ഔദ്ധത്യം
__NOMATHJAX__
ഔദ്ധത്യം | |
---|---|
ഗ്രന്ഥകാരന്‍ | സഞ്ജയന്‍ (എം ആര്‍ നായര്‍) |
മൂലകൃതി | സഞ്ജയന്‍ |
ഭാഷ | മലയാളം |
വിഭാഗം | ഹാസ്യം |
പ്രസിദ്ധീകരണ വർഷം | 1935 |
മാദ്ധ്യമം | പ്രിന്റ് |
Preceded by | കോഴിക്കോട് മുനിസിപ്പാലിറ്റി |
Followed by | ഞാന്‍ മാവിലായിക്കാരനാണ് |
അനന്തരം അത്യുച്ചത്തില്‍ പാടിക്കൊണ്ട് സഞ്ജയന്‍ പ്രവേശിയ്ക്കുന്നു.
(പാട്ട്)
(രാഗം: പത്രികാഭരണം — താളമില്ല)
“ഒരൊറ്റ മാറാവ്യാധിയിലുലകം മുഴുക്കെ മുങ്ങുന്നൂ;
പരക്കെ മര്‍ത്ത്യന്മാരതിലിടപെട്ടഹോ കുഴങ്ങുന്നൂ;
അതിന്നു പേരാണൌദ്ധത്യം; നാമതിനു വഴിപ്പെട്ടാല്‍,-
ക്കഴിഞ്ഞു നമ്മുടെ കാര്യം; പിന്നെ,ക്കരോമി കിമ്മെന്നാം.
അതിന്നൊരൌഷധമടിയാണായതു വടിയാലരുളീടാ-
മതിന്നു വേണമൊരഞ്ചെട്ടാളുകളരോഗദൃഢഗാത്രര്‍!”
ഇത്രയുമായപ്പോഴേക്കും സദസ്സിലെ ഭാഗവതര്‍മാര്‍ മോഹാലസ്യപ്പെട്ടു വീഴുകയും, ഫ്രീയായി വന്ന പോലീസ്സുകാര്‍കൂടി ടിക്കറ്റിന്റെ പണം മടക്കിക്കിട്ടേണമെന്നാവശ്യപ്പെടുകയും ചെയ്തതുനിമിത്തം, പാട്ടുനിര്‍ത്തി എഴുത്താരംഭിയ്ക്കുന്നു.
2-9-’34.
- യജമാനത്തി
- (പുതിയ ഭൃത്യനോട്) ആരാണ് ആ ചായപ്പാത്രം പൊളിച്ചത്?
- പുതിയ ഭൃത്യന്‍
- പൂച്ച.
- യജമാനത്തി
- എവിടത്തെ പൂച്ച?
- ഭൃത്യന്‍
- എന്റെ ഈശ്വര; ഇവിടെ പൂച്ചയുമില്ലേ? (കേ.പ.)
* * *
ഒരാളുടെ ഇഷ്ടത്തിന്നെതിരായി അയാളുടെ പണം കൊണ്ടു പോകുന്നവര്‍ കള്ളന്മാരാണെന്ന് ഒരു ജഡ്ജി പറഞ്ഞിരിയ്ക്കുന്നു.
നികുതി പിരിവുകാര്‍ സൂക്ഷിച്ചേക്കണേ! (കേ.പ.)