close
Sayahna Sayahna
Search

ചില ആനുഷങ്ഗിക വിഷയങ്ങൾ


ചില ആനുഷങ്ഗിക വിഷയങ്ങൾ
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്

ചില ആനുഷങ്ഗിക വിഷയങ്ങള്‍

കേരളത്തിലേ അക്ഷരമാലകള്‍

ബ്രാഹ്മി

ഇപ്പോള്‍ മലയാളഭാഷ എഴുതുന്നതിനു മലയാളമക്ഷരങ്ങളേ ഉപയോഗിക്കുന്നുള്ളു. എങ്കിലും ഈ അക്ഷരമാലയല്ലായിരുന്നു ആദ്യകാലത്തു് ഇവിടെ പ്രചരിച്ചിരുന്നതു്. അന്നു കേരളത്തില്‍ ഉപയോഗിച്ചിരുന്ന അക്ഷരമാലയ്ക്കു ʻവട്ടെഴുത്തു്ʼ എന്നു പേര്‍ പറയുന്നു. വേട്ടെഴുത്തിന്റെ ഒരു ദുഷിച്ച രൂപമാണു് വട്ടെഴുത്തു എന്ന് സംജ്ഞ എന്നുള്ള മതം സ്വീകാര്യമല്ല. തിരുനെല്‍വേലിയില്‍ കുറ്റാലനാഥസ്വാമിക്ഷേത്രത്തിലെ ഒരു പഴയ ശിലാലിഖിതത്തില്‍ ʻവട്ടംʼ എന്നുതന്നെ ഈ ലിപിയെപറ്റി പ്രസ്താവിച്ചുകാണുന്നു. അതിപ്രാചീനവും ഉത്തരഭാരതത്തില്‍ പ്രചുരപ്രചാരവുമായിരുന്ന ഒരക്ഷരമാലയാണു് ബ്രാഹ്മി. ഭാരതീയര്‍ അതു് ബ്രാഹ്മാവുതന്നെ കണ്ടുപിടിച്ചതാണെന്നു വിശ്വസിക്കുന്നു. വളരെ വളരെ പഴക്കമുള്ള ലിപിയാണു് ബ്രാഹ്മിയന്നേ ആ ഐതിഹ്യത്തിനു അര്‍ത്ഥമുള്ളു. ക്രി.മു. 1000-മാണ്ടിടയ്ക്കു ഭാരതത്തിലെ വണിക്കുകള്‍ വ്യാപാരത്തിനുവേണ്ടി ബാബിലോണിയയിലേക്കു ധാരാളമായി പ്രയാണംചെയ്തിരുന്നു എന്നും അവിടെ ഉപയോഗിച്ചിരുന്ന സെമിറ്റിക്‌ലിപി അവര്‍ സ്വദേശത്തേക്കു കൊണ്ടുവന്നു എന്നും അതു വിദ്യാസമ്പന്നരായ ബ്രാഹ്മണരുടെ കൈയില്‍ കിട്ടിയപ്പോള്‍ അവരില്‍ ചില ശബ്ദശാസ്ത്രജ്ഞന്മാര്‍ ലേഖനത്തിനു പ്രയോജകീഭവിക്കത്തക്കവിധത്തില്‍ അതിനെ ചിട്ടപ്പെടുത്തി ബ്രാഹ്മിയാക്കി വികസിപ്പിച്ചു എന്നും ക്രി.മു. 500-ആമാണ്ടിനുമുമ്പു തന്നെ ആ വികാസം പരിപൂര്‍ണ്ണമായി എന്നും പ്രസ്തുതവിഷയത്തില്‍ പ്രമാണപുരുഷനായി ഡോക്ടര്‍ ബ്യൂളര്‍ അഭിപ്രായപ്പെടുന്നു. സ്വദേശജമാണു് ബ്രാഹ്മി എന്നു വാദിക്കുന്ന ഭാരതീയ പണ്ഡിതന്മാരുണ്ടു്. ബ്രാഹ്മിയില്‍നിന്നു ജനിച്ചതാണു് ദക്ഷിണഭാരത്തില്‍ അനന്തരകാലങ്ങളില്‍ പ്രചരിച്ചുവന്ന വട്ടെഴുത്തും, ഇന്നും പ്രചരിക്കുന്ന ആന്ധ്രകര്‍ണ്ണാടക ലിപികളും, തമിഴ്‌ ലിപിയും ഗ്രന്ഥാക്ഷരവും മലയാള ലിപിയും.

വട്ടെഴുത്തു്

വട്ടെഴുത്തിനു ചേരപാണ്ഡ്യലിപിയെന്നും നാനംമോനം എന്നുംകൂടി പേരുകള്‍ ഉണ്ടു്. ചേരപാണ്ഡ്യലിപി എന്നു പറയുന്നതു് അതിനു ചേരരാജ്യത്തിലും പാണ്ഡ്യരാജ്യത്തിലും പ്രചാരം സിദ്ധിച്ചിരുന്നതിനാലാണു്. മലയാളം അഭ്യസിക്കുവാന്‍ ആരംഭിക്കുമ്പോള്‍ എങ്ങനെ ʻഹരിശ്രീ ഗണപതയേ നമഃʼ എന്നു പഠിക്കുന്നുവോ അതുപോലെ വട്ടെഴുത്തു് അഭ്യസിക്കുവാന്‍ തുടങ്ങുമ്പോള്‍ ʻഓം നമോ നാരായണായʼ എന്നു പഠിച്ചു വന്നിരുന്നു. ʻനʼ എന്നും ʻമോʼ എന്നം ഉള്ള അക്ഷരങ്ങളെ തമിഴില്‍ ʻനാനʼ മെന്നും ʻമോനʼ മെന്നും വ്യവഹരിക്കുന്നു. അങ്ങനെയാണു് നാനം മോനം എന്ന പര്യായത്തിന്റെ ഉത്ഭവം. നാമോത്തു (നമോസ്തു) എന്നും അതു പഠിപ്പിക്കാറുണ്ടു്. തമിഴില്‍നിന്നു പ്രമാണങ്ങള്‍ എഴുതുവാനും മറ്റും പ്രത്യേകമായി രൂപവല്‍ക്കരിച്ച ലിപിയാണു് വട്ടെഴുത്ത് എന്നു ബ്യൂളര്‍ പറയുന്നതു യുക്തിയുക്തമായി തോന്നുന്നില്ല. അശോക ചക്രവര്‍ത്തിയുടെ ദക്ഷിണഭാരതശാസനങ്ങളില്‍ നാം കാണുന്ന ബ്രാഹ്മിയില്‍നിന്നു പ്രത്യേകമായി ഉണ്ടായ ഒരു ലിപിയാണു് വട്ടെഴുത്തു് എന്നാകുന്നു സിദ്ധാന്തപക്ഷം. ഏതാവല്‍പര്യന്തം കണ്ടുകിട്ടീട്ടുള്ള വട്ടെഴുത്തുരേഖകളില്‍ അത്യന്തം പുരാതനങ്ങളായിട്ടുള്ള ക്രി.പി. എട്ടാം ശതകത്തിന്റെ അന്തിമപാദത്തില്‍ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന ജടിലവര്‍മ്മപരാന്തകന്‍ ഒന്നാമന്റെ ശിലാശാസനങ്ങളാണു്. അന്നുതന്നെ പ്രസ്തുത ലിപിക്കു സിദ്ധിച്ചിരുന്ന വികാസം പരിശോധിച്ചാല്‍ ക്രി.പി. 500-ആമാണ്ടിടയ്ക്കെങ്കിലും അതിന്റെ പ്രചാരം ആരംഭിച്ചിരുന്നിരിക്കണമെന്നു കാണുവാന്‍ കഴിയും. ആദ്യകാലത്തു് ദ്രാവിഡഭാഷയ്ക്ക് ആവശ്യമുള്ള എല്ലാ അക്ഷരങ്ങളും വട്ടെഴുത്തില്‍ വ്യക്തമായി എഴുതിവന്നിരുന്നു. പിന്നീടു് ലേഖകന്മാര്‍ അനവധാനത നിമിത്തം പ വ ഇവയും ക ച ഇവയും മറ്റും ഒന്നു പോലെ കുറിച്ചുതുടങ്ങി. ക്രി.പി. 17-ആം ശതകമായപ്പോള്‍ പ, വ, യ ന, ല, ള ഇവയെല്ലാം ഏകദേശം ഒരേ അക്ഷരം തന്നെ നടപ്പിലാക്കുകയും തന്നിമിത്തം വട്ടെഴുത്തുരേഖകള്‍ വായിക്കുന്നതിനു സാമാന്യക്കാര്‍ക്കു വലിയ വൈഷമ്യം നേരിടുകയും ചെയ്തു. മുന്‍പു് പറഞ്ഞതുപോലെ പാണ്ഡ്യരാജ്യത്തിലും കേരളമുള്‍പ്പെടെയുള്ള ചേരരാജ്യത്തിലും ആണു് വട്ടെഴുത്തിനു പ്രചാരമുണ്ടായിരുന്നുതു്. വിജയാലയവംശത്തിലേ സുപ്രസിദ്ധ ചോളചക്രവര്‍ത്തികളായ പ്രഥമരാജരാജനും പ്രഥമരാജേന്ദ്രനും പാണ്ഡ്യരാജ്യം കീഴടക്കിയപ്പോള്‍ ചോളദേശത്തിലെ ലിപിയായ തമിഴു തന്നെ അവിടെയും പരന്നുതുടങ്ങി. ക്രി.പി. 15-ആം ശതകത്തോടുകൂടി വട്ടെഴുത്തു പാണ്ഡ്യരാജ്യത്തില്‍ നിന്നു് അന്തര്‍ദ്ധാനം ചെയ്തു. എന്നാല്‍ കേരളത്തില്‍ പതിനെട്ടാം ശതകത്തിന്റെ അവസാനം വരെ അതിന്റെ ആധിപത്യത്തിനു യാതൊരു പ്രതിബന്ധവുമുണ്ടായില്ല. കോവിലം വക എഴുത്തുകത്തുകള്‍ ഗ്രന്ഥവരികള്‍, കുടിക്കു കുടി കൈമാറിവന്ന പ്രമാണങ്ങല്‍ ഇവയിലെ ലിപി അന്നും വട്ടെഴുത്തു തന്നെയായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തന്റെ ബീജാവാപത്തോടു കൂടിയാണു് അതു കേരളത്തില്‍ നാമാവശേഷമായതു് എന്നു സമഷ്ടയായി പറയാം. അതിനുമുമ്പു മലയാളവും തമിഴും പഠിച്ചുകഴിഞ്ഞാല്‍ കുടിപ്പള്ളിക്കൂടത്തില്‍ വിദ്യാര്‍ത്ഥികളെ ആശാന്മാര്‍ വട്ടെഴെത്തു കൂടി ആഭ്യസിപ്പിച്ചുവന്നിരുന്നു.

കോലെഴുത്തും മലയാഴ്മയും

വട്ടെഴുത്തില്‍നിന്നു കാലാന്തരത്തില്‍ കോലെഴുത്തു് എന്നു് ഒരു ലിപി ഉത്ഭവിച്ചു. സമീപകാലം വരെ അതിനു കേരളത്തിലെ മുഹമ്മദീയരുടെ ഇടയില്‍ വളരെ പ്രചാരമുണ്ടായിരുന്നു. കോല്‍ കൊണ്ടു് എഴുതുന്ന എഴുത്തിനാണു് കോലെഴുത്തു് എന്നു പേര്‍ പറയുന്നതു്. അതിന്റെ ആകൃതിക്കു് വട്ടെഴുത്തില്‍ നിന്നു വളരെ വ്യാത്യാസമില്ല. അതില്‍ സംവൃതോകാരത്തിനും ഏകാരത്തിനും ഓകാരത്തിനും പ്രത്യേക ചിഹ്നങ്ങലുണ്ടെന്നുള്ളതു പ്രത്യേകം സ്മര്‍ത്തവ്യമാകുന്നു. ʻമലയാഴ്മʼ ലിപിക്കു തെക്കന്‍ മലയാളമെന്നും പേരുണ്ടു്. അതിനു തിരുവനന്തപുരത്തും അതിനു തെക്കൊട്ടുമേ പ്രചാരമുണ്ടായിരുന്നുള്ളു. അതും വട്ടെഴുത്തില്‍ നിന്നും ജനിച്ചതു തന്നെ. രണ്ടിനും തമ്മില്‍ ഈഷദ്വത്യാസമേ ഉള്ളു. ഈ മൂന്നുതരം ലിപികളില്‍ വെച്ച് ഏറ്റവും സുഗമമായതു് വട്ടെഴുത്താണെന്നും കേരളം മുഴുവന്‍ അതിനു പ്രയേണ ഐകരൂപ്യമുണ്ടെന്നും രായസവടിവുകളോ പ്രാദേശികവ്യത്യാസങ്ങളോ അതിന്റെ പ്രയോഗത്തില്‍ കാണ്മാനില്ലെന്നും, പക്ഷേ ഏ, ഓ എന്നീ അക്ഷരങ്ങലുടെ അഭാവം, സംയുക്താക്ഷരങ്ങള്‍ ഇല്ലാതിരിക്കല്‍ ഈ, ഊ എന്നീ അക്ഷരങ്ങളില്‍ ʻദീര്‍ഘʼ ചിഹ്നങ്ങളുടെ പരിത്യാഗം, ചിഹ്നത്തിന്റെ വര്‍ജ്ജനം എന്നീ ന്യൂനതകള്‍കൊണ്ടു് വൈഷമ്യങ്ങളുണ്ടെന്നും കോലെഴുത്തില്‍ പ്രാദേശികങ്ങളായ പല രൂപഭേദങ്ങളും കാണാവുന്നതാണെന്നും മലയാഴ്മയില്‍ പല രായസവടിവുകളും തമിഴ് രൂപങ്ങളും പദങ്ങള്‍ക്കു പകരം അവയുടെ സങ്കുചിതരൂപങ്ങളും ഉള്ളതു നിമിത്തം അതു വായിക്കുവാന്‍ വളരെ ബുദ്ധിമുട്ടുണ്ടെന്നും പ്രസ്തുതവിഷയത്തില്‍ പല ഗവേഷണങ്ങളും നടത്തീട്ടുള്ള അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.

മലയാളലിപി

ഇന്നത്തേ മലയാളലിപിയുടെ മാതൃക ഗ്രന്ഥാക്ഷരമാണു്. ഈ ഗ്രന്ഥലിപിയും ബ്രാഹ്മിയില്‍നിന്നു ജനിച്ചതുതന്നെയാണു്. ഗ്രന്ഥാക്ഷരം നാം ആദ്യമായി കാണുന്നതു് പല്ലവരാജാക്കന്മാരുടെ ശാസനങ്ങളിലാകുന്നു. ക്രി.പി. 7-ആം ശതകത്തില്‍ പല്ലവരാജ്യം പരിപാലിച്ചിരുന്ന പ്രഥമനരസിംഹവര്‍മ്മന്റെ ശാസനങ്ങളിലും നാം ഈ ലിപി കാണുന്നുണ്ടു്. സംസ്കൃതനിബന്ധങ്ങളും സംസ്കൃതശാസനങ്ങളും മററും പ്രസ്തുതലിപിയിലാണു് എഴുതിവന്നതു്. ഗ്രന്ഥാക്ഷരം ക്രമേണ ദക്ഷിണഭാരതം മുഴുവന്‍ വ്യാപിച്ചു. മണിപ്രവാള സാഹിത്യത്തിന്റെ ആവിര്‍ഭാവത്തോടുകൂടി കേരളീയര്‍ക്കു പ്രത്യേകം ഒരക്ഷരമാലയുടെ സാഹായം ആവശ്യകമായിത്തിര്‍ന്നു. ബ്രാഹ്മിയില്‍ ആകെ 46 അക്ഷരങ്ങളാണുണ്ടായിരുന്നതു്. ബാക്കിയുള്ള അക്ഷരങ്ങള്‍ ഗ്രന്ഥാക്ഷരം സംവിധാനം ചെയ്ത പണ്ഡിതന്‍മാര്‍ തമിഴില്‍നിന്നു സ്വീകരിച്ചു. കേരളീയര്‍ ആര്യഎഴുത്തു് എന്നുകൂടിപ്പേരുള്ള മലയാളലിപി ക്രി.പി. ഒന്‍പതാം ശതകത്തോടുകൂടിയെങ്കിലും ചിട്ടപ്പെടുത്തി പ്രചരിപ്പിച്ചിരുന്നിരിക്കണമെന്നു് അനുമാനിക്കുവാന്‍ ന്യായമുണ്ടു്. പ്രാക്തനതമങ്ങളായ പല മണിപ്രവാളഗ്രന്ഥങ്ങളും എനിക്കു കാണുവാനിടവന്നിട്ടുണ്ടു്. കൊല്ലം 426-ആമാണ്ടത്തെ ആററൂര്‍ താമ്രശാസനമാണു് ഇതുവരെ നമുക്കു ലഭിച്ചിട്ടുള്ളതില്‍ ആദ്യത്തെ മലയാളരേഖ എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ദുതവാക്യം ഗദ്യം പകര്‍ത്തിയെഴുതിയതു കൊല്ലം 549-ആമാണ്ടാണെന്നും പ്രസ്താവിച്ചുകഴിഞ്ഞു. ഇതില്‍ നിന്നെല്ലാം ആര്യ എഴുത്തു് കേരളത്തില്‍ ഇദംപ്രഥമമായി നടപ്പിലാക്കിയതു തുഞ്ചത്തെഴുത്തച്ഛനാണെന്നു പറയുന്നതു പരമാബദ്ധമാണെന്നു വന്നുകൂടുന്നു.

ആചാരഭാഷ

വലിയ നിലയിലും എളിയ നിലയിലും ഉള്ള ആളുകള്‍ തമ്മില്‍ സംഭാഷണം ചെയ്യുമ്പോള്‍ അവസ്ഥാഭേദം പ്രദര്‍ശിപ്പിക്കുന്നതിനു പല പദങ്ങളും മലയാളഭാഷയില്‍ പ്രയോഗിക്കേണ്ടതായുണ്ടു്. തമിഴ്ഭാഷ സംസാരിക്കുന്നു ശ്രീവൈഷ്ണവന്മാരുടെ ഇടയിലും അങ്ങനെ ചില പദങ്ങള്‍ ദേവന്മാരേയും അതിഥികളേയും മറ്റും ഉദ്ദേശിച്ചു ബഹുമാനസൂചകമായി പ്രയോഗിക്കാറുണ്ടെങ്കിലും ആ പരിപാടിക്കു് അവരുടെ ഇടയില്‍ കേരളത്തിലെന്നതുപോലെയുള്ള വൈപുല്യമോ നിഷ്കര്‍ഷയോ ഇല്ല. കേരളത്തില്‍ ഇത്തരത്തില്‍ ഒരാചാരം രൂഢമൂലമായതു് ഇവിടത്തെ ജാതിവ്യവസ്ഥയുടെ കര്‍ക്കശത കൊണ്ടായിരിക്കാമെന്നു് ഊഹിക്കാവുന്നതാണു്. സ്വാമിഭൃത്യവ്യത്യാസത്തെ ആസ്പദമാക്കി ഒരേ പദത്തിനു യൌഗ പദ്യേന രണ്ടു വിധത്തിലുള്ള പര്യായങ്ങള്‍ പ്രയോഗിക്കേണ്ട ആവശ്യം കേരളീയരുടെ ഇടയിലുണ്ടു്. ചില പദങ്ങള്‍കൊണ്ടു് ഈ ആചാരമര്യാദ ഉദാഹരിക്കാം. ഗൃഹത്തിനു കോവിലകമെന്നും കപ്പമാടമെന്നും, പറയുന്നതിനു കല്പിക്കുക എന്നും വിട കൊള്ളുക എന്നും, ഭക്ഷണത്തിനു് അമറേത്തെന്നും കരിക്കൊടി എന്നും, അരിക്കു വിത്തരിയെന്നും കല്ലരി എന്നും, വസ്ത്രത്തിനു പരിവട്ടമെന്നും അടിതോലെന്നും, യാത്രയ്ക്കു എഴുന്നള്ളത്തെന്നും വിടകൊള്ളലെന്നും, മരണത്തിനു നാടുനീങ്ങുക അഥവാ തീപ്പെടും എന്നും കുററം പിഴയ്ക്കുക എന്നും, നിദ്രയ്ക്കു പള്ളിക്കുറുപ്പെന്നും നില പൊത്തലെന്നും, കുളിയ്ക്കു നീരാട്ടെന്നും നനയലെന്നും, ലേഖനത്തിനു തിരുവെഴുത്തെന്നും കൈക്കുററപ്പാടെന്നും, ദേഹത്തിനു തിരമേനിയെന്നും പഴംപുറമെന്നും, ഒപ്പിനു തുല്യം ചാര്‍ത്തു് അഥവാ തൃക്കൈ വിളയാട്ടെമെന്നും കൈപതിവെന്നും, ക്ഷൌരത്തിനു അങ്കംചാര്‍ത്തു എന്നും മുടിയിറക്കലെന്നും, താംബൂലത്തിനു ഇലയമൃതു് എന്നും പഴുത്തിലക്കാറെറന്നും, പല്ലുതേപ്പിനു തിരുമുത്തു വിളക്കലെന്നും ഉമിക്കരിയുരപ്പെന്നും, വിദ്യാഭ്യാസത്തിനു പള്ളിവായനയെന്നും പൂഴിവരപ്പെന്നും രോഗത്തിനു ശീലായ്മയെന്നും പടുകാലമെന്നും, തേച്ചുകുളിയ്ക്കു എണ്ണക്കാപ്പെന്നും മെഴുക്കുപുരട്ടെന്നും മറ്റും അവസ്ഥാഭേദങ്ങള്‍ അനുസരിച്ചു പര്യായഭേദങ്ങള്‍ പ്രചരിക്കുന്നു. തൃത്താലിച്ചാത്തിനും പള്ളിക്കെട്ടിനും കല്യാണമെന്നും തിരുവാഴിക്കു മോതിരമെന്നും, ഉള്‍ച്ചാര്‍ത്തിനു കൌപീനമെന്നും, നീര്‍ക്കാപ്പുരയ്ക്കു മറപ്പുരയെന്നും പള്ളിയറയ്ക്കു കിടക്കമുറിയെന്നും, തിരുമാടമ്പിനു് ഉപനയനമെന്നുമാണു് അര്‍ത്ഥം. ഈ പദങ്ങളെല്ലാം സ്വാമി സംബന്ധികളാകുന്നു. ദേശീയമായുള്ള വ്യത്യാസവും ആചാര ഭാഷയില്‍ സംക്രമിച്ചിട്ടുണ്ടു്. തെക്കര്‍ ʻനാടുനീങ്ങʼലും ʻതുല്യം ചാര്‍ത്തʼലും ʻഅടിയനുʼമാണു് പ്രയോഗിക്കുന്നതെങ്കില്‍ വടക്കര്‍ ആ അര്‍ത്ഥങ്ങളില്‍ യഥാക്രമം ʻതീപ്പെടʼലും ʻതൃക്കൈവിളയാട്ടʼവും ʻഎറാനുʼമാണു് ഉപയോഗിക്കുന്നതു്. വലിയവരില്‍ത്തന്നെ നാടുവാഴികളായ രാജാക്കന്മാരെ പരാമര്‍ശിക്കുന്ന ചില പദങ്ങള്‍ ഇടപ്രഭുക്കന്മാരുടെ വിഷയത്തില്‍ പ്രയോഗിയ്ക്കുവാന്‍ പാടുള്ളതല്ല. ʻതിരുʼ ʻപള്ളിʼ ഇവ സ്വാമിസംബന്ധികളായ പദങ്ങളുടേയും ʻപഴʼ ʻഅടിʼ ഇവ ഭൃത്യസംബന്ധികളായ പദങ്ങളുടേയും മുമ്പേ ചേര്‍ക്കുന്നതു നാട്ടുനടപ്പാകുന്നു. തിരുമനസ്സ്, തിരുവുള്ളം, പള്ളിയറ, പള്ളിക്കുറുപ്പു് തുടങ്ങിയ പദങ്ങളും പഴമനസ്സു്, പഴന്തള്ള അടിതോല്‍, അടിക്കിടാവു് (വീട്ടിലെ ഭൃത്യന്‍) മുതലായ പദങ്ങളും ഈ ഘട്ടത്തില്‍ ഉദാഹരിയ്ക്കാവുന്നതാണു്. തന്തപ്പഴവന്‍, കാരണവപ്പഴവന്‍ എന്നീ വാക്കുകളില്‍ ʻപഴʼ എന്ന അനുബന്ധം ഒടുവില്‍ ചേര്‍ത്തുകാണുന്നു. രാജമന്ദിരങ്ങളിലാ ആഢ്യബ്രാഹ്മണഗൃഹങ്ങളിലോ ഇടപഴകി അവയില്‍ വസിക്കുന്ന ഉയര്‍ന്ന നിലയുള്ളവരുമായി നിത്യസഹവാസം വഴിക്കു നേടേണ്ടതാണു് ഈ ആചാരഭാഷാവ്യുല്‍പത്തി എന്നു ചുരുക്കത്തില്‍ പറയാം. ഇതിന്റെ ശാഖോപശാഖകള്‍ സംഖ്യാതീതങ്ങളാണു്.

മൂലഭദ്രീഭാഷ

കേരളത്തില്‍ അക്ഷരങ്ങളെ മാറ്റി മറിച്ചു് ഉച്ചരിച്ചും എഴുതിയും വിവക്ഷിതാര്‍ത്ഥം പരസ്യമാക്കാതെ അന്യനെ ഗ്രഹിപ്പിക്കുന്നതിനു പല ഉപായങ്ങളും പൂര്‍വ്വന്മാര്‍ സ്വീകരിച്ചിരുന്നു. അവയില്‍ അതിപ്രധാനമാണു് മൂലഭദ്രീഭാഷ. അതിനു മൂലമന്ത്രികാഭാഷയെന്നും മൂലദേവീഭാഷയെന്നും കൂടി പേരുണ്ടു്. പ്രസ്തുതഭാഷയുടെ രീതിയെന്തെന്നു താഴെക്കാണുന്നു സൂത്രങ്ങളില്‍നിന്നു ഗ്രഹിക്കാം.

ʻʻഅകോ ഖഗോ ഘങശ്ചൈവ ചടോ ഞണ തപോ മനഃ
ജത്ഡോ ഡഢോ ദധശ്ചൈവ ബഭോ ഛഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ വഹ ക്ഷള ഴറ ക്രമാല്‍
ങ്കഞ്ച ണ്ടന്ത ഠപന്ന ന്‍റ ററ ന്‍ല്‍ രള്‍.ˮ

ഈ നിയമമനുസരിച്ചു് (1) അകാരത്തിനു് പകരം കകാരവും കകാരത്തിനു പകരം അകാരവും പ്രയോഗിക്കണം. ആ വ്യവസ്ഥ (1) ഖ, ഗ; (2) ഘ, ങ; (3) ച, ട; (4) ഞ, ണ; (5) ത, പ; (6) മ, ന; (7) ജ, ത്സ; (8) ഡ, ഢ; (9) ദ, ധ; (10) ബ, ഭ; (11) ഥ, ഫ; (12) ഛ, ഠ; (13) യ, ശ; (14) ര, ഷ; (15) ല, സ; (16) വ, ഹ; (17) ക്ഷ, ള; (18) ഴ, റ; എന്നീ അക്ഷരദ്വന്ദ്വങ്ങളുടെ വിഷയത്തിലും സങ്‌ക്രമിപ്പിക്കേണ്ടതാണു്. അ അ എന്നു് ʻക്കʼയ്ക്കും അതുപോലെ മറിച്ചും ഉപയോഗിക്കണം. (1) ങ്ക, ഞ്ച; (2) ര്‍, ള്‍; ഈ അര്‍ദ്ധാക്ഷര (ചില്ലുകള്‍) ദ്വന്ദ്വങ്ങളുടേയും കാര്യത്തിലും പ്രസ്തുതവിധി വ്യാപിപ്പിക്കേണ്ടതാകുന്നു. (1) 1, 2; (2) 3, 4; (3) 5, 6; (4) 7, 8; (5) 9, 10; ഈ സംഖ്യാദ്വിതയങ്ങളും മേല്‍പ്രകാരത്തില്‍ മാററിമറിക്കേണ്ടതാകുന്നു. ഒരു സംസ്കൃതശ്ലോകവും അതിന്റെ മൂലദേവീഭാഷയിലുള്ള പരാവര്‍ത്തനവും താഴെച്ചേര്‍ക്കുന്നു.

ʻʻനമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
സച്ചിദാനന്ദരൂപായ ദക്ഷിണാമൂര്‍ത്തയേ നമഃˮ

ʻʻമനയ്യിഹാശ യാണ്ടാശ യുധ്ദാശ തഷനാപ്നമേ
ലട്ടിധാമന്ധഷൂതാശ ധളിഞാനൂര്‍പ്പശേ മനഃˮ

ഊടറിഞ്ഞവനല്ലാതെ ഈ ഓല വായിക്കാന്‍ തരമില്ലെന്നു പറയേണ്ടതില്ലല്ലോ.

പഴഞ്ചൊല്ലുകള്‍

പഴഞ്ചൊല്ലുകള്‍ക്കു കേള്‍വിപ്പെട്ടിട്ടുള്ള ഒരു ഭാഷയാകുന്നു മലയാളം. പഴഞ്ചൊല്ല് അഥവാ പഴമൊഴി എന്ന പദത്തിന്റെ അര്‍ത്ഥം ഒരു ജനസമുദായത്തില്‍ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പറഞ്ഞു പരന്നു പഴക്കം വന്നിട്ടുള്ള ചൊല്ല് എന്നാണു്. ഏതു നിലയില്‍ എത്ര നിരക്ഷരകുക്ഷിയായ മനുഷ്യനും കേട്ടാല്‍ ഉടനടി അര്‍ത്ഥാവബോധം ജനിക്കത്തക്ക വിധത്തില്‍, കഴിയുന്നതും പ്രഥമാക്ഷരത്തിനോ ദ്വിതീയാക്ഷരത്തിനോ സാജാത്യമുള്ള ലളിതപദങ്ങളെക്കൊണ്ടു, സാന്മാര്‍ഗ്ഗികങ്ങളോ തദിതരങ്ങളോ ആയ സാമാന്യ തത്വങ്ങളെ പ്രതിപാദിക്കുന്നതിനുവേണ്ടി രചിച്ചിട്ടുള്ള ചെറിയ വാക്യങ്ങളാകുന്നു പ്രായേണ ഈ ആഭാണകങ്ങള്‍. ഇവയ്ക്കു പ്രായേണ യഥാശ്രുതമായ അര്‍ത്ഥത്തിനു പുറമേ വ്യങ്ഗ്യമര്യാദയാ മറ്റൊരര്‍ത്ഥംകൂടി ധ്വനിപ്പിക്കുവാന്‍ ശക്തിയുണ്ടായിരിക്കും. ʻഒരു മരം കാവാകയില്ലʼ ʻഒരേററത്തിനു് ഒരിറക്കംʼ മുതലായ പഴഞ്ചൊല്ലുകള്‍ ഇതിനുദാഹരണങ്ങളാണു്. അപൂര്‍വ്വം ചില ആഭാണകങ്ങള്‍ മാത്രമേ വസ്തുസ്ഥിതിപ്രതിപാദകങ്ങളായുള്ളു. ʻപഴുത്ത മാവിലകൊണ്ടു പല്ലുതേച്ചാല്‍ പുഴുത്ത വായും നാറുകയില്ലʼ ഇത്യാദി വാക്യങ്ങള്‍ നോക്കുക. പദ്യസാഹിത്യത്തിന്റെ പ്രാദുര്‍ഭാവത്തിനു മുമ്പുതന്നെ പല പഴഞ്ചൊല്ലുകള്‍ ഭാഷയില്‍ പ്രരൂഢങ്ങളായിരുന്നിരിക്കുണം. ഓരോരോ സരസന്മാരുടെ രസനകളില്‍നിന്നു് അവ മുത്തുകള്‍പോലെ പൊഴിയുകയും അവയെ ശ്രോതാക്കള്‍ അത്യന്തം ആനന്ദത്തോടുകൂടി തങ്ങളുടെ കണ്ഠങ്ങള്‍ക്ക് അലങ്കാരങ്ങളാക്കുകയും ചെയ്തു എന്നാണു് ഊഹിക്കേണ്ടതു്. ഏതു വിഷയത്തെപ്പറ്റിയും മലയാളത്തില്‍ ലോകോക്തികള്‍ ഉണ്ടെങ്കിലും ഗാര്‍ഹികങ്ങളാണു് അവയില്‍ ഒരു വലിയ ശതമാനവുമെന്നു തോന്നുന്നുമുണ്ടു്. (1) അച്ചിക്കു കൊഞ്ചു പക്ഷം; നായര്‍ക്കു് ഇഞ്ചി പക്ഷം; (2) അനച്ച അടുപ്പേല്‍ ആനയും വെകും; (3) അപ്പം തിന്നണോ കുഴിയെണ്ണണോ; (4) അമ്മായി ഉടച്ചതു മണ്‍ചട്ടി; മരുമകളുടച്ചതു പൊന്‍ചട്ടി (5) അമ്മായി ചത്തിട്ടു മരുമകളുടെ കരച്ചില്‍; (6) അരിനാഴിക്കും അടുപ്പു മൂന്നുവേണം; മുതലായവ ആക്കൂട്ടത്തില്‍പെടുന്നു. പശു, പൂച്ച, പട്ടി, പന്നി, മീന്‍, ആന, കുതിര, മുതലായവയെപ്പറ്റി അനേകം പഴഞ്ചൊല്ലുകള്‍ ഉണ്ടു്. (1) ഏട്ടില്‍ കണ്ട പശു പുല്ലുതിന്നുകയില്ല; (2) കുറുണിപ്പാല്‍ കറന്നാലും കൂരയെത്തിന്നുന്ന പശു ആകാ; (3) പൂച്ചയ്ക്കെന്തു പൊന്നുരുക്കുന്നേടത്തു കാര്യം; (4) എലി പിടിക്കും പൂച്ച കലവുമുടയ്ക്കും; (5) നായ്ക്കോലം കെട്ടിയാല്‍ കുരയ്ക്കണം; (6) ഉരിനെല്ലൂരാന്‍ പൊയിട്ടു പത്തു പറ നെല്ലു പന്നി തിന്നു; (7) ഇരയിട്ടാലേ മീന്‍പിടിക്കാവൂ; (8) ആനയില്ലാതെ ആറാട്ടോ, (9) ആന പോകുന്ന വഴിയേ വാലും; (10) കുതിരക്കു കൊമ്പു കൊടുത്താല്‍ ഒരുത്തനേയും വച്ചേയ്ക്കയില്ല; ഇത്യാദി വാക്യങ്ങള്‍ പരിശോധിക്കുക. ഇതുപോലെ കാക്ക മുതലായ പക്ഷികളെക്കുറിച്ചും ഉണ്ടു്. കാലിമേച്ചില്‍, കൃഷി, കച്ചവടം, വൈദ്യം, ജ്യോത്സ്യം, വാസ്തുവിദ്യ, നൃത്തവിദ്യ, പട, നായാട്ടു് മുതലായ വിഷയങ്ങലെ ആസ്പദമാക്കിയുള്ള ലോകോക്തികള്‍ പ്രത്യേകം ശ്രദ്ധേയങ്ങളാണു്. (1) അക്കരനില്‍ക്കുമ്പോള്‍ ഇക്കരപ്പച്ച; (2) മകരത്തില്‍ മഴപെയ്താല്‍ മലയാളം മുടിയും, (3) കടയ്ക്കല്‍ നനച്ചേ തലയ്ക്കല്‍ പൊടിക്കൂ; (4) ചുണ്ടങ്ങ കൊടുത്തു വഴുതിനങ്ങ വാങ്ങരുതു്; (5) അതിവടയമുണ്ടെങ്കില്‍ അതിസാരം പുറത്തു്; (6) അകപ്പെട്ടവനു് അഷ്ടമത്തില്‍ ശനി; ഓടിപ്പോയവനു് ഒന്‍പതാമിടത്തു വ്യാഴന്‍, (7) അടിസ്ഥാനമുറച്ചേ അരൂഢമുറയ്‌ക്കൂ; (8) ആടാത്ത ചാക്കിയാര്‍ക്കു് അണിയല്‍; (9) അന്നന്നു വെട്ടുന്ന വാളിനെ നെയ്യിടൂ; (10) അരചന്‍ ചത്താല്‍ പടയില്ല; (11) നായാട്ടു നായ്ക്കള്‍ തമ്മില്‍ കടികൂടിയാല്‍ പന്നി കുന്നുകയറും; തുടങ്ങിയ ലൌകികോക്തികള്‍ ഈ വിഷയങ്ങളെ പരാമര്‍ശിക്കുന്നു. ʻഅകപ്പെട്ടവനു്ʼ ʻഅടിസ്ഥാനംʼ മുതലായപോലെ കാലാന്തരത്തില്‍ സംസ്കൃതപദങ്ങള്‍ കൂടിച്ചേര്‍ന്ന ചില പഴഞ്ചൊല്ലുകളും ഉണ്ടായിട്ടുണ്ടെങ്കിലും ആ പദങ്ങള്‍ തത്സമങ്ങളെന്ന നിലയില്‍ സര്‍വസാധാരണങ്ങളാണെന്നു നാം ഓര്‍മ്മിക്കേണ്ടതാണു്. (1)അല്പനു് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രി കുടപിടിക്കും; (2) അര്‍ദ്ധം താന്‍ അര്‍ദ്ധം ദൈവം; (3) ശീലിച്ചതേ പാലിക്കൂ; (4) ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും (5) ആവശ്യക്കാരനു് ഔചിത്യമില്ല; ഇത്യാദി വാക്യങ്ങളും അക്കൂട്ടത്തില്‍ പെടുന്നു. (1) നായകം പഠിച്ച പതക്കം പോലെ; (2) പക്ഷിയെ പിടിക്കാന്‍ മരം മുറിക്കും പോലെ; (3) പഴുക്കാനിലയില്‍ കുറികോല്‍ കണ്ടപോലെ; (4) തീക്കൊള്ളിമേല്‍ മീറു കളിക്കും പോലെ; ഇത്തരത്തിലുള്ള ഉപമകളും ഒട്ടുവളരെ കാണ്മാനുണ്ടു്. ചില പഴഞ്ചൊല്ലുകളില്‍ നിന്നു് അവയുടെ ഉത്ഭവത്തിന്റെ കാലം നിര്‍ണ്ണയിക്കുവാന്‍ കഴിയും. പറങ്കിക്കു നന്നു് ലന്തയ്ക്കു നഞ്ചു്; മുതലായ വാക്യങ്ങള്‍ അത്തരത്തിലുള്ളവയാണു്. (1) ഉര്‍വശീശാപം ഉപകാരം; (2) രാമായണം മുഴുവന്‍ വായിച്ചിട്ടും രാമനു സീത ആരെന്നു ചോദിക്കുന്നു; (3) കാര്‍ത്തിക ഒഴിഞ്ഞാല്‍ മഴയില്ല; കര്‍ണ്ണന്‍ പട്ടാല്‍ പടയില്ല; ഇങ്ങനെ ഇതിഹാസജന്യങ്ങളായും, (1) അവന്‍ ഒരു ആഷാഢഭൂതിയാണു്. (2) അങ്ങോരൊരു ഹരിശ്ചന്ദ്രനാണു്; (3) അവള്‍ ഒരു താടകയാണു്; ഇങ്ങനെ വിവിധസാഹിത്യസ്പര്‍ശികളായും പല വാക്യങ്ങല്‍ ഭാഷയില്‍ കാണ്മാനുണ്ടു്. ഇന്നും അത്തരത്തില്‍ (1) അവനൊരു ജംബുലിങ്ഗമാണു്; അവനൊരു എംഡനാണു്; ഇങ്ങനെയുള്ള വാക്യങ്ങള്‍ ആവര്‍ഭവിച്ചുകൊണ്ടിരിക്കുന്നു.

(1) പണ്ടേചൊല്ലിനു പഴുതില്ല; എന്നും (2) പഴഞ്ചൊല്ലില്‍ പതിരുണ്ടെങ്കില്‍ പശുവിന്‍പാലും കൈക്കും, അഥവാ പഴഞ്ചോററില്‍ കൈവേകും; എന്നും രണ്ടു പഴഞ്ചൊല്ലുകള്‍ ഭാഷയിലുണ്ടു്. അവ പരമാര്‍ത്ഥങ്ങളാകുന്നു. ഈ സാഹിത്യ ഗുളികകള്‍ക്കുള്ള ധര്‍മ്മാധര്‍മ്മോപദേശപാടവവും പ്രകൃതിനിരീക്ഷണപ്രേരകതയും സാമാന്യമല്ല. ഇവയെ സകലഭാഷാകവികളും പ്രത്യേകിച്ചു ചമ്പൂകാരന്മാരും ഇടയ്ക്കിടയ്ക്കു കടാക്ഷിച്ചിട്ടുണ്ടെങ്കിലും ലുബ്ധു കൂടാതെ അവസരം നോക്കി വാരിക്കോരിവിളമ്പി സഹൃദയന്മാര്‍ക്കു സൌഹിത്യം നല്കിയതു മഹാകവി കുഞ്ചന്‍നമ്പ്യാരാകുന്നു. പശ്ചാല്‍കാലികന്മാരായ തുള്ളല്‍ക്കഥയെഴുത്തുകാര്‍ക്കു് ആ ഫലിതമൂര്‍ത്തിയുടെ അടുത്തെങ്ങും ചെന്നുപറ്റിക്കൊള്ളുവാന്‍ സാധിക്കാതെപോയതു് പ്രധാനമായി അവര്‍ക്കു പ്രസ്തുത വിഷയത്തിലുള്ള പ്രാഗത്ഭ്യത്തിന്റെ അഭാവമാണെന്നു പറഞ്ഞാല്‍ അതു് ഏറെക്കുറെ ശരിയായിരിക്കും.

കടംകഥകള്‍

ബാലന്മാര്‍ക്കു പലമാതിരിയുള്ള മാനസികാവിനോദങ്ങളില്‍ ഒന്നാണു് കടങ്കഥകളെക്കൊണ്ടുള്ള വ്യവഹാരം. ഇവയെ തോല്‍ക്കഥകളെന്നും പറയും. ഹൃദയത്തിനു് ആനന്ദവും ബുദ്ധിക്കു തീക്ഷ്ണയും സാഹിത്യവിഷയത്തില്‍ അഭിരുചിയും നല്കുന്നതിനു് ഈ കഥകള്‍ക്കു കെല്‍പ്പുണ്ടു്. ഒരിക്കല്‍ കേട്ടാല്‍ ഉടന്‍ അര്‍ത്ഥാവബോധം ഉണ്ടാകാത്തവയും എന്നാല്‍ സ്വല്പം ശ്രദ്ധിച്ചു് ആലോചിച്ചാല്‍ സൂക്ഷ്മതത്വം ഗ്രഹിക്കാവുന്നവയുമാണു് ഇവ. കടങ്കഥകള്‍ ചോദിച്ചു പ്രതിയോഗിയെ മൂകനാക്കി അയാളെക്കൊണ്ടു കടം മൂളിക്കുന്നതു് അക്ഷരശ്ലോകം ചൊല്ലി അച്ചുമൂളിക്കുന്നതുപോലെ രസകരമായ ഒരു വ്യാപാരമാകുന്നു. ഇതര ഭാഷകളിലും ഇത്തരത്തിലുള്ള പ്രഹേളികകള്‍ ഉണ്ടെങ്കിലും മലയാളത്തില്‍ അവ അസംഖ്യങ്ങളാണു്. പഴമ മണ്‍മറയുന്നതോടുകൂടി അവയില്‍ പലതരം അസ്തപ്രായങ്ങളായിത്തീര്‍ന്നിട്ടൂണ്ടു്. നിപുണമായി ഉദ്യമിച്ചാല്‍ ഒട്ടുവളരെ കടങ്കഥകള്‍ ഏതൊരു ഭാഷാഭിമാനിക്കും ശേഖരിക്കാവുന്നതാണു്. ചില ഉദാഹരണങ്ങള്‍ അടിയില്‍ ചേര്‍ക്കാം.

 1. ഞെട്ടില്ലാവട്ടയില (പര്‍പ്പടം);
 2. ഉണ്ണാത്ത അമ്മയ്ക്കു് ഒരു മുട്ടന്‍വയറു് (വയ്ക്കോല്‍തുറു);
 3. കറുത്തിരുണ്ടവന്‍, കണ്ണു രണ്ടുള്ളവന്‍, കടിച്ചാല്‍ രണ്ടു മുറി (പാക്കുവെട്ടി);
 4. മുററത്തെ ചെപ്പിനു് അടപ്പില്ല (കിണറു്);
 5. തോട്ടുവക്കത്തൊരമ്മൂമ്മ പട്ടിട്ടുമൂടി (കൈതച്ചക്ക);
 6. കിറുകിറുപ്പു് കേട്ടു ചക്കിന്‍ ചോട്ടില്‍ ചെന്നാല്‍ പിള്ളര്‍ക്കു തിന്മാന്‍ പിണ്ണാക്കില്ല (ഇല്ലി);
 7. ആന കേറാമല, ആടു കേറാമല, ആയിരം കാന്താരി പൂത്തിറങ്ങി (നക്ഷത്രങ്ങള്‍);
 8. ആകത്തു തിരിതെറുത്തു പുറത്തു മൊട്ടയിട്ടു (കുരുമുളക്);
 9. ചത്ത കാള മടലെടുക്കുമ്പോള്‍ ഓടും (വള്ളം);
 10. ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തില്‍ കാവശ്ശേരിക്കുട്ടികള്‍ക്കു കഴുത്തററം വെള്ളം (ആമ്പല്‍പ്പൂവ്);
 11. നാലുപേരുകൂടി ഒന്നായി (മുറുക്കുക);
 12. ഒരമ്മ എന്നും വെന്തും നീറിയും (അടുപ്പു്);
 13. രണ്ടു കിണററിനു് ഒരു പാലം (മൂക്ക്);
 14. ഇരുട്ടുകാട്ടില്‍ കുരുട്ടുപന്നി (പേന്‍);
 15. അമ്മ കിടക്കും മകളോടും (അമ്മിയും കുഴവിയും);
 16. ചുള്ളിക്കമ്പില്‍ ഗരുഡന്‍തൂക്കം (വാവല്‍);
 17. അമ്പലത്തിലുള്ള ചെമ്പകത്തില്‍ ഒരു കൊമ്പും കാണ്മാനില്ല (കൊടിമരം);
 18. പലകക്കീഴേ പച്ചയിറച്ചി (നഖത്തിന്റെ അടിവശം);
 19. കാട്ടില്‍ നില്‍ക്കും മരം വീട്ടില്‍ വരുമ്പോള്‍ കണക്കപിള്ള (ചങ്ങഴി);
 20. ഒരെരുത്തില്‍ നിറച്ചു വെള്ളക്കാള (പല്ലുകള്‍);
 21. അമ്മയ്ക്കു വയറിളക്കം, മകള്‍ക്കു തലകറക്കം (തിരികല്ലു്);
 22. മുള്ളുണ്ടു മുരുക്കല്ല; കയ്പുണ്ടു കാഞ്ഞിരമില്ല (പാവയ്ക്കാ);
 23. ഒരു കുന്തത്തില്‍ ആയിരം കുന്തം (ഓലമടല്‍);
 24. ജീവനില്ല, കാവല്‍ക്കാരന്‍ (സാക്ഷ);
 25. ചുവന്നിരിക്കുന്നവന്‍ കറുത്തുവരുമ്പോള്‍ വെള്ളത്തില്‍മുക്കിയൊരടി (സ്വര്‍ണ്ണം);
 26. കൊച്ചുകൊച്ചച്ചിങ്ങ, കുലനിറച്ചച്ചിങ്ങ, വയ്പാന്‍ കൊള്ളാം, തിന്മാന്‍കൊള്ളുകയില്ല (കഴുത്തില);
 27. മുറ്റത്തുനില്‍ക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടല്‍ (വാഴക്കുല);
 28. അച്ഛന്‍ തന്ന കാളയ്ക്കു കൊമ്പു് (കിണ്ടി);
 29. വാലില്ലാക്കോഴി നെല്ലിനു പോയി (വെള്ളിച്ചക്രം);
 30. ആര്‍ക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം (തവള).

ഇത്തരത്തിലുള്ള ഗുഢാര്‍ത്ഥവാക്യങ്ങള്‍ ഓരോ കാലത്തു് ഉണ്ടായിക്കൊണ്ടാണു് ഇരിക്കുന്നതെന്നുള്ളതിനും ധാരാളം ലക്ഷ്യമുണ്ടു്. ചുവടേ ചേര്‍ക്കുന്ന ഉദാഹരണങ്ങള്‍ നോക്കുക.

 1. ഒരമ്മപെററതെല്ലാം തൊപ്പിയിട്ട മക്കള്‍ (പാക്ക്);
 2. ചില്ലിക്കൊമ്പത്തെ മഞ്ഞപക്ഷി (കപ്പല്‍മാങ്ങാ);
 3. ഇട്ടാല്‍ പൊട്ടാത്ത ഇംഗ്ലീഷ്‌മൊട്ട (കടുകു്).