close
Sayahna Sayahna
Search

സംസ്കൃതസാഹിത്യം 2.I





സംസ്കൃതസാഹിത്യം

ക്രി.പി. പതിനഞ്ചാം ശതകം


കോലത്തിരിമാരും സാഹിത്യവും

ഉത്തരകേരളത്തിന്റെ ആധിപത്യം വഹിച്ചിരുന്ന കോലത്തുനാട്ടുരാജാക്കന്മാരെപ്പറ്റി ഇതിനുമുമ്പുതന്നെ ഞാന്‍ പലതും ഉപന്യസിച്ചിട്ടുണ്ടു്. കൊല്ലം ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ അവര്‍ സംസ്കൃതസാഹിത്യത്തേയും ഭാഷാസാഹിത്യത്തേയും അനന്യ സാധാരണമായ രീതിയില്‍ പോഷിപ്പിക്കുകയുണ്ടായി. അവരില്‍ കൊല്ലം 398 മുതല്‍ 621 വരെ രാജ്യഭാരം ചെയ്ത പള്ളിക്കോവിലകത്തു കേരളവര്‍മ്മ തമ്പുരാനേയും അദ്ദേഹത്തിന്റെ ഭാഗിനേയന്‍ രാമവര്‍മ്മ യുവരാജാവിനേയും കുറിച്ചാണു് ഈ അധ്യായത്തില്‍ പ്രസ്താവിക്കുവാനുള്ളതു്. രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം എന്ന മഹാകാവ്യത്തില്‍ തന്റെ വംശത്തേയും മാതുലനേയും പറ്റി ഇങ്ങനെ പറയുന്നു:

``യേഷാം നഗര്യേളിഗിരാവുദാരാ വിഭാതി മേരാവമരാവതീവ; തേഷാം നൃപാണാം ഭവതി സ്മ വംശേ മഹാപ്രഭാ ശ്രീരിവ ദുഗ്ദ്ധസിന്ധൗ. സംപ്രാപ്തരാജ്യം രവിവര്‍മ്മസംജ്ഞം ദാതാരമസ്യാസ്തനയം സമേത്യ ഉദാരകല്യാണധരാലയസ്ഥാഃ പ്രജാവിപക്ഷാര്‍ത്ഥിഗണാ നനന്ദുഃ. ദധാതി ശേഷശ്ശിരസാ ധരിത്രീമസൗ ഭുജേനേതി ജഗത്ത്രയേണ സമ്മാന്യമാനോ വിനിധായ ഭൂമിം നിജാനുജേ സ ത്രിദിവം പ്രപേദേ. ഗുണാകരഃ കേരളവര്‍മ്മനാമാ സ്‌തേന ദത്തം പ്രതിപദ്യ രാജ്യം ശശ്വല്‍പ്രജാരഞ്ജനജാഗരൂകോ നിര്‍മ്മൂയാമാസ മദം രിപൂണാം. ചതുര്‍വിധാന്നേന ജനാന്‍ പ്രതോഷ്യ ധര്‍മ്മാന്‍ മഹാദാനമുഖാന്‍ സ കൃത്വാ പ്രാദര്‍ശയദ്ധാമ്നി ശിവേശ്വരാഖ്യേ കാമപ്രദം ജീവിതമംബികായാഃ. ജഗന്നിവാസം ഹൃദയേ ദധാനോ മുദാ കദാചിന്നിജ ഭാഗിനേയം സ രാമവര്‍മ്മാണമുവാച കാവ്യം വിധീയതാം ഭാരതസംഗ്രഹാഖ്യം. ഗുരുപ്രസാദപ്ലവമാശ്രിതേന തേനോദ്ധൃതാ ഭരത വാരിരാശേഃ സന്തോര്‍ഥമുക്താഃ കൃതസൂത്രബദ്ധാശ്ശബ്ദഗ്രഹാലങ്കരണീ കുരുദ്ധ്വം."

കോലത്തിരിമാരുടെ ഒരു പുരാതന രാജധാനി ഏഴിമലക്കോട്ടയായിരുന്നു എന്നു നാം മൂഷികവംശത്തില്‍നിന്നു ധരിച്ചുവല്ലോ. അതിനും മുന്‍പു തളിപ്പറമ്പുക്ഷേത്രത്തിനു നാലഞ്ചു നാഴിക തെക്കുള്ള കരിപ്പാത്തു് എന്ന സ്ഥലത്തായിരുന്നു അവര്‍ താമസിച്ചിരുന്നതു്. ഏഴിമലക്കോട്ടയ്ക്കു പുറമേ ചിറയ്ക്കലിനു സമീപമായി സ്ഥിതിചെയ്യുന്ന വളര്‍പട്ടണത്തിലും അവര്‍ക്കൊരു രാജധാനിയുണ്ടായിരുന്നു. മഹാപ്രഭ എന്ന രാജ്ഞി രവിവര്‍മ്മത്തമ്പുരാനെ പ്രസവിച്ചത് ഏഴിമലക്കോട്ടയില്‍വച്ചാണു്. 590-നു ശേഷം വളര്‍പട്ടണം ആ രാജകുടുംബത്തിന്റെ വാസസ്ഥാനമായി. രവിവര്‍മ്മാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ അനുജന്‍ കേരളവര്‍മ്മത്തമ്പുരാന്‍ രാജ്യഭാരം കയ്യേറ്റു. അദ്ദേഹം ശിവേശ്വരക്ഷേത്രത്തിലെ ശ്രീപരമേശ്വരനെ സാക്ഷാല്‍കരിച്ച ഒരു ഭക്തശിരോമണിയായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞനിമിത്തമാണു് രാമവര്‍മ്മ യുവരാജാവു ഭാരതസംഗ്രഹം രചിച്ചതു്. കേരളവര്‍മ്മ കോലത്തിരിയെ യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വ്യാഖ്യാനം രചിച്ച രാഘവവാരിയരും ശ്രീകൃഷ്ണവിജയം എന്ന കാവ്യത്തിന്റെ പ്രണേതാവായ ശങ്കരവാരിയരും രാമവര്‍മ്മാവിനെപ്പോലെതന്നെ പ്രശംസിച്ചിട്ടുണ്ട്:

``ശ്രീകേരളവര്‍മ്മനൃപഃ പരിഭൂതാരാതിഭൂതിഭൂരിമദഃ ആസ്ഥാനമലങ്കുര്‍വന്നാസ്ഥായോഗാല്‍ കദാചിദശിഷന്മാം. രചയ യുധിഷ്ഠിരവിജയവ്യാഖ്യാം പ്രഖ്യാപിതോരുതാല്‍പര്യാം പര്യാലോചനചതുരാം രാഘവ! ലാഘവവിവര്‍ജ്ജിതാത്മജിതാം."

എന്നാണു് രാഘവന്റെ പ്രസ്താവന

``ചകാസ്തി രാജാ ചതുരന്തവീരചൂഡാതടീചുംബിതപാദപീഠഃ കാലാഗ്നികൂലങ്കഷബാഹുതേജാഃ കോലാധിപഃ കേരളവര്‍മ്മ നാമാ.

ശിവേശ്വരാഖ്യേ ഭവനോത്തമേ യഃ ശ്രുത്യന്തരത്യന്തനിഗുഢരൂപം പ്രാകാശയല്‍ പ്രൗഢതപഃപടിമ്നാ പഞ്ചേഷുലീലാ പരിപന്ഥി തേജഃ പ്രചണ്ഡിമാ ശിക്ഷയതേ യദീയദോര്‍ദ്ദണ്ഡജന്മാ, രിപു സുന്ദരീണാം പത്രാംശുകാനാം പരിധാനരീതിം കന്ദാശനം കാനന ചങ് ക്രമം ച. ഉര്‍വീഭരം ബിഭ്രതി യത്ര നൃണാം ഗുര്‍വീം മുദം തന്വതി ചാന്നദാനൈഃ ദര്‍വീകരേന്ദ്രശ്ച കരാരവിന്ദേ ദര്‍വീ ച വിശ്രാമ്യതി ശൈലജായാഃ."

എന്നു ശങ്കരനും അദ്ദേഹത്തിന്റെ മഹിമാതിശയത്തെ ഉപശ്ലോകനം ചെയ്യുന്നു.

കേരളവര്‍മ്മത്തമ്പുരാന്‍, മുമ്പു പ്രസ്താവിച്ചതുപോലെ, കൊല്ലം 598-ല്‍ കോലത്തിരിയായി; 621-ല്‍ 64-ആമത്തെ വയസ്സില്‍ പരഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ അനന്തരവനും കവിയുമായ രാമവര്‍മ്മ യുവരാജാവു് 618-ല്‍ത്തന്നെ യശശ്ശരീരനായി. രാഘവനും ശങ്കരകവിയും കേരളവര്‍മ്മാവിന്റെ ആസ്ഥാനപണ്ഡിതന്മാരായിരുന്നു. കേരളവര്‍മ്മാവിന്റെ പിന്‍ വാഴ്ചക്കാരനായ ഉദയവര്‍മ്മതമ്പുരാന്‍ 621 മുതല്‍ 650 വരെ രാജ്യഭാരം ചെയ്തു. തന്റെ പൂര്‍വ്വഗാമി സംസ്കൃതകാവ്യത്തിനു് എങ്ങനെയോ അങ്ങനെ ഉദയവര്‍മ്മതമ്പുരാന്‍ ഭാഷാസാഹിത്യത്തിനു പുരസ്കര്‍ത്താവായിത്തീര്‍ന്നു. കൃഷ്ണഗാഥാകാരന്‍ അദ്ദേഹത്തിന്റെ സദസ്സിനെയാണു് അലങ്കരിച്ചിരുന്നതു്.

ശ്രീകണ്ഠവാരിയര്‍

രാഘവവാരിയരുടെ ഗുരുവായി ശ്രീകണ്ഠവാരിയര്‍ എന്നൊരു കവിപുങ്ഗവന്‍ ക്രി. പി. 6-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ കോലത്തുനാട്ടില്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഗൃഹം കോഴിക്കോട്ടു സാമൂതിരിക്കോ വിലകത്തിനു സമീപമായിരുന്നു എന്നറിയുന്നു. അദ്ദേഹം സംസ്കൃതത്തില്‍ രഘൂദയമെന്നു് എട്ടാശ്വാസത്തില്‍ ഒരു യമകകാവ്യവും പ്രാകൃതത്തില്‍ ശൗരിചരിതമെന്നു നാലാശ്വാസത്തില്‍ ഭാഗവതം ദശമസ്കന്ധകഥയെ വിഷയീകരിച്ചു മറ്റൊരു യമകകാവ്യവും നിര്‍മ്മിച്ചു. രഘൂദയത്തിനു ശ്രീകണ്ഠീയമെന്നും പേരുണ്ടു്. രഘൂദയത്തിലെ അധോലിഖിതങ്ങളായ ശ്ലോകങ്ങളില്‍ നിന്നു ശ്രീകണ്ഠന്‍ ആയുര്‍വ്വേദവിശാരദനായ ഒരു ശങ്കരവാരിയരുടെ ഭാഗിനേയനും ശിഷ്യനുമായിരുന്നു എന്നു വെളിപ്പെടുന്നു. ഗൃഹനാമം എന്തെന്നറിയുന്നില്ല.

``സോജനിനാസന്നായാദ്യുതിമത്യബ്ധീശപത്തനാസന്നായാം ശിവദിശിനാസന്നായാന്യായാദപിയത്രബുധജനാസന്നായാം. പാരശവാന്വയമാനഃഖ്യാതോസോഷ്ടാങ്ഗഹൃദയവാന്വയമാനഃ ഗുണവിഭവാന്വയമാനസ്‌പൃശച്ഛ്റിയഃ ശങ്കരോപിവാന്വയമാനഃ ഭേഷജവസ്വസുരസ്യ ശ്രീകണ്ഠശ്ശിഷ്യ ഉദ്ഭവസ്സ്വസുരസ്യ രസപര്‍വസ്വസുരസ്യ സ്ഥിരമതിരലമസ്മിനതസവസ്വസുരസ്യ."

നാളോദയത്തിലെന്നപോലെ രഘൂദയത്തിലും നാലു പാദങ്ങളിലും യമകമുണ്ടു്. തനിക്കു് ആ വിഷയത്തില്‍ മാര്‍ഗ്ഗദര്‍ശിയായ നളോദയകാരനെ അദ്ദേഹം ‘നമോസ്തു രവിദേവായ’ എന്നു വന്ദിക്കുന്നതായി ഞാന്‍ അന്യത്ര നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലൊ. രഘൂദയത്തിന്നു ശ്രീകണ്ഠന്റെ ശിഷ്യനായ രുദ്രമിശ്രന്‍ എന്നൊരു പണ്ഡിതന്‍ പദാര്‍ത്ഥദീപിക എന്ന വ്യാഖ്യാനം രചിച്ചിട്ടുള്ളതായി കാണുന്നു. കവിമുഖത്തില്‍നിന്നുതന്നെ അര്‍ത്ഥം ഗ്രഹിച്ചാണു് അദ്ദേഹം ആ വ്യാഖ്യാനം നിര്‍മ്മിച്ചതു്.

``ശ്രീകണ്ഠരചിതസ്യാഹം കാവ്യസ്യ യമകാത്മനഃ പദാര്‍ത്ഥമാത്രോപകാരി വ്യാഖ്യാനം കര്‍ത്തുമാരഭേ. ശ്രുതം കവിമുഖാദേവ യദര്‍ത്ഥം ബ്രൂ മഹേ വയം പ്രയാസോയമതോസ്മാകം കേവലം ശബ്ദഗുംഫനേ, മന്ദാനാം ദുര്‍ഗ്ഗമതയാ ചിത്രകാവ്യം ന ദുഷ്യതി യദുത്സവസ്തല്‍ സുധിയാം ഭാമഹസ്യ വചോ യഥാ."

എന്നു് ആ വ്യാഖ്യാതാവു പ്രസ്താവിക്കുന്നു. രുദ്രമിശ്രനെപ്പറ്റി മറ്റൊരറിവും ലഭിക്കുന്നില്ല.

ശൗരിചരിതം ഒരു പ്രാകൃതയമകകാവ്യമാണെന്നു പറഞ്ഞുവല്ലോ. അതിലേ ആദ്യത്തെ പദ്യം താഴെച്ചേര്‍ത്തു് അതിന്റെ ഛായയും കുറിക്കാം.

``ണമഹ ഗആണയപാഅം ജത്തോ ബിമുഹാ ജണാ ഗആ ണ ണ പാഅം ജണ്ണഇരത്താലേഹാ സളാഹണിണ്ണോ അ ജപ്ഥ രപ്താലേഹാ."

``നമത ഗജാനനപാദം യസ്മാദ്വിമുഖാ ജനാ ഗതാ ന ന പാതം യന്നതിരക്താ ലേഖാഃ ശ്ലാഘനീയാശ്ച യത്ര രക്താ ലേഖാഃ"

ഈ രണ്ടു പാദങ്ങളില്‍ മാത്രമേ ഈ കാവ്യത്തില്‍ യമകം ഘടിപ്പിച്ചിട്ടുള്ളു. ഇതിനും ഒരു വ്യാഖ്യാനമുണ്ടു്. അതു് ആരുടേതാണെന്നറിയുന്നില്ല.

``ശ്രീകണ്ഠരചിതം കാവ്യം തച്ഛൗരിചരിതാഹ്വയം വ്യാഖ്യാസ്യേഹം സയമകം പ്രൗഢപ്രാകൃതഭാഷയോഃ."

എന്ന് ആ വ്യാഖ്യാതാവു പ്രതിജ്ഞ ചെയ്യുന്നു.

രാഘവവാരിയര്‍

യുധിഷ്ഠിരവിജയത്തിനു പദാര്‍ത്ഥചിന്തനം എന്ന വിസ്തൃതവും വിശ്വോത്തരവുമായ വ്യാഖ്യാനം രചിച്ച രാഘവവാരിയര്‍ ശ്രീകണ്ഠന്റെ ശിഷ്യനും ഒരു പ്രശസ്ത പണ്ഡിതനുമായിരുന്നു. ചിറയ്ക്കല്‍ താലൂക്കില്‍പ്പെട്ട പള്ളിക്കുന്നായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമി. പദാര്‍ത്ഥചിന്തനത്തിന്റെ പ്രാരംഭത്തില്‍ രാഘവന്‍ തന്നെ ഈ വസ്തുത പ്രസ്താവിച്ചിട്ടുണ്ടു്:

``വിഹാരക്ഷിതിഭൃല്‍ക്ഷേത്രേ വസന്തീം വിശ്വരക്ഷിണീം പദ്മാക്ഷസോദരീമീഡേ ദാക്ഷ്യായാനുക്ഷണം ഗിരാം. *** ശ്രീവിഹാരധരാവാസാ വാസവാനുജസോദരീ സാദരാ ഭക്തവര്‍ഗ്ഗേഷു സാദരാന്മമ രക്ഷികാ. ശ്രീകണ്ഠാഖ്യാസമാഖ്യാതാഃ ശ്രീകണ്ഠാകുണ്ഠധീഗുണാഃ സുശ്രുതാ വിശ്രുതാ ലോകേ ഗുരവോ മമ രക്ഷകാഃ."

ഈ ശ്ലോകങ്ങളില്‍നിന്നു രാഘവന്റെ ഇഷ്ടദേവത പള്ളിക്കുന്നത്തു പാര്‍വ്വതീദേവിയായിരുന്നു എന്നും അദ്ദേഹത്തിന്റെ ഗുരുവിന്റെ സംജ്ഞ ശ്രീകണ്ഠനെന്നായിരുന്നു എന്നും വിശദമാകുന്നു. കേരളവര്‍മ്മ കോലത്തിരിയുടെ ആജ്ഞാനുസാരമാണു് അദ്ദേഹം യുധിഷ്ഠിരവിജയം വ്യാഖ്യാനിച്ചതെന്നു മുമ്പു പറഞ്ഞു കഴിഞ്ഞു. ‘ശ്രീകണ്ഠദാസന്‍’ എന്ന മുദ്രയാണു് വ്യാഖ്യാതാവു് അനുസ്യൂതമായി സ്വീകരിച്ചുകാണുന്നതു്. ഗുരുവില്‍നിന്നുതന്നെയായിരിക്കണം അദ്ദേഹത്തിനു യമകകാവ്യങ്ങളോടു വിശേഷപ്രതിപത്തിയും അവയുടെ അര്‍ത്ഥപ്രതിപാദനത്തില്‍ വിചക്ഷണതയും സിദ്ധിച്ചതു്. ചന്ദ്രോത്സവമെന്ന സുപ്രസിദ്ധമായ മണിപ്രവാളകാവ്യത്തില്‍ ‘മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ’ എന്നും

``സുമുഖി! സുരഭയന്തീ സ്വൈരമാശാകദംബം മധുരകവിതയാലേ രാഘവാന്തേ വസന്തഃ നിരുപമരുചിഭാജാം ദേവി! നിര്‍മ്മത്സരാണാം നിലയമിനിയ പള്ളിക്കുന്നു യേഷാം നിവാസം."

എന്നും ഉപന്യസിച്ചു കാണുന്നതില്‍ നിന്നു രാഘവന്‍ ഒരു സരസ കവികൂടിയായിരുന്നു എന്നും അദ്ദേഹത്തിനു വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു എന്നും ഗ്രഹിക്കാവുന്നതാണു്. എന്നാല്‍ അദ്ദേഹത്തിന്റെ വകയായി പദാര്‍ത്ഥചിന്തനമല്ലാതെ മറ്റൊരു ഗ്രന്ഥത്തേയോ ശങ്കരകവിയല്ലാതെ മറ്റൊരു ശിഷ്യനേയോ പറ്റി നമുക്കു് ഇതുവരെയും അറിവു കിട്ടീട്ടില്ല. ശങ്കരന്‍ ശ്രീകൃഷ്ണവിജയത്തില്‍ അദ്ദേഹത്തെ ഇങ്ങനെ പ്രശംസിക്കുന്നു:

``പാത്രം ശ്രിയസ്തസ്യ ചകാസ്തി രാജ്യേ ക്ഷേത്രം വിഹാരാചല നാമധേയം; ജഗത്സവിത്രീ ഖലു യല്‍ പവിത്രീകരോതി നീഹാര ഗിരീന്ദ്രപുത്രീ. വിഭാതി തസ്മിന്‍ ഗിരിജാകടാക്ഷപാത്രീഭവന്‍ കശ്ചന സൂരിവര്യഃ ശ്രീകോലഭൂപാലകഹര്‍ഷസിന്ധുരാകാശശീ രാഘവനാമധേയഃ സദാ മനീഷാമയതാമ്രപര്‍ണ്ണീസമ്പര്‍ക്കിണോ വാങ്മയ മൗക്തികാനി ഭാഗ്യൈകസിന്ധോസ്സമവാപ്യ യസ്യ സുധീജനഃ കര്‍ണ്ണമലങ്കരോതി. അന്തേവസന്‍ കശ്ചന തസ്യ ചാസീല്‍ കവിത്വമാര്‍ഗ്ഗേ കലിതപ്രചാരഃ ആചാര്യകാരുണ്യജലപ്രരൂഢപ്രജ്ഞാങ്കുരശ്ശങ്കരനാമധേയഃ"

രാമവര്‍മ്മയുവരാജാവു്

രാമവര്‍മ്മ യുവരാജാവു് ഭാരതസംങ്ഗ്രഹം എന്ന മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാപീഡം എന്ന നാടകത്തിന്റേയും നിര്‍മ്മാതാവാണു്. ഭാരത സങ്ഗ്രഹത്തെപ്പറ്റി മുന്‍പു സൂചിപ്പിക്കുകയുണ്ടായല്ലോ. അതില്‍ ആദ്യത്തെ 24 സര്‍ഗ്ഗങ്ങളും 25-ആം സര്‍ഗ്ഗത്തിലെ ഏതാനും ശ്ലോകങ്ങളും മാത്രമേ കിട്ടീട്ടുള്ളൂ. പക്ഷെ ഗ്രന്ഥം സമാപ്തമാകുന്നതിനുമുമ്പു കവി അന്തരിച്ചുപോയി എന്നും വരാവുന്നതാണു്. ധൃതരാഷ്ടരും ഗാന്ധാരിയും കുന്തിയും മരിച്ചു് അവരുടെ അപരക്രിയ പാണ്ഡവന്മാര്‍ അനുഷ്ഠിക്കുന്നതുവരെ—അതായതു് ആശ്രമവാസത്തോളം—ഉള്ള കഥ ലബ്ധമായ ഭാഗത്തില്‍ പ്രതിപാദിതമായി കാണുന്നു. കവി അഗസ്ത്യഭട്ടന്റെ ബാലഭാരതത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. ക്രി: പി: പതിന്നാലാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ കാകതീയമഹാരാജാവായ പ്രതാപരുദ്രന്റെ ആസ്ഥാനപണ്ഡിതനായി ജീവിച്ചിരുന്ന ഒരു മഹാകവിയാണു് അഗസ്ത്യഭട്ടന്‍. പ്രതാപരുദ്രീയത്തിന്റെ നിര്‍മ്മാതാവു് അദ്ദേഹമാണെന്നും ഊഹിക്കാന്‍ ചില ന്യായങ്ങളുണ്ടു്. പതിനഞ്ചാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ബാലഭാരതത്തിനു കേരളത്തില്‍ സിദ്ധിച്ചുകഴിഞ്ഞിരുന്ന പ്രചാരം ഈ ഘട്ടത്തില്‍ പ്രത്യേകം സ്മര്‍ത്തവ്യമാകുന്നു. രാമവര്‍മ്മാവിന്റെ കവിതയ്ക്കു ലാളിത്യമുണ്ടെങ്കിലും ശബ്ദസുഖം പോരാത്ത പദ്യങ്ങള്‍ ധാരാളമുണ്ടു്. സൂക്ഷ്മമായ പര്യാലോചനയില്‍ അദ്ദേഹത്തെ ഒന്നാംകിടയിലുള്ള ഒരു കവിയായി ഗണിക്കുവാന്‍ തരമില്ലെങ്കിലും രണ്ടാംകിടക്കാരില്‍ അദ്ദേഹം ഉയര്‍ന്നുനില്‍ക്കുന്നതായി സ്ഥാപിക്കാം. മൂന്നു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം. ശന്തനുവും ഗങ്ഗാദേവിയും തമ്മിലുള്ള സംഭാഷണമാണു വിഷയം.

``ശനൈശ്ശനൈരന്തികമീയൂഷീം താം ശുചിസ്മിതശ്ശന്തനുരാബഭാഷേ അന്യസ്യ ഭാര്യാ ന യദീന്ദുവക്‍ത്രേ മല്‍പ്രേയസീനാം പ്രവരാ ഭവേതി. ശുഭേശുഭേ വാ ഭുവനൈകവീര യാവദ്ഭവാന്‍ കര്‍മ്മണി മാം പ്രവൃത്താം നിരോത്സ്യതേ താവകധാമ്നി താവ- ദ്വസേയമിത്യേനമവോചദേഷാ. താം രാജഹംസപ്രതിമാനയാനാം തഥേതി രാജന്യവരോ ഗദിത്വാ രോമാഞ്ചരാജീപരിരാജിതാങ്ഗ- സ്തയാ സഹാഗാന്നിജരാജധാനീം."

വേദവ്യാസന്റെ പേരില്‍ കവിക്കു് അസാമാന്യമായ ഭക്തിയുണ്ടു്. അതില്‍ ആശ്ചര്യത്തിന്നു് അവകാശവുമില്ല. താഴെ കാണുന്ന ശ്ലോകം നോക്കുക:

``സദാഖിലാഭിസ്സഹിതഃ കലാഭിര്‍- ദ്വൈപായനേന്ദുഃ കൃതിരശ്മിജാലൈഃ ഹരന്‍ ജഗന്മോഹമഹാന്ധകാര- മാനന്ദമസ്പൃഷ്ടതമം ദിശേന്നഃ."

ചന്ദ്രികാകലാപീഡം നാടകം

രാമവര്‍മ്മതമ്പുരാന്‍ അഞ്ചങ്കത്തില്‍ രചിച്ചിട്ടുള്ള ഒരു നാടകമാണു് ചന്ദ്രികാകലാ പീഡം. പ്രസ്താവനയില്‍ നിന്നു താഴെ ഉദ്ധരിക്കുന്ന പങ്‌ക്തികളില്‍ നിന്നു് ഈ വസ്തുത വെളിപ്പെടുന്നു:

``സൂത്ര:—ആര്യേ! സുന്ദരികേ! ആദിഷ്ടോസ്മി സമസ്ത സുരാസുരചക്രവര്‍ത്തി ചക്രവിശങ്കട മകുടതടഘടിതനാനാവിധാ നര്‍ഘരത്നനിര്യത്നനിര്യല്‍കരനികര കേസരിതചരണസരോരുഹ സ്യ, ചതുര്‍ദ്ദശഭുവനഭവനസ്തം ഭായമാനഭുജദണ്ഡമണ്ഡലസ്യ, ഗാന്ധര്‍വവേദമര്‍മ്മായമാണൈശ്ചാരീകരണാങ്ഗഹാരപാദകുട്ടനഭ്രമരഭ്ര മരിതാദിരസഭാവസ്ഥായിസഞ്ചാരികാദൃഷ്ടിവിശേഷൈശ്ച പതാകാദിഭിരസംയുതഹ സ്തൈരഞ്ജലിപ്രമുഖൈസ്സം യുതഹസ്തൈ ശ്ചതുരശ്രമുഖ്യൈര്‍നൃത്തഹസ്തൈ ശ്ചാങ്ഗപ്രത്യങ്ഗാപാങ്ഗ ക്രിയാങ്ഗരാഗാങ്ഗഭാഷാങ്ഗാഭിനയൈര്‍മാര്‍ഗ്ഗദേശിതാളൈ ശ്ച, ഗ്രാമജാതിദേശിനാനാവിധരാഗസംയോജിതഗീതഗീതി കാഭിശ്ച, ബഹുവിധപാടാക്ഷരലക്ഷിതപടുപടഹമൃദംഗപ്രമുഖ ചതുര്‍വിധവാദ്യൈശ്ച മണ്ഡിതേഷ്വാനന്ദാദിദ്രുതതാണ്ഡവേഷു പണ്ഡിതസ്യ, സകലവിദ്യാപാരീണാനാം വിബുധാധ്വധുരന്ധരാണാം ബന്ധുരശീലാനാം ജിതാരിഷ്ടകാനാം ബ്രഹ്മകല്പാനാം ഭൂമീസുരസമാജാനാം യോഗക്ഷേമമഹാവ്രതനിരതസ്യ, പ്രണതപുരുഷാര്‍ത്ഥവിതരണജാഗരൂകസ്യ, മകരകേതനകേളിശൈലായമാനശൈലരാജതനയാകുചവിലസിത കാശ്മീരമകരികാപത്രാങ്കര ലീലസ്യ, മാന്ധാതൃപ്രമുഖരാജര്‍ഷിതപഃപ്രകാണ്ഡവിവര്‍ത്തസ്യ, ചെല്ലൂരപുരവാസിനോ നിഗമവനനീലകണ്ഠസ്യ നീലകണ്ഠസ്യ ചൈത്രയാത്രോത്സവസമാഗതൈഃ......രാര്യമിശ്രൈഃ.

``ആര്യേ! പുരാണകവിനിബദ്ധാനി ബഹുവിധാനി രൂപകാണി പ്രയോഗതോ ദര്‍ശിതാനി, ഇദാനീമഭിനവം രൂപകം നിവേദയാമി. (വിമൃശ്യ, സോല്ലാസം) ആഃ! ജ്ഞാതം സമസ്തസാമന്തചൂഡാമണി സമുദഞ്ചദരുണമണികിരണഗണനീരാജിതപാദപീഠാന്തഭൂതലസ്യ, ഷോഡശമഹാദാനക്ഷരിതവാരിധാരാകുലിതചതുരര്‍ണ്ണവസ്യ, ഷഡ്‌രസോപേതചതുര്‍വിധാന്നദാനപരിതോഷിതസകലലോകസ്യ, വീരലക്ഷ്മീവല്ലഭസ്യ, ഹരിശ്ചന്ദ്രരന്തിദേവപ്രമുഖരാജര്‍ഷിനിഷേവിതാധ്വപരിചംക്രമണ ധുരന്ധരസ്യ, മഹാരാജസ്യ, ശ്രീരവിവര്‍മ്മണഃ കനീയസോ, മൂര്‍ത്തസ്യേവ കോലഭൂഭാഗധേയസ്യ ശ്രീകേരളവര്‍മ്മണഃ സഹോദരീസഞ്ജാതേന, ജഗന്നിവാസപാദാംബുജമധുവ്രതേന, സരസ്വതീരമാകൃപാകടാക്ഷപാത്രീഭ്രതേന, രാമവര്‍മ്മാഭിധേയേന കവിരാജേന വിരചിതം ശൃങ്ഗാരരസഭൂയിഷ്ഠം ചന്ദ്രികാ കലാപീഡം നാമ നാടകം സപ്രയോഗമഭിനീയാര്യമിശ്രാനുപാസ്മഹേ."

ഭാരതസംങ്ഗ്രഹത്തില്‍ കവി ഒരു രവിവര്‍മ്മ രാജാവിനേയും അദ്ദേഹത്തിന്റെ അനുജനും ശങ്കരാദികവികളുടെ പുരസ്കര്‍ത്താവുമായ കേരളവര്‍മ്മരാജാവിനേയും പറ്റി പറയുകയും അദ്ദേഹത്തിന്റെ ഭാഗിനേയനാണു് താനെന്നു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. ആ മഹാകാവ്യത്തിന്റേയും ചന്ദ്രികാകലാ പീഡത്തിന്റേയും കര്‍ത്താവു് ഒരേ കവി തന്നെയാണെന്നുള്ളതു് നിസ്സംശയമാണു്. ‘ജഗന്നിവാസം ഹൃദയേ ദധാനം’ എന്നു മഹാകാവ്യത്തിലും അദ്ദേഹം തന്റെ ഭഗവല്‍ഭക്തിയെ പ്രദര്‍ശിപ്പിക്കുന്നു. ഈ നാടകത്തിന്റെ പ്രസ്താവനയില്‍ നിന്നു് അദ്ദേഹത്തിനു സങ്ഗീതശാസ്ത്രത്തിലും നൃത്തകലയിലും അഗാധമായ വൈദുഷ്യമുണ്ടായിരുന്നു എന്നു സ്പഷ്ടമാകുന്നു.

ചന്ദ്രികാകലാപീഡം കവി പെരുഞ്ചെല്ലൂര്‍ ക്ഷേത്രത്തിലെ ചൈത്രോത്സവത്തില്‍ അഭിനയിക്കുന്നതിനായി രചിച്ച ഒരു നാടകമാണെന്നു പ്രസ്താവനയില്‍ നിന്നു നാം ധരിച്ചുവല്ലൊ. ചന്ദ്രികയെന്ന കലിങ്ഗരാജപുത്രിയെ കന്ദര്‍പ്പശേഖരന്‍ എന്ന കാശിരാജാവു വിവാഹം ചെയ്യുന്നതാണു് വിഷയം. ഇതിവൃത്തസംവിധാനത്തില്‍ കവി മാളവികാഗ്നിമിത്രത്തെ ധാരാളമായി ഉപജീവിച്ചിട്ടുണ്ടു്. എങ്കിലും നാടകം ആകെക്കൂടി ഹൃദയങ്ഗമമാണെന്നുവേണം പറയുവാന്‍. പല ശ്ലോകങ്ങളും ആര്യാവൃത്തത്തില്‍ നിബന്ധിച്ചിരിക്കുന്നു.

``കുസുമോല്‍കരപരിപൂര്‍ണ്ണഃ കുരവകതരുരേഷ ഭാതി ഹര്‍ഷകരഃ, രോമാഞ്ചസഞ്ചിത ഇവ സ്തനയുഗസമ്മര്‍ദ്ദനാല്‍ സരോജാക്ഷ്യാഃ" ``ദേവീ ഹര്‍ഷപരീതാ മാമേഷാ യാതി കാന്തയാ സാകം വീരശ്രീരിവ മൂര്‍ത്താ കലിങ്ഗരാജ്യാദുദാരകീര്‍ത്തിയുതാ."

ഇത്യാദി പദ്യങ്ങള്‍ നോക്കുക . മറ്റൊരു ശ്ലോകം കൂടി ഉദ്ധരിക്കാം.

``ശ്രീവീതോ ഹരിവദ്ഗുഹാഹിതരസശ്ശൂലീവ പത്രോത്സുകോ വാമാസ്യാംബുജവന്നളൈകശയനോ ഭീമാത്മജാചിത്തവല്‍ ദൂരാപാസ്തശിവോദരോ യജനവദ്ദക്ഷസ്യ, കാശീപതേ! ത്വത്സേനാവിജിതഃ കലിങ്ഗനൃപതിര്‍ന്നവ്യാം ദശാമാശ്രിതഃ"

താഴെക്കാണുന്നതു ഭരതവാക്യമാകുന്നു:

``ദേവി, പ്രസന്നഹൃദയാ സതതം മയി സ്യാഃ സ്വാചാരമഗ്നമനസസ്സകലാഃ പ്രജാഃ സ്യുഃ: ബ്രഹ്മാവലോകരസികാ മുനയോ ഭവന്തു; രാജ്യേ വസേല്‍ സ്ഥിരതരാനുപമാ ച ലക്ഷ്മീഃ"

ശങ്കരകവി, ജീവിതചരിത്രം: അക്കാലത്തു് ഉത്തരകേരളത്തിലെ പ്രഥമഗണനീയനായ സംസ്കൃതകവി രാഘവ വാരിയരുടെ അന്തേവാസി എന്നു ഞാന്‍ മുമ്പു നിര്‍ദ്ദേശിച്ച ശങ്കരവാരിയരായിരുന്നു.

``കോലാനേലാവനസുരഭിലാന്‍ യാഹി, യത്ര പ്രഥന്തേ വേലാതീതപ്രഥിതയശസശ്ശങ്കരാദ്യാഃ കവീന്ദ്രാഃ"

എന്നു് ഉദ്ദണ്ഡശാസ്ത്രി കോകിലസന്ദേശത്തില്‍ സമുചിതമായി പ്രശംസിച്ചിട്ടുള്ളതു് ആ കവിസാര്‍വഭൗമനെയാണു്. പള്ളിക്കുന്നു ക്ഷേത്രത്തിനു സമീപം വടക്കുകിഴക്കായി ശങ്കരന്‍കണ്ടി എന്നൊരു പറമ്പു് ഇപ്പോഴും ഉണ്ടു്. ആ പറമ്പില്‍ പണ്ടു പ്രസ്തുത ക്ഷേത്രത്തിലെ കഴകക്കാരായ വാരിയന്മാരുടെ ഒരു ഗൃഹമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഒരങ്ഗമാണു് ശങ്കരന്‍. പറമ്പിനു് ആ സംജ്ഞ സിദ്ധിച്ചതും അദ്ദേഹത്തിന്റെ സ്മാരകമായാണു്. കുടുംബം അന്യംനിന്നുപോയി. ശങ്കരകവി വളരെക്കാലം അവിടെ കഴകപ്രവൃത്തി ചെയ്തുകൊണ്ടും ദേവിയെ ഭജിച്ചുകൊണ്ടും അവിടെനിന്നു് ഒന്നരനാഴിക വടക്കുള്ള വളര്‍പട്ടണം കോട്ടയില്‍ കേരളവര്‍മ്മ തമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചുകൊണ്ടും താമസിച്ചതിനുമേല്‍ തീര്‍ത്ഥസ്നാനത്തിനായി പരദേശങ്ങളില്‍ പര്യടനം ചെയ്യുകയും അവിടെവെച്ചു് അന്തരിക്കുകയും ചെയ്തു എന്നു പുരാവിത്തുകള്‍ പറയുന്നു. ശ്രീകൃഷ്ണവിജയത്തില്‍ ‘അന്തേവസന്‍ കശ്ചന’ എന്ന പദ്യത്തിനുമേല്‍ താഴെചേര്‍ക്കുന്ന പദ്യങ്ങള്‍ കാണുന്നു:

``അര്‍ദ്ധം ശരീരസ്യ ച ശീതഭാനോഃ കളത്രയന്തീ ച വതംസയന്തീ കാചില്‍ കൃപാ കണ്വപുരൈകഭൂഷാ കാമപ്രസൂര്യല്‍കുലദൈവമാസ്തേ. നിത്യം വിഹാരാദ്രിജുഷോ ഭവാന്യാഃ സ്തോത്രാംബുഭിഃ സന്നതിദോഹളൈശ്ച അകാരി യസ്യാങ്കുരിതോ മഹീയാന്‍ നവത്വമാശ്രിത്യ കവിത്വശാഖീ."

ഈ പദ്യങ്ങളില്‍ നിന്നു (തൃക്കണ്ണപുരം) കണ്വപുരത്തിലേ ശിവന്‍ അദ്ദേഹത്തിന്റെ കുലദൈവമാണെന്നും എന്നാല്‍ അദ്ദേഹം സദാ ആരാധിച്ചുവന്നതു പള്ളിക്കുന്നത്തു ഭഗവതിയെയാണെന്നും സിദ്ധിക്കുന്നു. തനിക്കു കവിതാവിഷയത്തിലുണ്ടായ പ്രാഗല്ഭ്യത്തിന്നു കാരണം ആ ദേവീഭജനമാണെന്നും കവി പ്രസ്താവിക്കുന്നു. ശ്രീകൃഷ്ണവിജയം താന്‍ നിബന്ധിച്ചതു കേരളവര്‍മ്മതമ്പുരാന്റെ ആജ്ഞ നിമിത്തമാണെന്നു് അദ്ദേഹം തുടര്‍ന്നുപറയുന്നു:

``കോലേശ്വരസ്തം മുദിതഃ കദാചിദാസ്ഥാനവര്‍ത്തീ നൃപചക്രവര്‍ത്തീ നിഷ്ണാതധീഃ കൃഷ്ണകഥാനുബന്ധം കാവ്യം കുരു ശ്രാവ്യമിതി ന്യഗാദീല്‍. കൃശാപി കോലേശവചസ്സമീരസംപ്രേരണാദ്ദേശിക ദൃഷ്ടിനാവാ ഭക്തിദ്വിതീയാഥ തദീയവാണീ പാരം ഗതാ കൃഷ്ണകഥാ പയോധേഃ. center|*** വാചാം ചമല്‍കാരകരീ ന മാധ്വീഝരീപരീപാക ധുരീണതാസ്മിന്‍; തഥാപി മൗകന്ദകഥാസുധാസു പിപാസവഃ കിന്ന ഭവന്തി സന്തഃ?"

ഒടുവില്‍,

``ശ്രീരാഘവാഖ്യദേശികകാരുണ്യകടാക്ഷവീക്ഷണവിലാസഃ മമ കൃഷ്ണചരിതജലധൗ മരകതമണിസേതുചാതുരീമകരോല്‍."

എന്നൊരു മുക്തകവും കാണ്‍മാനുണ്ടു്. ഇവയില്‍നിന്നു കവിയുടെ പ്രകൃഷ്ടമായ വിനയവും ശ്രീകൃഷ്ണവിഷയകമായ രതിഭാവവും ഗുരുഭക്തിയും പ്രത്യക്ഷീഭവിക്കുന്നു.

സമകാലികന്മാരായ കവികളില്‍ ഉദ്ദണ്ഡന്‍ മാത്രമല്ല ശങ്കരനെ പുകഴ്ത്തിയിരിക്കുന്നതു്. ചന്ദ്രോത്സവത്തില്‍ താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങള്‍ കാണാം:

``ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ- കരകിസലയസമ്മൃഷ്ടശ്രമസ്വേദജാലം അഹമഹമികയാ വന്നര്‍ത്ഥശബ്ദപ്രവാഹം ഭവതു വദനബിംബം ശാങ്കരം പ്രീതയേ മേ."

``ശ്രീശങ്കരേണ വിദുഷാ കവിസാര്‍വഭൗമേ- ണാനന്ദമന്ദഗതിനാ പുരതോ ഗതേന ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ പദ്യൈരവദ്യരവിതൈരനുവര്‍ണ്ണ്യമാനാ."

ചുവടേ ചേര്‍ക്കുന്ന അവിജ്ഞാതകര്‍ത്തൃകമായ ശ്ലോകവും അദ്ദേഹത്തെപ്പറ്റിയുള്ളതാണു്:

ന വിനാ ശങ്കരകവിനാ മമ ധിഷണാ സൗഖ്യഭൂഷണാ ഭവതി; വിധുനാ പ്രസാദനിധിനാ കുമുദ്വതീ കിന്നു മുദ്വതീ ഭവതി?

ശ്രീകൃഷ്ണവിജയം

ശങ്കരകവിയുടെ കൃതിയായി പന്ത്രണ്ടു സര്‍ഗ്ഗത്തില്‍ നിബദ്ധമായ ശ്രീകൃഷ്ണവിജയം മഹാകാവ്യമല്ലാതെ മറ്റൊരു സംസ്കൃതഗ്രന്ഥവും നമുക്കു ലഭിച്ചിട്ടില്ല. അദ്ദേഹത്തിനു ജീവിതകാലത്തില്‍ത്തന്നെ സിദ്ധിച്ച അന്യദുര്‍ല്ലഭമായ പ്രശസ്തിക്ക് അവലംബം ആ കാവ്യം തന്നെയാണു്. ശ്രീകൃഷ്ണവിജയത്തേക്കാള്‍ ശബ്ദസുന്ദരവും ശ്രവണമധുരവുമായ ഒരു കാവ്യം സംസ്കൃതസാഹിത്യത്തിലുണ്ടെന്നു തോന്നുന്നില്ല. മൂകപഞ്ചശതിയും മറ്റും ദേവതാസ്തോത്രങ്ങള്‍ മാത്രമാണല്ലോ. അത്തരത്തിലുള്ള ലളിതകോമളകാന്തപദാവലി വില്വമങ്ഗലത്തിനു മാത്രമേ സ്വാധീനമായിരുന്നിട്ടുള്ളു; പക്ഷേ അദ്ദേഹത്തിന്റെ കര്‍ണ്ണാമൃതവും മറ്റും ഒരു ഇതിവൃത്തത്തെ ആസ്പദീകരിച്ചു വിരചിതങ്ങളായ കൃതികളല്ലാത്തതിനാല്‍ ശങ്കരന്റെ കവനകലയില്‍ സഹൃദയന്മാര്‍ക്ക് ആദരാതിശയം തോന്നുന്നതു് അസ്വാഭാവികമല്ല. ശ്രീകൃഷ്ണവിജയത്തിലെ പ്രതിപാദ്യം ഭാഗവതത്തിലെ ദശമസ്കന്ധകഥയാണ്; കവിക്ക് ഉപജീവ്യന്‍ ശ്രീകൃഷ്ണവിലാസകാരനായ സുകുമാരനുമാണു്. വിലാസകാരനെപ്പോലെ വിജയകാരനും തന്റെ കാവ്യം മഹാമേരുവിന്റെ വര്‍ണ്ണനംകൊണ്ടു് ആരംഭിക്കുന്നു. വിജയം സന്താനഗോപാലകഥയോടുകൂടിയാണു് പര്യവസാനിക്കുന്നതു്. രസഭാവസമ്പത്തിലും വ്യങ്ഗ്യവൈഭവത്തിലും വിജയം വിലാസത്തെ സമീപിക്കുന്നു എന്നു പറവാനു നിവൃത്തിയില്ലെങ്കിലും ശബ്ദധോരണി പരിശോധിക്കുമ്പോള്‍ അങ്ങിങ്ങു് അതിന്റെ ഉപരിതലത്തില്‍ സ്ഥിതിചെയ്യുന്നു എന്നുപോലും സ്ഥാപിക്കുവാന്‍ കഴിയുന്നതാണു്. ചില ശ്ലോകങ്ങള്‍ ഉദ്ധരിച്ചു് ആ വിഷയത്തില്‍ ശങ്കരനുള്ള കൃതഹസ്തത പ്രത്യക്ഷമാക്കിക്കൊള്ളട്ടെ.

പൂതനയുടെ പതനം:-

``പ്രചലല്‍കുചഗണ്ഡശൈലലോലാ ചലിതോര്‍വീരുഹചണ്ഡബാഹുദണ്ഡാ ന്യപതദ്ഭുവി സാ യുഗാന്തമൂര്‍ച്ഛല്‍- പവനോന്മൂലിതപര്‍വ്വതോപമാനാ." (1)

കാളിയമര്‍ദ്ദനം:- ``പീതാംബരാഞ്ചിതകടീരതടീമനോജ്ഞ- സ്തിഷ്ഠന്‍ ഭുജങ്ഗപതിമൂര്‍ദ്ധനി പങ്കജാക്ഷഃ സമ്പ്രാപ നീലഗിരിതുങ്ഗശിലാനിഷണ്ണ– ബാലാതപച്ഛുരിതബാലതമാലലീലാം." (2)

ശരദ്വര്‍ണ്ണനം:- ``ദിശി ദിശി കളഹംസീ നാദസങ്ഗീതഭങ്ഗീ- ശിഥിലിതമദിരാക്ഷീ മൗനമുദ്രാ വിചേരുഃ നവനളിനവനാളീ ധൂത നാളീക കേളീ- പരിമിളിതമധൂളീ ബിന്ദവോ മന്ദവാതാഃ." (3)

രാസക്രീഡ:- ``നീലം നിസര്‍ഗ്ഗതരളം നിതരാം വിശാലം സ്വച്ഛാന്തരം സുകൃതിഭിസ്സുലഭാവലോകം പര്യാകുലം പയ ഇവാശു കളിന്ദജായാഃ കാലുഷ്യമാപ നയനം കമലേക്ഷണാനാം." (4) "വിസ്രംസമാനചികുരാ വിഗളദ്ദുകൂലാ വല്‌ഗദ്ഘനസ്തനഭരാ വലമാനപാര്‍ശ്വാഃ പ്രാപുസ്സരോജനയനാഃ പ്രണയപ്രണുന്നാഃ പുണ്യാതിരേകസുഭഗം പുരുഷം പുരാണം." (5) ``താനപ്രദാനലയതാളവിമിശ്രമഞ്ജൂ- ഗാനപ്രയോഗതരളീകൃതവിശ്വലോകാഃ പീനസ്തനദ്വയനതാ നനൃതുര്‍മ്മൃഗാക്ഷ്യോ മീനധ്വജപ്രഹരണക്ഷണഭിന്നധൈര്യാഃ." (6)

ഹൃദ്യമായ അര്‍ത്ഥചമല്‍കാരവും അലങ്കാരഭങ്ഗിയുമുള്ള ശ്ലോകങ്ങളും ധാരാളമുണ്ടു്. മന്ദവായുവിനെ വര്‍ണ്ണിക്കുന്ന അധോലിഖിതമായ ശ്ലോകം നോക്കുക:

``ഉപവനഭവനാന്തേ രിങ്ഖണം വ്യാദധാനാഃ പരിപതിതപരാഗൈര്‍ദ്ധൂ സരാഃ കേസരാണാം

ക്വണിതമധുകരാളീ കിങ്കിണീകാ വിചേരുര്‍- വിഗളിതമധുലാലാപാഥസോ വാതപോതാഃ."

അചുംബിതമായ ഒരു ഉല്ലേഖമാണു് ഇവിടെ നമ്മെ ആവര്‍ജ്ജിക്കുന്നതു്. താന്‍ ഒരു നല്ല വൈയാകരണനാണെന്നും കവി അവിടവിടെ നമ്മെ ധരിപ്പിക്കുന്നു. ആകെക്കൂടി ശങ്കരവാരിയരെ കേരളത്തിലെ ഒന്നാംകിടയില്‍ നില്ക്കുന്ന സംസ്കൃതകവികളുടെ കൂട്ടത്തില്‍ ഭാവുകന്മാര്‍ ഐകമത്യേന പരിഗണിക്കുകതന്നെ ചെയ്യും. ‘മുകുന്ദമുരളീമധുരസ്വരന്‍’ എന്നു ചന്ദ്രോത്സവകാരന്‍ അദ്ദേഹത്തിനു നല്കീട്ടുള്ള വിശേഷണം ഏറ്റവും ഉചിതമായിരിക്കുന്നു. ഒരു സംസ്കൃതമുക്തകം അദ്ദേഹത്തിന്റേതാണെന്നു കേട്ടിട്ടുള്ളതുകൂടി ഇവിടെ ഉദ്ധരിക്കാം:

``ആന്ധ്യം മേ വര്‍ദ്ധയ ത്വല്‍പദയുഗവിമുഖേ- ഷ്വംബ, ലോകേഷു; ജിഹ്വാ- കുണ്ഠത്വം ദേഹി ഭൂയസ്സ്വപരനുതിപരീ- വാദയോശ്ശൈലകന്യേ! ഖഞ്ജത്വം പോഷയേഥാഃ ഖലഗൃഹഗമനേ ദേവി! ബാധിര്യമുദ്രാം ത്വന്നാമാന്യപ്രലാപേ വിതര കരുണയാ ശ്രീവിഹാരാദ്രിനാഥേ."

പള്ളിക്കുന്നുഭഗവതിയെപ്പറ്റി ശബ്ദാലങ്കാരസുഭഗമായ ഒര സംസ്കൃതഗദ്യമുണ്ടു്. അതും പക്ഷേ വാരിയരുടെ കൃതിയായിരിക്കാം. അതില്‍ ചില പംക്തികളാണു് അടിയില്‍ കാണുന്നതു്.

``ജയ ജയ സകലജനനി സകലലോകപാലിനി, കരകലിതശൂലകപാലിനി, ഗിരിശഹൃദയരഞ്ജിനി, ദുരിതനിവഹഭഞ്ജിനി, നിഖിലദിതിസുതഖണ്ഡിനി, നിഗമവിപിനശിഖണ്ഡിനി, വിന്ധ്യശൈലലീലാകാരിണി, ബന്ധുരേന്ദ്രനീലാകാരിണി, കമലമൃദുലവിഗ്രഹേ, കഠിനഹൃദയദുര്‍ഗ്രഹേ, നിരവഗ്രഹേ, നിര്‍വിക്രിയേ, നിഷ്‌ക്രിയേ, നിരുദ്ഭവേ, നിരപമേ, നിരുപരമേ, പരമേശ്വരി................പദസരസിജ നഖരുചിപരമ്പരാനീരാജിതസ്വര്‍വാപികേ, വിബുധവ്യസന നിര്‍വാപികേ, നിഖിലവിശ്വവ്യാപികേ, നിസ്സീമമോഹതി മിരദീപികേ, വിവിധവിലാസവിവശിതഗിരിശചേതനേ, നിരസ്തസ്വഭക്തയാതനേ, മൃഗരാജകേതനേ, വിഹാരഗിരിനി കേതനേ, ഭഗവതി! നമസ്തേ നമസ്തേ."

കൃഷ്ണാഭ്യുദയം

ശങ്കരകവിയുടെ ശിഷ്യമാരില്‍ ഒരാളുടെ കൃതിയാണു് കൃഷ്ണാഭ്യുദയം. ശ്രീകൃഷ്ണവിജയത്തെ കവി പലപ്രകാരത്തിലും ഉപജീവിച്ചിട്ടുണ്ടെന്നുമാത്രമല്ല തന്റെ കൃതി ആ മഹാകാവ്യത്തിന്റെ സംക്ഷേപമായിരിക്കണമെന്നു സങ്കല്പിച്ചിരിക്കുന്നതുപോലെയും തോന്നുന്നു. ഗ്രന്ഥം സമഗ്രമായി ഞാന്‍ കണ്ടിട്ടില്ല. അഞ്ചാംസര്‍ഗ്ഗത്തിന്റെ മധ്യഭാഗംവരെ വായിച്ചിട്ടുണ്ടു്. അവിടംകൊണ്ടു വിപ്രപത്ന്യനുഗ്രഹലീലാവര്‍ണ്ണനം അവസാനിച്ചിട്ടില്ല. കവിതയ്ക്കു ശ്രീകൃഷ്ണവിജയത്തോളംതന്നെ ഹൃദ്യതയില്ലെങ്കിലും പ്രശംസനീയമായ ശബ്ദസൗകുമാര്യവും ശയ്യാസുഖവുമുണ്ടു്. താഴെച്ചേര്‍ക്കുന്ന ശ്ലോകങ്ങള്‍ അഭ്യൂദയത്തിലുള്ളവയാണു്.

``മദദ്രവക്ഷാളിതഗണ്ഡദേശാ രദദ്യുതിദ്യോതിതമൗലിചന്ദ്രാഃ ഉദിത്വരാ രുദ്രമുദാം വിവര്‍ത്താഃ പ്രദദ്യുരുദ്വേലതയാ മുദം നഃ. ഗിരാം മഹത്വാനി പുരാതനീനാം ജയന്തി പുണ്യാനി ഗീരീന്ദ്രജായാഃ ധയന്തി കാകോളമയന്തി ശോണാചലം ശരാസീകൃത സാനുമന്തി കുമുദ്വതീപുണ്യവിപാകലേഖാസമുല്ലസല്‍കൈശിക മായതാക്ഷം നമസ്കരോമ്യഞ്ചിതമങ്ഗജാങ്ഗപ്രമര്‍ദ്ദനാനന്ദനമേകമോജഃ കളിന്ദജാകൂലചരായ ഗോപീകദംബവക്ഷോരുഹപുണ്യഭൂമ്നേ വൃന്ദാവനാംഗീകൃതഗോപധേനുവൃന്ദാവനായാസ്തു നമോ മഹിമ്നേ. അശേഷമജ്ഞാനതമഃകദംബം ഗ്രസന്‍ കൃപാലോകമയൂഖ ജാലൈഃ മനോമയം മേ വിദധാതു ഫുല്ലം കുശേശയം ദേശിക വാസരേന്ദ്രഃ കോലേശ്വരാജ്ഞാമവലംബ്യ യേന കാവ്യം കൃതം കൃഷ്ണജയാഭിധാനം തദീയസാരസ്വതമാര്‍ഗ്ഗഗാമീ ചരാമ്യഹം പങ്ഗുരിവ പ്രയാസാല്‍. സ്വയം വിനിര്യന്നവപദ്യബന്ധശ്രമാംബു യസ്യാനന പദ്മലഗ്നം മമാര്‍ജ്ജ വാണീ കരപല്ലവേന സ ശങ്കരാഖ്യോ മമ ശംകരോതു. നിസര്‍ഗ്ഗദുര്‍ബോധകവിത്വമാര്‍ഗ്ഗേ ചരന്‍ ന ദൂയേ ധൃതഭക്തിദണ്ഡഃ ഗുരൂപദേശോജ്ജ്വലദീപശാലീസരസ്വതീദത്തകരാവലംബഃ

മദീയവാണീ ചപലാ വിമുക്തപ്രസാദലേശാപി രസോജ്ഝിതാപി ദാമോദരോദാരകഥാമധൂളീരസാദൃതാ ഗൃഹ്യത ഏവ സദ്ഭിഃ."

ശോണാചലക്ഷേത്രം വടക്കേ മലയാളത്തില്‍ എവിടെയുള്ളതാണെന്നു് അറിയുന്നില്ല. വാല്മീകി, വ്യാസന്‍, കാളിദാസന്‍, ഭട്ടബാണന്‍, ഭാരവി എന്നീ കവികുലകുടസ്ഥന്മാരെക്കൂടി ശങ്കരവാരിയര്‍ക്കു മുന്‍പായി കവി സ്മരിക്കുന്നു. വ്യാസനേയും ബാണനേയും വന്ദിക്കുന്ന പദ്യങ്ങളാണു് ചുവടേ ചേര്‍ക്കുന്നതു്:

പരാശരാദ്യം സമലബ്ധപുത്രം ശരീരജാജ്ഞാപരതന്ത്ര ചിത്താല്‍ തരീഗതാ സത്യവതീ; സ നിത്യം കരോതു മേ സല്‍ കവിതാവിലാസം." ``സത്യം സരസ്വത്യവതാരിതേയും വാണേന വാണീതി ബഭാജ സംജ്ഞാം; ഭഗീരഥേനൈവ സുരസ്രവന്തീ ഭാഗീരഥീതി പ്രഥിമാനമാപ."

പൂര്‍ണ്ണസരസ്വതി, ഇല്ലം

കേരളത്തിന്റെ ജനയിതാവെന്നു് ഐതിഹ്യം നിര്‍ദ്ദേശിക്കുന്ന ശ്രീ പരശുരാമന്‍ തന്നെ സാങ്ഗോപാങ്ഗമായും സരഹസ്യമായും മന്ത്രശാസ്ത്രോപദേശം ചെയ്തു് അനുഗ്രഹിച്ച ഒരു മഹനീയമായ ബ്രാഹ്മണകുടുംബമാണു് കാട്ടുമാടസ്സു് (കാട്ടുമാടത്തു്) മന. ആ കുടുംബം ആദികാലത്തു കോലത്തുനാട്ടിലാണു് സ്ഥിതിചെയ്തിരുന്നതു്. ഇപ്പോള്‍ ഇതിന്റെ സ്ഥാനം തെക്കെമലയാളത്തില്‍ പൊന്നാനിത്താലൂക്കില്‍ വലിയകുന്നം ദേശത്തു പള്ളിപ്പുറത്തു തപാലാപ്പീസ്സിനു സമീപമാകുന്നു. തന്ത്രത്തിനും മന്ത്രവാദത്തിനും പ്രസ്തുത കുടുംബം പണ്ടെന്നപോലെ ഇന്നും കേള്‍വിപ്പെട്ടിരിക്കുന്നു. ആ മനയെ തന്റെ അവതാരത്താല്‍ ധന്യമാക്കിയ ഒരു മഹാത്മാവാണു് കേരളത്തിലെ സംസ്കൃതഗ്രന്ഥവ്യാഖ്യാതാക്കന്മാരില്‍ പ്രഥമഗണനീയനായ പൂര്‍ണ്ണസരസ്വതി. പൂര്‍ണ്ണസരസ്വതി എന്നതു് ഒരു ബിരുദമാണു്. പിതൃദത്തമായ നാമധേയം എന്തെന്നു് അറിയുന്നില്ല.

പൂര്‍ണ്ണസരസ്വതിയുടെ കാലമേതെന്നും സാമാന്യമായി തീര്‍ച്ചപ്പെടുത്തുവാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ഭക്തിമന്ദാകിനി എന്ന വിഷ്ണുപാദാദികേശസ്തോത്രവ്യാഖ്യയില്‍ ശാരദാതനയന്റെ ഭാവപ്രകാശനത്തില്‍നിന്നു ചില പങ്‌ക്തികള്‍ ഉദ്ധരിച്ചിട്ടുണ്ടു്. ശാരദാതനയന്റെ കാലം 1175-നും 1250-നും ഇടയ്ക്കാണു്. രസമഞ്ജരി എന്ന മാലതീമാധവവ്യാഖ്യയില്‍ ആനന്ദബോധന്റെ ന്യായദീപാവലിയും ചില്‍സുഖന്റെ തത്ത്വദീപികയും ഉദ്ധൃതമായിരിയ്ക്കുന്നു. ചില്‍സുഖന്റെ ജീവിതം പതിന്നാലാം ശതകത്തിന്റെ പ്രാരംഭത്തിലായിരുന്നു. സുമനോരമണിയുടെ പ്രണേതാവായ പ്രഥമപരമേശ്വരന്‍ പൂര്‍ണ്ണ സരസ്വതിയുടെ വിദ്യുല്ലതയെ വിമര്‍ശിക്കുന്നുണ്ടെന്നു നാം കണ്ടുവല്ലോ. പതിന്നാലാം ശതകത്തിന്റെ അന്ത്യത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. അതുകൊണ്ടു് പതിന്നാലാംശതകത്തിന്റെ മധ്യത്തിലായിരിക്കണം പൂര്‍ണ്ണ സരസ്വതി ജീവിച്ചിരുന്നതു് എന്നു വന്നുകൂടുന്നു. വിദ്യുല്ലതയില്‍ അദ്ദേഹം മല്ലിനാഥന്റെ മേഘസന്ദേശവ്യാഖ്യയിലെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കുവാന്‍ ഉദ്യമിച്ചിട്ടുണ്ടെന്നു ചിലര്‍ പറയുന്നു. അതിനു തെളിവില്ലാതെയാണിരിക്കുന്നതു്. ‘കാന്താവിരഹഗുരുണാ’ എന്ന പദം വ്യാഖ്യാനിക്കുമ്പോള്‍ ``കാന്താവിരഹേണ ഗുരുണാ, ദുര്‍ഭരേണേതി കേചില്‍" എന്നു പൂര്‍ണ്ണസരസ്വതി ഉപന്യസിക്കുന്നതു മല്ലിനാഥന്റെ പങ്‌ക്തിയെ ഉദ്ധരിച്ചുകൊണ്ടായിരിക്കുവാന്‍ ഇടയില്ല. എന്തെന്നാല്‍ അദ്ദേഹം 1420-ല്‍ അന്തരിച്ച കാടയവേമന്റെ സാഹിത്യചിന്താമണിയില്‍ നിന്നു് ഒരു പപങ്‌ക്തി ഉദ്ധരിക്കുന്നുണ്ടു്. വേറെ ഒരവസരത്തിലും അദ്ദേഹം മല്ലിനാഥനെ സ്മരിക്കുന്നു എന്നു സംശയിക്കുന്നതിനു പോലും പഴുതു കാണുന്നുമില്ല.

ഗുരു

പൂര്‍ണ്ണജ്യോതിസ്സെന്ന ഒരു സന്യാസിയായിരുന്നു പൂര്‍ണ്ണസരസ്വതിയുടെ ഗുരു. കമലനീരാജഹംസത്തില്‍ ``ഭഗവതോ വൃഷപുരവിഭോര്‍ഭവാനീപതേര്‍ഭുവനമഹീയസാ...... വിശദശ്രുതവിനയമാധുര്യധുര്യേണ പരമേശ്വരഭക്തിസാരസീ വിഹാരകാസാരേണ, പദവാക്യപ്രമാണനേത്രത്രയനിരീക്ഷണാ പരപരമേശ്വര പൂര്‍ണ്ണജ്യോതിര്‍മ്മുനിവര നിഹിതനിസ്സൃതകരുണാമൃതപൂര്‍ണ്ണചന്ദ്രേണ. പൂര്‍ണ്ണസരസ്വതീനാമധേയേന, കവിനാ, നിബദ്ധമിദ്ധരസമദ്ഭുതാര്‍ഥം കമലിനീരാജഹംസം നാമനാടകം" എന്നു പ്രസ്താവനയുണ്ടു്. പൂര്‍ണ്ണജ്യോതിസ്സു സാക്ഷാല്‍ തൃപ്പൂണിത്തുറയപ്പന്‍ തന്നെയാണെന്നു ചിലര്‍ ഉദ്ദേശിക്കുന്നതു നിരാസ്പദമാണെന്നു് ഇതില്‍ നിന്നു തെളിയുന്നു. പൂര്‍ണ്ണജ്യോതിസ്സു തൃശ്ശൂരിലെ ഏതോ ഒരു മഠത്തിന്റെ അധിപതിയായ സ്വാമിയാരായിരുന്നു. അദ്ദേഹത്തെ പൂര്‍ണ്ണസരസ്വതി ഓരോ ഗ്രന്ഥത്തിലും വന്ദിക്കുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകം മാലതീമാധവവ്യാഖ്യയായ രസമഞ്ജരിയിലുള്ളതാണു്. അതു ശ്രീകൃഷ്ണനേയും കവിയുടെ ഗുരുനാഥനേയും യൗഗപദ്യേന പരാമര്‍ശിക്കുന്നു.

``യദ്ഗീതാര്‍ഥശ്രവണരസതോ ധ്വസ്തമോഹാന്ധകാരഃ കൃഷ്ണാനന്ദീ ത്രിജഗതി നരോ ജിഷ്ണുഭൂയം ജിഹീതേ

സ്വസ്മിന്നേവ പ്രകടിതമഹാവിശ്വരൂപം തദേകം പൂര്‍ണ്ണജ്യോതിഃ സ്ഫുരതു ഹൃദി മേ പുണ്ഡരീകായതാക്ഷഃ."

‘പൂര്‍ണ്ണജ്യോതിഃ പദയുഗജുഷഃ പൂര്‍ണ്ണസാരസ്വതസ്യ’ എന്നു ഹംസസന്ദേശത്തിലും, ‘പൂര്‍ണ്ണജ്യോതിശ്ചരണകരുണാ ജാഹ്നവീപൂതചേതാഃ’ എന്നും ‘പൂര്‍ണ്ണസരസ്വത്യാഖ്യഃ പൂര്‍ണ്ണ ജ്യോതിഃ പദാബ്ജ്പരമാണുഃ’ എന്നും വിദ്യുല്ലതയിലും, ‘പ്രണമ്യ സച്ചിദാനന്ദം പൂര്‍ണ്ണജ്യോതിര്‍ന്നിരഞ്ജനം, അനര്‍ഘരാഘവം നാമ നാടകം വ്യാകരോമ്യഹം’ എന്നു് അനര്‍ഘരാഘവടീകയിലും, ‘’പൂര്‍ണ്ണജ്യോതിഃപ്രസാദേന ചക്രേ പൂര്‍ണ്ണസരസ്വതീ’ എന്നു വീണ്ടും രസമഞ്ജരിയിലും കാണുന്ന പ്രസ്താവനകള്‍ കൂടി നോക്കുക.

കൃതികള്‍: കവി, പണ്ഡിതന്‍, സഹൃദയന്‍, വിമര്‍ശകന്‍, വ്യാഖ്യാതാവു് എന്നിങ്ങനെ പലനിലകളില്‍ പൂര്‍ണ്ണസരസ്വതി കേരളീയര്‍ക്കു് ആരാധ്യനാണു്. (1) മേഘസന്ദേശത്തിനു വിദ്യുല്ലത, (2) ശങ്കരഭഗവല്‍പാദരുടെ വിഷ്ണുപാദാദികേശസ്തവത്തിനു ഭക്തിമന്ദാകിനി, (3) മാലതീമാധവത്തിനു രസമഞ്ജരി എന്നീ സുവിസ്തൃതങ്ങളായ വ്യാഖ്യാനങ്ങളും (4) ശാകുന്തളം (5) ഉത്തരരാമചരിതം (6) അനര്‍ഘരാഘവം എന്നീ നാടകങ്ങള്‍ക്കു ടീകകളും (7) മാലതീമാധവത്തിലെ ഇതിവൃത്തത്തെ അധികരിച്ചു് ഋജുലഘ്വീ എന്ന കാവ്യവും (8) കമലിനീരാജഹംസം എന്ന നാടകവും (9) രന്തിദേവന്റെ ചരിത്രത്തെ പ്രതിപാദിക്കുന്ന ചര്‍മ്മണ്വതീചരിതം എന്ന ലഘുകാവ്യവും (10) ഹംസസന്ദേശം എന്ന സന്ദേശകാവ്യവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. അവ കൂടാതെ (11) നിപാതവൃത്തി എന്ന വ്യാകരണഗ്രന്ഥവും (12) അഭിനവഗുപ്തന്റെ നാട്യവേദവിവൃതിക്കു് ഒരു സങ്ഗ്രഹവും അദ്ദേഹം രചിച്ചിട്ടുള്ളതായി പഴമക്കാര്‍ പറയുന്നു. ആ വാങ്മയങ്ങള്‍ കണ്ടുകിട്ടീട്ടില്ല. വിദ്യുല്ലതയുടെ മധ്യത്തില്‍ ‘രന്തിദേവസ്യ കീര്‍ത്തിം’ എന്നവസാനിക്കുന്ന മേഘസന്ദേശശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ അവസരോചിതമായി ഉപനിബന്ധിച്ചിട്ടുള്ളതാണു് ചര്‍മ്മണ്വതീചരിതം.

വിദ്യുല്ലത: വിദ്യുല്ലത പ്രകാശനം ചെയ്ത അവസരത്തില്‍ അതിനു ഭൂമികയെഴുതിയ മഹാമഹോപാധ്യായന്‍ ആര്‍. വി. കൃഷ്ണമാചാര്യര്‍ പ്രസ്താവിക്കുന്നതു് ‘മാഘേ മേഘേ ഗതം വയഃ’ എന്നു സാഭിമാനം ആത്മപ്രശംസ ചെയ്ത മല്ലിനാഥന്റെ വ്യാഖ്യയ്ക്കുപോലും അതിനെ സമീപിയ്ക്കുവാന്‍ യോഗ്യതയില്ലെന്നും, അതില്‍ പദാര്‍ത്ഥവും വാക്യാര്‍ത്ഥവും വിവരിച്ചിട്ടുള്ളതിനു പുറമേ, ശങ്കാസമാധാനങ്ങള്‍ സയുക്തി പ്രമാണം പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നും, രസഗമനിക രമ്യതരമായി വിചാരണ ചെയ്തിരിക്കുന്നു എന്നും, അലങ്കാരം, വ്യങ്ഗ്യാര്‍ഥം, സമീചീനതരമായ പാഠം ഇവ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നും, സര്‍വോപരി പ്രസ്തുത കാവ്യത്തിന്റെ പഠനംകൊണ്ടുള്ള പ്രയോജനം വിശദീകരിച്ചിരിക്കുന്നു എന്നും, ഏതു പാശ്ചാത്യ വിമര്‍ശകന്റെ ദൃഷ്ടികൊണ്ടു നോക്കിയാലും തല്‍കര്‍ത്താവു ഒരു പ്രശസ്യനായ നിരൂപകനായിത്തന്നെ പ്രശോഭിക്കുമെന്നുമാണു്. ഈ അഭിപ്രായത്തില്‍ അതിശയോക്തിയുടെ സ്പര്‍ശമേയില്ല. വിദ്യുല്ലതയില്‍നിന്നു നാലഞ്ചു ശ്ലോകങ്ങള്‍ താഴെ ഉദ്ധരിക്കുന്നു;

``വിസ്താരഭാജി ഘനപത്രലതാസനാഥേ മുക്താവലീവിമലനിര്‍ഝരധാമ്നി തുങ്ഗേ ഗോവര്‍ദ്ധനേ കുചതടേ പി ച ഗോപികാനാ- മാപദ്ധനം സുമനസാം രമമാണമീഡേ."

``നിധൗ രസാനാം നിലയേ ഗുണാനാമലങ്കൃതീനാ മുദധാവദോഷേ കാവ്യേ കവീന്ദ്രസ്യ നവാര്‍ഥതീര്‍ഥേ യാ വ്യാചികീര്‍ഷാ മമ താം നതോസ്മി."

``ആസീല്‍ പുരാ നരപതിഃ കില രന്തിദേവഃ കീര്‍ത്തിപ്രസൂനസുരഭീകൃതദിങ്മുഖശ്രീഃ യോ വര്‍ണ്ണസങ്കരവതീമപി രത്നപുഞ്ജൈഃ ക്ഷോണീമപാലയദസങ്കരവര്‍ണ്ണഹൃദ്യാം." center|(ചര്‍മ്മണ്വതീചരിതം) ``സുകവിവചസി പാഠാനന്യഥാകൃത്യ മോഹാ- ദ്രസഗതിമവധൂയ പ്രൗഢമര്‍ഥം വിഹായ വിബുധവരസമാജേ വ്യാക്രിയാകാമുകാനാം ഗുരുകുലവിമുഖാനാം ധൃഷ്ടതായൈ നമോ സ്തു."

``ആവിഃസ്നേഹമുപാസിതാ സഹബുധൈ- രന്തേ വസന്ത്യാ ഗിരാ ചാന്ദ്രീ ചന്ദ്രികയേവ മൂര്‍ത്തിരമലാ താരാഗണൈശ്ശാരദീ മൂലേ ധാമ്നി നിഷേദുഷീ വടതരോര്‍- മുഗ്ദ്ധേന്ദുനാ മുദ്രിതാ മുദ്രാ വേദഗിരാം പരാ വിജയതേ വിജ്ഞാനമുദ്രാവതീ."

ചില ഇതരകൃതികള്‍: ഭക്തിമന്ദാകിനിയും ഒരു പ്രൗഢമായ വ്യാഖ്യാനമാണു്. മാലതീമാധവത്തിനു രസമഞ്ജരിയെപ്പോലെ നിഷ്കൃഷ്ടവും സര്‍വങ്കഷവുമായ ഒരു വ്യാഖ്യാനം മറ്റാരും രചിച്ചിട്ടില്ല. ഋജുലഘ്വീ, അതിലെ ഇതിവൃത്തത്തെ ഉപജീവിച്ചു നിമ്മിച്ചിട്ടുള്ള ഒരു കാവ്യമാണെന്നു പറഞ്ഞുവല്ലോ.

``മഹല്‍ പ്രകരണം യേന സ്വോല്‍പാദ്യചരിതം കൃതം; ചിരന്തനായ കവയേ നമോസ്മൈ ഭവഭൂതയേ."

എന്നു പ്രാരംഭപദ്യത്തില്‍ കവി മൂലകാരനെ വന്ദിക്കുന്നു.

``അസ്തി ശ്രിയോന്തഃപുരമഗ്രഹാരം പൃഥ്വ്യങ്ഗനായാഃ പ്രഥിതോ ഗ്രഹാരഃ പദം മഹല്‍ പത്മപുരീതി നാമ്നാ ധര്‍മ്മസ്ഥിരാണാം ധരണീസുരാണാം.

തത്രാന്വവായശ്രുതവിത്തവിത്തൗ മാന്യദ്വിജൗ മാധവകേശവാഖ്യൗ ബഭൂവതുര്‍ബദ്ധജഗല്‍പ്രമോദൗ ഭുവി സ്ഫുരന്താവിവ പുഷ്പവന്തൗ."

എന്നിത്യാദി പ്രസാദാദി ഗുണങ്ങള്‍ക്കു മകുടോദാഹരണങ്ങളായി ഇരുനൂറ്ററുപത്താറു പദ്യങ്ങള്‍ ആ കൃതിയില്‍ ഉണ്ടു്.

``പ്രകടിതമിതി പദ്യൈരഞ്ജസാ ബാലിശാനാം സുകുടിലമിതിവൃത്തം മാലതീമാധവസ്യ ദിശതു സഹൃദയേഭ്യോ ദീര്‍ഘമാനന്ദമുദ്രാം കൃതിരിയമൃജുലഘ്വീ പൂര്‍ണ്ണസാരസ്വതസ്യ."

എന്ന പദ്യത്തോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. ഇതൊരു ദ്രുതകവിതയാണെന്നു തോന്നുന്നു. ശാകുന്തളം, ഉത്തരരാമചരിതം, അനര്‍ഘരാഘവം ഇവയുടെ വ്യാഖ്യകള്‍ ലഘുടിപ്പണികളാണു്.

അനര്‍ഘരാഘവത്തിനു ‘പഞ്ചിക’ എന്ന ശീര്‍ഷകത്തില്‍ മറ്റൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവു മുക്തിനാഥന്റെ പുത്രനായ വിഷ്ണുവാണു്.

``അനര്‍ഘരാഘവാഖ്യസ്യ നാടകസ്യ യഥാമതി കരോതി പഞ്ചികാം വിഷ്ണുര്‍മ്മുക്തിനാഥസ്യ നന്ദനഃ"

എന്നു വ്യാഖ്യാനത്തിന്റെ ആരംഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. ഈ വിഷ്ണു കേരളീയനാണോ എന്നു് അറിവില്ല.

കമലിനീരാജഹംസം

ഇതു് അഞ്ചങ്കത്തിലുള്ള ഒരു നാടകമാകുന്നു. അദ്വൈതവേദാന്തമാണു് പ്രതിപാദ്യവിഷയം. താഴെക്കാണുന്നവയില്‍ ആദ്യത്തെ ശ്ലോകം നാന്ദിയും, ഒടുവിലത്തേതു രണ്ടും ഭരതവാക്യവുമാണു്.

``ജടാവാടീകോടീചടുലതടിനീവീചിപടലീ- വിലോലദ്വ്യാളേന്ദുക്ഷരദമൃതധാരാകണയുതഃ ദധാനോ മുക്താളീമിവ ഗളഗരോഷ്മപ്രശമനീം പുനാതു ശ്രീമാന്‍ വോ വൃഷപുരവിഹാരീ പുരഹരഃ."

``രസയതു സുമനോഗണഃ പ്രകാമം പിശുനശുനാം വദനൈരദൂഷിതാനി കവിഭിരുപഹൃതാനി ദീപ്തജിഹ്വൈ- രതിസരസാനി ഹവീംഷി വാങ്മയാനി."

``മദ്ധ്യേഹേമസഭം മനസ്സു മഹതാം മൗലൗ സ്വഭാസാം ഗിരാം മാന്യേ കേരളഭൂലലാമ്നി വൃഷഭഗ്രാമേ ച നൃത്യന്മുദാ, ആലിങ്ഗന്‍ വദനശ്രിയാ കമലിനീമാമോദിനീമദ്രിജാം നവ്യോ ഭാതു മമ വ്യഥാഃ ശിഥിലയന്‍ ഭാവായ ഹംസോ മഹാന്‍."

തൃശ്ശിവപേരൂരിലെ വസന്തമഹോത്സവത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി എഴുതിയതാണു് കമലിനീരാജഹംസമെന്നു പ്രസ്താവനയില്‍നിന്നു വെളിവാകുന്നു. ആ ഘട്ടത്തില്‍ വടക്കുന്നാഥനെക്കുറിച്ചും ആ മഹോത്സവത്തെക്കുറിച്ചും അത്യന്തം സമുജ്ജ്വലങ്ങളായ വിവരണങ്ങളുണ്ടു്. പ്രസ്താവനയില്‍പ്പെട്ടവയാണു് അടിയില്‍ കാണുന്ന പദ്യങ്ങള്‍:

``സൂത്ര- ബഹുവിഷയവിചരണചണശ്ചരണസ്സമ്പ്രതി ചിരായ മേ ഫലവാന്‍ യസ്മാദഹമുപയാതഃ കേരളമണ്ഡലമഖണ്ഡസൗഭാഗ്യം. തഥാഹി-

ചതുഷ്ഷഷ്ട്യാ ശിഷ്ടദ്വിജപരിചിതൈര്‍ഗ്രാമനിവഹൈ- രലങ്കാരം സാരം വഹതി മഹിതാ കേരളമഹീ

ഉമാനാഥേ യസ്യാം വൃഷപുരവിഹാരൈകരസികേ വിലാസാന്‍ കൈലാസോ വിബുധമഹനീയഃ ശ്ലഥയതി.

അപിച- വിശ്വേശ്വരസ്യ ഭുവി കാശിപുരീവയസ്യാ വിഖ്യായതേ വൃഷപുരീതി പുരീ പരാര്‍ദ്ധ്യാ അദ്വൈതബോധപണബന്ധനമന്തരാപി യസ്യാം വിമുക്തിഗണികാ ഭജതേ മുമുക്ഷൂന്‍."

വടക്കുന്നാഥനെപ്പറ്റി: ``അനാദിരൂപോ ഭഗവാനനാദിഃ ശിവസ്ത്രിധാമാ മിളിതൗ ച തൗ സന്‍ വ്യനക്തി രൂപം നിജമപ്രമേയം സിതഞ്ച നീലഞ്ച സിതാസിതഞ്ച."

എന്നും മറ്റും പല ശ്ലോകങ്ങളും കാണുന്നു. തന്റെ കവിതയ്ക്കു ഗുണമില്ലെങ്കിലും വിദ്വാന്മാര്‍ ശ്ലാഘിക്കുമെങ്കില്‍ അതു സഗുണമായിക്കൊള്ളുമെന്നാണു് അദ്ദേഹത്തിന്റെ പക്ഷം.

``വാണീ മമാസ്തു വരണീയഗുണൗഘവന്ധ്യാ ശ്ലാഘ്യാ തഥാപി വിദുഷാം ശിവമാശ്രയന്തീ; ദാസീ നൃപസ്യ യദി ദാരപദേ നിവിഷ്ടാ ദേവീതി സാപി നനു മാനപദം ജനാനാം."

നിപാതവൃത്തി നിപാതങ്ങളെ സംബന്ധിച്ചുള്ള ഒരു ചെറിയ കൃതിയാണെന്നു കേട്ടിട്ടുണ്ടു്. അതും നാട്യവേദവിവൃതി സങ്ഗ്രഹവും എനിക്കു വായിക്കുവാന്‍ ഇടവന്നിട്ടില്ല.

ഹംസസന്ദേശം

ഹംസ സന്ദേശത്തില്‍ 102 പദ്യങ്ങളുണ്ടു്. പൂര്‍വോത്തരവിഭാഗങ്ങളില്ല. കാഞ്ചീപുരത്തുകാരിയായ ഒരു യുവതി ശ്രീകൃഷ്ണനില്‍ അനുരക്തയായി ഒരു ഹംസത്തോടു വൃന്ദാവനത്തോളം ദൗത്യം വഹിച്ചു ചെന്നു തന്റെ വിരഹതാപം ആ ദേവനോടു നിവേദനം ചെയ്യുവാന്‍ അപേക്ഷിക്കുന്നതാണു് വിഷയം. ദൂതന്‍ പോകേണ്ട മാര്‍ഗ്ഗം ചോളം, പാണ്ഡ്യം, കേരളം എന്നീ രാജ്യങ്ങളില്‍കൂടിയാകുന്നു. ചോളരാജ്യം, കാവേരി, ശ്രീരങ്ഗം, പാണ്ഡ്യരാജ്യം, താമ്രപര്‍ണ്ണി, കേരളരാജ്യം, അനന്തശയനം, രക്തദ്രുമം (തൃച്ചെമ്മരം) കാളിന്ദി, വൃന്ദാവനം, ഘോഷം (വ്രജം) ഇവയെ കവി പ്രസ്തുത സന്ദേശത്തില്‍ സ്മരിക്കുന്നു. കേരളത്തിന്റെ വര്‍ണ്ണനം താഴെക്കാണുന്നതാണു്.

``ധര്‍മ്മസ്സാക്ഷാല്‍ കൃതയുഗസഖോ യേഷു സാനന്ദമാസ്തേ മാലിന്യാഢ്യം കലിവിലസിതം മന്യമാനസ്തൃണായ കേളീസ്ഥാനം കമലദുഹിതുഃ കേരളാംസ്താനുപേയാഃ ശീതോത്സംഗാന്മരിചലതികാലിംഗിതാം ഗൈര്‍ല്ലവംഗൈഃ, ``വേലാമേലാവനസുരഭിലാം വീക്ഷമാണഃ പയോധേ- സ്താലീകാലീകൃതപരിസരാം താഡ്യമാനാം തരങ്ഗൈഃ ദേശാനാശാവിതതയശസോദേവലോകോപമേയാന്‍ കേശാകേശിക്ഷതകലിമലാന്‍ കേരളാംസ്താന്‍ ക്രമേഥാഃ."

നോക്കുക: കമലിനീരാജഹംസത്തിലും ഹംസസന്ദേശത്തിലും വ്യഞ്ജിക്കുന്ന പൂര്‍ണ്ണസരസ്വതിയുടെ ദീപ്രമായ ദേശാഭിമാനം. തിരുവനന്തപുരത്തെ കവി ഇങ്ങനെ പുകഴ്ത്തുന്നു:

``തേഷാം ഭൂഷാമണിമനുപമം സേവിതം യോഗിമുഖ്യൈഃ പ്രാപ്യാനന്തം പുരമഹിശയം ജ്യോതിരാനമ്യ ഭക്ത്യാ അന്വിഷ്യേസ്തം ജനമകരുണം മന്മനശ്ചോരമാരാ- ദ്ദേശേ തസ്മിന്‍ സ ഖലു രമതേ ദേവകീപുണ്യരാശിഃ. തത്രത്യാനാം തരുണവയസാം സുന്ദരീണാം വിലാസൈര്‍- മാ ഭൂല്‍ ക്ഷോഭസ്തവ മതിമതോ ബന്ധുകാര്യോദ്യതസ്യ; കേശസ്സാന്ദ്രൈരസിതകുടിലൈഃ കേകിപിഞ്ഛോ പമേയൈഃ

കേഷാം ന സ്യുര്‍ധൃതിവിഹൃതയേ കേരളീനാം മുഖാനി?"

കേരളത്തില്‍ ശ്രീകൃഷ്ണനെ തിരയേണ്ടതായി നായിക നിര്‍ദ്ദേശിക്കുന്ന ക്ഷേത്രങ്ങള്‍ തിരുവനന്തപുരവും തൃച്ചെമ്മരവും മാത്രമേയുള്ളു.