close
Sayahna Sayahna
Search

ഔദ്ധത്യം


__NOMATHJAX__

ഔദ്ധത്യം
ഗ്രന്ഥകാരന്‍ സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഭാഗം ഹാസ്യം
പ്രസിദ്ധീകരണ വർഷം 1935
മാദ്ധ്യമം പ്രിന്റ്
Preceded by കോഴിക്കോട് മുനിസിപ്പാലിറ്റി
Followed by ഞാന്‍ മാവിലായിക്കാരനാണ്

ഔദ്ധത്യം

അനന്തരം അത്യുച്ചത്തില്‍ പാടിക്കൊണ്ട് സഞ്ജയന്‍ പ്രവേശിയ്ക്കുന്നു.

(പാട്ട്)
(രാഗം: പത്രികാഭരണം — താളമില്ല)

“ഒരൊറ്റ മാറാവ്യാധിയിലുലകം മുഴുക്കെ മുങ്ങുന്നൂ;
പരക്കെ മര്‍ത്ത്യന്മാരതിലിടപെട്ടഹോ കുഴങ്ങുന്നൂ;
അതിന്നു പേരാണൌദ്ധത്യം; നാമതിനു വഴിപ്പെട്ടാല്‍,-
ക്കഴിഞ്ഞു നമ്മുടെ കാര്യം; പിന്നെ,ക്കരോമി കിമ്മെന്നാം.
അതിന്നൊരൌഷധമടിയാണായതു വടിയാലരുളീടാ-
മതിന്നു വേണമൊരഞ്ചെട്ടാളുകളരോഗദൃഢഗാത്രര്‍!”

ഇത്രയുമായപ്പോഴേക്കും സദസ്സിലെ ഭാഗവതര്‍മാര്‍ മോഹാലസ്യപ്പെട്ടു വീഴുകയും, ഫ്രീയായി വന്ന പോലീസ്സുകാര്‍കൂടി ടിക്കറ്റിന്റെ പണം മടക്കിക്കിട്ടേണമെന്നാവശ്യപ്പെടുകയും ചെയ്തതുനിമിത്തം, പാട്ടുനിര്‍ത്തി എഴുത്താരംഭിയ്ക്കുന്നു.

2-9-’34.


യജമാനത്തി
(പുതിയ ഭൃത്യനോട്) ആരാണ് ആ ചായപ്പാത്രം പൊളിച്ചത്?
പുതിയ ഭൃത്യന്‍
പൂച്ച.
യജമാനത്തി
എവിടത്തെ പൂച്ച?
ഭൃത്യന്‍
എന്റെ ഈശ്വര; ഇവിടെ പൂച്ചയുമില്ലേ? (കേ.പ.)
* * *

ഒരാളുടെ ഇഷ്ടത്തിന്നെതിരായി അയാളുടെ പണം കൊണ്ടു പോകുന്നവര്‍ കള്ളന്മാരാണെന്ന് ഒരു ജഡ്ജി പറഞ്ഞിരിയ്ക്കുന്നു.

നികുതി പിരിവുകാര്‍ സൂക്ഷിച്ചേക്കണേ! (കേ.പ.)

“ഞാന്‍ മാവിലായിക്കാരനാണ്”

ഞാന്‍ ഒരു കഥ പറയാന്‍ പോകുന്നു, മനസ്സിരുത്തി കേള്‍ക്കണം. ഇടക്ക് അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് അലട്ടരുത്. കൈ മുട്ടുന്നത് അവസാനമാക്കാം. കുറച്ചു വിട്ടു നില്‍ക്കിന്‍!—ശരി. എന്നാല്‍ പറയട്ടേ?

* * *

തിരുവോണദിവസം. ഓണത്തിന് ഊണ് അല്പം വൈകീട്ടാണല്ലോ പതിവ്. ഊണിന്നടുത്തേ പഴമക്കാര്‍ കുളിക്കുകയുള്ളു; കുളി കഴിയുന്നതു വരെ അവരൊന്നും കഴിക്കുകയുമില്ല. അങ്ങിനെ രണ്ട് മണിക്ക് കുളി കഴിഞ്ഞ്, പാവുടുത്ത്, ചന്ദനക്കുറിയും, നനഞ്ഞ തോർത്തും, കലശലായ വിശപ്പും, തെല്ലൊരു, ശൂണ്ഠിയുമായി ഒരു വലിയ തറവാട്ടിലെ രണ്ടാംകൂറുകാരണവർ കോണിയിറങ്ങി തളത്തിലേക്ക് നോക്കിയപ്പോൾ, പന്തിപ്പായ വിരിച്ച്, ഇലയുടെ മുമ്പിൽ] കാരണവർ തുടങ്ങി വിഷുവിന്ന് ചോറൂണ് കഴിഞ്ഞ കുട്ടി വരെ ഇരുന്നുകഴിഞ്ഞിരിയ്ക്കുന്നു. ഇരുന്നവരുടെ എണ്ണം മുപ്പത്തൊന്ന്. ഇലയെണ്ണം മുപ്പത്തൊന്ന്; പൂജ്യം അണ, പൂജ്യം പൈ; സർക്കാർ കണക്കുപോലെ എന്നർത്ഥം, രണ്ടാംകൂറിന്ന് ഇലയുമില്ല, സ്ഥലവുമില്ല, ഇരുന്നവരുടെ മുമ്പിൽനിന്ന് ഇല വലിച്ചു പായുകയോ, ഭാഗത്തിന്ന് വ്യവഹാരം ഫയലാക്കുകയോ, കാരണവരോട് കയർക്കുകയോ, അനന്തരവന്മാരുടെനേരെ കണ്ണുരുട്ടുകയോ, ഇലവെച്ചവനെ പ്രഹരിക്കുകയോ, എന്താണ് രണ്ടാം കൂറു ചെയ്യുക?

* * *

നിങ്ങൾക്കറിഞ്ഞുകൂട. എനിക്കും അറിഞ്ഞുകൂടാ. പക്ഷെ നമ്മുടെ വൈസ്ചേർമാനറിയും, കഥയിലെ രണ്ടാംകൂറിന്റെ സ്ഥിതിയാണ് അദ്ദേഹത്തിനു പററിയിരിയ്ക്കുന്നത്. വൈസ്ചേർമാന്റെ പേര് വോട്ടർമാരുടെ ലിസ് ററിലില്ല! നോക്കിൻ, സർ ഒരു തമാശ! ഇങ്ങിനെ പരമരസികന്മാരായിട്ട് ഒരു മുനിസിപ്പാലിറ്റിക്കാരെ ഞാൻ ഈ വയസ്സിനകത്ത് കണ്ടിട്ടില്ല. ഇനി നാളെ ചെയർമാൻ കൗൺസിലിൽ വരുമ്പോൾ അദ്ദേഹത്തിന്ന് കസാലയില്ലെന്നു കേൾക്കാം. ഇതെന്തൊരു മക്കാറാണ്!

* * *

നിങ്ങൾ മുനിസിപ്പാലിറ്റി സാക്ഷാൽ പരബ്രഹ്മജി താൻതന്നെ വിചാരിച്ചാലും നന്നാക്കുവാൻ കഴിയാത്ത മുനിസിപ്പാലിററിയാണ്. ഈ ബാലിയുടെ വാലിനു സഞ്ജയനും കയറിപ്പിടിച്ച് എന്നൊന്നും ഘോഷിച്ചു നടക്കേണ്ടുന്ന ആവശ്യം സഞ്ജയന്നുമില്ല. നിങ്ങൾ നന്നായാൽ] നിങ്ങൾക്കു നന്ന്. നന്നെ ബുദ്ധിമുട്ടിച്ചാൽ പണ്ട് മാവിലായിക്കാരൻ പറഞ്ഞൊഴിഞ്ഞതുപോലെ സഞ്ജയനും ഒഴിയും.

* * *

നിങ്ങൾ അക്കഥ കേട്ടിട്ടില്ലല്ലോ. പണ്ടൊരു ദിവസം രാത്രി ആററുപുറം വയലിൽക്കൂടി രണ്ടു കള്ളുകുടിയന്മാർ പോവുകയായിരുന്നു. പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നിരിക്കുന്നു. “എന്നാൽ ലോകത്തിൽ വെളിച്ചം തരുന്ന പല സാധനങ്ങളുമുണ്ടെങ്കിലും ആ സാക്ഷാൽ സൂര്യഭഗവാൻ സൂര്യഭഗവാൻ തന്നെ” എന്നുപറഞ്ഞ് ഒരു കടിയൻ ചന്ദ്രനെ നോക്കി വളരെ ഭക്തിയോടുകൂടി ഒന്നു കണ്ണടച്ചു തൊഴുതു. “തനിക്കു തലക്കു പിടിച്ചിരിക്കുന്നു; അതു ചന്ദ്രനാണൊടോ”, എന്ന് മറ്റേക്കുടിയൻ വാദമായി. വാദം മൂത്തു പിടിയും വലിയും തുടങ്ങി; കത്തി വലിക്കേണ്ടുന്ന ഘട്ടമായി. അപ്പോഴാണ് പട്ടണത്തിൽനിന്നു പതിവായി നേരം വൈകി തിരിച്ചുപോകാറുള്ള ഒരു വഴിപോക്കൻ അവിടെയെത്തിയത്. കുടിയന്മാർ രണ്ടപേരും അയാളെ കടന്നുപിടിച്ചു. “പറയെടാ ആ കാണുന്നത് ചന്ദ്രനാണോ? സൂര്യനല്ലേ” എന്നൊരാൾ; “നല്ലവണ്ണം സൂക്ഷിച്ചു പറഞ്ഞോ. ചന്ദ്രനല്ലേ അത്?” എന്ന് മറ്റൊരാൾ.

* * *

എന്തു ചെയ്യും? പെരുങ്കളം പാലയുടെ കീഴിൽനിന്നാണ് ചോദിക്കുന്നത്. നാലു ഭാഗത്തും പാടം പരന്ന ശാന്തസമുദ്രംപോലെ കിടക്കുന്നു.

നമ്മുടെ ഡെപ്യൂട്ടി ഇൻസ്പെക്ടരുംകൂടി വീട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഒരു നരജീവി ആ പ്രദേശത്തൊന്നുമില്ല. കുടിയന്മാരാണെങ്കിൽ , ദീർഘകായന്മാർ. വഴിപോക്കന്ന് പെട്ടെന്നു് ഒരു യുക്തി തോന്നി. “അയ്യോ, കൂട്ടരെ, ഞാനെങ്ങിനെയാണ് ഇതെല്ലാം അറിയുക? ഞാൻ ഇന്നാട്ടുകാരനല്ല: മാവിലായിക്കാരനാണ്” എന്നാണയാൾ പറഞ്ഞത്. എന്നാൽ “പോ കഴുതേ” എന്നും പറഞ്ഞ് കുടിയന്മാർ അയാളെ വിട്ടു. അതുപോലെ സഞ്ജയനും ചെയ്യും. ഏറെപ്പറഞ്ഞാൽ ഞാൻ ഇന്നാട്ടുകാരനല്ല, മാവിലായിക്കാരനാണ്. നിങ്ങളായി, നിങ്ങളുടെ പാടായി.

9.9.1934