സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം
സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം | |
---|---|
ഗ്രന്ഥകർത്താവ് | സഞ്ജയന്‍ (എം ആര്‍ നായര്‍) |
മൂലകൃതി | സഞ്ജയന്‍ |
ഭാഷ | മലയാളം |
വിഭാഗം | ഹാസ്യം |
പ്രസിദ്ധീകരണ വര്‍ഷം | 1935 |
മാദ്ധ്യമം | പ്രിന്റ് |
പിന്നോട്ട് | പാഠപുസ്‌തകം |
ഓം തദേവ സത്. അവിഘ്നമസ്തു. ശ്രീഗുരുഭ്യോ നമ:.
ശ്രീയുത് സകല ദുര്‍ഗ്ഗുണസമ്പൂര്‍ണ്ണരാന സകലജനമനോസംപീഡിതരാന മഹാരാജമാന്യ രാജമാന്യ രാജമാന്യ —(പത്രാധിപര്‍: എന്താണിത്? പൊട്ടുവീണ ഗ്രാമഫോണ്‍ റിക്കാര്‍ഡു പോലെ ഇതിന്റെ അപ്പുറത്തു കടക്കുകയില്ലേ?)
സഞ്ജയന്‍: കുറേ കിടക്കട്ടെ; ആര്‍ക്കെന്തു ചേതം — രാജമാന്യരാജ ശ്രീ സഞ്ജയന്‍ അവര്‍കള്‍ കോഴിക്കോട്ടു മുനിസിപ്പാലിററിക്കുള്ളിലും പുറമേയുള്ള സകലമാനപേരേയും തെര്യപ്പെടുത്തുന്നതാവിത്.
എന്തെന്നാല്‍ കോഴിക്കോട് മുനിസിപ്പാലിററി വക തിരഞ്ഞെടുപ്പുകള്‍ അടുത്തു വന്ന കാര്യവും മററു ചെയ്തികളും, വൈസ്ചെയര്‍മാനൊഴികെ, എല്ലാവരും ബോധിച്ചല്ലോ ഇരിക്കുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പുകാലത്ത് സേവയും ശിപാര്‍ശിയും മററും പ്രമാണമായിക്കരുതിയും, മററനേകം വിധത്തില്‍ പ്രേരിതന്മാരായും, വോട്ടറന്മാര്‍ തങ്ങളുടെ വോട്ടധികാരം ദുരുപയോഗപ്പെടുത്തുന്നതായും, അതു ഹേതുവായിട്ടു ചളി, പൊടി, ദര്‍ഗ്ഗന്ധം, പകര്‍ച്ചവ്യാധി, കൗണ്‍സില്‍ കശപിശകള്‍ ഇങ്ങിനെ അനേകമനേകം ദുഃഖങ്ങളും ദുരിതങ്ങളും ശല്യങ്ങളും ആപത്തുകളും അവര്‍ ആജീവനാന്തം അനുഭവിയ്ക്കേണ്ടിവരുന്നതായും കണ്ടും കേട്ടും നമുക്കു പരിചയവും വന്നതാകുന്നു.
എന്നാല്‍ വോട്ടറന്മാര്‍ തങ്ങളുടെ അധികാരങ്ങളെ എങ്ങിനെ ഉപയോഗിയ്ക്കേണ്ടു എന്നു മററും കാണിച്ച് ഒരു പ്രസംഗം ചെയ്‌വാന്‍ തക്ക സ്ഥലം അന്വേഷിച്ചു നടന്നതില്‍ കോഴിക്കോട്ടു ഹജൂര്‍കച്ചേരിയുടെ വടക്കു പടിഞ്ഞാറെ മൂലയ്ക്കുള്ള ഗേയിററിന്നു പുറത്ത് നിരത്തുവക്കില്‍വെച്ച് ആക്കാമെന്നു തീരുമാനിച്ചത് അവിടെ പതിവായി വൈകുന്നേരം പ്രസംഗം നടത്തിവരുന്ന മതപ്രാസംഗികന്മാര്‍ക്കും സാഹിത്യപ്രാസംഗികന്മാര്‍ക്കും രുചിയ്ക്കാത്തതിനാല്‍ നാം കോഴിക്കോട്ട് ദീപസ്തംഭത്തിന്മേല്‍ വെച്ചു ചെയ്യുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിയ്ക്കുന്ന പ്രകാരം, മകരശ്ശനി തുലാവ്യഴം വര്‍ഷത്തിവില്‍ കൊല്ലം 1110-ആമത് കന്നി മാസം 2-ആനു കുജവാരവും, ശുക്ലപക്ഷത്തില്‍ ദശമിയും പൂരാടം നക്ഷത്രവും കഴുതക്കരണവും ശോഭനനാമനിത്യയോഗവും കൂടിയ ശുഭദിനത്തുന്നാള്‍ ഉദയാല്‍പരം ഒരു നാഴിക രണ്ടു ഫര്‍ല്ലോങ്ങ് സമയത്തു കന്നി ആദിദ്രേക്കാണംകൊണ്ട്, നമുക്കു തന്നെ അര്‍ത്ഥങ്ങളെക്കുറിച്ചു യാതൊരു ഏത്തും പിടിയുമില്ലാത്ത വലിയ വലിയ സംസ്കൃതവാക്കുകളും മററും പ്രയോഗിച്ചു വെയിലിന് ചൂടു പററുന്നതുവരെ നാം പ്രസംഗിയ്ക്കുന്നതാണെന്നും, ആ പ്രസംഗം ശ്രദ്ധവെച്ചു കേട്ടുമനസ്സിലാക്കുവാനായി കോഴിക്കോട്ടെ, ആബാലവൃദ്ധം ജനങ്ങള്‍ നല്ല വസ്ത്രങ്ങളും മററും ധരിച്ചു പ്രസ്തുതസമയത്തിന്നു വളരെ പ്രസ്തുതദീപസ്തംഭത്തിന്റെ കീഴില്‍ നമുക്ക് “കീ–ജേ” വിളിച്ചുകൊണ്ടു കൂടേണ്ടതാണെന്നും, പ്രസംഗസമയത്ത് മുനിസിപ്പാല്‍ കൗണ്‍സില്‍ സഭകളില്‍ ഈയിടെയായി ഉപയോഗിച്ചുവരുന്ന യാതൊരു വാക്കുകളും സദസ്യരുടെ ഇടയില്‍ നിന്നു കേള്‍ക്കുവാന്‍ പാടില്ലെന്നും,
ചുരുട്ട്, ബീഡി, സിഗരററ്, വെത്തിലപ്പാക്ക്, യൂക്കാലിപ്ററസ്സ് തൈലം മുതലായവ വില്‍ക്കുന്ന യാതൊരു കൂട്ടരും സ്ഥലത്ത് ഹാജരുണ്ടായിരിക്കരുതെന്നും, ഇതിനാല്‍ എല്ലാവരേയും അറിയിച്ചിരിക്കുന്നു.
നമ്മുടെകൂടെ പ്രസംഗസമയത്ത് ഉണ്ടായിരിയ്ക്കുന്ന ഒരു ചുരുക്കെഴുത്തുകാരന്‍ പ്രസംഗത്തെ മുഴുവന്‍ ചുരുക്കെഴിത്തിലാക്കി പിന്നീട് സമയമുള്ളപ്പോള്‍ വിവരമായെഴുതി നമ്മെ കാണിയ്ക്കുന്നതും സഭയില്‍വെച്ച് നടക്കുവാനിടയുള്ള വാദപ്രതിവാദത്തില്‍ നമുക്ക് അപമാനകരങ്ങളായ മുഴുവന്‍ സംഗതികളും തടഞ്ഞതിന്നുശേഷം നാം ആ റിപ്പോര്‍ട്ട് കേരളപത്രികാ എന്ന കടലാസ്സില്‍ പ്രസിദ്ധം ചെയ്‌വാന്‍വേണ്ടി അയക്കുന്നതും, പത്രാധിപന്‍ അതു മാറ്റങ്ങളൊന്നുംകൂടാതെ പ്രസിദ്ധം ചെയ്യേണ്ടതും ആകുന്നു.
എന്നാല്‍ നമ്മുടെ പ്രസംഗത്തില്‍ മുനിസിപ്പാല്‍ ഭരണത്തെപ്പറ്റി പുതിയ വാര്‍ത്തകളും നിരൂപണങ്ങളും അന്യമുനിസിപ്പാലിറ്റികളുമായി താരതമ്യവിവേചനവും, മതം, സാഹിത്യം, സദാചാരം, സമുദായം, മരുമക്കത്തായ ആക്ട്, കോണ്‍ഗ്രസ്സ്, പയറ്റ്, പഴംകഞ്ഞികുടി മുതലായ വിഷയങ്ങളെപ്പറ്റി, സദസ്യരുടെ അറിവിന്നും, അവര്‍ക്ക് മടുപ്പ് വരാതിരിക്കാനും വേണ്ടി ഇടക്കിടക്കുള്ള വിമര്‍ശനങ്ങളും കൂടിയുണ്ടായിരിക്കുന്നതാണെന്നും നാം അറിയിക്കുന്നു.
സഭയില്‍ സ്ത്രീകള്‍ ഹാജരുണ്ടായിരിക്കുവാന്‍ ഇടയുള്ളതിനാല്‍ കുറേനേരം നാം അവരുടെനേരെ തിരിഞ്ഞ് നാം കൊടുക്കുന്ന നികുതിജമ, നമ്മുടെ അപാരമായ പാണ്ഡിത്യവും കേള്‍വിയും, സ്ത്രീവിദ്യാഭ്യാസം, സ്ത്രീകളുടെ വോട്ടധികാരം, പാചകവിധികള്‍, ശിശുപരിചരണം, ഭര്‍ത്താക്കന്മാരെ ഇപ്പോഴത്തെപ്പോലെ മേലിലും ഭൃത്യന്മാരാക്കി നിര്‍ത്തേണ്ടതിന്നുള്ള ഉപായങ്ങള്‍, തുടങ്ങിയ അനേകം ഗൌരവസംഗതികളെപ്പറ്റി ശ്രുതി യുക്തി അനുഭവം ഇവയെ അടിസ്ഥാനപ്പെടുത്തി ചിലതൊക്കെ പറയുന്നതുമാകുന്നു.
എന്നാല്‍ ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന വിഷയത്തെക്കുറിച്ച് ഈ അവസരത്തില്‍ത്തന്നെ തീര്‍പ്പു വരുത്തുന്നത് ഈശ്വരനുണ്ടെങ്കില്‍ അയാള്‍ക്കും, ഇല്ലെങ്കില്‍ മറ്റുള്ളവര്‍ക്കും, രണ്ടു നിലയിലും വാഗ്ഭടാനന്ദഗുരു ദേവര്‍, സര്‍ദാര്‍ കുഞ്ഞിരാമന്‍നായര്‍ ഇവര്‍ക്കും ഇവരുടെ സില്‍ബന്ധികള്‍ക്കും, ഉപകാരപ്രദമായിത്തീരുന്നതിനാല്‍, ഈ ചോദ്യവും നമ്മുടെ പ്രസംഗത്തിന്ന് വിഷയീഭൂതമാകുന്നതാകുന്നു.
പ്രസംഗാനന്തരം രണ്ടു മണിക്കൂര്‍നേരം സദസ്യരുടെ ചോദ്യങ്ങള്‍ക്കു നാം മറുപടി പറയുന്നതും, എന്നാല്‍ ചോദ്യക്കാരന്‍ കല്ല്, കത്തി, വടി, തോക്ക്, ബോമ്പ് മുതലായ യാതൊരു സാമഗ്രികളും കൂടാതെ മുമ്പോട്ട് വന്ന് നമുക്ക് അഭിമുഖമായിനിന്ന്, താണ് നിലം പറ്റിത്തൊഴുത്, നടുനിവര്‍ത്താതെ ആ നിലയില്‍ ചോദ്യങ്ങളെല്ലാം ചോദിക്കേണ്ടതും, ഉത്തരം കിട്ടിയ ഉടനെ സ്വസ്ഥാനത്തിലേക്ക് മടങ്ങേണ്ടതുമാകുന്നു.
പോലീസ്സുകാര്‍ക്കും നമ്മുടെ ചുരുക്കെഴുത്തുകാരനൊഴികെ മറ്റു റിപ്പോര്‍ട്ടര്‍മാര്‍ക്കും സഭയില്‍ പ്രവേശനം കൊടുക്കുന്നതല്ല.
ഈ നോട്ടീസ്സുപ്രകാരം അവരവര്‍ തന്നെയോ വക്കീല്‍ മുഖാന്തരമോ സഭയില്‍ ഹാജരാവാത്തവരുടെ പേരില്‍ സമണ്‍ പതിച്ചു നടത്തി മേപ്പടി തിയതിക്കു തന്നെ തീര്‍ച്ചവിചാരണയും നടക്കുന്നതാണെന്നും അന്യായക്കാരുടേയും പ്രതിയുടേയും വക്കീലായ നാം എല്ലാവരെയും അറിയിക്കുന്നു.
എന്ന് 1109 പരക്കം പായുന്ന ചിങ്ങം 5-ആം നു-ക്ക്, 1934 സപ്തമ്പര്‍ 15-ആംനു ശനിയാഴ്ച അര്‍ദ്ധരാത്രിക്ക്
ക്ഷ്മ--ഷ്റാ--ശ്രീ
16-9-’34
(സഞ്ജയന്റെ ഒപ്പ്)