close
Sayahna Sayahna
Search

പാഠപുസ്‌തകം


__NOMATHJAX__

പാഠപുസ്‌തകം
ഗ്രന്ഥകാരന്‍ സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഭാഗം ഹാസ്യം
പ്രസിദ്ധീകരണ വർഷം 1935
മാദ്ധ്യമം പ്രിന്റ്
Preceded by ഞാന്‍ മാവിലായിക്കാരനാണ്
Followed by സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം

ഞാനൊരു കാര്യം പറഞ്ഞാല്‍ പുറമെ ആരോടും പറയാതെ സൂക്ഷിയ്ക്കാമോ? ഈയെടെ ഒരാള്‍ക്കു പററിയതുപോലെ പററരുതെന്നു വിചാരിച്ചു ചോദിയ്ക്കുകയാണ്. ഒരാള്‍ ഒരു പാഠപുസ്തകമെഴുതി. ടെക്സ്‌ററ് ബുക്കുകമ്മിറ്റി അച്ചടിച്ചതൊക്കെ സ്വീകരിക്കുമെന്നു കേട്ടിട്ട്, അവരോട് ഒരക്ഷരംപോലും മിണ്ടാതെ “ടെക്സ്‌ററ്ബുക്കുകമ്മിററി സ്വീകരിച്ചത്” എന്നു പുറംകവറിന്മേല്‍ അടിച്ചുവിട്ടു. എന്തായാലും അത്ര വയ്യെന്നു കമ്മിററിക്കാരും തീര്‍ച്ചപ്പെടുത്തീട്ടോ, എന്തോ, പുസ്തകം സ്വീകരിച്ചില്ല. ഒടുക്കം പുസ്തകങ്ങള്‍ എന്തുചെയ്തു എന്നറിഞ്ഞില്ല. അതുപോലെ ഒരബദ്ധത്തില്‍ സഞ്ജയനും ചാടരുതെന്ന് കരുതിയാണ് ഈ “പ്രിക്കോഷനൊക്കെ” എടുക്കുന്നത്.

* * *

ഞാന്‍ ഒരു പാഠപുസ്തകമെഴുതീട്ടുണ്ട്. കമ്മിററിക്കാര്‍ സ്വീകരിയ്ക്കുമെന്നാണ് എന്റെ താഴ്‌മയായ അഭിപ്രായം. സ്വീകരിച്ചില്ലെങ്കില്‍ വേണ്ട...പക്ഷെ, അതു ഞാന്‍ പറയുന്നത് ഒരു വകയാണെങ്കിലും, പുസ്തകം ഒന്നാംതരമാണ്. ശിശുക്ലാസ് മുതല്‍ക്കു ബി. ഏ. ക്ലാസുവരെ ഏതു ക്ലാസിലും ഉപയോഗിക്കാമെന്നുള്ളതാണ് അതിന്റെ ഒരു മെച്ചം. പരിഷ്കാരമുള്ള സ്ത്രീകള്‍ക്കും, അതില്ലാത്ത പെണ്ണങ്ങള്‍ക്കും, ഈ പുസ്തകം ഉപയോഗിയ്ക്കാം. മലമ്പനി മുതലായ രോഗങ്ങള്‍ പിടിച്ച് അനങ്ങാന്‍ കഴിയാതെ കിടക്കുന്നവര്‍കൂടി ഇതു വായിച്ച ഉടനെ, വടിയുമെടുത്തു ഗ്രന്ഥകര്‍ത്താവിനെ അന്വേഷിച്ചു നടന്നുതുടങ്ങും. രാജാക്കന്മാരുടെയും, പതിനായിരത്തിലധികം നികുതി ജമക്കാരുടേയും കയ്യില്‍നിന്നു കിട്ടിയ മെഡലുകള്‍ക്കും മററും, കയ്യും കണക്കുമില്ല. ഈശ്വരന്‍ ഉണ്ടെന്നും ഇല്ലെന്നും ഇതില്‍ പറഞ്ഞിട്ടില്ലാത്തതുകൊണ്ടു, വാഗ്ഭടാനന്ദഗുരുദേവര്‍ക്കും സര്‍ദാര്‍ കുഞ്ഞിരാമന്‍നായരവര്‍കള്‍ക്കും ഇതു ക്ഷോഭമില്ലാതെ വായിക്കാം. ഞാന്‍ പറയുന്നത് അതിശയോക്തിയാണെന്നു തോന്നുന്നുവെങ്കില്‍, വര്‍ത്തമാനപത്രങ്ങളും വലിയ ആളുകളും പറയുന്നതു നോക്കുവിന്‍!

* * *
“തന്റെ പുസ്തകം കിട്ടി. താന്‍ ജര്‍മ്മനിയില്‍ കടക്കുവാന്‍ പാടില്ല.” — ഹെര്‍ ഹിററ്ലര്‍
“പുസ്തകം തര്‍ജ്ജമചെയ്തുകേട്ടു. എഴുതുവാനറിയുന്ന രോഗികളൊക്കൊണ്ട് ഇങ്ങനെ ഓരോന്നെഴുതിയ്ക്കുന്നതു വളരെ നല്ലതാണെന്നു ഞാന്‍ ചിത്തരോഗാസ്പത്രികളിലെ സുപ്രഡെണ്ടുമാരെ അറിയിച്ചിട്ടുണ്ട്. നിങ്ങളെ ഡിസ്ചാര്‍ജ്ജുചെയ്താല്‍ ഇററലിയില്‍ വന്നു താമസിയ്ക്കണം.” — മുസ്സോളിനി
“ഇയാള്‍ ബോള്‍ഷെവിസ്റ്റാണെന്നു പുസ്തകത്തിന്റെ ഏതു ഭാഗവും വിളിച്ചുപറയുന്നുണ്ട്.” — വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
“മി: ചര്‍ച്ചിലിന്റെ ഏജന്‍റിന്നുമാത്രമേ ഇത്തരം പുസ്തകങ്ങള്‍ എഴുതുവാന്‍ കഴിയുകയുള്ളു.” — എസ്സ്. സത്യമൂര്‍ത്തി
“ബുസ്തകം പരിസോദിച്ചതില്‍ മുഷുമന്‍ അബദ്ദം.” — ഒരു ചേയര്‍മാന്‍
“പുസ്തകത്തെപ്പറ്റി പറയുവാന്‍ ഞങ്ങള്‍ക്കു വാക്കുകിട്ടുന്നില്ല.” — മലയാളപത്രിക
“ഈ പാഠപുസ്തകത്തെപ്പറ്റിയുള്ള ഞങ്ങളുടെ അഭിപ്രായം ആരുമില്ലാത്തേടത്തുവെച്ചു ഗ്രന്ഥകര്‍ത്താവോടു മുഖദാവില്‍ പറയുന്നതായിരിയ്ക്കും ഭേദം.” — കേരളകാഹളം

എനിയും വളരെയുണ്ട്. പക്ഷെ ഇതു മതിയെന്നു കരുതുന്നു. പാഠങ്ങളുടെ മാതൃക കാണിപ്പാന്‍ ഒരു സാമ്പിള്‍ പാഠവും താഴെ ചേര്‍ക്കുന്നു:

ഒന്നാം പാഠം: മുനിസിപ്പാലിറ്റി

(ഇവിടെ മുനിസിപ്പാലിറ്റിയുടെ ഒരു ചിത്രം—വെറും പുകപോലെ ഒരു സാധനം—കൊടുത്തിട്ടുണ്ടായിരിക്കും. അതിന്നു കീഴില്‍ പാഠം തുടങ്ങുന്നു:)

ഇതു എന്താകുന്നു? നരകമോ? അല്ല. ഇത് ഒരു മുനിസിപ്പാലിറ്റിയാകുന്നു. ഇതിന്നുള്ളില്‍ ആളുകളും വീടുകളും, ഒരു ചേയര്‍മാനും, ഒരു കമ്മീഷണറും, കുറെ കൌണ്‍സിലര്‍മാരും, ഒക്കെയുണ്ട്. പക്ഷെ പൊടികൊണ്ട് നിങ്ങള്‍ക്ക് ഒന്നും കാണ്മാന്‍ കഴിയാത്തതാണ്.

മുനിസിപ്പാലിട്ടി നമുക്കു പൊടി തരുന്നു. പൊടി കാഴ്ചയ്ക്കു ചുകന്നതും, മൂക്കിന്നു് എരുവുള്ളതും, ദേഹത്തിന്നു വളരെ ഗുണകരമായതും ആകുന്നു. വികൃതിലേഖകന്മാര്‍ ഇതിനെക്കുറിച്ചു പലതും എഴുതും. അപ്പോള്‍ ഇതു അവരെ കടിക്കുകയും മാന്തുകയും ചെയ്യും.

പൊടിയമര്‍ന്നാല്‍ ചിത്രത്തില്‍ ഒരാള്‍ നില്ക്കുന്നതു കാണാം. അയാള്‍ ഇതിനെ നോക്കിനടത്തുന്ന ആളാകുന്നു. അയാള്‍ പറഞ്ഞാല്‍ ഇതു മരത്തിന്മേല്‍ കയറുകയും പല അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്യും.

ഇതിന്റെ സംസ്കൃതത്തിലുള്ള പേര്‍ ചോദിച്ചു നിങ്ങള്‍ ക്ലാസുമാസ്റ്റരെ ബുദ്ധിമുട്ടിക്കരുത്. അത് അദ്ദേഹത്തിന്നറിഞ്ഞുകൂട. ആനയ്ക്കു സംസ്കൃതത്തില്‍ കഞ്ജരം എന്നാകുന്നു പേര്‍. അത് എനിക്കറിയാം. ആംഗ്ലേയര്‍ ഇതിനെ ”ഹെല്‍” എന്നു വിളിക്കുന്നു.

ശത്രുക്കള്‍ അടുത്തെത്തിയാല്‍ ഇതു കണ്ണടച്ചുകളയും. താന്‍ ആരെയും കാണുന്നില്ലെങ്കില്‍ തന്നെയും ആരും കാണുകയില്ലെന്നാണ് ഇതിന്റെ വിശ്വാസം.

* * *

എനി ചോദ്യക്കടലാസ്സിന്റെ ഒരു മാതൃക കൊടുക്കാം.

N.B. (കടലാസ്സിന്റെ ഒരു ഭാഗത്തെങ്കിലും വല്ലതും എഴുതേണ്ടതാകുന്നു.)

  1. വിഗ്രഹിച്ചര്‍ത്ഥം എഴുതുക:—മുനിസിപ്പാലിട്ടി, ചേയര്‍മാന്‍, അവിശ്വാസപ്രമേയം, ഇവയിലെ സമാസങ്ങളുടെ പേരെന്ത്‌?
  2. രാജി, പിന്‍വലിയ്ക്കല്‍, വീണ്ടും നില്‍ക്കല്‍, ഇവയ്ക്ക് ഓരോ അര്‍ത്ഥമെങ്കിലും എഴുതുക.
  3. സന്ദര്‍ഭം കാണിച്ചു തോന്നിയപോലെ വ്യാഖ്യാനിക്കുക:—
    1. ഇവരും ഞങ്ങളുമോരുമിച്ചീടുക വരുവോന്നല്ലിതു നാരായണാജയ!
    2. എട്ടുനാളിനകംപുറം ചില ചട്ടമൊന്നു പകര്‍ന്നുപോം.
    3. സത്യവിരോധം മാധവനുണ്ടോ?
    4. ചോദിച്ചുപോല്‍ പണ്ടിതു കൊണ്ടല്‍വര്‍ണ്ണന്‍ തദാ കൊടുത്തില്ലിതു യാദവന്‍താന്‍.
    5. മുറിയുന്നെതെന്തെടോ ഭീമ, ഗദയോ നമ്മുടെ വാലോ?
    6. അടിയനു മേസ്തിരിമാരുടെ വടിയാലടിയും നിന്തിരുവടിയും ശരണം.
    7. വളരെക്കാലമായ് വളരെക്കാലമായിളയില്‍ ഞങ്ങള്‍ക്കീയിളിഭ്യപ്പേര്‍കിട്ടി.
    8. പപ്രച്ഛ, നീയാരായച്ചുവന്നൂ, കപേ!
  4. താഴെ ചേര്‍ക്കുന്ന വരികള്‍ക്കു കഴിയുന്നിടത്തോളം ഉദാഹരണങ്ങള്‍ എഴുതുക. പേരുകള്‍ പറയുവാന്‍ പാടില്ല.
    1. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം?
    2. പറഞ്ഞ വാക്കിനു നേരില്ലാത്താളുകള്‍.

      നിറഞ്ഞു ലോകത്തിലെന്നുടെ ഗോവിന്ദാ!

    3. അവനിപതികളെന്നു ഭാവമാത്രം ഭൂവനവിനാശകഠോര കശ്മലാനാം
    4. ആപത്തു വന്നടുത്തീടുന്ന കാലത്തു ശോഭിയ്ക്കയില്ലെടോ സജ്ജനഭാഷിതം.
  5. എന്നു ലോകേ ഭാവിക്കുന്നതാപത്തുകളന്നു ഞാനും ഭവിച്ചീടുവന്‍ ഭൂതലേ.

ഈ വരികള്‍ കമ്മീഷണര്‍ക്കു ബാധകളാണെന്നു യുക്തിപൂര്‍വ്വം തെളിയിക്കുക.

  1. ഇത്ഥം പറഞ്ഞാശു മറഞ്ഞു വിപ്രന്‍. ഇര്‍ത്ഥം: എത്ഥം? ഏതു വിപ്രന്‍ എവിടെയാണ് മറഞ്ഞത്?
  2. നിങ്ങളുടെ മുനിസിപ്പാലിറ്റിയെപ്പറ്റി അറിയുന്നതെഴുതാതിരിക്കുക.

12–9–’34