close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 06 07


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 2002 06 07
മുൻലക്കം 2002 05 31
പിൻലക്കം 2002 06 14
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


റഷ്യയിലെ ഉജ്ജ്വല പ്രതിഭാശാലികള്‍ക്കു് സദൃശ്യനായി സാഹിത്യനിരൂപകര്‍ ഐസക്ക് ബാബലിനെ കാണുന്നു. (Isaac Babel 1894–1940) അതിസുന്ദരങ്ങളായ ചെറുകഥകളുടെ രചയിതാവെന്ന നിലയില്‍ ഈ ശതാബ്ദത്തിലും അദ്ദേഹം ആദരിക്കപ്പെടുന്നു. 1937-ലാണു് ബാബിലിനെ സോവിയറ്റ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു് തടങ്കല്‍പ്പാളത്തിലാക്കിയതു്. സോവിയറ്റ് യൂണിയനിലെ രഹസ്യപ്പൊലീസിന്റെ തലവനായിരുന്ന ബെറിയയുടെ ഓഫീസില്‍ വച്ചായിരുന്നു വിചാരണ. കോടതി 1940 ജനുവരി 26-ആം തീയതി കൂടി. പ്രധാനപ്പെട്ട പ്രാഡ്വിവാകന്‍ വിധി വായിച്ചു.

ʻʻIn the name ot the Union of Soviet Republics the Military Tribunal of the Supreme Court has examined the case and established that Issac Babel was a member of anti- Soviet Trotskyist group an agent of the French and Austrian intelligence services linked to the wife of the enemy of the people Yezhovˮ and was drawn into a conspiratorial terrorist organization. Having found Babel guilty, the Tribunal Sentences him to the highest penalty, to be sholˮ

അങ്ങനെ ഒരു ജീനിയസ്സിനെ 1940 ജനുവരി 27-ആം തീയതി അര്‍ദ്ധരാത്രി കഴിഞ്ഞു് 1.30-ന് വെടിവച്ചുകൊന്നു. അദ്ദേഹത്തിന്റെ കൂടെ പതിനഞ്ചുപേരെക്കൂടി വധിച്ചു. ലിസ്റ്റില്‍ ആദ്യത്തെ പേര് ബാബിലിന്റേതായിരുന്നു (The KGBʼS Literary Archive. The Harvill Press, London, See pages 69 and 70).

ദി ഗ്രസ്സോ (Di Grasso) എന്നതു് ബാബിലിന്റെ പ്രഖ്യാതമായ കഥയാണ്. ദി ഗ്രസ്സോ പാവപ്പെട്ട ആട്ടിടയനാണു്. അവന്‍ ഒരു കൃഷിക്കാരന്റെ മകളെ വിവാഹം ചെയ്യാനുള്ള തീരുമാനമായി. പക്ഷേ അവള്‍ ജോവാന്നീ എന്നൊരു യുവാവിനു വേണ്ടി ഗ്രാസ്സോയെ വഞ്ചിച്ചു. അയാള്‍ പെണ്‍കുട്ടിയോടു് പറഞ്ഞു ʻʻപട്ടണത്തില്‍ നിന്നുവന്ന ജോവാന്നീക്കു് കന്യാമറിയം എത്രവേണമെങ്കിലും സ്ത്രീകളെ കൊടുക്കും. പക്ഷേ നിന്നെയല്ലാതെ എനിക്കാരെയും വേണ്ട. കന്യാമറിയത്തോടു ചോദിച്ചു നോക്കൂ. ഇതു തന്നെ ആ ദേവതയും പറയും.ˮ പക്ഷേ അവള്‍ വഴങ്ങിയില്ല. അവരെല്ലാം നാടകം കളിക്കുന്നവരാണു്. മൂന്നാമത്തെ അങ്കമായി. ജോവാന്നീ സുശക്തങ്ങളായ കാലുകള്‍ നീട്ടിയിരിക്കുകയാണ്. ക്ഷുരകന്‍ അയാളുടെ മുഖം ഷേവ് ചെയ്യുന്നു. ആട്ടിടയന്‍ ആദ്യം തലതാഴ്ത്തി. എന്നിട്ടു് അതുയര്‍ത്തി. ആട്ടിടയനായി അഭിനയിക്കുന്ന ദി ഗ്രസ്സോ ആദ്യം ചിന്താധീനനായി. എന്നിട്ടു് പുഞ്ചിരി പൊഴിച്ചു് അന്തരീക്ഷത്തിലേക്കു ഉയര്‍ന്നു. നാടകവേദിയിലൂടെ ഒഴുകി ജോവാന്നീയുടെ തോളുകള്‍ക്കിടയില്‍ അമര്‍ന്നു. എന്നിട്ടു് അയാളുടെ കഴുത്തു കടിച്ചുമുറിച്ചു. ശബ്ദത്തോടെ ജോവാന്നീയുടെ രക്തം കുടിച്ചു ആ മുറുവില്‍ നിന്നു്. ജോവാന്നീ മരിച്ചു. ശബ്ദരഹിതമായി വീണ കേര്‍ട്ടന്‍ വധിക്കപ്പെട്ടവനെയും വധകര്‍ത്താവിനെയും മറച്ചുവച്ചു. കാലത്തു് വര്‍ത്തമാനപ്പത്രത്തില്‍ വാര്‍ത്ത വന്നു ആ ശതാബ്ദത്തിലെ ഏറ്റവും പ്രഗല്ഭനായ ട്രാജഡിയന്‍ ആക്റ്ററെ തലേദിവസത്തെ നാടകത്തില്‍ പ്രേക്ഷകര്‍ കണ്ടുവെന്നു്. ആളുകള്‍ ഇതറിഞ്ഞു് നാടകടിക്കറ്റിന്റെ വില അഞ്ചിരട്ടി കൊടുത്തുവാങ്ങിച്ചു. സുപ്രധാനമായ ഒരു കലാതത്ത്വമാണു് ബാബില്‍ ഈ കഥയിലൂടെ പ്രകാശിപ്പിക്കുന്നതെന്ന് പല നിരൂപകരും പറയുന്നു. നാടകവേദിയില്‍ ഒരു ജീവിതം. പ്രേക്ഷകരുടേതു മറ്റൊരു ജീവിതം. രണ്ടു ജീവിതങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നാണ് അദ്ദേഹം പരോക്ഷമായും പ്രത്യക്ഷമായും പറയുന്നത്. കല എത്ര പ്രാകൃതമായാലും അതു ജീവിതത്തെ വീണ്ടെടുക്കുന്നുവെന്ന്.

ഞാന്‍ ഇത്രയും എഴുതിയതു് ബാബിലിന്റെ ʻʻ1920 Diaryˮ യുടെ ഇംഗ്ലീഷ് തര്‍ജ്ജമ 2002-ല്‍ പ്രസാധനം ചെയ്തിരിക്കുന്നു എന്നതിനാലാണ്. ʻʻ Red Cavalry Diaryˮ എന്ന പേരിലാണു് ഈ കുറുപ്പുകള്‍ അറിയപ്പെടുക. സിന്തിയ ഒസിക് എന്ന എഴുത്തുകാരി ഇതിനെക്കുറിച്ചു എഴുതിയത് ഇങ്ങനെ.

ʻʻAn elecrifying translation accompained by an indispensible introduction... When all is said and done...

and much is said and done in these bistering pages: pillaged churches, runied synagogues,wild Russians, beaten Poles, mud, horses, hunger, looting, shooting- Bableʼs journey is a Jewish lamentation... A tragic masterworkˮ

പോളിഷ്–സോവിയറ്റ് യുദ്ധം നടക്കുന്ന കാലത്ത് പത്രലേഖകനായി സൈന്യത്തെ അനുഗമിച്ച ബാബിലിന്റെ അനുഭവങ്ങളാണ് ഈ ഡയറിയിലുള്ളത്. 1920-നും അതിനടുത്ത വര്‍ഷങ്ങളിലും അദ്ദേഹത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്ന സംഭവങ്ങളെ കലാകാരനെന്ന നിലയില്‍ ആലേഖനം ചെയ്യുന്ന ഈ ഡയറി 1950-നോടു അടുത്ത കാലം വരെ കാണാനില്ലായിരുന്നു. ബാബിലിന്റെ ഭാര്യയുടെ കൈയ്യില്‍ കിട്ടി. പിന്നെയും മുപ്പതുവര്‍ഷം കഴിഞ്ഞിട്ടേ അത് അച്ചടിക്കാന്‍ കഴിഞ്ഞുള്ളൂ.

കവിയായ ബാബിലിനെ കാണാനാണ് വായനക്കാര്‍ക്കു കൗതുകമെങ്കില്‍ ഈ വിശിഷ്ടമായ ഡയറി വായിക്കണം. പില്ക്കാലത്ത് അദ്ദേഹം രചിച്ച കമനീയങ്ങളായ കഥകളുടെ ബീജങ്ങള്‍ ദര്‍ശിക്കാനാണ് താല്‍പര്യമെങ്കില്‍ രചയിതാവിന്റെ ആത്മാവ് കലയായി രൂപാന്തരപ്പെടുന്ന ഈ ഡയറി വായിക്കണം. ഒരു സ്ത്രീയെ ബാബില്‍ വര്‍ണിക്കുന്നതു കണ്ടാലും. The wife is buxom,languid, roguisih, a sensual young Jewess, married 5 months, doesnʼt like her husband, but thatʼs all nonsense. I am the center of attention... She keeps glancing at me. asks my Surname. canʼt keep her eyes off me, we drink tea, Iʼ m in an idiotic position, I stay quiet, limp, polite, say thank you for every move she makes (page 32). വിഷാദാത്മകത്വം സ്വീകരിച്ച ബാബിലിനെയും ഈ ഗ്രന്ഥത്തില്‍ കാണാം. ʻʻLife is being destroyed. I am present in an endless funeralˮ എന്നു ബാബില്‍. എത്ര സാര്‍തഥകമായ ഭാവി. ഇത്ര സിദ്ധികളുള്ള കലാകാരനെ സാധാരണ ക്രിമനിലിനെപ്പോലെ വെടിവച്ചുകൊന്നല്ലോ സര്‍ക്കാര്‍. മനുഷ്യനെ സ്നേഹിച്ച കലാകാരനായ ബാബില്‍ ഈ ഡയറിയില്‍ പ്രത്യക്ഷനാകുന്നു.

(ഡയറിയുടെ ആദ്യത്തെ 54 പുറങ്ങള്‍ നഷ്ടപ്പെട്ടുപോയി. 55-മത്തെ പുറം തൊട്ട് — 1920 ജൂണ്‍ 3-ആം തീയതി തൊട്ട് — തുടക്കം ഇടയ്ക്കു 21 പുറങ്ങള്‍ കാണാനില്ല. 1920 സെപ്റ്റംബര്‍ 15-ആം തീയതിയിലെ കുറിപ്പോടെ അതുപൊടുന്നനെ അവസാനിക്കുന്നു.)

(1920 Diary, Issac Babel, Translated by H.T. Willetts, Yale Nota Ben. Pages 126, Price Rs 771.92.)

ചോദ്യം, ഉത്തരം

ചില സ്ത്രീകള്‍ സ്ലീവിലെസ് ബ്ലൗസിട്ടു കക്ഷം കാണിക്കുന്നതെന്തിന്?

കക്ഷത്തിലൂടെയാണ് അവര്‍ പ്രസിദ്ധി നേടുന്നത്.

ഇന്റലക്‌ച്വലിനെ എങ്ങനെ അറിയാം?

ബസ്സ്, സ്റ്റോപ്പില്‍ വന്നു നില്ക്കുമ്പോള്‍ മറ്റാളുകളോടുകൂടി അതില്‍ കയറാതെ മാറിനില്ക്കുകയും അയാളെക്കൂടാതെ ബസ്സ് പോകുകയും ചെയ്യുമ്പോള്‍ ദുഖി:ക്കുന്നവനാരോ അവനാണ് ഇന്റലക്‌ച്വല്‍.

ഹിപ്പോക്രിറ്റ് ആര്?

പിക്കാസ്സോയുടെ ചിത്രം കണ്ട് ഒന്നും മനസ്സിലാകാതെ ʻഹാ ഇതിന്റെ കല കണ്ടു എനിക്കു രോമാഞ്ചമുണ്ടാകുന്നു എന്ന് പറയുന്നവന്‍ ഹിപ്പോക്രിറ്റ്.

സ്ത്രീയുടെയും പുരുഷന്റെയും ആഗ്രഹങ്ങള്‍ ഏതുതരത്തില്‍?

കഴിയുന്നതും വേഗത്തില്‍ വിവാഹം കഴിക്കണം എന്ന അഭിലാഷം സ്ത്രീക്ക്. വിവാഹം കഴിഞ്ഞാല്‍ ഈ നരകത്തില്‍ നിന്നു മോചനം നേടാന്‍ ഏതു മാര്‍ഗ്ഗം എന്ന ചിന്തയാണ് അവള്‍ക്ക്. പുരുഷന്റെ ആഗ്രഹം വിവാഹം കഴിക്കാതിരിക്കാനാണ്. അബദ്ധത്തില്‍ വിവാഹത്തില്‍പ്പെടുപോയാല്‍ മോചനത്തിന് എന്തു സാധ്യത എന്ന് അയാള്‍ ഓരോ നിമിഷവും ആലോചിക്കും. ദാമ്പത്യജീവിതം അധമമത്രേ.പക്ഷേ അതില്ലാതെ ഒക്കുകയുമില്ല.

അറുപതു വയസ്സായാല്‍ പ്രേമിക്കുന്നതു വിരോധാഭാസമല്ലേ?

സംസ്കൃതകാരന്റെ മതമനുസരിച്ച് 60 വയസ്സ് വരെ യൗവനമാണ്. അതുകൊണ്ട് അയാള്‍ ചുമ്മാ പ്രേമിക്കട്ടെ. പെണ്ണിന്റെ ബന്ധുക്കള്‍ അറിയാതിരുന്നാല്‍ മതി. അറിഞ്ഞാല്‍ വൈദ്യശാലയില്‍പോയി മുഖത്തുപുരട്ടാന്‍ തൈലം വാങ്ങിക്കേണ്ടതായി വരും. വിരോധാഭാസം എന്ന ഇവിടത്തെ പ്രയോഗം തെറ്റ്.

ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്ണിന്റെ അച്ഛനമ്മമാരല്ലാതെ അവള്‍ക്കു ബന്ധുക്കളില്ല. സഹോദരന്മാരോ സഹോദരികളോ ഇല്ല. ഞാന്‍ ഭാഗ്യമുള്ളവനല്ലേ?

ഭാഗ്യമുള്ളവനല്ല നിങ്ങള്‍. പെണ്ണിന്റെ അമ്മ ജീവിച്ചിരിക്കുന്നില്ലേ? അമ്മായിയമ്മ പുരുഷനുള്ളതിനേക്കാള്‍ ഭാഗ്യക്കേട് വേറെന്തുണ്ട്?

ഫോട്ടോഗ്രഫി ഇഷ്ടമാണോ?

അതേ എന്റെ ഏതു ഫോട്ടോയിലും എന്റെ ഛായയില്ല. എന്നെ presentable ആക്കുന്ന ഫോട്ടോഗ്രാഫ്രറോടു ഞാന്‍ നന്ദിയുള്ളവനാണ്.

കഷണ്ടി

വടക്കന്‍പാട്ടില്‍ വര്‍ണ്ണിച്ചിട്ടുള്ള ഒരു സുന്ദരിക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നു സംശയിച്ച് അവളുടെ സഹോദരന്‍ മുറിയിലെത്തി. കാമുകനെ ഒളിപ്പിക്കാന്‍ മാര്‍ഗ്ഗമൊന്നും കാണാതെ അവള്‍ തലമുടി അഴിച്ചിട്ടു. കാമുകന്‍ അതിനുള്ളില്‍ കയറിനിന്നു. സഹോദരന്‍ അയാളെ കാണാതെ തിരിച്ചുപോയി. ഇതു പണ്ടത്തെ കാലം. ഇന്ന് ഹ്രസ്വകേശവുമായി വധു കല്യാണമണ്ഡപത്തില്‍ കയറുന്നുവെന്നാണ് ചങ്ങമ്പുഴയുടെ ഹാസ്യകാവ്യത്തില്‍ കാണുന്നത്. നിണ്ടുചുരുണ്ട് ഇടതൂര്‍ന്നു യുവതിയുടെ മുടി കിടക്കുന്നതു കണ്ടാല്‍ പുരുഷന്മാര്‍ക്കു വല്ലാത്ത വികാരമുണ്ടാകും. ജി. ശങ്കരക്കുറുപ്പിന് ഈ വികാരമുണ്ടായതു കണ്ടാലും:

ʻʻപാതിയുമെന്‍പേര്‍ തുന്നിത്തീര്‍ത്ത പട്ടുമാറാലു
പായയില്‍ കിടക്കുവതെടുക്കുവാന്‍ കുനിയവേ
ആതിഥേയിതന്‍ തിടുക്കത്തിനാല്‍ നീലക്കരിം-
ചായര്‍ കെട്ടഴിഞ്ഞൂര്‍ന്നിട്ടൊഴുകി തോളില്‍ക്കൂടി
പുഞ്ചികരത്തെക്കെയാല്‍പ്പിന്നിലേക്കാക്കിച്ചുണ്ടില്‍
പുഞ്ചിരിയമര്‍ത്തിക്കൊണ്ടിളകും മിഴിയോടെ
ഓമലാള്‍ നിവര്‍ന്നപ്പോള്‍ നിര്‍ദ്ദയസദാചാര
ഭീമശാസനമെന്റെ കൈയുകള്‍ മറുന്നുപോയ്.ˮ

അല്‍ഡസ് ഹക്സിലിയും നീളംകൂടിയ തലമുടിയുടെ മനോഹാരിത കണ്ടിട്ടുണ്ട്. അദ്ദേഹം പറയുന്നു:

Hair, hair. The longer, our fathers unanimously thought, the better. How the heart beat, as the loosened bun uncoiled its component tresses! And if the tresses fell to below the waist, what admiration, what a rush of concupiscence.

അപ്‌യൂലീസിന്റെ (Apuleius 124–170) The Golden Ass എന്ന വിശ്വവിഖ്യാതമായ കൃതിയില്‍ സ്ത്രീയുടെ സൗന്ദര്യം തലമുടിയിലാണിരിക്കുന്നതെന്നു് അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചിട്ടുണ്ടു!. അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സുന്ദരിയുടെ തലമുടി ഷേവ് ചെയ്തുകളഞ്ഞാല്‍ അതോടെ അവളുടെ സൗന്ദര്യവും ഇല്ലാതാകുമെന്നു! അപ്‌യൂലീസ് പറയുന്നു. ഇതൊക്കെക്കൊണ്ടാവണം ഞാന്‍ പണ്ടു് സ്ത്രീയുടെ നീളംകൂടിയ തലമുടിയെ വാഴ്ത്തിയപ്പോള്‍ ജി. ശങ്കരക്കുറുപ്പു് പൂമുടിച്ചുരുളിന്നു സൗഭാഗ്യം ആശംസിച്ചു് എനിക്കു കത്തെഴുതിയതു്.

ഒരു റ്റി.ബിയില്‍ വ്യഭിചരിക്കാനെത്തിയ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു് അവളുടെ നീളം കൂടിയ തലമുടി ഷേവ് ചെയ്യിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ മാത്രമല്ല, പ്രാചീനകാലത്തെ പുരോഹിതന്മാരും തലമുടി പുരുഷനെ ലൈംഗികമായി ചലനം കൊള്ളിക്കും എന്നറിഞ്ഞിരുന്നു. ആരാധനത്തിനു് ചെല്ലുന്ന സ്ത്രീകള്‍ പള്ളിയില്‍ പ്രേവേശിക്കുന്നതു് തലവഴി വസ്ത്രമിട്ടു വേണം എന്നു് അവര്‍ അനുശാസിച്ചു. ഇന്നും ആ പ്രക്രിയ നടന്നുപോകുന്നുവെന്നാണു് എന്റെ ധാരണ.

തലമുടിയുടെ ദൈര്‍ഘ്യവും മറ്റും ജനിപ്പിക്കുന്ന ആകര്‍ഷകത്വം എന്നെ സ്വാഭാവികമായി പുരുഷന്റെ കഷണ്ടിയിലേക്കു നയിക്കുന്നു. വിവാഹാലോചന നടക്കുമ്പോള്‍ ഭാവിവരന്‍ കഷണ്ടിയുള്ളവനാണെങ്കില്‍ പെണ്ണ് ʻഎനിക്ക് കഷണ്ടിക്കാരനെ വേണ്ടʼ എന്നു പറയും; കരയും, ചിലപ്പോള്‍ നെഞ്ചിലിടിച്ചെന്നും വരും. ഇതു സത്യമാണെങ്കിലും സ്ത്രീകള്‍ക്കു കഷണ്ടി അത്ര വെറുപ്പു് ഉണ്ടാക്കുമോ? സംശയമാണ്. സ്ത്രീഹൃദയത്തിന്റെ അഗാധതയോളം ചെന്നു് രഹസ്യങ്ങള്‍ മനസ്സിലാക്കിയ ടോള്‍സ്റ്റോയിയുടെ നായിക അന്ന കരേനിനയ്ക്കു ലേശം കഷണ്ടിയുള്ള ഭര്‍ത്താവാണുണ്ടായിരുന്നതു്. അവളുടെ ജാരനായ പ്രോണ്‍സ്കിക്കു നല്ല കഷണ്ടിയും. എന്നിട്ടും ജഗന്മോഹിനിയായ അന്ന അയാളെ സ്നേഹിച്ചു. അയാളില്‍ നിന്നു ഗര്‍ഭം ധരിച്ചു. പ്രസവിക്കുകയും ചെയ്തു. സഹജാവബോധം കൊണ്ടു് ടോള്‍സ്റ്റോയി ഗ്രഹിച്ചിരിക്കണം പുരുഷന്റെ കഷണ്ടി സ്ത്രീയെ ലൈംഗികമായി പിന്തിരിപ്പിക്കില്ലെന്നു്. സമ്പൂര്‍ണ്ണമായ കഷണ്ടിയുള്ള ഭരത് ഗോപിക്ക് പ്രേമലേഖനങ്ങള്‍ കിട്ടുന്നുണ്ടോ എന്നു ഞാന്‍ അന്വേഷിക്കട്ടെ.

ഞാനിത്രയും പൂര്‍വപീഠികയായി എഴുതിയത് ʻന്യൂസ്‌വീക്കിലെʼ നര്‍മ്മഭാസുരമായ ʻകഷണ്ടിʼ എന്ന കഥ വായിച്ചതുകൊണ്ടാണു്. കഥയുടെ രചയിതാവു് ചന്ദ്രന്‍ പൂക്കാടു്. കഥാകാരന്റെ ഹാസ്യം കഥാപ്രവാഹത്തിന്റെ കരകളെ കവിഞ്ഞൊഴുകുന്നില്ല. അതു് അന്തര്‍ധാരയാണ്. പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യം ʻഈസ്‌തെറ്റിക് വാല്യൂʼ ഉള്ളതല്ല എന്നു ചന്ദ്രന്‍ മനസ്സിലാക്കിയിട്ടുണ്ടു്. കടക്കണ്ണില്‍ ലേശം പുഞ്ചിരിയോടെ അദ്ദേഹം കഷണ്ടിയെ നോക്കുന്നു. അതു് ഹൃദ്യവുമായിരിക്കുന്നു.

ലൈംഗികവ്യവസായം

അമേരിക്കയില്‍ പോയിട്ടുവന്ന കടമ്മനിട്ട രാമകൃഷ്ണന്‍ അവിടെ നടക്കുന്ന Sex industry-യെക്കുറിച്ചു് എന്നോടു പറഞ്ഞു. അവയില്‍ ഒന്നും തന്നെ അച്ചടിക്കാന്‍ കൊള്ളുകയില്ല. അടുത്തകാലത്തു് അമേരിക്കയില്‍ ജോലി നോക്കുന്ന ഒരു മലയാളി എന്റെ വീട്ടില്‍ വന്നു. അദ്ദേഹവും ആ വ്യവസായത്തിന്റെ സ്തോഭജനകങ്ങളായ വര്‍ണ്ണനങ്ങള്‍ എനിക്കു നല്കി. അതില്‍ അച്ചടിക്കാവുന്നതു് ഒരു സ്ഥലത്തു് എഴുതിവച്ച ഈ വാക്യമാണ്. ʻʻSee and talk to a naked girlˮ പെണ്‍കുട്ടി നഗ്നയായാല്‍ എന്ത്? സമ്പൂര്‍ണ്ണമായി വസ്ത്രധാരണം ചെയ്തു നിന്നാലെന്തു്? എന്നു ചോദിക്കുന്നത് എന്റെ എണ്‍പതു വയസ്സിന്റെ നിസ്സംഗതയാലാവാം. നാലോ അഞ്ചോ ഡോളര്‍ കൊടുത്തു മലയാളികള്‍ ആ നഗ്നത ആസ്വദിക്കുകയും അവളോടു സംസാരിച്ചു് ആഹ്ലാദത്തില്‍ വീഴുകയും ചെയ്യുന്നതു് എന്നോടിതുവരെ പറഞ്ഞ ആള്‍ വിശദമാക്കി. സെക്സ് വ്യവസായത്തിന്റെ അതിപ്രസരത്താല്‍, ബലാത്സംഗങ്ങള്‍ നടക്കുന്നു. കൂട്ടബലാത്സംഗങ്ങളും ഇതുകൊണ്ടാണു് സംഭവിക്കുക. സിനിമ, റ്റി.വി. ഇവയും സെക്സ് ഇന്‍ഡസ്റ്റ്രിയുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ടു് കേരളത്തില്‍. പത്രങ്ങള്‍ ഈ വ്യവസായത്തിനു് കൂട്ടുനില്ക്കുന്നുവെന്നു് ഞാന്‍ പറയുമ്പോള്‍ എഡിറ്റര്‍മാര്‍ എന്നോടു പിണങ്ങരുതു്. ഇതു് അപേക്ഷയാണു്. തുടകളും മുലകളും ചിത്രങ്ങളിലൂടെ കാണിക്കാത്ത ഒരു വര്‍ത്തമാനപ്പത്രവും നമ്മുടെ നാട്ടിലില്ല. ഇതു് പ്രായം കൂടിയവരെ സ്പര്‍ശിക്കാറില്ല. യുവാക്കന്മാരെ വല്ലാതെ സ്പര്‍ശിക്കും. അവര്‍ റെയ്‌പ്പ് നടത്താന്‍ ഉദ്യുക്തരാവുന്നതുതന്നെ പത്രങ്ങളില്‍ വരുന്ന ചിത്രങ്ങള്‍ കണ്ടിട്ടാണ്. ʻലൂറിഡാʼയ (സ്തോഭജനകങ്ങളായ) ലൈംഗിക വര്‍ണ്ണനകള്‍ വായിച്ചിട്ടാണു്.

നമ്മുടെ ചെറുകഥാരാഹിത്യവും സെക്സ് വ്യവസായത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മൈന ഉമൈബാന്‍ എഴുതിയ ʻകസുമക്കയുടെ കുസൃതികള്‍ʼ എന്ന കഥ വായിക്കുക (ദേശാഭിമാനി വാരിക). കസുമക്ക രാത്രി അപ്രത്യക്ഷയാകുന്നതും അവളുടെ കറുത്ത ബ്രാ ചവറിനടിയില്‍ കിടക്കുന്നതും മറ്റും വര്‍ണ്ണിച്ച് കഥയെഴുതിയ ആള്‍ സെക്സ് വ്യവസായത്തിന്റെ ആക്കം കൂട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഇമ്മാതിരി കഥകള്‍ ഞാന്‍ വായിച്ചതു് ഒന്നല്ല. നൂറല്ല. ആയിരമല്ല. ഒരുലക്ഷത്തിയമ്പതിനായിരമാണു്. എന്തിനു് ഈ ആവര്‍ത്തനം? പുതുതായി പറയാനൊന്നുമില്ലെങ്കില്‍ മിണ്ടാതിരുന്നുകൂടേ? ഒരു നല്ല വാരികയുടെ പുറങ്ങളെ എന്തിനു് മലീമസമാക്കുന്നു? ഇത്തരം കഥകള്‍ വായനക്കാരുടെ ക്ഷുദ്രലൈംഗികവികാരങ്ങളെ തീക്ഷ്ണമാക്കുന്നു; ചിലര്‍ വികാരശമനത്തിന് വേശ്യാത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. മറ്റു ചിലര്‍ ബലാത്സംഗം നടത്തുന്നു; എല്ലാവരും നമ്മുടെ സംസ്കാരത്തെ ജീര്‍ണ്ണിപ്പിക്കുന്നു.

പലരും പലതും

  1. ഓട്ടോറിക്ഷ ഡ്രൈവറോടു ഒരിക്കലും സംസാരിക്കരുതു്. സംസാരിച്ചാല്‍ ധനനഷ്ടം ഉണ്ടാകും. റോഡിന്റെ ശോചനീയാവസ്ഥയില്‍ തുടങ്ങും ഡ്രൈവര്‍ സംസാരം. അതു പൊലീസിന്റെ ഉപദ്രവത്തിലേക്കു നീളും. തിരുവനന്തപുരത്ത് ഓട്ടോറിക്ഷകള്‍ കൂടിപ്പോയതുകൊണ്ട് വരുമാനം കുറഞ്ഞുപോയിയെന്നു പരിവേദനം നടത്തും. എനിക്കതിന്റെ ട്രിക്ക് അറിയാമെന്നതിനാല്‍ മറുപടിയൊന്നും പറയുകയില്ല. നിശ്ശബ്ദനാണ് ഞാനെന്നു കണ്ടാല്‍ ഡ്രൈവര്‍ വേറൊരു ട്രിക്കിലേക്കാവും പോവുക. ʻʻകൃഷ്ണന്‍ നായര്‍ സാറല്ലേ. എനിക്കറിയാം. മലയാളനാട് തൊട്ട് സാറിന്റെ വാരഫലം വായിക്കുന്നു. കലാകൗമുദിയില്‍ ഏറെക്കാലമുണ്ടായിരുന്നു അത്. പിന്നീട് ഇപ്പോള്‍ മലയാളം വാരികയിലും. എല്ലാം ഒന്നാന്തരം. ഒന്നാന്തരം എന്നു കേട്ട് ഞാന്‍ ഓട്ടോറിക്ഷ എവിടെയിട്ടിരിക്കുന്നുവെന്നു ചോദിക്കുന്നു. ʻപേരൂര്‍ക്കടയില്‍ʼ എന്ന് ഉത്തരം. ഡ്രൈവറുടെ പേര് ചോദിക്കുന്നു ഞാന്‍. ʻരാജന്‍ʼ എന്ന് ഉത്തരം. (സകല ഓട്ടോറിക്ഷ ഡ്രൈവര്‍മാരും രാജന്മാരാണ്. അതുകൊണ്ട് പരിചയമില്ലാത്തവനെയും നമുക്കു രാജന്‍ എന്നു വിളിക്കാം. ʻരാജന്‍ തിരുമല വരെ പോകണമല്ലോʼ എന്നു ഞാന്‍ പറഞ്ഞാല്‍ സ്വന്തം പേരു യാത്രക്കാരന്‍ മനസ്സിലാക്കിയാല്ലോ എന്നു വിചാരിച്ച് റിക്ഷ ഉടനെ സ്റ്റാര്‍ട്ടാക്കം അയാള്‍) തുടര്‍ന്നു സംസാരത്തോടു സംസാരം തന്നെ. വീട്ടിന്റെ മുന്‍വശത്തു കൊണ്ടുവന്നു വാഹനം നിറുത്തുമ്പോള്‍ മീറ്ററില്‍ 13 രൂപ 10 പൈസ. ʻഎന്തു വേണം?ʼ എന്നു ചോദിക്കുമ്പോള്‍ ʻഇരുപതു രൂപʼ എന്നു മറുപടി. സാഹിത്യവാരഫലത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞയാളല്ലേ, പോട്ടെ ഏഴുരൂപ എന്നു വിചാരിച്ച് ഞാന്‍ ഇരുപതു രൂപ ഡ്രൈവര്‍ക്കു കൊടുക്കുന്നു. അയാള്‍ സ്നേഹപ്രകടനത്തോടെ തുറന്നു കിടക്കുന്ന ഇരുമ്പ് ഗെയ്റ്റ് ഒന്നുകൂടെ തുറന്നു തരുന്നു റിക്ഷയില്‍ നിന്ന് ചാടിയിറങ്ങി. ഇത് കൂലി കൊടുക്കുന്നതിന്റെ ആധിക്യം. എനിക്കു പലപ്പോഴും സംഭവിക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ ഓട്ടോറിക്ഷ ഡ്രൈവറോടു സംസാരിക്കാറില്ല. സംസാരിച്ചാല്‍ പേഴ്സിന്റെ കനം വളരെക്കുറഞ്ഞു പോകും. ഞാന്‍ എന്റെ പെണ്‍മക്കളോടും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. റിക്ഷഡ്രൈവര്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ മിണ്ടരുതെന്ന്. അതും ലംഘിച്ച് സാഹിത്യത്തില്‍ താല്‍പര്യമുള്ള ഒരു മകള്‍ ഡ്രൈവറോടു സംസാരിച്ചു. അവള്‍ക്കു വലിയ നഷ്ടം വന്നില്ല. 13 രൂപയ്ക്കു പകരം 25 രൂപ വാങ്ങിച്ചു അയാള്‍. അവള്‍ റിക്ഷയില്‍ കയറിയ ഉടനെ ഡ്രൈവറുടെ ചോദ്യം: ʻʻകൃഷ്ണന്‍ നായര്‍ സാറിന്റെ മകളല്ലേ?ˮ മകള്‍ ʻʻഎങ്ങനെയറിയാം?ˮ ഡ്രൈവര്‍. ʻʻസാറിനെ അറിയാത്തവര്‍ ആരുണ്ട്?ˮ തുടര്‍ന്നു സാഹിത്യവാരഫലത്തിലേക്കല്ല അതിന്റെ സൂക്ഷ്മാവംശത്തിലേക്കു ചെന്നു അയാള്‍. മകള്‍ക്ക് അദ്ഭുതം. എന്റെ വീട്ടുനടയില്‍ വന്നപ്പോള്‍ മീറ്ററില്‍ 13 രൂപ 25 രൂപ ചോദിച്ചു അയാള്‍. അവള്‍ ആ സംഖ്യ കൊടുക്കുകയും ചെയ്തു. ʻʻഅയാള്‍ നിന്നെപ്പറ്റിച്ചല്ലോˮ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ മകള്‍ പറഞ്ഞു: ʻʻപോട്ടെ, അച്ഛനെക്കുറിച്ച് നല്ല വാക്കു പറഞ്ഞ ആളല്ലേ?ˮ ʻʻസിന്‍സിയറായി പറഞ്ഞതല്ല അയാള്‍. നിന്റെ കയ്യില്‍ നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കാനായിരുന്നു അയാള്‍ ശ്രമിച്ചത്. അതില്‍ അയാള്‍ ജയിക്കുകയും ചെയ്തുˮ എന്ന് ഞാന്‍ അറിയിച്ചു. മകളെ ഗുണപാഠം. ഓട്ടോറിക്ഷയില്‍ കയറിയാല്‍ ഡ്രൈവരോടു ഒന്നും മിണ്ടരുത്. മിണ്ടിയാല്‍ ഭീമമായ നഷ്ടം വരും.
  2. മൈത്രേയീദേവി എഴുതിയ ʻʻTagore by Firesideˮ രസകരമായ പുസ്തകമാണ്. ഒരിക്കല്‍ റ്റാഗോര്‍ കല്‍ക്കട്ടയ്ക്കു പോകുകയായിരുന്നു. ദാഹമുണ്ടായപ്പോള്‍ അദ്ദേഹം ഒരു വില്പനക്കാരനില്‍ നിന്ന് ലമണേഡ് വാങ്ങിക്കുടിച്ചു. തീവണ്ടി നീങ്ങാറായി. ലമേണിന്റെ വില നല്കാന്‍ റ്റാഗോര്‍ ഉടുപ്പിന്റെ പല കീശകളിലും തപ്പി. ഒന്നും കിട്ടിയില്ല. അപ്പോള്‍ ആരോ അതു കൊടുത്തു. അതുകണ്ടു റ്റാഗോര്‍ മൈത്രിയോടു പറഞ്ഞു:
    ʻʻYou see. it something is wanted, one can pretendto hund for coins in this pocket and that and then oneʼs companion especially if she is tender hearted like you, will once say- Donʼt worry, donʼt worry. I will pay.One is not worrying. needless to say, but one can easily pretend to look helpless and pathetic and one can sayˮ No, no, why should you take the trouble? Why should you really...ʼ and in this way one can manage things comfortablyʼ എന്തൊരു അന്തസ്സുള്ള ഹാസ്യം. സംസ്കാര സമ്പന്നരുടെ ഹാസ്യം അവരുടെ സംസ്കാര സമ്പന്നതെയെ കാണിക്കും.
  3. ഇതെഴുതുന്ന ആള്‍ എറണാകുളം മഹാരാജാസില്‍ ജോലിയായിരുന്ന കാലത്ത് ലൂസിയ ഹോട്ടലിലായിരുന്നു താമസിച്ചത്. അവിടെ പല പടിഞ്ഞാറന്‍ ദേശക്കാരും വരും. ഒരു ദിവസം എനിക്കു സംസാരത്തിനു കിട്ടിയത് ഒരു സോവിയറ്റ് പൗരനെയാണ്. അയാളോടു ചോദിച്ചു ഞാന്‍:- ʻʻനിങ്ങളുടെ നാട്ടിലെ കമ്മ്യൂണിസമെങ്ങനെ?ˮ ഈ ചോദ്യം കേട്ടയുടെനെ അയാള്‍ ഭീതിയോടെ നാലുപാടും നോക്കി. കുറച്ചുനേരം മൗനം അവലംബിച്ചിട്ട് അയാള്‍ പറഞ്ഞു- ʻʻഎനിക്ക് അതിനെക്കുറിച്ച് വിശേഷിച്ചൊന്നും പറയാനില്ല. എന്റെ സര്‍ക്കാര്‍ ഞാന്‍ കൂടി ഉള്‍പ്പെട്ടതാണ്. ഞാന്‍ ആ ഗവണ്‍മെന്റിനെ പ്രശംസിച്ചാല്‍ അത് ആത്മപ്രസംസയായി വരും. വിമര്‍ശിച്ചാല്‍ അത് എന്നെത്തന്നെ വിമര്‍ശിക്കുകയാവും. കാരണം ഞാന്‍ സോവിയറ്റ് ഗവണ്‍മെന്റിന്റെ ഭാഗമാണ് എന്നതത്രേˮ
  4. ഒരിക്കല്‍ കുറെ സായ്പന്മാര്‍ — റഷ്യയിലുള്ളവര്‍ — ജി. ശങ്കരക്കുറുപ്പിനെ കാണാന്‍ ചെന്നു. അവരോട് ഇംഗീഷ് സംസാരിക്കാന്‍ ഞാന്‍ ചെല്ലണമെന്ന് എം. അച്ചുതന്‍ പറഞ്ഞു. അദ്ദേഹം എവിടെയോ പോകുകയായിരുന്നു അന്ന്. എനിക്ക് ഒന്നും ഇംഗ്ലീഷില്‍ പറയേണ്ടതായി വന്നില്ല. ലോകത്ത് ഒരു ക്രിട്ടിക്കേയുള്ളൂ. ഡോ.എം. ലീലാവതിയാണ് ആ ക്രിട്ടിക്ക് എന്നു വിശ്വസിച്ചിരുന്ന ശങ്കരക്കുറുപ്പ് ഞാന്‍ ആരാണെന്നുപോലും സായ്പന്മാരെ അറിയിച്ചില്ല. അദ്ദേഹം ഒന്നാന്തരം ഇംഗ്ലീഷില്‍ സായ്പന്മാരോടു സംസാരിക്കുകയും ചെയ്തു. ചായ കൊണ്ടുവന്ന മഹാകവിയുടെ സഹധര്‍മ്മിണി ഭാഗ്യംകൊണ്ട് എന്റെ നേര്‍ക്കും ഒരു കപ്പ ചായ നീട്ടി ശ്രീമതി. ഇത്രയും നന്ന്. നന്ന് അല്ലാത്തത് ഞാന്‍ പറയട്ടെ. വീട്ടിന്റെ ഭിത്തിയില്‍ ലെനിന്റെ പടം ഫ്രെയിം ചെയ്തു വച്ചിരുന്നു. ശങ്കരക്കുറുപ്പ് ആ പടത്തെ ചൂണ്ടിക്കാണിച്ച് ʻʻMy Guruˮ എന്നു റഷ്യക്കാരോടു പറഞ്ഞു. മഹാത്മാഗാന്ധിയുടെ പടത്തെ ചൂണ്ടിക്കൊണ്ട് കവി അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ആഗതര്‍ അദ്ദേഹത്തെ (ജിയെ) ബഹുമാനിക്കുമായിരുന്നു.
    1. ʻʻസെക്സ് വ്യവസായത്തിന്റെ അതിപ്രസരത്താല്‍, അധിപ്രസരത്താല്‍ ബലാത്സംഗങ്ങള്‍ നടക്കുന്നു. കൂട്ടബലാത്സംഗങ്ങളും ഇതുകൊണ്ടാണ് സംഭവിക്കുക. സിനിമ, റ്റി.വി. ഇവയും സെക്സ് ഇന്‍ഡ്രസ്റ്റ്രിയുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട് കേരളത്തില്‍.ˮ