രീകണ്ഠീയമെന്നും പറയുന്നു. അഭിരാമന്‍ എന്ന ബിരുദം ലഭിക്കുന്നതിനു മുമ്പു് മാളവികാഗ്നിമിത്രവും അതില്‍പ്പിന്നീടു് ശാകുന്തളവും ശ്രീകണ്ഠന്‍ വ്യാഖ്യാനിച്ചതായി അഭ്യൂഹിക്കാം. ʻʻകിണോരുഢവ്രണസ്ഥനേˮ എന്നുംമറ്റുമുള്ള ഉദ്ധാരങ്ങള്‍ നാനാര്‍ത്ഥാര്‍ണ്ണ വസംക്ഷേപത്തില്‍നിന്നാണെന്നു കാണുന്നതിനാല്‍ 835-ല്‍ വിരചിതമായ കല്പദ്രുകോശത്തിനു പിന്നീടു് അദ്ദേഹത്തെ അവതരിപ്പിക്കേണ്ട ആവശ്യവുമില്ല. രണ്ടു ഗ്രന്ഥകാരന്മാരുടെ നാമധേയവും കേശവനെന്നാകയാലാണു് ചില ഗവേഷകന്മാര്‍ക്കു് ഈ വിഷയത്തില്‍ പ്രമാദം പറ്റുന്നതു്.
അത്യന്തം മഹനീയനായ ഒരു വ്യാഖ്യാതാവാണു് അഭിരാമന്‍. ദിങ്മാത്രദര്‍ശനം എന്നതു് അദ്ദേഹത്തിന്റെ അഭിജ്ഞാനശാകുന്തളവ്യാഖ്യയ്ക്കു യുക്തരൂപമായ ഒരു സംജ്ഞയും തന്നെ. പണ്ഡിതന്മാരായ സഹൃദയന്മാര്‍ക്കു ബുദ്ധ്യുന്മേഷത്തിനു് ഉതകുന്ന വിഷയങ്ങളെയല്ലാതെ അദ്ദേഹം പ്രായേണ പരാമര്‍ശിക്കുന്നില്ല. ʻപശ്യാമീവ പിനാകിനംʼ എന്ന ഭാഗം വ്യാഖ്യാനിക്കുമ്പോള്‍ അവിടെ ഉപമയ്ക്കോ ഉല്‍പ്രേക്ഷയ്ക്കോ പ്രസക്തിയില്ലെന്നും വിശേഷമാണു് അലങ്കാരമെന്നും ആ സാഹിതീപാരദൃശ്വാവു സമഞ്ജസമായി സമര്‍ത്ഥിക്കുന്നു. ഇതിവൃത്തഘടകങ്ങളെ വിവരിക്കുന്ന ആംഗലേയവ്യാഖ്യാതാക്കന്മാരുടെ രീതി ഇത്രമാത്രം സ്വാധീനമായിട്ടുള്ള ഭാരതീയവ്യാഖ്യാതാക്കന്മാര്‍ ഇല്ലെന്നാണു് പ്രൊഫസര്‍ രാജരാജവര്‍മ്മ കോയിത്തമ്പുരാന്റെ അഭിപ്രായം.
ചില ടിപ്പണികള്‍
ശ്രീകണ്ഠീയത്തെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ഭവഭൂതിയുടെ മഹാവീരചരിതത്തിനു് ഒരു ചെറിയ ടിപ്പണവും അഭിരാമകൃതമെന്ന മുദ്രയോടുകൂടി കാണുന്നു. അത്തരത്തില്‍ ഒരു മുദ്രയില്ലെങ്കിലും കാളിദാസന്റെ വിക്രമോര്‍വശീയം ഭവഭൂതിയുടെ ഉത്തരരാമചരിതം, മാലതീമാധവം, രാജശേഖരന്റെ ബാലരാമായണം എന്നീ രൂപകങ്ങള്‍ക്കും ടിപ്പണിയെന്നോ ടീകയെന്നോ പേരില്‍ ചില ചെറിയ വ്യാഖ്യാനങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ടു്. അവയും അഭിരാമന്റെ കൃതികളായിരിക്കുവാന്‍ ന്യായമുണ്ടു്.
ഭ്രമരസന്ദേശം, കവിയും കാലവും
ഭ്രമരസന്ദേശത്തിനു ഭൃംഗസന്ദേശമെന്നും പേരുണ്ടു്. ആകെ 177 ശ്ലോകങ്ങളുള്ള ഒരു കാവ്യമാണു് അതു്. ആ സന്ദേശത്തിന്റെ പ്രണേതാവു് മേല്പുത്തൂര്‍ ഭട്ടതിരിയുടെ സമകാലികനായ വാസുദേവന്‍നമ്പൂതിരിയായിരുന്നു എന്നുള്ളതിനു ലക്ഷ്യം അതില്‍ത്തന്നെയുണ്ടു്. താഴെക്കാണുന്നതു ഗ്രന്ഥാവസാനത്തിലുള്ള പദ്യമാണു്:
ʻʻസന്ദേശേऽസ്മിന്‍ കഥമപി ഗുരുശ്രീപദാംഭോജയുഗ്മ-
ധ്യാനോദ്ധൂ തപ്രബലതമസാ വാസുദേവന ബദ്ധേ
പൂര്‍ണ്ണേ ദോഷൈരപി യദി ഗുണാനാം കണാസ്സംപ്രഥേര-
ന്നേതാന്‍ പ്രീതാ മനസി പരിഗൃഹ്ണന്തു സന്തോ മഹാന്തഃ.ˮ
സന്ദേശത്തില്‍ കവി അച്യുതപ്പിഷാരടിയേയും മേല്പുത്തൂര്‍ ഭട്ടതിരിയേയും പ്രശംസിക്കുന്നുണ്ടു്. പിഷാരടിയെപ്പറ്റിയുള്ള ʻʻതസ്മാല്‍ പ്രത്യക് പ്രഹിതനയനഃˮ എന്ന പദ്യം മുമ്പു് ഉദ്ധരിച്ചുകഴിഞ്ഞു. ഭട്ടതിരിയെപ്പറ്റിയുള്ള പദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
ʻʻഹേരംബേണ പ്രഥിതവിഭവാം മാതൃദത്തദ്വിജേന്ദ്ര-
ശ്രീമച്ഛിഷ്യോല്‍കരമുഖരിതൈരാസ്തൃ്താം ശാസ്ത്രഘോഷൈഃ
ആരാന്നാരായണകവിവചസ്സ്യന്ദമാധുര്യനന്ദ-
ദ്വാണീമന്ദസ്മിതസുരഭിലാം യാഹി പാടീരവാടീം.
സൂക്തം നാരായണകവിമുഖാംഭോജനിഷ്യന്ദമാനം
പീത്വാ വാപീകമലമധുഷു പ്രാപ്തനിര്‍വ്വേദഭാരഃ
ബിംബേ ഭാനോരപരഗിരിശൃംഗേണ സഞ്ചുംബ്യമാനേ
ലംബേഥാസ്ത്വം ഭ്രമര, ധരണൗ വല്ലഭക്ഷോണിബന്ധോഃ.ˮ
പ്രസ്തുത കാവ്യത്തില്‍ തിരുവനന്തപുരത്തു ശ്രീപത്മനാഭ സ്വാമിക്ഷേത്രം നവീകരണംചെയ്ത രവിവര്‍മ്മകുലശേഖരമഹാരാജാവിനെപ്പറ്റിയും പ്രസ്താവനയുണ്ടു്. അദ്ദേഹം 786 മുതല്‍ 838-ആണ്ടുവരെ രാജ്യഭാരംചെയ്കയും 781-ല്‍ തന്റെ പൂര്‍വ്വഗാമിയായ മറ്റൊരു രവിവര്‍മ്മകുലശേഖരന്‍ ആരംഭിച്ച വാതില്‍മാടം, ബലിക്കല്‍പ്പുര, മടപ്പള്ളി മുതലായ എടുപ്പുകളുടെ അഴിച്ചുപണി 795-ല്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 786-ല്‍ രാജ്യഭരണം ആരംഭിച്ച രവിവര്‍മ്മാവിനെ പരാമര്‍ശിക്കുന്നതാണു് താഴെ ഉദ്ധരിക്കുന്ന ശ്ലോകം:
ʻʻരാജ്യം ദൃഷ്ട്യാ കലയ രവിവര്‍മ്മാവനീന്ദ്രസ്യ സമ്പല്‍-
പ്രാജ്യം വാജ്യന്തരിതവിശിഖോദഗ്രമഗ്രേ സമസ്തം
ചിത്രോല്‍കീര്‍ണ്ണത്രിദശനിവഹസ്ഥൂ ലനീലോപലൗഘൈര്‍-
ദ്ധാമ‌്നാऽതുല്യം ത്രിഭുവനപതേര്‍ദ്ധാമ യേന പ്രതേനേ.ˮ
അച്യുതപ്പിഷാരടി ജീവിച്ചിരുന്ന കാലത്താണു് സന്ദേശത്തിന്റെ രചനയെന്നു ʻതസ്മാല്‍ പ്രത്യക്‍ പ്രഹിതʼ എന്ന പദ്യത്തില്‍നിന്നു വിശദീഭവിക്കുന്നതിനാല്‍ പരമാവധി 795-ലോ 796-ലോ ആയിരിക്കണം ആ കാവ്യത്തിന്റെ ആവിര്‍ഭാവം. വാസുദേവന്‍ ഏതു ദേശക്കാരനായിരുന്നു എന്നറിയുന്നില്ല.
വാസുദേവന്‍ സന്ദേശമയയ്ക്കുന്നതു് വള്ളുവനാട്ടില്‍ ശ്വേത ദുര്‍ഗ്ഗമെന്ന നഗരത്തിലുള്ള തന്റെ പ്രിയതമയായ ബാലനീലി (ഉണ്ണുനീലി)ക്കാണു്.
ʻʻലക്ഷ്മീ നേത്രാഞ്ചലമധുകരോദ്യാനമുദ്യോതമാനം
തത്രോപാന്തേ ഭവതി ഭവനം ബാലയക്ഷാഭിധാനം
യസ്മിന്‍ വിശ്വോത്തരഗുണഗണം ബാലനീലീതി സംജ്ഞാ-
മധ്യാരൂഢം മദഭിലഷിതം കാമിനീരത്നമാസ്തേˮ
എന്ന പദ്യം നോക്കുക. നായികയുടെ വീട്ടുപേര്‍ ʻബാലയക്ഷംʼ എന്നായിരുന്നുവത്രേ. അതു് ഏതു ഭാഷാപദം സംസ്കൃതീകരിച്ചതാണെന്നു് ഉറപ്പിച്ചുപറവാന്‍ നിര്‍വ്വാഹമില്ല. ശ്വേതദുര്‍ഗ്ഗം കോട്ടയ്ക്കല്‍ എന്ന നാമത്താല്‍ ഇന്നു് അറിയപ്പെടുന്ന വെങ്കടക്കോട്ടതന്നെ. ʻʻതസ്യാം പുര്യാം ഭജ പശുപതേസ്താണ്ഡവംˮ എന്ന പദ്യത്തില്‍ കവി അവിടത്തെ ശിവക്ഷേത്രത്തെപ്പറ്റി പ്രസ്താവിക്കുന്നു.
ʻʻഹര്‍മ്മ്യേ രമ്യേ ബഹളവിഗളച്ചന്ദികായാം നിശായാം
മന്ദം നന്ദല്‍കുമുദസുരഭൗ ശീതളേ വാതി വാതേ
ലോലാപാംഗ്യാ മനസിജകലാഖേലനായാസിതാംഗ്യാ
സാകം നിദ്രാം സുകൃതിസുലഭാം കോപി കാമീ നിഷേവേ.ˮ
ʻʻതം നിദ്രാണം മദനവിവശാ കാചിദാലക്ഷ്യ യക്ഷീ
ഹസ്തേ ധൃത്വാ മലയശിഖരേ ഹന്ത! രന്തും പ്രയാന്തീ
സ്യാനന്ദൂരേ നിജപതിമുപായാന്തമാലോക്യ ഭീതാ
വിന്യസ്യൈനം ക്വചന, വിമനാസ്തേന സാര്‍ദ്ധംപ്രയാതാ.ˮ
നല്ല നിലാവുള്ള ഒരു രാത്രിയില്‍ രമ്യമായ ഒരു ഹര്‍മ്മ്യത്തില്‍ തൃതീയപുരുഷാര്‍ത്ഥലാഭത്താല്‍ ധന്യനായ കഥാനായകന്‍ അയാളുടെ പ്രണയിനിയോടുകൂടി സുകൃതിസുലഭമായ നിദ്രയെ സേവിക്കുന്നു. അപ്പോള്‍ ഒരു യക്ഷി നായകനെ എടുത്തുകൊണ്ടു ക്രീഡിക്കുവാനായി മലയശിഖരത്തിലേക്കു പോകുകയും തിരുവനന്തപുരത്തു വെച്ചു തന്റെ ഭര്‍ത്താവു വരുന്നതു കാണുകയാല്‍ പേടിച്ചു് അയാളെ അവിടെത്തന്നെയിട്ടുംവെച്ചു കടന്നുകളയുകയും ചെയ്യുന്നു. നായകന്‍ എതാനും ദിവസങ്ങള്‍ തിരുവനന്തപുരത്തു കഴിച്ചുകൂട്ടിയപ്പോള്‍ ഒരു വണ്ടിനെ കണ്ടെത്തുകയും അതിനോടു തനിക്കു് ഒരു മാസംകൊണ്ടു മാത്രം ചെല്ലാവുന്നതും എന്നാല്‍ അതിനു രണ്ടു ദിവസംകൊണ്ടു പറന്നെത്താവുന്നതുമായ ശ്വേതദുര്‍ഗ്ഗത്തോളം പോയി നായികയെ സമാധാനപ്പെടുത്തണമെന്നു് അപേക്ഷിക്കുകയും ചെയ്യുന്നതായി കവി ഉപന്യസിക്കുന്നു.
വര്‍ണ്ണിതങ്ങളായിട്ടുള്ള സ്ഥലങ്ങളും മറ്റും: തിരുവനന്തപുരം, കൊല്ലം, അഷ്ടമുടിക്കായല്‍, തിരുവല്ലാ വിഷ്ണുക്ഷേത്രം, ഉദയമാര്‍ത്താണ്ഡവര്‍മ്മരാജാവു പരിപാലിച്ചിരുന്ന തെക്കുംകൂര്‍ രാജ്യം, തിരുവാര്‍പ്പില്‍ കൃഷ്ണക്ഷേത്രം. തെക്കുംകൂര്‍ രാജധാനി. കുമാരനല്ലൂര്‍ കാത്യായനീക്ഷേത്രവും അഗ്രഹാരവും, ഗോദവവര്‍മ്മരാജാവു ഭരിച്ചിരുന്ന വടക്കുംകൂര്‍ രാജ്യം, ചെമ്പകശ്ശേരി രാജാവിന്റെ രാജധാനികളില്‍ ഒന്നായ കുടമാളൂര്‍, വൈക്കത്തു ശിവക്ഷേത്രം, മുറിഞ്ഞപുഴ, തൃപ്പൂണിത്തുറ, കൊച്ചി, തിരുവഞ്ചിക്കുളത്തു ശിവക്ഷേത്രം, കൊടുങ്ങല്ലൂര്‍ ഭദ്രകാളിക്ഷേത്രം, തൃക്കണാമതിലകം, ഇരിഞ്ഞാലക്കുട വിഷ്ണുക്ഷേത്രം, ഊരകത്തമ്മതിരുവടിക്ഷേത്രം, തൃശ്ശൂര്‍ ശിവക്ഷേത്രം, ഗുരുവായൂര്‍ വിഷ്ണുക്ഷേത്രം, ആഴ്വാഞ്ചേരിമന, മൂക്കോലക്കല്‍ ഭവാനിക്ഷേത്രം, ഭാരതപ്പുഴ, തിരുനാവാ വിഷ്ണുക്ഷേത്രം, അവിടത്തെ മാമാങ്കത്തറ ഇങ്ങനെ പല ക്ഷേത്രങ്ങളേയും സ്ഥലങ്ങളേയും നദികളേയും പറ്റിയുള്ള വര്‍ണ്ണനം ഭൂമരസന്ദേശത്തിലുണ്ടു്. കൊല്ലത്ത് അന്നുണ്ടായിരുന്ന വാണിജ്യാഭിവൃദ്ധി താഴെക്കാണുന്ന ശ്ലോകത്തില്‍ കവി വര്‍ണ്ണിക്കുന്നു:
ʻʻപാരേ പാഥോനിധി കുലപുരീ കൂപകക്ഷ്മാപതീനാം
ലക്ഷ്യാ ലക്ഷ്മീവിതരണകലാസമ്പദോ ഹേമകക്ഷ്യാ
ഫേനക്ഷൗമാംബരനിചുളിതാന്‍ യന്നിഷദ്യാസു ഹൃദ്യാന്‍
വീചീഹസ്തൈര്‍വികിരതി മണീന്‍ നിത്യമംഭോധിരേവˮ
ശുകസന്ദേശകാരന്റെ കാലത്തെന്നപോലെ അന്നും തിരുവല്ലാ മുതല്‍ കോട്ടയം വരെയുള്ള മാര്‍ഗ്ഗം വനാന്തരമായിരുന്നു. മീനച്ചലാറ്റിന്റെ തെക്കേക്കരയിലാണു് തെക്കുംകൂര്‍ രാജാക്കന്മാരുടെ കുലപുരി സ്ഥിതിചെയ്തിരുന്നതു്. കുമാരനെല്ലൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണരുടെ പാണ്ഡിത്യമാണു് ചുവടേ പകര്‍ത്തുന്ന പദ്യത്തില്‍ വ്യഞ്ജിക്കുന്നതു്:
ʻʻഗംഭീരാര്‍ത്ഥസ്തബകസുഭഗേ സൂക്തിദാമന്യനാസ്ഥാ
മാ ഭൂദേഷാം ഭ്രമര, ഭവതോ മദ്വിധേയത്വരാഭിഃ
സത്വോദ്രേകസ്ഫുരിതപരമാനന്ദസംവിദ്വിശേഷം
ദുഗ്ദ്ധേ ചിത്തേ രസമധുഝരോ യസ്യ സാമാജികാനാം.ˮ
വടക്കുംകൂര്‍ ഗോദവര്‍മ്മരാജാവു് ഒരു രണശൂരനായിരുന്നു. വൈക്കത്തപ്പനെക്കുറിച്ചുള്ള വര്‍ണ്ണനം മനോഹരമായിരിക്കുന്നു:
ʻʻവ്യാഘ്രക്ഷേത്രം ഭജ പശുപതേര്‍ന്നൃത്തരംഗം ദിനാന്തേ
യസ്മൈ നിത്യം രജതഗിരിരപ്യഭ്യസൂയത്യദഭ്രം
പ്രാദക്ഷിണ്യാച്ചലതി ഭസിതാലിപ്തഗാത്രേ ജനൗഘേ
യസ്മിന്നന്യഃ സ്ഫടികരചിതോ ജംഗമോ ഭാതി ശൈലഃ.ˮ
തൃപ്പൂണിത്തുറയില്‍ അക്കാലത്തു് ഒരു മഹാകവി ജീവിച്ചിരുന്നു. ʻʻക്ഷേത്രേ യത്ര സ്ഫുരതി മഹിതേ സൂക്തിഗംഗാതരംഗസ്തോമൈരാന്ദോളിതഹരജടാബാലചന്ദ്രഃ കവീന്ദ്രഃˮ എന്നാണു് അദ്ദേഹത്തെ വാസുദേവന്‍ വാഴ്ത്തുന്നതു്. ʻബാലʼപദംകൊണ്ടു് അദ്ദേഹം രത്നകേതൂദയകര്‍ത്താവായ ബാലകവിയുടെ പേരാണോ ധ്വനിപ്പിക്കുന്നതെന്നു തീര്‍ച്ചപറയുവാന്‍ പാടില്ല. പല മണിപ്രവാളചമ്പുക്കളുടേയും പ്രണേതാവായ നീലകണ്ഠകവിയും അക്കാലത്തു തൃപ്പൂണിത്തുറയില്‍ താമസിച്ചിരുന്നു. തിരുവഞ്ചിക്കുളത്തു് അന്നു കൊച്ചി, കോഴിക്കോടു് ഈ രാജ്യങ്ങള്‍ തമ്മില്‍ ഘോരയുദ്ധം നടക്കുകയും അതിനുവേണ്ടി കൊച്ചിമഹാരാജാവു തൃക്കണാമതിലകത്തു താമസിക്കുകയും ചെയ്തിരുന്നു. ആ ഘട്ടത്തിലുള്ള ഒരു ശ്ലോകം സഹൃദയന്മാരുടെ ശ്രദ്ധയെ പ്രത്യേകമായി ആവര്‍ജ്ജിക്കുന്നു:
ʻʻതസ്യാം സ്ഫോടസ്ഫുടിതഗുളികാവര്‍ഷിദിങ്മണ്ഡലായാം
ത്വയ്യുല്‍കൂജത്ത്വരിതഗമനേ നിഷ്പതത്യംബരേണ
ത്വാമപ്യേകേ ഝടിതി ഗുളികാം ത്രാപുഷീമാപതന്തീം
മത്വാ ലീനാശ്ചകിതമവനൗ ഹാസ്യതാം ദര്‍ശയേയുഃˮ
കാവ്യത്തിലെ നടുനായകമെന്നു പറയേണ്ട മറ്റൊരു ശ്ലോകമാണു് അടിയില്‍ കാണുന്നതു്. അതു് ഗുരുവായൂരപ്പനെപ്പറ്റിയുള്ള വര്‍ണ്ണനമാകുന്നു:
ʻʻവക്‍ത്രേണേന്ദോരധരമഹസാ കൗസ്തുഭസ്യാമൃതസ്യ
സ്നിഗ്ദ്ധൈര്‍ഹാസൈരപി ച വിഭവം മുഷ്ണതീമംബുരാശിഃ
ദൃഷ്ട്വാ കന്യാം കില നിജകുലദ്വേഷിണീം ചൗര്യശീലാം
തുഭ്യം കംസാന്തക, ദധിപയശ്ചോര, ദത്വാ കൃതാര്‍ത്ഥഃ.ˮ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജിക്കുന്നവര്‍ക്കു് വാതരോഗം ശമിക്കുന്നു എന്ന വസ്തുത ʻʻയസ്മിന്‍ ദേവസ്സ്വയമപി മഹാപാവനഃ പാവനാനാമാതങ്കാനാമുപശമയിതാ ഭാസതേ വാസുദേവഃˮ എന്ന പദ്യാര്‍ദ്ധത്തില്‍ കവി നമ്മെ ധരിപ്പിക്കുന്നു. ആഴ്വാഞ്ചേരിത്തമ്പ്രാക്കളെ ʻʻസാധുഗ്രാമപ്രഥിതവിഭവാം ശുദ്ധവര്‍ണ്ണാനുഷക്താം ധത്തേ വൃത്തിം ശ്രുതിപരിചിതാം ഗീതവിദ്യാമിവാസൗˮ എന്നു പുകഴ്ത്തുന്നു. മൂക്കോലയ്ക്കല്‍ അക്കാലത്തു് അനവധി വിദ്വാന്മാരുണ്ടായിരുന്നു എന്നുള്ളതിനു ജ്ഞാപകം താഴെപ്പകര്‍ത്തുന്ന ശ്ലോകമാണു്:
ʻʻഭംഗ്യാ വ്യംഗ്യാധ്വനി പരിചിതാന്‍ ബാല്യനിഷ്പന്ദശബ്ദ-
ബ്രഹ്മോല്ലാസാനുപചിതകഥാനൃത്തഗീതാദിബോധാന്‍
നാനാസൂക്തിപ്രകരമുഖരാന്‍ ഭാരതീകല്പവല്ലീ-
ബാലോപഘ്നാനിവ സുമനസസ്തത്ര സംഭാവയേഥാഃ.ˮ
മാമാങ്കമഹോത്സവം സംബന്ധിച്ചുള്ള സജ്ജീകരണങ്ങള്‍ പരിശോധിക്കുവാന്‍ തൃക്കണ്ടിയൂരില്‍ സന്നിഹിതനായ സാമൂതിരിപ്പാടിനെ ഇങ്ങനെ വര്‍ണ്ണിക്കുന്നു:
ʻʻയസ്മിന്‍ വിസ്മാപിതഭുജബലപ്രക്രമോ വിക്രമക്ഷ്മാ-
ബന്ധുസ്സിന്ധുപ്രതിഭടചമൂചക്രവിക്രാന്തലോകഃ
നാനാദേശോച്ചലിതസുമനോവൃന്ദസാനന്ദദത്ത-
ശ്ലാഘോ മാഘോത്സവമുപവിശംസ്തിഷ്ഠതേ ദുഷ്ടഹന്താ.ˮ
ശ്വേതദുര്‍ഗ്ഗം അക്കാലത്തു പരിപാലിച്ചിരുന്നതു കൃഷ്ണഗോവിന്ദന്‍ എന്നൊരു പ്രഭുവായിരുന്നു. അതു് ആ കുടുംബത്തിന്റെ മാറാപ്പേരാണെന്നും ഊഹിക്കാം. അദ്ദേഹത്തെക്കുറിച്ചുള്ള ശ്ലോകങ്ങളില്‍ ഒന്നു ചുവടേ കുറിക്കുന്നു:
ʻʻയസ്യാം നാരായണമുപഗതം കൃഷ്ണഗോവിന്ദനാമ്നാ
ദൃഷ്ട്വാ സൗധാഭിധകലശസിന്ധൂര്‍മ്മിഭിസ്സേവ്യമാനം
സാലവ്യാജാദ്വലയിതവപുസ്സേവതേ ഗോപുരാഖ്യാ-
വിഖ്യാതോദ്യന്മണിധരഫണാമണ്ഡലഃ കുണ്ഡലീന്ദ്രഃ.ˮ
എവഞ്ച മധുരവും ചരിത്രഗവേഷകന്മാര്‍ക്കു് ഏറ്റവും ഫലപ്രദവുമായ ഒരു കാവ്യമാണു് ഭ്രമരസന്ദേശമെന്നു് ഏതന്മാത്രമായുള്ള പ്രസ്താവനയില്‍നിന്നു വായനക്കാര്‍ക്കു്, അനായാസേന ഗ്രഹിക്കാവുന്നതാണല്ലോ. കവി ആദ്യമായി ഭൃംഗത്തെ അഭിസംബോധനം ചെയ്യുന്ന ശ്ലോകവും കൂടി ഉദ്ധരിച്ചുകൊണ്ടു മുന്നോട്ടുനീങ്ങാം:
ബ്രൂമ:ശ്രീമന്‍ ഭ്രമര ഭവതേ സ്വാഗതം; വൈജയന്ത്യാഃ
കിന്ത്വം വിഷ്ണോരുരസി വികസദ്വിഭ്രമായാസ്സമായാഃ?
ധമ്മില്ലാദ്വാ പരിമളസമാസക്തമത്താളിപാളീ-
കേളീലോലദ്യുതരുകലികാമന്ദിരാദിന്ദിരായാഃ?ˮ
ദാശരഥിനമ്പൂരി: ആനന്ദവര്‍ദ്ധനാചാര്യരുടെ ധ്വന്യാലോകം എന്ന സുപ്രസിദ്ധമായ അലങ്കാരഗ്രന്ഥത്തിനു് അഭിനവഗുപ്തന്റെ ലോചനം എന്ന വിശദവും വിസ്‌തൃതവുമായ വ്യാഖ്യാനത്തെയും അതിനു് ഉദയന്‍ എന്ന അഭിധാനത്താല്‍ വിദിതനായ മനക്കുളത്തു ശ്രീകണ്ഠരാജാവു നിര്‍മ്മിച്ച കൗമുദി എന്ന വിശിഷ്ടമായ വ്യാഖ്യാനത്തെയും പറ്റി മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ലോചനം വ്യാഖ്യാനിക്കുവാന്‍ കേരളീയരല്ലാതെ ആരും സജ്ജന്മാരായിട്ടില്ല. അവരില്‍ രണ്ടാമനാണു് അഞ്ജനമെന്ന പേരില്‍ പ്രസിദ്ധമായ ടിപ്പണത്തിന്റെ പ്രണേതാവായ ദാശരഥിനമ്പൂരി. അദ്ദേഹത്തിന്റെ ദേശമേതെന്നു് അറിഞ്ഞുകൂടാ. ആദ്യത്തെ ശ്ലോകത്തിന്റെ വ്യാഖ്യാനത്തില്‍ ഒരിടത്തു ദാശരഥി പൂര്‍ണ്ണസരസ്വതിയുടെ മാലതീമാധവവ്യാഖ്യയില്‍നിന്നു് ഏതാനും ഭാഗം ഉദ്ധരിച്ചിട്ടുണ്ടു്. അതില്‍ നിന്നു പൂര്‍ണ്ണസരസ്വതിയെ അപേക്ഷിച്ചു് അര്‍വാചീനനാണു് ദാശരഥി എന്നു വെളിപ്പെടുന്നു. ജീവിതകാലം എട്ടാം ശതവര്‍ഷമായിരിക്കാം. പ്രഥമശ്ലോകത്തിന്റെ വ്യാഖ്യാനംതന്നെ അഞ്ഞൂറു ഗ്രന്ഥങ്ങളോളമുണ്ടു് (ഒരു ഗ്രന്ഥം മുപ്പത്തിരണ്ടക്ഷരം). ചില പംക്തികള്‍ ഉദ്ധരിക്കാം.
ഉപക്രമം:
ʻʻവ്യാഖ്യാനലീലയാ യോ മുനിമുഖ്യാനാം മുഹുര്‍മ്മുദം തനുതേ,
വടതലനിവാസിനം തം വരദം ശംഭും ദയാനിധിം വന്ദേ.ˮ
ʻʻഅഥ ശ്രീമാനഭിനവഗുപ്താചാര്യഃ കാവ്യാലോകം വ്യാഖ്യാതുമാരഭമാണഃ സ്വപ്രവൃത്തേര്‍വിഷയാദികം ഭട്ടേന്ദുരാജേത്യാദിനാ പദ്യേന പശ്ചാല്‍പ്രതിപാദയിഷ്യന്‍ പ്രഥമം വ്യാചിഖ്യാസ്യമാനലക്ഷണഗ്രന്ഥലക്ഷ്യസ്യ തന്മുഖേന തദ്യാഖ്യാനസ്യ ച സ്വയം ക്രിയമാണസ്യോപാദേയതാസിദ്ധിഹേതും പ്രകടയന്‍ സമുചിതേഷ്ടദേവതാത്മനസ്തസ്യൈവ നമസ്കാരാക്ഷേപക വിജയോക്തിമംഗലരൂപാം വിഘ്നവിഘാതഫലാം ശിഷ്ടാചാരാനുസാരേണാത്മനാ കൃതാം ശ്രോതൃജനശിക്ഷാര്‍ത്ഥം ഗ്രന്ഥേനിവേശയതി.ˮ
ദ്വിതീയശ്ലോകം: ʻʻഎവം കൃതസമുചിതേഷ്ടദേവതാനു സ്മരണമംഗളഃആത്മന ഔദ്ധത്യം പരിഹരന്‍ പരമഗുരുസമനസ്മരണചികീര്‍ഷിതം പ്രതിജാനീതേ–-ഭട്ടേന്ദുരാജേതി. അഭിനവഗുപ്തപദാഭിധോऽഹം യത്കിഞ്ചിദത്യല്പമനുരണന്നപി സ്വലോചനനിയോജനയാ ശ്രോതൃജനസ്യ കാവ്യാലോകനാമാനം ഗ്രന്ഥം സ്ഫുടയാമി; അതിഗഹനഗംഭീരത്വേऽപി സ്ഫുടാര്‍ത്ഥം കരോമീതി സംബന്ധഃ. നൈതദസ്മല്‍പ്രഭാവാദിത്യാഹ–-ഭട്ടേന്ദുരാജേതി; ഭട്ടേന്ദുരാജാഖ്യാനാം പരമഗുരൂണാം ചരുണാബ്ജയോഃ തത്സന്നിധൌ കൃതനിവാസതയാ ഹൃദ്യം ഹൃദിസ്ഥിതം തച്ചരണാബ്ജാഭ്യാം കൃതേനാധിവാസേന ഗന്ധവാസേന, തല്‍പരിചയസംക്രാന്തഗുണേനേതി യാവല്‍. അധിവാസോ ഹ്യന്യത്രാന്യധര്‍മ്മസംക്രമണം. തേന ഹൃദ്യമാസ്വാദ്യഞ്ച ശ്രുതാമൃതം യസ്യ സ തഥാ …ˮ
പണ്ഡിതമൂര്‍ദ്ധന്യന്മാര്‍ക്കുപോലും പരമദുരവഗാഹ്യമായ ലോചനം വ്യാഖ്യാനിക്കുന്നതിനു വേണ്ട അലങ്കാരശാസ്ത്രനിഷ്ണാതത ഉദയനും ദാശരഥിക്കും ഉണ്ടായിരുന്നു എന്നു കാണുന്നതു കേരളീയര്‍ക്കു് അത്യന്തം അഭിമാനഹേതുകമാകുന്നു. അഞ്ജനം ദാശരഥി ഏതുവരെ രചിച്ചു എന്നറിയുന്നില്ല.
പാണ്ഡവചരിതം കാവ്യം: പാണ്ഡവചരിതം 16 സര്‍ഗ്ഗങ്ങളില്‍ അനുഷ്ടുപ്പുവൃത്തത്തില്‍ രചിച്ചിട്ടുള്ള ഒരു ലളിത കാവ്യമാകുന്നു. ബാലന്മാര്‍ക്കു പഠിക്കുവാന്‍ കൊള്ളാം. രാജരാജനെന്ന ഒരു മഹാരാജാവിന്റെ കാലത്താണു് ആ കാവ്യം നിര്‍മ്മിച്ചതെന്നുള്ളതിനു് അതില്‍ത്തന്നെ ലക്ഷ്യമുണ്ടു്:
ʻʻരാജന്വതീ ധരാ യേന രാജ്ഞാ സ സകലൈര്‍ഗ്ഗുണൈഃ
രാജചന്ദ്രോऽസ്തി വിഖ്യാതോ രാജരാജസമാഖ്യയാ.
വൈരികൈരവസൂരസ്യ കാലേ തസ്യ മഹീപതേഃ
അഭൂല്‍ കാപി പൃഥാസൂനുചരിതാലങ്കൃതാ കൃതിഃˮ
എന്നു കവി പറയുന്നു. ഈ രാജരാജന്‍ ഒരു കൊച്ചിമഹാരാജാവായിരിക്കണം. കൊല്ലം എട്ടാംശതകത്തില്‍ കാശിക്കെഴുന്നള്ളിയ തമ്പുരാന്റെ പൂര്‍വഗാമിയായ വീരകേരളവര്‍മ്മാവിനേയും രാമവര്‍മ്മാവിന്റെ അനന്തരഗാമിയായ മറ്റൊരു കേരളവര്‍മ്മ തമ്പുരാനേയും പിന്നീടു കൊല്ലം 790 മുതല്‍ 800 വരെ രാജ്യഭാരം ചെയ്ത രവിവമ്മതമ്പുരാനേയും രാജരാജപദംകൊണ്ടു കവികള്‍ വ്യപദേശിച്ചിട്ടുണ്ടു്. ʻʻദൂരേ ദൃശ്യാ നഭസി നഗരീ രാജരാജക്ഷിതീന്ദോഃˮ എന്ന പദ്യാംശത്താല്‍ ഭ്രമരസന്ദേശകാരന്‍ രവിവര്‍മ്മമഹാരാജാവിനെ ലക്ഷീകരിക്കുന്നു. പാണ്ഡവചരിതകാരന്റെ പുരസ്കര്‍ത്താവു് ഇവരില്‍ ഒരാളാണോ എന്നു നിശ്ചയമില്ല. ചിലര്‍ യമകകവിയായ വാസുഭട്ടതിരി പഴം തിന്നപ്പോള്‍ അതിന്റെ തൊലി തിന്ന ഒരു വാരസ്യാരില്‍ പ്രസ്തുത കൃതിയുടെ കര്‍ത്തൃത്വം ആരോപിക്കുന്നു. അതു് അനാസ്പദമാണു്.
ʻʻതസ്മൈ നമോऽസ്തു കവയേ വാസുദേവായ ധീമതേ
യേന പാര്‍ത്ഥകഥാ രമ്യാ യമിതാ ലോകപാവനീˮ
എന്നൊരു ശ്ലോകം അതില്‍ കാണുന്നതുകൊണ്ടു മാത്രം വാസുദേവന്റെ കാലത്താണു് അതിന്റെ നിര്‍മ്മിതി എന്നു വരണമെന്നില്ലല്ലോ.
ആമ്നായാര്‍ത്ഥപ്രബോധാര്‍ത്ഥം സര്‍വേഷാം യേന ഭാരതം
സര്‍വജ്ഞേന സമാഖ്യാതം തം നമാമി മുനീശ്വരംˮ
എന്നു് അതിനുമുമ്പില്‍ ഒരു ശ്ലോകമുണ്ടെന്നും ʻതസ്മൈ നമോസ്തുʼ എന്ന വാക്യംകൊണ്ടു യുധിഷ്ഠിരവിജയവും പാണ്ഡവചരിതവും ഒരേ കാലത്തു് ഉണ്ടായതാണെന്നു് ഊഹിക്കാമെങ്കില്‍ ʻതംനമാമിʼ എന്ന വാക്യംകൊണ്ടു മഹാഭാരതവും അക്കാലത്തുതന്നെ ഉണ്ടായതായി സങ്കല്പിക്കേണ്ടി വന്നേക്കുമെന്നും നാം ഇവിടെ ഓര്‍മ്മിക്കേണ്ടതാണു്. കവിതയ്ക്കു് ഒഴിക്കുണ്ടെന്നു സമ്മതിയ്ക്കാമെന്നല്ലാതെ മറ്റു ഗുണങ്ങളൊന്നുമില്ല. ഉദാഹരണത്തിനായി ചില ശ്ലോകങ്ങള്‍ ചുവടേ പ്രദര്‍ശിപ്പിക്കാം.
കഥാരംഭം:
ʻʻപുരാഥ ജാഹ്നവീതീരേ കുരൂണാമഭവല്‍ പുരം
ഹസ്തിനാ നിര്‍മ്മിതം രാജ്ഞാ സുരലോകമനോഹരം.ˮ
ഭീഷ്മസ്തുതി:
ʻʻഹേ കൃഷ്ണ ഭഗവന്നാദ്യ താവത്തിഷ്ഠ മമാഗ്രതഃ
തവ രൂപാമൃതം പശ്യന്‍ യാവത്ത്യക്ഷ്യാമ്യഹം തനും.
തഥാ മാം പ്രതി ഗോവിന്ദ പ്രസീദ കരുണാനിധേ
യഥാ ത്വം മാമകേ ചിത്തേ നിശ്ചലോ ഹി നിവത്സ്യസി.ˮ
ഒടുവില്‍ സ്രഗ്ദ്ധരാവൃത്തത്തില്‍ പതിനാറു സര്‍ഗ്ഗസംഗ്രഹശ്ലോകങ്ങളുമുണ്ടു്. അവ താരതമ്യേന ആസ്വാദ്യങ്ങളാണു്. നോക്കുക:
ʻʻജാതാഃ കാന്താരദേശേ കരിനഗരമിതാശ്-
ഛത്മസത്മാവസന്തോ
ദഗ്ദ്ധ്വാ തദ്ഗേഹമസ്മാദ്വിപിനമുപഗതാഃ
സംഹരന്തോ ഹിഡിംബം
വേദവ്യാസസ്യ വാചാ വനഭുവി വസതിം
ശാലിഹോത്രേ ച കൃത്വാ
ഗത്വാ താമേകചക്രാം ദ്വിജവരഭവനേ
തേऽവസന്‍ പാണ്ഡുപുത്രാഃ.
ഹത്വാ തത്രാതിപുഷ്ടം ബകമധികബലം
യാജ്ഞസേന്യാ വിവാഹം
ശ്രുത്വാ യാന്തസ്തതസ്തേ പഥി ഗഗനചരം
സംപ്രഹാരേ ച ജിത്വാ
ഗത്വാ പാഞ്ചാലഗേഹം നൃപസദസി ശരൈശ്-
ഛിന്നയന്ത്രാ ക്ഷിതീശാന്‍
ജിത്വാ കൃഷ്ണാവിവാഹം തദനു മുനിഗിരാ
ചക്രിരേ മോദമാനാഃ.ˮ
ഈ ശ്ലോകങ്ങളുടെ അവസാനത്തില്‍ ഫലശ്രുതിരൂപമായും ഒരു പദ്യം കവി ഘടിപ്പിച്ചിരിക്കുന്നു. അതാണു് താഴെക്കാണുന്നതു്:
ʻʻഇത്ഥം സംക്ഷിപ്യ സര്‍വം രചിതമഘഹരം
പാണ്ഡവാനാം ചരിത്രം
ചിത്രം നിത്യം പ്രഭാതേ പഠതി ച ശൃണുയാ-
ദ്യോ നരശ്ചിന്തയേദ്വാ
നിശ്ശേഷാഭീഷ്ടസിദ്ധിം സപദി സ ഗതവാന്‍
മോദവാനത്യുദാരാം
ഭക്തിഞ്ചാപ്നോതി കൃഷ്ണേ കൃതവതി സമരേ
പാര്‍ത്ഥസാരഥ്യകേളിം.ˮ
കാമസന്ദേശം: മാതൃദത്തന്‍ എന്ന ഒരു കവിയുടെ കൃതിയാണു് കാമസന്ദേശം. പൂര്‍വ്വഭാഗത്തില്‍ അറുപത്തേഴും, ഉത്തരഭാഗത്തില്‍ അറുപത്തൊന്‍പതും അങ്ങനെ മന്ദാക്രാന്താവൃത്തത്തില്‍ നൂറ്റിമുപ്പത്താറു പദ്യങ്ങള്‍ പ്രസ്തുത കൃതിയില്‍ അടങ്ങിയിരിക്കുന്നു. കവി രാമവര്‍മ്മാഭിധാനനായ ഒരു കൊച്ചി മഹാരാജാവിന്റേയും നീലകണ്ഠന്‍ എന്ന ശ്രോത്രിയാഗ്രിമനായ ഒരു നമ്പൂരിയുടേയും സമകാലികനായിരുന്നു എന്നു ഗ്രന്ഥത്തില്‍ നിന്നു വെളിപ്പെടുന്നു. കാവേരിയുടെ ഉത്തരശാഖയായ കൊല്ലടത്തില്‍ വമ്പിച്ച കടത്തുകൂലി ഈടാക്കിവന്നതിനെപ്പറ്റി പ്രസ്താവിക്കുമ്പോള്‍ കൊച്ചിയിലെ രാമവര്‍മ്മമഹാരാജാവു് തന്റെ രാജ്യത്തുള്ള കടത്തുകൂലി മുഴുവന്‍ നിറുത്തിയതായി താഴെക്കാണുന്ന പദ്യത്തില്‍ അദ്ദേഹം നമ്മെ അറിയിക്കുന്നു:
ʻʻയാത്രാശുല്കം സകലജഗതാമസ്തി യത്ര പ്രഭൂതം
തത്രസ്ഥൈസ്തൈര്‍ന്നൃപതിപശുഭിര്‍ഭുജ്യമാനം ബലേന
മാടക്ഷോണീവലഭിദഖിലത്രാണനൈപുണ്യചുഞ്ചു-
ര്‍ദ്ദുര്‍വാരം യല്‍ പ്രശമിതകഥം നിര്‍മ്മമേ രാമവര്‍മ്മാ.ˮ
ആ തമ്പുരാന്‍ തൃശ്ശൂരില്‍ പുത്തനായി പണിയിച്ച രാജധാനി അവിടുന്നു തീപ്പെട്ടുപോയെങ്കിലും നാട്ടിന്റെ വൈധവ്യദുഃഖത്തെ പരിഹരിക്കുന്നതായും അദ്ദേഹം പറയുന്നു:
ʻʻകാചില്‍ സൗമ്യാം ദിശി പുനരസൗ രാജധാനീ സമിന്ധേ
സൃഷ്ടാ രാജ്ഞാ പ്രഥിതയശസാ രാമവര്‍മ്മാഭിധേന;
രാമേ സ്വര്‍ഗ്ഗം ഗതവതി ചിരാദാകുലാ സത്യയോധ്യാ
യദ്രൂ പോത്ഥാ ശമയതി ശുചം തേന വൈധവ്യജാതാംˮ
എന്ന പദ്യം നോക്കുക. നീലകണ്ഠന്‍നമ്പൂരിയെപ്പറ്റി കവി ഇങ്ങിനെ വര്‍ണ്ണിക്കുന്നു:
ʻʻയസ്യോദീച്യാം ദിശി നിവസതി ക്ഷ്മാസുരോ നീലകണ്ഠോ
ലോകേ കാലക്ഷപിതയജനേ ധര്‍മ്മതത്വേ പ്രലീനേ
സൂത്വാ സാക്ഷാല്‍ സ്വവിധിനിയമധ്വംസവിധ്വസ്തധൈര്യോ
ധര്‍മ്മസ്ഥിത്യൈ പുനരജനി ബൗധായനോ യല്‍സ്വരൂപഃ.ˮ
ഇതു പ്രൈഷഭാഷ്യം മുതലായ ഗ്രന്ഥങ്ങളുടെ നിര്‍മ്മാതാവായ തൈക്കാട്ടു വൈദികന്‍ നീലകണ്ഠയോഗിയായിരിക്കാമെന്നു് എനിക്കു തോന്നുന്നു. ʻയസ്യʼ എന്ന പദം ഇവിടെ അംബാശൈലത്തെ പരാമര്‍ശിക്കുന്നു. അംബാശൈലമെന്നതു കൊടിക്കുന്നിന്റെ സംസ്കൃതസംജ്ഞയാണെന്നു മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. കൊടിക്കുന്നിനു സമീപമാണല്ലോ തൈക്കാട്ടില്ലം. യോഗിയാരുടെ കാലം കൊല്ലം എട്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു എന്നു് അന്യത്ര പ്രസ്താവിക്കും. അങ്ങനെയാണെങ്കില്‍ കവി നിര്‍ദ്ദേശിക്കുന്ന രാമവര്‍മ്മാവു കാശിക്കെഴുന്നെള്ളിയ തമ്പുരാനായി വരാവുന്നതാണു്. കൊല്ലം 746-ആമാണ്ടിടക്കു് ഈ രാമവര്‍മ്മ മഹാരാജാവും പറങ്കികളുടെ വൈസ്രോയിയും തമ്മില്‍ ചുങ്കങ്ങളെപ്പറ്റി ചില വ്യവസ്ഥകള്‍ ചെയ്തു എന്നു ചരിത്രകാരന്മാര്‍ പ്രസ്താവിക്കുന്നുമുണ്ടു്.
ʻʻസൗധേ കശ്ചില്‍ സഹ ദയിതയാ സ്വൈരമഭ്രങ്കഷാഗ്രേ
ക്രീഡന്‍ നിദ്രാകലുഷഹൃദയസ്തല്‍ക്ഷണം തത്സകാശാല്‍-
ദിഷ്ടേ രുഷ്ടേ കിമിഹ ശരണം?–-ഭദ്രഗോഷ്ഠീം ദവിഷ്ഠാം
രക്ഷോനീതസ്തദനു വിവശശ്ശംബരാരിം ദദര്‍ശ.ˮ
എന്നതാണു് ഉപക്രമശ്ലോകം. ഭദ്രഗോഷ്ഠിയെന്നാല്‍ ചിത്സഭ അഥവാ ചിദംബരം എന്നര്‍ത്ഥം. ചിദംബരത്തില്‍നിന്നു കവികാമദേവനെ തന്റെ ചന്ദ്രലക്ഷ്മിയെന്ന പ്രിയതമയുടെ വാസഭൂമിയായ തിരുനാവായ്ക്കു ദൂതനായി പറഞ്ഞയയ്ക്കുന്നു. ചിദംബരം, അവിടത്തെ ക്ഷേത്രതീര്‍ത്ഥമായ ശിവഗംഗ, കാവേരി, അതിനു വടക്കും തെക്കുമുള്ള പ്രദേശങ്ങള്‍ക്ക് അധിപന്മാരായിരുന്ന വീരനും അച്യുതനും, കണ്ഠരമാണിക്കമെന്ന വിദ്വദഗ്രഹാരം, മധ്യാര്‍ജ്ജുനം (തിരുവിടൈമരുത്തൂര്‍), കുംഭകോണം, ശ്രീരംഗം, കൊങ്കണം, (സേലം കോയമ്പത്തൂര്‍ ജില്ലകള്‍) കോയമ്പത്തൂരിലെ പേരൂര്‍ക്ഷേത്രം, സഹ്യപര്‍വതം, മംഗലം എന്ന ദേശം, തൃശ്ശൂര്‍, ഇഷ്ടക്രോഡം (തിരുമിറ്റക്കോടു്), കുരുക്ഷേത്രം (ശുകപുരം), അംബാശൈലം (കൊടിക്കുന്നു്) അമ്ലശൈലം (വെള്ളിയാന്‍കല്ല്) ഭാരതപ്പുഴ, തിരുനാവാ എന്നിങ്ങനെ രാജകുലങ്ങള്‍, സ്ഥലങ്ങള്‍, പര്‍വതങ്ങള്‍, നദികള്‍, ക്ഷേത്രങ്ങള്‍, ദേവതകള്‍ മുതലായി പല വിഷയങ്ങളെപ്പറ്റി കവി ഉജ്ജ്വലമായ രീതിയില്‍ ചിത്രണം ചെയ്തിട്ടുണ്ട്. പതിനാറു പദ്യങ്ങള്‍ തിരുനാവായുടെ വര്‍ണ്ണനത്തിനു വിനിയോഗിച്ചിരിക്കുന്നു. മംഗലത്തില്‍ മംഗലാഖ്യനായ ഒരു ബ്രാഹ്മണകവി അക്കാലത്തു ജീവിച്ചിരുന്നു എന്നും അദ്ദേഹം കാളിദാസനു സമനായിരുന്നു എന്നും മാതൃദത്തന്‍ പറയുന്നു.
ʻʻനത്വാ ദേവീം പടുഗതിരടന്‍ മംഗലം ഗച്ഛ ദേശം
തദ്ഭൂരത്നം ദ്വിജമപി തഥാ മംഗലം മംഗലാഖ്യം
വാഗ്ഗുംഫസ്യ സ്മര! രചയിതും കാംക്ഷിതസ്യോക്തശേഷം
നിര്‍മ്മാതും യന്മിഷകൃതവപുഃ കാളിദാസഃ പുനര്‍ഭൂഃ.ˮ
കിരാതാര്‍ജ്ജുനീയവ്യാഖ്യാതാവായ ഒരു മംഗലനെപ്പറ്റി കേട്ടിട്ടുണ്ടു്. അദ്ദേഹം സമസ്യാപൂരണനിപുണനായ ഒരു കവിയായിരുന്നു എന്നു ധരിച്ചിട്ടില്ല. മാതൃദത്തനു് ആശയസൗലഭ്യം ഉണ്ടു്. എന്നാല്‍ അതിനനുഗുണമായ ശയ്യാസുഖം അദ്ദേഹത്തിന്റെ കവിതയ്ക്കില്ല. നാലഞ്ചു ശ്ലോകങ്ങള്‍ ഉദാഹരണത്തിനുവേണ്ടി ഉദ്ധരിക്കാം.
ʻʻക്ഷേത്രേ യത്ര സ്ഫടികഘടിതേ ക്വാപി തല്‍കാന്തിശുഭ്രാം
ദൃഷ്ട്വാ ഗൗരീം സ ച പശുപതിര്‍ജ്ജാതു ഗംഗോപലബ്ധ്യാ
കന്ദര്‍പ്പാര്‍ത്തേ കരു മയി കൃപാം ജാഹ്നവീത്യര്‍ദ്ധവാക്യേ
ലജ്ജാമൂകഃ കിമുന കുരുതേ ഹന്ത! ദേവ്യാം ഹസന്ത്യാം?ˮ (1)
ശ്രീരംഗം:
ʻʻശ്രീരംഗാഖ്യം വ്രജ ശിശയിഷുഃ സൈരമാഗ്യത്യ സിന്ധോ-
ശ്ശേതേ യസ്മിന്‍ ഹരിരസഹനസ്തോയപതാന്‍ സുശീതാന്‍
വിഷ്വഗ്വ്യാപീ ശിശിരപവനൈഃ ക്ലേശിതസ്സോऽപി ഭൂയഃ
കോവാവൈധീം ത്യജതി സുതരാം കല്പനാം പൗരുഷേണ?ˮ (2)
കൊങ്കണദേശം:
ʻʻഏകേനാഹ്നാ വ്രജ പുനരിതഃ കൊങ്കണാന്‍ കണ്ടകാഢ്യാന്‍
ധാത്രാ സൃഷ്ടാന്‍ നരകധരണീസൃഷ്ടിശിഷ്ടൈഃ പദാര്‍ത്ഥൈഃ
യജ്ജാതാനാം ദുരിതഗണനാശക്തിതശ്ചിത്രഗുപ്ത-
സ്സ്വീയേ കൃത്യേ ഭവതി വിമുഖഃ; കിന്നു ഭൂയോ വദാമി.ˮ (3)
സഹ്യപര്‍വതം:
ʻʻലംഘ്യസ്സഹ്യസ്തദനു ഭവതാ യത്ര ധാത്രീതരുണ്യാഃ
കേശീഭൂതേ മൃഗതതിമയീ യൂകപംക്തിര്‍ന്നിലീനാ
ഭൂഭൃല്‍കാന്തൈശ്ശരനഖമുഖൈശ്ചാലയിത്വാ സലീലം
ഭൂല്‍കാരോക്തിപ്രസരമുഖരൈരന്വഹം ഭജ്യതേ ഹി.ˮ (4)
തിരുനാവാ:
ʻʻയത്ര സ്ത്രീണാം കുചഭരയുഗം വീക്ഷ്യ ഖേദാദ്ഗിരീന്ദ്രാ
മേഘേ മേഘേപ്യുപലകഠിനേ ഘ്നന്തി മൂര്‍ദ്ധാനമുച്ചൈഃ
നൂനം നോ ചേല്‍ കഥമിവ ഘനധ്വാനവദ്രോദഘോഷോ
വര്‍ഷാംഭോവന്നയനസലിലം ധാതുവദ്രക്തധാരാ?ˮ (5)
ഉള്ളൂര്‍: കേരളസാഹിത്യചരിത്രം