close
Sayahna Sayahna
Search

സാഹിത്യവാരഫലം 1991 12 29



സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1991 12 29
ലക്കം 850
മുൻലക്കം 1991 12 22
പിൻലക്കം 1992 01 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

റ്റെലിവിഷന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഒട്ടൊക്കെ വൈഷമ്യമുളവാക്കുന്നത് ചിത്രങ്ങളിലെ ആളുകള്‍ ശബ്ദം കേള്‍പ്പിക്കാതെ ചുണ്ടുകള്‍ അനക്കുന്ന പ്രവൃത്തിയാണ്. അത് അവരുടെ കുറ്റമല്ല. ഏതോ സാങ്കേതിക കാരണം കൊണ്ടു റ്റെലിവിഷന്‍ അധികാരികള്‍ ആളുകളുടെ സംസാരത്തെ അധരചലനം മാത്രമാക്കി മാറ്റുന്നതാണ്. ഞാന്‍ തിരുവനന്തപുരത്ത് എവിടെയോ ഒരു സമ്മേളനത്തിനു പോയി. പ്രഭാഷണം നിര്‍വഹിക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. റ്റെലിവിഷന്‍ അധികാരികള്‍ ഉപകരണങ്ങളുമായി വന്നു. പടം പിടിക്കുകയും ചെയ്തു. അതും വളരെ നേരത്തേക്ക്. സ്വന്തം ശബ്ദം അന്യരെ കേള്‍പ്പിക്കാനും തങ്ങള്‍ക്കു തന്നെ കേള്‍ക്കാനും ആളുകള്‍ക്കു കൗതുകമേറുമല്ലോ. സന്ധ്യ കഴിഞ്ഞയുടനെ ഞാന്‍ റ്റെലിവിഷന്‍ സെറ്റിന്റെ മുന്‍പില്‍ ഇരുന്നില്ല എന്നാരെങ്കിലും വിചാരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ഞാന്‍ ഞാനല്ല എന്ന് അവര്‍ ധരിച്ചു കൊള്ളണം. അങ്ങനെ ആകാംക്ഷയോടെ ഇരിക്കുമ്പോള്‍ എന്റെ രൂപം പ്രത്യക്ഷമായി. പക്ഷേ അംഗവിക്ഷേപങ്ങള്‍ മാത്രമേയുള്ളു. ചുണ്ടുകളുടെ ചലനമേയുള്ളു. ഒരു ശബ്ദവുമില്ല. എനിക്ക് എന്നോടു തന്നെ വെറുപ്പു തോന്നി. അവിടെ നിന്ന് എഴുന്നേറ്റു പോവുകയും ചെയ്തു. ചുണ്ടുകളുടെ ചലനങ്ങളോടൊരുമിച്ച് ശബ്ദവും കേട്ടെങ്കിലേ രണ്ടും കൂട്ടിയിണക്കി ആന്തരമായ അര്‍ത്ഥത്തിലേക്കു ചെല്ലാന്‍ ദ്രഷ്ടാവിനു കഴിയൂ. ശബ്ദമില്ലാതെ ചുണ്ടുകളനക്കുന്നു, കൈകള്‍ ചലിപ്പിക്കുന്ന ഭാവപ്രകടനത്തില്‍ വിലയം കൊള്ളുന്ന വ്യക്തി കോമാളിയാണ് മറ്റുള്ളവരുടെ ദൃഷ്ടിയില്‍. എന്റെയും നോട്ടത്തില്‍ അങ്ങനെതന്നെ. ഈ സംഭവത്തിനു ശേഷമാണ് ഞാന്‍ റ്റെലിവിഷന്‍ നോക്കാതെയായത്; പ്രഭാഷണവേളയില്‍ അധികാരികള്‍ പടമെടുക്കാന്‍ വന്നാല്‍ അവരോടു ‘നോ’ എന്നു പറഞ്ഞു തുടങ്ങിയത്. ഞാനറിയാതെ അവരുടെ പേടകം പ്രവര്‍ത്തിപ്പിച്ചാല്‍ “stop it please” എന്നു അപേക്ഷിച്ചുതുടങ്ങിയത്.

ശ്രീ. നീല പദ്മനാഭന്റെ എല്ലാച്ചെറുകഥകള്‍ക്കുമുള്ള ന്യൂനത അവയില്‍നിന്ന് ആന്തരശബ്ദം ഉയരുന്നില്ല എന്നതാണ് പട്ടാളത്തില്‍ സേവന മനുഷ്ഠിക്കുന്ന ഒരുത്തനു മാനസികഭ്രംശം വരുന്നു. ഫലം മൗനം. അയാളുടെ അച്ഛന്‍ അതറിഞ്ഞു മകനെ നാട്ടില്‍ കൊണ്ടുവന്നു ചികിത്സിപ്പിക്കുന്നു. രോഗം ഭേദമായപ്പോള്‍ അയാള്‍ ജോലിക്കുപോയി. രണ്ടാമതും രോഗം. അതറിഞ്ഞ് അച്ഛന്‍ വിമാനത്തില്‍ കയറി ദില്ലിയിലേക്കു ചെല്ലുന്നു. യാത്രയ്ക്കിടയില്‍ കഥ പറയുന്ന ആളിനെ പരിചയപ്പെടുന്നു. എന്നിട്ടു പഴയ ഒരു സംഭവത്തോടു മകന്റെ അവസ്ഥയെ കൂട്ടിയിണക്കുന്നു കഥാകാരന്‍. ഒരു ശില്പി ഗുരുഡനെ കരിങ്കല്ലില്‍ കൊത്തിയെടുക്കുകയായിരുന്നു. രൂപത്തിനു പൂര്‍ണ്ണത ലഭിച്ചപ്പോള്‍ അതെഴുന്നേറ്റു പറന്നു. ശില്പി ഉളിയെറിഞ്ഞ് അതിന്റെ ചിറകു മുറിച്ചപ്പോള്‍ ഗരുഡശില്പം താഴെ വന്നുവീണു. രണ്ടാമതും രോഗം പിടിച്ച മകന്‍ ചിറകറ്റ ഗരുഡനാണെന്നാണു സങ്കല്പം. ഇവിടെ എല്ലാമുണ്ട്, ചുണ്ടുകള്‍ അനങ്ങുന്നു, ചിരിക്കുന്നു, വെറുപ്പു കാണിക്കുന്നു, വിരല്‍ ചൂണ്ടുന്നു, ശബ്ദം മാത്രമില്ല, നിരൂപണത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബഹിര്‍ഭവം മാത്രമാണ് ഇക്കഥ. അന്തര്‍ഭവമല്ല ഇത്. ഏതു രചന ബഹിര്‍ഭാഗസ്ഥമാകുന്നുവോ അത് കലയുടെ പരിധിക്കുള്ളില്‍ ചെല്ലുന്നില്ല. (നീല പദ്മനാഭന്റെ ചെറുകഥ ശോകം -മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.)

* * *

“...if the act is not pure motion, it must be defined by intention” (Being and Nothingness, Sartre, Pocket Books, Page 613). നമ്മുടെ പല ചെറുകഥകളിലും ചലനം (ബാഹ്യചലനം) മാത്രമേയുള്ളു; വിവക്ഷിതമില്ല. വാക്കുകളും സംഭവ വര്‍ണ്ണനങ്ങളുമേയുള്ളു; അനുഭൂതിയില്ല.

“ഹിന്ദു”വിന്റെ കശാപ്പ്

മാസത്തിന്റെ ആദ്യത്തെ ഞായറാഴ്ചയിലെ ഹിന്ദു ദിനപത്രത്തില്‍ ധാരാളം ഇംഗ്ളീഷ് പുസ്തകങ്ങളുടെ റെവ്യൂ വരാറുണ്ട്. പക്ഷേ ഒരു റെവ്യൂവും അന്തരംഗസ്പര്‍ശിയല്ല. അന്തരംഗസ്പര്‍ശിയല്ലെന്നു മാത്രമല്ല പലതും അബദ്ധപ്പഞ്ചാംഗങ്ങളുമാണ്. ഗാബ്രിയേല്‍

General in His Labyrinth എന്ന നോവല്‍ മാര്‍കേസിന്റെ മാസ്റ്റര്‍പീസാണ്. അതിന്റെ കര്‍ത്തൃത്വത്തോടുകൂടി അദ്ദേഹം വിശ്വസാഹിത്യത്തിലെ അദ്വിതീയനായ നോവലിസ്റ്റായി മാറിയിരിക്കുന്നു.

ഗാര്‍സി ആ മാര്‍കേസിന്റെ The General and His Labyrinth എന്ന ചേതോഹരമായ നോവലിനെ വിരൂപമാക്കി പ്രദര്‍ശിപ്പിക്കുന്ന നിരൂപണത്തില്‍ ശ്രീ.എസ്. കൃഷ്ണന്റെ തൃക്കൈവിളയാട്ടം: It is a little difficult to know how to assess Garcia Marquez for an Indian audience as, as far as this reviewer knows, only three of his books are available in India in English translation — ‘One Hundred Years of Solitude’, ‘Love in the Time of Cholera’, and now ‘The general in His Labyrinth’ (Page XII, The Hindu, December 1, 1991). എന്തൊരു ഭയജനകമായ അജ്ഞത! മാര്‍കേസിന്റെ എല്ലാപ്പുസ്തകങ്ങളും ഇന്ത്യയില്‍ വന്നിട്ടുണ്ട്. അവയുടെ നിരൂപണങ്ങള്‍ പല പത്രങ്ങളിലും കണ്ടിട്ടുമുണ്ട്. ‘No one writes to the Colonel and other stories’, ‘The Autumn of the Patriarch’, ‘Innocent Erendira and Other Stories’, ‘In Evil Hour’, Leaf Storm and Other Stories’, ‘Chronicle of a Death Foretold’ ഇവയാണ് ഹിന്ദുവിലെ നിരൂപകന്‍ പറയാത്ത മറ്റു ഫിക്ഷന്‍. മാര്‍കേസിന്റെ ‘Clandestine in Chile’, ‘The Story of a Shipwrecked Sailor’. ഇവ സമ്പൂര്‍ണ്ണമായ ഫിക്ഷനല്ല. ഇവയെല്ലാം ഇന്നും ഇന്ത്യയില്‍ കിട്ടും. Plinio Apuleyo Mendoza എന്ന എഴുത്തുകാരന്‍ മാര്‍കേസുമായി നടത്തിയ സംഭാഷണം ‘The Fragrance of Guava’ എന്ന പേരില്‍ Verso പ്രസാധനം ചെയ്തിട്ടുണ്ട്. അതും ഇവിടെക്കിട്ടും. വായനക്കാരെ വഴിതെറ്റിക്കുന്ന ഇത്തരം പുസ്തകനിരൂപകരെ ഹിന്ദുവും അതിനെപ്പോലുള്ള പത്രങ്ങളും പൊറുപ്പിച്ചുകൂടാ.

‘The General in His Labyrinth’ എന്ന നോവല്‍ മാര്‍കേസിന്റെ മാസ്റ്റര്‍പീസാണ്. അതിന്റെ കര്‍ത്തൃത്വത്തോടുകൂടി അദ്ദേഹം വിശ്വസാഹിത്യത്തിലെ അദ്വിതീയനായ നോവലിസ്റ്റായി മാറിയിരിക്കുന്നു. അദ്ദേഹത്തോടു മത്സരിക്കാന്‍ ‘I, The Supreme’ എഴുതിയ റോആ ബാസ്തോസ് മാത്രമേ ഉണ്ടായിരിക്കൂ. മാര്‍കേസിന്റെ നോവല്‍ സീമോണ്‍ ബോളീവറുടെ കഥ മാത്രമല്ല. മനുഷ്യജീവിതം എന്ന രാവണന്‍ കോട്ടയില്‍ (Labyrinth) ലക്ഷ്യം കാണാതെ കറങ്ങി ഒടുവില്‍ മോഹഭംഗത്തില്‍പ്പെട്ടു മരിക്കുന്ന ഓരോ മനുഷ്യന്റെയും കഥയാണത്. അതു വായിച്ചു തീരുമ്പോള്‍ ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ നമ്മള്‍ ഔന്നത്യമാര്‍ജ്ജിച്ചു മറ്റാളുകളായി മാറുന്നു. ഇതു കാണാന്‍ നിരൂപകനു കണ്ണില്ല. നോവല്‍ കാവ്യാത്മകമായി, ധ്വന്യാത്മകമായി അവസാനിക്കുന്നതു നോക്കുക: “...and through the window he saw the diamond of Venus in the sky that was dying forever, the eternal snows, the new vine whose yellow bellflowers he would not see bloom on the following Saturday in the house closed in mourning, the final brilliance of life that would never, through all eternity, be repeated again.” തര്‍ജ്ജമക്കാരന്റെ പേരു പറഞ്ഞിട്ടില്ല എന്ന് എസ്. കൃഷ്ണന്‍ എഴുതുന്നു. ഇന്‍ഡ്യന്‍ പ്രസാധനത്തില്‍ അതു കാണുകില്ലായിരിക്കും. Edith Grossman ആണ് ഈ നോവല്‍ ഇംഗ്ളീഷിലേക്കു തര്‍ജ്ജമ ചെയ്തത്.

യൂക്കിയോമിഷിമയുടെ ‘Acts of Worship എന്ന കഥാസമാഹാരം ഹിന്ദുവില്‍ നിരൂപണം ചെയ്തിരിക്കുന്നത് അശോകമിത്രനാണ്. അതും വിലക്ഷണമാണ്. ലോകസാഹിത്യത്തിലെ പത്ത് ഉത്കൃഷ്ടങ്ങളായ കഥകളെടുത്താല്‍ മിഷിമയുടെ ‘Act of Worship’ എന്ന കഥയും ഉള്‍പ്പെടും. (ഈ കഥയുടെ പേരും Acts of Worship എന്നു തെറ്റിച്ച് എഴുതിയിരിക്കുന്നു നിരൂപകന്‍) അതിന്റെ മഹത്ത്വമെവിടെയിരിക്കുന്നുവെന്ന് ഒരു വാക്യം കൊണ്ടുപോലും ആവിഷ്കരിക്കാന്‍ അശോകമിത്രനു കഴിയുന്നില്ല. വള്ളത്തോള്‍ പറഞ്ഞത് ഓര്‍മ്മയിലെത്തുന്നു. കണ്ണാടിയിലെ പൊടി തുടച്ചു മാറ്റാന്‍ ആഗ്രഹിക്കുന്നവന്‍ അതു ചെയ്തില്ലെങ്കിലും തെറ്റില്ല; സ്വന്തം കൈയിലെ അഴുക്കുകൂടി അതില്‍ തേച്ചുവയ്ക്കരുത്.

ചോദ്യം, ഉത്തരം

Symbol question.svg.png “ആല്‍ബര്‍ട്ട് കാമസ് മരിച്ചപ്പോള്‍ ലജ്ജാകരമായ മരണം എന്നു സാര്‍ത്ര പറഞ്ഞു. കൂട്ടുകാരന്റെ വിയോഗം വേദനയുളവാക്കുമെങ്കില്‍ ഇങ്ങനെ പറയാന്‍ പറ്റുമോ?”

“പറയാനൊക്കുകയില്ല ആ പ്രസ്താവത്തില്‍ ആര്‍ജ്ജവമില്ലായ്മയുണ്ട്. പിന്നെ ഒരു കാര്യം എഴുതിക്കൊള്ളട്ടെ. ഈ ലോകത്ത് ചെയ്യുന്ന ദുഷ്ടപ്രവൃത്തികള്‍ക്കെല്ലാം ശിക്ഷ ഈ ലോകത്തുവച്ചുതന്നെ കിട്ടും. അതില്‍ സംശയമൊട്ടും വേണ്ട. ഭൂട്ടോയെ തൂക്കിക്കൊന്ന സിയായ്ക്കു പ്രകൃതി നല്കിയ ശിക്ഷയെന്തെന്ന് ഓര്‍മ്മിക്കു. അല്‍ബേര്‍ കമ്യൂ Resistance സംഘടനയുടെ നേതാവായിരുന്നു. അദ്ദേഹത്തിന്റെ അനുമതിയോടുകൂടിയാണ് ആ സംഘടന പല പ്രതിയോഗികളെയും കൊന്നത്. പ്രകൃതി കമ്യൂവിനെ വിട്ടില്ല. 1960 ജനുവരി 4-നു കാറില്‍ കയറി കമ്യൂ പാരീസിലേക്കു പോരാന്‍. മഴ പെയ്തു നനഞ്ഞ റോഡില്‍ കാറ് വഴുതി മരത്തില്‍ ചെന്നിടിച്ചു. ഡ്രൈവര്‍ക്ക് ഒന്നും പറ്റിയില്ല. കമ്യൂ ഉടനെ മരിച്ചു. ആരെയും കൊല്ലരുതെന്നല്ല, ആരെയും ദ്രോഹിക്കുകയുമരുത്. പ്രകൃതി ശിക്ഷിക്കും. ശിക്ഷ കുറെക്കഴിഞ്ഞേ കിട്ടുകയുള്ളൂ. പക്ഷേ അതുണ്ടാവും. God sees the truth, but He waits, എന്നു ടോള്‍സ്റ്റോയി പറഞ്ഞതാണ് സത്യം.”

Symbol question.svg.png “താങ്കളുടെ പല പുസ്തകങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നിലും അല്പംപോലും അഴുക്കില്ല. വായിക്കുമെങ്കില്‍ അഴുക്കു പറ്റാതിരിക്കുന്നതെങ്ങനെ?”

“ഞാന്‍ പുസ്തകം വായിക്കുന്നവനാണോ അല്ലയോ എന്നത് നിര്‍ണ്ണയിക്കണമെങ്കില്‍ മീലാന്‍ കുന്ദേരയുടെ പുതിയ നോവലിനെക്കുറിച്ച് ഞാനെഴുതിയതു വായിക്കൂ. പിന്നെ ഒരു കാര്യം കൂടി. ഞാന്‍ സോപ്പ് തേച്ചു കൈരണ്ടും കഴുകിയിട്ടേ പുസ്തകമെടുക്കാറുള്ളു. അറിവിനെ സ്നേഹിക്കുന്നവര്‍ പുസ്തകം മലിനമാക്കുകില്ല.”

Symbol question.svg.png “കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ചു എന്തു പറയുന്നു?”

നമ്മുടെ പല ചെറുകഥകളിലും ചലനം (ബാഹ്യചലനം) മാത്രമേയുള്ളു; വിവക്ഷിതമില്ല. വാക്കുകളും സംഭവ വര്‍ണ്ണനങ്ങളുമേയുള്ളൂ; അനുഭൂതിയില്ല.

“എനിക്കു രാഷ്ട്രവ്യവഹാരത്തില്‍ ഒരു താല്‍പര്യവുമില്ല. എങ്കിലും ചോദിച്ചതുകൊണ്ട് നിഷ്പക്ഷമായി മറുപടി പറയുന്നു. രാഷ്ട്രവ്യവഹാരത്തെ സംബന്ധിച്ച ഒരു പ്രശ്നത്തിനും അവര്‍ക്കു പരിഹാരം കാണാന്‍ ആവുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഏറെ സങ്കീര്‍ണ്ണത, അത്യാവശ്യമുള്ള പല സാധനങ്ങളും ഇന്നു വാങ്ങാന്‍ കിട്ടുന്നില്ല. പടിഞ്ഞാറന്‍ ദേശത്തുനിന്നു വരുന്ന രാസവസ്തുക്കള്‍ക്കു അമിതമായ ടാക്സ് ചുമത്തിയതാണ് ഇതിനു കാരണം നാട്ടിലെ സാധാനങ്ങള്‍ക്ക് അടുക്കാനാവാത്ത വിലയും. ഗള്‍ഫ് രാജ്യത്തേക്കു ഒരെഴുത്ത് അയയ്ക്കാന്‍ പതിനൊന്നു രൂപ. മൂന്നുരൂപ വിലയുള്ള ഒരു മാസിക കവറിലാക്കി പോസ്റ്റാഫീസില്‍ കൊണ്ടുചെന്ന് ‘ഇത് മസ്കറ്റിലേക്ക് അയയ്ക്കാന്‍ എന്തുവേണ’മെന്നു ചോദിച്ചപ്പോള്‍ രജിസ്റ്റര്‍ ചെയ്യാതെ അയയ്ക്കാന്‍ അറുപതു രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്നാണ് മറുപടി കിട്ടിയത്. ഇങ്ങനെയുള്ള രാജ്യത്ത് ജീവിക്കുന്നതെങ്ങനെ?”

Symbol question.svg.png “കുറ്റിപ്പുഴ കൃഷ്ണപിള്ള വലിയ ചിന്തകനാണോ?”

“ഞാനും അങ്ങനെ വിചാരിച്ചിരുന്നു. ബര്‍ട്രന്‍ഡ് റസ്സലിന്റെയും അല്‍ഡസ് ഹക്സിലിയുടെയും പുസ്തകങ്ങള്‍ വായിക്കുന്നതുവരെ.”

Symbol question.svg.png “കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദസ്സ്വാമി പറഞ്ഞതിനെക്കുറിച്ച് എന്തു പറയുന്നു.”

“അന്നു ഭ്രാന്താലയമായിരുന്നെങ്കിലും ഭ്രാന്തന്മാരായ ജനങ്ങളെ ചികിത്സിക്കാന്‍ വിവേകാനന്ദസ്സ്വാമിയും ശ്രീനാരായണനും ചട്ടമ്പിസ്സ്വാമിയും മറ്റും വൈദ്യന്മാരായി ഉണ്ടായിരുന്നു. ഇന്നു വൈദ്യന്മാരില്ല, എല്ലാവരും ഭ്രാന്തന്മാരാണ്. ഭാരതം ഭ്രാന്താലയമാണെന്നാണ് ഇപ്പോള്‍ പറയേണ്ടത്.”

Symbol question.svg.png “കവിയരങ്ങുകളുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ നിങ്ങളെപ്പോലുള്ളവരുടെ അഭിമുഖസംഭാഷണമാണ് ഞങ്ങളെ ശല്യപ്പെടുത്തുന്നത് ശരിയല്ലേ?”

“ശരിയാണ്, കവിയല്ലാത്ത ഏതു ആളിനും കവിയരങ്ങില്‍ കവിയായി ശോഭിക്കാം. ബുദ്ധി ഒട്ടുമില്ലാത്തവനും അഭിമുഖസംഭാഷണത്തില്‍ ചിന്തകനായി മാറും.”

വത്സല

കറുത്ത നിറത്തിന്റെ ഉത്കൃഷ്ടത വ്യക്തമാക്കിയിട്ട് ചന്തുമേനോന്‍ പറഞ്ഞു ‘അതുകൊണ്ട് എന്റെ നായിക ഇന്ദുലേഖ കറുത്തവളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്’ എന്ന് (കൗമാരകാലത്ത് “ഇന്ദുലേഖ” വായിച്ച ഓര്‍മ്മയില്‍നിന്ന്). അനന്തപദ്മനാഭന്‍ പാറുക്കുട്ടിയുടെ പ്രിയതമനാകാന്‍ യോഗ്യനാണെന്നു വരുത്താന്‍ വേണ്ടി സി.വി. രാമന്‍പിള്ള അയാളെ എന്തെല്ലാം ഏടാകൂടങ്ങളിലാണ് ചാടിച്ചത്! ദരിദ്രന്റെ സ്നേഹം സാഫല്യത്തിലെത്തുകില്ല എന്നു സ്ഥാപിക്കാന്‍ വേണ്ടി കേശവദേവ് കഥാപാത്രത്തെ തീവണ്ടിയാപ്പീസിലെ കൂലിക്കാരനാക്കി (കളിക്കൂട്ടുകാരി എന്ന കഥ). ഇടുപ്പിനു താഴെ തളര്‍ച്ച സംഭവിച്ച ഭര്‍ത്താവുള്ള സ്ത്രീക്കു പരപുരുഷഗമനം ആകാമെന്ന് വരുത്താന്‍ വേണ്ടിയാണ് ലോറന്‍സ് അയാളെ വികലാംഗനാക്കിയത്. ഈ മാറ്റമൊന്നും കൂടാതെ ഒരു വൈകാരികലോകം സൃഷ്ടിക്കാമെന്നും ആ ലോകത്തിന്റെ സവിശേഷത അനുവാചകനെക്കൊണ്ട് അനുഭവിപ്പിക്കാമെന്നും ശ്രീമതി വത്സല തെളിയിച്ചിരിക്കുന്നു. “ജയന്തന്‍ നമ്പൂതിരിയുടെ സായന്തനങ്ങള്‍” എന്ന ചെറുകഥയുടെ രചനകൊണ്ട് (ദേശാഭിമാനി വാരിക). ഇവിടെ സന്മാര്‍ഗ്ഗത്തെസ്സംബന്ധിച്ച ഉദ്ബോധനമില്ല. രാഷ്ട്ര വ്യവഹാരത്തിന്റെ കൊടിവീശലില്ല. സമൂഹത്തിന്റെ അനീതികളിലേക്കു കൈചൂണ്ടലില്ല. വൈള്ളാരങ്കല്ലുകള്‍ കിടക്കുന്ന അടിത്തട്ടു കാണാവുന്ന മട്ടില്‍ ഒഴുകുന്ന തെളിനീര്‍പ്പുഴയുടെ നൈര്‍മ്മല്യം ആവഹിച്ച് വത്സലയുടെ ആഖ്യാനം പ്രവഹിക്കുന്നു. ആ ആഖ്യാനത്തിലൂടെ യൗവനത്തിന്റെയും വാര്‍ദ്ധക്യത്തിന്റെയും രണ്ടു ലോകങ്ങള്‍ ആലേഖനം ചെയ്യപ്പെടുന്നു. യൗവനത്തിന്റെ ലോകം വാര്‍ദ്ധക്യത്തിന്റെ ലോകത്തെ പ്രചോദിപ്പിക്കുന്നു; തേജോമയമാക്കുന്നു. ഒടുവില്‍ അനിവാര്യമയതു സംഭവിക്കുന്നു. മാനുഷിക ബന്ധങ്ങളെ കലൈഡസ്കോപ്പിലെ വര്‍ണ്ണോജ്ജ്വലങ്ങളായ സ്ഫടികത്തുണ്ടുകളെപ്പോലെയാക്കി പ്രദര്‍ശിപ്പിച്ച് കഥയെഴുത്തുകാരി മാറി നില്ക്കുന്നു. അപ്പോള്‍ നമ്മള്‍ ജീവിതമെന്താണെന്ന് അറിയുന്നു. ഒരു മാനുഷികസത്യത്തെ ഗഹനതയോടെ ചിത്രീകരിക്കുന്ന ഇക്കഥയ്ക്കു കലയുടെ ചാരുതയുണ്ട്.

* * *

വര്‍ഷങ്ങള്‍ക്കുമുന്‍പ് ചേര്‍ത്തലെ ഒരു ബ്രാന്‍ഡി നിര്‍മ്മാണ സ്ഥാപനത്തില്‍ വാര്‍ഷിക സമ്മേളനമുണ്ടായിരുന്നു. അതില്‍ “മലയാളനാട്ടി”ന്റെ പത്രാധിപരായിരുന്ന എസ്.കെ. നായരും പ്രശസ്തനായ മലയാറ്റൂര്‍ രാമകൃഷ്ണനും യശസ്സാര്‍ജ്ജിച്ച കാക്കനാടനും പ്രസംഗിച്ചു. കൂട്ടത്തില്‍ ഞാനും. പോലീസുകാര്‍ പുള്ളികള്‍ക്കു ഇടികൊടുത്തിട്ട് അവര്‍ ബോധംകെടുമ്പോള്‍ വെള്ളം കൊടുക്കും. അതുപോലെ ഗദ്യംകൊണ്ട് ആളുകളെ ബോധംകെടുത്തിയിട്ടു ഞാന്‍ പദ്യം ചൊല്ലും അവരെ ബോധത്തിലേക്കു കൊണ്ടുവരാനായി. അങ്ങനെ ഒരു പ്രഭാഷണം നിര്‍വഹിച്ചിട്ട് അഭിമാനത്തോടെ, ചാരിതാര്‍ത്ഥ്യത്തോടെ ഞാന്‍ കസേരയില്‍ ഇരിപ്പുറപ്പിച്ചിട്ട് മലയാറ്റൂരിനോടു ചോദിച്ചു ‘എന്റെ പ്രസംഗം എങ്ങനെ?’ അദ്ദേഹം ഉടനെ മറുപടി നല്കി:- സാമാന്യം ബോറായിരുന്നു. മറ്റാരും കേള്‍ക്കരുതെന്നു വിചാരിച്ച് മലയാറ്റൂര്‍ എന്റെ ചെവിയിലാണ് അതു പറഞ്ഞത്. കുലപതികളുടെ കഥകള്‍ എന്ന ദീര്‍ഘമായ ലേഖനം ദേശാഭിമാനി വാരികയില്‍ എഴുതിയിട്ട് ചരിതാര്‍ത്ഥതയോടെ ഇരിക്കുന്ന ശ്രീ.കെ.പി. മോഹനന്റെ കാതില്‍ ഞാനൊന്നു പറയട്ടെ. സാമാന്യം ബോറായിട്ടുണ്ട് താങ്കളുടെ ലേഖനം.

നിരീക്ഷണങ്ങള്‍

ഇന്നു രാഷ്ട്രീയ പ്രവര്‍ത്തകരേക്കാള്‍ സാഹിത്യകാരന്മാര്‍ ഏറെ അധഃപതിച്ചുപോയിട്ടുണ്ടെങ്കിലും ഒരുകാലത്തു സാഹിത്യകാരന്മാര്‍ സമുന്നതമായ നിലയില്‍ വര്‍ത്തിച്ചിരുന്നു. ജീവിതസന്ദര്‍ഭങ്ങളെ അന്യാദൃശമായ രീതിയില്‍ സങ്കലനം ചെയ്തു ഗഹനസത്യങ്ങളെ സ്ഫുടീകരിച്ചിരുന്ന അവരെ ജനങ്ങള്‍ സ്നേഹിച്ചിരുന്നു.

1.സ്ത്രീവശീകരണത്തില്‍ ഏറ്റവും പ്രഗല്ഭനായ ഒരു പരിചയക്കാരന്‍ എനിക്കുണ്ടായിരുന്നു. ആളു സുന്ദരന്‍ അതുകൊണ്ടു സ്വാഭാവികമായും സ്ത്രീകള്‍ അയാളെ ഇഷ്ടപ്പെടും. ഏതെങ്കിലും സ്ത്രീയില്‍ തല്‍പരനായാല്‍ ആദ്യം അവളുടെ താമസസ്ഥലത്തിന്റെ മുന്‍പിലൂടെ നടക്കും. അങ്ങനെ നടന്നുനടന്ന് ഒരു ദിവസം മധുരമായി അങ്ങു സംസാരിക്കും. സംസാരത്തിനിടയില്‍ മധുരതരമായി ചിരിക്കും. പണം ആവശ്യമുള്ളവളാണെങ്കില്‍ എത്ര രൂപ വേണമെങ്കിലും കൊടുക്കും. പിന്നെ സാരിയായി, റിസ്റ്റ് വാച്ചായി. ആ വശീകരണതന്ത്രം നൂറു ശതമാനവും വിജയം പ്രാപിക്കും. വിജയം പ്രാപിച്ചാല്‍ ആ ടെക്‌നിക്‌ തന്നെ വീണ്ടും അവളോടു പ്രയോഗിക്കാന്‍ വയ്യ. വൈരസ്യ ജനകമാവുമല്ലോ അത്. അതിനാല്‍ “കളിയരങ്ങത്തു മാറിനോക്കാമിനി” എന്നു വിചാരിക്കും. വേറൊരു സ്ത്രീയില്‍ അതേ ടെക്‌നിക്‌ പ്രയോഗിക്കും. ഇങ്ങനെ അനവരതം നടക്കും ആ പ്രവര്‍ത്തനം. പ്രഭാഷണങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ എന്റെ ഈ പരിചയക്കാരനെപ്പോലെയാണ്. ഒരു സദസ്സില്‍ പറഞ്ഞത് അതേ സദസ്സില്‍ വീണ്ടും പറയാന്‍ വയ്യ. അതുകൊണ്ട് സദസ്സുകള്‍ മാറ്റിമാറ്റിയെടുക്കുന്നു. സ്ത്രീകള്‍ക്കു മാറ്റം വരുത്തുന്നതുപോലെ സദസ്സുകള്‍ക്കും മാറ്റം. ഓരോ സ്ത്രീക്കും ആഹ്ളാദം; ഓരോ സദസ്സിനും ആഹ്ളാദം. പരിമിതമായ ബുദ്ധിശക്തികൊണ്ടു രണ്ടുപേരും — വശീകരിക്കുന്നവനും പ്രഭാഷകനും — പോപ്പുലറാകുന്നു.
2.പ്രഭാഷകന്‍ വാക്കുകള്‍ ഉപയോഗിച്ചാല്‍ അവയെങ്ങനെ ശ്രോതാക്കളില്‍ സ്വാധീനശക്തി ചെലുത്തിയെന്ന് അയാള്‍ക്ക് അറിയണം. അതു കൊണ്ടാണ് ഞാന്‍ എന്റെ പ്രഭാഷണത്തെക്കുറിച്ചു മലയാറ്റൂര്‍ രാമകൃഷ്ണനോട് അഭിപ്രായം ചോദിച്ചത്. കാരണം താല്‍കാലികമായ ഫലമുളവാക്കിയിട്ട് ആ വാക്കുകള്‍ അപ്പോള്‍ത്തന്നെ അപ്രത്യക്ഷങ്ങളാകുമെന്നതാണ്. എന്നാല്‍ നല്ല കവിയുടെ വാക്കുകള്‍ ഒരിക്കലും അന്തര്‍ദ്ധാനം ചെയ്യുകില്ല. ഇതിനെയാണ് ക്രോചെ infinity of expression എന്നു വിളിച്ചത്. ജി. ശങ്കരക്കുറുപ്പിന്റെ അതിസുന്ദരങ്ങളായ പ്രഭാഷണങ്ങള്‍ ആളുകള്‍ മറന്നുപോയി. അച്ചടിച്ചു പുസ്തകരൂപത്തിലാക്കിയാലും അവ ഓര്‍മ്മിക്കപ്പെടുകയില്ല. എന്നാല്‍ “ആ വിശുദ്ധമാം മുഗ്ദ്ധ പുഷ്പത്തെക്കണ്ടില്ലെങ്കില്‍ ആ വിധം പരസ്പരം സ്നേഹിക്കാതിരുന്നെങ്കില്‍” എന്ന വരികള്‍ നിലനില്ക്കും. ആവിഷ്കാരത്തിന്റെ അനന്തസ്വഭാവമുണ്ട് അവയ്ക്ക്.
3.നേരത്തേ ഞാന്‍ വിമര്‍ശിച്ച രണ്ടു നിരൂപണങ്ങള്‍ ശ്രീ.എസ്. കൃഷ്ണന്റെയും ശ്രീ. അശോകമിത്രന്റെയും നിരൂപണങ്ങള്‍ അതേ രീതിയില്‍ത്തന്നെ “Indian Review of Books” എന്ന ജേണലില്‍ എടുത്തു ചേര്‍ത്തിട്ടുണ്ടെങ്കിലും അത് പ്രയോജനമുള്ള ജേണല്‍ തന്നെയാണ്. ഇന്‍ഡ്യയില്‍ പ്രസിദ്ധപ്പെടുത്തുന്ന പ്രധാനപ്പെട്ട പുസ്തകങ്ങളുടെ നിരൂപണങ്ങളും വിമര്‍ശനങ്ങളും ഇതില്‍ വരുന്നുണ്ട്. പടിഞ്ഞാറന്‍ നാട്ടില്‍ ആവിര്‍ഭവിക്കുന്ന മാസ്റ്റര്‍പീസുകളെയും Indian Review of Books അവഗണിക്കുന്നില്ല. ശ്രീ.കെ.പി.എസ് മേനോന്‍ (Jr.) ശ്രീ.എസ്. ഗോപാല്‍, ശ്രീ. കെ. കുഞ്ഞുകൃഷ്ണന്‍, ശ്രീ രജ്ഞിത് ഹോസകോട്ട്, ശ്രീ.കെ.എസ്. രാമമൂര്‍ത്തി, ശ്രീ. മനോജ് ദാസ്, ശ്രീമതി അന്നസൂജാത മത്തായി ഈ പ്രസിദ്ധരായ എഴുത്തുകാരൊക്കെ ഈ ജേണലില്‍ പ്രത്യക്ഷരാകുന്നു. ഗ്രന്ഥപ്രസാധകരെ പ്രീണിപ്പിക്കാതെ, സത്യം മാത്രമേ പറയൂ എന്ന ദൃഢനിശ്ചയത്തോടെ ഓരോ നിരൂപകനും നിരൂപണം ചെയ്താല്‍ Indian Review of Book ബഹുജനസമ്മതി ആര്‍ജ്ജിക്കും.

എം.ജി.ഹരി

ഇന്നു രാഷ്ട്രീയ പ്രവര്‍ത്തകരെക്കാള്‍ സാഹിത്യകാരന്മാര്‍ ഏറെ അധഃപതിച്ചുപോയിട്ടുണ്ടെങ്കിലും ഒരുകാലത്തു സാഹിത്യകാരന്മാര്‍ സമുന്നതമായ നിലയില്‍ വര്‍ത്തിച്ചിരുന്നു. ജീവിതസന്ദര്‍ഭങ്ങളെ അന്യാദൃശമായ രീതിയില്‍ സങ്കലനം ചെയ്തു ഗഹന സത്യങ്ങളെ സ്ഫുടീകരിച്ചിരുന്ന അവരെ ജനങ്ങള്‍ സ്നേഹിച്ചിരുന്നു, ബഹുമാനിച്ചിരുന്നു, ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഈ വികാരങ്ങള്‍ അവര്‍ക്കു തീരെ നഷ്ടപ്പെട്ടിട്ടില്ല എന്നു കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് നോവലുകളും ചെറുകഥകളും കാവ്യങ്ങളും ആളുകള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രവ്യവഹാരമണ്ഡലത്തിലെ ആളുകള്‍ക്കും സമൂഹ പരിഷ്കര്‍ത്താക്കള്‍ക്കും ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിലെത്തിയാല്‍ അവര്‍ പിന്‍വാങ്ങും. ചിലര്‍ മറ്റു ലക്ഷ്യങ്ങളിലേക്കു ചെല്ലാന്‍ ശ്രമിക്കും. പക്ഷേ കലാകാരന്മാര്‍ക്കു ലക്ഷ്യങ്ങളില്ല. അവര്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ നിസ്സംഗരായി വിലയം കൊള്ളുന്നു. അങ്ങനെ വിലയംകൊള്ളുമ്പോള്‍ അവര്‍ പൂര്‍വകാല സൌഭാഗ്യങ്ങളെ പ്രയോജനവാദികള്‍ നശിപ്പിച്ചതിനെ ഓര്‍മ്മിച്ചു ദുഃഖിക്കാതിരിക്കില്ല. ആ ദുഃഖമാണ് ഞാന്‍ ശ്രീ.എം.ജി.ഹരിയുടെ “കാര്‍ത്തികവിളക്കുകള്‍” എന്ന കാവ്യത്തിലൂടെ അനുഭവിച്ചത്. ഒരുകാലത്ത് മരോട്ടി വിളക്കുകള്‍ കത്തിച്ചുവച്ചു ജനങ്ങള്‍ കാര്‍ത്തികയെ സ്വാഗതം ചെയ്തിരുന്നു. ഇന്ന് മെഴുകുതിരികളുടെ ദീപങ്ങളാണ് ആ വരവേല്പ് നടത്തുന്നത്. ഈ അന്തരം ഗതകാലസൗഭാഗ്യത്തെ സ്നേഹിക്കുന്ന കവിക്കു സഹിക്കാനാവുന്നില്ല. കാലം വരുത്തിയ മാറ്റത്തിനെതിരായി നമുക്ക് എന്തു ചെയ്യാന്‍ കഴിയും? ഒന്നും കഴിയില്ലെന്നു കവിക്കുമറിയാം. എങ്കിലും അദ്ദേഹം ദുഃഖിക്കുന്നു. ഗ്രാമപ്രദേശത്ത് ഒരു കൊച്ചമ്പലം അവിടെ നെയ്ത്തിരിവിളക്കുകള്‍ ശാന്തതയുടെ തരംഗങ്ങള്‍ പ്രസരിപ്പിക്കുന്നു. ഇതു പണ്ടത്തെക്കാലം. ഇന്ന് അവിടെത്തന്നെ എഞ്ചിനിയര്‍മാര്‍ സിമെന്റു കൊണ്ടും കമ്പികൊണ്ടും കാണിക്കുന്ന മായിക വിദ്യകള്‍. ഈ മാന്ത്രികത്വത്തില്‍നിന്നു രക്ഷനേടി പൂര്‍വകാല ശാന്തതയിലേക്കു പോയാലേ പറ്റൂ. ഇതിനുള്ള കലാത്മകമായ ആഹ്വാനമാണ് എം.ജി. ഹരിയുടെ കാവ്യം. അദ്ദേഹത്തിന്റെ കവിതയ്ക്കു മന്ദഗതിയാര്‍ന്ന ലയമുണ്ട്. ആ ലയമാണ് നഷ്ടപ്പെട്ട ദൂതകാല മനോഹാരിതയെ നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്നത്. ശോകം പ്രകടമല്ല; അത് ഒരാന്തര പ്രവാഹംപോലെ അദൃശ്യമായിരിക്കുന്നു.

“വൃശ്ചികക്കുളിര്‍കാറ്റില്‍ പൂനിലാച്ചിരിയൂറും
കൊച്ചലയുലയ്ക്കാതെ കൈത്തടമണച്ചോരോ
തിരിയും കത്തിക്കുമ്പോള്‍ നൂറുദീപങ്ങള്‍ ചുറ്റും
കനകക്കതിര്‍മഴി തുറന്നുമിടിക്കുന്നു”

ആരെയും കൊല്ലരുതെന്നല്ല, ആരെയും ദ്രോഹിക്കുകയുമരുത്. പ്രകൃതി ശിക്ഷിക്കും. ശിക്ഷ കുറെക്കഴിഞ്ഞേ കിട്ടുകയുള്ളൂ. പക്ഷെ അതുണ്ടാവും.

എന്ന വരികള്‍ ഈ ആന്തര പ്രവാഹത്തിന്റെ അദൃശ്യസ്വഭാവം സ്പഷ്ടമാക്കിത്തരും.

ഓര്‍മ്മിക്കൂ, നിങ്ങള്‍ മരിക്കും

രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ നോവലെഴുത്തുകാരിയാണ് മ്യൂറിയല്‍ സ്പാര്‍ക്ക്. അവരുമായി ‘The Economist’ വാരികയുടെ പ്രതിനിധി നടത്തിയ ഒരഭിമുഖ സംഭാഷണത്തിന്റെ റിപ്പോര്‍ട്ട് നവംബര്‍ 23–29 ലക്കത്തിലുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട നോവല്‍ തന്റെ Memento Mori ആണെന്നു മ്യൂറിയല്‍ പറഞ്ഞിരിക്കുന്നു. വാര്‍ദ്ധക്യകാലത്തെക്കുറിച്ചുള്ള ഒരസാധാരണമായ നോവലാണിത്. അജ്ഞാതമായ റ്റെലിഫോണ്‍ സന്ദേശം — Remember You must die എന്ന സന്ദേശം — പല കഥാപാത്രങ്ങള്‍ക്കും കിട്ടുന്നു. ആകെ സംഭ്രമം. അതിന്റെ പ്രയോക്താവ് ആരെന്നറിയാനുള്ള ശ്രമം വിഫലീഭവിക്കുന്നു. ആ സന്ദേശം നല്കുന്നവര്‍ നമ്മള്‍ തന്നെയാണെന്നാണ് ഒരു കഥാപാത്രം പറയുന്നത്. വാര്‍ദ്ധക്യകാലത്ത് ശരീരവും മനസ്സും തകരുമ്പോള്‍ മരിക്കാറായി എന്ന് ഓരോരുത്തനും തോന്നുമല്ലോ. ആ തോന്നലിനെയാണ് ‘ഓര്‍മ്മിക്കു നിങ്ങള്‍ മരിക്കും’ എന്ന റ്റെലിഫോണ്‍ സന്ദേശമായി ഓരോ വ്യക്തിയും കരുതുന്നത്. നമ്മുടെ നാട്ടിലെ വൃദ്ധന്മാര്‍ മാത്രമല്ല ചെറുപ്പക്കാരും എപ്പോഴും ഓര്‍മ്മിക്കേണ്ട സന്ദേശമാണ് മ്യൂറിയല്‍ സ്പാര്‍ക്ക് ഈ നോവലിലൂടെ നല്കുന്നത്.