close
Sayahna Sayahna
Search

നാടോടിപ്പാട്ടുകള്‍ I


നാടോടിപ്പാട്ടുകള്‍ I
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്

Contents

നാടോടിപ്പാട്ടുകള്‍: പലവക

പ്രായേണ ദുഃഖഭൂയിഷ്ഠമായിത്തോന്നുന്ന ഈ ലോകത്തില്‍ കലര്‍പ്പില്ലാത്ത സുഖമെന്നൊന്നുണ്ടെങ്കില്‍ അതു കലകളില്‍ — പ്രത്യേകിച്ചു സങ്ഗീതത്തിലും സാഹിത്യത്തിലും — ആണ് സ്ഥിതി ചെയ്യുന്നതെന്നുള്ളതിനു സംശയമില്ല. പാട്ടുകേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം ആര്‍ക്കും അനുഭവഗോചരമാകുന്നു. ഓരോ ജനസമുദായത്തിന്റെ ഇടയിലും ആദ്യമായി സംജാതമായ സാഹിത്യം സങ്ഗീതാത്മകമായിരുന്നു എന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ സാഹിത്യത്തിനു പണ്ഡിതദൃഷ്ടിയില്‍ യാതൊരു മെച്ചവുമില്ല; അതിലേ സങ്ഗീതം അങ്ങനെയൊരു പേര്‍ അര്‍ഹിക്കുന്നുമില്ല. എങ്കിലും ആ ഗാനപ്രപഞ്ചത്തിനുമുണ്ട് ശൈശവമധുരമായ ഒരു സൗന്ദര്യം. അതു സഹൃദയന്മാരെ അന്തരാന്തരാ രസിപ്പിക്കുന്നു; ഗാനരസികന്മാരെ ആകര്‍ഷിക്കുന്നു. ഓലയുടേയും നാരായത്തിന്റേയും ഒത്താശകൂടാതെ നാടെങ്ങും പ്രചരിക്കുന്നു. ആ ഇനത്തില്‍പെട്ട കേരളത്തിലേ ചില പാട്ടുകളെപ്പറ്റി ഈ അധ്യായത്തില്‍ സ്വല്പം പ്രസ്താവിക്കാം.

വിഷയം

കേരളത്തില്‍ സാമാന്യേന എല്ലാ വിഷയങ്ങളെപ്പറ്റിയും പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായി (1) ദേവതാപൂജ, (2) വീരപുരുഷാരാധനം, (3) വിനോദം, (4) ശാസ്ത്രം, (5) കുലവൃത്തി, (6) സദാചാരം ഇവയെ അധികരിച്ചാണ് അവയില്‍ ഭൂരിപക്ഷവും രചിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രഭേദങ്ങളെത്തന്നെ കുറേക്കൂടിപ്പരത്തി (1) പുരാണം, (2) സ്തോത്രം, (3) സദാചാരം, (4) ശാസ്ത്രം, (5) വീരചരിത്രം, (6) ദേശചരിത്രം, (7) തൊഴിലില്ലായ്മ, (8) വിനോദം, (9) ഭൗതികം, (10) വൈഷയികം, (11) രാഷ്ട്രീയം, (12) സാമുദായികം എന്നിങ്ങനെ കൊച്ചിരാമവര്‍മ്മ (അപ്പന്‍ തമ്പുരാന്‍) പന്ത്രണ്ടുമാതിരിയായി തരംതിരിച്ചിരിക്കുന്നു.

ഉദ്ധരിക്കുന്ന പാട്ടുകള്‍ എല്ലാംതന്നെ പ്രാചീനങ്ങളാണെന്ന് എനിക്കഭിപ്രായമില്ല. വിനോദപരങ്ങളായ ഗാനങ്ങളില്‍ പലതിനേയും ആട്ടിപ്പായിച്ചു് ഇക്കാലത്തു് അവയുടെ

സ്ഥാനങ്ങളില്‍ പുരാണകഥകളും ഈശ്വരസ്തോത്രങ്ങളും കടന്നുകൂടിട്ടുണ്ടു്. ഒരേ വിഷയത്തെ അധികരിച്ചു നോക്കുകയാണെങ്കില്‍പോലും പഴയ പാട്ടുകളെ പുറന്തള്ളി അവയ്ക്കു പകരം പല പുതിയ പാട്ടുകളും രങ്ഗപ്രവേശം ചെയ്തിട്ടുള്ളതായും, കാണാം. അതുകൊണ്ടു് ഈ അധ്യായത്തില്‍ സ്മരിക്കുന്ന ഗാനങ്ങളുടെ കാലഗണന അസാധ്യമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.

സംഘക്കളി — ആഗമം

യാത്രകളി അല്ലെങ്കില്‍ സംഘക്കളി നമ്പൂരിമാരുടെ ഇടയില്‍ പണ്ടേയ്ക്കുപണ്ടേ പ്രചുരപ്രചാരമായിത്തീര്‍ന്നിട്ടുള്ള ഒരു വൈദികവിനോദപ്രസ്ഥാനമാകുന്നു. ഇതിന്റെ ഉത്ഭവത്തെപ്പറ്റി കേരളോല്‍പത്തിയില്‍ താഴെ കുറിക്കുന്ന വിധത്തില്‍ ഒരൈതിഹ്യമുണ്ടു്. പള്ളിവാണപെരുമാള്‍ കേരളം രക്ഷിച്ചുവന്ന കാലത്തു ബുദ്ധമതക്കാരും നമ്പൂരിമാരും തമ്മില്‍ തൃക്കാരിയൂരമ്പലത്തില്‍വെച്ചു മതസംബന്ധമായി ഒരു വാഗ്വാദമുണ്ടാകുകയും അതില്‍ ജയം സിദ്ധിക്കുന്നതിനുവേണ്ടി നമ്പൂരിമാര്‍ തൃക്കാരിയൂരപ്പനെ ഭജിക്കുകയും ചെയ്തു. ആ അവസരത്തില്‍ ജങ്ഗമന്‍ എന്നൊരു മഹര്‍ഷി അവിടെ ചെന്നു നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാര്‍ക്കു് ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോള്‍ ആറു പരദേശബ്രാഹ്മണര്‍ അവിടെ വരികയും അവരുടെ സാഹായ്യത്തോടുകൂടി നമ്പൂരിമാര്‍ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതല്ക്കു് ആ ʻനാലുപാദംʼ അഭീഷ്ടപ്രദമാണെന്നുള്ള ബോധത്താല്‍ കേരളീയര്‍ക്കു് ആദരണീയമായിത്തീര്‍ന്നു. ഇതാണ് ആ ഐതിഹ്യം. ഇതിന്റെ വിശ്വാസ്യത എങ്ങനെയിരുന്നാലും എല്ലാ സംഘങ്ങളുടേയും മൂലപരദേവത തൃക്കാരിയൂരപ്പനായതുകൊണ്ടു തൃക്കാരിയൂരാണ് സംഘക്കളിയുടെ ഉത്ഭവസ്ഥാനം എന്നു തീര്‍ച്ചയായി പറയാം. കാലം, ക്രി.പി. ആറാം ശതകത്തോടടുത്താണെന്നു വിചാരിക്കുന്നതില്‍ അപാകമില്ല.

സംഘക്കളിയെ മൂന്നംശമായി വിഭജിക്കാം. അവ നാലു പാദം, പാന, കളി (ഹാസ്യം) എന്നിവയാകുന്നു. ഇവയില്‍ നാലുപാദമാണ് അതിപ്രധാനം; അതു കഴിഞ്ഞാല്‍ പാനയും, നാലുപാദം മാത്രമേ ആദ്യകാലത്തുണ്ടായിരുന്നുള്ളൂ. പാന പിന്നീടും കളി ഒടുവിലും കൂട്ടിച്ചേര്‍ത്തതാണെന്നത്രേ ഞാന്‍ അനുമാനിക്കുന്നത്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു സംഘക്കളിയെ കരുതിപ്പോരുന്നു. ചോറൂണ്, ഉപനയനം, സമാവര്‍ത്തനം, വിവാഹം, ഷഷ്ട്യബ്ദപൂര്‍ത്തി, മഹാരാജാക്കന്മാരുടെ തിരുനാള്‍ എന്നിങ്ങനെയുള്ള

വലിയ അടിയന്തിരങ്ങള്‍ സംബന്ധിച്ചാണ് സംഘക്കളി സാധാരമായി കളിപ്പിക്കാറുള്ളത്. നാലുപാദം മാത്രമായും നാലുപാദവും പാനയും മാത്രമായും അടിയന്തിരം കഴിപ്പിക്കാവുന്നതാണ്; എന്നാല്‍ കളിമാത്രമായോ പാനയും കളിയും മാത്രമായോ പാടുള്ളതല്ല.

സംഘങ്ങള്‍

ചാത്തിരര് എന്നൊരിനം നമ്പൂരിമാരുണ്ട്. ശാസ്ത്ര (ആയുധസംബന്ധി എന്നര്‍ത്ഥം) പദത്തിന്റെ തത്ഭവങ്ങളാണ് ചാത്തിരവും, യാത്രയും; വിദേശങ്ങളിലെ ʻയാത്രʼ എന്ന വിനോദവുമായി ഇതിനു യാതൊരു സംബന്ധവുമില്ല. പുരാതനകാലങ്ങളില്‍ ആയുധവൃത്തി സ്വീകരിച്ചു ഗ്രാമരക്ഷ നടത്തിയവരും അടുക്കളയ്ക്കും (എല്ലാ നമ്പൂരിമാര്‍ക്കും വച്ചുവിളമ്പുന്നതിനും) അരങ്ങിനും (സംഘത്തില്‍ ചേര്‍ന്നു കളിക്കുന്നതിനും) അവകാശമുള്ളവരും ആണ് ചാത്തിരര്‍. കളിനടത്തുന്നതു വാസ്തവത്തില്‍ അവരാണെങ്കിലും സംഘം തികയുന്നതിനു വേദാര്‍ഹന്മാരായ നമ്പൂരിമാര്‍ക്കൂടി വേണമെന്നുണ്ട്. വാക്യാവൃത്തി, പരിഷ, കിഴിപ്പുറം എന്ന് ഓരോ സംഘത്തിലുമുള്ള മൂന്നു സ്ഥാനങ്ങള്‍ക്കു് അവര്‍ക്കാണ് അവകാശം. അവയില്‍ വാക്യാവൃത്തിക്കു ഭരണാധികാരവും, പരിഷയ്ക്കു സേനാനായകത്വവും കിഴിപ്പുറത്തിനു ധനാധികാരവും പണ്ടുണ്ടായിരുന്നിരിക്കണമെന്നു് ഊഹിക്കാം. ʻപതിനെട്ടും പടുതോളുംʼ എന്നിങ്ങനെ പത്തൊന്‍പതു സംഘങ്ങളെപ്പറ്റി പറയാറുണ്ടെങ്കിലും പടുതോള്‍ ഇടക്കാലത്തു കോടശ്ശേരിക്കര്‍ത്താക്കന്മാരുടെ ആവശ്യത്തിന്നായി ഉണ്ടായതാണ്. പഴയ സംഘങ്ങള്‍ പതിനെട്ടേയുള്ളു. ഓരോ സംഘത്തിനും തൃക്കാരിയൂരപ്പനു പുറമേ പ്രത്യേകമായി ഒരു പരദേവതകൂടിയുണ്ടു്. അതു ശാസ്താവോ, ഭഗവതിയോ ആയിരിക്കും.

ചടങ്ങുകള്‍

പൂര്‍വ്വാങ്ഗം – കൊട്ടിച്ചകംപൂകല്‍

ഇതു സംഘക്കാരുടെ സംഘസ്ഥലത്തേയ്ക്കുള്ള പ്രവേശവും ʻകണമിരിക്കʼലും ആകുന്നു. ʻകണമിരിക്കുകʼ എന്നാല്‍ ഗണ(സംഘം) മായിരിക്കുക എന്നര്‍ത്ഥം. അപ്പോള്‍ ചൊല്ലുന്ന പാട്ടു ഭദ്രകാളിയേയോ ശാസ്താവിനേയോ പറ്റിയായിരിക്കണം.

[1]ʻʻപൂക്കുലമാല [2]മാന്തിളനീരു മാന്തളിര്‍ ചെമ്പരുത്തി
പൂമലരും കുരുത്തെഴുമോല വമ്പുള്ള ചെമ്പഴുക്ക
നാക്കിലതന്നില്‍ വെള്ളരി വെള്ളവെറ്റില നല്ല തേങ്ങ
[3]നാക്കു ചേരും വിളക്കൊടു പീഠമേറിയ കുലദൈവം
പാട്ടിനിരിപ്പാന്‍ മെത്തിനവാള്‍ കടുത്തില ശൂലംകൊള്‍വാ[4]
പാട്ടിനലങ്കരിച്ച കളത്തില്‍ വന്നുടനാടുകമ്മേ.ˮ

എന്നിങ്ങനെ ഭദ്രകാളിപ്പാട്ടു പോകുന്നു. അതു കഴിഞ്ഞാല്‍ കേളി(കാഴ്ചക്കൊട്ടു്)യും പിന്നീടു സദ്യയ്ക്കുമേല്‍ ഉച്ചതിരിഞ്ഞു ചെമ്പുകൊട്ടിയാര്‍ക്കലുമായി. ചെമ്പുകൊട്ടിയാര്‍ക്കലിനും ചില പാട്ടുകളുണ്ടു്.

നാലുപാദം

വൈകുന്നേരത്തെ സന്ധ്യാവന്ദനം കഴിഞ്ഞാണ് നാലുപാദം സ്വരവും താളവുമൊപ്പിച്ച് ഉച്ചരിക്കേണ്ടത്. ആ ഭാഷാമന്ത്രം താഴെ ചേര്‍ക്കുന്നു.

കണ്ടമിരുണ്ടു നടംചെയ്യും നിന്‍ ചേവടിയേ
എന്നുമരങ്ങില്‍ നിലയ്ക്കുക വിണ്ണോര്‍നായകനേ!
വഞ്ചന ചെയ്യെമദൂതകള്‍ വന്തണയും മാലൊഴിവാന്‍
കേണികള്‍ ചൂഴ്തിരിക്കാരിയൂര്‍ മുക്കണ്ണരേ മുക്കണ്ണരേ.[5]

നാലുപാദത്തെ തുടര്‍ന്നു് ഈ ഘട്ടത്തില്‍ വേറെയും ചില പാട്ടുകള്‍ ചൊല്ലാറുണ്ടു്. അവയില്‍ ഒന്നില്‍നിന്ന് ഏതാനും വരികള്‍ താഴെ ഉദ്ധരിക്കുന്നു.

ʻʻമാടോന്നേ കുടയാക്കിപ്പിടിച്ചാന്‍ പോലിവനേ;
മാതാവെപ്പിരിഞ്ഞുപോയ് വളര്‍ന്നാന്‍ പോലിവനേ;
ചാടോന്നേ ചവിട്ടീട്ടു നടന്നാന്‍ പോലിവനേ;
ചായല്‍പ്പെണ്ണുരുവമായ്ച്ചമഞ്ഞാന്‍ പോലിവനേ;
ആടുന്നോരനന്തന്‍മേല്‍ക്കിടന്നാന്‍ പോലിവനേ!;
ആനായത്തികളുടെ തുകില്‍ വാരിയതിവനേ;
കോലൊന്നേ കുഴലൂതി നടന്നാന്‍ പോലിവനേ;
ഗോവിന്ദപുരമെന്നു നിനവെന്റെ മനമേ.ˮ

ഇതു ശ്രീകൃഷ്ണസ്തുതിയാണെന്നു പറയേണ്ടതില്ലല്ലോ.

പാന

അത്താഴസ്സദ്യയുടെ മധ്യത്തില്‍ കറിശ്ശോകങ്ങളും ഒടുവില്‍ നീട്ടും ചൊല്ലാറുണ്ട്. നീട്ടു പുരാണപുരുഷന്മാരില്‍ ഒരാള്‍ തന്റെ പ്രതിദ്വന്ദ്വിക്കു് എഴുതുന്നതും, അതിലെ ഭാഷ അത്യന്തം സംസ്കൃതപദജടിലവുമാണ്. കേരളവര്‍മ്മവലിയ കോയിത്തമ്പുരാന്‍പോലും ഒരു നീട്ടു് ഉണ്ടാക്കീട്ടുണ്ടു്. സദ്യ കഴിഞ്ഞു വഞ്ചിപ്പാട്ടു പാടിക്കൊണ്ടു നെടുമ്പുരയില്‍ എത്തി ചാത്തിരന്മാര്‍ കെട്ടിയുടുത്തിരുന്നു് കേളികൊട്ടിത്തീര്‍ന്നാല്‍ ഏതെങ്കിലും രാഗം പാടി മേളം കൊട്ടും. അതാണു പാന. ആ ഘട്ടത്തിലും പാടേണ്ട ചില പാട്ടുകളുണ്ടു്. അവയില്‍ നിന്നു് ഒന്നോ രണ്ടോ മാതൃക കാണിക്കാം.

ʻʻഗണപതിഭഗവാനേ! നന്മ ഞാനൊന്നിരപ്പന്‍,
തുണപെടു ശിവപുത്തിരാ! തൂയപാച്ചോറു തന്തേന്‍;
പണമുടയരവുതന്മേല്‍ പള്ളികൊള്ളുന്ന മായോന്‍
ഇണയടിതൊഴുതിരന്നേനിമ്പമായ് നല്കിനിക്കു്.
ആര്‍മതി ചൂടുമീശനാനയായ് വേഷംപൂണ്ടു
അന്നുടനുമയാള്‍താനുമന്നിറം പിടിയുമായി
ആദരാല്‍ വനംപുകുന്തു ക്രീഡിച്ചു നടന്ത കാല-
മമ്പൊടു പിറന്ത പിള്ളൈ അഴകേറും വിനായകന്‍താന്‍
അന്തരമെന്ന്യേ പന്തല്‍തന്നിലങ്ങകം പുകുന്തു
ചിന്തയില്‍ മലമശ്ശാസ്ത്രം പന്തിയിലുരചെയ്യിപ്പാന്‍
ചന്തമായൊറ്റക്കൊമ്പന്‍ വന്തുളനാക മുമ്പി-
ലന്തരിയാതെയാതിയുമന്തവും തോന്നിച്ചിപ്പോള്‍.ˮ

മലമശ്ശാസ്ത്രം എന്നാല്‍ മലയരുടെ ശാസ്ത്രം എന്നര്‍ത്ഥം. ആ അര്‍ത്ഥം ഇവിടെ എങ്ങനെ ഘടിക്കുന്നു എന്നു ഖണ്ഡിച്ചുപറവാന്‍ നിര്‍വ്വാഹമില്ല. പഴയ ഭദ്രകാളിപ്പാട്ടുകളുടെ കൂട്ടത്തിലും മലമപ്പാട്ടുണ്ടു്.

ʻʻകറ്റഞ്ചെഞ്ചിടമുടികറക്കണ്ട മകന്‍ പിള്ളൈ
ഒറ്റക്കൊമ്പഴകിയ ഗണപതിക്കഭയമേ!
കാര്‍നെല്ലും പൊരിയവില്‍ കരിമ്പുതേനിളനീരും
കറക്കണ്ടമകന്‍പിള്ളൈ ഗണപതിക്കഭയമേ.ˮ

ഇങ്ങനെ അകാരാദിക്രമത്തിലുള്ള ഈരടികളാണ് മറ്റൊരു പാനപ്പാട്ടില്‍ കാണുന്നതു്. നാലുപാദത്തോളം പാനപ്പാട്ടുകള്‍ക്കു പഴക്കമില്ലെങ്കിലും അവയും അര്‍വാചീനങ്ങളല്ല.

കയ്മളുടെ വരവും മറ്റും

പാനപ്പാട്ടുകള്‍ കഴിഞ്ഞാല്‍ കണ്ടപ്പന്റെ (കയ്മളുടെ) വരവായി. കണ്ടപ്പന്റെ വേഷവും നമ്പൂരിമാര്‍തന്നെയാണു കെട്ടുന്നത്. ʻനീയാരു്?ʼ എന്നുള്ള രങ്ഗവാസികളുടെ ചോദ്യത്തിനു ʻʻമാനം വളഞ്ഞൊരു വളപ്പിനകത്തു, മഹാമേരുവിങ്കല്‍നിന്നും തെക്കുവടക്കു കിഴക്കു പടിഞ്ഞാറു്, ആനമലയോടുപ്പുകടലോടിടയില്‍, ചേരമാന്‍മലനാട്ടില്‍ ചെറുപര്‍പ്പൂര്‍ (പറപ്പൂര്‍) ച്ചാര്‍ന്ന കിരിയത്തില്‍ പന്നിക്കുന്നത്തു കൂട്ടത്തില്‍ പണ്ടാരക്കുന്നത്തു പടിഞ്ഞാറേ താവഴിയില്‍ˮ ജനിച്ച ഒരു ശൂരപുരുഷനാണ്

എന്നു കയ്മള്‍ മറുപടിപറയുന്നു. അരിപ്പറ്റ തിരിപ്പറ്റ തിരുക്കാവിലെ വിശേഷങ്ങളെപ്പറ്റി കയ്മള്‍ പറയുന്ന

ʻʻഉണ്ണൊല്ലാ ഉറങ്ങൊല്ലാ ഉറങ്ങ്യാല്‍പിന്നുണരൊല്ലാ
അടിക്കൊല്ലാ തളിക്കൊല്ലാ അടുപ്പില്‍ തീയെരിക്കൊല്ലാ
തിന്നൊല്ലാ തിമിര്‍ക്കൊല്ലാ തിമിര്‍ക്കേറ്റം പറയൊല്ലാˮ

ഇത്യാദി ചട്ടവട്ടങ്ങള്‍ കേള്‍ക്കാന്‍ രസമുണ്ടു്. കയ്മള്‍ പാടുന്നതാണ് എല്ലാവരും കേട്ടിട്ടുള്ള

ʻʻജനകന്റെ മകളല്ലോ ചീതപ്പെണ്ണ്
അവള്‍ക്കല്ലോ രാമച്ചെക്കനുടുപ്പാന്‍ കൊടുത്തു
അവളേല്ലോ രാവണച്ചന്‍ കട്ടു കൂട്ടിക്കൊണ്ടുപോയി
അതുമൂലം കുരങ്ങച്ചന്‍ ലങ്കചുട്ടു.ˮ

എന്ന പാട്ടു്. പിന്നീടു പൊലി(സമ്മാനം)യായി. അതുകഴിഞ്ഞാല്‍ കുറത്തിയാട്ടവും. പാനയുടെ ഒടുവിലത്തെ ചടങ്ങാണ് വെലിയുഴിച്ചില്‍. അതു വളരെ പ്രധാനമാണെന്നു പറയേണ്ടതില്ലല്ലോ. ആ അവസരത്തില്‍ പാടുന്ന പാട്ടുകള്‍ നവീനങ്ങള്‍തന്നെ.

കളി

വട്ടമിരിപ്പുകളിയാണു് ഇതില്‍ ആദ്യത്തെ ചടങ്ങു്. അതിലും ചില ദേവപ്രീതികരങ്ങളായ സ്തോത്രങ്ങള്‍ ഉണ്ടു്. താഴെക്കാണുന്നതു ദേവീസ്തുതിയാണു്.

ʻʻഎഴുവരുണ്ടേ ഭഗവതിമാ-
രെഴുവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേന്‍;
പഴയന്നൂര്‍കാവില്‍ ഭഗവതിപോല്‍
ഐവരുണ്ടേ ഭഗവതിമാ-
രൈവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേന്‍;
അയ്യാര്‍കുന്നില്‍ഭഗവതിപോല്‍
മൂവരുണ്ടേ ഭഗവതിമാര്‍;
മൂവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേന്‍;
മൂക്കുതലേബ്ഭഗവതിപോല്‍
ഇരുവരുണ്ടേ ഭഗവതിമാ-
രിരുവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേന്‍;
തിരുനെല്ലൂരേബ്ഭഗവതിപോല്‍
ഒരുവരുണ്ടേ ഭഗവതിമാ-
രൊരുവരിലുമഴകിയതോ?
അഴകിയതോ ഞാനറിവേ-
നൂരകത്തെബ്ഭഗവതിപോല്‍.ˮ

കളിയില്‍ ആങ്ഗ്യമെന്നും ആസ്യ (ഹാസ്യ)മെന്നും രണ്ടു വകുപ്പുണ്ടു്. ആങ്ഗ്യത്തില്‍ ʻʻപൂവാതെ മുല്ലേ മുല്ലേˮ ഇത്യാദിയായ പാട്ടും ആസ്യത്തില്‍ ʻʻകോപ്പിട്ട പെണ്ണിന്റെ കോമളം കണ്ടിട്ടു കോള്‍മയിര്‍ക്കൊള്ളുന്നു മാലോകരേˮ തുടങ്ങിയ പാട്ടും

ഉള്‍പ്പെടും. ഇങ്ങനെ പല വിനോദഗാനങ്ങളും പാടിത്തീര്‍ന്നാല്‍ പിന്നെയും കയ്മളുടെ വരവായി. കയ്മളും ഓതിക്കനും തമ്മിലുള്ള സംവാദം മുഴുവന്‍ ശ്ലോകരൂപമാണ്. അതു പഴക്കമുള്ളതല്ല. അടുത്ത ചടങ്ങുകള്‍ ചെപ്പടിവിദ്യയും വിഡ്ഢിപുറപ്പാടുമാണ്. വിഡ്ഢിയുടെ മഞ്ഞപ്പാട്ടില്‍നിന്നു് ഒരു ഭാഗം താഴെ ചേര്‍ക്കുന്നു.

ʻʻമഞ്ഞക്കാട്ടില്‍ പോയാല്‍-പ്പിന്നെ
മഞ്ഞക്കിളിയെപ്പിടിക്കാലോ.
മഞ്ഞക്കിളിയെപ്പിടിച്ചാല്‍-പ്പിന്നെ-
ച്ചപ്പും ചവറും പറിക്കാലോ.
ചപ്പും ചവറും പറിച്ചാല്‍-പ്പിന്നെ-
ഉപ്പും മുളകും തിരുമ്മാലോ.
ഉപ്പും മുളകും തിരുമ്യാല്‍-പ്പിന്നെ-
ച്ചട്ടീലിട്ടു പൊരിക്കാലോ.
ചട്ടീലിട്ടു പൊരിച്ചാല്‍-പ്പിന്നെ-
പ്പച്ചെലവാട്ടിപ്പൊതിയാലോ.
പച്ചെലവാട്ടിപ്പൊതിഞ്ഞാല്‍-പ്പിന്നെ-
ത്തണ്ടാന്‍പടിക്കല്‍ചെല്ലാലോ.
തണ്ടാന്‍പടിക്കല്‍ച്ചെന്നാല്‍-പ്പിന്നെ-
ക്കള്ളാലിത്തിരി മോന്താലോ.
കള്ളാലിത്തിരി മോന്ത്യാല്‍-പ്പിന്നെ-
അമ്മേംപെങ്ങളേം തല്ലാലോ.
അമ്മേം പെങ്ങളേം തല്ല്യാല്‍-പ്പിന്നെ-
ക്കോലോത്തും വാതുക്കല്‍ചെല്ലാലോ.
കോലോത്തും വാതുക്കല്‍ച്ചെന്നാല്‍-പ്പിന്നെ-
കാലും കെണച്ചങ്ങു നില്ക്കാലോ.
കാലും കെണച്ചങ്ങു നിന്നാല്‍-പ്പിന്നെ-
ക്കാര്യംകൊണ്ടിത്തിരി പറയാലോ.
കാര്യംകൊണ്ടിത്തിരി പറഞ്ഞാല്‍-പ്പിന്നെ-
ക്കഴൂമ്മേല്‍ക്കിടന്നങ്ങാടാലോ.ˮ

ആയുധമെടുപ്പ്

ഇതു കളിയുടെ അവസാനത്തേ ചടങ്ങാണു്. ഓരോ അടവു പിടിച്ചുള്ള അഭ്യാസങ്ങള്‍ ആ ഘട്ടത്തില്‍ അരങ്ങത്തു പ്രദര്‍ശിപ്പിക്കുന്നു.

സംഘക്കളിയുടെ പ്രാഭവവും പ്രൗഢീയും അസ്തമിതപ്രായമായെങ്കിലും ഇന്നും അതു പ്രചാരലുപ്തമായിപ്പോയി എന്നു പറവാനില്ല. അതിലേ സാഹിത്യത്തില്‍ ചില ഭാഗങ്ങള്‍ സഭ്യേതരങ്ങള്‍ ആണെന്നുവച്ചു ആധുനികന്മാര്‍ അതിനെ ത്യാജ്യകോടിയില്‍ തള്ളരുത്. ചില പാട്ടുകള്‍ ഏറ്റവും രസാത്മകങ്ങളാണ്. ഫലിതം മനോഹരമായി പ്രതിഫലി

ക്കുന്ന പാട്ടുകളും ധാരാളം ഉണ്ടു്. സൂക്ഷ്മമായി പരിശോധിച്ചാല്‍ സംഘക്കളിയിലെ പഴയ പാട്ടുകളില്‍നിന്നു പ്രാചീന കേരളത്തിലെ ആര്യദ്രാവിഡബന്ധത്തെപ്പറ്റി പല അറിവുകളും ലഭിക്കുന്നതാണു്. നമ്പൂരിമാര്‍ ആ ഘട്ടത്തില്‍ പ്രധാനമായി വന്ദിക്കുന്നതു ദ്രാവിഡദേവതകളായ ഭദ്രകാളിയേയും ശാസ്താവിനേയും ആണെന്നുള്ളതില്‍നിന്നു തന്നെ ആര്യദ്രാവിഡന്മാരെ ഏകോപിപ്പിക്കുന്നതിനുള്ള നടപടികളില്‍ ഒന്നാണ് ഈ വിനോദമെന്നു സങ്കല്പിക്കുവാന്‍ ന്യായമുണ്ടു്.

തീയാട്ടു്

തെയ്യാട്ടു് (ദൈവമായിട്ടു് ആടല്‍) എന്നതിന്റെ തത്ഭവമാണു തീയാട്ടു്. അയ്യപ്പന്‍തീയാട്ടെന്നും ഭദ്രകാളിത്തീയാട്ടെന്നും തീയാട്ടു രണ്ടു മാതിരിയുണ്ടു്. അയ്യപ്പന്‍ തീയാട്ടു് അയ്യപ്പന്‍കാവുകളിലും ഭദ്രകാളിത്തീയാട്ടു് ഭദ്രകാളിക്ഷേത്രങ്ങളിലും വച്ചാണ് സാധാരണമായി നടത്താറുള്ളതെങ്കിലും ബ്രാഹ്മണാലയങ്ങളിലും അവ കഴിക്കാവുന്നതാകുന്നു. അയ്യപ്പന്‍ തീയാട്ടു ബ്രിട്ടീഷ് മലബാറിലും ഭദ്രകാളിത്തീയാട്ടു കൊച്ചി, തിരുവിതാങ്കൂര്‍ എന്നീ രാജ്യങ്ങളിലും ആണ് പ്രായേണ ആചരിച്ചുകാണുന്നതു്. മസൂരി മുതലായ സാംക്രമികരോഗങ്ങളുടെ നിവാരണമാണ് ഈ വഴിപാടിന്റെ ഉദ്ദേശം. അയ്യപ്പന്‍ തീയാട്ടു നടത്തുന്നവരെ തീയാടിനമ്പ്യാന്മാരെന്നും ഭദ്രകാളിത്തീയാട്ടു നടത്തുന്നവരെ തീയാട്ടുണ്ണികളെന്നും പറയുന്നു. ഇരുക്കൂട്ടരും അന്തരാളന്മാര്‍തന്നെ. രണ്ടുവക തീയാട്ടിലും കളമെഴുതി ദേവതയെ കളത്തിലേയ്ക്കു് എതിരേറ്റുകൊണ്ടുവന്നു ദീപാരാധന നടത്തി സ്തോത്രഗാനങ്ങള്‍കൊണ്ടു പ്രസാദിപ്പിക്കുന്നു. സംഘക്കളിക്കാരുടേയും ഭദ്രകാളിത്തീയാട്ടുകാരുടേയും ദേവീപരങ്ങളായ സ്തോത്രങ്ങള്‍ക്കു് ഐകരൂപ്യമുണ്ടു്. താഴെക്കാണുന്ന പാട്ടു രണ്ടുകൂട്ടക്കാരും പാടാറുള്ളതാണു്.

ʻʻകാരിരുള്‍ നിറമൊത്ത തിരുമുടി തൊഴുന്നേന്‍;
കനല്‍ക്കണ്ണും തിരുനെറ്റിത്തിലകം കൈതൊഴുന്നേന്‍;
വിലസുന്ന മിഴിയും നാസിക കവിള്‍ തൊഴുന്നേന്‍;
വളഞ്ഞുള്ളൊരെകിറും പല്ലൊടു നാവും തൊഴുന്നേന്‍;
പട്ടത്തില്‍ വിളങ്ങുന്ന തിരുമുഖം തൊഴുന്നേന്‍;
വാരണക്കുഴക്കമ്പി[6]യിവ രണ്ടും തൊഴുന്നേന്‍;
മാറിടം വളര്‍താലി മണിമാല തൊഴുന്നേന്‍;
മാമേരുവിനെ വെന്ന തിരുമുല തൊഴുന്നേന്‍;
ദാരുകന്‍ തലവെട്ടിപ്പിടിച്ച കൈ തൊഴുന്നേന്‍;
തങ്കം നിന്‍കരവാള്‍ വട്ടക ശൂലം തൊഴുന്നേന്‍;
നേരേയാലിലയൊത്തോരുദരം കൈതൊഴുന്നേന്‍;
ഞെറിഞ്ഞ പൂന്തുകിലും പട്ടുടയാട തൊഴുന്നേന്‍;
തുമ്പിക്കൈതരമൊത്ത തിരുത്തുട തൊഴുന്നേന്‍;
തുകില്‍പട്ടിന്‍പുറമേ പൊന്നുടഞാണും തൊഴുന്നേന്‍;
കേതകീമലരൊത്ത കണങ്കാല്‍ കൈതൊഴുന്നേന്‍;
കേവലം പുറവടി വിരലും കൈതൊഴുന്നേന്‍;
കോപത്തോടുറയുന്ന തിരുനൃത്തം തൊഴുന്നേന്‍;
കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേന്‍;
മുടിതൊട്ടിങ്ങടിയോളമുടല്‍ കണ്ടു തൊഴുന്നേന്‍;
മുടങ്ങാതേ കൊടുങ്ങല്ലൂരമര്‍ന്നമ്മേ തൊഴുന്നേന്‍ˮ

പാട്ടു പാടിക്കഴിഞ്ഞാല്‍ അടുത്ത ചടങ്ങു, കളംമാച്ചിട്ടുള്ള തീയാട്ടാകുന്നു. തീയാട്ടിനു ഭദ്രകാളിയുടെ വേഷം കെട്ടിയാടുന്നതു തീയാട്ടുണ്ണി തന്നെയാണു്; ആടാനുള്ള കഥ ദാരുകവധവും. ദാരുകവധം ഭദ്രകാളി ശിവനെ അറിയിക്കുന്നതു മുദ്രക്കൈകള്‍ കൊണ്ടാകുന്നു. അവ കാണിക്കുവാന്‍ പ്രത്യേകം ʻആട്ടപ്രകാരʼ മുണ്ടു്. അതു തീയാട്ടുണ്ണികള്‍ കാണാപ്പാഠമായി പഠിച്ചു് അതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വിധത്തില്‍ കൈകള്‍ കാണിക്കും. പിന്നെ വിളക്കത്തു പന്തം കൊളുത്തി ബലിയുഴിച്ചില്‍ നടത്തുകയും അതോടുകൂടി തീയാട്ടിന്റെ ചടങ്ങുകള്‍ അവസാനിയ്ക്കുകയും ചെയ്യുന്നു. സംഘക്കളിയില്‍ ʻʻഅയ്യപ്പന്‍കാവിലടിപ്പേന്‍ തളിപ്പേന്‍ ഞാന്‍, തീയാട്ടും പാട്ടുമൊരൂട്ടും കഴിപ്പേന്‍ ഞാന്‍ˮ ʻʻമണ്ണാര്‍പ്പാട്ടും തീയാട്ടും പാണ്ടിവിളക്കുംˮ എന്നും മറ്റും കാണുന്നതില്‍ നിന്നു മാത്രം തീയാട്ടു സംഘക്കളിയേക്കാള്‍ പ്രാചീനമാണെന്നു പറഞ്ഞു കൂടുന്നതല്ല. ഇവ സംഘക്കളിയുടെ ആരംഭകാലത്തുള്ള പാട്ടുകളല്ലെന്നു് ആവര്‍ത്തിച്ചു രേഖപ്പെടുത്തിക്കൊള്ളുന്നു.

കളമ്പാട്ടു്

വടക്കേ മലയാളത്തില്‍ കണിശന്മാര്‍ ബാധോപശാന്തിക്കായി പാടിവരാറുള്ള ഒരുതരം പാട്ടാണു് കളമ്പാട്ടു്. യക്ഷന്‍, യക്ഷി, ഗന്ധര്‍വ്വന്‍, രക്തേശ്വരി മുതലായ ദേവയോനികളുടെ രൂപം പൊടികൊണ്ടു കളമിട്ടു് അതില്‍ പ്രദര്‍ശിപ്പിക്കും. പന്തലിന്റെ തെക്കു ഭാഗത്തായി ഗുളികന്റെ രൂപവും വരയ്ക്കും. രാത്രിയില്‍ കളത്തെ പൂജിച്ചു ʻവരികʼപ്പാട്ടു തുടങ്ങുമ്പോള്‍ ഏഴെട്ടു സ്ത്രീകള്‍ കൂടി പിണിയാളെ അവിടെ പ്രവേശിപ്പിച്ചു് കളത്തിനു ചുറ്റും വലത്തു വയ്പിച്ചു പാട്ടുകാര്‍ക്കു് എതിരേ ഇരുത്തും. പുലരുന്നതുവരെ പാട്ടുപാടി സന്താനഗോപാലഗാനത്തോടുകൂടി കര്‍മ്മം അവസാനിപ്പിയ്ക്കും.

ഓലപ്പാവക്കൂത്തു്

ഇതിനേയും കൂത്തെന്നുതന്നെയാണ് പറയാറുള്ളതെങ്കിലും ഇതിനും ചാക്കിയാര്‍കൂത്തിനും തമ്മില്‍ യാതൊരു സംബന്ധവുമില്ല. ഈ കൂത്തിന്റെ ഉത്ഭവസ്ഥാനം പാലക്കാടുതാലൂക്കാണെങ്കിലും മലബാര്‍ജില്ലയിലേ പൊന്നാനി, വള്ളുവനാടു് എന്നീ താലൂക്കുകളിലും കൊച്ചി രാജ്യത്തിലേ വടക്കന്‍ പ്രദേശങ്ങളിലും കൂടി ക്ഷേത്രങ്ങളോടു് അനുബന്ധിച്ചു് ഒരു വിനോദകല എന്ന നിലയില്‍ ഇതു പ്രചരിക്കുന്നു. മാന്‍തോല്‍ കൊണ്ടുണ്ടാക്കിയ പാവകളുടെ നിഴല്‍ സദസ്യര്‍ക്കു കാണുമാറാക്കി ആ പാവകളെ യഥോചിതം ആടിച്ചു പാവകളിക്കാര്‍ തന്നെ സംഭാഷണം നിര്‍വ്വഹിക്കുന്നു. ഇതിന്റെ മൂലം തമിഴിലെ സുപ്രസിദ്ധമായ കമ്പരാമായണത്തില്‍ നിന്നെടുത്തതും വചനം, അതായതു വ്യാഖ്യാനഗദ്യം, ആ ഭാഷയില്‍ അഭിജ്ഞരായ ചില പുലവന്മാര്‍ (വിദ്വാന്മാര്‍) സ്വകീയമായി എഴുതിച്ചേര്‍ത്തിട്ടുള്ളതുമാണ്. രാമായണമാണ് ഇതിവൃത്തമെന്നു പറയേണ്ടതില്ലല്ലോ. കമ്പരുടെ കാലത്തിനു്, അതായതു ക്രി.പി. പന്ത്രണ്ടാംശതകത്തിനു്, മുമ്പല്ല ഈ വചനങ്ങളുടെ ഉല്പത്തി. പാലക്കാട്ടു ശിങ്കപ്പുലവര്‍ എന്ന ആളാണു് ഈ സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയതെന്നു പുരാവിത്തുകള്‍ പറഞ്ഞുവരുന്നു. ഇഷ്ടിരങ്ഗപ്പുലവര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മറ്റൊരു കലാകുശലന്‍ കാലാന്തരത്തില്‍ അഭിനയത്തിലും പ്രവചനത്തിലും മറ്റു പല പരിഷ്കാരങ്ങളും വരുത്തി. ഭദ്രകാളി ക്ഷേത്രങ്ങള്‍ക്കു സമീപമുള്ള പറമ്പുകളിലാണ് സാധാരണമായി കൂത്തു കഴിക്കുന്നതു്. കൂത്തുമാടം ദക്ഷിണാഭിമുഖമായി തല്‍ക്കാലാവശ്യത്തിന്നു കെട്ടിയുണ്ടാക്കും. മാടത്തിന്റെ നടുവില്‍ ഭദ്രകാളി സന്നിധാനം ചെയ്യുന്നതായാണു് സങ്കല്പം. രാമാദിപ്രതിബിംബങ്ങളായ പാവകളുടെ സ്ഥാനം വലത്തുഭാഗത്തും രാവണാദികളുടേതു് ഇടത്തുഭാഗത്തുമാണ്. ഒരു ഭാഗം ചുവടെ ഉദ്ധരിക്കുന്നു. അതിലെ ഭാഷയും തമിഴ് തന്നെ.

ʻʻനിന്തിരുവടിയുടെ പിതാവാന ദശരഥഭൂപതി, കൊടുങ്കൊലാന തൈചെലുത്താമല്‍, ഉലകത്തിനിടത്തിലുണ്ടാന സര്‍വജനങ്കളൈയും തനതുചെങ്കോലിനിടത്തില്‍ പ്രവേശിത്തു, ധര്‍മ്മരക്ഷയ്ക്കാക ഒരേ മാര്‍ഗ്ഗമാക നടത്തി, പ്രജകളൈ രക്ഷിക്കകൂടിയവനും ഇന്തകാലത്തിനിടത്തില്‍ പെരുമ്പാപികളാകിയ രാവണാദികള്‍ ജനിത്തു, കൃത്യാകൃത്യങ്കളാന സ്വധര്‍മ്മങ്കളൈ നീക്കം ചെയ്തു, ഉലകത്തിനിടത്തിലുണ്ടാന സജ്ജനങ്കള്‍ സ്വധര്‍മ്മങ്കള്‍ വിട്ടപടിയിനാല്‍, രാത്രികാലത്തിനിടത്തില്‍ അന്ധകാരം അടൈന്തപോല്‍ ഉലകത്തില്‍ അന്ധകാരമായിരിക്കിറപൊഴുതു, ഹേ! സ്വാമിന്‍ നീങ്കള്‍ അവതരിത്തു സൂര്യദേവരൈപ്പോല്‍ അന്ധകാരം നീക്കംചെയ്‌വതര്‍ക്കാക ഇന്ത വനത്തില്‍ പ്രവേശിത്തതിനാല്‍ ഇന്ത വിഷയത്തൈ എടുത്തുചൊല്ലി വൈത്തേന്‍ സ്വാമിന്‍.ˮ

തെക്കന്‍കര്‍ണ്ണാടകത്തിലേ ʻബൊമ്മയാട്ടു്ʼ, ʻബൈലാട്ടു്ʼ (വയലാട്ടം) ഇവയ്ക്കും ഈ നിഴലാട്ടത്തിനും തമ്മില്‍ പല സാദൃശ്യങ്ങളും കാണ്മാനുണ്ടു്. ശ്രീരാമാവതാരം മുതല്‍ക്കു് തുടങ്ങുന്ന കൂത്തു കവളപ്പാറ ആരിയങ്കാവിലേ നടത്തുവാന്‍ പാടുള്ളു; ശ്രീരാമപട്ടാഭിഷേകം വരെ എവിടെയും നടത്തണം. ആരംഭം മുതല്‍ കളിക്കുകയാണെങ്കില്‍ നാല്പത്തൊന്നു ദിവസം വേണം. പഞ്ചവടീപ്രവേശം മുതല്‍ക്കാണെങ്കില്‍ ഇരുപത്തൊന്നു ദിവസവും സേതുബന്ധം മുതല്‍ക്കാണെങ്കില്‍ പതിനൊന്നോ പന്ത്രണ്ടോ ദിവസവും മതിയാകും. ഓലപ്പാവക്കൂത്തു് എന്ന പദം സങ്കോചിപ്പിച്ചു് ഓലപ്പാക്കൂത്തെന്നും നാടോടി ഭാഷയില്‍ ഇതിനെ വ്യവഹരിച്ചു വരാറുണ്ടു്.

ഏഴാമത്തുകളി

ഏഴാമത്തുകളിക്കു സംഘക്കളിയ്ക്കെന്ന പോലെ ഒരു വിളക്കു കത്തിച്ച് അതിനുചുറ്റും ഏതാനുംപേര്‍ വട്ടമിട്ടിരിക്കണം. അവരില്‍ ഒരാള്‍ എഴുനേറ്റുനിന്നുകൊണ്ടു മറ്റുള്ളവര്‍ക്കു മോര്‍പ്പാളക്കേശവന്‍, ഒഴുക്കത്തു വാലാട്ടി, അയക്കോലിന്മേല്‍ കാക്ക എന്നിങ്ങനെ ഹാസ്യപ്രധാനങ്ങളായ ചില പേരൂകളിടും. അതുകഴിഞ്ഞാല്‍ എല്ലാവരും ഇരുന്നു താളമേളങ്ങളോടുകൂടി പാട്ടു തുടങ്ങുന്നു. പാട്ടിന്റെ രീതി താഴെകാണുന്നതാണ്.

ʻʻഞാന്‍ കുളിക്കും കുളമല്ലോ ഏറ്റുമാനൂര്‍ തേവര്‍കുളം;
നീ കുളിക്കും കുളത്തിന്‍റെ പേര്‍ ചൊല്‍ മാര!;

എന്നൊരാള്‍ പാടിയാല്‍ അടുത്തു് ഇടത്തുവശത്തിരിക്കുന്ന ആള്‍

ʻʻഞാന്‍ കുളിക്കും കുളമല്ലോ ശ്രീവൈയ്ക്കത്തു തേവര്‍കുളം;
നീ കുളിക്കും കുളത്തിന്റെ പേര്‍ ചൊല്‍ മാര!ˮ

എന്നു പാടും. കുളിക്കുന്നതു പ്രസിദ്ധിയുള്ള ഒരു ദേവന്റെ കുളത്തിലാകണം. അങ്ങനെ പാടുമ്പോള്‍ കളത്തിന്റെ പേര്‍ പറവാന്‍ സാമര്‍ത്ഥ്യമില്ലാതെ പിഴച്ചാല്‍ കള്ളുകുടിയന്‍, കാക്കാലന്‍ എന്നിങ്ങനെ ആരുടെയെങ്കിലും വേഷം കെട്ടി അരങ്ങത്തു വരണം. കള്ളുകുടിയന്‍ പാടേണ്ട വഞ്ചിപ്പാട്ടിലേ ചില വരികളാണു് ചുവടേ കുറിക്കുന്നതു്.

ʻʻകണ്ടവര്‍ക്കു പിറന്നോനെ! കാട്ടുമാക്കാന്‍ കടിച്ചോനേ!
കടവില്‍ക്കല്യാണി നിന്റെയച്ചിയല്യോടാ?

ചിപ്പം ചിപ്പം ചിരട്ടയും ചിരട്ടയ്ക്കല്‍ത്തരിപ്പണം
വട്ടമൊത്ത കുറിച്ചിയും പതഞ്ഞ കള്ളും
ഇഷ്ടമൊത്ത ജനമൊത്തു വട്ടമിട്ടു കുടിച്ചപ്പോള്‍
വട്ടപ്പട്ടിക്കൂട്ടം വന്നു കിറിയും നക്കി.ˮ

ഏഴാമത്തുകളി പ്രചരിക്കുന്നതു തിരുവിതാംകൂറിലാണ്. അതില്‍ മമ്പൂരി, അമ്പലവാസി, നായര്‍ ഈ ജാതികളില്‍പ്പെട്ടവര്‍ക്കു ചേരാം. ആ കളിക്കു സമാനമായി കൂട്ടപ്പാഠകമെന്നൊരു വിനോദം കൊച്ചി രാജ്യത്തുണ്ടു്. അതില്‍ അമ്പലവാസികളല്ലാതെ മറ്റാരും ഭാഗഭാക്കുകളാകാറില്ല. കൂട്ടപ്പാഠകത്തില്‍ ശ്ലോകങ്ങളാണു് ചൊല്ലേണ്ടതെന്നു നിയമമുണ്ടു്.

കാണിപ്പാട്ടു്

തിരുവിതാംകൂറിലെ മലകളില്‍ പല ആദിമവര്‍ഗ്ഗക്കാര്‍ വസിക്കുന്നുണ്ടു്. അവരില്‍ ഒരു വര്‍ഗ്ഗത്തില്‍ പെട്ടവരാണു് കാണിക്കാര്‍. കാണിക്കാരെ മലയരയന്മാരെന്നും പറയും. അവര്‍ താമസിക്കുന്നതു തിരുവിതാംകൂറില്‍ പത്തനാപുരം തൊട്ടു തെക്കോട്ടുള്ള മലകളിലാണു്. അവരുടെ ഇടയില്‍ നടപ്പുള്ള ചാറ്റു (മന്ത്രവാദം) പാട്ടുകളില്‍ ഒന്നില്‍ നിന്നാണു് താഴെക്കാണുന്ന വരികള്‍ ഉദ്ധരിക്കുന്നതു്. മുന്‍കാലത്തു് മൂന്നു കൊല്ലത്തിലൊരിക്കല്‍ എഴുപത്തിരണ്ടു കാണിപ്പറ്റുകളിലെ അരയന്മാരും ആറ്റിങ്ങള്‍ തമ്പുരാനു് അരണ്യവിഭവങ്ങള്‍ കാഴ്ചവയ്ക്കുക പതിവുണ്ടായിരുന്നു. അതിനു് ഒരവസരത്തില്‍ അല്പം നേരനീക്കം വന്നതിനാല്‍ രാജാവു മാത്തക്കുട്ടി വലിയ പിള്ളയെ തുല്യംചാര്‍ത്തിയ ഒരു നീട്ടോലയോടുകൂടി അവരുടെ പ്രമാണിയായ വീരനല്ലൂര്‍ക്കോട്ടയിലെ വീരപ്പനരയന്റെ സമീപത്തിലേക്കയയ്ക്കുന്നു. ʻനിനവുʼ (കല്പന) കണ്ടു മാത്തക്കുട്ടിയോടു വീരപ്പന്‍ ഓരോന്നു ചോദിക്കുകയും മാത്തക്കുട്ടി ഉത്തരം പറയുകയും ചെയ്യുന്നു.

ʻʻനിനവുതന്നെ കാണുന്നതു
വീരപ്പനരയന്മകനും.ˮ
ʻʻനീളേ നെടുകേ വരച്ചതിപ്പോള്‍;
എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?ˮ
ʻʻനീളേ നെടുകേ വരച്ചു കിടക്കുന്ന-
താനക്കൊമ്പിനും മൂങ്കില്‍ക്കുലയ്ക്കും.ˮ
ʻʻകാറാന്‍ കോറാന്‍ വരച്ചതിപ്പോള്‍;
എന്തിനു പിള്ളേ വരച്ചുകിടക്കുന്നു?ˮ
ʻʻകാറാന്‍ കോറാന്‍ വരച്ചുകിടക്കുന്നു;
വെരുവിന്‍ ചട്ടം തേന്‍കുമ്പത്തിനു.;
ʻʻമറുക്കു കിറുക്കു വരച്ചുകിടക്കുന്ന-
തെന്തിനു പിള്ളേ വരച്ചുകിടക്കുന്നു?ˮ
ʻʻമറുക്കു കിറുക്കു വരച്ചതരയാ,
പുലിത്തോലും കടുവാത്തോലിനും.ˮ
ʻʻനെപ്പിറനെരുനെര[7]എയ്തിക്കിടക്കുന്ന-
തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?ˮ
ʻʻനെപ്പിറനെരുനെര എയ്തിക്കിടക്കുന്നു;
ചിറ്റേത്തന്‍കുല ചെറുകദളിക്കുല.ˮ
ʻʻകപ്പിറ കറുകറയെയ്തിക്കിടക്കുന്ന-
തെന്തിനു പിള്ളേ എയ്തിക്കിടക്കുന്നു?ˮ
ʻʻകപ്പിറ കറുകറ എയ്തിക്കിടക്കുന്നു
പേരേത്തങ്കുല പെരുങ്കദളിക്കുല.ˮ

ആ ആജ്ഞ ശിരസാ വഹിച്ചു വീരപ്പന്‍ ʻവലതുകാലുമുന്തിവച്ചുʼ മറ്റരയന്മാരോടുകൂടി ആറ്റിങ്ങലേക്കു പോയി. സ്ഥലത്തെത്തി അഞ്ചുദിവസം താമസിച്ചിട്ടും തിരുമേനിയെ മുഖം കാണിക്കാന്‍ സൗകര്യം ലഭിക്കാത്തതിനാല്‍ കാഴ്ചവയ്ക്കുവാന്‍ കൊണ്ടുചെന്ന ഏത്തന്‍കുലയും മറ്റും അവര്‍ ചുട്ടുതിന്നു തുടങ്ങി. വെരുകിന്‍ ചട്ടം തീയിലിട്ടു. ആ ഗന്ധം മൂക്കില്‍ വ്യാപിച്ചപ്പോളാണ് രാജാവു അവര്‍ വന്ന വിവരം മനസ്സിലാക്കിയത്. ആ ധിക്കാരത്തിനു അവരെ ശിക്ഷിക്കണമെന്നു കല്പന പുറപ്പെട്ടപ്പോള്‍ ʻʻഎഴുപത്തിരണ്ടു കാണിപ്പേരേ എലിക്കുഞ്ചു വിറയ്ക്കുംപോലെˮ വിറച്ചുതുടങ്ങി, ʻʻകിടുങ്ങാതേ നിപ്പിനെടാˮ എന്നു പറഞ്ഞുകൊണ്ടു വീരപ്പന്‍ അവിടെ തന്റെ കൈയിലുള്ള സിദ്ധൗഷധങ്ങളെക്കൊണ്ടു പല വിദ്യകളും കാണിച്ചു രാജാവിനെ വിസ്മയിപ്പിച്ചു. ʻആനപ്പുറത്തു കേറി ആനയുടെ തല വെട്ടാമോʼ എന്നു ചോദിച്ചതിനു അങ്ങനെ ചെയ്തു കാണിച്ചുകൊടുക്കുകയും രാജാവു അതു കണ്ടു വ്യസനിച്ചപ്പോള്‍ ഒരു മരുന്നു പുരട്ടി ആനയെ പുനര്‍ജ്ജീവിപ്പിക്കുകയും ചെയ്തു.

ʻʻമുറിപൊരുന്തി മരുന്നെടുത്തു ആനമേലേ തടവുവാരാം,
അപ്പൊളെങ്കില്‍ക്കല്പനയായ് വീരമാര്‍ത്താണ്ഡനരയനെന്നു്,
ഇത്ര വീരശൂരപ്പെട്ട വീരമാര്‍ത്താണ്ഡനരയന്മകനെ,
പേരുകൂറക്കൊടുക്കുവാരാം കൂറപ്പേരെക്കൊടുക്കുവാരാം;
കൂറപ്പേരേക്കൊടുക്കുവാരാം താന[8]പ്പേരെക്കൊടുക്കുവാരാം.ˮ

അങ്ങനെ വീരമാര്‍ത്താണ്ഡനരയന്‍ എന്ന പേരും കൊടുത്തു് ഏഴേകാലും കോപ്പും പതിപ്പിച്ചു വീരപ്പനെ രാജാവു യാത്രയാക്കി.

തന്റെ വീട്ടിലെ ഒരു കല്യാണത്തിനു വീരപ്പന്‍ പാണ്ടിയിലെ പ്രമാണികളെ ക്ഷണിച്ചു; അവര്‍ ആ ക്ഷണം സ്വീകരിച്ചില്ല. അപ്പോള്‍ വീരപ്പന്‍ തന്റെ കൂട്ടുകാരോടു് ഇങ്ങനെ ആജ്ഞാപിച്ചു.

ʻʻനമ്മുടെ നാട്ടിലെ വെള്ളംചെന്നു
പാണ്ടിയല്ലോ വിളയുന്നായേ,
കേക്കയെങ്കിക്കേക്കിനെടാ,
ചിറ്റരയന്മാരാവുന്നവരേ.
നമ്മക്കിനിത്തന്നെയിപ്പോ-
ക്കല്ലണയൊന്നു കെട്ടവേണം.
കോതയാറു പറളിയാറു
മണിമുത്തു ചെമ്പരുന്തു-
നാലാറുമുഖമടക്കി-
ക്കല്ലണമുഖം കെട്ടവേണം.ˮ

പാണ്ടിക്കാര്‍ക്കു കൃഷിക്കു വെള്ളമില്ലാതെയാക്കുവാന്‍ അവര്‍ ഒരു വലിയ കല്ലണ കെട്ടി. പിന്നെയും കുറെ വെള്ളം പാഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ അവിടത്തെ കാലമാടന്‍ എന്ന ദേവത തുള്ളി കരിമ്പാണ്ടിയെന്നു പേരുള്ള വീരപ്പന്റെ സഹോദരിയെ ബലികൊടുക്കാമെങ്കില്‍ അണ ശരിപ്പെടുമെന്നു പറയുകയും അതിനു വഴിപ്പെട്ടു് അന്നു വള്ളിയൂരില്‍ താമസിച്ചിരുന്ന ധീരയായ ആ യുവതി പ്രാണത്യാഗത്തിനു സന്നദ്ധയായി അവിടെ വന്നെത്തുകയും ചെയ്തു. അതിന്നുള്ള ഒരുക്കം കവി ഭങ്ഗിയായി വര്‍ണ്ണിയ്ക്കുന്നുണ്ടു്.

ʻʻഅമ്മാവിമാര്‍ കയ്യിനാലേ – എണ്ണ താളി തേയ്ക്കവേണം;
നാത്തിനമാര്‍ കയ്യിനാലേ – മുണ്ടുചേലയുടുക്കവേണം;
അനുജത്തിമാര്‍ കയ്യിനാലേ – തല കോതിമുടിക്കവേണം;
പെറ്റ തള്ളകയ്യിനാലേ – ഒരുപിടിച്ചോറുണ്ണണമേ.ˮ

* * *

ʻʻഒറ്റത്തീറ്റി തിന്നുന്നു ഞാന്‍ – ആതി[9]വെള്ളം കുടിക്കുന്നു ഞാന്‍;
കാനവെയില്‍പോകുമ്പോഴോ – എരിമ്പിരാക്കുപിരാവുന്നതോ;
എരിമ്പിരാക്കു പറവതല്ലേ – വരും പല പറയുന്നു ഞാന്‍ˮ

കല്ലണയില്‍ ചെന്നു വെള്ളത്തിലിറങ്ങി കരുമ്പാണ്ടി നിന്നു. മച്ചമ്പി തലവീശി. അവള്‍ മരിച്ചു. കല്ലണയുടെ മുഖവുമടഞ്ഞു. ക്ഷണം നിരസിച്ച പാണ്ടിക്കാര്‍ കുടിവെള്ളം കിട്ടാതെ വലഞ്ഞു. അവര്‍ ആറ്റിങ്ങള്‍ തമ്പുരാനെച്ചെന്നു മുഖം കാണിച്ചു സങ്കടമറിയിച്ചു. അവിടുന്നു മാത്തക്കുട്ടിയെ അണ തുറപ്പിയ്ക്കുവാന്‍ അയച്ചു. വീരപ്പന്‍ ʻകല്ലണയെ തട്ടിയെങ്കില്‍ കല്ലുളിപോലെ എയ്തൊടുക്കുംʼ എന്നു ഗുണദോഷിച്ചിട്ടും അനുസരിക്കാത്ത ആ വലിയ പിള്ളയെ ആഭിചാര പ്രയോഗംകൊണ്ടു കൊന്നു. ʻʻപത്തിരത്തീപ്പാഞ്ഞു പെട്ടേ മാത്തക്കുട്ടി വലിയ പിള്ളˮ എന്നു പാട്ടു് അവസാനിക്കുന്നു.

ഈ പാട്ടില്‍ തുമ്പിച്ചി (തുമ്പിച്ചിനായ്ക്കന്‍-കൃഷ്ണദേവരായരുടെ ശത്രു)പ്പടയെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതിനാല്‍ ഇതിന്നു മൂന്നൂറ്റന്‍പതു കൊല്ലങ്ങള്‍ക്കുമേല്‍ പഴക്കം കല്പിക്കുവാന്‍ നിവൃത്തി കാണുന്നില്ല.

പുലയര്‍പ്പാട്ടു്—ഞാറ്റുപാട്ടു്

പുലയരുടെ ഇടയില്‍ അകൃത്രിമരണീയങ്ങളായ അനേകം പാട്ടുകള്‍ പ്രചരിക്കുന്നു. താഴെ ഉദ്ധരിക്കുന്നതു് ഒരു ഞാറ്റുപാട്ടിലെ ചില വരികളാണ്.

ʻʻമാരിമഴകള്‍ ചൊരിഞ്ചേ–ചെറു–വയലുകള്‍ ഒക്കെ നനഞ്ചേ
പൂട്ടിയൊരുക്കിപ്പറഞ്ചേ–ചെറു–ഞാറുകള്‍ കെട്ടിയെറിഞ്ചേ
ഓമല, ചെന്തില, മാല–ചെറു–കണ്ണമ്മ, കാളി, കറുമ്പി,
ചാത്ത, ചടയമാരായ–ചെറു–മച്ചികളെല്ലാരും വന്തേ,
വന്തു നിരന്തവര്‍ നിന്റേ–കെട്ടി–ഞാറെല്ലാം കെട്ടിപ്പകുത്തേ.
ഒപ്പത്തില്‍ നട്ടുകരേറാ–നവര്‍–കുത്തിയുടുത്തു കുനിഞ്ചേ.
കണ്ണച്ചെറുമിയൊണ്ണ[10]പ്പോള്‍–അവള്‍–ഓമലേയൊന്നുവിളിച്ചേ.
ʻʻപാട്ടൊന്നു പാടീട്ടുവേണം–നിങ്ങള്‍–നട്ടുകരയ്ക്കങ്ങു കേറാന്‍.ˮ
അപ്പോളൊരു തത്തപ്പെണ്ണു്–അവള്‍–മേമരമേറിക്കരഞ്ചേ.
മേപ്പോട്ടു നോക്കിപ്പറഞ്ചേ–കൊച്ചു–ഓമല കുട്ടിച്ചെറുമി.
തത്തമ്മപ്പെണ്ണേ നീയിപ്പോള്‍–ഇങ്കെ–വന്തൊരു കാരിയം ചൊല്ലൂ.ˮ

വട്ടിപ്പാട്ടു്

വട്ടികള്‍ മിടഞ്ഞുണ്ടാക്കുമ്പോള്‍ പുലയികള്‍ പാടുന്ന ഒരു പാട്ടിലെ ഏതാനും വരികളാണ് ചുവടേ ചേര്‍ക്കുന്നതു്.

ʻʻചെമ്പക്കാച്ചാലില്‍ ചേന്നേ–തെയ്യന്താരാ
വെയിലത്തും മഞ്ഞത്തിട്ടേ–തെയ്യന്താരാ
ഏഴല്ലാനാരെടുത്തേ–തെയ്യന്താരാ
ഏഴായിക്കീറുന്നുണ്ടേ–തെയ്യന്താരാ
നൊട്ടനും ഇച്ചനിട്ടേ–തെയ്യന്താരാ
കരിമീനും തെച്ചുപോലെ–തെയ്യന്താരാ
വട്ടിക്കു തെച്ചുമിട്ടേ–തെയ്യന്താരാ
വട്ടിയും കൂട്ടി നെയ്തേ–തെയ്യന്താരാ
വട്ടിയും പോന്നെടുത്തേ–തെയ്യന്താരാ
പടിക്കലും ചെല്ലുന്നുണ്ടേ–തെയ്യന്താരാ.ˮ

വിനോദസംവാദം

ʻʻമണക്കിണതെന്തൊരു? മണക്കിണതു പുഴുവല്യോ?
പുഴുവെങ്കില്‍ ചൂടുല്യോ? ചൂടിണതു കുടയല്യോ?
കടയെങ്കില്‍ കെട്ടൂല്യോ? കെട്ടിണതു വീടല്യോ?
വീടെങ്കില്‍ മേയൂല്യോ? മേയിണതു പയല്യോ?
പയ്യെങ്കില്‍ ചുറ്റുല്യോ? ചുറ്റിണതു ചെക്കല്യോ?
ചെക്കെങ്കിലാടൂല്യോ? ആടിണതു പാമ്പല്യോ?
പാമ്പെങ്കിലെരയ്ക്കൂല്യോ? എരയ്ക്കിണതു കടലല്യോ?
കടലെങ്കില്‍ മിന്നൂല്യോ? മിന്നിണതു വാളല്യോ?
വാളെങ്കില്‍ വെട്ടുല്യോ? വെട്ടിണതു പോത്തല്യോ?
പോത്തെങ്കില്‍ കെട്ടൂല്യോ? കെട്ടിണതു പെണ്ണല്യോ?ˮ

ഇത്യാദി

വീരചരിത്രം

ഇടപ്പള്ളിനാട്ടിലെ അതിയാരുപിള്ള എന്ന പരാക്രമശാലിയായ ഒരു പുലയന്റെ അപദാനങ്ങളെ വര്‍ണ്ണിക്കുന്ന ഒരു ദീര്‍ഘമായ ഗാനത്തില്‍നിന്നും ചില വരികള്‍ താഴെ ചേര്‍ക്കുന്നു. നാലു വള്ളുവന്മാര്‍ അന്നു മലനാട്ടില്‍ പ്രമാണികളായിരുന്നു. അവരില്‍ ആരുടെയെങ്കിലും കുടുംബത്തില്‍നിന്നു പെണ്ണു കെട്ടണമെന്നു് അമ്മ പറഞ്ഞതു കേട്ട് അതിയാരുപിള്ള അതിനായി ശ്രമിക്കുകയും സാധിക്കാതെ ഭഗ്നോത്സാഹനായി മടങ്ങുകയും ചെയ്തു. അപ്പോള്‍ അമ്മ കഥാനായകനെ പാണ്ടിയില്‍നിന്നു് ഒരു യുവതിയെ വിവാഹം ചെയ്തുകൊണ്ടുവരുവാന്‍ പ്രേരിപ്പിക്കുകയും ആ പ്രേരണ ഫലിക്കുകയും ചെയ്തു. പെണ്ണിനെ ജാത്യാചാരമനുസരിച്ചു പിതൃഗൃഹത്തില്‍നിന്നു് അപഹരിച്ചാണു കൊണ്ടുവരുന്നതു്.

ʻʻനീയൊന്നു കേളെടാ അതിയാരുപിള്ളേ;
ഏഴരനാഴിക വെളുപ്പായല്ലോടാ,
നിന്‍റച്ചന്‍ കാര്‍ണ്ണോന്മാരെക്കണ്ടില്ലല്ലോടാ,
ഇപ്പെണ്ണു ചെറുപെണ്‍ നീ കെട്ടത്തുമില്ല.ˮ
ʻʻഇതൊന്നും പറയരുതു മതിരാവൂരച്ചാˮ
ʻʻഎട്ടിലെണങ്ങരെക്കണ്ടില്ലല്ലോടാ
പിന്നെങ്ങനെ കെട്ടുമെടാ അതിയാരുപിള്ളേ?ˮ
ʻʻഎന്‍റച്ചന്‍ കാര്‍ണ്ണോന്മാരിപ്പം വരുമേˮ
എന്നു പറഞ്ഞവനിരിക്കുന്നല്ലവനു്;
നേരമൊരുനേരമന്നേരമായി
അലരി പിലരി വെളുത്തുള്ളൊരുനേരം,
പിറ്റം പിലരി വെളുത്തുള്ളൊരുനേരം,
അന്നേരം വന്നല്ലോ പൊഴുതമ്പുരാള്
അന്നേരം ചോദിച്ചു മതിരാവൂരച്ചന്‍
ʻʻകേട്ടാലും കേക്കേണം പൊഴതമ്പുരാക്കളെ
എണ്ണപ്പൊഴുതിനു നേരവുമായി.ˮ

ഇടനാടന്‍ പാട്ടു്

അകതോഭയനും അമ്പലപ്പുഴ മാമലശ്ശേരി രാമച്ചപ്പണിക്കരുടെ ശിഷ്യനുമായ ഇടനാടന്‍ എന്ന ഒരു പുലയയുവാവിനെപ്പറ്റി അനേകം പാട്ടുകള്‍ പാടിവരുന്നുണ്ടു്. [11]ഇടനാടന്‍ തണ്ണീര്‍മുക്കത്തു സ്വമേധയായി ചുങ്കം പിരിച്ചതിനെപ്പറ്റിയുള്ള പാട്ടിലെ ചില വരികളാണ് താഴെചേര്‍ക്കുന്നതു്.

ʻʻആളറുതിവിറ്ററുതി വന്നു പവിച്ചു;
അന്നേരം നല്ലോരിടനാടന്‍ കുഞ്ഞു്
തണ്ണീരാം മുക്കത്തൊരു ചുങ്കപ്പുര കെട്ടി
ചുങ്കം പിരിച്ചവനിടനാടന്‍ കുഞ്ഞു്,
വീരിയത്തോടവിടെ വാഴാന്‍ തുടങ്ങി
കാരിയക്കാരനിടനാടന്‍ കുഞ്ഞു്
ഇങ്ങനെ കാലം കഴിഞ്ഞോരു കാലം
ഇടനാടനു തോന്നിയോരായ[12]യിതുതന്നെ.
ʻʻതമ്പുരാന്‍ തിരുമേനിയെക്കാണണമെനിക്കെന്‍
തമ്പുരാന്‍ തിരുമേനിയെച്ചൊല്ലിത്തരേണം.

* * *


തമ്പുരാന്‍ തിരുമേനിയെക്കാണുന്നതിന്നു്
എന്തെല്ലാം കോപ്പുകളുവേണമെന്റമ്മേ?...ˮ
ʻʻപൊന്നുകൊണ്ടു പൊന്‍കുഴവി വേണം മകനേ;
പൊന്നുകൊണ്ടു പൊന്‍പഴുക്കാ വേണം മകനേ;
മേച്ചേരിത്തെരുവിലെക്കണ്ണിലവെറ്റ
കെട്ടോടേ വെറ്റകളും വേണം മകനേ.
ആടും കവുങ്ങിലേ ഓടമ്പുഴക്കാ
കുലയോടെ ചെമ്പഴുക്കാ വേണം മകനേ.
ശാപ്പാണം തെരുവിലെക്കാലിപ്പൊയില,
കെട്ടോടേ പൊയിലയും വേണം മകനേ.
ഇത്രയും കോപ്പുകളും വേണം മകനേ.ˮ
കോപ്പുകള്‍ വേഗത്തില്‍ കൂട്ടുന്നവനേ;
കോപ്പുകളും കൊണ്ടവന്‍ പൊകുന്നതുണ്ടേ;
പടിഞ്ഞാറെ കോട്ടവാതുക്കല്‍ ചെല്ലുന്നതുണ്ടേ.
കോട്ടകള്‍ കാക്കുന്ന കാവല്‍ക്കാരോടു്
ʻʻകോട്ട തുറന്നു വഴിതരിക വേണം.ˮ
കുന്നിക്കുരുവൊതത് കണ്ണും തികട്ടി,
നെഞ്ചത്തെ രോമങ്ങള്‍ തത്തിച്ചുംകൊണ്ടു്,
കാലിക്കരിന്തുട തുള്ളിച്ചുംകൊണ്ടു്
എലിവാലന്‍ പുലിമീശ വലിച്ചു നിരത്തി,
മൂന്നു ചുവടു പുറകോട്ടു മാറി,
നാലാം ചവിട്ടാല്‍ത്തൊഴിയും കൊടുത്തു;
വെടിപോലേ മുഴങ്ങിക്കതകും തെറിച്ചു
കോട്ടയ്ക്കകത്തവന്‍ കേറുകയോ ചെയ്തു.ˮ

പുലയികളുടെ ഒരു പാട്ടു്

ʻʻനേരം വെളുത്ത നേരത്തില്ല-
ത്തമ്പുരാന്‍ വന്നു വിളിക്കുന്നു.
ആളുകേറിയരവം കേട്ടു
അറകള്‍ തല്ലിത്തകര്‍ക്കുന്നു.
അറുകറുക ചെറുകറുക,
വിത്തുവാരിയെടുക്കുന്നു.
കല്ലെടനെല്ലെട ജീരകച്ചെമ്പാ
വിത്തുവാരിയളക്കുന്നു.
മുത്തിമാര്‍ക്കും മുതുമിമാര്‍ക്കു-
മൊന്നരവിത്തു കൂലിയും.
കുഞ്ഞുള്ളോരു തള്ളമാരിക്കു-
മഞ്ഞാഴി നെല്ലു കൂലിയും.
ഒരു തരപ്പടി പെണ്ണുങ്ങള്‍ക്കെല്ലാം
ചങ്കാഴുരി[13]നെല്ലു കൂലിയും.
മുത്തിമാരും മുതുമിമാരും
വിറകും ചൂട്ടും പെറുക്കുന്നു.
കുഞ്ഞുള്ളോരു തള്ളമാര-
ങ്ങോടിപ്പാടിപ്പോകുന്നു.
ഒരു തരപ്പടി പെണ്ണുങ്ങളെല്ലാം
ചതുരം ഭങ്ഗി നോക്കുന്നു.ˮ

പുലയരുടെ മറ്റൊരു പാട്ടു്

ʻʻഞാനിന്നലെയൊരു ചൊപ്പനം കണ്ടേ;
പാള പയിത്തു ചണങ്കോടെ വിയുന്തേ
പെയ്യാണ്ടെനിക്കൊരു പോയത്തം പച്ചി;
പാച്ചോറെണ്ണും ചൊല്ലി പയംതീട്ടംതിന്റേ.
ഞാനുമെന്റളിയനും കളികാമാന്‍ പെയ്യേ;
അവിടെ വച്ചളിയനെ വെയമൂക്കന്‍[14]തൊട്ടേ.
അവിടുന്നെന്റളിയനെക്കെയക്കോട്ടെക്കെടുത്തേ
അവിടത്തെ[15]വെയവാരിയവിടെയില്ലാഞ്ഞു

* * *


അവിടുന്നെന്റളിയനെത്തെക്കോട്ടെടുത്തേ
അവിടത്തെ വെയവാരിയവിടെയില്ലാഞ്ഞു
അവിടുന്നെന്റളിയനെക്കുയിക്കോട്ടെടുത്തേ
തെക്കുവടക്കായി[16]ക്കുയിയങ്ങു വെട്ടി
അവിടുന്നെന്റളിയനെക്കുയിയിലും വച്ചേˮ
ʻʻവെള്ളിമാമല കാത്തുവാണരുളും – വള്ളോന്റെ മെയ്യില്‍ –
പ്പുള്ളിമാന്‍ മുഴു ശൂലവും തുടിയും
വള്ളിപോലെ നിറച്ചു പാമ്പുകളും – ചാമ്പലും ചൂടീ –
ട്ടെല്ലുകൊണ്ടു ചമച്ച മാലകളുംˮ

എന്ന പാട്ടു് അര്‍വാചീനമാണെങ്കിലും അതിലെ വൃത്തത്തിനു പുലവൃത്തമെന്നാണ് പേര്‍ പറയുന്നതു്. ആ വൃത്തത്തില്‍ പഴയ പാട്ടുകള്‍ പുലയരുടെ ഇടയില്‍ പ്രചരിച്ചിരുന്നിരിക്കാം. ഇന്നും ആ ഛന്ദസ്സിലുള്ള പാട്ടുകള്‍ക്കു് അവരുടെ ഇടയില്‍ത്തന്നെയാണ് പ്രചാരം.

പൂരക്കളിപ്പാട്ടു്

വടക്കേ മലയാളത്തില്‍ പുരാതന കാലം മുതല്‍ക്കേ നടപ്പുള്ള ഒരു വിനോദമാണ് പൂരക്കളി. തീയരത്രേ ഇതില്‍ പ്രധാനമായി ഏര്‍പ്പെടുന്നതു്. മീനമാസത്തില്‍ കാര്‍ത്തിക നാളില്‍ തുടങ്ങി പൂരം നാളില്‍ അവസാനിപ്പിക്കത്തക്കവണ്ണം ഭഗവതീക്ഷേത്രങ്ങളില്‍വച്ചു് ഈ കളി കളിക്കുന്നു. അതിനു പലേ ദേശങ്ങളിലും മെയ്യഭ്യാസമാവശ്യമുള്ള മറ്റു കളികള്‍ക്കെന്നപോലെ ഓരോ സംഘക്കാര്‍ ചേര്‍ന്നു് ഒരു പണിക്കരുടെ കീഴില്‍ വേണ്ട അഭ്യാസം നേടണം. കാമദേവന്റെ പുനരുജ്ജീവനവും ശംബരവധവും മറ്റുമാകുന്നു പ്രതിപാദ്യവിഷയം. ഒരു നിലവിളക്കു കത്തിച്ചുവച്ചു ചുറ്റും നിന്നുകൊണ്ടു രാത്രിയിലാണു് കളി നടത്തുന്നതു്. ആകെ പതിനെട്ടു രങ്ഗങ്ങളുണ്ടു്. അവയെ ʻനിറംʼ എന്നു പറയുന്നു. അവയ്ക്കു പുറമേ അങ്കം, ചായല്‍, പാമ്പാട്ടം, നാടകം മുതലായ പ്രത്യേകം രങ്ഗങ്ങളുണ്ടു്. പന്തല്‍വന്ദനത്തിലേ ചില വരികളാണു് താഴെ ഉദ്ധരിക്കുന്നതു്.

ʻʻപന്തലാഗമക്കരുത്തില്‍പ്പതിത്തോരു നെറിയെച്ചൊല്ലാം;
മൂന്തിന മൂലാധാരം മുക്കോണാല്‍ത്തറയൊരുക്കി
അന്തമാം കരണം നാലുമഴകിന തൂണതായി-
പ്പന്തലിന്‍ വടിവെക്കാട്ടിബ്‌ഭങ്ഗിചേര്‍നാലുപാടും
പാടെറിത്തെറിത്ത പൂവല്‍പ്പന്തല്‍ക്കു കോശമഞ്ചു
മേവിന തൂണുതന്മേല്‍ നിരത്തിനൊരുത്തരങ്കള്‍
കാടറും സത്തും ചിത്തും കരുത്തിവനാല്‍ത്തിരുത്തി
നാടികള്‍ നാലതാക്കി നന്മയില്‍ ചെയ്തു പന്തല്‍ˮ ഇത്യാദി.

ഇതു പഴയ നിലയില്‍ത്തന്നെ നില്‍ക്കുന്ന ഒരു പാട്ടാണു്. പില്‍ക്കാലത്തു പരിഷ്കരിച്ച പാട്ടുകളും ധാരാളമുണ്ടു്. ʻʻവടക്കേ മലയാളത്തില്‍ പദ്യകാവ്യങ്ങളില്‍ തമിഴ്പ്പദങ്ങള്‍ അധികമായി ഉപയോഗിച്ചുപോന്നിരുന്നതിനും അതു ക്രമേണ കുറഞ്ഞു കൊണ്ടുവരുന്നതിനും ഒടുവില്‍ നവീനമലയാളത്തില്‍ പദ്യങ്ങള്‍ രചിച്ചതിനും ഉള്ള ഉദാഹരണങ്ങള്‍ ഇത്ര വ്യക്തമായി മറ്റു യാതൊരു പദ്യകൃതിയിലും സ്വരൂപിച്ചു കാണ്മാന്‍ പ്രയാസമാകുന്നു. ഈ പരമാര്‍ത്ഥം കേരളത്തിലെ ഒട്ടാകെയുള്ള പദ്യകാവ്യങ്ങളുടെയെന്നല്ല ഭാഷയുടെ തന്നെ വളര്‍ച്ചയും അതിനു് ഓരോ തരം ഭേദവും ഉണ്ടായ കാലഘട്ടവും കണ്ടുപിടിക്കുവാന്‍ സഹായിക്കുന്നതാകയാല്‍ അതു സാഹിത്യചരിത്രത്തിന്നു വലിയ ഒരു നേട്ടമായിരിക്കുമെന്നുള്ളതിനു് സംശയമില്ലˮ എന്നാണു് മൂര്‍ക്കോത്തു കുമാരന്‍ പൂരക്കളിപ്പാട്ടുകളെപ്പറ്റി അഭിപ്രായപ്പെടുന്നതു്. പൂരക്കളിയില്‍ മത്സരക്കളി അഥവാ ʻമറത്തുകളിʼ എന്നൊരു സമ്പ്രദായമുണ്ടു്. മത്സരിക്കുവാന്‍ ഒന്നിലധികം സംഘങ്ങളുണ്ടായിരിക്കും. ഒരു പണിക്കര്‍ ഒരു ചോദ്യം ചോദിച്ചാല്‍ അതിനു മറ്റേപ്പണിക്കര്‍ മറുപടി പറയാതെ മറ്റൊരു ചോദ്യം ചോദിച്ചാലും മതി.

ʻʻകേരളം പണ്ടു പടച്ചനാളിങ്ങു
കേരമുണ്ടായിരുന്നോ?ˮ
ʻʻകേരമുണ്ടായതിന്‍ മുമ്പീ രാജ്യത്തിന്‍
പേരെന്തു ചൊല്‍ക വേഗം.ˮ

ക്രിസ്ത്യാനികളുടെ പാട്ടുകള്‍

ക്രിസ്ത്യാനികള്‍ കേരളത്തില്‍ ക്രി.പി. ഒന്നാം ശതകത്തില്‍ വന്നു എന്നു ചിലരും അതല്ല നാലാം ശതകത്തിലെന്നു മറ്റു ചിലരും വാദിക്കുന്നു. ഈ വാദത്തില്‍ സാഹിത്യചരിത്രകാരനു പങ്കുകൊള്ളേണ്ട ആവശ്യമില്ല. പുരാതനങ്ങളായ പല പാട്ടുകളും അവരുടെയിടയിലും നടപ്പുണ്ടെന്നു മാത്രം ധരിച്ചുകൊണ്ടാല്‍ മതിയാകുന്നതാണ്. അവയില്‍ ഭൂരിഭാഗവും ദേവാരാധനം, വിവാഹം മുതലായ ഗൃഹ്യകര്‍മ്മങ്ങള്‍, പള്ളിവയ്പു് ഈ വിഷയങ്ങളെ അധികരിച്ചുള്ളവയാണു്.

തെക്കുംഭാഗക്കാരുടെ പെണ്‍പാട്ടു് —മാര്‍ത്തോമ്മാന്‍

ʻʻമാര്‍ത്തോമ്മാന്‍ നന്മയാലൊന്നു തുടങ്ങുന്നു;
നന്നായ് വരേണമേയിന്നു്
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മയെഴുന്നള്‍ക വേണം.
കന്നീശനായ[17]നെഴുന്നള്ളിവന്നിട്ടു
കര്‍പ്പൂരപ്പന്തലകമേ.
കൈക്കൂപ്പി നേരുന്നേന്‍ പെറ്റുവളര്‍ത്തോരു
കന്നിമകളെ ഞാന്‍ നിന്നെ.
തോളും തുടയും മുഖവും മണിമാറും
യോഗത്താലേപരിശുണ്ടു്.
എന്റെ മകളേപ്പര[18]മേറ്റി വയ്പോള
മെന്മനസ്സോ പതറുന്നു.
നെല്ലു മാനീരും പരമേറ്റിവച്ചാറെ
എന്മനസ്സോ തെളിയുന്നു.
ചെമ്പകപ്പൂവിന്‍നിറം ചൊല്ലാം പെണ്ണിനു്;
ചെമ്മേയരുള്‍പെറ്റ പെണ്ണു്;
പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു;
ഉലകിലിവള്‍ക്കൊത്തോരില്ല.
നല്ലൊരുനേരം മണക്കോലം പുക്കാറെ
നന്നാകവേണമിതെന്നു്.
കാരണമായവരെല്ലാരും കൂടീട്ടു
നന്മ വരുത്തിത്തരേണം.
ആലാഹാനായനുമന്‍പന്‍ മിശിഹായും
കൂടെത്തുണയ്ക്കയിവര്‍ക്കു്.ˮ

അടച്ചുതുറപ്പാട്ടു്

ʻʻമങ്കതങ്കും മണവറയില്‍ മണവാളന്‍ കതകടച്ചു
എങ്കും പുകള്‍ പെറ്റവനേ, എന്നുടയ മണവാളാ!
സന്തോഷാല്‍ മാവിതാനും തന്നുടയ മങ്കമാരും
താശി[19]യോടേ നീയടച്ച മണവറേടെ വാതല്‍ ചുറ്റും
പേരാരം[20];പൂണ്ടൊരു പെരുന്തായാര്‍ വന്നു വാതല്‍ മുട്ടി;
മണിമോതിരക്കയ്യാലേ മാവി വന്നു വാതല്‍ മുട്ടി;
പൂമോതിരക്കയ്യാലേ നാത്തൂന്‍ വന്നു വാതല്‍ മുട്ടി;
ഉറ്റോരു ചേട്ടത്തി വന്നുതവിയോടെ വാതല്‍ മുട്ടി;
ഉറ്റോരു ചങ്ങാതി വന്നുറുതിയോടേ വാതല്‍ മുട്ടി;
പെറ്റ തായാര്‍ മണിവിളക്കും പിടിച്ചുനിന്നു വാതല്‍ മുട്ടി.
ʻʻവട്ടകകിണ്ടിയും തരാം; വട്ടമൊത്ത താലം തരാം;
കട്ടില്‍ തരാം; മെത്ത തരാം; കണ്ടിരിപ്പാന്‍ വിളക്കു തരാം
പട്ടുചേല ഞാന്‍ തരുവേന്‍ ഭങ്ഗിയൊത്ത മേല്‍വിതാനം
ഇഷ്ടമൊത്തോരെന്‍ വകയുമിതത്തിനോടേ ഞാന്‍ തരുവേന്‍;
ഒത്തവണ്ണം ഞാന്‍ തരുവേന്‍ ഒന്നിനും കുറവില്ലാതെ
എന്‍ മകനേ! മണവാളാ! മണവറയുടെ വാതല്‍തുറ.ˮ (ഇത്യാദി)

കടുത്തുരുത്തി വലിയ പള്ളിയുടെ പാട്ടു്

ʻʻആലപ്പനാദീലെഴുത്തു തൂവാന്‍ അമ്പിനാല്‍ത്തമ്പുരാന്‍ മുമ്പാകെയെന്ന്
നാലെട്ടു ദിക്കിലിണങ്ങര്‍ കൂടി
നന്മയാലൊത്തുപറഞ്ഞവാറെ
കാലത്തു പള്ളി കടുത്തുരുത്തില്‍
കാതലായ്‌വയ്പതിന്നാശകൂറി.
നാടെട്ടുമുമ്പു വടക്കുങ്കൂറ്റില്‍
നായകന്‍ മന്നനെച്ചെന്നുകണ്ടു,
ആടകള്‍ പൊന്‍പണം കാഴ്ചവെച്ചു.
അരുളോടെ ഭൂമി കൊടുത്തവാറെ
വാടാതെ തച്ചര്‍ പലരെക്കൂട്ടി
അമ്പിനാല്‍ പള്ളിക്കു സ്ഥാനം കാണ്മാന്‍ˮ (ഇത്യാദി)

മുസ്ലീങ്ങള്‍ക്കും ചില കല്യാണപ്പാട്ടുകളും മറ്റുമുണ്ടു്. വിസ്താരഭയത്താല്‍ ഉദ്ധരിക്കുന്നില്ല.

പുള്ളുവര്‍പാട്ടു്

പുള്ളുകളുടെ ബാധയില്‍നിന്നു ഗര്‍ഭിണികളേയും ശിശുക്കളേയും രക്ഷിക്കുന്നതുകൊണ്ടല്ല, ഐന്തിണകളില്‍ ഒന്നായ പാലനിലത്തില്‍ പുരാതനകാലത്തു താമസിച്ചിരുന്നതുകൊണ്ടാണു് പുള്ളുവര്‍ക്കു് ആ പേര്‍ സിദ്ധിച്ചതെന്നു ഞാന്‍ ഊഹിക്കുന്നു.[21]സര്‍പ്പശാന്തിക്കാണു് പുള്ളുവരെക്കൊണ്ടു സാധാരണമായി പാടിക്കുന്നതു്. പാട്ടു തുടങ്ങുന്നതിനു മുമ്പു വര്‍ണ്ണപ്പൊടികൊണ്ടു് അഞ്ചും ഏഴും പത്തികളോടുകൂടിയ സര്‍പ്പങ്ങളുടെ രൂപങ്ങള്‍ അതിനായി ഒരുക്കിയ പന്തല്‍ക്കളത്തില്‍ എഴുതണം. പിണിയാള്‍ ശുദ്ധമായി പന്തലില്‍ നില്‍ക്കും. കുടം വാദ്യമായി വച്ചുകൊണ്ടു പുള്ളുവന്‍ ഗാനം ചെയ്കയും പുളളുവത്തി ഏറ്റുപാടുകയും ചെയ്യും. അവരുടെ ഒരു പാട്ടിലെ ഏതാനും വരികളാണു് താഴെ ചേര്‍ക്കുന്നതു്.

ʻʻതെക്കുവടക്കു കയറേഴു പാവീട്ടു
മേലാപ്പുകൊണ്ടു വിതാനം ചെയ്തു.
ചെള്ളും പുഴുക്കുത്തുമുള്ളതു നീക്കീട്ടു
നല്ലോല ചീന്തിയരങ്ങുമിട്ടു്,
ആലില വെറ്റില മാല പഴുക്കകള്‍
പൂക്കുലതന്നുടെ ഭങ്ഗിയിട്ടു്,
തെച്ചിയും പിച്ചകംചേമന്തി ചെമ്പകം
താമരയാമ്പലങ്ങുമിട്ടു്,
ഭങ്ഗിവരുത്തിയ പന്തല്‍ ക്കകമാടി-
യമ്പോടുശുദ്ധി വരുത്തിക്കൊണ്ടു്.ˮ

ഈ പാട്ടു് അര്‍വാചീനമാണെന്നു പറയേണ്ടതില്ലല്ലോ. വടക്കാഞ്ചേരിയില്‍ പാടുന്ന സര്‍പ്പപ്പാട്ടിലെ ഒരു ഭാഗമാണു് താഴെചേര്‍ക്കുന്നതു്.

ʻʻപാതാളത്തില്‍ രണ്ടല്ലോ
മുട്ടകളായുരുത്തിരിഞ്ഞു
താന്നിയെന്നു തല തോന്നി;
കുന്നിയെന്നു കണ്ണു തോന്നി;
കുളുര്‍വായെന്നു വായതോന്നി;
[22]പന്നമെന്നു പടം തോന്നി;
ഇരുമ്പെന്നു വാലു തോന്നി;

* * *


കാളകണ്ഠം കറക്കണ്ഠം
മുമ്മൂന്നായുരുത്തിരിഞ്ഞു

കാളിയെന്നും യമകാളിയെന്നും ദൂതനെന്നും കാളരാത്രിയെന്നും നാലു വിഷപ്പല്ലിനു പേരാകുന്നു.ˮ

ചുവടേ കാണുന്നതു മറ്റൊരു പാട്ടിലെ ചില വരികളാണു്.

ʻʻഅയ്യ! എങ്ങെങ്ങു പോരുന്നെന്‍ കാളിസര്‍പ്പമേ
മുട്ടയ്ക്കു പൊരിഞ്ഞിട്ടു പോകുന്നതാണത്രേ.
അയ്യ! കാളിയമ്മയൊരു കല്ലളയില്ലല്ലോ
ഈക്കിത്തൊള്ളായിരം മുട്ടയുമിട്ടു,
നാങ്കിനൂറായിരം കുഞ്ചു വിരിയുന്നു
[23]അയ്യളിക്കണ്ട മുട്ടയൊക്കെ വിരിച്ചു കണ്ടാല്‍.ˮ

സര്‍പ്പക്കാവുകള്‍ ധാരാളമുള്ള കേരളത്തില്‍ സര്‍പ്പപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ പ്രചുരമായി അനുഷ്ഠിക്കുന്നതു് ഒരാശ്ചര്യമല്ല. ശത്രു എടുക്കല്‍, ബലി ഉഴിച്ചില്‍ ഇവയും പുള്ളുവരുടെ വൃത്തികളില്‍ ഉള്‍പ്പെടുമെന്നാണു് വച്ചിട്ടുള്ളതു്. അവര്‍ക്കു് ഇതോടുകൂടി ചില്ലറ വൈദ്യവും മന്ത്രവാദമുണ്ടു്; പുള്ളുവത്തികള്‍ പഴയ കാലത്തു സൂതികര്‍മ്മിണികളായിരുന്നു.

പാണര്‍പാട്ടു്

ʻതുയിലുണര്‍ത്തുകʼ (നിദ്രയില്‍നിന്നുണര്‍ത്തുക) എന്നുള്ളതാണു് പാണരുടെ കുലവൃത്തി. അവര്‍ ആദികാലങ്ങളില്‍ രാജാക്കന്മാരുടെ വന്ദികളായിരുന്നു. എങ്കിലും ആ ഉന്നതപദവിയില്‍നിന്നു കാലാന്തരത്തില്‍ പതിച്ചു പോയി. അവരുടെ തുയിലുണര്‍ത്തലിനെ സംബന്ധിച്ചു് ഒരൈതിഹ്യമുണ്ടു്. തിരുവരങ്കത്തു പാണനാര്‍ എന്നൊരു സിദ്ധനെ പറയിപെറ്റ പന്തിരുകുലത്തില്‍ ഉള്‍പ്പെടുത്തീട്ടുണ്ടല്ലോ. അദ്ദേഹം ശ്രീരങ്ഗത്തില്‍ ജനിച്ചു; തിരുവണ്ണാമലയില്‍ ശിവനെ തപസ്സുചെയ്തു. ശനിദോഷംമൂലം ശിവനും പാര്‍വതിയും കൂടി പന്ത്രണ്ടു വര്‍ഷത്തേയ്ക്കു ഭിക്ഷാടനം ചെയ്തുകൊണ്ടിരുന്ന ഒരവസരത്തില്‍ പാണനാരും അവരോടൊപ്പം സഞ്ചരിച്ചു. മാര്‍ഗ്ഗമദ്ധ്യേ ദ്യൂതക്രീഡയില്‍ പാര്‍വ്വതി ശിവനെ ജയിച്ചപ്പോള്‍

ʻʻകണ്ടുനിന്ന തിരുവരങ്കന്‍
കൈയടിച്ചു ചിരിച്ചുകൊണ്ടു്
പെണ്ണോടെ തോറ്റ സ്വാമി
ആരോടേ ജയിക്കുമെന്നുˮ

ചോദിക്കുകയും അപ്പോള്‍ ശിവന്‍ കുപിതനായി ഭക്തനെ കൊല്ലുകയും ചെയ്തു. പാര്‍വതിയുടെ പ്രസാദംകൊണ്ടു പുനരുത്ഥിതനായ തിരുവരങ്കന്‍ ശിവന്‍ മേലാല്‍ അങ്ങനെ ആരോടും കോപിക്കാതിരിക്കത്തക്കവണ്ണം നിദ്രയെ പ്രാപിക്കട്ടെ എന്നു ശപിച്ചു; ഭഗവാന്‍ ഉറക്കവുമായി. ഒടുവില്‍ ശപിച്ചവന്റെ കൈക്കല്ലാതെ ഒഴിവില്ലെന്നു കാണുകയാല്‍ ദേവന്മാര്‍ തിരുവരങ്കനെ തിരുവണ്ണാമലനിന്നു ഭാര്യാസഹിതം വരുത്തി. ഭക്തന്‍ ശിവന്റെ ആലസ്യം ഭേദമാക്കി. എഴുന്നേറ്റപ്പോള്‍ സന്തുഷ്ടനായ ഭഗവാന്‍ എന്തു വരം വേണമെന്നു ചോദിച്ചു.

ʻʻഎന്നെത്താന്‍ പുലര്‍ത്തിയോനു
ഞാനെന്തോ വരം തരുന്നു?
ഞാനേറിക്കളിക്കുന്ന
മദയാനേത്തരട്ടോടാ?ˮ
ʻʻആനയേറാന്‍ രാജാവല്ല
കുതിരയോറാന്‍ മന്ത്രിയല്ല;ˮ
ʻʻഅങ്കങ്ങളെത്തരട്ടിതോടാ?
ചുങ്കങ്ങളെത്തരട്ടിതോടാ?ˮ
ʻʻആയതുമടിയനു വേണ്ടാ,
അഴകുള്ള തമ്പുരാനേ.ˮ

ഒടുവില്‍ ഭഗവാന്‍, ആഹാരത്തിനു് ഒന്നും കിട്ടാത്ത കാലത്തു് ഏഴു വീടുകളില്‍ച്ചെന്നു തുയിലുണര്‍ത്തിയാല്‍ ആഹാരത്തിനുള്ള വക ഭക്തന്മാര്‍ തരുമെന്നു വരം കൊടുത്തു പാണനാരെ അയയ്ക്കുന്നു. ഇതാണു് ആ ഐതിഹ്യം.

ʻʻപകലെന്നെ സ്തുതിക്കരുതു്;
കാരോലേല്‍ വരയ്ക്കരുതു്;
വിളിച്ചുണര്‍ത്തിപ്പാടരുതു്;
യാത്രചൊല്ലിപ്പോകരുതു്.ˮ

എന്നും മറ്റുമുള്ള ശിവന്റെ ആജ്ഞയെ പാണന്മാര്‍ ഇന്നും അനുസരിക്കുന്നു എന്നാണു് വയ്പു്. ഭഗവാന്‍ ഒരു ആനയെ തിരുവരങ്കനു കൊടുത്തു എന്നും അതിനെ മാടത്തിലേയ്ക്കു കൊണ്ടുപോയി.

ʻʻഞങ്ങംപുല്ലു പറിച്ചു തിന്നാനും കൊടുത്തേ;
കണ്ണന്‍ചിരട്ടയില്‍ വെള്ളവും വച്ചേˮ

എന്നും മാടക്കാലും പിഴുതെടുത്തുകൊണ്ടു രാത്രി ആന ഓടിയെന്നും പിന്നെയും ഭഗവാന്‍ പ്രീതനായി ഉഴുന്നതിനു രണ്ടു പോത്തുകളെ കൊടുത്തു എന്നും അവയും കലപ്പയില്‍ പൂട്ടുവാന്‍ തുടങ്ങിയപ്പോള്‍, രണ്ടു വഴിക്കു ചാടിപ്പോയി എന്നും ഈ ഐതിഹ്യത്തില്‍തന്നെ ചില പൊടിപ്പും തൊങ്ങലും ചേര്‍ത്തു പറയുന്നവരുമുണ്ടു്. ഏതായാലും ഉള്‍നാടുകളില്‍ ഇന്നും പാണനും പാണത്തിയുംകൂടി കര്‍ക്കടകമാസത്തില്‍ വെളുപ്പിനു് ഓരോ നടയില്‍ ചെന്നു പറ കൊട്ടിയും മുരടു് അനക്കിയും ആളുകളെ തുയിലുണര്‍ത്തുന്നു.

ʻʻഉണ്ണുമ്പോള്‍ ചെന്നാലോ ചോറു കിട്ടും;
തേയ്ക്കുമ്പോള്‍ച്ചെന്നാലോ എണ്ണ കിട്ടും.ˮ

എന്നുള്ള അവരുടെ പ്രത്യാശ അധികം അസ്ഥാനത്തിലാകാറില്ല. അത്രയ്ക്കുണ്ട് ʻചേട്ടാപോതിʼയെ (ജ്യേഷ്ഠാഭഗവതിയെ) പുറം പൂകിക്കുന്നതിലും ʻചീപോതിʼയെ (ശ്രീഭഗവതിയെ) അകം പൂകിക്കുന്നതിലും അവര്‍ക്കു പരമ്പരാസിദ്ധമായുള്ള പാടവത്തെപ്പറ്റി പൊതുജനങ്ങള്‍ക്കു വിശ്വാസം.

കുറവപ്പാട്ടു് — നിഴല്‍ക്കൂത്തു്

കൊല്ലം മുതല്‍ തെക്കോട്ടുള്ള പ്രദേശങ്ങളില്‍ പ്രചരിക്കുന്നതും ഏറ്റവും രസകരവുമായ മാവാരതം പാട്ടിനെപ്പറ്റി കേട്ടിട്ടില്ലാത്ത കേരളീയര്‍ ഉണ്ടോ എന്നു സംശയമാണു്. ദീര്‍ഘമായ ആ പാട്ടിലെ പ്രതിപാദ്യം പാണ്ഡവന്മാരെ ദ്രോഹിക്കാന്‍ ഗാന്ധാരിയുടേയും ദുര്യോധനന്റേയും പലപ്രകാരത്തിലുള്ള ഉദ്യമവും ഭീമന്റെ പരാക്രമംകൊണ്ടു് അവര്‍ ആ ദ്രോഹത്തില്‍നിന്നെല്ലാംനേടുന്ന അത്ഭുതാവഹമായ രക്ഷയുമാണു്. കുരുനാട്ടിലെ റാണി കുന്തീദേവി, കരുനാട്ടിലെ റാണി ഗാന്ധാരി, പാണ്ഡവന്മാരില്‍ അഞ്ചില്‍ ഇളയതു കുഞ്ചുപീമന്‍, കൗരവന്മാര്‍ തൊണ്ണൂറ്റൊന്‍പതു പേര്‍ എന്നിങ്ങനെ മാവാരതം കഥയ്ക്കു ചില വിശേഷങ്ങളുണ്ടു്. വിരുന്തുണ്ടേടം, നാഗകന്നിയെ മാലയിട്ടേടം, നിഴല്‍ കുത്തിയേടം, പിലാവില പറിച്ചേടം, വിഷം കൊടുത്തേടം, ചാമക്കഞ്ഞി കുടിച്ചേടം ഇങ്ങനെ പല വിഭാഗങ്ങള്‍ അതിലുണ്ടു്. അവയെപ്പറ്റി വിസ്തരിക്കുവാന്‍ സ്ഥലസൗകര്യമില്ല. നിഴല്‍ക്കൂത്തു് എന്ന ആഭിചാരകര്‍മ്മം നടത്തിവേണം പാണ്ഡവരെക്കൊല്ലുവാന്‍ എന്നു് ഒടുവില്‍ ദുര്യോധനന്‍ നിശ്ചയിക്കുന്നു. കാട്ടില്‍ താമസിക്കുന്ന അവര്‍ക്കു് ഒരു കുറത്തി നല്ല കിഴങ്ങുകള്‍ തിന്നുവാന്‍ കൊടുക്കുന്നു. അവളുടെ ഭര്‍ത്താവിനോടാണു് ദുര്യോധനന്‍ നിഴല്‍ കുത്തുവാന്‍ ആജ്ഞാപിക്കുന്നതു്. അയാളും പാണ്ഡവന്മാരുടെ ബന്ധുവായിരുന്നതിനാല്‍ ആ കര്‍മ്മത്തിന്നു കിട്ടാത്ത സാധനങ്ങളുടെ ചേര്‍ത്തു കുറിക്കുകയും ദുര്യോധനന്‍ അവയെല്ലാം അയാള്‍ തന്നെ ഒരുക്കിക്കൊള്ളണമെന്നു പറഞ്ഞപ്പോള്‍ നിവൃത്തി ഇല്ലെന്നു് ഒഴിയുവാന്‍ നോക്കുകയും ചെയ്തു. ദുര്യോധനന്‍ ആ ദുര്‍മ്മന്ത്രവാദിയെ വെട്ടുവാന്‍ വാളെടുത്തു.

ʻʻഅപ്പോള്‍ കുറവനും പറയുന്നല്ലോ;
ഒരുക്കാം ഞാന്‍ തമ്പുരാനേ ഒരുക്കാമല്ലോ.
ആനമുട്ടയിപ്പോളില്ലെന്നാലും
നാളികേരംകൊണ്ടു കാര്യം കാണാം.
കുതിരമുട്ടയിപ്പോളില്ലെന്നാലും
കോഴിമുട്ടകൊണ്ടു കാര്യം കാണാം.
അമ്മിവേരുമിപ്പോളില്ലെന്നാലും
ചുമടുതാങ്ങിവേരുമില്ലെന്നാലും
മുരുക്കിന്‍കിഴങ്ങുകൊണ്ടു കാര്യം കാണാം.
നിലാവിന്‍ കുരുന്നുമിപ്പോളില്ലെന്നാലും
പിലാവിന്‍കുഴകൊണ്ടു കാര്യം കാണാം;
ഇരുളിന്‍പട്ടയിപ്പോളില്ലെന്നാലും
മുരുക്കിന്‍പട്ടകൊണ്ടു കാര്യം കാണാം.
വെള്ളത്തിന്‍പൊടിയിപ്പോളില്ലെന്നാലു-
മരിതന്‍പൊടികൊണ്ടു കാര്യം കാണാം.
മണലിന്‍കയറുമിപ്പോളില്ലെന്നാലും
പൊച്ചക്കയര്‍കൊണ്ടു കാര്യം കാണാം.ˮ

കുറവന്‍ നിഴല്‍കുത്തി പാണ്ഡവന്മാരെ മാഹിപ്പിച്ചു. ആ വിവരം ധരിച്ച കുറത്തി കാട്ടിലേയ്ക്ക് ഓടിച്ചെന്നു്

ʻʻനിഴല്‍ക്കുത്തങ്ങുമാറ്റാന്‍ മന്ത്രം ചൊല്ലി
പാരതം പാടിയവളുണത്തിവിട്ടൂ.ˮ

ഇതാണു് കഥ. ഇതു പാടുന്നതു് ആഭിചാരവിധിക്കു കൈകണ്ട പ്രത്യൗഷധമായി കരുതപ്പെടുന്നു. ഈ കഥതന്നെ മറ്റൊരു പാട്ടാക്കി വേലന്മാര്‍ പാടാറുണ്ടു്. ആ പാട്ടില്‍നിന്നു ചില വരികള്‍ താഴെച്ചേര്‍ക്കുന്നു.

ʻʻഇത്ഥമങ്ങു നിനച്ചവന്‍ കലിപൂണ്ടു തുള്ളിയുറഞ്ഞുടന്‍
ചെന്നുനോക്കി നിഴല്‍ക്കലത്തിലിരുന്ന കുരുതിയിലപ്പൊഴേ
ചഞ്ചലംകൂടാതെ കണ്ടു നിഴല്ക്കലത്തില്‍ നിരക്കവേ
കുന്തിദേവിയുമഞ്ചുമക്കളും വമ്പെഴും പാഞ്ചാലിയും
ദേവദേവനതായ കൃഷ്ണനൊടൊത്തു നിഴല്‍വടിവാണ്ടഹോ
സംഭ്രമത്തൊടു ചെന്നുടന്‍ ദുര്യോധനനൊടറിയിച്ചിതേ.
ധീരനായ ദുര്യോധനനരുള്‍ ചെയ്തു മലയനൊടപ്പോഴേ
കുന്തിയും പാഞ്ചാലിയും വസുദേവനന്ദനന്‍ തന്നെയും
കൊല്‍വതിന്നഴകല്ലെടൊ അവരോടു വൈരവുമില്ല കേള്‍,
ഒട്ടുമേവൈകാതയന്നിഴല്‍ ദുരെമാറ്റി നിറുത്തെടാ.
ശേഷമുള്ളതു തീര്‍പെടേ[24]നിഴല്‍ കുത്തുകെന്നതു കേട്ടവന്‍
പഞ്ചപൂനിഴലഞ്ചുമഞ്ചുപങ്കായ്പ്പകുത്തവനപ്പൊഴേ
അഞ്ചിലങ്ങൊരു പങ്കു പൂനിഴലിട്ടടച്ചൊരു ചെപ്പതില്‍[25]
അമ്പുകുത്തി വലിച്ചനേരമതിന്റെ നേര്‍മുനതന്നിലേ
വമ്പെഴും വടമാരി പെയ്തതുപോലെ വീണിതരത്തവും
പഞ്ചപാണ്ഡവരഞ്ചുപേരും മയങ്ങിമാണ്ടുടനമ്മയും
മുമ്പില്‍ വീണുമയങ്ങിനാള്‍ പാഞ്ചാലപുത്രിയുമപ്പോഴേ
നിദ്രയിങ്കലുണര്‍ന്നപോലെയുണര്‍ന്നിരുന്നിതു കുന്തിതാന്‍.ˮ

പുലയരും ഈ വിഷയത്തെ അധികരിച്ചു് ഒരു പാട്ടു പാടുന്നുണ്ടു്. അതിലൊരു ഭാഗം ചുവടെ ചേര്‍ക്കുന്നു.

ʻʻമുമ്പിലതെങ്കില്‍ മറഞ്ചന കുറവന്‍ പിന്നെക്കരുനാട്ടരികേവന്നു,
കാനക്കുറവന്‍ വരവതു കണ്ടു കാന്താരിര്‍ത്തിരിയതിശയപ്പെട്ടു.
ʻʻഓ! വനഅടിയാനേ! പൂങ്കുറവ! നീയുണ്ടോ പാണ്ഡവരെക്കണ്ടു?ˮ
ʻʻകണ്ടേനടിയന്‍ കണ്ടേനടിയന്‍ ഉണ്ടവരോടു വനത്തിലിരിക്ക.ˮ

* * *


ʻʻഅഴകൊടു വീമന്‍ പന്നിയതായി ദുരിയോധനനെത്തള്ളിയങ്ങിട്ടു
തിരുനെഞ്ചത്തു തേറ്റയുംവച്ചു കണ്ടൊരു കുന്തിയുമോടിച്ചെന്നു.
ഏഹേ മകനേ, അരുതേ മകനേ, കേടുവരുത്തിക്കൊല ചെയ്യരുതേ.
വീമന്‍ തന്നുടെ ശബ്ദംകേട്ടു തൊണ്ണൂറ്റൊന്‍പതുമൊന്നുനടുങ്ങിˮ

വേലര്‍പാട്ടുകള്‍

വേലന്റെ കുലവൃത്തിയും പിണിതീര്‍ക്കല്‍തന്നെ ആകുന്നു. നാവിന്‍ദോഷം തീരാനും മൊത്തത്തിന്‍ ആധിവ്യാധികള്‍ നീങ്ങി ഐശ്വര്യം സിദ്ധിക്കുവാനും വേലന്‍ പ്രവൃത്തി വളരെ വിശേഷമെന്നാണു് വച്ചിട്ടുള്ളതു്. പണ്ടു മഹാവിഷ്ണുവിനേയും ലക്ഷ്മീഭഗവതിയേയും ബാധിച്ചനാവിന്‍ദോഷം തീര്‍ക്കുവാന്‍ രകമേശ്വരന്‍ വേദമോതി അവരുടെ ദീനം ഭേദമാക്കിയെന്നും വേദന്റെ തത്ഭവത്രേ വേലനെന്നുമാണു് ഈ ജാതിക്കാരുടെ ഇടയില്‍ പ്രചരിക്കുന്ന ഐതിഹ്യം. ആ ഐതിഹ്യത്തിന്റെ അനുപപത്തി എന്തുതന്നെയായാലും അവരുടെ ഓതലിന്റെ ഫലത്തെപ്പറ്റി ജനങ്ങള്‍ക്കു വിശ്വാസം നശിച്ചിട്ടില്ല. അവര്‍ പാടുന്ന പാട്ടിന്റെ ഒരു ഭാഗമാണു് ചുവടേ ചേര്‍ക്കുന്നതു്.

അരിയാണേ പിണിയരം വരിക—ഏ അരിയാണേ പിണിയരം വരിക.

* * *


പൂവണിഞ്ഞ തിരുമുടിമേലും [26]തോലുഴിഞ്ഞു പിണിതീര്‍ന്നൊഴിക.
പൊന്‍നിറമാമണിനുതല്‍മേലും തോലുഴിഞ്ഞു പിണിതീര്‍ന്നൊഴിക.
കണ്ണാടിക്കവിളതിന്മേലും തോലുഴിഞ്ഞു പിണിതീന്നൊഴിക.
കയല്‍നികരൊത്ത കണ്ണിണമേലും തോലുഴിഞ്ഞു പിണിതീര്‍ന്നൊഴിക.

താഴെക്കാണുന്ന വരികള്‍ അവരുടെ പൊലിപ്പാട്ടില്‍ നിന്നാണു്.

ʻʻഇല്ലത്തൊരുണ്ണി പിറന്നെന്നു കേട്ടിട്ടു
കൊല്ലത്തുനിന്നവരെല്ലാം വന്നു.
കൊല്ലത്തുനിന്നവരെല്ലാരും വന്നെങ്കില്‍
കുന്നോളം പൊന്നും പണം പൊലിക്ക.
മുമ്പില്‍പ്പൊലിക്ക പെറ്റമ്മയോടച്ഛനും
മുതിര്‍ന്നുള്ള ജ്യേഷ്ഠത്തിമാര്‍ പൊലിക്ക.
പിന്നെപ്പൊലിക്കയിളയമ്മ പേരമ്മ
അയല്‍പക്കം ബന്ധുക്കളും പൊലിക്ക.ˮ

മലയര്‍പാട്ടു് – കോതാമ്മൂരി

മലയര്‍ ഒരു കാലത്തു അരണ്യവാസികളായിരുന്നിരിക്കാമെങ്കിലും ഇപ്പോള്‍ അവര്‍ താമസിക്കുന്നതു നാട്ടിന്‍പുറങ്ങളിലാകുന്നു. അവര്‍ക്കു് ഉത്തര കേരളത്തില്‍ കോലംകെട്ടിയാടുകയും മന്ത്രവാദം ചെയ്യുകയുമാണ് കുലവൃത്തി. കോതാമ്മൂരി എന്നൊരു പാട്ടു് അവര്‍ പാടാറുണ്ടു്. കോതയ്ക്കു കുട്ടി എന്നും മൂരിക്കു കാളയെന്നുമര്‍ത്ഥം. ഒരു ചെറിയ കുട്ടി പാളകൊണ്ടു കെട്ടിയുണ്ടാക്കിയ കാളയുടെ രൂപം വഹിച്ചുകൊണ്ടും അതിന്നു പിന്നിലായി കുറെ മലയര്‍ മുഖത്തുപാളവെച്ചുകെട്ടി കുരുത്തോലയുടുത്തു ചെണ്ടയും കിണ്ണിയും കൊട്ടിപ്പാടിക്കൊണ്ടും നടക്കുന്നതാണു് ഇതിന്റെ ചടങ്ങു്. അന്നപൂര്‍ണ്ണേശ്വരി കോലത്തുനാടു സ്വപ്നം കാണുന്നതും കപ്പല്‍ പണിയിച്ചു് അകമ്പടിയോടുകൂടി ആയിരംതെങ്ങില്‍ ചെന്നിറങ്ങുന്നതും തളിപ്പറമ്പു ക്ഷേത്രത്തിലെ ശ്രീപരമേശ്വരന്‍ ആ ദേവിയെ പാണിഗ്രഹണം ചെയ്യുന്നതുമാണു് പാട്ടിലെ കഥാവസ്തു.

ʻʻഓക്കടല്‍ പാല്‍ക്കടലോടി കപ്പല്‍; അവിടുന്നൊരോട്ട മങ്ങോടി കപ്പല്‍
ചെന്താമരക്കടലോടുന്നേരം താമരത്തണ്ടു തടഞ്ഞുനിന്നു.
താമരത്തണ്ടു തടഞ്ഞനേരം കപ്പലുരുണ്ടു പിരണ്ടുപോയി.
യോഗിമക്കളെല്ലാരും പേടിക്കുന്നു; കൊങ്ങിണിമക്കള്‍ ഭയപ്പെടുന്നു.
അമ്മയുമപ്പോളരുളിച്ചെയ്തു: ʻʻപേടിക്കവേണ്ട ഭയപ്പെടേണ്ട;ˮ
കടലായി ശ്രീകൃഷ്ണനാങ്ങളയ്ക്കു വട്ടളം പായസം നേരുന്നല്ലോ.

* * *


കുമ്പളങ്ങാപോലെ നരച്ചോരപ്പന്‍ പൂമരംപോലെ ചമഞ്ഞുവല്ലോ.
ചിലങ്കവടിക്കുന്തം മുന്നിലൂന്നി കുണ്ടംകുഴിഞ്ഞ കുടയെടുത്തു
വലികുന്നിന്‍ മുകളേറി നിന്നു അപ്പന്‍
ഒന്നു നടന്നൊന്നു പാഞ്ഞുകൊണ്ടു;
അക്കിരശാലയിലെത്തിയപ്പന്‍
ʻʻഅക്കിരശാലയില്‍ ചിരുതക്കുട്ടി
ഒരിക്കല്‍ നീ വെളിച്ചത്തു വാ ചിരുതേ!ˮ
ʻʻഎങ്ങനെ തിരുമുമ്പില്‍ വിടകൊള്ളേണ്ടൂ?
അരയിലുടുത്താടയില്ലെനിക്കു്:
കഴുത്തില്‍ച്ചരടുമെനിക്കില്ലപ്പാ!ˮ

* * *


ʻʻഊണിന്നായ്പ്പോകുന്ന വഴിപോക്കരേ!
ഊണില്ലെന്നും ചൊല്ലിപ്പോകവേണ്ട
പാതിരാ ചെന്നാലും ചോറുമുണ്ടേ;
പുന്നെല്ലു വേവിച്ച വറ്റുമുണ്ടേ;
ഏകാദശിക്കാര്‍ക്കിളന്നീരുമുണ്ടേ;
ഏലത്തരിയിട്ട വെള്ളമുണ്ടേ.ˮ

ഭദ്രകാളിപ്പാട്ടു് – കളമെഴുത്തും പാട്ടും

കേരളത്തെ ദുര്‍ഭൂതങ്ങളില്‍നിന്നു രക്ഷിക്കുന്നതിനായി മലയോരത്തില്‍ ശാസ്താവിനേയും കടലോരത്തില്‍ ഭദ്രകാളിയേയും ഒട്ടുവളരെ ക്ഷേത്രങ്ങളില്‍ പരശുരാമന്‍തന്നെ കുടിയിരുത്തിയെന്നുള്ള ഐതിഹ്യം സുപ്രസിദ്ധമാണല്ലോ. ʻകൊറ്റവൈʼ എന്ന ദ്രാവിഡദേവത തന്നെയാണു് ഭദ്രകാളി. ഭദ്രകാളിക്കും ശാസ്താവിനും കളമെഴുത്തും പാട്ടും അത്യന്തം പ്രീതികരമാകുന്നു. ഇതിനെത്തന്നെയാണ് വൃശ്ചികം ഒന്നാം തീയതി മുതല്‍ നാല്പത്തൊന്നു ദിവസത്തേയ്ക്കു നീണ്ടുനില്ക്കുന്ന വൃശ്ചികവ്രതം പാട്ടെന്നും പറയാറുള്ളതു്. ഒരു ക്ഷേത്രത്തില്‍ വെച്ചാണു് ഈ കര്‍മ്മം നടത്തേണ്ടതെങ്കില്‍ അതിലേക്കു് അധികാരികളായ പണിക്കരന്മാര്‍ അവിടെ നേരത്തെ എത്തി ഉച്ചപ്പാട്ടു പാടുന്നു. ഒരുക്കുകള്‍ കഴിഞ്ഞു രണ്ടു പണിക്കരന്മാര്‍ അഭിമുഖമായിരുന്നു നന്തുണിയും താളവും പ്രയോഗിച്ചു പാടണം. രാത്രിയിലത്തെ പാട്ടിനു വലിയ കളമെഴുതുന്നു. വിളക്കുവച്ചു കഴിഞ്ഞാല്‍ വാദ്യക്കാരുടെ സേവ അവസാനിച്ചതിനുമേല്‍ പണിക്കരന്മാര്‍ വീണ്ടും പകലേത്തതിനു തുടര്‍ച്ചയായുള്ള ഭാഗം പാടുന്നു. മൂന്നു പാട്ടും മൂന്നു കൊട്ടും കഴിഞ്ഞാല്‍ ക്രിയ സമാപ്തമാകും. ഒരു രാത്രി മുഴുവന്‍ നടത്തുന്ന പാട്ടിനു് അരങ്ങൊഴിഞ്ഞ പാട്ടെന്നു പേര്‍ പറയുന്നു. പാട്ടു കഴിഞ്ഞാല്‍ ശാന്തിക്കാരന്‍ കളം പൂജിക്കുകയും പിന്നീടു പണിക്കരന്മാര്‍ ശ്ലോകം ചൊല്ലി കളമഴിക്കുകയും പാട്ടു നടത്തിച്ച ആളിനു കളപ്പൊടി ഉഴിയുകയും ഒരു തേങ്ങ ഉടച്ചു് അതിന്റെ മുറികളില്‍ ഓരോ കുഴിയില്‍ ദീപം കൊളുത്തിവച്ചു് ആയി (ആശിസ്സു്) ഉച്ചരിക്കുകയും ചെയ്യുന്നു.

ഭദ്രകാളിപ്പാട്ടു്

താഴെക്കാണുന്നതു പണിക്കരന്മാര്‍ ചൊല്ലുന്ന ഭദ്രകാളിപ്പാട്ടിലെ ചില വരികളാകുന്നു.

ʻʻബാലനാര്‍മതി തരിഞ്ഞ മഹാദേവര്‍ നെറ്റിക്കണ്ണില്‍
നീലമാം മല കണക്കേ നിറംപെടവുദിത്ത മൂര്‍ത്തി,
നാലു വേദത്തിന്‍ വിത്തേ; നാടു ചൂഴെഴുന്ന ശക്തി,
അഖിലലോകസ്വരൂപീ! അഖണ്ഡമാം മന്തിരത്തെ
തോറ്റുമക്കരത്തിനാളേ; തൂയതാം പട്ടുടുക്കും
സുന്ദരി, അന്തരത്തി! പൊങ്കിന പോതിനാളേ!ˮ

തിറയാട്ടം

തിറയാട്ടം ഉത്തരകേരളത്തില്‍ പ്രചുരപ്രചാരമായ ഒരു ദേവതാരാധനാസമ്പ്രദായമാണു്. ഭദ്രകാളിയാണു് സാമാന്യേന ഉപാസനാമൂര്‍ത്തി. കാവുകളില്‍വച്ചാണു് ആ ഉത്സവം ആഘോഷിക്കപ്പെടുന്നതു്. ധനുമുതല്‍ മേടംവരെയുള്ള മാസങ്ങള്‍ അതിനു ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. തിറയാട്ടത്തിനു മുന്‍പിലത്തെ ദിവസം രാത്രികാലത്തു വിശേഷിച്ചു് ചടങ്ങുകള്‍ ഒന്നും കൂടാതെ ദേവതയുടെ കോലം മാത്രം കെട്ടിക്കാണിക്കുന്ന പതിവുണ്ടു്. അതിന്നു നട്ടത്തിറയെന്നാണു പേര്‍. പിറ്റേദിവസം കാലത്തു വേല ആരംഭിക്കുകയായി. അന്നു വൈകുന്നേരം ʻവെള്ളാട്ടംʼ നടത്തപ്പെടുന്നു. വെള്ളാട്ടക്കാരന്‍ കെട്ടിയുടുത്തു പഴയ മട്ടിലുള്ള ആഭരണങ്ങള്‍ അണിഞ്ഞു് അരങ്ങത്തു പ്രവേശിച്ചു പ്രാഥമികനൃത്തം കഴിച്ചു തോറ്റം പാടും.

വെള്ളാട്ടം ആഘോഷിക്കപ്പെട്ട മൂര്‍ത്തിയുടെ തിറയാട്ടം അന്നു രാത്രിയോ പിറ്റേന്നു പകലോ നിര്‍വ്വഹിക്കപ്പെടുന്നു. അപ്പോള്‍ രങ്ഗപ്രവേശം ചെയ്യുന്ന നടന്റെ വേഷമാണത്രേ ദേവതയുടേതു്. തിറയാട്ടത്തില്‍ തോറ്റംപാടി കലികൊണ്ടു തുള്ളിയതിനു ശേഷമേ നൃത്തം ആരംഭിക്കാവൂ. ദേവതകള്‍ക്കു പുറമേ അസാധാരണന്മാരായ പൂര്‍വ്വന്മാര്‍, കേള്‍വികേട്ട മന്ത്രവാദികള്‍, പ്രസിദ്ധന്മാരായ ആയുധാഭ്യാസികള്‍ മുതലായവരേയും തിറയാട്ടം കൊണ്ടു പ്രീതിപ്പെടുത്താറുണ്ടു്. തച്ചോളി ഒതേനനെ മാത്രമല്ല, പരമസാധ്വിയായ കടാങ്കോട്ടു മാക്കത്തേയും തിറയാടിച്ചുവരുന്നു. കണ്ണകിത്തോറ്റം ഉത്തരകേരളത്തില്‍ ഇല്ലെന്നാണു് അറിവു്.

മണ്ണാര്‍പാട്ടു്

ഭദ്രകാളിയുടെ അപദാനങ്ങളെ വാഴ്ത്തി തദ്ദ്വാരാ ഉപജീവനം കഴിക്കുക എന്നുള്ളതാണു് വേലന്മാരുടെ ഒരവാന്തരവിഭാഗക്കാരായ മണ്ണാന്മാരുടെ കുലമര്യാദ. ദാരുകവധവും ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയുമാണു് അവരുടെ പാട്ടുകളില്‍ വര്‍ണ്ണിക്കുന്നതു്. തോറ്റം (അവതാരം) എന്നു് അത്തരം പാട്ടുകള്‍ക്കു പേര്‍ പറയുന്നു. താഴെക്കാണുന്നതു് ഒരു ഭദ്രകാളിപ്പാട്ടിലെ ചില വരികളാകുന്നു.

ʻʻഊതുമ്പോള്‍പ്പറക്കുന്ന ദാരുകനെ
ക്കൊല്ലാനോ അച്ഛനെന്നെത്തോറ്റിയതു്?
കേള്‍ക്കായല്ലോ എന്റെ നല്ലച്ഛന്‍;
പോരിനായിട്ടു ഞങ്ങള്‍ പോയ്‌വരട്ടോ?ˮ
ʻʻകേള്‍ക്കായല്ലോ എന്റെ പൊന്‍മകളേ,
പോരിനായിട്ടു നിങ്ങള്‍ പോയ്‌വരിക.ˮ
ദാരുകപുരത്തു ചെന്നുനിന്നുംകൊണ്ടു്
അറുകുലവിളിയൊന്നു വിളിക്കുന്നുണ്ടു്.
ദാരുകപുരമൊന്നു കുലുങ്ങുന്നുണ്ടു്;
ദാരുകനുമൊന്നു വിറയ്ക്കുന്നുണ്ടു്;
ʻʻകൈലാസത്തു കള്ളനിരുന്നുംകൊണ്ടു്
കള്ളിയെത്തോറ്റിയിങ്ങു വിട്ടുവല്ലോ.
പോരിനായ് ഞാനുമിന്നു പോയില്ലെങ്കില്‍
മാനക്കേടാണതിനാല്‍ പോകാം പോകാം.
പക്കച്ചൊല്ലുമോ നമുക്കുണ്ടാമല്ലോ;
പകല്‍വരയ്ക്കും നമുക്കിങ്ങുണ്ടാമല്ലോ.ˮ

മറ്റൊരു തോറ്റംപാട്ടില്‍നിന്നു് ഒരു ഭാഗം ചുവടേ ചേര്‍ക്കുന്നു.

ʻʻപരരാജ്യത്തെങ്ങും വെളിവില്ലാഞ്ഞിട്ടു
പരശുരാമന്‍ കണ്ണാല്‍ ജനിച്ചു;
അറുകൂര്‍ കാളിമാര്‍ ജനിച്ചു നല്ലച്ചന്‍
പൊന്നിനോടത്തില്‍ കരകേറ്റി
വെള്ളിത്താഴിട്ടു പൂട്ടി നല്ലച്ചന്‍
പൊന്നിന്‍ താഴിട്ടു പൂട്ടി.
കീഴും കീഴ്ക്കടവിലിറക്കി നല്ലച്ചന്‍
ഒലിവെള്ളപ്പേരാറ്റിലൊഴുക്കി.
ഭാഗ്യമുള്ളോരു മകളാണു നീയെങ്കില്‍
ഭാഗ്യനാര്‍കടവില്‍ച്ചെന്നണഞ്ഞുകൊള്‍;
യോഗ്യമുള്ളോരു മകളാണു നീയെങ്കില്‍
യോഗ്യനാര്‍കാവില്‍ ചെന്നണഞ്ഞുകൊള്‍.
ഭാഗ്യം യോഗ്യം കെട്ട മകളാണു നീയെങ്കി-
ലേലക്കടവു പുലക്കടവു നീന്തിക്കോ.
ഭാഗ്യമുള്ളോരു മകളായ്ത്തെക്കു കൊല്ലം
കീഴ്ക്കടവില്‍ ചെന്നു മെയ്യണഞ്ഞു.ˮ

കണ്ണകിത്തോറ്റം

കണ്ണകിയുടെ ബിംബം ചെങ്കുട്ടുവന്‍ പ്രതിഷ്ഠിച്ചതു കൊടുങ്ങല്ലൂരിലാണെന്നു മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ. കണ്ണകിയെപ്പറ്റിയുള്ള ഒരു പാട്ടില്‍നിന്നാണു് താഴെക്കാണുന്ന വരികള്‍ ഉദ്ധരിക്കുന്നതു്.

ʻʻതെക്കുംകൊല്ലത്തു കണ്ണകിയും വടക്കും കൊല്ലത്തു പാലകനും
ഒരു മനസ്സായി വിവാഹം ചെയ്താല്‍ തീ കൂടാതെ വിളക്കെരിയും.
[27]പൊന്‍കഴുവേ കരകേറുമെന്നു് ഇവരു തമ്മില്‍ പറയുന്നേ
ചുമന്തിര വാഴുന്ന നല്ലപ്പന്‍ ആനന്ദത്തോടെയെഴുന്നേറ്റു്
തെക്കുങ്കൊല്ലത്തു കന്യാവിന്റെ വീടു തിരക്കിച്ചെല്ലുന്നേ.
കണ്ടാല്‍ നല്ലൊരു പെണ്ണവളേ; ലക്ഷണമൊത്തൊരു പെണ്ണവളേ;
തന്നുടെ മകനിവള്‍ കൊള്ളാമെന്നു മനതാരിങ്കല്‍ നിനയ്ക്കുന്നേ.ˮ

ഇതില്‍നിന്നും കവി വടക്കിന്‍കൊല്ലം പാലകന്റെയും തെക്കിന്‍കൊല്ലം കണ്ണകിയുടേയും നാടാക്കിയിരിക്കയാണെന്നു വായനക്കാര്‍ ധരിയ്ക്കുമല്ലോ. ʼചുമന്തിരʼ എന്താണെന്നു മനസ്സിലാകുന്നില്ല. ഈ പാട്ടു മണ്ണാന്മാര്‍ക്കു പുറമേ പുലയരും പാടാറുണ്ടു്.

മണിമങ്കത്തോറ്റം

കണ്മകിയെത്തന്നെ മണിമങ്കയെന്ന പേരില്‍ വാഴ്ത്തുന്ന മറ്റൊരു തോറ്റംപാട്ടുണ്ടു്. അതു മണ്ണാന്മാര്‍ക്കു പുറമേ മാരാന്മാരും പാടാറുണ്ടു്. ഒരു പാണ്ഡ്യരാജാവും അദ്ദേഹത്തിന്റെ സേവകനായ ഒരു തട്ടാനും ജനങ്ങളെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ സാക്ഷാല്‍ മഹാമായതന്നെ മണിമങ്കയെന്നപേരില്‍ ആ പീഡയ്ക്കു ശമനം വരുത്തുന്നതിനായി വൈശ്യകുലത്തില്‍ അവതരിക്കുകയും യഥാകാലം പാലകന്‍ എന്ന വൈശ്യയുവാവിന്റെ പത്നിയാകുകയും ചെയ്തു. ആ സാധ്വി തന്റെ ചിലമ്പുകള്‍ രണ്ടും വിറ്റുകൊണ്ടു വരുവാന്‍ ഭര്‍ത്താവിനെ ഏല്പിച്ചു. ആ ആഭരണങ്ങളെ തട്ടാന്റെ ദുരുപദേശത്തിനു വശംവദനായി പാണ്ഡ്യരാജാവു് അപഹരിച്ചു് അദ്ദേഹത്തെ ശൂലാരോഹണം ചെയ്യിച്ചു. മണിമങ്ക ആ വസ്തുത സ്വപ്നത്തില്‍ ധരിച്ചു ഭദ്രകാളിയെ പ്രത്യക്ഷമാക്കി, തനിക്കു വാഹനമായി ഒരു ഭൂതത്തേയും ശത്രു നിഗ്രഹത്തിനായി ഒരു ഖഡ്ഗത്തേയും വാങ്ങി അവിടെനിന്നും പാണ്ഡ്യ രാജ്യത്തില്‍ ചെന്നു ഭര്‍ത്താവിനെ പുനര്‍ജ്ജീവിപ്പിച്ചു; രാജാവിനെ കൊന്നു. തട്ടാന്‍ ചോളദേശത്തില്‍ ചെന്നൊളിച്ചു. തൃശ്ശൂരില്‍ കഴകം നടത്തുന്ന ഒരു വാരസ്യാരുടെ വേഷത്തില്‍ മണിമങ്ക അവിടെ എത്തി തട്ടാന്റെ മാതാവിനു കൈക്കൂലികൊടുത്തു തട്ടാനെ അവള്‍ മുഖാന്തരം വരുത്തി അയാള്‍ക്കും കൈക്കൂലി കൊടുത്തു് അടുത്തുതന്നെ ഒരു ദിവസം പന്തീരായിരം തട്ടാന്മാരെ മുമ്മൂന്നു കഴഞ്ചു വീതം ദാനം വാങ്ങുവാന്‍ ശേഖരിച്ചുതരണമെന്നപേക്ഷിച്ചു. നിശ്ചയിച്ച ദിവസം തട്ടാന്മാര്‍ ഉടുത്തൊരുങ്ങി എത്തുകയും അവരെയെല്ലാം മണിമങ്ക സംഹരിക്കുകയും ചെയ്തു. ഇതാണു തോറ്റംപാട്ടിലെ ചിലപ്പതികാര കഥ. ആ പാട്ടില്‍നിന്നു ചില വരികള്‍ ഉദ്ധരിക്കാം.

മാളികമുകളില്‍ കേറുന്നല്ലോ പടപൊരുതാമ്മുടെ പാണ്ടിമന്നന്‍:
കൂടെക്കേറി വെട്ടുന്നല്ലോ ലോകം വാഴും പകവതിയോ.
ഇഞ്ചപ്പൊട്ടേല്‍ച്ചാടുന്നല്ലോ പടപൊരുതാമ്മുടെ പാണ്ടിമന്നന്‍;
കൂടെച്ചാടി വെട്ടുന്നല്ലോ ലോകം വാഴും പകവതിയോ.

ʻʻഎന്തു പെണ്ണേ, ഉണ്ണി നീ മകളേ വെളുത്തോരാടയോ
നീ ചാര്‍ത്താഞ്ഞുˮ
ʻʻവെളുത്തോരാടയോ ഞാനോ ചാര്‍ത്താന്‍ ഭര്‍ത്താവുമെനി
ക്കില്ലമ്മോ.ˮ
ʻʻഎന്തു പെണ്ണേ, ഉണ്ണി നീ മകളേ, കുങ്കുമത്താല്‍ നീ കുറി
യിടാഞ്ഞൂ?ˮ
ʻʻകുങ്കുമത്താല്‍ ഞാനോ കുറിയിടുവാന്‍ കൂടെപ്പിറവിയു
മില്ലെനിക്കു്.ˮ
ʻʻഎന്തു പെണ്ണേ, ഉണ്ണി നീ മകളേ, അഞ്ജനത്താല്‍ നീ
കണ്ണെഴുതാഞ്ഞൂ?ˮ
ʻʻഅഞ്ജനത്താല്‍ ഞാനോ കണ്ണെഴുതാന്‍ മക്കളയോ ഞാനോ
പെറ്റോളല്ല.ˮ

മറ്റു ചില ഭദ്രകാളിപ്പാട്ടുകള്‍

പാലക്കാട്ടു പാടുന്ന ഭദ്രകാളിപ്പാട്ടിലെ ചില ഭാഗങ്ങള്‍ പി. ഗോവിന്ദപ്പിള്ള അദ്ദേഹത്തിന്റെ മലയാളഭാഷാഗ്രന്ഥ ചരിത്രത്തില്‍ പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. അവിടെ മന്നത്തുകളി, ലാലാക്കളി, കണ്യാര്‍കളി, ദേശത്തേക്കളി, എന്നിങ്ങനെ പല പേരുകള്‍ ഭദ്രകാളിയെപ്പറ്റിയുള്ള ആ വഴിപാടിനുണ്ടെന്നും മൂന്നു ദിവസത്തേയ്ക്കു നീണ്ടുനില്ക്കുന്ന ആ കളിയില്‍ ഒന്നാം ദിവസത്തേതിനു് ആണ്ടിക്കൂത്തെന്നും രണ്ടാം ദിവസത്തേതിനു വള്ളോന്‍ പാട്ടു് എന്നും മൂന്നാം ദിവസത്തേതിനു മലമപ്പാട്ടു് എന്നുമാണു് പേരെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. കൊച്ചിയില്‍ ചിറ്റൂര്‍ ഭഗവതിയെപ്പറ്റിയുള്ള പാട്ടുകളില്‍ ചില വരികളാണു് താഴെ ചേര്‍ക്കുന്നതു്.

ʻʻആതിപരാപരയേ നല്ലോരാനന്തരൂപിമഹേശ്വരിയേ,
പാരില്‍ പുകഴ്പൊങ്ങിന പഴയന്നൂര്‍ ഭഗവതിയേ.
കറ്റച്ചെഞ്ചിടമുടിയോന്‍ കറക്കണ്ടര്‍മകന്‍ പിള്ളയോന്‍
ഒറ്റക്കൊമ്പിനുമുടയോന്‍ കണപതിക്കപയമേ ഞാന്‍.
കീരനെല്ലും പറതട്ടീട്ടു് കിണ്ണാരം തുയില്‍ പാടുന്നേന്‍;
കുടവയറഴകുടയ കണപതിക്കപയമേ ഞാന്‍.
അമ്മ ഭഗവതിയേ നല്ലോരാനന്ദമാകിന ഭൈരവിയേ
ശീലമുടയവളേ നല്ല ശ്രീകുരുമ്പയില്‍ വാഴുമമ്മേ
കാളി കരിങ്കാളിയവള്‍ കങ്കാളരൂപിയവള്‍;
കൂളിപ്പെരുമ്പടയോള്‍ നല്ല ചിറ്റൂര്‍ ഭഗവതിയേ.ˮ

മലമതെയ്യാട്ടു്

ʻʻചാന്തണിയും തിരുമേനിയാളെ-
ച്ചായലില്‍ നല്ലാളെക്കണ്ടുപോന്നേന്‍.
ചിത്തിരപ്പെണ്‍കൊടിത്തയ്യലാളെ-
ച്ചിപ്പത്തില്‍ ഞാന്‍ ചെന്നു കണ്ടുപോന്നേന്‍.
ചുറ്റും തിരയും വളച്ചകത്തു
ചൂതിട്ടാനെച്ചെന്നു കണ്ടുപോന്നേന്‍.
ചെമ്പട്ടു ചേല മുറിച്ചുംകൊണ്ടു
ചൊവ്വായിവച്ചു ഞെറിഞ്ഞുടുത്തു
ചൈവക്കുറി മുഖം കണ്മലരോ
ശോഭയില്‍ നല്ലാളെക്കണ്ടുപോന്നേന്‍.ˮ

മലമക്കളിയും ദേവേന്ദ്രപ്പള്ളം

കൊച്ചിരാജ്യത്തില്‍പെട്ട വടക്കന്‍ ചിറ്റൂരില്‍ കൊങ്ങന്‍പട എന്നൊരുത്സവം കൊല്ലംതോറും ആഘോഷിക്കാറുണ്ടു്. ക്രി.പി. 917-ല്‍ കോയമ്പത്തൂര്‍ (കൊങ്ങ്) ഭരിച്ചിരുന്ന ഒരു പശ്ചിമഗാങ്ഗരാജാവു കേരളത്തെ ആക്രമിക്കുകയും അന്നു കേരളം രക്ഷിച്ചിരുന്ന ഗോദരവിവര്‍മ്മപ്പെരുമാള്‍ പാലക്കാട്ടുരാജാവിന്റേയും മറ്റും സഹായത്തോടുകൂടി അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ചിറ്റൂര്‍ ഭഗവതിതന്നെയാണു് ശത്രുനിഗ്രഹം ചെയ്തതു് എന്ന വിശ്വാസത്തില്‍ തദനന്തരം ആ വിജയത്തിന്റെ സ്മാരകമായി കേരളീയര്‍ ʻകൊങ്ങന്‍പടʼ ആഘോഷിച്ചുതുടങ്ങി. കൊല്ലം തോറും കൊങ്ങന്‍പട കഴിഞ്ഞുവരുന്ന ബുധനാഴ്ച മലമക്കളിയും അതിനടുത്ത ചൊവ്വാഴ്ച ദേവേന്ദ്രപ്പള്ളും നടത്തുന്നു. ഈ രണ്ടു കളികളിലും സ്വദേശികളായ നായന്മാര്‍ ഭഗവതീസ്തോത്രപരങ്ങളായ ഗാനങ്ങള്‍ പാടുന്നതിനിടയ്ക്കു, മലയന്‍, പള്ളന്‍, ചക്കിലിയന്‍ ഇങ്ങനെ ചില ജാതിക്കാരുടെ വേഷങ്ങള്‍ ചമഞ്ഞുവന്നു കളിക്കുന്ന പതിവുണ്ടു്. മലമക്കളിക്കുള്ള ദിവസത്തില്‍ മലയന്റേയും മലയത്തിയുടേയും വേഷങ്ങള്‍ രങ്ഗപ്രവേശം ചെയ്യുന്നു. രണ്ടവസരങ്ങളിലും പാടുന്ന പാട്ടുകള്‍ പ്രായേണ തമിഴാണു്. ʻʻതെന്‍മലയിലെ തേനിരുക്കുതു തേനൈക്കൊണ്ടാടാ മലയാ, തേനൈക്കൊണ്ടാടാ മലയാˮ എന്ന പാട്ടു മലമക്കളിയിലുള്ളതാണു്. ʻപള്ളുʼ എന്നാല്‍ ദേവീപ്രീതികരങ്ങളായ ബലികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ പാടുന്ന രാഗം എന്നാണര്‍ത്ഥം. ദേവേന്ദ്രനെപ്പോലെ വിജയിയായ പെരുമാള്‍ ചിറ്റൂര്‍ഭഗവതിക്കു ബലിനല്കുമ്പോള്‍ പാടിയ പാട്ടെന്നായിരിക്കാം പ്രകൃതത്തില്‍ പള്ളിന്റെ അര്‍ത്ഥം. ഈ പള്ളില്‍പെട്ട ʻഅന്‍പുടയ ചിത്രപുരി വാഴ്കിന്റ ഭഗവതിയേʼ എന്നു തുടങ്ങുന്ന പാട്ടുകള്‍ ഗോവിന്ദപ്പിള്ള മലയാള ഭാഷാഗ്രന്ഥചരിത്രത്തില്‍ ഉദ്ധരിച്ചിട്ടുണ്ടു്.

പാനത്തോറ്റങ്ങള്‍

ചിറ്റൂര്‍ ഭഗവതീക്ഷേത്രത്തില്‍ പാടുന്നതിനും മറ്റുമായി പല തോറ്റങ്ങളും ഓരോ കാലത്തു തദ്ദേശീയരായ ഓരോ ഗ്രാമീണഭക്തന്മാര്‍ നിര്‍മ്മിച്ചിട്ടുണ്ടു്. പാനവച്ചു കൊട്ടിപ്പാടുന്നതിനു് ഉപയോഗിക്കുന്നതിനാലാണു് അവയ്ക്കു പാനത്തോറ്റങ്ങള്‍ എന്നു പേര്‍ വന്നതു്. ഇപ്പോള്‍ ഈ ഇനത്തില്‍ നമുക്കു ലഭിച്ചിട്ടുള്ള ഈ കൃതികള്‍ അതിപ്രാചീനങ്ങളല്ലെങ്കിലും അധികം അര്‍വാചീനങ്ങളുമല്ല. ശ്രീ. പൊറയത്തു വിശ്വനാഥമേനോന്‍ അവയില്‍ ചില തോറ്റങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയില്‍ ഗണപതിക്കുമാത്രമേ പാട്ടിന്റെ ആകൃതി കാണുന്നുള്ളു. ബാക്കി ഭാഗങ്ങള്‍ ഗാനഗന്ധികളായ ഗദ്യങ്ങളാണെന്നു പറയാം. കരുവൂര്‍തോറ്റം, പാണ്ഡവര്‍തോറ്റം, ശാസ്താവുതോറ്റം, കുറതോറ്റം, ദാരുകവധംതോറ്റം, കലിതോറ്റം ഇവയെല്ലാം അത്തരത്തിലുള്ള ഗദ്യങ്ങള്‍തന്നെ; പാണ്ഡവര്‍തോറ്റത്തില്‍ പാണ്ഡവന്മാര്‍ അവതരിക്കുന്നതും കുറതോറ്റത്തില്‍ മഹാഭാരതമലക്കുറവന്‍ അവരെ നിഴല്‍കുത്തിമയക്കി വീഴിക്കുന്നതും അയാളുടെ ഭാര്യ പുനര്‍ജ്ജീവിപ്പിക്കുന്നതുമാകുന്നു വിഷയം. കലിതോറ്റത്തില്‍ ഏഴു നാഗങ്ങളെ ആലമുറ്റത്തു പടനായരുടെ ഭാര്യ കുടിയിരുത്തുന്നു. കരുവൂര്‍തോറ്റത്തില്‍ മാമലയി ഒരു കൊമ്പനാനയെ പ്രസവിക്കുന്നു. ആ കഥ ഗജാനനാവതാരത്തിന്റെ രൂപഭേദമെന്നാണു് എനിക്കു തോന്നുന്നതു്. കരുവൂര്‍ കരിയാനത്തടിയനെന്നത്രേ ആ കൊമ്പനു കവി നല്‍കീട്ടുള്ള നാമധേയം. പൂര്‍വ്വ കഥകളെ പലവിധത്തില്‍ ഈ ഗ്രാമീണഗായകന്മാര്‍ മാറ്റിമറിച്ചിട്ടുണ്ടു്. പാണ്ഡവര്‍തോറ്റത്തില്‍ സൂതികയായ കുന്തിദേവിയെ ഗാന്ധാരി ഭയപ്പെടുത്തി അഗ്നിപ്രവേശം ചെയ്യിക്കുവാന്‍ ശ്രമിക്കുന്നു. ദാരുകവധത്തില്‍ സ്തേനപതിയെന്നും സ്താനപതിയെന്നും രണ്ടു് അസുരകന്യകകള്‍ ബ്രഹ്മാവിനെ ഭജിക്കുകയും അതില്‍ സ്താനപതി ദാരുകനേ പ്രസവിക്കുകയും ചെയ്യുന്നു. പന്ത്രണ്ടു ʻʻപൂനാരദന്മാര്‍ˮ ആ അസുരന്റെ അക്രമങ്ങള്‍ ശ്രീമഹാദേവനെ അറിയിക്കുകയും അവിടുന്നു് ആ ദുഷ്ടന്റെ നിധനത്തിന്നായി കണ്ടന്‍കാളിയെ സൃഷ്ടിക്കുകയും ചെയ്യുന്നു. ʻഅകാളംʼ എന്ന കാട്ടിലുള്ള വേതാളത്തേയും ʻʻതൃശ്ശിവപേരൂര്‍ വടക്കുംഗോപുരത്തില്‍ കാത്തിരിപ്പോരു ശ്രീഭൂതത്താനേയുംˮ കൂട്ടിക്കൊണ്ടാണു് കണ്ടന്‍കാളി ദാരുകനോടു യുദ്ധം ചെയ്യുവാന്‍ പോകുന്നതു്. പ്രസ്തുത കൃതികളുടെ രചനാ രീതി രണ്ടുദാഹരണങ്ങള്‍കൊണ്ടു വെളിപ്പെടുത്താം.

  1. ശാസ്താവിന്റെ ആയുധാഭ്യാസം:- ʻʻപയിറ്റാണ്ടില്‍ പയറ്റിനോക്കിയ നേരത്തു പയറ്റിവരുന്നൊരു വരവു കണ്ടാല്‍ പണിക്കരെന്നേ തോന്നും; എയ്തുവരുന്നൊരു വരവു കണ്ടാല്‍ വില്‍ക്കുറുപ്പെന്നേ തോന്നും. അങ്ങനെ പയറ്റിയും എയ്തും വരുന്നോരു നേരത്തു കരുവൂര്‍ മുണ്ടവരിക്കപ്ലാവിന്റെ മുകളില്‍ നില്ക്കുന്നൊരു കരുവൂര്‍ പൂഞ്ചാത്തന്‍കോഴിയെക്കണ്ടു് ഇക്കോഴിയെ എനിക്കു എയ്‌വാന്‍ തരണമെന്നാന്‍ കരുവൂര്‍നിറംകൊണ്ട ശാസ്താവു്. പെരുമാനുമപ്പോള്‍ അയ്യോ മകനേ എനിക്കു് അന്തിപെട്ടാല്‍ കിനാ കാണ്മാനും പുലര്‍ന്നാല്‍ കണികാണ്മാനുമുള്ളൊരു കോഴിക്കിടാവിനെ എയ്തുകൊല്ലലാ മകനേ എന്നാള്‍ കരുവൂര്‍ നല്ലക്ഷമാതാവു്.ˮ
  2. ദാരുകനും പുനാരദന്മാരും:-ˮകേള്‍പ്പൂതുമുണ്ടോ പൂനാരദന്മാരെ? ഇനിക്കൊ സ്വല്പമുള്ളൊരു വേദഗീതങ്ങള്‍ ഓതുകയും, കൊട്ടുകയും പാടുകയും ആടുകയും വേണമെന്നാന്‍ ദാരുകരാജാവു്.
കേള്‍പ്പൂതുമുണ്ടോ ദാരുകാ? ഞങ്ങള്‍ക്കു ഞങ്ങടെ നല്ലച്ചനറിഞ്ഞാല്‍ വഴക്കുണ്ടെന്നാര്‍ പന്തിരണ്ടു പൂനാരദന്മാരപ്പോള്‍.
നിങ്ങടെ നല്ലച്ചന്‍ ഞാനെന്നു കല്പിച്ചുകൊള്‍വിന്‍; നിങ്ങടെ നല്ലമ്മ എന്റെ ദേവിയെന്നു കല്പിച്ചുകൊള്‍വിന്‍.
നിങ്ങടെ നല്ലച്ചന്‍ ഇനിക്കു ജട പിരിക്കയും, പക്കം വയ്ക്കയും, പഴയരി വാര്‍ക്കയും വേണം.
നിങ്ങടെ നല്ലമ്മ എന്റെ ദേവിക്കു മുറ്റമടിക്കയും താളിപിഴികയും വിളയാട്ടമഞ്ഞളരയ്ക്കയും വേണമെന്നു പഴിയും പരിഹാസവും പറഞ്ഞുകൊണ്ടാന്‍ ദാനപതി ദാനവേന്ദ്രന്‍ ദാരുക രാജാവു്.ˮ
ഈ തോറ്റങ്ങളില്‍ ʻഅരയോളം നീറ്റില്‍ച്ചെന്നു് അടിയൊലുമ്പിക്കുളിച്ചു; മുലയോളം നീറ്റില്‍ച്ചെന്നു മുടിയൊലുമ്പിക്കുളിച്ചുʼ; ʻമുത്തിനാല്‍ കോരി മുറനിറയ്പു്; പവിഴത്താല്‍ കോരിപറനിറയ്പു്ʼ; ʻപാലില്‍ക്കഴുകി പതംവരുത്തി, നീരില്‍ക്കഴുകി നിറം വരുത്തി,ʼ ʻപള്ളിവാളാല്‍ വെട്ടി പാത്രവട്ടകയാല്‍ കുടിക്കുകʼ മുതലായി അവിടവിടെ കാണുന്ന പല ശൈലീപ്രായങ്ങളായ വാചകങ്ങള്‍ക്കു വിശേഷിച്ചൊരാസ്വാദ്യത കാണുന്നു.

ശാസ്താമ്പാട്ടു്:-ശാസ്താവു്

ശാസ്താവിനു നാള്‍ ചെല്ലുന്തോറും പ്രാധാന്യം കൂടിവരികയാണു് ചെയ്യുന്നതു്. എങ്കിലും തിരുനാവാ യോഗക്കാരുടെ പരദേവതയായ ചമ്രവട്ടത്തു് അയ്യപ്പന്‍, ഭിഷഗ്വരനായ തകഴിയിലെ ശാസ്താവു് മുതലായ ദേവതകളുടെ ബിംബങ്ങള്‍ക്കു പണ്ടുതന്നെ അസാധാരണമായ ചൈതന്യമുണ്ടായിരുന്നതായി രേഖകളുണ്ടു്. ഈ ദേവാലയങ്ങള്‍ ശബരിമല, അച്ചന്‍കോവില്‍, ആര്യങ്കാവു്, കുളത്തൂപ്പുഴ മുതലായ ക്ഷേത്രങ്ങളെപ്പോലെ പര്‍വതസമീപത്തിലല്ല സ്ഥിതിചെയ്യുന്നതെന്നും ഓര്‍മ്മിക്കേണ്ടതാകുന്നു. ശാസ്താവും ബുദ്ധനും ഒന്നല്ലെന്നുള്ളതിനു് എത്ര തെളിവുകള്‍ വേണമെങ്കിലും പ്രദര്‍ശിപ്പിക്കാവുന്നതാണു്. ശാസ്താവു് മൃഗയാസക്തന്‍, ബുദ്ധന്‍ അഹിംസാവ്രതന്‍, ശാസ്താവു് പൂര്‍ണ്ണയെന്നും പുഷ്കലയെന്നും അല്ലെങ്കില്‍ മദനയെന്നും വരവര്‍ണ്ണിനിയെന്നും പേരുള്ള രണ്ടു ദേവതകളുടെ പ്രാണനാഥന്‍, ബുദ്ധന്‍ സര്‍വ്വസങ്ഗപരിത്യാഗിയായ മഹര്‍ഷി; ഇവര്‍ തമ്മില്‍ യാതൊരു ബന്ധമോ സാജാത്യമോ ഇല്ല; പിന്നെവേണ്ടേ ഏകീഭാവം? പുരാതനകാലത്തു ദ്രാവിഡരുടെ ഇടയില്‍ ഒരു ഗ്രാമദേവത മാത്രമായിരുന്ന ശാസ്താവിനു കേരളത്തില്‍ മാത്രമേ ഉല്‍ക്കൃഷ്ടത സിദ്ധിച്ചിട്ടുള്ളു. ശാസ്താവിനെ ഒരു മലയാളിയെന്നാണു് എല്ലാ പാട്ടുകളിലും വര്‍ണ്ണിച്ചിട്ടുള്ളതു്. തിരുനെല്‌വേലി, മധുര മുതലായ ജില്ലകളില്‍ കര്‍ഷകന്മാരുടെ ഒരു സാമാന്യദേവതയായി മാത്രമാണു് അവിടുന്നു് ഇന്നും കരുതപ്പെടുന്നതു്.

ശാസ്താമ്പാട്ടു്

ശാസ്താമ്പാട്ടുകള്‍ മലയാളത്തിലും തമിഴിലും ധാരാളമായുണ്ടു്. മലയാളത്തിലുള്ള പാട്ടുകളെപ്പറ്റിയാണു് ഇവിടെ പ്രസ്താവിയ്ക്കുന്നതു്. ശാസ്താമ്പാട്ടിനു് അയ്യപ്പന്‍പാട്ടെന്നും പേരുണ്ടു്. ഈവക പാട്ടുകളില്‍ ശ്രീപരമേശ്വരനു് മോഹനീരൂപം ധരിച്ച വിഷ്ണുവില്‍നിന്നു ജനിച്ച ശാസ്താവിന്റെ അവതാരം മുതല്ക്കുള്ള കഥകള്‍ അടങ്ങിയിരിക്കുന്നു. ശാസ്താവിന്റെ അപദാനങ്ങള്‍ ഏഴു ശേവ(ശേവുക)ങ്ങളിലായി കൊള്ളിച്ചിരിക്കുന്നു. ശേവം എന്നാല്‍ സേവകത്വം എന്നര്‍ത്ഥം. പാണ്ഡ്യരാജാവിന്റെ സേനകനായാണല്ലോ ശാസ്താവു ഭൂലോകത്തില്‍ രങ്ഗപ്രവേശം ചെയ്യുന്നതു്. ആ ശേവങ്ങള്‍ (1) പാണ്ടിശ്ശേവം (2) പുലിശ്ശേവം (3) ഇളവരശുശേവം (4) വേളിശ്ശേവം (5) ഈഴശ്ശേവം (6) പന്തളശ്ശേവം (7) വേളാര്‍ശേവം ഇവയാണു്. ഏഴു ശേവങ്ങള്‍ക്കും ചൂഴിയാരി എന്നു പറഞ്ഞുവരുന്ന ഏഴു താളങ്ങളുമുണ്ടു്. ഉടുക്കു് എന്ന വാദ്യമുപയോഗിച്ചാണു് ഈ പാട്ടുകള്‍ പാടുന്നതു്.

പുലിശ്ശേവം:-

ʻʻകരമതില്‍ ശരവും വില്ലുമെടുത്തയ്യന്‍ പുറപ്പെട്ടു
കരിമ്പുലിപ്പാലു കൊണ്ടുവരുവതിന്നുഴറ്റോടേ.
കറപ്പുകച്ചയും കെട്ടിക്കടുവായോടങ്കം ചെയ്‌വാന്‍
കരത്തില്‍ പൊന്തയുമെടുത്തരശനെ നമിച്ചയ്യന്‍
അനുജ്ഞയും വാങ്ങിത്തന്റെ കരമൊന്നു കുലുക്കുന്നു.
മനക്കുരുന്നിങ്കല്‍ മോദം വളരുന്നൂ നൃപതിക്കു
ബഡവാഗ്നിസമുജ്ജ്വലം വളരുന്നൂ മലയാളി.
ദൃഢതരം ഗമിപ്പതിനൊരുമ്പെട്ടാനതിഘോരം.
പലരും ചേവകന്മാര്‍ വന്നടിമലര്‍ വണങ്ങുന്നു.
വലരിപുസമനെന്നു പലജനം പറയുന്നു.
കുതിരയൊന്നു ഞാന്‍ നല്കാം മലയാളിച്ചേവകാ നീ
കുതിരതന്‍ മുകളേറിഗ്ഗമിക്കൂ താന്‍ വനം നോക്കി.
കുതിരയെപ്പുലി കണ്ടാല്‍ ഝടിതി സംഹരിച്ചീടും.

***


നാട്ടിലെ നൃപതിതന്നരുളുണ്ടിന്നെനിക്കെങ്കില്‍
കാട്ടിലെപ്പുലിപ്പാലു കറന്നു ഞാന്‍ കൊണ്ടുപോരും.ˮ

ഈഴശ്ശേവം

ʻʻഅരശരില്‍ മണിമകുടതിലോത്തമനഖിലജഗല്‍പ്പരിപൂര്‍ണ്ണന്‍
അണിമതികുല തലയിലണിന്തരനുടെ മകനു മനസ്സില്‍
കരുതിയതീഴത്തൊരു രാജാവെക്കാണണമെന്നൊരു പക്ഷം,
കടലൊരു ശതയോജനയുണ്ടു കടപ്പതിനരുതു നിനച്ചാല്‍,
ആരാലും ബാധവരാത്തോരസുരകള്‍ മരുവും ലങ്ക-
യ്ക്കരികേയീഴപ്പെരുമാളുടെ രാജ്യമതെന്നറിയേണം.ˮ

മറ്റൊരു ശാസ്താമ്പാട്ടു്

ʻʻഅരുമറപ്പൊരുളതായേ അരനുമത്തരുണിയോടും
കരികുലത്തലവനായിക്കാനനമകത്തു പുക്കു്
ഉരമൊടു പുണരുമന്നു ഉതിത്തെഴും ഗജമുഖന്റെ
ചരണപങ്കജം തൊഴുന്നേന്‍ ശാസ്താവിന്‍ വേട്ട ചൊല്‍വാന്‍

****


ഭൂതനാഥനനങ്ഗകോടിനിറം കലര്‍ന്ന ഗുണാലയന്‍
ഭൂവനതലമതിലമര്‍ജനങ്ങളെയല്ലല്‍തീര്‍ത്തു വസിപ്പവന്‍
ഭൂതലേ മലനാടുതന്നില്‍ വളര്‍ന്ന കോവില്‍വനങ്ങളില്‍
പുതുമയൊടു വിലസുന്ന കരമതിലന്നു വില്ശരമേന്തിയേ.
പാണ്ഡ്യനായ മഹീശനെപ്പരിചോടു ശേവുകമാകുവാന്‍
പലദിവസമവനരികില്‍ മരുവിക്കൊണ്ട കൊണ്ടല്‍ നിറത്തോനും.
യാത്രപോവതിനിന്നു നല്ല ഗുണങ്ങളുള്ളൊരു നാളെടോ
ഝടിതിയിനി നിങ്ങള്‍ വരികയെന്നു ചമഞ്ഞു വന്‍പട കൂട്ടിനാന്‍.ˮ

വാവര്‍സ്വാമിപ്പാട്ടു്

ശബരിമലക്ഷേത്രത്തില്‍ ശാസ്താവിന്റെ ഉപദേവനായി വാവരുസ്വാമി എന്നൊരു മൂര്‍ത്തിയെ ആരാധിച്ചു വരുന്നുണ്ടു്. ആ മൂര്‍ത്തി മഹമ്മദീയനാണു്. അച്ഛന്റേയും അമ്മയുടേയും പേര്‍ യഥാക്രമം ആലിക്കുട്ടിയെന്നും പാത്തുമ്മയെന്നുമായിരുന്നു. വാവര്‍ ബാല്യത്തില്‍ത്തന്നെ പയറ്റുമുറയെല്ലാം അഭ്യസിച്ചു.

ʻʻഎന്തിനി വേണ്ടതു വാവര്‍ക്കെന്നിങ്ങനെ
ചിന്തിച്ചു പാത്തുമ്മ പാരാതുറച്ചുടന്‍
അന്തികേ നില്ക്കുന്നൊരത്തിമരംകൊണ്ടു
ചന്തത്തില്‍ വാവര്‍ക്കു കപ്പലുണ്ടാക്കണം
നിശ്ചയിച്ചിങ്ങനെ പാത്തുമ്മ തല്‍ക്ഷണം.
തച്ചരേയൊക്കെ വരുത്തിയോതീടിനാള്‍.
ഇച്ഛിച്ചപോലെതാനാശാരിമാരുടന്‍
മെച്ചമേറുന്നോരു കപ്പല്‍ തീര്‍ത്തീടിനാര്‍.
കപ്പലിറക്കുന്ന കാലേ വെടി മൂന്നു
വയ്പിച്ചു വാവരും കൂട്ടരും ചെന്നുടന്‍.
കപ്പലില്‍ക്കേറുന്നു; പായും നിവിര്‍ക്കുന്നു.
കെല്പോടു കപ്പലോടുന്നു തെക്കോട്ടുതാന്‍.ˮ

തെക്കുനിന്നു കിഴക്കോട്ടു കപ്പലോടിക്കൊണ്ടിരിക്കുമ്പോള്‍ അയ്യപ്പന്‍ കപ്പല്‍ച്ചുങ്കം ചോദിക്കുകയും അതിന്നു വാവര്‍

ʻʻആനക്കഴുത്തിലേറിപ്പോകുന്നോരയ്യപ്പാ!
ആനവാല്ക്കാണം നമുക്കു തിരികെടോˮ

എന്നു് എതിര്‍ചോദ്യത്തിനു് ഒരുമ്പെടുകയും ചെയ്തു. രണ്ടു പേരും തമ്മിലുണ്ടായ യുദ്ധത്തില്‍ വിജയം ഒരു കക്ഷിക്കും സിദ്ധിച്ചില്ല. ശാസ്താവു് അപ്പോള്‍ വാവരോടു്

ʻʻപോരിനി വേണ്ട നീ വീരനാണേറ്റവും
പാരിതില്‍ നിന്നോടു തുല്യരില്ലാരുമേ,
പോരിക നമ്മോടുകൂടെ നീ വാവരേ!
ഭൂരിമോദം നിന്നെ വാഴിക്കാം ഞാനെടോ.ˮ

എന്നു വാഗ്ദാനം ചെയ്തു ശബരിമലയ്ക്കു കൂട്ടിക്കൊണ്ടുപോകുകയും അവിടെ ഒരാലയം തീര്‍ത്തു് അതില്‍ തന്റെ സുഹൃത്തിനെ കുടിയിരുത്തി ഗോതമ്പു നിവേദ്യത്തിനു ശട്ടം കെട്ടുകയും ചെയ്തു. ഇതാണു് പാട്ടിലെ കഥ. പഴയ ഐതിഹ്യത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള ഈ ഗാനം തീരെപ്പഴക്കമുള്ളതല്ല. ആര്യന്മാര്‍ക്കും ദ്രാവിഡര്‍ക്കും ശൈവമതത്തിനും വൈഷ്ണവമതത്തിനും തമ്മിലുള്ള മാത്സര്യത്തെ നശിപ്പിക്കുവാനാണു് അയ്യപ്പനെ പൗരാണികന്മാര്‍ ഹരിഹരപുത്രനാക്കിയതു്. ഹിന്ദുക്കളും മഹമ്മദീയരും തമ്മിലുള്ള സംഘര്‍ഷത്തിനു വിരാമമിടുവാന്‍ പശ്ചാല്‍കാലികന്മാര്‍ വാവരുസ്വാമിയെ ശബരിമല അയ്യപ്പന്റെ സുഹൃത്തുമാക്കി. എത്ര വിശാലമായിരുന്നു നമ്മുടെ പൂര്‍വ്വന്മാരുടെ ഹൃദയം! എന്തൊരു ആശ്ചര്യകരമായ ഐക്യബോധത്തിന്റെ ഫലമായിരുന്നു അവരുടെ അത്തരത്തിലുള്ള മതപരിഷ്കരപരിപാടി!

വള്ളപ്പാട്ടു്

പഴയകാലത്തു പുരാണകഥകളെ ആസ്പദമാക്കിയല്ല വഞ്ചിപ്പാട്ടുകള്‍ രചിക്കപ്പെട്ടുവന്നിരുന്നതു്. വിനോദപരങ്ങളായും ശൃങ്ഗാരതരങ്ഗിതങ്ങളായും ദേശ ചരിത്രപ്രതിപാദകങ്ങളായും ഉള്ള ഗാനങ്ങള്‍ അന്നു ധാരാളം പ്രചരിച്ചിരുന്നു. കിരാതം, വ്യാസോല്‍പ്പത്തി മുതലായ സാഹിത്യപ്രധാനങ്ങളായ പാട്ടുകളുടെ ആകര്‍ഷകത നിമിത്തം അവ അസ്തമിതപ്രായങ്ങളായെങ്കിലും ആരും ഇന്നും മറന്നിട്ടില്ലാത്ത ഒരു പാട്ടിനു ചീരഞ്ജിവിത്വമുള്ളതുപോലെ തോന്നുന്നു. അതിലെ ഏതാനും വരികളാണു് അടിയില്‍ കാണുന്നതു്.

ʻʻകറുത്തപെണ്ണേ നിന്നെക്കാണാഞ്ഞൊരുനാളുണ്ടു്
വരുത്തപ്പെട്ടു ഞാനൊരു വണ്ടായിച്ചമഞ്ഞല്ലോ,
വണ്ടായ്ച്ചമഞ്ഞു ഞാനൊരു തുമ്പിയായിപ്പറന്നേനെടീ,
തുമ്പിയായ്പ്പറന്നുഞാനൊരു പള്ളിവാതുക്കല്‍ ചെന്നപ്പം
പൂമാലപ്പൈതലെന്നെയൊരു പൂകൊണ്ടങ്ങെറിഞ്ഞല്ലോ.
അപ്പൂവും ചൂടിഞാനുമൊരാറ്റരികേ പോകുമ്പോള്‍
തന്നാനൊരുത്തന്‍ പതിനെട്ടു മോതിരം
ചെമ്പില്ലിരുമ്പല്ല പിത്തളയല്ലോടല്ല
പതിനെട്ടുമോതിരം പൊന്‍മോതിരമവന്‍ തന്നല്ലോ.ˮ

ʻകണ്ടേന്‍ ഞാന്‍ കണ്ടേന്‍ ഞാന്‍ കോവയ്ക്കപ്പുറംʼ എന്നുംമറ്റും വേറേയും ചില പാട്ടുകള്‍ ഞാന്‍ കേട്ടിട്ടുണ്ടു്. ഉദ്ധരിക്കത്തക്ക വിധത്തില്‍ അവ ഓര്‍മ്മിക്കുന്നില്ല.

വാലന്മാര്‍ തണ്ടു പിടിക്കുമ്പോള്‍ പാടുന്ന മറ്റൊരു പാട്ടിലുള്ളതാണു് ചുവടേ ചേര്‍ക്കുന്ന വരികള്‍.

ʻʻറാകിപ്പറക്കുന്ന ചെമ്പരുന്തേ! നീയുണ്ടോ മാമാങ്ക വേലകണ്ടു?ˮ
വേലയുംകണ്ടു, വിളക്കുംകണ്ടു; കടലില്‍ത്തിരകണ്ടു കപ്പല്‍കണ്ടു;
കടലില്‍ച്ചാണ്‍ ചാഞ്ഞ കരിന്തെങ്ങിന്മേല്‍ കടന്തലുമുണ്ടു കടന്തക്കൂടുണ്ടു്.
കടന്തല്‍പിടിപ്പാന്‍വിരതാര്‍ക്കുള്ളൂ? തച്ചുള്ളവീട്ടില്‍രണ്ടു പിള്ളേരുണ്ടു്.
പിള്ളേരെ വിളിപ്പാന്‍ രണ്ടാളയച്ചു; പിള്ളേരും വന്നു; പോയാളും വന്നു.
പട്ടുമുടുത്തു പണിത്തൊപ്പിയിട്ടു; ഈക്കിക്കരയനും തോള്‍ മേലണിന്തു,
കടന്തല്‍പിടിച്ചവര്‍ കൂട്ടിലിട്ടു; ഇളയതുലക്കനു കാഴ്ചവച്ചു.ˮ

ഉപസംഹാരം

ഇനിയും കല്യാണപ്പാട്ടു്, കോലടിപ്പാട്ടു്, തുമ്പിപ്പാട്ടു്, ഐവര്‍കളിപ്പാട്ടു്, കോല്‍കളിപ്പട്ടു് മുതലായി പലവിധത്തിലുള്ള ആരാധനാക്രമങ്ങളോടും വിനോദങ്ങളോടും അനുബദ്ധമായി കിടക്കുന്ന അനവധി ഗാനങ്ങള്‍ നമ്മുടെ സ്മരണയെ അര്‍ഹിക്കുന്നുണ്ടു്. കല്യാണക്കളി കൊല്ലത്തും അതിനു തെക്കും ഉള്ള പ്രദേശങ്ങളില്‍ സമീപകാലംവരെ ധാരാളമായി പ്രചരിച്ചിരുന്ന ഒരു വിനോദമാണു്. നായന്മാരുടെ തറവാടുകളില്‍ താലികെട്ടുകല്യാണം സംബന്ധിച്ചും മറ്റും ആ കളികളിപ്പിച്ചിരുന്നു. ചില ക്ഷേത്രങ്ങളിലും അതു കളിച്ചുകണ്ടിട്ടുണ്ടു്. ഇപ്പോഴും ഓണക്കാലത്തു് അതിനു ചില സ്ഥലങ്ങളില്‍ പ്രചാരമില്ലെന്നില്ല. പുരാണകഥകളാണു് പ്രായേണ പാടിവരുന്നതു്. പാടുമ്പോള്‍ പലമാതിരി അടവുചവിട്ടുകളും ഗായകന്മാര്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ വകുപ്പില്‍ ഉള്‍പ്പെടുന്ന പല പാട്ടുകളും അച്ചടിച്ചിട്ടുണ്ടു്. കോലടിപ്പാട്ടുകളുടെ ലക്ഷണവും ഇതില്‍നിന്നു ഭിന്നമല്ല. കോല്‍കളിക്കു പ്രസിദ്ധിവടക്കേ മലയാളത്തിലാണു്. തെക്കന്‍കോല്‍കളിയെന്നും വടക്കന്‍കോല്‍കളിയെന്നും മാപ്പിളക്കോല്‍കളിയെന്നും മൂന്നുതരം കളികള്‍ ആ ഇനത്തില്‍ അവിടെ നടപ്പുണ്ടു്. അവയ്ക്കു കോലടിയെന്ന പേര്‍ പറയുന്നു. ഒന്നാമത്തേയും മൂന്നാമത്തേയും തരത്തിലുള്ള കളികള്‍ക്കു ʻചുവടുംʼ(അഭിനയം) രണ്ടാമത്തേതിനു ʻചിന്തുംʼ(ഗാനം) ആണു് പ്രധാനം. കോലിനുപകരം പരിചയും ചിലമ്പും ഉപയോഗിച്ചും ചിലര്‍ ഈ കളി കളിക്കാറുണ്ടു്. ചിലമ്പു കാലില്‍ ഇടുന്നതല്ല. കോലില്‍ത്തന്നെ കോര്‍ത്തിട്ടുള്ളതോ കൈയില്‍വച്ചുതാളത്തിനനുസരിച്ചു കൊട്ടാന്‍ ഉപകരിക്കുന്നതോ ആണു്.

ഇപ്പോള്‍ത്തന്നെ ക്രമത്തിലധികം ദീര്‍ഘമായിപ്പോയ ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കേണ്ടിയിരിക്കുന്നതിനാല്‍ മറ്റുതരത്തിലുള്ള പാട്ടുകളെക്കുറിച്ചു യാതൊന്നും പ്രസ്താവിക്കുവാന്‍ നിവൃത്തിയില്ല. ഗണപതി, ശ്രീകൃഷ്ണന്‍, ശിവന്‍, പാര്‍വതി മുതലായ ദേവതകളെപ്പറ്റി അനേകം നാടോടിപ്പാട്ടുകളുണ്ടു്. താഴെക്കാണുന്നതു ശ്രീകൃഷ്ണപരമായ ഒരു ഗാനമാണു്.

ʻʻതൃശ്ശൂരേ മതിലകത്തു് ഒന്നല്ലോ പുത്തിലഞ്ഞി;
ആയിലഞ്ഞിപ്പൂപറിപ്പാന്‍ പോരിന്‍ പോരിന്‍ തോഴിമാരേ,
ʻʻതൃപ്പറങ്ങോട്ടപ്പനാണേ ഞങ്ങളാരും പോരുന്നില്ല.ˮ
ʻʻഎന്തുകൊണ്ടു പോരുന്നില്ല? ʻʻമതിലകത്തു കണ്ണനുണ്ടു്;
കൊച്ചുവില്ലുമമ്പുമുണ്ടു്; എയ്തുകൊല ചെയ്തുപോകും.ˮ

തിരുവാതിരപ്പാട്ടു്, ബ്രാഹ്മണിപ്പാട്ടു്, അമ്മാനപ്പാട്ടു് മുതലായവ സാഹിത്യപദവിയില്‍ ചരിക്കുന്ന പാട്ടുകളാകയാല്‍ അവയെപ്പറ്റി അന്യത്ര പ്രതിപാദിക്കും. പല തൊഴില്‍പ്പാട്ടുകളോടും ഇടകലര്‍ന്നു ഗദ്യങ്ങളുമുണ്ടു്. വിസ്തരഭീരുതയാല്‍ അവയ്ക്കൊന്നിന്നും ഉദാഹരണങ്ങള്‍ ഉദ്ധരിക്കുന്നില്ല.


  1. കണ്‍ട്രാന്മാര്‍ സമ്പ്രദായം,
  2. മാന്ത്=മാന്തി (മാങ്ങ);
  3. നാക്ക് = കതിര് (കുരുന്ന്).
  4. കൊള്‍വാ=കൊള്ളുന്നോളേ.
  5. കണ്ഠം ഇരുണ്ട നടനംചെയ്യുന്ന നിന്റെ ചേവടി അല്ലയോ ദേവനായകാ അരങ്ങില്‍ എന്നും നില്ക്കട്ടെ. ചെയ്യെമദൂതകള്‍=ചെയ്യുന്ന യമദൂതന്മാര്‍. കേണികള്‍ ചൂഴ്=കിടങ്ങുകള്‍ ചൂഴുന്ന. ഈ പാട്ടുവേറേവിധത്തിലും അച്ചടിച്ചു കണ്ടിട്ടുണ്ടെങ്കിലും പ്രസ്തുത പാഠത്തിനു ശുദ്ധിയേറുമെന്നാണ് എന്റെ പക്ഷം.
  6. കുഴ=കാതു്. കമ്പി=കുണ്ഡലം.
  7. എയ്തി =എഴുതി
  8. സ്ഥാനം
  9. ആധി
  10. ഒണ്ണു്=ഒന്നു്
  11. പുലയനല്ല. ജ്യോത്സ്യന്‍ രാമച്ചപ്പണിക്കര്‍ക്കു ʻകോതവെള്ളാട്ടിʼയില്‍ ജനിച്ച മകനെന്നും ഒരു പാട്ടില്‍ കാണുന്നു.
  12. ഒരാശ
  13. ചങ്കാഴുരി=ഇടങ്ങഴിയുരി.
  14. വെയമൂക്കന്‍=വിഷമുള്ള മൂര്‍ക്കപ്പാമ്പു്.
  15. വെയവാരി=വിഷഹാരി.
  16. കുയി=കുഴി.
  17. നായന്‍=നായകന്‍.
  18. ഭരമേറി.
  19. താശി=സ്നേഹം.
  20. പേരാരം=വലിയ ഹാരം.
  21. കോളേറുമറവരോടു മെയിനരെ കുറിത്ത പാലൈയാളര്‍ പുള്ളുവരിറുക്കര്‍ — (ചൂഡാമണിനിഘണ്ടു.)
  22. പര്‍ണ്ണം
  23. അയ്യള്‍–സമര്‍ത്ഥം.
  24. തീര്‍പെടെ=തീരത്തക്കവണ്ണം.
  25. ഇതു പാണ്ഡവന്മാര്‍ മരിക്കാതിരിക്കുന്നതിനുവേണ്ടിയാണു്.
  26. തോല്‍=ഇല.
  27. കഴു=സമാജം.