കോഴിക്കോട് മുനിസിപ്പാലിറ്റി
__NOMATHJAX__
സഞ്ജയോപാഖ്യാനം | |
---|---|
ഗ്രന്ഥകർത്താവ് | സഞ്ജയന്‍ (എം ആര്‍ നായര്‍) |
മൂലകൃതി | സഞ്ജയന്‍ |
ഭാഷ | മലയാളം |
വിഷയം | ഹാസ്യം |
പ്രസിദ്ധീകരണ വര്‍ഷം | 1935 |
മാദ്ധ്യമം | പ്രിന്റ് |
പിന്നോട്ട് | കമീഷണര്‍മാരുടെ ഉല്പത്തി |
ഇതെന്തൊരു മുനിസിപ്പാലിറ്റിയാണ്! മാര്‍സഡന്‍സായ്‌വ് “ചമച്ച” പാഠപുസ്തകത്തില്‍ പറഞ്ഞതു പോലെ, “ഇതിനെ നോക്കൂ!” ഇതിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിച്ചു തീര്‍ക്കുവാന്‍ ആര്‍ക്ക് കഴിയും?
“പല പകലുമിരവുമതു ഭുജഗപതി ചൊല്‍കിലും
ഭാരതായോധനം പാതിയും ചൊല്ലുമോ?”
എന്ന നിലയില്‍ പരന്നു കിടക്കുന്ന ഒരു വിഷയമാണത്.
ഇവിടെ മദ്രാസിലുള്ളതിനേക്കാള്‍ പൊടിയുണ്ട്; കൊച്ചിയിലുള്ളതിനെക്കാള്‍ ചളിയുണ്ട്; ചേര്‍ത്തലയുള്ളതിനേക്കാള്‍ പൊരുക്കാലുണ്ട്; വയനാട്ടിലുള്ളതിനേക്കാള്‍ കൊതുവുണ്ട്; മത്തിപ്രസ്സിലുള്ളതിനേക്കാള്‍ ദൂര്‍ഗ്ഗന്ധമുണ്ട്. ഇവിടെ പരിചയിച്ച മൂക്കിന്ന് നരിമട സുരഭിലമായിത്തോന്നും; ഇവിടെപ്പഴകിയ കണ്ണു് ഏതു മാലിന്യത്തേയും അറപ്പില്ലാതെനോക്കും. ഇവിടുത്തെ കാററിലോ, മണ്ണിലോ, വെള്ളത്തിലോ ഇല്ലാത്ത മഹാരോഗബീജങ്ങള്‍ ഇത്രിഭുവനത്തിലുണ്ടായിരിക്കുകയില്ല. “ഛേ; ഇതു കുറെ കവിഞ്ഞുപോയി കുറേയൊക്കെ വാസ്തവമായിരിക്കും; എങ്കിലും ഇങ്ങിനെ പറയാന്‍ മാത്രമൊന്നും ഉണ്ടായിരിക്കുകയില്ല” എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, നിങ്ങള്‍ ഇതുവരെ കോഴിക്കോട്ടാപ്പീസ്സില്‍ വണ്ടിയിറങ്ങി നൂറുവാര ദൂരം നടക്കേണ്ടി വന്നിട്ടില്ല. ഭാഗ്യവാന്‍! നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ മാപ്പാക്കിയിരിക്കുന്നു.
കോഴിക്കോട്ട് ചില സ്ഥലങ്ങളില്‍ പ്ലേഗുണ്ട്പോലും. എനിക്ക് യാതൊരത്ഭുതവുമില്ല. പ്ലേഗല്ലേ ഉള്ളു. എന്നാണ് ഞാന്‍ പറയുക. എന്റെ സാര്‍ ഇവിടെ വന്നുനോക്കിയാലല്ലേ ഇവിടുത്തെ കഥയറിയൂ? “മരണം പ്രകൃതിശ്ശരീരിണാം വികൃതിര്‍ജ്ജീവിതമുച്യതേ ബുധൈഅഃ” എന്ന കാളിദാസവചനത്തിന്റെ രാമവാരിയരുടെ വ്യാഖ്യാനത്തെക്കാള്‍ കവിഞ്ഞ വ്യാഖ്യാനമല്ലേ കോഴിക്കോട് മുനിസിപ്പാലിറ്റിയിലെ ജീവിതം?
22-8-’34.