കീബോർഡിലൂടെ ഒരു വിപ്ലവം
കീബോർഡിലൂടെ ഒരു വിപ്ലവം | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | ശ്രീപാർവ്വതിയുടെ പാദം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 63 |
ഓഫീസിൽ ഒരു തട്ടിപ്പാണ് നടന്നിരുന്നതെന്ന് രാജന് ആദ്യത്തെ ദിവസം തന്നെ മനസ്സിലായി. അതിന്റെ ഭീകരത മനസ്സിലായത് പക്ഷേ പിന്നീടാണെന്നേയുള്ളു. ജോലിയിൽ ചേർന്ന അന്ന് രാവിലെ പയ്യൻ 20 വയസ്സ്, ടൈപ്പ് റൈറ്ററിന്റെ മുമ്പിലിരിക്കുമ്പോഴാണ് മാനേജിംഗ് ഡയറക്ടർ ടോം മോറിസ്സ് അടുത്തു വന്നത്. ഒപ്പം തന്റെ ബോസ്സ് ഭാസ്കരമേനോനുമുണ്ടായിരുന്നു. രാജൻ എഴുന്നേറ്റു നിന്നു. ടോം മോറിസ്സ് കൈനീട്ടിക്കൊണ്ടു പറഞ്ഞു.
ഗുഡ് മോർണിംഗ് രാജൻ.
പയ്യൻ കൈനീട്ടി ഒരു സ്റ്റെലൻ കൈ കുലുക്കൽ പാസ്സാക്കി.
ഗുഡ് മോണിംഗ് മി. മോറിസ്സ്.
രാജൻ സായ്വുമാരുമായി ഇടപഴകാൻ പഠിച്ചത് കഴിഞ്ഞ ആറുമാസമായി വേറൊരു സായ്വിന്റെ കമ്പനിയിൽ ലീവ് വേക്കൻസിയിൽ സ്റ്റെനോ ആയി ജോലി ചെയ്തപ്പോഴാണ്. ഒറിജിനൽ സായ്വുമാർ ഇന്ത്യൻ സായ്വുകളെപ്പോലെയല്ലെന്നും അന്യോന്യം ബഹുമാനിക്കുന്ന കൂട്ടത്തിലാണെന്നും രാജന് മനസ്സിലായിരുന്നു. നീയൊരു പുഴു എന്ന മട്ടിലാണ് ഇന്ത്യൻ സായ്വുമാരുടെ പെരുമാറ്റം.
സായ്വ് തിരിഞ്ഞ് ഭാസ്കരമേനോനോട് പറഞ്ഞു.
ഹിയിസ് സോ യംഗ്, ഗിവിം ഗുഡ് ട്രെയ്നിംഗ്. അവൻ നമ്മുടെ കമ്പനിക്ക് ഒരു മുതൽക്കൂട്ടാവും.
യസ് സാർ. ഭാസ്കരമേനോൻ പറഞ്ഞു.
ഇന്ത്യൻ സായ്വിൽനിന്ന് ഒരിക്കലും അങ്ങിനെയൊന്നും പ്രതീക്ഷിക്കാൻ പറ്റില്ല. നമ്മൾ ജനിക്കുന്നതു തന്നെ ജോലിചെയ്ത പരിചയത്തോടെയാണെന്നാണ് അവരുടെ ഭാവം.
മാനേജിംഗ് ഡയറക്ടർ തിരിച്ച് ചേമ്പറിലേക്ക് പോയപ്പോൾ ഭാസ്കരമേനോൻ പറഞ്ഞു.
കം ഫോറെ ഡിക്ടേഷൻ.
രാജൻ ഷോർട്ട്ഹാന്റ് നോട്ട് പുസ്തകവുമായി ഭാസ്കരമേനോന്റെ മുറിയിലേക്കു പോയി. ഭാസ്കരമേനോൻ ഗ്ലാസ് ടോപ്പിട്ട പടുകൂറ്റൻ മേശയ്ക്കു പിന്നിലെ റിവോൾവിംഗ് കസേരയിലിരുന്ന് ഡിക്ടേഷൻ തുടങ്ങി. മേശപ്പുറത്തു നിന്ന് ഓരോ കടലാസെടുക്കും. വെടിവെക്കുംപോലെ ഡിക്ടേഷനും തുടങ്ങും. ഒന്ന്, രണ്ട്, മൂന്ന്, നാല്. നാലാമത്തെ കത്ത് ഡിക്ടേറ്റ് ചെയ്തു കൊണ്ടിരിക്കെയാണ് പയ്യന് വെളിപാടുണ്ടായത്. കഴിഞ്ഞ മൂന്നു കത്തുകളും ഇപ്പോൾ ഡിക്ടേറ്റ് ചെയ്യുന്ന നാലാമത്തെ കത്തും ഉള്ളടക്കം ഒന്നു തന്നെ. പാർട്ടിയുടെ പേരും റഫറൻസ് നമ്പറും മാത്രം വേറെ. ഈ ചരിത്രസത്യം കണ്ടുപിടിക്കാൻ തന്റെ മന്ദബുദ്ധിക്ക് മൂന്നര കത്തിന്റെ സമയം വേണ്ടിവന്നുവല്ലൊ എന്ന് പയ്യൻ സ്വയം പഴിച്ചു. പിന്നെ ജോലി എളുപ്പമായിരുന്നു. എഴുതുന്നുവെന്ന ഭാവാഭിനയം മാത്രമേ വേണ്ടി വന്നുള്ളൂ. അര മണിക്കൂറിനുള്ളിൽ ഡിക്ടേഷൻ കഴിഞ്ഞ് പയ്യൻ പുറത്തിറങ്ങി. ടൈപ്പ് റൈറ്ററിനു മുമ്പിൽ വന്നിരുന്നു. ലെറ്റർ ഹെഡും രണ്ട് മാനിഫോൾഡ് പേപ്പറും റോളറിൽ തിരുകി. കാർബൺ പേപ്പർ എടുക്കാൻ മേശവലിപ്പുതുറന്നു. അപ്പോഴാണ് ഇടത്തുവശത്തു നിന്ന് ഒരു വിളി.
മാഷ…
നാരായണൻനായരാണ്. തന്റെ ഇടത്തുവശത്തെ മേശമേൽ ടൈപ്പ്റൈറ്ററിനു മുമ്പിൽ വളഞ്ഞൊടിഞ്ഞു ഇരിക്കുകയാണ് നാരായണൻനായർ.
ഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കല്ലെ.
രാജന് മനസ്സിലായില്ല. കണ്ണടയ്ക്കുള്ളിൽ ചിരിക്കുന്ന കണ്ണുകളുള്ള നരച്ച തലമുടിക്കാരൻ എന്താണ് പറയുന്നത്?
എത്ര കത്ത് കിട്ടിയിട്ടുണ്ട്?
രാജൻ എണ്ണിനോക്കി. എട്ട്.
പതുക്കെ ചെയ്താ മതി. നാരായണൻനായർ പറഞ്ഞു. നാളെ വൈകുന്നേരാവുമ്പളക്ക് തീർത്താൽ മതി.
പയ്യൻ അന്തം വിട്ടു. നടാടെയാണ് ഒരാൾ തന്നോട് പതുക്കെ ജോലി ചെയ്താൽ മതിയെന്നു പറയുന്നത്. കാരണം തിരക്കിയപ്പോഴാണ് ആഴവും പരപ്പും ഉള്ള തട്ടിപ്പിന്റെ രഹസ്യം ചുരുളഴിയുന്നത്.
തനിക്കും നാരായണൻനായർക്കും പുറമെ പിന്നിലിരിക്കുന്ന തോമസും അപ്പുക്കുട്ടനും സ്റ്റെനോഗ്രാഫർ തസ്തികയിൽത്തന്നെ മാനേജർ (ഓർഡർ) ആയ ഭാസ്കരമേനോന് വേണ്ടി സേവനമനുഷ്ഠിക്കുന്നവരാണ്. പോരാത്തതിന് അതിനും പിന്നിലിരിക്കുന്ന ടൈപ്പിസ്റ്റ് സുബ്രഹ്മണ്യനും ഇതേ ഡിപ്പാർട്ട്മെന്റിൽ തന്നെ. ആകെ ഡിപ്പാർട്ട്മെന്റിലെ ജോലി പത്തോ പതിനഞ്ചോ കത്തുകൾ, ഒന്നോ രണ്ടോ ഓർഡർ അക്നോളജ്മെന്റുകൾ (അത് ടൈപ്പിസ്റ്റ് സുബ്രഹ്മണ്യം ചെയ്യും) അത്രമാത്രം. അപ്പോൾ നാല് സ്റ്റെനോഗ്രാഫർമാർകൂടി ദിവസം പതിനഞ്ച് കത്തുകൾ സൃഷ്ടിക്കും. നൂറ്റയ്മ്പത് കത്തുകൾ സൃഷ്ടിക്കുന്ന പരിഭ്രാന്തി ഓഫീസിൽ ഉണ്ടാക്കുകയും ചെയ്യും.
അപ്പോൾ അതാണ് പരിപാടി. ജോലിചെയ്യലല്ല, ചെയ്യുന്നു എന്ന പ്രതീതി ഉണ്ടാക്കലിലാണ് വിജയം. ഇടയ്ക്കു കാണാം ഭാസ്കരമേനോൻ മാനേജിങ്ങ് ഡയറക്ടറുടെ മുറിയിലേക്ക് ഓടുന്നത്, ജോലി കൂടുതലുണ്ട്, ഒരു സ്റ്റെനോ ഗ്രാഫറെ തല്ക്കാലം വേണമെന്ന ആവശ്യമായി. ടോം മോറിസ്സിനു രണ്ട് സ്റ്റെനോഗ്രാഫർമാരേയുള്ളു. ഒന്ന് സെക്രട്ടറി മിസ്സിസ് ഡിസൂസ. മറ്റേത് സ്റ്റെനോ മിസ്സ് നീവിയൻ. പാവം സായ്വ്. തന്റെ സ്റ്റെനോഗ്രാഫറോടു പറയും.
നീവിയൻ, കുഡ് യു പ്ലീസ് ഹെൽപ് മി. മേനോൻ വിത് സം ലെറ്റേഴ്സ്.
അപ്പോ സായ്വിന് മനസ്സിലാവില്ലെ ഭാസ്കരമേനോന്റെ കളി? രാജൻ ചോദിച്ചു.
ഏയ് നാരായണൻനായർ പറഞ്ഞു. സായ്വ് സീതാ സാദാ ആണ്. നേരെ വാ നേരെ പോ. ഓർഡർ ഡിപ്പാർട്ടു മെന്റിൽ കൂടുതൽ ജോലിയുണ്ടെന്നത് സായ്വിന് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
പയ്യന് പക്ഷേ ഇതൊന്നും രസിച്ചില്ല. ജോലി കയ്യിലുണ്ടെങ്കിൽ അതും വെച്ചിരിക്കുന്നത് അയാൾക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. അയാൾ ടൈപ്പ് ചെയ്യാൻ തുടങ്ങി. അസാമാന്യ വേഗത്തിൽ ഒരു താളത്തോടെ രാജന്റെ ടൈപ്പ് റൈറ്റർ ശബ്ദിക്കാൻ തുടങ്ങിയപ്പോൾ മറ്റു ടൈപ്പ്റൈറ്ററുകൾ നിശ്ശബ്ദമായി. ഓഫീസ് നിശ്ശബ്ദമായി. എല്ലാവരും രാജന്റെ ടൈപ്പ്റൈറ്റർ സംഗീതം ശ്രദ്ധിച്ചു. കംപ്യൂട്ടറിന്റെ വേഗത്തിൽ രാജൻ ടൈപ്പ് ചെയ്യുന്നതു കണ്ടു കൊണ്ടാണ് മാനേജിംങ്ങ് ഡയറക്ടർ വന്നത്. അദ്ദേഹം പയ്യന്റെ പിന്നിൽ ഒരു മിനിറ്റ് നേരം നോക്കി നിന്നു. പയ്യൻ തലയുയർത്തി അദ്ദേഹത്തെ നോക്കിചിരിച്ചു.
വാട്ടീസ് യുവർ സ്പീഡ്. ഐ മീൻ ഹൗ മെനി വേർ ഡ്സ് പെർ സെക്കന്റ്?
സാധാരണ ടൈപ്പിംഗ് സ്പീഡ് മിനിറ്റിൽ ഇത്ര വാക്കുകൾ എന്നാണ്. നാല്പതു മുതൽ അമ്പതു വാക്കുവരെ വളരെ നല്ല സ്പീഡാണ്. ഇവിടെ സായ്വ് ചോദിക്കുന്നത് സെക്കന്റിൽ എത്ര വാക്കുകളെന്നാണ്.
അയാം ട്രൈയിങ്ങ് ടു ബിറ്റ് എ കംപ്യൂട്ടർ മിസ്റ്റർ മോറിസ്.
പയ്യൻ പറഞ്ഞു. സായ്വിന്നതിഷ്ടമായി. പയ്യന്റെ പുറത്തുതട്ടി സായ്വ് പോയി.
മറ്റു ജീവനക്കാർ അത്ഭുതപരതന്ത്രരായി നോക്കിനില്ക്കെ പയ്യൻ കംപ്യൂട്ടറിനെ വെല്ലാൻ തുടങ്ങി. സായ്വിന്റെ പ്രീതി സമ്പാദിക്കുക എളുപ്പമല്ല, സായ്വ് സംസാരിച്ചാൽ മനസ്സാലാക്കാൻ വിഷമം. അബദ്ധത്തിൽ ഡിക്ടേഷനു വിളിക്കുകയോ മറ്റോ ചെയ്താൽ വിഷമമായി. അതു കൊണ്ട് മറ്റു ജോലിക്കാർ സായ്വിന്റെ കണ്ണിൽ പെടാതെ ഒഴിഞ്ഞുമാറി നടക്കുകയാണ് പതിവ്. ഇവിടെ ഇതാ ഒരു പയ്യൻ ധൈര്യമായി സായ്വിനോട് തമാശകൾ പറയുന്നൂ. അത്ഭുതം തന്നെ.
ഇതിന്റെ രഹസ്യം പയ്യൻ കഴിഞ്ഞ രണ്ടു കൊല്ലമായി വായിച്ചു തള്ളിയ പെറിമേസൺ പുസ്തകങ്ങളായിരുന്നു. സംഭവം നടക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്. അന്ന് സ്റ്റേൻലി ഗാർഡൻ പ്രഭു എഴുതിത്തള്ളിയ മുന്നൂറോ ളം പുസ്തകങ്ങൾ മാത്രമേ കാര്യമായി വാങ്ങിക്കാനുണ്ടായിരുന്നുള്ളു. ഡോസ്റ്റോവ്സ്കിയുടെ കുറ്റവും ശിക്ഷയും തുടങ്ങിയ അപസർപ്പക നോവലെല്ലാം അതിനുശേഷം എഴുതപ്പെട്ടവയാണ്.
(മുകളിൽ കൊടുത്ത വിവരണം പയ്യൻ പത്തു കൊല്ലം കഴിഞ്ഞ് ഒരു സംഭാഷണത്തിനിടയിൽ വെളിപ്പെടുത്തിയ താണ്)
പോരാത്തതിന് ഇവിടെ ചേരുന്നതിനുമുമ്പ് സായ്വിന്റെ കീഴിൽ ജോലിയെടുത്ത പരിചയവുമുണ്ടല്ലൊ.
നാരായണൻനായരുടെ വിലക്ക് വക വെക്കാതെത്തന്നെ എട്ടു കത്തുകൾ അര മണിക്കൂറിനുള്ളിൽ ചെയ്തു വെച്ചു. സിഗ്നേച്ചർ പാഡ് പ്യൂൺ വശം ഭാസ്കര മേനോന് അയച്ചു കൊടുത്തു. പിന്നെ അന്ന് ഡിക്ടേഷന് വിളിക്കുക യുണ്ടായില്ല. പിറ്റെ ദിവസവും ഇതുതന്നെ ആവർത്തിച്ചു. അര മണിക്കൂർ ഡിക്ടേഷന് വേറൊരര മണിക്കൂർ അത് ടൈപ്പ് ചെയ്യാൻ. ഒരു മണിക്കൂർ ജോലി. ബാക്കി ആറു മണിക്കൂർ എന്തു ചെയ്യും? സ്റ്റാൻലി ഗാർഡണർ പ്രഭു സഹായത്തിനെത്തി. ഓരോ ദിവസം ഓരോ പെറിമേസൻ. കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ രണ്ടു ദിവസം നടന്നു. മൂന്നാം ദിവസം നൂറ്റമ്പത്താറാമത് പെറിമേസൺ വായിച്ചു കൊണ്ടിരിക്കെയാണ് ഭാസ്കരമേനോൻ ചേമ്പറിൽ നിന്നും പുറത്തു കടന്നത്. കാണുന്ന ദൃശ്യം പയ്യൻ പുസ്തകം വായിക്കുന്നതാണ്. സഹിച്ചില്ല. ചേമ്പറിന്റെ വാതിൽക്കൽ നിന്നു തന്നെ അദ്ദേഹം അലറി.
രാജൻ!
രാജൻ പുസ്തകം അടച്ചുവെച്ചു. തിരിഞ്ഞുകൊണ്ട് ചോദിച്ചു.
യെസ് മിസ്റ്റർ മേനോൻ.
വാട്ടാർ യു ഡൂയിംഗ്.
റീഡിംഗ്. മി. മേനോൻ.
വളരെ ശാന്തമായ മറുപടി.
ഹാവ്യു ഫിനിഷ്ഡ് യുവർ വർക്ക്?
യെസ് മി. മേനോൻ.
എന്നാൽ വായിക്കാതെ വെറുതെയിരുന്നാൽ മതി. ഓഫീസിലിരുന്നു നോവൽ വായിക്കാൻ പാടില്ല.
ശരി.
രാജൻ പുസ്തകം അടച്ചുവെച്ചു.
ഭാസ്കരമേനോൻ ചേമ്പറിനുള്ളിൽ കടന്ന് വാതിലടച്ചു എന്നുറപ്പായപ്പോൾ നാരായണൻനായർ പറഞ്ഞു.
കുട്ടി കുറച്ചുകൂടി സൂക്ഷിച്ചു പെരുമാറണം.
എന്തേ?
ഭാസ്കരമേനോൻ ആള് വിഷമാ. അയാള് വിചാരിച്ചാൽ ഇവിടെ എന്തും നടക്കും. മാനേജിംഗ് ഡയറക്ടർ അയാളുടെ കീശയിലാ. എത്രയോ ആൾക്കാരുടെ കഞ്ഞികുടി മുട്ടിച്ചവനാ അയാൾ. എതിർക്കാൻ പോയാൽ എന്തെങ്കിലും ഏഷണികൂട്ടി ആളെ പുറത്താക്കും. രാജന്റെ ജോലി കൺഫേം ചെയ്തിട്ടു കൂടിയില്ലല്ലോ. അപ്പൊ സൂക്ഷിച്ചിരിക്യാ നല്ലത്. പിന്നെ സാറെന്നൊക്കെ വിളിക്കണതാണ് ഭാസ്കരമേനോനിഷ്ടം എല്ലാവരും അങ്ങന്യാണ് വിളിക്കണത്.
അത് ഇന്ത്യൻ സായ്വുമാരുടെ അസുഖമാണ്. ഒറിജിനൽ സായ്വിനെ പേരു വിളിച്ചാൽ മതി. ഇന്ത്യൻ സായ്വിനെ സാറെന്നുതന്നെ വിളിക്കണം. ആത്മാഭിമാനം പണയം വെച്ചുള്ള ഒരു കാര്യത്തിനും പയ്യൻ തയ്യാറായിരുന്നില്ല.
സംഭവരഹിതമായ ഒരാഴ്ച കടന്നുപോയി. ജോലിയൊന്നുമില്ലാത്ത വിരസങ്ങളായ മണിക്കൂറുകൾ തള്ളിനീക്കുമ്പോൾ പയ്യൻ ഈ കമ്പനിയിൽ ചേർന്നത് സ്വയം പഴിച്ചു. പക്ഷേ അഞ്ഞുറുറുപ്പികയും ഇരുപത് ശതമാനം ബോണസ്സും ഏതു കമ്പനിയാണ് തരുക. അങ്ങനെയിരിക്കുമ്പോഴാണ് മുമ്പിലിരിക്കുന്ന നിഷിദ്കുമാർ മുക്കർജിയുടെ തുറന്നിരിക്കുന്ന മേശ വലിപ്പിൽ ഇലസ്റ്റ്രേറ്റഡ് വീക്കിലി കണ്ടത്. ഒന്നു മറച്ചു നോക്കാൻ വേണ്ടി അതെടുത്തു.
ആദ്യത്തെ പേജ് മറിച്ചപ്പോഴാണ് ഭാസ്കരമേനോൻ അടുത്തുകൂടെ കടന്നുപോയത്. ഭാസ്കരമേനോൻ അത് കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല. ഒന്നു മറച്ചുനോക്കുകയല്ലെ. താൻ ഒന്നും വായിക്കുന്നില്ലല്ലോ എന്നു കരുതി പയ്യൻ വീക്കിലി അടച്ചുവെക്കാനും പോയില്ല. പക്ഷേ അത് ഭാസ്കരമേനോനെ ചൊടിപ്പിക്കുകയാണ് ചെയ്തത്. അയാൾ വീണ്ടും വീണ്ടും പയ്യന്റെ അടുത്തുകൂടെ നടന്നു. ഇല്ല പുസ്തകം അടച്ചുവെച്ചില്ല, തന്നെ കണ്ടാലെങ്കിലും അടച്ചുവെക്കുമെന്നു കരുതിയ ഭാസ്കര മേനോന് ഇതൊരു വെല്ലുവിളിയും ധിക്കാരവുമായി തോന്നി. അടുത്ത പ്രാവശ്യം ചേമ്പറിൽനിന്നു പുറത്തുവന്ന ഭാസ്കരമേനോൻ വാണംവിട്ട പോലെ പോയത് മാനേജിംഗ് ഡയറക്ടറുടെ ചേമ്പറിലേക്കായിരുന്നു.
രാജന് ദേഷ്യം പിടിച്ചിരുന്നു. ജോലിയുണ്ടെങ്കിൽ അതു തീർക്കാതെ മറ്റൊന്നും ചെയ്യാറില്ല താൻ. അപ്പോൾ ഒരു ആഴ്ചപ്പതിപ്പ് മറിച്ചു നോക്കിയെന്ന കാരണത്തിന് അയാൾ ഇത്രയധികം ക്ഷോഭിക്കേണ്ട കാര്യമൊന്നുമില്ല. ഭാസ്കരമേനോൻ തനിക്കെതിരെ റിപ്പോർട്ട് ചെയ്യാനാണ് പോയതെന്ന് വ്യക്തം. രാജൻ ആഴ്ചപ്പതിപ്പ് മുക്കർജിക്ക് തിരിച്ചുകൊടുത്ത് ശാന്തമായി ഇരുന്നു.
ഓഫീസിന്റെ അറ്റത്തുള്ള വലിയ ചേമ്പറിന്റെ വാതിൽ തുറന്ന് ടോം മോറിസ് പുറത്തിറങ്ങി. രാജനെത്തന്നെ നോക്കിക്കൊണ്ട് കുറച്ച് വേഗത്തിൽ നടന്നുവന്നു. രാജന്റെ അടുത്തു വന്ന് നിന്ന് മോറിസ് സായ്വിന് പുസ്തകപാരായണമൊന്നും കാണാൻ പറ്റിയില്ല.
ഡു യു ഹാവ് എനി വർക്ക് വിത്ത് യു?
നോ. മി. മോറിസ്സ്. ഐ ഹാവ് ഫിനിഷ്ഡ് ദെം ആൾ.
ദേൻ കം ടു മീ ഫോറെ ഡിക്ടേഷൻ.
യെസ്. മി. മോറിസ്സ്.
സായ്വ് പയ്യന് രണ്ടു കത്തുകൾ ഡിക്ടേറ്റ് ചെയ്തു കൊടുത്തു. ഒപ്പം കുറെ ഉപദേശങ്ങളും. ജോലിയില്ലെങ്കിൽ ബോസ്സിന്റെ അടുത്തു ചെന്നു പറയണം. ബോസ്സിന്റെ കയ്യിൽ ജോലിയില്ലെങ്കിൽ എന്റെ അടുത്ത് വന്നാൽ മതി. ഞാൻ ജോലി തരാം. വെറുതെ ഇരിക്കരുത്.
പയ്യൻ പുറത്തിറങ്ങി. ഓഫീസ് മുഴുവൻ ശ്വാസമടക്കിപ്പിടിച്ചിരിക്കയായിരുന്നു. പാവം പയ്യന്റെ ജോലി നഷ്ടപ്പെട്ടുവെന്നു തന്നെയാണ് അവർ കരുതിയത്. ആറുമാസം മുമ്പ് ഭാസ്കരമേനോന്റെ അപ്രീതിക്കു പാത്രമായ നിരജ്ഞൻ ചാറ്റർജിയെ അകത്തു വിളിച്ച് ഡിക്ടേറ്റ് ചെയ്തു കൊടുത്ത കത്ത് അയാളുടെ സാക്ക് നോട്ടീസായിരുന്നു.
ജേതാവായി ചിരിച്ചുകൊണ്ടു വരുന്ന രാജനെ എല്ലാവരും പൊതിഞ്ഞു.
പത്തു മിനിട്ടിനകം രണ്ടു കത്തുകളും അടിച്ച് സിഗ്നേച്ചർ പാഡിലാക്കി മാനേജിങ്ങ് ഡയറക്ടർക്ക് കൊണ്ടുപോയി കൊടു ത്തു. സായ്വ് അത്ഭുതത്തോടെ പയ്യനെ നോക്കി. തനിക്കിത്ര വേഗം ഇതുവരെ ഒരു കാര്യവും ചെയ്തു കിട്ടിയിട്ടില്ല. അതും മനോഹരമായ ലേഔട്ടിൽ അക്ഷരത്തെറ്റില്ലാതെ, മായ്ച്ച കരി പാടുകളൊന്നുമില്ലാതെ. കത്തുകൾ ഒപ്പിട്ട് പയ്യനെത്തന്നെ ഏൽപ്പിച്ചൂ. ഇത് ഡെസ്പാച്ചിൽ കൊണ്ടു പോയികൊടുക്കൂ. പിന്നെ പോയി ഭാസ്കരമേനോന്റെ ഡിക്ടേഷൻ എടുക്കൂ.
കത്തുകൾ ഡെസ്പാച്ചിൽ ഏല്പിച്ചശേഷം രാജൻ ഷോർട്ട് ഹാന്റ് പുസ്തകവുമായി ഭാസ്കരമേനോന്റെ ചേമ്പറിൽ പോയി വാതില്ക്കൽ മുട്ടി.
കമിൻ.
പയ്യൻ ഉള്ളിൽ കടന്ന് ഭാസ്കരമേനോനെതിരെ ഇരുന്നു. ഭാസ്കരമേനോൻ ഡിക്റ്റേഷനും തുടങ്ങി. അരമണിക്കൂറിനു ള്ളിൽ ഏകദേശം പതിനഞ്ചു കത്തുകൾ അയാൾ ഡിക്റ്റേറ്റ് ചെയ്തു. രാജൻ പുറത്തു വന്ന് ജോലി തുടങ്ങി. സൂപ്പർ സ്പീഡിൽ ടൈപ്പ് ചെയ്യാൻ തുടങ്ങിയ രാജന്റെ ടൈപ്പ് റൈറ്ററിന്റെ ശബ്ദംകൊണ്ട് ഓഫീസ് പ്രകമ്പിതമായി. അത് ഒരു യുദ്ധത്തിന്റെ കാഹളമായിരുന്നു എന്നു പക്ഷേ ആരും അറിഞ്ഞില്ല. അരമണി ക്കൂറിനുള്ളിൽ പതിനഞ്ചു കത്തുകളും മുഴുമിച്ചു ഉടൻതന്നെ ഭാസ്കരമേനോന്റെ കയ്യിൽ ഏല്പ്പിച്ചു കൊണ്ട് പറഞ്ഞു.
വർക്ക് എല്ലാം കഴിഞ്ഞു.
ബ്രിംഗ് യുവർ നോട്ട് ബുക്ക്.
ഭാസ്കരമേനോൻ ഗർജിച്ചു.
വീണ്ടും ഡിക്ടേഷൻ. ഭാസ്കരമേനോൻ തന്റെ പെന്റിംഗ് ട്രേ മുഴുവൻ കാലിയാക്കി. മാസങ്ങളായി പൊടി പിടിച്ചുകിടന്ന കത്തുകൾ പുറത്തെടുത്ത് മറുപടി ഡിക്ടേറ്റ് ചെയ്തു. പതിനെട്ടു കത്തുകൾ.
നാൽപതു മിനിറ്റിനുള്ളിൽ ആ പതിനെട്ടു കത്തുകളും ചെയ്തു കഴിഞ്ഞു. വീണ്ടും പയ്യൻ ഭാസ്കരമേനോന്റെ അടുത്തെത്തി.
ജോലി കഴിഞ്ഞു.
ഭാസ്കരമേനോൻ ചെറുതായൊന്ന് ഞെട്ടി. ഒഴിഞ്ഞ മേശമേൽ നോക്കിയശേഷം അയാൾ പറഞ്ഞു.
ശരി, ഒരു പത്തുമിനിറ്റു കഴിഞ്ഞുവരു.
പയ്യൻ പോയി കസേരയിൽ ഇരുന്നു.
പിന്നിൽ ഡിപ്ലൊമാറ്റിക് ആക്ടിവിറ്റി നടക്കുന്നത് പയ്യൻ അറിഞ്ഞു. തോമസ് ആണ് ആദ്യം അകത്തേക്ക് വിളിക്കപ്പെട്ടത്. തോമസ് അയാളുടെ സ്ഥാനത്തേക്ക് കുതിക്കുന്നതും ഒരു കെട്ട് കടലാസുകളുമായി തിരിച്ച് ഭാസ്കരമേനോന്റെ ചേമ്പറിലേക്കു പോകുന്നതും കണ്ടു. പിന്നെ വിളിക്കപ്പെട്ടത് അപ്പുക്കുട്ടനാണ്. അയാളും മേശപ്പുറമൊക്കെ പരതി. ഒരു കെട്ടു കടലാസുകളുമായി ചേമ്പറിൽ കടന്നു.
കൃത്യം പത്തുമിനിറ്റു കഴിഞ്ഞപ്പോൾ രാജൻ ഷോർട്ട് ഹാന്റ് നോട്ടുപുസ്തകവുമായി ഭാസ്കരമേനോന്റെ ചേമ്പറിൽ കടന്നു. ആത്മവിശ്വാസം വീണ്ടെടുത്ത ഭാസ്കരമേനോൻ ഡിക്ടേഷൻ തുടങ്ങി. ആകെ ഇരുപത്തിയൊന്ന് കത്തുകൾ ഡിക്ടേഷൻ കഴിഞ്ഞപ്പോൾ സമയം ഒരു മണി. പയ്യൻ എഴുന്നേറ്റപ്പോൾ ഭാസ്കരമേനോൻ പതുക്കെ പറഞ്ഞു.
ധൃതിയൊന്നുമില്ല. സാവധാനത്തിൽ ചെയ്താൽ മതി. ദേറിസ് നോ ഹറി.
ഒന്നരവരെ ലഞ്ചു ടൈമാണ്, നാരായണൻനായരുടെ ഒപ്പം ചിത്തരജ്ഞൻ അവന്യൂവിലുള്ള മദ്രാസ് കഫേ യിലേക്കു നടക്കുമ്പോൾ ഭാസ്കരമേനോന്റെ ചരിത്രം കേൾക്കാനുള്ള ഭാഗ്യമുണ്ടായി പയ്യന്.
അയ്മ്പതുകളുടെ ആദ്യത്തിൽ സഹ്യന്റെ സാനുക്കളിൽ മീനച്ചൂടിൽ തളർന്നു കിടന്ന ഒരു പാലക്കാടൻ ഗ്രാമ ത്തിലെ ഇടവഴിയിൽ വെച്ചാണ് പിന്നീട് കെ.പി. ഭാസ്കരമേനോൻ എന്ന പേരിൽ സ്മിത്ത്, മോറിസ്സ് ആന്റ് കമ്പനിയിൽ മനേജർ (ഓർഡർ) എന്ന ബഹുമതിയിൽ വിരാജിക്കുന്ന പാക്കരന്റെ ജീവിതത്തിലെ വഴിത്തിരിവു ണ്ടായത്. പാക്കരൻ ഇടവഴിയിൽ കശുവണ്ടി ശേഖരിക്കാൻ നടക്കുകയായിരുന്നു. ഉച്ചയൂണു കഴിഞ്ഞാൽ അമ്പല പ്പറമ്പിൽ അണ്ടികളിയാണ് ഇഷ്ടന് തൊഴിൽ. അപ്പോഴേയ്ക്ക് ആവുന്നത്ര അണ്ടി സംഭരിക്കണം. അമ്പത്തൊന്നു മുതൽ അമ്പത്തിനാലുവരെയുള്ള കാലയളവിൽ മൂന്നു വർഷങ്ങളിലായി മാർച്ച് സെപ്റ്റംബർ മുതലായ പരീക്ഷകൾ എഴുതി കഷ്ടിച്ച് പത്താംക്ലാസ്സ് പാസ്സായി വീട്ടിൽ അസ്വസ്ഥനായി ഇരിക്കുകയാണ് മാന്യദേഹം.
ഇടവഴിയിൽ വെച്ചാണ് വഴിത്തിരിവുണ്ടയാതെന്ന് പറഞ്ഞല്ലൊ. ഇടവഴിയിൽവെച്ച് കണ്ടുമുട്ടിയ അയൽ പക്കത്തെ കൃഷ്ണ മേനോന്റെ മകൻ വാസുദേവനാണ്. അയാൾ കൽക്കത്തയിൽ നിന്ന് ഒരു മാസം ലീവിൽ വന്നതാണ്. പാക്കരനെ അണ്ടി സംഭരണയജ്ഞത്തിനിടയിൽ കണ്ടപ്പോൾ വാസു ചോദിച്ചു.
നിനക്ക് കൽക്കത്തയിൽ ജോലി തരാം. പോരുന്നോ?
പാക്കരൻ ഉടനെ സമ്മതിച്ചു.
എന്നാൽ നീ ഒരു കാര്യം ചെയ്യ്. നമ്മുടെ സാമീടെ ഇൻസ്റ്റിറ്റൂട്ടില് ടൈപ്പ്റൈറ്റിംഗിനും ഷോർട്ട്ഹാന്റിനും ചേര്. ഞാൻ അടുത്ത ഓണത്തിന് ലീവിൽ വരുമ്പോ കൊണ്ടുപോകാം.
ശരി.
പാക്കരൻ സ്വാമിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഷോർട്ട് ഹാന്റ് ഉപേക്ഷിച്ചു. അത് തനിക്ക് വഴങ്ങുന്നില്ല. ടൈപ്പിംഗ് രസമായിരുന്നു.
അങ്ങിനെയാണ് പാക്കരൻ കൽക്കത്തയിലെത്തിയത്. ആദ്യത്തെ ഒരു കൊല്ലം ഒരു ഫിലിം വിതരണക്കമ്പനിയിൽ ജോലി ചെയ്തു. ഇംഗ്ലീഷ് ഒരു മാതിരി കൈകാര്യം ചെയ്യാൻ പഠിച്ചു. വാസുദേവനാണ് പാക്കരനെ സ്മിത്ത്, മോറിസ്സ് ആന്റ് കമ്പനിയിൽ കൊണ്ടുവന്നത്. വാസുദേവൻ അവിടെ ഒരു സ്റ്റെനോ ആയി ജോലി നോക്കുകയായിരുന്നു. ഡിപ്പാർട്ടുമെന്റിൽ ഒരു ടൈപ്പിസ്റ്റിന്റെ ഒഴിവ് വന്നപ്പോൾ വാസുദേവൻ പാക്കരനെ വിളിച്ചു.
ഒരു ടൈപ്പിസ്റ്റായി ചേർന്ന ഭാസ്കരമേനോൻ കുതന്ത്രങ്ങൾ കൊണ്ട് ഉയർന്നു വന്നതാണ്. പലരുടെയും ജോലി ഏഷണി കൊണ്ട് നഷ്ടപ്പെടുത്തി. ആദ്യം പുകച്ചു ചാടിച്ചത് തന്നെ നാട്ടിൽനിന്ന് കൊണ്ടുവന്ന് തനിക്കഭയവും ജോലിയും നൽകിയ വാസുദേവനെത്തന്നെയായിരുന്നു. കമ്പനിയോടുള്ള കൂറ് പ്രഖ്യാപിക്കാൻ സ്വന്തം അമ്മ മരിക്കാൻ കിടക്കുന്നു എന്ന കമ്പി കിട്ടിയിട്ടുപോലും പോയില്ല. കമ്പിയും കൊണ്ട് ഭാസ്കരമേനോൻ മാനേജിംഗ് ഡയറക്ടറുടെ അടുത്തു ചെന്നു.
യൂ മസ്റ്റ് ഗോ. സായ്വ് പറഞ്ഞു.
പറ്റില്ല. ഭാസ്കരമേനോൻ പറഞ്ഞു. അത്രയധികം ജോലിയുണ്ടിവിടെ. കമ്പനിയാണ് പ്രധാനം. അതിന്റെ ജോലി കഷ്ടപ്പെടുത്തിയിട്ട് എനിക്ക് പോകാൻ പറ്റില്ല.
എങ്ങിനെയുണ്ട് കൂറ് പ്രഖ്യാപനം. പാക്കരൻ ഉയർന്നുവന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
ലഞ്ചു കഴിഞ്ഞപ്പോഴേയ്ക്ക് രാജൻ ഒരു തീരുമാനമെടുത്തിരിക്കുന്നു. തന്റെ ജോലി തെറിച്ചാലും വേണ്ടില്ല. എത്രയോ ആൾക്കാരുടെ വയറ്റിൽപ്പിഴപ്പ് മുടക്കിയ ഭാസ്കരമേനോനെ ഒരു പാഠം പഠിപ്പിക്കണം.
രണ്ടര മണിയ്ക്കുള്ളിൽ ഇരുപത്തൊന്നു കത്തുകളും ടൈപ്പ് ചെയ്ത് രാജൻ ഭാസ്കരമേനോന്റെ മുറിയിൽ കടന്നു.
ജോലിയെല്ലാം കഴിഞ്ഞിരിക്കുന്നു.
ഏസി മുറിയിലിരുന്ന് ഭാസ്കരമേനോൻ വിയർത്തു. ഫാനിന്റെ റഗുലേറ്റർ കറക്കി അയാൾ പറഞ്ഞു. കുറച്ചു ദേഷ്യത്തിൽത്തന്നെ.
പത്തു മിനിറ്റു കഴിഞ്ഞുവരു.
ഇപ്രാവശ്യം നാരായണൻനായർ അകത്തേക്കു വിളിക്കപ്പെട്ടു. അയാൾ തിരിച്ചുവന്ന് മേശപ്പുറത്തുണ്ടായിരുന്ന കടലാസുകളെല്ലാം പെറുക്കി തിരിച്ചുപോയി. അതുപോലെ ടൈപ്പിസ്റ്റ് സുബ്രഹ്മണ്യവും വിളിക്കപ്പെട്ടു. അയാളും തന്റെ ടൈപ്പ് ചെയ്യാൻ തന്ന കടലാസുകൾ ഭാസ്കരമേനോനെ തിരിച്ചേല്പിച്ചു.
ഡിക്ടേഷൻ തുടങ്ങി. ഏതാനും കത്തുകൾ, ടൈപ്പിസ്റ്റിന്റെ കയ്യിൽനിന്ന് തിരിച്ചു വാങ്ങിയ ഓർഡർ അക്നോള ജ്മെന്റ്.
വീണ്ടും ടൈപ്പ്റൈറ്റർ ഗർജിച്ചു. മുക്കാൽ മണിക്കൂറിനുള്ളിൽ ജോലി സമാപ്തം. പയ്യൻ ഭാസ്കരമേനോനെ കണ്ടു.
ജോലിയെല്ലാം കഴിഞ്ഞിരിക്കുന്നു.
ഇപ്പൊ ജോലിയൊന്നുമില്ല. ഭാസ്കരമേനോൻ ഗർജിച്ചു. ജോലിയുള്ളപ്പോൾ വിളിക്കാം.
ശരി.
നോട്ടുപുസ്തകവുമായി ചേമ്പറിൽ നിന്നിറങ്ങിയ രാജൻ നേരെ പോയത്, മാനേജിംഗ് ഡയറക്ടറുടെ ചേമ്പറിലേക്കായിരുന്നു.
ഭാസ്കരമേനോന്റെ ജോലി മുഴുവൻ കഴിഞ്ഞുവെന്നും താൻ ജോലി ചെയ്യാൻ തയ്യാറാണെന്നും അറിയിച്ചു. സായ്വിന് സന്തോഷമായി. മിടുക്കൻ. ഡിക്ടേഷൻ കഴിഞ്ഞപ്പോൾ രാജൻ ഭാസ്കരമേനോന്റെ ഉള്ളുകള്ളികൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു. മറ്റു മൂന്നു സ്റ്റെനോഗ്രാഫർമാർക്കും ടൈപ്പിസ്റ്റിനും കൊടുത്ത ജോലികൂടി തിരിച്ചു വാങ്ങിയിട്ടാണ് തനിക്ക് ജോലി തന്നതെന്നും, ആ ജോലികൂടി താൻ മുഴുമിച്ചുവെന്നും, ഇപ്പോൾ മറ്റു നാലുപേർ ജോലിയില്ലാതെ ഇരിപ്പാണെന്നും അറിയിച്ചു.
ശരിയ്ക്കു പറഞ്ഞാൽ ഭാസ്കരമേനോന് ഒരു ടൈപ്പിസ്റ്റിന്റെ ആവശ്യമേയുള്ളു. രാജൻ പറഞ്ഞു. സ്റ്റെനോവിന്റെ ആവശ്യവും കൂടിയില്ല. കാരണം എല്ലാം റൂട്ടിൻ കത്തുകളാണ്. അവ അച്ചടിച്ചോ സൈക്ലോസ്റ്റൈൽ ചെയ്തു വെച്ചാൽ നമ്പറുകൾ കൂട്ടിച്ചേർക്കുക മാത്രമേ ആവശ്യമുള്ളു.
സായ്വിന്റെ കണ്ണ് തുറന്നു. സായ്വ് ഒന്നും മിണ്ടാതെ പുറത്തു കടന്നു. ആദ്യം പോയത് നാരായണൻനായരുടെ അടുത്താണ്.
എത്ര ജോലിയുണ്ട്?
എല്ലാം കഴിഞ്ഞു സർ. നാരായണൻനായർ പരിഭ്രമിച്ചു കൊണ്ട് പറഞ്ഞു.
വാട്ടെബൗട്ട് യു?
തോമസിനോടാണ്,
ആന്റ് യു? ആന്റ് യു?
അപ്പുക്കുട്ടനോടും, സുബ്രഹ്മണ്യനോടും.
മേശകൾ ബ്രാബോൺ സ്റ്റേഡിയം പോലെ ഒഴിഞ്ഞു കിടന്നു.
സായ്വ് കൂടുതൽ കാര്യങ്ങൾ കണ്ടുപിടിച്ചു. ഭാസ്കര മേനോൻ ഒരു ഒപ്പുയന്ത്രം മാത്രമാണെന്ന സത്യം. കിട്ടുന്ന കത്തുകളെല്ലാം തന്റെ സ്റ്റെനോഗ്രാഫർമാർക്കും ടൈപ്പിസ്റ്റിനുമായി വിതരണം ചെയ്യുകയാണ്. സ്റ്റെനോഗ്രാഫർമാർ സ്വന്തം സൃഷ്ടികളായി അടിക്കുന്ന കത്തുകൾക്കിടയിൽ കെ.പി. ഭാസ്കര മേനോൻ, മാനേജർ (ഓർഡർ) എന്ന് അടിച്ചു കൊടുക്കുന്നു. ഭാസ്കരമേനോൻ കണ്ണുമടച്ച് അവ ഒപ്പു വെയ്ക്കുന്നു. മറ്റുള്ളവരെ കെണിയിൽ വീഴ്ത്താ നുള്ള കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നു.
പിറ്റേന്ന് രാവിലെ ഓഫീസിലെത്തിയ രാജനെ കാത്ത് അത്ഭുതങ്ങൾ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. കസേരയിലി രുന്ന് ടൈപ്പ്റൈറ്ററിന്റെ പൊടിയണിഞ്ഞ പ്ലാസ്റ്റിക് കവർ മാറ്റി ഡ്രോയറിൽനിന്ന് ഒരു തുണിയെടുത്ത് തുടയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഓരോരുത്തരായി വരാൻ തുടങ്ങിയത്.
കൺഗ്രാജുലേഷൻസ്!
എല്ലാവരും ഒരു കോറസ്സായി പറഞ്ഞു. ആ മനുഷ്യനെ എല്ലാവർക്കും ഇത്രയധികം വെറുപ്പായിരുന്നെന്ന് രാജന് അപ്പോഴാണ് മനസ്സിലായത്. ഭാസ്കരമേനോന്റെ ജോലി നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം തോന്നിയത് വല്ലായ്മയായിരുന്നു എന്ന് രാജൻ അത്ഭുതത്തോടെ മനസ്സിലാക്കി. അയാളെ ശിക്ഷിക്കേണ്ട അത്ര ശിക്ഷിച്ചില്ല എന്നതിൽ വല്ലായ്മ.
ഭാസ്കരമേനോന് പകരം നാരായണൻനായരെ പ്രമോട്ട് ചെയ്തു. അപ്പുകുട്ടനെ സെയിൽസ് ഡിപ്പാർട്ടുമെന്റി ലേക്കു മാറ്റി. രാജനെ എന്താണ് ചെയ്യേണ്ടതെന്ന് സായ്വ് ആലോചിച്ചു. ഒരു ജോലിക്കാരൻ തന്റെ ജോലിയിൽ അതീവ പ്രാവിണ്യം നേടിയാൽ ഉടനെ അയാളുടെ ജോലി മാറ്റി കൂടുതൽ ഉത്തരവാദിത്വമുള്ള ജോലി കൊടു ക്കണമെന്ന് സായ്വിനറിയാം. ടൈപ്പിംഗിൽ രാജനെ വീഴ്ത്താൻ ആരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. പോരാത്തതിന് അയാളുടെ തലയിൽ നിറയെ ഐഡിയകളുമാണ്. സായ്വ് ഒരു പുതിയ ചേമ്പർ പണിയിപ്പിച്ച് രാജനെ കുടിയിരുത്തി. പുതിയൊരു തസ്തികയും ഏർപ്പെടുത്തി മാനേജർ (കോ–ഓർഡിനേഷൻ) വിവിധ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ കോ–ഓർഡിനേഷൻ.
പിന്നെ വർഷങ്ങൾ കുറെ കഴിഞ്ഞു. എഴുപത്തിരണ്ടിൽ നിന്നും എൺപത്താറിലേക്ക് കുറെ ദൂരമുണ്ട്. ഇന്നലെ യായിരുന്നു നാരായണൻനായർ റിട്ടയർ ചെയ്ത പാർട്ടി. വളരെ ഊഷ്മളമായ യാത്രയയപ്പ്.
താനാണ് ഇനി ആ ഡിപ്പാർട്ട്മെന്റ് നോക്കുന്നത്. മാനേജർ (ഓർഡർ). ചേമ്പർ പുതുതായി ചായം തേച്ചിരിക്കുന്നു. എയർകണ്ടീഷണർ മാറ്റി. പഴയത് വല്ലാതെ ശബ്ദമുണ്ടാക്കുന്നു. മേശമേലെ ഗ്ലാസ്സ് ടോപ്പും മാറ്റി.
ഓർഡർ ഡിപ്പാർട്ട്മെന്റിലെ ജോലിയും നല്ലവണ്ണം കൂടിയുണ്ട്. രാജൻ തന്റെ രണ്ടു സ്റ്റെനോഗ്രാഫർമാർക്കും ടൈപ്പിസ്റ്റിനും ജോലി കൊടുത്തു. നോക്കുമ്പോൾ ഇനിയും ജോലി കിടക്കുന്നു. ഒന്നു രണ്ടു ദിവസം നോക്കിയിട്ട് ഒരു സ്റ്റെനോഗ്രാഫറെകൂടി നിയമിക്കാൻ പറയണം. തല്ക്കാലം കൂടുതലുള്ള ജോലികൾ തീർക്കണം. രാജൻ മാനേജിംഗ് ഡയറക്ടറുടെ ചേമ്പറിന്റെ വാതില്ക്കൽ മുട്ടി അകത്തു കടന്നു.
മി. മോറിസ്സ്, എനിക്കു കുറെയധികം ജോലിയുണ്ട്. ഒരു സ്റ്റെനോഗ്രാഫറെ തല്ക്കാലം കിട്ടിയാൽ നന്നായിരുന്നു.
ഓ, യെസ്സെസ്സ്.
അദ്ദേഹം രാജനോടൊപ്പം പുറത്തുകടന്നു. തന്റെ സെക്രട്ടറിയുടെ അടുത്തുചെന്നു.
മിസ്സിസ്സ് ഡിസൂസ കുഡ് യു പ്ലീസ് ഹെൽപ് മി. രാജൻ വിത്ത്…
സായ്വ് പെട്ടെന്ന് സംസാരം നിർത്തി. രാജന്റെ നേരെ അർത്ഥഗർഭമായി നോക്കി.
ആ നോട്ടമാണ് ഇന്ന് ഭാസ്കരമേനോന്റെ ഓർമ്മ തന്നിലുണ്ടാക്കിയതെന്ന് രാജൻ ഓർത്തു.