close
Sayahna Sayahna
Search

ജ്യോതിഷത്തിന്റെ അഭിവൃദ്ധി

Contents

ജ്യോതിഷത്തിന്റെ അഭിവൃദ്ധി

ക്രി.പി. പതിനഞ്ചാം ശതകം


ഉപക്രമം

ഒന്‍പതാമധ്യായത്തില്‍ തലക്കുളത്തു ഭട്ടതിരിയെപ്പറ്റി പ്രതിപാദിച്ചപ്പോള്‍ കേരളത്തിലെ ജ്യോതിസ്തന്ത്രത്തെക്കുറിച്ചു കുറഞ്ഞൊന്നു് ഉപന്യസിക്കുകയുണ്ടായല്ലോ. ക്രി: പി: ഏഴാം ശതകത്തില്‍ ആ ശാസ്ത്രം കേരളത്തില്‍ അത്യധികം അഭിവൃദ്ധിയെ പ്രാപിച്ചു. അതുകൊണ്ടു സ്വല്പം കൂടി ആ പ്രകരണം ഈ അവസരത്തില്‍ വിസ്തരിക്കേണ്ടിയിരിക്കുന്നു. ശിക്ഷ, വ്യാകരണം, നിരുക്തം, ജ്യോതിഷം, കല്പം, ഛന്ദോവിചിതി എന്നിവ വേദത്തിന്റെ ഷഡംഗങ്ങളാണു്. ʻʻജ്യോതിശ്ശാസ്ത്രം വദത്യത്ര കാലം വൈദികകര്‍മ്മണാംˮ എന്ന പ്രമാണമനുസരിച്ചു വൈദികകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള കാലത്തെ നിര്‍ണ്ണയിക്കുന്നതിനാണു് ജ്യോതിഷം ആദികാലങ്ങളില്‍ പ്രയോജകീഭവിച്ചിരുന്നത്. ജ്യോതിശ്ശാസ്ത്രത്തിനു ഗണിതം, സംഹിത, ഹോര എന്നിങ്ങനെ മൂന്നു സ്കന്ധങ്ങളുണ്ടെന്നു മുമ്പു പറഞ്ഞുവല്ലോ. അതിന്റെ പുറമെ ആ ശാസ്ത്രത്തിനു്

ʻʻജാതകഗോളനിമിത്തപ്രശ്നമുഹൂര്‍ത്താഖ്യഗണിതനാമാനി
അഭിദധതീഹ ഷഡംഗാന്യാചാര്യാ ജ്യോതിഷേ മഹാശാസ്ത്രേ.ˮ

എന്ന വാക്യത്തില്‍നിന്നു ജാതകം, ഗോളം, നിമിത്തം പ്രശ്നം, മുഹൂര്‍ത്തം, ഗണിതം എന്നിങ്ങനെ ആറംഗങ്ങളുണ്ടെന്നും സിദ്ധിക്കുന്നു. ഈ ഷഡംഗങ്ങളില്‍ ഗോളം, ഗണിതം ഇവ ഗണിതസ്കന്ധത്തിലും, ജാതകം, പ്രശ്നം, മുഹൂര്‍ത്തം ഇവ ഹോരാസ്കന്ധത്തിലും നിമിത്തം സംഹിതാസ്കന്ധത്തിലും അന്തര്‍ഭവിക്കുന്നു. നിമിത്തത്തെപ്പറ്റി ഹോരാസ്കന്ധത്തിലും പ്രസ്താവനയില്ലെന്നില്ല. എന്നാല്‍

ʻʻജനപുഷ്ടിക്ഷയവൃദ്ധിദ്വിരദതുരംഗാദി സര്‍വ്വജന്തൂനാം
കേതൂല്ക്കാദീനാം വാ ലക്ഷണമുദിതം ഹി സംഹിതാസ്കന്ധേ.ˮ

എന്ന പ്രമാണപ്രകാരം, നിമിത്തം സംഹിതയില്‍ വളരെ വിസ്തരിച്ചാണു് പ്രതിപാദിക്കപ്പെടുന്നതു്. ജ്യോതിശ്ശാസ്ത്രത്തെ പ്രമാണഭാഗമെന്നും ഫലഭാഗമെന്നും രണ്ടായി വേര്‍തിരിച്ചു ഗണിതസ്കന്ധം പ്രമാണഭാഗത്തേയും മറ്റു രണ്ടു സ്കന്ധങ്ങളും ഫലഭാഗത്തേയും പരാമര്‍ശിക്കുന്നതായി പരിഗണിക്കുന്നവരുമുണ്ടു്. സൂര്യചന്ദ്രന്മാരുടെ ഗ്രഹണം, ഗ്രഹങ്ങളുടെ മൗഢ്യം, ചന്ദ്രശൃംഗോന്നതി, ഗ്രഹങ്ങളുടെ ഗതിഭേദങ്ങള്‍ മുതലായവയെ മുന്‍കൂട്ടി ഗണിച്ചറിയുന്നതും ഭൂഗോളഖഗോളങ്ങളെ വിവരിക്കുന്നതും മറ്റും പ്രമാണഭാഗത്തില്‍ പെടുന്നു. ജാതകം, പ്രശ്നം, ഭൂതശകുനാദിലക്ഷണങ്ങള്‍, മുഹൂര്‍ത്തങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഫലഭാഗത്തിലാണു് ഉള്‍ക്കൊള്ളുന്നതു്. ഇവയില്‍ ജാതകവും പ്രശ്നവും അതിപ്രധാനങ്ങളാകുന്നു. ഒരു മനുഷ്യന്റെ ജനനസമയം ക്നുപ്തമായി ഗണിച്ചു് ആ സമയത്തിലെ ഗ്രഹസ്ഥിതി മുതലായവ പരിശോധിച്ചു് ആയുഷ്കാലത്തിലുണ്ടാകാവുന്ന ശുഭാശുഭഫലങ്ങളെ വിവരിക്കുന്നതാകുന്നു ജാതകശാഖ. ദൈവജ്ഞന്‍ ചില പ്രത്യേകപരീക്ഷകള്‍ ചെയ്യുന്ന അവസരത്തിലെ ഗ്രഹസ്ഥിതിഭേദങ്ങളേയും മറ്റും ആസ്പദമാക്കി പ്രഷ്ടാവിന്റെ ശുഭാശുഭഫലങ്ങളെ നിര്‍ണ്ണയിക്കുന്നതാണു് പ്രശ്നശാഖ.

പ്രാചീനാഛാര്യന്മാര്‍

ഭാരതീയ ജ്യോതിശ്ശാസ്ത്രജ്ഞന്മാരുടെ കൂടസ്ഥാനായ ആര്യഭടാചാര്യന്‍ ക്രി: പി: അഞ്ചാംശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ പാടലീപുത്രത്തില്‍ ജീവിച്ചിരുന്നു. അദ്ദേഹം ക്രി: പി: 499-ല്‍ രചിച്ച ആര്യഭടീയമെന്ന ഗണിതഗ്രന്ഥം ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിങ്ങനെ നാലു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടുമുതല്‍ നാലുവരെയുള്ള പാദങ്ങളില്‍ സവിസ്തരം പ്രതിപാദിതങ്ങളായ ശാസ്ത്രസിദ്ധാന്തങ്ങളുടെ സാരാംശങ്ങള്‍ ഗീതികാപാദത്തില്‍ സംഗ്രഹിക്കുകയാണു് ആചാര്യന്‍ ചെയ്തിട്ടുള്ളതു്. ആര്യഭടീയത്തില്‍ ആകെ 121 ആര്യാപദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. വരാഹമിഹിരാചാര്യനാണു് ആര്യഭടനുശേഷം അവതരിച്ച പ്രധാനദൈവജ്ഞന്‍. ബുഹജ്ജാതകം, ലഘുജാതകം, പഞ്ചസിദ്ധാന്തം, ബൃഹദ്യാത്ര, ബൃഹദ്വിവാഹപടലം, ബൃഹത്സംഹിത ഇങ്ങനെ പല ഉല്‍കൃഷ്ടഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ടു്. ക്രി: പി: 505-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്ന അദ്ദേഹത്തെ ആദിത്യന്റെ അവതാരമാണെന്നു് ആസ്തികന്മാര്‍ വിഭാവനം ചെയ്യുന്നു. ബൃഹജ്ജാതകത്തിലെ ആദ്യത്തെ പത്തധ്യായങ്ങള്‍ക്കുള്ള ഭാഷ്യമാണു് തലക്കുളത്തു ഭട്ടതിരിയുടെ ദശാധ്യായി എന്നു നാം കണ്ടുവല്ലോ. മഹാഭാസ്കരീയം, ലഘുഭാസ്കരീയം മുതലായ കൃതികളുടെ കര്‍ത്താവായ പ്രഥമഭാസ്കരാചാര്യന്‍ ക്രി: പി: 522-ആമാണ്ടിടയ്ക്കു ജീവിച്ചിരുന്നതായും അദ്ദേഹം കേരളീയനാണെന്നു ചിലര്‍ അഭ്യൂഹിക്കുന്നതായും അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. ബീജഗണിതം, കരണകുതൂഹലം, സിദ്ധാന്തശിരോമണി, ലീലാവതി മുതലായ ഗ്രന്ഥങ്ങളുടെ നിര്‍മ്മാതാവായ ദ്വിതീയഭാസ്കരാചാര്യന്‍ ക്രി: പി: 1114-ല്‍ ജനിച്ചു. ശിഷ്യധീവൃദ്ധിദകാരനായ ലല്ലന്റെ ജീവിതകാലം ക്രി: പി: 598-ആമാണ്ടിടയ്ക്കും ലഘുമാനസകാരനായ മുഞ്ജാലകന്റേതു 922-ആമാണ്ടിടയ്ക്കുമാണു്. ശ്രീപതി എന്ന ജ്യൌതിഷികമൂര്‍ദ്ധന്യനെയും ഇവിടെ പ്രത്യേകമായി സ്മരിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം സിദ്ധാന്തശേഖരം (ആര്യഭടീയവ്യാഖ്യ), ഗണിതതിലകം, ജാതകകര്‍മ്മപദ്ധതി, ജ്യോതിഷരത്നമാല മുതലായി പല വിശിഷ്ടഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടു്.

ʻʻനിജഗുരുപദദ്വന്ദം കൃത്വാ മനസ്യതിഭക്തിതോ
ഗണകതിലകഃ ശ്രീപൂര്‍വ്വോയം പതിര്‍ദ്ദ്വിജപുംഗവഃ
സ്ഫുടമവിഷമം മന്ദപ്രജ്ഞപ്രബോധവിവൃദ്ധയേ
ലളിതവചനൈസ്സിദ്ധാന്താനാം കരോമി ഹി ശേഖരം.ˮ

എന്നും മറ്റുമുള്ള പ്രസ്താവനകളില്‍നിന്നു ശ്രീപതി ഒരു ബ്രാഹ്മണനാണെന്നറിയുന്നുവെന്നല്ലാതെ അദ്ദേഹത്തിന്റെ ജന്മഭൂമി ഏതെന്നു വിശദമാകുന്നില്ല. പ്രസ്തുത ദൈവജ്ഞന്റെ ജീവിതകാലം ക്രി: പി: 1039-ആമാണ്ടിടയ്ക്കാണു്. ശ്രീപതിയുടെ പദ്ധതിക്കു കേരളത്തില്‍ അന്യാദൃശമായ പ്രചാരമുണ്ടു്. താരതമ്യേന അര്‍വാചീനനെങ്കിലും വാസിഷ്ഠഗോത്രജനായ വിദ്യാമാധവനെപ്പറ്റിക്കൂടി പ്രസ്താവിക്കാം. വിദ്യാമാധവന്‍ ഒരു ജ്യോതിശ്ശാസ്ത്രജ്ഞനെന്നതിനുപുറമേ കവിയും കാവ്യവ്യാഖ്യാതാവും കൂടിയായിരുന്നു. മുഹൂര്‍ത്തദര്‍ശനമാണു് അദ്ദേഹത്തിന്റെ മുഖ്യമായ ജ്യോതിഷകൃതി. കിരാതാര്‍ജ്ജുനീയ മഹാകാവ്യവും അദ്ദേഹം സമഞ്ജസമായി വ്യാഖ്യാനിച്ചിട്ടുണ്ടു്.

ʻʻശ്രീമന്നീലഗൃഹാലയേ ഗുണവതിഗ്രാമേ പ്രഭൂതേ പരേ
ഖ്യാതോ രത്നഗിരിര്‍മ്മഹാമുനിരഭൂല്‍ തല്‍ഭ്രാതൃപുത്രാത്മജഃ
യോ നാരായണസൂരിരസ്യ തനയോ വ്യാഖ്യാതുമദ്യാരഭേ
വിദ്യാമാധവസംജ്ഞിതഃ കവിരഹം കാവ്യം മഹദ്ഭാരവേഃˮ

എന്ന ശ്ലോകത്തില്‍നിന്നു് അദ്ദേഹം ഗുണവതിഗ്രാമത്തില്‍ നീലമന എന്ന ഗൃഹത്തില്‍ നാരായണന്റെ പുത്രനായി ജനിച്ചു എന്നു വെളിവാകുന്നു. ഗുണവതി ഗോകര്‍ണ്ണത്തിനു സമീപമുള്ള ഒരു ഗ്രാമവും വിദ്യാമാധവന്‍ ഒരു തൗളവബ്രാഹ്മണനുമാണു്. മല്ലപ്പന്‍ എന്നൊരു രാജാവിന്റെ ആസ്ഥാനപണ്ഡിതനായിരുന്നു നാരായണന്‍. ʻʻശ്രീമന്മല്ലപ്പഭൂപസ്സ ജയതി ജഗതീഭൂഷണീഭൂതധാമാˮ എന്നും ʻʻവീരശ്രീധരബുക്കഭൂപതി മഹാസാമ്രാജ്യലക്ഷ്മീകരാലംബാˮ എന്നുംമറ്റുമുള്ള പദ്യങ്ങള്‍ വിദ്യാമാധവന്‍ രചിച്ച മുഹൂര്‍ത്തദര്‍ശനത്തിന്റെ അവസാനത്തില്‍ കാണുന്നതുകൊണ്ടു നാരായണന്റെ പുരസ്കര്‍ത്താവു വിജയനഗര മഹാരാജാവായ പ്രഥമബുക്കന്റെ പുത്രനായ മല്ലപ്പനാണെന്നു വിശദീഭവിക്കുന്നു. മല്ലപ്പന്‍ അഥവാ മല്ലീനാഥന്‍ കൊല്ലം ആറാംശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണു് ജീവിച്ചിരുന്നതു്. ഈ മല്ലപ്പന്‍ ക്രി: പി: പന്ത്രണ്ടാംശകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ പശ്ചിമചാലൂക്യരാജാവായിരുന്ന ചതുര്‍ത്ഥസോമേശ്വരനാണെന്നു ചിലര്‍ സങ്കല്പിക്കുന്നതു യുക്തിസഹമല്ല. സോമേശ്വരന്റെ പിതാവിനു ബുക്കന്‍ എന്നു പേരുണ്ടായിരുന്നതായി അറിവില്ല. മുഹൂര്‍ത്തദര്‍ശനം പതിനഞ്ചദ്ധ്യായത്തിലുള്ള ഒരു ഗ്രന്ഥമാണു്. അതിനു കേരളത്തില്‍ വളരെ പ്രചാരമുണ്ടു്. വിദ്യാമാധവീയമെന്നും മുഹൂര്‍ത്തമാധവീയമെന്നും പല പേരുകളില്‍ അതിനു പ്രസിദ്ധി കാണുന്നു. പ്രസ്തുത ഗ്രന്ഥത്തിനു് അദ്ദേഹത്തിന്റെ ശിഷ്യനെന്നു കരുതാവുന്ന വിഷ്ണു ആദര്‍ശമെന്നും മുഹൂര്‍ത്തദീപികയെന്നും പേരുള്ള ഒരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. അതിലെ പതിനൊന്നാമധ്യായം വ്യാഖ്യാനിച്ചതു് വിദ്യാമാധവന്റെ പുത്രന്‍തന്നെയാണു്.

ʻʻമുഹൂര്‍ത്തദര്‍ശനാദര്‍ശവ്യാഖ്യാനേ വിഷ്ണുനാ കൃതേ
വ്യാചഷ്ടൈകാദശാധ്യായം വിദ്യാമാധവനന്ദനഃˮ

എന്ന പദ്യം നോക്കുക. ഈ വിഷ്ണു കേരളീയനാണോ എന്നു നിശ്ചയമില്ല. ഭാരതഭൂമിയില്‍ ജ്യോതിശ്ശാസ്ത്രത്തിനു ത്രിസ്കന്ധങ്ങളിലും അഭിവൃദ്ധി വരുത്തുവാന്‍ കേരളീയരെപ്പോലെ ഇതരദേശക്കാര്‍ ആരും പ്രയത്നിച്ചിട്ടില്ലെന്നുള്ളതു് നമ്മുടെ ജന്മഭൂമിക്കു ലഭിച്ചിട്ടുള്ള വലിയ മെച്ചങ്ങളില്‍ ഒന്നായി കരുതാവുന്നതാണു്. 12-ആം ശതകത്തിനു മേല്‍ പ്രസ്തുത ശാസ്ത്രത്തിനു പ്രശസ്യമായ അഭിവൃദ്ധി കേരളത്തിലേ ഉണ്ടായിട്ടുള്ളു.

ചില കേരളീയ ജ്യോതിര്‍വിത്തുകള്‍, ഗോവിന്ദസ്വാമി

മഹാഭാസ്കരീയത്തിനു സമഗ്രമായ ഒരു ഭാഷ്യവും മുഹൂര്‍ത്തരത്നം എന്ന മറ്റൊരു ജ്യോതിഷഗ്രന്ഥവും നിര്‍മ്മിച്ച ഗോവിന്ദസ്വാമി ദൃഗ്ഗണിതകാരനായ പരമേശ്വരനേക്കാള്‍ പ്രാക്തനനെന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നത്.

ʻʻആചാര്യാര്യഭടഃ പിതാമഹമതം തന്ത്രഃ സുസംക്ഷിപ്തവാന്‍
വൃത്തിം വിസ്തരതോऽസ്യ മന്ദമതയേ തേനാകരോദ് ഭാസ്കരഃ
തസ്യാ അപ്യതിദൂരമേത്യ സുധിയാമര്‍ത്ഥസ്ത്വിദാനീമിതി
വ്യാഖ്യേയംകലിതാശ്രുതാഗുരുമുഖാദ്ഗോവിന്ദനാമ്നാ മയാˮ

എന്നൊരു ശ്ലോകം ആ ഗ്രന്ഥത്തില്‍ കാണുന്നുണ്ടു്.

ʻʻഗോവിന്ദേന കൃതാ ടീകാ ഗോവിന്ദസ്വാമിനാമികാ
സമാപ്താ ഭാസ്കരീയസ്യ ഗുരുവ്യാഖ്യാനിബന്ധനാˮ

എന്ന പദ്യത്തില്‍നിന്നു ഗ്രന്ഥത്തിനു ഗോവിന്ദസ്വാമി എന്നാണു് സംജ്ഞയെന്നു വന്നുകൂടുന്നു. ഗ്രന്ഥകാരനേയും ഗോവിന്ദസ്വാമി എന്നു പറയാറുണ്ടു്. കേളല്ലൂര്‍ ചോമാതിരി ആര്യഭടീയഭാഷ്യത്തില്‍ അദ്ദേഹത്തെ സ്മരിക്കുന്നു. പരമേശ്വര വിരചിതമായി ആചാരസംഗ്രഹം എന്നൊരു ജ്യോതിഷഗ്രന്ഥമുണ്ടു്. അതില്‍

ʻʻപിതുഃ പിതുര്‍മ്മേ ഗുരുരഗ്രജന്മാ
ഗോവിന്ദനാമാ ഭുവി യഃ പ്രസിദ്ധഃ
തേനോദിതോ യോ ഗുരുഭക്തിതോ മാം
പ്രാപ്തസ്സ ആചാര ഇഹ പ്രദിഷ്ടഃ.

ശിഷ്യാണാം മന്ദബുദ്ധീനാം പ്രബോധായ യഥാ (മതി)
പരമേശ്വരനാമ‌്നൈഷ കൃത ആചാരസംഗ്രഹഃˮ

എന്നു് അതില്‍ പ്രസ്താവിച്ചിരിക്കുന്നു. ആചാരസംഗ്രഹത്തെ ഒരു പ്രമാണഗ്രന്ഥമായാണു് മഴമംഗലത്തു ശങ്കരന്‍നമ്പൂരി സ്വീകരിച്ചിരിക്കുന്നതു്. അതിന്റെ നിര്‍മ്മാതാവായ പരമേശ്വരന്‍നമ്പൂരി സാക്ഷാല്‍ ദൃഗ്ഗണിതകാരനാകുന്നു.

മുഹൂര്‍ത്തരത്നം ഒരു ഗോവിന്ദന്റെ കൃതിയാണെന്നുള്ളതിനു് ആ ഗ്രന്ഥത്തിന്റെ ഒടുവിലുള്ളതും താഴെ ഉദ്ധരിക്കുന്നതുമായ ശ്ലോകം ജ്ഞാപകമാണു്:

ʻʻരവിചന്ദ്രാദിതിമിംഗിലലോല-
ജ്യോതിഷദുഗ്ദ്ധമഹാംബുധിമധ്യാല്‍
ഗോവിന്ദേന മുഹൂര്‍ത്തമഹാമണി-
രുദ്ധൃത ഏഷ ഹി ലോകഹിതായ.ˮ

ഈ മുഹൂര്‍ത്തരത്നവും ദൃഗ്ഗണിതകാരന്‍ വ്യാഖ്യാനിച്ചിട്ടുണ്ടു്. ആ വ്യാഖ്യയില്‍

ʻʻഗോവിന്ദപൂജ്യപാദേന കൃപാസംസിക്തചേതസാ
മുഹൂര്‍ത്താഗമദുഗ്ദ്ധാബ്ധേര്‍മുഹൂര്‍ത്തമണിരുദ്ധൃതഃ;
തസ്മിംസ്തച്ഛിഷ്യപൌത്രേണ കിയാംശ്ചില്‍ പരമാദിനാ
ഭാവോ വിവ്രിയതേ സ്വല്പമീശ്വരേണ യഥാശ്രുതം.ˮ

എന്നിങ്ങനെ പ്രാരംഭത്തില്‍ കാണുന്ന പദ്യങ്ങളില്‍നിന്നു് ഈ വസ്തുത വെളിപ്പെടുന്നു. തലക്കുളത്തു ഭട്ടതിരിയില്‍നിന്നു ഭിന്നനായ ഗോവിന്ദസ്വാമിയെ പരമേശ്വരന്‍നമ്പൂരി ʻപൂജ്യപാദʼ പദംകൊണ്ടു വ്യപദേശിക്കുന്നതിനാല്‍ അദ്ദേഹം ഒരു സ്വാമിയാരായിരുന്നു എന്നു് ഊഹിക്കാവുന്നതാണു്. പരമേശ്വരന്റെ പിതാമഹനു് അദ്ദേഹം ഗുരുവായിരുന്നു എന്നു കാണുന്ന സ്ഥിതിക്കു് അദ്ദേഹത്തിന്റെ ജീവിതകാലം കൊല്ലം ആറാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധമായിരിക്കണമെന്നും സിദ്ധിക്കുന്നു.

സൂര്യദേവന്‍

സൂര്യദേവയജ്വാവെന്നാണു് പ്രസ്തുതദൈവജ്ഞനെ സാധാരണമായി പറയാറുള്ളതു്. ഒരു നമ്പൂരിയും സോമയാജിയുമായിരുന്നു അദ്ദേഹമെന്നുള്ളതു നിസ്സംശയമാണു്. ʻനിധ്രൂവʼ ഗോത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനമെന്നു ശ്രീപതിയുടെ ജാതകകര്‍മ്മപദ്ധതിക്കു് അദ്ദേഹം രചിച്ചിട്ടുള്ള ജാതകാലങ്കാരത്തിലേ

ʻʻഇത്ഥം നിധ്രൂവഗോത്രേണ സൂര്യദേവേന യജ്വനാ
കൃതം ജാതകപദ്ധത്യാമായുര്‍ദ്ദായാര്‍ത്ഥവര്‍ണ്ണനംˮ

എന്ന ശ്ലോകത്തില്‍നിന്നു വെളിപ്പെടുന്നു. ശ്രീപതിയുടെ ജാതകകര്‍മ്മപദ്ധതിക്കു സൂര്യദേവന്‍ രചിച്ചിട്ടുള്ള ടീകയാണു് ജാതകാലങ്കാരം. അതിനു കേരളത്തില്‍ വളരെ പ്രചാരമുണ്ടു്.

ʻʻആചാര്യശ്രീപതികൃതാജാതകേ കര്‍മ്മപദ്ധതിഃ
വ്യാഖ്യായതേ മയാ സ്ഫഷ്ടം സൂര്യദേവേന യജ്വനാ.

പശ്യന്തു തമിമം ഗ്രന്ഥം ശാസ്ത്രന്യായോപബൃംഹിതം
പൂര്‍ണ്ണം ജാതകശാസ്ത്രാണാമലങ്കാരം വിപശ്ചിതഃˮ

എന്നു് അദ്ദേഹം ഗ്രന്ഥാരംഭത്തില്‍ പറയുന്നു. ʻʻജാതകാലങ്കാരേ സൂര്യദേവസോമസുദ്വിരചിതേˮ എന്നു ഗ്രന്ഥാവസാനത്തില്‍ ഒരു വാചകവും കാണുന്നു. അതു കൂടാതെ (2) ആര്യഭടീയത്തിനു ഭടപ്രകാശമെന്ന ലഘുവ്യാഖ്യാനം, (3) വരാഹമിഹിരന്റെ ബൃഹദ്യാത്രയ്ക്കു വ്യാഖ്യ, (4) മുഞ്ജാലകന്റെ ലഘുമാനസകരണത്തിനു വ്യാഖ്യ എന്നീ ഗ്രന്ഥങ്ങളും ആ ആചാര്യന്റെ കൃതികളാണു്.

ʻʻനമാമി പരമാത്മാനം സ്വതസ്സര്‍വാര്‍ത്ഥവേദിനം
വിദ്യാനാമാദിവക്താരം നിമിത്തം ജഗതാമപി.
നമസ്സകലകാല്യാണഗുണസംവാസഭൂമയേ
നിരവദ്യായ നിത്യായ നമസ്തേऽസ്തു മഹീയസേ.
ത്രിസ്കന്ധാര്‍ത്ഥവിദാ സമ്യക്‍ സൂര്യദേവേന യജ്വനാ
സംക്ഷിപ്യാര്യഭടീയോക്തസൂത്രാര്‍ത്ഥോത്ര പ്രകാശ്യതേˮ

എന്നു് ആര്യഭടീയവ്യാഖ്യയില്‍ പ്രസ്താവനയുണ്ടു്. അതില്‍ ʻʻശ്രീസൂര്യദേവനാമ്നോ മാതുര്‍ഭ്രാതുഃ പ്രസാദേനˮ എന്നു പറഞ്ഞിരിക്കുന്നതില്‍നിന്നു് അദ്ദേഹത്തിനു സൂര്യദേവന്‍ എന്ന പേരില്‍ ഒരു മാതുലനുണ്ടായിരുന്നതായി വെളിപ്പെടുന്നു.

ലഘുമാനസകരണത്തിനു സൂര്യദേവന്റേതു കൂടാതെ പരമേശ്വരനാമധേയനായ മറ്റൊരു പണ്ഡിതന്റേയും വ്യാഖ്യാനമുണ്ടു്. പാരമേശ്വരമെന്നാണു് അതിനു പേര്‍ പറയുന്നതു്. അദ്ദേഹം വടശ്ശേരി പരമേശ്വരന്‍നമ്പൂരിയാണെന്നുള്ളതിനു ലക്ഷ്യമൊന്നുമില്ല.

ʻʻവ്യാഖ്യാനം മാനസസ്യൈതല്‍ സുചിരം തിഷ്ഠതു ക്ഷിതൗ
ഹരിപാദാബ്ജയുഗളേ സതതം മാനസഞ്ച മേˮ

എന്നൊരു ശ്ലോകം ആ ഗ്രന്ഥത്തിന്റെ ഒടുവില്‍ കാണുന്നു. കേളല്ലൂര്‍ ചോമാതിരി സൂര്യദേവനെ സ്മരിക്കുന്നുണ്ടു്.

ഇരിഞ്ഞാടപ്പള്ളി മാധവന്‍നമ്പൂരി

വിദ്യാമാധവനില്‍നിന്നു ഭിന്നനായ ഈ ആചാര്യനെ ʻസംഗമഗ്രാമമാധവന്‍ʼ എന്ന പേരില്‍ ആപ്തന്മാര്‍ വ്യവഹരിക്കുന്നു. ഇരിഞ്ഞാലക്കുട തെക്കേടത്തു വാരിയന്മാരില്‍ ഒരാളായിരുന്നു ഈ ദൈവജ്ഞന്‍ എന്നു ചിലര്‍ അഭ്യൂഹിക്കുന്നതു നിരാസ്പദമാണു്. സംഗമഗ്രാമമെന്നു് ഇരിഞ്ഞാലക്കുട ഗ്രാമത്തിന്നും പേരുണ്ടു്. ഇരിഞ്ഞാലക്കുട തീവണ്ടിയാപ്പീസിനുസമീപമുള്ള ഇരിഞ്ഞാടപ്പള്ളി ഇല്ലത്തിലെ ഒരംഗമായിരുന്നു സംഗമഗ്രാമമാധവന്‍ എന്നു് ഒരൈതിഹ്യമുള്ളതു വിശ്വസനീയമായി തോന്നുന്നു. വടശ്ശേരി പരമേശ്വരന്‍നമ്പൂരി താന്‍ കണ്ടുപിടിച്ച ദൃഗ്ഗണിത പദ്ധതി അദ്ദേഹത്തെ കാണിച്ചപ്പോള്‍ ഗണിതസ്കന്ധത്തില്‍ മാത്രം അതിനു പ്രവേശം നല്കിയാല്‍ മതി എന്നു് ആ പരിണതപ്രജ്ഞന്‍ അഭിപ്രായപ്പെട്ടുവത്രേ. അതു ശരിയാണെങ്കില്‍ വടശ്ശേരിക്കും മാനനീയനായ ഒരു ജ്യോതിര്‍വിത്തായിരുന്നു അദ്ദേഹം എന്നു വന്നുകൂടുന്നു. വടശ്ശേരിയെ അപേക്ഷിച്ചു ജ്യായാനായിരുന്നിരിക്കണം അദ്ദേഹം. വേണ്വാരോഹാദിഗ്രന്ഥങ്ങളുടെ പ്രണേതാവ് എന്ന നിലയില്‍ സ്ഫുടനിര്‍ണ്ണയകാരന്‍ അദ്ദേഹത്തെ സാദരം സ്മരിക്കുന്നുണ്ടു്. കേളല്ലൂര്‍ ചോമാതിരി ആര്യഭടീയ ഭാഷ്യത്തില്‍ തന്നെപ്പറ്റി ʻസമുദാഹൃതമാധവാദിഗണിതജ്ഞാ ചാര്യകൃതയുക്തിസമുദായേʼ എന്നു നിര്‍ദ്ദേശിച്ചു് അതിനു് ഉപോല്‍ബലകമായി ʻʻതദനന്തരം പുനസ്തദ്വിഷയം വസന്തതിലകം സംഗമഗ്രാമജമാധവനിര്‍മ്മിതം ച ശ്രുതം. യഥാ

ജീവേ പരസ്പരനിജേതരമൌര്‍വ്വികാഭ്യാ-
മന്യസ്യ വിസ്തൃതിഗുണേന വിഭജ്യമാനേ
അന്യോന്യയോഗവിരഹാനുഗുണേ ഭവേതാം
യദ്വാ സ്വലംബകൃതഭേദപദീകൃതേ ദ്വേˮ

എന്നും മറ്റുമുള്ള വചനങ്ങള്‍ ഉദ്ധരിക്കുന്നു. ʻജീവേ പരസ്പരʼ ന്യായത്തിന്റെ മൂലകര്‍ത്താവായിട്ടാണു് മാധവനു കേരളത്തില്‍ ഇന്നും പ്രസിദ്ധി എന്നും, പരിധിവ്യത്യാസം ഗ്രഹിക്കുവാന്‍ ഉതകുന്ന ശ്രേണിയുടെ ഉത്ഭവം കേരളത്തിലായിരുന്നു എന്നും പരിധിമാനത്തെ കേരളീയര്‍ അത്യന്തം സൂക്ഷ്മമായി നിര്‍ണ്ണയിച്ചിട്ടുണ്ടെന്നും അഭിജ്ഞന്മാര്‍ പറയുന്നു.

വേണ്വാരോഹം

അന്‍പത്തൊന്‍പതു ശ്ലോകങ്ങള്‍ കൊണ്ടു ക്രിയാക്രമം വിവരിക്കുന്ന ഒരു കൃതിയാണു് വേണ്വാരോഹം. അതിനു തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ നിദേശമനുസരിച്ചു ഗദ്യത്തില്‍ ഒരു ഭാഷാവ്യാഖ്യാനവും രചിച്ചിട്ടുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങള്‍ ഗ്രന്ഥാരംഭത്തില്‍ ഉള്ളവയാണു്:

ʻʻശ്രിയേ ഭവതു മേ ദേവശ്ശിവശ്ശീതാംശുശേഖരഃ
തഥൈവ തത്സുതോപ്യസ്തു വിഘ്നോ വിഘ്നോപശാന്തയേ.

അവിചാരകൃതം വാചാമചാതുര്യമപോഹതു
ജാഗ്രതീ രസനാഗ്രേ മേ ഗിരാമപ്യധിഗദേവതാ.

പ്രഭാകരാദയസ്സര്‍വ്വേ പ്രണതാന്തഃപ്രഭാകരാഃ
ദിവി ഗ്രാഹാഃ പ്രസീദന്തു ത്രിലോകാനന്ദിവിഗ്രഹാഃ.

വക്‍തും സംഖ്യാവിശേഷാംസ്തു വര്‍ഗ്ഗൈസ്തന്മാത്രസൂചകൈഃ
പദ്യാനി രചയേ ഭൂയാംസ്യദ്യ ജിഹ്രേമി നോ ഇഹ.

ബകളാധിഷ്ഠിതത്വേന വിഹാരോ യോ വിശിഷ്യതേ;
ഗൃഹനാമനി സോയം സ്യാന്നിജനാമനി മാധവഃ.ˮ

ഇവയില്‍ ഒടുവിലത്തെ ശ്ലോകം പിഷാരടി വ്യാഖ്യാനിച്ചിരിക്കുന്നതു് ഇങ്ങനെയാണു്: ʻʻയാതൊരു ഗൃഹം ബകുളാധിഷ്ഠിതത്വംകൊണ്ടു വിശേഷിക്കപ്പെടുന്നതു്...ബകുളം = ഇരഞ്ഞി; വിഹാരം = പള്ളി. ഇരഞ്ഞി നിന്ന പള്ളി എന്നു് ഇല്ലപ്പേര്‍. തന്റെ നാമത്തിങ്കല്‍ മാധവന്‍.ˮ ഇരഞ്ഞി നിന്ന പള്ളി അനന്തരകാലങ്ങളില്‍ ഇരിഞ്ഞാടപ്പള്ളിയായി രൂപാന്തരപ്പെട്ടിരിക്കാം. ഒടുവിലത്തെ ശ്ലോകത്തില്‍ ഗ്രന്ഥത്തിലേ ശ്ലോക സംഖ്യ കാണിച്ചിട്ടുണ്ടു്.

ʻʻശ്ലോകൈരേകോനഷഷ്ട്യേത്ഥമഭിധായ ക്രിയാക്രമം
ക്രമശസ്താനി സൂക്ഷ്മാണി വക്തും വാക്യാന്യുപക്രമേ.ˮ

വ്യാഖ്യാതാവിന്റെ ശ്ലോകമാണു് അടിയില്‍ ചേര്‍ക്കുന്നതു്:

ʻʻമാധവന്‍താന്‍ ചമച്ചുള്ള വേണ്വാരോഹത്തിനച്യുതന്‍
ഭാഷാവ്യാഖ്യാനമുണ്ടാക്കീ നേത്രനാരായണാജ്ഞയാ.ˮ

കേളല്ലൂര്‍ ചോമാതിരി ഉദ്ധരിയ്ക്കുന്ന വസന്തതിലകപദ്യം അടങ്ങിയ കൃതി മാധവന്റെ മറ്റൊരു വാങ്മയമായിരിക്കണമെന്നു തോന്നുന്നു.

വടശ്ശേരി പരമേശ്വരന്‍ നമ്പൂരി, ദേശകാലങ്ങള്‍

കേരളീയരായ ജ്യൗതിഷികന്മാരില്‍ ആലത്തൂര്‍ ഗ്രാമത്തില്‍പ്പെട്ട വടശ്ശേരി ഇല്ലത്തെ പരമേശ്വരന്‍ നമ്പൂരിയേക്കാള്‍ ധിഷണാശാലിയായ ഒരു പണ്ഡിതന്‍ ഒരു കാലത്തും ജീവിച്ചിരുന്നിട്ടില്ല. ʻʻനിളായാസ്സൗമ്യതീരേബ്ധേഃ കൂലസ്ഥഃ പരമേശ്വരഃˮ എന്നും ʻʻനിളാബ്ധ്യോസ്സംഗമാല്‍ സൗമ്യേസ്ഥിതേനˮ എന്നും അദ്ദേഹം തന്നെപ്പറ്റി പറഞ്ഞിട്ടുള്ളതില്‍ നിന്നു് അദ്ദേഹത്തിന്റെ ഇല്ലം ഭാരതപ്പുഴ സമുദ്രത്തില്‍ പതിക്കുന്ന സ്ഥലത്തിനു സമീപം ആ പുഴയുടെ വടക്കേക്കരയിലായിരുന്നു എന്നു നാം ധരിക്കുന്നു. പരഹിതഗണിതം ക്രി: പി: ഏഴാം ശതകത്തില്‍ തിരുനാവായില്‍ ഒരു മാമാങ്കമഹോത്സവത്തിലാണു് വ്യവസ്ഥാപനം ചെയ്തതു് എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ ഗണിതം കാലക്രമേണ അസ്ഫുടമായി കണ്ടുതുടങ്ങിയപ്പോള്‍ ദൃഗ്ഗണിതം ആവിര്‍ഭവിച്ചു. മുഞ്ജാലകന്‍, ശ്രീപതി മുതലായവര്‍ ഗ്രഹയോഗം, ഗ്രഹനക്ഷത്രയോഗം, ഗ്രഹണം മുതലായ പ്രത്യക്ഷാനുഭവങ്ങളെ ഗണിച്ചറിയുന്നതിനു ചില പുതിയ സംസ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. പരമേശ്വരന്‍ നമ്പൂരി അവരുടെ മാര്‍ഗ്ഗത്തില്‍ അകുതോഭയനായി സഞ്ചരിച്ചു കുജാദിഗ്രഹങ്ങള്‍ക്കെല്ലാം ആ രീതി അനുസരിച്ചു ഗണിതം ക്രമീകരിച്ചു പരലോകഹിതം പരഹിതവും ഇഹലോകഹിതം ദൃഗ്ഗണിതവുമാക്കി വ്യവസ്ഥ ചെയ്തു. തന്നിമിത്തം തിഥി, നക്ഷത്രം, മുഹൂര്‍ത്തം മുതലായവയുടെ കാര്യത്തില്‍ പരഹിതരീതിയും, ജാതകം ഗ്രഹമൗഢ്യം ഗ്രഹണം മുതലായവയുടെ കാര്യത്തില്‍ ദൃഗ്രീതിയും പ്രവര്‍ത്തിക്കുന്നു. ദൃഗ്ഗണിതത്തിലും സൂര്യനൊഴിച്ചു മറ്റുള്ള ഗ്രഹങ്ങളുടെ വിഷയത്തില്‍മാത്രമേ മൂലതത്വങ്ങള്‍ പരിഷ്കരിച്ചിട്ടുള്ളു. ʻʻകേരളത്തിലെ കാലഗണനപോലെ ശാസ്ത്രാനുസൃതമായ ഒരു സമ്പ്രദായം ഭൂലോകത്തില്‍ മറ്റൊരിടത്തും തന്നെയില്ലെന്നു പറയാംˮ എന്നു ജ്യോതിര്‍വ്വിത്തുകൂടിയായിരുന്ന പ്രൊഫസര്‍ രാജരാജവര്‍മ്മകോയിത്തമ്പുരാന്‍ ഒരവസരത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്. ʻഏവം ദൃഗ്ഗണിതേ ശാകേ ത്രിഷു വിശ്വമിതേ കൃതംʼ എന്നു ദൃഗ്ഗണിതത്തില്‍ രേഖയുള്ളതുകൊണ്ടു പരമേശ്വരാചാര്യന്റെ ദൃഗ്ഗണിതഗ്രന്ഥം കൊല്ലം 606-ല്‍ വിരചിതമായി എന്നു നാമറിയുന്നു. തന്നിമിത്തം കൊല്ലം 550-നും 625-നും ഇടയ്ക്കാണു് അദ്ദേഹം ജീവിച്ചിരുന്നതെന്നു് ഒരുവിധം തീര്‍ച്ചപ്പെടുത്തിപ്പറയാവുന്നതാണു്.

കൃതികള്‍

ജ്യോതിശ്ശാസ്ത്രസംബന്ധമായി അനവധി ഗ്രന്ഥങ്ങള്‍ ഈ ആചാര്യന്‍ നിര്‍മ്മിച്ചിട്ടുണ്ടു്. അവയില്‍ (1) സിദ്ധാന്ത ദീപിക (2) ഗോളദീപിക (3) കര്‍മ്മദീപിക (4) ദൃഗ്ഗണിതം (5) മുഹൂര്‍ത്തരത്നവ്യാഖ്യ (6) ലീലാവതീവ്യാഖ്യ (7) ലഘുഭാസ്കരീയവ്യഖ്യാ (8) ജാതകകര്‍മ്മപദ്ധതി (9) ജാതകപദ്ധതി (10) പ്രശ്നഷള്‍പഞ്ചാശികാവൃത്തി (11) സൂര്യസിദ്ധാന്തവിവരണം (12) ആചാരസംഗ്രഹം എന്നീ ഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ടു്. ആചാരസംഗ്രഹത്തെപ്പറ്റി മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇവ കൂടാതെ (1) ഗ്രഹണമണ്ഡനം (2) ഗ്രഹണാഷ്ടകം (3) വ്യതീപാതാഷ്ടകവൃത്തി എന്നീ മൂന്നു ഗ്രന്ഥങ്ങള്‍ കൂടി അദ്ദേഹത്തിന്റെ കൃതികളാകുവാന്‍ ന്യായമുണ്ടു്.

സിദ്ധാന്തദീപിക

ഇതു ഗോവിന്ദസ്വാമിയുടെ മഹാ ഭാസ്കരീയഭാഷ്യത്തിന്റെ വ്യാഖ്യാനമാണു്. ഒടുവില്‍, താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ ചില കൈയെഴുത്തുപ്രതികളില്‍ കാണുന്നുണ്ടു്.

ʻʻആചാര്യാര്യഭടോ കരോദ്വിധിമതം തന്ത്രം പുനര്‍ഭാസ്കരോ
വൃത്തിം തസ്യ ചവിസ്തരാല്‍ പുനരഥോ ഭാഷ്യഞ്ച തസ്യാസ്തഥാ;

ഗോവിന്ദോസ്യ ച ദൂരമേത്യ സുധിയാമര്‍ത്ഥസ്ത്വിദാനീമഥ
വ്യാഖ്യാ തസ്യ മയാ കൃതാ ലഘുതരാ രുദ്രപ്രസാദാദിതി.

നിളാബ്ധ്യോസ്സംഗമാല്‍ സൗമ്യേ ഭാഗേ യോജനസംസ്ഥിതേ
ഗ്രാമമധ്യേ പ്രസാരണ്യേ വസന്‍ വിഷ്ണുഃ പ്രസീദതു.

പരമേശ്വരരചിതായാം വ്യാഖ്യായാം ഭാസ്കരീയഭാഷ്യസ്യ
സിദ്ധാന്തദീപികായാമാസീല്‍ പൂര്‍ണ്ണോഷ്ടമോ ധ്യായഃˮ

ഇതിനു മഹാഭാസ്കരീയഭാഷ്യമെന്നും പേരുണ്ടു്. കേളല്ലൂര്‍ ചോമാതിരി അദ്ദേഹത്തിന്റെ ആര്യഭടീയഭാഷ്യത്തില്‍ സ്മരിക്കുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാകുന്നു സിദ്ധാന്തദീപിക. ʻʻഅശ്വത്ഥ ഗ്രാമ (ആലത്തൂര്‍) ജോ ഭാര്‍ഗ്ഗവഃ പരമേശ്വരഃ സിദ്ധാന്തദീപികായാം.....പ്രാഹˮ എന്നു് അദ്ദേഹം ഈ മഹാചാര്യനെ നാമനിര്‍ദ്ദേശം ചെയ്യുന്നു.

ഗോളദീപിക

302 ആര്യാപദ്യങ്ങളില്‍ നക്ഷത്രഗോളത്തേയും ഭൂമിയുടെ മാനം മുതലായ വിഷയങ്ങളേയും പറ്റി അത്യന്തം ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് ഗോളദീപിക. സിദ്ധാന്തദീപികയുടെ നിര്‍മ്മിതിക്കുമേലാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ രചനയെന്നു് ആചാര്യന്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ടു്.

ʻʻപരമാദിനോക്തമേവം സംക്ഷേപാദീശ്വരേണ ഗോളസ്യ
സംസ്ഥാനം ലഘുമതയേ വക്തവ്യം ചാന്യദസ്തി ഗോളഗതം.
യുക്തിഃ പ്രദര്‍ശിതാ പ്രാങ്മയാ മഹാഭാസ്കരീയഭാഷ്യസ്യ
സിദ്ധാന്തദീപികായാം വിവൃതൗ വക്ഷ്യേ തഥാപി ശങ്ക്വാദേഃˮ

എന്ന പദ്യങ്ങള്‍ നോക്കുക. പരമാദിയായ ഈശ്വരന്‍ എന്നാല്‍ പരമേശ്വരന്‍ എന്നര്‍ത്ഥം.

കര്‍മ്മദീപിക

ʻʻവ്യാഖ്യാനേ ഭാസ്കരീയസ്യ ഭാഷ്യസ്യ പ്രാക്‍ പ്രദര്‍ശിതാ
ഗുരുകര്‍മ്മോപപത്തിസ്തു സഗോളാ വിസ്തരാന്മയാ;
ക്രിയാമാത്രപ്രസിദ്ധ്യര്‍ത്ഥമധുനാ മന്ദചേതസാം
വ്യാഖ്യാല്പാ തസ്യ മൂലസ്യ ക്രിയതേ കര്‍മ്മദീപികാˮ

എന്നീ പദ്യങ്ങളില്‍നിന്നു പ്രസ്തുത കൃതി ആര്യഭടീയത്തിന്റെ ഒരു ലഘുവ്യാഖ്യയാണെന്നു കാണുന്നു. ഇതിനു ഭടദീപികയെന്നും പേരുണ്ടു്.

ʻʻതന്ത്രസ്യാര്യഭടീയസ്യ വ്യാഖ്യാല്പാ ക്രിയതേ മയാ
പരമാദീശ്വരാഖ്യേന നാമ്നാ തു ഭടദീപികാˮ

എന്ന പദ്യം ഇതിനു തെളിവാകുന്നു.

ദൃഗ്ഗണിതം

ദൃഗ്ഗണിതത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചുവല്ലോ. ആചാര്യന്റെ നാമധേയം അന്യാദൃശമായ മാഹാത്മ്യത്തോടുകൂടി പരിസ്ഫുരിക്കുന്നതു് ആ ഗ്രന്ഥത്തിന്റെ നിര്‍മ്മിതിനിമിത്തമാകുന്നു. ഇതു കണ്ടുകിട്ടീട്ടില്ല. പ്രാണകലാന്തര സംസ്കാരമാണു് അദ്ദേഹം ഗണിതപദ്ധതിയില്‍ വരുത്തീട്ടുള്ള പ്രധാനപരിഷ്കാരം. ʻʻപരമേശ്വരസ്തു രുദ്രപരമേശ്വരാത്മജനാരായണമാധവാദിഭ്യോ ഗോളവിദ്ഭ്യോ ഗണിതഗോളയുക്തീ രപി ബാല്യ ഏവ സമ്യഗ് ഗൃഹീത്വാ ദൃഗ്ഗണിതം കരണം ചകാരˮ എന്നു കേളല്ലൂര്‍ ചോമാതിരി ആര്യഭടീയഭാഷ്യത്തില്‍ പറയുന്നതില്‍നിന്നു ദൃഗ്ഗണിതകാരനു രുദ്രന്‍ എന്ന പ്രധാനാചാര്യനു പുറമേ പരമേശ്വരപുത്രനായ നാരായണന്‍, മാധവന്‍ (സംഗമഗ്രാമമാധവന്‍) മുതലായി ജ്യോതിശ്ശാസ്ത്രവിഷയത്തില്‍ വേറേയും ഗുരുക്കന്മാരുണ്ടായിരുന്നു എന്നു വിശദമാകുന്നു. രുദ്രന്‍ ഒരു വാരിയരായിരിക്കണം. വരാഹഹോരയ്ക്കു വിവരണമെന്ന വ്യാഖ്യാനം രചിച്ച രുദ്രനും പരമേശ്വരന്റെ ആചാര്യനും ഭിന്നന്മാരാകുന്നു. വിവരണകാരന്‍ കേളല്ലൂര്‍ ചോമാതിരിയുടെ സമകാലികനാണു്. പ്രസ്തുത ഗ്രന്ഥത്തിന്റെ നിര്‍മ്മിതിയ്ക്കുവേണ്ടി പരമേശ്വരന്‍നമ്പൂരി അന്‍പത്തഞ്ചു വര്‍ഷം ക്ലേശിച്ചു എന്നൊരു ഐതിഹ്യമുള്ളതു് അതിശയോക്തിപരമാണെന്നു പറയേണ്ടിയിരിക്കുന്നു.

മുഹൂര്‍ത്തരത്നവ്യാഖ്യ

ഇതു ഗോവിന്ദസ്വാമിയുടെ മുഹൂര്‍ത്തരത്നത്തിന്റെ വ്യാഖ്യാനമാണെന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടു്.

ലീലാവതീവ്യാഖ്യ

ഇതു ഭാസ്കരാചാര്യരുടെ ലീലാവതിക്കുള്ള ഒരു വ്യാഖ്യാനമാണു്.

ʻʻനിളായാസ്സാഗരസ്യാപി തീരസ്ഥഃ പരമേശ്വരഃ
വ്യാഖ്യാനമസ്മൈ ബാലായ ലീലാവത്യാഃ കരോമ്യഹം.ˮ

എന്നൊരു പദ്യം ആ ഗ്രന്ഥത്തിന്റെ ഉപക്രമത്തിലുണ്ടു്. ഈ പദ്യത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിനു് ʻʻപ്രണമ്യ പാര്‍വ്വതീപുത്രം ശ്രീരുദ്രഞ്ച കൃപാനിധിംˮ എന്നൊരു പാഠാന്തരവും കാണുന്നു. ഒടുവില്‍

ʻʻശ്രീമദ്രുദ്രസ്യ ശിഷ്യേണ ലീലാവത്യാഃ കൃതം മയാ
പരമേശ്വരനാമ്നൈവം വ്യാഖ്യാനം ഹരയേ നമഃˮ

എന്നും ഒരു പദ്യമുണ്ടു്.

ലഘുഭാസ്കരീയവ്യാഖ്യ

ഇതു പ്രഥമഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയത്തിനുള്ള ഒരു വ്യാഖ്യാനമാണെന്നു പേരു കൊണ്ടുതന്നെ മനസ്സിലാക്കാവുന്നതാണല്ലോ.

ʻʻഅര്‍ത്ഥോ യോ ഭാസ്കരീയസ്യ ശ്രുതോ ഗുരുമുഖാന്മയാ
അസ്മൈ സ മന്ദമതയേ സംക്ഷേപേണോപദിശ്യതേ.ˮ

എന്നും

ʻʻപരമേശ്വരേണ രചിതം വ്യാഖ്യാനം ഭാസ്കരോക്തശാസ്ത്രസ്യ
ഏതച്ചിരായ വിലസതു കരൗഘമിവ ഭൂതലേ ദിനകരസ്യ.ˮ

എന്നും രണ്ടു പദ്യങ്ങള്‍ ഈ ഗ്രന്ഥത്തില്‍ കാണ്മാനുണ്ടു്. ശങ്കര നാരായണീയമെന്ന പൂര്‍വ്വവ്യാഖ്യാനം അദ്ദേഹം സ്മരിയ്ക്കാത്തതു് അത്ഭുതമായിരിക്കുന്നു.

ജാതകകര്‍മ്മപദ്ധതിവ്യാഖ്യ

ജാതകകര്‍മ്മപദ്ധതി ശ്രീപതി എട്ടധ്യായങ്ങളില്‍ രചിച്ചിട്ടുള്ള ഒരു ജ്യോതിഷഗ്രന്ഥമാകുന്നു. അതിന്റെ വ്യാഖ്യാനമാണു് പരമേശ്വരന്റെ കൃതി.

ʻʻപരമേശ്വരനാമ്നൈവം കൃതം ജാതകപദ്ധതേഃ
വ്യാഖ്യാനം ശിഷ്യബോധാര്‍ത്ഥം ഭാര്‍ഗ്ഗവേണ സമാസതഃ.ˮ

ഇതു സൂര്യദേവയജ്വാവും വ്യാഖ്യാനിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണെന്നു നാം ധരിച്ചുകഴിഞ്ഞുവല്ലോ.

ജാതകപദ്ധതി

നാല്പത്തൊന്നു ശ്ലോകങ്ങളില്‍ ആചാര്യന്‍ രചിച്ചിട്ടുള്ള ഒരു സ്വതന്ത്രഗ്രന്ഥമാകുന്നു ജാതകപദ്ധതി.

ʻʻശ്രീവടശ്രേണിഭൂദേവൈഃ കൃതാ ജാതകപദ്ധതിഃ
ദിവ്യാം ഭാഷാം സമാശ്രിത്യ ലിഖ്യതേ ദേശഭാഷയാ.ˮ

എന്നു് അതിന്റെ ഭാഷാവ്യാഖ്യാനത്തില്‍ ഒരു ഉപക്രമപദ്യം കാണുന്നുണ്ടു്.

പ്രശ്നനഷ്ടപഞ്ചാശികാവൃത്തി

ഇതും പരമേശ്വരന്റെ ഒരു കൃതിതന്നെ. പാരമേശ്വരി എന്നാണു് ഇതിനു പേര്‍ പറയുന്നതു്. മൂലഗ്രന്ഥം രചിച്ചതു വരാഹമിഹിരന്റെ പുത്രനായ പൃഥുയശസ്സാകുന്നു.

സൂര്യസിദ്ധാന്തവിവരണം

ʻʻവ്യാഖ്യാതം ഭാസ്കരീയം ലഘു, തദനു മഹാ-
ഭാസ്കരീയം ച ഭാഷ്യം
പശ്ചാല്ലീലാവതീ ച ഗ്രഹഗതിവിഷയം
കിഞ്ചിദന്യച്ച യേനാ
സോയം ശ്രീരുദ്രശിഷ്യോ വദനജ ശിശവേ
സൂര്യസിദ്ധാന്തസംസ്ഥം
വക്ഷ്യത്യസ്പഷ്ടമര്‍ത്ഥം ഗണിതവിഷയഗം
കര്‍മ്മ തത്രൈവ ഹി സ്യാല്‍ˮ

എന്നും

ʻʻനിളാബ്ധ്യോസ്സംഗമാല്‍ സൗമ്യേ സ്ഥിതേന പരമാദിനാ
സിദ്ധാന്തം വിവൃതം സൗമ്യമീശ്വരേണേദമല്പശഃˮ

എന്നും ഉള്ള ശ്ലോകങ്ങള്‍ ഈ ഗ്രന്ഥത്തില്‍ കാണുന്നു.

ഗ്രഹണമണ്ഡനം, ഗ്രഹണാഷ്ടകം

ʻʻവിജ്ഞായ ലഘും തന്ത്രം ദുഷ്ട്വാ ഗോളസ്യ സംസ്ഥിതിം ബഹുശഃ
ഗണകാനാം സന്തോഷപ്രദം മയാ ഗ്രഹണമണ്ഡനം ക്രിയതേˮ

എന്നു് ഇവയില്‍ ആദ്യത്തെ കൃതിയിലും

ʻʻകാര്യോ ഗ്രഹേഷു ഗ്രഹണമണ്ഡനോക്തേഷ്വതഃ പരം
സംസ്കാരസ്തം ച വക്ഷ്യാമി തത്ര നോക്തം യതോ മയാˮ

എന്നു രണ്ടാമത്തേതിലും പ്രസ്താവിച്ചിരിക്കുന്നു. രണ്ടു കൃതികളുടെയും പ്രണേതാവു് ഒരാളാണെന്നു് ഇതില്‍നിന്നു വ്യക്തമാകുന്നു. അതു് ഒരു പരമേശ്വരനും തന്നെ. വടശ്ശേരി നമ്പൂരിയായിരിയ്ക്കണം.

ʻʻജയതി ജഗതോ ദിനേശഃ പ്രബോധകൃദ്യസ്യ ഭാനു സമ്പര്‍ക്കാല്‍
ശശിഭൃഗുജതാരകാദ്യാ ജ്യോതിര്‍ദ്ദീപ്താഃ പ്രദൃശ്യന്തേˮ

എന്ന ശ്ലോകംകൊണ്ടാണു് ഗ്രഹണമണ്ഡനം ആരംഭിക്കുന്നതു്.

ʻʻപരമേശ്വരേണ രചിതം നവാധികാശീതിസമ്മിതാര്യാഭിഃˮ എന്നു കവി തന്റെ നാമധേയം ഒടുവില്‍ ഘടിപ്പിക്കുന്നു. ആകെ ആര്യാവൃത്തത്തില്‍ എണ്പത്തൊന്‍പതു ശ്ലോകങ്ങളുണ്ടു്.

വ്യതീപാതാഷ്ടകവൃത്തി

ഈ ഗ്രന്ഥത്തില്‍ ആകെ അന്‍പതു ശ്ലോകങ്ങളുണ്ടു്. അവയെല്ലാം അനുഷ്ടുപ്പുവൃത്തത്തിലാണു് രചിച്ചിരിക്കുന്നതു്.

ʻʻപ്രണമ്യ ഭാസ്കരം ദേവം കരോതി പരമേശ്വരഃ
വ്യതീപാതാഷ്ടകസ്യാല്പാം വൃത്തിം ബാലപ്രബോധിനീംˮ

എന്ന ശ്ലോകം പ്രസ്തുത കൃതിയുടെ ആരംഭത്തില്‍ കാണുന്നു.

ഇത്രയും വിവരിച്ചതില്‍നിന്നു വടശ്ശേരി പരമേശ്വരന്‍ നമ്പൂരി ജ്യൗതിഷതന്ത്രത്തില്‍ എത്രമാത്രം ബഹുമുഖമായും വിദഗ്ദ്ധമായും പ്രവര്‍ത്തിച്ചിരുന്നു എന്ന് അനുവാചകന്മാര്‍ക്കു് ഗ്രഹിക്കാവുന്നതാകുന്നു. അദ്ദേഹത്തെപ്പറ്റി കൊല്ലം എട്ടാം ശതകത്തിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന മഴമംഗലം ശങ്കരന്‍ നമ്പൂരിയുടെ ബാലശങ്കരത്തില്‍നിന്നു് ഒരു വിവരംകൂടി കിട്ടുന്നുണ്ടു്. ʻʻപണ്ടു ദൃഗ്ഗണിതം ചമച്ച പരമേശ്വര വടശ്ശേരിക്കു പതിനാറു വയസ്സില്‍ തന്റെ അച്ഛന്‍ നടേ വേട്ട അമ്മ മരിച്ചു ദീക്ഷയുണ്ടായി. ആ ദീക്ഷ ഇടയില്‍ വിടുവാന്‍ മടിച്ചു പതിനെട്ടിലത്രേ ഗോദാനം ചെയ്തു. പരമേശ്വരന്‍ ആശ്വലായനന്‍ താനുംˮ എന്നാണു് അദ്ദേഹം രേഖപ്പെടുത്തീട്ടുള്ളതു്. ആ മഹാത്മാവിനെപ്പറ്റി അനന്തരകാലികന്മാര്‍ക്കു് എത്രമാത്രം മതിപ്പുണ്ടായിരുന്നു എന്നുള്ളതിനു രണ്ടുദാഹരണങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടു പുരോഗമനം ചെയ്യാം. വിവരണകാരനായ ഉഴുത്തിരവാരിയര്‍.

ʻʻസത്യജ്ഞാനപ്രദായേഷ്ടദേശകാലാവബോധിനേ
നമഃ ശ്രീഗുരവേ സാക്ഷാല്‍ പരമേശ്വരമൂര്‍ത്തയേˮ

എന്നു് അദ്ദേഹത്തെ വന്ദിക്കുന്നു. സിദ്ധാന്തദര്‍പ്പണകാരനായ കേളല്ലൂര്‍ ചോമാതിരി ʻʻതത്രാസ്മല്‍പരമഗുരുഃ പരമേശ്വരാചാര്യോ ഭാര്‍ഗ്ഗവോ ശ്വത്ഥഗ്രാമജോ മുന്യംശസപ്തമാംശോ വാപഞ്ചമാംശോ വേതി സംശയ്യ ബഹൂപരാഗദര്‍ശനേന പഞ്ചാം ശോനത്വം നിര്‍ണ്ണീയ സിദ്ധാന്തദീപികായാം ഗോവിന്ദഭാഷ്യ വ്യാഖ്യായാമവദല്‍ˮ എന്നു പറയുന്നു.

മുഹൂര്‍ത്താഭരണം

മുഹൂര്‍ത്താഭരണത്തിന്റെ കര്‍ത്താവു ദാമോദരന്‍ നമ്പൂരിയാണു്.

ʻʻയോഗക്ഷേമം നിഖിലജഗതാം കര്‍ത്തുമുച്ചൈര്‍മ്മഹേശഃ
പൂര്‍ണ്ണൈശ്വര്യോ വിലസതി യതസ്സ്വാനുഭാവം പ്രകാശ്യ
ചെല്ലൂരാഖ്യോ ജയതി സ പരം ഗ്രാമവര്യഃ പ്രസിദ്ധോ
വിപ്രേന്ദ്രാണാം പ്രഥിതയശസാമാശ്രയഃ ശ്രീനികേതഃ.

വിഷ്ണോഃ സ്ഥാനം ജയതി ഹി തതോ ദക്ഷിണസ്യാംദിശായാം
ശ്വേതാരണ്യാഹ്വയമിതി സദാ സര്‍വലോകോപകാരി
യച്ച പ്രാഹുഃ കൃതദശമുഖധ്വാന്തവിധ്വംസനാമ്ന-
സ്രൈലോക്യാം ഭോരുഹരുചികൃതോ ഭാസ്കരസ്യോദയാദ്രിം.

തസ്മാല്‍ പ്രാച്യാംദിശി പരിമിതേ യോജനേ സ്തിദ്വിജാനാം
ഗ്രാമോ യസ്മിന്‍ വസതി വിമലജ്ഞാനദായീ രമേശഃ
വിദ്യാം രക്ഷത്യപി മുനിവരോ വാക്‍പതിസ്സന്നിധാനാല്‍
ദൈവീം വാചം പ്രഥയിതുമനാ യത്ര വിപ്രോത്തമാനാം.

തസ്മിന്‍ ഗുരുപ്രശസ്തേ കതിപയഗോത്രോദ്ഭവേഷു വാഗ്ദേവീ
സാനുഗ്രഹാ ഭഗവതീ വശംവദാ ച പ്രവര്‍ത്തതേ നിത്യം.
തേഷാം വിദുഷാം മധ്യേ ഭാരദ്വാജാഖ്യഗോത്രജാതാ യേ,
അസ്തി ഹി തേഷാം സ്ഥാനം ജ്യോതിര്‍മ്മീമാംസകേഷു മുഖ്യാനാം.

ദൈവജ്ഞാനാമുത്തമസ്തത്ര ജാതോ
യജ്ഞാഖ്യോ ഭൂദ്വിപ്രവര്യോ മഹാത്മാ
ശ്രീമാന്‍ പുത്രോ ഭൂച്ച ʼʼദാമോദരാഖ്യോʼʼ
ലോകേ യസ്മാല്ലബ്ധവിദ്യാഃ പ്രസിദ്ധാഃ.

തദ്ഭ്രാതൃപുത്രോ ജഗതി പ്രസിദ്ധോ
ഗുണൈസ്സ്വകീയസ്യ പിതുസ്സമാനഃ
ജയത്യസൗ കേശവനാമധേയഃ
ശ്രുതിസ്മൃതിവ്യാകരണേഷ്വഭിജ്ഞഃ.

***


ആചാര്യാര്യഭടീയസൂത്രിതമഹാഗുഢോക്തിമുക്താവലീ-
മാലാലങ്കൃതയോ ജയന്തി വിമലാ വാചോ യദീയാശ്ശുഭാഃ
സൂക്ഷ്മാ യല്‍പ്രതിഭാ ച ഗുഢഗണിതം നിശ്ശേഷകാലക്രിയം
ഭൂഗോളം ഗ്രഹചക്രവാസ്തവമിദം വിശ്വം സ്ഫുടം പശ്യതി.

തസ്യാനുജശ്ശിഷ്യവരഃ പ്രസാദ-
മാശ്രിത്യ ദാമോദരനാമധേയഃ
മുഹൂര്‍ത്തശാസ്രാഭരണം ഗുണാഢ്യം
വിചിത്രവൃത്തം രുചിരം ചകാര.

***


ഇത്യുക്തവിധിവിധാനൈരധ്യായൈര്‍ന്നവഭിരിവ മഹാരത്നൈഃ
സുമുഹൂര്‍ത്താഭരണമിദം സുദൃശാം കണ്ഠേഷു ഭൂഷണം ഭൂയാല്‍.ˮ

ഈ ശ്ലോകങ്ങളില്‍നിന്നു ഗ്രന്ഥകാരന്റെ പൂര്‍വ്വപുരുഷനായി യജ്ഞന്‍ എന്നൊരു നമ്പൂരിയുണ്ടായിരുന്നു എന്നും, അദ്ദേഹത്തിന്റെ സഹോദരപുത്രനായി കേശവന്‍ എന്നൊരു മഹാപണ്ഡിതന്‍ ജീവിച്ചിരുന്നു എന്നും, അദ്ദേഹത്തിന്റെ അനുജനാണു് ഗ്രന്ഥകര്‍ത്താവെന്നും വെളിപ്പെടുന്നു. കേശവന്‍ കേരളത്തില്‍ പ്രചരിക്കുന്ന അനേകം ജാതകപദ്ധതികളില്‍ ഒന്നിന്റെ പ്രണേതാവാകുന്നു. അതില്‍ നാല്പതു ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനു ദിവാകരന്‍ എന്നൊരു ദൈവജ്ഞന്‍ പ്രൗഢമനോരമ എന്ന പേരില്‍ ഒരു വ്യാഖ്യാനം എഴുതീട്ടുള്ളതായും അറിവുണ്ടു്.

തൃപ്രങ്ങോടിനു സമീപമുള്ള ഒരു ഗ്രാമത്തിലാണു് ആ കുടുംബം സ്ഥിതി ചെയ്തിരുന്നതു് എങ്കിലും അതു തളിപ്പറമ്പു ഗ്രാമത്തില്‍ പെട്ടതായിരുന്നു എന്നും വെളിവാക്കുന്നു. മുഹൂര്‍ത്താഭരണവും മുഹൂര്‍ത്തരത്നാദിപോലെ മഴമംഗലം പ്രമാണമായി സ്വീകരിക്കുന്നുണ്ടു്. കേശവദൈവജ്ഞന്‍ കേരളത്തില്‍ പ്രചരിക്കുന്ന പല ജാതകപദ്ധതികളില്‍ ഒന്നിന്റെ പ്രണേതാവാണു്. അദ്ദേഹവും ദാമോദരന്റെ ജ്യേഷ്ഠനും ഒരാള്‍തന്നെയായിരിക്കുവാന്‍ ന്യായമുണ്ടു്. മുഹൂര്‍ത്താഭരണം വടശ്ശേരി പരമേശ്വരന്‍ നമ്പൂരിയുടെ പുത്രനായ ദാമോദരന്‍നമ്പൂരിയുടെ കൃതിയല്ല. ആ ഗ്രന്ഥത്തിന്റെ നിര്‍മ്മാതാവു ഭരദ്വാജഗോത്രജനും വടശ്ശേരി ഭാര്‍ഗ്ഗവഗോത്രജനുമാണു്. എന്നാല്‍ പരമേശ്വരന്റെ പുത്രനും ഒരു ജ്യോതിര്‍വിത്തായിരുന്നു എന്നുള്ളതിനു സ്ഫുട നിര്‍ണ്ണയതന്ത്രവിവൃതിയിലെ ʻʻപരമേശ്വരം സതനയംˮ എന്ന പംക്തി ജ്ഞാപകമാകുന്നു. അദ്ദേഹമാണു് കേളല്ലൂര്‍ ചോമാതിരിയുടെ ജ്യോതിശ്ശാസ്ത്രാചാര്യന്‍. ഏതു ഗ്രന്ഥമാണു് അദ്ദേഹം നിര്‍മ്മിച്ചതെന്നറിയുന്നില്ല.

നാരായാണന്‍നമ്പൂരി

മുഹൂര്‍ത്തദീപകം എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവാണു് നാരായണന്‍നമ്പൂരി. ആ ഗ്രന്ഥത്തില്‍ താഴെ ഉദ്ധരിക്കുന്ന പദ്യങ്ങള്‍ കാണുന്നു:

ʻʻഗജാസ്യഗോശിവഗുരൂന്‍ നത്വാ മൂര്‍ദ്ധ്നാ കരോമ്യഹം
മുഹൂര്‍ത്തദീപകം സ്വല്പം സ്വല്പബുദ്ധിഹിതായ വൈ.

***


ʻʻകശ്ചിദ്ദ്വിജോ ഗുണഖ്യാതകേശവാഖ്യദ്വിജാത്മജഃ
കാണ്വവസ്ത്വാഹ്വയഗ്രാമജന്മാ നാരായണാഹ്വയഃ
ഇത്ഥം മുഹൂര്‍ത്തദീപാഖ്യം മുഹൂര്‍ത്താഗമസാരജം
മുഹൂര്‍ത്തദര്‍ശനം പുണ്യം സജ്ജനൈഃ കൃതവാന്‍ ശ്രുതം.ˮ

ʻകാണ്വവസ്തുʼ എന്നതു ശങ്കരകവി സ്മരിക്കുന്ന തൃക്കണ്ണപുരമായിരിക്കാം. വടശ്ശേരി പരമേശ്വരന്‍നമ്പൂരിയുടെ ഗുരുക്കന്മാരില്‍ അന്യതമനെന്നു കേളല്ലൂര്‍ ചോമാതിരി പറയുന്ന നാരായണന്‍ പക്ഷേ ഇദ്ദേഹമായിരിക്കുവാന്‍ ഇടയുണ്ടു്. മുഹൂര്‍ത്തദീപകവും മഴമംഗലം സ്മരിക്കുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാകുന്നു.

പുതുമനച്ചോമാതിരി

കൊല്ലം ഏഴാംശതകത്തിന്റെ ആരംഭത്തില്‍ വടശ്ശേരി നമ്പൂരിയുടെ സമകാലികനായി ജീവിച്ചിരുന്ന മറ്റൊരു ദൈവജ്ഞനാണു് പുതുമനച്ചോമാതിരി. അദ്ദേഹത്തിന്റെ കൃതികളായി കരണപദ്ധതി, ജാതകാദേശമാര്‍ഗ്ഗം, ന്യായരത്നം, സ്മാര്‍ത്തപ്രായശ്ചിത്തം എന്നിങ്ങനെ നാലു ഗ്രന്ഥങ്ങള്‍ കിട്ടീട്ടുണ്ടു്. കരണപദ്ധതിയുടെ അവസാനത്തില്‍ താഴെ ഉദ്ധരിക്കുന്ന ശ്ലോകം കാണുന്നു:

ʻʻഇതി ശിവപുരനാമഗ്രാമജഃ കോപി യജ്വാ
കിമപി കരണപദ്ധത്യാഹ്വയം തന്ത്രരൂപം
വ്യധിത ഗണിതമേതല്‍; സമ്യഗാലോക്യ സന്തഃ
കഥിതമിഹ വിദന്തഃ സന്തു സന്തോഷവന്തഃ.ˮ

കരണപദ്ധതിക്കു് അജ്ഞാതനാമാവായ ഒരു പണ്ഡിതന്‍ ഒരു ഭാഷാവ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതില്‍

ʻʻനൂതനഗൃഹസോമസുതാ രചിതായാഃ കരണപദ്ധതേര്‍വിദുഷാ
ഭാഷാം വിലിഖതി കശ്ചിദ് ബാലാനാം ബോധനാര്‍ത്ഥമല്പധിയാംˮ

എന്നൊരു പ്രതിജ്ഞാപദ്യം കാണുന്നു. ഇവയില്‍നിന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രണേതാവു പുതുമനച്ചോമാതിരിയാണെന്നും അദ്ദേഹം ശിവപുരം ഗ്രാമക്കാരനാണെന്നും വിശദമാകുന്നു.

ʻʻനവീനവിപിനേ മഹീമഖഭുജാം മണിസ്സോമയാ-
ജ്യുദാരഗണകോത്ര യസ്സമഭവച്ച; തേനാമുനാ
വ്യലേഖി സുദൃഗുത്തമാ കരണപദ്ധതിസ്സംസ്കൃതാ
ത്രിപഞ്ചശിഖിഭൂമിതപ്രഥിതശാകസംവത്സരേˮ

എന്നു ഗോവിന്ദഭട്ടന്റെ ഗണിതസൂചികയിലുള്ള ഒരു പദ്യം വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാവു് അദ്ദേഹത്തിന്റെ കേരളീയ സംസ്കൃതസാഹിത്യചരിത്രത്തില്‍ ഉദ്ധരിച്ചിരിക്കുന്നു. ഗോവിന്ദഭട്ടന്റെ കാലഗണന ശരിയായിരിക്കണം. അങ്ങനെയാണെങ്കില്‍ കരണപദ്ധതിയുടെ നിര്‍മ്മിതി ശകാബ്ദം 1353-നു സമമായ കൊല്ലവര്‍ഷം 606-ല്‍ ആണെന്നു വന്നുകൂടുന്നു. ആ കൊല്ലത്തില്‍ത്തന്നെയാണു് വടശ്ശേരി നമ്പൂരി ദൃഗ്ഗണിതവും കണ്ടുപിടിച്ചതെന്നു നാം ധരിച്ചുവല്ലോ. ʻഗണിതമേതല്‍ സമ്യക്‍ʼ എന്ന വാക്യത്തില്‍ കലിദിനസൂചനയില്ല. ʻനൂതനഗൃഹംʼ പുതുമനയും ʻനവീനവിപിനംʼ പുതുവനവുമാണു്. പുതുമന പുതുവനമായി വിപരിണമിച്ചിരിയ്ക്കണം. അങ്ങനെ ആ രണ്ടു സംജ്ഞകളും ഒരേ ഇല്ലത്തേക്കു സിദ്ധിച്ചു. ഇന്നു സോമയാഗാധികാരികളായ നമ്പൂരിമാര്‍ തൃശ്ശിവപേരൂര്‍ ഗ്രാമത്തിലില്ലെന്നു ചിലര്‍ പറയുന്നതു് ശരിതന്നെ; എന്നാല്‍ ശിവപുരമെന്നു ചൊവ്വരം ഗ്രാമത്തിന്നും പേരുണ്ടെന്നും ചോമാതിരി ചൊവ്വരം ഗ്രാമക്കാരനായിരിക്കാമെന്നും നാം അതിന്നു പരിഹാരമായി കരുതിയാല്‍മതി. കരണപദ്ധതി പത്തദ്ധ്യായങ്ങളില്‍ രചിക്കപ്പെട്ടിരിക്കുന്നു. പ്രസ്തുത ഗ്രന്ഥത്തില്‍ ഗണിതപരിഷ്കാരത്തിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും ദൃക്കരണങ്ങളെക്കുറിച്ചുള്ള സൂചന കാണുന്നില്ല.

ʻʻഗണിതമിദമശേഷം യുക്തിയുക്തം പഠന്തോ
ഭുവി ഗണകജനാനാമഗ്രഗണ്യാ ഭവേയുഃ;
അപി ച ഗതിവിശേഷാല്‍ കാലതുല്യസ്യ വിഷ്ണോ-
സ്സുദൃശമനുഭവന്തോ യാന്തി തദ്ധാമ ശുദ്ധം.ˮ

എന്നൊരു ഫലശ്രുതിശ്ലോകവും ചേര്‍ത്തിരിക്കുന്നു. കരണപദ്ധതിയും ജാതകാദേശമാര്‍ഗ്ഗവും

ʻʻമദീയഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ
ഉദേതു സതതം സമ്യഗജ്ഞാനതിമിരാരുണഃˮ

എന്ന വന്ദനശ്ലോകംകൊണ്ടാണു് ആരംഭിക്കുന്നതു്.

ഗണേശാദീന്‍ നമസ്കൃത്യ മയാ ഗുരുമുഖാച്ഛ്റുതഃ
ജാതകാദേശമാര്‍ഗ്ഗോ യമവിസ്മര്‍ത്തും വിലിഖ്യതേˮ

എന്നു രണ്ടാമത്തെ ഗ്രന്ഥത്തില്‍ വിനയദ്യോതകമായ ഒരു വിജ്ഞാപനവുമുണ്ടു്. അവസാനത്തില്‍

ʻʻനവാലയവനാഖ്യോന ധീമതാ സോമയാജിനാ
കൃതം പ്രകരണം ഹ്യേതദ്ദൈവജ്ഞജനതുഷ്ടയേˮ

എന്നു് ഒരു കുറിപ്പു കാണ്മാനുണ്ടു്. ʻപുതുമനʼ എന്ന ഇല്ലപ്പേരു ശരിതന്നെയെന്നും മുറയ്ക്കു് അതിനെ ʻപുതുമനക്കാടു്ʼ എന്നാണു് പറയേണ്ടതെന്നും ഈ പദ്യത്തില്‍നിന്നു വ്യഞ്ജിക്കുന്നു.

ന്യായരത്നം

ന്യായരത്നവും ഒരു ഗണിതഗ്രന്ഥമാണു്. ʻമദീയഹൃദയാകാശേʼ എന്ന വന്ദനശ്ലോകംകൊണ്ടാണു് ഇതും ആരംഭിക്കുന്നതു്.

ʻʻനമസ്കൃത്യ ഗുരൂന്‍ ഭക്ത്യാ ഗണേശാദീന്‍ ഗ്രഹാനപി
ന്യായരത്നാഹ്വയം കിഞ്ചില്‍ ഗണിതം ക്രിയതേ മയാˮ

എന്നു് ആ ഗ്രന്ഥത്തില്‍ ആചാര്യന്‍ ചികീര്‍ഷിതപ്രതിജ്ഞ ചെയ്തിരിക്കുന്നു. അതില്‍ എട്ടധ്യായങ്ങള്‍ അടങ്ങീട്ടുണ്ടു്. ഗ്രന്ഥം ചെറുതാണു്.

ഈ മൂന്നു ഗ്രന്ഥങ്ങളില്‍നിന്നു പുതുമനച്ചോമാതിരിക്കു ഗണിതഭാഗത്തിലും ഫലഭാഗത്തിലും ഒന്നുപോലെ വൈദുഷ്യമുണ്ടായിരുന്നു എന്നു തെളിയുന്നുണ്ടല്ലോ. കരണപദ്ധതി കേരളത്തിലെ ഒരു പ്രമാണീഭൂതവും പ്രചുരപ്രചാരവുമായ ജ്യോതിഷഗ്രന്ഥമാകുന്നു. സ്മാര്‍ത്തപ്രായശ്ചിത്തത്തിനു ʻപുതുമനച്ചോമാതിരിയുടെ പ്രായശ്ചിത്തംʼ എന്നു തന്നെയാണു് പേര്‍ നല്കിക്കാണുന്നതു്. അതില്‍ വിവിധവൃത്തങ്ങളിലായി 173 സംസ്കൃതപദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിലും ʻമദീയ ഹൃദയാകാശേʼ എന്ന വന്ദനശ്ശോകമുണ്ടു്.

ʻʻഅഥാശ്വലായനം നത്വാ മുനിം കൗഷീതകം തഥാ
യല്‍കിഞ്ചില്‍ ബഹ്വൃചസ്മാര്‍ത്തപ്രായശ്ചിത്തം വിലിഖ്യതേˮ

എന്ന പദ്യത്തില്‍നിന്നു് അദ്ദേഹം ഋഗ്വേദികളെ പരാമര്‍ശിക്കുന്ന സ്മാര്‍ത്തപ്രായശ്ചിത്തത്തെപ്പറ്റി മാത്രമേ പ്രതിപാദിക്കുന്നുള്ളൂ എന്നു കാണാം.

ʻʻആലേപാദ്യനലാഹുതിശ്ച ഹവിഷോ
നിര്‍വാപ ആജ്യസ്യ വാ-
ഥാന്വാധേരപി ദേവതോക്തിരിതി താ-
ന്യുല്‍പത്തികര്‍മ്മാണ്യപി
കാര്യം സ്വിഷ്ടകൃതഃ പുരാഗ്നിമുഖത-
ശ്ചോര്‍ദ്ധ്വം പ്രധാനം മുഹൂ-
ര്‍ത്തോക്തം ചാവിധിനാ കൃതാനി സകലാ-
ന്യേതാനി ചാവര്‍ത്തയേല്‍.ˮ

എന്ന പദ്യത്തില്‍ വിഷയം ആരംഭിക്കുന്നു.

മാത്തൂര്‍ നമ്പൂരിപ്പാട്

കേരളീയരായ ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ മുഹൂര്‍ത്തപദവി എന്ന പേരില്‍ നാലോളം ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടു്. അവയില്‍ രണ്ടെണ്ണം കൊല്ലം എട്ടാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന മഴമംഗലം ശങ്കരന്‍ നമ്പൂരിക്കു മുമ്പും ശേഷം രണ്ടു പിന്നീടും ഉണ്ടായിട്ടുള്ളവയാണു്. മഴമംഗലം ബാലശങ്കരമെന്ന പേരില്‍ പ്രസിദ്ധമായ കാലദീപവ്യാഖ്യയില്‍, തന്റെ കാലത്തിനു മുമ്പു പ്രചരിച്ചിരുന്ന മുഹൂര്‍ത്ത

പദവികളെ നടേത്തെ മുഹൂര്‍ത്തപദവിയെന്നും രണ്ടാംമുഹൂര്‍ത്തപദവിയെന്നും വ്യവഹരിക്കുന്നു. രണ്ടാംമുഹൂര്‍ത്തപദവിയെ മുഹൂര്‍ത്ത പദവിയെന്ന പേരില്‍ത്തന്നെ പലപ്പോഴും സ്മരിക്കാറുമുണ്ടു്. ആദ്യത്തെ മുഹൂര്‍ത്തപദവി തലക്കുളത്തു ഭട്ടതിരിയുടേതെന്നാണു് പറഞ്ഞുവരുന്നതു്. അതു ശരിയാണോ എന്നു നിശ്ചയമില്ല. രണ്ടാം മുഹൂര്‍ത്തപദവിയുടെ പ്രണേതാവാണു് മാത്തൂര്‍ നമ്പൂരിപ്പാടു്. നാമധേയമെന്തെന്നറിയുന്നില്ല. അദ്ദേഹത്തിന്റെ ജനനസ്ഥലം കൊച്ചിയില്‍ ചേലക്കരയ്ക്കു സമീപം പാഞ്ഞാള്‍ എന്ന ദേശമാണെന്നും ആ കുടുംബപരമ്പര ഇപ്പോഴുമുണ്ടെന്നും അറിയുന്നു. സംസ്കൃതത്തില്‍ പാഞ്ഞാള്‍ പാഞ്ചാലഗ്രാമവും മാത്തൂര്‍ മഹാവാസ്തുപുരവുമായി രൂപം മാറുന്നു. ആ മുഹൂര്‍ത്ത പദവിതന്നെ രണ്ടു പാഠങ്ങളിലായി കണ്ടിട്ടുണ്ടു്. ഒന്നു്

ʻʻപ്രത്യൂഹപ്രണിഹന്താരം പ്രണിപത്യ ഗണാധിപം
മുഹൂര്‍ത്താവഗമേ മാര്‍ഗ്ഗമൃജും കര്‍ത്തും യതാമഹേˮ

എന്ന ശ്ലോകത്തോടുകൂടി ആരംഭിക്കുന്നു; അതാണു് മഴമംഗലത്തു ശങ്കരന്‍നമ്പൂരി വ്യാഖ്യാനിച്ചിട്ടുള്ളതും. അതില്‍ മംഗലാചരണമുള്‍പ്പെടെ മുപ്പത്താറു ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു. മറ്റേതിലെ പ്രഥമശ്ലോകം

ʻʻപ്രത്യൂഹപ്രണിഹന്തൃകിഞ്ചന മഹസ്സഞ്ചിന്ത്യ ഭാസാംനിധിം
ഭാനുഞ്ച ക്രിയതേ മുഹൂര്‍ത്തപദവീ സംക്ഷിപ്തശാസ്ത്രാന്തരാ
വര്‍ജ്ജ്യാവര്‍ജ്ജ്യവിവേകിനീ കൃതസദാചാരാനുസാരാ മയാ
സന്തുഷ്യന്തുതരാം ചിരായ സുധിയോ ദേവാഃ പ്രസീദന്തു നഃˮ

എന്നതാണു്. ഇവയില്‍ ആദ്യത്തെ പാഠമനുസരിച്ചാണു് മഴമംഗലത്തു ശങ്കരന്‍നമ്പൂരിയുടെ വ്യാഖ്യാനം; രണ്ടാമത്തെ പാഠത്തിന്റെ വ്യാഖ്യാതാവു് അര്‍വാചീനനാണു്. അതില്‍ നാല്പത്തിമൂന്നു ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

ʻʻത്രിചത്വാരിംശതാ പദ്യൈര്‍മ്മുഹൂര്‍ത്തപദവീമിമാം
പാഞ്ചാലഗ്രാമവാസ്തവ്യോ ദ്വിജഃ കശ്ചിദരീരചല്‍.ˮ

എന്നു് അതില്‍ ഒടുവില്‍ ഒരു ശ്ലോകം ഘടിപ്പിച്ചിട്ടുണ്ടു്. ഇതാണോ മൂന്നാം മുഹൂര്‍ത്തപദവി എന്നു നിശ്ചയമില്ല. ഇവ കൂടാതെ മുപ്പത്തിരണ്ടു ശ്ലോകങ്ങള്‍ മാത്രമടങ്ങിയ മറ്റൊരു മുഹൂര്‍ത്തപദവിയുമുണ്ടു്. അതിനെ നാലാം മുഹൂര്‍ത്തപദവി എന്നു പറയുന്നു.

മഴമംഗലം പ്രസ്തുത ഗ്രന്ഥം വ്യാഖ്യാനിച്ചിട്ടുള്ളതുകൊണ്ടു കൊല്ലം ഏഴാം ശതകത്തിന്റെ മധ്യത്തിലാണു് മാത്തൂരിന്റെ ജീവിതകാലം എന്നു് ഊഹിക്കാം. പഴയ മുഹൂര്‍ത്തപദവിയെ അദ്ദേഹം സംക്ഷേപിച്ചു മുപ്പത്തഞ്ചു ശ്ലോകങ്ങളില്‍ ആശയങ്ങള്‍ മുഴുവന്‍ അടക്കീട്ടുള്ളതു് ഏറ്റവും ആശ്ചര്യകരമായിരിക്കുന്നു.

ഈ മുഹൂര്‍ത്തപദവിയില്‍ മൂന്നു പരിച്ഛേദങ്ങളുണ്ടു്. പ്രഥമ പരിച്ഛേദത്തില്‍ നിത്യദോഷങ്ങളേയും ഷഡ്ദോഷങ്ങളേയും കര്‍ത്തൃദോഷങ്ങളേയും കര്‍മ്മങ്ങളുടെ കാലനിര്‍ണ്ണയത്തേയും പ്രതിപാദിക്കുന്നു. ദ്വിതീയപരിച്ഛേദത്തില്‍ ഷോഡശക്രിയകളുടെ മുഹൂര്‍ത്തങ്ങള്‍ നിര്‍ണ്ണയിക്കുകയും, തൃതീയ പരിച്ഛേദത്തില്‍ പ്രതിഷ്ഠ, ഗൃഹനിര്‍മ്മിതി, ഔഷധസേവ, യാത്ര, കൃഷി ഇവയ്ക്കുള്ള മുഹൂര്‍ത്തങ്ങള്‍ വിവരിക്കുകയും ചെയ്യുന്നു. പ്രസ്തുത ഗ്രന്ഥത്തിനു മുമ്പു സൂചിപ്പിച്ച മഴമംഗലത്തിന്റെ ബാലശങ്കരമെന്ന വിശിഷ്ടമായ ഭാഷാവ്യാഖ്യാനത്തിനു പുറമേ അജ്ഞാതനാമാവായ ഒരു പണ്ഡിതന്റെ മുഹൂര്‍ത്തസരണീദീപം എന്നൊരു ചെറിയ സംസ്കൃതടീകയും, പൊറയന്നൂര്‍ പരമേശ്വരന്‍ നമ്പൂരിപ്പാട്ടിലെ വരദീപിക എന്ന വിസ്തൃതമായ ഒരു സംസ്കൃത വ്യാഖ്യാനവും, ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ മുഹൂര്‍ത്തഭാഷയെന്ന ഭാഷാവ്യാഖ്യാനവുമുണ്ടു്.

ʻപ്രത്യൂഹപ്രണിഹന്താരംʼ എന്ന ശ്ലോകം വരദീപികാകാരന്‍ വ്യാഖ്യാനിക്കുമ്പോള്‍ ʻʻപഞ്ചസിദ്ധാന്ത—ഷട്സൂത്ര—മുഹൂര്‍ത്തരത്ന—മുഹൂര്‍ത്തദീപിക—വിധിരത്നസാരസമുച്ചയ—സര്‍വ്വസിദ്ധി—പഞ്ചാശികാ—കാലപ്രകാശികാ—ചാരദീപികാ—ചാരസംഗ്രഹ—മാധവീയ—മുഹൂര്‍ത്തപദവ്യാദിഷു മുഹൂര്‍ത്തശാസ്ത്രേഷുˮ എന്ന പംക്തിയില്‍ മുഹൂര്‍ത്തശാസ്ത്രപ്രതിപാദകങ്ങളായ പല പൂര്‍വ്വ ഗ്രന്ഥങ്ങളേയും സ്മരിച്ചു ʻʻബഹുവിസ്തരത്വാച്ച അര്‍ത്ഥദുര്‍ഗ്ഗമത്വാച്ച ഉത്സര്‍ഗ്ഗാപവാദബഹുളത്വാച്ച തത്തച്ഛാസ്ത്രേഷു തത്തദ്വിധവചനദര്‍ശനാച്ച അനനുസൃതസജ്ജനാചാരവചനദര്‍ശനാച്ച ഗ്രന്ഥ വിസ്തരഭീരൂണാമൂഹാപോഹാപടൂനാം മന്ദമതീനാം താനിശാ സ്ത്രാണ്യാലോച്യ സുമൂഹൂര്‍ത്തകാലജ്ഞാനസ്യ സുദുഷ്കരത്വാല്‍ˮ അവയെക്കൊണ്ടു പോരാത്തതിനാലാണു് ആചാര്യന്‍ നാതിസം ക്ഷേപവിസ്തരവും നാതിസംവൃതാര്‍ത്ഥവും നാതിഗഹനശബ്ദ ബഹുലവുമായ പുതിയ മുഹൂര്‍ത്തപദവി നിര്‍മ്മിച്ചതെന്നുപറയുന്നു. വരദീപികയുടെ രചന കൊല്ലം 990-ല്‍ ആണു്. മുഹൂര്‍ത്തസരണീദീപത്തില്‍

ʻʻമുഹൂര്‍ത്തസരണീദീപം സര്‍വ്വസംശയനാശനം
വ്യാഖ്യാനം ലിഖിതും യത്നം കരോമി ജനരഞ്ജനംˮ

എന്നൊരു ശ്ലോകം കാണുന്നു.

സങ്ഗ്രാമവിജയോദയം

ഇതു് ആര്യാവൃത്തത്തില്‍ ഇരുപത്തിനാലധ്യായങ്ങളില്‍ രചിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണു്.

കവി കേരളീയനായിരിക്കുവാന്‍ ന്യായമുണ്ടു്. കാലദേശങ്ങളേയോ നാമധേയത്തേയോ പറ്റി യാതൊരറിവും ലഭിക്കുന്നില്ല. ആദ്യത്തെ പതിനാറദ്ധ്യായങ്ങളില്‍ യുദ്ധവിജയകാംക്ഷിയായ രാജാവിനു നക്ഷത്രം, തിഥി, വാരം, യോഗം, ലഗ്നം, ഗ്രഹചാരം മുതലായവയുടെ സ്ഥിതിയില്‍നിന്നു വരാവുന്ന ശുഭാശുഭ ഫലങ്ങളെ നിരൂപണം ചെയ്യുന്നു. 17 മുതല്‍ 21 വരെയുള്ള അധ്യായങ്ങളില്‍ മന്ത്രം, യന്ത്രം, ഔഷധം മുതലായവകൊണ്ടു ശത്രുസൈന്യത്തിന്റെ വ്യാമോഹനം, സ്തംഭീകരണം, പ്രത്യുച്ചാടനം തുടങ്ങിയ വിജയപ്രകാരങ്ങള്‍ എങ്ങനെ സാധിക്കാമെന്നു നിര്‍ദ്ദേശിക്കുന്നു. ഒടുവിലത്തെ മൂന്നധ്യായങ്ങളില്‍ ധാരാലിപ്തകം തുടങ്ങിയ ശസ്ത്രങ്ങളുടെ നിര്‍മ്മിതിയും മറ്റുമാണു് പ്രതിപാദിച്ചിരിക്കുന്നതു്. പ്രഥമാധ്യായത്തില്‍ ആചാര്യന്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:

ʻʻജഗദേകഹേതുരീശോ ജഗാദ ജഗതോ ഹിതായ സര്‍വ്വജ്ഞഃ
ശാസ്ത്രമതിവിസ്തരാര്‍ത്ഥം യുദ്ധസ്യ ജയാര്‍ണ്ണവം നാമ.

വിഷ്ണുപിതാമഹഗിരിജാനന്ദീന്ദ്രകുമാരചന്ദ്രസൂര്യാദ്യൈഃ
ഗരുഡോരഗേന്ദ്രമുനിഭിഃ ശ്രുതം ച തച്ഛാസ്ത്രമീശാനാല്‍.

യുദ്ധജയാര്‍ണ്ണവശാസ്ത്രാദുദ്ധൃത്യ മനാക്‍ തതോ മയാര്യാഭിഃ
ക്രിയതേ ശാസ്ത്രം സാരം സംഗ്രാമജയോദയം നാമ.ˮ

ശ്രീപരമേശ്വരന്‍ യുദ്ധജയാര്‍ണ്ണവം എന്നൊരു ഗ്രന്ഥം നിര്‍മ്മിച്ചു എന്നും, ആ ഗ്രന്ഥം വിഷ്ണു, ബ്രഹ്മാവു, പാര്‍വ്വതീദേവി, നന്ദികേശ്വരന്‍, ദേവേന്ദ്രന്‍, സുബ്രഹ്മണ്യന്‍, ചന്ദ്രന്‍, സൂര്യന്‍, ഗരുഡന്‍, അനന്തന്‍, മഹര്‍ഷിമാര്‍ മുതലായവര്‍ കേട്ടു പഠിച്ചു എന്നും അതിന്റെ സാരം ഉദ്ധരിച്ചാണു സംഗ്രാമവിജയോദയം താന്‍ രചിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. സംഗ്രാമ ശബ്ദം കേട്ടു ഭ്രമിച്ചു പ്രസ്തുത കൃതി സംഗ്രാമധീരരവിവര്‍മ്മചക്രവര്‍ത്തിയുടെ കാലത്തു നിര്‍മ്മിച്ചതാണെന്നു പറയുന്നതു പ്രമാദമാകുന്നു. വരാഹഹോരയ്ക്കു വിവരണം എന്ന ടീക രചിച്ച ഉഴുത്തിരവാരിയര്‍ സംഗ്രാമവിജയോദയത്തില്‍നിന്നു ʻʻസാമ്നോഭൃഗ്വംഗിരസൗ ദണ്ഡാധീശൗ ദിവാകരോര്‍വീജൗˮ ഇത്യാദി ശ്ലോകം ഉദ്ധരിക്കുന്നുണ്ടു്. വാരിയര്‍ കൊല്ലം എട്ടാം ശതകത്തിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്നു.

രണദീപിക, കുമാരഗണകന്‍

യുദ്ധസംബന്ധമായ പല ഉപദേശങ്ങളും നല്കുന്ന മറ്റൊരു പ്രമാണഗ്രന്ഥമാകുന്നു രണദീപിക. ഈ ഗ്രന്ഥത്തില്‍ (1) നയവിവേകം (2) യാത്രാവിവേകം (3) ജയാജയവിവേകം (4) കാലവിവേകം (5) ശൂലചക്രാദിവിവേകം (6) പഞ്ചസ്വരവിവേകം (7) മൃഗവീര്യവിവേകം (8) ഭൂബലവിവേകം എന്നീ പേരുകളില്‍ എട്ടു് അധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദ്യന്തം ആനുഷ്ടുഭവൃത്തത്തിലാണു് പ്രസ്തുത നിബന്ധം രചിച്ചിരിക്കുന്നതു്. ഗ്രന്ഥകാരന്റെ പേര്‍ കുമാരനെന്നാണെന്നു്,

ʻʻകുമാരനാമധേയേന ഗണകേന മയാധുനാ
പ്രബോധനാര്‍ത്ഥം ബാലാനാം ക്രിയതേ രണദീപികാˮ

എന്നു് ആദ്യത്തിലും

ʻʻരാജല്‍കേരളരാജരാജമകുടീരാജീവദങ്ഘ്രിദ്വയ-
ശ്രീഗോവിന്ദമഹീസുരേന്ദ്രസഹജശ്രീദേവശര്‍മ്മാജ്ഞയാ
കൃത്വാസൗ രണദീപികാരചനയാ രാജ്ഞാം തമോധ്വംസനം
(ബ്രധ്നീ) യത്യധുനാ കുമാരഗണകഃ; സന്തഃ പ്രസീദന്ത്വതഃˮ

എന്നു് അവസാനത്തിലുമുള്ള പദ്യങ്ങളില്‍നിന്നു വെളിവാകുന്നു. രണ്ടാമത്തെ പദ്യത്തില്‍നിന്നു ഗ്രന്ഥകാരന്‍ രണദീപിക നിര്‍മ്മിച്ചതു ഗോവിന്ദന്‍ എന്ന ബ്രാഹ്മണന്റെ അനുജനായ ദേവശര്‍മ്മാവിന്റെ ആജ്ഞയനുസരിച്ചാണെന്നും ഗ്രഹിക്കാവുന്നതാണു്. ആ പദ്യത്തിലെ പ്രഥമപാദത്തില്‍ കവി സ്മരിക്കുന്ന കേരളരാജരാജന്‍ ഏതോ ഒരു കൊച്ചി മഹാരാജാവാണെന്നു് എനിക്കു തോന്നുന്നു. ഗോവിന്ദന്‍ പക്ഷേ അന്നത്തെ ഇടപ്പള്ളി വലിയ തമ്പുരാനായിരിക്കാം. രണദീപിക മൂന്നാമധ്യായത്തില്‍ ഗ്രന്ഥകാരന്‍ ജ്യോതിര്‍വിത്തായ ഒരു മാധവനെപ്പറ്റി പ്രസ്താവിക്കുന്നുണ്ടു്. അതു വിദ്യാമാധവനാണെന്നു സങ്കല്പിച്ചാലും കുമാരന്‍ പതിന്നാലാംശതകത്തിന്റെ ഒടുവിലോ പതിനഞ്ചാം ശതകത്തിലോ ജീവിച്ചിരുന്നിരിക്കുവാനേ മാര്‍ഗ്ഗമുള്ളൂ. അതു കൊണ്ടു മുന്‍പു നിര്‍ദ്ദേശിച്ച രാജരാജന്‍ ഒരു ചേരമാന്‍ പെരുമാളല്ലെന്നു തീര്‍ച്ചപ്പെടുത്താവുന്നതാണു്. ʻഗണകന്‍ʼ എന്ന ബിരുദംകൊണ്ടു കവി ജാത്യാ ഒരു ഗണകനായിരുന്നിരിക്കണമെന്നില്ല. ʻഉദാരഗണകഃʼ എന്നു പുതുമനച്ചോമാതിരിയെപ്പറ്റിത്തന്നെ വര്‍ണ്ണിച്ചുകാണുന്നുണ്ടല്ലോ. ഏതു ജോതിശ്ശാസ്ത്രജ്ഞനും ആ ബിരുദം സ്വനാമധേയത്തോടുകൂടി ഘടിപ്പിക്കാവുന്നതാണു്. കുമാരഗണകന്‍ ഒരു വലിയ ദൈവജ്ഞനായിരുന്നതിനുപുറമേ അര്‍ത്ഥശാസ്ത്രം, സ്വരാഗമം, പക്ഷിവിദ്യ മുതലായ പല ശാസ്ത്രങ്ങളിലും നിഷ്ണാതനായിരുന്നു എന്നു ഗ്രന്ഥത്തില്‍ നിന്നു വിശദമാകുന്നു. അദ്ദേഹം സ്വതന്ത്രചിന്തകനായിരുന്നു എന്നുള്ളതിനും അതില്‍ തെളിവുണ്ടു്:

ʻʻവദന്തു ബഹുധാ കാമം മുനീന്ദ്രാശ്ശുദ്ധമാനസാഃ;
അഹം സത്യം പ്രവക്ഷ്യാമി യുക്ത്യാ പരമസാരയാ.
ഗ്രാമേ നിവാസിനാം യദ്വച്ഛൂദ്രാദീനാമനന്തരം
ഭാഗിനേയാന്‍ പരിത്യജ്യ പുത്രോ ഭോക്താ ഭവിഷ്യതി,

തദ്വല്‍ സംസര്‍ഗ്ഗമാത്രേണ ഹീനോപ്യുത്തമതാം വ്രജേല്‍;
രജതം സ്വര്‍ണ്ണസമ്പര്‍ക്കാദ്വ്രജത്യേവ സുവര്‍ണ്ണതാം.

ജാതിവര്‍ണ്ണകലാദീനാം ക്ഷയവൃദ്ധീ ഭവിഷ്യതഃ;
മേരുമാശ്രിത്യ സൗവര്‍ണ്ണാ ഭവന്തി കില വായസാഃ.

തസ്മാദസ്മിന്‍ കേരളാഖ്യേ മഹീദേവമഹീതലേ
ശുദ്രാദിഭിരപി ജ്ഞേയം ജന്മദസ്യ ബലാബലം.ˮ

എന്നീ പദ്യങ്ങള്‍ പരിശോധിക്കുക. കൊല്ലം 825-ല്‍ ഇടയ്ക്കാട്ടു നമ്പൂരിയുടെ പ്രശ്നമാര്‍ഗ്ഗത്തില്‍ രണദീപികയെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിച്ചിരിക്കുന്നു എന്നുള്ളതു

ʻʻതല്‍ക്കാലം സൂര്യശീതാംശുശ്രിതരാശിവശാദപി
ജയഭംഗാദികം വാച്യം തഥാ ച രണദീപികാ.ˮ

എന്ന പദ്യത്തില്‍നിന്നു വെളിപ്പെടുന്നു.

രവിനമ്പൂരി

കേളല്ലൂര്‍ ചോമാതിരിയുടെ ഗുരുക്കന്മാരില്‍ അന്യതമനാണു് രവിനമ്പൂരി. അദ്ദേഹം ജ്യോതിശ്ശാസ്ത്രത്തിലും വേദാന്തത്തിലും പണ്ഡിതനായിരുന്നു. അദ്ദേഹത്തോടു ചോമാതിരി രണ്ടു ശാസ്ത്രങ്ങളും അഭ്യസിക്കുകയുണ്ടായി. ʻʻരവിത ആത്തവേദാന്തശാസ്ത്രേണˮ എന്നു് ആര്യഭടീയഭാഷ്യത്തിലും

ʻʻശ്രീമദ്ദാമോദരം നത്വാ ഭഗവന്തം രവിം തഥാ
തല്‍പ്രസാദാന്മയാ ലബ്ധം ജ്യോതിശ്ചരിതമുച്യതേ.ˮ

എന്നു സിദ്ധാന്തദര്‍പ്പണത്തിലും അദ്ദേഹം ഈ ആചാര്യനെ സബഹുമാനം സ്മരിയ്ക്കുന്നു. ജ്യോതിഷത്തില്‍ രവി ആചാരദീപിക എന്നൊരു ഗ്രന്ഥെ രചിച്ചിട്ടുണ്ടു്. ആചാരദീപിക മുഹൂര്‍ത്താഷ്ടകത്തിന്റെ വൃത്തിയാകുന്നു.

ʻʻജ്യോതിര്‍മ്മയം ശിവം നത്വാ വൃത്തിരാചാരദീപികാ
പദ്യൈര്‍മുഹൂര്‍ത്താഷ്ടകസ്യ ക്രിയതേല്പീയസീ മയാˮ

എന്ന പദ്യം നോക്കുക.

ദേശമംഗലത്തു് ഉഴുത്തിരവാരിയര്‍

വരാഹമിഹിരന്റെ ഹോര ഇരുപത്താറധ്യായങ്ങള്‍ക്കും സവിസ്തരമായുള്ള ഒരു വ്യാഖ്യാനമാണു് ഉഴുത്തിരവാരിയരുടെ വിവരണം. ʻരുദ്രന്‍ʼ എന്ന പദത്തിന്റെ തത്ഭവമാണു് ഉഴുത്തിരന്‍. വ്യാഖ്യാനത്തിന്റെ ആരംഭത്തില്‍ വാരിയര്‍ ഗണപതിയേയും ശ്രീപരമേശ്വരനേയും ബ്രാഹ്മണരേയും താഴെക്കാണുന്ന പദ്യങ്ങളില്‍ വന്ദിക്കുന്നു:

ʻʻജയതി ഭഗവാന്‍ ഗജാസ്യോ യല്‍കര്‍ണ്ണവ്യജനമാരുതാ ഭജതാം
യാന്തോ വ്യസനാനി ഹരന്ത്യായാന്തശ്ചാര്‍പ്പയന്ത്യഭീഷ്ടാനി.ˮ

ʻʻസത്യജ്ഞാനപ്രദായേഷ്ടദേശകാലപ്രബോധിനേ
നമഃ ശ്രീഗുരവേ സാക്ഷാല്‍ പരമേശ്വരമൂര്‍ത്തയേ.ˮ

ʻʻയേഷാമാത്മനി ഗര്‍ഭസംസ്കൃതിമുഖൈര്‍മ്മൗഞ്ജീ നിബന്ധാന്തിമൈഃ
പൂതൈഃ കര്‍മ്മഭിരത്ര ഭാതി വിധിവദ്ബ്രഹ്മപ്രതിഷ്ഠാപിതം,
ശ്രൌതസ്മാര്‍ത്തസമസ്തകര്‍മ്മസതതാനുഷ്ഠാനനിഷ്ഠാത്മന-
സ്താനേതാന്‍ പ്രണമാമി ഭൂമിവിബുധാനിഷ്ടാര്‍ത്ഥകല്പദ്രുമാന്‍.ˮ

രണ്ടാമത്തെ ശ്ലോകത്തില്‍ ദൃഗ്ഗണിതക്കാരനെക്കൂടി ഗ്രന്ഥകാരന്‍ അഭിവാദനം ചെയ്യുന്നതായി വിചാരിക്കാമെന്നു മുമ്പു സൂചിപ്പിച്ചുവല്ലോ. ʻശ്രീഗുരവേʼ എന്ന വിശേഷണം ആചാര്യന്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ദൃഗ്ഗണിതകാരന്റെ അന്തേവാസിയായിരുന്നു അദ്ദേഹമെന്നു തോന്നുന്നില്ല. അതെന്തെന്നാല്‍ ഗ്രന്ഥത്തിന്റെ അവസാനത്തില്‍

ʻʻഭദ്രാഗീര്‍ന്നിധൃതാദ്യഹ്നി മകരേര്‍ക്കബുധോദയേ
ഇദം ഹോരാവിവരണം രുദ്രേണ സുസമാപിതം.ˮ

എന്നൊരു പദ്യം കാണുന്നു. കലിദിനസൂചകമായ പ്രസ്തുത പദ്യത്തിന്റെ പ്രഥമപാദത്തില്‍നിന്നു കൊല്ലം 702-ആമാണ്ടിടയ്ക്കാണു് ഗ്രന്ഥരചന സമാപ്തമായതു് എന്നു് അറിയുവാന്‍ ഇടവരുന്നു.

ഈ രുദ്രന്‍ ദേശമംഗലത്തു വാരിയന്മാരില്‍ ഒരാളായിരുന്നു എന്നും കൂടല്ലൂര്‍ മനയ്ക്കല്‍ ചെന്നു വ്യാകരണം പഠിച്ചു വിവിധ ശാസ്ത്രങ്ങളില്‍ നിഷ്ണാതനായിത്തീര്‍ന്നു എന്നും ഐതിഹ്യമുണ്ടു്. ആ മനയ്ക്കലെ മഹന്‍മൂസ്സതും വാരിയരും സതീര്‍ത്ഥ്യന്മാരായിരുന്നു എന്നും,

ʻʻകൃത്വാ രുക്മിസഹോദരീകമിതരി പ്രാവണ്യപൂതം മന-
സ്തദ്വിഭ്രമ്യ ഗിരാ വരാഹമിഹിരോക്തേരര്‍ത്ഥനാമിശ്രയാ
സത്സ്വീകൃത്യനുവിദ്ധമാഗമികതാപ്രാണം സുധീന്ദ്രപ്രിയാ-
യാര്‍ത്ഥം വ്യാകൃഷി വാസ്തവജ്ഞസദനേ നന്വല്പയാഹംധിയാ.ˮ

എന്ന വ്യാഖ്യാനാന്തത്തിലെ ശ്ലോകം അതിനു തെളിവാണെന്നും ചില പണ്ഡിതന്മാര്‍ പറയുന്നു. സുധീന്ദ്രപ്രിയനായ ആ നമ്പൂരിപ്പാട്ടിലെ അഭ്യര്‍ത്ഥന അനുസരിച്ചു വാസ്തവജ്ഞസദനത്തില്‍വച്ചു വാരിയര്‍ വിവരണം രചിച്ചു എന്നു് ഈ ശ്ലോകത്തിനു് ഒരുവിധം അര്‍ത്ഥകല്പന ചെയ്യാം. വാസ്തവജ്ഞസദനം നേരറിയുന്നവരുടെ മന, അതായതു് നാറേരി ഇല്ലമാണെന്നുകൂടി പറയാമോ? അതു പ്രയാസം തന്നെ. മാഘന്റെ ശിശുപാലവധത്തിനു ബാലബോധിക എന്ന വ്യാഖ്യാനം രചിച്ച ദേശമംഗലത്തു ശ്രീകണ്ഠവാരിയര്‍ തന്റെ കുടുംബത്തില്‍ തനിക്കു മുമ്പു് ഒരു രുദ്രനും മൂന്നു ശ്രീകണ്ഠന്മാരുമുണ്ടായിരുന്നതായി പ്രസ്താവിക്കുന്നു. ആ ഭാഗം ഇവിടെ ഉദ്ധരിക്കാം:

ʻʻപാരേദക്ഷിണഗംഗമസ്തി മഹിതസ്സ്വസ്തിപ്രദോ ദേഹിനാം
ദേശഃ കോപി ശശാങ്കചൂഡരമണീസാന്നിധ്യനിത്യോത്സവഃ
വൈതാനാഗ്നിവിലോലധൂമപടലീസൗഗന്ധ്യനൈരന്തരീ-
മംഗല്യോ ജയസിംഹമംഗല ഇതി ക്ഷോണീസുരൈരര്‍ച്ചിതഃ.

വിദ്യതേ തത്ര സാഹിത്യവിദ്യാഭ്യാസഖളൂരികാ
വിശ്വപാരശവേന്ദ്രസ്യ വിശ്രുതം ഭവനോത്തമം.

പാരമ്പര്യേണ ജായന്തേ യേ തത്ര സുകൃതോദയാല്‍
ആചാര്യാ ഏവ തേ സര്‍വ്വേ കേരളക്ഷ്മാഭുജാം നൃണാം.

രുദ്രാഭിധാനാ തത്രാസീദ് ഭാരത്യാഃ പുരുഷാകൃതിഃ
പരക്രോഡസ്ഥലാക്രീഡരുദ്രതാദാത്മ്യമുദ്രിതാ.

ആപഞ്ചാശല്‍ സമാസ്സോയം ശ്രീപഞ്ചാക്ഷരജീവനം
ചകാരാസേവ്യ സാഹിത്യവിദ്യാം സ്വകുലവര്‍ത്തിനീം.

പരസ്പരോപമൗ ശാന്തൗ തദ്വംശേ സാര്‍വ്വലൗകികൗ
ശ്രീകണ്ഠാഖ്യാവുഭൗ ജാതൗ സാഹിത്യൈകപരായണൗ.

അഥാത്മനാ സൂസംവൃദ്ധം ദേവശ്ചന്ദ്രാര്‍ദ്ധശേഖരഃ
ശ്രീപരക്രോഡവാസ്തവ്യസ്തല്‍കുലം വീക്ഷ്യ ഹൃഷ്ടവാന്‍.

സ തത്ര ജന്മലാഭായ കതുകീ പരമേശ്വരഃ
ശ്രീകണ്ഠാല്‍ പിതൃതുല്യാംഗോ ദ്വിതീയാദുദഭൂല്‍ സ്വയം.

സ ബാല്യാല്‍ പ്രഭൃതി ശ്രീമാന്‍ സാഹിത്യസുരപാദപഃ
അതിഗംഭീരവാഗ്ഗുംഭസുഭഗംഭാവുകോ ബഭൗ.

ശ്രീകണ്ഠാഖ്യ ഇതി സ്പഷ്ടനിജാവിര്‍ഭാവകൗതുകഃ
അസൂത ജഗതാം ഭൂത്യൈ ശിഷ്യകല്പദ്രുമാനസൗ.

ജ്ഞാനേന വാചാ വയസാ പ്രവൃദ്ധത്വമുപേയിവാന്‍
സോഭജല്‍ പലിതാഭോഗം പുണ്യാങ്കുരമിവോദിതം.

യഥാ യഥാ വയോ ജാതം തസ്യ ജ്ഞാനഗരീയസഃ
തഥാ തഥാ സമായാതാ സ്വച്ഛതാ മനസസ്തനോഃ.
ശീതളീകൃതചിത്തസ്യ ശ്രീകോലൂരഗിരീന്ദ്രജാ
പ്രവിവേശാന്തരാത്മാനം ശിവസ്യേവാസ്യ നിര്‍വൃതാ.

ജയസിംഹാദിമംഗല്യവാസ്തവ്യഃ ശ്രീമഹേശ്വരഃ
അനേന സൗഹൃദമധാല്‍ പരക്രോഡേശ്വരേച്ഛയാ.

സദാശിവപദാംഭോജഭക്തിഭാരരസായനം
മൂര്‍ദ്ധ്നാ വഹന്നസാവുച്ചൈരാനതോ.....

അംഗസ്യാംഗസ്യ തസ്യാസ്യ സ്മാരംസ്മാരം കുതൂഹലീ
കിന്നു വക്ഷ്യേ തതോ ജാതഃ തന്നാമാഹം സതാം മതഃ.

ഗുരോരനന്തരം സോഹം കാരുണ്യേനാസ്യ ഭൂയസാ
ബാലകോപി പ്രയത്നേന കുലവിദ്യാമുദൂഢവാന്‍.

മനുസ്കാരാംബുജസ്ഥാസ്നുഗുരുഭൂതനിയോഗതഃ-
അഹം പുനര്യാജ്യശിക്ഷാദക്ഷോ ദേശികതാമഗാം.

ഗുരോര്‍ന്നിയോഗാദ്യാജ്യാനാം ശശ്വല്‍ പ്രാര്‍ത്ഥനയാപി ച
ചതുഷ്ടയാദിഗ്രന്ഥാനാം വ്യാഖ്യാ ബഹ്വ്യഃ കൃതാ മയാ.

സോഹം മാഘകവേഃ കാവ്യപാരാവാരം തിതീര്‍ഷയാ
വിതനോമി സുവിസ്തീര്‍ണ്ണാം വ്യാഖ്യാനൗകാം വിചക്ഷണഃ.ˮ

ഒടുവില്‍ ʻʻഇതി ശ്രീകണ്ഠാചാര്യശിഷ്യേണ ശ്രീകണ്ഠേന വിരചിതേˮ എന്നൊരു കുറിപ്പും കാണുന്നുണ്ടു്. ദേശ(ജയസിംഹ) മംഗലത്തു വാര്യന്മാര്‍ സാമൂതിരിക്കോവിലകത്തെ ആചാര്യന്മാരാണെന്നും മാഘവ്യാഖ്യാകാരന്റെ മൂന്നു പൂര്‍വന്മാരും ശ്രീകണ്ഠാഭിധന്മാരായിരുന്നു എന്നും ആ വാരിയത്തില്‍ ആദ്യത്തെ പണ്ഡിതശ്രേഷ്ഠന്‍ ഒരു ഉഴുത്തിരവാരിയരായിരുന്നു എന്നും അദ്ദേഹം അന്‍പതു വയസ്സുവരെ ജീവിച്ചിരുന്നു എന്നും അവരെല്ലാവരും സാഹിത്യത്തില്‍ വിചക്ഷണന്മാരായിരുന്നു എന്നും തൃപ്പറങ്ങോട്ടു ശിവന്‍ അവരുടെ കുലദേവതയായിരുന്നു എന്നും മാഘവ്യാഖ്യാകാരന്റെ പിതാവു വാര്‍ദ്ധക്യത്തിലാണു് മരിച്ചതു് എന്നും മറ്റും നാം ഈ ശ്ലോകങ്ങളില്‍നിന്നു ധരിയ്ക്കുന്നു. വിവരണകാരനെയല്ല ശ്രീകണ്ഠന്‍ ഇവിടെ സ്മരിക്കുന്നതു്. ആണെങ്കില്‍ അദ്ദേഹം ഒരു ജ്യോതിര്‍വിത്തെന്നു പറയാതെയിരിക്കുകയില്ലല്ലോ.

വിവരണകാരനു വ്യാകരണം, മീമാംസ, യോഗം, മുതലായി പല ശാസ്ത്രങ്ങളിലും പ്രശംസനീയമായ പാണ്ഡിത്യമുണ്ടായിരുന്നു എന്നുള്ളതിനു് ആ ഗ്രന്ഥത്തില്‍ത്തന്നെ ധാരാളം ലക്ഷ്യമുണ്ടു്. കല്യാണവര്‍മ്മാവിന്റെ സാരാവലി, കൃഷ്ണീയം, സ്വല്പജാതകം, പരാശരഹോര, മഹായാത്ര മുതലായി പല ജ്യോതിഷഗ്രന്ഥങ്ങളില്‍നിന്നും, ഗാര്‍ഗ്ഗി, ഭട്ടോല്‍പലന്‍, ശ്രീപതി, ബാദരായണന്‍, യവനേശ്വരന്‍, ജീവശര്‍മ്മാ, വിദ്യാമാധവന്‍, മണിമന്ഥന്‍, സത്യന്‍ തുടങ്ങിയ പൂര്‍വസൂരികളുടെ കൃതികളില്‍നിന്നും അദ്ദേഹം പ്രമാണങ്ങള്‍ ഉദ്ധരിക്കുന്നു. കൃഷ്ണീയത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടു്.

അഷ്ടമംഗലപ്രശ്നം

ഈ ഗ്രന്ഥവും ഉഴുത്തീരവാരിയരുടെ കൃതിയാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ ʻജയന്തി ഭഗവാന്‍ ഗജാസ്യോʼ ʻസത്യജ്ഞാനപ്രദായേഷ്ടʼ ʻയേഷാമാത്മനിʼ ഇത്യാദി ശ്ലോകങ്ങള്‍ അതിന്റെ ആരംഭത്തിലും കാണ്‍മാനുണ്ട്.

ʻʻവിധാത്രാ ലിഖിതാ യാസൗ ലലാടേऽക്ഷരമാലികാ
ദൈവജ്ഞസ്താം പഠേദ്വ്യക്തം ഹോരാനിര്‍മ്മലചക്ഷുഷാ.
ആദേശവിധാനമിദം പാരമ്പര്യക്രമാഗതം ജ്ഞാനം
അപ്യഷ്ടമംഗലാഖ്യം വിലിഖ്യതേ ഗുരുകൃപാവലംബേന.ˮ

എന്ന പദ്യങ്ങളും ഈ കൃതിയിലുള്ളവതന്നെ.

കേളല്ലൂര്‍ നീലകണ്ഠസോമയാജി

വടശ്ശേരി പരമേശ്വരന്‍ നമ്പൂരിക്കു സമശീര്‍ഷനായി കേരളീയര്‍ സാമാന്യേന കരുതിപ്പോരുന്ന സര്‍വതന്ത്രസ്വതന്ത്രനായ ഒരു ജ്യോതിശ്ശാസ്ത്രജ്ഞനാണു് കേളല്ലൂര്‍ നീലകണ്ഠസോമയാജി. അദ്ദേഹം കേളല്ലൂര്‍ ചോമാതിരി എന്ന പേരിലാണു് സാധാരണമായി അറിയപ്പെടുന്നതു്. അദ്ദേഹത്തിന്റെ കൃതികളായി അഞ്ചു ഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ടു്. അവ (1) ആര്യഭടീയഭാഷ്യം (2) തന്ത്രസംഗ്രഹം (3) സിദ്ധാന്തദര്‍പ്പണം (4) ഗോളസാരം (5) ചന്ദ്രച്ഛായാഗണിതം. ഗ്രഹനിര്‍ണ്ണയം എന്നൊരു ഗ്രന്ഥംകൂടി ഉള്ളതായി ചിലര്‍ പറയുന്നു. അതു ഞാന്‍ കണ്ടിട്ടില്ല.

ചരിത്രം

നീലകണ്ഠസോമയാജി തന്നെപ്പറ്റി ആര്യഭടീയഭാഷ്യത്തിലെ ഗണിതപാദാന്തത്തില്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:

ʻʻഇതി ശ്രീകുണ്ഡജഗ്രാമജേന ഗാര്‍ഗ്ഗ്യഗോത്രേണാശ്വലായനേന ഭാട്ടേന കേരളസല്‍ഗ്രാമഗൃഹസ്ഥേന ശ്രീ ശ്വേതാരണ്യനാഥ പരമേശ്വരകരുണാധികരണഭൂതവിഗ്രഹേണ ജാതവേദഃ– പുത്രേണ ശങ്കരാഗ്രജേന ജാതവേദോമാതുലേന ദൃഗ്ഗണിതനിര്‍മ്മാപക പരമേശ്വരപുത്രശ്രീദാമോദരാത്തജ്യോതിഷാമയനേനരവിത ആത്തവേദാന്തശാസ്ത്രേണ സുബ്രഹ്മണ്യസഹൃദയേന നീലകണ്ഠേന സോമസുതാ വിരചിതവിവിധഗണിതഗ്രന്ഥേന ദൃഷ്ടബഹൂപപത്തിനാ സ്ഥാപിതപരമാര്‍ത്ഥേന കാലേന ശങ്കരാര്യനിര്‍മ്മിതേ ശ്രീമദാര്യഭടാചാര്യവിരചിതസിദ്ധാന്തവ്യാഖ്യാനേ മഹാഭാഷ്യേ ഉത്തരഭാഗേ യുക്തിപ്രതിപാദനപരേത്യക്താന്യഥാപ്രതിപത്തൗ നിരസ്തദുര്‍വ്യാഖ്യാപ്രപഞ്ചേ സമുദ്ഘാടിതഗൂഢാര്‍ത്ഥേ സകലജനപദജാതമനുജഹിതേ നിദര്‍ശിതഗീതിപാദാര്‍ത്ഥേ സര്‍വജ്യോതിഷാമയനരഹസ്യാര്‍ത്ഥ നിദര്‍ശകേ സമുദാഹൃതമാധവാദിഗണിതജ്ഞാചാര്യകൃതയുക്തി സമുദായേ നിരസ്താഖിലവിപ്രതിപത്തിപ്രപഞ്ചസമുപജനിത സര്‍വജ്യോതിഷാമയനവിദമലഹൃദയസരസിജവികാസേ നിര്‍മ്മലേ ഗംഭീരേ അന്യൂനാനതിരിക്തേ ഗണിതപാദഗതാര്യാത്ര യസ്ത്രിംശദ്വ്യാഖ്യാനം സമാപ്തം.ˮ

ഈ വാക്യത്തില്‍ നിന്നു് അദ്ദേഹം തെക്കേമലയാളത്തില്‍ സുപ്രസിദ്ധമായ തൃക്കണ്ടിയൂര്‍ ഗ്രാമത്തില്‍ ജനിച്ചു എന്നും അദ്ദേഹത്തിന്റെ ഇഷ്ടദേവത (ശ്വേതാരണ്യം) തൃപ്രങ്ങോട്ടു ശ്രീപരമേശ്വരനായിരുന്നു എന്നും അച്ഛനു ജാതവേദസ്സെന്നും അനുജനു ശങ്കരനെന്നും ഭാഗിനേയനു ജാതവേദസ്സെന്നുമായിരുന്നു നാമധേയങ്ങളെന്നും ദൃഗ്ഗണിതകാരനായ പരമേശ്വരന്‍നമ്പൂരിയുടെ പുത്രന്‍ ദാമോദരന്‍ ജ്യോതിശ്ശാസ്ത്രത്തിലും രവിനമ്പൂരി വേദാന്തത്തിലും ഗുരുക്കന്മാരായിരുന്നു എന്നും സുബ്രഹ്മണ്യനെന്നൊരു വയസ്യനും അദ്ദേഹത്തിനുണ്ടായിരുന്നു എന്നും സ്പഷ്ടമാകുന്നു. ദാമോദരന്‍, രവി എന്നീ ഗുരുക്കന്മാരെപ്പറ്റി മുമ്പു സൂചിപ്പിച്ചിട്ടുണ്ടു്.

കാലം

തന്ത്രസംഗ്രഹം എട്ടധ്യായങ്ങളില്‍ നാന്നൂറ്റി മുപ്പത്തിരണ്ടു ശ്ലോകങ്ങലെക്കൊണ്ടു നിബന്ധിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാകുന്നു. അതിന്റെ ഉപക്രമത്തില്‍

ʻʻഹേ വിഷ്ണോ നിഹിതം കൃത്സ്നം ജഗത്ത്വയ്യേവ കാരണേ
ജ്യോതിഷാം ജ്യോതിഷേ തസ്മൈ നമോ നാരായണായ തേˮ

എന്നും ഉപസംഹാരത്തില്‍

ʻʻഗോളഃ കാലക്രിയാ ചാപി ദ്യോത്യതേത്ര മയാ സ്ഫുടം
ലക്ഷ്മീശനിഹിതധ്യാനൈരിഷ്ടം സര്‍വം ഹി ലഭ്യതേˮ

എന്നും ശ്ലോകങ്ങളുണ്ടു്. ഈ ശ്ലോകങ്ങളില്‍നിന്നു ഗ്രന്ഥരചനയുടെ ആരംഭത്തിന്റേയും പരിസമാപ്തിയുടേയും കാലങ്ങള്‍ കലിദിനസംഖ്യകള്‍കൊണ്ടു സൂചിപ്പിക്കുന്നു എന്നു ചിലര്‍ പറയുന്നു. അതു ശരിയാണെങ്കില്‍ തന്ത്രസംഗ്രഹം ആരംഭിച്ചതു കൊല്ലം 676-ആമാണ്ടു മീനമാസം 26-ആംതിയ്യതിയും അവസാനിച്ചതു മേടമാസം 1-ആംനുയുമാണെന്നു നാം ധരിക്കുന്നു. എന്നാല്‍ അഞ്ചോ ആറോ ദിവസംകൊണ്ടു് എഴുതിത്തീര്‍ത്ത ഒരു ഗ്രന്ഥമാണു് അതു് എന്നു സങ്കല്പിക്കുവാന്‍ നിവൃത്തിയില്ല. 718-ല്‍ ഈഞ്ചക്കഴ്വാ മാധവന്‍നമ്പൂരി പ്രശ്നസാരം രചിക്കുന്ന കാലത്തു് അദ്ദേഹം ജീവിച്ചിരുന്നു. അന്നു് അദ്ദേഹം വയോധികനായിരുന്നിരിക്കണം. ആകെക്കൂടി നോക്കുമ്പോള്‍ കൊല്ലം 640-നും 720-നും ഇടയ്ക്കാണു് അദ്ദേഹത്തിന്റെ ജീവിതകാലം എന്നു വന്നുകൂടുന്നു.

ഗ്രന്ഥങ്ങളുടെ പൗരവാപര്യം

ആര്യഭടീയഭാഷ്യത്തില്‍ നീലകണ്ഠന്‍ ʻഏതല്‍ സര്‍വമസ്മാഭിര്‍ഗ്ഗോളസാരേ പ്രദര്‍ശിതംʼ എന്നും ʻഅത ഏവോക്തം മയാ തന്ത്രസംഗ്രഹേʼ എന്നും പറഞ്ഞിട്ടുള്ളതുകൊണ്ടു് അവ രണ്ടും ഭാഷ്യത്തിനുമുമ്പു രചിച്ചതാണെന്നു സിദ്ധിക്കുന്നു. താഴെക്കാണുന്ന ശ്ലോകം ഗോളസാരത്തിലുള്ളതാണു്:

ʻʻഗോളാകാരാ പൃഥ്വീ സര്‍വാധാരാ സ്വയം നിരാധാരാ
ജ്യോതിര്‍ഗ്ഗോളഃ പരിതോ യാമേവ സദാ ഭ്രമയതി സാ ജയതി.ˮ

സിദ്ധാന്തദര്‍പ്പണത്തിന്റെ നിര്‍മ്മിതി എപ്പോളാണെന്നു് അറിയുന്നില്ല. അതില്‍ ആകെ മുപ്പതു് അനുഷ്ടുപ്ശ്ലോകങ്ങളേയുള്ളൂ.

ʻʻഗാര്‍ഗ്ഗ്യകേരളസദ്ഗ്രാമനീലകണ്ഠേന നിര്‍മ്മിതം
സിദ്ധാന്തദര്‍പ്പണം ശാസ്ത്രമലിഖച്ഛങ്കരാഭിധഃˮ

എന്നൊരു ശ്ലോകം ഒരു പ്രതീകഗ്രന്ഥത്തില്‍ കാണുന്നുണ്ടു്.

ʻʻവിംശത്യനുഷ്ടുഭാ സ്പഷ്ടം കൃതം ശാസ്ത്രമിഹാഖിലം
ദശഭിര്‍ന്യായഭാഗൈശ്ച സംക്ഷേപാദേവ ദര്‍ശിതഃˮ

എന്നു ഗ്രന്ഥത്തിന്റെ അവസാനത്തില്‍ ആചാര്യന്‍ ആ വിവരം വിശദമാക്കിയിരിക്കുന്നു.

ആര്യഭടീയഭാഷ്യം

ആര്യഭടീയഭാഷ്യമാണ് കേളല്ലൂര്‍ ചോമാതിരിയുടെ അതിപ്രധാനമായ കൃതി. പാണിനിക്കു പതഞ്ജലി എന്നപോലെയാണു് ആര്യഭടനു ചോമാതിരി എന്നു ചുരുക്കത്തില്‍ പറയാം. അത്ര സര്‍വങ്കഷവും മര്‍മ്മോല്‍ഘാടകവുമായ ഒരു മഹാഭാഷ്യംതന്നെയാണു് അദ്ദേഹം ആര്യഭടീയത്തിനു നിര്‍മ്മിച്ചിരിക്കുന്നതു്. അതിന്റെ വൈശിഷ്ട്യത്തെപ്പറ്റി ഗ്രന്ഥകാരന്‍, മുമ്പു ഞാന്‍ ഉദ്ധരിച്ച വാക്യത്തില്‍ ചെയ്തിട്ടുള്ള പ്രശംസ അശേഷം അതിസ്തുതിയല്ല. ആഴ്വാഞ്ചേരി നാരായണന്‍തമ്പ്രാക്കളുടെ ആജ്ഞയനുസരിച്ചു് ഏതാനും സൂത്രങ്ങള്‍ക്കു താന്‍ ബ്രഹ്മചാരിയായിരുന്ന കാലത്തു് ഒരു ഭാഷ്യം നിര്‍മ്മിച്ചു എന്നും ആ മനയ്ക്കല്‍ ഉണ്ണികളെ പഠിപ്പിച്ചു താമസിച്ചിരുന്ന തന്റെ അനുജന്‍ ശങ്കരന്‍ ചില സൂത്രങ്ങളുടെ യുക്തികള്‍ അദ്ദേഹത്തിനു മനസ്സിലാക്കിക്കൊടുത്തു എന്നും ആ തമ്പ്രാക്കളുടെ മരണാനന്തരം വാര്‍ദ്ധക്യത്തിലാണു് താന്‍ പ്രസ്തുത ഭാഷ്യം രചിക്കുവാന്‍ ആരംഭിച്ചതെന്നും അതില്‍ ഭാസ്കരാദി മഹാചാര്യന്മാരുടെ മതങ്ങളെപ്പറ്റിപ്പോലും വിമര്‍ശനം ചെയ്യുവാന്‍ താന്‍ മുതിര്‍ന്നിട്ടുണ്ടെന്നും ആര്യഭടീയത്തിലെ ഗീതികാപാദം വിട്ടു ബാക്കിയുള്ള ത്രിപാദി മാത്രമേ താന്‍ വ്യാഖ്യാനിക്കുന്നുള്ളൂ എന്നും ചോമാതിരി പ്രസ്താവിക്കുന്നു. താഴെക്കാണുന്ന വാക്യങ്ങളില്‍നിന്നു് ഈ വസ്തുതകള്‍ വെളിവാകുന്നതാണു്:

ʻʻയന്മയാത്ര കേഷാഞ്ചില്‍ സൂത്രാണാം തദ്യുക്തീഃ പ്രതിപാദ്യ കൗഷീതകിനാഢ്യേന നാരായണാഖ്യേന വ്യാഖ്യാനം കാരിതം അതസ്തദേവാത്ര ലിഖ്യതേ.ˮ ʻʻഇതീദം പ്രഥമേ വയസ്യേവ വര്‍ത്തമാനേന മയാ ദ്വിതീയവയസി സ്ഥിതേന കൗഷീതകിനാഢ്യേന കാരിതം. അത്ര കേഷാഞ്ചിദ്യുക്തയഃ പുനരസ്മദനുജേന ശങ്കരാഖ്യേന തത്സമീപേധ്യാപയതാ വര്‍ത്തമാനേന തസ്മൈ പ്രതിപാദിതാഃ. തസ്യാഢ്യത്വാല്‍ സ്വാതന്ത്ര്യാച്ച തത്ര വ്യാപാരശ്ച നിര്‍വൃത്തഃ. തസ്മിന്‍ സ്വര്‍ഗ്ഗതേ പുനരത ഏവ മയാദ്യ പ്രവയസാ ജ്ഞാതാ യുക്തീഃപ്രതിപാദയിതും ഭാസ്കരാദിഭിരന്യഥാ വ്യാഖ്യാതാനാം കര്‍മ്മാണ്യപി പ്രതിപാദയിതും യഥാ കഥഞ്ചിദേവ വ്യാഖ്യാനമാരബ്ധം.ˮ ʻʻതത്രേയം ത്രിപാദ്യസ്മാഭിര്‍വ്യാചിഖ്യാസിതാ, യതസ്തദ്വ്യാഖ്യേയ രൂപത്വാദ് ഗീതികാപാദസ്യൈതദ്വ്യാഖ്യാനേനൈവാര്‍ത്ഥഃ പ്രകാശേത.ˮ

ʻʻഇതി കൗഷീതകീ ശ്രുത്വാ നേത്രനാരായണഃ പ്രഭുഃ
മഹ്യം ന്യവേദയസ്തസ്മൈ തദൈവം പ്രത്യപാദയം.ˮ

എന്ന പദ്യത്തില്‍നിന്നും മറ്റും ചോമാതിരി ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആശ്രിതനായിരുന്നു എന്നു സിദ്ധിക്കുന്നു. ചോമാതിരിക്കു ജ്യോതിഷം, വേദാന്തം എന്നീ ശാസ്ത്രങ്ങള്‍ക്കു പുറമെ മീമാംസ, വ്യാകരണം, ന്യായം എന്നീ ശാസ്ത്രങ്ങളിലും പാണ്ഡിത്യം ഉണ്ടായിരുന്നു എന്നു് അനുമാനിക്കുന്നതിനു് ആര്യഭടീയഭാഷ്യം വഴിനല്കുന്നു. പാര്‍ത്ഥസാരഥിമിശ്രന്റെ വ്യാപ്തി നിര്‍ണ്ണയത്തില്‍നിന്നു് ഒരു ശ്ലോകം അദ്ദേഹം ഭാഷ്യത്തില്‍ ഉദ്ധരിക്കുന്നുണ്ടു്.

ചന്ദ്രച്ഛായാഗണിതാ

ചന്ദ്രച്ഛായാഗണിതവും അതിനൊരു വ്യാഖ്യയും ചോമാതിരി രചിച്ചിട്ടുണ്ടു്. വ്യാഖ്യയിലെ ഒരു ശ്ലോകം ചുവടെ ചേര്‍ക്കുന്നു:

ʻʻജന്മസ്ഥിതിഹൃതയസ്സ്യുര്‍ജഗതോ യസ്മാല്‍ പ്രണമ്യ തദ്ബ്രഹ്മ
ചന്ദ്രച്ഛായാഗണിതം കര്‍ത്ത്രാ വ്യാഖ്യായതേസ്യ ഗാര്‍ഗ്ഗ്യേണˮ

തന്ത്രസംഗ്രഹവ്യാഖ്യകള്‍: തന്ത്രസംഗ്രഹത്തിനു രണ്ടു സംസ്കൃതവ്യാഖ്യകള്‍ കിട്ടീട്ടുണ്ടു്. അവയില്‍ ഒന്നു തൃപ്രങ്ങോട്ടുകാരനായ ഒരു നമ്പൂരിയുടേതാണെന്നുമാത്രമറിയാം;

ʻʻഇത്യേഷ പരക്രോഡാവാസദ്വിജവരസമീരിതോയോര്‍ത്ഥഃ
സ തു തന്ത്രസംഗ്രഹസ്യ പ്രോക്തോധ്യായേ ചതുര്‍ത്ഥേഭൂല്‍ˮ

എന്നൊരു ശ്ലോകം അതില്‍ കാണുന്നുണ്ടു്. മറ്റേ വ്യാഖ്യാനം സുപ്രസിദ്ധമായ ലഘുവിവൃതിയാണു്. കൊല്ലം 731-ആമാണ്ടിടയ്ക്കാണു് അതിന്റെ ആവിര്‍ഭാവം. ആ ഗ്രന്ഥത്തിന്റെ ഒടുവില്‍ ʻʻഈ വ്യാഖ്യാനം തൃക്കുടവേലിച്ചങ്കരവാരിയര്‍ ഒടുക്കത്തു ചമച്ചതു്. ആഴാഞ്ചേരിക്കുവേണ്ടീട്ടു സുഖമേ ശിക്ഷിച്ചു ചമച്ചു എന്നു പാങ്ങോടു പറഞ്ഞുകേട്ടുˮ എന്നു രേഖപ്പെടുത്തീട്ടുണ്ടു്.

ʻʻപ്രത്യൂഹവ്യൂഹവിഹൃതികാരണം പരമം മഹഃ
അന്തഃകരണശുദ്ധിം മേ വിദധാതു സനാതനം.

നാരായണം ജഗദനുഗ്രഹജാഗരൂകം
ശ്രീനീലകണ്ഠമപി സര്‍വവിദം പ്രണമ്യ
യത്തന്ത്രസംഗ്രഹഗതം ഗ്രഹതന്ത്രജാതം
തസ്യാപരാഞ്ച വിവൃതിം വിലിഖാമി ലഘ്വീം.ˮ

എന്നീ ശ്ലോകങ്ങള്‍ വ്യാഖ്യാനത്തിലേ ആരംഭത്തിലും

ʻʻഇതിതന്ത്രസംഗ്രഹസ്യ ക്രിയാകലാപം ക്രമേണ സംഗൃഹ്യ
രചിതേ തദ്വ്യാഖ്യാനേ പൂര്‍ണ്ണോഭൂദഷ്ടമോധ്യായഃˮ

എന്ന ശ്ലോകം അവസാനത്തിലും കാണുന്നു.

ശങ്കരവാരിയര്‍ സോമയാജിയെ നേരിട്ടു കണ്ടിരിക്കുവാനും പക്ഷെ അദ്ദേഹത്തിന്റെ അന്തേവാസി ആയിരുന്നിരിക്കുവാനും ഇടയുണ്ടു്. ലഘുവിവൃതി അദ്ദേഹത്തിന്റെ ഒടുവിലത്തെ ഗ്രന്ഥമാണല്ലോ. ʻʻനാരായണം ജഗദനുഗ്രഹˮ എന്ന ശ്ലോകത്തില്‍ വാരിയര്‍ ശ്ലേഷമര്യാദയാ ആഴ്വാഞ്ചേരി നാരായണന്‍ തമ്പ്രാക്കളേയും നീലകണ്ഠസോമയാജിയേയും വന്ദിക്കുന്നു എന്നുള്ളതിനു സംശയമില്ല.

നാരായണന്‍നമ്പൂരി, കര്‍മ്മപ്രദീപിക

നാരായണനാമധേയനായ ഒരു ദൈവജ്ഞന്‍ ഭാസ്കരാചാര്യരുടെ ലീലാവതിക്കു കര്‍മ്മപ്രദീപിക അഥവാ കര്‍മ്മപ്രദീപകം എന്ന പേരില്‍ ഒരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. ʻക്രിയാക്രമകരിʼ എന്നൊരു സംജ്ഞാന്തരവും ആ ഗ്രന്ഥത്തിനു് ഉള്ളതായി കാണുന്നു. പ്രസ്തുതവ്യാഖ്യാനം നാതിസംക്ഷേപവിസ്തരവും മര്‍മ്മസ്പൃക്കുമാണു്. അതിന്റെ ആരംഭത്തില്‍

ʻʻപ്രണമ്യ ഭാസ്കരം ദേവമാചാര്യാര്യഭടം തഥാ
വ്യാഖ്യാ വിലിഖ്യതേ ലീലാവത്യാഃ കര്‍മ്മപ്രദീപികാ.

നാരായണം ജഗദനുഗ്രഹജാഗരൂകം
ശ്രീനീലകണ്ഠമപി സര്‍വവിദം പ്രണമ്യ
വ്യാഖ്യാം ക്രിയാക്രമകരീം രചയാമി ലീലാ-
വത്യാഃ കഥഞ്ചിദഹമല്പധിയാം ഹിതായˮ

എന്നും അവസാനത്തില്‍

ʻʻഏതന്നാരായണാഖ്യേന രചിതം കര്‍മ്മദീപകം
സന്തിഷ്ഠതു ചിരം ലോകേ; നമാമ്യാര്യഭടം സദാˮ

എന്നുമുള്ള ശ്ലോകങ്ങളുണ്ടു്. ശങ്കരവാരിയരെപ്പോലെ നാരായണന്‍നമ്പൂതിരിയും നാരായണന്‍ തമ്പ്രാക്കളുടെ ആശ്രിതനും സോമയാജിയുടെ ശിഷ്യനുമായിരുന്നിരിക്കാം. കര്‍മ്മപ്രദീപികയുടെ വൈശിഷ്ട്യത്തെപ്പറ്റി വ്യാഖ്യാതാവിനു വലിയ മതിപ്പുണ്ടായിരുന്നു.

ʻʻവിഫലിത സൂര്യാടോപേ ഭാസ്കരപാടീഗഭീരഗഗനതലേ
കര്‍മ്മപ്രദീപതോന്യല്‍ കഥമിവ വസ്തുപ്രകാശയേന്നിത്യംʼʼ

എന്ന ശ്ലോകം നോക്കുക.

കരണസാരം

ദൃക്‍സമ്പ്രദായത്തില്‍ ഗ്രഹസ്ഫുടാനയനം മുതലായ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതാണു് കരണസാരം എന്ന ഗ്രന്ഥം. അതില്‍ ആകെ നാലദ്ധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. താഴെക്കാണുന്ന ശ്ലോകങ്ങള്‍ ആരംഭത്തിലുള്ളവയാണു്:

ʻʻആഭാത്യദ്വയദന്താഢ്യം ദന്താവളമുഖം മഹഃ
നിരന്തരാന്തരായാന്തഃകരണോന്നിദ്രശക്തിമല്‍.....
ശ്രീനീലകണ്ഠമാചാര്യം ശ്രീമദ്ദാമോദരം ഗുരും
പ്രണമ്യ ലിഖ്യതേ കിഞ്ചിദ് ഗണിതം സുലഭക്രിയം.ˮ

രണ്ടാമത്തെ ശ്ലോകത്തില്‍ ആചാര്യന്‍ വന്ദിക്കുന്ന നീലകണ്ഠന്‍ കേളല്ലൂര്‍ ചോമാതിരിയാണു്. ദാമോദരന്‍ ആരെന്നു തിട്ടമില്ല. ഏതായാലും കരണസാരം എട്ടാംശതകത്തിന്റെ ആരംഭത്തില്‍ രചിച്ച ഒരു കൃതിയാണെന്നു സങ്കല്പിക്കാം. ഒടുവില്‍

ʻʻബാലപ്രബോധനായേത്ഥം ദിങ്മാത്രേണോദിതം മയാ
വ്യാഖ്യേയമേതത്തത്ത്വജ്ഞൈര്‍ഗ്ഗോളജ്ഞൈരനസൂയുഭിഃ
അമൃതമിവ സുരേന്ദ്രേണോദ്ധൃതം ക്ഷീരസിന്ധോഃ
പ്രണവ ഇവ വിധാത്രാ വേദരാശേസ്തു സാരഃ
യദുകുലതിലകസ്യ ശ്രീഗുരൂണാം പ്രസാദാല്‍
സകലഗണിതശാസ്ത്രാത്താവദേവമ്മയാപി.ˮ

എന്നു കവി താന്‍ നിഷ്കര്‍ഷിച്ചു നിര്‍മ്മിച്ച പ്രസ്തുത ഗ്രന്ഥത്തെപ്പറ്റി പ്രകൃഷ്ടമായി പ്രശംസിക്കുന്നുണ്ടു്.

ഭാഷായുക്തിഭാഷ

ആദ്യന്തം ഭാഷാഗദ്യരൂപത്തില്‍ ഒരു യുക്തിഭാഷ കാണ്മാനുണ്ടു്. അതു് എട്ടാം ശതകത്തിലോ ഒന്‍പതാംശതകത്തിലോ രചിച്ചതാണെന്നു തോന്നുന്നു. കര്‍ത്താവിന്റെ പേര്‍ അജ്ഞാതമാണു്. അതു ഗണിതയുക്തികാരനായ കേളല്ലൂര്‍ ചോമാതിരിയുടെ കൃതിയല്ല. ചില പംക്തികള്‍ ചുവടേ പകര്‍ത്താം:

ʻʻഅനന്തരം ഏതു പുറത്തു ഗ്രഹണം തുടങ്ങുന്നു എങ്ങനെ ഇഷ്ടകാലത്തിങ്കല്‍ സംസ്ഥാനമെന്നതിനേയും അറിയും പ്രകാരം. അവിടെ സൂര്യഗ്രഹണം തുടങ്ങുംനേരത്തു ചന്ദ്രന്‍ പടിഞ്ഞാറേപ്പുറത്തീന്ന് കിഴക്കോട്ടു നീങ്ങീട്ടു് ആദിത്യബിംബത്തിന്റെ പടിഞ്ഞാറേപ്പുറത്തു നേമിയിങ്കല്‍ ഒരിടം മറയും. അതു് എവിടം എന്നു നിരൂപിക്കുന്നതു്, അവിടെ ചന്ദ്രനുവിക്ഷേപമില്ല എന്നിരിക്കുമ്പോള്‍ ചന്ദ്രബിംബം ഘനമധ്യത്തിങ്കലും ആദിത്യബിംബം ഘനമധ്യത്തിങ്കലുംകൂടി സ്പര്‍ശിച്ചിരുന്നോന്നു് അപക്രമമണ്ഡലം. അവിടെ ആദിത്യബിംബഘനമധ്യത്തിങ്കേന്നു തന്റെ പടിഞ്ഞാറുപാര്‍ശ്വത്തിങ്കല്‍ യാതൊരിടത്തു് അപക്രമമണ്ഡലം പുറപ്പെടുന്നു അവിടെ വിക്ഷേപമില്ലാത്ത ചന്ദ്രന്റെ ബിംബംകൊണ്ടു നടേ മറയുന്നതു്. അവിടെ ആദിത്യന്റെ തല്ക്കാലസ്വാഹോരാത്ര വൃത്തവും ബിംബഘനമധ്യത്തിങ്കല്‍ സ്പര്‍ശിച്ചിരിപ്പോന്നു്. അതു നിരക്ഷദേശത്തിങ്കല്‍ നേരേ കിഴക്കുപടിഞ്ഞാറായിട്ടിരുന്നോന്നു് ആകയാല്‍ അവിടെ നേരേ പടിഞ്ഞാറു സ്വാഹോരാത്രവൃത്തത്തിന്റെ പുറപ്പാടു്.ˮ