close
Sayahna Sayahna
Search

ഭാഷാഗദ്യം





ഭാഷാഗദ്യം

കൊല്ലം എട്ടാംശതകം


ഉത്തരരാമായണം ഗദ്യം, ഗ്രന്ഥകാരനും കാലവും

മലയാളഭാഷയ്ക്കു തികച്ചും അഭിമാനം കൊള്ളാവുന്ന ഒരു മഹനീയകൃതിയാകുന്നു ഉത്തരരാമായണം ഗദ്യം. അതിന്റെ പ്രണേതാവു് ആരെന്നറിയുന്നതിനു ഗ്രന്ഥത്തില്‍ സ്പഷ്ടമായ ലക്ഷ്യമൊന്നുമില്ലെങ്കിലും അതിനെപ്പറ്റി അവിശ്വസനീയമെന്നു കരുതേണ്ടതല്ലാത്ത ഒരൈതിഹ്യം വടക്കേമലയാളത്തില്‍ പ്രചരിക്കുന്നുണ്ടു്. അവിടെ ചിറയ്ക്കല്‍ത്താലൂക്കില്‍ കരിവെള്ളൂര്‍ എന്ന സ്ഥലത്താണു് സുപ്രസിദ്ധമായ വങ്ങോട്ടു് ഉണിത്തിരിമാരുടെ കുടുംബം സ്ഥിതിചെയ്യുന്നതു്. ഉണിത്തിരിമാരെ പണ്ടാലമാരെന്നു് തെക്കന്‍പ്രദേശങ്ങളില്‍ പറയും. ആ കുടുംബത്തില്‍ കൊല്ലം 700-നും 750-നും ഇടയ്ക്കു് അതിവിദ്വാന്മാരായ രണ്ടു സഹോദരന്മാര്‍ ഉണ്ടായിരുന്നു എന്നും അവരില്‍ അനുജന്‍ തന്റെ തറവാട്ടിലെ പ്രായംചെന്ന സ്ത്രീകളുടെ ആവശ്യമനുസരിച്ചു് അവര്‍ക്കു നിത്യപാരായണത്തിന്നായി രാമായണകഥ മുഴുവന്‍ ഗദ്യത്തില്‍ രചിച്ചു എന്നുമാണു് പുരാവൃത്തം. അതില്‍ ഉത്തരരാമായണം മാത്രമേ കണ്ടുകിട്ടീട്ടുള്ളു. ഒരു മാതൃകയില്‍ അതു് 759-ല്‍ എഴുതി എന്നു രേഖപ്പെടുത്തിക്കാണുന്നതിനാല്‍ അതിനു മുന്‍പായിരിയ്ക്കണം ഗ്രന്ഥനിര്‍മ്മിതി എന്നു സിദ്ധിക്കുന്നു. ആ സ്ഥിതിക്കു്, ഐതിഹ്യത്തെ ആസ്പദമാക്കി വങ്ങോട്ടുണിത്തിരിമാരില്‍ ഒരാള്‍ എട്ടാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ഉത്തരരാമായണം ഉണ്ടാക്കി എന്നു ന്യായമായി ഊഹിക്കാവുന്നതാണു്.

ഗ്രന്ഥസ്വരൂപം

ഉത്തരരാമായണകാരന്‍ വാല്മീകി മഹര്‍ഷിയെത്തന്നെയാണു് ആദ്യന്തം ഉപജീവിച്ചിരിക്കുന്നതെങ്കിലും മൂലത്തെ പ്രായേണ വികസിപ്പിച്ചുകൊണ്ടാണു് അദ്ദേഹത്തിന്റെ കാവ്യഗതി. ഭാഷയ്ക്കു സമഗ്രമായ ഓജസ്സും ധാരാവാഹിത്വവുമുണ്ടു്. ഗ്രന്ഥം ആരംഭിക്കുന്നതു താഴെക്കാണുന്ന വിധത്തിലാണു്:

ʻʻഅരുളിച്ചെയ്താന്‍ മഹാനുഭാവനാകിയ വാല്മീകിമഹര്‍ഷി കുശലവന്മാരെ നോക്കി. അഖിലോകമംഗല്യാംഗസമ്പന്നനായിരിക്കുന്ന ശ്രീരാമദേവന്‍ തിരുവടി രാവണാദി രാക്ഷസന്മാരെ നിഗ്രഹിച്ചു തിരുവയോധ്യാപുരിപുക്കഭിഷേകം ചെയ്തു് അനുജരോടും സീതാദേവിയോടും കൌസല്യാദി മാതൃക്കളോടും സുഗ്രീവാദി വാനരന്മാരോടും വിഭീഷണാദി രാക്ഷസരോടുംകൂടി രാജ്യപരിപാലനം ചെയ്തിരുന്ന പ്രകാരവും സ്വര്‍ഗ്ഗാരോഹണപ്രകാരവും ശ്രീവാല്മീകി കുശലവന്മാര്‍ക്കുപദേശം ചെയ്തു പഠിപ്പിക്കപ്പെട്ട ഉത്തരരാമായണം സംക്ഷേപമായറിയിക്കുന്നേന്‍.ˮ

ഇതു ഗ്രന്ഥകാരന്റെ പീഠികയാണു്. മൂലത്തില്‍ ഈ ഭാഗം ഇല്ല. ഈ ഭാഗത്തിനു സമ്പ്യാര്‍തമിഴിന്റെ സാജാത്യം നല്ലപോലെയുണ്ടു്; ഇതരഭാഗങ്ങളിലും അതിലേ ശൈലിതന്നെ ഏറെക്കുറേ സമീക്ഷിക്കാവുന്നതാണു്. അപൂര്‍വ്വം ചില ഭാഗങ്ങളില്‍ മൂലകഥയെ ഭേദപ്പെടുത്തീട്ടുമുണ്ടു്. തര്‍ജ്ജമയില്‍ രാവണനെ കാര്‍ത്തവീര്യനില്‍നിന്നു മോചിപ്പിക്കുന്നതു പുലസ്ത്യനല്ല, വിശ്രവസ്സാണെന്നുള്ളതു് അതിനു് ഒരുദാഹരണമായി ഗണിക്കാം. മൂലത്തില്‍ നിന്നു തര്‍ജ്ജമ വികസിക്കുന്നതു് എങ്ങനെയാണെന്നു് അടിയില്‍ ചേര്‍ക്കുന്ന ഉദാഹരണത്തില്‍ നിന്നു വെളിവാകും.

മൂലം:ʻʻഏവമുക്ത്വാ തതോ രാമ ഭുജാന്‍ വിക്ഷിപ്യ പര്‍വതേ
തോലയാമാസ തം ശൈലം സ ശൈലസ്സമകമ്പത.
ചാലനാല്‍ പര്‍വതസ്യൈവ ഗണാ ദേവസ്യ കമ്പിതാഃ
ചചാല പാര്‍വതീ ചാപി തദാശ്ലിഷ്ടാ മഹേശ്വരം.
തതോ രാമ മഹാദേവോ ദേവനാം പ്രവരോ ഹരഃ
പാദാംഗുഷ്ഠേന തം ശൈലം പീഡയാമാസ ലീലയാ,
പീഡിതാസ്തു തതസ്തസ്യ ശൈലസ്യാധോഗതാ ഭുജാഃ.ˮ

തര്‍ജ്ജമ: ʻʻപുഷ്പകവിമാനത്തില്‍നിന്നിറങ്ങി ശ്രീകൈലാസപര്‍വതത്തിന്‍മുരട്ടു ചെന്നുനിന്നു് ഇരുപതു കൈയും ചുരുട്ടിപ്പര്‍വതമടരുമാറു മെല്ലെയൊന്നെറ്റിയതുനേരം പര്‍വതമൊരേടമൊഴിയാതെ ഞെട്ടിയിളകിപ്പിളര്‍ന്നതുനേരം ശ്രീഭൂതഗണങ്ങളും മഹര്‍ഷിമാരും ബ്രാഹ്മണരും ദേവകളും ഗണപതിയും സുബ്രഹ്മണ്യനും യക്ഷകിന്നരഗന്ധര്‍വസിദ്ധവിദ്യാധരചാരണരും ഇവരെല്ലാവരും പെരിക ഭയപ്പെട്ടു ചൊല്വിതുംചെയ്താര്‍. ജഗല്‍കാരണനായിരിക്കുന്ന ശ്രീമഹാദേവന്‍ തിരുവടിയുടെ നിവാസസ്ഥലമായിരിക്കുന്ന ശ്രീകൈലാസമെന്തിങ്ങനെ ഇളകുമാറിതെന്നും ഇതെന്നുമേ ഇളകിയൊന്നല്ലായെന്നും തമ്മില്‍ പറയുന്നതുനേരം ഭര്‍ത്താവിനോടുകൂടെ ക്രുദ്ധിച്ചരുളുന്ന ശ്രീപാര്‍വതിയും ബദ്ധപ്പെട്ടു മനസ്സാലെ നിരൂപിച്ചു. ഞാനുമൊരാശ്രയം കൂടാതെ ഇവിടെയിരിക്കുന്നാകില്‍ വീണു മരിച്ചുപോകുമെന്നു ഭയപ്പെട്ടു സംഭ്രമത്തോടുമോടിച്ചെന്നു ഭര്‍ത്താവിനുടെ മാറില്‍ വീണു മുറുകെപ്പിടിച്ചാശ്ലെഷിച്ചു നില്പിതും ചെയ്താള്‍. അതേതു പ്രകാരമെന്നാല്‍ കല്പകവല്ലി കല്പകവൃക്ഷത്തെ ചുറ്റിപ്പിടിച്ചതുപോലെ, ശ്രീമഹാദേവന്‍ തിരുവടിയുടെ മാറില്‍ചെന്നുമറഞ്ഞിരുന്നു ശ്രീപാര്‍വതീദേവിയും. അതുനേരം ശ്രീപരമേശ്വരന്‍ തിരുവടിയും പെരികെസ്സന്തോഷിച്ചു മന്ദസ്മിതമാകുംവണ്ണം ചിരിച്ചരുളുവിതും ചെയ്താന്‍. പണ്ടെങ്ങുമൊരുനാളുമെന്നുടെ പ്രാണവല്ലഭയായിരിക്കുന്ന ഗൌരിയുമെന്നെയാലിംഗനം ചെയ്തില്ലല്ലോ. ഇന്നിപ്പോളെന്നെയാലിംഗനം ചെയ്യാന്‍ കാരണമെന്തെന്നാല്‍ ആരാനുമൊരു ബലവാന്‍ പരാക്രമശക്തനായിരിക്കുന്ന പുരുഷന്‍ ഇപ്പര്‍വതമടര്‍ത്തുന്നുണ്ടെന്നു വന്നു. എന്നാല്‍ അവന്‍ എനിക്കെത്രയും പെരികയിഷ്ടവാനെന്നും അവനെ വളരെ സ്നേഹിച്ചേന്‍ ഞാനെന്നും ഒരുനാളുമവനോടൊരുവിരോധംനമുക്കരുതെന്നും അവന്നുവേണ്ടുമഭിപ്രായത്തെച്ചെയ്തുകൊടുക്കണമെന്നും ദേവിയുടെ ഭയത്തെക്കളയണമെന്നും നിനച്ചു പര്‍വതമടര്‍ത്തുന്നവനുമേതുമൊരു വ്യസനം വരാതെ ദേവിയുടെ സങ്കടം പോക്കണമെന്നുംവച്ചു തിരുവടിയുടെ ശ്രീപാദാരവിന്ദങ്ങളുടെ പേരുവിരല്‍ദ്വയംകൊണ്ടു മെല്ലവേ അപ്പര്‍വതമൊന്നമക്കുവതും ചെയ്താന്‍. അപ്പൊഴുതു ദശഗ്രീവനും പര്‍വതമടര്‍ന്ന വിവരത്തില്‍ കൈകളിരുപതും നടത്തിപ്പൊങ്ങിക്കുമതുനേരം പര്‍വതം പണ്ടേപ്പോലെ ഉറച്ചുനിന്നതുനേരം വിവരത്തിങ്കലിട്ട കൈ ഇരുപതും വലിച്ചുകൂടാതെ മുറുകി പൊറുക്കരുതാത്ത വേദനയാലേ മുറയിടത്തുടങ്ങിനാന്‍ ദശഗ്രീവന്‍.ˮ

എന്തൊരു ഹൃദയഹാരിയായ ചിത്രമാണിതു്! ഒരു വലിയ ഭൂതക്കണ്ണാടിയില്‍ക്കൂടിയാണു് വിവര്‍ത്തകന്‍ മൂലത്തിലേ ആശയങ്ങളെ നമുക്കുകാണിച്ചുതരുന്നതു്, ʻലീലയാʼ എന്ന പദത്തിനു് അദ്ദേഹം കല്പിക്കുന്ന അര്‍ത്ഥപ്രപഞ്ചനം മഹര്‍ഷി വിചാരിച്ചിരിക്കാവുന്നതല്ലെങ്കിലും ഹൃദയപേയമായിത്തന്നെയിരിക്കുന്നു.

സുന്ദരങ്ങളായ ഭാഷാപദങ്ങളുടെ സുലഭമായ പ്രയോഗം ഈ ഗ്രന്ഥത്തെ സവിശേഷം ആകര്‍ഷകമാക്കിത്തീര്‍ക്കുന്നു. ʻʻപുതിയോ ചില കഴുവിന്‍ തൂവലാല്‍ വരിഞ്ഞു നേര്‍ചാണമേല്‍ തെളിയക്കടഞ്ഞു നേരിയതായ് നെയ്തേച്ചു തൊട്ടവാറേ ശത്രുക്കളെ പ്രാണന്‍പറിപ്പോ ചില ശരങ്ങള്‍കൊണ്ടുടനുടന്‍ പ്രയോഗിച്ചുˮ, ʻʻകണ്ണെല്ലാം ചുകന്നു മറിഞ്ഞു ദന്തം കടിച്ചു് അരികെയിരുന്ന വാളെടുത്തു വലത്തേ കയ്യില്‍ മറുകെപ്പിടിച്ചു കുറഞ്ഞൊന്നു പിന്‍വാങ്ങി വാളിളക്കി ഊക്കി രണ്ടു മുറിയായി വീഴുമാറു ദൂതനെ വെട്ടിക്കൊല്വിതും ചെയ്താന്‍ˮ, ʻʻഅരയും തലയും കൈച്ചരടും മുറുക്കിയാവനാഴിക പുറത്തണച്ചു വില്ലെടുത്തു ഞാണ്‍ പൂട്ടേറ്റിയിടത്തു ചെന്നുനിന്നു് ഇടത്തേക്കൈമേല്‍ വില്ലെടുത്തു മുറുക്കപ്പിടിച്ചു തെളിയക്കടഞ്ഞൊരമ്പുമെടുത്തു രമണീയമായി പൊന്മയമായിരിക്കുന്ന തേരിലേറി കൊടിയും കുടയുമുയര്‍ത്തിപ്പിടിച്ചു യുദ്ധയോഗ്യനായി പുറപ്പെട്ടുˮ എന്നിത്തരത്തിലുള്ള സജീവങ്ങളായ വാക്യങ്ങള്‍ ഇതില്‍ എവിടേയും പ്രേക്ഷണീയങ്ങളായി നിലകൊള്ളുന്നു.

വാസുദേവന്‍നമ്പൂരി, പഞ്ചികാകാരന്‍

അമരകോശത്തിനു പഞ്ചിക എന്നൊരു പഴയ കേരളീയവ്യാഖ്യാനമുണ്ടു്. അതില്‍ സംസ്കൃതവും ഭാഷയും ഇടകലര്‍ന്നിരിക്കുന്നുവെങ്കിലും ഭാഷയ്ക്കാണു് പ്രാധാന്യം. ഗ്രന്ഥനിര്‍മ്മിതിയുടെ കാലവും ഗ്രന്ഥകാരന്റെ നാമധേയവും വ്യാഖ്യാനത്തിലുള്ള ഒരു ശ്ലോകത്തില്‍നിന്നു വെളിപ്പെടുന്നു.

ʻʻശശധരവസുബാണപ്രാണരന്ധ്രക്ഷമേശൈഃ
പരിമിതിമുപയാതേ വാസരാണാം സമൂഹേ
ഇഹ കലിയുഗഭാജാം വാസുദേവോ ദ്വിജന്മാ
വ്യലിഖദമരകോശഗ്രന്ഥതാല്‍പര്യസാരം.ˮ

ഇതില്‍ ആദ്യത്തേ പാദം കലിദിനസംഖ്യാസൂചകമാകയാല്‍ ഗ്രന്ഥനിര്‍മ്മിതി കൊല്ലം 716-ആണ്ടിടയ്ക്കാണെന്നു സിദ്ധിക്കുന്നു. ʻവ്യലിഖല്‍ʼ എന്ന പദത്തിനു നിര്‍മ്മിച്ചു എന്നാണു് ഞാന്‍ ഭാഷാരീതിയെ ആസ്പദമാക്കി അര്‍ത്ഥം കല്പിക്കുന്നതു്. അല്ലാതെ പകര്‍ത്തിയെഴുതിയെന്നല്ല.

ʻʻലോകോപകാരായ കൃതാ മഹാത്മനാ
കേനാപി സൈഷാമരകോശപഞ്ചികാ
ആചന്ദ്ര(നക്ഷത്രഗണം)സുപൂജിതാ
സ്ഥേയാദ്ധരണ്യാം സുമനോഹരാ സതാം.ˮ

എന്നൊരു പദ്യം ʻശശധരʼ എന്നതിനെ തുടര്‍ന്നു കാണുന്നുണ്ടെങ്കിലും അതു ഗ്രന്ഥകാരന്റേതുതന്നെയോ എന്നു സംശയിക്കുന്നു; ആണെങ്കില്‍ അദ്ദേഹം താന്‍ മഹാത്മാവാണെന്നു സ്വയം ഘോഷണം ചെയ്യുന്നതായി വിചാരിക്കണം. അതു് അസ്വാഭാവികമാണല്ലോ. പഞ്ചിക ഇങ്ങനെ ആരംഭിക്കുന്നു:

ʻʻക്ലേശാദയോ യം ന പരാമൃശന്തി
യോ വാ ബിഭര്‍ത്തീശ്വരശബ്ദമേകഃ
പുരാതനാനാം ഗുരവേ ഗുരൂണാം
തസ്മൈ നമോ നാഗവിഭൂഷണായ.
ആയുര്‍ധനുര്‍വ്വേദനിഘണ്ടുസാരേ
വാസ്തുഗ്രഹാശ്വാദിഗജാദിശാസനം
സ്മൃതീഃ പുരാണാന്യഖിലാസ്സഹസ്രശഃ
സമീക്ഷ്യ വക്ഷ്യേമരകോശപഞ്ചികാം.

കോ മര്‍ത്ത്യോമരകോശന്തു വിവരീതും ക്ഷമോ ഭുവി?
കോ വാബ്ധിമഥനം കര്‍ത്തും ശക്തോ നാരായണാദൃതേ.
തത്ര യേ സ്വേന വിവൃതാ യേ ച വ്യക്താര്‍ത്ഥവാചിനഃ
തേഷാം നിരര്‍ത്ഥകാ വ്യാഖ്യാ വ്യാക്രിയന്തേത്ര ദുര്‍ഗ്ഗമാഃ.ˮ

വ്യാഖ്യാനം ഹ്രസ്വമാണു്; ധ്വാത്വര്‍ത്ഥപ്രതിപാദനവും മറ്റുമില്ല. താഴെക്കാണുന്ന ഭാഗങ്ങള്‍ നോക്കുക.

ʻʻസ്വഃ ഇതി അവ്യയം, സ്വര്‍ഗ്ഗഃ, നാകഃ, ത്രിദിവഃ, ത്രിദശാലയഃ, സുരലോകഃ ഇവ അഞ്ചും പുല്ലിംഗം. ദ്യൗഃ ഓകാരാന്തം, ദ്യൗഃ വകാരാന്തം, ദ്വേ സ്ത്രിയൌ;ക്ലീബേ ത്രിവിഷ്ടപം ഇവ ഒന്‍പതും സ്വര്‍ഗ്ഗത്തിന്റെ പേര്‍ˮ ʻʻമഷാദയഃ ശമീധാന്യേ മാഷമുദ്ഗാദികം = പുട്ടലില്‍ വിളയിന്റവˮ, ʻʻശൂകധാന്യേ യവാദയഃ=യവഗോധൂമാദികള്‍ കരിമേല്‍ വിളയിന്റവ.ˮ ʻʻശോധിതം സമം = നിര്‍മ്മലമായതു്. ചിക്കണം മസൃണം സ്നിഗ്ദ്ധേ = നെയ് ചേര്‍ന്നതു്, തുല്യേ ഭാവിതം വാസിതം = ധൂപിച്ചതു്. 18-ഉം ത്രിലിംഗം. അപക്വംബോളിഃ സ്ത്രീ. അഭ്യൂഷഃ നാ. തിലഗുളസക്ത്വാദികൃതാബോളിഃˮ ʻʻതേഷാം വിശേഷാ ഹാരീതഃ = നായ്പ്രാവു്. മദ്ഗുഃ = നാ നീര്‍ക്കാക്ക. കാരണ്ഡവഃ = നാ കോഴി. പ്ലവഃ = നാ മരക്കലം, നാവു്. തിത്തിരിഃ = നാ ചിച്ചിരി, കകുഭഃ = നാ ചെറുകുരീല്‍. ലാവഃ = നാ മീവല്‍. ജീവഞ്ജീവഃ = നാ വട്ടച്ചാവല്‍. ചകോരകഃ = നാ ചകോരപ്പുള്‍. കോയഷ്ടികഃ = നാ ടിട്ടിഭക = നാ കുതികുലുക്കി.ˮ

കൈക്കുളങ്ങര രാമവാരിയര്‍ അമരകോശത്തിനു രചിച്ചിട്ടുള്ള ബാലപ്രിയ എന്ന വ്യാഖ്യാനത്തില്‍ പഞ്ചികയെ ആപാദചൂഡം ഉപജീവിച്ചിട്ടുണ്ടു്. വാസുദേവന്റെ ഗൃഹം ഏതെന്നു് അറിയുന്നില്ല.

സൂക്ഷ്മമായ നിരൂപണത്തിന്റെ ഫലമായി ഈ പഞ്ചികതന്നാമധേയമായ തമിഴ്ഗ്രന്ഥത്തിന്റെ തര്‍ജ്ജമയാണെന്നു കാണുന്നു. വാസുദേവന്‍ അതില്‍ വിശേഷിച്ചൊന്നും കൂട്ടിച്ചേര്‍ത്തതായി തോന്നുന്നില്ല. തമിഴ്ഗ്രന്ഥത്തിന്റെ രീതി മനസ്സിലാക്കുവാന്‍ പ്രഥമശ്ലോകത്തിന്റെ വ്യാഖ്യാനം ഉദ്ധരിച്ചുകൊള്ളുന്നു:

ʻʻഹേ ധീരാഃ, വാരീര്‍. വിദ്വാംസഃ ജ്ഞാനദയാസിന്ധോഃ ജ്ഞാന, ജ്ഞാനമെന്ന, ദയാ, ദയയെന്ന, ഇതുകളുടെ സിന്ധോഃ. സിന്ധുവായിരുപ്പാരായി, സമുദ്രമായിരുപ്പാരായി, അഗാധസ്യ, അഗാധരായിരുപ്പാരായി, നിലയന്നിയിലേ ഇരുപ്പാരായിരുക്കുകിറ, യസ്യ = യാതൊരു പരമേശ്വരനുടൈയ, ഗുണാഃ = ഗുണങ്കള്‍, അനഘാഃ = അനഘങ്കളോ, പാപരഹിതങ്കളോ, അക്ഷയഃ, അക്ഷയരായിരുപ്പാരായി, നാശരഹിതരായിരുപ്പാരായി ഇരുക്കുകിറ, സഃ = അന്ത പരമേശ്വരന്‍ = ശ്രിയൈ, ശ്രീയിന്‍പൊരുട്ടും, സമ്പത്തിന്‍ പൊരുട്ടും, അമൃതായ ച = അമൃതത്തിന്‍പൊരുട്ടും, മോക്ഷത്തിന്‍പൊരുട്ടും, ഭവദ്ഭിഃ = ഉങ്കളാലേ, സേവ്യതാം = സേവിക്കപ്പെട്ടത്തക്കതു്.ˮ ഞാന്‍ മലയാളപഞ്ചികയില്‍നിന്നുദ്ധരിച്ച ഭാഗങ്ങള്‍ ആ മാതിരിയില്‍ത്തന്നെയാണു് തമിഴ്പ്പഞ്ചികയിലും കാണുന്നതു്. തമിഴ്പ്പഞ്ചികയ്ക്കു തമിഴ്നാട്ടില്‍ യാതൊരു പ്രചാരവുമില്ലാത്തതിനാല്‍ അതും കേരളത്തില്‍ ആവിര്‍ഭവിച്ച ഒരു കൃതിയെന്നുതന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു. മലയാളപഞ്ചികയ്ക്കു് അമരം തമിഴ്ക്കുത്തെന്നുമൊരു പേരുണ്ടു്. അതു തദനുരോധേന സിദ്ധിച്ചതായിരിക്കണം.

ഈ തമിഴ്ക്കുത്തിനെത്തന്നെ അല്പം വ്യത്യാസപ്പെടുത്തി അമരപദാര്‍ത്ഥപ്രകാശിക എന്നൊരു പുസ്തകവും പ്രസിദ്ധീകൃതമായിട്ടുണ്ടു്. അതിന്റെ കര്‍ത്താവു തൃക്കണ്ടിയൂര്‍ ഗോവിന്ദപ്പിഷാരടിയാണെന്നു കേള്‍വിയുണ്ടു്. 1060-ആമാണ്ടിടയ്ക്കുമാത്രമാണു് അതിന്റെ ആവിര്‍ഭാവം.

ഭാഷാവൈജയന്തി

വിശിഷ്ടാദ്വൈതമതസ്ഥാപകനായി രാമാനുജാചാര്യരുടെ ഗുരുവായ യാദവപ്രകാശന്‍ ക്രി. പി. പതിനൊന്നാം ശതകത്തില്‍ ജീവിച്ചിരുന്നു. അദ്ദേഹമാണു് സുപ്രസിദ്ധമായ വൈജയന്തിയെന്ന സംസ്കൃതനിഘണ്ടുവിന്റെ പ്രണേതാവു്. അമരസിംഹന്റെ നാമലിംഗാനുശാസനം കഴിഞ്ഞാല്‍ കേരളീയപണ്ഡിതന്മാരുടെ ബഹുമാനത്തിനു് അത്രമാത്രം പാത്രീഭവിച്ചിരുന്ന ഒരു കോശഗ്രന്ഥം വേറെയില്ല. ആ നിഘണ്ടുവിനും ലഘുവായ ഒരു ഭാഷാടിപ്പണി നമുക്കു ലഭിച്ചിട്ടുണ്ടു്. പന്ത്രണ്ടാം ശതകത്തില്‍ പ്രഥമകുലോത്തുംഗചോളന്റെ പുത്രനായ തൃതീയരാജരാജന്റെ കാലത്തു ചോളദേശത്തെ അലങ്കരിച്ചിരുന്ന കേശവസ്വാമിയുടെ നാനാര്‍ത്ഥാര്‍ണ്ണവസംക്ഷേപത്തിനും കേരളത്തില്‍ ധാരാളം പ്രചാരമുണ്ടായിരുന്നുവെങ്കിലും അതു് ആരും മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിട്ടുള്ളതായി കാണുന്നില്ല. അമരപഞ്ചികപോലെ വൈജയന്തീടീകയും ഇന്ന സംജ്ഞകള്‍ ഇന്ന ജാതിക്രിയാഗുണങ്ങളുടെ പര്യായങ്ങളാണെന്നു മാത്രമേ പറഞ്ഞുകൊണ്ടുപോകുന്നുള്ളു; അതുതന്നെയും എല്ലാ സംജ്ഞകള്‍ക്കുമില്ല. എങ്കിലും പഴയ ഒരു ഭാഷാടീകയാകയാല്‍ അതു നമ്മുടെ പ്രത്യേകശ്രദ്ധയെ അര്‍ഹിക്കുന്നു. ആദ്യവസാനഭാഗങ്ങള്‍ കിട്ടീട്ടില്ലാത്തതിനാല്‍ പ്രസ്തുതഗ്രന്ഥത്തിന്റെ നിര്‍മ്മാതാവു് ആരെന്നറിയുവാന്‍ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല. ഗ്രന്ഥനിര്‍മ്മിതി കൊല്ലം എട്ടാം ശതകത്തിലോ, പക്ഷേ ഏഴാം ശതകത്തില്‍ത്തന്നെയോ ആയിരിക്കുവാന്‍ ഇടയുണ്ടു്. ചില ഉദാഹരണങ്ങള്‍ ഉദ്ധരിക്കാം:

ʻʻബലാല്‍ച്ചെയ്യിച്ച കര്‍മ്മം—പിഷ്ടിര്‍ന്നാകാരിതം കര്‍മ്മഹഠാദ്യേപി ച തല്‍കൃതം, കള്ളന്‍—അഥൈകാഗാരികശ്ചോരഃ പരിമോഷീ മലിമ്ളുചഃ പ്രതിരോധീ പരാസ്കന്ദീതസ്കരഃ പ്രതിരോധകഃ, സ്തേനോ രാത്രിചരോ ദസ്യുര്‍മ്മോഷകഃ പരിപാന്ഥികഃ, പശ്യതോ യോ ഹരത്യര്‍ത്ഥാന്‍ സചോരഃ പശ്യതോഹരഃ, കൂറപറിക്കുമവന്‍—പടച്ചരഃ പടച്ചോരോ, വലിഞ്ഞുപിടിയ്ക്ക—ബന്ദീ സ്ത്രീ പ്രഗ്രഹോ ഗ്രഹഃ, കട്ടുകൊണ്ട ദ്രവ്യം—ലോഷ്ട്രം ഹൃതോര്‍ത്ഥശ്ചൌര്യം തു.ˮ

മൂരിനിമിര്‍ക, അച്ചാണി, പട്ടാങ്ങു്, ചാടുനുകം, പടരക്ഷിക്കുമവന്‍. മികവെല്ലുമവന്‍, തിരണ്ടുപുറപ്പെടുക (സര്‍വ്വാഭിസാരഃ) പൂണുനൂല്‍ ഇടഞ്ഞൂടിടുക (പ്രാചീനാവീതം) കൂടിയോതുമവന്‍ (ഏകതീര്‍ത്ഥീ സതീര്‍ത്ഥ്യൈകഗുരുഃ സബ്രഹ്മചാര്യപി), ചെറുചീര (തണ്ഡുലീയകഃ), അറുക്കുഞ്ചീര (കാണമാരീഷദലകഃ) കൊടിച്ചീര (ലതാമാരിഷേതു), നീര്‍ചീര (ജലജേസൌ ചഞ്ചടകഃ) എന്നിങ്ങനെയുള്ള പഴയ മലയാള പദങ്ങള്‍ ഈ ടീകയില്‍ സുലഭമായിക്കാണാം. ചെവ്വാ, ചനി, ഉത്തിരാടം, ആയിലിയം ഇങ്ങനെ അനേകപദങ്ങളുടെ തത്ഭവരൂപങ്ങളും കാണ്‍മാനുണ്ടു്.

മറ്റൊരു ലഘുഭാസ്കരീയവ്യാഖ്യ

മഴമംഗലത്തു ശങ്കരന്‍നമ്പൂരിയുടെ ഭാഷാഗദ്യഗ്രന്ഥങ്ങളെപ്പറ്റി ഇരുപത്തെട്ടാമധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റേതിനു പുറമേ പ്രണേതാവിന്റെ പേരറിഞ്ഞുകൂടാത്ത മറ്റൊരു ലഘു ഭാസ്കരീയഭാഷാവ്യാഖ്യയും കാണ്‍മാനുണ്ടു്. കാലം കൊല്ലം എട്ടാം ശതകത്തിനു പിന്‍പല്ലെന്നു ഭാഷയുടെ പഴക്കത്തില്‍ നിന്നു് അനുമാനിക്കാം. ആ ഗ്രന്ഥം ഇങ്ങനെ തുടങ്ങുന്നു:

ʻʻഎല്ലാര്‍ക്കുമുള്ളിലേ നില്ക്കും മാനത്തിനില്‍ നടപ്പവന്‍
കതിരോനെന്നഭീഷ്ടങ്ങളെല്ലാപ്പോഴും വരുത്തുക.
ഒറ്റക്കൊമ്പനതായുള്ളയാനേട മുഖമുള്ളവന്‍
മാതേവര്‍മകനെന്നുള്ളിലെപ്പോഴും വിളയാടുക.
ഉള്‍ക്കാമ്പില്‍നിന്നണിഞ്ഞിട്ടു പുറപ്പെട്ടെങ്ങള്‍നാവിലേ
സത്തുക്കള്‍ക്കു സുഖിപ്പാനായ്ക്കൂത്താടുക സരസ്വതി.
പൊട്ടിരുട്ടിനെയോടിച്ചിട്ടറിവെന്നീ നിലാവിനെ
ഉള്ളിലെങ്ങും പരത്തുന്ന ഗുരൂക്തികള്‍ വിളങ്ങുക.
കുറച്ചിട്ടു ചമച്ചോരാബ്ഭാസ്കരീയത്തിലേപ്പൊരുള്‍
ഭാഷകൊണ്ടൊട്ടു ചൊല്ലുന്നേന്‍ ബാലന്മാര്‍ക്കറിവാനഹം.ˮ

ഇത്രയും ശ്ലോകങ്ങള്‍ക്കുമേല്‍ വ്യാഖ്യാനത്തിന്റെ ആരംഭമായി.

ʻʻഭാസ്കരായ നമസ്തസ്മൈ സ്ഫുടേയം ജ്യോതിഷാം ഗതിഃ
പ്രക്രിയാന്തരഭേദേപി യസ്യ ഗത്യാനുമീയതേ.ˮ

ʻʻപണ്ടു മഹര്‍ഷികളാല്‍ ചമയ്ക്കപ്പെട്ടിട്ടുള്ള ജ്യോതിശ്ശാസ്ത്രങ്ങളില്‍ ഗ്രഹസ്ഥിതി വരുത്തുവാനുള്ള ഗണിതപ്രക്രിയ ഓരോന്നിലോരോ ജാതിയിരിക്കയാല്‍ അവകൊണ്ടു വരുത്തുന്ന ഗ്രഹസ്ഥിതികളുമൊന്നുമൊവ്വാ. അപ്പോഴേതു ശാസ്ത്രത്തിലെ ഗ്രഹസ്ഥിതിക്കു തക്കവാറു ശ്രൌതസ്മാര്‍ത്തകര്‍മ്മങ്ങളുടെ മുഹൂര്‍ത്തം വിധിപ്പൂ എന്നു മൌഹൂര്‍ത്തികന്മാര്‍ക്കു സംശയമുണ്ടാംപോഴ്, കാലവൈകല്യംകൊണ്ടു കര്‍മ്മവൈകല്യമുണ്ടാകാതെയിരിക്കണമെന്നു്, ഹവിര്‍ഭാഗത്തെ ഭുജിക്കുന്ന ദേവതകളുടെ അനുഗ്രഹം കൊണ്ടു ദിവ്യനായിട്ടൊരുത്തനുണ്ടാം. അവനടുത്തവണ്ണമേ സ്വകര്‍മ്മത്തെച്ചെയ്തു പാപക്ഷയം വന്നാല്‍ ഇഷ്ടദേവതയെ തപസ്സുകൊണ്ടു പ്രസാദിപ്പിച്ചു ദേവതാപ്രസാദംകൊണ്ടു അതീന്ദ്രിയജ്ഞാനമുണ്ടായാല്‍ മദമാത്സര്യാദികളോടു വേറുപെട്ടു ലോകാനുഗ്രഹതല്‍പരനായി ജ്യോതിശ്ശാസ്ത്രപാരഗനായിരിക്കുന്നവനനുമാനംകൊണ്ടു ഗ്രഹസ്ഥിതികളെ ഉള്ളവണ്ണമറിവാന്‍ തുടങ്ങുമ്പോഴ് യാതൊരാദിത്യന്റെ ഗതികൊണ്ടു മറ്റുള്ള ഗ്രഹങ്ങളുടെ സ്ഫുടഗതികളെ ഉള്ളവണ്ണമനുമിക്കപ്പെടുന്നു പരീക്ഷിക്കുന്നവനാല്‍. ഇങ്ങനെയെല്ലാമനുമാനംകൊണ്ടു ഗ്രഹസ്ഥിതികളുടെ ഗതികളെ സൂക്ഷിച്ചറിഞ്ഞിരിക്കുന്നവര്‍കള്‍ ഇക്കാലത്തു ശാസ്ത്രദൃക്സംവാദിയായുള്ളതെന്നു ചൊല്ലിയാല്‍ അശ്ശാസ്ത്രത്തിലേ ഗ്രഹഗതിക്കു തക്കവാറു ശ്രൌതസ്മാര്‍ത്തകര്‍മ്മങ്ങളുടെ കാലത്തെച്ചൊല്ലുകയും ജാതകഫലത്തെച്ചൊല്ലുകയും പ്രശ്നത്തെച്ചൊല്ലുകയുമെല്ലാം ചെയ്യുന്നു. മൌഹൂര്‍ത്തികന്മാര്‍ ഇങ്ങനെ ഗ്രഹങ്ങളുടെ ഗതികളെ അനുമിപ്പാന്‍ സാധനമായിരിക്കുന്ന ഗതിയോടുകൂടിയിരിക്കുന്ന ഭാസ്കരന്നായിക്കൊണ്ടു നമസ്കാരം.ˮ

ഹോരാസാരോച്ചയം ഭാഷ

ഇതു തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി തന്റെ ആപ്പേരിലുള്ള ജ്യോതിസ്തന്ത്രത്തിനു രചിച്ചിട്ടുള്ള ഗദ്യപരിഭാഷയാകുന്നു. ചില പംക്തികള്‍ താഴെ പകര്‍ത്തുന്നു:

ʻʻഭക്ത്യാ ഗുരൂണാമിതി. ഭക്തിയോടുകൂടുംവണ്ണം ഗുരുപാദനമസ്കാരം ചെയ്തു ദൈവവിത്തുകള്‍ക്കു ഹിതത്തിനായിക്കൊണ്ടു ശ്രീപതി ചമച്ച ഹോരാതന്ത്രത്തിനുടെ സാരസമൂഹത്തെ ഒട്ടൊഴിയാതെ ചൊല്ലുന്നു തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി എന്നര്‍ത്ഥം.

വേണ്വാരോഹ പരിഭാഷ

സംഗമഗ്രാമമാധവന്റെ വേണ്വാരോഹത്തിനു് അച്യുതപ്പിഷാരടി നിര്‍മ്മിച്ച ഗദ്യവ്യാഖ്യാനത്തെപ്പറ്റി ഇരുപത്തൊന്നാമധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്. സരളമാണു് പിഷാരടിയുടെ ഗദ്യശൈലി. ʻʻപ്രഭാകരാദയഃˮ എന്ന ശ്ലോകത്തിന്റെ തര്‍ജ്ജമ നോക്കുക:

ʻʻദിവി പ്രഭാകരാദയസ്സര്‍വേ ഗ്രഹാഃ മേ പ്രസീദന്തു=ആകാശത്തിങ്കല്‍ വര്‍ത്തിക്കുന്ന ആദിത്യാദികളാകുന്ന ഗ്രഹങ്ങളെല്ലാം എന്നെക്കുറിച്ചു പ്രസാദിപ്പൂതാക. പ്രണതാന്തഃപ്രഭാകരാഃ അങ്ങനെയിരുന്നൂ ഗ്രഹങ്ങള്‍; തങ്ങളെ നമസ്കരിക്കുന്നവരുടെ ഉള്ളിലേത്തമസ്സിനെക്കളഞ്ഞു ജ്ഞാനമാകുന്ന വെളിച്ചത്തെ ഉണ്ടാക്കുന്നവരായിരുന്നു. ത്രിലോകാനന്ദിവിഗ്രഹാഃ അങ്ങനെയുമിരുന്നൂ; പുറമേയുള്ള ഇരുട്ടിനെക്കളകകൊണ്ടു ത്രൈലോക്യത്തെ ആനന്ദിപ്പിക്ക ശീലമായുള്ള ശരീരത്തോടു കൂടിയിരുന്നു.ˮ
ʻʻവിനാഡി പിന്നേയും ആറില്‍ ഗുണിച്ചു സ്ഥാനമൊപ്പിച്ചു കൂട്ടൂ. അതിനെ അറുപതിലും മുപ്പതിലും കരേറ്റി ചര പ്രാണകലാന്തരം സംസ്കരിച്ചു രവിയില്‍ കൂട്ടൂ. അതിന്നു കാലലഗ്നമെന്നു പേര്‍. രാപ്പിറക്കില്‍ അസ്തമയാല്‍പ്പരം ജന്മകാലത്തോളമുള്ള നാഡീവിനാഡികള്‍ നടേ അസുവാക്കി അറുപതിലും മുപ്പതിലും കരേറ്റി ചരപ്രാണകലാന്തരം......കാലലഗ്നം വേറെ വച്ചു ചരപ്രാണകലാന്തരങ്ങള്‍കൊണ്ടു കാലലഗ്നത്തില്‍ വിപരീതമായി സംസ്കരിപ്പൂ.ˮ
ʻʻഇനി പ്രശ്നോപദേശം ചൊല്ലുന്നു. വെച്ച രാശിതുടങ്ങി ഉദിച്ച രാശിയോളമെണ്ണി അസ്സംഖ്യകൊണ്ടു ഗുണിച്ചു മാനമേറ്റിനിന്നതില്‍ ഗുളികനെക്കൂട്ടി വന്ന നാളറിഞ്ഞു പ്രഷ്ടാവിന്റെ ജനനനക്ഷത്രവും നാലാമതുമാറാവതും പത്തൊന്‍പതു തുടങ്ങി ഇരുപത്തിരണ്ടോളവുമുള്ള നാളുവരികില്‍ കഷ്ടം. ത്രിസ്ഫുടത്തില്‍ വന്ന നാള്‍ ത്രികോണവും കഷ്ടം. അതില്‍ സൃഷ്ടി സ്ഥിതിസംഹാരമറിക. അതിലേ ഭാഗ്യാധിപനുമുദയലഗ്നാധിപനും ബന്ധുവാകിലഞ്ഞാറ്റുനിലയില്‍ ശമനം. സമമാകിലന്നാളില്‍ ശമനം. ശത്രുവാകിലന്നാളിലത്രനാഴിക ചെല്ലുമ്പോള്‍ മരണം.ˮ

പ്രൈഷഭാഷ്യം

പ്രൈഷം എന്നാല്‍ വിധി എന്നര്‍ത്ഥം. വൈദികമന്ത്രങ്ങള്‍ പ്രൈഷങ്ങളെന്നും കരണങ്ങളെന്നും ക്രിയമാണാനുവാദികളെന്നും ശാസ്ത്രാഭീഷ്ടവനാതിഗതങ്ങളെന്നുംജപാനുവചനാദിഗതങ്ങളെന്നും അഞ്ചു പ്രകാരത്തിലുണ്ടു്. ബ്രഹ്മചര്യാദ്യാശ്രമങ്ങളെ നിര്‍വ്വഹിക്കുന്നതിനുള്ള അധികാരവിധികളേയും വിധിനിഷേധാത്മകങ്ങളായി അധികാരികള്‍ക്കുള്ള ധര്‍മ്മങ്ങളേയും പ്രൈഷം എന്ന പദംകൊണ്ടു വിവക്ഷിക്കുന്നു, ʻബ്രഹ്മചാര്യസിʼ എന്നു തുടങ്ങിയുള്ള പന്ത്രണ്ടു പ്രൈഷങ്ങള്‍ ബ്രഹ്മചാരികളേയും ʻനാജാതലോമ്യാപഹാസമിച്ഛേല്‍ʼ ഏന്നാരംഭിക്കുന്ന ഇരുപതു പ്രൈഷങ്ങള്‍ സ്നാതകന്മാരേയും സംബന്ധിക്കുന്നു. ഈ പ്രൈഷങ്ങളെ മലയാളബ്രാഹ്മണർ പ്രായേണ ഇന്നും ഭക്തിശ്രദ്ധകളോടുകൂടി ആചരിച്ചുപോരുന്നുണ്ടു്. കേരളത്തില്‍ നമ്പൂരിമാര്‍ക്കു വിധികര്‍ത്താക്കളായി ആറു വൈദികന്മാരാണല്ലോ ഉള്ളതു്. അവരില്‍ തൈക്കാടും ചെറുമുക്കും ബ്രിട്ടീഷുമലബാറിലും കപ്ലിങ്ങാടും പന്തലും പെരുമ്പടപ്പും കൈമുക്കും കൊച്ചിയിലുമാണു് താമസിക്കുന്നതു്. മലബാറിലുള്ള വൈദികന്മാര്‍ ഋഗ്വേദികളും കൊച്ചിയിലുള്ളവര്‍ യജുര്‍വേദികളുമാകുന്നു. കൊല്ലം എട്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ തൈക്കാട്ടില്ലത്തു നീലകണ്ഠന്‍ എന്നു പ്രസിദ്ധനായി ഒരു വൈദികനുണ്ടായിരുന്നു. അദ്ദേഹം കാമസന്ദേശകാരന്റെ പ്രശസ്തിക്കു വിഷയീഭവിച്ചിട്ടുണ്ടെന്നു നാം കണ്ടുവല്ലോ. ഒരിക്കല്‍ തിരുനാവായ വാധ്യാന്റെ കുടുംബത്തില്‍ ഒരു ശ്രാദ്ധം നടത്തുന്നതിനു തല്ക്കാലം ഗത്യന്തരമില്ലായ്കയാല്‍ നീലകണ്ഠന്‍ നമ്പൂരിതന്നെ അവിടെ പോകേണ്ടിവന്നു. വൈദികകാര്യങ്ങളില്‍ അക്കാലത്തു പറയത്തക്ക പരിചയമൊന്നുമില്ലാതിരുന്ന നമ്പൂരി ആ കര്‍മ്മം ഒരുവിധം അനുഷ്ഠിച്ചു തിരിയെ പോന്നു. രാത്രിയില്‍ ആ വിവരം തന്റെ ഭാര്യയായ പിഷാരസ്യരോടു പറഞ്ഞപ്പോള്‍ അവര്‍ എതു തീരെ വിശ്വസിച്ചില്ല. പിറ്റേ ദിവസം ആ സ്ത്രീ നമ്പൂരിയോടു ചൊവ്വരത്തു ദക്ഷിണാമൂര്‍ത്തിക്ഷേത്രത്തിന്റെ നടയ്ക്കല്‍വെച്ചു് ആ സംഭവത്തെപ്പറ്റി സത്യം ചെയ്യണമെന്നു നിര്‍ബന്ധിക്കുകയും നമ്പൂരി വിരക്തനായി ʻഇനി സ്ത്രീസംസര്‍ഗ്ഗമുണ്ടാകുന്നതല്ലʼ എന്നു ശപഥം ചെയ്യുകയും ചെയ്തു. അതു കേട്ടു വിഷാരസ്യാര്‍ ʻആരാ ഇനിമേല്‍, യോഗിയാണോ?ʼ എന്നു ചോദിക്കുകയും നമ്പൂരി അവിടെ നിന്നു് ഇറങ്ങിപ്പോയി സര്‍വ്വസംഗപരിത്യാഗം ചെയ്തു സാക്ഷാല്‍ യോഗിയായിത്തന്നെ പരിണമിക്കുകയും ചെയ്തു. അന്നുമുതല്‍ക്കു് അദ്ദേഹത്തെ ജനങ്ങള്‍ തൈക്കാട്ടു യോഗിയാരെന്നു വിളിച്ചുതുടങ്ങി. ആ മഹാത്മാവു വളരെക്കാലം ദക്ഷിണാമൂര്‍ത്തിയെ ഏകാഗ്രചിത്തനായി ഭജിച്ചു വേദവേദാംഗപാരഗനായിത്തീരുകയും, ആചാരം, ചടങ്ങു്, പ്രായശ്ചിത്തം എന്നീ ഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. അവയുടെ പേരെന്തെന്നറിയുന്നില്ല. അദ്ദേഹത്തിന്റെ ഒടുവിലത്തെ ഗ്രന്ഥമാണു് പ്രൈഷഭാഷ്യം. ബ്രഹ്മചാരിപ്രകരണത്തിനും സ്നാതകപ്രകരണത്തില്‍ ഒന്നാമത്തെ പ്രൈഷത്തിനും ഭാഷ്യം രചിച്ചുകഴിഞ്ഞപ്പോള്‍ നീലകണ്ഠന്‍നമ്പൂരി അന്തരിക്കുകയാല്‍ അവശിഷ്ടമായ ഭാഗത്തിനു് അദ്ദേഹത്തിന്റെ സമകാലികനായ വൈദികന്‍ ചെറുമുക്കില്‍ പരമേശ്വരന്‍നമ്പൂരി ഭാഷ്യം നിർമ്മിച്ചു് ആ ഗ്രന്ഥം പൂരിപ്പിച്ചു. യോഗിയാരുടെ ഭാഷ്യംപോലെ ചെറുമുക്കിന്റേതു് അത്ര വിപുലമല്ല. രണ്ടുപേരുടെ ഭാഷ്യങ്ങളില്‍നിന്നും ഓരോ ഭാഗം ഉദ്ധരിച്ചുകാണിക്കാം:

ʻʻബ്രഹ്മചാര്യസി=ബ്രഹ്മചാരിയായി ഇപ്പോള്‍ നീയ്, ബ്രഹ്മശബ്ദത്തെക്കൊണ്ടു സാംഗമായിരിക്കുന്ന വേദം ഇവിടെ വിവക്ഷിതമായതു്. ʻബൃഹത്ത്വാദ് ബൃംഹണത്വാദ്വാ ബ്രഹ്മവേദോഭിധീയതേʼ എന്നു വചനമുണ്ടാകയാല്‍, അതിനെ ചരിക്ക—പ്രാപിക്ക. ലക്ഷണയാ അധ്യയനം വിവക്ഷിതമായതു്. എന്നാല്‍ വേദാധ്യയനത്തിനധികാരിയായി ഇപ്പോള്‍ നീയ് എന്നത്രേ ʻബ്രഹ്മചാര്യസിʼ എന്നതിനെക്കൊണ്ടു ചൊല്ലിയതു്. ഇത്രനാളും വേദാധ്യയനത്തിനു് അധികാരമില്ല. ʻന ചാഭിവ്യാഹരേദ് ബ്രഹ്മ സ്വധാനിനയനാദൃതേ. ശൂദ്രേണ ഹി സമസ്താവ, ദ്യാവദ്വേദേ ന ജായതേʼ എന്നു വചനമുണ്ടാകയാല്‍ˮ ഇത്യാദി (നീലകണ്ഠന്‍).
ʻʻനാനര്‍മ്മണി ഹസേല്‍. ധര്‍മ്മാര്‍ത്ഥങ്ങള്‍ക്കു ലോപംവരാതെ യാതൊന്നു് അതു ക്രീഡയാകുന്നതു്. അതിനെ നര്‍മ്മശബ്ദത്തെക്കൊണ്ടു ചൊല്ലുന്നു. തദ്വ്യതിരിക്തകാലത്തിങ്കല്‍ ഹസിക്കൊല്ലാ. ഹസിക്ക=ചിരിക്ക, ʻന ഹസേല്‍ʼ ʻനധാവേല്‍ʼ എന്നിങ്ങനെ കൗഷീതകിവചനവുമുണ്ടു്. ʻനക്രുധ്യേല്‍ ന ഹസേല്‍ʼ എന്നു ബൌധായനവചനവുമുണ്ടു്. ഈ ഹാസനിഷേധത്തിങ്കല്‍ വിശേഷത്തെ ചൊല്ലുന്നു. വിഷ്ണു പുരാണത്തിങ്കല്‍ ʻʻനോച്ചൈര്‍ഹസേല്‍ സശബ്ദം ച ന മുഞ്ചേല്‍ പവനം ബുധഃ.ˮ ഉച്ചൈഃ ഹസിക്കൊല്ലാ, വെട്ടിച്ചിരിക്കൊല്ലാ. ഹാസമാത്രം അനുഗൃഹീതേന്ദ്രിയന്മാര്‍ക്കു സംഭാവിതമെന്നിട്ടു തത്സംഭാവനയിങ്കല്‍ വാഗ്വിലത്തെ നിരോധനം ചെയ്തിട്ടു ഹസിച്ചുകൊള്ളണംˮ (പരമേശ്വരന്‍).

ചെറുമുക്കില്‍ പച്ച

പ്രൈഷഭാഷ്യം പൂരിപ്പിച്ച ചെറുമുക്കില്‍ പരമേശ്വരന്‍നമ്പൂരിതന്നെയാണു് ചെറുമുക്കില്‍ പച്ചയുടേയും പ്രണേതാവു് എന്നു പറഞ്ഞുവരുന്നു. ʻപച്ചʼ എന്നാല്‍ ʻഭാഷʼ എന്നര്‍ത്ഥം. വൈദികഗ്രന്ഥങ്ങളുടെ ഭാഷാനുവാദങ്ങള്‍ക്കാണു് ഈ പേര്‍ സാധാരണമായി നല്കിക്കാണുന്നതു്. മലയാളബ്രാഹ്മണര്‍ക്കു് അവരുടെ ഷോഡശസംസ്കാരങ്ങളെപ്പറ്റിയുള്ള ചടങ്ങുകള്‍ സൂക്ഷ്മമായി അറിയുന്നതിനു ചെറുമുക്കില്‍ പച്ച ഏറ്റവും പ്രയോജകീഭവിക്കുന്നു, ഗ്രന്ഥം ഉപക്രമിക്കുന്നതു താഴെക്കാണുന്നവിധത്തിലാണു്:

ʻʻഎല്ലാടവും നാന്ദീമുഖാദിയല്ലോ കര്‍മ്മങ്ങളാകുന്നു. അതിന്റെ വൈകല്യാദി മുമ്പില്‍ പറയുന്നു. സീമന്തം, ചൗളം, ഉപനയനം, ഗോദാനം, ചമാവര്‍ത്തനം, വേളി എന്നിവ ആറു കര്‍മ്മങ്ങള്‍ക്കും നാന്ദീമുഖം പ്രധാനം. നാലര്‍ക്കുതന്നെ ചെയ്യണം. മറ്റുള്ള കര്‍മ്മങ്ങള്‍ക്കു നാന്ദീമുഖം കര്‍മ്മാംഗമായിട്ടു ചെയ്യുന്നു. ജൈമിനിക്കു് ഈ ആറിന്നുംതന്നെ നാന്ദീമുഖം ചെയ്യുമാറുള്ളു. ശുദ്ധമായി കുളിച്ചു പുടവ പുച്ഛമടക്കിയുടുത്തു കാലു കഴുകിയാചമിച്ചു പവിത്രമിട്ടു് ഇരുന്നു ഗണപതി നിവേദിച്ചു പ്രായശ്ചിത്താര്‍ത്ഥമായി മുന്‍പില്‍ ദാനം ചെയ്വൂ. പിന്നെ നാന്ദീമുഖം മന്ത്രേണ ചെയ്യൂ. ഇതിലേതാനും പിഴയുണ്ടെങ്കില്‍ കര്‍മ്മം ആവര്‍ത്തിക്കണം. അവിടെ ഉപനയനവും വേളിയും ഉല്‍പത്തികര്‍മ്മം. അവ രണ്ടും ആധാരങ്ങള്‍. മറ്റുള്ളവ ഒക്കെ ആധേയങ്ങള്‍. ആധാരത്തിനു നാശം വന്നാല്‍ ആധേയത്തിങ്കല്‍ക്കൂടെ നശിച്ചുപോകും.ˮ

സംസ്കൃതത്തില്‍നിന്നു് അനവധി പ്രമാണശ്ലോകങ്ങള്‍ സന്ദര്‍ഭോചിതമായി ഉദ്ധരിച്ചുകാണുന്നു. മതാന്തരങ്ങളേയും ആചാര്യന്‍ സ്മരിക്കുന്നുണ്ടു്. ʻʻബ്രഹ്മപ്രണീതകള്‍ കാലത്തു മറക്കില്‍ പരിധിക്കു മുമ്പേ അറികില്‍ അറിഞ്ഞ നടേ ചെയ്താല്‍ മതി. വ്യാഹൃതി നാലും പ്രായശ്ചിത്തം, ഇങ്ങനെ ചെറുമുക്കിന്റെ പക്ഷം. പ്രധാനയോളം പൊറുക്കും എന്നു തൈക്കാട്ടിന്റെ പക്ഷംˮ ഇത്യാദി പങ്ക്തികള്‍ നോക്കുക.

വേദാന്തപ്രകരണം

വേദാന്തപ്രകരണം എന്നൊരു അദ്വൈതഗ്രന്ഥം ഗോപാലതീര്‍ത്ഥന്റെ ശിഷ്യനായ വാസുദേവയതി സംസ്കൃതത്തില്‍ രചിച്ചിട്ടുണ്ടു്. അതില്‍ സാക്ഷിസാക്ഷ്യവിവേകമെന്നും പഞ്ചാവസ്ഥാവിവേകമെന്നും രണ്ടു പ്രകരണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ വാസുദേവയതിയെത്തന്നെയായിരിക്കാം വിവേകസാരകാരന്‍ വന്ദിക്കുന്നതു്. വേദാന്തപ്രകരണത്തിലേ ദ്വിതീയഭാഗത്തിന്റെ വിവരണമാണു് പ്രസ്തുത ഭാഷാഗ്രന്ഥം. എട്ടാം ശതകത്തോളം ശൈലിക്കു പഴക്കം കാണുന്നുണ്ടു്. ഏതോ ഒരു യതിയുടെ കൃതിയാണു് ഭാഷയും. ഒരു ഭാഗം ചുവടേ ചേര്‍ക്കുന്നു:

ʻʻഈ ഇരുപത്തിനാലു തത്ത്വങ്ങളും ഇന്ദ്രിയങ്ങള്‍ക്കു് അധിദേവതകളായിരിക്കുന്ന പതിന്നാലു പേരും അന്നമയാദി പഞ്ചകോശവും ശരീരത്രയവും ജാഗ്രദാദ്യവസ്ഥയും അവസ്ഥാഭിമാനികളായിരിക്കുന്ന വിശ്വതൈജസപ്രാജ്ഞകളും ആകാശം തുടങ്ങി ബ്രഹ്മാണ്ഡമുടിവായിരിക്കുന്ന സര്‍വപ്രപഞ്ചവും ഇപ്പി ഓട്ടില്‍ വെള്ളി കല്പിക്കപ്പെട്ടാലെപ്പോലെയും രജ്ജുവിങ്കല്‍ സര്‍പ്പം കല്പിക്കപ്പെട്ടാലെപ്പോലെയും കാനലില്‍ തണ്ണീര്‍ കല്പിക്കപ്പെട്ടാലെപ്പോലെയും സ്ഥാണുവിങ്കല്‍ ചോരന്‍ കല്പിക്കപ്പെട്ടാലെപ്പോലെയും ഘടാകാശത്തോടു് അഭേദമായിരിക്കുന്ന മഹാകാശത്തിലെപ്പോലെ ജീവാഭിന്നബ്രഹ്മത്തിലേ സര്‍വം കല്പിക്കപ്പെട്ടതു്. ജീവനോടു് അഭേദമായിരിക്കുന്ന ബ്രഹ്മത്തില്‍ സര്‍വം കല്പിതമെന്നു ചൊല്ലീതേ. ജീവനാരു്? ബ്രഹ്മമേത്? ജീവനിടത്തിലേ എന്നംശം കല്പിതം? ബ്രഹ്മത്തിലേ എന്നംശം കല്പിതം? എന്നു കേള്‍ക്ക ഉത്തരം.ˮ

ഈശ്വരസ്വരൂപവിചാരം ഭാഷ

ഗ്രന്ഥത്തിന്റെ പേരുകൊണ്ടു തന്നെ വിഷയം ഇന്നതെന്നു വ്യക്തമാകുന്നുണ്ടല്ലോ. അതേ നാമധേയത്തിലുള്ള ഒരു സംസ്കൃതനിബന്ധത്തിന്റെ സാരസംക്ഷേപമാണു് ഈ ഭാഷാഗദ്യം. ഏതാനും പങ്ക്തികള്‍ താഴെച്ചേര്‍ക്കുന്നു:

ʻʻഅനന്തരം ഈശ്വരസ്വരൂപം വിചാരിക്കപ്പെടുന്നതു് ഉപാസനാര്‍ത്ഥമായിട്ടതു്. ʻമുക്തിര്‍ഗ്ഗുരുശ്രുത്യുദിതാത്മവിദ്യയാ, വിദ്യാ ച ദേവപ്രണിധായിനാം ഭവേല്‍, ദേവസ്സദേവ ശ്രുതമീശ്വരാഹ്വയഃ, കാര്യം ജഗത്സാവയവം യതോജനിʼ. ഗുരുശ്രുത്യുദിതാത്മവിദ്യയാ മുക്തിര്‍ഭവതി=ഗുരുമുഖത്തിങ്കല്‍ നിന്നു മഹാവാക്യത്തെ കേട്ടിരിക്കുന്ന അധികാരിക്കു ബ്രഹ്മവിദ്യയുണ്ടാം, അതുകൊണ്ടു സംസാരമോക്ഷവും വരും എന്നു് മുന്‍പിലേ പ്രകരണങ്ങളെക്കൊണ്ടു് ഉപപാദിക്കപ്പെട്ടതു്. വിദ്യാ ച ദേവപ്രണിധായിനാം ഭവേല്‍—അങ്ങനെയിരിക്കുന്ന വിദ്യ ദ്യോതനാദിശീലനായിരിക്കുന്ന പരമേശ്വരങ്കല്‍ നിരന്തരമാംവണ്ണം ബുദ്ധിപ്രണിധാനത്തെ ചെയ്യുന്നവര്‍ക്കേയുണ്ടാവൂ. ഈശ്വരാഹ്വയഃ ദേവശ്ച ശ്രുതം സല്‍ ഏവ=ഈശ്വരന്‍ എന്നു ചൊല്ലപ്പെടുന്ന ദേവനാകുന്നതു് ഉപനിഷത്തുകളില്‍ കേള്‍ക്കപ്പെട്ടിരിക്കുന്ന സന്മാത്രമത്രേ. ഇവിടെ അനുഗ്രാഹകയുക്തികളെ കാട്ടുന്നു. സാവയവം കാര്യം ജഗല്‍ യതഃ അജനി=സാവയവമാകയാല്‍ കാര്യമായിരിക്കുന്ന ഇജ്ജഗത്തു യാതൊരു മൂലകാരണത്തിങ്കല്‍നിന്നുണ്ടായി അതു് ഈശ്വരനാകുന്നതു്. ജഗത്തിനു കാരണം യാതൊന്നാണോ അതു് ഈശ്വരനാകുന്നതു് എന്നല്ലോ ചൊല്ലി. ജഗല്‍കാരണത്വം പ്രധാനാദിയായിരിക്കുന്ന ജഡവര്‍ഗ്ഗത്തിനേ സംഭവിപ്പൂ, നിര്‍വികാരന്നു സംഭവിയാ എന്നുള്ള ശങ്കയെ പരിഹരിക്കുന്നു. പ്രധാനകാലാദ്യനു ലക്ഷണം—ˮ ഇത്യാദി.

വിംശതിവ്യാഖ്യ

ലഘുഭട്ടകാരന്റെ വിംശതി അഥവാ ലഘുസ്തുതി എന്ന സംസ്കൃതസ്തോത്രം സുപ്രസിദ്ധമാണു്. ആ സ്തോത്രത്തിനു രാഘവാനന്ദമുനി അതേ ഭാഷയില്‍ ഒരു ഗംഭീരമായ വ്യാഖ്യാനം രചിച്ചിട്ടുള്ളതായി ഞാന്‍ മുന്‍പു പ്രസ്താവിച്ചിട്ടുണ്ടു്. രാഘവാനന്ദനെ പ്രായേണ ഉപജീവിച്ചു ദേവ്യുപാസകനായ ഏതോ ഒരു പണ്ഡിതപ്രവേകന്‍ വിംശതിക്കു് ഒരു ഭാഷാവ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. ഗ്രന്ഥകാരന്റെ കാലം എട്ടാം ശതകമോ ഒന്‍പതാം ശതകമോ ആയിരിക്കണം. ʻകല്പിക്കപ്പെട്ടോ ചിലവയെല്ലാംʼ, ʻഎല്ലായ്പോഴും ക്രീഡിപ്പോവേʼ എന്നും മറ്റും ചില പ്രയോഗങ്ങള്‍ കാണ്‍മാനുണ്ടു്. ചില പങ്ക്തികള്‍ ചുവടേ പകര്‍ത്തുന്നു:

ʻʻഏഷാ അസൗ ത്രിപുരാ വഃ അഘം സഹസാ സദാഛിന്ദ്യാല്‍—ആ ഈ ത്രിപുര നിങ്ങളുടെ അഘത്തെ എത്രയും വിരയെ എല്ലായ്പോഴും ഛേദിപ്പൂതാക. എങ്ങനെയിരുന്നോരു ദേവിയെന്നു് അപേക്ഷ വന്നിടത്തു ചൊല്ലുന്നു—ജ്യോതിര്‍മ്മയീ വാങ്മയീ എന്നു്. ജ്യോതിര്‍മ്മയിയായിട്ടും വാങ്മയിയായിട്ടും ഇരുന്നൊരുത്തി; പ്രകാശസ്വരൂപനായി സര്‍വഭൂതങ്ങളുടേയുമാത്മാവായിരിക്കുന്ന പരമേശ്വരന്റെ സ്വഭാവഭൂതയായി അനവിച്ഛിന്നയായിരിക്കുന്നതു വിമര്‍ശജ്യോതിസ്സാകുന്നതു്; തത്സ്വരൂപയായിരുന്നോരുത്തി. വാങ്മയിയായിരുന്നോരുത്തി. വരവാഗ്രൂപിണിയായിരുന്നോരുത്തി. എന്തൊരു കര്‍മ്മംകൊണ്ടു ദേവി അഘത്തെ ഛേദിക്കുന്നിടത്തു് അഭിമുഖിയായി ഭവിപ്പൂ എന്നപേക്ഷ വന്നിടത്തു് അതിനുപായങ്ങളായിരിക്കുന്ന ഉപാസനകളുടെ സ്ഥാനങ്ങളേയും സാധനങ്ങളേയും പ്രകാശിപ്പിപ്പാനായിക്കൊണ്ടു ദേവിയുടെ പദത്രയത്തെ ചൊല്ലുന്നു. മധ്യേലലാടം ഐന്ദ്രസ്യ ശരാസനസ്യ ഇവ പ്രഭാം ദധതീ=ലലാടത്തിന്റെ മധ്യത്തിങ്കല്‍ ഐന്ദ്രമാകുന്ന ശരാസനത്തിന്റെ എന്ന പോലെ പ്രഭയെ ധരിച്ചിയങ്ങുന്നൊരുത്തി. ഐന്ദ്രം = ഇന്ദ്രനെ സംബന്ധിച്ചുള്ളതു്. ശരാസനം = വില്ല്. ആകാശത്തു മേഘങ്ങളില്‍ കാണപ്പെടുന്ന ഇന്ദ്രചാപത്തിന്റെ എന്ന പോലെ പ്രഭയെ ധരിച്ചിയങ്ങുന്നൊരുത്തി. ഹൃദയമധ്യത്തിങ്കല്‍ സ്ഥിതയായി ഭ്രൂപദ്മമധ്യത്തോളവും വെളുത്തും ചുവന്നും കറുത്തും തേജോമാത്രമൂര്‍ത്തിയായി മൂന്നു് അവയവങ്ങളോടും കൂടിയിരിക്കുന്ന കാമബീജംകൊണ്ടു് ഉപാസ്യയായിരുന്നൊരുത്തി എന്നു പൊരുള്‍.ˮ

ദേവീമാഹാത്മ്യവ്യാഖ്യാനം

ദേവീമാഹാത്മ്യത്തിന്റെ ആദ്യത്തെ പതിമ്മൂന്നധ്യായങ്ങള്‍ക്കു് ഒരു പഴയ ഭാഷാവ്യാഖ്യാനമുണ്ടു്. അതു തിരുവിതാംകൂര്‍ ഗവര്‍മ്മെണ്ടു ക്യൂറേറ്റര്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്. വളരെ നല്ല വ്യാഖ്യാനമാണു്. ചില ഘട്ടങ്ങളില്‍ ഗ്രന്ഥകാരന്‍ കേവലമായ ശബ്ദാര്‍ത്ഥവിവരണംകൊണ്ടു തൃപ്തിപ്പെടാതെ സ്വകപോലകല്പിതമായും പലതും വിവരിച്ചിരിക്കുന്നു. താഴെക്കാണുന്ന ശ്ലോകങ്ങളും അവയുടെ വ്യാഖ്യാനവും നോക്കുക:

ʻʻയോഗനിദ്രാം യദാ വിഷ്ണുര്‍ജ്ജഗത്യേകാര്‍ണ്ണവീകൃതേ
ആസ്തീര്യ ശേഷമഭജല്‍ കല്പാന്തേ ഭഗവാന്‍ പ്രഭുഃ,
തദാ ദ്വാവസുരൌ ഘോരൌ വിഖ്യാതൌ മധുകൈടഭൌ
വിഷ്ണുകര്‍ണ്ണമലോദ്ഭൂതൌ ഹന്തും ബ്രഹ്മാണമുദ്യതൌ.ˮ

ʻʻകല്പാന്തേ ജഗത്യേകാര്‍ണ്ണവീകൃതേ ഭഗവാന്‍ വിഷ്ണുശ്ശേഷമാസ്തീര്യ യദാ യോഗനിദ്രാമഭജല്‍, തദാ വിഷ്ണുകര്‍ണ്ണമലോദ്ഭൂതൌ മലൌ അസുരൌ ബ്രഹ്മാണം ഹന്തും ഉദ്യതൌ=കല്പാന്തത്തിങ്കല്‍, ജഗത്തു പ്രളയാര്‍ണ്ണവത്താല്‍ മുക്കപ്പെട്ടിരിക്കുന്ന വിഷയത്തിങ്കല്‍, ഭഗവാന്‍ ശ്രീനാരായണന്‍ അനന്തനെ പള്ളിക്കിടക്കയാക്കൂതും ചെയ്തു യാതൊരിക്കല്‍ യോഗനിദ്രയെ സേവിച്ചു അപ്പോള്‍ വിഷ്ണുകര്‍ണ്ണമലോദ്ഭൂതന്മാരായി ഇരുവര്‍ അസുരകള്‍ ബ്രഹ്മനെ നിഗ്രഹിപ്പാനായിക്കൊണ്ടു് ഒരുമ്പെട്ടാര്‍. ത്രൈലോക്യവിലയസമയത്തിങ്കല്‍ സമുച്ഛ്വസിതവാതവ്രാതോദ്ധൂതങ്ങളായിരിക്കുന്ന സപ്തസമുദ്രങ്ങളുടെ തിരമാലകളുടെ ആസ്ഫാലനംകൊണ്ടു് ഭൂമി കുലുങ്ങി ഭഗവാന്റെ തൃച്ചെവിയില്‍ ചെന്നടിഞ്ഞു കര്‍ണ്ണമലത്വേന പരിണമിച്ചു. അതിനെ ഭഗവാന്‍ തിരുവിരല്‍കൊണ്ടു വാങ്ങി നീരിലിട്ടു. ആ പൃഥിവീസാരം ഭഗവല്‍കരസ്പര്‍ശംകൊണ്ടു് തേജോമിളിതമായിട്ടുവന്നു. പ്രളയാര്‍ണ്ണവത്തിങ്കല്‍ പതിതമാകയാല്‍ അംഭോമിശ്രിതമായിട്ടും വന്നു. വായുവിനാൽ സമുദ്ധൂയമാനമായി സാവകാശമായിരിക്കുന്ന ആ മൃല്‍പിണ്ഡം ഇങ്ങനെ പഞ്ചഭൂതങ്ങളുടെ സമവായമുണ്ടാകയാല്‍ ചില ജീവവിശേഷങ്ങളുടെ കര്‍മ്മപരിപാകുവശാല്‍ ശരീരദ്വയാകാരേണ പരിണതമായി ഭവിച്ചു. അവര്‍ കര്‍ണ്ണമലോദ്ഭൂതന്മാരാകയാല്‍ ഇരുവര്‍ അസുരകളായിട്ടുളരായി. അവര്‍ ബ്രഹ്മനെ നിഗ്രഹിപ്പാനായ്ക്കൊണ്ടൊരുമ്പെട്ടാര്‍. മധുകൈടഭൌ ഇതി വിഖ്യാതൌ—അതേ അവര്‍ മധുകൈടഭന്മാര്‍ എന്നിങ്ങനെ പ്രസിദ്ധന്മാരായിരുന്നു. ʻയന്മൃദുത്വാന്മധുര്‍ന്നാമ കഠിനഃ കൈടഭോസ്ത്വയംʼ എന്നിങ്ങനെ നാമകരണം ചെയ്തു ഭഗവാന്‍ˮ ഇത്യാദി. ഇതിനു ʻസൌന്ദര്യലഹരി, രൂപാവതാരംʼ എന്നിവയുടെ വ്യാഖ്യാനങ്ങളോളം പഴക്കമില്ല. പക്ഷേ ഒന്‍പതാം ശതകത്തിലെ കൃതിയാണെന്നും വരാം.

ക്രിസ്ത്യാനികളും ഭാഷാഗദ്യവും

പോര്‍ത്തുഗീസുകാര്‍ കേരളത്തില്‍ വന്ന കാലത്തു നസ്രാണികളുടെ കൈവശം വേദപുസ്തകങ്ങളും, വ്യാഖ്യാനങ്ങളും ഉണ്ടായിരുന്നു എന്നും അവ ആശാന്മാരും മറ്റും കുട്ടികളെ വായിപ്പിച്ചിരുന്നു എന്നും അക്കാലത്തെ പാശ്ചാത്യചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തീട്ടുണ്ടു്. ആ ഗ്രന്ഥങ്ങള്‍ പ്രായേണ സുറിയാനിഭാഷയില്‍ എഴുതപ്പെട്ടവയായിരുന്നു. അങ്ങനെയുള്ള അനേകം ഗ്രന്ഥങ്ങള്‍ ക്രി. പി. 1547-ല്‍ വൈപ്പിക്കോട്ടയില്‍ സ്ഥാപിച്ച സെമ്മനാരിയില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. ഉദയംപേരൂര്‍ സൂനഹദോസിനാല്‍ നിരോധിക്കപ്പെട്ട ചില ക്രിസ്തീയഗ്രന്ഥങ്ങളുടെ പേരുകള്‍ ഡാക്ടര്‍ പി.ജെ. തോമസ്സ് അദ്ദേഹത്തിന്റെ ʻകേരളത്തിലെ ക്രിസ്തീയ സാഹിത്യംʼ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തീട്ടുണ്ടു്. (1) മിശിഹായുടെ തിരുബാല്യപുസ്തകം (അഥവാ കന്നിമാതാവിന്റെ ചരിത്രം); (2) യോഹന്നാന്‍ ബരിയല്‍ദോന്റെ പുസ്തകം (3) പിതാക്കന്മാരുടെ പുസ്തകം; (4) പവിഴത്തിന്റെ പുസ്തകം (അബ്ദിശോ); (5) മാക്കമാത്ത് (പറുദീസാ); (6) സൂനഹദോസുകളുടെ പുസ്തകം; (7) സ്വര്‍ഗ്ഗത്തില്‍നിന്നു വന്ന എഴുത്തു്; (8) കമിസിന്റെ പാട്ടുകള്‍; (9) നര്‍സയുടെ പുസ്തകം; (10) പുണ്യവാന്മാരുടെ ചരിത്രം: (11) പാര്‍സിമാന്‍; (12) ശകുനപുസ്തകം ഇവ ആ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ഒടുവിലത്തേതൊഴികെ ശേഷമുള്ളവ സുറിയാനിയില്‍ രചിക്കപ്പെട്ടവയാണെന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ക്രി. പി. 1301ല്‍ (കൊല്ലം 476) സക്കറിയ എന്ന ശമ്മാശ്ശന്‍ എഴുതിയ ʻപൌലോസിന്റെ ലേഖനങ്ങള്‍ʼ എന്നതിനാണു് കേരളത്തിലെ സുറിയാനി ഗ്രന്ഥങ്ങളില്‍വെച്ചു് അധികം പഴക്കമുള്ളതു്. അതു് ഇന്നും റോമ്മായിലേ വത്തിക്കാന്‍ ഗ്രന്ഥശാലയില്‍ സൂക്ഷിക്കപ്പെടുന്നുണ്ടു്.

ഉദയംപേരൂര്‍ സൂനഹദോസിലെ കനോനാകള്‍

ക്രി. പി. 1599-ല്‍ (കൊല്ലം 774) ഉദയംപേരൂരില്‍ വെച്ചു നടന്ന പ്രസിദ്ധമായ സൂനഹദോസിനെ (Synod)പ്പറ്റി മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. നസ്രാണികളുടെ വിശ്വാസാചാരങ്ങളെ തിരുത്തി അവരെ പാപ്പായ്ക്കു (Pope) കീഴ്വഴക്കുന്നതിനായി അല്ലേസീസുമെത്രാന്‍ (Arch-Bishop-Alexis de Menizes) 153 നസ്രാണിപ്പട്ടക്കാരേയും 600-ഓളം മാപ്പിളപ്രമാണികളേയും മറ്റും ഉദയംപേരൂര്‍ പള്ളിയില്‍ വരുത്തി ആ ആണ്ടു ജൂണ്‍ 20-ആംനു മുതല്‍ ഏഴു യോഗങ്ങള്‍ കൂട്ടി അനേകം തീര്‍പ്പുകള്‍ നിഷ്പാദിപ്പിച്ചു. ആ തീര്‍പ്പുകളും യോഗങ്ങളിലേ നടപടികളുമാണു് ഉദയംപേരൂര്‍ സൂനഹദോസിലേ കനോനാകള്‍ (Canons) എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു്. ഈ കനോനാകള്‍ ലത്തീന്‍ഭാഷയില്‍നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തതു് ആ യോഗങ്ങളില്‍ ദ്വിഭാഷിയായിരുന്ന പള്ളുരുത്തി യാക്കോബുകത്തനാരായിരിക്കാം. തര്‍ജ്ജമയിലേ ഗദ്യശൈലി ആസ്വാദ്യമായിരിക്കുന്നു. ഈ കനോനാകള്‍ക്കു ഭാഷാചരിത്രത്തില്‍ ഗണനീയമായ ഒരു സ്ഥാനത്തിനു് അവകാശമുണ്ടെന്നുള്ളതു് നിര്‍വിവാദമാകയാല്‍ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചു കാണിക്കാം.

നാലാം കനോനാ

കാവ്യരുടെ [1]ഇടയില്‍ മാര്‍തോമ്മാ ക്രിസ്ത്യാനികള്‍ ഇരിക്കുന്നതിനെക്കൊണ്ടു കാവ്യരു വിശ്വസിക്കുന്നതില്‍ ചിലതു നസ്രാണികളിലും ചിലരു വിശ്വസിക്കുന്നു എന്നു ശുദ്ധമാന സൂനഹദോസ് അറിഞ്ഞതിനെക്കൊണ്ടു് ഇതു് അറിയിക്കുന്നു. മറുപിറവിയുണ്ടെന്നു വിശ്വസിക്കുന്നതു പട്ടാങ്ങയുടെ വിശ്വാസത്തിനു് എടത്തൂടു് ആകുന്നതു്. അതെന്ത്യേ? മേലെഴുത്തുപെട്ടപോലെ ഉടലിന്നു് ആത്മാവു പുറപ്പെടുമ്പോഴേ ആകാശമോക്ഷങ്ങളില്‍ താന്‍ പാതാളങ്ങളില്‍ താന്‍ ഇറങ്ങി വിധിയുടെ ദിവസത്തിലേ ഓരോരോ ആത്മാവുകള്‍ തന്റെ തന്റെ ഉടലിന്നു ചേരുമെന്നത്രേ തമ്പുരാന്റെ അരുളപ്പാടു്. വിശേഷിച്ചു് ഈ ലോകത്തില്‍ മാനുഷരു ചെയ്യുന്ന ഗുണവും ദോഷവും എല്ലാം തങ്ങളുടെ മനസ്സാല്‍ അല്ല ചെയ്യുന്നതു്; പിന്നെ തലയോട്ടിലെ എഴുത്തും വിധിയുമത്രേ എന്നു ചൊല്ലുന്നതും ഒണ്‍മയാകുന്ന വിശ്വാസത്തിനു മറുത്തത്രേയാകുന്നു. അതെന്ത്യേ? നന്മയും തിന്മയും ചെയ്യുന്നതു തമ്പുരാന്‍ മനുഷ്യന്റെ പക്കല്‍ ആക്കിയതത്രേയെന്നു തമ്പൂരാന്റെ അരുളപ്പാടു്. തന്റെ തന്റെ മാര്‍ഗ്ഗത്തിനു തക്കവണ്ണമിരുന്നാല്‍ മോക്ഷം കിട്ടുമെന്നു ചൊല്ലുന്നതും വിശ്വാസത്തോടു മറുത്തത്രേയാകുന്നു.

ഒന്‍പതാം കനോനാ, നാലാം മൌത്വാ:-പുരകത്തേരി (Purgatory) എന്ന എടത്തില്‍ കിടന്നു പാടുപെടുന്ന ആത്മാവുകള്‍ക്കു തന്നുപ്പും തുണയും കൊടുപ്പാന്‍ കുര്‍ബ്ബാനേക്കായില്‍ ഏറെ വലുതായിട്ടു് മറ്റൊന്നും ഇല്ലെന്നതിനെക്കൊണ്ടു നസ്രാണികളോടു ശുദ്ധമാന സൂനഹദോസ് അപേക്ഷിക്കുന്നു. മരിച്ചവരുടെ ആത്മാവുകള്‍ക്കുവേണ്ടി കുര്‍ബ്ബാനചെയ്യിക്കണമെന്നും ഒരുത്തരു മരിപ്പാന്‍ തുടങ്ങുമ്പാള്‍ തങ്ങളുടെ അനന്ത്രപ്പാടു ചൊല്ലുമ്പോള്‍ തങ്ങള്‍ക്കുവേണ്ടി കുര്‍ബ്ബാന ചെയ്യിക്കണമെന്നും ഉള്ള മര്യാദ ഉണ്ടാക്കണം. ഇതിനെക്കൊണ്ടു കുമ്പസാരിക്കയും പൊരുള്‍ പറകയും ചെയ്യുന്ന പട്ടക്കാരരു് എണങ്ങരോടു് ഈ അവസ്ഥ പറഞ്ഞു ബോധിപ്പിച്ചു് അവരെക്കൊണ്ടു് അനുവദിപ്പിക്കണമെന്നു ശുദ്ധമാന സൂനഹദോസു് പ്രമാണമാക്കുന്നു.

കുമ്പസാരമെന്ന കൂദാശമേല്‍ അഞ്ചാം കനോനാ

വസൂരി ക്ലേശമുണ്ടായി മരിക്കുന്നവരില്‍ മിക്കവരും കുമ്പസാരം കൂടാതെ മരിക്കുന്നു എന്നും കാവ്യര്‍ക്കു് അടുത്തവണ്ണം അവരുടെ ചവം അടക്കപ്പെടുന്നു എന്നും ശുദ്ധമാന സൂനഹദോസ് അറിഞ്ഞമൂലം എടവക രക്ഷിക്കുന്ന പട്ടക്കാരരോടു് അങ്ങനെ ഇനി ആരും മരിച്ചുപോകായ്വാന്‍ തങ്ങള്‍തന്നെ എങ്കിലും മറ്റൊരുത്തരെ യാത്രയാക്കിയെങ്കിലും അവരെ കുമ്പസാരിക്കണം എന്നു് അപേക്ഷിക്കയും പ്രമാണിക്കയും ചെയ്യുന്നു. തങ്ങളെ കാത്തുകൊണ്ടു് ഇതു ചെയ്യുകയും വേണം. വിശേഷിച്ചു വസൂരിക്ലേശം ഉള്ളവരു കുമ്പസാരിച്ചുകൊണ്ടു മരിക്കിലും കുമ്പസാരിച്ചുകൊള്ളാതെ കുമ്പസാരിക്കണം എന്ന അപേക്ഷയോടുകൂടി മരിക്കിലും ശുദ്ധമാന എടത്തില്‍ അവരെ ഇടുകയും വേണം. അവര്‍ക്കുവേണ്ടി അന്നിദാ[2]ചൊല്ലുകയും വേണം. തങ്ങളെ എപ്പോഴും കാത്തുകൊള്ളുകയും വേണം.

  1. തങ്ങള്‍പക്കല്‍ വിധേയമാക്കിയ ഞായം;
  2. വെടിപ്പില്ലാത്തുതാനും;
  3. ആര്‍ക്കും മോക്ഷം കിട്ടാ;
  4. എപ്പേരും (മുഴുവന്‍);
  5. ഉവവി (സ്നേഹം);
  6. തണ്ണിയ (താണ);
  7. നേറ്റി (പതിവു്);
  8. അടാത (അയാഗ്യമായ);
  9. അരിമ (പ്രയാസം)

മുതലായി അനേകം പഴയ പദങ്ങളും പ്രയോഗവിശേഷങ്ങളും പ്രസ്തുതഗ്രന്ഥത്തില്‍ കാണ്‍മാനുണ്ടു്.


  1. (1)കാവ്യര്‍-(കാഫര്‍ അവിശ്വാസികള്‍)
  2. 1 മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന.