close
Sayahna Sayahna
Search

ഭാഷാകൃതികള്‍ (പദ്യം) II


ഭാഷാകൃതികള്‍ (പദ്യം) II
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്

Contents

ഭാഷാകൃതികള്‍ (പദ്യം) II

ക്രി. പി. പതിന്നാലാംശതകം


നിരണം കവികള്‍ — കണ്ണശ്ശന്‍ പറമ്പു്

രാമചരിതകാരനാല്‍ ക്ഷുണ്ണമായ പാട്ടെന്ന സാഹിത്യപ്രസ്ഥാനത്തില്‍ സ്വച്ഛന്ദമായി സഞ്ചരിച്ചു വിസ്മയാവഹമായ വിജയം നേടി കൈരളീദേവിയെ അനര്‍ഘങ്ങളായ ആഭരണങ്ങളണിയിച്ചു ധന്യയാക്കിയ മഹാനുഭാവന്മാരാണു് നിരണം കവികള്‍. ഈ പേരില്‍ മൂന്നു കവികളുണ്ടു്. അവരില്‍ ഒന്നാമന്‍ ഭഗവദ്ഗീതാകാരനായ മാധവപ്പണിക്കരും, രണ്ടാമന്‍ ഭാരതമാലാകാരനായ ശങ്കരപ്പണിക്കരും മൂന്നാമന്‍ രാമായണാദി വിവിധപ്രബന്ധ പ്രണേതാവായ രാമപ്പണിക്കരുമാണെന്നു് ഉദ്ദേശിക്കാം. തിരുവല്ലാത്താലൂക്കില്‍ നിരണം എന്ന സ്ഥലത്തു തൃക്കപാലീശ്വരം എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ സ്ഥലത്തിനും ക്ഷേത്രത്തിനും മുന്‍കാലത്തു് ഇന്നത്തേക്കാള്‍ അധികം പ്രസിദ്ധിയുണ്ടായിരുന്നു. നിരണവും അതിനു ചുറ്റുപാടുമുള്ള പ്രദേശവും കൊടുങ്ങല്ലൂര്‍പോലെ മഹോദയപട്ടണം എന്ന പേരിനാല്‍ അറിയപ്പെട്ടിരുന്നു. തൃക്കപാലീശ്വരംക്ഷേത്രം പെട്ടിക്കയ്മള്‍ എന്ന ഒരു മാടമ്പിയുടെ കണ്ണശ്ശന്‍പറമ്പു് എന്ന പേരില്‍ ഇന്നും അറിയപ്പെടുന്ന ഒരു പറമ്പുണ്ടു്. അവിടെയായിരുന്നു നിരണം കവികളുടെ ജനനം. ʻʻചെമ്പൊടിരുമ്പുമുരുക്കുശരക്കോലന്‍ പത്തീരടി മുന്‍പുവലത്തു്ˮ എന്നൊരു പഴയ പദഖണ്ഡം ഈ പറമ്പിന്റെ സ്ഥാനത്തെ നിര്‍ദ്ദേശിക്കുന്നു എന്നു പഴമക്കാര്‍ പറയാറുള്ളതു ശരിയല്ല. കിഴക്കോട്ടുതിരിഞ്ഞാണു് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അതിനു പടിഞ്ഞാറുഭാഗത്തു കൊല്ലന്റേയും ആശാരിയുടേയും വീടുകള്‍ ഉണ്ടു്. അവയ്ക്കു ʻമുന്‍വലത്താʼയി ʻഅന്‍പത്തീരടിʼ എന്ന പേരില്‍ ഒരു കളരിയും കാണ്മാനുണ്ടു്. അതുകൊണ്ടു് പ്രസ്തുതപദ്യഖണ്ഡം, കണ്ണശ്ശന്‍പറമ്പിനെയല്ല ʻഅന്‍പത്തീരടിʼ എന്ന കളരിയെയാണു് പരാമര്‍ശിക്കുന്നതെന്നു വേണം ഊഹിക്കുവാന്‍.

ചരിത്രം

നിരണംകവികളുടെ ചരിത്രത്തെപ്പറ്റി എന്തെങ്കിലും ഉപന്യസിക്കുന്നതിനുമുന്‍പായി അവര്‍ തങ്ങളെപ്പറ്റി ചെയ്തിട്ടുള്ള പ്രസ്താവനകള്‍ ഉദ്ധരിക്കേണ്ടതു് ആവശ്യമാകുന്നു. ഭഗവദ്ഗീതയുടെ അവസാനത്തിലുള്ള രണ്ടു ശീലുകളാണു ചുവടെ ചേര്‍ക്കുന്നതു്.

ʻʻഇതു നീ ദിവ്യദൃശാ കാണ്‍കെന്‍റ്റി-
വീടിയ വേദവ്യാസനിയോഗാല്‍
ചതിയേ കണ്ണല്ലാല്‍ക്കണ്ണില്ലാന്‍
താരണിപതിധൃതരാഷ്ട്രനു കേള്‍പ്പാന്‍
മതിമാനാകിയ സഞ്ജയനേവം
മരുവിയുരത്താനിതു മതിയില്ലാ
അതിബാലന്‍ മാധവനാമം ചേ-
രഹമതി സംക്ഷേപിച്ചുരചെയ്തേന്‍.
ഉരചേര്‍ന്നമരാവതിസമമായേ-
യുറ്റന ചെല്വമെഴും മലയിന്‍കീഴ്
തിരുമാതിന്‍ വല്ലഭനരുളാലേ
തെളിവൊടു മാധവനഹമിടര്‍ കളവാന്‍
പരമാദരവൊടു ചൊല്ലിയ ഞാന-
പ്പനുവല്‍ മുകുന്ദപദാംബുജമന്‍പൊടു-
മരനാഴിക മറവാതുരചെയ്തവ-
രത്ഭുതമുക്തിപദം പ്രാപിക്കും.ˮ

താഴെക്കാണുന്ന പാട്ടു ഭാരതമാലയുടെ അവസാനത്തിലുള്ളതാകുന്നു.

ʻʻതണുണര്‍വേ സംസാരച്ഛേദ-
സമസ്തവുമായേ കാലവുമെങ്ങും
ഉന്നി നിറന്തഖിലത്തിനുമൊത്തു
തുരീയാതീതവുമായുണര്‍വായേ
തണുണര്‍വായുണര്‍വേ വടിവാകി മ-
ഹാഭാരതകഥ ശങ്കരനമ്പൊടു
ചൊന്നതുരയ്പവരെയ്തുവരെന്റും
ശോകമൊഴിന്തവനന്ത സുഖത്തെˮ

ഇനി ഉദ്ധരിക്കുവാന്‍ പോകുന്ന ഭാഗങ്ങള്‍ രാമപ്പണിക്കരുടെ കൃതികളില്‍നിന്നാണു്.

ʻʻഅവനിയില്‍ നന്മചേര്‍ നിരണം
തനിക്കൊരു ദീപമായ് വ-
ന്നവതരണംചെയ്താന്‍ കരുണേശ-
നാകിയ ദേശികന്‍ മ-
റ്റവ്വണ്ണം പിറന്നുള്ള പുത്രരാ-
മവര്‍കള്‍ക്കെല്ലാമന്‍-
പമര്‍ മരുകന്‍ കനിന്തൊരു
രാമദാസനതീവ ബാലന്‍,
അവനിയില്‍ മുമ്പു മാമുനി താ-
നിയറ്റിയ ചാരു രാമാ-
യണമതുകണ്ടതീവ ചുരുക്കമാ-
യിവണ്ണം മൊഴിന്താന്‍.
അവനിവനെന്നെല്ലാമില്ല
സല്‍ക്കഥാമുരചെയ്‌വതിന്നി-
ന്നതിസുഖമെയ്തുമങ്ങിതു കേള്‍ക്കില്‍
മറ്റിതു ചൊല്ലിനാലും.ˮ

രാമായണം യുദ്ധകാണ്ഡത്തിന്റെ അവസാനത്തിലുള്ള ഈ പ്രസ്താവനയെ ഉത്തരകാണ്ഡത്തിന്റെ ഉപസംഹാരത്തില്‍ കവിസ്വല്പംകൂടി വിസ്തരിക്കുന്നു.

ʻʻവാനുലകിനു സമമാകിയ നിരണ-
മഹാദേശേ താന്‍ വന്നുളനായാ-
നൂനമിലാത മഹാഗുരുവരനാ-
യുഭയകവീശ്വരനായ മഹാത്മാ,
മാനിതനാകിയ കരുണേശന്‍ പര-
മാത്മാവേ താനെന്നറിവുറ്റേ
ദീനത വാരാതേ മറ്റോരോ
ദേഹികളെപ്പോല്‍ വാണ്ണാന്‍ പല നാള്‍,
ആനവനിരുവര്‍ തനൂജന്മാരുള-
രായാരവരുടെ സോദരിമാരായ്
മാനിനിമാരൊരു മൂവര്‍ പിറന്നാര്‍;
മറ്റതുകാലമവന്‍ തിരുവടിയും
താനുടനേ തന്നുടലൊടു വേറായ്-
ത്തനിയേ പരമാത്മാവേയായാന്‍
ആനവനോടെതിരായ് വിദ്യാധിപ-
രായാര്‍ പുനരവനുടെ തനയന്മാര്‍.
തനയന്മാരാമവിരിരുവര്‍ക്കു
സഹോദരിമാര്‍ മൂവര്‍ക്കും മകനാ-
യനുപമരായവര്‍ മൂവരിലിളയവ-
ളാകിയ മാനിനി പെറ്റുളനായാന്‍,
ഇനിയ മഹാദേവാജ്ഞയിനാലേ-
യിതമൊടു പാലകനാകിയ രാമന്‍;
പുനരവനും നിജപാപം കളവാന്‍
പുരുഷോത്തമകഥ ചൊല്ക തുനിഞ്ഞാന്‍.ˮ

ഭാഗവതംപാട്ടിന്റെ ഒടുവില്‍ താഴെക്കാണുന്ന ശീലുകള്‍ കാണുന്നു.

ʻʻദേവകിമകനായേയവതാരം
ദേവകള്‍ വിധിയാലേ ചെയ്തീടിയ
പൂവില്‍ മടന്ത മണാളന്‍ തണുടെ
പുണ്യമതായീടും കഥ ചെമ്മേ
ആവിയിലുളവായീടും ദുരിത-
മറും പടി രാമനുരത്തീടിയ കവി-
യേവരുരത്തീടിന്റവരേവരു-
മെയ്തീടും പരമാമറിവോടേ.ˮ

ചുവടേ പകര്‍ത്തുന്നതു ശിവരാത്രിമാഹാത്മ്യംപാട്ടിന്റെ അവസാനത്തില്‍ നിന്നാണു്.

ʻʻഇതു നിരണത്തു കപാലീശ്വരമാര്‍-
ന്നീടിന പശുപതിതന്നരുളാലേ-
യിതമൊടവന്‍ തിരുവടിയുടെ ചരിത-
മിയമ്പുമതിന്നു ഇനിഞ്ഞിതു മുറ്റും;
ബത! ഗുരുനാഥന്മാരറിവീടിയ
വേദവ്യാസദികളുമെനിക്കി-
ങ്ങതിസുഖമായ് നല്കീടുക വരമി-
ങ്ങണയാ മമ പാതകമിതു ചൊന്നാല്‍.
ആരണരാദിസമസ്തപ്രാണിക-
ളാമവര്‍കള്‍ക്കും പാപം കളവാന്‍
കാരണമാകിയ ശിവരാത്രൗ വ്രത-
കഥയിതു തന്നാലായ പ്രകാരം
സാരതയില്ലാതകുതിയിരാമന്‍
താന്‍ നിരണത്തു കപാലീശ്വരമേ
ചേരുമുമാപതി തന്നരുളാലേ
ചെയ്താനേവം ഭാഷയിനാലേ.ˮ

ഭാരതംപാട്ടില്‍നിന്നാണു് അടിയില്‍ കാണുന്ന ശീല്‍ എടുത്തു ചേര്‍ക്കുന്നതു്.

ʻʻകളവാന്‍ പാപം മുന്നേ രാമ-
കഥാമൊട്ടായപ്രകാരം ചൊന്നേ-
നിളയാതേ ശ്രീകൃഷ്ണകഥാമിനി-
യെളുതായൊരു പടി ചൊല്‍ക നിനൈന്തേന്‍;
എളിയോനകുതിയിവന്‍ പുനരെന്റോര്‍-
ത്തെന്നെയിതിന്നികഴാരറിവുടയോര്‍;
ജളരാമവരപരാധം ചൊന്നാല്‍-
ച്ചേതവുമില്ല നുറുങ്ങു നമുക്കോ.ˮ

മേല്‍ ഉദ്ധരിച്ച പാട്ടുകളില്‍നിന്നു താഴെക്കാണുന്ന വസ്തുതകള്‍ വെളിപ്പെടുന്നു. നിരണമെന്ന ʻമഹാദേശʼത്തില്‍ ഒരു മഹാനുഭാവന്‍ അവതരിച്ചു. കരുണേശന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയം. അദ്ദേഹം ഒരു വിശിഷ്ടപണ്ഡിതനും പരമയോഗിയും ʻഉഭയകവീശ്വരʼനും അതായതു സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനം ചെയ്യുന്നതില്‍ സമര്‍ത്ഥനുമായിരുന്നു. ദീര്‍ഘായുഷ്മാനായ അദ്ദേഹത്തിനു രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. അവരില്‍ ഒടുവിലത്തെ പുത്രിയുടെ മകനായിരുന്നു രാമപ്പണിക്കര്‍. അദ്ദേഹത്തിന്റെ അമ്മവന്മാര്‍ രണ്ടുപേരും അവരുടെ പിതാവിനെപ്പോലെതന്നെ ʻവിദ്യാധിപʼന്മാരായിരുന്നു. ഇത്രയും വിവരങ്ങള്‍ സ്പഷ്ടമാണു്. മറ്റുചില വിവരങ്ങള്‍ക്കു് ഐതിഹ്യത്തേയും അനുമാനത്തേയും ആശ്രയിക്കേണ്ടിയിരുന്നു. ഒന്നാമതായി ഞാന്‍ ഊഹിക്കുന്നതു് ʻഉഭയകവീശ്വരʼന്റെ പേര്‍ കണ്ണശ്ശന്‍ എന്നായിരുന്നു എന്നാണു്. കണ്ണന്‍ എന്ന പേര്‍ അദ്ദേഹം മഹാഗുരുവരനായപ്പോള്‍ കണ്ണശ്ശനെന്നു രൂപാന്തരപ്പെട്ടു. കണ്ണശ്ശന്‍ സംസ്കൃതീകൃതമായപ്പോള്‍ കരുണേശനായി പരിണമിക്കുകയും ചെയ്തു. ഇവിടെ ഒരു പൂര്‍വ്വപക്ഷമുള്ളതു കരുണേശന്‍ എന്ന പദം മഹാവിഷ്ണുപര്യായമായി കവി പല അവസരങ്ങളിലും പ്രയോഗിച്ചിട്ടുണ്ടെന്നും അതുകൊണ്ടു പ്രകൃതത്തിലും ആ അര്‍ത്ഥം സ്വീകരിക്കുന്നതാണു് സമീചീനമെന്നുമാകുന്നു. കരുണേശപദം ഞാന്‍ മുകളില്‍ ചേര്‍ത്തിട്ടുള്ള രണ്ടു പാട്ടുകളില്‍ കാണുന്നുണ്ടു്. ʻമാനിതനാകിയ കരുണേശന്‍ പരമാത്മാവേ താനെന്നറിവുറ്റേʼ എന്ന വരിയില്‍ ʻകരുണേശʼനെ കഷ്ടിച്ചു ʻപരമാത്മാʼവിന്റെ വിശേഷണമായി കരുതാമെന്നിരിക്കട്ടെ; അതിനുതന്നെയും ʻമാനിതʼപദപ്രയോഗംകൊണ്ടു് അനൗചിത്യം സംഭവിക്കുന്നു എന്നുള്ളതു തല്‍കാലത്തേക്കു വിസ്മരിക്കാം. ʻഅവതരണം ചെയ്താന്‍ കരുണേശനാകിയ ദേശികന്‍ʼ എന്ന വരിയില്‍ മഹാ വിഷ്ണുവായി കരുണേശപദത്തെ എങ്ങനെ ഘടിപ്പിക്കുവാന്‍ കഴിയും? ʻകരുണേശനാകിയʼ എന്നതിനു കരുണേശതുല്യനായ എന്നു് അര്‍ത്ഥയോജന ചെയ്യുന്നതു ശരിയായിരിക്കുമോ? അതു കൊണ്ടു് എന്റെ ഇപ്പോഴത്തെ സ്ഥിരമായ അഭിപ്രായം രാമപ്പണിക്കരുടെ മാതാമഹന്റെ പേര്‍ കണ്ണശ്ശനെന്നായിരുന്നു എന്നു തന്നെയാണു്. എന്നാല്‍ രാമപ്പണിക്കരേയും കണ്ണശ്ശനെന്നു വിളിച്ചിരുന്നു എന്നും പക്ഷേ അനുമാനിക്കാം. അദ്ദേഹത്തിന്റെ രാമായണത്തിനു കണ്ണശ്ശരാമായണമെന്നു പേര്‍വന്നതു് ഇന്നോ ഇന്നലെയോ അല്ല.

ʻʻപരന്‍കഥയൈക്കമ്പര്‍ പന്തീരായിരത്താല്‍
പകര്‍ന്ത കഥൈ കണ്ണശ്ശനില്‍പ്പാതിയാം.ˮ

എന്നതു് ഒരു പഴയ പാട്ടാണു് എന്നു നാം കണ്ടുവല്ലോ. കണ്ണശ്ശപ്പണിക്കര്‍ സാഹിത്യത്തിലെന്നതുപോലെ വിനോദവ്യവഹാരത്തിലും വിദഗ്ദ്ധനായിരുന്നു എന്നൊരൈതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പല നേരമ്പോക്കുകളില്‍ ഒന്നുമാത്രം ഇവിടെ പ്രസ്താവിക്കാം. അദ്ദേഹം സ്വഗൃഹത്തില്‍ ഏതോ ഒരടിയന്തിരത്തിനു് അയല്‍വീടുകളില്‍നിന്നു് ഓരോ ഉരുളി ഇരവലായി വാങ്ങുകയും അവ തിരിയെ ഏല്പിച്ചപ്പോള്‍ ഓരോ കൊച്ചുരുളികൂടി കൊടുക്കുകയും ചെയ്തു. അതിനെപ്പറ്റി ചോദിച്ചവരോടു് അദ്ദേഹത്തിന്റെ സമാധാനം വലിയ ഉരുളികള്‍ കൊച്ചുരുളികളെ പ്രസവിച്ചു എന്നായിരുന്നു. ഉടമസ്ഥന്മാര്‍ രണ്ടുരുളികളും സന്തോഷത്തോടുകൂടി സ്വീകരിച്ചു. മറ്റൊരടിയന്തിരത്തിനു വീണ്ടും ഓരോ ഉരുളി ആവശ്യപ്പെട്ടപ്പോള്‍ ഒട്ടുവളരെപ്പേര്‍ അതു കൊടുക്കുവാന്‍ മുന്നോട്ടുവന്നു. പണിക്കര്‍ ആ ഉരുളികള്‍ ഒന്നും തിരിയെ ഏല്പിച്ചതേയില്ല. കാരണം ചോദിച്ചപ്പോള്‍ അവയെല്ലാം ചത്തുപോയെന്നു പറയുകമാത്രമാണുണ്ടായതു്. പെറ്റുണ്ടാകുന്നതു ചാകുകയും ചെയ്യുമല്ലോ, എന്നായിരുന്നു അദ്ദേഹത്തിന്റെ യുക്തി. ഒടുവില്‍ അമിതമായ ആശകൊണ്ടുണ്ടാകുന്ന ആപത്തു് ആ ദിഗ്വാസികളെ മനസ്സിലാക്കിയതിനുമേല്‍ ഉരുളികളെല്ലാം മടക്കിക്കൊടുക്കുകയും ചെയ്തുവത്രേ. ഇത്തരത്തിലുള്ള അടവുകള്‍ യോഗിവര്യനായ സാക്ഷാല്‍ കണ്ണശ്ശന്‍ കാണിച്ചിരിക്കുമോ എന്നു സംശയമാണു്. അതുകൊണ്ടു് ആ വഴിക്കും രാമപ്പണിക്കര്‍ക്കു കണ്ണശ്ശനെന്നുകൂടി (മാതാമഹന്റെ നാമധേയം) പേരുണ്ടായിരുന്നിരിക്കാമെന്നു് അനുമാനിക്കുന്നതില്‍ വലിയ പ്രമാദത്തിനു വകയുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ എന്റെ ഊഹം ആ ഐതിഹ്യത്തിലല്ല അധിഷ്ഠിതമായിരിക്കുന്നതു് എന്നു് ഒന്നുകൂടി പറഞ്ഞുകൊള്ളച്ചെ. ഒരാള്‍ക്കു നാമകരണമുഹൂര്‍ത്തത്തില്‍ ഒരു പേരും അനന്തരം വാത്സല്യദ്യോതകമായി മറ്റൊരു പേരും നല്കുന്നതു് അഭൂതപൂര്‍വമല്ല; രണ്ടിനും തമ്മില്‍ ആര്‍ത്ഥികമായി വല്ല ബന്ധവുമുണ്ടായിരിക്കണമെന്നു് നിയമവുമില്ല. ʻകരുണേശനാകിയ ദേശികന്‍ʼ എന്ന പ്രസ്താവനയില്‍നിന്നു് ഒന്നിലധികം ʻഗുരുനാഥന്മാര്‍ʼ ഉണ്ടായിരുന്നിരിക്കാവുന്ന രാമപ്പണിക്കരുടെ ഒരു ഗുരു ʻʻപലനാള്‍ വാണ്ണˮ തന്റെ മാതാമഹന്‍ തന്നെയാണെന്നും വരാവുന്നതാണു്.

മൂന്നു കവികള്‍ക്കും തമ്മിലുള്ള സംബന്ധം

ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മ ദൃഷ്ട്യാ വായിക്കുന്ന ഒരാള്‍ക്ക് അവയെല്ലാം ഏകദേശം ഒരേ കാലത്തു വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകള്‍ക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തില്‍ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്. എന്നാല്‍ മലയാളത്തിനു സംസ്കൃതസമ്പര്‍ക്കംകൊണ്ടുള്ള കാലാനുസൃതമായ വികാസം അവയില്‍ എവിടേയും പ്രസ്പഷ്ടവുമാണു്. ʻഏഷ കഷായപടാവൃത കടിതടശോഭിതനായ്വാമാംസേʼ എന്നും ʻപുഷ്കരപത്രമനോഹരനേത്രേ പൂര്‍ണ്ണശശാങ്കനിഭാനനരമ്യേʼ എന്നും ʻഅവ്യക്തം പരിപൂര്‍ണ്ണമഹം പുനരഖില ചരാചരഭൂതംʼ എന്നും മറ്രും പ്രയോഗിക്കുവാന്‍ അവര്‍ക്കു യാതൊരുകൂസലും തോന്നിയില്ല. രാമപ്പണിക്കര്‍ താന്‍ നിരണത്തുകാരനും തൃക്കപാലീശ്വരത്തു ശിവന്റെ ഉപാസകനുമാണെന്നു തുറന്നു പറയുന്നുണ്ടു്. ശങ്കരന്‍ ആ വിഷയത്തില്‍ മൂകനാണു്. അദ്ദേഹത്തെ ഒരു പ്രതീകത്തില്‍ ʻഇതി വെള്ളാങ്ങല്ലൂര്‍ ശങ്കരവിരചിതായാം ഭാരതമാലായാംʼ എന്നു രേഖപ്പെടുത്തീട്ടുള്ളതായി അറിയുന്നു. ആ കുറിപ്പില്‍നിന്നുമാത്രം മാധവന്‍ കൊച്ചിയിലെ വെള്ളാങ്ങല്ലൂര്‍ക്കാരനാണെന്നു് അനുമാനിക്കേണ്ടതില്ല. മാധവപ്പണിക്കര്‍ താന്‍ മലയിന്‍കീഴ് ശ്രീകൃഷ്ണന്റെ ഭക്തനാണെന്നു് പ്രസ്താവിച്ചിരിക്കുന്നു. മലയിന്‍കീഴ്കാരനെ എങ്ങനെ നിരണവുമായി ഘടിപ്പിയ്ക്കാമെന്നു ചിലര്‍ ചോദിക്കാറുണ്ടു്. അതിനു സംശയം നീങ്ങത്തക്ക വിധത്തില്‍ ഉത്തരം പറവാന്‍ കഴിയും. മലയിന്‍കീഴില്‍ തിരുവല്ലാ വിഷ്ണുക്ഷേത്രംവക വസ്തുക്കള്‍ ഉണ്ടായിരുന്നു എന്നു തിരുവനന്തപുരം കാഴ്ചബങ്കളാവില്‍ സൂക്ഷിച്ചിട്ടുള്ളതും ക്രി.പി. പതിനൊന്നാം ശതകത്തോടടുപ്പിച്ചു് ഉത്ഭവിച്ചതെന്നു് ഊഹിക്കാവുന്നതുമായ ഒരു താമ്രശാസനത്തില്‍നിന്നറിയുന്നു. കൊല്ലം 921 കന്നി 2-ആം തിയതിയിലെ ഒരു രേഖയില്‍ ʻതിരുവല്ലാക്ഷേത്രത്തിലേയും പെരിങ്ങര തൃക്കോവിലിലേയും മലയിന്‍കീഴിടപ്പെട്ട ക്ഷേത്രങ്ങളിലേയുംʼ എന്ന വാചകമുള്ള ഒരു ʻസാക്ഷിയോലക്കാര്യംʼ കാണ്മാനുണ്ടു്. മലയിന്‍കീഴ് തേവരെ തിരുവല്ലാത്തേവരെപ്പോലെതന്നെ ʻതിരുവല്ലഭന്‍ʼ എന്നു ഒരു സ്തോത്രത്തില്‍ പ്രസ്തുതകവികളില്‍ ഒരാള്‍ വന്ദിച്ചുകാണുന്നു. ʻചൊല്ലാര്‍ന്നന മലയിന്‍കീഴ്‌ത്തിരുവല്ലഭനേʼ എന്നാണു് അദ്ദേഹം ആ ദേവനെ അഭിസംബോധനം ചെയ്യുന്നതു്. ഇവയില്‍നിന്നു് മലയിന്‍കീഴ് ക്ഷേത്രം തിരുവല്ലാ ക്ഷേത്രത്തിന്റെ കീഴീടായിരുന്നു എന്നൂഹിക്കാം. ഈ ക്ഷേത്രങ്ങള്‍ തിരുവല്ലാദേശികളും പ്രതാപശാലികളുമായ പത്തില്ലത്തില്‍ പോറ്റിമാരുടെ വകയായിരുന്നു. നിരണം, തിരുവല്ലാ ക്ഷേത്രസങ്കേതത്തിനു തെക്കാണെങ്കിലും ആ ഗ്രാമത്തിന്റെ ഒരു ഭാഗമായിരുന്നു. ആ വഴിക്കു പത്തില്ലത്തില്‍ പോറ്റിമാരുടെ കാര്യസ്ഥനെന്ന നിലയില്‍ കണ്ണശ്ശപ്പണിക്കര്‍ക്കും അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്കും മലയിന്‍കീഴില്‍ താമസിക്കേണ്ട ആവശ്യം നേരിട്ടിരുന്നിരിക്കാവുന്നതാണു്. അദ്ദേഹം മലയിന്‍കീഴ് നിന്നു സ്വദേശത്തേക്കു മടങ്ങിപ്പോകുമ്പോള്‍ ഏതോ ഒരു മലയ്ക്കുമുകളില്‍വെച്ചു പരഗതിയെ പ്രാപിച്ചതായി ഐതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പുത്രന്മാരായ രണ്ടു ʻവിദ്യാധിപന്മാʼരില്‍ ഒരാള്‍ മാധവപ്പണിക്കരും മറ്റൊരാള്‍ ശങ്കരപ്പണിക്കരുമായിരിക്കാം. അവരെല്ലാവരും സംസ്കൃതത്തില്‍ അസാധാരണമായ വൈദുഷ്യം സമ്പാദിച്ചിരുന്നു. ഇതരജാതിക്കാരുടെ വിദ്യാഭിവൃദ്ധിക്കു മലയാളബ്രാഹ്മണര്‍ വിരോധികളായിരുന്നു എന്നുള്ള അപവാദത്തെ ഈ വസ്തുത ഏറെക്കുറെ മാര്‍ജ്ജനം ചെയ്യുന്നു.

കാലം

പ്രസ്തുതകവികള്‍ ജീവിച്ചിരുന്ന കാലം ഏതെന്നാണു് അടുത്തതായി വിചാരണ ചെയ്യേണ്ടിയിരിക്കുന്നതു്. ഭാരതമാലയുടെ ഒരു പ്രതി കൊല്ലം 612-ല്‍ എഴുതിവച്ചിരുന്നതു 614-ല്‍ പകര്‍ത്തിയതിനും മറ്റൊരു പ്രതി 689-ല്‍ പകര്‍ത്തിയതിനും പര്യാപ്തമായ ലക്ഷ്യമുണ്ടു്. 614-ലെ ഗ്രന്ഥം ഗോവിന്ദപിള്ള സര്‍വാധികാര്യക്കാരും ഞാനും കണ്ടിട്ടുണ്ടു്. തിരുവല്ലത്തിനു സമീപമുള്ള അമ്പലത്തുറ ആശാന്റെ വകയായിരുന്നു ആ ഗ്രന്ഥം; അതിപ്പോള്‍ എവിടെയാണെന്നു രൂപമില്ല. 614-ല്‍ ഗ്രന്ഥം പകര്‍ത്തിയതു നിര്‍മ്മാതാവിന്റെ അനുവാദത്തോടുകൂടിയായിരുന്നു എന്നു ഗോവിന്ദപ്പിള്ള പറയുന്നതിനു് ആധാരമൊന്നും കാണുന്നില്ല. 689-ലെ ഗ്രന്ഥത്തില്‍ അതു 12-ലെ ഗ്രന്ഥം പകര്‍ത്തിയതാണെന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഈ തെളിവുകള്‍ വച്ചുകൊണ്ടും ഭാഷയുടെ ഗതിയെ ആസ്പദമാക്കിയും ഉദ്ദേശം കൊല്ലം 525നു മേല്‍ 625നു് അകം ഈ കവികള്‍ ജീവിച്ചിരുന്നു എന്നു ഞാന്‍ അനുമാനിക്കുന്നു.

ഭഗവദ്ഗീത

സകലോപനിഷത്സാരസര്‍വസ്വവും ഭാരതീയരുടെ ആത്മാഭിമാനത്തിനു സര്‍വഥാ നിദാനവുമായ ഭഗവദ്ഗീത സംസ്കൃതത്തില്‍നിന്നു മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു കേരളീയര്‍ക്കു പരമോപകര്‍ത്താവായിത്തീര്‍ന്ന മാധവപ്പണിക്കരുടെ സദ്വ്യവസായത്തെ എത്രതന്നെ ശ്ലാഘിച്ചാലും മതിയാകുന്നതല്ല. ഗീതയ്ക്കു് ഇന്നു ഭാഷയില്‍ പദ്യരൂപത്തിലും ഗദ്യരൂപത്തിലും പല തര്‍ജ്ജമകളുമുണ്ടു്. എങ്കിലും അറുന്നൂറോളം കൊല്ലങ്ങള്‍ക്കുമുമ്പു് അന്യഭാഷകളില്‍ പ്രസ്തുത ഗ്രന്ഥം സംക്രാന്തമാകാതെയിരുന്ന ഒരു കാലത്തു് അതിന്റെ മനോഹരമായ ഒരു വിവര്‍ത്തനംകൊണ്ടു സ്വഭാഷയെ പോഷിപ്പിച്ച പ്രസ്തുത കവിയോടു കേരളീയര്‍ എന്നെന്നേക്കും കൃതജ്ഞന്മാരായിരിക്കുന്നതാണു്. ചോളദേശത്തില്‍ ശീയാഴി (ശീര്‍കാഴി)ക്കു സമീപം ജീവിച്ചിരുന്ന പട്ടനാര്‍ എന്നൊരു കവി ഗീത തമിഴില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ടു്. ആ തര്‍ജ്ജമയ്ക്കും പണിക്കരുടെ തര്‍ജ്ജമയ്ക്കും തമ്മില്‍ അത്യത്ഭുതമായ ഐകരൂപ്യം കാണുന്നു എന്നു് ഇവിടെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ʻʻഉറ്റവരില്‍പ്പെരുകീടിന കൃപയാമൊരു തിമിരം വന്നെന്നുടെ ഹൃദയേയുറററിവാം കണ്ണേറെ മറഞ്ഞിട്ടൊരു നെറിയും കാണാതിടരുറ‌റേന്‍ˮ എന്ന പണിക്കരുടേയും ʻʻആതലായറിവായ വഴിയിനൈ മററാങ്കവര്‍ പാര്‍ കാതലാമിരുണ്‍മറൈപ്പു നെറിയെങ്കുംകാണേ നാന്‍ˮ എന്ന പട്ടനാരുടേയും വരികള്‍ നോക്കുക. ഇതുപോലെ അനവധി ഭാഗങ്ങളില്‍ പ്രകടമായ സാദൃശ്യമുണ്ടു്.

ʻʻചേയമാമതുരൈ നിന്റു ചേമമാന കരം തേടി-
യായനാര്‍ പട്ടനാരായവതരിത്തരുളിനാലേ
പോയനാണ്‍ മൊഴിന്ത കീതൈ പുലപ്പെടുത്തുവതു മന്റി-
ത്തൂയമാതവര്‍ക്കു മിന്തച്ചുരുതി നൂറ്റൊടങ്കിനാരേˮ

എന്നൊരു പഴയ പാട്ടുമുള്ളതായി അറിയുന്നു. എന്നാല്‍ പട്ടനാരുടെ കാലം ഇന്നും അജ്ഞാതമാണു്. അദ്ദേഹത്തിനു ദ്രാവിഡകവികളുടെ ഇടയില്‍ ഗണനീയമായ ഒരു സ്ഥാനവുമില്ലതാനും. അതുകൊണ്ടു് രണ്ടു കൃതികള്‍ക്കും തമ്മിലുള്ള ജന്യജനകഭാവം തീര്‍ച്ചപ്പെടുത്തുവാന്‍ തരമില്ലാതെയാണിരിക്കുന്നതു്. അന്നു തമിഴ്‌നാട്ടിനും കേരളത്തിനും തമ്മില്‍ ഇന്നത്തേക്കാള്‍ കൂടുതല്‍ സംസ്കാരസമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ തമിഴ്‌ക്കൃതിനോക്കിത്തന്നെ മലയാള കൃതി രചിച്ചിരിക്കണമെന്നു തീരുമാനിക്കുവാന്‍ എനിക്കു ധൈര്യം തോന്നുന്നില്ല. ഏതായാലും മാധവപ്പണിക്കര്‍ക്കു തമിഴ്‌ക്കൃതിയുടെ സഹായം ആവശ്യമില്ലായിരുന്നു എന്നു പറയത്തക്കവിധത്തിലുള്ള സംസ്കൃതജ്ഞാനം സിദ്ധിച്ചിരുന്നു എന്നു ഭാഷാഭഗവദ്ഗീതയില്‍ സ്പഷ്ടമായി കാണുന്നുണ്ടു്. അദ്ദേഹം ശങ്കരഭഗവല്‍പാദരുടെ ഗീതാഭാഷ്യം വായിച്ചിരുന്നു എന്നുള്ളതിനും അതില്‍ തെളിവുണ്ടു്. എഴുനൂറുശ്ലോകങ്ങളടങ്ങിയ ഗീത നമ്മുടെ കവി 328 ശീലുകളായി തര്‍ജ്ജമ ചെയ്തിരിക്കുന്നു. ʻʻഭക്തിയിനാല്‍ ഭഗവദ്ഗീതാര്‍ത്ഥം പരിചൊടു ചൊല്‍വാനായ് നിനവുറ്റേന്‍ˮ എന്നും ʻʻഅഹമിതു സംക്ഷേപിച്ചുരചെയ്തേന്‍ˮ എന്നും പറഞ്ഞിട്ടുള്ളതില്‍നിന്നു് അദ്ദേഹത്തിനു ഗീതാര്‍ത്ഥം സംക്ഷിപ്തമായി ഭാഷയില്‍ പ്രദര്‍ശിപ്പിക്കണമെന്നു മാത്രമേ ആഗ്രഹമുണ്ടായിരുന്നുള്ളു എന്നു കാണാവുന്നതാണു്. കവി അത്യന്തം അനുദ്ധതനാണെന്നു താഴെക്കാണുന്ന പാട്ടുകള്‍ തെളിയിക്കുന്നു.

ʻʻഒരു പടിയോഗത്താലുള്ളില്‍ക്ക-
ണ്ടുത്തമനാകിയ വേദവ്യാസന്‍
തിരുവടി ചൊല്ലിയ പുണ്യപുരാണം
തികയെച്ചൊല്ലവനെന്നു നിനച്ചതു
പെരുമതകും ശ്രീപാല്‍ക്കടല്‍ കണ്ടു
പിപീലി കുടിപ്പാന്‍ കരുതിയതൊക്കും;
ഗുരുജനമായ മഹാജനമിതിനൊരു
കുറപറയായ്കെന്നടിമലര്‍ തൊഴുതേന്‍.
മലരയനൊടു നേര്‍ വേദവ്യാസന്‍
മറ്റും സംസ്കൃതപദ്യങ്ങളിനാല്‍
നലനല നാനാര്‍ത്ഥങ്ങളുരത്തതു
ഞാനും ഭാഷാകവിയിലുരപ്പന്‍;
വിലയറിവാനരുതാകിയ രത്നം
വേറൊരു പൊന്നിന്‍ചെപ്പിലതല്ലാ-
ലലവലയാകിയ തുകിലില്‍പ്പൊതികിലു-
മതിനുടെ മഹിമവിരോധം വരുമോ?ˮ
ʻʻപാരാശര്യമഹാമുനിതിലകന്‍
പതിനെട്ടദ്ധ്യായത്തിലുരത്തതു
നാരായണനരുളാലൊരു നരകൃമി
ഞാനുമിതൊരു പടി ചൊല്ക തുനിഞ്ഞേന്‍.ˮ

എന്നും അദ്ദേഹം വിജ്ഞാപനം ചെയ്യുന്നുണ്ടു്. ഇവയില്‍ ആദ്യത്തെ ശീലിലേ ഉപമ കവി കമ്പരാമായണത്തില്‍നിന്നു സ്വീകരിച്ചിട്ടുള്ളതാണു്. മേലുദ്ധരിച്ച ഭാഗങ്ങളില്‍നിന്നു് കവിതയുടെ സ്വരൂപം മനസ്സിലാക്കാമെങ്കിലും രണ്ടു ശീലുകള്‍ കൂടി ഉദ്ധരിക്കാം.

ʻʻഅഴുതളവേ കണ്ണീര്‍ മെയ് മാര്‍വി-
ലതീവ പൊഴിഞ്ഞുടനര്‍ജ്ജുനഹൃദയേ
മുഴുതുമെഴും ശോകാഗ്നി ശമിക്ക
മുകുന്ദാജ്ഞനമേഘം തന്നിടയേ
അഴകിയ മന്ദസ്മിതമിന്നോടു-
മനന്തരമേ ചൊല്‍ ധാരകളോടും
വഴിയേയുണ്മ ജ്ഞാനമൃതമഴ
വര്‍ഷിപ്പാന്‍ വടിവൊടു നിനവുറ്റാന്‍ (2 – 6)
നാടുകില്‍ നല്ക്കുസുമങ്ങളിലുണ്ടാം
നന്മണമതിനെ വഹിച്ച സമീരണ-
നോടുമതിന്നു സമം വിഷയാദിക-
ളൊക്കയുമേ തന്നില്‍ക്കൊണ്ടങ്ങനെ
ഈടിയ ദേഹമൊടകലുംപോതിലു-
മിടരൊടു വന്നു പിറപ്പതിനായേ
കൂടൊരുകൂടെയ്തും പോതിലുമിവ
കൂടെക്കൊണ്ടു നടക്കും പ്രാണന്‍.ˮ (15 – 7)

ഭാരതമാല

ഭാരതമാലയില്‍ ആദ്യം ഭാഗവതം ദശമസ്കന്ധത്തിലേ കഥ സങ്ഗ്രഹിക്കുന്നു. പിന്നീടാണു് മഹാഭാരതകഥ ആരംഭിക്കുന്നതു്. ദശമകഥാസങ്ഗ്രഹത്തിനുമാത്രം ഭാരതമാലയെന്നും ബാക്കിയുള്ളതിനു മഹാഭാരതസംക്ഷേപമെന്നും ഒരാദര്‍ശഗ്രന്ഥത്തില്‍ പ്രത്യേകം രണ്ടു പേരുകള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും ആദ്യത്തേതിനുമാത്രം ഭാരതമാലയെന്നു പേര്‍ യോജിക്കാത്തതിനാല്‍ മുഴുവന്‍ കൃതിക്കും അതുതന്നെയാണു് നാമധേയമെന്നു് ഊഹിക്കുന്നു. കവി ആരംഭത്തില്‍ ഇങ്ങനെ പറയുന്നു.

ʻʻഞാനം മിക്ക ജനം തുണചെയ്തൊരു
ഞാനമെനിക്കുണ്ടാവാനായേ;
വാനം തന്നിലുദിക്കും ചന്ദ്രനു
വന്തിയലും മിന്മിനി, യുര്‍വശിമുന്‍
കാനം തന്നില്‍ വസിക്കും പേ പല
കാണവളോടിയലുംപോലേയും
ഞാനറിവറിവാനായവനരുളാല്‍
നാരായണചരിതം ചൊല്ലുന്നിതു.
നാരായണചരിതം വ്യാസോക്തം
നാനാവേദപുരാണാഗാരം
ചീരായിതു പണിയറിവാനെളിയൊരു
ശ്രീകഥ ഭാരതമാലയിതെന്നും
പേരാല്‍ നിഷ്കളനാദി പുരാണന്‍
പേരായിരമുള്ളച്യുതനമലന്‍
നാരായണനരുളാലേ ചൊല്ലി
നശിച്ചിതു പാപമെനിക്കിനിയെല്ലാം.ˮ

കഥാസങ്ഗ്രഹത്തില്‍ കവിക്കുള്ള പാടവം അന്യാദൃശമാകുന്നു. 1363 ശീലുകള്‍കൊണ്ടു് ദശമസ്കന്ധവും മഹാഭാരതവും സംക്ഷേപിക്കുക എന്നതു് അത്യത്ഭുതമായ ഒരു കവികര്‍മ്മമല്ലെന്നു് ആര്‍ക്കു പറയാം? ചുരുക്കേണ്ട ഘട്ടങ്ങളില്‍ ചുരുക്കിയും പരത്തേണ്ട ഘട്ടങ്ങളില്‍ പരത്തിയുമാണു് ശങ്കരപ്പണിക്കര്‍ അദ്ദേഹത്തിന്റെ കൃത്യം നിര്‍വഹിച്ചിരിക്കുന്നതു്. സംഭവപര്‍വത്തില്‍ 54 ശീലുകളേ ഉള്ളു എങ്കിലും ഭാരതകഥയുടെ യഥാര്‍ത്ഥബീജമാകുന്ന ദ്രൌപദിവസ്ത്രാക്ഷേപം അന്തര്‍ഭവിക്കുന്ന സഭാപര്‍വത്തിനു കവി 135 ശീലുകള്‍ വിനിയോഗിച്ചിരിക്കുന്നതു് അദ്ദേഹത്തിന്റെ ഔചിത്യബോധത്തിനു മകുടോദാഹരണമാകുന്നു. സംഭവപര്‍വത്തില്‍ ശന്തനുവിന്റെ ജനനത്തിനു മുമ്പുള്ള കഥകളൊന്നും സ്പര്‍ശിച്ചിട്ടില്ല. മാതൃക കാണിക്കാന്‍ ചില ശീലുകള്‍ ചുവടേ ചേര്‍ക്കുന്നു.

 1. പാഞ്ചാലീസ്വയംവരം:
  ʻʻഅരുതെന്‍റാശങ്കിച്ചാര്‍ വിപ്രരു-
  മാകില്‍ച്ചെല്കെന്റാരതിലേ ചില-
  രൊരുനൊടിയില്‍ക്കൊണ്ടവര്‍കളെ വാസവി-
  യൊക്കവലംചെയ്തരചര്‍കള്‍ നടുവേ
  പൊരു ചിലതന്നെ നമസ്കൃതി ചെയ്തഥ
  പൊടിയുമൊഴിഞ്ഞു തൊടുത്താന്‍ വാണം
  കരുതിയ ലക്ഷവുമെയ്തു മുറിച്ചു
  കരുത്തൊടു വന്നവള്‍ മാലയുമിട്ടാള്‍.
  ഇട്ടാരമരര്‍കള്‍ പൂ വിജയന്മേ-
  ലിതു ദൈന്യം താനെന്റാരരചര്‍കള്‍;
  കഷ്ടാവസ്ഥയിതെന്റാര്‍ മറയവര്‍;
  കടുകെതിര്‍ പൊരുതു തുലഞ്ഞാര്‍ കൗരവര്‍;
  കെട്ടാര്‍ ദുര്യോധനകര്‍ണ്ണാദികള്‍;
  ഖേദിതരായേ പോയാര്‍ തോറ്റേ;
  വിട്ടാര്‍ തേര്‍ പാണ്ഡവര്‍കളുമുടനേ
  വിരയപ്പോയ് മാതാവിനു ചൊന്നാര്‍.ˮ
 2. പാണ്ഡവന്മാരുടെ ധര്‍മ്മനിഷ്ഠ:
  ʻʻആലേപനഭോജനവസ്ത്രാദിക-
  ളാലേ സന്തോഷിച്ചിതു മറയവര്‍;
  കാലേറിയ കുടയോടു ചെരിപ്പു
  ഗജാശ്വാദികള്‍ ദാസീദാസരെയും
  പാലേറിയ പശുവോടു കടാവു
  പലര്‍ക്കു കൊടുത്തദ്ധര്‍മ്മസുതാദികള്‍;
  നൂലേറിയ മാര്‍വുടയ തപോധനര്‍
  നുണ്ണറിവുടയോര്‍ കൊണ്ടിതുവന്നേ.ˮ
 3. പാഞ്ചാലിയുടെ വിലാപം:
  ʻʻഅച്യുത ശരണമനന്താ ശരണ-
  മനത്തുയിരാകിയവമലാ ശരണം;
  പിച്ചയിരന്നു മഹാബലിയസുരനു
  പീഡ വരുത്തിയ വാമന, ശരണം;
  [1]നച്ചരവില്‍ത്തുയില്‍ കൊണ്ടാ ശരണം
  നാരായണ രക്ഷിച്ചരുളെന്റേ-
  യച്ചമൊടവള്‍ ചൊന്നതിനുത്തരമാ-
  യാരുമുരത്തില്ലവരവരഴുതേ.ˮ
 4. കര്‍ണ്ണവധം:
  ʻʻഇല്ലയിതിന്നു സമം മറ്റൊരു ശര-
  മിതുകൊണ്ടേ ഞാന്‍ കൊല്വന്‍ കര്‍ണ്ണനെ
  നല്ല ഗുരുക്കളനുഗ്രഹമോടേ
  നല്കുക ഹോമാദികള്‍ ഫലമെന്റേ
  എല്ലയിലാ വെലമൊടു ഗാണ്ഡീവ-
  മെടുത്തു വലിച്ചൊരു മുഴുവമ്പാലെ
  ചൊല്ലി മുറിച്ചാന്‍ കര്‍ണ്ണനുടേ തല
  ചോരയൊടവനിയില്‍വീണ്ണതുകാലം.ˮ

  (കര്‍ണ്ണപര്‍വം)

രാമപ്പണിക്കരുടെ കൃതികള്‍

രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്, ഒരമ്മാനപ്പാട്ടു ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പാത്മപുരാണം എന്നീ ഗ്രന്ഥങ്ങള്‍കൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ പറയുന്നു. പാത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു്. ബ്രഹ്മാണ്ഡപുരാണത്തെപ്പറ്റി അന്യത്ര പ്രസ്താവിക്കും.

രാമായണം

നിരണം കവികളുടെ കൃതികളില്‍ രാമായണംപോലെ വിശിഷ്ടവും വിശ്വാകര്‍ഷകവുമായ ഒരു പ്രബന്ധമില്ലെന്നുള്ളതു സര്‍വ്വസമ്മതമാണു്. ആ ഗ്രന്ഥം ആദ്യന്തം അമൃതമയമാണു്; അതില്‍ ഓരോ ശീലിലും കാണുന്ന ശബ്ദസുഖവും അര്‍ത്ഥചമല്‍കാരവും ഏതു സഹൃദയനേയും ആനന്ദപരവശാനാക്കുകതന്നെ ചെയ്യും. രാമായണം മുഴുവന്‍ അദ്ദേഹത്തിന്റെ കൃതിയാണെന്നുള്ളതിനെപ്പറ്റി ആരുംതന്നെ സംശയിക്കേണ്ടതില്ല. യുദ്ധകാണ്ഡത്തിന്റെ അവസാനത്തില്‍ രാമദാസനെന്നും ഉത്തരകാണ്ഡത്തിന്റെ ഒടുവില്‍ രാമനെന്നും കവിയുടെ മുദ്രകള്‍ പ്രകാശിക്കുമ്പോള്‍ ʻʻമന്ദപ്രജ്ഞന്മാര്‍ക്കറിവാനായ് മനുകുലതിലകനുടേ വൃത്താന്തമിതന്ധന്‍ ഞാന്‍ കേവലമെങ്കിലും ഒട്ടായ പ്രകാരം ചൊല്ക തുനിഞ്ഞേന്‍ˮ എന്ന ബാലകാണ്ഡത്തിലെ പ്രസ്താവനയെ ആശ്രയിച്ചു് ʻഒട്ടു്ʼ അതായതു രാമായണത്തില്‍ ഒരംശം മാത്രമേ അദ്ദേഹം രചിച്ചുള്ളു എന്നു വാദിക്കുന്നതു് അശേഷം യുക്തിയുക്തമല്ല. ʻഒട്ട് ആയപ്രകാരംʼ എന്നതിനു് ʻഒരുവിധം ശക്തിക്കുതക്കവണ്ണംʼ എന്നാണു് അര്‍ത്ഥം കല്പിക്കേണ്ടതു്. ഭാരത്തിലും കവി ʻരാമകഥാമൊട്ടായപ്രകാരം ചൊന്നേന്‍ʼ എന്നല്ലാതെ ʻരാമകഥായാമൊട്ടായ പ്രകാരം ചൊന്നേന്‍ʼ എന്നു പറഞ്ഞിട്ടില്ലല്ലോ. വാല്മീകിരാമായണത്തെത്തന്നെയാണു് കവി അനുസരിക്കുന്നതെങ്കിലും പരിഭാഷയില്‍ അഭിനന്ദനീയങ്ങളായ പല സ്വാതന്ത്ര്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. മൂലത്തിലേ ആശയങ്ങള്‍ രസപുഷ്ടിക്കുവേണ്ടി സങ്കോചിപ്പിക്കണമെങ്കില്‍ സങ്കോചിപ്പിക്കുകയും വികസിപ്പിക്കണമെങ്കില്‍ വികസിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണു് അദ്ദേഹത്തിന്റെ നിയമം. പണിക്കര്‍ തികഞ്ഞ ഒരു സംസ്കൃതപണ്ഡിതനായിരുന്നു എന്നും രാജശേഖരന്റെ ബാലരാമായണ നാടകം മുതലായ കൃതികളില്‍നിന്നു് അദ്ദേഹം സന്ദര്‍ഭോചിതമായി ശ്ലോകങ്ങള്‍ തര്‍ജ്ജമ ചെയ്തു രാമായണത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ഇവിടെ പ്രസ്താവിക്കാനുള്ളതിനു പുറമേ സാക്ഷാല്‍ തുഞ്ചത്തെഴുത്തച്ഛനുപോലും ആ മഹാകവി മാര്‍ഗ്ഗദര്‍ശിയായിരുന്നു എന്നുള്ളതിനും ലക്ഷ്യങ്ങള്‍ കാണ്മാനുണ്ടു്. അദ്ധ്യാത്മരാമായണം ബാലകാണ്ഡത്തിലെ

ʻʻഇടിവെട്ടീടുംവണ്ണം വില്‍മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയില്‍പ്പേടപോലെ സന്തോഷം പൂണ്ടാള്‍ˮ

എന്ന വരികള്‍ കണ്ണശ്ശരാമായണം ബാലകാണ്ഡത്തിലെ

ʻʻനരപാലകര്‍ ചിലരതിനു വിറച്ചാര്‍,
നലമുടെ ജാനകി സന്തോഷിച്ചാള്‍
അരവാദികള്‍ ഭയമീടുമിടിധ്വനി-
യാല്‍ മയിലാനന്ദിപ്പതുപോലെˮ

എന്ന വരികളെ ഉപജീവിച്ചു് എഴുതിയതാണെന്നുള്ളതു വ്യക്തമാകുന്നു. പ്രസ്തുതഗ്രന്ഥത്തിന്റെ മഹിമ വാചാമഗോചരമാണെന്നു തെളിയിക്കുവാന്‍ ചില ശീലുകള്‍ താഴെ പ്രദര്‍ശിപ്പിക്കാം.

 1. സൂര്യോദയം:
  ʻʻആരണമയനമരാസുരസേവ്യ-
  നനത്തുയിരാകിയ നാഥന്‍ തിരുവടി
  പൂരണനൊരു മരതകനിറമാമെഴു-
  പുരവികള്‍ പൂണ്ട രഥത്തിന്മേലേ
  സാരഥിയാമരുണനൊടാദിത്യന്‍
  താനുദയം ചെയ്തരുളിയ കാലം
  നീരിയലും നിയമങ്ങള്‍ മുടിച്ചാന്‍
  നൃപസുതരോടേ വിശ്വാമിത്രന്‍.ˮ

  (ബാലകാണ്ഡം)

 2. പരശുരാമന്റെ വരവു്:
  ʻʻകണ്ടാകുലമോടേ കാലാഗ്നി-
  കരുത്തൊടെരിഞ്ഞുവരുന്നതിനെന്നേ
  കൊണ്ടാര്‍ ചിലര്‍; ആദിത്യന്മാര്‍ പലര്‍
  കൂടിവരുന്നതിതെന്നാര്‍ ചിലരോ;
  കണ്ടാലറിയരുതെന്നാര്‍ ചിലര്‍; ഇതു
  കണ്ണാലെതിര്‍നോക്കരുതെന്നാര്‍ ചിലര്‍;
  ഉണ്ടാകിയ ഭയപരവശരായൊ-
  ന്നുരിയാടാതേ നിന്നാര്‍ പലരും.ˮ

  (ബാലകാണ്ഡം)

 3. ദശരഥന്‍ കൈകേയിയോടു്:
  ʻʻഏതൊരു ജാതിയുടുപ്പോന്‍ വല്ക്കല-
  മെന്നുടെ പുത്രന്‍ ബാലനിരാമന്‍
  മേദിനി മേലെല്ലാരുമുടുപ്പതില്‍
  മേത്തരമെന്നിയുടുത്തറിയാതോന്‍?
  ആദരവോടു സുഖോചിതനായുള-
  നായവനിന്നു വനത്തിനു പോയാ-
  ലേതമിയന്നു നിലത്തു കിടപ്പാ-
  നെന്തവനിന്നു പിഴച്ചതു പാപേ?ˮ
 4. സുമന്ത്രര്‍ കണ്ട ശ്രീരാമന്‍:
  ʻʻകണ്ടവര്‍കള്‍ക്കു മനോഹരമായേ
  കാര്‍മുകില്‍പോല്‍ വടിവീടിയ മെയ്മേ-
  ലെണ്ടിശയും കലരുന്ന സുഗന്ധ-
  മിണങ്ങിന കുങ്കുമപങ്കമണിഞ്ഞേ
  കൊണ്ടലിടയ്ക്കുലവും മിന്നല്‍ക്കെതിര്‍-
  കൊണ്ട മഹാരത്നാഭരണം പൂ-
  ണ്ടണ്ടര്‍പതിക്കെതിരാകെയിരുന്ന നൃ-
  പാത്മജനെക്കണ്ടവനടി തൊഴുതാന്‍.ˮ

  (അയോദ്ധ്യാകാണ്ഡം)

 5. മുനിവേഷത്തില്‍ വന്ന രാവണന്‍ സീതയോടു്:
  ʻʻപൂജിതനായവനവളെയതീവ
  പുകണ്ണനുരാഗവശേന പറഞ്ഞാന്‍:
  മേചകകാന്തി കലര്‍ന്നുവീടും
  വേരിമലര്‍ക്കുഴല്‍മെന്നടയാളേ!
  താര്‍ചരവീരനു ജീവിതമായേ
  താവിയ രൂപഗുണം തവ കണ്ടാ-
  ലാര്‍ ചപലാശയരായ് മുടിയാതവ-
  രാക്കമതീവ കുറഞ്ഞിതെനിക്കോ.ˮ

  (ആരണ്യകാണ്ഡം)

 6. വസന്തവര്‍ണ്ണനം:
  ʻʻകാണാ കോമളവല്ലികളാകിയ
  കന്യകമാരെ നടം ചെയ്യിച്ചേ
  വീണാനാദമെനും നവഭൃംഗ-
  വിനോദമനോഹരഗീതത്തോടേ
  പൂണാരണിമുലമാരൊടുകൂടിയ
  പുരുഷാണാമതി സുഖകരമായേ
  നീണാളും വനരങ്ഗേ മേവിന
  നിരുപമമാരുതനര്‍ത്തകലീലാം.ˮ

  (കിഷ്കിന്ധാകാണ്ഡം)

 7. വര്‍ഷാവര്‍ണ്ണനം:
  ʻʻഇടിയാകിന്ന മിഴാവൊലിയാലുട-
  നേവര്‍ക്കും പരിതാപം കളവാന്‍
  ചുടരേറും മിന്നല്‍പ്പുണരാകിയ
  തൂയവിളക്കു കൊളുത്തി വിശേഷാല്‍
  വടിവേലും വരിവണ്ടുകള്‍ പാട
  മയൂരാദികള്‍ മകിഴ്വെയ്തും വണ്ണം
  നടനാകിയ കാര്‍കാലം വന്നൊരു
  നാടകമാടും പൊലിവിതു പാരാ.ˮ

  (കിഷ്കിന്ധാകാണ്ഡം)

 8. ക്രുദ്ധനായ ലക്ഷ്മണന്‍ താരയോടു്:
  ʻʻതാനൊരു നല്ലതുതീയതുടന്‍ കരു-
  താതവനേ, താരേ! നിന്‍ഭര്‍ത്താ;
  വേനല്‍ പുറന്നാലാരായ്‌വന്‍ ഞാന്‍
  വീറൊടു ദേവിയെയെന്നു പറഞ്ഞാന്‍;
  ആനതുകേട്ടു പൊറുത്തോം വര്‍ഷ-
  മനന്തരമവനിവയൊക്കെ മറന്നേ
  പാനമദാന്ധതയോടുമിരുന്നാന്‍
  പകലേതിരവേതെന്നറിയാതേ.ˮ

  (കിഷ്കിന്ധാകാണ്ഡം)

 9. ഹനൂമാന്‍ സീതയോടു രാമനെപ്പറ്റി:
  ʻʻഅവനതിസുന്ദരനിന്ദുസമാനന-
  നായതഭുജനരുണാംബുജനയനന്‍
  കുവലയകാന്തി കലര്‍ന്ന നരേന്ദ്ര-
  കുമാരനിടന്തടവുംതിരുമാര്‍വന്‍
  തവമിയലും മുനിവേഷധരന്‍ കുശ-
  ധരസൗമ്യന്‍ കടിതടപരിശോഭിത-
  നുവവിമികും ജംഘായുഗളന്‍ വടി-
  വുടയ പാദംബുജനംബുജനാഭന്‍.ˮ

  (സുന്ദരകാണ്ഡം)

 10. ഹനൂമാന്‍ കണ്ട രാവണന്‍:
  ʻʻഏറ മനോഹരമാം കാര്‍മുകില്‍നിറ-
  മീടിയിടന്തടവും മാര്‍വതിലേ
  കൂറരുതാതളമുത്തിന്‍മാലകള്‍
  കൂടനിലാവെഴുമെകിറുകളോടും
  വേറൊരു ചെന്താമരമലര്‍മാല
  വിളങ്ങിനപോലേ നേത്രാവലിയോടു,
  മാറില്ലയാമണികുണ്ഡലമണ്ഡന-
  മാര്‍ന്നു നിറന്ന മുഖാവലിയോടും.
 11. ഉമ്പര്‍പുരാന്‍ മുതലാമമരന്മാ-
  രുടനുടനേ വിട്ടസ്ത്രങ്ങളെയും
  വമ്പുട ദിഗ്ഗജദന്തങ്ങളെയും
  മാര്‍വതിലേറ്റ തഴമ്പുകളോടും
  തുമ്പമനത്തുലകത്തിനു നല്കി-
  ത്തുലവിയലാവടിവോടേ ദശമുഖ-
  നിമ്പമിയന്നമരുന്നതു മാരുതി-
  യീടിയ ബഹുമാനത്തൊടു കണ്ടാന്‍.ˮ

  (സുന്ദരകാണ്ഡം)

 12. സമുദ്രത്തില്‍ ശ്രീരാമന്റെ ബാണപ്രയോഗം:
  ʻʻലോകത്രയനാഥന്‍ പങ്കേരുഹ-
  ലോചനനനുപമദേഹമരീചികള്‍
  പാകിപ്പലപാടും പകലവരൊരു
  പതിനായിരമൊരുമിച്ചതുപോലെ
  മാഴ്‌കിത്തുലവിയലാതൊളിവോടു
  മറുത്തെതിര്‍ നോക്കരുതായ് നിന്റവിടേ
  വേഗത്തൊടു പല വാളികളെയ്താന്‍
  വീരതരന്‍ മകരാകരമതിലേˮ

  (യുദ്ധകാണ്ഡം)

 13. ആദിത്യഹൃദയം:
  ʻʻദേവവിരോധിനാശന! വിശ്വസാക്ഷിയുമായെന്നാളും
  നീതി മികുത്ത കാഞ്ചനകാന്തിയുള്ളവനേ! നമസ്തേ;
  ആവികുളുര്‍ക്കുമാറു നിനച്ചവര്‍ക്കരുള്‍ചെയ്യും മാര്‍ത്താ-
  ണ്ഡായ സമസ്തലോകവിലോചനായ നമോ നമസ്തേ;
  കേവലമ്മിക്ക ഭൂതങ്ങളെപ്പടച്ചുമഴിച്ചും നീയേ
  കേടുവരുത്തിയൊക്ക വരട്ടി വര്‍ഷമിയറ്റുവോന്മ-
  റ്റാവി നശിച്ചപോലുറങ്ങിന്നവര്‍ക്കുണര്‍വെക്കൊടുപ്പോ-
  രാദിപുരാണനേ! കരുണാകരായ നമോ നമസ്തേˮ

  (യുദ്ധകാണ്ഡം)

 14. ശ്രീരാമസ്തോത്രം:
  ʻʻജയജയ മന്ദരശൈലമുയര്‍പ്പാന്‍
  ചെമ്മേ കൂര്‍മ്മവുമായവനേ! ജയ;
  ഭയമിയലാതവനിയെ മീള്‍വാനായ്
  പന്നിയുടേ വടിവാനവനേ ജയ;
  തുയര്‍കെട നരസിംഹാകൃതിയായ
  സുരേശ! ഹിരണ്യാന്തകനേ ജയ ജയ;
  നയമൊടു വാമനനായ് മാബലിയൊടു
  നാടു പറിച്ച നരോത്തമനേ ജയ;
  ജയ ജയ ഭാര്‍ഗ്ഗവരാമാകൃതിയായ്-
  ച്ചെമ്മേ മൂവെഴുതുട മുടിമന്നരെ
  നയമിയലാതേ കൊന്നുദകക്രിയ
  നലമൊടുചെയ്ത മഹാത്മാവേ! ജയ;
  ഭയകരനായ ദശാനനെക്കൊല
  പരിചൊടു ചെയ്തെങ്ങള്‍ക്കിടര്‍ തീര്‍പ്പാ-
  നുയര്‍ പുകഴോടിതു കാലം ഭാനുക-
  ലോത്ഭവനായുളവായവനേ ജയ.ˮ

  (ഉത്തരകാണ്ഡം)

എന്തൊരവിച്ഛിന്നധാരമായ ശബ്ദപ്രവാഹം! എന്തൊരനന്യസുലഭമായ കവനകലാപാടവം!!

ഭാഗവതം

കണ്ണശ്ശഭാഗവതവും ഒരു മഹാപ്രബന്ധമാണു്. ദശമസ്കന്ധത്തിലെ ഓരോ അദ്ധ്യായവും കവി പ്രത്യേകമായി തര്‍ജ്ജമ ചെയ്തിരിക്കുന്നു. മൂലത്തിലെ തൊണ്ണൂറദ്ധ്യായങ്ങള്‍ക്കു പകരം ഭാഷയില്‍ ശ്രുതിഗീതാദ്ധ്യായം വിട്ടും ഏകാദശസ്കന്ധസംക്ഷേപത്തിനു രണ്ടദ്ധ്യായങ്ങള്‍ വിനിയോഗിച്ചും ഭാഷയില്‍ തൊണ്ണൂറ്റൊന്നധ്യായങ്ങളാക്കിയാണു് ആ കൃതി രചിച്ചിട്ടുള്ളതു്. രാമായണത്തിലെന്നപോലെ മനോഹരമായ ഒരു ഭഗവല്‍സ്തുതി ഈ ഗ്രന്ഥത്തിന്റേയും ഒടുവിലുണ്ടു്. ʻʻശ്രീകൃഷ്ണമഹാകഥ നിതരാം സംക്ഷേപിപ്പാനായേˮ എന്നു് ആരംഭത്തില്‍ കവി തന്റെ ഉദ്ദേശം വെളിവാക്കുന്നുണ്ടെങ്കിലും ആ കഥ അത്ര വളരെയൊന്നും സംക്ഷേപിച്ചിട്ടില്ല. ʻʻഉല്ലാസത്തൊടു വിനതാതനയനുയര്‍ന്നു പറന്നാകാശേ മറ്റൊരു പൊല്ലാമക്ഷിക തന്നാലാവതു പൊങ്ങുവതിന്നാരേ മുനിയുന്നോര്‍?ˮ എന്നു രാമായണത്തില്‍ ചോദിക്കുന്ന കവി ʻʻആദരവോടൊരു ബാലകനിതമായാകാശേ മരുവീടിയ ചന്ദ്രനെ നീതിയിനോടു പിടിപ്പതിനായേ നിതരാം ക്ലേശിക്കുന്നതുപോലെˮയാണു് തന്റെ ഉദ്യമമെന്നു ഭാഗവതത്തിലും ʻʻവാനിലെഴും നിറമാമതിതന്നെ മകിഴ്‌ന്തൊരു ബാലകനിങ്ങുപിടിപ്പാന്‍ താനൊരു കൈ നീട്ടിന്റതിനോടു സമാനമിതു്ˮ എന്നു് ആ ആശയത്തെത്തന്നെ ഭങ്ഗ്യന്തരേണ പരാവര്‍ത്തനം ചെയ്തു ഭാരതത്തിലും പ്രകടീകരിച്ചു തന്റെ ശാലീനതയെ ഗ്രന്ഥംതോറും വെളിപ്പെടുത്തുന്നു. ശബ്ദനിഷ്കര്‍ഷ താരതമ്യേന വളരെ കുറവുള്ള ഒരു ഗ്രന്ഥമാണു് ഭാഗവതം; രാമായണത്തിന്റെ ഗുണം അതിനില്ല; അതു പണിക്കര്‍ എപ്പോള്‍ രചിച്ചു എന്നു പറവാന്‍ നിര്‍വാഹമില്ല. ഒന്നുരണ്ടു് ഉദാഹരണങ്ങള്‍ ചേര്‍ക്കുന്നു.

(1)ʻʻനാരായണനിടിയൊലിപോലുള്ളൊരു
നാദത്തോടിതു ചൊല്ലിയ വചനം
നേരേ കേട്ടെരിയും കോപത്തൊടു
നിതരാം പ്രേരിച്ചാനതു കാലം;
താരാര്‍മകള്‍മണവാളനെ നോക്കി-
ത്തരസാ കാലാന്തകയമനോടെതിര്‍
നേരാകിയ ഗജവരനതുനേരം
നേരേ ചെന്നു പിടിച്ചാനല്ലോ.ˮ
(2) പ്രഭാതത്തില്‍ ഗോപസ്ത്രീകള്‍:-
ʻʻപാടക കങ്കണ മണിചേര്‍ന്നീടിന
പാണികളാലേ രജ്വാകര്‍ഷണ-
മാടിന കണ്ഡലകുന്തളകുങ്കമ-
മതിനാല്‍ മണ്ഡിതമാം മുഖകമലം
കൂടതു നേരത്തിളകിന മുലകള്‍
ഗുരുത്വമിയന്റീടും കടിതടമൊടു
കൂടിന ഗോപാങ്ഗനമാരേറ്റം
കരുകുലതിലകാ! ശോഭിതരായാര്‍.ˮ

ശിവരാത്രി മാഹാത്മ്യം

എല്ലാ കൃതികളും വിഷ്ണുപരമായിരിക്കേണ്ട എന്നു വിചാരിച്ചാണു് തൃക്കപാലീശ്വരത്തിലേ ശിവന്റെ ഭക്തനും കൂടിയായ രാമപ്പണിക്കര്‍ പ്രസ്തുത പ്രബന്ധം രചിച്ചതു് എന്നു തോന്നും. ആകെ നൂറ്റമ്പതു ശീലുകള്‍ ഈ ʻഭാഷാസംക്ഷേപʼത്തിലുണ്ടു്. സുകുമാരന്‍ എന്ന ബ്രാഹ്മണന്‍ അനവധി പാപങ്ങള്‍ ചെയ്തു ഒരു ചണ്ഡാലിയുമായി വളരെക്കാലം രമിക്കുകയും അതിനിടയില്‍ ഒരു ശിവരാത്രി തന്റെ പ്രിയതമയ്ക്കുവേണ്ടി പുഷ്പാന്വേഷണത്തിനു പോയപ്പോള്‍ ശിവനെ മറ്റുള്ളവരുടെ കൂട്ടത്തില്‍ ദൂരെനിന്നു് ആകസ്മികമായി തൊഴുകയും ചെയ്തു. അയാള്‍ക്കു മരണാനന്തരം ശിവലോകം പ്രാപിക്കുവാന്‍ സങ്ഗതി വന്നതാണു് വിഷയം. വിസ്മയനീയമായ ചാതുര്യത്തോടുകൂടി കവി ഈ കഥ പ്രതിപാദിച്ചിരിക്കുന്നു. രചന കൊണ്ടു മിക്കവാറും കണ്ണശ്ശരാമായണത്തോടു കിടനില്ക്കുന്ന ഒരു കൃതിതന്നെയാണു് ശിവരാത്രിമാഹാത്മ്യം. രണ്ടു ശീലുകള്‍ ഉദ്ധരിക്കാം.

(1) ശിവദൂതന്മാര്‍:
ʻʻകന്തശരാസനബാണനിശാത-
കുഠാരായുധരായ് നിര്‍മ്മലരായേ
സുന്ദരരായഥ ബാഹുചതുഷ്ടയ-
ശോഭിതരായതിമുഷ്കരരായേ
ചന്തമമര്‍ന്ന ജടാഭാരത്തൊടു
ചര്‍മ്മാംബരരായ് ഭസ്മാകൃതിയൊടു-
മിന്ദുകലാപമണിഞ്ഞഖിലാങ്ഗവു-
മീശ്വരദൂതരിതത്തൊടു നിന്നാര്‍.ˮ

(2) ശിവഗണേശ്വരന്മാര്‍:
ʻʻആയതബാഹുചതുഷ്ടയശോഭിത-
രായതിനിര്‍മ്മല ഭസ്മോദ്ധൂളിത-
കായരുമായേ ചര്‍മ്മാംബരരായ്-
ക്കാലാന്തകസമവിക്രമരായേ,
മായയെ നീക്കും ബ്രഹ്മശിരാവലി-
മാലാധരരായ് ദുഷ്കരരായേ
തൂയഗണേശ്വരരെക്കണ്ടകമേ
സുഖമായിതു വൈവസ്വതനവിടേ.ˮ

ʻഭാഷാമിശ്രമിതെന്റികഴാതേʼ തന്റെ കൃതി പരായണം ചെയ്യുന്നവര്‍ ശങ്കരലോകം പ്രാപിക്കുമെന്നും കവി ഒടുവില്‍ ഫലശ്രുതിരൂപത്തില്‍ പ്രസ്താവിക്കുന്നു. അത്തരത്തിലുള്ള കൃതികളുടെ നേര്‍ക്കു് അന്നത്തേ സംസ്കൃതപക്ഷപാതികള്‍ നെറ്റി ചുളിച്ചിരുന്നു എന്നു് ഊഹിക്കുവാന്‍ ഈ പ്രസ്താവന വഴിനല്കുന്നു.

ഭാരതം

മഹാഭാരതകഥ സാമാന്യേന വിസ്തരിച്ചു പ്രതിപാദിക്കുന്ന ഒരു ദീര്‍ഘമായ പ്രബന്ധമാണു കണ്ണശ്ശഭാരതം. ഭാരതമാലയിലെന്നപോലെ ആദ്യമായി ഒരു ദശമസ്കന്ധ സംക്ഷേപം ഇതിലുമുണ്ടു്. പിന്നീടു മുറയ്ക്കു പൗലോമം മുതല്ക്കുള്ള കഥ പ്രപഞ്ചനം ചെയ്യുന്നു. രാമപ്പണിക്കര്‍ ഈ ഗ്രന്ഥം അവസാനിപ്പിച്ചുവോ എന്നു സംശയമാണു്. ദ്രോണപര്‍വത്തിനുമേലുള്ള ഭാഗങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല.

ʻʻവല്ലവവാലകനാകിയ കൃഷ്ണന്‍
വസുധാഭാരം തീര്‍ത്തപ്രകാരം
ചൊല്ലുകിലാമതിനൊടു ചേര്‍ന്നോ ചില
ശുഭകഥകളുമിടര്‍ കളവാനായേ.ˮ

എന്ന വരികളില്‍ ആദ്യം തന്നെ തന്റെ അഭിസന്ധി കൃഷ്ണകഥാനുകീര്‍ത്തനമാണെന്നും അതിനു് ഒരു സൗകര്യം ഭാരതം നല്കുന്നതുകൊണ്ടാണു് അതിനെ താന്‍ ഭാഷപ്പെടുത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ടു്. കവിതയ്ക്കു പ്രായേണ ശിവരാത്രിമാഹാത്മ്യത്തിന്റെ ഗുണമുണ്ടു്. ഒരു ശീല്‍ ചുവടേ ചേര്‍ക്കാം.

ʻʻകോമളപുഷ്പലതാപരിവേഷ്ടിത-
കോടരവൃക്ഷമനോഹരനൈമിശ-
മാമടവിയില്‍ മുനി ശൗനകനീരാ-
റാണ്ടൊരു യാഗം ചെയ്വതുകാലം
തീമയിലാനുഗ്രശ്രവസാഖ്യന്‍
ധീരന്‍ സൂതസുതന്‍ പൗരാണിക-
നാമിനി മുനികളെയടിതൊഴുവാനെ-
ന്റാശ്രമമതിലേ ചെന്റാനൊരുനാള്‍.ˮ

ആങ്ഗലേയസാഹിത്യത്തില്‍ ʻസ്പെന്‍സര്‍ʼ എന്ന കവിസാര്‍വഭൗമന്റെ സ്ഥാനമാണു് കേരളസാഹിത്യത്തില്‍ രാമപ്പണിക്കര്‍ക്കു നല്കേണ്ടതു്.

ഗുരുഗീത

ഇതു മുന്‍പറഞ്ഞ നിരണം കവികളില്‍ ഒരാളുടെ കൃതിയാണെന്നു വിചാരിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ഭാഷയ്ക്കു് അത്രവളരെ പഴക്കമില്ല; കവിത തീരെ പൊട്ടയാണു്; വൃത്തത്തിന്റെ കഥയും ഒരുമാതിരി പരുങ്ങല്‍ തന്നെ. എതുകമോനകളും അന്താദിപ്രാസവുമില്ല. ചില ആശയങ്ങളില്ലെന്നില്ലെങ്കിലും അപശബ്ദങ്ങള്‍ സുലഭങ്ങളാണു്. ഗുരുവിന്റെ മാഹാത്മ്യത്തെ ശ്രീപരമേശ്വരന്‍ പാര്‍വതീദേവിയോടു പറഞ്ഞുകേള്‍പ്പിക്കുന്നതാണു് കഥാവസ്തു. ആകെ 72 ശീലുകളുണ്ടു്. ഒരു ശീലുദ്ധരിക്കാം.

ʻʻകൈലയിലമരും ഭക്താനുഗ്രഹ-
തല്‍പരനാകിയ ശ്രീശങ്കരനെ
ഭക്തിയോടേ വന്ദിച്ചഥ പാര്‍വ്വതി-
ദേവിയുമൊരുനാള്‍ ഗുരുതത്വവിശേഷം
കേള്‍പ്പാനിച്ഛിച്ചവനൊടു ചോദ്യം
ചെയ്കയിലേറ്റം പരമാനന്ദം
പൂണ്ടതിനുടെ വിവരം കേള്‍ക്കെ(ന്ന)-
ന്നരുളിച്ചെയ്തു പറഞ്ഞുതുടങ്ങിˮ

ഒടുവില്‍ മലയിന്‍കീഴ് കൃഷ്ണനെ വന്ദിച്ചിട്ടുണ്ടു്. അതുകൊണ്ടു കണ്ണശ്ശന്റെ കുടുംബത്തില്‍ ജനിച്ച പശ്ചാല്‍കാലികനായ ഒരു കവിയാണു് അദ്ദേഹം എന്നു മാത്രം സങ്കല്പിക്കാം. ആകെക്കൂടി നോക്കുമ്പോള്‍ ഈ ക്ഷുദ്രകവിതയ്ക്കു ഭാഷാസാഹിത്യവേദിയില്‍ പ്രവേശമനുവദിക്കുവാന്‍ നിവൃത്തിയില്ലാതെയിരിക്കുന്നു.

സീതാസ്വയംവരം അമ്മാനപ്പാട്ടു്

രാമായണത്തെ വിഷയീകരിച്ചു് ഒരു ചെറിയ അമ്മാനപ്പാട്ടുണ്ടു്. കവിമുദ്രയില്ലെങ്കിലും ഭാഷാരീതികൊണ്ടും കണ്ണശ്ശരാമായണഗ്രന്ഥത്തിന്റെ ഒടുവില്‍ ചേര്‍ത്തുകാണുന്നതുകൊണ്ടും അതു രാമപ്പണിക്കരുടെ കൃതിയാണെന്നു് ഊഹിക്കാം. കേരളത്തില്‍ പല ജാതിക്കാരുടെ ഇടയിലും ഏതാനും കൊല്ലം മുമ്പുവരെ പ്രചുരപ്രചാരമായിരുന്ന ഒരു വിനോദകലയാണു് അമ്മാനാട്ടം; അതിനു് ഉപയോഗപ്പെടത്തക്കവിധത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഗാനങ്ങളാണു് അമ്മാനപ്പാട്ടുകള്‍. തലയില്‍ നിറകിണ്ടി വച്ചു് അതില്‍നിന്നു താളത്തിനു വെള്ളത്തുള്ളികള്‍ വീഴുമാറു് അമ്മാനമാടുവാന്‍ വശമുള്ള ʻഈഴവാത്തിʼ സ്ത്രീകള്‍ അടുത്തകാലംവരെയുണ്ടായിരുന്നു എന്നും കിണ്ടിയിലെ വെള്ളത്തുള്ളികള്‍ നിലത്തും ആടുന്ന കായ്കള്‍ കൈകളിലും വീഴത്തക്കവണ്ണം അവര്‍ ആ കലയില്‍ അത്യത്ഭുതമായ ʻസാധകംʼ സമ്പാദിച്ചിരുന്നു എന്നും അഭിജ്ഞന്മാര്‍ പ്രസ്താവിക്കുന്നു. ദക്ഷിണകേരളത്തിലേയും മദ്ധ്യകേരളത്തിലേയും അമ്മാനപ്പാട്ടുകള്‍ക്കു വൃത്തസംബന്ധമായും മറ്റും വ്യത്യാസമുണ്ടു്. സീതാസ്വയംവരത്തില്‍ ആകെ പത്തൊന്‍പതു ശീലുകളേയുള്ളു. അന്താദിപ്രാസത്തിനുപകരം കവി പ്രസ്തുതകൃതിയില്‍ അകാരാദിക്രമമാണു് സ്വീകരിച്ചിരിക്കുന്നതു്. ആദ്യത്തെ ശീല്‍ അടിയിലുദ്ധരിക്കുന്നു.

ʻʻഅച്യുതന്‍ കരുണാകരന്‍ തരുണാരുണാംബുജലോചനന്‍
അഖിലജനമനകമലനിരുപമനിലയനരി പുരുഷോത്തമന്‍,
പച്ചമാന്‍ നാരായണന്‍ പാലാഴിയില്‍ത്തുയില്‍കൊണ്ടവന്‍,
പരമഗുരുമുരവൈരിമധുരിപു സകലഗുണപരിപാവനന്‍,
ഇച്ചയായതിനിര്‍മ്മലന്‍ പീതാംബരന്‍ ദൈത്യാന്തകന്‍,
ഇനിയ രവികുലമഹിതദശരഥനൃപതിതനയനതായവന്‍,
ഇഷ്ടമായ് മുനിപുങ്ഗവന്‍ നൃപനോടിരന്നതുമൂലമാ-
യിതമൊടനുജനൊടുഴറി നടന്നിതെന്നാടുകമ്മാനേ.ˮ

തൃക്കപാലീശ്വരസ്തോത്രം

നിരണത്തു കൃഷ്ണപ്പണിക്കരുടെ തൃക്കപാലീശ്വരസ്തോത്രം എന്നൊരു കൃതിയുണ്ടു്. ആകെ പതിനെട്ടു പാട്ടുകളാണു് അതിലടങ്ങിയിരിക്കുന്നതു്. ʻʻനിരണകപാലീശ്വരമമരും ഗിരിതനയാരമണ തൊഴുന്നേന്‍ˮ എന്നാണു് എല്ലാ പാട്ടുകളും അവസാനിക്കുന്നതു്. ഒരു പാട്ടു ചുവടേ ചേര്‍ക്കുന്നു.

ʻʻകങ്കുമകളഭങ്ങളതണിയും മങ്കയില്‍മണിയാകിയ പാര്‍വ്വതി
വഞ്ചനചെയ്തഞ്ചിക്കൊഞ്ചിക്കൊങ്കയില്‍ വച്ചമ്പൊടു പുണരും
പങ്കജമലരമ്പനെ വെന്നൊരു ശങ്കരനുടനെങ്കല്‍ വിളങ്ങുന്ന
നിരണകപാലീശ്വര...ˮ

കവിതയ്ക്കു ഭഗവദ്ഗീതയേയും രാമായണത്തേയും മറ്റുംപോലെയുള്ള പഴക്കം തോന്നുന്നില്ല; അവയുടെ അടുത്തെങ്ങും ആസ്വാദ്യതാവിഷയത്തില്‍ സമീപിക്കുവാനുള്ള യോഗ്യതയും കാണുന്നില്ല. ʻകണ്ണശ്ശʼന്റെ തറവാട്ടില്‍ പിന്‍കാലത്തു ജനിച്ച ഒരു കവിയായിരിക്കാം ഈ കൃഷ്ണപ്പണിക്കര്‍.

ശ്രീവല്ലഭകീര്‍ത്തനം

നിരണംകവികളില്‍ ഏതോ ഒരാളുടെ കൃതിയാണു് അഞ്ചു ശീലുകള്‍മാത്രം അടങ്ങീട്ടുള്ള ശ്രീവല്ലഭകീര്‍ത്തനം. മലയിന്‍കീഴ് മഹാവിഷ്ണുവിനെയാണു് ഈ കൃതിയില്‍ വന്ദിച്ചിരിക്കുന്നതെങ്കിലും ʻനമശ്ശിവായʼ എന്ന ശൈവമന്ത്രത്തിലേ അഞ്ചക്ഷരങ്ങള്‍കൊണ്ടാണു് ഇതിലേ ശീലുകള്‍ യഥാക്രമം ആരംഭിക്കുന്നതു്. ഇതിനു കാരണം തിരുവല്ലയിലെത്തേവരായി മലയിന്‍കീഴില്‍ പ്രതിഷ്ഠിതനായ വിഷ്ണുവിനെയാണു് കവി സ്തുതിക്കുന്നതെങ്കിലും, അദ്ദേഹ

ത്തിന്റെ ജന്മഭൂമിയായ നിരണത്തു തൃക്കപാലീശ്വരത്തു ക്ഷേത്രത്തിലെ ശ്രീപരമേശ്വരനെക്കൂടി ഘടിപ്പിക്കണമെന്നു് അദ്ദേഹത്തിനുള്ള താല്‍പര്യമാണെന്നുള്ളതു സ്പഷ്ടമാകുന്നു. രണ്ടു ശീലുകള്‍ മാത്രം ചുവടേ കുറിക്കുന്നു.

ʻʻനല്ലോരരവണമേലാഴിയില്‍
മെല്ലെത്തുയിലാകിയ മാധവ-
നല്ലോ നരജാതികളിടതീര്‍-
ത്തുല്ലാസം രക്ഷിച്ചരുളും
ചൊല്ലാര്‍ന്നന മലയിന്‍കീഴ്‌ത്തിരു-
വല്ലഭനേ! നിന്‍പദപങ്കജൃ
മെല്ലാനാളും തൊഴുതേന്‍ ശ്രീ-
മാധവ പാഹി കൊഴുന്നേന്‍.
മണ്ണെയളന്നീരടിയാക്കിയ
കണ്ണാ കരുണാകര മരതക-
വണ്ണാ നിര്‍പദമിരുപൊഴുതും
വിണ്ണോര്‍ തൊഴുതീടുമവര്‍ക്കും
എണ്ണിയ വന്‍വിന തീര്‍ത്തീടും
വെണ്ണകള്‍ കളവാണ്ടുണ്ടവനേ കേള്‍
എന്നേയും രക്ഷിക്കനുദിനവും
ശ്രീമാധവ പാഹി തൊഴുന്നേന്‍.ˮ

നിരണവൃത്തങ്ങള്‍

നിരണംകവികളുടെ കൃതികളിലേ ഭാഷയെ മുത്തമിഴു് (തികഞ്ഞമിഴ്) എന്നു ചിലര്‍ വ്യവഹരിക്കുന്നതു് അതിലെ പഴയ മലയാന്തമിഴിലുള്ള പല പദങ്ങളേയും പ്രയോഗങ്ങളേയും കണ്ടിട്ടായിരിക്കണം; തമിഴ്, മലയാളം, സംസ്കൃതം ഈ മൂന്നു ഭാഷകളുടേയും സമ്മേളനം അലയില്‍ സ്ഫുരിക്കുന്നതുകൊണ്ടാണെന്നു തോന്നുന്നില്ല. ഏതായാലും അത്തരത്തിലുള്ള സമ്മേളനത്തിനു് ഒരു ആകര്‍ഷകമായ സൗന്ദര്യവും സൗരഭ്യവുമുണ്ടെന്നു ഹൃദയാലുക്കള്‍ സമ്മതിക്കുകതന്നെ ചെയ്യും. നിരണംകവികള്‍ പ്രയോഗിച്ചിട്ടുള്ള വൃത്തങ്ങളില്‍ അതിപ്രധാനമായിട്ടുള്ളതു് 16 മാത്രകള്‍ വീതമുള്ള ഈരണ്ടു ഖണ്ഡങ്ങളടങ്ങിയ നാലു് ഈരടികള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണു്. അതിനേയും തരങ്ഗിണിയെന്നു പറയാം; എന്നാല്‍ തുള്ളല്‍പ്പാട്ടിലെ തരങ്ഗിണിക്കു ശീലുകളുടെ മാതിരിവിരാമമില്ലാത്തതും അതു് ഈരടികള്‍കൊണ്ടുമാത്രം നിബന്ധിച്ചിട്ടുള്ളതുമാണെന്നു് ഒരു വ്യത്യാസമുണ്ടു്. ʻആനന്ദാമൃതസാര മരൂപരശേഷജഗല്‍പരിപൂര്‍ണ്ണവുമായേʼ എന്നതു രാമായണം ആദ്യത്തെ ശീലിലെ നാലീരടികളില്‍ ആദ്യത്തേതാണു്. ഇതുകൂടാതെ വേറേയും ചില വൃത്തങ്ങള്‍ നിരണംകവികള്‍ ഇടയ്ക്കിടയ്ക്കു സ്വീകരിച്ചിട്ടുണ്ടു്.

 1. ʻʻആയിതനുരാഗമതുകാലമഥ കൗസ-
  ല്യാതനയനാകിയ കുമാരനിലെവര്‍ക്കും.ˮ
 2. ʻʻരാജാധിദേവിമകള്‍ രാജിവലോചനാ
  രാജേന്ദ്രനച്യുതനില്‍ രാഗം മുഴുത്തുപോയ്ˮ
 3. ʻʻമേദിനീയിലേവനിങ്ങു വേദമൂര്‍ത്തിയായെങ്ങും
  ബോധരൂപനാം നിനക്കു പൂജചെയ്തിടുന്നതുംˮ
 4. ʻʻമറ്റൊരുത്തനെ സ്തുതിച്ചു മത്സ്യരാജനും വെകുണ്ടു
  നെറ്റിമേലെറിന്ത ചൂതുനേര്‍ചൊരിന്ത ശോണിതത്തെˮ
 5. ʻʻതിറമൊടിലകുന്ന കാര്‍കൂന്തലും കാന്തിചേര്‍-
  തിരുനുതലുമായതാതാമ്രനേത്രങ്ങളും.ˮ
 6. ʻʻചൊല്ലിയിവണ്ണമാചമനാദി ചെയ്തണിമേനിതന്മേല്‍
  ശോഭിതമായ ചട്ടയുമിട്ടെടുത്തു ശരങ്ങള്‍ ചാപം.ˮ

ഇവ അവയില്‍ ചില വൃത്തങ്ങളിലെ ഈരടികളാണു്. അതാതുവൃത്തത്തിനൊപ്പിച്ചു് അക്ഷരങ്ങള്‍ ചിലപ്പോള്‍ തമിഴിലെ വികാരവിധികളനുസരിച്ചു് നീട്ടിയും കുറുക്കിയും തുറന്നും അടച്ചും ഉച്ചരിക്കേണ്ടതുണ്ടു്. ʻമേദിനീയില്‍ʼ എന്ന പ്രയോഗം നോക്കുക.

രാമായണസംക്ഷേപം

അക്കാലത്തുതന്നെ രാമായണകഥ സംക്ഷേപിച്ചു ഭാരതമാലയ്ക്കു സദൃശമായി ഒരു കൃതി അന്താദിപ്രാസവും മറ്റുമൊപ്പിച്ചു് ആരോ രചിച്ചിട്ടുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനം കണ്ടുകിട്ടീട്ടില്ലാത്തതിനാല്‍ പ്രണേതാവാരെന്നു നിര്‍ണ്ണയിക്കുവാന്‍ നിര്‍വ്വാഹമില്ല. അതില്‍നിന്നു രണ്ടു ശീലുകള്‍ ചുവടേ ചേര്‍ക്കാം.

(1) പ്രാരംഭം:
ʻʻഅരചന്‍ ദശരഥനാത്മജനായ് വ-
ന്നവതാരംചെയ്തിതു കൗസല്യയില്‍
അരവിന്ദാക്ഷനനന്തജഗല്‍ഗുരു-
വനുജന്മാര്‍ കൈകേയി സുമിത്രയില്‍
ഒരു വഴിയേയുളവായിതു പുത്രരു-
മുടനേ ചെയ്തിതു ജാതകകര്‍മ്മം
വരമിയല്‍ നാമാജികളും ചെയ്തു
വളര്‍ന്നിതു വളതളതാലിയണിന്തേ.ˮ
(2) സീതാവര്‍ണ്ണനം:
ʻʻകണ്ടിതിരുണ്ടിളകും മലിശോഭ
കവിഞ്ഞുയരെത്തിരുകീടിന കാര്‍കുഴല്‍
അണ്ട[2]രരണ്ടു തൊഴും നുതല്‍ ചില്ലിവി-
ലുംബുജലോചനയുഗളം നാസിക
ചണ്ഡരുഗാകൃതി കണ്ഡലകാന്തി
ചലിച്ച കപോലതലങ്ങളുമേറ്റം
തണ്ടലര്‍വാണഭയം കെടുവാന്‍ മധു
തണ്ടിന വായ്പവഴം മുഖകമലം.ˮ

ശ്രീരാമസ്തോത്രം

ഇതും അത്യന്തം ഹൃദ്യമായ ഒരു കൃതിയാകുന്നു. രാമായണകഥ മുഴുവന്‍ പ്രതിപാദിച്ചിട്ടുണ്ടു്. കവിത അക്കാലത്തേതുതന്നെ. അഞ്ചു ശീലുകളേ ഉള്ളൂ. മാതൃക താഴെക്കാണിക്കുന്നു.

(1) ʻʻമുതിര്‍ന്നലതന്നിലമര്‍ന്നണ്ണലേ ജയ;
മുകിലൊളിനിറമുടയമൃതേ ജയ ജയ;
കതിരവര്‍കുലമമര്‍ന്നമലാ ജയ ജയ;
കനവിയ ദശരഥതനായാ ജയ ജയ;
ഇതവിയ മുനി തുണ നടന്നാ ജയ ജയ;
ഇടര്‍ചെയ്യുമവളുയിര്‍ കളഞ്ഞാ ജയ ജയ
അതിശയമസുരര്‍മെയ്പിളര്‍ന്നാ ജയ ജയ
അരുമറയവരിടയമര്‍ന്നാ ജയ ജയ.ˮ

(2) ʻʻവകവക മുനികള്‍ മെയ്തൊഴുതാ ജയ ജയ;
വന്ന നിശിചരി മുലയരിഞ്ഞാ ജയ ജയ;
പുകഴൊടു കരനുയിര്‍ കളഞ്ഞാ ജയ ജയ;
പുനരൊരു മൃഗമെയ്തു തിരിഞ്ഞാ ജയ ജയ;
അലര്‍മകള്‍ പിരിഞ്ഞഴിഞ്ഞഴുതാ ജയ ജയ;
അതിനൊരു കവി തുണനടന്നാ ജയ ജയ;
തിചയറികവനെന്റിതുരച്ചാ ജയ ജയ;
തിചയറിഞ്ഞവരൊടു നടന്നാ ജയ ജയ.ˮ

തിരുക്കണ്ണിയാലണ്ണല്‍സ്തുതി

ഇതു് ഒരു ശിവസ്തോത്രമാണു്. ʻതിരുക്കണ്ണിയാല്‍ʼ എവിടമെന്നറിയുന്നില്ല. അതില്‍നിന്നു് ഒരു ശീല്‍ ഉദ്ധരിക്കുന്നു.

ʻʻഞാലമീരേഴുമുണ്ടായര്‍കോനു മുകം
നാലുളോനും പിന്നെപ്പന്റിയും പുള്ളുമായ്;
മൂലവും മേല്‍മുടിന്തേടവും തേടിനാര്‍
മൂവരായ്‌നിന്റു കണ്ടീലല്ലോ പിന്നെയും;

വേലയാലാലമുണ്ടയ്യനേ! നല്‍പ്പൊന്നേ!
വേലതന്‍ കൂട്ടുടന്‍ കൂടിനിന്നാടുവാന്‍
കാലകാലാ പിരാനേ! കൊതിക്കുന്നുതെന്‍
കാലു രണ്ടും തിരുക്കണ്ണിയാലണ്ണലേ!ˮ

പാശുപതാസ്ത്രലാഭം പാട്ടു്

നിരണം കവികളുടെ കാലത്തു വിരചിതമായ മറ്റൊരു കൃതിയാണു് പാശുപതാസ്ത്രലാഭം പാട്ടു്. കവി അവരിലൊരാള്‍തന്നെയോ എന്നറിവില്ല. എന്നാല്‍ ഭാഷാരീതികൊണ്ടും അന്താദിപ്രാസഘടനകൊണ്ടും മറ്റും അതിന്റെ കാലം അനായാസേന നിര്‍ണ്ണയിക്കാവുന്നതാണു്. താഴെക്കാണുന്ന ശിലുകള്‍ നോക്കുക.

ʻʻആനനമാനയുടേ വടിവാനവ
നാതിവിനായകനംബികതനയന്‍

* * *


വാനവര്‍ കൗന്തേയന്‍ വിജയന്നു മ-
ഹേശ്വരനസ്ത്രം നല്കിയതിപ്പോള്‍
ഞാനുരചെയ്യാംവണ്ണമിതിന്നൊരു
ഞാനം തരികയെനിക്കു വിരഞ്ഞേ,
വിരഞ്ഞരുള്‍ചെയ്വിതുവായ്മകള്‍ താനും
ബ്രഹ്മന്‍തിരുവടിയും തിരുമാലും
പരന്ദരനൊടു പുരമെരിചെയ്തരനും
പൂമാതും വാനോരുമനത്തും
പരന്‍ പുരുഷന്‍ മലമങ്കമണാളന്‍
പാണ്ഡൂതനൂജനു പാശുപതാസ്ത്രം
വരം പെറുകെന്റേ നല്കിനതിപ്പോഴ്
വാഴ്ത്തുമതിന്നുടനെങ്ങള്‍ക്കിന്റേ.ˮ
ʻʻഅര്‍ച്ചന ചെയ്യിന്റേടത്തേറ്റമ-
ടുത്തേചെന്റ വിനാകിക്കപ്പോള്‍
അശ്ശിവപൂജവിതാനം കണ്ടി
ട്ടാനന്ദവുമാശ്വരിയവുമായിതു;
അര്‍ച്ചന വിരവില്‍ മുടിച്ച കിരീടിയു-
മഴകൊടു ഗാണ്ഡീവം പൂട്ടേറ്റി
കൈച്ചരടും കവചാദികള്‍ പൂണ്ടിതു
കടുകച്ചെറുഞാണൊലിയും ചെയ്താന്‍
ചെറുഞാണൊലി ചെയ്തതു കേട്ടപ്പോള്‍
ചെറുവേടന്മാരോടിപ്പോയിതു:
അറയാതേ പെരുവേടന്‍ ചെന്റി
ട്ടവനോടണയച്ചെന്റുരചെയ്താന്‍
തിറമേറിന്റമരേന്ദ്രതനൂജാ
ചെന്താമരനയനന്‍ ഗോവിന്ദ-
ന്നുടമപെറും വിജയാ നീയെങ്ങള്‍
ക്കൂടനേ വെന്റിയെ നല്കകയെന്റാന്‍.ˮ

നളചരിതം പാട്ടു്

പാശുപതാസ്ത്രലാഭം പോലെയുള്ള ഒരു കൃതിയാണു് നളചരിതം പാട്ടു്. അതിലും വൃത്തം, എതുകമോനകള്‍, അന്താദിപ്രാസം, ഭാഷ, ഇവയെല്ലാം നിരണം കൃതികളിലേതുപോലെതന്നെ ഇരിക്കുന്നു. ഒരു ശീല്‍ചുവടേ ചേര്‍ക്കാം.

ʻʻനളനുടെ ചരിതമുരയ്പാനിപ്പോള്‍
നാന്മുഖനും നാരായണനരനും
തെളിവൊടു ചന്ദ്രാദിത്യന്മാരും
ദേവേന്ദ്രാദ്യമരേന്ദ്രരുമെല്ലാം
വളര്‍മയില്‍തന്മുതുകില്‍പ്പൊലിവോനും
മഹിഷാന്തകിയും മാരനുമാര്യനു-
മളവില്ലാതളവെങ്കലനുഗ്രഹ-
മവരവരേ തന്നാടുക ശരണം.ˮ

നിരണത്തു പണിക്കരന്മാരുടെ കൃതികളോടു വളരെ സാദൃശ്യമുള്ള മറ്റൊരു രാമായണംപാണ്ടു കണ്ടുകിട്ടിട്ടുണ്ടു്. അവസാനത്തിലേ ഓലകള്‍ അലബ്ധങ്ങളാകയാല്‍ കഥ ഏതുവരെ പോകുന്നു എന്നു ഖണ്ഡിച്ചുപറവാന്‍ നിവൃത്തിയില്ലെങ്കിലും ʻʻജനകസുതമെയ് പുണരും തമ്പുരാനസുരര്‍കുലമറുതി തരുണ്വിഷയം തമ്പിയോടു വനചരരോടല കടന്നു ചെന്നു വന്നിമ്പമാന നിജനഗരിതന്നിലിരുന്ന പരന്‍ˮ എന്നു ഗ്രന്ഥാരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടു പട്ടാഭിഷേകപര്യന്തമുള്ള ഇതിവൃത്തം ഇതില്‍ പ്രതിപാദിതമാണെന്നു് ഊഹിക്കാവുന്നതാണു്. അത്യന്തം സംക്ഷിപ്തമായ രീതിയിലാണു് കവി കഥ പറഞ്ഞുകൊണ്ടു പോകുന്നതു്. അന്താദിപ്രാസമുണ്ടു്. കവിതയുടെ മാതൃക കാണിക്കുവാന്‍ ചില പാട്ടുകള്‍ ചുവടേ ഉദ്ധരിക്കുന്നു.

ʻʻഎങ്കല്‍ വന്നു കവിമഴപൊഴിയുമതിനു മലരെ-
ള്ളിക്ഷുപായസമൊടും നല്ലട ചൂട്ടകിഴങ്ങുംതേന്‍
ഭങ്ഗിമിക്ക കനി പല... മവല്‍ പയറൊടിളന്നീര്‍
പഞ്ചതാര വെല്ലമുഴുന്നു ദധി നറുനെയ് വെണ്ണ പാല്‍
മുന്‍കരം കൊടുമെല്ലമുതുക്കു... മുതുമുതിര്‍ന്നെന്‍
മുന്തിവന്തു ഗണപതി തുണചെയ്തരുളുകഭയം.
മങ്ഗലം പെരിയ ദശരഥനുതനയ... നെന്നില്‍
വന്തുനില്പതിനരുളെന കവിമകള്‍ തരികവേˮ (1)

രാമചരിതകാരനെപ്പോലെ കവി മഹിഷനാശിനിയേയും വന്ദിക്കുന്നുണ്ടു്.

മുനിയരുളേറിയ രാമന്‍ പിന്നെ
മുടിക്ഷത്രിയ മിഥിലാപുരിയില്‍പ്പോയ്
നിനദം കേട്ടിതു സുഖമേയെന്തു
നിമിത്തമുരച്ചരുളീടുകയെന്റാന്‍.
മനുവരനോടു തപോധനനരുളീ
മന്നവ! കേളൊരു കന്യാരത്നം
ജനകനു ഭൂമിയില്‍ നിന്നുണ്ടായിതു
ചെയ്തിതതിന്നുചിതക്രിയ വീരന്‍. (2)

എന്റ പോതുള്ളിലാര്‍ന്ന വേദനയോടു മാനുഷപുങ്ഗവന്‍
ഹേ വിധേ വിധിയോയെനിക്കിതു ഹാ ഹതോസ്മി മനോഹരേ,
ഒന്റല്ലാതസുരന്‍ ചതിച്ചതുമൊണ്മയോ മമ വല്ലഭേ,
ഒന്റുമോയിനി നമ്മിലേയൊരു കാലമായതലോചനേ,
കുന്റെന്നും മുലയോ മറപ്പതു കോമളത്തിരുമേനിനോ?
കുറ്റമറ്റ മുഖാബ്ജമോ കുടിലാക്ഷി നിന്‍കുയില്‍നല്‍ച്ചൊല്ലോ?
നന്റല്ലേയിഹലോകസൗഖ്യമെനക്കു നീ പിരിഞ്ഞെന്റെല്ലാം
നണ്ണിനണ്ണിയൊരോന്റു ചൊല്ലി മയങ്കിവീണ്ണിതു ഭൂതലേ. (3)

മറ്റൊരു രാമായണം പാട്ടു്

ʻʻഅരുള്‍ചെയ്തോരു നിജനാഥനെ വണങ്ങി നടന്നാ-
നഹമവന്നു തുണയെന്റുരചെയ്താഞ്ജനേയനും
വരവു കണ്ടിവനെനിക്കു സഖിയെന്റു തഴുവി
വളകൈക്കൊണ്ടു......കവി വായുതനയന്‍
പരമസൌഖ്യമൊടിരുന്നിരുവരും പലദിനം
പവനസൂനു ദരിശിച്ചിതു രഘുപ്രവരന്‍ മെ-
യ്യരചരെന്റുമറിഞ്ഞാനവനിലക്ഷണവനാ-
ല...പ്രദര്‍ സഖേ അവര്‍കളെന്റു ചൊല്ലിനാന്‍.ˮ (4)

ക്രി.പി. 14-ആം ശതകത്തില്‍ പാട്ടിന്റെ രീതി ഇന്നവിധത്തിലായിരുന്നു എന്നറിവാന്‍ ഇതിലധികം നിരൂപണമാവശ്യമില്ല. ഇവയെല്ലാം അര്‍വാചീനപ്രായങ്ങളായ മിശ്രഭാഷാകൃതികളാണെന്നു പറയുന്നവര്‍ അവരുടെ അഭിപ്രായത്തെപ്പറ്റി നല്ലതുപോലെ പുനരാലോചന ചെയ്യേണ്ടിയിരിക്കുന്നു. ഇനിയും മുമ്മുനിയൂര്‍ ശങ്കരവാരിയരുടെ പരശുരാമചരിതം തുടങ്ങി വേറേയും ഈ ജാതിയിലും ഇതേ കാലത്തിലുമുള്ള ചില കൃതികള്‍ കണ്ടുകിട്ടീട്ടുണ്ടു്.

പയ്യന്നൂര്‍ പാട്ടു്

പയ്യന്നൂര്‍പാട്ടു് എന്നൊരു കൃതിയെപ്പറ്റി ഡോക്ടര്‍ ഗുണ്ടര്‍ട്ടു് ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ യാതൊരു പ്രതിയും മറ്റുള്ളവര്‍ക്കു കിട്ടീട്ടില്ല; ഗുണ്ടര്‍ട്ടിനു തന്നെയും ആദ്യത്തെ നൂറ്റിനാലു് ഈരടികളേ ലഭിച്ചിരുന്നുള്ളു. ഗുണ്ടര്‍ട്ടിന്റെ കൈവശമുണ്ടായിരുന്ന ഏട്ടിന്റെ പോക്കിനെപ്പറ്റിയും യാതൊരറിവുമില്ല. തമിഴിലെ നീലകേശി എന്ന കാവ്യത്തിനും ഇതിനും തമ്മില്‍ യാതൊരു സംബന്ധവുമില്ല.

വിഷയം

സുന്ദരിമാര്‍ക്കു കേള്‍വിപ്പെട്ട ശിവപേരൂരില്‍ (തൃശൂരില്‍) ഒരു മാന്യകുടുംബത്തില്‍ ജനിച്ച നീലകേശി എന്ന സ്ത്രീ അപുത്രയായിരുന്നതിനാല്‍ ഭിക്ഷുകിയായി തീര്‍ത്ഥാടനം ചെയ്യുവാന്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെ സഞ്ചരിക്കവേ ഒരിക്കല്‍ ഉത്തരകേരളത്തില്‍ ഏഴിമലയ്ക്കു സമീപമുള്ള കച്ചില്‍പട്ടണത്തു ചെന്നുചേരുകയും അവിടത്തെ പ്രധാന വണിക്കായ നമ്പുചെട്ടി (ചോമ്പുചെട്ടിയെന്നും പറയും) അവളെ ചില വ്രതങ്ങളും മറ്റും അനുഷ്ഠിപ്പിച്ചു തന്റെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. അവര്‍ക്കു നമ്പുശാരിഅരന്‍ എന്നൊരു പുത്രന്‍ ജനിച്ചു. ആ സംഭവത്തിന്റെ ആഘോഷരൂപമായി നാല്പത്തൊന്നാം ദിവസം പയ്യന്നൂര്‍ മൈതാനത്തുവെച്ചു നമ്പുചെട്ടി ഒരു സദ്യ നടത്തി. ആ സമയത്തു നീലകേശിയുടെ സഹോദന്മാര്‍ അവിടെ കപ്പല്‍ വഴിക്കു ചെന്നുചേര്‍ന്നു. അവര്‍ ഒരു ക്ഷേത്രത്തിന്റെ മതിലില്‍ കയറിനിന്നുകൊണ്ടു മൈതാനത്തില്‍ നടന്ന ആഘോഷം കണ്ടുകൊണ്ടിരിക്കവേ ചിലര്‍ അവരെ തടസ്സപ്പെടുത്തി. തങ്ങള്‍ കൂലവാണികന്മാര്‍ (ധാന്യവിക്രയികള്‍) ആണെന്നും നാട്ടുനടപ്പറിഞ്ഞുകൂടാതെയാണു് അങ്ങനെ ചെയ്തതെന്നും നമ്പുചെട്ടിയോടു സമാധാനം പറഞ്ഞു. ചെട്ടിയാകട്ടെ അവരില്‍ ഒരു സഹോദരന്റെ തലയില്‍ പടികൊണ്ടടിക്കുകയും തദനന്തരമുണ്ടായ ലഹളയില്‍ എല്ലാ സഹോദരന്മാരും കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ആ ദാരുണമായ വൃത്താന്തം കേട്ട നീലകേശി ഭര്‍ത്താവിനേയും പുത്രനേയും ഉപേക്ഷിച്ചു വീണ്ടും ഭിക്ഷുകിയായി സഞ്ചരിച്ചു. പുത്രനെ പിതാവു യഥാകാലം കച്ചവടവും കല്‍പ്പണിയും പഠിപ്പിച്ചു. നമ്പുശാരിഅരന്‍ സ്വന്തമായി ഒരു കപ്പല്‍ പണിയിച്ചു് അതു കച്ചില്‍പട്ടണത്തുനിന്നു കച്ചവടത്തിനായി കടലിലിറക്കി. പാണ്ഡ്യര്‍, ജോനകര്‍, ചേഴിയര്‍ മുതലായവരും ഒരു യവനനും (ഗ്രീക്കുകാരന്‍) അതില്‍ വേലക്കാരായി ഉണ്ടായിരുന്നു. അവര്‍ ഏഴിമല ചുറ്റി പൂമ്പട്ടണത്തേക്കുചെന്നു് അവിടെനിന്നു മാലദ്വീപുകള്‍, താമ്രവര്‍ണ്ണീനദി, പൂവന്‍കാപ്പട്ടണം, കാവേരിനദി ഇവ കടന്നു മറ്റൊരു സമുദ്രത്തില്‍ സഞ്ചരിച്ചു പൊന്മല എന്ന സ്ഥലത്തെത്തി തങ്ങളുടെ സാമാനങ്ങള്‍ വിറ്റഴിച്ചു സ്വര്‍ണ്ണവുമായി തിരിയെ കച്ചില്‍ പട്ടണത്തെത്തി. സാംയാത്രികന്മാര്‍ യോഗ്യതാനുസാരം സമ്മാനങ്ങള്‍ വാങ്ങി. ഒരവസരത്തില്‍ അച്ഛനും മകനുംകൂടി ചതുരങ്ഗം വച്ചുകൊണ്ടിരിക്കവേ ഒരു ഭിക്ഷുകി വന്നു തനിക്കു ഭിക്ഷകിട്ടിയാല്‍ പോരെന്നും യുവാവായ വര്‍ത്തകനെ കാണണമെന്നും നിര്‍ബന്ധിച്ചു. പിന്നീടു് ആ സ്ത്രീയും അരനും തമ്മില്‍ ദീര്‍ഘവും രഹസ്യവുമായ ഒരു സംഭാഷണം നടന്നു. ഒടുവില്‍ അന്നുരാത്രി പയ്യന്നൂരില്‍ സ്ത്രീകള്‍ ഒരു സദ്യ നടത്തുന്നുണ്ടെന്നും ആ അവസരത്തില്‍ അരന്‍ അവിടെ സന്നിഹിതനാകണമെന്നും അവര്‍ അപേക്ഷിച്ചു പിരിഞ്ഞു. അച്ഛന്‍ അതിലെന്തോ കൃത്രിമമുണ്ടെന്നു ശങ്കിച്ചു മകനോടു പോകരുതെന്നു് ഉപദേശിച്ചു എങ്കിലും മകന്‍ വാഗ്ദാനം ചെയ്തു കഴിഞ്ഞിരുന്നതിനാല്‍ പോകുമെന്നു ശഠിച്ചു.

ʻʻനില്ലാതെ വീണ നമസ്കരിച്ചാന്‍;–
നിന്നാണെ തമ്മപ്പാ പോകുന്നേന്ˮ

അപ്പോള്‍ അച്ഛന്‍ പറയുന്നു:-

ʻʻപോകാന്‍ വിലക്കിനേനെത്തിരയും;
പൊക്കൊഴിപ്പാനരുതാഞ്ഞൂതിപ്പോള്‍.
ചാവാളരെപ്പോല്‍ നീയകലെപ്പോവൂ;
ചങ്ങാതം വേണം പേരികെയിപ്പോള്‍.
കോവാതലച്ചെട്ടിയഞ്ചുവണ്ണം
കൂടും മണിക്കിരാമത്താര്‍ മക്കള്‍
നമ്മളാല്‍ നാലു നകരത്തിലും
നാലരെക്കൊള്‍ക കടിക്കു ചേര്‍ന്നോര്‍.ˮ
നാലര്‍ കുടിക്കു ചേര്‍ന്നൊരെക്കൊണ്ടാര്‍
നാട്ടിലെപ്പട്ടിണസ്വാമിമക്കള്‍;
തോഴര്‍ പതിനാലു വന്‍കിരിയം
തോല്പിപ്പാനില്ലായീ നാട്ടിലാരും.
കാലേപ്പിടിച്ചങ്ങിഴയ്ക്കിലും ഞാന്‍
കച്ചില്‍പ്പട്ടില്‍ വന്നെന്നിക്കണ്ണുറങ്ങേന്‍.ˮ

അപ്പോള്‍ അച്ഛന്‍ കപ്പലില്‍ വില്പനയ്ക്കു കുറേ സാമാനങ്ങള്‍കൂടി കൊണ്ടുപോകുവാന്‍ ആജ്ഞാപിച്ചു. അതിനു മേലുള്ള കഥാവസ്തു എന്തെന്നറിയുവാന്‍ നിവൃത്തിയില്ലാതെയാണിരിക്കുന്നതു്.

പയ്യന്നൂര്‍ പാട്ടിന്റെ പ്രാധാന്യം

ഈ പാട്ടിന്റെ കാലം ക്രി.പി. പതിമ്മൂന്നോ പതിന്നാലോ ശതകമായിരിക്കാമെന്നു തോന്നുന്നു. വടക്കന്‍പാട്ടുകളില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നതാണു് ഇതിലെ വൃത്തമെന്നു പറയേണ്ടതില്ലല്ലോ. ഗുണ്ടര്‍ട്ടു് ഉദ്ധരിച്ചിട്ടുള്ള വരികള്‍ മുഴുവന്‍ ഞാനും പകര്‍ത്തീട്ടുണ്ടു്; ചില തെറ്റുകള്‍ തിരുത്തുവാനും ശ്രമിച്ചിട്ടുണ്ടു്. അന്നു് ഉത്തരകേരളത്തിലും കൊടുങ്ങല്ലൂരിലെന്നപോലെ അഞ്ചു വണ്ണവും മണിഗ്രാമവുമുണ്ടായിരുന്നു എന്നും, കച്ചില്‍പട്ടണത്തില്‍ ധാരാളമായി കപ്പല്‍പ്പണിയും കപ്പല്‍ക്കച്ചവടവും നടന്നുകൊണ്ടിരുന്നു എന്നും, പാണ്ഡ്യര്‍, ചോളര്‍, ജോനകര്‍ ഇവര്‍ക്കു പുറമേ അപൂര്‍വം ചില ഗ്രീക്കുകാരും അവിടെ മാലുമികളായി താമസിച്ചിരുന്നു എന്നും മറ്റുമുള്ള വസ്തുതകള്‍ നാം ഈ ഗ്രന്ഥത്തില്‍നിന്നറിയുന്നു. കപ്പല്‍പ്പണിയേയും കപ്പല്‍ച്ചരക്കുകളേയുംപറ്റി വിശദമായ വിവരങ്ങള്‍ ഇതിലുണ്ടെന്നും ആ ഭാഗങ്ങളില്‍ പ്രയോഗിച്ചിരുന്ന പ്രചാരലുപ്തങ്ങളായ പല ശബ്ദങ്ങളുടേയും അര്‍ത്ഥം ഇപ്പോള്‍ അറിവാന്‍ നിര്‍വാഹമില്ലെന്നും ഗുണ്ടര്‍ട്ടു പ്രസ്താവിക്കുന്നു. പുരാതനകാലത്തെ കേരളീയവാണിജ്യത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു തരുവാന്‍ പര്യാപ്തമായ പ്രസ്തുതഗ്രന്ഥം നഷ്ടപ്രായമായിത്തീര്‍ന്നിരിക്കുന്നതു് ഏറ്റവും ശോചനീയമാകുന്നു.

ഗദ്യം

ദൂതവാക്യം

ആട്ടപ്രകാരങ്ങളിലെ ഗദ്യരീതി പതിമ്മൂന്നാമധ്യായത്തില്‍ വിവരിച്ചിട്ടുണ്ടല്ലോ. ആ വക ഗ്രന്ഥങ്ങള്‍ക്കുപുറമേ സ്വല്പകാലംകൂടി കഴിഞ്ഞപ്പോള്‍ കൂടിയാട്ടത്തിനു് ഉപയോഗിക്കുന്ന രൂപങ്ങള്‍ക്കു ഗദ്യത്തില്‍ ആദ്യന്തം വിസ്തൃതമായ രീതിയില്‍ ഭാഷാനുവാദങ്ങളും വിരചിതങ്ങളായി. ആ ഇനത്തില്‍പ്പെട്ടതാണു്ദൂതവാക്യം. മറ്റു ചില രൂപങ്ങള്‍ക്കും വിദ്വാന്മാര്‍ വിവര്‍ത്തനം എഴുതിയിരിക്കണം. അവ ഇക്കാലത്തു് അലഭ്യങ്ങളായിത്തീര്‍ന്നിരിക്കുന്നു.

കാലം

ചാക്കിയാന്മാര്‍ക്കു് അഭിനയിക്കുവാനുള്ള രൂപകങ്ങളില്‍ ഒന്നാണല്ലോ ദൂതവാക്യം എന്ന വ്യായോഗം. അതിലെ ഇതിവൃത്തം മഹാഭാരതം ഉദ്യോഗപര്‍വത്തില്‍ അന്തര്‍ഭൂതമായ ഭഗവദ്ദൂതുതന്നെയാണു്. അതിന്റെ ഒരുജ്ജ്വലമായ ഗദ്യ വിവര്‍ത്തനമാകുന്നു ദൂതവാക്യം ഭാഷ. പ്രസ്തുത പ്രബന്ധത്തിന്റെ പ്രണേതാവു് ആരെന്നറിവാന്‍ മാര്‍ഗ്ഗമില്ലെങ്കിലും കൊല്ലം 564-മാണ്ടു ʻമിഥുനഞായിറുപോകിന്റ നാളില്‍ പരുവക്കല്‍ ഗൃഹത്തില്‍ ഇരുന്ന ചെറിയനാട്ടു് ഉണ്ണിരാമന്‍ʼ പകര്‍ത്തിയ അതിന്റെ ഒരു പ്രതി എനിയ്ക്കു കാണുവാന്‍ ഇടവരികയും, അതു ഞാന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടു്. എഴുതിയ കാലം കുറിച്ചിട്ടുള്ള ഏടുകളില്‍ എന്റെ അറിവില്‍ പെട്ടിടത്തോളം കേരളത്തില്‍ ഈ താളിയോലഗ്രന്ഥത്തിന്നാണു് പഴക്കം അധികമായി കാണുന്നതു്. ഇതിന്റെ ഒടുവില്‍ സംസ്കൃതത്തില്‍ അഭിജ്ഞനായ ലേഖകന്‍ ʻആദിത്യവര്‍മ്മായ നമഃʼ എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ടു്. ʻആദിത്യവര്‍മ്മʼ എന്നതു് അക്കാലത്തു് നാടു വാണിരുന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ നാമധേയമാണു്. കൊല്ലം 564-മാണ്ടിനു മുമ്പാണു് ഗ്രന്ഥത്തിന്റെ രചനയെന്നുള്ളതിനു് ഇതിലധികം തെളിവു് ആവശ്യമില്ലല്ലോ. ഭാഷാരീതികൊണ്ടും ഇതു ക്രി.പി. പതിന്നാലാം ശതകത്തിലെ ഒരു കൃതിയാണെന്നു് അനുമാനിയ്ക്കുവാന്‍ കഴിയുന്നതാണു്.

ഗ്രന്ഥത്തിന്റെ സ്വരൂപം

ഭാഷാ വിവര്‍ത്തനം എന്നു പറയുമ്പോള്‍ മൂലത്തിലെ ഗദ്യപദ്യങ്ങളുടെ അര്‍ത്ഥം അന്യൂനാനതിരിക്തമായ ഭാഷയില്‍ സംക്രമിപ്പിച്ചിട്ടുള്ള ഒരു കൃതിയാണു് ഇതെന്നു് അനുവാചകന്മാര്‍ തെറ്റിദ്ധരിയക്കരുതു്. മൂലത്തിലെ വാക്യങ്ങളുടേയും ശ്ലോകങ്ങളുടേയും അര്‍ത്ഥം അതേമാതിരിയില്‍ തര്‍ജ്ജമ ചെയ്തിട്ടുള്ള ഭാഗങ്ങള്‍ ഇതില്‍ ദിര്‍ല്ലഭമാണു്. ഗദ്യപദ്യങ്ങളുടെ ഭാഷാനുവാദത്തിനു പുറമേ നടന്മാര്‍ക്കു രങ്ഗപ്രയോഗത്തിന്നു വേണ്ട ഉപദേശങ്ങളുംകൂടി ഗ്രന്ഥകാരന്‍ സന്ദര്‍ഭോചിതമായി നല്കുന്നുണ്ടു്. ഉദാഹരണമായി ഇതിലെ സ്ഥാപനതന്നെ പരിശോധിക്കാം. മൂലത്തില്‍ നാന്ദ്യന്തത്തില്‍ സൂത്രധാരന്‍ പ്രവേശിച്ചു പൂര്‍വ്വരങ്ഗത്തിലെ പ്രധാനാങ്ഗമായ മങ്ഗളശ്ലോകപാഠം ചെയ്തതിന്നുശേഷം ʻʻഏവമാര്യമിശ്രാന്‍ വിജ്ഞാപയാമി. അയേ, കിന്നു ഖലു മയി വിജ്ഞാപനവ്യഗ്രേ ശബ്ദ ഇവ ശ്രൂയതേ? അങ്ഗ, പശ്യാമിˮ എന്ന വാക്യങ്ങള്‍ ചൊല്ലുന്നു. ഭാഷയിലാകട്ടെ ഈ വാക്യങ്ങളുടെ വിവര്‍ത്തനത്തിനുമുമ്പു് ʻʻഎന്റെ പ്രസ്താവംകൊണ്ടു വിസ്തൃതകഥാശേഷ സൂചകുപ്രവീണവാണീവിലാസമുടയനാകിന സൂത്രധാരന്‍.... പാരിപാര്‍ശ്വികന്മാരോടുകൂടി പുറപ്പെട്ടു രങ്ഗത്തിങ്കല്‍ പഞ്ചപദം ചെന്റു രങ്ഗഭൂമിങ്കല്‍ സഭാപതിയോടുകൂടി വസിച്ചരുളുന്റെ പണ്ഡിതമഹാസഭ നോക്കി ആശീര്‍വാദം പണ്ണി തിരിഞ്ഞു നൈപഥ്യശാല നോക്കി ചെല്ലിന്റവന്‍; കൂത്താടുവാനാക്കിയ കൊണ്ടു കുറവുകെടൂ എന്റൊള്ളെടം അറിയിപ്പൂ എന്റു ചൊല്ലി ചെല്ലിന്റവന്‍ˮ എന്നു കഥാവസ്തു്വംശവിജ്ഞാപനത്തിനു മുമ്പു സൂത്രധാരന്‍ അനുഷ്ഠിക്കേണ്ട കര്‍ത്തവ്യത്തെ വിവരിക്കുന്നു. ഇതുപോലെ ഓരോ പാത്രത്തിന്റെയും പ്രവേശത്തില്‍ ആ പാത്രത്തിന്റെ അന്തര്‍ഗ്ഗതവും രങ്ഗപ്രവേശപരിപാടിയും ഗ്രന്ഥകാരന്‍ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. മൂലഗ്രന്ഥം അഭിനയിക്കുന്ന ചാക്കിയാന്മാര്‍ക്കു് ആട്ടച്ചടങ്ങു പിഴയ്ക്കാതിരിയ്ക്കുന്നതിനും അതാതുപാത്രങ്ങള്‍ക്കു തന്മയീഭാവബോധം ജനിക്കുന്നതിനും

വേണ്ടി നിര്‍മ്മിതമായ ഒരു ഗ്രന്ഥമാണു് ഇതെന്നു ചുരുക്കത്തില്‍ പറയാം.

മാതൃക

സംസ്കൃതപ്രധാനമാണു് പ്രസ്തുത ഗ്രന്ഥത്തിലെ ശൈലി; വാക്യങ്ങള്‍ക്കു പ്രായേണ ദൈര്‍ഘ്യവും കൂടും. ഭാഷയില്‍ ഒരു നവീനമായ ഗദ്യശൈലിയുടെ ആവിര്‍ഭാവത്തെയാണു് ഇത്തരത്തിലുള്ള ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നതു്. രണ്ടുദാഹരണങ്ങള്‍ ഉദ്ധരിക്കാം.

 1. മഹാബലിയും വാമനമൂര്‍ത്തിയും: ʻʻഅനന്തരം മഹാബലി ദുര്‍ന്നിമിത്തഗ്രഹഗൃഹീതനായി പിതാമഹമുഖവിഗളിതമാകിന പരമ്പുരുഷരാക്രമത്തെ നിന്ദിക്കനിമിത്തമായ് കോപിക്കിന്റ ശ്രീപ്രഹ്ലാദനിയോഗത്താല്‍ അശ്വമേധം ദീക്ഷിച്ചു പാത്രികളെ സംഗ്രഹിച്ചു് ഋത്വിക്കുകളെ വരിച്ചുകൊണ്ടു കുതിര പെരുമാറ്റി ചടങ്ങു പിഴയാതെ യാഗഞ്ചെയ്തു മുടിച്ചു പ്രാര്‍ത്ഥിതപ്രദാനപരായണനായി വസിക്കിന്റ കാലത്തു് അദിതിദേവിയുടെ തിരുവുദരാധാരത്തിങ്കല്‍നിന്റു ദിവ്യം വര്‍ഷസഹസ്രം കൂടിജ്ജനിച്ചു ചുവന്നു ചെറുതാകിന തിരുവുടമ്പിനെ ഉടയനായ് ദേവമന്ത്രി ബൃഹസ്പതിയെ ഉപാദ്ധ്യായനായി കല്പിച്ചു് ആയിരം, ശാഖകളോടുകൂടി ഇരിക്കിന്റ സാമവേദത്തില്‍ വാമദേവ്യമാകിന്റെ ശാഖ അളന്നു പാടി മഹാബലിയുടെ യജ്ഞവാടം പ്രാപിച്ച കാലത്തു, മധുരമധുരമാകിന സാമഗാനം കേട്ടു് സന്തോഷിതഹൃദയനാകിന മഹാബലി ശ്രീവടുവാമന മൂര്‍ത്തിയെ നോക്കി ˮനല്‍വരവാവൂതാക; എന്തിനെ ഇച്ഛിക്കിന്റൂ? അഭിപ്രേതമായിരുന്ന വരുത്തെ വരിക്കˮ എന്റിങ്ങനെ മഹാബലപരാക്രമനാകിന മഹാബലി ചൊല്ലിന്റതു കേട്ടു് അരുളിച്ചെയ്തു ശ്രീവടുവാമനമൂര്‍ത്തി: ʻʻഎടോദൈത്യേന്ദ്ര! രാജ്യത്തിങ്കല്‍ ശ്രദ്ധയില്ലാ എനക്കു്; അപ്പടിയേ ധനത്തിലും രത്നങ്ങളിലും സ്ത്രീകളിലും ശ്രദ്ധയില്ലാ. നിനക്കു ധര്‍മ്മസ്ഥിതി ഒണ്ടാകിന്റുതാകില്‍ നിന്നെ പ്രാര്‍ത്ഥിക്കിന്റേന്‍ ഗുര്‍വര്‍ത്ഥമായി യജ്ഞശാല നാട്ടുവാന്‍ എന്നുടെ അടിയാല്‍ മൂവടി പ്രമാണം ഭൂമി തരവേണ്ടുംʼ എന്റു പ്രാര്‍ത്ഥിക്കിന്റ അവസ്ഥയില്‍ ʻʻഎടോ! ബ്രാഹ്മണശ്രേഷ്ഠാ! മൂന്റു പദങ്ങളെക്കൊണ്ടെന്തു നിന്തിരുവടിക്കു പ്രയോജനം? നൂറുതാന്‍ നൂറായിരംതാന്‍ അടിപ്രമാണം ഭൂമി അളന്നുകൊള്‍ക.ˮ എന്റ മഹാബലിയുടെ വചനം കേട്ടു പ്രഹ്ലാദനാകിന്റ അമാത്യന്‍ ചെന്റു ചെറുത്താന്‍.ˮ
 2. ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട ദുര്യോധനന്‍:– ʻʻവിശ്വരൂപിയാകിന വിഷ്ണുഭഗവാനെ പിടിച്ചുകെട്ടാമെന്റു നിനച്ചു ചെന്റണിയിന്റവന്‍ കാണാതൊഴിഞ്ഞു് ʻഏനെപേടിച്ചു നഷ്ടനായോന്‍, തിരോഭവിച്ചാന്‍ʼ എന്റു ചൊല്ലറ്റരുളിച്ചെയ്തു നില്ക്കിന്റവന്നു് അരികെ കാണായീ അംബുജേക്ഷണന്‍ തിരുവടിയെ. ʻഏനേ, ഇവനല്ലോ കേശവന്‍ എന്റു ചൊല്ലി ചെന്റണയിന്റവന്‍, ʻഏനേ, ആശ്ചര്യമേ കേശവനുടെ ഹ്രസ്വത്വം. അണുരൂപനാകിലും അണഞ്ഞു വര്‍ദ്ധിപ്പൂ. എന്റു കല്പിച്ചു് ആന്ധ്യനിമിത്തമായി അണയിന്റ കാലത്തു് ഉടനേ കാണായീല്ല. ʻഏനേ, കഷ്ടമേ! നഷ്ടനായാന്‍ കേശവന്‍ˮ എന്റരുളിച്ചെയ്തു നിശ്ചേഷ്ടനായ് നില്ക്കിന്റവന്നു് അരികേ കാണായീ അഖിലജനവന്ദ്യന്‍ തിരുവടിയെ. ʻഏനേ ഇവനല്ലോ കേശവന്‍ʼ എന്റരുളിച്ചെയ്തു ബന്ധിപ്പാന്‍ തുടങ്ങിന്റ കാലത്തു ഭൂമിയോടാകാശത്തോടൊക്ക ഉയര്‍ന്നു കാണാകിന്റ, വിഷയേന്ദ്രിയഗോചരമെന്റിയേ മൂരിനിമിര്‍ന്നരുളുന്റ, മധുസൂദനന്‍ തിരുവടിയുടെ തിരുവുടമ്പിനെ കണ്ടു കുതൂഹലചിത്തനായ് ʻഏനേ, ആശ്ചര്യമേ! കേശിസൂദനനാകിന കേശവനുടെ ദീര്‍ഘത്വം നെടുപ്പമിരിക്കിന്റവാറു്;ʼ ഉടനെ തിരോഭവിച്ചരുളുന്റ ത്രിഭുവനേശ്വരന്‍ തിരുവടിയെ കാണാതൊഴിഞ്ഞു ʼഏനേ മറഞ്ഞുതോ, മറഞ്ഞുതോ കേശവന്‍?; എന്റു ചൊല്ലി മറുപാടുനോക്കിന്റവന്‍ ആവിര്‍ഭവിക്കിന്റ അനന്തനുടെ ആകാരത്തെക്കണ്ടു് ʻഇവനോ കേശവന്‍ʼ? എന്റു ചൊല്ലിച്ചുഴന്റു നോക്കിന്റവന്‍ വിശ്വരൂപനാകിയ വിഷ്ണുമൂര്‍ത്തിയെ കണ്ടു വിഷാദചിത്തനായ് ʻമന്ത്രശാലയിങ്കല്‍ ഒരിടമൊഴിയാതെ കേശവന്മാരാകിന്റു. ഇവിടെ ഞാന്‍ എന്തു ചെയ്യുമതു? കണ്ടേനുപായം. എടോ രാജാക്കന്മാരേ, ഒരോരുത്തന്‍ ഓരോ കേശവന്മാരെ പിടിച്ചുകെട്ടുക. എന്തു്? രാജാക്കന്മാര്‍ എല്ലാരും തങ്ങള്‍ തങ്ങളുടെ പാശംകൊണ്ടു തങ്ങളെ തങ്ങളെ പിടിച്ചുകെട്ടി അവരവരേ അവനീതലത്തിങ്കല്‍ വീഴിന്റുതോ? അഴകുതു! എടോ മഹാപ്രഭാവമുടയോയേ, അഴകുതു! ആര്‍ക്കുമൊരുത്തര്‍ക്കു പിടിച്ചുകെട്ടുവാന്‍ അസാദ്ധ്യമായിരിക്കുന്റൂ മായാവൈഭവംകൊണ്ടു് എന്റാല്‍ മദീയകോദണ്ഡോദരവിനിസ്സൃതങ്ങളാകിന വാണഗണങ്ങളാല്‍ പിളര്‍ക്കപ്പെട്ട പുണ്‍വായില്‍നിന്റു സാന്ദ്രതരമായി ചുവക്കപ്പെട്ടിരിക്കിന്റ രുധിരവെള്ളത്താല്‍ ഊട്ടപ്പെട്ടിരിക്കിന്റ സര്‍വ അവയവങ്ങളെ ഉടയനായ് തങ്ങളുടെ ഭവനത്തെ പ്രാപിച്ചിരിക്കിന്റ നിന്നെ അപ്പാണ്ഡുപുത്രന്മാര്‍ ദുഃഖാഭിസന്തപ്തരായി ദീര്‍ഘശ്വാസം പണ്ണി ഇടതറാതെ ഒഴുകിന്റ കണ്ണുനീരാല്‍ മറയ്ക്കപ്പെട്ടിരിക്കിന്റ നയനങ്ങളെ ഉടയരായി കണ്ടു മുടികʼ എന്റരുളിച്ചെയ്തു ധനുര്‍വരത്തെ എടുത്തുകൊണ്ടുപോരുവാന്‍ ധനുശ്ശാല നോക്കിച്ചെല്ലത്തുടങ്ങിനാന്‍ കൗരവേന്ദ്രന്‍ ദുര്യോധനന്‍ തിരുവടി.ˮ

ദൂതവാക്യത്തിലെ ഭാഷാശൈലി

മലയാളഗദ്യസാഹിത്യത്തിന്റെ അതിപ്രാചീനമായ ഒരു മാതൃകയാകുന്നു നാം ദൂതവാക്യത്തില്‍ കാണുന്നതു്. പിന്‍കാലത്തു പ്രചാരലുപ്തങ്ങളായിത്തീര്‍ന്നിട്ടുള്ള പല പദങ്ങളും ശൈലികളും ʻപ്രയോഗങ്ങളും ദൂതവാക്യത്തിലുണ്ടു്. അലങ്ങുക (അലയുക), തറാതെ (തെറ്റാതെ), എഴുനിറ്റു (എഴുന്നേറ്റു), പാടുക (പെടുക), പണ്ണി (ചെയ്തു), ഞാങ്ങള്‍ (ഞങ്ങള്‍), നല്‍വരവു് (സ്വാഗതം), വീണ്ണ (വീണ), ആനത്തലവങ്ങള്‍ (ആനത്തലവന്മാര്‍), അമര്‍ഷ (അമര്‍ഷം), സൂക്ഷ്മിച്ചു (സൂക്ഷിച്ചു), മുതലായവ അത്തരത്തിലുള്ള പദങ്ങളാണു്. ʻപോയ്ക്കെടുʼ തുടങ്ങിയ ശൈലികളും പ്രാക്തനങ്ങള്‍തന്നെ. ʻപുറപ്പടത്തുടങ്ങീതുʼ ʻപ്രവര്‍ത്തിക്കത്തുടങ്ങിʼ ഇത്യാദി പൂര്‍ണ്ണക്രിയകളില്‍ ചേര്‍ന്നുകാണുന്ന നടുവിനയെച്ചത്തിനു പകരം അനന്തരകാലങ്ങളില്‍ പിന്‍വിനയെച്ചം കടന്നുകൂടി, പുറപ്പെടാന്‍ തുടങ്ങി എന്നുംമറ്റുമുള്ള പ്രയോഗങ്ങള്‍ ഉണ്ടായതു ഭാഷാപണ്ഡിതന്മാര്‍ക്കു് അശ്രുതപൂര്‍വമല്ലല്ലോ.

ബ്രഹ്മാണ്ഡപുരാണം

ചാക്കിയാന്മാരുടെ ആവശ്യത്തിനുവേണ്ടിയല്ലാതേയും ചില ഗദ്യകൃതികള്‍ ക്രി.പി. പതിന്നാലാംശതകത്തില്‍ ആവിര്‍ഭവിക്കുകയുണ്ടായി. പൗരാണികകഥകളുടെ സങ്ഗ്രഹരൂപത്തിലുള്ളവയാണു് അത്തരത്തിലുള്ള പ്രബന്ധങ്ങള്‍. ആ കൂട്ടത്തില്‍ ബ്രഹ്മാണ്ഡപുരാണം ഗദ്യം അഗ്രിമപദവിയെ അര്‍ഹിക്കുന്നു.

ഗ്രന്ഥകാരനും കാലവും വിഷയവും

പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പ്രതിയില്‍ 648-ആണ്ടു ധനുമാസം 20-ആംനു ഞായറാഴ്ച മകവും പഞ്ചമിയും അന്റ് എഴുതിക്കൂടിയതു് എന്നൊരു കുറിപ്പു് കാണുന്നുണ്ടു്. ഇതു കണ്ണശ്ശപ്പണിക്കര്‍ രചിച്ചതെന്നാണു് ഐതിഹ്യം. നിരണം കവികളില്‍ ആരാണെന്നു ക്ലിപ്തപ്പെടുത്തിപ്പറവാന്‍ പ്രയാസമുണ്ടെങ്കിലും അവരിലൊരാളാണു് പ്രണേതാവു് എന്നൂഹിക്കുന്നതില്‍ വൈഷമ്യമില്ല; ഭാഷാരീതികൊണ്ടു് ഈ കൃതിക്കും ദൂതവാക്യത്തിനും തമ്മില്‍ വളരെ സാജാത്യം കാണുന്നുണ്ടു്. ബ്രഹ്മാണ്ഡപുരാണത്തില്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ ഭദ്രദീപപ്രതിഷ്ഠയേയും കേരളോദ്ധാരകനായ ശ്രീപരശുരാമന്റെ അപദാനങ്ങളേയും വിവരിക്കുന്നതും തൊണ്ണൂറ്റൊമ്പതു് അധ്യായങ്ങള്‍ അടങ്ങീട്ടുള്ളതുമായ മധ്യമഭാഗമാണു് ഇതിലെ പ്രതിപാദ്യം. തുഞ്ചത്തെഴുത്തച്ഛന്റെ ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിലെ കഥാവസ്തുവും ഇതുതന്നെയാണല്ലോ. ʻʻശ്രീവേദവ്യാസമഹര്‍ഷി അരുളിച്ചെയ്ത ബ്രഹ്മാണ്ഡപുരാണത്തില്‍ മധ്യമഭാഗത്തെ ഇതാ ഞാന്‍ തമിഴായിക്കൊണ്ടറിയിക്കിന്നേന്‍ˮ എന്നു പ്രസ്തുത കൃതിയിലും

ʻʻബ്രഹ്മാണ്ഡമെണ്‍പത്തയ്യായിരം ഗ്രന്ഥത്തിലതി-
നിര്‍മ്മലമായിട്ടുള്ള മധ്യമഭാഗമിതു
ചൊല്ലിയേന്‍ തൊണ്ണൂറ്റൊന്‍പതദ്ധ്യായമതു കേട്ടാല്‍-
ക്കല്യാണം വരും കൈവല്യത്തേയും സാധിച്ചീടാം.ˮ

എന്നു കിളിപ്പാട്ടിലുമുള്ള പ്രസ്താവനകള്‍ നോക്കുക. എഴുത്തച്ഛന്‍ പല പ്രകാരത്തില്‍ നിരണം കവികളോടു കടപ്പെട്ടിരുന്നു എന്നുള്ളതിനു് ഇതും ഒരു തെളിവാകുന്നു.

ഉദാഹരണങ്ങള്‍

ദൂതവാക്യത്തേക്കാള്‍ ബ്രഹ്മാണ്ഡപുരാണത്തില്‍ സംസ്കൃതപദങ്ങള്‍ക്കു കുറവുണ്ടെന്നുള്ളതു പ്രത്യേകം അവധാരണീയമാകുന്നു. അതുകൊണ്ടു കൈരളീപിപഠിഷുക്കള്‍ക്കു് ഈ കൃതി ഒന്നുകൂടി പ്രയോജനകരമായിരിക്കുന്നു. ഗ്രന്ഥകാരന്റെ ശൈലി എത്രമാത്രം സഹൃദയാനന്ദനമാണെന്നു കാണിക്കുവാന്‍ രണ്ടുദാഹരണങ്ങള്‍ ചുവടേ ചേര്‍ക്കാം.

 1. സപത്നീകനായ ദത്താത്രേയമഹര്‍ഷി: ʻʻകാഷായം കൊണ്ടുടുത്തു് ഇടത്തുകൈയില്‍ ദണ്ഡും പിടിച്ചു, ഗോപികൊണ്ടു ഒറ്റത്തിരുനാമമിട്ടു, കരുങ്കുവളപ്പൂവുകൊണ്ടു ചെവിപ്പൂവിട്ടു, പൊന്നിന്‍ പൂണുനൂലും പൂണ്ട, വലത്തുകൈയില്‍ കപാലം നിറയ ഉണ്ടായിരിക്കിന്റ മദ്യംകൊണ്ടനുഭവിച്ചു് അതിനാല്‍ മദം കിളരുകയാല്‍ ചുവന്നുമറിഞ്ഞുവരിന്റ കണ്ണിണയോടും കൂട ത്രൈലോക്യസുന്ദരിയായിരിപ്പിതൊരു സ്ത്രീയാല്‍ തഴവപ്പട്ടു. അവള്‍ എങ്ങനെ ഇരുന്നാളെങ്കില്‍ ഉരുണ്ടു നീണ്ടു് അഗ്രം ചുരുണ്ടു് ഇരിക്കിന്റ തലമുടിയില്‍ നിന്റു് അഴിഞ്ഞുപൊഴിഞ്ഞു വീഴിന്റ കുസുമങ്ങളെ ഉടയളായ് അഷ്ടമിചന്ദ്രനെക്കണക്കേ ഇരിക്കിന്റ നെറ്റിത്തടത്തെ ഉടയളായ്, കുങ്കുമംകൊണ്ടു നെറ്റിയില്‍ കുറിയിട്ടു കാമന്‍ വില്‍ക്കൊടി കണക്കെഞെറിഞ്ഞ പുരികക്കൊടി ഉടയളായ്, ചെന്താമരപ്പൂവിനുടെ അന്തര്‍ദ്ദളം കണക്കേ ചെവ്വരി ചിതറി ചെവിയോളം നീണ്ടു് അഴകിയവായിരുന്ന കണ്ണിണകളെ ഉടയളായ്, മാണിക്കം കൊണ്ടു കടൈന്ത കുണ്ഡലങ്ങളാല്‍ ശോഭിക്കിന്റ കര്‍ണ്ണങ്ങളെ ഉടയളായ്, ഉന്നതമായിരുന്ന നാസിക ഉടയളായ്, കണ്ണാടി കടഞ്ഞ കപോലങ്ങളിരണ്ടും, പവഴം കണക്കേയും തൊണ്ടിപ്പഴം കണക്കേയും ഇരുന്ന അധരോഷ്ഠമുടയളായ്, പുഞ്ചിരിക്കൊരാധാരമായ് പൂര്‍ണ്ണചന്ദ്രനെക്കണക്കേ കാന്തികൊണ്ടഴിച്ചു പത്രം [3] കണക്കേ പ്രസന്നമായിരുന്ന മുഖപത്മത്തെ ഉടയവള്‍, കടഞ്ഞ ശംഖുപോലെയിരുന്നിതു കണ്ഠനാളം. അനേകം രത്നംകൊണ്ടു് ഇടയിടെ കോര്‍ക്കപ്പെട്ടിരിക്കിന്റ കണ്ഠാഭരണങ്ങളെ ഉടയവള്‍: അനേകം മാണിക്കങ്ങളെ തറച്ചു തോള്‍വള ഉടയവള്‍; കടകങ്ങള്‍കൊണ്ടലങ്കരിച്ചു കളഭങ്ങള്‍ കൊഴച്ച് അഴകിയവായിരുന്ന കയ്യിണകളെ ഉടയവള്‍; കസ്തൂരി കര്‍പ്പൂരമെന്റിവറ്റിനുടെ സുഗന്ധങ്ങളെ ഉടയവള്‍; കുങ്കുമക്കുഴമ്പു കൊണ്ടു മാര്‍വത്തു തേച്ചു പൊന്നിന്‍കുടം കണക്കേ അഴകിയ വായിരുന്നു പരസ്പരം അഴകുപട്ടിരുന്ന മുലയിണകളെ ഉടയവള്; ഒരു മുട്ടികൊണ്ടു പിടിച്ചാല്‍ അതിലടക്കപ്പെടും നടുവാകിന്‍റതു്. അരയാലിലപോലെ ഉദരം; ത്രിവലികളും രോമരാജികളും കണ്ടാല്‍ മനോഹരം... നാനാവര്‍ണ്ണത്തോടുംകൂടി ഇരിക്കിന്റ തിരുവുടയാടകൊണ്ടു ചാര്‍ത്തി അനേകം രത്നങ്ങള്‍ ഒന്റിനോടൊന്‍റു തട്ടി ഒച്ച പുറപ്പെടുന്റ ഉടഞാണിനെ ഉടയവള്‍; ആനത്തുമ്പിക്കൈ കണക്കേ ഉരുണ്ടു് അഴകിയ തുടയിണകളേ ഉടയവള്‍; മനോഹാരികള്‍ ജാനുക്കള്‍ ഇരണ്ടും; ഉരുണ്ടു് അഴകിയ കണക്കാലുടയവള്‍; രത്നങ്ങള്‍കൊണ്ടു് ഇളകിവരിന്റ ചിലമ്പിണകളെ ഉടയവള്‍; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിന്റ വിരല്‍കളെ ഉടയവാള്‍; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിന്റ ഉള്ളങ്കാലോടുകൂടി മഹര്‍ഷിയെ ആശ്ലേഷിച്ചു പകുത്തു മധുപാനം ചെയ്യിന്റ സ്ത്രീയോടും കൂടി മഹര്‍ഷിയെ കാണായിതു.ˮ
 2. രേണുകയും ശ്രീപരശുരാമനും: പിതാവു് അരുളിച്ചെയ്യക്കേട്ട് ഇരാമനെഴുനിന്റു നമസ്കരിച്ചാന്‍:– ʻʻപിതാവേ! എനക്കു നിന്തിരുവടി വരം തന്നരുളുക. എന്നുടെ മാതാവ് ഉറങ്ങി ഉണര്‍ന്നപോലെ പുണ്ണിനോടു വേറുപെട്ടു നോവുമിളച്ചു ഞാന്‍ കൊന്റതുമറിയാതെ എഴുനില്പോളാക. ഇന്നുമൊരുവരം തന്നരുളുക, എന്നുടെ ജ്യേഷ്ഠഭ്രാതാക്കള്‍ നാല്വരും നിന്തിരുവടിയുടെ തിരുവുള്ളക്കേടുകൊണ്ടു ചണ്ഡാലരായവര്‍കള്‍ ശുദ്ധരായ്മുന്നേക്കണക്കേ വിദ്യയോടുംകൂടി ഗുരുഭക്തിയോടുംകൂടി വരുവോരാകˮ... രാമനുമപ്പൊഴുതു മാതാവിനെക്കണഅടു ഭൂതലത്തില്‍ വീണ്ണു നമസ്കരിച്ചു. ʻʻനിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തന്‍. സ്ത്രീയാകയുമുണ്ടു്; പതിവ്രതയാകയുമുണ്ടു്; ഇവ ഓരൊന്റെ നിരൂപിച്ചാല്‍ കൊല്‍വാന്‍ യോഗ്യമില്ല. എപ്പൊഴുതും വന്ദിപ്പാനും പൂജിപ്പാനും യോഗ്യമേ ഉള്ളിതു. അങ്ങനെ ഇരിക്കിന്റെടത്തു് അവയൊന്റും നോക്കാതെ നിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തന്‍ ഞാന്‍; എന്നെ കാണുന്‍റവര്‍ക്കു മഹാപാതകദോഷമുണ്ടു്. കണ്ടവര്‍ കണ്ടവര്‍ ʻകഷ്ടേ!ʼ എന്റുചൊല്ലി കണ്ണുമടച്ചു വഴിതിരിഞ്ഞു പോവര്‍; അങ്ങനെ മഹാപാപിയായിരിക്കിന്റ എന്നെ എങ്ങേനും പോയ് കെടുവതിനായ്കൊണ്ടു് അനുജ്ഞ തനരുളുകˮ എന്റു മുറയിടുന്റ രാമനെ തഴുവി, കൈമേലിട്ടുപിടിച്ചു് എടുത്തു മടിയില്‍ വൈച്ചുകൊണ്ടു ചൊന്നാള്‍ രേണുക. ʻʻപുത്രാ, നിന്നെക്കണക്കേ ഇരിപ്പൊരു പുരുഷരില്ല ത്രൈലോക്യത്തില്‍; എങ്ങനെ എങ്കില്‍ നിന്റെ പിതാവിനേയും എന്നേയും ഭ്രാതാക്കള്‍ നാല്വരേയും ഭൃഗുവംശത്തേയുംകൂടെ രക്ഷിച്ചൊരുത്തന്‍ നീ. എങ്ങനെ എന്റു നിനയ്ക്കില്‍ എന്നുടെ ദോഷമറിഞ്ഞു പരിഹരിക്കയെന്റു പിതാവു ചൊന്നതു കേളാഞ്ഞുതാകില്‍, ഞാന്‍ മനോദുഷ്ടയായ് ഭര്‍ത്താവിന്റെ കോപംകൊണ്ടു വെന്തുമരിച്ചു നരകത്തില്‍ വീണ്ണുപോയേനേയും. നീയതിനെ പരിഹരിക്കയാല്‍ ഭര്‍ത്താവിനോടും ബന്ധുവര്‍ഗ്ഗത്തിനോടും കൂടി സുഖിച്ചിരിക്കിന്റേന്‍. ആകയാല്‍ മാതാവിനെ രക്ഷിച്ചൊരുത്തന്‍ നീ. പിതാവു ചൊന്നതു കേളാഞ്ഞുതാകില്‍ ഗുരുവചനം കടക്കയാല്‍ ഗുരുകോപംകൊണ്ടു ചണ്ഡാലത്വം വന്നു മരിച്ചു നരകത്തില്‍ വീണ്ണു മുടിഞ്ഞോയേയും. ആകയാല്‍ നിന്നെയും നീ രക്ഷിച്ചാ. അത്തനയുമല്ല ഗുരുകോപംകൊണ്ടു ചണ്ഡാലരായ് മൗഢ്യംകൊണ്ടു പാപങ്ങളെ ചെയ്തു നരകത്തില്‍ വീഴുന്റ ഭ്രാതാക്കളേയും ശുദ്ധരാക്കിക്കൊണ്ടു രക്ഷിച്ചാ. നിന്നുടെ പിതാവു കോപമാകിന്റ മഹാദോഷംകൊണ്ടു് എന്നെ കൊന്റും പുത്രരെ ശപിച്ചും സന്താനം കെടുത്തുള്ള മഹാപാപം കൊണ്ടു നരകത്തില്‍ വീഴുവാന്‍ തുടങ്ങിന്റ പിതാവിനേയും നീ രക്ഷിച്ചാ. ഈവണ്ണം രക്ഷിച്ചൊരുത്തന്‍ നീയുമെന്റാല്‍ നിനക്കു വേണ്ടുവോളംനാള്‍ സുഖിച്ചു ജീവിച്ചിരിപ്പോയാക. അസ്ത്രശസ്ത്രങ്ങള്‍ വീര്യശൗര്യാദി ഗുണങ്ങളുള്ളരില്‍ പ്രധാനനായിട്ടും ഇരിക്ക നീ.ˮ എന്റു ചൊല്ലി തഴുവി സംഭാവിച്ചാല്‍ മാതാവു്.

ഹോരാഫലരത്നാവലി

ʻʻഹോരാഫലരത്നാവലിˮ എന്നൊരു ജ്യോതിഷഗ്രന്ഥം കണ്ണശ്ശപ്പണിക്കരുടേതാണെന്നു പറഞ്ഞുകൊണ്ടു പ്രസിദ്ധീകരിച്ചുകാണുന്നു. അതിനൊരു തെളിവെന്നതുപോലെ

ʻʻകണ്ണശ്ശനെന്നുള്ള പണിക്കരച്ഛന്‍
ഖണ്ഡിച്ചു മറ്റുള്ള മതങ്ങളെല്ലാം
നിര്‍ണ്ണീതഹോരാഫലരത്നസാരം
വര്‍ണ്ണിച്ചു ചൊല്ലുന്നിഹ ശിഷ്യനോടായ്ˮ

എന്നൊരു ശ്ലോകവും അതിന്റെ ആരംഭത്തില്‍ ചേര്‍ത്തിട്ടുണ്ടു്. അതു ബൃഹജ്ജാതകത്തിന്റെ ഭാഷാവ്യാഖ്യാനമാകുന്നു. ഗുരുശിഷ്യസംവാദരൂപത്തിലാണു് ഈ വ്യാഖ്യാനം രചിയ്ക്കപ്പെട്ടിരിയ്ക്കുന്നതു്. ആകെ എട്ടദ്ധ്യായങ്ങളുണ്ടു്. വ്യാഖ്യാതാവു ജ്യോതിഷത്തിലെന്നപോലെ വ്യാകരണത്തിലും സാഹിത്യത്തിലും നിപുണനാണു്. പക്ഷെ അദ്ദേഹം ജീവിച്ചിരുന്നതു് ഈയിടയ്ക്കു മാത്രമാണെന്നും ഗ്രന്ഥത്തിന്റെ കര്‍ത്തൃത്വം കണ്ണശ്ശനില്‍ ആരോപിയ്ക്കുന്നതു് അത്യന്തം അസങ്ഗതമാണെന്നും ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ചില പങ്‌ക്തികള്‍ കൊണ്ടു് ഈ വസ്തുത തെളിയിക്കാം.

ശിഷ്യന്‍
അഥവാ മങ്ഗളം വേണമെന്നിരിക്കട്ടെ. എന്നാലും അനേകഗ്രന്ഥങ്ങളില്‍ വിഷ്ണു, ശിവന്‍, ഗണപതി, ഭഗവതി ഈ ദേവതകളെക്കുറിച്ചേ മങ്ഗളം കാണുന്നുള്ളൂ. ആദിത്യനെക്കുറിച്ചു മങ്ഗളസ്തുതി അപ്രസിദ്ധമാകുന്നു.
ഗുരു
മങ്ഗളം എന്നു പറയുന്നതു് ഇഷ്ടദേവതാസ്തുതിയാകുന്നു. വരാഹമിഹിരാചാര്യന്‍ ആദിത്യഭക്തനായിരുന്നതുകൊണ്ടാണു് അവിടെ ആ ദേവതാസ്തുതി നിബന്ധിക്കാനിടവന്നതു്.
ശിഷ്യന്‍
ആദിത്യന്‍ ഇഷ്ടദേവതയാകുന്നുവെങ്കില്‍ ʻനത്വാഭക്തിയുതസ്സഹസ്രകിരണംʼ എന്നിങ്ങനെ ആരംഭിച്ചാല്‍ മതിയാകുമെന്നിരിക്കേ ആദ്യത്തെ ശ്ലോകം മുഴുവന്‍ വന്ദനത്തിനുയോഗിച്ചതു് എന്തിനാണെന്നറിയുന്നില്ല.
ഗുരു
ജ്യോതിശ്ശാസ്ത്രത്തില്‍ പ്രത്യേകിച്ചും ആദിത്യപ്രസാദത്താല്‍ എല്ലാ ഗ്രഹങ്ങളും ഇഷ്ടഫലത്തെ കൊടുക്കുമെന്നും ആദിത്യന്‍ ഗ്രഹങ്ങളില്‍വെച്ചു പ്രധാനിയാകുന്നുവെന്നും തോന്നിപ്പിക്കുന്നതിനാകുന്നു.ˮ

ഇതാണോ കൊല്ലം ആറാംശതകത്തിലേ ഗദ്യരീതി? ബ്രഹ്മാണ്ഡപുരാണത്തിലെ ശൈലി? കഷ്ടം, വിദ്വാന്മാര്‍ എന്തിനാണിങ്ങനെ പരവഞ്ചനത്തിനു് ഒരുങ്ങുന്നതു്?

മറ്റു ചില ഗദ്യകൃതികള്‍

അംബരീഷചരിതം

ഇതും ബ്രഹ്മാണ്ഡപുരാണംപോലെയുള്ള ഒരു ഗദ്യകൃതിയാണു്. ഭാഷാഗതികൊണ്ടു് ഇതിന്റെ കാലം പതിന്നാലാം ശതകമെന്നു നിര്‍ണ്ണയിക്കാം. പ്രണേതാവു് ആരെന്നറിവില്ല. ചില പങ്‌ക്തികള്‍ താഴെ ചേര്‍ക്കുന്നു.

ʻʻഇതില്‍ ദ്വാദശി കഴിയിന്റുതായിരിക്കിന്റതു. ഏകാദശീവ്രതവുമിതറുതിയാകിന്റിതെന്റു നിനച്ചുണര്‍ത്തിനാനതികാരി: ʻʻഇതുകാണാ രാജാവു, പാല്‍കൊണ്ടു പാരണ പണ്ണികോലകത്തു് ഒരുത്തരെ ഊട്ടിക്കൊണ്ടെന്റിയേ ഉണ്‍കയോ കൃത്യമല്ല. അതിലും വിശേഷമൊണ്ടു്. മഹര്‍ഷിയെ ക്ഷണിച്ചായല്ലോ നിന്തിരുവടി; എന്റാല്‍ മഹര്‍ഷികളായുള്ളവര്‍ ശപിക്കയും വിരോധമേ രാജാവേˮ എന്റതികാരി ഉണര്‍ത്തക്കേട്ടപ്പൊഴുതേ രാജാവും പാല്‍കൊണ്ടു പാരണം പണ്ണി മഹര്‍ഷിയുടെ വരവും നോക്കി കാല്‍കഴുകുവാന്‍ നീരും ചന്ദനവും ചമച്ചുകൊണ്ടു നിന്റ കാലത്തു മഹര്‍ഷിയും നീരാട്ടുപള്ളി പുക്കുശ്രമപ്പെട്ടെഴുന്നള്ളിന്റ കാലത്തു ഉടയാട പകര്‍ന്നിട്ടു കണ്ഡികയില്‍ നീരൂം ചന്ദനവും എടുത്തുകൊണ്ടു പാദശൗചം പണ്ണി ʻഭഗവാനേ ദ്വാദശി കഴിയിന്റുതായിരിക്കിന്റിതു. വിരയയകത്തെഴുനരുളുകʼ എന്റുണര്‍ത്തിന്റംബരീഷനെ നോക്കിയരുളിച്ചെയ്താന്‍ ദുര്‍വാസാമഹര്‍ഷി.ˮ

രാമായണം തമിഴ്

നമ്പിയാന്മാരുടെ ʻതമിഴിʼനെ ലീലാതിലകത്തില്‍ സ്മരിച്ചിട്ടുണ്ടു്. മാര്‍ദ്ദങ്ഗികന്മാര്‍ കൂത്തിനോടനുബന്ധിച്ചും അല്ലാതേയും ചില കഥകള്‍ പറയാറുണ്ടെന്നും അവയില്‍ ഭാഷാസംസ്കൃതയോഗവും ദോഷരാഹിത്യവും ശ്ലേഷാനുപ്രാസാദിഗുണാലങ്കാരങ്ങളുമുണ്ടെങ്കിലും സംസ്കൃതവിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളില്ലാത്തതുകൊണ്ടു് അവയ്ക്കു ʻതമിഴെʼന്നല്ലാതെ മണിപ്രവാളമെന്നു സംജ്ഞയില്ലെന്നുമാണു് അദ്ദേഹം പ്രസ്താവിയ്ക്കുന്നതു്. അത്തരത്തില്‍ ഗദ്യപദ്യസമ്മിളിതങ്ങളായ പ്രബന്ധങ്ങള്‍ക്കു പുറമേ തനിഗ്ഗദ്യത്തിലും പല പ്രബന്ധങ്ങള്‍ പണ്ടുണ്ടായിരുന്നിരിക്കണം. ʻനമ്പ്യാരുടെ തമിഴുʼകളില്‍ പ്രായേണ ഇന്നു നാം കാണുന്നവയ്ക്കു് അത്ര വളരെ പ്രാചീനത കാണുന്നില്ല. അവയില്‍ അത്യന്തം വിസ്തൃതമായ ʻʻരാമായണം തമിഴ്ˮ പതിന്നാലാംശതകത്തില്‍ ഉണ്ടായതാണെന്നു് ഊഹിക്കാം. രാവണോത്പത്തി മുതലാണു് അതില്‍ കഥ ആരംഭിക്കുന്നതു്. രാവണന്‍ ഗണപതിയുമായി യുദ്ധത്തിനു നേരിട്ടപ്പോള്‍ ആ ദേവനു് അപ്പവും വാഴപ്പഴവും മറ്റും നല്കി സന്തോഷിപ്പിച്ചു് അവിടത്തെ പിന്തിരിപ്പിച്ചു എന്നും സുബ്രഹ്മണ്യനെ തോല്പിച്ചു എന്നും അതു കണ്ടു ക്രുദ്ധനായി ശ്രീപരമേശ്വരന്‍ എതിര്‍ത്തപ്പോള്‍ നൃത്തംകൊണ്ടു് അവിടത്തെ പ്രസാദിപ്പിച്ചു എന്നും മറ്റും പല നൂതനങ്ങളായ മനോധര്‍മ്മങ്ങളും പ്രയോഗിച്ചുകാണുന്നു.

ദശരഥന്റെ മരണം

ʻʻസുമന്ത്രനെ വിളിച്ചരുളിച്ചെയ്താന്‍ ദശരഥരാജാവു്. ʻഇതു കേളാ സുമന്ത്രാ, ഞാന്‍ പണ്ടു ബാല്യകാലത്തില്‍ വനപ്രദേശത്തിങ്കല്‍ നിന്റു മൃഗങ്ങള്‍ തണ്ണീര്‍ കുടിപ്പാന്‍ തടാകത്തിലിറങ്ങിന്റ കാലത്തില്‍ തടാകത്തില്‍ തര്‍പ്പിച്ചിരിക്കിന്റോന്‍ ഒരു മഹര്‍ഷികുമാരന്‍. അപ്പോള്‍ ഞാന്‍ മൃഗങ്ങളെയെയ്ത ശരം ഋഷികുമാരന്മേലേറ്റുമരിച്ച കാലത്തില്‍ ഋഷികുമാരനുടെ മാതാപിതാക്കള്‍ക്കു പുത്രവിയോഗം വന്റ ഹേതുവായി എന്നെയും പുത്രവിയോഗം കൊണ്ടു മരിപ്പൂതെന്റു ശപിച്ചരുളിനാന്‍ മഹര്‍ഷി. അതു വിഷയമായി ഞാനും പുത്രവിയോഗത്തിനാല്‍ മരിപ്പേന്‍ എന്റാന്‍. നീ ശ്രീരാമനാമം ജപിക്ക എനിക്കു മോക്ഷം വരുവാˮനെന്റു സുമന്ത്രനോടരുളിചെയ്തു ദശരഥരാജാവു താനുംകൂടി ശ്രീരാമനാമം ജപിച്ചു. രാമലക്ഷ്മണന്മാര്‍ വനത്തിന്നു പോയി

ഏഴാം ദിവസത്തിന്‍നാള്‍ ദശരഥരാജാവു സ്വര്‍ഗ്ഗത്തിന്നെഴുന്റരുളി... നീയും വന്നീവണ്ണമുണര്‍ത്തിനായെല്ലോയെന്റു ചൊല്ലി ദുഃഖത്തോടുകൂടി പ്രലാപിച്ചു കേകയരാജധാനിയില്‍ നിന്നു പുറപ്പെട്ടു വേഗത്തില്‍ പോയി തിരുവയോദ്ധ്യയെ പ്രാപിച്ചു പ്രതിമാഗൃഹംപുക്കു പുരോഹിതവര്‍ഗ്ഗത്തോടും കൂടകേട്ടു ദേവകലികനാല്‍പ്പടത്തില്‍ കാട്ടി[4] ഭരതശത്രുഘ്നന്മാര്‍ വസിഷ്ഠവാമദേവാദികളുടെ നിയോഗത്തിനാല്‍ നീരാട്ടുപള്ളിപുക്കു ദശരഥരാജാവിനെ എടുത്തുകൊണ്ടു ചെന്റു ചിത ചമച്ചു് അതിന്മേലാമ്മാറു രാജാവിനെ നിധാനം ചെയ്തു സംസ്കാരകര്‍മ്മ മനുഷ്ഠിച്ചു സംസ്കാരം ചെയ്തു.

താരയുടെ അനുരഞ്ജനം:– ʻʻഇതു കേളാ ഹനൂമാനേ, നമ്മുടെ സ്വാമി ശ്രീരാഘവന്‍ തിരുവടി എന്നുടെ ജ്യേഷ്ഠഭ്രാതാവിനെ കൊന്റു എനിക്കു രാജ്യാഭിഷേകം ചെയ്തു് എന്നെ രക്ഷിച്ചിരിക്കിന്റ സ്വാമി എന്നെ നിഗ്രഹിപ്പാനോ ഹനൂമാനെ എന്റു സുഗ്രീവന്‍ ചൊന്നതു കേട്ടു ചൊന്നാന്‍ ശ്രീഹനൂമാന്‍. ʻʻഇതു കേളാ സുഗ്രീവാ, നിന്നുടെ താരയെ യാത്രയാക്കിപ്പിന്നെ ശ്രീലക്ഷ്മണന്‍ തിരുവടിയുടെ കോപമടക്കുക. ശ്രീലക്ഷ്മണന്‍ തിരുവടി സ്ത്രീവധം ചെയ്കയില്ലെന്റു ശ്രീഹനൂമാന്‍ ചൊന്നതു കേട്ടു സുഗ്രീവനും പെരുകിന സന്തോഷമുടയോനായി താരയെ വിളിച്ചണയത്തുകൊണ്ടു ചൊന്നാന്‍ സുഗ്രീവന്‍. ʻʻഇതു കേളാ താരേ, നമ്മുടെ ഗോപുരദ്വാരം പ്രാപിച്ച ശ്രീലക്ഷ്മണന്‍ തിരുവടിയെക്കണ്ടു അവന്‍ തിരുവടിയുടെ കോപമടക്കി വരിക താരേˮയെന്റു സുഗ്രീവന്‍ ചൊന്നതു കേട്ടു താരയും വിവേകിച്ചു വേഗത്തില്‍ പോയിസ്നാനം ചെയ്തു് ആടയാഭരണങ്ങള്‍കൊണ്ടലങ്കരിച്ചു ദിവ്യങ്ങളായിരിക്കിന്റ പുഷ്പങ്ങള്‍ പറിച്ചുകൊണ്ടു വേഗത്തില്‍ അടക്കത്തോടും കൂടി ശ്രീലക്ഷ്മണസമീപത്തെ പ്രാപിച്ചു ശ്രീലക്ഷ്മണന്‍ തിരുവടിയേക്കണ്ടു പ്രദക്ഷിണം ചെയ്തു ദിവ്യങ്ങളായിരിക്കിന്റ പുഷ്പങ്ങളാരാധിച്ചു തൊഴുതു നമസ്കരിച്ചുണര്‍ത്തിനാള്‍ താര. ʻʻഇതു കേളാ സ്വാമി, എന്നുടെ ഭര്‍ത്താവു വാനരേശ്വരന്‍ ബാലി ദേവകളാലും ഋഷികളാലും സംഭാവിക്കപ്പെട്ടു് ഉദയപര്‍വതത്തിന്മേല്‍നിന്നു് അസ്തമയപര്‍വതത്തിന്മേല്‍ പാഞ്ഞു ശ്രീമഹാദേവന്‍ തിരുവടിയേയും ശ്രീപാര്‍വതീദേവിയേയും കൂടെക്കണ്ടു പ്രദക്ഷിണം ചെയ്തു തൊഴുതു നമസ്കരിച്ചു വിടയുംകൊണ്ടു വേഗത്തില്‍ പോയി ശ്രീപാല്‍ക്കടലെ പ്രാപിച്ചു ഭഗവാനേയും ശ്രീഭഗവതിയേയും കണ്ടു നമസ്കരിച്ചു സത്യം വഴുതാത നാലു സമുദ്രത്തിങ്കലും ചെന്റുതര്‍പ്പിച്ചു് ഇങ്ങനെ നിത്യകര്‍മ്മം പിഴയാതെയിരുന്ന എന്നുടെ ഭര്‍ത്താവിനെ നിഗ്രഹിച്ചു. നിര്‍ഭാഗ്യയായിരിക്കിന്റ അടിയന്റെ പുത്രന്‍ അങ്ഗദനോ ഏതുമറിവോനല്ല. അത്രേയുമല്ല സ്വാമി, ആദിത്യപുത്രന്‍ സുഗ്രീവന്‍ സീതാവൃത്താന്തം നിരൂപിച്ചു കായും കനിയുമുപയോഗിക്കാതെ പെരുകിന വേദനയുടയോനായി പത്തുദിക്കിലും പെരുമ്പടയേകി അടുത്തനാളുദയകാലം പമ്പാതീരത്തിങ്കല്‍ ഇരുപത്തൊന്നു വെള്ളം വാനരവീരന്മാരോടുകൂടി വിടകൊള്‍വാന്‍ നിനച്ചിരുന്റ കാലത്തിങ്കല്‍ നിന്തിരുവടിയെഴുന്റരുളി. അങ്ങനെയിരിക്കിന്റ സുഗ്രീവനെ നിന്തിരുവടി നിഗ്രഹിക്കിന്റുതാകില്‍ അടിയനെ മുന്നില്‍ നിഗ്രഹിക്കണംˮ എന്റിങ്ങനെ ചൊല്ലിന്റ താരയുടെ വചനം കേട്ടു ശ്രീലക്ഷ്മണന്‍ തിരുവടി സന്തോഷമുടയോനായി താരയെ നോക്കിയരുളിച്ചെയ്താന്‍.

അവസാനം: ʻʻപിന്നെ കൊമ്പു, കാളം, മദ്ദളം, ശംഖു, പെരുമ്പറ, നിഷാണം, തകില്‍, മുദുവാദ്യങ്ങള്‍, ആണാര്‍, മണിവീണ, കുഴല്‍, സുരമണ്ഡലം, നന്തുണി എന്നിവറ്റിനുടെയൊച്ചയും ഗീതാവാദ്യങ്ങളും ജലഗന്ധപുഷ്പധൂപദീപങ്ങളും എന്റിവറ്റാല്‍കൊണ്ടും വസിഷ്ഠവാമദേവാദികളാല്‍ പൊന്നുങ്കടത്തിലും വെള്ളിക്കുടത്തിലും മഹരിഷികളാല്‍ പൂജിച്ചു ജപിയ്ക്കപ്പെട്ട കലശങ്ങളാല്‍കൊണ്ടും, രാമാഭിഷേകോത്സവം രാജ്യത്തിലുള്ള ജനത്തോടും കൂടെ കണ്ടു സന്തോഷമുടയോരായി രാമലക്ഷ്മണന്മാരും ഭരതശത്രുഘ്നന്മാരും ജനകരാജനന്ദിനി സീതാദേവിയും കൌസല്യാദേവിയും കൈകേയീദേവിയും സുമിത്രാദേവിയും വസിഷ്ഠവാമദേവാദികളും രാജ്യത്തിലുള്ള ജനത്തോടും കൂട സുഖിച്ചുവസിച്ചാര്‍. ദശരഥപുത്രന്‍ ശ്രീ രാഘവന്‍ തിരുവടി കൃത്യം പിഴയാതെ ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ടരെ പരിപാലിച്ചു ഭ്രാതാക്കള്‍ മൂവരോടും ജനകരാജ നന്ദിനി സീതാദേവിയോടും കൂട സുഖിച്ചുവസിച്ചാന്‍. ശ്രീ രാഘവന്‍ തിരുവടിയെന്റിങ്ങനെയിരിക്കിന്റ ശ്രീരാമായണം കഥ കേട്ടവര്‍ക്കും കേള്‍പ്പിച്ചവര്‍ക്കും കറ്റവര്‍ക്കും കര്‍പ്പിച്ചവര്‍ക്കും എഴുതിയവര്‍ക്കും ആചാരിയനും കൊടുത്തുവായിച്ചവര്‍ക്കും ജന്മജന്മാന്തരങ്ങളില്‍ ചെയ്യപ്പെട്ട പാപം കെട്ടു സ്വര്‍ഗ്ഗം പ്രാപിക്കാമെന്ററിക.ˮ

ഉത്തരരാമായണസങ്ഗ്രഹം ഗദ്യം

ഇതും ആരുടെ കൃതിയെന്നറിയുന്നില്ല. രാമായണം തമിഴിലേ ഉത്തരരാമായണകഥയുടെ സംക്ഷേപമാണു്. ചില വാക്യങ്ങള്‍ ഉദ്ധരിക്കാം:

ʻʻശിവം മുഴുകീതു. അതു കണ്ടു കോപിക്ക ദശഗ്രീവന്‍ പാശവുമാക രാജാവിനെ പിടിച്ചുകെട്ടിക്കൊള്‍വിതെന്റധ്യ വസിക്കിന്റതു കണ്ടു രാജാവു രാവണനോടു കൂട യുദ്ധം പണ്ണി ഇരുപതു കയ്യുമൊക്ക പാശത്താല്‍ ബന്ധിച്ചു കാരാഗൃഹത്തിലിടുവിച്ചു. ചിലനാള്‍ കഴിഞ്ഞവാറേ അതു കേട്ടു പുലസ്ത്യന്‍തിരുവടി അവിടത്തിങ്കലെഴുന്നരുളി സാമംകൊണ്ടു പ്രാര്‍ത്ഥിച്ചു രാവണനെ കഴിച്ചുവിടിയിച്ചെഴുന്നരുളിനാന്‍. അവിടെനിന്നു പോകിന്റ ദശഗ്രീവന്‍ കിഴക്കിന്‍ സമുദ്രത്തെ പ്രാപിച്ചു. അതില്‍ തര്‍പ്പിച്ചിരുന്ന വാനരേശ്വരന്‍ ബാലിയെക്കണ്ടു പിടിച്ചുകെട്ടിക്കൊള്‍വിതെന്റധ്യവസിച്ചു ചെല്ലിന്റ ദശഗ്രീവനെ പിടിച്ചു തന്നുടെ വാലുടെ പുച്ഛത്തില്‍ കെട്ടിക്കൊണ്ടു നാലു സമുദ്രത്തിലും പാഞ്ഞു തര്‍പ്പിച്ചു.ˮ

പുരാണസംഹിത

ഈ ഗദ്യം മുഴുവന്‍ കിട്ടീട്ടില്ല. നിര്‍മ്മാതാവാരെന്നു് അറിവാനും നിവൃത്തിയില്ല. മാതൃകയായി ഒരു ഭാഗം ഉദ്ധരിക്കാം.

ʻʻമുന്‍പില്‍ അവന്നു സുനീതിയും സുരുചിയും ഇരുവര്‍ ഭാര്യമാര്‍. അതില്‍ സുനിതീപുത്രന്‍ ധ്രുവന്‍! സുരുചിപുത്രന്‍ ഉത്തമന്‍. അവര്‍ ഇഷ്ടരാകിന്റതു രാജാവിന്നു്. അങ്ങനെ ഇരിക്കിന്റേടത്തൊരുനാള്‍ ഉത്തമനെ മടിയില്‍വച്ചു ലാളിപ്പൂതും ചെയ്തു രാജാവിരിക്കിന്റെടത്തു ധ്രുവന്‍ ചെന്റു മടിയില്‍ കരേറുവാന്‍ തുടങ്ങിന്റപ്പോഴ് അധിക്ഷേപിച്ചാള്‍ സുരുചി... പിന്നെച്ചൊല്ലുവൂതും ചെയ്താള്‍ ഇമ്മനോരഥത്തില്‍ ഉണ്ടു് നിനക്കു് അപേക്ഷയെന്മൂ എങ്കില്‍ തപസ്സുകൊണ്ടു് ഭഗവാനെ പരിതോഷിപ്പിച്ചു് എങ്കല്‍ പോന്നുളനാകയാമെന്റിങ്ങനെ. അതെല്ലാം കേട്ടു സുനീതി ഉള്ളെടത്തു ചെന്നു് അവളുടെ നിയോഗത്താല്‍ ഭഗവാനെ തപസ്സുചെയ്തു പരിതോഷിപ്പിച്ചു് ഒരുത്തരാലുമനധ്യാസിതമായിരിപ്പൊരു പദമുണ്ടു ധ്രുവപദം. അതിനെ ലഭിച്ചു ഹരിയെ പ്രാപിച്ചു. പെരികനാളേതു രാജ്യവും രക്ഷിച്ചു് ഒടുക്കത്തു ധ്രുവപദത്തെ പ്രാപിപ്പൂതും ചെയ്താന്‍.ˮ

വ്യാഖ്യാനങ്ങള്‍

സംസ്കൃതത്തില്‍നിന്നും തമിഴില്‍ നിന്നും അക്കാലത്തു പല ഗ്രന്ഥങ്ങള്‍ പണ്ഡതന്മാര്‍ മലയാളത്തില്‍ വ്യാഖ്യാനിച്ചുതുടങ്ങി. തമിഴ്‌ക്കൃതികള്‍ പ്രായേണ വേദാന്തപരങ്ങളാണു്. പ്രണേതാക്കളെപ്പറ്റി യാതൊരറിവുമില്ലാത്തതും നിര്‍മ്മാണകാലംതന്നെ കണ്ടുപിടിക്കുവാന്‍ പ്രയാസമുള്ളതുമാണു് ആ കൂട്ടത്തില്‍പെട്ട ഗ്രന്ഥങ്ങള്‍. അവയില്‍ ഒന്നായ പരമഞാനവിളക്കത്തില്‍നിന്നു് ഒരു വാക്യം ഉദ്ധരിക്കാം. ʻʻപ്രായം പെറാത്തവര്‍ക്കുമെളുതായ് പടിച്ചറിയുമാറു ചുരുക്കിച്ചൊന്ന ശാസ്ത്രത്തിന്‍വിരിപ്പു പറവാനാകിലോ മഹാ അരുമയെന്ററിഞ്ഞു പിന്നെയും ഇവര്‍ക്കു പ്രകാശിപ്പതിനിതു നല്ലു എന്റു നിശ്ചയിത്തരുളിച്ചെയ്തമയ്ക്കു പട്ടാങ്ങുടന്‍ പാടുവോരാവരാകില്‍ വഴിവന്റ ജനങ്ങളെന്റവാറു അറിയാവരുമെന്റവാറുംˮ തമിഴ് നാട്ടില്‍നിന്നു കേരളത്തില്‍ കുടിയേറിപ്പാര്‍ത്ത ദ്രാവിഡബ്രാഹ്മണര്‍ വേദാന്തഗ്രന്ഥങ്ങളും മന്ത്രശാസ്ത്രഗ്രന്ഥങ്ങളും മറ്റും സാമാന്യജനങ്ങളെ പഠിപ്പിക്കുകയും അവര്‍ക്കു സുഗ്രഹമാകുമാറു് അവയ്ക്കു ഭാഷാവ്യാഖ്യാനങ്ങള്‍ രചിക്കുകയും ചിലപ്പോള്‍ സുഗമമായ തമിഴില്‍ത്തന്നെ മുലഗ്രന്ഥങ്ങള്‍ സങ്ഗ്രഹിക്കുകയും ചെയ്തു എന്നുള്ളതു് ഒരു അനിഷേധ്യമായ പരമാര്‍ത്ഥമാണു്.

ഈ ഉദാഹരണങ്ങളില്‍നിന്നു മലയാളഗദ്യത്തിന്റെ ജനനം ക്രി.പി. പത്തൊന്‍പതാംശതകത്തില്‍ മാത്രമാണെന്നു പറയുന്നതു് അസഭങ്ഗതമാണെന്നും പതിന്നാലാം ശതകത്തില്‍ത്തന്നെ പല വിശിഷ്ടങ്ങളായ ഗദ്യകൃതികള്‍ ഭാഷയില്‍ ആവിര്‍ഭവിച്ചിരുന്നു എന്നും കാണാവുന്നതാണു്.


 1. നച്ചരവു്=നഞ്ഞുള്ള പാമ്പു്
 2. അണ്ടര്‍=ദേവന്മാര്‍.
 3. പത്രം=മനോഹരമായ പ്രതിമ.
 4. ഈ പ്രസ്താവന പ്രതിമാനാടകത്തിലുള്ളതാണു്.