സാഹിത്യവാരഫലം 1994 04 24 “ദൂരെയുള്ള വിളക്കുകളുടെ ചുറ്റും നൃത്തംചെയ്യുന്ന നിഴലുകളില്‍ ആഹ്ളാദത്താല്‍ തിമിര്‍ക്കുന്നവരാണോ അതോ ദുഃഖം കൊണ്ടു പരവശരായവരാണോ ഉള്ളതെന്നു നിങ്ങള്‍ക്കു പറയാനാവില്ല. മതിലുകളിലൂടെ താഴോട്ട് ഒഴുകുന്ന നിറം ചോരയുടേതാണോ അതോ റോസാപ്പൂക്കളുടേതാണോ എന്ന് ഇവിടിരുന്നു കൊണ്ട് നിങ്ങള്‍ക്കു പറയാനാവില്ല.” പാകിസ്ഥാനിലെ കവി ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ ഈ കാവ്യം വായിച്ചപ്പോള്‍ ചോരയൊഴുകുന്ന ഒരു വിപ്ളവത്തിലും വിശ്വസിക്കാനാവാത്ത എനിക്ക് ഹര്‍ഹോന്മാദമുണ്ടായി. എന്താണ് അതിനു കാരണം? ഇന്‍ഡ്യയും പാകിസ്ഥാനും പരസ്പരം സ്നേഹത്തോടെ കഴിയണമെന്ന് ഉദ്ബോധിപ്പിച്ച ഫൈസിനോടുള്ള സ്നേഹം കൊണ്ടാണോ എനിക്കിത് ആഹ്ളാദമുളവാക്കിയത്? അല്ല. ഇന്‍ഡ്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത പരകോടിയിലെത്തിയിരുന്ന കാലയളവില്‍ ഗാന്ധിജിയുടെ ശവസംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലാഹോറില്‍ നിന്ന് ഇന്‍ഡ്യയിലേക്കു ‘പറന്ന’ കവിയോടുള്ള് അതിരു കടന്ന സ്നേഹം കൊണ്ടാണോ എനിക്ക് ആ വികാരമുണ്ടായത്? അല്ല. ഇന്‍ഡ്യയെ നിന്ദിക്കുന്ന വിദേശത്തെ കവി പ്രതിഭാശാലിയാണെങ്കില്‍ ഞാന്‍ ആ കവിയെ കവിയെന്ന നിലയില്‍ ബഹുമാനിക്കാന്‍ സന്നദ്ധനാണ്. ഗാന്ധിജിയെ അതിശയിച്ച വേറോരു ലോകനേതാവില്ലെന്നു വിശ്വസിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മയുടെ മുന്‍പില്‍ എപ്പോഴും തലകുനിച്ചു നില്ക്കുന്ന ഞാന്‍ അദ്ദേഹത്തെ നിന്ദിക്കുന്നവന്‍ സര്‍ഗ്ഗാത്മക രചനയുടെ അധിത്യകയില്‍ നില്ക്കുന്നവനാണെങ്കില്‍ ആ വ്യക്തിയെ സര്‍ഗ്ഗാത്മക വൈദഗ്ദ്ധ്യത്തിന്റെ പേരില്‍ മാനിക്കാന്‍ മനസ്സുള്ളവനാണ്. അതിനാല്‍ ഫൈസിന്റെ വരികള്‍ വായിച്ചു പുളകപ്രസരമനുഭവിച്ചത് മറ്റു ഹേതുക്കളാലാണെന്നത് സ്പഷ്ടം. ആ കാരണങ്ങളിലൊന്ന് ഭാവാത്മകതതന്നെ. പ്രചാരണപരങ്ങളായ ആശയങ്ങളെപ്പോലും ഭാവാത്മകതയില്‍ ആമജ്ജനം ചെയ്യിച്ചാല്‍ സഹൃദയന്‍ രസിക്കും.