close
Sayahna Sayahna
Search

ഭാഷാസാഹിത്യം 2.II

Contents

ഭാഷാസാഹിത്യം (പദ്യം)

കൊല്ലം എട്ടാം ശതകം


തുഞ്ചത്തെഴുത്തച്ഛന്റെ ശിഷ്യപരമ്പര

തുഞ്ചത്തെഴുത്തച്ഛനേയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയില്‍പ്പെട്ട ചിലരേയും ചേര്‍ത്തു താഴെക്കാണുന്ന ഒരു പഴയ വന്ദനശ്ലോകമുണ്ടു്:

ʻʻവന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരും
വന്ദേ ശ്രീകരുണാകരഞ്ച പരമം ശ്രീസൂര്യനാരായണം
വന്ദേ ദേവഗുരും പരാപരഗുരും ഗോപാലശ്രീമദ്ഗുരും
വന്ദേ നിത്യമനന്തപൂര്‍ണ്ണമമലം വന്ദേ സമസ്താന്‍ ഗുരൂന്‍.ˮ

ഈ ശ്ലോകത്തില്‍ നാമനിര്‍ദ്ദിഷ്ടന്മാരായ ഗുരുക്കന്മാര്‍ കരുണാകരനെഴുത്തച്ഛനും ദേവ (തേവു) നെഴുത്തച്ഛനും ഗോപാല(കോപ്പ) നെഴുത്തച്ഛനുമാണു്. പരാപരഗുരു എന്ന ബിരുദത്തോടുകൂടി ഇവരുടെ കൂട്ടത്തില്‍ മറ്റൊരെഴുത്തച്ഛന്‍കൂടി ഉണ്ടായിരുന്നതായും സങ്കല്പിക്കാം. ഇവരില്‍ കരുണാകരനും സൂര്യനാരായണനും തുഞ്ചന്റെ നേരെ ശിഷ്യന്മാരായിരുന്നു. ദേവഗുരുശിഷ്യനെന്നും പ്രശിഷ്യനെന്നും രണ്ടു പക്ഷമുണ്ടു്. ചിറ്റൂര്‍ എവുവത്തുവീട്ടില്‍ വലിയ കോപ്പസ്വാമിയെന്നും ചെറിയ കോപ്പസ്വാമിയെന്നും രണ്ടുപേരുണ്ടായിരുന്നുവെന്നും അവരില്‍ വലിയ കോപ്പസ്വാമി തുഞ്ചന്റെ സമവയസ്കനും ശിഷ്യനുമായിരുന്നു എന്നും ചെറിയ കോപ്പസ്വാമി മരിച്ചതു 985-ലാണെന്നും ചിലര്‍ പറയുന്നു. ആകെക്കൂടി മി. പുതുക്കുളങ്ങര രാമചന്ദ്രമേനോന്റെ ഗവേഷണമല്ലാതെ ഈ ഘട്ടത്തില്‍ അധികമൊന്നും ശരണീകരണീയമല്ലാത്തതും ആ ഗവേഷണം കല്യാണസുന്ദരരേഖ തുടങ്ങി ചില അയഥാര്‍ത്ഥപ്രമാണങ്ങളുടെ സമ്മിശ്രണം നിമിത്തം പ്രായേണ അവിശ്വസനീയവുമാകുന്നു. അതുകൊണ്ടു് പ്രസ്തുത വിഷയത്തെ ഏറ്റവും ഭയചകിതനായാണു് ഞാന്‍ സ്പര്‍ശിക്കുവാന്‍ ആരംഭിക്കുന്നതു്.

വലിയ കോപ്പ (ഗോപാല) സ്വാമികള്‍

എഴുത്തച്ഛനു് ആദ്യകാലത്തു ചിറ്റൂരില്‍ ആതിഥേയനായിരുന്ന വലിയ കോപ്പസ്വാമി ʻമന്നവന്‍കവിʼ എന്ന പേരില്‍ ഉത്തരരാമായണത്തെ ആസ്പദമാക്കി ഒരു ഗാനം രചിച്ചുവെന്നും ആ കൃതിയെ എഴുത്തച്ഛന്‍ പ്രശംസിച്ചുവെന്നും അതുകൊണ്ടാണു് അദ്ദേഹം ഉത്തരരാമായണം കിളിപ്പാട്ടു നിര്‍മ്മിച്ചതെന്നും മി. മേനോന്‍ പറയുന്നുണ്ടെങ്കിലും അതെല്ലാം വിശ്വസിക്കുവാന്‍ അനപലപനീയങ്ങളായ അന്യലക്ഷ്യങ്ങള്‍ ആവശ്യകമായിരിക്കുന്നു. മന്നവന്‍കവിയില്‍നിന്നു ചില വരികള്‍ താഴെ ചേര്‍ക്കുന്നു:

ʻʻമന്നവനും മൈഥിലിയെ വെടിഞ്ഞശേഷം
മാതാക്കള്‍ താനുമായിട്ടിരുന്ന കാലം
ജാനകിയുമൃഷിതന്റെയാശ്രമത്തില്‍
ജന്മമതായിരിക്കുന്നാള്‍ ഭക്തിയോടേ
മന്നവനെ വേറിട്ടു ജാനകിയും
മഹര്‍ഷിക്കു പൂപ്പറിച്ചങ്ങിരുന്ന കാലം
അന്നരസം പകര്‍ന്നുതല്ലോ സീതയ്ക്കപ്പോ-
ളവള്‍ക്കു ഗര്‍ഭം തികഞ്ഞു പത്തു മാസമായി.ˮ
… … …
ʻʻമന്നവനേ! പെരുവഴിയിലകപ്പെട്ടേന്‍ ഞാന്‍
മണിയറയില്‍ നിന്നോടു വേറിട്ടയ്യോ!
ജനകരാജപുരത്തിങ്കല്‍ വളര്‍ന്നേനല്ലോ,
ജനനിയെയുമറിയുന്നില്ലൊരുനാളും കേള്‍;
നിനവെനിക്കു നിന്നെയൊഴിഞ്ഞാരുമില്ലേ,
നിര്‍മ്മലനേ മറ്റൊന്നറിയുന്നില്ലേ;
എനിക്കു വരും വേദനകള്‍ പൊറുക്കുന്നില്ലേ;
എന്‍ പരനേയെന്നു നൊന്തു വിളിക്കുന്നാളേ.ˮ

ഈ കവിതാരീതിക്കു സാമാന്യം പഴക്കമില്ലെന്നില്ല.

കരുണാകരനെഴുത്തച്ഛന്‍

കരുണാകരന്‍ ജാതിയില്‍ നായരായിരുന്നു. അദ്ദേഹം തുഞ്ചന്റെ പ്രഥമശിഷ്യനായിരുന്നുവെന്നും അദ്ദേഹം എഴുത്തച്ഛനെ തുടര്‍ന്നു തുഞ്ചന്‍ പറമ്പില്‍ പാഠശാല നടത്തിയെന്നും ഒടുവില്‍ നെടുവിരിപ്പുസ്വരൂപത്തില്‍ (സാമൂതിരിക്കോവിലകം) ഇളയതമ്പുരാന്റെ ഗുരുനാഥനായി വള്ളുവനാട്ടുള്ള ആ തമ്പുരാന്റെ കോവിലകത്തു താമസിച്ചു എന്നും ചിലര്‍ പറയുന്നു. ഇതിനെല്ലാം ഐതിഹ്യമേ ആസ്പദമായുള്ളു.ഏതായാലും അദ്ദേഹം തുഞ്ചനോടുകൂടി ചിറ്റൂരില്‍ ദീര്‍ഘകാലം താമസിച്ചതായി തോന്നുന്നില്ല. അവിടെ ആചാര്യന്റെ അനന്തരഗാമിയായിത്തീര്‍ന്നതു സൂര്യനാരായണനെഴുത്തച്ഛനായിരുന്നു. ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടും വേതാളചരിതം കിളിപ്പാട്ടും കരുണാകരനെഴുത്തച്ഛന്റെ കൃതികളാണെന്നു സര്‍വ്വാധികാര്യക്കാര്‍ ഗോവിന്ദപ്പിള്ള പറയുന്നുണ്ടെങ്കിലും വേതാളചരിത്രം കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ കൃതിയാണെന്നു് അതില്‍പ്പിന്നീടു നിസ്സംശയമായി തെളിഞ്ഞിട്ടുള്ളതും ബ്രഹ്മാണ്ഡപുരാണം തുഞ്ചന്റെ കൃതിയായി പരിഗണിക്കണമെന്നു ഞാന്‍ മുന്‍പുതന്നെ പ്രസ്താവിച്ചിട്ടുള്ളതുമാകുന്നു. രാമചന്ദ്രമേനോന്‍ ശിവരാത്രിമാഹാത്മ്യം എന്നൊരു കിളിപ്പാട്ട് അദ്ദേഹത്തിന്റേതെന്നുള്ള പ്രസ്താവനയോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തില്‍ ʻʻരാമാനന്ദാഗ്രഹാരവര്‍ത്തിയായ് മഹാശാസ്ത്രധാമാവായ്ˮ എന്നുതുടങ്ങി ഒരു ഭാഗമുള്ളതു ഞാന്‍ മുമ്പു് ഉദ്ധരിച്ചിട്ടുണ്ടല്ലോ.ആ ഭാഗം പ്രക്ഷിപ്തം എന്നാണു് എനിയ്ക്കു തോന്നുന്നതു്; എന്തെന്നാല്‍ അതിലേയും തുഞ്ചന്റെ കൃതികളിലേയും ഭാഷയ്ക്കുതമ്മില്‍ പഴക്കംസംബന്ധിച്ചു ഗണനീയമായ വ്യത്യാസം കാണുന്നു. തല്ക്കാലം അവിജ്ഞാതകര്‍ത്തൃകമാണു് ആ കിളിപ്പാട്ടു് എന്നു സങ്കല്പിക്കുകയാണു് നല്ലതു്.

ശിവരാത്രിമാഹാത്മ്യം സരസമായ ഒരു കൃതിയാണു്. ഗ്രന്ഥകാരന്‍ ഗണപതി, സരസ്വതി, ശ്രീകൃഷ്ണന്‍, ʻകുണ്ഡപുരനാഥʼനായ തൃക്കണ്ടിയൂര്‍ ശിവന്‍ എന്നീ ദേവതകളെ വന്ദിക്കുകയും, തന്റെ ഗ്രന്ഥം ʻപൂന്തുറയെന്ന മന്നോര്‍മന്നവന്‍ പിണങ്ങുവോര്‍ക്കന്തകന്‍ കൃപാലയനാജ്ഞയാ വിരചിതം എന്നു പറയുകയും ചെയ്യുന്നു. കവിത രണ്ടു ഭാഗമായി വിഭജിക്കപ്പെട്ടിരിക്കുന്നു. പാദവിഭാഗമുള്ള കിളിപ്പാട്ടുകളില്‍ നാലുഖണ്ഡങ്ങള്‍ സാധാരണയായി കാണാറുണ്ടു്. പ്രസ്തുതഗ്രന്ഥത്തില്‍ അതില്‍നിന്നു വ്യത്യസ്തമായ ഒരു രീതി എങ്ങനെ വന്നുചേര്‍ന്നുവെന്നു വെളിവാകുന്നില്ല.ആദ്യന്തം പ്രയോഗിച്ചിരിക്കുന്ന വൃത്തം കേക തന്നെയാണു്.ഒരു ഭാഗം ഉദ്ധരിച്ചു കവിതയുടെ സ്വരൂപം പ്രദര്‍ശിപ്പിക്കാമെന്നു് ഉദ്ദേശിക്കുന്നു:

ʻʻപ്രാണത്രാണാര്‍ത്ഥമഥ ഹൂണദേശത്തില്‍ വാഴും
ക്ഷോണീദേവനും തത്ര കാണായീ ശുഭദേശം.
സുഖദാനം ചെയ്തീടും മന്ദമാരുതനോടും
ശുകകോകിലകേകീമധുപനാദത്തോടും
അഖിലജനാനന്ദപ്രദമാമുദ്യാനവും
മകരന്ദവും തൂകി മണമാര്‍ന്നനുദിനം
ചമ്പകസല്‍കുസുമശോഭിതപദങ്ങളും
… … …
സകലമൃഗകുലവിഹഗലീലകളും
നിഖിലശോകം കളഞ്ഞവിടം കണ്ടുകണ്ട-
ങ്ങകമേ സന്തോഷം പൂണ്ടടുത്തു ചെല്ലുന്നേരം
കുമുദകുവലയകമലകല്ഹാരവും
വിമലസലിലവും നിറഞ്ഞ തടാകവും
… … …
അത്ഭുതം കണ്ടനേരമുള്‍പ്പൂവിലുണ്ടാകയാ-
ലിപ്പൊഴേ കുളിക്കണമെന്നവനൊരുമ്പെട്ടാന്‍.
അപ്പൊഴുതവിടേയ്ക്കു വന്നിതു കുളിപ്പാനായ്
വിഭ്രമം കലര്‍ന്നോരു ചണ്ഡാലത്തരുണിയും.
സുഭ്രുവാമവള്‍ തത്ര വിപ്രനെക്കണ്ടനേര-
മഭ്രത്തെക്കണ്ട ബകോടപ്പേടതന്നെപ്പോലെ
ഉല്‍ഫുല്ലപുഷ്പം കണ്ട ഷള്‍പ്പദപ്പേടപോലെ
അഭ്രവാഹനതനയഭ്രാതാവിനെക്കണ്ട
കര്‍ബുരത്തരുണിയാം ഹിഡിംബിതന്നെപ്പോലെ
അഭ്രശ്യാമളരൂപനായ രാമനെക്കണ്ട
ദര്‍പ്പകാതുരയായ ശൂര്‍പ്പണഖയെപ്പോലെ
അത്ഭുതം കലര്‍ന്നതിനറ്റമില്ലെന്നു ചൊല്ലാം.
ഉല്‍ഫുല്ലാക്ഷിയുമാനന്ദേന തന്നെത്താന്‍ മറ-
ന്നല്പനേരം നിന്നിതു സാലഭഞ്ജികപോലെ.ˮ

സൂര്യനാരായണനെഴുത്തച്ഛന്‍

സൂര്യനാരായണന്‍ അഥവാ സൂരി എഴുത്തച്ഛന്‍ തരകസമുദായത്തില്‍പ്പെട്ട ഒരാളായിരുന്നു എന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. തരകന്മാര്‍ മക്കത്തായികളാണു്.അദ്ദേഹത്തിന്റെ തറവാടായ ചോഴിയത്തു കുടുംബം ഇന്നുമുണ്ടു്. അതു മംഗലംകുന്നു് എന്ന സ്ഥലത്താണു്. സൂര്യനാരായണന്‍ ഒരു യോഗിയും കര്‍മ്മകുശലനും വളരെക്കാലം ചിറ്റൂര്‍ ഗുരുമഠത്തില്‍ താമസിച്ചു ശിഷ്യന്മാര്‍ക്കു ജ്ഞാനോപദേശംചെയ്ത ഗുരുനാഥനുമായിരുന്നു എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമുണ്ടാകുവാന്‍ തരമില്ല. എന്നാല്‍ അദ്ദേഹത്തെ കവിയെന്നു പറയാമോ എന്നു സംശയമുണ്ടു്. സ്കാന്ദപുരാണം കിളിപ്പാട്ടു് അദ്ദേഹത്തിന്റെ കൃതിയാണെന്നു ചിലര്‍ അനുമാനിച്ചുവരുന്നതു പ്രമാദമാണെന്നു് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അതു പാലക്കാട്ടു രാജവംശത്തിലേ ഒരംഗമായിരുന്ന ഗോദവര്‍മ്മരാജാവിന്റെ നിബന്ധമാണു്. ഒരു പഴയതാളിയോലദ്രന്ഥത്തിന്റെ അവസാനത്തില്‍

ʻʻഗോദവര്‍മ്മാ യശോരാശിരശ്വാരികുലഭൂഷണം
ഗുഹസ്യ ചരിതം ധീമാനകുരോന്മഞ്ജൂഭാഷയാˮ

എന്നൊരു ശ്ലോകം കാണുന്നുണ്ടു്, ʻഅശ്വാരിʼ എന്ന പദത്തിനു വാഹദ്വിഷത്തു് അഥവാ എരുമ എന്നര്‍ത്ഥം. (എരുമയൂര്‍) ഏമൂര്‍ ഭഗവതി പാലക്കാട്ടു രാജാക്കന്മാരുടെ പരദേവതയാണു്. അതിനെ ആസ്പദമാക്കിയാകുന്നു ഗോദവര്‍മ്മരാജാവു തന്നെപ്പറ്റി അശ്വാരികുലഭൂഷണം എന്നു പറഞ്ഞിട്ടുള്ളതു്.അദ്ദേഹവും എഴുത്തച്ഛന്റെ ശിഷ്യപരമ്പരയില്‍പ്പെട്ട ഒരു കവിയാണെന്നു പറയുന്നു. കാലമേതെന്നറിവില്ല. ഒന്‍പതാം ശതകമായിരിക്കുവാനിടയുണ്ടു്. അങ്ങനെ സൂരി എഴുത്തച്ഛനും സ്കാന്ദപുരാണവും തമ്മിലുള്ള ബന്ധം വേരറ്റുപോകുന്നു. തത്ത്വജ്ഞാനാമൃതം എന്ന പേരില്‍ ഫലശ്രുതിയോടുകൂടി ശാര്‍ദ്ദൂലവിക്രീഡിതവൃത്തത്തില്‍ വിരചിതങ്ങളായ പതിനെട്ടു പദ്യങ്ങള്‍ സമസ്തകേരളസാഹിത്യപരിഷത്ത്രൈമാസികത്തില്‍ രാമചന്ദ്രമേനോന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയുടെ കര്‍ത്തൃത്വം അദ്ദേഹം സൂര്യനാരായണനെഴുത്തച്ഛന്നായി ഏല്പിക്കുന്നുവെങ്കിലും അതിനു യുക്തി കാണുന്നില്ല. പ്രസ്തുത പദ്യങ്ങള്‍ തുലോം വിരസങ്ങളാകുന്നു. രണ്ടെണ്ണം താഴെച്ചേര്‍ക്കാം:

ʻʻചിത്തായ്‌നിന്നുവിളങ്ങി ലോകമഖിലം കാലത്രയാബാധ്യമായ്
സത്തായ് ഷള്‍ഗുണസാക്ഷിയായനുദിനം സര്‍വസ്യ ചാധാരമായ്
ചിത്താംഭോരുഹമായതിന്നു രവിയായാനന്ദമായ് ബോധമായ്
നിത്യം മേവുമനന്തമൂര്‍ത്തിമമലം ശ്രീമല്‍ഗുരും ഭാവയേ.

അസ്തീയെന്നു ഭവിച്ച കാലമുദരേ പെട്ടോരു ദുഃഖങ്ങളോ
എത്താ ചൊല്‌വതിനിന്നു സന്തതമഹം ചിന്തിപ്പിനെല്ലാവരും
പത്താംമാസമതായ കാലമൊരുനാള്‍ കര്‍മ്മേണ സംജായതേ
ചിത്തേ സംഭവദുഃഖമോര്‍ത്തു സതതം കാമാരിപാദം ഭജേ.ˮ

കര്‍മ്മേണ തുടങ്ങിയ സ്‌ഖലിതങ്ങളുടെ കഥയിരിക്കട്ടെ, ʻസ്മരിക്കുന്നുʼ എന്നതിനു ʻസ്മര്യതേʼ എന്നും പ്രാപിക്കുന്നു എന്നതിനു് ʻപ്രാപ്യതേʼ എന്നും മറ്റും പ്രയോഗിക്കുന്ന കവിക്കു സംസ്കൃതത്തില്‍ കര്‍ത്തരി-കര്‍മ്മണിപ്രയോഗങ്ങളുടെ ഭേദംപോലും അറിവില്ലെന്നു വിശദമാകുന്നു. ഭാഗ്യവശാല്‍ സൂരി എഴുത്തച്ഛന്റെ കൃതിയല്ല തത്ത്വജ്ഞാനാമൃതം എന്നതിനു് അതില്‍ത്തന്നെ ലക്ഷ്യമുണ്ടു്.

ʻʻഏവം ശ്രുത്യനുഭൂതിയുക്തിയിവയാലാത്മാഹമിത്യാദരാല്‍
ഭാവം ബോധിതനായ മല്‍ഗുരുവരം കാരുണ്യവാരാന്നിധിം
ദേവം പൂര്‍ണ്ണമനന്തചില്‍ഘനമജം ഗോപാലകാഖ്യം ശിവം
സേവ്യാനാമഭികാമദം സുഖമയം ബോധസ്വരൂപം ഭജേˮ

എന്ന പദ്യത്തില്‍നിന്നു കവിയുടെ ഗുരുവിന്റെ പേര്‍ ഗോപാലന്‍ എന്നായിരുന്നു എന്നും സങ്കല്പിക്കാം. ആകെക്കൂടി നോക്കുമ്പോള്‍ സൂര്യനാരായണനെഴുത്തച്ഛന്റെ യാതൊരു കൃതിയും

നമുക്കു് ഇതുവരെ ലഭിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഭാഗവതത്തില്‍ കാളിയമര്‍ദ്ദനത്തിനുമേലുള്ള ഭാഗം എഴുതിച്ചേര്‍ത്തതു് അദ്ദേഹമാണെന്നു പറവാന്‍ ആസ്പദമൊന്നുമില്ലല്ലോ.

ദേവഗുരു

ദേവന്‍ (തേവു) എഴുത്തച്ഛനും ജാതിയില്‍ തരകനായിരുന്നു. അദ്ദേഹത്തിന്റെ വകയായി വേദാന്തസാരമെന്നും വിജ്ഞാനരത്നമെന്നും രണ്ടു കിളിപ്പാട്ടുകളുണ്ടെന്നു രാമചന്ദ്രമേനോന്‍ പറയുന്നു. വിജ്ഞാനരത്നം അച്ചടിപ്പിച്ചിട്ടുണ്ടു്. സംസ്കൃതവൃത്തനിബദ്ധമായ അതില്‍ ʻʻസ്വാമിന്‍! യോഗീന്ദ്ര! ഭൂമന്‍! ഗുരുവര! ഭഗവല്‍ഭക്ത! കാരുണ്യസിന്ധോ! ശ്രീമല്‍ ശ്രീ സൂര്യനാരായണ പരപരമാനന്ദ സാന്ദ്ര സ്വരൂപ!ˮ എന്നു കവി സൂരി എഴുത്തച്ഛനെ അഭിസംബോധനം ചെയ്തിരിക്കുന്നതായി കാണുന്നു. കവിതയ്ക്കു വലിയ ആസ്വാദ്യതയില്ലെങ്കിലും പല വേദാന്തരഹസ്യങ്ങള്‍ അതില്‍ അടങ്ങീട്ടുണ്ടു് ആകെയുള്ള ഇരുപത്തൊന്നു ശ്ലോകങ്ങളില്‍ മൂന്നെണ്ണം അടിയില്‍ച്ചേര്‍ക്കുന്നു:

ʻʻഓരോരോ ജന്മജന്മാന്തരമതിലുളവായുള്ള പുണ്യാതിരേകാല്‍
സാരം മാനുഷ്യജന്മം സകലസുഖകരം പ്രാപ്തമായ് വന്നുതിപ്പോള്‍
നേരോടാരാഞ്ഞതോര്‍ത്താല്‍ ജനിമൃതിഭയസംസാരദുഷ്‌പൂരമാമി-
പ്പാരാവാരം കടപ്പാന്‍ തരണി ഗുരു കടത്തീടുവാന്‍ കര്‍ണ്ണധാരന്‍?ˮ
ʻʻമിഥ്യാഭൂതം പ്രപഞ്ചം ജഡമുടനനൃതം ദുഃഖഭാവം നിനച്ചാല്‍
നിത്യം ബ്രഹ്മൈവ സത്യം നിഖിലസുഖമയം സച്ചിദാനന്ദസാന്ദ്രം
ശ്രുത്യന്താര്‍ത്ഥപ്രമൃഗ്യം സുലഭമസുലഭം ബാലിശാനാം പരോക്ഷം
പ്രത്യക്ഷം സര്‍വഗത്വാല്‍ പ്രതിവിമലമലം ഭാതിവേദസ്വരൂപം.ˮ

ʻʻഅക്കാണായ ഗുഹാതലത്തിലൊരു സന്യാസീ മഹാമന്ത്രവും
നീക്കത്തൂക്കു വരാതെ നോക്കിയിരുപത്തോരായിരം പിന്നെയും
ആക്കത്തോടറുനൂറുമിങ്ങനെ ജപിച്ചീടുന്ന മന്ത്രാര്‍ത്ഥമ-
ങ്ങോര്‍ക്കുന്നോര്‍ക്കൊരു മന്ത്രതന്ത്രമപരം ചിന്തിപ്പതെന്തിന്നഹോ!ˮ

എന്നൊരു ശ്ലോകം ആ കൂട്ടത്തിലുണ്ടു്. അതു് എഴുത്തച്ഛനെ പരാമര്‍ശിക്കുന്നതാണെന്നു ചിലര്‍ പറയുന്നു. അതിനു തെളിവൊന്നുമില്ല. ʻʻസുജ്ഞാനപ്രദമാകയാലിതിനു പേര്‍ വിജ്ഞാനരത്നം മുദാˮ എന്നു കവി പറയുന്നു.

വേദാന്തസാരം കിളിപ്പാട്ടു് എന്നൊരു ഗ്രന്ഥംകൂടി ദേവഗുരുനിര്‍മ്മിതമായി ഉണ്ടെന്നു് ഉപന്യസിച്ചുകൊണ്ടു് അതില്‍ നിന്നു താഴെക്കാണുന്ന വരികള്‍ രാമചന്ദ്രമേനോന്‍ ഉദ്ധരിച്ചിട്ടുണ്ടു്.

ʻʻശോകനാശിനിതന്റെ വടക്കേത്തീരം നല്ല
യോഗികള്‍ക്കാവസിപ്പാനെത്രയോ ശാന്തം യോഗ്യം
ചില്‍പുരിനാഥ തന്റെ ദിവ്യതേജോവൈഭവാ-
ലത്ഭുതമാകുമൈശ്വര്യങ്ങള്‍ക്കാവാസസ്ഥാനം.

തത്ര ശ്രീരാമാനന്ദാഭിഖ്യമാമഗ്രഹാരം
വര്‍ത്തിപ്പൂ വിശ്വോത്തരം പരിപാവനം സാരം.

ആത്മാരാമനായ് രാമനാമാവാമസ്മല്‍ഗുരു-
വാത്മബോധം ദര്‍ശിപ്പോര്‍ക്കേകുവാന്‍കരുണയാ

തത്രസ്ഥസ്വസ്ഥാപിതപര്‍ണ്ണശാലാന്തരത്തില്‍
നിത്യതൃപ്തനായ് സമാധിസ്ഥനായ്‌മരുവുന്നു.

തന്‍തിരുവടിതന്റെ ചേവടിത്തളിര്‍ രണ്ടു-
മന്തരംഗത്തിലോര്‍ത്തു കുമ്പിട്ടുകൂപ്പിടുന്നേന്‍.

തല്‍പാദദാസന്മാരാമാചാര്യദ്വയത്തെയു-
മല്പജ്ഞനിവന്‍ ഭക്ത്യാ കൈവണങ്ങിയശേഷം

ആദിശ്രീഗുരുവരുളിചെയ്ത ദിവ്യങ്ങളാം
വേദാന്തസാരങ്ങളെസ്സംക്ഷേപിച്ചോതീടുന്നേന്‍.ˮ

ഈ കൃതികളുടെ പ്രണേതൃത്വത്തിന്റെ സത്യാവസ്ഥയെപ്പറ്റി തല്‍കാലം ഒന്നും പറവാന്‍ നിവൃത്തിയില്ല.

പരാപരഗുരു

പരാപരഗുരുവിന്റെ കൃതിയാണെന്നുള്ള പ്രസ്താവനയോടുകൂടി ʻആത്മബോധംʼ എന്ന പേരില്‍ കിളിപ്പാട്ടുരീതിയിലുള്ള ഒരു ഭാഷാഗാനം രാമചന്ദ്രമേനോന്‍ പരിഷത്ത്രൈമാസികം പതിനൊന്നാം പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതു ശങ്കരാചാര്യരുടെ ആത്മബോധമെന്ന വേദാന്തഗ്രന്ഥത്തിന്റെ ഭാഷാനുവാദമാണു്. ആ കൃതിയെ പരാപരഗുരുവില്‍ ആരോപിക്കുന്നതിനു യാതൊരു തെളിവും അദ്ദേഹം കാണിച്ചിട്ടില്ല. അതില്‍നിന്നു മാതൃകയായി ചിലവരികള്‍ ഉദ്ധരിക്കാം:

ʻʻഭുവനപ്രസിദ്ധമാമാത്മബോധഗ്രന്ഥത്തെ
നവകേരളഭാഷാഗാനമാക്കുവാനായി
ശിവനേ, ഭവനേ, ശങ്കരനേ, ഹരനേ, നീ-
യിവനെക്കടാക്ഷിപ്പാന്‍ തൃക്കഴല്‍ കൂപ്പീടുന്നേന്‍.
വന്‍തപം ചെയ്തുകൊണ്ടു താപമൊക്കവേ നീക്കി-
ശ്ശാന്തരായേറ്റം രാഗദ്വേഷാദിരഹിതരായ്
സന്തതം മോക്ഷകാമന്മാരായോര്‍ക്കുള്ളതാണീ-
സ്സന്തതാനന്ദമേകുമാത്മബോധമാം ഗ്രന്ഥം.

അന്യസാധനങ്ങളെക്കാളും മോക്ഷാര്‍ത്ഥികള്‍ക്കു
ധന്യസാധനം ബോധമെന്നതൊന്നത്രേ നൂനം.
വീതിഹോത്രനെന്നിയേ പചിക്കാവതല്ലൊന്നും
സാധിക്കയില്ല ജ്ഞാനംകൂടാതെ മോക്ഷമാര്‍ക്കും.

കര്‍മ്മകാണ്ഡപ്രോക്തങ്ങളായ് വിവിധങ്ങളായ
കര്‍മ്മങ്ങള്‍ വിരോധിച്ചിട്ടുള്ളവയല്ലെന്നാലും
അവിദ്യാനിവര്‍ത്തനം കര്‍മ്മകാണ്ഡോക്തക്രിയാ-
പ്രവൃത്തന്നൊരിക്കലുമുണ്ടാകയില്ലാ ദൃഢം.ˮ

ഗോപാലനെഴുത്തച്ഛന്‍

ഗോപാലനെഴുത്തച്ഛനെയാണു് വലിയ കോപ്പസ്വാമികളെന്നു പറയുന്നതു് എന്നും അദ്ദേഹം തുഞ്ചത്തെഴുത്തച്ഛനേക്കാള്‍ വയോധികനായിരുന്നു എന്നും അദ്ദേഹത്തിനു മുന്‍പുതന്നെ അന്തരിച്ചു എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അതു ശരിയാണെങ്കില്‍ സൂര്യനാരായണനെഴുത്തച്ഛന്റെ മരണാനന്തരം അദ്ദേഹം ഗുരുമഠത്തിന്റെ ആധിപത്യം സ്വീകരിച്ചു എന്നുള്ള ഐതിഹ്യത്തിനു് ഉപപത്തിയില്ലാതെവരുന്നു. പരമാര്‍ത്ഥം ആര്‍ക്കും അറിവില്ല. ചെറിയ കോപ്പസ്വാമികളുടെ വകയായ ചില ഗ്രന്ഥങ്ങളില്‍ രാമാനന്ദന്‍, കരുണാകരന്‍, സൂര്യനാരായണന്‍, ദേവന്‍ എന്നീ നാലു ഗുരുക്കന്മാരെപ്പറ്റിയേ വന്ദിച്ചുകാണുന്നുള്ളുവത്രേ. ആ കോപ്പസ്വാമി അന്തരിച്ചതു് 985-ലുമാണു്. അങ്ങനെയാണെങ്കില്‍ ചെറിയ കോപ്പസ്വാമിതന്നെയായിരിക്കുമോ ഗോപാലനെഴുത്തച്ഛന്‍? അദ്ദേഹത്തിന്റെ കാലാനന്തരമായിരിക്കുമോ ʻവന്ദേഹം ഗുരുസമ്പ്രദായംʼ എന്ന ശ്ലോകത്തിന്റെ ആവിര്‍ഭാവം? ആ ശ്ലോകം എഴുവത്തു രാമച്ചപ്പണ്ടാരം എന്നൊരാളുടെ കൃതിയാണെന്നും ചെറിയ കോപ്പസ്വാമിയുടെ ശിഷ്യനായ അദ്ദേഹം 1007-ആണ്ടാണു് മരിച്ചതെന്നും രാമചന്ദ്രമേനോന്‍ പറയുന്നു. ആ പ്രസ്താവന ശരിയാണെങ്കില്‍ വലിയ കോപ്പസ്വാമിയെ ʻവന്ദേഹംʼ എന്ന ശ്ലോകത്തില്‍ സ്മരിച്ചിട്ടില്ലെന്നും ചെറിയ കോപ്പസ്വാമിയെയാണു് ʻഗോപാലശ്രീമല്‍ഗുരുംʼ എന്ന പദംകൊണ്ടു രാമച്ചപ്പണ്ടാരം നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും നിര്‍ണ്ണയിക്കാം. അപ്പോള്‍ ഗോപാലനെഴുത്തച്ഛന്റെ കാലം ക്രി. പി. പത്താം ശതകത്തിലാണെന്നു സിദ്ധിക്കുന്നു. എന്നാല്‍ ചെറിയ കോപ്പസ്വാമി എന്നു പറയുന്നതു പതിനൊന്നാം ശതകത്തില്‍ ജീവിച്ചിരുന്ന ഭീമത്തു കോപ്പുമേനോനെയാണെന്നും പത്താം ശതകത്തില്‍ കോപ്പസ്വാമി എന്ന പേരില്‍ ഒരാള്‍ എഴുവത്തുവീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പറയുന്നവരുണ്ടു്. ഭീമത്തു കോപ്പുമേനോന്‍ 1040-ല്‍ ഗുരുമഠം നവീകരിക്കുകയും 1085-ല്‍ മരിക്കുകയും ചെയ്തു. അദ്ദേഹവും എഴുവത്തുകുടുംബത്തില്‍പ്പെട്ട ആള്‍തന്നെ. അതിനു മുന്‍പു ʻഗോപാലശ്രീമല്‍ഗുരുʼ എന്ന പദത്താല്‍ നിര്‍ദ്ദിഷ്ടനായ ഒരു കോപ്പസ്വാമി ഉണ്ടായിരുന്നു എന്നും അതു് എഴുത്തച്ഛന്റെ സമകാലികനായ വലിയ കോപ്പസ്വാമിയല്ലെന്നും സിദ്ധമാണു്. അതുകൊണ്ടു പത്താം ശതകത്തില്‍ കോപ്പസ്വാമിയെന്ന പേരില്‍ മറ്റൊരാള്‍ ജീവിച്ചിരിക്കണമെന്നു വന്നുകൂടുന്നു.

ഗോപാലനെഴുത്തച്ഛന്റെ കൃതിയാണു് പാര്‍വതീസ്വയംവരം കിളിപ്പാട്ടെന്നും ചിലര്‍ പറയുന്നുണ്ടെങ്കിലും അതിനു തെളിവൊന്നുമില്ല. മച്ചാട്ടിളയതിന്റെ കൃതിയാണെന്നാണു് മറ്റു ചിലരുടെ പക്ഷം. മച്ചാട്ടിളയതു പത്താം ശതകത്തില്‍ ജീവിച്ചിരുന്നു. ആരുടെ കൃതിയായാലും പാര്‍വതീസ്വയംവരം പത്താം ശതകത്തില്‍ വിരചിതമാണെന്നു് ഭാഷാരീതികൊണ്ടു വെളിവാകുന്നതിനാല്‍ അതിനെപ്പറ്റി അന്യത്ര പ്രസ്താവിച്ചുകൊള്ളാം. ഗോദവര്‍മ്മരാജാവിന്റെ സ്കാന്ദപുരാണത്തെ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളൂ.

സ്കാന്ദപുരാണം കിളിപ്പാട്ടു്, മൂലം

എണ്‍പത്തോരായിരത്തിലധികം ശ്ലോകങ്ങളുള്ള ഒരു മഹാപുരാണമാണു് സ്കാന്ദം. ഇതരപുരാണങ്ങളില്‍ ഒന്നിനും ഇത്രമാത്രം ദൈര്‍ഘ്യമില്ല. കിളിപ്പാട്ടുകാരന്‍ ആശ്രയിച്ചിട്ടുള്ളതു് ആ ഗ്രന്ഥമല്ല: അതില്‍ ശങ്കരസംഹിതയെന്ന പന്ത്രണ്ടു ഖണ്ഡങ്ങളുള്ള ഒരു പുരാണം പില്ക്കാലങ്ങളിന്‍ ആരോ കൂട്ടിച്ചേര്‍ത്തിട്ടുണ്ടു്. അതിലെ പ്രഥമഖണ്ഡത്തിനു ശിവരഹസ്യം എന്നു പേര്‍ പറയുന്നു. അതില്‍ ഉല്പത്തികാണ്ഡം, അസുരകാണ്ഡം, മഹേന്ദ്രകാണ്ഡം, യുദ്ധകാണ്ഡം, ദേവകാണ്ഡം, ദക്ഷകാണ്ഡം, ഉപദേശകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തെ ആറുകാണ്ഡങ്ങള്‍ കാഞ്ചീപുരം കച്ചിയപ്പ ശിവാചാര്യരും ഏഴാമത്തെ കാണ്ഡം അദ്ദേഹത്തിന്റെ ശിഷ്യന്‍ കോനേരിയപ്പമുതലിയാരും ക്രി. പി. 1500-ആണ്ടിടയ്ക്കു തമിഴില്‍ വിവര്‍ത്തനംചെയ്തു. കച്ചിയപ്പ ശിവാചാര്യരുടെ കാവ്യത്തിന്റെ പേര്‍ (സ്കന്ദ) കന്തപുരാണം എന്നാകുന്നു. കിളിപ്പാട്ടുകാരന്‍ ശങ്കരസംഹിതയ്ക്കു പുറമേ കച്ചിയപ്പരുടെ കൃതിയേയും ഉപജീവിച്ചിട്ടുണ്ടു്. അതു സംഭവകാണ്ഡം, ആസുരകാണ്ഡം, വീരമാഹേന്ദ്രകാണ്ഡം, യുദ്ധകാണ്ഡം, ദേവകാണ്ഡം എന്നിങ്ങനെ അഞ്ചു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. വീരമാഹേന്ദ്രകാണ്ഡത്തിനു തമിഴില്‍ മാഹേന്ദ്രകാണ്ഡമെന്നുതന്നെയാണ് പേര്‍. ദക്ഷകാണ്ഡം രാമായണത്തില്‍ ഉത്തരകാണ്ഡംപോലെ, പൂര്‍വകഥാപ്രതിപാദകമായ ഒരു ഭാഗമാകയാലായിരിക്കണം അതു ഗ്രന്ഥകാരന്‍ വിട്ടിരിക്കുന്നതു്. ഒന്നും മൂന്നും കാണ്ഡങ്ങള്‍ കേകയിലും രണ്ടും നാലും കാണ്ഡങ്ങള്‍ കാകളിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. കവിതന്റെ വന്ദനത്തിനു വിഷയമാക്കീട്ടുള്ളവരുടെ കൂട്ടത്തില്‍ ʻʻവേദമുച്ചരിച്ചീടും ബ്രാഹ്മണശ്രേഷ്ഠന്മാരും മേദുരന്മാരായീടും മല്‍ഗുരുനാഥന്മാരുംˮകൂടി ഉള്‍പ്പെടുന്നുണ്ടു്. ആ ഗുരുനാഥന്മാര്‍ ആരെന്നു് അറിയുന്നില്ല.

കവിതാരീതി

സ്കാന്ദപുരാണത്തിലെ കവിത അപകൃഷ്ടമാണു്. പ്രാചീനങ്ങളായ ശുകഗാനങ്ങളില്‍ അതിനെക്കാള്‍ വിരസവും സ്‌ഖലിതജടിലവുമായ ഒരു കൃതി കണ്ടെത്തുവാന്‍ പ്രയാസമുണ്ടെന്നുപോലും പറയാം. മനോഹരമായ ശങ്കരസംഹിത അത്രമാത്രം വികൃതമായി ഭാഷയില്‍ സംക്ഷേപിച്ച കവി അശേഷം അഭിനന്ദനീയനല്ല. പ്രസ്തുത പുരാണകഥ മറ്റാരും കിളിപ്പാട്ടായി രചിച്ചിട്ടില്ലെന്നുള്ളതല്ലാതെ അതിന്റെ നിലനില്പിന്നു വേറെ യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. ʻകല്ല്യാണരൂപിയായ പാര്‍വതിʼ, ʻകൃഷ്ണദ്വൈപായനെന്നു്ʼ, ʻവൈയ്യാകരണാദികള്‍ പാഠം ചെയ്തുʼ, ʻകൃത്തിവാസന്‍ʼ, ʻരക്ഷിതാത്മന്‍ʼ ഇങ്ങനെയുള്ള അപശബ്ദങ്ങള്‍ ഇതില്‍നിന്നു് എത്ര വേണമെങ്കിലും പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്നതാണു്. ʻവിരവിനൊടുʼ, ʻപരിചിനൊടുʼ ʻഇഹʼ മുതലായ നിരര്‍ത്ഥകപദങ്ങള്‍ എവിടെയും അനുവാചകന്മാര്‍ക്കു് ഉദ്വോഗജനകങ്ങളായി നഗ്നനര്‍ത്തനം ചെയ്യുന്നു. താഴെക്കാണുന്നവ ദേവകാണ്ഡത്തിലെ ചില വരികളാണു്:

ʻʻവിരവിനൊടുമരികില്‍ മരുവിന നിജസഹോദരന്‍
വീരബാഹുവിനെ നോക്കിയരുള്‍ചെയ്തു.
അമരരിപു വിരവിനൊടു വിമലതരപട്ടണേ-
യന്‍പോടു ചെന്നു നീയൊന്നു ചെയ്തീടുക.
അമരപരിവൃഢസുതനെ വിരവൊടു വരുത്തുക
അല്ലല്‍പൂണ്ടുള്ളോരു ദേവജനത്തെയും.
ഇഹ വചനമിതി സപദി നിജശിരസി കൈക്കൊണ്ടു
ഗാഢകുതുകം കടന്നുചെന്നാദരാല്‍
വിരവിനൊടു ദിതിജപുരി കനിവിനൊടു പുക്കുടന്‍
വീരബാഹുജയന്താദികളെക്കണ്ടു.ˮ

പോരേ? കവിയുടെ അക്ഷന്തവ്യമായ സാഹസത്തിനു് ഇതില്‍ പരം എന്തു ലക്ഷ്യം വേണം? ഗോദവര്‍മ്മാവിന്റെ ʻയശോരാശിത്വവുംʼ ʻധീമത്ത്വവുംʼ കവിതയെ ആസ്പദീകരിച്ചല്ലെന്നുള്ളതു സിദ്ധമാണു്. അദ്ദേഹം സ്കാന്ദപുരാണം രചിച്ചിട്ടുള്ളതു മഞ്‌ജൂഭാഷയിലുമല്ല. ഘുണാക്ഷരന്യായേന ഏതാനും ചില വരികള്‍ അങ്ങിങ്ങു് അസ്വാരസ്യം ഇല്ലാത്തവയായും ഇല്ലെന്നില്ല. അവയുടെ ഒരു മാതൃക അടിയില്‍ ചേര്‍ക്കുന്നു. സുബ്രഹ്മണ്യന്റെ ബാലക്രീഡയാണു് പ്രമേയം.

ʻʻഅങ്ങനെ കുറഞ്ഞൊന്നു ചെല്ലുന്ന കാലത്തിങ്കല്‍
മംഗലശീലന്‍ ഗുഹന്‍ നടന്നു തുടങ്ങിനാന്‍.
ഭംഗിയില്‍ സോദരന്മാരായുള്ള വീരരുമാ-
യംഗങ്ങള്‍തന്നില്‍ നല്ല ഭൂഷണങ്ങളും പൂണ്ടു,
അങ്ങോടിങ്ങോടുമോടിക്കളിച്ചു തുടങ്ങിനാന്‍
കിങ്ങിണി ശബ്ദിക്കയും സംഗീതം പാടുകയും,
മംഗലസ്ത്രീകളുടെ മടിയില്‍ ശയിക്കയും,
കിങ്ങിണി കഴിച്ചുടനെറിഞ്ഞു കളിക്കയും,
അംഗനാമൗലി ദേവി തിരഞ്ഞു നടക്കയു-
മങ്ങൊരു കോണില്‍ച്ചെന്നങ്ങൊളിഞ്ഞു വസിക്കയും,
ഗംഗാവല്ലഭന്‍തന്നെ സ്തുതിച്ചു നമിക്കയു-
മംഗജവൈരിയുടെ ഹൃദയം തെളികയും,
ചെന്നുടനൃഷഭത്തിന്‍മുകളില്‍ക്കരയേറി-
യുന്നതമായീടുന്ന കകുദം പിടിക്കയും,
പോന്നുടന്‍ ദൃക്കു പൊത്തിത്തൊട്ടുടന്‍ ക്രീഡിക്കയും,
മന്ദിരങ്ങളില്‍ച്ചെന്നങ്ങൊളിച്ചു കളിക്കയും,
തരുക്കള്‍ തന്നിലേറിപ്‌ഫലങ്ങള്‍ പറിക്കയും,
സരസശീലന്‍ ഗുഹന്‍ സൂര്യലോകത്തു ചെന്നു
പരമാ ബന്ധിച്ചൊരു വാജികളഴിച്ചിട്ടു
പരിചില്‍ നടക്കയെന്നുരച്ചു രസിക്കയും,
വിരയെപ്പോന്നുവന്നു ചന്ദ്രന്റെ രഥമേറി-
ക്കൈരവസുഹൃത്തിനെപ്പിടിച്ചു പുറത്താക്കി-
പ്പരമേശ്വരസുതന്‍ താന്‍ കൊണ്ടുനടക്കയും.ˮ

നാഗാനന്ദം കിളിപ്പാട്ട്, കാലം

നാഗാനന്ദം കിളിപ്പാട്ടു് എട്ടാം ശതകത്തിലേ ഒരു കൃതിയാണെന്നു് അതിലെ ഭാഷാശൈലിയില്‍നിന്നു നിര്‍ണ്ണയിക്കാവുന്നതാണു്. എഴുത്തച്ഛന്റെ ഗാനങ്ങള്‍ കേരളത്തില്‍ പ്രസരിച്ചുതുടങ്ങിയ കാലത്തായിരിക്കണം ആ കൃതിയുടെ നിര്‍മ്മിതി. ʻകാരുണ്യാലയനായ രാമനാമവും പാടിʼ, ʻബാഷ്പപൂര്‍ണ്ണാക്ഷനായേʼ, ʻമന്ദഹാസാനനം കണ്ടേʼ, ʻവിദ്യാധരന്‍ കീര്‍ത്തികള്‍ʼ, ʻദരിശിച്ചുʼ ഇത്യാദി പ്രയോഗങ്ങള്‍ എഴുത്തച്ഛന്റെ കൃതികളിലെന്ന പോലെ അതിലും കാണുന്നു. ഉരസ്സു്, ശിരസ്സു്, വക്ഷസ്സു് എന്നീ പദങ്ങള്‍ക്കു പകരം ഉരം, ശിരം, വക്ഷം എന്നീ പദങ്ങള്‍ ഘടിപ്പിക്കുവാന്‍ കവിക്കു വൈമനസ്യമില്ല. വിദ്യാധരനെ പലപ്പോഴും ʻവിദ്യാധ്റʼനാക്കിയിരിക്കുന്നു. ʻവിനതാസുതനെʼ വിനതസുതനായും ʻഹുതവഹനെʼ ഉതവഹനായും രൂപാന്തരപ്പെടുത്തുന്നു. ʻസരഭസമൊടുʼ, ʻമേഘച്ഛന്നംകൂടാതെʼ, ʻജനകജനനിയെയുംʼ, ʻലതഗണംʼ തുടങ്ങിയ പ്രയോഗങ്ങള്‍ അനവധാനതാദ്യോതകങ്ങളായി അങ്ങിങ്ങു മുഴച്ചുനില്ക്കുന്നു. നാഗാനന്ദകാരന്റെ പൈങ്കിളിപ്പെണ്ണും അദ്ധ്യാത്മരാമായണത്തിന്റെ ആരംഭത്തിലെന്നപോലെ

ʻʻശ്രീരാമ ജഗദഭിരാമ മാധവ ഹരേ,
ശ്രീരാമ നിശിചരനാശന നാരായണ,
ശ്രീരാമ സീതാമനോവല്ലഭ ജഗല്‍പതേ,
ശ്രീരാമ മമ ഹൃദിവാസിനേ നമോസ്തു തേˮ

എന്നും മറ്റും രാമനാമം തന്നെയാണു് പാടിക്കൊണ്ടുവരുന്നതു്. ʻʻവീരരായ്പരോപകാരികളായുള്ള ജനമാരെന്നാലവര്‍കഥ ചൊല്ലണം മടിയാതെˮ എന്നു കവി അപേക്ഷിക്കുകയും ശാരിക ആ അപേക്ഷയെ അംഗീകരിച്ചു നാഗാനന്ദനാടകത്തിലും മറ്റും പ്രസ്തുതനായ ജീമൂതവാഹനന്റെ ചരിതം ഗാനം ചെയ്യുകയും ചെയ്യുന്നു.

കവിയും കവിതയും

നാഗാനന്ദം കിളിപ്പാട്ടിന്റെ കര്‍ത്താവു് ആരെന്നറിയുന്നില്ല. ʻʻമേദിനീനിവാസികളായ ഭൂസുരഗണപാദപങ്കജം തൊഴുതീടിനേന്‍ ദിവാനിശംˮ എന്ന വാക്യത്തില്‍നിന്നു് അദ്ദേഹം ഒരു ബ്രാഹ്മണനല്ലെന്നു് അനുമാനിക്കാം. കവി ഹര്‍ഷദേവന്റെ നാഗാനന്ദം നാടകത്തെത്തന്നെയാണു് പ്രധാനമായി അവലംബിക്കുന്നതെങ്കിലും ദയാവീരരസം വികസിതാവസ്ഥയെ പ്രാപിക്കുന്ന ആ നാടകത്തിലെ നാലും അഞ്ചും അങ്കങ്ങളിലെ കഥാഭാഗത്തെയാണു് വിസ്തരിക്കുന്നതു്. ദൃശ്യകാവ്യത്തെ ശ്രാവ്യകാവ്യമായി വിവര്‍ത്തനം ചെയ്യുമ്പോള്‍ വേണ്ടിവരുന്ന വ്യതിയാനങ്ങളും, ആവശ്യവും ഔചിത്യവും അനുസരിച്ചു്, വരുത്തുവാന്‍ അദ്ദേഹം യത്നിച്ചിട്ടുണ്ടു്. കവിത വളരെ ആകര്‍ഷകമല്ലെങ്കിലും അപലപനീയമാണെന്നു പറവാനില്ല. നാഗാനന്ദം നാലു പാദങ്ങളായി വിഭക്തമായിരിക്കുന്നു. ഒന്നും നാലും പാദങ്ങള്‍ കേകയിലും രണ്ടും മൂന്നും പാദങ്ങല്‍ യഥാക്രമം കാകളിയിലും കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. ഒരു ഭാഗം ചുവടേ ചേര്‍ക്കുന്നു. വധ്യശിലയില്‍ ജീമൂതവാഹനന്‍ കിടക്കുന്നതു കണ്ട ഗരുഡന്റെ വിചാരമാണു് പ്രതിപാദ്യം.

ʻʻഅരുണസഹജനുമഥ ശിലാതലേ നോക്കിനാ-
നാര്‍ത്തിയൊഴിഞ്ഞു കിടപ്പതാരെന്തിദം?

അരുതരുതിതുരഗകുലമതിലൊരുവനല്ലിവ-
നാഹാരമിന്നു വേണ്ടായെന്നു താര്‍ക്ഷ്യനും

വ്യഥയൊടവനതിഝടിതി മലമുകളമര്‍ന്നുടന്‍
വ്യാകുലമോടേ നിനച്ചാന്‍ പലതരം.

മമ ചിറകിലിളകുമൊരു പവനബലമേല്ക്കവേ
മാഴ്‌കിക്കരഞ്ഞരണ്ടോടുമഹിഗണം.

ഇവനൊരുവനതികഠിനഹൃദയനിതി നിര്‍ണ്ണയ-
മില്ല ഭുജംഗന്മാര്‍ക്കിത്ര ധൈര്യം ദൃഢം.

മരണഭയമിവനു നഹി; കിമിദമിതി വിസ്മയം,
മറ്റൊരു ജാതികള്‍ വന്നുമരിക്കുമോ?

അഹികളിലുമതികഠിനഹൃദയര്‍ ചിലരുണ്ടവ-
രല്ലാതൊരുവന്‍ വരാ മരിച്ചീടുവാന്‍.

വിഹഗപതി വിവിധമിവ പലതുമഥ ചിന്തിച്ചു
വിശ്രാന്തകോപേന താണടുത്തീടിനാന്‍.

ചലനമവനതുപൊഴുതുമില്ല കാണ്‍മാനെന്നു
ശങ്കിച്ചു താര്‍ക്ഷ്യനുപരി പൊങ്ങീടിനാന്‍.

പതഗപരിവൃഢനുമഥ മലമുകളമര്‍ന്നുടന്‍
പാരം വിശന്നു ദാഹിച്ചു പൊറായ്കയാല്‍

മരണമതു വരുവതിനു കരുതിയൊരുവന്‍ വന്നാല്‍
മാറ്റലരെപ്പോലെ കൊല്കെന്നതേയുള്ളു.

ഇതി കരുതി ഗരുഡനഥ താണു മൂന്നാമതു-
മിച്ഛയാ വധ്യശിലായാമിറങ്ങിനാന്‍...ˮ

കൃഷ്‌ണലീല പാട്ടു്

കൃഷ്ണലീലയും കിളിപ്പാട്ടുരീതിയില്‍ വിരചിതമായ കൃതിയാകുന്നു. പക്ഷേ കിളിയെക്കൊണ്ടല്ല കഥ പറയിക്കുന്നതു്. രാസക്രീഡയാണു് പ്രതിപാദ്യം. ആകെ നാലു പാദങ്ങളുള്ളതില്‍ ദ്വിതീയപാദം മാത്രം കാകളിയിലും ഇതരപാദങ്ങളെല്ലാം കേകയിലും നിബന്ധിച്ചിരിക്കുന്നു. പ്രഥമപാദത്തില്‍

ʻʻമരതകസ്തംഭത്തിനും കരിവരതുമ്പിക്കൈയ്ക്കും
കുറവേകും തിരുത്തുടയെപ്പോഴും കാണാകേണം
വരചെപ്പുമുരയൊപ്പാനരിമപ്പെട്ടടികൂപ്പി-
ച്ചരുളുമാ മുഴങ്ങഴലെപ്പോഴും കാണാകേണം.ˮ

എന്നു കേകയുടെ പ്രകാരാന്തരമെന്നപോലെ ʻകല്യാണി കളവാണിʼ എന്ന മട്ടില്‍ പാടാവുന്ന ഒരു വൃത്തത്തില്‍ എട്ടു വരികള്‍ കവി ഘടിപ്പിച്ചിട്ടുണ്ടു്. കൃഷ്ണലീലയുടെ പ്രണേതാവിനെപ്പറ്റി ഒരറിവും കിട്ടുന്നില്ല. ശ്രീമല്‍ഭാഗവതത്തെത്തന്നെയാണു് അദ്ദേഹം പ്രായേണ അനുകരിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ ജീവിതകാലം എട്ടാം ശതവര്‍ഷമാണെന്നും ʻനഞ്ചു,ʼ ʻമഘാ,ʼ ʻമാതര്‍,ʼ ʻഅച്ചച്ചോ,ʼ ʻപട്ടാങ്ങം,ʼ ʻവാര്‍തകംʼ മുതലായ പദങ്ങല്‍ സൂചിപ്പിക്കുന്നതായി കരുതാം. കവിതയില്‍ പറയത്തക്ക രചനാനിഷ്കര്‍ഷയൊന്നും കവി പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലും അതിനു് അകൃത്രിമമായ കോമളത ഒരു വിശേഷഗുണമായി പ്രകാശിക്കുന്നു. ദ്വിതീയാക്ഷരപ്രാസത്തില്‍ സാര്‍വ്വത്രികമായ ദീക്ഷയില്ല. രണ്ടു ഭാഗങ്ങള്‍ ഉദ്ധരിക്കാം:

ʻʻവന്നാരുടനുടന്‍ പാട്ടു കേട്ടു ഗോപ-
സുന്ദരിമാരുമാ വൃന്ദാവനംതന്നില്‍
തങ്ങടെയുറ്റോരുടയോരറിയാതെ
തങ്ങളില്‍ത്തങ്ങളിലാരുമറിയാതെ
പെറ്റമ്മയച്ഛനവരുമറിയാതെ
ഉറ്റവരൊട്ടു തടഞ്ഞതും കേളാതെ
കുറ്റമതിനുണ്ടെന്നമ്മചൊല്‍കേളാതെ
രാത്രിയില്‍പ്പേടിയാമെന്നതറിയാതെ
പോയ്ച്ചെന്നു ഗോപിമാര്‍ നന്ദകുമാരനെ-
ച്ചേര്‍ച്ചയില്‍ക്കൈകൂപ്പിനിന്നാര്‍ ചുഴലവേ,
മട്ടലര്‍ബാണനുടനുടനെയ്തിടും
കൂര്‍ത്തുമൂര്‍ത്തുള്ള ശരങ്ങള്‍ തറച്ചവര്‍
ആര്‍ത്തിതളര്‍ത്തണിമാര്‍വിലണച്ചയ്യോ
കാത്തുകൊള്ളേണമെന്നാശ്രയിച്ചീടിനാര്‍.ʼ

ʻʻപൂഞ്ചായലഴിഞ്ഞു പൂമാലകള്‍ പൊഴിയവേ,
താമരയിതള്‍ വെല്ലും മിഴികള്‍ മലരവേ,
തഞ്ചത്തിലുതിരും പുഞ്ചിരികള്‍ ചിതറവേ,
കഞ്ജത്തെ വെല്ലും തിരുമുഖങ്ങള്‍ തെളിയവേ,
ഭംഗിയിലുടന്‍ തിരുക്കരങ്ങളിളകവേ,
മധുരതരം തരിവളകള്‍ കിലുങ്ങവേ,
അണിമെയ്യുലഞ്ഞു പോര്‍മുലകള്‍ കുലുങ്ങവേ,
മിന്നല്‍പോല്‍ മിന്നും കൊടിനടുവതുലയവേ,
പൊന്മണിയുടഞാണുമിടഞ്ഞുപൊടിയവേ,
പൊന്നെഴുത്തുടയാടപ്പൊന്‍നിറം മിന്നീടവേ,
താഴ്ചയില്‍ക്കളിച്ചുടന്‍ കാല്‍ച്ചുവടെടുക്കവേ,
മുഗ്ദ്ധഭാവത്തെക്കണ്ടു സിദ്ധന്മാര്‍ വണങ്ങവേ,
ഭക്തന്മാരിതു കണ്ടു നൃത്തങ്ങള്‍ തുടങ്ങവേ,
വിസ്മയംപൂണ്ടു വിശ്വമൊക്കെയും സുഖിക്കവേ,
ഈവണ്ണം പലപല കാലങ്ങള്‍ കളിച്ചിതു
കാര്‍വര്‍ണ്ണന്‍താനും ഗോപസുന്ദരിമാരുംകൂടെ
നിത്യവും പൂര്‍ണ്ണചന്ദ്രന്‍തന്നേ പോന്നുദിച്ചുവോ?
രാത്രികളൊക്കെയതുകൊണ്ടേറെ വിളങ്ങീതു!ˮ

രാമാശ്വമേധം കിളിപ്പാട്ടു്, കാലം

രാമാശ്വമേധം കൊല്ലം 806-ല്‍ പകര്‍ത്തിയെഴുതിയ ഒരു താളിയോലഗ്രന്ഥം കണ്ടുകിട്ടീട്ടുള്ളതുകൊണ്ടു് ആ കൃതിയുടെ കാലം എട്ടാം ശതകമാണെന്നു നിര്‍ണ്ണയിക്കാം. ʻആര്‍കലി,ʼ ʻഉള്ളിലേ പുലമ്പീടണം,ʼ ʻഅങ്കി.ʼ (അഗ്നി) ʻയാത്രാക്കി,ʼ ʻമയ്യേല്‍മിഴി,ʼ ʻപുകണ്ണു,ʼ ʻവാടʼ (മണം) തുടങ്ങിയ പദങ്ങളുടെ പ്രയോഗം ആ നിര്‍ണ്ണയത്തിനു് ഉപോല്‍ബലകമായുമിരിക്കുന്നു. കവി ആരെന്നറിയുന്നില്ല. ഭക്തനും വിരക്തനും വ്യുല്‍പന്നനും സഹൃദയനുമാണു് അദ്ദേഹമെന്നു തീര്‍ച്ചയായി പറയാം. കവിത ഹൃദ്യമായിട്ടുണ്ടു്. കേകകൊണ്ടുമാത്രമേ അദ്ദേഹം ആദ്യന്തം കൈകാര്യം ചെയ്തിട്ടുള്ളു.

ʻʻമുട്ടാതെയീശ്വരസേവ ചെയ്തീടുവോ-
ര്‍ക്കെട്ടുപേരുണ്ടു വിരോധികളായിട്ടു:
ദുഷ്ടനാം മന്മഥനഗ്രേസരനതില്‍,
കിട്ടും ധനമെന്നൊരാശ രണ്ടാമതും,
നഷ്ടമാമെന്നൊരു പേടി മൂന്നാമതും,
കഷ്ടമായുള്ളൊരു നിദ്ര നാലാമതും,
ഒട്ടും പൊറാത പൈദാഹമഞ്ചാമതു,-
മിഷ്ടവിയോഗാദിപീഡയാറാമതും,
തുഷ്ടിയില്ലായ്മയേഴാമ, തറിക നീ-
യെട്ടാമതായതഹംഭാവമെന്നിവ-
രെട്ടുപേരുംകൂടി ദേഹിനാം ജീവന-
മെട്ടായ്പ്പകുത്തുകൊണ്ടീടുന്നിതു ബലാല്‍.ˮ

ആ എട്ടു ദോഷങ്ങളും തന്നെ ബാധിച്ചിട്ടില്ലെന്നും അതിനാല്‍ ʻനാരായണന്റെ കഥʼ കേള്‍ക്കുവാന്‍ താന്‍ അധികാരിയാണെന്നും കവി കിളിയോടു പറയുന്നു.

ʻʻതാര്‍മകള്‍ തന്റെ മനോഹരമായുള്ള
പോര്‍മുലമൊട്ടിലിഴുകുന്ന കുങ്കുമം
മാര്‍വിടത്തിങ്കലണിയുന്ന ദൈവവും
പൂര്‍വജന്മത്തെ മറന്നു മായാംബുധൌ
സാര്‍വഭൗമത്വേന വീണുനിന്നിട്ടങ്ങു
ചാര്‍വംഗമാര്‍ന്ന പൈതങ്ങളെക്കണ്ടിട്ടു
കാര്‍മുകില്‍കൊണ്ടലം മൂടിക്കിടക്കുന്ന
വാര്‍തിങ്കള്‍പോലെ മയങ്ങി മുഖാംബുജം;
ആര്‍കലിയില്‍ച്ചിറ കെട്ടിക്കടന്നിട്ടു
പോര്‍ചെയ്തു രാവണനെക്കൊന്ന വീര്യവും
വേര്‍പെട്ടു ചെറ്റു വിഷാദിച്ചു രാഘവന്‍
വേദനയോടു നിന്നീടിനാനക്ഷണം.ˮ

എന്ന വരികളും, കുശലവന്മാരുടെ രാമായണഗാനത്തെ വര്‍ണ്ണിക്കുന്ന

ʻʻപാടിത്തുടങ്ങിനാരക്കഥാസാരത്തെ-
യാടിത്തുടങ്ങി ശിരസ്സുകളേവര്‍ക്കും,
കൂടിത്തുടങ്ങി കരംകൊണ്ടു മേളവും,
മൂടീതു നല്ലപേര്‍ക്കുള്ളിലേ വേദനˮ

ഇത്യാദിഭാഗവും, സഹൃദയഹൃദയങ്ങളെ ആവര്‍ജ്ജിക്കുന്നു. സീതയെ കൊണ്ടുപോകുവാന്‍ പ്രത്യക്ഷീഭവിക്കുന്ന ഭൂമിദേവിയുടെ വര്‍ണ്ണനം ഏറ്റവും രമണീയമായിരിക്കുന്നു:

ʻʻഎട്ടു ദിക്കും മുഴങ്ങീടുമാറങ്ങിനെ
പൊട്ടിപ്പിളര്‍ന്നുകാണായി മഹീതലം.
പൊന്‍ചിലമ്പൊച്ച കേള്‍ക്കായി ഗുഹാന്തരേ
പിച്ചകപ്പൂവിന്റെ വാട പൊങ്ങീ തദാ.
… … …
ആദിത്യകോടികളൊന്നിച്ചുദിച്ചപോ-
ലായതമായൊരു തേജസ്സു കാണായി.
ആയതു പിന്നെ ക്രമത്താല്‍ വളര്‍ന്നുട-
നാഖണ്ഡലന്‍തന്റെ കോദണ്ഡമെന്നപോ-
ലാകാശമാര്‍ഗ്ഗത്തില്‍ വിസ്തരിച്ചീടുന്നു.
ആയിരത്തെട്ടു തലയുള്ള പാമ്പിന്റെ-
യാദിമൂര്‍ദ്ധാവിന്റെ മധ്യഭാഗത്തിങ്ക-
ലായതമായോരു സിംഹാസനത്തിങ്ക-
ലാനന്ദമുള്‍ക്കൊണ്ടിരുന്നരുളീടവേ,
ആധാരശക്തിസ്വരൂപയാം ഭൂമിതാ-
നാകുലമെന്നിയുദിച്ചുയര്‍ന്നീടിനാള്‍.
ആലോകനാമൃതം പെയ്തുപെയ്തമ്പിനാ-
ലാരാല്‍ വണങ്ങിനിന്നീടും മുനികള്‍ത-
ന്നാലസ്യമെല്ലാമൊഴിക്കുമാറങ്ങനെ,
ചന്ദ്രികാഭംഗിതേടീടും മനോഹര-
മന്ദസ്മിതം തൂകി മൂടുന്നു ലോകരെ.
ചന്ദ്രചൂഡന്റെ ജടാഭാരമധ്യത്തില്‍
മന്ദാകിനീജലം വീഴുന്നതുപോലെ
ഇന്ദ്രലോകത്തിങ്കല്‍നിന്നു തല്‍കാലത്തു
മന്ദാരപുഷ്പവൃന്ദം പൊഴിഞ്ഞീടുന്നു.
ആശ്ചര്യമന്നേരമുണ്ടായതോര്‍ക്കുമ്പോ-
ളായുസ്സു പോരാ വിരിഞ്ചനും ചൊല്ലുവാന്‍.ˮ

ഭാരതം സംക്ഷേപം കിളിപ്പാട്ടു് കവിയും, കാലവും

ഈ കിളിപ്പാട്ടിന്റെ കര്‍ത്താവു് ഏറ്റുമാനൂര്‍ ശിവന്റെ ഭക്തനാണെന്നും കൃതിയുടെ രചന അവസാനിച്ചതു് 782-ആണ്ടു കന്നിമാസം 21-ആനുയാണെന്നുമുള്ളതിനു ഗ്രന്ഥത്തില്‍ത്തന്നെ തെളിവുണ്ടു്.

ʻʻസപ്തമശതാബ്ദംതന്നുത്തരേ തൊണ്ണൂറ്റിന്മേ-
ലെത്തിന രണ്ടാംകൊല്ലം മേടച്ഛായാനന്ദനേ
വൃത്രശാസനഗുരു സായകാസനേ നില്ക്കും
മിത്രതയോടുംകൂടെക്കാവ്യരൗഹിണേയന്മാ-
രൊത്തു കന്നിയിലെത്തി സ്വര്‍ഭാനു കുംഭത്തിലും
സപ്തമേ ശിഖി തസ്മാലന്നുടന്‍ കുളീരത്തില്‍
പൃഥ്വീജന്‍ ഗുളികനും രാശീനാം മൂന്നാമതില്‍
തത്രൈവ സഹ കലാധീശനും നിലതകും
മിത്രസംക്രമകന്യാതന്നിലായിരുപത്തൊ-
ന്നുത്തമദിനംചേര്‍ന്ന ചിത്രഭാനുജവാരേ
… … …
അത്ര ദേശികാജ്ഞയാ പൂരിച്ചേനതീവണ്ണം.ˮ

എന്ന വരികള്‍ കാലത്തേയും

ʻʻഉത്തമാധികമൃഗഗ്രാമം വാണരന്‍തന്റെ
ഭൃത്യനായിനിക്കാടമ്പീടിന വ്യാഘ്രന്‍തന്റെ
… … … യണേ ശ്രീരാമാദികളുടെ
സ്വര്‍ഗ്ഗാരോഹണം പാട്ടായ് നിര്‍മ്മിച്ചേന്‍ കര്‍മ്മവശാല്‍.
അര്‍ത്ഥശബ്ദങ്ങളനുഭൂതങ്ങള്‍ പദങ്ങളും
തത്ര നേരല്ലെങ്കിലും പാരിടേ മഹാജനം
ഭക്തിമാനഗതിയെന്നുള്ള വാത്സല്യംകൊണ്ടു
ഭര്‍ത്സിച്ചീലവനത്രേയാവുതെന്നുരചെയ്താര്‍.
സത്തുക്കളേയും നമസ്കൃത്യ മോഹത്തെക്കൊണ്ടു
ബുദ്ധിമാനല്ലാത ഞാനോരാതെ രണ്ടാമതും
ഭദ്രനാം പരശ്വധരാമനെ വന്ദിപ്പാനായ്
വിസ്തരം കുറച്ചോരു കാര്‍ത്തവീര്യന്‍ തന്നുടെ
വൃത്താന്തേ ചില കഥ ബന്ധിച്ചും പാട്ടായ്ചെയ്തേ-
നത്രയല്ലയന്ധന്‍ പിന്നും കൃഷ്ണന്റെ ചരിത്രത്തി-
ലെത്തിച്ചേനുടന്‍ ചിത്തമേതുമൊന്നറിയാതെ.
സത്തുക്കളാലും പുകഴെത്താത കഥകളെ
വിസ്തരിക്കാമോ നിരൂപിച്ചാലങ്ങസാരന്നു്?
ഹ്രസ്വമാം കുടത്തിങ്കലെപ്പേരും കോരിക്കൊള്ളാം
സപ്തസാഗരജലമെന്നപോലതിമോഹാല്‍
അത്യന്തം ഭഗവതി ചേരുന്ന കഥകളെ
വസ്തുതയറിയാതെ ചൊന്നാലും പിഴയില്ലെ-
ന്നര്‍ദ്ധിച്ചുമിടയിട്ടുമെത്തിച്ചേനൊരു പാട്ടായ്
ഭക്തിപ്രാബല്യം കൈക്കൊണ്ടിങ്ങനെ മൂന്നാമതുംˮ

എന്ന വരികള്‍ കവിയേയും പരാമര്‍ശിക്കുന്നു. ʻആയിനിക്കാടമ്പിന വ്യാഘ്രനുംʼ ഗ്രന്ഥകാരനും തമ്മിലുള്ള ബന്ധമെന്താണെന്നു് ആ ഭാഗത്തില്‍ അല്പം ഏടു പൊടിവാകയാല്‍ അറിവാന്‍ നിവൃത്തിയില്ല. കവിയുടെ ആദ്യത്തെ കൃതി ശ്രീരാമസ്വര്‍ഗ്ഗാരോഹണവും രണ്ടാമത്തേതു പരശുരാമചരിതവുമാണെന്നു കാണുന്നു. മൂന്നാമത്തേതാണു് പ്രസ്തുതകൃതി. ʻʻകൃഷ്ണനെ സ്തുതിചെയ്‌വാന്‍തന്നെ മറ്റൊന്നു ചിന്തിച്ചല്ല ഞാനിച്ചെയ്തതു്ˮ എന്നു് അദ്ദേഹം ആ വിഷയത്തില്‍ തന്റെ ഉദ്ദേശം വെളിപ്പെടുത്തുന്നു. ഭാഗവതം ആസ്തികോപാഖ്യാനത്തിനു ശേഷം ദശമസ്കന്ധത്തിന്റെ സാരസംക്ഷേപം ഉള്‍ക്കൊള്ളിച്ചിട്ടുള്ളതു് ഇതിനു് ഉപോല്‍ബലകമായുമിരിക്കുന്നു.

കവിത

ഭാരതം പൗലോമം മുതല്ക്കുള്ള കഥ ഭീഷ്മോല്‍പത്തിവരെ തുടര്‍ന്നതിനുമേല്‍ ശേഷമുള്ള കഥ നാമമാത്രമായി സ്പര്‍ശിക്കുകയും ഭീഷ്മരുടെ രാജധര്‍മ്മോപദേശത്തോടുകൂടി ഗ്രന്ഥം അവസാനിപ്പിക്കുകയും ചെയ്യുന്നു. കേക, കാകളി, അന്നനട എന്നീ വൃത്തങ്ങള്‍ പ്രയോഗിക്കുന്നുണ്ടു്. കവിക്കു വാസനയില്ലെന്നു പറയാവുന്നതല്ല. അദ്ദേഹം ഒരു നല്ല വേദാന്തിയാണു്. പ്രാരംഭത്തില്‍ വളരെ പ്രാസമുണ്ടു്. ചില വരികള്‍ ഉദ്ധരിക്കാം.

ʻʻജ്ഞാനപ്പൂമരത്തിന്മേല്‍ മോദമോടിരിക്കുമ്പോള്‍
മൗനത്തോടൊരുമ്പെട്ട ശൗനകമുനിതാന-
ക്കാനനത്തിലൊരുയാഗം നേരുറ്റു ചെയ്യും കാലം
വാനത്തെപ്പെരുമാളും ദേവകളോടുകൂടെ
മാനിച്ചു യജ്ഞസല്‍കാരായ വന്നൊരുമ്പെട്ടു,
വാണിപ്പെണ്‍മണാളാദിമൂവരും ദിക്കുകളെ-
പ്പാലിക്കും ജനങ്ങളും കിന്നരയക്ഷന്മാരും
ദാനത്തെക്കൊള്ളും നല്ല മാമുനിവിപ്രാദിയും,
വാനകത്തീന്നു നാനാജാതിയും ചേവകരും
ക്ഷോണിപാലരും വന്നുകൂടുന്നോരവസ്ഥയില്‍
… … …
കോണില്‍ക്കൈതൊഴുതിരുന്നൊരുങ്ങിപ്പൗരാണികന്‍
ചോദിച്ചാനിനി നമ്മാലെന്തു വേണ്ടുവതെന്നു്.
തേനൊത്ത വാചാ മുനി ശൗനകനരുളിനാന്‍
ചേലൊത്ത മഹാകഥാജാലത്തിലൊരു ലേശം
ചാലെച്ചൊല്കെന്നിങ്ങനെ ചിന്തിച്ചു പുനരപ്പോള്‍
ചാരത്തു പരാശരസൂനുനാ പുരാ കൃതം
സാരത്വമുടന്‍ ചേരും നിര്‍മ്മലമിതിഹാസം
മുന്നിട്ടോരോരോ കഥ ചൊല്ലിനാള്‍ മലന്തത്തˮ

നൈമിശാരണ്യത്തില്‍നിന്നു വരുന്ന ഒരു ʻമാണിക്കമലന്തത്തʼയെക്കൊണ്ടാണു് കഥ പറയിക്കുന്നതു്. അവസാനത്തില്‍ കവി മഹാഭാരതത്തെക്കുറിച്ചു പലതും പ്രസ്താവിച്ചതിനുമേല്‍ ഇങ്ങനെ പറയുന്നു:

ʻʻമന്ദനാമഹമിതു ചൊല്ലിയതല്ലായ്കിലോ
സുന്ദരമെന്നുതന്നെ ചൊല്ലേണമെല്ലാപേരും.
ജ്ഞാനമില്ലാതവരു മാണിക്യമണിക്കല്ലു
നൂനം താന്‍ കൊണ്ടുവന്നതെന്നപോല്‍ക്കുറ്റംചൊല്ലും.
സല്‍കഥ പുനരിതെന്നാകിലുമറിയാത്തോര്‍
സത്തുക്കളല്ലാതവര്‍ ചൊല്ലുമ്പോള്‍ക്കുറ ചൊല്ലും.
പക്ഷമില്ലാത ജനം ഭര്‍ത്സിക്കിലതിനേതും
ദുഃഖിയായ്കെന്നിങ്ങനെ ചൊല്ലുവോരറിവുള്ളോര്‍.
കസ്തൂരി മുഴുവന്‍ പൂചീടുന്ന ശരീരത്തി-
ലെത്തീടും പ്രാണജലമിച്ഛിക്കും മക്ഷിക്കൂട്ടം.
അര്‍ത്ഥശബ്ദങ്ങളിലുമെന്നപോലൊരു കുറ-
വെത്തുന്നതന്വേഷിക്കുമെത്രയും പിശുനന്മാര്‍.
എന്നതിങ്ങനെ ചൊല്ലി ദ്ദുശ്ശങ്ക കെടുത്തീടു-
മെന്നുടെ ഗുരുകടാക്ഷത്തിനാല്‍ മഹാജനം.
അത്ഭുതമയമിതു പഠിക്കവല്ലും നൃണാ-
മപ്പുരുഹൂതാലയം പുക്കുകൊണ്ടനുദിനം
അപ്സരസ്ത്രീകളോടു ഭോഗിച്ചു പാടിയാടി-
ക്കല്പവൃക്ഷത്തിന്‍ നറുപൂമാലകളും ചാര്‍ത്തി
കല്പാന്തകാലം പലവാനന്ദിച്ചിരുന്നുപോയ്-
പ്പൊല്‍പ്പൂമാനിനീധവസായുജ്യം കൈവന്നീടും.ˮ

ശ്രീരാമസ്വര്‍ഗ്ഗാരോഹണം കിളിപ്പാട്ടു്

ഭാരതസംക്ഷേപകാരന്റെ കൃതിയാണു് ഇതും. ഈ കിളിപ്പാട്ടും ഒരു മലന്തത്തയെക്കൊണ്ടാണു് കവി പാടിച്ചിരിക്കുന്നതു്. രണ്ടു ഗാനങ്ങളിലേയും ശൈലി ഏകരൂപമായിരിക്കുന്നു. കാകളിയും കേകയുമാണു് കൈകാര്യം ചെയ്തുകാണുന്ന വൃത്തങ്ങള്‍.

ʻʻവാരണത്തിന്‍മുകത്തോനെയും കാരണി-
യായ സരസ്വതിതന്നെയും കൈതൊഴു-
താദിഗുരുവരനേയും … … … കൈതൊഴു-
താകവഴിഞ്ഞു പറഞ്ഞുതുടങ്ങിനാള്‍.
ശ്രീരാമനായ ജഗല്‍ത്തമ്പിരാന്‍ പുരാ-
സീതാമുഷം ദശഗ്രീവനെക്കൊന്നവന്‍
നീതിചേര്‍തമ്പിയെ വാഴിച്ചു ലങ്കയില്‍
ജീവാധിനാഥയെത്തീയോടു കൈക്കൊണ്ടു
പോയ്‌മുനിമാരും പെരുമ്പട ചൂഴവേ
ഭൂതി കലരും പുരമാമയോധ്യയില്‍
ഭൂപാലനായഭിഷേകമിയന്നു വാ-
ണ്ണാഭോഗമുള്‍ക്കൊണ്ടു സീതയും താനുമായ്
നാനാസുഖമോടിരിക്കുന്ന കാലത്തു
മാമുനീനാം കുലം വന്നവരോടോരോ
ദിവ്യകഥകളെച്ചിന്തചെയ്തങ്ങനെ
തത്രാഭിഷേകസല്‍കാരികളാകിയ
മിത്രഭൂപാലകാന്‍ യാത്ര വിധിച്ചുടന്‍ˮ

എന്നിങ്ങനെ പോകുന്ന ഈ കിളിപ്പാട്ടു് എഴുത്തച്ഛന്റേതല്ലെന്നു പറയേണ്ടതില്ലല്ലോ. ശ്രീരാമന്റെ വിലാപത്തില്‍ നിന്നു് ഒരു ഭാഗംകൂടി ഉദ്ധരിക്കാം:

ʻʻഅയ്യോ ഞാനനുജനെക്കൊല്‌വനോ കൊല്ലായ്‌വനോ?
പിന്‍തുണയെനിക്കിനിയാരുള്ളതനുജനേ?
വെന്തുരുകുന്നൂ മനം നിന്നെയോര്‍ത്തശേഷവും.
രാമലക്ഷ്മണന്മാരെന്നിങ്ങനെ ചെറിയന്നേ
നമ്മിലങ്ങിണങ്ങി ലോകങ്ങളില്‍പ്പുകഴോടേ
വിദ്യകള്‍ പഠിച്ചനാളും പിരിഞ്ഞീല നമ്മില്‍
ഭംഗിയില്ലന്യനന്യം കൂടായ്കിലിരുവര്‍ക്കും.
ലോകത്തിന്നരിക്കനില്ലായ്കിലെന്തഴകുള്ള-
താനയ്ക്കു മദമലങ്കാരമെന്നതുപോലെ
മാനത്തിന്നുറുതി വന്‍കാര്‍മുകില്‍ കണക്കേയും
താളത്തിന്നൊരു സ്വരമെന്നപോലെന്നേരവും
രാമനാമെനിക്കു നീ കൂടരികില്ലായ്കിലോ
താരണിതന്നില്‍പ്പുകഴെന്തുള്ളതനുജനേ?ˮ

പരശുരാമചരിതം കിളിപ്പാട്ടു കണ്ടുകിട്ടീട്ടില്ല.

ഏകാദശീമാഹാത്മ്യം കിളിപ്പാട്ടു്

ഈ പാട്ടു് നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കേകതന്നെയാണു് ആദ്യന്തം വൃത്തം. എന്നാല്‍ വരിവണ്ടു്, കുയില്‍, കിളി, അന്നം എന്നീ നാലു പക്ഷികളെക്കൊണ്ടു നാലുപാദങ്ങളിലേയും കഥ യഥാക്രമം പറയിക്കുന്നു എന്നൊരു വൈചിത്ര്യം പ്രസ്തുതകൃതിക്കുണ്ട്. ʻʻഇന്നിയുമതിന്‍ ശേഷം കേള്‍പ്പാനാഗ്രഹമെങ്കില്‍ പിന്നീടു വരും കുയിലോടു ചോദിച്ചുകൊള്‍കˮ എന്നു വരിവണ്ടും ʻʻഇന്നിയുമതിന്‍ശേഷം കേള്‍ക്കണമെന്നാകിലോ പിന്നാലെ വരും കിളിയോടു ചോദിച്ചുകൊള്‍കˮ എന്നു കുയിലും, ʻʻഇന്നിയുമതിന്‍ശേഷം കേള്‍ക്കണമെന്നാകിലോ ബാലപ്പെണ്ണന്നത്തോടു ചോദിക്കˮ എന്നു കിളിയും പറഞ്ഞുപിരിയുകയും അന്നം കഥ സമാപിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഒരു പരിപാടി ഇതരകവികളില്‍ ആരും സ്വീകരിച്ചു കണ്ടിട്ടില്ല. ʻʻമുന്നമെന്നോടു വണ്ടു ചൊല്ലി നിന്നോടു കേള്‍പ്പാനെന്നവളുടെ സഖ്യമായതുമെവിടുന്ന്?ˮ എന്നുള്ള ചോദ്യത്തിനു കുയില്‍, താന്‍ കാര്‍ത്തവീര്യന്റെ രാജ്യത്തില്‍ താമസിക്കുന്ന കാലത്തു തന്റെ വാസഭൂമിയായ വനം അഗ്നിക്കിരയാകയാല്‍ അവിടെനിന്നു പറന്നു് അയോധ്യയില്‍ ചെന്നുചേര്‍ന്നു എന്നും അവിടെ ʻʻസാരമായിരിപ്പോരു പൂങ്കാവിലിരുന്നു ഞാന്‍ മാനസം തെളിഞ്ഞാനന്ദത്തോടു കൂവുന്നേരം മാനിച്ചു വരിവണ്ടു നാദത്തെക്കേട്ടു വന്നാള്‍ ദീനത്തെക്കളഞ്ഞൊന്നിച്ചിരുന്നു പല കാലം, ഞാനുമിക്കഥകളെക്കേട്ടറിഞ്ഞവിടുന്നു്ˮ എന്നു മറുപടി പറയുന്നു. താന്‍ രുഗ്മാംഗദ മഹാരാജാവിന്റെ പത്നിക്കു നട പഠിപ്പിച്ചു കുറേക്കാലം അയോധ്യയില്‍ താമസിച്ചിരുന്നു എന്നും അന്നു മൂന്നാം പാദത്തിലെ കഥ പറഞ്ഞുകേള്‍പ്പിച്ച പൈങ്കിളി തന്റെ സഖിയായിരുന്നു എന്നും അവള്‍ക്കു് അതു് ആഖ്യാനം ചെയ്തതു താനായിരുന്നു എന്നും അന്നവും പ്രസ്താവിക്കുന്നു. ʻവണ്ടുകള്‍ʼ, ʻകുയില്‍ʼ, ʻകിളിʼ, ʻഹംസജാതികളിവʼ എന്നും മറ്റും ആ പക്ഷികളെ കവി മറ്റു ഘട്ടങ്ങളിലും കടാക്ഷിക്കുന്നുണ്ടു്. ഇതിവൃത്തം സുപ്രസിദ്ധമായ രുഗ്മാംഗദചരിതംതന്നെ.

കാലം

കവിയാരെന്നറിയുന്നില്ല. കാലം എട്ടാം ശതകം തന്നെയെന്നു ഭാഷാരീതിയില്‍നിന്നു് ഊഹിക്കാം. താരണി(ധരണി) എന്ന (എന്നു പറഞ്ഞതു്), എരിത്തരന്‍ (എരിച്ചഹരന്‍), മടവയര്‍ (സ്ത്രീകള്‍), മുറ (മുറവിളി), തപ്പുതല്‍ (പിശകു്) മുതലായ പദങ്ങളും പ്രയോഗങ്ങളും കാണ്മാനുണ്ടു്. മനോശോകം, രുക്‍മാംഗമഹീപതി ഇത്യാദി സ്‌ഖലിതങ്ങളും ഇല്ലാതില്ല.

കവിത

കവിതയ്ക്കു പറയത്തക്ക ആസ്വാദ്യതയില്ലെങ്കിലും അവഹേളിക്കത്തക്കവിധത്തിലുള്ള അപകര്‍ഷവുമില്ല. ഏതാനും വരികള്‍ ചുവടെ ചേര്‍ക്കുന്നു:

ʻʻഭക്തനാം രുക്‍മാംഗദന്‍ ഭക്തിയും മുകുന്ദങ്കല്‍
ചേര്‍ത്തു മാനസേ വരും ശോകവുമടക്കീടും.
ചൊല്ക്കൊള്ളും ധര്‍മ്മാംഗദന്‍ ശിരസ്സു മുറിപ്പാനായ്-
ക്കല്പിച്ചനേരം മനോശോകമെന്തൊന്നു ചൊല്ലൂ!
പാപമേ, അന്നു മുടിവായിതു ലോകമെല്ലാം
താപമുള്‍ക്കൊണ്ടു തൊഴിച്ചലച്ചൂ മടവയര്‍.
താപസന്മാര്‍ക്കും പാരം ഖേദമായ് നടകൊണ്ടു;
താപമുള്‍ക്കൊണ്ടു സൂര്യദേവനും മറയുന്നു;
മേഘസഞ്ചാരം തെളിവില്ലാതെ ചമഞ്ഞിതു;
അനിലന്‍താനും പോയീതടങ്ങീതതുനേരം;
കോപമായിരുന്നോരു കാലനും കരയുന്നു;
സ്ഥാവരങ്ങളും വാടിക്കായ്കനി കൊഴിഞ്ഞുപോയ്;
മേദിനി കമ്പിതയായ്ച്ചമഞ്ഞു ഖേദംകൊണ്ടു.
ഇങ്ങനെയയോധ്യയില്‍ മുറയായ്ച്ചമഞ്ഞിതു.ˮ

നാസാച്ഛേദം കിളിപ്പാട്ടു്

ഇതു് ഒരു ചെറിയ കിളിപ്പാട്ടാണു്. കാലം 800-ആണ്ടോടു് അടുത്തിരിക്കാനിടയുണ്ടു്. പ്രണേതാവിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. കേക, അന്നനട ഈ രണ്ടു വൃത്തങ്ങളാണു് പ്രയോഗിച്ചിരിക്കുന്നതു്. ഏതാനും വരികള്‍:

ʻʻപുരികുഴലഴിച്ചുടന്‍ തിരുകിയൊരു ഭാഷയില്‍-
പ്പുതുമലരണിഞ്ഞുടന്‍ തിറമൊടു ചമഞ്ഞവള്‍,
കുറുനിരകള്‍ ചീകിയും പുരികമതിളക്കിയും
കയല്‍മിഴി മഴറ്റിയും തെളിവൊടു കടാക്ഷവുംˮ

എന്നിങ്ങനെ മണികാഞ്ചിയെ അല്പം രൂപഭേദപ്പെടുത്തി ആ വൃത്തത്തിലും രചിച്ചിട്ടുണ്ടു്. ശൂര്‍പ്പണഖ ശ്രീരാമനെ അഭിസരിക്കുവാന്‍ ഉദ്യമിക്കുന്നതും ലക്ഷ്മണന്‍ അവളെ മൂക്കും മുലയും അരിഞ്ഞുവിടുന്നതുമാണു് ഇതിവൃത്തം. കവിത അപരിഷ്കൃതമെങ്കിലും അനാസ്വാദ്യമല്ല. ഒരു ഭാഗം ചുവടേ ചേര്‍ക്കുന്നു:

ʻʻവളര്‍ത്തിനാളുടന്‍ മലപോലെ ദേഹം
ജട ചിതറിയും പുരികം മിന്നിയും
നെടിയ മൂക്കുമത്തിറവിയ ദന്തം
വെളുവെളെപ്പല്ലും നെടിയൊരു നാവും
ഇടിവെട്ടുംപോലെ കുരലൊലികളും
കനത്ത കണ്ഠവുമുരത്ത കൈത്തലം,
മുലയിണ രണ്ടും മലതരം ചൊല്ലാം
കുടവയറുമത്തുടയിണകളും
കനത്ത കല്ലുകള്‍ ഞെരിക്കും പാദവും
മദിച്ചു വന്മരം പറിച്ചു രാക്ഷസി
കയര്‍ത്തു ലക്ഷ്മണനടുത്തു ചെന്നവള്‍
ദുഷിച്ച നിന്നെ ഞാനെടുത്തുകൊണ്ടുപോയ് -
ക്കടിച്ചുതിന്മനെന്നടുത്തു രാക്ഷസി
തിരിച്ചനേരം കണ്ടെതിര്‍ത്തു രാമനു-
മെടുത്തു ബാണവും തൊടുത്തു മന്നവന്‍
മുടിക്കൊല്ലായെന്നു തടുത്തു ജാനകി
വിധിയല്ലേ മുനിവരരറിയുമ്പോ-
ളൊരിക്കലും ഗുണം ഭവിക്കയില്ലറി.
അവസ്ഥ കേട്ടാറെയടങ്ങി രാഘവന്‍
മറന്നു ജ്യേഷ്ഠനെന്നുറച്ചു ലക്ഷ്മണ-
നതിക്രമിച്ചു വന്നടുത്ത നിന്നുടെ
അഭിമാനക്ഷയം നടക്കണം നീളെ
മുറുക്കി വാളെടുത്തറിയാതെ ബാലന്‍
നെടിയ മൂക്കുമമ്മുലയും കൈക്കൊണ്ടു്
അറുത്തു ചോരകള്‍ കുടികുടിയെന്നാന്‍.
അലറി രാക്ഷസിയലച്ചുവീഴുന്നു;
അവനിമാമലകളും കുലുങ്ങുന്നു;
മഹാദേവന്‍ മേവും മല കുലുങ്ങുന്നു;
മഹാമുനികള്‍തന്‍ തപസ്സു ചിന്നുന്നു;
ദിനകരനുമാ മതി മറക്കുന്നു;
മനുകൂലവീരന്‍ മടിയിലന്നേരം
മധുമൊഴി സീത മയങ്ങിവീഴുന്നു.ˮ

പുത്രകാമേഷ്ടി കിളിപ്പാട്ടു്

ഇതും അജ്ഞാതകര്‍ത്തൃകമായ ഒരു ചെറിയ കൃതിയാണു്. കവിതയ്ക്കു് എട്ടാം ശതകത്തോളം പഴക്കമുണ്ടെന്നു പറയാം. കവി ഒരു മലന്തത്തയെക്കൊണ്ടാണു് കഥ പറയിക്കുന്നതു്. ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു:

ʻʻകാനലില്‍ നടന്നോരോ കായ്കനി തിന്നുതിന്നേ
എങ്ങുന്നു വരുന്നു നീ ചൊല്ലേണമൊന്മ[1]യിപ്പോള്‍.
എന്നപ്പോള്‍ കിളിപ്പൈതലൊന്മകള്‍ പറയുന്നു
വന്നു ഞാനയോധ്യയില്‍നിന്നിതെന്നറിഞ്ഞാലും.

തത്ര വാഴ്ദശരഥമന്നവന്‍തനിക്കൊരു
പുത്രനില്ലാഞ്ഞു ഖേദമുള്‍ക്കൊണ്ടു നൃപവരന്‍
പുത്രകാമേഷ്ടിചെയ്തു മക്കള്‍ നാലുപേരുണ്ടായ്
ശക്തരായ് വളര്‍ന്നതു കണ്ടു ഞാന്‍ വരുന്നിപ്പോള്‍.

എന്നപ്പോളെടുത്തവര്‍ കൊടുത്തു വാഴപ്പഴം
പഞ്ചതാരയും തേനും നുകര്‍ന്നു ശുകപ്പൈതല്‍
മന്ദമാരുതനുമേറ്റങ്ങനെയിരുന്നപ്പോള്‍
ചോദിച്ചാരയോധ്യയിലുണ്ടായ വിശേഷങ്ങള്‍

വന്‍പെഴും ദശരഥന്‍തന്നുടെയവസ്ഥയും,
സന്തതിയുണ്ടായതും മന്നവന്‍ ഗുണങ്ങളും
ചൊല്ലണം മലന്തത്തേയിന്നു നീയെന്നനേരം
സുന്ദരതരമൊഴി പറഞ്ഞുതുടങ്ങിനാള്‍.ˮ

രാമായണം കിളിപ്പാട്ടു്

ഇതും എട്ടാം ശതകം അവസാനത്തിലെ ഒരു കൃതിയാണെന്നാണു് കാണുന്നതു്. ആദ്യന്തം കണ്ടുകിട്ടീട്ടില്ല. വ്യൂല്‍പത്തികൊണ്ടുള്ള സംസ്കാരം കവിക്കു സിദ്ധിച്ചിട്ടില്ലെങ്കിലും കവിത സരസമാണു്. ഒരു ഭാഗം ചുവടേ പകര്‍ത്തുന്നു. രാവണന്‍ അശോകവനികയില്‍ച്ചെന്നു സീതാദേവിയെ അനുനയിപ്പിക്കുവാന്‍ ശ്രമിക്കുന്നതാണു് വിഷയം.

ʻʻഞാന്‍ പണ്ടു തപസ്സുകള്‍ ചെയ്തതിന്‍ ഫലമല്ലോ
നീ മമ പ്രാണനാഥതന്നെയായതു പെണ്ണേ!
രാമനോ സുകൃതിയല്ലെന്നതോ അറിഞ്ഞാലും
നാടുവാഴ്ചയും നീങ്ങിക്കാടുവാഴ്‌കെന്നും വന്നു;

മാരത്തീക്കനല്ക്കട്ട മാറിലുമകപ്പെട്ടു;
മാരമാല്‍ പിണഞ്ഞിട്ടു താടിയും നീട്ടിയവന്‍
കാനനം തന്നില്‍ നടന്നീടുന്നു സഹിയാഞ്ഞു;
നിര്‍മ്മലേ! നീ പിരിഞ്ഞമൂലം ചത്തീടുമവന്‍

നിന്നുടെ ഭാഗ്യമിതിന്നെന്നരികത്തായതു.
നീയിനിക്കുളിക്കയും പട്ടുകളുടുക്കയും
ഭക്ഷ്യഭോജ്യാദികളെയൊക്കനുഭവിക്കെന്നും
കല്പകപ്പുതുമലര്‍ മാലകളണികെന്നും
ദിവ്യനാമെന്റെ ചിത്തതാരനുസരിക്കെന്നും
എന്നതിനേതും മടിച്ചീടേണ്ട ഇനിയൊട്ടും
വല്ലഭേ!യെഴുന്നേറ്റു മെല്ലവേ നടന്നാലും.
പല്ലവപദം നോകയില്ല പൊന്മയം ഭൂമി;
കല്ലുകളില്ല മുള്ളില്ലരികില്‍പ്പാറയില്ല.
കാട്ടുപൊയ്കയുമില്ല കാഞ്ചനമണിപ്പൊയ്ക-
ചാന്തണിമുലയാളേ! തേന്‍തൊഴും മൊഴിയാളേ!
ഞാന്‍ തളിര്‍ത്തൊത്തുപോലെ വന്നെടുക്കയോ ചൊല്ലൂ
നിന്‍മനസ്സഴിയായ്കില്‍ നിര്‍മ്മലേ! ചിതമല്ല;
അനോന്യമനുരാഗമില്ലെങ്കില്‍ സുഖമില്ല;
അഞ്ചലര്‍വാണനാണ ചഞ്ചലവിലോചനേ!
വെറ്റില തിന്നോ കുളിക്കുന്നെങ്കില്‍ച്ചൊല്ലു പെണ്ണേ!
വെറ്റതിന്നാലുമെങ്കില്‍ത്തൃക്കൈകള്‍ കാട്ടിയാലും
ദിവ്യകല്പകോത്ഭവമായ വെറ്റിലയിതു
കല്പകോത്ഭവം പഴുക്കായിതു നോക്കിക്കണ്ടേ!ˮ

പുനത്തിന്റെ ʻʻവിണ്ണോര്‍കോനേതുമാകാ പുണരുവതിനവന്നോര്‍ക്കിലംഗേഷു നീളെക്കണ്ണല്ലോ വഹ്നിയോടുള്ളണവു മമനിനച്ചാല്‍ മരിച്ചെന്നി വേണ്ടാˮ ഇത്യാദി ശൂര്‍പ്പണഖാവാക്യം

ʻʻവിണ്ണവര്‍കോനെക്കൊള്ളരുതൊട്ടുമേ
പെണ്ണുങ്ങള്‍ക്കു പുണരുവാന്‍ വല്ലഭ!
കണ്ണുകള്‍കൊണ്ടു മൂടിക്കിടക്കുന്നു.
അഗ്നിയോടുള്ള ചുറ്റമെനിക്കിനി
നിശ്ചയം മരിച്ചെന്നി വേണ്ടാതാനും.
കാലനോടുള്ള ചുറ്റമെനിക്കിനി-
ക്കാലത്താം പക്ഷേ നീ തുണയില്ലെങ്കില്‍ˮ

എന്നും മറ്റും ഈ കവി ഭംഗിയായി ഗാനരൂപത്തില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നു.

നാസികേതുപുരാണം കിളിപ്പാട്ടു്

ഈ കിളിപ്പാട്ടു കൊല്ലം എട്ടാം ശതകത്തിലോ ഒന്‍പതാം ശതകത്തിലോ രചിച്ചിട്ടുള്ളതാണു്. ʻഅറുനൂറായിരമാകും മുടിവേന്തരേയും - അത്ര നൂറായിരമാം പടബാന്ധവരേയുംʼ എന്നും പാലമൃതനെപ്പോലെ ʻആലമൃതനേ (ഹാലം അമൃതായവനേ) ജയʼ എന്നും മറ്റുമുള്ള വരികളില്‍നിന്നു് ഈ വസ്തുത ഗ്രഹിക്കാം. കേകാവൃത്തംമാത്രമേ കവി ഉപയോഗിച്ചിട്ടുള്ളു. ʻʻപുത്ര ഉല്‍പത്തി എനിക്കുണ്ടാക്കിത്തരേണമേˮ എന്നും മറ്റും രചനാ വൈകല്യമുള്ള വരികള്‍ ധാരാളമായി കാണ്മാനുണ്ടു്.

നാസികേതു എന്ന പര്‍വതത്തില്‍ കീര്‍ത്തിഭംഗന്‍ എന്നൊരു മഹര്‍ഷി ഗുണവതി എന്ന തന്റെ ധര്‍മ്മപത്നിയുമായി വസിക്കുമ്പോള്‍ അപുത്രത നിമിത്തം ദുഃഖിക്കുകയും അതിന്റെ ഉപശാന്തിക്കായി ശ്രീപരമേശ്വരനെ തപസ്സുചെയ്യുകയും ചെയ്യുന്നു. ആ ദേവന്റെ പ്രസാദംനിമിത്തം മഹര്‍ഷിക്കു പുത്രനുണ്ടാകുകയും നാസികേതു എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധനാകുകയും ചെയ്തു. ഒരു ദിവസം നാസികേതു മറ്റു ചില ഋഷികുമാരന്മാരുമായി വിഹരിക്കുകനിമിത്തം താന്‍ പിതാവിനു തേവാരത്തിനായി ഒരുക്കിക്കൊടുക്കേണ്ട പുഷ്പങ്ങള്‍ സമയത്തിനു കിട്ടാതെ ആ വൃദ്ധന്‍ വിഷമിച്ചു.

ʻʻകാലത്തേ ചെയ്യാത്തോരു നിയമം കര്‍മ്മമല്ല;
കാലത്തേ തുടങ്ങാത്ത വ്രതവും വ്രതമല്ല;
കാലത്തേ കഴിഞ്ഞവ ചെയ്തീടിലതിന്‍ഫലം
വെണ്ണീറ്റിലാജ്യം വീണപോലവേ നശിച്ചുപോംˮ

എന്നു് അദ്ദേഹം ധരിച്ചിരുന്നു. തന്നിമിത്തം മഹര്‍ഷി പുത്രന്‍ വന്നപ്പോള്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ വേര്‍തിരിച്ചറിവാന്‍ ശക്തിയില്ലാത്ത ആ കുമാരന്‍ ʻʻഉടലോടു വേര്‍പ്പെട്ടു നരകത്തിലേക്കു പോയ്ˮ ധര്‍മ്മരാജാവിനോടു ശിഷ്യപ്പെട്ടു് ആ വിഷയം ശരിക്കു പഠിച്ചുകൊണ്ടു വരണമെന്നു് അനുശാസിക്കുന്നു. പരകായപ്രവേശനാദിസിദ്ധികള്‍ സ്വാധീനമാക്കിയിരുന്ന പുത്രന്‍ അച്ഛന്റെ ആജ്ഞ അനുസരിച്ചു തന്റെ ശരീരത്തെ നാസികേതുപര്‍വതത്തിലെ ഒരു ഗുഹയില്‍ നിഗൂഢമായി നിക്ഷേപിച്ചും വച്ചു സൂക്ഷ്മശരീരമാത്രനായി യമലോകത്തേക്കു പോയി ആലോകം ചുറ്റിക്കാണുകയും ഗ്രാഹ്യങ്ങളായ തത്ത്വങ്ങള്‍ ഗ്രഹിക്കുകയും ചെയ്തു മടങ്ങിവന്നു സ്ഥൂലശരീരത്തില്‍ പ്രവേശിച്ചു പിതാവിനെക്കണ്ടു നമസ്കരിച്ചു നടന്ന സംഭവങ്ങള്‍ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം പ്രീതനായി. ധര്‍മ്മപുത്രന്‍ ഭാരതയുദ്ധാനന്തരം ശ്രീകൃഷ്ണനോടു ധര്‍മ്മാധര്‍മ്മങ്ങളെപ്പറ്റി ചോദ്യംചെയ്തപ്പോള്‍ ശ്രീകൃഷ്ണന്‍ ആ ചക്രവര്‍ത്തിയെ പറഞ്ഞുകേള്‍പ്പിച്ച ഉപാഖ്യാനമാണത്രേ ഈ കഥ. ഈ കവിക്കു് ഇതു് എവിടെ നിന്നു കിട്ടി എന്നു മനസ്സിലാകുന്നില്ല. കഠോപനിഷത്തില്‍ നചികേതസ്സു യമലോകത്തുപോയി യമനെക്കണ്ടു വരംവാങ്ങിതിരിയെ വന്നതായി വര്‍ണ്ണിച്ചിട്ടുള്ള കഥ പ്രസിദ്ധമാണല്ലോ. അതിന്റെ ഒരു പ്രാകൃതമായ രൂപാന്തരമല്ലയോ നാസികേതുപുരാണത്തിലെ ഇതിവൃത്തമെന്നു ഞാന്‍ സംശയിക്കുന്നു. നരകവര്‍ണ്ണന നന്നായിട്ടുണ്ടു്. ഗ്രന്ഥം ഉപക്രമിക്കുന്നതു് ഇങ്ങനെയാണു്:

ʻʻനല്ല പൈങ്കിളിപ്പെണ്ണേ മെല്ലെ വന്നരികിരി,
നല്ല സല്‍കഥകളില്‍ വല്ലതും പറവാനായ്
വൈകരുതെന്നോടിനിപ്പൈ കളഞ്ഞിരിക്കെടോ;
വന്ന പാപങ്ങളെല്ലാം പോം വഴി പറഞ്ഞാലും.
മാധുരിയത്തോടതു കേട്ടു പൈങ്കിളി ചൊന്നാള്‍;
നന്നെടോ മഹല്‍കഥ കേള്‍ക്കയും ചൊല്ലുകയും.
നാസികേതുവെന്നൊരു മാമുനിവരന്‍ പണ്ടു
നരകം സ്വര്‍ഗ്ഗം കണ്ടു പറഞ്ഞു പിതാവൊടു
നരകവിശേഷവും സ്വര്‍ഗ്ഗത്തിലവസ്ഥയും
നന്നായിപ്പറഞ്ഞുകേള്‍പ്പിച്ചതു ഗ്രഹിച്ചു ഞാന്‍.
ഞാനവ നിന്നോടിന്നു പറയാമറിഞ്ഞിടാന്‍
നായകന്‍ നാരായണന്‍ ലീലകളെല്ലാമത്രേ.
നമസ്തേ നാരായണ, നമസ്തേ ജഗന്നാഥ,
നമസ്തേ മുരദ്വേഷിന്‍, നമസ്തേ സമസ്തേശ.ˮ

ഈ കിളിപ്പാട്ടിന്റെ കര്‍ത്താവു കോട്ടൂരുണ്ണിത്താനാണെന്നു സര്‍വാധികാര്യക്കാര്‍ ഗോവിന്ദപ്പിള്ള ഐതിഹ്യത്തെ ആസ്പദമാക്കി പ്രസ്താവിച്ചിട്ടുണ്ടു്. ആ പ്രസ്താവനയ്ക്കു വേറെ തെളിവുകളൊന്നും കിട്ടീട്ടില്ല. അദ്ദേഹത്തിന്റെ തറവാടു മധ്യതിരുവിതാംകൂറില്‍ കാര്‍ത്തികപ്പള്ളി, മാവേലിക്കര ഈ താലൂക്കുകള്‍ക്കിടയ്ക്കുള്ള അതിര്‍ത്തിയിലായിരുന്നുവത്രേ.

ʻʻകൊട്ടാരക്കര കോട്ടയത്തരചരും കോട്ടൂരുമുണ്ണായിയുംˮ എന്നു തുടങ്ങുന്ന ഒരു ശ്ലോകം കോവുണ്ണിനെടുങ്ങാടി രചിച്ചു കേരളകൗമുദിയുടെ അവതാരികയില്‍ ചേര്‍ത്തിട്ടുണ്ടു്. ʻകോട്ടൂര്‍ʼ എന്നു താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതു കോട്ടൂരുണ്ണിത്താനെപ്പറ്റിയാണെന്നു പറഞ്ഞിട്ടുമുണ്ടു്. എന്നാല്‍ ഈ നാസികേതുപുരാണം മാത്രമാണു് ഉണ്ണിത്താന്റെ കൃതിയെങ്കില്‍ അദ്ദേഹത്തിനു് ആട്ടക്കഥകളെ പരാമര്‍ശിക്കുന്ന പ്രസ്തുത ശ്ലോകത്തിന്റെ പ്രഥമപാദത്തില്‍ ഒരു സ്ഥാനത്തിനു് അവകാശമില്ല. വേറെ വല്ലകൃതികളും രചിച്ചിട്ടുള്ളതായി നമുക്കു് അറിഞ്ഞുംകൂടാ. നാസികേതു പുരാണത്തിന്റെ കാലം ആട്ടക്കഥകളുടേതിനു മുന്‍പാണെന്നും ഇവിടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു.

മാര്‍ക്കണ്ഡപുരാണം കിളിപ്പാട്ടു്

മാര്‍ക്കണ്ഡ (മാര്‍ക്കണ്ഡേയ) പുരാണവും വളരെ പഴക്കം തോന്നിക്കുന്ന ഒരു കിളിപ്പാട്ടാണു്. എട്ടാമത്തേയോ ഒന്‍പതാമത്തേയോ ശതകത്തില്‍ ആവിര്‍ഭവിച്ചിരിക്കണം.ആകെ നാലു പാദങ്ങളുണ്ടു്. പ്രഥമപാദം കേകയിലും ദ്വിതീയതൃതീയപാദങ്ങള്‍ അന്നനടയിലും ചതുര്‍ത്ഥപാദം കളകാഞ്ചിയിലും മണികാഞ്ചിയിലുമായി നിബന്ധിച്ചിരിക്കുന്നു. ചതുര്‍ത്ഥപാദം ആ വൃത്തങ്ങള്‍കൊണ്ടു കൈകാര്യം ചെയ്യുന്നതില്‍ കവിക്കുള്ള അശക്തതയെ ദ്യോതിപ്പിക്കുന്നുണ്ടെങ്കിലും മറ്റു പാദങ്ങള്‍ അത്രതന്നെ മോശമല്ലെന്നു പറയാം. ʻʻമഹിമ പെരുകുന്ന തിരുവര്‍ക്കലയമര്‍ന്നിടും മംഗലമൂര്‍ത്തിയായുള്ള ജനാര്‍ദ്ദനˮനെ കവി ഓരോ പാദത്തിന്റേയും ആരംഭത്തില്‍ ʻഎന്നുടെ ഭവാന്‍ʼ എന്നും മറ്റുമുള്ള വിശേഷണങ്ങള്‍ ഘടിപ്പിച്ചു വന്ദിക്കുന്നതില്‍നിന്നു് അദ്ദേഹം ആ ദേശത്തുകാരനായിരുന്നു എന്നു സങ്കല്പിക്കാവുന്നതാണു്. പേരെന്തെന്നറിയുന്നില്ല. വ്യുല്‍പന്നനായിരുന്നു എന്നു തോന്നുന്നില്ല. ʻʻമനം മകി‌ഴ്‌ന്തുടന്‍ ശുകതരുണിയെ മഹിമയോടടുത്തണഞ്ഞു കൊണ്ടുടന്‍ മധുമാംസാദികള്‍ˮ കൊടുപ്പിക്കുന്നതു വിചിത്രമായിരിക്കുന്നു. ദ്വിതീയപാദത്തില്‍ ജലന്ധരാസുരവധം ഒരു ഉപാഖ്യാനമായിച്ചേര്‍ത്തിട്ടുണ്ടു്. അതു ശിവഭജനത്തിനു പ്രേരകമാകത്തക്കവണ്ണം മൃകണ്ഡുപുത്രനെ പറഞ്ഞു കേള്‍പ്പിക്കുന്നതാണു്. ഒരു ഭാഗം ഉദ്ധരിക്കുന്നു:

ʻʻഅരം പുരത്രയമെരിച്ചവനെന്ന-
തറികയില്ലയോ തവ മനസ്സില്‍ നീ?
ഒരു കളവു ചൊന്നതുകൊണ്ടല്ലയോ
ഒരു ശിരം പോയി വിധിക്കറിഞ്ഞാലും.
പിഴ ചെയ്തീടിന നിമിത്തമല്ലയോ
പിനാകി ദക്ഷന്റെ ശിരസ്സറുത്തതും?
മദിച്ച മന്മഥന്‍തന്നെയെരിച്ചില്ലേ
മഹേശനെന്നതു ധരിച്ചില്ലേ തവ?
അതിലൊന്നാകാതെയുഴറിപ്പൊയ്ക്കൊള്‍ക;
അരനെ നിന്ദിച്ചാല്‍ ഗുണം വരാ തെല്ലും.
മൃകണ്ഡുനന്ദനന്‍ ശ്രമിച്ചിടുംപടി
മിടുക്കൊടാര്‍ത്തടുത്തലറിയന്തകന്‍.ˮ
… … …
ʻʻഅതുപൊഴുതഖിലവും ഭരിക്കുന്ന
അമലനംബികാപതി ശൂലപാണി
പരശുപാണി ശങ്കരന്‍ മഹേശ്വരന്‍
പശുപാശമകന്നുടന്‍ പതിയാവോന്‍
ഉരഗഭൂഷണനുമാപതി ശിവ-
നുഡുപതിധരന്‍ ത്രിപുരസംഹാരന്‍
മലമകുളോടും വൃഷാധിരൂഢനായ്
മുനിസുതഭയമകലും വണ്ണമേ
വെളിയേ മാര്‍ക്കണ്ഡനൊഴിഞ്ഞു മറ്റാര്‍ക്കും
മഹേശനെക്കാണ്മാനരുതാതെ നിന്നാന്‍.ˮ
… … …
ʻʻഅടുത്തു കാലനെയുതൈത്തിടങ്കാലാല്‍
പരശുപാണിതാന്‍ ചവിട്ടിക്കൊള്‍കയാല്‍-
പ്പതറി നീലമാം മലകണക്കിനെ
ഇടിയലറുമ്പോലലറിയഞ്ചെട്ടു
ഇനതനയന്‍ വീണിതു ഭുവനിയില്‍
അതുനേരത്തു മാമല കുലുങ്ങുന്നു;
അലകള്‍ സര്‍വവും നദി കലങ്ങുന്നു;
ത്രിഭൂവനമൊക്കെ വിറച്ചിളകുന്നു;
സുരമുനിജാലം ഭയേന നില്ക്കുന്നു.ˮ

ചിത്രഗുപ്തചരിതം കിളിപ്പാട്ടു്

ഇത് എട്ടാം ശതകത്തിലെ ഒരു കൃതിയായിരിക്കണം. ചിത്രഗുപ്തന്‍കഥയെന്നും ഇതിനു പേരുണ്ടു്. ʻʻചിത്തിരപുത്തിരന്‍കതൈˮ എന്ന തമിഴ്‌ക്കാവ്യമാണു് ഇതിന്റെ മൂലഗ്രന്ഥം. ഐങ്കരന്‍, ആറു മുഖവന്‍, അനത്തും (എല്ലാം), ഇറയവന്‍ (രാജാവു്), അറനെറി (ധര്‍മ്മവും നീതിയും), തിരുമാല്‍ (വിഷ്ണു), കിഴിന്തു (കിഴിഞ്ഞു) മുതലായ അനേകം പഴയ മലയാളപദങ്ങള്‍ ഈ പാട്ടില്‍ പ്രയോഗിച്ചുകാണുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം ഇതിനു് അതിപ്രാചീനത്വം കല്പിക്കാവുന്നതല്ല. മൂലത്തിന്റെ ശൈലിയും മറ്റുംകൂടി ഇതിനു നിദാനീഭവിക്കുവാന്‍ ഇടയുണ്ടു്. കവി ചിത്രപുത്രന്‍, ചിത്രഗുപ്തന്‍ എന്നീ രണ്ടു സംജ്ഞകളും അവ്യവസ്ഥിതമായി ഉപയോഗിക്കുന്നു. പ്രസ്തുത കാവ്യം നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാം പാദം കാകളിയിലും രണ്ടാമത്തേതു കേകയിലും മൂന്നാമത്തേതു പ്രായേണ മണികാഞ്ചിയിലും നാലാമത്തേതു് അന്നനടയിലുമാണു് രചിച്ചിരിക്കന്നതു്. അജ്ഞാതകര്‍ത്തൃകമായ പ്രസ്തുത കൃതിക്കു കാവ്യഗുണം പോരാതെയിരിക്കുന്നു.

ഇതിവൃത്തം

ദേവേന്ദ്രനു നാലു ഭാര്യമാരുണ്ടായിരുന്നു. അവര്‍ എല്ലാവരും വന്ധ്യകളായിരുന്നതിനാല്‍ അദ്ദേഹം സന്തപ്തനായി സന്താനലാഭത്തിനുവേണ്ടി ഇന്ദ്രാണിയോടുകൂടി ബ്രഹ്മാവിനെ ഭജിച്ചു. ബ്രഹ്മാവു പ്രത്യക്ഷീഭവിച്ചു പാര്‍വതിയുടെ ശാപം നിമിത്തം ഇന്ദ്രനു പുത്രനുണ്ടാകുന്നതു് അസാധ്യമാണെന്നും എന്നാല്‍ ഇന്ദ്രാണി വളര്‍ത്തുന്ന പശുവില്‍ ശ്രീനാരായണന്‍തന്നെ ദേവാകൃതിയില്‍ അവതരിക്കും എന്നും അരുളിച്ചെയ്തു. ʻʻഗോവിന്നു വന്നുജനിച്ചിട്ടൊരു സുതന്‍ ഗോവിന്ദതുല്യനായുണ്ടാമതങ്ങനെˮ എന്നായിരുന്നു പിതാമഹന്റെ പ്രവചനം. തദനന്തരം ബ്രഹ്മാവു വിഷ്ണുവോടും ശിവനോടും തന്റെ വരദാനത്തെപ്പറ്റി അറിയിക്കുകയും

ʻʻസന്നാഹമാണ്ടൊരുവന്‍ പിറന്നാലവന്‍
തന്നേ മതിയാം ത്രിലോകത്തിലൊക്കവേ
പിന്നെയറനെറി ധര്‍മ്മാധര്‍മ്മങ്ങളും
തന്നേയറിഞ്ഞു ശിക്ഷാരക്ഷ പെണ്ണുവാന്‍ˮ

എന്നു് അതിന്റെ ഫലം അവരെ മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ എല്ലാ ദേവന്മാരും ദേവിമാരും ഭാവിശിശുവിനു യഥോചിതം വേണ്ട വരങ്ങള്‍ നല്കി. അങ്ങിനെയിരിക്കെ സ്വര്‍ഗ്ഗംഗയില്‍ ഒരു അപൂര്‍വ്വമായ താമരപ്പൂവ് വികസിക്കുകയും അതു കണ്ടു പത്മാലയാവല്ലഭനായ മഹാവിഷ്ണുവിന്റെ വീര്യം സ്രവിക്കുകയും ചെയ്തു. അതു് ആ പുഷ്പത്തില്‍ സംക്രമിപ്പിച്ചു് അവരെല്ലാം അവിടെനിന്നു് അന്തര്‍ദ്ധാനം ചെയ്തു. അപ്പോള്‍ ഇന്ദ്രന്റെ ഓമനപ്പശു അവിടെ ദാഹശമനത്തിനായി ചെന്നുചേര്‍ന്നു.

ʻʻകാണായിതിന്ദ്രന്‍ വളര്‍ത്ത മഹാപശു
താനേ വരുന്നതു തണ്ണിനീരുണ്ണുവാന്‍.
മാണിക്കവും വൈരമുത്തുരത്നങ്ങളും
ചേണില്‍പ്പതിച്ച കഴുത്തുവടങ്ങളും
ആണിപ്പൊന്‍ നല്ല മണിയും ചിലങ്കയും
ശോഭിച്ചു കൊമ്പുകള്‍ രണ്ടിലും പൊന്നാലേ
പൂണിട്ടു നല്ല കുളമ്പിലുമങ്ങനെ.
… … …
ഊനംവരാതുള്ള മാന്തളിര്‍പ്പട്ടിനാ-
ലാനന്ദമായുള്ള കുപ്പായമിട്ടതില്‍
മാണിക്കത്തണ്ടതളകള്‍ പുലമ്പവേ
പേണി നടന്നിട്ടു മിക്കുള്ള പുല്ലുകള്‍
നനാതളിരും പറിച്ചുതിന്നങ്ങനേ
പാനി കുടിപ്പാന്‍ നദിക്കരെ ചെന്നപ്പോ-
ളീണം കലര്‍ന്നോരു പത്മദളം കണ്ടു
ഘ്രാണിച്ചു മെല്ലെപ്പറിച്ചുതിന്നീടിനാള്‍.
അപ്പൊഴേ ഗോവിന്‍വയറ്റിലഴകുള്ള
ഗര്‍ഭവുമുണ്ടായിവന്നു വിധിവശാല്‍.
അല്പമൊരാലസ്യമുണ്ടായി ഗോവിന്നു
തല്‍പദം നാലും തളര്‍ന്നുചമഞ്ഞിതു.
അപ്പൊയ്കതീരത്തു മെല്ലെശ്ശയിച്ചവ-
ളപ്പൊഴുതാദിത്യനുമസ്തമിച്ചിതു.ˮ

എന്നു് അനന്തരസംഭവം കവി വിസ്തരിക്കുന്നു. ഗോവിന്റെ ഗര്‍ഭലക്ഷണം, ചിത്രഗുപ്തന്റെ ജനനം മുതലായ ഘട്ടങ്ങള്‍ അദ്ദേഹം ഭംഗിയായി വര്‍ണ്ണിച്ചിട്ടുണ്ടു്. മേടമാസത്തിലെ പൗര്‍ണ്ണമാസിദിനത്തില്‍ ശുക്രവാരത്തിലായിരുന്നു ചിത്രഗുപ്തന്റെ അവതാരം. സകല സംഖ്യാനപദ്ധതികളും അദ്ദേഹം ബാല്യത്തില്‍ത്തന്നെ പഠിച്ചു് അവയില്‍ പാരംഗതത്വം നേടി.

ʻʻഇന്ദ്രനന്ദനന്‍ തെളിഞ്ഞെഴുതിത്തുടങ്ങിനാന്‍;
ധാതാവിന്‍ വിധിക്കണക്കാദിയിലെഴുതിനാന്‍;

സര്‍വജന്തുക്കളിത്രയെന്നതുമെഴുതിനാന്‍;
സാദരം രുദ്രന്‍ സംഹാരക്കണക്കെഴുതിനാന്‍;
സര്‍വപ്രാണികളുടെയായുസ്സുമെഴുതിനാന്‍.ˮ

എന്നിങ്ങനെ ആ ഭാഗം കവി പ്രപഞ്ചനം ചെയ്യുവാന്‍ ആരംഭിക്കുന്നു.

കണക്കല്ലാതെയേറെയുള്ള ധര്‍മ്മങ്ങള്‍പോലും
കാലംകൊണ്ടധര്‍മ്മമായ്പ്പോകുമെന്നെഴുതിനാന്‍;

മണക്കും പുകഴല്ലോ കണക്കെന്നുള്ള മതി
കണക്കുകേടായതു മതികേടാകുന്നതും

ഇണക്കം വരാതോരു കാര്യവും കണക്കല്ല
എന്നതു തികച്ചങ്ങു നന്നായ്‌വച്ചെഴുതിനാന്‍.ˮ

ʻʻഭോജനംചെയ്യുന്നതും കണക്കല്ലാതെയാമോ?
ഭോഗങ്ങളൊന്നും കണക്കല്ലായ്കില്‍ സുഖം വരാ;

ആചാരമില്ലാതൊന്നു പറഞ്ഞാലതുമാകാ,
ആചാരക്കേടായുള്ള കാമവും നന്നല്ലല്ലോ;

മതികൂടാതെ നടപ്പിരിപ്പും സുഖമല്ല;
മതികൂടാതെയുള്ള നിദ്രയും നന്നല്ലല്ലോˮ

എന്നും മറ്റും അദ്ദേഹം പല ശാശ്വതധര്‍മ്മങ്ങളും ഓലയില്‍ കുറിച്ചിട്ടു. ധര്‍മ്മാധര്‍മ്മങ്ങളില്‍ അത്രമാത്രം പരിനിഷ്ഠിതമായ ജ്ഞാനമുള്ള ചിത്രഗുപ്തനെ യമന്‍ ഗുരുവായി വരിക്കുകയും ചിത്രഗുപ്തന്‍ അദ്ദേഹത്തിനു തത്വോപദേശം ചെയ്യുകയും ചെയ്തു. വിഷ്ണു, ശിവന്‍ എന്നീ ദേവന്മാരെ ഉപാസിക്കുകയോ ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്യുന്ന മനുഷ്യരെ കാലദൂതന്മാര്‍ തീണ്ടിപ്പോകരുതെന്നായിരുന്നു ആ ഉപദേശത്തിന്റെ സാരം. പിന്നെയൊരവസരത്തില്‍ ഒരു ശിവഭക്തനെ കാലദൂതന്മാര്‍ പിടിച്ചുകെട്ടിക്കൊണ്ടുപോയതറിഞ്ഞു ത്രിമൂര്‍ത്തികള്‍ യമലോകത്തില്‍ച്ചെന്നു ധര്‍മ്മാധര്‍മ്മങ്ങള്‍ യഥാവിധി വേര്‍തിരിച്ചറിയിക്കുവാന്‍ അവിടെ ചിത്രഗുപ്തനെ വരുത്തി; അദ്ദേഹം

ʻʻമദിച്ചൊരായിരം മദകരികളാല്‍
പൊരുത്ത ചാടിന്മേല്‍ വലിച്ചുവന്നൊരു
പലതരം കണക്കെടുത്തുകേള്‍പ്പിച്ചു
നിരത്തിയങ്ങനെ സഭാതലത്തിങ്കല്‍ˮ

അന്നവിടെ വായിച്ച കണക്കില്‍നിന്നു് ഒരു ഭാഗം ചുവടേ ചേര്‍ക്കുന്നു:

ʻʻപല മന്ത്രത്തിലും പരം ശിവമന്ത്രം;
പല യജ്ഞത്തിലും പരം മനോയജ്ഞം;
പലയറിവിലും പരമധ്യാത്മമാം;
പല തപസ്സിലും പരമുയിര്‍തപം;
പല മൃഗത്തിലും പരം പശുമൃഗം;
പല കുലത്തിലും പരമതാരണന്‍;
പല നദിയിലും പരം ഗംഗാനദി;
പല കുസുമത്തില്‍പ്പരം തുളസിപ്പൂ;
പല കനിയിലും പരം കദളിക്കാ;
പല മനുഷ്യരില്‍പ്പരം നൃപേന്ദ്രന്മാര്‍;
പല രസത്തിലും പരം മനോരസം;
പല നിലയിലും പരം നടുനില:
പല ദാനങ്ങളില്‍പ്പരമന്നദാനം;
പല കഥകളില്‍പ്പരം ശ്രീഭാരതം;
പല വിദ്യകളില്‍പ്പരമമക്ഷരം:
പല ദൈവത്തിലും പരം വിഷ്ണുവുതാന്‍;
പല പ്രിയത്തിലും പരം പുത്രപ്രിയം;
പല ധര്‍മ്മത്തിലും പരം കുലധര്‍മ്മം.ˮ

ഇതില്‍നിന്നു കവിതയുടെ രീതിയും ഗ്രഹിക്കാവുന്നതാണു്. ചിത്രഗുപ്തപൂജയുടെ മാഹാത്മ്യത്തെ സൂചിപ്പിച്ചുകൊണ്ടും

ʻʻഉറവൊടേയിതു പഠിക്കുന്നോരെല്ലാ-
മുവന്നു കേള്‍ക്കുന്ന ജനങ്ങളുമെല്ലാം
നിറചെല്‌വമൊടു ഭുവനിമേല്‍ നന്നായ്
നെടുക വാണുയിര്‍ വിടുന്ന കാലത്തു്
അടുത്ത പാപങ്ങള്‍ നശിച്ചുപോയുട-
നമരലോകത്തിലിരിപ്പോരാദരാല്‍ˮ

എന്ന ഫലശ്രുതിയോടുകൂടി കവിത അവസാനിക്കുന്നു. ʻʻനിറഞ്ഞ ചെമ്പകം വിരിഞ്ഞുപൂമണം കലരും ചോലˮയിലേക്കു പൈങ്കിളിമകളും പറന്നുപോകുന്നു.

കിരാതാര്‍ജ്ജുനീയം കിളിപ്പാട്ടു്

ഇതും എട്ടാം ശതകത്തില്‍ വിരചിതമായ ഒരു കിളിപ്പാട്ടാകുന്നു. ചിനത്തു

(കോപിച്ചു) മടന്തയര്‍ (സ്ത്രീകള്‍) ഉവന്നു (സ്നേഹിച്ചു) മുതലായ പഴയ പദങ്ങള്‍ കവി പ്രയോഗിച്ചിട്ടുണ്ടു്. പ്രസ്തുത കൃതി അഞ്ചു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കവി ഭക്തനായ ഒരു ബ്രാഹ്മണനാണെന്നുമാത്രം അറിയാം. ʻʻവെള്ളൂരമര്‍ന്ന ഗൗരീശനെˮ വന്ദിച്ചു ബാലപ്രബോധനം രചിച്ച പുതുമന നമ്പൂതിരിയാണോ എന്നു സംശയിക്കാം. ഈ പുതുമന നമ്പൂതിരി പ്രസിദ്ധജ്യൗതിഷികനായ പുതുമനച്ചോമാതിരിയില്‍നിന്നു ഭിന്നനാകുന്നു. ബാലപ്രബോധനകാരന്റെ ഗൃഹം കോട്ടയത്തിനു സമീപമുള്ള പുതുമന ഇല്ലമാണു്. കിരാതാര്‍ജ്ജുനീയകാരന്‍ ഭാരവിയെ ധാരാളം ഉപജീവിച്ചുകാണുന്നു. മൂന്നാം പാദത്തില്‍ ശ്രീപരമേശ്വരന്‍ അര്‍ജ്ജുനന്റെ പ്രഭാവം പാര്‍വതീദേവിക്കു ബോധനപ്പെടുത്തുന്നതിനുവേണ്ടി പാഞ്ചാലീസ്വയംവരകഥ വര്‍ണ്ണിച്ചു കേള്‍പ്പിക്കുന്നതു് ഈ കിളിപ്പാട്ടില്‍ കാണുന്ന ഒരു വൈചിത്യമാണു്. കവിതയ്ക്കു വലിയ ഗുണമില്ല. ചില വരികള്‍ ചുവടേ കുറിക്കുന്നു:

ʻʻവിരിഞ്ഞ കുസുമങ്ങള്‍ വിതറീ മരമെങ്ങും;
പരിചില്‍പ്പരിമളമിളകും മലര്‍മാല
തെളിഞ്ഞു മണിഗണമണിഞ്ഞ വിതാനങ്ങ-
ളണിഞ്ഞു മരങ്ങളോടൊരുങ്ങി വിളങ്ങുന്നു.
അഴകില്‍ നറുന്തേനങ്ങൊഴുകി വരുന്നോരു
കുസുമഗണമതിന്‍ പെരിയ മണം കേട്ടു
പരിചിലണിവണ്ടും പെരികെ നിറഞ്ഞിതു
മണകുമകില്‍ധൂമം നിറഞ്ഞൂ പുരം തന്നില്‍.ˮ

ആകെക്കൂടി നോക്കുമ്പോള്‍ എട്ടാം ശതകത്തില്‍ പല കവികളും തുഞ്ചനെ അനുകരിച്ചും അല്ലെങ്കില്‍ അതിനുമുന്‍പു് അംകുര പ്രായത്തിലിരുന്ന ചില കിളിപ്പാട്ടുകളുടെ മാതൃകകളെ ഉപജീവിച്ചും അത്തരത്തിലുള്ള ഗാനങ്ങള്‍ ധാരാളമായി രചിച്ചു എങ്കിലും അവര്‍ പ്രായേണ അപണ്ഡിതന്മാരായിരുന്നു എന്നും അവരുടെ കൃതികളില്‍ ആകര്‍ഷകങ്ങളായ ഭാഗങ്ങള്‍ വളരെ വിരളമാണെന്നും സ്പഷ്ടമാകുന്നു. ദേശഭേദദംകൊണ്ടുള്ള ഭാഷാഭേദവും ഇവയില്‍ മറ്റുതരത്തിലുള്ള കാവ്യങ്ങളെ അപേക്ഷിച്ചു കൂടുതലായി കാണുന്നുണ്ടു്.

പാണ്ഡവശങ്കരം (സങ്കീര്‍ത്തനം)

ഇന്നുവരെ കിട്ടീട്ടുള്ള ഭാഷാസങ്കീര്‍ത്തനകാവ്യങ്ങളില്‍വെച്ചു പഴക്കംകൂടിയതാണു് പാണ്ഡവശങ്കരം. എട്ടാംശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലായിരിക്കണം അതിന്റെ നിര്‍മ്മിതി. ʻമമ്മാ,ʼ ʻഞാങ്ങള്‍,ʼ ʻവാണ്ണു,ʼ ʻഒരിക്കാല്‍,ʼ ʻഅരുതായിന്നുʼ മുതലായ പദങ്ങളുടെയും ʻന്നʼ എന്ന അക്ഷരത്തിനു പകരം ʻന്റʼ എന്ന അക്ഷരത്തിന്റെയും പ്രയോഗം കാണാനുണ്ടു്. കവിയാരെന്നറിയുന്നില്ല. കവിത പല ഘട്ടങ്ങളിലും മനോഹരമായിരിക്കുന്നു. എട്ടു വൃത്തങ്ങളില്‍ രചിച്ചിരിക്കുന്ന ഈ കൃതിയ്ക്കു് കിരാതം എട്ടു വൃത്തമെന്നും പേരുണ്ടു്. ശിവന്റെ നാമത്തോടുകൂടിയാണു് ഓരോ ശീലും അവസാനിക്കുന്നതു്.

ʻʻപുരരിപുഭഗവാന്‍ പാശുപതാസ്ത്രം പാര്‍ത്ഥനു പണ്ടു കൊടുത്തപ്രകാരം
തിറവിന സങ്കീര്‍ത്തനമായിത ഞാനുരചെയ്യുന്നേന്‍ ഹര ശങ്കര ജയˮ

എന്ന പ്രതിജ്ഞയോടുകൂടി കവി പ്രസ്തുതകൃതി ആരംഭിക്കുന്നു. താഴെ ഉദ്ധരിക്കുന്ന ശീലുകളില്‍നിന്നു കവിയുടെ കലാപാടവം പ്രത്യക്ഷമാകുന്നതാണ്:

ʻʻഹേരംബബൃംഹിതരവംകൊണ്ടുദഞ്ചിതമൊ-
രേടം; മഹാമുനികളോതീടുമാറൊരിടം;
ഓരോതരം വിബുധനാരീജനങ്ങള്‍ വിള-
യാടീടുമാറൊരിടമര ചന്ദ്രചൂഡ ജയ.

ഉദ്യാനഭൂമികളിലക്കുന്നിമാതു സഖി-
മാരോടുകൂടിയെഴുനള്ളീടുമാറൊരിടം;
അത്യാദരം വിബുധവിദ്യാധരാദികള്‍ പു-
കഴ്ത്തീടുമാറൊരിടമര ചന്ദ്രചൂഡ ജയ.

ഏകത്ര വാനവര്‍കളേകത്ര ദാനവര്‍ക-
ളേകത്ര ഭക്തജനമേകത്ര മുക്തജനം;
ഏകത്ര പത്മഭവനേകത്ര പത്മധര-
നാശ്ചരിയമാശ്ചരിയമര ചന്ദ്രചൂഡ ജയˮ (രണ്ടാം വൃത്തം)

ʻʻപുരഹരന്‍തന്റെ തിരുനൃത്തം കാണ്മാന്‍
പരന്ന കീര്‍ത്തി പോന്നൊരിടത്തു
വരികത്രേയെന്നു മനസി തോന്നിക്കും
പെരിയ കാന്തി പൂണ്ടര ശംഭോ.ˮ

ʻʻഅടവികള്‍ പാടേ പൊടിപെടുമാറു
പിടികളും കരിവരന്മാരും
ഇടകലര്‍ന്നുള്ള നടകോപ്പു കണ്ടു
രസിച്ചുനിന്നാനങ്ങര ശംഭോ.ˮ

ʻʻകുറുമൊഴിമുല്ലമധുവല്ലി നന്റായ്
വിരിഞ്ഞ ജാതിയെന്നിവറ്റിന്റെ
പരിമളം പെയ്തു വരുന്ന തെന്റലേ-
റ്റനുഭവിച്ചാനങ്ങര ശംഭോ.ˮ

ʻʻഅഴകിലീവണ്ണം തൊഴുതു ചൊല്ലിനാന്‍
മൊഴിയും മൂലവും നരപാലന്‍.
പിഴച്ചിട്ടില്ലെങ്ങള്‍; ചതിയാല്‍ നൂറ്റുപേര്‍
പിഴുക്കി ഞങ്ങളെ ഹര ശംഭോ.ˮ

ʻʻകമലവാണനെപ്പൊരിച്ചോനെ! പൂമെ-
യ്യുമയ്ക്കു നേര്‍പാതി പകുത്തോനെ!
മുനികള്‍ ചേതസി വസിപ്പോനെ! പോറ്റീ!
സമസ്തലോകേശ! ഹര ശംഭോ.ˮ

ʻʻശ്രവണനേത്രാദിവഴിയേ പാഞ്ഞിടും
കരളെന്നും കരിവരന്‍തന്നെ
ശിവപാദമെന്ന മരത്തോടേതന്നെ
തളച്ചാനര്‍ജ്ജുനന്‍ ഹര ശംഭോ.ˮ

ʻʻപനിമതിചൂഡചരണസേവയാം
പനയും തിന്നിട്ടു ചിതത്തോടെ
മനസിജക്കള്ളനഴിച്ചുകൊണ്ടുപോയ്-
ക്കളയാതെ കാത്താന്‍ ഹര ശംഭോ.ˮ (മൂന്നാം വൃത്തം)

ഒടുവില്‍

ʻʻഇത്ഥം പാണ്ഡവശങ്കരന്മാരുടെ
കീര്‍ത്തനങ്ങള്‍ പഠിച്ചുടന്‍ പാടുവോ-
ര്‍ക്കര്‍ത്ഥമുണ്ടാമനര്‍ത്ഥമൊഴിഞ്ഞിടും
മുക്തി കൈവരും ശങ്കരരേ ജയ!
ശംഭുവേ കരുണാകരനേ ജയ!ˮ

ʻʻശങ്കര ശിവ ശങ്കരരേ ജയ;
ശംഭുവേ കരുണാകരനേ ജയ
മംഗലായ ജപിച്ചിതാ കൂപ്പുന്നേന്‍
നിങ്കഴലിണ ശങ്കരരേ! ജയ!ˮ

എന്നും മറ്റുമുള്ള ശീലുകള്‍ കാണുന്നു. ഇരുപത്തിനാലുവൃത്തത്തിലെന്നപോലെ പ്രസ്തുത കൃതിയിലും ദ്വിതീയപാദത്തില്‍ വിരാമമില്ലാത്ത ശീലുകള്‍ അവിടവിടെയുണ്ടു്. പ്രാചീനങ്ങളായ സങ്കീര്‍ത്തനങ്ങള്‍ക്കു് ഈ ലക്ഷണം സാധാരണമാണെന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.

പാര്‍വതീപാണിഗ്രഹണം ആറുവൃത്തം, കാലവും കര്‍ത്തൃത്വവും

പാര്‍വ്വതീപാണിഗ്രഹണവും പഴയ ഒരു സങ്കീര്‍ത്തനമാണു്. അതിന്നും പാണ്ഡവശങ്കരത്തിന്നും പല അംശങ്ങളില്‍ ഐകരൂപ്യമുണ്ടു്. സംസ്കൃതവിഭക്തിപ്രത്യയങ്ങള്‍ പാര്‍വതീപാണിഗ്രഹണത്തില്‍ അധികമായി പ്രയോഗിച്ചു കാണുന്നു എന്നുമാത്രമേ വ്യത്യാസമുള്ളു. രണ്ടും ഏകകര്‍ത്തൃകങ്ങളായിരിക്കാം. ʻപുരരിപുഭഗവാന്‍ ഭഗവതിതന്നെപ്പാണി ഗ്രഹണം ചെയ്തപ്രകാരം തിറവിയ മംഗലസങ്കീര്‍ത്തനമായുരചെയ്യുന്നേന്‍ ഹര ശംഭോ ജയˮ എന്നു പ്രഥമവൃത്തത്തില്‍ കവി വസ്തുനിര്‍ദ്ദേശം ചെയ്യുന്നു. ആദ്യത്തെ നാലു വൃത്തങ്ങളും പാണ്ഡവശങ്കരത്തില്‍ സ്വീകരിച്ചിട്ടുള്ളവതന്നെയാണു്. അഞ്ചാമത്തെ വൃത്തത്തിലെ ചില ശീലുകള്‍ ആ കാവ്യത്തിലെ ʻʻഅമ്ലാനകാന്തി തടവീടും ധനഞ്ജയനെˮ എന്ന മട്ടില്‍ കാണുന്ന ആദ്യത്തെ ഗുര്‍വക്ഷരത്തിനുപകരം ʻʻതുഹിനാ ചലേന്ദ്രസുത തടവും തപോമഹിമˮ എന്നിങ്ങനെ രണ്ടു ലഘ്വക്ഷരങ്ങളാക്കീട്ടുള്ളതുമാണു്. വൃത്തമഞ്ജരിയിലെ സംജ്ഞകളനുസരിച്ചു് ഇവിടെ കവി സ്തിമിതയെ അതിസ്തിമിതയായി മാറ്റിയിരിക്കുന്നു എന്നു പറയാം. പഴയ സങ്കീര്‍ത്തനങ്ങളിലെ ശീലുകളില്‍ ഈരണ്ടു് അടികള്‍മാത്രമേ അടങ്ങുന്നുള്ളു എന്നു ഞാന്‍ മുന്‍പു പ്രസ്താവിച്ചിട്ടുള്ളതിനു മറ്റൊരു തെളിവു് ഇതിലെ ആറാം വൃത്തം തരുന്നുണ്ടു്. ʻʻപാര്‍വതീകരപീഡനോത്സവകൌതുകീ ഗിരിശന്‍ തദാ ധ്യാതവാനഥ സപ്തമുഖ്യ മഹാമുനീന്‍ ഹര ശംകരˮ എന്നതു് ആ വൃത്തത്തിലെ ആദ്യത്തെ ശീലാണു്.

കവിത

കുമാരസംഭവം ഒന്നുമുതല്‍ ഏഴുവരെ സര്‍ഗ്ഗങ്ങളേയും കാമദഹനം പാര്‍വതീസ്വയംവരം തുടങ്ങിയ ഭാഷാ ചമ്പുക്കളേയും കവി അനുസ്യൂതമായി ഉപജീവിച്ചിട്ടുണ്ടെങ്കിലും സ്വകീയമായ മനോധര്‍മ്മത്തേയും അങ്ങിങ്ങു പ്രദര്‍ശിപ്പിക്കാതിരിക്കുന്നില്ല. അദ്ദേഹത്തിനു സംസ്കൃതത്തില്‍ നല്ല വ്യുല്‍പത്തിയും കവനകുലയില്‍ നല്ല പ്രാഗല്ഭ്യവുമുണ്ടായിരുന്നു എന്നു ഗ്രന്ഥത്തിന്റെ ഏതു ഭാഗവും വിശദീകരിക്കുന്നു. കാമദേവന്‍ ദേവേന്ദ്രനോടു വമ്പു പറയുന്നതു നോക്കുക:

ʻʻഭള്ളിളക്കി നടന്ന പിതാമഹന്‍
നിര്‍ലജ്ജം മകളായ സരസ്വതീം
വല്ലാതേ പിടിപെട്ടതുമെന്‍കരു-
ത്തല്ലയോ ചൊല്ലു ശങ്കരരേ ജയ!

വാനോര്‍നാഥനാം പങ്കജനാഭനും
നാണാതേ പതിനാറായിരത്തെട്ടു
മാനേല്ക്കണ്ണിമാരെപ്പുണരായ്കിലോ
പ്രാണവേദന ശങ്കരരേ ജയ!
വിശ്വാമിത്രമഹാമുനി പണ്ടുടന്‍
വിശ്വഭീമം തപസ്സുതുടര്‍ന്നനാള്‍
അച്ചോ! മേനകയെപ്പിടിപെട്ടതും
പിച്ചയുണ്ടിതു ശങ്കരരേ ജയ!

തോണിമേല്‍നിന്നു മറ്റൊരു വിഗ്രഹം
മാനിച്ചങ്ങൊരു ദാശകുമാരിയെ
നാണംകെട്ടു പുണര്‍ന്നതുമെന്നുടെ
ബാണഹുംകൃതി ശങ്കരരേ ജയ!ˮ (ദ്വിതീയവൃത്തം)

പട പുറപ്പെടുന്ന കാമന്റെ വേഷം ഇങ്ങനെ വര്‍ണ്ണിക്കുന്നു:

ʻʻമെല്ലെ വാര്‍കുഴല്‍ കെട്ടി മണിസ്രജാ
നല്ല പൂനിര കുത്തി നിറത്തൊടേ
പല്ലവാംഗുലികൊണ്ടണിമീശയും
മെല്ലെ നന്നാക്കി ശങ്കരരേ ജയ!

തോളില്‍ വന്നടിയും മണികുണ്ഡലം
നീളെപ്പൂശിന കുംകുമപങ്കവും
മേളമമ്പിന പൊന്നെഴുത്തന്‍പണി-
ച്ചേലയും പൂണ്ടു ശങ്കരരേ ജയ!

വില്ലുമമ്പുമിടംകരതാരിലാ-
ണ്ടുല്ലസദ്ദ്യുതി ദക്ഷിണപാണിനാ
മല്ലവേണി രതിപ്പെണ്ണുതന്‍കരം
മെല്ലെത്താങ്ങീട്ടു ശങ്കരരേ ജയ!ˮ

പാര്‍വതീദേവിയുടെ തപസ്സിനേയും മറ്റും വിവരിക്കുന്ന ചതുര്‍ത്ഥവൃത്തം പാണ്ഡവശങ്കരത്തിലെ ദ്വിതീയവൃത്തംപോലെ സര്‍വ്വോപരി രമണീയമായിരിക്കുന്നു.

ʻʻചുരുണ്ടുനീണ്ടിരുണ്ടലര്‍മാലാമണം
പെരുകും പൂങ്കുഴല്‍ പിരിച്ചുടന്‍
പരിചില്‍ത്തീര്‍ത്തൊരു ജടകൊണ്ടീശ്വരി
പെരികെശ്ശോഭിച്ചാളര ശംഭോ.

തിരളും കോമപ്പട്ടകലെ വീഴ്ത്തുടന്‍
തിരുവരതന്നിലഴകോടേ
പരുഷം വല്ക്കലമെടുത്തുചാര്‍ത്തീട്ടു
പെരികെശ്ശോഭിച്ചാളര ശംഭോ.

കനിവോടോമനിച്ചഗരാജന്‍ മുന്‍പി-
ലണിഞ്ഞീടേറും പൊന്നരഞാണം
അകലെക്കൈവെടിഞ്ഞുടനെ പുല്ലുകൊ-
ണ്ടണിഞ്ഞാള്‍ മേഖല ഹര ശംഭോ.
കുളുര്‍മുലമൊട്ടിലിഴുകീടുന്നോരു
കളഭം മാച്ചങ്ങു മടിയാതെ
വെളുവെളുത്തൊരു ഭസിതം കൊണ്ടുടല്‍
മുഴുവന്‍ പൂശിനാളര ശംഭോ.ˮ

ഈ കൃതി മഴമംഗലത്തിന്റേതാണെന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും അതിനു തെളിവു് ഒന്നുമില്ല. ഇതിനെസ്സംബന്ധിച്ച ഒരു ഐതിഹ്യമുള്ളതുകൂടി ഇവിടെ പ്രസ്താവിക്കാം. പെരുവനം ഗ്രാമത്തിലെ ഒരു നമ്പൂരി തന്റെ മകള്‍ക്കു ജാതകവശാല്‍ വൈധവ്യലക്ഷണം ഉണ്ടെന്നറിഞ്ഞു് അതിന്റെ പരിഹാരത്തിന്നായി ഈ സങ്കീര്‍ത്തനമുണ്ടാക്കി ആ സ്ത്രീയെക്കൊണ്ടു അതു നിത്യപാരായണം ചെയ്യിച്ചു. വിവാഹാനന്തരം ഭര്‍ത്താവു വിഷഭയം നിമിത്തം ആസന്നമരണനായി എങ്കിലും യദൃച്ഛയാ അവിടെ വന്നെത്തിയ ഒരു സന്ന്യാസി വിഷമിറക്കി അദ്ദേഹത്തിന്റെ അസ്വാസ്ഥ്യം തീര്‍ത്തുവത്രേ.

കുചേലവൃത്തം നാലുവൃത്തം

കുചേലവൃത്തം നാലു വൃത്തങ്ങളില്‍ നിബദ്ധമായ മറ്റൊരു സങ്കീര്‍ത്തനമാണു്. അതിന്റെയും കാലം എട്ടാം ശതകംതന്നെ. കവി ഒരു നമ്പൂരിയാണെന്നു കുചേലന്റേയും അന്തര്‍ജ്ജനത്തിന്റേയും വര്‍ണ്ണനത്തില്‍ സ്ഫുരിക്കുന്ന തന്മയത്വത്തില്‍നിന്നു അനുമാനിക്കാം. അദ്ദേഹം ഇരുപത്തിനാലുവൃത്തത്തിന്റെ കര്‍ത്താവല്ലെങ്കില്‍ ആ കവിയുടെ ശിഷ്യനാണെന്നു സങ്കല്പിക്കത്തക്കവിധത്തില്‍ രണ്ടു കൃതികളുടെയും ശൈലിക്കു സാജാത്യം കാണുന്നു. ഔചിത്യംപോലെ നീട്ടിയോ കുറുക്കിയോ ചൊല്ലേണ്ട വരികള്‍ അനേകമുണ്ടു്. കരിമിക്കുക (കര്‍മ്മം ചെയ്യുക), തിരുക്കാഴ്ച (തിരുമുല്‍ക്കാഴ്ച), ധ്വനി കേട്ടു, അടീ നാലുമൂന്നു്, ദുവാരാധിനാഥന്‍ (ദ്വാരാധിനാഥന്‍), പയഃഫേന (ഫേനം), ഒഴിക്കരുതരിക്കുമരന്നും (ഹരിക്കും ഹരനും), ദെയ്ത (ദയിത) മുതലായ പല വിലക്ഷണപ്രയോഗങ്ങള്‍ അനുവാചകന്മാരെ തുറിച്ചുനോക്കുന്നു. പോകിന്റു, ഉവന്നു തുടങ്ങിയ ചില പഴയ പദങ്ങളും കാണ്‍മാനുണ്ടു്. ʻʻമുദാ പാദശൗചാദി ചെയ്താദരേണാധി തീര്‍ത്താശുദേവന്‍ ജഗന്മംഗലന്‍താന്‍ˮ എന്ന വരിയുടെ മധ്യത്തിലെ യതിഭംഗം അസഹ്യംതന്നെ. ʻʻരഘുപ്രവീര രാമചന്ദ്ര രാമ രാമ പാഹിമാംˮ എന്ന പ്രാര്‍ത്ഥനയോടുകൂടിയാണു് കൃതി അവസാനിക്കുന്നതു്. പ്രസ്തുത സങ്കീര്‍ത്തനത്തില്‍ പല രചനാവൈകല്യങ്ങളും ഉണ്ടെങ്കിലും ഭംഗിയുള്ള ഭാഗങ്ങളും ഇല്ലെന്നില്ല. കുചേലന്‍ പത്നിയോടു പറഞ്ഞു പുറപ്പെടുന്ന ഘട്ടം നോക്കുക:

ʻʻവ്രതം മുട്ടുമെന്നോര്‍ത്തുതന്നേ മടിച്ചൂ
മതം നീ നിരൂപിച്ചതത്രേ നമുക്കും
മധുദ്വേഷിയെച്ചെന്നുകാണ്‍മാന്‍ കനക്കെ-
ക്കൊതിച്ചീടിനേന്‍ ഞാന്‍; നമോ നന്ദസൂനോ!

തെരിക്കെന്നു പോകിന്‍റു നാളെപ്പുലര്‍ച്ചേ;
ചുരുക്കിക്കഴിക്കേണ്ടു തേവാരമെല്ലാം;
തിരുക്കാഴ്ചവെപ്പാനൊരുക്കീടുകെന്നാല്‍;
കരഞ്ഞീടവേണ്ടാ നമോ നന്ദസൂനോ!

ഇവണ്ണം കുചേലന്‍ പറഞ്ഞോരുനേരം
ചുവന്നൂ കിഴക്കേടമപ്പോള്‍ നടന്നൂ
അവര്‍ക്കങ്ങു കണ്ടോര്‍ കൊടുത്തുള്ള നെല്ല-
ങ്ങവിലേയ്ക്കതുമാകാ; നമോ നന്ദസൂനോ!

ഇടിച്ചിട്ടു കല്ലോടു നെല്ലോടുകൂടി-
ക്കൊടുത്തൂ കുചേലന്നതമ്പോടു വാങ്ങി
മടശ്ശീലപോലെ മടഞ്ഞങ്ങുകെട്ടീ
മടിച്ചീലയേതും നമോ നന്ദസൂനോ!

ഘനശ്യാമളം ഗോപികാജീവനാഥം
മനക്കാമ്പിലോര്‍ത്തോര്‍ത്തു മെല്ലേ നടന്നൂ;
തുണിക്കെട്ടുമച്ഛത്രവുംകൊണ്ടു മെല്ലേ
മിനക്കെട്ടുതാനേ നമോ നന്ദസൂനോ!ˮ (രണ്ടാം വൃത്തം)

കുചേലന്‍റെ നൂതനഗൃഹത്തെയാണു് അടിയില്‍ വര്‍ണ്ണിച്ചിരിക്കുന്നതു്:

ʻʻമനക്കുരുന്നിലിങ്ങനേ നിനച്ചിരുന്നവണ്ണമേ
മണത്ത പൂമരങ്ങള്‍ കണ്ടു ഹേമസൗധശൃംഗവും
കനക്കെ രത്നതോരണങ്ങള്‍ നാലു ഗോപുരങ്ങളും
കിനാവുകണ്ടപോലെയങ്ങു രാമ രാമ പാഹിമാം.

വിമാനമാനയാദിയായ യാനസാധനങ്ങളും
കുമാരിമാര്‍ നിരക്കെ നില്ക്കെ നീളെ നില്ക്ക നാരിമാര്‍
അമേയകാന്തി പൂണ്ടെഴുന്ന കാന്തരോടു ചേര്‍ന്നുടന്‍
സുമന്ദഹാസവിഭ്രമം മുകുന്ദ രാമ പാഹിമാം.

ഇടയ്ക്കമദ്ദളങ്ങളിത്തരങ്ങള്‍ കൊട്ടുമാറു, പ-
ന്തടിക്കുമാറു, ചിന്തു പാടിയാടുമാറു, നാടകം
നടിക്കുമാറു ബാലമാതരങ്ങിനേ വിശേഷമു-
ണ്ടൊടുക്കമില്ലയാത കാഴ്ച രാമ രാമ പാഹിമാം.

രമാസമാനമായ്ച്ചമഞ്ഞ ഭാര്യയാവിതെന്തുവാന്‍?
പിഴച്ചു പിന്നെയും മുകുന്ദമന്ദിരത്തിലാകയോ?
നമശ്ശിവായ! വിശ്വലോകനായകന്റെ മായയോ
നിമിത്തമെന്തിതിന്നു ഹന്ത! രാമ രാമ പാഹിമാം.
ഉഴക്കു നെല്ലിടിച്ചു കാഴ്ചവച്ചു കണ്ടതിന്‍ഫലം
പിഴച്ചു കാറ്റടിച്ചു വന്നണഞ്ഞ കപ്പല്‍പോലെയും
മുഴുത്ത കാറെടുത്തു വന്നു പെയ്ത മാരിപോലെയും
പൊഴിഞ്ഞിതിന്നു ഭൂതിയും; മുകുന്ദ രാമ പാഹിമാം.ˮ

(നാലാം വൃത്തം)

മറ്റൊരു രാമായണം ഇരുപത്തിനാലുവൃത്തം

രാമായണത്തെത്തന്നെ വിഷയീകരിച്ചു് 24 വൃത്തങ്ങളില്‍ ഒരു സങ്കീര്‍ത്തനം മറ്റൊരു കവിയും രചിച്ചിട്ടുണ്ടു്. ഇരുപത്തിനാലുവൃത്തത്തിന്റെ ആവിര്‍ഭാവത്തിനുമേലാണു് അതിന്റെ നിര്‍മ്മിതി. അതിനെക്കാള്‍ പ്രസ്തുത ഗ്രന്ഥത്തിലെ ഭാഷ വളരെ ലളിതമാണു്. കവിതയ്ക്കു വലിയ ഗുണമില്ല. അഞ്ചു വൃത്തങ്ങളോളമേ കണ്ടുകിട്ടീട്ടുള്ളു. കാലത്തെപ്പറ്റി ക്ണുപ്തമായി പറയാന്‍ നിവൃത്തിയില്ലെങ്കിലും ഒന്‍പതാം ശതകത്തിനുമേലല്ലെന്നു തോന്നുന്നു. താഴെക്കാണുന്ന ശീലുകള്‍ അതിലുള്ളവയാണു്:

ʻʻശ്രീവാല്മീകി ചച്ചിട്ടോരശ്രീരാമായണകഥയുര ചെയ്‌വാന്‍
(ദ്വിരദാ)നനനായ്മരുവും ഗണപതി തുണചെയ്തീടുക നാരായണ ജയ.
നാരായണ ജയ നരകാന്തക ജയ കരുണാകര ജയ മുരസൂദന ജയ
നാരായണ ജയ സീതാവല്ലഭ പരിപാലയ മാം നാരായണ ജയ.
കവിജനവും ഗുരുജനവും നലമൊടു കവിമാതാകിയ വാഗീശ്വരിയും
കവിമകള്‍കാന്തനുമരനും മമ ഹൃദി തുണചെയ്തീടുക നാരായണ ജയ.ˮ
… … …
ʻʻഉത്തമമായൊരു പുരിയുണ്ടുത്തരദിക്കിലയോധ്യാനാമംപൂണ്ടു്
എത്ര മനോഹരമപ്പുരിയെന്നേ വാഴ്ത്താവൂ മമ നാരായണ ജയ.ˮ

(പ്രഥമ വൃത്തം)

ʻʻമാമുനിവരനോമിച്ചനേരത്ത-
ങ്ങാമോദം പൂണ്ടു പായസം കൈക്കൊണ്ടു
ഹോമകണ്ഡത്തില്‍നിന്നു പുറപ്പെട്ടു
ഭൂതത്താന്‍ പിന്നെ രാമ രാമാ ഹരേ.ˮ
… … …
ʻʻഅപ്പൂവല്ലല്‍പെട്ടീടും തിരുമുടി
കാളമേഘവും കാളിന്ദീതോയവും
മുല്ലബാണന്‍ തഴയും ഭ്രമിച്ചിടും
കൈശികഭംഗി രാമ രാമാ ഹരേ!
വണ്ടിനിണ്ടല്‍പെട്ടീടും കുറുനിര
പഞ്ചമീമതി തോറ്റണിനെറ്റിയും
തണ്ടലര്‍ബാണവില്ലെജ്ജയിച്ചിടും
ചില്ലീയുഗ്‌മവും രാമ രാമാ ഹരേ!

മാനും മീനും കരിംകൂവളമലര്‍
നാണം പേണുന്ന നേര്‍മിഴി യുഗ്‌മവും
മാരന്‍ കൈച്ചരടെപ്പഴിച്ചീടിന
കര്‍ണ്ണയുഗ്‌മവും രാമ രാമാ ഹരേ!

ചെമ്പരത്തിപ്രസൂനാധരം മുല്ല-
മൊട്ടുപോലേ നിറന്ന ദന്തങ്ങളും
അന്‍പെഴും തൂനിലാവെജ്ജയിച്ചിടും
തൂയപുഞ്ചിരി രാമ രാമാ ഹരേ! (ദ്വിതീയ വൃത്തം)

കൌശികന്‍ മുനീശ്വരനൊടന്നു ചൊന്നു രാഘവന്‍
വന്ന കാര്യമിന്നതെന്നു കൈതൊഴുതു നിന്നുടന്‍
ഒന്നുണര്‍ത്തിനോരളവിലാശു ചൊല്ലിയമ്മുനി
വന്ന കാര്യമിന്നതെന്നു രാമ രാമ പാഹി മാംˮ (തൃതീയവൃത്തം)

ഏകാദശീമാഹാത്മ്യം നാലുവൃത്തം, (സങ്കീര്‍ത്തനം)

ഈ അദ്ധ്യായത്തില്‍ ഇതിന്നുമുമ്പു നിരൂപണം ചെയ്തിട്ടുള്ള ഏകാദശീമാഹാത്മ്യം പാട്ടിന്റെ സാരസംക്ഷേപമാണ് ഏകാദശീമാഹാത്മ്യം സങ്കീര്‍ത്തനം. തരംഗിണി, മഞ്ജരി, സ്തിമിത(അംഭോജസംഭവനുമന്‍പോടു കാലനുടെ എന്നമട്ട്) സര്‍പ്പിണി(പാന) എന്നീ വൃത്തങ്ങളില്‍ അകാരാദിക്രമത്തിലാണ് ശീലുകള്‍ രചിച്ചിരിക്കുന്നത്. ഈ സങ്കീര്‍ത്തനവും എട്ടാം ശതകത്തിലെ കൃതിതന്നെ. ʻʻഈടും വിലാസമൊടു രുഗ്‌മാംഗദം നൃപതിചൂഡാമണിം, മദനമോഹം വളര്‍ത്തു നിജപാട്ടില്‍ വരുത്തിˮ എന്നും മറ്റുമുള്ള വരികള്‍ രണ്ടു കൃതികളുടേയും ഏകകര്‍ത്തൃത്വത്തെ സൂചിപ്പിക്കുന്നു. പാട്ടിന്റേയും സങ്കീര്‍ത്തനത്തിന്റേയും പ്രണേതാവ് ഒരാള്‍തന്നെയോ എന്നു സംശയിക്കത്തക്ക വിധത്തില്‍ സങ്കീര്‍ത്തനം പാട്ടിനെ ആമൂലാഗ്രം അത്രമാത്രം ഉപജീവിക്കുന്നു. നാലു പാദങ്ങളിലും പ്രതിപാദിതങ്ങളായ കഥാംശങ്ങള്‍തന്നെയാണ് നാലു വൃത്തങ്ങളിലും പരാമൃഷ്ടങ്ങളായിക്കാണുന്നത്. ʻʻമന്നവന്‍ രുഗ്‌മാംഗദന്‍ ശിക്ഷകൊണ്ടവര്‍ക്കെല്ലാം നല്ലതു വന്നുˮ എന്നു പാട്ടിലും, ʻʻദിക്കു ജയിച്ചോരു ധര്‍മ്മാംഗദന്‍ പിന്നെശ്ശിക്ഷിച്ചു നന്നായി നാരായണാˮ എന്നു സങ്കീര്‍ത്തനത്തിലും ശിക്ഷ എന്ന വാക്ക് ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു. സങ്കീര്‍ത്തനം പാട്ടിനെ അപേക്ഷിച്ചു മെച്ചമാണെന്നു പറയാവുന്നതാണ്. ചില ശീലുകള്‍ പകര്‍ത്തുന്നു.

മോഹിനി: ʻʻആടുന്ന കുണ്ഡലവിരാജല്‍കപോലമൊടു
പാടീ രസാലരുണദന്തച്ഛദപ്രഭയും
ഈടാര്‍ന്ന പൂംകുഴലുമക്കുങ്കുമക്കുറിയു-
മാടല്‍പ്പെടുക്കുമരി നാരായണായ നമഃˮ

ശരല്‍കാലം: ʻʻഅമ്പോടു പൈങ്കിളികള്‍ പാടിക്കതിര്‍ക്കുലകള്‍
ചെമ്മേ മുറിച്ചു പലപാടും പറന്നു നിശി
മുന്നേതിലും തെളിവൊടും പൂര്‍ണ്ണചന്ദ്രനുമു-
ടന്‍ പോന്നുദിച്ചു ഹരി നാരായണായ നമഃˮ

സംക്ഷിപ്‌തസങ്കീര്‍ത്തനങ്ങള്‍

അകാരാദിക്രമത്തില്‍ രചിച്ച ഏതാനും ശീലുകള്‍കൊണ്ടുമാത്രം ഓരോ പുരാണകഥ സംഗ്രഹിക്കുന്ന ചില സങ്കീര്‍ത്തനങ്ങള്‍ ഈ ശതകത്തില്‍ ആവീര്‍ഭവിച്ചിട്ടുണ്ട്. അവയില്‍ ഗജേന്ദ്രമോക്ഷത്തില്‍നിന്നു ചില കണ്ണികളാണ് അടിയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

അപ്പാല്‍വാരിധിതന്‍ തിരമാലക-
ളൊപ്പൊരു മുക്കൂടഗ്ഗിരിയുണ്ടഥ
മുപ്പാരും പുകള്‍പെറ്റു വളന്റോ-
ന്നത്ഭുതമയമായ് നാരായണ ജയ.

അമ്മാമലതന്‍ നടുപാട്ടിങ്കല്‍-
പ്പൊന്മയനളിനപ്പൊയ്കകളുണ്ടഥ
നന്മലര്‍ പൊഴിയും പൂങ്കാവുകളും
മമ്മാ! ശിവ ശിവ നാരായണ ജയ.

ആലൊടു താലതമാലമിരഞ്ഞികള്‍
പാലകള്‍ പനസം തെങ്ങുകവുങ്ങുകള്‍
നീളച്ചുഴലവുമുണ്ടതില്‍ മുറ്റും
ചാലപ്പലവക നാരായണ ജയ.ˮ

പൂന്താനത്തിന്റെ ഭാഷാകൃതികള്‍

പൂന്താനം നമ്പൂരിയുടെ ജീവചരിത്രത്തേയും മണിപ്രവാളകൃതികളേയും പറ്റി ഇരുപത്തെട്ടാമദ്ധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ ഭാഷാകൃതികളെക്കുറിച്ചു കുറഞ്ഞൊന്ന് ഇവിടെ ഉപന്യസിക്കാം.

കുമാരാഹരണം പാന

പാന എന്ന പേരില്‍ ഒരു കാവ്യവിഭാഗം തമിഴുസാഹിത്യത്തില്‍ കാണുന്നില്ല. ഭദ്രകാളിക്ഷേത്രങ്ങളില്‍ ദൃഷ്ടിദോഷപരിഹാരത്തിനും മറ്റുമായി ദേവിക്കു കൊട്ടും പാട്ടും സേവയും നടത്തുക എന്നൊരു ആരാധനാപരിപാടി കേരളത്തില്‍ ആദ്യകാലംമുതല്ക്കുതന്നെ പ്രചരിച്ചുവന്നു. അതിനു പാനയെന്നും പേരുണ്ട്. ആ അവസരത്തില്‍ പാടുന്ന പാട്ടുകള്‍ പ്രായേണ ദ്രുതകാകളി, തരംഗിണി എന്നീ ഭാഷാവൃത്തങ്ങളിലാണ് രചിച്ചിരുന്നത്. ʻʻ കാളമേഘകളായങ്ങളെക്കാളും കാളനാളീകപാളികളെക്കാളുംˮ എന്നിങ്ങനെ പനയന്നാര്‍കാവില്‍ ഭദ്രകാളിയെപ്പറ്റി സാമാന്യം പ്രസിദ്ധിയുള്ള ഒരു സ്തോത്രമുണ്ടല്ലോ. അതിലെ വൃത്തംതന്നെയാണ് ദ്രുതകാകളി. അതിനു ʻപൊന്നമാതര്‍ʼ എന്നു കോവുണ്ണിനെടുങ്ങാടി കേരളകൗമുദിയില്‍ പേര്‍ കൊടുത്തിട്ടുള്ളതു തായുമാനവരുടെ ʻʻപൊന്നൈമാതരൈ പൂമിയൈ നാടിലേന്‍ʼʼ എന്നു തുടങ്ങുന്ന ഒരു തമിഴ്‌പാട്ടില്‍ ആ വൃത്തം പ്രയോഗിച്ചിട്ടുള്ളതുകൊണ്ടാണ്; അല്ലാതെ ആ വൃത്തത്തിനു തമിഴില്‍ അങ്ങനെയൊരു സംജ്ഞയുള്ളതുകൊണ്ടല്ല. പാന എന്ന പേരില്‍ സുവിദിതമായിത്തീര്‍ന്ന ദേവതാരാധനത്തിന് ഉപയോഗിക്കുന്ന പാട്ടിനും കാലക്രമത്തില്‍ ആ പേര്‍ സിദ്ധിച്ചു. എട്ടും ഒന്‍പതും ശതകങ്ങളിലെ പാനകളില്‍ സാമാന്യേന ആദ്യത്തെ മൂന്നു പാദങ്ങളില്‍ ദ്രുതകാകളിയും നാലാമത്തെ പാദത്തില്‍ തരംഗിണിയും (ഓട്ടന്‍തുള്ളലിലെ പ്രധാനവൃത്തം) പ്രയോഗിച്ചുകാണുന്നു. എന്നാല്‍ കുമാരഹരണം പാന ആദ്യന്തം ദ്രുതകാകളിയിലാണ് കവി നിബന്ധിച്ചിരിക്കുന്നത്. അതിലും നാലു പാദങ്ങളുണ്ടെന്ന വസ്തുത വിസ്മരണീയമല്ല.

ഇതിനു സന്താനഗോപാലം പാന എന്നും പേരുണ്ട്. ʻʻമതി ചെന്നു കുമാരാഹരണമാം കഥതന്നില്‍ മുഴുകിച്ചമകയാല്‍ˮ എന്നു പൂന്താനം ഉപക്രമത്തില്‍ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ട് ആ നാമധേയം തന്നെയായിരിക്കും അദ്ദേഹം കാവ്യത്തിന്നു സങ്കല്പിച്ചതെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. പല പഴയ താളിയോലഗ്രന്ഥങ്ങളിലും കുമാരാഹരണം പാന എന്ന പേര്‍ കാണുന്നുമുണ്ട്. പൂന്താനത്തിന്റെ കവിതാപാടവം അതിന്റെ പരമകാഷ്ഠയെ പ്രാപിക്കുന്നതു ദ്രാവിഡവൃത്തനിബദ്ധങ്ങളായ കൃതികളിലാകുന്നു. കുമാരാഹരണം പാന ആ പ്രസ്ഥാനത്തിലുള്ള കാവ്യങ്ങളില്‍ പ്രഥമസ്ഥാനത്തെ അലങ്കരിക്കുന്നു. സൗന്ദര്യപൂര്‍ണ്ണമായ രചന, സമുജ്ജ്വലമായ ചിത്രണം, സമുചിതമായ ലോകോക്തിപ്രയോഗം എന്നു തുടങ്ങിയുള്ള വിവിധങ്ങളായ വിശിഷ്ടഗുണങ്ങള്‍ പ്രസ്തുതകൃതിയുടെ യശസ്തംഭങ്ങളാകുന്നു. നമ്പൂരി വൈകുണ്ഠലോകവും മറ്റും വര്‍ണ്ണിക്കുമ്പോള്‍ ആ ഭക്തിശിരോമണിക്ക് അവിടം ചിരപരിചിതമാണെന്നു ഭാവുകന്മാര്‍ക്കു തോന്നിപ്പോകും.

ഈറ്റില്ലത്തിന്‍പുറമേ തെരുതെരെ-
ച്ചുറ്റുമെയ്തെയ്തസംഖ്യം ശരങ്ങളാല്‍
കാണിനേരംകൊണ്ടത്ഭുതമായൊരു
ബാണകൂടം ചമച്ചു് … … … ˮ

ʻʻമന്ദിരത്തിന്‍പുറത്തൊരു ഭാഗത്തു സിന്ധുരേന്ദ്രനെപ്പോലെˮ നില്ക്കുന്ന അര്‍ജ്ജുനനോടു പുത്രമുഖകൂടെ കാണാന്‍ സാധിക്കാതെപോയ ബ്രാഹ്മണന്‍ തട്ടിക്കേറി കയര്‍ക്കുന്നതു നോക്കുക:

ʻʻകമ്പുതട്ടുമിളമുളപോലയ-
ഞ്ചെട്ടു പൊട്ടിക്കരഞ്ഞിതു വിപ്രനും
സന്താപംകൊണ്ടു മൂര്‍ച്ഛിതനായൊരു
ഭ്രാന്തനെപ്പോലെ തീര്‍ന്നുടനപ്പൊഴേ
കനല്‍ക്കട്ടയോടൊത്ത മിഴികളും
കനക്കേ മിഴിച്ചീര്‍ഷ്യ പൊറായ്കയാല്‍
വിറച്ചീടുന്ന മൂര്‍ദ്ധാവൊടുംകൂടി
വിയര്‍ത്തോടിയണഞ്ഞു വിജയനോ-
ടയ്യോ പാപമെനിക്കെന്നു ചൊല്ലിയ-
ക്കരം രണ്ടുമുയര്‍ത്തിപ്പിടിച്ചുടന്‍
അഗ്നിപോലെജ്വലിച്ചൊരു കാന്തിപൂ-
ണ്ടഗ്നിഹോത്രി പറഞ്ഞുതുടങ്ങിനാന്‍:
തീയില്‍ച്ചെല്ലു നിന്‍ ഗാണ്ഡീവവും നീയും
ദുര്യശസ്സിന്നു പാത്രമായര്‍ജ്ജുനാ!
ആനപോലെ മദിച്ചു പറഞ്ഞു നീ
നാണംകെട്ടതു നേരെന്നു കല്പിച്ചു
മാനിച്ചിങ്ങു സന്തോഷിച്ചിരുന്നൊരു
ഞാനത്രേ നല്ല ഭോഷനാകുന്നതും.
തിരുമുമ്പില്‍ ഞെളിഞ്ഞുനിന്നെന്തെല്ലാം
ജളപ്രാഭവം കാട്ടി നീയാകയാല്‍
ജളതയൊന്നൊഴിഞ്ഞു നിനക്കൊരു
ഫലം മേലില്‍ വരായെന്നു നിര്‍ണ്ണയം.
കുരച്ചീടുന്ന പട്ടിയൊരുനാളും
കടിച്ചീടുകയില്ലെന്നറിക നീ.
വന്‍പനായ നീയിപ്പൊഴുതെന്തിനു
കുമ്പ തപ്പിപ്പരക്കെ നോക്കീടുന്നു?
അന്‍പതു ഭോഷന്മാരിലേ മുന്‍പനാം
വന്‍പനെന്നുള്ളവനെന്നറിക നീ.
ദുഷ്ടനിഗ്രഹം ചെയ്‌വതിനായ്‌വന്നു
പൃഥ്വിതന്നില്‍പ്പിറന്ന ഭഗവാന്റെ
വീര്യങ്ങളെല്ലാം വീരനാമെന്നുടെ
വീര്യമെന്നു നിനയ്ക്കൊല്ല ഭോഷ നീ.
ഉത്തരം ചുമന്നീടുന്ന ഗൌളിയാല്‍
സാധ്യമെന്തതു ഭാവിക്കയെന്നിയേ?
മൂര്‍ഖനാം നിന്റെ ഡംഭു കളവാനായ്-
ത്തേര്‍ത്തടത്തീന്നരുള്‍ചെയ്ത വാക്കുകള്‍
കുംഭത്തിന്റെ പുറത്തു പകര്‍ന്നീടു-
മംഭസ്സെന്നപോല്‍ത്തീര്‍ന്നു നിനക്കതും.
ഇപ്പോരിന്നു നിമിത്തമാത്രം ഭവാന്‍
സവ്യസാചിയെന്നല്ലോ അരുള്‍ചെയ്തു.
പീലിക്കാര്‍കൂന്തല്‍കെട്ടി വിരവോടു
ചാലവേ നല്ല ചമ്മട്ടി കൈക്കൊണ്ടു
മറകള്‍ക്കു പൊരുളായ മൂര്‍ത്തി തേര്‍-
ത്തടം തന്നിലിരുന്നീലെന്നാകിലോ
ഇപ്രതിജ്ഞകണക്കെത്തന്നേ തവ
യുദ്ധഭൂമിയിലൊക്കെപ്‌ഫലിപ്പതും.ˮ

അര്‍ജ്ജുനന്‍ അഗ്നിപ്രവേശംചെയ്‌വാന്‍ ഒരുങ്ങുന്ന ഘട്ടം അത്യന്തം ആസ്വാദ്യമായിരിക്കുന്നു.

ʻʻഅര്‍ജ്ജുനന്റെ വിശേഷത്തെ വൈകാതെ-
യച്ഛനോടറിയിക്കണമെന്നിട്ടു
സ്വര്‍ഗ്ഗലോകത്തേക്കെന്നകണക്കിനേ
നിര്‍ഗ്ഗമിച്ചുയരുന്നിതു ജ്വാലകള്‍.ˮ

എന്ന വരികളില്‍ എഴുത്തച്ഛന്‍ സുന്ദരകാണ്ഡത്തില്‍ ആവിഷ്കരിച്ചിട്ടുള്ള ഉല്ലേഖത്തിന്റെ പ്രതിധ്വനി നാം കേള്‍ക്കുന്നു. ആ ഘട്ടത്തില്‍നിന്നു ചില വരികള്‍ ഉദ്ധരിയ്ക്കാതെ പുരോഗമനം ചെയ്‌വാന്‍ നിവൃത്തിയില്ല.

ʻʻവളര്‍ന്നീടുന്ന വഹ്നിയെ വന്ദിച്ചു
വലവൈരിതനൂജനുമന്നേരം
അഴകോടൊരു പൊയ്കയില്‍ച്ചെന്നുടന്‍
മുഴുകിപ്പരിശുദ്ധി വരുത്തിനാന്‍.
വിലസീടുന്ന പാണിതലങ്ങളില്‍
തുളസീദളംകൊണ്ടു നിറച്ചിതേ.
കുലവില്ലും ചുമലിലെടുത്തു നി-
ര്‍മ്മലമായുള്ള മാറ്റുമുടുത്തുടന്‍
കിഴിഞ്ഞീടുന്ന വാര്‍കുഴല്‍തന്നില-
ങ്ങൊഴുകീടുന്ന വാരികണങ്ങളും
ഹരിഷാശ്രു വഴിഞ്ഞുനിറഞ്ഞൊരു
വരിനീണ്ട വിലോചനഭംഗിയും
കൃഷ്ണനാമം ജപിക്കുന്ന നേരത്ത-
ങ്ങൊട്ടൊട്ടു കാണും ദന്തദ്യുതികളും
അതുനേരത്തെ വേഷം നിരൂപിച്ചാ-
ലതിമോഹനമെന്നേ പറയാവൂ.
കരുണാകരമൂര്‍ത്തി മുകുന്ദന്റെ
ചരണാംബുജമുള്ളിലുറപ്പിച്ചു
പരമാനന്ദത്തോടെയടുത്താനങ്ങെ-
രിഞ്ഞീടുന്നൊരഗ്നികുണ്ഡത്തിങ്കല്‍.
വലഭാഗം ചുഴന്നു ചുഴന്നേറ്റം
ജ്വലിച്ചീടുന്നൊരഗ്നിഭഗവാനെ
വലംവച്ചു വണങ്ങി വിരവോട-
ങ്ങഞ്ജലിപൂണ്ടിവണ്ണം കരുതിനാന്‍.
വിശ്വനായകാ! നിന്നുടെ ഭക്തനാ-
മര്‍ജ്ജുനനിതാ വഹ്നിയില്‍ച്ചാടുന്നു.
ചിത്തമോഹമശേഷമകന്നു ഞാന്‍
ചിത്സ്വരൂപത്തില്‍ച്ചെന്നു ലയിക്കണം.ˮ

വൈകുണ്ഠവര്‍ണ്ണനത്തിന്റെ വിശ്വമോഹനമായ വൈഭവം ആപാദചൂഡം വായിച്ചുതന്നെ അറിയേണ്ടതാണു്.

ʻʻപത്തുനൂറു സഹസ്രകിരണന്മാര്‍
ബദ്ധാമോദമുദിക്കും കണക്കിനേ
വിളങ്ങീട്ടു നിരക്കവേ താഴിക-
ക്കുടങ്ങളങ്ങു ദൂരവേ കാണായി.
കനകക്കൊടിതന്റെ മുകള്‍പ്പാട്ടില്‍
ഖഗരാജനിരിപ്പതും കാണായി.
കൊടിക്കൂറകളൊപ്പമിയലുന്ന-
തിടകൂടിപ്പലതരം കാണായി.
പ്രളയാംബുധിനാദംകണക്കിനേ
വലിപ്പത്തിലൊരാഘോഷം കേള്‍ക്കായിˮ

എന്നിങ്ങനെ അവിടുത്തെ വിശേഷങ്ങള്‍ ഓരോന്നായി ശ്രോതാക്കളെ ഗ്രഹിപ്പിച്ചു് അവരെ ആനന്ദസാഗരത്തില്‍ മേല്ക്കുമേല്‍ ആറാടിച്ചു് ʻʻപച്ചക്കല്‍കൊണ്ടു വിഷ്ണുസ്വരൂപമായ് കൊത്തിവെച്ചോരു പാവകളെപ്പോലെˮ അചഞ്ചലന്മാരായി ഭഗവദ്ധ്യാനത്തില്‍ ലയിച്ചിരിക്കുന്ന ഭക്തന്മാരുടെ സന്നിധിയില്‍ പ്രവേശിപ്പിച്ചു് ക്രമേണ അനന്തന്റെ പാര്‍ശ്വത്തിലേക്കു നയിക്കുന്നു.

ʻʻവെള്ളിമാമല മേലെയും മേലെയും
മണ്ഡലാകൃതി പൂണ്ടു കിടക്കയോ?
പള്ളികൊള്ളുന്ന പാല്ക്കടല്‍ തന്നിലേ
വെള്ളംതന്നെ പരന്നു കിടക്കയോ?
നിര്‍ണ്ണയിച്ചു പറയാനരുതെന്റെ
പന്നഗേശ്വര! നിന്നെ വണങ്ങുന്നേന്‍.
… … …
ഇന്ദ്രനീലനിറത്തിലൊരായിരം
ചന്ദ്രമണ്ഡലമൊന്നിച്ചുദിക്കയോ?
കാരുണ്യാമൃതവന്മഴ പെയ്യുന്ന
കാളമേഘം നിറഞ്ഞങ്ങിരിക്കയോ?
ബ്രഹ്മാനന്ദമെന്നുള്ള പരമാര്‍ത്ഥം
ശ്യാമവര്‍ണ്ണത്തില്‍ പ്രത്യക്ഷമാകയോ?ˮ

എന്നിങ്ങനെ പടിപ്പടിയായുയരുന്ന ആ വര്‍ണ്ണനത്തിന്റെ മാധുര്യം അവാങ്മനസഗോചരമെന്നേ പറഞ്ഞുകൂടൂ.

ജ്ഞാനപ്പാന

ആകൃതികൊണ്ടു ലഘുവെങ്കിലും അകൃത്രിമമായ രാമണീയകംകൊണ്ടു് അത്യന്തം മഹത്തായ ഒരു കൃതിയാണു് പൂന്താനത്തിന്റെ ജ്ഞാനപ്പാന. ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ത്ഥശൂന്യതയേയും ഹരിനാമോച്ചാരണത്തിന്റെ അത്യന്താവശ്യകതയേയും പറ്റി ആ കൃതിയില്‍ കവി ആര്‍ക്കും സുഗ്രഹമായ രീതിയില്‍, ഏതു് അശ്മഹൃദയത്തേയും അലിയിക്കത്തക്ക തന്മയത്വത്തോടുകൂടി പ്രതിപാദിക്കുന്നു. ഉണ്ണി മരിച്ചതുനിമിത്തം നിര്‍വേദത്തിനു വിധേയനായ ഒരു മഹാകവിയുടെ ഉള്ളില്‍നിന്നു് ഊക്കോടുകൂടി ഉല്‍ഗമിച്ചു് ശ്രോതാക്കളുടെ ഹൃദയകുഹരങ്ങളില്‍ പ്രവഹിക്കുന്ന ഒരു പരമപാവനിയായ സാരസ്വതനിര്‍ഝരിണിയെത്തന്നെയാണു് നാം അവിടെ സമീക്ഷിക്കുന്നതു്. കവിയുടെ പ്രപഞ്ചാവസ്ഥാപ്രപഞ്ചനം കേള്‍ക്കുക:

ʻʻകാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ
… … …
ഹരിനാമങ്ങളില്ലാതെപോകയോ
നരകങ്ങളില്‍പ്പേടി കുറകയോ?
നാവു കൂടാത ജന്മമതാകയോ
നമുക്കിന്നി വിനാശമില്ലായ്കയോ?
കഷ്ടം കഷ്ടം നിരൂപണംകൂടാതെ
ചുട്ടുതിന്നുന്നു ജന്മം പഴുതെ നാം.
എത്ര കാലം പ്രയാസപ്പെട്ടിക്കാല-
മത്ര വന്നുപിറന്നു സുകൃതത്താല്‍?
എത്ര ജന്മം ജലത്തില്‍ക്കഴിഞ്ഞിതു-
മെത്ര ജന്മം മരങ്ങളായ്‌നിന്നതും?
എത്ര ജന്മം മൃഗങ്ങള്‍ പശുക്കളായ്
മര്‍ത്ത്യജന്മത്തിന്‍ മുന്‍പേ കഴിഞ്ഞതും?
എത്രയും പണിപ്പെട്ടിന്നു മാതാവിന്‍
ഗര്‍ഭപാത്രത്തില്‍ വീണിതറിഞ്ഞാലും.

പത്തു മാസം വയറ്റില്‍ക്കഴിഞ്ഞുപോയ്
പത്തുപന്തീരാണ്ടുണ്ണിയായും പോയി.
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.

ഇത്ര കാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ.
നീര്‍പ്പോളപോലെയുള്ളൊരു ദേഹത്തില്‍
വീര്‍പ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓര്‍ത്തിരിയാതെ പാടുപെടുന്നേരം
നേര്‍ത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിയ്ക്കുന്ന നേരത്തു
കീര്‍ത്തിച്ചീടുന്നതില്ല തിരുനാമം.
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍;
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍;
ചഞ്ചലാക്ഷിമാര്‍വീടുകളില്‍പ്പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍;
കോലകങ്ങളില്‍ സേവകരായിട്ടു
കോലംതുള്ളി ഞെളിയുന്നിതു ചിലര്‍;
ശാന്തിചെയ്തു പുലരുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലര്‍;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്മാന്‍പോലും കൊടുക്കുന്നില്ല ചിലര്‍;
അഗ്നിസാക്ഷിണിയായൊരു ഭാര്യയെ
സ്വപ്നത്തില്‍പ്പോലും കാണുന്നില്ല ചിലര്‍;
സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലര്‍;
വന്ദിതന്മാരെക്കാണുന്നനേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍;
കാണ്‍ക നമ്മുടെ സമ്മതം കൊണ്ടത്രേ
വിശ്വമീവണ്ണം നില്പുവെന്നും ചിലര്‍;
ബ്രാഹ്മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലര്‍;
അര്‍ത്ഥാശയ്ക്കു വിരുതുവിളിപ്പിപ്പാന്‍
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലര്‍;
… … …
വിദ്യകൊണ്ടറിയേണ്ടതറിയാതേ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍,
കുംകുമത്തിന്റെ വാസമറിയാതെ
കുംകുമം ചുമക്കുംപോലെ ഗര്‍ദ്ദഭം.
കൃഷ്ണ! കൃഷ്ണ! നിരൂപിച്ചുകാണുമ്പോള്‍
തൃഷ്ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കയും.
എണ്ണിയെണ്ണിക്കുറുകുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവുംˮ

ഈ വിഷയത്തെ അധികരിച്ചു് ഇത്രമാത്രം സര്‍വാംഗസുന്ദരമായ ഒരു കാവ്യം ഭാഷയില്‍ മറ്റാരും നിര്‍മ്മിച്ചിട്ടില്ല.

സുപ്രസിദ്ധമായ സുഭദ്രാഹരണം പാന പൂന്താനത്തിന്റെ കൃതിയാണെന്നു പറയുന്നതു നിര്‍മ്മൂലമാണു്. അതു കുഞ്ചന്‍നമ്പിയാരുടെ കാലത്തിനു പിന്നീടുണ്ടായ ഒരു കാവ്യമാണെന്നുള്ളതിനു് അതില്‍ത്തന്നെ പല തെളിവുകളുമുണ്ടു് ʻʻപോയനായരെക്കണ്ടീല ഞാനെടാ, ഞായവും നേരുമില്ലാത്ത കശ്മലന്‍ˮ എന്നും മറ്റും അതില്‍ കുഞ്ചനെ അനുകരിച്ചുള്ള സമുദായചിത്രണം കാണുന്നു. ഈ പാനയെപ്പറ്റി യഥാവസരം നിരൂപണം ചെയ്യുന്നതാണു്.

സ്തോത്രങ്ങള്‍

പൂന്താനത്തിന്റെ ഭാഷാസ്തോത്രങ്ങളെപ്പറ്റി പ്രസ്താവിക്കുന്നതിനുള്ള അവസരം ഇവിടെ സന്നിഹിതമായിരിക്കുന്നു. ഇത്തരത്തിലുള്ള കൃതികളെസ്സംബന്ധിച്ചു ചിലതെല്ലാം ഹരിനാമകീര്‍ത്തനത്തിന്റെ നിരൂപണത്തിനു പീഠികയായി ഞാന്‍ ഉപന്യസിച്ചിട്ടുള്ളതു വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ. ഏഴാം ശതകത്തിന്റെ അവസാനംവരെയുള്ള സ്തോത്രങ്ങളില്‍ ഏതാനും ചിലതു മാത്രമേ നമുക്കു കിട്ടീട്ടുള്ളു. എട്ടുമുതല്ക്കുള്ള ശതകങ്ങളില്‍ വിരചിതങ്ങളായവ ഒട്ടുവളരെ ലഭിച്ചിട്ടുണ്ടു്. ഭാഷാസാഹിത്യത്തിലെ ഒരു ഗണനീയമായ വിഭാഗമാണു് സ്തോത്രം, അതിമനോഹരങ്ങളായ കീര്‍ത്തനങ്ങള്‍ മുതല്‍ അത്യന്തം ശുഷ്കങ്ങളായവവരെ ഉച്ചാവചങ്ങളായ പല ചെറിയ കൃതികളും ഈ വിഭാഗത്തില്‍ അടങ്ങീട്ടുണ്ടു്. എങ്കിലും ദേവതാവിഷയകമായ രതിഭാവം പ്രായേണ ഏതു കീര്‍ത്തനത്തിലും ഏറെക്കുറെ സ്ഫുരിക്കുന്നതായിക്കാണാം. ഹിന്ദുസമുദായത്തെ ഭക്തിപരവും സദാചാര പ്രവണവുമാക്കുന്നതിനു് ഇവ അക്കാലത്തു് ഏറ്റവും പ്രയോജകീഭവിച്ചിരുന്നു. എട്ടാം ശതകത്തില്‍ നിര്‍മ്മിതങ്ങളാണെന്നു വിചാരിക്കാവുന്ന ചില ലളിതകോമളങ്ങളായ കീര്‍ത്തനങ്ങള്‍ക്കു് ഇന്നും ജനങ്ങളുടെയിടയിലുള്ള പ്രചാരത്തിനു പറയത്തക്ക കുറവൊന്നും വന്നിട്ടില്ല.

ʻʻഅഞ്ജനശ്രീചോരചാരുമൂര്‍ത്തേ കൃഷ്ണ
അഞ്ജലി കൂപ്പി വണങ്ങീടുന്നേന്‍.
ആനന്ദാലങ്കാര വാസുദേവ കൃഷ്ണ
ആതങ്കമെല്ലാമകറ്റീടേണം.
ഇന്ദിരാകാന്ത ജഗന്നിവാസാ കൃഷ്ണ
ഇന്നെന്റെ മുന്‍പില്‍ വിളങ്ങിടേണം.
ഈരേഴുലകിന്നുമേകനാഥാ കൃഷ്ണ
ഈരഞ്ചു ദിക്കും നിറഞ്ഞ മൂര്‍ത്തേˮ

എന്നും,

ʻʻകണ്ണനാമുണ്ണിയെക്കാണുമാറാകണം,
കാര്‍മേഘവര്‍ണ്ണനെക്കാണുമാറാകണം,
കിങ്കിണിനാദങ്ങള്‍ കേള്‍ക്കുമാറാകണം,
കീര്‍ത്തനം ചൊല്ലിപ്പുകഴ്ത്തുമാറാകണംˮ

എന്നും,

ʻʻഅംബുജായതലോചന കോമള
കുംബുകന്ധര കാരുണ്യവാരിധേ!
കല്‌മഷാപഹം നിന്‍പാദപങ്കജം
ചെമ്മേ തോന്നുമാറാകണം ഗോവിന്ദ.
ആഴിതന്നില്‍ മുഴുകിയ വേദത്തെ
മീളുവാനൊരു മത്സ്യമായ്ച്ചെന്നുടന്‍
ഏഴു സാഗരം ചൂഴെ നിന്നീടുന്ന
വേഷമന്‍പോടു കാണണം ഗോവിന്ദ.
ഇച്ഛയോടെ സുരാസുരസഞ്ചയം
സ്വച്ഛവാരിധിതോയം കലക്കുമ്പോള്‍
കച്ഛപാകൃതി കൈക്കൊണ്ടു മിന്നിന
വിശ്വവ്യാപിയെക്കാണണം ഗോവിന്ദ.ˮ

എന്നും,

ʻʻപച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം.
പാലാഴിമങ്കതന്‍ കൊങ്ക പുണരുന്ന
കോലമെന്നുള്ളത്തില്‍ക്കാണുമാറാകണം.
പിച്ചകമാലയും താലിയും കിങ്കിണി-
യൊച്ചപൂണ്ടെന്നുമേ കേള്‍ക്കുമാറാകണം.
പീലിക്കാര്‍കൂന്തലും ചാന്തുതൊടുകുറി
ബാലസ്വഭാവവും കാണുമാറാകണംˮ

എന്നും,

ʻʻനരകവൈരിയാമരവിന്ദാക്ഷന്റെ
ചെറിയ നാളത്തെക്കളികളും
തിരുമെയ്ശോഭയും കരുതിക്കൂപ്പുന്നേ-
നടുത്തു വാ കൃഷ്ണാ കണി കാണ്മാന്‍.
കണികാണുന്നേരം കമലനേത്രന്റെ
നിറമെഴും മഞ്ഞത്തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിര-
മണിഞ്ഞു കാണേണം ഭഗവാനേ!
മലര്‍മാതിന്‍കാന്ത, വസുദേവാത്മജ,
പുലര്‍കാലേ പാടിക്കുഴലൂതി
ചെലുചെലുനെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ കണികാണ്മാന്‍.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണുമുണ്ണി
വശത്തു വാ കൃഷ്ണാ കണികാണ്മാന്‍ˮ

(ശ്രീകൃഷ്ണസ്തുതി)

എന്നും,

ʻʻസരസിജനയനേ പരിമളഗാത്രീ
സുരജനവന്ദ്യേ ചാരുപ്രസന്നേ
കരുണാപൂരതരംഗമതായൊരു
മാതംഗീ ജയ ഭഗവതി ജയജയˮ

(സരസ്വതീകീര്‍ത്തനം)

എന്നും,

ʻʻഅമ്പോടു മീനായി വേദങ്ങള്‍ മീണ്ടിടു-
മംബുജനാഭനെക്കൈതൊഴുന്നേന്‍.
ആമയായ് മന്ദരം താങ്ങിനിന്നീടുന്ന
താമരക്കണ്ണനെക്കൈതൊഴുന്നേന്‍.
ഇക്ഷിതിയെപ്പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മീവര നാഥ കൈതൊഴുന്നേന്‍ˮ

(ദശാവതാരകീര്‍ത്തനം)

എന്നും,

ʻʻഅജ്ഞാനമുള്ളവയൊക്കെക്കളയണം;
വിജ്ഞാനമെന്നുള്ളില്‍ വര്‍ദ്ധിക്കേണം;
ആജ്ഞാപിച്ചീടേണം നല്ല വഴിക്കെന്നെ
നിത്യം ഗുരുനാഥാ കുമ്പിടുന്നേന്‍.
ആനന്ദം നല്കുന്ന പാദരേണുക്കളാല്‍
മാനസമായൊരു ദര്‍പ്പണത്തില്‍
മാലിന്യം പോക്കീട്ടു നന്മ വരുത്തേണം
നിത്യം ഗുരുനാഥാ കുമ്പിടുന്നേന്‍

(ഗുരുസ്തുതി)

എന്നും

ʻʻനരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍;
നരകത്തിങ്കേന്നു കരകേറ്റീടേണം
തിരുവൈയ്ക്കം വാഴും ശിവ ശംഭോ!
മരണകാലത്തെബ്ഭയത്തെച്ചിന്തിച്ചാല്‍
മതിമറന്നുപോം മനമെല്ലാം;
മനതാരില്‍ വന്നു വിളയാടീടേണം
തിരുവൈയ്ക്കം വാഴും ശിവശംഭോˮ

(പഞ്ചാക്ഷരകീര്‍ത്തനം)

എന്നും മറ്റുമുള്ള സ്തോത്രരത്നങ്ങളുടെ ഉച്ചാരണത്താല്‍ ഉഷഃകാലം മുഖരിതമാക്കുന്ന ഗൃഹങ്ങള്‍ ഇന്നും ഉള്‍നാടുകളിലെങ്കിലും അങ്ങിങ്ങു് ആസ്തികന്മാര്‍ക്കു് ആനന്ദം നല്കിക്കൊണ്ടു പരിലസിക്കുന്നുണ്ടെന്നുള്ള പരാമാര്‍ത്ഥം അവയുടെ ചിരഞ്ജീവിത്വത്തിനു വിനിഗമകമാകുന്നു. ഇത്തരത്തിലുള്ള കൃതികളില്‍ പ്രഥമഗണനീയങ്ങളാണു് പൂന്താനത്തിന്റെ പുളകോല്‍ഗമകാരികളായ കീര്‍ത്തനങ്ങള്‍.

ഘനസംഘം

ʻഘനസംഘംʼ എന്ന പദം കൊണ്ടു് പ്രസ്തുത സ്തോത്രം ആരംഭിക്കുന്നതിനാലാണു് അതിനു് ഈ പേര്‍ വന്നതു്. ഇതു തിരുമാന്ധാംകുന്നില്‍ ഭഗവതിയെപ്പറ്റിയുള്ള ഒരു കേശാദിപാദവര്‍ണ്ണനമാണെന്നു മുന്‍പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. ആ കൃതിയില്‍നിന്നു ചില വരികള്‍ താഴെ എടുത്തു ചേര്‍ത്തുകൊള്ളുന്നു:

ʻʻഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേ-
നണിതിങ്കള്‍ക്കല ചൂടും പുരിചിടതൊഴുന്നേന്‍.
ദുഷ്ടരാമസുരരെദ്ദഹിക്കും തീ ജ്വലിക്കും
പടുതരം മിഴി മൂന്നും നിടിലവും തൊഴുന്നേന്‍.
വിലസുമക്കുനുചില്ലിയുഗളം കൈതൊഴുന്നേന്‍.
മുഗ്ദ്ധമായ്‌ക്കനിവോടേ മറിഞ്ഞുവന്നനിശം
ഭക്തരില്‍പ്പതിക്കുന്ന കടക്കണ്ണു തൊഴുന്നേന്‍.
ചെന്തൊണ്ടിപ്പഴംവെന്നോരധരം കൈതൊഴുന്നേന്‍;
ചന്തമോടണിനാവുമിത ഞാന്‍ കൈതൊഴുന്നേന്‍.
… … …
സുരവൃന്ദകിരീടാളീമണിനീരാജിതമായോ-
രരവിന്ദരുചി വെല്ലുമടിയിണ തൊഴുന്നേന്‍.
കടകം തോള്‍വള കാഞ്ചി ചിലമ്പേവം തുടങ്ങി-
യുടലിലങ്ങണിഞ്ഞുള്ളാഭരണങ്ങള്‍ തൊഴുന്നേന്‍.
ഇക്കണ്ട ഭുവനം കാത്തെഴും നാഥേ! തൊഴുന്നേന്‍.
ചൊല്ക്കൊണ്ട തിരുമാന്ധാംകുന്നിലമ്മേ! തൊഴുന്നേന്‍.ˮ

ഈ കീര്‍ത്തനത്തില്‍ പൂന്താനത്തിന്റെ കൃതികള്‍ക്കുള്ള സഹജമായ മാധുര്യം സമഗ്രമായി സ്ഫുരിക്കുന്നില്ലെന്നു പറയേണ്ടതുണ്ടു്.

മറ്റു കീര്‍ത്തനങ്ങള്‍

ചില കീര്‍ത്തനങ്ങളില്‍ നിന്നു ചില വരികള്‍ ഉദ്ധരിക്കുവാന്‍ മാത്രമേ സ്ഥലം അനുവദിക്കുന്നുള്ളു. പ്രായേണ എല്ലാ കീര്‍ത്തനങ്ങളും ശ്രീകൃഷ്ണപരങ്ങളും ഭക്തിരസപ്രധാനങ്ങളുമാകുന്നു.

ആനന്ദനൃത്തം

ʻʻആമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ;
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ;
ഉണ്ണിക്കുപേരുണ്ണിക്കൃഷ്ണനെന്നങ്ങനെ;
ഉണ്ണിവയറ്റത്തു ചേറുമുണ്ടങ്ങനെ;
ഉണ്ണിക്കൈ രണ്ടിലും വെണ്ണയുണ്ടങ്ങനെ;
ഉണ്ണിക്കാല്‍കൊണ്ടൊരു നൃത്തമുണ്ടങ്ങനെ;
ഉണ്ണിത്തളകള്‍ ചിലമ്പുമുണ്ടങ്ങനെ;
ഉണ്ണിക്കാല്‍ രണ്ടും തുടുതുടയങ്ങനെ;
ഉണ്ണിയരയിലെക്കിങ്ങിണിയങ്ങനെ;
ചങ്ങാതിയായിട്ടൊരേട്ടനുണ്ടങ്ങനെ:
… … …
സൂത്രങ്ങള്‍ ചോടു പിഴയാതെയങ്ങനെ;
നേത്രങ്ങള്‍കൊണ്ടുള്ളഭിനയമങ്ങനെ;
കണ്ണിന്നു കൗതുകം തോന്നുമാറങ്ങനെ;
കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ;
തിത്തിത്തയെന്നുള്ള നൃത്തങ്ങളങ്ങനെ;
തൃക്കാല്‍ച്ചിലമ്പൊലിയൊച്ചപൂണ്ടങ്ങനെ;
മഞ്ഞപ്പൂവാട ഞെറിവിറച്ചങ്ങനെ;
കില്‌കിലയെന്നരഞ്ഞാണങ്ങളങ്ങനെ;
മുത്തണിമാലകളാടുമാറങ്ങനെ;
തൃക്കൈകള്‍ രണ്ടുമഭിനയിച്ചങ്ങനെ;
ഓമല്‍ത്തിരുമെയ്യുലയുമാറങ്ങനെ;
കുണ്ഡലമാടും കവിള്‍ത്തടമങ്ങനെ;
തൂമധുവോലുന്ന വായ്‌ത്താളമങ്ങനെ;
തൂവിയര്‍പ്പേറ്റോരു നാസികയങ്ങനെ;
മാണിക്കക്കണ്ണു മഴറ്റിക്കൊണ്ടങ്ങനെ;
മുത്തുക്കുലകളുതിരുമാറങ്ങനെ;
പീലിത്തിരുമുടി കെട്ടഴിഞ്ഞങ്ങനെ;
പിച്ചകത്തൂമലര്‍ തൂകുമാറങ്ങനെ;
ദേവികള്‍ തൂകുന്ന പൂമഴയങ്ങനെ;
ദേവകള്‍ താക്കും പെരുമ്പറയങ്ങനെ;
… … …
ലോകങ്ങളൊക്കെ മറക്കുമാറങ്ങനെ;
ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ;
ചില്‍പ്പുരുഷന്റെ വിലാസങ്ങളങ്ങനെ;
പൊന്മേനിയേറ്റം തെളിയുമാറങ്ങനെ;
ആനന്ദനൃത്തം ജയിക്കുമാറങ്ങനെ;
വാമപുരേശ്വരന്‍ വാഴ്കയെന്നങ്ങനെ;
തല്‍സ്വരൂപം മമ തോന്നുമാറങ്ങനെ;
തല്‍പാദയുഗ്മം നമസ്കരിച്ചീടിനേന്‍.ˮ

ഹരിസ്തോത്രം

ഈ സ്തോത്രത്തിനു നൂറ്റെട്ടു ഹരിയെന്നും പേരുണ്ടു്. നൂറ്റെട്ടു് ഈരടികളില്‍ ഭാഗവതം ദശമസ്കന്ധത്തിലെ കഥ മുഴുവന്‍ ഇതില്‍ സംഗ്രഹിച്ചിരിക്കുന്നു.

ʻʻചേറു പുരണ്ടു ചെറിയോരു പൈതലാ-
യാമ്പാടിതന്നില്‍ വളര്‍ന്നവനേ ഹരി;
ആമ്പാടിതന്നില്‍ വളരുന്ന കാലത്തൊ-
രമ്മപ്പിശാചിനെക്കൊന്നവനേ ഹരി;
കാറ്റായി വന്നോരു മാറ്റാനെയും മറ്റും
ചാടായവനെയുമവ്വണ്ണമേ ഹരി;
ഗര്‍ഗ്ഗമുനി വന്നു പേരിട്ടനന്തര-
മഗ്രജനോടുമായ് വാണവനേ ഹരി;
അമ്മയിരുന്നു തയിര്‍കടഞ്ഞീടുമ്പോ-
ളമ്മിഞ്ഞ കണ്ടു കൊതിച്ചവനേ ഹരി;
തിണ്ണം തയിര്‍പ്പാത്രം പൊട്ടിച്ചവിടുന്നു
വെണ്ണയുംകൊണ്ടോടിപ്പോയവനേ ഹരി;
പാഴുരലേറിയിരുന്നുകൊണ്ടാവോള-
മൂഴത്തില്‍ വെണ്ണ നുകര്‍ന്നവനേ ഹരിˮ

എന്നിങ്ങനെ ആ സ്തോത്രം പുരോഗമനം ചെയ്യുന്നു.

ഈ കീര്‍ത്തനത്തെ അനുകരിച്ചു് അക്കാലത്തുതന്നെ അജ്ഞാതനാമാവായ മറ്റൊരു കവിയും ദശമകഥയെ ആസ്പദമാക്കി ഒരു ഹരിസ്തോത്രം നിര്‍മ്മിച്ചിട്ടുണ്ടു്. അതില്‍ നിന്നു ചില വരികള്‍ താഴെച്ചേര്‍ക്കുന്നു:-

ʻʻഅംബുധിമകള്‍തന്‍ കൊങ്കയുഗം പൂ-
ണ്ടംബുധിയില്‍ക്കുടികൊണ്ടവനേ ഹരി;
പന്നഗനായകതല്പംതന്മേ-
ലുന്നതിചേര്‍ന്നു കിടന്നവനേ ഹരി;
… … …
ദേവകുലത്തിന്‍ വ്യസനം തീര്‍പ്പാന്‍
ദേവകിതന്‍വയര്‍ പുക്കവനേ ഹരി;
ആനകദുന്ദുഭിതാന്‍കാണുമ്മാ-
റാനന്ദേന പിറന്നവനേ ഹരി;
നീലപയോധര നീലിമ കവരും
പേലവകാന്തി ധരിച്ചവനേ ഹരി;
കചഭരമൊരുമിച്ചഴകൊടു കെട്ടി-
ക്കനകകിരീടം ചേര്‍ത്തവനേ ഹരി;
അളികള്‍ വണങ്ങിന്റളകം ചേര്‍ന്നെഴു-
മളികംകൊണ്ടു നിറന്നവനേ ഹരി;
ചില്ലീചലനംകൊണ്ടേ മുപ്പാ-
രഴകൊടു കാത്തുമഴിപ്പവനേ ഹരി;
… … …
ശുദ്ധപരാത്മകബോധം തെളിവോ-
ടുദ്ധവരോടറിയിച്ചവനേ ഹരി;
അന്‍പൊടു മുന്നെപ്പോലേതന്നേ-
യുംബുധിമധ്യം പുക്കവനേ ഹരി;
നിര്‍മ്മലനേ ഹരി നിശ്ചലനേ ഹരി;
നിര്‍ഗ്ഗുണനേ ഹരി നിഷ്കളനേ ഹരി!
നിഷ്ക്രിയനേ ഹരി നിര്‍ജ്ജരനേ ഹരി;
നിസ്സൃതനേ ഹരി നിരുപമനേ ഹരി.ˮ

ഇതില്‍ കൃഷ്ണഗാഥയിലെ മധുരമായ ʻമറപൊരുളായി മറഞ്ഞവനേ ഹരിʼ എന്ന സ്തോത്രത്തിന്റെ അനുനാദമാണു് നാം കേള്‍ക്കുന്നതു്.

ബാലകൃഷ്ണസ്തോത്രം

ʻʻചാഞ്ചാടും പൈതല്‍ കളിച്ചിടും-നല്ല
പൂഞ്ചായലാടുമാറാടിടും.

(കൃഷ്ണ)

കഞ്ജമലരൊടു നേരിടും-തിരു-
ക്കണ്ണുമഴറ്റിക്കൊണ്ടാടിടും.

(കൃഷ്ണ)

ഓമല്‍ക്കഴുത്തില്‍പ്പുലിനഖം-തങ്ക-
മോതിരം കെട്ടിക്കൊണ്ടാടിടും.

(കൃഷ്ണ)

പൊന്മയകിങ്ങിണിയൊച്ചയും-അയ്യോ
പൊങ്ങുമാറുണ്ണി നിന്നാടിടും.

(കൃഷ്ണ)

മിന്നിടും പൊന്നിന്‍ തള കിലു-കിലു-
മെന്നുമാറുണ്ണി നിന്നാടിടും.

(കൃഷ്ണ)

ഈവണ്ണം വാഴ്ത്തുന്നോര്‍ക്കെല്ലാം-മുമ്പില്‍
തൃക്കാലും വച്ചുകൊണ്ടാടിടും.

(കൃഷ്ണ)

കാണാകേണം സ്തോത്രം

ഇതു ശ്രീകൃഷ്ണനെപ്പറ്റിയുള്ള അതിഹ്രസ്വമായ മറ്റൊരു കേശാദിപാദവര്‍ണ്ണനമാണു്.

ʻʻപച്ചക്കല്ലിന്‍പ്രഭകളെ വെല്ലം തിരുമെയ്‌മുഴുവന്‍ കാണാകേണം
അരുണദിവാകരകോടിസമാനം കനകകിരീടം കാണാകേണം
പരിമളമിയലും പുരികുഴല്‍പേരാമിരുള്‍മുകില്‍നികരം കാണാകേണം
ചടുലതരാളകരാജിതമായൊരു നിടിലതടം മമ കാണാകേണം
മംഗലഭംഗി കലര്‍ന്നു നിറന്നൊരു കുംകുമതിലകം കാണാകേണം
മല്ലീശരകുലവില്ലിനെ വെല്ലും ചില്ലീലതനെറി കാണാകേണം
കൈക്കൊണ്ടീടും കരുണാഭോഗം തൃക്കണ്ണും മമ കാണാകേണം
തിലപുഷ്പശ്രീ തിറ നല്കീടും വിലസന്നാസിക കാണാകേണം
മികവും ശോഭാപൂര്‍ത്തി കലര്‍ന്നൊരു മകരക്കുഴയിണ കാണാകേണം
മരതകവിരചിതദര്‍പ്പണദര്‍പ്പം കവരും കവിളിണ കാണാകേണം
… … …
നാരായണ ജയ! താവകമണിമെയ്‌മനസി സദാ മമ കാണാകേണം
സാക്ഷാലുള്ളൊരു വൈഷ്ണവരൂപം സൂക്ഷ്മംതന്നേ കാണാകേണംˮ

ʻകാണേണമേʼസ്തോത്രം

ഈ സ്തോത്രത്തില്‍ കേശാദിപാദവും പാദാദികേശവും ഘടിപ്പിച്ചിരിക്കുന്നു. തൃച്ചെമ്മരത്തു കൃഷ്ണനെപ്പറ്റിയാണു് ഇതു രചിച്ചതു്.

ʻʻഎന്നുണ്ണിക്കൃഷ്ണനെക്കണ്ണിലാമ്മാറു ഞാന്‍
കാണുന്നനാളിലീവണ്ണം കാണേണമേ.
പിച്ചകം മുല്ല ചേമന്തിക ചെമ്പകം
തെച്ചി മന്താരവും ചൂടിക്കാണേണമേ.
കൂരിരുള്‍പ്പൈതലോടൊത്തു മേവീടിന
നേരിയോരക്കുരുളൊത്തു കാണേണമേ.
പഞ്ചമിച്ചന്ദ്രനോടൊത്ത നെറ്റിത്തടം
ചഞ്ചലം വേര്‍പെടുത്തീട്ടു കാണേണമേ.
ആക്കമേറും കുറിയും തിലകങ്ങളും
നോക്കുമന്നേരമന്നേരം കാണേണമേ.
മന്മഥന്‍വില്ലിന്നു തണ്മ നിര്‍മ്മിച്ചെഴും
നിര്‍മ്മലമാം കുനുചില്ലി കാണേണമേ.
… … …
എത്രനാളുണ്ടു പാര്‍ക്കുന്നു കണ്ടീടുവാ-
നിത്തൃണത്തെല്ലൊളം കണ്ടതില്ലേതുമേ.
ദൂഷണം പാരമുണ്ടായ്‌വരും കേശവ!
കേഴുമാറെന്നെ നീയാക്കൊലായെന്നുമേ.
പെറ്റ നാളേ മറന്നീടിനേനമ്മയും
ചുറ്റുമാരോടുമൊട്ടേറെ വേണ്ടീലതും
കച്ചതൊപ്പാരവും കത്തികണ്ണാടിയും
പത്തിരം മുത്തുകൈക്കോപ്പു കൈക്കാണവും
ചേര്‍ത്ത പത്തായവും മഞ്ചലും ചെല്ലവും
കറ്റുതൊമ്മോടു നല്ലില്ലവും വെല്ലവും
വിത്തു നല്ലോടു നല്ലാളടിയാരിലും
പുത്രരിലും മുഴുത്തീടിനോരാശയും
വല്ല നല്ലാരോടുമുള്ള സാരസ്യവും
നല്ല പാട്ടും കളി ചിന്തുരാഗങ്ങളും
അണ്ണനും തമ്പിയും മാതുലന്മാരിലും
പിന്നെയിച്ചൊന്നതില്‍ച്ചേര്‍ന്നീല മാനസം.
… … …
മറ്റേതുമേ ചെറ്റു വേണ്ടീലപോലിനി-
ക്കുറ്റം പിഴയ്‌പാന്‍ തുടങ്ങുന്ന കാലത്തു
കേള്‍ക്കായ്‌വരേണമേ കര്‍ണ്ണത്തില്‍ നിന്നുടെ
തൃക്കാല്‍ച്ചിലമ്പൊലി തൃച്ചെമ്മരം വാഴു-
മെന്നുണ്ണിക്കൃഷ്ണാ! നമസ്തേ നമോസ്തു തേ!
എന്നുണ്ണിക്കൃഷ്ണാ! നമസ്തേ നമോസ്തു തേ!ˮ

ജയകൃഷ്ണസ്തോത്രം

ʻʻകണ്ണന്റെകളിയുണ്ടു കളവുണ്ടു കനിവുണ്ടു;
ഉണ്ണികള്‍ പലതുണ്ടു, ജയ കൃഷ്ണ ശരണമേ.
കാല്‍ചിലമ്പൊലിയുണ്ടു, കളകളച്ചിരിയുണ്ടു;
കാച്ചപാല്‍ക്കൊതിയുണ്ടു, ജയ കൃഷ്ണ ശരണമേ.
കിങ്ങിണി കിലുങ്ങുന്നു, തിരുമേനി തെളിയുന്നു;
അംഗജന്‍ മയങ്ങുന്നു, ജയ കൃഷ്ണ ശരണമേ.
കീര്‍ത്തികള്‍ പുകഴുന്നു, കീഴ്‌മേലൊന്നിളകുന്നു;
കിന്നരന്മാര്‍ നിറയുന്നു, ജയ കൃഷ്ണ ശരണമേ.
കണ്ഡലം കുലുങ്ങുന്നു, കുനുചില്ലി കുലയുന്നു;
കുംകുമം കുമറുന്നു, ജയ കൃഷ്ണ ശരണമേ.
കൂട്ടമിട്ടു കളിക്കുന്നു, കുതംകൊണ്ടു വിളിക്കുന്നു;
കൂത്താട്ടം തുടങ്ങുന്നു, ജയ കൃഷ്ണ ശരണമേ.ˮ

എന്നിങ്ങനെ ക മുതല്‍ കഃ വരെയുള്ള അക്ഷരങ്ങള്‍ ഈരടികളുടെ ആദ്യത്തില്‍ ചേര്‍ത്തു നിബന്ധിച്ചിട്ടുള്ളതാണു് ഈ കൃതി.

ʻദൈവമേʼസ്തോത്രം

ഇതിന്റെ ഈരടികളില്‍ അ മുതല്‍ ഔ വരെയുള്ള അക്ഷരങ്ങള്‍ അനുക്രമമായി ഘടിപ്പിച്ചിരിക്കുന്നു:

ʻʻഅടിയങ്ങളിതാ വിടകൊള്ളുന്നുതേ;
ആകാശംപോലെ നിറഞ്ഞ ദൈവമേ,
ഇന്ദുശേഖരന്‍ തൊഴുത ദൈവമേ,
ഈരേഴുലോകമുടയ ദൈവമേ!
… … …
അടിമലരൊടു ചേര്‍ക്ക ദൈവമേ,
വാമഗേഹേശ മുകുന്ദ ഗോവിന്ദ.
അടിയങ്ങളിതാ വിടകൊള്ളുന്നുതേ.ˮ

രണ്ടു ദശാവതാരസ്തോത്രങ്ങള്‍

ഇവയില്‍ ആദ്യത്തേതു കീര്‍ത്തിമംഗലത്തു കൃഷ്ണനെപ്പറ്റിയാണു്. കീര്‍ത്തിമംഗലം എവിടെയാണെന്നറിയുന്നില്ല. മറ്റേ സ്തോത്രത്തില്‍ സ്ഥലനിര്‍ദ്ദേശമില്ല.

ʻʻഗോവിന്ദാ ഹരിഗോവിന്ദാ യമരാജഭീതി വരുന്നനാള്‍
പാഹി മാമുരഗേശതല്പശയാന നീ ഹരിഗോവിന്ദ.
മല്ലവാര്‍മുലയുണ്ടു പൂതനതന്നെ മന്നിലുലച്ചതും
മല്ലരെക്കൊലചെയ്ത ബാലനും നീയല്ലോ ഹരിഗോവിന്ദ.
… … …
മീനകേതനവീരചാരുപിതാവുമാദരവോടു പോയ്
മീനതായ്‌മറ വീണ്ട നാഥനും നീയല്ലോ ഹരിഗോവിന്ദ.
മുപ്പുരം പൊരിചെയ്ത ബാണവുമത്ഭുതം തിരയാഴിയില്‍
ചൊല്പെറും മല താങ്ങുമാമയും നീയല്ലോ ഹരിഗോവിന്ദ.
മൂര്‍ത്തിമൂവരിലൊന്നുമത്രിദശാരിതന്നുടല്‍ തേറ്റയാല്‍
മൂര്‍ന്നു ഭൂമിയെ വീണ്ട പന്നിയും നീയല്ലോ ഹരിഗോവിന്ദ.ˮ

കൃഷ്ണ രാമ മുകുന്ദ മുരാന്തക!
വിശ്വരൂപ ധരാധരനേ ജയ.
വൃഷ്ണിപുംഗവ മംഗലരൂപനേ!
ജിഷ്ണുസേവ്യനേ മുക്തിദനേ ജയ.
പണ്ടു വേദങ്ങള്‍ നാലിനേയും കട്ടു-
കൊണ്ടുപോയുള്ള നാളൊരു മത്സ്യമായ്
കണ്ടു ചെന്നവ വീണ്ടുകൊണ്ടണ്ണലെ-
ക്കാണുന്നു പുനരെന്നൊരു നാളില്‍ ഞാന്‍?
… … …
പോത്തുമേറി വന്നന്തകദൂതന്മാ-
രാര്‍ത്തടിച്ചു പിടിച്ചങ്ങിഴയ്ക്കുമ്പോള്‍
പേര്‍ത്തു മാനസേ കാര്‍മുകില്‍ വര്‍ണ്ണരെ-
ക്കാണുന്നു പുനരെന്നൊരു നാളില്‍ ഞാന്‍?ˮ
ഇപ്പിറപ്പിലുമെപ്പിറപ്പിങ്കലു-
മിപ്പദാംബുജമെപ്പേരുമെന്നുള്ളില്‍
ഇപ്പടിയെന്നുരപ്പതിന്നുന്നുവാന്‍
കാണുന്നു പുനരെന്നൊരു നാളില്‍ ഞാന്‍ˮ

മുകുന്ദസ്തോത്രം

ʻʻകണ്ണാ കടല്‍വര്‍ണ്ണാ കനിവേറും മുകില്‍വര്‍ണ്ണാ
കല്‌മഷമകല്‌വാന്‍ വഴി നല്കീടു മുകുന്ദ;
കാര്‍മേഘവും കായാമ്പും പോയ്‌നാണീടുന്ന പൂമെയ്
കാണേണമതിന്നായിത കൂപ്പുന്നു മുകുന്ദ!
… … …
വാമാലയവാസാ! തവ നാമാമൃതമിനിയും
പ്രേമാതുരഹൃദയേ വരമരുളീടു മുകുന്ദ!ˮ

മൂലതത്ത്വം

ʻʻദുഃഖമൊടുക്കുന്ന തമ്പുരാനേ കൃഷ്ണ; തൃക്കഴല്‍ ഞാനിതാ കുമ്പിടുന്നേന്‍
ദുഃഖമെടുത്തതിനെന്തേ മൂലം കൃഷ്ണ! ദുഃഖമെടുത്തതു ജന്മമൂലം
ജന്മമെടുത്തതിനെന്തേ മൂലം കൃഷ്ണ! ജന്മമെടുത്തതു കര്‍മ്മമൂലം
കര്‍മ്മമെടുത്തതിനെന്തേ മൂലം കൃഷ്ണ! കര്‍മ്മമെടുത്തതു രാഗമൂലം
രാഗമെടുത്തതിനെന്തേ മൂലം കൃഷ്ണ! രാഗമെടുത്തതു മാനമൂലം
മാനമെടുത്തതിനെന്തേ മൂലം കൃഷ്ണ! തന്നെ നിനയായ്ക മാനമൂലം
തന്നെ നിനയായ്‌വാനെന്തേ മൂലം കൃഷ്ണ! അജ്ഞാനമൊന്നവിവേകമൂലം.
… … …
സജ്ജനസംഗതിക്കെന്തു മൂലം കൃഷ്ണ! വാമപുരേശനെസ്സേവ ചെയ്‌വൂ
വാമഗേഹാധിപ വാസുദേവ കൃഷ്ണ! ബാലഗോപാലക പാലയ മാം.ˮ

ഇനി ചില വേദാന്തപരങ്ങളായ ഗാനങ്ങളെപ്പറ്റി പ്രസ്താവിക്കാം. അവയില്‍ പലതും തമിഴിലാണു് രചിച്ചു കാണുന്നതു്. പൂന്താനത്തിനു് തമിഴിലുള്ള വേദാന്തഗാനങ്ങളില്‍ അവഗാഹവും ആ ഭാഷയില്‍ സാമാന്യപരിചയവുമുണ്ടായിരുന്നു എന്നു പ്രസ്തുതഗാനങ്ങള്‍ തെളിയിക്കുന്നു.

പരമാത്മബോധകീര്‍ത്തനം (തമിഴ്)

ʻʻവാസുദേവ വാസുദേവ വാസുദേവ വാസുദേവ!
വാമപുരാധീശ ജഗന്നാഥ വിഭോ വാസുദേവ!
ആദിയിലേ അദ്വിതീയമാനതൊരു ചിത്തിരുന്തു;
യോഗമുള്ള യോഗികള്‍ക്കു യോഗമറ്റ ചിത്തിരുന്തു.

(വാസു)

വാദമുള്ള വാദികള്‍ക്കു വാദമറ്റ ചിത്തിരുന്തു;
ജ്ഞാനമുള്ള ജ്ഞാനികള്‍ക്കു ജ്ഞാനമറ്റ ചിത്തിരുന്തു.

(വാസു)

കര്‍മ്മമുള്ള കര്‍മ്മകള്‍ക്കു കര്‍മ്മമറ്റ ചിത്തിരുന്തു.
മോഹമുള്ള മോഹികള്‍ക്കു മോഹമറ്റ ചിത്തിരുന്തു.

(വാസു)

… … …
രജ്ജുവിലേ പന്നഗംപോല്‍ വിശ്വമെന്നോ ശാത്തിരങ്കള്‍
ശുക്തിയിലേ രജതം പോല്‍ വിശ്വമെന്നോ ശാത്തിരങ്കള്‍
ദര്‍പ്പണത്തില്‍ പ്രതിമുഖംപോല്‍ വിശ്വമെന്നോ ശാത്തിരങ്കള്‍
അഭ്രവര്‍ണ്ണമെന്നപോലെ വിശ്വമെന്നോ ശാത്തിരങ്കള്‍.ˮ

വാസുദേവകീര്‍ത്തനം (തമിഴ്)

ʻʻകൃഷ്ണ രാമ നാരായണ വാസുദേവ! സ്വാമീ!
പത്മനാഭ ദാമോദര വാസുദേവ!
… … …
മര്‍ത്ത്യരൂപമെടുത്തയ്യോ തളര്‍ന്തേനേ - സ്വാമീ!
മത്സ്യവേഷം തരിത്തോനേ! വാസുദേവ!
നാമരൂപങ്കളെപ്പാര്‍ത്തു മകിഴ്‌ന്തേനേ - സ്വാമീ!
കൂര്‍മ്മരൂപം തരിത്തോനേ! വാസുദേവ!
സാഗരത്തിന്‍നടുവിലേ മറിന്തേനേ - സ്വാമീ!
സൂകരമായുദിത്തോനേ! വാസുദേവ!
ദേഹമോഹമതിനാലേയുഴന്തേനേ - സ്വാമീ!
സിംഹരൂപം തരിത്തോനേ! വാസുദേവ!
കാമനയാലാത്മതത്വം മറന്തേനേ - സ്വാമീ!
വാമനനായ്പ്പിറന്തോനേ! വാസുദേവ!
… … …
സര്‍വവുമുന്‍കൃപയാലേ വരവേണം - സ്വാമീ!
വാമപുരം വിളങ്കീടും വാസുദേവ!ˮ

വേദാന്തകീര്‍ത്തനം (തമിഴ്)

ʻʻകണ്ണനുണ്ണികളികളെപ്പാരും – രാമ രാമാ
കണ്ണിനു കൌതുകം മറ്റു പോരും.
കാണണമെന്നാശയാലേ പാരും – രാമ രാമാ
കാണവും തോട്ടവുമിനിപ്പോരും.
… … …
വാമഗേഹനാഥനേ നീ പാരും–രാമ രാമാ
കാമമാര്‍ഗ്ഗഭ്രമമെല്ലാം പോരും.ˮ

മേല്‍ ഉദ്ധരിച്ച ഭാഷാകൃതികളില്‍നിന്നു പൂന്താനത്തിനു ഭാഷാസാഹിത്യകാരന്മാരുടെ ഇടയിലുള്ള സ്ഥാനമെന്തെന്നു വിശദമാകുന്നതാണു്. മേല്പുത്തൂരും പൂന്താനവും സമകാലികന്മാരും സുഹൃത്തുക്കളുമായിരുന്നു എന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മേല്പുത്തൂര്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പറക്കുന്ന ഒരു ഗരുഡനാണു്. പൂന്താനം ചെറിയ വൃക്ഷശാഖകളില്‍ പാറിപ്പറക്കുന്ന ഒരു പഞ്ചവര്‍ണ്ണക്കിളിയാണു്. ഒന്നു് ഒരു ഭാസുരമായജ്യോതിര്‍ഗ്ഗോളം; മറ്റൊന്നു് ഒരു സുരഭിലമായ പേലവസുമം. ഒന്നിന്റെ സൂക്തി പടഹധ്വനി; മറ്റേതിന്റേതു വീണാക്വാണം. നാരായണീയത്തിലെ ʻസാന്ദ്രാനന്ദാവബോധാത്മകാʼദി ഗംഭീരപദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പണ്ഡിതന്മാര്‍ക്കുണ്ടാകുന്ന രോമാഞ്ചവും വികാരതാരള്യവും ʻʻപത്മനാഭ പരാപരേശ്വര പങ്കജാക്ഷ നമോസ്തു തേ പശുപയുവതിഭിരമിതവിഹൃതിഭിരന്വിതായ നമോസ്തുതേˮ എന്നും, ʻʻആമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ; ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെˮ എന്നും മറ്റുമുള്ള കീര്‍ത്തനങ്ങള്‍ കേള്‍ക്കുമ്പോള്‍ പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ഉണ്ടാകുന്നു. പൂന്താനത്തിനു വലിയ കല്പനകളില്ല; അര്‍ത്ഥാലങ്കാരങ്ങളില്ല; രചനയില്‍പ്പോലും പറയത്തക്കനിഷ്കര്‍ഷയില്ല. എങ്കിലും അദ്ദേഹത്തിന്റെ പരിശുദ്ധമായ ഭക്തിമന്ദാകിനിയുടെ പ്രസന്നപ്രവാഹത്തില്‍ സകലവൈകല്യങ്ങളും മറഞ്ഞുപോകുന്നു. കറകളഞ്ഞ തനിമലയാളത്തിന്റെ മര്‍മ്മം കണ്ട പഴയ മഹാകവികള്‍ എന്റെ അനുഭവത്തില്‍ മൂന്നേ മൂന്നു പേര്‍ മാത്രമാണു്. (1) കൃഷ്ണഗാഥാകാരന്‍, (2) പൂന്താനം, (3) കുഞ്ചന്‍നമ്പ്യാര്‍. ʻവാരിജലോചന തൃക്കൈ പിടിപ്പോളം വാരിയവിലരിയുണ്ടവനേ ഹരി,ʼ ʻതൊണ്ടിയെക്കൊണ്ടുപോയ്ക്കുണ്ടനാടിച്ചുടനിണ്ടലാക്കുന്ന നിന്‍ വായും കാണേണമേʼ ʻകാലപാശങ്ങളാല്‍ക്കെട്ടിയുലയ്ക്കുമ്പോള്‍ കാലനെക്കോലുകൊണ്ടൊന്നു തല്ലേണമേʼ തുടങ്ങിയ വരികളുടെ ആസ്വാദ്യത അന്യാദൃശം തന്നെ. ചുരുക്കത്തില്‍ പറയുകയാണെങ്കില്‍ ഭാഷയ്ക്കു തികച്ചും അഭിമാനംകൊള്ളാവുന്ന ഒരു അഭിവന്ദ്യകവീശ്വരന്‍ തന്നെയാണു് പരമഭാഗവതനായ പൂന്താനം.

സഭാപ്രവേശം പാന

ഇതും പൂന്താനത്തിന്റെ കൃതിതന്നെയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ʻʻമാളികമീതെ മേവുന്ന മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ʼʼ, ʻʻരണ്ടുനാലു ദിനംകൊണ്ടൊരുത്തനെത്തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ʼʼ എന്നീ വരികള്‍ ഈ ഗ്രന്ഥത്തിലും കാണ്‍മാനുണ്ടു്. കവിത ഏറ്റവും ഹൃദ്യമായിരിക്കുന്നു.

ʻʻഅര്‍ക്കചന്ദ്രന്മാരാകാശം ഭൂമിയു-
മഗ്നിദേവനുമംഭസ്സും വായുവും
അഗ്നിഹോത്രിയുംകൂടിശ്ശരീരിയാ-
മഷ്ടമൂര്‍ത്തിയെക്കൈതൊഴുന്നേനഹംˮ
ʻʻഎന്നുടെ ഗുരു വിപ്രകുലോത്തമ-
നെന്നുടെ മനതാരില്‍ വിളങ്ങണംˮ

എന്നിങ്ങനെയാണു് കാവ്യം ആരംഭിക്കുന്നതു്. ഇന്ദ്രപ്രസ്ഥത്തില്‍ ചെന്നുചേര്‍ന്ന ശ്രീകൃഷ്ണനെ യുധിഷ്ഠിരന്‍ താഴെക്കാണുന്ന വിധത്തില്‍ സ്തോത്രം ചെയ്യുന്നു:

ʻʻകൃഷ്ണ കൃഷ്ണ മുകുന്ദ മുരാന്തക
വൃഷ്ണിപുംഗവ വിശ്വജനേശ്വര
അച്യുതാനന്ദ ഗോവിന്ദ ഗോപാല
സച്ചിദാനന്ദമൂര്‍ത്തേ നമോസ്തു തേ.
ലോകമൊക്കെയും നിര്‍മ്മിച്ചതും ഭവാന്‍
ലോകനായകനാകുന്നതും ഭവാന്‍.
ലോകരക്ഷണം ചെയ്യുന്നതും ഭവാന്‍
ലോകസംഹാരിയാകുന്നതും ഭവാന്‍.
മീനരൂപത്തെക്കൈക്കൊണ്ടു പണ്ടൊരു
ദാനവനെക്കൊലചെയ്തതും ഭവാന്‍.
… … …
പണ്ടുപണ്ടുള്ള നാടും നഗരവും
കൊണ്ടുപോയി മറിക്കുന്നതും ഭവാന്‍.
മാളികമീതേ മേവുന്ന മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.
ഞനെന്നുള്ളൊരു ഭാവം നടിപ്പിച്ചു
മാനുഷരെ വലയ്ക്കുന്നതും ഭവാന്‍.
ജ്ഞാനമാര്‍ഗ്ഗത്തെ ദാനവും ചെയ്തുട-
നാനന്ദത്തെ വരുത്തുന്നതും ഭവാന്‍.
രണ്ടുനാലുദിനംകൊണ്ടൊരുത്തനെ-
ത്തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍.
കള്ളപ്പുഞ്ചിരി തൂകുന്ന നാരിയെ
വള്ളികെട്ടി വലിക്കുന്നതും ഭവാന്‍.
ഉള്ള കാലം ജനങ്ങള്‍ക്കിതിങ്ങനെ
ഉള്ളിലാധി വളര്‍ത്തുന്നതും ഭവാന്‍.
അഞ്ജനക്കണ്ണിലര്‍ത്ഥം വിളയുന്ന
മഞ്ജുളവാണിമാരെക്കൊണ്ടങ്ങനെ
ശിഷ്ടന്മാര്‍ക്കും പ്രഭുക്കള്‍ക്കുമൊക്കവേ
നഷ്ടദാരിദ്ര്യമാക്കുന്നതും ഭവാന്‍.
ഇഷ്ടദാനത്തെച്ചെയ്യുന്നതും ഭവാന്‍
വൃഷ്ടിപുഷ്ടി വളര്‍ത്തുന്നതും ഭവാന്‍.
സ്നേഹിയായതും സ്നേഹങ്ങളായതും
ദ്രോഹിയായതും ദ്രോഹങ്ങളായതും
ഗര്‍വിയായതും ഗര്‍വങ്ങളായതും
സര്‍വമായതും നീയത്രേ ഗോവിന്ദ.ˮ

വഴിപോക്കര്‍ ഇന്ദ്രപ്രസ്ഥത്തിലെ അന്നദാനമഹിമയെപ്പറ്റി ഹസ്തിനപുരത്തില്‍ പോയി വര്‍ണ്ണിക്കുന്ന ഭാഗത്തിനു വളരെ തന്മയത്വമുണ്ടു്. ʻʻഅപ്പമുണ്ടങ്ങടയുണ്ടവിലുണ്ടു്; അപ്പോള്‍ത്തന്നെ വറുത്ത മലരുണ്ടു്ˮ മുതലായ വരികള്‍ ആ ഘട്ടത്തിലുള്ളവയാണു്.

ʻʻആണ്ടിയാട്ടം കുഴല്‍വിളി മദ്ദളം
പാണ്ടിമേളവും പാട്ടും കളികളും
ചെണ്ട ചേങ്ങലത്താളവും കാളവു-
മുണ്ടൊരേടത്തു നിത്യമഹോത്സവം.
ഏണനേര്‍മിഴിമാരുടെ ഗാനവും
വേണുനാദവും വീണാവിനോദവും
അമ്മാനാട്ടവുമായുധവിദ്യയും
നന്മ നല്ല തിമിലപ്രയോഗവും
നോക്കുവിദ്യയും ചെപ്പടിവിദ്യയും
ചാക്കിയാരുടെ കൂടിയാട്ടങ്ങളും
നായകനും വിദൂഷകനുംകൂടീ-
ട്ടായവണ്ണം പ്രയോഗം തുടങ്ങിനാര്‍.
കൂടെക്കൂടെപ്പകര്‍ന്നു പകര്‍ന്നോരോ
പാഠകന്മാരെക്കാണാമരങ്ങത്തു്ˮ

എന്നും മറ്റും പ്രസ്തുതര്‍ണ്ണനം തുടര്‍ന്നുപോകുന്നു. അതെല്ലാം കേള്‍ക്കുമ്പോള്‍ ദുര്യോധനനുണ്ടാകുന്ന കോപത്തിനതിരില്ലെന്നു പറയേണ്ടതില്ലല്ലോ.

ʻʻഅഷ്ടിമാത്രം ലഭിക്കകൊണ്ടോരോരോ
യഷ്ടിതങ്ങള്‍ പറയുന്നു പാന്ഥന്മാര്‍.
ഊട്ടു നന്നുപോലുപ്പേരി നന്നുപോ-
ലാട്ടമുണ്ടുപോലത്താഴമുണ്ടുപോല്‍
ചേഷ്ടകള്‍ക്കൊരു വാലും തലയില്ലˮ

എന്നിത്തരത്തിലാണു് ആ അസൂയാലു കര്‍ണ്ണനോടും ശകുനിയോടും അക്കാര്യം പറഞ്ഞു കേള്‍പ്പിക്കുന്നതു്. ഒടുവില്‍ കവി ʻʻഭീമസേനന്‍ ചിരിച്ചതു കാരണം സോമവംശകലഹം ബലപ്പെട്ടുˮ എന്നു മഹാഭാരതകഥയുടെ മര്‍മ്മം നമുക്കു കാണിച്ചുതരുന്നു. പ്രസ്തുത കൃതിക്കു് അത്താഴപ്പാന എന്നും പേരുണ്ടു്.

കനകകിരീടം പാട്ടു് (വടക്കന്‍)

വടക്കേ മലയാളത്തില്‍ സുപ്രസിദ്ധമായ തൃച്ചെമ്മരത്തു ബാലകൃഷ്ണക്ഷേത്രത്തിനു സമീപമായി പൂക്കോത്തുനട എന്നൊരു രാജവീഥിയുണ്ടു്. ആണ്ടുതോറും കുംഭമാസത്തില്‍ ആഘോഷിക്കുന്ന തൃച്ചെമ്മരത്തുത്സവം സംബന്ധിച്ചു് അവിടുത്തെ ബാലകൃഷ്ണവിഗ്രഹവും അതിനടുത്തുള്ള മഴുവൂര്‍ ക്ഷേത്രത്തിലെ ബലഭദ്രവിഗ്രഹവും പൂക്കോത്തുനടയില്‍ എഴുന്നള്ളിച്ച് അര്‍ദ്ധരാത്രിക്കു ശേഷം നൃത്തംവയ്ക്കുന്ന പതിവു് ഇന്നും അഭംഗുരമായി നടന്നുവരുന്നു, കനകകിരീടം പാട്ടിലെ വിഷയം രാസക്രീഡയാകുന്നു. രാസക്രീഡാനന്തരം ബാലകൃഷ്ണന്‍ തൃച്ചെമ്മരത്തേക്കു പോകുന്നതായി കവി നിര്‍ദ്ദേശിക്കുന്നു.

ʻʻഈവണ്ണം കളിച്ചങ്ങു തൃച്ചെമ്മരത്തു പുക്ക
ചെന്താമരക്കണ്ണാ! ഞാന്‍ കൈതൊഴുന്നേന്‍.
കുംഭമാസംതോറും ബലഭദ്രരോടുകൂടെ-
പ്പൂക്കോത്തേ നടയിലെഴുന്നള്ളേണം.ˮ

എന്നുള്ള പ്രസ്താവന നോക്കുക. കവിതയ്ക്കു കനകകിരീടമെന്ന പേര്‍ വന്നതു്

ʻʻകനകകിരീടത്തിന്മേല്‍പ്പീലിപ്പൂഞ്ചായല്‍ചാര്‍ത്തി
നെറ്റിമേല്‍ കസ്‌തൂരീകളഭം ചാര്‍ത്തിˮ

എന്നിങ്ങനെ അതു് ആരംഭിക്കുന്നതുകൊണ്ടാകുന്നു. ചില വരികള്‍ വായനക്കാര്‍ നോക്കുവിന്‍:

ʻʻപന്തണിമുലമാരെ വട്ടംതിരിച്ചു നിര്‍ത്തി
വാട്ടംവരാതെ നിന്നു താന്‍ നടുവില്‍.
ചിന്തുകള്‍ പാടിക്കൊണ്ടു പന്തണിമുലമാരും
പാണിതലവും കൊട്ടിക്കളിച്ചീടുന്നു
കണ്ടാലോ പരിമളംകൊണ്ടു വിലസും പൂവില്‍
വണ്ടുകള്‍ ചുഴലെനിന്നാടുംപോലെ;
ആമോദംപൂണ്ടു മല്ലികപ്പൂഞ്ചോലയില്‍ മേവും
പൈങ്കിളിക്കൂട്ടമൊന്നായ്പ്പാടുംപോലെ.
കൊങ്കകളിളകാതെ, തരിവള കിലുങ്ങാതെ,
കാര്‍കൂന്തല്‍ കെട്ടഴിഞ്ഞിഴഞ്ഞീടാതെ;
താലികളിളകാതെ, മാലകള്‍ പിണയാതെ,
ചേലകളൊട്ടഴിഞ്ഞിഴഞ്ഞീടാതെ.
കൊങ്കകളിളകുന്നു, തരിവള കിലുങ്ങുന്നു,
കാര്‍കൂന്തല്‍ക്കെട്ടുമഴിഞ്ഞീടുന്നുണ്ടേ;
താലികളിളകുന്നു, മാലകള്‍ പിണയുന്നു,
ചേലകളുമൊട്ടഴിഞ്ഞീടുന്നുണ്ടേ!
ചരണവും ചരണവും തങ്ങളിലിടയുന്നു;
തുടകൊണ്ടു തുടയുമിടഞ്ഞീടുന്നു.
കരംകൊണ്ടു കരംകൊട്ടി മുഖത്തോടു മുഖം ചേര്‍ത്തു
ശിരസ്സു കുലുക്കിക്കൊണ്ടു ഭംഗിയോടേ
ഈവണ്ണം കളിക്കുന്നു; ഈവണ്ണം കളിക്കുന്നു;
ഈവണ്ണം കളിക്കുന്നു മങ്കമാരും.ˮ

കനകകിരീടം (തെക്കന്‍)

ഇതു ശ്രീകൃഷ്ണപരമായ ഒരു സ്തോത്രമാണു്.

ʻʻകനകകിരീടം കാരുണ്യാമൃത-
ലോചനയുഗളം കുന്തളഭരവും
മകരക്കാതില നാസാപുടവും
മന്ദസ്മിതരുചി കാണാകേണം.
ഗളതലവിലസിതതുളസീദളവും
ജലധരനിറമാം തിരുമെയ്‌വടിവും
തൃക്കരതാരില്‍ വിളങ്ങിന ശംഖഗ-
ദാരിസരോജം കാണാകേണം.ˮ

മറ്റു ചില സ്തോത്രങ്ങള്‍

അടിയില്‍ കാണുന്ന സ്തുതികളില്‍ ചിലതെല്ലാം ഒമ്പതാം ശതകത്തിലെ കൃതികളാകാനുമിടയുണ്ടു്. ഓരോന്നിന്റെയും കാലഘട്ടം വേര്‍തിരിക്കുവാന്‍ വിഷമമായിരിക്കുന്നു. അവയില്‍നിന്നുകൂടി ചില വരികള്‍ പ്രദര്‍ശിപ്പിക്കാം.

വിഷ്‌ണുസ്തുതി

ʻʻനാരായണാ നമ നാരായണ ഇതി
നാവേ ചൊല്ലു നല്ല തിരുനാമം.
ആളാര്‍മണികുഴലൂതീടിന പര-
നാനായനേ നിന മനമേ നീ.
നാനാമുനിജനഹൃദയേ വിലസിന
നാരായണപദമദ്വൈതം.
കാളാഞ്ജനനിറമുടയോരമൃതിനെ
കാണാംവണ്ണം നിന മനമേ നീ.
താപം വളരിലുമൊഴികിലുമവരവര്‍
താനെന്നൊരു കഥ നിനയാതേ
തായാരുരലൊടു തടവീടിന പര-
മാനായനെ നിന മനമേ നീ.
വേണ്ടാതോ വ്യസനക്കഥ ചൊല്ലി
[2]വിയനായ്‌വലഞ്ഞു നിന്നുഴലാതെ
മീനായ്‌മറകളെ വീണ്ടങ്ങരുളിയ
മിടമന്‍തന്നേ നിന മനമേ നീ.
… … …
അക്കയല്‍മിഴിമാരത്ഭുതനില ക-
ണ്ടംഗജവ്യഥപൂണ്ടുഴലാതേ
കല്ക്കിതന്നുരുവം കാരണര്‍ചരിതം
കനിവൊടു നിയതം നിന മനമേ നീ.
അമ്പിളിമുഖിമാര്‍മുറുവല്‍പ്രഭ ക-
ണ്ടലര്‍ചരതുയര്‍ പൂണ്ടുഴലാതേ
അംബുധിമകള്‍മുലകള്‍ക്കണിപൂണ്‍പാ-
മംബുജനയനനെ നിന മനമേ നീ.ˮ

ഗണപതിസ്തോത്രം

ʻʻപുരഹരന്‍മുടിജടയിലെഗ്ഗംഗ
വിരവില്‍പ്പാലെന്നു നിനച്ചുടന്‍
കരത്തിനാലൂക്കില്‍ വലിച്ചിടുമുണ്ണി!
ഗണനാഥാ! തൃക്കാല്‍ വണങ്ങുന്നേന്‍.
ഹരനുടെ നെറ്റിത്തിരുക്കണ്ണില്‍ക്കൊണ്ടെ
വരിനെല്ലിന്‍മണി വിരവോടെ
പൊരുപൊരെന്നൊക്കെപ്പൊരിച്ചിടുമുണ്ണി- ഗണനാഥാ........
പുലരിനേരം ശങ്കരരുടെ ചുറ്റും
ചൊരിഞ്ഞിടും തുമ്പ മലരെല്ലാം
അവിലെന്നോര്‍ത്തുടന്‍ വിരവില്‍ വാരിടും- ഗണനാഥാ.......
വലിയൊരപ്പം വാര്‍ക്കണമെന്നുചൊല്ലി
വെളുവെളെച്ചാമ്പല്‍ കുഴച്ചിട്ടു്
അലികളും പറഞ്ഞരികേപൂകീടും ഗണനാഥാ.....ˮ

മറ്റൊന്നു്

ʻʻഅര ഹര ശിവ ശിവ പുരഹരഭഗവാന്‍
വിരവൊടു മദകരിവടിവായുടനേ
ഗിരിമകളരികേ പിടിയുടെ വടിവായ്
മരുവിന കാലം ഗണപതി ജയ ജയ.
ആനകളിടയില്‍ നടന്നിരുവരുമായ്-
ക്കാനനമൊക്കെ മദിച്ചു തകര്‍ത്തും
മാനസമുറ്റു കളിച്ചൊരു നാളില്‍
മലമകളുടനേ ഗണപതി ജയ ജയ.
ഇഷ്ടമതായൊരു കളികള്‍ മറന്നും
പെട്ടെന്നവിടെയിരുന്നുകരഞ്ഞും
ʻകഷ്ടമെനിക്കു നടക്കരുതരനേ!
ഒട്ടുമിതയ്യോ!ʼ ഗണപതി ജയ ജയ,
ഈശനുമകമേ മാലു പിണഞ്ഞും
ആശകളറ്റെന്താശ്രയമെന്നും
ഐശ്വര്യം വന്നുളവായുടനേ
ഈശ്വരമകനാം ഗണപതി ജയ ജയ.
… … …
ഒറ്റക്കൊമ്പന്‍ കുടവയറഴകന്‍
പറ്റിക്കൊള്ളും പലരൊടുമപ്പം
കറ്റച്ചിടയന്‍ മടിയിലിരുന്നും
കുറ്റം പേശും ഗണപതി ജയ ജയ.ˮ

വേറിട്ടൊന്നു്

ʻʻമലമകള്‍തന്നുടെ മടിയിലിരുന്നു
മുലകുടികണ്ടാലെത്ര വിചിത്രം.
പലപൊഴുതടയവില്‍ കിട്ടാഞ്ഞരനൊടു
കലഹമിയന്ന ഗണേശ്വര ജയ ജയ.
ശിവ ശിവ നിന്നുടെ തുമ്പിക്കയ്യും
വെളുവെളെ വിലസിന കൊമ്പുകള്‍ രണ്ടും
വലിയൊരു വയറും മമ ഹൃദി തോന്നണ-
മുലകിനു നാഥ ഗണേശ്വര ജയ ജയ.
… … …
യമഭടപടലികള്‍ കോപിച്ചുംകൊ
ണ്ടടിപിടിയെന്നു പറഞ്ഞെത്തുമ്പോള്‍
മമ പുനരാരും നീയെന്യേ മ-
റ്റുടയവരില്ല ഗണേശ്വര ജയ ജയ.ˮ

സരസ്വതീസ്തുതി

ʻʻഅമ്മേ! സരസ്വതി! വാണി! കവിമാതേ!
ചിന്മയമായ മനോജ്ഞരൂപേ!
കല്മഷനാശിനി! മന്മഥമോഹിനി!
നന്മകള്‍ തന്നരുള്‍ കുമ്പിടുന്നേന്‍.
… … …
പാലും പളുങ്കും വെളുത്ത തൂവെള്ളിയും
ചാലെത്തൊഴും തിരുമേനി നല്ലാള്‍
കോലം തെളിഞ്ഞു കുടിപൂകെന്നുള്ളത്തില്‍
ബാലത്തരുണി! ഞാന്‍ കുമ്പിടുന്നേന്‍.
… … …
പുഞ്ചിരിപ്പുന്മയുമൊണ്‍മയും വെണ്‍മയും
കഞ്ചത്താര്‍മതേ കവിമകളേ!
നെഞ്ചില്‍ക്കനിവോടു തഞ്ചിക്കുടിപൂക
ചഞ്ചലംകൂടാതെ കുമ്പിടുന്നേന്‍.ˮ

മറ്റൊന്നു്

ʻʻപങ്കജഭവജായേ കവിപ്പെണ്ണേ!
വിദ്യാമുഖസരസ്വതിയേ ജയ.
പാലോലും മൊഴിയാളേ! യെന്‍നാവിന്മേല്‍
വാണിടുക സരസ്വതിയേ ജയ.

പിച്ചയേറ്റോനും ബ്രഹ്മനും വിഷ്ണുവും
നിത്യം കൂപ്പും സരസ്വതിയേ ജയ.
പീഡിപ്പിച്ച ദശകണ്ഠതമ്പിക്കു
നിദ്രചേര്‍ത്ത സരസ്വതിയേ ജയ.ˮ

ഗോവിന്ദസ്തുതി

ʻʻകണ്ണാ കാര്‍മുകില്‍വര്‍ണ്ണാ കടല്‍വര്‍ണ്ണാ കടല്‍ മാതിന്‍
പുണ്യം ചേര്‍ത്തരുളീടും ഭുവനാനന്ദാ!
കണ്ണിന്നു കൊതി തീര്‍പ്പാനരികേ വന്നരുളീടെ-
ന്നുണ്ണി കോമളരൂപാ മമ ഗോവിന്ദ!
… … …
കാനലില്‍ നടന്നു കാലികള്‍പിന്‍പേ കുഴലൂതി-
ക്കാമിനീജനമനമലിയുമാറു്
ആനന്ദം തവ കൊണ്ടല്‍നിറം തേടുന്നണിമേനി
കാണായിവരണമേ മരണാന്തമേ.ˮ

ʻʻകീഴ്‌മേലിബ്‌ഭുവനങ്ങള്‍ പതിന്നാലു മകത്താക്കി
വാഴും നീയരയാലിന്നിലനടുവേ
വാഴേണമകമേ മേ പശുപാലമണിയേ നീ
യാഴിപ്പെണ്‍മണവാളാ പരമാനന്ദാ.ˮ
… … …
ʻʻകൊണ്ടാടിയടുത്തു പൂതന മുല കൊടുത്ത നാള്‍
കൊണ്ടു ജീവനും പാലും കുടിച്ചവളെ
പണ്ടത്തേപ്പരിചാക്കി മലപോലെ മറിപ്പിച്ച
തണ്ടാര്‍മങ്കയര്‍കാന്താ മരുവീടെന്നില്‍.ˮ

ലക്ഷ്മീസ്തുതി

ʻʻഅരവിന്ദമലര്‍തന്നിലഴകോടു മരുവീടു-
മലര്‍മാതേയവലോകമരുളീടേണം;
ആപത്തെക്കളഞ്ഞര്‍ത്ഥമധികം വന്നിയലുവാ-
നനുദിനമടിമലര്‍ വണങ്ങീടുന്നേന്‍.
… … …
ഊടേ പങ്കജനേത്രവദനവാപിയില്‍ മുങ്ങി-
പ്പാടേ പൊങ്ങിയും ചാടിക്കളിച്ചും മേവും
ആടോപം തവ മിഴിവരിമീനെന്‍ മനക്കാമ്പാ-
മീടാളും പൊയ്കയില്‍പ്പരുമാറേണം.
… … …
ഔദാര്യമണിഗണമിയലും കല്പകമൂലേ
സൗവര്‍ണ്ണമയപീഠേ സരസീരുഹേ
മേവി നല്‍ക്കരിതുമ്പിക്കരങ്ങളാലഭിഷേകം
താവീടും മലര്‍മാതേ! പരിപാഹി മാം.ˮ

ഗുരുവായൂര്‍ കൃഷ്ണസ്തോത്രം

ʻʻകരിമുകില്‍വര്‍ണ്ണന്‍തന്‍ തിരുവുടലെന്നുടെ-
യരികില്‍ വന്നെപ്പോഴും കാണാകേണം.
കാലില്‍ച്ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെക്കാണാകേണം.
കിങ്ങിണിയും വള മോതിരവും ചാര്‍ത്തി
ബ്‌ഭംഗിയോടെന്‍മുന്‍പില്‍ക്കാണാകേണം.
കീര്‍ത്തിയേറീടും ഗുരുവായൂര്‍ മേവുന്നോ-
രാര്‍ത്തിഹരന്‍തന്നെക്കാണാകേണം.ˮ

മറ്റൊന്നു്

ഇതു് ഒരു കേശാദിപാദമാണു്.

ʻʻപീലിത്തലമുടി കെട്ടിയതില്‍ച്ചില
മാലകള്‍ ചാര്‍ത്തീട്ടു കാണാകേണം.
മിന്നുന്ന നെറ്റിത്തടവുമതില്‍ച്ചേരും
പൊന്നിന്‍തിലകവും കാണാകേണം.
വില്ലുകള്‍പോലെ വളഞ്ഞുവിളങ്ങീടും
ചില്ലീയുഗമതും കാണാകേണം.
കഞ്ജദലങ്ങളോടൊത്ത നയനങ്ങ-
ളഞ്ജനം ചാര്‍ത്തീട്ടു കാണാകേണം.
… … …
ശങ്കരന്‍പോലും നമിക്കും ചരണങ്ങള്‍
തങ്കച്ചിലമ്പിട്ടു കാണാകേണം.
ശ്രീപാദപത്മേ വിളങ്ങും നഖങ്ങളോ-
ടാപാദചൂഡവും കാണാകേണം.

ഇത്തരമുള്ള ഭഗവല്‍സ്വരൂപമേ
നിത്യവുമെന്നുള്ളില്‍ത്തോന്നീടുവാന്‍
സത്യസ്വരൂപനായീടും ഗുരുവായൂ-
രപ്പനേ ഞാനിതാ കൈതൊഴുന്നേന്‍.ˮ

ബാലകൃഷ്ണസ്തോത്രം

ബാലകൃഷ്ണന്‍ സന്ധ്യയ്ക്കു കാട്ടില്‍ നിന്നു തിരിയെ വന്നെത്താത്തതിനാല്‍ യശോദ വിലപിക്കുന്നതാണു് ഈ കീര്‍ത്തനത്തിലെ ഭാവന.

ʻʻപങ്കജക്കണ്ണനെക്കാണാഞ്ഞെനിക്കുള്ളില്‍
സങ്കടമാകുന്നു നാരായണ.

പാല്‍വെണ്ണ കക്കുമ്പോളാച്ചിമാരാരാനും
കാല്‍കൈ പൊളിച്ചാരോ നാരായണ?

പിള്ളേരെത്തന്നെയും കാലികളും കൂട-
ക്കള്ളര്‍ ചതിച്ചാരോ നാരായണ?

പീലി മുറുക്കിന നിന്‍മുടി കാണാഞ്ഞു
മാലു പെരുകുന്നു നാരായണ.

പുഞ്ചിരി തൂകിന നിന്‍മുഖം കാണാഞ്ഞു
നെഞ്ചു പിളരുന്നു നാരായണ.

പൂതനയെപ്പോലെയാരാനും വന്നിട്ടു
ഭീതി പെടുത്താരോ നാരായണ?

പെട്ടകംതന്നിലേ ചിറ്റാട നല്കാഞ്ഞി-
ട്ടൊട്ടു വഴക്കായോ നാരായണ?

പേടികാണുന്നേരത്തോടിപ്പോയ് മറ്റൊരു
കാടകം പുക്കായോ നാരായണ?

പൊന്നും ചിലമ്പും കുഴലും മറന്നിട്ടു
സഞ്ചരിപ്പീലല്ലീ നാരായണ?

പോന്നിങ്ങു ഗോപിമാര്‍ ചാരത്തു വന്നിട്ടു
ധിംതാളം കേള്‍ക്കായി നാരായണ
പൌരുഷമാളുന്ന പൈതലെക്കണ്ടിട്ടു
പാരം പുണര്‍ന്നമ്മ നാരായണ.ˮ

വേറിട്ടൊന്നു്

അന്തിയായെന്‍പൈതലെന്തയ്യോ! വാരായ്‌വാ-
നെന്തവന്‍ ചെയ്തതെന്‍ തോഴിമാരേ?
വെന്തുരുകീടുന്നു ചിത്തമെന്‍ പൈതലെ-
സ്സന്തതം കാണാഞ്ഞു കൃഷ്ണ നമോ.

കൃഷ്ണ നമോ നമോ കൃഷ്ണ നമോ നമോ
കൃഷ്ണ നമോ നമോ കൃഷ്ണ നമോ.

കൃഷ്ണ നമോ ജയ! തൃച്ചെംബരം വാഴും
ദേവകീനന്ദനാ! കൃഷ്ണ നമോ.

ആരോടു ഞാന്‍ ചെന്നു ചോദിപ്പൂ പൈതലെ-
യാരും പറഞ്ഞില്ലേയുള്ളവണ്ണം.

കാറൊളിവര്‍ണ്ണന്‍ പുലര്‍കാലേ പോയവന്‍
വാരാഞ്ഞതെന്തയോ! കൃഷ്ണ നമോ. കൃഷ്ണ നമോ....ˮ

ഇനിയുമൊന്നു്

ʻʻകണ്ണനെങ്ങോനെങ്ങോന്‍ കാമിനിമാര്‍മനം
കവര്‍ന്നൊളിക്കും കണ്ണനെങ്ങോനെങ്ങോന്‍?
കാലികളോടിടചേര്‍ന്നു വനങ്ങളില്‍
കളികളാടും കണ്ണനെങ്ങോനെങ്ങോന്‍?ˮ

ശ്രീകൃഷ്ണകേശാദിപാദം

പൂന്താനത്തെ അനുകരിച്ചു അനന്തരകാലത്തില്‍ ആരോ രചിച്ചിട്ടുള്ള ഒരു കീര്‍ത്തനമാണു് ഈ കേശാദിപാദം.

ʻʻആദിത്യമണ്ഡലംപോലെ വിളങ്ങുന്ന
പൊന്നിന്‍കിരീടവും കാണാകേണം - കൃഷ്ണ.

വണ്ടിന്റെ കൂട്ടത്തെപ്പോലെ വിളങ്ങുന്ന
കാര്‍കൂന്തല്‍ഭംഗിയും കാണാകേണം - കൃഷ്ണ.

ഏറ്റവും നീലമായുള്ള കുറുനിര-
ക്കൂട്ടത്തിന്‍ ഭംഗിയും കാണാകേണം - കൃഷ്ണ.

പഞ്ചമിച്ചന്ദ്രനോടൊത്തുള്ള നെറ്റിയില്‍
ഗോപിത്തൊടുകുറി കാണാകേണം - കൃഷ്ണ.
… … …
കാര്‍കൊണ്ട മേഘത്തിന്‍ വര്‍ണ്ണമായുള്ളൊരു
മൂര്‍ത്തിയെയെപ്പൊഴും കാണാകേണം - കൃഷ്ണ.
കേശാദിപാദവും പാദാദികേശവും
ചിത്തത്തിലെപ്പൊഴും കാണാകേണം - കൃഷ്ണ.ˮ

ഒളശ്ശയില്‍ കൃഷ്ണസ്തോത്രം

ഇതു സാമാന്യം നല്ല ഒരു കീര്‍ത്തനമാണു്.

ʻʻകണ്ടിടേണമിങ്ങെന്നുള്ളിലെപ്പൊഴും
മണ്ടിമണ്ടി നടക്കുന്ന കൃഷ്ണനെ.
രണ്ടു കൈയിലും തൂവെണ്ണ കൈക്കൊണ്ട
കൊണ്ടല്‍നേര്‍വര്‍ണ്ണ കൃഷ്ണ! നമോസ്തു തേ.

കാളമേഘനിറം കലര്‍ന്നീടുന്ന
കോമളാകൃതി പൂണ്ട തിരുമേനി
മേളമോടെന്റെ മുന്നില്‍ വിളങ്ങണം
കേളീനായക കൃഷ്ണ! നമോസ്തു തേ.

കിങ്ങിണി വളയെന്നിവ ചാര്‍ത്തീട്ടു
ചങ്ങാതിമാരോടൊന്നിച്ചു മേളിച്ചു്
ഇങ്ങു വന്നെന്നരികത്തു കാണണം
കഞ്ജലോചന കൃഷ്ണ! നമോസ്തു തേ.

കീഴിലുള്ള ദുരിതങ്ങള്‍ നീങ്ങുവാന്‍
കോഴകൂടാതെ കൃഷ്ണന്‍ തിരുവടി
ആഴിമാതിനോടൊന്നിച്ചു കാണണം
നാഴികതോറും കൃഷ്ണ! നമോസ്തു തേ.
… … …
ചക്രപാണേയൊളശ്ശയില്‍ മേവിടും
ശത്രുസംഹാരമൂര്‍ത്തേ! ജഗന്നാഥ!
സത്യസന്ധ! സനല്‍കുമാരപ്രിയ!
നിത്യം പാലിക്ക കൃഷ്ണ! നമോസ്തു തേ.ˮ

തിരുവാറന്മുളേശസ്തവം

അറിവാനരുതേ മറിമായം;
പൊരുവാനരുതേ രിപുവോടും.
കരുണാകരനാം നിന്‍കൃപയെന്ന്യേ
ശരണം നഹി മമ നാരായണ ജയ.

ആരോടും ഞാനപരാധം
കാരണപൂരുഷ ചെയ്തില്ലേ.
മാരണമാദികളാകിയ ദോഷം
തീരണമധുനാ നാരായണ ജയ.

ഇങ്ങനെവരുമെന്നൊരുനാളും
എന്‍മനതാരില്‍ നിനച്ചില്ലേ!
മംഗലമാശു ഭവിപ്പതിനരുളുക
നന്ദതനൂജാ! നാരായണ ജയ.

ഈവണ്ണം വരുമാപത്തും
രോഗവുമൊക്കെയൊഴിപ്പാനായ്
നീയേ ഗതിയെന്നല്ലാതേ മ-
റ്റില്ലാധാരം നാരായണ ജയ!ˮ

അദ്വൈത കീര്‍ത്തനം

ഈ കീര്‍ത്തനത്തിലെ ശീലുകളും ʻനാരായണ ജയʼ എന്നവസാനിക്കുന്നു.

ʻʻനിഷ്കള നിശ്ചല നിര്‍മ്മമ നിരുപമ
നിഷ്‌ക്രിയ നിരഹങ്കാര നിരാശ്രയ.
നിര്‍ഗുണ നിത്യനിരാകുലമരുളുക
നിത്യം മമ ഹൃദി നാരായണ ജയ.

സ്തോതൃസ്തുത്യസ്തോത്രസ്തുതിമയ,
നാഥ പരാപരപരമവിഭോ ജയ,
ചേതോവാരിധി മദ്ധ്യേ വിലസുക
പാദാംബുജമിഹ നാരായണ ജയ.

നിന്‍മറിമായം തെരിയാഞ്ഞനിശം
ബ്രഹ്മാദികളുമുഴന്നീടുന്നു;
സന്മയ ചിന്മയ നാഥ ജഗന്മയ!
നന്മ വരുത്തുക നാരായണ ജയ.

അദ്വൈതം പുനരേകമനേകം
തത്വജ്ഞാനമനന്താനന്ദം
സത്താമാത്രം ഗുഢമബോധം
ഭക്ത്യാ വന്ദേ നാരായണ ജയ.ˮ

വേദാന്തകീര്‍ത്തനം

ഇതു സാമാന്യം പ്രസിദ്ധിയുള്ള ഒരു നല്ല കീര്‍ത്തനമാകുന്നു. ഇതില്‍ എല്ലാ ശീലുകളും അവസാനിക്കുന്നതു് ʻനാരായണ ജയʼ എന്ന വന്ദനത്തോടുകൂടിയാണു്.

ʻʻകരളില്‍ വിവേകം കൂടാതേക-
ണ്ടരനിമിഷം ബത! കളയരുതാരും;
മരണം വരുമിനിയെന്നു നിനച്ചീഹ
കരുതുക സതതം നാരായണ ജയ.

കാണുന്നൂ ചിലര്‍ പലതുമുപായം
കാണുന്നില്ല മരിക്കുമിതെന്നു്;
കാണ്‍കിലുമൊരുനൂറ്റാണ്ടിനകത്ത-
ല്ലെന്നേ കാണൂ നാരായണ ജയ.

കിമപി വിചാരിച്ചീടുകില്‍ മാനുഷ-
ജന്മം വേണം മുക്തിവരേണ്ടുകില്‍;
കൃമിജന്മത്തിലുമെളുതായ്‌വരുമേ
വിഷയസുഖം ബത! നാരായണ ജയ.

കീഴില്‍ച്ചെയ്ത ശുഭാശുഭകര്‍മ്മം
മേലില്‍ സുഖദുഃഖത്തിനു കാരണം;
സുഖമൊരു ദുഃഖം കൂടാതേക-
ണ്ടൊരുവനുമുണ്ടോ നാരായണ ജയ.

കുന്നുകള്‍പോലേ ധനമുണ്ടാകിലു-
മിന്ദ്രനു സമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിടകിട്ടാ
വന്നാല്‍ യമഭടര്‍ നാരായണ ജയ.
… … …
ബഹുജന്മാര്‍ജ്ജിതകര്‍മ്മവിശേഷാല്‍
തിരുമുല്ക്കാഴ്ച നിനക്കിഹ വച്ചേന്‍;
ജനിമരണങ്ങളെനിക്കിനി വേണ്ടാ;
പരിപാലയ മാം നാരായണ ജയ.

പാര്‍വതീപരമേശ്വരസ്തുതി

അര്‍ദ്ധനാരീശ്വരപരമായ താഴെക്കാണുന്ന സ്തുതി ആസ്വാദ്യതമമാകുന്നു.

ʻʻപുരിചിട കെട്ടി വലത്തേബ്‌ഭാഗം;
പുരികുഴല്‍ തിരുകീട്ടപരം ഭാഗം;
മതികല ചൂടി വലത്തേബ്‌ഭാഗം;
മലര്‍നിര ചൂടീട്ടപരം ഭാഗം.
കനല്‍മിഴി കത്തി വലത്തേബ്‌ഭാഗം;
തൊടുകുറിമിന്നീട്ടപരം ഭാഗം;
സൂര്യക്കണ്ണു വലത്തേബ്‌ഭാഗം;
നീള്‍മൈക്കണ്ണൊത്തപരം ഭാഗം.
ഭസ്മം കവിളില്‍ വലത്തേബ്‌ഭാഗം;
പത്തിക്കീറ്റിട്ടപരം ഭാഗം.
കാതില്‍പ്പാമ്പു വലത്തേബ്‌ഭാഗം;
കാതില്‍ക്കുണ്ഡലമപരം ഭാഗം.
ക്ഷ്വേളമെരിഞ്ഞു വലത്തേബ്‌ഭാഗം;
കുംകുമരേഖകളപരം ഭാഗം.
തിരുമാറഴകു വലത്തേബ്‌ഭാഗം;
തിരളും പോര്‍മുല മറ്റേബ്‌ഭാഗം;
വിധിതലമാല വലത്തേബ്‌ഭാഗം;
പുതുമണിമാലകളപരം ഭാഗം.
ശൂലകപാലി വലത്തേബ്‌ഭാഗം;
പാശാംകുശധരമപരം ഭാഗം.
തിരുവരചാരു വലത്തേബ്‌ഭാഗം;
ഘനജഘനാഞ്ചിതമപരം ഭാഗം.
പുലിയുരി ചാര്‍ത്തി വലത്തേബ്‌ഭാഗം;
പൂന്തുകില്‍ ചാര്‍ത്തീട്ടപരം ഭാഗം.
പന്നഗകാഞ്ചി വലത്തേബ്‌ഭാഗം;
പൊന്നുടഞാണിട്ടപരം ഭാഗം.
പടുബലമൂരു വലത്തേബ്‌ഭാഗം;
തുടവിയ തൃത്തുട മറ്റേബ്‌ഭാഗം.
ഭുജഗചിലമ്പു വലത്തേബ്‌ഭാഗം;
കനകചിലമ്പിട്ടപരം ഭാഗം.
ഭസിതസിതാംഘ്രി വലത്തേബ്‌ഭാഗം;
ലാക്ഷാരുണപദമപരം ഭാഗം.
ഭസിതം തേച്ചു വലത്തേബ്‌ഭാഗം;
കളഭം തേച്ചിട്ടപരം ഭാഗം.
പന്നഗപൂണ്‍പു വലത്തേബ്‌ഭാഗം;
പൊന്മയപൂണ്‍പുകളപരം ഭാഗം.
അത്ഭുതരൂപി വലത്തേബ്‌ഭാഗം;
ശൃംഗാരാത്മകമപരം ഭാഗം.
ശിവശിവ ശിവനേ! വനിതാര്‍ദ്ധം തവ
തിരുമെയ് മുഴുവന്‍ പ്രതിമുഹുരസ്മ-
ച്ചിത്തേ നിത്യം തോന്നുക തോന്നുക
വരദ നമസ്തേ, വരദ നമസ്തേ.ˮ

ശിവനാരായണകീര്‍ത്തനം

വിനോദകരമായ ഒരു കൃതിയാണു് ശിവനാരായണകീര്‍ത്തനം.

ʻʻകടിക്കും പാമ്പതുതന്നെ കടകംപോലൊരുത്തനു
കിടക്കപോലൊരുത്തനു ശിവനാരായണ നമോ.
കാട്ടിലൂടെ നടക്കുമ്പോള്‍ക്കാമിനിയുണ്ടൊരുത്തനു
കാലികളുണ്ടൊരുത്തനു ശിവനാരായണ നമോ.
… … …
കെതി കെട്ടിട്ടുലകില്‍പ്പോയിരന്നുണ്ണാമൊരുത്തനു
കവര്‍ന്നുണ്ണാമൊരുത്തനു ശിവനാരായണ നമോ.
… … …
കൌതുകംപോല്‍ ബാണന്‍തന്റെ വാതില്‍കാക്കാമൊരുത്തനു
കൈകള്‍ കൊയ്യാമൊരുത്തനു ശിവനാരായണ നമോ.ˮ

മുകുന്ദസ്തോത്രം

ʻʻഅമ്പാടിയിലന്‍പോടു വിളങ്ങീടിന രത്നം
കണ്ടാവിതു ഞാനന്‍പൊടു ഗോവിന്ദ മുകുന്ദ.
ആരങ്ങളണിഞ്ഞും നിജപൂവാട ഞെറിഞ്ഞും കണ്ടാവിതു.....
ഇമ്പംകലരും കുംകുമമന്‍പോടിഹ ചാര്‍ത്തി കണ്ടാവിതു.....
ഈടേറിന ഗോപീജനമദ്ധ്യേ വിളയാടി കണ്ടാവിതു.......ˮ

വൈക്കണ്ണൂര്‍ശിവസ്തുതി

ʻʻഅന്തകന്‍തന്നെ കണ്ണും ചുവത്തിക്കൊ-
ണ്ടെന്തെടായെന്നു ചോദിച്ചടുക്കുമ്പോള്‍
ബന്ധുവാകണം വൈക്കണ്ണൂര്‍വെണ്‍മാട-
മമ്പിടും ശിവ ശങ്കരനേ ജയ.

ആര്‍ത്തു കാലന്‍ കഴുത്തില്‍ക്കയറിട്ടു
കൂര്‍ത്ത ശൂലങ്ങള്‍ മാറില്‍ത്തറയ്ക്കുമ്പോള്‍
ആര്‍ത്തി തീര്‍ത്തരുള്‍ വൈക്കണ്ണൂര്‍..........
… … … ശങ്കരനേ ജയˮ

ചെറുകുന്നത്തമ്മസ്തുതി

താഴെക്കാണുന്ന ചെറുകുന്നത്തമ്മയുടെ കേശാദിപാദസ്തുതി ഒരു പഴയ കൃതിയാണു്. ചമ്പൂകാരന്മാരുടെ ഭാഷയാണു് കവി ഇതില്‍ അനുകരിച്ചിരിക്കുന്നതു്.

ʻʻകരിവരമുഖവന്‍കഴലിണ കൂപ്പി-
ക്കരളില്‍ നിനച്ചക്കവിമാതിനെയും
കനിവെഴുമഗസുതതന്നെയുരപ്പാന്‍
ഗുരുവിനെയും തൊഴുതിത മുതിരുന്നേന്‍.
… … …
അല്ലൊടുമിരുള്‍മുകില്‍തന്നൊടുമൊരു പട-
തല്ലിനു സാമ്യമിയന്നു വിശേഷാല്‍
അഴകിനൊടലര്‍ശരതഴയൊടെതിര്‍ത്തോ-
രണിപുരികുഴലതു തോന്നുക ഹൃദി മേ

വാരുണപായലില്‍ വിലസിന മലരില്‍-
പ്പാരമെഴുന്നൊരു മധുവുണ്‍മാനായ്
കരിമുകിലഴകില്‍ നിരന്നകണക്കേ
തിറവിയ കുറുനിര തോന്നുക ഹൃദി മേ,
......................................
ഇളമാന്‍കണ്ണിനൊരിളമ വഴങ്ങി-
ക്കുലചെയ്തഴകിയ കുവലയമുടനേ
ഇതവിയ കര്‍ണ്ണസമീപത്തോളവു-
മിയലിന തിരുമിഴി തോന്നുക ഹൃദി മേ.
… … …
നീടാര്‍ന്നീടിന ഗണ്ഡതലേ ചാ-
ഞ്ചാടീടും മണികുണ്ഡലയുഗളം
നിറമിയലീടിനൊരണികാതിണയും
നിഖിലാധീശ്വരി തോന്നുക ഹൃദി മേ.
… … …
മുത്തിന്‍മണികളൊടൊത്തീടുന്ന വി-
ചിത്രത തേടിന ദശനപ്രഭയും
മുറുവല്‍ തുളുമ്പിന വായ്മധുരിമയും
മുഴുമതിവദനേ തോന്നുക ഹൃദി മേ.
… … …
മത്തമതംഗജമസ്തകകാന്തിയെ
മധ്യമമാക്കിന ചിത്രദശായാം
മണിമയകുംഭവുമന്‍പൊടു കുമ്പിടു-
മണികുചയുഗളം തോന്നുക ഹൃദി മേ.
… … …
ശോണിതബീജാസുരവരരക്തം
വീണതിഭീഷണദനുജേന്ദ്രന്മാര്‍
ശോഭയിലുണ്ടാകുമ്പൊഴുതവരെ
ക്കോപാല്‍ക്കൊന്റ മഹാഭൈരവി ജയ.
… … …
പൊന്നിന്‍കോരികതന്നില്‍ നിറച്ചോ-
രന്നം കോരിവിളമ്പുന്നേരം
പോന്നുനിറഞ്ഞൊരു പഥികജനത്തിനു
പൂര്‍ണ്ണത ചേര്‍ക്കും ഭുവനേശ്വരി ജയ.
ʻʻകോലക്ഷ്മാതലതിലകത്വം പൂ-
ണ്ടാലസ്യം തീര്‍ത്തഖിലജനാനാം
കോലിന കൃപയാ പാലിച്ചീടിന
കാലധ്വംസനദയിതേ ജയ ജയ.ˮ

മറ്റൊരു ചെറുകുന്നിലമ്മസ്തുതി

ചെറുകുന്നിലമ്മസ്തുതി എന്ന പേരില്‍ മറ്റൊരു ചെറിയ കീര്‍ത്തനവും കിട്ടീട്ടുണ്ടു്. അതു മുമ്പിലത്തെ സ്തോത്രത്തെ അപേക്ഷിച്ചു് അര്‍വാചീനമാണു്.

ʻʻഅംഗജരിപുവൊടു ചേര്‍ന്നു കളിക്കും
ഭംഗ്യാ നിന്‍മെയ് തൊഴുതേന്‍ ജയ ജയ.
സുന്ദരരൂപേ ഗിരിതനയേ ചെറു-
കുന്നിലമര്‍ന്നെഴുമമ്മേ ജയ ജയ.
ആദരവാല്‍ത്തന്‍മലരടി തൊഴുവോ-
ര്‍ക്കാനന്ദത്തെ വളര്‍പ്പവളേ ജയ. സുന്ദര …
ഇന്ദ്രാദികളൊടു മുനിജനമെല്ലാം
വന്നു വണങ്ങിന നാഥേ ജയ ജയ. സുന്ദര …
ഈരേഴുലകിനു വേരായ് മേവിന
താരാര്‍മാതേ, തൊഴുതേന്‍ ജയ ജയ. സുന്ദര …
ഉച്ചയ്ക്കുഴറിവരുന്ന ജനത്തിനു
വച്ചിഹ ചോറു കൊടുപ്പവളേ ജയ. സുന്ദര …ˮ

ഇനിയും,

ʻʻഅര്‍ക്ക നിഷ്കളരൂപ ദിവാകര,
ഭക്തവത്സല പാപവിനാശന,
ത്വത്സ്വരൂപം മമ ഹൃദി തോന്നണ-
മാദിത്യഭഗവാനേ വണങ്ങുന്നേന്‍.ˮ

എന്ന ആദിത്യസ്തോത്രം;

ʻʻഅദ്രിമുകളില്‍ വൃഷഭാധിരൂഢനാ-
യദ്രിസുതയെ മടിയില്‍ച്ചേര്‍ത്തു
കദ്രുസുതഗണഭൂഷണനായ്‌വാഴും
രുദ്രനായുള്ള വടക്കുനാഥˮ

എന്ന വടക്കുന്നാഥസ്തോത്രം;

ʻʻഅത്യന്തമായുള്ളോരാപത്തസുരരാല്‍
നിത്യം മുഴുത്തു കഴിവില്ലാഞ്ഞു
ശക്തനായ്‌വന്നു പിറന്ന ദശരഥ-
പുത്രനാം ശ്രീരാമ നാരായണˮ
എന്ന ശ്രീരാമസ്തോത്രം:
ʻʻഅമ്മേ ഭഗവതി നാരായണി ഗൗരി
ആനന്ദദേ ദേവി കൈതൊഴുന്നേന്‍
ആര്യേ ഭഗവതി ദേവി സരസ്വതി
ആദികാത്യായനി കൈതൊഴുന്നേന്‍ˮ

എന്ന കരുംബാസ്തുതി:

ʻʻകല്ലിന്മേലും മലമേലും മുള്ളിലും
തല്ലിയന്തകനെന്നേയിഴയ്ക്കുമ്പോള്‍
അല്ലല്‍പോക്കുവാനായിട്ടു കാണണം
തൃപ്പൂണിത്തുറ മേവും നാരായണˮ

എന്ന പൂര്‍ണ്ണത്രയീശസ്തോത്രം:

ʻʻഅമ്പില്‍ മീനുരുവായി വേഗത്തില്‍
നാലു വേദത്തെ വീണ്ടതും
നാഥനാം തിരുവില്വമാമലേ
മേവുമെന്‍ ഹരി ഗോവിന്ദˮ

എന്ന വില്വാദ്രീശസ്തോത്രം:

ഇങ്ങനെ പല കീര്‍ത്തനങ്ങളേയും പറ്റി പ്രതിപാദിക്കേണ്ടതായുണ്ടെങ്കിലും സ്ഥലദൌര്‍ല്ലഭ്യം നിമിത്തം ആ ഉദ്യമത്തില്‍നിന്നു വിരമിച്ചുകൊള്ളുന്നു. കേരളത്തിന്റെ ഒരറ്റം തുടങ്ങി മറ്റേ അറ്റം വരെ പ്രചുരമായി പ്രചരിച്ചുവന്ന കീര്‍ത്തനപ്രസ്ഥാനത്തിന്റെ ശാഖോപശാഖകളെസ്സംബന്ധിച്ചു സാമാന്യേന പരിപൂര്‍ണ്ണമായ ഒരു ജ്ഞാനം നല്കുന്നതിനു് ഏതല്‍പര്യന്തം നിരൂപിതങ്ങളായ കൃതികള്‍ പര്യാപ്തങ്ങളാണെന്നു വിശ്വസിക്കുന്നു. ഇനിമേല്‍ അനുപേക്ഷണീയങ്ങളാണെന്നു തോന്നുന്ന ഘട്ടങ്ങളില്‍ മാത്രമേ ഇത്തരത്തിലുള്ള കവിതകളെ പരാമര്‍ശിക്കുകയുള്ളു.

ദേവനാരായണഗാനങ്ങള്‍

പ്രസ്തുത ഗാനങ്ങള്‍ പ്രാര്‍ത്ഥനാരൂപത്തിലും പ്രശസ്തിരൂപത്തിലും ശൃംഗാരരൂപത്തിലും കാണുന്നു. ചില മാതൃകകള്‍ പ്രദര്‍ശിപ്പിക്കാം. എല്ലാം ഒരു കവിയുടെ കൃതികള്‍ തന്നെ. കാലം എട്ടാം ശതകമായിരിക്കണം.

പ്രാര്‍ത്ഥന

1ʻʻപടയ്ക്കായിത്തുടങ്ങുമ്പോള്‍പ്പടക്കൂട്ടം തുയര്‍ത്തെത്തി-
ക്കൊടിയ മറുതലമിടമര്‍ പലരെയുമൊടുക്കിക്കളവതിന്നും
തിരുമേനിക്കിന്നുമെന്നും കരുത്തേറ്റം വരുവാനും
വിരവൊടനുപമഹരിതന്‍ചരിതങ്ങള്‍ മനസി തെളിവതിന്നും
തനിക്കുള്ള ജനത്തിന്നും തനിക്കും നാട്ടിനും നീള-
ദ്ധനവുമഴകിയ ഗുണവുമനുപമതനയര്‍ പെരുകുവാനും
അണയായ്‌വാനനര്‍ത്ഥങ്ങള്‍ ഗുണങ്ങള്‍വന്നണവാനും
അരികള്‍കുലമതിഭയം പൂണ്ടടിമലര്‍ തൊഴുതു വണങ്ങുവാനും
നിറഞ്ചേരും കുമാരനല്ലൂര്‍ വിളങ്ങിടും മായേ
സുഖത്തൊടകമലര്‍ നിറയും കരുണയാം കടലില്‍ വിളങ്ങുവോളേ
ദിനം നിന്റെ കഴല്‍ത്താരില്‍ത്തൊഴുതീടും ദേവനാരാ-
യണനെഗ്ഗിരിവരതനയേ പരിചൊടു പാലയ ചിരം നീ.ˮ
2. ʻʻവെണ്ണകിട്ടാഞ്ഞു കരഞ്ഞു വിതുമ്പുന്നോ-
രുണ്ണിക്കിടാവിനെക്കൈതൊഴുന്നേന്‍;
കന്യമാര്‍കൂറ കവര്‍ന്നാന്മേലേറിയ
നന്ദകുമാരനെക്കൈതൊഴുന്നേന്‍.
.... .... ..... .... .... ....
ആനന്ദക്കാതലേ! ദേവകിത്തയ്യലാള്‍-
ക്കോമനപ്പൈതലേ! കൈതൊഴുന്നേന്‍.
ഉമ്പര്‍പുഴതന്നിലമ്പിലിരുന്നീടു-
മുമ്പര്‍പുരാനേ! ഞാന്‍ കൈതൊഴുന്നേന്‍.
ഭാവമഴിഞ്ഞുടന്‍ നിന്‍പാദം കുമ്പിടും.
ദേവനാറാണനെപ്പാലിക്കേണം.ˮ

പ്രശസ്തി

1ʻʻപാരീരേഴും കീര്‍ത്തിപേരാം പാലാഴിയില്‍ക്കുളിപ്പിച്ചു
പാരിജാതം ദാനംകൊണ്ടുമങ്ങൊളിപ്പിച്ചു
വീരതയ്ക്കോ ശരിയില്ല ശ്രീരാമനുണ്ടെങ്കില്‍ക്കേളേ;
ശൂരതയ്ക്കില്ലാരും നേരേ പാര്‍ത്ഥനേയുള്ളു.
മാരവീരന്‍ മെയ്യൊളിപ്പാന്‍മൂലം കേള്‍പ്പിന്‍ മാലോകരേ!
നേരേ നില്പാന്‍ നാണിച്ചിങ്ങു ഭംഗി പോരാഞ്ഞു.ˮ

2ʻʻനല്ലതെല്ലാവര്‍ക്കും നല്കും മല്ലവൈരിതന്നെപ്പോലെ
ചൊല്ലെഴുന്ന നാടുമെല്ലാം പാലിക്കും വീര!
മുല്ലബാണന്‍ തന്നോടൊക്കുമല്ലോ ചൊല്ലാം മെയ് വിലാസം
വെല്ലുമല്ലോ വൈരിവീരര്‍ പോരിനെത്തുമ്പോള്‍
… … …
ഉള്ളവണ്ണം ചൊല്ലുവാന്‍ മറ്റില്ല; ചൊല്ലാര്‍ന്നിഗ്ഗുണങ്ങ-
ളുള്ള മര്‍ത്ത്യന്‍ ദേവനാരായണരേയുള്ളു.
… … …
നീലമേഘവര്‍ണ്ണന്‍ തന്റെ ബാലലീല കാണ്‍മാനേറ്റം
ലോല! മറ്റുമോരോ നന്മ തേടിടും വീര!
വൈരികള്‍തന്‍ ചിത്തതാരില്‍പ്പാരം പേടി നല്കും ദേവ-
നാരായണ ഭൂമൌ വാണീടനേകം നാള്‍ നീ.ˮ

വിയോഗതാപം

1.ʻʻകമലങ്ങള്‍ കനലെന്നാള്‍ കളഭം മേല്‍ വിഷമെന്നാള്‍
കുയില്‍ കൂകുന്നതു ശൂലം ചെവിയിലെന്നാള്‍;
കുളുര്‍മതി ചൊരിയുന്നു പൊരികനല്‍ മെയ്യിലെന്നാള്‍
കലയാന മലയത്തെന്നലുമിതെന്നാള്‍;
പിഴകൂടാത്തരുണിയെക്കുലചെയ്യുന്നതുമയ്യോ!
വഴിയല്ലെന്നതുമിപ്പോള്‍പ്പൊളിയിതെന്നാള്‍;
ഉറങ്ങുമ്പോളുടന്‍ കാണാം തിരുമേനിയതുമയ്യോ!
തരമല്ലേ വരുന്നില്ലിന്നുറക്കമെന്നാള്‍.
… … …
മരണം മേല്‍ വരുംമുന്‍പേ ശിവനേ! ദേവനാരാണര്‍
തിരുവുള്ളത്തിലേറ്റുവാനാരുമില്ലെന്നാള്‍.ˮ

2.ʻʻഅടമഴ ചീര്‍ത്തു മാരി ചൊരിഞ്ഞ കോട മുഴത്തു കാറ്റ-
ങ്ങുടലിലടിച്ചു പാടെയുലച്ചു മൂടിന കൂരിരുട്ടും;
ഇടിനിടിനെന്നു വെട്ടുമിടിയ്ക്കിടയ്ക്കിട മിന്നും മിന്നല്‍-
ക്കൊടികളുമാടും മൈലുകള്‍ മാരപ്പോര്‍വിളതേടും വണ്ടും
അടവികള്‍ നീളെ നിലവിളികൊണ്ടു ചുഴലമടക്കുമന്നാള്‍
മടുമലര്‍വാണനോടുടല്‍നേരാം ദേവനാരായണവീരന്‍
മണിയറതന്നില്‍ നല്ലണിമെത്തമേലണഞ്ഞന്‍ പിലെന്റെ
തടമുല ചേര്‍ത്തു ചൂടു കളഞ്ഞു പുല്കുമോ ദൈവമേ ഹാ!

താഴെക്കാണുന്ന ഗാനം ദേവനാരായണപരമല്ല:

ʻʻപട്ടില്‍ വീരവാളി നല്ലൂ; പങ്കജത്താര്‍ പൂവില്‍ നല്ലൂ;
ഭാരതത്തിലെതിര്‍ത്ത മന്നരിലര്‍ജ്ജുനന്‍ നല്ലൂ;
ഭംഗിക്കംഗജനേറെ നല്ലൂ; ഭക്തരെപ്പഴിയായ്ക നല്ലൂ;
പാരിച്ചീടിന കാരുണ്യത്തിനു കാര്‍വര്‍ണ്ണന്‍ നല്ലൂ;
കഷ്ടരോടണയായ്ക നല്ലൂ; ഭക്തരെപ്പഴിയായ്ക നല്ലൂ;
കാടു മാനിനു മീനിനാഴി നീരിലേ നല്ലൂ;
വെട്ടുവാന്‍ കൈവാളു നല്ലൂ; ബന്ധവെക്കളയായ്ക നല്ലൂ;
വേരറക്കൊലചെയ്തതില്‍ ശ്രീരാഘവന്‍ നല്ലൂ.ˮ

ʻപാരീരേഴും കീര്‍ത്തിപേരാംʼ എന്ന പാട്ടില്‍നിന്നു നതോന്നതയില്‍ പണ്ടുതന്നെ ഗാനാത്മകങ്ങളായ ലഘുകൃതികളുണ്ടായിരുന്നു എന്നും ഒന്‍പതാം ശതകത്തിന്റെ ഒടുവില്‍ ആവിര്‍ഭവിച്ച വ്യാസാവതാരവും കിരാതവുമല്ല ആദ്യത്തെ വഞ്ചിപ്പാട്ടുകളെന്നും കാണാവുന്നതാണു്. ʻപട്ടില്‍ വീരവാളി നല്ലൂʼ എന്ന പാട്ടു നതോന്നത ശ്ലഥബന്ധമായിരുന്ന ഒരു കാലത്തു വിരചിതമാണെന്നു തോന്നുന്നു. നതോന്നതയില്‍ അക്കാലത്തു രചിച്ച ചില വാതില്‍തുറപ്പാട്ടുകളും കാണ്മാനുണ്ടു്.

ʻʻഏണനേത്രേ മതി! മതി! കേണു ചൊന്ന വചനങ്ങള്‍
പ്രാണനാഥനിതാ വന്നു തുറക്ക വാതല്‍.
ഏവനെന്റെ മണിയറ പൂവതിന്നു വിളിച്ചതു
തേവരാണ മണിവാതില്‍ തുറക്കയില്ല.
ഐഹികമായുള്ള സൗഖ്യമോഹമുണ്ടിജ്ജനത്തിന്നു
സാഹസങ്ങള്‍ നിനയാതെ തുറക്ക വാതല്‍.
ഐയമേറ്റുനടക്കുന്ന കയ്യനെന്നപോലെ നീയും
പയ്യെ വന്നു വിളിച്ചാല്‍ ഞാന്‍ തുറക്കയില്ല.
അക്കനമത്തരുണനുമക്കയല്‍ക്കണ്ണിയുമായി-
ട്ടര്‍ക്കബിംബമുദിപ്പോളമുറങ്ങിവീണു.
ഇക്കനമിപ്പാട്ടിനര്‍ത്ഥമൊക്കെ നന്നായറിഞ്ഞോരെ-
ത്തിക്കരിക്കയില്ലയാരും തുറക്കും വാതല്‍ˮ

എന്നീ ഈരടികള്‍ അവയില്‍ ഒന്നില്‍നിന്നു പകര്‍ത്തുന്നതാണു്.

മാര്‍ഗ്ഗംകളിപ്പാട്ടു്, പാടുന്ന രീതി

പണ്ടു സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില്‍ വളരെ പ്രചാരത്തിലിരുന്ന ഒരു ഗാനമാണു് മാര്‍ഗ്ഗംകളിപ്പാട്ടു്. ക്‍നാനായസുറിയാനിക്കാരുടെ വിവാഹോത്സവത്തിനു് അതു സമീപകാലംവരെ ഒഴിച്ചുകൂടാത്ത ഒരു ചടങ്ങായിരുന്നതായി അറിയുന്നു. ക്രിസ്തുവിന്റെ സൂചകമായി ഒരു നിലവിളക്കു രംഗത്തിന്റെ മദ്ധ്യത്തില്‍ വച്ചു് അദ്ദേഹത്തിന്റെ ശിഷ്യരായി അപ്പോസ്തലന്മാരുടെ സ്ഥാനത്തു പന്ത്രണ്ടു പുരുഷന്മാര്‍ വാളും പരിചയും ധരിച്ചു തലയില്‍ മയില്‍പ്പീലി തിരുകി ആ വിളക്കിന്നു ചുറ്റും വട്ടത്തില്‍ ചുവടു വച്ചും കൈകൊണ്ടു ചില ആംഗ്യങ്ങള്‍ കാണിച്ചും ഈ പാട്ടു പാടുകയും ഒടുവില്‍ മംഗളം പാടി ചടങ്ങു് അവസാനിപ്പിക്കുകയും ചെയ്യുന്നു. സംഘക്കളിയുടെ ഒരനുകരണമാണു് മാര്‍ഗ്ഗംകളി എന്നതിന്നു സംശയമില്ല. സുറിയാനിക്രിസ്ത്യാനികളുടെ കായികശക്തിക്കും മാനസിക വിനോദത്തിന്നും മതഭക്തിക്കും പ്രസ്തുത ഗാനം പ്രയോജകീ ഭവിച്ചിരുന്നു എന്നുള്ളതിനു പക്ഷാന്തരമുണ്ടാകുവാനും മാര്‍ഗ്ഗമില്ല.

ആരംഭം

മാര്‍ഗ്ഗംകളിപ്പാട്ടു് ആരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്:

ʻʻമെയ്ക്കണിന്ത പീലിയും മയില്‍മേല്‍ തോന്റും മേനിയും
പിടിത്ത ദണ്ഡും കയ്യും മെയ്യുമെന്നെന്നേയ്ക്കും വാഴ്‌കവേ,

വാഴ്‌ക വാഴ്‌ക നമ്മുടെ പരിഷയെല്ലാം ഭൂമിയില്‍
വഴിക്കൂറായ് നടക്കവേണ്ടിവന്തവരോ നാമെല്ലാം.

അഴിവുകാലം വന്നടുത്തു അലയുന്ന നിന്‍മക്കളെ
അഴിയാവണ്ണം കാത്തരുള്‍വാന്‍ കഴിവുപേശുക മാര്‍ത്തോമ്മന്‍

മലമേല്‍നിന്നു വേദ്യനമ്പു ചാര്‍ത്തിമാറിയെന്നപോല്‍
മയില്‍മേലേറിനിന്ന നില കാണവേണം പന്തലില്‍

പട്ടുടന്‍പണിപ്പുടവ പവിഴമുത്തുമാലയും
അലങ്കരിത്ത പന്തലില്‍ വന്നുതകവേണം മാര്‍ത്തോമ്മന്‍.ˮ

ഇതിവൃത്തം

മാര്‍ത്തോമ്മാശ്ലീഹായുടെ ചരിത്രമാണു്, പ്രതിപാദ്യവിഷയം. ആകെ ഭിന്നവൃത്തങ്ങളിലായി പതിന്നാലു പാദങ്ങളും നാനൂറ്റില്‍ച്ചില്വാനം വരികളുമുണ്ടു്. പാലസ്തീനാനാട്ടില്‍ ʻആദിയേമുന്‍പു ശലോമോന്‍ ചമച്ച ആലയം ഭാഷയില്‍ʼ ഉള്ള ഒരു സൗധം ചോഴരാജാവായ ʻഗൊണ്ഡോഫോറസ്ʼ സ്വപ്നത്തില്‍ കാണുകയും അത്തരത്തില്‍ ഒരു സൗധം തന്റെ രാജധാനിയില്‍ പണി കഴിപ്പിക്കുന്നതിനു വേണ്ട തച്ചന്മാരെ അന്വേഷിച്ചുകൊണ്ടുവരുവാന്‍ ഹാവാന്‍ എന്ന ഒരു വണിക്കിനെ നിയോഗിക്കുകയും ചെയ്തു. ഹാവാന്‍ കപ്പല്‍ കയറി മഹോസാ പട്ടണത്തിലെത്തിയപ്പോള്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ടു മാര്‍ത്തോമ്മയെ ഒരു തച്ചനെന്ന നിലയില്‍ ആ വര്‍ത്തകനെ ഏല്പിക്കുകയും മാര്‍ത്തോമ്മാ ആദ്യം ഹാവാനോടു കൂടി പോകുവാന്‍ വിസമ്മതിച്ചു എങ്കിലും ഒടുവില്‍ തന്റെ ഗുരുനാഥന്റെ ʻʻനിന്നോടുകൂടേ ഞാനുണ്ടു കൂട്ടു നീ പോകും നാടതിലെല്ലാം.......നിന്‍നിനവെല്ലാമെന്‍ നിനവല്ലോ നീയുറയ്ക്കാകുലം വേണ്ടˮ എന്നും മറ്റുമുള്ള അരുളപ്പാടു കേട്ടു് ആശ്വസ്തനായി ചോഴരാജ്യത്തേയ്ക്കു പോകുകയും ചെയ്തു. അവിടെ ഗോണ്ഡോഫോറസ്സിന്റെ പ്രീതിക്കു പാത്രീഭവിച്ചു തദ്വാരാ ലഭിച്ച ധനവുംകൊണ്ടു ക്രിസ്തുമതപ്രചാരത്തിനായി മ്ലാക്കാ (മലാക്ക) ചീനം (ചൈന) മുതലായ ദേശങ്ങളില്‍ ʻമാര്‍ഗ്ഗമറിയിക്കുകയുംʼ ചെയ്തു.

ʻʻ… … … വീണ്ടും പുറപ്പെട്ടു കേരളനാടെന്നു കേട്ടു കാരണമായുള്ള കേള്‍വികളോടൊത്തുകൂടിയൊരുമിച്ചു ചെന്നു

ഈടുള്ളോരാ മാലിയാവുംകരെ ചെന്നവിടത്തിരുന്നു
ഊരാളരോടറിയിച്ചിതു മാര്‍ഗ്ഗവും കേട്ടവരായതിലായി
ഇങ്ങനെ മാര്‍ഗ്ഗമറിയിച്ചതിന്‍ശേഷം തീര്‍ത്തു കുരിശതു കൊല്ലം
നിരണവും കോക്കമംഗലം കോട്ടക്കായല്‍ മലപ്രദേശമായ ചായല്‍
പാലൂരും പിന്നെ രാജാവിന്നിരിപ്പിടം കൊടുങ്ങല്ലൂരെന്നിവയേഴുംˮ

എന്നു കവി പ്രസ്താവിക്കുന്നു. ഗൊണ്ഡോഫോറസ്സു മാര്‍ത്തോമ്മായെ ബന്ധനത്തില്‍ വയ്ക്കുന്നതും അദ്ദേഹത്തിന്റെ ചില അമാനുഷപ്രവൃത്തികള്‍ കണ്ടു് അവിടെനിന്നു മോചിപ്പിക്കുന്നതും മറ്റും കവി ചിത്രീകരിച്ചിട്ടുണ്ടു്. മൈലാപ്പൂരില്‍ ചിന്നമലയിലെ കാളീക്ഷേത്രത്തിലെ അര്‍ച്ചകന്മാര്‍ മാര്‍ത്തോമ്മായെ ശൂലംകൊണ്ടു കുത്തിക്കൊല്ലുന്നതോടുകൂടി കഥ അവസാനിക്കുന്നു. ʻമാര്‍ഗ്ഗംʼ എന്നാല്‍ ക്രിസ്തുമാര്‍ഗ്ഗം അഥവാ ക്രിസ്തുമതം എന്നര്‍ത്ഥം. മാര്‍ത്തോമ്മായുടെ ക്രിസ്തുമാര്‍ഗ്ഗപ്രചാരണത്തെ അധികരിച്ചുള്ള ഒരു പാട്ടു് അഭിനയത്തോടുകൂടി പാടുന്നതിനു തക്കവണ്ണം കവി രചിച്ചതിനാല്‍ ഈ കൃതിക്കു മാര്‍ഗ്ഗം കളിപ്പാട്ടെന്നു പേരുണ്ടായി.

പാട്ടില്‍ ഒരു ഭാഗം

മാര്‍ത്തോമ്മാ ചോഴരാജാവിനോടു സ്വര്‍ഗ്ഗസൗധത്തെ വര്‍ണ്ണിച്ചു കേള്‍പ്പിക്കുന്ന ഘട്ടത്തിലുള്ള ചില വരികളാണു് താഴെ ചേര്‍ക്കുന്നതു്.

ʻʻചിത്രം ചിത്രങ്ങളെത്ര മനോഹരം
ചിന്തതെളിയുംപടിയുള്ള വാതില്‍കള്‍
മുത്തോടു വൈരം പതിച്ചു്.
അന്‍പരിലന്‍പനിരിക്കുമക്കോയിക്ക-
ലൊന്‍പതു തട്ടുകളുണ്ടു്.
അന്തിയൊരിക്കലുമില്ലേയക്കോയിക്കല്‍-
ച്ചെന്നിടകൂടുന്നവര്‍ക്കു്
മൃത്യുവഴിയായി മര്‍ത്ത്യരതില്‍ച്ചെന്നാ-
ലത്തലില്ലാ മഹാഭാഗ്യം.
ആദിത്യരശ്മിയും നാണിക്കുമാറതില്‍
മാണിക്കമായോരു ദീപം.
അതിനൊരു മന്ദമൊരിക്കലുമില്ലവേ
നീയറി ചോഴായിതെല്ലാം.ˮ

കവിയും കാലവും

മാര്‍ത്തോമ്മാശ്ലീഹായേസ്സംബന്ധിച്ച ചില പാട്ടുകള്‍ സുറിയാനിക്രിസ്ത്യാനികള്‍ പാടിവന്നതായി മഫെയ്, ഗോവയാ എന്നീ പാശ്ചാത്യചരിത്രകാരന്മാര്‍ യഥാക്രമം ക്രി. പി. 1588-ലും 1599-ലും രേഖപ്പെടുത്തീട്ടുണ്ടു്. ഗോവയാ അവര്‍ ഒരു കളിക്കു് ഉപയോഗപ്പെടുത്തി വന്ന പാട്ടിനെപ്പറ്റി പറയുന്നു. പോര്‍ത്തുഗീസുകാരുടെ ആഗമനത്തിന്നു മുന്‍പും സുറിയാനിക്രിസ്യാനികള്‍ക്കു മാര്‍ത്തോമ്മായെപ്പറ്റി ചില പാട്ടുകള്‍ ഉണ്ടായിരുന്നിരിക്കണം. മാര്‍ഗ്ഗം കളിപ്പാട്ടു് അവയില്‍ ഒന്നാണോ എന്നു നിശ്ചയമില്ല. കുരിശു്, അഞ്ചുക്കള്‍ (മാലാഹാമാര്‍) എന്നീ പോര്‍ത്തുഗീസുവാക്കുകള്‍ ഇന്നു നടപ്പുള്ള പാട്ടില്‍ കാണ്മാനുണ്ടു്; എന്നാല്‍ അതുകൊണ്ടു മാത്രം ഇതു് അവര്‍ വന്നതിനുമേലുണ്ടായതാണു് എന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. പാട്ടില്‍ അവ പിന്നീടു കടന്നുകൂടിയെന്നും വരാവുന്നതാണു്. ʻമെയ്ക്കണിന്ത പീലിയുംʼ ഇത്യാദി പീഠികപോലെ ഭാഷയ്ക്കു് ഇതരഭാഗങ്ങളില്‍ പ്രാചീനത കാണുന്നില്ല. ക്രി. പി. 1600-നും 1700-നും മധ്യേ ജീവിച്ചിരുന്ന കല്ലൂര്‍ശേരി വെട്ടിക്കുന്നേല്‍ ഇട്ടിത്തൊമ്മന്‍ കത്തനാരാണു് ഇതിന്റെ കര്‍ത്താവു് എന്നു് ഒരു ഐതിഹ്യമുണ്ടു്. അദ്ദേഹം പക്ഷേ ഇതിന്റെ പരിഷ്കര്‍ത്താവാണെന്നു വരുവാനും പാടില്ലായ്കയില്ല. ക്രി. പി. 1797-ലെ ഒരു പതിപ്പില്‍ ʻʻഇക്കാലങ്ങളോരായിരത്തെഴുനൂറുമുപ്പതുരണ്ടില്‍, ഇരാറിലീരെട്ടു നാമം പാടിയ തിങ്ങളിലാടിˮ എന്നൊരു കുറിപ്പുണ്ടെങ്കിലും അതു ഗ്രന്ഥത്തിന്റെ നിര്‍മ്മാണകാലത്തെ നിര്‍ദ്ദേശിക്കുന്നതായി തീര്‍ച്ചപ്പെടുത്തുവാന്‍ തരമില്ല. അത്രമാത്രം അര്‍വ്വാചീനമല്ല ഈ പാട്ടു്. ആകെക്കൂടി ʻമെയ്ക്കണിന്തʼ എന്ന പീഠിക പോര്‍ത്തുഗീസുകാരുടെ വരവിനു മുന്‍പുള്ളതും ശേഷം ഭാഗങ്ങള്‍ കൊല്ലം എട്ടാം ശതവര്‍ഷത്തില്‍ ഇട്ടിത്തൊമ്മന്‍കത്തനാര്‍ പുതുക്കിയെഴുതിയതുമാണെന്നു സങ്കല്‍പിക്കുന്നതു സമീചീനമായിരിക്കുമെന്നു തോന്നുന്നു.

റമ്പാന്റെ പാട്ടു്

തൊമ്മാശ്ലീഹയുടെ ചരിത്രത്തെപ്പറ്റി പ്രതിപാദിക്കുന്ന മറ്റൊരു ഗാനമാണു് റമ്പാന്റെ പാട്ടു്. ഈ കൃതി മാര്‍ത്തോമ്മായാല്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട നിരണത്തുകാരന്‍ മാളിയേയ്ക്കല്‍ തോമ്മാറമ്പാന്‍ രചിച്ചതാണെന്നും അദ്ദേഹത്തിന്റെ വംശത്തില്‍ നാല്പത്തെട്ടാം തലമുറക്കാരനായ മറ്റൊരു തോമ്മാറമ്പാന്‍ ക്രി. പി. 1601-ല്‍ സംക്ഷേപിച്ചെഴുതിയതാണെന്നും ആ പാട്ടില്‍ത്തന്നെ പ്രസ്താവനയുണ്ടു്.

ʻʻഒരായിരമോടറുനൂറ്റൊന്നാം
കര്‍ക്കടകം മൂന്നാം ദിവസം
ആരാധനയോടിവയെല്ലാരും
അറിവാന്‍ ദൈവം കൃപചെയ്കˮ

എന്ന വരികള്‍ നോക്കുക. ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന പാട്ടിനെപ്പറ്റി നമുക്കു നിരൂപണം ചെയ്താല്‍ മതിയാകുന്നതാണല്ലോ. അതു കൊല്ലം 776-ആണ്ടിടയ്ക്കു രചിച്ചതാണെന്നു സങ്കല്പിക്കുന്നതില്‍ ആക്ഷേപമില്ല. ചില വരികള്‍ താഴെച്ചേര്‍ക്കുന്നു:

ʻʻസാക്ഷാല്‍ ദൈവം മൂവൊരുവന്‍താ-
നരുള്‍മാര്‍ഗ്ഗത്തില്‍ ഗുരുവരനാകിയ
മാമകനാമകനാം മാര്‍ത്തോമ്മാ
പെരുമാള്‍ ചോഴന്റാളായുള്ളോ-
രാവാനോടും സഹിതംകൂടി
അറബിയായില്‍ കപ്പല്‍ കരേറി
മാല്യംകരെ വന്നെത്തിയതു്.
… … …
ഒരു മാസത്തിന്നിടയില്‍ത്തിരികേ
കേരളനാട്ടില്‍ത്താന്‍ വരുവാന്‍
തിരുവഞ്ചിക്കുളത്തരചന്‍മരുമക-
നാദേശത്തില്‍ച്ചെന്നെത്തി,
തൃക്കാല്‍ മുത്തിയപേക്ഷ കഴിച്ചൂ;
കപ്പല്‍യാത്രയുമവര്‍ ചെയ്തു.ˮ

സുറിയാനിക്രിസ്ത്യാനികളുടെ കല്യാണപ്പാട്ടുകളേയും പള്ളിപ്പാട്ടുകളേയുംപറ്റി ഞാന്‍ പതിനൊന്നാമധ്യായത്തില്‍ സൂചിപ്പിച്ചിട്ടുണ്ടു്. പോര്‍ത്തുഗീസുകാര്‍ കേരളത്തില്‍ വന്ന കാലത്തു് അവരുടെ ഇടയില്‍ പല പഴയ പാട്ടുകള്‍ പ്രചാരത്തില്‍ ഇരുന്നിരിക്കണം. അവ മിക്കവാറും കാലാന്തരത്തില്‍ അസ്തമിതങ്ങളായിത്തീര്‍ന്നിരിക്കുന്നു.

പാക്കനാര്‍ തൊള്ളായിരം

ജേക്കബ്ഫെനിഷ്യോ എന്ന ഒരു പോര്‍ത്തുഗീസ്ഗ്രന്ഥകാരന്‍ കൊച്ചി, പുറക്കാടു് എന്നീ സ്ഥലങ്ങളില്‍ ഉദ്ദേശം 760-ആണ്ടുമുതല്‍ പാതിരിയായിരുന്നു. അദ്ദേഹം 808-ല്‍ കൊച്ചിയില്‍വെച്ചു മരിച്ചു. അദ്ദേഹം പോര്‍ത്തുഗീസുഭാഷയില്‍ (Livroda Seitados Indios Orientalis) ʻʻലിവ്രോദ സൈതാദോസ് ഇന്‍ഡിയോസ് ഓറിയെന്റാലിസ്ˮ എന്ന പേരില്‍ കേരളത്തെപ്പറ്റി ഒരു കൃതി രചിച്ചിട്ടുണ്ടു്. അതു എട്ടു പുസ്തകങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആ കൃതിയില്‍ ലോകസൃഷ്ടി, ശിവന്‍, വിഷ്ണു മുതലായ ദേവന്മാരുടെ ചരിത്രം, രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹം, അയ്യപ്പന്റെ ഉത്ഭവവും അപദാനങ്ങളും, കേരളത്തിലെ ക്ഷേത്രങ്ങളേയും ആചാരങ്ങളേയും ഹിന്ദുക്കളുടെ വിശേഷദിവസങ്ങളേയും പറ്റിയുള്ള നിരൂപണം മുതലായി പല വിഷയങ്ങളും അടങ്ങീട്ടുണ്ടു്. ചിലതെല്ലാം കണ്ടും ചിലതെല്ലാം കേട്ടുകേള്‍വിയെ അടിസ്ഥാനമാക്കിയും അദ്ദേഹം പ്രസ്താവിക്കുന്നു. ധര്‍മ്മപുത്രര്‍ ചേരമാന്‍ പെരുമാളായും, ഭീമന്‍ കുലശേഖരപ്പെരുമാളായും നകുലന്‍ ചോഴപ്പെരുമാളായും സഹദേവന്‍ പാണ്ടിപ്പെരുമാളായും കലിയുഗത്തില്‍ അവതരിച്ചുവത്രം. ഫെനിഷ്യോ മലയാളം പഠിച്ചിരുന്നു എന്നുള്ളതിന്നു തെളിവുണ്ടു്. പാക്കനാര്‍ തൊള്ളായിരം എന്നൊരു ഗ്രന്ഥത്തെ പ്രമാണീകരിച്ചു് അദ്ദേഹം അനേകം ഹൈന്ദവാചാരങ്ങളെ എതിര്‍ക്കുന്നു. ആ പേരില്‍ പാക്കനാര്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നു നാം മറ്റു പ്രകാരത്തില്‍ അറിയുന്നില്ല. അതില്‍ തൊള്ളായിരം പാട്ടുകള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണു് ലത്തീന്‍ഭാഷയില്‍ നിര്‍മ്മിതമായ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ പറയുന്നതു്. രണ്ടു പാട്ടു താഴെ പകര്‍ത്തുന്നു:

ʻʻകല്ലിലും കാറ്റിലും കാരിരുമ്പു ചെമ്പിലും
പുല്ലിലും പരപ്പിലും പ്രാണവേദനൂലിലും
ചൊല്ലിലും ചൊല്ലാതിലും കര്‍മ്മജ്ഞാനം രണ്ടിലും
എല്ലിലും എലുമ്പിലും ഏകനാണീശ്വരന്‍.ˮ

ʻʻഞാനിയെന്നുതാന്‍ നിനച്ചു നല്ല പൂവു ചൂടിനാന്‍
വാനില്‍നിന്നു വന്ന വെള്ളം വാനിലേ ചെലുത്തുവാന്‍
ഊനിലുള്ള എല്ലുകൊണ്ടുയിര്‍ത്തുയിര്‍ത്തു തേങ്കിനാന്‍
ഞാനിയാകിലങ്ങു പോമല്ലയാകിലിങ്ങുതേ.ˮ

ഈ പാട്ടുകളിലെ ഭാഷാരീതി നോക്കിയാല്‍ പ്രസ്തുതഗ്രന്ഥം ഫെനിഷ്യോ കേരളത്തില്‍ താമസിച്ചിരുന്ന കാലത്തു പാക്കനാരുടേതാണെന്നു പറഞ്ഞു് ആരോ എഴുതി ഹിന്ദുമതഖണ്ഡനത്തിനായി അദ്ദേഹത്തെ ഏല്പിച്ചപോലെയാണു് തോന്നുന്നതു്. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ലെങ്കിലും അനുവാചകന്മാരുടെ കൌതുകത്തിന്നുവേണ്ടി അതിലെ ചില വരികള്‍ ഇവിടെ പകര്‍ത്തിയെന്നേയുള്ളു. ഫെനിഷ്യോ ഉദ്ധരിച്ചിട്ടുള്ള പങ്‌ക്തികളില്‍ കൂടുതലായി ഒരു ഭാഗവും ലഭിച്ചിട്ടില്ല.


  1. ഒന്മ=സത്യം.
  2. വിയന്‍=അത്ഭുതം.