close
Sayahna Sayahna
Search

ശ്രീപാർവ്വതി‍


ശ്രീപാർവ്വതി‍
EHK Story 15.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി വെള്ളിത്തിരയിലെന്നപോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 81

അവൾക്ക് ഇരുപത്തെട്ടു വയസ്സേയുള്ളു. പക്ഷെ ഒരറുപതു വയസ്സിന്റെ പ്രാരാബ്ധങ്ങൾ ഏറ്റി നടക്കുകയാണവൾ. രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ ധരിച്ച ചൂരിദാർ പലവട്ടം വിയർപ്പിൽ കുതിർന്ന് ഉണങ്ങിയതാണ്. അല്ലെങ്കിൽ എന്നു തുടങ്ങിയതാണ് ഈ നടത്തം?

സമയം എത്രയായി? എത്രയായാലും വേണ്ടില്ല. ഇതുംകൂടി കഴിഞ്ഞേ അവൾ തിരിച്ചു പോകുന്നുള്ളു. രാവിലെ പുറപ്പെട്ടപ്പോൾ നേരിട്ട് പോയത് വലിയ പള്ളിയിലേയ്ക്കാണ്. അപ്പോൾ തൊട്ട് തുടങ്ങിയതാണ്. അതിനിടയ്ക്ക് പത്തരയ്ക്കായിരുന്നു ഇന്റർവ്യു. അര മണിക്കൂർ മാത്രം. ബാക്കിയുള്ള സമയമെല്ലാം ആ ചുറ്റുവട്ടത്തുമുള്ള അമ്പലങ്ങളും പള്ളികളും സന്ദർശിച്ചു, എന്നെ കരകയറ്റണമേ എന്ന പ്രാർത്ഥനയോടെ.

സൂക്ഷിപ്പുകാരന്റെ കയ്യിൽ ചെരിപ്പ് ഏൽപിച്ച് ഷൈനി വലിയ കവാടത്തിനു മുമ്പിലേയ്ക്കു നടന്നു. അകത്തു കടക്കാനുള്ള ധൈര്യം സംഭരിക്കാൻ. ഏതാനും നിമിഷം പുറത്തു നിന്നശേഷം ഷൈനി വടക്കുന്നാഥന്റെ അമ്പലത്തിനുള്ളിലേയ്ക്കു കാലെടുത്തു വച്ചു. കരിങ്കല്ലിന്റെ നടപ്പാതയിലുടെ നടക്കാൻ തുടങ്ങിയപ്പോൾ അവൾ അധീരയായി. ഇതുവരെ പോയ അമ്പലങ്ങളെല്ലാം ലളിതമായിരുന്നു. ഒരു ചുറ്റമ്പലം, പിന്നെ ശ്രീകോവിലിനു പുറത്തുള്ള പ്രദക്ഷിണവഴി. പ്രധാന പ്രതിഷ്ഠയെ തൊഴുത ശേഷം മറ്റു ദേവതകളെ തൊഴാം. മറിച്ചായാലും കുഴപ്പമില്ല. നിങ്ങളുടെ ഇഷ്ടമാണ്. വടക്കുന്നാഥന്റെ അമ്പലത്തിൽ അങ്ങിനെയല്ല എന്നവൾക്കറിയാം. ഈ മഹാക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നതിനും തൊഴുന്നതിനും ഒരു ചിട്ടയുണ്ട്. അതുപോലെയേ ചെയ്യാവൂ. അവൾ സംശയിച്ച് അകത്തേയ്ക്കു കടന്നു. ഏതെങ്കിലും സ്ത്രീകളുടെ പിന്നാലെ കൂടി അവർ ചെയ്യുന്നപോലെ ചെയ്യുക, ധൈര്യപൂർവ്വം നടക്കുക.

സ്ത്രീകളെയൊന്നും കാണാനില്ല. ഒന്നോ രണ്ടോ പേരുള്ളത് ദർശനം കഴിഞ്ഞു പുറത്തിറങ്ങുകയാണ്. ഉള്ളിൽ വേറേയും ഉണ്ടാവും, പക്ഷെ തനിയ്ക്ക് കിട്ടേണ്ടത് ആദ്യംതൊട്ട് ദർശനം തുടങ്ങുന്ന വല്ലവരേയുമാണ്. അധികം സംശയിച്ചു നിൽക്കാനും അവൾക്ക് ഭയമായിരുന്നു. ഉച്ചത്തിലുള്ള ഹൃദയമിടിപ്പ് ആരെങ്കിലും കേട്ടാലോ? അവൾ ധൈര്യപൂർവ്വം മുന്നോട്ടു നടന്നു. ആദ്യം കണ്ട നടയിൽ അവൾ തൊഴാൻ തുടങ്ങി. പ്രതിഷ്ഠയ്ക്കു മുമ്പിൽ സ്വന്തം പ്രാരാബ്ധങ്ങൾ കെട്ടഴിച്ചു. ശ്രികോവിലിനുള്ളിൽ നിലകൊള്ളുന്ന ചൈതന്യം ആരുടേതെന്നവൾക്കറിയില്ല. ചോദിയ്ക്കാനും നിവൃത്തിയില്ല. പ്രതിഷ്ഠ ആരാണെന്നറിയാതെയുള്ള പ്രാർത്ഥനയും അവളിഷ്ടപ്പെട്ടില്ല. പെട്ടെന്നാണ് ഒരു ചോദ്യം കേട്ടത്.

‘കുട്ടി ആദ്യായിട്ട് വര്വാണല്ലെ?’

ഒരു സുന്ദരിയായ സ്ത്രീ. സാരിയാണ് വേഷം. അവൾ ഷൈനിയെ നോക്കി ചിരിച്ചു. അതിൽ കരുണയുണ്ട്, അടുപ്പമുണ്ട്. പിന്നെ ആശ്വസിപ്പിയ്ക്കുന്ന എന്തോ ഒന്നും. ഷൈനി ഭയത്തോടെ പറഞ്ഞു.

‘അതെ.’

‘കൃസ്ത്യാനിക്കുട്ടിയാണല്ലെ? കുരിശു വരയ്ക്കണത് കണ്ടെപ്പാ മനസ്സിലായി.’

ഷൈനി തലതാഴ്ത്തി നിന്നു. അബദ്ധത്തിൽ പറ്റിയതായിരിയ്ക്കണം. കർത്താവിനു കുരിശു വരച്ച ശീലമാണ്.

‘അതോണ്ടെന്താ?’ അവർ ചോദിച്ചു. ‘ഏതു മതായാലെന്താ? എല്ലാ ആരാധനയും പോണത് ഒരു സ്ഥലത്തേയ്ക്ക ല്ലെ? ഇങ്ങിനെത്തന്ന്യാണ് വേണ്ടത്. അമ്പലായാലും, പള്ളിയായാലും അവനവന്റെ മനസ്സിന് ശാന്തി ലഭിക്കണ കാര്യം ചെയ്യാ. മനുഷ്യന് അതല്ലെ ഏറ്റവും പ്രധാനം?’

ഷൈനിയ്ക്ക് ആശ്വാസമായി. ആകെ കുഴപ്പമായി എന്നു കരുതിയപ്പോഴാണ് ഇവർ പറയുന്നത് ഏതു മതായാലെന്താ? വീണ്ടുകിട്ടിയ ധൈര്യത്തിൽ അവൾ ചോദിച്ചു.

‘ഈയമ്പലത്തില് തൊഴേണ്ട വിധം എനിയ്ക്കറിയില്ല. ചേച്ചി തൊഴാൻ തൊടങ്ങീട്ടേള്ളൂച്ചാൽ ഞാൻ ഒപ്പം വരട്ടെ, എനിയ്‌ക്കൊന്നു പറഞ്ഞു തരണം.’

ഇടയ്ക്കയുടെ ശബ്ദം സുഗന്ധം കലർന്ന് അലകളായി വന്നു.

‘കുട്ടി ഇപ്പോൾ തൊഴുതത് ഗോശാലകൃഷ്ണനാണ്. കൃഷ്ണനു ചുറ്റും ഒരു കാലത്ത് ധാരാളം പശുക്കള്ണ്ടായിരുന്നു. അതെല്ലാം ഗോപാലനായ ശ്രീകൃഷ്ണന്റെയാണെന്നാണ് സങ്കൽപം. ഒരിയ്ക്കൽക്കൂടി തൊഴുതോളു.’

സങ്കല്പങ്ങളുടെ മേച്ചിൽപ്പുറങ്ങളിൽ അലഞ്ഞു നടക്കുന്ന പശുക്കൾക്കിടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനെ അവൾ തൊഴുതു. അവളുടെ മനസ്സ് ആ പശുക്കളെപ്പോലെ അലയുന്നത് അവൾ അറിഞ്ഞില്ല. അവിടെ പശുക്കൾക്കു പകരം യാഥാർത്ഥ്യങ്ങളാണ്. അവ തിന്നുന്നതാകട്ടെ പുല്ലുകളല്ല അവളുടെതന്നെ ജീവിതമാണ്. ഷൈനിയുടെ മനസ്സിന്റെ അലച്ചിൽ ഒപ്പം നടക്കുന്ന സ്ത്രീ കണ്ടുപിടിച്ചെന്നു തോന്നുന്നു. അവർ പറഞ്ഞു.

‘കുട്ടി വേറെ എവിടെയോ ഒക്ക്യാണ്. ഇങ്ങിന്യായാൽ പറ്റില്ലട്ടോ. പ്രാർത്ഥനയ്ക്ക് നല്ല ഏകാഗ്രത വേണം.’

‘എനിയ്ക്ക് കൊറേ പ്രശ്‌നങ്ങള്ണ്ട് ചേച്ചി. എടയ്ക്ക് ഞാനതൊക്കെ ഓർത്തു പോവ്വാണ്.’

‘എനിയ്ക്ക് കുട്ട്യേ കണ്ടപ്പൊ തോന്നീരുന്നു. എന്തൊക്ക്യാണ് കുട്ടീടെ പ്രശ്‌നങ്ങള്? പറയാൻ വെഷമണ്ടങ്കില് പറേണ്ട.’

‘വെഷമൊന്നും ഇല്ല്യ. പക്ഷെ അതോണ്ട് കാര്യൊന്നുംല്ല്യ, ചേച്ചീടെ മനസ്സും കേടു വര്ത്ത്വന്നല്ലാതെ.’

‘അങ്ങന്യല്ല. വേറൊരാളോട് സംസാരിച്ചു കഴിഞ്ഞാൽ നമ്മടെ മനസ്സിന്റെ ഭാരം കൊറച്ച് കൊറഞ്ഞു കിട്ടും. ന്ന് വെച്ചാൽ കേക്കുന്നോരും ആ ഭാരം കൊറച്ച് പങ്കു വെയ്ക്കുണൂന്ന് മാത്രം.’

‘എനിക്കാ ജോലി കിട്ട്യാ മത്യായിരുന്നു. ന്നാൽ ഞാൻ രക്ഷപ്പെട്ടു. ഒന്നുംല്ലെങ്കിൽ സ്വന്തം കാലിൽ നിക്കാലോ?’

‘എന്ത് ജോല്യാണ്?’

‘കമ്പ്യൂട്ടറിലെ ജോലി. ഡേറ്റാബേസ് ന്ന് പറയും. ചേച്ചിയ്ക്ക് കമ്പ്യൂട്ടറിലൊക്കെ പരിചയണ്ടോ?’

‘ഇല്ല കുട്ടീ, ഞാനീയുഗത്തിലെ ആളേ അല്ല.’

‘അതത്ര വെഷമംള്ള ജോല്യൊന്നും അല്ല. ഞാൻ ആറു മാസം ഒരു കമ്പ്യൂട്ടർ ക്ലാസ്സില് പോയിട്ട്ണ്ട്. അപ്പഴാ കല്യാണം കഴിഞ്ഞത്. ഭർത്താവ് ജോലിയ്ക്കു പോവാൻ സമ്മതിച്ചില്ല. എന്നിട്ട് ഇപ്പൊ…’

‘ഇപ്പോ?’

‘അതൊക്കെ പോട്ടെ, എങ്ങനെങ്കിലും ഈ ജോലി കിട്ട്യാൽ മത്യായിരുന്നു. അതിനുവേണ്ടി പ്രാർത്ഥിക്കാനാ ഞാനീ പള്ളീലും അമ്പലത്തില്വൊക്കെ പോണത്.’

‘അല്ലെങ്കിൽ പോവാറില്ലെ?’

‘പിന്നേ? ഞങ്ങടട്ത്ത് ഒരു കൃഷ്ണന്റമ്പലണ്ട്, കൊറച്ചപ്രത്ത് ഒരു ദേവീക്ഷേത്രും. അതില് രണ്ടിലും ആഴ്‌ചേല് ഒരിക്കലെങ്കിലും പോവും, പിന്നെ ഞങ്ങടെ എടവക പള്ളീല് എല്ലാ ഞായറാഴ്ചീം കുർബാന കൂടും…’

‘നെറ്റീമ്മല്ള്ള പ്രസാദം എവിടുന്ന് കിട്ടി?’

‘അത് പാറമേക്കാവ് അമ്മെട്യാണ്. ഇതിനുമുമ്പ് ഞാനവിട്യാ പോയത്.’

‘ആട്ടെ ഇന്ന് ജോലിക്ക് ശ്രമിച്ചത് എങ്ങനെണ്ടായിരുന്നു? നന്നായി ചെയ്‌തോ?’


‘സത്യം പറയട്ടെ? എനിക്കറിയില്ല. ഒരു റിട്ടയേഡ് പ്രൊഫസറാണ് ഇന്റർവ്യൂ ചെയ്തത്. നല്ല മനുഷ്യൻ. അങ്ങേരോട് ഞാൻ കാര്യൊക്കെ പറഞ്ഞു. എനിയ്ക്കീ ജോലി കിട്ട്യാലേ രക്ഷള്ളൂന്നും പറഞ്ഞു. ഞാൻ എല്ലാം നന്നായിട്ടന്ന്യാ ചെയ്തത്. ഇനി അങ്ങേര് തീർച്ച്യാക്കട്ടെ. അങ്ങേര്‌ടെ മനസ്സ് അലിയാൻ ദൈവങ്ങള് സഹായിക്കട്ടെ.’

‘കുട്ടി വിഷമിക്കണ്ട. ആ ജോലി കുട്ടിയ്ക്ക് തന്നെ കിട്ടും.’

‘കിട്ട്വോ?’ ഷൈനി അവരെ നോക്കി. അവരുടെ മുഖത്ത് വിശ്വസിപ്പിക്കുന്ന എന്തോ ഉണ്ട്. അത് ഷൈനിയെ ആശ്വസിപ്പിച്ചു.

‘ഉറപ്പാക്കിക്കോളു. എല്ലാം ശരിയാവും. കുട്ടീടെ അച്ഛന് ജോലിയൊന്നും ഇല്ലെ?’

‘ഉണ്ട്, അത്ര വല്യ ജോല്യൊന്നും അല്ല. അതോണ്ടൊന്നും വീട്ടുകാര്യങ്ങള് നടക്കില്ല. പിന്നെ ഞങ്ങടെ ജാതീല് കല്യാണം കഴിച്ചു കൊടുത്താൽ വീട്ടുകാർക്ക് മകളെ നോക്കണ്ട ഉത്തരവാദിത്വൊന്നുംല്ല്യ. അവരെന്നെ ഉപേക്ഷിക്ക്യൊന്നുംല്ല്യ. പക്ഷെ അങ്ങന്യല്ലല്ലൊ. എനിയ്ക്ക് ന്റെ കാലില് നിക്കണ്ടെ. അപ്പനും അമ്മീം എത്ര കാലംണ്ടാവും?’

‘അത് ശര്യാണ്. കുട്ടിയ്ക്ക് ഈ ജോലി എന്തായാലും കിട്ടും. അപ്പൊ പ്രശ്‌നൊക്കെ തീർന്നില്ലെ?’

തീർന്നുവോ? ഷൈനി ആലോചിച്ചു. തീരുമെന്ന് വിശ്വസിക്കാനാണ് അവൾക്കിഷ്ടം. പക്ഷെ ജീവിച്ചു തീർക്കാനുള്ള ക്ഷണവുമായി ഒരു ജീവിതം മുഴുവൻ മുമ്പിൽ നിവർന്നു കിടക്കുമ്പോൾ ഒറ്റയ്ക്കുള്ള ജീവിതത്തെക്കുറിച്ചുള്ള ചിന്ത ഒട്ടും ആശ്വാസം തരുന്നില്ല.

‘സാരല്ല്യ, കുട്ടിയ്ക്ക് നല്ലൊരാളെ കിട്ടും. ഒരു കുടുംബം കെട്ടിപ്പടുക്കാൻ. കുട്ടികളുണ്ടാവും. അവര് വളർന്ന് വലുതായി അമ്മയെ നോക്കും. മോള് ഒന്നുകൊണ്ടും ഭയപ്പെടേണ്ട.’

ഈ സ്ത്രീ തന്റെ മനസ്സിലുള്ളത് ചോർത്തിയെടുക്കുന്നുണ്ട്. അവർ തരുന്ന ചിത്രം വെറും ഭാവനമാത്രമായിരിയ്ക്കുമെങ്കിലും വളരെയധികം ആശ്വാസം തോന്നുന്നു.

‘വരു, ഗോശാലകൃഷ്ണനെ മാത്രെ നമ്മള് കണ്ടിട്ടുള്ളു.’

ഷൈനി പുറത്തു കടന്ന് മുമ്പിൽ നടക്കുന്ന സ്ത്രീയുടെ ഒപ്പമെത്തി.

‘ഇത് നന്ദികേശ്വരനാണ്. ഇദ്ദേഹം ഉറക്കാണ്. കൈകൊട്ടി ശബ്ദണ്ടാക്കി വിളിച്ചശേഷം തൊഴു… ഇനി തിരിച്ചു വരു. ഈ മുലേന്ന് നോക്ക്യാൽ വടക്കുന്നാഥന്റെ താഴികക്കുടം കാണാം. കാണാന്‌ണ്ടോ?’

‘ങാ, കാണാന്ണ്ട്.’

‘തൊഴുതോളു.’

അവർ ചുറ്റമ്പലത്തിനു പുറമെയുള്ള പ്രദക്ഷിണവഴിയിലൂടെ നീങ്ങി. ഒപ്പമുള്ള സ്ത്രീ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. എല്ലാം അമ്പലത്തെപ്പറ്റിത്തന്നെയാണ്.

‘ഇതു കഴിഞ്ഞാൽ പരശുരാമനാണ്, അതു കഴിയുമ്പോൾ സിംഹോദരൻ. സിംഹോദരന്റെ കാര്യം പറഞ്ഞപ്പഴാണ് ഒരു കാര്യം ഓർമ്മ വന്നത്. മഹാദേവന് ഇരിയ്ക്കാൻ ഒരു സ്ഥലം നോക്കാനായി ഇദ്ദേഹത്തെ പറഞ്ഞയച്ചതായിരുന്നു. മൂപ്പര് ഇവിടെ വന്ന് കണ്ട് ഏറ്റവും നല്ല സ്ഥലം സ്വന്തം ഇരുപ്പിടായി കൈക്കലാക്കി. മഹാദേവന് അതുകണ്ട് ദേഷ്യം പിടിച്ചു സിംഹോദരനെ പുറത്താക്കി അമ്പലം പണിയിച്ചു. മാത്രല്ല ശ്രീകോവിലിന്റെ ഓവ് ഇദ്ദേഹത്തിന്റെ മുമ്പിലേയ്ക്കാക്കും ചെയ്തു.’

അവർ ചിരിച്ചു. നല്ല തെളിമയുള്ള ചിരി. തന്റെ താണുപോയ മനസ്സിനെ ഉയർത്തുന്ന എന്തോ ആ ചിരിയിലുണ്ടെന്ന് ഷൈനിയ്ക്കു തോന്നി.

‘ഇവിടെയെത്തിയാല് തിരിഞ്ഞു നോക്കര്ത്. ഗതി കിട്ടാത്ത ആത്മാക്കളെയൊക്കെ കുടിയിരുത്തീട്ട്ള്ളത് ഇവിട്യാണ്…’

‘തിരിഞ്ഞു നോക്ക്യാലോ?’

‘അപ്പൊ ഈ ക്ഷേത്രദർശനംകൊണ്ട് നമുക്ക് കിട്ടണ പുണ്യത്തിന്റെ പകുതീം അവർക്കു പോവും.’

ഷൈനിയ്ക്ക് പെട്ടെന്ന് വിഷമം തോന്നി. ഒരു ഗതി കിട്ടാത്ത ആത്മാവിനെപ്പോലെയല്ലേ ഞാനും കുറച്ചു കാലമായി നടക്കുന്നത്? എവിടെ നിന്നെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ. ഓരോ യാത്രയുടെയും തുടക്കം പ്രത്യാശയോടെയായിരിയ്ക്കും. അതവസാനിയ്ക്കുന്നതാവട്ടെ… അവൾ തിരിഞ്ഞു നോക്കി.

‘എന്തിനാണ് തിരിഞ്ഞു നോക്കിയത്?’

ഷൈനി ഒന്നും പറഞ്ഞില്ല.

‘അത് കുട്ടിയുടെ നല്ല മനസ്സിനെയാണ് കാണിയ്ക്കുന്നത്. കുട്ടിയ്ക്കു നല്ലതു വരട്ടെ.’

അവർ മുന്നോട്ടു നടന്നു.

ഇതാ ഈ ചൊമരില്ള്ള ചെറിയ ദ്വാരത്തിൽക്കൂടി നോക്ക്യാല് വടക്കുന്നാഥന്റെ താഴികക്കുടം കാണാം. കണ്ടെങ്കിൽ തൊഴുതോളു.’

ഷൈനി തൊഴുതു.

‘ഇതാ ഇവിട്ന്ന് വടക്കോട്ടു നോക്ക്യാല് കാശി വിശ്വനാഥനെ കാണാംന്നാണ് സങ്കല്പം. നമുക്ക് തൊഴാം…

‘വരൂ… ഇതാ ഇതാണ് തെക്കേ ഗോപുരനട. ഇവിടുന്ന് തെക്കോട്ട് നോക്കി കൊടുങ്ങല്ലൂരമ്മേ വണങ്ങണം…’

‘ഇതാ ഇതാണ് ശംഖുചക്രം…’

അവർ ശ്രീമൂലസ്ഥാനത്തെത്തിനിന്നു.

‘ഇതാണ് പടിഞ്ഞാറെ നട. നമുക്കിതിലൂടെ അകത്തു കടക്കാം. ആദ്യം ഇവിടെ നിന്നുകൊണ്ടുതന്നെ തൊഴു.’

ഷൈനി തൊഴുതു. തന്റെ പ്രയാസങ്ങളെല്ലാം മാറ്റിത്തരണേ എന്ന്. രാവിലെ പുത്തൻ പള്ളിയിൽ മുട്ടുകുത്തി കർത്താവിനെ വിളിച്ച് പ്രാർത്ഥിച്ചതും അതുതന്നെയായിരുന്നു. അതു കഴിഞ്ഞ് പാറമേക്കാവിലെ അമ്മയോടും അതേ പ്രാർത്ഥന തന്നെ. ഇന്നലെ സന്ധ്യയ്ക്ക് ശ്രീകൃഷ്ണന്റെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചിരുന്നു. ഈ ദൈവങ്ങളെല്ലാം കൂടി തന്റെ മാർഗ്ഗം സുഗമമാക്കിത്തരുമെന്ന് അവൾ വിശ്വസിച്ചു.

‘വരൂ നമുക്ക് ഉള്ളിൽ കടക്കാം.’

ഏതാനും മിനുറ്റുകൾ മാത്രം പരിചയമുള്ള ആ സ്ത്രീയുടെ പിന്നാലെ ഷൈനി വടക്കുന്നാഥന്റെ സന്നിധാനത്തിലേയ്ക്ക് പ്രവേശിച്ചു.

ആദ്യം അനുഭവപ്പെട്ടത് മനസ്സിൽ വന്ന മാറ്റമായിരുന്നു. അവൾ സ്വന്തം പ്രശ്‌നങ്ങൾ തല്ക്കാലത്തേയ്‌ക്കെങ്കിലും മറന്നു. അവിടം വളരെ ശാന്തമായി.

‘ഇത് വേട്ടേക്കരനാണ്. പരമശിവന്റെ കിരാതമൂർത്തി രൂപമാണ്. തൊഴുതോളു. കുട്ടീടെ ദുഃഖങ്ങളൊക്കെ അകറ്റാൻ പ്രാർത്ഥിയ്ക്കൂ.’

ഷൈനി തല കുമ്പിട്ടു തൊഴുതു. അവിടെ ഒരു വിളക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ ചോദ്യപൂർവ്വം അവരെ നോക്കി.

‘അതെ, ഒരു വിളക്കു മാത്രം. വേട്ടേക്കരന്റെ പ്രതിഷ്ഠ ഇവിടെണ്ടായിരുന്നു. ഇപ്പോഴത് അമ്പലത്തിനു പുറത്താണ്. ദൈവങ്ങൾ എവിടെ ഇരിയ്ക്കണംന്ന് മനുഷ്യർ തീർച്ചയാക്കുമ്പോഴുണ്ടാവണ ചെറിയൊരു ആശയക്കുഴപ്പം.’

ഷൈനിയ്ക്കതു മനസ്സിലായോ എന്നവർ ശ്രദ്ധിച്ചില്ല. അവർ മിക്കവാറും അവരോടുതന്നെയായിരുന്നു അതു പറഞ്ഞത്.

‘വരു, ഇതാണ് വടക്കുന്നാഥന്റെ പ്രതിഷ്ഠ. കുട്ടീടെ പ്രശ്‌നങ്ങളൊക്കെ ഈ തിരുമുമ്പിൽ സമർപ്പിയ്ക്കു. എന്നിട്ട് പ്രാർത്ഥിയ്ക്കു. പരമശിവൻ അതു കേൾക്കാതിരിയ്ക്കില്ല.’

മുമ്പിൽ തുറന്നുകണ്ട ശ്രീകോവിലിനകത്ത് ശിവലിംഗത്തിനു മുകളിലുള്ള സ്വർണ്ണ ചന്ദ്രക്കലകൾ ഷൈനി കുറേനേരം നോക്കി നിന്നു. അതിനിടയ്ക്ക് പ്രാർത്ഥിക്കാനവൾ മറന്നു. തന്റെ മനസ്സ് ശാന്തമായി. വടക്കുന്നാഥനോട് പറയാൻ മാത്രമുള്ള പ്രശ്‌നങ്ങളൊന്നും ആ നിമിഷത്തിൽ തനിയ്ക്കില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. എത്ര സമയം അങ്ങിനെ നിന്നുവെന്നവൾക്കറിയില്ല. മുമ്പിൽ നീട്ടിയ താലത്തിൽ നിന്ന് ചന്ദനക്കൂട്ടെടുത്ത് നെറ്റിമേൽ ചാർത്തി പോകാനായി അവൾ തിരിഞ്ഞു. ഒപ്പം നടന്നിരുന്ന സ്ത്രീ അപ്രത്യക്ഷയായിരുന്നു. അല്ലെങ്കിൽ എന്നെപ്പോലെ ഒരു പെണ്ണിനു വേണ്ടി എത്രനേരം കാത്തുനിൽക്കും? അവൾ പ്രദക്ഷിണം വെയ്ക്കാനായി വലത്തോട്ടു തിരിഞ്ഞു. ശിവന്റെ പിന്നിലുള്ള പ്രതിഷ്ഠ ശ്രീപാർവ്വതിയുടേതാണ്. അതെങ്ങിനെയാണ് മനസ്സിലായത്, അറിയില്ല. അവൾ കൈകൂപ്പി പ്രാർത്ഥിച്ചു. എവിടെനിന്നോ ‘നല്ലതു വരട്ടെ’യെന്ന അനുഗ്രഹം അവളെ തഴുകിക്കൊണ്ട് പോയി. അവൾ കണ്ണടച്ചുനിന്നു.

പെട്ടെന്നവൾ യാഥാർത്ഥ്യത്തിലേയ്ക്ക് തിരിച്ചുവന്നു. സമയം എത്രയായിട്ടുണ്ടാവും? നിലവിളക്കുകളുടെ ശോഭയിലും അന്തരീക്ഷത്തിൽ പടർന്നു നിൽക്കുന്ന സുഗന്ധത്തിലും മുഴുകി നിന്നതു കാരണം സമയം പോയതറിഞ്ഞില്ല.

‘അയ്യോ സമയം എത്ര്യായീ ആവോ. എനിയ്ക്ക് കൊറേ ദൂരം പോണം.’ അവൾ സ്വയം പറഞ്ഞു.

‘സാരല്ല്യ, ഞാൻ കുട്ട്യേ കൊണ്ടാക്കാം.’ അവളുടെ പിന്നിൽ നിന്ന് പരിചിതമായ ശബ്ദം.

‘അയ്യോ അതൊന്നും വേണ്ട. ഞാൻ വിചാരിച്ചു ചേച്ചി പോയിട്ട്ണ്ടാവുംന്ന്.’

‘കുട്ടിയെ ഒരു കരയിലെത്തിച്ചേ ഞാൻ തിരിച്ചു വരുണുള്ളു.’

‘അയ്യോ അതൊന്നും വേണ്ട, ഞാൻ ഒറ്റയ്ക്ക് പൊയ്‌ക്കോളാം.’

‘അതു സാരല്ല്യ. എനിയ്ക്കു വിഷമല്ല്യാത്ത ജോലിയേ ഞാൻ ഏറ്റെടുക്കാറുള്ളു. ബാക്കിയൊക്കെ നടന്നുകിട്ടാൻ മഹേശ്വരനോട് പ്രാർത്ഥിക്ക്യേള്ളു. വരു നമുക്ക് ഒന്നുരണ്ടിടത്തുകൂടി തൊഴാനുണ്ട്. എല്ലാം ഇതിനു ചുറ്റുമാണ്…’

തനിയ്‌ക്കൊന്നും ചെയ്യാനില്ലെന്ന് ഷൈനി ഓർത്തു. സുന്ദരിയായ ഈ സ്ത്രീയുടെ പിന്നാലെ നടക്കുക മാത്രം. ഉള്ളിന്റെ ഉള്ളിൽ അവൾ സഹായം കാംക്ഷിച്ചിരുന്നു.

രാവിലെത്തൊട്ട് അലഞ്ഞുനടക്കുകയാണെങ്കിലും ഒരു ചായപോലും കുടിയ്ക്കാൻ അവൾക്കു കഴിഞ്ഞിരുന്നില്ല. ഒറ്റയ്ക്ക് ഒരു ചായക്കടയിൽ കയറാനൊരു മടി. പിന്നെ കയ്യിലുള്ള ഏതാനും ചെറിയ നോട്ടുകൾ ചെലവാക്കാനുള്ള വിഷമം. പക്ഷെ ഇപ്പോൾ ഇവരുടെ കൂടെ നടക്കുമ്പോൾ ക്ഷീണമെല്ലാം വിട്ടകന്നിരുന്നു.

‘ഇതു ശ്രീ മഹാഗണപതി. ഗണപതി ആരാണെന്നറിയ്യോ?’

‘അറിയാം…’

‘തൊഴുതോളു… ഇനി നടക്കു. നമുക്ക് ശങ്കരനാരായണന്റെ പ്രതിഷ്ഠയിൽ തൊഴാം. അതു കഴിഞ്ഞാൽ ശ്രീരാമൻ…’

തൊഴുതു കഴിഞ്ഞ് ആ മഹാക്ഷേത്രത്തിൽനിന്ന് അവരോടൊപ്പം പുറത്തിറങ്ങിയപ്പോൾ ഷൈനി പറഞ്ഞു.

‘ഇനി ഞാൻ ഒറ്റയ്ക്ക് പൊയ്‌ക്കോളാം. ചേച്ചി ബുദ്ധിമുട്ടണ്ട.’ എന്തുകൊണ്ടോ തന്നെ സഹായിക്കാനിറങ്ങിയ ഈ സ്ത്രീയെ ഇനിയും ബുദ്ധിമുട്ടിയ്ക്കരുതെന്നുണ്ടായിരുന്നു ഷൈനിയ്ക്ക്.

‘നടക്കൂ, ഞാൻ പറഞ്ഞില്ലെ എനിയ്ക്കിതൊരു ബുദ്ധിമുട്ടല്ലെന്ന്. നേരം വൈകി, ഞാൻ കുട്ടിയെ ഒറ്റയ്ക്ക് വിടില്ല.’

നടക്കുമ്പോൾ അവർ വടക്കുന്നാഥൻ ക്ഷേത്രത്തിലെ മൂർത്തികളെപ്പറ്റി സംസാരിയ്ക്കുകയായിരുന്നു. കേൾക്കാൻ രസമുള്ള ആ കഥകളുടെ മാധുര്യത്തിൽ വീടെത്താറായത് അറിഞ്ഞില്ല. പെട്ടെന്നാണ് അവരുടെ പേരെന്താണെന്നുകൂടി അന്വേഷിച്ചില്ലെന്ന് ഷൈനി ഓർത്തത്. കഴിഞ്ഞ ഏതാനും മണിക്കൂറുകൾ തന്റെ ഒപ്പം നടക്കുകയും തന്നെ സമാശ്വസിപ്പിയ്ക്കയും ചെയ്ത സ്ത്രീയാണ്. ഇതുവരെ പേരുതന്നെ ചോദിച്ചില്ല.

‘ചേച്ചിയുടെ പേരെന്താണ്? എന്റെ പ്രശ്‌നങ്ങള്‌ടെ എടേല് അതു ചോദിയ്ക്കാൻ മറന്നു.’

‘എന്റെ പേരോ?’ അവർ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘എന്റെ പേര് ശ്രീപാർവ്വതി.’

‘ചേച്ചി എവിട്യാ താമസിക്കണത്?’

‘ഞാനോ?… ’ അകന്നു പോകുംപോലെ ആ ശബ്ദം നേർത്ത്, വളരെ ദൂരെനിന്ന് കേൾക്കുന്നപോലെ വീണ്ടും വീണ്ടും അലയടിച്ചു വന്നു. ‘ഞാനോ?… ഞാനോ?…’

ഗെയ്റ്റ് മുകളിലെ കൊളുത്ത് തുറക്കാൻ വേണ്ടി കൈയ്യുയർത്തിനിന്ന ഷൈനി പെട്ടെന്ന് തിരിഞ്ഞു നോക്കി. ശ്രീപാർവ്വതി എന്ന പേരുള്ള സുന്ദരിയായ ആ സ്ത്രീ മഞ്ഞൾപ്രസാദത്തിന്റെ സുഗന്ധം അവളുടെ മനസ്സിൽ വിതറി എങ്ങോ പോയ്മറഞ്ഞിരുന്നു.

‘ഞാനോ…’ എന്ന പൂരിപ്പിയ്ക്കാത്ത മറുപടിയുടെ മാസ്മരതയിൽ ഷൈനി പകച്ചുനിൽക്കവേ വീട്ടിനുള്ളിൽ നിന്ന് അപ്പൻ ഇറങ്ങി വന്നു.