close
Sayahna Sayahna
Search

പ്രസംഗത്തിന്റെ ബാക്കി


__NOMATHJAX__

പ്രസംഗത്തിന്റെ ബാക്കി
ഗ്രന്ഥകർത്താവ് സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഭാഗം ഹാസ്യം
പ്രസിദ്ധീകരണ വര്‍ഷം 1935
മാദ്ധ്യമം പ്രിന്റ്
പിന്നോട്ട് കൂടാത്ത മഹായോഗം

കഞ്ഞിയും, സ്ത്രീകളും, കവിതയും മറ്റും

(സ്പെഷല്‍ റിപ്പോര്‍ട്ടര്‍)


ഒരു മണിക്കൂര്‍ നേരത്തെ ലഘുഭക്ഷണാനന്തരം ശ്രീജിത്ത് സഞ്ജയന്‍ അവര്‍കള്‍ പ്രസംഗം തുടര്‍ന്നു.

എന്റെ മുഖത്ത് വല്ലാത്ത ഒരു പ്രസന്നത കാണുന്നില്ല്ലേ? അത് കഞ്ഞി കുടിച്ചതിന്റെ കോളാണ്. ശ്രീമാന്‍ കെ.എം. നായരവര്‍കള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നു നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായല്ലോ? കഞ്ഞി കഞ്ഞിതന്നെയാണ്. പഴയരിക്കഞ്ഞി അമൃതിന്നു സമമാണെന്നു പറയുവാന്‍ വാഗ്ഭടന്‍ ആലോചിച്ചിട്ടുണ്ടായിരുന്നു. പുഴുക്കും കഞ്ഞിയുമുണ്ടായാല്‍ ഏതു കഴിച്ചിട്ടാണ് തൃപ്തിയാവുകയെന്ന് ഒരു ചോദ്യം അടുത്ത ബോര്‍ഡ് യോഗത്തില്‍ ഒരു മെമ്പര്‍ ചോദിച്ചേക്കാം.

“കഞ്ഞീടെ ചോടു വടിവോടഥ കിട്ടുമെങ്കില്‍
ചോറേറിയോന്റെ കൃപയെന്തിനു കുന്നില്‍മാതേ?”

എന്ന് ഒരു മഹാകവി ചോദിച്ചിട്ടുള്ളതും ഇവിടെ ഓര്‍ക്കവ്യമാണ്. കാഞ്ഞിരം എന്ന വാക്കിനു കഞ്ഞിയുമായി ബന്ധമുണ്ടെന്നു മിസ്റ്റര്‍ സി.എന്‍.എ. രാമയ്യശാസ്ത്രി പറയുന്നതുവരെ ഞാന്‍ വിശ്വസിക്കുകയില്ല. കഞ്ഞി അവിടെ നില്‍ക്കട്ടെ.

(സദസ്യരില്‍ ഒരാള്‍: എവിടെ?) നമുക്ക് എനി സ്ത്രീകളെപ്പറ്റി കുറച്ച് ആലോചിക്കാം. പുരുഷന്മാര്‍ക്കുള്ളേടത്തോളം അധികാരം തങ്ങള്‍ക്കു കിട്ടേണമെന്നു സ്ത്രീകളും, സ്ത്രീകള്‍ക്കുള്ളതിന്റെ പകുതിയെങ്കിലും അധികാരം തങ്ങള്‍ക്കു കിട്ടിയാല്‍ മതിയായിരുന്നു എന്ന് പുരുഷന്മാരും നിലവിളിക്കുന്ന ഈ വിഷമഘട്ടത്തില്‍ അവരെപ്പറ്റി എന്തെങ്കിലും പറയുന്നത് വളരെ ആലോചിച്ചു വേണ്ടതാണ്. ഏതായാലും സ്ത്രീയുടെ അബലാ എന്ന പര്യായം എടുത്തുകളയേണ്ടതാണെന്നു ഞാന്‍ ബലമായി അഭിപ്രായപ്പെടുന്നു. ഇന്നാളൊരു ദിവസം—(സദസ്യരുടെ ഇടയിലുള്ള ചിരികൊണ്ട് ഇവിടെ അഞ്ചുപത്തു വാചകങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചില്ല.) അന്നാണ് സ്ത്രീ മറ്റെന്തായാലും അബലയല്ലെന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തിയത്. അമരകോശത്തില്‍നിന്ന് ഈ പേര്‍ നീക്കം ചെയ്‌വാന്‍ ഒരു പ്രമേയം നിങ്ങളുടെ ബോര്‍ഡില്‍ ഹാജരാക്കേണ്ടതാണ് (ഹസ്തതാഡനം).

സാഹിത്യത്തെപ്പറ്റിപ്പറയുവാന്‍ പേടിയാകുന്നു, എനിക്ക് നിങ്ങളുടെ പുതിയ പ്രസ്ഥാനമൊന്നും മനസ്സിലാകുന്നില്ല. ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നൊക്കെ ചില പേരുകള്‍ കേരളപത്രികയിലും മറ്റു പത്രങ്ങളിലും ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഞാനവരുടെ കവിതകള്‍ കുറെയൊക്കെ വായിച്ചുനോക്കി. എനിക്ക് ഒന്നും പിടിച്ചിട്ടില്ല. എന്തിനാണ് മലയാളശ്ലോകത്തിന് കോമയും സെമിക്കോളനും ഡേഷും ബ്രാക്കറ്റുമൊക്കെ? തുഞ്ചനും കുഞ്ചനും ഇതൊന്നും ഉപയോഗിച്ചിട്ടില്ലല്ലോ. എന്നുമാത്രമല്ല,ആ മഹാകവികള്‍ ചെയ്തതുപോലെ ഇവര്‍ക്ക് താളിയോലയില്‍ എഴുത്താണികൊണ്ട് എഴുതിയാല്‍ പോരെ? അത് അവസ്ഥയ്ക്ക് പോരായിരിക്കാം! എന്നു മാത്രമോ? ഗ്രന്ഥകര്‍ത്താ വള്ളത്തോള്‍, ഗ്രന്ഥകര്‍ത്താ ഉള്ളൂര്‍! എന്തു ഗോഷ്ടിയാണിത്! വള്ളത്തോള്‍വീടും, ഉള്ളൂര്‍ ഗ്രാമവുമാണോ കവിതയെഴുതുന്നത്! ഗോഷ്ടിമയം| എനിക്ക് പഴയ ശ്ലോകങ്ങളാണിഷ്ടം. പഴയ ശ്ലോകങ്ങളുടെ ഒരു യോജനദൂരെ നില്ക്കുവാന്‍കൊള്ളുന്ന ശ്ലോകങ്ങള്‍ ഇന്നാരും എഴുതീട്ടില്ല.

“വെള്ളത്തില്‍നിന്നു കണ്ടേന്‍ ഞാന്‍ കുറ്റിപോലൊരു മീനിനെ
ഒറ്റലുംകൊണ്ടു ചെന്നപ്പോളവിടെത്തന്നെ താണുപോയ്”

ഇത് ഏതാണ്ട് പാണ്ടന്‍പറമ്പത്ത് കോടന്‍ഭരണിയിലെ ഉപ്പുമാങ്ങയുടെ പഴക്കമുള്ള ഒരു ശ്ലോകമാണ്. അതിന്റെ ഗുണം എത്ര ആസ്വാദ്യമായിരിക്കുന്നു! കോമയില്ല, സെമിക്കോളനില്ല, ദുരാന്വയമില്ല, പ്രാസത്തിനുവേണ്ടി സര്‍ക്കസ്സില്ല, ഒരൊറ്റ നിരര്‍ത്ഥപദമില്ല. മീനിനെ കുറ്റിപോലെ എന്നുപമിച്ചതിന്റെ സ്വാരസ്യം മഹാകവികള്‍ മാത്രമേ അറിയൂ. ഇത് “നിത്യഃ സര്‍വ്വഗതഃ സ്ഥാണുരചലോയം സനാതനഃ” എന്ന ഗീതാശ്ലോകത്തെ ഓര്‍മ്മപ്പെടുത്തുന്നു. അവിടെത്തന്നെ താണുപോയ് എന്ന വരിയില്‍ക്കൂടി പൊട്ടിപുറത്തുവരുന്ന ആശാഭംഗത്തിന്റെ ആഴം കണ്ടവരാരുണ്ട്? ഇങ്ങനെ രചനാസൗന്ദര്യവും, അലങ്കാരഗുണവും ഉള്ള ഒരു ശ്ലോകം വള്ളത്തോളോ ഉള്ളൂരോ എഴുതുന്നത് എനിക്കൊന്നു കാണണം.

ആശയത്തില്‍ ആശാനാണുപോലും കേമന്‍. നോണ്‍സെന്‍സ്. നിങ്ങള്‍ക്ക് ആശയത്തിന്റെ ഗാംഭീര്യം കാണണമോ? ഞാനൊരു ശ്ലോകം ചൊല്ലട്ടെ?

“നമ്പ്യാരു നങ്ങി നാരങ്ങാ നമ്പിഷ്ടാതിരിയും തഥാ
ആനേ മേക്കുന്ന പാപ്പാനും വെള്‍ച്ചപ്പാടും തഥൈവച.”

നിങ്ങള്‍ക്കെന്താണ് മനസ്സിലായത്? ഒരു മണ്ണും മനസ്സിലായിട്ടില്ല; മരണം വരെ മനസ്സിലാവുകയുമില്ല. അതാണ് ആശയഗാംഭീര്യം. ഇങ്ങിനെ എത്രയെങ്കിലും ശ്ലോകങ്ങള്‍ ഞാനറിയാം. ഇവയുടെ കവികളില്‍ അധികം പേരും നന്നെ ചെറുപ്പത്തില്‍ അതിബുദ്ധികൊണ്ട് തല തെറിച്ചു പോയവരായത് നിങ്ങളുടെ മഹാകവികളുടെയൊക്കെ മഹാഭാഗ്യമെന്നല്ലാതെ മറ്റെന്തു പറയും?

ഞാനിതാ തല്ക്കാലത്തേയ്ക്ക് എന്റെ പ്രസംഗം മതിയാക്കുന്നു. അഹോ! സഭാവാസികള്‍ മുഴുവനും എന്റെ പ്രസംഗമാധുര്യത്തില്‍ ലയിച്ചു. സ്തബ്ധചിത്തവൃത്തികളായി, ചിത്രത്തിലെഴുതപ്പെട്ടവരെന്നപോലെ, കണ്ണുമടച്ച് കൂര്‍ക്കംവലിച്ചുറങ്ങുന്നവരായി സ്ഥിതിചെയ്യുന്നവല്ലോ! മാന്യരേ! മാന്യരേ! ഇതെന്തു കഥയാണ്! (മുന്നോട്ടാഞ്ഞു കൈകൊട്ടിക്കൊണ്ട്) ഹേ! മാന്യരേ! മാ—ന്യ—രേ! ഞാന്‍ പ്രസംഗം അവസാനിപ്പിക്കുന്നു [കലശലായ ഹസ്തതാഡനവും ചിയേഴ്‌സും]. എനി ഞാന്‍ അടുത്തൊന്നും പ്രസംഗിക്കുകയില്ല [വീണ്ടും ഹസ്തതാഡനം]. എനിക്കു മാലയിടാനാണെന്നും പറഞ്ഞ് ഒരു വിദ്വാന്‍ ഇങ്ങോട്ടു കയറിവരാന്‍ ശ്രമിക്കുന്നുണ്ട്. സഹോദരരേ! അവനെ വിടരുതേ! പിടിച്ചു നിര്‍ത്തണേ! എനിക്കു മാല വേണ്ട. മാലയിടുന്ന ആളുടെ കയ്യില്‍ എന്തിനാണ് ചൂരല്‍! അതു ചോദിക്കിന്‍. ഇല്ല. ഞാന്‍ ഇറങ്ങിവരില്ല. എല്ലാവരും പോയതിന്നു ശേഷമേ ഞാന്‍ ഇവിടെനിന്ന് ഒരു പടി ഇറങ്ങുകയുള്ളു. ഗുഡ്ബൈ!

[പ്രാസംഗികന്‍ പുറത്തേയ്ക്കു വരുമെന്നു പ്രതീക്ഷിച്ചു പലരും അരയില്‍ മുണ്ടുകെട്ടി കറുവടിയുമായി വളരെനേരം കാത്തുനിന്നു. ഒടുക്കം ഭഗ്നാശരായി അവര്‍ മടങ്ങി. പ്രാസംഗികന്‍ ദീപസ്തംഭത്തില്‍ത്തന്നെയിരിക്കുന്നുണ്ട്. നിങ്ങളുടെ റിപ്പോര്‍ട്ടര്‍ അന്വേഷിച്ചപ്പോള്‍ ബ്രഹ്മദ്ധ്യാനം ചെയ്കയാണെന്ന് ആ പെരുങ്കള്ളന്‍ പ്രൈവററു സിക്രട്ടറി പറഞ്ഞിരിക്കുന്നു.]

23-9-’34

യൂറോപ്പില്‍ ആര്‍ക്കും യുദ്ധം വേണമെന്നില്ലെന്നു മുസ്സോളിനി പറയുന്നു. ഇങ്ങനെ തന്നെത്തന്നെ മറന്നുകളയുന്ന ഒരു വിനയബുദ്ധി അദ്ദേഹത്തിന്നുണ്ടെന്നുള്ള വിവരം ഞങ്ങള്‍ക്കു പുത്തനാണ്.

(കേ. പ.)

* * *

“ഭൂമിയില്‍ ഒന്നും വളരാത്ത ഒരു സ്ഥലത്തിന്റെ പേര്‍ പറയാമോ?”

“കഷണ്ടിക്കാരന്റെ തല.”

(കേ. പ.)