close
Sayahna Sayahna
Search

വെറുതെ വന്ന ഒരാൾ


വെറുതെ വന്ന ഒരാൾ
EHK Story 08.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പച്ചപ്പയ്യിനെ പിടിക്കാൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 64

അച്യുതൻ നായരും നാരായണിയും ഉമ്മറത്തിരുന്നു മഴ പെയ്യുന്നതു നോക്കിയിരിക്കുമ്പോഴാണ് അയാൾ പടികടന്നു വന്നത്. ഒരപരിചിതൻ. സന്ധ്യയാവുന്നതേയുള്ളൂ, എങ്കിലും ഇരുട്ടിത്തുടങ്ങിയിരുന്നു. അത്ഭുതകരമായി തോന്നിയത് അയാൾ ഉയർത്തിപ്പിടിച്ച കൈയിൽ തൂങ്ങിക്കിടന്ന നെയ്മീനാണ്. കൈ ഉയർത്തേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല. അയാൾ പടികടന്നു മുറ്റത്തു കെട്ടിനിന്ന വെള്ളത്തിലൂടെ നടന്നുവരുമ്പോൾത്തന്നെ അച്യുതൻനായരും നാരായണിയും അതു കണ്ടിരുന്നു.

നാലു ദിവസം തുടർച്ചയായി പെയ്ത മഴ കർക്കിടകം ദുസ്സഹമാക്കിയിരുന്നു. പുറത്തിറങ്ങാൻ കൂടി വയ്യ. പുറത്തിറങ്ങിയിട്ടു കാര്യമുണ്ടായിട്ടല്ല. എന്നാലും അങ്ങനെയല്ലല്ലോ.

അയാൾ വീണ്ടും മീൻ ഉയർത്തിക്കാട്ടി.

‘നല്ല പച്ചയാണ്.’

അച്യുതൻ നായർ തലയാട്ടി. ഒരു പരിചയവുമില്ലാത്ത ആൾ കൈയിൽ മുഴുത്ത നെയ്മീനുമായി മുറ്റത്തു കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ നടന്നുവന്ന് ഉമ്മറത്തുകയറുന്നു, വളരെ പരിചയമുള്ളപോലെ. മീൻ നിലത്തുവച്ചു കുടമടക്കി കൈയിലെ സഞ്ചിയോടൊപ്പം ഇരുത്തിമേൽ വച്ച് അയാൾ പറഞ്ഞു. ‘എന്തൊരു മഴ.’

‘അതെയതെ.’ അച്യുതൻ നായർ പറഞ്ഞു. ‘നാടു മുഴുവൻ വെള്ളത്തിനടിയിലാണ്.’

‘ബസ്സൊന്നും ഓട്ണില്യ. ഞാൻ നടക്ക്വായിരുന്നു.’

എവിടെനിന്നെന്ന് അയാൾ പറഞ്ഞില്ല. എവിടേക്കെന്നും. യാത്രയുടെ അന്ത്യമായെന്ന മട്ടിൽ അയാൾ തിണ്ണമേൽ അമർന്നിരുന്നു.

അച്യുതൻനായർ ഭാര്യയെ നോക്കി. അവ ളും ചോദിക്കാൻ കഴിയാത്ത ചോദ്യങ്ങളുമായി നിൽക്കയാണ്. നിലത്തുവച്ച നെയ്മീൻ അയാ ൾ എടുത്തുനോക്കി. ഒരുകിലോ കാണും. ചുരുങ്ങിയത് പത്തറുപതു രൂപയെങ്കിലും വിലവരും.

‘നല്ല മീൻ, ഇതെവിടുന്നു കിട്ടി. ഈ മഴയത്ത്?’

അയാൾ ചിരിച്ചു. ആ ചിരിയിൽ അത്ഭുതമുണ്ടായിരുന്നു. ഈ പെരുമഴയത്ത്, മുക്കുവന്മാർ കടലിൽ പോയിട്ടു ദിവസങ്ങളായിരിക്കെ ഒരു മുഴുത്ത നെയ്മീൻ തന്റെ കൈയിൽ എങ്ങനെ വന്നുപെട്ടുവെന്ന് അത്ഭുതപ്പെടുന്നപോലെ. അയാൾ നാരായണിയെ നോക്കി പറഞ്ഞു:

‘ഇതൊന്ന് വെച്ചുതരുമോ? കുറച്ചു വറുക്കാനും എടുത്തോളൂ. നല്ല പച്ച മീനാണ്.

‘അരച്ചുവെക്കാൻ തേങ്ങയുണ്ടാവില്ല.’

നാരായണി താഴ്ന്ന സ്വരത്തിൽ പറഞ്ഞു. അതു ഭർത്താവിന്റെ ചെവിയിലേക്കുള്ളതായിരുന്നു. വാസ്തവം പറഞ്ഞാൽ ആ വീട്ടിൽ തേങ്ങയെന്നല്ല, ആ നെയ്മീൻ സ്വാദോടെ വയ്ക്കാൻ പറ്റിയ ഒരു ചേരുവയും ഇല്ലായിരുന്നു. കുടംപുളി കാണുമായിരിക്കും. ഉപ്പും മുളകും മഞ്ഞളുമില്ല. വറവിടാൻ ഉള്ളിയില്ല, എണ്ണയുമില്ല. അച്യുതൻ നായർക്കും ഈ അടുക്കള രഹസ്യം അറിയാം. അതൊന്ന് ഓർമ്മിപ്പിക്കാനായിരുന്നു തേങ്ങയില്ല എന്ന സത്യം എടുത്തിട്ടത്.

അച്യുതൻ നായരെ ഓർമിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഈ മനുഷ്യനെ എങ്ങനെ ഒഴിവാക്കും എന്ന് ആലോചിക്കുകയായിരുന്നു അയാൾ. മീൻ വെച്ചുതരാൻ പറഞ്ഞതിന്റെ ഉദ്ദേശ്യം ഊണ് അവിടെനിന്നു തരാക്കാനാണ്. അതിൽ തെറ്റൊന്നുമില്ല. പത്തറുപതു രൂപയുടെ മീൻ കൊണ്ടുവന്നു തരുമ്പോൾ നല്ലൊരൂണു ന്യായമായും പ്രതീക്ഷിക്കാം. മീൻ കറിയുണ്ടാക്കാനുള്ള ചേരുവയില്ലെന്നു മാത്രമല്ല വയ്ക്കാൻ അരിയുമില്ലെന്ന് അച്യുതൻനായർക്കറിയാം. ഉച്ചയ്ക്കു കഞ്ഞിയുണ്ടാക്കുമ്പോൾ ഇനി ഒരു നേരത്തേക്കുള്ള അരി കഷ്ടിച്ചുണ്ടാകുമെന്നു നാരായണി പറഞ്ഞിരുന്നു.

‘ഈ അടച്ചുപിടിച്ച മഴ കാരണം കുറച്ചു ദിവസമായി പണിയൊന്നുംണ്ടായ്‌ര്ന്നില്ല്യ.’

അച്യുതൻ നായർ അറച്ചറച്ചു പറഞ്ഞു. സ്വന്തം പരാധീനതകൾ മറ്റുള്ളവരോട്, പ്രത്യേകിച്ചും യാതൊരു പരിചയവുമില്ലാത്ത ഒരാളോടു പറയാൻ അയാൾ ഇഷ്ടപ്പെട്ടില്ല. പക്ഷേ, കൂടുതൽ വഷളാവുന്നതിനു മുമ്പു കാര്യങ്ങൾ തുറന്നുപറഞ്ഞ് അയാളെ പറഞ്ഞയയ്ക്കുന്നതാവും ഭംഗി. അയാൾ ചോദിച്ചു. ‘എന്താ പേര്ന്നാ പറഞ്ഞത്?’

‘രാഘവൻ.’

‘രാഘവൻ ഒരു കാര്യം ചെയ്യൂ. ഈ മീൻ വീട്ടിൽ കൊണ്ടുപോയി കൊടുക്കൂ. എവിട്യാണ് വീട്?’

‘എനിക്ക് വീടൊന്നും ഇല്ല.’

പെട്ടെന്നവിടം നിശ്ശബ്ദമായി. നാരായണി അയാളെ ശ്രദ്ധിച്ചു. കൗതുകമുള്ള മുഖമാണ്. മീശയില്ല. കട്ടിയുള്ള പുരികം, ചുരുണ്ട തലമുടി. പത്തുമുപ്പതു വയസു പ്രായം തോന്നും.

‘എന്താ വെച്ചു തരാൻ വിഷമമുണ്ടോ?’ രാഘവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഞാൻ മുറിച്ചുതരാം. നല്ല കത്തിയുണ്ടോ?’

‘ഏയ് വിഷമമൊന്നുമില്ല. എന്താ വിഷമം?’

ഭാര്യയും ഭർത്താവും ഒപ്പമാണതു പറഞ്ഞത്.

രാഘവൻ എഴുന്നേറ്റു, തിണ്ണമേൽ വച്ച സഞ്ചിയിൽ നിന്നു പഴ്‌സ് പുറത്തെടുത്തു.

‘ഞാൻ പോയി തേങ്ങ വാങ്ങിക്കൊണ്ടുവരാം.’

അയാൾ ചെരുപ്പിട്ടു മുറ്റത്തെ വെള്ളത്തിലേക്കിറങ്ങി. തേങ്ങയില്ലെന്നു പറഞ്ഞത് അ യാൾ കേട്ടിരുന്നു. നാരായണിക്കു ജാള്യത തോന്നി.

‘തേങ്ങയില്ലാന്ന് പറയേണ്ടിയിരുന്നില്ല.’ അവൾ പറഞ്ഞു. ‘ഇപ്പോൾ എന്തേണ്ടായത്. ‘ഇല്ലാപ്പാട്ടു’ പാടും ചെയ്തു കാര്യം ഒട്ടുണ്ടായതുംല്ല്യ. തേങ്ങ മാത്രം കിട്ടീട്ട് എന്ത് ചെയ്യാനാ.’

‘എനിക്കതല്ല.’ അച്യുതൻ നായർ പറഞ്ഞു. ‘ഇനി അയാളെങ്ങാൻ കുടിച്ചു പൂസായിവന്നു ശല്യം ചെയ്യോന്നാണ്. നെനക്കോർമയുണ്ടോ, കഴിഞ്ഞ കർക്കടകത്തില് ഇതുപോലൊരാൾ കയറിവന്നത്. സന്ധ്യയ്ക്കു പോയി മൂക്കറ്റം കുടിച്ചുവന്ന് എന്തൊക്കെ ശല്യാണ്ടാക്കീത്?’

‘ഇയ്യാള് ഇനി കള്ള്ഷാപ്പിലേക്കൊന്നും ആവില്ലല്ലോ പോയത്?’

‘ആവോ, ദൈവത്തിനറിയാം. എല്ലാ കർക്കടകത്തിലും നമ്മുടെ യോഗാണ്ന്ന് തോന്നുന്നു, ഇഴജന്തുക്കളെപ്പോലെ ഓരോന്ന് കയറിവരും. ആട്ടെ, നീ ആ മീൻ അകത്തു കൊണ്ടുപോയി വെയ്ക്ക്. ഇവിടെത്തന്നെ വെയ്ക്കണ്ട.’

രാഘവൻ തിരിച്ചുവന്നതു മൂന്നു പ്ലാസ്റ്റിക് സഞ്ചികളുമായാണ്. സഞ്ചികൾ നാരായണിയെ ഏല്പിച്ചുകൊണ്ട് അയാൾ പറഞ്ഞു.

‘ഞാൻ പലചരക്കുകടയിൽ കയറിയപ്പോൾ കുറച്ചു സാധനങ്ങളും വാങ്ങി. തോരാത്ത മഴ്യായിര്ന്നില്ലെ, ചേട്ടന് പുറത്തുപോയി സാധനങ്ങളൊന്നും വാങ്ങാൻ പറ്റീട്ട്ണ്ടാവില്ല്യാന്ന് തോന്നി.’

‘ഏയ് ഇതൊന്നും വേണ്ടീര്ന്നില്ല, എന്തിനാ ഇതൊക്കെ ഏറ്റിക്കൊണ്ടുവന്നത്?’

തന്റെ മാനം രക്ഷിച്ച മനുഷ്യന് മനസാ നന്ദി പറഞ്ഞു അച്യുതൻ നായർ.

രാഘവൻ ചിരിച്ചു. ആ സഞ്ചികളിൽ വെളിച്ചെണ്ണയും അരിയും മുളകും ഉണ്ടാവണെ എന്നു പ്രാർത്ഥിക്കുകയായിരുന്നു നാരായണി.

‘മീൻ മുറിച്ചോ?’

‘ഇല്ല, മുറിക്കാൻ പോവ്വായിരുന്നു.’

‘ഞാൻ മുറിച്ചുതരാം. നിങ്ങൾ മറ്റു കാര്യങ്ങളൊക്കെ നോക്കിക്കൊള്ളൂ. കത്തിയെവിടെ?’

‘വേണ്ട ഞാൻ ചെയ്‌തോളാം.’

‘അവള് ചെയ്‌തോളും,’ അച്യുതൻ നായർ ഇടപെട്ടു.

‘അല്ല, എനിക്കിഷ്ടാ ഇങ്ങിനത്തെ ജോലിയൊക്കെ. കത്തി തരൂ.’

അടുക്കളയുടെ വരാന്തയിലിരുന്നു രാഘവൻ മീൻ മുറിക്കുമ്പോൾ നാരായണി സഞ്ചിയിൽ നിന്നു പൊതികൾ ഓരോന്നോരോന്നായി പുറത്തെടുത്തു തുറന്നു. അവർ അത്ഭുതപ്പെട്ടുപോയി. എന്തിനാണയാൾ ഇത്രയധികം സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നത്? നാലഞ്ചു കിലോ അരി തന്നെയുണ്ട്. പിന്നെ പരിപ്പുകൾ, എണ്ണകൾ, മുളക്, മഞ്ഞൾ, കടുക് എല്ലാം. ഒരു ചെറിയ കുടുംബത്തിന് ഒരു മാസം കഴിയാനുള്ള മലഞ്ചരക്കു മുഴുവനുണ്ട്. ഒറ്റനോട്ടത്തിൽ പത്തുമുന്നൂറു രൂപയെങ്കിലുമായിട്ടുണ്ടാവും. എന്തിനാണ് ഈ മനുഷ്യൻ ഒരു നേരത്തെ ഊണിനുവേണ്ടി ഇത്രയും ചെലവാക്കുന്നത്?

അച്യുതൻനായരും അതുതന്നെയായിരുന്നു ആലോചിച്ചിരുന്നത്. എന്തിനാണ് ഈ മനുഷ്യൻ ഇതൊക്കെ ചെയ്യുന്നത്? അടുക്കളവാതിലിലൂടെ നോക്കുമ്പോൾ രാഘവൻ കുനിഞ്ഞിരുന്നു നെയ്മീൻ മുറിക്കുന്നതു കാണാം. അയാൾ അടുക്കളയിലേക്കു ശ്രദ്ധിച്ചിരുന്നില്ല.

സാധനങ്ങളെല്ലാം ഓരോ ടിന്നുകളിൽ പകർന്നുവയ്ക്കുമ്പോൾ നാരായണി ഓർത്തു. എത്ര കാലമായി ഈ ടിന്നുകൾ നിറഞ്ഞിട്ട്. കല്യാണം കഴിഞ്ഞ് ആദ്യത്തെ ഒരു കൊല്ലം മാത്രം ശമ്പളം കിട്ടിയാൽ ഒന്നായി പലചരക്കുകൾ വാങ്ങിവച്ചിരുന്നു. ജോലി പോയപ്പോൾ പിന്നെ അതൊന്നും നടക്കാതായി. സാധനങ്ങൾ തീരുന്നതിനനുസരിച്ച് അപ്പപ്പോഴായി വാങ്ങും. പിന്നെപ്പിന്നെ അന്നത്തേയ്ക്കുള്ള സാധനങ്ങൾ വാങ്ങുക എന്ന നിലയിലെത്തി. കുറെക്കാലമായി അതും പറ്റാറില്ല. ഇപ്പോൾ ഇത്രയധികം സാധനങ്ങൾ ഒന്നിച്ചു കണ്ടപ്പോൾ അവർക്ക് ആർത്തിതോന്നി.

രാത്രി അവർ നിലത്തിരുന്ന് ഊണുകഴിച്ചു. നാരായണി വിളമ്പിക്കൊടുത്തു. രാഘവൻ മീൻ വറുത്തതും കറിയും കൂട്ടി ആസ്വദിച്ചുണ്ണുന്നതു നോക്കിനിന്നപ്പോൾ മൂന്നു മണിക്കൂർ മുമ്പു നെയ്മീനും തൂക്കിവന്ന് ‘ഇതൊന്നു വച്ചുതരാമോ’ എന്നു ചോദിച്ചതിന്റെ വ്യാപ്തി നാരായണിക്കു മനസിലായി. ഭക്ഷണം ഇഷ്ടമുള്ള ഒരാൾ; പക്ഷേ, അതിനുവേണ്ടി ഇത്രയധികം പണം ചെലവാക്കുകയോ?

രാഘവൻ ഊണു കഴിച്ച പ്ലെയ്റ്റ് സ്വന്തമായി കഴുകിവച്ചു.

‘ഇതിലൊന്നും അത്ര കാര്യമില്ലെന്നേ.’ അയാൾ പറഞ്ഞു: ‘നമ്മുടെ എച്ചിൽ മറ്റൊരാളെക്കൊണ്ട് എന്തിനു കഴുകിക്കണം. കുട്ടിക്കാലം തൊട്ടേയുള്ള ശീലമാണ്. അമ്മയാണ്...’

അയാൾ നിർത്തി. അമ്മയെപ്പറ്റി കൂടുതൽ പറയാൻ താൽപര്യമില്ലാത്തപോലെ. അമ്മയാണ് ഈ ശീലം പഠിപ്പിച്ചതെന്നായിരിക്കും അയാൾ ഉദ്ദേശിച്ചത്.

‘അമ്മ ഇല്ലേ?’ നാരായണി ചോദിച്ചു.

‘ഇല്ല.’

‘അച്ഛൻ?’

‘ഇല്ല, രണ്ടു പേരും മരിച്ചു.’

അയാൾ കൂടുതൽ ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ഉമ്മറത്തു തിണ്ണയിൽ പോയി ഇരുന്നു.

വൈകുന്നേരത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മഴ ചാറാൻ തുടങ്ങി.

‘ഇനി അധികം പെയ്യണ്ടാവില്ല.’


ഇറയത്തേക്കിറങ്ങി ആകാശം നോക്കിക്കൊണ്ട് അച്യുതൻനായർ പറഞ്ഞു.

‘ഊണു നന്നായി.’ തിണ്ണമേൽ കാലും നീട്ടി ചുമർ ചാരിയിരുന്നുകൊണ്ടു രാഘവൻ പറഞ്ഞു.

‘നാരായണി നന്നായി വയ്ക്കും. വയ്ക്കാൻ സാധനങ്ങളില്ലാത്ത കുറവേ ഉള്ളൂ.’

‘നാളെ നമുക്ക് ഇറച്ചി വാങ്ങണം. ഞങ്ങളുടെ നാട്ടിലെ വെപ്പ് കാണിച്ചുതരാം.’

നാരായണി ഒന്നും പറഞ്ഞില്ല. അച്യുതൻ നായർ രാഘവനെ നോക്കി, എന്താണ് തന്റെ ഭാവം എന്ന മട്ടിൽ.

‘നിങ്ങൾക്ക് ചപ്പാത്തിയുണ്ടാക്കാനറിയ്യോ?’

‘ഒരുമാതിരി.’

‘ഞാൻ മാവു കുഴച്ചുതരാം. പരത്താനാണ് എനിക്കു വിഷമം.’

അപ്പോൾ ഈ മനുഷ്യന് പെട്ടെന്നു പോകാനുള്ള ഉദ്ദേശ്യമില്ല. അച്യുതൻനായർ വിചാരിച്ചു. അതുപോട്ടെ, ഇന്ന് രാത്രി അയാളെ എവിടെ കിടത്തും. ഒരു മുറിയും അടുക്കളയും മാത്രം. അടുക്കളയുടെ നിലം വല്ലാതെ പൊട്ടിപ്പൊളിഞ്ഞു മോശമായിരിക്കുന്നു. മഴ തുടങ്ങിയശേഷം ആകെ ചെളിക്കുണ്ടാണ്. ഉമ്മറത്താണു ഭേദം. അയാൾ നാരായണിയെ അകത്തേക്കു വിളിച്ചു.

‘നീ ഒരു പായും തലയിണയും പുതപ്പും കൊടുക്ക്. അയാൾ ഉമ്മറത്തു കിടന്നോട്ടെ.’

‘ഇവിടെ കിടക്കാനൊക്കെ സൗകര്യം കുറവാണ്.’ അച്യുതൻ നായർ ഉമ്മറത്തേക്കു കടന്നുകൊണ്ടു പറഞ്ഞു.

‘അതിനെന്താ, എനിക്കൊരു പായും തലയിണയും തന്നാമതി. ഞാനിവിടെ കിടന്നുകൊള്ളാം.’

‘തണുപ്പൊക്കെ കാണും.’

‘ഓ സാരമില്ല.’

നാരായണി പായും തലയിണയും പുതപ്പും കൊണ്ടുവന്നപ്പോൾ രാഘവൻ തന്റെ സഞ്ചി തുറന്നു പഴ്‌സെടുത്ത് അവളെ ഏല്പിച്ചു.

‘ഇത് അകത്തുവെച്ചുകൊള്ളൂ.’

അവൾ പഴ്‌സ് വാങ്ങി. നല്ല കനമുണ്ടായിരുന്നു അതിന്. പെട്ടെന്നവൾ വല്ലാതായി. അതിൽ നിറയെ പണമുണ്ടെന്നവൾക്കു മനസിലായി. ഇത്രയും പണം യാതൊരു പരിചയവുമില്ലാത്ത ആൾക്കാരെ ഏല്പിച്ച്... എന്തൊരു മനുഷ്യനാണീയാൾ...

‘നാരായണി അത് അലമാരിയിൽ ഭദ്രമായി വയ്ക്കൂ. ഈ സ്ഥലത്ത് അല്ലറചില്ലറ കളവുകളൊക്കെയുണ്ട്. ജനലിൽക്കൂടി തോണ്ടിയെടുക്കലുമൊക്കെ.’

തന്നിലർപ്പിച്ച വിശ്വാസത്താൽ അച്യുതൻനായർ പ്രശംസിക്കപ്പെട്ടിരുന്നു.

അച്യുതൻനായർക്ക് ഉറക്കം വന്നില്ല. എപ്പോഴോ മഴയുടെ ശക്തി കൂടിയിരുന്നു. കാറ്റിന്റെ മൂളക്കവും മരങ്ങൾ ഉലയുന്നതിന്റെ ശബ്ദവും കേൾക്കാം. പുറത്തു തണുത്ത കോലായിൽ കിടന്നുറങ്ങുന്ന മനുഷ്യനെ അയാൾ ഓർത്തു. അയാളുടെ വരവിനെപ്പറ്റി ഒരു നൂറ് അഭ്യൂഹങ്ങൾ നടത്തി ക്ഷീണിച്ചു നാരായണി ഉറക്കമായിരുന്നു. നാരായണിയുടെ അഭിപ്രായങ്ങളൊന്നും അച്യുതൻനായർക്ക് സ്വീകാര്യമായി തോന്നിയില്ല. ഭാര്യയുമായി പിണങ്ങി വന്ന മനുഷ്യനോ, എവിടെനിന്നെങ്കിലും പണം കട്ടെടുത്ത് ഒളിച്ചുനടക്കുന്ന കള്ളനോ ഒന്നും അല്ല അയാൾ. വേറെ എന്തോ ഒന്ന്. എന്താണെന്ന് അച്യുതൻനായർക്കറിയില്ല. ഇതൊന്നും പക്ഷേ, അയാൾ ഭാര്യയോടു പറഞ്ഞില്ല.

കാറ്റിന്റെ ശക്തിയിൽ ജനലിലൂടെ വെള്ളത്തുള്ളികൾ അകത്തുവന്നു. ഈ കാറ്റിലും മഴയിലും എങ്ങനെ ഒരാൾക്ക് കോലായിൽ കിടന്നുറങ്ങാൻ പറ്റും.

രാഘവൻ ഉറങ്ങുകയായിരുന്നില്ല. അടഞ്ഞുകിടക്കുന്ന വാതിലിനു നേരെ നോക്കി ചുവരും ചാരി കുറെ നേരമിരുന്നു. വെറുതെ, ഒന്നും ആലോചിക്കാതെ. മനസ് ശാന്തമായിരുന്നു. ഇനി ഒരിക്കലും മനസ് കലുഷമാക്കില്ലെന്ന് അയാൾ അമ്മയ്ക്കു വാക്കുകൊടുത്തിരുന്നു. മരിക്കുന്നതിനുമുമ്പു തന്റെ കൈപിടിച്ചു കൊണ്ടു പറഞ്ഞതാണ്.

‘നിനക്ക് ഈ സ്വഭാവം കൊണ്ട് നഷ്ടമേയുണ്ടായിട്ടുള്ളൂ. ഇനി എനിക്കുവേണ്ടിയെങ്കിലും അതു മാറ്റണം. മനസ് കേടുവരുത്താതെ നോക്കണം.’

മഴയുടെ താളം കണ്ണുകളെ തഴുകാൻ തുടങ്ങിയപ്പോൾ അയാൾ നിലത്തു പായ വിരിച്ചുകിടന്നു. കോലായ്ക്കു വീതി കുറവായതിനാൽ കാറ്റിൽ മഴത്തുള്ളികൾ പായവരെ എത്തി. അയാൾ പുതപ്പിനുള്ളിൽ ചുരുണ്ടുകിടക്കാൻ നോക്കി. അപ്പോഴാണ് കണ്ടത്, ഒരു മിന്നലിന്റെ പ്രകാശത്തിൽ തിളങ്ങുന്ന എന്തോ ഒന്ന്. ചവിട്ടുകല്ലിന്റെ അരുകിലായി പുളയുന്ന പ്രകാശം. അയാൾ ചാടി എഴുന്നേറ്റു, വിളക്കിന്റെ സ്വിച്ചിട്ടു. വിളക്കു കത്തിയില്ല.

അച്യുതൻനായർ എഴുന്നേറ്റു ജനലടച്ചു. വിളക്കു കത്തിക്കാനായി സ്വിച്ചിട്ടു. കറണ്ടില്ല. മഴക്കാലത്ത് ഇതു സാധാരണമാണ്. രാത്രി കറണ്ടുപോയാൽ പിന്നെ രാവിലെയേ ശരിയാക്കൂ. അതുവരെ ഇരുട്ടിൽത്തന്നെ. അയാൾ റാന്തലെടുത്തു കത്തിച്ചു. ഉമ്മറത്തേക്കുള്ള വാതിൽ തുറക്കുന്നതിനു മുമ്പ് ഒന്നു ശങ്കിച്ചു.

രാഘവൻ തിണ്ണയിൽ കൂനിക്കൂടിയിരിക്കുകയാണ്.

‘എന്താ ഉറങ്ങിയില്ലേ?’ അച്യുതൻ നായർ ചോദിച്ചു: ‘അല്ലെങ്കിൽ ഈ പെരുമഴയത്ത് കോലായിൽ എങ്ങനെ കിടക്കാനാണ് അല്ലേ?’

‘മഴ കൊണ്ടല്ല,’ രാഘവൻ പറഞ്ഞു. ‘എനിക്കൊരു സന്ദർശകനുണ്ടായിരുന്നു.’

അച്യുതൻ നായർ ചുറ്റും നോക്കി. കോലായിൽ ഒരരുകിലായി മഴവെള്ളം അധികം തെറിക്കാത്തിടത്തു പായ നിവർത്തിയിരുന്നു.

‘ഒരു പാമ്പ്,’ രാഘവൻ പറഞ്ഞു.

‘മഴക്കാലത്ത് ഇഴജന്തുക്കളുടെ ശല്യം കൂടുതലാ,’ അച്യുതൻ നായർ പറഞ്ഞു. ‘എന്തു പാമ്പാ?’

‘അറിയില്ല. ചേരയായിരിക്കും.’

മറുപടി അച്യുതൻ നായരെ നിരാശപ്പെടുത്തി. സാധാരണ ഇങ്ങനത്തെ ചോദ്യങ്ങൾക്കുത്തരമുണ്ടാവുക ‘അതൊരു വെള്ളിക്കെട്ടനാ’ണെന്നോ, ‘എട്ടടിമൂർഖനാ’ണെന്നോ ആയിരിക്കും. അതിലും താഴെക്കിടയിലുള്ള പാമ്പുകളെ ആരും കാണാറില്ല. ധീരസാഹസികതയ്ക്കും കൈയടിക്കും സാദ്ധ്യതയുള്ളപ്പോൾ ആരെങ്കിലും അതൊഴിവാക്കുമോ? ഒരു ചേരയുമായുണ്ടായ ഏറ്റുമുട്ടലിൽ കാര്യമായ സാഹസികതയൊന്നും പറയാനില്ല.

രാഘവൻ അത്യുക്തി ഇഷ്ടപ്പെട്ടില്ല. കടും നിറങ്ങൾ ഉപയോഗിച്ചതുമില്ല.

‘നിങ്ങളൊരു കാര്യം ചെയ്യൂ,’ പായും തലയിണയും ചുരുട്ടിക്കൊണ്ട് അച്യുതൻനായർ പറഞ്ഞു: ‘അകത്തു കിടന്നുകൊള്ളൂ.’

‘അത്... വിഷമമാവില്ലേ?’

‘അതു സാരല്യ, അല്ലാതെ ഈ പെരുമഴയത്ത് കോലായില്, ഇഴജന്തുക്കളുടെ എടേല്...’ നാരായണി നല്ല ഉറക്കമായിരുന്നു. ചുവരരുകിൽ പായ വിരിച്ചുകൊടുത്തു അച്യുതൻ നായർ പറഞ്ഞു.

‘കിടന്നോളൂ.’

രാഘവൻ ഒരദ്ഭുതമായിട്ടാണു നാരായണിക്കു തോന്നിയത്. അതിരാവിലെ എഴുന്നേറ്റു ചായയുണ്ടാക്കി അവരെ വിളിക്കും. തുടക്കത്തിൽ അതൽപം വിഷമമുണ്ടാക്കി. ‘എന്നെ വിളിക്കാമായിരുന്നില്ലേ’ എന്ന് ഒന്നുരണ്ടു പ്രാവശ്യം നാരായണി ചോദിച്ചപ്പോൾ അയാൾ ചിരിക്കുക മാത്രം ചെയ്തു. പിന്നെ പ്രാതലുണ്ടാക്കാൻ, അതു കഴിഞ്ഞ് ഉച്ചഭക്ഷണമുണ്ടാക്കാൻ എല്ലാം അയാൾ സഹായിക്കും. അയാൾ ചെയ്യുന്നതിനെല്ലാം കലാപരമായ മേന്മയുണ്ടായിരുന്നു. നാരായണി നോക്കിനിന്നുപോകും.

അച്യുതൻനായർ ഉച്ചഭക്ഷണത്തിനെത്തുമ്പോഴേക്ക് എല്ലാം തയ്യാറായിട്ടുണ്ടാകും. രാഘവൻ രാവിലെ മാർക്കറ്റിൽ പോയി മീനോ ഇറച്ചിയോ കോഴിമുട്ടയോ വാങ്ങിക്കൊണ്ടുവരും, ഒപ്പം പച്ചക്കറികളും. ഊണു കഴിക്കുമ്പോൾ അച്യുതൻനായർ ചോദിക്കും:

‘നിങ്ങൾ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്!’

‘എന്താ ഞാൻ ചെയ്യുന്നതിഷ്ടമല്ലേ?’

‘അല്ലാ, അങ്ങനെയല്ല, നമ്മള് ഓരോ കാര്യങ്ങള് ചെയ്യുമ്പോ എന്തെങ്കിലും കാരണം കാണില്ലേ? അതാ ഞാൻ ചോദിച്ചത്.’

രാഘവൻ മീൻ വറുത്തത് ഒരു കക്ഷണം വായിലിട്ട് കുറച്ചുനേരം ആലോചിച്ചിരുന്നു. അയാളുടെ മുഖം വാടിയോ എന്നു സംശയം. അച്യുതൻ നായർ പറഞ്ഞു.

‘സാരല്യാ. ഞാൻ വെറുതെ ചോദിച്ചതാ.’

‘അതല്ല കാര്യം,’ രാഘവൻ പറഞ്ഞു: ‘എനിക്കുതന്നെ അറിയാത്ത കാര്യം ഞാൻ എങ്ങനെയാണു മറ്റുള്ളവരോട് പറയുന്നത്?’

‘സാരല്യ. ഞാൻ നിങ്ങളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. അറിയാനുള്ള താൽപര്യംകൊണ്ടു ചോദിച്ചൂന്നേള്ളൂ. നിങ്ങള് വന്നിട്ടിപ്പോ കൊറച്ചു ദിവസായല്ലോ. എവിട്ന്നാ വരണത് എങ്ങോട്ടാ പോണത് എന്നൊന്നും ഞങ്ങക്കറിയില്ല. സ്‌നേഹംള്ള ആളാണ്ന്ന് മാത്രം മനസിലായി. അതോണ്ടല്ലെ ഭാര്യയെ ഇവിടെ വിട്ട് എനിക്ക് സമാധാനത്തോടെ ജോലിക്ക് പോകാൻ പറ്റണത്? ആ ധൈര്യം എവിട്ന്ന്ണ്ടായീന്ന് എനിക്കിപ്പഴും അറിയില്ല. മുജ്ജന്മബന്ധായിരിക്കും.’ അച്യുതൻനായർ ഊണു കഴിഞ്ഞെഴുന്നേറ്റു.

‘പൊറത്തൊക്കെ ഞാൻ പറഞ്ഞിട്ടുള്ളത് നാരായണീടെ വല്യമ്മടെ മകനാന്നാ. ചെറിയ ഒരു ടൗണല്ലെ, എല്ലാവർക്കും അന്യോന്യം അറിയാം. ഒരു വീട്ടില് നടക്കണതെന്താന്ന് മറ്റുവീട്ടുകാർക്ക് അറിയണം. അതവര്‌ടെ അവകാശാ.’

രാഘവൻ താൻ നടന്നുവന്ന വഴികളെപ്പറ്റി ഓർത്തു. എവിടെയോ ബസിറങ്ങി നടന്നു. ഇരുതല മുട്ടിയ, ചെമ്മൺനിറമുള്ള മലവെളളത്തിനുമേലേ ശ്വാസംമുട്ടി നിൽക്കുന്ന നെൽച്ചെടികളുടെ പച്ചപ്പിനു നടുവിലൂടെ ഏറെദൂരം നടന്നു.

‘ഞാൻ വന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി അല്ലേ?’

‘ഏയ്.’ രണ്ടുപേരും ഒന്നിച്ചുപറഞ്ഞു.

വാസ്തവത്തിൽ അവർക്ക് ബുദ്ധിമുട്ടായോ? പത്തുകൊല്ലത്തെ വിവാഹജീവിതം അവർക്ക് സമ്മാനിച്ചതെന്താണ്. ഓർമകളിൽ ഇരുട്ടുപിടിച്ച ഇടവഴികളും ദിവസങ്ങളുടെ വിരസതയും പിന്നെ പഞ്ഞത്തിന്റെയും അതൃപ്തിയുടെയും നാളുകളും. എന്താണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നറിയില്ല. അങ്ങനെയൊക്കെ സംഭവിച്ചുവെന്നുമാത്രം. വഴിയിലെവിടെയോവെച്ച് എല്ലാം കൈവിട്ടുപോയി. ജീവിതത്തിൽ നഷ്ടബോധം മാത്രം ബാക്കി.

നാരായണിയെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ടുവെന്നു കരുതിയ പലതും തിരിച്ചു കിട്ടിയ മട്ടാണ്. ആദ്യമായി ഉണ്ടായത് അടുക്കളയിലാണ്. വളരെക്കാലമായി ഒഴിഞ്ഞുകിടന്ന ടിന്നുകൾ നിറയ്ക്കപ്പെട്ടു. അടുക്കളയ്ക്കു പാചകത്തിന്റെ മണം തിരിച്ചുകിട്ടി.

പെട്ടിയിൽ പുതിയ വസ്ത്രങ്ങളുടെ മണം തിരിച്ചുവന്നു. ഓരോ പ്രാവശ്യവും രാഘവൻ സാരിയോ മറ്റു വസ്ത്രങ്ങളോ കൊണ്ടുവരുമ്പോൾ നാരായണി ചോദിക്കും, എന്തിനാണിതൊക്കെ കൊണ്ടുവരുന്നതെന്ന്.

രാഘവൻ ചിരിക്കുകമാത്രം ചെയ്തു. അച്യുതൻ നായർ ഒന്നും പറഞ്ഞില്ല. ആ മനുഷ്യൻ സ്‌നേഹത്തോടെ കൊടുക്കുന്നതാണ്. അവൾക്ക് ആവശ്യമാണുതാനും അവയൊക്കെ. എത്ര കാലമായി തുണിത്തരങ്ങൾ വാങ്ങിയിട്ട്. തനിക്കതു വാങ്ങിക്കൊടുക്കാൻ കഴിയാത്തോളം കാലം എന്തിനു മുടക്കണം. രാഘവൻ ഏതോ ജന്മത്തിലെ കടം വീട്ടുകയായിരിക്കും. അയാൾക്കു ദുശ്ശീലങ്ങളൊന്നും ഇല്ല. കുടിക്കില്ല, പുകവലിക്കില്ല, രാത്രികളിൽ പുറത്തിറങ്ങാറില്ല. ഒരിക്കൽ അച്യുതൻ നായർ ചോദിച്ചു:

‘രാഘവൻ കുടിക്കില്ലേ?’

‘ഇല്ല. സ്വബോധത്തോടെ ജീവിക്കാൻ തന്നെ വിഷമം, അപ്പോൾ പിന്നെ ഉള്ള ബോധവും നശിച്ചാലോ?’

‘എനിക്കല്പം സേവിച്ചാലേ ഉറക്കംവരൂ.’ അച്യുതൻ നായർ പറഞ്ഞു: ‘അധികമൊന്നും വേണ്ട. ഒരു ഇരുനൂറ് മില്ലി. അതു കഴിഞ്ഞാൽ ഒരു രണ്ടു പുക അത്രതന്നെ.’

എന്തെങ്കിലും ചീത്ത ശീലങ്ങളുണ്ടെങ്കിൽ ആ കാരണം പറഞ്ഞ് ആ മനുഷ്യനെ അകറ്റാമായിരുന്നു. സ്‌നേഹപൂർവ്വം ഓരോ സാധനങ്ങൾ വാങ്ങിത്തരുന്നത് എങ്ങനെ ചീത്തശീലമാകും. അതു ചീത്തശീലമാണെങ്കിൽ ആദ്യത്തെ ദിവസം മീനുംകൊണ്ടു വന്നപ്പോൾത്തന്നെ ഒഴിവാക്കണമായിരുന്നു. ഇപ്പോൾ അയാൾ ചെയ്യുന്നത് ആദ്യദിവസത്തിന്റെ തുടർച്ചയായിട്ടാണ്. എന്തിന്റേയോ കടം വീട്ടാൻ ജന്മാന്തരങ്ങൾ കടന്നുവന്ന മനുഷ്യൻ. ആരാണീ മനുഷ്യൻ?

ഉത്തരം കിട്ടിയത് ഒരു സന്ധ്യാനേരത്തായിരുന്നു. പണികഴിഞ്ഞുവന്നു ചായ കുടിച്ചു, കുളിച്ചു പുറത്തേക്കിറങ്ങി. രാഘവൻ നെറ്റി തലോടി ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു.

‘തലവേദന.’

അച്യുതൻ നായരുടെ ചോദ്യത്തിനുത്തരമായി അയാൾ പറഞ്ഞു.

‘നെറ്റീമ്മല് പെരട്ടാൻ എന്തെങ്കിലും വാങ്ങണോ?’

‘വേണ്ട എന്റെ കൈയിൽത്തന്നെയുണ്ട്.’


‘ഞാനൊന്നു നടന്നുവരാം.’

ആദ്യത്തെ ഗ്ലാസ് ഒറ്റ വീർപ്പിനു മോന്തി ചിറി തുടച്ച് അച്യുതൻനായർ പറഞ്ഞു.

‘കൊച്ചുണ്ണി ഒരു ഇരുന്നൂറു കൂടി ഒഴിക്ക്.’

‘എന്തുപറ്റി അച്ച്വാരെ. പതിവില്ലാതെ?’

‘ഇന്നങ്ങനെ ഒരു മൂഡ്. കൊറച്ച് ദിവസമായി മനസിലാകെ ഒരു പാട. ഒന്നും വ്യക്തായിട്ട് ആലോചിക്കാൻ പറ്റ്ണില്ല. ഇവനെ കുറച്ചധികം അകത്താക്കിയാൽ ആ പാട അങ്ങട്ട് നീങ്ങിക്കിട്ടുമോന്ന് നോക്കട്ടെ.’

‘ന്നാ, നല്ല മുഴുത്ത ചാള വറുത്തത്ണ്ട്. കൊണ്ടരട്ടെ?’

‘ങാ, നോക്കട്ടെ.’

കീശയിൽ പണമുണ്ടായിരുന്നു. രാഘവൻ വന്നശേഷം വീട്ടാവശ്യങ്ങൾക്കും പണം ചെലവാക്കേണ്ടി വന്നിട്ടില്ല. സാധനങ്ങളെല്ലാം കഴിയുന്നതിനു മുമ്പായി അയാൾ വാങ്ങിക്കൊണ്ടുവരും. അച്യുതൻ നായർ വീണ്ടും ഓർത്തു. എന്തിനാണീ മനുഷ്യൻ ഇതൊക്കെ ചെയ്യുന്നത്? ഗ്ലാസ് വീണ്ടു നിറയ്ക്കപ്പെട്ടു. കൊച്ചുണ്ണി ഓർമ്മിപ്പിച്ചു.

‘അച്ചുവാരെ മതി.’

‘ഇതാ ഇതും കൂടി.’

ഗ്ലാസ് വായിലേക്കു കമിഴ്ത്തി അയാൾ എഴുന്നേറ്റു. അരയിൽ മുണ്ടിന്റെ കോന്തലയിൽ തെറുത്തുവെച്ച ബീഡിക്കെട്ടിൽ നിന്ന് ഒരു ബീഡിയെടുത്ത് ചുണ്ടിൽവച്ചു.

വീട്ടിൽ വന്നുകയറുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. ഉമ്മറത്തു തിണ്ണയിൽ നാരായണി ഇരിക്കുന്നു. അകത്തു വെളിച്ചമില്ല.

‘എന്താ അകത്ത് വിളക്കു കത്തിക്കാത്തത്?’

‘അവിടെ അയാള് കെടക്ക്വാണ്. തലവേദന കൂടീട്ട്ണ്ട്. ഞാൻ പറയ്യേ പോയി കിടന്നോളാൻ.’

അച്യുതൻ നായർ അകത്തുകടന്നു, വിളക്കുതെളിയിച്ചു. കട്ടിന്മേൽ രാഘവൻ ഉറക്കമാണ്.

‘താഴ്ത്ത് കിടക്ക്വായിരുന്നു. ഞാനെ പറഞ്ഞത് കട്ടിന്മല് കെടന്നോളാൻ. ഈ തലവേദനീം ഒക്കെ ആയിട്ട് നെലത്ത് കെടത്തണ്ടാച്ചു. ഞാൻ നെലത്ത് പായിട്ട് കെടന്നോളാം. നിങ്ങള് രണ്ടുപേരും കട്ടിമ്മല് കെടന്നോളൂ. അല്ലെങ്കിലും ഞാൻ ആലോചിച്ചതാ, ഇനിതൊട്ട് ഞാൻ നെലത്ത് തന്നെ കെടക്കാംന്ന്. അയാള് നെലത്ത് കെടക്കുമ്പം...!’

‘ഊണു കഴിച്ചോ?’

‘വേണ്ടാന്ന്. തലവേദനയാവുമ്പോ അങ്ങിന്യാത്രെ. ഒന്നുംകഴിക്കില്ല. രാവിലെയാവുമ്പോഴേക്ക് മാറൂംന്ന് പറഞ്ഞു.’

‘ന്നാ, നമുക്ക് കഴിക്കാം.’

ഊണുകഴിക്കുമ്പോൾ അച്യുതൻനായർ ആലോചിച്ചിരുന്നതു ബന്ധങ്ങളെപ്പറ്റിയായിരുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം. ജീവജാലങ്ങൾ തമ്മിലുള്ള ബന്ധം. ആലോചന എവിടെയുമെത്തിയില്ല.

ഊണുകഴിഞ്ഞശേഷം അയാൾ കട്ടിലിനടത്തുപോയി രാഘവൻ കിടക്കുന്നതും നോക്കിനിന്നു. ഹൃദയം കനിവിനാൽ നിറഞ്ഞു. കണ്ണുകൾ ഈറനായി. പെട്ടെന്നാണു ബോധോദയമുണ്ടായത്. അയാൾ അത്ഭുതത്തോടെ, ആഹ്ലാദത്തോടെ പറഞ്ഞു. എന്താണ് ഇതു മനസിലാക്കാൻ ഇത്ര കാലമെടുത്തത്. തന്റെ നാൽപതു കൊല്ലത്തെ ജീവിതം എത്ര അപൂർണവും അയഥാർഥവുമായിരുന്നെന്ന് അയാൾ മനസിലാക്കി. മുമ്പിൽ നിവർന്നു കിടക്കുന്നതു തന്റെ തന്നെ ഉണ്മയല്ലേ?

അയാൾ അലമാരി തുറന്നു തപ്പുകയായിരുന്നു.

‘എന്താണ് നോക്കുന്നത്?’

‘കിട്ടി.’ അലമാരിയിൽ നിന്നെടുത്തതു നാരായണിയുടെ കല്യാണപ്പുടവയായിരുന്നു.

‘എന്തിനാപ്പൊ അതൊക്കെ പുറത്തെടുക്കണത്?’

അയാൾ സാരി വാസനിച്ചു നോക്കി. ചന്ദനത്തിന്റെ നിറമുള്ള ആ പുടവയ്ക്കു ചന്ദനത്തിന്റെ മണമായിരുന്നു. കസവ് മങ്ങാതെ ഉദിച്ചുനിന്നു.

‘നീ ഈ സാരിയൊന്ന് ഉടുക്ക് .’

‘ഈ സാരി ഉടുക്ക്വേ?’ അയാൾ തലയാട്ടി.

‘എന്താ ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നാൻ?’

‘നീ ഉടുക്ക്.’

അവൾ രാഘവൻ കിടക്കുന്നിടത്തു നോക്കി. അയാൾ നല്ല ഉറക്കമാണ്. അവൾ സാരിയെടുത്തു കുളിമുറിയിലേക്കു നടന്നു.

‘ഇവിടുന്നുതന്നെ മാറ്റിയാ മതി.’

നാരായണി സങ്കോചത്തോടെ, സാവധാനത്തിൽ സാരി അഴിച്ചുമാറ്റി. രാഘവൻ ഉണരുമോ എന്ന ഭയത്തോടെ നോക്കിക്കൊണ്ട് അവൾ ബ്ലൗസിന്റെ കുടുക്കുകൾ അഴിച്ചു.

അച്യുതൻ നായർ കലവറയിൽ നിന്നു വലിയ ഓട്ടുവിളക്ക് എടുത്തു തുടച്ചുമിനുക്കി, നല്ലെണ്ണ ഒഴിച്ച് തിരിയിട്ടു കത്തിച്ചു. നിലവിളക്കു മുറിയുടെ നടുവിൽ വച്ച് അയാൾ പറഞ്ഞു.

‘നീ നിലവിളക്ക് മൂന്നു പ്രാവശ്യം വലംവെയ്ക്ക്.’

‘എന്താ നിങ്ങൾക്ക് പറ്റീത്. ഇന്ന് കുറച്ചധികം അകത്താക്കീന്ന് തോന്നുന്നു.’

‘നീ ഞാൻ പറഞ്ഞത് ചെയ്യ്.’

അവൾ നിലവിളക്കിനു ചുറ്റും നടന്നു. മൂന്നു പ്രാവശ്യം വലംവച്ചപ്പോൾ അയാൾ അവളുടെ കൈപിടിച്ചു കട്ടിലിനടുത്തേക്കു നയിച്ചു.

‘ഈ കിടക്കുന്നത് ആരാണെന്നറിയ്യോ?’

അവൾ അന്തംവിട്ടു. എന്തൊക്കെയാണ് ഈ മനുഷ്യൻ ചോദിക്കുന്നത്. ‘ഇത് രാഘവനല്ലെ?’

‘അല്ല, അതു ഞാൻ തന്നെയാണ്.’

അച്യുതൻ നായർ അവളെ പിടിച്ചു കട്ടിലിന്മേലിരുത്തി. ‘കിടന്നുകൊള്ളൂ.’

അയാൾ വിളക്കണച്ചു. ഇപ്പോൾ നിലവിളക്കിന്റെ അരണ്ട വെളിച്ചം മാത്രം. അച്യുതൻ നായർ ചുവരരുകിൽ ചാരിവച്ച പായ നിവർത്തിയിട്ട് അതിലേക്കു വീഴുന്നതു നാരായണി കണ്ടു. അയാൾ ഉറക്കമായി.

നാരായണി ഒരുതരം സ്വപ്‌നാവസ്ഥയിലായിരുന്നു. മുല്ലപ്പൂവിന്റെ മണം എവിടെ നിന്നാണു വരുന്നത്? ഗതകാലത്തു നിന്നു പൊന്തിവന്ന ഒരു മണിയറ അവളുടേതായി. അവൾ വീണ്ടും സ്വപ്‌നങ്ങൾ നെയ്യുന്ന ഇരുപതുകാരിയായി. സ്‌നേഹത്തോടെ നീണ്ടുവന്ന രണ്ടു ബലിഷ്ഠകരങ്ങൾ അവളെ ആശ്ലേഷിച്ചു.

രാവിലെ എഴുന്നേറ്റപ്പോൾ എല്ലാം വളരെ സ്വാഭാവികമായി കണ്ടു. യുഗങ്ങളായി തങ്ങൾ അങ്ങനെയാണു കഴിയുന്നതെന്ന മട്ടിൽ. കത്തിത്തീർന്ന തിരികളുള്ള നിലവിളക്കും താൻ ഉടുത്തിരുന്ന പട്ടു പുടവയും താൻ സ്വപ്നം കാണുകയായിരുന്നില്ലെന്ന് അവളെ ഓർമ്മിപ്പിച്ചു. വികാരത്തള്ളിച്ചയിൽ അവളെ വിവസ്ത്രയാക്കിയ ബലിഷ്ഠകരങ്ങൾ അവൾക്കോർമ്മവന്നു. താൻ എപ്പോഴാണ് വീണ്ടും വസ്ത്രം ധരിച്ചത്?

രാഘവൻ ചായയുണ്ടാക്കുകയായിരുന്നു. അച്യുതൻനായർ ക്ഷൗരത്തിനുള്ള ഒരുക്കമാണ്. രണ്ടുപേരുടെ മുഖത്തും ഭാവഭേദമൊന്നുമില്ല. അവൾ സാരി മാറ്റി അടുക്കളയിലേക്കു നടന്നു.

ദിവസങ്ങൾ കടന്നുപോയപ്പോൾ അവൾ ആലോചിച്ചു എന്താണിങ്ങനെയൊക്കെ? എന്താണ് ഈ പുതിയ ജീവിതത്തിനർത്ഥം? അവൾ ഒന്നും ചോദിച്ചില്ല; ആരും ഒന്നും പറഞ്ഞുമില്ല. കാര്യങ്ങൾ ഭംഗിയായി നടക്കുന്നതിൽ അവൾ സന്തോഷിച്ചു. അതുവരെയുണ്ടായിരുന്ന ജീവിതം എത്ര ക്ലേശപൂർണമായിരുന്നെന്ന് അവൾക്കു മനസിലായി. പഞ്ഞത്തിന്റെ നാളുകൾ എന്നേ കഴിഞ്ഞിരുന്നു. രണ്ടു പുരുഷന്മാർക്കു നടുവിലുള്ള ശയനം മധുവിധു രാത്രികളെ തിരിച്ചുനൽകി. കുളിച്ചുവന്നു കണ്ണാടിയിൽ നോക്കുമ്പോൾ കവിളുകളിൽ എന്നോ മാഞ്ഞുപോയ മഴവില്ല് തിരിച്ചുവന്നതവൾ കണ്ടു.

ഇത്രയധികം സുഖം താൻ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല. ആലോചിക്കുമ്പോൾ ഭയമാവുന്നു. എല്ലാം പെട്ടെന്നു നിലച്ചുപോകുമോ എന്ന തോന്നൽ. അവൾ രാഘവനോടു ചോദിക്കും:

‘എന്തിനാണ് എന്നെ ഇങ്ങനെ സ്‌നേഹിക്കുന്നത്?’

‘എനിക്ക് സ്‌നേഹിക്കാൻ വേറെ ആരുമില്ല.’

രാഘവനോട് ചോദിക്കാൻ ഒരുപാടു കാര്യങ്ങൾ അവൾ മനസിൽ കുറിച്ചുവയ്ക്കും. പക്ഷേ, അയാളുടെ കൈകളിൽ കിടക്കുമ്പോൾ എല്ലാം മറക്കുന്നു. ആഴ്ചകളും മാസങ്ങളും കടന്നുപോയതവൾ അറിഞ്ഞില്ല. ഓണം വന്നു. കുറെക്കാലത്തിനുശേഷം അവൾ മുറ്റത്തു പൂവിട്ട്, തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചു. ഓണം ഒരു കൊടുങ്കാറ്റുപോലെ കടന്നുപോയി. നോക്കുമ്പോൾ നവരാത്രിയായിരിക്കുന്നു. കാലത്തെ ഒന്നു പിടിച്ചുനിർത്താൻ കഴിഞ്ഞെങ്കിലെന്നവൾ ആശിച്ചു.

തുലാവർഷം ഇക്കൊല്ലം നേരത്തെ എത്തി. ഇടിയും മഴയും പൊടിപൊടിക്കുന്ന ഒരു സന്ധ്യയ്ക്കു രാഘവൻ വളരെ അസ്വസ്ഥനായി കാണപ്പെട്ടു. പിറ്റേന്നു രാവിലെ അയാൾ ഏറെനേരം കോലായിൽ ഉലാത്തി. അടുക്കളയിൽ ദോശയുണ്ടാക്കുന്ന നാരായണി രാഘവന് എന്തുപറ്റിയെന്ന് ആലോചിച്ചു. ദോശയും ചായയും കഴിക്കുമ്പോൾ രാഘവൻ ഒന്നും സംസാരിച്ചില്ല.

‘എന്താ ഒരു വല്ലായ്മ?’ അച്യുതൻനായർ ചോദിച്ചു.

‘ഒന്നുംല്ല്യ...’

ഭക്ഷണത്തിനുശേഷം രാഘവൻ പഴ്‌സ് എടുത്തുതരാൻ നാരായണിയോടാവശ്യപ്പെട്ടു. അയാൾ പഴ്‌സ് തുറന്നു നോക്കി. നൂറിന്റെ രണ്ടു നോട്ടുകൾ മാത്രം ബാക്കി. ആ നോട്ടുകൾ കൈയിലെടുത്ത് അയാൾ കുറച്ചുനേരം ഇരുന്നു. കണ്ണിൽ ഊറിയ ജലകണങ്ങൾ മറച്ചുപിടിക്കാൻ അയാൾ മുഖം തിരിച്ചു. ആ രണ്ടു നോട്ടുകളും തിരിച്ചുവച്ച് അവൻ പഴ്‌സ് നാരായണിക്കു കൊടുത്തു. എഴുന്നേറ്റ് ഷർട്ടും മുണ്ടും മാറി; മാറ്റിയ വസ്ത്രങ്ങൾ ഒരു കടലാസിൽ പൊതിഞ്ഞു. കുട കൈയിലെടുത്ത് അയാൾ പറഞ്ഞു.

‘ഞാൻ വരട്ടെ...’

അച്യുതൻ നായർ ഒന്നും പറയാനാവാതെ കോലായിൽ നിന്നു. നാരായണി തളർന്നു കട്ടിന്മേലിരുന്നു. അവൾ കരയാൻ തുടങ്ങി. കുടയും കടലാസുപൊതിയും ഉമ്മറത്തിണ്ണമേൽവച്ചു രാഘവൻ അകത്തുകയറി, കട്ടിലിന്മേൽ അവളുടെ അടുത്തിരുന്ന് അരക്കെട്ടിലൂടെ പിടിച്ചടുപ്പിച്ചു.

‘കരയണ്ട.’

നാരായണി കരച്ചിനിടയിൽ ചോദിച്ചു: ‘എന്തിനാണ് പോവുന്നത്. നമുക്ക് ഇങ്ങനെ കഴിഞ്ഞൂകൂടേ?’

എന്തിനാണ് വന്നതെന്നറിയാതിരുന്ന പോലെ എന്തിനാണു പോകുന്നതെന്നും അയാൾക്കറിയില്ലായിരുന്നു.

‘ഞാൻ അമ്മയാകാൻ പോകയാണ്,’ നാരായണി തേങ്ങലിനിടയിൽ പറഞ്ഞു.

‘എനിക്കറിയാം.’ രാഘവൻ പറഞ്ഞു. ‘ഞാൻ ഒരു ദിവസം തിരിച്ചുവരും, എന്റെ കുട്ടിയെ കാണാൻ.’

അയാൾ കുടയും ചൂടി മുറ്റത്തുകൂടെ നടന്നു പടിയിറങ്ങുന്നത് അവർ നോക്കിനിന്നു. പടി കടന്നശേഷം അയാൾ ഒരു നിമിഷം ശങ്കിച്ചുനിന്നു, പിന്നെ ഇടത്തോട്ടുള്ള വഴിയിലൂടെ നടന്നുനീങ്ങി.