സാഹിത്യവാരഫലം 2002 06 28
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | സമകാലികമലയാളം |
തിയതി | 2002 06 28 |
മുൻലക്കം | 2002 06 21 |
പിൻലക്കം | 2002 07 05 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
Contents
സാഹിത്യവാരഫലം
ആഫ്രിക്കയെക്കുറിച്ചുള്ള അതിമനോഹരമായ പുസ്തകമാണു് ഈസാക്ക് ദീനസന്റെ “Out of Africa” എന്നതു്. (Isak Dinesen, 1885–1962) അതു് മാസ്റ്റര്‍പീസായി കരുതപ്പെടുന്നു. ആ രീതിയില്‍ മാസ്റ്റര്‍പീസായിട്ടില്ല പോളണ്ടിലെ റിഷര്‍ദ് കാപൂഷ്‌സിന്‍സി (Ryzard Kapuscinski, ജനനം 1932) ആഫ്രിക്കയെക്കുറിച്ചു് എഴുതിയ “The Shadow of the Sun — My African Life” എന്ന പുസ്‌തകം പോളണ്ടില്‍ journalist of the century എന്ന് പേരിലാണു് റിഷര്‍ദ് അറിയപ്പെടുന്നത്. അദ്ദേഹമെഴുതിയ ഇപ്പുസ്തകം വായിക്കൂ. ശതാബ്ദത്തിലെ ജേർണലിസ്റ്റ് തന്നെയാണ് റിഷർദ് എന്നു് നമ്മള്‍ സംശയം കൂടാതെ പറയും. മാത്രമല്ല പല നിരൂപകരും അഭിപ്രായപ്പെടുന്നതുപോലെ നോവലെഴുത്തുകാരന്റെ സിദ്ധികള്‍ അദ്ദേഹത്തിനുണ്ടെന്നു് നമ്മള്‍ സമ്മതിക്കുകയും ചെയ്യും. ജേണലിസത്തില്‍ ഉള്‍ക്കാഴ്ചയില്ല. സാഹിത്യത്തില്‍ അതിനാണു് പ്രാധാന്യം. ഭാവനയും ഉള്‍ക്കാഴ്ചയും ചേര്‍ന്നുവരുമ്പോള്‍ കലാസൃഷ്ടിയാകും. റിഷര്‍ദിന്റെ ഈ പുസ്തകം സര്‍ഗ്ഗാത്മകത്വമുള്ളതാണു്. അതുകൊണ്ടാണു് ഒരു തവണ പാരായണം കഴിഞ്ഞാല്‍ വീണ്ടും വായിക്കാന്‍ നമ്മള്‍ ഇപ്പുസ്തകം എടുക്കുന്നതു്. വി.എസ്. നയ്‌പൊളിന്റെ സ്വഭാവചിത്രീകരണപാടവവും ഐസക്ക് ബാബിലിന്റെ ജീവിതവീക്ഷണ വൈദഗ്ദ്ധ്യവും ഈ ഗ്രന്ഥത്തില്‍ ദൃശ്യമാണെന്നു് ഒരു നിരൂപകന്‍. ഗാന (Ghana), നൈജീരിയ, ഉഗാന്‍ഡ, റ്റന്‍സ്സാനിയ, എത്തിയോപ്പിയ ഈ രാജ്യങ്ങളുടെ പ്രകൃതിഭംഗിയും സങ്കീര്‍ണ്ണത ആവഹിക്കുന്ന രാഷ്ട്രവ്യവഹാരവും റിഷര്‍ദിന്റെ പ്രഗല്‍ഭമായ തുലിക ആലേഖനം ചെയ്തു് ജീവിതതത്ത്വങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ തല്‍പരനാണു് ഈ ഗ്രന്ഥകാരന്‍.
ഉറക്കം വരാത്ത രാത്രികളില്‍ അദ്ദേഹം പല്ലികള്‍ ഇരതേടുന്നതു് നോക്കിക്കൊണ്ടിരിക്കും. പ്രയാസം കൂടാതെ അവ ചുവരുകളിലും മേല്‍ത്തട്ടിലും ചലനം കൊള്ളും. ശാന്തമായ കാല്‍വയ്പുകളില്ല അവയ്ക്ക്. ചലനരഹിതമായി നിന്നിട്ടു് അവ കുതികൊള്ളും പൊടുന്നനെ. വീണ്ടും നിശ്ചലമാകും. മുറിയില്‍ പ്രകാശം പ്രസരിച്ചതിനു ശേഷമാണു് അവയുടെ ഇരതേടല്‍. പല തരത്തിലുള്ള ഷഡ്പദങ്ങള്‍. ഈച്ചകള്‍, വണ്ടുകള്‍, ശലഭങ്ങള്‍, കൊതുകുകള്‍ ഇവയെയാണു് പല്ലികള്‍ നോട്ടമിടുന്നതു്. തല ചലിപ്പിക്കാതെ അവ ചുറ്റും നോക്കും. 180 ഡിഗ്രി ഭ്രമണത്തിനു് യോഗ്യമാണു് അവയുടെ കണ്ണുകള്‍.
പല്ലി ഒരു കൊതുകിനെ കണ്ടുകഴിഞ്ഞു. അതു് അങ്ങോട്ടു നീങ്ങുകയാണു്. കൊതുക് അതുകൊണ്ടു് രക്ഷനേടാന്‍ ശ്രമിക്കുന്നു. അതു ഒരിക്കലും താഴത്തേക്കു പറക്കുകയില്ല. വായുവിലേക്കു് ഉയര്‍ന്ന് ഭ്രമണം ചെയ്യുന്നു. എന്നിട്ടു് മേൽത്തട്ടില്‍ ചെന്നു് ഇരിക്കുന്നു. പല്ലിക്കു വിജയമുറപ്പായി. അതു മേൽത്തട്ടിലേക്കു ചാടി കൊതുകിനു ചുറ്റും ക്രമേണ കുറഞ്ഞുകുറഞ്ഞു വരുന്ന വൃത്തങ്ങളില്‍ കറങ്ങുന്നു. കൊതുകിനു് ശൂന്യസ്ഥലത്തേക്കു പറന്നു രക്ഷപ്പെടാം. പക്ഷേ അതനങ്ങുന്നില്ല. താളാത്മകമായി അതു വട്ടത്തിന്റെ വ്യാസം കുറച്ചുകുറച്ച് ചാടുന്നു. ചാട്ടത്തിനുശേഷം നിശ്ചലത. വീണ്ടും ചാട്ടം പിന്നീടു് നിശ്ചലത. കൊതുകിനു് പേടി. അതിനു രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ല. പരാജയപ്പെട്ടു് പല്ലി അതിനെ വിഴുങ്ങാന്‍ അനുമതി നല്‌കുന്നു. ഈ പരാജയത്തിനു് ഒരു മൂല്യമില്ലാതില്ല. മനുഷ്യര്‍ക്കു് ഒരു കൂരയ്ക്കുതാഴെ പല വ്യക്തികള്‍ക്ക് ഒരുമിച്ചു താമസിക്കാം. അവര്‍ക്കു അന്യോന്യം ധാരണ വേണമെന്നില്ല. പൊതുവായ ഭാഷ വേണമെന്നില്ല. പല്ലി ഇരയെപ്പിടിക്കുന്നതു് ആര്‍ക്കും വര്‍ണ്ണിക്കാം. പക്ഷേ അതിനെ മനുഷ്യസ്വഭാവവുമായി ചേർക്കാൻ, അങ്ങനെ ഒരു ജീവിതതത്ത്വം പ്രദര്‍ശിപ്പിക്കാന്‍ റിഷര്‍ദിനു മാത്രമേ കഴിയൂ.
കാലത്തെക്കുറിച്ചു് ഗ്രന്ഥകാരന്‍ പറയുന്നതൊക്കെ തത്ത്വചിന്തകനു യോജിച്ച രീതിയിലാണു്. കാലത്തെസ്സംബന്ധിച്ചു് യൂറോപ്യനും ആഫ്രിക്കനും വിഭിന്നങ്ങളായ ആശയങ്ങളാണുള്ളതു്. യൂറോപ്യന്റെ ലോകാഭിവീക്ഷണത്തില്‍ കാലം മനുഷ്യനു് വെളിയിലാണു് വര്‍ത്തിക്കുന്നതു്.അതു വസ്തുനിഷ്ഠമത്രേ. അതിനെ അളക്കാം. രേഖാരൂപമാണതിനു്. ന്യൂട്ടന്റെ സങ്കൽപം കാലം കേവലമാണു് എന്നാണു്. കേവലവും സത്യാത്മകവും ഗണിതശാസ്ത്രപരവുമായ കാലം ബാഹ്യമായ ഒന്നിനോടും ബന്ധം പുലര്‍ത്താതെ പ്രവഹിക്കുന്നു. യൂറോപ്യനാകട്ടെ കാലത്തിന്റെ അടിമയാണു്. അതിനെ അവന്‍ ആശ്രയിക്കുന്നു. അവന്‍ അതിനു വിധേയനാണു് ... മനുഷ്യനും കാലവും തമ്മില്‍ സംഘട്ടനം ചെയ്യുന്നു. അതില്‍ അവനു പരാജയം. കാലം അവനെ കൊല്ലുന്നു.
ആഫ്രിക്കാക്കാര്‍ കാലത്തെ വിഭിന്ന രീതിയില്‍ കാണുന്നു ... മനുഷ്യനാണു് കാലത്തില്‍ സ്വാധീനത ചെലുത്തുന്നതു്. മനുഷ്യനു് കാലത്തെ സൃഷ്‌ടിക്കാന്‍ കഴിയും രണ്ടു സൈന്യങ്ങള്‍ പരസ്പരം യുദ്ധം ചെയ്യുന്നില്ലെങ്കില്‍ ആ യുദ്ധം നടക്കുന്നില്ല.
നമ്മുടെ പ്രവൃത്തികളുടെ ഫലമാണു് കാലം. അതിനെ അവഗണിക്കുമ്പോള്‍ അതു് അപ്രത്യക്ഷമാകുന്നു.
നിങ്ങള്‍ ഉച്ചയ്‌ക്കുശേഷം, മീറ്റിംങ് നടക്കാന്‍ ഏര്‍പ്പാടു ചെയ്ത ഗ്രാമപ്രദേശത്തു് പോകുകയും അവിടെ ആരെയും കാണാതിരിക്കുകയും ചെയ്താല്‍ ചോദിക്കുന്നു: “എപ്പോഴാണു് മീറ്റിങ്?” ആ ചോദ്യത്തില്‍ അര്‍ത്ഥമില്ല. “ആളുകള്‍ വരുമ്പോള്‍ മീറ്റിംങ് തുടങ്ങും” എന്ന ഉത്തരം നിങ്ങള്‍ക്കറിയാം.
നമ്മുടെ നാട്ടിലാരുണ്ടു് ഇത്തരത്തില്‍ ഉദാത്തമായി എഴുതാന്‍? ഇവിടെയുള്ളവര്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ ബഹിര്‍ഭാഗസ്ഥങ്ങളായ യാത്രാവിവരണങ്ങള്‍ വായിച്ചു് അഹോ രൂപം! അഹോ സ്വരം! എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു.
ചോദ്യം, ഉത്തരം
ശ്രീരാമകൃഷ്‌ണന്‍, രമണമഹര്‍ഷി, അരവിന്ദഘോഷ് ഇവര്‍ക്കൊക്കെ വ്യക്തികള്‍ സ്‌നേഹിതന്മാരായിരുന്നില്ല. എന്താവാം കാരണം?
- അതുകൊണ്ടാണു് സന്ന്യാസിമാര്‍ വ്യക്തികള്‍ മരിക്കുമ്പോള്‍ ദുഃഖിക്കാത്തതും.
ആരോടും മിണ്ടാതെ, ഒന്നിലും താല്‍പര്യമില്ലാതെ കഴിയുന്നവരെക്കുറിച്ചു് എന്തുപറയുന്നു?
- അവര്‍ ജീവിക്കുന്നു എന്നേയുള്ളു. ആ ജീവിതം മൂല്യമില്ലാത്തതാണു്. മുകളില്‍പ്പറഞ്ഞ പുസ്തകത്തില്‍ നിശ്ചലമായ വായുവിനു് മൂല്യമില്ലെന്നും അതു ചലനം കൊള്ളുമ്പോഴാണു് മൂല്യം സൃഷ്ടിക്കപ്പെടുന്നതെന്നും പറഞ്ഞിട്ടുണ്ടു്. ശരിയല്ലേ? വായു അനക്കമില്ലാതെ നില്ക്കുമ്പോള്‍ നമ്മുടെ അറപ്പും വെറുപ്പും ‘കാറ്റ് വീശാത്ത സ്ഥലം’ എന്ന പ്രസ്താവത്തിലൂടെ ആവിഷ്കരിക്കപ്പെടും. കാറ്റു് ചലനം കൊണ്ടാല്‍ നമുക്കു സുഖം സുഖം നല്കാനുള്ള വായുവിന്റെ ആ ചലനാത്മക ശക്തിക്കാണു് നമ്മള്‍ വില കല്പിക്കുന്നതു്.
നവീന കവികളുടെ കൈകളില്‍ മലയാള കവിതയുടെ ഭാവി ഭദ്രമല്ലേ?
- പശുക്കൂട്ടി കടുവയുടെ ഗുഹയില്‍ സുരക്ഷിതമായി വളര്‍ന്ന കഥകള്‍ കേട്ടിട്ടുണ്ടോ താങ്കള്‍?
ജി. ശങ്കരക്കുറുപ്പിന്റെ ‘ആ സന്ധ്യ’ എന്ന കവിത മനോഹരമല്ലേ?
- ‘ആരെയോ വിചാരിക്കെ’ എന്ന തുടക്കം തന്നെ കൃത്രിമമാണു്. ആ കാവ്യത്തിന്റെ പര്യവസാനം ആ സന്ധ്യയും ആ ഹര്‍ഷോന്മാദവും പോയി എന്നതു് പരകീയമാണു്.
യഃകൗമാരഹരസ്സ ഏവ ഹിവരസ്‌താ.
ഏവ ചൈത്രക്ഷപാ
സ്തേ ചോന്മീലിതമാലതീ സുരഭയഃ
പ്രൗഢാഃ കദംഭാ നിലാഃ
സാ ചൈവാസ്മി, തഥാപി തത്ര സുരത
വ്യാപാര ലീലാ വിധൗ
രേവാരോധസി വേതസീ തരുതലേ
ചേതസ്സമുല്‍ക്കണ്ഠതേ
- എന്നു കാശ്മീര്‍കാരിയായ ഒരു പെണ്‍കുട്ടി എഴുതിയ ശ്ലോകത്തിന്റെ വിപുലീകരണമാണു് മഹാകവിയുടെ “ആ സന്ധ്യ” എന്ന കാവ്യം സംസ്‌കൃത ശ്ലോകത്തിന്റെ തര്‍ജ്ജമ കൂടി നല്കാം.
‘എന്‍ കൗമാരം ഹരിച്ചോന്‍ വര, നിരവുകളും ചൈത്രമാസത്തിലെത്താന്‍
ഫുല്ലശ്രീ പിച്ചകച്ചുമണമുടയകദം ബാനിലന്നില്ലഭേദം
ആ ഞാന്‍ താനെങ്കിലും നര്‍മ്മദയുടെ തടഭൂവിങ്കലാറ്റുവഞ്ഞി-
ക്കീഴേ ചെയ്‌താരതി ക്കൈകളില്‍ മനമധികോല്‍ക്കണ്ഠയുള്‍ക്കൊണ്ടിടുന്നു”
ചൂതസായകനു് പ്രായഭേദമില്ല എന്നു കവി പറഞ്ഞതില്‍ സത്യം എത്രയുണ്ട്?
- ഫ്രഞ്ച് രാജ്യതന്ത്രജ്ഞന്‍ ക്ലമാങ്സോ (Clemenceau) എണ്‍പതാമത്തെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടി റോഡിലൂടെ പോയി. അവളെക്കൊണ്ടു് അദ്ദേഹം ‘ഓ, എനിക്കു എഴുപതു വയസ്സായിരുന്നെങ്കില്‍’ എന്നു പറഞ്ഞു പോലും. കേരളത്തിലെ സ്ഥിതി വിഭിന്നമാണു്. എഴുപതു വയസ്സായ സ്കൗണ്‍ഡ്രലും എണ്‍പതു വയസ്സായ സ്കൗണ്‍ഡ്രലും സദൃശര്‍. എണ്‍പതു വയസ്സായവന്‍ വലിയ സ്കൗണ്‍ഡ്രല്‍ എന്നും പറയാം.
ഇളങ്കുളം കുഞ്ഞന്‍പിള്ളയെ നേരിട്ടറിയാമായിരുന്നോ?
- എന്റെ ഗുരുനാഥനായിരുന്നു അദ്ദേഹം. ഞാനും കെ.വി. സുരേന്ദ്രനാഥും യുദ്ധകാലമായതുകൊണ്ടു് അരി കിട്ടാതെ പട്ടിണി കിടക്കുന്ന സമയം കരിഞ്ചന്തയില്‍ പോലും അരി കിട്ടാനില്ല. അപ്പോള്‍ ഒരു ദിവസം കാലത്തു് കാര്‍ വന്നു് ഞങ്ങളുടെ താമസസ്ഥലത്തു് നിന്നു. അതില്‍ നിന്നു് അരച്ചാക്കു് അരിയുമായി ഇളങ്കുളം സാര്‍ ഇറങ്ങിവന്നു. പട്ടിണിയെക്കുറിച്ചു് ആരോ അദ്ദേഹത്തോടു പറഞ്ഞു കാണും. അത്രയ്ക്കു നല്ല മനുഷ്യന്‍. പിന്നെ, അദ്ദേഹമെഴുതിയ ചരിത്രമൊക്കെ നോണ്‍സെന്‍സായിരുന്നുവെന്നു് സദസ്യതിലകന്‍ റ്റി.കെ. വേലുപ്പിള്ള എന്നോടു പറഞ്ഞു ഇസ്തിരിയിട്ട വെള്ള ജൂബാ ഉടയാതിരിക്കാന്‍ സാര്‍ രണ്ടു കൈയും വിടര്‍ത്തി വച്ചു് നടക്കും. അതു കാണുമ്പോള്‍ ഒരു ചിത്രം എന്റെ മനസ്സില്‍ വരും. സാര്‍ കുളി കഴിഞ്ഞു വന്നു നില്ക്കും. വേലക്കാരനെ വിളിച്ചു് ‘ഇസ്തിരിയിടെടാ’ എന്നാജ്ഞാപിക്കും. അങ്ങനെ ധരിച്ചവേഷം ഇസ്തിരിയിട്ടാണു് സാറ് കോളേജില്‍ വരുന്നതെന്നു് എനിക്കു തോന്നിയിട്ടുണ്ടു്. മഹാനായ മനുഷ്യസ്നേഹിയായിരുന്നു ഇളങ്കുളംസ്സാര്‍.
കുട്ടിക്കൃഷ്ണമാരാരെക്കുറിച്ചു് നിങ്ങള്‍ക്കു നല്ലതൊന്നും പറയാനില്ലേ?
- എല്ലാവരും എഴുതുന്ന രീതിയില്‍ നിന്നു് വിഭിന്നനായി എഴുതുന്നവനാണു് നല്ല സാഹിത്യകാരന്‍. അങ്ങനെ രചനയില്‍ നൂതനത്വം കാണിച്ചയാളാണു് കുട്ടിക്കൃഷ്ണമാരാര്‍. ഞാന്‍ ആ നിലയില്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു. നൂതന രീതിയില്‍ എഴുതിയ ആളാണു് സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള. മുണ്ടശ്ശേരിയും അങ്ങനെതന്നെ. ഏ. ബാലകൃഷ്ണപിള്ളയ്ക്കു നവീനത കൈവരുത്താന്‍ കഴിഞ്ഞില്ല. ഉമിക്കരി ചവച്ചതു പോലിരിക്കും അദ്ദേഹത്തിന്റെ ഏതു പ്രബന്ധം വായിച്ചാലും.
വ്യക്തിമുദ്ര
എന്റെ ഒരഭിവന്ദ്യ സുഹൃത്തിനെക്കുറിച്ചു്, ശുദ്ധാത്മാവായ ആ സ്നേഹിതനെക്കുറിച്ചു് എന്‍. മോഹനന്‍ (കഥാകാരന്‍, നോവലിസ്‌റ്റ്) പല കഥകളും പ്രചരിപ്പിച്ചിരുന്നു. മോഹനനു് ആളുകളെ രസിപ്പിക്കണമെന്ന ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. ഒരു കഥയിതാ: സ്നേഹിതനു് പെട്ടെന്നു് ശരീരത്തില്‍ ഒരു വളവു വന്നു. മറ്റുള്ളവര്‍ എത്ര ശ്രമിച്ചിട്ടും ആ വക്രത മാറ്റാന്‍ പറ്റിയില്ല. സ്നേഹിതനും യത്നിച്ചു നോക്കി. ഒരു വശം വളഞ്ഞേയിരിക്കൂ. ഒടുവില്‍ ആരോ ഡോക്‍ടറെ കൊണ്ടുവന്നു. അദ്ദേഹം പ്രാഥമിക പരിശോധനയ്ക്കുശേഷം സ്നേഹിതനെ കുളിമുറിയിലേക്കു കൊണ്ടുപോയി. അത്ഭുതങ്ങളില്‍ അത്ഭുതം. കുളിമുറിയില്‍ നിന്നിറങ്ങിയ സ്നേഹിതന്‍ വടിപോലെ നില്ക്കുകയാണു്. ഡോക്ടര്‍ ഒരു വശത്തേക്കുള്ള ആ വളവു് എങ്ങനെയില്ലാതാക്കിയെന്നു് ഓരോ വ്യക്തിയും ആലോചിച്ചു് വിസ്മയിച്ചപ്പോള്‍ ഡോക്‌ടര്‍ പറഞ്ഞു. “ഇനി മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍ ട്രൗസേഴ്സിന്റെ ബട്ടണ്‍ കോട്ടിന്റെ ബട്ടണ്‍ദ്വാരത്തിലിടരുതു്.
ഇതാണു് മോഹനന്റെ ഹാസ്യം. ഇതു സൃഷ്‌ടിക്കാന്‍ മോഹനനു് അല്ലാതെ വേറെ ആര്‍ക്കും സാധിക്കില്ല. ഇമ്മാതിരി പല നേരമ്പോക്കുകളും ഞാന്‍ കേട്ടിട്ടുണ്ടു്. ഓരോന്നിലും മോഹനന്റെ വ്യക്തിമുദ്ര പതിഞ്ഞിരിക്കും. കവികള്‍ക്കും ഈ സവിശേഷതയുണ്ടു്.
“പെറ്റമ്മമാര്‍ പിച്ച നടത്തീടുന്ന
കറ്റക്കിടാവിന്‍ പദപങ്കജങ്ങള്‍
ചെറ്റങ്ങുമിങ്ങും പതിയുന്ന വീട്ടില്‍
മുറ്റത്തണിപ്പൂവിടല്‍ വേണ്ട വേറെ”
എന്നു കേട്ടാല്‍ ആ വള്ളത്തോള്‍ക്കവിത വായിച്ചിട്ടില്ലാത്തവരും പറയും അതു വള്ളത്തോൾ എഴുതിയതാണെന്നു്. ഇതു മനസ്സിലാക്കിയിട്ടാണു് കുട്ടിക്കൃഷ്‌ണമാരാര്‍ എന്നോടിങ്ങനെപ്പറഞ്ഞതു്. ‘നിങ്ങള്‍ ഒരു കത്തെഴുതിയാലും അതിലുണ്ടായിരിക്കണം നിങ്ങളുടെ വ്യക്തിത്വം.’ കുട്ടിക്കൃഷ്ണമാരാര്‍ ഒരു വാക്യമെഴുതിയാലും മതി അതില്‍ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞിരിക്കും.
രചയിതാക്കള്‍ ആരാണെന്നു വ്യക്തമാക്കാതെ ബഷീറിന്റെയോ തകഴിയുടേയോ കഥകള്‍ ആരെങ്കിലും വായിച്ചു കേള്‍പ്പിച്ചാൽ നമ്മള്‍ അസന്ദിഗ്ദ്ധമായി പറയും രചയിതാവിന്റെ പേരു്. ഈ വ്യക്തിത്വം സി.വി. ശ്രീരാമന്റെ കഥകള്‍ക്കുണ്ടു്. മലയാളം വാരികയില്‍ ‘ഇന്‍സെന്റീവ് എന്ന പേരില്‍ അദ്ദേഹമെഴുതിയ കഥയിലുമുണ്ടു്. ഗ്ലോബലൈസേഷനെ കളിയാക്കുന്ന ആ രചന ശ്രീരാമന്റേതാണെന്നു് നമ്മള്‍ പ്രഖ്യാപിക്കും പേരു നല്കിയില്ലെങ്കിലും. പക്ഷേ ആ വ്യക്തിമുദ്രയല്ലാതെ ഈ ആക്ഷേപഹാസ്യത്തില്‍ വേറൊന്നുമില്ല. ധിഷണയുടെ സന്തതിയായ ഈ കഥയില്‍ ഭാവനയുടെ പ്രകാശം വീണിട്ടില്ല.
ഓടയില്‍ എറിയേണ്ടതു്
കൈനിക്കര കുമാരപിള്ളയോടു് ഞാനൊരിക്കല്‍ ഒരു മലയാളം പ്രഫെസറെക്കുറിച്ചു പറഞ്ഞു: “ആളു് അല്പം എക്സെന്‍ട്രിക്കാണു്.” അന്യരെക്കുറിച്ചു് ഒന്നും പറയാത്ത കൈനിക്കര ഉടനെ അറിയിക്കുകയായി: “അല്പമൊന്നുമല്ല. എക്സെൻട്രിസിറ്റി മനുഷ്യരൂപമാര്‍ജ്ജിച്ച ആളാണു് അയാള്‍”. കൈനിക്കരയുടെ വാക്കുകള്‍ ഞാന്‍ മറന്നു പോയില്ല. ഒരു ദിവസം ആ മലയാളം പ്രഫെസറോടൊരുമിച്ചു് എനിക്കു തിരുവനന്തപുരത്തെ ഒരു റോഡിലൂടെ നടന്നു പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ കണ്ണ് റോഡിന്റെ വശത്തുള്ള ഓടയിലായിരുന്നു. ഓടയില്‍ പല കടലാസ്സുകളും കിടക്കുമല്ലോ. അച്ചടിച്ചതോ എഴുതിയതോ ആയ കടലാസ്സു കണ്ടാല്‍ പ്രഫെസര്‍ ഉടനെ നില്ക്കും. അതിന്റെ മാലിന്യം വകവയ്ക്കാതെ റോഡില്‍ നിന്നുതന്നെ വായിച്ചുതീര്‍ക്കും. “സര്‍ പത്തരയ്ക്കു മുന്‍പു് നമ്മള്‍ വെള്ളയമ്പലത്തെത്തിയില്ലെങ്കില്‍ അങ്ങേരു പോകും.” എന്റെ ഈ വാക്കുകള്‍ കേട്ടാല്‍ കടലാസ്സ് ഓടയിലെറിഞ്ഞിട്ടു പ്രഫെസര്‍ എന്റെ കൂടെ വരും, അടുത്ത കടലാസ്സ് അവിടെ കാണുന്നതുവരെ കൈനിക്കര ജയിക്കട്ടെ എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞുപോയി. തിരുവനന്തപുരത്തു് ചില സ്‌ത്രീകളുണ്ടു്. കാലുകള്‍ നീട്ടിവച്ചു് കുഞ്ഞിന്റെ കാലുകള്‍ അപ്പുറവുമിപ്പുറവുമിട്ടു് കുഞ്ഞിന്റെ ചന്തിക്കു താഴെ വര്‍ത്തമാനപത്രത്തിന്റെ തുണ്ടു വയ്‌ക്കും. ശിശു ആ കടലാസ്സുകഷണം മലിനമാക്കിയാല്‍ അവര്‍ അതെടുത്തു മതിലിന്നു മുകളില്‍ക്കൂടി ഓടയിലേക്ക് എറിയും. അത്തരം പത്രഖണ്ഡങ്ങളാണു് പ്രഫെസര്‍ കൈകൊണ്ടെടുത്തു് കൈകൊണ്ടു തടവി ചുളിവുകള്‍ മാറ്റി വായിക്കുന്നതു്. ഞാന്‍ ഉടനെ അസീസിയിലെ ഫ്രാന്‍സിസ് പുണ്യാളനെക്കുറിച്ചു് ഓര്‍മ്മിക്കുകയായി. ഓടയില്‍ പാര്‍ച്ച്മെന്റ് കിടക്കുന്നതു കണ്ടാല്‍ ഉടനെ അദ്ദേഹമതെടുത്തു വായിക്കും. അക്ഷരങ്ങള്‍ പാവനങ്ങളാണെന്നും പുണ്യാളന്‍ വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ കാര്യം വേറെ, പ്രഫെസറുടെ കാര്യം വേറെ. ഫ്രാന്‍സിസിന്റെ കാലത്തു് വിശുദ്ധിയാര്‍ജ്ജിച്ച അക്ഷരങ്ങളെ പാര്‍ച്ച്മെന്റില്‍ ഉണ്ടായിരുന്നുള്ളു. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ സന്തോഷ് ജെ.കെ.വി. എഴുതിയ “നിര്‍ദ്ദാക്ഷീണ്യം കൈയുയര്‍ത്തി” എന്ന ചെറുകഥയിലെ സകല അക്ഷരങ്ങളും പാപപങ്കിലങ്ങളാണു്. ക്രിക്കറ്റ് കളിയുടെ ദുര്‍ഗ്രഹങ്ങളായ ചില സാങ്കേതികപദങ്ങള്‍ ഉള്‍ക്കൊള്ളിച്ചു് രചിച്ച ഒരു കലാഭാസമാണു് ഈ രചന. തിരുവനന്തപുരത്തെ സ്‌ത്രീകളുടെ സന്താനങ്ങള്‍ക്കു് ഉപയോഗിക്കത്തക്കവിധത്തില്‍ ഇതു് അയച്ചുകൊടുക്കാം. അല്ലാതെ മാതൃഭൂമി എന്ന ഉൽകൃഷ്‌ട വാരികയില്‍ അച്ചടിമഷി പുരട്ടി വരേണ്ടതല്ല ഈ രാക്ഷസീയത.
ആഭാസം
വലിയ ഉദ്യോഗസ്ഥനായിരുന്നു് പെന്‍ഷന്‍ പറ്റിയ ഒരാള്‍ ജോലിയിലിരുന്ന കാലത്തു് അക്ഷരവൈരിയായിരുന്ന ഒരാള്‍. പബ്ളിക് ലൈബ്രറിയിലെ ‘എ’ ക്ലാസ്സ് മെംബറായി. ‘എ’ ക്ലാസ്സ് മെംബര്‍ക്ക് അക്കാലത്തു് ഒന്‍പതു പുസ്‌തകങ്ങള്‍ എടുക്കാം. ഞാന്‍ ലൈബ്രറിയില്‍ പോകുമ്പോഴൊക്കെ ഈ റിട്ടയര്‍ഡ് ഓഫീസറെ കാണും. ഞാന്‍ അയാളെടുക്കുന്ന പുസ്തകങ്ങള്‍ എന്തെല്ലാമാണെന്നു് ഒളികണ്ണിട്ടു നോക്കി. എല്ലാം സെക്‍സ് ഗ്രന്ഥങ്ങള്‍. അവയില്‍ ചിലതു സ്‌ത്രീകളുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്നവയായിരുന്നു. നാല്പതുവയസ്സു കഴിഞ്ഞാല്‍ സെക്സ് ഗ്ലാന്‍ഡ്സിന്റെ ശക്തി കുറയും. അതോടെ ലൈംഗികാഭിലാഷവും കുറയേണ്ടതാണു്. പക്ഷേ അയാള്‍ക്കു അതു കൂടുകയാണുണ്ടായതെന്നു എനിക്കു തോന്നി. പിറ്റേദിവസം ഞാന്‍ എന്‍. ഗോപാലപിള്ളസ്സാറിനെ കണ്ടപ്പോള്‍ പെന്‍ഷന്‍ വാങ്ങിയ ആ വ്യക്തിയുടെ lust-നെക്കുറിച്ചു ഗോപാലപിള്ളസ്സാര്‍ ചിരിച്ചുകൊണ്ടു പറയുകയായി: “അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. സ്ത്രീകളുടെ ആ നഗ്നചിത്രങ്ങള്‍ നോക്കി രസിച്ചതിനുശേഷം അയാള്‍ അവയെ നെഞ്ചോടു ചേര്‍ക്കുകയും ചെയ്യും. ഇതൊരിക്കലും അവസാനിക്കില്ല. നഗ്നചിത്രത്തിനു receiprocation-നു് ശക്തിയുണ്ടു്. അതുകൊണ്ടു് അയാള്‍ ജീവിച്ചിരിക്കുന്ന കാലമത്രയും പബ്ളിക്
ലൈബ്രറിയില്‍പ്പോയി നഗ്നചിത്രങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ എടുക്കും. അവ നെഞ്ചോടു ചേര്‍ക്കുകയും ചെയ്യും. സാറ് ഇംഗ്ലീഷില്‍ ഇത്രയും കൂടി പറഞ്ഞു:“Krishanan Nair, Do not think I am exceptional in such cases. I may do the very same thing.” മുപ്പത്തിയൊന്നു കഥകള്‍ അച്ചടിച്ച ഭാഷാപോഷിണി മാസികയില്‍ എസ്. സിതാര എഴുതിയ ‘അപരിചിത്’ എന്ന കഥ മാത്രം ഞാന്‍ വായിച്ചതെന്തിനു്? ആ കുട്ടി പതിവായി ‘ആഭാസം’ എഴുതുന്നതുകൊണ്ടാണോ? കഥ വായിച്ചിട്ടു് പെന്‍ഷന്‍ പറ്റിയ ആളിനെപ്പോലെ അതു് നെഞ്ചോടു ചേര്‍ക്കാനാണോ? ആത്മപരിശോധന നടത്തി ഞാന്‍. ‘അല്ല’ എന്ന തീരുമാനത്തിലെത്തുകയും ചെയ്‌തു. അല്‍ബര്‍തോ മൊറാവ്യയുടെ അശ്ലീലത നിറഞ്ഞ നോവലുകള്‍ എനിക്കിഷ്‌ടമില്ല. ഹെന്‍ട്രി മില്ലറുടെ “ആഭാസം” നിറഞ്ഞ നോവലുകളും എനിക്കിഷ്‌ടപ്പെട്ടവയല്ല. പക്ഷേ ഡി.എച്ച്. ലോറന്‍സിന്റെ നോവലുകള്‍ ഞാന്‍ വായിച്ചു രസിക്കുന്നു. ലോറന്‍സ് ‘ലേഡി ചാറ്റര്‍ലീസ് ലൗവര്‍’ എന്ന നോവലില്‍ രതിക്രീഡ വര്‍ണ്ണിക്കുമ്പോള്‍ ഞാന്‍ അതിന്റെ ലയത്തിലാണു് നീന്തിത്തുടിക്കുന്നതു്. ‘ലസ്‌റ്റി’ലല്ല. സിതാര എസ്സിന്റെ കഥകളില്‍ സെക്‍സിന്റെ ലയമില്ല. കാമമേയുള്ളു. കാമവര്‍ണ്ണനകളിലൂടെ കടന്നുപോകുന്ന വായനക്കാരന്‍ സ്വന്തം മാനസികശക്തികളെ ഉദ്ദീപിപ്പിക്കുന്നില്ല. അതു് നിന്ദ്യമായ വികാരങ്ങളെ മാത്രം ഉദ്ദീപിപ്പിക്കുന്നതേയുള്ളു. സിതാര എഴുതുന്ന കഥകള്‍ അക്കാരണത്താല്‍ സാഹിത്യമെന്ന വിഭാഗത്തില്‍ പെടുന്നില്ല.ഒരുത്തനു് മൂന്നു ഭാര്യമാര്‍. ഓരോ ഭാര്യയും സെക്‌ഷ്വല്‍ nuisance ആകുമ്പോള്‍ അയാള്‍ വേറെ വിവാഹം കഴിക്കും. മൂന്നാമത്തെ ഭാര്യയും വര്‍ജ്ജിക്കപ്പെടേണ്ടവളാണെന്നു് അയാള്‍ക്കു തോന്നുന്നു. പക്ഷേ ‘പാവം പിടിച്ച’ ആ സ്ത്രീക്കു ഗത്യന്തരമില്ല. അവള്‍ അയാളെ കെട്ടിപ്പിടിച്ചുറങ്ങുമ്പോള്‍ കഥ തീരുന്നു. നമ്മുടെ സമുദായത്തിലെ സ്ത്രീയുടെ നിസ്സഹായാവസ്ഥ ഇതില്‍ നിന്നു ധ്വനിക്കുന്നുണ്ടെങ്കിലും ഇതു സാഹിത്യമല്ല. പബ്ളിക് ലൈബ്രറിയില്‍ നിന്നു് പുസ്തകങ്ങള്‍ എടുക്കുന്ന പെന്‍ഷന്‍ പറ്റിയ ഉദ്യോഗസ്ഥന്‍ മരിച്ചുപോയി. ജീവിച്ചിരുന്നെങ്കില്‍ സിതാരയുടെ കഥ ആ മനുഷ്യനു് പ്രയോജനം ചെയ്യുമായിരുന്നു.
സാഹിത്യമെന്നാല്‍ എന്തെന്നു് നമ്മുടെ ചെറുപ്പക്കാര്‍ക്കു അറിഞ്ഞുകൂടാ. സവിശേഷമായ ലോകം ഉദ്ഘാടനം ചെയ്തുതരണം ഓരോ കഥയും ഓരോ നോവലും രചയിതാവിനു് സ്വന്തമായ കലാവീക്ഷണം വേണം പ്രകടമായ സദാചാരം കൃതിയില്‍ പാടില്ലെങ്കിലും സദാചാരത്തെക്കുറിച്ച് ബോധമുണ്ട് എഴുത്തുകാരനെന്നു് അനുവാചകര്‍ക്കു തോന്നണം നിത്യജീവിതത്തില്‍ ഹോമര്‍ ഭീരുവായി പെരുമാറിയിരിക്കാം. പക്ഷേ ‘ഇലിയഡി’ല്‍ അദ്ദേഹം ധീരതയുടെ ബോധമുള്ളവനാണെന്നു് സ്പഷ്ടമാക്കി (ബേനോ ദേതെ ക്രോചെയുടെ അഭിപ്രായം ഹോമറിനെക്കുറിച്ചു് ക്രോചെ പറഞ്ഞിട്ടില്ല. അതു് എന്റെ ആശയമാണ്).
നിരീക്ഷണങ്ങള്‍
- എന്റെ ഒരു ബന്ധുവിനു് ഗര്‍ഭാശയത്തില്‍ കാന്‍സറായിരുന്നു അതു കൂടിക്കൂടി വന്നപ്പോള്‍ അവര്‍ യാതനകൊണ്ടു നിലവിളിച്ചു് അടുത്ത വീട്ടുകാര്‍ക്കും അസ്വസ്ഥത ജനിപ്പിച്ചു. ആദ്യമൊക്കെ ‘സാരിഡോന്‍’ ഗുളിക കഴിച്ചു വേദനയില്‍ നിന്നു രക്ഷനേടി പിന്നീടു് ആ ഗുളികകൊണ്ടു് പ്രയോജനമില്ലാതെയായി. അപ്പോള്‍ ഡോക്‍ടറുടെ നിര്‍ദ്ദേശമനുസരിച്ചു് മോര്‍ഫിയ കുത്തിവയ്‌ക്കും. ഒടുവില്‍ മോര്‍ഫിയ കൊണ്ടും പ്രയോജനമില്ലെന്നായി. ഞാന്‍ അവരുടെ വേദന കണ്ടു് ഡോക്‍ടറെ കാണാന്‍ പോകും. അദ്ദേഹം ഒരിക്കല്‍പ്പറഞ്ഞതു് എന്നെ ഞെട്ടിച്ചു. “The sooner the worries are over the better for her.” ഡോക്‍ടര്‍ അങ്ങനെ പറയാമോ medical ethics അനുസരിച്ചു്? പാടില്ലെങ്കിലും അതിനു നീതിമത്കരണമുണ്ടു്. വേദന കണ്ടുകണ്ടു് ഡോക്‍ടര്‍ക്കു നിസ്സംഗതയുണ്ടാവും. ശസ്ത്രക്രിയയ്ക്കു മേശപ്പുറത്തു കിടക്കുന്ന രോഗിയെ യന്ത്രമാക്കി കാണാന്‍ ഡോക്‍ടര്‍ക്കു പ്രയാസമില്ല. അതു മനുഷ്യസ്വഭാവമാണു്. അതിനാല്‍ ആ ഡോക്‍ടറോട് എനിക്കു വിരോധമില്ല. ഇന്നു ഡോക്‍ടര്‍മാര്‍ക്കുതന്നെ യന്ത്രത്തിന്റെ സ്വഭാവം വന്നിട്ടുണ്ടു്. രോഗി ചെന്നുകണ്ടാല്‍ മതി. അയാള്‍ക്കു രോഗലക്ഷണങ്ങള്‍ ആകെപ്പറയണമെന്നുണ്ടു്. പക്ഷേ ഡോക്‍ടര്‍ക്കു് അതു കേള്‍ക്കാന്‍ ക്ഷമയില്ല. അദ്ദേഹം കടലാസ്സെടുത്തു മരുന്നു കുറിക്കും. അടുത്ത രോഗിയെ വിളിക്കാം. ഔഷധങ്ങളുടെ പേരുകള്‍ വേഗമെഴുതും. രോഗി ‘മിഴുങ്ങസ്യ’ എന്നു നില്ക്കുമ്പോള്‍ അദ്ദേഹം (ഡോക്‍ടര്‍) എന്താ പൊയ്ക്കൂടേ എന്ന മട്ടില്‍ നോക്കും. ഇത്തരം ഡോക്‍ടര്‍മാരെ ഞാന്‍ മെഡിക്കല്‍ മെഷ്യന്‍സ് എന്നു വിളിക്കുന്നു. പരിചിതത്വം അവഗണനയ്ക്കു കാരണമാകും എന്നതുകൊണ്ടു് ഈ മെഡിക്കല്‍ മെഷ്യന്‍സിനോടും എനിക്കു ശത്രുതയില്ല.
- വിയറ്റ്നാമിലെ ബുദ്ധസന്ന്യാസി Thich Nhat Hanh എനിക്കു് ഇഷ്ടപ്പെട്ട ഗ്രന്ഥകാരനാണു്. നന്മയെയും തിന്മയെയും സംബന്ധിച്ച ആശയങ്ങളാല്‍ നമ്മള്‍ ബന്ധനസ്ഥരാണു് എന്നു് അദ്ദേഹം പറയുന്നു. നന്മ നന്മയില്ലാത്ത അംശങ്ങളാല്‍ നിര്‍മ്മിതമാണെന്ന കാര്യം നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു എന്നാണു് അദ്ദേഹത്തിന്റെ പ്രസ്താവം. സന്ന്യാസിയുടെ ഉദാഹരണത്തിന്റെ ചാരുത കണ്ടാലും:
- മനോഹരമായ ഒരു വൃക്ഷശാഖ ഞാന്‍ കൈയില്‍ വച്ചിരിക്കുകയാണെന്നു വിചാരിക്കൂ. അതിനു് ഇടത്തേയറ്റമുണ്ടു്. മറ്റേയറ്റം വലതു ഭാഗത്താണു്. ഇടത്തേയറ്റം മതി നമുക്കു്, വലത്തേയറ്റം വേണ്ട. വേണ്ട എന്നതുകൊണ്ടു് ഞാന്‍ വലതുവശം ഒടിച്ചെടുത്തു് ദൂരെയെറിയുന്നു, പക്ഷേ അവ്വശ്യമില്ലാത്ത ഭാഗം ഒടിച്ചെടുത്ത് ഞാന്‍ എറിയുമ്പോള്‍ അവശേഷിക്കുന്ന അറ്റം വലതുവശത്തു് ഉള്ളതായി പരിണമിക്കുന്നു (പുതിയ വലതുഭാഗം). ഇടതുഭാഗം ഉള്ളിടത്തോളം കാലം വലതുഭാഗവുമുണ്ടായിരിക്കും. മാനസികമായ തകര്‍ച്ചയില്‍ പെട്ടു് ഞാന്‍ വലതുവശം ഒടിച്ചു് ദൂരെ എറിയുന്നു. പക്ഷേ അപ്പോഴും വലതുഭാഗമുണ്ടു്. ഇതു നന്മയ്ക്കും തിന്മയ്ക്കും ചേരും. നന്മ മാത്രം നമുക്കു ഉണ്ടാകാന്‍ വയ്യ. തിന്മയെ ഇല്ലാതാക്കാന്‍ നമുക്കു കഴിയില്ല. തിന്മയുള്ളതുകൊണ്ടു് നന്മയുണ്ടു്. നന്മയുള്ളതുകൊണ്ടു് തിന്മയും (സ്വതന്ത്രതര്‍ജ്ജമ).