close
Sayahna Sayahna
Search

സാഹിത്യവാരഫലം 1992 01 05


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1992 01 05
ലക്കം 851
മുൻലക്കം 1991 12 30
പിൻലക്കം 1992 01 12
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ദീപാവലി. കുട്ടികൾ, പത്തുവയസ്സിനു താഴെയുള്ള കുട്ടികൾ കമ്പിത്തിരി കത്തിച്ച് ആഹ്ലാദിക്കുകയാണ്. സ്ഫുലിംഗങ്ങൾ അന്തരീക്ഷത്തിൽ മിന്നലൊളി ചേർത്തുകൊണ്ട് ചിതറുമ്പോൾ അവർക്ക് എന്താഹ്ലാദം! അവരുടെ ആ സന്തോഷത്തിൽ നൈരാശ്യം കലരുന്നു. ഗൃഹനായിക — അമ്പതുവയസ്സോളമുള്ളവർ — തിടുക്കത്തിൽ വന്നു കമ്പിത്തിരി പടിച്ചുവാങ്ങിക്കുന്നു. അത് നീട്ടിപിടിച്ച് അഗ്നിശകലങ്ങൾ തെറിച്ചുവീഴുന്നതു നോക്കി രസിക്കുന്നു. കത്തിയെരിഞ്ഞ കമ്പി ദൂരെയെറിഞ്ഞിട്ടു വേറൊന്ന് എടുത്തു കത്തിച്ച് അതുനോക്കി ആഹ്ലാദിക്കുന്നു. ഗൃഹനായികയുടെ ശിശുത മാറിയിട്ടില്ലെന്നതു സ്പഷ്ടം. അവർ കുട്ടികളെ അപമാനിക്കുകയാണ് സ്വന്തം പ്രവർത്തനത്താൽ. സാഹിത്യാസ്വാദനത്തിലും ഈ വൈകല്യം കാണാം. ബാലസാഹിത്യം വായിച്ചു രസിക്കുന്ന പ്രായംകൂടിയ പലരെയും എനിക്കറിയാം. കോമിക് (periodical) രഹസ്യമായി വാങ്ങിക്കൊണ്ടുവന്ന് മുറി അടച്ചിരുന്ന് അതു നോക്കി രസിക്കുന്ന ഒരു തടിമാടനുണ്ടായിരുന്നു എന്റെ ബന്ധുവായിട്ട്. മരിച്ചുപോയി അയാൾ. വികലമായ മാനസിക നിലയുള്ളവർക്കു കലാസ്വാദനം സാദ്ധ്യമല്ല. മനസ്സിനു പരിപാകം വന്ന സംസ്കാരസമ്പന്നനേ കലയുടെ ഭംഗി ആസ്വദിക്കാൻ കഴിയൂ.

ജനാർദ്ദനൻപിള്ളയുടെ കോപം

സി. വി. രാമൻപിള്ളയുടെ പ്രാഗല്ഭ്യത്തെ അംഗീകരിച്ചുകൊണ്ടു പറയട്ടെ ഓവർ എസ്റ്റിമെയ്ഷനാണ് — അതിശയമൂല്യ നിരൂപണമാണ് — ഇതുവരെ അദ്ദേഹത്തിന്റെ കൃതികൾക്ക് ലഭിച്ചിട്ടുള്ളത്…

കലാകാരനായ ശ്രീ. കെ. ജനാർദ്ദനൻപിള്ള (മുൻപു സൂപെറിൻറ്റെൻഡിങ് എൻജിനിയർ, ജ്യോത്സന, പട്ടം, തിരുവന‌ന്തപുരം) പതിനഞ്ചു പൈസയുടെ കാർഡിൽ എനിക്ക് ഇങ്ങനെ എഴുതിയിരിക്കുന്നു:

“സാഹിത്യവാരഫലത്തിൽ (കലാകൗമുദി ഡിസം: 15) ‘സി.വി. ധർമ്മരാജയും രാമരാജബഹദൂറും എഴുതിയപ്പോൾ മുഖാവരണം ധരിച്ചു’ എന്നെഴുതിക്കണ്ടു. ഈ ചുവരെഴുത്തിന്റെ അർത്ഥം മനസ്സിലായില്ല. മഹാനായ ആ ഗ്രന്ഥകാരനെ ആദരിക്കുന്നില്ലങ്കിൽ വേണ്ട, നിന്ദിക്കരുതെന്നൊരപേക്ഷയുണ്ട്.”

ചിന്തയിലും അതിന്റെ ആവിഷ്കാരത്തിലും സ്പഷ്ടതയുണ്ട് “മാർത്താണ്ഡവർമ്മ” എന്ന നോവലിന്. ആ സ്പഷ്ടത “ധർമ്മരാജ”യ്ക്കും “രാമരാജാബഹദൂറി”നുമില്ല. ആ സ്പഷ്ടതയില്ലായ്മ വ്യക്തമാക്കാനാണ് മുഖാവരണം എന്ന പദം പ്രയോഗിച്ചത്. സാഹിത്യ നിരൂപണത്തിൽ പ്രയോഗിക്കുന്ന സർവസാധാരണമായ വാക്കാണത്. അത് നിന്ദനവും അപമാനനവും ആകുന്നതെങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. മഹാന്മാരായ എത്രയോ നോവലിസ്റ്റുകൾ മുഖാവരണം ധരിച്ചെഴുതുന്നു. റ്റോമസ് മൻ, കാഫ്ക, ഹെർമൻ ബ്രോഹ്, ദീനോ ബുറ്റ് സാട്ടി, റോബ് ഗ്രീയേ, ക്ലോദ് സീമൊങ് ഇങ്ങനെ എത്രയെത്ര കലാകാരന്മാർ ചിന്തയിലും ആവിഷ്കാരത്തിലും ദുർഗ്രഹത വരുത്തി എഴുതുന്നു. വസ്തുനിഷ്ഠമായ ലാളിത്യം അവരുടെ ഒരു കൃതിക്കുമില്ല. ഡിക്കിൻസ്, ഹാർഡി, ക്നൂട്ട് ഹാംസുൺ, ഇവോ ആൻഡ്രിച്, സ്റ്റൈൻ ബക്ക് ഇവരെല്ലാം അസങ്കീർണ്ണമായിട്ടാണ് എഴുതുന്നത്. അതുകൊണ്ട് കാഫ്കയെക്കാൾ, മന്നിനെക്കാൾ, ബ്രോഹിനെക്കാൾ അവർ വലിയ എഴുത്തുകാരാണെന്നു വരുന്നില്ല. മൻ തുടങ്ങിയവർ മുഖാവരണം ധരിച്ചെഴുതുന്നു എന്നു നിരൂപകർ പറയുമ്പോൾ, അവർക്ക് ആ നോവലിസ്റ്റുകളുടെ ആരാധകർ പത്രാധിപർകൂടി കണ്ടിരിക്കട്ടെയെന്നു വിചാരിച്ച് കാർഡിൽ നിന്ദനം രേഖപ്പെടുത്തി അയയ്ക്കാറില്ല.

സി. വി. രാമൻപിള്ള മലയാളസാഹിത്യത്തെ സംബന്ധിച്ചിറ്റത്തോളം നല്ല നോവലിസ്റ്റാണ്. ചന്തുമേനോന്റെ നോവലുകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന ഗാഢസൗഹൃദം — intimacy — “ധർമ്മരാജാ”യും രാമരാജാബഹദൂ”റും ജനിപ്പിക്കുന്നില്ലെങ്കിലും ആ രണ്ടു നോവലുകളും ചിന്തുമേനോന്റെ കൃതികളെക്കാൾ മേലേക്കിടയിലാണ് വർത്തിക്കുന്നത്. എങ്കിലും സി. വി. രാമൻപിള്ള എന്ന പേരു കേട്ടയുടനെ ഹാലിളകേണ്ട കാര്യമൊന്നുമില്ല. ലോകസാഹിത്യത്തിലെ മഹാന്മാരായ നോവലിസ്റ്റുകൾ — ടോൾസ്റ്റോയി, ദസ്തെയെവിസ്കി, റാബ്‌ലേ, യൂഗോ, മൻ, കാഫ്ക ഇവരെല്ലാം — ചേർന്ന് ഘോഷയാത്ര നടത്തുന്നു എന്നു വിചാരിക്കൂ. സി. വി. രാമൻപിള്ളയ്ക്ക് അതിൽ സ്ഥാനമുണ്ടായിരിക്കുമോ? ഇല്ല. അവരെ കാണാൻ റോഡിൽ നിൽക്കുന്ന ബുൾവർ ലിറ്റന്റെയും സ്കോട്ടിന്റെയും പിറകിലേ അദ്ദേഹത്തിനു നിൽക്കാനാവൂ.

സി.വി. രാമൻപിള്ളയുടെ പ്രാഗൽഭ്യത്തെ അംഗീകരിച്ചുകൊണ്ടു പറയട്ടെ. ഓവർ എസ്റ്റിമെയ്ഷനാണ് — അതിശയമൂല്യനിരൂപണമാണ് — ഇതുവരെ അദ്ദേഹത്തിന്റെ കൃതികൾക്കു ലഭിച്ചിട്ടുള്ളത്. വിശ്വസാഹിത്യത്തിലെ പ്രകൃഷ്ടങ്ങളായ നോവലുകൾ വായിച്ചിട്ടുള്ളവർക്കു സി.വി.രാമൻപിള്ളയെക്കുറിച്ചു താഴെച്ചേർക്കുന്ന ചോദ്യങ്ങൾ ചോദിക്കേണ്ടതായി വരും.

  1. തിരുവിതാംകൂറിലെ രാഷ്ട്രവ്യവഹാരസംബന്ധിയും ചരിത്രപരവും ആയ വസ്തുക്കളുടെ പ്രതിപാദനങ്ങളല്ലേ തിരുവിതാംകൂർ വായനക്കാർക്കു പുളകോദ്ഗമകാരികളായത്? കോഴിക്കോട്ടുള്ളവർക്ക് ഇവയത്ര രോമാഞ്ചജനകമാണോ?
  2. വർണ്ണനകളിൽ പ്രഗൽഭനാണ് സി.വി.രാമർപിള്ളയെങ്കിലും അവ പ്രകടനാത്മകങ്ങൾ മാത്രമല്ലേ? വർണ്ണനയ്ക്കു വേണ്ടിയുള്ള വർണ്ണന മാത്രമല്ലേ അവ? ഏതെങ്കിലും വർണ്ണനയ്ക്ക് ആത്മാവുണ്ടോ? ചൈതന്യമുണ്ടോ?
  3. സ്കോട്ടിന്റെയും ബുൾവർ ലിറ്റന്റെയും കൃതികൾ സി.വി.രാമൻപിള്ള വായിച്ചിട്ടില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ചരിത്രാഖ്യായികകൾ ഇന്നത്തെ രീതിയിൽ ആകുമായിരുന്നോ? “ഐവൻഹോ”യിലെ നായികാവർണ്ണനവും “മാർത്താണ്ഡവർമ്മ”യിലെ നായികാവർണ്ണനവും തമ്മിൽ എന്തേ വ്യത്യാസം?
  4. സി.വി. ആവിഷ്കരിച്ച പ്രേമരംഗങ്ങൾ കൃത്രിമങ്ങളും യാന്തികങ്ങളുമല്ലേ?
  5. അനന്തപദ്മനാഭൻ, ചന്ത്രക്കാരൻ, ഹരി പഞ്ചാനനൻ ഈ കഥാപാത്രങ്ങൾ ചരിത്രത്തിന്റെ വിഭ്രാമക സ്വഭാവം ജനിപ്പിക്കുന്നതല്ലാതെ മനുഷ്യത്വത്തിന് പ്രാതിനിധ്യം വഹിക്കുന്നുണ്ടോ?
  6. സംഭവ വർണ്ണനങ്ങളെല്ലാം പ്രകടനാത്മകങ്ങളല്ലേ? ഏതു വർണ്ണനയ്ക്ക് ആത്മാവ് അല്ലെങ്കിൽ ചൈതന്യമുണ്ട്?
  7. മതത്തെ സംബന്ധിച്ച, മിസ്റ്റിസിസത്തെ സംബന്ധിച്ച, പ്രേമത്തെ സംബന്ധിച്ച ഉത്കട വികാരങ്ങൾ സി.വി.രാമൻപിള്ള എവിടെയാണ് ചിത്രീകരിച്ചത്?
  8. “War & Peace”, “Brothers Karamazov” “Promessi Sposi” (Manzoni എഴുതിയത്) ഈ നോവലുകൾ വായിക്കുമ്പോൾ നക്ഷത്രങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിനു താഴെ സഞ്ചരിക്കുന്നതായി നമുക്കു തോന്നും. സി.വി.യുടെ ഏതാഖ്യായിക ആ അനുഭവമുളവാക്കും?

    War and Peace ഒരു തവണ പോലും വായിച്ചിട്ടില്ലാത്ത ഒരാൾ സി.വിയെക്കുറിച്ച് ഒരു വലിയ പുസ്തകമെഴുതിയെന്നതുകൊണ്ട് ആ നോവലിസ്റ്റിന് ഉള്ളതിലധികം വലിപ്പം ആരും കാണരുത്. ഇനി ആനക്കാര്യത്തിൽ ചേനക്കാര്യം കൂടി. ഞാൻ ആർക്കും കാർഡിൽ കത്തയയ്ക്കാറില്ല. ഇൻലൻഡ് ലെറ്ററും ഉപയോഗിക്കില്ല. സർക്കാർ വക കവറും അങ്ങനെ ഉപയോഗിക്കില്ല. മാനിഹോൾഡ് കടലാസ്സിൽ കത്തെഴുതി കട്ടികൂടിയ വെള്ളക്കവർ വാങ്ങി അകത്തിട്ട് ഒരു രൂപയുടെ സ്റ്റാമ്പ് വാങ്ങി ഒട്ടിച്ചാണ് അയയ്ക്കാറ്. എന്റെ കത്തുകൾ കിട്ടിയിട്ടുള്ളവർക്കെല്ലാം ഇപ്പറഞ്ഞതു സത്യമാണെന്നു മനസ്സിലാകും. കാർഡിൽ എഴുതുന്നത്, അതും പത്രാധിപരുടെ C/o-ൽ അത് അയയ്ക്കുന്നത് സുജനമര്യാദയ്ക്കു യോജിച്ചതല്ല [ഇത്രയും കുറിച്ചത് കാർഡ് ജനാർദ്ദനൻ പിള്ളയുടേതു തന്നെന്ന വിശ്വാസത്താലാണ്].

ചോദ്യം, ഉത്തരം

നമ്മുടെ ചെറുകഥയുൾപ്പെടെയുള്ള പല രചനകളും മൂർച്ചയില്ലാത്ത, മുനയില്ല്ലാത്ത പിച്ചാത്തികളാണ്.

Symbol question.svg.png “വൃദ്ധന്മാരുടെ പ്രത്യേകതയെന്ത്?”

“ഓരോ വൃദ്ധനും ഒരുകാലത്ത് യുവാവായിരുന്നുവെന്നു മറ്റുള്ളവർക്കറിയാം. പക്ഷേ ‘ഒരുകാലത്ത്’ എന്നത് വൃദ്ധന്മാർ വിസ്മരിക്കുന്നു. തങ്ങൾ എപ്പോഴും യുവാക്കന്മാരാണെന്നു അവർ വിചാരിക്കുന്നു. ചെറുപ്പക്കാരികളെ ആർത്തിയോടെ നോക്കുന്നത് യുവാക്കന്മാരല്ല ഇക്കാലത്ത്. വൃദ്ധന്മാരാണ്. അത് ഈ ചിന്താഗതിയാലാണ്. പ്രത്യേകത എന്നതു മലയാളഭാഷയിലെ പ്രയോഗംതന്നെ. എങ്കിലും സവിശേഷത എന്നു പ്രയോഗിച്ചാൽ നന്ന്. പ്രത്യേകത്തിന് each എന്ന അർത്ഥമേയുള്ളു.”

Symbol question.svg.png “പുതിയ സാഹിത്യ അക്കാഡമിയെക്കുറിച്ച് എന്തെങ്കിലും പറ സാറേ?”

എനിക്ക് അതിലൊന്നും താല്പര്യമില്ല സാറേ. കഴിഞ്ഞ അക്കാദമിയിലെ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഞാൻ. ഒടുവിലത്തെ ഒന്നരവർഷത്തോളം ഞാൻ തൃശ്ശൂരിൽ കാലെടുത്തുവച്ചില്ല. ഇപ്പോൾ ഫിലിം സെന്റർ ബോർഡിലെ അംഗമായി കേന്ദ്ര സർക്കാർ എന്നെ നിയമിച്ചിട്ടുണ്ട്. ഇതിനകം പല മീറ്റിങ്ങുകളും നടന്നു. ശ്രീ. ശ്രീകൃഷ്ണദാസ് ഒരോന്നിനും എന്നെ ക്ഷണിക്കുകയും ചെയ്തു. ഇതുവരെ ഒരെണ്ണത്തിനുപോലും ഞാൻ പോയില്ല. കൃത്യസമയത്തു മിതമായ, ലളിതമായ ആഹാരം, അഴുക്കില്ലാത്ത വസ്ത്രങ്ങൾ, വായിക്കാൻ നല്ല ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയിൽക്കവിഞ്ഞ് എനിക്കൊന്നും വേണ്ട.”

Symbol question.svg.png “പുതിയ നിരൂപകർ എന്തു ചെയ്യുന്നു? അവരുടേതു നിരൂപണം തന്നെയോ?”

“തങ്ങൾക്കുതന്നെ പിടികിട്ടിയിട്ടില്ലാത്ത കവിതകളെക്കുറിച്ച് ദുർഗ്രഹതയോടെ പലതും പറയുന്നു. അതു മനസ്സിലായില്ലെന്നു പറയുന്നവരോടു അവർ കോപിക്കുന്നു.”

Symbol question.svg.png “ഇടമറുകിനെക്കുറിച്ച് എന്താണ് അഭിപ്രായം?”

“നൂറുശതമാനവും മാന്യൻ. പേർഫെക്റ്റ് ജന്റൽമൻ.”

Symbol question.svg.png “കേന്ദ്ര ദൂരദർശൻ ന്യൂസ് വായനക്കാരികളെക്കുറിച്ച് നിങ്ങൾ എന്തു പറയുന്നു?”

“ന്യൂസ് വായന കേട്ടെങ്കിലല്ലേ വല്ലതും പറയാനാവൂ. എന്റെ വീട്ടിലെ ടെലിവിഷൻസെറ്റ് കേടായിട്ടു മൂന്നുമാസത്തിലധികമായി. ഞാനത് നന്നാക്കുന്നതേയില്ല. കേട് മാറ്റിയാലും ഞാൻ സെറ്റിന്റെ മുൻപിൽ ഇരിക്കില്ല. നിങ്ങൾക്കു ന്യൂസ് കേൾക്കണമെങ്കിൽ — വിവാഹിതനാണെങ്കിൽ — ഭാര്യയോടു സംസാരിച്ചാൽ മതി. ന്യൂസ് വായനക്കാരികളും ഭാര്യയും തരുന്ന വാർത്തകൾ ഒന്നുപോലെയായിരിക്കും. സത്യമേറെക്കാണില്ല.”

[ചോദ്യകർത്താവിനോടും അദ്ദേഹത്തിനു ഭാര്യയുണ്ടെങ്കിൽ അവരോടും മാപ്പ് പറയുന്നു.]

Symbol question.svg.png “ഞാൻ അർഹിക്കുന്ന രീതിയിൽ എന്റെ

ഭാര്യ എന്നോടു പെരുമാറുന്നില്ല. ഞാനെന്തു ചെയ്യണമെന്നു പറഞ്ഞു തരൂ. എന്റെ പേരു വെളിപ്പെടുത്തരുതേ.”

അങ്ങനെയാണെങ്കിൽ നിങ്ങളുടെ സഹധർമ്മിണി അഭിജാതയും അഭിമാനിനിയും സുചരിതയും ആണെന്നതിൽ എനിക്കൊരു സംശയവുമില്ല.

Symbol question.svg.png നൃത്തങ്ങൾ കാണുമ്പോൾ നിങ്ങൾക്കു എന്തു തോന്നും?

ഇക്കാര്യത്തിൽ സാമാന്യകരണം വയ്യ. ശ്രീ. കൃഷ്ണമൂർത്തിയുടെ ‘സൂര്യ’ സംഘടിപ്പിക്കുന്ന ഒരു സ്ത്രീയുടെ നൃത്തം കാണുമ്പോൾ അവർ ഗുസ്തിക്കാരരുടെ ഗോദയിൽ നിന്നാണ് അതു പഠിച്ചതെന്നു എനിക്കു തോന്നാറുണ്ട്.

Symbol question.svg.png പൊതുജന നേതാക്കന്മാർക്കു സംഭവിക്കാവുന്ന ട്രാജഡി ഏത്?

അവരുടെ മരണത്തിനു ശേഷം ഏതെങ്കിലും അഴുകിയ പാതയുടെ പേരായി മാറും. തിരുവനന്തപുരത്ത് പല നല്ല ആളുകളും ഇങ്ങനെ ദുർഗന്ധ പൂരിതമായ ഇടവഴികളായി മാറിയിട്ടുണ്ട്.


മൂർച്ചയില്ലാത്ത പിച്ചാത്തികൾ

തെക്കേയാഫ്രിക്കയിലെ കവിയും ചിത്രകാരനും ഗദ്യകാരനുമായ ബ്രേയ്തൻ ബ്രേയ്തൻ ബാഹിന്റെ അടുത്തെത്താൻ പോലും നോബൽ സമ്മാനം നേടിയ നേഡീൻ ഗോഡിമർക്കു യോഗ്യതയില്ല. രണ്ടു പേരും ദക്ഷിണാഫ്രിക്കൻ അനുഭവങ്ങളെയാണ് കൃതികളിലൂടെ ആവിഷ്കരിക്കുന്നത്. പക്ഷേ ബ്രേയ്തന്റെ സൗന്ദര്യ ചിത്രീകരണം അന്യാദൃശമാണ്. അദ്ദേഹത്തിന്റെ The True Confessions of an Albino Terrorist, A Season in Paradise, End Papers ഈ മൂന്നു ഗദ്യ കൃതികളെ കുറിച്ച് ഞാൻ ഈ കോളത്തിൽ മുൻപ് എഴുതിയിട്ടുണ്ട്. രചനയുടെ സ്വഭാവം വ്യക്തമാക്കാൻ A Season in Paradise എന്നതിൽ നിന്ന് ഒരു ഭാഗം എടുത്തെഴുതാം:

When you lie down to die, they will have to dig a grave as large as the world to contain all memories. Memories shouldn‘t lie rotting on the surface of the soil. Memories are fertilization. A thousand knives flicker in the sun. I squatted against the wall and felt the room surge.

I would that a silence came into my verse
I would that my verse live on silence
a silence like sails above a boat
to write a poem
setting that weight a float
is like blowing into the sails

ഗദ്യവും പദ്യവും ഒന്നു പോലെ കവിത തന്നെ. താൻ ജയിലിൽ കിടക്കുന്നതിനെ The True Confessions of an Albino Terrorist എന്ന ഗ്രന്ഥത്തിൽ വർണ്ണിക്കുകയാണ് അദ്ദേഹം. Cement and steel concentrate the cold. In bed I keep my socks on. I have a chess board with pieces, given to me during the time of my detention, and I hve been allowed to keep it. But I have nobody opposite me to crack a game with. You are not there. In the dark I put the squares next to my bed on the floor, set up the men, and start a game. I put my soldiers in the dark.

It is Schizophrenic experience,
Playing white against black,
I facing I, me against Mr. Investigator,
I cannot lose
I cannot win. I am free.

ഇതിനെയാണ് ആത്മാവുള്ള, ചൈതന്യമുള്ള വർണ്ണനമായി ഞാൻ കരുതുന്നത്. രചയിതാവ് ചതുരംഗക്കളിയെയാണ് വിവരിക്കുന്നത്. പക്ഷേ കറുത്ത കരുക്കളുടെയും വെളുത്ത കരുക്കളുടെയും ചിത്രീകരണത്തിലൂടെ അദ്ദേഹം കറുത്ത വർഗ്ഗക്കാരുടെയും വെളുത്ത വർഗ്ഗക്കാരുടെയും സംഘട്ടനത്തെ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ഭംഗി നോക്കുക. നമ്മുടെ ചെറുകഥ ഉൾപ്പെടെയുള്ള പല രചനകളും മൂർച്ചയില്ലാത്ത, മുനയില്ലാത്ത പിച്ചാത്തികളാണ്. കലാകൗമുദിയിൽ ശ്രീ. ജോസഫ് മരിയൻ എഴുതിയ “പരേതമന്ത്രം” മോശപ്പെട്ട കഥയാണെന്ന് എനിക്കഭിപ്രായമില്ല. ജനസമ്മിതിയാർജ്ജിച്ച ഒരു തമിഴ്നാടു നേതാവിന്റെ ആ ജനസമ്മിതി എത്ര പൊള്ളയാണെന്നു കാണിച്ച് യഥാർത്ഥത്തിലുള്ള വിപ്ലവകാരി ആരാണെന്നു സ്പഷ്ടമാക്കിത്തരുന്ന ഈ ചെറുകഥയിൽ ആഖ്യാനത്തിന്റെ സവിശേഷതയുണ്ട്. ഐറണി ഉണ്ട്. എങ്കിലും ആന്തരാർത്ഥത്തിൽ അതു സ്പന്ദിക്കുന്നില്ല. ആ സ്പന്ദനമുണ്ടായാലേ അനുവാചകന് രസമാവൂ, സംതൃപ്തിയാവൂ.

ഈ നാട്ടിൽ ഭിക്ഷക്കാരില്ലെങ്കിൽ ധനികർ എങ്ങനെയാണ് ഭിക്ഷ കൊടുത്തു ഞെളിയുന്നത്? മുക്കുപണ്ടങ്ങളില്ലെങ്കിൽ സ്വർണ്ണാഭരണങ്ങളുടെ മൂല്യമെങ്ങനെ അറിയാനാണ്? ക്ഷുദ്ര വികാരങ്ങളില്ലെങ്കിൽ ഉത്കൃഷ്ട വികാരങ്ങളുടെ വിലയെങ്ങനെ മനസ്സിലാക്കാനാണ്? പൊള്ളയായ രചനകളില്ലെങ്കിൽ ബ്രേയ്തൻ ബ്രേയ്തൻ ബാഹിന്റെ രചനകളുടെ സൗന്ദര്യം എങ്ങനെ ആസ്വദിക്കാനാണ്?

* * *

തിരുവനന്തപുരത്തുള്ള ആളുകൾക്കെല്ലാം കാലത്തു ചായയിലിട്ടു കുടിക്കാനുള്ള പഞ്ചാര ഒരു കപ്പ് ചായയിലിട്ടു കുടിക്കുന്ന ഒരാളെ എനിക്കറിയം. മലയാള ഭാഷയിലുള്ള സകല സുന്ദരപദങ്ങളും തിരഞ്ഞെടുത്ത് ഒരു കൊച്ചു ഗീതകത്തിൽ ചേർത്തിരുന്നു ഒരു കവി. പ്രമേഹരോഗികൾ പഞ്ചാര വർജ്ജിച്ച് കയ്പൻ ചായ കുടിക്കുന്നതു പോലെ കരുതി കൂട്ടി മധുര പദങ്ങളെ വർജ്ജിച്ചിരുന്ന ഒരു കവിയെയും എനിക്കറിയാം. രണ്ടു പേരും മരിച്ചു പോയി. പക്ഷേ സഹൃദയരിൽ ഏറിയ കൂറും പ്രമേഹരോഗിയെ മാനിക്കുകയും പഞ്ചാര തീറ്റിക്കാരനെ നിന്ദിക്കുകയും ചെയ്യുന്നു. രണ്ടു പേരെയും ഒരേ മട്ടിൽ നിന്ദിക്കേണ്ടതാണെന്നു നിഷ്പക്ഷത എന്ന പ്രാഡ്വിവാകൻ എന്നോടു പറയുന്നു.

മുതലാളിവർഗ്ഗം

വികലമായ മാനസിക നിലയുള്ളവർക്കു കലാസ്വാദനം സാദ്ധ്യമല്ല. മനസ്സിനു പരിപാകം വന്ന സംസ്കാരസമ്പന്നനേ കലയുടെ ഭംഗി ആസ്വദിക്കാൻ കഴിയൂ.

ബൂർഷ്വാസി (bourgeoisie) എന്ന വർഗ്ഗത്തിൽ വലിയ മുതലാളിമാർ പെടുമെന്ന് എംഗൽസ് പറഞ്ഞതായി എനിക്കോർമ്മയുണ്ട്. തൊഴിലാളികൾ മറ്റൊരു വർഗ്ഗം. ഓരോ വർഗ്ഗത്തിനും സവിശേഷതയുണ്ട്. ഇതെഴുതുന്നയാൾ ഒരു വർഗ്ഗത്തിന്റെയും അന്ധനായ ആരാധകനല്ല. മുതലാളികൾക്കു ദോഷങ്ങളുള്ളതു പോലെ തൊഴിലാളികൾക്കും ദോഷങ്ങളുണ്ട്. തൊഴിലാളികൾക്കു ഗുണങ്ങളുള്ളതുപോലെ മുതലാളികൾക്കും ഗുണങ്ങളുണ്ട്. ഏറെ ഗുണങ്ങളും ഏറെ ദോഷങ്ങളുമുള്ള ഒരു വലിയ മുതലാളിയെ എനിക്കു നേരിട്ടറിയാം. അദ്ദേഹം പിരിവിനെത്തുന്നവരെ പറ്റിക്കുന്നത് വിശേഷപ്പെട്ട രീതിയിലാണ്. പിരിവുകാർ വന്നു പറയുന്നു: “ അങ്ങു അയ്യായിരം രൂപ ഈ നല്ല കാര്യത്തിനു തരണം. നാടു നന്നായിപ്പോകട്ടെ. അങ്ങയെപ്പോലുള്ളവരെക്കൊണ്ടാണ് നമ്മുടെ നാട്ടുകാർ പുലരേണ്ടത്.’’ മുതലാളി ഇതുകേട്ടു tight തുടങ്ങിയ പദങ്ങൾ നിർല്ലോപം പ്രയോഗിക്കുന്നു. അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും പ്രേതാവേശമുള്ളവരെപ്പോലെ കൊണ്ടേ പോകൂ എന്ന നിലപാടിൽനിന്നു അവർ മാറുന്നില്ലെന്നും കാണുമ്പോൾ Five thousand rupees എന്നെഴുതി പിരിവുകാരനു കൊടുത്തിട്ട് “ഓഫീസിൽ കൊണ്ടുകൊടുത്തു വാങ്ങിക്കൊള്ളൂ” എന്നു പറയും. നാലുനാഴിക അകലെയുള്ള ഓഫീസിലെത്തി തുണ്ട് മാനേജർക്കു നൽകും അയാൾ. മാനേജർ അതു സൂക്ഷിച്ചു നോക്കിയിട്ട് അഞ്ഞൂറുരൂപ എടുത്തുകൊടുക്കും. “അയ്യോ അയ്യായിരമല്ലേ അദ്ദേഹമെഴുതിയിരിക്കുന്നത്?” എന്നു പിരിവുകാരൻ. “എന്തുചെയ്യാം. ഫിനാൻഷ്യലി ടൈറ്റ് ” എന്നു മാനേജർ. പിരിവുകാരൻ തിരിച്ചു മുതലാളിയുടെ അടുത്തെത്തിയാൽ അദ്ദേഹം ആ സമയംകൊണ്ട് ഡൽഹിക്കു പറന്നിരിക്കും. ഇല്ലെങ്കിൽ വീട്ടിനകത്തിരുന്നുകൊണ്ട് “ഇവിടെയില്ല” എന്ന് ശിപായിയെക്കൊണ്ടു പറയിക്കും. എന്നാൽ വേറൊരു പിരിവുകാരനു five thousand rupees എന്നു മുതലാളി എഴുതിക്കൊടുത്താൽ മാനേജർ അയ്യായിരംരൂപയും കൊടുത്തിരിക്കും. എന്താണിതിന്റെ ട്രിക്ക്? അയ്യായിരമെന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ എഫ് എന്നത് വലിയ അക്ഷരത്തിലാണ് എഴുതുയിട്ടുള്ളതെങ്കിൽ അഞ്ഞൂറേ കൊടുക്കാവൂ എന്നു മാനേജരോടു നേരത്തേ മുതലാളി പറഞ്ഞിട്ടുണ്ട് എന്നതുതന്നെ വിദ്യ. എഫ് കൊച്ചക്ഷരമാണെങ്കിൽ അയ്യായിരവും കൊടുക്കാം എന്നും ഏർപ്പാട്. ഞാൻ സങ്കൽപ്പത്തിൽ വിഹരിക്കുകയാണെന്ന് വായനക്കാർക്കു തോന്നുന്നുണ്ടവാം. തെറ്റിദ്ധാരണ വേണ്ട്. ഇങ്ങനെയുള്ള ഒരു മുതലാളിയുണ്ട്. അദ്ദേഹത്തെപ്പോലെ വേറെയും പല മുതലാളിമാരുണ്ട്. മുതലാളിമാർ ഒരുവർഗ്ഗം. അവർ വിജയിപ്പൂതാക. ഫാദേഴ്സ് ഇൻ ലാ വേറൊരു വർഗ്ഗം. സൺസ് ഇൻ ലാ മറ്റൊരു വർഗ്ഗം. പെണ്മക്കൾ ഒരുവർഗ്ഗം. ആണ്മക്കൾ മറ്റൊരു വർഗ്ഗം. ട്രെയ്ഡ് യൂണിയൻ കോൺഷ്യസ്നെസ്സ് തൊഴിലാളി വർഗ്ഗത്തിനു നൈസർഗ്ഗികമായി ഉണ്ടാകുമെന്നു ലെനിൻ പറഞ്ഞല്ലോ. അതുപോലെ മുതലാളിമാർക്കും അമ്മാവന്മാർക്കും മരുമക്കൾക്കും മക്കൾക്കും ക്ലാസ് കോൺഷ്യസ്നെസ്സ് സ്വാഭാവികമായി ജനിക്കുന്നു. “ഞാൻ മരിച്ചിട്ട് സ്വത്ത് മക്കളും മരുമക്കളും വീതിച്ച് എടുത്തുകൊള്ളണ” മെന്ന് ഫാദർ ഇൻ ലാ പറയുന്നത് അയാളുടെ വർഗ്ഗബോധത്തിലാണ്. “കിഴവനങ്ങു ചത്തുകൂടേ” എന്നു ചില മരുമക്കളും അവരുടെ ഭാര്യമാരും പറയുന്നത് അവരുടെ വർഗ്ഗബോധം കൊണ്ടുതന്നെ.

മുതലാളിമാരുടെ വർഗ്ഗബോധമാകെ കാണണമോ വായനക്കർക്ക്? എങ്കിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ശ്രീ. പ്രഫുല്ലവർമ്മ എഴുതിയ “ഇബ്രാഹിം കുട്ടിയും ഹെൻട്രി അഞ്ചാമനും” എന്ന ഹൃദ്യമായ കഥ വായിക്കുക. ഹാസ്യാത്മക്മായ ആഖ്യാനത്തിലൂടെ. ക്രൂരനെങ്കിലും വിനയാന്വിതനായി കാണപ്പെടുന്ന ഒരു മുതലാളിയെ കഥാകാരൻ നമ്മുടെ മുൻപിൽ കൊണ്ടുവരുന്നു. ഒരു “കോമിക് ഇന്റെറസ്റ്റ് ” ആദ്യംതൊട്ട് അവസാനംവരെ നിലനിറുത്തി അദ്ദേഹം അയാളെക്കൊണ്ടു സംസാരിപ്പിക്കുമ്പോൾ ഞാൻ ആഹ്ലാദിക്കുന്നു. നമ്മൾ ഈ മുതലാളിയെ മുൻപു കണ്ടിട്ടുണ്ട് പലപ്പോഴും. ഇനി കാണുകയും ചെയ്യും. കാണുമ്പോൾ ഇതാ പ്രഫുല്ലവർമ്മയുടെ മുതലാളി എന്നു നമ്മൾ പറയാതിരിക്കില്ല.

ജി. എൻ. പിള്ള

ഓരോ വൃദ്ധനും ഒരു കാലത്ത് യുവാവായിരുന്നുവെന്നു മറ്റുള്ളവർക്കറിയാം. പക്ഷേ ‘ഒരു കാലത്ത് ’ എന്നത് വൃദ്ധന്മാർ വിസ്മരിക്കുന്നു. തങ്ങൾ എപ്പോഴും യുവാക്കന്മാരാണെന്നു അവർ വിചാരിക്കുന്നു. ചെറുപ്പക്കാരികളെ ആർത്തിയോടെ നോക്കുന്നത് യുവാക്കന്മാരല്ല ഇക്കലത്ത്. വൃദ്ധന്മാരാണ്.

സ്കോട്ടിഷ് സാമ്പത്തികശാസ്ത്രജ്ഞനായ ആഡം സ്മിത്ത് 1723 മുതൽ 1867 വരെ ജീവിച്ചിരുന്നു. The wealth of Nations ആണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതി. മോറൽ ഫിലോസഫിയുടെ പ്രൊഫസറായിരുന്ന അദ്ദേഹം 1759-ൽ “Theory of Moral Sentiments” എന്നൊരുജ്ജ്വലഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. അതിലൊരിടത്ത് അദ്ദേഹം എഴുതിയത് ഓർമ്മയിൽ നിന്നു കുറിക്കാം. മഹാസാമ്രാജ്യമായ ചൈന ഭൂകമ്പത്തിൽപ്പെട്ടു സമ്പൂർണ്ണമായും നശിച്ചുവെന്നു വിചാരിക്കൂ. ആ രാജ്യത്തോടു ഒരു ബന്ധവുമില്ലാത്ത ഒരു യൂറോപ്യൻ ഇതറിഞ്ഞാൽ മനുഷ്യജീവിതത്തിന്റെ അപകടങ്ങളെക്കുറിച്ചു പറയും. മരിച്ചവർക്കുവേണ്ടി കണ്ണീരൊഴുക്കും. ചിലപ്പോൾ ആ രാജ്യത്തിന്റെ നാശം യൂറോപ്പിന്റെ വാണിജ്യത്തെ എങ്ങനെ ബാധിച്ചേക്കുമെന്നു ആലോചിക്കും. ഇതെല്ലാം കഴിഞ്ഞ് അയാൾ അന്നുരാത്രി സുഖമായി കൂർക്കം വലിച്ച് ഉറങ്ങുകയും ചെയ്യും. പക്ഷേ പിറ്റേ ദിവസം അയാളുടെ ഒരു ചെറുവിരൽ നഷ്ടപ്പെടുമെന്നറിഞ്ഞാൽ അയാൾ ഉറങ്ങുകയേയില്ല. മനുഷ്യന്റെ ദർശനത്തിനും ചിന്തയ്ക്കും എപ്പോഴും പരിമിത സ്വഭാവമുണ്ടെന്നു പറയുകയാണു സ്മിത്ത്. ഈ സ്വഭാവസവിശേഷതയെ വൃദ്ധന്മാരിലേക്കും യുവാക്കന്മാരിലേക്കും സംക്രമിപ്പിച്ച് ശ്രീ. ജി. എൻ. പിള്ള ചിന്തോദ്ദീപകമായി വിദ്വജ്ജനോചിതമായി അനവധി കാര്യങ്ങൾ പറയുന്നു. (“അവരെ കൊല്ലുക” എന്ന പ്രബന്ധം-മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്.) ഞാനങ്ങനെ മലയാളത്തിലെ ഉപന്യാസങ്ങൾ വായിക്കാറില്ല. ജി.എൻ. പിള്ളയെ ഞാൻ കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ചു പലരും പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ പ്രബന്ധം വായിച്ചു. വായിക്കാതിരുന്നെങ്കിൽ അതൊരു നഷ്ടമായിപ്പോയേനെ എന്നു ഗ്രഹിക്കുകയും ചെയ്തു.

വൃദ്ധൻമാരെ കൊല്ലുക എന്നതാണ് ഇന്നത്തെ യുവാക്കന്മാരുടെ മുദ്രാവാക്യം. ഹനനം ശാരീരികമല്ല. പ്രചോദനവും ദർശനവുംകൊണ്ടു യുഗയുഗങ്ങളായി മനുഷ്യൻ കെട്ടിപ്പടുത്ത സംസ്കാര ഗോപുരമുണ്ടല്ലോ. മനുഷ്യന്റെ അധമവാസനകളെ സസ്കരിച്ചെടുത്ത് ഉത്കൃഷ്ടവാസനകളാക്കിത്തീർക്കാൻ അവനെ സഹായിച്ച ബോധമണ്ഡലമുണ്ടല്ലോ. അതിന്റെ ആകത്തുകയായ മനുഷ്യനെയാണ് ജി. എൻ. പിള്ള വൃദ്ധനായി കാണുന്നത്. ഉല്പതിഷ്ണുക്കളായ യുവാക്കന്മാർ അയാളെ ഹനിക്കാൻ തുടങ്ങുന്ന കാലയളവാണിത്. എന്തുകൊണ്ട് അവരിതിനു തുനിയുന്നു? ദർശനത്തിന്റെ — വിഷന്റെ — പരിമിതസ്വഭാവം കൊണ്ട്. ഇത് ആപത്താണെന്ന് ലേഖകൻ മുന്നറിയിപ്പു തരുന്നു. സാമാന്യമായ സംസ്കാരത്തിന്റെ മണ്ഡലത്തിലായാലും സാഹിത്യസംസ്കാരത്തിന്റെ മണ്ഡലത്തിലായാലും ഇത് വിപത്തിനു കാരണമാകും. ശ്രീ. കുഞ്ഞുണ്ണി പറഞ്ഞു. “എപ്പോഴുമൊരുകാലേ മുന്നോട്ടു വയ്ക്കാനൊക്കൂ” എന്ന്. പിറകുവശത്തെ കാൽ ഉറപ്പിച്ചു വച്ചിട്ടു വേണം — ഭൂതകാലത്തിൽ ചവിട്ടി നിന്നിട്ടു വേണം —മറ്റേക്കാൽ മുൻപിലേക്കു വയ്ക്കാൻ — ഭാവിയിലേക്കു പോകാൻ. അതിനാൽ വൃദ്ധഹത്യ ആത്മഹത്യയ്ക്കു തുല്യം.

എനിക്കു മാനസികോന്നമനം പ്രദാനംചെയ്ത ലേഖനമാണ് ജി. എൻ. പിള്ളയുടേത്. വാരികയുടെ എഡിറ്റർ അദ്ദേഹത്തെക്കൊണ്ടു ഇനിയും എഴുതിക്കണമെന്നും അവ പ്രസിദ്ധപ്പെടുത്തണമെന്നും എനിക്കു വിനയം കലർന്ന നിർദ്ദേശമുണ്ട്. ജി. എൻ. പിള്ളയെപ്പോലുള്ളവരുടെ സേവനങ്ങൾ എത്രകണ്ടു പ്രയോജനപ്പെടുത്താമോ അത്രകണ്ടു നന്ന്.

* * *

ഞാൻ മുട്ട കഴിക്കില്ല. കോഴികളെ വളർത്താനും ഞാൻ വീട്ടുകാരെ സമ്മതിക്കില്ല. പിന്നെന്തിനാണ് ഒരു ഊളൻ ഈ സന്ധ്യാവേളയിൽ തൊട്ടപ്പുറത്തുള്ള കുറ്റിക്കാട്ടിൽനിന്നിറങ്ങി എന്റെ വീട്ടിന്റെ പിറകുവശത്തു വന്നത്? കോഴിക്കൂടു നോക്കുകയാണോ അവൻ? അതില്ല എന്നു കണ്ട് അവൻ തിരിച്ചു കുറ്റിക്കാട്ടിലേക്കു കയറിപ്പോയി. ഭാഗ്യം. പഞ്ചാബിലായിരുന്നെങ്കിൽ അവനെ വിജാതീയനായിക്കരുതി ഭീകരൻ വെടിവച്ചു കൊന്നേനെ. ജമ്മുകാശ്മീരിലായിരുന്നെങ്കിൽ അവനെ തട്ടിക്കൊണ്ടു പോയേനെ. ആസ്സാമിലായിരുന്നെങ്കിൽ അവനെ ഭീകരർ കൊന്ന് അവന്റെ ബന്ധുക്കളുടെ മുൻപിൽ ഇട്ടേനേ. കുറ്റിക്കാട്ടിൽ കയറാതെ അവൻ കേരളത്തിൽ നെട്ടോട്ടം ഓടാൻ തീരുമാനിച്ചിരുന്നെങ്കിൽ? സാധിക്കില്ല. അതിനു മുൻപ് രാഷ്ട്രീയക്കാർ അവന്റെ നാലുകാലും കെട്ടി സ്വന്തം പാർടിയിൽ ചേർത്തേനെ. പിറ്റേദിവസം അവൻ മൈക്കിന്റെ മുൻപിൽനിന്ന് തന്റെ പാർടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്നത് നമ്മൾ കേട്ടേനേ.


Symbol question.svg.png “പൊതുജന നേതാക്കന്മാർക്കു സംഭവിക്കാവുന്ന ട്രാജഡി ഏത്?”

“അവരുടെ മരണത്തിനുശേഷം ഏതെങ്കിലും അഴുകിയ പാതയുടെ പേരായിമാറും. തിരുവനന്തപുരത്ത് പല നല്ല ആളുകളും ഇങ്ങനെ ദുർഗ്ഗന്ധപൂരിതമായ ഇടവഴികളായി മാറിയിട്ടുണ്ട്.”