close
Sayahna Sayahna
Search

കൂടാത്ത മഹായോഗം


കൂടാത്ത മഹായോഗം
ഗ്രന്ഥകർത്താവ് സഞ്ജയന്‍ (എം ആര്‍ നായര്‍)
മൂലകൃതി സഞ്ജയന്‍
ഭാഷ മലയാളം
വിഭാഗം ഹാസ്യം
പ്രസിദ്ധീകരണ വര്‍ഷം 1935
മാദ്ധ്യമം പ്രിന്റ്
പിന്നോട്ട് സഞ്ജയന്റെ പ്രത്യേക വിജ്ഞാപനം

സഞ്ജയന്റെ പ്രക്ഷോഭജനകമായ പ്രസംഗം

“രണ്ടും രണ്ടും കൂട്ടിയാല്‍ നാലാണെന്ന് ഞാന്‍ പറയും!”
(സ്പെഷല്‍ റിപ്പോര്‍ട്ടര്‍)


കോഴിക്കോട്, സപ്തെമ്പര്‍ 18

സപ്തെമ്പര്‍ 18-ആംനു രാവിലെ കോഴിക്കോട് നഗരം മുഴുവന്‍ ഹിറ്റ്‌ലരുടെ തിരഞ്ഞെടുപ്പുസമയത്ത് ബര്‍ലിന്‍ നഗരമെന്ന പോലെ പരിക്ഷുബ്ധമായി കാണപ്പെട്ടു. കോഴിക്കോട്ടുനഗരത്തിലെ പൊടി ശ്വസിച്ചു മഹാരോഗത്തില്‍പ്പെട്ടു വലയുന്ന ആ വമ്പിച്ച ജനസംഖ്യ ഒഴികെ ബാക്കിയെല്ലാവരും ദീപസ്തംഭത്തിന്നു കീഴിലും കടപ്പുറത്തുമായി തലേദിവസം അര്‍ദ്ധരാത്രി മുതല്‍ക്കുതന്നെ സമ്മേളിയ്ക്കുവാന്‍ തുടങ്ങിയിരുന്നു. കൂടിയിരുന്ന പുരുഷാരത്തിന്റെ സംഖ്യ ന്നല്പതിനായിരമെന്നും നാലെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ജനങ്ങള്‍ ഇടയ്ക്കിടെ “സഞ്ജയന്‍” ജി—കീ—ജേ! എന്നു വിളിച്ചുകൊണ്ടിരുന്നു.

കൃത്യം 6.30-ന്ന് മേല്പുരയില്ലാത്ത പൊളിഞ്ഞ ഒരു ഒറ്റക്കാളവണ്ടിയില്‍, കൃത്രിമതാടിമീശകളും, ഒരു പച്ചക്കണ്ണടയും, തലയില്‍ കൊടുങ്ങല്ലൂര്‍ ഭരണിക്കാരുടെ തൊപ്പിയും ധരിച്ച് പ്രാസംഗികന്റെ വരവു തുടങ്ങി. അദ്ദേഹം വലിയ ഒരു കരിമ്പടം കൊണ്ട് തന്റെ ദേഹത്തെ ആച്ഛാദനം ചെയ്തിരുന്നു. മുഖത്ത് ഒരു രൌദ്രരസമാണ് പ്രധാനമായി സ്ഫുരിച്ചിരുന്നത്. വണ്ടിയുടെ ഇളക്കം കൊണ്ട് താഴെ വീണു പോകാതിരിപ്പാന്‍ അദ്ദേഹം രണ്ടു കൈകൊണ്ടും ഇരുവശമുള്ള മുളവേലി പിടിച്ചിട്ടുണ്ടായിരുന്നു. ഈ വന്ദ്യനേതാവിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ പ്രൈവറ്റു സിക്രട്ടരിയായ ഒരു ചെറുപ്പക്കാരന്‍ ഒരു ഓലക്കുടയും പിടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു.

അടുത്തെത്തിയപ്പോഴേയ്ക്ക് സദസ്യരുടെ ഇടയില്‍നിന്നു തന്റെ നേര്‍ക്കു ബാണം പോലെ വന്ന രണ്ടു കല്ലുകള്‍ തലയ്ക്കു കൊള്ളാതിരിപ്പാന്‍ അദ്ദേഹം തല താഴ്ത്തി. ഏറുകളില്‍ ഒന്നു ഓലക്കുടക്കു കൊള്ളുകയാല്‍ അതിന്റെ മേല്‍ഭാഗം തെറിച്ചുപോയി.

ദീപസ്തംഭത്തിന്നിടയില്‍ അധികൃതന്മാര്‍ തുറന്നുവെച്ച വാതിലില്‍ ക്കൂടി അദ്ദേഹം അകത്തു പ്രവേശിച്ചു. വാതില്‍ പിന്നില്‍ അടഞ്ഞു. ഏകദേശം പത്തു മിനിട്ടു കഴിഞ്ഞപ്പോള്‍ കൊടുങ്ങല്ലൂര്‍ തൊപ്പിയും പച്ചകണ്ണടയും ദീപസ്തംഭത്തിന്റെ ഉപരിഭാഗത്തു പ്രത്യക്ഷപ്പെട്ടു. ഈ പ്രാവശ്യത്തെ ഏറു ദീപത്തിന്നു ചുറ്റുമുള്ള കണ്ണാടിച്ചില്ലുകള്‍ പൊളിച്ചു.

ഹജൂര്‍കച്ചേരിയുടെ അരികില്‍വെച്ചു പ്രസംഗിയ്ക്കുന്ന മതപ്രാസംഗികന്മാര്‍ക്കുള്ളതുപോലെ സജീവമായ ഒരു ലൌഡ്സ്പീക്കര്‍ സഞ്ജയന്നും ഉണ്ടായിരുന്നു. അത് ഒരു മുനിസിപ്പാല്‍ കൗണ്‍സിലര്‍ വേഷം മാറിനിന്നതാണെന്നും അല്ലെന്നും ജനപ്രസ്താവമുണ്ട്. അദ്ദേഹം സഞ്ജയന്റെ ഓരോ വാക്കും പറഞ്ഞ ഉടനെ അത്യുച്ചത്തില്‍ ആവര്‍ത്തിച്ചിരുന്നു. പ്രസംഗത്തിന്റെ ഫുള്‍ റിപ്പോര്‍ട്ട് താഴെ ചേര്‍ക്കുന്നു.

പ്രസംഗം

അല്ലയോ മാന്യമഹോദരങ്ങളെ!

അസ്തപര്‍വ്വതനിതംബത്തെ അഭിമുഖീകരിച്ച് ലംബമാനമായ അംബുജബന്ധുബിംബത്തില്‍ നിന്നും അംബരമദ്ധ്യത്തില്‍ നിന്നും വിസൃ—വിസൃ അംബരമദ്ധ്യത്തില്‍ വിസൃ—(ചിരിയും ഹസ്തതാഡനവും) എത്രയോ തവണ ഉരുവിട്ടു പഠിച്ച ഈ ഒന്നാന്തരം ഗദ്യശകലത്തിന്റെ ബാക്കി തോന്നാത്തത് എന്റേയും നിങ്ങളുടേയും നിര്‍ഭാഗ്യമെന്നേ പറയുവാനുള്ളു.

എനി ഞാന്‍ തോന്നിയതും പറയും.

മഹാ വങ്കശിരോമണികളേ!

നിങ്ങള്‍ ഇവിടെ കൂടിയിരിയ്ക്കുന്നത് എന്തിനാണെന്ന് എനിയ്ക്കു നല്ലവണ്ണമറിയാം. നിങ്ങള്‍ക്കു ചിരിയ്ക്കുവാന്‍ തക്കവണ്ണം വല്ല വിഡ്ഢിത്തവും ഞാന്‍ പറയുമെന്നു വിചാരിച്ചാണ് നിങ്ങള്‍ വായും പിളര്‍ന്നു നില്‍ക്കുന്നത്. ഈശ്വരനാണേ സത്യം, ഞാന്‍ മഹാ ഗൗരവമായിട്ടാണ് ഇന്നു സംസാരിയ്ക്കുവാന്‍ പോകുന്നത്. നിങ്ങള്‍ ചിരിച്ചാലും ശരി; കരഞ്ഞാലും ശരി; പല്ലുകടിച്ചാലും ശരി. രണ്ടും രണ്ടും കൂട്ടിയാല്‍ നാലാണെന്നു ഞാന്‍ പറയും. എനിയ്ക്കു പേടിയൊന്നുമില്ല.

നിങ്ങളുടെ മുനിസിപ്പാലിറ്റിയെപ്പറ്റി ഞാന്‍ കേരളപത്രികയില്‍ എഴുതുന്നതുകൊണ്ട് മറ്റു ദേശക്കാര്‍ക്ക് എന്നോടു രസമില്ലാതായിരിക്കുന്നു. “ലോകത്തില്‍ കോഴിക്കോട് മുനിസിസിപ്പാലിറ്റിയേ ഉള്ളു?” എന്നാണ് അവര്‍ ചോദിയ്ക്കുന്നത്. കാര്യം നേരല്ലേ? ഞാന്‍ ഈ മുനിസിപ്പാലിറ്റിയെപ്പറ്റി പറഞ്ഞത്ര ഡാന്‍റി നരകത്തെപ്പറ്റിയോ, വള്ളത്തോള്‍ കീറത്തലയണയെപ്പറ്റിയോ. കുഞ്ചന്‍നമ്പ്യാര്‍ നായന്മാരെപ്പറ്റിയോ പറഞ്ഞിട്ടില്ല. അതിന്റെ പകുതി പറഞ്ഞിട്ടില്ല.

എന്നിട്ടോ? നിങ്ങള്‍ക്കു വല്ല കുലുക്കവുമുണ്ടായോ? ഇത്ര ദുര്‍ഗന്ധമോ ഇത്ര മാലിന്യമോ, ഇത്ര പൊടിയോ ഉള്ള വേറൊരു സ്ഥലം നിങ്ങള്‍ ലോകത്തില്‍ കണ്ടിട്ടുണ്ടോ? മറ്റു മുനിസിപ്പാലിറ്റികളിലുള്ളതിനേക്കാള്‍ ഇവിടെ ജനസംഖ്യയുണ്ടെങ്കില്‍ ഇവിടെ അതിന്നനുസരിച്ചു നികുതി പിരിവുമില്ലേ? ഈ പണം ഇവര്‍ ന്യായമായിട്ടാണോ ചെലവാക്കുന്നതെന്ന് നിങ്ങള്‍ക്കന്വേഷിച്ചുകൂടേ? ഈ പൊടി ശ്വസിച്ചു പകല്‍ മുഴുവനും സ്ക്കൂളില്‍ കഴിച്ചുകൂട്ടുന്ന നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം നശിച്ചു പോകുന്നതു നിങ്ങള്‍ കാണുന്നില്ലേ? നിങ്ങള്‍ക്കു കണ്ണും,തലയും ആണത്തവും ഒന്നും ഇല്ലേ?

(പൊട്ടിക്കരച്ചിലും ഹസ്തതാഡനവും)

നിരത്തിലെ പൊടിയമര്‍ത്താനുള്ള ഒരു വെള്ളവണ്ടി പൂജിക്കുവാന്‍ വേണ്ടി വെച്ചതാണോ എന്നു നിങ്ങള്‍ തെരഞ്ഞെടുത്തയച്ച ആരെക്കൊണ്ടെങ്കിലും നിങ്ങള്‍ക്കു ചോദിപ്പിക്കരുതോ? നിങ്ങളോടു വോട്ടിന്ന് വന്നു ചോദിക്കുന്നവരെ കടല്‍ക്കര മുതല്‍ പച്ചക്കറിപ്പാളയത്തില്‍ക്കൂടി ബ്രഹ്മസമാജമന്ദിരംവരെയും മടങ്ങി ബീച്ചിലേയ്ക്കും നൂറ്റമ്പതു പ്രാവശ്യം നടത്തിച്ചതിനുശേഷം, ആയാള്‍ ബാക്കിയുണ്ടെങ്കില്‍, ആ മനുഷ്യന്‍ അനുഭവിച്ച നരകത്തെപ്പറ്റി എന്തു ചെയ്‌വാന്‍ പോകുന്നു എന്നു പറഞ്ഞതിനുശേഷമേ വോട്ടു കൊടുക്കുകയുള്ളു എന്നു നിങ്ങള്‍ക്കു പറയരുതോ? (ദീര്‍ഘനിശ്വാസങ്ങള്‍).

നിങ്ങള്‍ക്കു സ്വരാജ്യം വേണം—ഇല്ലേ? തേങ്ങാപ്പിണ്ണാക്കാണ് നിങ്ങള്‍ക്കു തരേണ്ടത്. ഇത്ര ചൊടിയും ഉണര്‍വുമില്ലാതെ, ഈ ചളിക്കുഴിയില്‍ കൃമികളെപ്പോലേ കഴിച്ചുകൂട്ടുവാന്‍ മടിക്കാത്ത നിങ്ങള്‍ക്കെന്തിനാണുപോലും സ്വരാജ്? (സദസ്യരില്‍ ഒരാള്‍: “ബോര്‍!”)

എന്റെ പ്രസംഗം ബോറാകുന്നുണ്ടെന്ന് എനിക്കറിയാം; നിങ്ങളേക്കാള്‍ നല്ലവണ്ണമറിയാം, പക്ഷേ, നിങ്ങളെ ബോറാക്കുവാന്‍തന്നെയാണ് ഞാന്‍ പറയുന്നത്.

സത്യമായും ഞാന്‍ സര്‍ദാര്‍ കുഞ്ഞിരാമന്‍നായരവര്‍കളുടെ ഭാഗത്താണ്. ദൈവമില്ല. ഉണ്ടെങ്കില്‍ത്തന്നെ അയാള്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞിരിക്കുന്നു. ദൈവം ഉദ്യോഗത്തിലിരിക്കുമ്പോള്‍ സൃഷ്ടിച്ച മനുഷ്യര്‍ ഇത്ര അവശന്മാരായിത്തീരുവാന്‍ സംഗതിയില്ല. അദ്ദേഹം ആളൊരു യോഗ്യനാണെന്നാണ് ഞാന്‍ കേട്ടിരുന്നത്. പക്ഷേ, നിങ്ങളുടെ ഇടയ്ക്ക് എന്തു ചെയ്‌വാനാണ്? ഇത്രത്തോളം ആലോചിക്കുമ്പോഴേയ്ക്ക് ഞാന്‍ വാഗ്ഭടാനന്ദ ഗുരുദേവരുടെ ഭാഗത്താണെന്നും തോന്നുന്നു. ദൈവമുണ്ട്. പക്ഷേ, ഞങ്ങള്‍ മൂന്നാളുകള്‍—ഞാനും, ഗുരുദേവരും ദൈവവും—വിചാരിച്ചാല്‍ എന്തു ചെയ്‌വാന്‍ കഴിയും? നിങ്ങളൊക്കെ ഞങ്ങളുടെ എതിരല്ലേ?

നിങ്ങളുടെ കൗണ്‍സിലില്‍വെച്ച് ഈയിടെ ഒരു ഗുമസ്തനെക്കൊണ്ട് കമ്പരാമായണം മുഴുവന്‍ വായിപ്പിച്ചു, കര്‍ണ്ണാടകത്തില്‍ തര്‍ജ്ജമ ചെയ്യിച്ചു എന്നു കേട്ടു. ഇതു സത്യമാണോ എന്ന് അന്വേഷിക്കുവാന്‍ എനിക്കു സമയം കിട്ടീട്ടില്ല. പക്ഷേ ഞാനതു വിശ്വസിക്കുന്നു. അതും അതിലപ്പുറവും ഇവിടെവെച്ചു നടക്കും.

പ്രസംഗം ഇത്രത്തോളമായപ്പോഴേയ്ക്കും സഞ്ജയന്റെ ലഘുഭക്ഷണത്തിനുവേണ്ടി തയ്യാറാക്കിയ ചക്കപ്പുഴുക്കും കഞ്ഞിയും പ്രൈവറ്റ് സിക്രട്ടറി ഹാജരാക്കിയതുകൊണ്ട് അതു കഴിപ്പാന്‍ അദ്ദേഹം താഴത്തേയ്ക്കിറങ്ങി. ആളുകളില്‍ അധികംപേരും തേങ്ങിക്കരയുന്നുണ്ടായിരുന്നു.

19-9-’34