close
Sayahna Sayahna
Search

ഞാന്‍ മാവിലായിക്കാരനാണ്


{{Infobox_ml_book ?UNIQ6506676f97ca3de8-item-0--QINU?| name = ഞാന്‍ മാവിലായിക്കാരനാണ് | image = | caption = | alt = | author = സഞ്ജയന്‍ (എം ആര്‍ നായര്‍) | title_orig = സഞ്ജയന്‍ | orig_lang_code = ml | title_working = | translator = | illustrator = | cover_artist = | country = | language = മലയാളം | series = | subject = | genre = ഹാസ്യം | published = 1935 | media_type = പ്രിന്റ് | pages = | awards = | isbn = | oclc = | dewey = | congress = | preceded_by = ഔദ്ധത്യം | followed_by = പാഠപുസ്‌തകം | wikisource = }} ഞാന്‍ ഒരു കഥ പറയാന്‍ പോകുന്നു, മനസ്സിരുത്തി കേള്‍ക്കണം. ഇടക്ക് അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ച് അലട്ടരുത്. കൈ മുട്ടുന്നത് അവസാനമാക്കാം. കുറച്ചു വിട്ടു നില്‍ക്കിന്‍!—ശരി. എന്നാല്‍ പറയട്ടേ?

* * *

തിരുവോണദിവസം. ഓണത്തിന് ഊണ് അല്പം വൈകീട്ടാണല്ലോ പതിവ്. ഊണിന്നടുത്തേ പഴമക്കാര്‍ കുളിക്കുകയുള്ളു; കുളി കഴിയുന്നതു വരെ അവരൊന്നും കഴിക്കുകയുമില്ല. അങ്ങിനെ രണ്ട് മണിക്ക് കുളി കഴിഞ്ഞ്, പാവുടുത്ത്, ചന്ദനക്കുറിയും, നനഞ്ഞ തോര്‍ത്തും, കലശലായ വിശപ്പും, തെല്ലൊരു, ശൂണ്ഠിയുമായി ഒരു വലിയ തറവാട്ടിലെ രണ്ടാംകൂറുകാരണവര്‍ കോണിയിറങ്ങി തളത്തിലേക്ക് നോക്കിയപ്പോള്‍, പന്തിപ്പായ വിരിച്ച്, ഇലയുടെ മുമ്പില്‍] കാരണവര്‍ തുടങ്ങി വിഷുവിന്ന് ചോറൂണ് കഴിഞ്ഞ കുട്ടി വരെ ഇരുന്നുകഴിഞ്ഞിരിയ്ക്കുന്നു. ഇരുന്നവരുടെ എണ്ണം മുപ്പത്തൊന്ന്. ഇലയെണ്ണം മുപ്പത്തൊന്ന്; പൂജ്യം അണ, പൂജ്യം പൈ; സര്‍ക്കാര്‍ കണക്കുപോലെ എന്നര്‍ത്ഥം, രണ്ടാംകൂറിന്ന് ഇലയുമില്ല, സ്ഥലവുമില്ല, ഇരുന്നവരുടെ മുമ്പില്‍നിന്ന് ഇല വലിച്ചു പായുകയോ, ഭാഗത്തിന്ന് വ്യവഹാരം ഫയലാക്കുകയോ, കാരണവരോട് കയര്‍ക്കുകയോ, അനന്തരവന്മാരുടെനേരെ കണ്ണുരുട്ടുകയോ, ഇലവെച്ചവനെ പ്രഹരിക്കുകയോ, എന്താണ് രണ്ടാം കൂറു ചെയ്യുക?

* * *

നിങ്ങള്‍ക്കറിഞ്ഞുകൂട. എനിക്കും അറിഞ്ഞുകൂടാ. പക്ഷെ നമ്മുടെ വൈസ്ചേര്‍മാനറിയും, കഥയിലെ രണ്ടാംകൂറിന്റെ സ്ഥിതിയാണ് അദ്ദേഹത്തിനു പററിയിരിയ്ക്കുന്നത്. വൈസ്ചേര്‍മാന്റെ പേര് വോട്ടര്‍മാരുടെ ലിസ് ററിലില്ല! നോക്കിന്‍, സര്‍ ഒരു തമാശ! ഇങ്ങിനെ പരമരസികന്മാരായിട്ട് ഒരു മുനിസിപ്പാലിറ്റിക്കാരെ ഞാന്‍ ഈ വയസ്സിനകത്ത് കണ്ടിട്ടില്ല. ഇനി നാളെ ചെയര്‍മാന്‍ കൗണ്‍സിലില്‍ വരുമ്പോള്‍ അദ്ദേഹത്തിന്ന് കസാലയില്ലെന്നു കേള്‍ക്കാം. ഇതെന്തൊരു മക്കാറാണ്!

* * *

നിങ്ങള്‍ മുനിസിപ്പാലിറ്റി സാക്ഷാല്‍ പരബ്രഹ്മജി താന്‍തന്നെ വിചാരിച്ചാലും നന്നാക്കുവാന്‍ കഴിയാത്ത മുനിസിപ്പാലിററിയാണ്. ഈ ബാലിയുടെ വാലിനു സഞ്ജയനും കയറിപ്പിടിച്ച് എന്നൊന്നും ഘോഷിച്ചു നടക്കേണ്ടുന്ന ആവശ്യം സഞ്ജയന്നുമില്ല. നിങ്ങള്‍ നന്നായാല്‍] നിങ്ങള്‍ക്കു നന്ന്. നന്നെ ബുദ്ധിമുട്ടിച്ചാല്‍ പണ്ട് മാവിലായിക്കാരന്‍ പറഞ്ഞൊഴിഞ്ഞതുപോലെ സഞ്ജയനും ഒഴിയും.

* * *

നിങ്ങള്‍ അക്കഥ കേട്ടിട്ടില്ലല്ലോ. പണ്ടൊരു ദിവസം രാത്രി ആററുപുറം വയലില്‍ക്കൂടി രണ്ടു കള്ളുകുടിയന്മാര്‍ പോവുകയായിരുന്നു. പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയര്‍ന്നിരിക്കുന്നു. “എന്നാല്‍ ലോകത്തില്‍ വെളിച്ചം തരുന്ന പല സാധനങ്ങളുമുണ്ടെങ്കിലും ആ സാക്ഷാല്‍ സൂര്യഭഗവാന്‍ സൂര്യഭഗവാന്‍ തന്നെ” എന്നുപറഞ്ഞ് ഒരു കടിയന്‍ ചന്ദ്രനെ നോക്കി വളരെ ഭക്തിയോടുകൂടി ഒന്നു കണ്ണടച്ചു തൊഴുതു. “തനിക്കു തലക്കു പിടിച്ചിരിക്കുന്നു; അതു ചന്ദ്രനാണൊടോ”, എന്ന് മറ്റേക്കുടിയന്‍ വാദമായി. വാദം മൂത്തു പിടിയും വലിയും തുടങ്ങി; കത്തി വലിക്കേണ്ടുന്ന ഘട്ടമായി. അപ്പോഴാണ് പട്ടണത്തില്‍നിന്നു പതിവായി നേരം വൈകി തിരിച്ചുപോകാറുള്ള ഒരു വഴിപോക്കന്‍ അവിടെയെത്തിയത്. കുടിയന്മാര്‍ രണ്ടപേരും അയാളെ കടന്നുപിടിച്ചു. “പറയെടാ ആ കാണുന്നത് ചന്ദ്രനാണോ? സൂര്യനല്ലേ” എന്നൊരാള്‍; “നല്ലവണ്ണം സൂക്ഷിച്ചു പറഞ്ഞോ. ചന്ദ്രനല്ലേ അത്?” എന്ന് മറ്റൊരാള്‍.

* * *

എന്തു ചെയ്യും? പെരുങ്കളം പാലയുടെ കീഴില്‍നിന്നാണ് ചോദിക്കുന്നത്. നാലു ഭാഗത്തും പാടം പരന്ന ശാന്തസമുദ്രംപോലെ കിടക്കുന്നു.

നമ്മുടെ ഡെപ്യൂട്ടി ഇന്‍സ്പെക്ടരുംകൂടി വീട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഒരു നരജീവി ആ പ്രദേശത്തൊന്നുമില്ല. കുടിയന്മാരാണെങ്കില്‍ , ദീര്‍ഘകായന്മാര്‍. വഴിപോക്കന്ന് പെട്ടെന്നു് ഒരു യുക്തി തോന്നി. “അയ്യോ, കൂട്ടരെ, ഞാനെങ്ങിനെയാണ് ഇതെല്ലാം അറിയുക? ഞാന്‍ ഇന്നാട്ടുകാരനല്ല: മാവിലായിക്കാരനാണ്” എന്നാണയാള്‍ പറഞ്ഞത്. എന്നാല്‍ “പോ കഴുതേ” എന്നും പറഞ്ഞ് കുടിയന്മാര്‍ അയാളെ വിട്ടു. അതുപോലെ സഞ്ജയനും ചെയ്യും. ഏറെപ്പറഞ്ഞാല്‍ ഞാന്‍ ഇന്നാട്ടുകാരനല്ല, മാവിലായിക്കാരനാണ്. നിങ്ങളായി, നിങ്ങളുടെ പാടായി.

9.9.1934